Showing posts with label കോടതികള്‍. Show all posts
Showing posts with label കോടതികള്‍. Show all posts

Saturday, May 10, 2014

തൃണമൂലിന്റെ തട്ടിപ്പിന് കോടതിയുടെ പ്രഹരം

പശ്ചിമ ബംഗാളിലെ ശാരദ ചിട്ടിഫണ്ട് കേസ് സിബിഐ അന്വേഷിക്കണമെന്ന സുപ്രീംകോടതി ഉത്തരവ്, മമത ബാനര്‍ജി നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണ്. നാല് സംസ്ഥാനങ്ങളിലെ ലക്ഷക്കണക്കിന് നിക്ഷേപകരെ ബാധിച്ചതാണ് തട്ടിപ്പ്. പക്ഷേ, മമത ബാനര്‍ജി സര്‍ക്കാര്‍ സിബിഐ അന്വേഷണത്തെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുകയായിരുന്നു. പണംതിരിമറിയും കള്ളപ്പണം വെളുപ്പിക്കലും ഉള്‍പ്പെട്ട കൂറ്റന്‍ ഇടപാടിനു പിന്നിലെ രാഷ്ട്രീയബന്ധങ്ങള്‍ പുറത്തുവന്നാല്‍ മമതയുടെ രാഷ്ട്രീയസിംഹാസനം തകരും എന്ന ഭീതിയാണതിന് കാരണം.

ശതകോടികള്‍ മുക്കിയ ശാരദ ചിട്ടി കുംഭകോണം ബംഗാളിലെ വലിയ രാഷ്ട്രീയ പ്രശ്നമാണിന്ന്. ഉന്നതരായ പല തൃണമൂല്‍ നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും ചിട്ടിനടത്തിപ്പുമായും തിരിമറിയുമായും അടുത്ത ബന്ധമാണുണ്ടായത്. കേരളത്തിലെ സോളാര്‍ തട്ടിപ്പുകേസിലെന്നപോലെ, പശ്ചിമബംഗാള്‍ സംസ്ഥാന സ്പെഷ്യല്‍ പൊലീസ് കുറ്റകൃത്യം മറച്ചുവയ്ക്കാനും കേസിലെ പ്രധാന തെളിവുകള്‍ നശിപ്പിക്കാനുമാണ് ശ്രമിച്ചത്. കേന്ദ്ര എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് കേസ് അന്വേഷണം ഏറ്റെടുത്തപ്പോഴാണ് സ്ഥിതി മാറിയത്. ചിട്ടിഫണ്ട് ഉടമ സുദീപ്ത സെന്നിന്റെ ഭാര്യയെയും മകനെയും എന്‍ഫോഴ്സമെന്റ് അറസ്റ്റുചെയ്ത് ചോദ്യംചെയ്തപ്പോള്‍ നിര്‍ണായകമായ നിരവധി വിവരങ്ങളാണ് ലഭിച്ചത്. ഒരു മന്ത്രിയുള്‍പ്പെടെ ഉന്നത തൃണമൂല്‍ നേതാക്കളാണ് കുറ്റവാളികളെ സംരക്ഷിച്ചതെന്നതിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു തെളിവുകിട്ടി. ജനങ്ങളുടെ വന്‍ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ സുദീപ്ത സെന്നിനെ അറസ്റ്റു ചെയ്തത്. എന്നാല്‍, തിരിമറി നടത്തി കുന്നുകൂട്ടിയ പണത്തെക്കുറിച്ച് തുമ്പുണ്ടാക്കാന്‍ പൊലീസ് ശ്രമിച്ചില്ല. സെന്നിന്റെ ഭാര്യയും മകനും ചിട്ടിഫണ്ടിന്റെ പേരിലുള്ള വിവിധ കമ്പനികളുടെ ഡയറക്ടര്‍മാരായിരുന്നിട്ടും അവരെ തൊടാന്‍ മുതിര്‍ന്നില്ല. അങ്ങനെ ആസൂത്രിതമായി കുറ്റവാളികളെ സംരക്ഷിക്കാനും കബളിക്കപ്പെട്ട ജനങ്ങളെ വീണ്ടും കബളിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ക്കാണ് എന്‍ഫോഴ്സ്മെന്റ് തടയിട്ടതെങ്കില്‍, സുപ്രീംകോടതി തട്ടിപ്പിന്റെ ഗൗരവം ഉള്‍ക്കൊണ്ട്, കൂടുതല്‍ അന്വേഷണത്തിനാണ് വിധിച്ചിരിക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ സ്ഥാനാര്‍ഥികളായ പലര്‍ക്കും ചിട്ടിഫണ്ടുമായി ബന്ധമുണ്ടായിരുന്നു. ബാലൂര്‍ഹട്ട് മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ഥി അര്‍പ്പിത ഘോഷിനെ വോട്ടെടുപ്പ് കഴിഞ്ഞതിനെത്തുടര്‍ന്ന് രണ്ടുതവണ എന്‍ഫോഴ്സ്മെന്റ് ചോദ്യംചെയ്തു. പ്രമുഖ നാടകനടിയും മമത ബാനര്‍ജിയുടെ ബുദ്ധിജീവി കലാസംഘത്തിന്റെ മുന്‍നിരക്കാരിയുമായ അര്‍പ്പിത, ശാരദ ഗ്രൂപ്പിന്റെ നിയന്ത്രണത്തില്‍ തുടങ്ങിയ വിനോദചാനലിന്റെ പ്രോഗ്രാം ഡയറക്ടറായിരുന്നു. ചിട്ടിഫണ്ട് പൊളിഞ്ഞശേഷം അര്‍പ്പിതയെ വാര്‍ത്താസാംസ്കാരിക വിഭാഗത്തില്‍ പ്രത്യേക ശിശു സിനിമാവിഭാഗം രൂപീകരിച്ച് അധ്യക്ഷയായി മമത നിയമിച്ചു. പിന്നെ സ്ഥാനാര്‍ഥിയുമാക്കി. നീതിപൂര്‍വകമായ അന്വേഷണം നടന്നാല്‍, അര്‍പ്പിത പോകാനുള്ളത് കാരാഗൃഹത്തിലേക്കാണ്. ചിട്ടി ഫണ്ടിന്റെ മീഡിയാ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവായി പ്രവര്‍ത്തിച്ചത് ജയിലില്‍ കഴിയുന്ന തൃണമൂല്‍ എംപി കുനാല്‍ ഘോഷാണ്. തന്നെ കരുവാക്കി യഥാര്‍ഥ കുറ്റവാളികളെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ചെന്നുകൊള്ളുന്നത് മമത ബാനര്‍ജിയില്‍തന്നെയാണ്. ഗതാഗതമന്ത്രി മദന്‍ മിത്രയ്ക്ക് വെട്ടിപ്പില്‍ പങ്കുണ്ടെന്നും കുനാല്‍ വെളിപ്പെടുത്തി.

തൃണമൂലിന്റെ മറ്റൊരു എംപി സുജന്‍ ബോസ് ശാരദാ മീഡിയയുടെ ഡയറക്ടര്‍മാരിലൊളായിരുന്നു. ശാരദ ചാനലുകളെല്ലാം മമതയുടെ പ്രചാരണമാണ് നടത്തിയത്. മമത ബാനര്‍ജി വരച്ച ചിത്രങ്ങള്‍ കോടികള്‍ നല്‍കിയാണ് ചിട്ടിക്കമ്പനി വാങ്ങിക്കൂട്ടിയത്. മമതയുടെ കുടുംബത്തില്‍പ്പെട്ട പലരും രണ്ടുവര്‍ഷത്തിനുള്ളില്‍ കോടികളുടെ സ്വത്തു സമ്പാദിച്ച വാര്‍ത്തകളും വന്നിട്ടുണ്ട്. തൃണമൂലും ചിട്ടിക്കമ്പനിയും തമ്മിലുള്ള കൂടുതല്‍ ബന്ധങ്ങള്‍ പുറത്തുവന്നത് ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ തൃണമൂലിനെ വലിയ പ്രതിരോധത്തിലാക്കി. കേസ് സിബിഐക്ക് കൈമാറണമെന്ന ആവശ്യത്തെ മമത തള്ളിക്കളയുന്നതും തൃണമൂലിനെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗത്തിനിടയില്‍ സംശയം സൃഷ്ടിച്ചു. രാഷ്ട്രീയപ്രേരിതമായി കേന്ദ്ര ഏജന്‍സികളെ തനിക്കെതിരെ ഉപയോഗിക്കുന്നുവെന്നാണ് മമത പ്രതികരിച്ചത്. ഇപ്പോള്‍ സിബിഐ അന്വേഷണ പ്രഖ്യാപനത്തോടെ തൃണമൂലിന്റെ സ്ഥിതി കൂടുതല്‍ പ്രതിസന്ധിയിലാവുകയാണ്. ചിട്ടിതട്ടിപ്പില്‍ എല്ലാം നഷ്ടപ്പെട്ട് ജീവിക്കാന്‍ മാര്‍ഗമില്ലാതെ 67 പേര്‍ ഇതിനകം ജീവനൊടുക്കി. ലക്ഷക്കണക്കിനാളുകള്‍ സമ്പാദ്യമാകെ നഷ്ടപ്പെട്ട് തെരുവാധാരമായി. ഈ ജനരോഷത്തെയും നിയമത്തിന്റെ കരങ്ങളെയും മറികടക്കാന്‍ അധികാരത്തിന്റെ അഹന്തയും വലതുപക്ഷ മാധ്യമങ്ങളുടെ പരിലാളനയുമാണ് മമതയ്ക്ക് തുണയായത്. അത് ഇനി എളുപ്പമാകില്ല എന്നാണ് സുപ്രീം കോടതി വിധി നല്‍കുന്ന സൂചന.

അക്രമത്തിലൂടെയും അധികാര ദുര്‍വിനിയോഗത്തിലൂടെയും ബൂത്തുപിടിത്തത്തിലൂടെയും രക്ഷപ്പെടാമെന്ന വ്യാമോഹത്തിന് നീതിപീഠവും തിരിച്ചടി നല്‍കിയിരിക്കുന്നു. തെരഞ്ഞെടുപ്പിനുശേഷം മമതയുടെ രാഷ്ട്രീയ ചായ്വുകള്‍ തീരുമാനിക്കുന്നതിനുള്ള ആയുധമായി ഈ സിബിഐ അന്വേഷണം ഒരുപക്ഷേ മാറിയേക്കാം. എന്നാല്‍, അവരുടെ നേതൃത്വത്തില്‍ നടന്ന തട്ടിപ്പിന്റെ വ്യാപ്തിയും ഗൗരവവും എത്രയെന്ന് ഈ വിധിയിലൂടെ വ്യക്തമായി എന്ന് നിസ്സംശയം പറയാം.
*
ദേശാഭിമാനി മുഖപ്രസംഗം

Thursday, May 8, 2014

വിദ്യാഭ്യാസ അവകാശനിയമവും കോടതിവിധിയും

സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വിദ്യാഭ്യാസ അവകാശ നിയമം സംബന്ധിച്ചും മാതൃഭാഷാ പഠനം സംബന്ധിച്ചും സുപ്രധാനമായ വിധിന്യായം പുറപ്പെടുവിച്ചിരിക്കുകയാണ്. ന്യൂനപക്ഷ മാനേജ്മെന്റുകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കി. അതുപോലെ മാതൃഭാഷാ പഠനം നിര്‍ബന്ധിക്കാന്‍ സര്‍ക്കാരുകള്‍ക്ക് അധികാരമില്ല എന്നും വിധിന്യായം പുറപ്പെടുവിച്ചു.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രത്യാഘാതങ്ങളുണ്ടാക്കുന്നവയാണ് ഈ വിധിന്യായങ്ങള്‍. ഇതുസംബന്ധിച്ച് വിശദവും ആഴത്തിലുള്ളതുമായ ജനകീയ സംവാദങ്ങളും ചര്‍ച്ചകളും നടക്കേണ്ടതുണ്ട്. സര്‍ക്കാരുകള്‍ വേണ്ട രീതിയില്‍ വസ്തുതകള്‍ കോടതിക്കു മുമ്പില്‍ കൊണ്ടുവന്നിട്ടുണ്ടോ എന്നതും പരിശോധിക്കപ്പെടണം. എല്ലാ കുട്ടികള്‍ക്കും സൗജന്യ വിദ്യാഭ്യാസം എന്നത് സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍തന്നെ ഉയര്‍ന്ന ആവശ്യമാണ്. ഭരണകൂടങ്ങളുടെ ഇഛാശക്തിയില്ലായ്മ മൂലം സ്വാതന്ത്ര്യം ലഭിച്ച് 60 വര്‍ഷങ്ങള്‍ക്കു ശേഷവും ഈ ആവശ്യം നേടിയെടുക്കാന്‍ കഴിഞ്ഞില്ല എന്ന വസ്തുനിഷ്ഠ സാഹചര്യമാണ് 2009ല്‍ വിദ്യാഭ്യാസ അവകാശ നിയമം ഭരണഘടനാ ഭേദഗതിയിലൂടെ കൊണ്ടുവരാന്‍ ഇന്ത്യന്‍ പാര്‍ലമെന്റിനെ നിര്‍ബന്ധിതമാക്കിയത്. ഇതുപ്രകാരം ആറുമുതല്‍ പതിനാലു വയസ്സുവരെയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണ്. കുട്ടികളുടെ വിദ്യാഭ്യാസം സ്റ്റേറ്റിന്റെ കടമയായി മാറി. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന പ്രൈവറ്റ്, അണ്‍എയ്ഡഡ് വിദ്യാലയങ്ങളില്‍ 25 ശതമാനം സീറ്റുകളില്‍ തൊട്ടടുത്ത പ്രദേശത്തെ സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പ്രവേശനം നല്‍കണമെന്ന് നിയമം നിഷ്കര്‍ഷിക്കുന്നു. പഠിക്കാന്‍ അയല്‍പക്കങ്ങളില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്ലാത്ത പ്രദേശങ്ങളില്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസമായിരുന്നു ഈ വ്യവസ്ഥ. സ്വാഭാവികമായും വരേണ്യ സ്കൂളുകളിലെ മാനേജര്‍മാര്‍ ഈ വ്യവസ്ഥയെ ചോദ്യംചെയ്തു. ഈ തര്‍ക്കമാണ് ഇത്തരം ഒരു വിധിയിലേക്ക് എത്തിച്ചേരാന്‍ ഇടവരുത്തുന്നത്. ഈ വിധി ഓരോ സംസ്ഥാനത്തും വ്യത്യസ്തമായ രീതിയിലാണ് പ്രതിഫലിക്കുക. സ്കൂള്‍ പ്രവേശനത്തിനുള്ള സൗകര്യങ്ങള്‍ കുറഞ്ഞ ഇന്ത്യയിലെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും ദുര്‍ബല വിഭാഗക്കാരായ ഒട്ടേറെ കുട്ടികളുടെ പഠനത്തെ ഇത് ദോഷകരമായി ബാധിക്കും. ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷത, സമഭാവന, പാരസ്പര്യം എന്നിവയൊക്കെ അനുഭവങ്ങളിലൂടെ സ്വായത്തമാക്കാനുള്ള പൊതുഇടങ്ങളാവണം സ്കൂളുകള്‍. നാട്ടിലെ വിവിധ വിഭാഗം കുട്ടികള്‍- അവര്‍ വ്യത്യസ്ത മതസ്ഥരാവാം, വ്യത്യസ്ത വിശ്വാസ പ്രമാണങ്ങള്‍ വച്ചുപുലര്‍ത്തുന്നവരാകാം, വ്യത്യസ്ത സാമൂഹിക സാമ്പത്തിക പശ്ചാത്തലത്തിലുള്ളവരാകാം- ഒരുമിച്ചുചേര്‍ന്ന് ജീവിച്ചു പഠിക്കുമ്പോഴാണ് നേരത്തെ സൂചിപ്പിച്ച മൂല്യബോധമുണ്ടാവുക. അതിന് ഉത്തമ ഉദാഹരണമാണ് നമ്മുടെ കേരളം. ഇന്ത്യയില്‍ പലയിടങ്ങളില്‍ നിലനില്‍ക്കുന്ന ഭൂരിപക്ഷ വര്‍ഗീയ ചിന്താധാര ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് നിര്‍ഭയമായി പഠിക്കാനുള്ള സ്വാതന്ത്ര്യത്തെ അലോസരപ്പെടുത്തുന്നുണ്ട് എന്നത് വസ്തുതയാണ്. അതുകൊണ്ടുതന്നെ ന്യൂനപക്ഷ വിഭാഗം നടത്തുന്ന ന്യൂനപക്ഷ സ്കൂളുകള്‍ക്ക് ദേശീയതലത്തില്‍ പ്രസക്തിയുണ്ട്. നൂറ്റാണ്ടുകളായി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട കുടുംബങ്ങളില്‍നിന്ന് എത്തുന്ന ഒന്നാം തലമുറ കുട്ടികള്‍ സ്കൂളുകളില്‍ തുടര്‍ന്ന് പഠിക്കണമെങ്കില്‍ അവര്‍ക്ക് ആത്മവിശ്വാസം പകരുന്ന സാംസ്കാരിക അന്തരീക്ഷം ഉണ്ടാവണം. അതുകൊണ്ടുതന്നെ ദേശീയതലത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് അവരെ മുഖ്യധാരാ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാനുള്ള നയങ്ങളും പരിപാടികളും അനിവാര്യമാണ്. എന്നാല്‍, കേരളത്തിലെ സ്ഥിതി തികച്ചും വിഭിന്നമാണ്. നവോത്ഥാന മുന്നേറ്റങ്ങളും ഇടതുപക്ഷ മുന്നേറ്റങ്ങളും സാമുദായിക സംഘടനകളും വ്യക്തികളും ഒക്കെ നടത്തിയ വിവിധങ്ങളായ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ വളര്‍ച്ചയ്ക്കായുള്ള സാമൂഹിക പശ്ചാത്തലം ഒരുക്കിയിട്ടുണ്ട്. അധഃസ്ഥിതരുടെ വിദ്യാഭ്യാസത്തിനായി മിഷണറിമാരുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളും കേരള ചരിത്രത്തിന്റെ ഭാഗമാണ്. ഇടതുപക്ഷ സര്‍ക്കാരുകള്‍ കൊണ്ടുവന്ന ഭൂപരിഷ്കരണംപോലുള്ള ജനപക്ഷ പരിപാടികള്‍ സമൂഹത്തിന്റെ ജീവിതത്തെയും കാഴ്ചപ്പാടിനെയും മാറ്റിമറിച്ചു. ഇതിന്റെ പ്രതിഫലനം വിദ്യാഭ്യാസരംഗത്താണ് കൂടുതല്‍. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സര്‍ക്കാരിനൊപ്പം എയ്ഡഡ് വിദ്യാലയങ്ങളും അതില്‍തന്നെ ന്യൂനപക്ഷങ്ങള്‍ നടത്തുന്ന എയ്ഡഡ് വിദ്യാലയങ്ങളും നിര്‍ണായക പങ്കുവഹിച്ചു. ഇന്ന് കേരളത്തില്‍ ഭൂരിപക്ഷം എയ്ഡഡ് വിദ്യാലയങ്ങളും ന്യൂനപക്ഷങ്ങളുടെ നേതൃത്വത്തിലുള്ളതാണ്. അണ്‍എയ്ഡഡ് മേഖലയിലും ന്യൂനപക്ഷ മാനേജ്മെന്റുകള്‍ സജീവ താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. വിദ്യാഭ്യാസ അവകാശനിയമം യാന്ത്രികമായി നടപ്പാക്കുന്നതിനു പകരം ഓരോ പ്രദേശത്തിന്റെയും വസ്തുനിഷ്ഠ സാഹചര്യങ്ങള്‍ വിലയിരുത്തി വേണം നടപ്പാക്കേണ്ടത്. കേരളത്തില്‍ എല്ലാ കുട്ടികള്‍ക്കും പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂള്‍ വിദ്യാഭ്യാസത്തിനായി പൊതു വിദ്യാലയങ്ങള്‍ സര്‍ക്കാര്‍ മേഖലയിലായാലും എയ്ഡഡ് മേഖലയിലായാലും നിലവിലുണ്ട്. ആവാസഘടനയില്‍ വരുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് അപൂര്‍വം ചിലയിടങ്ങളില്‍ സ്കൂളുകള്‍ ആവശ്യമായി വന്നേക്കാം. ശാസ്ത്രീയമായ മാപ്പിങ്ങിന്റെ അടിസ്ഥാനത്തില്‍ ഇതു ചെയ്യാവുന്നതേയുള്ളൂ. ഇതിനായുള്ള ശ്രമം കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയതുമാണ്.

ദേശീയതലത്തില്‍ 25 ശതമാനം സീറ്റ് പ്രൈവറ്റ്-അണ്‍എയ്ഡഡ് സ്ഥാപനങ്ങളില്‍ സംവരണംചെയ്യണമെന്നത് പ്രസക്തമാവുമെങ്കില്‍ കേരളത്തിലത് തികച്ചും അപ്രസക്തമാണ്. ഇവിടെ പൊതു വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം പല കാരണങ്ങളാല്‍ കുറഞ്ഞുവരികയാണ്. അതുകൊണ്ട് പൊതുവിദ്യാലയങ്ങളുടെ ഗുണത വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് കേരളത്തിലാവശ്യം. ജനപ്രതിനിധികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ കൃത്യമായ ആസൂത്രണത്തോടെ പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാന്‍ കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിയ ശ്രമം വലിയ തോതില്‍ വിജയിച്ചത് കേരളീയ സമൂഹം കണ്ടറിഞ്ഞതാണ്. അത്തരം ശ്രമങ്ങളെ നിരുത്സാഹപ്പെടുത്തുന്ന നിലവിലെ യുഡിഎഫ് സര്‍ക്കാരിന്റെ നയങ്ങളാണ് തിരുത്തപ്പെടേണ്ടത്. സ്വകാര്യ സ്ഥാപനങ്ങളിലേക്ക് 25 ശതമാനം സീറ്റ് സംവരണം ചെയ്യുന്നതിനായി നീക്കിവയ്ക്കുന്ന ഏതൊരു തുകയും കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനാണ് വിനിയോഗിക്കേണ്ടത്. ശാസ്ത്രീയമായ മാപ്പിങ്ങിന്റെ അടിസ്ഥാനത്തില്‍ സ്കൂളുകള്‍ ആവശ്യമാണ് എന്ന് കണ്ടെത്തുന്ന ഇടങ്ങളില്‍ ന്യൂനപക്ഷ അണ്‍എയ്ഡഡ് വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവരുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ മുന്‍കൈ എടുക്കുകയും എല്ലാ കുട്ടികള്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കുന്നു എന്ന് ഉറപ്പാക്കുകയുമാണ് വേണ്ടത്. ദേശീയ അടിസ്ഥാനത്തിലും ഈ വിധിയുടെ പശ്ചാത്തലത്തില്‍ ന്യൂനപക്ഷ മാനേജ്മെന്റുകളുമായി ചര്‍ച്ചചെയ്ത് ഒരു പ്രദേശത്തെ എല്ലാ കുട്ടികളുടെ വിദ്യാഭ്യാസവും സാമൂഹികമായ ഉത്തരവാദിത്തമാണെന്നും അതില്‍ ന്യൂനപക്ഷ മാനേജ്മെന്റുകള്‍ക്കും നിര്‍ണായകമായ പങ്കുവഹിക്കാന്‍ കഴിയുമെന്നും ബോധ്യപ്പെടുത്തണം. ഇതിന് നേതൃത്വം എടുക്കേണ്ടത് സര്‍ക്കാരുകളാണ്.

ഇതുപോലെ അതിനിര്‍ണായകമാണ് പഠന മാധ്യമം സംബന്ധിച്ച വിധിയും. മാതൃഭാഷയിലുള്ള പഠനമാണ് കുട്ടിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതും അറിവുനേടല്‍ പ്രക്രിയയെ സുഗമമാക്കുന്നതും എന്നത് ലോകമെമ്പാടും അംഗീകരിച്ച വിദ്യാഭ്യാസ സമീപനമാണ്. കുട്ടിയുടെ പരിചിതമായ ലോകത്തില്‍നിന്നാണ് മാതൃഭാഷയിലൂടെ അനന്തമായ ലോകത്തെ കാണാനും വ്യാഖ്യാനിക്കാനും ഏറെ എളുപ്പം. ഇക്കാര്യത്തില്‍ വികസിത രാജ്യങ്ങളിലൊന്നുംതന്നെ ഒരുവിധ തര്‍ക്കങ്ങളുമില്ല. അധ്യാപകര്‍ക്ക് പഠന അനുഭവങ്ങള്‍ പ്രദാനംചെയ്യാനും അറിവിന്റെ നിര്‍മിതിക്കായി കുട്ടിയെ സജ്ജമാക്കാനും മാതൃഭാഷ ഏറെ സഹായകമാണ്. കുട്ടിയും രക്ഷിതാവുമാണ് പഠന മാധ്യമം തെരഞ്ഞെടുക്കേണ്ടത് എന്ന സുപ്രീംകോടതി വിധി ഒട്ടേറെ വിദ്യാഭ്യാസ പ്രശ്നങ്ങളുയര്‍ത്തുന്നുണ്ട്. അഞ്ചു വയസ്സായ ഒരു കുട്ടിക്ക് പഠനമാധ്യമം ഏതു വേണമെന്ന് നിര്‍ണയിക്കാനുള്ള മാനസിക കഴിവ് ഉണ്ടാകുമോ? അന്തിമമായി രക്ഷിതാവല്ലേ, ഇതു തീരുമാനിക്കുക. കേരളംപോലുള്ള സംസ്ഥാനങ്ങളില്‍ പ്രബലമായിക്കൊണ്ടിരിക്കുന്ന മധ്യവര്‍ഗ ചിന്താധാര ഇക്കാര്യത്തില്‍ എന്തു തീരുമാനമെടുക്കുമെന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു.

ആശയവിനിമയത്തിന്റെ ഉപാധി മാത്രമല്ല ഭാഷ, അതൊരു നാടിന്റെ സാംസ്കാരികത്തനിമയുടെ പ്രതീകംകൂടിയാണ്. അഥവാ സംസ്കാരം തന്നെയാണ്. ഈ തനത് സംസ്കാരത്തെ ദുരഭിമാനത്തിന്റെ ഭാഗമായോ മൂഢവിശ്വാസത്തിന്റെ ഭാഗമായോ തള്ളിക്കളയാനുള്ള അവസരമാണ് ഇവിടെ സൃഷ്ടിക്കപ്പെടുന്നത്. സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ മാതൃഭാഷ മാധ്യമമായിരിക്കുന്നത് ഉന്മൂലനംചെയ്യപ്പെടുന്നതിലേക്ക് ഈ വിധി നയിക്കാം. ആഗോളവല്‍ക്കരണത്തിന്റെ പശ്ചാത്തലത്തില്‍ ഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രാദേശിക ഭാഷകള്‍ക്ക് കൂടുതല്‍ വിനാശകരമായ ഭീഷണി ഉയര്‍ത്തുകയാണ് സുപ്രീംകോടതി വിധി. ഇതിനോട് ഒരുതരത്തിലും യോജിക്കാനാവില്ല.

ഈ വിധികള്‍ ഉളവാക്കുന്ന സങ്കീര്‍ണതകള്‍ ജനകീയ സംവാദങ്ങള്‍ക്ക് വിധേയമാക്കണം. ഭരണകൂടം കൈക്കൊള്ളുന്ന ഇരട്ടത്താപ്പ് ജനമധ്യത്തില്‍ തുറന്നുകാട്ടപ്പെടണം. ആവശ്യമെങ്കില്‍ സുപ്രീംകോടതിയുടെ കൂടുതല്‍ വിപുലമായ ഭരണഘടനാ ബെഞ്ചിന്റെ മുമ്പില്‍ ഈ വിധികള്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കൈ എടുക്കണം. പുതിയ പാര്‍ലമെന്റുതന്നെ ഇക്കാര്യങ്ങള്‍ സമഗ്രമായും സൂക്ഷ്മമായും ചര്‍ച്ചചെയ്ത് പോംവഴി കണ്ടെത്തുന്നതും ആലോചിക്കാവുന്നതാണ്.

*
എം എ ബേബി ദേശാഭിമാനി

Wednesday, May 7, 2014

മുല്ലപ്പെരിയാര്‍: ഉല്‍ക്കണ്ഠ ഉളവാക്കുന്ന വിധി

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ദൗര്‍ഭാഗ്യകരമായ വിധിയാണ് സുപ്രീംകോടതിയില്‍നിന്നുണ്ടായത്. കേരളത്തിന് അണക്കെട്ടിന്റെ സുരക്ഷയടക്കമുള്ള കാര്യങ്ങളിലുള്ള ന്യായമായ ഉല്‍ക്കണ്ഠ സുപ്രീംകോടതി കണക്കിലെടുത്തു എന്നു പറയാനാവില്ല. ഈ അവസ്ഥ എങ്ങനെയുണ്ടായി എന്നത് കേരളം ഗൗരവപൂര്‍വം ചര്‍ച്ചചെയ്യേണ്ടതുണ്ട്. സുപ്രീംകോടതിയെ സമഗ്രമായി വസ്തുതകള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുന്നതില്‍ വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കപ്പെടണം. 2006ലെ വിധിയാണ് കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് ആദ്യം തിരിച്ചടിയുണ്ടാക്കിയത്. 2001-2006 ഘട്ടത്തില്‍ അധികാരത്തിലിരുന്ന യുഡിഎഫ് സര്‍ക്കാരിന്റെ അനാസ്ഥയും അലംഭാവവുംമൂലമാണ് അന്ന് പ്രതികൂല വിധിയുണ്ടായത്. ആ സര്‍ക്കാര്‍ പ്രശ്നം ഗൗരവത്തിലെടുക്കുകയോ വാദമുഖങ്ങള്‍ ഫലപ്രദമാംവിധം രൂപപ്പെടുത്തി അവതരിപ്പിക്കുകയോ ചെയ്തില്ല.

എന്നാല്‍, പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കിയ തുടര്‍ന്നുവന്ന ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാര്‍ ഫലപ്രദമായ നടപടികളെടുത്തു. ആ പ്രക്രിയയുടെ തുടര്‍ച്ചയായാണ് ഡാം സേഫ്റ്റി അതോറിറ്റി നിയമം കൊണ്ടുവന്നതും ജലവിതാനം 136 അടിയാക്കി നിജപ്പെടുത്തിയതും. എന്നാല്‍, അതിന്റെ സാധുതയെ തമിഴ്നാട് പിന്നീട് ചോദ്യംചെയ്തു; കോടതിയിലെത്തി. അങ്ങനെയുണ്ടായ കേസിലാണ് ഈ വിധിയുണ്ടായത്. മറ്റൊരു രൂപത്തില്‍ പറഞ്ഞാല്‍ 2006ലെ വിധിക്കുമേല്‍ കെട്ടിപ്പൊക്കിയ മറ്റൊരു വിധിയാണിത്.

ഇടതുപക്ഷജനാധിപത്യമുന്നണിയുടെ ഭരണകാലത്തെ ഇടപെടലിന്റെ ഫലമായാണ് വിദഗ്ധസമിതി നിയോഗിക്കപ്പെട്ടതും മറ്റും. എന്നാല്‍, ആ വിദഗ്ധസമിതി പ്രവര്‍ത്തനം തുടരുന്നതിനിടെ കേരളത്തിലെ ഭരണം മാറി. വീണ്ടും യുഡിഎഫ് ഭരണം വന്നു. യാഥാര്‍ഥ്യങ്ങള്‍ വിദഗ്ധസമിതിയെ ബോധ്യപ്പെടുത്തുന്നതിന് ഒരു നീക്കവും പിന്നീടുണ്ടായില്ല. സമരപ്പന്തലിലെ ആവേശത്തള്ളിച്ചയൊന്നും കേസ് നടത്തിപ്പിലോ വിദഗ്ധസമിതിക്കുമുമ്പില്‍ വാദങ്ങള്‍ നിരത്തുന്ന കാര്യത്തിലോ കണ്ടില്ല എന്നു ചുരുക്കം. അതിന്റെ ദുരന്തഫലംകൂടിയാണ് ഈ വിധി എന്നത് കാണാതിരിക്കാനാവില്ല.

അണക്കെട്ടിന്റെ സുരക്ഷാപ്രശ്നംപോലും സുപ്രീംകോടതിയെ ഫലപ്രദമായി ധരിപ്പിക്കുകയുണ്ടായില്ല. വിദഗ്ധസമിതിയെ ബോധ്യപ്പെടുത്തുന്നതിലെ വീഴ്ച കോടതിയെ ബോധ്യപ്പെടുത്തുന്നതിലും ഉണ്ടായി. അമ്പതുവര്‍ഷത്തേക്ക് എന്നുദ്ദേശിച്ച് നിര്‍മിച്ച അണക്കെട്ടാണിത്. ഇപ്പോള്‍ 120 വര്‍ഷം കഴിഞ്ഞു. ആധുനിക നിര്‍മാണ സാമഗ്രികളോ സംവിധാനങ്ങളോ ഉപയോഗിച്ചല്ല, ശര്‍ക്കരയും സുര്‍ക്കിയും ഒക്കെക്കൊണ്ടുണ്ടാക്കിയ അണക്കെട്ടാണിത്. അതിന്റെ പലയിടത്തും ഘടനാപരമായ തകരാറുകളുണ്ടായി; ചോര്‍ച്ചയുണ്ടായി; തേപ്പ് അടര്‍ന്നുവീഴുന്ന നിലയുണ്ടായി. ഇതുവല്ലതും ഫലപ്രദമായി വിദഗ്ധസമിതിക്കുമുമ്പിലോ കോടതിയിലോ അവതരിപ്പിച്ചോ?

വിദഗ്ധസമിതിക്കു പേരില്‍ വൈദഗ്ധ്യമുണ്ടെങ്കിലും അണക്കെട്ട് നിര്‍മാണ വിദഗ്ധരുള്‍പ്പെട്ട സമിതിയൊന്നുമല്ല അത്. വിഷയത്തില്‍ പ്രാഗത്ഭ്യമുള്ളവരെ കൊണ്ടുവന്ന് പരിശോധിപ്പിച്ച് ഒരു റിപ്പോര്‍ട്ടുണ്ടാക്കിച്ചുകൊടുക്കാന്‍ കഴിഞ്ഞോ? അന്തര്‍സംസ്ഥാന നദിയാണ് പെരിയാര്‍ എന്ന തമിഴ്നാടിന്റെ വാദം അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. സുപ്രീംകോടതി ഈ നിലപാടിലേക്ക് ചെന്നെത്തിയത് ചില കേന്ദ്രങ്ങളില്‍ കേരള സര്‍ക്കാര്‍ തന്നെ അങ്ങനെ കരുതാന്‍ വേണ്ട സൂചനകള്‍ നല്‍കിയതുകൊണ്ടാണ്. പെരിയാര്‍ കേരളത്തിന്റെ നദിയാണെന്നതു സ്ഥാപിക്കാന്‍ കഴിഞ്ഞോ? പുതിയ അണക്കെട്ട് നിര്‍മാണം തമിഴ്നാടിനുമേല്‍ അടിച്ചേല്‍പ്പിക്കാനാവില്ല എന്നാണ് കോടതി പറഞ്ഞത്. അണക്കെട്ടിന്റെ ഗുരുതരാവസ്ഥ മുന്‍നിര്‍ത്തി നേരത്തെതന്നെ തമിഴ്നാടുമായി സംസാരിച്ച് ഒരു സമവായത്തിലെത്തിയിരുന്നെങ്കില്‍ "അടിച്ചേല്‍പ്പിക്കലിന്റെ പ്രശ്നം" വരുമായിരുന്നില്ല. ആ വഴിക്ക് എന്തെങ്കിലും നീക്കം നടത്തിയോ? ഇടയ്ക്കിടെ ഭൂകമ്പമുണ്ടാവുന്ന സോണ്‍ ത്രീ മേഖലയിലാണ് ഡാം നില്‍ക്കുന്നത്. ഇതിന്റെ അപകടാവസ്ഥ ബോധ്യപ്പെടുത്താന്‍ എന്തെങ്കിലും ചെയ്തോ? ഒന്നും ഉണ്ടായില്ല. ഏതായാലും സുപ്രീംകോടതി വിധിയോടെ കേരളത്തിന്റെ മുമ്പിലെ മിക്കവാറും വാതിലുകളെല്ലാം അടഞ്ഞിരിക്കുന്നു. പുനഃപരിശോധനാഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിക്കാം എന്നു വേണമെങ്കില്‍ സാങ്കേതികമായി പറയാം. എന്നാല്‍, ദീര്‍ഘകാലമെടുത്ത് അഞ്ചംഗഭരണഘടനാ ബെഞ്ച് എടുത്ത തീരുമാനം ഒരുറിവ്യൂ ഹര്‍ജികൊണ്ട് അസ്ഥിരപ്പെടുമെന്ന് കരുതാനാവുമോ? പുതിയ അടിസ്ഥാനങ്ങളുമായി ചെന്നാല്‍, വാദത്തിന്റെ ഘട്ടത്തില്‍ നിങ്ങള്‍ക്ക് ഇതൊക്കെ അവതരിപ്പിക്കാമായിരുന്നില്ലേ എന്ന ചോദ്യം കോടതിയില്‍നിന്നുയരില്ലേ? അപ്പോള്‍ എന്തു മറുപടി പറയും? തീര്‍പ്പ് കല്‍പ്പിക്കപ്പെട്ട ഹര്‍ജിയുടെ വാദത്തിനിടെ വരേണ്ട വാദവും രേഖയും ഇനി കൊണ്ടുചെന്നാല്‍ ഫലിക്കുമോ?

ഉല്‍ക്കണ്ഠകള്‍ ഏറെയാണ്. ഇങ്ങനെ നോക്കുമ്പോള്‍ മൂന്നംഗ വിദഗ്ധസമിതിയെ സമീപിക്കാം എന്നതു മാത്രമാണ് ആശ്വാസം. ആ ആശ്വാസത്തിന് അടിസ്ഥാനമുണ്ടോ? കേന്ദ്രജല കമീഷന്‍ അധ്യക്ഷന്‍ ചെയര്‍മാനും കേരള-തമിഴ്നാട് സംസ്ഥാനങ്ങളുടെ ഓരോ അംഗവുമാണ് കമീഷനിലുള്ളത്. കേന്ദ്രജല കമീഷന്‍ ഈ കേസിന്റെ ഒരു ഘട്ടത്തിലും കേരളത്തിന് അനുകൂലമായ ചെറിയ നിലപാടുപോലും എടുത്തിട്ടില്ല. ഒരു അനുഭാവവും കാട്ടിയിട്ടില്ല. ജലകമീഷന്‍ നിലപാട് മാറുമെന്നു കരുതാനാവില്ല. തമിഴ്നാടിന്റെ പ്രതിനിധിയുടെ നിലപാട് വ്യക്തമാണ് താനും. ഇവരിരുവരും ചേര്‍ന്നാല്‍ വിദഗ്ധസമിതിയില്‍ ഭൂരിപക്ഷവുമായി! അപ്പോള്‍ ആ വഴിക്കും ഏറെയൊന്നും പ്രതീക്ഷിക്കാനില്ല. പരാതി പറയാനല്ലാതെ ഒന്നിനും കഴിയാത്ത അവസ്ഥയിലേക്ക് കേരളത്തെ കൊണ്ടെത്തിച്ചിരിക്കുകയാണ് യുഡിഎഫ് ഭരണം.

ജലനിരപ്പ് 142 അടിയായി ഉയരും. പുതിയ അണക്കെട്ട് എന്ന സങ്കല്‍പ്പം നടക്കാതെ വരും. അറ്റകുറ്റപ്പണി നടത്താന്‍പോലും കേരളത്തിനാവില്ല എന്നു വരും. സംസ്ഥാന നിയമം റദ്ദായിക്കഴിഞ്ഞു. നിസ്സഹായമായ നിലയാണിത്. ഏതായാലും റിവ്യൂപെറ്റീഷനൊപ്പം തമിഴ്നാടുമായി ചര്‍ച്ചകൂടെ നടക്കട്ടെ. 142 അടിയിലേക്ക് ജലനിരപ്പുയര്‍ത്താതെ സഹായിക്കാന്‍ അവരോട് അഭ്യര്‍ഥിക്കട്ടെ. 40 ലക്ഷം ജനങ്ങളുടെ ജീവനെ ബാധിക്കുന്ന പ്രശ്നമാണ് നാലടി വെള്ളത്തിന്റേത് എന്നുപറയട്ടെ!

ഈ ഘട്ടത്തില്‍ ആവേശത്തിന്റെ ആളിപ്പടരല്‍ പലയിടത്തും ഉണ്ടാവുന്നതിന്റെ സൂചനകള്‍ കാണുന്നുണ്ട്. തമിഴ്നാട്ടിലുള്ളവര്‍ കേരളത്തിലുള്ളവരുടെയും കേരളത്തിലുള്ളവര്‍ തമിഴ്നാട്ടിലുള്ളവരുടെയും സഹോദരങ്ങളാണ് എന്നതു മറന്നുകൂടാ. തമിഴരാണ് ശത്രുക്കള്‍ എന്ന മനോഭാവം വളര്‍ന്നുകൂടാ. രാജ്യത്തെ ആഭ്യന്തരകലഹത്തിലൂടെ ഛിദ്രമാക്കാന്‍ കാത്തു നില്‍ക്കുന്നവരുടെ കൈയിലെ പന്തങ്ങളായി ആരും മാറിക്കൂടാ. അതുകൂടി ഓര്‍മിപ്പിക്കട്ടെ.
*
ദേശാഭിമാനി മുഖപ്രസംഗം

Friday, April 25, 2014

മമത സര്‍ക്കാരിന് സുപ്രീംകോടതിയുടെ കുറ്റപത്രം

പശ്ചിമബംഗാളിലെ ബിര്‍ഭും ജില്ലയില്‍ നടന്ന ഒരു ബലാല്‍സംഗക്കേസില്‍ 2014 മാര്‍ച്ച് 28 വെള്ളിയാഴ്ച സുപ്രീംകോടതി വിധി പ്രഖ്യാപിക്കുകയുണ്ടായി. തൃണമൂല്‍ കോണ്‍ഗ്രസ് നിയന്ത്രിക്കുന്ന സംസ്ഥാന ഗവണ്‍മെന്റിനെ കുറ്റപ്പെടുത്തുന്ന വിധി പ്രസ്താവത്തില്‍, ""ഇത്തരത്തിലുള്ള ഹീനമായ കടന്നാക്രമണങ്ങള്‍ നേരിട്ട ഇരകളുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഗവണ്‍മെന്റ് പരാജയപ്പെട്ടു"" എന്നാണ് കോടതി പറഞ്ഞത്. ""ഇരയുടെയും അവളുടെ കുടുംബത്തിന്റെയും സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിന്"" ഗവണ്‍മെന്റ് നടപടികള്‍ കൈക്കൊള്ളാത്തതിനെയും വിധി പ്രസ്താവത്തില്‍ എടുത്തുപറയുകയുണ്ടായി.

""അപമാനത്തിനോ അന്തസ്സ് കെടുത്തിയതിനോ പകരംവെയ്ക്കാന്‍ ഒന്നിനും കഴിയില്ലെങ്കിലും ധനസഹായമെങ്കിലും നല്‍കിയാല്‍ അല്‍പം ആശ്വാസമാകും"" എന്നും കോടതി പറഞ്ഞു. അതോടൊപ്പം ""നേരത്തെ അനുവദിച്ച 50,000 രൂപ കൂടാതെ 5 ലക്ഷം രൂപകൂടി ഇന്നേക്ക് ഒരു മാസത്തിനകം നല്‍കണമെന്നും"" കോടതി പശ്ചിമബംഗാള്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഇരയുടെ പുനരധിവാസത്തിന്റെ പ്രാധാന്യത്തിലൂന്നിക്കൊണ്ട് കോടതി ഒന്നുകൂടി പറഞ്ഞത്, ""എന്നിരുന്നാലും ഗവണ്‍മെന്റിന്റെ നിയമപരമായ ചുമതല നഷ്ടപരിഹാരം നല്‍കുന്നതില്‍ മാത്രം ഒതുങ്ങുകയല്ല വേണ്ടത്; ഇരയുടെ പുനരധിവാസത്തിലും പരമപ്രധാന പങ്ക് വഹിക്കാനുണ്ട്.""

പശ്ചിമബംഗാളിലെ ബിര്‍ഭും ജില്ലയിലെ സബല്‍പൂര്‍ ഗ്രാമത്തില്‍ 20 വയസുള്ള ഒരു ആദിവാസി പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്തതുമായി ബന്ധപ്പെട്ട് ബിസിനസ് ആന്റ് ഫിനാന്‍ഷ്യല്‍ ന്യൂസില്‍ 2014 ജനുവരി 23ന് വന്ന വാര്‍ത്ത ശ്രദ്ധിക്കപ്പെട്ടതോടെയാണ് കേസ് അപെക്സ് കോടതിയിലെത്തുന്നത്. അന്യജാതിക്കാരനുമായി വിവാഹബന്ധത്തിലേര്‍പ്പെട്ടതിന്റെ ശിക്ഷയായി അവളെ കൂട്ട ബലാത്സംഗം നടത്താന്‍ വില്ലേജ് പഞ്ചായത്തിന്റെ സലീശി സഭ ഉത്തരവിട്ടതോടെയാണ് ജനുവരി 20ന് രാത്രി കുറ്റകൃത്യം നടന്നത്. അടുത്തദിവസംതന്നെ സുപ്രീംകോടതി ഒരു പൊതുതാല്‍പര്യ ഹര്‍ജി സ്വമേധയാ ഫയല്‍ചെയ്യുകയും ചീഫ് ജസ്റ്റിസ് സദാശിവം, ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ദെ, ജസ്റ്റിസ് എന്‍ വി രമണ എന്നിവരടങ്ങുന്ന ഒരു മൂന്നംഗ ഡിവിഷന്‍ ബഞ്ചിനെ നിയോഗിക്കുകയും ചെയ്തു. കൂടാതെ, സംഭവം നടന്ന സ്ഥലം പരിശോധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി അടിയന്തിരമായി ബിര്‍ഭും ജില്ലാ ജഡ്ജിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. കോടതിയെ സഹായിക്കുന്നതിനായി അമിക്കസ് ക്യൂറി ആയി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സിദ്ധാര്‍ഥ് ലൂത്റയെയും നിയോഗിച്ചു. ജില്ലാ ജഡ്ജിയും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ടും സംയുക്തമായി, കുറ്റകൃത്യം നടന്ന സ്ഥലം പരിശോധിക്കുകയും സുപ്രീംകോടതിയില്‍ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. കുറ്റവാളികള്‍ക്കെതിരെ പൊലീസ് നടപടിയെന്തെങ്കിലും കൈക്കൊണ്ടതായി റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ലാത്തതിനാല്‍ ഇക്കാര്യത്തെക്കറിച്ച് വിശദമായി അന്വേഷിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബംഗാള്‍ ചീഫ് സെക്രട്ടറിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി. അമിക്കസ് ക്യൂറി സിദ്ധാര്‍ഥ് ലൂത്റ നല്‍കിയ സബ്മിഷന്റെ അടിസ്ഥാനത്തില്‍, അന്വേഷണത്തില്‍ നിരവധി പോരായ്മകള്‍ കണ്ടെത്തിയതായി കോടതി വിധിന്യായത്തില്‍ രേഖപ്പെടുത്തിയിരുന്നു. ഈ പോരായ്മകള്‍ സൂചിപ്പിക്കുന്നത്, ഭരണത്തിലിരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ തണലില്‍ കുറ്റവാളികളെ സഹായിക്കുന്നതിനായി, മനഃപൂര്‍വം യാഥാര്‍ഥ്യം മൂടിവെയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നുവെന്നാണ്.

വിധിന്യായത്തില്‍ അമിക്കസ്ക്യൂറിയെ ഉദ്ധരിച്ചുകൊണ്ട് കോടതി രേഖപ്പെടുത്തിയത്, ""ഏതുതരത്തില്‍ നോക്കിയാലും നിശ്ചയമായും ഒരു വലിയ ഗൂഢാലോചന ഇതിനുപിന്നിലുണ്ടായിട്ടുണ്ട്"" എന്നാണ്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റ് അനിര്‍ബാന്‍ മണ്ഡല്‍ ആയിരിക്കാം എഫ്ഐആര്‍ രേഖപ്പെടുത്തിയത് എന്നും ചൂണ്ടിക്കാട്ടി. ""അനില്‍ മണ്ഡല്‍ പൊലീസ് സ്റ്റേഷനിലെത്തിതിന് യാതൊരടിസ്ഥാനവുമില്ല; അയാളുടെ സാന്നിദ്ധ്യം അവിടെ ഉണ്ടായിരുന്നതിന് യാതൊരു ന്യായീകരണവുമില്ല"" എന്നും വിധിന്യായത്തില്‍ എടുത്തുപറയുന്നു. കുറ്റവാളികളിലൊരാളുടെ പേര് പൂര്‍ണമായും വ്യത്യസ്തമായിരുന്നു-എഫ്ഐആറില്‍ ഒരു പേരും ജുഡീഷ്യല്‍ ഓഫീസറുടെ റിപ്പോര്‍ട്ടില്‍ മറ്റൊരു പേരും. എന്നുതന്നെയല്ല, എഫ്ഐആര്‍ രേഖപ്പെടുത്തിയത് വനിതാ പൊലീസ് ഓഫീസറോ മറ്റേതെങ്കിലും വനിതാ ഓഫീസറോ ആയിരുന്നില്ല. ഇത് ഇന്ത്യന്‍ പീനല്‍കോഡിന്റെ (ഐപിസി) വിവിധ സെക്ഷനുകളുടെ നഗ്നമായ ലംഘനമാണ്. ""ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് 26-01-2014, 27-01-2014, 29-01-2014 എന്നീ തീയതികളില്‍ സ്റ്റേറ്റുമെന്റുകള്‍ വീണ്ടും രേഖപ്പെടുത്തിയത്, ക്രോസ് വിസ്താരത്തിനിടെ ഉണ്ടാകാന്‍ സാധ്യതയുള്ള വൈരുദ്ധ്യങ്ങളിലേക്ക് നയിക്കുകയായിരുന്നുവെന്നും അത് അതിന്റെ സാരാംശത്തിലുമുണ്ടായി എന്നതിന് യാതൊരു ന്യായീകരണവുമില്ലെന്നും"" കോടതി പറഞ്ഞു.

അതുപോലെ ഉയര്‍ത്തപ്പെട്ട മറ്റൊരു ചോദ്യം, ""സലീശി സഭയുമായി ബന്ധപ്പെട്ട ഗ്രാമത്തില്‍നിന്നല്ലാതെ എന്തിനായിരുന്നു മറ്റനേകം പേര്‍ അടുത്തുള്ള ഗ്രാമങ്ങളായ ബിക്രമൂറില്‍നിന്നും രാജാറാംപൂരില്‍നിന്നും അവിടെ എത്തിയത്?"" എന്നുതന്നെയല്ല, സലീശി സഭ കൂടിയതു സംബന്ധിച്ച് എഫ്ഐആറിലെ ഭാഷ്യവും ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ റിപ്പോര്‍ട്ടും തമ്മില്‍ വ്യത്യാസമുണ്ട്. ആ വ്യത്യാസം എഫ്ഐആര്‍ പ്രകാരം അത് 20-01-2014 രാത്രിയില്‍ ആണെന്നതോ അല്ലെങ്കില്‍ ജുഡീഷ്യല്‍ റിപ്പോര്‍ട്ടനുസരിച്ച് അടുത്തദിവസം രാവിലെയാണെന്നതോ ആണ്. ഐപിസിയുടെ വിവിധ സെക്ഷനകള്‍ക്കുകീഴില്‍ വരുന്ന പരസ്യമായ ബലാത്സംഗം, അന്യായമായി ഭീഷണിപ്പെടുത്തല്‍, മനോവ്യഥയുണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങളൊന്നുംതന്നെ ഇതില്‍ ഉള്‍ക്കൊള്ളിച്ചില്ല. ഒട്ടനവധി വിധിന്യായങ്ങളെ പരമാര്‍ശിച്ചുകൊണ്ട് കോടതി നിരീക്ഷിച്ചത്, ""അന്യജാതിയിലോ അന്യമതത്തിലോ പെട്ട വിവാഹങ്ങള്‍, ചിലര്‍ അവരുടെ സ്വന്തം ഇഷ്ടപ്രകാരം നടത്തിയതിന്റെപേരില്‍ അവരെ "അഭിമാനക്കൊലകള്‍" നടത്തി ഇല്ലാതാക്കിയതായി പലപ്പോഴും നമ്മള്‍ കേള്‍ക്കാറുണ്ട്. ഇത്തരം കൊലപാതകങ്ങളില്‍ അഭിമാനിക്കത്തക്കതായി ഒന്നുമില്ല. യഥാര്‍ഥത്തില്‍ അവയെല്ലാം പ്രാകൃതവും നാണക്കേടുളവാക്കുന്നതുമായ കൊലപാതകങ്ങളാണ്. മൃഗീയമായ, ഫ്യൂഡല്‍ മനഃസ്ഥിതിയുള്ള അത്തരം ആളുകള്‍ കഠിന ശിക്ഷയര്‍ഹിക്കുന്നു."" കൂടാതെ, ""നമ്മള്‍ ഈയടുത്ത വര്‍ഷങ്ങളിലായി കേള്‍ക്കുന്ന "ഖാപ്പ് പഞ്ചായത്തുകള്‍" (തമിഴ്നാട്ടില്‍ ഇത് ഖട്ട പഞ്ചായത്തുകള്‍ എന്നറിയപ്പെടുന്നു) പലപ്പോഴും വ്യത്യസ്ത ജാതിയിലും മതത്തിലുംപെട്ട, വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയോ വിവാഹിതരാവുകയോ ചെയ്ത ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മേല്‍ ഉത്തരവ് പുറപ്പെടുവിക്കുകയോ അല്ലെങ്കില്‍ വ്യവസ്ഥാപിത രീതിയിലുള്ള മറ്റ് അതിക്രമങ്ങള്‍ നടത്തുകയോ അല്ലെങ്കില്‍ ജനങ്ങളുടെ വ്യക്തിജീവിതത്തിലിടപെടുകയോ ചെയ്യുന്നു. ഇവയെല്ലാം നിയമവിരുദ്ധവും നിഷ്കരുണം തുടച്ചുമാറ്റപ്പെടേണ്ടതുമാണ്. നേരത്തെ സൂചിപ്പിച്ചപോലെ ലതാസിങ്ങിന്റെ സംഭവത്തിലെ അല്ലെങ്കില്‍ അതുപോലെയുള്ള മറ്റ് അതിക്രമങ്ങളില്‍ അഭിമാനിക്കത്തക്കതായി ഒന്നുമില്ല. യഥാര്‍ഥത്തില്‍ ഇത് പ്രാകൃതവും നാണക്കേടുളവാക്കുന്നതുമായ കൊലപാതകമല്ലാതെ മറ്റൊന്നുമല്ല. ജനങ്ങളുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ക്രൂരതകള്‍ ചെയ്യുന്ന, മൃഗീയമായ, ഫ്യൂഡല്‍ മനോഭാവം വെച്ചുപുലര്‍ത്തുന്നവര്‍ കഠിന ശിക്ഷയര്‍ഹിക്കുന്നു. അങ്ങനെയെങ്കില്‍ മാത്രമേ ഈ പ്രാകൃതത്വത്തെയും ഫ്യൂഡല്‍ മനോഭാവത്തെയും തുടച്ചുമാറ്റാന്‍ കഴിയൂ. ഇതുകൂടാതെ, നിയമം കയ്യിലെടുക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളും ഇതിനു തുല്യമായ കംഗാരു കോടതികളും എല്ലാം മൊത്തത്തില്‍ നിയമവിരുദ്ധമാണ്"". അതിനാല്‍ സെക്ഷന്‍ 154നുകീഴില്‍ വരുന്ന നിയമമനുസരിച്ച് എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്യുന്നത് നിയമപ്രകാരം നിര്‍ബന്ധിതമാണെന്നും ആ വിവരത്തില്‍നിന്നും മാരകമായ കുറ്റം വെളിപ്പെടുകയാണെങ്കില്‍ അത് രജിസ്റ്റര്‍ ചെയ്യുകയെന്നത് പൊലീസ് ഓഫീസറുടെ ചുമതലയാണെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. എല്ലാ പൊതു-സ്വകാര്യ ആശുപത്രികള്‍ (അവ കേന്ദ്രഗവണ്‍മെന്റിന്റെയോ സംസ്ഥാന ഗവണ്‍മെന്റിന്റെയോ രണ്ടിലേതായാലും) സ്വകാര്യസമിതികള്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും വ്യക്തികള്‍, ഇവയേതായാലും 357ര വകുപ്പനുസരിച്ച്, ഐപിസി സെക്ഷനുകീഴില്‍ വരുന്ന ഏത് കുറ്റകൃത്യത്തിനും ഇരയായവര്‍ക്ക് പ്രഥമ ശുശ്രൂഷയോ അല്ലെങ്കില്‍ സൗജന്യ വൈദ്യചികിത്സയോ നല്‍കാന്‍ അവ ബാധ്യസ്ഥമാണ്.

*
ജെ എസ് മജുംദാര്‍

Wednesday, April 23, 2014

ന്യായാധിപന്മാര്‍ ആക്രമിക്കപ്പെടുമ്പോള്‍

നിയമപരമായും നിര്‍ഭയമായും നീതിബോധത്തോടെയും സ്വതന്ത്രമായും കേരളത്തില്‍ കോടതികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്ന് കേരള ഹൈക്കോടതിയിലെ സീനിയര്‍ ജഡ്ജി ഹാറുണ്‍ അല്‍ റഷീദിെന്‍റ നിരീക്ഷണം മാധ്യമങ്ങളില്‍ വന്നിട്ടും, അത് വ്യാപകമായ ചര്‍ച്ചയ്ക്ക് വിഷയമായില്ല. തിരഞ്ഞെടുപ്പ് വേദികളില്‍ ജനങ്ങള്‍ പലതും കാണാതിരിക്കാനും കേള്‍ക്കാതിരിക്കാനും, വലതുപക്ഷ അജണ്ടകള്‍ക്കൊത്ത് ശബ്ദ - ശ്രാവ്യ വിരുന്നൊരുക്കുന്ന മാധ്യമങ്ങള്‍, തങ്ങളുടെ പാചകപ്പുരകളില്‍ മുന്‍കൂര്‍ തയ്യാറാക്കിയവയൊഴിച്ച് മറ്റൊന്നും ജനങ്ങള്‍ക്ക് മുന്നില്‍ വിളമ്പാന്‍ തയ്യാറുമല്ല. കേരള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അന്താരാഷ്ട്ര കള്ളക്കടത്തുകാരന്‍ ഫയാസിനോടൊപ്പം നില്‍ക്കുന്ന ചിത്രം കൈരളി - പീപ്പിള്‍ പുറത്തുവിട്ടു. എം എം ഹസ്സന്‍ കൂടെ ചിത്രത്തില്‍ ഉള്ളതിനാല്‍ ചെന്നിത്തലയ്ക്ക് എ ഗ്രൂപ്പില്‍നിന്നും എതിര്‍പ്പുണ്ടാവില്ല. കള്ളക്കടത്ത് ബന്ധത്തിന് ഗ്രൂപ്പുഭേദമില്ല എന്നുകൂടി ആ ചിത്രം അടിവരയിടുന്നു.

ഇതേ ഫയാസ് കോഴിക്കോട് ജയിലിലെത്തി ടി പി കേസിലെ പ്രതികളിലാരെയോ കണ്ടിരിക്കാമെന്ന ഊഹത്തിലാണ് സിബിഐ അന്വേഷണത്തെ മാടിവിളിക്കാന്‍ ചെന്നിത്തല ന്യായീകരണങ്ങള്‍ ചമച്ചത്. അതേ ഫയാസിനോടൊപ്പം ദിവസങ്ങള്‍ നീണ്ട വിനോദസഞ്ചാരത്തിനിടയില്‍ പകര്‍ത്തപ്പെട്ട ചെന്നിത്തലയുടെ ചിത്രങ്ങള്‍ ഫയാസ് ആര്‍ക്കാണ് പ്രിയപ്പെട്ടവനെന്ന് സാക്ഷ്യം പറയുന്നു. തങ്ങള്‍ ഇതേവരെ പറഞ്ഞുപരത്തിയ മുന്‍വിധികള്‍ തെറ്റായിപ്പോയിയെന്ന് ഏതൊരു മാധ്യമത്തിനും ബോധ്യപ്പെടാവുന്ന ഒരു വസ്തുത ലഭിച്ചാല്‍ തിരഞ്ഞെടുപ്പിന് തലേന്നായതിനാല്‍ അത് മൂടിവക്കുന്നത് ഉചിതമാകുമോ? ഷംസീറിനെതിരെ, ടെലഫോണ്‍ രേഖയെന്ന പേരില്‍ കെട്ടിപ്പൊക്കിയ വ്യാജ ആരോപണത്തെപ്പോലും ടെലിഫോണിെന്‍റ ഉടയവനെ തേടാതെ വെട്ടിവിളമ്പിയ മാധ്യമങ്ങള്‍ തന്നെയാണ് ചെന്നിത്തല - ഫയാസ് ബന്ധം വന്നപ്പോഴും മൗനികളായത്. ഇടുക്കിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയ്സ് ജോര്‍ജിന് ഒരു വ്യാഴവട്ടം മുമ്പ് ലഭിച്ച കുടുംബസ്വത്തിനെപ്പറ്റി വിവാദമുയര്‍ത്തിയവര്‍, തഹസില്‍ദാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇത്തരം പ്രചാരണങ്ങളുടെ മുനയൊടിക്കുന്നതായി കണ്ടിട്ടും, അത് തമസ്കരിക്കുന്നതിലാണ് മികവ് കാട്ടിയത്. ഇവിടെ ഒരു ഹൈക്കോടതി ജഡ്ജി തന്നെ ചില സത്യങ്ങള്‍ തുറന്നടിക്കുമ്പോള്‍ അതിന് ഉത്തരം പറയേണ്ട മുഖ്യമന്ത്രിയോട് പ്രതികരണംപോലും ആരായാന്‍ പോകാതെ, കോടതികളെപ്പോലും തങ്ങളുടെ രാഷ്ട്രീയക്കളിക്ക് വിധേയമാക്കുന്ന വലതുപക്ഷത്തിന് സൗകര്യം ചെയ്തു കൊടുക്കുന്ന മാധ്യമദാസ്യമാണ് കാണാനായത്.

ജസ്റ്റീസ് ഹാറുണ്‍ അല്‍ റഷീദ് ഇപ്പോഴത്തെ വിധി വരുന്നതുവരെ വലതുപക്ഷത്തിന് പ്രിയപ്പെട്ടവനായിരുന്നു. സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉത്തരം പറയേണ്ട നിരവധി ചോദ്യങ്ങള്‍ ഉണ്ട്. അതില്‍ മുഖ്യമന്ത്രിയുടെ ബാധ്യത ക്രിമിനല്‍ സ്വഭാവത്തിലുള്ളതാണെന്ന് സോളാര്‍ കേസില്‍ ഹൈക്കോടതി കണ്ടില്ല. സോളാര്‍ കേസില്‍ തെളിവെടുപ്പു നടത്തി വിധി പറയുന്നത് കീഴ്കോടതികളാണ്. ഹൈക്കോടതി തെളിവുകള്‍ പരിശോധിച്ചില്ല. വിചാരണയും നടത്തിയില്ല. മുഖ്യമന്ത്രിക്കെതിരെ ക്രിമിനല്‍ കേസെടുത്ത് അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടില്ല. അത്തരമൊരു വിധി ആശ്വാസമായി കണ്ട് സോളാറിെന്‍റ ചൂടില്‍ ഉരുകുന്നതിനിടയിലെത്തിയ ആ വിധിയുടെ കുളിരു തേടിയയാളാണ് ഉമ്മന്‍ചാണ്ടി. അതേ മുഖ്യമന്ത്രിക്കെതിരെയാണ് സലിംരാജിെന്‍റ ഭൂമി തട്ടിപ്പുകേസില്‍ അദ്ദേഹം നേരിട്ട് വിമര്‍ശന വിധേയനാകുന്ന ഒരു വിധി വന്നത്. ആദ്യത്തെ വിധി പ്രതികൂലമാകാത്തതിനാല്‍ സോളാറിലെ ജഡ്ജിയെ ഉല്‍കൃഷ്ടനായി വാഴ്ത്തിയ മുഖ്യമന്ത്രിയും സംഘവും രണ്ടാമത്തെ വിധി വന്നപ്പോള്‍ അതേ ജഡ്ജിക്കെതിരായി ഉറഞ്ഞുതുള്ളി. സഹമന്ത്രിയായ കെ സി ജോസഫ് മുഖ്യമന്ത്രിയുടെ കൂലിത്തല്ലുകാരനായിയെന്ന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടിയതും അക്ഷരംപ്രതി ശരിയായി. തെന്‍റ ഭാഗം കേള്‍ക്കാതെയാണ് വിധിയെന്നും പരാതിയില്ലെന്നും പരിഭവം മാത്രമേയുള്ളൂവെന്നും മുഖ്യമന്ത്രി പറയുന്നു.

ഒരു ക്രിമിനല്‍ കേസില്‍ അന്വേഷണം തുടങ്ങുന്നതിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പായി പ്രതിയെ കേള്‍ക്കുന്നതിന് നിയമപരമായി സാധുതയില്ല. സലിംരാജ് കേസില്‍ മുഖ്യമന്ത്രിയുടെ വീഴ്ചകളും ഉത്തരവാദിത്തരാഹിത്യവും പ്രകടമാണ്. സലിംരാജ് നടത്തിയ എല്ലാ തട്ടിപ്പുകളും മുഖ്യമന്ത്രിയുടെ തണലിലാണ് നടന്നത്. അതിനപ്പുറം മുഖ്യമന്ത്രിക്ക് തട്ടിപ്പില്‍ പങ്കാളിത്തമുള്ളതായി ഹൈക്കോടതിക്ക് കണ്ടെത്താന്‍ തെളിവുകള്‍ ലഭിച്ചില്ല. ഈ മുഖ്യമന്ത്രിക്കു കീഴിലെ പൊലീസ് അതിന് ശ്രമിക്കുകയില്ലെന്നും നീതികിട്ടാന്‍ സിബിഐ വേണമെന്നും പരാതിക്കാര്‍ പറയുന്നു. അത്തരമൊരു പരാതിക്ക് ഇടയാക്കിയതുതന്നെ മുഖ്യമന്ത്രിയില്‍ ഉള്ള അവിശ്വാസം കൊണ്ടാണ്. അത് ഹൈക്കോടതി ശരിവച്ചാല്‍ കോടതിവിധി സര്‍ക്കാരിെന്‍റ വാദത്തിന് പിന്‍ബലമാകുന്നതെങ്ങനെ? കോടതിവിധിയെ സ്വാഗതം ചെയ്യുന്നുവെന്ന വ്യാജേന, തങ്ങള്‍ക്കെതിരായ വിധിയെ മറച്ചുപിടിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അന്വേഷണം സിബിഐക്ക് വിടാന്‍ പാടില്ല എന്നാണ് സലിംരാജും കൂട്ടരും കോടതിയില്‍ വാദിച്ചത്.

പരാതിയില്‍ അന്വേഷണം നടത്തേണ്ട കേരളാ പൊലീസാകട്ടെ, സലിംരാജിെന്‍റ ഫോണ്‍ രേഖകള്‍ പരിശോധിച്ചില്ല. അതിന് ഹൈക്കോടതി നല്‍കിയ ഉത്തരവിനെതിരെ ഡിവിഷന്‍ ബഞ്ചിലേക്ക് അപ്പീലുമായി ഓടിയതും ഇതേ അഡ്വക്കേറ്റ് ജനറല്‍ തന്നെയായിരുന്നു. ഇതെല്ലാം പരിഗണിച്ച ഹൈക്കോടതി, എന്തുകൊണ്ട് സിബിഐ വരണമെന്ന നിഗമനത്തിലെത്തിയെന്നതാണ് വിധി ന്യായത്തിലൂടെ കാണുന്നത്. അതിന്റെ എഴുപതാം ഖണ്ഡികയില്‍, മുഖ്യമന്ത്രിയെപ്പറ്റിയും, ആഫീസിനെപ്പറ്റിയും ഉയര്‍ത്തിയ ചോദ്യങ്ങള്‍ സിബിഐ അന്വേഷണത്തിലേക്കെത്തിച്ച കാര്യങ്ങളാണ്. സലിംരാജ് വെറുമൊരു പൊലീസുകാരന്‍ മാത്രമായിരുന്നെങ്കില്‍ ഇരുന്നൂറ് കോടി രൂപയുടെ ഭൂമിയിടപാട് നടക്കുമായിരുന്നോ? ഫോണ്‍ രേഖകള്‍ പരിശോധിക്കുന്നത് കടന്നുകിട്ടാന്‍ അഡ്വക്കേറ്റ് ജനറല്‍ ഓടുമായിരുന്നോ? മുഖ്യമന്ത്രിയുടെ ഗണ്‍മാനായി പതിനാറുകൊല്ലം കൂടെ നടന്നയാള്‍ ഇത്രയേറെ സമ്പത്ത് നേടുമ്പോള്‍, അത് എങ്ങനെയുണ്ടായിയെന്ന അന്വേഷണത്തില്‍ മുഖ്യമന്ത്രി കൂടി ഉള്‍പ്പെടുക സ്വാഭാവികമാണ്. അതിന് വഴങ്ങുകയെന്നതാണ് നിയമത്തിന്റെ മാര്‍ഗം അംഗീകരിക്കുന്നവര്‍ക്കുള്ള വഴി. എന്നാല്‍ മുഖ്യമന്ത്രി ""നിത്യവിശുദ്ധനാ""ണെന്നും കോടതിയെ തൂക്കിലേറ്റേണ്ടതാണെന്നുമാണ് യുഡിഎഫ് നേതാക്കള്‍ വിധിച്ചത്. ജഡ്ജിയുടെ കോലം കത്തിക്കുന്നതും വീട്ടിലേക്ക് യൂത്തുകാര്‍ മാര്‍ച്ച് ചെയ്യുന്നതും മാധ്യമങ്ങളില്‍ വന്നിരുന്നു. ഉണ്ണിത്താനാണ് ഇത്തവണ പി സി ജോര്‍ജിെന്‍റ ഭാഗം അഭിനയിച്ചത്. മുമ്പ് പാമൊലിന്‍ കേസില്‍ വിധി വന്ന ഘട്ടത്തില്‍ വിജിലന്‍സ് ജഡ്ജി പാകിസ്ഥാന്‍ ചാരനാണെന്നു വരെ പി സി ജോര്‍ജിനെക്കൊണ്ട് ഉമ്മന്‍ചാണ്ടി പറയിച്ചു. സുപ്രീംകോടതിക്ക് ഒരു കത്തയച്ച് വാര്‍ത്തയാക്കി; അതിന്റെ മറവില്‍ മാധ്യമങ്ങളിലൂടെ ജഡ്ജിയെ അപമാനിച്ചു. മാന്യനായ അദ്ദേഹം പിന്മാറിയപ്പോള്‍ പാമൊലിന്‍ കേസില്‍ പിന്നീടെന്തു സംഭവിച്ചു? വിജിലന്‍സ് ജഡ്ജി ചോദിച്ച സംശയങ്ങള്‍ക്കൊന്നും ഇതേവരെ ആരും മറുപടി പറഞ്ഞിട്ടില്ല. വിചാരണയില്‍നിന്ന് ഉമ്മന്‍ചാണ്ടി രക്ഷപ്പെട്ടു. അതേ തന്ത്രമാണ് ഹാറുണ്‍ അല്‍ റഷീദീനെതിരെയും പ്രയോഗിക്കപ്പെട്ടത്. ഇത്തവണ ടി എന്‍ പ്രതാപനാണ് കത്തയക്കാനിറങ്ങിയത്. ആദര്‍ശധീരനായ കെപിസിസി പ്രസിഡന്‍റ് ആദര്‍ശക്കോമരമായി മാറുന്നതാണ് ഇപ്പോള്‍ കാണുന്നത്.

കോടതിവിധിയിലെ രണ്ടു വാചകങ്ങള്‍ സ്റ്റേ ചെയ്തപ്പോള്‍ എന്തൊരാശ്വാസമായിരുന്നു മുഖ്യമന്ത്രിക്ക്. സഹപ്രവര്‍ത്തകനായ ജഡ്ജിയോട് അമാന്യമായി പെരുമാറിയ ഒരു സംഘത്തിന്റെ തലവന് നാണം മറയ്ക്കാന്‍ അസാധാരണമായ തിടുക്കത്തില്‍ ഒരു സ്റ്റേ ഉത്തരവാണ് ഡിവിഷന്‍ ബഞ്ച് നല്‍കിയത്. വിധി നടത്തിപ്പിനാണ് സാധാരണ സ്റ്റേ കിട്ടാറുള്ളത്. ഇവിടെ വിധിയിലേക്ക് നയിച്ച ന്യായാധിപെന്‍റ ചിന്തയിലെ രണ്ടു വാചകങ്ങള്‍ക്ക് മാത്രമാണ് സ്റ്റേ കിട്ടിയത്. അതുകൊണ്ട് നാണം മറയ്ക്കാന്‍ ഉമ്മന്‍ചാണ്ടി നോക്കുന്നത് സാധാരണമാണെങ്കിലും നീതിന്യായചരിത്രത്തില്‍ അത് കേട്ടുകേള്‍വിയില്ലാത്തതാണ്. അവസാനം ഹൈക്കോടതി ജഡ്ജി ഹാറുണ്‍ അല്‍ റഷീദിനു തന്നെ വിശദീകരണം നല്‍കേണ്ടിവന്നു. അത് മുഖ്യമന്ത്രിക്കു മാത്രമല്ല, സംസ്ഥാന ഭരണത്തിനെതിരായ കുറ്റവിചാരണയുമായി. അദ്ദേഹം ഉന്നയിച്ച കാര്യങ്ങള്‍ക്കൊന്നും ഭരണത്തലവന്‍മാര്‍ക്ക് മറുപടിയുമുണ്ടായില്ല. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനുമായി, കേരള ഹൗസില്‍വെച്ച് നടത്തിയ കൂടിക്കാഴ്ച, വിവാഹക്ഷണത്തിനായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. അതിലപ്പുറമെന്തെങ്കിലുമുണ്ടെങ്കില്‍ സിബിഐ അന്വേഷിക്കട്ടെയെന്നും താന്‍ തല്‍സ്ഥാനത്തുനിന്നും മാറിനില്‍ക്കാമെന്നും ഹൈക്കോടതി ജഡ്ജി പറയുന്നത് മുഖ്യമന്ത്രിയെയാണ് നേരിട്ട് ബാധിക്കുന്നത്.

ഹൈക്കോടതി ജഡ്ജി തിരഞ്ഞെടുപ്പിലൂടെ വന്നയാളല്ല. ഒരു വിധിയെഴുതിയെന്നതൊഴിച്ച് കുറ്റകൃത്യം നടത്തിയിട്ടുമില്ല. എന്നിട്ടും തല്‍സ്ഥാനത്തുനിന്നും മാറിനില്‍ക്കാനുള്ള ഉന്നത മര്യാദ പ്രകടിപ്പിച്ചപ്പോള്‍, എത്ര നാണം കെട്ടും മുഖ്യമന്ത്രിക്കസേരയില്‍ തുടരുമെന്ന് എപ്പോഴും പറയുന്ന മുഖ്യമന്ത്രി എത്രയോ നിലവാരം കെട്ടവനായി. അടിയന്തിരാവസ്ഥ മുതല്‍, കോടതികളോട് കോണ്‍ഗ്രസ് കാട്ടുന്ന "ബഹുമാനാദരവുകള്‍" ഭാരതത്തിനു പരിചയമുണ്ട്. അക്കാലത്തുപോലും ഉണ്ടാകാത്തവിധം കോടതികള്‍ക്കെതിരെ ഭരണിപ്പാട്ടു നടത്തുന്ന ഒരു സംഘമായി യുഡിഎഫ് മാറിയതിനാലാണ് ഇവിടെ കോടതികള്‍ക്ക്പോലും പ്രവര്‍ത്തിക്കാനാകാത്ത അവസ്ഥയുണ്ടായതായി ഹൈക്കോടതി ജഡ്ജി തുറന്നടിക്കുന്നത്. തെന്‍റ ഭരണത്തലപ്പാവിലെ പൊന്‍തൂവലായി അതിനെ വാഴ്ത്തുകയാണ് ഉമ്മന്‍ചാണ്ടി ശൈലി. അതിനെ പ്രശംസിക്കാന്‍ മാധ്യമങ്ങളും. അതിനപ്പുറം ഒരു പൗരസമൂഹം ഇത് തിരിച്ചറിയുന്നുണ്ട് എന്നത് ഭരണാധികാരികള്‍ മറക്കാന്‍ പാടില്ല.

*
അഡ്വ. കെ അനില്‍കുമാര്‍ ചിന്ത വാരിക

Monday, April 21, 2014

മാതൃകയാകട്ടെ ശക്തിമില്‍ക്കേസ് വിധി

ഇന്ത്യയുടെ ചരിത്രത്തില്‍തന്നെ സുപ്രധാനമായൊരു വിധിയാണ് മുംബൈ ശക്തിമില്‍ കൂട്ട ബലാത്സംഗക്കേസില്‍ ഉണ്ടായിരിക്കുന്നത്. അഞ്ച് പ്രതികള്‍ ഉള്‍പ്പെട്ട കേസിലെ മൂന്ന് പ്രതികള്‍ക്ക് മുംബൈ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചിരിക്കുന്നു. ഇന്ത്യയില്‍ ഇതാദ്യമായാണ് ബലാത്സംഗക്കുറ്റത്തിന് പ്രതികള്‍ക്ക് വധശിക്ഷ വിധിക്കുന്നത്. 2013 ആഗസ്റ്റ് 22നാണ്, തന്റെ ജോലിയുടെ ഭാഗമായി മുംബൈ ശക്തി മില്‍ പരിസരത്തെത്തിയ ഫോട്ടോ ജേര്‍ണലിസ്റ്റിനെ പ്രതികള്‍ അഞ്ചുപേരും ചേര്‍ന്ന് കൂട്ട ബലാല്‍സംഗത്തിനിരയാക്കിയത്. പ്രതികളെ ദിവസങ്ങള്‍ക്കകംതന്നെ കണ്ടുപിടിച്ച് അറസ്റ്റ്ചെയ്തു. ചോദ്യംചെയ്യലില്‍ പ്രതികള്‍ നിരവധി തവണ ഇതേ കുറ്റകൃത്യം നടത്തിയതായി തെളിഞ്ഞിരുന്നു.

സംഭവം നടന്ന ഇതേ ശക്തി മില്‍ പരിസരത്തുവെച്ച് 2013 ജൂലൈ 31ന് മുംബൈയില്‍ ടെലിഫോണ്‍ ഓപ്പറേറ്ററായി ജോലിചെയ്തിരുന്ന മറ്റൊരുപെണ്‍കുട്ടിയെ ഇതേ പ്രതികള്‍ കൂട്ട ബലാല്‍സംഗംചെയ്തിരുന്നു. ആ പെണ്‍കുട്ടിയും പരാതിനല്‍കിയതോടെ കോടതി നടപടികള്‍ക്ക് വേഗതയേറി. വിചാരണയ്ക്കിടെ ഫോട്ടോ ജേര്‍ണലിസ്റ്റ് കോടതി മുറിയില്‍ മോഹാലസ്യപ്പെട്ടുവീണു. മറ്റേ പെണ്‍കുട്ടി തനിക്ക് പ്രതികളെ കായികമായിത്തന്നെ ആക്രമിക്കണമെന്നതരത്തില്‍ വികാരവിക്ഷുബ്ധയായി. ഇരകള്‍ക്കേറ്റ ശാരീരികവും മാനസികവുമായ ആഘാതത്തിന്റെ പ്രതിഫലനങ്ങള്‍ വിചാരണവേളയിലുടനീളം കോടതിക്ക് നേരിട്ടുബോധ്യപ്പെട്ടു. അങ്ങനെയാണ് പ്രതികള്‍ പരമാവധി ശിക്ഷയര്‍ഹിക്കുന്നതായി കോടതി തീരുമാനമുണ്ടായത്. ആദ്യത്തെ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.

രണ്ടാമത്തെ കേസ് പരിഗണിച്ചപ്പോള്‍ ആദ്യംചെയ്ത അതേ കുറ്റംതന്നെ പ്രതികള്‍ ആവര്‍ത്തിച്ചതായി കോടതിക്ക് ബോധ്യപ്പെട്ടു. പരമാവധി ശിക്ഷ ലഭിച്ചില്ലെങ്കില്‍ പ്രതികള്‍ ഇനിയും ഇതേ തെറ്റുതന്നെ ആവര്‍ത്തിക്കുമെന്നും കോടതി നിരീക്ഷിച്ചു. മാത്രവുമല്ല, ഡല്‍ഹി സംഭവത്തെ തുടര്‍ന്ന് ബലാല്‍സംഗക്കേസില്‍ പ്രതികള്‍ക്ക് ശിക്ഷ നല്‍കുന്നതുമായി ബന്ധപ്പെട്ട് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തിയ ജസ്റ്റിസ് വര്‍മ കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരം ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട ഭരണഘടനാ വകുപ്പിന്റെ 376-ഇ അനുച്ഛേദപ്രകാരം, ഒന്നിലധികം തവണ ബലാല്‍സംഗക്കുറ്റം ചെയ്യുന്നവര്‍ക്ക് വധശിക്ഷവരെ നല്‍കാമെന്നാണ്. അതനുസരിച്ച് പ്രതികള്‍ക്ക് മുംബൈ സെഷന്‍സ് കോടതി വധശിക്ഷതന്നെ വിധിക്കുകയായിരുന്നു. ഡല്‍ഹി സംഭവത്തിനുശേഷം ബലാല്‍സംഗവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണയും പ്രതികള്‍ക്കുള്ള ശിക്ഷ വിധിക്കുന്നതും അതു വേഗത്തിലാണെന്നതും ആശ്വാസദായകമാണ്. എന്നാല്‍ വൈകിക്കിട്ടുന്ന നീതി അനീതിക്ക് തുല്യമാണെന്നത് ഓര്‍മ്മിപ്പിച്ചുകൊണ്ട്, ബലാല്‍സംഗത്തിന് ഇരയാക്കപ്പെട്ടവരുടെ അനേകം കേസുകള്‍ രാജ്യത്തെ വിവിധ കോടതികളിലായി ഇനിയും തീര്‍പ്പാക്കാതെ കിടപ്പുണ്ട്.

പൊതുജനരോഷമുയര്‍ന്ന പ്രമാദമായ കേസുകളില്‍ വേഗം തീര്‍പ്പുകല്‍പിക്കുകയും ലഭിക്കാവുന്നതിന്റെ പരമാവധി ശിക്ഷവരെ പ്രതികള്‍ക്ക് നല്‍കുകയും ചെയ്യുന്ന നീതിന്യായ വ്യവസ്ഥ സമാനമായ അല്ലെങ്കില്‍ അതിനേക്കാള്‍ ക്രൂരമായി ഇരകളാക്കപ്പെട്ടവരുടെ കേസുകളില്‍ പലതിലും നടപടികള്‍ നിരന്തരം മാറ്റിവെച്ച് നീട്ടിക്കൊണ്ടുപോയി കേസുതന്നെ ഇല്ലാതാക്കപ്പെടുന്ന സ്ഥിതി ഉണ്ടാക്കിയിട്ടുണ്ട്. ചില കേസുകളില്‍ നിരന്തരമായ വിചാരണകളും അതുമൂലമുണ്ടാകുന്ന മാനസിക പീഡനവും അപമാനവുംമൂലം മനംമടുത്ത് ഇരകള്‍തന്നെ എങ്ങനെയെങ്കിലും കേസ് അവസാനിപ്പിക്കാന്‍ സ്വയം നിര്‍ബന്ധിതരായിത്തീരാറുണ്ട്. 18 വര്‍ഷം നീണ്ടുനിന്ന വിതുരക്കേസില്‍ ഒടുവില്‍ പ്രതികളെയെല്ലാം തിരിച്ചറിയാന്‍ കഴിയാതെ പെണ്‍കുട്ടി സ്വയം പരാജിതയായി, ഗതികെട്ട് കൂറുമാറിയതോടെ കേസുതന്നെ അവസാനിക്കുകയാണുണ്ടായത്.

പ്രമുഖര്‍ പങ്കാളികളാണെന്ന് വ്യക്തമായ തെളിവുകളുണ്ടായിട്ടും കേസ് അവസാനിപ്പിച്ച്, പ്രതികള്‍ രക്ഷപ്പെടാനുള്ള അവസ്ഥ സംജാതമാക്കിയത് നമ്മുടെ നീതിന്യായ സംവിധാനത്തിലെ അന്യായ വ്യവസ്ഥിതിയുടെ മറ്റൊരു ഉദാഹരണമാണ്. പശ്ചിമബംഗാളില്‍ 16 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ ഒന്നിലേറെ തവണ കൂട്ട ബലാല്‍സംഗത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ അതേ അക്രമികള്‍തന്നെ അവളെ ചുട്ടുകരിച്ചുകൊന്ന സംഭവത്തില്‍ ഇടതുപക്ഷത്തിന്റെ ശക്തമായ പ്രതിഷേധമുണ്ടായപ്പോഴാണ് പ്രതികളെ അറസ്റ്റ്ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായത്. പിന്നീടാരും കേസിനെക്കുറിച്ചോ അന്വേഷണ പുരോഗതിയെക്കുറിച്ചോ കേള്‍ക്കുകയുണ്ടായില്ല. മറ്റൊരുകേസില്‍ (പറവൂര്‍ പീഡനക്കേസ്) കേസന്വേഷണത്തിനിടയില്‍ ഗവണ്‍മെന്റിന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസരിച്ച് അന്വേഷണസംഘത്തെ മാറ്റി, ഇരയെ ആ വിധത്തില്‍ ബുദ്ധിമുട്ടിക്കുന്നതും (നിലവിലുള്ള അന്വേഷണസംഘത്തെ മാറ്റി യുഡിഎഫ് ഗവണ്‍മെന്റിന്റെ താല്‍പര്യപ്രകാരം മറ്റൊരു അന്വേഷണസംഘത്തെ ഏല്‍പിക്കുന്നതിനെതിരെ പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു) നാം കണ്ടതാണ്.

ഡല്‍ഹിയില്‍ 2012ല്‍ മാത്രം 754 പേരെ ബലാല്‍സംഗക്കുറ്റത്തിന് അറസ്റ്റ്ചെയ്തിരുന്നു. അതില്‍ ഒരാള്‍ മാത്രമാണ് ആ വര്‍ഷം ശിക്ഷിക്കപ്പെട്ടത്. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനും നീതി ഉറപ്പാക്കുന്നതിനുമായി നിലകൊള്ളുന്നുവെന്നു പറയപ്പെടുന്ന ദേശീയ-സംസ്ഥാന വനിതാ കമ്മീഷനുകളിലെ അധ്യക്ഷമാര്‍പോലും അതിക്രൂരമായി ആക്രമിക്കപ്പെട്ട് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട വാര്‍ത്തകള്‍ വന്നപ്പോള്‍ പെണ്‍കുട്ടികളുടെ അസമയത്തെ സഞ്ചാരത്തെയും വസ്ത്രധാരണത്തിന്റെ പ്രകോപനപരതയെയും മറ്റും എടുത്തുകാട്ടി, തികച്ചും സ്ത്രീവിരുദ്ധവും നിരുത്തരവാദപരവുമായ പരാമര്‍ശങ്ങള്‍ നടത്തി കേസിന്റെ ഗൗരവംപോലും ചോര്‍ത്തിക്കളയുന്നതരത്തില്‍ സമൂഹത്തില്‍ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നതിനും പൊതുസമൂഹം സാക്ഷിയായി. സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും കീഴ്ക്കോടതികളിലെയും സിറ്റിങ് ജഡ്ജിമാരെക്കുറിച്ചുള്ള ലൈംഗികപീഡന ആരോപണങ്ങള്‍ ഭരണഘടനയുടെ 124-ാം അനുച്ഛേദപ്രകാരം അമിക്കസ്ക്യൂറിയെ നിയമിച്ച് അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത്തരം കേസുകളില്‍ സമയബന്ധിതമായും നീതിപൂര്‍വകമായും നടപടികള്‍ പൂര്‍ത്തിയാക്കപ്പെടുന്നുണ്ടോ എന്നത് സംശയകരമാണ്.

രാജ്യത്തെ വിവിധ കോടതികളിലായി സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളുമായി ബന്ധപ്പെട്ട് അനേകം കേസുകള്‍ കെട്ടിക്കിടപ്പുണ്ട്. പാര്‍ലമെന്റില്‍ ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ചോദ്യത്തിന് മറുപടിയായി സര്‍ക്കാര്‍തന്നെ വെളിപ്പെടുത്തിയ, തീര്‍പ്പാക്കാനായി കിടക്കുന്ന കേസിന്റെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. തീര്‍പ്പാക്കപ്പെട്ട കേസുകള്‍തന്നെ എത്രത്തോളം നീതിപൂര്‍വകമായി കൈകാര്യംചെയ്യപ്പെട്ടു എന്നതും പരിശോധിക്കപ്പെടേണ്ടതാണ്. ഡല്‍ഹിക്കേസിലും മുംബൈ ശക്തിമില്‍ കേസിലും എത്രയുംവേഗം വിചാരണ പൂര്‍ത്തിയാക്കി മാതൃകാപരമായി പ്രതികള്‍ക്ക് ശിക്ഷവിധിച്ചത് സ്വാഗതാര്‍ഹംതന്നെ. എന്നാല്‍ ബലാല്‍സംഗത്തിന് ഇരയാക്കപ്പെട്ട് നീതിക്കായി കാത്തിരിക്കുന്നവര്‍ക്കെല്ലാം നീണ്ടകാലത്തെ കാത്തിരിപ്പില്ലാതെയും നീതിപൂര്‍വകമായും പരിഗണന ലഭിച്ചെങ്കില്‍ മാത്രമേ നീതി എന്ന വാക്കിന് പൂര്‍ണമായും അര്‍ഥമുണ്ടാവുകയുള്ളൂ. അതാണ് സ്ത്രീസമൂഹം, ആത്യന്തികമായും മനുഷ്യസമൂഹംതന്നെ ആഗ്രഹിക്കുന്നത്. അത് ഭരണഘടനാപരമായ അവകാശം എന്നതിലുമപ്പുറം പരിഷ്കൃത സമൂഹത്തിന്റെ ആവശ്യകതയും സ്റ്റേറ്റിന്റെ ഉത്തരവാദിത്വവും കൂടിയാണ്.

*
കെ ആര്‍ മായ ചിന്ത വാരിക

Monday, April 7, 2014

കോണ്‍ഗ്രസും ജുഡീഷ്യറിയും

പുഡ്ഡിങ്ങിന്റെ സ്വാദ് തെളിയേണ്ടത് അതേക്കുറിച്ചു പറയുന്ന വാക്കുകളിലൂടെയല്ല, മറിച്ച് അത് രുചിക്കുമ്പോഴുള്ള അനുഭവത്തിലൂടെയാണെന്ന് വ്യക്തമാക്കുന്ന ഒരു ചൊല്ലുണ്ട് ഇംഗ്ലീഷില്‍ `Proof of the pudding is in the eating'! ജുഡീഷ്യറിയോട് തനിക്ക് ബഹുമാനമാണെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍ ഈ ചൊല്ലിനെയാണ് ഓര്‍മിപ്പിക്കുന്നത്. വാക്കിലല്ല പ്രവൃത്തിയിലാണ് കാര്യം. മുഖ്യമന്ത്രിയുടെ ചെയ്തികളെ നിശിതമായി വിമര്‍ശിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിനെ കോണ്‍ഗ്രസ് നേതാക്കള്‍ തെരുവില്‍ കടിച്ചുകീറിയപ്പോള്‍, ഈ മുഖ്യമന്ത്രി "അരുത്" എന്നൊരു വാക്ക് പറഞ്ഞില്ല. ജഡ്ജി രാഷ്ട്രീയം കളിക്കുകയാണെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പിന്നീട് അറിയിക്കുകയും ചെയ്ത കെ സി ജോസഫിനെ തന്റെ മന്ത്രിസഭയില്‍ പരിരക്ഷിച്ച് നിര്‍ത്താന്‍ മടികാട്ടിയില്ല ഈ മുഖ്യമന്ത്രി. രാജ്മോഹന്‍ ഉണ്ണിത്താന്‍മുതല്‍ ടി എന്‍ പ്രതാപന്‍വരെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ജഡ്ജിക്കെതിരെ തെരുവില്‍ ആക്രോശിച്ചപ്പോള്‍ അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കെപിസിസി പ്രസിഡന്റിനോട് പറയാമായിരുന്നല്ലോ മുഖ്യമന്ത്രിക്ക്. ജുഡീഷ്യറിയോട് "ബഹുമാനമുള്ള" മുഖ്യമന്ത്രി അതൊന്നും ചെയ്തില്ല.

മുമ്പ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയിലെ ജഡ്ജി, പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് നിര്‍ദേശിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാരിന്റെ ചീഫ് വിപ്പുതന്നെയാണ് ആ ജഡ്ജിയെ തലങ്ങും വിലങ്ങും ആക്രമിച്ചത്. "ജഡ്ജി പാകിസ്ഥാന്‍ ചാരനാണോ" എന്ന് സംശയിക്കണമെന്നുവരെ പറഞ്ഞു. സുപ്രീംകോടതിയിലേക്ക് ജഡ്ജിക്കെതിരെ പരാതി അയച്ചു. ഗവണ്‍മെന്റ് ചീഫ് വിപ്പാണത് ചെയ്തത് എന്നതുകൊണ്ട് ഗവണ്‍മെന്റിന്റെ ചെയ്തിയായിത്തന്നെയേ അതിനെ കാണാനാവൂ. ഒടുവില്‍ ജഡ്ജി ആ കേസ് കേള്‍ക്കുന്നതില്‍നിന്ന് പിന്മാറുന്ന അവസ്ഥയുണ്ടാക്കി. നിഷ്പക്ഷമായി ഉത്തരവിടുന്ന ജഡ്ജിമാരെ ഭര്‍ത്സിച്ചും സമൂഹമധ്യത്തില്‍ ആക്ഷേപിച്ചും കേസ് കേള്‍ക്കുന്നതില്‍നിന്ന് പിന്മാറ്റി രക്ഷപ്പെടുക. ഇതാണോ ജുഡീഷ്യറിയോടുള്ള ആദരവിന് തെളിവ്? തെറ്റുചെയ്ത വ്യക്തിക്ക് ആക്ഷേപമുന്നയിച്ച് രക്ഷപ്പെടാമെന്ന അവസ്ഥ ഉണ്ടായിക്കൂടാ. തല്‍പ്പരകക്ഷികള്‍ ആക്ഷേപമുന്നയിച്ചാല്‍ അതിന്റെ പേരില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ പിന്മാറേണ്ട കാര്യവുമില്ല. പിന്മാറിയാല്‍ തല്‍പ്പരകക്ഷികളുടെ താല്‍പ്പര്യങ്ങളാകും ജയിക്കുക. അതിന് ജുഡീഷ്യറി അവസരം ഒരുക്കിക്കൊടുക്കേണ്ടതില്ല.

സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങുന്നത് താന്‍ കണ്ടതായി കെ സുധാകരന്‍ എംപി പ്രസംഗിച്ചു. തടവുശിക്ഷ കഴിഞ്ഞിറങ്ങിയ ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് സ്വീകരണം നല്‍കുന്ന വേദിയിലായിരുന്നു പ്രസംഗം. എല്ലാ ടിവികളിലും അതിന്റെ ദൃശ്യം വന്നു. പൊലീസിന്റെ കൈയിലും അത് എത്തി. എന്നാല്‍, അങ്ങനെ കെ സുധാകരന്‍ പ്രസംഗിച്ചതിന് തെളിവില്ലെന്നു പറഞ്ഞ് ഉമ്മന്‍ചാണ്ടിയുടെ പൊലീസ് ആ കേസ് തേച്ചുമായ്ച്ചുകളഞ്ഞു. ഏതു ടിവി സ്ഥാപനത്തോട് ചോദിച്ചാലും കിട്ടുമായിരുന്നല്ലോ തെളിവ്. സുപ്രീംകോടതി ജഡ്ജിയെ ആക്ഷേപിച്ചാല്‍ അതിനും പൊലീസ് പരിരക്ഷ? ഇതാണ് ജുഡീഷ്യറിയോടുള്ള ഉമ്മന്‍ചാണ്ടിയുടെ ആദരവിന്റെ യഥാര്‍ഥ സ്വഭാവം.

വിചാരണ പൂര്‍ത്തിയാക്കി കോടതി വിധി പറഞ്ഞുകഴിഞ്ഞ ഒരു കേസിന്റെ അന്വേഷണത്തിനായി സിബിഐക്കുമേല്‍ തീവ്രസമ്മര്‍ദം ചെലുത്തുകയാണ് ഉമ്മന്‍ചാണ്ടി. കോടതിയില്‍ വിശ്വാസമില്ലെന്ന പ്രഖ്യാപനമല്ലേ ഇത്. എങ്കില്‍പ്പിന്നെ കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയത് എന്തിനായിരുന്നുവെന്ന് കോടതിതന്നെ ഈ മുഖ്യമന്ത്രിയോട് നാളെ ചോദിച്ചാല്‍ ആരും അത്ഭുതപ്പെടുകയില്ല.

കോടതിയെ വരുതിക്കു നിര്‍ത്തുകയെന്നത് ഉമ്മന്‍ചാണ്ടിയുടെമാത്രമല്ല, കോണ്‍ഗ്രസിന്റെയാകെത്തന്നെ സംസ്കാരമാണ്. ജുഡീഷ്യറിയെ സ്വാധീനിക്കാനും ആ സ്വാധീനിക്കല്‍ശ്രമത്തിന് വഴങ്ങുന്നില്ലെന്ന് വരുമ്പോള്‍ ഭീഷണിപ്പെടുത്താനും ശ്രമിച്ച ചരിത്രമാണ് കോണ്‍ഗ്രസിനുള്ളത്. ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് അലഹബാദ് ഹൈക്കോടതി അസാധുവാക്കിയപ്പോള്‍, അത് നിരുപാധികം സ്റ്റേ ചെയ്യണമെന്ന് കല്‍പ്പിക്കാന്‍ ആ കേസ് കൈകാര്യം ചെയ്തിരുന്ന സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരെ അന്ന് നിയമമന്ത്രിയായിരുന്ന എച്ച് ആര്‍ ഗോഖലെ നേരിട്ട് ഫോണില്‍ വിളിച്ച സംഭവം ഇന്ത്യന്‍ ജുഡീഷ്യറിക്ക് മറക്കാവുന്നതല്ല. വക്കീലുണ്ടെങ്കില്‍ അയാള്‍വഴി രജിസ്ട്രാര്‍മുമ്പാകെ അപ്പീലുമായി ചെന്നാല്‍മതി, തന്നെ കാണാന്‍ വരണമെന്നില്ല എന്നു പ്രതികരിച്ചു അന്ന് വി ആര്‍ കൃഷ്ണയ്യര്‍. അന്ന് പക്ഷേ, ആക്ഷേപിച്ച് കേസ് കേള്‍ക്കുന്നതില്‍നിന്ന് ജഡ്ജിയെ പിന്മാറ്റുന്നിടത്തേക്ക് എത്തിയിരുന്നില്ല. കോണ്‍ഗ്രസിനെ അവിടേക്കെത്തിച്ചതിന്റെ ക്രെഡിറ്റ് ഉമ്മന്‍ചാണ്ടിക്കുള്ളതാണ്.

"നേരിടാനാണ് ഭാവമെങ്കില്‍ ജുഡീഷ്യറിക്ക് അത് ഒരു ദുര്‍ദിനമായിരിക്കും" (In case of confrontation, it will be a bad day for the judiciary of this country)  എന്ന് ഭരണഘടനയുടെ 44-ാം ഭേദഗതിബില്ലിന്റെ ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞുകൊണ്ട് 1976 ഒക്ടോബര്‍ 28ന് നിയമമന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് എച്ച് ആര്‍ ഗോഖലെ ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തിയത് ലോക്സഭാരേഖകളിലുണ്ട്. അടിയന്തരാവസ്ഥയില്‍ ജീവിച്ചിരിക്കാനുള്ള പൗരന്റെ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എച്ച് ആര്‍ ഖന്നയ്ക്ക് ചീഫ് ജസ്റ്റിസ് സ്ഥാനം നിഷേധിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കാട്ടിയ കള്ളക്കളികള്‍ ചരിത്രത്തിന്റെ ഭാഗമാണ്.

അടിയന്തരാവസ്ഥയില്‍ വിവിധ സംസ്ഥാനങ്ങളിലായി 18 ജഡ്ജിമാര്‍ ഹേബിയസ് കോര്‍പസ് കേസുകളില്‍ അനുകൂലതീരുമാനമെടുത്തു. ജഡ്ജിമാരുടെ നിയമന- സ്ഥലംമാറ്റ കാര്യങ്ങളില്‍ കൂടിയ റോള്‍ അന്നുണ്ടായിരുന്നു കേന്ദ്രത്തിന്. കോണ്‍ഗ്രസ് കേന്ദ്രഗവണ്‍മെന്റ് ഈ 18 ജഡ്ജിമാരെയും പന്തുതട്ടുംപോലെ തട്ടിയെന്നതും ചരിത്രത്തിന്റെ ഭാഗം. പ്രശസ്ത പത്രപ്രവര്‍ത്തകനായിരുന്ന കുല്‍ദീപ് നയ്യാരുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച ഡെല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് എസ് രംഗനാഥനെ അടുത്തദിവസം ഗുവാഹത്തിയിലേക്ക് തട്ടി. രംഗരാജനൊപ്പം ഉണ്ടായിരുന്ന ജഡ്ജി എ എന്‍ അഗര്‍വാളിനെ തരംതാഴ്ത്തിയത് ഇന്ദിരാഗാന്ധി രാഷ്ട്രീയമായി ഇടപെട്ടതുകൊണ്ടാണെന്ന് ഷാ കമീഷന്‍ കണ്ടെത്തിയിരുന്നു.

കോണ്‍ഗ്രസിന്റെ ജുഡീഷ്യറിവേട്ടയുടെ ഈ ചരിത്രം ഉമ്മന്‍ചാണ്ടി ഇന്നു കൂടുതല്‍ ശക്തിയോടെ മുമ്പോട്ടുകൊണ്ടുപോകുന്നു; ജുഡീഷ്യറിയെ ആദരവ് പ്രഖ്യാപിച്ചുകൊണ്ടുതന്നെ അപമാനിക്കുന്നു; അനുയായികള്‍ വഴി. പക്ഷേ, ഉമ്മന്‍ചാണ്ടി ഒരുകാര്യം ഓര്‍മിക്കണം. പുഡ്ഡിങ് കേട്ടല്ലാതെ അനുഭവിച്ച് അറിയുന്നുണ്ട് ഈ നാട്; ഒപ്പം ജുഡീഷ്യറിയും.

*
പ്രഭാവര്‍മ

Saturday, April 5, 2014

കമ്മിറ്റഡ് ജുഡീഷ്യറിക്കുവേണ്ടി ചാവേറാക്രമണം

ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളടങ്ങിയ വന്‍ ഭൂമിതട്ടിപ്പാണ് മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജും ബന്ധുക്കളും ചേര്‍ന്ന് നടത്തിയത്. കടകംപള്ളിയിലും തൃക്കാക്കരയിലുമായി 250 കോടിയിലധികം വിലമതിക്കുന്ന ഭൂമിതട്ടിപ്പ് നടത്തി. തട്ടിപ്പിനിരയായ ഷെറീഫയും ബാലുസ്വാമിയും മറ്റും മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. സലിംരാജിനെതിരെ ഡിജിപി നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തി. റവന്യൂ, വിജിലന്‍സ്, ക്രൈംബ്രാഞ്ച്, ഇന്റലിജന്‍സ് അന്വേഷണം ഒരുവര്‍ഷത്തിലധികമായിട്ടും എവിടെയും എത്തിയില്ല. ഈ സാഹചര്യത്തിലാണ് ഇരകള്‍ സിബിഐ അന്വേഷണത്തിനായി ഹൈക്കോടതിയെ സമീപിച്ചത്്. കേസ് പരിഗണിച്ച ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിന്റെ ഉത്തരവനുസരിച്ച് വിജിലന്‍സ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സാക്ഷിയുടെ മൊഴിയും റിപ്പോര്‍ട്ടിലുണ്ട്. ഒരു സാദാ പൊലീസുകാരന് ഉന്നത സ്വാധീനമില്ലാതെ ഇത്തരമൊരു തട്ടിപ്പുനടത്താനാകില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ കളങ്കിത വ്യക്തികളുടെ സാന്നിധ്യമുണ്ടെന്ന വസ്തുതകളും കോടതി പരിഗണിച്ച സ്റ്റേറ്റുമെന്റുകളിലും മൊഴികളിലും പ്രതിഫലിക്കുകയും ചെയ്തിരുന്നു. സോളാര്‍തട്ടിപ്പില്‍ ഉള്‍പ്പെട്ട ടെന്നി ജോപ്പന്റെയും മറ്റും വിവരങ്ങള്‍ ഈ കേസിലും വന്നിരുന്നതാണ്. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് കേസ് സിബിഐ അന്വേഷണത്തിന് വിടാന്‍ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് ഉത്തരവിട്ടത്.

സിബിഐ അന്വേഷണത്തിനിടയാക്കിയ സാഹചര്യം കുറ്റവാളികളുടെ ഉന്നതബന്ധമായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള സ്വാധീനം, ഇക്കാര്യത്തില്‍ സലിംരാജിന് തുണയായി എന്നത് പകല്‍പോലെ വ്യക്തം. ഇതു ബോധ്യമായതിനാലാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ക്രിമിനല്‍ സാന്നിധ്യത്തെകുറിച്ച് ജസ്റ്റിസിന് പറയേണ്ടിവന്നത്. വിധി പുറത്തായതുമുതല്‍ മന്ത്രി കെ സി ജോസഫ്, ഒരു കോണ്‍ഗ്രസ് വക്താവ് തുടങ്ങിയവര്‍ ന്യായാധിപനെ പരസ്യമായി ആക്ഷേപിക്കാന്‍ തുടങ്ങി. അത് വ്യക്തിപരമായ ആരോപണങ്ങള്‍വരെയായി. അവര്‍ ഉന്നയിക്കുന്ന പ്രധാന വാദം മുഖ്യമന്ത്രിയെ കേട്ടില്ലെന്നാണ്. സംസ്ഥാനസര്‍ക്കാരിന് വേണ്ടിയാണ് അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ ഹാജരായത്. മാത്രമല്ല, ഇപ്പോള്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയതും വാദിക്കുന്നതും എജിയാണ്. ആ നിലയ്ക്ക് മുഖ്യമന്ത്രിയെ കേട്ടില്ല എന്ന വാദത്തിന് പ്രസക്തിയില്ല. കോണ്‍ഗ്രസുകാര്‍മാത്രമല്ല ഈ വാദമുന്നയിച്ചത്. മലയാള മനോരമ പത്രത്തില്‍ (മാര്‍ച്ച് 30) കാളീശ്വരം രാജ് എഴുതിയ ലേഖനത്തിലും മുഖ്യമന്ത്രിക്ക് നീതി നിഷേധിച്ചതായി പറയുന്നു. ജഡ്ജ്മെന്റ് വായിക്കാതെ ജഡ്ജിയെ വിമര്‍ശിക്കുന്ന പ്രവണത ഖേദകരമാണ്. വിധിയുടെ ഉള്ളടക്കം മനസിലാക്കിയശേഷം വിമര്‍ശിക്കാം. അത് വ്യക്തിപരമാകരുത്. എന്നാല്‍, ഇവിടെ രാഷ്ട്രീയ എതിരാളികളെ ആക്ഷേപിക്കുന്ന രീതിയാണ് മന്ത്രിയും അനുയായികളും അവലംബിക്കുന്നത്. ജഡ്ജിമാരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കുന്നതിനുള്ള ഫാസിസ്റ്റ് രീതിയാണ് ഇത്. ജസ്റ്റിസ് റഷീദിന്റെ വിധിയുടെ അന്തഃസത്ത നിലനിര്‍ത്തുന്നതാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവെന്നതും ശ്രദ്ധേയമാണ്.

അടിയന്തരാവസ്ഥയില്‍ ഉന്നയിക്കപ്പെട്ട കമ്മിറ്റഡ് ജുഡീഷ്യറിക്കുവേണ്ടിയുള്ള വാദം ഇപ്പോഴും ഉപേക്ഷിക്കപ്പെട്ടിട്ടില്ല എന്നാണ് ഈ സംഭവവും തെളിയിക്കുന്നത്. കമ്മിറ്റഡ് ജുഡീഷ്യറി എന്നാല്‍ ഭരണകൂടത്തിന് വിധേയരായ ജഡ്ജിമാര്‍ അടങ്ങുന്ന ജുഡീഷ്യല്‍ സംവിധാനം എന്നാണ്. അതായത് തങ്ങള്‍ക്ക് അനുകൂലമായിമാത്രമേ ഉത്തരവുകള്‍ നല്‍കാവൂ. അല്ലെങ്കില്‍ ജഡ്ജിയെത്തന്നെ മാറ്റിക്കളയും. ഈ വാദം തികച്ചും ജനാധിപത്യവിരുദ്ധവും ജനങ്ങള്‍ തിരിച്ചറിയേണ്ടതുമാണ്.

*
അഡ്വ. ആര്‍ പത്മകുമാര്‍ ദേശാഭിമാനി

സൂര്യനെല്ലി, മുംബൈ: പീഡകര്‍ക്ക് താക്കീത്

രണ്ടു കോടതിവിധികള്‍ ഒരേ ദിവസമായത് യാദൃച്ഛികമാകാം- സൂര്യനെല്ലി പീഡനക്കേസിലും മുംബൈ ബലാത്സംഗക്കേസിലും. സൂര്യനെല്ലി കേസില്‍ ഒന്നാംപ്രതി ധര്‍മരാജനടക്കം 23 പ്രതികള്‍ക്ക് വിചാരണ കോടതി നല്‍കിയ ശിക്ഷ ഹൈക്കോടതി ശരിവച്ചു. മുംബൈയില്‍ മാധ്യമ പ്രവര്‍ത്തകയെ ബലാല്‍സംഗംചെയ്ത കേസില്‍ മൂന്നു പ്രതികളെയും വധശിക്ഷയ്ക്ക് വിധിച്ചു. വധശിക്ഷയെക്കുറിച്ച് വ്യത്യസ്ത അഭിപ്രായമുയര്‍ന്നിട്ടുണ്ടെങ്കിലും സ്ത്രീകള്‍ക്കുനേരെ രാജ്യത്ത് നടമാടുന്ന അതിക്രമങ്ങള്‍ക്കും കുറ്റവാളികളെ സംരക്ഷിക്കാനുണ്ടാകുന്ന ഇടപെടലുകള്‍ക്കുമുള്ള ശക്തമായ താക്കീതാണ് ഇരുവിധികളും. സൂര്യനെല്ലി കേസിലേത് വൈകിയെത്തിയ നീതിയാണെങ്കില്‍ മുംബൈ കേസ് അതിവേഗം വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുകയാണുണ്ടായത്.

പതിനാറ് വയസ്സുമാത്രമുള്ള പെണ്‍കുട്ടിയെ നാല്‍പ്പതുദിവസത്തോളം തുടര്‍ച്ചയായി 42 പേര്‍ പീഡിപ്പിച്ചതാണ് സൂര്യനെല്ലി കേസ്. 39 പ്രതികളെ വിചാരണചെയ്തതില്‍ 35 പേരെ പ്രത്യേക കോടതി ശിക്ഷിച്ചു. എന്നാല്‍, അപ്പീലില്‍ ഒരാളൊഴികെ എല്ലാവരെയും ഹൈക്കോടതി വിടുകയായിരുന്നു. പ്രധാനപ്രതി ധര്‍മരാജന്റെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി അഞ്ചു വര്‍ഷമായി ചുരുക്കുകയുംചെയ്തു. പോരാഞ്ഞ്, പെണ്‍കുട്ടിയെ "ബാലവേശ്യ" യായി ചിത്രീകരിക്കാനും കോടതി തയ്യാറായി. അന്നത്തെ ആ വിധിന്യായത്തെ ന്യായീകരിച്ച് വിധി പറഞ്ഞ ജഡ്ജിമാരിലൊരാളായ ജസ്റ്റിസ് ആര്‍ ബസന്ത് പിന്നീട് നടത്തിയ പ്രതികരണം സമൂഹത്തില്‍ കടുത്ത അമര്‍ഷമാണുണ്ടാക്കിയത്. നീതി നിഷേധിക്കപ്പെട്ട പെണ്‍കുട്ടിക്കുവേണ്ടി തുടര്‍ന്നും നടത്തിയ നിയമപോരാട്ടമാണ് ഇപ്പോള്‍ ഫലം കാണുന്നത്.

പെണ്‍കുട്ടിയും സംസ്ഥാന സര്‍ക്കാരും ജനാധിപത്യ മഹിളാ അസോസിയേഷനും നല്‍കിയ അപ്പീല്‍ പരിഗണിച്ച് ഹൈക്കോടതിയുടെ അന്നത്തെ വിധി റദ്ദാക്കിയാണ്, പ്രതികളുടെ അപ്പീലുകള്‍ വീണ്ടും വാദംകേട്ട് തീരുമാനമെടുക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്. സുപ്രീംകോടതി അന്നുയര്‍ത്തിയ നിശിതമായ വിമര്‍ശം ശരിയാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. വിചാരണക്കോടതി കണ്ടെത്തിയ കാര്യങ്ങളാണ് പുനഃപരിശോധനയില്‍ സാധൂകരിക്കപ്പെട്ടത്. മുഖ്യപ്രതി ധര്‍മരാജന് നല്‍കിയ ജീവപര്യന്തം ശിക്ഷ ശരിവച്ചു. എഴുവര്‍ഷം ശിക്ഷ ഏറ്റുവാങ്ങിയവരില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവ് ജേക്കബ് സ്റ്റീഫനും ഉള്‍പ്പെടുന്നു.

പെണ്‍കുട്ടിയുടെ സമ്മതപ്രകാരമാണ് ലൈംഗികബന്ധമുണ്ടായതെന്നതടക്കം മുമ്പത്തെ വിധിയിലെ അനുചിത പരാമര്‍ശങ്ങളെല്ലാം നീക്കി. ആ വിധിയില്‍ പറഞ്ഞതുപോലെ വേശ്യാവൃത്തിയല്ല നടന്നതെന്ന് ഡിവിഷന്‍ ബെഞ്ചിന്റെ വിധിന്യായം വ്യക്തമാക്കി. പെണ്‍കുട്ടിയുടെ മൊഴി അവിശ്വസിക്കേണ്ടതില്ല. പെണ്‍കുട്ടിക്ക് രക്ഷപ്പെടാന്‍ സാധ്യതയില്ലായിരുന്നു. കൂട്ടബലാല്‍സംഗം നടന്നതിന് തെളിവുണ്ട്. പീഡനത്തിനിരയായ 40 ദിവസക്കാലത്തിനിടയ്ക്ക് പെണ്‍കുട്ടിക്ക് വേണമെങ്കില്‍ രക്ഷപ്പെടാമായിരുന്നു എന്ന വാദം നിലനില്‍ക്കില്ല. ധര്‍മരാജനില്‍ നിന്ന് പെണ്‍കുട്ടിക്ക് നിരന്തരം ഭീഷണി ഉണ്ടായിരുന്നു. മാതാപിതാക്കളെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പ്രതി ദാക്ഷിണ്യം അര്‍ഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു.

പെണ്‍കുട്ടിയുടെ മൊഴി വിശ്വസിക്കാം എന്ന പരാമര്‍ശം ഈ കേസിലെ തുടര്‍ന്നുള്ള നിയമനടപടികളില്‍ നിര്‍ണായകമാണ് എന്ന് നിയമവൃത്തങ്ങള്‍ പറയുന്നു. ഉന്നത രാഷ്ട്രീയബന്ധങ്ങള്‍ ആരോപിക്കപ്പെട്ട കേസാണിത്. അട്ടിമറിശ്രമങ്ങള്‍ അതിന്റെ ഭാഗമായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരാണ് കേസന്വേഷണത്തിലും കോടതിയില്‍ ഇരയ്ക്കായി വാദിക്കുന്നതിലും ജാഗ്രത കാണിച്ചത്; ഈ സംഭവത്തോടെ ഭാവിജീവിതംതന്നെ ഇരുളടഞ്ഞ പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കിയതും എല്‍ഡിഎഫ് സര്‍ക്കാര്‍തന്നെ. പിന്നീട് യുഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ പെണ്‍കുട്ടിക്കെതിരെ വീണ്ടും നീക്കമുണ്ടായി. സെയില്‍സ് ടാക്സ് വകുപ്പില്‍ പ്യൂണായി ജോലിചെയ്യവെ പണാപഹരണം ആരോപിച്ച് 2012 ഫെബ്രുവരിയില്‍ ജോലിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. എട്ടു മാസത്തിനുശേഷമാണ് തിരിച്ചെടുത്തത്. ഇങ്ങനെ നാനാതലത്തില്‍നിന്നും പീഡനമേറ്റുവാങ്ങിയശേഷമാണ്, ഇരയ്ക്ക് നീതി ലഭ്യമാകുന്നത്. അതിനിടയില്‍ അവരും കുടുംബവും അനുഭവിച്ച മാനസിക പീഡനവും സമ്മര്‍ദവും ഒരിടത്തും കണക്കാക്കപ്പെടുന്നില്ല.

ഡല്‍ഹി സംഭവത്തിനുശേഷം രൂപം കൊടുത്ത പുതിയ വകുപ്പ് 376 (ഇ) പ്രകാരമാണ് മുംബൈ കേസില്‍ മൂന്നുപേര്‍ക്ക് വധശിക്ഷ വിധിച്ചത്. നഗരമധ്യത്തിലെ ശക്തിമില്‍ പരിസരത്ത് വനിതാ പത്രഫോട്ടോഗ്രാഫറെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗംചെയ്ത കേസില്‍ നാലുപ്രതികളുള്ളതില്‍ ഒരാളെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. 2013 ആഗസ്ത് 22നാണ് കുറ്റകൃത്യമുണ്ടായത്്. എട്ടുമാസമാകുമ്പോള്‍തന്നെ വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കാനായത് ഈ കേസിന്റെ പ്രത്യേകത.

സ്ത്രീകള്‍ക്കെതിരെ അതിക്രമം കാണിക്കുന്ന സാംസ്കാരിക ശൂന്യതയിലേക്ക് നാടിനെ നയിക്കുന്ന ഭരണകൂടത്തിന്റെ നെറികേടുകള്‍ക്കെതിരെയും നിന്ദ്യവും ക്രൂരവുമായ ഇത്തരം ചെയ്തികള്‍ക്കെതിരെയും മലീമസമായ സാംസ്കാരിക ചിന്താഗതിക്കെതിരെയും പൊരുതുന്ന സര്‍വര്‍ക്കും ആശ്വാസംപകരുന്ന വിധികളാണ് രണ്ടും എന്നതില്‍ സംശയമില്ല. വധശിക്ഷ നല്‍കുന്നതിലെ അഭിപ്രായ വ്യത്യാസം നിലനിര്‍ത്തിക്കൊണ്ടുതന്നെ അതിവേഗം ഇരയ്ക്ക് നീതി ലഭ്യമാക്കാന്‍ കഴിഞ്ഞതിനെ ശ്ലാഘിക്കാനാകും. പീഡിപ്പിക്കപ്പെടുന്ന സ്ത്രീത്വത്തിനുനേരെ അധിക്ഷേപത്തിന്റെയും നീതികേടിന്റെയും ആയുധമോങ്ങുന്ന ഏവര്‍ക്കും തിരിച്ചടിയും താക്കീതുമാണ് സൂര്യനെല്ലി കേസിലെ വിധി എന്നും പറയാനാകും.

*
ദേശാഭിമാനി മുഖപ്രസംഗം

Wednesday, April 2, 2014

സലിംരാജ് കേസും ഉമ്മന്‍ചാണ്ടിയുടെ ഉത്തരവാദിത്തവും

മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ആയിരുന്ന സലിംരാജിനെതിരായി ഉയര്‍ന്ന ഭൂമിതട്ടിപ്പ് സംബന്ധിച്ച ആരോപണങ്ങള്‍ സിബിഐ അന്വേഷണത്തിന് വിട്ടുകൊണ്ടുള്ള കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് വിധിയില്‍ മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും സംബന്ധിച്ച് ഗുരുതരമായ പരാമര്‍ശങ്ങളാണ് നടത്തിയത്. പേഴ്സണല്‍ സ്റ്റാഫിന്റെ ചെയ്തികളില്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

യഥാര്‍ഥത്തില്‍ നിയമത്തിന്റെ ഒരു അടിസ്ഥാനതത്വം ഓര്‍മിപ്പിക്കുകമാത്രമാണ് കോടതി ചെയ്തത്. യജമാനന്റെ പേരില്‍ ജീവനക്കാരന്‍ നടത്തുന്ന എല്ലാ കാര്യങ്ങള്‍ക്കും യജമാനന്‍ ഉത്തരവാദിയാകുകയെന്നുള്ളത് ലോകം മുഴുവന്‍ പിന്തുടര്‍ന്നു പോരുന്ന ടോര്‍ട്ട് നിയമത്തിലെ ഒരു പ്രാഥമിക തത്വമാണ്. വാഹനമോടിക്കുമ്പോള്‍ ഉണ്ടാകുന്ന ഏത് അപകടത്തിനും ആ വാഹനത്തിന്റെ രജിസ്റ്റേര്‍ഡ് ഉടമസ്ഥന്‍ ഉത്തരവാദിയാണെന്ന മോട്ടോര്‍വെഹിക്കിള്‍സ് ആക്ടിലെ വകുപ്പ് നിയമതത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. "ഝൗശ എമരശേ ുലൃമഹശൗാ എമരശേ ുലൃലെ" (ഒല ംവീ മരേെ വേൃീൗഴവ മിീവേലൃ, മരേെ യ്യ ീൃ ളീൃ വശാലെഹള - ഒരാളുടെ ഏജന്റ് ചെയ്യുന്ന കാര്യങ്ങള്‍ക്ക് അയാള്‍ ഉത്തരവാദിയാണ്) എന്ന നിയമതത്വമാണ് ഇതിന്റെ അടിത്തറ.

ഈ പ്രാഥമികമായ നിയമതത്വം ഓര്‍മിപ്പിച്ചതിനാണ് മുഖ്യമന്ത്രിയെ കേള്‍ക്കാതെയാണ് ഈ പരാമര്‍ശം നടത്തിയതെന്നും, ജഡ്ജി പക്ഷപാതപരമായാണ് പെരുമാറിയതെന്നും, ജഡ്ജിയുടെ പൂര്‍വ ചരിത്രമറിയാമെന്നുമൊക്കെയുള്ള ആക്രോശങ്ങള്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കുഴലൂത്തുകാരും നടത്തിക്കൊണ്ടിരിക്കുന്നത്. ഈ കാര്യത്തില്‍ മുഖ്യമന്ത്രിയെ കേള്‍ക്കേണ്ട കാര്യമുണ്ടോ? മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് മുഖ്യമന്ത്രിയുടെ ഓഫീസ് ഉപയോഗിച്ചു നടത്തിയ തട്ടിപ്പുകള്‍ മുഖ്യമന്ത്രിക്ക് അറിവുണ്ടായിരുന്നോ, അദ്ദേഹം അതില്‍ ഉള്‍പ്പെട്ടിരുന്നോ എന്നൊക്കെയുള്ള കാര്യങ്ങള്‍ തീര്‍ത്തും അപ്രസക്തമാണ്.

മുഖ്യമന്ത്രിയുടെ സന്തതസഹചാരിയായി ഉണ്ടായിരുന്ന ഒരാളാണ് മുഖ്യമന്ത്രിയുമായുണ്ടായിരുന്ന അടുപ്പം ഉപയോഗിച്ച് റവന്യൂ ഉദ്യോഗസ്ഥരെ വരുതിയിലാക്കിയത്. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഭൂമി യഥാര്‍ഥ ഉടമസ്ഥന്റെ പേരില്‍നിന്ന് മാറ്റാന്‍ ശ്രമം നടത്തിയ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന്റെ ഈ അതിക്രമത്തിന്റെ ഉത്തരവാദിത്തം അദ്ദേഹം പൂര്‍ണമായും ഏറ്റെടുത്തേ തീരു. അതിന് തന്നെ കേട്ടില്ല എന്ന വാദമുയര്‍ത്തി രക്ഷപ്പെടാമെന്ന് കരുതുന്നത് നിയമവാഴ്ചക്കെതിരാണ്. ജനാധിപത്യത്തെയും പാര്‍ലമെന്റിനെയും ക്യാബിനറ്റ് ഗവണ്‍മെന്റിനെയും കുറിച്ച് വ്യക്തമായ അടിസ്ഥാന തത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്രന്ഥങ്ങള്‍ രചിച്ചയാളാണ് ബ്രിട്ടീഷ് ഭരണഘടനാ വിദഗ്ധനായ സര്‍ ഐവര്‍ ജന്നിങ്സ്. അദ്ദേഹത്തിന്റെ "ക്യാബിനറ്റ് ഗവണ്‍മെന്റ്" എന്ന പുസ്തകം ഒരു ക്ലാസിക്കായി പരിഗണിക്കപ്പെടുന്നു. സര്‍ ഐവര്‍ ജന്നിങ്്സ് ഒരു മന്ത്രിയുടെ ഉത്തരവാദിത്തത്തെക്കുറിച്ച് പറയുന്നത് നോക്കൂ.

Within a department there must be substantial delegation of power, but the most essential characteristic of the civil service is the responsibility of the minister for every act close in his department". In practice, the minister can hardly avoid saying that the mistake was that of a subordinate, but parliament censures the minister not the subordinate (page 463 - Cabinet Government - Sir Iver Jennings)

ജനാധിപത്യത്തിന്റെയും ക്യാബിനറ്റ് ഗവണ്‍മെന്റിന്റെയും ഈ അടിസ്ഥാന തത്വം ഓര്‍മിപ്പിക്കുകമാത്രമാണ് ഇപ്പോള്‍ കോടതിയും കഴിഞ്ഞ കുറച്ച് നാളുകളായി പ്രതിപക്ഷവും ചെയ്യുന്നത്.

കേന്ദ്ര റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ രാജിവച്ചത് അദ്ദേഹത്തിന്റെ അനന്തരവന്‍ കൈക്കൂലിക്കേസില്‍ പിടിക്കപ്പെട്ടപ്പോഴാണ്. കെ കരുണാകരന്‍ രാജിവച്ചതും രാമചന്ദ്രന്‍മാസ്റ്റര്‍ രാജിവച്ചതും കെ പി വിശ്വനാഥന്‍ രാജിവച്ചതും എല്ലാം കോടതി പരാമര്‍ശങ്ങളുടെ പേരിലാണ്്. ചാരക്കേസില്‍ കെ കരുണാകരനെ താഴെയിറക്കാന്‍ ഉമ്മന്‍ചാണ്ടി സ്വീകരിച്ച നിലപാട് എന്തായിരുന്നുവെന്ന് ഇപ്പോള്‍ ഓര്‍മിക്കുന്നുണ്ടോ? ചാരക്കേസ് സംബന്ധിച്ചും കേരള ഹൈക്കോടതിയിലെ ഒരു ഹര്‍ജിയില്‍ കോടതി സിബിഐ അന്വേഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തി. കെ കരുണാകരനെക്കുറിച്ച് ഒരു പരാമര്‍ശവും കോടതി നടത്തിയില്ല. എന്നിട്ടും ആ വിധി പൊക്കിപ്പിടിച്ചാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും കെ കരുണാകരനെ ഇറക്കിവിട്ടത്. ധാര്‍മികമായും നിയമപരമായും ജനാധിപത്യത്തിന്റെ അടിസ്ഥാനപ്രമാണങ്ങള്‍ അനുസരിച്ചും ഉമ്മന്‍ചാണ്ടി രാജിവച്ചേ മതിയാകൂ.
*
അഡ്വ. കെ സുരേഷ്കുറുപ്പ്

Saturday, March 29, 2014

അരനിമിഷം തുടരരുത്

കോണ്‍ഗ്രസിനും യുഡിഎഫിനും അന്തസ്സിന്റെയോ മാന്യതയുടെയോ മര്യാദയുടെയോ നേരിയ അംശം അവകാശപ്പെടാന്‍ ബാക്കിയുണ്ടെങ്കില്‍ ഈ മുഖ്യമന്ത്രിയെ ഇറക്കിവിടണം. ഉമ്മന്‍ചാണ്ടിക്കു മുന്നിലുള്ള ഏകവഴി രാജിമാത്രമാണ്. ഭൂമിതട്ടിപ്പുകാരുടെയും കൊള്ളരുതാത്തവരുടെയും താവളമാക്കി സ്വന്തം ഓഫീസ് മാറ്റി എന്ന് ഹൈക്കോടതി വിധിന്യായത്തില്‍ രേഖപ്പെടുത്തിയശേഷവും ആ മുഖ്യമന്ത്രി അധികാരത്തില്‍ കടിച്ചുതൂങ്ങുന്നത് ജനാധിപത്യത്തിനും നിയമവ്യവസ്ഥയ്ക്കും മാത്രമല്ല, കേരളീയന്റെ ആത്മാഭിമാനത്തിനുകൂടിയാണ് ഗുരുതരമായ പരിക്കേല്‍പ്പിക്കുന്നത്. ഒരു മുഖ്യമന്ത്രിയും ഇന്നുവരെ ഇവ്വിധം നീതിപീഠത്തിന്റെ രൂക്ഷവിമര്‍ശം കേള്‍ക്കേണ്ടിവന്നിട്ടില്ല. ലാന്‍ഡ് മാഫിയാ ഗ്യാങ് ലീഡറെയും സോളാര്‍ തട്ടിപ്പുകാരെയും ഇതര ക്രിമിനല്‍ പശ്ചാത്തലക്കാരെയും സര്‍ക്കാര്‍ ശമ്പളംകൊടുത്ത് തന്റെ ഓഫീസില്‍ കുടിയിരുത്തുക എന്ന ക്രിമിനല്‍കുറ്റമാണ് ഹൈക്കോടതി ഉമ്മന്‍ചാണ്ടിയില്‍ കണ്ടെത്തിയത്. അതിനര്‍ഥം കുറ്റകൃത്യങ്ങളുടെ കേന്ദ്രം ഉമ്മന്‍ചാണ്ടിതന്നെ എന്നാണ്. അത്തരമൊരാള്‍ക്ക് എങ്ങനെ നാടുഭരിക്കാന്‍ അവകാശമുണ്ടാകും? കുറ്റവാളികള്‍ക്ക് നിരങ്ങാനുള്ളതാണോ സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രം?

തിരുവനന്തപുരം ജില്ലയിലെ കടകംപള്ളിയിലും എറണാകുളം ജില്ലയിലെ ഇടപ്പള്ളി പത്തടിപ്പാലത്തും നടന്ന ഭൂമി തട്ടിപ്പുകേസുകളാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് വിട്ടത്. കടകംപള്ളിയില്‍ 18 സര്‍വേ നമ്പരുകളിലായി 44.5 ഏക്കര്‍ സ്ഥലം മുഖ്യമന്ത്രിയുടെ ഏറ്റവുമടുത്ത ഗണ്‍മാനായിരുന്ന സലിംരാജും ഭൂമാഫിയയയും ചേര്‍ന്ന് കൈക്കലാക്കിയെന്നാണ് പരാതി. 200 കോടിയിലേറെ രൂപ വിലവരുന്ന ഭൂമി അത്യുന്നത സ്വാധീനമുപയോഗിച്ച് രേഖകള്‍ തിരുത്തിയും നശിപ്പിച്ചും വ്യാജമായി ഉണ്ടാക്കിയുമാണ് സ്വന്തമാക്കാന്‍ തുനിഞ്ഞത്. ഇരുനൂറോളം കുടുംബം ജനസമ്പര്‍ക്ക പരിപാടിയിലും സുതാര്യ കേരളം പരിപാടിയിലും നല്‍കിയ പരാതി മുഖ്യമന്ത്രിതന്നെ പൂഴ്ത്തി. പത്തടിപ്പാലം ചങ്ങമ്പുഴ നഗറില്‍ 25 കോടി മതിക്കുന്ന സ്ഥലം തട്ടിയെടുക്കാന്‍ അഡീഷണല്‍ തഹസില്‍ദാര്‍തൊട്ട് വില്ലേജ് ഓഫീസറെവരെ ഉപയോഗിച്ചാണ് ക്രിമിനല്‍നീക്കം നടന്നത്. പൊലീസ് സേനയില്‍ ഒരു കോണ്‍സ്റ്റബിളായ സലിംരാജിന് തനിച്ച് ചെയ്യാനാവുന്നതല്ല ഇതൊന്നും. അവിടെയാണ്, എല്ലാ തട്ടിപ്പുകളുടെയും നായകസ്ഥാനത്ത്, തട്ടിപ്പുകാരുടെ നേതൃസ്ഥാനത്ത് ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രി വരുന്നത്.

കോടതിയില്‍നിന്നുള്ള നേരിയ പ്രതികൂല പരാമര്‍ശംപോലും മന്ത്രിമാരുടെ രാജിയിലേക്ക് നയിച്ച നാടാണിത്. മന്ത്രിക്ക് വനംമാഫിയയുമായി ബന്ധമുണ്ടെന്ന് സംശയിക്കേണ്ടിവരുമെന്ന് കോടതി പറഞ്ഞപ്പോള്‍ വനംമന്ത്രിപദം രാജിവച്ച കെ പി വിശ്വനാഥന്‍ ഉമ്മന്‍ചാണ്ടിയുടെ പാര്‍ടിയില്‍ത്തന്നെയാണ് ഇന്നും. അദ്ദേഹം കാണിച്ച മര്യാദയുടെ നൂറിലൊന്നെങ്കിലും സ്വന്തമായുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി എന്നേ രാജിവയ്ക്കുമായിരുന്നു. സോളാര്‍തട്ടിപ്പടക്കമുള്ള കേസുകള്‍ അട്ടിമറിച്ചാണ് ഉമ്മന്‍ചാണ്ടി അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്നത്. സെക്രട്ടറിയറ്റ് നോര്‍ത്ത് ബ്ലോക്കിലെ മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിക്കാരുടെയും തട്ടിപ്പുകാരുടെയും അനാശാസ്യത്തിന്റെപോലും അരങ്ങാണെന്നത് സമ്മതിക്കാന്‍ ഉമ്മന്‍ചാണ്ടി സംഘം മാത്രമേ വിസമ്മതിക്കുന്നുള്ളൂ.

പാമൊലിന്‍ കേസില്‍ തുടരന്വേഷണം നിര്‍ദേശിച്ച വിജിലന്‍സ് ജഡ്ജിയെ അപമാനിച്ചും ഭീഷണിപ്പെടുത്തിയും പുറത്തുചാടിച്ചാണ് ഉമ്മന്‍ചാണ്ടി തന്റെ സ്ഥാനം രക്ഷിച്ചത്. ടൈറ്റാനിയം, സൈന്‍ബോര്‍ഡ് അഴിമതിക്കേസുകളിലും അട്ടിമറിതന്നെ സംഭവിച്ചു. സലിംരാജിന്റെ പേരിലുള്ള കേസ് പരിഗണിക്കവെ സലിംരാജ് സംസ്ഥാന മുഖ്യമന്ത്രിയാണോ, ഈ കോണ്‍സ്റ്റബിളിനെ ഡിജിപിക്കും പേടിയാണോ, ഇവിടെ എന്ത് ജനാധിപത്യമാണുള്ളത് എന്ന് കോടതി ചോദിച്ചതാണ്. ജനാധിപത്യത്തോടും നീതിന്യായവ്യവസ്ഥയോടും അല്‍പ്പമെങ്കിലും മതിപ്പുണ്ടെങ്കില്‍ അന്നുതന്നെ രാജിവക്കേണ്ടതായിരുന്നു. സംസ്ഥാന പൊലീസിലെ ഡിജിപി, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസ് ക്രിമിനലുകളുടെ താവളമായെന്നു പറഞ്ഞ അനുഭവവുമുണ്ട്. ഇന്നത്തെ കെപിസിസി പ്രസിഡന്റ് വി എം സുധീരനും കെ മുരളീധരനും സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജുമെല്ലാം ഇതാവര്‍ത്തിച്ചിട്ടുണ്ട്.

ഇപ്പോള്‍ ഹൈക്കോടതി ഒരു സംശയത്തിനുമിടയില്ലാതെയാണ് മുഖ്യമന്ത്രിക്കുനേരെ വിരല്‍ചൂണ്ടിയത്. നീതിപീഠത്തിനുമുന്നില്‍ വിചാരണയ്ക്ക് വിധേയനാകേണ്ട, കുറ്റകൃത്യങ്ങളില്‍ പങ്കാളിയെന്ന് പ്രഥമദൃഷ്ട്യാ കരുതപ്പെടുന്ന ഒരാള്‍ ഭരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത് ഒരു നാടിനും ഭൂഷണമല്ല. ആദര്‍ശത്തിന്റെ അട്ടിപ്പേറ് അവകാശപ്പെടുന്ന കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം കോടതി വിധിയോട് പ്രതികരിച്ചത് പരിഹാസ്യമായ രീതിയിലാണ്. ആര്‍ജവം എന്നൊന്നുണ്ടെങ്കില്‍, രാജിവച്ച് പുറത്തുപോയി നിരപരാധിത്വം തെളിയിച്ച് വരൂ എന്നാണ് ഉമ്മന്‍ചാണ്ടിയോട് ആ പാര്‍ടി പറയേണ്ടിയിരുന്നത്. പകരം, എന്തു വന്നാലും രാജിയില്ല എന്ന ലജ്ജാശൂന്യമായ പ്രസ്താവനയ്ക്ക് അവസരമൊരുക്കിക്കൊടുക്കുകയാണുണ്ടായത്. ഇങ്ങനെ വിവസ്ത്രമായി നില്‍ക്കുന്ന യുഡിഎഫ് നേതൃത്വത്തെ കള്ളന് കഞ്ഞിവച്ചവര്‍ എന്നാണ് ചരിത്രം രേഖപ്പെടുത്തുക.

ഹൈക്കോടതിയെ ഭീഷണിപ്പെടുത്താനും ജഡ്ജിയുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യംചെയ്യാനും ഒരുമന്ത്രിയെത്തന്നെ ഇറക്കിയ ഉമ്മന്‍ചാണ്ടി, ഭരണഘടനയെക്കൂടി വെല്ലുവിളിച്ചിട്ടുണ്ട്. ഈ ധാര്‍ഷ്ട്യത്തിനും അധികാരപ്രമത്തതയ്ക്കും നിയമനിഷേധത്തിനും കൊള്ളയ്ക്കും ജനങ്ങളുടെ കോടതിയില്‍ അര്‍ഹമായ ശിക്ഷ ലഭിക്കുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, ഈ കുറ്റവാളികള്‍ നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ടുകൂടാ. ഇവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വിചാരണചെയ്ത് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കുക എന്നത് ജനാധിപത്യസമൂഹത്തിന്റെ അനിവാര്യമായ കടമയാണ്. ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് പതിനായിരങ്ങള്‍ തെരുവിലിറങ്ങിയത് ആ കടമ കേരളം ഏറ്റെടുക്കുന്നതിന്റെ തുടക്കമാണ്. ആ ചുവരെഴുത്ത് മനസ്സിലാക്കി തീരുമാനമെടുക്കാനുള്ള വിവേകം യുഡിഎഫ് കാണിച്ചാല്‍ നല്ലത്.
*
Deshabhimani Editorial

Wednesday, December 18, 2013

ഗോവിന്ദച്ചാമിക്കൊപ്പം കുറ്റം പങ്കിട്ടവര്‍

സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി ഓര്‍മിപ്പിച്ച ചില കാര്യങ്ങള്‍ കൂടുതല്‍ ചര്‍ച്ചചെയ്യേണ്ടതാണ്. സഹയാത്രികര്‍ സഹായിച്ചിരുന്നെങ്കില്‍ സൗമ്യ രക്ഷപ്പെടുമായിരുന്നു; സഹയാത്രക്കാരുടെ നടപടി ദൗര്‍ഭാഗ്യകരമാണ് എന്നാണ് കോടതി ചൂണ്ടിക്കാട്ടിയ ഒരുകാര്യം. റെയില്‍വേയുടെ ഭാഗത്തുനിന്ന് കടുത്ത അനാസ്ഥയാണ് ഉണ്ടായത് എന്ന നിരീക്ഷണമാണ് മറ്റൊന്ന്. ദരിദ്ര കുടുംബത്തിലെ കുട്ടിയായ സൗമ്യ തന്റെ വിവാഹം ഉറപ്പിക്കുന്നതിനായാണ് എറണാകുളത്തെ ജോലിസ്ഥലത്തുനിന്ന് ഷൊര്‍ണൂരിലെ വീട്ടിലേക്ക് യാത്രതിരിച്ചത്. ആ യാത്രയിലാണ് അവള്‍ തീവണ്ടിയില്‍ പിച്ചിച്ചീന്തപ്പെട്ടത്. 2011 ഫെബ്രുവരി ഒന്നിന് എറണാകുളം ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനിലെ ലേഡീസ് കംപാര്‍ട്മെന്റില്‍ അതിക്രമിച്ചു കയറിയ ഗോവിന്ദച്ചാമി സൗമ്യയെ ട്രെയിനില്‍നിന്നു തള്ളിയിട്ടശേഷം ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. അഞ്ചുദിവസം അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞ സൗമ്യ ഫെബ്രുവരി 6ന് മരണമടഞ്ഞു.

തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി 2011 നവംബര്‍ 11നാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. ആ ശിക്ഷ അയാള്‍ അര്‍ഹിക്കുന്നതുതന്നെയെന്ന് ഇപ്പോള്‍ ഹൈക്കോടതിയും വ്യക്തമാക്കിയിരിക്കുന്നു. അതോടൊപ്പം ഗോവിന്ദച്ചാമി ശിക്ഷിക്കപ്പെട്ടതുകൊണ്ടുമാത്രം അവസാനിക്കുന്ന കേസല്ല സൗമ്യാവധത്തിന്റേതെന്നാണ് നീതിപീഠം അര്‍ഥശങ്കയില്ലാതെ സമൂഹത്തെ ഓര്‍മിപ്പിക്കുന്നത്. സൗമ്യ ആക്രമിക്കപ്പെട്ട വണ്ടിയില്‍ യാത്രചെയ്തിരുന്നവര്‍ തക്കസമയത്ത് പ്രതികരിച്ചിരുന്നുവെങ്കില്‍, സഹജീവിയുടെ ജീവന് വില കല്‍പ്പിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷേ, ആ ദുരന്തത്തിന്റെ തീവ്രത ഇത്ര വലുതാകില്ലായിരുന്നു എന്നാണ് ആ നിരീക്ഷണത്തിന്റെ സാരം. ജനങ്ങള്‍ക്ക് സഞ്ചാരസൗകര്യം നല്‍കാന്‍ നിയുക്തമായ ഇന്ത്യന്‍ റെയില്‍വേക്ക്, യാത്രയിലെ സുരക്ഷിതത്വം ഗൗരവമായ അജന്‍ഡയായിരുന്നുവെങ്കില്‍ സൗമ്യയുടെ ദുരന്തം സംഭവിക്കില്ലായിരുന്നുവെന്നും കോടതി മനസിലാകുന്ന ഭാഷയില്‍ പറഞ്ഞു.

റെയില്‍വേയുടെ കുറ്റകരമായ അനാസ്ഥ ചൂണ്ടിക്കാട്ടിയ കോടതി, ലേഡീസ് കംപാര്‍ട്മെന്റുകള്‍ ട്രെയിനിന്റെ മധ്യഭാഗത്തേക്ക് മാറ്റണമെന്നും സ്ത്രീയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ മൂര്‍ത്തമായ നടപടി വേണമെന്നും റെയില്‍വേക്ക് നിര്‍ദേശം നല്‍കുന്നു. ആ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുമെന്നുറപ്പാക്കാന്‍ വിധിപ്പകര്‍പ്പ് റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുക്കാനും തീരുമാനിച്ചു. പലരുടെയും കണ്ണുതുറപ്പിക്കേണ്ട നടപടിയാണിത്. സഞ്ചാരസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള മുറവിളികള്‍ ഇന്നു നാം പല കണ്ഠങ്ങളില്‍നിന്ന് കേള്‍ക്കുന്നുണ്ട്. സ്ത്രീകള്‍ക്കായി ഒരുക്കിയ സൗകര്യം ഉപയോഗപ്പെടുത്തി യാത്രചെയ്യാന്‍ സ്വാതന്ത്ര്യമില്ല എന്നു മാത്രമല്ല; ആ യാത്ര അവളുടെ ജീവനെടുക്കുന്നതുകൂടിയാകും എന്ന ഭയാനകമായ യാഥാര്‍ഥ്യമാണ് സൗമ്യയുടെ അനുഭവം വരച്ചുകാട്ടുന്നത്. മനുഷ്യനായി ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ നിഷേധമാണത്. ആ സ്വാതന്ത്ര്യം സ്ഥാപിച്ചുകിട്ടാനുള്ള സമരമാണ്; അല്ലാതെ, രാഷ്ട്രീയ പ്രതികരണ നാടകങ്ങള്‍ക്കുള്ള ദുഃസ്വാതന്ത്ര്യമല്ല കേരളീയ സമൂഹത്തിന്റെ പരിഗണനാ വിഷയമാകേണ്ടത് എന്നുകൂടി കോടതിവിധി ഓര്‍മിപ്പിക്കുന്നു. ഗോവിന്ദച്ചാമി ജീവിച്ചിരിക്കുന്നത് സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ഭീഷണിയാണെന്ന് വിചാരണക്കോടതി പറഞ്ഞിരുന്നു. വധശിക്ഷയോട് വിയോജിപ്പുള്ളവര്‍ക്കുപോലും ആ വിധിയെ തള്ളിപ്പറയാന്‍ കഴിഞ്ഞില്ല. ഡല്‍ഹിയിലെ കൂട്ടബലാത്സംഗത്തിന് ഒരു വയസ്സു തികഞ്ഞതിന് തൊട്ടുപിന്നാലെയാണ് സൗമ്യ കേസിലെ ഹൈക്കോടതി തീര്‍പ്പ് എന്നത് യാദൃച്ഛികതയാകാം. നിര്‍ഭയ അവസാനത്തെ ഇരയാകുമെന്ന് പലരും കരുതിയിരുന്നു. എന്നാല്‍, പെണ്‍കുട്ടികള്‍ ലൈംഗികാക്രമണങ്ങള്‍ക്കിരയാകുന്നത് വിരാമമില്ലാത്ത തുടര്‍ച്ചയാവുന്നു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ അനുദിനം പെരുകുന്നു. പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ വയോവൃദ്ധകള്‍വരെ ആക്രമിക്കപ്പെടുന്നു. അരക്ഷിതമായ ലേഡീസ് കംപാര്‍ട്മെന്റുകളുമായാണ് തീവണ്ടികള്‍ ഇന്നും ഓടുന്നത്. റെയില്‍വേയുടെ കണ്ണ് തുറന്നിട്ടില്ല. ഏതുസമയവും തീവണ്ടികളില്‍ സ്ത്രീകള്‍ ആക്രമിക്കപ്പെടാവുന്ന അവസ്ഥ തുടരുന്നു. ബസ്സ്റ്റാന്‍ഡുകളടക്കമുള്ള പൊതുസ്ഥലങ്ങളും ബസുകളും സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന് വേദിയാകുന്നു. സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും സമീപത്തുള്ള ബസ്സ്റ്റോപ്പുകളില്‍പ്പോലും പരസ്യമായി സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന സംഘങ്ങള്‍ നിര്‍ബാധം വിലസുന്നു. തൊഴിലിടങ്ങളിലും വാഹനങ്ങളിലും വിദ്യാലയങ്ങളിലും സ്വന്തം വീടുകളില്‍പ്പോലും സ്ത്രീകളും കുട്ടികളും പീഡിപ്പിക്കപ്പെടുന്ന അവസ്ഥയില്‍നിന്ന് നാടിനെ രക്ഷപ്പെടുത്താനുള്ള കൂട്ടായ മുന്നേറ്റത്തിന്റെ അനിവാര്യതയാണ് സൗമ്യസംഭവം ആവര്‍ത്തിച്ചോര്‍മിപ്പിക്കുന്നത്.

സെക്സ് റാക്കറ്റുകള്‍ പട്ടണങ്ങളില്‍മാത്രമല്ല, ഗ്രാമപ്രദേശങ്ങളിലും തമ്പടിച്ച് പെണ്‍കുട്ടികളെ വേട്ടയാടുന്ന അനുഭവമാണ് ഇന്ന് കേരളത്തിലുള്ളത്. വിദേശങ്ങളിലേക്ക് സ്ത്രീകളുടെ ശരീരം വില്‍പ്പനയ്ക്കായി കയറ്റി അയക്കുന്ന വന്‍ റാക്കറ്റുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. മറ്റെല്ലാ മാഫിയകള്‍ക്കുമെന്നതുപോലെ സെക്സ് മാഫിയക്കും നിര്‍ബാധം അഴിഞ്ഞാടാന്‍ കഴിയുന്നു. ഇങ്ങനെ എല്ലാ നിലയ്ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രക്ഷയില്ലാത്ത നാടായി മാറിയ കേരളത്തെ തിരിച്ചുപിടിക്കാനുള്ള സമരത്തിന് അത്യധികമായ ഊര്‍ജം നല്‍കുന്നതാണ് ഹൈക്കോടതി വിധി. സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമെതിരെ അതിക്രമം കാണിക്കുന്ന സാംസ്കാരിക ശൂന്യതയിലേക്ക് കേരളത്തെ നയിക്കുകയും എല്ലാ പൈശാചികതകളെയും നിശ്ചേഷ്ടം നോക്കിനില്‍ക്കുകയുംചെയ്യുന്ന ഭരണാധികാരികള്‍ക്കെതിരായ വികാരം അലയടിച്ചുയരേണ്ടതുണ്ട്. ഉത്തരവാദിത്തം മറന്നുപോകുന്ന റെയില്‍വേയെയും പൊലീസിനെയും മറ്റധികാരികളെയും കഴുത്തിനു പിടിച്ച് ജനങ്ങള്‍ ചോദ്യംചെയ്യേണ്ടതുണ്ട്. കണ്‍മുന്നില്‍ കാണുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കാനാവാതെ, അത്തരം പ്രതികരണങ്ങളെ പ്രോത്സാഹിപ്പിക്കാതെ സമൂഹത്തിന് ആരോഗ്യകരമായി മുന്നോട്ടുപോകാനാവില്ല.

*
ദേശാഭിമാനി മുഖപ്രസംഗം

Tuesday, December 17, 2013

ഭിന്നലൈംഗിക വിഭാഗവും സുപ്രിം കോടതി വിധിയും

ഒരു വിഭാഗം മതസംഘടനകള്‍ക്ക് കീഴടങ്ങിക്കൊണ്ട് ന്യൂനപക്ഷ വിഭാഗത്തിനെതിരെയുള്ള ഒരു വിധി പുറപ്പെടുവിച്ചിരിക്കുകയാണ് ഇന്ത്യയിലെ പരമോന്നത കോടതി. 2009 ജൂലൈ 20 ന് ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച വിധിയെ പാടെ ഇല്ലാതാക്കി ഇന്ത്യന്‍ പീനല്‍ കോഡിലെ 377-ാം വകുപ്പ് പ്രകാരം സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. സ്വവര്‍ഗ അനുരാഗികളും ഉഭയവര്‍ഗാനുരാഗികളും അര്‍ധനാരികളും ഉള്‍പ്പെടുന്ന ഭിന്ന ലൈംഗിക വിഭാഗങ്ങള്‍ക്കെതിരെയുള്ള ഒരു വിധിയായാണ് രാഷ്ട്രവും ലോകരാഷ്ട്രങ്ങളും ഇതിനെ നോക്കിക്കണ്ടത്.

377-ാം വകുപ്പ് ഭരണഘടനയിലെ സമത്വം, സ്വാതന്ത്ര്യം എന്നീ വകുപ്പുകള്‍ക്ക്  എതിരാണ് എന്നതായിരുന്നു  2009ലെ ഡല്‍ഹി ഹൈക്കോടതി വിധി. 1861 ലെ ബ്രിട്ടീഷ് അധിനിവേശ ഭരണകൂടത്തിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ചുണ്ടാക്കിയ ഈ വകുപ്പ് സ്വതന്ത്ര ഇന്ത്യയില്‍ എന്തിന് എന്ന ചോദ്യമായിരുന്നു അന്ന് ഹൈക്കോടതി മുന്നോട്ട് വച്ചത്. പരസ്പര സമ്മതമുള്ളതായാല്‍ പോലും പ്രകൃതിയുടെ നിയമത്തിന് വിരുദ്ധമായ ഏതുതരം ശാരീരിക വേഴ്ചയും ക്രിമിനല്‍ കുറ്റമാണെന്ന് അനുശാസിക്കുന്ന 377-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന ഈ വിധിയെ കാറ്റില്‍പറത്തിക്കൊണ്ടാണ്  ജസ്റ്റിസ് സിംഗ്‌വിയുടെ നേതൃത്വത്തിലുള്ള ബഞ്ചിന്റെ പുതിയ വിധി. 377-ാം വകുപ്പ് പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനും തീരുമാനമായിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവുശിക്ഷയാണ് ലഭിക്കുക. സ്വവര്‍ഗ അനുരാഗികളുടെ സംഘടനകളും മനുഷ്യാവകാശ സംഘടനകളും ഇതിനോടകം വിധിക്കെതിരെ പ്രക്ഷോഭങ്ങളുമായി രംഗത്തെത്തിക്കഴിഞ്ഞു.

ഭിന്നലൈംഗിക വിഭാഗങ്ങള്‍ എന്നത് വിശാലമായ ഒരു പദമാണ്. പ്രകൃതി നിയമം അനുസരിച്ചുള്ള പുരുഷന്‍ അല്ലെങ്കില്‍ സ്ത്രീ എന്ന രണ്ട് ലിംഗവിഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായവരെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. അര്‍ധനാരികള്‍ ( സ്ത്രീ പുരുഷ ഗുണങ്ങളുള്ളവര്‍), സ്ത്രീ രൂപത്തില്‍ നടക്കുന്ന പുരുഷന്മാര്‍, ഇന്റര്‍ സെക്‌സ്, ലിംഗ ഭേദം നടത്തിയവര്‍, ലിംഗ വൈചിത്ര്യമുള്ളവര്‍ തുടങ്ങിയവരെല്ലാം ഈ വിഭാഗത്തില്‍പ്പെടുന്നു. ഇന്ത്യയില്‍ ഈ വിഭാഗം എത്രയെന്നതിന് വ്യക്തമായ കണക്കുകളില്ല. ഏകദേശകണക്കുകള്‍ അനുസരിച്ച് 10 ലക്ഷത്തിലേറെപ്പേരുണ്ടാകും. മാനക്കേട് ഭയന്ന് പുറത്ത് പറയാതെ ജീവിക്കുന്ന ഒരു കൂട്ടം ഭിന്നലൈംഗിക വിഭാഗങ്ങളും നമ്മുടെ രാജ്യത്തുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി നിലകൊള്ളുന്ന സര്‍ക്കാരും ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഭരണഘടനയും ഇവര്‍ക്കു നേരെ കണ്ണടക്കുന്നു.

ശാരീരികമായി പുരുഷനായി ജനിച്ചുവെങ്കിലും സത്രൈണ സ്വഭാവങ്ങള്‍ കാണിച്ചതിന്റെ പേരില്‍ കുടുംബത്തില്‍ നിന്നും പുറത്താക്കപ്പെട്ട കൊല്‍ക്കത്ത സ്വദേശിയായ കൗമാരക്കാരന്‍ എത്തിപ്പെട്ടത് ബംഗാളിലെ ഹിജഡ അസോസിയേഷനോടൊപ്പമാണ്. എന്നാല്‍ ഈ കുട്ടിക്ക് സംരക്ഷണം നല്‍കാനോ അവന്റെ പ്രാഥമികവും മൗലീകവുമായ അവകാശങ്ങള്‍ സ്ഥാപിച്ച് കിട്ടാനോ ഇന്ത്യയില്‍ ഒരു സംഘടനയുടെയും സഹായം ലഭിച്ചില്ല. കുട്ടിയുടെ മാതാപിതാക്കള്‍ക്ക് കൗണ്‍സിലിംഗ് നല്‍കി കുട്ടിയെ തിരിച്ച് വീട്ടിലേക്ക് അയക്കുക എന്നതു മാത്രമായിരുന്നു ഏക പോംവഴി. ഈ ഒരു സംഭവം വിരല്‍ ചൂണ്ടുന്നത് ഭിന്നലൈംഗിക വിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ ലഭിക്കാതെ പോകുന്ന നീതിയുടെ നേര്‍ക്കാണ്. ഇന്ത്യയിലെ ഒരു ആശുപത്രിയില്‍ പോലും ഇവര്‍ക്കായി വാര്‍ഡോ, പ്രത്യേക സൗകര്യങ്ങളോ ഇല്ല. പൊതു ഇടങ്ങളില്‍ മൂത്രപ്പുരകളോ മറ്റു സജ്ജീകരണങ്ങളോ ഇല്ല. ഇതിനെല്ലാം ഉപരി രാജ്യത്തെ പൗരന്‍ എന്ന് തെളിയിയിക്കുന്ന തിരിച്ചറിയല്‍ രേഖകളായ തെരഞ്ഞെടുപ്പ് കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് എന്തിന് ആധാര്‍ കാര്‍ഡില്‍ പോലും സത്രീ/പുരുഷന്‍ എന്നല്ലാതെ ഇവര്‍ക്കായി ഒരു വിഭാഗം ഇല്ല.

രാജ്യത്ത് ചില ഇടങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വന്നു തുടങ്ങിയെന്നത് ആശ്വാസജനകമാണ്. 2008 ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ ട്രാന്‍സ് ജെന്‍ഡര്‍ വെല്‍ഫെയര്‍ ബോര്‍ഡ് എന്ന പേരില്‍ ഒരു ബോര്‍ഡ് രൂപീകരിക്കുകയും പുരുഷനില്‍ നിന്നും സ്ത്രീ ആയി മാറിയ അരവന്നി വിഭാഗത്തിന് പ്രത്യേക തിരിച്ചറിയല്‍ രേഖകള്‍ നല്‍കുകയും ചെയ്തു. ഈ തിരിച്ചറിയല്‍ രേഖ ഈ വിഭാഗത്തിലുള്ളവര്‍ക്ക് വിദ്യാഭ്യാസം, ആരോഗ്യം, സ്വയം തൊഴില്‍ പദ്ധതികള്‍ക്കായുള്ള ലോണുകള്‍ എന്നിവക്ക് 33 ശതമാനം സ്ത്രീ സംവരണം ലഭിക്കുന്നതിനുള്ള രേഖയായി മാറി. 2012 ല്‍ കര്‍ണാടക സര്‍ക്കാര്‍ ഈ വിഭാഗക്കാരെ പിന്നോക്ക വിഭാഗമായി കണക്കാക്കുകയും സാമൂഹ്യരംഗങ്ങളിലെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാക്കുകയും ചെയ്തു.

ഇന്ത്യന്‍ ഭരണ ഘടനയിലെ 14,15,21 എന്നീ അനുച്ഛേദങ്ങള്‍ പ്രകാരം ഇന്ത്യന്‍ പൗരന് ലഭിക്കേണ്ട അവകാശങ്ങളാണ് ഈ വിധിയിലൂടെ ഇവര്‍ക്ക് നഷ്ടമാകുന്നത്. വിഖ്യാത ശാസ്ത്രജ്ഞന്‍ അമര്‍ത്യാസെന്‍ ഉള്‍പ്പടെയുള്ള നൂറുകണക്കിനാളുകള്‍ 2006 ല്‍ ഒരു തുറന്ന കത്തിലൂടെ 377-ാം വകുപ്പിനെ ചോദ്യം ചെയ്തിരുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ വിഭാഗവും ഈ വിധിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ബ്രിട്ടീഷ് കൊളോണിയല്‍ സംസ്‌കാരത്തിന്റെ പിന്തുടര്‍ച്ചയായി ഈ നിയമങ്ങള്‍ തുടരേണ്ടതിന്റെ ആവശ്യകത ഇന്ത്യയിലും ചോദ്യം ചെയ്യപ്പെടുന്നു. ഭിന്ന ലൈംഗിക വിഭാഗങ്ങളിലുള്ളവരെ ക്രൂര പീഡനങ്ങള്‍ക്കിരയാക്കുന്ന രീതിയിലേക്ക് ഈ നിയമം മാറാനും സാധ്യതയുണ്ട്. ഇത്തരം വിഭാഗങ്ങളെ ആരോഗ്യ രംഗത്തു നിന്നും അകറ്റി നിര്‍ത്താന്‍ നിയമം കാരണമാകും. അതുകൊണ്ട് തന്നെ എയ്ഡ്‌സ് ഉള്‍പ്പടെയുള്ള രോഗങ്ങള്‍ രാജ്യത്ത് വ്യാപിക്കാനും ഇടയാകും.

സമകാലീന ലോകത്ത് മനുഷ്യന്‍ മാറ്റങ്ങള്‍ക്ക് വിധേയനായിക്കൊണ്ടിരിക്കുകയാണ്. എല്ലാ മനുഷ്യരെയും അവര്‍ എത്ര ന്യൂനപക്ഷമാണെങ്കിലും സംരക്ഷണം നല്‍കണമെന്നതാണ് നിയമത്തിന്റെ ധര്‍മ്മം. ഇസ്ലാമിക രാഷ്ട്രമായ പാകിസ്ഥാന്‍ ഉള്‍പ്പടെയുള്ള നിരവധി രാജ്യങ്ങള്‍ ഭിന്നലൈംഗിക വിഭാഗങ്ങള്‍ക്ക് നിയമസംരക്ഷണം ഉറപ്പാക്കിക്കഴിഞ്ഞു. സ്വവര്‍ഗ രതി കുറ്റകരമാകുന്ന 377-ാം വകുപ്പ് നിലനിര്‍ത്തണോ ഭേദഗതി ചെയ്യണോ എന്നതില്‍ സര്‍ക്കാരിന് തീരുമാനം എടുക്കാം എന്നതാണ് സുപ്രിം കോടതി അറിയിച്ചിരിക്കുന്നത്. എന്നാല്‍ പൊതു തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ മത സംഘടനകളുടെ സമ്മര്‍ദ്ദത്തിനതീതമായി സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്ന് കരുതാനുള്ള സാധ്യതകള്‍ കുറവാണ്. കോടതി വിധി പ്രാബല്യത്തിലായാല്‍ ഭിന്ന ലൈംഗിക വിഭാഗം ശിക്ഷകളുടെയും രോഗങ്ങളുടെയും മഹാവിപത്തിലേക്ക് നീങ്ങും എന്നതില്‍ സംശയമില്ല.

പൗരാണിക കാലം മുതലുള്ള സ്വവര്‍ഗ്ഗരതിയെന്ന ആശയത്തെ കോളനി വാഴ്ചക്കാലത്തെ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പിന്തുടരേണ്ടത് ആവശ്യമാണോ എന്നത് ഇന്ത്യയും ആലോചിക്കേണ്ടിയിരിക്കുന്നു.ഇനി പന്ത് പാര്‍ലമെന്റിന്റെ കൈകളിലാണ്. ന്യൂനപക്ഷസംരക്ഷണമാണോ വിക്‌ടോറിയന്‍ നിയമങ്ങളാണോ ഇന്ത്യക്ക് വേണ്ടതെന്ന് തീരുമാനിക്കേണ്ടതും പാര്‍ലമെന്റാണ്.

അവകാശത്തെ കയ്യെത്തിപ്പിടിച്ച് സ്വപ്‌ന

ഒരു വശത്ത് ഭിന്നലൈംഗികവിഭാഗങ്ങളിലുള്ളവര്‍ക്കെതിരായി നിയമങ്ങള്‍ ശക്തമാക്കുമ്പോള്‍ മറ്റൊരുവശത്ത് സ്വന്തം അവകാശത്തെ കയ്യെത്തിപ്പിടിച്ചിരിക്കുകയാണ് 23 വയസുള്ള സ്വപ്‌ന. ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ യോഗ്യത നേടുന്ന ആദ്യ ഹിജഡ. മൂന്നാം ലിംഗ വിഭാഗത്തില്‍പ്പെട്ട സ്വപ്‌നക്ക് പരീക്ഷയെഴുതാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തപ്പോള്‍ കോടതി സ്ത്രീ എന്ന വിഭാഗത്തില്‍ പരീക്ഷയെഴുതാന്‍ അവസരം നല്‍കുകയായിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ തമിഴ്‌നാടാണ് സിവില്‍ സര്‍വീസ് പരീക്ഷയെഴുതാന്‍ സ്വപ്‌നക്ക് അവസരം നല്‍കിയത്. കഴിഞ്ഞ രണ്ടു വര്‍ഷമായുള്ള സ്വപ്‌നയുടെ പോരാട്ടത്തിനാണ് ഇതോടെ വിജയമായത്. ലിംഗമാറ്റത്തിന് വിധേയരായ തങ്ങളെപ്പോലുള്ളവരെ തേഡ് ജെന്‍ഡര്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുന്നതെങ്കില്‍ ഫസ്റ്റ് ജെന്‍ഡര്‍ ആരാണ് എന്നായിരുന്നു സ്വപ്‌നയുടെ ചോദ്യം. പുരുഷന്മാരെയാണ് ഒന്നാം ലിംഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത് എങ്കില്‍ എങ്ങനെ അത് ന്യായീകരിക്കാനാകും എന്നും സ്വപ്‌ന ചോദിക്കുന്നു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയം നേടിയാല്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനുള്ള വാതിലാകും സ്വപ്‌നക്ക് മുന്നില്‍ തുറന്നു കിട്ടുന്നത്.

സ്വപ്‌നയുടെ വിജയം ആദ്യപടി മാത്രമാണ്, മറ്റൊരു പരാതിക്കാരിയായ ഗ്രേസ് ബാനു പറയുന്നു. വിദ്യാഭ്യാസ രംഗത്തും തൊഴില്‍ രംഗത്തും ഭിന്നലൈംഗികവിഭാഗങ്ങളിലുള്ളവര്‍ക്കും സംവരണം ലഭ്യമാക്കണമെന്ന ആവശ്യവുമായി പോരാടുകയാണ് ബാനു. ആണും പെണ്ണുമല്ലാ എന്ന് തിരിച്ചറിയുന്നതോടെ തങ്ങളില്‍ പലരും വീടുകളില്‍ നിന്നും നാട്ടില്‍ നിന്നു തന്നെയും പുറത്താക്കപ്പെടുകയാണ് പതിവ്. പിന്നെ ജീവിക്കാന്‍ ഒരു മാര്‍ഗമെന്ന നിലയില്‍ ലൈംഗികവൃത്തിസ്വീകരിക്കേണ്ടി വരുന്നു, ബാനു പറയുന്നു. പലര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാതെ വരുന്നതിനാല്‍ മറ്റൊരു ജോലിയും ലഭിക്കുന്നില്ല. കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗില്‍ ഡിപ്ലോമ നേടിയ വ്യക്തിയാണ് ബാനു. ഒരു കമ്പനിയില്‍ ജോലിയും ലഭിച്ചു. എന്നാല്‍ അവിടെ ബാനുവിനനുഭവിക്കേണ്ടി വന്ന വിവേചനവും  പീഡനവും കൊണ്ട് രണ്ടു വര്‍ഷത്തിലേറെ അവിടെ നില്‍ക്കാന്‍ ബാനുവിന് കഴിയാതെ വന്നു.

*
ധനുജ വെട്ടത്ത് ജനയുഗം

Tuesday, October 22, 2013

ഇരകള്‍ക്ക് ശിക്ഷ നല്‍കുന്ന വിധം

ഡല്‍ഹിയിലെ അതിവേഗ കോടതികളിലൊന്നിലെ അഡിഷണല്‍ സെഷന്‍സ് ജഡ്ജ് വീരേന്ദ്ര ഭട്ട് കഴിഞ്ഞദിവസം ഒരു വിധിന്യായത്തില്‍ അഭിപ്രായപ്പെട്ടത്, പെണ്‍കുട്ടികള്‍ വിവാഹത്തിനുമുമ്പ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടരുതെന്നും അങ്ങനെ സംഭവിക്കുന്നത് അവരുടെ നാശത്തിനാണെന്നും അങ്ങനെയുള്ളവര്‍ക്ക് പിന്നീട് ബലാത്സംഗംചെയ്യപ്പെട്ടു എന്ന് വിലപിക്കാന്‍ അര്‍ഹതയില്ല എന്നുമാണ്. പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പ് പെണ്‍കുട്ടികളുടെ വിവാഹം നടത്തിക്കാനുള്ള "അവകാശം" സ്ഥാപിച്ചെടുക്കാന്‍ നടക്കുന്നവരുടെ അതേ മനോഭാവമാണിത്. വിവാഹവാഗ്ദാനം നല്‍കി ചതിക്കപ്പെടുന്നവരും ലൈംഗികചൂഷണത്തിന് ഇരയാകുന്നവരുമായ എല്ലാ പെണ്‍കുട്ടികള്‍ക്കുമെതിരായ യാഥാസ്ഥിതികത്വത്തിന്റെ ആക്രോശമായാണ് ഈ വിധിന്യായത്തെ വനിതാസംഘടനകള്‍ വിശേഷിപ്പിച്ചത്. ഭരണഘടനാ ലംഘനമായാണ് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് വി എന്‍ ഖാരെ ഇതിനെ വിലയിരുത്തുന്നത്. സ്ത്രീവിരുദ്ധ വിധിന്യായത്തിന്റെ പേരില്‍ ജഡ്ജിക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

തലസ്ഥാന നഗരത്തിലെ ഒരു ന്യായാധിപന്റെ തെറ്റായി ചുരുക്കിക്കാണാവുന്ന വിഷയമല്ല ഇത്. സമാനമായ ചിന്താഗതിയും നടപടികളും സമൂഹത്തില്‍ ശക്തമായി നിലനില്‍ക്കുന്നുണ്ട്. ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി, കേണപേക്ഷിച്ചിരുന്നെങ്കില്‍ അക്രമികള്‍ക്ക് അലിവുതോന്നുമായിരുന്നു എന്ന് അഭിപ്രായപ്പെട്ട ആസാറാം ബാപ്പു ഇന്ന് ബലാത്സംഗക്കുറ്റത്തിന് ഇരുമ്പഴിക്കുള്ളിലാണ്. ആ ബാപ്പുവിനെയും അയാള്‍ പ്രതിനിധാനംചെയ്യുന്ന സാംസ്കാരിക അധഃപതനത്തെയും തോളേറ്റി നടക്കുന്നവര്‍ നമുക്കു ചുറ്റും ഇന്നുമുണ്ട്. ഹരിയാനയിലെ ചില സമുദായ നാട്ടുകൂട്ടങ്ങള്‍ (ഖാപ് പഞ്ചായത്ത്) കോളേജിലും സ്കൂളിലും പോകുന്ന പെണ്‍കുട്ടികളുടെ വസ്ത്രധാരണത്തിലെ "കുഴപ്പം" കണ്ടെത്താന്‍ സ്ക്വാഡുകളെ നിയോഗിച്ചിരിക്കുന്നു. ഏതുതരത്തില്‍ വസ്ത്രം ധരിക്കണമെന്ന് അവര്‍ നിശ്ചയിക്കുന്നു; അതിന്റെ ലംഘനമുണ്ടായി എന്ന് അവര്‍ തീര്‍ച്ചപ്പെടുത്തുകയും ശിക്ഷ വിധിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ അതിന് മൗനാനുവാദം നല്‍കുന്നു. യുവതി ബസ്സ്റ്റോപ്പില്‍ ഭര്‍ത്താവിനോട് ഫോണില്‍ സംസാരിക്കുന്നതിനെ "സംശയിച്ച്" ദമ്പതികളെ സംഘംചേര്‍ന്ന് ആക്രമിച്ച സദാചാര പൊലീസ് വിളയാട്ടം നടന്നത് ഈ കേരളത്തിലാണ്. ഒരുഭാഗത്ത് അനിയന്ത്രിതമായ സ്ത്രീപീഡനം തുടരുമ്പോള്‍, സ്ത്രീയുടെ സ്വകാര്യതയ്ക്കും വ്യക്തിത്വത്തിനും ജീവിക്കാനുള്ള അവകാശത്തിനും നേരെ തുടരെത്തുടരെ കടന്നാക്രമണമുണ്ടാകുന്നു- അതില്‍ ഡല്‍ഹിയും ഹരിയാനയും കേരളവും വേറിട്ടുനില്‍ക്കുന്നില്ല.

യുഡിഎഫ് സര്‍ക്കാര്‍ വന്നശേഷം കഴിഞ്ഞ ജൂണ്‍വരെയുള്ള കണക്കെടുത്താല്‍ കേരളത്തില്‍ പ്രായപൂര്‍ത്തിയാകാത്ത 1234 പെണ്‍കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. ട്രെയിന്‍യാത്രയില്‍ 124 സ്ത്രീകള്‍ പീഡനത്തിന് ഇരയായി. അഞ്ചുവയസ്സിനു താഴെയുള്ള 31 പെണ്‍കുട്ടികളാണ് കാമഭ്രാന്തന്മാര്‍ക്ക് ഇരയായത്. എല്ലാത്തരം സ്ത്രീപീഡനങ്ങളുടെയും രേഖപ്പെടുത്തിയ എണ്ണം 26,837 ആണ്. ഇത് പുറത്തുവന്നതും പരാതി ലഭിച്ചതും കേസ് രജിസ്റ്റര്‍ചെയ്തതുമായ സംഭവങ്ങള്‍മാത്രം. എത്രയോ കൂടുതല്‍ അല്ലാതെയുണ്ടാകും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ചതിയിലും പ്രലോഭനത്തിലും മറ്റും പെട്ട് ഗര്‍ഭിണികളാകുന്ന അനേകം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. സ്വന്തം വീട്ടിലും സ്കൂളിലും വഴിയിലുംവരെ പിഞ്ചുകുഞ്ഞുങ്ങള്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്നു. ലൈംഗികവസ്തുക്കളായി കണ്ട് സ്ത്രീകളെ പ്രാകൃതമായ വിധത്തില്‍ അടിച്ചമര്‍ത്തുകയും തരംതാഴ്ത്തുകയും ചെയ്യുകയാണ്. സ്ത്രീകളെ ലൈംഗികമായി ചൂഷണംചെയ്യാന്‍ പുതിയ സങ്കേതങ്ങള്‍ കണ്ടെത്തുന്നു. ഇന്റര്‍നെറ്റും മൊബൈല്‍ഫോണും സിനിമയും സ്ത്രീവിരുദ്ധതയുടെയും ആഭാസങ്ങളുടെയും കേളീരംഗമാകുന്നത് ചെറുക്കപ്പെടുന്നില്ല. ഇത്തരം കടന്നാക്രമണങ്ങളെ ഫലപ്രദമായി കൈകാര്യംചെയ്യാന്‍ ത്രാണിയുള്ളതല്ല, അംഗവൈകല്യം വന്നതും ദുര്‍ബലവുമാണ് രാജ്യത്തെ നിയമസംവിധാനം.

സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമെതിരായ ലൈംഗികാതിക്രമവും പീഡനവും വര്‍ധിക്കുന്നത് സമൂഹത്തിന്റെ തകരുന്ന മാനസികാരോഗ്യത്തെ പ്രതിഫലിപ്പിക്കുന്നു. സ്ത്രീധനമെന്ന സാമൂഹ്യതിന്മയും മദ്യപാനത്തിന്റെ പ്രശ്നങ്ങളും എല്ലാ മനുഷ്യബന്ധങ്ങളെയും കമ്പോളവല്‍ക്കരിക്കുന്ന മുതലാളിത്ത ചൂഷണവ്യവസ്ഥയും അതിന്റെ ഭാഗമായ കെട്ട നവലിബറല്‍ "മൂല്യ"ങ്ങളും ഇതിന് കാരണമാണ്. സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്ന തരത്തില്‍ സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം ഉണ്ടാക്കുക; ലൈംഗികാതിക്രമങ്ങളും പീഡനങ്ങളും കര്‍ക്കശമായ നിയമപാലനത്തിലൂടെ തടയുക; കുറ്റവാളികള്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുക എന്നിങ്ങനെയുള്ള ബഹുമുഖ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി കൂട്ടായ ഇടപെടലും പരിശ്രമവും അനിവാര്യമായ ഘട്ടമാണിത്. അതിനു പകരമായാണ് യാഥാസ്ഥിതികത്വത്തിന്റെയും കമ്പോളനീതിയുടെയും കാട്ടാള സംസ്കാരത്തിന്റെയും ചലനങ്ങള്‍ നീതിപീഠത്തില്‍നിന്നുവരെ ഉണ്ടാകുന്നത്. വിപല്‍ക്കരമായ ഇത്തരം മനോഭാവങ്ങളെയാണ് ആദ്യം ചികിത്സിക്കേണ്ടത്. ചികിത്സിച്ചു മാറ്റേണ്ട രോഗം പെണ്‍കുട്ടികളുടെ വസ്ത്രധാരണമോ അപക്വതയോ അവിവേകമോ അല്ല എന്നര്‍ഥം. ഡല്‍ഹി ജഡ്ജിയുടെയും ഹരിയാന ജാതിക്കൂട്ടത്തിന്റെയും നടപടികളെ സാമൂഹ്യവിപത്തിന്റെ സൂചനകളായിത്തന്നെ കണ്ട് ചികിത്സിക്കണം.

*
ദേശാഭിമാനി മുഖപ്രസംഗം 22-10-2013

Wednesday, October 16, 2013

സോളാര്‍ കേസ്സും കേരള ജുഡീഷ്യറിയും

ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തിലെ സുപ്രധാന കല്‍ത്തൂണുകളായ ലെജിസ്ലേച്ചറും, എക്‌സിക്യൂട്ടീവും, ജുഡീഷ്യറിയും അവരുടെതായ തലങ്ങളില്‍ പരമാധികാരമുള്ളതും, സ്വതന്ത്രവും വ്യത്യസ്തവുമാണ്. എന്നാല്‍ നീതിന്യായ നിര്‍വ്വഹണ സംവിധാനമായ ജുഡീഷ്യറിയ്ക്ക് ഭരണഘടനയോടുള്ള പ്രതിബദ്ധതയ്ക്ക് അപ്പുറം ഒരു പരസ്യ വിചാരണയ്ക്ക് വിധേയമാകേണ്ട ആവശ്യമില്ല. അതുകൊണ്ട് തന്നെ പ്രിവിലേജ്ഡ് ക്ലാസ്സ് എന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന ഭരണഘടനാ സ്ഥാപനമായ ജുഡീഷ്യറി കൂടുതല്‍ സൂക്ഷ്മതയോടും കൃത്യതയോടും, ജാഗ്രതയോടും പ്രവര്‍ത്തിക്കേണ്ടതാണ്. പൊതുസമൂഹം പ്രതീക്ഷിക്കുന്ന ജാഗ്രതയും, സൂക്ഷ്മതയും, കൃത്യതയും, ജുഡീഷ്യറിയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നോ എന്ന വിലയിരുത്തല്‍ സോളാര്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുന്നത് ജനാധിപത്യ പ്രക്രിയയെ ശാക്തീകരിക്കാന്‍ പ്രേയാജനപ്രദമാകുമെന്ന കാര്യത്തില്‍ സംശയമില്ല.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് ജോയി കൈതാരം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേലുള്ള വിധിന്യായം വായിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.

കേരളത്തിലെ നിരവധി നിരപരാധികളായ നിക്ഷേപകരെ സൗരോര്‍ജ്ജ പാനല്‍ തട്ടിപ്പിന് ഇരയാക്കിയതിനെ കുറിച്ച് ഉയര്‍ന്ന് വന്നിട്ടുള്ള ആക്ഷേപങ്ങളുടെ നിജസ്ഥിതി ബോദ്ധ്യപ്പെടാനാണ് ജോയി കൈതാരം ഹൈക്കോടതിയില്‍ പൊതു താല്പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജിയിലെ മിനിമം ആവശ്യം മുഖ്യമന്ത്രിയുടെ ആഫീസിലെ സി സി റ്റി വി ക്യാമറയും, കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകളും, സര്‍വ്വറും പിടിച്ചെടുത്തു പരിശോധിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കണമെന്നതായിരുന്നു. സി സി റ്റി വി ക്യാമറയും, കമ്പ്യൂട്ടര്‍ ഡിസ്‌കും ആഗസ്റ്റ് 28-ന് തന്നെ പോലീസ് കസ്റ്റഡിയില്‍ എടുത്തുവെന്നും, ആരോപണ വിധേയനായ ഉത്തരവാദിത്തപ്പെട്ട വ്യക്തി (മുഖ്യമന്ത്രി)യെ അന്വേഷണ സംഘം ചോദ്യം ചെയ്തുവെന്നുമാണ് സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായ അഡ്വക്കേറ്റ് ജനറല്‍ പറഞ്ഞത്. എ ജി ഇതു പറഞ്ഞതോടെ ഹര്‍ജിക്കാരന്റെ ആവശ്യം അംഗീകരിക്കപ്പെട്ടു. ഹര്‍ജി infructous ആയി. നിസ്സാരമായ ഈ നിരീക്ഷണത്തോടെ വിധി പറയാന്‍ കഴിയുമായിരുന്ന ഹര്‍ജിയില്‍ 18 പേജു വരുന്ന വിശദമായ വിധി ന്യായം കോടതി പുറപ്പെടുവിച്ചു. ഹര്‍ജിക്കാരന്റെ ന്യായമായ ആവശ്യം കോടതി വിധി കൂടാതെ സര്‍ക്കാര്‍ പരിഗണിച്ച് നടപ്പിലാക്കിയ പശ്ചാത്തലത്തില്‍ എന്തിനായിരുന്നു 18 പേജുള്ള വിശദീകരണ വിധിന്യായം.

ഹര്‍ജിയുടെ വാദം ആരംഭിച്ച ഘട്ടം മുതല്‍ മുഖ്യമന്ത്രിക്കെതിരെ ഒരു പരാതിയും ആരും ഉന്നയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയെ അനാവശ്യമായി അപകീര്‍ത്തിപ്പെടുത്തുന്നു എന്നും നിരന്തരം വാക്കാല്‍ കോടതി നിരീക്ഷിച്ചത് ഞെട്ടലോടെയാണ് കേരളം കേട്ടത്. സി ആര്‍ പി സി 156 (3) അനുസരിച്ച് ശ്രീധരന്‍ നായര്‍ പത്തനംതിട്ട ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയില്‍ കൊടുത്ത സ്വകാര്യ അന്യായത്തില്‍ മുഖ്യമന്ത്രിക്കെതിരെ വ്യക്തമായ കുറ്റാരോപണമുണ്ട്. പ്രസ്തുത ഹര്‍ജിയുടെ ഉള്ളടക്കത്തിലോ, അനുബന്ധ പ്രതിപ്പട്ടികയിലോ പേര് പറയാത്ത ടെന്നി ജോപ്പനെ അന്വേഷണത്തിന്റെ ഭാഗമായി മൂന്നാം പ്രതിയായി ചേര്‍ത്ത് അറസ്റ്റ് ചെയ്ത് കല്‍തുറുങ്കില്‍ അടച്ചപ്പോള്‍ ടെന്നി ജോപ്പന്റെ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ച യുക്തിസഹജമായ ചോദ്യത്തിന് പ്രോസിക്യൂഷന്റെ മറുപടി മൗനമായിരുന്നു. പരാതിയിലെ പ്രതിപ്പട്ടികയില്‍ പേരില്ലാത്ത തന്റെ കക്ഷിയെ പ്രതിയാക്കി ജയിലില്‍ അടച്ചെങ്കില്‍ കുറ്റാരോപിതനായി ഹര്‍ജിയില്‍ പേരുള്ള മുഖ്യമന്ത്രിക്കെതിരെ എന്തു കൊണ്ട് കേസ്സെടുക്കുന്നില്ല എന്നതായിരുന്നു ചോദ്യം. 156 (3) സ്വകാര്യ അന്യായത്തെ ദൃഢീകരിക്കുന്നതായിരുന്നു റാന്നി മജിസ്‌ട്രേട്ടിന് മുമ്പാകെ ശ്രീധരന്‍ നായര്‍ കൊടുത്ത സി ആര്‍ പി സി 164 സ്റ്റേറ്റ്‌മെന്റ്. അതിലും മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമായി ആരോപിക്കുന്നതായി പരസ്യമായി വെളിപ്പെടുത്തുന്നു. ഹൈക്കോടതിയിലും അതാവര്‍ത്തിച്ചു പറയുന്നു. 164 സ്റ്റേറ്റ്‌മെന്റിനു ശേഷം എ ഡി ജി പി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തോട് മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് ശ്രീധരന്‍ നായര്‍ മൊഴി നല്കിയതായി ഹൈക്കോടതിയില്‍ പോലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ പരാതിക്കാരനായ ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് പോലീസിനോട് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ലെന്നും 164 സ്റ്റേറ്റ്‌മെന്റില്‍ താന്‍ ഉറച്ച് നില്ക്കുന്നു എന്നും ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. 40 ലക്ഷം രൂപയുടെ തട്ടിപ്പിന് ഇരയായ താന്‍ മൂന്നാം ഗഡു ചെക്ക് ക്ലിയര്‍ ചെയ്തത് 2012 ജൂലൈ 9-ന് രാത്രി 8 മണിക്കു സരിതാ എസ് നായരുമായി മുഖ്യമന്ത്രിയെ കണ്ട് വിശ്വാസ്യത ഉറപ്പ് വരുത്തിയതിന് ശേഷമാണെന്ന് ശ്രീധരന്‍ നായര്‍ ഹൈക്കോടതിയിലും, രണ്ട് മജിസ്‌ട്രേട്ട് കോടതിയിലും രേഖാമൂലം പറയുമ്പോള്‍ മുഖ്യമന്ത്രിക്കെതിരെ ആരും പരാതി ഉന്നയിച്ചില്ലെന്ന് എങ്ങനെ വിധിക്കാന്‍ കഴിയും? കോടതി മുറിയില്‍ ശ്രീധരന്‍ നായരുടെ അഭിഭാഷകന്‍ ഈ കാര്യം ആവര്‍ത്തിക്കുമ്പോഴും കോടതി, വിരുദ്ധ നിലപാട് സ്വീകരിക്കുന്നത് കേട്ടു കേള്‍വി പോലും ഇല്ലാത്ത സംഭവമാണ്. 2012 ജൂലൈ 9-ന് ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ കണ്ടു എന്ന് മുഖ്യമന്ത്രി നിയമസഭയിലും, പുറത്തും സമ്മതിക്കുമ്പോഴും 2012 ജൂണ്‍ 22-ന് മുമ്പാണ് ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ കണ്ടതെന്ന് അസന്നിഗ്ധമായി വിധിയില്‍ പ്രഖ്യാപിക്കുന്നു. ജൂലൈ 9-ന് രാത്രി 8 മണിക്ക് ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ കണ്ടു എന്ന് സര്‍വ്വരും സമ്മതിക്കുമ്പോള്‍ ജൂണ്‍ 22-ന് മുമ്പാണ് മുഖ്യമന്ത്രിയെ കണ്ടതെന്ന് സംശയരഹിതമായി വിധി പ്രഖ്യാപിക്കുന്നത് ഏത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ? മേല്‍ പറഞ്ഞതിനെക്കാള്‍ ഞെട്ടിപ്പിക്കുന്നതാണ് വിധിന്യായത്തിലെ 8-ാം ഖണ്ഡിക.
'There are no materials before this court to find that there is assurance on the part of the Chief Minister about the credentials of 'Team Solar' and that encouraged the complaint to do business with Saritha. S.Nair. Even assuming for a moment that he made assurance and encouraged the complaint to do business with Saritha.S.Nair, the same would not amount to any criminal act attracting Section 420 r/w 34 IPC'. മുഖ്യമന്ത്രിയുടെ പ്രേരണയും, പ്രചോദനവും മൂലം നിക്ഷേപകര്‍ തട്ടിപ്പിനിരയായാല്‍ മുഖ്യമന്ത്രി കുറ്റക്കാരനല്ലെന്ന് മുന്‍കൂറായി വിധിക്കുന്നത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്?

മുഖ്യമന്ത്രി കുറ്റക്കാരനാണോ അല്ലയോ എന്നത് കോടതിയുടെ പരിഗണനാ വിഷയമല്ല. ഇത് സംബന്ധമായ കേസ്സുകള്‍ മജിസ്‌ട്രേറ്റ് കോടതികളില്‍ Pending ആണ്. ശ്രീധരന്‍ നായര്‍ സമര്‍പ്പിച്ച സ്വകാര്യ അന്യായത്തിന്മേലും 164 സ്റ്റേറ്റ്‌മെന്റിന്റെ അടിസ്ഥാനത്തിലും അന്വേഷണം പൊലീസിന്റെ ഭാഗത്ത് നടക്കുന്ന സമയത്താണ് മുഖ്യമന്ത്രിയെ കുറ്റവിമുക്തനാക്കുന്ന വിധി എന്നത് ഗൗരവതരമാണ്. പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയില്‍ ശ്രീധരന്‍ നായര്‍ സമര്‍പ്പിച്ച സ്വകാര്യ അന്യായത്തില്‍ അന്വേഷണം നടത്തി ചാര്‍ജ്ജ് ഷീറ്റ് പോലും സമര്‍പ്പിച്ചിട്ടില്ല. അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് വിചാരണ കോടതിയില്‍ ട്രയല്‍ ആരംഭിക്കുന്നതിന് മുമ്പും ഉന്നത നീതിപീഠമായ ഹൈക്കോടതി മുന്‍കൂറായി മുഖ്യമന്ത്രിയെ കുറ്റവിമുക്തമാക്കി വിധി പ്രസ്താവിച്ചതിലൂടെ സോളാര്‍കേസുമായി ബന്ധപ്പെട്ട അന്വേഷണവും കീഴ്‌കോടതികളിലെ വിചാരണയും പൂര്‍ണ്ണമായി അട്ടിമറിക്കപ്പെട്ടിരിക്കുന്നു. പൊലീസിന്റെ അന്വേഷണത്തിലും മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള ഒരു കേസ്സില്‍ വിചാരണ കൂടാതെ ഹൈക്കോടതി വിധി പ്രഖ്യാപിച്ച് പൊലീസ് അന്വേഷണത്തിനും കീഴ്‌ക്കോടതി വിചാരണയും, പൂര്‍ണ്ണമായും അപ്രസക്തമാകും. സംസ്ഥാനത്തെ വിവാദമായ തട്ടിപ്പ് കേസില്‍ ഗുരുതരമായ കുറ്റാരോപണങ്ങള്‍ വിധേയനായിരിക്കുന്ന മുഖ്യമന്ത്രിയെ അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് കുറ്റ വിമുക്തനായി പ്രഖ്യാപിക്കുന്ന ഹൈക്കോടതി വിധി അന്വേഷണത്തില്‍ കോടതിയുടെ നഗ്നമായ ഇടപെടലാണ്. സുപ്രിംകോടതിയുടെ നിരന്തരമായ നിര്‍ദ്ദേശങ്ങളും, വിധിന്യായങ്ങളും പരസ്യമായി  ലംഘിക്കുന്നതാണ്. ഈ കേസ്സില്‍ പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയിലെ വിചാരണയ്ക്കും പൊലീസ് അന്വേഷണത്തിനും ഇനി എന്തു പ്രസക്തിയാണുള്ളത്. വിചാരണയ്ക്ക് മുമ്പ് വിധി പ്രഖ്യാപിച്ചതിലൂടെ സോളാര്‍ കേസ്സിന്റെ തുടരന്വേഷണവും ക്രിമിനല്‍ നടപടി ക്രമങ്ങളും പൂര്‍ണ്ണമായും നിരര്‍ത്ഥകമായി കഴിഞ്ഞിരിക്കുന്നു.

സോളാര്‍ കേസ്സുമായി ബന്ധപ്പെട്ട് വിചാരണ കോടതികള്‍ സ്വീകരിച്ചിട്ടുള്ള നടപടി ക്രമങ്ങളും സംശയത്തിന്റെയും, ദുരൂഹതയുടെയും കരിനിഴലിലാണ്. കൊച്ചി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സരിത എസ് നായരുടെ മൊഴി രേഖപ്പെടുത്താതെ കാലവിളംബം ഉണ്ടാക്കിയ നടപടി ഏറെ ചര്‍ച്ചാ വിഷയം ആയതും ഹൈക്കോടതിയുടെ അന്വേഷണത്തിലുള്ളതുമാണ്. 21 പേജുണ്ടായിരുന്ന സരിത എസ് നായരുടെ മൊഴി മൂന്നര പേജായി ചുരുങ്ങിയതിന്റെ പിന്നില്‍ ജുഡീഷ്യറി കക്ഷിയായത് ജനങ്ങളില്‍ വലിയ ആശങ്കയാണ് വളര്‍ത്തിയെടുത്തിയിട്ടുള്ളത്. സി ആര്‍ പി സി 207 അനുസരിച്ച് പ്രതിക്കെതിരെ കോടതിയില്‍ ഉന്നയിക്കുന്ന രേഖകളുടെ പകര്‍പ്പ് ലഭിക്കാന്‍ അവകാശമുണ്ടെന്നിരിക്കെ പത്തനംതിട്ട കോടതി ശ്രീധരന്‍ നായരുടെ 164 മൊഴിപ്പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ടെന്നി ജോപ്പന്റെ അപേക്ഷ നിരസിച്ചത് വിവാദമായതാണ്. മുഖ്യമന്ത്രിക്ക് എതിരായി ശ്രീധരന്‍ നായര്‍ കൊടുത്ത 164 സ്റ്റേറ്റ്‌മെന്റ് ഇനിയും പുറത്ത് വരാത്തത് കോടതി ഇടപെടലുകളുടെ ഭാഗമാണ്. ആലുവ കോടതിയില്‍ ബിജു രാധാകൃഷ്ണന് പരസ്യമായി മജിസ്‌ട്രേറ്റിനോട് മൊഴി പറയണമെന്ന് ആവശ്യമുന്നയിച്ചപ്പോള്‍ അഭിഭാഷകരെപ്പോലും പുറത്താക്കി രഹസ്യമൊഴി എടുത്തതും ശ്രദ്ധേയമാണ്. ഹൈക്കോടതിയുടേത് സാധാരണ നടപടിയാണെങ്കിലും സോളാര്‍ കേസ്സ് കേട്ടിരുന്ന രണ്ട് ബഞ്ചുകളിലെ ജഡ്ജിമാരുടെ മാറ്റവും സംശയത്തിന്റെ കരിനിഴല്‍ വീഴ്ത്തി. കൂടാതെ ഭൂമി തട്ടിപ്പ് കേസ്സിലെ പ്രതിയായ സലീം രാജിന്റെ ടെലിഫോണ്‍ കോള്‍ലിസ്റ്റും ശബ്ദരേഖയും പരിശോധിക്കണമെന്ന സിംഗിള്‍ ബഞ്ച് വിധിക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ സ്റ്റേ ലഭ്യമായതും ജനങ്ങളില്‍ സംശയത്തിന്റെ ആക്കം വര്‍ദ്ധിപ്പിച്ചു.

ജുഡീഷ്യറിയുടെ വിശ്വാസ്യതയ്ക്ക് കളങ്കമുണ്ടായാല്‍ തകരുന്നത് നിയമവാഴ്ചയായിരിക്കും. അതിനവസരം നല്കാതെ ജനാധിപത്യത്തെ ശാക്തീകരിക്കാനുള്ള ഉന്നതദൗത്യം ഏറ്റെടുക്കാനുള്ള ഉത്കൃഷ്ടമായ നീതിബോധവും നിര്‍വ്വഹണവും ജുഡീഷ്യറിയില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നു. അതിനുള്ള കരുത്ത് നമ്മടെ ജുഡീഷ്യറിക്ക് ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കാം.

*
എന്‍ കെ പ്രേമചന്ദ്രന്‍  (ലേഖകന്‍ മുന്‍മന്ത്രിയും ആര്‍ എസ് പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവുമാണ്)

കടപ്പാട്: ജനയുഗം ചിത്രം വിക്കിപീഡിയയില്‍ നിന്ന്

Saturday, October 12, 2013

രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണവും സുപ്രീം കോടതിയുടെ നിലപാടും

ക്രിമിനല്‍ കേസില്‍ രണ്ടു വര്‍ഷമോ അതിലധികമോ കാലത്തേക്ക് എംപിയോ എംഎല്‍എയോ ശിക്ഷിയ്ക്കപ്പെട്ടാല്‍ ഉടന്‍ അവര്‍ അയോഗ്യരാക്കപ്പെടുമെന്ന ജൂലൈ 10െന്‍റ സുപ്രീംകോടതി വിധി മറികടക്കുന്നതിനായി ഗവണ്‍മെന്‍റ് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച ബില്ലും തുടര്‍ന്ന് ധൃതിപിടിച്ച് കൊണ്ടുവന്ന ഓര്‍ഡിനന്‍സും പിന്‍വലിയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. രാഷ്ട്രീയത്തില്‍ ""ആളാവാന്‍"" വേണ്ടി രാഹുല്‍ഗാന്ധി നടത്തിയ അസംബന്ധ നാടകത്തിന്റെ ഈ രണ്ടാമങ്കം മൂന്ന് കാര്യങ്ങളാണ് പൊതുജനശ്രദ്ധയില്‍ കൊണ്ടുവരുന്നത്.

ഒന്നാമത്തേത്, ബൂര്‍ഷ്വാ രാഷ്ട്രീയത്തിലെ വര്‍ധിച്ചുവരുന്ന ക്രിമിനല്‍വല്‍ക്കരണവും അഴിമതിയുമാണ്. (സിപിഐ എം അടക്കമുള്ള ഇടതുപക്ഷകക്ഷികളെ ഈ ദോഷം ബാധിച്ചിട്ടില്ല എന്ന് എടുത്തുപറയേണ്ടതുണ്ട്). പാര്‍ലമെന്‍റിലേയും വിവിധ സംസ്ഥാനങ്ങളിലേയും ""ജന"" പ്രതിനിധികളില്‍ 30 ശതമാനത്തോളം പേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരോ ക്രിമിനല്‍ സ്വഭാവമുള്ളവരോ കടുത്ത അഴിമതിക്കാരെന്ന് തെളിഞ്ഞവരോ ആണ് എന്ന് കണക്കുകള്‍ കാണിക്കുന്നു. ഇത്തരക്കാരെ നിയമനിര്‍മാണ സഭകളില്‍നിന്ന് ഒഴിവാക്കേണ്ടതും അവര്‍ തിരഞ്ഞെടുക്കപ്പെടുന്നത് തടയേണ്ടതും അനിവാര്യമാണ്.ജനാധിപത്യബോധമുള്ള സര്‍വരും അംഗീകരിക്കുന്ന കാര്യമാണത്. തിരഞ്ഞെടുപ്പ് പ്രക്രിയ സമഗ്രമായി പരിഷ്കരിക്കേണ്ടതും അതിന്നനുസരിച്ച് ജനപ്രാതിനിധ്യനിയമത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതും അത്യാവശ്യമാണ്. സിപിഐ എം ഈ ആവശ്യം നേരത്തെതൊട്ടേ ഉന്നയിച്ചുകൊണ്ടിരിക്കുന്നുണ്ട്. പണാധിപത്യവും ക്രിമിനലുകളുടെ ആധിപത്യവും തടഞ്ഞ്, യഥാര്‍ത്ഥ ജനപ്രതിനിധികള്‍ മാത്രം നിയമനിര്‍മാണസഭകളില്‍ എത്തുന്നതിനുള്ള സാഹചര്യമൊരുക്കേണ്ടത് നിയമപരമായും ധാര്‍മികമായും അനിവാര്യമാണ്. എന്നാല്‍ ആ വഴിയ്ക്ക് ഗവണ്‍മെേന്‍റാ ഭരണകക്ഷികളോ ചിന്തിയ്ക്കുന്നില്ല എന്നതാണ് വസ്തുത.

സുപ്രീംകോടതി വിധി അതിന് വഴിവെയ്ക്കുമെങ്കില്‍ അത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ സുപ്രീംകോടതിയുടെ ജൂലൈ 10െന്‍റ വിധിയില്‍, രാജ്യത്തെ നിയമവ്യവസ്ഥ സാധാരണ പൗരന്മാര്‍ക്ക് അനുവദിക്കുന്ന ഒരു നിയമപരിരക്ഷ ലംഘിയ്ക്കുന്നുവെന്ന വസ്തുത നാം കാണാതിരുന്നുകൂടാ. ഇതാണ് പരിഗണിയ്ക്കപ്പെടേണ്ട രണ്ടാമത്തെ കാര്യം. ഏതെങ്കിലും ഒരു കീഴ്കോടതി ഒരു പൗരനെ ശിക്ഷിച്ചാല്‍ അയാള്‍ക്കു മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുന്നതിനുള്ള അവകാശമുണ്ട്. മേല്‍ക്കോടതിവിധി വരുന്നതുവരെ കീഴ്ക്കോടതിവിധി നടപ്പാക്കാതെ നിര്‍ത്തിവെയ്ക്കുന്നതിനുള്ള വ്യവസ്ഥയുമുണ്ട്. കീഴ്ക്കോടതിയുടെ ശിക്ഷ മേല്‍ക്കോടതി റദ്ദാക്കുകയാണെങ്കില്‍ ശിക്ഷയില്‍നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്യും. എന്നാല്‍ ഈ സാമാന്യയുക്തി ജനപ്രതിനിധികളുടെ കാര്യത്തില്‍ സുപ്രീംകോടതി കാണിക്കുന്നില്ല. രണ്ടുകൊല്ലത്തിലധികം കാലത്തേക്ക് കീഴ്ക്കോടതി ശിക്ഷിച്ചാല്‍ ഉടന്‍ അംഗത്വം നഷ്ടപ്പെടും എന്ന വിധി, ആ അര്‍ഥത്തില്‍ നീതിനിഷേധം തന്നെയാണ്. അത് പുനഃപരിശോധിയ്ക്കണമെന്ന ഹര്‍ജി പരിഗണനയ്ക്കെടുക്കാതെത്തന്നെ തള്ളുകയും ചെയ്തു.

ജനപ്രതിനിധികള്‍ക്ക് അപ്പീലിന് അനുവാദം നല്‍കുന്ന ജനപ്രാതിനിധ്യ നിയമത്തിലെ 8(4) വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി നിരീക്ഷിയ്ക്കുകയും ചെയ്തിട്ടുണ്ട്. ഈ വിധിയും വോട്ടെടുപ്പില്‍ നിഷേധ വോട്ടിനു സ്ഥാനം നല്‍കലും അടക്കമുള്ള പല വിധികളിലും സുപ്രീംകോടതി തങ്ങളുടെ അധികാരപരിധി കടന്ന് നിയമനിര്‍മാണാധികാരം സ്വയം കയ്യാളുന്നുവെന്ന ആരോപണം ഉയര്‍ന്നുവന്നിട്ടുണ്ട്. ഗൗരവമായ ചര്‍ച്ചയ്ക്ക് വിഷയമാകേണ്ടതാണിത്. ഓര്‍ഡിനന്‍സും ബില്ലും പിന്‍വലിയ്ക്കുന്നതില്‍ അടങ്ങിയിട്ടുള്ള മൂന്നാമത്തെ കാര്യം കോണ്‍ഗ്രസ്സിന്റെ നയപരമായ പാപ്പരത്തവും കെടുകാര്യസ്ഥതയും രാഹുല്‍ഗാന്ധിയുടെ സ്വേച്ഛാധികാര പ്രമത്തതയും തന്നെയാണ്. പ്രശ്നം സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ത്ത് ചര്‍ച്ച ചെയ്യണമെന്ന സിപിഐ എമ്മിെന്‍റ നിര്‍ദേശം വകവെയ്ക്കാതെ, ഓര്‍ഡിനന്‍സുമായി ഇറങ്ങിപ്പുറപ്പെട്ട കോണ്‍ഗ്രസ് ഈ കാര്യത്തില്‍ നാണംകെട്ടു.

ജനാധിപത്യബോധം, പാര്‍ടി അച്ചടക്കം, രാഷ്ട്രീയ പക്വത, പരപക്ഷ ബഹുമാനം തുടങ്ങി ഒരു രാഷ്ട്രീയ നേതാവിനുണ്ടായിരിക്കേണ്ട ഗുണങ്ങളൊന്നും കാണിയ്ക്കാതെ, ""ഷൈന്‍"" ചെയ്യാന്‍ ചാടിപ്പുറപ്പെട്ട രാഹുല്‍ഗാന്ധി പ്രധാനമന്ത്രി പദത്തെ അപമാനിച്ചുവെന്ന ആരോപണംപോലും ഉയര്‍ന്നുവന്നിട്ടുണ്ട്. സുപ്രീംകോടതിവിധി വന്നപ്പോഴോ കോണ്‍ഗ്രസ്സിന്റെ കോര്‍ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തപ്പോഴോ മന്ത്രിസഭ തീരുമാനിച്ചപ്പോഴോ ഓര്‍ഡിനന്‍സ് കൊണ്ടുവന്നപ്പോഴോ ഒന്നും ഭിന്നാഭിപ്രായം പ്രകടിപ്പിയ്ക്കാത്ത രാഹുല്‍ (ജനങ്ങളെ ബാധിക്കുന്ന മറ്റൊരു വിഷയത്തിലും ജനാഭിപ്രായത്തിന് ഇദ്ദേഹം വില കല്‍പിക്കാറില്ല) പെട്ടെന്ന് വട്ടുപിടിച്ച പോലെ പ്രതികരിച്ചത് മറ്റെന്തോ ഉദ്ദേശം കൊണ്ടാവാം. അതെന്തായാലും നേതൃസ്ഥാനത്തേക്ക് തള്ളിയുയര്‍ത്തപ്പെടുന്ന ഒരാള്‍ക്ക് ഈ സ്വേച്ഛാധിപത്യ പ്രവണത ഒട്ടും ഭൂഷണമല്ല; കോണ്‍ഗ്രസ് പാര്‍ടിക്കും.

*
നാരായണന്‍ ചെമ്മലശ്ശേരി chintha weekly

Tuesday, October 8, 2013

ചെലവിനു കൊടുക്കാതിരിക്കാന്‍ ജയിലില്‍ പോയാല്‍

ഭാര്യക്കും കുട്ടിക്കും ചെലവിനു നല്‍കാന്‍ കോടതി വിധിച്ചാല്‍ "ചെലവിനു തരില്ല, ഞാന്‍ ജയിലില്‍ പൊക്കോളാം" എന്നു പറഞ്ഞാല്‍ മതിയോ? ജയില്‍വാസംകൊണ്ട് ചെലവു കൊടുക്കുന്നതില്‍നിന്ന് ഭര്‍ത്താവിന് ഒഴിവാകാനാകുമോ? ദീര്‍ഘകാലം ജീവനാംശം കുടിശ്ശികവരുത്തിയാല്‍ അത് ഒന്നിച്ച് ആവശ്യപ്പെടാമോ? ഈ ചോദ്യങ്ങള്‍ കഴിഞ്ഞാഴ്ച സുപ്രീംകോടതിയില്‍ ഉന്നയിക്കപ്പെട്ടു. ജയിലില്‍ പോയതുകൊണ്ട് ജീവനാംശം കൊടുക്കുന്നതില്‍നിന്ന് ഒഴിവാകില്ലെന്നും കുടിശ്ശിക മഴുവന്‍ ആവശ്യപ്പെടാമെന്നും സുപ്രീം കോടതി ആവര്‍ത്തിച്ച് വ്യക്തമാക്കി. മുമ്പും പലവട്ടം ഇക്കാര്യം വിധിച്ചിട്ടുണ്ടെങ്കിലും ഒരു കേസില്‍ ജീവനാംശ കുടിശ്ശിക നല്‍കുന്നതില്‍നിന്ന് ജയിലില്‍പോയ ഭര്‍ത്താവിനെ ഒഴിവാക്കുന്ന ഉത്തരവ് മദ്രാസ് ഹൈക്കോടതിയില്‍നിന്നുണ്ടായി. ഈ വിധി റദ്ദാക്കിയാണ് സുപ്രീം കോടതി ഇക്കാര്യം വീണ്ടും ഉറപ്പിച്ച് പറഞ്ഞത്.

2013 സെപ്തംബര്‍ 27നായിരുന്നു സുപ്രീം കോടതിവിധി. ക്രിമിനല്‍ നടപടിചട്ടത്തിലെ 125-ാം വകുപ്പുപ്രകാരമാണ് ജീവനാംശം നല്‍കേണ്ടത്. ജീവനാംശം കൊടുക്കാന്‍ കോടതി ഉത്തരവിട്ടാല്‍ മതിയായ കാരണങ്ങളില്ലാതെ അതു കൊടുക്കാതിരുന്നാല്‍ എന്തുവേണമെന്ന് 125-ാം വകുപ്പിന്റെ മൂന്നാം ഉപവകുപ്പില്‍ പറയുന്നുണ്ട്. ഓരോ തവണ വീഴ്ചവരുത്തുമ്പോഴും പിഴ ഈടാക്കാന്‍ വാറന്റ് അയക്കാം. ഓരോ തവണയും ഒരുമാസംവരെയോ തുക നല്‍കുന്നതുവരെയോ തടവുശിക്ഷയും വിധിക്കാം. തമിഴ്നാട്ടില്‍നിന്ന് തങ്കവേലുവിന്റെ ഭാര്യയും മകനുമാണ് സുപ്രീം കോടതിയിലെത്തിയത്. 1998ലാണ് തങ്കവേലു ഭാര്യക്കും കുട്ടിക്കും ചെലവിനു നല്‍കണമെന്ന് കോടതി വിധിച്ചത്. പ്രതിമാസം 300 രൂപവീതം കണക്കാക്കി ഇരുവര്‍ക്കും 1993 മുതലുള്ള തുക നല്‍കാനായിരുന്നു വിധി. തങ്കവേലു പണം കൊടുത്തില്ല. ഭാര്യ വീണ്ടും കോടതിയില്‍ പോയി. വിധി മാനിക്കാത്ത തങ്കവേലുവിന് കോടതി ജയില്‍ശിക്ഷ വിധിച്ചു. വീണ്ടും തങ്കവേലു പണം കൊടുത്തില്ല.

2002ല്‍ അതുവരെയുള്ള ജീവനാംശം ചോദിച്ച് ഭാര്യയും മകനും വീണ്ടും കോടതിയിലെത്തി. കോടതി ആ തുകയും കൊടുക്കാന്‍ വിധിച്ചു. ഈ വിധിക്കെതിരെ തങ്കവേലു ഹൈക്കോടതിയിലെത്തി. ഹൈക്കോടതി 2002നു തൊട്ടുമുമ്പുള്ള ഒരുകൊല്ലത്തെ ജീവനാംശം മാത്രം നല്‍കിയാല്‍ മതിയെന്നു വിധിച്ചു. അപേക്ഷിക്കുന്ന തീയതിക്ക് തൊട്ടുമുമ്പുള്ള ഒരുവര്‍ഷത്തെ കുടിശ്ശിക മാത്രമേ ചോദിക്കാനാകൂ എന്ന് നിയമത്തിലുണ്ടെന്നും അതിനേ അര്‍ഹതയുള്ളൂ എന്നുമാണ് ഹൈക്കോടതി ഇതിനു കണ്ടെത്തിയ ന്യായം. ഈ വിധിക്കെതിരെയാണ് തങ്കവേലുവിന്റെ ഭാര്യ പൂങ്കാടി സുപ്രീം കോടതിയില്‍ എത്തിയത്. ഹൈക്കോടതി തെറ്റായാണ് നിയമവ്യാഖ്യാനം നടത്തിയതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നിയമത്തിലെ ഒരുവര്‍ഷ കാലാവധിവ്യവസ്ഥ ഇത്തരത്തില്‍ ജീവനാംശ കുടിശ്ശിക നിഷേധിക്കാനല്ല. ചെലവിനു കിട്ടാത്ത ഒരാള്‍ അത് കിട്ടാനായി ഒരുവര്‍ഷത്തിനകം കോടതിയില്‍ പോകാതിരുന്നാലാണ് ഈ വ്യവസ്ഥ ബാധകമാകുക.

ഈ കേസില്‍ അവര്‍ നേരത്തെത്തന്നെ പരാതിയുമായി കോടതിയില്‍ എത്തിയതാണ്. പണം നല്‍കാത്തതിന് ജയിലില്‍ പോയി എന്നതുകൊണ്ട് പണം കൊടുക്കാനുള്ള ബാധ്യത ഇല്ലാതാകുന്നില്ല. പണം കൊടുക്കണമെന്ന് നിയമം പറയുന്നു. കൊടുക്കാതിരുന്നാല്‍ ശിക്ഷിക്കാമെന്നും പറയുന്നു. ഇതിനര്‍ഥം പണം കൊടുക്കാതെ ജയിലില്‍ പോയാല്‍ ബാധ്യത തീര്‍ന്നു എന്നല്ല. പണം കൊടുക്കാത്തതിന് ശിക്ഷ അനുഭവിക്കുന്നതുകൊണ്ട് പണം കൊടുക്കണമെന്ന നിയമപരമായ ബാധ്യതയില്‍നിന്ന് ഒഴിയാനാവില്ല. ജയിലില്‍ അയക്കുമെന്ന് നിയമം പറയുന്നത് പണം ഈടാക്കാനുള്ള മാര്‍ഗമെന്ന നിലയിലാണ്. അല്ലാതെ പണം നല്‍കുന്നതിനു പകരം എന്ന നിലയിലല്ല. 2002ല്‍ ജീവനാംശം തേടി പൂങ്കാടി കോടതിയിലെത്തിയത് മുമ്പു നല്‍കിയ കേസിന്റെ തുടര്‍ച്ച എന്ന നിലയിലാണ്. പണം നല്‍കുന്നതില്‍ വീണ്ടും വീണ്ടും വീഴ്ചവരുത്തിയതിനാലാണ് ഇതു വേണ്ടിവന്നത്. അതുകൊണ്ട് 1993 മുതലുള്ള കുടിശ്ശികയ്ക്ക് പൂങ്കാടിക്കും മകനും അര്‍ഹതയുണ്ട്. ഈ തുക ആറുമാസത്തിനകം തങ്കവേലു നല്‍കണമെന്ന് സുപ്രീം കോടതി വിധിയില്‍ പറഞ്ഞു. സെപ്തംബറിലെ തുക ഒക്ടോബര്‍ ഏഴിനകം കൊടുക്കുകയും വേണം. തുടര്‍ന്നുള്ള മാസങ്ങളിലും ഏഴാം തീയതിക്കകം കൊടുക്കണം. ഇതു പാലിച്ചില്ലെങ്കില്‍ വാറന്റ് അയച്ച് തങ്കവേലുവിനെ കസ്റ്റഡിയിലെടുത്ത് ജയില്‍ശിക്ഷ നല്‍കണമെന്നും വിധിയില്‍ വ്യക്തമാക്കി. ജ. സുധാംശുജ്യോതി മുഖോപാധ്യായ, ജ. രഞ്ജന്‍ ഗോഗോയി എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് വിധി.

*
അഡ്വ. കെ ആര്‍ ദീപ

Tuesday, October 1, 2013

സ്വാശ്രയം: സുപ്രീംകോടതി വിധിയുടെ മാനങ്ങള്‍

ഇന്ത്യയിലെ പ്രൊഫഷണല്‍ വിദ്യാഭ്യാസത്തെ സംബന്ധിച്ച, ഏറ്റവും ശ്രദ്ധേയമായ വിധിന്യായമാണ് സെപ്തംബര്‍ എട്ടിന് സുപ്രീംകോടതി പുറപ്പെടുവിച്ചത്. മെഡിക്കല്‍ കോളേജുകളില്‍ നേരത്തെ അനുവദിച്ചതിലധികം വിദ്യാര്‍ത്ഥികളെ പുതിയവര്‍ഷം (2013-2014) പ്രവേശിപ്പിക്കാനുള്ള സ്വകാര്യ സ്വാശ്രയ കോളേജുകളുടെ നീക്കത്തെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ തടഞ്ഞിരുന്നു. ഈ തീരുമാനം ഉള്‍ക്കൊള്ളിച്ച കത്ത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് റോഹില്‍ഖണ്ഡ് മെഡിക്കല്‍കോളേജ് (യുപി) സമര്‍പ്പിച്ച ഹര്‍ജി റദ്ദാക്കിക്കൊണ്ട് ജസ്റ്റിസുമാരായ കെ എസ് രാധാകൃഷ്ണന്‍, എ കെ സിക്രി എന്നിവരുടെ ബഞ്ച് നടത്തിയ നിരീക്ഷണങ്ങളെല്ലാം വര്‍ത്തമാനകാലത്ത് ഏറെ പ്രാധാന്യമുള്ളവയാണ്.

മെഡിക്കല്‍ ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ക്ക് സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങള്‍ കോടികളാണ് വിദ്യാര്‍ത്ഥികളില്‍നിന്ന് ഈടാക്കുന്നത്. ഫീസ്, സംഭാവന എന്നീ പേരുകളിലാണ് വന്‍ തുക കൈപ്പറ്റുന്നത്. അതുകൊണ്ടുതന്നെ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുന്നത് വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിനോ സാമൂഹ്യസേവനത്തിനോ അല്ല, സ്വന്തം നേട്ടത്തിനുവേണ്ടിയാണ്. കേന്ദ്രസര്‍ക്കാരും ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയവും ഇന്റലിജന്‍സ് വിഭാഗവും സിബിഐയും സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളിലൂടെയുള്ള തലവരിപ്പണം തടയാതിരുന്നാല്‍ ഇവയെല്ലാം വമ്പന്‍ ധനകാര്യ സ്ഥാപനങ്ങളായി മാറുമെന്നും വിധിയില്‍ ചൂണ്ടിക്കാട്ടി. രണ്ടാം യുപിഎ സര്‍ക്കാരിനുകീഴില്‍ ഉന്നത വിദ്യാഭ്യാസം എത്രമാത്രം കമ്പോളവത്കരിക്കപ്പെട്ടു എന്നതിന്റെ തെളിവുകളാണ് സുപ്രീംകോടതിയുടെ ഈ വിധിയെന്ന് നമുക്ക് മനസ്സിലാക്കാനാവും. സ്വാശ്രയ ലോബിയുടെ താല്‍പര്യം കച്ചവടംതന്നെയെന്ന് വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്ന എസ്എഫ്ഐയുടെ വാദങ്ങള്‍ ശരിയാണെന്ന് ഇനിയെങ്കിലും ഞങ്ങളുടെ വിമര്‍ശകര്‍ക്ക് അംഗീകരിക്കേണ്ടിവരും. സ്വാശ്രയ കോളേജുകളെ സംബന്ധിച്ച സുപ്രീംകോടതിയുടെ മുന്‍ വിധിന്യായങ്ങളില്‍ പലതും വിദ്യാഭ്യാസരംഗത്ത് അനഭിലഷണീയമായ പ്രവണതകളെ ക്ഷണിച്ചുവരുത്തി. സ്വകാര്യ ന്യൂനപക്ഷ സ്ഥാപനങ്ങളെക്കുറിച്ചുള്ള; ടിഎംഎ പൈ ഫൗണ്ടേഷന്‍ വേഴ്സസ് സ്റ്റേറ്റ് ഓഫ് കര്‍ണാടക കേസിന്റെ വിധിയില്‍ ഉന്നത വിദ്യാഭ്യാസം ആര്‍ജിക്കാനുള്ള ചെലവ് വിദ്യാര്‍ത്ഥിതന്നെ നല്‍കണമെന്ന് പതിനൊന്നംഗ ഭരണഘടനാബഞ്ച് പറഞ്ഞു. അക്കാദമികനേട്ടം സാമൂഹ്യനേട്ടം അല്ലെന്ന ആശയമായിരുന്നു ഈ വിധി ന്യായത്തിന്റെ പൊരുള്‍. വിദ്യാര്‍ത്ഥി പ്രവേശനം, ഫീസ് ഘടന നിശ്ചയിക്കല്‍ എന്നിവയ്ക്കെല്ലാം മാനേജ്മെന്റുകള്‍ക്ക് അത് അവകാശം നല്‍കുന്നു. ഒപ്പം പ്രൊഫഷണല്‍ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന ഏതൊരാളും അതിന്റെ വില നല്‍കണമെന്ന കാഴ്ചപ്പാട് ലോകത്താകെ ദൃഢീകരിക്കപ്പെട്ടിട്ടുണ്ട് എന്നും കോടതി ചൂണ്ടിക്കാട്ടി. വാസ്തവത്തില്‍ ഈ സിദ്ധാന്തം ആഗോള-ധനകാര്യ-വ്യാപാര സംവിധാനങ്ങളുടേത് മാത്രമാണെന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നിരുന്നു. എന്നാല്‍ ഉണ്ണിക്കൃഷ്ണന്‍ കെ പി വേഴ്സസ് സ്റ്റേറ്റ് ഓഫ് ആന്ധ്രാപ്രദേശ് കേസിനെതുടര്‍ന്ന് (1993) സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായത്തില്‍നിന്നുള്ള മലക്കംമറിച്ചിലായിരുന്നു 2002ല്‍ ടിഎംഎ പൈകേസില്‍ പുറത്തുവന്ന സുപ്രീംകോടതിയുടെ വിധി. ആഗോളവല്‍ക്കരണ രാഷ്ട്രീയം എങ്ങനെയാണ് നീതിപീഠത്തെ സ്വാധീനിക്കുന്നതെന്ന് ഇത് വ്യക്തമാക്കുന്നു. വിദ്യാഭ്യാസം ഒരു വ്യാപാരമോ ബിസിനസോ തൊഴിലോ അല്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാനുള്ള അവകാശം മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ചെയ്യാനുള്ള ഭരണഘടനയിലെ 19 (1) (ജി) പരിധിയില്‍ വരുന്നില്ലെന്നും ഉണ്ണിക്കൃഷ്ണന്‍ കേസിനെതുടര്‍ന്ന് കോടതി പറഞ്ഞു. ഒപ്പം ഉന്നത വിദ്യാഭ്യാസം നല്‍കുക എന്നത് ഒരു വ്യാപാരമോ ബിസിനസോ അല്ലെന്ന പ്രഖ്യാപനവും വിദ്യാഭ്യാസത്തിന്റെ വാണിജ്യവല്‍ക്കരണം അനുവദിക്കാന്‍ പാടില്ലെന്നുമായിരുന്നു കോടതി വ്യക്തമാക്കിയത്. പക്ഷേ ഭരണഘടനയിലെ 19(1) (ജി) പ്രകാരമുള്ള അവകാശങ്ങളുടെ പരിധിയില്‍ ഉന്നതവിദ്യാഭ്യാസം നല്‍കല്‍ ഉള്‍പ്പെടുമെന്ന് ടിഎംഎ പൈ കേസിനെതുടര്‍ന്നാണ് സുപ്രീംകോടതി പറഞ്ഞത്. സ്വാശ്രയ കോളേജുകളും സംസ്ഥാന സര്‍ക്കാരുകളും തങ്ങള്‍ക്കാവുംവിധം ഈ വിധിയെ ഉപയോഗിച്ചു. ടിഎംഎ പൈ കേസിലെ (2002) വിചിത്രമായൊരു കണ്ടെത്തല്‍ വിദ്യാഭ്യാസ നടത്തിപ്പ് മൗലികാവകാശം ആകയാല്‍ ഏതെങ്കിലും തരത്തിലുള്ള സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നത് ഭരണഘടനാ ലംഘനമായിരിക്കും എന്നായിരുന്നു. ഇന്ത്യയില്‍ വിശേഷിച്ച്, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ കച്ചവടത്തിന് ഈ വിധി കരുത്തുപകര്‍ന്നു. ഇതിനുശേഷവും നിരവധി വിധിന്യായങ്ങള്‍ ഈ മേഖലയിലുണ്ടായി. സ്വകാര്യ-സ്വാശ്രയ സ്ഥാപനങ്ങളെ സഹായിക്കുന്ന വലതുപക്ഷ സര്‍ക്കാരുകള്‍ വിദ്യാര്‍ത്ഥികളെ കൊള്ളയടിക്കാനുള്ള ആ സ്ഥാപനങ്ങളുടെ നീക്കത്തിന് പ്രചോദനവുമായി. ന്യൂനപക്ഷ അവകാശങ്ങളെ ദുര്‍വ്യാഖ്യാനംചെയ്തും ദുരുപയോഗപ്പെടുത്തിയും കേരളത്തിലും വന്‍ ലാഭമുണ്ടാക്കാന്‍ വിദ്യാഭ്യാസ മാഫിയയ്ക്ക് കഴിഞ്ഞു. 2006ല്‍ കേരളത്തില്‍ അധികാരത്തിലെത്തിയ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ കൊണ്ടുവന്ന സ്വാശ്രയനിയമം വിദ്യാഭ്യാസ കച്ചവടക്കാര്‍ക്ക് പ്രഹരമായി മാറി. ഫീസ് ഘടന, പ്രവേശനം, സംവരണം എന്നിവയിലെല്ലാം സാമൂഹ്യ നിയന്ത്രണം വരുന്നതോടെ തങ്ങളുടെ കമ്പോള താല്‍പര്യങ്ങള്‍ അട്ടിമറിക്കപ്പെടുമോ എന്ന് അവര്‍ ഭയന്നു.

കേരളത്തിലെ വലതുപക്ഷത്തിന്റെ പിന്തുണയോടെ, തങ്ങള്‍ക്കനുകൂലമായ വിധി സമ്പാദനത്തിനുവേണ്ടി അവര്‍ കോടതി കയറിയിറങ്ങി. എങ്കിലും ഒരു പരിധിവരെ വിദ്യാഭ്യാസരംഗത്ത് സാമൂഹിക നീതി നടപ്പാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. 2011ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ വീണ്ടും കച്ചവടലോബികള്‍ മാളത്തില്‍നിന്ന് പുറത്തുവന്നു. കോഴയും തലവരിയും അങ്ങാടിപ്പാട്ടായി. 50 ലക്ഷം വരെ മെഡിക്കല്‍ പ്രവേശനത്തിന് തലവരി ഈടാക്കല്‍ വ്യാപകമായി. 2013 ജൂലൈ 4ന് (കേരള പ്രൈവറ്റ് മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍ നടത്തിയ പരീക്ഷ റദ്ദാക്കിയതുമായി ബന്ധപ്പെട്ട്) കേരള ഹൈക്കോടതി സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകള്‍ക്കെതിരെ പുറപ്പെടുവിച്ച വിധിന്യായം പരിശോധിച്ചാല്‍ യഥാര്‍ത്ഥത്തില്‍ ഇവിടെ നടക്കുന്നതെന്താണെന്ന് വ്യക്തമാവും. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദ്ദേശമനുസരിച്ചുള്ള അവസാന തീയതി തിരഞ്ഞെടുത്ത് പ്രവേശന പരീക്ഷ നടത്തുന്നത് തട്ടിപ്പിനാണെന്നും പരീക്ഷയില്‍ ക്രമക്കേട് നടത്തിയശേഷം സമയപരിധിയെപ്പറ്റി പറയുന്നതില്‍ വസ്തുതയില്ലെന്നും നിരീക്ഷിക്കപ്പെട്ടു. സ്വാശ്രയ സ്ഥാപനങ്ങള്‍ നടത്തുന്ന പ്രവേശന പരീക്ഷയ്ക്ക് സുതാര്യതയില്ലെങ്കില്‍ സര്‍ക്കാരിന് ഇതിന്റെ ചുമതല ഏറ്റെടുക്കാമെന്നും ഇനാംദാര്‍ കേസില്‍ പരമോന്നത നീതിന്യായ പീഠം വ്യക്തമാക്കിയതായും ഹൈക്കോടതി പറഞ്ഞു. ഈ ഹൈക്കോടതിവിധിയെ പിന്നീട് സുപ്രീംകോടതിയും അംഗീകരിച്ചു. ഈ പശ്ചാത്തലത്തില്‍ വേണം പുതിയ സാഹചര്യത്തെ വിലയിരുത്താന്‍. വ്യാപകമായ അഴിമതിയും തലവരി പിരിച്ചെടുക്കലും തടയാന്‍ പാര്‍ലമെന്റ് നിയമം പാസാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. സ്വയംഭരണം നല്‍കി സ്വാശ്രയ സ്ഥാപനങ്ങളെ സഹായിക്കുന്ന കേന്ദ്ര നയം നീതിരഹിതമായ കീഴ്വഴക്കങ്ങളും നിയമലംഘനവും തഴച്ചുവളരാനിടയാക്കി. തലവരി നിരോധന നിയമമുള്ള കേരളം, കര്‍ണാടകം, ആന്ധ്രാപ്രദേശ്, ഡെല്‍ഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളുടെ സാഹചര്യത്തെയും പേരെടുത്ത് സുപ്രീംകോടതി വിലയിരുത്തി. ഈ നിയമങ്ങളെ ലംഘിക്കുന്നുണ്ടെന്നും അവയെല്ലാം ദുര്‍ബലമാണെന്നും സൂചിപ്പിച്ചു. തുച്ഛമായ പിഴ ഒടുക്കി രക്ഷപ്പെടുകയാണ് നിയമലംഘകര്‍. പാവപ്പെട്ടവരും മിടുക്കരുമായ വിദ്യാര്‍ത്ഥികള്‍ക്കുമുന്നില്‍ പ്രവേശനം നിഷേധിക്കുന്ന സ്ഥാപനങ്ങള്‍, ആ നിലപാട് അവസാനിപ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. സ്വാശ്രയ സ്ഥാപനങ്ങള്‍ ധനകാര്യ സ്ഥാപനങ്ങളായി മാറിയെന്നും വിദ്യാഭ്യാസ നിലവാരം തകര്‍ന്നുവെന്നും കോടതി പറഞ്ഞു. കേന്ദ്ര നിയമനിര്‍മ്മാണം ഉണ്ടാവണം. തലവരിപ്പണം സ്വീകരിക്കാനോ അതുവഴി ലാഭമുണ്ടാക്കാനോ പാടില്ലെന്ന സുപ്രീംകോടതി വിധി ലംഘിക്കപ്പെടുന്നു. ഇതിനുമുന്നില്‍ കണ്ണടയ്ക്കാനാവില്ല. സിബിഐ വെളിപ്പെടുത്തലുകള്‍ സ്വാശ്രയരംഗത്തെ ദയനീയ സാഹചര്യം പുറത്തുകൊണ്ടുവന്നു. ഇതില്‍ അടിയന്തിര പരിഹാരമുണ്ടാവണം. മുന്‍ ആരോഗ്യമന്ത്രി അന്‍പുമണി രാംദാസിനെതിരെയുള്ള സിബിഐയുടെ കുറ്റപ്പെടുത്തലുകള്‍ വിദ്യാഭ്യാസരംഗം ദുഷിച്ചതിന് തെളിവാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ ഡോക്ടര്‍മാരും കൂടുതല്‍ സൗകര്യവും ഉണ്ടാകുമെന്ന വ്യാമോഹം നല്‍കിയാണ് രാജ്യത്തെ ആരോഗ്യ വിദ്യാഭ്യാസരംഗം സ്വകാര്യലോബിക്ക് തുറന്നുകൊടുത്തത്. ആഗോളവത്കരണകാലത്തെ പുതിയ കാഴ്ചപ്പാടുകള്‍ വിദ്യാര്‍ത്ഥികളെയും രക്ഷകര്‍ത്താക്കളെയും സ്വാധീനിച്ചു. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും മികവേറിയ അധ്യാപന - പഠന സൗകര്യങ്ങളില്ലാത്തതുമായ പുതിയ സ്ഥാപനങ്ങള്‍ മുളച്ചുവന്നു. നിയമവിരുദ്ധ ചെയ്തികള്‍ക്കെതിരെ നടപടിയുണ്ടായില്ല. തുടര്‍ന്ന് കോടികളുടെ "വ്യവസായമാക്കി" ഇതിനെ മാറ്റിത്തീര്‍ക്കാന്‍ മത്സരമുണ്ടായി. പരീക്ഷാ നടത്തിപ്പിലെ സുതാര്യതയില്ലായ്മ, അയോഗ്യരെ പ്രവേശിപ്പിക്കല്‍, സംവരണ അട്ടിമറി തുടങ്ങിയവ വ്യാപകമായിട്ടും നടപടിയുണ്ടായില്ല. തങ്ങള്‍ക്ക് സ്വാധീനിക്കാവുന്നതിനപ്പുറമല്ല സ്ഥിതിഗതികളെന്ന് അവര്‍ക്കറിയാമായിരുന്നു. കേന്ദ്രസര്‍ക്കാര്‍ അവരെ നിലയ്ക്കുനിര്‍ത്തിയതുമില്ല. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന സുപ്രീംകോടതി വിധിയിലെ നിരീക്ഷണങ്ങളെല്ലാംതന്നെ കച്ചവട ലോബിയുടെ ചങ്ക് കലക്കുന്നതാണ്. കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി സ്വാശ്രയ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം നടത്തണം. എസ്എഫ്ഐ ദീര്‍ഘകാലമായി ഉന്നയിക്കുന്ന ഈ മുദ്രാവാക്യത്തിന് ഏറെ പ്രസക്തിയുണ്ടെന്നാണ് സുപ്രീംകോടതി വിധിയോടെ തെളിയിക്കപ്പെട്ടിരിക്കുന്നത്.

*
ഷിജൂഖാന്‍