Showing posts with label കുറിപ്പുകള്‍. Show all posts
Showing posts with label കുറിപ്പുകള്‍. Show all posts

Wednesday, February 20, 2013

അമൃതയുടെ ഇടിയും ആര്യയുടെ കൂവലും

ഇവള്‍ അമൃത. അങ്കക്കലി പൂണ്ടാല്‍ ചുറ്റുമുള്ളതൊന്നും ഇവള്‍ കാണില്ല. പിന്നെ ഇടിയും ചവിട്ടും മാത്രം... ഇടിയെന്നു പറഞ്ഞാല്‍ ഒരു ഒന്നൊന്നര ഇടിയാ... സൈബര്‍ലോകത്ത് നിറഞ്ഞിരിക്കുന്ന പോസ്റ്റാണിത്. ഇത്തവണ ഒരുപാട് ലൈക്കുകളും കമന്റുകളും ഷെയറുകളും ഇതിന് കിട്ടി. തന്റെ നേരെ കമന്റുമായി വന്നവര്‍ക്ക് കൈക്കരുത്തുകൊണ്ട് മറുപടി കൊടുത്ത അമൃത സൈബര്‍ലോകത്തെ കരുത്തുള്ള പെണ്‍കുട്ടിയാണ്. ജൂനിയര്‍ വിജയശാന്തിയായി അവള്‍ സൈബര്‍ലോകത്തെ താരമായി. ഒരു ആക്ഷന്‍ പടം കണ്ടപോലെ എന്നായിരുന്നു അമൃതയെക്കുറിച്ചുള്ള പോസ്റ്റുകളില്‍ പലരും പറഞ്ഞത്. സൈബര്‍ ലോകം മുഴുവന്‍ അമൃതയെ അഭിനന്ദിക്കാന്‍ മുന്നിലുണ്ടായിരുന്നു. എല്ലാ പെണ്‍കുട്ടികളും അമൃതയെപ്പോലെ ആയെങ്കില്‍ എന്നുപോലും ചിന്തിക്കുന്നവരുണ്ട്. അമൃതയെ അനുകൂലിച്ചെഴുതിയ പോസ്റ്റിന് കമന്റുകളും ലൈക്കുകളും ഒരുപാട് കിട്ടി.

ഷബ്ന ഫാത്തിമ എഴുതുന്നത് ഇങ്ങനെയാണ്- ഇത് ചിലപ്പോള്‍ ആണുങ്ങളുടെ കണ്ണില്‍ തെറ്റാവാം. സ്ത്രീകളുടെ സുരക്ഷയ്ക്ക് ഇത് ആവശ്യമാണ്. അച്ഛന്റെ കൈകളില്‍പ്പോലും പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലാത്ത കാലമാണിത്. ചിലര്‍ക്ക് അമൃതയുടെ ഇടി അത്രയങ്ങ് പിടിച്ചില്ല. നാലുപേരുടെ സപ്പോര്‍ട്ട് കിട്ടിയപ്പോള്‍ പെണ്ണിന്റെ ശബ്ദം മാറിയത് കണ്ടില്ലേ? ഇനി ഭരണം അങ്ങ് ഏല്‍പ്പിച്ചാല്‍ എന്താകും ലോകത്തിന്റെ അവസ്ഥ എന്നു വിലപിച്ച കൂട്ടരുമുണ്ട് കേട്ടോ... വധശ്രമത്തിന് കേസെടുക്കാനും ചിലര്‍ ആഗ്രഹിക്കുന്നു. ആണിനെ തൊട്ടുകളിച്ചപ്പോള്‍ വര്‍ഗബോധം ഉണര്‍ന്നവരാണ് ഇക്കൂട്ടര്‍ എന്ന് തോന്നുന്നു. എവിടെയോ ഉള്ള ഒരു അക്ബര്‍ പറയുന്നത് സ്ത്രീക്ക് പുരുഷന്മാരുടെ അത്ര മസില്‍ ഇല്ലപോലും! അഞ്ജലി അനില്‍ കുമാര്‍ അതിന് കണക്കിന് മറുപടി കൊടുത്തിട്ടുണ്ട്. അമ്മയെയും പെങ്ങന്മാരെയും തിരിച്ചറിയാത്ത ആ തെമ്മാടികളുടെ പടം സൈബര്‍ലോകത്തില്‍ പ്രചരിക്കണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്. ഒരു യോഗത്തില്‍ പെണ്‍കുട്ടികളുടെ വസ്ത്രധാരണത്തെയും മറ്റും മോശമായി പരാമര്‍ശിച്ച പ്രാസംഗികനെ കൂകിത്തോല്‍പ്പിച്ച ആര്യയും സൈബര്‍ലോകത്തെ മിന്നുംതാരംതന്നെ. ഒറ്റ കൂവല്‍കൊണ്ട് സ്ത്രീകളുടെ ആകെ ശബ്ദമായി ആര്യ മാറി. നൂറുകണക്കിനു വിദ്യാര്‍ഥിനികള്‍ ഇരുന്നവേദിയിലാണ് സ്ത്രീകളെ ആകെ അപമാനിച്ച് സംസാരിച്ച ആളെ ആര്യ ഒറ്റയ്ക്ക് എഴുന്നേറ്റുനിന്ന് കൂകി തോല്‍പ്പിച്ചത്.

തിരുവനന്തപുരം വിമന്‍സ്കോളജിലെ ബിഎ ഇംഗ്ലീഷ് വിദ്യാര്‍ഥിനിയാണ് ആര്യ. അവള്‍ക്കും കിട്ടി ഒരുപാട് ലൈക്കുകള്‍. ഒരു അമൃതയിലോ ആര്യയിലോ അവസാനിക്കരുത് പെണ്‍കരുത്തെന്ന് പലരും ആശിക്കുന്നു. സ്വകാര്യചാനലിലെ മാധ്യമപ്രവര്‍ത്തകയോട് ഒരു "തമാശ" പറഞ്ഞ കേന്ദ്രമന്ത്രി വയലാര്‍ രവിക്കും മൂല്യബോധന വിദ്വാന്‍ രജിത് കുമാറിനും കിട്ടി സൈബര്‍ലോകത്തിന്റെ വക കണക്കിന് ചീത്ത. രണ്ടുപേരും തങ്ങളുടെ സംസ്കരമാണ് കാട്ടിയതെന്ന് എല്ലാവരും ഉറപ്പിക്കുന്നു. പ്രണയിതാക്കളുടെ ദിവസം ആഘോഷമാക്കിയും കരിദിനമായി ആചരിച്ചും ഒരുപാടുപേര്‍ പോസ്റ്റിട്ടു. എന്നാല്‍, ഒരു നാടോടി പെണ്‍കുട്ടി റോസാപ്പൂ വില്‍ക്കുന്ന ഫോട്ടോ ആരുടെയും കരളലിയിക്കുന്നതും വേറിട്ട് നില്‍ക്കുന്നതുമായിരുന്നു. ആഘോഷത്തിനിടയിലും ഒരു നൊമ്പരമായി ആ പെണ്‍കുട്ടിമാറി. ഈ ലോകവും അതിലെ കാഴ്ചകളും നമ്മുടെ ഉറക്കം കെടുത്തുന്നു എന്നായിരുന്നു അലീന സോഫിയുടെ കമന്റ്. കേന്ദ്രസര്‍ക്കാരിന്റെ അടിക്കടിയുള്ള പെട്രോല്‍ വില വര്‍ധനയ്ക്കെതിരെ സൈബര്‍ലോകം ഒന്നടങ്കം പ്രതിഷേധിച്ചു.

*
വന്ദന കൃഷ്ണ ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

Sunday, February 17, 2013

ഷാഹിന തീവ്രവാദിയാകുന്ന വഴി

മനുഷ്യരുടെ ഏറ്റവും വലിയ സ്വാര്‍ഥചിന്തയില്‍പ്പോലും പണ്ട്, ഭൂമിയെന്നാല്‍ കൃഷിചെയ്യാനും വീടുകെട്ടിപ്പാര്‍ക്കാനുമുള്ള ഇടം എന്നായിരുന്നു അര്‍ഥം. ഇന്ന് ഭൂമിയെന്നാല്‍, പ്രത്യേകിച്ച് കേരളത്തില്‍ മറിച്ചുവില്‍ക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ മൂല്യം ലഭിക്കുന്ന, അഥവാ ലാഭം പ്രതീക്ഷിക്കാവുന്ന വിനിമയവസ്തു എന്നായിരിക്കുന്നു. ലോഹവും കടലാസുമൊക്കെ നാണയമായോ കറന്‍സിയായോ മാറ്റുമ്പോള്‍, നിര്‍മാണ വസ്തുവിന്റെ പ്രാഥമിക ഉപയോഗം ഇല്ലാതാകുന്നതുപോലെ ഭൂമിയും കേവലം വിനിമയമൂല്യത്തിന്റെ പേരില്‍മാത്രം അടയാളപ്പെടുന്ന മറ്റൊരുതരം കറന്‍സിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ ജലസേചനസൗകര്യമുള്ള, കൂടുതല്‍ വളക്കൂറുള്ള, കൂടുതല്‍ തവണ കൃഷിയിറക്കാവുന്ന, കൂടുതല്‍ വിളവുലഭിക്കുന്ന ഭൂമിയാണ് വിലപിടിപ്പുള്ള ഭൂമി എന്ന പഴയ ധാരണയും മാറുന്നു. പകരം, പെട്ടെന്ന് മറിച്ചുവില്‍ക്കാവുന്നതാണ് ഏറ്റവും വിലപിടിപ്പുള്ള ഭൂമി എന്ന പുതിയ മൂല്യബോധം വേരുപിടിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ഫെയ്സ്ബുക്കില്‍ പ്രചരിക്കുന്ന നെല്‍പ്പാടങ്ങളുടെയും ഞാറു നടുന്നതിന്റെയുമൊക്കെ ചിത്രങ്ങള്‍ക്ക് ഗൃഹാതുരമായ സ്മരണകള്‍ക്കപ്പുറം മനുഷ്യവംശത്തിന്റെ നിലനില്‍പ്പുമായി ബന്ധപ്പെടുത്താവുന്ന വലിയ അര്‍ഥതലങ്ങളുണ്ട്.

ഇന്ന് കേരളത്തിലെ ഭൂമിയെക്കുറിച്ച് പഠനം നടത്തുമ്പോള്‍, എല്ലാ ഭൂമിയും നീളവും വീതിയും മാത്രം പരിഗണിച്ച് ഒരുപോലെ കാണാന്‍ കഴിയുകയില്ല. ചതുരശ്ര അടിക്കണക്കിന് അളന്നാല്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭൂമിയും, ഒരേക്കര്‍ കൊടുത്താല്‍ അത്ര വില കിട്ടാത്ത ഭൂമിയും ഒരേ മാനദണ്ഡം ഉപയോഗിച്ച് അളന്ന് ഭൂപരിധിയുടെ അപ്പുറത്തും ഇപ്പുറത്തും എന്നു തിരിക്കുന്നതില്‍ അര്‍ഥമില്ല. നഗരങ്ങളിലെ കണ്ണായ സ്ഥലങ്ങളില്‍ കോടികള്‍ വിലമതിക്കുന്ന ഭൂമി മുഴുവന്‍ സ്വന്തം പേരിലും ബിനാമിയായും കൈയടക്കിവച്ചവര്‍ നമ്മുടെ കണ്ണില്‍ ഇന്നും ജന്മിമാരായി അടയാളപ്പെട്ടുകഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ, ജന്മിത്തത്തെക്കുറിച്ചുള്ള കാല്പനികസങ്കല്പനങ്ങളിലും സാഹിത്യരചനകളിലും ദൃശ്യവേദിയിലുമൊക്കെ ആ പഴയ നമ്പൂതിരിതന്നെ വീണ്ടും വേഷമിട്ടുവരുമ്പോള്‍, കേരളത്തിന്റെ മൊത്തം ഭൂമിക്കു വില നിശ്ചയിച്ചാല്‍ അതില്‍ നല്ലൊരംശം കൈയടക്കിയവര്‍ വളരെ മാന്യന്മാരായ രാഷ്ട്രീയനേതാക്കളും മതനേതാക്കളും ന്യൂനപക്ഷ രാഷ്ട്രീയപ്രവര്‍ത്തകരുമൊക്കെയായി സസുഖം വിരാജിക്കുകയും ചെയ്യുന്നു! നഗരത്തിലെയും ഗ്രാമത്തിലെയും ഭൂപരിധിയെങ്കിലും മാറ്റിനിശ്ചയിക്കേണ്ട കാലം അതിക്രമിച്ചു എന്നര്‍ഥം.

ലാഭമുണ്ടാക്കാനുള്ള ഏര്‍പ്പാട് എന്ന നിലയില്‍നിന്നും ജീവിതോപാധി എന്ന നിലയില്‍നിന്നുപോലും മാറി, കൃഷി- പ്രത്യേകിച്ച് നെല്‍ക്കൃഷി- സാമൂഹ്യസേവനം എന്ന നിലയില്‍ ഏറ്റെടുക്കേണ്ട അവസ്ഥയാണ് ഇന്നു കേരളത്തില്‍. അല്ലാത്തപക്ഷം നഷ്ടപ്പെടാന്‍പോകുന്നത് നെല്‍ക്കൃഷിമാത്രമല്ല, നമ്മുടെ ഉറവകളും ജലസ്രോതസ്സുകളും ജലലഭ്യതയും കൂടിയാണ്. അതുകൊണ്ട്, സാക്ഷരതാപ്രവര്‍ത്തനംപോലെയോ ഗ്രന്ഥശാലാ പ്രവര്‍ത്തനം പോലെയോ ഒക്കെ നാം നെല്‍ക്കൃഷിയിലേയ്ക്കു തിരിച്ചുപോകേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ ജോലിയോ പെന്‍ഷനോ പോലെ സ്ഥിരം വരുമാനമുള്ളവര്‍ക്ക് ഒഴിവുസമയം ചെലവഴിക്കാനുള്ള ഉപാധിയായി, സാമൂഹ്യസേവനവേദിയായി കാര്‍ഷികരംഗത്തെ സ്വീകരിക്കാവുന്നതാണ്. നൂറുകണക്കിന് യോഗകേന്ദ്രങ്ങളിലും ജിംനേഷ്യങ്ങളിലും ചെന്ന് പണം മുടക്കി, ശ്വാസം ഉള്ളിലേയ്ക്കും പുറത്തേയ്ക്കും വിട്ട് നേടിയെടുക്കാന്‍ കഴിയുന്നതിലും എത്രയോ നല്ല അരോഗാവസ്ഥയായിരിക്കും കാര്‍ഷികരംഗത്തെ അധ്വാനം ശരീരത്തിനും മനസ്സിനും നല്‍കുന്നത്.

ഭൂമിയെപ്പോലെയോ ഒരുപടി കൂടുതലായോ മനുഷ്യരെ വ്യാമോഹിപ്പിക്കുന്നുണ്ട് സ്വര്‍ണം എന്ന മഞ്ഞലോഹവും. ഭൂമിയുടെ കാര്യത്തില്‍ പറഞ്ഞതുപോലെതന്നെ, ആഭരണം അണിയാനുള്ള ഭ്രമമല്ല, യഥാര്‍ഥത്തില്‍ സ്വര്‍ണത്തിന്റെ മൂല്യം ഇത്രയേറെ ഉയരത്തില്‍ എത്താന്‍ കാരണം. ലഭ്യത കുറവുള്ള ലോഹം എന്ന നിലയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന അതിന്റെ വിനിമയമൂല്യംതന്നെയാണ് വിലക്കയറ്റത്തിനും വ്യാമോഹങ്ങള്‍ക്കും കാരണമാകുന്നത്. വിവാഹച്ചടങ്ങുകളിലും സാമൂഹ്യബന്ധങ്ങളിലും സ്വര്‍ണഭ്രമം സൃഷ്ടിക്കുന്ന ദുരന്തങ്ങള്‍ നിരവധിയാണ്. വധുവിന് ഇത്ര പവന്‍ സ്വര്‍ണം വേണമെന്ന് കരാറുറപ്പിച്ചു നടത്തുന്ന വിവാഹങ്ങളില്‍ മാത്രമല്ല, സ്ത്രീധനമില്ലെന്ന് കൊട്ടിഘോഷിച്ച്, വ്യക്തമായ ഒരു കരാറും ഇല്ലാതെ നടക്കുന്ന വിവാഹങ്ങളിലും സ്വര്‍ണത്തിന്റെ തൂക്കത്തെക്കുറിച്ചുള്ള അദൃശ്യമായ കരാര്‍ (Implied Contract) നിലനില്‍ക്കുന്നുണ്ട്. ചെറുക്കന്റെ പെങ്ങളെ കല്യാണം കഴിച്ചയച്ചപ്പോള്‍ നൂറു പവന്‍ കൊടുത്തിരുന്നു, ഏട്ടന്റെ ഭാര്യക്ക് നൂറ്റി അമ്പതു പവന്റെ ആഭരണങ്ങളുണ്ടായിരുന്നു, തൊട്ടടുത്ത വീട്ടിലെ കൂലിപ്പണിക്കുപോവുന്ന ചെറുക്കന് കിട്ടിയത് എഴുപത്തിയഞ്ചു പവനാണ്, ഇവനാണെങ്കില്‍ സര്‍ക്കാരുദ്യോഗസ്ഥനാണല്ലോ... എന്നിങ്ങനെ പോകുന്നു അദൃശ്യമായ വിലപേശലുകളും, അതു സൃഷ്ടിക്കുന്ന കരാറുകളും. ഇത്തരം വിലപേശലുകള്‍ കണ്ടില്ലെന്നു നടിച്ച് സ്വന്തം പെണ്‍മക്കളെ ഗ്യാസടുപ്പിലേക്ക് എറിഞ്ഞുകൊടുക്കാന്‍ ഏത് അച്ഛനമ്മമാര്‍ക്കാണ് കഴിയുക? പുരോഗമന ചിന്താഗതി വച്ചുപുലര്‍ത്തുന്നവരാണെങ്കില്‍പ്പോലും പെണ്‍കുട്ടികള്‍ അണിഞ്ഞൊരുങ്ങി കല്യാണപ്പന്തലിലെത്തുമ്പോള്‍ സ്വര്‍ണക്കട തുറന്നുവച്ച പ്രതീതിയാണ് അനുഭവപ്പെടുക. ഇങ്ങനെയാണ് പെണ്‍കുട്ടികള്‍ വിവാഹവേദിയിലെത്തേണ്ടതെന്ന പൊതുബോധം സൃഷ്ടിച്ചെടുക്കാന്‍ മത്സരിക്കുകയാണ് നമ്മുടെ നൂറുകണക്കിന് സ്വര്‍ണക്കടകളും അവര്‍ക്ക് വക്കാലത്തുമായെത്തുന്ന ആയിരക്കണക്കിന് പരസ്യങ്ങളും, അവയില്‍ വെട്ടിത്തിളങ്ങിനില്‍ക്കുന്ന സ്വപ്നലോകത്തുള്ള നമ്മുടെ നായികാനായകന്മാരും.

പരസ്യത്തിലും കച്ചവടത്തിലും നിറഞ്ഞുനില്‍ക്കുന്ന ഒരു സ്വര്‍ണക്കടമുതലാളിയുടെ മകളുടെ കല്യാണരംഗമാണ് ഈയിടെ ഫെയ്സ്ബുക്കില്‍ കണ്ട ഒരു പോസ്റ്റില്‍ കൊടുത്തിരിക്കുന്നത്.

നാട്ടുകാര്‍ക്കു മുഴുവന്‍ സ്വര്‍ണം വില്‍ക്കുന്ന വ്യവസായിയുടെ മകളുടെ വിവാഹം ഇങ്ങനെയായിരുന്നു. കേരളത്തിലെ മുഴുവന്‍ പെമ്പിള്ളേരും കാണട്ടെ... എന്നാണ് പോസ്റ്റ്. ഈ പോസ്റ്റില്‍ അങ്ങേയറ്റം വസ്തുതാവിരുദ്ധവും സ്ത്രീവിരുദ്ധവുമായ ഒരു നിരീക്ഷണമുണ്ട്. സ്ത്രീകള്‍ അഥവാ, പെണ്‍കുട്ടികള്‍, ആഭരണഭ്രമം ഉള്ളവരായതുകൊണ്ടാണ് ഇല്ലാത്ത പണംമുടക്കി അവര്‍ക്കുവേണ്ടി ഇത്രയേറെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതും അണിയുന്നതും എന്നാണല്ലോ സന്ദേശത്തിന്റെ ധ്വനി. ഇതാണോ സത്യം? പെണ്‍കുട്ടികള്‍ക്ക് സ്വര്‍ണം അണിയാനുള്ള ഭ്രമംകൊണ്ടല്ല, ഇങ്ങനെ സ്വര്‍ണക്കട കഴുത്തില്‍ത്തൂക്കി അവര്‍ വിവാഹപ്പന്തലിലെത്തുന്നത് എന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്കെല്ലാം അറിയാവുന്ന കാര്യമാണ്. അതുകൊണ്ട്, കേരളത്തിലെ പെമ്പിള്ളേരല്ല ഇതു കാണേണ്ടത്, ആമ്പിള്ളേരും അവരുടെ രക്ഷിതാക്കളുമാണ്.

ന്യൂ ജനറേഷന്‍ ഓക്സ് വാഗ്നര്‍ എന്നൊരു ചിത്രം ഫെയ്സ്ബുക്കില്‍ കണ്ടു. ഒറ്റക്കാള വലിക്കുന്ന ഒരു വണ്ടിയില്‍, കെഎസ്ആര്‍ടിസി ബസ്സ് കയറ്റിവച്ചിരിക്കുന്ന ചിത്രം. ഡീസലിന്റെ സബ്സിഡി എടുത്തുകളയാന്‍ തീരുമാനിച്ചതോടെ നൂറുകണക്കിന് കെഎസ്ആര്‍ടിസി ബസ്സുകള്‍ കട്ടപ്പുറത്തുകയറിയിരിക്കുകയാണല്ലോ. ഈ സാഹചര്യത്തില്‍ എന്തുകൊണ്ടും പ്രാധാന്യമര്‍ഹിക്കുന്നു ഈ പോസ്റ്റ്. ഓരോ മാസവും ഇഷ്ടമുള്ള തുക പെട്രോളിനും ഡീസലിനും വര്‍ധിപ്പിച്ചുകൊള്ളാനാണല്ലോ കമ്പനികള്‍ക്ക് അധികാരം കൊടുത്തിരിക്കുന്നത്! ഉല്‍പ്പന്നത്തിന് വിലയിടാനും എത്ര ലാഭം എടുക്കണം എന്നു തീരുമാനിക്കാനുമുള്ള അധികാരവും ഉല്‍പ്പന്നത്തിന്റെ വിതരണത്തില്‍ കുത്തകാവകാശവും ഒരു കൂട്ടം കമ്പനികള്‍ക്ക് തീറുകൊടുക്കുന്ന സംവിധാനം ലോകത്ത് മറ്റെവിടെയെങ്കിലും ഉണ്ടോ എന്നു സംശയമാണ്.

ഉല്‍പ്പന്നത്തിന്റെ വില നിശ്ചയിക്കാന്‍ രണ്ടു സംവിധാനങ്ങളാണ് സാധാരണയായി നിലവിലുള്ളത്. ഒന്ന്, ആസൂത്രണം നിലനില്‍ക്കുന്ന സമൂഹങ്ങളില്‍, പൊതുസമൂഹത്തിനുവേണ്ടി, ഗവണ്മെന്റുകള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിലനിശ്ചയിക്കുന്ന രീതിയാണ്. സോഷ്യലിസ്റ്റു സമൂഹങ്ങളിലും സോഷ്യലിസത്തിലേക്കുള്ള പാതയിലാണ് എന്ന് ഉറച്ചു വിശ്വസിക്കുന്ന സമൂഹങ്ങളിലും ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം വരെ പല ഉല്‍പ്പന്നങ്ങള്‍ക്കും വില നിശ്ചയിച്ചിരുന്നത് ഈ രീതിയിലാണ്. ഇന്ത്യയില്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ കുത്തകാവകാശത്തോടെ ഉല്‍പ്പാദിപ്പിക്കുന്ന പെട്രോളിയം അടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് അടുത്തകാലം വരെ വിലനിശ്ചയിച്ചുപോരുന്നത് ഇങ്ങനെ, ഗവണ്മെന്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. രണ്ടാമത്തെ രീതിയില്‍, കമ്പോളംതന്നെയാണ് ഉല്‍പ്പന്നങ്ങളുടെ വില തീരുമാനിക്കുന്നത്. അവിടെ പക്ഷേ, ഉല്‍പ്പാദനത്തിന്റെയും വിതരണത്തിന്റെയും അവകാശം ഏതെങ്കിലും ഒരു ഉല്‍പ്പാദകനോ, കുത്തകാവകാശമുള്ള ഒരു കൂട്ടത്തിനോ ആയിരിക്കുകയില്ല. വിവിധ ഉല്‍പ്പാദകരും വിതരണക്കാരും ഇടപെടുന്ന അങ്ങാടികളില്‍ സ്വാഭാവികമായി വളര്‍ന്നുവരുന്ന ചോദനയുടെയും വിതരണത്തിന്റെയും അടിസ്ഥാനത്തിലാണ് അവിടെ വില തീരുമാനിക്കപ്പെടുക. ഏതെങ്കിലും ഒരു കൂട്ടര്‍ ക്രമാതീതമായി വില വര്‍ധിപ്പിച്ചാല്‍ ആളുകള്‍ക്ക് മറ്റു വിതരണക്കാരെ സമീപിക്കാനും വില കുറഞ്ഞ സാധനങ്ങള്‍ വാങ്ങാനും അവകാശമുണ്ട്. സ്വാഭാവികമായും വില കൂടിയ ഉല്‍പ്പന്നത്തിന്റെ ഡിമാന്റ് കുറയുകയും അതിന്റെ കച്ചവടവും ലാഭവും കുറയുകയും, വര്‍ധിപ്പിച്ച വില കുറയ്ക്കാന്‍ വിതരണക്കാര്‍ നിര്‍ബന്ധിതരാവുകയും ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്. പൂഴ്ത്തിവയ്പ്പും കൃത്രിമമായി വില വര്‍ധിപ്പിക്കലുമൊക്കെ ചില പ്രത്യേക സാഹചര്യങ്ങളില്‍ ഉണ്ടാകാമെങ്കിലും സാമാന്യമായി പറഞ്ഞാല്‍ മത്സരം വിലയിലെ അക്രമമായ വര്‍ധനവിനെ പിടിച്ചുനിര്‍ത്തുന്ന സംവിധാനമാണ് പൊതുമാര്‍ക്കറ്റിന്റെ വിതരണരീതിയില്‍നിന്നു പ്രതീക്ഷിക്കുന്നത്. ഈ രണ്ടു രീതിയില്‍നിന്നു വ്യത്യസ്തമായി, നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ കത്തിയും കഴുത്തും ഒരുത്തനെത്തന്നെ ഏല്‍പ്പിക്കുന്ന രീതിയാണ് ഇന്ത്യയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വിലനിശ്ചയിക്കാന്‍ അവലംബിച്ചിരിക്കുന്നത്. ഇങ്ങനെ പോയാല്‍ പരീക്ഷാപ്പേപ്പര്‍ പരിശോധിച്ച് മാര്‍ക്കിടാനുള്ള അധികാരം ഇവര്‍ കുട്ടികളെ ഏല്‍പ്പിക്കും. അതുകൊണ്ട് എന്തായാലും എന്റെ വോട്ട് അടുത്തതവണ കോണ്‍ഗ്രസ്സിനുതന്നെ എന്നാണ് ഇതേക്കുറിച്ച് ഒരു വിരുതന്‍ ഫെയ്സ്ബുക്കില്‍ കൊടുത്ത പോസ്റ്റ്! ഉല്‍പ്പാദനച്ചെലവും കൂലിച്ചെലവും അടക്കം എല്ലാ അര്‍ഥത്തിലും ജീവിതനിലവാരവും ജീവിതച്ചെലവും ഉയര്‍ന്നു നില്‍ക്കുന്ന രാജ്യമാണല്ലോ അമേരിക്ക. ആഗോളവല്‍ക്കരണത്തിന്റെ അപ്പോസ്തലന്മാരായ ഇന്ത്യന്‍ ഭരണാധികാരികള്‍ സ്വപ്നഭൂമിയായിക്കാണുന്ന അമേരിക്കയില്‍ പെട്രോളിന് വില ലിറ്ററിന് ഒരു ഡോളറില്‍ താഴെ (ഇപ്പോള്‍ അന്‍പത്തിയഞ്ചുരൂപ) മാത്രം ആണത്രെ! അമേരിക്കയിലെ കുത്തക കോര്‍പറേറ്റുകള്‍ അവിടെ വില്‍ക്കുന്ന വിലയ്ക്കെങ്കിലും ഇന്ത്യക്കാര്‍ക്ക് പെട്രോളും ഡീസലും വില്‍ക്കാന്‍ ഇന്ത്യയിലെ പെട്രോള്‍ കമ്പനികള്‍ക്കു കഴിയാത്തതിന്റെ പിന്നിലെ സാമ്പത്തികശാസ്ത്രം എത്ര ആലോചിച്ചിട്ടും എങ്ങനെ ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. അങ്ങനെ സാധാരണക്കാര്‍ക്കു പിടികിട്ടാത്ത എന്തൊക്കെ മറിമായങ്ങളിരിക്കുന്നു നമ്മുടെ ഭരണരംഗത്ത്....!! ഡീസല്‍വില വര്‍ധനവിനെതിരെ ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ അഭ്യര്‍ഥിച്ചുകൊണ്ടുള്ള അറിയിപ്പും ഫെയ്സ്ബുക്കിലൂടെ പ്രചരിക്കുന്നുണ്ട്.

ഇറച്ചിക്കോഴികളില്‍ കുത്തിവെക്കുന്ന മാരകമായ ഹോര്‍മോണുകള്‍ മനുഷ്യശരീരത്തില്‍ പലതരത്തിലുള്ള രോഗങ്ങള്‍ക്കും കാരണമാകുന്നു എന്ന വസ്തുത ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ആവര്‍ത്തിച്ചു പറയുന്നതാണ്. എന്നാല്‍ മാംസാഹാരം കഴിക്കുന്ന നമ്മളോ, ആഹാരപദാര്‍ഥങ്ങളില്‍ മാരകമായ വിഷപദാര്‍ഥങ്ങള്‍ കലര്‍ത്തുന്നതിനെതിരെ ജാഗ്രത പുലര്‍ത്തേണ്ട വകുപ്പുകളോ, സര്‍ക്കാരോ ഇക്കാര്യത്തില്‍ ശ്രദ്ധചെലുത്തിയെന്നു തോന്നുന്നില്ല. ഇതുസംബന്ധിച്ച ഒരു പോസ്റ്റ് ഫെയ്സ്ബുക്കില്‍ പ്രചരിച്ചുകണ്ടു. ഇറച്ചിക്കോഴികളിലെ ഈ മാരകമായ ഹോര്‍മോണുകള്‍ കുട്ടികളുടെ അമിതവളര്‍ച്ചയ്ക്കും പെട്ടെന്നുള്ള പ്രായപൂര്‍ത്തിയാകലിനും സന്താനോലോല്‍പ്പാദനശേഷി നശിക്കുന്നതിനുംവരെ കാരണമാകുന്നു എന്നു കാണിച്ചുകൊണ്ട് നിരവധി പഠനങ്ങളാണ് ഈ രംഗത്ത് നടക്കുന്നത്. എന്‍ഡോസള്‍ഫാനെപ്പോലെയോ അതിനേക്കാള്‍ മാരകമോ ആയ വിഷപദാര്‍ഥങ്ങള്‍ അടങ്ങിയ ഹോര്‍മോണുകളാണത്രെ, ഇറച്ചിക്കോഴികള്‍ പെട്ടെന്ന് വളരാനും തൂക്കംവെക്കാനുംവേണ്ടി കുത്തിവച്ചുകൊണ്ടിരിക്കുന്നത്. ലോകത്തെ പല രാജ്യങ്ങളും ഭക്ഷ്യമാംസത്തില്‍ ഹോര്‍മോണ്‍ കുത്തിവയ്ക്കുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. 1959 മുതല്‍ അമേരിക്കയിലും ആസ്ട്രേലിയയിലും ഭക്ഷണത്തിനുവേണ്ടി വളര്‍ത്തുന്ന ജീവികളിലെ ഹോര്‍മോണ്‍ കുത്തിവയ്പ്പ് നിയമവിരുദ്ധമാണ്. 1995 നും 2000-ത്തിനും ഇടയില്‍, യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന 70 ശതമാനം പൗള്‍ട്രിഫാമുകളിലും റോക്സാഴ്സന്‍ എന്ന മരുന്ന് കുത്തിവച്ചിരുന്നു എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 2004ല്‍ അമേരിക്കയില്‍ നടത്തിയ ഒരു പഠനം തെളിയിക്കുന്നത്, ഈ മരുന്നു കുത്തിവെച്ച കോഴിയുടെ കരള്‍ ഭക്ഷിച്ച കുട്ടികളിലും മുതിര്‍ന്നവരിലും ഞരമ്പും ബുദ്ധിയും തകരാറിലാകാന്‍ തക്ക അളവില്‍, ആഴ്സനിക് അവശിഷ്ടങ്ങള്‍ കണ്ടെത്തി എന്നാണ്. അമേരിക്കക്കാരില്‍ വര്‍ധിച്ചുവരുന്ന പൊണ്ണത്തടിയുടെ കാരണം മരുന്നും ഹോര്‍മോണും കുത്തിവെച്ച ഇറച്ചിക്കോഴികളുടെ ഉപയോഗമാണ് എന്ന് മറ്റൊരു പഠനം തെളിയിക്കുന്നു. പബ്ലിക് ഹെല്‍ത്ത് ന്യൂട്രീഷ്യന്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച, ലണ്ടന്‍ മെട്രോപോളിറ്റന്‍ യൂണിവേഴ്സിറ്റിയുടെ ഒരു പഠനത്തില്‍ നിരീക്ഷിക്കുന്നത്, ആധുനിക ബ്രോയ്ലര്‍ ചിക്കനില്‍നിന്ന് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന എനര്‍ജിയില്‍ ഏറിയപങ്കും പ്രോട്ടീന്‍ എനര്‍ജിയല്ല, ഫാറ്റ് (കൊഴുപ്പ്) എനര്‍ജിയാണ് എന്ന വസ്തുതയാണ്. എല്ലാ നിയമങ്ങളും പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ സംവിധാനങ്ങളുള്ള വികസിതരാജ്യങ്ങളില്‍ ഇതാണ് സ്ഥിതിയെങ്കില്‍ അത്തരം ഒരു നിര്‍ബന്ധങ്ങളുമില്ലാത്ത ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ സ്ഥിതി പറയാനില്ലല്ലോ. അനങ്ങാന്‍ സ്വാതന്ത്ര്യമില്ലാതെ, വ്യായാമമില്ലാതെ, അമിതാഹാരം കഴിച്ച് പൊണ്ണത്തടിവെക്കുന്ന ജീവികളുടെ ഇറച്ചിയും പൊണ്ണത്തടിയിലേയ്ക്കു നയിക്കും എന്നു മനസ്സിലാക്കാന്‍ ഇത്ര ഗംഭീരമായ പഠനങ്ങളൊന്നും ആവശ്യമില്ല, സാമാന്യബുദ്ധിമാത്രം മതിയാകും. അതുകൊണ്ട്, തീര്‍ത്തും ഉപേക്ഷിച്ചില്ലെങ്കിലും ഇത്തരം മാംസാഹാരങ്ങള്‍ പരമാവധി കുറയ്ക്കുന്നതാകും ഉത്തമം; ബുദ്ധിക്കും ശരീരത്തിനും.

വിശ്വാസത്തെക്കുറിച്ചാണ് ഈയിടെ ഫെയ്സ്ബുക്കില്‍ കണ്ട ഒരു പോസ്റ്റ്. കര്‍ത്താവില്‍ വിശ്വസിക്കുക; നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും; ഇസ്ലാം സ്രഷ്ടാവിങ്കല്‍ സ്വീകാര്യമായ ഏക മതം; ചക്കുളത്തമ്മ ഈ വീടിന്റെ ഐശ്വര്യം; ഇതെല്ലാം വ്യവസ്ഥാപിതമായ ചില പരസ്യവാചകങ്ങളാണ്. കോള്‍ഗേറ്റ് ഉപയോഗിക്കൂ... ദന്തക്ഷയം ഒഴിവാക്കൂ... എന്നു പറയുന്നതുപോലെ... വിശ്വസിക്കാന്‍ യുക്തി ആവശ്യമില്ല എന്നത് ഒരു വലിയ ആശ്വാസമാണ്. പ്രാര്‍ഥിച്ചതു മുഴുവന്‍ ഈശ്വരന്‍ സാധിപ്പിച്ചുതന്നോ? അല്ലെങ്കില്‍ പ്രാര്‍ഥനയുടെ എത്ര ശതമാനം യാഥാര്‍ഥ്യമായി എന്നതൊന്നും വിശ്വാസിയുടെ വിശ്വാസത്തെ ചഞ്ചലപ്പെടുത്താന്‍ പര്യാപ്തമായ കാരണങ്ങളേ അല്ല. വിശ്വസിക്കുക എന്നതാണ് പ്രധാനം. ഇത്തരമൊരു ശീലത്തിലൂടെ നൂറ്റാണ്ടുകള്‍ കടന്നുവന്ന ഒരു ജനതക്ക്, കോള്‍ഗേറ്റ് ഉപയോഗിച്ചതിനുശേഷവും ദന്തക്ഷയം ഒഴിവായില്ലെങ്കിലും പരാതിപ്പെടാന്‍ തോന്നുകയില്ല. സമാധാനിക്കാന്‍ വിശ്വാസംതന്നെ ധാരാളം!

വിശ്വാസമില്ലാത്തവര്‍ ദേവസ്വംബോര്‍ഡില്‍ ഉണ്ടാവാന്‍ പാടില്ല എന്നൊരു നിയമം ഈയിടെ ബീജം ധരിച്ചശേഷം അലസിപ്പോയല്ലോ. ദൈവത്തില്‍ വിശ്വാസമില്ലാത്തവര്‍ക്ക് ദേവസ്വംബോര്‍ഡില്‍ എന്തുകാര്യം എന്നതായിരുന്നു തര്‍ക്കം. വിശ്വാസം ഉണ്ടായാല്‍ മാത്രം പോരാ, താന്‍ ദൈവവിശ്വാസിയാണ് എന്ന് രേഖാമൂലം എഴുതി തെര്യപ്പെടുത്തുകയും വേണം! അത്രമാത്രം കര്‍ശനമായും സാത്വികശുദ്ധിയോടെയുമാണ് ദൈവത്തിന്റെ കാര്യങ്ങള്‍ നാം നടത്തിപ്പോരുന്നത് എന്നര്‍ഥം. അപ്പോള്‍പ്പിന്നെ ദേവസ്വംബോര്‍ഡിന്റെ ആസ്ഥാനത്തുള്ള കാന്റീനില്‍ ബീഫ് ഫ്രൈ ഉണ്ടാകാന്‍ പാടുണ്ടോ? എന്തൊര സംബന്ധം എന്ന് ആര്‍ക്കും തോന്നാം. ദേവകാര്യത്തില്‍ മനസ്സര്‍പ്പിച്ച ദേവസ്വം ജീവനക്കാര്‍, ബോര്‍ഡംഗങ്ങള്‍, പൂജാരിമാര്‍, ഭക്തജനങ്ങള്‍ ഇവരൊക്കെ ഭക്ഷണം കഴിക്കാന്‍ ആശ്രയിക്കുന്ന ദേവസ്വം കാന്റീനില്‍ എന്തിനാണ് ബീഫ് ഫ്രൈ? എന്ന് ആരും ചോദിച്ചുപോകും. ഫെയ്സ്ബുക്കില്‍ ഈയിടെ ഒരു വാര്‍ത്ത വായിച്ചു. തിരുവനന്തപുരത്തുനിന്ന്, ഡി കെ നാഥ് എന്നയാളുടെ പ്രതികരണമായിട്ട്. 1210 ക്ഷേത്രങ്ങളുടെ നിയന്ത്രണമുള്ള ദേവസ്വംബോര്‍ഡിന്റെ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കാന്റീനിന്റെ ഭക്ഷണപ്പട്ടികയില്‍ ബീഫ് ഫ്രൈ സ്ഥാനം പിടിച്ചതിനെക്കുറിച്ചാണ് പ്രതികാരകന്റെ പരാതി. മീന്‍കറി, ബീഫ് കറി, ബീഫ് ബിരിയാണി, ചിക്കന്‍കറി, ചിക്കന്‍ഫ്രൈ....അങ്ങനെ നീളുന്നു ആ ലിസ്റ്റ്. കാന്റീന്‍ തുടങ്ങിയ കാലം മുതല്‍ ഈ മെനുവാണ് നിലവിലുള്ളത് എന്നാണത്രേ കാന്റീന്‍ ജീവനക്കാരുടെ മറുപടി. ആയിരിക്കാം. പക്ഷേ, വിശ്വാസികളല്ലാത്തവര്‍ക്ക് ദേവസ്വംബോര്‍ഡില്‍ അംഗത്വം പാടില്ല എന്ന് നിഷ്കര്‍ഷിച്ചു തുടങ്ങുന്ന പുതിയ കാലത്തെങ്കിലും അമ്പലക്കമ്മിറ്റിയില്‍നിന്ന് ബീഫ് ഫ്രൈ ഒഴിവാക്കണം എന്ന ഡി കെ നാഥിന്റെ ആവശ്യം തീര്‍ത്തും ന്യായം!

ഒരു പാവം മലയാളി ഫെയ്സ്ബുക്കില്‍ ഷെയര്‍ചെയ്ത കുറിപ്പ്, കിങ്ഫിഷര്‍ ഉടമയുടെ കടം എഴുതിത്തള്ളാന്‍ സന്മനസ്സുകാണിച്ച നാഷനലൈസ്ഡ് ബാങ്കുകളെക്കുറിച്ചാണ്. മദ്യവ്യവസായിയും കോടീശ്വരനുമായ വിജയി മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ 7500 കോടി ബാങ്ക് വായ്പയില്‍ 6000 കോടി എഴുതിത്തള്ളാന്‍ ബാങ്കുകളുടെ നീക്കം.... എന്നാണ് കുറിപ്പിന്റെ തുടക്കം. ഈ കോടീശ്വരന്റെ ആറായിരം കോടിരൂപ എഴുതിത്തള്ളുന്നത് കാണുമ്പോള്‍, ഉന്നതവിദ്യാഭ്യാസത്തിന് ബാങ്ക് വായ്പക്കപേക്ഷിച്ച് കാത്തിരുന്ന് ആത്മഹത്യചെയ്ത കുട്ടികളുടേയും, കാര്‍ഷികാവശ്യങ്ങള്‍ക്ക് വായ്പയെടുത്ത് തിരിച്ചടയ്ക്കാനാവാതെ ജീവനൊടുക്കിയ കര്‍ഷകരുടേയും മത്സ്യത്തൊഴിലാളികളുടേയും ആത്മാക്കള്‍ക്ക് മോക്ഷം ലഭിക്കും എന്ന വിരുദ്ധോക്തിയിലാണ് കുറിപ്പ് അവസാനിക്കുന്നത്. പാട്ടക്കുടിശ്ശികയുടെ പേരില്‍ ജന്മിക്കുവേണ്ടി, സാധാരണക്കാരന്റെ ഭൂമി ജപ്തിചെയ്യാന്‍ വരുന്ന വാറണ്ടുശിപായിമാര്‍ ഇരുപതാംനൂറ്റാണ്ടിന്റെ കേരളീയ ജീവിതത്തിലെ വലിയ പേടിസ്വപ്നമായിരുന്നു. നരിയേക്കാളും ഭീകരരാണ് ഇവര്‍ എന്ന് ബുദ്ധനും ഞാനും നരിയും എന്ന കവിതയില്‍ ഇടശ്ശേരി പറഞ്ഞുവെച്ചിട്ടുണ്ട്. ""നരി വന്നാല്‍-വന്നോട്ടെ, സുപരീക്ഷിതങ്ങളെന്‍ ചരണങ്ങള്‍, ഞാനൊരു പെണ്ണല്ലല്ലോ നരി കണ്ടോനേറിയാല്‍ നായാട്ടുനായ്ക്കളെ;- ശ്ശരി, ഞാനോ വാറണ്ടു ശിപ്പായ്മാരെ!; എന്ന് തനിക്ക് നരിയേക്കാള്‍ കൂടുതലുള്ള മേന്മയായിപ്പറയുന്നത്, നരി ഏറിപ്പോയാല്‍ നായാട്ടു നായ്ക്കളെ കണ്ടിരിക്കാം. താന്‍ പക്ഷേ, വാറണ്ടു ശിപായിമാരെ കണ്ടു പരിചയിച്ചവനാണല്ലോ എന്നാണ്. പാവപ്പെട്ടവരുടെ വീട്ടാക്കടത്തിന്റെ പേരില്‍ കിടപ്പാടം ജപ്തിചെയ്യാന്‍ വരുന്ന ബാങ്കുകള്‍ പുതിയ കാലത്തെ ജന്മികളാണ് എന്നു പറഞ്ഞാല്‍ അതിശയോക്തി ഒട്ടുമില്ല. എന്നാല്‍, ജനാധിപത്യസമൂഹത്തില്‍ കോടീശ്വരന്മാര്‍ക്കുമേല്‍ പാവപ്പെട്ടവര്‍ക്ക് സംരക്ഷണം കിട്ടിയില്ലെങ്കില്‍ വേണ്ടാ, ആഗോളവത്കരണത്തിന്റെ മുദ്രാവാക്യമായ തുല്യനീതിയെങ്കിലും അനുവദിച്ചുകൊടുക്കേണ്ടതല്ലേ? കോടീശ്വരന്മാരുടെ കടം പല പേരില്‍ എഴുതിത്തള്ളുകയും അവര്‍ക്ക് പല പല ആനുകൂല്യങ്ങള്‍ അനുവദിച്ചുകൊടുക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ പാവപ്പെട്ടവരുടെ പിച്ചപ്പാത്രത്തില്‍ നിരന്തരം കൈയിട്ടുവാരുകയും, അവരുടെ തുച്ഛമായ ആനുകൂല്യങ്ങള്‍ പോലും ഓരോന്നായി വെട്ടിപ്പിടിക്കുകയും ചെയ്യുമ്പോള്‍ നാം സ്വാഭാവികമായും നമ്മോടുതന്നെ ചോദിക്കേണ്ടിയിരിക്കുന്നു; ഇപ്പോള്‍ ഏതുരാജാവാണ് രാജ്യം ഭരിക്കുന്നത് എന്ന്!

അനാചാരങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നത് ധിക്കാരമാണെങ്കില്‍ ഞാനൊരു ധിക്കാരിയാണ് എന്ന ഫെയ്സ്ബുക്കിലെ പോസ്റ്റില്‍ പരാമര്‍ശിക്കുന്നത് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബിക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ കേസെടുത്ത വിഷയമാണ്. ബ്രാഹ്മണര്‍ ഭക്ഷണം കഴിച്ച എച്ചിലിലയില്‍, താഴ്ന്ന ജാതിക്കാര്‍ കിടന്നുരുളുന്ന, അങ്ങേയറ്റം പ്രാകൃതവും മനുഷ്യത്വരഹിതവുമായ ചടങ്ങിനെതിരെ സിപിഐ എം സംഘടിപ്പിച്ച ബഹുജനമാര്‍ച്ചില്‍ പ്രസംഗിച്ചതിന്റെ പേരിലാണ് ബേബിക്കെതിരെ കേസെടുത്തത്. മടെ സ്നാന എന്നാണ് ഈ ദുരാചാരം അറിയപ്പെടുന്നത്. ബ്രാഹ്മണന്റെ എച്ചിലില്‍ കിടന്നുരുണ്ടാല്‍ ഏതു ദൈവമാണ് പ്രസാദിക്കുക? എന്ന തലവാചകത്തോടെ മറ്റൊരു പോസ്റ്റും കണ്ടു. താഴ്ന്ന ജാതിക്കാര്‍ എച്ചിലിലയില്‍ കിടന്നുരുളുന്ന ചിത്രവും കൂട്ടത്തിലുണ്ട്. അഖിലലോക ബ്രാഹ്മണരേ ഉടന്‍ ഉണരുവിന്‍... തൂറുവിന്‍... മലം കയറ്റിയയയ്ക്കുവിന്‍ ഉഡുപ്പിയിലെ അമ്പലത്തിലേക്ക് എന്നാണ് ധാര്‍മികരോഷവും ദേഷ്യവും സ്ഫുരിക്കുന്ന ഒരു പോസ്റ്റിന്റെ അടിക്കുറിപ്പ്. താന്‍ അടിമയാണ് എന്നും അനുഭവിക്കുന്നതത്രയും അടിമത്തമാണ് എന്നും തിരിച്ചറിയാതിരിക്കുന്ന അവസ്ഥയാണ് അടിമത്തത്തിന്റെ ഏറ്റവും വലിയ ദുരന്തം എന്നു പറയാം. ഇന്ത്യയുടെ സാമൂഹ്യജീവിതത്തില്‍ നൂറ്റാണ്ടുകളായി അടിമജീവിതം നയിക്കുന്ന ദളിതരും സ്ത്രീകളും അടക്കമുള്ള നിരവധി ജനവിഭാഗങ്ങള്‍ ജീവിതവുമായി പലതരത്തില്‍ പൊരുത്തപ്പെട്ടുപോരുകയാണ് ചെയ്യുന്നത്. ചടങ്ങുകളും വിശ്വാസങ്ങളും മിത്തുകളും കഥകളുമൊക്കെയായി ഇഴയടുപ്പത്തോടെ ചേര്‍ത്തുകെട്ടിയ വിശ്വാസങ്ങളുടെ വലിയൊരു വലക്കണ്ണി അവരുടെ അവസ്ഥയില്‍നിന്ന് അവര്‍ ഒരിക്കലും ഉണരാതിരിക്കാന്‍ നിരന്തരം ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു.

ജനാധിപത്യപ്രക്രിയയില്‍, അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന തെരഞ്ഞെടുപ്പിലേക്കും അധികാരക്കൈമാറ്റത്തിലേക്കും സാമൂഹ്യരാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍പോലും ചുരുങ്ങിപ്പോകുമ്പോള്‍ ഈ അടിമത്തം അതേപടി തുടരാനുള്ള പല കാരണങ്ങളില്‍ ഒന്നായി അതും മാറുന്നു. ഇതിനെതിരെ സംഘടിപ്പിക്കുന്ന സമരങ്ങളാണ്, ആഴത്തില്‍ വേരോട്ടമുള്ള സാമൂഹ്യമാറ്റങ്ങള്‍ക്ക് മണ്ണൊരുക്കുന്നത്.

തെഹല്‍ക്കയുടെ റിപ്പോര്‍ട്ടര്‍ കെ കെ ഷാഹിനക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച കര്‍ണാടക സര്‍ക്കാറിന്റെ നടപടിക്കെതിരെ നിരവധി പോസ്റ്റുകളും വാര്‍ത്തകളുമാണ് ഫെയ്സ്ബുക്കിലും ബ്ലോഗിലും പ്രചരിക്കുന്നത്. മഅ്ദനിക്കും ഇറ്റാലിയന്‍ നാവികര്‍ക്കും വെവ്വേറെ നീതി നടപ്പാക്കുന്ന ഇന്ത്യാഗവണ്മെന്റിന്റെ നിലപാടുകള്‍ക്കെതിരെയും നിരവധി പേര്‍ പ്രതികരിച്ചുകൊണ്ടിരിക്കുന്നു. മുസ്ലിം ആയതിന്റെ പേരില്‍ ഭീകരവാദിയായി മുദ്രകുത്തപ്പെട്ട പത്രപ്രവര്‍ത്തകയാണ് ഷാഹിന. ബംഗളൂരു സ്ഫോടനക്കേസിലെ രണ്ട് പ്രോസിക്യൂഷന്‍ സാക്ഷികളെ ഇന്റര്‍വ്യൂ ചെയ്തതിന്റെ പേരിലാണ് ഷാഹിന തീവ്രവാദിയായി മാറിയത്. കേസില്‍ അബ്ദുള്‍ നാസര്‍ മഅ്ദനി പ്രതിയാണ്.

1997ലെ കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ കുറ്റം ആരോപിക്കപ്പെട്ട് പത്തുവര്‍ഷം ജയിലില്‍ കിടന്നയാളാണല്ലോ മഅ്ദനി. 2007ല്‍ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. എന്നാല്‍, ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ കര്‍ണാടകാ പൊലീസ് മഅ്ദനിയെ വീണ്ടും അറസ്റ്റുചെയ്തിരിക്കുകയാണ്. ഈ കേസില്‍ ആറു പ്രോസിക്യൂഷന്‍ സാക്ഷികളാണുള്ളത്. ഇവരില്‍ രണ്ടുപേര്‍, ജോസ് തോമസും മഅ്ദനിയുടെ അനിയന്‍ മുഹമ്മദ് ജമാലും തങ്ങളുടെ മൊഴികള്‍ കര്‍ണാടക പൊലീസ് കെട്ടിച്ചമച്ചതാണ് എന്ന് ആരോപിച്ച് കോടതിയെ സമീപിച്ചിരിക്കയാണ്. പോലീസ് മൊഴി രേഖപ്പെടുത്തിയപ്പോള്‍ മൂന്നാംസാക്ഷി ആശുപത്രിക്കിടക്കയില്‍ ആയിരുന്നു. നാലുദിവസത്തിനകം അയാള്‍ മരിക്കുകയും ചെയ്തു. കണ്ണൂരില്‍വെച്ച് മൊഴി രേഖപ്പെടുത്തി എന്നാണ് പോലീസ് രേഖകളില്‍ പറയുന്നത്. എന്നാല്‍ അയാളെ 500 കിലോമീറ്റര്‍ ദൂരെ എറണാകുളത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നുവെന്ന് ആശുപത്രിരേഖകള്‍ പറയുന്നു. ഈ പശ്ചാത്തലത്തിലാണ് പൊലീസിന്റെ ഗൂഢാലോചനയെക്കുറിച്ച് ഷാഹിനക്ക് സംശയം തോന്നുന്നത്.

കര്‍ണാടകാ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം കെട്ടിച്ചമച്ച മൊത്തം കഥയേയും ഷാഹിന സംശയിച്ചുതുടങ്ങി. എന്താണ് ഈ കേസില്‍ മഅ്ദനിയുടെ റോള്‍? കേസിലെ രണ്ടുസാക്ഷികളെ കണ്ടതോടെ, തന്റെ ഊഹം തെറ്റിയിട്ടില്ലെന്ന് ബോധ്യപ്പെട്ടതായി ഷാഹിന ഫെയ്സ് ബുക്കില്‍ വ്യക്തമാക്കുന്നു. സാക്ഷികളുടെ മൊഴിമാറ്റാന്‍ ശ്രമിച്ചു എന്ന പേരില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകളനുസരിച്ച് ഷാഹിന കുറ്റാരോപിതയായിരിക്കുകയാണ്. മടിക്കേരി ജില്ലാ കോടതിയില്‍ താന്‍ മുന്‍കൂര്‍ജാമ്യത്തിന് അപേക്ഷിച്ചു എന്നും അപേക്ഷ കോടതി കേള്‍ക്കുന്നതിനിടയില്‍ വീണ്ടും കുറ്റങ്ങള്‍ ചുമത്തിയിരിക്കുകയാണ് എന്നും ഷാഹിന വിശദീകരിക്കുന്നു. അങ്ങനെ മടിക്കേരി കോടതി ഷാഹിനയുടെ ജാമ്യാപേക്ഷ നിരസിച്ചു. കര്‍ണാടകാ ഹൈക്കോടതിയിലാണ് ഇപ്പോള്‍ ഷാഹിനയുടെ ജാമ്യാപേക്ഷ. അടുത്തുതന്നെ കേസിന്റെ വിചാരണ നടക്കും. എന്താണ് സംഭവിക്കുക എന്നറിയില്ല. ജാമ്യം കിട്ടുമോ ജയിലില്‍ പോകേണ്ടിവരുമോ എന്നാണ് ഷാഹിനയുടെ സംശയം. തനിക്കെതിരെയുള്ള കേസല്ല പ്രശ്നം, മറിച്ച് ഭരണകൂടങ്ങളെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചാല്‍ ഇതാണ് അനുഭവം എന്ന് മൊത്തം മാധ്യമങ്ങള്‍ക്കും ഉള്ള താക്കീതായി ഈ നടപടി മാറുമോ എന്നാണ് ഷാഹിന ഉന്നയിക്കുന്ന പ്രശ്നം. ചോദ്യം ചെയ്യാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ക്കെതിരെ കിരാതനിയമങ്ങള്‍ ഉയരുകയായി. നിങ്ങള്‍ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട ആളാണെങ്കില്‍ തീവ്രവാദിയല്ലെന്നു തെളിയിക്കാന്‍ ബുദ്ധിമുട്ടാണ്, നിങ്ങള്‍ ഒരു മാവോവാദിയല്ലെന്നു തെളിയിക്കലും ഈ കാലത്തും ലോകത്തും ദുഷ്കരമാണല്ലോ; എന്നാണ്, മികച്ച മാധ്യമപ്രവര്‍ത്തകയ്ക്കുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട്, 2011 ഏപ്രില്‍ മാസത്തില്‍ ഷാഹിന പ്രസംഗിച്ചത്. ഷാഹിന പറയുമ്പോള്‍ ആ വാക്കുകള്‍ക്ക് സത്യത്തിന്റെ പൊള്ളലുണ്ട് എന്ന് ഇന്ത്യന്‍ അവസ്ഥയില്‍നിന്നുകൊണ്ടു തിരിച്ചറിയാന്‍ കഴിയും. 2008ല്‍ നടന്ന ബംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് 2010ല്‍ തെഹല്‍ക്കയില്‍ പ്രസിദ്ധീകരിച്ച ഷാഹിനയുടെ റിപ്പോര്‍ട്ടിന്റെ പേരില്‍ പകപോക്കാനാണ് അവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കുറ്റപത്രം തയാറാക്കിയിരിക്കുന്നത് എന്നു ചിന്തിക്കുന്നവരാണ് വസ്തുതകള്‍ മനസ്സിലാക്കുന്ന ബഹുഭൂരിപക്ഷം പേരും.

കേസിലെ മുഖ്യപ്രതി അബ്ദുന്നാസര്‍ മഅ്ദനിയെ അറസ്റ്റുചെയ്തത് കെട്ടിച്ചമച്ച തെളിവുകളുടേയും വ്യാജമൊഴികളുടേയും അടിസ്ഥാനത്തിലാണ് എന്നതായിരുന്നു ഷാഹിനയുടെ വെളിപ്പെടുത്തല്‍. പൊലീസിന്റെ കഥയിലെ വിടവുകളും അബദ്ധങ്ങളും ചൂണ്ടിക്കാട്ടുന്നതായിരുന്നു റിപ്പോര്‍ട്ട്. സ്ഫോടനം ആസൂത്രണം ചെയ്തെന്നു പറയുന്ന കുടകിലെ ലക്കേരി എസ്റ്റേറ്റിലും, സമീപത്തെ കംബൂര്, ഇഗ്ഗൂര്, ഹൊസതൊട്ട പ്രദേശങ്ങളിലും സഞ്ചരിച്ച്, ബിജെപി പ്രവര്‍ത്തകരടക്കം നിരവധി നാട്ടുകാരോടും കേസിലെ സാക്ഷികളോടും സംസാരിച്ചാണ് ഷാഹിന തന്റെ വാദമുഖങ്ങള്‍ ഉന്നയിച്ചത്. മഅ്ദനി അവിടെ ചെന്നിരുന്നു എന്ന പൊലീസ് ഭാഷ്യം തെറ്റായിരുന്നുവെന്ന് സാക്ഷിമൊഴികളിലൂടെ ഷാഹിനയുടെ റിപ്പോര്‍ട്ട് തെളിയിക്കുന്നു. കേസില്‍ മഅ്ദനിക്കെതിരായ ഏറ്റവും ശക്തമായ തെളിവ്, അദ്ദേഹത്തെ കുടകില്‍ കണ്ടെന്ന രണ്ടുപേരുടെ സാക്ഷിമൊഴികളാണ്. കെ കെ യോഗാനന്ദ്, റഫീഖ് എന്നിവരായിരുന്നു പോലീസ് അവതരിപ്പിച്ച ആ സാക്ഷികള്‍. ഷാഹിന അവരുമായി സംസാരിച്ചപ്പോള്‍, മഅ്ദനിയെ കണ്ടിട്ടേയില്ല എന്നതായിരുന്നു അവരുടെ മൊഴി. താന്‍ സാക്ഷിപ്പട്ടികയില്‍ ഉണ്ടെന്ന വിവരംപോലും അറിയില്ലെന്നാണത്രേ ബിജെപി പ്രവര്‍ത്തകന്‍കൂടിയായ യോഗാനന്ദ് ഷാഹിനയോടു പറഞ്ഞത്. അഭിമുഖം കഴിഞ്ഞ് തിരിച്ചുപോകുമ്പോള്‍ പൊലീസ് ഷാഹിനയേയും കൂടെയുണ്ടായിരുന്നവരേയും തടഞ്ഞു. ഭീകരവാദിയാണോ എന്നതായിരുന്നു സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ സംശയം. തെഹല്‍കയുടെ ലേഖികയാണെന്നു പറഞ്ഞിട്ടും വിശ്വാസം വന്നില്ല. തെഹല്‍കയുടെ എക്സിക്യൂട്ടീവ് എഡിറ്റര്‍ ഷോമ ചൗധരി ഫോണിലൂടെ സാക്ഷ്യപ്പെടുത്തിയിട്ടും സിഐ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. ഒരു സംഘം മുസ്ലീങ്ങള്‍ ആ പ്രദേശത്ത് സന്ദര്‍ശനം നടത്തി എന്ന തരത്തിലായിരുന്നു പിറ്റേന്ന് ഒരു കന്നട പത്രത്തില്‍ വാര്‍ത്ത വന്നത്. തെഹല്‍ക്ക ലേഖികയാണെന്ന തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചുവെങ്കിലും യഥാര്‍ഥത്തില്‍ അവര്‍ ആരാണെന്ന കാര്യത്തില്‍ പൊലീസിന് സംശയമുണ്ട് എന്ന തരത്തിലായിരുന്നു പത്രവാര്‍ത്ത അഥവാ, വരുത്തിയ വാര്‍ത്ത. മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ തന്റെ ജോലി ചെയ്യുകയായിരുന്നു ഷാഹിന എന്നും അതു തടസ്സപ്പെടുത്തുകയാണ് പൊലീസുദ്യോഗസ്ഥര്‍ ചെയ്തത് എന്നും ഫെയ്സ്ബുക്കിലെ പോസ്റ്റ് നിരീക്ഷിക്കുന്നുണ്ട്.

എന്നാല്‍, യുഎപിഎ പോലുള്ള ഭീകരനിയമങ്ങളടക്കം ചുമത്തി കുറ്റകരമായ ഗൂഢാലോചന, സാക്ഷികളെ സ്വാധീനിക്കല്‍, പ്രോസിക്യൂഷനെതിരെ മൊഴിനല്‍കാന്‍ സാക്ഷികളെ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കെട്ടിച്ചമച്ച കുറ്റങ്ങള്‍ ആരോപിച്ച് ഷാഹിനയെ ജയിലിലടയ്ക്കാന്‍ ഒരുങ്ങുകയാണ് ഭരണകൂടം. സത്യം പറഞ്ഞു എന്ന കുറ്റം ചുമത്തി ഭരണകൂടം നാളെ നിങ്ങളെയും ജയിലിലടച്ചേയ്ക്കാം എന്ന മുന്നറിയിപ്പോടുകൂടിയാണ് പോസ്റ്റ് അവസാനിക്കുന്നത്. നിയമത്തില്‍, തെളിയിക്കാനുള്ള ബാധ്യത (യൗൃറലി ീള ുൃീീള) എന്നൊരു സാങ്കേതിക പദമുണ്ട്. ഒരാള്‍ കൊലപാതകം ചെയ്തു എന്ന് ആരോപിക്കപ്പെട്ടാല്‍, യഥാര്‍ഥത്തില്‍ അയാള്‍ ആ കുറ്റം ചെയ്തിട്ടുണ്ട് എന്ന് കോടതിയില്‍ തെളിയിക്കാനുള്ള ബാധ്യത പ്രോസിക്യൂഷനാണ്, അഥവാ കുറ്റം ആരോപിക്കുന്ന സര്‍ക്കാറിനാണ്. എന്നാല്‍ ഒരു സ്ത്രീ, തന്നെ ഒരു പുരുഷന്‍ ബലാത്സംഗം ചെയ്തു എന്ന് പരാതിപ്പെട്ടാല്‍, നിരപരാധിയാണ് എന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം പുരുഷനാണ്. തന്നെ ഒരു പുരുഷന്‍ ബലാത്സംഗം ചെയ്തു എന്ന് സാധാരണനിലയില്‍ ഒരു സ്ത്രീയും വസ്തുതാവിരുദ്ധമായി പരാതി ഉന്നയിക്കില്ല എന്നതുകൊണ്ടാണ്, ബലാത്സംഗക്കേസുകളില്‍ നിരപരാധിത്വം തെളിയിക്കാനുള്ള ഉത്തരവാദിത്തം ഇങ്ങനെ പ്രതിയിലേയ്ക്കു മാറ്റിയത്. ഇത് നിയമം തീരുമാനിക്കുന്ന ബാധ്യതയാണെങ്കില്‍ സമൂഹവും ഭരണകൂടങ്ങളുമൊക്കെ അടിച്ചേല്‍പ്പിക്കുന്ന ചില തെളിയിക്കല്‍ ബാധ്യതകളുണ്ട്. ഒരോ മുസ്ലീം പേരുകാരനും അഥവാ പേരുകാരിയും താന്‍ തീവ്രവാദിയല്ലെന്നും, പാകിസ്ഥാന്‍ ചാരന്‍/ചാര അല്ലെന്നും തെളിയിക്കേണ്ടിയിരിക്കുന്നു എന്ന അവസ്ഥ നിയമത്തില്‍ ഇല്ലെങ്കിലും പലരുടേയും ബോധമണ്ഡലത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഇത്തരം വിവേചനം ഒരു ജനാധിപത്യസമൂഹത്തിനും ഭൂഷണമല്ലതന്നെ. തല്ലിക്കൊല്ലാന്‍ എളുപ്പവഴി പേയുണ്ടെന്ന് ആരോപിക്കലാണ് എന്നതുപോലെ തോല്‍പ്പിക്കാനും നശിപ്പിക്കാനും ഉള്ള എളുപ്പവഴിയായി തീവ്രവാദവും രാജ്യസ്നേഹവും ദേശീയതയുമൊക്കെ ഉപയോഗിക്കപ്പെടുന്നത് വര്‍ത്തമാനകാലത്തെ ഏറ്റവും വൃത്തികെട്ട അശ്ലീലമാണ്. മറ്റാരു ചെയ്താലും നീതിപാലകരും ഭരണകൂടങ്ങളുമെങ്കിലും ഈ ക്രൂരതയില്‍നിന്ന് മാറി നടക്കേണ്ടതുണ്ട്. മഅ്ദനി അപരാധിയോ നിരപരാധിയോ ആവാം. പക്ഷേ, അക്കാര്യം തീരുമാനിക്കാതെ അദ്ദേഹത്തെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്ക്കുന്നതിനെയും പത്തുകൊല്ലം ജയിലില്‍ അടച്ചിട്ടശേഷം നിരപരാധിയാണ് എന്നു പറഞ്ഞ് തുറന്നുവിടുന്നതിനെയും മറ്റെന്തുപേരുവിളിച്ചാലും ജനാധിപത്യം എന്നും നിയമവ്യവസ്ഥ എന്നുമാത്രം പറഞ്ഞുപോകരുത്! അത് ചോദ്യം ചെയ്തു ലേഖനം തയാറാക്കിയ പെണ്‍കുട്ടിയുടെ പേര് ഷാഹിന എന്നായിപ്പോയതുകൊണ്ട് അവളെയും തീവ്രവാദിയാക്കി കേസെടുക്കുന്ന സമൂഹം എന്തിനാണ് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ വെറുതേ ചൂണ്ടുവിരലില്‍ മഷി പുരട്ടി ജനാധിപത്യത്തെ അപമാനിക്കുന്നത്!

സ്ത്രീപോലെയുള്ളത് എന്ന പേരില്‍ കെ വിജയന്‍ എഴുതിയ കവിത ഫെയ്സ്ബുക്കില്‍ വായിച്ചു. സ്ത്രീയെ വ്യക്തി എന്ന അവസ്ഥയില്‍ കാണാന്‍ കൂട്ടാക്കാത്ത വര്‍ത്തമാനകാലത്തിന്റെ പുരുഷക്കാഴ്ചകളോടും, അങ്ങനെത്തന്നെയാണ് സ്ത്രീ അടയാളപ്പെടേണ്ടത് എന്നു ധരിച്ചുവശായിരിക്കുന്ന സ്ത്രീകളടക്കമുള്ളവരുടെ സ്ത്രീവിരുദ്ധ നിലപാടുകളോടും ശക്തമായി കലഹിക്കുന്ന കവിതയാണ് വിജയന്റെ സ്ത്രീപോലെയുള്ളത് എന്ന രചന. ""സ്ത്രീപോലെയുള്ളത് പര്‍ദ്ദപോലെയുള്ളതില്‍ പൊതിഞ്ഞു ഒരു ബൈക്കിനു പിറകില്‍ കണ്ടു. കണ്ണുകള്‍ മൂടിയിട്ടുണ്ട് കൈകാലുകളില്‍ സോക്സുണ്ട്. എങ്കിലും ഞാന്‍ നോക്കിപ്പോയി.. അതൊരു കാമിനിയാകാം ഭാര്യയാകാം മകളാകാം. അതിന്റെ സുരക്ഷയ്ക്കും അതില്‍നിന്നുള്ള രക്ഷയ്ക്കും ആ സാധനം* കടലാസ് പെട്ടിയിലോ ചാക്കിലോ കെട്ടി കാറിന്റെ ഡിക്കിയിലോ ബസ്സിന്റെ പുറത്തോ സൂക്ഷിക്കാം.. ബൈക്കിന്റെ പിറകില്‍ ഇങ്ങനെ പരസ്യമായി കൊണ്ടുപോകരുത്!(* താത്രി)"" സ്ത്രീ അവളുടെ ശരീരം പര്‍ദ്ദകൊണ്ടു മൂടാത്തതും, മുടിയടക്കമുള്ള ശരീരഭാഗങ്ങള്‍ പുറത്തുകാണിക്കുന്നതും ആണ് സ്ത്രീകള്‍ക്കെതിരായ എല്ലാ അതിക്രമങ്ങള്‍ക്കും മൂലകാരണം എന്നു പ്രചരിപ്പിക്കുന്ന മതപ്രഭാഷണങ്ങള്‍ ഈയിടെ പലയിടത്തും കേട്ടു. എല്ലാം സംഘടിപ്പിക്കുന്നത് സ്ത്രീകളെ സഹായിക്കാന്‍ എന്ന പേരിലാണ്. ഇങ്ങനെ വിശ്വസിക്കുന്ന സാമൂഹ്യ ദ്രോഹികള്‍ക്കെതിരെയുള്ള ശക്തമായ താക്കീതായി മാറുന്നു വിജയന്റെ കവിത. ഇതേ അര്‍ഥത്തില്‍ത്തന്നെ മറ്റൊരു രൂപത്തില്‍ ഈ വിഷയത്തോടു പ്രതികരിക്കുന്നതാണ് എം എന്‍ കാരശ്ശേരിയുടെ ലേഖനത്തില്‍നിന്ന് അടിവരയിട്ട് ചേര്‍ത്ത് ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയ ഫെയ്സ്ബുക്ക് പോസ്റ്റും.

നായ മനുഷ്യരെ കടിക്കും എന്നുണ്ടെങ്കില്‍ കെട്ടിയിടേണ്ടത് നായയെയാണ് മനുഷ്യരെയല്ല. കണ്ടുപോയാല്‍ ആക്രമിക്കും എന്നുണ്ടെങ്കില്‍ മൂടിവെക്കേണ്ടത് പുരുഷന്റെ കണ്ണുകളെയാണ്, സ്ത്രീയുടെ മുഖമല്ല. മനോവൈകൃതമുള്ള പുരുഷന്മാരെ നിലയ്ക്കുനിര്‍ത്താന്‍ വഴിനോക്കുന്നതിനു ബദലായി സ്ത്രീയെ പര്‍ദ്ദകൊണ്ടു മൂടിയിടുന്നത് യുക്തിയല്ല, നീതിയല്ല... എന്നാണ് കാരശ്ശേരിയുടെ ലേഖനത്തില്‍നിന്ന് ഫെയ്സ്ബുക്കിലെത്തിയ മൂര്‍ച്ച. ഏതു കാലത്താണാവോ ഇത്തരം യുക്തിചിന്തകളെ നമ്മുടെ മതപണ്ഡിതന്മാര്‍ക്കും മതങ്ങള്‍ക്കും മതഗ്രന്ഥങ്ങള്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയുക!

*
എം എം സചീന്ദ്രന്‍ ദേശാഭിമാനി വാരിക

Sunday, January 1, 2012

സ്വപ്നങ്ങളെ ഓടിത്തോല്‍പ്പിക്കാന്‍ പുതിയ വര്‍ഷം

എല്ലാവര്‍ക്കും നന്മ വരട്ടെ

പുതുവര്‍ഷം പിറവികൊള്ളുന്നത് ഇക്കുറി എന്നെ സംബന്ധിച്ച് ഇന്നോളമുണ്ടാവാത്ത വിധം വ്യത്യസ്ത അനുഭവത്തോടെയാണ്. ഞാന്‍ ആശുപത്രിയിലായിട്ട് മൂന്നാഴ്ചയായി. എണ്‍പത്തിയാറു വയസ്സിനിടയില്‍ ആശുപത്രിവാസംതന്നെ എനിക്ക് അപ്രതീക്ഷിതമായിരുന്നു. ജീവിതം മുഴവന്‍ പുതിയ അനുഭവങ്ങളും പാഠങ്ങളുമായ എനിക്ക് ആശുപത്രിജീവിതവും അത്തരത്തില്‍തന്നെ. പിണങ്ങിനിന്നവരും അകന്നു നിന്നവരും എല്ലാം എന്നെ കാണാനെത്തി. ഇവിടെ വന്നവരും വന്നുകൊണ്ടിരിക്കുന്നവരും വരാന്‍ സാധിച്ചില്ലെങ്കിലും മനസ്സുകൊണ്ട് എന്നെ സ്നേഹിക്കുന്നവരുടെയുമെല്ലാം സ്നേഹവായപുകള്‍ എന്നെ അത്ഭുതപ്പെടുത്തുന്നു. പുറത്ത് എനിക്കായി പ്രാര്‍ഥനകളും ഉപവാസംവരെയും നടന്നതായാണ് കേട്ടത്. എന്നോടുള്ള സ്നേഹംപോലെ എനിക്കും ഈ സമൂഹത്തോടുള്ള സ്നേഹവും കടപ്പാടും അതിരറ്റതാണ്. ഞാന്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നത് എന്നെ കേള്‍ക്കുകയും വായിക്കുകയും ചെയ്ത ജനങ്ങളോടുതന്നെയാണ്. അവരാണ് ഇന്ന് ഈ രോഗാവസ്ഥയിലും എന്റെ ശക്തി. ഇനിയും പ്രസംഗിക്കണമെന്നും എഴതണമെന്നുമാണ് മനസ്സിലുള്ളത്.

ഇന്ന് ആരോടും പകയോ വിദ്വേഷമോ ഇല്ലാത്ത മനസ്സാണ് എന്റേത്. സമൂഹത്തിന് എന്നോടുള്ള മനോഭാവവും അങ്ങനെ തന്നെയെന്ന് ഞാന്‍ കരുതുന്നു. പുതുവര്‍ഷം എല്ലാ നന്മകളും നിറഞ്ഞതാകട്ടെ എന്ന് പറയാന്‍ മാത്രമേ എനിക്കാവൂ. എനിക്കിപ്പോള്‍ കഴിയൂ. തീരെ വയ്യ. ഞാന്‍ ആഗ്രഹിക്കുംപോലെയും നിങ്ങള്‍ പ്രതീക്ഷിക്കുംപോലെയും ഒരു നവവത്സര സന്ദേശം കുറിക്കാന്‍ എനിക്ക് ഈ അവസ്ഥയില്‍ കഴിയുന്നില്ലല്ലോ എന്നതില്‍ എനിക്ക് വിഷമമുണ്ട്. എങ്കിലും എന്റെ മനസ്സ് നിങ്ങള്‍ക്കൊപ്പമുണ്ട്. ദേശാഭിമാനിയുമായി എനിക്കുള്ള ആത്മബന്ധം ഞാന്‍ നേരത്തെ പറഞ്ഞിട്ടുള്ളതാണ്. ഇത്രയും നീണ്ട കാലം ഞാന്‍ മറെറാരു പ്രസിദ്ധീകരണത്തിനും പ്രതിവാരക്കുറിപ്പ് എഴുതിയിട്ടില്ല. എല്ലാ ദേശാഭിമാനി പ്രവര്‍ത്തകര്‍ക്കും വായനക്കാര്‍ക്കും എന്റെ ഹൃദയംനിറഞ്ഞ നവവത്സര ആശംസകള്‍ .

സുകുമാര്‍ അഴീക്കോട്

വെന്തുരുകിയ ഹൃദയങ്ങള്‍ക്കിടയില്‍ പോയവര്‍ഷം

ഹൃദയങ്ങളെ ചുട്ടുപൊള്ളിക്കുന്ന ഒരു സങ്കടം മനസ്സില്‍ അവശേഷിപ്പിച്ചാണ് പുതുവര്‍ഷത്തിലേക്ക് കടന്നുപോകുന്നത്. സൗമ്യ എന്ന പെണ്‍കുട്ടിയും അവളുടെ ദുരവസ്ഥയും തന്നെയാണ് ഏറ്റവും ഞെട്ടലുണ്ടാക്കുന്നത്. തീവണ്ടിയിലെ ഒരു കംപാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വരുന്നതുപോലുള്ള അവസ്ഥ അതിഭീകരമാണ്.
സിനിമയില്‍ സജീവമായിരുന്ന കാലത്ത് പോലും യാത്ര ചെയ്യുമ്പോള്‍ ഞാനും അമ്മയും ഏറെ ശ്രദ്ധ ചെലുത്തിയിരുന്നു. സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് അവര്‍ക്ക്് തന്നെ ഒരു മുന്‍കരുതലുണ്ടാകണം. എപ്പോള്‍ ആണെങ്കിലും ഇത്തരം സംഭവങ്ങള്‍ നമ്മെ പേടിപ്പിച്ചു കൊണ്ടിരിക്കും.

വേദനയുടെ ഇരുട്ട് മാത്രം കനത്തുപെയ്യുന്ന ചില ജീവിതങ്ങള്‍ കണ്‍മുന്നില്‍ കണ്ടാണ് കഴിഞ്ഞ ഒരുവര്‍ഷം കടന്നുപോയത്. ദുരിതത്തിന്റെ തീക്കുണ്ഡത്തില്‍ വെന്തുരുകി ഒരു പാട് പേര്‍ സ്വന്തം കഥ പറയുമ്പോള്‍ പലതും നടുക്കമുണര്‍ത്തിയിരുന്നു. ഇന്ന് "കഥയല്ലിതു ജീവിതം" എന്ന ചാനല്‍ പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ വേദന തിന്നുന്ന ഒരുപാട് ജീവിതങ്ങളെ കണ്ടു. എന്റെ ജീവിതത്തിലെ വഴിത്തിരിവ് തന്നെയായിരുന്നു 2011.

സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അടുത്ത വര്‍ഷവും ഏറെ ശ്രദ്ധ പുലര്‍ത്തണമെന്നാണ് എന്റെ ആഗ്രഹം. അത് സ്വന്തം കുടുംബത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചുതന്നെ വേണം. പിഞ്ചുകുട്ടികള്‍ക്കു വേണ്ടി ഒരു കൗണ്‍സിലിങ് സെന്റര്‍ തുടങ്ങാനുള്ള പരിപാടിയിലാണ്.

വിധുബാല

സ്വപ്നങ്ങളെ ഓടിത്തോല്‍പ്പിക്കാന്‍ പുതിയ വര്‍ഷം

പുതുവര്‍ഷത്തില്‍ ഇന്ത്യയ്ക്ക് കായികമേഖലയില്‍ സുവര്‍ണദിനങ്ങളാകട്ടെ. കൂടുതല്‍ ഉയരവും കൂടുതല്‍ ദൂരവും കൂടുതല്‍ വേഗവും താണ്ടാന്‍ കായികതാരങ്ങള്‍ക്ക് കഴിയട്ടെ. ഇടുക്കി രാജാക്കാട്ടെ കുന്നിന്‍ചെരുവുകളാണ് ഞാന്‍ ആദ്യം കീഴടക്കിയത്. കയറുപൊട്ടിച്ചോടുന്ന പശുക്കിടാവിന് പിറകെ ഓടിയ ബാല്യമാണ് എന്റെ കാലുകള്‍ക്ക് കരുത്ത് പകര്‍ന്നത്. സ്കൂളിലേക്കും വീട്ടിലേക്കും കുന്നുകയറിയിറങ്ങിയുള്ള നടത്തവും ദൂരങ്ങളെ പിറകിലാക്കാന്‍ ചെറുപ്പത്തിലെ പഠിപ്പിച്ചു.

ഏതൊരാളിന്റെയും ഉയര്‍ച്ചയില്‍ പിന്നിലൊരു ശക്തിയുണ്ടാകും.എനിക്കത് സഹോദരനാണ.് വരാനിരിക്കുന്ന ലണ്ടന്‍ ഒളിമ്പിക്സ് ആണ് ഇനി പ്രതീക്ഷ. ദേശീയഗാനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ പതാകയണിഞ്ഞ് ഒളിമ്പിക്സ് വിക്ടറി സ്റ്റാന്റില്‍ നില്‍ക്കണം. അതാണ് ഇപ്പോഴത്തെ എന്റെ സ്വപ്നം. കെനിയയില്‍ ഇറ്റാലിയന്‍ കോച്ചിന്റെ കീഴില്‍ പരിശീലനം നടത്തുകയാണ്.

തുടക്കക്കാരുള്‍പ്പെടെ സാധാരണ കായികതാരങ്ങള്‍ക്ക് പലപ്പോഴും അധികൃതരില്‍നിന്നും മറ്റും കടുത്ത അവഗണന നേരിടാറുണ്ട്. ഇത്തരം കയ്പ്പേറിയ അനുഭവങ്ങളിലാത്ത നല്ലൊരു കായികവര്‍ഷമായി 2012 മാറട്ടെയെന്നും ആശംസിക്കുന്നു.

പ്രീജ ശ്രീധരന്‍

*
ദേശാഭിമാനി വാരാന്തപ്പതിപ്പ് 01 ജനുവരി 2012

Sunday, October 9, 2011

ജനസംഖ്യാ നിയന്ത്രണത്തിന് കേരളത്തില്‍ നിയമം എന്തിന്?

കുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി ജസ്റ്റീസ് കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട കമ്മീഷന്‍ അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ശക്തമായ ചര്‍ച്ചകളും വിവാദങ്ങളും ഉയര്‍ന്നുവന്നിരിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള എത്രയോ നല്ല നിര്‍ദേശങ്ങള്‍ അതില്‍ അടങ്ങിയിട്ടുണ്ട്. അവയെക്കുറിച്ചൊന്നും ചര്‍ച്ച ചെയ്യാതെ കുടുംബാസൂത്രണത്തിന് സര്‍ക്കാര്‍ കൈക്കൊള്ളേണ്ട നടപടികളെ സംബന്ധിച്ച ശുപാര്‍ശകളില്‍ മാത്രമാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്. എന്നുതന്നെയല്ല, അതിന് മതാടിസ്ഥാനത്തിലുള്ള വ്യാഖ്യാനം നല്‍കുന്നതിനും ചില തല്‍പരകക്ഷികള്‍ ശ്രമിക്കുന്നുണ്ട്. കുടുംബാസൂത്രണ നടപടികളെ മുമ്പുതന്നെ മതാടിസ്ഥാനത്തില്‍ എതിര്‍ത്തുവന്നിരുന്ന ചില സംഘടനകളും മതപ്രമാണിമാരും ഈ ശുപാര്‍ശകളെ അതിനിശിതമായി എതിര്‍ക്കുന്നു. അതിനെ മുമ്പുതന്നെ ജീവനിഷേധമായും മൂല്യനിരാസമായും വ്യാഖ്യാനിച്ചിരുന്നവര്‍ , ജസ്റ്റീസ് കൃഷ്ണയ്യര്‍ കമ്മീഷന്റെ ഇതുസംബന്ധിച്ച ശുപാര്‍ശയെ "ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ നയത്തോട് ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്നതാണ് " എന്ന് അധിക്ഷേപിച്ചുകൊണ്ട്, വിവാദത്തിനൊരു കമ്യൂണിസ്റ്റ് വിരുദ്ധ മുഖം നല്‍കുന്നതിനുപോലും ശ്രമിക്കുന്നുണ്ട്.

"നാടിന്റെ സംസ്കാരത്തോടും ധാര്‍മിക മൂല്യങ്ങളോടുമുള്ള അവജ്ഞയായി"ട്ടാണ് ചില മതസംഘടനകള്‍ ഈ ശുപാര്‍ശകളെ കാണുന്നത്. യാതൊരു നിയന്ത്രണവുമില്ലാതെ പെറ്റുപെരുകുന്നതാണ് ഇന്ത്യന്‍ സംസ്കാരമെന്നും ധാര്‍മിക മൂല്യമെന്നും തോന്നും, അവരുടെ ന്യായവാദം കേട്ടാല്‍ . നിരവധി ക്ഷേമാനുകൂല്യങ്ങള്‍ക്കുള്ള ശുപാര്‍ശയോടൊപ്പം വരുന്ന ഒരു ശുപാര്‍ശ മാത്രമാണിതെന്നും ഇത്തരം ശുപാര്‍ശകളടങ്ങിയ ബില്ലുകള്‍ കേന്ദ്ര ഗവണ്‍മമെന്റും ചില സംസ്ഥാന ഗവണ്‍മമെന്റുകളും മുമ്പും പരിഗണിച്ചിട്ടുണ്ടെന്നും ഉള്ള വസ്തുത എതിര്‍വാദഗതിക്കാര്‍ മറന്നുപോകുന്നു. ഉദാഹരണത്തിന് 2010ല്‍ യുപിഎ ഗവണ്‍മെന്റ് അവതരിപ്പിച്ച, ഇപ്പോള്‍ രാജ്യസഭയുടെ പരിഗണനയിലുള്ള കുടുംബാസൂത്രണം സംബന്ധിച്ച ബില്ലില്‍ , ജസ്റ്റീസ് കൃഷ്ണയ്യര്‍ കമ്മീഷന്റെ ശുപാര്‍ശകളിലുള്ളതിനേക്കാള്‍ കൂടുതല്‍ കര്‍ശനമായ വകുപ്പുകളുണ്ട്. ഒരു കുടുംബത്തില്‍ പരമാവധി രണ്ടു കുട്ടികള്‍ എന്ന വ്യവസ്ഥ ലംഘിക്കുന്ന ദമ്പതികള്‍ക്ക് അഞ്ചുകൊല്ലം വരെ തടവുശിക്ഷയും 25000 രൂപയില്‍ കുറയാത്ത പിഴയും വിധിക്കാന്‍ ആ ബില്ലില്‍ വ്യവസ്ഥയുണ്ട്. മഹാരാഷ്ട്രയില്‍ 1976 തൊട്ടുതന്നെ സമാനമായ നിയമങ്ങളുണ്ടായിട്ടുണ്ട്. 1976ലെ നിയമം പിന്നീട് കൂടുതല്‍ കര്‍ക്കശമാക്കി. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബത്തിന്റെ റേഷന്‍ കാര്‍ഡ് റദ്ദാക്കണമെന്നും സബ്സിഡി അടക്കമുള്ള ആനുകൂല്യങ്ങളെല്ലാം നിഷേധിക്കണമെന്നും നിര്‍ദ്ദേശിക്കുന്ന വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തു. 1970കളുടെ ആദ്യവര്‍ഷങ്ങളില്‍ , അടിയന്തിരാവസ്ഥ കാലത്ത് പ്രത്യേകിച്ചും, ഇന്ദിരാഗാന്ധിയുടെയും സഞ്ജയ്ഗാന്ധിയുടെയും നേതൃത്വത്തില്‍ നടപ്പാക്കിയ ക്രൂരവും കര്‍ക്കശവുമായ കുടുംബാസൂത്രണ നടപടികള്‍ ആര്‍ക്കും വിസ്മരിക്കാന്‍ കഴിയില്ലല്ലോ. വന്ധ്യംകരണത്തെ സംബന്ധിച്ച സ്റ്റെറിലൈസേഷന്‍ റൂള്‍ തുടങ്ങിയവ അന്നുതൊട്ടേ നിലവിലുണ്ട്. അതെന്തായാലും, സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ബലംപ്രയോഗിച്ച് നടപ്പാക്കപ്പെടുന്ന കുടുംബാസൂത്രണ നടപടികള്‍ ആശാസ്യമല്ലെന്നും ജനസംഖ്യാ വര്‍ധനവിന്റെ സാമൂഹ്യവും സാമ്പത്തികവും കുടുംബപരവുമായ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് ജനങ്ങളെ ബോധവല്‍ക്കരിച്ചുകൊണ്ട്, അവരുടെ സഹകരണത്തോടും സജീവമായ പങ്കാളിത്തത്തോടും കൂടിയ കുടുംബാസൂത്രണമാണ് അഭികാമ്യമെന്നും സിപിഐ എം അടക്കമുള്ള ഇടതുപക്ഷ - പുരോഗമന ശക്തികള്‍ ആദ്യംതൊട്ടേ വാദിച്ചുവന്നിട്ടുണ്ട്.

കുടുംബാസൂത്രണ സംവിധാനത്തിന്റെ ആവശ്യകതയും അനിവാര്യതയും അംഗീകരിക്കുമ്പോള്‍ത്തന്നെ, സര്‍ക്കാര്‍ നിര്‍ബന്ധപൂര്‍വം അത് നടപ്പാക്കുന്നതിനെ ഇടതുപക്ഷ ശക്തികള്‍ എതിര്‍ത്തുവന്നിട്ടുമുണ്ട്. 1901ലെ സെന്‍സസ്സ് കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ ജനസംഖ്യ 23.84 കോടിയായിരുന്നത് 1951 ആയപ്പോഴേക്ക് 36.11 കോടിയായും 1981 ആയപ്പോഴേക്ക് 68.33 കോടിയായും വര്‍ധിച്ചു. 1991ലെ സെന്‍സസ്സ് അനുസരിച്ച് ഇന്ത്യന്‍ ജനസംഖ്യ 84.64 കോടിയും 2001ലേത് 102.87 കോടിയും ആണ്. 2011ലെ കണക്കനുസരിച്ച് അത് 121.02 കോടിയായി ഉയര്‍ന്നിരിക്കുന്നു. ഇവരില്‍ 77 ശതമാനവും 20 രൂപയില്‍ കുറഞ്ഞ പ്രതിദിന പ്രതിശീര്‍ഷ വരുമാനംകൊണ്ടാണ് ജീവിക്കുന്നതെന്ന അര്‍ജുന്‍സെന്‍ ഗുപ്ത കമ്മീഷന്റെ നിഗമനം കണക്കിലെടുക്കുമ്പോള്‍ , കുടുംബാസൂത്രണത്തിന്റെ അനിവാര്യത ആര്‍ക്കും ബോധ്യമാവും. രാജ്യത്തെ പട്ടിണിയുടെ യഥാര്‍ത്ഥ കാരണം സര്‍ക്കാര്‍ തുടര്‍ന്നുവരുന്ന സമ്പന്നപക്ഷപാതിത്വ സാമ്പത്തിക നയങ്ങളാണെങ്കിലും കുത്തനെയുള്ള ജനസംഖ്യാ വര്‍ധന കുറച്ച്, ദാരിദ്ര്യത്തിന് ഒട്ടൊരു ശമനം വരുത്താന്‍ കഴിയും. സ്വാതന്ത്ര്യത്തിനുശേഷം 1951നും 2011നും ഉള്ളില്‍ ജനസംഖ്യ മൂന്നര ഇരട്ടിയായി വര്‍ധിച്ച നാട്ടില്‍ , അടുത്ത 40 വര്‍ഷത്തിനുള്ളില്‍ വീണ്ടും ഇപ്പോഴുള്ളതിന്റെ ഇരട്ടിയായി വര്‍ദ്ധിച്ചാല്‍ എന്താവും ദാരിദ്ര്യത്തിന്റെ അവസ്ഥ എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഭക്ഷ്യധാന്യ ഉല്‍പാദനം ഈ തോതിലൊന്നും വര്‍ദ്ധിക്കുന്നില്ല എന്ന കാര്യവും നാം ഓര്‍ക്കണം. ലോക ജനസംഖ്യ 700 കോടിയില്‍ എത്തി നില്‍ക്കുന്ന ആഗോളതലത്തിലും അതുതന്നെയാണ് സ്ഥിതി. അതിനാല്‍ ജനസംഖ്യാനിയന്ത്രണം അനിവാര്യമായ ആവശ്യമാണെന്ന് സാമാന്യബുദ്ധിയുള്ള ആരും അംഗീകരിക്കുക തന്നെ ചെയ്യും. കുടുംബത്തിന്റെ ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തിക ഭദ്രത തുടങ്ങിയവ കണക്കിലെടുക്കുമ്പോള്‍ പ്രത്യേകിച്ചും. എന്നാല്‍ അതിനായി നിര്‍ബന്ധിത വന്ധ്യംകരണമടക്കമുള്ള കര്‍ശന നടപടികളും രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് ജയില്‍ശിക്ഷയും പിഴയും അവരുടെ റേഷന്‍ കാര്‍ഡ് അടക്കമുള്ള ആനുകൂല്യങ്ങള്‍ റദ്ദാക്കലും മറ്റും കെട്ടിയേല്‍പ്പിക്കുന്ന നിയമങ്ങളും നടപ്പാക്കുന്നത് രോഗത്തേക്കാള്‍ ക്രൂരമായ ചികില്‍സയായിരിക്കും. സുകുമാര്‍ അഴീക്കോടിനെപോലെയുള്ള പരിണതപ്രജ്ഞരായ വ്യക്തികള്‍ ഈ വീക്ഷണകോണില്‍നിന്നുകൊണ്ട് ജസ്റ്റീസ് കൃഷ്ണയ്യരുടെ കമ്മിറ്റിയുടെ ശുപാര്‍ശകളെ വിമര്‍ശിക്കുന്നത് യുക്തിസഹം തന്നെ.

മറിച്ച്, മതത്തിന്റെ മറവില്‍ നിന്നുകൊണ്ട് നിര്‍ബന്ധിതമായ ജനസംഖ്യാ നിയന്ത്രണത്തെ മാത്രമല്ല, ആത്മസംയമനത്തോടെയുള്ള കുടുംബാസൂത്രണത്തെപ്പോലും എതിര്‍ക്കുന്ന മതമേലധ്യക്ഷന്മാരും അവര്‍ക്കുവേണ്ടി നിലകൊള്ളുന്ന ചില ബൂര്‍ഷ്വാപത്രങ്ങളും സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍ കാണാന്‍ തയ്യാറില്ലാത്തവരാണ് - അഥവാ അതിനുനേരെ കണ്ണടയ്ക്കുന്നവരാണ്. മതാടിസ്ഥാനത്തിലുള്ള തങ്ങളുടെ അനുയായികളുടെ സംഖ്യ എണ്ണി കണക്കാക്കി, അതിന്റെ പേരില്‍ അനര്‍ഹമായ അവകാശങ്ങള്‍ തങ്ങളുടെ മതങ്ങളിലെ പ്രമാണിമാര്‍ക്ക് വാങ്ങിക്കൊടുക്കണമെന്ന ദുരുദ്ദേശ്യം മാത്രമേ അവര്‍ക്കുള്ളൂ. മതാനുയായികളുടെ സംഖ്യ കാണിച്ച് ഭയപ്പെടുത്തി വിലപേശല്‍ രാഷ്ട്രീയം കളിക്കാനുള്ള തന്ത്രമായിട്ടാണ് അവര്‍ ഈ വാദത്തെ ഉപയോഗപ്പെടുത്തുന്നത്. തങ്ങളുടെ മതങ്ങളിലെ ബഹുഭൂരിപക്ഷം വരുന്ന ദരിദ്രരേയും സാധാരണക്കാരേയും കുറിച്ച് അവര്‍ക്കൊരു ചിന്തയുമില്ല. തങ്ങളുടെ വാദം ന്യായീകരിക്കുന്നതിനുവേണ്ടി അവര്‍ ദൈവത്തെപ്പോലും കൂട്ടുപിടിക്കുന്നു. അനിയന്ത്രിതമായി പെറ്റുപെരുകാന്‍ ഏതു ദൈവമാണാവോ ആഹ്വാനം ചെയ്തിട്ടുള്ളത്? നിര്‍ബന്ധിതമായ ജനസംഖ്യാ നിയന്ത്രണം മാത്രമല്ല, സ്വമനസ്സാലെയുള്ള കുടുംബാസൂത്രണംപോലും തെറ്റാണെന്ന് ദൈവത്തെ പിടിച്ച് ആണയിടുന്ന അവര്‍ , പല യൂറോപ്യന്‍ രാജ്യങ്ങളിലും കുടുംബാസൂത്രണത്തിന് സര്‍ക്കാര്‍ എതിരാണെന്നുപോലും വാദിക്കുന്നുണ്ട്. ജര്‍മനിയെപ്പോലെയുള്ള ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ കുടുംബത്തില്‍ കൂടുതല്‍ കുഞ്ഞുങ്ങളുണ്ടാകുമ്പോള്‍ സര്‍ക്കാര്‍ ആ കുടുംബങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട് എന്ന് സമര്‍ഥിക്കുന്നു. ജനസംഖ്യാ വര്‍ധനവിനുള്ള പ്രോല്‍സാഹനമാണത്രെ അത്. പത്തുകോടി ജനങ്ങളുള്ള ജര്‍മനിയേയും 120 കോടി ജനങ്ങളുള്ള ഇന്ത്യയേയും താരതമ്യപ്പെടുത്തുന്നതില്‍ എന്താണര്‍ഥം?

അതെന്തായാലും, അവരുടെയെല്ലാം സ്വമതസംഖ്യാ വര്‍ധനാ വ്യഗ്രതയേയും അതിനുള്ള ആഹ്വാനങ്ങളേയും തള്ളിക്കളഞ്ഞുകൊണ്ട് കേരളത്തിലുള്ള ജനങ്ങള്‍ , യാതൊരു നിയമനിര്‍ബന്ധവും കൂടാതെത്തന്നെ, ബോധപൂര്‍വം ആത്മനിയന്ത്രണത്തോടെ സ്വയം കുടുംബാസൂത്രണ നടപടികള്‍ സ്വീകരിക്കുന്നുണ്ട് എന്നത് സ്വാഗതാര്‍ഹമാണ്. കഴിഞ്ഞ 40 കൊല്ലക്കാലത്തെ കേരളത്തിലെ ജനസംഖ്യാ വര്‍ധനയുടെ കണക്കെടുത്താല്‍ അത് വ്യക്തമാകും. 1981ലെ സെന്‍സസ് അനുസരിച്ച് കേരളത്തിലെ ജനസംഖ്യാ വര്‍ധന, അതിനുമുമ്പുള്ള ഒരു ദശാബ്ദകാലത്ത് 27 ശതമാനമായിരുന്നുവെങ്കില്‍ 2011ലെ സെന്‍സസ് കണക്കനുസരിച്ച് 2001-2011 കാലഘട്ടത്തില്‍ വര്‍ധന 4.86 ശതമാനം മാത്രമായിരുന്നു. അതായത് 40 കൊല്ലത്തിനുള്ളില്‍ വര്‍ധന ആറിലൊന്നായി ചുരുങ്ങി എന്നര്‍ഥം. 1991നും 2001നും ഇടയ്ക്കുള്ള ഒരു ദശാബ്ദക്കാലത്ത് ജനസംഖ്യാവര്‍ധന 9.4 ശതമാനമായിരുന്നുവെന്നും പത്തുകൊല്ലംകൊണ്ട് വര്‍ധന പകുതിയായി കുറഞ്ഞുവെന്നും നാം ഓര്‍ക്കണം. 1991-2001 കാലഘട്ടത്തില്‍ കേരളത്തിലെ ജനസംഖ്യാവര്‍ധന 9.4 ശതമാനമായിരുന്നപ്പോള്‍ ജമ്മു - കാശ്മീരില്‍ അത് 29.4 ശതമാനവും മണിപ്പൂരില്‍ 30.3 ശതമാനവും മധ്യപ്രദേശില്‍ 24.3 ശതമാനവും ഡെല്‍ഹിയില്‍ 47 ശതമാനവും രാജസ്ഥാനില്‍ 28.4 ശതമാനവും മഹാരാഷ്ട്രത്തില്‍ 22.7 ശതമാനവും ആയിരുന്നു. കേരളത്തിലെ ജനസംഖ്യാ വര്‍ധന ഈ നിരക്കില്‍ കുറയുകയാണെങ്കില്‍ , അത് പൂജ്യത്തിലെത്താന്‍ ഏറെയൊന്നും കാലം വേണ്ടിവരില്ല. ജനസംഖ്യാവര്‍ധനയില്ലാതായി, ജനസംഖ്യ കുറയാനും സാധ്യതയുണ്ട് - മരണനിരക്കിനേക്കാള്‍ കുറഞ്ഞ ജനനനിരക്ക്.

രണ്ടിലധികം കുട്ടികളുള്ള കുടുംബങ്ങള്‍ ഇന്ന് നാട്ടിന്‍പുറങ്ങളില്‍പോലും വിരളമായിരിക്കുന്നുവെന്നാണ് നാം കാണുന്നത്. വിദ്യാഭ്യാസ നിലവാരം - പ്രത്യേകിച്ചും സ്ത്രീകളുടെ വിദ്യാഭ്യാസം - ഉയരുംതോറും ഈ പ്രവണത വര്‍ദ്ധിക്കുകയും ചെയ്യുന്നുവെന്നാണ് വിവിധ ജില്ലകളില്‍ നടത്തപ്പെട്ട സര്‍വെകള്‍ വ്യക്തമാക്കുന്നത്. പെറ്റുപെരുകി മതാനുയായികളുടെ സംഖ്യ വര്‍ധിപ്പിക്കാന്‍ ആഹ്വാനം നല്‍കുകയും കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് പള്ളികളില്‍നിന്ന് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് വാഗ്ദാനം നടത്തുകയും ചെയ്യുന്ന മതമേലധ്യക്ഷന്മാരുടെ മൂക്കിനുചുവട്ടില്‍പോലും അതാണ് നടക്കുന്നത്. നിര്‍ബന്ധവും നിയമവും ഒന്നുമില്ലാതെത്തന്നെ, കേരളത്തില്‍ കാര്യക്ഷമവും ആരോഗ്യകരവുമായ കുടുംബാസൂത്രണവും ബോധവല്‍ക്കരണവും നടന്നുകൊണ്ടിരിക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം - പ്രത്യേകിച്ചും വിദ്യാഭ്യാസത്തിന്റെ വ്യാപനത്തോടുകൂടി. ഒരുപക്ഷേ മതപിന്‍തിരിപ്പന്മാരെ വെറളി പിടിപ്പിക്കുന്നതും അതുതന്നെയാവാം. തങ്ങളുടെ വിലപേശല്‍ക്കഴിവ് കുറയുമോ എന്ന ആശങ്ക. ജസ്റ്റീസ് കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള കമ്മീഷന്‍ കേരളത്തിലെ ഈ രചനാത്മകമായ സാമൂഹ്യ യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെയാണ് കര്‍ശനമായ നിയമം വഴിയുള്ള നിയന്ത്രണത്തിന് ശുപാര്‍ശ ചെയ്യുന്നത് എന്നതാണ് ഖേദകരം.


*****


നാരായണന്‍ ചെമ്മലശ്ശേരി, കടപ്പാട് : ചിന്ത വാരിക

Monday, March 28, 2011

വൈലോപ്പിള്ളിയും ചങ്ങമ്പുഴയും ചൊല്‍ക്കാഴ്ചയുടെ വെളിച്ചത്തില്‍

കവിത ചൊല്ലലിനും അതിന്റെ ദൃശ്യാവിഷ്‌ക്കാരത്തിനും പ്രാചീന കാലത്തോളം പഴക്കമുണ്ട്. കൃഷിപ്പാട്ടുകളിലധികവും ദൃശ്യാവിഷ്‌ക്കാരത്തിന് അനുയോജ്യമാണ്. വയലിനും വരമ്പിനും അപ്പുറത്തുള്ള വീട്ടുമുറ്റത്തും വെളിമ്പ്രദേശത്തും ഇവ അരങ്ങേറിയിരുന്നു. നിങ്ങളുടെ നാട്ടിലെല്ലാം എന്തു പണിയാടോ എന്ന പാട്ട് അഭിനയ സാധ്യതയുള്ളതും രസാവഹവുമാണ്. ചക്കീയെന്നൊരു ചെമ്പരുന്ത് എന്നപാട്ടും ശരീരഭാഷ പ്രകടിപ്പിക്കുവാന്‍ അവസരമുണ്ടാക്കുന്നതാണ്.

അസംബന്ധ കവിതയ്ക്ക് ഉദാഹരണമായി പറയാവുന്ന വെള്ളാരം നാട്ടില്‍ വെളുത്തേടത്തുവീട്ടില്‍ എന്ന പാട്ടും അഭിനയത്തിന് ഇടം നല്‍കുന്നതാണ്. ഇങ്ങനെ നിരവധി പാട്ടുകളാല്‍ സമൃദ്ധമാണ് നമ്മുടെ അമ്മ മലയാളം.

മലയാള കവിതയ്ക്ക് ജനശ്രദ്ധക്കുറവു സംഭവിച്ച എഴുപതുകളുടെ ആദ്യപാദത്തില്‍ കവിത ചൊല്ലലിനും അതിന്റെ ദൃശ്യാവിഷ്‌ക്കാരത്തിനും ഒഴിവാക്കാന്‍ കഴിയാത്ത സന്ദര്‍ഭങ്ങളുണ്ടായി. ഡോ. അയ്യപ്പപ്പണിക്കര്‍, കാവാലം നാരായണപ്പണിക്കര്‍, കടമ്മനിട്ട രാമകൃഷ്ണന്‍ തുടങ്ങിയവരുടെ ശ്രദ്ധയിലാണ് കവിയരങ്ങ് എന്ന ആശയം പുഷ്പിച്ചുവന്നത്. ഡോ. അയ്യപ്പപ്പണിക്കരും അടൂര്‍ ഗോപാലകൃഷ്ണനും അടങ്ങുന്ന കൂട്ടായ്മയില്‍ നിന്ന് ചൊല്‍ക്കാഴ്ച എന്ന ആശയവും വികസിച്ചുവന്നു.

വര്‍ണ വിളക്കുകളുടെ സാന്നിധ്യത്തില്‍ കണ്ണും ചെവിയും മനസ്സും തുറന്നിരിക്കുന്ന ജനങ്ങളുടെ മുന്നില്‍ കവികള്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു. തിരുവനന്തപുരത്തെ ഹസ്സന്‍ മരയ്ക്കാര്‍ ഹാളില്‍ ജി അരവിന്ദന്റെ സംവിധാനത്തില്‍ അവതരിപ്പിച്ച ചൊല്‍ക്കാഴ്ചയാണ് ആദ്യം ശ്രദ്ധേയമായത്. തൊപ്പിയണിഞ്ഞ കുഞ്ഞുണ്ണി മാസ്റ്ററെയാണ് അരവിന്ദന്‍ വേദിയിലിരുത്തി കവിതചൊല്ലിച്ചത്.

നെടുമുടിവേണു, ഭരത്‌ഗോപി, ഭരത് മുരളി തുടങ്ങിയവര്‍ സച്ചിദാനന്ദന്റേയും അയ്യപ്പപ്പണിക്കരുടേയും കടമ്മനിട്ട രാമകൃഷ്ണന്റേയും കവിതകള്‍ അസാധാരണ ഭാവതീവ്രതയോടെ രംഗത്ത് അവതരിപ്പിച്ചു. കൂട്ടപ്പന്റേയും ചിറ്റപ്പന്റേയും സംഭാഷണരീതിയില്‍ ജി കുമാരപിള്ള രചിച്ച കവിതയും അക്കാലത്തെ അരങ്ങിലെ ചൊല്‍ക്കാഴ്ചയില്‍ പൊലിമ നേടി. എം കെ ഗോപാലകൃഷ്ണന്‍, എം ആര്‍ ഗോപാലകൃഷ്ണന്‍ എന്നിവരുടെ നടന ചാതുരി ചൊല്‍ക്കാഴ്ചയെ ഉന്നതങ്ങളിലെത്തിച്ചു.

വിളക്കെല്ലാം കെടുത്തിയ വേദികയില്‍ എരിയുന്ന പന്തവുമായി ഉടുപ്പിടാതെ കടന്നുവന്ന് കിരാതവൃത്തം ചൊല്ലിയ കടമ്മനിട്ട രാമകൃഷ്ണന്‍ മലയാള കവിതയിലെ പൈങ്കിളി നിദ്രയ്ക്ക് തീകൊടുക്കുക തന്നെ ചെയ്തു.

പാലക്കാടു വിക്‌ടോറിയ കോളജും കായംകുളം എം എസ് എം കോളജും അടക്കം കേരളത്തിലെ പലകലാലയ വേദികളിലും പ്രഫ അലിയാരിന്റെയും മറ്റും നേതൃത്വത്തില്‍ ചൊല്‍ക്കാഴ്ച അരങ്ങേറി. കൊല്ലം ഫാത്തിമ കോളജിന്റെ അരങ്ങില്‍ തലേക്കെട്ടുമായി കടന്നുവന്ന് മുതുവേലിപ്പാച്ചന്റെ മകന്‍ പെറ്റ റോസിലിക്ക് മുതുവാന്‍കുളങ്ങര നിന്നൊരു മണവാളന്‍ വന്നേ എന്നുനീട്ടി ചൊല്ലിയ ഡോ. അയ്യപ്പപ്പണിക്കര്‍ ചൊല്‍ക്കാഴ്ചയ്ക്ക് പുതിയ ഉണര്‍വു നല്‍കി. ഡി വിനയചന്ദ്രന്റെ കോലങ്ങളും ചൊല്‍ക്കാഴ്ച വേദികളില്‍ നല്ല അനുഭവമായി. ഇടക്കാലത്തുണ്ടായ കാവ്യഅവതരണ തളര്‍ച്ചയെ കോഴിക്കോട്ട് ഗുരുവായൂരപ്പന്‍ കോളജിലെ വിദ്യാര്‍ഥികള്‍ കീഴാളന്‍, ചാര്‍വ്വാകന്‍ എന്നീ കവിതകളുടെ ചൊല്‍ക്കാഴ്ചയിലൂടെ അതിലംഘിച്ചിരുന്നു.

ചൊല്‍ക്കാഴ്ചയെന്നാല്‍ കവിതയുടെ നൃത്താവിഷ്‌ക്കാരമോ നാടകാവിഷ്‌ക്കാരമോ അല്ല. അത് പല ഘടകങ്ങള്‍ ചേര്‍ന്ന ഒരു സൗന്ദര്യ സങ്കേതമാണ്. കൊല്‍ക്കത്ത മലയാളികളവതരിപ്പിച്ച പൂതപ്പാട്ട് ഈ അര്‍ഥത്തില്‍ മികച്ച അനുഭവമായിരുന്നു.

വൈലോപ്പിള്ളിയുടേയും ചങ്ങമ്പുഴയുടേയും നൂറാം പിറന്നാളാഘോഷിക്കുന്ന ഇക്കാലത്ത് തിരുവനന്തപുരത്തെ വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ ചൊല്‍ക്കാഴ്ച മത്സരം സംഘടിപ്പിക്കുകയുണ്ടായി. കോളജു തലത്തിലായിരുന്നു മത്സരം. പങ്കെടുത്ത എല്ലാ സംഘങ്ങള്‍ക്കും അവതരണച്ചെലവിനായി രണ്ടായിരം രൂപവീതം സംഘാടകര്‍ നല്‍കി. ഒന്നുമുതല്‍ മൂന്നുവരെ സ്ഥാനങ്ങളിലെത്തിയ സംഘങ്ങള്‍ക്ക് പതിനയ്യായിരം, പതിനായിരം, ഏഴായിരം എന്നീ രൂപാ ക്രമത്തിലായിരുന്നു സമ്മാനം. മഹാകവി വൈലോപ്പിള്ളിയുടെ കന്നിക്കൊയ്ത്തും പന്തങ്ങളും സമന്വയിപ്പിച്ച് അവതരിപ്പിച്ച സംഘമാണ് ഒന്നാം സ്ഥാനത്തെത്തിയത്. കാര്‍ഷിക വൃത്തിയില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍പ്പിലേയ്ക്ക് ചുവടുവയ്ക്കുന്ന ഒരു ജനതയെ ചൊല്‍ക്കാഴ്ചയുടെ സൗന്ദര്യ പഥങ്ങളിലൂടെ ആവിഷ്‌ക്കരിക്കാന്‍ ആ വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ക്ക് കഴിഞ്ഞു. മഹാകവി ചങ്ങമ്പുഴയുടെ കാവ്യനര്‍ത്തകിയും ആ പൂമാലയും സമന്വയിപ്പിച്ച് അവതരിപ്പിച്ച സംഘം രണ്ടാം സ്ഥാനത്തും ചങ്ങമ്പുഴയുടെ തന്നെ പച്ച എന്ന കവിതയെ പച്ചകെടാതെ അവതരിപ്പിച്ച സംഘം മൂന്നാം സ്ഥാനത്തുമെത്തി. വൈലോപ്പിള്ളിയുടെ മാമ്പഴം, പടയാളികള്‍ എന്നീ കവിതകളും രംഗത്ത് അവതരിപ്പിക്കപ്പെട്ടു.

കവിതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് ഇനിയും അവലംബിക്കാവുന്ന ഒരു മാര്‍ഗമാണ് ചൊല്‍ക്കാഴ്ചയെന്ന് ഈ മത്സരവേദി തെളിയിച്ചു.

*
കുരീപ്പുഴ ശ്രീകുമാര്‍ കടപ്പാട്: ജനയുഗം ദിനപത്രം

Thursday, March 24, 2011

ധനാഢ്യന്റെ തോട്ടത്തിലെ മയില്‍

വര്‍ഗീയതക്കെതിരെ ഗൌരവസ്വഭാവത്തിന്റെ നാട്യത്തിലെഴുതിയ കൃതികള്‍പോലും ആര്‍എസ്എസിനെ ശക്തമായി എതിര്‍ക്കുന്നില്ലെന്ന തിരിച്ചറിവില്‍നിന്നാണ് തപന്‍ബസുവും മറ്റും ചേര്‍ന്ന് ശ്രദ്ധേയമായ ഒരു പഠനം (Khaki Short, Saffron Flag) പൂര്‍ത്തിയാക്കിയത്. അതില്‍ എം എസ് ഗോള്‍വാള്‍ക്കറുടെ 'വിചാരധാര'യില്‍നിന്നുള്ള കുറേ സന്ദര്‍ഭങ്ങള്‍ ഉദ്ധരിച്ചിട്ടുമുണ്ട്.

'വിചാരധാര'യും അഡോള്‍ഫ് ഹിറ്റ്ലറുടെ 'മെയ്ന്‍കാംഫും' ഒരേ രീതിശാസ്ത്രം പിന്‍പറ്റിയവയാണെന്ന് പല ഉദ്ധരണികളും തെളിയിക്കുകയുമാണ്. പ്രധാന ആശയങ്ങള്‍ ഊന്നിയുറപ്പിക്കാന്‍ ഉപയോഗിക്കുന്ന കഥകള്‍ക്കും ഉപകഥകള്‍ക്കും പോലും സമാനതകളുമുണ്ട്. ഗോള്‍വാള്‍ക്കര്‍ സ്ഥിരമായി പറഞ്ഞു രസിക്കാറുള്ള കഥ തപന്‍ബസു പഠനത്തില്‍ അടിവരയിട്ടുപോകുന്നതായി കാണാം. പണക്കാരനായ ഒരാളുടെ തോട്ടത്തില്‍ അപ്രതീക്ഷിതമായി എത്തിയ മയില്‍. ആ പക്ഷി സ്ഥിരമായി വന്നാല്‍ തന്റെ തോട്ടത്തില്‍ അതൊരു ഭംഗിയായിരിക്കുമെന്ന് അയാള്‍ കരുതി. പിറ്റേ ദിവസം അതേ സമയത്ത് എത്തിയ മയിലിന് കുറച്ച് മയക്കുമരുന്ന് കൊടുക്കാന്‍ പണക്കാരന്‍ തോട്ടം സൂക്ഷിപ്പുകാരനോട് നിര്‍ദേശിക്കുന്നു. ഇത് രണ്ടാഴ്ച തുടരുകയും ചെയ്തു. പിന്നെ മയക്കുമരുന്ന് ഭക്ഷണം നിര്‍ത്തി. എന്നിട്ടും ചാകുംവരെ ആ മയില്‍ ഒരേ സമയത്ത് തോട്ടത്തിലെ നിത്യസന്ദര്‍ശകനായിരുന്നു.

ഗോള്‍വാള്‍ക്കറുടെ ധനാഢ്യനും മയിലും പുതിയകാലത്ത് ഒരു മാധ്യമരൂപകം തന്നെയാണ്. ആദ്യം മയക്കുമരുന്നിന് അടിപ്പെട്ട് വന്നുകൊണ്ടിരുന്ന മയില്‍ അത് നിര്‍ത്തിയപ്പോഴും സന്ദര്‍ശനം തുടരുകയായിരുന്നു. ഒരു പതിറ്റാണ്ടു മുമ്പുവരെ കേരളത്തിലെ മാധ്യമങ്ങള്‍ ഏത് മുന്നണിക്കും സ്ഥാനാര്‍ഥിക്കുമാണ് വോട്ട് ചെയ്യേണ്ടതെന്ന് കൃത്യമായി പറയുകയായിരുന്നു പതിവ്. അടുത്ത കാലത്താകട്ടെ, ബുദ്ധിപരമായ കമ്യൂണിസ്റ്റ് വിരുദ്ധത (Intelligent anticommunism) യുടെ മാതൃകകളിലാണ് അടയിരിക്കുന്നത്. സന്ദേശങ്ങള്‍ നല്‍കുന്നില്ലെങ്കിലും വാര്‍ത്തകളില്‍ സന്ദേശങ്ങള്‍ അതിസമര്‍ഥമായി അടക്കം ചെയ്യുന്നുണ്ട്. ഈ കൌശലം നന്നായി പ്രതിഫലിക്കുന്നത് ചാനലുകളിലാണ്.

തെരഞ്ഞെടുപ്പിന്റെ ഒരുക്കം ചര്‍ച്ച ചെയ്യാന്‍ കൂടിയ സിപിഐ എം പൊളിറ്റ്ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗങ്ങള്‍ നടക്കുമ്പോള്‍ മനോരമ, ഇന്ത്യാവിഷന്‍, ഏഷ്യാനെറ്റ് ചാനലുകള്‍ പല പംക്തികളിലായി രാഷ്ട്രീയത്തെ എപ്പിസോഡുകളാക്കുകയായിരുന്നു. കൌണ്ടര്‍പോയിന്റിലും ന്യൂസ് നൈറ്റുകളിലും വാചാടോപക്കാര്‍ പുനര്‍ജനിച്ച പ്രതീതിതന്നെ. ഡോ. ആസാദും എന്‍ എം പിയേഴ്സണും സി ആര്‍ നീലകണ്ഠനും എന്‍ സുഗതനും മറ്റും ടി എച്ച് മുസ്തഫയുടെ മണ്ടന്‍ നിലവാരത്തിലായിരുന്നു. ഇതിന്റെ അച്ചടിമഷിയായി എസ് സുധീഷും.

വീണ്ടും മാധ്യമ സിന്‍ഡിക്കറ്റ്

മാധ്യമസിന്‍ഡിക്കറ്റ് എന്ന പഴയ കൂട്ടായ്മ ഓര്‍മപ്പെടുത്തുംവിധമായിരുന്നു വി എസ് അച്യുതാനന്ദനെതിരെ കടന്നാക്രമണങ്ങള്‍. അതില്‍ എടുത്തുപറയേണ്ടതാണ് മനോരമ ചാനലിലെ 'നേരെ ചൊവ്വെ'. എം ഐ ഷാനവാസുമായി ജോണി ലൂക്കോസ് നടത്തിയ അഭിമുഖം നിരുപദ്രവകരവും സ്വാഭാവികവുമാണെന്ന് കരുതുകവയ്യ. രോഗബാധിതനായ ഷാനവാസിന്റെ ചാനല്‍ പുനഃപ്രവേശനം, ജീവിതത്തിലേക്ക് സജീവമായതിന്റെ നിശ്ചയദാര്‍ഢ്യം, വ്യക്തിപരമായ തകര്‍ച്ചയില്‍നിന്നുള്ള കരകയറല്‍ എന്നെല്ലാമുള്ള നിലയിലാണ് അതിന്റെ അവതരണമെങ്കിലും അവസാനഭാഗം ക്ഷുദ്രമായ രൂപീകരണങ്ങള്‍കൊണ്ട് മലിനമാണ്. അച്യുതാനന്ദന്റെ സര്‍ക്കസ്, ഊതിവീര്‍പ്പിച്ച ബലൂണ്‍ തുടങ്ങിയ ശകാരങ്ങള്‍ക്കൊടുവില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ മാലാഖയാക്കുകയും ചെയ്യുന്നു. ഐസ്ക്രീം കേസ് വീണ്ടും ഉയര്‍ന്നത് ഗൂഢാലോചനയാണെന്ന് ശഠിച്ച ഷാനവാസ് എം കെ മുനീറിനെയും പഴിക്കുന്നുണ്ട്. മുസ്ളിംലീഗ് യുഡിഎഫിലെ അന്തസ്സുള്ള പങ്കാളിയാണെന്ന ഗുഡ് സര്‍ട്ടിഫിക്കറ്റും നല്‍കുന്നു. തൊട്ടടുത്ത ദിവസങ്ങളില്‍ ഏഷ്യാനെറ്റിലും ഇന്ത്യാവിഷനിലും ഷാനവാസ് കാണ്ടാമൃഗത്തെ തോല്‍പ്പിക്കുംവിധം സ്വയം പരിഹാസ്യനാവുകയുമുണ്ടായി. പത്രപംക്തികളേക്കാള്‍ അവതാരകനുമായുള്ള കൃത്രിമമായ അടുപ്പം ഷാനവാസിനെപ്പോലുള്ളവര്‍ക്ക് ഒരുതരം സ്വാഭാവികത നല്‍കുന്നുമുണ്ട്. നേരെ ചൊവ്വേയില്‍ പത്തുവട്ടമെങ്കിലും അദ്ദേഹം ജോണീ എന്ന് വിളിച്ചത് അരോചകമാംവിധം അനുഭവപ്പെടുകയും ചെയ്തു.

ടി എന്‍ പ്രതാപന്റെ എല്‍പി ക്ളാസ്

മന്ത്രിമാരുടെ പ്രകടനം വിലയിരുത്തി സര്‍ക്കാരിനെ ജനവിരുദ്ധമായി ചിത്രീകരിക്കാന്‍ രൂപപ്പെടുത്തിയ മനോരമ ചാനലിലെത്തന്നെ 'ഗ്രൌണ്ട് റിയാലിറ്റി ഷോ' മുരത്ത യുഡിഎഫ് പക്ഷപാതിക്കുപോലും ദഹിക്കുമെന്ന് കരുതുകവയ്യ. മന്ത്രിസഭയിലെ ഒരാള്‍ക്കുപോലും പാസ്മാര്‍ക്ക് ലഭിക്കില്ലെന്ന പ്രതീതിയാണ് പൊതുവില്‍ ആ പരിപാടി പങ്കിടുന്നത്. ഓരോ മേഖലയിലെയും വിദഗ്ധര്‍ക്കൊപ്പം പ്രതിപക്ഷ എംഎല്‍എയെയും ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് അത്. വിഡ്ഢിത്തങ്ങളും പകുതി അറിവും ഏറ്റവും ഉച്ചത്തില്‍ വിളമ്പുന്നതാണ് മാതൃകാ അവതാരകരുടെ/അവതാരികമാരുടെ ലക്ഷണമെന്ന് സ്വയം വിചാരിക്കുന്നവരുടെ മേമ്പൊടികളുമാകുമ്പോള്‍ ചിത്രം പൂര്‍ണമാകുന്നു. എല്ലാ മന്ത്രിമാരെയും കുറിച്ചുള്ള വിചാരണ ഇവിടെ പരിശോധിക്കുന്നില്ല. ഉദാഹരണത്തിന് ഒന്നുമാത്രം. ആരോഗ്യമന്ത്രി പി കെ ശ്രീമതിയുടെയും അവരുടെ കീഴിലുള്ള വകുപ്പിന്റെയും ചരിത്രപരമായ നേട്ടങ്ങള്‍ ഇടതുപക്ഷത്തോട് അനുകമ്പപോലുമില്ലാത്ത അതിപ്രശസ്ത ഡോക്ടര്‍മാര്‍ വരവുവച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍ പത്തില്‍ മൂന്നുമാര്‍ക്കാണ് നല്‍കിയത്. ഇതു കേട്ടാല്‍ അദ്ദേഹം എല്‍പി ക്ളാസിനപ്പുറം പോയിട്ടില്ലെന്നേ തോന്നൂ.

വികസനത്തിലെ ആള്‍മാറാട്ടം

മനോരമ ചാനലിലെ 'കേള്‍ക്കുന്നുണ്ടോ' എന്ന പംക്തി അത്യുക്തികള്‍ക്കും ന്യൂനോക്തികള്‍ക്കുമിടയില്‍ കിടന്ന് വീര്‍പ്പുമുട്ടുന്നതാണ്. വികസനം, കൂടിയൊഴിക്കലുകള്‍, പരിസ്ഥിതി പ്രശ്നം, കുടിവെള്ളത്തിന്റെ അപര്യാപ്തത, യാത്രാക്ളേശം തുടങ്ങിയ പൊതുകാര്യങ്ങള്‍ ഉയര്‍ത്തുന്നുവെന്ന മറവില്‍ വലതുപക്ഷത്തിന്റെ അജന്‍ഡകള്‍ തുറന്നുപിടിക്കുകയാണ് ഇവിടെ. രാഷ്ട്രീയത്തിനുപരി എല്ലാവരും ഒത്തുചേര്‍ന്ന് പരിഹാരം കാണേണ്ട സാമൂഹ്യപ്രതിസന്ധികള്‍ക്കെല്ലാം ഉത്തരവാദി ഇടതുപക്ഷമാണെന്ന ശാഠ്യമാണ് പല ലക്കങ്ങളിലും നിറഞ്ഞത്. വികസനം തീരെയില്ലെന്ന് ആദ്യം പരാതിപ്പെടുക. അത് പരിഹരിക്കാന്‍ ചുവട്വയ്പ്പുകളുണ്ടാകുമ്പോള്‍, എതിര്‍പ്പുകള്‍ക്കൊപ്പം വരിനില്‍ക്കുക എന്ന ആള്‍മാറാട്ടമാണ് ഈ പംക്തിയുടെ മുഖമുദ്ര. ചെങ്ങറയിലെ പ്രതിസന്ധികള്‍ വരച്ചുവച്ച അവതാരകന്‍ അബ്ജോത് വര്‍ഗീസ്, ഒടുവില്‍ ജനങ്ങളോട് ആരായുന്നത് "സര്‍ക്കാര്‍ വഞ്ചിച്ചതിനാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ നിലപാട് എടുക്കേണ്ടേ'' എന്നാണ്. ഇതേക്കാള്‍ മാന്യമായിട്ടാവും ഷാഫി പറമ്പിലെങ്കിലും പെരുമാറുക.

ഇന്ത്യാവിഷനിലെ പൊളിട്രിക്സില്‍ സാങ്കേതികവിദ്യയുടെ ഏറ്റവും മലീമസമായ ദുരുപയോഗമാണ് അടുത്തിടെ കാണാനാവുന്നത്. മോര്‍ഫിങ്ങും മിക്സിങ്ങും സന്ദര്‍ഭങ്ങളില്‍നിന്ന് അടര്‍ത്തിമാറ്റി (out of context) യുള്ള അവതരണങ്ങളും. മന്ത്രി ജോസ് തെറ്റയിലിന്റെ ഒരു ഭക്തിഗാനാലാപനത്തിന്റെ നടുവിലേക്ക് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിവിധ ഭാവങ്ങള്‍ ഉറപ്പിച്ച അതിന്റെ പുതിയ ലക്കം വിഷയദാരിദ്ര്യത്തിന്റെ പ്രശ്നം മാത്രമല്ല, മറിച്ച് സ്വന്തം ആഗ്രഹങ്ങള്‍ക്കനുസരിച്ച് ആരെയും കരുവാക്കും എന്ന ധാര്‍ഷ്ട്യമാണ്. ആ പംക്തിയുടെ അവസാനഭാഗത്ത് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം നടത്തിയ ഒരു പരാമര്‍ശം ഔചിത്യമില്ലാതെ തുന്നിക്കെട്ടുന്നുമുണ്ട്. പുതിയ കാലത്തെ പരാമര്‍ശിക്കുമ്പോള്‍ പറഞ്ഞ ആനുഷംഗികമായ വാക്കുകള്‍ ജോര്‍ജ് പുളിക്കന്‍ തന്നെ എത്രവട്ടം ഓര്‍മപ്പെടുത്തി! കമ്യൂണിസ്റ്റുകാര്‍ തീരെ മാറുന്നില്ലെന്ന് ശകാരിക്കുക, എന്തെങ്കിലും സൂചന നല്‍കുമ്പോള്‍ അയ്യയ്യേ ഇതെന്തൊരു മാറ്റമെന്ന് അത്ഭുതം കൂറുക! സോവിയറ്റ് യൂണിയനില്‍ മഴപെയ്യുമ്പോള്‍ ഇവിടെ കുടപിടിക്കുന്നവര്‍ എന്നായിരുന്നു പഴയ പരിഹാസം. അത്തരക്കാര്‍ ഇപ്പോള്‍ മഴയില്ലാ നാട്ടില്‍ കുട ഫാക്ടറികള്‍ നിര്‍മിക്കുകയാണ്.

ജോണ്‍ ഹാര്‍ട്ഫീല്‍ഡിന്റെ ഹിറ്റ്ലര്‍ കാര്‍ട്ടൂണ്‍

തന്റെ പിന്നില്‍ ജനലക്ഷങ്ങളുണ്ടെന്ന് (Millions are behind me) അഡോള്‍ഫ് ഹിറ്റ്ലര്‍ പലവട്ടം വീമ്പിളക്കിയിരുന്നു. ഈ അവകാശവാദം പൊളിച്ചുകളഞ്ഞ ജോണ്‍ ഹാര്‍ട്ഫീല്‍ഡിന്റെ കാര്‍ട്ടൂണ്‍ ലോകപ്രശസ്തമാണ്. മുന്നോട്ടുനോക്കിനില്‍ക്കുന്ന ഹിറ്റ്ലര്‍. അയാള്‍ക്ക് പിന്നില്‍ ലക്ഷക്കണക്കിന് ഡ്യൂയിഷ് മാര്‍ക്ക് കൈയില്‍പ്പിടിച്ച് ഒരു കുത്തകമുതലാളി. ജനങ്ങളല്ല, പണമാണ് ഹിറ്റ്ലറെ പിന്തുടരുന്നതെന്നാണ് ഹാര്‍ട് ഫീല്‍ഡ് വിളിച്ചുപറയാന്‍ ശ്രമിച്ചത്. വലതുപക്ഷ നേതാക്കളെ ജനാഭിലാഷത്തിന്റെ പ്രതീകങ്ങളായി പുകഴ്ത്തുന്ന നമ്മുടെ മാധ്യമ മെയ്വഴക്കം ആ പ്രശസ്ത രചന ഓര്‍മപ്പെടുത്തുന്നതാണെന്ന് പറയാം. അറുപിന്തിരിപ്പനും ജനവിരുദ്ധരുമായ യുഡിഎഫ് നേതാക്കള്‍ക്കും അവരുടെ പ്രസ്താവനകള്‍ക്കും സംഘടനാ പ്രമേയങ്ങള്‍ക്കും പത്രങ്ങളില്‍ ഏക്കര്‍ കണക്കിന് സ്ഥലമാണ് ദുര്‍വ്യയം ചെയ്യുന്നത്.

യുഡിഎഫ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ യുവാക്കള്‍ക്ക് മതിയായ പ്രാതിനിധ്യം വേണമെന്ന് പ്രഖ്യാപിച്ച യൂത്ത് കോണ്‍ഗ്രസ് ഡല്‍ഹിയാത്രക്കും കെഎസ്യു പ്രമേയത്തിനും വെണ്ടക്കയില്‍ പൊതിഞ്ഞ വലുപ്പമായിരുന്നു മലയാള മനോരമയിലും മാതൃഭൂമിയിലും മറ്റും. ചാനലുകളില്‍ ചര്‍ച്ചാ അതിസാരം തന്നെ നടന്നു. മല എലിയെ പ്രസവിച്ചു, ചായക്കോപ്പയിലെ കൊടുങ്കാറ്റ് തുടങ്ങിയ പ്രയോഗങ്ങള്‍ക്കപ്പുറത്തേക്ക് ഈ പ്രമേയങ്ങള്‍ക്ക് എന്തു വിലയാണുള്ളത്. അധികാരത്തിന്റെ ഉപശാലകളില്‍ അവശിഷ്ടങ്ങള്‍ക്കായി മോങ്ങുന്നവരെ ആദര്‍ശരാഷ്ട്രീയത്തിന്റെ കുപ്പായമിടുവിക്കുകയാണ് നമ്മുടെ പത്രങ്ങള്‍.

സഞ്ജയ് നിരുപം/ ബാല്‍താക്കറെ

എഐസിസി പുനഃസംഘടനയെക്കുറിച്ചായിരുന്നു അടുത്ത പുളകംകൊള്ളല്‍. ജനങ്ങളുമായി ഒരു ബന്ധവുമില്ലാത്ത കമ്പനി സിഇഒമാരെ കുത്തിനിറച്ച ആ കോമാളിക്കളിയെ നൂറുനാവുകൊണ്ടാണ് വീരഭൂമികള്‍ പുകഴ്ത്തിയത്. നേര്‍ത്ത എതിര്‍ശബ്ദം പുറപ്പെടുവിക്കുന്നവരെയെല്ലാം മൂലക്കിരുത്തിയായിരുന്നു പുനഃസംഘടന. ഓസ്കാര്‍ ഫെര്‍ണാണ്ടസ,് മുകുള്‍വാസ്നിക് തുടങ്ങിയവരെപ്പോലുള്ള ഹോളിവുഡ് രാഷ്ട്രീയ അഭിനേതാക്കളാണത്രെ ജനവിശ്വാസം വീണ്ടെടുക്കേണ്ടത്. കേരളത്തിന്റെ ചുമതല ലഭിച്ച മധുസൂദന്‍ മിസ്ത്രിയുടെ സ്ഥാനാരോഹണം ഗൌരവമായ ചര്‍ച്ച ആവശ്യപ്പെടുന്നതാണ്. അദ്ദേഹത്തിന്റെ സഹായിയാകട്ടെ, പഴയ ശിവസേനാ നേതാവ് സഞ്ജയ് നിരുപമും. ബാല്‍താക്കറെയുമായി ഇപ്പോഴും നല്ല ബന്ധമുള്ളയാളാണ് നിരുപം. ഗുജറാത്തില്‍ മൃദുഹിന്ദുത്വ തലോടലിലൂടെ കോണ്‍ഗ്രസിനെ ഉപ്പുവച്ച നിലംപോലെയാക്കിയ നേതാവാണ് മിസ്ത്രി. നിരുപം-മിസ്ത്രി കൂട്ടുകെട്ടിനെ കേരളത്തിലേക്ക് നിയോഗിക്കുന്നത് പഴയ കോ-ലീ-ബി പരീക്ഷണത്തിന്റെ രാഷ്ട്രീയ ശാസ്ത്രജ്ഞരായിട്ടാവാമെന്ന് ആരും എഴുതിക്കണ്ടില്ല. പത്രഭാഷയില്‍, കേരളത്തിലെ കോണ്‍ഗ്രസ് വീണ്ടും ശക്തമായിരിക്കയാണ്. കെ മുരളീധരനും എം പി ഗംഗാധരനും സാദിരിക്കോയയും തിരിച്ചെത്തിയതാണ് ആ പ്രചാരണത്തിന്റെ അടിസ്ഥാനം!

സ്പെക്ട്രം കുംഭകോണത്തെക്കുറിച്ചന്വേഷിക്കാന്‍ നിയമിതമായ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അധ്യക്ഷനായി പി സി ചാക്കോ തെരഞ്ഞെടുക്കപ്പെട്ടതിലും മാതൃഭൂമി-മനോരമാദികള്‍ക്ക് അടക്കാനാവാത്ത സന്തോഷമാണ്. എന്നാല്‍ വാര്‍ത്ത വന്ന ദിവസത്തെ മനോരമ ചാനലില്‍ സത്യത്തിന്റെ ഒരിറ്റ് പുറത്തുചാടിയിരുന്നു. അന്വേഷണത്തോടൊപ്പം പാര്‍ടിയുടെ മുഖംരക്ഷിക്കലും ചാക്കോയുടെ ദൌത്യത്തിലുണ്ടെന്നതാണത്.

മുനീറിന്റെ നിലപാട്

മനോരമ ന്യൂസിന്റെ നിലപാട് പരിപടിയിലെ മുസ്ളിംലീഗ് സെക്രട്ടറി എം കെ മുനീറിന്റെ അഭിപ്രായ പ്രകടനങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായി തോന്നിയത്, പി കെ കുഞ്ഞാലിക്കുട്ടി കളങ്കിതനല്ല എന്നതാണ്. പാര്‍ടി ആവശ്യപ്പെട്ടാല്‍ മുസ്ളിംലീഗിന്റെ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ തയാറാണെന്നും മുനീര്‍ അതിമോഹം പുറത്തെടുത്തു. എന്നാല്‍ ദേശീയ പ്രസിഡന്റ് ഇ അഹമ്മദാകട്ടെ ആ സംപ്രേഷണത്തിന് ഓഫ് സ്വിച്ചിട്ടു. കുഞ്ഞാലിക്കുട്ടിയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ നയിക്കുകയെന്നാണ് 'ചെറിയ' അധ്യക്ഷന്‍ പറഞ്ഞത്. ഇതൊന്നും മലയാള പത്രങ്ങള്‍ക്ക് വാര്‍ത്തയേയല്ല. എന്നാല്‍ മനോരമയും മാതൃഭൂമിയും കോഴിക്കോട്ടെ ലീഗ് തെരഞ്ഞെടുപ്പ് റാലിക്ക് ഒന്നാംപുറത്തിന്റെ പകുതി സ്ഥലമാണ് ഓഹരി നല്‍കിയത്.

തെരഞ്ഞെടുപ്പുകാലത്തെ ചാനല്‍ സിനിമാ സംപ്രേഷണത്തില്‍പ്പോലും ഫാന്‍സ് അസോസിയേഷന്റെയും തറ ടിക്കറ്റുകാരുടെയും പോസ്റ്റര്‍ ഒട്ടിക്കുന്ന പയ്യന്മാരുടെയും അഭിരുചിക്കപ്പുറം പ്രധാന താല്‍പ്പര്യങ്ങളുണ്ട്. ഏഷ്യാനെറ്റ് മാര്‍ച്ച് ആറിന് 'അറബിക്കഥ' എന്ന മക്രോണി മാഹാത്മ്യം കാണിച്ചത് നിസ്സാരമാണെന്ന് കരുതുന്നവര്‍ തികഞ്ഞ അന്ധത ബാധിച്ചവരാണെന്നേ പറയാനാവൂ. 1999ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വേളയില്‍ മുരളി പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ച 'ദി കിങ്ങ്' സംപ്രേഷണം ചെയ്തത് കൂട്ടി വായിക്കുക. അന്ന് അദ്ദേഹം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു. എല്ലാ ഹീനകൃത്യങ്ങളുടെയും കറതീര്‍ന്ന കഥാപാത്രമായ ജെ കെ എന്ന ജയകൃഷ്ണന്‍ അക്ഷരാര്‍ഥത്തില്‍ വലതുപക്ഷത്തെയാണ് പ്രതിനിധാനം ചെയ്തതെങ്കിലും മുരളിയെ വ്യക്തിപരമായി എതിര്‍ക്കാന്‍ സിനിമയെ ഉപയോഗിക്കുകയായിരുന്നു

*
അനില്‍കുമാര്‍ എ വി കടപ്പാട്: ദേശാഭിമാനി 20 മാര്‍ച്ച് 2011

Wednesday, March 2, 2011

പാര്‍ലമെന്റ് ചൂടാകുന്നു

പാര്‍ലമെന്റില്‍ എപ്പോഴും ചൂടാണല്ലോ; അതിനാല്‍ പാര്‍ലമെന്റ് ചൂടാകുന്നു എന്ന് എടുത്തുപറയേണ്ടതുണ്ടോ എന്ന് വായനക്കാര്‍ക്ക് സംശയം തോന്നാം. ഞാന്‍ ഉദ്ദേശിച്ചതും പാര്‍ലമെന്റിലെ വിവാദങ്ങളുടെ ചൂടിനെയല്ല, കാലാവസ്ഥയില്‍ വന്ന മാറ്റത്തെത്തന്നെയാണ്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആകെ വന്നുപെട്ടതിന് ശേഷം സ്തംഭനമൊഴിവാകുന്നത് ഉഷ്ണകാല സമ്മേളനം വന്നതോടെയാണല്ലോ? 'അഴിമതിവിലാസം' രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ മുന്‍പന്തിയിലെത്തിച്ച കൂറ്റന്‍ അഴിമതികള്‍ക്കിടയില്‍ പ്രഥമസ്ഥാനം നേടിയ 2 ജി സ്പെക്ട്രം അഴിമതിയെപ്പറ്റി സംയുക്ത പാര്‍ലമെന്റ് സമിതി (ജെപിസി) അന്വേഷിക്കണമെന്ന പ്രതിപക്ഷങ്ങളുടെ ആവശ്യം ശീതകാലത്ത് അംഗീകരിക്കാന്‍ നിവൃത്തിയില്ലെന്നാണ് കേന്ദ്രഗവൺമെന്റ് വ്യക്തമാക്കിയിട്ടുള്ളത്. ശീതകാല സമ്മേളനം അങ്ങനെ വെറുതെ കമ്പിളിപ്പുതപ്പിനുള്ളില്‍ ചുരുണ്ടു പോയി.

ഉഷ്ണകാലം വരുമ്പോഴല്ലാതെ എങ്ങനെയാണ് ചൂട് പിടിച്ച ചര്‍ച്ചകള്‍ നടത്തുക? യുപിഎക്കാര്‍ക്ക് മനസിലാകാത്തത് ഇതാണ്. പ്രതിപക്ഷത്തിന്റെ ഈ കാലാവസ്ഥാ ശാസ്ത്രം മനസിലാക്കാന്‍ കഴിയാത്തതില്‍ ഇത്രയും കാലം ദുഃഖിച്ചിരിക്കുകയായിരുന്നു പ്രധാനമന്ത്രിയും പ്രണബ്-ചിദംബരാദികളായ മന്ത്രിമാരും. ജെപിസി അല്ല അതിനുമപ്പുറത്ത് വേറെ പിസികളുണ്ടെങ്കില്‍ അവയൊന്നിനെയും പേടിയില്ല തനിക്കെന്ന് പ്രധാനമന്ത്രി ടിവി ചാനലുകളിലെ കുറെ എഡിറ്റര്‍മാരെ വിളിച്ചുകൂട്ടി പ്രഖ്യാപനം നടത്തുകയും ചെയ്തിട്ടുണ്ട്. ചൂട് പിടിച്ചിരിക്കുന്നു. അസുഖകരങ്ങളായ ചോദ്യങ്ങളും ചോദിച്ച് അദ്ദേഹത്തെ ബുദ്ധിമുട്ടിക്കരുതെന്ന് നിര്‍ബന്ധമുള്ള ഒരു എഡിറ്റര്‍സമൂഹമാണ് പ്രധാനമന്ത്രിയുടെ മൊഴിമുത്തുകള്‍ പെറുക്കിയെടുക്കാന്‍ വസതിയില്‍ ഒത്തുകൂടിയത്. എന്നിട്ടും പ്രധാനമന്ത്രി വിഷമിക്കുകയായിരുന്നുവെന്നും രഹസ്യറിപ്പോര്‍ട്ടുകള്‍ പറയുന്നു. നീതീകരിക്കാന്‍ കഴിയാത്ത അപരാധം നീതീകരിക്കാന്‍ മുതിര്‍ന്നവര്‍ക്ക് സ്വന്തം മക്കളെപ്പോലും ബോധ്യപ്പെടുത്താന്‍ സാധിച്ചില്ലെന്ന് ഈ കപട നാടകത്തിന്റെ ട്രാജിക്കായ അന്ത്യത്തില്‍നിന്ന് മനസിലാക്കേണ്ടതാണ്.

അനീതിയെ നീതിയാക്കാന്‍ ശ്രമിച്ചാല്‍ അനീതിയുടെ വലുപ്പവും വ്യാപ്തിയും കൂടുകയല്ലാതെ കുറയുകയില്ല എന്നത് വ്യക്തമായത് പ്രധാനമന്ത്രി ഒരു പുത്തന്‍ ന്യായവാദം ഇറക്കിയതോടെയാണ്. സ്പെക്ട്രം അഴിമതി എന്നുവച്ചാല്‍ ടെന്‍ഡര്‍ വിളിക്കാതെ ടെലികോമിന്റെ വന്‍ വ്യാപാരക്കരാറുകള്‍ ചില പ്രത്യേക കോര്‍പറേറ്റ് സംഘങ്ങള്‍ക്ക് നല്‍കിയെന്നതാണല്ലോ. അത് അവിഹിതമായി ആനുകൂല്യം നല്‍കിയതിന്റെ പ്രശ്നമാണ്. ആ ആനുകൂല്യം തെറ്റാണ് എന്നത് പ്രതിപക്ഷ നിലപാട്.

അപ്പോഴാണ് പ്രധാനമന്ത്രിയുടെ തലച്ചോറ് മിന്നല്‍വേഗത്തില്‍ പ്രവര്‍ത്തിച്ചത്. ആ ആനുകൂല്യം തെറ്റല്ലെന്നും അത്തരം ആനുകൂല്യങ്ങള്‍ ധാരാളം ഇതിനുമുമ്പ് ഗവൺമെന്റ് ചെയ്തുവരുന്നുണ്ടെന്നും ഓര്‍ത്തത്. ആ വിവരം തന്റെ വിധേയരായ പത്രാധിപരെ അദ്ദേഹം അറിയിച്ചു. ഇവിടെ കൃഷിക്കാര്‍ തുടങ്ങിയ പല ദരിദ്ര വിഭാഗങ്ങള്‍ക്കും ഗവൺമെന്റ് സഹായധനം നല്‍കുന്ന പതിവുണ്ട്. സഹായധനം കിട്ടാതെ ദരിദ്രവിഭാഗങ്ങള്‍ക്കും കൃഷി തുടങ്ങിയ പണികള്‍ ചെയ്ത് നഷ്ടമില്ലാതെ രക്ഷപ്പെടാനാവുകയില്ല. ടെന്‍ഡര്‍ വിളിക്കാതെ വലിയ തുക കോര്‍പറേറ്റുകള്‍ക്ക് ലഭിച്ചിട്ടുണ്ടെങ്കില്‍ അത് സഹായധനമായി കരുതിയാല്‍ മതിയെന്ന മനോമോഹനമായ പുതിയ ഭാഷ്യം.

ഈ ഭാഷ്യംകൊണ്ട് കളവ് മൂടിവയ്ക്കാന്‍ മുതിര്‍ന്ന പ്രധാനമന്ത്രിയുടെ മനസ്സ് ആരോടൊപ്പമാണെന്ന് ഇതിനകം അറിഞ്ഞുകൂടാത്തവര്‍ക്ക് ഇതോടെ സംശയം കൂടാതെ അറിയാനായിരിക്കുന്നു. പാവപ്പെട്ടവന് സഹായഹസ്തം നീട്ടിക്കൊടുക്കുന്നതാണ് സഹായധനം. ടെലികോം മന്ത്രി സഹായം നല്‍കിയത് പാവങ്ങള്‍ക്കാണെന്ന് നാം വിശ്വസിക്കണമത്രേ. കൂറ്റന്‍ കമ്പനികളും കുബേരന്മാരുമാണ് പ്രധാനമന്ത്രിയുടെ പാവങ്ങള്‍. അവരെ അദ്ദേഹം വഴിവിട്ട് സഹായിച്ചു. ദീനാനുകമ്പയുടെ പേരില്‍ ഒരാളെ കുറ്റക്കാരനാക്കാമോ എന്നാവണം സിങ്ജിയുടെ യുക്തി.

ഈ ന്യായം പറയുന്ന പ്രധാനമന്ത്രി ഇപ്പോള്‍ തുറുങ്കുസുഖം അനുഭവിക്കുന്ന രാജ എന്ന മന്ത്രിയുടെ സ്വരം കടം വാങ്ങിയതുപോലെ തോന്നുന്നു. ആ രാജ മന്ത്രി (അല്ല മന്ത്രിരാജയോ?) ടെന്‍ഡര്‍ വിളിക്കാതിരുന്നത് സമ്പന്ന കമ്പനികള്‍ക്ക് സഹായധനം നല്‍കാന്‍തന്നെയാണ്. അദ്ദേഹം തുറുങ്കില്‍ കഴിയുമ്പോള്‍ പ്രധാനമന്ത്രി അതിനടുത്തുകൂടെ സവാരി പോകുന്നതും ആപല്‍ക്കരമാണെന്ന് സഹപ്രവര്‍ത്തകര്‍ ആരും ചൂണ്ടികാണിച്ചില്ലല്ലോ.

ടെലികോം സചിവാലയത്തിന്റെ നയം ശരിയും നടത്തിപ്പ് തെറ്റും ആണെന്ന് പ്രധാനമന്ത്രി എഡിറ്റര്‍മാരോട് കുറ്റസമ്മതം ചെയ്തിരിക്കുന്നു. ഇന്ത്യയില്‍ കുറെക്കാലമായി കേന്ദ്രഭരണം ചെയ്യുന്ന ഒരേയൊരു കുറ്റം നല്ല നയപരിപാടിയെ ചീത്തയായി നടപ്പാക്കുകയെന്നതാണ്. ചീത്തയായി നടപ്പാക്കുക എന്നു പറഞ്ഞാല്‍ അഴിമതിക്ക് ചൂട്ടുപിടിച്ച് കൊടുക്കുന്ന വികലരീതിയില്‍ ഭരണം നടത്തുന്നു എന്നാണര്‍ഥം. അതിനാണ് മന്ത്രി അകത്തായത്. അത്ര ഗൌരവമുള്ള കുറ്റംചെയ്തു എന്നതുമാത്രമേ തങ്ങളുടെ ഭാഗത്ത് വന്ന പിഴവായിട്ടുള്ളു എന്നുപറയുന്ന പ്രധാനമന്ത്രിയുടെ മനസ്സിന്റെ പിടിവിട്ടതുപോലെ തോന്നുന്നു. ചെയ്യാവുന്നതില്‍ വച്ച് ഏറ്റവും വലിയ കുറ്റംചെയ്ത് നിരുപദ്രവ ഭാവത്തില്‍ പറയുന്നത് അത്രയേ തെറ്റ് ചെയ്തുള്ളൂ എന്നാണ്.

ചീത്ത രീതിയില്‍ പോളിസി നടപ്പാക്കലാണ് ചീത്ത ഭരണം. നമ്മുടെ ഭരണഘടന എത്ര മികച്ചതല്ല? പക്ഷേ, അംബേദ്കര്‍ അവസാനം പ്രസംഗിച്ചതുപോലെ ഭരണഘടന നടപ്പാക്കുന്ന മനുഷ്യര്‍ എത്ര നന്നോ അത്രയേ ഭരണഘടനയും നന്നായിരിക്കുകയുള്ളൂ. ചീത്ത രീതിയിലാണ് ടെലികോം വകുപ്പ് പ്രവര്‍ത്തിച്ചതെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇതിലപ്പുറം എന്താണ് ചെയ്യുക എന്ന മട്ടില്‍ കൈമലര്‍ത്തുന്നതും ഒന്നുകില്‍ കവിഞ്ഞ കഴിവില്ലായ്മ, അല്ലെങ്കില്‍ കവിഞ്ഞ കപടസാമര്‍ഥ്യം.

ഒടുവില്‍ ജെപിസി വന്നു. ആന പ്രസവിക്കുന്നതുപോലെ, എത്രയോ പണിപ്പെട്ടുള്ള പ്രസവമാണ്. എന്തുകൊണ്ട് ജെപിസി എന്ന ചോദ്യത്തിന് നമുക്ക് കിട്ടിയ മറുപടി ശരിയായ മന്‍മോഹന്‍ ബ്രാന്‍ഡ് മറുപടി തന്നെ. പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ അനുവദിച്ചുകൂടാത്തതുകൊണ്ട് ജെപിസി എന്നാണ് മറുപടി. ഇത് പറയുന്നത് പാര്‍ലമെന്റിന്റെ ഇരിപ്പുസമ്മേളനകാലം മുഴുവന്‍ ഈ നില സമ്പുഷ്ടമാക്കാന്‍ അനുവദിച്ച ഒരു മുന്നണിയുടെ നേതാവ്. പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം ഭംഗപ്പെടുന്നത് ഇത്ര പാപമാണെന്ന ബോധമുള്ളവര്‍ പ്രതിപക്ഷ സമരത്തിന്റെ ഒന്നാം ദിവസംതന്നെ സമ്മതം മൂളേണ്ടതായിരുന്നു. അത് ചെയ്യാതെ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും നീണ്ട സ്തംഭനത്തിന് വഴിയൊരുക്കി ഒരു 'സെഷന്‍' മുഴുവന്‍ നഷ്ടപ്പെടുത്തിയവര്‍ പിന്നെയും ഞെളിഞ്ഞ് വന്ന് 'ഞങ്ങള്‍ പാര്‍ലമെന്റ് ഭക്തരാകയാല്‍ പ്രതിപക്ഷം പറഞ്ഞ ആവശ്യം അംഗീകരിച്ചിരിക്കുന്നു' എന്ന് പറയുന്നു.അത് എത്രയോ നേരത്തെ പറഞ്ഞുതീര്‍ക്കേണ്ടതായിരുന്നു. പാര്‍ലമെന്റ് സ്തംഭനത്തിന് കാരണം യുപിഎ ഗവമെന്റിന്റെ ബുദ്ധിശൂന്യമായ ദൂര്‍വാശിയാണെന്ന് ഇപ്പോള്‍ സര്‍വര്‍ക്കും വെളിപ്പെട്ടിരിക്കുന്നു.

ഇങ്ങനെയൊരു വാശിയുടെ കഥ അനുഭവത്തിലോ പഴയ ചരിത്രങ്ങളിലോ, നാട്ടുകാരുടെ ഓര്‍മയിലോ രണ്ടാമതൊന്നുള്ളതായി കരുതുന്നില്ല. 'പ്ളാവിലയുണ്ടോ, എന്നാല്‍ കഞ്ഞികുടിക്കാം' എന്നു വാശി പിടിച്ചുവെങ്കിലും കഞ്ഞി കുടിക്കണമെന്ന് കൊതിയുണ്ടായിരുന്നു. പക്ഷേ, മന്ത്രിസഭയ്ക്ക് ജെപിസി കഞ്ഞി കുടിക്കണമെന്ന ആഗ്രഹമേ ഇല്ലാത്തതിനാല്‍ ഇവിടെ പ്ളാവില കടന്നുവരികയില്ല.

ഇതിന് സമമായി വല്ല സംഭവവുമുണ്ടോ എന്നാലോചിച്ചപ്പോള്‍ ഒരു കഥ കിട്ടി. വയറിളക്കാന്‍ ആവണക്കെണ്ണ കുടിക്കണമെന്ന് വാശിപിടിച്ച് നിലവിളി നടത്തിയ ഒരു ചെറുക്കന്‍ ആവണക്കെണ്ണ കഴിക്കണമെന്നുള്ള വീട്ടുകാരുടെ നിര്‍ബന്ധം പൊറുതിമുട്ടിച്ചപ്പോള്‍ ഇങ്ങനെ പറഞ്ഞുവത്രേ വയറിനെ സ്തംഭിപ്പിക്കുന്നത് സമ്മതിക്കാനാവില്ല, അതുകൊണ്ട് ആവണക്കെണ്ണ സേവിക്കട്ടെ, പാര്‍ലമെന്റ് സ്തംഭനം അനുവദനീയമല്ലാത്തതിനാല്‍ ജെപിസി അനുവദിച്ചിരിക്കുന്നുപോല്‍.

ചിന്താപരമായ സംയോജനമില്ലാതെ പരസ്പര വിരുദ്ധമായി സംസാരിക്കുന്നവരുടെ മത്സരമുണ്ടെങ്കില്‍ മന്‍മോഹന്‍ സിങ് ഒന്നാം സ്ഥാനം ഒരാള്‍ക്കും വിട്ടുകൊടുക്കയില്ല.

പ്രതിപക്ഷത്തെ യുദ്ധരംഗത്തിറക്കിയതിന്റെ നേട്ടം സിങ്ജിയുടെ കണക്കില്‍ വരവ് പിടിക്കേണ്ടതാണ്. പ്രതിപക്ഷം ചൂട് പിടിച്ച് 'ജെപിസി ഇല്ലെങ്കില്‍ പാര്‍ലമെന്റ് വേണ്ട' എന്ന അങ്ങേയറ്റത്തെ ആവശ്യം ഉയര്‍ത്തിപ്പിടിച്ചതിന് കാരണം പ്രധാനമന്ത്രിയുടെ ഉദാസീനതയും നിഷ്‌ക്രിയതയുമാണ്. രാജയുമായി നടന്ന കത്തിടപാടനുസരിച്ചുതന്നെ മാര്‍ഗം പിഴച്ചു എന്നുകണ്ട പ്രധാനമന്ത്രി ടെലികോം മന്ത്രിയെ മറ്റൊരു വകുപ്പിലേക്ക് മാറ്റി പ്രതിഷ്ഠിച്ചിരുന്നുവെങ്കില്‍ ഇത്രമാത്രം വികാര സ്‌ഫുലിംഗം ചീറിപ്പറക്കുകയില്ലായിരുന്നു. പ്രധാനമന്ത്രി ക്രിമിനല്‍ മന്ത്രിമാരെ ചിറകിനടിയില്‍ സംരക്ഷിക്കുന്ന പിടക്കോഴിയാണെന്ന് തെളിയിച്ചില്ലായിരുന്നുവെങ്കില്‍, ഈ സംഭവവികാസങ്ങള്‍ പലതും ഉണ്ടാകുമായിരുന്നില്ല. ഇപ്പോഴും പ്രധാനമന്ത്രിയുടെ വാത്സല്യപൂര്‍വമായ നോട്ടം കുറ്റംചെയ്ത മന്ത്രിയുടെ നേര്‍ക്കാണ് അദ്ദേഹം പായിച്ചുകൊണ്ടിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ ഈ 'പ്രതി' സൌഹൃദം വീണ്ടും അദ്ദേഹം തെളിയിച്ചത് രാജയ്ക്ക് പകരം കപില്‍ സിബലിനെ കൊണ്ടുവന്നതിലൂടെയാണ്. രാജ അഴിമതി ചെയ്തെങ്കിലും രാജ്യത്തിന് താന്‍ കുറെ നഷ്ടം വരുത്തി എന്ന ബോധ്യമുണ്ടായിരുന്നു. പക്ഷേ, പകരക്കാരന്‍ ആറ് രാജമാരെ പച്ചയ്ക്കു തിന്നാന്‍ കെല്‍പ്പുള്ളവന്‍. സ്പെക്ട്രം അഴിമതികൊണ്ട് നാടിന് ഒരു പൈസ നഷ്ടം വന്നിട്ടില്ലെന്ന് കക്ഷിയുടെ കണക്ക്- ഒരു കണക്കും നോക്കാതെ! ഈ ഭീകരനെ സുപ്രീം കോടതിപോലും താക്കീത് ചെയ്തു. ഒരാള്‍മാത്രം എതിര്‍ത്തൊരക്ഷരം മിണ്ടിയില്ല, അത് പ്രധാനമന്ത്രി! മൂര്‍ഖനെ ആളുകള്‍ പിടികൂടിയപ്പോള്‍ കൂട് തുറന്ന് രാജവെമ്പാലയെ പുറത്തു വിട്ട കുറവനെ നാട്ടുകാര്‍ വകവരുത്തി എന്നാണ് കേട്ടുകേള്‍വി.

ഇന്ത്യയിലല്ലാതെ ഇങ്ങനെയൊരു അഴിമതിക്കേസ് ഉണ്ടാവുകയില്ല. ഇന്ത്യയിലല്ലാതെ ഇതിനെയെല്ലാം സ്നേഹത്തോടെ കാണുന്ന ഒരു പ്രധാനമന്ത്രി ഉണ്ടാവുകയില്ല. ഇന്ത്യയിലല്ലാതെ ഇതെല്ലാം പൊറുത്തുകഴിയുന്ന ഒരു സമൂഹത്തെയും കാണുകയില്ല. 'മേരാ ഭാരത് മഹാന്‍ ഹഹ'


*****

സുകുമാര്‍ അഴീക്കോട്

Wednesday, February 9, 2011

വലതുപക്ഷ രാഷ്ട്രീയം നേരിടുന്ന ജീര്‍ണത

ഒടുവില്‍ രാജ അകത്തായി. ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിനു മുമ്പായി സര്‍ക്കാരിനുവേണ്ടി സിബിഐ നടത്തിയ നീക്കമാണെന്നാണ് ചില വാര്‍ത്തകള്‍ പറയുന്നത്. എന്നാല്‍, രാജയുടെ അറസ്റ്റ് യഥാര്‍ഥത്തില്‍ പ്രതിപക്ഷത്തിന്റെ ആവശ്യം കൂടുതല്‍ സാധൂകരിക്കുകയാണ് ചെയ്തത്. പ്രധാനമന്ത്രിയെ രക്ഷിക്കുന്നതിനും സുപ്രീംകോടതിയുടെ കൂടുതല്‍ ഇടപെടല്‍ തടയുന്നതിനുമാണ് ഇപ്പോഴത്തെ നടപടിയെന്നും പറയുന്നു. യഥാര്‍ഥത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ വെട്ടിലാവുകയാണ് ചെയ്തിട്ടുള്ളത്. 1.76 ലക്ഷം കോടി രൂപ രാജ്യത്തിനു നഷ്ടപ്പെടുത്തിയ ഇടപാടാണെന്നാണ് സിഎജി റിപ്പോര്‍ട്ട് ചെയ്തത്. ആധികാരികമായ രേഖകളുടെ പിന്‍ബലത്തോടെയുള്ള റിപ്പോര്‍ട്ടിന്റെ കണ്ടെത്തലുകളെ പുതിയ ടെലികോം മന്ത്രി കപില്‍ സിബല്‍ പരിഹസിച്ച് തള്ളുകയാണ് ചെയ്തത്. സര്‍ക്കാരിനു ഒരു നഷ്ടവും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ആധികാരികമായി പ്രഖ്യാപിച്ചു. ഒരു ഭരണഘടനാസ്ഥാപനമായ സിഎജിയെ തള്ളിപ്പറഞ്ഞ കപില്‍ സിബലിന്റെ നടപടിയെ സുപ്രീംകോടതി രൂക്ഷമായാണ് വിമര്‍ശിച്ചത്. റിപ്പോര്‍ട്ട് പരിശോധിക്കുന്നതിന് ഭരണഘടനാപരമായിത്തന്നെ അധികാരമുള്ള പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റിയും ശക്തമായ ഭാഷയില്‍ പ്രതിഷേധിച്ചു. ഇപ്പോള്‍ രാജയെ സിബിഐ അറസ്റ്റ് ചെയ്തപ്പോള്‍ ആദ്യം പ്രതികരിക്കാന്‍ സിബലിന് ബാധ്യതയുണ്ട്. സര്‍ക്കാരിനു നഷ്ടമില്ലെങ്കില്‍ പിന്നെ എന്തിനാണ് അറസ്റ്റെന്ന് വക്കീലുകൂടിയായ സിബല്‍ തന്നെ വിശദീകരിക്കുന്നതായിരിക്കും നല്ലത്!

രാജയുടെ നടപടി നിയമപരമായി തെറ്റും അഴിമതിയുമാണെങ്കില്‍ അതിനു സമ്മതം നല്‍കിയ പ്രധാനമന്ത്രി കൂടി സ്വാഭാവികമായി പ്രതിപ്പട്ടികയില്‍ വരേണ്ടതല്ലേ? രണ്ടാം തലമുറ സ്പെക്ട്രം അനുവദിക്കുന്നത് സംബന്ധിച്ച് ശക്തമായ ചില അഭിപ്രായങ്ങള്‍ ആദ്യം പ്രധാനമന്ത്രി പ്രകടിപ്പിച്ചിരുന്നു. നടപടികള്‍ സുതാര്യമായിരിക്കണമെന്നും ലേലം നടത്തണമെന്നും 2001ലെ വിലയ്ക്ക് 2008ല്‍ വില്‍പ്പന നടത്തരുതെന്നും വ്യക്തമായി തന്നെ പ്രധാനമന്ത്രി രാജക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, പ്രണബ് മുഖര്‍ജി ഉള്‍പ്പെടെയുള്ള നേതാക്കളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് താന്‍ നടപടികള്‍ നീക്കുന്നതെന്നാണ് മറുപടിയില്‍ രാജ എഴുതിയത്. ഈ കത്ത് കിട്ടിബോധിച്ചെന്ന ഒറ്റ വാക്കില്‍ പ്രധാനമന്ത്രി പ്രതികരണം ഒതുക്കി. ഇതേ സമയത്തുതന്നെ നിയമമന്ത്രാലയവും വ്യത്യസ്തമായ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. രണ്ടാം തലമുറ സ്പെക്ട്രം നല്‍കുന്ന നടപടി മന്ത്രിതല സമിതിക്ക് നല്‍കണമെന്നും പഴയ വിലയ്ക്ക് ഇപ്പോള്‍ വില്‍ക്കരുതെന്നും ഇപ്പോള്‍ കര്‍ണാടക ഗവര്‍ണറായിരുന്ന അന്നത്തെ നിയമമന്ത്രി ഭരദ്വാജ് രാജക്ക് കത്തുനല്‍കി. അസാന്ദര്‍ഭികമെന്ന പരിഹാസത്തോടെ അത് തള്ളിക്കളഞ്ഞു. കാബിനറ്റ് ചര്‍ച്ച ചെയ്യണമെന്ന ധനമന്ത്രാലയത്തിന്റെ നിര്‍ദേശവും ആരും പരിഗണിച്ചില്ല. രണ്ടു മന്ത്രാലയങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടും എന്തുകൊണ്ട് മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്തില്ലെന്ന സ്വാഭാവികമായ ചോദ്യത്തിന് പ്രധാനമന്ത്രി ഉത്തരം പറയേണ്ടിവരും. ധനമന്ത്രാലയത്തിന്റെ എതിര്‍പ്പിന്റെമേല്‍ കൊച്ചി മെട്രോ പദ്ധതിപോലും മന്ത്രിസഭയില്‍വെച്ച് തീരുമാനം മാറ്റിക്കുന്ന പ്രധാനമന്ത്രിക്ക് എങ്ങനെയാണ് 1.76 ലക്ഷം കോടി രൂപ നഷ്ടമുണ്ടാക്കിയ കേസില്‍ നിശബ്ദനാകാന്‍ കഴിഞ്ഞത് എന്ന ചോദ്യത്തിനും ഉത്തരം പറയാന്‍ പ്രധാനമന്ത്രി ബാധ്യസ്ഥനാണ്.

കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് എന്നിങ്ങനെയുള്ള അഴിമതി പരമ്പരകളില്‍പ്പെട്ട് ഉഴലുമ്പോഴാണ് സ്വിസ് ബാങ്കിലുള്ള ഇന്ത്യന്‍ കള്ളപ്പണത്തിന്റെ കണക്ക് പുറത്തുവരുന്നത്. 64 ലക്ഷം കോടി രൂപയാണ് ഇവിടെനിന്നും കടത്തിക്കൊണ്ടുപോയി സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ളത്. ഈ വെളിപ്പെടുത്തലിന്‍മേല്‍ നടപടി എടുക്കാന്‍ തയാറാകാത്ത കോണ്‍ഗ്രസ് കള്ളപ്പണത്തിന്റെ സംരക്ഷകരായി മാറിയിരിക്കുന്നു. ഓരോ ദിവസം ചെല്ലുംതോറും രാജ്യത്ത് വലതുപക്ഷ രാഷ്ട്രീയം പ്രതിസന്ധി നേരിടുമ്പോഴാണ് കേരളത്തില്‍ ഐസ്ക്രീം വെളിപ്പെടുത്തലുകള്‍ ഉണ്ടാകുന്നത്. കുഞ്ഞാലിക്കുട്ടിയെയും യുഡിഎഫ് ഭരണകാലത്തെയും തുറന്നുകാട്ടിയത് കുഞ്ഞാലിക്കുട്ടിയുടെ സന്തതസഹചാരിയും ഭാര്യാസഹോദരി ഭര്‍ത്താവുമായ റൌഫാണ്. എന്നാല്‍, തുടക്കം കുഞ്ഞാലിക്കുട്ടിയുടേത് തന്നെയായിരുന്നു. പത്രസമ്മേളനത്തിലൂടെ തുറന്നുപറച്ചിലിനു തുടക്കമിട്ടത് കുഞ്ഞാലിക്കുട്ടിതന്നെ. താന്‍ മന്ത്രിയായിരിക്കുമ്പോള്‍ റൌഫിനുവേണ്ടി വഴിവിട്ട് പലതും ചെയ്തിട്ടുണ്ടെന്നും തന്നെ ബ്ളാക്ക്മെയില്‍ ചെയ്യുകയായിരുന്നെന്നും കുഞ്ഞാലിക്കുട്ടി തന്നെയാണ് പറഞ്ഞത്. അതിനു മറുപടി പറഞ്ഞ റൌഫ് താന്‍ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി ചെയ്ത കാര്യങ്ങള്‍ അക്കമിട്ട് നിരത്തി. പതറിയ വാര്‍ത്താസമ്മേളനമായിരുന്നു അനുഭവസമ്പന്നനായ കുഞ്ഞാലിക്കുട്ടിയുടേതെങ്കില്‍ കന്നിവാര്‍ത്താസമ്മേളനത്തിന്റെ അമ്പരപ്പൊന്നുമില്ലാതെയായിരുന്നു റൌഫിന്റെ പ്രകടനം.

ബ്ളാക്ക്മെയിലിനു വിധേയമായിരുന്നെന്ന് സമ്മതിച്ച കുഞ്ഞാലിക്കുട്ടിക്ക് എന്തിന്റെ പേരിലായിരുന്നു അതെന്ന് വ്യക്തമാക്കാന്‍ ഉത്തരവാദിത്തമുണ്ട്. എന്നാല്‍, റൌഫ് കാര്യങ്ങള്‍ വ്യക്തമാക്കിയതോടെ ജനത്തിനു കാര്യം മനസ്സിലായി. ഐസ്ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടി രക്ഷപ്പെടുന്നതിനായി നടത്തിയ നീക്കങ്ങള്‍ റൌഫ് വഴിയായിരുന്നെന്നും അതിന്റെ പേരില്‍ പലതും റൌഫ് നേടിയെടുത്തിട്ടുണ്ടെന്നും ഇപ്പോള്‍ എന്തോ കാര്യത്തില്‍ ഇടഞ്ഞതാണെന്നുമാണ് ലീഗ് അണിയറ വര്‍ത്തമാനം.

ഇവിടെ രാഷ്ട്രീയശത്രുക്കളല്ല കുഞ്ഞാലിക്കുട്ടിക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്. ഇടതുപക്ഷ ആഭിമുഖ്യമുള്ള പത്രങ്ങളോ അല്ല തെളിവുകള്‍ സംഘടിപ്പിച്ച് പുറത്തുകൊണ്ടുവരുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്നത്. അത് മുസ്ളിംലീഗിന്റെ നേതാവുകൂടിയായ എം കെ മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷന്‍ ചാനലാണ്. ചില ജഡ്ജിമാരെ സംബന്ധിച്ച പരാമര്‍ശം നടത്തിയത് കെ എം മാണിയുടെ അടുപ്പക്കാരനും യുഡിഎഫ് അധികാരത്തിലിരിക്കുമ്പോള്‍ അഡീഷണല്‍ ജനറല്‍ ഓഫ് പബ്ളിക് പ്രോസിക്യൂഷന്‍ എന്ന പ്രധാന പദവി വഹിച്ചിരുന്ന വ്യക്തിയുമാണ്. എല്ലാം വലതുപക്ഷം തന്നെ. അപ്പോള്‍ എവിടെയാണ് രാഷ്ട്രീയ ഗൂഢാലോചന വരുന്നത്.

പണ്ടേ കേട്ട കാര്യങ്ങള്‍ തന്നെയാണ് ഇതെന്നാണ് ചിലരുടെ പ്രചാരം. അതുകൊണ്ട് ഇതൊന്നും മുഖവിലയ്ക്ക് എടുക്കേണ്ടെന്നും ഇവര്‍ പറയുന്നു. യഥാര്‍ഥത്തില്‍ അന്നേ കേട്ടതെല്ലാം ശരിയെന്ന് പലരും കരുതിയിരുന്നു. പക്ഷേ, തെളിവുകള്‍ ഉണ്ടായില്ല. എന്നാല്‍, ഇന്ന് കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി ഇതെല്ലാം ചെയ്തയാള്‍ പരസ്യമായി കുറ്റമേറ്റു പറയുമ്പോള്‍ അവിശ്വാസത്തിന്റെ കാര്യമില്ല. റൌഫ് ആകെ കുഴപ്പക്കാരനാണെന്ന് പറയുമ്പോള്‍ ഈ കുഴപ്പക്കാരന്‍ എങ്ങനെയാണ് കുഞ്ഞാലിക്കുട്ടിയുടെ സന്തതസഹചാരിയായിരുന്നത് എന്ന ചോദ്യത്തിനു മറുപടി പറയേണ്ടിവരും. അല്ലെങ്കില്‍ പിന്നെ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി ഇത്തരം പണിചെയ്യാന്‍ അതിനു പറ്റുന്നവരെയല്ലേ കിട്ടുക എന്നും ജനം ചോദിക്കും.

വലതുപക്ഷ രാഷ്ട്രീയത്തിന്റെ ജീര്‍ണിച്ച മുഖമാണ് ഇതെല്ലാം കാണിക്കുന്നത്. അധികാരമുണ്ടെങ്കില്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് കോണ്‍ഗ്രസ് സംഘം. അധികാരത്തിന്റെ എല്ലാ മണ്ഡലങ്ങളെയും ഇക്കൂട്ടര്‍ അധഃപതിപ്പിച്ചുകളയുമെന്ന പാഠം തിരിച്ചറിയാന്‍ ഇത്തരം സംഭവങ്ങള്‍ സഹായിക്കുകതന്നെ ചെയ്യും.


*****


പി രാജീവ്

Monday, November 1, 2010

ഐക്യകേരളപ്പിറവി

വീണ്ടും ഒരു കേരളപ്പിറവിദിനം. തിരു-കൊച്ചി, മലബാര്‍ എന്നിങ്ങനെ ഭൂമിശാസ്‌ത്രപരമായി വേര്‍തിരിഞ്ഞുകിടന്ന പ്രവിശ്യകള്‍ ചേര്‍ത്ത് ഐക്യകേരളം സ്ഥാപിച്ചതിന്റെ അമ്പത്തിനാലാം വാര്‍ഷികദിനം. കേരളപ്പിറവിയുടെ ഘട്ടത്തില്‍, അതിനായി മുന്‍നിന്ന് പ്രവര്‍ത്തിച്ച ഇ എം എസ്, എ കെ ജി എന്നിവരടക്കമുള്ള നേതാക്കളുടെ മനസ്സില്‍ ഭാവികാല കേരളത്തെക്കുറിച്ച് ചില സ്വപ്‌നങ്ങളുണ്ടായിരുന്നു. ആ സ്വപ്‌നങ്ങള്‍ എത്രത്തോളം സഫലമാകാന്‍ ബാക്കിയുണ്ട് എന്ന ചിന്തയ്‌ക്ക് പ്രേരണ നല്‍കുന്നതാണ് കേരളപ്പിറവിദിനാഘോഷം.

കേരളം ഏറെ മാറിയിരിക്കുന്നു. ഈ മാറ്റമാവട്ടെ, കേരളപ്പിറവിക്ക് മുന്‍പേ തുടങ്ങിയതും കേരളപ്പിറവിക്കുശേഷവും തുടര്‍ന്നുപോന്നതുമായ ഒരുപാട് സമരപരമ്പരകളുടെ ഫലമാണ്; ബോധപൂര്‍വമായ സാമൂഹ്യ ഇടപെടലുകളുടെ ഫലവുമാണ്.

അധഃകൃതര്‍ എന്നു മുദ്രയടിക്കപ്പെട്ട് നീക്കിനിര്‍ത്തിയിരുന്ന സമുദായങ്ങളില്‍പ്പെട്ട സ്‌ത്രീകള്‍ക്ക് കല്ലുമാലയണിഞ്ഞേ ഈ നാട്ടില്‍ നടക്കാന്‍ കഴിയുമായിരുന്നുള്ളൂ. ആ കല്ലുമാല പൊട്ടിച്ചെറിയാന്‍ നടത്തിയ സമരങ്ങളുണ്ട്. മാറുമറയ്‌ക്കാന്‍ ആ സമുദായങ്ങളില്‍പ്പെട്ട സ്‌ത്രീകള്‍ക്ക് അവകാശമുണ്ടായിരുന്നില്ല. ആ അവകാശം സ്ഥാപിച്ചെടുക്കാന്‍ നടത്തിയ സമരങ്ങളുണ്ട്. സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം ചെയ്യാനോ, വിദ്യാഭ്യാസ യോഗ്യതയ്‌ക്കനുസരിച്ചുള്ള ഉദ്യോഗം ലഭിക്കാനോ അവസരമുണ്ടായിരുന്നില്ല. ആ അവസരങ്ങള്‍ നേടിയെടുക്കാനായി നടത്തിയ നിവേദനസമരങ്ങളുണ്ട്. ക്ഷേത്രപരിസരങ്ങളിലൂടെ വഴിനടക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. ആ സ്വാതന്ത്ര്യം നേടിയെടുക്കാനായി നടന്ന വൈക്കം സത്യഗ്രഹം, ശുചീന്ദ്രം സത്യഗ്രഹം, തിരുവാര്‍പ്പ് സത്യഗ്രഹം, പാലിയം സത്യഗ്രഹം തുടങ്ങിയവയുണ്ട്. ക്ഷേത്രത്തില്‍ കയറി ആരാധന നടത്താനുള്ള അവകാശമുണ്ടായിരുന്നില്ല. ആ അവകാശം സ്ഥാപിച്ചെടുക്കാന്‍ പി കൃഷ്‌ണപിള്ളയടക്കമുള്ളവരുടെ നേതൃത്വത്തില്‍ നടന്ന ഗുരുവായൂര്‍ സത്യഗ്രഹമുണ്ട്. അങ്ങനെയുള്ള സമരപരമ്പരകള്‍.

അയിത്തവും തീണ്ടലും തൊടീലും അടക്കമുള്ള സാമൂഹ്യ ദുഷ്‌ടുകള്‍കൊണ്ട് ജീര്‍ണമായിരുന്ന അവസ്ഥയെ നോക്കിയാണ് സ്വാമി വിവേകാനന്ദന്‍ കേരളം ഒരു ഭ്രാന്താലയമാണെന്ന് പറഞ്ഞത്. ആ ഭ്രാന്താലയത്തെ മനുഷ്യാലയമാക്കി മാറ്റാന്‍ നടന്ന സമരങ്ങളാണവ. ശ്രീനാരായണഗുരു, അയ്യങ്കാളി തുടങ്ങിയവരില്‍നിന്ന് പി കൃഷ്‌ണപിള്ള, ഇ എം എസ്, എ കെ ജി എന്നിവരിലൂടെയാണ് ആ പോരാട്ടത്തിന്റെ ദീപശിഖ കേരളത്തിന്റെ പല തലമുറകള്‍ക്ക് കൈമാറിക്കിട്ടിയത്. ആ വെളിച്ചത്തിലാണ് കേരളം ഇന്നുകാണുന്ന കേരളമായി രൂപപ്പെട്ടത്.

എന്നാലിന്ന്, മതഭ്രാന്ത് വീണ്ടും കേരളത്തെ പത്തൊമ്പതാം നൂറ്റാണ്ടിലെ അന്ധകാരത്തിലേക്ക് തിരിച്ചുകൊണ്ടുപോകുന്നുവോ എന്ന് ആശങ്കപ്പെടേണ്ട അവസ്ഥയായിരിക്കുന്നു. നവോത്ഥാനത്തിന്റെ സമസ്‌ത ദീപ്‌തികളെയും ജാതീയവും വര്‍ഗീയവുമായ അന്ധകാരത്തിന്റെ ശക്തികള്‍ അണച്ചുകളയുന്നുവോ എന്ന് ഉല്‍ക്കണ്‌ഠപ്പെടേണ്ടിയിരിക്കുന്നു. എല്ലാ ജാതി- വര്‍ഗീയ ശക്തികളും കൂടിച്ചേര്‍ന്ന് പുരോഗമന നവോത്ഥാന- മതേതരത്വ ശക്തികളെ തകര്‍ക്കാനായി വീണ്ടും സംഘടിത ശ്രമങ്ങളാരംഭിച്ചിരിക്കുന്നു. ഈ അവസ്ഥയെ മതനിരപേക്ഷമായ ജനകീയ ഒരുമകൊണ്ട് അതിജീവിച്ചാലല്ലാതെ കേരളത്തിന് ഇനി മുന്നോട്ടുപോകാനാകില്ല. ഇവിടെയാണ്, ഇ എം എസും എ കെ ജിയുമൊക്കെ കേരളമെന്ന മലയാളികളുടെ മാതൃഭൂമിയെക്കുറിച്ച് കണ്ട സ്വപ്‌നങ്ങളുടെ പ്രസക്തി.

സാമൂഹിക അനാചാരങ്ങള്‍ക്കും ജാതീയവും സമുദായികവുമായ അസമത്വങ്ങള്‍ക്കും എതിരായി ശ്രീനാരായണഗുരു അടക്കമുള്ള നവോത്ഥാനനായകര്‍ തുടങ്ങിവച്ച പോരാട്ടങ്ങള്‍ മുമ്പോട്ടു കൊണ്ടുപോയതും, ആ പോരാട്ടങ്ങളെ സാമ്പത്തികാസമത്വങ്ങള്‍ക്കെതിരായ സമരമെന്ന രാഷ്‌ട്രീയ ഉള്ളടക്കംനല്‍കി വികസിപ്പിച്ചെടുത്തതും കമ്യൂണിസ്‌റ്റുകാരാണ്. അതുകൊണ്ടുതന്നെ ആ പുരോഗമന ശ്രമങ്ങളില്‍ അസഹിഷ്‌ണുതയുള്ള എല്ലാ ശക്തികളും പഴയകാലത്തെ പുനരുജ്ജീവിപ്പിക്കാന്‍ കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തെ ഒറ്റപ്പെടുത്തേണ്ടതുണ്ടെന്ന് മനസിലാക്കുന്നു; അതിനായി യത്നിക്കുന്നു. കേരളത്തിന്റെ പുരോഗതിയിലും ജനമനസ്സുകളുടെ ഒരുമയിലും താല്‍പ്പര്യമുള്ള എല്ലാ ആളുകളും ചേര്‍ന്ന് ഈ ശ്രമങ്ങളെ ചെറുക്കുക എന്നതാണ് ഈ കേരളപ്പിറവി ആഘോഷവേളയില്‍ കേരളം ആവശ്യപ്പെടുന്നത്.

കേരളപ്പിറവിക്കുവേണ്ടി പൊരുതിയ നേതാക്കളുടെ മനസ്സിലുണ്ടായിരുന്ന മറ്റൊരു സ്വപ്‌നം നാടിന്റെ സ്വാശ്രയത്വമാണ്. അതിനെ തകര്‍ക്കുന്ന മുതലാളിത്തത്തിന്റെ പുത്തന്‍ അധിനിവേശശ്രമങ്ങളെയും അതിനുമുന്നില്‍ ചുവപ്പ് പരവതാനി വിരിക്കുന്ന രാഷ്‌ട്രീയശക്തികളെയും തിരിച്ചറിയേണ്ട സന്ദര്‍ഭംകൂടിയാണിത്. ഐക്യകേരളപ്പിറവിയുമായി ബന്ധപ്പെട്ട സങ്കല്‍പ്പങ്ങളില്‍ വേരുകളുള്ളതാണ് പുരോഗമന സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ ഇവിടെ നടന്ന അധികാര വികേന്ദ്രീകരണ- ജനകീയാസൂത്രണ ശ്രമങ്ങള്‍. സുഭദ്രമായ ഒരു ഭാവികാല കേരളത്തിന്റെ സൃഷ്‌ടിക്കായുള്ള ആത്മാര്‍ഥമായ പരിശ്രമങ്ങളായിരുന്നു അവ. അതൊക്കെ തകര്‍ക്കാനം തിരുത്താനുമുള്ള നീക്കങ്ങള്‍ക്കെതിരായ ജാഗ്രതയും കേരളപ്പിറവി ജനങ്ങളില്‍നിന്ന് ആവശ്യപ്പെടുന്നു.

ഭാഷയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന പുനര്‍നിര്‍ണയം നടന്നത്; ഒരേ ഭാഷ സംസാരിക്കുന്നവര്‍ക്ക് ഒരു സംസ്ഥാനം എന്ന നിലയ്‌ക്ക്. മലയാള ഭാഷ അതി ദീര്‍ഘകാലത്തെ ചരിത്രമുള്ളതാണെന്ന വസ്‌തുത അംഗീകരിക്കാന്‍ കൂട്ടാക്കാത്ത ഡല്‍ഹി പാദുഷമാര്‍ നമ്മുടെ ഭാഷയ്‌ക്ക് ക്ളാസിക്കല്‍ പദവി നിഷേധിക്കുന്നു. ആ പദവി മലയാളത്തിന്റെ അവകാശമാണെന്ന നിലയ്‌ക്കുള്ള ബോധം ഇന്ന് കേരളത്തില്‍ പടരുന്നുണ്ട്. അത് കൂടുതല്‍ വളര്‍ത്തി അര്‍ഹതപ്പെട്ട പദവി ഭാഷയ്‌ക്കായി നേടിയെടുക്കാനുള്ള ശ്രമമുണ്ടാവണമെന്ന് ഈ ഘട്ടം നമ്മോട് ആവശ്യപ്പെടുന്നു.

സ്വന്തം ഭാഷയിലും സംസ്‌കാരത്തിലും അഭിമാനമില്ലാത്ത ഒരു ജനതയെ ഏത് അധിനിവേശ ശക്തികള്‍ക്കും വളരെവേഗം കീഴടക്കാനാവും. ആ ബോധത്തോടെ 'മാറ്റിവയ്‌ക്കാനുള്ളതല്ല മാതൃഭാഷ' എന്ന തിരിച്ചറിവ് സമൂഹത്തില്‍ വളര്‍ത്തേണ്ടിയിരിക്കുന്നു. നമ്മുടെ പുതുതലമുറകളെ നമ്മുടെ ഭാഷയിലും സംസ്‌കാരത്തിലും ഉറപ്പിച്ചുനിര്‍ത്തേണ്ടിയിരിക്കുന്നു. വേരുകളറ്റ ഒരു സമൂഹമായി, മേല്‍വിലാസമില്ലാത്ത ഒരു ജനതയായി മാറിപ്പോവാതിരിക്കാന്‍ ഈ നിലയ്‌ക്കുള്ള മാതൃഭാഷാ പ്രസ്ഥാനത്തിന് ഊന്നല്‍ നല്‍കേണ്ടിയിരിക്കുന്നു.

ആസിയന്‍ കരാര്‍ മുതല്‍ മലേഷ്യാ വ്യാപാരക്കരാര്‍വരെയുള്ളവ, കേരളത്തിന്റെ സമ്പദ്ഘടനയുടെ നടുവൊടിക്കുന്നു. കേരളീയമായ കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഇറക്കുമതിയിലൂടെ കേരളത്തെ കൂടുതല്‍ കൂടുതല്‍ ദരിദ്രമാക്കിക്കൊണ്ടിരിക്കുന്നു. ഇത്തരം കരാറുകള്‍ക്കും അതിനുപിന്നിലുള്ള ദേശദ്രോഹ താല്‍പ്പര്യങ്ങള്‍ക്കുമെതിരെ ജനങ്ങളെ ഉണര്‍ത്തി സജ്ജരാക്കിയല്ലാതെ കേരളത്തിന് നിലനില്‍ക്കാനോ അതിജീവിക്കാനോ ആവില്ല. ഇങ്ങനെ പലവിധത്തിലുള്ള ശ്രമങ്ങളിലൂടെ, സമരങ്ങളിലൂടെ മാത്രമേ ഐക്യകേരളപ്പിറവിക്കാലത്തെ കേരളത്തിന്റെ നേതാക്കളുടെ സ്വപ്‌നങ്ങളെ സാക്ഷാല്‍ക്കരിക്കാനാവൂ. അതിനായി ഈ ഐക്യകേരളപ്പിറവിദിനത്തില്‍ മലയാളി സ്വയം പുനരര്‍പ്പണം ചെയ്യേണ്ടിയിരിക്കുന്നു.


******

പ്രഭാവര്‍മ

Sunday, October 31, 2010

Eminences of the Bench

Ponderous But Vulnerable

I

There is that vignette in Marquez’s Autumn of the Patriarch where the protagonist looks idly out of the window at the bay below and seems to see an array of ships lined there, not all the same but their make and model spanning the centuries gone by.

“Magical Realism” everybody said. Including the best and brightest of teachers in the universities of the world. All except the author himself.

Same was the pedagogic fate that befell the opening fare of A Hundred Years of Solitude—two Latino rampagers visiting an Indian village (Indian as in South America), and beguiling the natives with the mysteries of a magnet and a compass. “Magical Realism” yet again.

Till Marquez in an elaborate interview confessed to doing or meaning nothing magical but being squarely within the realms of the mimetic/realist tradition of fiction-writing. But just how?

On the first count, the composite image of ships spanning the centuries meant to suggest how in Latin American history, accreted layers of colonial oppression were ever embedded in the political semi-consciousness of the average perceiver as one historical whole—the gone-by never quite gone-by.

And on the second count, how the colonizing metropolitan West took hegemony to the hinterlands through technologies (magnet/compass) by claiming magical powers of redress for them, whereas at bottom meant to be deployed as mere instruments of domination. Nostromo, Nostromo?

Most instructive both these contexts, methinks, for those of us who seek to unravel the qualities of change and the complex of perceptions accompanying them now here in India.

II

The second first: haven’t we heard every day, every damn day you might say, for the last two decades since the Washington Consensus came to be embraced by our well-meaning nationalist avant gardes how the market, driven, deepened and rendered ever more sophisticated by infusions of gitzmos and gadgetries is guaranteed to annihilate our inherited ills of penury and perverse backwardness?

Only to find that this magical embrace has indeed remedied the penury of the mere millionaires, rendering them billionaires, and elevated some ten percent Indians to world metropolitan standards, while consigning millions more of mere indians to enhanced levels of hunger, disease, and desperation. To wit, the magnet and the compass have all pointed away from the well-being of those in whose name these were adopted, and towards those for whom they were actually meant.

Give unto Caesar what is Caesar’s. Those that have shall get. For the meek there is always heaven. As in the myriad Astha (faith) channels on television.

Now to the first: the just concluded Commonwealth Games saga has brought to light, if it ever needed to be so brought to light, the fact India continues to live and jostle among many centuries simultaneously. The slave-driver with the feudal lord with the colonial bureaucrat with the private entrepreneur with the latest whiz kid and his comprador buddies on Wall Street, the turfs now so rattled by the rough and tumble of democratic glare that none of these seems any longer self-sufficient, self-contained, or entirely safe from contention.

III

To a point where lately the Eminencies of the Bench, even on the Supreme Court of India seem open to question, and not wholly able to hold to the legacies of the past, as leveling agents of critique and resistance nibble at their grandeur of old.

On the positive side, the times press on many of them to raise an egalitarian voice in favour of mere rickshaw pullers, common vendors, children in slavery, dalits in thrall, women snuffed out in the womb, and in support of those who argue that laws of contempt are at bottom calculated to muzzle even expressions of the plain truth of things (Justice Shailendra Kumar, we salute you.)

For this our thanks and deep admiration. For we know that such transformations of the psyche, once they begin to happen even in some far corner and from some non-metropolitan Bench, may not be easily reversed. Much of this of course for the reason that increased doses of oppression in India are now also accompanied by a larger constituency for justice among vox populi. Can’t put down those NGOs, Rights activists, whistle-blowers, however you may try. The need for legitimacy requires that they exist.

But on the negative side, very negligible initiatives yet to address the bold questions that have been raised by the likes of Shanti Bhushan and Prashant Bhushan, the first an erstwhile law minister and Senior Advocate of the Supreme Court, and the latter an admirable Senior Counsel on behalf of a spectrum of inequities that plague the common citizen in city and hinterland.

It is to be noted that this father-son duo have actually submitted on affidavit to the highest court listings of what they consider to be substantive evidences of corruption engaged in by no less than eight or so past Chief Justices of that august body. And even raised questions about some determinations made by the current Chief Justice in relation to a corporate house.

An extraordinary circumstance in modern India, truly, glossed with his usual aplomb and magnificence of articulaltion by the redoubtable ex-Chief Justice, V.R.Krishna Iyer, who at ninety plus may yet be our most un-put-downable rebel. I quote him:

“Now it is left to the nation to move on this matter of paramount importance. This is an astonishing event—the rarest of the rare kind (justice Iyer’s dark humour in evidence in that phrase, since it is most associated with the law that stipulates that only the ‘rarest of the rare’ homicides qualify for capital punishment.) If India is not a coward, if its swaraj is not merely soft and formal but firm and phenomenal, an appropriately high-level investigation, with consequential follow-up action that is punitive and reformatory, is imperative. This is no time to hesitate or involve in an exchange of rhetoric. Nor is this the time for a guarded and diplomatic reaction. This is unprecedented: a succession of Chief Justices have been publicly accused by a Senior Advocate of standing, risking his career” (The Hindu, September, 21, 2010).

The all-important question is who will bell the cat?

Under the present constitutional dispensation in India, judges of the superior courts may only be impeached by parliament upon, first, at least 50 members of the Rajya Sabha making such a request to the Vice President of India. And after all due process, the removal from the bench by a 2/3rds majority of parliamentarians in both houses.

Such a thing was tried once; it did not work.

There is simply no other redress for now.

Here is the further fact: we know that whereas in that land of our “strategic partnership,” America, nominees suggested by the President have first to pass the test of severe grilling by the House and the Senate, wherein everything about the candidate, down to the colour of the undergarments is up for scrutiny, here in India of many simultaneous centuries, our Lordships happily and in close quarters appoint themselves through the secret proceedings of a Collegium which comprises just three brethren of the fraternity. And none of those proceedings open to question, or to the provisions of the Right to Information Act. A sort of Masonic conclave which thinks it is none of anybody’s business how one or the other brother—sister most rarely—is elevated.

This then remains one of those most ancient of ships in the harbour, resisting the transformative gadgetries of modern India. Like all modern gadgetries, of course, the concerns of India’s judiciary rarely bear upon the lives of the disenfranchised millions, since they have no wherewithal even to approach this august institution. But if ten percent India now makes a pitch for finding ways to clean those Augean stables, some day, some distant day, vox populi might be encouraged to mumble that the blind-folded Lady with the even-scales has come to some life, and the pronouncements that fall from her lips may be free of fear, favour, or taint.

Clearly, something has got to give. The accusers must either be proved wrong, or the wrongs they underscore be righted. And righted not just in the cases under question, but in ways that can bring the Institution of the Judiciary somewhat more into the ambit of a just and non-discriminatory democracy of which we are so proud.

These are days when the oldest of ships wrecked centuries ago are vulnerable to disturbance on behalf of inquisitive scuba divers and national agencies. And the findings reflect on the quality of lives then lived, and their times are often then evaluated and held accountable by modern day historians. Nor may the magnet and the compass these days entirely beguile whole populations.

Nothing would be more honourable and altruistic and wholly in the “national interest” than for the Eminencies on the Bench to recognize the signs of the times and to proceed as per the law and the requirements of transparency. Some may be hurt thereby, but India will surely stand to gain.

Tailpiece

This writer, at the end of a talk on India given in 1984 to a group of American citizens in the suburb of Berabou, was asked the question: “how may we know the real Indian? Since there is no end of languages, religions, castes, regions, ethnicities, colours of skin, what-have-you.”

I recall saying that any real Indian will be heard to say two things: one, “I know, I know”; and, two, “not my fault, not my fault.” This across the length and breadth of the subcontinent, and across all communities and classes.

Who else but the unimpeachable brotherhood on the Bench may rescue us from this most Brahminical of legacies?


*****

Saturday, July 24, 2010

സ്വര്‍ഗം കരഞ്ഞ നിമിഷം

ഒന്ന്

കണ്ണിനു പകരം കണ്ണെന്നത് ഒരു പഴയകാല പ്രതികാര സിദ്ധാന്തമാണ്. എങ്കില്‍ ഒരു നിന്ദയ്ക്കു പകരം ഒരു കൈപ്പത്തിയെന്നത് ഏതൊരു കാലത്തെ കുടില സിദ്ധാന്തമാണ്? 'നിന്റെ കണ്ണടിച്ച് പൊട്ടിക്കും' എന്ന പഴയ ഭീഷണിപോലും ഇന്ന് പിന്‍വലിക്കപ്പെടേണ്ടതാണ്. എന്തുകൊണ്ടെന്നാല്‍, അടിച്ചുപൊട്ടിക്കപ്പെടുന്ന ഓരോ കണ്ണും ഇന്ന് ഒരു വ്യക്തിയുടെ നഷ്ടം എന്നതിനേക്കാള്‍ മനുഷ്യരാശിയുടെയാകെ നഷ്ടമാണ്. അനുദിനം 'കാഴ്ചക്കടലായി' ഇരമ്പേണ്ട, നേത്രബാങ്കുകളെ അടിച്ചുപൊട്ടിക്കപ്പെടുന്ന ഓരോ കണ്ണും സങ്കടക്കാഴ്ചകളുടെ മഹാസമുദ്രമാക്കും. അങ്ങനെ സംഭവിക്കാതിരിക്കാന്‍, നിതാന്ത ജാഗ്രത പുലര്‍ത്തേണ്ട സമൂഹത്തിലാണ്, 'കൈപ്പത്തി കൊത്തല്‍' ക്രൂരത സംഭവിച്ചിരിക്കുന്നത്.

മുമ്പ് മനുഷ്യര്‍ വളരെ വളരെ ചെറുതായിരുന്നൊരു കാലത്താണ്, 'കണ്ണിനുപകരം കണ്ണ്' എന്നൊരു സങ്കുചിത കാഴ്ചപ്പാട് ശക്തിപ്പെട്ടത്. നീതിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ വികസിക്കാതിരുന്ന പ്രാചീനകാലത്താണ് 'കണ്ണിനു പകരം കണ്ണ്' എന്ന ക്രൂരസിദ്ധാന്തം കൊലവിളിയോടെ ജനാധിപത്യത്തിന്റെ ഹൃദയം പിളര്‍ത്തി പ്രത്യക്ഷപ്പെട്ടത്. എന്നാല്‍, ആരുടെയും കണ്ണ്, മുന്നേ സൂചിപ്പിച്ചവിധം, അടിച്ചുപൊട്ടിക്കാനുള്ളതല്ല, മറിച്ച് നേത്രബാങ്കുകള്‍ക്ക് സംഭാവന നല്‍കാനുള്ളതാണെന്ന് തിരിച്ചറിഞ്ഞുകഴിഞ്ഞൊരു പുതിയ കാലത്ത്, ആത്മനിഷ്ഠതലത്തില്‍നിന്നു മാത്രമല്ല, വസ്തുനിഷ്ഠ തലത്തില്‍നിന്നും പഴയ പ്രതികാരസിദ്ധാന്തങ്ങളെ വേരോടെ പിഴുതെറിയാന്‍ ഓരോ മനുഷ്യനും സ്വയം കരുത്താര്‍ജിക്കേണ്ടതുണ്ട്. അങ്ങനെയുള്ളൊരു കാലത്താണ്, നിന്ദയ്ക്കുപകരം മറ്റൊരു നിന്ദ എന്നതിനുപകരം ഒരു, ചോരക്കൈപ്പത്തിയെന്ന എന്‍ഡിഎഫ് സ്പോസേഡ് കോടാലി കാഴ്ചപ്പാട് മനുഷ്യത്വത്തിനുനേരെ ഇപ്പോള്‍ കണ്ണുരുട്ടുന്നത്.

ആധുനികരെന്ന് അവകാശപ്പെടുന്നവര്‍ പഴയ തെറ്റുകള്‍ ആവര്‍ത്തിക്കുക മാത്രമല്ല, അതിനുമേല്‍ പുതിയ തെറ്റുകള്‍ തുന്നിച്ചേര്‍ക്കാന്‍ മത്സരിക്കുകയുമാണ്. നിന്ദയ്ക്കുപകരം പരമാവധി മറ്റൊരു നിന്ദ എന്ന പ്രാകൃത ക്രൂരനീതിക്കുപകരം, 'പോപ്പുലര്‍ ഫ്രണ്ട്' നടപ്പാക്കിയിരിക്കുന്നത്, നിന്ദയ്ക്കുപകരം ഒരു കൈപ്പത്തിയെന്ന, ആധുനിക 'കുക്രൂര' നീതിയാണ്. ഒരു നിന്ദയ്ക്കുപകരം, അതേ മാനസികാവസ്ഥയിലേക്ക് സ്വയംതാഴാന്‍ കഴിയുന്നവര്‍ക്ക് പരമാവധി നിര്‍വഹിക്കാവുന്നത്, അതിനേക്കാളും നിന്ദ്യമായ മറ്റൊരു നിന്ദ നടപ്പാക്കുക മാത്രമാണ്! അതിനുപകരം ഇപ്പോള്‍ ഇവിടെ സംഭവിച്ചിരിക്കുന്നത്, നിന്ദയ്ക്കുപകരം ഒരു കൈപ്പത്തിയെന്ന ഒരു കോടാലി കാഴ്ചപ്പാടിന്റെ രക്തസാക്ഷാല്‍ക്കാരമാണ്.

രണ്ട്

സ്ഥലകാലങ്ങളുടെ അപാരതകളിലേക്ക് സ്വയം തുറന്നുവയ്ക്കുന്ന മനുഷ്യര്‍ക്ക് ക്രൂരനാകാനും; അപക്വമായ ക്ഷമയില്ലായ്മയ്ക്ക് അടിമപ്പെടാനും കഴിയില്ല. സ്വന്തം ശരീരത്തിന്റെ ചെറിയ ലോകത്തിനു ചുറ്റും കറങ്ങിയതുകൊണ്ടാണ്,'സമയമായില്ലെന്ന' കുമാരനാശാന്റെ 'സന്യാസിയായ' ഉപഗുപ്തന്റെ ഭാഷ, വേശ്യയായ വാസവദത്തയ്ക്ക് മനസ്സിലാകാതെ പോയത്. അതുകൊണ്ടാണ് അവള്‍ സംഭ്രമപൂര്‍വം 'സമയമായില്ലപോലും സമയമായില്ലപോലും' എന്നതില്‍ വിസ്സമ്മതം കൊണ്ടത്. ശരീരവും ആശയവും തമ്മിലുള്ള'സമയവ്യത്യാസ'ത്തില്‍ വച്ചാണ് കുമാരനാശാന്റെ 'കരുണ' സ്വയമൊരു സങ്കടക്കടലായത്. വാസവദത്ത ഒരിരുപത്തഞ്ചു വര്‍ഷംമാത്രം ആയുസ്സുള്ള ഹ്രസ്വമായ ഒരു ശരീരസമയത്തില്‍നിന്നു സംസാരിച്ചപ്പോള്‍, ആയുസ്സ് നിര്‍ണയിക്കുക പ്രയാസമായ ഒരാധ്യാത്മിക ആശയത്തിന്റെ ദീര്‍ഘമായ സമയത്തില്‍നിന്നാണ് ഉപഗുപ്തന്‍ സംസാരിച്ചത്. വ്യത്യസ്ത ആശയങ്ങളുടെ ലോകത്തുനില്‍ക്കുമ്പോഴും അഗാധവും ആത്മാര്‍ഥവുമായ ആഭിമുഖ്യം പരസ്പരം പുലര്‍ത്തിയതുകൊണ്ടാകണം, ശരീരകാമനകള്‍ അപ്രസക്തമാകുന്നൊരു ശ്മശാനത്തില്‍ വച്ച് അവര്‍ക്കൊടുവില്‍ പരസ്പരം തിരിച്ചറിയാന്‍ കഴിഞ്ഞത്. സൂക്ഷ്മാര്‍ഥത്തില്‍ വ്യത്യസ്തമായ രണ്ടു കാല സങ്കല്‍പ്പങ്ങള്‍ക്കിടയില്‍ വലിഞ്ഞുമുറുകിയതുകൊണ്ടാണ്, കുമാരനാശാന്റെ പ്രശസ്തമായ 'കരുണ'യില്‍ അഴിക്കുംതോറും കുരുങ്ങുന്ന, 'കെട്ടുകള്‍' വന്നുനിറഞ്ഞത്. 'സമയമില്ലെന്ന' സംഘര്‍ഷത്തില്‍ നിന്നാണ്,'തിരക്കും', വന്ധ്യമായ അസ്വസ്ഥതകളും ആവിര്‍ഭവിക്കുന്നത്. 'ദൈവത്തിന്റെ ഖജനാവില്‍ മാത്രമാണ് അനന്തമായ സമയമുള്ളതെന്ന 'ബഷീറിയന്‍ മുദ്ര' പതിഞ്ഞ, 'ആധ്യാത്മികദര്‍ശനം' ഇവിടെവച്ചാണ് തത്വശാസ്ത്രപരമായ ശരിതെറ്റുകള്‍ക്കപ്പുറമുള്ളൊരു സാന്ത്വനത്തിന്റെ സൌന്ദര്യശാസ്ത്രമാകുന്നത്.

പരസ്പരം ഏറെ അടുപ്പമുള്ളവര്‍ക്കുപോലും, ശരിയാംവിധം പരസ്പരം മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നത്, ഒരേ സമയത്തിനകത്തുള്ള 'വ്യത്യസ്ത സമയ'ങ്ങളെ വേണ്ടവിധം തിരിച്ചറിയാന്‍ അവര്‍ക്ക് കഴിയാത്തതുകൊണ്ടാണ്. രണ്ടു വയസ്സുള്ള ഒരു കുഞ്ഞ്, 'എനിക്കിപ്പം' ബിസ്കറ്റ് വേണമെന്നു പറയുന്നു. പണിയുടെ തിരക്കില്‍പ്പെട്ട ഒരമ്മ, 'ദാ ഇപ്പം തരാം' എന്നു പറയുമ്പോഴും കുഞ്ഞ്, ആ ഒരു രണ്ടു മിനിറ്റ് കാത്തുനില്‍ക്കാതെ കരയുന്നു. അമ്മയ്ക്ക് ദേഷ്യം വരുന്നു. സത്യത്തില്‍, കുട്ടിയേക്കാള്‍ അമ്മയ്ക്കാണ് പിഴച്ചതെന്ന് ഒരല്‍പ്പം ആലോചിച്ചാല്‍ ആര്‍ക്കും വ്യക്തമാകും. ആല്‍ഫിന്‍ ടോഫ്ളര്‍ വ്യക്തമാക്കിയപോലെ അമ്മയുടെ 'രണ്ടു മിനിറ്റ്' അമ്മ ജീവിച്ചുതീര്‍ത്ത 'മുപ്പത് കൊല്ല'ത്തിനകത്തെ രണ്ടു മിനിറ്റാണ്. കുട്ടിയുടെ രണ്ടു മിനിറ്റ്, കുട്ടി ജീവിക്കാന്‍ തുടങ്ങിയ രണ്ടു കൊല്ലത്തിനകത്തെ രണ്ടു മിനിറ്റാണ്. രണ്ടും 'രണ്ടു മിനിറ്റെന്ന' അര്‍ഥത്തില്‍ ഒരേ സമയമായിരിക്കുമ്പോഴും രണ്ടും വ്യത്യസ്ത അനുഭവങ്ങളുണ്ടാക്കുംവിധം, രണ്ടു സമയമാണ്. ഇത് സൂക്ഷ്മമായി തിരിച്ചറിയാന്‍ കഴിയാതെ വരുമ്പോഴാണ്, തലമുറകള്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ രൂപംകൊള്ളുന്നത്.

നമ്മുടെ, 'വൈയക്തികകാലവും' 'സാമൂഹ്യകാലവും' 'പ്രപഞ്ചകാലവും' തമ്മിലുള്ള അന്തരവും ഇതുപോലെതന്നെ പ്രസക്തമാണ്. ശരാശരി, ഒരെഴുപതു വയസ്സില്‍ മരിച്ചുപോകാനിടയുള്ള മനുഷ്യര്‍, ഇനി ലോകം നന്നാകുകയില്ലെന്ന്, ശാഠ്യംപിടിക്കുമ്പോള്‍, അനേകായിരം എഴുപതുകള്‍കൊണ്ട് പെരുക്കേണ്ട 'സാമൂഹ്യകാല'ത്തെ അവര്‍ കാണാതിരിക്കുകയാണ്. എന്നാല്‍, 'സാമൂഹ്യകാല'ത്തെ നിസ്സാരമാക്കുന്ന 'പ്രപഞ്ചകാലത്തിനു' മുമ്പിലെത്തുമ്പോള്‍, മനുഷ്യര്‍ക്ക് വീണ്ടും അത്യന്തം വിനയാന്വിതരാകേണ്ടിവരും. ആക്രോശങ്ങളുടെ പഴയ വാളുകള്‍ താഴെയിട്ട്, അവര്‍ അന്വേഷണങ്ങളുടെ 'പഴയ' റാന്തല്‍വിളക്കുകള്‍, കൈയിലെടുക്കേണ്ടിവരും. ഞാന്‍ വായിച്ചതില്‍, ഈയൊരാശയം, ഏറ്റവും മനോഹരമായി എഴുതിയിരിക്കുന്നത്, 'കോസ്മോസ്' എന്ന വിഖ്യാത ഗ്രന്ഥം എഴുതിയ കാല്‍സാഗനാണ്. 'Every one of us is precious in the cosmic perspective. If a human disagrees with you, let him live. In a hundred billion galaxies, you will not find another.' കോടാനുകോടി ക്ഷീരപഥങ്ങളില്‍ മനുഷ്യനെപ്പോലുള്ള ജീവിയെ നിങ്ങളൊരിക്കലും കണ്ടുമുട്ടുകയില്ല. അതുകൊണ്ട് ഒരു മനുഷ്യന്‍ നിങ്ങളോട് വിയോജിക്കുന്നെങ്കില്‍ അവരും ജീവിക്കട്ടെ. ഒരു പ്രപഞ്ച പരിപ്രേക്ഷ്യത്തില്‍ നമ്മളോരോരുത്തരും അമൂല്യരാണ്.

എന്നാല്‍, ഭൌതികവാദിയായ കാല്‍സാഗന് സങ്കല്‍പ്പിക്കാന്‍ നിര്‍വാഹമില്ലാത്ത 'പരലോകം' എന്ന അപരപ്രപഞ്ചത്തെക്കൂടി സങ്കല്‍പ്പിക്കുന്ന 'ആധ്യാത്മിക ചിന്തകള്‍ക്ക്' ഇതിനൊക്കെയുമപ്പുറം 'വിനയാന്വിതരാകാന്‍' തത്വശാസ്ത്രപരമായി ബാധ്യതയുണ്ട്. പക്ഷേ, ഇന്നവരില്‍ ചിലര്‍ ചെയ്യുന്ന 'ക്രൂരതകള്‍'; അവര്‍ പ്രതിനിധാനംചെയ്യുന്ന മതത്തെ തത്വശാസ്ത്രപരമായി പാപ്പരാക്കുകയും പ്രായോഗികമായി അതിനെ ഭീതിയുടെ ചുരുക്കെഴുത്താക്കി നിറംകെടുത്തുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഖുര്‍ ആന്‍ ഒരു ദൈവികസൃഷ്ടിയല്ലെന്നും വെറുമൊരു സാഹിത്യസൃഷ്ടി മാത്രമാണെന്നും പ്രവാചകന്റെ കാലത്ത് വാദിച്ചവരുണ്ടായിരുന്നു. മുസ്ളിങ്ങളുടെ വിശുദ്ധ വേദഗ്രന്ഥത്തെ അവഹേളിച്ചവര്‍ എന്നാര്‍ത്തുവിളിച്ച് അവരെ ആക്രമിക്കുകയല്ല മറിച്ച്, 'അങ്ങനെയെങ്കില്‍ ഇതുപോലൊന്ന് മുഴുവനായോ അല്ലെങ്കില്‍ ഒരു വരിയെങ്കിലുമോ എഴുതിക്കാണിക്ക്' എന്ന് സര്‍ഗാത്മകമായി വെല്ലുവിളിക്കുകയാണ്, 'ഖുര്‍ ആന്‍' ചെയ്തത്!

ഇസ്ളാമിക ചരിത്രത്തിലെ ശ്രദ്ധേയമായ 'ഹുദൈബിയാസന്ധി' എഴുതുമ്പോള്‍, 'അല്ലാഹുവിന്റെ ദൂതനായ മുഹമ്മദും അംറിന്റെ മകനായ സുഹൈല്‍ ചെയ്ത കരാര്‍' എന്ന വാക്യം, ശത്രുപക്ഷത്തുള്ള സുഹൈല്‍ ആവശ്യപ്പെട്ടതുപോലെ, 'അബ്ദുല്ലയുടെ മകന്‍ മുഹമ്മദ്' എന്നു തിരുത്തിയെഴുതാന്‍; പ്രവാചകന്‍ തന്നെ നിര്‍ദേശിക്കുകയായിരുന്നു. രോഷാകുലരായ 'സഹാബികളോട്' അദ്ദേഹം പറഞ്ഞത് 'നിശ്ചയമായും അല്ലാഹു ക്ഷമാശീലരുടെ കൂടെയാണ്' എന്നായിരുന്നു. ജീവിച്ച കാലത്തെ അതുല്യ മാതൃകയായിരുന്നിട്ടും അറഫാത്ത് എന്ന കുന്നിന്‍മുകളില്‍വച്ച് നിര്‍വഹിച്ച വികാരനിര്‍ഭരവും ചിന്തോദ്ദീപകവുമായ അന്ത്യപ്രഭാഷണം പ്രവാചകന്‍ അവസാനിപ്പിച്ചത്, "അല്ലാഹു എന്നോടു ക്ഷമിക്കണമേ, എന്നോട് ദയ ഉണ്ടാകണമേ'' എന്ന ഉള്ളുരുകിയ, സര്‍വരുടെയും ഉള്ളുരുക്കുന്ന, ഹൃദയസമര്‍പ്പണത്തോടെയായിരുന്നു. ഒരുപക്ഷേ വലിയ ജീവിതം നിര്‍വഹിച്ച അതിലും വലിയ സമര്‍പ്പണമെന്നോ, അതല്ലെങ്കില്‍ സര്‍വപ്രാര്‍ഥനകളെയും പിന്നിലാക്കുന്ന മഹാപ്രാര്‍ഥനയെന്നോ പറയാവുന്ന ഒരപൂര്‍വ അന്ത്യസമര്‍പ്പണമായിരുന്നു അത്.

കുട്ടിയായിരിക്കുമ്പോള്‍ തന്നെ മുഹമ്മദില്‍ മഹത്വത്തിന്റെ ലക്ഷണങ്ങള്‍, ആദ്യം തിരിച്ചറിഞ്ഞത് സുഹൈറ എന്നൊരു ക്രിസ്ത്യന്‍ സന്ന്യാസിയായിരുന്നു. ജിബ്രീല്‍ എന്ന മാലാഖ, ഹിറാഗുഹയില്‍ വച്ച് മാറോട് ചേര്‍ത്തുപിടിച്ച് 'വായിക്കാന്‍' പറഞ്ഞ, ആദ്യത്തെ വിസ്മയകരവും അവിശ്വസനീയവുമായ അധ്യാത്മിക അനുഭവം, പ്രവാചകന്‍ ആദ്യം പങ്കുവച്ചത്, ഖദീജയോടായിരുന്നു. എന്തെന്നറിയാത്ത ആ അനുഭവത്തിന്, അവര്‍ വിശദീകരണം ചോദിച്ചത് ക്രിസ്ത്യന്‍ വിശുദ്ധാത്മാവായ വര്‍ഖത്ത് ഇബ്നു നൌഫലിനോടായിരുന്നു. മുഹമ്മദ് ഒരു ജനതയുടെ പ്രവാചകനായി തീരാനിടയുണ്ടെന്നാണ് അദ്ദേഹം അന്നതിനു മറുപടി നല്‍കിയത്!

വ്യത്യസ്ത മതസ്ഥരോടും മതരഹിതരോടും 'സംവാദാത്മക സൌഹൃദം' പങ്കുവയ്ക്കാനുള്ള ആഹ്വാനമാണ് ഇസ്ളാം മതത്തിന്റെ അന്തസ്സത്ത. ആ മഹാ തത്വത്തെയാണ് എന്‍ഡിഎഫ് ഇന്ന് അവഹേളിക്കുന്നത്. 'നീ ഉപദേശിക്കുക; നിശ്ചയമായും നീ ഒരു ഉദ്ബോധകന്‍ മാത്രമാണ്. നീ അവരുടെമേല്‍ അധികാരം നടത്തുന്നവനല്ല' എന്നാണ് ഖുര്‍ ആന്‍ പ്രഖ്യാപിക്കുന്നത്. പ്രസിദ്ധ ഇസ്ളാമിക ചിന്തകനായ മൌലാനാ അബ്ദുള്‍ കലാം ആസാദ് വിശദമാക്കിയതുപോലെ, 'ഖുര്‍ ആന്റെ പ്രബോധനങ്ങളെ അടിമുടി എതിര്‍ത്തവര്‍ക്കുവേണ്ടി പോലും ഒരു വാചകം അതില്‍ തന്നെയുണ്ട്'. മുന്നൂറിലേറെ തവണ ഖുര്‍ ആനില്‍ ആവര്‍ത്തിക്കപ്പെട്ട ഒരൊറ്റ പദമേയുള്ളൂ. അത് 'കാരുണ്യം' എന്നര്‍ഥത്തിലുള്ള 'റഹ്മത്ത്' ആണ്. നിങ്ങള്‍ ആ കൈപ്പത്തി കൊത്തിയപ്പോള്‍ ഭൂമി മാത്രമല്ല, സ്വര്‍ഗവും കണ്ണീര്‍ പൊഴിച്ചിരിക്കും.

*
കെ ഇ എന്‍ കടപ്പാട്: ദേശാഭിമാനി

Friday, July 9, 2010

അഭിമാനഹത്യയോ, പ്രാകൃത കൊലപാതകമോ

കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ 30 വരെയുള്ള എണ്‍പതു ദിവസത്തിനുള്ളില്‍ രാജ്യത്ത് ഇരുപതു അഭിമാനഹത്യകള്‍ നടന്നെന്നാണ് കണക്ക്. ഓരോ നാലു ദിവസത്തിലും ഒരാളെങ്കിലും ഈ പേരില്‍ കൊല്ലപ്പെടുന്നു. ഹരിയാണ, ബിഹാര്‍, പഞ്ചാബ്, യുപി എന്നിങ്ങനെ നീളുന്ന അഭിമാനഹത്യ അരങ്ങേറുന്ന സംസ്ഥാനങ്ങളുടെ പട്ടിക. സഹോരന്‍മാര്‍ ഒത്തുചേര്‍ന്ന് സഹോദരിമാരെ വെടിവെച്ചു കൊല്ലുന്നു...മുത്തശ്ശി പേരക്കുട്ടിയെ വെട്ടിക്കൊല്ലുന്നു...അച്ഛനും അമ്മയും ചേര്‍ന്ന് മകളെ കൊല്ലാന്‍ ക്വട്ടേഷന്‍ സംഘത്തെ ഏല്‍പ്പിക്കുന്നു...ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസങ്ങളിലെ പത്രങ്ങളിലെ വാര്‍ത്തകളുടെ തലക്കെട്ടുകള്‍ ഇങ്ങനെയൊക്കെയാണ്. ഇക്കാര്യത്തില്‍ നഗര ഗ്രാമ വ്യത്യാസമില്ല. വിദ്യാഭാസത്തിന്റെ വേര്‍തിരിവുകളില്ല. അന്തര്‍ദേശീയ സംസ്‌ക്കാരത്തിന്റെ വിളനിലമെന്നൊക്കെ വിശേഷിപ്പിക്കുന്ന ഡല്‍ഹിയില്‍നിന്നും ഞെട്ടിപ്പിക്കുന്ന കൊലപാതക വാര്‍ത്തകള്‍ വരുന്നു. കൊലപാതകികള്‍ക്ക് പ്രാകൃത ജാതി കോമരങ്ങളുടെ രൂപമല്ല. അവര്‍ ധരിക്കുന്നത് ജീന്‍സും ടീ ഷര്‍ട്ടുമാണ്. അവര്‍ സംസാരിക്കുന്നത് അമേരിക്കന്‍ ഉച്ചാരണ രീതിയിലും. എവിടേക്കാണ് ഇന്ത്യ പോകുന്നത് ?

പത്രപ്രവര്‍ത്തക നിരുപമ പാഠകിന്റെ കൊലപാതകം മാധ്യമങ്ങളില്‍ പ്രമുഖ വാര്‍ത്തയായിരുന്നു. അവരെ പ്രണയിച്ച ചെറുപ്പക്കാരെനയായിരുന്നു ആദ്യ ഘട്ടത്തില്‍ സംശയിച്ചത്. അന്യജാതിയില്‍പ്പെട്ടവനെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ നിരുപമയെ പഴിക്കാനും ചിലര്‍ തയ്യാറായി. പ്രതികളെ പിടികൂടുന്നതിനായി ശക്തമായ സമ്മര്‍ദം മാധ്യമങ്ങളുടെ ഭാഗത്തുനിന്നുമുണ്ടായി. ഒടുവില്‍ പോലീസ് അറസ്‌റ്റ് ചെയ്‌തത് മാതാപിതാക്കളെയാണ്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ മാറിമാറി മൊഴിനല്‍കിയ അമ്മക്ക് ഒടുവില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍, കളി വെളിച്ചത്തായപ്പോഴും അവര്‍ക്ക് കുറ്റബോധം ഒട്ടും തന്നെയുണ്ടായിരുന്നില്ല. അവര്‍ മകളെ കൊന്നതില്‍ അഭിമാനിക്കുന്നു. കഴിഞ്ഞ ദിവസം നോയിഡയില്‍ സഹോദരന്‍മാരും സുഹൃത്തും ചേര്‍ന്ന് രണ്ടു സഹോദരിമാരെ കൊലപ്പെടുത്തി. ആദ്യത്തെയാളെയും കൂട്ടി അന്യജാതിക്കാരനെ വിവാഹം കഴിച്ച മറ്റൊരു സഹോദരിയെ കാണാനായാണ് പോയത്. പോകുന്ന വഴിയില്‍ കാറില്‍വെച്ച് ആദ്യത്തെയാളെ വെടിവെച്ച് കൊന്നു. അവര്‍ക്കും ഒരു പ്രണയമുണ്ടായിരുന്നുവത്രേ. പിന്നീട് സഹോദരിയെ വിവാഹം കഴിച്ചയാളെ ഫോണില്‍ വിളിച്ചു. സഹോദരന്‍മാരില്‍ ഒരാള്‍ക്ക് ഇദ്ദേഹവുമായി നല്ല ബന്ധമുണ്ടായിരുന്നു. വീട്ടിലേക്ക് വരാന്‍ വഴിയറിയില്ലെന്നും വന്നു കൂട്ടുകൊണ്ടുപോകണമെന്നും പറഞ്ഞപ്പോള്‍ സംശയം ഒട്ടുമില്ലാതെ അയാള്‍ അവരുടെ അടുത്തേക്ക് ചെന്നു. ഇയാളെ കൊല്ലപ്പെടുത്തിയതിനുശേഷം ഫ്ളാറ്റിലേക്ക് പോയി സഹോദരിയെയും കൊന്നു. പിന്നീട് നാടുവിട്ടു. ദിവസങ്ങള്‍ക്ക് ശേഷം പോലീസ് മൂന്നു പ്രതികളെയും പിടികൂടി.

ടെലിവിഷനില്‍ കണ്ട ദൃശ്യങ്ങളില്‍ ഇവരുടെ മുഖഭാവങ്ങളില്‍ ഒന്നും കുറ്റബോധത്തിന്റെ ചെറുകണികപോലും കാണാന്‍ കഴിഞ്ഞില്ല. അച്‌ഛനും അമ്മാവന്‍മാരും മറ്റു ബന്ധുക്കളും ഒറ്റസ്വരത്തില്‍ കൊലപാതകികളെ പിന്തുണക്കുകയാണ് ചെയ്യുന്നത്. കൊല്ലപ്പെട്ട പെണ്‍മക്കളെ ഓര്‍ത്ത് ഇവരാരും ഒരു തുള്ളി കണ്ണുനീര്‍പോലും പൊഴിക്കുന്നില്ല. പുതിയ കാലം പാകപ്പെടുത്തിയ മനസ്സാണ് ഇതില്‍ പ്രതിഫലിക്കുന്നത്. ജാതിയുടെയും കുലത്തിന്റെയും കുടുംബത്തിന്റെയും അഭിമാനമാണ് എല്ലാറ്റിനേക്കാളും വലുതെന്നാണ് ഇവരുടെ മനോഭാവം. അങ്ങനെയാണ് ഈ കൊലപാതകങ്ങള്‍ക്ക് അഭിമാനഹത്യയെന്ന പേരു വരുന്നത്. പല രാജ്യങ്ങളിലും ഈ പദം ഇപ്പോള്‍ പ്രയോഗിക്കുന്നുണ്ട്. വംശത്തിന്റെയും മതത്തിന്റെയും അഭിമാനം സംരക്ഷിക്കാന്‍ നടത്തുന്ന കൊലപാതകങ്ങളാണ് ഈ പട്ടികയില്‍ വരുന്നത്. യഥാര്‍ഥത്തില്‍ ഏതു അഭിമാനമാണ് ഇവര്‍ സംരക്ഷിക്കുന്നത്. പ്രാകൃത കാലത്തിന്റെ തടവറയില്‍ കഴിഞ്ഞു കൂടുന്നെന്ന് പ്രവൃത്തിയിലൂടെ തെളിയിക്കുന്നതില്‍ എന്ത് അഭിമാനമാണുള്ളത് ? ഈ വാക്ക് പ്രയോഗിക്കുന്നത് തെറ്റായ അര്‍ഥമായിരിക്കും ഉല്‍പ്പാദിപ്പിക്കുന്നത്. ഇത് ക്രൂരമായ കൊലപാതകമാണ്. പ്രാകൃതമായ പ്രവര്‍ത്തിയാണ്. പലപ്പോഴും പ്രണയത്തിനെതിരായ അപ്രഖ്യാപിത യുദ്ധമാണ്. അതിന് അഭിമാനമെന്ന പേര്‍ കൂടി ചാര്‍ത്തികൊടുക്കുന്നത് സമ്മത നിര്‍മാണത്തെയാണ് സഹായിക്കുന്നത്. പ്രാകൃത കൊലപാതകത്തിന് അതിനു ചേരുന്ന വാക്കാണ് പ്രയോഗിക്കേണ്ടത്.

ഇതിനെ നേരിടാന്‍ പ്രത്യേകമായ നിയമം വേണമെന്ന് നിയമമന്ത്രി തന്നെ പറയുകയുണ്ടായി. ചിലയിടങ്ങളില്‍ വധശിക്ഷ വിധിക്കുന്നത് ജാതി പഞ്ചായത്തുകളാണ്. ഇവരുടെ വിധിക്ക് ഔദ്യോഗികമായ മാനമുണ്ടെന്ന് ശഠിക്കുന്നവരില്‍ കോണ്‍ഗ്രസിന്റെ യുവ പാര്‍ലമെന്റ് അംഗങ്ങളുമുണ്ട്. മിക്ക രാഷ്‌ട്രീയ പാര്‍ടികളും ഇതിനെതിരെ പരസ്യനിലപാട് സ്വീകരിക്കാന്‍ മടിക്കുന്നു. വോട്ട് ബാങ്കുകളാണ് അവരുടെ ലക്ഷ്യം.ഒരേ ഗോത്രത്തില്‍നിന്നും ഒരേ ഗ്രാമത്തില്‍നിന്നും വിവാഹം കഴിക്കുന്നതിനെ എതിര്‍ക്കുന്നവരുമുണ്ട്. തങ്ങളുടെ ഗോത്രത്തിന്റെ അഭിമാനം സംരക്ഷിക്കുന്നതിനു സഹായിക്കുന്ന രീതിയില്‍ ഹിന്ദു വിവാഹ നിയമം ഭേദഗതി ചെയ്യണെമന്നും ഇക്കൂട്ടര്‍ ആവശ്യപ്പെടുന്നു. ഈ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഡല്‍ഹിക്ക് കുടിവെള്ളം തരില്ലെന്ന് പ്രഖ്യാപിച്ച ഹരിയാനയിലെ ജാതി പഞ്ചായത്തുകളുമുണ്ട്.

പുതിയ നൂറ്റാണ്ടിലേക്ക് കുതിക്കുന്ന ഇന്ത്യയെ കുറിച്ചാണ് പ്രധാനമന്ത്രിയും ഭരണക്കാരും പറയുന്നത്. അപ്പോഴാണ് പ്രാകൃതയുഗത്തിന്റെ തനിയാവര്‍ത്തനങ്ങള്‍ക്ക് നാട് സാക്ഷ്യം വഹിക്കുന്നത്. ആഗോളവല്‍ക്കരണ കാലത്ത് എന്തുകൊണ്ട് ഇത്തരം പ്രാകൃതഹത്യകള്‍ ലോകത്തെമ്പാടും കൂടുന്നെന്ന അന്വേഷണം പലരും നടത്തുന്നുണ്ട്. ജാതി, മതം, വംശം എന്നിങ്ങനെയുള്ള ചിന്തകള്‍ ശക്തിപ്പെടുന്ന കാലം കൂടിയാണിത്. അസമത്വത്തിന്റെ അതിദ്രുതവ്യാപനത്തിന്റെ കാലം ഇത്തരം ചിന്തകള്‍ ശക്തിപ്പെടുന്നതിനുള്ള പരിസരം ഒരുക്കുന്നുണ്ട്. ആഗോളമൂലധനശക്തികള്‍ ഈ ചിന്തകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇവ തമ്മിലുള്ള പരസ്‌പര ബന്ധം തിരിച്ചറിഞ്ഞുള്ള ഇടപ്പെടലുകള്‍ ആവശ്യമാകുന്ന കാലമാണിത്. നമ്മുടെ വിദ്യാഭ്യാസ രീതിയെ കുറിച്ചും മറ്റും ഗൌരവമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതിനു ഈ സംഭവങ്ങള്‍ പ്രേരിപ്പിക്കുന്നുണ്ട്.

*****

പി രാജീവ്, കടപ്പാട് : ദേശാ‍ഭിമാനി വാരിക