Showing posts with label ഓർമ്മ. Show all posts
Showing posts with label ഓർമ്മ. Show all posts

Saturday, August 25, 2012

ആഗസ്ത് 25: ഒഴുകിപ്പരന്ന ചോരയുടെ ഓര്‍മ


പൂക്കളത്തില്‍ ചോര പടര്‍ന്ന ഓര്‍മകള്‍ക്ക് 13 വര്‍ഷം

കണ്ണൂര്‍: ഒരിക്കലും മറക്കാത്ത ഓര്‍മകളുമായി ഓണമെത്തി. പതിമൂന്നുവര്‍ഷം മുമ്പ് ഇതുപോലൊരു ആഗസ്ത് 25ന്റെ ഓണനാളിലാണ് കാവിപ്പട പി ജയരാജന് "വധശിക്ഷ" നടപ്പാക്കിയത്. ചോരയിലൊടുങ്ങാത്ത ആ സമരപൗരുഷത്തെ ചതിയുടെ തടവറയില്‍ തളയ്ക്കാനൊരുങ്ങുകയാണ് ഉമ്മന്‍ചാണ്ടി ഭരണം. നിരവധി മനുഷ്യസ്നേഹികളുടെ ചോരയും കണ്ണീരും വീണ കണ്ണൂര്‍ജയിലില്‍ സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജനെ അന്യായമായി തടവിലിട്ടിട്ട് 25 ദിവസം പിന്നിട്ടു. വെട്ടേറ്റ് അറ്റുപോയ വലതുകൈ, പെരുവിരല്‍ നഷ്ടമായ ഇടതുകൈ, വെട്ടിക്കീറിയ വലതുതുട, പുറത്തും നെഞ്ചത്തും തലയുടെ ഇരുവശങ്ങളിലുമെല്ലാം ആഴത്തിലുള്ള മുറിവുകള്‍-സമാനതകളില്ലാത്ത മനക്കരുത്തില്‍ തുന്നിച്ചേര്‍ത്ത പോരാളിയാണ് ജയരാജന്‍. ചെവിക്കേറ്റ ആഘാതം കേള്‍വിക്കുറവുണ്ടാക്കി. മൂന്നുവട്ടം ഹൃദയശസ്ത്രക്രിയക്ക് വിധേയനായി. മുറിവും ചതവുമേറ്റ ശരീരത്തിന്റെ പൊള്ളുന്ന വേദനയെ മറികടക്കുന്നത് ഫിസിയോതെറാപ്പിയിലൂടെ. വൈദ്യശാസ്ത്രത്തിന്റെ വിസ്മയം കൊണ്ടുമാത്രം ജീവിക്കുന്ന "രക്തസാക്ഷി"യാണ് പി ജയരാജന്‍. പരസഹായമില്ലാതെ മുണ്ടുടുക്കാന്‍പോലുമാവാത്ത ജയരാജന് മനുഷ്യസ്നേഹപരമായ കാരുണ്യംപോലും ഇന്നത്തെ യുഡിഎഫ് ഭരണം നിഷേധിച്ചു.

അരിയിലെ ഷുക്കൂറിന്റ മരണവുമായി ബന്ധപ്പെട്ട് കള്ളക്കേസില്‍കുടുക്കി ആഗസ്ത് ഒന്നിനാണ് ജയരാജനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്. തലശേരിയിലും പരിസരങ്ങളിലും ആര്‍എസ്എസ് മാഫിയാ സംഘത്തെ ചങ്കുറപ്പോടെ നേരിടുന്നതിന് നേതൃത്വം നല്‍കിയതിന്റെ പേരിലാണ് സംഘപരിവാരം ജയരാജനെ ഹിറ്റ് ലിസ്റ്റില്‍പെടുത്തി മുമ്പ് "വധശിക്ഷ" കല്‍പിച്ചത്. 1972ല്‍ തലശ്ശേരി കലാപഘട്ടത്തില്‍ ന്യൂനപക്ഷത്തെ രക്ഷിക്കാനും സംയമനം പാലിക്കാനും ആഹ്വാനം ചെയ്ത് ചെങ്കൊടി കെട്ടിയ കാറില്‍ തലശ്ശേരി നഗരത്തിലിറങ്ങിയവരില്‍ എസ്എഫ്ഐ നേതാവായിരുന്ന ജയരാജനുമുണ്ടായിരുന്നു. അക്കാലം മുതല്‍ അദ്ദേഹം കാവിപ്പടയുടെ കണ്ണിലെ കരടായിരുന്നു. ഏതു ന്യൂനപക്ഷത്തെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണോ ജയരാജന്‍ ആര്‍എസ്എസ്സിന്റെ ശത്രുവായത്, അതേ ന്യൂനപക്ഷത്തിന്റെ പേരില്‍ മേനിനടിക്കുന്നവരാണ് ഇപ്പോള്‍ ലീഗ് തിട്ടൂരമനുസരിച്ച് ജയരാജന് നീതി നിഷേധിക്കുന്നത്. പേജ് 6 കാണുക

ആഗസ്ത് 25: ഒഴുകിപ്പരന്ന ചോരയുടെ ഓര്‍മ

നാട് നടുങ്ങിയ ആ തിരുവോണസന്ധ്യയുടെ ചോരച്ചുവപ്പാര്‍ന്ന ഓര്‍മ ഇന്നലെയെന്നപോലെ യമുനയുടെ മനസ്സിലുണ്ട്. ആര്‍എസ്എസ് ക്രിമിനലുകള്‍, സിപിഐ എം നേതാവ് പി ജയരാജനെ വെട്ടിപ്പിളര്‍ന്ന നിമിഷങ്ങള്‍ക്ക് സാക്ഷിയാകേണ്ടിവന്ന ജയരാജന്റെ ഭാര്യ യമുന നടുക്കത്തോടെയാണ് ചോര കിനിയുന്ന ആ സംഭവം ഓര്‍ത്തെടുക്കുന്നത്. സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗവും ദേശാഭിമാനി കണ്ണൂര്‍ യൂണിറ്റ് മാനേജരും എല്‍ഡിഎഫ് വടകര പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി സെക്രട്ടറിയുമായിരുന്ന പി ജയരാജനെ മുപ്പതോളം ബിജെപി- ആര്‍എസ്എസ് ക്രിമിനലുകള്‍, കിഴക്കേ കതിരൂരിലെ വീട്ടില്‍ കയറിയാണ് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. സംഭവസമയത്ത് വീട്ടില്‍ ജയരാജനും ഭാര്യയുംമാത്രമേ ഉണ്ടായിരുന്നുള്ളൂ. ജയരാജന്‍ മരിച്ചെന്നു കരുതി "ഓം കാളി..." വിളികളുമായാണ് കാവിപ്പട മടങ്ങിയത്.

തിരിച്ചുപോയ വഴികളിലെല്ലാം ബോംബെറിഞ്ഞ് ഭീതിപരത്തി പിന്തിരിയുമ്പോള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു; ""നിങ്ങടെ നേതാവിന്റെ ശവമതാടാ, കെട്ടിയെടുത്തോ..."" തലനാരിഴയ്ക്കാണ് ജയരാജന്‍ രക്ഷപ്പെട്ടത്. പൈശാചികമായ ആക്രമണത്തിന് സാക്ഷിയാകേണ്ടിവന്നപ്പോഴും മനഃസ്ഥൈര്യം കൈവിടാതെയുള്ള യമുനയുടെ ഇടപെടല്‍കൊണ്ടാണ് ജയരാജന്റെ ജീവന്‍ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞത്. കൈകാലുകളറ്റ്, വെട്ടിപ്പിളര്‍ക്കപ്പെട്ട ശരീരവുമായി ചോരയില്‍ പിടഞ്ഞു ഞരങ്ങുന്ന ഭര്‍ത്താവിന്റെ അരികില്‍, ഏത് സ്ത്രീയും ബോധരഹിതയായി വീണേക്കാവുന്ന നിമിഷങ്ങളെ സമാനതകളില്ലാത്ത സമചിത്തതയോടെയാണ് യമുന അതിജീവിച്ചത്. ഒട്ടുംവൈകാതെ പാര്‍ടിസഖാക്കളെ വിവരമറിയിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് ചികിത്സ ലഭ്യമാക്കാനും ജീവന്‍ നിലനിര്‍ത്താനുമായത്. പതിമൂന്നുവര്‍ഷം മുമ്പത്തെ ആ നടുങ്ങുന്ന അനുഭവം യമുന ഓര്‍ത്തെടുക്കുന്നതിങ്ങനെ: "എന്റെ മോന്‍.." എന്ന് നിലവിളികേട്ടാണ് ഞാന്‍ ആദ്യം പുറത്തിറങ്ങിയത്. എന്തു സംഭവിച്ചെന്നറിയാതെ വീട്ടില്‍നിന്നിറങ്ങി അങ്ങോട്ടോടുമ്പോള്‍ പിന്നാലെ ജയരാജേട്ടനും ഇറങ്ങി വന്നു. അപ്പോള്‍ "യമുനേ നിന്റെ വീട്" എന്ന് ആരോ വിളിച്ചുപറഞ്ഞു. ഞാന്‍ പിന്തിരിഞ്ഞു നോക്കുമ്പോഴേക്കും ജയരാജേട്ടന്‍ വീട്ടിലേക്ക് തിരിഞ്ഞോടിക്കയറുകയായിരുന്നു. ഒരു നിമിഷത്തിനകം എന്റെ കാല്‍ക്കീഴില്‍ ഒരു ബോംബ് വന്നു വീണു. അത് പൊട്ടിയില്ല. എല്ലാം നിമിഷങ്ങള്‍ക്കകമാണ് സംഭവിച്ചത്.

ആര്‍എസ്എസുകാര്‍ കുറച്ചു മാസംമുമ്പ് വെട്ടിക്കൊന്ന സുരേന്ദ്രന്റെ സ്മാരക സ്തൂപത്തിനടുത്തുകൂടിയാണ് ഒരു സംഘം എത്തിയത്. മറ്റൊരു സംഘം റോഡില്‍നിന്നും. ഒരു സംഘം വീടിന് പിറകില്‍നിന്ന്. മൂന്നു സംഘവും ചേര്‍ന്ന് തുരുതുരാ ബോംബെറിഞ്ഞപ്പോള്‍ ഒന്നും കാണാന്‍ കഴിയാത്തവിധം എങ്ങും പുകപടലം. ജയരാജേട്ടന്‍ ഓടിക്കയറിയതിനുപുറകെ ക്രിമിനലുകള്‍... അവരില്‍ ചിലര്‍ പരിചയമുള്ളവരാണ്. പരിസരത്തുള്ളവര്‍... ഡയമണ്ട് മുക്കിലും മറ്റുമുള്ളവര്‍. അവര്‍ വീടിനുള്ളിലേക്ക് ഓടിക്കയറി. പിന്നെ ഒന്നും വ്യക്തമല്ലായിരുന്നു. ഞാന്‍ എങ്ങനെയോ അകത്ത് ഓടിക്കയറി നോക്കി. അവിടെ പുകപടലത്തിനിടയില്‍ ഒന്നും കാണാനാവുന്നില്ല. കട്ടിലും കിടക്കയും ടെലിവിഷനുമെല്ലാം തകര്‍ന്ന് ചിതറിയ നിലയില്‍. അതിനിടയിലെല്ലാം നോക്കി. ഇല്ല. ജയരാജേട്ടന്‍ പിറകിലെ വാതില്‍ തുറന്ന് ഓടി അടുത്ത വീട്ടില്‍ കയറിയിരിക്കുമെന്ന് കരുതി അങ്ങോട്ടേക്കോടി. ഇല്ല. അവിടെയുമില്ല. വീണ്ടും തിരിച്ചുവന്ന് നോക്കുമ്പോള്‍ അകത്തെ കക്കൂസില്‍ ചോരയില്‍ കുളിച്ച്... കക്കൂസ് ചുമരില്‍നിന്നും ഒഴുകിത്താഴുന്ന ചോര... ജയരാജേട്ടാ, എവിടെയാണ്.. ഇതാ കെട്ടാം എന്നു പറഞ്ഞ് ഒരു ബെഡ്ഷീറ്റ് കൊണ്ട് കെട്ടാന്‍ ശ്രമിച്ചു. എന്തോ പറയാനോങ്ങി... ഒന്നും പറയാനാവാതെ അബോധാവസ്ഥയിലേക്ക് വീഴുകയായിരുന്നു ജയരാജേട്ടന്‍. ഉടന്‍തന്നെ മനഃസാന്നിധ്യം വിടാതെ ഞാന്‍ പാര്‍ടി ഓഫീസിലേക്ക് വിളിച്ചു. പത്തു മിനിറ്റിനകംതന്നെ ആളുകള്‍ ഓടിയെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ജയരാജേട്ടന്‍ മരിച്ചു എന്നു വിചാരിച്ച് അവര്‍ "ഓം കാളി..." വിളിച്ച് തിരിഞ്ഞോടുകയായിരുന്നു. ഇടയ്ക്കുമാത്രം കിട്ടുന്ന ഒരു വിശ്രമദിവസം. അതായിരുന്നു ഞങ്ങള്‍ക്ക് തിരുവോണനാള്‍.

മക്കള്‍ വീട്ടിലില്ല. അവര്‍ കോഴിക്കോട്ട് സതിയേച്ചിയുടെ വീട്ടിലായിരുന്നു. ഞങ്ങള്‍ ഊണ് കഴിഞ്ഞ് ടിവിയിലെ സിനിമ കാണുമ്പോള്‍ കുറെ ആളുകള്‍ ഒപ്പമുണ്ടായിരുന്നു. സിനിമ കഴിഞ്ഞശേഷം ഞാന്‍ പറഞ്ഞു: പൂട്ടിക്കിടക്കുന്ന തറവാട്ടുവീട്ടിലേക്ക് ഒന്നുപോയിവരാം. ജയരാജേട്ടനും വരാമെന്നുപറഞ്ഞു. ഞങ്ങള്‍ പുറത്തിറങ്ങി. അപ്പോഴാണോര്‍മ വന്നത്, വാതില്‍ പൂട്ടിയിട്ടില്ല. ഞങ്ങള്‍ വീട്ടിലേക്കുതന്നെ തിരിച്ചുകയറി. എന്നാല്‍, മോട്ടോര്‍ ഓണാക്കി കുറച്ച് വെള്ളം പിടിച്ചുവയ്ക്കാം. എന്നിട്ടുപോകാം എന്നായി തീരുമാനം. മോട്ടോര്‍ ഓണാക്കി. അപ്പോഴാണ് ""എന്റെ മോന്‍.."". എന്ന ആര്‍ത്തനാദം അടുത്ത പറമ്പില്‍നിന്ന് കേട്ടത്. നേരത്തെ നടന്ന ബോംബേറില്‍ മകന് പരിക്കേറ്റോ എന്ന് സംശയിച്ച് അടുത്ത വീട്ടിലെ അമ്മയുടെ കരച്ചിലായിരുന്നു. അവരുടെ മകന്‍ അങ്ങോട്ട് പോകുന്നത് ഞങ്ങള്‍ കണ്ടതുമാണ്. ആശങ്കയോടെ അവരുടെ അടുത്തേക്ക് പോകുമ്പോഴാണ് വീട് വളഞ്ഞതും ആക്രമിച്ചതും. ഇന്നിപ്പോള്‍ പതിമൂന്നു വര്‍ഷം പിന്നിട്ടെത്തുന്ന ഓണനാളുകളില്‍ കള്ളക്കേസില്‍ കുടുക്കി ജയരാജേട്ടനെ ജയിലിലടച്ചിരിക്കുന്നു.

*
നാരായണന്‍ കാവുമ്പായി ദേശാഭിമാനി ആഗസ്റ്റ് 25,2012

Sunday, August 19, 2012

സഖാവിന്റെ സ്മരണ

1947 ഫെബ്രുവരി 19ന് ദേശാഭിമാനിയില്‍ വന്ന ഒരു വാര്‍ത്ത ഇപ്രകാരമായിരുന്നു:

""സ: കൃഷ്ണപിള്ളയുടെ വീട്ടിലും പൊലീസ് കൊള്ള നടത്തി. കണ്ണൂര്‍, ഫെ. 18 ഇന്നുച്ചക്ക് 12 മണിക്ക് ഒരു പൊലീസ് സംഘം സഖാവ് കൃഷ്ണപിള്ളയുടെ വീട്ടില്‍ കയറി അവിടെയുള്ള എല്ലാ വീട്ടുസാമാനങ്ങളും കൊള്ള ചെയ്തുകൊണ്ടുപോയിരിക്കുന്നു. റേഷനരി, അരി വെക്കാനുള്ള പാത്രങ്ങള്‍, കിടക്ക, കട്ടില്‍, മേശ, കസാല, കീറപ്പായകള്‍ ഇവയെല്ലാം പൊലീസ് കൈവശപ്പെടുത്തി. വീട്ടുകാരുടെ ഉച്ചഭക്ഷണത്തിനുള്ള സാധനങ്ങള്‍ പോലും പൊലീസ് പിടിച്ചെടുത്തു. ഈ സാമാനങ്ങളെല്ലാം തന്റേതാണെന്ന് മിസിസ് തങ്കമ്മ കൃഷ്ണപിള്ള വാദിച്ചുവെങ്കിലും പൊലീസ് അത് ചെവിക്കൊണ്ടില്ല. സംഭവം നടക്കുമ്പോള്‍ ധാരാളം ആളുകള്‍ അവിടെ തടിച്ചുകൂടിയിരുന്നു.""

സ്വാതന്ത്ര്യത്തിനു മുമ്പ് കമ്യൂണിസ്റ്റ് പാര്‍ടിയും അതിന്റെ നേതൃത്വവും നേരിട്ട അടിച്ചമര്‍ത്തലിന്റെയും പീഡനത്തിന്റെയും ഒരു പതിപ്പാണിത്. സ. കൃഷ്ണപിള്ളയുടെ 64-ാം ചരമവാര്‍ഷികം ആചരിക്കുന്ന ഈ വേളയിലും കമ്യൂണിസ്റ്റ് പാര്‍ടിക്കെതിരായ ആക്രമണത്തിന്റെ രൂക്ഷതയില്‍ മാറ്റം വന്നിട്ടില്ല. ഇന്ത്യയുടെ ദേശീയ സ്വാതന്ത്ര്യസമരത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയും പ്രവര്‍ത്തകരും മുന്‍നിരയിലുണ്ടായിരുന്നു. എന്നാല്‍, സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും കമ്യൂണിസ്റ്റുകാര്‍ കഠിനമായി വേട്ടയാടപ്പെട്ടു. ബ്രിട്ടീഷുകാരില്‍ നിന്ന് അധികാരമേറ്റെടുത്ത കോണ്‍ഗ്രസ് കമ്യൂണിസ്റ്റ് പാര്‍ടിയെ തകര്‍ക്കാനുള്ള ദൗത്യംകൂടിയാണ് ഏറ്റെടുത്തത്. കമ്യൂണിസ്റ്റ് പാര്‍ടിയെ നിയമവിരുദ്ധമാക്കണം, ദേശാഭിമാനി പത്രവും കമ്യൂണിസ്റ്റ് മാസികയും നിരോധിക്കണം എന്നതടക്കമുള്ള ആവശ്യങ്ങളാണ് അന്ന് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. വിധ്വംസക പാര്‍ടിയെന്നും നിയമവിരുദ്ധ കക്ഷിയെന്നുമുള്ള മുദ്രകള്‍ അവര്‍ കമ്യൂണിസ്റ്റ് പാര്‍ടിക്കുമേല്‍ ചാര്‍ത്തി. "കമ്യൂണിസ്റ്റുകളെ ചെന്നായ്ക്കളെ പോലെ വേട്ടയാടണ"മെന്നാണ് അന്ന് കെപിസിസി പ്രസിഡന്റായിരുന്ന കെ കേളപ്പന്‍ പ്രസ്താവിച്ചത്. കോണ്‍ഗ്രസ്-ജന്മി മുതലാളി കൂട്ടുകെട്ടും സഹായികളായ എംഎസ്പി-പട്ടാള കൂട്ടുകെട്ടും കമ്യൂണിസ്റ്റ് വേട്ട നടത്തി. കമ്യൂണിസ്റ്റുകാര്‍ക്കെതിരായ ആക്രമണം ജനങ്ങള്‍ക്കു നേരെയുള്ളതുമാണ്.

അനീതിയുടെയും അക്രമത്തിന്റെയും ആഘോഷകാലമായിരുന്നു അത്. ജന്മിമാര്‍ നെല്ല് പൂഴ്ത്തിവച്ചു. നാട്ടില്‍ ഭക്ഷ്യക്ഷാമവും പട്ടിണിയും രൂക്ഷമായി. മുനയന്‍കുന്നിലും പഴശ്ശിയിലും സേലം ജയിലിലും പോരാളികളുടെ ചോരയൊഴുകിയത് ഈ ഘട്ടത്തിലാണ്. മൊയാരത്ത് ശങ്കരനെ മര്‍ദിച്ചുകൊന്നപ്പോള്‍ മാതൃഭൂമി മുഖപ്രസംഗത്തില്‍ ചോദിച്ചു, "മരിച്ച വിവരം ഉടനെ വീട്ടുകാരെ അറിയിക്കാതെ ശവം മറവുചെയ്യാനുള്ള ബദ്ധപ്പാടിന് കാരണമെന്തായിരുന്നു". അന്ന് കോണ്‍ഗ്രസ് എംഎല്‍എ സി കെ ഗോവിന്ദന്‍നായര്‍ മൊയാരത്തിന്റെ കൊലപാതകം ന്യായീകരിച്ചപ്പോള്‍ "കമ്യൂണിസ്റ്റ് വിദ്വേഷം ഞങ്ങളുടെ കാഴ്ച കുറച്ചിട്ടില്ല. മനസ്സ് അത്രയ്ക്ക് കറ പിടിച്ചിട്ടുമില്ല." എന്നാണ് മാതൃഭൂമി എഴുതിയത്. കമ്യൂണിസ്റ്റുകാരെ വേട്ടയാടാനാണ് കെ കേളപ്പന്‍ കേരളത്തിലുടനീളം സഞ്ചരിച്ച് ആഹ്വാനംചെയ്തത്. ""പശുക്കളെയും ആടുകളെയും പിടിക്കുന്ന കടുവകളെ പിടിക്കുവാന്‍ ആളുകള്‍ എന്തെല്ലാം ചെയ്യാറുണ്ടോ അതിനുപരിയായി ഈ വര്‍ഗത്തെ നശിപ്പിക്കുവാന്‍ നാം തയ്യാറാകേണ്ടിയിരിക്കുന്നു" എന്നായിരുന്നു കേളപ്പന്റെ ആഹ്വാനം. കമ്യൂണിസ്റ്റുകാര്‍ കൊള്ളക്കാരും തെമ്മാടികളുമാണെന്നും അവര്‍ക്ക് അഭയം നല്‍കരുതെന്നും കമ്യൂണിസ്റ്റുകാരെന്ന ഇരുകാലി മൃഗങ്ങളെ വേട്ടയാടിപ്പിടിക്കണമെന്നും അനുയായികളെ കേളപ്പന്‍ ആഹ്വാനംചെയ്തു.

സഖാവ് കൃഷ്ണപിള്ള ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ മദിരാശി സര്‍ക്കാര്‍ വാറണ്ട് പുറപ്പെടുവിച്ചു. വാറണ്ടുള്ളവര്‍ക്ക് ഭക്ഷണമോ സഹായമോ ചെയ്യുന്നവരെ ജയിലില്‍ അടയ്ക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. സ. കൃഷ്ണപിള്ളയും ഇ എം എസ് ഉള്‍പ്പെടെയുള്ള 23 കമ്യൂണിസ്റ്റ് നേതാക്കളെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് 50-300 ഉറുപ്പിക ഇനാം പ്രഖ്യാപിച്ചു. അന്ന് മാതൃഭൂമി എഴുതി: "കമ്യൂണിസ്റ്റ് വിരോധിയാണെന്ന് സ്വയം പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ അയാള്‍ക്ക് നീതിനിയമങ്ങള്‍ പാലിക്കേണ്ടെന്നും എന്തും ചെയ്യാമെന്നും വരരുത്. ഏതെങ്കിലും കാലത്ത് കമ്യൂണിസവുമായി എന്തെങ്കിലും ബന്ധമുണ്ടാകുകയോ ബന്ധമുണ്ടെന്ന് സംശയപ്പെടുകയോ, അതും വേണ്ട ബന്ധമുണ്ടെന്ന് അയാളോട് സ്വകാര്യ പകയുള്ള നാലാള്‍ കൂടി പറഞ്ഞുണ്ടാക്കുകയോ ചെയ്താല്‍ മതി, അയാള്‍ നീതിയുടെയും നിയമത്തിന്റെയും രക്ഷയില്‍ നിന്നും പുറത്തായിയെന്നും അയാളെ എന്തുചെയ്താലും ആരും ചോദിക്കാനില്ലെന്നും വരരുത്" (മാതൃഭൂമി 1948 ആഗസ്ത് 19). ഈ മുഖപ്രസംഗം അച്ചടിച്ചു വന്ന അതേദിവസമാണ് സഖാവ് കൃഷ്ണപിള്ള പാമ്പുകടിയേറ്റ് മരിച്ചത്.

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളില്‍ ആദ്യത്തെ പേരുകാരനായ; സഖാവ് എന്ന മൂന്നക്ഷരത്തില്‍ തലമുറകള്‍ നെഞ്ചേറ്റുന്ന സ. പി കൃഷ്ണപിള്ളയെ സ്മരിക്കുമ്പോള്‍ കമ്യൂണിസ്റ്റ് വേട്ടയുടെ ഗതകാലം മറക്കാനാകില്ല. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം കണ്ട ഏറ്റവും മികച്ച സംഘാടകന്‍, പോരാളി, ത്യാഗസമ്പന്നന്‍- എല്ലാം തികഞ്ഞ നേതാവായിരുന്നു സഖാവ്. 1948ലെ ഇതേ ദിവസം 42-ാം വയസ്സില്‍ സഖാവ് സര്‍പ്പദംശനമേറ്റാണ് അന്തരിച്ചത്. ദേശീയ പ്രസ്ഥാനത്തിലൂടെയുള്ള ഉശിരാര്‍ന്ന പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയായി കമ്യൂണിസ്റ്റുകാരനായി മാറുകയും കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കാന്‍ നേതൃനിരയില്‍ നിന്നു പ്രവര്‍ത്തിക്കുകയും ചെയ്ത സഖാവ് കേരളത്തിന്റെ എല്ലാ ഭാഗത്തും ഓടിയെത്തി സംഘാടനത്തിനും പ്രക്ഷോഭത്തിനും നേതൃത്വം നല്‍കി. ഒളിവിലും തെളിവിലുമുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം വിപ്ലവകാരികള്‍ക്ക് മാതൃകയാണ്.

1937ല്‍ കോഴിക്കോട്ട് രൂപീകൃതമായ ആദ്യത്തെ കമ്യൂണിസ്റ്റ് പാര്‍ടി യൂണിറ്റിന്റെ സെക്രട്ടറി സഖാവായിരുന്നു. ഇന്നത്തെ കോട്ടയം ജില്ലയിലെ വൈക്കത്ത് 1906ലാണ് ജനം. ദാരിദ്ര്യംമൂലം അഞ്ചാംക്ലാസില്‍ പഠനം അവസാനിപ്പിച്ചു. 16-ാം വയസ്സില്‍ ആലപ്പുഴയില്‍ കയര്‍ത്തൊഴിലാളിയായി. തുടര്‍ന്ന് നാട്ടിലും മറ്റു പല സ്ഥലത്തുമായി വിവിധ ജോലി ചെയ്തു; ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ പഠിച്ചു. 1929ല്‍ ദക്ഷിണഭാരത ഹിന്ദിപ്രചാരസഭയുടെ പൂര്‍ണസമയ പ്രവര്‍ത്തകനായി. ദേശീയപ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ട കൃഷ്ണപിള്ള 1930ല്‍ കോഴിക്കോട്ടെ ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുത്തു. ഭീകരമര്‍ദനത്തിന് ഇരയായശേഷം തുറുങ്കിലടയ്ക്കപ്പെട്ടു. ബംഗാളിലെയും പഞ്ചാബിലെയും വിപ്ലവകാരികളുമൊത്തുള്ള ജയില്‍വാസം കൃഷ്ണപിള്ളയിലെ വിപ്ലവാവേശം ഉണര്‍ത്തി. ജയില്‍മോചിതനായ ശേഷം 1931ലെ ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ പങ്കെടുത്തു. "34ല്‍ കോണ്‍ഗ്രസില്‍ രൂപംകൊണ്ട കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെ സെക്രട്ടറി കൃഷ്ണപിള്ളയായിരുന്നു.

വര്‍ഗസമരത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ സഖാവ് ആലപ്പുഴയിലെ കയര്‍ത്തൊഴിലാളികളെയും കോഴിക്കോട്ടെ കോട്ടണ്‍മില്‍ തൊഴിലാളികളെയും കണ്ണൂരിലെ ബീഡി-നെയ്ത്ത് തൊഴിലാളികളെയും മലബാറിലെ കൃഷിക്കാരെയും സംഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. "36ല്‍ ചിറയ്ക്കല്‍ രാജാവിന്റെ കൊട്ടാരത്തിലേക്കുള്ള കൃഷിക്കാരുടെ നിവേദനജാഥ നയിച്ചത് കൃഷ്ണപിള്ളയാണ്. പിണറായി-പാറപ്രം രഹസ്യസമ്മേളനത്തില്‍ പങ്കെടുക്കുകയും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ കേരള ഘടകം സെക്രട്ടറിയാകുകയും ചെയ്തു. 1940 സെപ്തംബര്‍ 15ന് ഒളിവിലിരുന്നാണ് മലബാറിലെ മര്‍ദന പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. "40 അവസാനം അറസ്റ്റുചെയ്ത് ശുചീന്ദ്രം ജയിലില്‍ അടച്ചു. "42 മാര്‍ച്ചിലാണ് വിട്ടത്. പിന്നീട് കോഴിക്കോട് കേന്ദ്രീകരിച്ച് കമ്യൂണിസ്റ്റ് പാര്‍ടി വളര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകി. "46 മുതല്‍ വീണ്ടും ഒളിവുജീവിതം ആരംഭിച്ചു. "46 ആഗസ്തില്‍ പ്രവര്‍ത്തനകേന്ദ്രം ആലപ്പുഴയിലേക്ക് മാറ്റുകയും വയലാര്‍ സമരത്തിന് നേതൃത്വം നല്‍കുകയുംചെയ്തു. പാര്‍ടി രഹസ്യപ്രവര്‍ത്തനത്തിലേക്ക് ആഴ്ന്നിറങ്ങിയ ഘട്ടത്തില്‍ കൃഷ്ണപിള്ളയുടെ നേതൃത്വം അതുല്യവും ഐതിഹാസികവുമായിരുന്നു. മുഹമ്മയ്ക്കടുത്ത് ഒരു തൊഴിലാളിയുടെ വീട്ടില്‍ ഒളിവിലിരിക്കുമ്പോഴാണ് സഖാവ് പാമ്പുകടിയേറ്റ് മരിച്ചത്.

പ്രവര്‍ത്തകരെ കണ്ടെത്തുന്നതിനും കഴിവനുസരിച്ച് ചുമതല ഏല്‍പ്പിക്കുന്നതിനുമുള്ള സഖാവിന്റെ സംഘടനാ വൈഭവത്തിലൂടെയാണ് പാര്‍ടിയുടെ ആദ്യകാലപ്രവര്‍ത്തകരില്‍ പലരും നേതൃനിരയിലേക്ക് ഉയര്‍ന്നുവന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്‍ കീഴിലും കോണ്‍ഗ്രസ് ഭരണത്തിന്‍ കീഴിലും കടുത്ത എതിര്‍പ്പുകളെയും ആക്രമണങ്ങളെയും പാര്‍ടിക്ക് നേരിടേണ്ടിവന്നു. കമ്യൂണിസ്റ്റുകാരെ പരസ്യമായി തല്ലിക്കൊന്നാല്‍പ്പോലും കുറ്റവാളികള്‍ക്കും ഗുണ്ടകള്‍ക്കും സംരക്ഷണം കൊടുക്കുന്ന കാലമായിരുന്നു അത്. പാര്‍ടിപ്രവര്‍ത്തകരെ ഗുണ്ടകളും പൊലീസും വേട്ടയാടിയപ്പോള്‍ സഖാക്കള്‍ക്ക് കരുത്തും ഊര്‍ജസ്വലതയും പകര്‍ന്ന സഖാവ് കൃഷ്ണപിള്ളയുടെ നേതൃശേഷി കിടയറ്റതായിരുന്നു. സര്‍പ്പദംശനമേറ്റ് പ്രജ്ഞ അസ്തമിക്കുന്ന നിമിഷത്തിലും ആ വിപ്ലവകാരി നല്‍കിയ സന്ദേശം "സഖാക്കളെ മുന്നോട്ട്" എന്നായിരുന്നു. സഖാവിന്റെ ജീവിതവും പൊതുപ്രവര്‍ത്തനശൈലിയും നേതൃഗുണവും മാനവികതയും സര്‍വോപരി കമ്യൂണിസ്റ്റ് നൈതികതയും എല്ലാ തലമുറകള്‍ക്കും പഠിക്കാനും ഉള്‍ക്കൊള്ളാനുമുള്ള വിശാലമായ പാഠപുസ്തകമാണ്. തനിക്കു ചുറ്റുമുള്ള ലോകത്തെയും ജനങ്ങളെയും നോക്കിക്കാണുന്നതിലും വിലയിരുത്തുന്നതിലും കമ്യൂണിസ്റ്റുകാരന് ചേര്‍ന്നവിധമുള്ള കണിശതയും അവധാനതയും സഖാവ് എന്നും പുലര്‍ത്തി. സാര്‍വദേശീയവും ദേശീയവും പ്രാദേശികവുമായ പ്രശ്നങ്ങളെ പക്വതയോടെയും പ്രത്യയശാസ്ത്രബോധ്യത്തിന്റെ വെളിച്ചത്തിലുമാണ് സഖാവ് സമീപിച്ചിരുന്നത്. കമ്യൂണിസ്റ്റുകാര്‍ക്ക് ലോകവീക്ഷണം പാകപ്പെടുത്തിയെടുക്കാനും രാഷ്ട്രീയ വിദ്യാഭ്യാസം നേടാനും സധൈര്യം പിന്തുടരാവുന്ന മാതൃകയായി സഖാവിനെ എക്കാലത്തും ചൂണ്ടിക്കാട്ടാനാകുന്നത് ആ ജീവിതത്തിന്റെ വ്യത്യസ്തതകൊണ്ടുതന്നെയാണ്. പാര്‍ടിക്കുവേണ്ടിയാണ് സഖാവ് ചിന്തിച്ചതും പ്രവര്‍ത്തിച്ചതും ജീവിച്ചതും.

സഖാവിനെ എന്തിനുവേണ്ടി വേട്ടയാടിയോ, അതേ ലക്ഷ്യത്തിനായാണ് ഇന്നും കമ്യൂണിസ്റ്റ് പാര്‍ടിയെ ശത്രുക്കള്‍ വേട്ടയാടുന്നത്. പക്ഷേ, ഓരോ ആക്രമണങ്ങളെയും നേരിടാനും അതിജീവിക്കാനും അത്തരം അനുഭവങ്ങളില്‍ നിന്ന് കൂടുതല്‍ കരുത്താര്‍ജിക്കാനും പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ടെന്നതാണ് അലംഘനീയമായ ചരിത്രവസ്തുത.

പ്രതിസന്ധിയുടെ ചുഴിയില്‍പ്പെട്ട ആഗോള മുതലാളിത്തം അതിന്റെ ഭാരം ജനതയുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനെതിരെ ലോകവ്യാപകമായി കരുത്തന്‍ പ്രതിഷേധമുയരുന്ന ഘട്ടമാണ് ഇത്. ആഗോളവല്‍ക്കരണനയങ്ങളുടെ ആഘാതം കഠിനമായി അനുഭവിക്കുന്ന ഇന്ത്യന്‍ ജനതയും പോരാട്ടത്തിന്റെ വഴിയിലാണ്. സഹസ്രകോടികളുടെ അഴിമതിയും സാമ്രാജ്യദാസ്യവും ജനവിരോധവും കേന്ദ്ര യുപിഎ സര്‍ക്കാരിനെ അനുദിനം ഒറ്റപ്പെടുത്തുന്നു. യുപിഎയുടെ ചുവടുപിടിച്ച് കേരളം ഭരിക്കുന്ന യുഡിഎഫ് സര്‍ക്കാരാകട്ടെ, സംസ്ഥാനം ഇന്നോളം ഉണ്ടാക്കിയ പുരോഗതിയും മാതൃകാപരമായ നേട്ടങ്ങളും തകര്‍ത്ത് ജനവിരുദ്ധതയില്‍ പുതിയ ചരിത്രം സൃഷ്ടിക്കുന്നു. ഭരണത്തിന്റെ ദുര്‍മുഖവും അവിശുദ്ധമായ നടപടികളും ജനങ്ങളുടെ ശ്രദ്ധയില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ കമ്യൂണിസ്റ്റ് വേട്ട എന്ന ആയുധമാണ് അവര്‍ രാകിമിനുക്കി പുറത്തെടുത്തത്. വലതുപക്ഷത്തെ രക്ഷിക്കാന്‍ ഇടതുപക്ഷത്തെ തകര്‍ക്കണമെന്ന ബൂര്‍ഷ്വാ മാധ്യമ അജന്‍ഡ ഈ കടന്നാക്രമണങ്ങള്‍ക്ക് ഇന്ധനമാകുകയാണ്.

ദേശീയ പത്രങ്ങള്‍ എന്നറിയപ്പെട്ട മാധ്യമങ്ങള്‍പോലും നഗ്നമായ വലതുപക്ഷപാതിത്വത്തിന്റെയും കമ്യൂണിസ്റ്റ് വേട്ടയുടെയും ആയുധങ്ങളായി മാറിയിരിക്കുന്നു. "കമ്യൂണിസ്റ്റ് വിരോധിയാണെന്ന് സ്വയം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അയാള്‍ക്ക് നീതിനിയമങ്ങള്‍ പാലിക്കേണ്ടെന്നും എന്തും ചെയ്യാമെന്നും വരരുത്." എന്ന് അത്തരം മാധ്യമങ്ങളോട് ജനങ്ങള്‍ വിളിച്ചുപറയേണ്ട അവസ്ഥ വന്നിരിക്കുന്നു. സ. കൃഷ്ണപിള്ളയും സഖാക്കളും ഇത്തരം ആക്രമണങ്ങളെ ചെറുത്തുതോല്‍പ്പിച്ച് ചെങ്കൊടിയെയും അതിന്റെ രാഷ്ട്രീയത്തെയും കൂടുതല്‍ കൂടുതല്‍ ഉയരത്തിലേക്കെത്തിച്ച അനുഭവം- അതാണ് എല്ലാവിധ എതിര്‍പ്പുകളെയും വേട്ടയാടലിനെയും നേരിടാന്‍ ഇന്നും നമുക്ക് നല്‍കുന്ന കരുത്ത്. സഖാവിന്റെ സ്മരണ കൂടുതല്‍ ദീപ്തമാകുന്നത്, അത് നമ്മെ കൂടുതല്‍ ആവേശഭരിതമാക്കുന്നു; പോരാട്ടത്തിന് വെളിച്ചം നല്‍കുന്നു എന്നതുകൊണ്ടാണ്.

*
പിണറായി വിജയന്‍

Tuesday, August 14, 2012

നാനി കി കഹാനി

മുത്തശ്ശി ഷാദിന് പറഞ്ഞുകൊടുത്ത കഥകള്‍ ആനക്കരയെ ചുറ്റിയൊഴുകുന്ന നിളയിലെ തെളിനീരുപോലെയായിരുന്നു. വടക്കത്ത് തറവാട്ടുവളപ്പില്‍ പൂത്ത ഇലഞ്ഞിയുടെ മണവും കായ്ച അരിനെല്ലിയുടെയും നാട്ടുമാവിന്റെയും പുളിയും മധുരവുമൊക്കെ ആ കഥകളിലൂടെ ഷാദ് അറിഞ്ഞു. വരണ്ട ഉഷ്ണക്കാറ്റുവീശുന്ന കാണ്‍പുരിന്റെ ചെന്നിറമുള്ള വേനലുകളില്‍ ഷാദിന്റെ മനസ്സില്‍ നിളയുടെ കുളിര് നിറയ്ക്കാറുണ്ടായിരുന്നു ആ മുത്തശ്ശി. ബോളിവുഡിലെ ഹിറ്റ്മേക്കര്‍മാരില്‍ പ്രമുഖനായ ഷാദ് അലിയുടെ മനസ്സില്‍ ആ കഥകളുടെ പച്ചപ്പ് ഇപ്പോഴുമുണ്ട്. "നാനി"യെക്കുറിച്ചോര്‍ക്കുമ്പോള്‍ ഷാദ് അലിയെന്ന ചെറുപ്പക്കാരന്‍ ബാല്യത്തിലേക്ക് പൊടുന്നനെ മടങ്ങും, മുത്തശ്ശി പറഞ്ഞു തന്ന കഥകളിലേക്കും.

ക്യാപ്റ്റന്‍ ലക്ഷ്മി സൈഗാള്‍ എന്ന തന്റെ നാനിയെക്കുറിച്ചുള്ള സിനിമയെന്ന ഡ്രീം പ്രോജക്ടിനു തയ്യാറെടുക്കുന്ന ഷാദിന് നാനി പറഞ്ഞ കഥകളുടെ പശ്ചാത്തലത്തില്‍നിന്നുവേണം ആദ്യഷോട്ട് തുടങ്ങാന്‍. ബര്‍മയില്‍നിന്ന് റംഗൂണിലേക്കുള്ള സായുധമുന്നേറ്റത്തിന്റെയും കൊഹിമയില്‍ ആസാദ് ഹിന്ദ് ഫൗജ് വിജയക്കൊടി നാട്ടിയതിന്റെയും ജാപ് സൈനികരുടെ ബയണറ്റിന്‍ മുനയില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതിന്റെയും അതിശയിപ്പിക്കുന്ന കഥകള്‍ ഒരിക്കലും ഷാദിനോട് പറഞ്ഞിരുന്നില്ല നാനി. തനിക്ക് ഖിച്ച്ടിയും ദേശി നെയ്യിന്റെ മണമുള്ള ചോറും വാരിത്തന്ന നാനിയാണ് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അഹങ്കാരത്തിന്റെ ഇരുള്‍ തുരങ്കങ്ങളില്‍ ഉള്‍ക്കിടിലം സൃഷ്ടിച്ച ഡോ. ലക്ഷ്മി സൈഗാള്‍ എന്ന് ഷാദ് അറിയുന്നത് വളരെ മുതിര്‍ന്നശേഷം. തിരിച്ചറിവു തുടങ്ങിയ കാലത്ത് മുത്തശ്ശിയെക്കുറിച്ച് അമ്മയും പപ്പയും അവരുടെ കൂട്ടുകാരും ആദരവോടെ പറയുന്നത് കാതോര്‍ത്ത ഷാദിന് അവരോടുള്ള സ്നേഹം കൂടിക്കൂടി വരുകയായിരുന്നു.

ഡോ. സൈഗാള്‍സ് ക്ലിനിക്കില്‍ പാവപ്പെട്ട രോഗികളെ പരിശോധിക്കുന്നതിനിടയിലെ ഇടവേളകള്‍ തനിക്കായാണ് നാനി ചെലവിട്ടതെന്ന് ഷാദ് ഓര്‍ക്കുന്നു. സിനിമയുടെ തിരക്കുപിടിച്ച ദിവസങ്ങളില്‍ വല്ലപ്പോഴുമാണ് പപ്പ മുസഫര്‍ അലിയെ കണ്ടുകിട്ടുക. അമ്മ സുഭാഷിണിയും അങ്ങനെ തന്നെ. എനിക്ക് നഷ്ടമായത് മുത്തശ്ശിയെയല്ല, താരാട്ടുപാടിയുറക്കിയ അമ്മയെയാണ്. എന്റെ ജീവിതത്തിന്റെ എല്ലാ പടവുകളിലും നാനിയുണ്ട്. ജീവിതം മുഴുവനും ഇനിയും വഴികാട്ടും. മുംബൈയിലാണ് ജീവിക്കുന്നതെങ്കിലും ഞാന്‍ ഉണരുന്നതും ഉറങ്ങുന്നതും നാനിയെ ഓര്‍ത്താണെന്നു പറഞ്ഞാല്‍ അത് അതിശയോക്തിയാകില്ല. എങ്ങനെ ജീവിക്കണമെന്നല്ല, മറ്റുള്ളവരോട് സഹാനുഭൂതിയുള്ള മനസ്സുമായി ജീവിക്കണമെന്നാണ് നാനി പഠിപ്പിച്ചത്. നാനി നല്‍കിയ അച്ചടക്കത്തിന്റെയും ലാളിത്യത്തിന്റെയും പാഠങ്ങളാണ് ജീവിത്തിലും സിനിമയിലും എന്റെ കരുത്ത്. ഈ മുത്തശ്ശിയുടെ പേരക്കുട്ടിയായി ജനിച്ചതില്‍ എനിക്കുള്ള അഭിമാനം വിവരിക്കാനാകില്ല. ഞാന്‍ അശക്തനാണ് അതേക്കുറിച്ച് പറയാന്‍. ഇന്ത്യയിലെ ഏതൊരു ചെറുപ്പക്കാരനേക്കാളും ഞാന്‍ അഭിമാനിക്കുന്നു. നാനിയുടെ മക്കളും പേരക്കുട്ടികളുമായി അമ്മയും ചെറിയമ്മയും ഞങ്ങള്‍ മക്കളും മാത്രമല്ല. കാണ്‍പുരിലെ ചേരികളിലെ ആയിരങ്ങള്‍ക്ക് എന്റെ നാനി അമ്മയും അമ്മൂമ്മയുമാണ്. എത്ര കുട്ടികളാണ് നാനിയുടെ കൈകളിലൂടെ ഈ ലോകത്തേക്ക് പിറന്നുവീണത്. സൗജന്യ ചികിത്സ നേടി സൗജന്യ മരുന്നും വാങ്ങി മടങ്ങുമ്പോള്‍ അവര്‍ നാനിയുടെ കൈ സ്നേഹപൂര്‍വം തലോടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

1948ല്‍ കാണ്‍പുരിലെ ആര്യനഗറില്‍ തുടങ്ങിയ ക്ലിനിക്കില്‍ ഒരിക്കലെങ്കിലും മുത്തശ്ശിയുടെ സാന്ത്വനം തേടിയെത്തിയവരൊക്കെ അന്ന് എന്നെപ്പോലെ പൊട്ടിക്കരയുകയായിരുന്നു."" ക്യാപ്റ്റന്‍ ലക്ഷ്മിയെക്കുറിച്ച് പഠിച്ച എല്ലാവരെയുമെന്നപോലെ എന്നെയും സംഭവബഹുലമായ ആ ജീവിതം അമ്പരപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ സമീപ ഭൂതകാലത്തൊന്നും ഇത്രയും ധീരയായ വനിതയെ കണ്ടിട്ടില്ല. കേരളത്തിലെ ബാല്യം. മദ്രാസിലെ പഠനം. സിംഗപ്പുരിലെ ഡോക്ടര്‍ ജോലി. അവിടെനിന്ന് ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ ഝാന്‍സി റാണി റെജിമെന്റിന്റെ കമാന്‍ഡറായുള്ള മുത്തശ്ശിയുടെ വളര്‍ച്ച. മുത്തച്ഛന്‍ കേണല്‍ പ്രേംകുമാര്‍ സൈഗാളുമൊത്തുള്ള ജീവിതം. ധീരയായ സ്വാതന്ത്ര്യസമരസേനാനി, കരുണാര്‍ദ്രമായ മനസ്സിനുടമയായ ഡോക്ടര്‍, മാതൃകാ കമ്യൂണിസ്റ്റ്... നാനിയുടെ ജീവിതത്തിന്റെ ഓരോ ഘട്ടവും ഞാന്‍ പഠിച്ചു.

പത്തു വര്‍ഷമായി മുത്തശ്ശിയുടെയും മുത്തശ്ശന്റെയും ചരിത്രത്തിനു പിന്നാലെയാണ്. ""1994 മുതല്‍ മനസ്സില്‍ തേച്ചുമിനുക്കിയെടുക്കുന്ന ആശയമാണ് ക്യാപ്റ്റന്‍ ലക്ഷ്മി സൈഗാളിനെക്കുറിച്ചുള്ള സിനിമ. ക്യാപ്റ്റന്‍ ലക്ഷ്മി സൈഗാളും പ്രേംകുമാര്‍ സൈഗാളും തമ്മിലുള്ള ഊഷ്മളമായ ബന്ധമാണ് സിനിമയുടെ ഇതിവൃത്തം. യുദ്ധമുഖത്ത് ഒരുമിച്ച് പോരാടിയ ദമ്പതികളായിരുന്നു അവര്‍. ഇത്തരമൊരു അനുഭവമുള്ള ദമ്പതികള്‍ ഇന്ത്യയില്‍ മറ്റെങ്ങും കാണില്ല. ഭിന്നമായ പശ്ചാത്തലത്തില്‍നിന്നും സംസ്കാരത്തില്‍നിന്നും വന്നവര്‍. ഒരാള്‍ മലയാളി, മറ്റേയാള്‍ പഞ്ചാബി. മാര്‍ഗരറ്റ് മിച്ചലിന്റെ "ഗോണ്‍ വിത് ദ വിന്‍ഡ്" എന്ന നോവലിലേതുപോലെ ഗാഢമായ പ്രണയവും രൂക്ഷമായ യുദ്ധവും അവരുടെ ജീവിതത്തിലുമുണ്ട്.

സിനിമാക്കാരനായശേഷം കാണ്‍പുരില്‍ വരുമ്പോഴൊക്കെ നാനി പറഞ്ഞു തന്നതൊക്കെ ഷൂട്ട് ചെയ്തുവച്ചിട്ടുണ്ട്. മുത്തച്ഛന്‍ മരിക്കുംമുമ്പ് സംസാരിച്ച കാര്യങ്ങളും മനസ്സിലുണ്ട്. ഇരുവരുടെയും ബന്ധുക്കളുമായും സുഹൃത്തുക്കളുമായുമുള്ള അഭിമുഖങ്ങളും ഡോക്യുമെന്റ് ചെയ്തുകഴിഞ്ഞു. സ്വാതന്ത്ര്യസമരത്തെക്കുറിച്ചും സുഭാഷ് ചന്ദ്രബോസിന്റെ ഐഎന്‍എയുടെ സായുധ സമരത്തെക്കുറിച്ചുമുള്ള പുസ്തകങ്ങള്‍ പലയാവര്‍ത്തി വായിച്ചുതീര്‍ത്തു. പ്രത്യേകിച്ച് പ്രമുഖ ചരിത്രകാരന്‍ പീറ്റര്‍ വാഡ് ഫേയുടെ "ദ ഫൊര്‍ഗോട്ടന്‍ ആര്‍മി: ഇന്ത്യാസ് ആംഡ് സ്ട്രഗിള്‍ ഫോര്‍ ഇന്‍ഡിപെന്‍ഡന്‍സ് എന്ന പുസ്തകം. ആര്‍ക്കൈവ്സുകളില്‍ ഇനിയുമേറെ പരതാനുണ്ട്."". പരിചിതരായ അഭിനേതാക്കളെയല്ല ഷാദ് ഈ സിനിമയ്ക്കായി തെരഞ്ഞെടുക്കുക.

അഭിനയശേഷിയുള്ള പുതുമഖങ്ങള്‍ക്കായി അന്വേഷണം തുടങ്ങിക്കഴിഞ്ഞു. വൈകാതെ സിനിമയുടെ കടലാസുപണികള്‍ തുടങ്ങും. തന്റെ മൂന്നു സിനിമയും നിര്‍മിച്ച യഷ്രാജ് ഫിലിംസ് ഈ സിനിമ നിര്‍മിക്കുമെന്ന പ്രതീക്ഷയുണ്ട്. സിനിമയുടെ ആവശ്യത്തിന് ഈ വര്‍ഷംതന്നെ ആനക്കരയിലെത്തുന്നുണ്ട്. ഈ യാത്ര എന്റെ ബാല്യത്തിലേക്കുള്ള മടക്കയാത്രയാണ്. ഇതിനുമുമ്പ് ഒരിക്കല്‍ മാത്രമേ നാനിയുടെ തറവാട്ടില്‍ വന്നിട്ടുള്ളൂ, 1982ല്‍. പപ്പ ആനക്കര വടക്കത്ത് തറവാടിനെക്കുറിച്ച് "വടക്കത്ത്-എ തറവാട് ഇന്‍ കേരള" എന്ന ഡോക്യുമെന്ററി ചെയ്തിരുന്നു. ആ ഡോക്യുമെന്ററിയുടെ ഷൂട്ടിങ്ങിന് പപ്പയോടൊപ്പം കേരളത്തില്‍ വന്നതിന്റ വളരെ നേര്‍ത്ത ഒരോര്‍മയേ ഉള്ളൂ. നാനിയെക്കുറിച്ചുള്ള സിനിമയ്ക്ക് കേരളത്തിലേക്കുള്ള യാത്രയ്ക്കായി അക്ഷമനായി കാത്തിരിക്കുകയാണ്.

*
എന്‍ എസ് സജിത് ദേശാഭിമാനി വാരാന്തപ്പതിപ്പ് 12 ആഗസ്റ്റ് 2012

Tuesday, July 24, 2012

ധീരതയും കരുണയും കൈമുതലായ പോരാളി: സിപിഐ എം


ക്യാപ്റ്റന്‍ ലക്ഷ്മിയുടെ നിര്യാണത്തില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അനുശോചിച്ചു. ധീരയായ സ്വാതന്ത്ര്യസമര സേനാനിയും പാവങ്ങളോട് കരുണയുള്ള സമര്‍പ്പണബോധമുള്ള ഡോക്ടറും സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതിയ വ്യക്തിയുമാണ് ക്യാപ്റ്റന്‍ ലക്ഷ്മിയെന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സിപിഐ എമ്മിലെ തലമുതിര്‍ന്ന അംഗമായ അവര്‍ എല്ലാവരുടെയും ആദരവ് നേടി. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ രക്ഷാധികാരികളില്‍ ഒരാള്‍കൂടിയാണ്. അസോസിയേഷന്‍ സ്ഥാപിക്കുന്നതില്‍ പ്രധാനപങ്കുവഹിച്ചു. കുട്ടിക്കാലത്തുതന്നെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ ചേര്‍ന്ന അവര്‍ ജീവിതാവസാനംവരെ ആ മൂല്യം കാത്തുസൂക്ഷിച്ചു. മാതാപിതാക്കള്‍ മിശ്രവിവാഹിതരായിരുന്നത് ജാതി ഉച്ചനീചത്വങ്ങള്‍ക്കെതിരായ നിലപാടെടുക്കാന്‍ അവര്‍ക്ക് പ്രേരണയായി.

എംബിബിഎസ് പാസായശേഷം സിംഗപ്പുരിലേക്ക് പോയ അവര്‍ അവിടെ ഇന്ത്യ ഇന്‍ഡിപ്പെന്‍ഡന്റ് ലീഗിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. ഐഎന്‍എയുടെ ഝാന്‍സിറാണി റജിമെന്റിനെ നയിച്ച് യുദ്ധരംഗത്തു പോയ ക്യാപ്റ്റന്‍ ലക്ഷ്മി പോരാട്ടമുന്നണിയിലും പരിക്കേറ്റ ഐഎന്‍എ ഭടന്മാരുടെ ജീവന്‍ രക്ഷിക്കുന്നതിലും മഹത്തായ പങ്കു വഹിച്ചു. സ്വാതന്ത്ര്യത്തിനുശേഷം കാണ്‍പുരില്‍ താമസമാക്കിയ ക്യാപ്റ്റന്‍ ലക്ഷ്മി പ്രതിഫലം വാങ്ങാതെ ലക്ഷക്കണക്കിനു പാവപ്പെട്ട സ്ത്രീകള്‍ക്ക് വൈദ്യസഹായം നല്‍കി. തന്റെ ക്ലിനിക്കില്‍ മിക്കവാറും എല്ലാ ദിവസവും അവര്‍ പോയിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതിന്റെ തലേദിവസംപോലും വളരെ മോശം ആരോഗ്യത്തിലും അവര്‍ രോഗികളെ കാണാന്‍ ക്ലിനിക്കില്‍ എത്തി. 1971ലെ ബംഗ്ലാദേശ് യുദ്ധത്തിനുശേഷം പശ്ചിമബംഗാളില്‍ വൈദ്യസേവനത്തിനായുള്ള സംസ്ഥാന സര്‍ക്കാരിന്റെയും ജ്യോതിബസുവിന്റെയും അഭ്യര്‍ഥന മാനിച്ച് അവര്‍ മാസങ്ങളോളം മെഡിക്കല്‍ ക്യാമ്പ് സ്ഥാപിച്ച് ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നു. ഇതിനുശേഷമാണ് സിപിഐ എമ്മില്‍ ചേരാന്‍ ക്യാപ്റ്റന്‍ ലക്ഷ്മി തീരുമാനിച്ചത്.

കാണ്‍പുര്‍ ജില്ലാ കമ്മിറ്റി അംഗമായും ഉത്തര്‍പ്രദേശ് സംസ്ഥാന കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് പ്രമുഖ കമ്യൂണിസ്റ്റ് വനിതാ നേതാക്കള്‍ക്കൊപ്പം സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു. അഖിലേന്താ ജനാധിപത്യ മഹിളാ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ചു. സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ അനിവാര്യതയില്‍ അവര്‍ ശക്തമായി വിശ്വസിച്ചു. സ്വന്തം നേട്ടങ്ങളെക്കുറിച്ച് ഒട്ടും ചിന്തിക്കാതെ ലളിതമായി ജീവിച്ച അവര്‍ യുവജനങ്ങള്‍ക്ക് നേതൃനിരയിലേക്ക് വരാന്‍ പ്രോത്സാഹനം നല്‍കി. രാജ്യത്തെ യുവജനങ്ങള്‍ക്ക് എത്രയും പ്രിയപ്പെട്ട മാതൃകാ വ്യക്തിത്വമായി മാറി. ക്യാപ്റ്റന്‍ ലക്ഷ്മി സൈഗാളിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും രക്തപതാക താഴ്ത്തുകയും ചെയ്യുന്നു. അവരുടെ ജീവിതവും പ്രവര്‍ത്തനവും തലമുറകളെ പ്രചോദിപ്പിക്കും. ക്യാപ്റ്റന്‍ ലക്ഷ്മിയുടെ മക്കളായ സുഭാഷിണി അലി, അനീസ, പേരക്കുട്ടികള്‍, മറ്റ് കുടുംബാംഗങ്ങള്‍ എന്നിവരെ പാര്‍ടി അനുശോചനം അറിയിച്ചു.

നേതാജിയുടെ ആരാധിക; പിന്നെ സഹപ്രവര്‍ത്തക

എന്നും സുഭാഷ് ചന്ദ്രബോസിന്റെ ആരാധികയായിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മി. 1928ല്‍ കൊല്‍ക്കത്തയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തിലാണ് കൗമാരം പിന്നിട്ടിട്ടില്ലാത്ത ലക്ഷ്മി ആദ്യമായി സുഭാഷ്ചന്ദ്രബോസിനെ കണ്ടത്. യുവാവായിരുന്ന ബോസ് അന്ന് കോണ്‍ഗ്രസിലെ റിബലായാണ് കരുതപ്പെട്ടിരുന്നത്. സമ്മേളനപ്പന്തലിനടുത്ത് ദിവസവും പ്രഭാതത്തില്‍ സുഭാഷിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് വളന്റിയര്‍മാര്‍ പരേഡ് നടത്തുന്നതു കാണാന്‍ ലക്ഷ്മിയും പോകുമായിരുന്നു. പിന്നീട് സിംഗപ്പൂര്‍ വാസക്കാലത്താണ് ലക്ഷ്മി സുഭാഷിന്റെ സഹപ്രവര്‍ത്തകയാകുന്നത്. ""ഗാന്ധിജിയിലും നെഹ്റുവിലും കാണാനാകാത്ത സഹിഷ്ണുത അദ്ദേഹത്തില്‍ കണ്ടു"" എന്നാണ് പിന്നീട് ക്യാപ്റ്റന്‍ ലക്ഷ്മി അനുസ്മരിച്ചത്. ""ഗാന്ധിജിയുടെ നിലപാടുകളെ വിമര്‍ശിച്ചിരുന്നപ്പോള്‍ പോലും അദ്ദേഹത്തെ കുറിച്ച് ആദരവോടെ മാത്രമേ നേതാജി സംസാരിച്ചിരുന്നുള്ളൂ.""

സ്വാതന്ത്ര്യ പോരാളികളെയെല്ലാം ഒരുമിപ്പിക്കാന്‍ നേതാജി വളരെ ശ്രമിച്ചിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ജര്‍മനിയുടെയും ജപ്പാന്റെയും സഹായം തേടിയപ്പോഴും അദ്ദേഹം ഒരിക്കലും ഫാസിസത്തോട് സന്ധിചെയ്തില്ല. സോവിയറ്റ് യൂണിയനെ ആക്രമിച്ചത് തെറ്റായിപ്പോയെന്ന് ഹിറ്റ്ലറോട് നേരിട്ടുപറഞ്ഞ ആളാണ് സുഭാഷ് എന്ന് അവര്‍ ഒരഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി. രണ്ടാം ലോകയുദ്ധത്തില്‍ ജപ്പാന്‍ കീഴടങ്ങിയ വിവരം സുഭാഷ് അറിഞ്ഞത് ലക്ഷ്മിയില്‍ നിന്നാണ്. സിംഗപ്പൂരില്‍ നിന്ന് നിര്‍ത്താതെ കാറോടിച്ച് സെരംബാന്‍ അതിഥിമന്ദിരത്തിലെത്തി അവിടെയുണ്ടായിരുന്ന നേതാജിയോട് വിവരം പറഞ്ഞു. നേതാജിയുടെ നേതൃത്വത്തിലുണ്ടാക്കിയ താല്‍ക്കാലിക സര്‍ക്കാരില്‍ ലക്ഷ്മിയും മന്ത്രിയായിരുന്നു. ബ്രിട്ടീഷ് സൈന്യത്തിന്റെ പിടിയിലായി റംഗൂണിലെ തടവില്‍ കഴിയുമ്പോഴാണ് നേതാജിയുടെ മരണം ലക്ഷ്മി അറിഞ്ഞത്. രാത്രി രണ്ടിന് അമേരിക്കന്‍ ഇന്റലിജന്‍സുകാര്‍ വന്ന് വിവരം പറഞ്ഞപ്പോള്‍ ആദ്യം വിശ്വസിച്ചില്ല. പതിവുതട്ടിപ്പെന്നു കരുതി. മൂന്നുതവണ അമേരിക്കന്‍ ബോംബിങ്ങില്‍നിന്ന് നേതാജി രക്ഷപ്പെട്ടിരുന്നു. ഇത്തവണയും അങ്ങനെയാണ് പ്രതീക്ഷിച്ചതെങ്കിലും കേട്ടത് സത്യമാണെന്ന് വൈകാതെ തിരിച്ചറിഞ്ഞു. സുഭാഷിനോടുള്ള ആദരവാണ് തന്റെ മൂത്തമകള്‍ക്ക് സുഭാഷിണി എന്നുപേരിടാന്‍ ലക്ഷ്മിക്ക് പ്രേരണയായത്.

ഐഎന്‍എയില്‍നിന്ന് വിപ്ലവത്തീച്ചൂളയിലേക്ക്

പണിയെടുക്കുന്നവരുടെയും പട്ടിണിക്കാരുടെയും മോചനത്തിന്റെ പതാകയേന്തുന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണെന്ന തിരിച്ചറിവാണ് ക്യാപ്റ്റന്‍ ലക്ഷ്മിയെ സിപിഐ എമ്മിലേക്ക് എത്തിച്ചത്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരെ തോക്കേന്തിയ ധീരവനിത ചെങ്കൊടിയേന്തിയത് കമ്യൂണിസ്റ്റുകാര്‍ക്കെതിരായ വലതുപക്ഷ വിമര്‍ശങ്ങളുടെ മുനയൊടിച്ച സംഭവമായിരുന്നു. ബ്രിട്ടനില്‍നിന്ന് സ്വാതന്ത്ര്യം നേടാന്‍, രണ്ടാം ലോകയുദ്ധകാലത്ത്, അവരേക്കാള്‍ അപകടകാരിയായ ഫാസിസ്റ്റ്ചേരിയുടെ സഹായം തേടിയ സുഭാഷ് ചന്ദ്രബോസിന്റെ നിലപാടിനെ വിമര്‍ശിച്ചതിനും ക്വിറ്റ് ഇന്ത്യ സമരകാലത്ത് വ്യത്യസ്ത നിലപാട് സ്വീകരിച്ചതിനുമാണ് പിന്തിരിപ്പന്മാര്‍ കമ്യൂണിസ്റ്റുകാര്‍ക്കെതിരെ ഉറഞ്ഞുതുള്ളിയത്. ജവഹര്‍ലാല്‍ നെഹ്റു അടക്കം ഒരു വിഭാഗം കോണ്‍ഗ്രസുകാരും രണ്ടാംലോകയുദ്ധം നിര്‍ണായകസന്ധിയിലെത്തിയ ആ അവസരത്തില്‍ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിനുകൂലമായിരുന്നില്ല എന്ന വസ്തുത മറച്ചുവച്ചായിരുന്നു കമ്യൂണിസ്റ്റുകാര്‍ക്കെതിരായ നുണപ്രചാരണം.

ഐഎന്‍എയില്‍ ചേരുന്നതിനുമുമ്പുതന്നെ ലക്ഷ്മി കമ്യൂണിസത്തെക്കുറിച്ച് മനസ്സിലാക്കിയിരുന്നു. സരോജിനിനായിഡുവിന്റെ സഹോദരി സുഹാസിനിയും ഭര്‍ത്താവ് മലയാളിയായ സി നാരായണന്‍ നമ്പ്യാരുമാണ് കമ്യൂണിസത്തിന്റെ ആദ്യ പാഠങ്ങള്‍ അവര്‍ക്ക് പകര്‍ന്നത്. ജര്‍മനിയിലായിരുന്ന ഈ ദമ്പതികള്‍ അവിടത്തെ കമ്യൂണിസ്റ്റുകാരുമായി ചേര്‍ന്ന് രാജ്യത്തിന്റെ മോചനത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു. ഹിറ്റ്ലര്‍ കമ്യൂണിസ്റ്റുകാരെ വേട്ടയാടാന്‍ തുടങ്ങിയപ്പോള്‍ കേരളത്തിലേക്ക് കപ്പല്‍ കയറിയ അവര്‍ ഇവിടെയും വിപ്ലവപ്രവര്‍ത്തനം തുടര്‍ന്നു. മീററ്റ് ഗൂഢാലോചന കേസില്‍ പ്രതിയായി ഒളിവിലായ നമ്പ്യാര്‍ക്ക് ലക്ഷ്മിയുടെ മദ്രാസിലെ വീട്ടിലായിരുന്നു അഭയം നല്‍കിയത്. ഇക്കാലത്ത് എംബിബിഎസും സിജിഒയും പാസായി ലക്ഷ്മി മദ്രാസില്‍ പ്രാക്ടീസ് തുടങ്ങിയിരുന്നു. പിന്നീടാണ് യാദൃശ്ചികമായി സിംഗപ്പുരിലേക്ക് പോയതും ഐഎന്‍എ പോരാളിയായതും. ഇന്ത്യയില്‍ തിരിച്ചെത്തി യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ലക്ഷ്മിയിലെ വിപ്ലവകാരിക്ക് വേഗം മടുത്തു. തടവിലായ ഐഎന്‍എക്കാരുടെ മോചനത്തിന് നെഹ്റുവടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കാര്യമായി യത്നിക്കാത്തതാണ് ലക്ഷ്മിയെ പിന്നോട്ടടിപ്പിച്ചത്.

പോര്‍വീഥിയിലെ പെണ്‍പാരമ്പര്യം

ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിലും സ്വാതന്ത്ര്യാനന്തരം ജനകീയ ജനാധിപത്യ പ്രസ്ഥാനത്തിലും വീരേതിഹാസം രചിച്ച ധീരപാരമ്പര്യമാണ് പാലക്കാട് ജില്ലയിലെ ആനക്കര വടക്കത്തുതറവാടിന്. അമ്മു സ്വാമിനാഥനില്‍ തുടങ്ങി ക്യാപ്റ്റന്‍ ലക്ഷ്മിയിലൂടെ സുഭാഷിണി അലിയിലെത്തി നില്‍ക്കുന്നു പോര്‍വീഥിയിലെ പെണ്‍പെരുമയുടെ മഹാപരമ്പര. ഐഎന്‍എ, റാണി ലക്ഷ്മി റെജിമെന്റ്് എന്നിവയിലൂടെ സ്വാതന്ത്ര്യപോരാളികളുടെ വീരനായികയായി മാറിയ ക്യാപ്റ്റന്‍ ലക്ഷ്മിയുടെ അമ്മ അമ്മു സ്വാമിനാഥന്‍ അഖിലേന്ത്യാതലത്തില്‍ സാമൂഹ്യരംഗത്ത് പ്രവര്‍ത്തിച്ച മഹതിയായിരുന്നു. അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഡോ. സ്വാമിനാഥനാണ് വിവാഹശേഷം അമ്മുവിനെ പഠിപ്പിച്ചത്. മദ്രാസ് വിമെന്‍സ് അസോസിയേഷന്‍ പ്രസിഡന്റും അഖിലേന്ത്യാ വനിതാ സംഘടന സെക്രട്ടറിയുമായിരുന്ന അമ്മു "42ല്‍ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് "44 വരെ ജയില്‍വാസം അനുഭവിച്ചു. 1934-39ല്‍ മദ്രാസ് നഗരസഭാ അംഗമായിരുന്ന അമ്മു സ്വാമിനാഥന്‍ കേന്ദ്രനിയമസഭയിലും ഭരണഘടനാ നിര്‍മാണസഭയിലും അംഗമായി. ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ (1952) ലോക്സഭാ അംഗമായ ഇവര്‍ "56 മുതല്‍ 70 വരെ രാജ്യസഭാ അംഗമായി. "78ല്‍ അന്തരിച്ചു.

കെപിസിസി അധ്യക്ഷയായിരുന്ന എ വി കുട്ടിമാളുഅമ്മ, ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ചിറ്റമ്മയായിരുന്നു. (അമ്മു സ്വാമിനാഥന്റെ അനുജത്തി). ഹിന്ദി, ഇംഗ്ലീഷ് എന്നിവയ്ക്കു പുറമെ ദക്ഷിണേന്ത്യന്‍ ഭാഷയെല്ലാം അവര്‍ക്ക് വശമായിരുന്നു. ദേശീയ മഹിളാ സമാജം, മലബാര്‍ ഹിന്ദി പ്രചാരസഭ എന്നിവയുടെ അധ്യക്ഷയായിരുന്നു. കോഴിക്കോട് മുനിസിപ്പല്‍ കൗണ്‍സിലിലും മദ്രാസ് സര്‍വകലാശാലാ സെനറ്റിലും അംഗമായിരുന്ന ഇവര്‍ "36ലും "46ലും മദ്രാസ് നിയമസഭാ അംഗമായിരുന്നു. മാതൃഭൂമി ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് പരേതനായ കോഴിപ്പുറത്തു മാധവമേനോന്റെ ഭാര്യയായ ഇവര്‍ 1985ലാണ് മരിച്ചത്. വിഖ്യാത നര്‍ത്തകി മൃണാളിനി സാരാഭായിയാണ് ക്യാപ്റ്റന്‍ ലക്ഷ്്മിയുടെ സഹോദരി. ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവായി ഗണിക്കപ്പെടുന്ന വിക്രം സാരാഭായിയുടെ ഭാര്യ. ഇവരുടെ മകള്‍ മല്ലിക സാരാഭായി നര്‍ത്തകിയും അഭിനേത്രിയും സാമൂഹ്യപ്രവര്‍ത്തകയുമാണ്. അനുജത്തിയെപ്പോലെ നൃത്തവും വീണയും അഭ്യസിച്ചെങ്കിലും ലക്ഷ്മി തെരഞ്ഞെടുത്തത് ആതുരസേവനത്തിന്റെയും സാമൂഹ്യപ്രവര്‍ത്തനത്തിന്റെയും വഴിയായിരുന്നു. സ്വാതന്ത്ര്യാനന്തരം കമ്യൂണിസ്റ്റ് നേതാവായി ഉയര്‍ന്ന ക്യാപ്റ്റന്‍ ലക്ഷ്മിയെ 1998ല്‍ രാഷ്ട്രം പത്മവിഭൂഷന്‍ നല്‍കി ആദരിച്ചു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രസിഡന്റായിരുന്ന സുഭാഷിണി അലിയും ദില്ലിയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ അനീസയുമാണ് ക്യാപ്റ്റന്‍ ലക്ഷ്മിയുടെ മക്കള്‍.

മാഞ്ഞു, ആ സാന്ത്വന സ്പര്‍ശം

ആര്യനഗറിലെ ഗലിയിലുള്ള ലക്ഷ്മി സൈഗാള്‍ ക്ലിനിക്കില്‍ കാത്തിരിക്കാറുള്ള രോഗികള്‍ ഇതുവരെ നിരാശരായിട്ടില്ല. സാന്ത്വനത്തിന്റെ സ്നേഹസ്പര്‍ശവുമായി ക്യാപ്റ്റന്‍ ലക്ഷ്മി സദാസന്നദ്ധയായി അവിടെയുണ്ടാകാറുണ്ട്. ആ കരങ്ങള്‍ സ്പര്‍ശിച്ചാലുള്ള ആശ്വാസത്തിന്റെ അനുഭവങ്ങളാണ് ഈ തെരുവിലെ പാവങ്ങള്‍ക്കുള്ളത്. വിവാഹം കഴിഞ്ഞ് കാണ്‍പുരിലെത്തി തൊട്ടടുത്ത വര്‍ഷം, 1948ലാണ് ഈ ഗലിയില്‍ ക്യാപ്റ്റന്‍ ലക്ഷ്മി ക്ലിനിക്ക് ആരംഭിക്കുന്നത്. ഒരു സിഖ് കുടുംബം അവരുടെ വീടിന്റെ മുറി ക്ലിനിക്കിനായി നല്‍കി. ഗൈനക്കോളജിയിലും ജനറല്‍ മെഡിസിനിലും വൈദഗ്ധ്യമുള്ള ക്യാപ്റ്റന്‍ ലക്ഷ്മി നേരമോ കാലമോ നോക്കാതെ എല്ലാ രോഗികളെയും ശുശ്രൂഷിച്ചു. പാവപ്പെട്ടവര്‍ക്ക് ചികിത്സ സൗജന്യം. മരുന്ന് വാങ്ങാന്‍ പണമില്ലാത്തവരാണെങ്കില്‍ മരുന്നുചീട്ടില്‍ അടയാളമിടും. അത് മരുന്നുകടയില്‍ കൊടുത്താല്‍ മരുന്നിന് പണം വാങ്ങില്ല. പിന്നീട് ഒന്നിച്ച് ക്യാപ്റ്റന്‍ ലക്ഷ്മി തന്നെ ആ കടം തീര്‍ക്കുകയാണ് പതിവ്. ക്ലിനിക്ക് സ്ഥാപിച്ച് നാളുകള്‍ക്കകം ഈ ഗലിതന്നെ ക്യാപ്റ്റന്‍ ലക്ഷ്മിയുടെ പേരില്‍ അറിയപ്പെട്ടു. ക്ലിനിക്കില്‍ എത്താന്‍ കഴിയാത്ത രോഗികളുടെ അടുത്തേക്ക് ചെല്ലാനും എത്ര ദൂരെയാണെങ്കിലും കുടിലുകളില്‍ച്ചെന്ന് പ്രസവമെടുക്കാനും പാതിരാവില്‍പ്പോലും അവര്‍ വൈമനസ്യം കാണിച്ചില്ല. അവര്‍ അരലക്ഷത്തോളം പ്രസവമെടുത്തിട്ടുണ്ടെന്നാണ് കണക്ക്. ക്യാപ്റ്റന്‍ ലക്ഷ്മിയെ ഒടുവില്‍ ചികിത്സിച്ച ഡോക്ടറും പിറന്നുവീണത് ആ കൈകളില്‍ത്തന്നെയാണ്. ക്യാപ്റ്റന്‍ ലക്ഷ്മിയുടെ വേര്‍പാട് ആര്യനഗറുള്‍പ്പെടെയുള്ള ഗലികളില്‍ ദുഃഖത്തിന്റെ നിഴല്‍ വീഴ്ത്തിയിരിക്കുന്നു. അവര്‍ക്കറിയാം ഇനി ആ സ്നേഹസാന്ത്വനത്തിനായി കാത്തിരിക്കേണ്ടെന്ന്...
(കെ എം വാസുദേവന്‍)

ആനക്കരയുടെ പ്രിയപുത്രി

കൂറ്റനാട് (പാലക്കാട്): ആനക്കരയെന്ന ജന്മഗ്രാമത്തെ ജീവനുതുല്യം സ്നേഹിച്ച ഇന്ത്യയുടെ വീരവനിതയായിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മി. ഇന്ത്യന്‍ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന് ഒട്ടേറെ മഹാന്മാരെ സംഭാവന നല്‍കിയ ആനക്കര വടക്കത്ത് തറവാട്ടിലെ അംഗമായിരുന്ന അവര്‍ എത്തിപ്പെട്ടതും പോരാട്ടവീഥിയിലായിരുന്നു. ആനക്കര വടക്കത്ത് തറവാട്ടില്‍ ജനിച്ച് ഇന്ത്യയുടെ ധീരവനിതയായി മാറിയ ക്യാപ്റ്റന്‍ ലക്ഷ്മി ആനക്കര ഗ്രാമത്തിലെ ജനങ്ങളെ ഏറെ സ്നേഹിച്ചു. തിരക്കുകള്‍ക്കിടയിലും ആനക്കരയിലെ വീട്ടിലെത്താന്‍ അവരുടെ ഹൃദയം വെമ്പല്‍കൊള്ളുമായിരുന്നു. 2005 ഒക്ടോബര്‍ 23നാണ് അവര്‍ അവസാനമായി ആനക്കരയിലെത്തിയത്. കുഷ്ഠരോഗം പിടിപെട്ടവരെ അന്ന് വീട്ടിലേക്ക് വിളിച്ചുവരുത്തി ഓണസദ്യയും പുടവകളും നല്‍കി. നാട്ടിലെത്തിയാല്‍ വീട്ടിലെ തൊഴിലാളികള്‍ക്കെല്ലാം വസ്ത്രങ്ങളും പണവും നല്‍കാറുണ്ട്. വടക്കത്ത് തറവാടിനെ ആശ്രയിച്ചുകഴിയുന്നവരുടെ കുട്ടികളുടെ പഠനത്തിനും മക്കളുടെ വിവാഹത്തിനും ക്യാപ്റ്റന്‍ ലക്ഷ്മി പ്രത്യേക താല്‍പ്പര്യത്തോടെ സാമ്പത്തികസഹായം നല്‍കുമായിരുന്നു. ആനക്കരയിലെത്തിയാല്‍ തറവാടിന്റെ വിശാലമായ പറമ്പില്‍ ചുറ്റിസഞ്ചരിക്കുന്നതും പതിവ്. നാട്ടിലെത്തിയാല്‍ ഔപചാരികതകള്‍ മാറ്റിവച്ച് വീട്ടമ്മയെപ്പോലെയാണ് എല്ലാവരോടും പെരുമാറിയിരുന്നത്. തറവാട്ടിലെ ആയിരത്തഞ്ഞൂറോളംവരുന്ന എല്ലാവരുടെയും പേരുകള്‍വരെ അവര്‍ക്ക് മനഃപാഠം. അതുകൊണ്ടുതന്നെ ലക്ഷ്മിയെക്കുറിച്ചുള്ള ഓര്‍മകള്‍ വീട്ടുകാര്‍ക്കെല്ലാവര്‍ക്കും ആവേശമാണ്.

ദുരിതംപേറുന്ന സ്ത്രീകളുടെ വഴികാട്ടിയായിരുന്ന, അമ്മ അമ്മുസ്വാമിനാഥന്റെ വഴിയിലൂടെ തന്നെയായിരുന്നു ലക്ഷ്മിയുടെയും യാത്ര. ഐഎന്‍എയുടെ വനിതാ റെജിമെന്റിന്റെ ക്യാപ്റ്റനായി ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തില്‍ ധീരതയുടെ പെണ്‍രൂപമായി മാറിയ അവര്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ സ്വന്തം ജീവിതം നാടിനുവേണ്ടി മാറ്റിവച്ച് സേവനത്തിന്റെ പാത സ്വീകരിച്ചത് പുതുതലമുറയ്ക്ക് മാതൃകയാണ്. ജീവിതസായാഹ്നത്തിലും തന്റെ ക്ലിനിക്കിലെത്തുന്ന അശരണര്‍ക്കും നിര്‍ധനരോഗികള്‍ക്കും ആശ്വാസമേകി അവര്‍ വിശ്രമരഹിതയായി പ്രവര്‍ത്തിക്കുകയായിരുന്നു. വിദ്യാഭ്യാസ-സാംസ്കാരികരംഗത്തും ലക്ഷ്മിയുടെ ഇടപെടല്‍ ആനക്കരയ്ക്ക് മുതല്‍ക്കൂട്ടാണ്. മാതാപിതാക്കളുടെ സ്മരണയ്ക്കായി ലക്ഷ്മി, ആനക്കരയില്‍ സ്വാമിനാഥ ടീച്ചേഴ്സ് ട്രെയ്നിങ് സ്കൂള്‍ ആദ്യം തുടങ്ങി. പിന്നീടത് ഡയറ്റ്ലാബ് സ്കൂളായി മാറുകയും ലക്ഷ്മിയുടെയും മകള്‍ സുഭാഷിണി അലിയുടെയും ഇടപെടലിന്റെയും ഫലമായി സ്വാമിനാഥ ഡയറ്റ്ലാബ് സ്കൂളായി പുനര്‍നാമകരണം ചെയ്യുകയും ചെയ്തു. വായനശാലകള്‍ സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തു. വര്‍ഷങ്ങള്‍ക്കുമുമ്പ് സിപിഐ എം ആനക്കര ലോക്കല്‍ സമ്മേളനം ആനക്കരയില്‍ നടന്നപ്പോള്‍ റെഡ് വളന്റിയര്‍മാര്‍ച്ചിന്റെ സല്യൂട്ട് സ്വീകരിക്കാന്‍ ക്യാപ്റ്റന്‍ ലക്ഷ്മി എത്തി. നാട്ടിലെത്തിയാല്‍ മറ്റ് സിപിഐ എമ്മിന്റെ പൊതുപരിപാടികളിലും ഇവര്‍ സജീവസാന്നിധ്യമാണ്. ആനക്കരയുടെ സാംസ്കാരിക -സാമൂഹ്യ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ക്യാപ്റ്റന്‍ ലക്ഷ്മിയുടെ വിയോഗം ആനക്കര ഗ്രാമത്തിന് തീരാനഷ്ടമാണ്.
(സി കെ ഉണ്ണിക്കൃഷ്ണന്‍)

ഓര്‍മകളില്‍ നിറയുന്ന ലക്ഷ്മിയേടത്തി

പാലക്കാട്: ആനക്കരയിലെ വടക്കത്ത് വീട് ക്യാപ്റ്റന്‍ ലക്ഷ്മിക്ക് എന്നും സ്നേഹംതുളുമ്പുന്ന ഓര്‍മയാണ്. ഏറെക്കാലമൊന്നും ഈ വീട്ടില്‍ ചെലവഴിച്ചിട്ടില്ലെങ്കിലും അമ്മ ജനിച്ച മണ്ണിനോട് ലക്ഷ്മിക്ക് എപ്പോഴും നിറഞ്ഞ വാത്സല്യവും അടുപ്പവുമായിരുന്നു. രാജ്യമാകെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ക്യാപ്റ്റന്‍ ലക്ഷ്മിയെന്ന ധീരവനിതയെക്കുറിച്ച് പറയുമ്പോള്‍ വടക്കത്തുവീട്ടുകാര്‍ക്ക് ആയിരം നാവാണ്. ഇപ്പോള്‍ വടക്കത്ത് വീട്ടിലുള്ള ചന്ദ്രശേഖരന് ലക്ഷ്മിയെക്കുറിച്ച് 1946 മുതലുള്ള ഓര്‍മയാണുള്ളത്. ലക്ഷ്മിയുടെ ജ്യേഷ്ഠത്തി എ വി കുഞ്ഞിലക്ഷ്മിയമ്മയുടെ മകന്റെ മകനാണ് ചന്ദ്രശേഖരന്‍. 1946ല്‍ ക്യാപ്റ്റന്‍ ലക്ഷ്മിക്ക് കോഴിക്കോട്ട് നാട്ടുകാര്‍ സ്വീകരണം നല്‍കിയത് ചന്ദ്രശേഖരന്റെ ഓര്‍മയിലുണ്ട്. ചന്ദ്രശേഖരന്‍ അന്ന് സ്കൂള്‍ വിദ്യാര്‍ഥിയാണ്. ബാല്യകാലത്തുള്ള ലക്ഷ്മിയുടെ ഫോട്ടോ കൈയിലെടുത്ത് അദ്ദേഹം ഓര്‍മ പങ്കുവച്ചു.

""കോഴിക്കോട്ടെത്തിയ ലക്ഷ്മിയേട്ടത്തി ആനക്കരയിലെ വടക്കത്ത് വീട്ടിലും വന്നു. തന്നോട് വല്യ സ്നേഹമായിരുന്നു. കാണുമ്പോഴെല്ലാം നന്നായി പഠിക്കാന്‍ ഉപദേശിക്കും. എന്തെങ്കിലും സമ്മാനവും നല്‍കും. ലക്ഷ്മിയേടത്തി തറവാട്ട് വീട്ടിലെത്തിയാല്‍പ്പിന്നെ ഉത്സവാന്തരീക്ഷമാണ്. നാട്ടുകാരെല്ലാം കാണാനെത്തും. കുട്ടികളുമായി ആശയവിനിമയം നടത്തും. പാര്‍ടി പരിപാടികളില്‍ പങ്കെടുക്കാന്‍ സമയം കണ്ടെത്താറുണ്ട്. എല്ലാവരോടും നല്ല അടുപ്പവും സ്നേഹവുമായിരുന്നു. പാവപ്പെട്ടവരെ സഹായിക്കുന്ന വലിയ മനസ്സായിരുന്നു ഏടത്തിയുടേത്. കലിക്കറ്റ് സര്‍വകലാശാല ലക്ഷ്മിയേടത്തിക്ക് ഡോക്ടറേറ്റ് നല്‍കുന്ന ചടങ്ങില്‍ അവര്‍ക്കുവേണ്ടി ബഹുമതി ഏറ്റുവാങ്ങിയത് ഞാനാണ്. ഇത് ജീവിതത്തില്‍ അഭിമാനവും ആവേശവും ഉണ്ടാക്കിയ മുഹൂര്‍ത്തമാണ്. ഈയിടെ എനിക്ക് ഒരു ടവല്‍ സമ്മാനമായി അയച്ചുതന്നിരുന്നു."" ചന്ദ്രശേഖരന്റെ കണ്ണുനിറഞ്ഞു.

ലക്ഷ്മിയുടെ അമ്മാവന്റെ മകള്‍ വിനോദിനി ലക്ഷ്മിയെ കണ്ടിരുന്നത് ആരാധനയോടെയായിരുന്നു. ""ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിലും സ്വാതന്ത്ര്യാനന്തരം ജനകീയ ജനാധിപത്യപ്രസ്ഥാനത്തിലും നിറഞ്ഞുനിന്ന പോരാട്ടത്തിന്റെ പ്രതീകമായ ലക്ഷ്മിയേടത്തി ഞങ്ങള്‍ക്ക് ആവേശമായിരുന്നു"". ലക്ഷ്മിയേടത്തിക്കും ഭര്‍ത്താവ് പ്രേംകുമാര്‍ സൈഗാളിനും മദ്രാസിലെ മറീന ബീച്ചില്‍ നല്‍കിയ സ്വീകരണം വിനോദിനി ഓര്‍ക്കുന്നു. ""അന്ന് ഞാന്‍ മദിരാശിയിലായിരുന്നു. വന്‍ ജനാവലിയാണ് സ്വീകരണയോഗത്തില്‍ പങ്കെടുത്തത്. കാണ്‍പുരില്‍ താമസമാക്കിയശേഷം ലക്ഷ്മിയേടത്തി ക്ലിനിക് തുടങ്ങുകയും പാവപ്പെട്ടവര്‍ക്ക് സൗജന്യചികിത്സ നല്‍കുകയും ചെയ്തു. വീട്ടില്‍ ജോലിചെയ്തിരുന്ന തൊഴിലാളികളുടെ മക്കളെ അവര്‍ സൗജന്യമായി പഠിപ്പിച്ചിരുന്നു. ഒരുതവണ അഹമ്മദാബാദിലെ വീട്ടിലെത്തി ഞങ്ങളോടൊപ്പം താമസിച്ചു. സുഭാഷ്ചന്ദ്രബോസിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ഇത്. പിന്നീട് രാഷ്ട്രപതിസ്ഥാനാര്‍ഥിയായിരുന്നപ്പോള്‍ പ്രചാരണത്തിനായി ബറോഡയിലെത്തിയപ്പോഴും ഞങ്ങളോടൊപ്പം അല്‍പ്പസമയം ചെലവഴിച്ചു- വിനോദിനി ഓര്‍ക്കുന്നു"".
(സി അജിത്)

ആവേശം തുടിക്കുന്ന ഓര്‍മകള്‍

അവസാനമായി 2005ല്‍ ആനക്കരയിലെ തറവാട് വീട്ടിലെത്തിയ ക്യാപ്റ്റന്‍ ലക്ഷ്മിയെ കണ്ടപ്പോള്‍ അപ്പുനായര്‍ അറിയാതെ സല്യൂട്ട്ചെയ്തുപോയി. ഐഎന്‍എയില്‍ ഒരേകാലഘട്ടത്തില്‍ പ്രവര്‍ത്തിച്ചതിന്റെ ഓര്‍മയിലായിരുന്നു അത്. അന്ന് അപ്പുനായര്‍ ഐഎന്‍എയില്‍ ഹവീല്‍ദാര്‍. ലക്ഷ്മിയാണെങ്കില്‍ ക്യാപ്റ്റനും. ഉയര്‍ന്ന റാങ്കുള്ളവരെ കാണുമ്പോള്‍ സല്യൂട്ട് ചെയ്യണമെന്നാണ് പട്ടാളച്ചിട്ട. ക്യാപ്റ്റന്‍ ലക്ഷ്മിയെ അപ്പുനായര്‍ ഓര്‍ക്കുന്നത് ബഹുമാനം കലര്‍ന്ന സ്നേഹത്തോടെയാണ്.

ഒരേ കാലഘട്ടത്തില്‍ ഐഎന്‍എയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇരുവരും ആനക്കര സ്വദേശികള്‍. ലക്ഷ്മിയുടെ വടക്കത്ത് തറവാടിന് തെട്ടടുത്താണ് അപ്പുനായരുടെ പൂക്കോട്ടുമേലേതില്‍ വീട്. തൊണ്ണൂറ്റെട്ടാം വയസ്സിലും പോരാട്ടകാലത്തെ സ്മരണങ്ങള്‍ അദ്ദേഹം നെഞ്ചോട് ചേര്‍ത്തുപിടിക്കുന്നു. ലക്ഷ്മിയെക്കാള്‍ 14 ദിവസം മുന്നേയാണ് അപ്പുനായര്‍ ജനിച്ചത്. മദ്രാസില്‍ പഠിക്കുകയായിരുന്ന ലക്ഷ്മി കുട്ടിക്കാലത്ത് അവധിദിവസങ്ങളില്‍ തറവാട് വീട്ടില്‍ വരുന്നത് അപ്പുനായര്‍ക്ക് ഓര്‍മയുണ്ട്. അന്നുമുതലുള്ള ബന്ധമാണ്. പിന്നീട് നാടുവിട്ട് പോയ അപ്പുനായര്‍ മദ്രാസിലും പിന്നീട് സിംഗപ്പൂരിലുമെത്തി. ഐഎന്‍എയുടെ രൂപീകരണകാലത്തുതന്നെ അതില്‍ അംഗമായി. ഈ സമയമാണ് ഡോക്ടറായിരുന്ന ലക്ഷ്മിയും ഐഎന്‍എയില്‍ എത്തുന്നത്. പരസ്പരം കണ്ടപ്പോള്‍ വലിയ സന്തോഷമായി. പോരാട്ടത്തിനിടെ തനിക്ക് അസുഖം ബാധിച്ചപ്പോള്‍ ക്യാപ്റ്റന്‍ ലക്ഷ്മിയായിരുന്നു ചികിത്സിച്ചത്. പാവങ്ങളോട് സഹാനുഭൂതി കാണിക്കാനുള്ള മനസ്സാണ് വലിയ സമ്പത്തും വിദ്യാഭ്യാസവും ഉണ്ടായിട്ടും പോരാട്ടത്തിന്റെ പാത ലക്ഷ്മി തെരഞ്ഞെടുക്കാന്‍ കാരണമെന്ന് അപ്പുനായര്‍ പറയുന്നു. ലക്ഷ്മിയെ ഒരുനോക്കുകൂടി കാണാന്‍ ആഗ്രഹിച്ചിരുന്നെന്നും ഇടറിയ വാക്കുകളില്‍ അദ്ദേഹം പറഞ്ഞു.

എന്റെ അമ്മ

മുത്തശ്ശി അമ്മുസ്വാമിനാഥന്‍ ആശുപത്രിക്കിടക്കയില്‍ ആയിരുന്ന സമയത്ത് അവരുടെ നേഴ്സ് സ്വര്‍ണമാലയും മോതിരവും മറ്റും ഊരി അമ്മയുടെ പക്കല്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചു. ഇടയ്ക്ക് ബോധം വീണപ്പോള്‍ തന്റെ മാലയും മോതിരവും എവിടെയെന്ന് മുത്തശ്ശി അന്വേഷിച്ചു. നിങ്ങളുടെ മകള്‍ ലക്ഷ്മിയുടെ കൈയില്‍ കൊടുത്തിട്ടുണ്ടെന്ന് നേഴ്സ് പറഞ്ഞപ്പോള്‍ മുത്തശ്ശി ഉടനെ പറഞ്ഞത്രെ: ""വേഗം അവളുടെ കൈയില്‍നിന്ന് അത് തിരിച്ചുവാങ്ങിക്ക്. ഇല്ലെങ്കില്‍ അവള്‍ അതും കമ്യൂണിസ്റ്റുകാര്‍ക്ക് കൊടുക്കും"". വീട്ടില്‍നിന്ന് ഭക്ഷണവും വസ്ത്രങ്ങളും മോഷ്ടിച്ച് ജോലി ചെയ്തിരുന്ന ഹോസ്പിറ്റലിലെ പാവപ്പെട്ട രോഗികള്‍ക്ക് വിതരണംചെയ്യുന്ന ശീലമുണ്ടായിരുന്നു അമ്മയ്ക്ക്. ഇടയ്ക്ക് ഇത്തരം മോഷണങ്ങള്‍ക്കിടയില്‍ അവര്‍ കൈയോടെ പിടിക്കപ്പെട്ടിട്ടുമുണ്ട്. ഇതോര്‍ത്താണ് മുത്തശ്ശി അന്ന് അങ്ങനെ പറഞ്ഞത്.

സരോജിനി നായിഡുവിന്റെ സഹോദരിയും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ ചേര്‍ന്ന ആദ്യ വനിതയുമായ സുഹാസിനി ചതോപാധ്യായയുടെ വാക്കുകളിലൂടെയാണ് റഷ്യന്‍ വിപ്ലവേതിഹാസവും അനശ്വര രക്തസാക്ഷിത്വം വഹിച്ച ജര്‍മന്‍ വിപ്ലവകാരികളുടെ വീരചരിതവും അമ്മ കേള്‍ക്കുന്നത്. സുഹാസിനി അവരെ വളരെയധികം സ്വാധീനിച്ചിരുന്നു. പൊതുപ്രവര്‍ത്തകയായ മുത്തശ്ശിയുടെ രാഷ്ട്രീയവിഷയങ്ങളിലുള്ള ഇടപെടലുകളും അമ്മയെ സ്വാധീനിച്ചിട്ടുണ്ട്. സ്വദേശിപ്രസ്ഥാനത്തിന്റെ ഭാഗമായി മദ്രാസില്‍ വീടിന്റെ ഉമ്മറത്തുള്ള പുല്‍ത്തകിടിയില്‍ കൂട്ടിയ തീയിലേക്ക് ഫ്രോക്കുകളും ഷിഫോണ്‍ സാരികളും ഭംഗിയുള്ള പാവക്കുട്ടികളും വീഴുന്ന കാഴ്ച തന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്ന് അമ്മ പലവട്ടം പറഞ്ഞതും ഞാന്‍ ഓര്‍ക്കുന്നു. നീണ്ടമുടിയും വലിയകണ്ണുകളും ഉള്ള അമ്മ കുട്ടിക്കാലത്ത് തന്നെ സുന്ദരിയായിരുന്നു. കീഴ്ജാതിക്കാരായ കുട്ടികളോടൊപ്പം കൂട്ടുകൂടിയാല്‍ കണ്ണു പൊട്ടിപ്പോകുമെന്ന് തന്റെ മുത്തശ്ശി പറഞ്ഞപ്പോള്‍ ഉടനെ പുറത്തേക്കോടി കീഴ്ജാതിക്കാരിയായ ഒരു കൊച്ചുകുഞ്ഞിനെ വാരിപ്പുണര്‍ന്നശേഷം അവര്‍ മുത്തശ്ശിയോട് പറഞ്ഞു: ""കണ്ടോ...എന്റെ കണ്ണിന് ഒരു കുഴപ്പവുമില്ല"".

കോളേജ് പഠനം പൂര്‍ത്തിയാക്കിയ ഉടനെ വിദേശത്ത് പോയി ഉപരിപഠനം നടത്താനുള്ള അവസരമുണ്ടായിട്ടും മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ വിഭാഗത്തിന് പഠിക്കാനാണ് അമ്മ ചേര്‍ന്നത്. സിംഗപ്പൂരിലെത്തിയശേഷം നേതാജി സുഭാഷ്ചന്ദ്രബോസിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചു. ഐഎന്‍എയുടെ വനിതാവിഭാഗമായ ജാന്‍സി റെജിമെന്റിന്റെ റാണിയായും ആസാദ് ഹിന്ദ് ഗവണ്‍മെന്റില്‍ മഹിളാവിഭാഗം മന്ത്രിയായും സേവനമനുഷ്ഠിച്ചു. റെജിമെന്റിന്റെ നേതൃത്വം ഏറ്റെടുക്കണമെന്ന ആവശ്യം നേതാജി പൂര്‍ത്തിയാക്കുന്നതിന് മുമ്പുതന്നെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തനിക്ക് പൂര്‍ണ സമ്മതമാണെന്ന് അമ്മ പറഞ്ഞു. സഹപ്രവര്‍ത്തകരോട് എന്നും സമഭാവത്തോടെയാണ് അവര്‍ ഇടപഴകിയിരുന്നത്. 1945ല്‍ അറസ്റ്റിലായശേഷം റങ്കൂണില്‍ വീട്ടുതടങ്കലിലായിരുന്നു അമ്മ. തിരിച്ച് ആനക്കരയിലെ തറവാട്ടിലേക്കുള്ള അമ്മയുടെ വരവിന് ഘോഷയാത്രയുടെ പ്രതീതിയായിരുന്നു. പുഴക്കരയിലൂടെ തറവാട്ടിലേക്ക് വന്ന അമ്മയുടെ പിന്നാലെ സ്ത്രീകളും കുട്ടികളും പുരുഷന്മാരുമുള്‍പ്പെടെ ഒരു ജാഥയ്ക്കുള്ള ആള്‍ക്കാരുമുണ്ടായിരുന്നെന്ന് ചില ബന്ധുക്കള്‍ പറഞ്ഞിരുന്നു. 1947 ആഗസ്റ്റ് 15ന് സ്വാതന്ത്ര്യം കിട്ടിയെങ്കിലും അമ്മയും അച്ഛന്‍ പ്രേം സേഗാളും പഴയ ഐഎന്‍എ സുഹൃത്തുക്കളും ഈ വിജയത്തില്‍ സന്തോഷിച്ചിരുന്നില്ല. രാഷ്ട്രീയത്തെ സംശയദൃഷ്ടിയോടെ നോക്കിക്കാണുന്നതിനും സ്വന്തം തൊഴിലുകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിനും ഇത് കാരണമായി. എന്നാല്‍, അഗതികള്‍ക്കും ആലംബഹീനര്‍ക്കുമുള്ള സഹായസഹകരണങ്ങള്‍ അവര്‍ തുടര്‍ന്നു. വിജയസാധ്യത കുറവായിരുന്നെങ്കിലും 2002ല്‍ രാഷ്ട്രപതിപദവിയിലേക്ക് ഇടത് സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോള്‍ അമ്മ അതിനെ താരതമ്യപ്പെടുത്തിയത് ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ പ്രവര്‍ത്തനങ്ങളോടാണ്. ""ഞങ്ങള്‍ യുദ്ധം തോറ്റിട്ടുണ്ടാകും. പക്ഷേ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ ഞങ്ങള്‍ വിജയിക്കുക തന്നെയാണ് ചെയ്തത്. അതുപോലെ എന്തെങ്കിലും ഇത്തവണയുമുണ്ടാകും""- അവര്‍ അന്ന് പറഞ്ഞു.
(സുഭാഷിണി അലി)

*
കടപ്പാട്: ദേശാഭിമാനി 24 ജൂലൈ 2012

Tuesday, July 10, 2012

സമരമുഖത്തെ ദീപാങ്കര്‍ദാ

ദീപാങ്കര്‍ദാ എന്നും ഒരു അധ്യാപകന്റെ സാമീപ്യമാണ് മനസ്സിലുണര്‍ത്തുക. ഉരുവിട്ട് പഠിപ്പിക്കുന്ന അധ്യാപകന്‍ അതായിരുന്നു ദീപാങ്കര്‍ മുഖര്‍ജിയെന്ന ട്രേഡ്യൂണിയന്‍ നേതാവ്. 2003 മുതല്‍ സിഐടിയുവിന്റെ ജനറല്‍ സെക്രട്ടറി. ഒരു ട്രേഡ്യൂണിയന്‍ നേതാവ് എന്നും ആദ്യം അധ്യാപകനായിരിക്കണമെന്ന് സിഐടിയുവിന്റെ മുന്‍ ജനറല്‍ സെക്രട്ടറി ചിത്തബ്രത മജൂംദാര്‍ ആവര്‍ത്തിച്ച് പറയുമായിരുന്നു. പ്രമുഖ കമ്യൂണിസ്റ്റ് പാര്‍ടി നേതാവും എഐടിയുസിയുടെ ജനറല്‍ സെക്രട്ടറിയുമായിരുന്ന എ ബി ബര്‍ദനും ഇക്കാര്യം പല യോഗങ്ങളിലും ആവര്‍ത്തിക്കാറുണ്ട്. തൊഴിലാളികളെ അവര്‍ പണിയെടുക്കുന്ന വ്യവസായത്തെക്കുറിച്ചും അവരുടെ അവകാശങ്ങളെക്കുറിച്ചും ആദ്യം ബോധവാന്മാരാക്കിയാല്‍ മാത്രമേ പ്രക്ഷോഭകാരികളാക്കാന്‍ കഴിയൂ എന്നാണ് ഇവരുടെ അഭിപ്രായം. ഇത് അക്ഷരാര്‍ഥത്തില്‍ പ്രാവര്‍ത്തികമാക്കിയ ട്രേഡ് യൂണിയന്‍ നേതാവായിരുന്നു ദീപാങ്കര്‍ മുഖര്‍ജി. അതുകൊണ്ടു തന്നെയാണ് ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ദീപാങ്കറുമായി അടുത്തബന്ധം സ്ഥാപിച്ചതും. ഞങ്ങളെപ്പോലുള്ളവര്‍ക്ക് പല സംശയങ്ങള്‍ക്കുമുള്ള ഉത്തരം ദീപാങ്കര്‍ദായില്‍നിന്ന് ലഭിക്കുമായിരുന്നു. അഴിമതി കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ക്കും അദ്ദേഹം "സോഴ്സാ"യിരുന്നു.

1994ല്‍ പശ്ചിമബംഗാളില്‍ നിന്നും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ദീപാങ്കര്‍ മുഖര്‍ജി എന്ന നേതാവിനെക്കുറിച്ച് അറിയുന്നത് തന്നെ. ഇ ബാലാനന്ദന്‍ രണ്ടാമതും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വേളയിലാണ് ദീപാങ്കറും രാജ്യസഭയിലെത്തുന്നത്. നേതാവെന്ന നിലയില്‍ ബാലാനന്ദനാണ് കൂടുതല്‍ വിഷയങ്ങളില്‍ സംസാരിക്കാറെങ്കിലും പിന്‍ബഞ്ചിലിരുന്നിരുന്ന നിലോത്പല്‍ ബസുവും ദീപാങ്കറുമായിരുന്നു സിപിഐ എമ്മിന്റെ പ്രധാന പ്രാസംഗികര്‍. ബാലാനന്ദനും നിലോത്പലും ഇംഗ്ലീഷിലാണെങ്കില്‍ ദീപാങ്കര്‍ ഇംഗ്ലീഷിലെന്ന പോലെ തന്നെ ഹിന്ദിയും അനായാസം കൈകാര്യം ചെയ്യുമായിരുന്നു. പശ്ചിമബംഗാളില്‍ നിന്നുള്ള മറ്റ് എംപിമാരില്‍ നിന്ന് വ്യത്യസ്തമായി ദീപാങ്കറിന്റെ ഹിന്ദിയിലുള്ള പ്രാവീണ്യം എന്നെ അത്ഭുതപ്പെടുത്തി. പിന്നീടാണ് അതിനുപിന്നിലുള്ള കാരണം മനസ്സിലായത്. കൊല്‍ക്കത്തയിലാണ് ജനിച്ചതെങ്കിലും ദീപാങ്കര്‍ വളര്‍ന്നത് ഉത്തര്‍പ്രദേശിലായിരുന്നു. നരേന്ദ്രനാഥ് മുഖര്‍ജിയെന്ന റെയില്‍വേ ജീവനക്കാരന്റെ മകനായി

1943ല്‍ ജനിച്ച ദീപാങ്കര്‍ പശ്ചിമ യുപിയിലെ മഥുരയിലാണ് സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഉത്തര്‍പ്രദേശിലെ ഏറ്റവും നല്ല ഹിന്ദിഭാഷ സംസാരിക്കുന്ന മേഖലയാണിതെന്ന് പ്രസിദ്ധം. തുടര്‍ന്ന് ബനാറസിലെ ഹിന്ദു സര്‍വകലാശാലയില്‍നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം നേടിയ ദീപാങ്കര്‍ ആദ്യം ജോലിചെയ്തത് ഭോപാലിലെ ഭാരത് ഹെവി ഇലക്ട്രിക്കല്‍സിലായിരുന്നു. തുടര്‍ന്ന് അദ്ദേഹം രാസവള മേഖലയിലേക്ക് മാറി. ദീപാങ്കറിന് ഏറ്റവും ഇഷ്ടപ്പെട്ട മേഖലയും ഇതുതന്നെയായിരുന്നു. ആദ്യം ആന്ധ്രപ്രദേശിലെ രാമഗുണ്ടം ഹിന്ദുസ്ഥാന്‍ ഫെര്‍ടിലൈസറിലും പിന്നീട് ഹാല്‍ദിയ പെട്രോ കെമിക്കല്‍സിലും ജോലി നോക്കി. ഹാല്‍ദിയയില്‍ അഡീഷനല്‍ ചീഫ് എന്‍ജിനിയറായിരിക്കേയാണ് 1991 രാജിവച്ച് സിഐടിയുവിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനാകുന്നത്. ഹിന്ദി മേഖലയിലെ പഠനവും ജോലിയുമാണ് രാഷ്ട്രഭാഷയില്‍ അതുല്യമായ കഴിവ് അദ്ദേഹത്തിന് നല്‍കിയത്. പാര്‍ലമെന്റില്‍ മാത്രമല്ല ഇംഗ്ലീഷ്-ഹിന്ദി ടെലിവിഷന്‍ ചാനലുകളിലെ പ്രധാന "ഡിബേറ്ററായും" അദ്ദേഹം മാറി. വിവിധ വ്യവസായങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും തൊഴിലാളിവര്‍ഗ ബോധവും ഈ സംവാദങ്ങളെ ശ്രദ്ധേയമാക്കുകയും ചെയ്തു. വസ്തുതകള്‍ വളച്ചുകെട്ടില്ലാതെ പറയാന്‍ ഇത് അദ്ദേഹത്തിന് കരുത്ത് നല്‍കി. സ്വതഃസിദ്ധമായ നര്‍മവും കൂടിയാകുമ്പോള്‍ അതിന് മൂര്‍ച്ച വര്‍ധിക്കുകയും ചെയ്തു.

പെട്രോളിയം, രാസവളം, സ്പെക്ട്രം തുടങ്ങിയ മേഖലകളെക്കുറിച്ചുള്ള അവഗാഹമായ അറിവ് തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ വകുപ്പ് മന്ത്രിമാര്‍ ചോദ്യോത്തരവേളയില്‍ ഏറ്റവും ഭയപ്പെട്ടിരുന്നതും ദീപാങ്കറിന്റെ ചോദ്യങ്ങളെയായിരുന്നു. "യേസ്" ഓര്‍ "നോ" എന്ന് ഉത്തരം പറയാന്‍ പലപ്പോഴും മന്ത്രിമാരോട് ദീപാങ്കര്‍ ആവശ്യപ്പെടുമായിരുന്നു. എന്നാല്‍ ഒരിക്കലും നേരിട്ട് ഉത്തരം പറയാന്‍ പ്രണബ് മുഖര്‍ജി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍പോലും തയ്യാറായിരുന്നില്ല. പലരും അദ്ദേഹത്തെ പാര്‍ലമെന്ററി പ്രവര്‍ത്തനത്തിലെ അതികായനായി വിശേഷിപ്പിക്കുന്നതും ഇതുകൊണ്ടാണ്.

മാറി മാറിവന്ന കേന്ദ്ര സര്‍ക്കാരുകളുടെ സ്വകാര്യവത്ക്കരണ നയത്തിനെതിരായ ജനവികാരത്തെ വര്‍ഗസമരവുമായി കൂട്ടിയിണക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ട്രേഡ് യൂണിയന്‍ നേതാവ് കൂടിയായിരുന്നു ദീപാങ്കര്‍ മുഖര്‍ജി. സാമ്പത്തിക സ്വാശ്രയത്വവും പൊതുമേഖലയുടെ സംരക്ഷണവും അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട വിഷയങ്ങളായിരുന്നു. സ്വകാര്യവത്ക്കരണം എന്നത് പൊതുധനം കൊള്ളയടിക്കാനുള്ള കോര്‍പറേറ്റ് തന്ത്രമാണെന്നും അതിന് സര്‍ക്കാര്‍ കൂട്ടു നില്‍ക്കുകയാണെന്നും വിളിച്ച് പറയാനും അത് തെളിയിക്കാനും ദീപാങ്കര്‍ തയ്യാറായി. ബാല്‍ക്കോ, ഇസ്പാത്ത്, നാല്‍കോ, വിമാനത്താവളങ്ങള്‍ എന്നിവയുടെ സ്വകാര്യവത്ക്കരണത്തിനെതിരെ രാജ്യസഭയില്‍ ദീപാങ്കര്‍ നടത്തിയ പോരാട്ടം എന്നെന്നും ഓര്‍മിക്കപ്പെടും. അതുപോലെ തന്നെ മഹാരാഷ്ട്രയിലെ എന്‍റോണ്‍ പദ്ധതിയുടെ ഉള്ളുകള്ളികള്‍ പുറത്തുകൊണ്ടുവരുന്നതിലും അദ്ദേഹം നല്ല പങ്കുതന്നെ വഹിച്ചു. ഉയര്‍ന്ന നിരക്കിലുള്ള വൈദ്യുതി സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡിനെക്കൊണ്ട് വാങ്ങിപ്പിച്ച് കോടികളുടെ പൊതു ധനമാണ് അമേരിക്കന്‍ ഊര്‍ജ രാക്ഷസന്‍ കൊള്ളയടിക്കുന്നതെന്ന് വസ്തുതകള്‍ നിരത്തി ദീപാങ്കര്‍ വാദിക്കുകയുണ്ടായി. രാസവള മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചിട്ട് അധിക വില നല്‍കി അത് ഇറക്കുമതിചെയ്യുന്നതിലെ പൊള്ളത്തരവും ഒന്നിലധികം തവണ പാര്‍ലമെന്റില്‍ ഉയര്‍ത്താന്‍ അദ്ദേഹം തയ്യാറായി.

സെന്റോര്‍ ഹോട്ടല്‍ സ്വകാര്യവത്ക്കരണത്തിനെതിരെയും അദ്ദേഹമാണ് പാര്‍ലമെന്റില്‍ ആദ്യമായി ശബ്ദമുയര്‍ത്തിയത്. ട്രാന്‍സ്പോര്‍ട്-ടൂറിസം മന്ത്രാലയത്തിന്റെ ചെയര്‍മാനായിരുന്ന വേളയിലാണ് ഈ ഹോട്ടല്‍ വില്‍പ്പനയില്‍ കൃത്രിമം നടന്നതായി കണ്ടെത്തിയത്. ചുളുവിലയ്ക്കാണ് മുംബൈയിലെ ഹോട്ടല്‍ വില്‍പ്പന നടന്നതെന്നാണ് പാര്‍ലമെന്ററി സമിതി കണ്ടെത്തിയത്.

എന്നാല്‍ ദീപാങ്കര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് പെട്രോളിയത്തിന്റെയും പ്രകൃതി വാതകത്തിന്റെയും വിലനിര്‍ണയത്തിലെ ചതിക്കുഴികള്‍ പുറത്തുകൊണ്ടു വരുന്നതിലായിരുന്നു. പെട്രോളിന് ഈടാക്കുന്ന വിലയുടെ പകുതിയിലധികവും സര്‍ക്കാര്‍ ഈടാക്കുന്ന നികുതികളാണെന്ന് 2005 ലെ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ ദീപാങ്കര്‍ സ്ഥാപിച്ചു. "അണ്ടര്‍ റിക്കവറിയുടെ" പൊള്ളത്തരവും അദ്ദേഹം ഈ റിപ്പോര്‍ട്ടില്‍ വെളിച്ചത്ത് കൊണ്ടു വന്നു. ഇതുസംബന്ധിച്ച് അദ്ദേഹം എഴുതി തയ്യാറാക്കിയ ലഘുലേഖ വന്‍ പ്രചാരം നേടിയതും ഇതുകൊണ്ടു തന്നെ. കൃഷ്ണ ഗോദാവരീ തീരത്തുനിന്നും ഉല്‍പ്പാദിപ്പിക്കുന്ന വാതകത്തിന്റെ വിലനിര്‍ണയത്തില്‍ റിലയന്‍സ് കമ്പനി നടത്തിയ കള്ളക്കളികളും അതിന് പിന്തുണ നല്‍കിയ കേന്ദ്ര സര്‍ക്കാരിനെയും ദീപാങ്കര്‍ തുറന്നുകാട്ടി. പിന്നീട് ഈ വിഷയം സംബന്ധിച്ച് വന്ന സിഎജി റിപ്പോര്‍ട്ടില്‍ ദീപാങ്കര്‍ നേരത്തേ തന്നെ മുന്നോട്ടു വച്ച പല കാര്യങ്ങളും ഉള്‍പ്പെട്ടിരുന്നുവെന്നതില്‍ നിന്നു തന്നെ അദ്ദേഹത്തിന്റെ നിരീക്ഷണം ഏത്രമാത്രം പ്രസക്തമായിരുന്നുവെന്ന് തെളിയുന്നു.

ഗുഡ്ഗാവില മാരുതി കാര്‍ യൂണിറ്റിലെ സമരം നയിക്കുന്നതിലും അദ്ദേഹം മുന്‍നിന്ന് പ്രവര്‍ത്തിച്ചു. ഒന്നുരണ്ടു തവണ അദ്ദേഹത്തോടൊപ്പം ഈ സമരകേന്ദ്രം ഞാനും സന്ദര്‍ശിച്ചിരുന്നു. സാധാരണ തൊഴിലാളികളുമായി നേരിട്ട് സംവദിച്ച ദീപാങ്കര്‍ പെട്ടെന്ന് തന്നെ അവരിലൊരാളായി മാറുന്ന കാഴ്ചയാണ് നേരില്‍ കണ്ടത്. ചോദ്യം-ഉത്തരം എന്ന ശൈലിയിലുള്ള പ്രസംഗമായിരുന്നു അദ്ദേഹത്തിന്റേത്. ആവേശത്തിരയുണര്‍ത്തി കൈയടി വാങ്ങാനുള്ളതല്ല മറിച്ച് തൊഴിലാളികളെ കാര്യങ്ങള്‍ പഠിപ്പിക്കുന്നതിനാണ് അദ്ദേഹം തന്റെ പ്രസംഗത്തിലും ഊന്നിയത്. വ്യവസായത്തിന്റെ സാങ്കേതിക വിദ്യയെക്കുറിച്ചുള്ള അറിവ് ഈ തൊഴിലാളികളുമായി അടുത്ത സൗഹാര്‍ദം ഊട്ടിയുറപ്പിക്കാന്‍ അദ്ദേഹത്തെ സഹായിച്ചു.

സംഘടിത തൊഴിലാളികളെയെന്ന പോലെ തന്നെ അസംഘടിത മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എല്ലാ മാസവും രണ്ടും മൂന്നും ഉത്തരേന്ത്യന്‍ യാത്രകള്‍ ഇതിനായി മാത്രം അദ്ദേഹം നടത്തുമായിരുന്നു. പ്രത്യേകിച്ചും മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും. ആഗ്രക്കടുത്ത ഫിറോസാബാദില്‍ വളനിര്‍മാണത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ ദീപാങ്കര്‍ വഹിച്ച പങ്ക് എന്നും ഓര്‍മിക്കപ്പെടും. രാജ്യത്തെ ഏറ്റവും വലിയ വളനിര്‍മാണ കേന്ദ്രമായ ഇവിടം സിഐടിയു പ്രധാന ട്രേഡ്യൂണിയനായി ഇന്ന് വളര്‍ന്നതിന് പിന്നില്‍ ദീപാങ്കറുടെ അത്യധ്വാനം ഉണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐ എം സ്ഥാനാര്‍ഥിക്ക് ഇവിടെ ആയിരക്കണക്കിന് വോട്ടുകളാണ് ലഭിച്ചത്.

ന്യൂഡല്‍ഹിയിലെ റാഫിമാര്‍ഗിലുള്ള വിഠല്‍ഭായ് പട്ടേല്‍ ഹൗസിലെ 323-ാം നമ്പര്‍ വസതിയിലായിരുന്നു അദ്ദേഹം താമസിച്ചത്. താമസിക്കുന്നതിനായി അതില്‍ ഒരു മാറ്റവും വരുത്താന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. അവിവാഹിതനായതിനാല്‍ തനിച്ചായിരുന്നു താമസം. ഫയലുകളുടെയും പുസ്തകങ്ങളുടെയും കൂമ്പാരത്തിനിടയില്‍ വൃത്തിയും വെടിപ്പുമൊന്നുമില്ലാത്ത ആ മുറിയില്‍ അദ്ദേഹം വര്‍ഷങ്ങളോളം താമസിച്ചു. ഉത്തരേന്ത്യയില്‍നിന്നും ബംഗാളില്‍ നിന്നുമുള്ള സഖാക്കളായിരുന്നു എപ്പോഴും കൂട്ട്. കൂടെയുള്ള സഖാക്കളുടെ സുഖവും സൗകര്യങ്ങളും എന്നും അദ്ദേഹത്തെ അലട്ടിയിരുന്നു. ട്രേഡ്യൂണിയന്‍ പ്രസ്ഥാനത്തിന് മാത്രമല്ല ഇന്ത്യയിലെ ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിന് തന്നെ കനത്ത നഷ്ടമാണ് ദീപാങ്കറുടെ മരണം. ഒപ്പം നവ ഉദാരവത്ക്കരണ നയത്തിനെതിരെ പോരാടുന്നവര്‍ക്ക് ഒരു പോരാളിയെയും നഷ്ടമായി.

*
വി ബി പരമേശ്വരന്‍

Monday, July 9, 2012

വിത്തും പൂവും: കവിതയുടെ ആധാരശിലകള്‍


കവി, വിവര്‍ത്തകന്‍, ബഹുഭാഷാവിദഗ്ധന്‍, ഗാനകൃത്ത്, ഉപന്യാസകാരന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍, അധ്യാപകന്‍: ഇങ്ങനെ ഭിന്നമാനങ്ങളുള്ള ഒരു വ്യക്തിത്വത്തെ വിലയിരുത്തുകയെന്ന ആയാസകരമായ നിയോഗം സമാദരണീയനായിത്തുടരുന്ന വി ടി കുമാരന്റെ ഉറ്റമിത്രങ്ങള്‍ക്കും ജ്ഞാനികളായ ജീവിതപഠിതാക്കള്‍ക്കും വിട്ടുകൊടുത്തുകൊണ്ട്, അദ്ദേഹത്തിന്റെ കാവ്യഭാവുകത്വത്തിന്റെ ചില അംശങ്ങള്‍ സമകാലീനമല്ലാതായിക്കഴിഞ്ഞിട്ടും എന്തുകൊണ്ട് ആ കാവ്യാദര്‍ശവും കവിസങ്കല്‍പ്പവും ജീവിതമൂല്യസങ്കല്‍പ്പവും വിശാലരാഷ്ട്രീയവും പ്രസക്തമായിരിക്കുക മാത്രമല്ല അവയ്ക്ക് പ്രസക്തി വര്‍ധിച്ചുവരിക കൂടിചെയ്യുന്നു എന്ന ഒരു ഹ്രസ്വപരിശോധനയ്ക്ക് മാത്രമാണ് ഞാനിവിടെ മുതിരുന്നത്.

വിഭാഗീയത തീണ്ടാത്ത സാമൂഹ്യ വിപ്ലവസങ്കല്‍പ്പം, ആത്മീയമാനം ഉപേക്ഷിക്കാത്ത മതേതരത്വം, പ്രാദേശികതയിലടിയുറച്ച സാര്‍വജനീനത, പാരമ്പര്യത്തെ നിരാകരിക്കാത്ത പുരോഗാമിത്വം, ക്ലാസ്സിസിസത്തെ തിരസ്കരിക്കാത്ത കാല്‍പ്പനികതയും നാടോടിത്തവും: ഇങ്ങനെ വി ടിയുടെ കവിത പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ-സാംസ്കാരിക- സൗന്ദര്യാത്മക-നൈതിക മൂല്യങ്ങളെല്ലാം തന്നെ സമകാലീന സന്ദര്‍ഭത്തില്‍ നവസാംഗത്യം കൈവരിച്ചിരിക്കുന്നു. "സമകാലീനസന്ദര്‍ഭം" എന്ന സംജ്ഞയെ ആദ്യമേ അല്‍പ്പമൊന്നു വിശദമാക്കട്ടെ: ഒരു ഭാഗത്ത് "ആഗോളീകരണ"ത്തിന്റെ പൊയ്മുഖമണിഞ്ഞ സാമ്രാജ്യത്വവും അന്തര്‍ദേശീയ മൂലധനവും ലോകരാഷ്ട്രങ്ങള്‍ക്ക് മുകളില്‍, വിശേഷിച്ചും യൂറോപ്പൊഴികെയുള്ള രാജ്യങ്ങളില്‍ സാമ്പത്തികവും സാംസ്കാരികവുമായ അധീശത്വത്തിനുള്ള ശ്രമം ശക്തമാക്കുന്നു. വ്യവസായങ്ങള്‍ക്കാവശ്യമായ അസംസ്കൃത വിഭവങ്ങള്‍ വികുറച്ച് വാങ്ങിയും ഖനിജങ്ങള്‍ക്കായി ദീര്‍ഘകാല കരാറുകളിലേര്‍പ്പെട്ടും ദൂഷണം സൃഷ്ടിക്കുന്ന വ്യവസായങ്ങള്‍ തന്നെ മൂന്നാംലോകത്തേക്കു പറിച്ചുനട്ടും യുദ്ധകാലാവസ്ഥകള്‍ സൃഷ്ടിച്ച് ഇരുവശത്തും ആയോധന സാമഗ്രികള്‍ വിറ്റും സ്വന്തം ഉല്‍പ്പന്നങ്ങള്‍ക്ക് വിപണികളായി വികസ്വര രാജ്യങ്ങളെ മാറ്റിയെടുത്തും സ്വന്തം സാമ്പത്തിക പരിപാടി നടപ്പിലാക്കുന്നതോടൊപ്പം, ജീവിതശൈലികള്‍ ഇറക്കുമതി ചെയ്തും മാധ്യമങ്ങളില്‍ വിഷം കലര്‍ത്തിയും പ്രാദേശിക സംസ്കാരങ്ങള്‍ അമര്‍ച്ച ചെയ്തും ദേശഭാഷകളെ പാര്‍ശ്വവല്‍ക്കരിച്ചും സ്വന്തം സാംസ്കാരിക പൈതൃകങ്ങളും ലോകവീക്ഷണങ്ങളും മറന്നുപോകുന്ന സാംസ്കാരിക വിസ്മൃതി അധിനിവേശത്തിന്റെ ഇരകള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചും ഈ നൂതനസാമ്രാജ്യത്വം അതിന്റെ ഹിംസാത്മകമായ നിയോഗം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നു.

ഇന്ത്യയെപ്പോലുള്ള ജനാധിപത്യ രാഷ്ട്രങ്ങളെ മാത്രമല്ല, ചൈനയെപ്പോലുള്ള വിപ്ലവാനന്തര സമൂഹങ്ങളെയും പാളംതെറ്റിച്ച് അസമത്വങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ അത് വിജയിച്ചിരിക്കുന്നു. സ്വന്തമായൊരു ദല്ലാള്‍ വര്‍ഗത്തെ അത് പല നാടുകളിലും പ്രലോഭനങ്ങളിലൂടെ രൂപപ്പെടുത്തിക്കഴിഞ്ഞു. ഇന്ത്യയുടേതുപോലുള്ള ഭരണകൂടങ്ങള്‍ ജനതയുടെ അഭിലാഷങ്ങളെ തീരെ പ്രതിഫലിപ്പിക്കാത്ത, സ്വേഛാശക്തി തീര്‍ത്തും നഷ്ടമായ, ക്ഷേമരാഷ്ട്ര സങ്കല്‍പ്പം പോലുമുപേക്ഷിച്ച, വിദേശ മൂലധനത്തിന്റെ പിണിയാളുകളും നടത്തിപ്പുകാരുമായി മാറിയതോടെ ചൂഷിതജനതയ്ക്ക് ഒന്നും ആഗ്രഹിക്കാന്‍ വകയില്ലെന്നായിരിക്കുന്നു. ഈ മൂലധനാധിപത്യത്തോടൊപ്പം അവര്‍ണരെ മുഴുവന്‍, ദളിതരെയും ആദിവാസികളെയും വിശേഷിച്ചും-നിസ്വരാക്കുകയും പീഡനവിധേയരാക്കുകയും ചെയ്യുന്ന സവര്‍ണാധിപത്യം അവര്‍ണര്‍ക്കു ലഭിക്കുന്ന ഭരണഘടനാപരമായ അവകാശങ്ങളേപ്പോലും അട്ടിമറിക്കാന്‍ വഴികള്‍ തേടുന്നു. ആദിവാസികള്‍ നിരന്തരം നിസ്സഹായരും ആവാസരഹിതരുമാകുന്നു. ഖനത്തിന്റെയും വന്‍ വികസനത്തിന്റെയുമെല്ലാം ഇരകളായ അവര്‍ ചെറുത്തുനില്‍പ്പിനു നടത്തുന്ന ശ്രമങ്ങള്‍ തീവ്രവാദ മുദ്രകുത്തി അടിച്ചമര്‍ത്തപ്പെടുകയും മൃഗങ്ങളെപ്പോലെ വേട്ടയാടപ്പെടുകയും ചെയ്യുന്നു. സംഘടിക്കുവാന്‍ ശ്രമിക്കുന്ന ദളിതരുടെ സ്ഥിതിയും ഒട്ടും മെച്ചമല്ല.

ഇന്ത്യന്‍ സംസ്കാരമെന്ന ബഹുലവും സങ്കീര്‍ണവുമായ സങ്കല്‍പ്പത്തെ സ്വയം നിര്‍വചിച്ച ഏതോ "ഹൈന്ദവസംസ്കാര"ത്തിലേക്ക് വെട്ടിച്ചുരുക്കി, ഫാസിസത്തിന്റെ ലക്ഷണങ്ങളായ അന്ധമായ ഭൂതകാലരതി, സമത്വാദര്‍ശത്തോടു പുച്ഛം, മൂലധനവുമായുള്ള രഹസ്യസംസര്‍ഗം, പുരോഹിതാധിപത്യം, ഇതിഹാസങ്ങളുടെ ദുര്‍വ്യാഖ്യാനം, പ്രതീകങ്ങളുടെയും ആദിരൂപങ്ങളുടെയും അര്‍ഥം മാറ്റിയുള്ള ദുരുപയോഗം, ഒരു അപരനെ സൃഷ്ടിച്ച് നാടിന്റെ ദുര്‍വിധിക്കു മുഴുവന്‍ അതില്‍ കുറ്റം ചാര്‍ത്തല്‍, ആവിഷ്കാര സ്വാതന്ത്ര്യനിരോധം, ബുദ്ധിജീവി വിരോധം, ചരിത്രത്തിന്റെ വക്രീകരണം, പല പേരുകളിലുള്ള സേനകളുടെ രൂപീകരണം, ദേശീയതാ സങ്കല്‍പ്പത്തിന്റെ സങ്കുചിത വ്യാഖ്യാനം, വിവേകാനന്ദനും ശ്രീനാരായണഗുരുവും ഉണര്‍ത്തിവിട്ടതരം സമത്വോന്മുഖമായ ആത്മീയതയുടെ നിരാകരണവും അധികാരോന്മുഖമായ ഭൗതികവാദവും, ഇന്ത്യന്‍ തത്വചിന്തയുടെ ജനാധിപത്യപരമായ ബഹുസ്വര പാരമ്പര്യത്തിന്റെ (ചാര്‍വാക-സാംഖ്യ-ബുദ്ധ-ജൈന ദര്‍ശനങ്ങളുള്‍പ്പെടെ) തിരസ്കാരം തുടങ്ങിയവ പ്രകടിപ്പിച്ചു വളരുന്ന ഹെന്ദവസംസ്കാര ദേശീയത, ഇതിനോടുള്ള പ്രതികരണമെന്ന രീതിയില്‍കൂടി വളരുന്ന ന്യൂനപക്ഷ വര്‍ഗീയത, ഇരുഭാഗത്തുനിന്നുമുണ്ടാകുന്ന ഹിംസാത്മക പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുന്ന അന്യോന്യ സംശയവും സമുദായ ശിഥിലീകരണവും, ചിന്താശൂന്യവും കേവലം ലാഭോന്മുഖവുമായ വന്‍വികസന നീക്കങ്ങള്‍ സൃഷ്ടിക്കുന്ന പരിസ്ഥിതി വിനാശം, കുടുംബത്തിനകത്തും പുറത്തും സ്ത്രീജീവിതം കൂടുതല്‍ കൂടുതല്‍ അസഹനീയമാക്കുന്ന പുരുഷാധിപത്യവും യാഥാസ്ഥിതിക സദാചാരസങ്കല്‍പ്പങ്ങളും, തിരിച്ചുവരുന്ന അനാചാരങ്ങളും അന്ധവിശ്വാസങ്ങളും, അഴിമതിയുടെ രാക്ഷസീയമായ വളര്‍ച്ചയും പൊതുജീവിതത്തിലെ മൂല്യനഷ്ടവും, പല കാരണങ്ങളാല്‍ കേരളം പോലെ ജനവോത്ഥാനം സംഭവിച്ചയിടങ്ങളില്‍പോലും വളരുന്ന ഹൃദയസങ്കോചവും അയല്‍പക്ക സങ്കല്‍പ്പത്തിന്റെ തിരോധാനവും, അസത്യങ്ങളെ സത്യമാക്കാന്‍ പോന്ന വാര്‍ത്താമാധ്യമങ്ങളും ഒഴിവുസമയത്തെ സര്‍ഗാത്മക പ്രവര്‍ത്തനത്തിനും വിമോചന വിചാരത്തിനും പകരം ധനമോഹവും ഹിംസാചിന്തയും ഉപരിപ്ലവ വിനോദങ്ങളും കൊണ്ടു നിറയ്ക്കുന്ന ദൃശ്യമാധ്യമങ്ങളും. സംസ്കാരത്തെയും ലാഭോപാധി മാത്രമാക്കുന്ന സംസ്കാരവ്യവസായം, വിപണിയെ മാത്രം സേവിക്കുന്ന വിദ്യാഭ്യാസവും വിജ്ഞാനവും: ഇങ്ങനെ സമസ്യാസങ്കുലമാണ് നമ്മുടെ പ്രാദേശിക-ദേശീയ ജീവിതം.

ഏതു ശുഭവിശ്വാസിയെയും ദോഷൈക ദൃഷ്ടിയാക്കാന്‍ പോന്നതാണ് ഈ സാഹചര്യമെന്നു തോന്നാമെങ്കിലും ഇതിനൊരു മറുവശവുമുണ്ട്. മൂലധനം ഒരാഗോള പ്രതിസന്ധി നേരിടുന്നു. ഇത് മുതലാളിത്ത വികസനത്തിന്റെ അനന്തസാധ്യതയില്‍ വിശ്വസിക്കുന്ന നവയാഥാസ്ഥിതിക ലിബറലുകള്‍ക്കെന്നപോലെതന്നെ ആ വഴിയാണ് ഭാവിയെന്നുകരുതുന്ന വിപ്ലവാനന്തര ഭരണകൂടങ്ങള്‍ക്കുമുള്ള ഒരു താക്കീതാണ്. ജനാധിപത്യമില്ലാത്ത സോഷ്യലിസവും സോഷ്യലിസമില്ലാത്ത ജനാധിപത്യവും ഒരേപോലെ ജനവിരുദ്ധമാണെന്ന തിരിച്ചറിവും ഇതോടൊപ്പം വ്യാപകമായിട്ടുണ്ട്. വിവരസാങ്കേതിക വിദ്യയുടെയും വിദ്യാഭ്യാസത്തിന്റെയും മാധ്യമങ്ങളുടെയും മറ്റുമായ പുതിയ പ്രൊഫഷനുകളില്‍ വ്യാപരിക്കുന്നവര്‍ തങ്ങളും ആത്യന്തികമായി മൂലധനത്തിന്റെ അടിമപ്പണിക്കാര്‍ തന്നെ എന്ന് തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. ഇത് പഴയ വര്‍ഗസങ്കല്‍പ്പത്തെത്തന്നെ തിരുത്താന്‍ പോന്നതാണ്. മൈക്കേല്‍ ഹാര്‍ട്ട്, അന്റോണിയോ നെഗ്രി എന്നിവര്‍ സമീപകാലത്ത് പശ്ചിമാഫ്രിക്കയിലും മധ്യപൂര്‍വദേശങ്ങളിലും സംഭവിച്ചതും തുടര്‍ന്ന് വാള്‍സ്ട്രീറ്റ് ഉപരോധമുള്‍പ്പെടെ ഏറെ പ്രസ്ഥാനങ്ങള്‍ക്ക് വഴിതെളിച്ചതുമായ മുന്നേറ്റങ്ങളെ അപഗ്രഥിച്ചുകൊണ്ട് ഈ പുതിയ പരിവര്‍ത്തനശക്തിയുടെ സ്വഭാവം അപഗ്രഥിക്കുന്നുണ്ട്. സാമ്പ്രദായികാര്‍ഥത്തിലുള്ള തൊഴിലാളിവര്‍ഗ മുന്നേറ്റങ്ങളല്ലാം അവ, ഏകാധിപത്യത്തിനും ധനാധിപത്യത്തിനും ഇരയായ ഭിന്നവര്‍ഗങ്ങളില്‍പെട്ട ജനതതിയുടെ - "മള്‍ട്ടിറ്റ്യൂഡ്" മുന്നേറ്റങ്ങളാണ്. നവസംവേദന മാധ്യമങ്ങള്‍ സുലഭമായി ഉപയോഗിക്കുന്നതും വിദ്യാസമ്പന്നരായ പ്രൊഫഷനലുകള്‍ പ്രചാരജോലി ഏറ്റെടുക്കുന്നതും പുരോഹിതാധിപത്യം, അഴിമതി, ആഗോളീകരണം കൊണ്ടുവരുന്ന പുതിയ അടിമത്തം ഇവയെയൊക്കെ ചെറുക്കുന്നതും ജനാധിപത്യ വ്യവസ്ഥയ്ക്കും സ്ഥിതിസമത്വത്തിനുമായി വാദിക്കുന്നതും മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥകളെ നിരാകരിച്ച് വിവൃതമായിരിക്കുന്നതും ഭീകരവാദത്തെയും ഹിംസാത്മകമാര്‍ഗങ്ങളെയും ആശ്രയിക്കാത്തതും ജാതി, മതം, വംശം, ലിംഗം എന്നിവയ്ക്കതീതമായി ചൂഷണത്തിനും സാമൂഹ്യശ്രേണീകരണത്തിനുമെതിരെ ജനങ്ങളെ അണിനിരത്തുന്നതുമാണ് ഈ മുന്നേറ്റങ്ങള്‍.

1968ലെ ഫ്രഞ്ചു വിപ്ലവം, 1999-ല്‍ സിയാറ്റിലില്‍ ലോകവാണിജ്യസംഘടനയുടെ ഉച്ചകോടിക്കെതിരായി നടന്ന പ്രതിഷേധം, അമേരിക്കയുടെ ഇറാഖ് യുദ്ധത്തിനെതിരെ ലോകതലസ്ഥാനങ്ങളില്‍ നടന്ന കൂറ്റന്‍ പ്രകടനങ്ങള്‍, ഇവയിലെല്ലാം തുടക്കം കുറിച്ച് ഈജിപ്ത്, ടുണീഷ്യാ, യമന്‍, ലിബിയ, ബഹറൈന്‍, ഇംഗ്ലണ്ട്, അമേരിക്ക എന്നിവിടങ്ങളിലേക്കു വ്യാപിച്ച ഈ ജനമുന്നേറ്റങ്ങള്‍ ദേശീയാതിര്‍ത്തികളില്‍ ഒതുങ്ങിനില്‍ക്കാത്തവയും ആഗോളചൂഷണവ്യവസ്ഥയെ പ്രതിരോധിക്കുന്നവയും പുതിയൊരു പരിവര്‍ത്തന സമ്പ്രദായം മുന്നോട്ടുവയ്ക്കുന്നവയുമാണ്. ഇവയുടെ ആത്യന്തിക പരിണാമത്തെക്കുറിച്ച് പ്രവചനങ്ങള്‍ സാധ്യമല്ലെങ്കിലും ഒരു പുതിയ ജനകീയജാഗ്രത ഇവയില്‍ പ്രകടമാണെന്ന കാര്യത്തില്‍ സംശയമില്ല.
ഇവയ്ക്കു സമാന്തരമായ മുന്നേറ്റങ്ങള്‍ സാംസ്കാരിക രംഗത്തും സംഭവിക്കുന്നുണ്ട്. ഏഷ്യന്‍-ആഫ്രിക്കന്‍ - ലാറ്റിനമേരിക്കന്‍ നാടുകളില്‍ പുതിയൊരു പ്രതിരോധ സാഹിത്യവും ചിത്രകലയും നാടകവേദിയും ചലച്ചിത്രവും രൂപം കൊള്ളുന്നുണ്ട്. യൂറോ കേന്ദ്രിതമായ ചരിത്രവും തത്വചിന്തയും ലോകവീക്ഷണവും വെല്ലുവിളിക്കപ്പെടുന്നു. യൂറോപ്യന്‍ നവോത്ഥാനാശയങ്ങള്‍ മുഴുവന്‍ ഇന്ത്യ, ചൈന, അറേബ്യ തുടങ്ങിയ നാടുകളില്‍നിന്ന് യൂറോപ്പില്‍ എത്തിപ്പെട്ടതാണെന്ന് സമര്‍ഥിക്കപ്പെട്ടിട്ടുണ്ട്. യൂറോപ്പിലെ ആധുനിക കലാ-സാഹിത്യങ്ങള്‍ക്ക് പ്രചോദനമായതും പൗരസ്ത്യ കലാ-സാഹിത്യ ദര്‍ശനങ്ങളാണ്. എഡ്വേഡ് സയ്യിദിന്റെ "ഓറിയന്റലിസ"മെന്ന ഗ്രന്ഥവും തുടര്‍ന്നു നടന്ന ചര്‍ച്ചകളും അധിനിവേശോത്തര പഠനങ്ങളും പടിഞ്ഞാറന്‍ ലോകത്തിന്റെ സാംസ്കാരികമായ നെടുനായകത്വം തകര്‍ത്തിരിക്കുന്നു എന്ന് വിളംബരം ചെയ്യുന്നു. വാള്‍സ്ട്രീറ്റുപോലുള്ള പുതിയ പ്രതിരോധങ്ങളുടെ പ്രചോദനംപോലും "അറബ് വസന്ത"ത്തിന്റേതാണ്.

ഗബ്രിയേല്‍ ഗാര്‍സിയാ മാര്‍കേസിനു പിറകേ വന്ന സെസയര്‍ ഐറാ, ഫെര്‍ണാണ്ടോ വയേഹോ, വിക്കോര്‍ മൊണ്ടായാ, എഡ്വാര്‍ഡോ ഗലിയാനോ തുടങ്ങിയ എഴുത്തുകാരും "മൂന്നാംസിനിമ" "അപൂര്‍ണ സിനിമ" "വിശപ്പിന്റെ സൗന്ദര്യശാസ്ത്രം" തുടങ്ങിയ ചലച്ചിത്ര പ്രസ്ഥാനങ്ങളും ലാറ്റിനമേരിക്കയുടെ ജനാധിപത്യജാഗ്രത പ്രതിഫലിപ്പിക്കുമ്പോള്‍, നൂറുദ്ദീന്‍ ഫറാ, സെഫീ ആട്ടാ, ചിമമന്‍ഡാ അസിച്ചി, മോസെസ് ഇസഗായ തുടങ്ങിയ ആഫ്രിക്കനെഴുത്തുകാരും സഫി ഫായേ, ക്വോ അന്‍സാ, ബുര്‍വിനോ ഫാസോ തുടങ്ങിയ ചലച്ചിത്രകാരന്മാരും ആഫ്രിക്കന്‍ ജനതയുടെ സംഘര്‍ഷങ്ങളും സ്വപ്നങ്ങളുമാവിഷ്കരിക്കുന്നു. ഈജിപ്തിലും ടുണീഷ്യയിലും മറ്റും നടന്ന മുന്നേറ്റങ്ങള്‍ അവിടങ്ങളിലെ സാഹിത്യത്തെ- വിശേഷിച്ചും കവിതയെ അടിമുടി മാറ്റിയിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം സ്ത്രീകള്‍ സാംസ്കാരിക സംക്രമണത്തിന്റെ മുന്‍നിരയില്‍ തന്നെയുണ്ടെന്നത് ശ്രദ്ധേയമാണ്. ചൈനയിലെ പ്രമുഖ സാഹിത്യകാരന്മാരും ചിത്രകാരന്മാരും ചലച്ചിത്ര നിര്‍മാതാക്കളും അവിടെ നടക്കുന്ന മുതലാളിത്തവത്കരണത്തെ ചെറുക്കുന്നവരാണ്. ബെയ്ദാവോ, ഐ വൈ വൈ, ആങ്-ലീ തുടങ്ങിയവര്‍ ഉദാഹരണം. ഇറാനിയന്‍ പ്രതിരോധസിനിമ ലോകചലച്ചിത്ര രംഗത്തുതന്നെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ഇന്ത്യയിലെ ഇന്നത്തെ പ്രധാനപ്പെട്ട അവാങ് ഗാദ് സാഹിത്യപ്രസ്ഥാനങ്ങള്‍ സ്ത്രീകളുടെയും ദളിതരുടെയും ആദിവാസികളുടെയും പരിസ്ഥിതി പ്രണയികളുടെയും മുതലാളിത്ത വികസന വിരുദ്ധരുടെയുമാണ്. മഹാശ്വേതാദേവിയും ഇന്ദിരാ ഗോസ്വാമിയും മുതല്‍ സാറാ ജോസഫും പ്രതിഭാനന്ദകുമാറും വരെയുള്ള എഴുത്തുകാരികളും നാംദേവ് ഡസാലും ശരണ്‍കുമാര്‍ ലിംബാളേയും മുതല്‍ ഓംപ്രകാശ് വാല്മീകിയും ബാമയും സിദ്ദലിംഗയ്യയും വരെയുള്ള ദളിത് എഴുത്തുകാരും രാംദയാല്‍ മുണ്ടയും ഭുജംഗ്മേഴ്റാമും മുതല്‍ നിര്‍മലാപുതൂലും നാരായനും വരെയുള്ള ആദിവാസി എഴുത്തുകാരും സ്വത്വബോധത്തിന്റേതായ ഒരു നവസാഹിത്യത്തിനു രൂപം നല്‍കിയിരിക്കുന്നു.

പ്രതിസന്ധിയുടെയും പ്രതിരോധത്തിന്റേതുമായ ഈ വര്‍ത്തമാനത്തില്‍നിന്നുകൊണ്ടാണ് നാമിന്ന് വി ടിയെപ്പോലൊരു കവിയെ വീണ്ടും വായിക്കുന്നത്. ഇന്നത്തെ ഏറ്റവും വലിയ കവികള്‍ കവിതയുടെ ഐന്ദ്രജാലികവും വിപ്ലവകരവുമായ അംശങ്ങളെ സമന്വയിക്കുന്നവരാണ്; ചരിത്രബോധത്തിന്റെയും വെളിപാടിന്റെയുമായ ഘടകങ്ങള്‍, സംക്രമണ സ്വപ്നത്തിന്റെയും പ്രപഞ്ച നിഗൂഢതയുടെയുമായ ഭാവങ്ങള്‍, ഇതിഹാസപാരമ്പര്യത്തെ സമകാലീന ജീവിതവുമായി ഇഴപിരിക്കുന്ന രചനാരീതികള്‍, ചെസ്വാ മീവാഷ്, പാബ്ലോ നെരൂദ, സെസാര്‍ വയേഹോ, യാനിസ് റിറ്റ്സോസ്, വിസ്ലാവാസിംബോര്‍സ്കാ, മഹ്മൂദ് ദാര്‍വീഷ്, അഡോണിസ്, സെയ്ദാവോ, സെങ്കോര്‍, ഡെറെക്വാല്‍കോട് തുടങ്ങിയ പ്രമുഖ കവികളുടെ ചില പൊതു സവിശേഷതകളാണ്. ബെനെഡിക്റ്റ് ആന്‍ഡേഴ്സണ്‍ "വേരുറച്ച സാര്‍വജനീനത" (rooted cosmopolitanism) എന്നു വിശേഷിപ്പിക്കുന്ന, മാനവരാശിയെ മുഴുവനാശ്ലേഷിക്കുകയും ഒപ്പം പ്രദേശത്തിന്റേതായിരിക്കുകയും ചെയ്യുന്ന വീക്ഷണവിശേഷം ഈ കവികളില്‍ കാണാം.

വി ടിയുടെ കവിതകളുടെ പ്രധാന പ്രമേയങ്ങളിലൊന്ന് കവിയും കവിതയും തന്നെയായത് യാദൃച്ഛികമല്ല. പലയിടങ്ങളിലായി കവിതയെന്നാലെന്തെന്നും കവിയുടെ മാനുഷിക ദൗത്യമെന്തെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നുണ്ട്. "ഞാനല്ലാതാരുമില്ലാത്ത/ ലോകത്തില്‍ കവിയല്ല ഞാന്‍ / എല്ലാരുമുള്ള ലോകത്തില്‍/മനസ്സില്‍ സുമനസ്സു ഞാന്‍" എന്ന് തന്റെ കവിതയുടെ ജനകീയചോദന അദ്ദേഹം വെളിപ്പെടുത്തുന്നു. (മന്ദഃകവി യശഃ പ്രാര്‍ത്ഥി....") അതേ കവിതയില്‍തന്നെ വാക്കുകള്‍ക്കുള്ളിലെ സ്വപ്നഗോപുരത്തിലിരുന്നു പൊന്‍കിനാവുകള്‍ നൂല്‍ക്കുമ്പോഴും ദുര്‍നീതിയുടെ തല കൊയ്യാനെത്തുന്ന പതിതര്‍ക്കായി വാക്കു വാളാക്കി മാറ്റുമ്പോഴും ഒരേപോലെ താന്‍ കവിയല്ലെന്ന് ആക്ഷേപിക്കുന്നവരെ അദ്ദേഹം പരിഹസിക്കുന്നുണ്ട്. വാക്കു വാറ്റുന്ന ദിവ്യമധുവില്‍ കാലത്തിന്റെ കടക്കണ്ണു നിഴലിക്കുമെന്നും, "സത്യാവിഷ്കൃതികൗതുക"മാണ് തന്റെ പ്രേരണയെന്നും; പ്രപഞ്ചസത്യത്തിന്റെ വിസ്മയവും സമൂഹസത്യത്തിന്റെ ഔജ്ജ്വല്യവും താന്‍ കാണുന്നുവെന്നും പൂവിനെ പ്രണയിക്കാന്‍ ഭൂവിനെ കൈവിടേണ്ടതില്ലെന്നും കൊഞ്ചും പദങ്ങള്‍ക്ക് വാരിക്കുന്തമാവാന്‍ പറ്റില്ലെന്നും പുതിയ ബിംബങ്ങളും വൃത്തങ്ങളും ശൈലികളും കവിതയ്ക്ക് അനിവാര്യമാണെന്നും താനെതിര്‍ക്കുന്നത് "ഭംഗഭംഗി"കളെ മാത്രമാണെന്നും അദ്ദേഹം തുടര്‍ന്നു പറയുന്നു. പി കുഞ്ഞിരാമന്‍ നായരെ വി ടി വിശേഷിപ്പിക്കുന്നത് "പരാത്മശ്വാസമേല്‍ക്കുമ്പോള്‍/ഉറഞ്ഞുകൊണ്ടു പാടുവോന്‍" ആയിട്ടാണ്. "മുള്ളുകുത്തി മുറിഞ്ഞേറെ/ച്ചോരവാര്‍ന്നൊരു ജീവിതം/പരാതിയില്ല, പകയി/ല്ലഴകിന്‍ സമുപാസനം എന്ന് ആ ജീവിതത്തെ വിശേഷിപ്പിക്കുന്നു. ("മഹാകവി പി") ഭക്തകവിയായി കുഞ്ഞിരാമന്‍ നായരെ പുരോഗമനകാരികള്‍ വിമര്‍ശിച്ചിരുന്ന കാലത്താണ് വി ടി ഈ കവിത രചിക്കുന്നതെന്നോര്‍ക്കുമ്പോള്‍, സൗന്ദര്യോപാസനയെ അദ്ദേഹം ഒരു മാനുഷിക കര്‍ത്തവ്യമായിത്തന്നെ കണ്ടിരുന്നു എന്ന നിഗമനത്തിലാണ് നാമെത്തുക.

തന്റെ അനുകമ്പാനിര്‍ഭരമായ പ്രതിജ്ഞാബദ്ധതയിലുറച്ചു നില്‍ക്കെത്തന്നെ സഹകവികളിലെ ആദരണീയമായ അംശങ്ങളെ തിരിച്ചറിഞ്ഞംഗീകരിക്കുന്ന ഉദാരമായ പാരായണ സംസ്കാരവും വി ടിക്കുണ്ടായിരുന്നുവെന്ന് ഈ പ്രണാമത്തിലെന്നപോലെ "ജി", "വയലാര്‍" എന്നീ കവിതകളും കാണിക്കുന്നു. ജിയുടെ കവിതയെ "തങ്കപ്പൊന്‍ കിരീടം ചാര്‍ത്തിനില്‍ക്കുന്ന മധുകന്യയായും വയലാറിന്റെ കവിതയെ അലറും വയലാറിന്‍ കരളില്‍" നിന്നുവന്ന മധുമയ മണിക്വാണ"മായും വിശേഷിപ്പിക്കുമ്പോള്‍, മൂന്നു കവികളിലും ഈ കവി അന്വേഷിച്ചത് കാവ്യലാവണ്യം തന്നെ എന്നു വ്യക്തമാകുന്നു. കാളിദാസ കവിതയുടെയും സംസ്കൃത കാവ്യമീമാംസയുടെയും അനുധ്യാനമാണ് കവിയുടെ ഈ സൗന്ദര്യബോധത്തിന്നടിസ്ഥാനമെന്നു കാണാന്‍ വിഷമമില്ല. കാളിദാസന്‍ സൂചനകളായും ആഖ്യാനങ്ങളായും ബിംബങ്ങളായുമെല്ലാം കുമാരന്റെ കവിതയില്‍ നിരന്തരം സന്നിഹിതനാകുന്നുണ്ട്. "വനജ്യോത്സ" എന്ന രചന അതിനു പ്രത്യക്ഷമായ ഉദാഹരണമാണ്. വാത്മീകിയും വീണ്ടും വീണ്ടും സൂചിതമാകുന്നു. അതേസമയം തന്റെ കാലത്തെ കവിത നേടേണ്ട നവമാനങ്ങളെക്കുറിച്ചു കവിക്കു ബോധമുണ്ടായിരുന്നു. ""തീക്കനല്‍പ്പൂപെയ്യുന്ന മുരിക്കല്ല ഞാന്‍ എന്റെ /വാക്കു തീക്കനലാകും തീര്‍ത്ഥവെള്ളവുമാകും/വാക്കിന്റെ പൂവാലേ" മര്‍മ്മം നോക്കി ഞാനെറിയുമ്പോള്‍ /"വാ" പിളര്‍ന്നലറാത്ത കൊമ്പനാനകളില്ല"" എന്നദ്ദേഹം പറയുന്നുണ്ടല്ലോ. ഇന്നത്തെ വാത്മീകിയുടെ ദൗത്യത്തെ അദ്ദേഹം നിര്‍വചിക്കുന്നതു നോക്കുക: ""ശാപമേകാനല്ല, ചുടു/പാട്ടുകൊണ്ട് ബോംബെറിഞ്ഞീ/പാപവൃത്തി നശിപ്പിക്കാന്‍/വാത്മീകി വേണ്ടേ?"" ("പുതിയ വാത്മീകി") "എന്റെ സരസ്വതി" എന്ന മറ്റൊരു കവിതയില്‍ ""ഇടത്തല്ല, വലത്തല്ല, നടുക്കല്ലെന്‍ സരസ്വതി/വെളുത്ത താമരപ്പൂവിലുറക്കമല്ല/തുടിക്കുന്ന ജനതതന്‍/കരളിന്റെ കരളിലെ/തുടുത്ത താമരപ്പൂവിലവള്‍ വാഴുന്നു" എന്നും "നേരിനെ താരാക്കിമാറ്റും/താരിനെ താരകമാക്കും/ താരകത്തെയവള്‍ നിത്യചാരുതയാക്കും"" എന്നും കവി പറയുന്നുണ്ട്.

"കണ്ണന്‍ എന്ന കവി"യില്‍ ഈ കവിസങ്കല്‍പ്പങ്ങളെല്ലാം സമന്വയം കണ്ടെത്തുന്നു. അവനൊന്നു "കണക്കൊത്തു" പാടിയാല്‍ "ഉണക്കുമരം പൊട്ടി പാലൊഴുകുകയും" "കരയുന്ന കുഞ്ഞു മണിഞ്ഞുറങ്ങു"കയും "കതിരൂക്കും നെല്ലിനു പാലുറയ്ക്കു"കയും ചെയ്യും. ഒരു ഭ്രാന്തനെപ്പോലെ ആവിഷ്ടനാണ് കണ്ണന്‍. ഒരു നിമിഷം കാര കളിക്കുന്ന പിള്ളേരോടൊപ്പം പിന്നെ കത്തുന്ന വെയിലില്‍ കുട്ടാടന്‍ പാടത്ത്, മേലേ മലയില്‍, പാമ്പിന്‍ കാവില്‍, പശുത്തൊഴുത്തില്‍, പാലമരം ചാരി പാടിക്കൊണ്ട്, നെല്ലിമരത്തില്‍, ഇല്ലിക്കാട്ടില്‍. ഇങ്ങനെ സര്‍വവ്യാപിയാണെന്നു മാത്രമല്ല "ആരു പറഞ്ഞാലും കേള്‍ക്കാത്തോനു"മാണ് കവി. അയാള്‍ ഉടുത്താലേ നാട്ടാര്‍ ഉടുക്കുന്നുള്ളൂ. അയാള്‍ തെളിഞ്ഞാല്‍ നാട്ടാര്‍ തെളിഞ്ഞു. അങ്ങനെ ഈ പാട്ടുകാരന്‍ മാനുഷ്യകത്തിന്റെ മുഴുവന്‍ മനസ്സിലെ സര്‍ഗാത്മകതയുടെ ആദിരൂപം തന്നെയായി മാറുന്നു. "നീലക്കടമ്പില്‍" കവിദൗത്യം വീണ്ടും അടയാളപ്പെടുത്തുന്നുണ്ട് ഈ കവി: ""ചോര കാണുമ്പോള്‍ ഞെട്ടി വീഴുവതല്ലെന്‍ ഗാനം/ചോര ചോര്‍ത്തുവാന്‍ നോറ്റുനില്പതുമല്ലെന്‍ഗാനം/മോഹഭംഗത്തിന്‍ തത്വശാസ്ത്രങ്ങളടിച്ചുട/ച്ചാഹവരംഗത്തേയ്ക്കു നേര്‍ തെളിപ്പതെന്‍ ഗാനം"": സാമൂഹ്യ വിപ്ലവത്തിനുള്ള ത്വര, വിഷാദസൃഷ്ടമായ അകര്‍മണ്യതയോടുള്ള പ്രതിഷേധം, ഹിംസയെ മനസ്സിലാക്കുമ്പോളും ഹിംസ ആത്യന്തികമായ പരിവര്‍ത്തന മാര്‍ഗമല്ലെന്ന തിരിച്ചറിവ് ഇവയെല്ലാം ഈ വരികളില്‍ വായിക്കാനാകും. ഇന്ത്യന്‍ സംസ്കാരത്തോട് വിമര്‍ശനാത്മകമായ ആദരവാണ് ഈ കവിക്കുള്ളത്. ബുദ്ധനെ നിന്ദിക്കുന്ന തീവ്രവാദത്തെ അദ്ദേഹം "രണ്ടു കവിതകള്‍" എന്ന രചനയില്‍ പരിഹസിക്കുന്നുണ്ട്. വാത്മീകിയുടെ കാരുണ്യത്തില്‍ വിശ്വസിക്കുന്നുണ്ട്.

രാമായണ-ഭാഗവത- മഹാഭാരതങ്ങളെ നമ്മുടെ ജനകീയ സംസ്കാര പൈതൃകത്തിന്റെ ഭാഗമായി അംഗീകരിക്കുകയും ഇടയ്ക്കിടെ സമകാലീന സന്ദേശങ്ങള്‍ നല്‍കാനായി അവയിലേക്കു തിരിച്ചുപോവുകയും ചെയ്യുന്നുണ്ട്. അതേസമയം "അറ്റുപിടയുന്ന തള്ളവിരല്‍" എന്ന രചനയിലെന്നപോലെ ഏകലവ്യനു വിദ്യ നിഷേധിച്ച വര്‍ണവ്യവസ്ഥയെ നിന്ദിക്കുന്നുമുണ്ട്. "പരതി നടക്കേണ്ടാര്‍ഷമഹത്വം/പരിമിതിയുള്ളതുതന്നെ" എന്നു തിരിച്ചറിയുന്നുണ്ട്. പുതിയ ദളിത സ്വത്വബോധത്തിന്റെ പ്രതീകം തന്നെയാണ് ഏകലവ്യന്‍ എന്നോര്‍ക്കുക. ഷേക്സ്പിയര്‍ സമ്പത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരശക്തിയെക്കുറിച്ച് പറയുന്ന ഭാഗം മൂലധനത്തിന്റെ സര്‍വവ്യാപിത്വത്തെക്കുറിച്ചു ചര്‍ച്ച ചെയ്യുമ്പോള്‍ കാള്‍ മാര്‍ക്സ് ഉദ്ധരിക്കുന്നുണ്ടല്ലോ. ഈ കവിയുടെ ദര്‍ശനത്തിലും ഈ തിരിച്ചറിവുണ്ട്. "മായാവനിത"യിലെ മായാവനിത പണം തന്നെ. ""കടലിന്‍ നടുവില്‍ പാമ്പിന്‍/തിരപ്പത്തില്‍ വസിച്ചിടും/കള്ളക്കടത്തുദേവന്റെ/പത്നിയാം ലക്ഷ്മിയാണു ഞാന്‍"" എന്നാണ് അവള്‍ തന്നെത്തന്നെ അവതരിപ്പിക്കുന്നത്. ""കുടില്‍ കൊട്ടാരമാക്കും ഞാന്‍/കൊട്ടാരം കുടിലാക്കിടും/സത്യത്തെ മിഥ്യയാക്കും ഞാന്‍/മിഥ്യയെ സത്യമാക്കിടും"" ഇതത്രേ അവളുടെ കഴിവ്. ""പണത്തിന്‍ വീണ മീട്ടാതെ/പാടുകില്ലിന്നു സാഹിതി/ധനമിന്ധനമില്ലാതെ/ജ്വലിക്കില്ലിന്നു വിപ്ലവം"" എന്നുവരെ പോകുന്നു ഈ മൂലധന- വിപണിവിമര്‍ശം. സംസ്കാരം ധ്യാനിക്കുന്നതും മര്‍ത്ത്യത്വം ജപിക്കുന്നതും ധനം, ധനം എന്നായ ഒരു കാലത്തിനുള്ള കറുത്ത വിലാപമാണ് ഈ ആക്ഷേപഹാസ്യകവിത. മനുഷ്യനെ കീടമാക്കുന്ന രക്ഷോവീക്ഷണത്തിന്റെ തലസ്ഥാനമായ ലങ്കയെ ദഹിപ്പിക്കുന്ന ഹനുമാനാണ് കവി: ""ചുട്ടുപൊട്ടിയ്ക്കും ഞാനീ ലങ്കയെ/മനുഷ്യാസ്ഥിക്കട്ടയാല്‍ കളി തേച്ച/ഭോഗഭിത്തികാസ്തംഭകശുംഭല്‍ സൗധദംഭത്തെ/കണ്ണീര്‍ക്കടല്‍ കൊള്ളതന്‍/ത്രികുടാദ്രിസംഭ്രാന്ത സൗഖ്യാന്ധ്യത്തെ"" എന്നാണദ്ദേഹത്തിന്റെ ദൗത്യപ്രഖ്യാപനം. ഇതോടു ചേര്‍ത്തുവായിക്കേണ്ടതാണ് ""തത്വശാസ്ത്രങ്ങള്‍ വെറും മണ്‍കുടങ്ങളാണതില്‍/മര്‍ത്ത്യസ്നേഹത്തിന്‍ മധു നിറയ്ക്കാന്‍ മറക്കൊല്ലേ"" എന്ന "വോള്‍ഗയിലെ താമരപ്പൂക്കളി"ലെ ആഹ്വാനം, പൗരസ്ത്യദര്‍ശന ദീപ്തിയിലുള്ള തന്റെ വിശ്വാസവും താമരപ്പൂക്കള്‍ വാടുമ്പോഴും താമരക്കുരു അതിജീവിക്കുകയും തലമുറകള്‍ക്കായി പൂക്കള്‍ വിടര്‍ത്തുകയും ചെയ്യുമെന്ന കര്‍മഫലശ്രുതിയും സ്നേഹത്തിന്റെ തീക്ഷ്ണതയാണ് ധീരതയുടെ ചോദനയെന്ന തത്വശാസ്ത്രവും ഈ ആഖ്യാനകവിതയില്‍ ഒന്നിക്കുന്നു.

വി ടി കുമാരന്റെ മതേതരത്വം മതനിഷേധമല്ല. സംഘടിത മതത്തിന്റെ ദുശ്ശാഠ്യങ്ങളെയും അവ നിലനിര്‍ത്തുന്ന ഉച്ചനീചത്വങ്ങളെയും അദ്ദേഹം നിരാകരിക്കുന്നു. പക്ഷേ അദ്ദേഹത്തിന്റെ കവിതകളില്‍ പുരാണേതിഹാസങ്ങളിലെ കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും സൂചനകളും ദര്‍ശനാംശങ്ങളും ആവര്‍ത്തിച്ചു പ്രത്യക്ഷമാകുന്നു. "പീലിക്കണ്ണും കാലിക്കോലും/വേണമെങ്കില്‍ ധരിക്കാം ഞാന്‍/ഓടക്കുഴല്‍ വിളിക്കാനുമെനിക്കറിയാം എണ്ണക്കറുപ്പാണെന്‍മേനി/മഞ്ഞപ്പട്ടുമുടുക്കാം ഞാന്‍/വെണ്ണ കക്കാന്‍ മാത്രമെനിക്കറിഞ്ഞു കൂടാ" എന്ന "കടത്തുകാര"നെന്ന സ്വപ്നാത്മക രചനയിലെ വരികളില്‍ ആ സമീപനത്തിന്റെ സാരമുണ്ടെന്നുവരാം. മതത്തിന്റെ തിന്മകള്‍ക്കു താന്‍ കൂട്ടില്ലെന്ന പ്രഖ്യാപനം. "ഗുരുര്‍ ബ്രഹ്മ"യില്‍ ഇന്നത്തെ അധ്യാപനത്തെ "റിസള്‍ട് നന്നാക്കുവാനായ് നോട്ട്സ് നല്‍കുന്ന യന്ത്ര"മായി ഗുരുക്കന്മാരെ മാറ്റുന്ന വിദ്യാഭ്യാസ രീതിയെ കവി വിമര്‍ശിക്കുന്നത് പഴയ ഗുരുസമ്പ്രദായത്തെ, പൊതുവേ ആദരിച്ചുകൊണ്ടാണ് (അത് ചിലപ്പോള്‍ ഏകലവ്യന്മാരെ സൃഷ്ടിച്ചത് കാണുമ്പോള്‍ തന്നെ). ബുദ്ധമതത്തോടുള്ള ആദരം കവിതകളില്‍ പലതിലുമുണ്ട്. "കല്യാണ സൗഗന്ധിക"ത്തെ അദ്ദേഹം സമകാലീനമാക്കുന്നു: ആരാര്‍തന്‍ തന്‍ വിമോചന/തേര്‍ക്കൊടിമരത്തിന്മേ/ലാര്‍പ്പിട്ടു പാറുന്നതി-/പ്പൂവിന്റെ ശോണ പ്രാണന്‍/""ഭീമ""കായനാം കാലം/"കല്യാണ" ലോകാദര്‍ശ/പ്പൂമണം തേടിത്തേടി /പ്പോവതിപ്പൂവിന്‍ നേരെ" (ചുവന്ന പൂവ്") "ഉള്ളതിനെ നിര്‍വചിക്കാന്‍ കഴിയാതെ വരുന്നേര/മുള്ള നിഗമനം "ഇല്ല"യെന്നല്ല തന്നെ /അനുക്ഷണവികാസത്തില്‍ ചരാചരമിപ്രപഞ്ച/മനുസരിപ്പതുണ്ടേതോ നിയമരേഖ എന്നിടത്ത് ആസ്തിക്യത്തോടടുത്തെത്തുന്നുണ്ട് ഈ കവിയുടെ ദര്‍ശനം. മുഹമ്മദ് നബിയുടെ സന്ദേശത്തെയും കവി നെഞ്ചേറ്റുന്നത് "ഇളനീരും കാരക്കയും" എന്ന കവിതയില്‍ കാണാം. ഇവിടെയൊക്കെ ഭൗതികവാദത്തിന്റെയും യുക്തിവാദത്തിന്റെയും മതനിരാകരണത്തെക്കാള്‍ എല്ലാ മതസാരവും ഒന്നുതന്നെ എന്ന രാമകൃഷ്ണന്റെയും ശ്രീനാരായണ ഗുരുവിന്റെയും ഗാന്ധിയുടെയും സമീപനത്തോടാണ് കവി അടുത്തുനില്‍ക്കുന്നതായിക്കാണുന്നത്. സാമൂഹ്യക്ഷേമ തത്പരതയും കാവ്യസൗകുമാര്യവും സമന്വയിക്കാനുള്ള യത്നത്തില്‍ ചങ്ങമ്പുഴ, പി കുഞ്ഞിരാമന്‍നായര്‍, ജി ശങ്കരക്കുറുപ്പ്, പി ഭാസ്കരന്‍, വയലാര്‍ രാമവര്‍മ്മ, ഒഎന്‍വി കുറുപ്പ് തുടങ്ങിയവരുടെ ശൈലീസമ്പ്രദായങ്ങളും കടത്തനാടന്‍ നാടോടി വിധങ്ങളും അറബിമലയാളത്തിന്റെ രുചിയോര്‍മിപ്പിക്കുന്നതരം പ്രയോഗങ്ങളുമെല്ലാം വി ടി കുമാരന്‍ ഉപയോഗിക്കുന്നുണ്ട്.

പല ഭാഷാവിതാനങ്ങള്‍ (registers) അനായാസമായി പ്രയോജനപ്പെടുത്താന്‍ അദ്ദേഹത്തിനു കഴിയുന്നു. "ചുട്ടുപൊട്ടിക്കും ഞാനീ ലങ്കയെ മനുഷ്യാസ്ഥിക്കട്ടയാല്‍ കളിതേച്ച ഭോഗഭിത്തികാസ്തംഭകുംഭകശുംഭല്‍സൗധദംഭത്തെ കണ്ണീര്‍ക്കടല്‍കൊള്ളതന്‍ ത്രികൂടാദ്രി സംഭ്രാന്തസൗഖ്യാന്ധ്യത്തെ" എന്ന മട്ടില്‍ പ്രൗഢശൈലിയെ പൊങ്ങച്ചം തുറന്നുകാട്ടാനുപയോഗിക്കാനും (പുഛത്തിന്റെ തീജ്വാലകള്‍) നേരേ മറുവശത്ത് പൂവാകപോലത്തെ കുഞ്ഞുണ്ണൂലി മാറുവഴിഞ്ഞോരഴകുമായി തോളുമറഞ്ഞ മുടിയുമായി ഉള്ളുനിറഞ്ഞ ചിരിയുമായി എള്ളുനിറമുള്ള കുഞ്ഞുണ്ണൂലി കണ്ടത്തില്‍ "നാട്ടി"ക്കു പാടുന്നേരം തൊണ്ടയില്‍ തേനുള്ള കുഞ്ഞുണ്ണൂലി കൂറുണ്ട്, മാറുണ്ട്, ചന്തമുണ്ട് കേറിപ്പറയുവാന്‍ നാവുമുണ്ട്. എന്ന് തനി കടത്തനാടന്‍ ലാളിത്യം കൊണ്ടുവന്ന് നാടോടിക്കഥ കെട്ടുവാനും (കണ്ണന്‍ എന്ന കവി) "ഫതുറത്തു" കാലത്തിന്റെ കലിവലം നീങ്ങുകയായ് പുതിയൊരു നിലാവല പരന്നു വീശി! മരുഭൂവിന്‍ ഹൃദയത്തില്‍ കുളിര്‍മഴ പെയ്യുമൊരു മുഴുതിങ്കളുദിച്ചതെന്‍ മനസ്സുകണ്ടു" എന്ന് മാപ്പിളപ്പാട്ടിന്റെ മധുരം നിവേദിച്ച് നബിയുടെ വരവറിയിക്കാനും ("ഇളനീരും കാരക്കയും") "വെയ്റ്റേജ്" "റിസല്‍ട്ടിന്‍ക്രിമെന്റ്" "സസ്പെന്‍ഷന്‍, "പെന്‍ഷ"നിങ്ങനെ പലതാണെന്‍ വിചാരങ്ങള്‍ സഞ്ചരിക്കുന്ന വീഥികള്‍" എന്ന് ആംഗല മലയാളത്തില്‍ ഇന്നത്തെ അധ്യാപകനെ പരിഹസിക്കാനും (ഗുരുര്‍ബ്രഹ്മ) വിടിക്ക് ആയാസപ്പെടേണ്ടി വരുന്നില്ല. ഒരു ഭാഷയിലെ കവിതയുടെ കാലാവസ്ഥ നിശ്ചയിക്കുന്നത് ഏതാനും ചില പ്രമുഖരായ കവികള്‍ മാത്രമല്ല, ഒരു കുയില്‍ പാടിയതുകൊണ്ട് വസന്തം വരികയുമില്ല.

കുമാരനാശാനു ശേഷമുള്ള മലയാള കവിതയില്‍ ഇടശ്ശേരി, വൈലോപ്പിള്ളി, പി കുഞ്ഞിരാമന്‍നായര്‍ തുടങ്ങിയ ശ്രേഷ്ഠകവികള്‍ ജീവിതത്തിന്റെയും പ്രകൃതിയുടെയും സങ്കീര്‍ണതകളിലേക്ക് ഊളിയിടുകയും "പൂതപ്പാട്ടും" "കുടിയൊഴിക്കലും" ""കളിയച്ഛ"നും പോലുള്ള അപൂര്‍വരചനകളാല്‍ ഭാഷാകവിതയെ സമൃദ്ധമാക്കുകയും ചെയ്തപ്പോള്‍ തന്നെ ആധുനിക കവിതയ്ക്കു തൊട്ടുമുന്‍പുള്ള ഭാവുകത്വത്തിന്റെ സവിശേഷതകളും വൈവിധ്യവും ഗ്രഹിക്കുന്നതിന് മറ്റൊട്ടേറെക്കവികളെക്കൂടി പഠിച്ചേ തീരൂ. ആ വസന്തകാലത്ത് കേട്ട സ്വപ്നിര്‍ഭരമായ ശബ്ദങ്ങളിലൊന്ന് വി ടി കുമാരന്റേതായിരുന്നു. അതിന്റെ ചില ഈണങ്ങളും നോട്ടങ്ങളും ആഴങ്ങളും ഒന്നു കാണാന്‍ ശ്രമിക്കയേ ഞാന്‍ ചെയ്തുള്ളൂ; അദ്ദേഹത്തിന്റെ വീട്ടുകാരും നാട്ടുകാരും ആരാധകരും അദ്ദേഹത്തിന്റെ പേരിലൊരു സ്ഥാപനത്തിനു തുടക്കം കുറിക്കുമ്പോള്‍ അദ്ദേഹം പ്രതിനിധാനം ചെയ്ത മൂല്യങ്ങള്‍ക്ക് - തത്വശാഠ്യമില്ലാത്ത പുരോഗമന വീക്ഷണം, പാരമ്പര്യത്തിന്റെ വിമര്‍ശനാത്മകമായ സ്വാംശീകരണം, സൗന്ദര്യപരിഗണന കൈവിടാത്ത സാമൂഹ്യ പ്രതിബദ്ധത, ആത്മീയതയെ നിരാകരിക്കാത്ത മതേതരത്വം, യാഥാര്‍ഥ്യബോധമുള്‍ക്കൊള്ളുന്ന ശുഭാപ്തി വിശ്വാസം, സ്നേഹത്തെയും അഹിംസയെയും തള്ളിപ്പറയാത്ത സമൂഹ പുനഃസ്വരൂപീകരണം, പ്രാദേശികസംസ്കൃതിയിലടിയുറച്ച വിശ്വമാനവികത, യാന്ത്രികതയില്‍ നിന്നു മുക്തമായ സമത്വാദര്‍ശം, അനീതിയോട് സന്ധി ചെയ്യാത്ത ധര്‍മബോധം, ജനാധിപത്യോന്മുഖമായ സ്വാതന്ത്ര്യവാഞ്ഛ - അതിന്റെ കേന്ദ്രത്തില്‍തന്നെ സ്ഥാനം നല്കണം എന്ന് ഒന്നു സൂചിപ്പിക്കുകയും ചെയ്യുന്നു.

*
സച്ചിദാനന്ദന്‍ ദേശാഭിമാനി വാരിക 08 ജൂലൈ 2012

(വി.ടി.കുമാരന്‍ ഫൗണ്ടേഷന്‍ ഉദ്ഘാടനം ചെയ്ത് കവി സച്ചിദാനന്ദന്‍ വടകരയില്‍ നടത്തിയ പ്രസംഗം )

Sunday, June 17, 2012

പ്യാര്‍ ഭരേ...

നിസാമുദ്ദീനിലെ ചരസ് പുകയ്ക്കുന്ന യാചകര്‍ നിറഞ്ഞ തെരുവിലൂടെ രാത്രി നടന്നപ്പോള്‍ കവാലിയുടെ ഈണം മെല്ലെ വന്ന് മൂടി. നിസാമുദ്ദീന്‍ ഔലിയയുടെ ജാറത്തിന് മുന്നില്‍ സംഗീതാര്‍ച്ചനയില്ലാത്ത രാവുകളില്ല. ദര്‍ഗയ്ക്ക് സൂഫി സംഗീതത്തിന്റെ പശ്ചാത്തലവും ജാറം മൂടിയ പച്ച ചാദറിന്റെ നിറവും. മിര്‍സാ ഗാലിബിന്റെ ഹവേലിയുള്ള ബല്ലി മറാനിലും ജുമാ മസ്ജിദിലേക്കുള്ള കബാബിയാന്‍ ഗലിയിലും കേള്‍ക്കാം പാകിസ്ഥാനി സിഡികളില്‍ നിന്നുള്ള സംഗീതം. നിസ്കാരം പഠിപ്പിക്കുന്ന ചെറുപുസ്തകങ്ങള്‍ക്കിടയില്‍ നമ്മെ കാത്തിരിപ്പുണ്ട് ഗുലാം അലി, മുന്നിബീഗം, നൂര്‍ജഹാന്‍, ആബിദ പര്‍വീണ്‍. മനസ്സില്‍ സംഗീതത്തിന്റെ നവുള്ളവര്‍ എങ്ങനെ വീഴാതിരിക്കും?

ആയിടക്കാണ് ഗുലാം അലിയെ മുംബൈയില്‍ പാടാന്‍ അനുവദിക്കില്ലെന്ന് ശിവസേനയുടെ ഗര്‍ജനം കേട്ടത്. പാര്‍ലമെന്റിനുനേരെയുള്ള തീവ്രവാദി ആക്രമണത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ രൂപപ്പെട്ട വൈരത്തിന് അല്‍പ്പം കുറവു വന്ന കാലമായിരുന്നു അത്. കോട്ടക്കലില്‍ ചികിത്സക്കുവന്ന മെഹ്ദി ഹസന്‍കോഴിക്കോടിനെ അതിനുംമുമ്പ് മെഹ്ദി ഹസന്‍ വന്ന് ഇളക്കിമറിച്ചിട്ടുപോയ വാര്‍ത്തയുടെ ആവേശമെല്ലാം ചോര്‍ന്ന നാളുകള്‍. മലയാള ചാനലുകളും പത്രങ്ങളും ന്യൂഡല്‍ഹിയില്‍ വ്യാപകമായിട്ടില്ല. കര്‍കഡ് ഡൂമയിലെ കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ കൂട്ടുകാരന്റെ വിളി വാര്‍ത്തകളും വിശേഷങ്ങളും അറിയാനുള്ള പതിവ് അന്വേഷണമാണെന്ന് കരുതി. നെഞ്ചിലൂടെ ഒരു മിന്നല്‍. ശ്വാസം മുട്ടുന്ന പോലെ. മറുപടി പറയാന്‍ പറ്റുന്നില്ല. സാക്ഷാല്‍ മെഹ്ദി ഹസന്‍ പാകിസ്ഥാനില്‍ നിന്ന് ചികിത്സക്ക് എത്തിയിട്ടുണ്ട്. ""രണ്ടാഴ്ചയായി. പത്രക്കാര്‍ ആരും അറിഞ്ഞിട്ടില്ല. തളര്‍വാതത്തിന്റെ അവശതയാണ്. ഇന്നുതന്നെ കാണാന്‍ സൗകര്യമുണ്ടാക്കിത്തരാം."" വൃദ്ധനായ രോഗി. രണ്ടാഴ്ചത്തെ ആയുര്‍വേദ ചികിത്സക്കുശേഷം ഭേദമായിട്ടാണെങ്കില്‍ പോലും ഇന്റര്‍വ്യു ചെയ്യുന്നതില്‍ അസാംഗത്യമുണ്ട്. സംസാരിക്കാന്‍ കഴിയില്ലെങ്കിലും ഒന്നു കാണുകയെങ്കിലും ചെയ്യാമല്ലോ. ഫോട്ടോഗ്രാഫറെയും കൂട്ടി ഐടിഒയുടെ തിരക്കിലൂടെ ബൈക്കോടിച്ചുപോകുമ്പോള്‍ ഇതായിരുന്നു ചിന്ത. ആശുപത്രിയില്‍ മുറിയില്‍ ചെന്നപ്പോള്‍ കൗപീനധാരിയായി എണ്ണത്തോണിയിലാണ് ജയ്പുര്‍ഖരാനയുടെ മഹാഗായകന്‍. ""സിന്ദഗിമേ..സഭീ... എന്ന് പാടി ഇന്ത്യയിലെ മഹാഗായകരെ പോലും നമ്രശിരസ്കരാക്കിയ മഹാല്‍ഭുതം. തന്റെ നാദപുഷ്പങ്ങള്‍ കൊണ്ട് രാജ്യാതിര്‍ത്തികള്‍ പൊഴിച്ചിട്ട ഗായകന്‍, പ്രായത്തിനും രോഗത്തിനും കീഴടങ്ങയിരിക്കുന്നു.

സംസാരിക്കുന്നതില്‍ നിന്ന് കര്‍ശനമായി വിലക്കി സഹായിയായ ജാവെദ്. കേരളത്തില്‍ നിന്നാണെന്നറിയിച്ചപ്പോള്‍ ജാവെദിനും അലിവ്, ""വൈകിട്ട് വരൂ. ആദ്യമായി ഇന്ന് വീല്‍ ചെയറില്‍ പുറത്തുപോകുന്നുണ്ട്. അപ്പോള്‍ കണ്ട് സംസാരിക്കാം. പടവുമെടുക്കാം."" പ്രതീക്ഷയോടെ മടങ്ങി. വൈകിട്ട് കര്‍കഡ് ഡൂമയിലെത്തുമ്പോള്‍ തണുപ്പ് വീണിരുന്നു. മുറിയില്‍ മെഹ്ദി സാബ് ഒരു കച്ചേരിക്ക് തയ്യാറെടുക്കുന്ന പോലെ. പൈജാമയും ഊതനിറമുള്ള കുര്‍ത്തയും. കയ്യുയര്‍ത്തി. അഭിവാദ്യം ചെയ്തു. നിഴല്‍പോലെ ജാവെദുമുണ്ട്. വീല്‍ ചെയറില്‍ മെഹ്ദി സാബ് ആശുപത്രിയുടെ പുല്‍ത്തകിടിയിലേക്ക്. ഇന്ത്യയുടെ തെക്കേ മൂലയില്‍ കേരളത്തില്‍ മെഹ്ദിക്ക് ആയിരക്കണക്കിന് ആരാധകരുണ്ടെന്ന് പറഞ്ഞപ്പോള്‍ ഇരുകൈകളും ആകാശത്തേക്കുയര്‍ത്തി അദ്ദേഹം പറഞ്ഞു: ""എല്ലാം ദൈവത്തിന്റെ കൃപ.""

ഇന്ത്യ-പാക് സൗഹൃദം വളര്‍ത്തുന്നതിനെക്കുറിച്ചും ഇഷ്ടമുള്ള ഗായകരെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും വിവാദമുണ്ടാക്കരുതെന്ന് പറഞ്ഞ് ജാവെദിന്റെ വിലക്ക്. എങ്കിലും മെഹ്ദി പറഞ്ഞു, ഇഷ്ടമുള്ള ഒരുപാട് പേരുണ്ട്. നൂര്‍ജഹാന്‍, ലത, ആശ, റഫി സാബ്, മുകേഷ്, തലത്, ജഗ്ജിത്സിങ്. ഇങ്ങേത്തലയ്ക്കല്‍ തലത് അസീസും ഹരിഹരനും. പിന്നെ കേരളത്തിലെ അനുഭവങ്ങളിലേക്ക്. ""വരണമെന്നാഗ്രഹമുണ്ട്. പക്ഷേ നിങ്ങളുടെ നാട്ടുകാര്‍ എന്നോടു പൊറുക്കുമല്ലോ."" ജന്മനാടായ രാജസ്ഥാനിലെ ലൂണയിലേക്ക് പോകാന്‍ മോഹമുണ്ടോ എന്ന ചോദ്യത്തിന് മനസ്സുകളുടെ അതിര്‍ത്തി ഭേദിക്കാനാവുമോ എന്ന നിശ്ശബ്ദമായ മറുപടി യില്‍ മുഴങ്ങി. രോഗം മാറി ഇന്ത്യയില്‍ വീണ്ടും പാടാന്‍ എത്തുമോ എന്ന ചോദിച്ചപ്പോള്‍ ഒരു വിഷാദഗാനം പോലെ മെഹ്ദി സാബ് അതു പറഞ്ഞു: ""എവിടെയും ഇനി ഒരു കച്ചേരിയോ റെക്കോഡിങ്ങോ സാധ്യമല്ല. അത്രയ്ക്കും അവശനാണ്."" ഒരിക്കലും ജന്മനാട്ടിലേക്ക് തിരിച്ചുചെല്ലാനായില്ലെങ്കിലും ഇന്നാട്ടിലെ ജനങ്ങളില്‍ സംഗീതത്തിന്റെ ഒരു കൊട്ടാരം പണിത ആ മനുഷ്യനെ ഓര്‍ത്തപ്പോള്‍ മനസ്സ് പാടി: പ്യാര്‍ ഭരേ...

*
എന്‍ എസ് സജിത് ദേശാഭിമാനി വാരാന്തപ്പതിപ്പ് 17 ജൂണ്‍ 2012

Sunday, May 20, 2012

രമയ്ക്ക്, സ്നേഹപൂര്‍വം മീനാക്ഷി ടീച്ചര്‍

പ്രിയപ്പെട്ട രമയ്ക്ക്,

ഞാന്‍ മീനാക്ഷി ടീച്ചര്‍. ഒരു പക്ഷേ ഈ പേരില്‍ എന്നെ തിരിച്ചറിഞ്ഞില്ലെങ്കിലും അഴീക്കോടന്‍ രാഘവന്റെ ജീവിതപങ്കാളി എന്ന നിലയില്‍ ഞാന്‍ രമയ്ക്കും പരിചിതയാണെന്ന് കരുതുന്നു. രമയുടെതായി പ്രസിദ്ധീകരിച്ചുകണ്ട തുറന്ന കത്താണ് ഈ പ്രതികരണത്തിന് എന്നെ പ്രേരിപ്പിച്ചത്. തിക്തമായ അനുഭവങ്ങളിലൂടെ ദീര്‍ഘകാലം കടന്നുപോയ ആളാണ് ഞാന്‍. രമയേക്കാള്‍ ചെറുപ്പത്തില്‍ വൈധവ്യത്തിലേക്ക് എടുത്തെറിയപ്പെട്ടവള്‍. വൈധവ്യത്തിന്റെ കയ്പുനീര് കുടിച്ചുതീര്‍ത്ത് വാര്‍ധക്യത്തിലെത്തി നില്‍ക്കുന്ന ജീവിതം. വിരഹ ദുഃഖത്തിന്റെ ആഴമെത്രയെന്ന് മറ്റാരെക്കാളും എനിക്ക് തിരിച്ചറിയാനാവും. പതിനാറു വര്‍ഷം മാത്രം നീണ്ടുനിന്നതാണ് ഞങ്ങളുടെ ദാമ്പത്യം. പറക്കമുറ്റാത്ത അഞ്ചു കുഞ്ഞുങ്ങളെ എന്റെ കൈകളില്‍ ഏല്‍പിച്ചാണ് സഖാവ് 1972 സെപ്തംബര്‍ 23ന് രക്തസാക്ഷിയായത്. മരിക്കുന്നതിന് അഞ്ചു ദിവസം മുമ്പാണ് അദ്ദേഹം അവസാനമായി വീട്ടിലെത്തിയത്. ഇളയമകന്‍ സാനുവിന് ഹരിശ്രീ കുറിക്കുമ്പോള്‍ ഉടുക്കാനുള്ള കുഞ്ഞുമുണ്ടും കൊണ്ടായിരുന്നു അന്ന് സഖാവ് എത്തിയത്. പിറ്റേന്ന് പുലര്‍ച്ചെ തീവണ്ടിയാപ്പീസിലേക്ക് യാത്രയാക്കിയ അദ്ദേഹത്തിന്റെ മരണവാര്‍ത്തയാണ് പിന്നീട് എന്റെ കാതില്‍ വന്നലച്ചത്.

എന്തിനുവേണ്ടിയായിരുന്നു അദ്ദേഹത്തെ നിഷ്ഠൂരമായി കൊലപ്പെടുത്തിയത്? ആരായിരുന്നു കൊലയാളികള്‍? ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം ചര്‍ച്ചകളില്‍ നിറയുന്ന ഗാന്ധിശിഷ്യര്‍ക്ക് ആ അരുംകൊലയിലുള്ള പങ്ക് നിഷേധിക്കാനാവുമോ? കോടതി ശിക്ഷ വിധിക്കാത്തതിനാല്‍ കൊലയാളികള്‍ കൊലയാളികള്‍ അല്ലാതാവുന്നില്ല. രാഷ്ട്രീയ ലാഭത്തിനു വേണ്ടി ചുറ്റും നിന്ന് സിപിഐ എമ്മിനെതിരെ അപവാദ പ്രചാരണത്തിന്റെ പെരുമ്പറ മുഴക്കുന്നവരുടെ ഉദ്ദേശ്യശുദ്ധി തിരിച്ചറിയാന്‍ രമയ്ക്ക് ആവണം. കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്യാന്‍ ശ്രമിക്കുന്ന അവരുടെ കുതന്ത്രങ്ങളുടെ ഇരകളാവരുത് നമ്മള്‍. ചന്ദ്രശേഖരനെ വകവരുത്തിയവര്‍ ആരായാലും അവര്‍ നിയമത്തിന്റെ മുന്നില്‍ വരണം. ശിക്ഷിക്കപ്പെടണം. എന്നാല്‍, ഈ സംഭവത്തിന്റെ പേരില്‍ സിപിഐ എം എന്ന മഹത്തായ പ്രസ്ഥാനത്തെ ഏകപക്ഷീയമായി ആക്രമിക്കുന്നതും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതും നിര്‍ഭാഗ്യകരമാണ്.

ഒട്ടേറെ അഗ്നിപരീക്ഷകളിലൂടെ കടന്നുവന്ന പ്രസ്ഥാനമാണ് സിപിഐ എം എന്ന് രമയ്ക്കും അറിയാമല്ലോ. എത്രയെത്ര ധീരന്മാരാണ് പാവങ്ങളുടെ ആശ്രയവും പ്രതീക്ഷയുമായ പ്രസ്ഥാനത്തിെന്‍റ നാള്‍വഴികളില്‍ രക്തസാക്ഷിത്വം വരിച്ചത്. ഈ പ്രസ്ഥാനം നിലനില്‍ക്കേണ്ടതും കൂടുതല്‍ കരുത്ത് നേടേണ്ടതും ഇന്നാട്ടിലെ ഓരോ സാധാരണ മനുഷ്യെന്‍റയും ആവശ്യമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതിനെ തകര്‍ക്കുക എന്നത് ശത്രുവര്‍ഗത്തിെന്‍റ എക്കാലത്തെയും ലക്ഷ്യമാണ്. ജനങ്ങള്‍ക്ക് പ്രസ്ഥാനത്തിലുള്ള ഉരുക്കുപോലെ ഉറച്ച വിശ്വാസവും കൂറുമാണ് ശത്രുക്കളെ നിഷ്പ്രഭമാക്കുന്നത്. ഈ വിശ്വാസവും കൂറും നശിപ്പിക്കാനായി എതിരാളികള്‍ നടത്തുന്ന നുണപ്രചാരണങ്ങളുടെ കുത്തൊഴുക്ക് നാം എത്രവട്ടം കണ്ടു. ഇപ്പോഴും സിപിഐഎമ്മിനെതിരെ ജനവികാരമുണര്‍ത്താനും ഒറ്റപ്പെടുത്താനും ആസൂത്രിത ശ്രമങ്ങളാണ് ശത്രുവര്‍ഗം നടത്തുന്നത്. അതില്‍ അറിഞ്ഞോ അറിയാതെയോ രമ ഭാഗഭാക്കാകുന്നുവെന്നതില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്.

മാധ്യമങ്ങളില്‍ നിറയുന്ന നിറംപിടിപ്പിച്ച കഥകളില്‍നിന്ന് എത്രയോ അകലെയാണ് സത്യം ഒളിഞ്ഞിരിക്കുന്നത് എന്നാണ് എന്റെ ബോധ്യം. വലതുപക്ഷ രാഷ്ട്രീയ നേതൃത്വത്തിെന്‍റയും അതിന് അരുനില്‍ക്കുന്ന മാധ്യമങ്ങളുടെയും ഹീനമായ കൗശലത്തെക്കുറിച്ച് രമയ്ക്ക് നല്ല അറിവുണ്ടാകുമല്ലോ. ജീവിച്ചിരിക്കുമ്പോള്‍ കരിവാരിത്തേയ്ക്കാനും മരിക്കുമ്പോള്‍ വാഴ്ത്താനും അവര്‍ക്ക് നല്ല മിടുക്കുണ്ട്. ജീവിച്ചിരുന്ന കാലത്ത് മാധ്യമങ്ങള്‍ക്ക് അഴീക്കോടന്‍ അഴിമതിക്കോടനായിരുന്നു. ഇവിടത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആരോപണങ്ങള്‍ മുന്‍പിന്‍ നോക്കാതെ ഉറക്കെ വിളിച്ചുകൂവുകയായിരുന്നു അവര്‍. ഒരു ടെക്സ്റ്റൈല്‍ ഉടമയുടെ ആഡംബരവീട് കാണിച്ച് അഴീക്കോടന്റെ വീടാണെന്നായിരുന്നു ആദ്യത്തെ പ്രചാരണം. അപ്പോഴും പാര്‍ടി ഏര്‍പ്പാടാക്കിയ വളരെ ചെറിയ, തുഛമായ മാസവാടകയുള്ള വീട്ടില്‍ ദുരിതജീവിതം നയിക്കുകയായിരുന്നു ഞാനും മക്കളും. കണ്ണൂരിലെ ഒരു ട്രാന്‍സ്പോര്‍ട്ട് കമ്പനി സഖാവിന്റെ ബിനാമിയാണെന്ന് അവര്‍ പ്രചരിപ്പിച്ചു. ലക്ഷങ്ങളുടെ ബാങ്ക് ബാലന്‍സ് ഉണ്ടെന്ന് നിരന്തരം നുണക്കഥയെഴുതി. അദ്ദേഹം മരിക്കുമ്പോള്‍ തൃശൂരിലെ ബാങ്കില്‍ 32 രൂപയായിരുന്നു ശേഷിച്ചിരുന്നത്.

കുഴിമാടം കുത്താന്‍ ആറടി മണ്ണു പോലും സ്വന്തമായില്ലാത്ത അഴീക്കോടനെക്കുറിച്ച് പിറ്റേന്ന് തൊട്ട് മാധ്യമങ്ങള്‍ കണ്ണീര്‍ക്കഥകളെഴുതി. അഴീക്കോടന്‍ സ്വന്തമായി വീടുപോലുമില്ലാത്ത ജനസേവകനായിരുന്നെന്ന് വാഴ്ത്തി. ഇ എം എസ്, എ കെ ജി, നായനാര്‍ എന്നിവരുടെയൊക്കെ കാര്യത്തിലും ഇതുതന്നെയായിരുന്നു മാധ്യമ സമീപനം. സിപിഐ എമ്മില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ ആളാണ് ചന്ദ്രശേഖരന്‍. അന്നൊന്നും മാധ്യമങ്ങള്‍ ചന്ദ്രശേഖരനെക്കുറിച്ച് ഒരു വരി എഴുതിയതായി എന്റെ ഓര്‍മയിലില്ല. സിപിഐ എമ്മിനെതിരായ നിലപാടുകള്‍ സ്വീകരിച്ചു തുടങ്ങിയപ്പോള്‍, ഒടുവില്‍ കൊല്ലപ്പെട്ടപ്പോള്‍ മാത്രമാണ് മാധ്യമങ്ങളുടെ ഇഷ്ടപുത്രനും ധീരവിപ്ലവകാരിയുമായത്.

കുറ്റപ്പെടുത്തലിന്റെ ലാഞ്ഛന പോലുമില്ലാതെ അമ്മയുടെ സ്നേഹവായ്പോടെ, തലമുറകള്‍ക്കു അക്ഷരവെളിച്ചം പകര്‍ന്ന അധ്യാപികയുടെ വാത്സല്യത്തോടെ പറയട്ടെ- കത്തിലൂടെയുള്ള മോളുടെ പ്രതികരണങ്ങളില്‍ ചിലത് ഒഴിവാക്കാമായിരുന്നു. ഇത്തരമൊരു പ്രതികരണം സംഭവത്തിന്റെ മറവില്‍ രാഷ്ട്രീയ മുതലെടുപ്പു നടത്താന്‍ നില്‍ക്കുന്നവരെയാണ് സഹായിക്കുക. മോളുടെയും നന്ദുമോെന്‍റയും ദുഃഖത്തില്‍ ഞാനും പങ്കുചേരുന്നു.

ദുഃഖത്തില്‍ പങ്കുചേര്‍ന്ന് മീനാക്ഷി ടീച്ചര്‍

*
ദേശാഭിമാനി 21 മേയ് 2012

Monday, April 23, 2012

കര്‍മനിരതര്‍

മനസ്സുകൊണ്ട് അടുപ്പമുള്ളവരെ അവിചാരിതമായി സ്വപ്നത്തില്‍ കാണുകയും പിറ്റേന്ന് രാവുണരുമ്പോള്‍ അവരുടെ മരണവാര്‍ത്ത തേടിവരികയും അവരുടെ ചരമക്കുറിപ്പ് എഴുതേണ്ടിവരികയുംചെയ്ത ഒന്നിലേറെ അനുഭവങ്ങള്‍ തനിക്കുണ്ടായതായി ഏഴാച്ചേരി രാമചന്ദ്രന്‍ തൃപ്പൂണിത്തുറ മഹാത്മ ലൈബ്രറിയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെ പറയുകയുണ്ടായി. ഋണഞെരുക്കങ്ങള്‍ക്കിടയില്‍ പെട്ടെന്ന് മരണത്തിനു വഴങ്ങാന്‍ ഭീതിയായതുകൊണ്ട് അടുത്തകാലത്തെങ്ങും അദ്ദേഹം എന്നെ സ്വപ്നത്തില്‍ കാണരുതേയെന്ന് ഞാന്‍ അതിനോടു തമാശരൂപത്തില്‍ പ്രതികരിക്കുകയുംചെയ്തു. ജെ സി ദാനിയേല്‍ പുരസ്കാരം ജോസ്പ്രകാശിനു സമ്മാനിക്കുന്ന വാര്‍ത്തയോടനുബന്ധിച്ച് മാധ്യമങ്ങള്‍ അദ്ദേഹത്തെക്കുറിച്ചുള്ള കമന്റുകള്‍ക്കായി ബന്ധപ്പെട്ടപ്പോള്‍, രോഗം മൂര്‍ച്ഛിച്ച്, ഓര്‍മകള്‍ മുറിഞ്ഞ് ശയ്യാവലംബിയാണ് അദ്ദേഹം എന്നറിയാമായിരുന്നതുകൊണ്ടുകൂടിയാകാം, പെട്ടെന്ന് ഓര്‍മവന്നത് ഈ സംഭവമാണ്.

പത്തുവര്‍ഷംമുമ്പ് എന്റെ മകളുടെ വിവാഹസല്‍ക്കാരവേദിയല്‍ അന്നത്തെ സാംസ്കാരികമന്ത്രി ജി കാര്‍ത്തികേയനും ഞാനും സംസാരിച്ചിരിക്കുമ്പോള്‍ അപ്പുറത്തൊരു ഇരിപ്പിടത്തില്‍ എന്‍ എഫ് വര്‍ഗീസുമായി നാടക സൊറപറഞ്ഞിരുന്ന ജോസ്പ്രകാശിനെ ചൂണ്ടി ശ്രീമൂലനഗരം മോഹനാണ് ചെവിയില്‍ മന്ത്രിച്ചത്. ജെ സി ദാനിയേല്‍ അവാര്‍ഡിന് ജോസ്പ്രകാശിന്റെ പേര് പരിഗണിക്കാന്‍ നിര്‍ദേശിക്കണമെന്ന്! അത്തരം നിര്‍ദേശങ്ങളോ ശുപാര്‍ശകളോ ശീലമില്ലാത്തതുകൊണ്ട് ഞാനൊന്ന് അമ്പരന്നു. ജോസ്പ്രകാശ് അതാഗ്രഹിച്ചിരുന്നോ, പ്രതീക്ഷിച്ചിരുന്നോ എന്നറിയില്ല. ഏതായാലും പിന്നെയുമൊരു പത്തുവര്‍ഷംകൂടി കഴിഞ്ഞ് ഈ ബഹുമതി തേടിവരുമ്പോള്‍ ഹോസ്പിറ്റലിലെ അതിതീവ്രപരിചരണമുറിയില്‍ ഓര്‍മകള്‍ തെളിയാത്ത ഒരു ലോകത്തില്‍ സ്വയം സല്ലപിക്കുന്ന അവസ്ഥയിലായിപ്പോയിരുന്നു അദ്ദേഹം. ബോധമനസ്സ് ബഹുമതി വാര്‍ത്ത അറിഞ്ഞിരിക്കാനിടയില്ല. പുരസ്കാരവൃത്താന്തം ഘോഷിച്ചതിന്റെ മഷിപ്പാടുണങ്ങുംമുമ്പേ ദുരന്തവാര്‍ത്തയ്ക്കായി അച്ചുനിരത്തേണ്ടിവന്നു മാധ്യമങ്ങള്‍ക്ക്. അകാലത്തായി മരണം എന്നാക്ഷേപിക്കുക വയ്യ. ആ ദുഃഖാവസ്ഥയില്‍ ഏറെനാള്‍ കിടന്നു കഷ്ടപ്പെട്ടില്ലല്ലോ എന്ന് സമാശ്വസിക്കുന്നതാണു ന്യായം. എങ്കിലും ഒരു ഖേദം ബാക്കിനില്‍ക്കുന്നു. നല്‍കാമെന്നുദ്ദേശിച്ച പുരസ്കാരം പ്രഖ്യാപിച്ച ദിവസംതന്നെ ഹോസ്പിറ്റലില്‍ കൊണ്ടുചെന്ന് അദ്ദേഹത്തിനു സമര്‍പ്പിക്കാനായില്ലല്ലോ. ഇത്തരം ബഹുമതികള്‍ നല്‍കുന്നതിന് നടപടിവട്ടങ്ങളുണ്ടാകും... മുഖ്യമന്ത്രി വരണം... അങ്ങനെ പലതും. ഒരു പക്ഷേ, പിറ്റേന്നോ മറ്റോ അപ്രകാരം ഹോസ്പിറ്റലില്‍ കൊണ്ടുകൊടുക്കാന്‍ ഉദ്ദേശിച്ചിട്ടുമുണ്ടായിരുന്നിരിക്കാം. എന്നാലും ""വെറുതെയീ മോഹ""മെന്നു കവി പാടിയതുപോലെ വെറുതെയീഖേദമെന്നറിഞ്ഞീടിലും ഖേദിക്കാതിരിക്കുവാന്‍ വയ്യല്ലോ. വേര്‍പാട് എന്നും ദുഃഖമുണര്‍ത്തുന്നു. വാര്‍ധക്യത്തില്‍ അത് പ്രതീക്ഷിക്കേണ്ടതാണെന്ന ന്യായം മറുവാദമായുള്ളപ്പോഴും ദുഃഖം ദുഃഖമായവശേഷിക്കുന്നു.

രോഗപീഡകള്‍ തളര്‍ത്തി പുറത്തിറങ്ങാനാകാതെ തളച്ചിടുംവരെ കര്‍മനിരതനായിരുന്നു ജോസ്പ്രകാശ്. അഭിനയരംഗത്തും നിര്‍മാണരംഗത്തും വ്യവസായരംഗത്തും സാമൂഹ്യവേദികളിലും ഒരുപോലെ. അന്ന് അദ്ദേഹത്തിനിത്ര പ്രായമുണ്ടെന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലായിരുന്നു! ഈ പ്രായത്തില്‍ ഇദ്ദേഹം നിരതനാകുന്ന കര്‍മവൈവിധ്യങ്ങളുമായി താരതമ്യംചെയ്യുമ്പോള്‍ പതിറ്റാണ്ടുകളുടെ ഇളപ്പമുള്ള നമ്മളൊക്കെ സത്യത്തില്‍ ഒന്നും ചെയ്യുന്നില്ലല്ലോ എന്ന അസൂയപോലും ഉണര്‍ത്തിയിരിന്നു അദ്ദേഹം. പെട്ടെന്നൊരിക്കല്‍ ഗ്രാമഫോണ്‍ റിക്കാര്‍ഡ് ഡിസ്കില്‍ പോറല്‍ വീഴുമ്പോള്‍ സ്വനപ്രകാശനസൂചി ആ പഴുതില്‍ ഉരഞ്ഞുവലിയുംപോലെ കര്‍മപര്‍വത്തിനൊരു നിര്‍ബന്ധിത ഉടന്‍വിരാമം. പിന്നെ ബാക്കിശേഷിപ്പായ ഓര്‍മകള്‍ വിങ്ങുന്ന ഉള്ളവുമായി നിസ്സഹായനായി ശയ്യാവലംബിയായി ചെലവഴിച്ച വര്‍ഷങ്ങള്‍. അവിടെയൊന്നും ജോസ്പ്രകാശ് പരിദേവനങ്ങളുമായി പ്രത്യക്ഷപ്പെട്ടില്ല. നിവേദനങ്ങളുമായി അലഞ്ഞില്ല. ""സമ്പത്തുകാലത്ത് തൈ പത്തുവച്ചാല്‍ ആപത്തുകാലത്ത് കാ പത്തു തിന്നാം"" എന്ന പഴമൊഴിക്കൊരു സാക്ഷ്യമായി ആ നല്ല ജീവിതം. തൈവച്ചത് സമ്പത്തുകാലത്തായിരുന്നില്ല; പൊരുതി വളരുന്നതിനിടയില്‍, സ്വന്തം നിലയുറപ്പിക്കുന്നതിനിടയില്‍, കലാകാരനായിരിക്കേതന്നെ കുടുംബനാഥനുമാണെന്ന വെളിവാര്‍ന്ന ഓര്‍മയില്‍ കുടുംബത്തിനായി കരുതലോടെ ജീവിച്ചു. അതിന്റെ ഫലം നൂറുമേനി വിളഞ്ഞു. തന്റെ സമകാലികരില്‍ പലര്‍ക്കും ലഭിക്കതെപോകുന്ന സൗഭാഗ്യം സുകൃതമായനുഭവിച്ചിട്ടാണ് അദ്ദേഹം കടന്നുപോകുന്നത്. അവസാനിമിഷംവരെ ഹൃദയം നിറഞ്ഞ സ്നേഹവായ്പുമായി മക്കള്‍ ശുശ്രൂഷിക്കാന്‍ ചുറ്റുമുണ്ടായി. അവരുടെ പരിചരണങ്ങള്‍ ഏറ്റുവാങ്ങി, ശുശ്രൂഷയുടെ സാന്ത്വനശീതളിമയില്‍ ലയിച്ച് ആ സായുജ്യത്തില്‍ അനന്തതയുടെ ഭാഗമാകുവാന്‍ ഭാഗ്യമുണ്ടായി അദ്ദേഹത്തിന്. മക്കളെച്ചൊല്ലിയുള്ള കരുതലും അവര്‍ക്കായി പകുത്തുനല്‍കിയ സ്നേഹവും ഒരണപോലും കുറയാതെ മേനി വിളഞ്ഞ്, തിരികെ അനുഭവിച്ചിട്ടായി, യാത്ര!

"ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ട"ത്തില്‍ ആല്‍ത്തറയിലെ സൊറക്കൂട്ടത്തില്‍ തലേന്നുവരെ ഒപ്പമുണ്ടായിരുന്ന ചങ്ങാതിയുടെ മരണവാര്‍ത്തയറിയുമ്പോള്‍ പരമേശ്വരമേനോന്‍ ഗദ്ഗദം കുരുകുരുപ്പിച്ച സ്വരനാളിയിലൂടെ നടത്തുന്ന ഒരാത്മപ്രകാശനമുണ്ട്. ""ഭാഗ്യവാന്‍!"" ഉള്ളപ്രായം പുറത്തുകാണിക്കാതെ യുവത്വത്തിന്റെ പ്രസരിപ്പും വാര്‍ധക്യത്തിനു വഴങ്ങാത്ത മനസ്സിന്റെ ചുറുചുറുക്കുമായി ചെറുപ്പക്കാരായ ചെറുപ്പക്കാരെ മുഴുവന്‍ വെല്ലുവിളിച്ച് പിന്‍തലമുറകള്‍ക്കത്രയും പ്രകോപനവും പ്രചോദനവുമായി നമുക്കിടയില്‍ വര്‍ത്തിച്ച ഒരു നല്ല ചങ്ങാതിയെക്കൂടി കാലം കവര്‍ന്നെടുത്തു ഇക്കഴിഞ്ഞ നാളുകളില്‍. ടി ദാമോദരന്റെ മരണവാര്‍ത്ത ഉണര്‍ത്തിയത് അമ്പരപ്പാര്‍ന്ന ഞടുക്കമാണ്. അവിശ്വാസമാണ്. നേരാവില്ല എന്ന വ്യാമോഹമാണ്. കൂട്ടത്തിലൊരാള്‍ ചിരികളി തമാശകള്‍ പറഞ്ഞും തര്‍ക്കവും വിതര്‍ക്കവുമായി കലഹിച്ചും കഥകള്‍ പറഞ്ഞും കൂട്ടുപകര്‍ന്നും നടന്നുനീങ്ങുന്നതിനിടയില്‍ പെട്ടെന്നു അപ്രത്യക്ഷനാകാലെന്നതുപോലെ! മൂന്നു പതിറ്റാണ്ടിലേറെയായി അടുത്തറിയാം ദാമോദരന്‍ മാഷിനെ. മരണത്തോടനുബന്ധിച്ച് മാധ്യമവാര്‍ത്തകളില്‍നിന്നാണ് അദ്ദേഹവും ഞാനും തമ്മില്‍ ഒന്നരപതിറ്റാണ്ടിന്റെ പ്രായാന്തരമുണ്ടെന്നറിയുന്നത്. ഹരിഹരന്റെ ചങ്ങാതിയായാണു ആദ്യപരിചയം. അന്നും മാഷിന് ഇക്കഴിഞ്ഞ നാളില്‍ കാണുമ്പോള്‍ ഉണ്ടായത്രതന്നെ പ്രായം തോന്നിച്ചിരുന്നു. ഐ വി ശശിയുടെ പങ്കാളിയായിട്ടായിരുന്നു സിനിമയില്‍ മാഷിന്റെ മുഖ്യപര്‍വം. അപ്പോഴും പ്രായം ഇതുതന്നെ. പിന്നെ പിന്‍തലമുറയിലെ പലരുമായിട്ടായി സഹവേഴ്ച. അപ്പോഴുമില്ല പ്രായത്തിനു വ്യത്യാസം. ഒടുവില്‍ സിനിമയില്‍ സജീവമല്ലാതെയായ നാളുകളില്‍ കാണുമ്പോഴും മുഖത്തെ പ്രസരിപ്പിലും മൊഴിയിലെ വീര്യത്തിലും പ്രായത്തിനു കണ്ടില്ല ഭേദതരം.

ഓര്‍ത്തുനോക്കുമ്പോള്‍ ഇതൊരു വിചിത്രപ്രതിഭാസമാണ്. ആദ്യം കാണുമ്പോഴേ മാഷിനിത്ര പ്രായമുണ്ടായിരുന്നോ അതോ കര്‍മവീര്യംകൊണ്ട് മാഷ് പ്രായത്തെ തടുത്തുനിര്‍ത്തിയതായിരുന്നോ! രണ്ടായാലും "രംഗബോധമില്ലാത്ത കോമാളി"യായി ക്ഷണിക്കാതെ, നിനച്ചിരിക്കാതെ കടന്നുവന്ന ദൂതന്‍ പ്രായത്തിനപ്പുറത്തെ തീരത്തിലേക്ക് മാഷിനെ കൂട്ടിക്കൊണ്ടുപോകുമ്പോള്‍, പെട്ടെന്ന് കൂട്ടംവിട്ട് ഒറ്റപ്പെട്ട കുട്ടിയായിപ്പോയി ചങ്ങാതികള്‍ ഞങ്ങള്‍ ഓരോരുത്തരും. അതിലും അമ്പരപ്പിക്കുന്ന മറ്റൊരു സത്യം ഞങ്ങള്‍ സമപ്രായക്കാര്‍ തമ്മിലും ഞങ്ങള്‍ക്ക് പുറകെ വരുന്നവര്‍ തമ്മിലും ഇരുവരും തമ്മില്‍ തമ്മിലും ഇത്ര പ്രായദൂരമോ എന്ന് ഞടുക്കത്തോടെ തിരിച്ചറിയാന്‍ നിമിത്തമായിരിക്കുന്നു പൊടുന്നനവെയുള്ള ഈ വേര്‍പാട് എന്നതാണ്. എത്രയെത്ര രാവുകളില്‍ മാഷും രഞ്ജിത്തും റസ്സാക്കും ഞാനും ഒത്തുകൂടുമ്പോള്‍ പ്രിയങ്കരനായ ബാബുരാജിന്റെ മരിക്കാത്ത ഗാനശീലുകളുമായി ഗിരീഷ് പുത്തഞ്ചേരി സദസ്സില്‍ ലഹരിയായ ി പെയ്തമരുമ്പോള്‍ ആ കൂട്ടത്തിലമരക്കാരനായി മാഷുണ്ടായിരുന്നു. അതേ മാഷിനെത്തന്നെ അതിനുംമുമ്പുള്ള ഏതോ രാവില്‍ ഭരതനും കാവാലത്തിനും പവിത്രനുമൊപ്പം മറ്റൊരിടമുറിയിലെ സദിരില്‍ ചേര്‍ന്ന് കണ്ടതുമോര്‍മയില്‍ തെളിയുന്നു. സംഘങ്ങള്‍ മാറിമാറി വരുമ്പോഴും പാടുന്ന പാട്ടുകളുടെ ഈണവും വരികളും വെവ്വേറെയാകുമ്പോഴും അവിടെ പ്രസരിച്ച സൗഹൃദരാഗങ്ങള്‍ ഒന്നുതന്നെയായിരുന്നു. ഇണങ്ങിയും ഇടഞ്ഞും അവയില്‍ ശ്രുതിചേര്‍ന്ന ചൈതന്യം മാഷുമായിരുന്നു. സംഗീതമോ നാടകമോ സിനിമയോ സാഹിത്യമോ രാഷ്ട്രീയമോ വിഷയം ഏതുമാകട്ടെ വെടിവട്ടത്തിനു നടുവില്‍ മാഷുണ്ടാകും. എവിടെയും ഏതു ധാരയിലും ആ ചിലമ്പിച്ച സ്വരം അനുനാസികത്തോടടുത്ത ഉച്ചസ്ഥായിയില്‍ മുഴങ്ങിക്കേള്‍ക്കും. തര്‍ക്കിക്കാതെ പിരിഞ്ഞ സമാഗമങ്ങളുണ്ടായിട്ടില്ല തമ്മില്‍. അതെന്റെ മാത്രം അനുഭവവുമല്ല. സ്വന്തം നിലപാടു തറപ്പിച്ചുപറയാന്‍ മുഖംനോക്കിയിരുന്നില്ല. അതുണര്‍ത്തുന്ന നീരസങ്ങളെ ഗൗനിച്ചിട്ടുമില്ല. മാഷ് അങ്ങനെയായിരുന്നു:

മാഷ് മാഷായിരുന്നു. ആ പരിഗണന എന്നും എല്ലാവരും നിര്‍ബാധം നല്‍കിപ്പോന്നിട്ടുമുണ്ട്. ഗൗരവമുള്ള കാര്യങ്ങള്‍ പറയുമ്പോഴുള്ള അതേ കടുപ്പിച്ച ഭാവംതന്നെയായിരുന്നു തമാശകള്‍ പറയുമ്പോഴും. കണ്ണുകളിലെ മിന്നായങ്ങളില്‍നിന്നു കണ്ടെടുക്കണമായിരുന്നു കുസൃതി. ദ്രോഹിച്ചിട്ടില്ല ആരെയും. പിണങ്ങുമ്പോഴും സ്നേഹിച്ചിട്ടേയുള്ളൂ. അകന്നുപോകാന്‍ അനുവദിച്ചിട്ടുമില്ല. ഫുട്ബോള്‍ ഗ്രൗണ്ടിലും അത്ലറ്റിക് മീറ്റിലും ഉയര്‍ന്നുകേട്ട കമന്റേറ്ററുടെ ശബ്ദം പിന്നീട് മലബാറിന്റെ നാടകവഴിയിലെ പരീക്ഷണമുഖങ്ങളിലും അതേ മുഴക്കത്തില്‍ ധ്വനിച്ചു. ആ വീറോടെ തന്നെ തിയറ്ററുകളില്‍ ചിത്ര ശബ്ദ വീചികളിലും ആ സ്വരം മുഴങ്ങി. പതിഞ്ഞ ശ്രുതിയിലല്ല; ഉച്ചസ്ഥായിയില്‍; കലഹശീലില്‍തന്നെ. പതുക്കെപ്പറഞ്ഞില്ല ഒന്നും; രഹസ്യങ്ങളായല്ല പരസ്യങ്ങളായിത്തന്നെയായിരുന്നു പകുത്തു പകര്‍ത്തല്‍. ക്യാമറയുടെ മുമ്പിലും അരങ്ങിലെ വെട്ടത്തും കമന്റേറ്റര്‍ ബോക്സിലും സൗഹൃദകൂട്ടായ്മകളിലെ വെടിവട്ടത്തിനു നടുവിലും ശബ്ദസ്ഥായിയില്‍ മാറ്റമില്ലായിരുന്നു. പലപ്പോഴും മാഷെക്കുറിച്ചു പറയാറുണ്ടായിരുന്ന ഒരു കമന്റുണ്ട്: ചുണ്ടിലെപ്പോഴും അദൃശ്യമായ ഒരു വിസില്‍ കടിച്ചുപിടിച്ചുകൊണ്ടുനടക്കുന്ന റഫറിയാണു മാഷെന്ന്!

റഫറിക്കു റഫറിയുടേതായ പക്ഷന്യായങ്ങളുണ്ട്. സദസ്സിന് യോജിക്കാം; വിയോജിക്കാം. പക്ഷേ, റഫറി റഫറിയുടെ വഴിയേ ചരിക്കും. എപ്പോള്‍ വേണമെങ്കിലും മുഴങ്ങാവുന്ന ആജ്ഞാസ്വരത്തിലുള്ള വിസില്‍നാദത്തെ ഉദ്വേഗത്തോടെ ഒളിഞ്ഞുനോക്കുന്നവരായിരുന്നു കാണികളും കളിക്കാരും കഥാപാത്രങ്ങളും അഭിനേതാക്കളും ചങ്ങാതിമാരും സഹപ്രവര്‍ത്തകരും എല്ലാം. വിസില്‍നാദം ഉയരുംമുമ്പേ കളിക്കളം വിട്ട് യാത്രയായി ചിലരൊക്കെ. കളി തുടര്‍ന്നു. ഇക്കുറി വിസില്‍ മുഴങ്ങിയത് റഫറിയുടെ സെല്‍ഫ് വിസിലായി. പൊടുന്നനവെ കളംവിട്ട് ഒഴിയുമ്പോള്‍ ജീവിതത്തിലുടനീളം നാടകീയസന്ധികള്‍ തീര്‍ക്കുന്നതില്‍ അഭിരമിച്ചിരുന്ന ആ മനസ്സ് മരണത്തെയും മറ്റൊരു മുഹൂര്‍ത്തമാക്കി പകുത്തു നല്‍കുകയായിരുന്നു. തുടര്‍ച്ചയായ വേര്‍പിരിയലുകള്‍ ഒരു സത്യം പേര്‍ത്തും പേര്‍ത്തും സാക്ഷ്യപ്പെടുത്തുന്നു; സങ്കീര്‍ത്തനങ്ങളില്‍ പണ്ടേ മുഴങ്ങിയ സാക്ഷ്യം. മനുഷ്യന്‍ എത്ര താല്‍ക്കാലികന്‍!

*
ജോണ്‍ പോള്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ് 22 ഏപ്രില്‍ 2012