Showing posts with label ടി കെ ഹംസ. Show all posts
Showing posts with label ടി കെ ഹംസ. Show all posts

Sunday, April 17, 2011

ശരിയത്ത് വിവാദവും സഭയിലെ ചര്‍ച്ചയും

മുന്‍ അദ്ധ്യായങ്ങള്‍ക്ക് ടി.കെ.ഹംസ എന്ന ലേബല്‍ നോക്കുക

സുപ്രസിദ്ധമായ ഷാബാനുബീഗം കേസിലെ സുപ്രീം കോടതിയുടെ അന്തിമവിധി വന്ന കാലമായിരുന്നു അത്. 1985 ഏപ്രില്‍ 23നാണ് സുപ്രീംകോടതി ഈ വിധി പ്രസ്താവിച്ചത്. വിവാഹമോചനം ചെയ്യപ്പെടുന്ന അഗതികളായ സ്ത്രീകള്‍ക്ക് മുന്‍ ഭര്‍ത്താവില്‍നിന്ന് "ജീവിക്കാനുള്ള വക" കിട്ടാന്‍ അവകാശമുണ്ടെന്നാണ് പ്രസ്തുത വിധിയുടെ അനുശാസനം. 1973ലെ ക്രിമിനല്‍ നടപടി നിയമം 125-ാം വകുപ്പ് അനുസരിച്ചാണ് സുപ്രീംകോടതി ഈ വിധി പ്രസ്താവിച്ചിട്ടുള്ളത്. മധ്യപ്രദേശിലെ ഇന്‍ഡോര്‍ 1-ാം ക്ലാസ് മജിസ്ട്രേട്ട് കോടതി മുഹമ്മദ് അഹമ്മദ്ഖാന്‍ Vs ഷാബാനുബീഗം കേസില്‍ കീഴ്ക്കോടതികളില്‍ ഉണ്ടായ വിധികളിന്മേല്‍ ബോധിപ്പിച്ച ഫൈനല്‍ അപ്പീല്‍ പരിഗണിച്ചാണ് സുപ്രീം കോടതി ഈ അവസാനവിധി പ്രഖ്യാപിക്കാന്‍ ഇടവന്നത്.

പ്രസ്തുത കേസില്‍, വിവാഹമോചിതരായ സ്ത്രീകള്‍ക്ക് മുന്‍ ഭര്‍ത്താവ് സംരക്ഷണ ചെലവ് നല്‍കണം എന്ന് അനുശാസിക്കുന്ന 1973ലെ ക്രിമിനല്‍ നടപടി നിയമം 125-ാം വകുപ്പിന്റെ പരിധിയില്‍ മുസ്ലിം സ്ത്രീകള്‍ ഉള്‍പ്പെടുന്നില്ലെന്നും മുസ്ലിം സ്ത്രീകള്‍ക്ക് ഇങ്ങനെ ഒരവകാശം ഇല്ലെന്നും മുഹമ്മദ് അഹമ്മദ്ഖാനും അദ്ദേഹത്തെ സഹായിക്കാന്‍വേണ്ടി ശരിയത്ത് സംരക്ഷണത്തിന്റെ പേരില്‍ ആ കേസില്‍ കക്ഷിചേര്‍ന്ന മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് വക്താക്കളും വാദിക്കുകയുണ്ടായി. മാത്രമല്ല, ഖുര്‍-ആനും സുന്നത്തും അനുസരിച്ച് ജീവിക്കാന്‍ മുസ്ലിങ്ങളെ ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്നുണ്ടെന്നും, അതിനാല്‍ ശരിയത്തിന് വിരുദ്ധമായി വിവാഹമോചിതരായ സ്ത്രീകള്‍ക്ക് ചെലവിന് കൊടുക്കാന്‍ അനുശാസിക്കുന്ന ക്രി.ന. നിയമം 125-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നും ഈ കൂട്ടര്‍ വാദിക്കുകയുണ്ടായി. ഇവരുടെ വാദങ്ങള്‍ തള്ളിക്കൊണ്ടും ഷാബാനുബീഗത്തിന് ചെലവിനുകൊടുക്കാന്‍ കീഴ്ക്കോടതികള്‍ കല്‍പ്പിച്ച വിധികള്‍ ശരിവെച്ചുകൊണ്ടുമാണ് സുപ്രീം കോടതി തീര്‍പ്പ് കല്‍പ്പിച്ചത്.

ഈ കേസില്‍ ഷാബാനുബീഗത്തിന്വേണ്ടി സുപ്രീം കോടതിയില്‍ കേസ് വാദിച്ചത് ഉന്നതനായ കോണ്‍ഗ്രസ് നേതാവും ഇന്ദിരാഗാന്ധിയുടെ മന്ത്രിസഭയിലെ മന്ത്രിയുമായിരുന്ന ആരിഫ് മുഹമ്മദ് ഖാനായിരുന്നു. അദ്ദേഹം ഖുര്‍-ആനും നബിവചനങ്ങളും ബഹുമാനപ്പെട്ട സുപ്രീംകോടതിയില്‍ ഹാജരാക്കിക്കൊണ്ടാണ് കേസ് വാദിച്ചിരുന്നത്. പ്രസ്തുത വിധിക്ക് ശേഷം കോഴിക്കോട്ടുവെച്ച് യുവജനങ്ങളുടെ ഒരു സമ്മേളനത്തില്‍ പ്രസംഗിക്കുന്നതിനിടെ അലിഗര്‍ മുസ്ലിം സര്‍വകലാശാലയിലെ പ്രൊഫസര്‍ ഇര്‍ഫാന്‍ ഹബീബ് ഈ വിധിയെ പരാമര്‍ശിക്കുകയും വിധിക്കനുകൂലമായ അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തു. ആ യോഗത്തില്‍ സംബന്ധിച്ചിരുന്ന സ. ഇ എം എസ് ഈ പ്രസംഗം കേട്ട് തന്റെ അഭിപ്രായം രേഖപ്പെടുത്തി. കാലോചിതവും ഉചിതവുമായ വിധി എന്നാണ് ഇ എം എസ് പ്രസ്താവിച്ചത്. അദ്ദേഹം പറഞ്ഞപ്പോഴേക്ക് ലീഗുകാരും തല്‍പ്പരകക്ഷികളും വിമര്‍ശനങ്ങളും എതിര്‍പ്പുകളും ആര്‍പ്പും വിളിയുമായി. ഒരു കാര്യവും കൂടി ഇ എം എസ് കൂട്ടിപ്പറഞ്ഞു. ഒന്നില്‍ കൂടുതല്‍ സ്ത്രീകളെ വിവാഹം ചെയ്യുകയും ഇഷ്ടംപോലെ ഒഴിവാക്കുകയും ചെയ്യുന്നവര്‍ക്ക് ഇതൊരു നല്ല ചൂണ്ടുപലകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുംകൂടി കേട്ടപ്പോള്‍ അവര്‍ക്ക് കലികേറി. അവര്‍ മുദ്രാവാക്യം വിളിച്ചു പറഞ്ഞു: "രണ്ടുംകെട്ടും നാലും കെട്ടും ഇ എം എസ്സിന്റെ ഓളേം കെട്ടും" എന്ന്.

ഈ ചര്‍ച്ചകള്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയ കോലാഹലങ്ങള്‍ക്കിടയിലാണ് നിയമസഭാ സമ്മേളനം ചേര്‍ന്നത്. ബജറ്റിന്റെ വിശദമായ ചര്‍ച്ചക്കുള്ളതായിരുന്നു ആ സമ്മേളനം. സ്വാഭാവികമായും ഈ വിഷയവും അംഗങ്ങളുടെ പ്രസംഗങ്ങളില്‍ സ്ഥലംപിടിച്ചു. വിഷയദാരിദ്ര്യം അനുഭവപ്പെടുന്നവരും ഇതിലേക്ക് വഴുതിവീണ് പ്രസംഗം പൊടിപൊടിച്ചു. മുസ്ലിംലീഗുകാര്‍ക്ക് സമുദായ വികാരം ചൂഷണം ചെയ്യാനും അതുവഴി കമ്യൂണിസ്റ്റുകാര് മതവിരോധികളാണെന്ന് വരുത്താനും കിട്ടുന്ന അവസരം പാഴാക്കാറില്ല. ബജറ്റ് ചര്‍ച്ചയില്‍ ഈ വിഷയം ഒരുതരത്തിലും പരാമര്‍ശിക്കേണ്ടതില്ല. എന്നാല്‍ പല മെമ്പര്‍മാരുടെയും പ്രസംഗങ്ങളില്‍ ഇ എം എസ്സിനെതിരെയും കമ്യൂണിസ്റ്റ് പാര്‍ടിക്ക് നേരെയും കടുത്ത വാക്കുകളും വെല്ലുവിളികളും ഉയര്‍ന്നു.

അവസാനം പാര്‍ടിക്കുവേണ്ടി അന്ന് പാര്‍ലമെന്ററി പാര്‍ടി സെക്രട്ടറിയായിരുന്ന എം വി രാഘവനാണ് മറുപടി പറഞ്ഞത്. എന്തൊക്കെ വിവരം ഉണ്ടെങ്കിലും ശരിയത്തിനെപ്പറ്റി രാഘവന്‍ പറയുന്നത് ഒരിക്കലും വ്യക്തതയുണ്ടാവാനിടയില്ലല്ലോ. രാഘവന്റെ പരാമര്‍ശങ്ങള്‍ക്ക് മുസ്ലിംലീഗില്‍നിന്ന് കൊരമ്പയില്‍ അഹമ്മദ്ഹാജിയാണ് മറുപടി പറഞ്ഞത്. എന്തുതന്നെ ആയാലും കേള്‍ക്കുന്നവര്‍ക്ക് കൊരമ്പയുടെ അവതരണം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് മുന്‍കൈയുണ്ടെന്ന് തോന്നി.

കാര്യങ്ങള്‍ ഇത്രത്തോളം എത്തിയപ്പോള്‍ ആരോ സ. നായനാരോട് സ്വകാര്യം പറഞ്ഞുകൊടുത്തു, ഈ കാര്യത്തില്‍ ഇടപെട്ടു സംസാരിക്കാന്‍ പറ്റിയ ഒരാള്‍ നിങ്ങളുടെ കൂട്ടത്തിലുണ്ട്. ടി കെ ഹംസ, അയാള്‍, സ്വതന്ത്രനായതിനാല്‍ മിണ്ടാതെയിരിക്കുകയാണ് എന്ന്. നായനാരും ഗൗരിയമ്മയും, രാഘവനും പുറത്ത് ലോബിയില്‍ പോയി ഇരുന്നു. എന്നെ അങ്ങോട്ടു വിളിപ്പിച്ചു. അവര്‍ എന്നോട് ചോദിച്ചു, ശരിയത്ത് ചര്‍ച്ച കേട്ടില്ലേ? ഞാന്‍ പറഞ്ഞു: കേട്ടു, മുഴുവന്‍ കേട്ടു. കൊരമ്പ പറഞ്ഞതെല്ലാം ശരിയാണോ എന്നായി പിന്നത്തെ ചോദ്യം. അല്ലെന്ന് ഞാന്‍ മറുപടി പറഞ്ഞു. അപ്പോള്‍ നായനാര് പറഞ്ഞു, നിങ്ങള്‍ അതിന്നൊരു മറുപടി പറയണം. ഈ കാര്യത്തില്‍ പാര്‍ടിയെ ഡിഫെന്റ് ചെയ്യണം.

അപ്പോള്‍ സ. നായനാരോട് ഞാന്‍ ഉള്ളുതുറന്ന് സംസാരിച്ചു. മൗലാന അബ്ദുല്‍കലാം ആസാദ് മുതല്‍, മുഹമ്മത് അബ്ദുറഹിമാന്‍ സാബ് തുടങ്ങി ഉമ്മര്‍കോയവരെ ഈ ലീഗുകാരോട് പടവെട്ടിയതാണ്, കോണ്‍ഗ്രസിനുവേണ്ടി. ആ കോണ്‍ഗ്രസും ലീഗും ഒന്നായി, ആ മഹാന്മാരെല്ലാം വഞ്ചിക്കപ്പെട്ടു. ആ ഗതി ആലോചിച്ചാണ് ഞാന്‍ മിണ്ടാതിരിക്കുന്നത് എന്ന് ഞാന്‍ തെല്ല് സങ്കടത്തോടെ പറഞ്ഞു. അപ്പോള്‍ നായനാര് പറഞ്ഞു, ഇത് ആ കോണ്‍ഗ്രസ് അല്ല, കമ്യൂണിസ്റ്റ് പാര്‍ടിയാണ്. താന്‍ പാര്‍ടിക്കുവേണ്ടി പോരാടിയാല്‍ അവസാനം ഒരാളേ ഈ പാര്‍ടിയില്‍ ബാക്കി ആകുന്നു എങ്കില്‍ ആ സഖാവ് നിന്റെ കൂടെ ഉണ്ടാകും.

ഇത് കേട്ട് ഞാന്‍ ആവേശഭരിതനായി, എന്റെ രോമം കമ്പിയായി. ഞാന്‍ നേരെ നിയമസഭാ ലൈബ്രറിയിലേക്ക് കടന്നു. ഖുര്‍ ആന്‍ പരിഭാഷ, സി ആര്‍ പി സി, ഷാബാനുകേസിലെ റിപ്പോര്‍ട്ട്, മുഹമ്മദന്‍ ലോ എന്നീ ഗ്രന്ഥങ്ങള്‍ എടുത്ത് എന്റെ സീറ്റില്‍ വന്നിരുന്നു. സഭയില്‍ പ്രതിപക്ഷത്തുനിന്ന് അവസാന പ്രസംഗം സ. ഒ ഭരതനായിരുന്നു. ആ പേര് മാറ്റി. എം വി രാഘവന്‍ എന്റെ പേര് എഴുതിക്കൊടുത്തു. ആ വിവരം അപ്പോള്‍ തന്നെ ഭരണപക്ഷത്ത് കിട്ടി. അത് സ്വാഭാവികമാണ്. അപ്പോള്‍ വ്യവസായ മന്ത്രി മുസ്ലിംലീഗിലെ അഹമ്മത് സാഹിബ് എന്റെ അടുത്തുവന്നിരുന്നു കുശലം പറഞ്ഞു, ചോദിച്ചു, നിങ്ങള്‍ സ്വതന്ത്രനല്ലേ, ഞങ്ങളും കമ്യൂണിസ്റ്റുകാരും തമ്മില്‍ മതപരമായ കാര്യത്തില്‍ ഉള്ള ഈ തര്‍ക്കത്തില്‍ നിങ്ങള്‍ ഇടപെടരുത്. അപ്പോള്‍ വളരെ വിനയത്തോടെ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. എന്നെ പഞ്ചായത്തില്‍പ്പോലും അംഗമാകാന്‍ എന്റെ പാര്‍ടി അനുവദിച്ചിരുന്നില്ല. എന്നെ ഈ നിയമസഭയില്‍ കൊണ്ടുവന്നത് കമ്യൂണിസ്റ്റ് പാര്‍ടിയാണ്. ആ പാര്‍ടി ആവശ്യപ്പെട്ടാല്‍ എനിക്ക് അത് നിരസിക്കാന്‍ സാധ്യമല്ല. രണ്ടുകൊല്ലം ഞാന്‍ ഇവിടെ ഇരുന്നിട്ട് നിങ്ങളാരും ഒരു ലോഗ്യംപോലും പറഞ്ഞിട്ടില്ലല്ലോ. ഈ വിഷയം എനിക്കറിവുള്ളതാണ്. ആര് വേണ്ടെന്ന് പറഞ്ഞാലും ഞാന്‍ പ്രസംഗിക്കും എന്ന് തറപ്പിച്ചു പറഞ്ഞു.

അങ്ങനെ അവസാനം ഉച്ചക്ക് ഒരു മണിക്ക് സ്പീക്കര്‍ എന്റെ പേര് വിളിച്ചു. സഭയില്‍ മുഴുവന്‍ ഹാജര്‍. പൂര്‍ണ നിശ്ശബ്ദത. അന്ന് സ്പീക്കര്‍ വി എം സുധീരനായിരുന്നു. ഞാന്‍ തുടങ്ങി: സേര്‍, ഈ സഭയില്‍ ബജറ്റ് ചര്‍ച്ചയില്‍ ഒരാവശ്യവും ഇല്ലാത്ത ഒരു വിഷയം അനാവശ്യമായി കൊണ്ടുവരികയും അതിനെപ്പറ്റി മതപരമായും നിയമപരമായും അറിയാത്തവര്‍ കാടടക്കി വെടിവെക്കുകയും ആയിരുന്നു ഇതുവരെ. ഇത്രയും പറഞ്ഞപ്പോഴേക്കും ഇസ്ഹാക്ക് കുരിക്കളും, നാലകത്ത് സൂപ്പിയും കെ പി എ മജീദും എണീറ്റ് ബഹളം. ഒരക്ഷരം പറയാന്‍ സമ്മതിക്കില്ല എന്ന നില. ആകാശം പൊട്ടിവീണാലും ഇത് പറഞ്ഞേ പോവുകയുള്ളൂ എന്ന് ഞാനും. അപ്പോള്‍ സ്പീക്കര്‍ എണീറ്റുനിന്നു. അദ്ദേഹം നിന്നാല്‍ മെമ്പര്‍മാര്‍ ഇരിക്കണം എന്നതാണ് ചട്ടം. സ്പീക്കര്‍ സുധീരന്‍ മാന്യവും ധീരവുമായ ഒരു നിലപാടെടുത്തു. അദ്ദേഹം ലീഗുകാരോട് പറഞ്ഞു. "നിങ്ങള്‍തന്നെയാണ് ഒരാവശ്യവും ഇല്ലാതെ ഈ ചര്‍ച്ച ഇവിടെ കൊണ്ടുവന്നത്. ഇരുഭാഗവും ഇതുവരെ പറഞ്ഞതില്‍നിന്ന് യാതൊന്നും ഞങ്ങള്‍ക്ക് മനസ്സിലായിട്ടില്ല. ഹംസ ഈ കാര്യം പറയാന്‍ തുടങ്ങുമ്പോള്‍ തന്നെ അതിനെ സംബന്ധിച്ചു അറിവുണ്ടെന്ന് തോന്നുന്നു. അദ്ദേഹത്തെ എനിക്ക് മുമ്പേ അറിയാം. അദ്ദേഹം പറയട്ടെ നിങ്ങള്‍ ശാന്തരായി ഇരിക്കുക. അയാള്‍ക്ക് ഞാന്‍ എത്രയും സമയം കൊടുക്കും. എന്നാല്‍ ഹംസ പറയുന്നതിന് മറുപടി പറയാന്‍ നിങ്ങള്‍ക്ക് അതിന്റെ ഇരട്ടി സമയം അനുവദിക്കാം. അതുകൊണ്ട് നിശ്ശബ്ദരാകണം, ബഹളം വെക്കാന്‍ ഞാന്‍ അനുവദിക്കില്ല." ഇത്രയും സ്പീക്കര്‍ പറഞ്ഞതോടുകൂടി സഭ നിശ്ശബ്ദമായി. ശാന്തഗംഭീരം. അതിന് സ്പീക്കര്‍ സുധീരനോട് ഞാന്‍ എന്നും കടപ്പെട്ടിരിക്കുന്നു.

ലീഗില്‍നിന്ന് അവസാനമായി പ്രസംഗിച്ച കൊരമ്പ പറഞ്ഞിരുന്നത് "വിവാഹമുക്തയായ സ്ത്രീക്ക് ചെലവിന് കൊടുക്കണം എന്ന് സുപ്രീംകോര്‍ട്ട് വിധി പറഞ്ഞതിലല്ല ഞങ്ങളുടെ എതിര്‍പ്പ്, ആ വിധി ഖുര്‍ -ആന്റെ അടിസ്ഥാനത്തിലാണെന്ന് പറഞ്ഞതിനോടാണ് എതിര്‍പ്പ്" അതിന്നര്‍ഥം അങ്ങനെ കൊടുക്കുന്നതിനെ ഖുര്‍-ആന്‍ അനുകൂലിക്കുന്നില്ല എന്നല്ലെ കൊരമ്പെ? എന്ന് ഞാന്‍ ചോദിച്ചു. എന്നിട്ട് വിശുദ്ധ ഖുര്‍ ആന്റെ പരിഭാഷ ബന്ധപ്പെട്ട പേജില്‍ അടയാളംവെച്ച് ഞാന്‍ സ്പീക്കര്‍ക്ക് കൊടുത്തു. ഞാന്‍ പറഞ്ഞു; സാര്‍, അങ്ങ് ആ ഫ്ളാപ്പ് വെച്ച പേജെടുക്കൂ രണ്ടാം അധ്യായത്തിലെ 241-ാമത്തെ ആയത്ത് വായിക്കുക. അതിന്റെ പരിഭാഷ വായിച്ചാല്‍മതി.

"വിവാഹമോചനം ചെയ്യപ്പെട്ടവള്‍ക്ക് മുന്‍ ഭര്‍ത്താവ് മര്യാദക്ക് ജീവിതച്ചെലവ് കെടുക്കണം, അത് ദൈവഭക്തന്മാരുടെ കടമയാണ്." 2: 241.

ഇത് സ്പീക്കര്‍ സഭയില്‍ വായിച്ചു. ഉടനെ ഞാന്‍ കൊരമ്പയോട് ചോദിച്ചു. കൊരമ്പെ, അങ്ങ് ഖുര്‍-ആന്‍ പഠിച്ചിട്ടുണ്ടോ? തികഞ്ഞ നിശ്ശബ്ദത. പിന്നെ എല്ലാ വശങ്ങളും വിശദമായി ഞാന്‍ വിവരിച്ചു. ഞാന്‍ പറഞ്ഞു, ഖുര്‍-ആന്‍ പറയുന്നത് വിവാഹമുക്തയായ സ്ത്രീക്ക് മുന്‍ ഭര്‍ത്താവ് ചെലവിന് കൊടുക്കണം എന്നാണ്. ഇതാണ് ഷാബാനുവിന്റെ വക്കീല്‍ ആരീഫ് മുഹമ്മദ് ഖാന്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാണിച്ചത്. ആ വാദം സ്വീകരിച്ചുകൊണ്ടാണ് സുപ്രീം കോടതി ""മതാഅ്" കൊടുക്കാന്‍ വിധി പറഞ്ഞത്. അത് ആവര്‍ത്തിച്ചു വിശദീകരിച്ചതാണ് ഇര്‍ഫാന്‍ഹബീബും, പിന്നെ സ. ഇ എം എസും. പിന്നെ ഇവരെന്തിന് ഇ എം എസിന്റെയും പാര്‍ടിയുടെയും നേര്‍ക്ക് തിരിയണം.

ഇത് കേട്ട് ആരും ഒന്നും പറയുന്നില്ല. എന്തെങ്കിലും മറുപടി പറയാനുണ്ടോ? എന്ന് സ്പീക്കര്‍ ലീഗ് നേതാക്കളോട് ചോദിച്ചു. ആരും ഒന്നും മിണ്ടിയില്ല. അതിന് പറ്റിയവര്‍ അന്ന് ആ കൂട്ടത്തില്‍ ഇല്ലായിരുന്നു, ഇന്നും. പിറ്റേന്ന് എല്ലാ പത്രങ്ങളിലും വലിയ വെണ്ടക്ക അക്ഷരത്തില്‍ തലവാചകം കൊടുത്തുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ വന്നു. ചില പത്രക്കാര്‍ എന്നെ അഭിനന്ദിക്കുകയും ചെയ്തു. എനിക്ക് സഭയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അതോടെ നല്ല മൈലേജ് കിട്ടി എന്നതായിരുന്നു അനുഭവം.

ആ സമ്മേളനം കഴിഞ്ഞ് നാട്ടില്‍ വന്നു. എല്ലാ സ്ഥലങ്ങളിലും ഇതിന്റെ വിശദീകരണം. തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ശരിയത്ത് സെമിനാറുകളും ചര്‍ച്ചകളും തന്നെ. സെമിനാറുകളിലെല്ലാം പാര്‍ടിയെ പ്രതിനിധീകരിച്ചു ഞാന്‍ പങ്കെടുത്തിരുന്നു. കുറെ കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു, ഇങ്ങനെ പോകേണ്ടതില്ല. ഇവിടെ ഇസ്ലാമിക ശരിഅത്ത് നിയമത്തെപ്പറ്റി ഒരു തര്‍ക്കവും രാഷ്ട്രീയരംഗത്തില്ല. അപ്പോള്‍ ഒരു ചര്‍ച്ചയുടെയും ആവശ്യമില്ല. ഇവിടെ ആകെയുള്ള പ്രശ്നം വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീക്ക് മുന്‍ ഭര്‍ത്താവ് ജീവിതച്ചെലവ് കൊടുക്കണമോ, വേണ്ടയോ എന്നത് മാത്രമായിരുന്നു. ആ പ്രശ്നം ഖുര്‍ ആന്റെ ആയത്ത് ആരിഫ് മുഹമ്മത്ഖാന്‍ സുപ്രീം കോടതിയില്‍ ഹാജരാക്കുകയും അത് സ്വീകരിച്ച് സുപ്രീംകോടതി അന്തിമവിധി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. ഇനി അത് മാറ്റാന്‍ ആര്‍ക്കും സാധ്യമല്ല. ആ നിലക്ക് നമ്മുടെ ചര്‍ച്ച അവസാനിപ്പിക്കാം എന്നാണ് ഞാന്‍ അഭിപ്രായപ്പെട്ടത്.

ലീഗ് നേതാക്കള്‍ ഇതിനെ, മതവുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങളെന്നപോലെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കാന്‍ ശ്രമിച്ച് നോക്കിയതാണ്. പക്ഷേ യാതൊരു ഗുണവും കിട്ടിയില്ല, വിധിയെ എതിര്‍ത്ത് പരാജയപ്പെടുകയും ചെയ്തു. അവസാനം ശരിയത്ത് വിവാദത്തിലെ രാഷ്ട്രീയ മുതലെടുപ്പിനെ തുറന്നു കാണിച്ചും വിധിക്കനുകൂലമായ ഖുര്‍ആനിലെയും, മറ്റ് ഗ്രന്ഥങ്ങളിലെയും പരാമര്‍ശങ്ങള്‍ ഉദ്ധരിച്ചുകൊണ്ടും ഞാന്‍ "ശരിഅത്ത് വിവാദം എന്ത്, എന്തിന്" എന്ന പേരില്‍ ഒരു പുസ്തകമെഴുതി. പതിനായിരം കോപ്പികള്‍ അച്ചടിച്ച് രാജ്യം മുഴുവന്‍ വിതരണം ചെയ്തു. അതായിരുന്നു എന്റെ ആദ്യത്തെ കൃതി. (തുടരും)


*****


ടി കെ ഹംസ, കടപ്പാട് : ദേശാഭിമാനി വാരിക

Wednesday, February 9, 2011

കരുണാകരന്റെ കരുനീക്കം

മുന്‍ അദ്ധ്യായങ്ങള്‍ക്ക് ടി.കെ.ഹംസ എന്ന ലേബല്‍ നോക്കുക

ഭാര്യയുടെ വിയോഗത്തിനുശേഷം ഒരാഴ്ച മാത്രമെ ഞാന്‍ എല്ലാം നിര്‍ത്തിവച്ച് വീട്ടില്‍ ഇരുന്നിട്ടുള്ളൂ. ഒരാഴ്ച കഴിഞ്ഞ് എല്ലാം സഹിച്ചും മറക്കാന്‍ ശ്രമിച്ചും വേദന കടിച്ചമര്‍ത്തി കൂടുതല്‍ ഊര്‍ജസ്വലത കൈവരിച്ച് രംഗത്തിറങ്ങി വീണ്ടും പൊതുപ്രവര്‍ത്തനം ആരംഭിച്ചു. ആദ്യം പോയത് പൊന്നാനിയില്‍ പി ടി മോഹനകൃഷ്ണന്റെ വീട്ടിലേക്കായിരുന്നു. പിന്നെ പ്രവര്‍ത്തനവും പ്രസംഗവും പ്രചാരണവുംതന്നെ. ദേശീയ രാഷ്ട്രീയവും കേരള രാഷ്ട്രീയവും ഇന്ദിരാ കോണ്‍ഗ്രസിന് അനുകൂലമായി മാറിവരുന്ന, ഏറ്റവും നല്ല സ്ഥിതിയാണ് പിന്നീടുണ്ടായത്. ഇന്ദിരാകോണ്‍ഗ്രസിന് മറ്റു കോണ്‍ഗ്രസ് ഗ്രൂപ്പുകളെക്കാള്‍ ശക്തമായ മുന്നേറ്റം തന്നെയുണ്ടായി. ഇന്ത്യയൊട്ടുക്ക് അഭൂതപൂര്‍വമായ വളര്‍ച്ചയാണ് കണ്ടത്. കോണ്‍ഗ്രസ് ഐക്കാര്‍ "ഇന്ദിരയെ വിളിക്കൂ, ഇന്ത്യയെ രക്ഷിക്കൂ'' എന്ന് ഉറക്കെ മുദ്രാവാക്യം മുഴക്കി ആസേതുഹിമാചലം ആവേശംകൊണ്ടു.

എന്നാല്‍ കേരളത്തില്‍ സിപിഐ എമ്മിന്റെ ശക്തമായ അടിത്തറയും അതിനോട് സിപിഐയും ആന്റണി കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് എമ്മുംകൂടി ചേര്‍ന്നപ്പോള്‍ ഉണ്ടായ മിടുക്കും കോണ്‍ഗ്രസ് ഐ യുടെ മുന്നേറ്റത്തെ പ്രതിരോധത്തിലാക്കി. കോണ്‍ഗ്രസ് ഐയുടെ കൂടെ ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഈ സാഹചര്യത്തിലാണ് 1980ലെ പൊതുതെരഞ്ഞെടുപ്പു വന്നത്. കേന്ദ്രത്തിലും കേരളത്തിലും ഒരുമിച്ചാണ് തെരഞ്ഞെടുപ്പ് പ്രചാരവേല നടന്നത്. എന്നാല്‍ നോമിനേഷന്‍ തീയതിയും പോളിങ് തീയതിയും വ്യത്യാസമുണ്ടായിരുന്നു, ആദ്യം പാര്‍ലമെന്റും പിന്നെ കേരളവും. അഖിലേന്ത്യാടിസ്ഥാനത്തില്‍ ജനതാപാര്‍ടിയും ഗവണ്‍മെന്റും തകര്‍ന്നു ചിന്നിച്ചിതറിക്കിടക്കുന്നു. ഉറച്ച ഭരണത്തിനുവേണ്ടി ജനങ്ങള്‍ എല്ലാം മറന്നു ഇന്ദിരാഗാന്ധിക്ക് പിന്തുണ നല്‍കുന്ന കാഴ്ചയാണ് അന്ന് നാം കണ്ടത്. ചുരുക്കത്തില്‍ ഒരു ഇന്ദിരാതരംഗം തന്നെ അടിച്ചുവീശി.

എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് ഐയും മുസ്ളിംലീഗും മാത്രം ഒരു വശത്തും മറ്റുള്ളവരെല്ലാം ചേര്‍ന്നുള്ള ഇടതുപക്ഷ മുന്നണി മറു ഭാഗത്തും നേരിട്ടുള്ള പോരാട്ടമായിരുന്നു. കോണ്‍ഗ്രസ് ഐ മുന്നണി ശക്തമാണെങ്കിലും ഈ ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ കഴിയുമായിരുന്നില്ല. ഇടതുപക്ഷ മുന്നണിയില്‍ ജനശക്തികൊണ്ട് വലിയ പാര്‍ടി സിപിഐ എം തന്നെയായിരുന്നു. പക്ഷേ ശബ്ദകോലാഹലങ്ങളും വിപ്ളവ വായാടിത്തവുംകൊണ്ട് ആന്റണി കോണ്‍ഗ്രസ് അരങ്ങ് തകര്‍ക്കുകയായിരുന്നു. ഇന്ദിരാഗാന്ധിയെ രാക്ഷസി എന്നുവരെ അവര്‍ ആര്‍ത്തുവിളിച്ചു. അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളും രാജനെ ഉരുട്ടിക്കൊന്ന സംഭവവും മറ്റും ആന്റണികോണ്‍ഗ്രസുകാര്‍ വിശദീകരിക്കുന്നതു കേട്ട് ജനം ലജ്ജിച്ചു തലതാഴ്ത്തി.

സ്ഥാനാര്‍ഥി നിര്‍ണയത്തിനുവേണ്ടി കോണ്‍ഗ്രസ് ഐയുടെ സംസ്ഥാന എക്സിക്യൂട്ടിവ് എറണാകുളത്ത് വിളിച്ചുചേര്‍ത്തു. ഞാനും ഗാംഗാധരനുമാണ് മലപ്പുറം ജില്ലയില്‍നിന്ന് കമ്മിറ്റിയില്‍ ഉള്ളത്. ചര്‍ച്ച ആരംഭിച്ചു. തെക്കുനിന്ന് ജില്ലതിരിച്ച് സ്ഥാനാര്‍ഥികളെ നിര്‍ണയിച്ച്, മലപ്പുറം ജില്ലയിലെത്തി ചര്‍ച്ച. സാധ്യതകളെപ്പറ്റിയുള്ള റിപ്പോര്‍ട് ഞാനാണ് അവതരിപ്പിച്ചത്. ആകെയുള്ള പന്ത്രണ്ട് സീറ്റില്‍ കോണ്‍ഗ്രസ് ഐക്ക് മത്സരസാധ്യതയുള്ള രണ്ടു സീറ്റുകള്‍ പൊന്നാനിയും നിലമ്പൂരുമാണെന്ന് ഞാന്‍ പറഞ്ഞു. യാതൊരു ചര്‍ച്ചക്കും ഇടംകൊടുക്കാതെ കരുണാകരന്‍ ഇടപെട്ടു പറഞ്ഞു, "ഒന്നും ആലോചിക്കേണ്ട, നിലമ്പൂരില്‍ ഡിസിസിഐ പ്രസിഡന്റ് ടി കെ ഹംസയും പൊന്നാനിയില്‍ ഖജാന്‍ജി മോഹനകൃഷ്ണനും മത്സരിക്കട്ടെ'' എന്ന്. രണ്ടും പരാജയപ്പെടുമെന്ന് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു. അന്ന് അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത ശിഷ്യനായിരുന്ന എം പി ഗംഗാധരന്‍ ജയിച്ചിരുന്ന പൊന്നാനിയില്‍നിന്ന് മാറ്റി പട്ടാമ്പി സീറ്റ് കൊടുത്തു. അത് കൂടുതല്‍ സുരക്ഷിതമാണെന്ന് കരുതാന്‍ ന്യായങ്ങളുണ്ടായിരുന്നു.

നിലമ്പൂരില്‍ ഞാനും പൊന്നാനിയില്‍ മോഹനകൃഷ്ണനും നോമിനേഷന്‍ കൊടുത്തു പ്രചാരണം ആരംഭിച്ചു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം തകൃതിയായി നടക്കുന്നതിനിടയില്‍ പാര്‍ലമെന്റ തെരഞ്ഞെടുപ്പിലെ പോളിങ്ദിനം വന്നു. പോളിങ് കഴിഞ്ഞ് രണ്ടു മൂന്ന് ദിവസം കൊണ്ട് ഇന്ത്യ ആകമാനം പാര്‍ലമെന്റ് ഫലം പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് ഐ ക്ക് അത്ഭുതകരമായ മുന്നേറ്റം തന്നെ. ഭൂരിപക്ഷം സീറ്റുകളും ജയിച്ചു. ഇന്ദിരാഗാന്ധി വലിയ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. വലിയ ചര്‍ച്ചകളൊന്നും കൂടാതെ ഇന്ദിരാഗാന്ധി നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. 1980 ജനുവരിയില്‍ തന്നെ ഇന്ദിര പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

കേന്ദ്രത്തില്‍ ഇന്ദിരാ ഗവണ്‍മെന്റ് അധികാരത്തില്‍ തിരിച്ചുവന്നപ്പോഴും കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരവേല നടന്നുകൊണ്ടിരിക്കുകയായിരുന്നു. പ്രധാനമന്ത്രിയായ ഉടനെത്തന്നെ ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തിലേക്ക് വന്നു. മിക്ക നിയോജകമണ്ഡലങ്ങളിലും അവര്‍ പ്രസംഗിച്ചു. ആ കൂട്ടത്തില്‍ നിലമ്പൂര്‍ മണ്ഡലത്തിലും വന്നു. നിലമ്പൂരിലെ എംഎസ്‌പി മൈതാനിയില്‍ ചേര്‍ന്ന വമ്പിച്ച റാലിയെ അവര്‍ അഭിസംബോധനചെയ്തു. യോഗത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. അവരോട് എനിക്ക് വോട്ടുചെയ്യാന്‍ അവര്‍ അഭ്യര്‍ഥിച്ചു. ജനങ്ങള്‍ ഹര്‍ഷാരവത്തോടെയാണ് അത് സ്വീകരിച്ചത്. പക്ഷേ ഇടതുപക്ഷ മുന്നണിയും ആന്റണി കോണ്‍ഗ്രസും മാണി കേരളയും കൂടി ചേര്‍ന്ന സഖ്യത്തിന്റെ കോട്ട തകര്‍ക്കാന്‍ കഴിഞ്ഞില്ല. നിലമ്പൂരില്‍ ഞാന്‍ ആറായിരം വോട്ടിന് പരാജയപ്പെട്ടു. സി ഹരിദാസാണ് അന്ന് വിജയിച്ചത്. പൊന്നാനിയില്‍ മോഹനകൃഷ്ണനും പരാജയം ഏറ്റുവാങ്ങി. എന്നാല്‍ പട്ടാമ്പിയില്‍ കരുണാകരന്റെ അന്നത്തെ ഇഷ്ടതോഴന്‍ എം പി ഗംഗാധരന്‍ വിജയിച്ചു.

ഈ പൊതുതെരഞ്ഞെടുപ്പ് ചൂടില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭൂരിപക്ഷം നേടി. 25-1-80ല്‍ സ. നായനാര്‍ മുഖ്യമന്ത്രിയായി ഗവണ്‍മെന്റ് നിലവില്‍വന്നു. ആ ഗവണ്‍മെന്റില്‍ ആന്റണി കോണ്‍ഗ്രസില്‍നിന്ന് ആര്യാടന്‍ മുഹമ്മദ് വനവും തൊഴിലും വകുപ്പ് മന്ത്രിയായി. അദ്ദേഹം അസംബ്ളിയില്‍ അംഗമായിരുന്നില്ല. അംഗമല്ലാതെ ആറുമാസത്തിലധികം മന്ത്രിസ്ഥാനത്ത് തുടരാന്‍ പാടുള്ളതല്ല. അതിനാല്‍ ആര്യാടന് നിയമസഭാംഗമാകാന്‍വേണ്ടി സി ഹരിദാസ് രാജിവച്ചു. നിലമ്പൂരില്‍ 1981ല്‍ ഉപതെരഞ്ഞെടുപ്പുവന്നു.

1980 ജനുവരിയില്‍ ഞാന്‍ നിലമ്പൂരില്‍ പരാജയപ്പെട്ടപ്പോള്‍തന്നെ കരുണാകരന്റെയും ഗംഗാധരന്റെയും സ്വഭാവത്തില്‍ മാറ്റംവരാന്‍ തുടങ്ങിയതായി ഞാന്‍ മനസിലാക്കുകയുണ്ടായി. പരാജയപ്പെട്ടത് എന്റെ പോരായ്മകൊണ്ടാണെന്നും വേണ്ടത്ര ജാഗ്രതയോടെ പ്രവര്‍ത്തിച്ചില്ലെന്നും അണികള്‍ക്കിടയില്‍ കരുണാകരന്റെ ചില പ്രഭൃതികള്‍ കുശുകുശുപ്പ് തുടങ്ങിക്കഴിഞ്ഞു. ഈ കുത്തിത്തിരുപ്പുരാഷ്ട്രീയം കരുണാകരന്റെ ജീവിതത്തിലുടനീളം പരിശോധിച്ചാല്‍ കാണാവുന്നതാണ്.

അങ്ങനെയിരിക്കെ ഒരു ദിവസം സംഘടന ശക്തിപ്പെടുത്തുന്നതിനെസംബന്ധിച്ച് ഒരു അന്വേഷണവും ചര്‍ച്ചയുംതെളിവെടുപ്പും നടന്നു. കരുണാകരനും ചാണ്ടിസാറും പങ്കെടുത്തിരുന്നു. തെളിവെടുപ്പിന് അവസാനം കരുണാകരന്‍ എന്നെ ഒറ്റക്ക് വിളിച്ച് പറയുകയാണ്, "നിങ്ങള്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറണം, കമ്മിറ്റി പുനഃസംഘടിപ്പിക്കണം'' എന്നാണ് പ്രവര്‍ത്തകരുടെ അഭിപ്രായം എന്ന്.ഇതു കേട്ടപ്പോള്‍ എന്റെ നിഷ്കളങ്കത കൊണ്ട് ഞാന്‍ പറഞ്ഞു, സംഘടന മെച്ചപ്പെടാന്‍ എന്ത് തീരുമാനം എടുക്കുന്നതിനും എനിക്ക് സമ്മതമാണ്. ഞാന്‍ പ്രസിഡന്റ്സ്ഥാനം ഇന്നുതന്നെ ഒഴിഞ്ഞതായി കണക്കാക്കി കമ്മിറ്റി പുനഃസംഘടിപ്പിക്കണം. കരുണാകരന്റെ മുഖത്ത് ഒരു ചെറിയ പുഞ്ചിരി. കെപിസിസി പ്രസിഡന്റ് കെ എം ചാണ്ടിസാര്‍ ഒന്നും മിണ്ടാതെ ഗൌരവത്തില്‍ ഇരിക്കുന്നതാണ് കണ്ടത്.

ഈ നടപടി മനഃപൂര്‍വം ആസൂത്രിതമായി ഒപ്പിച്ചതാണെന്ന് പിന്നീട് എനിക്ക് ബോധ്യമായി. രണ്ടുദിവസം കഴിഞ്ഞ് കെപിസിസി ഐ ഓഫീസില്‍നിന്ന് പുതിയ കമ്മിറ്റി നോമിനേറ്റ്ചെയ്തു ഉത്തരവ് കൈയില്‍ കിട്ടി. അതില്‍ എം പി ഗംഗാധരന്‍ പ്രസിഡന്റും ഞാന്‍ സെക്രട്ടറിമാരില്‍ ഒരാളും. ഇത് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ എനിക്കെതിരായ രണ്ടാമത്തെ കുതികാല്‍വെട്ടായിരുന്നു. ഒന്നമത്തേത് കെഎസ്‌യു ജില്ലാപ്രസിഡന്റ് തെരഞ്ഞെടുപ്പിലായിരുന്നു. അത് മുമ്പ് വിവരിച്ചിട്ടുണ്ട്. തെളിവെടുപ്പിന്റെ അടിസ്ഥാനത്തിലാണെന്ന വ്യാജേന നടത്തിയ ഈ കാലുവാരല്‍ എനിക്ക് വലിയ അപമാനമായി തോന്നി. ഈ ചതി എന്തിനായിരുന്നു എന്ന് പിന്നീട് എനിക്ക് മനസ്സിലായി.ഞാന്‍ പ്രസിഡന്റ് സ്ഥാനത്ത് തുടര്‍ന്നാല്‍ എപ്പോഴും ജില്ലയില്‍ ഒന്നാംസ്ഥാനത്തിനര്‍ഹനാണല്ലോ. അതില്ലാതാക്കണം, ഗംഗാധരനെ പട്ടാമ്പിയില്‍നിന്ന് മലപ്പുറത്തേക്ക് തിരിച്ചുകൊണ്ടുവരണം, ഇതായിരുന്നു രഹസ്യ അജന്‍ഡ.

അതിനിടയില്‍ നിലമ്പൂരില്‍ ആര്യാടനുവേണ്ടിയുള്ള ഉപതെരഞ്ഞെടുപ്പു വന്നു. കോണ്‍ഗ്രസ് ഐയ്ക്കുവേണ്ടി സ്ഥാനാര്‍ഥിയെപ്പറ്റി പല ആലോചനകളും നടത്തി. അവസാനം യൂത്ത്കോണ്‍ഗ്രസ് ഐ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ നിശ്ചയിച്ചു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുന്നു. നേതാക്കന്മാരുടെ ബാഹുല്യം, പണക്കൊഴുപ്പ്, ഇരുഭാഗത്തിന്റെയും സമ്മര്‍ദം എല്ലാം കൂടി നിലമ്പൂരിലെ ജനങ്ങള്‍ ശ്വാസംമുട്ടി കഷ്ടത്തിലായി. ഞാന്‍ ഒരു അച്ചടക്കമുള്ള പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്നോട് നിര്‍ദേശിക്കുന്ന പ്രവൃത്തികള്‍ സത്യസന്ധമായി ചെയ്തുവന്നു.

അവസാനം പോളിങ് കഴിഞ്ഞ് വോട്ട് എണ്ണിത്തീര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് ഐ സ്ഥാനാര്‍ഥി മുല്ലപ്പള്ളി രാമചന്ദ്രന്‍ 19800 വോട്ടിന് പരാജയപ്പെട്ടു. അതും കരുണാകരന്‍ നേരിട്ടു തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുത്തപ്പോഴാണ് ഈ സ്ഥിതി വന്നത്. ഒരു കൊല്ലം മുമ്പ് ഞാന്‍, ഒരു നേതാവിന്റെയും അകമ്പടിയില്ലാതെ, പണക്കൊഴുപ്പില്ലാതെ മത്സരിച്ചപ്പോള്‍ വെറും 6000 വോട്ടിനാണ് പരാജയപ്പെട്ടത്.

ആ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആറുമാസം കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോള്‍ കോണ്‍ഗ്രസ് ഐ പ്രവര്‍ത്തനം ജില്ലയില്‍ വട്ടപ്പൂജ്യമാണെന്ന് ബോധ്യമായി. ഡിസിസി ഐ ഓഫീസ് ആഴ്ചയില്‍ ഒരു ദിവസം മാത്രം, ഗംഗാധരന്‍ തിരുവനന്തപുരത്തുനിന്ന് വരുന്ന ദിവസം മാത്രം തുറക്കുന്ന ഓഫീസായി മാറി. നാലു സെക്രട്ടറിമാരില്‍ ഒരാളായ ഞാന്‍ കൂടുതല്‍ അധ്വാനിച്ച് പാര്‍ടിയെ ക്ഷീണിപ്പിക്കേണ്ടതില്ലെന്ന് കരുതി കുറച്ചു മാറിനിന്നു.

ആറുമാസം തികയുന്നതിനു മുമ്പ് ഇടതുപക്ഷ- ആന്റണി കോണ്‍ഗ്രസ് മുന്നണിയില്‍ മുറുമുറുപ്പും തൊഴുത്തില്‍കുത്തും തുടങ്ങിക്കഴിഞ്ഞിരുന്നു. പ്രത്യേകിച്ചും ആന്റണി കോണ്‍ഗ്രസിനാണ് രോഗം. ഇന്ദിരാ കോണ്‍ഗ്രസ് ഇന്ത്യയില്‍ ഭൂരിപക്ഷം നേടുകയും ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയാവുകയും ചെയ്തപ്പോള്‍ തന്നെ ഭിക്ഷാംദേഹികളായ അവസരവാദികള്‍ക്ക് അധികാരത്തിന്റെ അഭിനിവേശം തുടങ്ങിക്കഴിഞ്ഞിരുന്നു. അവര്‍ കോണ്‍ഗ്രസ് ഐ യിലേക്ക് ചേക്കേറാനുള്ള ഗൂഢനീക്കങ്ങള്‍ തുടങ്ങി.

കുശാഗ്രബുദ്ധിയായ കരുണാകരന്‍ ഈ അവസരം ഉപയോഗിക്കാനുള്ള കരുനീക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഇടതുപക്ഷത്ത് ഭിന്നിപ്പുണ്ടാക്കാതെ ഒരിക്കലും രക്ഷയില്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. ആന്റണിയും മാണിയും വിളിച്ചാല്‍ പടിയിറങ്ങാന്‍ കാത്തുകിടക്കുകയായിരുന്നു.

കേരളത്തിലാകമാനം കോണ്‍ഗ്രസ് ഐക്ക് അനുകൂലമായ സ്ഥിതി വരുന്നു. ഭരണം മാറും എന്ന സൂചനയും ജനങ്ങള്‍ക്കിടയില്‍ പരന്നു. പക്ഷേ മലപ്പുറം ജില്ലയിലെ സംഘടന മൃതപ്രായമായിക്കിടക്കുന്നു എന്ന് കരുണാകരന്‍ മനസ്സിലാക്കി. അങ്ങനെ ഒരു ദിവസം ആലുവ ഗസ്റ്റ് ഹൌസില്‍വച്ച് കെപിസിസി ഐ എക്സിക്യൂട്ടീവ് നടക്കുകയാണ്. യോഗം കഴിഞ്ഞ് കരുണാകരന്‍ എന്നെ അദ്ദേഹത്തിന്റെ മുറിയിലേക്ക് വിളിച്ചു.ഞാന്‍ ഒരു ചെറിയ അകലം സൂക്ഷിച്ചുവരികയായിരുന്നു. മലപ്പുറം ജില്ലയിലെ ജില്ലാ പ്രസിഡന്റ് സ്ഥാനം വീണ്ടും ഏറ്റെടുക്കണം എന്ന് അദ്ദേഹം എന്നോടാവശ്യപ്പെട്ടു. യാതൊരു കാരണവശാലും വീണ്ടും വരാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും എന്നെ ഇനി ഉപദ്രവിക്കരുതെന്നും ഞാന്‍ ദൃഢമായി പറഞ്ഞു. ആ സംഭാഷണം അദ്ദേഹം മരിച്ചുപോയതുകൊണ്ടു ഞാന്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല.

അവസാനം കരുണാകരന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി 1981ല്‍ വീണ്ടും ഞാന്‍ മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തു. ഓഫീസ് തുറന്നു, പ്രവര്‍ത്തകര്‍ വന്നു തുടങ്ങി, കമ്മിറ്റികളും ചര്‍ച്ചകളും തീരുമാനങ്ങളും ഉണ്ടായി. പൊതുയോഗങ്ങളും. വീണ്ടും തകൃതിയായി. ഇത്, 1980 ജനുവരിയില്‍ അധികാരത്തില്‍ വന്ന നായനാര്‍ ഗവണ്‍മെന്റ് അധികാരത്തില്‍ ഇരിക്കുന്ന കാലമായിരുന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍ വിള്ളലുണ്ടാക്കി ആന്റണി-മാണി പ്രഭൃതികളെ തിരിച്ചുകൊണ്ടുവന്ന് അധികാരം പിടിക്കാന്‍ കരുണാകര ന്‍ കരുനീക്കം നടത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് ഞാന്‍ വീണ്ടും ഡിസിസി ഐപ്രസിഡന്റാകുന്നത്.


*****


ടി കെ ഹംസ

Saturday, February 5, 2011

അടിയന്തരാവസ്ഥയ്ക്ക് ശേഷം

മുന്‍ അദ്ധ്യായങ്ങള്‍ക്ക് ടി.കെ.ഹംസ എന്ന ലേബല്‍ നോക്കുക

അടിയന്തരാവസ്ഥക്കാലത്ത് കേരളത്തില്‍ നടന്ന അതിക്രമങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനും പങ്കുണ്ടെന്ന് 1977ല്‍ കെപിസിസി അംഗീകരിച്ച രേഖയിലും പിന്നീട് 1978ല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് നടത്തിയ പ്രസ്താവനയിലും വ്യക്തമാക്കിയിരുന്നു. അടിയന്തരാവസ്ഥയില്‍ നടന്ന സംഭവങ്ങളെ സംബന്ധിച്ച്, മുഖ്യമന്ത്രി എന്ന നിലയ്ക്ക് ഫയലുകള്‍ പരിശോധിച്ചപ്പോള്‍ കിട്ടിയ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയാണെങ്കില്‍ "പുറത്തിറങ്ങി നടക്കാന്‍ കഴിയുകയില്ല''എന്ന് എ കെ ആന്റണി കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ 1978ല്‍ നടത്തിയ പ്രസ്താവന ഞാന്‍ ഇന്നും ഓര്‍ക്കുന്നു.

1977ല്‍ അടിയന്തരാവസ്ഥ പിന്‍വലിച്ച ശേഷം തുടര്‍ന്നു നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഇന്ത്യ മുഴുവന്‍ ഇന്ദിരാഗാന്ധിയും കോണ്‍ഗ്രസും പരാജയപ്പെട്ടു. എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് മുന്നണി വലിയ ഭൂരിപക്ഷത്തിന് ജയിച്ച് അധികാരത്തില്‍ വന്നു.

ആ ഗവണ്‍മെന്റിന് 117 എംഎല്‍എമാരുടെ പിന്തുണയുണ്ടായിരുന്നു. കരുണാകരന്‍ ജീവിതത്തില്‍ ആദ്യമായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പക്ഷേ ആ സ്ഥാനം അദ്ദേഹത്തിന് അധികകാലം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. കുപ്രസിദ്ധമായ രാജന്‍ കേസിലെ ഹേബിയസ് കോര്‍പസ് ഹര്‍ജി കാര്യത്തില്‍ കേരള ഹൈക്കോടതിയുടെ പരാമര്‍ശം കരുണാകരന്റെ രാജിയില്‍ കലാശിച്ചു.

കരുണാകരനുവേണ്ടി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രാജനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടില്ല എന്ന് ബോധിപ്പിക്കുകയുണ്ടായി. എന്നാല്‍ കോഴിക്കോട് റീജ്യണല്‍ എന്‍ജിനിയറിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബഹാവുദ്ദീന്റെയും മറ്റും മൊഴികളുടെയും കോളേജിലെ രേഖകളുടെയും അടിസ്ഥാനത്തില്‍ രാജനെ പൊലീസ് കോളേജിലെ ഹോസ്റ്റലില്‍നിന്ന് പിടിച്ചുകൊണ്ടുപോയിരുന്നതായി കോടതിക്ക് ബോധ്യമായി. അതിനാല്‍ "കരുണാകരന്‍ കോടതി മുമ്പാകെ കളവ് പറഞ്ഞു'' എന്ന് വിധിന്യായത്തില്‍ കോടതി പ്രസ്താവിക്കുകയുണ്ടായി. മാത്രമല്ല അദ്ദേഹത്തിന്റെ പേരില്‍ കോടതിയലക്ഷ്യത്തിന് നടപടികള്‍ ഉണ്ടാകുമെന്നും കോടതി പറഞ്ഞു.

ഇതൊരു നല്ല സന്ദര്‍ഭമായി കണ്ട കോണ്‍ഗ്രസിനകത്തെ കരുണാകരന്റെ എതിര്‍ഗ്രൂപ്പുകാര്‍ അദ്ദേഹം രാജിവയ്ക്കണമെന്ന് ആവശ്യം ഉന്നയിച്ചു. പുറത്തുള്ളവരും അതേറ്റുപിടിച്ചു. ഗത്യന്തരമില്ലാതെയാണ് അദ്ദേഹം സ്ഥാനം ഒഴിഞ്ഞത്. 1977 മാര്‍ച്ച് 25ന് മുഖ്യമന്ത്രിയായി അധികാരമേറ്റ കരുണാകന്‍ മന്ത്രിസഭ 32-ാംദിവസം ഏപ്രില്‍ 25ന് രാജിവച്ചു.

തുടര്‍ന്ന് എ കെ ആന്റണി മുഖ്യമന്ത്രിയായി പുതിയ മന്ത്രിസഭ നിലവില്‍വന്നു. ആ ഭരണം ആറുമാസം തികഞ്ഞില്ല, താഴെ ഇറങ്ങി. ചിക്ക്മംഗളൂരു ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി ഇന്ദിരാഗാന്ധിയെ കോണ്‍ഗ്രസ് അംഗീകരിച്ചതില്‍ ധാര്‍മികരോഷം വന്ന ആന്റണി അതില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 27ന് രാജിവച്ച് തന്റെ വ്യക്തിപ്രഭാവം ഒന്നുകൂടി ഉയര്‍ത്തിപ്പിടിച്ചു. ഇതിനു മുമ്പും അദ്ദേഹത്തിന്റെ ധാര്‍മികരോഷം കേന്ദ്ര ഭക്ഷ്യസഹമന്ത്രിസ്ഥാനം വലിച്ചെറിയാന്‍ ഇടയാക്കിയിട്ടുണ്ട്. കോണ്‍ഗ്രസുമായി ഉണ്ടായ ആ പിണക്കം, അവസാനം സ്വന്തമായി ഒരു പാര്‍ടി ഉണ്ടാക്കുന്നതിലേക്കാണ് അദ്ദേഹത്തെ കൊണ്ടുചെന്നെത്തിച്ചത്. അതായിരുന്നു കോണ്‍ഗ്രസ് (എ) അഥവാ ആന്റണി കോണ്‍ഗ്രസ്.

1978 ജനുവരി രണ്ടിന് ഉണ്ടായ കോണ്‍ഗ്രസിലെ പിളര്‍പ്പിന്റെയും മേല്‍പ്പറഞ്ഞ സാഹചര്യങ്ങളുടെയും പശ്ചാത്തലത്തില്‍ ആന്റണി കോണ്‍ഗ്രസ് ഇടതുപക്ഷ മുന്നണിയിലേക്ക് ചേക്കേറി. ആന്റണിയുടെ രാജിയെത്തുടര്‍ന്ന് അന്ന് കോണ്‍ഗ്രസ് മുന്നണിയിലെ ഘടകകക്ഷി ആയിരുന്ന സിപിഐയുടെ നേതാവ് പി കെ വാസുദേവന്‍നായര്‍ മുഖ്യമന്ത്രിയായി ഭരണം ഏറ്റെടുത്തെങ്കിലും അധികം താമസിയാതെ ആ ഗവണ്‍മെന്റും തകര്‍ന്നു. ഇടതുപക്ഷ മുന്നണി ശക്തിപ്പെടുത്താന്‍ സിപിഐ യും മുന്നണി മാറി ഇടതുപക്ഷത്തേക്ക് ചേര്‍ന്നു. 1979 ഒക്ടോബര്‍ 12നാണ് പി കെ വി മന്ത്രിസഭ രാജിവച്ചത്.

പി കെ വി രാജിവച്ച അന്നുതന്നെ മുസ്ളിംലീഗ് നേതാവ് സിഎച്ച് മുഹമ്മദ്കോയ മുഖ്യമന്ത്രിയായി കേരളത്തിലെ പത്താമത്തെ മന്ത്രിസഭ അധികാരമേറ്റു. "ഒരു അപൂര്‍വ സൃഷ്ടി'' എന്നാണ് ഇ എം എസ് ഈ മന്ത്രിസഭയെ വിശേഷിപ്പിച്ചത്. സി എച്ച് മന്ത്രിസഭ ഒരു കാര്യം മാത്രമാണ് നേടിയത്. ഭൂപരിഷ്കരണനിയമത്തില്‍ ഒരു പഴുത് ഉണ്ടാക്കി, സ്വന്തം മക്കളുടെ പേരില്‍ ഇഷ്ടദാനമായി കൊടുത്ത ഭൂസ്വത്തുക്കള്‍ ഭൂപരിഷ്കരണനിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള ഒരു ഭേദഗതിനിയമം പാസാക്കി. ഇത് പാണക്കാട് തങ്ങളുടെ വക ഭൂസ്വത്തുക്കള്‍ മക്കളുടെ പേരില്‍ ദാനമായി എഴുതിവച്ചിരുന്നതിനെ സാധൂകരിക്കാനാണെന്ന് പരക്കെ ആക്ഷേപമുണ്ടായി. ഈ ഒരൊറ്റ കാര്യം സാധിച്ച് 1979 ഒക്ടോബര്‍ 12ന് അധികാരമേറ്റെടുത്ത സി എച്ച് മന്ത്രിസഭ ഡിസംബര്‍ഒന്നിന് രാജിവച്ചൊഴിഞ്ഞു. കോണ്‍ഗ്രസ് (എ),(യു) വിഭാഗങ്ങളാണ് അദ്ദേഹത്തിന്റെ കാലുവാരിയത്. തുടര്‍ന്ന് കേരളത്തില്‍ ഗവര്‍ണര്‍ ഭരണം വന്നു. അത് രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെയും മന്ത്രിസഭകളുടെ മലക്കം മറിച്ചിലുകളുടെയും കാലമായിരുന്നു. രണ്ടരക്കൊല്ലത്തിന്നിടയില്‍ നാലു മന്ത്രിസഭകള്‍ തകര്‍ന്നടിഞ്ഞത് കേരള ജനത കാണുകയുണ്ടായി.

ഇതേ കാലയളവില്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന മൊറാര്‍ജി ദേശായിയുടെ മന്ത്രിസഭയും തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ജനതാപാര്‍ടി അടിയന്തരാവസ്ഥക്ക് ശേഷംഅന്ന് പ്രയാസം അനുഭവിച്ച എല്ലാ പാര്‍ടികളും ചേര്‍ന്ന് തട്ടിക്കൂട്ടിയതായിരുന്നു. അതിന് ആദര്‍ശത്തിന്റെയും ആശയത്തിന്റെയും ഒരു പരിവേഷവും ഉണ്ടായിരുന്നില്ല. പരസ്പരവിരുദ്ധങ്ങളായ ലക്ഷ്യങ്ങളുള്ള പാര്‍ടികളായിരുന്നു ഘടകങ്ങള്‍ എല്ലാം. ജനസംഘം, സംഘടനാ കോണ്‍ഗ്രസ്,സോഷ്യലിസ്റ്റ് പാര്‍ടികള്‍ എല്ലാം കൂടിച്ചേര്‍ന്നാണ് ജനതാ പാര്‍ടി ഉണ്ടാക്കിയിരുന്നത്. അവര്‍ക്ക് താത്വികവും സംഘടനാപരമായും യോജിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. ഇടതുപക്ഷ പാര്‍ടികളുടെ പിന്തുണയും സഹായവും അതിനെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. ഒരു ഭരണം എന്ന നിലയില്‍ ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നതുമില്ല. ഇന്ദിരാഗാന്ധിയുടെ പേരില്‍ ചില നടപടികള്‍ ആരംഭിക്കാനും, കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യാനും കഴിഞ്ഞത് മാത്രമായിരുന്നു മിച്ചം. അങ്ങനെ മൊറാര്‍ജി ഭരണകൂടം തകര്‍ന്നടിഞ്ഞു. ജനതാ പാര്‍ടിയും തല്ലിപ്പിരിഞ്ഞു, ചുരുക്കത്തില്‍ 1980ല്‍ കേന്ദ്രത്തിലും കേരളത്തിലും ഒരുമിച്ച് പൊതുതെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചു. എന്നാല്‍ പോളിങ് തീയതികളില്‍ വ്യത്യാസമുണ്ടായിരുന്നു.

കോണ്‍ഗ്രസ് ഐ യുടെ തിരിച്ചുവരവും ഭാര്യയുടെ മരണവും

1978 ജനുവരി 10നായിരുന്നു ഞാന്‍ മലപ്പുറം ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് ആയി സ്ഥാനം ഏറ്റെടുത്തത്. അതിനുശേഷം ഞാനും ഏതാനും സഹപ്രവര്‍ത്തകരും ചേര്‍ന്ന് പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തി. ആദ്യം ജില്ലാ കമ്മിറ്റിയുടെ ആസ്ഥാനം മഞ്ചേരിയിലായിരുന്നു. മംഗലം ഗോപിനാഥ്, പ്രൊഫ. വേണുഗോപാല്‍, എ കുഞ്ഞിരാന്‍ എന്നിവര്‍ സെക്രട്ടറിമാരും കുരുണിയന്‍ സൈദ് വൈസ്പ്രസിഡന്റും പി ടി മോഹനകൃഷ്ണന്‍ ഖജാന്‍ജിയും ഭാരവാഹികള്‍. എം പി ഗംഗാധരന്‍ കരുണാകരന്റെ സ്വന്തക്കാരന്‍ എന്ന നിലയില്‍ ഞങ്ങളെ മേല്‍നോട്ടം വഹിക്കുന്ന ടീം മാനേജരും.

അന്നത്തെ രാഷ്ട്രീയ സാഹചര്യം ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമായിരുന്നു. കേന്ദ്രത്തില്‍ ജനതാപാര്‍ടിയും ഗവണ്‍മെന്റും ആഭ്യന്തരകലഹം മൂത്ത് പൊട്ടിപ്പൊളിഞ്ഞ് തകര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. ഇന്ദിരാഗാന്ധിയാണെങ്കില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ ജനങ്ങള്‍ക്കിടയില്‍ സഹതാപം സൃഷ്ടിക്കുകയും ഒരു രക്തസാക്ഷിയുടെ പരിവേഷം രൂപപ്പെടുകയും ചെയ്തു. ഇന്ത്യ മുഴുവന്‍ അവര്‍ തീവണ്ടിയിലും കാറിലുമായി സഞ്ചരിച്ച് ജനസമ്പര്‍ക്കം വിപുലീകരിച്ചു. "ആയിരം കൊല്ലങ്ങള്‍ക്കിടെ ഇനി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയില്ലെന്ന്'' അവര്‍ പ്രസ്താവിച്ചു. വന്നുപോയ തെറ്റുകള്‍ക്ക് അവര്‍ പരസ്യമായി മാപ്പ് പറയുകയും ചെയ്തു.

കേരളത്തിലാണെങ്കില്‍ കോണ്‍ഗ്രസ് ഐ, എ ഭിന്നിപ്പും കോണ്‍ഗ്രസ് എ യുടെ ഇടതുപക്ഷത്തേക്കുള്ള കൂറുമാറ്റവും 1970 മുതല്‍ 79 വരെ കൂടെ നില്‍ക്കുകയും അടിയന്തരാവസ്ഥയില്‍പ്പോലും കൂട്ടുഭരണം നടത്തുകയും ചെയ്ത സിപിഐ കോണ്‍ഗ്രസ് ഐ യെ വിട്ടു ഇടതുപക്ഷം ചേര്‍ന്നതും ജനങ്ങള്‍ക്കിടയില്‍ നല്ല പ്രതികരണമായിരുന്നില്ല ഉണ്ടാക്കിയത്. ഈ സാഹചര്യങ്ങളെല്ലാം കോണ്‍ഗ്രസ് ഐ യുടെ വ്യക്തിത്വം വീണ്ടെടുക്കുന്നതിനും കേരളത്തില്‍പ്പോലും ക്രമേണ ശക്തി ആര്‍ജിക്കുന്നതിനും കാരണമായി.

മേല്‍പ്പറഞ്ഞ പരിതഃസ്ഥിതികള്‍ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് ഞങ്ങള്‍ കോണ്‍ഗ്രസ് ഐ സംഘടന കെട്ടിപ്പടുക്കുന്നതില്‍ വ്യാപൃതരായി. ഞാനും സഹപ്രവര്‍ത്തകരും ജില്ല മുഴുവന്‍ ഓടിനടന്ന് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. ആ കാലത്ത് ഞാന്‍ പ്രതിയോഗികളെ ഫലപ്രദമായി ആക്രമിച്ചും രസകരമായി അവതരിപ്പിച്ചും പ്രസംഗിക്കുന്ന കാലമായിരുന്നു. പ്രസംഗത്തിന് ഞാന്‍ മലപ്പുറം വിട്ട് കോഴിക്കോട്, വയനാട് ജില്ലകളിലും പാലക്കാടിന്റെ ഭാഗങ്ങളിലും എത്തിയിരുന്നു.

ഇന്ദിരാഗാന്ധി ഒരുവേള സംസ്ഥാനത്ത് ഉടനീളം കാറില്‍ സഞ്ചരിച്ച് പര്യടനം നടത്തി. മലപ്പുറം ജില്ലയില്‍ പല സ്ഥലങ്ങളിലും അവര്‍ പ്രസംഗിച്ചു. മഞ്ചേരി ഹൈസ്കൂള്‍ മൈതാനിയില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ ഇന്ദിരാഗാന്ധിയെ ജനങ്ങള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. അവരുടെ ഇംഗ്ളീഷിലുള്ള പ്രസംഗം മലയാളത്തില്‍ പരിഭാഷപ്പെടുത്തിയത് ഞാനായിരുന്നു. ജനങ്ങള്‍ പതുക്കെ അടിയന്തരാവസ്ഥക്കാലം മറക്കുകയായിരുന്നു. ഇന്ദിര തെറ്റുകള്‍ക്ക് മാപ്പു പറഞ്ഞപ്പോള്‍ ജനം അത് പൊറുത്തുകൊടുക്കുകയായിരുന്നു.

ഈ സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസ് ഐ പ്രവര്‍ത്തനം സംഘടിപ്പിക്കുന്നതിന്റെ മുന്‍പന്തിയില്‍ നില്‍ക്കാനും കൈയും മെയ്യും മറന്ന് കഠിനാധ്വാനം ചെയ്യാനും ഞാന്‍ ശ്രമിച്ചു. ഇന്ദിരാഗാന്ധിയും കോണ്‍ഗ്രസ് ഐയും തിരിച്ചുവരവിന്റെ ആവേശോജ്വലമായ മാനങ്ങള്‍ കണ്ടെത്തി ഉയരങ്ങള്‍ കീഴടക്കാന്‍ മുന്നേറുകയായിരുന്നു. അടിവാരത്തില്‍ ഞാനും രാഷ്ട്രീയമായി വളരുന്നതായി എനിക്കും അനുഭവപ്പെട്ടു.

എന്നാല്‍ പത്തുകൊല്ലമായി രാപ്പകല്‍ അധ്വാനിച്ചു കെട്ടിപ്പടുത്ത എന്റെ വക്കീല്‍ പ്രവൃത്തിയുടെ സാമ്രാജ്യം തകര്‍ന്നു പൊളിഞ്ഞുവീണുകൊണ്ടിരുന്നു. എന്റെ വക്കീല്‍ഓഫീസില്‍ കേസിലെ കക്ഷികള്‍ കുറഞ്ഞുവന്നു. ഓഫീസില്‍ കക്ഷികള്‍ വരുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അവര്‍ വരുന്നത് കക്ഷികള്‍ക്കും അരോചകമായി. രണ്ടിന്റെയും നടുവില്‍ എന്റെ മാനസികസംഘര്‍ഷങ്ങള്‍ വര്‍ധിച്ചു. കോടതിയിലും രാഷ്ട്രീയത്തിലും ഒരുപോലെ മുഴുവന്‍ സമയവും ചെലവഴിക്കേണ്ടതായി വന്നതിനാല്‍ ഭക്ഷണവും വിശ്രമവും ഇല്ലാത്ത സ്ഥിതിയാണ് വന്നുചേര്‍ന്നത്.

വക്കീല്‍പ്രവൃത്തിയില്‍ ശ്രദ്ധിക്കാന്‍ സമയം ഇല്ലാത്തതിനാല്‍ ജോലി കുറഞ്ഞു. അതിന്റെ അനന്തരഫലമായി സാമ്പത്തിക തിരിച്ചടി അനുഭവപ്പെടാന്‍ തുടങ്ങി. രാഷ്ട്രീയവും ഭരണപരവുമായ കാരണങ്ങളാല്‍ സംഘടനാപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ശേഖരിക്കാനും പറ്റിയ കാലമായിരുന്നില്ല. തുടക്കത്തില്‍ കോണ്‍ഗ്രസ് ഐ യുടെ ഭാവിയില്‍ ആശങ്കയുള്ളതിനാല്‍ ആള്‍ക്കാരുടെ സഹായം തീരെ ഉണ്ടായിരുന്നില്ല. ചിലപ്പോള്‍ ചുരുക്കം ചില സഹായങ്ങള്‍ കിട്ടും. ബാക്കി ഞങ്ങള്‍ സ്വന്തമായി കൈയില്‍നിന്ന് ചെലവാക്കിയാണ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. ഞാന്‍ ജില്ല മുഴുവന്‍ സഞ്ചരിക്കാന്‍ ഉപയോഗിച്ചിരുന്ന എന്റെ ഫിയറ്റ് കാര്‍ ഓടി കേടുവന്ന് ഏതാണ്ട് തകര്‍ന്നു.

ഇതിനെക്കാളെല്ലാം എന്നെ വ്യക്തിപരമായി ആ കാലത്ത് അലട്ടിയിരുന്നത് എന്റെ ഭാര്യ സാറാബീവിയുടെ രോഗം പൂര്‍വാധികം ശക്തിയോടെ മൂര്‍ഛിച്ചുവന്നതായിരുന്നു. ആസ്ത്മ രോഗം പാരമ്യത്തിലെത്തിയ സ്ഥിതി, കോര്‍ടിസോണ്‍ ചികിത്സയുടെ അനന്തരഫലങ്ങള്‍, അതുണ്ടാക്കിയ ശരീരത്തിലെ മറ്റു പ്രത്യാഘാതങ്ങള്‍ എല്ലാംകൂടി അസഹനീയമായ അവസ്ഥ. ഫലപ്രദമായ ഒരു ചികിത്സയും ഈ ഘട്ടത്തില്‍ കൊടുക്കാന്‍ കഴിയില്ലെന്ന് ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും അറിയാമായിരുന്നു. മൂമ്പ് മൂവാറ്റുപുഴയിലെ ചാരിസ് ക്ളിനിക്കില്‍വച്ച് ചെയ്ത ചികിത്സ കോര്‍ടിസോണ്‍ മരുന്നിന്റെ അമിതപ്രയോഗമായിരുന്നു. അതിന് ഏതാണ്ട് അഞ്ചുകൊല്ലം സുഖം കിട്ടും, പിന്നെ പൂര്‍വാധികം ശക്തിയായി രോഗം തിരിച്ചുവരും എന്ന് അന്നു തന്നെ മഞ്ചേരി ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീധരന്‍ പറഞ്ഞിരുന്നത് അക്ഷരംപ്രതി ശരിയായി വന്നു. എങ്കിലും 'കുന്തംപോയാല്‍ കുടത്തിലും തെരയാം' എന്ന പഴഞ്ചൊല്ലുപോലെ ചില ചികിത്സാ ശ്രമം നടത്താന്‍ നോക്കി.

അതിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍കോളേജിലെ തൊറാസിക് സര്‍ജന്‍ പ്രൊ. കൃഷ്ണന്‍നായരുടെ അടുത്തു കൊണ്ടുപോയി. അദ്ദേഹം ഇംഗ്ളണ്ടിലൊക്കെ പോകാന്‍ ഒരുങ്ങിനില്‍ക്കുകയായിരുന്നു. അദ്ദേഹത്തിന് പരിശോധിച്ച് ചികിത്സ നിശ്ചയിക്കാന്‍ കഴിഞ്ഞില്ല. അപ്പോള്‍ ഞങ്ങള്‍ കോഴിക്കോട് സഹകരണ ആശുപത്രിയില്‍ അന്ന് മുഖ്യ ഡോക്ടര്‍ ആയിരുന്ന തൊറാസിക് ഫിസിഷ്യന്‍ ഡോ. അഹമദിനെ പോയി കണ്ടു.അദ്ദേഹവും പരിശോധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഒരു എന്‍ഡോസ്കോപ്പി ചെയ്യണമെന്ന് നിര്‍ദേശിച്ചു. ഡോ. വിജയരാഘവന്റെ അടുത്തേക്കയച്ചു. ആ പരിശോധന കഴിഞ്ഞതിനുശേഷം ഒന്നും സംസാരിക്കാന്‍പോലും കഴിയാത്ത സ്ഥിതിയിലായി. പിന്നെ നാട്ടിലേക്ക് പോന്നു. കുറച്ചുദിവസം കഴിഞ്ഞു ഗത്യന്തരമില്ലാതെ വീണ്ടും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തു, പേ വാര്‍ഡ് ബി 9ല്‍ ആണ് കിടന്നിരുന്നത്.

കഴിവിന്റെ പരമാവധി ചികിത്സയും വൈദ്യസഹായവും ചെയ്യാന്‍ ശ്രമിച്ചിരുന്നെങ്കിലും അടുത്തിരുന്നു ശുശ്രൂഷിക്കാനും പരിചരിക്കാനും കൂടുതല്‍ സമയം വിനിയോഗിക്കാന്‍ കഴിയാതെപോയതില്‍ ഞാന്‍ ഇന്നും ദുഃഖിതനാണ്. ഓഫീസിലും വീട്ടിലും രാഷ്ട്രീയവും പാര്‍ടി പ്രവര്‍ത്തകരും, ഇടയ്ക്ക് കേസിലെ കക്ഷികളും. തിരിയാനും മറിയാനും കഴിയാത്ത അവസ്ഥ. ഭാര്യ കിടപ്പിലായതിനാല്‍ കുട്ടികളുടെ കാര്യത്തിലും ഞാന്‍ തന്നെ ശ്രദ്ധിക്കണം. മൂത്ത മകന്‍ നജീബ് അലിഗഡ് സര്‍വകലാശാലയില്‍ ഒന്നാംവര്‍ഷ ബിഎ വിദ്യാര്‍ഥിയാണ്. രണ്ടാമത്തേത് പെണ്‍കുട്ടി നദീറ എട്ടാം ക്ളാസിലും മൂന്നാമത്തേത് റഫി അഞ്ചാം ക്ളാസിലും നാലാമത്തെ കുട്ടി ഷബീര്‍ 3-ാം തരത്തിലും ആണ് പഠിച്ചിരുന്നത്. ആകപ്പാടെ വിഷമംനിറഞ്ഞ പ്രതിസന്ധികള്‍ എന്നെ വീര്‍പ്പുമുട്ടിച്ചു.

ഭാര്യ മെഡിക്കല്‍ കോളേജില്‍ പേ വാര്‍ഡില്‍ കിടക്കുന്നു. ചികിത്സകൊണ്ട് വലിയ ഗുണമൊന്നും ഇല്ലെന്ന് ബോധ്യമായി. ഒരു ദിവസം ഞാന്‍ അവരുടെ മുറിയില്‍ ഇരിക്കുമ്പോള്‍ വൈകുന്നേരംഏഴുമണി കഴിഞ്ഞിരിക്കും, കോഴിക്കോട് കുറ്റിച്ചിറയിലെ പാര്‍ടി പ്രവര്‍ത്തകര്‍ എന്നെ തിരഞ്ഞ് അവിടെ വന്നു. കുറ്റിച്ചിറയില്‍ പെട്ടെന്ന് ഒരു യോഗം വച്ചിട്ടുണ്ടെന്നും ഞാനതില്‍ ചെന്ന് പ്രസംഗിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഞാന്‍ ആശുപത്രിയില്‍ ഉണ്ടെന്നറിഞ്ഞു വന്നതാണവര്‍. അവര്‍ക്ക് ഭാര്യയുടെ രോഗത്തിന്റെ കാഠിന്യം അറിയാമായിരുന്നില്ല. ഞാന്‍ അവരോട് രോഗത്തിന്റെ സ്ഥിതി പറഞ്ഞുകൊടുത്തു, ഇപ്പോള്‍ വരാന്‍ കഴിയില്ലെന്ന് പറഞ്ഞു. അപ്പോള്‍ അതെല്ലാം കേട്ടുകിടക്കുന്ന ഭാര്യ, സംസാരിക്കാന്‍ വയ്യ, കൈകൊണ്ട് ആംഗ്യം കാണിച്ചുകൊണ്ട് അവരുടെ കൂടെ പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. മനമില്ലാ മനസ്സോടെ ഞാന്‍ അവരുടെ കൂടെ പോയി. പ്രസംഗം കഴിഞ്ഞ് പതിനൊന്ന് മണിക്കാണ് ഞാന്‍ തിരിച്ചെത്തിയത്.

ഞാന്‍ പേ വാര്‍ഡില്‍ തന്നെ പരിചാരകര്‍ക്കുള്ള ബെഞ്ചില്‍ കിടന്നു. ഭാര്യയുടെ അനുജത്തി റുഖിയാബി മാത്രമാണ് സഹായിക്കാന്‍ ഉണ്ടായിരുന്നത്. മുറിയുടെ പുറത്ത് ജനലിനടുത്ത് എന്റെ കാര്‍ നിര്‍ത്തിയിട്ട് അന്ന് എന്റെ കാര്‍ ഓടിച്ചിരുന്ന കുഴിയോടന്‍ ആലി അതില്‍ കിടന്നുറങ്ങി. ആലി എന്റെ ഡ്രൈവറും സുഹൃത്തും സഹചാരിയുമായിരുന്നു അന്നും ഇന്നും.

ഞാന്‍ ക്ഷീണംകൊണ്ട് ഉറങ്ങിപ്പോയി. നേരം പുലര്‍ച്ചെ നാലുമണിക്ക് അനിയത്തി റുഖിയാബി എന്നെ തട്ടി ഉണര്‍ത്തി, ഭാര്യ കിടക്കുന്നത് ചൂണ്ടിക്കാണിച്ചു. പൊട്ടിക്കരഞ്ഞു. കാര്യം പന്തിയല്ലെന്ന് എനിക്ക് മനസ്സിലായി. ഞാന്‍ തട്ടിപ്പിടഞ്ഞ് എണീറ്റ് അടുത്തുചെന്ന് തൊട്ടുനോക്കി, അനക്കമില്ല. കണ്ണിന്റെ ഇമ പൊന്തിച്ചുനോക്കി. അവര്‍ എന്നന്നേക്കുമായി എന്നെ വിട്ടുപിരിഞ്ഞു എന്ന് എനിക്ക് ബോധ്യമായി. അങ്ങനെ 1978 ഫെബ്രുവരി 27ന് പ്രഭാതത്തില്‍ നാലുമണിക്ക് അവര്‍ ഇഹലോകവാസം വെടിഞ്ഞു.

അപ്പോഴത്തെ എന്റെ മാനസികാവസ്ഥ കടലാസില്‍ പകര്‍ത്താന്‍ വാക്കുകള്‍ ഇല്ല. നിസ്സഹായനായ ഞാന്‍ ജനലിലൂടെ പുറത്തേക്ക് നോക്കി. എന്റെ കാര്‍ മുമ്പിലെ ടയര്‍ പഞ്ചറായി കിടക്കുന്നു. ആലി കാറിനകത്ത് കിടന്നുറങ്ങുന്നു. ഞാന്‍ കിടിലംകൊണ്ടു. ജീവിതത്തില്‍ ഇങ്ങനെ ഒരു ഘട്ടം ആദ്യമായി അനുഭവിച്ചു. പെട്ടെന്ന് ഒരു ഉള്‍വിളി എന്നോണം എനിക്ക് ഒരു ധൈര്യം കൈവന്നു. ഞാന്‍ പുറത്തിറങ്ങി വന്ന് ആലിയെ വിളിച്ചുണര്‍ത്തി.അനിയത്തി അപ്പോള്‍ അബോധാവസ്ഥയിലാണ്. ഞാന്‍ തന്നെ എല്ലാം നിര്‍വഹിക്കണം എന്ന സ്ഥിതി. കൌണ്ടറില്‍ച്ചെന്ന് നേഴ്സുമാരെ വിവരം അറിയിച്ചു. ആലി കാറിന്റെ ടയര്‍ മാറ്റി പെട്ടെന്ന് മഞ്ചേരിയിലേക്ക് പോന്നു.

ആശുപത്രി ജീവനക്കാരുടെ സഹകരണവും സേവനവും പരമാവധി കിട്ടി. ഒരു ആംബുലന്‍സ് സംഘടിപ്പിച്ചു, മൃതദേഹവുമായി പുറപ്പെട്ടു. ആംബുലന്‍സില്‍ എന്റെ കൂടെ അന്ന് ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന തിരൂരങ്ങാടിക്കാരന്‍ സി പി അബ്ദുള്‍ലത്തീഫും ഭാര്യയും കൂടെ വന്നു. ആംബുലന്‍സ് രാവിലെ ഏഴുമണിക്ക് മഞ്ചേരി കച്ചേരിപ്പടിയിലെ എന്റെ വീട്ടുമുറ്റത്ത് നിര്‍ത്തി ഞാന്‍ ഇറങ്ങി. വീടിന്റെ കോലായില്‍ ചെറിയ മൂന്നു മക്കള്‍ നിരന്നു നില്‍ക്കുന്നു. അവരുടെ കണ്ണുകളില്‍നിന്ന് ധാരയായി വെള്ളം ഒഴുകുന്ന ആ ഘട്ടം കൂടുതല്‍ വിവരിക്കാന്‍ ഞാന്‍ അശക്തനാണ്....

വീട്ടില്‍ നിറയെ ആള്‍ക്കാര്‍, കുടുംബങ്ങളും സുഹൃത്തുക്കളും. എന്റെ ബാപ്പയെ കണ്ടപ്പോള്‍ ഞാന്‍ തളര്‍ന്ന് കട്ടിലില്‍ വീണു. കുറെ നേരത്തേക്ക് അവശനായി. ബാപ്പ മാനസികമായി ശക്തനും പ്രഗത്ഭനുമായിരുന്നു. പിന്നെ എല്ലാം അദ്ദേഹമാണ് നിയന്ത്രിച്ചത്. വൈകുന്നേരം നാലുമണിക്ക് മേലാക്കം പള്ളി ഖബറിസ്ഥാനില്‍ അടക്കം ചെയ്തു. അലിഗഡില്‍ പഠിക്കുന്ന മകന്‍ നജീബിന് എത്താന്‍ കഴിഞ്ഞില്ല. കൊച്ചിയില്‍ വിമാനം ഇറങ്ങി എത്തിയപ്പോള്‍ രാത്രി ആയിപ്പോയി. പിന്നെ അവനെയും കൂട്ടി ഖബറിടത്തില്‍ പോയി സിയാറത്ത് കഴിച്ചു.

*
ടി കെ ഹംസ കടപ്പാട്: ദേശാഭിമാനി വാരിക 06 ഫെബ്രുവരി 2011

Wednesday, February 2, 2011

ഇന്ദിരാഗാന്ധിയും അടിയന്തരാവസ്ഥയും

മുന്‍ അദ്ധ്യായങ്ങള്‍ക്ക് ടി.കെ.ഹംസ എന്ന ലേബല്‍ നോക്കുക

ഈ കാലഘട്ടം ഭാരതത്തിന്റെ സാമൂഹ്യരാഷ്ട്രീയ രംഗങ്ങളില്‍ വലിയ കോളിളക്കം സൃഷ്ടിച്ച കാലമായിരുന്നു. അതിനെ 'ഇന്ദിരായുഗം' എന്ന് വിശേഷിപ്പിക്കാവുന്നതാണ്. സംഘര്‍ഷഭരിതവും സംഭവബഹുലവുമായ സന്ദര്‍ഭങ്ങള്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരുന്നു. ആ ദുരന്തകഥയിലെ നായിക ശ്രീമതി ഇന്ദിരാഗാന്ധിതന്നെയായിരുന്നു. അവരുടെ ചരിത്രംതന്നെ അത്ഭുതങ്ങള്‍ നിറഞ്ഞതാണ്.

1917 നവംബര്‍ 19ന് ജവഹര്‍ലാല്‍ നെഹ്റുവിന്റെ മകളായി അലഹബാദിലെ ആനന്ദഭവനിലാണ് ഇന്ദിരാഗാന്ധി ജനിച്ചത്. യഥാര്‍ഥത്തില്‍ അവര്‍ക്ക് ഗാന്ധി കുടുംബവുമായി ഒരു ബന്ധവും ഇല്ല. പഠനകാലത്ത് അവര്‍ പാഴ്സി യുവാവായ ഫിറോസ് ഗാണ്ഡിയുമായി പ്രണയത്തിലായി. ഫിറോസിനെ വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിന് അച്ഛന്‍ നെഹ്റു അനുകൂലമായിരുന്നില്ല. ഫിറോസ് ഇന്ദിരയുടെ അമ്മ കമലാനെഹ്റുവിന്റെ അനുയായി ആയിരുന്നു. എങ്കിലും നെഹ്റുവിന് അയാളെ ഇഷ്ടമായിരുന്നില്ല. ഫിറോസ് പാഴ്സിയും സാമൂഹ്യപദവിയില്‍ താഴെ തട്ടിലുമായിരുന്നു. ഫിറോസിന്റെ കുടുംബം ബ്രിട്ടീഷ് അനുകൂലികളും നെഹ്റു കുടുംബത്തോട് എതിര്‍പ്പുള്ളവരും ആയിരുന്നു. അവസാനം ഇന്ദിരയുടെ നിര്‍ബന്ധത്തിന് വഴങ്ങി, ഗാന്ധിജിയാണ് നെഹ്റുവിനെ സമ്മതിപ്പിച്ച് ഇന്ദിരയെ ഫിറോസ് ഗണ്ഡിയുമായി വിവാഹം നടത്തിച്ചത്. ഫിറോസ് ഗണ്ഡി വിവാഹം ചെയ്തതുകൊണ്ട് യഥാര്‍ഥത്തില്‍ ഇന്ദിരാഗണ്ഡി എന്നാണ് പേര് വിളിക്കേണ്ടത്. പില്‍ക്കാലത്ത് ഗണ്ഡി ലോപിച്ച് ഗാന്ധിയായി, അത് പിന്‍തുടര്‍ച്ചയായി മദാമ്മ സോണിയാഗാന്ധിവരെ എത്തിനില്‍ക്കുന്നു. സത്യത്തില്‍ ഇന്ദിര-ഫിറോസ് കുടുംബബന്ധം അധികം താമസിയാതെ അലസിപ്പിരിഞ്ഞു.

1964 മെയ് 27ന് പ്രധാനമന്ത്രി നെഹ്റു മരണപ്പെട്ടു. തുടര്‍ന്ന് ലാല്‍ ബഹദൂര്‍ ശാസ്ത്രി പ്രധാനമന്ത്രിയായി. അന്ന് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ഇന്ദിര ആ മന്ത്രിസഭയില്‍ വാര്‍ത്താ-വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായി. 1965ലെ ഇന്ത്യാ-പാക് യുദ്ധം നടന്നപ്പോള്‍ സമാധാനക്കരാറില്‍ ഒപ്പ് വയ്ക്കാനായി താഷ്ക്കന്റില്‍ പോയ പ്രധാനമന്ത്രി ശാസ്ത്രി അവിടെ വച്ച് മരണപ്പെട്ടു.

അന്നുമുതല്‍ക്കാണ് സ്വാതന്ത്ര്യലബ്ധിക്ക് ശേഷം കോണ്‍ഗ്രസില്‍ അധികാര വടംവലി ആരംഭിച്ചത്. ഗുല്‍സാരിലാല്‍ നന്ദയുടെയും മൊറാര്‍ജി ദേശായിയുടെയും പേരുകള്‍ പ്രധാനമന്ത്രി പദത്തിലേക്ക് നിര്‍ദേശിക്കപ്പെട്ടു. കോണ്‍ഗ്രസിനകത്ത് രൂപംകൊണ്ടിരുന്ന 'സിന്‍ഡിക്കറ്റ്' വിഭാഗം ഇന്ദിരയെ പ്രധാനമന്ത്രിയാക്കാന്‍ കരുനീക്കം നടത്തി. കാമരാജ് ആയിരുന്നു അതിലെ 'കിങ് മേക്കര്‍'. അങ്ങനെ 1966 ജനുവരി 24ന് ഇന്ദിര ഇന്ത്യയിലെ മൂന്നാമത്തെ പ്രധാനമന്ത്രിയായി അധികാരമേറ്റു.

തുടര്‍ന്ന് 1967ല്‍ പൊതു തെരഞ്ഞെടുപ്പ് നടന്നു. കോണ്‍ഗ്രസ് ജയിച്ചെങ്കിലും അംഗബലം 358ല്‍നിന്ന് 279 ആയി കുറഞ്ഞു. കാമരാജ് ഉള്‍പ്പെടെ സിന്‍ഡിക്കറ്റ് സ്ഥാനാര്‍ഥികളായിരുന്നു കൂടുതലും പരാജയപ്പെട്ടത്. സിന്‍ഡിക്കറ്റുമായി ഇന്ദിര തെറ്റി. എന്നാല്‍ പാര്‍ലമെന്ററി പാര്‍ടിയില്‍ സിന്‍ഡിക്കറ്റുകാര്‍ക്കായിരുന്നു മേല്‍കൈ. അത് അധികാര മത്സരത്തിന്റെ ശക്തി വര്‍ധിപ്പിച്ചു. എന്നാല്‍ ആദര്‍ശത്തിന്റെ പരിവേഷം നല്‍കി ഇന്ദിര മുന്‍കൈ നേടി. സിന്‍ഡിക്കറ്റിലുള്ളവര്‍, യാഥാസ്ഥിതിക, മുതലാളിത്തവാദികളാണെന്ന് ഇന്ദിര പ്രചരിപ്പിച്ചു. താന്‍ സോഷ്യലിസം സ്ഥാപിക്കാന്‍ നിലകൊള്ളുന്നു എന്ന് അവര്‍ പ്രഖ്യാപിച്ചു. ബാങ്ക് ദേശവല്‍ക്കരണം, നാട്ടുരാജാക്കന്മാരുടെ പ്രിവിപേഴ്സ് നിര്‍ത്തലാക്കല്‍ എന്നീ പുരോഗമന നടപടികള്‍ സ്വീകരിക്കാന്‍ തുടക്കംകുറിച്ചു.

ഈ ഘട്ടത്തിലാണ് രാഷ്ട്രപതി ഡോ. സക്കീര്‍ ഹുസൈന്‍ മരണപ്പെട്ടത്. അത് ഗവണ്‍മെന്റിലും കോണ്‍ഗ്രസിലും മറ്റൊരു പ്രതിസന്ധിയുളവാക്കി. സിന്‍ഡിക്കറ്റിലെ നിജലിംഗപ്പയായിരുന്നു കോണ്‍ഗ്രസ് പ്രസിഡന്റ്. അതിനാല്‍ സിന്‍ഡിക്കറ്റിലെ തന്നെ മറ്റൊരു പ്രധാനിയായ നേതാവ് സഞ്ജീവറെഡ്ഡിയെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കാല്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ഇതിനെ ആദ്യം ഇന്ദിര അനുകൂലിച്ചെങ്കിലും പിന്നെ അഭിപ്രായം മാറ്റി. സഞ്ജീവറെഡ്ഡിയെ പ്രസിഡന്റാക്കാന്‍ സിന്‍ഡിക്കറ്റ് തീരുമാനിച്ചതിലെ ഗൂഢതന്ത്രം ഇന്ദിരക്ക് പെട്ടെന്ന് പിടികിട്ടി, തന്റെ പ്രധാനമന്ത്രിപദത്തെ നിയന്ത്രിക്കാനാണെന്ന് ബോധ്യമായി. ഇന്ദിരയുടെ രഹസ്യനീക്കങ്ങളുടെ ഫലമായി അന്നത്തെ വൈസ്പ്രസിഡന്റ്ആയിരുന്ന വി വി ഗിരി സ്വതന്ത്രസ്ഥാനാര്‍ഥിയായി രംഗത്ത് വന്നു. ഇന്ദിര ഗിരിയെ പരസ്യമായി പിന്തുണച്ചു. ആ വാശിയേറിയ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഇന്ദിര പിന്‍തുണച്ച വിമതസ്ഥാനാര്‍ഥി വി വി ഗിരി വലിയ വിജയം നേടി. അതോടെ കോണ്‍ഗ്രസ് സംഘടന നെടുകെ പിളര്‍ന്നു. കോണ്‍ഗ്രസ്(ഒ) അഥവാ സംഘടനാ കോണ്‍ഗ്രസ് എന്നും ഇന്ദിരവിഭാഗം കോണ്‍ഗ്രസ്(ആര്‍) അഥവാ ഭരണകോണ്‍ഗ്രസ് എന്നും അറിയപ്പെട്ടു. 1970 ഡിസംബറില്‍ ഇന്ദിരാഗാന്ധി പാര്‍ലമെന്റ് പിരിച്ചുവിട്ട് ഇന്ത്യയില്‍ പൊതു തെരഞ്ഞെടുപ്പ് നടത്താന്‍ നിര്‍ദേശിച്ചു. 1971 ല്‍ തെരഞ്ഞെടുപ്പ് നടന്ന് ഇന്ദിരാഗാന്ധി വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍വന്നു.

1975 ജൂണ്‍ 12ന് അലഹബാദ് ഹൈക്കോടതി ഇന്ദിരയുടെ തെരഞ്ഞെടുപ്പ് ദുര്‍ബലപ്പെടുത്തി, ആറ് വര്‍ഷത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെടാന്‍ അര്‍ഹതയില്ലെന്നും വിധിച്ചു. ഇന്ദിരയുടെ എതിര്‍സ്ഥാനാര്‍ഥി രാജ്നാരായണന്‍ ഫയല്‍ ചെയ്തിരുന്ന തെരഞ്ഞെടുപ്പ് ഹരജിയിലായിരുന്നു ഈ വിധി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സര്‍ക്കാര്‍ സംവിധാനം ഇന്ദിര ഉപയോഗപ്പെടുത്തി എന്നായിരുന്നു ഹരജിയിലെ ആരോപണം. സുപ്രീം കോടതിയും ഈ വിധി ശരിവച്ചു.

അതിനെത്തുടര്‍ന്ന് ഇന്ദിര രാജിവയ്ക്കണം എന്ന് പ്രതിപക്ഷങ്ങള്‍ ആവശ്യപ്പെട്ടു. അത് മാനിക്കുന്നില്ലെന്നുകണ്ടപ്പോള്‍ പ്രതിപക്ഷ പാര്‍ടികള്‍ ഒന്നടങ്കം പ്രക്ഷോഭങ്ങള്‍ ആരംഭിച്ചു. സംയുക്ത പ്രക്ഷോഭസമരങ്ങളുടെ നേതാവ് മഹാനായ ജയപ്രകാശ്നാരായണന്‍ ആയിരുന്നു. പ്രക്ഷോഭസമരങ്ങളെ അടിച്ചമര്‍ത്താനും കാലാവധി തീരുന്നതുവരെ ഭരണം തുടരാനും ഇന്ദിര തീരുമാനിച്ചു. അങ്ങനെ 1975 ജൂണ്‍ 25ന് അര്‍ധരാത്രിയില്‍ ഇന്ത്യയില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു.

ഇന്ത്യന്‍ ഭരണഘടനയിലെ പ്രത്യേക അധികാരം ഉപയോഗിച്ച് ഭരണഘടനതന്നെ സസ്പെന്‍ഡ് ചെയ്യപ്പെട്ടു. ഭരണഘടന പൌരന്മാര്‍ക്ക് അനുവദിച്ച മൌലികാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു. പത്രമാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ചുരുക്കത്തില്‍ 1947 ആഗസ്ത് 14ന് അര്‍ധരാത്രി നിലവില്‍വന്ന സ്വാതന്ത്ര്യം പൌരന്മാര്‍ക്ക് നല്‍കിയ എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ടു.

പ്രക്ഷോഭകാരികളെയും പ്രതിപക്ഷരാഷ്ട്രീയ നേതാക്കളെയും Misa (Maintanance of Internal Security Act) ഉപയോഗിച്ച് ഒന്നൊന്നായി അറസ്റ്റ് ചെയ്ത്് ജയിലില്‍ അടച്ചു. ജയപ്രകാശ് നാരായണന്‍, മൊറാര്‍ജി ദേശായി, വാജ്പെയ് തുടങ്ങിയ സമുന്നതരായ നേതാക്കള്‍ എല്ലാം ജയിലിലായി. പൊലീസും പട്ടാളവും രംഗത്തുവന്നു. അക്ഷരാര്‍ഥത്തില്‍ പൊലീസ് രാജ് തന്നെ നിലവില്‍ വന്നു. ആര്‍എസ്എസ് മുതല്‍ ജമാഅത്തെ ഇസ്ളാമിവരെ നിരോധിക്കപ്പെട്ടു, നേതാക്കളെ ജയിലിലടച്ചു. അമിതാധികാരത്തിന്റെയും ബലപ്രയോഗങ്ങളുടെയും കൂട്ടനിലവിളികള്‍ ഭാരതം മുഴുവന്‍ അലയടിച്ചു.

അടിയന്തരാവസ്ഥകാലത്തെ മുഴുവന്‍ സംഭവങ്ങളെയും ഇതില്‍ വിവരിക്കാന്‍ ഞാന്‍ മുതിരുന്നില്ല. എന്നാല്‍ അന്നത്തെ കേരളത്തിലെ പൊതു സ്ഥിതിയും മലപ്പുറം ജില്ലയിലെ സംഭവങ്ങളും അതില്‍ എന്റെ അനുഭവങ്ങളും മാത്രമേ ഞാന്‍ പ്രതിപാദിക്കുന്നുള്ളൂ.

1967 മാര്‍ച്ചില്‍ അധികാരമേറ്റ ഇ എം എസ് മന്ത്രിസഭ രാജിവച്ചശേഷം 1969 നവംബര്‍ ഒന്നിന് സി അച്യുതമേനോന്‍ മുഖ്യമന്ത്രിയായി സിപിഐ നയിക്കുന്ന ആദ്യത്തെ മാര്‍ക്സിസ്റ്റ് ഇതര മന്ത്രിസഭ അധികാരമേറ്റു. അതില്‍ കോണ്‍ഗ്രസും ഉണ്ടായിരുന്നില്ല. ആ ഭരണം ഏഴ്മാസമേ നിലനിന്നുള്ളൂ. മുഖ്യമന്ത്രിയുടെ ശുപാര്‍ശയനുസരിച്ച് 1970 ജൂണ്‍ ആറിന് ഗവര്‍ണര്‍ സഭ പിരിച്ചുവിട്ടു. തുടന്ന് സെപ്തംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് -സിപിഐ സംഖ്യം അധികാരത്തില്‍ വന്നു. അതില്‍ കേരള കോണ്‍ഗ്രസ്, ആര്‍എസ്പി, മുസ്ളിംലീഗ് എന്നീ കക്ഷികളും ഉണ്ടായിരുന്നു. ആ ഭരണം 1977 വരെ തുടര്‍ന്നു. മുഖ്യമന്ത്രി സി അച്യുതമേനോന്‍ ആഭ്യന്തരമന്ത്രി കെ കരുണാകരന്‍. അടിയന്തരാവസ്ഥയില്‍, ഈ ഭരണമാണ് കേരളത്തില്‍ കാര്യങ്ങള്‍ നിയന്ത്രിച്ചത്. കമ്യൂണിസ്റ്റുകരെയും, നക്സലൈറ്റുകാരെയും ആര്‍എസ്എസ്, ജമാഅത്തെ ഇസ്ളാമി തുടങ്ങിയവരെയും വേട്ടയാടി. പൊലീസ് മേധാവികളായ മധുസൂദനന്‍, ജയറാം പടിക്കല്‍, ലക്ഷ്മണ എന്നിവരാണ് കേരളത്തില്‍ പൊലീസ് രാജ് നടപ്പാക്കിയത്.വയനാട്ടിലെ വര്‍ഗീസിനെ പൊലീസ് വെടിവച്ചുകൊന്നു. ഈച്ചരവാര്യരുടെ മകന്‍, കോഴിക്കോട് റീജ്യണല്‍ എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥി രാജനെ ഉരുട്ടിക്കൊന്നു. കക്കയം പൊലീസ് ക്യാമ്പിലെ ദീനരോദനങ്ങള്‍ ഹിറ്റ്ലറുടെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിനെ ഓര്‍മിപ്പിക്കുന്നതായിരുന്നു.

കേരളത്തിന്റെ മുഖ്യമന്ത്രി അച്യുതമേനോനാണെങ്കിലും പൊതുഭരണവും പൊലീസും ആഭ്യന്തരമന്ത്രി കരുണാകരന്‍ തന്നെയാണ് കൈകാര്യം ചെയ്തിരുന്നത്. കെപിസിസി പ്രസിഡന്റ് എ കെ ആന്റണിയും മലപ്പുറം ഡിസിസി പ്രസിഡന്റ് ആര്യാടന്‍ മുഹമ്മദും ആയിരുന്നു. ഇവരെല്ലാം കൂടിയായിരുന്നു കേരളത്തിലെ കാര്യങ്ങള്‍ അന്നു കൊണ്ടുനടന്നത്. അടിയന്തരാവസ്ഥയിലെ അമിതാധികാരം കേരളത്തെയും നടുക്കിക്കളഞ്ഞു. ഞാനുള്‍പ്പെടെയുള്ള സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എല്ലാറ്റിനും മൂകസാക്ഷികളായി നില്‍ക്കേണ്ടതായി വന്നു. ഭയപ്പാടുകൊണ്ട് ആരും പ്രതികരിക്കാന്‍ ധൈര്യപ്പെട്ടില്ല. അന്ന് കോണ്‍ഗ്രസിനകത്ത് ഗ്രൂപ്പ് പ്രവര്‍ത്തനം ശക്തിപ്പെട്ട കാലമായിരുന്നു. ആന്റണിയും കരുണാകരനും ഇരുചേരികള്‍ക്കും നേതൃത്വം കൊടുക്കുകയും ചെയ്തുപോന്നു. മലപ്പുറം ജില്ലയില്‍ ആന്റണിയുടെ വക്താവ് ആര്യാടനും കരുണാകരന്റെ പ്രതിനിധി എം പി ഗംഗാധരനും ആയിരുന്നു. ഇവരെല്ലാം തന്ത്രശാലികളും കുതികാല്‍ വെട്ടാന്‍ കഴിവുള്ളവരുമാണ്. കുതന്ത്രങ്ങള്‍ പ്രയോഗിക്കുന്നതില്‍ അഗ്രഗണ്യന്‍ ആര്യാടന്‍തന്നെ. എന്നെപ്പോലെയുള്ള സാധാരണ പ്രവര്‍ത്തകര്‍ക്ക് വീര്‍പ്പുമുട്ടല്‍ അനുഭവപ്പെട്ടിരുന്ന കാലമായിരുന്നു അത്. പഠിക്കുന്ന കാലത്ത് പഠനത്തിലും പിന്നെ കോടതിയിലും എത്തിയപ്പോള്‍ വക്കീല്‍ പണിയിലും ശ്രദ്ധിക്കുകയും ബാക്കിയുള്ള സമയം സംഘടനാ രംഗത്ത് പ്രവര്‍ത്തിക്കുകയുമാണ് ഞാന്‍ ചെയ്തിരുന്നത്. പ്രധാനമായും പ്രചാരണരംഗത്ത്. പൊതുയോഗങ്ങളില്‍ നടന്നു പ്രസംഗിക്കുകയായിരുന്നു പതിവ്. ആര്യാടന്റെ തന്ത്രങ്ങള്‍ ചെറുപ്പത്തിലേ അറിയാമായിരുന്നതുകൊണ്ട് ഞാന്‍ സാങ്കേതികമായി ജില്ലാ രാഷ്ട്രീയത്തില്‍ കരുണാകരന്റെ ഗ്രൂപ്പിന്റെ കൂടെയാണ് നിന്നത്. നിഷ്പക്ഷനായി കോണ്‍ഗ്രസ് സംഘടനയില്‍ പ്രവര്‍ത്തിച്ചാല്‍ രണ്ടു കൂട്ടരും തഴയും എന്നതായിരുന്നു സ്ഥിതി.

അടിയന്തരാവസ്ഥയിലെ അമിതാധികാരങ്ങള്‍ പ്രയോഗിക്കുന്നതിലും പ്രശ്നങ്ങളില്‍ അവിഹിതമായി ഇടപെടുന്നതിലും ഇരുവിഭാഗം നേതാക്കളും മോശമായിരുന്നില്ല. അതിന്റെ എല്ലാം ഫലമായി മലപ്പുറം ജില്ലയിലും അനാവശ്യമായ നടപടികളും ഒഴിവാക്കാമായിരുന്ന അറസ്റ്റുകളും ഉണ്ടായി. നിലമ്പൂര്‍ വിരാഡൂരിലുള്ള വൈദ്യര്‍ ഉണ്ണിയെ ബിജെപിക്കാരനായി എന്നതുകൊണ്ടുമാത്രം പൊലീസ് അറസ്റ്റ് ചെയ്തു. അരീക്കോട്നിന്ന് ഏതാനും ബിജെപി പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്തു. എല്ലാവരെയും ജയിലിലടച്ചു. മഞ്ചേരി കുരിക്കള്‍ ഫുട്വെയര്‍ ഉടമ മുഹമ്മദാലിയുടെ പിതാവ് അബ്ദുറഹിമാന്‍ കുരിക്കളെ ജമാ അത്തെ ഇസ്ളാമിക്കാരനായി എന്നതിന്റെ പേരില്‍ അറസ്റ്റ് ചെയ്തു. പൊന്നാനിയില്‍നിന്ന് ഏതാനും ജമാഅത്ത് നേതാക്കളെയും പൊലീസ് പിടിച്ചുകൊണ്ടുപോയി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മമ്പാട് മധുരക്കറിയന്‍ അത്തന്‍മോയന്‍ അധികാരിയുടെ മമ്പാട്ടുള്ള റൈസ്മില്ലില്‍ പൊലീസ് റെയിഡ് ചെയ്തു. രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ചുവരെ റെയിഡ് നീണ്ടു. അരിച്ചുപെറുക്കിയിട്ടും കുറ്റകരമായി ഒന്നുംതന്നെ കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. ഒരു നടപടിക്കും വഴിയില്ലെന്ന് കണ്ട പൊലീസ് മില്ലില്‍ പണിക്കാരെയും അധികാരിയെയും ഒഴിവാക്കി സ്ഥലം വിട്ടു. എന്നാല്‍ രാത്രി ആയപ്പോഴേക്കും മുകളില്‍നിന്ന് കിട്ടിയ വിവരങ്ങള്‍ അനുസരിച്ച് അത്തന്‍മോയന്‍ അധികാരിയെ തന്റെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തുകൊണ്ടുപോയി ലോക്കപ്പിലിട്ടു, പിറ്റേന്ന് മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

അതുപോലെത്തന്നെ തിരൂരങ്ങാടിയിലെ പെട്രോള്‍ ഡീലര്‍ കൂളത്ത് മുഹമ്മതിനെ രാജ്യരക്ഷാനിയമപ്രകാരം അറസ്റ്റ് ചെയ്തു കസ്റ്റഡിയില്‍ എടുത്തു, വിചാരണ കൂടാതെ ദീര്‍ഘകാലം ജയിലിലടച്ചു. നിലമ്പൂരിലെ നാലകത്ത് വീരാന്‍ഹാജിക്കും വാറന്റ് ഉണ്ടായിരുന്നു, അദ്ദേഹം പിടുത്തത്തില്‍ പെട്ടില്ല.

മേല്‍പ്പറഞ്ഞ അറസ്റ്റുകളിലൊന്നുംതന്നെ എന്താണ് കുറ്റം എന്ന് പറഞ്ഞിരുന്നില്ല. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നില്ല. DIR (Defence of India Rules) പ്രകാരമാണ് അറസ്റ്റുകളെല്ലാം. ആ നിയമത്തിന്റെ പ്രത്യേകത പ്രതിക്ക് വേണ്ടി ജാമ്യം കിട്ടുന്നതിന് അപേക്ഷ കൊടുത്താല്‍ ഗവണ്‍മെന്റിന് എതിര്‍പ്പില്ല എന്ന് പറഞ്ഞെങ്കില്‍ മാത്രമേ ജാമ്യം അനുവദിക്കാന്‍ പാടുള്ളു എന്നാണ്. ഞങ്ങള്‍ വക്കീലന്മാര്‍ ഇവര്‍ക്കുവേണ്ടി ജാമ്യാപേക്ഷ കൊടുക്കും, ഗവണ്‍മെന്റ് വക്കീല്‍ എതിര്‍ക്കും. ഹരജി നിരുപാധികം തള്ളിപ്പോകും. ഇതായിരുന്നു പതിവ്.

ഒരു ദിവസം, കോടതിയില്‍വച്ച് എന്റെ സഹപ്രവര്‍ത്തകനും വളര്‍ന്നുവരുന്ന യുവ അഭിഭാഷകനുമായ സി ശ്രീധരനും വാറന്റ് ഉണ്ടെന്ന് അറിഞ്ഞു. അദ്ദേഹം ഒരു കമ്യൂണിസ്റ്റ്കാരന്‍ എന്നല്ലാതെ ഒരു കുറ്റകരമായ പ്രവൃത്തിയും ചെയ്യുകയോ ചെയ്യാന്‍ പ്രേരിപ്പിക്കുകയോ ചെയ്തിരുന്നില്ല. ശ്രീധരന് വാറന്റുണ്ടെന്ന വിവരം എന്നോട് പറഞ്ഞത് ഗവ. വക്കീല്‍ (APP) ആയിരുന്ന ഗോവിന്ദന്‍ നമ്പ്യാരായിരുന്നു. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. യാതൊരു കാരണവും കൂടാതെ ഒരാളെ ഉപദ്രവിക്കുന്നത് ശരിയല്ല. അറസ്റ്റ് ചെയ്ത് ജയിലില്‍ കിടന്നു. കുറേക്കഴിഞ്ഞു വിട്ടുവരുമ്പോള്‍, കേസും ജോലിയും എല്ലാം നഷ്ടപ്പെട്ട് കഷ്ടപ്പെടുന്ന സ്ഥിതി ഒരിക്കലും പാടില്ല. ഒരു യുവാവിന്റെ ഭാവി നശിപ്പിക്കുന്നത് നീതീകരിക്കാനാവുന്നതല്ല.

ഞങ്ങളുടെ ഈ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഞാനും നമ്പ്യാരും കൂടി, അടിയന്തരാവസ്ഥയില്‍ മലപ്പുറം ജില്ലയിലെ വാറന്റും അറസ്റ്റും കൈകാര്യം ചെയ്തിരുന്ന ഡിവൈഎസ്പി കെ ജി കെ കുറുപ്പിനെ പോയി കണ്ടു. ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു എന്താണ് ശ്രീധരന്‍ വക്കീല്‍ ചെയ്ത തെറ്റ് എന്ന്. ഡിവൈഎസ്പി പറഞ്ഞു. ശ്രീധരന്‍ ഫാറൂഖ് കോളേജില്‍ പഠിക്കുന്ന കാലത്ത് നക്സലൈറ്റുമായി ബന്ധമുണ്ടായിരുന്നു എന്നതാണ് നടപടിക്ക് കാരണം. അപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, കുട്ടിക്കാലത്ത് എന്തെങ്കിലും വ്യതിയാനങ്ങള്‍ ഉണ്ടാകും. അതും ആശയപരമായി, ഒരു ചിന്ത മാത്രം. അക്രമ സംഭവങ്ങളില്‍ ഒന്നും ബന്ധമില്ലാത്ത അയാളെ ഒന്നും ചെയ്യാന്‍ പാടില്ല. ശ്രീധരന്റെ പേര് ലിസ്റ്റില്‍നിന്ന് ഒഴിവാക്കണം എന്ന് ഞങ്ങള്‍ ശക്തിയായി ആവശ്യപ്പെട്ടു. ഞങ്ങളും കുറുപ്പുമായി ഉണ്ടായിരുന്ന വ്യക്തിബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീധരനെ ലിസ്റ്റില്‍നിന്ന് ഒഴിവാക്കി. ഇങ്ങനെ ഒരു കാര്യം മാത്രമാണ് അടിയന്തരാവസ്ഥയില്‍ എന്റെ ഇടപെടല്‍കൊണ്ടുണ്ടായത്.

മേല്‍പ്പറഞ്ഞ റെയ്ഡിന്റെയും അറസ്റ്റുകളുടെയും ഒക്കെ കാര്യങ്ങളില്‍ പൊലീസ് മാത്രമല്ല ചില പ്രാദേശികനേതാക്കളുടെയും ദുഷ്ടലാക്കും മുന്‍വിരോധത്തിന്റെ പ്രതികാരങ്ങളും എല്ലാം ഉണ്ടായിരുന്നു എന്ന് കരുതാന്‍ ന്യായങ്ങളുണ്ടായിരുന്നു. ആകപ്പാടെ കാര്യങ്ങള്‍ മനസ്സിലാക്കിയപ്പോഴാണ്, തൃക്കുളം കൃഷ്ണന്‍കുട്ടിയുടെ പാട്ടിലെ ചില വരികള്‍ അന്വര്‍ഥമായി തോന്നിയത്.

"ഒന്നരലക്ഷം തന്നാ നിങ്ങളെ ഇപ്പത്തന്നെ വിട്ടീടും
ഒന്നുംതന്നില്ലെങ്കില്‍ പിന്നെ ക്യാമ്പിലിട്ടുരുട്ടീടും''

അടിയന്തരാവസ്ഥയിലെ നടപടികളും നീതിനിര്‍വഹണവും ഇങ്ങനെ മോശമായി വരാന്‍ തുടങ്ങി. ഇത്രത്തോളമായപ്പോള്‍ ഞാനും എന്നെപ്പോലെ ചിന്തിക്കുന്ന ചിലരും കൂടി ഒരു ദിവസം ആഭ്യന്തരമന്ത്രി കരുണാകരനെ കണ്ടു മേല്‍നടപടികളിലെ തെറ്റും മനുഷ്യത്വമില്ലായ്മയും ബോധ്യപ്പെടുത്താന്‍ തീരുമാനിച്ചു.

ഞങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു, ആര്‍എസ്എസും ജമാഅത്തെ ഇസ്ളാമിയും വടക്കെ ഇന്ത്യയിലും ഈജിപ്തിലും മറ്റും അക്രമകാരികളായേക്കാം. എന്നാല്‍ ഇവിടെ കേരളത്തില്‍ അവര്‍ ഒരു അക്രമവും ചെയ്തിട്ടില്ല, ചെയ്യാന്‍ അടുത്തകാലത്ത് കഴിയുകയുമില്ല. അത് പോലെത്തന്നെ അറസ്റ്റിന് വിധേയരായ മറ്റു വ്യക്തികളും ഒരു കുറ്റവും ചെയ്തതായി പൊലീസ് കോടതിയില്‍പ്പോലും പറഞ്ഞിട്ടില്ല. ആ സ്ഥിതിക്ക് മേല്‍പ്പറഞ്ഞ നടപടികള്‍ ജനങ്ങള്‍ക്കിടയില്‍ നല്ല അഭിപ്രായമല്ല ഉണ്ടാക്കിയിട്ടുളളത്. ഇത് നാളെ രാഷ്ട്രീയമായി തിരിച്ചടിക്ക് കാരണമാവും.

ഇതു കേട്ടപ്പോള്‍ ആഭ്യന്തരമന്ത്രി കരുണാകരന്‍ ചോദിച്ചു സംസ്ഥാന ഗവണ്‍മെന്റിന് ഇക്കാര്യത്തില്‍ എന്ത് ചെയ്യാന്‍ കഴിയും എന്ന്. ഞാന്‍ പറഞ്ഞു അടിയന്തരാവസ്ഥ മുഴുവന്‍ ഒഴിവാക്കാന്‍ സംസ്ഥാനത്തിന് കഴിയില്ല. എന്നാല്‍ കുറ്റം ചെയ്യാത്തവരെ, മേലിലും ചെയ്യില്ലെന്ന് ഒരു ഉറപ്പ് എഴുതിത്തന്നാല്‍ ജാമ്യത്തിന് എതിര്‍ക്കേണ്ടതില്ലെന്ന് ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം കൊടുക്കണം. വിവേചനാടിസ്ഥാനത്തില്‍ നിരപരാധികളെ ജാമ്യത്തില്‍ വിട്ടയക്കണം. ഈ നിര്‍ദേശം തത്വത്തില്‍ കരുണാകരന്‍ അംഗീകരിച്ചു.

അതിന്റ അടിസ്ഥാനത്തില്‍ ജയിലിലുള്ള ഏതാനും ആളുകള്‍ക്കുവേണ്ടി ഞാന്‍ തന്നെ ജാമ്യാപേക്ഷ ബോധിപ്പിച്ചു. ഓരോരുത്തരായി പുറത്തിറങ്ങി. ആദ്യം പുറത്തിറങ്ങിയത് ബിജെപിക്കാരനായ നിലമ്പൂരിലെ വൈദ്യര്‍ ഉണ്ണിയായിരുന്നു. പിന്നെ ജമാഅത്തെ പ്രവര്‍ത്തകരായ അബ്ദുറഹ്മാന്‍ കുരിക്കളും പൊന്നാനിയിലെ ജമാഅത്തെ നേതാക്കളും.

എന്നാല്‍ മമ്പാട് അത്തന്‍ മോയന്‍ അധികാരി മേലില്‍ ഒരു തെറ്റുംചെയ്യുന്നതല്ലെന്ന് നിരുപാധികം എഴുതിക്കൊടുക്കാന്‍ തയാറല്ലായിരുന്നു. ഒരു മാസത്തിലധികമായി അദ്ദേഹം മഞ്ചേരി സബ്ജയിലില്‍ കിടക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞത് "എന്നെ പൊലീസിനെക്കൊണ്ടു പിടിപ്പിച്ചത് ആരാണെന്ന് എനിക്കറിയാം, ഞാന്‍ ഇവിടെക്കിടന്ന് മരിച്ചോട്ടെ'' എന്നായിരുന്നു. അദ്ദേഹത്തിന്റെ അറസ്റ്റിന് കാരണക്കാരായ നേതാക്കളോട് അത്രക്ക് വെറുപ്പായിരുന്നു എന്ന് ആ വികാര പ്രകടനത്തിലൂടെ മനസ്സിലാക്കാം.

ഞാനും അധികാരിയും ബന്ധുക്കളാണ്. അദ്ദേഹത്തിന്റെ മറ്റൊരു ബന്ധുവായ കോണ്‍ഗ്രസ് നേതാവ് പി വി ഷൌക്കത്തലിയും ഞാനും കൂടി അവസാനം ജയിലില്‍ പോയി. അദ്ദേഹത്തെ പലതരത്തിലും പറഞ്ഞു സമ്മതിപ്പിച്ചു. ഞാന്‍ എഴുതിക്കൊണ്ടുപോയിരുന്ന പ്രസ്താവനയില്‍ ഒപ്പ് വയ്പ്പിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ജാമ്യാപേക്ഷ കൊടുത്ത് ജയിലില്‍നിന്ന് ഇറക്കി.

അങ്ങനെ അടിയന്തരാവസ്ഥക്കാലത്തെ സംഭവങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ കഥനരസം കരകവിഞ്ഞൊഴുകുന്ന കഥകള്‍ പലതും പറയുവാനുണ്ട്. കക്കയംക്യാമ്പില്‍വച്ച് ഉരുട്ടിക്കൊന്ന രാജന്‍ തന്നെ നിരപരാധി ആയിരുന്നുവെന്ന് പലര്‍ക്കും അറിയാമായിരുന്നു. 1976 ഫെബ്രുവരി 28ന് ചിലര്‍ കായണ്ണ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് ഒരു തോക്ക് കവര്‍ന്നെടുത്ത് കൊണ്ടുപോയി.

ഈ കേസിന്റെ തെളിവെടുപ്പിനു വേണ്ടിയാണ് കക്കയം ക്യാമ്പ് സ്ഥാപിച്ചത്. യാതൊരു തെളിവും സൂചന പോലുമില്ലാതെ നിരവധി ചെറുപ്പക്കാരെ പിടിച്ചുകൊണ്ടുപോയി ക്രൂരമായ മര്‍ദിച്ചു, ആ കേസ് തെളിയിക്കാന്‍ ശ്രമിച്ച് പൊലീസ് വിജയിച്ചില്ല. ആ കൂട്ടത്തില്‍ ചാത്തമംഗലം എന്‍ജിനിയറിങ് കോളേജിലെ ചില വിദ്യാര്‍ഥികള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സംശയം പൊലീസിനുണ്ടായിരുന്നു. കായണ്ണ പൊലീസ് സ്റ്റേഷന്‍ ആക്രമണം നടന്ന 1976 ഫെബ്രുവരി 28ന് രാത്രിമുഴുവന്‍ മരണപ്പെട്ട രാജന്‍ ഫാറൂഖ് കോളേജില്‍ കലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോണ്‍ യൂത്ത്ഫെസ്റ്റിവല്‍ പരിപാടികളില്‍ സജീവമായി പങ്കെടുക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ ആര്‍ഇസി ഹോസ്റ്റല്‍ മുറ്റത്ത് കോളേജ് ബസ്സില്‍ കൂട്ടുകാരോടൊപ്പം വന്നിറങ്ങിയ രാജനെ പൊലീസ് പിടിച്ചുകൊണ്ടുപോവുകയായിരുന്നു.

രാജന്‍ പൊലീസ് അധികാരികളോടും തന്റെ അച്ഛന്‍ ഭരണാധികാരികളോടും കരഞ്ഞുപറഞ്ഞ നിരപരാധിത്വം ശരിയാണോ എന്ന് ഒരു നിമിഷം അന്വേഷിക്കാന്‍ അവര്‍ തയാറായിരുന്നെങ്കില്‍ ഒരു നിരപരാധി ക്രൂരമായ മര്‍ദനങ്ങള്‍ സഹിച്ച് ദയനീയമായി കൊലചെയ്യപ്പെടുമായിരുന്നില്ല. പൊലീസിന് പിടികിട്ടേണ്ടതായ പുള്ളി മടപ്പളളി കോളേജില്‍ പഠിച്ചിരുന്ന മറ്റേതോ രാജനാണെന്ന് പിന്നീട് പൊലീസിന് ബോധ്യമായി.

ഏകമകന്റെ വിരഹദുഃഖം കടിച്ചമര്‍ത്തി വൃദ്ധനായ അച്ഛന്‍ ഈച്ചരവാര്യര്‍ മരണപ്പെട്ടു. അദ്ദേഹം പലതവണ കരുണാകരനെ കണ്ട് സങ്കടം പറഞ്ഞിട്ടും അദ്ദേഹം ശ്രദ്ധിച്ചതുപോലുമില്ലെന്ന് വാര്യര്‍ക്ക് വലിയ ആക്ഷേപവും സങ്കടവും ഉണ്ടായിരുന്നു. പൊലീസുകാരുടെ തെറ്റ് കണ്ണടച്ച് ന്യായീകരിക്കുകയും തെറ്റ് ചെയ്ത സ്വന്തക്കാരായ ഉദ്യോഗസ്ഥരെ രണ്ടും കല്‍പ്പിച്ച് രക്ഷപ്പെടുത്തുകയും ചെയ്യുക എന്നത് കരുണാകരന്റെ ഒരു സ്വഭാവമായിരുന്നു. അതിനാല്‍ അദ്ദേഹത്തിന് രാഷ്ട്രീയത്തിലും ഭരണത്തിലും പലപ്പോഴും തിരിച്ചടികള്‍ നേരിടേണ്ടി വന്നിട്ടുമുണ്ട്. മരിച്ച മകന്റെ കാര്യത്തില്‍ താന്‍ അനുഭവിച്ച വേദന, ജീവിച്ചിരിപ്പുള്ള മകനെക്കൊണ്ട് കരുണാകരന്‍ അനുഭവിക്കും എന്ന് ഈച്ചരവാര്യര്‍ ശപിച്ചതായി കേട്ടിട്ടുണ്ട്.

1977 മാര്‍ച്ച് 21ന് അടിയന്തരാവസ്ഥ പിന്‍വലിച്ചു, ഇന്ദിരാഗാന്ധി ഇന്ത്യയില്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നാട്ടില്‍ മുമ്പുള്ള രണ്ട് വര്‍ഷം നടന്നതും നടക്കുന്നതുമായ സംഭവങ്ങള്‍ പൂര്‍ണമായും അവര്‍ക്ക് അറിയുമായിരുന്നില്ല. ഉദ്യോഗസ്ഥരും പാര്‍ടിയിലെ ആജ്ഞാനുവര്‍ത്തികളായ നേതാക്കളും കൊടുക്കുന്ന തെറ്റായ റിപ്പോര്‍ട്ടുകള്‍ മാത്രമാണ് അവരെ നയിച്ചിരുന്നത്. തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഒരുഭാഗത്ത് ഇന്ദിരാഗാന്ധിയും കോണ്‍ഗ്രസും മറുഭാഗത്ത് അടിയന്തരാവസ്ഥയില്‍ അടിച്ചമര്‍ത്തപ്പെട്ടവരും നിരോധിക്കപ്പെട്ടവരുമായ മുഴുവന്‍ കക്ഷികളും ശക്തികളും അണിനിരന്നു. അതിരൂക്ഷമായ തെരഞ്ഞെടുപ്പ് യുദ്ധംതന്നെ നടന്നു.

തെരഞ്ഞെടുപ്പ് പ്രചാരവേലകളില്‍ അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളുടെ കരളലിയിക്കുന്ന കഥകള്‍ ആസേതു ഹിമാചലം അലയടിച്ചുയര്‍ന്നു. അടിയന്തരാവസ്ഥയില്‍ ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവന്ന എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ച് ഒത്തുപിടിച്ചു. ജയിലിലടയ്ക്കപ്പെട്ടിരുന്ന നേതാക്കള്‍, വിവിധ പാര്‍ടികളിലുള്ളവര്‍ ഓരോന്നായി ജയില്‍ വിമോചിതരായി ഇറങ്ങിവരുന്നത് തെരഞ്ഞെടുപ്പ് ഗോദയിലേക്കായിരുന്നു. ആവേശഭരിതമായ കൊടുങ്കാറ്റ് അടിച്ചുവീശി. തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചതുപോലെത്തന്നെ, കോണ്‍ഗ്രസ് പൂര്‍ണമായി തറപറ്റി. ഇന്ദിരാഗാന്ധിയും മകന്‍ സഞ്ജയ്ഗാന്ധിയും പരാജയപ്പെട്ടു. ഇന്ദിരാവിരുദ്ധ പാര്‍ടികളെല്ലാം ജയിച്ചു. ജയിച്ച പാര്‍ടികളെല്ലാം ഒത്തുകൂടി അവര്‍ ഒറ്റ പാര്‍ടിയായി മാറി. ആ പാര്‍ടിക്ക് ജനതാപാര്‍ടി എന്ന് നാമകരണം ചെയ്തു. അതില്‍ സംഘടനാ കോണ്‍ഗ്രസും ജനസംഘവും സോഷ്യലിസ്റ്റ് പാര്‍ടികളും ഉണ്ടായിരുന്നു. അതിന്റെ നേതാവായി മൊറാര്‍ജി ദേശായി തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന് ഗവണ്‍മെന്റ് രൂപീകരിക്കാന്‍ ഇടതുപക്ഷ പാര്‍ടികളും പിന്തുണ കൊടുത്തു. അങ്ങനെ ജനതാ പാര്‍ടി ഇന്ത്യയില്‍ അധികാരത്തില്‍ വന്നു, മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായി.

അധികാരം നഷ്ടപ്പെട്ട ഇന്ദിരാഗാന്ധിക്കെതിരായി കോണ്‍ഗ്രസിനകത്തും പുറത്തും എതിര്‍പ്പുകളും ശക്തിപ്പെട്ടു. കോണ്‍ഗ്രസില്‍നിന്ന് പ്രഗത്ഭരായ നേതാക്കള്‍ ഓരോന്നായി വിട്ടുപോയി. "ബഹുഗുണ പോയി ഗുണവും പോയി, ജഗജീവന്‍പോയ് ജീവനും പോയി, നന്ദിനി പോയി നാറിപ്പോയി'' എന്ന് എതിരാളികള്‍ മുദ്രാവാക്യം വിളിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റ് ബ്രഹ്മാനന്ദറെഡ്ഡിയും കേരളപ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് എ കെ ആന്റണിയും നിര്‍ദാക്ഷിണ്യം ഇന്ദിരയെ തള്ളിപ്പറഞ്ഞു. മലപ്പുറം ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് ആര്യാടന്‍ മുഹമ്മദും അക്കൂട്ടത്തിലായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യ-ഇന്ദിര, ഇന്ദിര-ഇന്ത്യ എന്ന് മുദ്രാവാക്യം വിളിച്ചവര്‍, അടിയന്തരാവസ്ഥയിലെ അമിതാധികാരത്തില്‍ പുരവെന്ത വെളിച്ചത്തില്‍ വാഴക്കുല വെട്ടിയവര്‍, ഇന്ദിരാമ്മയെ പുച്ഛിച്ചു തള്ളി. അധികാരത്തിന്റെ മാധുര്യമുള്ള മിഠായി നുണഞ്ഞ അമ്മയുടെ സാരി തൂങ്ങിപ്പിടിച്ച് ചാടിക്കളിച്ചവര്‍ അമ്മ തകര്‍ന്ന് തളര്‍ന്നുവീണുകിടന്നപ്പോള്‍ നെഞ്ചത്ത് കഠാരി കുത്തിയിറക്കി. അവര്‍ ചന്തിക്കടിച്ച് അട്ടഹസിച്ചു. ഇന്ദിര-രാക്ഷസി എന്നു വിളിച്ചു പറഞ്ഞു. അടിയന്തരാവസ്ഥയില്‍ പാര്‍ടി നയിച്ച് ഇന്ദിരക്ക് എല്ലാ പിന്തുണയും നല്‍കിയവര്‍ തങ്ങളാണെന്നും പറ്റിയ തെറ്റുകള്‍ക്ക് തങ്ങളും പങ്കാളികളാണെന്നും റെഡ്ഡി-ആന്റണി-ആര്യാടന്‍ പ്രഭൃതികള്‍ മറന്നുപോയി.

കോണ്‍ഗ്രസ് സംഘടന നയിച്ച നേതാക്കളുടെ അവസരവാദപരമായ ഈ നിലപാടില്‍ എന്നെപ്പോലെയുള്ള പ്രവര്‍ത്തകര്‍ക്കും ബഹുജനങ്ങള്‍ക്കും പരമ പുച്ഛമാണ് തോന്നിയത്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ പ്രേരിപ്പിക്കുകയും പിന്തുണ നല്‍കുകയും ചെയ്തത് ഈ കോണ്‍ഗ്രസ് നേതാക്കളായിരുന്നു. അതിന്റെ അമിതാധികാരത്തില്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് എല്ലാ അതിക്രമങ്ങളും ചെയ്തിരുന്നതും അവര്‍തന്നെ. അത്തരം ദുഷ്ചെയ്തികള്‍ കൊണ്ടു പരാജയപ്പെട്ടപ്പോള്‍ തികച്ചും വഞ്ചനാപരമായ നിലപാട് സ്വീകരിക്കുകയും എല്ലാറ്റിന്റെയും പൂര്‍ണ ഉത്തരവാദിത്തം ഇന്ദിരാഗാന്ധിയില്‍ മാത്രം ആരോപിച്ച് മാറിനില്‍ക്കുകയും ചെയ്തു. അവര്‍ പുതിയ ഭരണകൂടത്തിന്റെ ഒറ്റുകാരായി മാറി.

ഡോ. സെയ്ത് മുഹമ്മത് എറണാകുളം എടവനക്കാട് സ്വദേശി ഉന്നത ശീര്‍ഷനായ അഡ്വക്കേറ്റും കോണ്‍ഗ്രസ് അനുകൂലിയുമായിരുന്നു. കോണ്‍ഗ്രസില്‍ ന്യൂനപക്ഷവിഭാഗത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് പാര്‍ലമെന്റ് സീറ്റില്‍ മത്സരിപ്പിക്കുകയും കേന്ദ്രത്തില്‍ നിയമകാര്യമന്ത്രിയായി ഇന്ദിരാഗാന്ധി നിയമിക്കുകയുമുണ്ടായി. അഞ്ചുകൊല്ലം മന്ത്രിയായി അടിയന്തരാവസ്ഥക്കാലത്ത് വിലസി, പിന്നെ വന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹം വീണ്ടും ജയിച്ചു. പക്ഷേ ഇന്ദിര തോറ്റു. അന്ന് മുതല്‍ അദ്ദേഹവും ഇന്ദിരാ വിരുദ്ധനായി. 'ബുധനാഴ്ച ക്ളബ്' എന്ന പേരില്‍ ഒരു ആഴ്ചക്കൂട്ടം സംഘടിപ്പിച്ച് ഇന്ദിരാവിരുദ്ധ പ്രചാരണം ആരംഭിച്ചു. നോക്കണേ നന്ദികേട്. പത്രപ്രവര്‍ത്തകനായ ഉണ്ണികൃഷ്ണനെ വടകരയില്‍ നിര്‍ത്തി ജയിപ്പിച്ചു. അദ്ദേഹം പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്റെ മുന്നണിപ്പോരാളിയായിരുന്നു. 1977ല്‍ വീണ്ടും ജയിച്ച് ഡല്‍ഹിയില്‍ ചെന്നപ്പോള്‍ ഇന്ദിര തോറ്റ് വീണുകിടക്കുന്നു, പുറംകാല് കൊണ്ടു തട്ടാന്‍ ഒരു മടിയും ഉണ്ടായില്ല. ഇങ്ങനെ വഞ്ചകന്മാരുടെയും ചതിയന്മാരുടെയും കൂടാരമായി കോണ്‍ഗ്രസ് മാറുന്നു എന്ന് ഇന്ദിരാഗാന്ധിക്കും ബോധ്യമായി.

ഇന്ദിരാഗാന്ധി ഒറ്റപ്പെടുന്നു എന്ന് കണ്ടപ്പോള്‍ അവര്‍ കോണ്‍ഗ്രസില്‍ തന്നെ അനുകൂലിക്കുന്നവരുടെ ഒരു കണ്‍വന്‍ഷന്‍ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്തു. മൂന്നുദിവസം നീണ്ടു ആ സമ്മേളനം. ഒടുവില്‍ ഇന്ദിരാഗാന്ധിയെ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുത്തു. ബ്രഹ്മാനന്ദ റെഡ്ഡിയെ തല്‍സ്ഥാനത്തുനിന്ന് നീക്കിയും സമ്മേളനം പ്രഖ്യാപിച്ചു. ഫലത്തില്‍ കോണ്‍ഗ്രസ് രണ്ടാമതും നെടുകെ പിളര്‍ന്നു. ചരിത്രപ്രധാനമായ ആ സംഭവം 1978 ജനുവരി രണ്ടിന് ആയിരുന്നു. അന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (ഐ) എന്ന പേരില്‍ ഇന്ദിരാഗാന്ധി നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസ് നിലവില്‍വന്നു.

മുമ്പ് പറഞ്ഞ സംഘടനാ നേതാക്കളുടെ വഞ്ചനാപരമായ നിലപാടില്‍ പ്രതിഷേധിച്ച് എന്നെപ്പോലെയുള്ള പ്രവര്‍ത്തകര്‍ ഇന്ദിരാഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് തെരുവിലിറങ്ങി. ഞങ്ങള്‍ കോണ്‍ഗ്രസ് ഐ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ച് ജാഥ നടത്തി. ഭൂരിപക്ഷം സാധാരണ പ്രവര്‍ത്തകരും ഇതില്‍ പങ്കുചേര്‍ന്നു. ഔദ്യോഗിക ഭാരവാഹികളും ഓഫീസ് കെട്ടിടങ്ങളുടെ മേലാളന്മാരും റെഡ്ഡി- ആന്റണി കോണ്‍ഗ്രസില്‍ പിടിച്ചുനിന്നു. ഈ ശക്തിപരീക്ഷണത്തിന്റെ തുടക്കത്തില്‍ വേലിപ്പുറത്തിരുന്ന് കളി കണ്ട നേതാക്കളില്‍ മുമ്പനും വമ്പനുമായിരുന്നു കെ കരുണാകരന്‍. ഇന്ദിരാഗാന്ധി വിളിച്ച ഡല്‍ഹി കണ്‍വന്‍ഷനില്‍ ക്ഷണം കിട്ടിയിട്ടും അദ്ദേഹം പങ്കെടുത്തിരുന്നില്ല. എന്‍എസ്എസിന്റെ സമ്മേളനത്തില്‍ സംബന്ധിക്കാനുണ്ടെന്ന ഒഴിവ്കഴിവ് പറഞ്ഞു മാറിനില്‍ക്കുകയാണ് ചെയ്തത്.

ഏതാനും ദിവസം കാത്തിരുന്ന് ഇന്ദിര കോണ്‍ഗ്രസ് ശക്തിപ്പട്ടുവരുന്നു എന്ന് കണ്ടപ്പോള്‍ കരുണാകരനും രംഗത്ത് വരാന്‍ തുടങ്ങി. ആദ്യം അദ്ദേഹം പല സ്ഥലങ്ങളിലും സഞ്ചരിച്ചു. അതിന്റെ ഭാഗമായി മഞ്ചേരിയിലും എത്തി. മഞ്ചേരിയില്‍ ഞങ്ങള്‍ ഒരു നല്ല റാലി നടത്താന്‍ തീരുമാനിച്ച ദിവസമാണ് അദ്ദേഹം വന്നത്. അദ്ദേഹത്തെ ആശുപത്രിപ്പടിക്കല്‍ ഒരു കെട്ടിടത്തിന്റെ മട്ടുപ്പാവില്‍ ഇരുത്തി. കച്ചേരിപ്പടിയില്‍നിന്ന് ആരംഭിച്ച ജാഥ മേലാക്കംവരെ പോയി പിരിച്ചുവിട്ടു. ഞാനും മംഗലം ഗോപിനാഥും പ്രൊഫ. വേണുഗോപാലും ആയിരുന്നു മുന്‍നിരയില്‍. ഗംഗാധരന്‍, കരുണാകരന്റെ കൂടെയിരുന്ന് ജാഥ കണ്ടു. സാമാന്യം നല്ല പ്രകടനംതന്നെ ആയിരുന്നു. ആവേശഭരിതരായ യുവാക്കള്‍ അന്തരീക്ഷം ഭേദിക്കുമാറ് മുദ്രാവാക്യം വിളിച്ചു ചിട്ടയായി നീങ്ങി. ഇന്ദിരാഗാന്ധിക്കും മുന്‍നിരയില്‍ ഉള്ള ഞങ്ങള്‍ക്കും സിന്ദാബാദ് വിളിച്ചും വഞ്ചകരെ ശക്തിയായി വിമര്‍ശിച്ചുമാണ് ജാഥ നീങ്ങിയത്. ഒരാഴ്ചയ്ക്കകത്ത് കരുണാകരന്‍ ഇന്ദിരാ കോണ്‍ഗ്രസിന്റെ നേതൃത്വം ഏറ്റെടുത്തു.

ഡല്‍ഹി കണ്‍വന്‍ഷന്‍, കേരള സംസ്ഥാന കമ്മിറ്റിയെ നോമിനേറ്റ്ചെയ്തു. അതില്‍ ഞാനും ഒരംഗമായിരുന്നു. പിന്നീട് പ്രൊഫ. കെ എം ചാണ്ടിയെ കെപിസിസി പ്രസിഡന്റായി നിയോഗിച്ചു. കരുണാകരനും കെ എം ചാണ്ടിയും കേരളത്തിലെ കോണ്‍ഗ്രസ് ഐയുടെ അമരക്കാരായി. അവര്‍ കൂടി ആലോചിച്ച് ജില്ലാ കമ്മിറ്റികള്‍ രൂപീകരിച്ചു തുടങ്ങി. അതിന്റെ ഭാഗമായി കെ ജി അടിയോടിയും എം എം ജേക്കബും മഞ്ചേരിയില്‍ വന്നു. അവരുടെ ദൌത്യം എന്നെ ഡിസിസിഐ പ്രസിഡന്റാക്കണം എന്നായിരുന്നു. എന്റെ ദൌര്‍ബല്യങ്ങളും പ്രയാസങ്ങളും ഞാന്‍ അവരോട് വിവരിച്ചുപറഞ്ഞു. യാതൊരു കാരണവശാലും പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ എനിക്ക് കഴിയില്ലെന്ന് അവരോട് ഉറപ്പിച്ചുപറഞ്ഞു. എന്റെ പ്രശ്നങ്ങള്‍ ശരിയാണെന്ന ധാരണയില്‍ അവര്‍ സ്ഥലംവിട്ടു.

എന്നാല്‍, നാലുദിവസം കഴിഞ്ഞ് ഒരു ദിവസം രാത്രി പത്തിന് കരുണാകരന്‍ നേരിട്ട് എന്റെ വീട്ടില്‍ വന്നു. ജില്ലാ പ്രസിഡന്റാകണം എന്ന നിര്‍ദേശം ശക്തിയായി മുന്നില്‍വച്ചു. ഞാന്‍ അദ്ദേഹത്തോട് എന്റെ ഒരു കാരണവര്‍ എന്ന നിലയില്‍ത്തന്നെ എന്റെ പ്രയാസങ്ങള്‍ നിരത്തിവച്ചു. കോടതിയില്‍ സാമാനാന്‍ കാണുന്നു. അതില്‍ ശ്രദ്ധിക്കാന്‍ തന്നെ കഴിയാത്തതാണ് വീട്ടിലെ പ്രശ്നം. ഭാര്യയുടെ ആസ്ത്മ രോഗം അഞ്ചുകൊല്ലം വിട കിട്ടിയതിന്റെ പ്രതിഫലനം അഥവാ കോര്‍ടിസോണ്‍ ചികിത്സയുടെ അനന്തരഫലം പൂര്‍വാധികം ശക്തിയില്‍ ആസ്തമയാല്‍ ആക്രമിക്കപ്പെട്ട് ശ്വാസം വലിക്കാന്‍ കഴിയാതെ, ഭക്ഷണം കഴിക്കാതെ മെലിഞ്ഞ് രോഗശയ്യയില്‍ കിടക്കുന്ന സ്ഥിതി ഞാന്‍ വിവരിച്ചു, കരുണാകരന് കാണിച്ചുകൊടുത്തു.

ജോലി നഷ്ടപ്പെട്ടാലുള്ള സാമ്പത്തിക പ്രയാസം, രോഗാതുരമായ കുടുംബപ്രശ്നം- ഇതെല്ലാം കേട്ട് അവസാനം അദ്ദേഹം പറഞ്ഞു. "ഇപ്പോഴത്തെ സ്ഥിതിയില്‍ ഈ സ്ഥാനം ഏറ്റെടുക്കാന്‍ ജില്ലയില്‍ വേറെ ആരെയും ഞാന്‍ കാണുന്നില്ല, നിന്റെ പ്രയാസങ്ങളിലെല്ലാം സഹായിക്കാന്‍ ഞാനുണ്ടാകും, തീര്‍ച്ച.'' അവസാനം ആ നിര്‍ബന്ധത്തിന് വഴങ്ങി ഞാന്‍ ഡിസിസിഐ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് പ്രവര്‍ത്തനം തുടങ്ങി. അത് 1978 ജനുവരി 10ന് ആയിരുന്നു.

കെ കരുണാകരന്റെ കഴിവുകളില്‍ വലിയ മതിപ്പും വാക്കുകളില്‍ വലിയ വിശ്വാസവും ഉള്ള ആളായിരുന്നു ഞാന്‍. അതുകൊണ്ട് കൈയും മെയ്യും മറന്നുള്ള പ്രവര്‍ത്തന ശൈലിയാണ് ഞാന്‍ സ്വീകരിച്ചത്. മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഓടിനടന്ന് പ്രസംഗ പ്രചാരണം തന്നെ. ഒരു ദിവസം നാലും അഞ്ചും സ്ഥലങ്ങളില്‍ യോഗത്തിന് ഓടി എത്തും. അതിനിടയില്‍ സംഘടന രൂപീകരിക്കുകയും ചിട്ടപ്പെടുത്തുകയും വേണം. യൂണിറ്റ് കമ്മിറ്റി മുതല്‍ മണ്ഡലം, ബ്ളോക്ക് കമ്മിറ്റി, മലപ്പുറം ജില്ലാ കമ്മിറ്റിയും കോണ്‍ഗ്രസ് ഐ ബാനറില്‍ നിലവില്‍ വന്നു.

*
ടി കെ ഹംസ കടപ്പാട്: ദേശാഭിമാനി വാരിക 30 ജനുവരി 2011

സ്വന്തമായി വീടും ഭാര്യയുടെ സുഖക്കേടും

മുന്‍ അദ്ധ്യായങ്ങള്‍ക്ക് ടി.കെ.ഹംസ എന്ന ലേബല്‍ നോക്കുക

മഞ്ചേരി ബാറിലെ ക്രിമിനല്‍ അഭിഭാഷകന്‍ എന്ന നിലയില്‍ സാമാന്യം നല്ല പ്രാക്ടീസും അതിനനുസൃതമായി വരുമാനവും എനിക്ക് ഉണ്ടായിരുന്നു. തികച്ചും ഒരു നാട്ടിന്‍പുറക്കാരനായി ജനിച്ചുവളര്‍ന്ന എന്റെ മനസ്സില്‍ ചെറുപ്പത്തില്‍ത്തന്നെ ഉണ്ടായിരുന്ന ഒരാഗ്രഹം പട്ടണത്തില്‍ ജോലിയും ഒരു വീടും. അതൊരു സ്വപ്നമായിരുന്നു. ജോലിയില്‍, പിടിക്കാതെ നടക്കാറായപ്പോള്‍, പിന്നെ വീടുവയ്ക്കുന്നതിനെപ്പറ്റിയായിരുന്നു ആലോചനയും അന്വേഷണവും.

അങ്ങനെ ഇരിക്കുമ്പോള്‍ ഒരു ദിവസം വൈകുന്നേരം, ഞാന്‍ താമസിക്കുന്ന വീടിന്റെ ഉടമ ആനക്കയം കെ വി മൊയ്തീന്‍കുട്ടിഹാജി ഓഫീസില്‍ കേറി വന്നു. അദ്ദേഹത്തിന് മഞ്ചേരി അങ്ങാടിയില്‍ തന്നെ വേറെയും വീടുകളും പീടികകളും ലൈന്‍മുറികളുമായി കുറെ കെട്ടിടങ്ങള്‍ വാടകക്ക് കൊടുക്കാനായി ഉണ്ടായിരുന്നു.

അദ്ദേഹത്തിന് എന്നില്‍നിന്ന് ഒരു നിയമപ്രശ്നം അറിയേണ്ടതിനായിരുന്നു വന്നത്. കേരള ഭൂപരിഷ്കരണ നിയമം വന്ന് പാട്ടഭൂമി എല്ലാം കുടിയാന്മാര്‍ക്ക് പതിച്ചുകൊടുത്തതുപോലെ, ഒരു വാടകകെട്ടിട പരിഷ്കരണ നിയമം വന്ന് അവയെല്ലാം താമസിക്കുന്നവര്‍ക്ക് കൊടുക്കേണ്ടതായ സാഹചര്യം ഉണ്ടാവാന്‍ സാധ്യതയുണ്ടോ? അതായിരുന്നു അദ്ദേഹത്തെ അലട്ടിയിരുന്ന ചിന്താപ്രശ്നം. ഇങ്ങനെ ഒരു വാര്‍ത്ത ഏതോ പത്രത്തില്‍ ആ കാലത്ത് കാണുകയും ചെയ്തിരുന്നു. അന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സോഷ്യലിസം നടപ്പാക്കും എന്ന് പ്രഖ്യാപിക്കുകയും ബാങ്ക് ദേശവല്‍ക്കരണം, പ്രിവി പേഴ്സ് നിര്‍ത്തലാക്കല്‍ എന്നീ നടപടികള്‍ സ്വീകരിച്ച കാലവും ആയിരുന്നു.

മേല്‍ക്കാര്യങ്ങള്‍ നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസിലെ സിന്‍ഡിക്കറ്റ് വിഭാഗം എതിര്‍ത്തപ്പോള്‍, ഇടതുപക്ഷ പാര്‍ടികള്‍ ആ കാര്യത്തില്‍ ഇന്ദിരക്ക് പിന്തുണ കൊടുക്കുകയും ചെയ്ത കാലം. ആകെപ്പാടെ ഒരു സാമ്പത്തിക മാറ്റം ഇന്ത്യയില്‍ ഉണ്ടാകുമോ എന്ന് വിചാരിക്കാന്‍ കാരണങ്ങളുണ്ടായിരുന്നു.

ഹാജിയുടെ സംശയങ്ങള്‍ എല്ലാം കേട്ട് ഞാന്‍ പറഞ്ഞു, നിങ്ങള്‍ സംശയിക്കുന്ന മാറ്റങ്ങള്‍ നാട്ടില്‍ വന്നുകൂടായ്കയില്ല. ഏതായാലും ഒരു കാലത്ത് രാജ്യം ആ വഴിക്ക് വരും. അമിതമായ സ്വത്തുക്കള്‍ ഒരാള്‍ തന്നെ കൈയില്‍ വയ്ക്കുന്ന കാലം അധികം ദീര്‍ഘിച്ചു നില്‍ക്കാനിടയില്ല എന്നാണ് എന്റെ വിശ്വാസം എന്ന് ഞാന്‍ കൂട്ടിച്ചേര്‍ത്തു.

ഈ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണോ എന്ന് പറയാന്‍ കഴിയില്ല, ഹാജി തന്റെ വാടകക്ക് കൊടുത്ത കെട്ടിടങ്ങള്‍ കൈവശക്കാര്‍ക്ക് വിറ്റ് വില വാങ്ങാന്‍ തുടങ്ങി. ആ കൂട്ടത്തില്‍ ഒരു ദിവസം രാത്രി എന്റെ വീട്ടില്‍ കേറിവന്നു, ഒരു ചോദ്യം: ഈ വീടും വളപ്പും ഞാന്‍ നിങ്ങള്‍ക്ക് തന്നാല്‍ നിങ്ങള്‍ വിലയ്ക്കെടുക്കുമോ? ഞാന്‍ മറുപടി പറഞ്ഞു, ആലോചിക്കാം എന്ന്. അങ്ങനെ ടാക്സ് കേസുകളില്‍ എന്റെ കൂടെ ജോലിചെയ്യുന്ന സഹപ്രവര്‍ത്തകനായ ബാലശങ്കരന്‍നായരെ വിളിച്ചുവരുത്തി, ഞങ്ങള്‍ മൂന്നാളും കൂടി സംസാരിച്ചു അന്നുതന്നെ വീടും മുപ്പത് സെന്റ് സ്ഥലവുംകൂടി 30,000 ക (മുപ്പതിനായിരം ഉറുപ്പിക) വില നിശ്ചയിച്ച് കച്ചവടം ഉറപ്പിച്ചു. ഒരു കരാറ് എഴുതി ഒപ്പിട്ട്, ഒരു ചെറിയ സംഖ്യ അഡ്വാന്‍സും കൊടുത്തു. ഒരു മാസത്തിനുള്ളില്‍ തീരാധാരം എഴുതി റജിസ്റ്റര്‍ കഴിക്കണം എന്നായിരുന്നു വ്യവസ്ഥ.

അന്ന് ജൂപിറ്റര്‍ ചിറ്റ് ഫണ്ടില്‍ എനിക്കുണ്ടായിരുന്ന ഒരു കുറി പിടിച്ചും കൈയിലുള്ള സംഖ്യ ഒപ്പിച്ചും ചില തിരിമറികള്‍ നടത്തിയും പണം ഒപ്പിച്ച്, മുഴുവന്‍ സംഖ്യയും കൊടുത്ത് നിശ്ചയിച്ച സമയത്തിനുള്ളില്‍ത്തന്നെ റജിസ്റ്റര്‍ കഴിച്ചു.ഇത് 1972ലായിരുന്നു. ജീവിതത്തില്‍ ആദ്യമായി 30 സെന്റ് സ്ഥലവും പഴയതാണെങ്കിലും ഒരു വീടും പട്ടണത്തില്‍തന്നെ സ്വന്തമായി സമ്പാദിച്ചു. സാമ്പത്തികമായി മോശമല്ലാത്ത എന്റെ പിതാവിനോട് ഈ കാര്യത്തില്‍ ഒരു സഹായവും ചോദിച്ചിരുന്നില്ല. കാരണം, ഇത് സ്വപ്രയത്നംകൊണ്ടാവണം എന്ന ദൃഢ നിശ്ചയം. ഒരു പഴയ ആഗ്രഹത്തിന്റെ സാക്ഷാത്കാരംതന്നെ.

വീട് ഒരു ജീര്‍ണിച്ച കെട്ടിടം ആയിരുന്നു. ഏതാണ്ട് നാലുമാസം കഴിഞ്ഞ് ഞാനും കുടുംബവും അടുത്തുള്ള ഒരു വാടകവീട്ടിലേക്ക് താമസം മാറ്റി, ഇത് പൊളിച്ച് അവിടെ ഒരു പുതിയ വീട് വയ്ക്കാനുള്ള പണി ആരംഭിച്ചു. ഏതാണ്ട് ഒന്നരക്കൊല്ലം കഴിഞ്ഞ് വീടുപണി പൂര്‍ത്തിയായി ഗൃഹപ്രവേശം നടത്തി. അത് 1974ഫെബ്രുവരി 23ന് ആയിരുന്നു. ഗൃഹപ്രവേശച്ചടങ്ങ് ആര്‍ഭാടമായിത്തന്നെ നടത്തി. എന്റെ കേസിലെ കക്ഷികളും കുടുംബങ്ങളും സ്നേഹിതന്മാരും എല്ലാം പങ്കെടുത്തിരുന്നു. അന്നത്തെ എന്റെ രാഷ്ട്രീയ നേതാവായിരുന്ന ആഭ്യന്തരമന്ത്രി കെ കരുണാകരനും അതിഥിയായി എത്തി ചടങ്ങിന് മോടി കൂട്ടി. മഞ്ചേരി കച്ചേരിപ്പടിയില്‍ ഉള്ള ആ വീട്ടിലാണ് ഇപ്പോള്‍ എന്റെ രണ്ടാമത്തെ മകന്‍ അഡ്വക്കറ്റ് റഫീഖ് താമസിക്കുന്നത്.

വക്കീല്‍ ജോലിയില്‍ നല്ല ഉയര്‍ച്ചയും അതിനനുസൃതമായി വരുമാനത്തിലെ വര്‍ധനവും ഉണ്ടായിരുന്നു. രാഷ്ട്രീയരംഗത്ത് മഞ്ചേരി ബ്ളോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും കെപിസിസി മെമ്പറും എന്ന നിലയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു ആ കാലത്ത്. തൊഴിലും രാഷ്ട്രീയവും ഒരുമിച്ച് കൊണ്ടുപോകുന്നത് വളരെ ശ്രമകരമായ ഒരു സ്ഥിതിയാണ് ഉണ്ടാക്കുക. മാത്രമല്ല നാട്ടില്‍ പല സ്ഥലങ്ങളിലും പോയി പ്രസംഗിക്കുകയും വേണം. കുടുംബജീവിതം സങ്കീണര്‍വും മാനസിക സംഘര്‍ഷങ്ങള്‍ നിറഞ്ഞതുമായിരുന്നു. അതൊന്നും പുറത്തു കാണിക്കാതെ കോടതിയിലും കോണ്‍ഗ്രസിലും ഒരുപോലെ നിറഞ്ഞുനിന്ന് പ്രവര്‍ത്തിച്ചുപോന്നു.

കുടുംബപരമായ മാനസിക അസ്വസ്ഥതക്ക് കാരണം എന്റെ ഭാര്യ സാറാബീവിയുടെ രോഗമായിരുന്നു. അവര്‍ക്ക് ജന്മസിദ്ധമായി കൈവന്നതാണ് ആസ്ത്മ രോഗം. അവരുടെ പിതാവിന്റെ ഉമ്മയ്ക്കുണ്ടായിരുന്നതാണ് ഈ രോഗം .പിതാവിന് പത്തു മക്കളുണ്ടായിരുന്നു. അതില്‍ ഒരാളായ എന്റെ ഭാര്യക്കുമാത്രമാണ് ഈപൈതൃകം കൈവന്നത്. കുട്ടിക്കാലത്തുതന്നെ ഈ അസുഖം ഉള്ളതിനെ അത്ര കാര്യമാക്കിയിരുന്നില്ല. എന്നാല്‍ പ്രായം കൂടിവരുമ്പോള്‍ ആസ്ത്മ വലിവും കൂടിവന്നു. ഈ രോഗത്തിന് ഫലപ്രദമായ ഒരു മരുന്നും ഇന്നുവരെ കണ്ടുപിടിച്ചിട്ടില്ല. ഇന്ന് ചില പൊടിക്കൈകള്‍ പ്രയോഗിച്ച് താല്‍ക്കാലിക ശമനം വരുത്താറുണ്ട്. ആ കാലത്ത് അതും ഇല്ല. അലോപ്പതിയും ആയുര്‍വേദവും ഹോമിയോപ്പതിയും മാറി മാറി പരീക്ഷിച്ചു നോക്കാറാണ് പതിവ്. ആയുര്‍വേദത്തിലെ പ്രയോഗങ്ങള്‍ ഉടുമ്പിന്റെ മാംസം, ഞണ്ട് ഇടിച്ചുപിഴിഞ്ഞ് നീരെടുത്ത് മരുന്നു ചേര്‍ത്ത് കഴിക്കല്‍ ഇങ്ങനെയുള്ള ഒറ്റമൂലികള്‍ പ്രയോഗിച്ചു നോക്കിയിട്ടുണ്ട്. ഹോമിയോപ്പതി രംഗത്ത് പ്രശസ്തനായ ഒരു ഡോക്ടറുണ്ടായിരുന്നു കോട്ടയത്ത്. ആര്‍ എം പട്ടേല്‍. ആ വാതില്‍ക്കലും ഞങ്ങള്‍ മുട്ടിനോക്കി. ഫലം കണ്ടില്ല. അവസാനം ഹോമിയോ-ആയുര്‍വേദം ഒക്കെ മതിയാക്കി അലോപ്പതി മാത്രമാക്കി. എന്നാല്‍ രോഗം ക്രമേണ കൂടിക്കൂടി വന്നു. മാസത്തില്‍ ഒരാഴ്ച, കൊല്ലത്തില്‍ ഒരു മാസം എന്ന തോതില്‍ രോഗം ആക്രമിച്ചുവന്നു.

ആസ്ത്മ വലിവ് ആരംഭിച്ചാല്‍ മൂക്കിന്റെ രണ്ടു ദ്വാരങ്ങളും ശ്വാസം വലിക്കാന്‍ കിട്ടാത്തവിധത്തില്‍ അടഞ്ഞുപോകും. പിന്നെ വായയിലൂടെ ശ്വാസം വലിക്കാന്‍ ശ്രമിക്കും. അപ്പോള്‍ നെഞ്ചില്‍ ശ്വാസതടസം വര്‍ധിക്കും. ശ്വാസം കിട്ടാതെ ചക്രശ്വാസം വലിക്കുമ്പോള്‍ അത് കണ്ട് ചെറിയ കുട്ടിയെയും കൈയിലെടുത്ത് ഞാന്‍ നിസ്സഹായനായി നോക്കിനില്‍ക്കുന്ന ദയനീയ സ്ഥിതി ഇപ്പോള്‍ ഓര്‍ക്കാന്‍ കഴിയുന്നതല്ല. വിധിയുടെ ക്രൂരത ചിലപ്പോള്‍ എത്ര ഭയാനകമാണെന്ന് എഴുതി ഫലിപ്പിക്കാന്‍ സാധ്യമല്ല. ഓരോ തവണയും ശ്വാസംമുട്ടല്‍ വന്നാല്‍ മരിച്ചു ജീവിക്കുമ്പോലെ ആയിരുന്നു.എന്റെ സ്നേഹിതന്മാരായ ഡേക്ടര്‍മാര്‍ എല്ലാം ആ കാലത്ത് വലിയ തോതില്‍ സഹായിച്ചിട്ടുണ്ട്. പക്ഷേ എല്ലാം നിഷ്ഫലം.

എന്നാല്‍ പ്രസവകാലത്ത് ഈ രോഗത്തിന്റെ ആക്രമണം ഉണ്ടായിരുന്നില്ല. അങ്ങനെ അവര് നാല് മക്കള്‍ക്ക് ജന്മം നല്‍കി. രോഗ ഘട്ടങ്ങളില്‍ ആ മക്കളെ എങ്ങനെയാണ് നോക്കി വളര്‍ത്തിയതെന്ന് ഇപ്പോള്‍ വിവരിക്കാന്‍ ഞാന്‍ അശക്തനാണ്. ധാരാളം കേസുകള്‍ നടത്തേണ്ടിയിരുന്ന വക്കീലായ ഞാന്‍ ഈ സന്ദര്‍ഭങ്ങളില്‍ അനുഭവിച്ച മനോവേദന വിവരണാതീതമാണ്. ഒരു കൈയില്‍ ചെറിയ കുട്ടി, മറ്റേ കൈയില്‍ കേസ് കെട്ട്. ഇങ്ങനെ എത്രയോ ഘട്ടങ്ങള്‍ അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്.

അങ്ങനെ ഇരിക്കെ ഒരുദിവസം എന്റെ സ്നേഹിതന്‍ വക്കീല്‍ ഉസ്മാന്‍കോയ കോടതിയില്‍ വച്ച് എന്നോട് പറഞ്ഞു, മൂവാറ്റുപുഴയില്‍ ഒരു ഡോക്ടര്‍ ബാലകൃഷ്ണന്‍ ആസ്ത്മ രോഗം ചികിത്സിച്ചു സുഖപ്പെടുത്തുന്നുണ്ട്. അദ്ദേഹം അവിടെ പോയിരുന്നു. ചാരിസ് ക്ളിനിക് എന്നാണ് ആശുപത്രിയുടെ പേര്. ഉസ്മാന്‍ കോയയും ഒരു ആസ്ത്മ രോഗിയായിരുന്നു. ഇത് കേട്ടപ്പോള്‍ അവിടെ പോകണമെന്ന് എനിക്കും നിര്‍ബന്ധമായി തോന്നി. ഞാന്‍, എന്റെ സ്നേഹിതനായ മഞ്ചേരി ആശുപത്രിയിലെ സൂപ്രണ്ട് ഡോ. ശ്രീധരനുമായി ചര്‍ച്ചചെയ്തു. അദ്ദേഹം പറഞ്ഞു, അത് കോര്‍ടിസണ്‍ എന്ന മരുന്ന് വലിയ അളവില്‍ ഞരമ്പിലൂടെ കേറ്റുന്നതാണ് ചികിത്സ. അത് തുടര്‍ച്ചയായി ചെയ്താല്‍ രോഗം തല്‍ക്കാലം ഇല്ലാതാകും. പക്ഷേ ശരീരപ്രകൃതം തന്നെ മാറിവരും. അമിതമായി ശരീരം തടിയ്ക്കും, മുഖം ചീര്‍ക്കും. ക്രമേണ കരളിനെയും ബാധിക്കും. എന്നാല്‍ ഒരു അഞ്ചുകൊല്ലം ഇതൊന്നും ഇല്ലാതെ, ആസ്തമ രോഗവും വരാതെ സുഖമായിരിക്കും. പിന്നീടാണ് പ്രത്യാഘാതങ്ങള്‍ പുറത്തു വരുന്നത്.

ഉസ്മാന്‍ കോയയുടെ ചികിത്സയും ഡോ. ശ്രീധരന്‍ പറഞ്ഞ വിവരവും ഞാന്‍ ഭാര്യയോട് പറഞ്ഞു. അവരുടെ പ്രതികരണം എന്നെ വല്ലാതെ വിഷമിപ്പിച്ചു. "എന്തായാലും ആ ചികിത്സക്ക് പോകണം. ജീവിതത്തില്‍ ഒരു അഞ്ചുകൊല്ലമെങ്കിലും എനിക്ക് നിങ്ങളുടെയും മക്കളുടെയും കൂടെ ആസ്തമ രോഗമില്ലാതെ ജീവിക്കാമല്ലോ.പിന്നെ വരുന്നത് വരട്ടെ. അഞ്ചുകൊല്ലം കഴിഞ്ഞാല്‍ ഒരു മരുന്നും ഫലിക്കില്ലെന്നല്ലേ ഡോക്ടര്‍ പറഞ്ഞത്. ഇപ്പോഴും മരുന്നുകള്‍ ഫലിക്കുന്നില്ലോ''- ഇതായിരുന്നു ഭാര്യയുടെ അഭിപ്രായം. അതിന്റെ മുമ്പില്‍ ഞാന്‍ കീഴടങ്ങി. ചികിത്സക്ക് മൂവാറ്റുപുഴ ചാരീസ് ക്ളിനിക്കിലേക്ക് പോയി.

ഒരു മാസം ഇടവിട്ട് മൂന്നു പ്രാവശ്യം ഒരാഴ്ചവീതം ചികിത്സ നടന്നു. പ്രതീക്ഷിച്ചതുപോല ആസ്തമ വലിവ് നിന്നു. ശരീരം ക്രമേണ വണ്ണംകൂടി. ശ്രീധരന്‍ ഡോക്ടര്‍ പറഞ്ഞപോലെ പല മാറ്റങ്ങളും അനുഭവപ്പെട്ടു. ശ്വാസവലിവ് തീരെ ഇല്ലാതായി. കുടുംബജീവിതത്തിലെ ആദ്യത്തെ സമാധാന കാലം. കോടതിപ്പണിയും കോണ്‍ഗ്രസ് പ്രവര്‍ത്തനവും എനിക്ക് വര്‍ധിച്ചുവന്നു, യാതൊരു ഒഴിവുമില്ല എന്ന സ്ഥിതി.

*
ടി കെ ഹംസ കടപ്പാട്: ദേശാഭിമാനി വാരിക 23 ജനുവരി 2011

Monday, January 24, 2011

ഹംസ വധക്കേസും ഉദ്വേഗഭരിതമായ ചില രംഗങ്ങളും

മുന്‍ അദ്ധ്യായങ്ങള്‍ക്ക് ടി.കെ.ഹംസ എന്ന ലേബല്‍ നോക്കുക

കുഞ്ഞാലി വധക്കേസിനുശേഷം ഞാന്‍ സ്വതന്ത്രമായി ഒറ്റയ്ക്ക് കേസ് ഏറ്റെടുത്ത് നടത്താന്‍ തുടങ്ങി. ആദ്യമായി കൈയില്‍ കിട്ടിയതും ഞാന്‍ ഒറ്റയ്ക്ക് നടത്തിയതുമായ കേസ് ഒരു ചീട്ടുകളിക്കേസായിരുന്നു. അതും എന്റെ നാട്ടുകാരുടെ പേരിലുള്ള കേസ്. വണ്ടൂരിലെ ഒരു ക്ളബ്ബില്‍ കേറി പൊലീസ് ചീട്ടുകളി പിടിച്ചു പ്രതികളെ അറസ്റ്റ് ചെയ്തു, ചീട്ടും പണവും ഉള്‍പ്പെടെ കോടതിയില്‍ ഹാജരാക്കി. പ്രതികളില്‍ ചിലര് എനിക്ക് വളരെ അടുപ്പമുള്ള സുഹൃത്തുക്കളായിരുന്നു. ഞാന്‍ പ്രതികള്‍ക്കുവേണ്ടി ഹാജരായി, പ്രതികളെ ജാമ്യത്തില്‍ ഇറക്കി. പൊലീസ് ആക്ട് പ്രകാരമുള്ള ഒരു പെറ്റിക്കേസാണ് ചീട്ടുകളിക്കാര്‍ക്കെതിരെ ചാര്‍ജ് ചെയ്യുക.

പെറ്റിക്കേസായതിനാല്‍ ഉടന്‍ തന്നെ 2-ാം ക്ളാസ് മജിസ്ട്രേട്ട് കോടതിയില്‍ വിചാരണക്ക് വന്നു. വിചാരണസമയത്ത് കേസിലെ പന്ത്രണ്ട് പ്രതികളും കോടതിയില്‍ പ്രതിക്കൂട്ടില്‍ കേറിനിന്നു. ക്ളബ്ബില്‍ കേറി പ്രതികളെ അറസ്റ്റ്ചെയ്ത പൊലീസ് ഇന്‍സ്പെക്ടര്‍ സാക്ഷി പറയാന്‍ സാക്ഷിക്കൂട്ടിലും കേറി. മജിസ്ട്രേട്ട് തളിപ്പറമ്പുകാരനായ വിശ്വനാഥന്‍ എന്ന ആളായിരുന്നു. എപിപി ഗോവിന്ദന്‍നമ്പ്യാരും. നമ്പ്യാര്‍ പൊലീസ് ഇന്‍സ്പെക്ടറെ വിസ്തരിച്ചു, മൊഴി "ക്ളബ്ബില്‍ പണം വച്ച് ശീട്ടുകളിക്കുന്നതായി വിവരം കിട്ടി. രണ്ട് പൊലീസുകാരെയും കൂട്ടി ക്ളബ്ബിലെത്തി. പ്രതികള്‍ എല്ലാവരും ശീട്ടുകളിക്കുന്നതായി കണ്ടു. ഉടനെ അവരെ അറസ്റ്റ് ചെയ്തു. ചീട്ടും പണവും കസ്റ്റഡിയില്‍ എടുത്തു. പ്രതികളെ ചോദ്യം ചെയ്തു. സ്റ്റേറ്റ്മെന്റ് റിക്കാര്‍ഡ് ചെയ്തു. കോടതിയില്‍ ഹാജരാക്കി.'' ഇതാണ് ചീഫ് വിസ്താരമൊഴി.

പിന്നെ പ്രതിഭാഗം വക്കീലായ എന്റെ ഊഴമാണ്.

പറഞ്ഞ മൊഴിയുടെ അടിസ്ഥാനത്തില്‍ എതിര്‍ വിസ്താരം ചെയ്യണം. ഞാന്‍ സാക്ഷിയോട്:

ചോ. നിങ്ങള്‍ കാണുമ്പോള്‍ ഈ കൂട്ടില്‍ നില്‍ക്കുന്ന എല്ലാ പ്രതികളും കളിക്കുന്നതായി കണ്ടോ?

ഉ: അതെ. ഞാന്‍ കണ്ടു.

ചോ. ഓരോരുത്തരുടെ കൈയിലും എത്ര വീതം ചീട്ടുണ്ടായിരുന്നു എന്ന് പറയാന്‍ കഴിയുമോ.

ഉ: കഴിയില്ല, ഞാന്‍ എണ്ണിനോക്കിയിട്ടില്ല.

ചോ: അപ്പോള്‍ എല്ലാവരുടെ കൈയിലും ചീട്ട് ഉണ്ടായിരുന്നുവെന്നത് സത്യമല്ലെ?

ഉ: അതെ.

അതോടെ ഞാന്‍ എതിര്‍ വിസ്താരം അവസാനിപ്പിച്ചു. കേസ് വിചാരണ ക്ളോസ്ചെയ്തു. അടുത്ത ദിവസം വാഗ്വാദത്തിന് (argument) വച്ചു.

വാഗ്വാദം:

എപിപി പറഞ്ഞു. "എല്ലാ പ്രതികളുംകൂടി ചീട്ടുകളിക്കുന്നതായി പൊലീസ് കണ്ടതാണ്. പൊലീസ് മൊഴി അവിശ്വസിക്കേണ്ടതില്ല. എല്ലാ പ്രതികളും കുറ്റം ചെയ്തതായി തെളിഞ്ഞിട്ടുമുണ്ട്. ശിക്ഷ കോടതി വിധിക്കട്ടെ.''

ആ വാദത്തിന് ഞാന്‍ പറഞ്ഞ മറുപടി-

പൊലീസ് ഓഫീസറുടെ മൊഴി അവിശ്വസിക്കേണ്ടതില്ല എന്ന വാദം ശരിയാണ്. അത് മുഴുവനായി സ്വീകരിക്കണം. സാക്ഷി പറഞ്ഞത് എല്ലാ പ്രതികളും കളിക്കുന്നതായി കണ്ടു എന്നാണ്. എല്ലാവരുടെ കൈയിലും ശീട്ട് ഉണ്ടായിരുന്നു എന്നും ഉറപ്പിച്ചുപറഞ്ഞു. അത് ശരിയുമാണ്. ഇവിടെ പ്രശ്നം കളിച്ച കളി കുറ്റകരമാണോ എന്നതാണ്. കുറ്റകരമായ കളി പുള്ളിക്കളിയാണ്. അതിന് എല്ലാവരുടെ കൈയിലും ശീട്ടുണ്ടാവില്ല. ഒരാള്‍ മുഴുവന്‍ ശീട്ടും തന്റെ കൈയില്‍ പിടിച്ച് കശക്കി, അതില്‍നിന്ന് ഒരു പുള്ളി മലര്‍ത്തിവെക്കും. ആ പുള്ളിക്കുവേണ്ടി രണ്ടു ഭാഗമായി അകത്ത് - പുറത്ത് എന്ന പന്തയം വയ്ക്കും. ശീട്ടുപിടിച്ച ആള്‍ രണ്ടു ഭാഗമായി ശീട്ട് ഇടും. പന്തയപ്പുള്ളി ഏത് ഭാഗത്ത് ചാടി ആ ഭാഗം പന്തയം പറഞ്ഞ ആള്‍ക്ക് കാശ് കിട്ടും. ഇതാണ് പുള്ളിക്കളി. ഇത് കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. എല്ലാവരുടെയും കൈയില്‍ ചീട്ടുള്ള കളി ഒന്നുകില്‍ റമ്മി, അല്ലെങ്കില്‍ 'അമ്പത്താറ്'. അത് game of skill ആണ്. കുറ്റകരമല്ല.

അപ്പോള്‍ ജഡ്ജി ചോദിച്ചു, ആ പുള്ളിക്കളി ഒന്ന് കളിച്ച് കാണിച്ചുതരാമോ എന്ന്. കുട്ടിക്കാലത്ത് വണ്ടൂര്‍ അങ്ങാടിയില്‍ സാധാരണക്കാര്‍ക്കിടയിലെ ജീവിതാനുഭവങ്ങള്‍ മൂലം ഇതും മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നു. ഞാന്‍ കോടതിയില്‍നിന്ന് മുഴുവന്‍ ശീട്ടും എടുത്ത് മേശമേല്‍ കളിച്ചു കാണിച്ചുകൊടുത്തു. അത് കണ്ട് കോടതിക്ക് ബോധ്യമായി. എപിപിയും ഖണ്ഡിക്കാന്‍ മുതിര്‍ന്നില്ല. ബഹു. കോടതി എന്റെ വാദം സ്വീകരിച്ച് പ്രതികളെ കുറ്റവിമുക്തരാക്കി വിട്ടയച്ചു. സ്വന്തമായ ആദ്യത്തെ വിജയം, ആത്മവിശ്വാസം വര്‍ധിപ്പിച്ചു.

കോടതിയും കേസുകളും എനിക്ക് ആവേശമായി മാറി. അങ്ങനെയിരിക്കെ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാകേണ്ടതായ ഒരു കേസ് കിട്ടി. മഞ്ചേരി ജില്ലാ കോടതി അന്ന് കോഴിക്കോട് പ്രവര്‍ത്തിക്കുന്ന കാലമാണ്. ജഡ്ജി ജസ്റ്റിസ് ജാനകിഅമ്മയായിരുന്നു. അവര്‍ പിന്നീട് കേരള ഹൈക്കോടതിയില്‍ ജഡ്ജി ആയിരുന്നു. ഒരു ദിവസം ഞാന്‍ മഞ്ചേരി സബ് മജിസ്ട്രേട്ട് കോര്‍ട്ടില്‍ ഇരിക്കുമ്പോള്‍ വണ്ടൂര്‍ക്കാരനായ ഒരാള്‍ എന്നെ പുറത്തേക്ക് വിളിച്ചു. എന്നോട് പറഞ്ഞു. തന്റെ ഒരാളെ സ്റ്റേറ്റ് ബേങ്കില്‍ വാഹന നികുതി അടയ്ക്കാന്‍ പണം കൊടുത്തപ്പോള്‍ അത് കള്ളനോട്ടാണ് എന്ന് പറഞ്ഞ് ബാങ്കില്‍നിന്ന് പൊലീസില്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്ത് കോടതിയിലേക്ക് കൊണ്ടുവരുന്നുണ്ട്. അയാളെ ജാമ്യത്തില്‍ ഇറക്കണം.

ഇത്തരം കേസുകള്‍ ജില്ലാ-സെഷന്‍സ് കോടതിയിലാണ് വിചാരണ ചെയ്യേണ്ടത്. അതിനാല്‍ അവിടെനിന്നേ ജാമ്യം കിട്ടുകയുള്ളൂ. പക്ഷേ സബ് മജിസ്ട്രേട്ട് കോടതിയില്‍ ആദ്യം അപേക്ഷിക്കണം. അത് നിരസിച്ച ഓര്‍ഡറുമായി ജില്ലാ കോടതിയില്‍ പോകണം. പ്രതിയെ സബ്മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി, ഞാന്‍ ജാമ്യഹരജി ബോധിപ്പിച്ചു, അത് നിരസിച്ച ഓര്‍ഡര്‍ വാങ്ങി. നേരെ കോഴിക്കോട് പോയി, ജില്ലാ കോടതിയില്‍ ജാമ്യഹരജി ബോധിപ്പിച്ചു. ഭക്ഷണത്തിനുശേഷം ഉച്ചക്ക് രണ്ടരമണിക്കാണ് കോടതി വീണ്ടും ചേരുന്നത്. ജില്ലാ കോടതിയില്‍ ഒറ്റക്ക് ആദ്യമായിട്ടാണ് ഞാന്‍ ഹാജരാവുന്നത്. നല്ല മാനസിക പിരിമുറുക്കം ഉണ്ടായിരുന്നു, ഒരു ജൂനിയര്‍ വക്കീലിനുണ്ടാകുന്ന ആദ്യ അനുഭവം. പത്ത് മിനിട്ട് മുമ്പ് സീനിയര്‍ വക്കീലന്മാര്‍ വന്നുതുടങ്ങി. ഞാനാണെങ്കില്‍ ജാമ്യഹരജിയില്‍ വാദം എങ്ങനെ തുടങ്ങണം, എന്ത് പറയണം എന്നറിയാതെ വിഷമിക്കുന്നു. ആദ്യം വന്നത് മുഹസിന്‍ വക്കീല്‍, അദ്ദേഹത്തോട് ഞാന്‍ വിവരം പറഞ്ഞു. എന്താണ് വാദിക്കേണ്ടത് എന്ന് ചോദിച്ചു. സാരമില്ല, എന്തെങ്കിലും പറഞ്ഞാല്‍മതി, ജാമ്യം കിട്ടും എന്ന് പറഞ്ഞ് സമാധാനിപ്പിച്ചു. പിന്നെ വന്നത് രത്നസിങ്. അദ്ദേഹത്തോടും ഞാന്‍ ആവര്‍ത്തിച്ചു. വ്യക്തമായി ഒന്നും കിട്ടിയില്ല. സമയം പോകുന്തോറും ഉള്‍ക്കിടിലം കൂടിവരുന്നു. അപ്പോഴാണ് സീനിയര്‍ വക്കീല്‍ കുഞ്ഞിരാമമേനോന്‍ കടന്നുവന്നത്. മുന്‍പരിചയം ഉള്ളതുകൊണ്ട് അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് എന്നോട് എന്താ വന്നത് എന്ന് ചോദിച്ചു. ഞാന്‍ വന്നകാര്യം പറഞ്ഞു, ഞാന്‍ എന്താണ് കോടതിയില്‍ പറയേണ്ടത് എന്ന് വിനയത്തോടെ ചോദിച്ചു. അദ്ദേഹം ഒന്നും ആലോചിക്കാതെ പെട്ടെന്ന് എന്നോട് പറഞ്ഞു 'The very presentation of the note in State Bank itself shows that the accused is innocent' അതായത് "ഈ നോട്ട് സ്റ്റേറ്റ് ബാങ്കില്‍ ഹാജരാക്കിയതില്‍നിന്നുതന്നെ പ്രതി നിരപരാധിയാണെന്ന് മനസ്സിലാക്കാം.'' എന്നാണ് അര്‍ഥം. അത് കേട്ടതോടെ എനിക്ക് സമാധാനമായി.

ഞാന്‍ കുഞ്ഞിരാമമേനോന്റെ അടുത്തുതന്നെ ഇരുന്നു. കൃത്യം രണ്ടരമണിക്ക് ജഡ്ജി ജാനകിയമ്മ ബെഞ്ചില്‍ വന്നു. ഉടനെ മേനോനോട് എന്നെ ചൂണ്ടി ഒരു ചോദ്യം. Who is this gentle man? ആരാണ് ഇദ്ദേഹം. മേനോന്‍ മറുപടി പറഞ്ഞു. He is a junior in court, but a senior in politics. (കോടതിയില്‍ ഒരു ജൂനിയറാണ്, എന്നാല്‍ രാഷ്ട്രീയത്തില്‍ സീനിയറും).

പിന്നീട് എന്നോട്, ജാമ്യഹരജികാര്യത്തില്‍ എന്താ പറയാനുള്ളത് എന്ന് ചോദിച്ചു.

ഉടനെ ജഡ്ജി എന്നോട് ചോദിച്ചു- "ജാമ്യ ഹര്‍ജി കാര്യത്തില്‍ നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്'' എന്ന്. ഞാന്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ആദ്യമായിട്ടാണ് സ്വന്തമായി ഒരു കേസില്‍ ഹാജരാകുന്നത്. വളരെ ഭവ്യതയോടെ ഞാന്‍ വാദം തുടങ്ങി. "എന്റെ കക്ഷി കറന്‍സി നോട്ടിന്റെ ഗുണദോഷങ്ങള്‍ തിരിച്ചറിയാന്‍ സാങ്കേതികമായി അറിവുള്ള ആളല്ല. സ്റ്റേറ്റ് ബാങ്ക് അധികാരികള്‍ അത്തരം അറിവുകള്‍ ഉള്ളവരുമാണ്. കള്ളനോട്ടാണെന്നറിഞ്ഞുകൊണ്ട് ഒരാളും അത് സ്റ്റേറ്റ് ബാങ്കില്‍ കൊടുക്കുകയില്ല. ഇത് ബാങ്കില്‍ കൊടുത്തത് കൊണ്ടുതന്നെ, എന്റെ കക്ഷി നിഷ്കളങ്കനാണെന്ന് ബോധ്യമാകും, അല്ലെങ്കില്‍ അങ്ങാടിയിലാണ് അത്തരം നോട്ടുമായി പോകേണ്ടത്.'' എന്റെ ഈ വാദം സ്വീകരിച്ച് ജഡ്ജി ജാനകിയമ്മ ഒന്ന് പുഞ്ചിരിച്ചു, പ്രതിക്ക് ജാമ്യം അനുവദിച്ചു.

കുഞ്ഞിരാമമേനോന്റെ ബുദ്ധിപരമായ ഉപദേശത്തില്‍ എനിക്കുണ്ടായ പ്രചോദനം വളരെ വലുതായിരുന്നു. അന്നുമുതല്‍ ക്രിമിനല്‍ കേസുകളില്‍ എന്റെ ഗുരുവായി ഞാന്‍ മനസാ അദ്ദേഹത്തെ സ്വീകരിച്ചുവന്നു.

അതിനുശേഷം ഞാന്‍ അദ്ദേഹത്തിന്റെ കൂടെ ജൂനിയര്‍ വക്കീലായി നിരവധി കേസുകള്‍ നടത്തിയിട്ടുണ്ട്. അതില്‍ പ്രമാദമായ ഒരു കേസായിരുന്നു ഹംസ വധക്കേസ്. എന്റെ നാട്ടുകാരനായ വലിയ പീടികക്കല്‍ ഹംസ എന്ന് പേരായ ഒരു വ്യവഹാരി ഉണ്ടായിരുന്നു. അദ്ദേഹം എന്റെ ഒരകന്ന ബന്ധുകൂടിയായിരുന്നു. ചെറുപ്പം മുതല്‍ തന്നെ തര്‍ക്കവും കലഹവും അദ്ദേഹത്തിന്റെ സ്വഭാവമാണ്. ഏത് കാര്യത്തിലും ഒരു ക്രിമിനല്‍ മനഃസ്ഥിതി അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.

കുടുംബപരമായ സ്വത്ത് സംബന്ധിച്ച് തന്റെ ജ്യേഷ്ഠാനുജന്മാരുമായി നിരന്തരമായി തര്‍ക്കവും കലഹവും പതിവാണ്.അയാള്‍ ഒരു ദിവസം സ്വന്തം ജ്യേഷ്ഠന്‍ അഹമ്മതിനെ വഴിയില്‍വച്ചു വഴക്കുകൂടി കത്തിയെടുത്തു കുത്തിക്കൊന്നു. ആ സംഭവത്തില്‍ ഹംസയുടെ പേരില്‍ കൊലക്കുറ്റത്തിന് കേസ് ചാര്‍ജ് ചെയ്തു. കോഴിക്കോട് സെഷന്‍സ് കോടതിയില്‍ ആ കേസ് വിചാരണ ചെയ്തു. തെളിവിന്റെ അഭാവത്തില്‍ കുറ്റക്കാരനല്ലെന്ന് കണ്ട് ഹംസയെ കോടതി വെറുതെ വിട്ടു. കേസില്‍നിന്ന് രക്ഷപ്പെട്ടത്ള അയാളുടെ ക്രിമിനല്‍ സ്വഭാവത്തിന് ഒന്നുകൂടി ശക്തിപകര്‍ന്നു.

എന്നാല്‍ ഈ സംഭവത്തില്‍ മരിച്ച അഹമ്മതിന്റെ മക്കള്‍ക്ക് ഇത് വലിയ സങ്കടത്തിനും വൈരാഗ്യത്തിനും ഇടയായി. ഹംസയാണെങ്കില്‍ മരിച്ച അഹമ്മതിന്റെ മക്കളോടും തന്റെ സ്വന്തം അനുജന്മാരോടും പൂര്‍വാധികം വാശിയോടും അഹങ്കാരത്തോടും കൂടി പെരുമാറുകയും അവരുമായി സ്വത്ത് തര്‍ക്കം തുടര്‍ന്നുവരികയും ചെയ്തു. അയാളുടെ ക്രിമിനല്‍ സ്വഭാവം കൂടുതല്‍ ക്രൂരവും അസഹനീയവുമായി.

ഒരു ദിവസം രാവിലെ, നേരം പുലരുംമുമ്പ് എന്റെ വീട്ടിലെ കോളിങ് ബെല്ലിന്റെ മുഴക്കം കേട്ട് ഞാന്‍ ഞെട്ടിയുണര്‍ന്നു. സ്വീകരണമുറിയില്‍ വന്ന് ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോള്‍ അഞ്ചു യുവാക്കള്‍ മുറ്റത്ത് നില്‍ക്കുന്നതായി കണ്ടു. വിളക്ക് തെളിച്ചുനോക്കുമ്പോള്‍ അത് ഹംസയുടെ ജ്യേഷ്ഠന്റെ മക്കളും അനുജന്മാരും ആയിരുന്നു.അവരുടെ മുഖഭാവം കണ്ടപ്പോള്‍ എന്തോ പന്തികേട് ഉണ്ടെന്ന് എനിക്കു തോന്നി.

ഞാന്‍ വിവരം ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു: "ഞങ്ങള്‍ അവനെ ശരിപ്പെടുത്തി.'' ഞാന്‍ ഞെട്ടിപ്പോയി. ബന്ധുവും ക്രിമിനല്‍ വക്കീലുമായ എനിക്ക് അവരെ കൈയൊഴിയാന്‍ കഴിയുമായിരുന്നില്ല. ഞാന്‍ അവരെ അകത്തേക്ക് വിളിച്ചു വീട്ടിന്റെ മുകളിലെ ഒരു മുറിയില്‍ കൊണ്ടുപോയി ഇരുത്തി. വിവരങ്ങള്‍ വിശദമായി ചോദിച്ചു മനസ്സിലാക്കി. അവര്‍ പറഞ്ഞു:

"ഞങ്ങള്‍ ഗത്യന്തരമില്ലാതെ വന്നപ്പോള്‍ അവനെ ശരിപ്പെടുത്താന്‍ കൂട്ടായി തീരുമാനിച്ചു. ഹംസ അങ്ങാടിയില്‍ നിന്ന് വീട്ടിലേക്ക് വരുമ്പോള്‍ ഞങ്ങള്‍ അയാളെ പിന്തുടര്‍ന്നു. വീട്ടുവളപ്പില്‍ കേറിയപ്പോള്‍ ഞങ്ങള്‍ പിന്തുടരുന്നത് അയാള്‍ക്ക് മനസിലായി. അയാള്‍ അരയില്‍നിന്ന് രണ്ടു കത്തി ഊരിയെടുത്ത് രണ്ടു കൈകളിലും പിടിച്ചു. ഞങ്ങളെ വെല്ലുവിളിച്ചു. അയാള്‍ വീട്ടിലേക്ക് കയറി. അയാള്‍ വീടിനകത്തും ഞങ്ങള്‍ മുറ്റത്ത് വീട്ടിന്ന് പുറത്തും. ഊഴം നോക്കി അന്യോന്യം നിന്നു. ഞങ്ങള്‍ അനക്കമില്ലാതെ നില്‍ക്കുകയാണ്. അതിനാല്‍, ഞങ്ങള്‍ പോയോ എന്നറിയാന്‍ അയാള്‍ തുറന്ന വാതിലിലൂടെ പുറത്തേക്ക് തലയിട്ട് ഒന്നു നോക്കി. തലനീട്ടലും, ഞങ്ങളെ കൂട്ടത്തില്‍ ഒരാള്‍ കൈയില്‍ ഉണ്ടായിരുന്ന കല്ലുകൊണ്ട് ഒറ്റ ഏറ്. ഏറ് ക്യത്യമായി മുഖത്ത് ഒരു സൈഡില്‍ കൊണ്ടു, അയാള്‍ മറിഞ്ഞു വീണു.''

പിന്നെ അഞ്ചാളും ഓടി അകത്ത് കയറി വീണു കിടക്കുന്ന ഹംസയെ വളഞ്ഞുനിന്ന് വെട്ടി. വെട്ടി കുറച്ച് അവയവങ്ങള്‍ വേര്‍പെടുത്തി. ജ്യേഷ്ഠന്‍ അഹമ്മതിന്റെ മക്കള്‍ തങ്ങളുടെ പിതാവിനെ കൊന്നതിലുള്ള വൈരാഗ്യവും അനുജന്മാര്‍ അവരോട് ചെയ്തുപോന്ന ദ്രോഹങ്ങള്‍ക്ക് പ്രതികാരവും അങ്ങനെ തീര്‍ത്തു. പോസ്റ്റ്മോര്‍ട്ടവും കൂടി കഴിഞ്ഞപ്പോള്‍, ഹംസയുടെ മൃതദേഹം പള്ളിയിലേക്ക് സംസ്കരിക്കാന്‍ കൊണ്ടുപോയത് വളരെ പ്രയാസപ്പെട്ടായിരുന്നു.

കൊലപ്പെടുത്തിയ സംഭവത്തിലെ വസ്തുതകള്‍ എല്ലാം മനസ്സിലാക്കി. പ്രതികളെ എന്റെ വീടിന്റെ മാളികമുറിയില്‍ തന്നെ ഇരുത്തി. ഞാന്‍ ഉടനെത്തന്നെ കാറെടുത്ത് വക്കീല്‍ കുഞ്ഞിരാമമോനോനെ കാണാന്‍ കോഴിക്കോട്ടേക്ക് പോയി. സംഭവങ്ങള്‍ വിശദമായി അദ്ദേഹത്തെ ധരിപ്പിച്ചു. ഞങ്ങള്‍ ചര്‍ച്ചചെയ്തു. സംഭാഷണത്തിലെ പരാമര്‍ശങ്ങളും നിര്‍ദേശങ്ങളും വക്കീല്‍പ്രവൃത്തിയുടെ മര്യാദകളുടെ ലംഘനമാവാന്‍ ഇടയുള്ളതുകൊണ്ട് പൂര്‍ണമായി ഞാന്‍ ഇവിടെ പ്രതിപാദിക്കുന്നില്ല. അദ്ദേഹത്തിന്റെ ഉപദേശമനുസരിച്ച് പ്രതികളെ അന്നുതന്നെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി.

ഈ കേസ് ഏതാനും മാസങ്ങള്‍ക്കുശേഷം കോഴിക്കോട്ട് സ്ഥിതിചെയ്തിരുന്ന മഞ്ചേരി സെഷന്‍സ് കോടതിയില്‍ ജഡ്ജി ജാനകിഅമ്മക്ക് മുമ്പാകെ വിചാരണക്കു വന്നു. കേസിലെ സാക്ഷികള്‍; ഹംസയുടെ ഉമ്മ, ഭാര്യ, അയാളുടെ ചെറിയ രണ്ടുമക്കള്‍, പിന്നെ ഒരുപണിക്കാരനും. ഒരു ക്രിമിനല്‍ കേസിനെ സംബന്ധിച്ച് ഈ പറഞ്ഞവര്‍ പ്രതിഭാഗത്ത് നിന്നുനോക്കുമ്പോള്‍ വളരെ ബുദ്ധിമുട്ടുള്ള സാക്ഷികളാണ്. നിഷ്പക്ഷരും നിഷ്കളങ്കരുമായ സാക്ഷികള്‍, ഒന്നും മറച്ചുവയ്ക്കാനും കൂട്ടിച്ചേര്‍ക്കാനുമില്ലാത്തവര്‍. അവരെ കോടതിക്ക് അവിശ്വസിക്കാന്‍ പ്രയാസമാണ്. മാത്രമല്ല എല്ലാവരും ദൃക്സാക്ഷികള്‍തന്നെ. പ്രതിഭാഗത്ത് വാദിക്കുന്ന വക്കീലിന് വളരെ ശ്രമകരമായ കേസാണ്.

കേസ് വിചാരണയുടെ തലേന്ന് ഞാന്‍ കുഞ്ഞിരാമ മേനോന്റെ വീട്ടിലെത്തി. ഞങ്ങള്‍ കേസ് പഠിക്കാന്‍ ആരംഭിച്ചു. കേസ് ഡയറി ഞങ്ങള്‍ ആവര്‍ത്തിച്ചു, വീണ്ടും വീണ്ടും വായിച്ചു ചര്‍ച്ചചെയ്തു. ഒരു പഴുതും കാണുന്നില്ല. പ്രതികള്‍ക്കുവേണ്ടി ഉന്നയിക്കാന്‍ പറ്റിയ ഒരു പിടിയും കിട്ടുന്നില്ല. ഒടുവില്‍ വക്കീല്‍ എന്നോട്പറഞ്ഞു, നിങ്ങള്‍ സാക്ഷിമൊഴിയും രേഖകളും ഒന്നുകൂടി വായിച്ചുനോക്കി ഓഫീസില്‍ ഇരിക്കൂ എന്ന്. അദ്ദേഹം പുറത്തേക്ക് പോയി. ഏതാനും നിമിഷങ്ങള്‍ക്കുശേഷം ഞാന്‍ പുറത്തുവന്ന് നോക്കുമ്പോള്‍ അദ്ദേഹം ജഗ് എടുത്ത് മുറ്റത്തെ പൂച്ചെടികള്‍ നനയ്ക്കുന്നതാണ് കാണുന്നത്. ഞാന്‍ ഒന്നും മിണ്ടാതെ, നിശ്ശബ്ദമായി കോലായില്‍നിന്ന് അദ്ദേഹത്തിന്റെ ചലനങ്ങള്‍ വീക്ഷിക്കുകയായിരുന്നു. പെട്ടെന്ന് അദ്ദേഹം തോട്ടം നനയ്ക്കല്‍നിര്‍ത്തി ജഗ് താഴെ വച്ചു ഓഫീസ് മുറിയിലേക്ക് കടന്നുവന്നു. കൂടെ ഞാനും. അത്ഭുതത്തോടെ അദ്ദേഹം എന്നോട് പറഞ്ഞു: "കാര്യം പിടികിട്ടി.'' ഞാന്‍ ആകാംക്ഷയോടെ, അദ്ദേഹം പറയുന്നത് കേള്‍ക്കാന്‍ ചെവി കൂര്‍പ്പിച്ചുനിന്നു. കേസ്ഡയറി എടുത്ത് ഒന്നും രണ്ടും സാക്ഷികളുടെ മൊഴികള്‍ വായിക്കാന്‍ അദ്ദേഹം എന്നോടാവശ്യപ്പെട്ടു. ഒന്നാംസാക്ഷി പറയുന്നത്, ഒന്നും രണ്ടും മൂന്നും അഞ്ചും പ്രതികളാണ് ആക്രമിച്ചതും വെട്ടിയതും എല്ലാം എന്നാണ് .നാലാംപ്രതി ഒന്നും ചെയ്തതായി പറയുന്നില്ല. നാലാംപ്രതി സ്ഥലത്തുള്ളതായ ഒരു സൂചനപോലും ഒന്നാം സാക്ഷിയുടെ മൊഴിയില്‍ ഇല്ല. എന്നാല്‍ രണ്ടാം സാക്ഷിയുടെ മൊഴിയില്‍ ഒന്നു മുതല്‍ നാലുകൂടി പ്രതികളാണ് ഏറും വെട്ടും മറ്റെല്ലാം ചെയ്തത്. അഞ്ചാം പ്രതി ഒരു കുറ്റവും ചെയ്തതായി പറയുന്നില്ല. നേരെ സംഭവം കണ്ട ദൃക്സാക്ഷികള്‍ ഇവര്‍ മാത്രവുമാണ്.

മേനോന്‍ പറഞ്ഞു, "ഇതില്‍നിന്ന് ഒരു കാര്യം വ്യക്തമാണ്. ഒന്നുകില്‍ നാലാം പ്രതി, അല്ലെങ്കില്‍ അഞ്ചാം പ്രതി രണ്ടില്‍ ഒരാള്‍ ഒരു കുറ്റവും ചെയ്തിട്ടില്ല. അതാരാണെന്ന് വ്യക്തമല്ല. ഒന്നും രണ്ടും സാക്ഷികളുടെ മൊഴികള്‍ പരസ്പരവിരുദ്ധമാണ്. നമുക്ക് ഇവിടെ പിടിക്കാം.'' അതാണ് കുഞ്ഞിരാമമേനോന് ചെടികള്‍ നനയ്ക്കുന്നതിനിടയില്‍ അഗാധ ചിന്തയില്‍നിന്ന് വന്ന വെളിപാട്.

വിചാരണസമയത്ത് പൊലീസ് തയാറാക്കിയ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ മേനോന്‍ സാക്ഷികളെ എതിര്‍വിസ്താരം ചെയ്തു. കൂട്ടത്തില്‍ ഒരു പ്രതി ഒന്നും ചെയ്തിട്ടില്ലെന്ന് സ്ഥാപിച്ചു. വാഗ്വാദത്തില്‍ അദ്ദേഹം കോടതിയില്‍ പറഞ്ഞു, ഈ കൂട്ടത്തില്‍ ഒരു പ്രതി കുറ്റം ചെയ്യാത്ത നിരപരാധിയാണ്. നിരപരാധിയെ ശിക്ഷിക്കാന്‍ നിയമം അനുവദിക്കുന്നില്ല. ആ നിരപരാധി നാലാം പ്രതിയാണോ അഞ്ചാം പ്രതിയാണോ എന്ന് വ്യക്തമല്ല. സംശയമാണ് കേസ്. എങ്ങനെ ശിക്ഷിച്ചാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടും. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടാന്‍ പാടില്ല. അതുകൊണ്ട് സംശയത്തിന്റെ ആനുകൂല്യം നല്‍കി എല്ലാ പ്രതികളെയും വിട്ടയച്ചു.

എതിര്‍ വിസ്താരത്തിലും വാഗ്വാദത്തിലും മേനോന്‍ ഒരു അത്ഭുതം തന്നെയായിരുന്നു. നിയമത്തിന്റെ ഞാണിന്മേല്‍ കളി. ബുദ്ധിയുടെ അതിസാമര്‍ഥ്യം. അദ്ദേഹത്തിന്റെ കഴിവും മികവും അഭിഭാഷക സമൂഹത്തിന് എന്നും അഭിമാനകരമായ മാര്‍ഗദര്‍ശനമായിരുന്നു.അനുസരണയുള്ള ഒരു ശിഷ്യന്‍ എന്ന നിലയില്‍ ഞാന്‍ എന്നും അദ്ദേഹത്തെ പിന്തുടര്‍ന്നു. അദ്ദേഹത്തില്‍നിന്ന് പഠിച്ച പാഠങ്ങള്‍ പില്‍ക്കാലത്ത് വക്കീല്‍പണിയില്‍ എനിക്ക് വലിയ പ്രചോദനവും സഹായവും ആയിരുന്നു.

ഞാന്‍ 1982ല്‍ നിയമസഭാംഗമായപ്പോഴും കോടതി പ്രാക്ടീസ് നിര്‍ത്തിയിരുന്നില്ല, 1987 വരെ തുടര്‍ന്നു. ഞാന്‍ അവസാനമായി നടത്തിയ കേസ് കേരള കാഷ്യൂ കോര്‍പറേഷന്റെ വക എടവണ്ണ യാര്‍ഡില്‍നിന്ന് കൊല്ലം കേന്ദ്രത്തിലേക്ക് കൊണ്ടുപോയ ഒരു ലോഡ് കശുഅണ്ടി തട്ടിക്കൊണ്ടുപോയ കേസാണ്.

എടവണ്ണയില്‍നിന്ന് ലോഡ് എടുത്ത ലോറിയിലെ ഡ്രൈവറും ക്ളീനറും ട്രാന്‍സ്പോര്‍ട്ടിങ് കോണ്‍ട്രാക്ടര്‍ ആയിരുന്ന ബേബിജോണും ആയിരുന്നു പ്രതികള്‍. ഒരു ലോഡ് കശുഅണ്ടി അവര്‍ വഴിമാറ്റി മറിച്ചുവിറ്റ് പണമാക്കി തട്ടിയെടുത്തു എന്നായിരുന്നു കേസ്.

കശുഅണ്ടി വാങ്ങിയത് കൊല്ലത്തെ വിനോദ്. കാഷ്യൂ കമ്പനി ഉടമ കൃഷ്ണപിള്ളയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തപ്പോഴും അന്വേഷണ സമയത്തും കൃഷ്ണപിള്ള ഒന്നാംപ്രതിയായിരുന്നു. കൃഷ്ണപിള്ള കൊല്ലത്തെ വലിയ കാഷ്യൂ കമ്പനി ഉടമയും പ്രമാണിയുമാണ്. ഭരണത്തില്‍ സ്വാധീനവും ഉണ്ടായിരുന്നു. അന്ന് പൊലീസ് മന്ത്രി വയലാര്‍ രവിയായിരുന്നു.

ഉന്നതങ്ങളില്‍ സ്വാധീനമുള്ള പ്രധാനപ്രതി കൃഷ്ണപിള്ളയെ ഒഴിവാക്കി മറ്റു മൂന്ന് ലോറിജോലിക്കാരുടെ പേരില്‍ മാത്രമാണ് കേസ് വന്നത്. അവര്‍ക്കുവേണ്ടി ഹാജരായത് ഞാനായിരുന്നു. കേസില്‍ ഞാന്‍ വാദിച്ചത് ലോറി ഓട്ടിയ ഡ്രൈവറും ക്ളീനറും കൂലിക്കാരനും നിരപരാധികളുമാണ്, അവര്‍ മുതലാളി പറഞ്ഞ പണി ചെയ്തു എന്നു മാത്രമേയുള്ളൂ. കശുഅണ്ടി തട്ടിയെടുത്തതും സ്വന്തമാക്കിയതുമായ യഥാര്‍ഥ പ്രതി കമ്പനി ഉടമയാണ്. അയാളെ ഭരണസ്വാധീനം ഉപയോഗിച്ചു ഒഴിവാക്കി. സാധുക്കളായ കൂലിക്കാരുടെ മേല്‍ കേസ് വച്ചുകെട്ടുന്നത് ശരിയല്ല. യഥാര്‍ഥ കുറ്റവാളിയെ സ്വാധീനം ഉപയോഗിച്ച് ഒഴിവാക്കി നിരപരാധികളെ ശിക്ഷിക്കുന്നത് നീതിക്ക് നിരക്കുന്നതല്ല. ഈ വാദം സ്വീകരിച്ച് പ്രതികളെ കുറ്റവിമുക്തരാക്കി വിട്ടയച്ചു.

എന്നാല്‍ ഈ കേസില്‍ രസകരമായ ഒരു സംഗതിയുണ്ടായിരുന്നു. കേസന്വേഷണസമയത്ത് കൃഷ്ണപിള്ള വാങ്ങിയ, ഈ കേസില്‍പെട്ട ഒരു ലോഡ് കശുഅണ്ടി അദ്ദേഹത്തിന്റെ കമ്പനിയില്‍നിന്ന് പൊലീസ് പിടിച്ചെടുത്ത് കോടതിയില്‍ ഹാജരാക്കി. അത് പിന്നീട് നിയമപ്രകാരം ലേലത്തില്‍ വിറ്റുകിട്ടിയ വില കോടതിയില്‍ ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ട്. അതേ സമയം പ്രതിയായ ലോറി ഡ്രൈവറുടെ വീട്ടില്‍നിന്ന് പൊലീസ് റെയ്ഡ് നടത്തി 80,000 ഉറുപ്പിക കസ്റ്റഡിയില്‍ എടുത്തതും കോടതിയില്‍ ഹാജരാക്കി.

പ്രതികളെ വിട്ടശേഷം പ്രതിയുടെ വീട്ടില്‍നിന്ന് കണ്ടെടുത്ത 80000 ക. വിട്ടുകിട്ടാന്‍ ഒരു ഹര്‍ജി കൊടുത്തു. അതില്‍ ഞാന്‍ കോടതിയില്‍ പറഞ്ഞത്, കോര്‍പറേഷന്റെ നഷ്ടപ്പെട്ട കശുഅണ്ടി പിടിച്ചെടുത്ത് കോടതിയില്‍ ഹാജരാക്കി - പണം ഡെപ്പോസിറ്റ് ഉണ്ട്. അത് കോര്‍പറേഷന് കൊടുക്കാം. പ്രതിയുടെ വീട്ടില്‍നിന്നെടുത്തത് പ്രതിക്കും. ഇരട്ടലാഭം കോര്‍പറേഷന് പാടുള്ളതല്ല. അത് സ്വീകരിച്ചു 80000 ക വിട്ടുതരാന്‍ ഉത്തരവായി. പണം കൈയില്‍ കിട്ടിയപ്പോഴേക്കും ഞാന്‍ 1987 മെയ് മാസം മന്ത്രിയായി ചാര്‍ജെടുത്തിരുന്നു. അതില്‍ നാലില്‍ ഒന്ന് 20,000 ക അവര്‍ എനിക്ക് ഫീസ്തന്നു.

*
ടി കെ ഹംസ കടപ്പാട്: ദേശാഭിമാനി വാരിക 16 ജനുവരി 2011

Sunday, January 9, 2011

സ. കുഞ്ഞാലിയുടെ രക്തസാക്ഷിത്വവും എന്റെ വക്കീല്‍ ജീവിതവും

മുന്‍ അദ്ധ്യായങ്ങള്‍ക്ക് ടി.കെ.ഹംസ എന്ന ലേബല്‍ നോക്കുക

1968 ഏപ്രിലില്‍ ബിഎല്‍ ഡിഗ്രി അവസാന പരീക്ഷയെഴുതി. പരീക്ഷക്ക് പോകുന്നതിന് മുമ്പുതന്നെ മഞ്ചേരി കോടതിയില്‍ പ്രാക്ടീസ് തുടങ്ങണം എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. മഞ്ചേരിയിലെ എന്റെ അടുത്ത സുഹൃത്തായിരുന്ന പൂന്തോട്ടത്തില്‍ അബുവിനോട് ആ ഇംഗിതം വെളിപ്പെടുത്തിയിരുന്നു. പരീക്ഷ കഴിഞ്ഞുവന്നാല്‍ മഞ്ചേരിയില്‍ താമസം തുടങ്ങണം. അതിന് പറ്റിയ ഒരു വീട് കോടതിക്കടുത്തുതന്നെ കണ്ടുപിടിക്കാനും അദ്ദേഹത്തോട് പറഞ്ഞിരുന്നു. അതുപ്രകാരം പരീക്ഷ കഴിഞ്ഞ് പെട്ടിയും ബെഡും പുസ്തകക്കെട്ടുമായി ഞാന്‍ മഞ്ചേരി കച്ചേരിപ്പടിയില്‍ വന്നിറങ്ങി. അബു കച്ചേരിപ്പടിയില്‍ സ്റ്റേഷനറിക്കച്ചവടം നടത്തുകയായിരുന്നു. അയാള്‍ ആത്മാര്‍ഥതയുള്ള ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. 1957ലെ പൊതു തെരഞ്ഞെടുപ്പ് കാലത്താണ് ഞാനുമായി പരിചയപ്പെടുന്നത്. ആ പരിചയം പിന്നീട് വലിയ സൌഹൃദത്തിനിടയായി.

അബു എനിക്കുവേണ്ടി കോടതിക്ക് തൊട്ടടുത്ത് ഹൈസ്കൂളിന് മുന്‍വശം ഒരു വീട് കണ്ടുവച്ചിരുന്നു. പെട്ടിയും കെട്ടും അബുവിന്റെ കടയില്‍ വച്ച് ഞങ്ങള്‍ വീട് കാണാന്‍ പോയി. വീടിന്റെ കാര്യം ഉടമയെ കണ്ടുറപ്പിച്ച് താക്കോല്‍ വാങ്ങിത്തന്നത് അടുത്ത വീട്ടുകാരനും എന്റെ ഒരു പരിചയക്കാരനുമായിരുന്ന 'സൊറ' അബ്ദുള്ളക്ക ആയിരുന്നു. സൊറ എന്ന് പറഞ്ഞാല്‍ ബസ്സില്‍ ആളെപ്പിടിച്ചുകേറ്റുന്ന ജോലി ചെയ്യുന്ന ആള്‍ എന്നാണര്‍ഥം. ഞങ്ങള്‍ വീട് കണ്ട് തൃപ്തിപ്പെട്ടു. പതിനഞ്ചുറുപ്പികയാണ് മാസ വാടക. ആനക്കയത്ത് കെ വി മൊയ്തീന്‍കുട്ടി ഹാജിയുടേതായിരുന്നു വീട്. അഡ്വാന്‍സ് കൊടുത്ത് വീട് ഏറ്റുവാങ്ങി. കൈയിലുള്ള സാധനങ്ങള്‍ അതിനകത്തുവച്ച് കിണറ്റില്‍നിന്ന് വെള്ളം മുക്കി ഒന്ന് കുളിച്ച് പുറത്തുപോയി സാമിയുടെ ഹോട്ടലില്‍ കയറി ഒരു വെജിറ്റേറിയന്‍ ഊണ് കഴിച്ചു.

കച്ചേരിപ്പടിയിലെ സ്വാമിയുടെ 'തൃശൂര്‍' ഹോട്ടല്‍ അക്കാലത്ത് വളരെ പ്രശസ്തമായിരുന്നു. അന്നൊക്കെ ഹോട്ടല്‍ ഭക്ഷണത്തില്‍ ഇന്നത്തെ പോലെ കലര്‍പ്പും കൃത്രിമവും ഉണ്ടായിരുന്നില്ല. ഓണത്തിന് ഇല്ലത്തുനിന്ന് ഒരു സദ്യ ഉണ്ട പ്രതീതിയാണ് സ്വാമിയുടെ ഊണ്‍ കഴിച്ചാല്‍ ഉണ്ടാവുക. അത് കഴിഞ്ഞ് വീട്ടില്‍ വന്ന് ബെഡ് നിവര്‍ത്തി കിടന്നു വിശ്രമിച്ചു. ഉറക്കം വരുന്നില്ല. ഭാവി പരിപാടികള്‍ ആസൂത്രണം തലയ്ക്കുള്ളില്‍ നടക്കുകയാണ്. ഭാര്യയെയും കുട്ടികളെയും കൊണ്ടുവന്ന് സ്വതന്ത്രമായ കുടുംബ ജീവിതം തുടങ്ങുക എന്നതാണ് ആലോചനാവിഷയം. അന്നേക്ക് മൂന്നു കുട്ടികള്‍ ആയിക്കഴിഞ്ഞിരുന്നു.

വൈകുന്നേരത്തെ ബസ്സില്‍ നാട്ടിലേക്ക് പോയി. സ്വന്തം വീട്ടില്‍ എത്തി ബാപ്പയെ കണ്ട് പദ്ധതികള്‍ മുന്നില്‍വച്ചു. ബുദ്ധിപരമായി തീരുമാനമെടുക്കുന്നതില്‍ അദ്ദേഹം എന്നും മുന്നിലായിരുന്നു. ചെറിയ ഭേദഗതികളോടെ എന്റെ നിര്‍ദേശം അംഗീകരിച്ചു. ഉമ്മയുടെ സമ്മതവും അതിന് പിന്‍ബലമായി.

അക്കാലത്ത് വീട്ടില്‍ നെല്ലിന് ഒരു ക്ഷാമവും ഉണ്ടായിരുന്നില്ല, പണത്തിനാണ് വിഷമം. ബാപ്പ പലപ്പോഴും വീട്ടിലെ ആഭരണങ്ങള്‍ ബാങ്കില്‍ പണയംവച്ച് പണം വാങ്ങുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഒരു ചാക്ക് നെല്ല് വിറ്റാല്‍ പത്ത് ഉറുപ്പികയാണ് അന്ന് വില കിട്ടുക, ഏഴ് പറ നെല്ലാണ് ഒരു ചാക്ക്.

ഏതായാലും ഒരു ലോറി വിളിച്ച് അതില്‍ പത്ത് ചാക്ക് നെല്ല്, അടുപ്പില്‍ കത്തിക്കാന്‍ കുറെ വിറക്, വീട്ടില്‍നിന്ന് കഴിയുന്നത്ര ഫര്‍ണിച്ചര്‍ മുതലായവ കയറ്റി. ലോറി പുറപ്പെടുമ്പോള്‍ ബാപ്പ എന്നെ വിളിച്ച് ഇരുനൂറ്റി അമ്പത് ഉറുപ്പികയും കൈയില്‍ തന്നു. ഞാനും ആ ലോറിയില്‍തന്നെ കയറി മഞ്ചേരിക്ക് വന്നു. അതായിരുന്നു വക്കീല്‍പ്പണിയിലെ എന്റെ ആദ്യത്തെ മൂലധനം. അതിനുശേഷം ബാപ്പ മരിക്കുന്നതുവരെ എന്റെ ആവശ്യത്തിന് ബാപ്പയോട് ഞാന്‍ പണം വാങ്ങിയിട്ടില്ല.

1968 ആഗസ്തില്‍ ബിഎല്‍ പരീക്ഷയുടെ റിസള്‍ട്ട് വന്നു. ഞാന്‍ പാസായി. ഉടനെത്തന്നെ വക്കീലാകാനുള്ള വസ്ത്രങ്ങള്‍ ഒരുക്കാനുള്ള ശ്രമം തുടങ്ങി. കറുത്ത കോട്ടും വെള്ള പാന്റും ഷര്‍ട്ടും കഴുത്തില്‍ കെട്ടുന്ന ബാന്‍സും എല്ലാം തയാറായി. കോടതിയില്‍ കയറാന്‍ ഒരു സീനിയര്‍ വക്കീലിന്റെ സഹായം ആവശ്യമാണ്. മഞ്ചേരി ബാറിലെ പ്രഗത്ഭനും പ്രശസ്തനുമായ സീനിയര്‍ അഡ്വക്കറ്റ് ആയിരുന്നു എന്‍ പി രാമസ്വാമി അയ്യര്‍. മാത്രമല്ല അദ്ദേഹം ബാപ്പയുടെ വക്കീലും കൂടി ആയിരുന്നു. അദ്ദേഹത്തെ സംബന്ധിച്ച് കുട്ടിക്കാലത്തുതന്നെ ബാപ്പയുടെ കേസുകളെപ്പറ്റിയുള്ള വിവരണത്തില്‍നിന്ന് ഞാന്‍ കേട്ട് മനസ്സിലാക്കിയിരുന്നു. ഞാന്‍ ബാപ്പയുമൊരുമിച്ച് അദ്ദേഹത്തെ ചെന്നുകണ്ട് ഇംഗിതം അറിയിച്ചു. അദ്ദേഹം വളരെ സന്തോഷത്തോടെ സ്വീകരിച്ച് എന്നെ ശിഷ്യനായി അംഗീകരിച്ചു. ഞാന്‍ ആനന്ദ പുളകിതനായി. എന്റെ ഭാര്യവീടായ കൊണ്ടോട്ടി തങ്ങള്‍ തറവാട്ടില്‍നിന്ന് എനിക്ക് പിച്ചളകൊണ്ട് കെട്ടുകള്‍ ഉള്ള ആനക്കൊമ്പിന്റെ ഒരു വടി (walking stick) കിട്ടിയിരുന്നു. അത് ഞാന്‍ അദ്ദേഹത്തിന് ഗുരുദക്ഷിണയായി സമ്മാനിച്ചു. അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചത്ഞാന്‍ ഇന്നും കണ്ണില്‍ കാണുന്നുണ്ട്. അടുത്ത ദിവസംതന്നെ കോടതിയില്‍ വന്നിരിക്കാന്‍ അദ്ദേഹം ഉപദേശിച്ചു.

അങ്ങനെ 1968 സെപ്തംബര്‍ 9ന് രാവിലെ 11 മണിക്ക് മഞ്ചേരി മുന്‍സിഫ് കോര്‍ട്ടില്‍ രാമസ്വാമി അയ്യരുടെ കൂടെ, കറുത്ത കോട്ട് ധരിച്ച ഹംസവക്കീല്‍ അഭിമാനത്തോടെ കയറിയിരുന്നു. ആ ദിവസം എന്റെ ജീവിതത്തില്‍ അത്ഭുതത്തിന്റെയും ആനന്ദത്തിന്റെയും ദിനമാണ്. എഴുപത്തിഒമ്പത് ഉറുപ്പിക മാസശമ്പളത്തില്‍ പഞ്ചായത്ത് ഓഫീസറായി ജോലിചെയ്തിരുന്ന ഒരു പ്രീഡിഗ്രിക്കാരന്‍ ബിഎ, ബിഎല്‍ പാസായ ഹംസവക്കീലാകുന്ന മാനസികാവസ്ഥ ഒരിക്കലും മറക്കാനാവാത്ത അനുഭവംതന്നെ.

ഏതാണ്ട് ഒരു മാസം അങ്ങനെ തുടര്‍ന്നു. അതിനിടയ്ക്ക് അഡ്വക്കറ്റായി എന്‍റോള്‍ ചെയ്യാനുള്ള ബാര്‍ കൌണ്‍സിലിന്റെ അറിയിപ്പ് കിട്ടി. അതുപ്രകാരം 12-10-1968 രാവിലെ 11 മണിക്ക് എറണാകുളം ഹൈക്കോടതിയില്‍ ബാര്‍ കൌണ്‍സില്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അഡ്വക്കറ്റായി എന്‍റോള്‍ചെയ്തു. കറുത്ത കോട്ടിന്റെ പുറമെ ഒരു ഗൌണ്‍ ധരിച്ചാണ് സത്യപ്രതിജ്ഞ ചെയ്യേണ്ടത്. പിറ്റേ ദിവസംതന്നെ മഞ്ചേരി ബാറില്‍ എത്തി, രാമസ്വാമി അയ്യരുടെ ജൂനിയര്‍ അഡ്വക്കറ്റായി പ്രാക്ടീസ് ആരംഭിച്ചു.

അദ്ദേഹം ആ കാലത്ത് സിവില്‍ കേസുകള്‍ മാത്രമെ നടത്തിയിരുന്നുള്ളു. മുമ്പ് പ്രഗത്ഭനായ ക്രിമിനല്‍ വക്കീലായിരുന്നു. പ്രമാദമായ നിരവധി ക്രിമിനില്‍ കേസുകള്‍ മുമ്പ് നടത്തിയ കഥകള്‍ അദ്ദേഹം തന്നെ വിവരിച്ചുതന്നിരുന്നു. എല്ലാ ദിവസവും രാവിലെ ഏഴ്മണിക്ക് ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ഓഫീസില്‍ എത്തും. കുറേ കേസ് കെട്ടുകള്‍ എടുത്തുതരും. ഞാന്‍ അതെല്ലാം ശ്രദ്ധയോടെ വായിക്കും. അതിര് തര്‍ക്കം, പാട്ടബാക്കി, ഇഞ്ചങ്ഷന്‍ കേസ് എന്നിവയായിരുന്നു കൂടുതലും. അവയിലെ അന്യായം, അതിന്മേല്‍ പ്രതിഭാഗത്തുനിന്ന് ബോധിപ്പിച്ച പത്രിക തീര്‍പ്പ് കല്‍പ്പിക്കേണ്ട പ്രശ്നങ്ങള്‍ (issues) എന്നിവ മനസ്സിരുത്തി വായിക്കണം. കോടതിയില്‍ പോകുന്നതിന് ഒരുമണിക്കൂര്‍ മുമ്പ് കെട്ട്നോക്കല്‍ നിര്‍ത്തും.പിന്നെ എനിക്ക് കുറേ കാര്യങ്ങള്‍ പറഞ്ഞുതരും. പാട്ടം, പണയം, അനുവാദം (lease, mortgage, licence) എന്നിവ വിശദീകരിച്ചുതരും.അത് കഴിഞ്ഞ് തലേദിവസം പറഞ്ഞുതന്ന കാര്യങ്ങളെ സംബന്ധിച്ച ചില ചോദ്യങ്ങള്‍. തെറ്റാതെ ഉത്തരം പറഞ്ഞില്ലെങ്കില്‍ ഗുരുവിന്റെ സ്വഭാവം മാറും. വിനയാന്വിതനായ ശിഷ്യനായി ഞാന്‍ എല്ലാം അനുസരിക്കും. അതെല്ലാം എന്നില്‍ കുടികൊള്ളുന്ന വക്കീല്‍ എന്ന വികാരത്തെ ഉദ്ദീപിപ്പിക്കലും അരക്കിട്ടുറപ്പിക്കലുമായിരുന്നു എന്ന് ഞാന്‍ മനസ്സിലാക്കി. പിന്നീട് അതെല്ലാം എന്റെ വക്കീല്‍ജീവിതത്തില്‍ കനപ്പെട്ട മാര്‍ഗദര്‍ശനമായി മാറി. ഇന്ന് ആ തരത്തിലുള്ള ബന്ധങ്ങളെല്ലാം പഴങ്കഥകള്‍ മാത്രമാണ്.

ആറ് മാസം മാത്രമെ അങ്ങനെ സ്ഥിരമായി ഞാന്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ പോയിരുന്നുള്ളൂ. അങ്ങനെയിരിക്കെ ഒരു ദിവസം ഒരാള്‍ അദ്ദേഹത്തിന്റെ മുറ്റത്തു വന്ന് എന്നെ ഒന്ന് എത്തിനോക്കി. അതു കണ്ട്, അയാളോട് അദ്ദേഹം എന്താ എന്ന് ചോദിച്ചു. ഒന്നുമില്ല. എന്നയാള്‍ മറുപടി പറഞ്ഞു. കുറച്ച് കഴിഞ്ഞ് അയാള്‍ വീണ്ടും ഒന്ന് എത്തി നോക്കി. അപ്പോള്‍ സാമിക്ക് കാര്യം പിടികിട്ടി. എന്നെ അന്വേഷിച്ച് കക്ഷികള്‍ വരാന്‍ തുടങ്ങി എന്ന്. ഉടനെ അദ്ദേഹം എന്നോടായി പറഞ്ഞു. "നിങ്ങള്‍ക്ക് കക്ഷികള്‍ വരുന്നുണ്ട്, നിങ്ങള്‍ വീട്ടില്‍ പോയി ഇരിക്കൂ, ഏതെങ്കിലും കാര്യത്തില്‍ സംശയം തോന്നിയാല്‍, അപ്പോള്‍ വന്നാല്‍ മതി''. അത് കേട്ട ഉടനെ ഞാന്‍ എണീറ്റ് പുറത്തുള്ള ആളെയും കൂട്ടി എന്റെ വീട്ടില്‍ പോയി. പിന്നെ ഞാന്‍ ഓഫീസില്‍ പോയിരുന്നില്ല. എപ്പോഴെങ്കിലും ചെന്നുകണ്ട് സംശയങ്ങള്‍ തീര്‍ക്കും.

എന്‍ പി രാമസ്വാമി അയ്യര്‍, എന്റെ ഗുരുനാഥന്‍ അക്ഷരാര്‍ഥത്തില്‍ ഒരു അത്ഭുത പ്രതിഭാസംതന്നെ ആയിരുന്നു. അദ്ദേഹത്തെപ്പറ്റി ചെറുപ്പത്തില്‍ ബാപ്പയുടെ വിവരണത്തില്‍നിന്ന് കിട്ടിയ അറിവ് അത്രയും ശരിയായിരുന്നു എന്ന് എനിക്ക് അനുഭവത്തില്‍നിന്ന് ബോധ്യമായി. പിന്നീട് അദ്ദേഹത്തിന്റെ ഓഫീസില്‍ ഞാന്‍ സ്ഥിരമായി പോയിരുന്നില്ലെങ്കിലും കോടതിയില്‍ സന്തതസഹചാരി ആയിരുന്നു. അദ്ദേഹത്തിന്റെ എതിര്‍വിസ്താരം, വാഗ്വാദം എന്നിവ ഞാന്‍ ശ്രദ്ധിച്ചുകേട്ട് പഠിക്കും. രാവിലെ പതിനൊന്നു മണിക്ക് കോടതിയില്‍ വന്നാല്‍ അഞ്ച് മണിക്കേ അദ്ദേഹം പോകാറുള്ളൂ. അദ്ദേഹത്തിന്റെ എല്ലാ ശൈലിയും ശീലവും കിട്ടിയ അവസരത്തില്‍ സ്വായത്തമാക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു. വക്കീല്‍പ്പണിയിലെ സ്ഥിരോത്സാഹവും സത്യസന്ധതയും അദ്ദേഹത്തില്‍നിന്നാണ് പഠിച്ചത്. അതിലൊന്നും ഒരിക്കലും ഞാന്‍ വീഴ്ച വരുത്തിയിരുന്നില്ല. അതിനാല്‍ തൊഴിലില്‍ അതിവേഗം ഞാന്‍ പച്ചപിടിച്ചുകേറി. സിവിലും ക്രിമിനലും ടാക്സും ഒരുമിച്ച് ഞാന്‍ കൈകാര്യം ചെയ്തുതുടങ്ങി. കൂട്ടത്തില്‍ ആര്‍ടിഎ കേസുകളും കലക്ടറുടെ മുമ്പില്‍ ഇസി ആക്ട് കേസുകളും നടത്തിവന്നു. ചുരുക്കത്തില്‍ ഒരു കൊല്ലംകൊണ്ട് വളരെ മുന്നോട്ടുപോയി. കുറച്ചുകഴിഞ്ഞു സിവിലും ടാക്സും ഞാന്‍ വിട്ടു, ക്രിമിനല്‍ കേസുകള്‍ മാത്രമായി.

ആ കാലത്ത് മഞ്ചേരിയിലെ പ്രഗത്ഭനായ ക്രിമിനല്‍ വക്കീല്‍ പി സി മുഹസിന്‍ കോഴിക്കോട്ടേക്ക് പ്രാക്ടീസ് മാറ്റി, കോഴിക്കോട്ടുതന്നെ താമസവുമായി. അദ്ദേഹത്തിന്റെ ശിഷ്യന്‍ ആയിരുന്ന എം പി ഗംഗാധരനായിരുന്നു പിന്നെ ക്രിമിനല്‍ കേസുകളില്‍ മുന്‍പന്തിയിലുണ്ടായിരുന്നത്. അദ്ദേഹം 1969ല്‍, നിലമ്പൂര്‍ എംഎല്‍എ സ. കുഞ്ഞാലിയുടെ മരണത്തെത്തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് എംഎല്‍എ ആയി. 1970ല്‍ നിയമസഭ പിരിച്ചുവിട്ടു. പൊതുതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ വീണ്ടും അദ്ദേഹം മത്സരിച്ചു ജയിച്ചു. ആ സ്ഥാനം 1977 വരെ തുടര്‍ന്നു. അദ്ദേഹത്തിന് കോടതിയില്‍ വരാന്‍ കഴിയാതെയായി. ചുരുക്കത്തില്‍ മഞ്ചേരി കോടതിയില്‍ ഒരു ക്രിമിനല്‍ വക്കീലിന്റെ 'കട്ടില്‍' ഒഴിഞ്ഞുകിടന്നു.

അങ്ങനെ ക്രിമിനല്‍ വക്കീല്‍ എന്ന നിലയിലുള്ള എന്റെ മുന്നോട്ടുപോക്ക് കുറേക്കൂടി സുഗമമായി. മഞ്ചേരി കോടതികള്‍ക്ക് പുറമെ മലപ്പുറം, പെരിന്തല്‍മണ്ണ എന്നീ ക്രിമിനല്‍ കോടതികളിലും കോഴിക്കോട്ട് സ്ഥിതിചെയ്തിരുന്ന മലപ്പുറം ജില്ലാ കോടതിയിലും ഞാന്‍ ഹാജരാവാന്‍ തുടങ്ങി. ആയിടയ്ക്കാണ് മഞ്ചേരിയില്‍ രണ്ടാംക്ളാസ് മജിസ്ട്രേട്ട്കോടതിക്ക് പുറമെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോര്‍ട്ടും വന്നത്. ക്രിമിനല്‍ കേസുകള്‍ക്കൊപ്പം ഞാന്‍ ആര്‍ടിഎ കേസുകള്‍ നിലനിര്‍ത്തി. മാസത്തില്‍ ഒരു പ്രാവശ്യം നടക്കുന്ന ആര്‍ടിഎ മീറ്റിങ് ഏറ്റവും നല്ല വരുമാന മാര്‍ഗമായി. ആകപ്പാടെ ഞാന്‍ സാമ്പത്തികമായി മെച്ചപ്പെട്ടുവന്നു. ആ കാലത്താണ് ഭാര്യ നാലാമത്തെ കുഞ്ഞിനെ പ്രസവിച്ചത്. 18-12-69 ല്‍ പ്രസവിച്ച കുട്ടിയാണ് ഷബീര്‍; ഇപ്പോള്‍ ദുബായില്‍ അല്‍ഫുത്തെന്‍ കമ്പനിയില്‍ സെയില്‍സ് വിഭാഗം മാനേജരായി പ്രവര്‍ത്തിക്കുന്ന എന്‍ജിനിയറാണ്.

വക്കീല്‍പ്രവൃത്തി മോശമല്ലാതെ നടന്നുവരികയും സാമ്പത്തികമായി സ്വന്തം കാലില്‍ നില്‍ക്കാനുള്ള സ്ഥിതി ഉണ്ടാവുകയുംചെയ്തു. എങ്കിലും എന്റെ കൂടെപ്പിറപ്പായ രാഷ്ട്രീയം ഇതിനെല്ലാം ഒപ്പംതന്നെ പിന്തുടര്‍ന്നുവന്നു. കെപിസിസി അംഗമായി, അപ്പോള്‍തന്നെ ഞാന്‍ മഞ്ചേരി മണ്ഡലം പ്രസിഡന്റ്, പിന്നെ ബ്ളോക്ക് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മഞ്ചേരിയില്‍ ഒതുങ്ങിയ സംഘടനാ പ്രവര്‍ത്തനവും ജില്ലയില്‍ പൊതുയോഗങ്ങളിലെ പ്രസംഗവും ആയിരുന്നു പ്രവര്‍ത്തന ശൈലി. രാഷ്ട്രീയ പ്രവര്‍ത്തനം വക്കീല്‍പ്പണിക്കും വക്കീല്‍പ്പണി രാഷ്ട്രീയത്തിനും പരസ്പരം ഗുണകരമായിരുന്നു.

ആയിടയ്ക്കാണല്ലോ 1969 ല്‍ സ. കുഞ്ഞാലി വെടികൊണ്ടുമരിച്ച സംഭവം നടന്നത്. അത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മാനസിക സംഘര്‍ഷമുണ്ടാക്കിയ സംഭവമായിരുന്നു. രാഷ്ട്രീയ, പൊതുജീവിതത്തില്‍ അങ്ങനെയൊരു മാനസിക പിരിമുറുക്കം മുമ്പ് അനുഭവിച്ചിട്ടില്ല. കൊല്ലപ്പെട്ട സ. കുഞ്ഞാലി വ്യക്തിപരമായി എന്റെ നല്ല സുഹൃത്തായിരുന്നു. സുഹൃത്തിന്റെ വിയോഗം ഒരു ഭാഗത്ത്, ഞാന്‍ പ്രവര്‍ത്തിക്കുന്ന പാര്‍ടി പ്രതിസ്ഥാനത്ത്, പ്രതിക്കൂട്ടില്‍ സഹപ്രവര്‍ത്തകന്‍ ആര്യാടന്‍ മുഹമ്മദ്. ഏറനാട്ടില്‍ കോണ്‍ഗ്രസിന് ഇത്രയും വലിയ കളങ്കം വരുത്തിവച്ച വേറെ സംഭവങ്ങളില്ല.

ഒരു സ്വകാര്യ മുതലാളിയുടെ റബ്ബര്‍തോട്ടത്തിലെ തൊഴിലാളികള്‍ക്ക് പണിനിര്‍ത്തുമ്പോള്‍ ചെലവ് കാശ് അഡ്വാന്‍സ് കൊടുക്കുന്നതിനെ സംബന്ധിച്ചായിരുന്നു തര്‍ക്കം. കുഞ്ഞാലി പ്രസിഡന്റ് ആയ യൂണിയനില്‍നിന്ന് കാല്മാറി പോയ തൊഴിലാളികളുടെ ആനുകൂല്യത്തെ സംബന്ധിച്ചാണ് പ്രശ്നം. കൊടുക്കേണ്ടതില്ലെന്ന് കുഞ്ഞാലി, വാങ്ങിക്കൊടുക്കുമെന്ന് കോണ്‍ഗ്രസ് യൂണിയന്‍. തര്‍ക്കം മൂത്ത് ഇരുകൂട്ടരും ചുള്ളിയോട് അങ്ങാടിയില്‍ റോഡിന് ഇരുവശത്തുമുള്ള താന്താങ്ങളുടെ യൂണിയന്‍ ഓഫീസുകളില്‍ സംഘടിച്ചു. കുഞ്ഞാലി അദ്ദേഹത്തിന്റെ തൊഴിലാളി യൂണിയന്‍ ഓഫീസില്‍തന്നെ ഉണ്ടായിരുന്നു. ആര്യാടന്‍ അപ്പോള്‍ മലപ്പുറം കോണ്‍ഗ്രസ് ഓഫീസിലും. തന്റെ രണ്ടാംനിര നേതാക്കളെ എല്ലാം ഏല്‍പ്പിച്ചു മലപ്പുറത്തിരുന്ന് റിമോട്ട് കണ്‍ട്രോളില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുകയായിരുന്നു ആര്യാടന്‍.

ഇരുകൂട്ടരും വാശിയില്‍തന്നെ, സംഘര്‍ഷഭരിതമായ അന്തരീക്ഷം. രാത്രി സമയം നീണ്ടുപോകുന്നു. ചെറിയ ചാറല്‍ മഴയും. രംഗം സംഘട്ടനത്തിന്റെ വക്കോളമെത്തി. അതിനിടക്ക് ആര്യാടന്റെ തൊഴിലാളികള്‍ അദ്ദേഹം സ്ഥലത്ത് വരണമെന്ന് വാശിപിടിച്ചു. അത്തരം രംഗങ്ങളില്‍ മുന്നില്‍ വരാന്‍ ധൈര്യമുള്ള ആളല്ല ആര്യാടന്‍. പിന്നില്‍നിന്ന് ബുദ്ധിപരമായി കരുനീക്കുന്നതിലാണ് അദ്ദേഹത്തിന്റെ സാമര്‍ഥ്യം കുടികൊള്ളുന്നത്. പക്ഷേ ഇക്കാര്യത്തില്‍ തന്റെ കണക്ക് തെറ്റി. അനുയായികളുടെ നിര്‍ബന്ധത്തിന് വഴങ്ങി ആര്യാടന്‍ ചുള്ളിയോട്ടേക്ക് പുറപ്പെട്ടു. പോകുമ്പോള്‍ നിലമ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ കയറി വിവരങ്ങള്‍ ധരിപ്പിക്കുകയും ചുള്ളിയോട് എന്തും സംഭവിക്കാനിടയുണ്ടെന്നും പൊലീസ് സഹായം വേണം എന്ന് ആവശ്യപ്പെട്ട് ഒരു ഹരജി കൊടുക്കുകയും ചെയ്തു.

ഇത് അദ്ദേഹത്തിന്റെ ഭയംകൊണ്ടാണ് ചെയ്തിരുന്നതെങ്കിലും പിന്നീട് കേസ് വിചാരണയില്‍ തനിക്കെതിരായി വാദം വരാനിടയായി. ആര്യാടന്, സംഭവിക്കാന്‍പോകുന്ന കാര്യങ്ങള്‍ എല്ലാം മുന്‍കൂട്ടി അറിയാമായിരുന്നു എന്ന് പ്രോസിക്യൂഷന്‍ ഭാഗത്ത്നിന്ന് വാദം ഉണ്ടായി. അത് പ്രതിഭാഗത്ത്നിന്ന് നേരിടാന്‍ പ്രയാസമുള്ള വാദവും ആയിരുന്നു.

ഏതായാലും ആര്യാടന്‍ ചുള്ളിയോട് എത്തി കാറില്‍നിന്നിറങ്ങി നേരെ തന്റെ യൂണിയന്‍ ഓഫീസിലേക്ക് പോയി. അവിടെ പ്രവര്‍ത്തകര്‍ കൂട്ടംകൂടിയിരുന്നു. തുടര്‍ന്ന് കുഞ്ഞാലി ഓഫീസില്‍നിന്ന് പുറത്ത് ഇറങ്ങി, ആര്യാടനെ വെല്ലുവിളിച്ച് കാര്യങ്ങള്‍ പറയാനാവശ്യപ്പെട്ടു. അതോടെ വെടിപൊട്ടി, കുഞ്ഞാലി വീണു. ഇതായിരുന്നു സംഭവത്തിന്റെ ചുരുക്കം. ഇതോടെ ചാറല്‍ മഴ പെരുമഴയായി, കൊടുങ്കാറ്റും. ആര്യാടന്റെ അപേക്ഷ പ്രകാരം നിലമ്പൂര്‍ പൊലീസ് സംഘം പിന്നാലെതന്നെ പുറപ്പെട്ടിരുന്നു. പക്ഷേ അവര്‍ക്ക് സംഭവസ്ഥലത്ത് എത്താന്‍ കഴിഞ്ഞില്ല. കൊടുങ്കാറ്റില്‍ ഒരു വലിയ മരം കടപുഴകി റോഡിന് കുറുകെ വീണിരുന്നതിനാലാണ് പൊലീസിന് ചുള്ള്യോട് എത്താന്‍ കഴിയാതെ പോയത്. ആ കൊടുങ്കാറ്റ് ഇല്ലായിരുന്നെങ്കില്‍ സ. കുഞ്ഞാലിയുടെ വിലപ്പെട്ട ജീവന്‍ നഷ്ടപ്പെടുമായിരുന്നില്ല.

തുടര്‍ന്ന് കേസ് അന്വേഷണവും അറസ്റ്റും കോടതിയും എല്ലാംകൂടി നാട്ടില്‍ സംഭ്രമ ജനകമായ അന്തരീക്ഷം. ഒടുവില്‍ ആര്യാടന്‍ മുഹമ്മദ് ഒന്നാംപ്രതി ആയി കേസ് ചാര്‍ജ് ചെയ്തു. വളരെ താമസിയാതെ കേസ് വിചാരണയ്ക്ക് വന്നു. അന്ന് കേരളത്തില്‍ സ. ഇ എം എസ് മുഖ്യമന്ത്രിയായി സപ്തകക്ഷി മുന്നണി അധികാരത്തിലിരിക്കുന്ന കാലമാണ്. മരിച്ച സ. കുഞ്ഞാലി നിലമ്പൂരില്‍നിന്നുള്ള എംഎല്‍എയും. പ്രതീക്ഷിച്ച പോലെ കേരളത്തിലെ ഏറ്റവും പ്രഗത്ഭനായിരുന്ന ക്രിമിനല്‍ വക്കീല്‍ കെ കുഞ്ഞിരാമമേനോനെ പൊലീസ് വിഭാഗം സ്പെഷല്‍ പ്രൊസിക്യൂട്ടറായി ഗവണ്‍മെന്റ് നിയമിച്ചു.

സത്യത്തില്‍ കുഞ്ഞാലിയുടെ മരണംമൂലം ഉണ്ടായ വിടവ് നികത്താന്‍ ഏറനാട്ടിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഇന്നുവരെ കഴിഞ്ഞിട്ടില്ല. ഇത്തരം കാര്യങ്ങളില്‍ ഉണ്ടായ മാനസിക അസ്വാസ്ഥ്യം മുന്‍നിര്‍ത്തിയും അന്ന് കോണ്‍ഗ്രസില്‍ ഉണ്ടായ പിളര്‍പ്പില്‍ മനംമടുത്തും ഞാന്‍ സജീവരാഷ്ട്രീയത്തില്‍നിന്ന് മാറി മൌനം പാലിക്കുകയും ജോലിയില്‍ കൂടുതല്‍ ശ്രദ്ധിക്കുകയുമാണുണ്ടായത്. കുഞ്ഞാലിയുടെ മരണത്താലുണ്ടായ 1969 ലെ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയിരുന്ന ഗംഗാധരനുവേണ്ടി മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ ഞാന്‍ പ്രവര്‍ത്തിച്ചിരുന്നില്ല.

പിന്നീട് സപ്തകക്ഷി മുന്നണി മന്ത്രിസഭ രാജിവച്ച് 1970ല്‍ വീണ്ടും തെരഞ്ഞെടുപ്പ് വന്നു. ഒരു കൊല്ലത്തെ ഇടവേളക്കുശേഷം വീണ്ടും രാഷ്ട്രീയത്തില്‍ സജീവമായി. ആ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്- സിപിഐ മുന്നണി അധികാരത്തില്‍വന്നു. സ. സി അച്യുതമേനോന്‍ മുഖ്യമന്ത്രിയും കെ കരുണാകരന്‍ ആഭ്യന്തരമന്ത്രിയുമായി.

രാഷ്ട്രീയത്തില്‍ വീണ്ടും സജീവമായെങ്കിലും എന്റെ പൂര്‍ണമായ ശ്രദ്ധ വക്കീല്‍പ്പണിയില്‍ തന്നെ ആയിരുന്നു. അതിനിടെ കുഞ്ഞാലി വധക്കേസ് വിചാരണ തുടങ്ങി. സ്വാഭാവികമായി ഞാനും ആ കേസില്‍ പ്രതിഭാഗത്ത് വക്കീല്‍മാരുടെ പാനലില്‍ അംഗമായി. ആര്യാടനുവേണ്ടി കേസ് നടത്താന്‍ ഹാജരായവരില്‍ തൃശൂരില്‍നിന്ന് സീനിയര്‍ വക്കീല്‍ അയ്യപ്പനും ഉണ്ടായിരുന്നു. അദ്ദേഹം കേരളത്തിലെ ക്രിമിനല്‍ അഭിഭാഷകരില്‍ മുന്‍നിരക്കാരനായിരുന്നു. പിന്നീട് അദ്ദേഹം കേരളത്തിന്റെ അഡ്വക്കറ്റ് ജനറല്‍വരെ ആയി. അദ്ദേഹത്തിന്റെ കൂടെ പി സി മുഹസിന്‍, എം രത്നസിങ്, എം പി ഗംഗാധരന്‍ എന്നിവരും ഏറ്റവും ജൂനിയറായി ഞാനും ഹാജരായി.

ആ കേസില്‍ മേല്‍പ്പറഞ്ഞ സീനിയര്‍ വക്കീലന്മാരുടെ കൂടെ ഹാജരായത് എനിക്ക് വലിയ അനുഗ്രഹവും നേട്ടവുമായിത്തീര്‍ന്നു. കേസിലെ പ്രതിഭാഗത്തേക്കുള്ള രേഖകള്‍ ഒപ്പിട്ട് വാങ്ങുക, കോപ്പി എടുക്കുക, പ്രതിഭാഗം രേഖകള്‍ കോടതിയില്‍ ഹാജരാക്കുക എന്നിവ എന്റെ ജോലിയായിരുന്നു. മാത്രമല്ല കേസിലെ നൂലാമാലകള്‍ കെട്ടഴിക്കുന്നതിനെപ്പറ്റിയും നിയമക്കുരുക്കുകള്‍ മറികടക്കുന്നതിനെ സംബന്ധിച്ചും സീനിയര്‍ വക്കീലന്മാര്‍ നടത്തുന്ന ചര്‍ച്ചകളും പഠനങ്ങളും നിഗമനങ്ങളും എഴുതിയെടുക്കുന്നതും കോപ്പിയെടുക്കുന്നതും ഞാന്‍തന്നെ. ചുരുക്കത്തില്‍ ഒരു വലിയ ക്രിമിനല്‍ കേസ്, അതും ഒരു കൊലക്കേസ് പ്രതിഭാഗത്തുനിന്ന് എങ്ങനെ കൈകാര്യം ചെയ്യണം എന്നത് വിദഗ്ധരുടെ കൂടെനിന്ന് മനസ്സിലാക്കാനും പഠിക്കാനും എനിക്ക് കിട്ടിയ അസുലഭമായ അവസരം. ഒരനുഭവം ഞാന്‍ ഇന്നും ഓര്‍ക്കുന്നു.

ഇന്ത്യന്‍ തെളിവ് നിയമത്തിലെ '27-ാം വകുപ്പ് പ്രകാരമുള്ള റിക്കവറി' ഒരു വലിയ വിഷയമാണ് അന്നും ഇന്നും.കേസ് അന്വേഷണത്തിനിടയില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന ഒരു പ്രതിയുടെ കുറ്റസമ്മത മൊഴി അപ്പാടെ കോടതി തെളിവില്‍ സ്വീകരിക്കുകയില്ല. എന്നാല്‍ അത്തരം മൊഴിയില്‍ കേസുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു വസ്തു കണ്ടുപിടിക്കാന്‍ ഉതകുമെങ്കില്‍ അത്രയും ഭാഗം തെളിവില്‍ കോടതി സ്വീകരിക്കും. അതായത് പ്രതിയുടെ മൊഴിയില്‍ 'കുത്തിയ കത്തി ഞാന്‍ വീടിന്റെ പിന്‍ഭാഗത്ത് കുഴിച്ചിട്ടിട്ടുണ്ട്, അത് കാണിച്ചുതരാം' എന്നു പറഞ്ഞാല്‍, കത്തി അത് പ്രകാരം കണ്ടെടുക്കുകയും മൊഴിയിലെ ആ ഭാഗം മാത്രം തെളിവില്‍ സ്വീകരിക്കുകയും ചെയ്യും.

ഇത് നിയമ നടപടിക്രമങ്ങളിലെ അതീവ സങ്കീര്‍ണമായ ഒരു വിഷയമാണ്. അനുകൂലവും പ്രതികൂലവുമായി ധാരാളം ഉയര്‍ന്ന കോടതികളിലെ വിധികളും ഉണ്ടായിട്ടുണ്ട്. അതുപോലെത്തന്നെ Ballistic expert, post-mortem report എന്നീ സാങ്കേതിക വിഷയങ്ങളും വളരെ കെട്ടുപിണഞ്ഞുകിടക്കുന്ന കാര്യങ്ങളാണ്. ഇതിലൊക്കെ ഒരു നിപുണന്‍തന്നെ ആയിരുന്നു അയ്യപ്പന്‍ വക്കീല്‍. അന്വേഷണ ഉദ്യോഗസ്ഥരെ എതിര്‍ വിസ്താരം ചെയ്യുന്നതില്‍ അതീവ സമര്‍ഥനും.

എന്നാല്‍ മറുവശത്ത് കേരളം കണ്ട ഏറ്റവും വലിയ നിയമ-ബുദ്ധിജീവിയായ കെ കുഞ്ഞിരാമമേനോന്‍. അദ്ദേഹം അയ്യപ്പന്റെ ആക്രമണങ്ങളെ ചെറുക്കാന്‍ നടത്തുന്ന തന്ത്രപരമായ നീക്കങ്ങള്‍ അത്ഭുതകരം ആയിരുന്നു. ചിലപ്പോള്‍ ഉയര്‍ത്തുന്ന പ്രത്യാക്രമണങ്ങളും. ഇതിലെല്ലാം ഒരു ജൂനിയര്‍ വക്കീല്‍ വിദ്യാര്‍ഥി ആയ ഞാന്‍ നന്നായി ശ്രദ്ധിക്കുകയും പഠിക്കാന്‍ ശ്രമിക്കുകയും ചെയ്തത് പില്‍ക്കാലത്ത് വലിയ സഹായമായിത്തീര്‍ന്നു. എന്റെ ആദ്യഗുരു രാമസ്വാമി അയ്യരുടെ കൂടെയുള്ള തുടക്കവും അയ്യപ്പന്റെ കൂടെയുള്ള തുടര്‍പഠനവും ഞാനെന്ന വക്കീലിന് രൂപംകൊടുക്കുകയായിരുന്നു. സംഭ്രമജനകമായ പല സന്ദര്‍ഭങ്ങള്‍ക്കും സാക്ഷ്യംവഹിച്ച കുഞ്ഞാലി വധക്കേസ് പിന്നീട് സെഷന്‍സ് കോടതി ആര്യാടനെ വെറുതെവിട്ടു തീര്‍പ്പാക്കി.

*
ടി കെ ഹംസ കടപ്പാട്: ദേശാഭിമാനി വാരിക 09 ജനുവരി 2011