Showing posts with label സുനിൽ പി ഇളയിടം. Show all posts
Showing posts with label സുനിൽ പി ഇളയിടം. Show all posts

Sunday, May 18, 2014

ടി എം കൃഷ്ണ: സംഗീതവും സംസ്കാര ചരിത്രവും

സമകാലിക കര്‍ണാടക സംഗീതവേദിയിലെ പ്രധാന ഗായകരില്‍ ഒരാളായ ടി എം കൃഷ്ണയുമായി മുകുന്ദനുണ്ണി നടത്തിയ അഭിമുഖ സംഭാഷണം മാതൃഭൂമി ആഴ്ചപ്പതിപ്പ് അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു (പുസ്തകം 91 ലക്കം 51). സമീപകാലത്തൊന്നും കര്‍ണാടക സംഗീതത്തിന്റെ രാഷ്ട്രീയ സാമൂഹിക ഉള്ളടക്കങ്ങളിലേക്ക് ഇത്രയേറെ കടന്നുപോയ മറ്റൊരു സംഭാഷണമോ വിശദീകരണമോ ഒരു സംഗീതജ്ഞയില്‍നിന്ന്/സംഗീതജ്ഞനില്‍ നിന്ന് കേള്‍ക്കാനും വായിക്കാനും കഴിഞ്ഞിട്ടില്ല. നിശ്ചയമായും ധാരാളം വിപ്രതിപത്തികള്‍ക്കും ഭിന്നാഭിപ്രായങ്ങള്‍ക്കും വകയുള്ള പലതും ആ അഭിമുഖത്തില്‍ ടി എം കൃഷ്ണ പറയുന്നുണ്ട്, സംഗീതത്തെക്കുറിച്ചും സംഗീതത്തിനപ്പുറമുള്ള ജീവിതത്തെക്കുറിച്ചും. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കേന്ദ്രവിഷയമാവേണ്ടത് "മോഡിയോ രാഹുല്‍ഗാന്ധിയോ?" എന്ന തരം വിഡ്ഢിചോദ്യങ്ങളല്ലെന്ന് മനസ്സിലാക്കാനും അത് തുറന്നെഴുതാനും കഴിവുള്ള അപൂര്‍വം സംഗീതജ്ഞരിലൊരാളാണ് ടി എം കൃഷ്ണ. ഇന്ത്യന്‍ ജനത മോദിയേക്കാളും രാഹുല്‍ഗാന്ധിയേക്കാളും കൂടുതല്‍ അര്‍ഹിക്കുന്നു എന്ന് തിരിച്ചറിയാന്‍ പോന്ന ചരിത്രവിവേകം അദ്ദേഹത്തിനുണ്ട്. അത്തരം ചരിത്ര വിവേകത്തോടെ തന്നെയാണ് കര്‍ണാടക സംഗീതത്തിന്റെ ഭൂത വര്‍ത്തമാനങ്ങളിലേക്കും അദ്ദേഹം നോക്കുന്നത്. അതുകൊണ്ടുതന്നെ കര്‍ണാടക സംഗീതവേദിയെ ഒട്ടുമുക്കാലും അടക്കിഭരിക്കുന്ന ഫ്യൂഡല്‍ പാരമ്പര്യത്തെയും സവര്‍ണതയെയും കടുത്ത മതാത്മ കതയേയും വിമര്‍ശനാത്മകമായി നോക്കിക്കാണാനും അദ്ദേഹത്തിന് കഴിയുന്നുണ്ട്. ഇതോടൊപ്പം തന്നെ സംഗീതത്തെ തന്റെ ചിന്തയുടെ വിഷയമാക്കാന്‍ കഴിഞ്ഞ ഗായകനുമാണദ്ദേഹം.

പറഞ്ഞുകേട്ടതും വായിച്ചറിഞ്ഞതും ആവര്‍ത്തിച്ചുപറയുന്നതിനപ്പുറം, പുതിയ പ്രമേയങ്ങളിലേക്കും ആശയങ്ങളിലേക്കും ചിലപ്പോഴൊക്കെ ധ്യാനാത്മകമായും ചിലപ്പോഴൊക്കെ വിശകലനാത്മകമായും അയത്നലളിതമായി അദ്ദേഹം കടന്നുപോകുന്നു. ഇത്തരമൊരു സഞ്ചാരത്തിന് വഴിതുറക്കുന്ന മര്‍മസ്പര്‍ശിയായ ചോദ്യങ്ങളും നിരീക്ഷണങ്ങളും അവതരിപ്പിക്കാന്‍ അഭിമഖം നടത്തിയ മുകുന്ദനുണ്ണിക്ക് കഴിഞ്ഞുഎന്നതും പ്രധാനമാണ്. ഉത്തരങ്ങളല്ല, നിരവധി ഉത്തരങ്ങള്‍ വേണ്ടിവരുന്ന ചോദ്യങ്ങളാണ് ജീവിതമെന്നതുപോലെ കലയും. മുകുന്ദനുണ്ണിയുടെ ചോദ്യങ്ങളില്‍ ഈ തിരയിളക്കമുണ്ട്.

കര്‍ണാടക സംഗീതത്തെക്കുറിച്ചുള്ള ആലോചനകളില്‍നിന്ന് ഒട്ടുമിക്കവാറും ഒഴിച്ചുനിര്‍ത്തപ്പെടുന്നത് അതിന്റെ ചരിത്രമാണ്. പ്രത്യേകിച്ചും അതിന്റെ സാംസ്കാരികചരിത്രം. സംഗീതത്തിന്റെ സാങ്കേതികവും വ്യാകരണപരവുമായ കാര്യങ്ങള്‍ പറഞ്ഞുപഠിപ്പിക്കുന്നു എന്നതിനപ്പുറം ഏതുതരത്തിലുള്ള സാമൂഹ്യധര്‍മം നിറവേറ്റിക്കൊണ്ടാണ് വ്യത്യസ്ത കാലങ്ങളിലും വ്യത്യസ്ത സമൂഹങ്ങളിലും കര്‍ണാടക സംഗീതം നിലനിന്നത് എന്ന ചോദ്യം ഉന്നയിക്കപ്പെടാറില്ല. ഒരു സവിശേഷ സമൂഹ സന്ദര്‍ഭ ത്തില്‍ ആ കാലയളവിലെ ഇതര ജീവിതസാമഗ്രികളുമായുള്ള വിനിമയങ്ങളിലൂടെ അനന്യമായ ഉള്ളടക്കവും ആവിഷ്കാരഭ്രമവുമായി സംഗീതപ്രയോഗങ്ങള്‍ വികസിച്ചുവന്നതെങ്ങനെ എന്നാരായുമ്പോഴാണ് ഏതു സാംസ്കാരിക നിര്‍മിതിയുടെയും എന്നതുപോലെ സംഗീതത്തിന്റെയും സംസ്കാരചരിത്രം തെളിഞ്ഞുവരിക. അതല്ലാതെ നൂറ്റാണ്ടുകളായി തുടരുന്ന സങ്കേത സംവിധാനങ്ങളെ കാലക്രമത്തില്‍ വിവരിക്കുന്ന ഏര്‍പ്പാടായി കലാചരിത്രം മാറിക്കൂടാ. ഒരു സാങ്കേതിക സംവിധാനംതന്നെ ഭിന്ന കാലങ്ങളില്‍ ഭിന്നമായ അര്‍ത്ഥവും അനുഭവവുമാണ് ഉളവാക്കുന്നതെന്ന് വരാം. മൈക്രോഫോണിന്റെയും ആംപ്ലിഫൈങ് സംവിധാനങ്ങളുടെയും വരവിനുശേഷം ശബ്ദത്തിന്റെ സ്വരൂപത്തിനും അര്‍ത്ഥത്തിനും അനുഭവ തലങ്ങള്‍ക്കും വന്ന പരിണാമം ഇതിന്റെ പ്രകടമായ തെളിവായി നമുക്ക് മുന്നിലുണ്ട്. തികച്ചും കലയുടെ സാങ്കേതികാംശം എന്ന് കരുതപ്പെടുന്ന ഒരു കാര്യം ആഴമേറിയ ഒരു ചരിത്ര ബന്ധത്തെ പ്രകാശിപ്പിക്കുന്നുണ്ടാവാം. (അതിര്‍വരകളെ ഇല്ലാതാക്കുകയും ചായത്തേപ്പിന്റെ പാടുകളെ ചിത്രപ്രതലത്തില്‍ പ്രകടമായി നിലനിര്‍ത്തുകയും ചെയ്ത ഇംപ്രഷനിസ്റ്റ് ചിത്രകല യാഥാര്‍ഥ്യത്തിന്റെ ഭദ്രതയെക്കുറിച്ചുള്ള പുതിയ സന്ദിഗ്ധതകളെക്കൂടി ഉള്‍ക്കൊള്ളുന്നതായി ആര്‍നോള്‍ഡ് ഹൗസര്‍ പറയുന്നത് അതുകൊണ്ടാണ്). ഇത്തരം ഘടകങ്ങളെ പരിഗണിക്കുകയും അവയെ മുന്‍നിര്‍ത്തി കലയുടെ ചരിത്രം വിശദീകരിക്കുകയും ചെയ്യാത്തിടത്തോളം കലാചരിത്ര പഠനം പലപ്പോഴും സങ്കേതപഠനം മാത്രമാവും. അതോടെ തന്റെ മുന്നിലുള്ള സാങ്കേതിക സ്വരൂപത്തിന്റെ ചരിത്രപരമായ പ്രകൃതം കലയുടെതന്നെ സ്വാഭാവിക പ്രകൃതമാണെന്ന തെറ്റിദ്ധാരണ പ്രബലമാവുകയും ചെയും. കര്‍ണാടക സംഗീതപഠനവും (വലിയൊരളവോളം നമ്മുടെ നൃത്തപഠനവും) ഇന്നും മതാത്മകതയുടെ പിടിമുറുക്കത്തില്‍നിന്ന് വിമോചിതമാവാത്തതിന്റെ അടിസ്ഥാന കാരണങ്ങളിലൊന്നും ഈ ചരിത്രവത്കരണത്തിന്റെ അഭാവമാണ്.

സാങ്കേതിക ചരിത്രത്തില്‍നിന്നും ഭിന്നമായ സാംസ്കാരിക ചരിത്രത്തിന്റെ പ്രകൃതത്തെ തിരിച്ചറികയും അതിനെ മുന്‍നിര്‍ത്തി കലയെ മനസ്സിലാക്കുകയും െ്ചയ്യുന്ന ഒരു വീക്ഷണത്തിന്റെ അടയാളങ്ങള്‍ ടി എം കൃഷ്ണയുടെ അഭിമുഖത്തില്‍ പലയിടത്തുമുണ്ട്. സിനിമാ സംഗീതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷ ണങ്ങള്‍ ഇതിന്റെ തെളിവാണ്. തികച്ചും പുതിയത് എന്ന് പറയാനാവില്ലെങ്കിലും പ്രസക്തമായ പല വസ്തുതകളും ഇതിനെ മുന്‍നിര്‍ത്തി അദ്ദേഹം പറയുന്നുണ്ട്. സിനിമാ സംഗീതം സംഗീതത്തില്‍ വലിയ ഒരു വിച്ഛേദത്തിന്റെ സ്ഥാനമാണെന്ന കാര്യം അദ്ദേഹം വ്യക്തമാക്കുന്നു. അതുവരെ വ്യത്യസ്ത സമുദായങ്ങളുടെയും ജാതിവിഭാഗങ്ങളുടെയും സാമൂഹ്യ വിഭാഗങ്ങളുടെയുമൊക്കെ വെവ്വേറെ കള്ളികള്‍ക്കുള്ളിലായിരുന്നു സംഗീതത്തിന്റെ നിലനില്‍പ്. സിനിമാ സംഗീതമാണ് ഇതില്‍ വലിയ മാറ്റംവരുത്തിയത്. ഒരര്‍ത്ഥത്തില്‍ സംഗീത വേദിയിലെ പൊതുമണ്ഡലമായിരുന്നു സിനിമാ സംഗീതം. വ്യത്യസ്ത സാമൂഹ്യ വിഭാഗങ്ങളുടെ ആശയാഭിലാഷങ്ങളും ജീവിതവീക്ഷണങ്ങളും തമ്മില്‍ത്തമ്മില്‍ ഇണങ്ങിയും ഇടഞ്ഞും നിലകൊള്ളുന്ന ഒരു സംവാദ സ്ഥാന ത്തെയാണല്ലൊ പൊതുമണ്ഡലം എന്ന് നാം സാധാരണയായി പറഞ്ഞുപോരുന്നത്. സൂക്ഷ്മമായ അതേ അര്‍ത്ഥത്തിലല്ലെങ്കിലും സിനിമാ സംഗീതവും ഇത്തരമൊരു ദൗത്യം നിറവേറ്റുകയുണ്ടായി. കുടില്‍ തൊട്ടു കൊട്ടാരംവരെയുള്ള മുഴുവന്‍ മനുഷ്യരെയും അത് ഒരുപോലെ അഭിസംബോധന ചെയ്യുകയുണ്ടായി. ടി എം കൃഷ്ണ പറയുന്നതുപോലെ റോഡിലൂടെ നടന്നുപോകുന്നവരും പരിഹാസ്യമായ 24 നില മാളികയില്‍ പാര്‍ക്കുന്ന മുകേഷ് അംബാനിയും അത് കേള്‍ക്കും. (മുകേഷ് അംബാനിയുടെ 24 നിലകളുള്ള ആന്റിലയെ പരിഹാസ്യം എന്ന് - ridiculous എന്നായിരിക്കണം ഇംഗ്ലീഷില്‍ അദ്ദേഹം പ്രയോഗിച്ച പദം - വിശേഷിപ്പിക്കാനുള്ള വിവേകം കാണിച്ചതിനും നാം കൃഷ്ണയോട് ആദരവുള്ളവരാകണം).

സിനിമ ഒരര്‍ത്ഥത്തില്‍ പഴയ സംഗീതരീതികളില്‍നിന്ന് അതിന്റെ സാങ്കേതികതയ്ക്കും ആവശ്യങ്ങള്‍ക്കും ഇണങ്ങുന്ന ഒരു പുതിയ സംഗീതരൂപം സൃഷ്ടിക്കുകയാണ് ചെയ്തത്. മറ്റൊരു നിലയ്ക്കും തമ്മിലിണങ്ങാത്തവരെ തമ്മിലിണക്കുന്ന ഒരു ഉപാധിയായിരുന്നു. "ജാതിഭേദം മതദ്വേഷം/ഏതുമില്ലാതെ സര്‍വരും/സോദരത്വേന വാഴുന്ന/മാതൃകാസ്ഥാനം" എന്ന ഗുരുവചന ത്തിന്റെ പൊരുളിനെ പ്രായോഗികമായ അനുഭവവേദ്യമാക്കിയ ആധുനിക ജീവിതസ്ഥാനങ്ങളിലൊന്നായിരുന്നു സിനിമാസംഗീതം എന്ന് പറയാവുന്നതാണ്. സിനിമാസംഗീതം കൊണ്ടുവന്ന ഈ മഹാപരിവര്‍ത്തനത്തെ നാം കൊണ്ടാടുകതന്നെ വേണമെന്ന് ടി എം കൃഷ്ണ പറയുന്നുണ്ട്. ക്ലാസിക്കല്‍ സംഗീതമാണ് യഥാര്‍ത്ഥ സംഗീതം എന്ന് തീരുമാനിച്ച് സിനിമാ സംഗീതത്തിന്റെ വിപ്ലവപരമായ ഈ ഉള്ളടക്കം നാം കാണാതെ പോവുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. അതേസമയം തന്നെ, സിനിമാ സംഗീതത്തില്‍ പോലും കര്‍ണാടക സംഗീതം മതാത്മകതയുടെയും ഫ്യൂഡല്‍ പ്രഭുതയുടെയും പ്രതീതികള്‍ക്കകത്ത് തളച്ചിടപ്പെടുന്ന കാര്യവും ടി എം കൃഷ്ണ എടുത്തുപറയുന്നുണ്ട്. നമ്മുടെ കര്‍ണാടക സംഗീത പ്രയോക്താക്കളില്‍നിന്ന് ഇക്കാലത്ത് ഏറെയൊന്നും പ്രതീക്ഷിക്കാനാവാത്ത നിരീക്ഷണ ങ്ങളാണ് ഇവയെല്ലാംതന്നെ.

സിനിമാ സംഗീതത്തിന്റെ ചരിത്രപരവും സാങ്കേതികവുമായ സന്ദര്‍ഭം അതിന് പകര്‍ന്നുനല്‍കിയ സവിശേഷമായ ഉള്ളടക്കത്തിന് സമാനമാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ കര്‍ണാടക സംഗീതത്തിലുണ്ടായ പരിവര്‍ത്തനങ്ങളും. കഴിഞ്ഞ ഒരു നൂറ്റാണ്ടോളമായി നാം കേള്‍ക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന കര്‍ണാടക സംഗീതം പരമ്പരാഗതമായി നിലനിന്ന ദക്ഷിണേന്ത്യന്‍ സംഗീതത്തിന്റെ ആവര്‍ത്തനമല്ല. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപതിറ്റാണ്ടുകളില്‍ അത് വന്‍ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായി. കൊട്ടാരങ്ങളില്‍നിന്നും പ്രഭു മന്ദിരങ്ങളില്‍നിന്നും മഹാനഗരങ്ങളിലെ പൊതുജനസഭകളിലേക്കുള്ള സംഗീതത്തിന്റെ സ്ഥാനാന്തരങ്ങളും പൊതുജന സംഗീതസഭ കളെ കേന്ദ്രീകരിച്ച് ഉയര്‍ന്നുവന്ന പുതിയ ആസ്വാദക സമൂഹത്തിന്റെ സാമൂഹികമായ അഭിലാഷ ങ്ങളും മൈക്രോഫോണ്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യയുടെ രംഗപ്രവേശവും റെക്കോഡിങ് ഇന്‍ഡസ്ട്രി വഴി രൂപപ്പെട്ട പുതിയ വിപണിമൂല്യവും എല്ലാം ചേര്‍ന്ന് കര്‍ണാടകസംഗീതം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വഴിത്തിരിവിലൂടെയാണ് ഇക്കാലത്ത് കടന്നുപോയത്. സാമൂഹ്യശാസ്ത്ര ചിന്തയില്‍ ഇപ്പോള്‍ വ്യാപകമായി ഉപയോഗിച്ചുവരുന്ന ഒരു പ്രയോഗം കടമെ ടുത്താല്‍ ദക്ഷിണേന്ത്യന്‍ സംഗീതത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിചാരമാതൃകാവ്യതിയാനമാണ് (paradigm shift) 1920-30 കാലയളവില്‍ സംഭവിച്ചത്. അതിനുശേഷം നാം കേട്ടുവരുന്നത് അതുവരെയുണ്ടായിരുന്ന സംഗീതമല്ല, അങ്ങനെയാണെന്ന് നാം നിരന്തരം വാദിച്ചുപോരുന്നതെങ്കിലും. കര്‍ണാടക സംഗീതവേദിയിലെ ഈ വമ്പന്‍ വഴിത്തിരിവ് ജന്മം നല്‍കിയ പിതൃബിംബമായിരുന്നു "ത്യാഗരാജസ്വാമികള്‍" എന്നുമാത്രം ഇപ്പോള്‍ പരാമര്‍ശിക്കപ്പെട്ടുവരുന്ന ത്യാഗരാജന്‍.

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ജനിച്ച് പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യഘട്ടം വരെ ജീവിച്ച ത്യാഗരാജന്‍ (1767-1847) ഇന്ന് അതി പ്രാചീനമോ കാലാതീതമോ ആയ കേവലതയുടെ പദവിയാര്‍ജിച്ച ഒരു നായകബിംബമാണ്. കര്‍ണാടക സംഗീതവേദിയിലെ ദൈവാവതാരമാണ് ഇപ്പോള്‍ ത്യാഗരാജന്‍. ശ്യാമശാസ്ത്രിയും മുത്തുസ്വാമി ദീക്ഷിതരും ഉള്‍പ്പെടെ ത്രിമൂര്‍ത്തികളിലെ ഇതര അംഗങ്ങളോ കര്‍ണാടക സംഗീത ചരിത്രത്തിലെ മറ്റുള്ള മഹാഗായകരായ വാഗ്ഗേയകാരന്മാരോ ഒന്നും ത്യാഗരാജന് സമാനമായ പദവിയുടെ ഉടമകളല്ല. ഒരര്‍ത്ഥത്തില്‍ ആധുനികമായ ഒരു ചരിത്രസന്ദര്‍ഭത്തിന്റെ ആവശ്യങ്ങളിലേക്കും താല്‍പര്യങ്ങളിലേക്കും പരാവര്‍ത്തനം ചെയ്യപ്പെട്ട ദക്ഷിണേ ന്ത്യന്‍ സംഗീതത്തിന്റെ ഭൂതകാലമാണ് ത്യാഗരാജന്‍ എന്നുപറയാം. ടി എം കൃഷ്ണ അഭിമുഖത്തില്‍ പറയുന്നതുപോലെ എല്ലാ സംഗീതവും പിറവിയെടുക്കുന്നത് അതാതിന്റേതായ സന്ദര്‍ഭങ്ങളില്‍നിന്നാണ്; അതാതിന്റേതായ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക സന്ദര്‍ഭങ്ങളില്‍നിന്നാണ്. കര്‍ണാടക സംഗീതത്തിന്റെ ആധുനികീകരണത്തിന് വഴിവെച്ച സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ പ്രേരണകളൊക്കെ സംഗ്രഹിക്ക പ്പെട്ട ഒരു സംഗമ സ്ഥാനമാണ് ത്യാഗരാജന്‍ എന്നുപറയാം. ഭൂത കാലത്തില്‍നിന്നും വര്‍ത്തമാന ത്തിലേക്ക് ആനയിക്കപ്പെട്ട ഒരു അതീത ബിംബമാണത്.

ഭൂതകാല ബിംബങ്ങളെയും പദാവലികളെയും വര്‍ത്തമാനം ആവാഹിച്ചുവരുത്തുന്നതിനെക്കുറിച്ചുള്ള ഉജ്വലവും അത്യന്തം കാവ്യാത്മകവുമായ ഒരു വിവരണം "ലൂയി ബോണപ്പാര്‍ട്ടിന്റെ പതിനെട്ടാം ബ്രൂമെയര്‍" എന്ന കൃതിയില്‍ മാര്‍ക്സ് നല്‍കുന്നുണ്ട്. "തങ്ങളേയും തങ്ങളുടെ ചുറ്റുപാടുകളേയും വിപ്ലവകരമായി മാറ്റിമറിക്കുന്നതിലും മുമ്പില്ലാതിരുന്ന ചിലത് സൃഷ്ടിക്കുന്നതിലും വ്യാപൃതരാണെന്ന് ആളുകള്‍ക്ക് തോന്നുമ്പോഴാണ്, അവര്‍ ഉത്കണ്ഠ യോടെ തങ്ങളുടെ സഹായത്തിനായി ഭൂതകാല പ്രേതങ്ങളെ വിളിച്ചുവരുത്തുകയും കാലപ്പഴക്കത്തിന്റെ മാന്യതയാര്‍ന്ന പ്രച്ഛന്നവേഷത്തിലും കടമെടുത്ത ഭാഷയിലും ചരിത്രത്തിലെ പുതിയ രംഗം അഭിനയിക്കാന്‍വേണ്ടി പഴയ പേരുകളും പോര്‍വിളികളും വേഷ ങ്ങളും കടമെടുക്കുകയും ചെയ്യുന്ന"തെന്ന് മാര്‍ക്സ് പറയുന്നു. ഇത്തരമൊരു ആവാഹനവും കടമെടുക്കലും ത്യാഗരാജന്‍ എന്ന പിതൃബിംബത്തിന്റെ കാര്യത്തിലും നടക്കുന്നുണ്ട്. പുതിയ സാമൂഹ്യ ആവശ്യങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും ഉപയുക്തമാവുന്ന നിലയില്‍ ദക്ഷിണേന്ത്യന്‍ സംഗീതത്തെ പുതുക്കിപ്പണിയുന്നതിലേര്‍പ്പെട്ട സന്ദര്‍ഭത്തിലാണ് ഭൂതകാലത്തിന്റെ വേഷഭൂഷാദികള്‍ അണിയിച്ച്, കാലപ്പഴക്കം നല്‍കിയ മാന്യതയാര്‍ന്ന പ്രച്ഛന്ന വേഷത്തില്‍, ഈ പൊളിച്ചെഴുത്തിന്റെ പ്രയോക്താക്കള്‍ പൗരാണികമായ പിതൃബിംബങ്ങളെ ആവാഹിച്ചു വരുത്തിയത്. വര്‍ത്തമാനത്തിനു കൈവന്ന ഭൂതപ്രതീതിയായിരുന്നു അത്.

ഇങ്ങനെ, ഭൂതപ്രതീതിയെ വര്‍ത്തമാനത്തിലേക്ക് വിളിച്ചുവരുത്തുന്ന വിധത്തില്‍, പത്തൊമ്പതാം ശതകത്തിന്റെ അവസാന ദശകങ്ങളിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിലുമായി കര്‍ണാടകസംഗീതവേദിയില്‍ അരങ്ങേറിയ പരിവര്‍ത്തനങ്ങളെ നിര്‍ണയിച്ച ഏറ്റവും പ്രധാന ഘടകം പുതിയ ആസ്വാദക സമൂഹത്തിന്റെ രംഗപ്രവേശമാണ്. പ്രഭുമന്ദിരങ്ങളില്‍നിന്നും കൊട്ടാരങ്ങളില്‍നിന്നും മഹാനഗരങ്ങളിലെ സംഗീത സഭകളിലേക്ക് വഴിതിരിഞ്ഞെത്തിയ സംഗീതപ്രയോഗങ്ങളുടെ ആസ്വാദകരായി ഉണ്ടായിരുന്നത് കൊളോണിയല്‍ ഭര ണകൂട ജോലികളില്‍ ഏര്‍പ്പെട്ട വരും മധ്യവര്‍ഗ-ഉപരിവര്‍ഗ വിഭാഗത്തില്‍ പെട്ടവരുമായ സവര്‍ണ വിഭാഗങ്ങളായിരുന്നു. കല യോടും സംസ്കാര പാരമ്പര്യത്തോടും വളരെയേറെ വ്യത്യസ്തമായ നിലപാടാണ് ഈ വിഭാഗത്തിനുണ്ടായിരുന്നത്. കല കളുടെ സംരക്ഷകരായി നിലകൊണ്ട മുന്‍കാല ഭരണാധികാരികളില്‍നിന്നും വ്യത്യസ്തമായി വൈകാരികവും വ്യക്തിപരവുമായ ആഭിമുഖ്യമാണ് ഇവര്‍ സംഗീതത്തോട് പുലര്‍ത്തിയിരുന്നത്.

തങ്ങളുടെ സ്വത്വ സംസ്ഥാപന ത്തിന്റെ ഉപാധികളിലൊന്നുകൂടിയായാണ് ഈ മേല്‍ജാതി വിഭാഗങ്ങള്‍ ക്ലാസിക്കല്‍ കലകളെ പരിഗണിച്ചത്. കോളനിവാഴ്ചയുടെ സന്ദര്‍ഭത്തില്‍, അധിനിവേശത്തിന്റെ കടന്നാക്രമണങ്ങള്‍ക്ക് വിധേയമാകാത്ത വിശുദ്ധവും ആധ്യാത്മികവുമായ അനുഭവ സ്ഥാനമായിരുന്നു ഇവര്‍ക്ക് ക്ലാസിക്കല്‍ സംഗീതം. പാശ്ചാത്യ വിദ്യാഭ്യാസവും ആധുനിക വ്യക്തിബോധവും പാരമ്പര്യത്തെക്കുറിച്ചുള്ള പുതിയ ധാരണ കളും കൂടിക്കലര്‍ന്നുനില്‍ക്കുന്ന പുതിയ ഒരു ആസ്വാദന സ്ഥാന ത്താണ് ഈ വിഭാഗം നിലയുറപ്പിച്ചിരുന്നത്. വര്‍ത്തമാനകാലത്തിന്റെ പരാധീനതകള്‍ക്കുള്ള പരിഹാരമായി ഭൂതകാലത്തിന്റെ വിശുദ്ധലോകങ്ങളെ കണ്ടെടുക്കാനുള്ള മധ്യവര്‍ഗ ത്വര, പൗരസ്ത്യവാദപരമായ അറിവുകളുടെ പശ്ചാത്തലത്തില്‍, അന്ന് ഇന്ത്യയിലെമ്പാടും പ്രബലമായിരുന്നു. ത്യാഗരാജന്‍ എന്ന വിശുദ്ധബിംബം വലിയ മേല്‍ക്കൈ നേടുന്ന തിന് പിന്നിലെ ഒരു കാരണം ഇതാണ്. ഇതര സംഗീത പ്രതിഭകളില്‍നിന്നെല്ലാം വ്യത്യസ്തമായി, ഭൗതിക ജീവിതത്തിന്റെയും കൊട്ടാരത്തിന്റെയും ക്ഷണ ങ്ങളെയും സുഖഭോഗങ്ങളെയുമെല്ലാം നിരസിച്ച ഒരാളായിരുന്നല്ലൊ ത്യാഗരാജന്‍. ഉഞ്ഛവൃത്തിയിലൂടെ ജീവിതമാര്‍ഗം കണ്ടെത്തി, സംഗീതത്തെ സന്യാസവും അധ്യാത്മവിദ്യയുമായി പരിവര്‍ത്തിപ്പിച്ച അത്തരമൊരാളുടെ വീണ്ടെടുപ്പ് മേല്‍പറഞ്ഞ സാമൂഹ്യവിഭാഗത്തെ സംബന്ധിച്ചിടത്തോളം എത്രയോ അഭിലഷണിയവും ആശ്വാസദായകവുമായിരുന്നു.

ഇതോടൊപ്പം കര്‍ണാടക സംഗീതത്തില്‍ ത്യാഗരാജന്‍ കൊണ്ടുവന്ന പരിഷ്കരണങ്ങളും ഈ രൂപാന്തര ണത്തിന് വളരെയേറെ ഉപയുക്തമായിരുന്നു. മൂന്ന് കാര്യങ്ങളാണ് ഇവിടെ എടുത്തുപറയാവുന്നത്. പരമ്പരാഗത മായ ഭജനസംഗീതവും കൊട്ടാര സംഗീതവും തമ്മിലുള്ള അകലം ഇല്ലാതാക്കാനും ഇവയെ തമ്മിലിണക്കുന്ന ഒന്നായി സംഗീതപ്രയോഗത്തെ മാറ്റിത്തീര്‍ക്കാനും ത്യാഗരാജന് കഴിഞ്ഞു എന്നതാണ് ആദ്യത്തെ വസ്തുത. സാങ്കേതികവും ബൗദ്ധികവുമായ പ്രയോഗങ്ങളിലേക്ക് കൂടുതല്‍ കൂടുതല്‍ ചേര്‍ന്നുനിന്ന കൊട്ടാര സംഗീതത്തെയും ബഹുജനാലാപനത്തോട് ചേര്‍ന്നുനിന്ന ഭജനസംഗീതത്തെയും കൂട്ടിയിണക്കുകവഴി കര്‍ണാടക സംഗീതത്തെ പുതിയൊരു വിതാനത്തിലേക്ക് കൊണ്ടുവരാന്‍ ത്യാഗരാജന് കഴിഞ്ഞു. ഇതോടൊപ്പം കൃതികള്‍ എന്ന വിഭാഗത്തെ കര്‍ണാടക സംഗീതത്തിന്റെ കേന്ദ്രമായി അദ്ദേഹം ഉയര്‍ത്തിയെടുക്കുകയും ചെയ്തു. കീര്‍ത്തനങ്ങളുടെ കേവല ഭക്തിക്കപ്പുറത്തേക്ക്, ആധുനികമായ വ്യക്തിഗത ആസ്വാദനത്തിന്റെ വിഭവമാകാന്‍ പോന്ന സാഹിതീയ മൂല്യം കൃതികള്‍ക്ക് ഉണ്ടായിരുന്നു. "സംഗതികള്‍" എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംഗീതാലങ്കാരത്തിന്റെ കണ്ടെത്തലും സൂക്ഷ്മവിനിയോഗവുമാണ് മൂന്നാമത്തേത്. കൃതികള്‍ ആലപിക്കുമ്പോള്‍ കൂടുതല്‍ രൂപഭംഗിയും ഭാവദീപ്തിയും നല്‍കാന്‍ കഴിയുന്ന വിധത്തില്‍ പടിപടിയായി വളര്‍ത്തിക്കൊണ്ടുവരുന്ന മാറ്റങ്ങളാണ് സംഗതികള്‍ എന്നറിയപ്പെടുന്നത്. ആവര്‍ത്ത നംതോറും ധാതുവില്‍ പടിപടിയായും അങ്ങേയറ്റം സൗന്ദര്യാത്മകമായും വന്നുചേരുന്ന മാറ്റങ്ങളാണ്. സംഗതികളെ അതിസൂക്ഷ്മമായി വികസിപ്പിച്ചെടുക്കുകയും ഒപ്പംതന്നെ അതിനെ വ്യവസ്ഥപ്പെടുത്തുകയുമാണ് ത്യാഗരാജന്‍ ചെയ്തത്. ആധുനികമായ ഒരു ആസ്വാദന വിഭവമാകാന്‍ കര്‍ണാടക സംഗീതത്തെ പര്യാപ്തമാക്കിയ ഏറ്റവും പ്രധാന ഘടകങ്ങളിലൊന്നായിരുന്നു അത്.

ഈ നിലയില്‍ സംഗീതത്തിന്റെ ആന്തരിക സ്വരൂപത്തില്‍ വരുത്തിയ മാറ്റങ്ങള്‍കൊണ്ട് ഒരു ഭാഗത്തും വ്യക്തിഗതമായ പരിവേഷം കൊണ്ട് മറുഭാഗത്തും ഇരുപതാം നൂറ്റാണ്ടിന്റെ സംഗീതാനുഭവത്തിെന്‍റയും ആസ്വാദകാഭിലാഷങ്ങളുടെയും കേന്ദ്രമാകാന്‍ പോന്നതായിരുന്നു ത്യാഗരാജനും അദ്ദേഹത്തിന്റെ സംഗീതവും. ടി എം കൃഷ്ണ തന്റെ അഭിമുഖത്തില്‍ പറയുന്നതുപോലെ, ഏത് സംഗീതവും വരുന്നത് ഏതെങ്കിലുമൊരു സാമൂഹിക രാഷ്ട്രീയ സാംസ്കാരിക സന്ദര്‍ഭത്തില്‍ നിന്നായിരിക്കും എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ത്യാഗരാജ സംഗീതം. ഇപ്പോള്‍ നാമതൊന്നും ഓര്‍മിക്കാറില്ലെങ്കിലും ഓര്‍ത്തിരിക്കേണ്ട ഒരു കാര്യമാണത്. ടി എം കൃഷ്ണയുടെ അഭിമുഖം ഇത്തരം പല ഓര്‍മപ്പെടുത്തലുകളേയും ഉള്‍ക്കൊണ്ടിരിക്കുന്നു എന്നതാണ് അതിനെ ഏറെ ശ്രദ്ധേയമാക്കുന്നത്.

ടി എം കൃഷ്ണയുടെ മേല്‍പ്പറഞ്ഞ അഭിമുഖത്തിന്റെ തുടര്‍ച്ചയെന്ന നിലയില്‍ വായിക്കാവുന്ന ഗ്രന്ഥമാണ് "ദക്ഷിണേന്ത്യന്‍ സംഗീതം: കര്‍ണാടക കഥ" (Southern Music: A Karnatik Story) എന്ന പേരില്‍ പ്രമുഖ പ്രസാധകരായ ഹാര്‍പെര്‍ കോളിന്‍സ് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ അദ്ദേഹത്തിന്റെ പുസ്തകം. കര്‍ണാടക സംഗീതത്തിന്റെ സമസ്ത തലങ്ങളിലേക്കും കണ്ണോടിക്കുകയും അവയെക്കുറിച്ചെല്ലാം തന്റേതായ നിരീക്ഷണ ങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്ന ഒരു പഠിതാവിനെ നമുക്കീ പുസ്തകത്തില്‍ കാണാം. കര്‍ണാടക സംഗീതന്റെ പ്രയോക്താവ്കൂടിയായ ഒരാള്‍ അതിന്റെ നാനാതലങ്ങളെക്കുറിച്ച് പഠിച്ച് ആശയങ്ങള്‍ അവതരിപ്പിക്കാനും മതാത്മകതയുടെ പിടിമുറുക്കങ്ങളില്ലാതെ, ചരിത്രബോധത്തോടെ അതേക്കുറിച്ചെല്ലാം ചര്‍ച്ച ചെയ്യാനും തുനിയുന്നത് അത്രമേല്‍ സാധാരണമല്ല. ഈ അസാധാരണത്വംതന്നെയാണ് ടി എം കൃഷ്ണയുടെ പുസ്തകത്തേയും വ്യതിരിക്തമാക്കുന്നത്. മൂന്ന് ഭാഗങ്ങളില്‍ ഇരുപത്തിയേഴ് അധ്യായങ്ങളായി തരംതിരിച്ചിട്ടുള്ളതാണ് താരതമ്യേന ബൃഹത്തായ (അറുനൂറോളം പുറങ്ങള്‍) ഈ ഗ്രന്ഥം. ആദ്യഭാഗത്തിലെ പന്ത്രണ്ട് അധ്യായങ്ങളില്‍ ഒരു ഗായകന്‍ എന്ന നിലയിലുള്ള തന്റെ അനുഭവങ്ങളെ വിലയിരുത്താനും വിശദീകരിക്കാനുമാണ് ടി എം കൃഷ്ണ ശ്രമിക്കുന്നത്. തന്റെ സംഗീതാനുഭവങ്ങള്‍ എന്ന് പറയുമ്പോള്‍ അതില്‍ കര്‍ണാടക സംഗീതത്തിന്റെ ചരിത്രംകൂടി ഉള്‍പ്പെട്ടുകിടക്കുന്നുണ്ടെന്ന് അദ്ദേഹം തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് ഒരു ഭാഗത്ത് ആലാപനവേളയില്‍ ഗായകര്‍ സംഗീതത്തിലേക്ക് കടന്നുചെല്ലുന്നതിന്റെ അനുഭവാധിഷ്ഠിത വിവരണങ്ങളും മനോധര്‍മ സംഗീതം ഇതള്‍വിരിയുന്നതിന്റെ വിശകലനങ്ങളുമാണെങ്കില്‍ മറുഭാഗത്ത് കച്ചേരി സമ്പ്രദായത്തിന്റെ വര്‍ത്തമാന സ്ഥിതിയെക്കുറിച്ചുള്ള വിമര്‍ശനങ്ങളും ഒന്നാംഭാഗത്തുതന്നെ കാണാം. പ്രകരണം(The Context)  എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗത്തിലെ പത്ത് അധ്യായങ്ങളില്‍ കര്‍ണാടക സംഗീതത്തിന്റെ വിവിധതരം പ്രയോഗസ്ഥാനങ്ങളെ മുന്‍നിര്‍ത്തി അതിനെ വിശകലന വിധേയമാക്കുകയാണ് ടി എം കൃഷ്ണ ചെയ്യുന്നത്.

ഭരതനാട്യവും ഹിന്ദുസ്ഥാനി സംഗീതവും ഫ്യൂഷന്‍ മ്യൂസിക്കും സിനിമാസംഗീതവും എല്ലാം കര്‍ണാടക സംഗീതവുമായി പുലര്‍ത്തുന്ന ബന്ധ ങ്ങള്‍ മുതല്‍ സാങ്കേതികവിദ്യയും കര്‍ണാടക സംഗീതവുമായുള്ള വിനിമയങ്ങളും അമേരിക്കയിലെ കര്‍ണാടക സംഗീത വേദിയും വരെ ഈ അധ്യായങ്ങളിലെ ആലോചനാ വിഷയങ്ങളാണ്. അവസാന ഭാഗത്തിലെ (The History) അഞ്ച് അധ്യായങ്ങള്‍ പൊതുവെ കര്‍ണാടക സംഗീതത്തിന്റെ സങ്കേത വിശ കലനങ്ങളാണ്. രാഗവും താള വും മനോധര്‍മവും കൃതികളുടെ ഘടനയുമെല്ലാം ഈ അധ്യായ ങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. വിവരണങ്ങള്‍ക്കപ്പുറം വിമര്‍ശന ങ്ങളും മൗലികതയുള്ള നിരീക്ഷ ണങ്ങളും അദ്ദേഹം ഇതിലുടനീളം അവതരിപ്പിക്കുന്നുമുണ്ട്. ആ നിലയില്‍ സമകാലിക സംഗീത വിചാരമേഖലയിലെ അനന്യസ്ഥാനങ്ങളിലൊന്നായി ഈ ഗ്രന്ഥം മാറിത്തീര്‍ന്നിരിക്കുന്നു.

*
സുനില്‍ പി ഇളയിടം ദേശാഭിമാനി വാരിക

Wednesday, December 4, 2013

സൈദ്ധാന്തിക സംവാദങ്ങള്‍

സുനില്‍ പി ഇളയിടം എഴുതിയ വീണ്ടെടുപ്പുകളെ സംബന്ധിച്ച് ഈ കോളത്തില്‍ ചില നിരീക്ഷണങ്ങള്‍ അവതരിപ്പിച്ചിരുന്നു. കോളത്തിന്റെ പരിമിതിക്കകത്തുനിന്നുള്ള വിശകലനമാണെന്നും കൂടുതല്‍ ഗൗരവതരമായ വിമര്‍ശനാത്മക പരിശോധന കൃതി ആവശ്യപ്പെടുന്നുണ്ടെന്നും അതില്‍ സൂചിപ്പിച്ചിരുന്നു. നിര്‍ബന്ധമായും അഭിസംബോധന ചെയ്യണമെന്നു കരുതിയ ചില പ്രധാന പ്രശ്നങ്ങള്‍ അവതരിപ്പിക്കാനാണ് ശ്രമിച്ചത്. അതുകൊണ്ടുതന്നെ ഗൗരവമായ വിമര്‍ശനത്തിനാണ് അതില്‍ ഊന്നല്‍ ഉണ്ടായതെന്നു ശരിയാണ്. അതുകൊണ്ടുതന്നെ പല സുഹൃത്തുക്കളും അതു സംബന്ധിച്ച് ചില കാര്യങ്ങള്‍ ഉന്നയിക്കുകയുണ്ടായി. ഇത് മാര്‍ക്സിസ്റ്റ് വിരുദ്ധകൃതിയാണല്ലോ എന്നതാണ് ഒരു അഭിപ്രായം. വിശകലന വിധേയമാക്കപ്പെടുന്ന കൃതിയില്‍ ഏതെങ്കിലും ഒരു ഭാഗത്ത് വിമര്‍ശിക്കപ്പെടേണ്ടതെന്നു കരുതുന്ന വ്യതിയാനങ്ങളോ തെറ്റാണെന്നു കരുതുന്ന നിഗമനങ്ങളോ ഉണ്ടെന്നതുകൊണ്ടു മാത്രം ആ കൃതി മാര്‍ക്സിസ്റ്റ് വിരുദ്ധമാകണമെന്നില്ല. ഉന്നയിച്ച പ്രശ്നത്തോടുള്ള സമീപനം മാത്രമാണത്.

ഗ്രന്ഥത്തില്‍ അവതരിപ്പിക്കുന്നതും സജീവമായ ചര്‍ച്ചക്ക് വിധേയമാക്കേണ്ടതുമായ പ്രശ്നങ്ങളെ അവഗണിക്കുന്നതിലേക്ക് അത് വികസിക്കുന്നത് നന്നായിരിക്കുകയില്ല. പറവൂരില്‍ നടന്ന പുസ്തകപ്രകാശന ചടങ്ങില്‍ ഞാന്‍ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു. എം എ ബേബിയാണ് പുസ്തകം പ്രകാശനംചെയ്തത്. പറവൂരിലെ ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസിലെ സെക്രട്ടറിയായ ജോഷിച്ചേട്ടനാണ് സുനില്‍ പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്. ജോഷിച്ചേട്ടന്‍ തന്നെയാണ് ബേബിയില്‍നിന്നും പുസ്തകം ഏറ്റുവാങ്ങിയതും.

ഞങ്ങളുടെയെല്ലാം എസ്എഫ്ഐ പ്രവര്‍ത്തനകാലത്ത് പറവൂരിന്റെ കേന്ദ്രം ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസായിരുന്നു. അന്നും ഇന്നും എസ്എഫ്ഐ പ്രവര്‍ത്തകരുമായി നല്ല ആത്മബന്ധം ജോഷി ച്ചേട്ടനുണ്ട്. പ്രൗഢഗംഭീരമായിരുന്നു ബേബിയുടെ പ്രസംഗം. പുസ്തകത്തെ ആഴത്തില്‍ വിലയിരുത്തുന്നതോടൊപ്പം തന്നെ മാര്‍ക്സിസത്തിന്റെ അടിസ്ഥാന തത്വങ്ങളിലേക്കും സമകാലിക പ്രയോഗത്തിലേക്കും വരെ അദ്ദേഹത്തിന്റെ പ്രസംഗം ചെന്നെത്തി. ഞാന്‍ ഉന്നയിച്ച ചില വിമര്‍ശനങ്ങള്‍ അദ്ദേഹവും ഒടുവില്‍ ഉന്നയിക്കുകയുണ്ടായി. അതില്‍ ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യം ഞങ്ങള്‍ രണ്ടുപേരും ഉന്നയിച്ച ഒരു വിമര്‍ശനം സുനില്‍ മറുപടിപ്രസംഗത്തില്‍ ഉള്‍ക്കൊണ്ടുവെന്നതാണ്. അത് സമകാലിക വര്‍ഗരാഷ്ട്രീയത്തിന്റെ കേന്ദ്രം പാരിസ്ഥിതിക രാഷ്ട്രീയമാണെന്നതാണ്. ആ കേന്ദ്ര പ്രയോഗമാണ് ഞങ്ങളുടെ വിമര്‍ശനത്തിന് ഇടയാക്കിയത്. യഥാര്‍ഥത്തില്‍ പാരിസ്ഥിതിക പ്രശ്നങ്ങളെ ഗൗരവമായി സമീപിക്കുന്നതില്‍ ഇടതുപക്ഷത്തിന് പോരായ്മകളുണ്ടായിട്ടുണ്ടെന്ന വിമര്‍ശനം ശരിയായി തന്നെ സുനില്‍ ഉന്നയിക്കുന്നുണ്ട്.

എല്ലാ ചൂഷണങ്ങള്‍ക്കുമെതിരെ നിലകൊള്ളുന്ന കമ്യൂണിസ്റ്റ് പാര്‍ടികള്‍ തന്നെ പ്രകൃതി ചൂഷണം ചെയ്യപ്പെടേണ്ടതാണെന്ന നിലപാടായിരുന്നു ഒരു കാലത്ത് സ്വീകരിച്ചത്. മാര്‍ക്സും ഒരുപക്ഷേ കുറേക്കൂടി വിശദമായി ഏംഗല്‍സും ഈ പ്രശ്നത്തെ സമീപിക്കുന്നുണ്ടെങ്കിലും ഗൗരവമായ സൈദ്ധാന്തിക തുടര്‍ച്ചയും പ്രയോഗമണ്ഡലത്തിലേക്കുള്ള വികാസവും സംഭവിച്ചില്ലെന്നത് പ്രധാനപ്പെട്ട കുറവ് തന്നെയാണ്. ഭൂമിയും വെള്ളവും ഉള്‍പ്പെടെയുള്ള ഉല്‍പ്പാദനത്തിന് ആവശ്യമായ അടിസ്ഥാന ഘടകങ്ങളെ തകര്‍ത്തുകളയുന്ന മാര്‍ക്സിയന്‍ നിരീക്ഷണവും പ്രസക്തം. കാലോചിതമാക്കിയ സിപിഐ എം പരിപാടി പാരിസ്ഥിതിക പ്രശ്നങ്ങളെ ശരിയായ രൂപത്തില്‍ വിലയിരുത്തുന്നതിന് ശ്രമിക്കുന്നുണ്ട്. ആഗോളതാപന പ്രശ്നത്തില്‍ പ്രായോഗിക ഇടപെടലിലും ശരിയായ സമീപനമാണ് സിപിഐ എം സ്വീകരിച്ചത്. ഇത്തരം പ്രശ്നങ്ങളെ നിരന്തരം സിദ്ധാന്തവല്‍ക്കരിക്കേണ്ടതുണ്ട്. അതിനുള്ള ശരിയായ ശ്രമം സുനിലിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്നുണ്ട്. മാര്‍ക്സിസ്റ്റ് പ്രയോഗത്തിന്റെ തലം നിരന്തരം വികസിച്ചുവരുന്ന ഒന്നാണ്. അത് സിദ്ധാന്തത്തെ ശക്തിപ്പെടുത്തുകയും ചെയ്യും.

പ്രയോഗത്തിന്റെ പുതിയ അനുഭവപാഠങ്ങളെ നിരന്തരം സിദ്ധാന്തവല്‍ക്കരിക്കുന്നതില്‍ വലിയ പോരായ്മകളുള്ളതാണ് നമ്മുടെ നാട്. ഈ പോരായ്മ പരിഹരിക്കുന്നതിന് കൂട്ടായ ധൈഷണിക ഇടപെടല്‍ ഉണ്ടാകേണ്ടതുണ്ട്. ലോകത്ത് നടക്കുന്ന പുതിയ ഇടപെടലുകളെ സസൂക്ഷ്മം നിരീക്ഷിക്കുന്നതിനും അത് ഇന്ത്യന്‍ അനുഭവങ്ങളുമായി കണ്ണിചേര്‍ത്ത് അവതരിപ്പിക്കുന്നതിലും സുനില്‍ കാണിക്കുന്ന താല്‍പ്പര്യം അഭിനന്ദനാര്‍ഹമാണ്. അതിലെ നിരീക്ഷണങ്ങളില്‍ ചിലതിനോടുള്ള വിയോജിപ്പ് പരസ്യമായി പ്രകടിപ്പിക്കുന്നത് ഗൗരവമായ സംവാദത്തിന്റെ വാതില്‍ തുറന്നിടുകയാണ് ചെയ്യുന്നത്. ആഗോളവല്‍ക്കരണ കാലത്തെ മുതലാളിത്ത പ്രവര്‍ത്തനരീതികള്‍ വിവിധ മണ്ഡലങ്ങളില്‍ സൃഷ്ടിക്കുന്ന ആഘാതങ്ങളെ സസൂക്ഷ്മം വിലയിരുത്തുന്നതിന് പറ്റുന്ന ഏറ്റവും ശരിയായ ദര്‍ശനം മാര്‍ക്സിസം തന്നെയാണ്. ഈ പുതിയ പ്രശ്നങ്ങള്‍ പല പഴയകാല പ്രയോഗങ്ങളെ അപ്രസക്തമാക്കിയെന്നു വരാം. പുതിയ നിഗമനങ്ങളും പ്രയോഗരൂപങ്ങളും കണ്ടെത്തിയെന്നുവരാം. എല്ലാത്തിനുമുള്ള ഒറ്റമൂലി മാര്‍ക്സിന്റെയും ഏംഗല്‍സിന്റെയും കൃതികളില്‍ അടങ്ങിയിട്ടുണ്ടെന്ന വാദം അസംബന്ധവുമാണ്. വര്‍ഗസമരത്തിന്റെ പ്രയോഗമണ്ഡലങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കേണ്ടത് ആവശ്യവുമാണ്. വര്‍ഗരാഷ്ട്രീയത്തിന്റെ കേന്ദ്രസ്ഥാനത്ത് ക്ലാസിക്കല്‍ തൊഴിലാളി വര്‍ഗത്തിന് ഇനി പ്രസക്തിയില്ലെന്ന വാദം അടിസ്ഥാനപരമായി തെറ്റാണെന്ന നിലപാടാണ് നേരത്തെ ഞാന്‍ ഉന്നയിച്ചത്. അത് ഗൗരവമായ പ്രശ്നം തന്നെയാണ്. വര്‍ഗസമരത്തെ സംബന്ധിച്ച് കൂടുതലായി ഒന്നും പറയാന്‍ പാടില്ലേയെന്ന ചോദ്യം തെറ്റുതന്നെയാണ്.

നാളിതുവരെയുള്ള ചരിത്രം വര്‍ഗസമരത്തിന്റെ ചരിത്രമാണെന്നാണ് മാര്‍ക്സും ഏംഗല്‍സും പ്രഖ്യാപിച്ചത്. പിന്നീട് മാര്‍ക്സിന്റെ മരണശേഷം ഏംഗല്‍സാണ് അടിക്കുറിപ്പില്‍ ലിഖിതചരിത്രം എന്നെഴുതിച്ചേര്‍ത്തത്. മോര്‍ഗന്റെ വായനയില്‍നിന്നും തങ്ങള്‍ നേരത്തെ കണ്ടെത്തിയ നിഗമനങ്ങള്‍ അദ്ദേഹം ആമുഖത്തില്‍ സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്തുകൊണ്ട് ക്ലാസിക്കല്‍ തൊഴിലാളി വര്‍ഗം തന്നെ കേന്ദ്രസ്ഥാനത്ത് വരുന്നെന്ന പ്രശ്നം നേരത്തെ വ്യക്തമാക്കിയതാണ്. എന്നാല്‍, തൊഴിലാളി വര്‍ഗത്തില്‍ വരുന്ന മാറ്റംപോലും സൂചിപ്പിക്കാന്‍ പാടില്ലെന്ന നിലപാട് തെറ്റായിരിക്കും. എന്നു മാത്രമല്ല തൊഴിലാളി വര്‍ഗത്തിന്റെ സഖ്യശക്തികള്‍ എക്കാലത്തും എല്ലായിടത്തും ഒന്നു തന്നെയായിരിക്കണമെന്നില്ല. സാമൂഹ്യപ്രശ്നങ്ങളും വര്‍ഗപ്രശ്നങ്ങള്‍ക്കൊപ്പം ഏറ്റെടുക്കേണ്ടതാണെന്ന സിപിഐ എമ്മിന്റെ വിലയിരുത്തല്‍ ഒരു സ്വയം വിമര്‍ശനം കൂടിയാണ്. ഈ സാമൂഹ്യപ്രശ്നങ്ങളെ ഏറ്റെടുക്കുന്ന ഘട്ടത്തില്‍ പുതിയ സംഘടനാരൂപങ്ങളെ വരെ ആവിഷ്കരിച്ചെന്നുവരാം.

എന്നാല്‍, അതെല്ലാം തൊഴിലാളി വര്‍ഗ നേതൃത്വത്തിനു കീഴില്‍ തന്നെയാണ്. ഇത്തരം ഇഴുകിച്ചേരലുകളിലും പുതിയ സാമൂഹ്യവിഭാഗങ്ങളിലേക്ക് ഇറങ്ങിചെല്ലലിലും നിലനില്‍ക്കുന്ന ദൗര്‍ബല്യങ്ങള്‍ പ്രധാനം തന്നെയാണ്. ഈ ദൗര്‍ബല്യം പരിഹരിക്കുന്നതിന് സൈദ്ധാന്തിക ഇടപെടലുകളും ആവശ്യമാണ്. സിപിഐ എം ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നത് തൊഴിലാളി വര്‍ഗത്തെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിച്ചുതന്നെയാണ്. കേന്ദ്രസ്ഥാനത്തെ സംബന്ധിച്ച ഈ നീരിക്ഷണമില്ലായിരുന്നെങ്കില്‍ കുറേക്കൂടി ആഴത്തിലുള്ള സംവാദസാധ്യത ശക്തിപ്പെടുമായിരുന്നുവെന്ന് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. വാക്കുകളുടെ വയറിളക്കംകൊണ്ട് അമ്പരപ്പിക്കാന്‍ ശ്രമിക്കുന്ന പുകപടല രീതിയില്‍നിന്നും തീര്‍ത്തും വ്യത്യസ്തമാണ് സുനിലിന്റെ രചനാരീതിയെന്നത് പറയാതെ വയ്യ. ഗൗരവമായ വിമര്‍ശനം ഉന്നയിച്ചത് ആഴത്തിലുള്ള സംവാദത്തിനും നിര്‍ബന്ധമായ വായനയ്ക്കും സഹായകരമാകുന്നതിനു കൂടിയാണ്.

*
പി രാജീവ് ദേശാഭിമാനി വാരിക

Monday, September 30, 2013

തുടരേണ്ട യാത്രകള്‍ : മാര്‍ക്സിസവും കീഴാളവിമര്‍ശനവും

"Caste and class, so to say, are next door neighbours, and it is only a span that seperates the two. A Caste is an enclosed class"   - B R Ambedkar

ആമുഖം

ഇന്ത്യയിലെ ദളിത് സ്വത്വരൂപീകരണം ആഭിമുഖീകരിക്കുന്ന വൈരുധ്യങ്ങളെയും സംഘര്‍ഷങ്ങളെയുംകുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ പ്രമുഖ കീഴാളചിന്തകനും ഇന്ത്യയിലെ ഏറ്റവും സൂക്ഷ്മദൃക്കായ സാമൂഹ്യവിമര്‍ശകനുമായിരുന്ന ഡി ആര്‍ നാഗരാജ് സുപ്രധാനമായ ഒരു നിഗമനം അവതരിപ്പിക്കുന്നുണ്ട്. ആധുനികതയുടെയും ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെയും വിമോചകശേഷിയിലുള്ള അമിതമായ ഊന്നല്‍ കീഴാള- പാരിസ്ഥിതിക - ഗോത്ര പ്രസ്ഥാനങ്ങളുടെ വിപുലമായ ഒരു ഐക്യനിര ഉയര്‍ന്നുവരുന്നതിനെ തടസ്സപ്പെടുത്തുന്നതായി അദ്ദേഹം പറയുന്നു. ശാസ്ത്ര- സാങ്കേതികതയിലുള്ള ഈ അമിത വിശ്വാസം ഇന്ത്യന്‍ സാമൂഹിക ശ്രേണിയിലെ രണ്ട് വിരുദ്ധ ധ്രുവങ്ങളെ - ഒരുഭാഗത്ത് സാങ്കേതികവിദ്യയുടെ മേഖലയില്‍ ഗണനീയമായ യാതൊരു സാന്നിധ്യവും കൈവന്നിട്ടില്ലാത്ത കീഴാളജനതയെയും മറുഭാഗത്ത് ഇന്ത്യന്‍ ദേശ രാഷ്ട്രത്തിന്റെ ശാസ്ത്ര - സാങ്കേതിക പദ്ധതിയുടെ നടത്തിപ്പുകാരായ ബ്രാഹ്മണരെയും- അസാധാരണമായ ഒരു ഐക്യത്തിലെത്തിച്ചതായും അദ്ദേഹം പറയുന്നു. ഇതാകട്ടെ കോളനീകരണത്തിന് മുന്‍പ് ദളിത് സമൂഹത്തിനും ഇതര കീഴാളവിഭാഗങ്ങള്‍ക്കും ഇടയിലുണ്ടായിരുന്ന ജൈവികമായ ഐക്യത്തിന്റെ ശൈഥില്യത്തിലേക്കാണ് എത്തിച്ചേരുന്നത്. ഇതുവഴി ശാസ്ത്രീയവും വികസനോന്മുഖവുമായ ദളിത് സൈദ്ധാന്തിക സമീക്ഷകള്‍ക്കും വികസനത്തിന്റെയും മൂലധനാധിനിവേശത്തിന്റെയും ഇരകളായിത്തീരേണ്ടി വരുന്ന കീഴാളജീവിതത്തിന്റെ ദൈനം ദിനാനുഭവങ്ങള്‍ക്കുമിടയില്‍ വലിയ ഒരു പിളര്‍പ്പ് രൂപപ്പെടുന്നതായും നാഗരാജ് നിരീക്ഷിക്കുന്നു. (The dalit movement... has shown an excessive enthusiasm for the  emancipatory energies of science and technology in India. On this side of ideological unity, two ends of the social spectrum- ie. the Dalit, who hardly have any presence in institutions of high -tech world, and  the Dwiyas who man the science and technology project of  the nation - state of India- have arrived a visionary unity... There has emerged a deep tension between their theoretical core - making, which is scientific and development oriented and its immediate experience.'' )

ആധുനികതാവിമര്‍ശനത്തിന്റെ സമഗ്രമായ ഒരു പരിപ്രേക്ഷ്യത്തിന്റെ അനുഭവത്തില്‍ കീഴാള വിമര്‍ശങ്ങള്‍ക്ക് കൈവരാവുന്ന ഗതിഭേദങ്ങളെക്കുറിച്ചുള്ള ഈ നിരീക്ഷണം സമകാലിക സാമൂഹിക പശ്ചാത്തലത്തില്‍ മാര്‍ക്സിസത്തിനും ബാധകമായ ഒന്നാണ്. മുതലാളിത്തത്തിന്റെ നിശിത വിമര്‍ശനമായിരിക്കുന്നതോടൊപ്പം മുതലാളിത്ത ആധുനികതയുടെയും നിശിത വിമര്‍ശനമായി സ്ഥാനനിര്‍ണയം ചെയ്താല്‍ മാത്രമേ മാര്‍ക്സിസത്തിന് വര്‍ത്തമാനസമൂഹത്തിലെ കേന്ദ്ര പ്രമേയങ്ങളില്‍ പലതിനെയും അര്‍ഥപൂര്‍ണമായി അഭിസംബോധന ചെയ്യാനാവൂ. മുതലാളിത്തത്തെയും മൂലധനാധിപത്യത്തെയും സാമ്പത്തിക ക്രമം എന്നതിനപ്പുറം കോളനീകരണവും മുതലാളിത്ത ഉല്‍പാദനവും ദേശരാഷ്ട്രങ്ങളും ആധുനികശാസ്ത്രവും വ്യാവസായികതയും മുതല്‍ കേവലയുക്തിബോധവും ദ്വന്ദ്വാത്മകവിചിന്തനവുംവരെ പങ്കുചേരുന്ന വിപുലമായ ഒരു ബന്ധവ്യവസ്ഥയായി തിരിച്ചറിയാന്‍ കഴിയുമ്പോഴാണ് മാര്‍ക്സിസം അടിസ്ഥാനതലത്തില്‍ ആധുനികതാവിമര്‍ശനം കൂടിയാണെന്ന് വ്യക്തമാവുക. കീഴാള- പാരിസ്ഥിതിക - സ്ത്രീവാദ നിലപാടുകളില്‍ നിന്നു ഉയര്‍ന്നുവരുന്ന വീക്ഷണഗതികളും സമരമുഖങ്ങളും മാര്‍ക്സിസത്തിന്റെ പരിധിക്ക് പുറത്തുള്ളവയല്ലെന്നും അത് വ്യക്തമാക്കിത്തരും.

ഇത്തരമൊരു വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ക്സിസവും കീഴാളവിമര്‍ശനവും തമ്മിലുള്ള വിനിമയങ്ങളെയും സംവാദസാധ്യതകളെയും കുറിച്ചാണ് ഈ ലേഖനത്തില്‍ തുടര്‍ന്ന് ശ്രമിക്കുന്നത്. പരസ്പരം കയ്യൊഴിയുന്ന വിരുദ്ധനിലപാടുകള്‍ എന്നതിനു പകരം അന്യോന്യം പൂരിപ്പിക്കുന്ന വിമര്‍ശനാത്മക സമീക്ഷകള്‍ എന്ന നിലയില്‍ മാര്‍ക്സിസത്തിനും കീഴാളവിമര്‍ശനത്തിനുമിടയില്‍ ചില സംഗമസ്ഥാനങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് വിശദീകരിക്കാനും ഇവിടെ ശ്രമിച്ചിരിക്കുന്നു.

ഒന്ന്: മാര്‍ക്സിസ്റ്റ് വിമര്‍ശന സമീക്ഷ - പുനര്‍വിഭാവനങ്ങള്‍

മാര്‍ക്സിസവും കീഴാളവിമര്‍ശനവും പരസ്പരം ഒഴിച്ചുനിര്‍ത്തുന്ന സൈദ്ധാന്തിക സമീക്ഷകളായാണ് പൊതുവേ മനസ്സിലാക്കപ്പെട്ടുവരുന്നത്. മാര്‍ക്സിസ്റ്റ് വിമര്‍ശനം വര്‍ഗം എന്ന കേന്ദ്രസങ്കല്‍പ്പത്തിലേക്ക് മറ്റെല്ലാ സാമൂഹികയാഥാര്‍ഥ്യങ്ങളെയും സംഗ്രഹിക്കുകയും വര്‍ഗസംഘര്‍ഷങ്ങളിലൂടെ വികസിക്കുന്ന മനുഷ്യചരിത്രത്തിന്റെ പ്രതിനിധാനമേഖലയായി സാഹിത്യവും കലയും ഉള്‍പ്പെടെയുള്ളവയെ പരിഗണിക്കുകയും ചെയ്യുന്നതായാണ, മറ്റ് പല നിലപാടുകള്‍ കൈക്കൊള്ളുന്നവരെയുംപോലെ, കീഴാളവിമര്‍ശനത്തിന്റെ വക്താക്കളും കരുതുന്നത്. വര്‍ഗം ഉല്‍പ്പാദനബന്ധങ്ങളില്‍നിന്നും ഉടലെടുക്കുന്ന ഒരു സാമ്പത്തികയാഥാര്‍ഥ്യം മാത്രമായതിനാല്‍, ഉല്‍പ്പാദനബന്ധങ്ങളെയെന്നപോലെ പ്രത്യുല്‍പ്പാദനബന്ധങ്ങളെയും തൊഴില്‍ വിഭജനമെന്നപോലെ തൊഴിലാളികളുടെ വിഭജനത്തെയും ഉള്‍ക്കൊള്ളുന്ന പ്രത്യയശാസ്ത്രമണ്ഡലംകൂടിയായ ജാതിയെ പരിഗണിക്കാന്‍ മാര്‍ക്സിസ്റ്റ് സമീക്ഷ അപര്യാപ്തമാണെന്നും കീഴാളവിമര്‍ശനം കരുതുന്നു. മറുഭാഗത്ത് വര്‍ഗവിഭജനത്തിന്റെ യാഥാര്‍ഥ്യത്തെ പരിഗണിക്കാത്ത ചരിത്രേതരമായ പ്രതിഭാസമായി ജാതിയെ വിലയിരുത്തുകയും അതിനെ മുന്‍നിര്‍ത്തിക്കൊണ്ടുളള വിശകലനങ്ങള്‍ക്ക് മുതിരുകയുമാണ് കീഴാളവിമര്‍ശനം ചെയ്യുന്നത് എന്ന അഭിപ്രായം മാര്‍ക്സിസ്റ്റുകള്‍ക്കിടയിലും പ്രബലമായുണ്ട്. ഇങ്ങനെ അന്യോന്യം ഒഴിച്ചുനിര്‍ത്തുന്ന, അഥവാ അന്യോന്യം ഒഴിഞ്ഞുനില്‍ക്കാന്‍ നിര്‍ബന്ധിതമായ, രണ്ട് സൈദ്ധാന്തികപദ്ധതികളായി മാര്‍ക്സിസവും കീഴാളവിമര്‍ശനവും പരിഗണിക്കപ്പെട്ടുവരുന്നു.

മാര്‍ക്സിസ്റ്റ് വിമര്‍ശനത്തിന്റെ അന്തിമ താല്‍പ്പര്യമായി പരിഗണിക്കാവുന്ന ഒരു ആശയം ഫ്രെഡറിക് ജയിംസണ്‍ രാഷ്ട്രീയ അവബോധം (Political Unconscious)  എന്ന പ്രസിദ്ധ ഗ്രന്ഥത്തിന്റെ സംഗ്രഹരൂപത്തില്‍ അവതരിപ്പിക്കുന്നുണ്ട്: "ചരിത്രവല്‍ക്കരിക്കുക! എപ്പോഴും ചരിത്രവല്‍ക്കരിക്കുക" ചരിത്രബന്ധങ്ങള്‍ക്ക് പുറത്ത് കേവലമായി നിലകൊള്ളുന്ന അനുഭൂതികളോ ആശയപ്രപഞ്ചമോ ഇല്ലെന്നും ഏതു തരത്തിലുള്ള മനുഷ്യാനുഭവവും ചരിത്രത്താല്‍ പൂരിതമാണ് എന്നുമാണ് ഇതിനര്‍ഥം. ഈ ചരിത്രബന്ധങ്ങളുടെ തോതും തരവും കണ്ടെത്തി വിശദീകരിക്കുകയാണ് മാര്‍ക്സിസ്റ്റ് വിമര്‍ശനത്തിന്റെ ദൗത്യം എന്നു പറയാം. അസ്തിത്വത്താല്‍ നിര്‍ണയിക്കപ്പെടുന്ന ബോധത്തിന്റെ ആവിഷ്കാരപ്രകാരങ്ങളില്‍ ഒന്നായി കലയെയും സാഹിത്യത്തെയും പരിഗണിച്ചുകൊണ്ട്, ആ നിര്‍ണയനത്തിന്റെ സ്വരൂപത്തെയും സ്വഭാവത്തെയും വിശദീകരിക്കാനുള്ള ശ്രമം എന്ന് ഇതിനെ മറ്റൊരു നിലയിലും വിശദീകരിക്കാം.

ഇവിടെ ക്ലാസിക്കല്‍/ഔദ്യോഗിക മാര്‍ക്സിസ്റ്റ് വിമര്‍ശനം പരിഗണിക്കാന്‍ പരാജയപ്പെട്ടതും ഫ്രെഡറിക് ജയിംസണ്‍ ഉള്‍പ്പെടെയുള്ള പില്‍ക്കാലവിമര്‍ശകര്‍ പല നിലകളില്‍ വീണ്ടെടുക്കാന്‍ പണിപ്പെട്ടതുമായ ഒരു തലത്തെക്കുറിച്ച് ഓര്‍മിക്കേണ്ടതുണ്ട്. കലയുടെയും അനുഭൂതികളുടെയും നിര്‍മാണാത്മകശേഷിയുടെ ലോകമാണത്. അടിത്തറ-മേല്‍പ്പുര എന്ന രൂപകത്തെ അങ്ങേയറ്റം യാന്ത്രികമായി മനസ്സിലാക്കിക്കൊണ്ട്, സാമ്പത്തിക ഉല്‍പ്പാദനത്തെയും അതു ജന്മം നല്‍കുന്ന വര്‍ഗസംഘര്‍ഷങ്ങളെയും പ്രതിഫലിപ്പിക്കുന്ന ഉപരിഘടനാപ്രതിഭാസമായി കലയെ പരിഗണിക്കുകയാണല്ലോ ഔദ്യോഗിക മാര്‍ക്സിസം ചെയ്തത്. പ്രതിഫലനാത്മകമോ പ്രതിനിധാനപരമോ ആയ തലങ്ങള്‍ക്കപ്പുറം ആശയാനുഭൂതികളുടെ നിര്‍മാണാത്മകശേഷിയെ പരിഗണിക്കുന്ന ഒരു വിമര്‍ശനസമീക്ഷയായി വികസിക്കാന്‍ അതിന് കഴിഞ്ഞില്ല. ഒരര്‍ഥത്തില്‍ ഔദ്യോഗിക മാര്‍ക്സിസത്തില്‍ പല നിലകളിലും പിടിമുറുക്കിയ ആധുനികതയുടെ വീക്ഷണഗതികള്‍ തന്നെയാണ് ഈ പരാധീനതയ്ക്കും വഴിവച്ചത് എന്നുപറയാം.

സാമൂഹികജീവിതത്തിന്റെ പ്രതിഫലനങ്ങളും പ്രതിനിധാനങ്ങളും മാത്രമായി ആശയങ്ങളെ പരിഗണിക്കുന്നത് ആധുനികമായ ദ്വന്ദ്വാത്മകചിന്തയുടെ സ്വഭാവമാണ്. ഭൗതികതയുടെ മറുപുറമായി, അതില്‍ നിന്ന് ഉടലെടുക്കുന്ന ആശയങ്ങളുടെ ലോകം എന്ന കാഴ്ചപ്പാട് അങ്ങനെയാണ് രൂപപ്പെടുന്നത്. സാഹിത്യവും സമൂഹവും എന്നോ സാഹിത്യവും ചരിത്രവും എന്നോ പറയുമ്പോള്‍ ഇത്തരമൊരു വിഭജനത്തെ അത് ഉള്‍ക്കൊള്ളുന്നുണ്ട്. സാഹിത്യത്തെയും സമൂഹത്തെയും (ചരിത്രത്തെയും) രണ്ട് ഭിന്ന യാഥാര്‍ഥ്യങ്ങളായി പരിഗണിക്കുകയും സാഹിത്യത്താല്‍ പകര്‍ത്തി കാണിക്കപ്പെടുന്ന അല്ലെങ്കില്‍ സാഹിത്യത്തില്‍ പ്രതിനിധാനം ചെയ്യപ്പെടുന്ന ഒന്നായി സാമൂഹികയാഥാര്‍ഥ്യത്തെ (ചരിത്രത്തെ) വിലയിരുത്തുകയുമാണ് ഇത് ചെയ്യുന്നത്.

സാമൂഹികശാസ്ത്രവിമര്‍ശനത്തിന്റെ അടിസ്ഥാനനിലപാട് ഇത്തരമൊന്നാണ്. സാഹിത്യത്തിന്റെയും കലയുടെയും ആശയാനുഭൂതികളുടെയുമെല്ലാം പശ്ചാത്തലമായി സാമൂഹികയാഥാര്‍ഥ്യങ്ങളെ (ചരിത്രത്തെ) പരിഗണിക്കുകയും സാഹിത്യത്തിലും കലയിലുമെല്ലാം പതിഞ്ഞുകിടക്കുന്ന അതിന്റെ അടയാളങ്ങള്‍ കണ്ടെടുക്കുകയുമാണ് സാമൂഹികശാസ്ത്രവിമര്‍ശനം ചെയ്തുപോന്നത്. സാമൂഹികശാസ്ത്രവിമര്‍ശനത്തിന്റെ ഈ വീക്ഷണഗതിയുടെ തുടര്‍ച്ചയെന്ന നിലയിലാണ് ഔദ്യോഗിക മാര്‍ക്സിസ്റ്റ് വിമര്‍ശനസമീക്ഷ, ഏറിയ കൂറും, നിലകൊണ്ടത്. സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ എന്നതിനെ വര്‍ഗസംഘര്‍ഷങ്ങളുടെ സവിശേഷലോകമായി പരിഗണിക്കുകയും ഇതിന്റെ അടയാളങ്ങള്‍ കലയിലും സാഹിത്യത്തിലും എത്രത്തോളം തെളിഞ്ഞുകാണുന്നുണ്ട് എന്ന് പരിശോധിക്കുകയുമാണ് അവിടെ സ്വീകരിക്കപ്പെട്ട രീതി. സാമൂഹികയാഥാര്‍ഥ്യങ്ങളുടെ കേന്ദ്രത്തിലേക്ക് ഉല്‍പ്പാദനബന്ധങ്ങളെയും അതു ജന്മംനല്‍കുന്ന വര്‍ഗസംഘര്‍ഷങ്ങളെയും കൊണ്ടുവന്നു എന്നത് ശ്രദ്ധേയമാണെങ്കിലും കലയുടെ പ്രതിഫലനപരത എന്ന ബൂര്‍ഷ്വാ ആധുനികവീക്ഷണത്ത മറികടക്കാന്‍ അതിന് കഴിഞ്ഞില്ല. ആശയാനുഭൂതികള്‍ ഭൗതികശക്തികളാണെന്ന് തിരിച്ചറിയുന്ന ഒരു സമീക്ഷയിലേക്ക് വളരാനും പ്രത്യക്ഷ ഭൗതികത്തിന്റെ പ്രതിനിധാനങ്ങള്‍ കലയില്‍ ഉള്ളപ്പോള്‍ത്തന്നെ, പ്രത്യക്ഷ ഭൗതികത്തെ നിര്‍ണയിക്കാന്‍ പോന്ന ഭൗതികത കലയും സാഹിത്യവും ഉള്‍ക്കൊള്ളുന്ന ആശയാനുഭൂതികള്‍ക്കുണ്ടെന്ന് അംഗീകരിക്കാനും അതിന് കഴിഞ്ഞില്ല. ഈ പരാധീനതമൂലം പ്രത്യക്ഷഭൗതികത്തിന്റെ അനുബന്ധലോകംമാത്രമായി കലാ-സാഹിത്യമണ്ഡലം അവിടെ ചുരുക്കിയെഴുതപ്പെട്ടു. ഭൗതികവും ചരിത്രപരവുമായ നിര്‍മാണാത്മകലോകമാണ് ആശയാനുഭൂതികളുടേത് എന്ന വസ്തുത അവഗണിക്കപ്പെടുകയും ചെയ്തു.

ഒരു ജനസമൂഹത്തിനുമേല്‍ പിടിമുറുക്കാനായാല്‍ ആശയങ്ങള്‍ സ്വയം ഭൗതികശക്തികളായിത്തീരുമെന്നുള്ള മാര്‍ക്സിന്റെ പ്രസിദ്ധമായ നിരീക്ഷണം ആശയാനുഭൂതികളെ പ്രത്യക്ഷഭൗതികത്തിന്റെ അനുബന്ധലോകമായി പരിഗണിക്കുന്ന യാന്ത്രികവാദ സമീപനത്തിനെതിരായ വിമര്‍ശനമായിരുന്നു. പരസ്പരവര്‍ജകമായ എതിര്‍ലോകങ്ങളായല്ല ആശയവും ഭൗതികവും നിലനില്‍ക്കുന്നതെന്നും മറിച്ച് പരസ്പരം നിര്‍ണയിക്കുന്ന വൈരുധ്യാത്മക വിനിമയങ്ങളാണ് അവയെ സാധ്യമാക്കുന്നതെന്നും മാര്‍ക്സ് മനസ്സിലാക്കിയിരുന്നു. വൈരുധ്യാത്മക വിചിന്തനത്തിന്റെ ഈ വീക്ഷണത്തിനുമേല്‍ യാന്ത്രികഭൗതികത്തിന് കൈവന്ന മേല്‍ക്കൈയാണ് മുഖ്യധാരാ മാര്‍ക്സിസത്തിന്റെ വിമര്‍ശനസങ്കല്‍പ്പത്തെ പരിമിതപ്പെടുത്തിയത്. ഈ പരാധീനതയെ മറികടക്കാന്‍ സാംസ്കാരിക ഭൗതികവാദം ഉള്‍പ്പെടെയുള്ള പില്‍ക്കാല സമീപനങ്ങള്‍ കൈക്കൊണ്ട ഒരു നിലപാട് "സാഹിത്യവും ചരിത്രവും" എന്നതിനുപകരം "സാഹിത്യം ചരിത്രത്തില്‍" എന്ന വീക്ഷണങ്ങളിലേക്ക് നീങ്ങുകയാണ്. കലയും സാഹിത്യവുമുള്‍പ്പെടെയുള്ള ആശയാനുഭൂതികളുടെ ലോകങ്ങള്‍ ഇതര ഭൗതികഘടകങ്ങളുമായുള്ള വിനിമയങ്ങളിലൂടെ ചരിത്രത്തിന്റെ അഥവാ സാമൂഹികയാഥാര്‍ഥ്യത്തിന്റെ നിര്‍മാണസാമഗ്രിയായി നിലകൊള്ളുന്നു എന്ന കാഴ്ചപ്പാടാണ് ഇവിടെയുള്ളത്. അതോടെ ഭൗതികപ്രവര്‍ത്തനങ്ങളുടെ പ്രതിനിധാനങ്ങള്‍ എന്നതില്‍നിന്ന് ഭൗതികവും ചരിത്രപരവുമായ നിര്‍മാണാത്മകഘടകങ്ങള്‍ എന്ന നിലയിലേക്ക് കലയും സാഹിത്യവും പരിണമിക്കുന്നു. സാഹിത്യത്തിന്റെ സാമൂഹികമാനത്തെ അതില്‍ അടയാളപ്പെട്ടു കിടക്കുന്ന പ്രമേയ പ്രത്യക്ഷങ്ങളില്‍നിന്നു മാത്രം കണ്ടെടുക്കുന്ന പഴയ സമീപനത്തെ മറികടക്കാനും ഇത് വഴി തുറന്നുതരുന്നു.

"സാഹിത്യം ചരിത്രത്തില്‍" എന്ന വീക്ഷണത്തിലേക്ക് നീങ്ങിയാല്‍ സാഹിത്യത്തിന്റെ സാമൂഹികത പ്രമേയതലങ്ങളില്‍മാത്രമായി ഒതുങ്ങിനില്‍ക്കുന്നില്ല എന്ന് വ്യക്തമാവും. നിശ്ചയമായും സാഹിത്യത്തിന്റെ പ്രമേയതലത്തില്‍ സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ പലപ്പോഴും ഇടംപിടിക്കും. തകഴിയുടെ നോവലുകളിലെ കര്‍ഷകജീവിതവും വിഷകന്യകയിലെ കുടിയേറ്റവും ദുരവസ്ഥയിലെ ജാതിവിമര്‍ശനവുമെല്ലാം ഇത്തരത്തില്‍ പ്രമേയതലത്തില്‍ ഇടംപിടിച്ച സാമൂഹിക യാഥാര്‍ഥ്യങ്ങളാണ്. പക്ഷേ ഇതുമാത്രമാണ് കലയിലെ/എഴുത്തിലെ സാമൂഹികത എന്ന് കരുതിക്കൂടാ. അങ്ങനെ കരുതിയാല്‍ സംഗീതമുള്‍പ്പെടെയുള്ള കലകളുടെ സാമൂഹികമൂല്യം കണക്കിലെടുക്കാനാകാതെ വരും. എല്ലാ കലകളും സംഗീതത്തിന്റെ പ്രകൃതം കൈവരിക്കാന്‍ പണിപ്പെടുന്നുവെന്ന വാള്‍ട്ടര്‍ പേയ്റ്ററുടെ പ്രഖ്യാതായ നിരീക്ഷണം ഇത്തരമൊരു വീക്ഷണഗതിയുടെ ഉല്‍പ്പന്നമാണ്. സാമൂഹികമോ ചരിത്രപരമോ ആയ സ്വാധീനങ്ങളാല്‍ കളങ്കപ്പെടാത്ത കേവലസൗന്ദര്യത്തിന്റെ ലോകമായാണ് അവിടെ സംഗീതം പരിഗണിക്കപ്പെടുന്നത്. സാമൂഹികതയെ പ്രമേയപരമായിമാത്രം തിരിച്ചറിയുന്ന വീക്ഷണഗതിയുടെ ഉല്‍പ്പന്നമാണിത്. പ്രമേയപ്രധാനമല്ലാത്ത സംഗീതവും അമൂര്‍ത്തചിത്രകലയും പോലുള്ള ആവിഷ്കാരങ്ങളിലെ സാമൂഹികമാനം തമസ്കരിക്കപ്പെടുന്നു എന്നതുമാത്രമല്ല ഇതിന്റെ ഫലം. പ്രമേയപരമായി സാമൂഹികതയെ പ്രത്യക്ഷത്തില്‍ ഏറ്റെടുക്കാത്ത തരം എഴുത്തിനെ അത് "ശുദ്ധകല"യാക്കി ഉയര്‍ത്തുന്നു. അതുവഴി സാമൂഹികതയുടെയും ചരിത്രപരതയുടെയും ലോകത്തിന് പുറത്തുനില്‍ക്കുന്നു. കേവലസൗന്ദര്യത്തിന്റെ മണ്ഡലത്തിന് ജന്മം നല്‍കുകയും ചെയ്യുന്നു.

ചരിത്രവും സാമൂഹികബന്ധങ്ങളും കലയില്‍ ഇടം പിടിക്കുന്ന രണ്ട് സൂക്ഷ്മലോകങ്ങളെക്കൂടി പരിഗണിച്ചുകൊണ്ടേ ഈ പ്രതിസന്ധി മറികടക്കാനാകൂ. അതിലൊന്ന് രൂപവും മറ്റൊന്ന് അനുഭൂതിയുമാണ്. രൂപത്തെ ചരിത്ര നിരപേക്ഷവും സുനിശ്ചിതവുമായ ചട്ടക്കൂടായല്ല മറിച്ച് ചരിത്രപരമായ പ്രക്രിയയായി വേണം പരിഗണിക്കാന്‍. രൂപത്തെ ഊറിക്കൂടി നില്‍ക്കുന്ന ഉള്ളടക്കം എന്ന് വിശേഷിപ്പിക്കുമ്പോള്‍ ജെയിംസണ്‍ നിര്‍ദേശിക്കുന്നതും ഇതുതന്നെയാണ്. വിപുലമായ സമൂഹചരിത്രത്തോടും അതേസമയം അതത് ജനുസ്സുകളുടെ ചരിത്രത്തോടും ഒരുപോലെ ബന്ധപ്പെട്ടുകൊണ്ടാണ് ഏതു കലാവിഷ്കാരത്തിന്റെയും രൂപം നിലനില്‍ക്കുന്നത്. ഇത് തിരിച്ചറിയാനും പ്രമേയതലത്തില്‍ സന്നിഹിതമല്ലാത്തപ്പോഴും പ്രവര്‍ത്തനക്ഷമമായിരിക്കുന്ന സാമൂഹികതയുടെ ലോകത്തെ കണ്ടെടുക്കാനും പര്യാപ്തമായ വിമര്‍ശനസമീക്ഷയ്ക്കുമാത്രമേ ചരിത്രവല്‍ക്കരണം എന്ന ദൗത്യം ഫലപ്രദമായി നിറവേറ്റാനാകൂ.

ഇത്തരമൊരു പരിശോധനയ്ക്ക് മുതിരുമ്പോള്‍ നോവലും ഭാവഗാനങ്ങളും ആത്മകഥയും ജീവചരിത്രവുംമുതല്‍ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ആലാപനക്രമവും കര്‍ണാടകസംഗീതത്തിന്റെ കച്ചേരിവഴിയും വരെയുള്ളവ പല നിലകളില്‍ സാമൂഹികതയുടെ ഉള്ളടക്കം പേറിനില്‍ക്കുന്ന ആവിഷ്കാരക്രമങ്ങളും അവതരണമാതൃകകളുമാണെന്ന് വ്യക്തമാകും. ബൂര്‍ഷ്വാ മധ്യവര്‍ഗത്തിന്റെ ഉദയത്തോടൊപ്പം അവരുടെ ജീവിതവ്യാപാരങ്ങളുടെ അവതരണസ്ഥാനം എന്ന നിലയില്‍ക്കൂടിയാണ് നോവലുകള്‍ ഉയര്‍ന്നുവന്നത്. ചില പൂര്‍വകാലജനുസ്സുകളെ സമകാലികമായ ആവശ്യങ്ങള്‍ക്ക് ഇണങ്ങുന്ന വിധത്തില്‍ പരിഷ്കരിച്ചുകൊണ്ടാണ് നോവലുകള്‍ എന്ന ജനുസ്സ് രൂപപ്പെട്ടത് എന്നും കാണാം. ഇങ്ങനെ ഒരേസമയം സവിശേഷമായ ജനുസ്സിന്റെ ചരിത്രത്തിനകത്തും പുതിയ സാമൂഹികചരിത്രത്തിനകത്തും നോവലുകള്‍ രൂപപരമായി നിലയുറപ്പിച്ചിരിക്കുന്നു. ഈ രൂപമാണ് പ്രമേയതലത്തില്‍ സാമൂഹികയാഥാര്‍ഥ്യങ്ങളോട് ബന്ധപ്പെടുന്നത്. ആ നിലയില്‍ രൂപത്തിന്റെ ചരിത്രാത്മകത ഭാഗികമായെങ്കിലും ഓരോ രചനയിലും പരിഷ്കരിക്കപ്പെടുകയും ചെയ്യുന്നു. രൂപംതന്നെ ത്രിമുഖമായ ചരിത്ര സമ്മര്‍ദങ്ങള്‍ക്കകത്താണ് നിലകൊള്ളുന്നത് എന്നര്‍ഥം.

രൂപതലത്തെക്കൂടാതെ കലാനിര്‍മിതികളുടെ ചരിത്രാത്മകത സൂക്ഷ്മതലത്തില്‍ സന്നിഹിതമാകുന്ന മറ്റൊരു മണ്ഡലം അനുഭൂതിയുടേതാണ്. സ്നേഹവാത്സല്യങ്ങള്‍ മുതല്‍ പ്രണയപാരവശ്യംവരെയുള്ള ഏതുതരം അനുഭൂതിമേഖലയും വിശാലാര്‍ഥത്തില്‍ ചരിത്രപരമാണ്. സൂക്ഷ്മമായി പറഞ്ഞാല്‍ ജൈവവാസനകള്‍ ചരിത്രത്തില്‍ പ്രവര്‍ത്തിക്കുന്നതിലൂടെയാണ് അനുഭൂതികള്‍ ഉളവാകുന്നതെന്ന് പറയാം. മൃഗങ്ങള്‍ക്ക് ജൈവവാസനകള്‍ മാത്രം ഉള്ളപ്പോള്‍ മനുഷ്യര്‍ അവയെ അനുഭൂതികളായാണ് ഉള്‍ക്കൊള്ളുന്നത്. അതുകൊണ്ടാണ് പ്രണയം (ഏതുവികാരവും) പരിണമിച്ചുകൊണ്ടേയിരിക്കുന്ന അനുഭൂതിസ്ഥാനമായിരിക്കുന്നത്. കേവലമെന്ന് വിവരിക്കപ്പെടുന്ന ലാവണ്യാനുഭവങ്ങള്‍ ചരിത്രപരമായിത്തീരുന്നത് അനുഭൂതികളുടെ ചരിത്രാത്മകതയാലാണ് എന്നര്‍ഥം.

ഈ നിലയില്‍ സവിശേഷമായൊരു ചരിത്രസന്ദര്‍ഭത്തെ നിര്‍ണയിക്കുന്ന സംസ്ഥാപന സാമഗ്രികളിലൊന്നായി കലയെ/സാഹിത്യത്തെ പരിഗണിക്കുകയും ആ സവിശേഷ സന്ദര്‍ഭത്തിന്റെ പ്രഭാവത്തെ പ്രമേയതലത്തിലും രൂപതലത്തിലും അനുഭൂതിതലത്തിലും ഉള്‍ക്കൊണ്ടുനില്‍ക്കുന്ന പ്രക്രിയയായി കലാനുഭവത്തെ വിശദീകരിക്കുകയും ചെയ്യുന്ന സമീപനത്തിനുമാത്രമേ വൈരുധ്യാത്മക വിചിന്തനത്തെ അര്‍ഥപൂര്‍ണമായ കലാവിമര്‍ശന/സാഹിത്യവിമര്‍ശന സമീക്ഷയായി വികസിപ്പിച്ചെടുക്കാനാകൂ. ഇതിനുപകരം പ്രമേയതലത്തിലെ സാമൂഹികതയുടെ അടയാളങ്ങള്‍മാത്രം മുന്‍നിര്‍ത്തി കലയുടെയും സാഹിത്യത്തിന്റെയും സാമൂഹികതയെ/ചരിത്രപരതയെ വിലയിരുത്തുന്നത് ഒരു ഭാഗത്ത് പഴയ സാമൂഹികശാസ്ത്രവിമര്‍ശനത്തിലേക്കും മറുഭാഗത്ത് കേവല ലാവണ്യവാദത്തിലേക്കുമാണ് എത്തിച്ചേരുക. പരസ്പരവിരുദ്ധമെന്ന് പുറമേക്ക് തോന്നിക്കുന്ന ഈ സമീപനങ്ങള്‍ അടിസ്ഥാനപരമായി ബൂര്‍ഷ്വാ ആധുനികതയുടെ ദ്വന്ദ്വാത്മകചിന്തയുടെ ഉല്‍പ്പന്നങ്ങളാണ്. മാര്‍ക്സിസത്തിന്റേതായി അതിലൊന്നുമില്ല.

രണ്ട് : കീഴാളവിമര്‍ശനവും മാര്‍ക്സിസവും

സൗന്ദര്യാനുഭവത്തിന്റെ അപനിര്‍മാണംതന്നെയാണ് ദളിത്-കീഴാള വിമര്‍ശനത്തിന്റെയും അടിസ്ഥാനതാല്‍പ്പര്യം. കലാനിര്‍മിതികളിലും സാഹിത്യാവിഷ്കാരങ്ങളിലും സന്നിഹിതമായിരിക്കുന്നതായി കരുതപ്പെടുന്ന അനുഭൂതിലോകങ്ങള്‍ ഏതെല്ലാം നിലകളിലാണ് ബ്രാഹ്മണ്യത്തിന്റെയും ജാതിമേധാവിത്വത്തിന്റെയും ലോകവീക്ഷണത്തെ അതില്‍ ഉള്‍ച്ചേര്‍ക്കുന്നത് എന്നു കണ്ടെത്തി, സൗന്ദര്യാനുഭൂതിയുടെ സവര്‍ണസ്വരൂപത്തെ തുറന്നു കാണിക്കുക എന്നതാണ് കീഴാളവിമര്‍ശനത്തിന്റെ പ്രധാന ദൗത്യങ്ങളിലൊന്ന്. വിശാലമായൊരര്‍ഥത്തില്‍ മാര്‍ക്സിസ്റ്റ് വിമര്‍ശനം ലക്ഷ്യമാക്കുന്ന പ്രത്യയശാസ്ത്രവിമര്‍ശനത്തിന്റെ തുടര്‍ച്ച ഇവിടെയുണ്ട്. സൗന്ദര്യാനുഭവത്തെ അതീതവും കേവലവുമായ മൂല്യമായി പരിഗണിച്ചുകൊണ്ട് അതിന് ചരിത്രനിരപേക്ഷമായ പദവി കല്‍പ്പിച്ചുകൊടുക്കുകയാണ് ആധുനികമായ സൗന്ദര്യവിചാരങ്ങള്‍ ചെയ്തുപോന്നത്. ലാവണ്യവാദം എന്ന് പൊതുവേ നാം പരാമര്‍ശിച്ചു പോരുന്നത് ഇത്തരത്തില്‍ അതീതപദവി കല്‍പ്പിക്കപ്പെട്ട സൗന്ദര്യമൂല്യത്തെ ചരിത്രനിരപേക്ഷമായി വിശദീകരിക്കാനുള്ള നിരൂപണസംരംഭങ്ങളെയാണ്.

ഒരു വിമര്‍ശനസമീക്ഷയെന്ന നിലയില്‍ മാര്‍ക്സിസം അടിസ്ഥാനപരമായി പണിപ്പെട്ടത് ആശയാനുഭൂതികള്‍ക്കുമേല്‍ വച്ചുകെട്ടപ്പെട്ട ഈ അതീതപദവിയുടെ നിരാകരണത്തിനുവേണ്ടിയാണ്. വിവിധയിനങ്ങളിലുള്ള സാമൂഹികാധികാരങ്ങളും പ്രത്യയശാസ്ത്രതാല്‍പ്പര്യങ്ങളും സന്നിഹിതമായിരിക്കുന്ന അനുഭവലോകമാണ് ഏതുതരം സൗന്ദര്യവും എന്ന കാഴ്ചപ്പാട് മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രവിമര്‍ശത്തിന്റെ കാതലാണ്. മുഖ്യധാരാ മാര്‍ക്സിസ്റ്റ് വിമര്‍ശനം ഈ സന്നിഹിതലോകത്തെ വര്‍ഗബന്ധങ്ങളുടെയും വര്‍ഗസംഘര്‍ഷങ്ങളുടെയും ഒട്ടൊക്കെ പ്രത്യക്ഷമായ പ്രതിപാദനമായി പരിഗണിക്കാനാണ് ശ്രമിച്ചത്. യാന്ത്രികമായ ന്യൂനീകരണത്തിന്റെ പരിമിതികള്‍ ഉണ്ടായിരുന്നുവെങ്കിലും ഇത് നിര്‍ണായകപ്രാധാന്യമുള്ള ഇടപെടല്‍ തന്നെയാണ്. സൗന്ദര്യാനുഭൂതിയെ സാമൂഹികബന്ധങ്ങളുടെയും ചരിത്രാനുഭവങ്ങളുടെയും ഭൗതികാസ്പദങ്ങളില്‍ ഉറപ്പിച്ചുനിര്‍ത്താനുള്ള നിര്‍ണായകമായ ശ്രമമായിരുന്നു മാര്‍ക്സിസ്റ്റ് വിമര്‍ശനം എന്ന് പറയാം.

കീഴാളവിമര്‍ശനത്തിന്റെ മേല്‍പ്പറഞ്ഞ മുഖ്യധാര, മാര്‍ക്സിസ്റ്റ് വിമര്‍ശനം കാര്യമായ പരിഗണന നല്‍കാതിരുന്ന ജാതിബന്ധങ്ങളുടെയും ബ്രാഹ്മണാധികാരത്തിന്റെയും പ്രവൃത്തിമണ്ഡലങ്ങള്‍ നമ്മുടെ സൗന്ദര്യാനുഭവങ്ങളെ എങ്ങനെയെല്ലാം നിര്‍ണയിച്ചുകൊണ്ടിരിക്കുന്നു എന്ന് വിശദീകരിക്കാനാണ് ശ്രമിച്ചത്. ആ നിലയില്‍ സൗന്ദര്യാനുഭൂതിയുടെ ഭൗതികാസ്പദങ്ങളിലേക്ക് ജാതിവ്യവസ്ഥയെ ഉള്‍ച്ചേര്‍ക്കുകയാണ് കീഴാളവിമര്‍ശനം ചെയ്യുന്നത് എന്നുപറയാം. ഇത് ഇന്ത്യന്‍ സാഹചര്യത്തെ സംബന്ധിച്ചിടത്തോളം വളരെയേറെ പ്രാധാന്യമുള്ള ഒന്നാണ്. ഇന്ത്യന്‍ സമൂഹത്തെ സംബന്ധിച്ചിടത്തോളം അസമത്വത്തിന്റെ ഏറ്റവും രൂക്ഷവും സര്‍വതലസ്പര്‍ശിയുമായ ആവിഷ്കാരരൂപമാണ് ജാതി. അതുകൊണ്ടുതന്നെ ജാതിബന്ധങ്ങളെയും അത് പ്രത്യക്ഷമായും പരോക്ഷമായും നമ്മുടെ അനുഭവലോകങ്ങളില്‍ ചേര്‍ത്തുവയ്ക്കുന്ന അസമത്വത്തെയും പരിഗണിക്കാത്ത ഏത് വിശകലനവും ജനാധിപത്യപരമോ നീതിനിഷ്ഠമോ ആകില്ല. സൗന്ദര്യാനുഭവങ്ങളുടെ ലോകം പല നിലകളില്‍ മറച്ചുവയ്ക്കുകയോ സാധൂകരിക്കുകയോ ചെയ്യുന്ന സവര്‍ണാധികാരത്തിന്റെ മൂല്യവ്യവസ്ഥയെ അപനിര്‍മിക്കുകയെന്നത്, അതുകൊണ്ട്, പ്രത്യയശാസ്ത്രവിമര്‍ശനത്തിന്റെ പരമപ്രധാനമായ ദൗത്യമാണ്. മുഖ്യധാരാ മാര്‍ക്സിസ്റ്റ് വിമര്‍ശം കാര്യമായി ഏറ്റെടുക്കാതിരുന്ന ഈ ചുമതലയുടെ നിര്‍വഹണമാണ് കീഴാളവിമര്‍ശനം നടത്തുന്നത്.

ഇതോടൊപ്പം, കീഴാളവിമര്‍ശനത്തിന്റെ ഇടപെടലുകള്‍ ആധുനിക മാനവവാദത്തിനെതിരായ വിമര്‍ശനമായും മാറിത്തീരുന്നുണ്ട്. മാനവവാദത്തിന്റ യൂറോപ്യന്‍ സന്ദര്‍ഭത്തിന്റെ തുടര്‍ച്ചയില്‍ കൊളോണിയല്‍ ആധുനികതയുടെ മനുഷ്യസങ്കല്‍പ്പം മധ്യവര്‍ഗപരവും ബ്രാഹ്മണികവുമായ ഒരു ആദര്‍ശമാതൃകയെയാണ്, പത്തൊമ്പതാം ശതകത്തിന്റെ അവസാനദശകങ്ങള്‍ മുതല്‍, ഉയര്‍ത്തിപ്പിടിച്ചിരുന്നത്. മനുഷ്യന്‍ എന്ന പൊതുതത്ത്വത്തിന്റെ ഉള്ളില്‍ ഏറിയും കുറഞ്ഞും നിലകൊള്ളുന്ന ബ്രാഹ്മണ്യത്തിന്റെ മൂല്യവ്യവസ്ഥയെയാണ് കീഴാള വിമര്‍ശനം അപനിര്‍മിക്കുന്നത്. അതുകൊണ്ട് പ്രത്യയശാസ്ത്രവിമര്‍ശനത്തിന്റെ സവിശേഷദൗത്യങ്ങള്‍ നിറവേറ്റുമ്പോള്‍ത്തന്നെ ആധുനികതാവിമര്‍ശനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സമകാലികപ്രയോഗമായും കീഴാളവിമര്‍ശനം മാറിത്തീരുന്നു.

ഈ മുഖ്യദൗത്യത്തോടൊപ്പം മറ്റു രണ്ടുദൗത്യങ്ങള്‍കൂടി കീഴാളവിമര്‍ശം നിര്‍വഹിക്കുന്നുണ്ട്. അതിലൊന്ന് മുഖ്യധാരയാല്‍ തമസ്കരിക്കപ്പെട്ട കീഴാള രചനാപാരമ്പര്യത്തെ വീണ്ടെടുക്കാനാണ്. സവര്‍ണ വ്യവഹാരത്തിന്റെ സൗന്ദര്യശാസ്ത്രയുക്തികള്‍ അസുന്ദരമെന്നും കലാശൂന്യമെന്നും മുദ്രകുത്തി പുറന്തള്ളിയ ആവിഷ്കാരങ്ങളുടെയും നാടോടിക്കല എന്ന പേരില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന അവതരണക്രമങ്ങളുടെയും ചരിത്രവും അനുഭവലോകങ്ങളും വീണ്ടെടുത്ത് ബലിഷ്ഠമായ ഒരു ബദല്‍ പാരമ്പര്യമായി അവയെ ഉറപ്പിച്ചെടുക്കുന്ന ദൗത്യമാണ് ഇവിടെയും ഉള്ളത്. ഒരര്‍ഥത്തില്‍ ഇത് മുകളില്‍ വിശദീകരിച്ച പ്രത്യയശാസ്ത്രവിമര്‍ശനത്തിന്റെ തുടര്‍ച്ച തന്നെയാണ്. സൗന്ദര്യാനുഭൂതിയുടെ അപനിര്‍മാണത്തിലൂടെ അതിന്റെ സാംസ്കാരിക രാഷ്ട്രീയത്തെ വെളിപ്പെടുത്തുന്ന പ്രവൃത്തി സ്വാഭാവികമായി ത്തന്നെ ഒരു ബദല്‍ പാരമ്പര്യത്തെക്കുറിച്ചുള്ള അന്വേഷണങ്ങളിലേക്ക് തിരിയും. ഇത്തരമൊരു ബദല്‍ പാരമ്പര്യത്തിന്റെ നിര്‍മിതി കീഴാളവിമര്‍ശനത്തെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ് താനും. നിശ്ശബ്ദമാക്കപ്പെട്ട ഒരു സമൂഹം സ്വന്തം സംസ്കാരത്തിലും ചരിത്രത്തിലും അടിയുറച്ചുനിന്ന് ബലിഷ്ഠമായ സ്വത്വധാരണകളിലേക്ക് എത്തിപ്പെടുന്നത് ഇതിലൂടെയാണ്.

ഈ ബദല്‍ പാരമ്പര്യനിര്‍മാണത്തിന് അനിവാര്യമായ ഒരു വിമര്‍ശനസമീക്ഷ വികസിപ്പിച്ചെടുക്കുക എന്നതാണ് കീഴാളവിമര്‍ശനം ചെയ്യുന്ന മറ്റൊരു പ്രധാന ഇടപെടല്‍. ആദ്യത്തെ രണ്ട് സന്ദര്‍ഭങ്ങളിലും അധീശവ്യവഹാരത്തിന്റെ യുക്തികളോടും സൗന്ദര്യസങ്കല്‍പ്പങ്ങളോടും പല നിലകളില്‍ ഏറ്റുമുട്ടുകയാണ് കീഴാളവിമര്‍ശം ചെയ്യുന്നതെങ്കില്‍ ഇവിടെയത് സ്വന്തം ചരിത്രാനുഭവങ്ങളെ സിദ്ധാന്തവല്‍ക്കരിക്കുകയും അതില്‍നിന്ന് സ്വകീയമായ സൈദ്ധാന്തിക സമീക്ഷകള്‍ രൂപപ്പെടുത്തുകയുമാണ് ചെയ്യുന്നത്. സാഹിത്യം, കല, സൗന്ദര്യാനുഭൂതികള്‍ തുടങ്ങിയവയെക്കുറിച്ചുള്ള സ്വകീയ സങ്കല്‍പ്പങ്ങളുടെയും വ്യവഹാരക്രമത്തിന്റെയും നിര്‍മിതിയാണ് ഇവിടെയുള്ളത്. അധീശവ്യവഹാരത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ച് സൗന്ദര്യവിശകലനത്തിന്റെ പുതിയൊരു വ്യവഹാരമണ്ഡലം ഉദ്ഘാടനം ചെയ്യുന്ന ഈ സന്ദര്‍ഭം കീഴാളവിമര്‍ശനത്തെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്. കാരണം അവിടെവച്ചാണ് അത് സ്വന്തം ചരിത്രത്തെയും ആശയാവലികളെയും അഭിസംബോധന ചെയ്യുന്നത്. ഉപരിവര്‍ഗത്തിന്റെയും സവര്‍ണതയുടെയും ആശയാവലികള്‍ക്കും അനുഭവലോകങ്ങള്‍ക്കുമെതിരായ വിമര്‍ശനം എത്രതന്നെ ബലിഷ്ഠമാണെങ്കില്‍പോലും വിപരീതനിലയില്‍ ഈ വിമര്‍ശനങ്ങളും ആ സൗന്ദര്യസങ്കല്‍പ്പത്തില്‍ ഊന്നേണ്ടിവരുന്നുണ്ട്. അതിനുപകരം, കലയുടെയും അനുഭവലോകങ്ങളുടെയും പുതിയൊരു ഭൂഖണ്ഡം ഉദ്ഘാടനം ചെയ്യുന്നതിലെത്തുമ്പോഴാണ് കീഴാളവിമര്‍ശനം അതിന്റെ സ്വന്തം ഇടം നിര്‍മിച്ചെടുക്കുന്നതില്‍ അന്തിമവിജയം നേടൂന്നത്.

പ്രമേയം, രൂപം, അനുഭൂതി എന്നീ വിതാനങ്ങളില്‍ ഒരുപോലെ സന്നിഹിതമാവുന്ന ചരിത്രബന്ധങ്ങളെക്കുറിച്ചുള്ള മാര്‍ക്സിസ്റ്റ് ധാരണ (ആശയാനുഭൂതികളുടെ ലോകം പ്രതിഫലനപരമോ പ്രതിനിധാനപരമോ ആയിരിക്കുന്നതിനപ്പുറം നിര്‍മാണാത്മകമാണെന്ന മാര്‍ക്സിസ്റ്റ് ധാരണ) മേല്‍പ്പറഞ്ഞ ദൗത്യനിര്‍വഹണത്തിന്റെ സന്ദര്‍ഭത്തില്‍ വളരെയേറെ സംഗതമായിരിക്കും. ആധുനികമായ പ്രതിനിധാനയുക്തിക്കു പുറത്തുനില്‍ക്കുന്ന ഒരു ബദല്‍ സൗന്ദര്യാത്മകതയുടെ നിര്‍മിതിക്കുതകുന്ന ഒരു സൈദ്ധാന്തികതലം ഇതില്‍നിന്ന് ഉരുത്തിരിച്ചെടുക്കാനാവും. അത് ഒരു ഭാഗത്ത് ഒരു ബദല്‍ ജീവിതത്തിന്റെ ഭൗതികതയില്‍ പങ്കുചേരുന്നതും മറുഭാഗത്ത് ആ ബദല്‍ ജീവിതത്താല്‍ നിര്‍മിക്കപ്പെടുന്ന രൂപത്തെയും അനുഭൂതികളെയും ഉള്‍ക്കൊണ്ടു നില്‍ക്കുന്നതുമായിരിക്കും. ഇത്തരമൊരു സൈദ്ധാന്തികസമീക്ഷ കീഴാള ദളിത് വിമര്‍ശനത്തെ ആധുനികതയുടെ സൗന്ദര്യവ്യവഹാരത്തെ മറികടന്നുപോകുന്നതിന് ഏറ്റവുമധികം പിന്തുണ നല്‍കുന്നതുമായിരിക്കും. ഇവിടെ സമകാലിക ദളിത് വിമര്‍ശനത്തിന്റെ മുഖ്യധാരയെ മുന്‍നിര്‍ത്തി ചില വസ്തുതകള്‍കൂടി പരിഗണിക്കേണ്ടതുണ്ട്. അധീശവ്യവഹാരങ്ങളിലെ സവര്‍ണാധികാരത്തെയും സൗന്ദര്യാനുഭൂതിയുടെ അബോധത്തെയും പുറത്തുകൊണ്ടുവരുന്നതില്‍ ശ്രദ്ധയൂന്നുന്ന പ്രത്യയശാസ്ത്രവിമര്‍ശനങ്ങളാണ് അവയിലേറിയ പങ്കും. ഈ പ്രത്യയശാസ്ത്രവിമര്‍ശനമാകട്ടെ രൂപം, അനുഭൂതി എന്നീ തലങ്ങളില്‍ ചരിത്രം നടത്തുന്ന ഇടപെടലുകളെ കാര്യമായി പരിഗണിക്കാതെ പ്രമേയതലത്ത മുന്‍നിര്‍ത്തുന്ന വിശകലനങ്ങളിലേക്ക് കൂടുതല്‍ കൂടുതല്‍ ചേര്‍ന്നുനില്‍ക്കുന്നതായും അനുഭവപ്പെടുന്നുണ്ട്. ഇത് കീഴാളവിമര്‍ശനത്തെ രണ്ടുതരം പരിമിതികള്‍ക്ക് വിധേയമാക്കും. പഴയ സാമൂഹികശാസ്ത്രവിമര്‍ശനത്തിന്റെ പുതിയ രൂപമായി കീഴാളവിമര്‍ശനം മാറിത്തീരാം എന്നതാണ് ഇതിലാദ്യത്തേത്.

ഒരര്‍ഥത്തില്‍ മാര്‍ക്സിസ്റ്റ് വിമര്‍ശനത്തിന്റെ മുഖ്യധാരയ്ക്ക് സംഭവിച്ച തരക്കേടിന്റെ മറ്റൊരു നിലയിലുള്ള ആവര്‍ത്തനമാണിത്. വര്‍ഗസംഘര്‍ഷങ്ങളുടെ അടയാളങ്ങള്‍ പ്രമേയത്തില്‍നിന്ന് കണ്ടെടുക്കാന്‍ ശ്രമിച്ച് കലാനിര്‍മിതികളെ പ്രതിഫലനപരമോ പ്രതിനിധാനാത്മകമോ ആയി ചുരുക്കിവായിക്കുകയാണ് മുഖ്യധാരാ മാര്‍ക്സിസ്റ്റ് വിമര്‍ശനം മിക്കവാറും ചെയ്തുകൊണ്ടിരുന്നത്. ഇതേ വഴിയില്‍ സവര്‍ണാധികാരത്തിന്റെ പാഠരൂപങ്ങള്‍മാത്രമായി കലാനിര്‍മിതികളെ കാണുകയും അതിന്റെ അടയാളങ്ങള്‍ പ്രമേയനിഷ്ഠമായി തേടിപ്പിടിക്കുകയും ചെയ്യുന്ന സമീപനം കീഴാളവിമര്‍ശനം ഏറ്റെടുത്തുകൂട. അതുപോലെ ചരിത്രത്തിന്റെ സൂക്ഷ്മജീവിതവും പ്രവൃത്തിയും പാഠത്തിന്റെ പ്രമേയതല താല്‍പ്പര്യങ്ങള്‍ക്ക് കുറുകെ നീങ്ങുന്ന പ്രഭാവങ്ങള്‍ക്ക് കാരണമാകാം എന്ന വസ്തുതയും പരിഗണിക്കപ്പെടണം. കലാനിര്‍മിതികള്‍ ശാശ്വതസത്തകളല്ലെന്നും മറിച്ച് സങ്കീര്‍ണപ്രകൃതിയുള്ള പ്രക്രിയകളാണെന്നുമുള്ള ധാരണയാണ് ഇതിനടിസ്ഥാനമാകേണ്ടത്. പ്രമേയതലത്തിലെ താല്‍പ്പര്യങ്ങളെ അസ്ഥിരപ്പെടുത്താനോ മറികടന്നുപോകാനോ രൂപ-അനൂഭൂതി തലത്തിലെ ചരിത്രപ്രഭാവങ്ങള്‍ വഴിവച്ചേക്കാം. ഇത് പരിഗണിക്കാതിരുന്നാല്‍ ആധുനികതാപ്രസ്ഥാനത്തെയപ്പാടെ ബൂര്‍ഷ്വാജീര്‍ണതയുടെ ആവിഷ്കാരങ്ങള്‍ എന്ന് മുദ്രകുത്തി തള്ളിക്കളഞ്ഞ പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ നിലപാടിന് സമാനമായ വീക്ഷണങ്ങളിലാകും നാം എത്തിപ്പെടുക. ഫലത്തില്‍ ഈ രണ്ടു പരാധീനതകളും കീഴാള വിമര്‍ശനത്തെ ആധുനികമായ ദ്വന്ദ്വാത്മകവിചാരത്തിലേക്ക് കൊണ്ടുപോകാന്‍ കാരണമാകും.

പ്രതിനിധാനാത്മക വായനയുടെ വിഷയമായി കലാവസ്തുവിനെ ഉറപ്പിച്ചെടുക്കുന്ന ആധുനികവീക്ഷണത്തെ മറികടക്കുകയെന്നത് കീഴാള-ദളിത് വിമര്‍ശനസമീക്ഷയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതാണെന്ന വസ്തുതയാണ് ഇവിടെ വ്യക്തമാകുന്നത്. മാര്‍ക്സിസ്റ്റ് വിമര്‍ശനത്തിന്റെ പുനര്‍വിഭാവനം വഴി കൈവരുന്ന തെളിച്ചങ്ങള്‍ ഇതിന് ഉപയുക്തമാക്കാനാകും. അത്തരത്തിലുള്ള പരസ്പരപൂരണം ഇന്ത്യന്‍ സാഹചര്യത്തില്‍ കലയുടെ ഭൗതികതയെയും അനുഭൂതിയുടെ ചരിത്രപരതയെയും മുന്‍നിര്‍ത്തുന്ന കാഴ്ചപ്പാടുകളെയും വിമര്‍ശനപ്രയോഗങ്ങളെയും കൂടുതല്‍ കൂടുതല്‍ സമ്പന്നമാക്കുകയും ചെയ്യും. .

*
സുനില്‍ പി ഇളയിടം ദേശാഭിമാനി ഓണപ്പതിപ്പ്

Saturday, August 31, 2013

ഫാഷിസത്തിന്റെ വെളുത്ത താടി

നരേന്ദ്രമോഡിയെ കൊല്ലാന്‍ പുറപ്പെട്ട ഭീകരര്‍ എന്ന കള്ളക്കഥ മെനഞ്ഞ്, ഇസ്രത്ത് ജഹാന്‍ എന്ന പെണ്‍കുട്ടിയെയും കൂടെ മറ്റ് മൂന്നുപേരെയും മോഡിയുടെ പൊലീസ് വെടിവച്ചുകൊന്ന് മൂന്ന് ആഴ്ചകള്‍ കഴിയുന്നതിനുമുമ്പ് വിജയലക്ഷ്മി "ഊഴം" എന്ന കവിത മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു. അതൊരു വ്യാജ ഏറ്റുമുട്ടലാണെന്നോ, മോഡിയുടെ പൊലീസ് നിസ്സഹായയായ ആ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയതിനുശേഷം വെടിവച്ചു കൊല്ലുകയായിരുന്നുവെന്നോ വ്യക്തമായിട്ടില്ലാത്ത അക്കാലത്ത്, ഏതോ സഹജാവബോധത്തിന്റെ പ്രേരണയാല്‍ സത്യത്തിന്റെ അണയാത്ത കനലുകളെ ഊതിത്തിളക്കി അവര്‍ എഴുതി:

""അപമാനിക്കപ്പെട്ട മൃതദേഹം
രാത്രിയില്‍ എന്നോട് പറഞ്ഞു:
കണ്ടില്ലേ, എന്റെ കൈകളില്‍ ചേര്‍ത്തുവച്ചത്?
അല്ല, ആ തോക്ക് തീര്‍ച്ചയായും എന്റേതല്ല.
എനിക്ക് വെടിയുണ്ടകളെ അറിയില്ല,
എന്റെമേല്‍ തറഞ്ഞതിനെ ഒഴികെ.
ആ ഡയറിക്കുറിപ്പുകളും എന്റേതല്ല,
ഹിറ്റ്ലിസ്റ്റുകള്‍ വിളക്കിച്ചേര്‍ത്തവ. കൊല്ലപ്പെട്ടുവെങ്കിലും ഞാനൊരു വിഡ്ഢിയല്ല
എങ്കില്‍
എനിക്കും കാണണം,
ഞങ്ങളുടെ പേര് ഹിറ്റ്ലിസ്റ്റില്‍ ചേര്‍ത്ത
എഴുതപ്പെടാത്തതിനാല്‍ അദൃശ്യമായ ആ നാരകീയ ഡയറി
. ........
പകലുകളില്‍ നിന്ന് മായ്ച്ചുകളഞ്ഞ്
പത്രത്താളിലും വാര്‍ത്താബോര്‍ഡിലും
അത്താഴപ്പുറത്തെ അലസമായ
മിനിസ്ക്രീനിലും ചേര്‍ത്ത്
ജീവനറ്റുപോയ കിടപ്പിനെ
പലവട്ടം അപമാനിച്ചാലും
രാത്രി
കളവില്ലാത്ത കണ്ണാടികളില്‍
ഞങ്ങളുടെ ചോര
നിശ്ശബ്ദമായി തെളിഞ്ഞുവരും.
ഉണര്‍ന്നെണീക്കുന്ന
ഓരോ ചെവിയിലും
ചുണ്ടുചേര്‍ത്ത് സൂര്യനുദിക്കും വരെയും അത്
മൃദുവായി
പറഞ്ഞുകൊണ്ടിരിക്കും
"ഉറങ്ങാതിരിക്കുക.
പുലരുന്നത്
നിങ്ങളുടെ ഊഴം ""
.
ഫാഷിസത്തിന്റെ വരവിനെക്കുറിച്ച് പണ്ട് ഓട്ടോ റെനെ കാസ്റ്റിലോ എഴുതിയ പ്രഖ്യാതമായ കവിതയുടെ മുഴക്കങ്ങള്‍ നമുക്കീ വരികളിലും കേള്‍ക്കാനാവും. അടിവച്ചടിവച്ച്, വികസനത്തിന്റെ വിജയഗാഥകളാലപിച്ച്, സുസ്മേരവദനനായി, കഴിഞ്ഞുപോയതിലൊന്നും പശ്ചാത്താപമില്ലാത്തവനായി, ഉരുക്കുപോലെ ഉറച്ച ബോധ്യങ്ങളുടെ പ്രതിനിധിയും പ്രതീകവുമായി വാഴ്ത്തപ്പെട്ട് നാഗരിക മധ്യവര്‍ഗത്തിന്റെ നായകബിംബമായി, ഇന്ത്യന്‍ ഫാഷിസത്തിന്റെ പടപ്പുറപ്പാട് ഗുജറാത്തില്‍നിന്ന് ആരംഭിക്കുന്നതേയുണ്ടായിരുന്നുള്ളൂ; വിജയലക്ഷ്മി ഈ കവിത എഴുതുമ്പോള്‍. തെളിവുകളൊന്നും കൈവന്നിട്ടില്ലെങ്കിലും സത്യത്തിന്റെ കെടാത്ത വെളിച്ചവും ചൂടും പകര്‍ന്ന നൈതിക പ്രേരണകളുടെ പ്രഭാവം കൊണ്ട് ഇസ്രത്ത് ജഹാന്‍ എന്ന പെണ്‍കുട്ടിയും മറ്റ് മൂന്നുപേരും കൊല്ലപ്പെട്ടതാണെന്ന് അവര്‍ 2004 ജൂലൈയില്‍ എഴുതി. ഒമ്പതു കൊല്ലത്തിനുശേഷം വ്യാജ ഏറ്റുമുട്ടലിന്റെയും കൊലപാതകത്തിന്റെയും വിവരങ്ങള്‍ സിബിഐ പുറത്തുകൊണ്ടുവന്ന് ആ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നു. വൈലോപ്പിള്ളി തന്റെ പഴയ കവിതയില്‍ പറഞ്ഞതുപോലെ ശാസ്ത്രവും ചരിത്രവും തെളിവ് തരുന്നതിനും മുമ്പേ, "ഹൃദയനിമന്ത്രിത"മായ സത്യങ്ങളുടെ പിന്‍ബലത്താല്‍ ഉണര്‍ന്നുനിന്ന ഒരു കാവ്യാനുഭവത്തിന്റെ ചരിത്രമായി ഈ കവിത മാറിത്തീര്‍ന്നിരിക്കുന്നു.

ഒരു പതിറ്റാണ്ടായി പിന്‍വാങ്ങിനിന്ന, ഇന്ത്യന്‍ ഫാഷിസത്തിന്റെ രഥയാത്ര വീണ്ടും തുടങ്ങിയിരിക്കുന്നു. ഗുജറാത്തില്‍നിന്നാണത് വരുന്നത്. മുമ്പും അങ്ങനെയൊന്ന് പുറപ്പെട്ടത് ഗുജറാത്തില്‍നിന്ന് തന്നെയായിരുന്നു. ഗുജറാത്തിലെ സോമനാഥത്തില്‍നിന്നും. ചോരപ്പുഴകള്‍ക്കും കബന്ധങ്ങള്‍ക്കും നടുവിലൂടെ അത് അയോധ്യ വരെയെത്തി. ഇപ്പോള്‍ അത്തരമൊരു പുറപ്പാടിന്റെ ആരവം വീണ്ടും ഗുജറാത്തില്‍ നിന്നുതന്നെ കേട്ടുതുടങ്ങിയിരിക്കുന്നു. ഗുജറാത്ത് ഗാന്ധിജി ജനിച്ച നാടായിരുന്നുവെന്ന് നാം ഇനിയും കുട്ടികളോട് പറഞ്ഞുകൊടുക്കണം! പ്രഹസനമായി ആവര്‍ത്തിക്കുന്ന ചരിത്രം എത്ര വലിയ ദുരന്തങ്ങളെയാണ് കൂടെ കൂട്ടുന്നത്?

വെളുത്ത താടിക്ക് മനുഷ്യവംശത്തിന്റെ പ്രാക്തന സ്മൃതികളില്‍ വിശുദ്ധമായ അര്‍ഥമാണുള്ളത്. മലയാളിക്ക് കളിയരങ്ങിലെ സാത്വിക ചൈതന്യവും കാരുണ്യവുമാണത്. ആധുനിക കേരളത്തിന്റെ ചരിത്രത്തില്‍ നിറഞ്ഞുനിന്ന വെള്ളത്താടി കേസരി ബാലകൃഷ്ണപിള്ളയുടേതാണ്. താപസോചിതമായ നിര്‍മമതയോടെ അദ്ദേഹം യാതനകള്‍ക്കിടയിലും വരുംകാലത്തിനുവേണ്ടി എഴുതിക്കൊണ്ടിരുന്നു. ഇപ്പോള്‍ വാക്കുകള്‍ കൂടുമാറിയിരിക്കുന്നു. യൗവ്വനത്തിലേക്ക് കാലൂന്നുകമാത്രം ചെയ്ത നിസ്സഹായയായ ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് വെടിവച്ചുകൊല്ലുന്നതിന് "വെളുത്ത താടി"യുടേയും "കറുത്ത താടി"യുടെയും അനുവാദം ലഭിച്ചതായി കുറ്റവാളികളായ ഉദ്യോഗസ്ഥന്‍ പറഞ്ഞതിന്റെ വിവരം ഇസ്രത്ത് ജഹാന്‍ വധക്കേസിനെക്കുറിച്ചുള്ള സിബിഐ റിപ്പോര്‍ട്ടിലുണ്ട്. അര്‍ഥം മാറുന്നത് വാക്കുകള്‍ക്ക് മാത്രമാണോ?

ഇസ്രത്ത് ജഹാന്‍ കൊല ചെയ്യപ്പെട്ട വാര്‍ത്ത വന്ന ദിവസം അര്‍ധരാത്രിയില്‍ അസ്വസ്ഥമായിരുന്ന് താന്‍ കവിത എഴുതിത്തീര്‍ത്തതിന്റെയും പിന്നാലെയുണ്ടായ അനുഭവങ്ങളുടെയും കഥ വിവരിക്കുന്ന വിജയലക്ഷ്മിയുടെ ലേഖനം (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജൂലൈ 14, 2013) അവസാനിക്കുന്നതും ഈ അര്‍ഥപരിണാമത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ്: ""വെളുത്ത താടി. അത് മോശയുടേതായിരുന്നു. അനുഗൃഹീത പ്രതിഭ മൈക്കേല്‍ ആഞ്ജലോ ലോകത്തിനു സമ്മാനിച്ച, സമൃദ്ധമായ വെള്ളത്താടി തഴുകി ചിന്താധീനയായിരിക്കുന്ന മോശയെ ചിത്രങ്ങളിലൂടെ അറിഞ്ഞ് ഉറ്റുനോക്കി എത്രയോ നേരമിരുന്നിട്ടുണ്ട്. കാറ്റിലുലയുന്ന വെള്ളത്താടിയുമായി, മോശ കൈയിലെ ദണ്ഡുയര്‍ത്തിയപ്പോള്‍ ചെങ്കടല്‍ രണ്ടായി പിളര്‍ന്നു. ജലം മതിലുപോലെ മാറിനിന്നു. ഇസ്രയേല്‍ ജനത അപ്പുറം കടന്നു... വെളുത്ത താടി അനുഗ്രഹത്തിന്റെയും സുരക്ഷയുടെയും പക്വതയുടെയും ജ്ഞാനത്തിന്റെയും പ്രതീകമായിരുന്നു... ഇപ്പോള്‍ അത്?""

സ്വയംഭരണ കോളേജുകള്‍: ചരിത്രവും വര്‍ത്തമാനവും

കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട കലാലയങ്ങള്‍ക്ക് സ്വയംഭരണം അനുവദിക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും സര്‍ക്കാരും തീരുമാനമെടുത്ത പശ്ചാത്തലത്തിലാണ് സ്വയംഭരണ കോളേജുകള്‍ എന്ന സങ്കല്‍പ്പത്തിന്റെ ചരിത്രവും വര്‍ത്തമാനവും വിശകലനം ചെയ്യുന്ന ഡോ. രാജന്‍ വര്‍ഗീസിന്റെ ശ്രദ്ധേയമായ ലേഖനം മലയാളം വാരിക പ്രസിദ്ധീകരിച്ചത് (2013 ജൂലൈ 5 ലക്കം). മഹാത്മാഗാന്ധി സര്‍വകലാശാലയുടെ മുന്‍ പ്രോ വൈസ് ചാന്‍സലര്‍ ആയിരുന്ന ഡോ. രാജന്‍ വര്‍ഗീസിന്റെയും അന്നത്തെ വൈസ് ചാന്‍സലര്‍ ഡോ. രാജന്‍ ഗുരുക്കളുടെയും കൂട്ടായ പരിശ്രമത്തിലൂടെ ആ സര്‍വകലാശാല അക്കാദമികമായി വലിയ വിജയങ്ങള്‍ ഒന്നൊന്നായി കൈവരിച്ചത് സമീപകാലത്ത് കണ്ടതാണ്. വിവേകപൂര്‍ണമായ സമീപനവും അക്കാദമികമായ ദീര്‍ഘവീക്ഷണവും ഉണ്ടെങ്കില്‍ എത്ര വലിയ പരിമിതികള്‍ക്കിടയിലും നമ്മുടെ സ്ഥാപനങ്ങള്‍ക്ക് കൈവരിക്കാന്‍ കഴിയുന്ന വിജയങ്ങള്‍ക്കുള്ള തെളിവായിരുന്നു അത്. വിസി, പിവിസി തുടങ്ങിയ പദവികള്‍ ഉത്തരവാദിത്തമല്ല അധികാരമാണ് എന്ന് തെറ്റിദ്ധരിച്ച്, സര്‍വകലാശാലയിലെ അധ്യാപകരും ജീവനക്കാരും വിദ്യാര്‍ഥികളുമെല്ലാം തന്റെ ആശ്രിതജനതയാണെന്ന് ആത്മാര്‍ഥമായി വിശ്വസിക്കുന്ന ഭരണാധികാരികള്‍ സര്‍വകലാശാലകളില്‍ എത്രയോ ഉള്ളപ്പോഴാണ് ഡോ. രാജന്‍ ഗുരുക്കളും ഡോ. രാജന്‍ വര്‍ഗീസും വ്യത്യസ്തവും മാന്യവും അക്കാദമികവുമായ ഒരു മാതൃക നമുക്ക് മുന്നില്‍ അവശേഷിപ്പിച്ചുകൊണ്ട് കടന്നുപോയത്.

സ്വയംഭരണ കോളേജുകള്‍ എന്ന ആശയത്തിന്റെ ചരിത്രത്തിലേക്കും അതിന്റെ വര്‍ത്തമാന വിവക്ഷകളിലേക്കും നന്നായി വെളിച്ചം വീശുന്നതാണ് ഡോ. രാജന്‍ വര്‍ഗീസിന്റെ ലേഖനം. 1817ല്‍ തന്നെ കോളേജുകള്‍ സ്ഥാപിക്കപ്പെടുകയും 1857ല്‍ അവയെല്ലാം ബോംബെ, കല്‍ക്കത്ത, മദ്രാസ് സര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്യപ്പെടുകയും ചെയ്ത ചരിത്രമാണ് ആധുനിക ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തിനുള്ളത്. സര്‍വകലാശാലകള്‍ അക്കാദമിക കേന്ദ്രങ്ങളും വിജ്ഞാനോല്‍പ്പാദന സ്ഥാപനങ്ങളുമാവുക എന്നതിനു പകരം കോളേജുകളുടെ നിയന്ത്രണവും ഭരണവും നടത്തുന്ന ബ്യൂറോക്രാറ്റിക് സ്ഥാപനങ്ങളാവുക എന്നതാണ് തുടക്കം മുതലേ ഇവിടെ സംഭവിച്ചത്. അക്കാദമിക സ്ഥാപനങ്ങള്‍ എന്നതിലുപരി ഭരണസ്ഥാപനങ്ങളായാണ് നമ്മുടെ സര്‍വകലാശാലകള്‍ വിഭാവനം ചെയ്യപ്പെട്ടത് എന്നര്‍ഥം. മെക്കാളെ മിനുറ്റ്സിന്റെയും കോളോണിയല്‍ ഭരണകൂടങ്ങളുടെയും താല്‍പ്പര്യങ്ങള്‍ക്കും ആവശ്യത്തിനും ഉതകുന്ന ഒന്നായിരുന്നു അത്. സര്‍വകലാശാലകള്‍ വിജ്ഞാനോല്‍പ്പാദന കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചില്ല. പകരം യൂറോപ്യന്‍ വിജ്ഞാനം വിതരണം ചെയ്യുന്ന കോളേജുകളുടെ ഭരണകേന്ദ്രമായി അവ മാറി. തങ്ങളുടെ ഭരണനിര്‍വഹണത്തിന് ഉപയുക്തമാവുന്ന അതിവിപുലമായ ഗുമസ്തവൃന്ദത്തിന്റെ നിര്‍മാണമാണ് ഉന്നത വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്നു കരുതിയ കൊളോണിയല്‍ ഭരണകൂടത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കകത്താണ് ഇന്ത്യന്‍ സര്‍വകലാശാലകള്‍ നിലവില്‍ വന്നത് എന്നര്‍ഥം.

സ്വാതന്ത്ര്യപ്രാപ്തിക്ക് ആറ് പതിറ്റാണ്ട് പഴക്കമായെങ്കിലും സര്‍വകലാശാലയെയും ഉന്നത വിദ്യാഭ്യാസത്തെയും സംബന്ധിച്ചുള്ള സാമാന്യ ധാരണയില്‍ ഇപ്പോഴും കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഈ പ്രശ്നത്തിനുള്ള സാര്‍ഥകമായ പരിഹാരം എന്ന നിലയിലാണ് ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്ന ആശയം ഉയര്‍ന്നുവന്നത്. പിന്നിട്ട മൂന്ന് - നാല് പതിറ്റാണ്ടുകള്‍ക്കിടയില്‍ അത്തരം പല സ്ഥാപനങ്ങളും ദേശീയതലത്തില്‍ രൂപീകരിക്കപ്പെട്ടു. താരതമ്യേന മെച്ചപ്പെട്ട നിലയില്‍ അവ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്.

കേരളത്തില്‍ ഇപ്പോള്‍ ആരംഭിക്കുന്ന സ്വയംഭരണ കോളേജുകള്‍ ഇത്തരമൊരു അക്കാദമിക നവീകരണത്തിനാണോ വഴിതുറക്കുക എന്ന സംശയമാണ് വലിയ തോതില്‍ ഉന്നയിക്കപ്പെടുന്നത്. കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖലയില്‍ അത്യന്തം പ്രബലമായ സ്വാധീനം പുലര്‍ത്തുന്ന മതവിഭാഗങ്ങളും മൂലധനശക്തികളും സ്വയംഭരണാധികാരത്തെ ഏതെല്ലാം നിലകളില്‍ ഉപയോഗപ്പെടുത്തും എന്നതും പരിശോധിക്കപ്പെടേണ്ടതാണ്. അക്കാദമിക നവീകരണത്തിനും സുതാര്യതയ്ക്കുമായുള്ള ശ്രമങ്ങളെ കഴിഞ്ഞ ഇടതുമുന്നണി ഗവണ്‍മെന്റിന്റെ കാലത്ത്, അട്ടിമറിക്കാന്‍ ഈ വിഭാഗങ്ങള്‍ നടത്തിയ നാനാതരം പരിശ്രമങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ സ്വയംഭരണമെന്ന ആശയം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാവുന്ന ഒന്നായി മാറാനുള്ള സാധ്യത ഏറെയാണെന്ന് ആര്‍ക്കും വ്യക്തമാകും. പ്ലസ്ടു പ്രവേശനത്തിലെ ഏകജാലക സംവിധാനം മുതല്‍ സ്വാശ്രയപ്രവേശനം വരെയുള്ള കാര്യങ്ങള്‍ അട്ടിമറിക്കാന്‍ മതാധികാരവും മൂലധനശക്തികളും കൈകോര്‍ത്ത് നിന്ന് പരിശ്രമിച്ചതിന്റെയും പലപ്പോഴും അവര്‍ അതില്‍ വിജയം നേടിയതിന്റെയും കഥയാണ് സമീപ ഭൂതകാലം നമുക്ക് മുമ്പില്‍ അവശേഷിപ്പിക്കുന്നത്. സ്വയംഭരണമെന്ന ആശയത്തെക്കുറിച്ചുള്ള ഉല്‍ക്കണ്ഠകള്‍ കേരളത്തില്‍ പ്രബലമാവുന്നതും ഇതുകൊണ്ടാണ്.

ഡോ. രാജന്‍ വര്‍ഗീസിന്റെ ലേഖനം സ്വയംഭരണ കോളേജുകള്‍ എന്ന ആശയത്തിന്റെ ചരിത്രപരവും അക്കാദമികവുമായ ഉള്ളടക്കത്തിലേക്കും ഒപ്പംതന്നെ കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ അതിന് വന്നുപെടാവുന്ന പരിണതികളെക്കുറിച്ചും വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. വസ്തുതകളുടെയും അനുഭവജ്ഞാനത്തിന്റെയും ഉറച്ച അടിത്തറയില്‍ കെട്ടിപ്പൊക്കപ്പെട്ട വാദമുഖങ്ങളാണ് അതിലുള്ളത്. നമ്മുടെ പൊതുസമൂഹം കാര്യമായി പരിഗണിക്കാത്ത ഒരു പ്രശ്നത്തിന്റെ നാനാതലങ്ങളെ അഭിസംബോധന ചെയ്യുന്ന ലേഖനമാണത്. ഗൗരവപൂര്‍വം കണക്കിലെടുക്കേണ്ട ഒന്ന്.
 
രണ്ട് സ്ത്രീകള്‍; ചരാചര പ്രകൃതിക്കായുള്ള സമരവും

കടലിനും പുഴയ്ക്കും വേണ്ടി ഒറ്റയ്ക്ക് സമരം ചെയ്യുന്ന രണ്ട് സ്ത്രീകളുടെ അത്യസാധാരണമായ ജീവിതത്തിന്റെ കഥ മാതൃഭൂമി ആഴ്ചപ്പതിപ്പ് (ജൂലൈ 28 ലക്കം) പ്രസിദ്ധീകരിച്ചു. കണ്ണൂരിലെ പുതിയങ്ങാടി കടപ്പുറത്തെ ജസീറയും തിരുവനന്തപുരത്തെ നെയ്യാറ്റിന്‍കരയിലെ ഓലത്താനിയിലെ ഡാര്‍ളിയും. സമരം സമാനതകളില്ലാത്തതാണ്. നമുക്ക് ചുറ്റും നിത്യേനയെന്നോണം അരങ്ങേറിക്കൊണ്ടിരിക്കുന്ന എണ്ണമറ്റ അന്യായങ്ങളോടും നീതിനിഷേധങ്ങളോടും സമരസപ്പെട്ടു ജീവിക്കുകയും പൊതുവിചാരങ്ങളായി മാത്രം അവയോടെല്ലാം പ്രതികരിക്കുകയും ചെയ്തു ശീലിച്ച മലയാള ജീവിതത്തിന് ആലോചിക്കാനാവാത്ത വിധം തങ്ങള്‍ക്ക് സ്വകാര്യമായി യാതൊന്നും ലഭിക്കാനിടയില്ലാത്ത, എന്നാല്‍ മനുഷ്യവംശത്തിനും ചരാചര പ്രകൃതിക്കും എത്രയും ഉപയുക്തമാവുന്ന ചില ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ജസീറയും ഡാര്‍ളിയും സമരം ചെയ്യുന്നത്. കണ്ണൂര്‍ കടപ്പുറത്തെ മണ്ണെടുപ്പിനെതിരെ കലക്ടറേറ്റിനു മുന്നില്‍ മക്കളെയും കൂട്ടി രാത്രിയും പകലും കുത്തിയിരുന്ന ജസീറയും ഓലത്താനിയിലെ മണലൂറ്റുകാരുടെ സമ്മര്‍ദങ്ങള്‍ക്കെതിരെ, ആദിമമായ ഏതോ പ്രേരണകളുടെ മാത്രം പ്രഭാവത്താല്‍ പതിറ്റാണ്ടുകളായി ചെറുത്തുനില്‍ക്കുന്ന ഡാര്‍ളിയും. നമ്മുടെ സാമാന്യ യുക്തികള്‍ക്കെല്ലാമപ്പുറം പോകുന്ന അസാധാരണമായ നീതിബോധത്തിന്റെയും പ്രകൃതിബോധത്തിന്റെയും ആവിഷ്കാരങ്ങളെന്നപോലെ, അവര്‍ നഷ്ടങ്ങള്‍ മാത്രമുള്ള സമരത്തിന് ഒരുങ്ങിപ്പുറപ്പെടുന്നു. ഒറ്റയ്ക്ക് നില്‍ക്കുമ്പോഴാണ്, ചിലപ്പോഴൊക്കെ, മനുഷ്യന്‍ ഏറ്റവും ശക്തനായിത്തീരുകയെന്ന് പണ്ട് ഇബ്സണ്‍ പറഞ്ഞുവച്ചതിനെ മിക്കവാറും ഇബ്സണെന്ന പേരുപോലും കേട്ടിരിക്കാനിടയില്ലാത്ത, ഈ സ്ത്രീകള്‍ സാക്ഷാത്കരിക്കുന്നു. രേഖപ്പെടുത്തപ്പെട്ടാലും ഇല്ലെങ്കിലും ഭാവിയുടെ ചരിത്രമാണ് ഇവര്‍ പണിതീര്‍ത്തുകൊണ്ടിരിക്കുന്നത്.

സമകാലിക മാര്‍ക്സിസത്തിന്റെ ചരിത്രസംഗ്രഹം

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ മാര്‍ക്സിസത്തിന് സംഭവിച്ചതായി പരിഗണിക്കപ്പെടുന്ന വലിയ മാറ്റങ്ങളിലൊന്ന് അക്കാദമിക മേഖലകളിലേക്കുള്ള അതിന്റെ വലിയ തോതിലുള്ള കടന്നുകയറ്റമാണ്. മാര്‍ക്സിസം സമരമുഖങ്ങളില്‍നിന്നും സര്‍വകലാശാലകളിലേക്ക് കുടിയേറി എന്ന്, ഒട്ടൊക്കെ വിമര്‍ശനാത്മകമായി തന്നെ, പരാമര്‍ശിക്കപ്പെടുന്ന നിലയില്‍ മാര്‍ക്സിസത്തിന്റെ സ്വാധീനം അക്കാദമിക ജീവിതത്തിന്റെ നാനാതലങ്ങളില്‍ പ്രാബല്യം നേടിയ കാലയളവാണിത്. 1970-കള്‍ക്കുശേഷം ലോകരാഷ്ട്രീയ ഭൂപടത്തിലും രാഷ്ട്രീയ ജീവിതത്തിലും മാര്‍ക്സിസം പലതരം പ്രതിസന്ധികളെയും അഭിമുഖീകരിക്കുകയും ഒടുവില്‍ സോവിയറ്റ് പതനത്തില്‍ ചെന്നവസാനിക്കുകയും ചെയ്ത കാലയളവില്‍ തന്നെയാണ് മാര്‍ക്സിസ്റ്റ് വൈജ്ഞാനികതയുടെ ഈ അനന്യസാധാരണമായ വ്യാപനവും അരങ്ങേറിയത്. സാമ്പത്തികശാസ്ത്രവും ചരിത്രവും രാഷ്ട്രമീമാംസയും മുതല്‍ ഭാഷാചിന്തയും മനോവിശ്ലേഷണവും ഭൂപടവിജ്ഞാനവും വരെയുള്ള മേഖലകളില്‍ മാര്‍ക്സിസം കടന്നുകയറുകയും അതത് വിജ്ഞാനമേഖലകളുടെ ചരിത്രത്തെ വഴിതിരിച്ചുവിടുകയും ചെയ്തു. മാര്‍ക്സിസം മരിച്ചെന്ന പ്രഖ്യാപനം ഒരുഭാഗത്ത് വലിയ ശബ്ദത്തില്‍ മുഴങ്ങിക്കൊണ്ടിരിക്കുമ്പോള്‍ തന്നെയാണ്, ആധുനികലോകത്തിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത വിധത്തില്‍ അത് പടര്‍ന്നുകയറിയത്.

"ക്രിട്ടിക്കല്‍ കംപാനിയന്‍ ടു കണ്ടമ്പററി മാര്‍ക്സിസം"  എന്ന ശീര്‍ഷകത്തില്‍ ജാക്വസ് ബിദെയും സ്റ്റാദിസ് കൊവ്വെലാകിസും ചേര്‍ന്ന് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച ഗ്രന്ഥം മാര്‍ക്സിസത്തിന്റെ ഈ അസാധാരണ വ്യാപനത്തിന്റെ ചരിത്രം ഇതള്‍ വിടര്‍ത്തിക്കാണിക്കുന്ന ഏറ്റവും സഫലമായ ശ്രമങ്ങളിലൊന്നാണ്. 2001-ല്‍ ഫ്രാന്‍സില്‍ പുറത്തുവന്ന Dictionnaire Marx contemporain  എന്ന ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പരിഭാഷയായി 2008ല്‍ ആണ് ഇത് പുറത്തുവന്നത്. ഫ്രാന്‍സില്‍ നിന്നും പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന "ഹിസ്റ്റോറിക്കല്‍ മെറ്റീരിയലിസം" പരമ്പരയിലെ പതിനാറാമത്തെ വാല്യം എന്ന നിലയിലാണ് ഈ ബൃഹദ്ഗ്രന്ഥം വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത് എന്ന കാര്യം കൂടി ഇവിടെ ശ്രദ്ധിക്കേണ്ടതാണ്. മാര്‍ക്സിസം ഗൗരവമേറിയ ഒരു പഠനവിഷയവും രീതിപദ്ധതിയുമായി എത്ര സജീവമായി നിലനിന്നുപോരുന്നു എന്ന വസ്തുതയിലേക്കുകൂടി ഈ പരമ്പര വെളിച്ചം വീശുന്നുണ്ട്.

"മാര്‍ക്സിസം, പോസ്റ്റ്-മാര്‍ക്സിസം, നവ മാര്‍ക്സിസങ്ങള്‍" എന്ന പേരില്‍ എഡിറ്റര്‍മാര്‍ തയ്യാറാക്കിയ ആമുഖ പഠനവും തുടര്‍ന്നുള്ള നാല്‍പ്പത് അധ്യായങ്ങളുമായാണ് ഈ ഗ്രന്ഥം ആസൂത്രണം ചെയ്തിട്ടുള്ളത്. സമകാലിക മാര്‍ക്സിസം എന്നതിന്റെ താല്‍പ്പര്യമായി അവര്‍ സൂചിപ്പിക്കുന്നത് മുകളില്‍ പരാമര്‍ശിച്ച നിലയിലുള്ള അക്കാദമിക-വൈജ്ഞാനിക തലങ്ങളിലെ മാര്‍ക്സിസത്തിന്റെ സ്വാധീനത്തെയും വ്യാപനത്തെയുമാണ്. ഏകമുഖമായ ഒരു നിലപാടായോ വീക്ഷണഗതിയായോ അല്ല മാര്‍ക്സിസത്തെ ഈ സമാഹാരത്തിലെ പ്രബന്ധങ്ങള്‍ പണിഗണിക്കുന്നത്. സമകാലിക മാര്‍ക്സിസത്തെക്കുറിച്ച് പ്രമുഖ ചരിത്രകാരനായ എറിക്ഹോബ്സ്ബോം സൂചിപ്പിക്കുന്നതുപോലെ, മാര്‍ക്സിസം ഇന്ന് ബഹുമുഖമായ ഒരു പ്രവാഹമായിക്കഴിഞ്ഞുവെന്നും അതില്‍ പരിഭ്രമിക്കേണ്ടതായോ എതിര്‍ക്കപ്പെടേണ്ടതായോ യാതൊന്നും തന്നെയില്ല എന്ന കാഴ്ചപ്പാടാണ് (Marxist history is plural today. A single `correct\' interpretation of history is not a legacy that Marx left for us. The pluralism of Marxist work today is an inescapble fact. Indeed there is nothing wrong with it എന്ന് ഹോബ്സ്ബോം) ഈ ഗ്രന്ഥം മുന്നോട്ടു വയ്ക്കുന്നത്. സോവിയറ്റ് മാര്‍ക്സിസത്തിന്റെ ഏകതാനതയില്‍ മനസ്സുറച്ചുപോയവര്‍ക്ക് ഈ ബഹുത്വം അസ്വാസ്ഥ്യജനകമാവാമെങ്കിലും മാര്‍ക്സിസത്തെ സംബന്ധിച്ചിടത്തോളം ഇത് അങ്ങേയറ്റം സര്‍ഗാത്മകമായ അനുഭവം തന്നെയാണ്.

മൂന്ന് ഭാഗങ്ങളായി സംവിധാനം ചെയ്തിരിക്കുന്ന ഈ ഗ്രന്ഥത്തിന്റെ ഒന്നാം ഭാഗത്തില്‍ മുതലാളിത്തത്തിന്റെ പരിവര്‍ത്തനങ്ങളും അവയോടുള്ള മാര്‍ക്സിസ്റ്റ് പ്രതികരണവും വിശകലനവിധേയമാക്കുന്ന നാല് പ്രബന്ധങ്ങളാണ് പ്രധാനമായുള്ളത്. ഈ ഗ്രന്ഥത്തിന്റെ സമീപനവും പൊരുളും വിശദീകരിക്കുന്ന, എഡിറ്റര്‍മാര്‍ ഇരുവരും ചേര്‍ന്നെഴുതിയ, ആദ്യ അധ്യായം കൂടാതെയാണിത്. രണ്ടാം ഭാഗത്തിലെ ഇരുപത് അധ്യായങ്ങള്‍ മാര്‍ക്സിസ്റ്റ് ചിന്താപാരമ്പര്യത്തിലെ വ്യത്യസ്ത സമീപനങ്ങളും വിവിധ ജ്ഞാനമേഖലകളില്‍ മാര്‍ക്സിസം ഉളവാക്കിയ ഫലങ്ങളുമാണ് പരിശോധിക്കപ്പെടുന്നത്. അനലറ്റിക്കല്‍ മാര്‍ക്സിസം, ഫ്രാങ്ക്ഫര്‍ട്ട് സ്കൂള്‍, ബുഡാപെസ്റ്റ് സ്കൂള്‍, റെഗുലേഷന്‍ സ്കൂള്‍ എന്നിങ്ങനെയുള്ള പ്രശസ്തവും അപ്രശസ്തവുമായ മാര്‍ക്സിസ്റ്റ് പഠനപാരമ്പര്യങ്ങളും പരിസ്ഥിതി, ദൈവവിജ്ഞാനം, ഭാഷാദര്‍ശനം, നവചരിത്രവാദം, ലോക-വ്യവസ്ഥാ പഠനം തുടങ്ങിയ പഠനശാഖകളില്‍ മാര്‍ക്സിസം ചെലുത്തിയ സ്വാധീനവുമാണ് ഇവിടെ പരിശോധിക്കപ്പെടുന്നത്. അവസാന ഭാഗത്തിലെ പതിനഞ്ച് അധ്യായങ്ങള്‍ കഴിഞ്ഞ നാലഞ്ച് പതിറ്റാണ്ടിനിടയില്‍ മാര്‍ക്സിസ്റ്റ് ചിന്തയെ സ്വാംശീകരിക്കുകയും പുതിയ രീതികളില്‍ പ്രയോഗിക്കുകയും ചെയ്ത ചിന്തകന്മാരെയും അവരുടെ വിചാരരീതികളെയും വിലയിരുത്തുന്ന പ്രബന്ധങ്ങളാണ്. ഗ്രാംഷിയും അഡോര്‍ണോയും അള്‍ത്യൂസ്സറും വാള്‍ട്ടര്‍ ബഞ്ചമിനും മുതല്‍ ബോര്‍ദ്യുവും ഫ്യൂക്കോയും ഹേബര്‍മാസും ലെഫ്വറെയും ആലന്‍ബാദിയുയും വരെയുള്ളവരുടെ ചിന്താലോകം ഈ ഭാഗത്ത് വിലയിരുത്തപ്പെടുന്നുണ്ട്. ഡേവിഡ് ഹാര്‍വ്വെയും ടെറി ഈഗിള്‍ട്ടണും പോലുള്ള ചില പ്രധാനികള്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിലും (അക്കാര്യം എഡിറ്റര്‍മാര്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ട്) കഴിഞ്ഞ ആറേഴ് പതിറ്റാണ്ടുകളില്‍ മാര്‍ക്സിസം നടത്തിയ സര്‍ഗാത്മക സഞ്ചാരങ്ങളുടെ ചരിത്രം ഈ അധ്യായങ്ങളില്‍നിന്ന് നമുക്ക് ലഭ്യമാകും. മാര്‍ക്സിസം യാന്ത്രികമായ ചില പ്രമാണവ്യവസ്ഥകളല്ലെന്നും എത്രയോ സങ്കീര്‍ണവും വൈരുധ്യപൂര്‍ണവുമായ നിലയിലാണ് അത് വികസിച്ചു വന്നതെന്നും വ്യക്തമാക്കിത്തരാന്‍ ഈ ഗ്രന്ഥം അങ്ങേയറ്റം സഹായിക്കും. മാര്‍ക്സിസത്തിന്റെ സമകാലികതയില്‍ തത്പരരായ ആര്‍ക്കും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഈ ഗ്രന്ഥം.

*
സുനില്‍ പി ഇളയിടം ദേശാഭിമാനി വാരിക

Thursday, June 27, 2013

"മുസ്ലിം ഭീകരത"യുടെ നിര്‍മ്മാണ ചരിത്രം

 അധ്യാപനവും മനുഷ്യാവകാശ ലംഘനവും: ഒരു മലയാള മാതൃക

കേരളത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന കൊടിയ ചൂഷണത്തിന്റെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും മേഖലകളിലൊന്നാണ് അണ്‍-എയ്ഡഡ് വിദ്യാലയങ്ങള്‍. പീടികത്തൊഴിലാളികളായി പണിയെടുക്കുന്ന പതിനായിരങ്ങളെ (അതോ ലക്ഷങ്ങളോ?) മാറ്റിനിര്‍ത്തിയാല്‍ അണ്‍-എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകരോളം ചൂഷണം ചെയ്യപ്പെടുന്ന മറ്റൊരു തൊഴില്‍വിഭാഗം കേരളത്തിലുണ്ടാവില്ല. രാവിലെ ഒമ്പതു മണിക്കാരംഭിച്ച് വൈകീട്ട് അഞ്ചുമണിവരെ നീളുന്ന പ്രത്യക്ഷ ജോലിയുടെയും പരീക്ഷാ പേപ്പറുകളുടെയും അനുബന്ധ കാര്യങ്ങളുമായി വീട്ടിലേക്ക് കൊണ്ടുപോയി ചെയ്തു തീര്‍ക്കേണ്ടി വരുന്ന പരോക്ഷജോലികളുടെയും കണക്കെടുത്താല്‍ പ്രതിദിനം പത്തും പന്ത്രണ്ടും മണിക്കൂര്‍ പണിയെടുക്കാന്‍ വിധിക്കപ്പെട്ടവരാണ് ഈ ഹതഭാഗ്യരില്‍ ഭൂരിപക്ഷവും. ഇത്രയേറെ പണിയെടുത്താലും പ്രതിദിന വരുമാനമായി നൂറു രൂപ പോലും തികച്ചു ലഭിക്കാത്തവര്‍ അവരിലൊട്ടേറെയുണ്ട്.

കേരളത്തില്‍ ദിവസക്കൂലിക്ക് പണിയെടുക്കുന്ന ഏതൊരാള്‍ക്കും ഏറ്റവും ചുരുങ്ങിയത് 310-350 രൂപയെങ്കിലും (എന്തെങ്കിലും സവിശേഷ വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലാണെങ്കില്‍ 500 രൂപ) ലഭിക്കുമെന്നിരിക്കെയാണ് ബിരുദവും അധ്യാപന യോഗ്യതയും എല്ലാമുള്ള ദിവസം എട്ടും പത്തും മണിക്കൂര്‍ ജോലി ചെയ്യേണ്ടിവരുന്ന നിസ്സഹായരായ സ്ത്രീകള്‍ക്ക് പ്രതിമാസ ശമ്പളമായി രണ്ടായിരവും മൂവായിരവും രൂപ നല്‍കുന്ന മ്ലേച്ഛവും അപമാനകരവുമായ സ്ഥിതിവിശേഷം നമ്മുടെ കണ്‍മുന്നില്‍ നിര്‍ബാധം അരങ്ങേറിക്കൊണ്ടിരിക്കുന്നത്. സാമൂഹിക നീതിക്കായുള്ള സമരങ്ങളുടെ ഇത്രയും വലിയ ചരിത്രമുള്ള കേരളത്തില്‍, ഇത്രയേറെ സംഘടിത പ്രസ്ഥാനങ്ങളും തൊഴിലാളി-ബഹുജന സംഘടനകളും സജീവമായി തുടരുന്ന കേരളത്തില്‍ പതിറ്റാണ്ടുകളായി അടിമപ്പണിക്ക് സമാനമായ ഈ ചൂഷണം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു എന്നത് നാം പാടിപ്പുകഴ്ത്തുന്ന എല്ലാ പ്രബുദ്ധതയുടെയും പൊള്ളത്തരം കൂടി പുറത്തുകൊണ്ടുവരുന്നുണ്ട്. അണ്‍എയ്ഡഡ് വിദ്യാലയങ്ങളിലെ ഞെട്ടിക്കുന്ന ചൂഷണങ്ങളെക്കുറിച്ച്, അധ്യാപകര്‍ക്കുനേരെ അരങ്ങേറിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് എം ഷാജര്‍ഖാനും ഗീതയും മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (മെയ് 26 ലക്കം) എഴുതിയ ലേഖനങ്ങള്‍ ഈ പ്രശ്നത്തിന്റെ നാനാവശങ്ങളിലേക്ക് വെളിച്ചം വീശുന്നവയായിരുന്നു.

പ്രീ-പ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറി തലംവരെയുള്ള ക്ലാസുകളില്‍ പ്രതിമാസം ആയിരക്കണക്കിന് രൂപ ഫീസിനത്തില്‍ വിദ്യാര്‍ഥികളില്‍ നിന്നു വാങ്ങുന്ന സ്ഥാപനങ്ങള്‍ ആയമാര്‍ക്ക് 600 രൂപയും പ്രീ-പ്രൈമറി അധ്യാപകര്‍ക്ക് പരമാവധി മൂവായിരം രൂപയും നല്‍കുന്നതിന്റെ കണക്കുകള്‍ ഔദ്യോഗിക രേഖകള്‍ മുന്‍നിര്‍ത്തി തന്നെ ഷാജര്‍ഖാന്‍ വിശദീകരിക്കുന്നുണ്ട്. അതുപോലെ ക്ലാസ് മുറികളില്‍ ഒരിക്കല്‍പോലും ഇരിക്കാന്‍ അനുവാദമില്ലാത്ത, സദാസമയവും ഒളിക്യാമറകളുടെ നിരീക്ഷണത്തില്‍ കഴിയുന്ന, എതിര്‍വാക്കുകള്‍ ഉരിയാടാനാവാത്ത പതിനായിരക്കണക്കിന് അധ്യാപകരുടെ (മഹാഭൂരിപക്ഷവും അധ്യാപികമാരാണതില്‍) പീഡിതമായ ജീവിതാവസ്ഥകളിലേക്കാണ് ഗീതയുടെ ലേഖനം വിരല്‍ ചൂണ്ടുന്നത്. ഈ പീഡനങ്ങള്‍ക്കും കഴുത്തറപ്പന്‍ ചൂഷണത്തിനും അറുതി വരുത്താനായില്ലെങ്കില്‍ ഒരു ജനാധിപത്യ സമൂഹമായി നാം മേനിനടിക്കുന്നതില്‍ യാതൊരു കാര്യവുമില്ല എന്നതാണ് യാഥാര്‍ഥ്യം.

സി എന്‍ കരുണാകരന്റെ കലാലോകം

ഗ്രന്ഥാലോകത്തിന്റെ മെയ്മാസപ്പതിപ്പ് പ്രശസ്ത മലയാള ചിത്രകാരനായ സി എന്‍ കരുണാകരനെക്കുറിച്ചുള്ളതായിരുന്നു. സി എന്‍ കരുണാകരനുമായി പ്രശസ്ത ചലച്ചിത്ര സംവിധായകനായ ഷാജി എന്‍ കരുണ്‍ നടത്തിയ അഭിമുഖ സംഭാഷണം, വിജയകുമാര്‍ മേനോന്‍, സി എസ് ജയറാം എന്നീ പ്രമുഖരായ കലാവിമര്‍ശകരുടെ പഠനങ്ങള്‍, എന്‍ എ മണി, എസ് രമേശന്‍ എന്നിവരുടെ ലേഖനങ്ങള്‍, സി എന്‍ കരുണാകരന്റെ ചിത്രങ്ങളുടെ പകര്‍പ്പുകള്‍ (അവയുടെ വര്‍ണ്ണസംവിധാനം അടിയില്‍ കലങ്ങിപ്പോയിട്ടുണ്ടെങ്കിലും) എന്നിങ്ങനെ സി എന്‍ കരുണാകരന്റെ കലാജീവിതത്തെക്കുറിച്ചുള്ള ഒരു സമഗ്രാവലോകനമായി "ഗ്രന്ഥാലോക"ത്തിന്റെ മെയ്മാസപ്പതിപ്പ് മാറിയിട്ടുണ്ട്. അരനൂറ്റാണ്ടോളം വരുന്ന കാലം നിരന്തരമായി കലാജീവിതത്തില്‍ മുഴുകിക്കഴിഞ്ഞ വലിയ ഒരു കേരളീയ കലാകാരനെ ആദരിക്കാനുള്ള ഗ്രന്ഥാലോകത്തിന്റെ തീരുമാനം അങ്ങേയറ്റം ഉചിതമായി.

സി എന്‍ കരുണാകരന്റെ കലയ്ക്കും കലാജീവിതത്തിനും ധാരാളം സന്ദിഗ്ധതകളുള്ളതായി തോന്നാം. അദ്ദേഹത്തിന്റെ കലയെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ പലപ്പോഴും ഈ സന്ദിഗ്ധതകളെ മുന്‍നിര്‍ത്തിയുള്ളതും അതിന്റെ ആന്തരിക വൈരുധ്യങ്ങളെ അഭിസംബോധന ചെയ്യാത്തതുമായ പ്രസ്താവനകളുമായിത്തീരാറുമുണ്ട്. ആധുനികതാ പ്രസ്ഥാനം (ാീറലൃിശൊ) ഇന്ത്യന്‍ ചിത്രകലയില്‍ വേരു പിടിക്കുന്ന കാലത്താണ് സി എന്‍ കരുണാകരന്‍ ചിത്ര രചന പരിശീലിക്കുന്നത്. ഡി പി റോയ് ചൗധരിയും കെ സി എസ് പണിക്കരും ആധുനികതയുടെ ലാവണ്യദര്‍ശനത്തിലേക്കും രൂപനിര്‍മ്മാണ സങ്കേതങ്ങളിലേക്കും വിദ്യാര്‍ഥികളെ ആനയിച്ച മദ്രാസ് ഫൈനാര്‍ട്സ് കോളേജില്‍ നിന്നാണ് സി എന്‍ കരുണാകരന്‍ കലാപരിശീലനം നേടിയത്. പാരീസ് വിശ്വനാഥനും അക്കിത്തം നാരായണനും കെ ദാമോദരനും ഉള്‍പ്പെടെയുള്ളവര്‍ വിദേശത്തേക്ക് പോയി കലാപ്രവര്‍ത്തനങ്ങളില്‍ മുഴുകിയപ്പോള്‍ കാനായി കുഞ്ഞിരാമനും എം വി ദേവനും നമ്പൂതിരിയും സി എന്‍ കരുണാകരനും കേരളത്തിലേക്ക് മടങ്ങി. ചിത്രകലാ ജീവിതം ഒട്ടും സുരക്ഷിതമല്ലാതിരുന്ന അക്കാലത്ത് പടം വരച്ചുതന്നെ കേരളത്തില്‍ ജീവിക്കാം എന്ന് സി എന്‍ കരുണാകരന്‍ തീരുമാനിക്കുകയും കേരളത്തിലെ ആധുനിക ചിത്രകലയുടെ പ്രതിനിധികളില്‍ ഒരാളായി മാറുകയും ചെയ്തു. അതേസമയം, പടിഞ്ഞാറന്‍ ആധുനികതയുടെ അടയാളങ്ങളൊന്നും പതിഞ്ഞിട്ടില്ലാത്ത കലയാണ് സി എന്‍ കരുണാകരന്റെത്. ഒരു ഭാഗത്ത് പടിഞ്ഞാറന്‍ വസ്തുനിഷ്ഠതയോടും രേഖീയ പരിപ്രേക്ഷ്യത്തോടും എതിരിട്ടുനില്‍ക്കുമ്പോള്‍ മറുഭാഗത്ത് ആധുനികതാ പ്രസ്ഥാനം പാശ്ചാത്യകലയില്‍ ആവിഷ്കൃതമായ സന്ദര്‍ഭത്തില്‍ അവിടെ വികസിച്ചുവന്ന കലാസമ്പ്രദായങ്ങളെ പിന്‍പറ്റാനും സി എന്‍ കരുണാകരന്‍ ശ്രമിച്ചില്ല.

തദ്ദേശീയമായ ഒരു രൂപകല്‍പനയും വര്‍ണഭാവനയും വികസിപ്പിച്ചെടുത്തുകൊണ്ടാണ് സി എന്‍ ന്റെ കല നിലനിന്നത്. വിജയകുമാര്‍ മേനോന്‍ സൂചിപ്പിക്കുന്നതുപോലെ മിക്കവാറും ചലനരഹിതമായ വിഗ്രഹപരതയുള്ള രൂപങ്ങളാണ് സി എന്‍ കരുണാകരന്‍ ഉപയോഗിക്കുന്നത്. അധൃഷ്യമായ പ്രതാപത്തോടെയും വേഗത്തോടെയും കുതിച്ചുപായുന്ന ആധുനിക നാഗരിക സംസ്കൃതിയോട് അടിമുടി ഇടയുന്ന രൂപാവലികളാണ് അവ. ആധുനികതാ വാദത്തിന്റെ ഓരോ ഘടകസാമഗ്രിയേയും രൂപരേഖാ, വര്‍ണതലങ്ങളിലോരോന്നിനെയും പ്രാദേശികതയുടെ ഘടകസാമഗ്രികള്‍ കൊണ്ട് പുതുക്കിയെടുത്തുകൊണ്ടാണ് സി എന്‍ തന്റെ രൂപങ്ങള്‍ പണിതീര്‍ക്കുന്നത്. അതുകൊണ്ട് പാരമ്പര്യതിനകമേതന്നെ ആധുനികമാവാനും അപ്പോള്‍ത്തന്നെ പടിഞ്ഞാറന്‍ ആധുനികതാ പ്രസ്ഥാനത്തിന്റെ പകര്‍പ്പും അനുകരണവും ആകാതിരിക്കാനും അദ്ദേഹത്തിന്റെ കലയ്ക്ക് കഴിഞ്ഞു. വൈരുധ്യാത്മകമായ ഈയൊരു രചനാസമ്പ്രദായത്തിന്റെ സാധ്യതകളെയപ്പാടെ ഉപയോഗപ്പെടുത്താനോ ജാമിനിറായ് കാളിഘട്ട് ചിത്രങ്ങളില്‍നിന്നും ആധുനിക ഭാരതീയ കലയെ അടിമുടി പുതുക്കിപ്പണിയുന്നതിനുള്ള ആധാരസാമഗ്രികള്‍ കണ്ടെടുത്തതുപോലെ കേരളീയമായ ചിത്രരചനാ സാമഗ്രികളെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഇന്ത്യന്‍ കലയിലെ വലിയൊരു വഴിത്തിരിവിന് കാരണമാവാനോ സി എന്‍ ന്റെ രചനാ സമ്പ്രദായത്തിന് കഴിഞ്ഞുവെന്ന് പറയാനാവില്ല. അതേസമയം തന്നെ ചുമര്‍ചിത്രങ്ങള്‍, കളമെഴുത്ത്, വീരാളിപ്പട്ടിന്റെ അലങ്കാര രൂപങ്ങള്‍ എന്നിവ മുതല്‍ നാട്ടു പാരമ്പര്യത്തില്‍നിന്ന് കണ്ടെടുത്ത ബൊമ്മക്കണ്ണുകളെ വരെ തന്റെ കലയില്‍ യഥാവിധി സന്നിവേശിപ്പിച്ചുകൊണ്ട് ക്ലാസിക് - നാടോടി പാരമ്പര്യത്തിലും ആധുനികതയിലും ഒരുപോലെ വേരോടി നില്‍ക്കുന്നതും പ്രകൃതിബദ്ധവും പ്രസാദാത്മകവും വര്‍ണ്ണശബളവും അലങ്കാര സമൃദ്ധവുമായ ഒരു ലാവണ്യമാനം തന്റെ രചനകളിലുടനീളം സി എന്‍ കരുണാകരന്‍ നിലനിര്‍ത്തിപ്പോന്നിട്ടുമുണ്ട്. ഈ ഘടകങ്ങളുടെ അനുപാതഭേദങ്ങള്‍ അദ്ദേഹത്തിന്റെ കലയില്‍ പല ഘട്ടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെങ്കിലും അടിസ്ഥാനപരമായി സി എന്‍ ന്റെ കല ഇവയുടെ രൂപാന്തരങ്ങളാണ്.

വര്‍ണ്ണശബളതയെയും അലങ്കാര ഭംഗിയെയും മുന്‍നിര്‍ത്തി കൂടുതല്‍ കൂടുതല്‍ ആസ്വദിക്കപ്പെട്ടതുമൂലം സി എന്‍ കരുണാകരന്റെ കലയുടെ ചരിത്രപരവും സാമൂഹികവുമായ ഉള്ളടക്കം വേണ്ടത്ര പരിഗണിക്കപ്പെടാതെ പോയിട്ടുണ്ട്. നമ്മുടെ കലാവിമര്‍ശനത്തിന്റെ പരാധീനതകളെക്കുറിച്ച് തന്നെയാണത് സൂചിപ്പിക്കുന്നത്. ഗ്രന്ഥാലോകത്തിന്റെ പ്രത്യേക പതിപ്പ് അതിനുള്ള ചെറിയ പരിഹാരങ്ങളിലൊന്നായി. അത്രയും നല്ലത്.

"മുസ്ലിം ഭീകരത"യുടെ നിര്‍മ്മാണ ചരിത്രം

"ഈ കഥകള്‍ കള്ളമല്ല" എന്ന ശീര്‍ഷകത്തില്‍ ഡോ. സെബാസ്റ്റ്യന്‍പോള്‍ പാഠഭേദത്തില്‍ (മെയ് 2013) എഴുതിയ, ചെറുതെങ്കിലും വളരെ ശ്രദ്ധേയമായ, ലേഖനം ഭരണകൂടത്തിന്റെ "ഭീകരതാനിര്‍മ്മാണ"ത്തിന്റെ ഉള്ളടക്കത്തിലേക്ക് വെളിച്ചം വീശുന്ന ഒന്നായിരുന്നു. ഡല്‍ഹിയിലെ "ജാമിയ ടീച്ചേഴ്സ് സോളിഡാരിറ്റി അസോസിയേഷന്‍" പ്രസിദ്ധീകരിച്ച 'Framed, Damned and Acquitted - Dossiers of a very special cell" എന്ന ഗ്രന്ഥത്തിന്റെ മലയാള വിവര്‍ത്തനത്തെ (ഇവര്‍ ഭീകരന്‍! അന്വേഷണ ഏജന്‍സികള്‍ തകര്‍ത്ത ജീവിതങ്ങള്‍) മുന്‍നിര്‍ത്തി എഴുതിയ കുറിപ്പാണ് പാഠഭേദത്തില്‍ പ്രസിദ്ധീകരിച്ചിരുന്നത്. ഭീകരരെന്ന് മുദ്രകുത്തി അന്വേഷണ ഏജന്‍സികള്‍ പിടികൂടുകയും അതികഠിനമായി പീഡിപ്പിക്കപ്പെടുകയും പിന്നീട് തെളിവില്ലെന്നു കണ്ട് വിട്ടയക്കപ്പെടുകയും അതിനിടയില്‍ ജീവിതമപ്പാടെ തകര്‍ന്നുപോവുകയും ചെയ്ത പതിനാറുപേരുടെ ജീവിതാനുഭവങ്ങളുടെ സമാഹാരമാണീ പുസ്തകം. നമുക്കു ചുറ്റും അരങ്ങേറുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച്, കേരളത്തിലെയും ഇന്ത്യയിലെയും മുഖ്യധാരാ സമൂഹം വച്ചുപുലര്‍ത്തുന്ന കുറ്റകരമായ മൗനത്തിനിടയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന ന്യൂനപക്ഷ വേട്ടയെക്കുറിച്ച്, നമ്മെ ഓര്‍മ്മിപ്പിക്കാനാണ് ഈ പുസ്തകവും ഡോ. സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനവും ശ്രമിക്കുന്നത്.

ജനാധിപത്യം ഭൂരിപക്ഷത്തിന്റെ ഹിതത്തിലല്ല മറ്റുള്ളവരെക്കുറിച്ചുള്ള കരുതലിലാണ് (concern for the other) നിലനില്‍ക്കുന്നതെന്ന പ്രഖ്യാതമായ നിരീക്ഷണത്തിന്റെ നൈതികോര്‍ജ്ജം ഈ ചെറിയ കുറിപ്പിലുമുണ്ട്. വാസ്തവത്തില്‍ ആധുനിക ഇന്ത്യന്‍ ദേശീയതയുടെ രൂപീകരണം മുതല്‍ക്കേ നിലനിന്നുപോരുന്ന അപരവത്കരണത്തിന്റെ ഇരകളാണ് ഇന്ത്യയിലെ മുസ്ലിം ജനസമൂഹം. "ദേശീയ മുസ്ലിം" എന്ന പഴയ സംജ്ഞപോലും ഒരു നിലയില്‍ ഈ അപരവത്കരണത്തിന്റെ മുദ്രകള്‍ പേറുന്ന ഒന്നാണ്. മുസ്ലിംലീഗ് ഉയര്‍ത്തിയ വിഭജനവാദത്തിന്റെ സന്ദര്‍ഭത്തിലാണ് ഇത്തരമൊരു ആശയം പ്രാബല്യം നേടിയത് എന്ന വസ്തുത ശരിയാണെങ്കിലും ദേശീയ പാരമ്പര്യത്തിന്റെ സ്വാഭാവിക പ്രതിനിധികളായി ഹിന്ദുക്കളെ പരിഗണിക്കുന്ന ഒരു വീക്ഷണഗതി അതിലടങ്ങിയിട്ടുണ്ട് എന്നതും അത്രത്തോളം തന്നെ ശരിയാണ്. (വിഭജനത്തെ അംഗീകരിക്കാതിരുന്ന ഹിന്ദുക്കളെ "ദേശീയഹിന്ദുക്കള്‍" എന്ന് ആരും അക്കാലത്ത് വിളിച്ചില്ല. സവര്‍ക്കര്‍ പോലും വലിയ ദേശീയവാദിയായി പരിഗണിക്കപ്പെടുകയും ചെയ്തു!) പില്‍ക്കാലത്തുടനീളം ഏറിയും കുറഞ്ഞും തുടര്‍ന്നുപോന്ന ഈ അപരവത്കരണം ഇന്ത്യയിലെ മുഖ്യധാരാ സമൂഹത്തില്‍ ആഴത്തില്‍ വേരുപിടിച്ച ഒന്നാണ് താനും. ഒരു മുസ്ലിമിന്റെ ദേശീയത എപ്പോഴും സംശയാസ്പദവും നിരന്തരം തെളിയിക്കപ്പെടേണ്ടതുമാണെന്ന അബോധ ധാരണയെ മൗനത്തിലൂടെ നാം വകവച്ചു കൊടുത്തിട്ടുണ്ട്. ഇപ്പോഴും വകവച്ചു കൊടുക്കുന്നുമുണ്ട്.

ഒരു പതിറ്റാണ്ടോളം വരുന്ന കാലയളവ് വിചാരത്തടവുകാരനായി കഴിയുകയും പിന്നീട് നിരപരാധി എന്നു കണ്ട് വിട്ടയക്കപ്പെടുകയും ചെയ്ത അബ്ദുനാസര്‍ മദനി വീണ്ടും ജയിലിലടയ്ക്കപ്പെട്ടിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. മദനിക്ക് നേരിടേണ്ടി വന്ന അന്യായത്തടങ്കലോ അദ്ദേഹത്തിന്റെ ജീവിതം അതുവഴി തകര്‍ത്തെറിയപ്പെട്ടതോ കേരളീയ പൊതുസമൂഹത്തെ ഏറെയൊന്നും ഉത്കണ്ഠപ്പെടുത്തിയില്ല. ഐപിഎല്ലില്‍ വാതുവയ്പിലും ഒത്തുകളിയിലും പങ്കുചേര്‍ന്നതായി ആരോപിക്കപ്പെട്ട് ജയിലിലായ ശ്രീശാന്തിനെക്കുറിച്ച് വച്ചുപുലര്‍ത്തിയ ഉത്കണ്ഠയുടെ പത്തിലൊരംശം പോലും ഒരു പതിറ്റാണ്ടുകാലത്തെ അന്യായത്തടങ്കലിന് ഇരയായി, പിന്നാലെ വീണ്ടും ജയിലിലടക്കപ്പെട്ട്, മനുഷ്യാവകാശങ്ങളെല്ലാം നിഷേധിക്കപ്പെട്ട നിലയില്‍ കഴിയുന്ന മദനിയെക്കുറിച്ച് മലയാളത്തിലെ മാധ്യമങ്ങളോ കേരളീയ പൊതുസമൂഹമോ പ്രദര്‍ശിപ്പിച്ചിട്ടില്ല. എന്നുതന്നെയല്ല, സെബാസ്റ്റ്യന്‍പോള്‍ തന്റെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നതുപോലെ, മനുഷ്യാവകാശങ്ങളെ അടിസ്ഥാനമാക്കി മദനിക്കും മറ്റുള്ളവര്‍ക്കും നീതി നല്‍കണമെന്നാവശ്യപ്പെടുന്നവരെയും ഭീകരരായി മുദ്ര കുത്തുന്ന ഹീനമായ മനോഭാവമാണ് നമ്മുടെ മുഖ്യധാരാ സമൂഹം വച്ചുപുലര്‍ത്തിപ്പോരുന്നത്. ഒറ്റതിരിഞ്ഞ ഒരു പ്രശ്നം എന്നതിനപ്പുറം കേരളീയ പൊതുസമൂഹത്തിന്റെ പൊതുവായ ആശങ്കകളിലൊന്നായി മദനിയുടെ മനുഷ്യാവകാശം ഇപ്പോഴും മാറിത്തീര്‍ന്നിട്ടില്ല എന്നത് നമ്മെ ലജ്ജിപ്പിക്കേണ്ടതാണ്.

മുസ്ലിംങ്ങളാണ് എന്നതുകൊണ്ടുമാത്രം ഭീകരരായി മുദ്ര കുത്തപ്പെടുകയും നാനാതരം പീഡനങ്ങള്‍ക്ക് ഇരയായിത്തീരുകയും ചെയ്യേണ്ടി വരുന്നവര്‍ ഈ രാജ്യത്തുണ്ടെന്ന കാര്യം വാസ്തവത്തില്‍ നമ്മെ എത്രയോ അസ്വസ്ഥമാക്കേണ്ടതാണ്. പ്രൊഫ. ഗിലാനി മുതല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഭീകരനെന്ന് മുദ്രകുത്തി ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതി വെറുതെ വിടുകയും ചെയ്ത ലിയാഖത്ത് അലിഷാ വരെയുള്ളവര്‍ ഈ വേട്ടയുടെ സമീപകാല ഇരകളാണ്. (പുനരധിവാസ പാക്കേജിന്റെ ഭാഗമായി കീഴടങ്ങിയ, ആയുധമുപേക്ഷിച്ച് കാശ്മീരിലേക്ക് മടങ്ങിയ ആളായിരുന്നു ലിയാഖത്ത് അലിഷാ. കാശ്മീര്‍ പൊലീസും അതിര്‍ത്തി രക്ഷാസേനയും പറഞ്ഞിട്ടും ഡല്‍ഹി പൊലീസ് അതൊന്നും വകവയ്ക്കാതെ അയാളെ ഭീകരനാക്കി ജയിലിലടച്ചു!). ഇന്ത്യയിലെ ജയിലുകളില്‍ വിചാരണത്തടവുകാരായി അരലക്ഷത്തിലധികം മുസ്ലിങ്ങള്‍ ഇപ്പോഴും കഴിയുന്നുണ്ട്. പതിറ്റാണ്ടുകള്‍ വിചാരണത്തടവുകാരായി കഴിയേണ്ടി വരികയും ഒടുവില്‍ കുറ്റവിമുക്തരാക്കപ്പെടുകയും ചെയ്യുന്നവരുടെ പാഴായിപ്പോയ ജീവിതത്തിന് ആരാണ് വില നല്‍കുക? എങ്ങനെയാണവരെ കൊണ്ടാടപ്പെടുന്ന ദേശസ്നേഹത്തിലേക്ക് മടക്കിക്കൊണ്ടുവരിക?

നിശ്ചയമായും ഇന്ത്യയിലരങ്ങേറുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ മുസ്ലിംങ്ങള്‍ക്കെതിരെ മാത്രമുള്ളമതല്ല. വികസനത്തിന്റെ കാര്യം മുതല്‍ ദേശസുരക്ഷയുടെ പേരുവരെ പറഞ്ഞുകൊണ്ടുള്ള ഭരണകൂട നടപടികള്‍ക്ക് എല്ലാവിഭാഗം ജനങ്ങളും ഇരകളായിത്തീരുന്നുണ്ട്. ബിനായക്സെന്‍ മുതല്‍ ഇറോം ശര്‍മ്മിള വരെ എത്രയോപേര്‍ അതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളായി നമുക്ക് മുന്നിലുണ്ടുതാനും. അപ്പോള്‍ത്തന്നെ മതത്തിന്റെ പേരില്‍ ഭീകരവാദികളായി സംശയിക്കപ്പെടുന്നവര്‍ മുസ്ലിംങ്ങള്‍ തന്നെയാണ് എന്ന വസ്തുത അവശേഷിക്കുകയാണ്. "എല്ലാ മുസ്ലിംങ്ങളും ഭീകരരല്ല; എന്നാല്‍ എല്ലാ ഭീകരരും മുസ്ലിംങ്ങളാണ്" എന്ന വാചകം പുറമേക്ക് മുസ്ലിംങ്ങളെയപ്പാടെ ഭീകരരാക്കുന്നതിനെതിരാണ് എന്നു തോന്നിപ്പിക്കുന്നുമെങ്കിലും ഫലത്തില്‍ അത് എല്ലാ ഭീകരരേയും മുസ്ലിങ്ങളാക്കുകയാണ് ചെയ്യുന്നത്. മലേഗാവിന്റെയും സംഝോത സ്ഫോടനത്തിന്റെയും മക്കാ മസ്ജിദിന്റെയും മറ്റും തെളിവുകള്‍ മുന്നിലുണ്ടെങ്കിലും നമ്മുടെ പൊതുബോധം ഇപ്പോഴും മേല്‍പ്പറഞ്ഞു തന്നെയാണ്. ഈ പൊതുബോധത്തിനെതിരായ നിശിത വിമര്‍ശനമായിത്തീരുന്നു എന്നതു തന്നെയാണ്, പലവട്ടം ഇതിനുമുമ്പും ഉന്നയിക്കപ്പെട്ട കാര്യമാണെങ്കിലും ഡോ. സെബാസ്റ്റ്യന്‍ പോളിന്റെയും അദ്ദേഹം ചര്‍ച്ചയ്ക്കെടുത്ത പുസ്തകത്തിന്റെയും പ്രസക്തി.

ഈ അപരവത്കരണത്തിനും അതുവഴി നടത്തുന്ന "ഭീകരതാനിര്‍മ്മാണം" ഉള്‍പ്പെടെയുള്ള നൃശംസതകള്‍ക്കും എതിരായ സമരം ജനാധിപത്യപരവും സംവാദാത്മകവുമായ മാര്‍ഗങ്ങളിലൂടെതന്നെയാവണം എന്നതും ഇത്രതന്നെ പ്രാധാന്യത്തോടെ ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. സെബാസ്റ്റ്യന്‍ പോള്‍ തന്റെ ലേഖനത്തില്‍ സൂചിപ്പിച്ചിട്ടുള്ളതുപോലെ സമുദായത്തിന് മൊത്തത്തില്‍ അവമതിപ്പുണ്ടാക്കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടാതിരിക്കാനുള്ള കരുതലും ജാഗ്രതയും വളരെ പ്രധാനമാണ്. ഇപ്പോഴാകട്ടെ മേല്‍പറഞ്ഞ ഭരണകൂട പ്രവൃത്തികളെ മറയാക്കി മതസ്വത്വവാദവും വര്‍ഗീയ സംഘാടനവും ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍പോലും പ്രബലമായിട്ടുണ്ട്.

ഇന്ത്യന്‍ ദേശീയതയെ അപ്പാടെ ബ്രാഹ്മണികമെന്ന് മുദ്രകുത്താനും അപരവത്കരണത്തിന്റെ യുക്തിയെ ആന്തരികമായി സ്വാംശീകരിക്കാനും മുസ്ലിം ജനതയെ പ്രേരിപ്പിക്കുന്ന മതസ്വത്വവാദത്തിന്റെ ആശയാവലികള്‍ അങ്ങേയറ്റം ചരിത്രവിരുദ്ധമാണ്. അതിവിപുലമായ സാമ്രാജ്യവിരുദ്ധ സമരങ്ങളില്‍ വേരോടിപ്പടര്‍ന്ന ഒന്നാണ് ഇന്ത്യന്‍ ദേശീയത. അതിന്റെ സാംസ്കാരിക മൂലധനം വലിയൊരളവോളം വൈദിക - ബ്രാഹ്മണിക പാരമ്പര്യത്തില്‍ നിന്നായിരുന്നു എന്നത് ശരിതന്നെയാണ്. അതേസമയം സാമ്രാജ്യവിരുദ്ധ സമരങ്ങളുടെ വിശാലമായ അടിത്തറയും ജനകീയതയും ഇന്ത്യന്‍ ദേശീയതയ്ക്കുണ്ട് എന്നതും അത്രതന്നെ ശരിയാണ്. ഈ വൈരുധ്യം കണക്കിലെടുക്കാതെ ദേശീയത സമം ഹിന്ദുത്വം എന്ന സമവാക്യം വികസിപ്പിച്ചെടുക്കുന്നത് ഫലത്തില്‍ ഹിന്ദുത്വത്തിന്റെ പ്രത്യയശാസ്ത്രത്തെ വകവച്ചു കൊടുക്കുന്നതിലേ ചെന്നവസാനിക്കുകയുള്ളൂ. ചരിത്രാനുഭവങ്ങളെ അവയുടെ വൈരുധ്യങ്ങള്‍ക്കുള്ളില്‍ വച്ചുതന്നെ വ്യാഖ്യാനിക്കാന്‍ കഴിയുമ്പോഴാണ് അത് ജനാധിപത്യപരമാവുക. അതിനുപകരം ഏകമുഖമായ ആശയരൂപീകരണങ്ങളും വര്‍ഗീയവും മതതീവ്രവാദപരവുമായ സംഘാടനങ്ങളും മുസ്ലിംങ്ങളെ അപരവത്കരിക്കുന്ന മുഖ്യധാരാ സമീപനത്തെ മറികടക്കാന്‍ ഏതെങ്കിലും നിലയില്‍ ഉപയോഗപ്പെടില്ല. ഇക്കാര്യം വിവേകപൂര്‍വം ഓര്‍മ്മപ്പെടുത്താനും സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനം ശ്രമിച്ചിട്ടുണ്ട്. നമ്മുടെ കാലം വച്ചുപുലര്‍ത്തേണ്ട നൈതികമായ ജാഗ്രതയെക്കുറിച്ചുള്ള അര്‍ത്ഥവത്തായ ഓര്‍മ്മപ്പെടുത്തലാണത്.

ശാസ്ത്രവും സംസ്കാര ചരിത്രവും

ആധുനിക ശാസ്ത്രത്തെക്കുറിച്ചുള്ള സാംസ്കാരിക വിമര്‍ശനങ്ങളാണ് കഴിഞ്ഞ രണ്ട്-മൂന്ന് പതിറ്റാണ്ടുകള്‍ക്കിടയില്‍ ശാസ്ത്രവിചാരങ്ങളെ സജീവമാക്കിയ ഒരു ധാര. 1960 കളില്‍ "ശാസ്ത്രവിപ്ലവങ്ങളുടെ ഘടന" (Structure of Scientific Revolutions) എന്ന ഗ്രന്ഥത്തില്‍ തോമസ് കൂന്‍ അവതരിപ്പിച്ച ആശയങ്ങളെയും വിചാരമാതൃകാ വ്യതിയാനം (paradigm shift) എന്ന പരികല്പനയെയും ആധാരമാക്കിക്കൊണ്ട് ഒട്ടനവധി പഠനങ്ങള്‍ ഇക്കാലത്ത് പുറത്തുവരികയുണ്ടായി. റൊമില ഥാപ്പര്‍ മറ്റൊരു സന്ദര്‍ഭത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതുപോലെ, സാമൂഹികശാസ്ത്ര പഠനമേഖലയിലാണ് കൂന്‍ - ന്റെ മേല്‍പറഞ്ഞ ആശയം വളരെ കൂടുതല്‍ ഉപയോഗിക്കപ്പെട്ടതെങ്കിലും ആധുനിക ശാസ്ത്രത്തിന്റെ അവകാശവാദങ്ങളെ ചോദ്യം ചെയ്യുന്നതിനും ശാസ്ത്രത്തിന്റെ സത്യാത്മകതയെ പ്രശ്നവല്‍ക്കരിക്കുന്നതിനും അത് വലിയ തോതില്‍ വഴിതുറന്നു എന്നതും കാണാതിരിക്കാനാവില്ല. വസ്തുനിഷ്ഠത, യുക്തിപരത, സത്യാത്മകത തുടങ്ങിയവയെല്ലാം തള്ളിപ്പറയുന്ന ഉത്തരാധുനിക ചിന്തയുടെ വേലിയേറ്റത്തിനിടയില്‍ കൂന്‍ - ന്റെ ആശയങ്ങള്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കെതിരായിപ്പോലും ഉപയോഗിക്കപ്പെടുകയും ചെയ്തു. (തന്റെ ഗ്രന്ഥത്തിന്റെ പില്‍ക്കാല പതിപ്പില്‍ ഉള്‍പ്പെടുത്തിയ post scriptല്‍ കൂന്‍ തന്നെ ഇത്തരം ദുരുപയോഗങ്ങളെ വിമര്‍ശന വിധേയമാക്കുന്നുണ്ട്). എന്തായാലും ശാസ്ത്രത്തെ സാമൂഹിക നിര്‍മ്മിതി മാത്രമായി കാണുകയും ഏതുതരം അറിവും ഒരുപോലെ സാധുവാണ് എന്ന് വാദിക്കുകയും ചെയ്യുന്ന അത്യന്തം അപകടകരമായ അസംബന്ധ പ്രലപനങ്ങളിലേക്കുവരെ ശാസ്ത്രവിമര്‍ശനം വഴിതെറ്റിയെത്തി. തൊട്ടുപിന്നാലെ ലോകമെമ്പാടുമുള്ള മതമൗലികവാദികള്‍ ആധുനിക ശാസ്ത്ര വിമര്‍ശനത്തിന്റെ വക്താക്കളായി രംഗത്തെത്തുകയും ചെയ്തു!

ഇത്തരമൊരു സ്ഥിതിവിശേഷത്തെ ആധുനികശാസ്ത്ര ചിന്തകര്‍ നേരിട്ടത് ശാസ്ത്രത്തിന്റെ സത്യാത്മകതയെയും വസ്തുനിഷ്ഠതയെയും ആവര്‍ത്തിച്ചുറപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടാണ്. ശാസ്ത്ര തത്വങ്ങളുടെ പ്രകരണപരവും സാമൂഹികവുമായ ഉള്ളടക്കത്തെക്കുറിച്ചുള്ള എംഗല്‍സിന്റെ നിരീക്ഷണങ്ങള്‍ മുതല്‍ ആധുനിക ശാസ്ത്രത്തിന്റെ അടിവേരുകളെക്കുറിച്ച് ജോസഫ് നീധാമും മാര്‍ട്ടിന്‍ ബര്‍ണലും ജോര്‍ജ്ജ് ഗീവര്‍ഗീസ് ജോസഫും ഉള്‍പ്പെടെയുള്ളവര്‍ അവതരിപ്പിച്ച നിഗമനങ്ങള്‍ വരെ ഇതിനിടയില്‍ പരിഗണിക്കപ്പെടാതെ പോയി. ആധുനികശാസ്ത്രത്തെ ചരിത്രവല്‍ക്കരിക്കാനോ സാമൂഹിക ബന്ധങ്ങളും സംഘര്‍ഷങ്ങളും അതില്‍ സന്നിഹിതമാകുന്നതെങ്ങനെയെന്ന് വിവേകപൂര്‍വം ആരായാനോ ആധുനിക ശാസ്ത്രവാദികള്‍ പൊതുവെ തയ്യാറായില്ല. അലന്‍സോക്കല്‍ തന്റെ കൃത്രിമ പ്രബന്ധം വഴി ഉത്തരാധുനികരുടെ ശാസ്ത്രവിമര്‍ശനത്തിന്റെ പൊള്ളത്തരം പുറത്തുകൊണ്ടുവന്നതോടെ, ആധുനികശാസ്ത്ര വിമര്‍ശനമപ്പാടെ ഇത്തരം തട്ടിപ്പുകളാണെന്ന് വിലയിരുത്താനാണ് ശാസ്ത്രവാദികള്‍ മുതിര്‍ന്നത്. ഫലത്തില്‍ ശാസ്ത്രവിജ്ഞാനത്തെ കേവലവും ചരിത്രനിരപേക്ഷവുമായി കാണുന്ന ഒരു കാഴ്ചവട്ടം ഉത്തരാധുനികരുടെ അതിവാദങ്ങളുടെ മറുപുറമായി നിലവില്‍ വന്നു.

ഈ ഇരു നിലപാടുകളിലേക്കും വഴുതിപ്പോകാതെ, ആധുനികശാസ്ത്രത്തെ സംബന്ധിച്ച് ഉയര്‍ന്നുവന്നിട്ടുള്ള സൈദ്ധാന്തികവും ചരിത്രപരവുമായ വിമര്‍ശനങ്ങളെ അഭിസംബോധന ചെയ്യാനുള്ള ശ്രമമാണ് വി വിജയകുമാറിന്റെ "ശാസ്ത്രം, ദര്‍ശനം സംസ്കാരം" എന്ന ഗ്രന്ഥം. ശാസ്ത്രത്തെ ചരിത്രപരമായി നോക്കിക്കാണാന്‍ ശ്രമിക്കുകയും അതേസമയം തന്നെ മതവിശ്വാസമടക്കമുള്ള ഏതുതരം ധാരണകളെയും പോലെ ഒരു ആപേക്ഷികധാരണ മാത്രമാണ് ശാസ്ത്രവും എന്ന ഉത്തരാധുനിക/മതമൗലികവാദ നിലപാടുകളെ നിശിതമായി തള്ളിക്കളയുകയും ചെയ്യുന്ന പഠനങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത്. ആധുനിക ശാസ്ത്രത്തിന്റെ വസ്തുനിഷ്ഠതയേയും സത്യാത്മകതയേയും വിശകലന വിധേയമാക്കുന്ന രണ്ട് പ്രബന്ധങ്ങള്‍, ചൈനീസ് ശാസ്ത്രചരിത്ര രചനയില്‍ ജോസഫ് മിഥാം സ്വീകരിച്ച സമീപനത്തിന്റെ ഉള്ളടക്കവും അതിലെ സന്ദിഗ്ധതകളും ചര്‍ച്ച ചെയ്യുന്ന പ്രബന്ധം, ജെ സി ബോസ്, പി സി റേ, സി വി രാമന്‍ എന്നീ ആധുനിക ഇന്ത്യന്‍ ശാസ്ത്രകാരന്മാരെ ചരിത്രപരമായി സ്ഥാനനിര്‍ണയം ചെയ്യുന്ന മൂന്ന് പ്രബന്ധങ്ങള്‍, ഇന്ത്യയിലെ ശാസ്ത്രവ്യാപനവും കൊളോണിയലിസത്തിന്റെ താല്‍പര്യങ്ങളും തമ്മിലുള്ള പരസ്പര വിനിമയങ്ങള്‍ വിശകലന വിധേയമാക്കുന്ന പ്രബന്ധം, ശാസ്ത്രാഭ്യസനം മാതൃഭാഷയിലാവേണ്ടതിന്റെ ആവശ്യകത അടിവരയിട്ട് പറയുന്ന പ്രബന്ധം എന്നിങ്ങനെ എട്ട് സൂക്ഷ്മപഠനങ്ങളാണ് ഈ സമാഹാരത്തിലുള്ളത്. ബ്രഹ്ത്തിന്റെ ഗലീലിയോ എന്ന നാടകത്തെയും മനു ജോസഫിന്റെ Serious Men എന്ന നോവലിനെയും (ഇന്ത്യയിലെ ശാസ്ത്രസ്ഥാപനങ്ങളുടെ ഉള്ളറ രഹസ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന നോവലാണിത്) കുറിച്ചുള്ള രണ്ട് പഠനങ്ങള്‍ അനുബന്ധമായും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആകെത്തുകയില്‍ ശാസ്ത്രവിമര്‍ശനത്തിന്റെ സമകാലിക സന്ദര്‍ഭത്തെ ഏറ്റവും അര്‍ത്ഥവത്തായും ചരിത്രവിവേകത്തോടെയും അഭിസംബോധന ചെയ്യാനുള്ള ശ്രമമാണ് ഈ ഗ്രന്ഥം എന്നുപറയാം.

ശാസ്ത്രസാഹിത്യം മലയാളത്തില്‍ കുറവല്ലെങ്കിലും ആധുനിക ശാസ്ത്രത്തിന്റെ അറിവുകള്‍ പങ്കുവയ്ക്കുന്ന തരത്തിലാണ് അവ പൊതുവെ രചിക്കപ്പെട്ടിട്ടുള്ളത്. ശാസ്ത്രചരിത്രമോ ശാസ്ത്രദര്‍ശനമോ മലയാളത്തിന്റെ സമകാലിക വൈജ്ഞാനിക പാരമ്പര്യത്തില്‍ ഏറെയൊന്നുമില്ലെന്ന് തന്നെ പറയണം. ജെ സി ബര്‍ണലിന്റെ ബൃഹദ് ഗ്രന്ഥം വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ച ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ശ്രമങ്ങള്‍ ഉണ്ടെങ്കിലും ശാസ്ത്രത്തെ ചരിത്രവല്‍ക്കരിക്കാനോ സൈദ്ധാന്തിക പഠനത്തിന് വിധേയമാക്കാനോ മലയാളത്തിന് പൊതുവില്‍ കഴിഞ്ഞിട്ടില്ല. പ്രയോജനവാദപരമായ നിലയിലാണ് മലയാളത്തിലെ ശാസ്ത്രവിജ്ഞാനം ഏറിയകൂറും നിലനില്‍ക്കുന്നത്. മാര്‍ക്സിസത്തിന്റെ പ്രബലമായ സ്വാധീനം ഉള്ളപ്പോഴും എംഗല്‍സ് മുതലാരംഭിക്കുന്ന മാര്‍ക്സിസ്റ്റ്് ശാസ്ത്രവിചിന്തനത്തിന്റെ ലോകവും മലയാളത്തില്‍ ഒട്ടും ബലിഷ്ഠമല്ല. ഇത്തരമൊരു സന്ദര്‍ഭത്തിലാണ് വിജയകുമാറിന്റെ "ശാസ്ത്രം ദര്‍ശനം സംസ്കാരം" എന്ന ഗ്രന്ഥം കൂടുതല്‍ പ്രാധാന്യം കൈവരിക്കുന്നത്. "ചരിത്രവല്‍ക്കരിക്കുക! എപ്പോഴും ചരിത്രവല്‍ക്കരിക്കുക!" എന്ന പ്രസ്താവന മാര്‍ക്സിസത്തിന്റെ ആധാരതത്ത്വമാണെന്നും ശാസ്ത്രവിജ്ഞാനവും ഈ ചരിത്രവത്കരണത്തിന് പുറത്തല്ലെന്നും അത് നമ്മോട് പറയുന്നു.

*
സുനില്‍ പി ഇളയിടം ദേശാഭിമാനി വാരിക

Saturday, April 6, 2013

യേശുദാസും സംസ്കാരചരിത്രവും

യേശുദാസിന്റെ സംഗീതം മലയാളിയുടെ സംഗീതസംസ്കാരത്തില്‍ ചെലുത്തിയ സ്വാധീനത്തെയും അതുളവാക്കിയ ഫലങ്ങളെയും കുറിച്ച് എസ് ഗോപാലകൃഷ്ണന്‍ തന്റെ പാട്ടെഴുത്തു പംക്തിയില്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ ശ്രദ്ധേയമായിരുന്നു (ചെവി ഓര്‍ക്കുമ്പോള്‍: മലയാളം വാരിക: 22-2-2013). പിന്നിട്ട മൂന്ന്-നാല് പതിറ്റാണ്ടുകളില്‍ മലയാളിയുടെ കേള്‍വി ശീലങ്ങളെയും സാമാന്യ സംഗീത സംസ്കാരത്തെയും നിര്‍ണയിച്ചതില്‍ ഏറ്റവും വലിയ പങ്കുവഹിച്ചത് യേശുദാസിന്റെ ആലാപന സൗഭാഗ്യമാണ്. ഒരു ഭാഗത്ത് അനന്യമായ സൗന്ദര്യാനുഭവങ്ങളുടെ ആകരമായിരിക്കുമ്പോള്‍തന്നെ മറുഭാഗത്ത് മലയാളിയുടെ സംഗീതജീവിതത്തെ ഏകമാനമായ ഒന്നാക്കിത്തീര്‍ക്കാനും യേശുദാസിന്റെ സംഗീതത്തിന് കഴിഞ്ഞിരുന്നു. എല്ലാ പാട്ടുകളും ഒരാള്‍തന്നെ പാടാന്‍ തുടങ്ങുകയും എല്ലാവരും അതുതന്നെ കേട്ടുരസിക്കുകയും ചെയ്തതോടെ മലയാളിയുടെ സംഗീതസംസ്കാരത്തിന് അസാധാരണമായ ഒരു ഏകതാനത കൈവരുകയും ചെയ്തു.

യേശുദാസ് എന്ന മഹാപ്രഭാവത്തിന്റെ അനന്തരഫലം ഇതുകൂടിയാണെന്ന് നാം പതിയെപ്പതിയെ മനസ്സിലാക്കിവരുന്നതേയുള്ളൂ. വാസ്തവത്തില്‍ കേരളത്തിന്റെ സംസ്കാര ചരിത്രത്തിലെ ഒരു സവിശേഷ സന്ദര്‍ഭത്തെ തന്റെ സ്വരസൗഷ്ഠവം കൊണ്ടു രേഖപ്പെടുത്തുകയാണ് യേശുദാസ് ചെയ്തത്. 1961ല്‍ കാല്‍പ്പാടുകള്‍ എന്ന ചലച്ചിത്രത്തിനുവേണ്ടി എം ബി ശ്രീനിവാസന്റെ സംഗീത സംവിധാനത്തിനു കീഴില്‍ "ജാതിഭേദം മതദ്വേഷം...." എന്ന നാരായണഗുരുവിന്റെ പ്രസിദ്ധമായ ശ്ലോകം ആലപിച്ചുകൊണ്ടാണ് യേശുദാസ് തന്റെ സംഗീതജീവിതം ആരംഭിച്ചത്. പിന്നീട് മൂന്ന്-നാല് പതിറ്റാണ്ടെങ്കിലും ആ ആലാപനമാധുര്യം മലയാളിയെ പിടിച്ചുകെട്ടിയതുപോലെ വ്യമുഗ്ധരാക്കി. ഇതിനെ മുന്‍നിര്‍ത്തി, അസാധാരണവും അനന്യവുമായ സൗന്ദര്യാനുഭവമായി യേശുദാസ് വിവരിക്കപ്പെടാറുണ്ടെങ്കിലും മറ്റേതൊരു സൗന്ദര്യാനുഭവത്തിന്റെ കാര്യത്തിലുമെന്നതുപോലെ, യേശുദാസ് എന്ന സംഗീതവിസ്മയവും സംസ്കാര ചരിത്രത്തിന്റെ ഗതിഭേദങ്ങള്‍ക്കുള്ളിലാണ് നിലകൊള്ളുന്നത്. അത്രമേല്‍ ആഴമേറിയ വിധത്തില്‍ ചരിത്രപരമായതിനാല്‍ അത് ചരിത്രപരവും സാമൂഹികവുമായ മുദ്രകളെയപ്പാടെ സ്വന്തം ജീവിതത്തില്‍നിന്ന് ഒഴിച്ചുനിര്‍ത്തിയിരിക്കുന്നു എന്നുമാത്രം;

ഭാവത്തിന്റെ പരകോടിയിലെ അഭാവംപോലെ. സൂക്ഷ്മമായി ആലോചിച്ചാല്‍ ആധുനിക കേരളീയ ജീവിതത്തെ നിര്‍ണയിച്ച ചില അടിസ്ഥാനഘടകങ്ങളുടെ ആകെത്തുകയെന്നപോലെയാണ് യേശുദാസ് നമ്മുടെ സംസ്കാര ചരിത്രത്തില്‍ നിലകൊണ്ടതെന്ന് വ്യക്തമാകും. 1940 കളില്‍ രൂപം കൊള്ളുകയും 1956-ല്‍ ഔപചാരികമായി നിലവില്‍ വരുകയും ചെയ്ത ഭാഷാ ദേശീയത മുഴുവന്‍ മലയാളികളും ഒരുപോലെ പങ്കുചേരുന്ന ഒരു സാംസ്കാരിക വിഭവം ആവശ്യപ്പെടുന്നുണ്ടായിരുന്നു. ചലച്ചിത്രഗാനം/ചലച്ചിത്ര സംഗീതം ഈയൊരാവശ്യത്തിന്റെ നിര്‍വഹണമെന്ന നിലയില്‍ കൂടിയാണ് ഉയര്‍ന്നുവന്നത്. കേരളീയ ജീവിതത്തിന്റെ എല്ലാ വിതാനങ്ങളിലെയും സംഗീതാനുഭവങ്ങളെ അത് ഏറ്റുവാങ്ങി. കഥകളിപ്പാട്ടും കര്‍ണാടക സംഗീതവും മുതല്‍ മാപ്പിളപ്പാട്ടും നാടോടിസംഗീതവും വരെ ചലച്ചിത്രഗാനത്തില്‍ ഒത്തിണങ്ങിനിന്നു. മലയാളികള്‍ കേട്ടുരസിച്ച എല്ലാ ഈണങ്ങളും അവിടെയുണ്ടായിരുന്നു. ദേവരാജനും രാഘവന്‍ മാസ്റ്ററും ബാബുരാജും ദക്ഷിണാമൂര്‍ത്തിയും എം എസ് വിയും മുതല്‍ സലില്‍ ചൗധരിയും പുകഴേന്തിയും വരെയുള്ളവരിലൂടെ നമ്മുടെ സംഗീത സംസ്കൃതിയുടെ എല്ലാ അടരുകളും ചലച്ചിത്രഗാനത്തില്‍ ഇടം പിടിച്ചു എന്നുപറയാം. ഇത്രമേല്‍ സാര്‍വത്രികമായി കേരളീയ സംഗീതശീലങ്ങളെ സ്വാംശീകരിച്ച മറ്റൊരു സാംസ്കാരികവിഭവവും അതിനുമുന്‍പോ പിന്‍പോ രൂപമെടുത്തിട്ടില്ല. ഒരര്‍ഥത്തില്‍ കേരളീയ ദേശീയതയുടെ സംഗീത രൂപമായിരുന്നു ചലച്ചിത്രഗാനം.

സംഗീതമെന്നതുപോലെ സാഹിതീയ ഭാവനയുടെ കാര്യത്തിലും ചലച്ചിത്രഗാനത്തിന് ദേശീയമായ ഒരു ഉള്ളടക്കമുണ്ട്. നവോത്ഥാനത്തോടെ കേരളീയ ഭാവനാ ജീവിതത്തിലുണ്ടായ സാഹിതീയത മലയാളിയുടെ സാംസ്കാരിക ജീവിതത്തെ തന്നെ സാഹിത്യകേന്ദ്രിതമായ ഒന്നാക്കി രൂപപ്പെടുത്തുന്നുണ്ടായിരുന്നു. (കേരളീയ കലാമണ്ഡലത്തില്‍ സാഹിത്യകാരന്മാര്‍ മുതലാളിമാരും ശില്‍പികളും ചിത്രകാരന്മാരും മുതല്‍ മറ്റെല്ലാവരും തൊഴിലാളികളുമാണെന്ന് കേസരി ബാലകൃഷ്ണപിള്ള!). സാഹിത്യകേന്ദ്രിതമായ ഈ ഭാവനാ ജീവിതത്തെ മുന്‍നിര്‍ത്തുകയും സംഗീതത്താല്‍ പൂരിപ്പിക്കുകയും ചെയ്തുകൊണ്ടാണ് ചലച്ചിത്രഗാനം ദേശീയ ഭാവനയുടെ ജനപ്രിയ രൂപമായി ഉയര്‍ന്നുവന്നത്. വയലാറും പി ഭാസ്കരനും ഒ എന്‍ വിയും ശ്രീകുമാരന്‍ തമ്പിയുമെല്ലാം ചേര്‍ന്ന് - മുന്‍പ് സൂചിപ്പിച്ച സംഗീത സംസ്കാരങ്ങളുടെ സ്വാംശീകരണമെന്നതുപോലെ മലയാളത്തിന്റെ സാഹിത്യഭാവനയുടെ പ്രകാരഭേദങ്ങളെയപ്പാടെ ചലച്ചിത്രഗാനങ്ങളിലേക്ക് ആനയിച്ചു. അസൂക്ഷ്മതയുടെയും അതിവ്യാപ്തിയുടെയും അതിവൈകാരികതയുടെയും മറ്റുമായ എണ്ണമറ്റ പരാധീനതകള്‍ എടുത്തുപറയാനുണ്ടാവുമെങ്കിലും ചലച്ചിത്ര ഗാനത്തിലൂടെയാണ് ആധുനിക കേരളം സാഹിതീയ ഭാവനയുടെ ഗതിഭേദങ്ങളുമായി സംവദിച്ചത് എന്നത് അനിഷേധ്യമായ വസ്തുതയാണ്.

ഇതോടൊപ്പം, 1960 കളോടെ വികസിച്ചുവന്ന റേഡിയോ നിലയങ്ങളും ഗ്രാമഫോണ്‍ റെക്കോഡുകളും ഇക്കാര്യത്തില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കേള്‍വിയുടെ എല്ലാ ഇടങ്ങളിലേക്കും ചലച്ചിത്രഗാനത്തെ കൊണ്ടുചെന്നെത്തിച്ചത് സാങ്കേതിക വിദ്യയുടെ മണ്ഡലത്തിലുണ്ടായ ഈ വലിയ പരിവര്‍ത്തനമാണ്. ചലച്ചിത്രഗാനത്തിന് സാര്‍വത്രികമായ സ്വീകാര്യതയും ആസ്വാദ്യതയും കൈവരുന്നതില്‍ സാങ്കേതിക വിദ്യയ്ക്കുള്ള ഈ പങ്ക് ഇതിനുനേരെ വിപരീതമായ ഒരാസ്വാദനമൂല്യവും അതിന് നല്‍കി. ഒറ്റതിരിഞ്ഞ വ്യക്തികളുടെ സ്വകാര്യവും ഏകാന്തവുമായ ആസ്വാദനത്തിന്റെ വിഭവമായി ചലച്ചിത്രഗാനം മാറിത്തീര്‍ന്നതും ഈ സാങ്കേതിക സന്ദര്‍ഭത്തിലാണ്.

പൊതുസഭകളിലെ സാമാന്യവിഭവമായിത്തീര്‍ന്ന സംഗീതം സ്വീകരണ മുറികളിലെയും കിടപ്പുമുറികളിലെയും സ്വകാര്യ ആസ്വാദന വിഭവവുമായിത്തീര്‍ന്നു. ഇങ്ങനെ ഒരേസമയം കേരളീയതയുടെ സാമാന്യവിഭവവും ആധുനിക സ്വകാര്യവ്യക്തി ബോധത്തിനിണങ്ങുന്ന ആസ്വാദന വിഭവവുമായിത്തീര്‍ന്നതാണ് ചലച്ചിത്ര ഗാനത്തിന്റെ അനിതരസാധാരണമായ ജനപ്രിയതയെ നിര്‍ണയിച്ചത്. ചലച്ചിത്രങ്ങളെ അപേക്ഷിച്ച് എത്രയോ വിപുലമായ പ്രചാരവും സ്വാധീനവും കൈവന്ന സാംസ്കാരിക സാമഗ്രിയായി ചലച്ചിത്രഗാനം മാറിത്തീര്‍ന്നതില്‍ മേല്‍പറഞ്ഞ സാങ്കേതികത വലിയ പങ്കാണ് വഹിച്ചത്. ചലച്ചിത്രത്തിന്റെ കഥാസന്ദര്‍ഭങ്ങളിലാണ് പിറവി കൊള്ളുന്നതെങ്കിലും ചലച്ചിത്രഗാനം ആസ്വദിക്കപ്പെട്ടത് അങ്ങനെയല്ല. ചലച്ചിത്ര സന്ദര്‍ഭങ്ങള്‍ക്ക് പുറത്ത് ഒറ്റതിരിഞ്ഞ നിലനില്‍പ് അവയ്ക്കുണ്ടായിരുന്നു. എന്നുതന്നെയല്ല, ഈ ഒറ്റതിരിഞ്ഞ നിലനില്‍പാണ് അവയെ അമൂര്‍ത്തമായ ഭാവകേന്ദ്രങ്ങളായി പരിവര്‍ത്തനപ്പെടുത്തിയത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ കണ്ട് ആസ്വദിക്കാതെ, കേട്ടുമാത്രം രസിക്കാന്‍ കഴിയുന്ന ഒരു സവിശേഷ സ്വരൂപമായി സാങ്കേതികത ചലച്ചിത്രഗാനങ്ങളെ പുതുക്കിപ്പണിതു. അതുകൊണ്ട് ചലച്ചിത്ര സന്ദര്‍ഭത്തിന്റെ ദൃശ്യഭാവനയ്ക്ക് പുറത്ത് ഓരോ വ്യക്തിയുടെയും സ്വകാര്യവും വ്യക്തിപരവുമായ ഭാവനാബന്ധങ്ങള്‍ക്കുള്ളില്‍ ഇടം പിടിക്കാനും സവിശേഷമായ സൗന്ദര്യാനുഭവമായി നിരന്തരം പരിണമിക്കാനും ചലച്ചിത്രഗാനങ്ങള്‍ക്ക് കഴിവുണ്ടായി. ഇതുപോലെ ഏറ്റവും അശിക്ഷിതരായ ആസ്വാദകര്‍ക്കും ഏറ്റവും സുശിക്ഷിതരായ ആസ്വാദകര്‍ക്കും തങ്ങളുടേതായ വിതാനങ്ങളില്‍ വിനിമയം സാധ്യമാകുന്ന ഒരേയൊരു കലാവിഭവവും ചലച്ചിത്രഗാനം തന്നെയായിരുന്നു. കുടില്‍തൊട്ട് കൊട്ടാരംവരെയുള്ള എല്ലാ മലയാളികളോടും അത് ഒരു നിലയിലല്ലെങ്കില്‍ മറ്റൊരു നിലയില്‍ സംവദിച്ചു. കേരളത്തിന്റെയും മലയാളത്തിന്റെയും ചരിത്രത്തില്‍ ഇത്തരമൊരു സന്ദര്‍ഭം മറ്റൊരിക്കലുമുണ്ടായിട്ടില്ല.

ഇങ്ങനെ മലയാള ദേശീയത, ആധുനിക വ്യക്തിഗത പൗരത്വം, സ്വകാര്യവും സാമാന്യവുമായ ആസ്വാദന ശീലങ്ങളുടെ രംഗപ്രവേശം, സാങ്കേതിക വിദ്യയുടെ പുതിയ സന്ദര്‍ഭം, സാങ്കേതിക വിദ്യ വഴി കൈവന്ന അമൂര്‍ത്തത, മുഴുവന്‍ സംഗീത ശീലങ്ങളേയും സ്വാംശീകരിക്കാന്‍ പോന്ന ആഭ്യന്തരമായ വഴക്കം, മലയാള സാഹിത്യഭാവനയുടെ ബഹുസ്വരതയപ്പാടെ ഇടംപിടിച്ച രചനാലോകം തുടങ്ങിയ അനവധി ഘടകങ്ങളുടെ മേളന ബിന്ദുവായാണ് (convergence point) ചലച്ചിത്രഗാനം എന്ന ജനുസ്സ് 1960-കള്‍ മുതലുള്ള മൂന്ന്-നാല് പതിറ്റാണ്ടുകാലം നിലകൊണ്ടത്. "ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന" പങ്കുവച്ച ഒരു സാംസ്കാരിക വിഭവത്തിന്റെ പദവി അതിന് കൈവന്നതും മറ്റൊന്നുകൊണ്ടല്ല. അനന്യമായ ഈ ചരിത്രസന്ദര്‍ഭത്തോട് ഏറ്റവും ഭാവസാന്ദ്രമായി പ്രതികരിച്ച ഒരാളായിരുന്നു യേശുദാസ്. അദ്ദേഹത്തിന്റെ സ്വരസൗഷ്ഠവവും അതിലെ ഗതിഭേദങ്ങളും അക്കാലം വരെ പലര്‍ പാടിയ പാട്ടുകളെ മുഴുവന്‍ ഒറ്റയ്ക്കൊരാള്‍ പാടുന്ന നിലയിലേക്ക് എത്തിച്ചു. എന്നുതന്നെയല്ല തന്റെ ശബ്ദത്തെ മലയാളത്തിന്റെ മാനകസ്വരമാക്കി മാറ്റാന്‍ പോന്ന വിധത്തില്‍ യേശുദാസിന്റെ ആലാപനസൗഭഗം ബലിഷ്ഠവും പ്രബലവുമായിരുന്നു. കരടില്ലാത്ത അങ്ങേയറ്റം മിനുസമാര്‍ന്ന ഭാവതാരള്യം നിറഞ്ഞ ഒരു മാനകസ്വരത്തിന്റെ സമ്പൂര്‍ണാധിപത്യം മലയാളിയുടെ കേള്‍വിശീലത്തെ നിയന്ത്രിക്കാന്‍ തുടങ്ങി. മധ്യവര്‍ഗപരമായ സുവര്‍ണ/സവര്‍ണ പൗരുഷത്തിന്റെ ഈ സ്വരമാന്ത്രികത അതുവരെ നാനാവിധത്തില്‍ നിലകൊണ്ട നമ്മുടെ സംഗീതാഭിരുചികളെ ഏകമാനത്തിലേക്ക് ആനയിക്കുകയും ചെയ്തു. കമുകറ പുരുഷോത്തമനും ഉദയഭാനുവും കോഴിക്കോട് അബ്ദുള്‍ ഖാദറും മെഹ്ബൂബും ഉള്‍പ്പെടെയുള്ളവരുടെ നാദലോകങ്ങള്‍ പതിയെപ്പതിയെ പിന്‍വാങ്ങി. മൂന്ന് പതിറ്റാണ്ട് കാലമെങ്കിലും മിക്കവാറും മലയാളികള്‍ ഒരേ നാദത്തിലൂടെ ജീവിതാനുഭവങ്ങളെയും സൗന്ദര്യാനുഭൂതികളെയും കേട്ടുകൊണ്ടേയിരുന്നു. നമ്മുടെ സംസ്കാര ചരിത്രത്തിന്റെ ബലതന്ത്രങ്ങള്‍ക്കകത്തായിരുന്നു ആ കേള്‍വിയെന്ന് നാമിപ്പോള്‍ ഓര്‍ക്കാറില്ല. ആഴമേറിയ ചരിത്രബന്ധങ്ങള്‍ അതേക്കുറിച്ച് ഒട്ടും ഓര്‍മിപ്പിക്കാതെയാണ് പ്രവര്‍ത്തിക്കുക. യേശുദാസ് അത്തരത്തിലുള്ള അഗാധമായ ഒരു ചരിത്രബന്ധം കൂടിയാണ്.

വിനയചന്ദ്രിക

വിനയചന്ദ്രന്റെ മരണത്തിന് അദ്ദേഹത്തിന്റെ കവിതയെ ഓര്‍മിപ്പിക്കുന്ന ഒരു അനായാസതയുണ്ടായിരുന്നു. പൊടുന്നനെ പുറപ്പെട്ട്, വാക്കിന്റെ ഗതിഭേദങ്ങളിലൂടെ എത്രയും ആയാസരഹിതമായി കടന്നുപൊയ്ക്കൊണ്ടിരുന്ന കവിതയായിരുന്നു അദ്ദേഹത്തിന്റേത്. അത്രമേല്‍ വേഗത്തില്‍ മരണത്തിലേക്കും വിനയചന്ദ്രന്‍ കടന്നുപോയി. ആധുനികതാ പ്രസ്ഥാനം മലയാളത്തില്‍ ജന്മംനല്‍കിയ ഏറ്റവും വ്യതിരിക്തതയുള്ള കാവ്യസ്വരൂപങ്ങളിലൊന്ന് വിനയചന്ദ്രന്റേതാണ്. ഒരുപക്ഷേ കടമ്മനിട്ട രാമകൃഷ്ണന്റെ കവിതയില്‍ മാത്രമാവും മലയാളഭാവന നമ്മുടെ ജീവിതപരിസരങ്ങളിലേക്ക് ഇതുപോലെ കടന്നുചെന്നത്. അവിടെപോലും വിനയചന്ദ്രന് വ്യത്യസ്തതയുണ്ടായിരുന്നു. പ്രാക്തനമായ ഒരു ഊര്‍ജത്തിന്റെ പ്രഭവംപോലെയാണ് കടമ്മനിട്ടക്കവിതയില്‍ നാട്ടുപാരമ്പര്യം ഏറിയപങ്കും നിലകൊണ്ടത്. പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും വാങ്മയങ്ങളായാണ് ഈ പാരമ്പര്യം അദ്ദേഹത്തിന്റെ കവിതയില്‍ ഉടല്‍പൂണ്ടുവന്നത്. കീഴാളഭാഷയുടെയും ഭാവനയുടെയും ലോകമായി കടമ്മനിട്ടക്കവിതയിലെ നാട്ടുപാരമ്പര്യം ഏറെക്കുറെ സമീകരിക്കപ്പെട്ടതും അതുകൊണ്ടാണ്.

വിനയചന്ദ്രന്റെ കവിതയില്‍ നാട്ടുപാരമ്പര്യം ഇങ്ങനെയൊന്നായല്ല പ്രത്യക്ഷപ്പെട്ടത്. ബി രാജീവന്‍ വിനയചന്ദ്രനെക്കുറിച്ചുള്ള തന്റെ ലേഖനത്തില്‍ സൂചിപ്പിച്ചതുപോലെ ആധുനികമായ ലോകബോധത്തെ മറികടന്നുപോയ ഒന്നായിരുന്നു അത്. ആധുനികതാ പ്രസ്ഥാനത്തിന്റെ മുഖ്യധാരയില്‍നിന്ന് വിനയചന്ദ്രനെ മാറ്റിനിര്‍ത്തിയതും ഇതുതന്നെയാണ്. ലളിതമായി പറഞ്ഞാല്‍, പടിഞ്ഞാറന്‍ ആധുനികത ജന്മം നല്‍കിയ ജീവിതരീതികളുടെയും ലോകാവബോധത്തിന്റെയും പ്രതിസന്ധികളെയാണ് ആധുനികതാപ്രസ്ഥാനം ആവിഷ്കരിച്ചത്. ഇങ്ങനെയായിരിക്കുമ്പോള്‍ തന്നെ ആധുനികതയുടെ കേന്ദ്രതത്വങ്ങളെ മനുഷ്യന്‍, യുക്തിബോധം, പുരോഗതി എന്നിങ്ങനെ കയ്യൊഴിയാന്‍ അതിന് കഴിഞ്ഞിരുന്നുമില്ല. വിനയചന്ദ്രന്റെ കവിതയില്‍ കേരളീയ പ്രകൃതിയുമായുള്ള താദാത്മ്യം അതിനെ ആധുനികതയുടെ ലോകാവബോധത്തിന്റെ അടിസ്ഥാനങ്ങളെ മറികടന്നുപോകുന്ന ഒന്നാക്കിത്തീര്‍ക്കുന്നുണ്ട്. ആധുനികതാ പ്രസ്ഥാനത്തിന്റെ വലിയ പ്രതിനിധികളിലൊരാളായി വിനയചന്ദ്രന്‍ പരിഗണിക്കപ്പെടാതെ പോയതും ഇതുകൊണ്ടാണ്. നമ്മുടെ കാവ്യനിരൂപണം വിനയചന്ദ്രനെ സാമാന്യമായി സ്പര്‍ശിച്ചുപോവുന്നതിനപ്പുറം ഏറെയൊന്നും അദ്ദേഹത്തിന്റെ കവിതയെ വിലയിരുത്താന്‍ തുനിയാതിരുന്നതും മറ്റൊന്നുകൊണ്ടല്ല. ആധുനിതാപ്രസ്ഥാനത്തിന്റെ ആശയവ്യവസ്ഥകള്‍ക്കുള്ളില്‍ ഭദ്രമായി നിലകൊള്ളാന്‍ ആ കവിതകള്‍ക്ക് കഴിയില്ലായിരുന്നു എന്നതാണ് വാസ്തവം.

വിനയചന്ദ്രന്റെ മരണത്തെത്തുടര്‍ന്ന് മലയാളത്തിലെ മുഖ്യധാരാ മാസികകളും വാരികകളുമെല്ലാം അദ്ദേഹത്തെ അനുസ്മരിക്കുകയുണ്ടായി. ബി രാജീവന്‍ മുതല്‍ സജയ് കെ വി വരെയുള്ളവര്‍ വിനയചന്ദ്രന്റെ കാവ്യജീവിതത്തിന്റെ സൂക്ഷ്മതലങ്ങളെക്കുറിച്ച് ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. താന്‍ ജീവിച്ച കാലത്ത് വേണ്ടപോലെ മനസ്സിലാക്കപ്പെടാതെ പോയ കവിയായിരുന്നു വിനയചന്ദ്രന്‍ എന്നാണ് എനിക്ക് തോന്നുന്നത്. അതിന് വ്യക്തിപരം മുതല്‍ ചരിത്രപരം വരെയായ കാരണങ്ങളുമുണ്ട്. മലയാളകവിതയുടെയും ഭാവനയുടെയും ഭാവിചരിത്രം വിനയചന്ദ്രനെ കൂടുതല്‍ ആഴത്തില്‍ തിരിച്ചറിയാന്‍ നിര്‍ബന്ധിതമായേക്കും. നല്ല കവിതയുടെ പ്രകൃതങ്ങളിലൊന്നും അതുതന്നെയാണ്.

ശാസ്ത്രത്തിന്റെ സാംസ്കാരിക മാനങ്ങള്‍

സി വി രാമന്‍ എന്ന അതുല്യനായ ശാസ്ത്രജ്ഞനെക്കുറിച്ചും അദ്ദേഹത്തിന്റെ സാംസ്കാരികമായ മുന്‍വിധികളെക്കുറിച്ചും ചര്‍ച്ചചെയ്യുന്ന വി വിജയകുമാറിന്റെ പ്രബന്ധം (മലയാളം വാരിക) മലയാളത്തില്‍ വളരെക്കുറച്ചുമാത്രം ചര്‍ച്ച ചെയ്യപ്പെടുന്ന ചില പ്രമേയങ്ങള്‍ വിശകലന വിധേയമാക്കുന്ന ഒന്നാണ്. ശാസ്ത്രത്തിന്റെ സത്യാത്മകത പറഞ്ഞുറപ്പിച്ച ആധുനിക ലോകബോധമാണ് മലയാളത്തിലെ ശാസ്ത്രവ്യവഹാരങ്ങളെ മുഖ്യമായും നിര്‍ണയിച്ചുപോരുന്നത്. ഇതിന്റെ മറുപുറത്ത് ശാസ്ത്ര വിമര്‍ശനവുമായി രംഗത്തു വന്നവരില്‍ ഏറിയപങ്കും ഒന്നാന്തരം മതമൗലികവാദികളും മതയാഥാസ്ഥിതികരും മാത്രമായതിനാല്‍ ശാസ്ത്ര വിമര്‍ശനം ഇവിടെ കൂടുതല്‍ അസ്വീകാര്യമായിത്തീര്‍ന്നു. ആധുനികതാ വിമര്‍ശനത്തിന്റെ പദാവലികളും പരികല്‍പനകളും ഉപയോഗപ്പെടുത്തി തങ്ങളുടെ മതയാഥാസ്ഥിതികത്വത്തെയെന്നല്ല മതവിഭാഗീയതയെപ്പോലും ന്യായീകരിക്കാന്‍ ഇക്കൂട്ടര്‍ക്ക് മടിയുണ്ടായിരുന്നില്ല. അതുകൊണ്ട് ശാസ്ത്രവിമര്‍ശനത്തിന്റെ ഉയര്‍ന്ന വിതാനങ്ങള്‍ മലയാളത്തിന് പൊതുവെ അപരിചിതമായി. വിജയകുമാറിനെപ്പാലെ, ശാസ്ത്രദര്‍ശനത്തിന്റെ ആഴങ്ങളിലേക്ക് കടന്നുപോകുന്നവരായി മലയാളത്തില്‍ ഏറെപ്പേരൊന്നും ഇല്ല എന്നതും ഇതിനൊരു കാരണമാണ്. ശാസ്ത്രസാഹിത്യം ഏറെയുള്ളപ്പോഴും ശാസ്ത്രദര്‍ശനം മലയാളത്തില്‍ എത്രയോ കുറച്ച് തന്നെയാണ് ഇപ്പോഴും. അതുകൊണ്ടുതന്നെ ശാസ്ത്രത്തിന്റെ ചരിത്രവല്‍ക്കരണമോ ശാസ്ത്രീയ വിജ്ഞാനത്തിന്റെ മൂല്യനിര്‍ഭരതയെ (value loaded character) ക്കുറിച്ചുള്ള ആലോചനകളോ മലയാളത്തില്‍ കാര്യമായി വേരോടിയില്ല. ഡാര്‍വിനെ പരിണാമസിദ്ധാന്തത്തിലെ പരികല്‍പനകളില്‍ over production,struggle for existence,survival of the fittest തുടങ്ങിയ ആശയങ്ങളില്‍ - മുതലാളിത്ത കമ്പോളത്തിന്റെയും മാല്‍ത്തൂസിയന്‍ ജനസംഖ്യാ സിദ്ധാന്തത്തിന്റെയും ആശയാവലികള്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള കാര്യം മാര്‍ക്സും എംഗല്‍സും എത്രയോ മുമ്പുതന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കിലും ലോകത്തെമ്പാടുമുള്ള മുഖ്യധാരാ മാര്‍ക്സിസ്റ്റ് ചിന്തയിലെന്നപോലെ കേരളത്തിലെ മാര്‍ക്സിസ്റ്റ് വ്യവഹാരങ്ങളിലും ശാസ്ത്രത്തിന്റെ ചരിത്രവല്‍ക്കരണം ഒരു കേന്ദ്രതാല്‍പര്യമായി വികസിക്കുകയുണ്ടായില്ല. ഫലത്തില്‍ ചരിത്രനിരപേക്ഷവും കേവലവുമായ സത്യാത്മക ജ്ഞാനത്തിന്റെ പദവിയാണ് നമ്മുടെ സാമാന്യബോധത്തില്‍ ശാസ്ത്രത്തിന് എപ്പോഴും കൈവന്നത്.

"ചരിത്രവല്‍ക്കരിക്കുക, എപ്പോഴും ചരിത്രവല്‍ക്കരിക്കുക!" എന്ന് ഫ്രെഡറിക് ജയിംസണ്‍ പറഞ്ഞത് നമ്മുടെ ശാസ്ത്രവിചാരങ്ങളുടെ കാര്യത്തിലെങ്കിലും ഒട്ടുംനടപ്പിലായില്ല. ഇത്തരമൊരു സാമാന്യ സന്ദര്‍ഭത്തിലാണ് വിജയകുമാറിന്റെ സി വി രാമനെക്കുറിച്ചുള്ള പഠനം മൗലികപ്രാധാന്യം കൈവരിക്കുന്നത്. നൊബേല്‍ സമ്മാനാര്‍ഹനായ ആദ്യ ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ എന്ന പ്രഭാവലയത്തിന് പുറത്തേക്ക് സി വി രാമനെ കൊണ്ടുവരാനും സാംസ്കാരികവും ചരിത്രപരവും അധികാരപരവുമായ ബന്ധവ്യവസ്ഥകള്‍ക്കുള്ളില്‍ സി വി രാമന്റെ ശാസ്ത്രാന്വേഷണം എങ്ങനെ നിലകൊണ്ടു എന്ന് ചര്‍ച്ചചെയ്യാനും വിജയകുമാറിന്റെ പ്രബന്ധം ശ്രമിക്കുന്നുണ്ട്.

പ്രകൃതിയുടെ ആന്തരിക ഘടനയില്‍ ക്രമവും ഐകരൂപ്യവും ഉറപ്പിച്ചുകണ്ട ആളായിരുന്നു സി വി രാമന്‍. അത്തരമൊരു വീക്ഷണത്തിലേക്ക് അദ്ദേഹത്തെ നയിക്കുന്നതില്‍ ബ്രാഹ്മണിക ജീവിതബോധം വഹിച്ച പങ്കു മുതല്‍ സി വി രാമന്റെ ലോകബോധത്തില്‍ ആഴത്തില്‍ പതിഞ്ഞുകിടക്കുന്ന ലിംഗപരമായ മുന്‍വിധികള്‍ വരെ ഇവിടെ പരിശോധനാ വിഷയമാവുന്നുണ്ട്. നിശ്ചയമായും ഇക്കാര്യങ്ങളെല്ലാം നാനാതരം എതിര്‍വാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവയ്ക്കാവുന്നതാണ്. കോളനിയന്തര ചിന്തയിലെയും സ്ത്രീവാദ ചിന്തയിലെയും അന്വേഷണങ്ങള്‍ പാശ്ചാത്യ ശാസ്ത്രത്തിന്റെ അധിനിവേശപരവും പുരുഷാധിപത്യപരവുമായ പ്രകൃതത്തെക്കുറിച്ചുള്ള നിര്‍ണായകമായ വിമര്‍ശനങ്ങള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കെ, ശാസ്ത്രത്തെക്കുറിച്ചുള്ള യുക്തിവാദപരമായ ആലോചനകളില്‍ അഭിരമിക്കുകയാണ് കേരളീയ മധ്യവര്‍ഗ ബൗദ്ധികത പൊതുവേ ചെയ്തുവരുന്നത്.

ഇതില്‍നിന്ന് വ്യത്യസ്തമായ ശാസ്ത്ര വിചാരത്തിന്റെ ആവിഷ്കാരമായിരിക്കുന്നു എന്നതാണ് വിജയകുമാറിന്റെ പഠനത്തിന്റെ മൗലിക പ്രാധാന്യം. മലയാളത്തില്‍ തെളിഞ്ഞുവരേണ്ട വഴികളിലൊന്നാണത്. ഭക്തിപ്രസ്ഥാനത്തിന്റെ സാമൂഹ്യഫലം ഇന്ത്യാചരിത്ര വിചാരങ്ങളുടെ മേഖലയിലെ പ്രധാന പ്രമേയങ്ങളിലൊന്നാണ് ഭക്തിപ്രസ്ഥാനവും അതുളവാക്കിയ സാമൂഹ്യഫലങ്ങളും. ഭക്തിപ്രസ്ഥാനം ഒരു കീഴാള പ്രതിരോധ പ്രസ്ഥാനമായിരുന്നു എന്ന വീക്ഷണം ഒരു ഭാഗത്തും അത് ഫ്യൂഡല്‍ മൂല്യങ്ങളുടെ വ്യാപനമായിരുന്നു എന്ന വീക്ഷണം മറുഭാഗത്തുമായി അത്യന്തം വ്യത്യസ്തവും പരസ്പരവിരുദ്ധം പോലുമായ സമീപനങ്ങളാണ് ഇതിനെ മുന്‍നിര്‍ത്തി ഉയര്‍ന്നുവന്നിട്ടുള്ളത്. ഭക്തിപ്രസ്ഥാന നായകരായ കവികളുടെ സാമൂഹ്യപശ്ചാത്തലവും കേവല ഭക്തിയെ മോക്ഷത്തിനുള്ള വഴിയായി അവതരിപ്പിക്കുന്നതിലൂടെ ബ്രാഹ്മണാധികാരത്തിനും പൗരോഹിത്യാധികാരത്തിനുമെതിരെ അവര്‍ കൈക്കൊള്ളുന്ന നിലപാടുകളുമാണ് ഒരു പ്രതിരോധ പ്രസ്ഥാനമായി ഭക്തിപ്രസ്ഥാനത്തെ വിലയിരുത്തുന്നതിന്റെ പ്രധാന കാരണങ്ങള്‍. ഇതോടൊപ്പം ഭക്തിപ്രസ്ഥാനത്തില്‍ പങ്കുചേര്‍ന്ന പതിനായിരക്കണക്കിന് വരുന്ന സാധാരണക്കാരുടെ സാന്നിധ്യവും അതിനെ ഒരു കീഴാള - ജനകീയ പ്രസ്ഥാനമായി പരിഗണിക്കുന്നതിന് പ്രേരണയായി. എന്നാല്‍ പ്രമേയപരമായ പരിഗണനകള്‍ മാറ്റിവച്ച് ഭക്തിപ്രസ്ഥാനത്തിന്റെ സാമൂഹ്യ ഫലങ്ങളെക്കുറിച്ച് വിലയിരുത്തുമ്പോള്‍ ഫ്യൂഡല്‍ ജീവിതമൂല്യങ്ങളുടെ വ്യാപനമാണ് അതിലൂടെ സംഭവിച്ചത് എന്ന് വ്യക്തമാകുമെന്ന് വിമര്‍ശകര്‍ പറയുന്നു. ഭക്തിപ്രസ്ഥാന കവിതകള്‍ പ്രമേയപരമായി ഉയര്‍ത്തിപ്പിടിക്കുന്ന കേവലഭക്തി, സാമൂഹികമായി മധ്യകാല രാജഭക്തി തന്നെയാണെന്നും അവര്‍ കരുതുന്നു. ബ്രാഹ്മണ്യത്തിനും പൗരോഹിത്യത്തിനുമെതിരെ രൂപമെടുക്കാവുന്ന ജനകീയ പ്രതിഷേധത്തില്‍നിന്ന് അവയെ സംരക്ഷിക്കുന്ന സുരക്ഷാരന്ധ്രങ്ങളെന്ന പോലെയാണ് ഭക്തിപ്രസ്ഥാനം നിലകൊണ്ടതെന്നും വിശദീകരിക്കപ്പെടുന്നു.

തന്റെ അവസാന ഗ്രന്ഥത്തില്‍ പി ഗോവിന്ദപ്പിള്ള ഇന്ത്യാചരിത്രത്തിലെ ഈ സന്ദിഗ്ധ പ്രമേയത്തെ വിശകലനം ചെയ്യാനാണ് ശ്രമിക്കുന്നത്. പി ജിയുടെ മരണാനന്തരം പുറത്തുവന്ന The Bhakti Movement: Renaissance or Revivalism എന്ന ഗ്രന്ഥം (പി ജിയുടെ ആദ്യ ഇംഗ്ലീഷ് പുസ്തകവുമാണിത്) ഭക്തിപ്രസ്ഥാനത്തെ ചരിത്രപരമായി സ്ഥാനനിര്‍ണയം ചെയ്യാനുള്ള ശ്രമമാണ്. രണ്ട് ഭാഗങ്ങളില്‍ മുപ്പത് അധ്യായങ്ങളായി സംവിധാനം ചെയ്തിരിക്കുന്ന ഗ്രന്ഥത്തിന്റെ ആദ്യഭാഗത്തിലെ ഒമ്പത് അധ്യായങ്ങളില്‍ ഭക്തിപ്രസ്ഥാനത്തിന്റെ സാമൂഹ്യ ചരിത്രസന്ദര്‍ഭം നിര്‍ധാരണം ചെയ്യാനാണ് പി ജി ശ്രമിക്കുന്നത്.

ബുദ്ധമതത്തിന്റെ പതനവും ഹിന്ദുമതത്തിന്റെ പുനര്‍ജനിയും ഭക്തി പ്രസ്ഥാനത്തിന്റെ ഉദയവും പ്രകൃതവും ഭക്തി പ്രസ്ഥാനത്തിന്റെ കാലാനുക്രമണികയും ഭൂമിശാസ്ത്രവും കലിയുഗ സങ്കല്‍പം, വിദേശാധിപത്യവും ഭക്തിപ്രസ്ഥാനവും ദക്ഷിണേന്ത്യന്‍ ഭക്തിപ്രസ്ഥാനം എന്നിങ്ങനെ ഭക്തിപ്രസ്ഥാനത്തിന്റെ ചരിത്രപരവും സാമൂഹികവും രാഷ്ട്രീയവുമായ വിവക്ഷകളിലേക്ക് വെളിച്ചം വീശുന്നവയാണ് ആദ്യഭാഗത്തിലെ അധ്യായങ്ങള്‍. രണ്ടാംഭാഗത്തിലെ ഇരുപത്തിയൊന്ന് അധ്യായങ്ങള്‍ പൊതുവെ ഭക്തിപ്രസ്ഥാനത്തിലെ വ്യത്യസ്തധാരകളെയും ഭക്തകവികളെയും വിലയിരുത്തുന്നവയാണ്. നായനാര്‍മാരും ആഴ്വാന്മാരും മുതല്‍ ഭക്തമീരയും സൂര്‍ദാസും രാമാനന്ദനും തുളസീദാസും ലൊക്കാമലയും നാനാക്കും ചൈതന്യനും വരെയുള്ളവരുടെ ജീവിതവും സംഭാവനകളും ഈ ഭാഗത്തെ അധ്യായങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

പതിനാറാം നൂറ്റാണ്ടില്‍ താരതമ്യേന വൈകിയ നിലയില്‍ കേരളത്തിലേക്ക് ഭക്തിപ്രസ്ഥാനം കടന്നുവന്നതിനെക്കുറിച്ചാണ് ഉപസംഹാരത്തിന് മുമ്പുള്ള അധ്യായത്തില്‍ പി ജി ചര്‍ച്ച ചെയ്യുന്നത്. ഹൈന്ദവ പുനരുത്ഥാനത്തിന്റെ അടയാളങ്ങള്‍ ധാരാളമുണ്ടെങ്കിലും ഭക്തിപ്രസ്ഥാനത്തിന്റെ നവോത്ഥാനമൂല്യം അതിനേക്കാള്‍ ഏറിനില്‍ക്കുന്നു എന്ന വിലയിരുത്തലോടെയാണ് പി ജി തന്റെ ഗ്രന്ഥം അവസാനിപ്പിക്കുന്നത്. ഒരു സഹസ്രാബ്ദത്തോളം പടര്‍ന്നുകിടക്കുന്ന ഇന്ത്യാചരിത്രത്തിലെ ഈ മഹാപ്രസ്ഥാനത്തിന്റെ ചരിത്രം ഇത്രയും വിശദാംശങ്ങളോടെ ചര്‍ച്ച ചെയ്യുന്ന ഒരു ഗ്രന്ഥം മലയാളത്തിലില്ല. അതുകൊണ്ടുതന്നെ പി ജിയുടെ ഈ അവസാന ഗ്രന്ഥത്തിന് ഒരു മലയാള വിവര്‍ത്തനം ഉണ്ടാവേണ്ടതുണ്ട്. പി ജി യോടുള്ള നമ്മുടെ ആദരവിന്റെ ആവിഷ്കാരംകൂടിയായിരിക്കും ആ വിവര്‍ത്തനം.

*
സുനില്‍ പി ഇളയിടം ദേശാഭിമാനി വാരിക 07 ഏപ്രില്‍ 2013