Showing posts with label വൈദ്യുതി. Show all posts
Showing posts with label വൈദ്യുതി. Show all posts

Monday, November 4, 2013

വൈദ്യുതിബോര്‍ഡ് വിഭജിച്ച് തകര്‍ക്കരുത്

വൈദ്യുതിബോര്‍ഡിനെ മൂന്ന് കമ്പനികളാക്കി വിഭജിക്കാനുള്ള മന്ത്രിസഭാതീരുമാനം സ്ഥാപനത്തിന്റെ പൊതുമേഖലാ സ്വഭാവത്തെ തകര്‍ക്കുന്നതും സംസ്ഥാനത്തിന്റെ വൈദ്യുതിമേഖലയ്ക്ക് ഹാനികരവുമാണ്. ഡല്‍ഹിയില്‍ ചേര്‍ന്ന വൈദ്യുതിമന്ത്രിമാരുടെ സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ കടുത്ത സമ്മര്‍ദത്തെതുടര്‍ന്നാണ് വൈദ്യുതിബോര്‍ഡിനെ വിഭജിക്കാമെന്ന് കേരളവും സമ്മതിച്ചത്. കേന്ദ്ര യുപിഎ സര്‍ക്കാരിന്റെ നവ ഉദാരവല്‍ക്കരണ നയങ്ങളുടെ ഭാഗമാണ് ഈ നീക്കം. ഇലക്ട്രിസിറ്റി ആക്ട് 2003ന്റെ പരിധിക്കുള്ളില്‍ തന്നെ ഒറ്റസ്ഥാപനമായി വൈദ്യുതിബോര്‍ഡിനെ പൊതുമേഖലയില്‍ സംരക്ഷിക്കാന്‍ കഴിയുമെന്ന് തെളിയിക്കുന്ന ബദല്‍നയമാണ് എല്‍ഡിഎഫ് ഭരണകാലത്ത് കേരളം മുന്നോട്ടുവച്ചത്. ആ നയത്തില്‍നിന്നുള്ള പിന്മാറ്റമാണ് പുതിയ മന്ത്രിസഭാ തീരുമാനം. രണ്ട് കമ്പനികളെങ്കിലും ആക്കാതെ ബോര്‍ഡിന് നിലനില്‍ക്കാന്‍ കഴിയില്ലെന്നാണ് മുന്‍ യുഡിഎഫ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ബോര്‍ഡ് വിഭജനത്തിനായി പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് എന്ന കമ്പനിയെ കണ്‍സള്‍ട്ടന്റായി നിയമിക്കാന്‍ അന്ന് തീരുമാനിക്കുകയുംചെയ്തു. ജീവനക്കാരുടെയും ബഹുജനങ്ങളുടെയും കടുത്ത എതിര്‍പ്പുയര്‍ന്നതിനാലാണ് അന്ന് ആ നടപടി നിര്‍ത്തിവച്ചത്.

വൈദ്യുതിമേഖലയെ സ്വകാര്യവല്‍ക്കരിക്കാനുള്ള ആസൂത്രിത നടപടിയാണ് ബോര്‍ഡ് വിഭജനം. ഉല്‍പ്പാദന പ്രസരണ വിതരണമേഖലകള്‍ വ്യത്യസ്ത കമ്പനികളാക്കുന്നത് വൈദ്യുതിനിരക്കില്‍ കടുത്ത വര്‍ധനയ്ക്ക് കാരണമാകും. ഈ മേഖലകളിലെ യോജിച്ച ആസൂത്രണം തകിടംമറിയാനും കാരണമാകാം. വൈദ്യുതിബോര്‍ഡ് വിഭജിച്ച് കമ്പനികളാക്കാനുള്ള നിര്‍ബന്ധത്തിന് വഴങ്ങിയ ഇന്ത്യയിലെ വൈദ്യുതിവിതരണ യൂട്ടിലിറ്റികളാകെ കടുത്ത നഷ്ടത്തിലും കടക്കെണിയിലുമാണ്. വന്‍ താരിഫ് വര്‍ധനയാണ് അവിടങ്ങളിലൊക്കെ ഉണ്ടായത്. ആ അനുഭവങ്ങളില്‍നിന്ന് പാഠംപഠിക്കാതെയാണ് ബോര്‍ഡ് വിഭജനത്തിനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തത്.

ഉപയോക്താക്കള്‍ക്ക് ഇന്ന് കിട്ടുന്ന പരിമിതമായ ആനുകൂല്യങ്ങള്‍പോലും അടഞ്ഞ അധ്യായമാകും. വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്തനം താറുമാറാക്കി സ്വകാര്യവല്‍ക്കരണം ആവശ്യമാണ് എന്ന് ജനങ്ങളെക്കൊണ്ട് പറയിപ്പിക്കാനുള്ള ശ്രമം യുഡിഎഫ് സര്‍ക്കാര്‍ നേരത്തെ തുടങ്ങിയതാണ്. എല്‍ഡിഎഫ് ഭരണകാലത്തെ മുന്‍കൈകളും മുന്‍ഗണനകളും അട്ടിമറിച്ചു. സമ്പൂര്‍ണ വൈദ്യുതീകരണലക്ഷ്യത്തില്‍നിന്ന് പിന്മാറി. സൗജന്യകണക്ഷനുകള്‍ നിര്‍ത്തലാക്കി. എല്‍ഡിഎഫ് ഭരണകാലത്ത് 85 മണ്ഡലങ്ങളില്‍ സമ്പൂര്‍ണ വൈദ്യുതീകരണം നടന്നുവെങ്കില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് ഒരിടത്തുമാത്രമാണ് ലക്ഷ്യം കൈവരിച്ചത്. വൈദ്യുതി ഉല്‍പ്പാദനരംഗത്തും സ്ഥിതി ഇതുതന്നെ. പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍, തോട്ടിയാര്‍, ചാത്തങ്കോട്ടുനട, വിലങ്ങാട് എന്നിങ്ങനെ ഒട്ടുമിക്ക വൈദ്യുതി ഉല്‍പ്പാദന പദ്ധതികളുടെയും പണി നീങ്ങുന്നില്ല. പുതിയ പദ്ധതികള്‍ കണ്ടെത്താന്‍ ശ്രമങ്ങളില്ല. ബൈതരണി കല്‍ക്കരിപ്പാടം പദ്ധതി ഖനന നടപടികളില്‍ പുരോഗതിയില്ല എന്നപേരില്‍ കേന്ദ്രസര്‍ക്കാര്‍ തിരിച്ചെടുത്തു. സംസ്ഥാനം അനങ്ങുന്നില്ല. ചീമേനി താപനിലയം എമര്‍ജിങ് കേരളയില്‍ വില്‍പ്പനയ്ക്കുവച്ച് 1621 ഏക്കര്‍ സ്ഥലം വിറ്റുകാശാക്കാന്‍ നോക്കിയതാണ്, ഈ രംഗത്തെ യുഡിഎഫ് സര്‍ക്കാരിന്റെ ഏക "ഇടപെടല്‍". മുന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ വൈദ്യുതിവാങ്ങല്‍ കരാറുകള്‍ റദ്ദാക്കി. ഊര്‍ജ മാനേജ്മെന്റ് പിഴച്ചു. ഇതുമൂലമാണ് കടുത്ത വൈദ്യുതി നിയന്ത്രണങ്ങളിലേക്ക് കേരളം വീണത്.

നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും കമ്പോളത്തിലേക്കാള്‍ ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയിട്ടും ജലസംഭരണികള്‍ നിറഞ്ഞുകവിഞ്ഞിട്ടും പ്രതിസന്ധി മാറുന്നില്ല. പ്രസരണരംഗത്ത്, വര്‍ഷം ശരാശരി 20 സബ്സ്റ്റേഷനുകള്‍ പൂര്‍ത്തിയാക്കിയതായിരുന്നു എല്‍ഡിഎഫ് ഭരണകാലം. കഴിഞ്ഞ രണ്ടരവര്‍ഷത്തില്‍ ഇരുപതു സബ്സ്റ്റേഷനുകള്‍പോലും പൂര്‍ത്തിയായിട്ടില്ല. കൂടംകുളത്തുനിന്ന് വൈദ്യുതി കൊണ്ടുവരുന്നതിന് നിര്‍മാണം തുടങ്ങിയ തിരുനെല്‍വേലി- കൊച്ചി 400 കെവി ലൈന്‍, 400 കെവി പവര്‍ ഹൈവേ എന്നതൊന്നും ഇപ്പോള്‍ കേള്‍ക്കുന്നില്ല. ഇത്തരത്തില്‍, സര്‍ക്കാരിന്റെ നയവൈകല്യവും കെടുകാര്യസ്ഥതയുംമൂലം വൈദ്യുതിമേഖല തകര്‍ന്നുനില്‍ക്കുമ്പോഴാണ് കമ്പനിവല്‍ക്കരണം എന്ന വിപത്തുകൂടി എടുത്ത് തലയില്‍വയ്ക്കുന്നത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ രംഗത്ത് കൃത്യമായ നയം മുന്നോട്ടുവച്ചാണ് പ്രവര്‍ത്തിച്ചത്. നാടിനും ജനങ്ങള്‍ക്കും പൊതുമേഖലയ്ക്കും അനുഗുണമായ ആ നയമാണ്, കേന്ദ്രത്തിന്റെ സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ സഹായകമായത്. യുഡിഎഫിന് നയമുണ്ട്- അതുപക്ഷേ ജനവിരുദ്ധമാണ്. അതുകൊണ്ടുതന്നെ കെഎസ്ഇബിയെ കമ്പനികളാക്കി, വൈദ്യുതിരംഗത്തെ സ്വകാര്യലാഭത്തിന്റെയും വിപണിയിലെ കളികളുടെയും തല്‍ഫലമായ ചാര്‍ജ് വര്‍ധനയുടെയും അരാജകത്വത്തിലേക്ക് ആനയിക്കുന്ന തീരുമാനത്തില്‍ അത്ഭുതമില്ല. വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് ഇത് നേരത്തെ പലവട്ടം സൂചിപ്പിച്ചതുമാണ്. ഈ നയത്തിനെതിരായ പോരാട്ടം ശക്തമാക്കാനും കമ്പനിവല്‍ക്കരണ തീരുമാനത്തില്‍നിന്ന് സര്‍ക്കാരിനെ പിന്തിരിപ്പിക്കാനുമുള്ള ശക്തമായ സമ്മര്‍ദം ജീവനക്കാരില്‍നിന്നും ബഹുജനങ്ങളില്‍നിന്നും ഉയരണം.

*
ദേശാഭിമാനി മുഖപ്രസംഗം

Thursday, October 3, 2013

രാജ്യം ഇരുട്ടിലാകാതിരിക്കാന്‍

ഉല്‍പ്പാദന നിലയങ്ങളില്‍നിന്ന് വിതരണ സ്ഥലങ്ങളിലേക്ക്, ഒരു പ്രദേശത്തുനിന്ന് മറ്റൊരു പ്രദേശത്തേക്ക്, ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് വൈദ്യുതി കൊണ്ടുപോകുന്നതിനുള്ള പ്രസരണലൈനുകളുടെ ശൃംഖലയാണ് പവര്‍ഗ്രിഡ്. ഈ ശൃംഖലയിലൂടെയുള്ള വൈദ്യുതിയുടെ ഒഴുക്കിനെ നിയന്ത്രിക്കുന്ന ഘടകങ്ങള്‍ സാങ്കേതികമായി വോള്‍ട്ടേജ്, ആവൃത്തി, പവര്‍ ആംഗിള്‍ എന്നിവയാണ്. പവര്‍ഗ്രിഡിന് തകര്‍ച്ചയുണ്ടായാല്‍ വൈദ്യുതിയുടെ ഒഴുക്ക് തടസ്സപ്പെട്ട് ഇരുട്ടിലാകും. ഉല്‍പ്പാദനവും താനേ നിലയ്ക്കും. പഴയ സ്ഥിതിയിലെത്തിക്കുവാന്‍ സമയവും എടുക്കും. പ്രസരണലൈനുകള്‍ കുഴപ്പമില്ലാതെ നില്‍ക്കുമ്പോഴും വൈദ്യുതി ഒഴുക്കിവിടാന്‍ പറ്റാത്ത "ഗ്രിഡ് തകര്‍ച്ച" എന്ന പ്രതിഭാസം 2012 ജൂലൈ 30നും 31നും ഇന്ത്യയിലുണ്ടായി. ഉത്തരേന്ത്യയും മധ്യേന്ത്യയും പൂര്‍ണമായി രണ്ടു ദിവസം ഇരുട്ടിലായി. വൈദ്യുതി മേഖലയില്‍ നടപ്പാക്കിയ തെറ്റായ നയങ്ങളാണ് ഈ സാങ്കേതിക തകര്‍ച്ചയ്ക്ക് കാരണമായത്.

ഇന്ത്യയിലെ പവര്‍ഗ്രിഡ് തകര്‍ന്ന് രാജ്യം ഇരുട്ടിലായതിന്റെ പ്രധാന ഉത്തരവാദി കേന്ദ്ര ഊര്‍ജമന്ത്രാലയമാണ്. തകര്‍ച്ചയുടെ കാരണം സാങ്കേതികമാണെന്ന് അവര്‍ക്ക് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുവാന്‍ സാധിച്ചു എന്നത് മറ്റൊരു കാര്യം. ടെലിവിഷന്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത ചില സാങ്കേതിക വിദഗ്ധരാകട്ടെ, തകര്‍ച്ചയുടെ നയപരമായ കാരണങ്ങള്‍ പുറത്തുപറഞ്ഞതുമില്ല. വൈദ്യുതിയുടെ ക്ഷാമം, പവര്‍ഗ്രിഡിന്റെ ശേഷിയിലധികം ഉപയോഗിക്കാന്‍ ശ്രമിച്ചത്, ചില സംസ്ഥാനങ്ങള്‍ അനുവദിച്ചതില്‍ കൂടുതല്‍ വൈദ്യുതി ഒഴുക്കിക്കൊണ്ടുവന്നത് തുടങ്ങി കാരണങ്ങള്‍ പലതു നിരത്തുമ്പോഴും സത്യം പൂര്‍ണമാവുന്നില്ല. ഗ്രിഡിനെ തെറ്റായി കൈകാര്യം ചെയ്തതാണ് തകര്‍ച്ചയുടെ പ്രധാന കാരണം. പ്രസരണരംഗത്ത് പുതുതായി നടപ്പാക്കിയ ഓപ്പണ്‍ ആക്സസ് എന്ന സ്വകാര്യമേഖലക്കടക്കം വൈദ്യുതി നിയന്ത്രണമില്ലാതെ ഒഴുക്കിക്കൊണ്ടുവരാന്‍ നല്‍കിയ അനുവാദമാണ് തകര്‍ച്ചയിലേക്ക് നയിച്ച മറ്റൊരു കാരണം. 2003-ല്‍ അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ഉണ്ടായ ഗ്രിഡ് തകര്‍ച്ചയുടെ കാരണവും സമാനമാണ്. കുത്തകകള്‍ക്കുവേണ്ടി നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതാണ് അവിടെയും ഗ്രിഡിനെ കുഴപ്പത്തിലാക്കി ഇരുട്ടിലാക്കിയത്. വൈദ്യുതി മിച്ചമുള്ള സ്ഥലത്തുനിന്ന് കമ്മിയായ സ്ഥലത്തേക്ക് ഒഴുക്കുന്ന രീതിയിലാണ് ഗ്രിഡിന്റെ പ്രവര്‍ത്തനം. എന്നാല്‍ വൈദ്യുതി കമ്പോളവും ഓപ്പണ്‍ ആക്സസും വന്നതോടെ, ഒരു വൈദ്യുതി വിതരണകമ്പനിക്ക് ഗ്രിഡിന്റെ ഏതു ഭാഗത്തുനിന്നുമുള്ള ഉല്‍പ്പാദകനില്‍നിന്നും വൈദ്യുതി വാങ്ങാമെന്നായി. ഇതോടെ രാജ്യത്തിന്റെ ഒരു ഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തേക്ക് വൈദ്യുതി വാങ്ങിക്കൊണ്ടുപോകുന്ന തോത് വര്‍ധിച്ചു.

ഗ്രിഡിന്റെ ഉദ്ദേശിച്ചിട്ടുള്ള പ്രവര്‍ത്തനരീതി മാറി. അതിനു താങ്ങാവുന്ന ശേഷി പരിഗണിക്കാതെ വൈദ്യുതി കൊണ്ടുപോവാന്‍ തുടങ്ങി. ലാഭം മാത്രമായിരുന്നു സ്വകാര്യ കുത്തകയുടെ ലക്ഷ്യം. വൈദ്യുതിരംഗത്ത് നടപ്പാക്കിയ പരിഷ്കാരങ്ങള്‍ ലക്ഷ്യമിട്ടത് വൈദ്യുതി കമ്പോളത്തേയും കമ്പോള അധിഷ്ഠിത നയങ്ങളേയും മാത്രമാണ്. സ്വകാര്യ മൂലധനം കടന്നുവരാന്‍ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയവര്‍ ഗ്രിഡിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചോ നിലനില്‍പ്പിനെക്കുറിച്ചോ ധാരണയും ആശങ്കയും ഇല്ലാത്തവരായിരുന്നു. സ്വന്തം പങ്കില്‍ കൂടുതലെടുത്താല്‍ ഏതെങ്കിലും സംസ്ഥാനം അവര്‍ക്ക് അനുവദിച്ചതില്‍ കൂടുതല്‍ വൈദ്യുതി എടുത്താല്‍ ഗ്രിഡ് തകരുമോ? എപ്പോഴുമില്ല. ഗ്രിഡിന്റെ നിലനില്‍പ്പിനെ നിയന്ത്രിക്കുന്ന ചില ഘടകങ്ങളുണ്ട്. ആവൃത്തിയാണ് അതിലൊന്ന്. വൈദ്യുതി അധികമുള്ളപ്പോള്‍ ഗ്രിഡിന്റെ ആവൃത്തി കൂടുതലായിരിക്കും. ആ സമയത്ത് അധിക വൈദ്യുതി വലിച്ചെടുത്താല്‍ ഗ്രിഡ് തകരില്ല. മാത്രമല്ല ഗ്രിഡിന്റെ നിലനില്‍പ്പിന് അത് സഹായകരവുമാണ്. വൈദ്യുതി കമ്മിയാകുമ്പോള്‍ ആവൃത്തി കുറയും. അപ്പോള്‍ അധിക വൈദ്യുതിയെടുത്താല്‍ ഗ്രിഡിനെ ബാധിക്കുകയും ചെയ്യും. എന്നാല്‍ ഇന്ത്യയെ ബാധിച്ച ഗ്രിഡ് തകര്‍ച്ചയുടെ സമയത്ത് ആവൃത്തി തീരെ കുറവല്ലായിരുന്നു. അതുകൊണ്ട് ഏതെങ്കിലും സംസ്ഥാനം അധികവൈദ്യുതി എടുത്തതാണ് ആ ഗ്രിഡ് തകര്‍ച്ചക്ക് കാരണം എന്ന് പറയാനാവില്ല. 49.68 ഹെര്‍ട്സും 49.84 ഹെര്‍ട്സുമാണ് യഥാക്രമം ജൂലൈ 30നും 31നും ഗ്രിഡ് തകര്‍ച്ചയുടെ സമയത്തുണ്ടായിരുന്ന ആവൃത്തി. അത് രണ്ടും ഗ്രിഡ് തകര്‍ച്ചക്ക് കാരണമാവുന്ന കുറഞ്ഞ ആവൃത്തികളല്ല. വൈദ്യുതി ഉല്‍പ്പാദനത്തേക്കാള്‍ വൈദ്യുതി ആവശ്യം വളരെ കൂടിയിരുന്നാല്‍ ഗ്രിഡിനെ ബാധിക്കും. ഇന്ത്യയില്‍ ഗ്രിഡ് തകര്‍ച്ചയുണ്ടായത് പാതിരാത്രി കഴിഞ്ഞാണ്. രണ്ടര മണിക്ക്. വൈദ്യുതിക്ക് അധികം ആവശ്യം ഇല്ലാത്ത സമയമാണത്. ഉത്തരേന്ത്യയില്‍ വ്യാപകമായി ആ ദിവസങ്ങളില്‍ മഴ പെയ്തത് വൈദ്യുതിയുടെ ആവശ്യത്തെ കുറച്ചിരുന്നു. അതുകൊണ്ട് ഇന്ത്യയിലെ ഗ്രിഡ് തകര്‍ച്ചയുടെ കാരണം വൈദ്യുതിയുടെ ആവശ്യം ഉല്‍പ്പാദനത്തേക്കാള്‍ കൂടിയതിനാലാണ് എന്ന് സ്ഥാപിക്കാന്‍ കഴിയില്ല. തകര്‍ച്ചയുടെ കാരണം അനവധി പ്രസരണ ലൈനുകളുള്ള ശൃംഖലയില്‍ ഏതെങ്കിലും പ്രധാന ലൈനുകള്‍ക്ക് പെട്ടെന്ന് തകരാര്‍ സംഭവിച്ചാല്‍ അത് ഗ്രിഡിന്റെ ബാലന്‍സിനെ ബാധിക്കുകയും ഗ്രിഡിന്റെ ആകെ തകര്‍ച്ചക്ക് കാരണമാവുകയും ചെയ്യാം. ഇവിടെയുണ്ടായ രണ്ട് ഗ്രിഡ് തകര്‍ച്ചയിലും അതാണ് സംഭവിച്ചത്. 400 കിലോ വോള്‍ട്ടിന്റെ ബിന - ഗ്വാളിയോര്‍ - ആഗ്ര ലൈനില്‍കൂടി 1000 മെഗാവാട്ടില്‍ കൂടുതല്‍ എന്ന കണക്കില്‍ വൈദ്യുതി ഒഴുകി. തുടര്‍ന്ന് ആ ലൈന്‍ തകരാറിലാവുകയും അത് ഗ്രിഡിന്റെ ആകെ തകര്‍ച്ചയിലേക്ക് നയിക്കുകയും ചെയ്തു. ബിന-ഗ്വാളിയോര്‍-ആഗ്ര പാതയില്‍ രണ്ട് 400 കെ വി ലൈനുകളുണ്ടായിരുന്നതില്‍ ഒന്ന് ശേഷി വര്‍ധിപ്പിക്കല്‍ പണികളുടെ ഭാഗമായി അടച്ചിട്ടിരുന്നതാണ് മറ്റേ ലൈനില്‍കൂടി അധിക വൈദ്യുതി ഒഴുകാന്‍ കാരണം. ആസൂത്രണത്തില്‍ പറ്റിയ പാളിച്ച തന്നെ. തകര്‍ച്ചയുടെ സാങ്കേതിക കാരണം മാത്രമാണ് നേരത്തേ സൂചിപ്പിച്ചത്. അതിനുമപ്പുറത്തേക്ക് കടക്കണമെങ്കില്‍, തകര്‍ച്ചയെ തുടര്‍ന്ന് ദേശീയ ലോഡ് ഡെസ്പാച്ച് കേന്ദ്രം പെട്ടെന്ന് കൊണ്ടുവന്ന ചില നിയന്ത്രണങ്ങള്‍കൂടി കണക്കിലെടുക്കണം. ഒരു മേഖലയില്‍നിന്ന് മറ്റൊരു മേഖലയിലേക്കും പ്രധാന ലൈനുകളില്‍ കൂടിയും വൈദ്യുതി കൊണ്ടുപോകുന്നതിനാണ് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. പുതിയ നയങ്ങളുടെ ഭാഗമായി സ്വകാര്യ കമ്പനികളെ സഹായിക്കാന്‍ ഗ്രിഡിലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ സാങ്കേതിക കാര്യങ്ങള്‍ പരിഗണിക്കാതെ എടുത്തുകളഞ്ഞത് ശരിയായില്ല എന്നാണ് ദേശീയ ലോഡ് ഡെസ്പാച്ച് കേന്ദ്രത്തിന്റെ നടപടികള്‍ സൂചിപ്പിക്കുന്നത്. വൈദ്യുതി ഗ്രിഡിന്റെ പ്രവര്‍ത്തനത്തെ സാങ്കേതികമായി നിയന്ത്രിക്കുന്നത് ദേശീയ ലോഡ് ഡെസ്പാച്ച് കേന്ദ്രവും പ്രാദേശിക ലോഡ് ഡെസ്പാച്ച് കേന്ദ്രവുമാണ്. വൈദ്യുതമേഖലയിലെ പരിഷ്കരണങ്ങള്‍ക്ക് മുമ്പ് ഇവ രണ്ടിന്റേയും പുറത്ത് കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെയും സംസ്ഥാന വൈദ്യുതി ബോര്‍ഡുകളുടെ നിയന്ത്രണമുണ്ടായിരുന്നു. പ്രവര്‍ത്തനങ്ങള്‍ തമ്മില്‍ ഏകോപനവും ഉണ്ടായിരുന്നു.

2003ലെ വൈദ്യുതി നിയമത്തെ തുടര്‍ന്ന് ഈ നിയന്ത്രണവും ഏകോപനങ്ങളും നഷ്ടപ്പെട്ടു. സംസ്ഥാന വൈദ്യുതിബോര്‍ഡുകള്‍ തന്നെ ഇല്ലാതായി. ഗ്രിഡിലൂടെയുള്ള വൈദ്യുതിയുടെ ഒഴുക്കിനെ കമ്പോളം നിയന്ത്രിക്കും എന്നതായിരുന്നു പുതിയ സിദ്ധാന്തം. ആ സിദ്ധാന്തത്തിനേറ്റ തിരിച്ചടിയാണ് ഇന്ത്യയിലുണ്ടായ ഗ്രിഡ് തകര്‍ച്ച. വൈദ്യുതിനിയമം-2003 നിലവില്‍ വന്നതിനുശേഷം ദേശീയ ലോഡ് ഡെസ്പാച്ച് കേന്ദ്രവും പ്രാദേശിക കേന്ദ്രങ്ങളും പവര്‍ഗ്രിഡ് കോര്‍പറേഷന്റെ കീഴിലായി. ദേശീയ വൈദ്യുതി ശൃംഖല നടത്തിക്കൊണ്ടുപോകുന്ന ചുമതലയാണ് പവര്‍ഗ്രിഡ് കോര്‍പറേഷനുള്ളത്. ശൃംഖലയിലൂടെ വൈദ്യുതി കൊണ്ടുപോകുമ്പോഴുള്ള അച്ചടക്കം പാലിക്കാനുള്ള അധികാരം പക്ഷേ അവര്‍ക്കില്ല. മാത്രവുമല്ല, ആരെങ്കിലും അധിക വൈദ്യുതി കൊണ്ടുപോയാല്‍ കൂടുതല്‍ കടത്തുകൂലി ലഭിക്കുകയും ചെയ്യും. ഫലത്തില്‍ അവരുടെ വാണിജ്യതാല്‍പ്പര്യങ്ങള്‍, കൂടുതല്‍ വൈദ്യുതി കൊണ്ടുവരുന്നതിന് എതിരാണ്.

കമ്പോളം എല്ലാ പ്രശ്നങ്ങളും പരിഹരിക്കും എന്ന് കരുതിയവര്‍ അറിയാതെ പോയ ചില കാര്യങ്ങളുണ്ട്. വൈദ്യുതി ശൃംഖലയുടെ നിലനില്‍പ്പ് ഓരോ സെക്കന്റിലും ഉല്‍പ്പാദനത്തെയും ആവശ്യത്തെയും ആശ്രയിച്ചാണ് നില്‍ക്കുന്നത് എന്നവര്‍ അറിയാതെ പോയി. അവയെ പരസ്പരം ബന്ധിപ്പിക്കാന്‍ പണത്തിനോ കമ്പോളത്തിനോ കഴിയില്ല. ഓരോ നിമിഷവും സശ്രദ്ധം നിരീക്ഷിച്ച് പരസ്പര പൂരകങ്ങളായി കൊണ്ടുപോകേണ്ടതാണ് അവ രണ്ടും. കമ്പോളാധിഷ്ഠിത പരിഷ്കരണങ്ങള്‍ വൈദ്യുതി മേഖലക്ക് ചേര്‍ന്നതല്ല. വൈദ്യുതി അനുസരിക്കുന്നത് ഭൗതികശാസ്ത്രത്തിന്റെ നിയമങ്ങളാണ്. കമ്പോളത്തിന്റെ നിയമങ്ങളെ അതിനറിയില്ല. ഗ്രിഡ് തകര്‍ച്ചയും നീണ്ടുനില്‍ക്കുന്ന അന്ധകാരവും ഒഴിവാക്കാന്‍ നയങ്ങളാണ് തിരുത്തേണ്ടത്. കമ്പോള നിയമങ്ങള്‍കൊണ്ട് വൈദ്യുതിയെ അനുസരിപ്പിക്കാം എന്ന മിഥ്യാധാരണയും.

*
പ്രബീര്‍ പുര്‍കായസ്ത ദേശാഭിമാനി വാരിക 06 ഒക്ടോബര്‍ 2013

നയം മാറുമ്പോള്‍ സംഭവിക്കുന്നത്

2011 ഫെബ്രുവരി 19. കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് പഞ്ചായത്ത് കാറ്റുള്ളമല നിവാസികള്‍ ഏറെ സന്തോഷത്തിലാണ്. അന്ന് അവരുടെ വീടുകളില്‍ വൈദ്യുതി എത്തുകയാണ്. അവിടെ പെരുമല പുളിക്കല്‍ തങ്കച്ചനാണ് കൂടുതല്‍ ആഹ്ലാദം. ഇരുപത്തഞ്ചോളം വീടുകളുള്ള കാറ്റുള്ള മല ഭാഗത്ത് വൈദ്യുതി എത്തിയാലും അവിടെനിന്ന് 700 മീറ്റര്‍ ദൂരെയുള്ള തന്റെ വീട്ടില്‍ വൈദ്യുതി കിട്ടും എന്ന പ്രതീക്ഷ തങ്കച്ചനുണ്ടായിരുന്നില്ല. "ഇപ്പോഴായതുകൊണ്ട് കിട്ടി"എന്നായിരുന്നു തങ്കച്ചന്റെ പ്രതികരണം. തങ്കച്ചന്‍ പറഞ്ഞത് നൂറു ശതമാനം ശരിയായിരുന്നു. സമ്പൂര്‍ണ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായതു കൊണ്ടാണ് അതുനടന്നത്. അല്ലെങ്കില്‍ പതിനാറോളം പോസ്റ്റുകള്‍ സ്ഥാപിച്ച് ഒരു കണക്ഷന്‍ സൗജന്യമായി കിട്ടാന്‍ മറ്റുമാര്‍ഗമൊന്നും തങ്കച്ചനുണ്ടായിരുന്നില്ല. ഇത് കാറ്റുള്ള മലയിലെ മാത്രം സ്ഥിതിയായിരുന്നില്ല. പാലക്കാട്ടെ അട്ടപ്പാടിയിലും അഗളിയിലുമൊക്കെയുള്ള ആദിവാസി വീടുകളിലും അതിരപ്പിള്ളി പുകലപ്പാറകോളനിയിലുമൊക്കെ വൈദ്യുതിയെത്തിയത് ഇതേകാലത്താണ്.

ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കിയ സമ്പൂര്‍ണ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 85 അസംബ്ലി നിയോജക മണ്ഡലങ്ങളിലാണ് എല്ലാ വീടുകളിലും വൈദ്യുതി എത്തിയത്. നാലുജില്ലകള്‍ പൂര്‍ണമായും വൈദ്യുതീകരിച്ചു. മറ്റുമണ്ഡലങ്ങളിലും സമ്പൂര്‍ണ വൈദ്യുതീകരണം നടന്നുവരുകയായിരുന്നു. രണ്ടുവര്‍ഷത്തിനുള്ളില്‍ കേരളം സമ്പൂര്‍ണ വൈദ്യുതീകൃതമാക്കുകയെന്ന ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്തത്. എന്നാല്‍ 2011 മെയ് മാസത്തില്‍ സര്‍ക്കാര്‍ മാറിയതോടെ സ്ഥിതിയും മാറി. പണിനടന്നുവന്ന താനൂര്‍ മണ്ഡലം മാത്രമാണ് പിന്നീട് സമ്പൂര്‍ണവൈദ്യുതീകരണം നടന്നത്. മറ്റു മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങളെല്ലാം ഉപേക്ഷിക്കപ്പെട്ടു. സമ്പൂര്‍ണ വൈദ്യുതീകരണമൊന്നുമില്ലെങ്കിലും അപേക്ഷ നല്‍കി കാഷ് ഡിപ്പോസിറ്റ് അടച്ചാല്‍ ഒ വൈഇസി അടയ്ക്കാതെ തന്നെ കണ ക്ഷന്‍ കിട്ടുന്ന ഒരു പദ്ധതി നേരത്തേ നിലവിലുണ്ടായിരുന്നു. നിലവിലുള്ള ലൈനില്‍നിന്ന് 200 മീറ്റര്‍ വരെ ഇങ്ങനെ ആര്‍ക്കും കണക്ഷന്‍ കിട്ടുമായിരുന്നു. എന്നാല്‍ ഈ സ്കീമും 2011 ഒക്ടോബറില്‍ എടുത്തുകളഞ്ഞു. പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍, വികലാംഗര്‍, ക്യാന്‍സര്‍പോലെ ഗുരുതരമായ രോഗം ബാധിച്ചവര്‍ എന്നിങ്ങനെ പ്രത്യേകം പരിഗണന കിട്ടുന്ന ഒട്ടേറെപ്പേരുണ്ടായിരുന്നു. അത്തരം മുന്‍ഗണനകളും എടുത്തുകളഞ്ഞു. ഇപ്പോള്‍ പണമടയ്ക്കാന്‍ ശേഷിയുള്ളവര്‍ക്കുമാത്രമേ വൈദ്യുതി കണക്ഷന്‍ കിട്ടൂ. കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ജിജിവിവൈ പദ്ധതിപ്രകാരം അവിടെയും ഇവിടെയുമായി ചില കണക്ഷനുകള്‍ കൊടുക്കുന്നു എന്നതുമാത്രമാണ് ഇപ്പോള്‍ വൈദ്യുതി ബോര്‍ഡ് നല്‍കുന്ന ഏക സൗജന്യ സേവനം. 2011ല്‍ ഇടതുപക്ഷസര്‍ക്കാര്‍ മാറിയപ്പോഴാണ് ഈ മാറ്റങ്ങളൊക്കെ ജനങ്ങള്‍ അറിഞ്ഞുതുടങ്ങിയത് എന്നത് സത്യംതന്നെ. പക്ഷേ സത്യത്തില്‍ അത്ര പെട്ടെന്നുണ്ടായ മാറ്റമല്ല ഇത്. കേന്ദ്ര സര്‍ക്കാര്‍ 2003-ല്‍ കൊണ്ടുവന്ന വൈദ്യുതി നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ് ഈ മാറ്റങ്ങളെല്ലാം ഉണ്ടാകുന്നത്. ഈ നിയമത്തിന്റെയും 2005-ലെ കേന്ദ്ര വൈദ്യുതി നയത്തിന്റെയും അടിസ്ഥാനത്തില്‍ സൗജന്യകണക്ഷനുകള്‍ നിര്‍ത്തലാക്കി സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്‍ ഉത്തരവിട്ടത് 2005-മാര്‍ച്ചിലാണ്. അത് നടപ്പാക്കിത്തുടങ്ങാന്‍ ഒരുവര്‍ഷം കൂടി എടുത്തു. പക്ഷേ 2006 മേയില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഈ ഉത്തരവ് നടപ്പാക്കേണ്ടതില്ലെന്ന് ബോര്‍ഡിന് നിര്‍ദേശം നല്‍കി. മാത്രമല്ല സമൂഹത്തിലെ ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് സൗജന്യകണക്ഷന് അര്‍ഹതയുണ്ടെന്നും അത് ഒഴിവാക്കാനാവില്ലെന്നും സര്‍ക്കാര്‍ റഗുലേറ്ററി കമീഷന് വൈദ്യുതി നിയമം 2003ലെ വകുപ്പ് 108 പ്രകാരം നയപരമായ നിര്‍ദേശവും നല്‍കി. ഇങ്ങനെ കേന്ദ്രനയങ്ങളെ ചെറുക്കുന്ന സമീപനം സ്വീകരിച്ചതുകൊണ്ടാണ് ഇടതുപക്ഷ സര്‍ക്കാരിന് ജനതാല്‍പര്യം സംരക്ഷിച്ചു പോകാനായത്. കണക്ഷന്റെ കാര്യത്തില്‍ മാത്രമല്ല; കേന്ദ്ര സര്‍ക്കാര്‍ പിന്തുടര്‍ന്നുവരുന്ന നവലിബറല്‍ നയങ്ങളുടെ ഭാഗമായി ജനവിരുദ്ധമായി ഒട്ടേറെ നടപടികള്‍ ഉണ്ടാകുന്നുണ്ട്. അവയെയെല്ലാം പലവിധത്തില്‍ പ്രതിരോധിക്കാനായി എന്നതാണ് കഴിഞ്ഞ ഇടതുപക്ഷ മുന്നണി സര്‍ക്കാരിന്റെ പ്രസക്തി.

ഇലക്ട്രിസിറ്റി ആക്ട് 2003 പ്രകാരം വൈദ്യുതി ബോര്‍ഡുകളെ വിഭജിച്ച് കമ്പനികളാക്കി മാറ്റേണ്ടതുണ്ട്. ഇങ്ങനെ വിഭജിച്ച് കമ്പനികളാക്കുന്നതിന്റെ പ്രധാന ലക്ഷ്യം സ്വകാര്യവല്‍ക്കരണമാണ്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ഇതിനകം ഇത്തരം നടപടികള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. 2005ല്‍ കേരളത്തിലും ഈ നടപടികള്‍ ആരംഭിച്ചു. വൈദ്യുതി ബോര്‍ഡിനെ മൂന്നുകമ്പനികളാക്കി മാറ്റുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേര്‍സ് എന്ന കമ്പനിയെ കണ്‍സള്‍ട്ടന്റായി നിയമിക്കുകയും ചെയ്തു. എന്നാല്‍ ഈ കമ്പനിയെ തെരെഞ്ഞെടുക്കുന്നതിന് നടത്തിയ ടെണ്ടറിന്റെ രേഖകള്‍ തയ്യാറാക്കിയതും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേര്‍സ് തന്നെയായിരുന്നുവെന്ന കാര്യം പുറത്തുവന്നതോടെ സര്‍ക്കാരിന് തല്‍ക്കാലം പിന്‍വാങ്ങേണ്ടി വന്നു. പിന്നീട് അധികാരത്തില്‍ വന്ന ഇടതുപക്ഷമുന്നണി വൈദ്യുതി ബോര്‍ഡിനെ ഒറ്റസ്ഥാപനമായി പൊതുമേഖലയില്‍ സംരക്ഷിക്കും എന്ന ശക്തമായ നിലപാട് സ്വീകരിച്ചു. എന്നാല്‍ കുറഞ്ഞത് രണ്ട് കമ്പനിയെങ്കിലുമായി വൈദ്യുതി ബോര്‍ഡിനെ വിഭജിക്കണം എന്ന ശക്തമായ സമ്മര്‍ദമാണ് കേന്ദ്ര സര്‍ക്കാര്‍ ചെലുത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ അനുവാദത്തോടെ മാത്രമേ വൈദ്യുതി ബോര്‍ഡ് പുനഃസംഘടനയുടെ കാലാവധി നീട്ടിവയ്ക്കാന്‍ കഴിയൂ എന്നത് മുതലെടുത്തുകൊണ്ട് 2008-ല്‍ രണ്ട് കമ്പനിയെങ്കിലുമാക്കാമെന്ന് ഉറപ്പുനല്‍കിയില്ലെങ്കില്‍ ഇനി കാലാവധി നീട്ടാന്‍ അനുവദിക്കില്ല എന്ന നിലപാട് കേന്ദ്രം എടുത്തു. വൈദ്യുതി നിയമത്തില്‍ വൈദ്യുതി ബോര്‍ഡുകളുടെ ആസ്തി ബാധ്യതകള്‍ സര്‍ക്കാരിലേക്ക് ഏറ്റെടുത്ത് കമ്പനികളിലേക്ക് പുനര്‍നിക്ഷേപിക്കണം എന്നാണ് പറയുന്നത്. ഇതില്‍ സര്‍ക്കാരിലേക്ക് ഏറ്റെടുത്തശേഷം പുനര്‍നിക്ഷേപിക്കണം എന്നല്ലാതെ എപ്പോള്‍ പുനര്‍നിക്ഷേപിക്കണം എന്ന് പറയുന്നില്ല. ഈ സാധ്യത ഉപയോഗിച്ച് 2008 സെപ്തംബര്‍ 25ന് സംസ്ഥാന സര്‍ക്കാര്‍ ബോര്‍ഡിന്റെ ആസ്തി ബാധ്യതകള്‍ സര്‍ക്കാരിലേക്ക് ഏറ്റെടുത്തു. കമ്പനികളിലേക്കുള്ള പുനര്‍നിക്ഷേപം മാറ്റിവച്ചു. ഇങ്ങനെ ഏറ്റെടുത്ത ആസ്തി ബാധ്യതകള്‍ നോക്കി നടത്താന്‍ ഒരു മാനേജ്മെന്റ് കമ്മിറ്റിയെ വൈദ്യുതി ബോര്‍ഡ് എന്ന പേരില്‍തന്നെ നിയമിക്കുകയും ചെയ്തു. അങ്ങനെ ആക്ടിനെ ജനപക്ഷത്തുനിന്ന് വ്യാഖ്യാനിച്ച് വൈദ്യുതി ബോര്‍ഡ് കമ്പനികളായി സ്വകാര്യവല്‍ക്കരിക്കപ്പെടാതെ സംരക്ഷിക്കാനുള്ള നടപടിയാണ് ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്തത്.

സ്വാഭാവികമായും ജനങ്ങള്‍ ക്കുണ്ടാകുന്ന ഒരു സംശയം വൈദ്യുതി ബോര്‍ഡ് വിഭജിക്കപ്പെട്ടാല്‍ എന്താണ് കുഴപ്പം എന്നാവും. മാത്രമല്ല വൈദ്യുതി ബോര്‍ഡില്‍ നിന്ന് കിട്ടുന്ന സേവനം വേണ്ടത്ര ഗുണകരമല്ല എന്ന ധാരണയുള്ള സാധാരണക്കാര്‍ക്ക് ഇത് സ്വകാര്യവല്‍ക്കരിക്കപ്പെട്ടാല്‍ നല്ല സേവനം കിട്ടും എന്ന തോന്നലുമുണ്ടാകും. ഇപ്പോള്‍ വൈദ്യുതി ബോര്‍ഡിന്റെ കുത്തകയായ വൈദ്യുതി വിതരണത്തിന് ധാരാളം കമ്പനികളുണ്ടായാല്‍ തമ്മില്‍ മല്‍സരമുണ്ടായി മെച്ചപ്പെട്ട സേവനം കുറഞ്ഞ വിലക്ക് ലഭിക്കില്ലേ എന്ന ധാരണയുമുണ്ടാകാം. പക്ഷേ വൈദ്യുതിയുടെ ഒരു പ്രത്യേകത അത് ഉല്‍പാദിപ്പിക്കുന്ന സമയത്തു തന്നെ ഉപഭോഗവും നടക്കുന്ന ഉല്‍പ്പന്നമാണ് എന്നതാണ്. സോപ്പ്, ചീപ്പ്, കണ്ണാടി എന്നിവയെപ്പോലെ ഉല്‍പാദിപ്പിച്ച് സ്റ്റോക്ക് ചെയ്ത്, പിന്നീട് വില്‍ക്കാന്‍ കഴിയുന്ന ഉല്‍പ്പന്നമല്ല. അതുകൊണ്ട് ഉല്‍പാദന പദ്ധതികള്‍ സംബന്ധിച്ച ആലോചനക്കൊപ്പം തന്നെ പ്രസരണ വിതരണ ശൃംഖലകളെക്കുറിച്ചും ആസൂത്രണം ചെയ്തേ മതിയാകൂ. ഈ പദ്ധതികളെല്ലാം ഒന്നിച്ച് നടപ്പാക്കുകയും വേണം. മാത്രമല്ല കമ്പി വലിച്ച്, അഥവാ കേബിളിട്ടല്ലാതെ വൈദ്യുതി ഉപഭോക്താക്കളിലെത്തിക്കാന്‍ കഴിയില്ല. ഇങ്ങനെ "വയേര്‍ഡ് സര്‍വീസ്" ആയതുകൊണ്ടുതന്നെ ഈ മേഖലക്ക് സ്വാഭാവിക കുത്തകസ്വഭാവമുണ്ട്. ഈ രണ്ട് പ്രത്യേകതകള്‍ ഉള്ളതുകൊണ്ടാണ് വൈദ്യുതി മേഖല ഉല്‍പാദന പ്രസരണ വിതരണ മേഖലകള്‍ ഒന്നിച്ച് ഒറ്റ സ്ഥാപനമായി നില്‍ക്കുന്നതു നല്ലതാണെന്ന് പറയുന്നത്. ഇതിന്റെ സ്വാഭാവിക കുത്തക സ്വഭാവം മൂലം പൊതുമേഖല മാറി സ്വകാര്യമേഖലയായാല്‍ ഉണ്ടാകുക സ്വകാര്യ മേഖലയുടെ കുത്തകയാണ്. ഇക്കാര്യങ്ങളൊക്കെ കണക്കിലെടുത്താണ് ഒറ്റ സ്ഥാപനമായി പൊതുമേഖലയില്‍ നിര്‍ത്തി വൈദ്യുതി മേഖലയെ സംരക്ഷിക്കുക എന്ന നിലപാട് സംസ്ഥാന സര്‍ക്കാരെടുത്തത്.

വൈദ്യുതി മേഖലയില്‍ കേന്ദ്ര നിയമപ്രകാരമുള്ള പരിഷ്കരണ നടപടികള്‍ സ്വീകരിച്ചതിന്റെ ഭാഗമായി കാര്യമായ നേട്ടമൊന്നും രാജ്യത്തെ വൈദ്യുതി രംഗത്തിനുണ്ടായിട്ടില്ല. കമ്പോളത്തിലെ മത്സരത്തിന്റെ ഭാഗമായി വൈദ്യുതി ഉല്‍പ്പാദനം വര്‍ധിക്കുമെന്നും വിലകുറയുമെന്നും എല്ലാവര്‍ക്കും വൈദ്യുതി എന്ന ലക്ഷ്യം സാധ്യമാകുമെന്നുമാണ് പരിഷ്കരണ ങ്ങള്‍ നടപ്പാക്കുന്നതിന് കാരണമായി ഭരണാധികാരികള്‍ പ്രഖ്യാപിച്ചത്. പരിഷ്കരണങ്ങള്‍ ആരംഭിച്ചിട്ട് രണ്ടു ദശകങ്ങളും ഇലക്ട്രിസിറ്റി ആക്ട് നിലവില്‍വന്നിട്ട് ഒരു ദശകവും പിന്നിട്ടിരിക്കുന്നു. എന്നാല്‍ പ്രഖ്യാപിക്കപ്പെട്ട നേട്ടങ്ങളൊന്നും നടന്നില്ലെന്നു മാത്രമല്ല വൈദ്യുതി വില വന്‍തോതില്‍ വര്‍ധിച്ച് സാധാരണക്കാരന് അപ്രാപ്യമായ നിലയിലേക്ക് മാറിയിരിക്കുന്നു. കടുത്ത വൈദ്യുതിക്ഷാമം രാജ്യത്തിന്റെ പൊതുവികസനത്തിനു തന്നെ ഭീഷണിയായും മാറിയിരിക്കുന്നു.

ഇന്ത്യയിലെ പ്രതിവര്‍ഷ പ്രതിശീര്‍ഷ വൈദ്യുതി ഉപഭോഗം ആയിരം യൂണിറ്റെങ്കിലുമാക്കുക എന്ന ലക്ഷ്യം ഇപ്പോഴും ഏറെ അകലെയാണ്. ആകെ ഉല്‍പാദനം കണക്കിലെടുത്താല്‍ നമ്മുടെ ഇപ്പോഴത്തെ വാര്‍ഷിക പ്രതിശീര്‍ഷ ഉപഭോഗം 2012-13 വര്‍ഷത്തെ കണക്കനുസരിച്ച് 783 യൂണിറ്റ് മാത്രമാണ്. എന്നാല്‍ പ്രസരണ വിതരണ നഷ്ടം കൂടി കണക്കിലെടുത്താല്‍ ഇത് 620 യൂണിറ്റില്‍ താഴെയാണ്. ഇന്ത്യന്‍ ജനസംഖ്യയില്‍ 40.4 കോടി ആളുകള്‍ക്ക് ഇപ്പോഴും വൈദ്യുതി കിട്ടിയിട്ടില്ല. ഇന്ത്യയിലെ ആകെ വീടുകളില്‍ 32.8% വും വൈദ്യുതി ഇല്ലാത്തതാണെന്നാണ് 2011ലെ സെന്‍സസ് കണക്കുകള്‍ കാണിക്കുന്നത്. ഗ്രാമീണഭവനങ്ങളില്‍ വൈദ്യുതി എത്താത്തത് 44.7% വരും. ഗ്രാമീണ വൈദ്യുതീകരണം ലക്ഷ്യമിട്ട് 2005 ല്‍ തുടങ്ങിയ രാജീവ് ഗാന്ധി ഗ്രാമീണ്‍ വൈദ്യുതീകരണ്‍ യോജന എട്ടുകൊല്ലം പൂര്‍ത്തിയായപ്പോഴും 33,060 ഗ്രാമങ്ങള്‍ ഒറ്റവീടുപോലും വൈദ്യുതീകരിക്കാത്തതായി തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കേരളം 84 മണ്ഡലങ്ങളില്‍ സമ്പൂര്‍ണ വൈദ്യുതീകരണം എന്ന ലക്ഷ്യം നേടിയതിന്റെ പ്രസക്തി ബോധ്യമാകുന്നത്. ജനങ്ങള്‍ക്ക് ഗുണമുണ്ടായില്ല എന്നുമാത്രമല്ല വൈദ്യുതി വിതരണക്കമ്പനികള്‍ പാപ്പരായി മാറുകയും ചെയ്തതാണ് ഇന്ത്യയില്‍ പൊതുവേ ഉണ്ടായത്. കേന്ദ്ര പ്ലാനിങ് കമീഷന്‍ നിയമിച്ച മുന്‍ സിഎ ജി വി കെ ഷുംഗ്ലുവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിതന്നെയാണ് ഈ വിവരം പുറത്തുകൊണ്ടുവന്നത്. വൈദ്യുതി വിതരണ യൂട്ടിലിറ്റികളുടെ അക്കൗണ്ടിങ് രീതികളെ സംബന്ധിച്ച് പഠിക്കാനാണ് പ്ലാനിങ് കമീഷന്‍ ഷുംഗ്ലു കമ്മിറ്റിയെ നിയമിച്ചിരുന്നത്. ഇതിന്റെ ഭാഗമായി 2005 മുതല്‍ 2010 വരെയുള്ള അഞ്ചുവര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ച കമ്മിറ്റി വൈദ്യുതി വിതരണ യൂട്ടിലിറ്റികളുടെ സഞ്ചിതകടം 1.55 ലക്ഷം കോടിരൂപയോളം വരുമെന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. വിതരണക്കമ്പനികളുടെ അഞ്ചുവര്‍ഷത്തെ നഷ്ടം 1.79 ലക്ഷം കോടിരൂപയാണ്. ഇത് വിതരണം ചെയ്യുന്ന ഓരോ യൂണിറ്റിനും ശരാശരി 60 പൈസ എന്ന കണക്കിലാണെന്നും ഷുംഗ്ലു കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. വൈദ്യുതി വാങ്ങല്‍ച്ചെലവിലുണ്ടായ വലിയ വര്‍ധനവാണ് വിതരണ യൂട്ടിലിറ്റികളെ ഈ നിലയില്‍ കടബാധ്യതയിലെത്തിച്ചത്. വൈദ്യുതി വാങ്ങല്‍ച്ചെലവിലുണ്ടാകുന്ന ബാധ്യത ചാര്‍ജ് വര്‍ധനവിലൂടെ പരിഹരിക്കാന്‍ കഴിയാത്തത് യൂട്ടിലിറ്റികളെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. തിരിച്ചടക്കാന്‍ കഴിയാത്ത നിലയില്‍ കടം പെരുകിയത് വൈദ്യുതി മേഖലയില്‍ വായ്പ നല്‍കുന്നതില്‍നിന്ന് ബാങ്കുകള്‍ പിന്‍മാറുന്ന സ്ഥിതിയും സൃഷ്ടിച്ചു. മൊത്തത്തില്‍ ഇത് വൈദ്യുതി വികസനം തടസ്സപ്പെടുത്തുന്ന അവസ്ഥയാണ് ഉണ്ടാക്കിയത്.

രാജ്യത്ത് ഈ പൊതുസ്ഥിതി നിലനില്‍ക്കുമ്പോഴും 2006 മുതല്‍ 2011 വരെ കേരളത്തിലെ വൈദ്യുതി രംഗം വലിയ നേട്ടങ്ങളുണ്ടാക്കിയത് നമ്മള്‍ മുന്നോട്ടുവച്ച ബദല്‍ വികസനനയത്തിന്റെ ഭാഗമായാണ്. കേന്ദ്ര സര്‍ക്കാര്‍ വൈദ്യുതിയെ കമ്പോളത്തില്‍ വില്‍പ്പനക്കുള്ള ചരക്ക് മാത്രമായി സമീപിച്ചപ്പോള്‍ വൈദ്യുതി സാമൂഹ്യ വികസനത്തിനുള്ള ഒരു പശ്ചാത്തല സൗകര്യമാണ് എന്നുകണ്ടുകൊണ്ടുള്ള സമീപനമാണ് നമ്മള്‍ സ്വീകരിച്ചത്. വൈദ്യുതി കണക്ഷനുകള്‍ കൊടുത്തതുകൊണ്ടുമാത്രം എല്ലാവര്‍ക്കും വൈദ്യുതി കിട്ടില്ല. അതിന് ഉല്‍പാദനം കൂടണം. ഇക്കാര്യത്തില്‍ നല്ല ഇടപെടലാണ് കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിയത്. സ്തംഭനത്തിലായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തി 208 മെഗാവാട്ട് വൈദ്യുതിയാണ് അക്കാലത്ത് പുതുതായി ഉല്‍പാദിപ്പിച്ചത്. 2001 ല്‍ മുമ്പത്തെ ഇടതുപക്ഷമുന്നണി ഭരണകാലത്ത് പണിയാരംഭിക്കുകയും പിന്നീട് വന്ന ഐക്യമുന്നണി സര്‍ക്കാര്‍ കാര്യമായ ശ്രദ്ധകൊടുക്കാതെ സ്തംഭനത്തിലാവുകയും ചെയ്ത കുറ്റ്യാടി അഡീഷണല്‍ എക്സ്റ്റന്‍ഷന്‍, നേര്യമംഗലം എക്സ്റ്റന്‍ഷന്‍ തുടങ്ങിയ പദ്ധതികള്‍ പൂര്‍ത്തിയാക്കിയത് സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടലിന്റെ ഭാഗമായാണ്. പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍, തോട്ടിയാര്‍, ചാത്തങ്കോട്ടുനട, വിലങ്ങാട്, ബാരാപ്പോള്‍, പീച്ചി, ചിമ്മിനി തുടങ്ങിയ ജലവൈദ്യുതി പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതടക്കം വലുതും ചെറുതുമായി മുപ്പതോളം പദ്ധതികള്‍ക്കാണ് ഇടതുപക്ഷ സര്‍ക്കാര്‍ പ്രാഥമിക നടപടികള്‍ സ്വീകരിച്ചത്. ഇതില്‍ പൂഴിത്തോട് പദ്ധതി ഈ കാലഘട്ടത്തില്‍ തന്നെ പണിപൂര്‍ത്തിയാക്കുകയും ചെയ്തു. ഒഡിഷയിലെ ബൈതരണിയില്‍ 1000 മെഗാവാട്ട് വൈദ്യുതിക്കുള്ള ഒരു കല്‍ക്കരിപ്പാടം നേടിയെടുക്കാനും ഒഡിഷ, ഗുജറാത്ത് സംസ്ഥാനങ്ങളുമായി ചേര്‍ന്ന് കമ്പനി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കാനും ഇക്കാലത്ത് കഴിഞ്ഞു. അങ്ങനെ ഉദ്ദേശം 3000 മെഗാവാട്ടോളം വൈദ്യുതി ഉല്‍പാദിപ്പിക്കാനാവശ്യമായ പദ്ധതികള്‍ക്കാണ് രൂപം കൊടുത്തത്.

അനാവശ്യ വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനും ഊര്‍ജ സംരക്ഷണ സന്ദേശം പ്രചരിപ്പിക്കുന്നതിനും സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കി. ഒന്നരക്കോടി സിഎഫ്എല്‍ വിതരണമടക്കം ഡിമാണ്ട് സൈഡ് മാനേജ്മെന്റില്‍ കേരളം നടത്തിയ ഇടപെടലുകള്‍ ലോകശ്രദ്ധ നേടിയവയായിരുന്നു. പ്രസരണ വിതരണ നഷ്ടം കുറയ്ക്കുന്നതിനും കഴിഞ്ഞ സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കിയത്. ഇതിന്റെ ഭാഗമായി അഞ്ചുവര്‍ഷം കൊണ്ട് 97 സബ് സ്റ്റേഷനുകള്‍ കമീഷന്‍ ചെയ്തു. 14,000 ത്തോളം കിലോമീറ്റര്‍ 11 കെവി ലൈനും 21,000 ത്തോളം വിതരണ ട്രാന്‍സ്ഫോര്‍മറുകളും സ്ഥാപിച്ചു. ഇങ്ങനെ 2006 മാര്‍ച്ചില്‍ 24.6% ആയിരുന്ന പ്രസരണ വിതരണ നഷ്ടം 2011 മാര്‍ച്ചില്‍ 16.19% ത്തിലേക്ക് കുറയ്ക്കാനായി. 2011 മാര്‍ച്ചില്‍, കേരളത്തിന്റെ വര്‍ധിച്ചുവരുന്ന ഊര്‍ജാവശ്യകത കണക്കിലെടുത്തുകൊണ്ട് മൂന്നു വര്‍ഷത്തേക്ക് 500 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. കേരളം ഉള്‍പ്പെടുന്ന തെക്കന്‍ ഗ്രിഡിലേക്ക് വൈദ്യുതി കൊണ്ടുവരുന്നതിനുള്ള പ്രസരണ കോറിഡോറിന്റെ ലഭ്യതക്കുറവുകൂടി പരിഗണിച്ചുകൊണ്ടാണ് മീഡിയം ടേം ഓപ്പണ്‍ ഓപ്പണ്‍ ആക്സസ് സൗകര്യം ഉപയോഗപ്പെടുത്തുന്നതിന് കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ അത്തരമൊരു നടപടി സ്വീകരിച്ചത്. ഇതോടൊപ്പംതന്നെ 2011-12 വര്‍ഷത്തേക്ക് കര്‍ണാടകയില്‍ നിന്ന് 100 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനുള്ള കരാറും അക്കാലത്ത് ഉണ്ടാക്കുകയുണ്ടായി.

2006 മാര്‍ച്ചില്‍ വൈദ്യുതി ബോര്‍ഡിന്റെ സഞ്ചിത കടം 4541 കോടിരൂപയായിരുന്നത് 2011 മാര്‍ച്ചില്‍ 1066 കോടി രൂപയാക്കിക്കുറയ്ക്കാനും 3400 കോടിയോളം രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും കഴിഞ്ഞത് ഇടതുപക്ഷമുന്നണി ഭരണകാലത്തെ കാര്യക്ഷമമായ സാമ്പത്തികാസൂത്രണത്തിന്റെ ഭാഗമായാണ്. കാര്യമായ താരിഫ് വര്‍ധനയൊന്നും വരുത്താതെയാണ് ഇത് സാധ്യമായത്. മോഡല്‍ സെക്ഷന്‍ പരിഷ്കാരം അടക്കം ഉപഭോക്തൃ സംതൃപ്തി ഉറപ്പുവരുത്തുന്നതില്‍ ഒട്ടേറെ ഇടപെടലുകള്‍ നടത്താന്‍ ഇക്കാലത്ത് വൈദ്യുതി ബോര്‍ഡിനായി. സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ബില്ലിങ് കംപ്യൂട്ടറൈസേഷന്‍ പൂര്‍ത്തിയാക്കിയതും ചീഫ് എന്‍ജിനിയര്‍, ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ തലങ്ങളില്‍ ഉണ്ടായിരുന്ന അധികാരങ്ങള്‍ താഴെ സെക്ഷനുകളിലേക്ക് കൈമാറിയതും കണക്ഷന്‍ അപേക്ഷ ലഘൂകരിച്ചതും 24 മണിക്കൂറിനുള്ളില്‍ കണക്ഷന്‍ നല്‍കുന്നതിനുള്ള പാക്കേജ് നടപ്പാക്കിയതും അടഞ്ഞുകിടന്ന വ്യവസായശാലകളും തോട്ടങ്ങളും തുറക്കുന്നതിന് ഫിക്സഡ്ചാര്‍ജും മിനിമം ഡിമാന്റ്ചാര്‍ജും ഒഴിവാക്കിയതുമടക്കം നിരവധി ജനക്ഷേമ നടപടികള്‍ക്ക് നേതൃത്വം കൊടുക്കാന്‍ കേരളത്തിനായി.

വൈദ്യുതി ബോര്‍ഡ് അതിനാവശ്യമായ ഉപകരണങ്ങള്‍ പരമാവധി കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങളില്‍ നിന്നുതന്നെ വാങ്ങാന്‍ തീരുമാനിച്ചതിലൂടെ നഷ്ടത്തിലായിരുന്ന ഒട്ടേറെ സ്ഥാപനങ്ങള്‍ മെച്ചപ്പെട്ടു പ്രവര്‍ത്തിക്കുന്നതിന് കാരണമായി. കൊല്ലത്തെ മീറ്റര്‍ കമ്പനി, ടെല്‍ക്ക്, കെല്‍, ട്രാക്കോ കേബിള്‍സ് തുടങ്ങിയ സ്ഥാപങ്ങളൊക്കെ ഈ നയത്തിന്റെ നേട്ടമനുഭവിച്ച സ്ഥാപനങ്ങളാണ്.

എല്ലാപ്രദേശത്തും നിശ്ചിത വോള്‍ട്ടേജ് ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിക്കുകയും അതിലുള്ള പരാതികള്‍ പരിഹരിക്കുന്നതിന് 2010 ല്‍ വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ വോള്‍ട്ടേജ് അദാലത്തുകളും രാജ്യത്തിനാകെ മാതൃകയായ പരിപാടിയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വൈദ്യുതി ഉപഭോക്താക്കളുടെ പരാതികളാകെ പരിഹരിച്ച് "പരാതി രഹിത വൈദ്യുതി ബോര്‍ഡ്" ആയി മാറുന്നതിന് 2011 ജനുവരിയില്‍ നടത്തിയ ജനകീയ വൈദ്യുതി അദാലത്തുകള്‍. വര്‍ഷങ്ങളോളം പഴക്കമുള്ള നിരവധി പരാതികള്‍ തീര്‍പ്പുകല്‍പ്പിച്ച് ജനങ്ങളുടെ സ്വന്തം സ്ഥാപനമായി മാറാന്‍ ഇതോടെ വൈദ്യുതി ബോര്‍ഡിനായി. ഊര്‍ജ സംരക്ഷണ അവാര്‍ഡ്, പവര്‍ എക്സലന്‍സ് അവാര്‍ഡ് തുടങ്ങി കേരളത്തിലെ വൈദ്യുതി മേഖല ദേശീയതലത്തില്‍ ആദരിക്കപ്പെടുന്ന നിരവധി സന്ദര്‍ഭങ്ങളുണ്ടായി. സാമ്പത്തിക കാര്യക്ഷമതയില്‍ കേരളം ഇന്ത്യയിലെ രണ്ടാമത്തെ പവര്‍ യൂട്ടിലിറ്റിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇങ്ങനെ വൈദ്യുതി മേഖലയില്‍ തുടര്‍ച്ചയായ നേട്ടങ്ങളുടെ കാലമായിരുന്നു 2006 മുതല്‍ 2011 വരെ.

എന്നാല്‍ സര്‍ക്കാര്‍ മാറിയതോടെ കാര്യങ്ങളും മാറി. കേന്ദ്ര നയങ്ങള്‍ അതേ നിലയില്‍ പിന്തുടരുന്നു എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കി സ്വകാര്യവല്‍ക്കരണം ആവശ്യമാണ് എന്ന് ജനങ്ങളെക്കൊണ്ട് പറയിപ്പിക്കാനുള്ള ശ്രമമാണോ നടക്കുന്നതെന്നുപോലും സംശയിക്കേണ്ട നടപടികളാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. നേരത്തെ കണ്ടതുപോലെ സമ്പൂര്‍ണ വൈദ്യുതീകരണവും സൗജന്യകണക്ഷനുകളും നിര്‍ത്തലാക്കി മോഡല്‍ സെക്ഷന്‍ സങ്കല്‍പ്പം പോലും ഉപേക്ഷിക്കപ്പെടുകയാണ്. ഉപഭോക്താക്കളുടെ വര്‍ധനക്കനുസരിച്ച് തസ്തികകള്‍ സൃഷ്ടിക്കുന്നില്ല എന്നുമാത്രമല്ല വിരമിച്ച് ചെയ്തു പോകുന്ന അളവില്‍പ്പോലും നിയമനങ്ങള്‍ നടക്കുന്നില്ല. ജീവനക്കാരുടെ കുറവും സാധന സാമഗ്രികളുടെ ലഭ്യതയില്ലായ്മയും എല്ലാം ചേര്‍ന്ന് ഉപഭോക്തൃസേവനം താറുമാറാക്കി. ആവശ്യത്തിന് വൈദ്യുതി മീറ്ററുകള്‍ പോലും വാങ്ങുന്നില്ല. കേടുവന്ന മീറ്ററുകള്‍ മാറ്റിവയ്ക്കുന്നില്ല. സാധന ലഭ്യതക്കുറവ് അറ്റകുറ്റപ്പണികള്‍ താറുമാറാക്കി. അപകടങ്ങള്‍ പെരുകുന്ന സ്ഥിതിയും ഉണ്ടായി. അസിസ്റ്റന്റ് എന്‍ജിനിയര്‍, സീനിയര്‍ സൂപ്രണ്ട് തുടങ്ങിയ തസ്തികകളൊക്കെ ഒഴിഞ്ഞു കിടക്കുന്നതിനാല്‍ പല സെക്ഷന്‍ ഓഫീസുകളും നാഥനില്ലാത്ത സ്ഥിതിയിലായി. ജനങ്ങളും ബോര്‍ഡ് ജീവനക്കാരും തമ്മില്‍ നിലനിന്നിരുന്ന സൗഹൃദം അന്യമായി. സേവനങ്ങളിലെ അസംതൃപ്തി പലയിടത്തും ജനങ്ങളും ജീവനക്കാരും തമ്മിലുള്ള സംഘര്‍ഷങ്ങളിലേക്ക് നീങ്ങുന്ന സ്ഥിതിപോലും ഉണ്ടാകുന്നു.

വൈദ്യുതി ഉല്‍പാദന രംഗത്തും സ്ഥിതി ഇതുതന്നെ. പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍, തോട്ടിയാര്‍, ചത്തങ്കോട്ടുനട, വിലങ്ങാട് എന്നിങ്ങനെ നാം നടപ്പാക്കിവരുന്ന ഒട്ടുമിക്ക വൈദ്യുതി ഉല്‍പാദന പദ്ധതികളും മുടങ്ങിയ അവസ്ഥയിലോ ഇഴഞ്ഞുനീങ്ങുന്ന സ്ഥിതിയിലോ ആണ്. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ബോര്‍ഡുതലത്തിലുണ്ടാകുന്ന കാലതാമസവും ചില ഘട്ടങ്ങളില്‍ ഒരു തീരുമാനവും എടുക്കാതിരിക്കലുമാണ് പദ്ധതികള്‍ മുടങ്ങിക്കിടക്കുന്നതിന്റെ പ്രധാനകാരണം. ഉദാഹരണത്തിന് പള്ളിവാസല്‍ എക്സ്റ്റന്‍ഷനിലെ ടണല്‍ നിര്‍മാണം മണ്ണിടിച്ചില്‍ മൂലം മുടങ്ങിയത് 2011 ജൂലൈ മാസത്തിലാണ്. ഇത് പരിഹരിക്കാന്‍ ബോര്‍ഡിലേക്ക് സമര്‍പ്പിച്ച നിര്‍ദേശങ്ങളില്‍ രണ്ടര വര്‍ഷത്തോളമായി തീരുമാനമുണ്ടായിട്ടില്ല. 2011 ഡിസംബറില്‍ പണി തീരേണ്ട പദ്ധതിയായിരുന്നു അത്. പുതിയ ഉല്‍പാദന പദ്ധതികള്‍ കണ്ടെത്താന്‍ അവശ്യം നടക്കേണ്ട ഇന്‍വെസ്റ്റിഗേഷന്‍ പ്രവര്‍ത്തനങ്ങളും പൂര്‍ണ സ്തംഭനത്തിലാണ്. എവിടെയും ആവശ്യത്തിന് ജീവനക്കാരോ ഓഫീസര്‍മാരോ ഇല്ല. പല ഓഫീസുകളും അടച്ചുപൂട്ടിയിട്ടില്ല എന്നുമാത്രം.

വൈദ്യുതി ഉല്‍പാദനത്തില്‍ കേരളത്തിന് ഏറെ പ്രതീക്ഷ നല്‍കിയ ഒന്നായിരുന്നു ബൈതരണി കല്‍ക്കരിപ്പാടം. ഖനന നടപടികളില്‍ പുരോഗതിയില്ല എന്നപേരില്‍ കേന്ദ്ര സര്‍ക്കാര്‍ ആ പാടം തിരിച്ചെടുത്തു. ഇക്കാര്യത്തില്‍ ഒരു ഇടപെടലും സംസ്ഥാനത്തിന്റെ ഭാഗത്തു നിന്നു ണ്ടായില്ല. വൈദ്യുതി ഉല്‍പാദന രംഗത്ത് കുറേ പ്രകൃതിവാതക നിലയങ്ങള്‍ നിര്‍മിക്കാന്‍ പോകുന്നുവെന്ന് ഇടക്കിടെ വൈദ്യുതി മന്ത്രി പ്രസ്താവിക്കാറുണ്ട്. പക്ഷേ ഇങ്ങനെ പറഞ്ഞു പോകുന്നതല്ലാതെ നിലയങ്ങളുടെ സാധ്യതാപഠനങ്ങള്‍ പോലും ഏറ്റെടുക്കപ്പെട്ടിട്ടില്ല. ചീമേനി താപവൈദ്യുതി നിലയം എമര്‍ജിങ് കേരളയില്‍ വില്‍പ്പനക്കുവച്ചതു മാത്രമാണ് സര്‍ക്കാരില്‍ നിന്നുണ്ടായ ഏക നടപടി. ഭാഗ്യത്തിന് അത് മാധ്യമങ്ങളില്‍ വിവാദമായതിനാല്‍ പദ്ധതിക്കുവേണ്ടി മാറ്റിവച്ചിരുന്ന 1621 ഏക്കര്‍ സ്ഥലം വിറ്റുകാശാക്കാന്‍ കഴിഞ്ഞില്ല എന്നു മാത്രം.

ജലവൈദ്യുതി പദ്ധതികള്‍ക്കെതിരെ നടക്കുന്ന പ്രചാരണങ്ങളെ പ്രതിരോധിക്കുന്നതിനോ കേരളത്തിന്റെ വര്‍ധിച്ചുവരുന്ന ഊര്‍ജാവശ്യകത പരിഹരിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിക്കുന്നതിനോ ബോര്‍ഡ് തലത്തില്‍ ഒരു ശ്രമവുമുണ്ടാവുന്നില്ല. പുറത്തുനിന്ന് വൈദ്യുതി വാങ്ങി കാര്യങ്ങള്‍ നിറവേറ്റാം അല്ലെങ്കില്‍ വൈദ്യുതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താം എന്ന നിലയിലാണ് ബോര്‍ഡ് അധികൃതര്‍ ചിന്തിക്കുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ ഏര്‍പ്പെട്ട വൈദ്യുതി വാങ്ങല്‍ കരാറുകള്‍ റദ്ദാക്കിയതും ഊര്‍ജ മാനേജ്മെന്റില്‍ വന്ന പിഴവുകളും 2011 ല്‍ത്തന്നെ കടുത്ത വൈദ്യുതി നിയന്ത്രണങ്ങളിലേക്ക് കേരളത്തെ എത്തിച്ചു. 2012-13ല്‍ ഉണ്ടായ കടുത്ത വരള്‍ച്ചകൂടിയായപ്പോള്‍ സ്ഥിതി രൂക്ഷമായി. കടുത്ത വൈദ്യുതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും പിടിച്ചു നില്‍ക്കാനാകാത്ത അവസ്ഥയിലേക്കാണ് കേരളം പോയത്.

എന്നാല്‍ ഇതു സംബന്ധിച്ച് ഇപ്പോള്‍ പുറത്തുവരുന്ന ചില വിവരങ്ങള്‍ ഗൗരവമുള്ളതാണ്. പ്രതിസന്ധി പരിഹരിക്കാന്‍ ദേശീയ കമ്പോളത്തില്‍ നിന്ന് വൈദ്യുതി വാങ്ങിയതുമായി ബന്ധപ്പെട്ട് വരുന്ന കണക്കുകളാണ് സംശയമുണ്ടാക്കുന്നത്. കേന്ദ്ര വൈദ്യുതി റഗുലേറ്ററികമീഷന്‍ 2013 ജൂലൈയില്‍ പ്രസിദ്ധീകരിച്ച ഹ്രസ്വകാല വൈദ്യുതിക്കമ്പോളം സംബന്ധിച്ച റിപ്പോര്‍ട്ടില്‍ ദേശീയ ശരാശരിയിലും വളരെ ഉയര്‍ന്ന വിലക്കാണ് കേരളം വൈദ്യുതി വാങ്ങിയത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബൈലാറ്ററല്‍ ട്രേഡിങ്ങില്‍ കെഎസ്ഇബി യൂണിറ്റിന് ശരാശരി 5.16 രൂപ വിലയ്ക്ക് വൈദ്യുതി വാങ്ങിയപ്പോള്‍ അഖിലേന്ത്യാതലത്തില്‍ ശരാശരി വില 4.33രൂപ മാത്രമായിരുന്നു. ഇന്ത്യന്‍ എനര്‍ജി എക്സ്ചേഞ്ചിലെ ഡെ എഹഡ് മാര്‍ക്കറ്റില്‍നിന്ന് കേരളം യൂണിറ്റിന് ശരാശരി 6.67രൂപക്ക് വൈദ്യുതി വാങ്ങിയപ്പോള്‍ അഖിലേന്ത്യാ ശരാശരി വില കേവലം യൂണിറ്റിന് 3.67രൂപ മാത്രമായിരുന്നു. പവര്‍ എക്സ്ചേഞ്ച് ഓഫ് ഇന്ത്യാലിമിറ്റഡില്‍ നിന്നുള്ള ഡെ എഹഡ് മാര്‍ക്കറ്റില്‍നിന്ന് കേരളം വൈദ്യുതി വാങ്ങിയത് യൂണിറ്റിന് ശരാശരി 5.72രൂപ നിരക്കിലാണ്. അവിടെ ശരാശരി വില 3.55 രൂപ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇങ്ങനെ എല്ലാ നിലയിലും വലിയ വിലകൊടുത്താണ് കേരളം വൈദ്യുതി വാങ്ങിയത് എന്ന കണക്കാണ് കേന്ദ്ര റഗുലേറ്ററി കമീഷന്റെ റിപ്പോര്‍ട്ടില്‍നിന്ന് വ്യക്തമാകുന്നത്. ഇത് എങ്ങനെ സംഭവിച്ചുവെന്ന പരിശോധന അനിവാര്യമല്ലേ?

കേരളത്തില്‍ വൈദ്യുതി ഉല്പാദന നിലയങ്ങള്‍ സ്ഥാപിക്കേണ്ടതില്ല, വൈദ്യുതി വാങ്ങി ആവശ്യങ്ങള്‍ നിറവേറ്റാം എന്നതാണ് ഇന്ന് ബോര്‍ഡിനെ നയിക്കുന്ന സമീപനം. എന്നാല്‍ വാങ്ങല്‍ നടപടിയില്‍പ്പോലും കൃത്യമായ പഠനമോ ആസൂത്രണമോ നടത്താന്‍ നമ്മള്‍ തയ്യാറാകുന്നില്ല. സ്വന്തമായ ഉല്‍പാദന സാധ്യതകളില്ലാതാകുന്നതോടെ വൈദ്യുതി കമ്പോളത്തിലും നമുക്ക് നിയന്ത്രണമില്ലാതാകുന്നു. കിട്ടുന്ന വിലയ്ക്ക് കിട്ടുന്നിടത്തുനിന്ന് വൈദ്യുതി വാങ്ങുക, പറ്റാവുന്ന വിലയ്ക്ക് വില്‍ക്കുക എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇതാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സംഭവിച്ചതും. പക്ഷേ ഇതുകൊണ്ടുണ്ടായ നഷ്ടം ബോര്‍ഡിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കുന്ന സ്ഥിതിയാണുണ്ടാക്കിയത്. വൈദ്യുതി പ്രസരണ രംഗത്തും കടുത്ത സ്തംഭനാവസ്ഥയാണ് നിലനില്‍ക്കുന്നത്. വര്‍ഷം ശരാശരി 20 സബ്സ്റ്റേഷനുകള്‍ പൂര്‍ത്തിയായിരുന്ന കേരളത്തില്‍ കഴിഞ്ഞ രണ്ടര വര്‍ഷം കൊണ്ട് ഇരുപതു സബ്സ്റ്റേഷനുകള്‍ പോലും പൂര്‍ത്തിയായിട്ടില്ല. സബ്സ്റ്റേഷനുകളുടെ നിര്‍മാണം മുടങ്ങുന്നുവെന്നതുമാത്രമല്ല പ്രശ്നം. 2008 മുതല്‍ സംസ്ഥാനം ഒരു പ്രസരണ മാസ്റ്റര്‍പ്ലാന്‍ രൂപപ്പെടുത്തിവരുകയായിരുന്നു. ഈ പൊതു ധാരണയില്‍ നിന്നായിരുന്നു പദ്ധതികള്‍ ഏറ്റെടുത്തിരുന്നത്. എന്നാല്‍ ആ സങ്കല്‍പ്പം തന്നെ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. പണി നടന്നുകൊണ്ടിരിക്കുന്ന സബ്സ്റ്റേഷനുകള്‍ ആവുന്ന മുറയ്ക്ക് പൂര്‍ത്തിയാക്കുക എന്നതിനപ്പുറം കൃത്യമായ ഒരു ട്രാന്‍സ്മിഷന്‍ പ്ലാനും നിലവിലില്ല. കൂടങ്കുളത്തുനിന്ന് കേരളത്തിലേക്ക് വൈദ്യുതി കൊണ്ടുവരുന്നതിന് നിര്‍മാണം തുടങ്ങിയ തിരുനെല്‍വേലി-കൊച്ചി 400 കെവി ലൈന്‍ ഉപേക്ഷിച്ച മട്ടാണ്. 400 കെവി പവര്‍ ഹൈവേ എന്ന സങ്കല്‍പ്പം കേള്‍ക്കാന്‍ പോലുമില്ല.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 33 മെഗാവാട്ട് കാറ്റാടി പദ്ധതികളടക്കം പാരമ്പര്യേതര ഊര്‍ജ മേഖലയില്‍ നല്ല ഇടപെടലായിരുന്നു നടന്നത്. അനര്‍ട്ടിനെ ശക്തിപ്പെടുത്തിയതിനോടൊപ്പം അക്ഷയ ഊര്‍ജവികസനത്തിന് ഒരു കമ്പനി ആരംഭിക്കുന്നതിനും നടപടി സ്വീകരിച്ചിരുന്നു. അനര്‍ട്ടിന്റെ ജില്ലാ ഓഫീസുകള്‍ കാര്യക്ഷമമാക്കുകയും ബ്ലോക്ക് അടിസ്ഥാനത്തില്‍ അക്ഷയ ഊര്‍ജ ഉപകരണങ്ങളുടെ പ്രദര്‍ശനത്തിനും വില്‍പ്പനയ്ക്കും സൗകര്യമുള്ള ഊര്‍ജ മാര്‍ട്ടുകള്‍ക്കും രൂപം കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ നടപടികളൊക്കെ ഉപേക്ഷിക്കപ്പെട്ട സ്ഥിതിയാണ് ഇന്നുള്ളത്. ഊര്‍ജ പ്രതിസന്ധി പരിഹരിക്കുന്നതിന് ഏക മാര്‍ഗം സോളാര്‍ മാത്രമാണെന്ന വലിയ പ്രചാരണമാണ് അടുത്തകാലത്തുണ്ടായത്. സര്‍ക്കാര്‍ സഹായവും ഇതിനുണ്ടായി. എന്നാല്‍ ഈ പ്രചാരണം അനുസരിച്ച് ഒരു ഡെലിവറി സംവിധാനവും ഉണ്ടാക്കിയതുമില്ല. ഈ ഡെലിവറി ഗ്യാപ്പ് ഉണ്ടായത് നാടുനീളെ തട്ടിപ്പ് നടത്താനുള്ള അവസരമായാണ് ചിലര്‍ കണ്ടത്.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെയടക്കം പിന്തുണകൂടി കിട്ടിയതോടെ സരിതബിജുമാര്‍ക്ക് ഈ രംഗത്ത് ഒട്ടേറെ ഇരകളെ കണ്ടെത്താനായി. അങ്ങനെ വൈദ്യുതി പ്രതിസന്ധി വലിയൊരു തട്ടിപ്പിന് ഉപയോഗിക്കപ്പെട്ടു. അതാണ് സോളാര്‍ തട്ടിപ്പ്. സര്‍ക്കാരുകളുടെ നയമാണ് ഒരു മേഖല ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുമോ ഇല്ലയോ എന്നു തീരുമാനിക്കുന്നത് എന്നതിന് കേരളത്തിന്റെ വൈദ്യുതി മേഖലയോളം നല്ല മറ്റൊരുദാഹരണമില്ല. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിവരുന്ന നവലിബറല്‍ നയങ്ങള്‍ ഈ മേഖലയെ ഗുരുതരപ്രതിസന്ധിയിലേക്കാണ് നയിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെ പ്രതിരോധിച്ചുവെന്നതാണ് കഴിഞ്ഞ ഇടതുപക്ഷമുന്നണി ഭരണകാലത്തെ നേട്ടങ്ങളുടെ അടിസ്ഥാനം. ഐക്യമുന്നണി സര്‍ക്കാര്‍ കേന്ദ്രനയങ്ങള്‍ പിന്തുടരാനാണ് ശ്രമിക്കുന്നത്. അത് അത്രത്തോളം ജനവിരുദ്ധമാകുകയും ചെയ്തിരിക്കുന്നു. ശക്തമായ ജനകീയ പ്രക്ഷോഭങ്ങളിലൂടെ മാത്രമേ ഈ ദുസ്ഥിതി മറികടക്കാനാവുകയുള്ളൂ.

*
എം ജി സുരേഷ് കുമാര്‍ ദേശാഭിമാനി വാരിക 06 ഒക്ടോബര്‍ 2013

Thursday, July 4, 2013

സൗരോര്‍ജ പദ്ധതി

സൗരോര്‍ജം (സോളാര്‍ എനര്‍ജി) എന്നു കേള്‍ക്കുമ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നടത്തിയ ഹിമാലയന്‍ തട്ടിപ്പാണ് ഓര്‍മയില്‍ വരുന്നത്. ഭീമമായ ഊര്‍ജപ്രതിസന്ധി നേരിടുന്ന കേരളത്തിന്റെ ഭാവിഊര്‍ജാവശ്യങ്ങള്‍ക്ക് വലിയൊരു പരിധിവരെ പരിഹാരമാകുന്ന ഊര്‍ജസ്രോതസ്സാണ് സൗരോര്‍ജം. പക്ഷേ, നമ്മുടെ ഭരണാധികാരികളുടെ പണക്കൊതിയുടെയും അഴിമതിയുടെയും അവിഹിത ഇടപാടുകളുടെയും ഫലമായി സൗരോര്‍ജം ഏതോ അവിശുദ്ധവസ്തുവാണെന്ന ധാരണ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. സൗരോര്‍ജ ഉല്‍പ്പാദനത്തിന്റെ രീതികളോ അതിന്റെ സാധ്യതകളോ വേണ്ടത്ര പ്രചരിപ്പിക്കപ്പെടാത്ത സാഹചര്യത്തില്‍ ഇതുപയോഗിച്ച് അഴിമതി നടത്താനും കൊള്ളലാഭം ഉണ്ടാക്കാനും തട്ടിപ്പുകാര്‍ നടത്തിയ ശ്രമമാണ് സൗരോര്‍ജ പ്രതിഭാസത്തെ ഭയപ്പാടോടെ കാണാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. തട്ടിപ്പുസംഘത്തിന് എല്ലാ ഒത്താശയുംചെയ്ത് മുഖ്യമന്ത്രിയുടെ ഓഫീസ്തന്നെ പ്രവര്‍ത്തിച്ചപ്പോള്‍ തട്ടിപ്പുകാര്‍ക്ക് ജനങ്ങളെ കബളിപ്പിക്കാനും വന്‍കൊള്ള നടത്താനും കഴിഞ്ഞു. ചുരുക്കത്തില്‍, കേരളത്തിന്റെ ഭാവിപ്രതീക്ഷയും ആശ്രയവുമാകുമായിരുന്ന പദ്ധതിയുടെ നല്ല വശങ്ങളെ ഇല്ലാതാക്കുന്ന അന്തരീക്ഷമുണ്ടാക്കിയത് എല്ലാ തട്ടിപ്പിനും അരുനിന്ന മുഖ്യമന്ത്രിയും ഭരണാധികാരികളും അവരുടെ കൂട്ടാളികളുമാണ്. ജനജീവിതത്തിനു മാത്രമല്ല, കേരളത്തിന്റെ വികസനത്തിനും സഹായകമാകേണ്ട പദ്ധതിയെ തട്ടിപ്പിന്റെ പര്യായമാക്കി അധഃപതിപ്പിച്ച ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും കേരളവും ഭാവിതലമുറയും മാപ്പുനല്‍കില്ല.

സൂര്യനില്‍നിന്നുള്ള ഊര്‍ജം ഉപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതിയാണ് സൗരോര്‍ജ പദ്ധതി. താപ-ആണവനിലയങ്ങള്‍ സംബന്ധിച്ച ആശങ്കകളോ പാരിസ്ഥിതിക പ്രത്യാഘാതങ്ങളോ ഒന്നുമില്ലാതെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന പദ്ധതി. മഴയുടെയും ജലലഭ്യതയുടെയും ഭീതിജനകമായ കുറവും താപ- ആണവ നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതിയുടെ വിലക്കൂടുതലും വികിരണപ്രശ്നങ്ങളുമൊക്ക കണക്കിലെടുക്കുമ്പോള്‍ ഏറ്റവും സ്വീകാര്യമായ ഒരു ബദല്‍ വൈദ്യുതോല്‍പ്പാദന സ്രോതസ്സായി ചൂണ്ടിക്കാണിക്കപ്പെടുന്നതാണ് സൗരോര്‍ജം. ചൈന, അമേരിക്ക, ജര്‍മനി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ വിജയകരമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയുമാണിത്. ജര്‍മനി 30,000 മെഗാവാട്ട് ഉല്‍പ്പാദനശേഷിയുള്ള സൗരോര്‍ജ പ്ലാന്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. അവരുടെ വൈദ്യുതിയാവശ്യത്തിന്റെ അഞ്ചിലൊന്ന് ഇതില്‍നിന്നാണ് കണ്ടെത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. നമ്മുടെ രാജ്യത്തും കേരളത്തിലും വിജയകരമായി നടപ്പാക്കാന്‍ കഴിയുന്നതാണ് ഈ പദ്ധതിയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായി പ്രവര്‍ത്തിച്ചാല്‍ അടുത്ത രണ്ടുമൂന്നു വര്‍ഷംകൊണ്ട് സംസ്ഥാനത്തെ മുഴുവന്‍ വീടുകള്‍ക്കും ആവശ്യമായ വൈദ്യുതി സൗരോര്‍ജ പ്ലാന്റുകള്‍ വഴി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. ഇപ്പോള്‍ നമുക്ക് ആവശ്യമുള്ളതിന്റെ 40 ശതമാനം വൈദ്യുതിമാത്രമാണ് നാം ഉല്‍പ്പാദിപ്പിക്കുന്നത്. ബാക്കി കണ്ടെത്തുന്നത് കേന്ദ്രവിഹിതത്തില്‍നിന്നും പുറമെനിന്ന് വാങ്ങിയുമാണ്. പുറമെനിന്ന് വാങ്ങുന്ന വൈദ്യുതിക്കാകട്ടെ വലിയ വില നല്‍കേണ്ടിവരുന്നു. ഈ പശ്ചാത്തലത്തിലാണ് സൗരോര്‍ജത്തിന്റെ സാധ്യതകള്‍ക്ക് പ്രസക്തിയേറുന്നത്.

പ്രതിവര്‍ഷം ശരാശരി 300 ദിവസമെങ്കിലും നല്ല സൂര്യപ്രകാശം നമുക്ക് ലഭിക്കുന്നുണ്ട്. സംസ്ഥാനത്ത് 85 ലക്ഷത്തോളം വീടുകളുണ്ടെന്നാണ് കണക്ക്. വീടുകള്‍ക്കു പുറമെ സ്കൂളുകള്‍, ഓഫീസുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ഫാക്ടറികള്‍ എന്നിവിടങ്ങളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കാം. പാറശാല മുതല്‍ മഞ്ചേശ്വരംവരെ 700 കിലോമീറ്ററോളം ദൂരം വരുന്ന ദേശീയപാതയിലും തിരുവനന്തപുരം മുതല്‍ അങ്കമാലിവരെ എംസി റോഡിലെ 240 കിലോമീറ്റര്‍ റോഡിലും ആയിരക്കണക്കിന് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അനുബന്ധ റോഡുകളിലും സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാവും. ഇതിനു പുറമെ നമ്മുടെ കായലുകള്‍, റിസര്‍വോയറുകള്‍ എന്നിവിടങ്ങളില്‍ ചങ്ങാടങ്ങളിട്ട് അവയില്‍ പാനല്‍ സ്ഥാപിക്കാം. ഇടുക്കി ഡാമിന് 60 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട്. ഇതിന്റെ മൂന്നിലൊന്ന് സ്ഥലത്ത് പാനല്‍ സ്ഥാപിച്ചാല്‍ 2000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഒരു കിലോവാട്ട് സൗരോര്‍ജ പാനലും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കാന്‍ ശരാശരി രണ്ടുലക്ഷം രൂപയാണ് ചെലവുവരുന്നത്. ഇതില്‍ കേന്ദ്രത്തില്‍നിന്ന് 53,262 രൂപയും സംസ്ഥാനത്തുനിന്ന് 39,000 രൂപയുമടക്കം മൊത്തം 92,262 രൂപ സബ്സിഡി ലഭിക്കും. അതായത് മൊത്തം ചെലവിന്റെ പകുതി മാത്രമേ സൗരോര്‍ജ പാനല്‍ സ്ഥാപിക്കാന്‍ ഒരു കുടുംബം മുടക്കേണ്ടി വരികയുള്ളൂ.

അനര്‍ട്ടിന്റെ പട്ടികയില്‍പ്പെടുത്തിയ 24 കമ്പനികളില്‍ നിന്ന് പാനല്‍ വാങ്ങണമെന്നുമാത്രം. ഒരു കിലോവാട്ട് പാനല്‍ സ്ഥാപിക്കാന്‍ 10 ചതുരശ്ര മീറ്റര്‍ സ്ഥലം മതി. ഇത് വീടിനു മുകളില്‍ സ്ഥാപിച്ചാല്‍ പ്രതിദിനം 3-4 യൂണിറ്റ് വൈദ്യുതി ഉണ്ടാക്കാനാവും. വര്‍ഷം ശരാശരി 1000-1200 യൂണിറ്റ്. മാസം 100 യൂണിറ്റ് മാത്രം ഉപയോഗിക്കുന്ന വീടുകള്‍ക്ക് കെഎസ്ഇബിയുടെ വൈദ്യുതി വാങ്ങുകയേ വേണ്ടിവരില്ലെന്നര്‍ഥം. കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കും അത് ആവശ്യമുള്ളവര്‍ക്കും കൂടുതല്‍ ശേഷിയുള്ള സൗരോര്‍ജ പാനല്‍ സ്ഥാപിക്കാവുന്നതാണ്. ഈ വൈദ്യുതി ബാറ്ററിയില്‍ ശേഖരിച്ചുവച്ച് രാത്രിയിലും ഉപയോഗിക്കാം. ഇങ്ങനെ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി വേണമെങ്കില്‍ കെഎസ്ഇബിയുടെ ലൈനിലേക്കും കൊടുക്കാന്‍ കഴിയും. അങ്ങനെ വരുമ്പോള്‍ ഈ വൈദ്യുതിയുടെ അളവ് കുറച്ചതിനു ശേഷമുള്ള വൈദ്യുതിക്കുമാത്രം ഉപയോക്താവ് കെഎസ്ഇബിക്ക് പണം നല്‍കിയാല്‍ മതി. കൂടുതല്‍ വൈദ്യുതി ലൈനിലേക്കു കൊടുത്താല്‍ അതിന്റെ വില ഉപയോക്താവിന് കെഎസ്ഇബിയില്‍നിന്ന് ലഭിക്കുകയുംചെയ്യും. ചുരുക്കത്തില്‍ ഓരോ വീടും വൈദ്യുതി ഉല്‍പ്പാദന കേന്ദ്രമാക്കാന്‍ കഴിയുന്ന അത്യന്തം ഭാവനാപൂര്‍ണമായ പദ്ധതിയാണിത്. എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെ കണക്കനുസരിച്ച് സംസ്ഥാനത്തെ 30 ലക്ഷം വീടുകളില്‍ ഇന്‍വെര്‍ട്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇന്‍വെര്‍ട്ടറുകളിലും സൗരോര്‍ജം ഉപയോഗിക്കാം. നിലവില്‍ ഉപയോഗിക്കുന്ന ഇന്‍വെര്‍ട്ടറും ബാറ്ററിയും തന്നെ ഇതിനു മതിയാകും. ഇങ്ങനെ ചെയ്താല്‍ വൈദ്യുതി ഉപയോഗം കൂടുതലുള്ള പീക്ക് സമയത്ത് കെഎസ്ഇബിക്ക് 300 മെഗാവാട്ട് ലാഭിക്കാനാവും എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. യുപിഎസുകളിലും സൗരോര്‍ജം ഉപയോഗിക്കാന്‍ കഴിയും. ചുരുക്കത്തില്‍ അക്ഷയഖനിയായ സൗരോര്‍ജം ദീര്‍ഘവീക്ഷണത്തോടെ കുറ്റമറ്റ രീതിയില്‍ പ്രയോജനപ്പെടുത്തിയാല്‍ 2020 ആവുമ്പോഴേക്കെങ്കിലും നമ്മുടെ വൈദ്യുതിആവശ്യകതയുടെ ബഹുഭൂരിപക്ഷവും ഇതുവഴി നിവര്‍ത്തിക്കാനാവും. അതിന് പ്രതിജ്ഞാബദ്ധതയോടെ പദ്ധതി നടപ്പാക്കാനുള്ള ഇച്ഛാശക്തി സര്‍ക്കാരിനുണ്ടാകണം. സ്വന്തം കീശ വീര്‍പ്പിക്കാനുള്ള ഉപാധിയായി ഇതിനെ കാണാന്‍ പാടില്ല.

സൗരോര്‍ജ പാനല്‍ തട്ടിപ്പു നടത്തിയവരെയും അതിനു കൂട്ടുനിന്നവരെയും സൗകര്യങ്ങള്‍ ചെയ്തുകൊടുത്തവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം; അവര്‍ എത്ര ഉന്നതരായാലും. അങ്ങനെ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള ആശങ്കകള്‍ ഇല്ലാതാക്കാന്‍ കഴിയണം. നാടിന്റെയും ജനങ്ങളുടെയും ഭാവിക്ക് ഏറ്റവും അനുയോജ്യമായ ഊര്‍ജസ്രോതസ്സാണ് സൗരോര്‍ജ പദ്ധതി എന്ന ബോധം ജനങ്ങളില്‍ രൂഢമൂലമാക്കാന്‍ കഴിയണം. അതിന് പദ്ധതിയുടെ നല്ല വശങ്ങളെപ്പറ്റി വ്യാപകമായ ബോധവല്‍ക്കരണം നടത്തണം. മഴവെള്ളക്കൊയ്ത്തിന്റെ ഭാഗമായി പുതുതായി പണിയുന്ന വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നേരത്തെ മഴവെള്ള സംഭരണി നിര്‍ബന്ധമാക്കിയതുപോലെ സൗരോര്‍ജ പാനലുകളും നിര്‍ബന്ധമാക്കുന്നതിനെപ്പറ്റിയും സര്‍ക്കാരിന് ആലോചിക്കാവുന്നതാണ്.

*
വി എസ് അച്യുതാനന്ദന്‍ ദേശാഭിമാനി

Friday, May 3, 2013

വൈദ്യുതിയുടെ രാഷ്ട്രീയം

കടിഞ്ഞാണ്‍ പൊട്ടിച്ചുള്ള കേന്ദ്ര യുപിഎ സര്‍ക്കാരിന്റെ ഉദാരീകരണനയവും സംസ്ഥാന യുഡിഎഫ് സര്‍ക്കാരിന്റെ ദാസ്യമനോഭാവത്തോടെയുള്ള അതിന്റെ നടപ്പാക്കലും ചേര്‍ന്ന് ജനജീവിതത്തെ ദുരന്തമാക്കിത്തീര്‍ക്കുന്നതിന്റെ പുതിയ ദൃഷ്ടാന്തമാണ് ദുസ്സഹമായ വൈദ്യുതിനിരക്ക് വര്‍ധന. ഇടയ്ക്കിടെയുള്ള വൈദ്യുതിനിരക്കുവര്‍ധനാപരമ്പര ഇവിടെ അവസാനിക്കുന്നില്ല; ഇതേക്കാള്‍ വലിയ ആഘാതം സൃഷ്ടിച്ച് തുടരാന്‍ പോവുകയാണ്; വൈദ്യുതി സാധാരണക്കാരന് അപ്രാപ്യമാവുകയാണ്. സ്വകാര്യ വൈദ്യുതി കമ്പോളത്തിന് കൊള്ളലാഭമുണ്ടാക്കിക്കൊടുക്കുകയും ഇന്ധന ഇറക്കുമതി ഉയര്‍ന്ന നിരക്കിലാക്കുകയും ചെയ്ത് ഉദാരവല്‍ക്കരണത്തിന്റെ പേരില്‍ കേന്ദ്രം ആവിഷ്കരിച്ച നയങ്ങളും അവയെ എതിര്‍പ്പുകൂടാതെ നടപ്പാക്കുകയും ആഭ്യന്തര വൈദ്യുതോല്‍പ്പാദനം ഏതാണ്ട് പാടേ ഉപേക്ഷിക്കുകയുംചെയ്ത സംസ്ഥാനസര്‍ക്കാര്‍ നടപടികളുമാണ് വൈദ്യുതിരംഗത്തെ ഈ വിധത്തിലാക്കിയത്.

2003ല്‍ കേന്ദ്രം ഒരു വൈദ്യുതി നിയമമുണ്ടാക്കി. ഓരോ വര്‍ഷത്തെയും വരവും ചെലവും കണക്കാക്കി കമ്മി നികത്താന്‍ പാകത്തില്‍ നിരക്കുവര്‍ധിപ്പിക്കുക, മുന്‍വര്‍ഷ കമ്മിയുണ്ടെങ്കില്‍ അതും നിരക്ക് വര്‍ധിപ്പിച്ച് നികത്തിക്കൊള്ളുക. ഇതാണ് കേന്ദ്രനിയമം നിഷ്കര്‍ഷിക്കുന്നത്. ഈ നിയമം ഒരുവശത്ത് പാസാക്കിയെടുത്തിട്ട് മറുവശത്ത് സംസ്ഥാന വൈദ്യുതിബോര്‍ഡുകളെ കരകയറാനാകാത്ത കമ്മിയിലേക്ക് തുടരെ തള്ളാനുള്ള മാര്‍ഗങ്ങള്‍ ആവിഷ്കരിച്ചു നടപ്പാക്കി. ഇറക്കുമതി ഇന്ധനവില ക്രമാതീതമായി ഉയര്‍ത്തുക, സ്വകാര്യ സംരംഭകരെ കൊഴുപ്പിക്കാന്‍പാകത്തില്‍ കല്‍ക്കരി വില അനിയന്ത്രിതമായി ഉയര്‍ത്തി നിശ്ചയിക്കുക തുടങ്ങിയവയാണ് നടപടികള്‍. ഉല്‍പ്പാദനച്ചെലവുമായി ഒരു താരതമ്യവുമില്ലാത്തവിധത്തില്‍ വൈദ്യുതിയുടെ വില്‍പ്പന വില നിശ്ചയിച്ചത് ഇതിന്റെ ഭാഗമാണ്. യൂണിറ്റിന് മൂന്നുരൂപയില്‍ താഴെമാത്രം ഉല്‍പ്പാദനച്ചെലവുള്ള താപവൈദ്യുതിയുടെ വില പതിനാറിനും പതിനെട്ടിനുമിടയിലാക്കി ഉയര്‍ത്തി നിശ്ചയിച്ചു. വൈദ്യുതി വാങ്ങേണ്ട സംസ്ഥാന ബോര്‍ഡുകളെ ഇത് കടുത്ത പ്രതിസന്ധിയിലാക്കി. സ്വകാര്യ കമ്പോളക്കാരായ അദാനി, ടാറ്റ, ജിഎംആര്‍, ലാന്‍കോ, റിലയന്‍സ് തുടങ്ങിയവയ്ക്ക് കൊള്ളലാഭമുണ്ടാക്കാന്‍വേണ്ടിയാണത് ചെയ്തത്. ഇത്തരം നടപടികളാണ് വൈദ്യുതിബോര്‍ഡിന്റെ കമ്മി തുടര്‍ച്ചയായി വര്‍ധിപ്പിച്ചത്.

അടുത്ത വര്‍ഷത്തേക്ക് 8496 കോടിയുടെ വരവും 9546 കോടിയുടെ ചെലവുമാണ് കണക്കാക്കിയിട്ടുള്ളത്. അതായത് 1050 കോടിയുടെ കമ്മി. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലായുള്ള 1737 കോടിയുടെ കമ്മി വേറെ. ഇപ്പോള്‍ 642 കോടി രൂപ അധികമായി സംഭരിക്കാന്‍ പാകത്തിലുള്ള വൈദ്യുതിനിരക്ക് വര്‍ധനയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ വര്‍ധനയ്ക്കുശേഷവും 2145 കോടിയുടെ കമ്മി അവശേഷിക്കുമെന്നര്‍ഥം. അതായത് ഇപ്പോള്‍ ഉണ്ടായതിനേക്കാള്‍ പല മടങ്ങായി വൈദ്യുതി നിരക്കുവര്‍ധന തുടരും. ആ പ്രക്രിയയിലാണ് വൈദ്യുതി സാധാരണക്കാരന് അപ്രാപ്യമാവുക. കേന്ദ്രത്തിന്റെ നയവ്യതിയാനവും ആ വികലനയം നടപ്പാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടും ചേര്‍ന്നാണ് ഈ അവസ്ഥയുണ്ടാക്കിയത്. യുഡിഎഫ് അധികാരത്തില്‍ വന്നശേഷമുണ്ടായതാണ് ഈ കമ്മി എന്നതും ഓര്‍മിക്കണം. ഇറക്കുമതി ഇന്ധനം ഉല്‍പ്പാദിപ്പിക്കുന്ന ഇന്ധനവില അന്താരാഷ്ട്ര വിലയുമായി ചേര്‍ന്നുപോകുന്നതരത്തിലാക്കാനെന്ന പേരില്‍ രൂക്ഷമായി വര്‍ധിപ്പിച്ചു. സ്വകാര്യസംരംഭകരുടെ ആവശ്യം മുന്‍നിര്‍ത്തി കല്‍ക്കരിവില ഉയര്‍ത്തി നിശ്ചയിച്ചു. ഒരു വൈദ്യുതി കമ്പോളം നിലവില്‍കൊണ്ടുവരികയും അവിടെ ഉല്‍പ്പാദനച്ചെലവുമായി ബന്ധമില്ലാത്തവിധം വൈദ്യുതി വില കൂട്ടി നിശ്ചയിക്കുകയും ചെയ്തു.

കേരളത്തിന്റെ വൈദ്യുതി ഉപഭോഗത്തിന്റെ നാലിലൊന്ന് ഈ കമ്പോളത്തില്‍നിന്നാണ് വാങ്ങേണ്ടത്. കമ്പോളത്തെയോ സ്വകാര്യ ഉല്‍പ്പാദകരെയോ നിയന്ത്രിക്കാനല്ല, മറിച്ച് അവര്‍ക്ക് കൊള്ളലാഭമുണ്ടാക്കാന്‍പാകത്തില്‍ ഉയര്‍ന്ന വില നല്‍കാന്‍ സംസ്ഥാന വൈദ്യുതി സംവിധാനങ്ങളെ പ്രേരിപ്പിക്കുകയാണ് കേന്ദ്രംചെയ്തത്. അതുകൊണ്ടുണ്ടാവുന്ന താങ്ങാനാവാത്ത ചെലവ് ഉപഭോക്താക്കളെ പിഴിഞ്ഞ് ഉണ്ടാക്കിക്കൊള്ളണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഓരോ വര്‍ഷവും വൈദ്യുതിനിരക്ക് കൂട്ടിക്കൊള്ളാന്‍ പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയുടെ സമീപനരേഖയില്‍ മുതല്‍ സംസ്ഥാന വൈദ്യുതിമന്ത്രിമാരുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നടത്തിയ പ്രസംഗത്തില്‍വരെ പറയുന്നുണ്ട്. ഈ നയങ്ങളെല്ലാം കല്‍പ്പിക്കും മുമ്പുതന്നെ നടപ്പാക്കുന്ന വിധേയത്വ രാഷ്ട്രീയമാണ് യുഡിഎഫ് മന്ത്രിസഭയെ നയിക്കുന്നത്. സംസ്ഥാനത്തെ തകര്‍ക്കുകയും ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങളെ ഹനിക്കുകയും ചെയ്യുന്നതാണ് ഈ നയങ്ങളെന്ന് ഒരിക്കല്‍പോലും യുഡിഎഫ് മന്ത്രിസഭ കേന്ദ്രത്തോട് പറഞ്ഞില്ല.

കല്‍ക്കരിപ്പാട കുംഭകോണത്തിലൂടെയടക്കം കേന്ദ്രസര്‍ക്കാരിന്റെ നയത്തിലെ ഉള്ളിലിരുപ്പ് വ്യക്തമായിക്കഴിഞ്ഞശേഷവും എതിര്‍ത്തില്ല. എന്നുമാത്രമല്ല, ഈ വികലനയങ്ങള്‍ മത്സരിച്ച് നടപ്പാക്കുകകൂടി ചെയ്തു. സ്ഥിതി കൂടുതല്‍ വഷളാക്കാനെന്നോണം പുതിയ ജലവൈദ്യുതപദ്ധതികള്‍ ഏറ്റെടുക്കാതെയിരുന്നു; നിലവിലുള്ളത് മുന്‍ഗണന നല്‍കി നടപ്പാക്കാതെയുമിരുന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണി ഭരണകാലത്ത് ഊര്‍ജിതമായിരുന്ന പള്ളിവാസല്‍ എക്സ്റ്റെന്‍ഷന്‍, തോട്ടിയാര്‍, മാങ്കുളം തുടങ്ങിയ പദ്ധതികളൊന്നും പൂര്‍ത്തീകരിക്കാന്‍ ഒരു നടപടിയുമുണ്ടായില്ല. 250 മെഗാവാട്ട് വരുന്ന ഒട്ടേറെ പദ്ധതികള്‍ ഉപേക്ഷിച്ച നിലയിലായി. കേന്ദ്രം സൃഷ്ടിച്ച വിനാശകാരിയായ വൈദ്യുതികമ്പോളത്തിന്റെ പിടിയില്‍ പെടാതിരിക്കാന്‍ 1000 മെഗാവാട്ട് സ്വന്തമായി ഉല്‍പ്പാദിപ്പിക്കാന്‍ കേരളത്തിനു കഴിഞ്ഞാല്‍ മതിയായിരുന്നു. ഇതിനായി ഒഡിഷയില്‍ ഒരു കല്‍ക്കരിപ്പാടം വാങ്ങി അവിടെ വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് എത്തിക്കാനുള്ള പദ്ധതി എല്‍ഡിഎഫ് ഭരണം തുടങ്ങിവച്ചു. യുഡിഎഫ് അതും ഉപേക്ഷിച്ചു. അതേത്തുടര്‍ന്ന് കേന്ദ്രം ആ പാടം തിരികെയെടുത്തു. സൗരോര്‍ജംപോലുള്ള പാരമ്പര്യേതര സ്രോതസ്സുകളെ ആശ്രയിക്കാനുള്ള നീക്കവും ഉപേക്ഷിച്ചു. ഇനി കനത്ത മഴ കിട്ടിയാല്‍പോലും കേരളത്തിന് വൈദ്യുതി പ്രതിസന്ധിയില്‍നിന്ന് കരകയറാനാവില്ല എന്നതാണ് സ്ഥിതി. ഇന്ത്യയില്‍ എല്ലായിടത്തും ഒരേ വിലയ്ക്ക് പ്രകൃതിവാതകം ലഭ്യമാക്കുന്ന കാര്യം പരിശോധിക്കാന്‍ മന്ത്രിമാരുടെ ഒരു ഉന്നതാധികാരസമിതിയുണ്ട് കേന്ദ്രത്തില്‍. എ കെ ആന്റണിയാണ് അതിന്റെ അധ്യക്ഷന്‍. ആ സമിതി ഫലപ്രദമായി പ്രവര്‍ത്തിച്ചാല്‍ ഒട്ടൊരു മാറ്റമുണ്ടാക്കാം. എന്നാല്‍, ആ സമിതിയും പ്രവര്‍ത്തിക്കുന്നില്ല. കേരളത്തിന്റെ മുമ്പില്‍ ഒന്നേ വഴിയുള്ളൂ. പൊതുമേഖലയെ ശക്തിപ്പെടുത്തി സ്വന്തം നിലയ്ക്ക് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുക. അങ്ങനെ വൈദ്യുതി കമ്പോളത്തിന്റെ നീരാളിപ്പിടിത്തത്തില്‍നിന്ന് രക്ഷനേടുക. പക്ഷേ, കേന്ദ്രനയങ്ങളെ അന്ധമായി പിന്തുടരുന്ന യുഡിഎഫ് സര്‍ക്കാര്‍ നേര്‍വിപരീതദിശയിലൂടെയാണ് നീങ്ങുന്നത്.

*
ദേശാഭിമാനി മുഖപ്രസംഗം 03 മെയ് 2013

Monday, April 15, 2013

വൈദ്യുതി പ്രതിസന്ധി: മറ്റൊരു കമ്പോള സൃഷ്ടി

കേരളം വൈദ്യുതി പ്രതിസന്ധിയുടെ പിടിയിലാണ്. ദിവസം രണ്ടുതവണ പ്രഖ്യാപിത ലോഡ്ഷെഡ്ഡിംഗ്. കൂടാതെ അറ്റകുറ്റപ്പണികള്‍ക്കെന്ന പേരില്‍ വിതരണം നിര്‍ത്തിവെയ്ക്കല്‍. വ്യവസായങ്ങള്‍ക്കും വാണിജ്യസ്ഥാപനങ്ങള്‍ക്കും 20% മുതല്‍ 25% വരെ പവര്‍കട്ട്. 300 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഇരട്ടി ചാര്‍ജ്. കുത്തനെയുള്ള നിരക്ക് വര്‍ദ്ധനവ് കഴിഞ്ഞ ജൂലൈയില്‍ ഏര്‍പ്പെടുത്തിയ ശേഷം മറ്റൊരു വര്‍ദ്ധനവ് ഏപ്രില്‍ മാസത്തോടെ നിലവില്‍ വരുമെന്ന് വ്യക്തമായിരിക്കുന്നു. മുന്‍കാലങ്ങളില്‍നിന്നും വ്യത്യസ്തമായി നിരക്ക് വര്‍ദ്ധനവിന്റെ ഭാരമേറെയും ഗാര്‍ഹിക ഉപഭോക്താക്കളാവും ഇത്തവണ പേറേണ്ടി വരിക. നിരക്ക് വര്‍ദ്ധനവ് ഏര്‍പ്പെടുത്തിയാലും വൈദ്യുതി ബോര്‍ഡിന്റെ സാമ്പത്തിക പ്രയാസങ്ങള്‍ തീരില്ലെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.

വൈദ്യുതിക്ഷാമത്തിന്റെയും സാമ്പത്തിക കുഴപ്പത്തിന്റെയും ദ്വിമാന പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ഗവണ്‍മെന്‍റ് പ്രധാനമായും രണ്ട് ന്യായീകരണങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. ഒന്ന്, മഴക്കുറവാണ്. രണ്ട്, രാജ്യമാകെ വൈദ്യുതി പ്രതിസന്ധിയിലാണ്. രണ്ടാമത്തെ വാദത്തിലൂടെ കേരളത്തേക്കാള്‍ മോശം സ്ഥിതിയിലാണ് ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളുമെന്ന (അഥവാ നാം മറ്റുള്ളവരേക്കാള്‍ മെച്ചമെന്ന) സമാശ്വാസം പകരാനാണ് ഗവണ്‍മെന്‍റ് ശ്രമിച്ചു കാണുന്നത്. ഇത്തവണ മഴക്കുറവ് ചില പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും അതു മാത്രമല്ല പ്രശ്നമെന്ന് വ്യക്തമാകാന്‍ ദീര്‍ഘമായ വിശകലനമൊന്നും ആവശ്യമില്ല. സാധാരണ മഴ ലഭിക്കുന്ന ഒരു വര്‍ഷം ജലവൈദ്യുത പദ്ധതികളില്‍നിന്നും പ്രതീക്ഷിക്കുന്ന ആകെ ഉല്‍പാദനം 6500 ദശലക്ഷം മുതല്‍ 7000 ദശലക്ഷം യൂണിറ്റ് വരെ വൈദ്യുതിയാണ്. വരുന്ന വര്‍ഷം ഈ തോതില്‍ ഉല്‍പാദനം പ്രതീക്ഷിക്കുമ്പോള്‍പോലും കണക്കാക്കുന്ന വൈദ്യുതി കമ്മി 3628 1 ദശലക്ഷം യൂണിറ്റിേന്‍റതാണ്. കൂടംകുളം നിലയത്തില്‍നിന്നുള്ള വൈദ്യുതിയുടെ ലഭ്യത കണക്കിലെടുത്ത ശേഷമുള്ള കമ്മിയാണിത്. കേരളത്തിന്റെ രണ്ട് മാസത്തെ ആകെ വൈദ്യുതി ആവശ്യകതയ്ക്ക് തുല്യമാണ് ഈ കമ്മി. കമ്പോളത്തില്‍നിന്നും വൈദ്യുതി വാങ്ങി കമ്മി നികത്താമെന്ന പ്രതീക്ഷയാണ് ഗവണ്‍മെന്‍റ് പുലര്‍ത്തുന്നത്. രാജ്യമാകെ വൈദ്യുതി കമ്മി നിലനില്‍ക്കുമ്പോള്‍ കമ്പോളത്തില്‍നിന്നും മല്‍സരിച്ച് വൈദ്യുതി വാങ്ങി കമ്മി നികത്തുന്ന സമീപനം സമാനമായ പാത സ്വീകരിച്ച മറ്റ് സംസ്ഥാനങ്ങളുടെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കേണ്ടതുണ്ട്.

രണ്ടാമതായി ഗവണ്‍മെന്‍റ് ഉയര്‍ത്തിയിട്ടുള്ള വാദത്തില്‍ ചില വസ്തുതകളുണ്ട്. രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും കടുത്ത വൈദ്യുതിക്ഷാമത്തിന്റെ പിടിയിലാണ്. അടിക്കടിയുള്ള വൈദ്യുതി നിരക്ക് വര്‍ദ്ധനവ് എല്ലാ സംസ്ഥാനങ്ങളിലും നടക്കുന്നു. വന്‍ നഗരങ്ങളിലടക്കം മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ലോഡ് ഷെഡ്ഡിങ് പ്രാബല്യത്തിലുണ്ട്. വ്യവസായങ്ങള്‍ക്ക് പവര്‍ ഹോളിഡേയും പവര്‍കട്ടും ഏര്‍പ്പെടുത്തിയിരിക്കുന്നു. ഗ്രാമപ്രദേശങ്ങളില്‍ വൈദ്യുതി ലഭ്യമാകുന്ന സമയം തുലോം പരിമിതമാണ്. രാജ്യമഭിമുഖീകരിക്കുന്ന കടുത്ത വൈദ്യുതിക്ഷാമത്തിന്റെ പ്രകടിത രൂപങ്ങളിലൊന്നായിരുന്നു കഴിഞ്ഞ ജൂലൈ 30, 31 തീയതികളില്‍ അനുഭവപ്പെട്ട പവര്‍ ഗ്രിഡ് തകര്‍ച്ച. ലോകത്ത് അനുഭവപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും വലിയ ഗ്രിഡ് തകര്‍ച്ചയായിരുന്നു അത്. 60 കോടിയോളം ജനങ്ങളെ മണിക്കൂറുകളോളം ഇരുട്ടിലാഴ്ത്തുകയും ട്രെയിന്‍ ഗതാഗതമടക്കം രാജ്യത്തിന്റെ സമസ്ത പ്രവര്‍ത്തനത്തെയും സ്തംഭിപ്പിക്കുകയും ചെയ്ത തകര്‍ച്ച ദക്ഷിണേന്ത്യയൊഴികെ ഇന്ത്യയുടെ എല്ലാ മേഖലയേയും ബാധിച്ചു. ഈ സാഹചര്യത്തില്‍, പന്ത്രണ്ടാം പദ്ധതിക്കാലത്ത് പ്രതീക്ഷിക്കുന്ന 8 ശതമാനം ജിഡിപി വളര്‍ച്ചാനിരക്ക് കൈവരിക്കുന്നതില്‍ പ്രധാന തടസ്സമായി പ്ലാനിംഗ് കമ്മീഷന്‍ വിലയിരുത്തിയിരിക്കുന്നത് വൈദ്യുതിരംഗത്തെ പ്രശ്നങ്ങളാണ്.

വൈദ്യുതിക്ഷാമത്തിനൊപ്പം സാമ്പത്തിക പ്രതിസന്ധിയും ഭീമാകാര സ്വരൂപം കൈവരിച്ചിട്ടുണ്ട്. ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ വൈദ്യുതി വിതരണ സ്ഥാപനങ്ങളുടെ 2010-11 വരെയുള്ള നഷ്ടം 1.89 ലക്ഷം കോടി 2 രൂപയാണെന്നാണ് കണക്കാക്കിയിട്ടുള്ളത്. ദില്ലിയിലെ സ്വകാര്യ വിതരണ കമ്പനികള്‍ പൊതുമേഖലാ വൈദ്യുതി ഉല്‍പാദക സ്ഥാപനങ്ങളായ എന്‍ടിപിസിയില്‍നിന്നും ഡിവിസിയില്‍നിന്നും വൈദ്യുതി വാങ്ങിയ ഇനത്തില്‍ വന്‍ കുടിശ്ശിക വരുത്തിയിരിക്കുന്നു. വൈദ്യുതി തുടര്‍ന്ന് നല്‍കുന്നത് നിര്‍ത്തിവെക്കേണ്ടി വരുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ദില്ലി ഗവണ്‍മെന്‍റ് ധനസഹായം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പ്രതിസന്ധി താല്‍കാലികമായി ഒഴിവാകുകയായിരുന്നു. നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്നാട് അടക്കം ഒട്ടുമിക്ക സംസ്ഥാനങ്ങളിലെ വൈദ്യുതി വിതരണ സ്ഥാപനങ്ങളും വൈദ്യുതി വാങ്ങിയ ഇനത്തില്‍ വന്‍ കുടിശ്ശികയാണ് വരുത്തിയിട്ടുള്ളത്. ഈ സാഹചര്യം പുതിയ വൈദ്യുത ഉല്‍പാദന പദ്ധതികളെയും പ്രതികൂലമായി ബാധിച്ചിരിക്കുന്നു. പുതിയ പദ്ധതികള്‍ക്ക് വായ്പ നല്‍കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ വിസമ്മതിക്കുകയാണ്. വൈദ്യുതി വിതരണ സ്ഥാപനങ്ങള്‍ക്ക് റവന്യൂകമ്മി നികത്താന്‍ ഹ്രസ്വകാല വായ്പകള്‍ നല്‍കുന്നതിനും റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അസാധാരണമായ ഈ പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ഗവണ്‍മെന്‍റ് സാമ്പത്തിക പുനഃസംഘടനാ പാക്കേജ് പ്രഖ്യാപിച്ചത്. പാക്കേജില്‍ കേന്ദ്ര ഗവണ്‍മെന്‍റ് നല്‍കുന്ന നാമമാത്ര ധനസഹായത്തിന് പകരമായി എല്ലാ വര്‍ഷവും വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുക, വൈദ്യുതി വിതരണരംഗത്ത് സ്വകാര്യ പങ്കാളിത്തം കൊണ്ടുവരിക തുടങ്ങിയ നിബന്ധനകള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. കേന്ദ്ര ഗവണ്‍മെന്‍റിെന്‍റ നയസമീപനങ്ങള്‍ പിന്തുടരുന്ന സംസ്ഥാന ഗവണ്‍മെന്‍റ് ഈ വ്യവസ്ഥകളാകെ അംഗീകരിച്ചുകൊണ്ട് പാക്കേജിന്റെ ഭാഗമാകാന്‍ തീരുമാനിച്ചെങ്കിലും കേരള സമൂഹത്തിലുണ്ടായ അതിശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പിന്നോട്ടു പോകാന്‍ നിര്‍ബന്ധിതരായി. ഒട്ടാകെ 5 സംസ്ഥാനങ്ങള്‍ മാത്രമേ പാക്കേജിന്റെ ഭാഗമാകാന്‍ തയ്യാറായിട്ടുള്ളൂ എന്നത് കേന്ദ്ര ഗവണ്‍മെന്‍റിന്റെ നയസമീപനങ്ങളുടെ അസ്വീകാര്യത വെളിപ്പെടുത്തുന്നുണ്ട്.

വൈദ്യുതി രംഗത്ത് രണ്ട് ദശകത്തിലേറെയായി കേന്ദ്ര ഗവണ്‍മെന്‍റ് പിന്തുടരുന്ന നയസമീപനങ്ങളുടെ പാപ്പരത്തമാണ് പ്രതിസന്ധിയിലൂടെ വെളിപ്പെടുന്നത്. 1991ല്‍ നരസിംഹറാവുവിന്റെയും മന്‍മോഹന്‍ സിങ്ങിെന്‍റയും നേതൃത്വത്തില്‍ സ്വീകരിച്ച ആഗോളവല്‍കരണ നയങ്ങളുടെ ഭാഗമായി അന്ന് നിലവിലുണ്ടായിരുന്ന ഇലക്ട്രിസിറ്റി സപ്ലൈ ആക്ടില്‍ ഭേദഗതി വരുത്തിയാണ് സ്വകാര്യ വൈദ്യുതി ഉല്‍പാദനത്തിന് ഇന്ത്യയില്‍ അനുമതി നല്‍കിയത്. എന്‍റോണ്‍ ഉള്‍പ്പെടെയുള്ള ബഹുരാഷ്ട്ര ഭീമന്‍മാരെ ഇന്ത്യന്‍ വൈദ്യുതി രംഗത്തേയ്ക്ക് ആകര്‍ഷിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ നിരവധി അഴിമതി കുംഭകോണങ്ങള്‍ക്ക് വഴിവച്ചുവെന്നല്ലാതെ ശ്രദ്ധേയമായ ഉല്‍പാദന ശേഷി വര്‍ദ്ധനവ് സ്വകാര്യമേഖലയിലുണ്ടായില്ല. മാത്രവുമല്ല സ്വകാര്യമേഖലയ്ക്ക് നല്‍കിയ ഊന്നല്‍മൂലം ഇന്ത്യയുടെ വൈദ്യുതി ഉല്‍പാദന മേഖല മുരടിക്കുകയും ചെയ്തു. വിവിധ പഞ്ചവല്‍സര പദ്ധതിക്കാലയളവുകളിലെ വൈദ്യുതി ഉല്‍പാദന ശേഷി വര്‍ദ്ധനവിന്റെ ലക്ഷ്യവും നേട്ടവും താഴെ പട്ടികയില്‍ നല്‍കിയിട്ടുണ്ട്.

പട്ടിക

സ്വകാര്യമേഖലയെ വന്‍തോതില്‍ ആശ്രയിച്ചു തുടങ്ങിയ 1992 മുതല്‍ പദ്ധതി നേട്ടത്തിലുണ്ടായ വന്‍ ഇടിവ് ശ്രദ്ധേയമാണ്. ആഗോളവല്‍കരണ കാലഘട്ടത്തിന് മുമ്പ് പദ്ധതി ലക്ഷ്യത്തിന്റെ 84 ശതമാനം ശരാശരി നേട്ടം കൈവരിച്ചുവെങ്കില്‍ 1992 മുതലുള്ള കാലയളവില്‍ ശരാശരി നേട്ടം 59 ശതമാനമായി ചുരുങ്ങി. മാത്രമല്ല 7-ാം പദ്ധതിക്കാലത്തെ (1985-90) സ്ഥാപിത ശേഷി കൂട്ടിചേര്‍ക്കലിനൊപ്പമുള്ള (21,401 ങണ) നേട്ടം കൈവരിക്കാന്‍ തുടര്‍ന്നുള്ള മൂന്ന് പദ്ധതിക്കാലയളവിലും കഴിഞ്ഞില്ല. ഇക്കഴിഞ്ഞ 11-ാം പദ്ധതിക്കാലയളവില്‍ ഇന്ത്യന്‍ സ്വകാര്യമൂലധനത്തിന്റെ ലാഭക്കൊതിയൂറുന്ന നിക്ഷേപ ഫലമായി അല്‍പം ഭേദപ്പെട്ട നേട്ടം കൈവരിച്ചിട്ടുണ്ട്.

തൊണ്ണൂറുകളുടെ തുടക്കംമുതല്‍ വൈദ്യുതോല്‍പാദന ശേഷി വര്‍ദ്ധനവ് കൈവരിക്കുന്നതിനായി സ്വകാര്യമേഖലയെ ആശ്രയിച്ചതിന്റെ ഫലമാണ് ഇന്ത്യയൊട്ടാകെ ഇന്ന് അഭിമുഖീകരിക്കുന്ന കടുത്ത വൈദ്യുതി ക്ഷാമം. സ്വകാര്യമൂലധനത്തിന് ആവശ്യമായ പ്രചോദനം നല്‍കാന്‍ കഴിയാതിരുന്നതാണ് വൈദ്യുതി മേഖലയിലെ മുരടിപ്പിന് അടിസ്ഥാനം എന്നാണ് നവലിബറല്‍ നയങ്ങളിലൂന്നിയ ഭരണാധിപരുടെ കണ്ടെത്തല്‍. ഇതിന് പരിഹാരമായി വൈദ്യുതി മേഖലയെ കമ്പോളശക്തികള്‍ക്ക് വിട്ടുകൊടുക്കുക എന്ന സമീപനമാണവര്‍ തുടര്‍ന്ന് സ്വീകരിച്ചത്. 2000ല്‍ ഇതിനായുള്ള കരട് നിയമം തയ്യാറാക്കുകയും 2003ല്‍ പാര്‍ലമെന്‍റ് അത് അംഗീകരിക്കുകയും ചെയ്തു. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ മാത്രമാണ് വിനാശകരമായ ഈ നിയമനിര്‍മാണത്തിനെ ചെറുക്കാന്‍ ശ്രമിച്ചത്. കമ്പോളത്തിന് പാകമാകുംവിധം വൈദ്യുതി ബോര്‍ഡുകളെ വിഭജിച്ച് ഉല്‍പാദനത്തിനും പ്രസരണത്തിനും വിതരണത്തിനും പ്രത്യേകം കമ്പനികള്‍ക്ക് രൂപം നല്‍കുക, ഉല്‍പാദനമേഖലയുടെ ലൈസന്‍സിങ് ഒഴിവാക്കുക, ഒരേ പ്രദേശത്ത് ഒന്നിലധികം വിതരണ കമ്പനികള്‍ക്ക് ലൈസന്‍സ് അനുവദിക്കുക, പ്രസരണ-വിതരണ ലൈനുകളിലൂടെ ആര്‍ക്കും വൈദ്യുതി കടത്തികൊണ്ടുവരാന്‍ അനുമതി നല്‍കുക (ഓപ്പണ്‍ അക്സസ്), വൈദ്യുതിയുടെ വ്യാപാരം അനുവദിക്കുക, ക്രോസ് സബ്സിഡി ഒഴിവാക്കിയുള്ള സ്വതന്ത്രമായ നിരക്ക് നിര്‍ണയം നടപ്പാക്കുന്നതിന് അര്‍ദ്ധ ജുഡീഷ്യല്‍ അധികാരങ്ങളോടെയുള്ള റഗുലേറ്ററി കമ്മീഷനുകള്‍ക്ക് രൂപം കൊടുക്കുക തുടങ്ങിയവയാണ് ഈ നിയമനിര്‍മാണത്തിലൂടെ നടപ്പാക്കിയത്. സ്വകാര്യമേഖലയെ സ്വതന്ത്രമായി കടന്നുവരാന്‍ അനുവദിക്കുന്നതിലൂടെ മല്‍സരം ശക്തമാകുമെന്നും അതുവഴി വൈദ്യുതിരംഗത്തെ കാര്യക്ഷമത ഉയരുമെന്നും നഷ്ടം കുറയുമെന്നും വൈദ്യുതി നിരക്കുകള്‍ കുറച്ചു കൊണ്ടുവരാന്‍ കഴിയുമെന്നുമായിരുന്നു പ്രചരണം.

2005ല്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര ഗവണ്‍മെന്‍റ് ആവിഷ്കരിച്ച അള്‍ട്രാ മെഗാ പദ്ധതികളില്‍ ആദ്യമായി ലേലത്തിനുവെച്ച മദ്ധ്യപ്രദേശിലെ സഡന്‍ പദ്ധതി ഏറ്റെടുക്കാന്‍ മുന്നോട്ടുവന്ന ലാന്‍കോ ഒരു യൂണിറ്റിന് 1.19 രൂപ നിരക്കില്‍ വൈദ്യുതി നല്‍കാമെന്ന് വാഗ്ദാനം ചെയ്തതോടെ ഇന്ത്യന്‍ വൈദ്യുതി രംഗത്തെ വിപ്ലവത്തിന് നാന്ദി കുറിച്ചു എന്നായിരുന്നു ഗവണ്‍മെന്‍റ് പ്രചരണം. എന്നാല്‍ തുടക്കത്തില്‍ തന്നെ ഈ പദ്ധതി പാളി. ടെണ്ടറില്‍ കൃത്രിമത്വം കാട്ടിയതിന് ലാന്‍കോയെ അയോഗ്യരാക്കുകയും പകരം റിലയന്‍സിന് പദ്ധതി അനുവദിക്കുകയും ചെയ്തു. പദ്ധതി നടപ്പാക്കാനായി റിലയന്‍സിന് നല്‍കിയ മൂന്ന് കല്‍ക്കരിഖനികളില്‍നിന്നുള്ള കല്‍ക്കരി റിലയന്‍സിെന്‍റ തന്നെ മറ്റ് പദ്ധതികളിലേക്ക് വഴി തിരിച്ചുവിടാന്‍ അനുവദിച്ചതിനെതിരെ റ്റാറ്റ ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കയാണ്. സഡന്‍ പദ്ധതിയെക്കാള്‍ ഇരട്ടിയിലേറെ വിലയ്ക്ക് വൈദ്യുതി വില്‍ക്കാന്‍ കരാറായിട്ടുള്ള മറ്റ് റിലയന്‍സ് പദ്ധതികളിലേക്ക് കല്‍ക്കരി വഴിതിരിച്ച് വിടാന്‍ അനുമതി നല്‍കിയതിലൂടെ റിലയന്‍സിന് 29,033 കോടി രൂപയുടെ അനര്‍ഹമായ ആനുകൂല്യം നല്‍കിയെന്നാണ് സിഎജിയുടെ ഓഡിറ്റിലൂടെ വെളിപ്പെട്ടിരിക്കുന്നത്. സഡന്‍ പദ്ധതിയോടൊപ്പം റിലയന്‍സിന് അനുവദിച്ച മറ്റ് രണ്ട് പദ്ധതികളിലേയും 4 നിര്‍മാണം ഇപ്പോള്‍ സ്തംഭിച്ചിരിക്കയാണ്. ഇതോടൊപ്പം റ്റാറ്റയ്ക്ക് അനുവദിച്ച ഗുജറാത്തിലെ മുന്ധ്ര പദ്ധതിയിലെ വൈദ്യുതിക്ക് ഉയര്‍ന്ന നിരക്ക് ആവശ്യപ്പെട്ട് അവര്‍ റഗുലേറ്ററി കമ്മീഷനെ സമീപിച്ചിരിക്കയാണ്. മറ്റ് 8 പദ്ധതികള്‍ കൂടി ഇപ്രകാരം സ്വകാര്യമേഖലയ്ക്ക് അനുവദിക്കാന്‍ കേന്ദ്ര ഗവണ്‍മെന്‍റ് നിശ്ചയിച്ചിരുന്നെങ്കിലും അനുവദിച്ച നാല് പദ്ധതികളും വിവാദത്തിലായ പശ്ചാത്തലത്തില്‍ നടപടിക്രമങ്ങള്‍ ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കയാണ്.

സ്വകാര്യമേഖലയെ സജീവമാക്കുന്നതിനായി രൂപപ്പെടുത്തിയ കമ്പോളത്തിന്റെ പ്രവര്‍ത്തനത്തെ അറുപതിലധികം ട്രേഡിങ് കമ്പനികളും രണ്ട് പവര്‍ എക്സ്ചേഞ്ചുകളുമാണ് ഇപ്പോള്‍ പ്രധാനമായും നിയന്ത്രിക്കുന്നത്. വൈദ്യുതിക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ വിപണിയില്‍നിന്നും വന്‍ലാഭം നേടുന്നതിനാണ് സ്വകാര്യ വൈദ്യുതി ഉല്‍പാദകര്‍ സ്വാഭാവികമായും ശ്രമിച്ചത്. ഉല്‍പാദകര്‍ക്ക് ലൈസന്‍സ് ഒഴിവാക്കിയതിലൂടെ ഇവരുടെമേല്‍ ഗവണ്‍മെന്‍റിനും റഗുലേറ്ററി കമ്മീഷനുമുള്ള നിയന്ത്രണവും നഷ്ടപ്പെട്ടിരിക്കുന്നു. ഇതിന്റെ ഫലമായി പലപ്പോഴും കമ്പോളത്തിലെ വൈദ്യുതി നിരക്കുകള്‍ 16 രൂപയ്ക്കും മുകളിലേക്ക് ഉയരുകയാണ്. ദക്ഷിണേന്ത്യന്‍ കമ്പോളത്തില്‍ പകല്‍സമയത്ത് ഏകദേശം 8 രൂപ നിരക്കിലാണ് വൈദ്യുതി കൈമാറ്റം ചെയ്യുന്നത്. വൈകുന്നേരം നിരക്ക് വീണ്ടും ഉയരുകയും രാത്രി 12 മണിക്കുശേഷം അല്‍പമൊന്നു താഴുകയും ചെയ്യുന്ന പ്രവണതയാണുള്ളത്. പലപ്പോഴും യൂണിറ്റിന് 2 രൂപ മുതല്‍ 3 രൂപ വരെ ഉല്‍പാദനചിലവുള്ള വൈദ്യുതിയാണ് ഇപ്രകാരം കൊള്ള ലാഭമെടുത്ത് കൈമാറ്റം ചെയ്യപ്പെടുന്നത്.

2003ല്‍ വൈദ്യുതി നിയമം നിലവില്‍ വന്നതിനുശേഷമുള്ള കാലയളവില്‍ ഇതിന്റെ ഫലമായി ഇന്ത്യയിലെ വൈദ്യുതി വിതരണ സ്ഥാപനങ്ങളുടെ സാമ്പത്തിക നഷ്ടം കുമിഞ്ഞു കൂടുകയാണ്. ആഗോളവല്‍കരണ നയങ്ങള്‍ ശക്തിപ്പെടുത്തിയ 1991നും 2003നുമിടയില്‍ ഇന്ത്യയിലെ വൈദ്യുതി ബോര്‍ഡുകളുടെ ആകെ സാമ്പത്തിക നഷ്ടം 3,000 5 കോടി രൂപയില്‍ നിന്ന് 9,106 5 കോടി രൂപയായി വര്‍ദ്ധിച്ചു. ഇക്കാലയളവില്‍ വൈദ്യുതിക്ഷാമം ഇന്ത്യയില്‍ രൂക്ഷമാവുകയുമുണ്ടായി. 2003 മുതല്‍ കമ്പോളം സജീവമായതോടെ സംസ്ഥാനങ്ങളിലെ വൈദ്യുതി വിതരണ സ്ഥാപനങ്ങളുടെ ആകെ നഷ്ടം 2009-10 ആയതോടെ 63,548 5 കോടി രൂപയായാണ് വര്‍ദ്ധിച്ചത്. ഏറ്റവുമൊടുവില്‍ പ്ലാനിംഗ് കമ്മീഷന്‍ നിയോഗിച്ച ഷുങ്ങ്ളു കമ്മറ്റിയുടെ കണ്ടെത്തല്‍ പ്രകാരം നഷ്ടം 1.89 ലക്ഷം കോടി രൂപയായി കുത്തനെ വര്‍ദ്ധിച്ചിരിക്കുന്നു. കമ്പോള പ്രവര്‍ത്തനത്തിന്റെ ഫലമായി ഏതാനും സ്വകാര്യ വൈദ്യുതി ഉല്‍പാദകര്‍ വമ്പന്‍ലാഭം കൊയ്തപ്പോള്‍ ഉയര്‍ന്ന വിലയുടെ ഭാരം ഉപഭോക്താക്കള്‍ക്ക് നല്‍കാനാവാതെ പൊതുമേഖലയിലെ വൈദ്യുതി വിതരണ കമ്പനികള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നതാണ് ഇപ്പോള്‍ ഇന്ത്യന്‍ വൈദ്യുതിരംഗത്തെ പൊതുചിത്രം. കൊള്ളലാഭത്തിന്റെ സാധ്യതകള്‍ കണ്ടറിഞ്ഞ് വന്‍തോതില്‍ സ്വകാര്യ മൂലധന കുത്തൊഴുക്ക് ഉണ്ടായതിന്റെ പ്രാഥമിക സൂചനകളാണ്

11-ാം പദ്ധതിക്കാലത്ത് ഉല്‍പാദനശേഷി വര്‍ദ്ധനവില്‍ ഉണ്ടായ ചലനം. എന്നാല്‍ വിതരണ സ്ഥാപനങ്ങള്‍ പാപ്പരായതോടെ വൈദ്യുതി വാങ്ങിയതിനുള്ള പണം പോലും നല്‍കാന്‍ ഇവര്‍ക്കാവുന്നില്ല. ഇതോടെ നിര്‍മാണമാരംഭിച്ചതടക്കമുള്ള വിവിധ പദ്ധതികള്‍ സ്തംഭനാവസ്ഥയിലുമായി. ഈ കുരുക്കഴിക്കുന്നതിന്റെ ഭാഗമായിട്ടാണ് എല്ലാവര്‍ഷവും വൈദ്യുതിനിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന വ്യവസ്ഥയില്‍ സാമ്പത്തിക പുനഃസംഘടനാ പാക്കേജ് എന്ന കെണി കേന്ദ്ര ഗവണ്‍മെന്‍റ് മുന്നോട്ടുവച്ചിട്ടുള്ളത്. സാധാരണക്കാരുടെ കീശ കാലിയാക്കിയും സ്വകാര്യമേഖലയ്ക്ക് കമ്പോളത്തിലൂടെ കൊള്ളലാഭമെടുക്കാന്‍ അവസരമൊരുക്കണമെന്നാണ് കേന്ദ്ര ഗവണ്‍മെന്‍റ് നിഷ്കര്‍ഷിക്കുന്നത്. സ്വകാര്യമേഖലയെയോ കമ്പോളത്തെയോ നിയന്ത്രിക്കാന്‍ ചെറുവിരലനക്കാന്‍പോലും കേന്ദ്ര ഗവണ്‍മെന്‍റ് തയ്യാറാകുന്നില്ല.

വിനാശകരമായ ആഗോളവല്‍കരണ നയങ്ങള്‍ക്ക് വിജയകരമായ ബദലുണ്ട് എന്നാണ് കേരളത്തില്‍ കഴിഞ്ഞ രണ്ട് എല്‍ഡിഎഫ് ഗവണ്‍മെന്‍റുകള്‍ കാട്ടിത്തന്നത്. വന്‍തോതില്‍ വൈദ്യുതി ഉല്‍പാദനശേഷി പൊതുമേഖലയുടെ മുന്‍കയ്യില്‍ കൂട്ടിച്ചേര്‍ത്തും, ആസൂത്രണം കയ്യൊഴിഞ്ഞ് എല്ലാം കമ്പോളത്തിന് വിട്ടുകൊടുക്കുന്നതിനുപകരം വികേന്ദ്രീകൃത ആസൂത്രണം ശക്തിപ്പെടുത്തിയും കേരളത്തിന്റെ വൈദ്യുതിമേഖല വിജയകരമായൊരു ബദല്‍ കെട്ടിപ്പടുത്തു. വൈദ്യുതി ബോര്‍ഡിനെ വിഭജിക്കണമെന്ന ശാഠ്യത്തിന് വഴങ്ങാതെ പൊതുമേഖലയില്‍ സംരക്ഷിക്കാനാണ് ഗവണ്‍മെന്‍റ് താല്‍പര്യമെടുത്തത്. രാജ്യമാകെ 40 കോടിയിലധികം ജനങ്ങള്‍ക്ക് ഇനിയും വൈദ്യുതി കിട്ടാക്കനിയാകുമ്പോള്‍ 85 നിയമസഭാ മണ്ഡലങ്ങള്‍ സമ്പൂര്‍ണമായി വൈദ്യുതീകരിച്ച് കേരളം മാതൃകയായി. പാലക്കാട് ജില്ലയും തൊട്ടുപിറകേ തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളും ഇന്ത്യയില്‍ ആദ്യമായി സമ്പൂര്‍ണ വൈദ്യുതീകരണം സാധ്യമാക്കിയ ജില്ലകളായി. എല്ലാവിധ വൈദ്യുതി നിയന്ത്രണങ്ങളും ഒഴിവാക്കി മെച്ചപ്പെട്ട വോള്‍ട്ടേജില്‍ മികച്ച സേവന നിലവാരത്തോടെ വൈദ്യുതി വിതരണ രംഗം ശക്തമാക്കി. ആഗോളതാപനത്തെ ചെറുക്കുന്ന ശ്രമങ്ങളുടെ ഭാഗമായി മികച്ച ഊര്‍ജ്ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകള്‍ വികസിപ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. പ്രസരണ വിതരണ നഷ്ടം ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നായി കേരളം മാറി. ഇന്ത്യയാകെ വൈദ്യുതി വിതരണ സ്ഥാപനങ്ങളുടെ കടം കുമിഞ്ഞുകൂടിയപ്പോള്‍ കേരളത്തില്‍ 2006ലെ 4541 കോടി രൂപയില്‍നിന്നും 2011ല്‍ 1166 കോടി രൂപയായി കടം കുറച്ചുകൊണ്ടു വന്നു. ദേശീയതലത്തില്‍ നിരവധി അംഗീകാരങ്ങളും ഇതിന്റെ ഭാഗമായി കേരളത്തെ തേടിയെത്തി.

വിജയകരമായ ഈ ബദല്‍ നയം ഏറ്റെടുക്കുന്നതിനു പകരം കമ്പോളത്തേയും സ്വകാര്യമേഖലയെയും ആശ്രയിക്കുന്ന കേന്ദ്ര ഗവണ്‍മെന്‍റ് നയം പിന്തുടരാനാണ് ഇപ്പോള്‍ യുഡിഎഫ് ഗവണ്‍മെന്‍റ് ശ്രമിച്ചു കാണുന്നത്. ബോര്‍ഡിന്റെ പുനഃസംഘടനയ്ക്കും സ്വകാര്യപങ്കാളിത്തത്തിനും നടത്തുന്ന ധൃതഗതിയിലുള്ള നീക്കങ്ങള്‍ ഇതിന്റെ ഭാഗമാണ്. അടിയ്ക്കടിയുള്ള നിരക്ക് വര്‍ദ്ധനവും കടുത്ത വൈദ്യുതി നിയന്ത്രണവും ഈ നയങ്ങളുടെ കൂടെപ്പിറപ്പാണ്. രണ്ടു ദശകത്തിലേറെയായി ഇന്ത്യയില്‍ നടപ്പാക്കിയ ആഗോളവല്‍കരണ നയങ്ങളും അവയില്‍ത്തന്നെ കഴിഞ്ഞ പതിറ്റാണ്ടില്‍ ശക്തമാക്കിയ കമ്പോള പ്രവര്‍ത്തനവും ഇന്ത്യയുടെ വികസനത്തെ പിന്നോട്ടടിപ്പിക്കുകയും സാധാരണക്കാരന് വൈദ്യുതി കിട്ടാക്കനിയാക്കുകയും ആണ് ചെയ്യുന്നത്. ദീര്‍ഘമായ ഈ കാലയളവില്‍ ഈ നയങ്ങള്‍ രാജ്യത്തിന് എന്തെങ്കിലും നേട്ടമുണ്ടാക്കിയതായി കാണാന്‍ കഴിയില്ല. രാജ്യത്തിനും ജനങ്ങള്‍ക്കും കനത്ത നഷ്ടമുണ്ടാക്കിയ ഈ നയങ്ങള്‍ക്ക്ചുക്കാന്‍ പിടിച്ചവര്‍ പരാജയങ്ങള്‍ക്ക് ഉത്തരം പറയേണ്ടതുണ്ട്. എന്നാല്‍ ഇവര്‍ അതേ നയങ്ങള്‍ സംസ്ഥാനങ്ങളുടെമേല്‍ അടിച്ചേല്‍പിക്കാനും മറ്റ് മേഖലകളിലേക്ക് വ്യാപിപ്പിക്കാനും തീവ്രമായി ശ്രമിക്കുന്നതായാണ് കാണുന്നത്. ഇതിനെതിരായ ഇന്ത്യന്‍ ജനതയുടെ ചെറുത്തുനില്‍പ് വരുംനാളുകളില്‍ കൂടുതല്‍ ശക്തിപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം കേരളം വിജയകരമായി നടപ്പാക്കിയ ബദല്‍ നയങ്ങള്‍ ഇടര്‍ച്ച കൂടാതെ തുടരാന്‍ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളും അനിവാര്യമാകുകയാണ്.

*
ബി പ്രദീപ് ചിന്ത വാരിക 12 ഏപ്രില്‍ 2013

1. അവലംബം - കെഎസ്ഇബി റഗുലേറ്ററി കമ്മീഷനു സമര്‍പ്പിച്ച 2013-14ലേക്കുള്ള താരിഫ് പെറ്റീഷന്‍. 2. പ്ലാനിംഗ് കമ്മീഷന്‍ നിയോഗിച്ച വി കെ ഷുങ്ങ്ളു അധ്യക്ഷനായ ഉന്നതാധികാര സമിതി റിപ്പോര്‍ട്ടില്‍ കണക്കാക്കിയത്. 3. അവലംബം - ഇന്ത്യന്‍ വൈദ്യുതി സ്ഥാപനങ്ങള്‍ സംബന്ധിച്ച 2012ലെ പ്ലാനിംഗ് കമ്മീഷന്‍ റിപ്പോര്‍ട്ട്. 4. ആന്ധ്രപ്രദേശിലെ കൃഷ്ണപട്ടണം, ഝാര്‍ഖണ്ഡിലെ തിലയ്യ എന്നീ പദ്ധതികള്‍ 5. അവലംബം - പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ഇന്ത്യന്‍ വൈദ്യുതി വിതരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് തയ്യാറാക്കുന്ന വാര്‍ഷിക റിപ്പോര്‍ട്ടുകള്‍.

Sunday, April 14, 2013

നഷ്ടം സഹിക്കാന്‍ ജനങ്ങള്‍, കൊള്ളയടിക്കാന്‍ സ്വകാര്യമേഖല

വൈദ്യുതി നിരക്കിന്റെ പേരില്‍ ജനങ്ങളെ കൊള്ളയടിക്കുന്ന സ്വകാര്യ വൈദ്യുതി വിതരണ കമ്പനികള്‍ക്കും അതിന് ഒത്താശ ചെയ്യുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനുമെതിരെ ഡല്‍ഹിയില്‍ ശക്തമായ പ്രക്ഷോഭം നടക്കുന്ന സമയമാണിത്. ആം ആദ്മി പാര്‍ടിയുടെ നേതാവ് അരവിന്ദ് കെജ്രിവാള്‍ നിരാഹാര സമരത്തിലാണ്. അഞ്ച് ലക്ഷത്തോളം ഉപഭോക്താക്കള്‍ വൈദ്യുതിനിരക്ക് അടയ്ക്കാതെ പ്രതിഷേധ സമരത്തിലാണ്്. ഇതിന്റെ പേരില്‍ ലക്ഷക്കണക്കിനാളുകള്‍ക്ക് വൈദ്യുതി നിഷേധിച്ചിരിക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ വൈദ്യുതിനിരക്കില്‍ 30 ശതമാനത്തിലധികം വര്‍ധനവാണ് ഡല്‍ഹിയിലുണ്ടായത്. സ്വകാര്യവല്‍ക്കരണം നടന്ന് പത്ത് വര്‍ഷം പിന്നിടുമ്പോള്‍ ഡല്‍ഹിയിലെ വൈദ്യുതിനിരക്ക് മൂന്നിരട്ടിയിലധികം വര്‍ധിച്ചു. വൈദ്യുതി നിരക്ക് കുറയ്ക്കണമെന്ന് ഡല്‍ഹി വൈദ്യുതി റഗുലേറ്ററി അതോറിട്ടി നിര്‍ദ്ദേശിച്ചിട്ടും സ്വകാര്യ കമ്പനികള്‍ അത് കുറയ്ക്കാന്‍ തയ്യാറായിട്ടില്ല. ഏറ്റവുമൊടുവില്‍ 2013 മാര്‍ച്ചില്‍ വിതരണ കമ്പനികള്‍ ശരാശരി മൂന്ന് ശതമാനം നിരക്ക് കൂട്ടി.

സ്വകാര്യ കമ്പനികള്‍ക്ക് കൊള്ളലാഭമുണ്ടാക്കാന്‍ ഷീലാ ദീക്ഷിത് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്നും ഇതിന്റെ പിന്നില്‍ കോടികളുടെ അഴിമതിയുണ്ടെന്നും ആരോപണമുണ്ട്. എല്ലാ വര്‍ഷവും വൈദ്യുതിനിരക്ക് വര്‍ധിപ്പിക്കാന്‍ സ്വകാര്യ വിതരണ കമ്പനികളെ ഡല്‍ഹി സര്‍ക്കാര്‍ അനുവദിച്ചിരിക്കയാണ്. ഡല്‍ഹി ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്‍(ഡിഇആര്‍സി) പല തവണയും ഈ കമ്പനികളുടെ നിര്‍ദേശങ്ങള്‍ക്ക് കൂട്ടുനിന്നെങ്കിലും 23 ശതമാനം നിരക്ക് കുറയ്ക്കണമെന്ന് 2010ല്‍ വിതരണ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. അത് അനുസരിക്കാന്‍ കമ്പനികള്‍ തയ്യാറായില്ല. അവര്‍ക്ക് തോന്നുമ്പോഴെല്ലാം നിരക്ക് വര്‍ധിപ്പിക്കുകയാണ്. 2011ല്‍ 22 ശതമാനം നിരക്കുവര്‍ധന വരുത്തി. 2012 ഫെബ്രുവരിയില്‍ അഞ്ച് ശതമാനവും മെയ് മാസത്തില്‍ രണ്ട് ശതമാനവും ജൂലൈയില്‍ 26 ശതമാനവും നിരക്ക് വര്‍ധിപ്പിച്ചു. ഇക്കൊല്ലം മാര്‍ച്ചില്‍ മൂന്ന് ശതമാനവും വര്‍ധനവ് വരുത്തി. ഡല്‍ഹിയിലെ വൈദ്യുതി വിതരണ സംവിധാനമാകെ മെച്ചപ്പെടുത്തുമെന്നു പറഞ്ഞാണ് സ്വകാര്യവല്‍ക്കരണം നടപ്പാക്കിയത്. എന്നാല്‍ ആദ്യത്തെ മൂന്ന് വര്‍ഷത്തിനിടയില്‍ തന്നെ ജനങ്ങളുടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു.

വിവിഐപികള്‍ താമസിക്കുന്ന ന്യുഡല്‍ഹി ഏരിയയിലൊഴികെ മണിക്കൂറുകള്‍ നീളുന്ന പവര്‍കട്ട് സമ്മാനിക്കുന്ന വിതരണ കമ്പനികള്‍, ജനങ്ങളില്‍ നിന്ന് പണം കൊള്ളയടിക്കുന്നതില്‍ മാത്രം സാമര്‍ഥ്യം കാട്ടുകയാണെന്ന വിമര്‍ശനം ശക്തമായി. വൈദ്യുതി വിതരണ സംവിധാനത്തിനും നിരക്കുവര്‍ധനക്കുമെതിരായാണ് ഡല്‍ഹിയില്‍ ഇപ്പോള്‍ ഏറ്റവും ശക്തമായ സമരം നടക്കുന്നത്. വൈദ്യുതി പുനഃസംഘടന നടപ്പാക്കി 2007 വരെയുള്ള കാലത്ത് വിതരണരംഗം താറുമാറാകുകയും പത്തും പന്ത്രണ്ടും മണിക്കൂറുകള്‍ ജനങ്ങള്‍ വൈദ്യുതിയില്ലാതെ നരകിക്കുകയും ചെയ്ത കാലയളവില്‍ സ്വകാര്യ വിതരണ കമ്പനികള്‍ 20 ശതമാനം ലാഭമുണ്ടാക്കി. 3500 കോടി രൂപയുടെ സബ്സിഡിയാണ് ഇക്കാലയളവില്‍ സ്വകാര്യ കമ്പനികള്‍ക്ക് ലഭിച്ചത്. അവരുടെ നഷ്ടങ്ങള്‍ നികത്താന്‍ സര്‍ക്കാരില്‍ നിന്ന് സഹായങ്ങള്‍ ലഭിക്കുന്നതോടൊപ്പം നഷ്ടം നികത്താന്‍ നിരക്കുവര്‍ധന യഥേഷ്ടം നടത്താന്‍ അനുമതിയും നല്‍കിയിരിക്കയാണ്. വിതരണ കമ്പനികളുടെ പിടിപ്പുകേടിന് പിഴയൊടുക്കേണ്ടത് ജനങ്ങള്‍. ഡല്‍ഹി വൈദ്യുതി ബോര്‍ഡ്(ഡിവിബി) എന്ന പൊതുമേഖലാ സ്ഥാപനം പുനഃസംഘടിപ്പിച്ച് സ്വകാര്യവല്‍ക്കരണം നടപ്പാക്കിയപ്പോള്‍ വലിയ അഴിമതിയാണ് നടത്തിയത്. ഡല്‍ഹി വൈദ്യുതിബോര്‍ഡിന്റെ സ്വത്തുക്കളുടെ മൂല്യം 3107 കോടി രൂപ കുറച്ചുകാട്ടിയെന്ന് ചൂണ്ടിക്കാട്ടിയത് സിഎജി റിപ്പോര്‍ട്ടിലാണ്. ഈ കുറച്ചുകാട്ടിയതിന്റെ നേട്ടം സ്വകാര്യ കമ്പനികള്‍ കൊയ്തു. ഡിവിബിക്ക് കിട്ടേണ്ട കുടിശിക തുകയുടെ പേരിലും വലിയ നഷ്ടപരിഹാരത്തുക സ്വകാര്യ കമ്പനികള്‍ നേടിയെടുത്തു. 2002 ജൂലൈയിലാണ് പൊതുമേഖലയിലെ ഡല്‍ഹി വൈദ്യുതി ബോര്‍ഡിനെ വിഭജിച്ച് ഏഴ് കമ്പനികള്‍ രൂപീകരിച്ചത്. ഹോള്‍ഡിങ് കമ്പനിയായി ഡല്‍ഹി പവര്‍ കമ്പനി, ജനറേഷന്‍ കമ്പനികളായി ഇന്ദ്രപ്രസ്ഥ പവര്‍ ജനറേഷന്‍ കമ്പനി ലിമിറ്റഡ്(ഐപിജിസിഎല്‍), പ്രഗതി പവര്‍ കമ്പനി ലിമിറ്റഡ്(പിപിസിഎല്‍), പ്രസരണ കമ്പനിയായി ഡല്‍ഹി ട്രാന്‍സ്കോ ലിമിറ്റഡ്(ട്രാന്‍സ്കോ), വിതരണ കമ്പനികളായ റിലയന്‍സിനു കീഴിലുള്ള ബിഎസ്ഇഎസ് രാജധാനി, ബിഎസ്ഇഎസ് യമുന, ടാറ്റയുടെ ഉടമസ്ഥതയിലുള്ള ടാറ്റ പവര്‍ ഡല്‍ഹി എന്നീ കമ്പനികളുമായാണ് പുനഃസംഘടന നടന്നത്. വിതരണ കമ്പനികളില്‍ സര്‍ക്കാരിന് 49 ശതമാനം വീതമാണ് ഓഹരികള്‍. സ്വകാര്യ കമ്പനികള്‍ 51 ശതമാനം ഓഹരികള്‍ നേടി നിര്‍ണായക അധികാരം കൈക്കലാക്കി. 2010ല്‍ ഡല്‍ഹി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാനായി ബിജേന്ദര്‍സിങ് പ്രവര്‍ത്തിച്ചിരുന്നപ്പോഴാണ് വൈദ്യുതി നിരക്ക് 23 ശതമാനം കുറയ്ക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്. വിതരണക്കമ്പനികള്‍ ഉടന്‍ തന്നെ ഉന്നതതല അട്ടിമറി നടത്തി. ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് കമ്മീഷന്‍ ചെയര്‍മാനെത്തന്നെ മാറ്റിക്കൊണ്ടാണ് പ്രതികരിച്ചത്. പിന്നീട് ചെയര്‍മാനായി വന്ന പി ഡി സുധാകര്‍ സ്വകാര്യ വിതരണ കമ്പനികളുടെ ആഗ്രഹത്തിനൊത്ത് പ്രവര്‍ത്തിക്കുന്നു. വിതരണ കമ്പനികള്‍ വന്‍ ലാഭമുണ്ടാക്കുന്നുവെന്നും അതിനാല്‍ നിരക്ക് കുറയ്ക്കണമെന്നുമാണ് ബിജേന്ദര്‍സിങ് ആവശ്യപ്പെട്ടത്. 2010-11 സാമ്പത്തികവര്‍ഷം വിതരണ കമ്പനികള്‍ക്ക് 630 കോടി രൂപയുടെ നഷ്ടമുണ്ടായിയെന്നാണ് കമ്പനികള്‍ അവകാശപ്പെട്ടത്. എന്നാല്‍ ഡിഇആര്‍സി യുടെ കണക്കുകൂട്ടലില്‍ വിതരണ കമ്പനികളുടെ ലാഭം 2010-11 സാമ്പത്തികവര്‍ഷം 3577 കോടി രൂപയാണ്. നഷ്ടത്തിന്റെ കള്ളക്കണക്കുകളുണ്ടാക്കി ലാഭം കുന്നുകൂട്ടുന്ന സ്വകാര്യ വിതരണ കമ്പനികള്‍ക്ക് ഒത്താശ ചെയ്യുകയെന്ന ചുമതല മാത്രമേ ഡല്‍ഹി സര്‍ക്കാരിനുള്ളൂ. ഇപ്പോള്‍ സ്വകാര്യ കമ്പനികളുടെ ചൊല്‍പ്പടിക്കു നില്‍ക്കുന്ന ഡിഇആര്‍സി ചെയര്‍മാന്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കിയ മുന്നറിയിപ്പ് വിചിത്രമാണ്.

സ്വകാര്യ വിതരണ കമ്പനികള്‍ നേരിടുന്ന "വലിയ നഷ്ടം" പരിഹരിക്കാന്‍ ധനസഹായം നല്‍കിയില്ലെങ്കില്‍ വൈദ്യുതിനിരക്ക് വന്‍തോതില്‍ വര്‍ധിപ്പിക്കേണ്ടിവരുമെന്നതാണത്. സ്വകാര്യ വിതരണ കമ്പനികളുടെ ലാഭ-നഷ്ട കണക്കുകള്‍ സിഎജിയെക്കൊണ്ട് പരിശോധിപ്പിച്ചാല്‍ കള്ളത്തരം പുറത്താകുമെന്ന് ആം ആദ്മി പാര്‍ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ പറയുന്നു. ഇത് കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. സ്വകാര്യ കമ്പനികള്‍ തട്ടിക്കൂട്ടുന്ന നഷ്ടക്കണക്ക് വേദവാക്യമായെടുത്ത് ഒന്നുകില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ധനസഹായം നല്‍കുക, അല്ലെങ്കില്‍ യഥേഷ്ടം നിരക്ക് കൂട്ടി ജനങ്ങളെ ഞെക്കിപ്പിഴിയാന്‍ അനുവദിക്കുക എന്നതാണ് ഗവണ്‍മെന്റ് നയം. ഗവണ്‍മെന്റ് നിയന്ത്രണത്തിലുള്ള ട്രാന്‍സ്കോയില്‍ നിന്ന് സ്വകാര്യ വിതരണ കമ്പനികള്‍ വൈദ്യുതി വാങ്ങുന്ന വിലയുടെ മൂന്നിരട്ടിയാണ് ഉപഭോക്താക്കളില്‍ നിന്ന് വൈദ്യുതിനിരക്കായി ഈടാക്കുന്നത്. ഇതൊന്നും പരിശോധിക്കപ്പെടുന്നില്ല.

പൊതുമേഖലയിലെ വൈദ്യുതോല്‍പ്പാദന കമ്പനികള്‍ കല്‍ക്കരിയുടെ വിലവര്‍ധനവും മറ്റ് നിരവധി പ്രശ്നങ്ങളും നേരിട്ട് വൈദ്യുതോല്‍പ്പാദനം നടത്തി ഈ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുകയാണ്. ഉല്‍പ്പാദനച്ചെലവിലുണ്ടായ വര്‍ധനക്കും നഷ്ടപരിഹാരം ലഭിക്കുന്നത് വിതരണ കമ്പനികള്‍ക്കാണ്. വിതരണ കമ്പനികള്‍ ആ രംഗത്ത് നടത്തിയ യഥാര്‍ഥ മുതല്‍മുടക്കും കണക്കുകളില്‍ കാണിക്കുന്നതും തമ്മിലുള്ള വൈരുദ്ധ്യം പല തവണ പുറത്തുവന്നിട്ടുള്ളതാണ്. ബിഎസ്ഇഎസ് കമ്പനിയുടെ നിയന്ത്രണം നിര്‍വഹിക്കുന്ന റിലയന്‍സ് എനര്‍ജി 2003-2004ല്‍ പശ്ചാത്തലസൗകര്യ വികസനത്തിന് 761 കോടി രൂപ നീക്കിവെച്ചുവെന്ന് രേഖകളില്‍ അവകാശപ്പെടുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ ചെലവഴിച്ചത് 146 കോടി രൂപ. ബിഎസ്ഇഎസ് രാജധാനി കമ്പനിക്കു വേണ്ടി 2004-05ല്‍ 923 കോടി രൂപ ചെലവഴിച്ചുവെന്ന് റിലയന്‍സ് അവകാശപ്പെട്ടു. യഥാര്‍ഥത്തില്‍ ചെലവഴിച്ചത് 265.63 കോടി രൂപ. ഇത്തരം വ്യാജമായ അവകാശവാദങ്ങള്‍ ഡല്‍ഹി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അങ്ങനെതന്നെ സ്വീകരിക്കുകയും ഡല്‍ഹി സര്‍ക്കാര്‍ ഈ സ്വകാര്യ കമ്പനികള്‍ക്ക് പ്രത്യേക സാമ്പത്തികസഹായം അനുവദിക്കുകയും ചെയ്യുന്നു. പുറമേ ഈ "ചെലവു"കളുടെ പേരില്‍ ആവശ്യമുള്ളപ്പോഴെല്ലാം വൈദ്യുതിനിരക്ക് വര്‍ധിപ്പിക്കാനും കൂട്ടുനില്‍ക്കുന്നു. ഈ വ്യാജ ചെലവുകള്‍ വൈദ്യുതി വിതരണത്തിന് വേണ്ടിവരുന്ന ചെലവുകളായി അംഗീകരിച്ചാണ് സ്വകാര്യ വിതരണ കമ്പനികളുടെ കൊള്ളയ്ക്ക് അനുമതി കൊടുക്കുന്നത്. ബില്ലിങ് സംവിധാനത്തില്‍ കുഴപ്പങ്ങളുണ്ടെന്നും യഥാര്‍ഥത്തില്‍ ഉപയോഗിച്ചതിനേക്കാള്‍ കൂടുതല്‍ വൈദ്യുതിക്കുള്ള നിരക്ക് ബില്ലുകളില്‍ രേഖപ്പെടുത്തി നല്‍കിയിട്ടുണ്ടെന്നും റിലയന്‍സിന്റെ വിതരണ കമ്പനികളായ ബിഎസ്ഇഎസ് രാജധാനിയും ബിഎസ്ഇഎസ് യമുനയും സമ്മതിച്ചിട്ടുള്ളതാണ്. യഥാര്‍ഥത്തില്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ ഇരട്ടിയിലധികമുള്ള വൈദ്യുതിക്കുള്ള ബില്ലാണ് ഭൂരിപക്ഷം ഉപഭോക്താക്കള്‍ക്കും കിട്ടുന്നത്. പരാതിയുമായി പോയാല്‍ പലര്‍ക്കും പകുതി വരെ നിരക്ക് കുറച്ചുകൊടുക്കാറുമുണ്ട്. ഡല്‍ഹിയിലെ മധ്യവര്‍ഗക്കാര്‍ പരാതി കൊടുക്കാനും അതിനുവേണ്ടി ദിവസം മുഴുവന്‍ ഓഫീസുകള്‍ കയറിയിറങ്ങാനും വിമുഖരായതുകൊണ്ട് വിതരണക്കമ്പനികളുടെ കൊള്ള സുഗമമായി നടക്കുന്നു. ഇത്തരം "ബില്ലുകള്‍" വിതരണക്കമ്പനികളുടെ കൊള്ളയിലെ സുപ്രധാന ഘടകമായി മാറിയിരിക്കുന്നു.

ചേരിപ്രദേശങ്ങളിലും പാവപ്പെട്ടവര്‍ താമസിക്കുന്ന കോളനികളിലും(ജെ ജെ കോളനികള്‍) വൈദ്യുതി വിതരണത്തിന്റെ പേരില്‍ നടക്കുന്ന കൊള്ള പറഞ്ഞറിയിക്കാനാവില്ല. ഇവിടെ കരാറുകാരെയാണ് മീറ്ററുകള്‍ നോക്കാനും അറ്റകുറ്റപ്പണികള്‍ നടത്താനും വിതരണത്തിന്റെ മേല്‍നോട്ടത്തിനും നിയോഗിച്ചിരിക്കുന്നത്. ഇതൊരു ക്രിമിനല്‍ സംഘമാണ്. കരാറുകാരന്‍ മാറി പുതിയ കരാറുകാരന്‍ വന്നാല്‍ കേബിളിന്റെയും മീറ്ററിന്റെയുമൊക്കെ പേരില്‍ തോന്നിയപോലെ തുക ഈടാക്കും. പണം കൊടുക്കാന്‍ വിസമ്മതിക്കുന്നവരെ ആക്രമിക്കും. അവരുടെ വൈദ്യുതിബന്ധം വിഛേദിക്കും. തോന്നിയപോലെ ബില്ലുകള്‍ നല്‍കും. ജെ ജെ കോളനികളില്‍ വൈദ്യുതി നല്‍കുന്നതിനു തന്നെ വിതരണ കമ്പനികള്‍ക്ക് ഒരു താല്‍പര്യവുമില്ല. തകരാറുണ്ടായാല്‍ പരിഹരിക്കുന്ന കാര്യത്തില്‍ ഏറ്റവും താഴ്ന്ന പരിഗണനയാണ് ഈ കോളനികള്‍ക്ക് നല്‍കിയിരിക്കുന്നത്.

ഡല്‍ഹിയില്‍ വേനല്‍ക്കാലത്തുണ്ടായ ഏറ്റവും വലിയ വൈദ്യുതി ആവശ്യം 5178 മെഗാവാട്ട്(2012 ജൂലൈ) ആണ്. ശരാശരി പ്രതിദിനം 5000 മെഗാവാട്ട് വൈദ്യുതി ഡല്‍ഹിയിലെ ആവശ്യത്തിന് വേണം. വര്‍ഷംതോറം എട്ട് ശതമാനം വര്‍ധനയാണ് വൈദ്യുതി ആവശ്യത്തിനുണ്ടാകുന്നത്. ഇക്കൊല്ലം വേനല്‍ക്കാലത്ത് പീക്ക് അവര്‍ ഡിമാന്‍ഡ് 5500 മെഗാവാട്ട് ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോമണ്‍വെല്‍ത്ത് ഗയിംസിനുള്ള ഒരുക്കങ്ങള്‍ നടത്തുന്ന കാലത്ത് ഡല്‍ഹിയില്‍ തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കാന്‍ ആയിരക്കണക്കിന് കോടി രൂപ ചെലവഴിച്ച് സര്‍ക്കാര്‍ വൈദ്യുതോല്‍പ്പാദനം മെച്ചപ്പെടുത്തി. ഡല്‍ഹിയിലും പരിസരങ്ങളിലുമുള്ള ഈ ഉല്‍പ്പാദനകേന്ദ്രങ്ങളില്‍ നിന്ന് ഇപ്പോള്‍ ആവശ്യത്തിന് വൈദ്യുതി ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ ലഭിക്കുന്നുണ്ട്. ഈ തടസ്സമില്ലാത്ത വൈദ്യുതി വിറ്റ് കീശ വീര്‍പ്പിക്കുകയെന്ന ഒറ്റ ജോലി മാത്രമേ വിതരണം നിര്‍വഹിക്കുന്ന സ്വകാര്യ കമ്പനികള്‍ക്കുള്ളൂ. അത് തടസ്സമില്ലാതെ നിര്‍വഹിക്കാന്‍ നിയമപരവും ഭരണപരവുമായ സുരക്ഷ ഒരുക്കിക്കൊടുക്കലാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്നത്. സ്വകാര്യവല്‍ക്കരണത്തിന്റെ ദുരിതം മുഴുവന്‍ അനുഭവിക്കുന്നത് ജനങ്ങളും.

*
വി ജയിന്‍ ചിന്ത 12 ഏപ്രില്‍ 2013

Tuesday, February 19, 2013

തള്ളിവിടുന്നത് ഇരുട്ടിലേക്ക്

സര്‍ക്കാരിന്റെയും പൊതുമേഖലയുടെയും ഇടം പരമാവധി കുറച്ചുകൊണ്ടുവരികയും ആ സ്ഥാനത്ത് സ്വകാര്യമേഖലയെ കുടിയിരുത്തുകയും ചെയ്യുകയെന്നത് ആഗോളവല്‍ക്കരണസിദ്ധാന്തത്തിന്റെ അടിസ്ഥാനപ്രമാണമാണല്ലോ. ആഗോളവല്‍ക്കരണനയങ്ങളെ ചിന്തയിലും പ്രവൃത്തിയിലും കുടിയിരുത്തിയ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഓരോ രംഗത്തും ഇത് മത്സരിച്ച് നടപ്പാക്കുകയാണ്. കൃഷി, വ്യവസായം, കുടിവെള്ളം തുടങ്ങി നിത്യജീവിതവുമായി പ്രത്യക്ഷത്തില്‍ ബന്ധപ്പെട്ട വിവിധ മേഖലകളില്‍ ഇത് പ്രയോഗിക്കുന്നു. അതിന്റെ ദുരിതം ജനങ്ങള്‍ പേറുകയും ചെയ്യുന്നുണ്ട്. പെട്രോള്‍-ഡീസല്‍ വിലവര്‍ധന, പാചകവാതക വിലവര്‍ധനയും സിലിണ്ടറുകളുടെ വെട്ടിക്കുറയ്ക്കലും, നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം, കെഎസ്ആര്‍ടിസി ബസുകളുടെ വെട്ടിക്കുറയ്ക്കല്‍, രൂക്ഷമായ കുടിവെള്ളക്ഷാമം തുടങ്ങിയവമൂലം പൊറുതിമുട്ടിയ ജനങ്ങളുടെ നെഞ്ചിലേക്ക് വീണ്ടുമൊരു ഇടിത്തീ വീഴ്ത്തിയിരിക്കുകയാണ് വൈദ്യുതിവിതരണ മേഖല സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രനിര്‍ദേശം. വൈദ്യുതിവിതരണം സ്വകാര്യവല്‍ക്കരിക്കാനുള്ള കര്‍മപദ്ധതി 15 ദിവസത്തിനുള്ളില്‍ തയ്യാറാക്കണമെന്നാണ് കേന്ദ്ര പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ സംസ്ഥാന വൈദ്യുതിബോര്‍ഡിനെ അറിയിച്ചിരിക്കുന്നത്. ലോഡ് ഷെഡിങ്, പവര്‍കട്ട്, താരിഫ് വര്‍ധന തുടങ്ങിയവയിലൂടെ വൈദ്യുതി ഉപഭോഗം ഇപ്പോള്‍ത്തന്നെ ഷോക്കടിപ്പിക്കുന്ന സ്ഥിതിയിലാണ്. ഈ നിര്‍ദേശംകൂടി നടപ്പാക്കിയാല്‍ വൈദ്യുതിനിരക്ക് തീരുമാനിക്കുക അതിനു ചുമതലപ്പെട്ട സ്വകാര്യമേഖലയായിരിക്കും. അവരാകട്ടെ പരമാവധി ലാഭം ലക്ഷ്യമിട്ട് തോന്നുന്നതുപോലെ നിരക്ക് വര്‍ധിപ്പിക്കുന്ന സാഹചര്യമാകും സംജാതമാകുക.

വെള്ളവും വൈദ്യുതിയുമൊക്കെ മനുഷ്യജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങളാണല്ലോ. ഈ അടിസ്ഥാന ആവശ്യങ്ങള്‍ ജനങ്ങള്‍ക്ക് പരമാവധി ആശ്വാസകരമായ വിധത്തില്‍ ലഭ്യമാക്കുകയെന്നത് ജനങ്ങളോട് പ്രതിബദ്ധതയുള്ള ഏത് സര്‍ക്കാരിന്റെയും കടമയാണ്. അത് നിര്‍വഹിക്കുന്നില്ലെന്നു മാത്രമല്ല, ആ മേഖലയെയും ജനങ്ങളെ കൊള്ളയടിക്കാനുള്ള വേദിയാക്കി സ്വകാര്യക്കാര്‍ക്ക് തീറെഴുതാനാണ് നീക്കം. കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സംസ്ഥാന വൈദ്യുതിമന്ത്രിമാരുടെ യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ വൈദ്യുതിവിതരണം സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള നിര്‍ദേശത്തിന് അന്ത്യശാസനം നല്‍കിയത്. വിതരണരംഗം സ്വകാര്യവല്‍ക്കരിച്ച സംസ്ഥാനങ്ങളില്‍ വൈദ്യുതിക്ക് യൂണിറ്റിന് 10 രൂപയിലേറെയാണ് ഈടാക്കുന്നത്. സ്വകാര്യവല്‍ക്കരണം വഴി ഈ നിരക്ക് ഇവിടെയും വരാനിടയാകും. അതായത് സാധാരണ ഉപയോക്താവ് ഇപ്പോള്‍ നല്‍കുന്നതിന്റെ മൂന്നോ നാലോ ഇരട്ടി തുക വൈദ്യുതിക്ക് ചെലവാക്കേണ്ടിവരും. ഇതിനുപുറമെ, വിദൂരഗ്രാമങ്ങളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും വൈദ്യുതി എത്തിക്കുക ക്ലേശകരമായതുകൊണ്ട് ആ ചുമതലയില്‍നിന്ന് സ്വകാര്യസ്ഥാപനങ്ങള്‍ പിന്‍വലിയുകയും ചെയ്യും. ഇതിന്റെ ദുരിതഭാരം പേറേണ്ടിവരുന്നതും സാധാരണ ജനങ്ങളാണ്. ഒരു ഘട്ടത്തില്‍ രാജ്യത്തെ ഏറ്റവും മികച്ച വൈദ്യുതിസ്ഥാപനങ്ങളില്‍ ഒന്നായി മാറി കെഎസ്ഇബി. എന്നാല്‍, അധികാരികളുടെയും സര്‍ക്കാരിന്റെയും കെടുകാര്യസ്ഥതയും ജനവിരുദ്ധതതയുംമൂലം ഇന്ന് കെഎസ്ഇബിയില്‍ അരാജകാവസ്ഥ കൊടികുത്തിവാഴുകയാണ്. ആ കെഎസ്ഇബിയുടെ നിലനില്‍പ്പുതന്നെ അപകടത്തിലാക്കുന്നതാണ് വിതരണരംഗം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം. വൈദ്യുതിമേഖല സ്വകാര്യവല്‍ക്കരിക്കില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് ആവര്‍ത്തിക്കുന്നതിനിടെയാണ് വൈദ്യുതിവിതരണ മേഖലയില്‍ സ്വകാര്യപങ്കാളിത്തം അനുവദിക്കാനുള്ള നടപടികള്‍ അണിയറയില്‍ പുരോഗമിക്കുന്നത്. മന്ത്രിയുടെയും സര്‍ക്കാരിന്റെയും വാക്കും പ്രവൃത്തിയുംതമ്മില്‍ ഒരു പൊരുത്തവുമില്ലാത്തതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം കൂടിയാണിത്. വൈദ്യുതി വിതരണമേഖലയിലെ നഷ്ടം നികത്താന്‍ പ്രഖ്യാപിച്ചിട്ടുള്ള സബ്സിഡി ലഭിക്കണമെങ്കില്‍ അതിനൊപ്പമുള്ള സാമ്പത്തിക പുനഃസംഘടനാ പദ്ധതി അംഗീകരിക്കണമെന്ന വ്യവസ്ഥ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചിരുന്നു. വൈദ്യുതിവിതരണ രംഗത്ത് സ്വകാര്യ പങ്കാളിത്തം വേണം എന്ന പ്രധാന വ്യവസ്ഥ ഉള്‍പ്പെടുന്ന പദ്ധതി അംഗീകരിക്കാന്‍ തയ്യാറാണെന്ന് കേരളം കേന്ദ്രത്തെ അറിയിക്കുകയും ചെയ്തു. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ സ്വകാര്യവല്‍ക്കരണ കര്‍മപദ്ധതി 15 ദിവസത്തിനകം അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. അതായത്, വൈദ്യുതിവിതരണം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിന് യുഡിഎഫ് സര്‍ക്കാര്‍ മുന്‍പേതന്നെ പച്ചക്കൊടി കാണിച്ചിട്ടുണ്ടെന്നാണ് തെളിയുന്നത്. സ്വകാര്യവല്‍ക്കരണം ഫ്രാഞ്ചൈസി രൂപത്തിലോ പൊതു-സ്വകാര്യ പങ്കാളിത്ത രൂപത്തിലോ ആകാമെന്നാണ് വ്യവസ്ഥ. ഊര്‍ജമേഖലയുടെ സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സംസ്ഥാനതലത്തില്‍ കാര്യക്ഷമത വര്‍ധിപ്പിക്കേണ്ടതുണ്ട്. 2011-12ല്‍ കെഎസ്ഇബിക്കുണ്ടായ 241 കോടി രൂപയുടെ ലാഭം നാമമാത്രമാണെന്നും ഈ സാഹചര്യത്തില്‍ സ്വകാര്യവല്‍ക്കരണത്തിനുള്ള നടപടി വേണമെന്നുമാണ് പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ സിഎംഡി സത്നാം സിങ് കെഎസ്ഇബി ചെയര്‍മാന്‍ എം ശിവശങ്കറിനയച്ച കത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത്. കെഎസ്ഇബിയുടെ ഉല്‍പ്പാദന, പ്രസരണ, വിതരണമേഖലകള്‍ക്ക് 2028 കോടി രൂപയുടെ സാമ്പത്തികസഹായം ഏര്‍പ്പാടാക്കി നല്‍കാമെന്ന് പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ സമ്മതിച്ചിട്ടുണ്ട്. ഇതില്‍ വിതരണശൃംഖലയുടെ സാമ്പത്തികാരോഗ്യത്തെക്കുറിച്ച് സംശയമുണ്ടെന്ന് സത്നാം സിങ് പറയുന്നു. ഉല്‍പ്പാദന, പ്രസരണമേഖലകള്‍ക്ക് ഇനി സഹായം ലഭ്യമാക്കുന്നത് വിതരണമേഖലയുടെ സ്വകാര്യവല്‍ക്കരണം പൂര്‍ത്തിയാക്കിയശേഷമേ ഉണ്ടാകൂ എന്ന് പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

കെഎസ്ഇബിയുടെ കാര്യത്തില്‍ നിര്‍ണായക സ്വാധീനമാണ് പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ ഇപ്പോള്‍ ചെലുത്തുന്നത്. കഴിഞ്ഞ രണ്ടുമാസവും വൈദ്യുതി ബോര്‍ഡില്‍ ശമ്പളവും പെന്‍ഷനും വിതരണം ചെയ്തത് പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ ലഭ്യമാക്കിയ വായ്പ ഉപയോഗിച്ചാണ്. ഈ സ്വാധീനം പരമാവധി പ്രയോജനപ്പെടുത്തി കേരളത്തിലെ വൈദ്യുതി വിതരണം സ്വകാര്യവല്‍ക്കരിക്കാനാണ് ശ്രമിക്കുന്നത്. ഇവിടത്തെ വൈദ്യുതി വിതരണ മേഖലയുടെ നിയന്ത്രണം കൈയടക്കാന്‍ ലക്ഷ്യമിടുന്ന വന്‍കിട വ്യവസായികളുടെ കടുത്ത സമ്മര്‍ദം ഈ നീക്കത്തിനു പിന്നിലുണ്ടെന്ന് വ്യക്തമാണ്. അത്തരം വന്‍കിടക്കാരുടെ താല്‍പര്യം സംരക്ഷിക്കാന്‍ നാടിന്റെ അഭിമാനമായ ഒരു സ്ഥാപനത്തെ ഇല്ലാതാക്കുകയും ജനങ്ങളെയാകെ ഇരുട്ടിലേക്ക് തള്ളിവിടുകയും ചെയ്യുന്ന സ്വകാര്യവല്‍ക്കരണനീക്കത്തില്‍നിന്ന് പിന്മാറാന്‍ ബന്ധപ്പെട്ടവരാകെ തയ്യാറാകണം. അതിന് അവരെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ചെറുത്തുനില്‍പ്പ് എല്ലാവിഭാഗം ജനങ്ങളില്‍നിന്നും ഉയര്‍ന്നുവരികയും വേണം.

*
ദേശാഭിമാനി മുഖപ്രസംഗം 19 ഫെബ്രുവരി 2013

Saturday, December 15, 2012

നാടിന്റെ നാശത്തിനുള്ള കാര്‍മികത്വം

ജനജീവിതം സമ്പൂര്‍ണമായി താറുമാറാവുകയാണ് കേരളത്തില്‍. അരിമുതല്‍ പലവ്യഞ്ജനങ്ങള്‍വരെയുള്ളവയ്ക്ക് അതിരൂക്ഷമായ വില. പാചകവാതകംമുതല്‍ വൈദ്യുതിവരെ അപ്രാപ്യമാകുന്ന നില. കോണ്‍സ്റ്റബിളിനുമുതല്‍ ജില്ലാകലക്ടര്‍ക്കുവരെ രക്ഷയില്ലെന്ന നിലയുള്ള മാഫിയാവാഴ്ച. നിത്യേനയുള്ള കൊലപാതകങ്ങള്‍, പിടിച്ചുപറികള്‍, മോഷണസംഘങ്ങള്‍മുതല്‍ അധോലോകസംഘങ്ങള്‍വരെ അഴിഞ്ഞാടുന്ന ക്രമസമാധാനത്തകര്‍ച്ച- ഇത്രമേല്‍ ഭീതിദമായ ഒരു അവസ്ഥയിലൂടെ കേരളം മുമ്പെന്നെങ്കിലും കടന്നുപോയിട്ടുണ്ടെന്നു കരുതാനാകില്ല.

ജനജീവിതത്തെ ബാധിക്കുന്ന രൂക്ഷതരമായ പ്രശ്നങ്ങളേതെങ്കിലും പരിഹരിക്കാന്‍ സര്‍ക്കാര്‍ എവിടെയും ഇടപെടുന്നില്ല. യുഡിഎഫ് നേതൃത്വത്തിനും അതിന്റെ സര്‍ക്കാരിനും താല്‍പ്പര്യം രാഷ്ട്രീയ വൈരനിര്യാതന കേസുകളുണ്ടാക്കുന്നതിലും ദല്ലാള്‍ നന്ദകുമാര്‍മുതല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിവരെയുള്ളവരുടെ കേസുകള്‍ ഇല്ലാതാക്കിയെടുക്കുന്നതിലുമാണ്. ഭരണമെന്നത് ഇവര്‍ക്ക് തങ്ങളുടെ രാഷ്ട്രീയ-സാമ്പത്തിക താല്‍പ്പര്യങ്ങളുടെ നിര്‍വഹണ സംവിധാനംമാത്രമാണ്.

പറമ്പിക്കുളം-ആളിയാര്‍ കരാര്‍പ്രകാരം കേരളത്തിന് കിട്ടേണ്ട വെള്ളം കിട്ടാത്തതുകൊണ്ട് സംസ്ഥാനത്തിന്റെ ഒരു ഭാഗം കരിഞ്ഞുണങ്ങുകയാണ്. സര്‍ക്കാര്‍ ഇത് അറിഞ്ഞ മട്ടില്ല. മാവേലിസ്റ്റോറുകള്‍ മന്ദീഭവിപ്പിക്കുകയും സിവില്‍സപ്ലൈസ് കോര്‍പറേഷന്‍ സ്റ്റാളുകള്‍ മള്‍ട്ടിനാഷണല്‍ കമ്പനികളുടെ ബ്രാന്റ് ഉല്‍പ്പന്നങ്ങളുടെമാത്രം വിതരണശൃംഖലയാവുകയുംചെയ്തു. പാല്‍വിലമുതല്‍ യാത്രക്കൂലിവരെ ദുസ്സഹമാംവിധം വര്‍ധിച്ചു. വിലക്കയറ്റത്തില്‍ ജനം നട്ടംതിരിഞ്ഞു. സര്‍ക്കാര്‍ ഒരു ആശ്വാസനടപടിയും കൈക്കൊണ്ടില്ല.

ജനങ്ങള്‍ക്ക് ആശ്വാസം പകരേണ്ട ചുമതലയുള്ള സര്‍ക്കാര്‍ യഥാര്‍ഥത്തില്‍ ചെയ്യുന്നത് ജീവിതം ദുസ്സഹമാക്കുന്ന ഈ വിലക്കയറ്റത്തിന്റെ തീ കൂടുതല്‍ ആളിപ്പടര്‍ത്തുന്ന കാര്യങ്ങളാണ്. ഇവരുടെ നയങ്ങളാണ് പൊതുവിതരണസമ്പ്രദായം തകര്‍ത്തത്; യാത്രക്കൂലിമുതല്‍ വൈദ്യുതിനിരക്കുവരെ ഭീകരമാംവിധം ഉയര്‍ത്തിയത്; അവശ്യവസ്തുക്കളുടെ വില കയറ്റിയത്; ക്ഷേമപെന്‍ഷനുകള്‍ നാമമാത്രമാക്കി ചുരുക്കിയത്. ജനങ്ങളെക്കുറിച്ച് കരുതലുള്ള ഒരു സര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കുന്നതല്ല ഇതൊന്നും. ജനങ്ങളെക്കുറിച്ചല്ല, ഭരണാധികാരികളുടെ കരുതല്‍ എന്നതുകൊണ്ട് ഇവരില്‍നിന്ന് ഇതല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനുമില്ല.

പ്രതിമാസം 300 യൂണിറ്റിനുമേലുള്ള വൈദ്യുതി ഉപഭോഗത്തിന് നിലവിലുള്ളതിന്റെ ഇരട്ടിപ്പണം നല്‍കണമെന്നാണ് ഏറ്റവും ഒടുവിലത്തെ കല്‍പ്പന. പ്രതിമാസ ഗാര്‍ഹിക ഉപഭോഗം 300 യൂണിറ്റായി പരിമിതപ്പെടുത്തിയതിനു പുറമെയാണിത്. പവര്‍കട്ടിലൂടെ കേരളത്തെ വ്യവസായങ്ങളുടെ ശ്മശാനഭൂമിയാക്കുന്നത് ഒരു വശത്ത്. ജലസേചനത്തിനടക്കം വൈദ്യുതി നിഷേധിച്ച് കേരളത്തിലെ കാര്‍ഷികോല്‍പ്പാദനത്തിന്റെ കൂമ്പടയ്ക്കുന്നത് മറ്റൊരു വശത്ത്. ഭാവനാപൂര്‍ണമായ ആസൂത്രണത്തിലൂടെ പവര്‍കട്ട് പൂര്‍ണമായി ഒഴിവാക്കാനാകുമെന്നത് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ഇവിടെ തെളിയിച്ചുകാട്ടിയിട്ടുണ്ട്. അതിരൂക്ഷമായ വിലക്കയറ്റമില്ലാതെ വൈദ്യുതി ജനങ്ങളില്‍ തടസ്സമില്ലാതെ എത്തിക്കാമെന്ന് തെളിയിച്ചിട്ടുണ്ട്. നാട് നേരിടുന്ന പ്രശ്നങ്ങളെ മുന്‍കൂട്ടിക്കണ്ട് ഒഴിവാക്കാനുള്ള ജാഗ്രതാപൂര്‍ണമായ സമീപനം എല്‍ഡിഎഫിനുണ്ടായിരുന്നതുകൊണ്ടാണ് അതൊക്കെ സാധിച്ചത്. ഭരണാധികാരികളുടെ പരിഗണനാക്രമത്തിലെവിടെയും ജനവും നാടും ഇല്ലെങ്കില്‍ ഇന്നുകാണുന്നതുപോലെയേ കാര്യങ്ങള്‍ സംഭവിക്കൂ; പവര്‍കട്ടിലേക്കും വൈദ്യുതിനിരക്കിന്റെ ക്ലാസ് വര്‍ധനയിലേക്കുമൊക്കെയേ കാര്യങ്ങള്‍ ചെന്നെത്തൂ. കേന്ദ്രവിഹിതമായി കിട്ടേണ്ട വൈദ്യുതി വാങ്ങിയെടുക്കുന്നതിലോ ഇവിടെയുള്ള ഉല്‍പ്പാദനശേഷി വര്‍ധിപ്പിച്ചെടുക്കുന്നതിലോ ഒന്നും ഒരു ശ്രദ്ധയുമില്ലാത്ത ഭരണം നാടിനെ ഇരുട്ടിലേക്കേ നയിക്കൂ.

ഒരു ലക്ഷം ടണ്‍ അരി തരുമെന്ന് കേന്ദ്രം സമ്മതിച്ചതായി അമിതാഹ്ലാദത്തോടെയാണ് സംസ്ഥാന ഭരണാധികാരികള്‍ ഇപ്പോള്‍ പറയുന്നത്. ഇവര്‍ അറിയേണ്ട പ്രധാന കാര്യം ഇത്രയും ജനസംഖ്യ ഇല്ലാതിരുന്ന എണ്‍പതുകളില്‍ത്തന്നെ കേരളത്തിന് പ്രതിമാസം 1,35,000 ടണ്‍ അരി കിട്ടിയിരുന്നുവെന്നതാണ്. അതാണ് ചുരുക്കിച്ചുരുക്കി 25,000 ടണ്‍ ആക്കി മാറ്റിയത്. എന്നിട്ടിപ്പോള്‍ എണ്‍പതുകളിലെ നിലവാരം പുനഃസ്ഥാപിക്കുകപോലുമല്ല കേന്ദ്രംചെയ്യുന്നത്. കേന്ദ്രം അരി തരുന്നതാകട്ടെ, ദാനധര്‍മമൊന്നുമല്ല. ഇവിടെ സ്റ്റാറ്റ്യൂട്ടറി റേഷനിങ് ആരംഭിച്ച ഘട്ടത്തില്‍ കേന്ദ്രം വാക്കുതന്നത് പ്രകാരമാണത്. ആ വാക്ക് കിട്ടിയതാകട്ടെ, കേരളം ഭക്ഷ്യധാന്യോല്‍പ്പാദനത്തില്‍നിന്ന് സുഗന്ധവ്യഞ്ജനങ്ങളുടെ ഉല്‍പ്പാദനത്തിലേക്ക് ശ്രദ്ധതിരിച്ച് ദേശീയ ഖജനാവിലേക്ക് വിദേശനാണ്യം നേടിക്കൊടുക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്. ആ പശ്ചാത്തലത്തില്‍ ഭക്ഷ്യധാന്യരംഗത്ത് ഇവിടെയുണ്ടാകുന്ന കുറവ് നികത്തിത്തന്നുകൊള്ളാമെന്ന് അന്ന് കേന്ദ്രം ഏറ്റതാണ്. കേന്ദ്രം ഇപ്പോള്‍ ആവശ്യമായ തോതില്‍ അരി തരുന്നില്ല. തരുന്നതാകട്ടെ യുഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ല. ഏറ്റെടുക്കുന്നതാകട്ടെ വിതരണത്തിനെത്തിക്കുന്നുമില്ല. ജനങ്ങള്‍ കരിച്ചന്തയുടെ കൊടുംചൂഷണത്തില്‍ നട്ടം തിരിയുമ്പോള്‍ സര്‍ക്കാര്‍ അരി കത്തിച്ചുകളയുന്നു. 2010ല്‍ 16 രൂപ വിലയുണ്ടായിരുന്ന അരിക്ക് ഇന്ന് 50 രൂപയോളമായി. പൊതുവിതരണസമ്പ്രദായം തകര്‍ത്ത് പൊതുകമ്പോളത്തിനും കരിച്ചന്തയ്ക്കും ചൂഷണാവസരങ്ങളൊരുക്കിക്കൊടുക്കുന്ന യുഡിഎഫ് സര്‍ക്കാരാണിതിന് മറുപടി പറയേണ്ടത്.

പദ്ധതിവിഹിതത്തില്‍ പൊതുവിതരണത്തിന് നീക്കിവച്ച തുകയിലെ 21 ശതമാനം മാത്രമേ ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് സാമ്പത്തികവര്‍ഷം സമാപിക്കാന്‍ രണ്ടുമൂന്നുമാസംമാത്രം ബാക്കിനില്‍ക്കുന്ന ഘട്ടത്തിലും ചെലവഴിച്ചിട്ടുള്ളൂ എന്നതറിയുമ്പോള്‍ സര്‍ക്കാരിന്റെ കള്ളക്കളി കൂടുതല്‍ വ്യക്തമാകും. ക്രമസമാധാനില ഇതുപോലെ തകര്‍ന്ന മറ്റൊരു ഘട്ടമില്ല. മാഫിയാസംഘങ്ങള്‍ സാമൂഹ്യജീവിതത്തിനുമേല്‍ പിടിമുറുക്കുകയാണ്. വി എം സുധീരനെപ്പോലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കുപോലും ഇത് പരസ്യമായി പറയേണ്ടിവരുന്നു. കോണ്‍ഗ്രസിന്റെ എംഎല്‍എമാരില്‍ ചിലര്‍ക്ക് നിയമസഭാകക്ഷിയോഗത്തില്‍ ഇത് ചൂണ്ടിക്കാട്ടേണ്ടിവരുന്നു. അതുകൊണ്ടുതന്നെ ഇതൊരു രാഷ്ട്രീയപ്രേരിത ആരോപണമാണെന്ന് യുഡിഎഫിന് പറയാന്‍ കഴിയില്ല. ജില്ലാ കലക്ടറെ മണ്ണിട്ടുമൂടി കൊല്ലാന്‍ മണല്‍ മാഫിയ, പൊലീസ് എഎസ്ഐയെ കുത്തിക്കൊല്ലാന്‍ മോഷണസംഘം, നഗരങ്ങള്‍ അടക്കിഭരിക്കുന്ന ഗുണ്ടാതേര്‍വാഴ്ചകള്‍, വിദ്യാര്‍ഥികളെ ഇടിച്ചുതെറിപ്പിച്ചു പോകുന്ന മണല്‍കള്ളക്കടത്തുകാരുടെ ടിപ്പര്‍ സംഘങ്ങള്‍, മണല്‍കള്ളക്കടത്തുകാരനെമുതല്‍ ക്വട്ടേഷന്‍ സംഘത്തെവരെ സ്റ്റേഷന്‍ കൈയേറി വിടുവിച്ചുകൊണ്ടുപോകുന്ന കോണ്‍ഗ്രസ് സംഘങ്ങള്‍. തെരുവിലിറങ്ങി പരസ്യഭീഷണി ഉയര്‍ത്തുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍. ഇങ്ങനെ നാട്ടിലാകെ ഭീകരാന്തരീക്ഷം പടരുമ്പോള്‍ സര്‍ക്കാര്‍ശ്രദ്ധ ദല്ലാള്‍ നന്ദകുമാറിനെ കോടതിയില്‍വരെ കള്ളംപറഞ്ഞ് രക്ഷപ്പെടുത്തുന്നതിലും ഉമ്മന്‍ചാണ്ടിക്കെതിരായ സൈന്‍ബോര്‍ഡുകേസ് എഴുതിത്തള്ളാന്‍ വ്യഗ്രതപ്പെടുന്നതിലും ഒക്കെയാണ്. നാടിന്റെ നാശത്തിന് കാര്‍മികത്വം വഹിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ എന്ന് പറയാതിരിക്കാനാകുന്നില്ല.

*
ദേശാഭിമാനി മുഖപ്രസംഗം 14 ഡിസംബര്‍ 2012

Tuesday, November 20, 2012

ഇരുട്ടില്‍ തപ്പുന്ന വൈദ്യുതിബോര്‍ഡ്

വൈദ്യുതിബോര്‍ഡ് കടുത്ത പ്രതിസന്ധി നേരിടുകയാണ്. വൈദ്യുതിക്കമ്മിയും സാമ്പത്തികപ്രതിസന്ധിയും സ്ഥാപനത്തെ ബാധിക്കുന്നുണ്ട്. രാവിലെയും വൈകിട്ടുമായി അരമണിക്കൂര്‍വീതം ഏര്‍പ്പെടുത്തിയ ലോഡ് ഷെഡിങ് കൊണ്ടുമാത്രം ഈ പ്രതിസന്ധി മുറിച്ചുകടക്കാനാകില്ല. വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിച്ചും പ്രവര്‍ത്തനങ്ങളിലെ കാര്യക്ഷമത ഉയര്‍ത്തിയും മാത്രമേ ഈ പ്രതിസന്ധിയെ അതിജീവിക്കാനാകൂ. എന്നാല്‍, അതിനുള്ള ഇച്ഛാശക്തി വൈദ്യുതിബോര്‍ഡിനില്ല. പ്രവര്‍ത്തനസ്തംഭനവും കാര്യക്ഷമതാരാഹിത്യവും സ്ഥാപനത്തെ കൂടുതല്‍ കുഴപ്പങ്ങളിലേക്ക് നയിക്കുന്നു. ഉല്‍പ്പാദന- പ്രസരണ- വിതരണ മേഖലകളെല്ലാം സ്തംഭനാവസ്ഥയിലാണ്.

ഇഴയുന്ന പദ്ധതികള്‍

പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍, തോട്ടിയാര്‍, ചാത്തങ്കോട്ടുനട, വിലങ്ങാട് എന്നിങ്ങനെ നാം നടപ്പാക്കിവന്ന ഒട്ടുമിക്ക പദ്ധതികളും മുടങ്ങിയ അവസ്ഥയിലോ ഇഴഞ്ഞുനീങ്ങുകയോ ആണ്. ജീവനക്കാരുടെയോ ഓഫീസര്‍മാരുടെയോ വീഴ്ചയല്ല ഇതിനു കാരണം. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ബോര്‍ഡ് തലത്തിലുണ്ടാകുന്ന കാലതാമസവും ചിലഘട്ടങ്ങളില്‍ ഒരു തീരുമാനവും എടുക്കാതിരിക്കലുമാണ് പദ്ധതികള്‍ മുടങ്ങാന്‍ കാരണം. പള്ളിവാസല്‍ എക്സ്റ്റന്‍ഷനിലെ ടണല്‍ നിര്‍മാണം മണ്ണിടിച്ചില്‍മൂലം മുടങ്ങിയിട്ട് ഒരു വര്‍ഷത്തിലേറെയായി. ഇത് പരിഹരിക്കാന്‍ ബോര്‍ഡിലേക്ക് സമര്‍പ്പിച്ച നിര്‍ദേശങ്ങളില്‍ തീരുമാനമുണ്ടാകാത്തത് പദ്ധതിപ്രവര്‍ത്തനം നിശ്ചലമാക്കി. പുതിയ ഉല്‍പ്പാദനപദ്ധതികള്‍ കണ്ടെത്താന്‍ വേണ്ട പ്രവര്‍ത്തനങ്ങളും സ്തംഭനത്തിലാണ്. കുറെ പ്രകൃതിവാതകനിലയങ്ങളുടെ പേര് പറയുന്നതല്ലാതെ ജലവൈദ്യുതപദ്ധതികള്‍ക്കെതിരെ നടക്കുന്ന പ്രചാരണങ്ങളെ പ്രതിരോധിക്കുന്നതിനോ ബൈഥരണി കല്‍ക്കരിപ്പാലം വികസിപ്പിക്കലടക്കം പുതിയ സാധ്യതകള്‍ തേടുന്നതിനോ ഒരു ശ്രമവും ബോര്‍ഡിന്റെ ഭാഗത്തുനിന്നില്ല.

പ്രസരണരംഗത്തും സ്തംഭനം

പ്രസരണ- വിതരണ മേഖലകളിലും ഇതേ അവസ്ഥയാണ്. പ്രസരണമേഖലയില്‍ 2012-13 സാമ്പത്തികവര്‍ഷത്തില്‍ ലക്ഷ്യമിട്ട ഒരു പദ്ധതിപോലും പൂര്‍ത്തിയാകില്ലെന്ന സ്ഥിതിയാണ്. 2011-12 കാലത്ത് പൂര്‍ത്തിയാകേണ്ട സബ്‌സ്റ്റേഷനുകളുടെ നിര്‍മാണംപോലും എങ്ങുമെത്തിയില്ല. ടാര്‍ജറ്റ് അനുസരിച്ച് പണി പൂര്‍ത്തിയാക്കുന്നതിന് ഒട്ടേറെ മാതൃക നാം സൃഷ്ടിച്ചിരുന്നു. എന്നാല്‍, ആ നേട്ടങ്ങളെല്ലാം കാറ്റില്‍പ്പറത്തുന്ന സ്ഥിതിയാണ് കഴിഞ്ഞ ഒരു വര്‍ഷംകൊണ്ട് സംജാതമായത്. ഒന്നരവര്‍ഷത്തിനിടയില്‍ പണിപൂര്‍ത്തിയായത് 13 സബ്‌സ്റ്റേഷനാണ്. ഇതാകട്ടെ, 2011 മാര്‍ച്ചില്‍ പൂര്‍ത്തിയായി തെരഞ്ഞൈടുപ്പായതിനാല്‍ ഉദ്ഘാടനം നടക്കാതിരുന്ന നാല് സബ്‌സ്റ്റേഷന്‍ ഉള്‍പ്പെടെയാണ്. ഇടതുമുന്നണി ഭരണകാലത്ത് പ്രതിവര്‍ഷം ശരാശരി 19 സബ്‌സ്റ്റേഷന്‍വീതം കമീഷന്‍ ചെയ്തിരുന്നു.

തകരുന്ന വിതരണരംഗം

ഉപഭോക്താക്കളുടെ സംതൃപ്തി കൈവരിക്കുന്നതിന് ഒട്ടേറെ നൂതന ആശയങ്ങള്‍ നടപ്പാക്കാന്‍ കെഎസ്ഇബിക്ക് കഴിഞ്ഞിരുന്നു. ബില്ലിങ് കംപ്യൂട്ടറൈസേഷന്‍, മോഡല്‍ സെക്ഷന്‍, വോള്‍ട്ടേജ് അദാലത്ത്, 24 മണിക്കൂറും വാഹനസൗകര്യത്തോടെയുള്ള ബ്രേക്ക്ഡൗണ്‍ ടീം... ഇങ്ങനെ നിരവധി പദ്ധതികളിലൂടെയാണ് പരാതിരഹിത വൈദ്യുതിബോര്‍ഡ് സങ്കല്‍പ്പത്തിലേക്ക് നാം എത്തിയത്. സമ്പൂര്‍ണ വൈദ്യുതീകരണം, സിഎഫ്എല്‍ വിതരണം, ഊര്‍ജ സംരക്ഷണക്യാമ്പയിനുകള്‍, ജനകീയ അദാലത്തുകള്‍ തുടങ്ങിയ ഒട്ടേറെ ഇടപെടലുകള്‍ക്ക് വൈദ്യുതിബോര്‍ഡ് നേതൃത്വം നല്‍കി. എന്നാല്‍, സൗജന്യ വൈദ്യുതി കണക്ഷന്‍ എടുത്തുകളഞ്ഞതടക്കം ഈയടുത്തകാലത്ത് വൈദ്യുതിബോര്‍ഡ് സ്വീകരിച്ച നടപടികളെല്ലാം ഉപയോക്താക്കളെ ബോര്‍ഡിന് എതിരാക്കുന്നവയാണ്. മോഡല്‍ സെക്ഷന്‍ സങ്കല്‍പ്പംപോലും ഉപേക്ഷിക്കുന്ന സ്ഥിതിയാണ്. വാഹന ഉപയോഗത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഉപഭോക്തൃസേവനം താറുമാറാക്കി. മാത്രമല്ല, സെക്ഷനുകളുടെ ചുമതല നിര്‍വഹിക്കേണ്ട അസിസ്റ്റന്റ് എന്‍ജിനിയര്‍ തസ്തിക പലയിടത്തും ഒഴിഞ്ഞുകിടക്കുകയാണ്.

തൊഴിലവകാശങ്ങള്‍ നിഷേധിക്കുന്നു

ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും ന്യായമായ അവകാശങ്ങള്‍ നിഷേധിക്കുന്നു. നീണ്ട കാത്തിരിപ്പിനുശേഷം ഡിഎ കുടിശ്ശിക അനുവദിക്കപ്പെട്ടെങ്കിലും സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതനുസരിച്ച് വൈദ്യുതിബോര്‍ഡിലും ഡിഎ കിട്ടും എന്നതിന് ഉറപ്പില്ലെന്ന് ബോധ്യപ്പെടുത്തുന്നതായി ഈ കാലതാമസം. സാധാരണനിലയില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കേണ്ട ജനറല്‍ ട്രാന്‍സ്ഫര്‍ പരമാവധി ജൂണ്‍വരെ നീണ്ടുപോയ ചരിത്രമാണുള്ളത്; അതും തെരഞ്ഞെടുപ്പുപോലുള്ള പ്രത്യേക സന്ദര്‍ഭങ്ങളില്‍. എന്നാല്‍, ഇത്തവണ ഉത്തരവുകള്‍ വന്നുതുടങ്ങിയത് ജൂലൈ അവസാനത്തിലാണ്. അത് ഇനിയും പൂര്‍ത്തിയായിട്ടില്ല. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍മാരുടെ പൊതുസ്ഥലംമാറ്റ ഉത്തരവ് ഇങ്കുബേറ്ററില്‍ കിടക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇറങ്ങിയ സ്ഥലംമാറ്റ ഉത്തരവുകളില്‍ മാനദണ്ഡങ്ങളുടെ ലംഘനം അനവധിയാണ്. അവ തിരുത്തുന്നതിന് നടപടിയുണ്ടാകുന്നില്ല. നികത്താത്ത ഒഴിവുകള്‍ ഒഴിവുകള്‍ നികത്തപ്പെടാതെ പ്രൊമോഷനുകള്‍ അനിശ്ചിതമായി നീളുകയാണ്. ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍മാരിലേക്കുള്ള പ്രൊമോഷന് അഞ്ചു മാസത്തോളം കാലതാമസം വന്നെങ്കില്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ തസ്തികയിലേക്ക് വീണ്ടും നാലഞ്ച് മാസം കഴിഞ്ഞിട്ടും ഒരു നടപടിയുമായില്ല. നൂറില്‍പ്പരം സെക്ഷന്‍ ഓഫീസുകളില്‍ എഇഒമാരില്ല. സബ് എന്‍ജിനിയര്‍മാരില്‍നിന്നുള്ള പ്രൊമോഷന്‍ അനിശ്ചിതമായി നീളുന്നതാണ് കാരണം. സെക്ഷനുകളിലെ റവന്യൂ പ്രവര്‍ത്തനങ്ങളുടെ തലവന്‍ സീനിയര്‍ സൂപ്രണ്ടാണ്. ഈ തസ്തികയിലും നിരവധി ഒഴിവുകളാണ്.

സ്വകാര്യവല്‍ക്കരണ സമ്മര്‍ദം

രാജ്യമാകെ വൈദ്യുതി വിതരണമേഖല കടുത്ത പ്രതിസന്ധിയിലാണ്. മിക്കവാറും യൂട്ടിലിറ്റികള്‍ കടക്കെണിയിലാണ്. ഇത് പരിഹരിക്കാനെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക രക്ഷാപാക്കേജ് ഈ മേഖലയില്‍ സ്വകാര്യവല്‍ക്കരണം നിര്‍ബന്ധിതമാക്കുക എന്ന ലക്ഷ്യമാണ് മുന്നോട്ടുവയ്ക്കുന്നത്. ബോര്‍ഡിന്റെ വിഭജനവും സ്വകാര്യവല്‍ക്കരണവും ലക്ഷ്യംവച്ചുള്ള ശക്തമായ സമ്മര്‍ദമാണ് കേന്ദ്രസര്‍ക്കാര്‍ ചെലുത്തുന്നത്. വൈദ്യുതിബോര്‍ഡിന്റെ പുനഃസംഘടന കാലതാമസമില്ലാതെ നടപ്പാക്കണമെന്ന നിലപാട് സംസ്ഥാനസര്‍ക്കാരും പ്രഖ്യാപിച്ചുകഴിഞ്ഞു. പൊതുമേഖലയില്‍ ഒറ്റസ്ഥാപനം എന്ന മുന്‍സര്‍ക്കാരിന്റെ സമീപനം തുടരുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിട്ടുള്ളത്്. എന്നാല്‍, വിതരണമേഖലയില്‍ സ്വകാര്യവല്‍ക്കരണം നിര്‍ബന്ധമാക്കി കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതിയെടുത്ത തീരുമാനം കേരളത്തിന്റെ നിലപാടുകളെയും ഗുരുതരമായി ബാധിക്കുമെന്നത് കാണിക്കാതിരിക്കാനാകില്ല. ബോര്‍ഡിന്റെ കൂപ്പുകുത്തല്‍ വൈദ്യുതി ബോര്‍ഡിന്റെ പുനഃസംഘടന അടക്കമുള്ള കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ചെലുത്തിയ സമ്മര്‍ദങ്ങളെ ഒരു ബദല്‍നയത്തിന്റെ അടിസ്ഥാനത്തില്‍ ചെറുത്തുനിന്നാണ് കഴിഞ്ഞ സര്‍ക്കാര്‍ വൈദ്യുതിബോര്‍ഡിനെ രാജ്യത്തിനാകെ മാതൃകയാക്കി മാറ്റിയത്. ജീവനക്കാരെയും ഓഫീസര്‍മാരെയും വിശ്വാസത്തിലെടുത്ത് ഉല്‍പ്പാദന-വിതരണ-പ്രസരണ മേഖലകളിലെല്ലാം വലിയ മുന്നേറ്റമുണ്ടാക്കാനും ഇക്കാലത്ത് ബോര്‍ഡിനായി.

കേന്ദ്രപൂളില്‍നിന്നുള്ള വൈദ്യുതിവിഹിതം കുറഞ്ഞതടക്കമുള്ള കടുത്ത പ്രതിസന്ധിയിലും ഊര്‍ജ സംരക്ഷണപ്രവര്‍ത്തനങ്ങളും ഫലപ്രദമായ ഊര്‍ജ മാനേജ്മെന്റ് മുഖാന്തരവും പ്രതിസന്ധികളെ അതിജീവിക്കുന്നതിന് നമുക്ക് കഴിഞ്ഞു. വൈദ്യുതി താരിഫ് വര്‍ധിപ്പിക്കാതെ ബോര്‍ഡിന്റെ കടബാധ്യത 4500 കോടി രൂപയില്‍നിന്ന് 1100 കോടിയായി കുറയ്ക്കാന്‍ കഴിഞ്ഞു. ഇതേകാലത്തുതന്നെ 3400 കോടിയോളം രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍, ഈ സ്ഥിതിയാകെ മാറി. വൈദ്യുതി പ്രതിസന്ധിയുടെ സാഹചര്യം മറികടക്കുന്നതിനുപോലും ക്രിയാത്മകമായി ഇടപെടാന്‍ ബോര്‍ഡിന് കഴിയുന്നില്ല. ലോഡ് ഷെഡിങ്, പവര്‍കട്ട് എന്നിവയിലൂടെ വൈദ്യുതിപ്രതിസന്ധി പരിഹരിക്കുക, സാമ്പത്തികബാധ്യത താരിഫിലൂടെ ഈടാക്കുക എന്നീ മാര്‍ഗങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ബോര്‍ഡ് ആരായുന്നത്. ഊര്‍ജസംരക്ഷണ ക്യാമ്പയിനുകള്‍പോലും അനാവശ്യചെലവാണ് എന്ന നിലപാടാണ് സ്വീകരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന സ്വകാര്യവല്‍ക്കരണ അജന്‍ഡയ്ക്ക് ന്യായം ഉണ്ടാക്കാനുള്ള ശ്രമമാണോ ഇന്നത്തെ വൈദ്യുതിബോര്‍ഡിന്റെ പോക്ക് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വൈദ്യുതിബോര്‍ഡിനെ രക്ഷിക്കാന്‍ ജനങ്ങളുടെ നിതാന്ത ജാഗ്രത അനിവാര്യമാണ് എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.

*****

എം ജി സുരേഷ്കുമാര്‍