Showing posts with label പുസ്‌തക നിരൂപണം. Show all posts
Showing posts with label പുസ്‌തക നിരൂപണം. Show all posts

Friday, April 25, 2014

ചെറുകാടിന്റെ കരുത്ത്

മലയാളത്തിലെ വിഖ്യാത എഴുത്തുകാരനായ ചെറുകാടിന്റെ ജീവിതകഥയാണ് ""ചെറുകാട്: എഴുത്തും കരുത്തും"". കേരള സാഹിത്യഅക്കാദമിക്കുവേണ്ടി കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ഇയ്യങ്കോട് ശ്രീധരനാണ് ഗ്രന്ഥം രചിച്ചത്. സാഹിത്യഅക്കാദമിയിലും സംഗീതനാടക അക്കാദമിയിലും ഭാരവാഹിത്വം വഹിക്കുകയും പുരോഗമന കലാസാഹിത്യസംഘത്തെ നയിക്കുകയും ചെയ്തപ്പോള്‍ പതിറ്റാണ്ടുകളായി ചെറുകാടുമായി നിരന്തരം ഇടപഴകാന്‍ അവസരം ലഭിച്ച ഇയ്യങ്കോടിന് ചെറുകാട് ചരിതം കരതലാമലകമത്രേ. മഹാവനമായ ചെറുകാടിന്റെ സാഹിത്യവും മനോസഞ്ചാരവും വ്യാകുലതകളും വഴിത്തിരിവുകളും കാണിച്ചുതരുന്ന കൃതി എന്ന് പുരുഷന്‍ കടലുണ്ടി പരിചയപ്പെടുത്തിയതില്‍ അപാകതയില്ല. ""ഇതാ, എന്റെ സ്വന്തം ഒരാള്‍"" എന്ന തോന്നലുളവാക്കാറുള്ള ചെറുകാട് എന്ന് തുടങ്ങുന്ന അവതാരിക എം ടി വാസുദേവന്‍നായരുടേതാണ്. ജീവിതപ്പാതയെയാണ് ഇയ്യങ്കോട് പിന്തുടര്‍ന്നിട്ടുള്ളത്. കൂടെ ചേര്‍ത്തത് ദീര്‍ഘകാലം സഹപ്രവര്‍ത്തകനായതിന്റെ അനുഭവ സമ്പത്തും. ""നാടും തറവാടും കുട്ടിക്കാലവും"" പ്രഥമാധ്യായം.

ഞാനൊരു അമ്പലവാസിയാണ് എന്ന സത്യവാങ്മൂലത്തില്‍ പിടിച്ച് പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളത്തിലെ സാമൂഹ്യാന്തരീക്ഷത്തിലേക്ക് ഗ്രന്ഥകാരന്‍ കടക്കുന്നു. പിഷാരടിമാര്‍ ജൈനമതക്കാരുടെ വംശപരമ്പരയില്‍പെട്ടതാണെന്ന് ഇയ്യങ്കോട് പ്രസ്താവിക്കുന്നു. അതിലേറെ വസ്തുതാപരമാണ് അമ്പലവാസികളുടെ സാമൂഹ്യാസ്തിത്വത്തെ ചെറുകാട് വെളിപ്പെടുത്തിയത് എന്ന് തോന്നി:

""നമ്പൂരിതന്‍ താഴെ,
നായര്‍ക്കുമീതെയായ്
അമ്പലവാസിഞാന്‍
മൂടിത്തിരിയവേ...""

വല്ലാത്തൊരു സന്ദിഗ്ധതയാണത്. അവിടെ തനിക്ക് വഴികാണിച്ചതും ലക്ഷ്യബോധം പകര്‍ന്നതും കമ്യൂണിസ്റ്റ് പ്രസ്ഥാനമാണെന്ന് ചെറുകാട് അരുളി. വള്ളുവനാട്, ഏറനാട് എന്നീ പ്രാചീന ഇടങ്ങളുടെ ചരിത്രം വിശകലനം ചെയ്യുന്നുണ്ട്-പ്രാരംഭത്തില്‍. ഇവിടെ ഒരു കാര്യം ഓര്‍ക്കാവുന്നതാണ്, ജീവിതപ്പാതയില്‍ മാത്രമല്ല "മണ്ണിന്റെ മാറില്‍", "മുത്തശ്ശി", "ശനിദശ" എന്നീ നോവലുകളിലും ചെറുകാട് വള്ളുവനാടിന്റെ ചരിത്രം വിസ്തരിക്കുന്നുണ്ട്.

വള്ളുവനാടിന്റെ ഹൃദയം എന്ന് ചെറുകാട് കരുതുന്ന പുലാമന്തോളിലിരുന്ന് കുറിച്ചുവെച്ച ദേശചരിത്രം പ്രധാനമാണ്. എന്നല്ല ഒടുക്കം ""ജന്മഭൂമി"" എന്നൊരു നാടകംതന്നെ എഴുതി. സി വി രാമന്‍പിള്ള തിരുവിതാംകോടിന്റെയും അപ്പന്‍തമ്പുരാന്‍ കൊച്ചിയുടേതുമെന്നപോലെ ചെറുകാട് വള്ളുവനാടിന്റെ ചരിത്രകാരന്‍കൂടിയാണ് എന്നു പറഞ്ഞാല്‍ പാപമില്ല എന്നു തോന്നുന്നു. സുഖദുഃഖ സമ്മിശ്രമായിരുന്നു ചെറുകാടിന്റെ ബാല്യം. മരുമക്കത്തായ സമ്പ്രദായത്തിന്റെ ശകാരവും ഭേദ്യവും ഒരുവശത്ത്. നേരവും കാലവുമനുസരിച്ച് വല്ലപ്പോഴും ഒഴുകുന്ന അമ്മാവന്റെ വാത്സല്യം മറുവശത്ത്. മരുമക്കളുടെ അനുസരണവും ആദരവും എപ്പോഴും. ആറ്റുനോറ്റു പിറന്ന ഉണ്ണിയായിരുന്നല്ലോ ഗോവിന്ദന്‍. സ്കൂള്‍ വിദ്യാഭ്യാസം വളവും തിരിവും നിറഞ്ഞ വഴികളില്‍. സംസ്കൃതപഠനവും വൈദ്യം ഹൃദിസ്ഥമാക്കിയതും ജീവിതപ്പാതയില്‍ താങ്ങും തണലുമായി. അതിനിടയ്ക്ക് മുറപ്പെണ്ണായ ലക്ഷ്മിക്കുട്ടിയോടുള്ള പ്രണയത്തിന് വിത്തിട്ടു. ഇണങ്ങിയും പിണങ്ങിയും കണ്ണീരൊഴുക്കിയും ആവേശം പകര്‍ന്നും ആ കാക്കക്കുറത്തി കണവനെ കൊണ്ടുനടന്നു. അധ്യാപകവൃത്തിയും കര്‍ഷകവേലയുമായി ചെറുകാട് നിലയുറപ്പിച്ചുനിന്നു. ചെറുകാട് നിരത്തിയ ആത്മകഥാഖ്യാനം ഇയ്യങ്കോട് ഭംഗിയായി ആവിഷ്കരിച്ചിട്ടുമുണ്ട്. ക്ഷേത്രപ്രവേശന ശ്രമം, കോണ്‍ഗ്രസ് പ്രവര്‍ത്തനം, ഗാന്ധിജിയെ പിന്തുടര്‍ന്നത്, പതുക്കെ പതുക്കെ കമ്യൂണിസ്റ്റായത്. ഇ എം എസ് നമ്പൂതിരിപ്പാട് അയല്‍ക്കാരന്‍ മാത്രമല്ല ആരാധ്യ പുരുഷനുമായിരുന്നു. അപ്പോഴേക്ക് എഴുത്തുകാരനെന്ന ഖ്യാതിയും പരന്നിരുന്നു.

""ചെറുകാട്-പാര്‍ടിയുടെ കവി"" എന്നാണ് സഖാക്കള്‍ പരിചയപ്പെടുത്തുക. നാടകത്തിലാണ് അധികം മോഹവും മിടുക്കും. ചൊവ്വൂര്‍ നമ്പൂതിരിപ്പാട് ആണ് നാടകത്തിലേക്ക് ഉപനയിച്ചത്-പ്രഹ്ലാദ ചരിതം എന്ന സംഗീത നാടകമാണ് കന്നിക്കൃതി. (ഇവിടെ ഇയ്യങ്കോടിന് നിസ്സാരമെങ്കിലും ഒരു അശ്രദ്ധപറ്റി "കുട്ടിത്തമ്പുരാന്‍" സി എം നീലകണ്ഠന്‍ നമ്പൂതിരിപ്പാടാണ് എന്ന്. അത് അനുജന്‍ സി എം എസ് നമ്പൂതിരിപ്പാടാണ്. കുട്ടിത്തമ്പുരാന്‍ എന്ന നാടകത്തിലെ വലിയ തമ്പുരാന്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടല്ലതാനും.) അതിനിടയ്ക്ക് തറവാടുഭരണവും ചുമക്കേണ്ടിവന്നു. പഴയ പ്രൗഢിയേ ഉള്ളൂ. കെട്ടിയിരിപ്പൊന്നുമില്ല. അധ്വാനിക്കാന്‍ വശത ഉള്ള ആണ്‍തരികളുമില്ല. എന്നാലും ചെറുകാട് പിടിച്ചുനടത്തി. അതിനിടയ്ക്ക് ലക്ഷ്മിക്കുട്ടിയെ പരിണയിക്കുകയും ചെയ്തു. പല സ്കൂളിലായി അവര്‍ അധ്യാപികയായി. പക്ഷേ വിവാഹനിശ്ചയവേളയിലെ വാക്കാല്‍ കരാറുപ്രകാരം അവരുടെ ശമ്പളം അമ്മാവന് കൊടുക്കണം. അന്നത്തെ ധര്‍മ്മസങ്കടമാണ് ""അടിമ"" എന്ന ലഘു നാടകത്തിലുള്ളത്. രാഷ്ട്രീയ പ്രവര്‍ത്തനം കേമമായി നടന്നു. രാഷ്ട്രീയ ഗുരുനാഥന്‍ സി ആര്‍ - രാമന്‍കുട്ടിനായര്‍. പാര്‍ടി നേതാവ്, പില്‍ക്കാലത്ത് അധ്യാപക പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍.

അതിനിടയ്ക്കാണ് കെ പി നാരായണപിഷാരടി പാവര്‍ട്ടി സംസ്കൃത കോളേജിലേക്ക് വിളിച്ചത്. അവിടെ ""ശീലാവതി മുന്‍ഷി"" യായി കുലപതിയുടെ സഹജീവിയായി കൂടി. കെ പി നാരായണപിഷാരടി, പി സി വാസുദേവനിളയത്, ശ്രീകൃഷ്ണശര്‍മ്മ, എം പി ശങ്കുണ്ണിനായര്‍ എന്നീ പണ്ഡിതവരേണ്യന്മാരുടെ സമ്പര്‍ക്കത്തില്‍ സംസ്കൃത മഹാകാവ്യങ്ങളുടെ മധുരം മോന്തിക്കുടിച്ചു. എം എസ് മേനോന്‍, കോവിലന്‍ എന്നീ ശിഷ്യന്മാരുടെ സഹവാസം ഉത്സാഹം പകര്‍ന്നു. അണ്ടത്തോട് ഫര്‍ക്കയിലെ പാര്‍ടി പ്രവര്‍ത്തനം സംതൃപ്തി നല്‍കി. എന്നാല്‍ പ്രണയിനിയുടെയും കുട്ടികളുടെയും കൂട്ടില്ലാത്തത് ചുളുചുളെ കുത്തലുണ്ടാക്കി. ജാപ്പ് വിരുദ്ധപാടകം, ഓട്ടന്‍തുള്ളല്‍ എന്നിങ്ങനെ പാര്‍ടിക്ക് ഉണര്‍വുണ്ടാക്കുന്ന കലാവിദ്യകള്‍ എം പി ഭട്ടതിരിപ്പാടിന്റെ സഹായത്തോടെ ബോംബെതൊട്ട് കണ്ണൂര്‍വരെ കൊണ്ടുനടന്നത് ചെറുകാടിനെ ജനപ്രിയനാക്കി. പക്ഷേ പാവര്‍ടി ജീവിതംവിട്ട് നാട്ടിലേക്ക് മടങ്ങാന്‍ ചെറുകാടിന് ധൃതിയായി. പുലാമന്തോളിലും പാര്‍ടി പ്രവര്‍ത്തനത്തിലുണ്ടായിരുന്നു. ചരിത്രപ്രസിദ്ധമായ നെല്ലായ പുരോഗമന സാഹിത്യ സമ്മേളനത്തിന്റെ മുഖ്യ സംഘാടകനായത് ചെറുകാടിനെ സാഹിത്യലോകത്ത് പ്രസിദ്ധനാക്കി. മഹാകവി ജി, മുണ്ടശ്ശേരി തുടങ്ങിയ വമ്പന്മാരും കൊമ്പന്മാരും അണിനിരന്ന സമ്മേളനത്തിന്റെ സഹായികളില്‍ പ്രധാനി ഒ എം സി നാരായണന്‍ നമ്പൂതിരിയായിരുന്നു.

പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്കൃത കോളേജിനെ കേരളത്തിലെ ഒന്നാംകിട കോളേജാക്കി ഉയര്‍ത്തുന്നതില്‍ ഇ പി ഗോപാലനോടൊപ്പം ചെറുകാട് നടത്തിയ കഠിനാധ്വാനം വാഴ്ത്തത്തക്കതാണ്. ഇനിയും പറയാനേറെയുണ്ട്. ചെറുകാടിന്റെ കുടുംബത്തെ വിശദമായി പരിചയപ്പെടുത്തി ഒന്നാം പടലം അടയ്ക്കുന്നു. രണ്ടാം പടലത്തില്‍ ചെറുകാടിന്റെ സാഹിത്യദര്‍ശനം, രചനയിലെ രസതന്ത്രം എന്നീ ലേഖനങ്ങളാണ്. മഹാകവി പി കുഞ്ഞിരാമന്‍നായരുടെയും സി പി ചിത്രഭാനുവിന്റെയും ഓര്‍മ്മക്കുറിപ്പുകളുമുണ്ട്. ചെറുകാടിന്റെ കൃതികള്‍, ചെറുകാടിനെക്കുറിച്ചുള്ള പഠനങ്ങള്‍, കുറെ ഫോട്ടോകള്‍-ഇയ്യങ്കോടിന്റെ പഠന ഗ്രന്ഥത്തിന് പൂര്‍ണതയേകുന്നു.

*
പാലക്കീഴ് നാരായണന്‍

Sunday, January 19, 2014

ചരിത്രവഴികളില്‍

കഴിഞ്ഞ നാലുവര്‍ഷമായി ചരിത്രവഴികളിലാണ് കണ്ണൂര്‍ പാട്യം ഗോപാലന്‍ സ്മാരക പഠന ഗവേഷണ കേന്ദ്രം. അവിഭക്ത കണ്ണൂര്‍ ജില്ലയിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ വിശദമായ ചരിത്രരചനയാണ് പഠനകേന്ദ്രം ഏറ്റെടുത്തത്. ആദ്യത്തെ നാലുവര്‍ഷം കൊണ്ടുതന്നെ കണ്ണൂര്‍ ജില്ലയിലെ രക്തരൂഷിതമായ സമരങ്ങളുടെയും, സഹനങ്ങളുടെയും, രക്തസാക്ഷ്യങ്ങളുടെയും ചരിത്രം ഒന്നും രണ്ടും സഞ്ചികകളിലൂടെ പഠനകേന്ദ്രം ജനങ്ങളുടെ മുന്നില്‍ എത്തിച്ചുകഴിഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം എന്നത് കമ്യൂണിസ്റ്റ് പാര്‍ടിയുടെ രൂപീകരണം മുതലുള്ള ഔപചാരിക പ്രവര്‍ത്തനങ്ങളുടെ ക്രോഡീകരണമായല്ല ഈ പുസ്തകത്തില്‍ കണക്കാക്കുന്നത്.

കണ്ണൂരിന്റെ നീണ്ടകാല പൊതുചരിത്രത്തില്‍ നിന്നുതന്നെയാണ് കണ്ണൂര്‍ ജില്ല കമ്യൂണിസ്റ്റ് പാര്‍ടി ചരിത്രം എന്ന പുസ്തകം ആരംഭിക്കുന്നത്. കണ്ണൂരിന്റെ അതിപ്രാചീന ചരിത്രം, നാടുവാഴിത്തകാലം, വിദേശികളുടെ വരവ്, നവോത്ഥാന പ്രസ്ഥാനങ്ങളുടെ കണ്ണൂരിലെ പ്രത്യേകമായ പ്രവര്‍ത്തനങ്ങളും ഇടങ്ങളും, ദേശീയപ്രസ്ഥാനത്തിന്റെ പ്രോജ്വലമായ തുടക്കങ്ങള്‍, 1930 ലെ പയ്യന്നൂരിലേക്കുള്ള ഉപ്പ് സത്യഗ്രഹജാഥയുടെ പൂര്‍ണചരിത്രം എന്നിവയെല്ലാം പൊതുചരിത്ര രചനയുടെ കാഴ്ചപ്പാടില്‍നിന്ന് വിശദീകരിച്ചുകൊണ്ടാണ് ആദ്യകാല കര്‍ഷകപ്രസ്ഥാനത്തിന്റെ സൂക്ഷ്മചരിത്രത്തിലേക്ക് കടക്കുന്നത്. ജന്മിത്വത്തിന്റെ കിരാതഭരണത്തിന് കനത്ത പ്രഹരമേല്‍പ്പിച്ചുകൊണ്ടാണ് മലബാറില്‍ കര്‍ഷകസംഘം വേരുറപ്പിച്ചത്. 1939 ഡിസംബറില്‍ പിണറായിയില്‍ ചേര്‍ന്ന രഹസ്യസമ്മേളനത്തോടെ പരസ്യപ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിച്ച കമ്യൂണിസ്റ്റ് പാര്‍ടി ഈ ജന്മിത്വവിരുദ്ധ പോരാട്ടങ്ങളുടെ നടുനായകത്വം ഏറ്റെടുത്തു. കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ കര്‍ഷകരും, അക്കാലത്തുതന്നെ ശക്തമായ രീതിയില്‍ പ്രവര്‍ത്തനം ആരംഭിച്ചുവന്ന തൊഴിലാളി സംഘടനകളുമാണ് 1940 ലെ സാമ്രാജ്വത്വവിരുദ്ധദിനാചരണം ചോരയില്‍ ചുവപ്പിച്ചുകൊണ്ട് ഇതിഹാസമെഴുതിയത്.

മൊറാഴയിലെ അഞ്ചാംപീടികയില്‍ എസ്ഐ കുട്ടിക്കൃഷ്ണമേനോനും ഗോപാലന്‍നായര്‍ എന്ന ഒരു പൊലീസുകാരനും മരിച്ചുവീണു. തലശേരിയില്‍ അബുമാസ്റ്ററും മുളിയന്‍ ചാത്തുക്കുട്ടിയും ധീരരക്തസാക്ഷികളായി. മട്ടന്നൂരില്‍ ഒരു പൊലീസുകാരന്‍ ഏറ്റുമുട്ടലില്‍ മരിച്ചു. ചോരയില്‍ കുതിര്‍ന്ന ഈ ചരിത്രങ്ങള്‍ വിശദമായി രേഖപ്പെടുത്തിക്കൊണ്ടാണ് ഒന്നാം സഞ്ചികയ്ക്ക് വിരാമമിടുന്നത്. രണ്ടാം ലോകമഹായുദ്ധവും അനന്തരസംഭവങ്ങളും കമ്യൂണിസ്റ്റ് പാര്‍ടിയെ പൊതുവായും കണ്ണൂര്‍ ജില്ലയിലെ പാര്‍ടിയെ പ്രത്യേകമായും ഏതുവിധേനയെല്ലാം ബാധിച്ചു എന്ന് വിശകലനംചെയ്തുകൊണ്ടാണ് രണ്ടാം സഞ്ചിക ആരംഭിക്കുന്നത്.

1942ലെ ക്വിറ്റിന്ത്യാ സമരകാലത്ത് പാര്‍ടി നേരിടേണ്ടിവന്ന പ്രശ്നങ്ങളെ പുസ്തകം നന്നായി അവലോകനംചെയ്യുന്നു. ഭക്ഷ്യക്ഷാമം നേരിടാനുളള ചെറുത്തുനില്‍പ്പിന്റെയും കൂട്ടുകൃഷിയുടെയും അനന്തരഫലമായാണ് ജന്മിമാരും കര്‍ഷകസംഘവും തമ്മില്‍ സംഘര്‍ഷങ്ങള്‍ രൂക്ഷമായത്. ന്യായമായ വിലയ്ക്ക് നെല്ല് സാധാരണ ജനങ്ങള്‍ക്ക് വില്‍ക്കണമെന്നും കരിഞ്ചന്ത തടയണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് 1946 ല്‍ കരിവെള്ളൂരിലും കാവുമ്പായിയിലും സമരങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. രക്തരൂഷിതമായ ഈ സമരങ്ങളുടെയെല്ലാം സമ്പൂര്‍ണചരിത്രം രണ്ടാം സഞ്ചികയില്‍ കൈകാര്യംചെയ്തിട്ടുണ്ട്. കരിവെള്ളൂര്‍, കാവുമ്പായി രക്തസാക്ഷ്യങ്ങള്‍ കമ്യൂണിസ്റ്റ് ചരിത്രത്തിലെ സുവര്‍ണനക്ഷത്രങ്ങളാണ്. 1947-48 കാലം കണ്ണൂരില്‍ കമ്യൂണിസ്റ്റ് വേട്ടക്കാലമായിരുന്നു. കല്‍ക്കത്താ തീസീസിന്റെ പേരും പറഞ്ഞ് കോണ്‍ഗ്രസും ഗുണ്ടാപ്പടയും കമ്യൂണിസ്റ്റുകാരെ വേട്ടയാടി. ഗാന്ധിയന്‍ കമ്യൂണിസ്റ്റായ മൊയാരത്ത് ശങ്കരനെപ്പോലും ഗുണ്ടകള്‍ പിടികൂടി നിഷ്ഠുരമായി മര്‍ദിച്ചുകൊലപ്പെടുത്തി. 57-ല്‍പ്പരം സഖാക്കള്‍ക്ക് ആ കാലംവരെ ആത്മത്യാഗം ചെയ്യേണ്ടിവന്നിട്ടുണ്ട്.

ചെറുത്തുനില്‍പ്പിന്റെ ഇതിഹാസോജ്വല സമരങ്ങളാണ് 1948 കാലം മുതല്‍ 1950 വരെ കണ്ണൂരില്‍ അരങ്ങേറിയത്. മുനയന്‍കുന്ന്, കോറോം, പെരളം, പഴശ്ശി, തില്ലങ്കേരി, പായം എന്നീ പടനിലങ്ങളിലെല്ലാം ചെറുത്തുനില്‍പ്പുകളുണ്ടായി. ജനനായകരായ കുഞ്ഞാപ്പു മാസ്റ്റര്‍, സി അനന്തന്‍, ബാലകൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയ പടനായകരെല്ലാം രക്തസാക്ഷികളായി. ഈ പോരാട്ടങ്ങളുടെ ഇതുവരെ വേണ്ടത്ര അനാവരണം ചെയ്യപ്പെട്ടിട്ടില്ലാത്ത വിശദചരിത്രം ഈ പുസ്തകത്തില്‍ അനാവരണംചെയ്യപ്പെട്ടിരിക്കുന്നു. ചരിത്രത്തിലെ സമാനതകളില്ലാത്ത ക്രൂരതയാണ് സേലം ജയിലില്‍ 1950 ല്‍ അരങ്ങേറിയത്. 22 സഖാക്കളെ നിഷ്ഠുരമായി ജയലധികാരികള്‍ വെടിവച്ചുകൊന്നു. അതില്‍ 18 പേരും കണ്ണൂര്‍ ജില്ലക്കാരായിരുന്നു. ഈ സഖാക്കളെക്കുറിച്ചെല്ലാം ചരിത്രപുസ്തകം വിശദമായി ചര്‍ച്ചചെയ്യുന്നുണ്ട്. സേലം ജയില്‍ വെടിവയ്പിനു ശേഷം നടന്ന മറ്റൊരു കൊടുംക്രൂരതയാണ് പാടിക്കുന്നിലെ വെടിവയ്പ്. ജയിലിലെ റിമാന്‍ഡ് തടവുകാരായിരുന്ന രയിരുനമ്പ്യാര്‍, കുട്ട്യപ്പ, ഗോപാലന്‍നമ്പ്യാര്‍ എന്നിവരെ കള്ളജാമ്യത്തില്‍ ഇറക്കി മെയ് 4ന് പുലര്‍കാലത്ത് പാടിക്കുന്നിന്റെ നെറുകയില്‍ കൊണ്ടുപോയി വെടിവച്ചുകൊന്നു. കോണ്‍ഗ്രസ് ഭരണാധികാരികളുടെ നിഷ്ഠുരതകള്‍ കൂടിവരുംതോറും പാര്‍ടി കൂടുതല്‍ ജനസ്വീകാര്യത നേടിവന്നിരുന്ന ചരിത്രമാണ് കണ്ണൂര്‍ ജില്ലയുടേത്. 1952 ലെ തെരഞ്ഞെടുപ്പില്‍ മലബാറില്‍ പാര്‍ടി നേടിയ കനത്ത വിജയം അതാണ് തെളിയിച്ചത്. ഈ തെരഞ്ഞെടുപ്പിന്റെ വിശദമായ വിവരണങ്ങളോടെയും, ഇക്കാലയളവില്‍ നമുക്ക് നഷ്ടപ്പെട്ട മഹാനായ നേതാവ് കൃഷ്ണപിള്ളയുടെ തീരാനഷ്ടം അടയാളപ്പെടുത്തിയുമാണ് കമ്യൂണിസ്റ്റ് പാര്‍ടി ചരിത്രത്തിന്റെ രണ്ടാം സഞ്ചിക അവസാനിക്കുന്നത്. നേരത്തെ സൂചിപ്പിച്ചതുപോലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെമാത്രം ചരിത്രപുസ്തകമല്ല ഇത്. പതിതവര്‍ഗം എങ്ങനെ നിവര്‍ന്നുനിന്നു പോരാടി അടിമത്തം അവസാനിപ്പിച്ച് സാമൂഹ്യനീതിക്കുവേണ്ടി നായകസ്ഥാനം ഏറ്റെടുത്ത് സമൂഹത്തെ ആകെ മുന്നോട്ടുനയിച്ചു എന്ന് വസ്തുനിഷ്ഠമായി രേഖപ്പെടുത്തുന്ന സാമൂഹ്യചരിത്ര പുസ്തകംകൂടിയാണ്.

പുസ്തകരചനയുടെ സാമ്പ്രദായിക രീതികളെ ഈ പുസ്തകം നിരാകരിക്കുന്നു. ഒരുകൂട്ടം എഴുത്തുകാരുടെ കൂട്ടായ്മയുടെ സൃഷ്ടിയാണ് ഈ പുസ്തകം. അതില്‍ അക്കാദമിക് പണ്ഡിതന്മാരും അമേച്വര്‍ ചരിത്രകാരന്മാരും ഉള്‍ച്ചേര്‍ന്നിരുന്നു. വില്ലേജ് തലത്തില്‍ വിവരം ശേഖരിച്ച് നല്‍കി സിപിഐ എം ലോക്കല്‍ കമ്മിറ്റികളും ഈ ഉദ്യമത്തില്‍ പങ്കാളികളായി. സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ചീഫ് എഡിറ്ററും സി പി അബൂബക്കര്‍ എഡിറ്ററുമായ എഡിറ്റോറിയല്‍ ബോര്‍ഡാണ് ഈ പുസ്തകം എഴുതിത്തയ്യാറാക്കിയത്. ഡോ. സി ബാലന്‍, കവിയൂര്‍ രാജഗോപാലന്‍, പയ്യന്നൂര്‍ കുഞ്ഞിരാമന്‍, കെ ഭാസ്കരന്‍ മാസ്റ്റര്‍ തുടങ്ങിയവരാണ് മറ്റു പങ്കാളികള്‍. കണ്ണൂര്‍ ജില്ല കമ്യൂണിസ്റ്റ് പാര്‍ടി ചരിത്രം ഒന്നും രണ്ടും സഞ്ചികകള്‍ക്ക് യഥാക്രമം 200, 300 രൂപയാണ് വില.

*
കീച്ചേരി രാഘവന്‍ (പുസ്തകത്തിന്റെ എഡിറ്റോറിയല്‍ കോ-ഓഡിനേറ്ററായിരുന്നു ലേഖകന്‍ )

പിശാചുവേട്ട

പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇംഗ്ലണ്ടിലെ ലാങ്കഷയറില്‍ നടന്ന പിശാചുവേട്ട ഒരുപക്ഷേ ഏറ്റവും ആധുനികവും പ്രബുദ്ധവും എന്ന് സ്വന്തം സംസ്കാരത്തെക്കുറിച്ച് വീമ്പിളക്കിയ ബ്രിട്ടീഷ് ജനതയ്ക്ക് ചരിത്രത്തില്‍ മുഖം കുനിക്കേണ്ടിവന്ന ഒരേടാണ് എന്നുപറയാം. 1612ലെ ഈ പിശാച് വിചാരണയാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഇത്തരം വേട്ടകളില്‍ ആദ്യത്തേത്. ആഭിചാരിണികള്‍ എന്ന് മുദ്രകുത്തി കൊന്നൊടുക്കിയ അനേകം സ്ത്രീകള്‍ ലോകചരിത്രത്തിലുണ്ട്. പലപ്പോഴും മതവിരുദ്ധതയോ മതനിന്ദയോ രാജ്യദ്രോഹമോ ആരോപിച്ച് ഇവരെ അതിക്രൂരമായി നിയമത്തിന്റെ സഹായത്തോടെതന്നെ പീഡിപ്പിക്കുമ്പോഴും അതിന്റെ അടിസ്ഥാനം ക്രൂരതയില്‍ ആനന്ദം അനുഭവിക്കുന്ന ഒരുതരം മനോവൈകൃതമായിരുന്നു എന്നുള്ളതില്‍ സംശയമില്ല.

പുരുഷാധിപത്യത്തിനും പ്രബലമായ മത സാമൂഹികശക്തികള്‍ക്കും വഴങ്ങാത്ത സ്ത്രീകളെ ഒതുക്കാനും മെരുക്കാനും അല്ലെങ്കില്‍ ഇല്ലാതാക്കാനുമുള്ള അടവുനയങ്ങളില്‍ ഒന്നായിരുന്നു പിശാചുവേട്ട. 1605ല്‍ പ്രോട്ടസ്റ്റന്റ് മതവിശ്വാസിയും രാജാവുമായ ജെയിംസ് ഒന്നാമനെ വധിക്കാന്‍ രൂപംകൊണ്ട വെടിമരുന്ന് ഗൂഢാലോചനയ്ക്കു പിറകില്‍ പ്രവര്‍ത്തിച്ച പല കത്തോലിക്കാ വിശ്വാസികളും അന്ന് രക്ഷപ്പെട്ടത് ആരണ്യഭൂവായ ലാങ്കഷയറിലേക്കായിരുന്നു. അതുകൊണ്ടുതന്നെ പ്രൊട്ടസ്റ്റന്റ് പ്രഭുക്കന്മാരുടെ കണ്ണിലെ കരടായി മാറി ഈ കത്തോലിക്കാപ്രവിശ്യ എന്നുവേണം കരുതാന്‍. അതോടെ ജെയിംസ് ഒന്നാമന് ഒരു ബാധ പിടികൂടിയതുപോലെയായി. തന്റെ രാജ്യത്തെ പോപ്പില്‍നിന്നും പിശാചുക്കളില്‍നിന്നും രക്ഷിക്കുക എന്ന ഉച്ചാടനമന്ത്രവും ഉരുവിട്ട് നടപ്പായി അദ്ദേഹം. ഈ ചരിത്രസന്ദര്‍ഭമാണ് ജെനെറ്റ് വിന്റെര്‍സ എന്ന പ്രസിദ്ധ എഴുത്തുകാരി തന്റെ ഏറ്റവും പുതിയ നോവലായ ദി ഡേ ലൈറ്റ് ഗേറ്റിന്റെ ഇതിവൃത്തമാക്കിയിരിക്കുന്നത്.

കത്തോലിക്കര്‍ നടത്തുന്ന വിശുദ്ധ കുര്‍ബാനപോലും ഒരു പ്രൊട്ടസ്റ്റന്റ് രാജഭരണകാലത്ത് ദുര്‍മന്ത്രവാദത്തിന്റെ അനുഷ്ഠാനരൂപമായി ചിത്രീകരിക്കപ്പെടുതെങ്ങനെ എന്ന് കാട്ടിത്തരുന്നു ഈ കൃതി. ദുര്‍മന്ത്രവാദിനികള്‍ എന്ന് മുദ്രകുത്തി കല്‍ത്തുറുങ്കുകളില്‍ അടച്ചിടുന്ന ഒരുപറ്റം പാവം കര്‍ഷകത്തൊഴിലാളി സ്ത്രീകള്‍. അവര്‍ അവരുടെതന്നെ വിസര്‍ജ്യത്തില്‍ കിടന്നുറങ്ങുന്നു. ചെറുപ്പക്കാരികളെ നിത്യവും ബലാത്സംഗംചെയ്യുന്ന പാറാവുകാരന്‍. അങ്ങനെ ഭീതിജനകമായ ഒരു കാലത്തിന്റെ കറപുരണ്ടതും ഇരുള്‍മൂടിയതുമായ ചില ഏടുകളിലേക്ക് എത്തിനോക്കുന്ന ഈ കൃതി യുദ്ധവും പ്ലേഗും ഉറഞ്ഞാടിയ മണ്ണില്‍ അവശേഷിക്കുന്ന മനുഷ്യരുടെ വിലാപമാണ് ആലേഖനംചെയ്യാന്‍ ശ്രമിക്കുന്നത്. പഴയകാല ഫ്യൂഡല്‍ വ്യവസ്ഥിതിയില്‍ അധികാരകേന്ദ്രങ്ങള്‍ നിസ്സാരവും നികൃഷ്ടവുമാക്കിയ സാമാന്യ മനുഷ്യജീവിതങ്ങളില്‍നിന്ന് മാനവീയമായ എല്ലാ ചേതനയും നഷ്ടപ്പെടുന്നതും അവര്‍ തീര്‍ത്തും മനുഷ്യത്വരഹിതമായ പെരുമാറ്റം കാഴ്ചവയ്ക്കുന്ന മൃഗങ്ങളായി മാറുന്ന സ്ഥിതിവിശേഷവും അതിസൂക്ഷ്മമായി വരച്ചുകാട്ടുന്നു ഈ കൃതി. വരേണ്യവര്‍ഗം എങ്ങനെ പ്രതികരണശേഷി നഷ്ടപ്പെട്ട കോമരങ്ങളെ സൃഷ്ടിക്കുന്നു എന്നും അവരിലൂടെ അധികാരം നിലനിര്‍ത്തുന്നു എന്നും അനേകം ചെറു കഥാപാത്രങ്ങളിലൂടെ നാം കാണുന്നു.

ഒരു യക്ഷിക്കഥയുടെ എല്ലാ ആഖ്യാനതന്ത്രങ്ങളും തെല്ലും കൂസലില്ലാതെ എടുക്കുകയും അതിമനോഹരമായി ആ സങ്കേതങ്ങളുടെ സാധ്യതകളെ പ്രയോജനപ്പെടുത്താന്‍ കഴിയുകയും ചെയ്തു എന്നുള്ളതാണ് ഈ നോവലിന്റെ സവിശേഷത. സമകാലീന രാഷ്ട്രീയ സാംസ്കാരിക ഇടങ്ങളിലും പൊതുമണ്ഡലങ്ങളിലും, എന്തിന് ഇന്ന് നമ്മുടെ പല സ്ഥാപനങ്ങളില്‍പ്പോലും ഏറിവരുന്ന പിശാചുവേട്ടകളുടെ പശ്ചാത്തലത്തില്‍ ഇതിന് ഏറെ പ്രസക്തിയുണ്ട്. തനിക്ക് അനഭിമതമെന്നു തോന്നുന്ന എന്തിനും ഭ്രഷ്ടുകല്‍പ്പിക്കുകയും ഉച്ചാടനംചെയ്യാന്‍ ശ്രമിക്കുകയുംചെയ്യുന്ന ഒരു പുത്തന്‍ ബൂര്‍ഷ്വാ നീതിശാസ്ത്രത്തിന്റെയും ധര്‍മബോധത്തിന്റെയും പഴകിയ വേരുകള്‍ അനാവരണംചെയ്യുന്നു ഈ കൃതി. ഇന്ന് ഇംഗ്ലീഷ് ഗദ്യത്തില്‍ വിന്റെര്‍സന്റെ എഴുത്തിലൂടെ മുദ്രണംചെയ്യപ്പെട്ട ഒരു കാവ്യാത്മകശൈലിയും ഒരു മുത്തശ്ശിക്കഥയുടെ ഉദ്വേഗപൂര്‍ണമായ വിവരണവും മനംകവരുന്ന ദൃശ്യാത്മകതയും എല്ലാം ഈ നോവലിന്റെ മുതല്‍ക്കൂട്ടുകളാണ്. ആരോ ബുക്സാണ് പ്രസാധകര്‍.

*
ഡോ. മീന ടി പിള്ള

Sunday, November 17, 2013

നാസികളാല്‍ വേട്ടയാടപ്പെട്ട ഒരു ജനതയുടെ കഥ

ലോകമനസ്സാക്ഷിയെ പിടിച്ചുലച്ച മൃഗീയതയാണ് നാസിഭരണകാലത്ത് അരങ്ങേറിയത്. വംശീയ ശുദ്ധതയുടെയും ആര്യന്‍ മഹിമയുടെയും സന്ദേശമുയര്‍ത്തിയ ഹിറ്റ്ലര്‍ ജൂതരെയും കമ്യൂണിസ്റ്റുകാരെയും കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലും ഗ്യാസ് ചേംബറുകളിലുമടച്ച് ക്രൂരമായി വധിച്ചത് ലോകചരിത്രത്തിലെതന്നെ ഇരുണ്ട അധ്യായമാണ്. നാസികളുടെ ക്രൂരത വിവരിക്കുന്ന നിരവധി ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ആന്‍ഫ്രാങ്കിന്റെ ഡയറിയാണ് അതില്‍ ഏറെ വായിക്കപ്പെട്ടത്. ഫ്രാങ്ക്ഫര്‍ട്ടില്‍ ജനിച്ച് ഹിറ്റ്ലറുടെ ജയത്തോടെ ആസ്റ്റര്‍ഡാമിലേക്ക് കുടിയേറി അവിടെവച്ച് ജര്‍മന്‍സേനയുടെ പിടിയലകപ്പെടുകയും ബെര്‍ഗന്‍ ബെല്‍സാന്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ അന്ത്യശ്വാസം വലിക്കുകയും ചെയ്ത അനലിസ് ആന്‍ മേരി ഫ്രാങ്ക് എന്ന ജൂതപ്പെണ്‍കുട്ടിയുടെ തിക്താനുഭവങ്ങളാണ് ഈ ഡയറിയിലുള്ളത്.

1952ല്‍ ഇംഗ്ലീഷ് ഭാഷയില്‍ പുറത്തിറങ്ങിയ ഈ പുസ്തകം മലയാളമടക്കം ലോകത്തിലെ ഏതാണ്ടെല്ലാ ഭാഷകളിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് പ്രിമോ ലെവിയുടെയും ജയിംസ് ഇ യങ്ങിന്റെയും ഉള്‍പ്പെടെ നാസിക്രൂരത വെളിവാക്കുന്ന നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. അക്കൂട്ടത്തില്‍ വന്‍ സ്വീകാര്യത ലഭിച്ചതാണ് വാലെന്റിന്‍ സെന്‍ഗറുടെ "നമ്പര്‍ 12 കൈസര്‍ഹോഫ് തെരുവ്" എന്ന ഓര്‍മ പുസ്തകം. നാസികള്‍ നടത്തിയ ജൂതവേട്ടയുടെ ആഴം വ്യക്തമാക്കുന്ന അനുഭവസാക്ഷ്യമാണ് വാലെന്റിന്‍ സെന്‍ഗറുടെ കൃതി. ജൂതനായി പിറന്നതുകൊണ്ട് ഒരോനിമിഷവും ഭയത്തിന്റെ നിഴലില്‍ ജീവിക്കേണ്ടി വന്ന സെന്‍ഗറുടെ കഥ അക്കാലത്ത് ജര്‍മനിയില്‍ ജീവിച്ച ഒരോ ജൂതന്റെയും ചരിത്രമാണ്. ഹിറ്റ്ലര്‍ ജൂതരെ മാത്രമല്ല കമ്യൂണിസ്റ്റുകാരെയും വേട്ടയായടിയിരുന്നു. ജൂതനും അതേസമയം കമ്യൂണിസ്റ്റുമായാലുള്ള സ്ഥിതിയോ? അതി ഭീകരം എന്നേ പറയാനുള്ളൂ. ജൂതനും കമ്യൂണിസ്റ്റുമായിരുന്നു സെന്‍ഗര്‍. റഷ്യക്കാരായ മോഷെ റബിസാനോവിച്ചിന്റെയും ഓള്‍ഗസുദാനോവിച്ചിന്റെയും മകനായാണ് സെന്‍ഗറുടെ ജനനം. ലെനിനുമായിപ്പോലും സൗഹൃദമുണ്ടായിരുന്ന കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകനായിരുന്നു മോഷെ. സാര്‍ ചക്രവര്‍ത്തിയുടെ പീഡനം സഹിക്കവയ്യാതെയാണ് ഈ കുടുംബം ബെര്‍ലിനിലേക്ക് കുടിയേറിയത്. തുടര്‍ന്ന് ഫ്രാങ്ക്ഫര്‍ട്ടിലെ 12 കൈസര്‍ഹോഫ് തെരുവിലായിരുന്നു അവരുടെ ജീവിതം. കുട്ടികളുടെ ഗ്യാങ്ങില്‍നിന്ന് ജൂതനായതുകൊണ്ട് ഒഴിവാക്കപ്പെട്ടതായിരുന്നു സെന്‍ഗര്‍ക്കുണ്ടായിരുന്ന വംശീയവിദ്വേഷത്തിന്റെ ആദ്യ അനുഭവം.

1933 ജനുവരി 30ന് ഹിറ്റ്ലര്‍ അധികാരമേറിയതോടെ ജൂതപ്പക വര്‍ധിച്ചു. "കത്തിയില്‍നിന്ന് ജൂതരക്തം തെറിച്ചുവീഴുന്ന ദിനം മഹത്തായ ദിനം" എന്നതായിരുന്നു ഹിറ്റ്ലറുടെ മുദ്രാവാക്യം. "ഹെയ്ല്‍ ഹിറ്റ്ലര്‍" യുഗമായിരുന്നു അത്. സെന്‍ഗറുടെ അമ്മയാകട്ടെ തന്റെ കുട്ടികള്‍ ജൂതരാണെന്ന കാര്യം കഴിവതും മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയുംചെയ്തു. പലപ്പോഴും അത് വിജയിച്ചില്ലെന്നുമാത്രം. "ഹാവൂ രക്ഷപ്പെട്ടു"വെന്ന നെടുവീര്‍പ്പാണ് ഓരോഘട്ടത്തിലും ഉയര്‍ന്നത്. സ്കൂളില്‍ പഠിക്കവെ വംശവൃക്ഷത്തെക്കുറിച്ച് പ്രബന്ധമെഴുതാന്‍ ജീവശാസ്ത്ര അധ്യാപകന്‍ പറഞ്ഞപ്പോള്‍ സെന്‍ഗര്‍ അനുഭവിച്ച മാനസികവിഷമം, വയറുവേദനകൊണ്ട് പുളയുമ്പോഴും താന്‍ ജൂതനാണെന്ന് തിരിച്ചറിയുമെന്നതിനാല്‍ ഹിറ്റ്ലറുടെ കൊടുങ്കാറ്റ്പടയില്‍ പെട്ട ഡോക്ടറെ കാണാനുണ്ടായ വിഷമം, ജൂതരുടെ വൃത്തികെട്ട ഗന്ധത്തെക്കുറിച്ച് പരിതപിച്ച കാമുകി ലിസിന്റെ ക്രൂരമായ വാക്കുകള്‍, ഗെസ്റ്റപ്പോ അറസ്റ്റ് ചെയ്ത അച്ഛന്റെ പീഡനകാലം, അവസാനം അമ്മയെ ഫ്രാങ്ക്ഫര്‍ട്ടില്‍ സംസ്കരിക്കാനുണ്ടായ വിഷമങ്ങള്‍... സെന്‍ഗറുടെ ആത്മകഥ വേട്ടയാടപ്പെട്ട ഒരു ജനതയുടെ നഖചിത്രമാണ്. ഡി സി ബുക്സാണ് ഈ പുസ്തകം മലയാളത്തില്‍ പ്രസിദ്ധീകരിച്ചത്. ആത്മാവ് ചോര്‍ന്നുപോകാതെ വിവര്‍ത്തനംചെയ്ത ലളിത രാജകൃഷ്ണന്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.

*
വി ബി പരമേശ്വരന്‍

പ്രണയത്തിന്റെ മഹാഖ്യാനം

ഉത്തരാധുനികതയുടെകാലത്ത് മഹാഖ്യാനങ്ങളിലെ വാദത്തെ തിരുത്തുന്നവയാണ് ഓര്‍ഹന്‍ പാമുക്കിന്റെ നോവലുകള്‍. നൊബേല്‍സമ്മാനാര്‍ഹനായതോടെ അദ്ദേഹത്തിന്റെ രചനകള്‍ ലോകത്തിലെ വിവിധ ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു. തുര്‍ക്കിയുടെ അതിരുകള്‍ക്കപ്പുറത്തേക്ക് ഇസ്താംബുളിന്റെ ആഖ്യായികാകാരനെ എത്തിക്കുന്നതില്‍ ഈ വിവര്‍ത്തനങ്ങള്‍ വലിയ പങ്കുവഹിക്കുകയുണ്ടായി. ഇസ്താംബുളാണ് പാമുക്കിന്റെ സ്ഥിരം പശ്ചാത്തലമെങ്കിലും മനുഷ്യജീവിതമാണ് നോവലിന്റെ പ്രമേയമെന്നതുകൊണ്ട് ലോക ത്തെവിടെയും അവ സ്വീകാര്യമാകും. പ്രണയവും പ്രണയനഷ്ടവും ചതിയും അക്രമവും ആന്തരികവ്യഥകളും നിഗൂഢമായ ആനന്ദങ്ങളും ബന്ധങ്ങളും അനാഥത്വവും എല്ലാം കൂടിക്കുഴഞ്ഞ മനുഷ്യജീവിതം ഭൂമിയിലെവിടെയും ഒന്നുതന്നെ.

ഭാഷയും ഭൂമിശാസ്ത്രവും നമുക്ക് അപരിചിതമായേക്കാം; പക്ഷേ, ജീവിതം അങ്ങനെയാവില്ല. പാമുക്കിന്റെ നിഷ്കളങ്കതയുടെ ചിത്രശാല പ്രഥമവായനയില്‍ത്തന്നെ എന്റെ മനസ്സില്‍ ശക്തമായ തിരയിളക്കങ്ങള്‍ സൃഷ്ടിക്കാനുണ്ടായ കാരണവും മറ്റൊന്നായിരിക്കില്ല. ദുരന്തപ്രണയത്തിന്റെ മഹാഖ്യാനമാണ് നിഷ്കളങ്കതയുടെ ചിത്രശാല. ധനികനായ കെമാല്‍ബായിയുടെയും അയാളുമായി പ്രണയം പങ്കുവച്ച ഫ്യൂസന്റയും കഥയാണിത്. തന്റെ നിലയ്ക്കും വിലയ്ക്കുമൊത്ത സിബലുമായി വിവാഹനിശ്ചയം ചെയ്യാന്‍ തയ്യാറെടുക്കുമ്പോഴാണ് കഥാനായകന്‍ നിര്‍ധനയായ ഫ്യൂസനെ കണ്ടുമുട്ടുന്നത്. പ്രഥമദര്‍ശനത്തില്‍ത്തന്നെ അയാള്‍ അവളില്‍ അനുരക്തനാകുന്നു. പരസ്പരം തിരിച്ചറിഞ്ഞതോടെ അവരിരുവരും പ്രണയത്തിന്റെ വന്‍കരകളിലേക്ക് യാത്രകള്‍ചെയ്തു. സിബലുമായുള്ള വിവാഹനിശ്ചയത്തോടെ കെമാല്‍ബായിയുടെ ദൃഷ്ടിപഥത്തില്‍നിന്ന് ഫ്യൂസന്‍ അകന്നുപോയി. കെമാല്‍ അവളെ തേടിക്കൊണ്ടേയിരുന്നു. അയാളുടെ വിവാഹം നടന്നില്ല. അത് സാധ്യമായിരുന്നില്ല. കാരണം, അയാള്‍ ഫ്യൂസനുമായി അഗാധമായ അനുരാഗത്തിലായിരുന്നല്ലോ. ഒടുവില്‍ കെമാല്‍ ഫ്യൂസനെ കണ്ടെത്തുമ്പോഴേക്കും അവള്‍ വിവാഹിതയായിക്കഴിഞ്ഞിരുന്നു. പിന്നീട് അവളുടെ കുടുംബത്തില്‍ അയാള്‍ ഒരു നിത്യസന്ദര്‍ശകനായി. ആ കുടുംബത്തിലെ എല്ലാവര്‍ക്കും കെമാല്‍ പ്രിയപ്പെട്ടവനായി. കെമാലിനാകട്ടെ ഫ്യൂസനുമായി ബന്ധപ്പെട്ട ഓരോ വസ്തുവും വിലപ്പെട്ടതായിരുന്നു. അതെല്ലാം അയാള്‍ സൂക്ഷിച്ചുവയ്ക്കുകയും ചെയ്തു. പ്രണയിനിയുടെ കേവല സാമീപ്യത്തിനായി കെമാല്‍ തുടര്‍ച്ചയായി എട്ടുവര്‍ഷം ഒരു ദിവസവും തെറ്റാതെ അവളുടെ വീട്ടിലെത്തി.

ദസ്തയോവസ്കി തന്റെ വിഖ്യാതരചനകളിലൊന്നായ നിന്ദിതരും പീഡിതരിലും വിവരിക്കുന്നതുപോലെ പ്രണയത്തിനുവേണ്ടി കെമാലും അപമാനിതനാകാന്‍ തയ്യാറായിരുന്നു. ഒടുവില്‍ ഫ്യൂസന്‍ ഭര്‍ത്താവുമായി വേര്‍പെട്ടിട്ടും കെമാലിന് അവളുമായി ഒരുമിക്കാന്‍ സാധിക്കുന്നില്ല. ഫ്യൂസന്റെ ഓര്‍മയ്ക്കായി അവളുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ഒരു മ്യൂസിയം തുറക്കുകയാണയാള്‍ - ഠവല ാൗലൌാ ീള കിിീരലിരല. പ്രണയത്തിനായി എവിടെ എത്രവരെ താഴുകയും ഉയരുകയും ചെയ്യാമെന്നതിന്റെ ദൂരവും കാലവും കാണിച്ചുതരികയാണ് പാമുക്ക്. ദാര്‍ശനിക ഭാരങ്ങളൊന്നും ഇതിലില്ല. വലിയ പ്രപഞ്ച അപഗ്രഥനങ്ങളുമില്ല. എന്നാല്‍, പ്രമേയം വികസിക്കുന്ന ഇസ്താംബുള്‍ നഗരത്തിന്റെ വിശദമായ വിവരണമുണ്ട്. യൂറോ കേന്ദ്രീകൃത ഫിക്ഷന്റെ ഇതരപ്രദേശങ്ങളിലേക്കുള്ള ഇറങ്ങിവരല്‍കൂടിയാണ് പാമുക്കിനെപ്പോലുള്ളവരുടെ രചനകളില്‍ സാധ്യമാകുന്നത്. മുഖ്യധാര ദുര്‍ബലമാവുകയും ഉപധാരകള്‍ ശക്തമാകുകയും ചെയ്യുന്നതിന്റെ തെളിവാണിത്.

*
എസ് ജോസഫ് ദേശാഭിമാനി വാരാന്തപ്പതിപ്പ് 17 നവംബര്‍ 2013

Sunday, October 20, 2013

അക്ഷരഖനികളുടെ അന്വേഷി

പുതിയ കാലത്തിലെ എഴുത്തിന്റെ പ്രഭവകേന്ദ്രം ഭൂതകാലത്തില്‍ നിലകൊള്ളുന്നതെന്തേ? സമകാലീന സാമൂഹിക രാഷ്ട്രീയ പരിസരങ്ങളെ അടയാളപ്പെടുത്തുന്ന എഴുത്തിനെമാത്രം ഉദ്ഘോഷിച്ച കാലത്ത് പൈങ്കിളിസാഹിത്യമെന്നു പറഞ്ഞുതള്ളിയ ചരിത്ര നോവലുകള്‍ ഇന്ന് വായനക്കാരില്‍ ഏറെ ആവേശം ജനിപ്പിക്കുന്നതായി കാണാം. ഈ വര്‍ഷത്തെ ബുക്കര്‍ അവാര്‍ഡിന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ആറു നോവലുകളില്‍ ഒട്ടുമുക്കാലും ഈ ഗണത്തില്‍പ്പെടുത്താമെന്നുള്ളത് ചരിത്രത്തിന്റെ കമ്പോളവല്‍ക്കരണത്തിലേക്ക് വിരല്‍ചൂണ്ടുന്നു. 1840കളിലെ അമേരിക്കയിലെ കാലിഫോര്‍ണിയന്‍ തീരങ്ങളിലെ സ്വര്‍ണഖനി തേടിയുള്ള പരക്കംപാച്ചിലിനുശേഷം 1860കളില്‍ ഈ തിക്കിത്തിരക്ക് ന്യൂസിലന്‍ഡിലെ പടിഞ്ഞാറന്‍ തീരങ്ങളിലേക്കും അവിടത്തെ ഖനികളിലേക്കുമായി.

സ്വര്‍ണവേട്ടയുടെ ഈ പശ്ചാത്തലത്തില്‍ അരങ്ങേറുന്ന സ്തോഭജനകമായ ഒരു കുറ്റാന്വേഷണ നോവലാണ് ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ അവാര്‍ഡ് നേടിയ ന്യൂസിലന്‍ഡ് എഴുത്തുകാരി എലീനര്‍ കാറ്റെന്റെ "ദി ല്യൂമിനറീസ് " (തേജസ്വികള്‍). 828 പേജുള്ള ഈ ബൃഹത്തായ ഗ്രന്ഥം തീര്‍ത്തും വ്യത്യസ്തവും വിചിത്രവും അസാധാരണവുമായ പത്തൊമ്പതോളം കഥാപാത്രങ്ങളിലൂടെ അത്യന്തം ജിജ്ഞാസപൂര്‍ണമായ ഒരു കൊലപാതക കഥയുടെ ചുരുള്‍നിവര്‍ത്തുന്നു. ഹൊകിറ്റികാ നദിയുടെ അഴിമുഖത്ത് സ്ഥിതിചെയ്യുന്ന ഹൊകിറ്റികാ എന്ന ചെറുപട്ടണത്തിലാണ് കഥ അരങ്ങേറുന്നത്. കാറ്റും കോളുമുള്ള ഒരു ഇരുണ്ടരാത്രിയില്‍ കപ്പലിറങ്ങി ആദ്യം കണ്ട ഹോട്ടലിലെത്തുന്ന സ്കോട്ടിഷ് ചെറുപ്പക്കാരന്‍ അവിടെ അരങ്ങേറുന്ന ഒരു രഹസ്യയോഗത്തില്‍ പങ്കാളിയാകുന്നു.

12 പേരടങ്ങുന്ന ഒരു സംഘം നിഗൂഢമായ ചില രഹസ്യങ്ങള്‍ അവനോടു പറയുന്നു. ഒരു വേശ്യയുടെ ആത്മഹത്യാശ്രമവും, ഒരു ചെറുപ്പക്കാരന്റെ തിരോധാനവും, കറുപ്പുതീനികളുടെ സങ്കേതവും, പ്രേതകഥകളിലെപോലെ അജ്ഞാത തീരങ്ങളിലേക്ക് സഞ്ചരിക്കുന്ന ഒരു കപ്പലും മറ്റും. ഭൂമിയുടെ തെക്കേയറ്റത്തെ അവസാനത്തെ നഗരമെന്നു വിളിക്കാവുന്ന ഈ തീരത്ത് വന്നടിഞ്ഞ ഇവര്‍ ആരുംതന്നെ ആ നാട്ടുകാരല്ല, മാവോരി ഗോത്രവര്‍ഗക്കാരനായ ഒരാള്‍ ഒഴിച്ച്. ഒരു ജ്യോതിഷ പട്ടികക്കുള്ളിലാണ് ഓരോ കഥാപാത്രത്തിന്റെയും നില്‍പ്പ്. രാശിചക്രത്തിലെ 12 രാശികള്‍പോലെ ഇവരുടെ സഞ്ചാരങ്ങള്‍ അന്യോന്യം ബന്ധിക്കപ്പെട്ടിരിക്കുന്നു. പഴയ സ്വത്വങ്ങളെ തച്ചുടച്ച് വന്യവും നിഗൂഢവുമായ ഈ പുത്തന്‍ ലോകത്തിലെ വേറിട്ട അച്ചുകളില്‍ സ്വയം വാര്‍ത്തെടുക്കാന്‍ നിര്‍ബന്ധിതരാകുന്ന ഒരുപറ്റം മനുഷ്യരുടെ കഥകൂടിയാണിത്.

ഓരോരുത്തര്‍ക്കും മറ്റാരോടും പങ്കുവയ്ക്കാത്ത ഒരു രഹസ്യമുണ്ട്. ആ രഹസ്യങ്ങള്‍ കൂട്ടിവായിക്കുമ്പോള്‍ മാത്രമേ അവര്‍ തേടുന്ന വലിയ കടങ്കഥയുടെ ഉത്തരം കിട്ടൂ. ആദ്യവസാനംവരെ വായനക്കാരെ പിടിച്ചിരുത്തുന്ന ഉദ്വോഗജനകമായ ഇതിവൃത്തവും അതിനു പൂരകമായ ഒരു വിവരണശൈലിയും അത്യന്തം ഹൃദ്യമായ ഒരു വായനാനുഭവം പ്രദാനംചെയ്യുന്നു ഈ നോവല്‍. ജനപ്രിയ സാഹിത്യത്തിന്റെ മാതൃക പിന്തുടരുന്നെങ്കിലും സങ്കീര്‍ണവും വ്യത്യസ്തവുമായ രൂപഘടനയും പല വീക്ഷണകോണിനു നടുവില്‍ തത്തിക്കളിക്കുന്ന ആഖ്യാനവും ഈ നോവലിന്റെ സവിശേഷതകളാണ്. ഏറെ പ്രശംസനീയമായ പാത്രസൃഷ്ടിയും രസകരമായ സംഭാഷണങ്ങളും, മനുഷ്യമനസ്സുകളിലേക്ക് ഏറെ സൂക്ഷ്മതയോടെ ഇറങ്ങിച്ചെല്ലാനുള്ള കഥാകൃത്തിന്റെ അസാമാന്യ പാടവവും, വാക്കുകളെ മുത്തുകള്‍പോലെ കോര്‍ത്തെടുത്ത് അനുഭവങ്ങളുടെ മായാജാലം സൃഷ്ടിക്കാനുള്ള ചാതുര്യവും ഒക്കെ വായനക്കാരെ ത്രസിപ്പിക്കും എന്നുള്ളതിന് സംശയമില്ല.

ഒരേസമയം വൃത്താന്തങ്ങളിലേക്ക് വെളിച്ചം വിതറുകയും പിന്നീട് ഇരുളിലാഴ്ത്തുകയും ചെയ്യുന്നതിലൂടെ ഒരു അപസര്‍പ്പക കഥയുടെ പരിണാമഗുപ്തി നിലനിര്‍ത്താന്‍ കഴിയുന്നുണ്ട് കാറ്റന്. ഒരു ഉത്തരാധുനിക കഥയുടെ അന്ത്യവെളിപാടിലാണ് നോവല്‍ അവസാനിക്കുന്നത്. മറ്റുള്ളവരുടെ സത്യങ്ങള്‍ ഒരിക്കലും നമ്മുടെ സത്യങ്ങളാക്കി ചുമലിലേറ്റരുതെന്ന അടിസ്ഥാന തത്വം. ബുക്കര്‍ നേടുന്ന ഏറ്റവും ദീര്‍ഘമേറിയ നോവല്‍കൂടിയാണ് ഇത്. ഗ്രാന്റയാണ് പ്രസാധകര്‍.

*
ഡോ. മീന ടി പിള്ള ദേശാഭിമാനി വാരാന്തപ്പതിപ്പ്

Friday, September 13, 2013

കേരളീയ നവോത്ഥാനത്തിന്റെ കീഴാളവായന

ദേശീയതയുടെയും നവോത്ഥാനത്തിന്റെയും ഏകശിലാത്മകവും അധീശത്വപരവുമായ വ്യവഹാരങ്ങള്‍ ബഹുമുഖമായ വിചാരമാതൃകകളാല്‍ പുനര്‍വായനയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു ചരിത്രസന്ദര്‍ഭമാണിത്. ആധുനികതയുമായി ബന്ധപ്പെട്ട് നടക്കുന്ന സംവാദങ്ങളില്‍ പ്രാമാണിക സ്ഥാനം വഹിക്കുന്നത് ഒരുപക്ഷേ നവോത്ഥാനം തന്നെയാവും. "ഇന്ത്യന്‍ നവോത്ഥാന"മെന്ന പേരിലറിയപ്പെടുന്ന മത നവീകരണപ്രസ്ഥാനങ്ങള്‍ സാംസ്കാരിക ദേശീയതയുടെയും പുനരുത്ഥാനത്തിന്റെയും ഊര്‍ജകേന്ദ്രമായതെങ്ങനെയെന്നതുമുതല്‍ കീഴാള സംസ്കാരങ്ങളെയും മറ്റും ചവിട്ടിമെതിച്ച് അരികുവല്‍ക്കരിക്കുന്നതും സവര്‍ണ സംസ്കാരത്തിലേക്ക് ഉദ്ഗ്രഥിക്കുന്നതുമെങ്ങനെ എന്ന് സിദ്ധാന്തവല്‍ക്കരിക്കുന്ന പഠനങ്ങള്‍ വരെ ഇന്ന് സജീവമാണ്.

തദ്ദേശീയ പാരമ്പര്യങ്ങള്‍ "പഴഞ്ചനാ"യതുകൊണ്ടുമാത്രം ഉപേക്ഷിച്ച ആധുനിക ഇന്ത്യന്‍ ബുദ്ധിജീവികളെ അധിനിവേശാനന്തര സൈദ്ധാന്തികര്‍ വിമര്‍ശിച്ചിട്ടുണ്ട്. അക്കാലത്തെ ചൈനയിലെ ബുദ്ധിജീവികള്‍ അധിനിവേശത്തിനെതിരെ പ്രതിരോധമുയര്‍ത്തിയപ്പോള്‍ നമ്മുടെ ബൗദ്ധികകേന്ദ്രങ്ങള്‍ അധിനിവേശത്തെ ആശ്ലേഷിക്കുകയായിരുന്നുവെന്നും നിരീക്ഷിക്കപ്പെടുന്നു (പാര്‍ത്ഥാ ചാറ്റര്‍ജി). ഇത്തരം വിമര്‍ശനങ്ങള്‍ നവോത്ഥാനം സാധ്യമാക്കിയ ഒരു പുതുലോകത്തിന്റെ വര്‍ണവിസ്മയങ്ങള്‍ക്കിടയിലെ തമോഗര്‍ത്തങ്ങളിലേക്ക് വെളിച്ചം വീശുന്നതിന് സഹായകമാകുമെന്നതില്‍ തര്‍ക്കമില്ല. കേരളത്തിലെ നവോത്ഥാനവും ഗൗരവമായ പുനരന്വേഷണങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. സാമ്പ്രദായികമായ ഭൂതകാല സ്തുതികള്‍ക്കു പകരം വര്‍ത്തമാനകാലത്തെ സമരോത്സുകമാക്കുന്നതിനുതകുന്ന വിമര്‍ശനാത്മക അപഗ്രഥനങ്ങളാണ് കാലം ആവശ്യപ്പെടുന്നത്. ഈയൊരു തിരിച്ചറിവിന്റെ കനല്‍നിലങ്ങളിലാണ് കെ ഇ എന്‍ രചിച്ച "കേരളീയ നവോത്ഥാനം ചരിത്രവും വര്‍ത്തമാനവും" എന്ന കൃതി പിറവികൊള്ളുന്നത്.

മൂന്നു ദശകത്തിലേറെക്കാലമായി ഗ്രന്ഥകാരന്‍ നടത്തിവരുന്ന സാംസ്കാരിക ഇടപെടലുകളുടെയും സാമൂഹ്യ വിമര്‍ശനത്തിന്റെയും തുടര്‍ച്ചയായി വേണം പുതിയ സംരംഭത്തെ കാണാന്‍. സുക്ഷ്മമായ നിരീക്ഷണ പാടവവും പ്രത്യയശാസ്ത്ര ദൃഢതയും വിശകലന രീതിയും പുസ്തകത്തെ വ്യതിരിക്തമാക്കുന്നു. ഒറ്റയിരിപ്പില്‍ത്തന്നെ വായിച്ചുതീര്‍ക്കാവുന്ന അപൂര്‍വം ഗദ്യസാഹിത്യകൃതികളിലൊന്നാണ് ഈ ഗ്രന്ഥം. കേരള നവോത്ഥാനത്തെ സംബന്ധിച്ച സാമാന്യബോധപരമായ ധാരണകളെ വെല്ലുവിളിക്കുകയെന്നത് ശ്രമകരമായ ദൗത്യമാണ്. നവോത്ഥാനമെന്ന വലിയ പേടകത്തിനകത്തെ ചെറുശബ്ദങ്ങളെയും അനക്കങ്ങളെയുമെല്ലാം രേഖപ്പെടുത്തുകയെന്നത് കാലത്തിന്റെ ആവശ്യമാണ്. നവോത്ഥാനത്തിന്റെ ആശയപ്രചാരകരായി വര്‍ത്തിച്ച സവര്‍ണ-അവര്‍ണ ധാരകള്‍ പൊതുവില്‍ മാറ്റങ്ങളാഗ്രഹിച്ചവയായിരുന്നു. എന്നാല്‍ ഈ രണ്ടു ധാരകളെയും ഒരേ ഏകകംകൊണ്ടളക്കുന്നത് തീര്‍ച്ചയായും ചരിത്രവിരുദ്ധമായിരിക്കും.

നാടുവാഴിത്തത്തിന്റെ ജീര്‍ണതകള്‍ മാറ്റുകയെന്നതായിരുന്നു നവോത്ഥാനത്തിലൂടെ സവര്‍ണര്‍ ലക്ഷ്യമിട്ടത്. യോഗക്ഷേമ സഭയുടെ കാര്യപരിപാടികളില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം, സ്ത്രീസ്വാതന്ത്ര്യം, വ്യവസായം തുടങ്ങിയവയ്ക്കായിരുന്നു പ്രാധാന്യം. പുതിയ സാമ്പത്തിക ക്രമത്തിലേക്കുള്ള പ്രവേശം സാധ്യമാക്കുന്നതിനായി സവര്‍ണര്‍ക്ക് നാടുവാഴിത്തത്തിന്റെ ചങ്ങലകള്‍ പൊട്ടിക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍ കീഴാളരെ സംബന്ധിച്ചിടത്തോളം നവോത്ഥാനം പ്രാഥമികമായും നിലനില്‍പ്പിന്റെ പ്രശ്നമായിരുന്നു. പ്രാഥമിക അസ്തിത്വമായിരുന്നു അവരുടെ പ്രശ്നം. മുതലാളിത്തം തുറന്നുവെച്ച പുതിയ ആകാശങ്ങള്‍ പിടിച്ചടക്കുന്നതിനായി അധികാരവും വിഭവങ്ങളും സാധ്യതകളും ഉപയോഗപ്പെടുത്തുകയായിരുന്നു സവര്‍ണരുടെ ലക്ഷ്യം. എന്നാല്‍ തങ്ങളില്‍നിന്നും അന്യമാക്കപ്പെട്ട അറിവധികാരങ്ങള്‍ തിരിച്ചുപിടിക്കുകയായിരുന്നു അവര്‍ണ നവോത്ഥാനത്തിന്റെ ലക്ഷ്യം. കൊളോണിയല്‍ ആധുനികത അധഃസ്ഥിതര്‍ക്ക് മറ്റൊരര്‍ഥത്തില്‍ "സംന്യാസം"ലഭിക്കുന്നതിന് സഹായമായി. എന്നാല്‍ കീഴാള നവോത്ഥാനവും മേലാള നവോത്ഥാനവും പങ്കിടുന്ന ഒരു പൊതു സ്വഭാവഗുണം, അവ രണ്ടും നാടുവാഴിത്തത്തിനെതിരാണ് എന്നതാണ്. ഈ രണ്ടു ധാരകളുടെയും വൈരുധ്യാത്മകമായ വ്യാകരണം വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ അധികമൊന്നും ഉണ്ടായിട്ടില്ല. സവര്‍ണ നവോത്ഥാനത്തിന്റെ മാതൃകയിലേക്ക് അവര്‍ണ നവോത്ഥാനത്തെ വെട്ടിച്ചുരുക്കുകയാണുണ്ടായത് എന്ന കാഴ്ചപ്പാടാണ് ഒരുപക്ഷേ ഈ പുസ്തകത്തിന്റെ കാതല്‍. നവോത്ഥാനത്തെ വര്‍ഗപരമായി വിശകലനം ചെയ്യുന്നതില്‍ കെ ഇ എന്‍ നടത്തുന്ന ശ്രമങ്ങള്‍ ശ്രദ്ധേയമാണ്.

അധ്വാനത്തെ കേന്ദ്രമാക്കി വളര്‍ന്നുവന്ന അധഃസ്ഥിത നവോത്ഥാനമാണ് കൂടുതലായും പരിഗണിക്കപ്പെട്ടിരിക്കുന്നത്. ഇന്നത്തെപ്പോലുള്ള സിദ്ധാന്തങ്ങളൊന്നും രൂപപ്പെട്ടിട്ടില്ലാത്തതുകൊണ്ടും സിദ്ധാന്തത്തിന്റെ ലോകത്തേക്ക് അധഃസ്ഥിതര്‍ക്ക് കടന്നുവരാന്‍ ചരിത്രപരമായ കാരണങ്ങള്‍ കൊണ്ടുതന്നെ കഴിയാതെ പോയതുകൊണ്ടും കീഴാളനവോത്ഥാനത്തെ ഒരു സമ്പൂര്‍ണ സൈദ്ധാന്തികപദ്ധതിയായി ആവിഷ്ക്കരിക്കാന്‍ അതിന്റെ നേതാക്കള്‍ക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് അവരുടെ സിദ്ധാന്തം പ്രയോഗത്തിലൂടെയാണ് പ്രവര്‍ത്തിച്ചത് എന്ന് ഗ്രന്ഥകാരന്‍ നിരീക്ഷിക്കുന്നു. നവോത്ഥാനം പ്രത്യക്ഷവല്‍ക്കരിക്കപ്പെട്ട കൊളോണിയല്‍ സാഹചര്യവും വിശകലനവിധേയമാക്കപ്പെടുന്നു. ബ്രിട്ടീഷുകാര്‍ നടപ്പിലാക്കിയ അടിമത്തനിരോധനവും തോട്ടവിളകളുടെ വ്യാപനവുമെല്ലാം നവോത്ഥാനത്തെ സാധ്യമാക്കുകയായിരുന്നു. പരിമിതമായ രീതിയിലാണെങ്കിലും കൊളോണിയല്‍ ശക്തികള്‍ക്ക് നാടുവാഴിത്ത ബന്ധങ്ങളുമായി ഏറ്റുമുട്ടലുകളുണ്ടായിട്ടുമുണ്ട്.

തലക്കെട്ടു സൂചിപ്പിക്കുന്നതുപോലെ ഒന്നാം ഭാഗത്ത് ചര്‍ച്ചചെയ്യപ്പെടുന്നത് നവോത്ഥാനത്തിന്റെ ചരിത്രപരമായ വായനയാണെങ്കില്‍ രണ്ടാം ഭാഗം നവോത്ഥാനത്തിന്റെ വര്‍ത്തമാനമാണ് അനാവരണം ചെയ്യപ്പെടുന്നത്. ദേശം, സംസ്കാരം, മതനിരപേക്ഷത, വിശ്വാസം, അന്ധവിശ്വാസം, ഉദാരീകരണം, ലൈംഗികവ്യവസായം, പ്രണയം, സൗന്ദര്യം, വിവാഹം തുടങ്ങി സമകാലിക സമൂഹത്തിന്റെ പ്രവണതകളും ആശങ്കകളും നടപ്പുകളുമെല്ലാം നവോത്ഥാനത്തിന്റെ തുടര്‍ച്ച എന്ന രീതിയിലാണ് അപഗ്രഥനവിധേയമാക്കുന്നത്. അറുപതുകള്‍ക്കുശേഷം നവോത്ഥാന പൈതൃകത്തോട് ഉദാസീനത കാട്ടുന്ന ഒരു സമൂഹത്തിന്റെ സ്വയം നിര്‍മിതമായ തടവറകളിലേക്ക് ഒരു കണ്ണാടി തിരിച്ചുപിടിക്കുകയാണ് ഗ്രന്ഥകാരന്‍ ചെയ്യുന്നത്. സമരോത്സുകമായ ഒരു ജനാധിപത്യ മതനിരപേക്ഷ സമൂഹരൂപീകരണം ലക്ഷ്യം വച്ചുനടത്തുന്ന സാംസ്കാരിക പ്രതിരോധം സാമാന്യബോധത്തിന് അസ്വസ്ഥജനകമെങ്കിലും ആവേശഭരിതമാണ്.

*
ഡോ. എം പി മുജീബുറഹ്മാന്‍ ദേശാഭിമാനി വാരികദേശീയതയുടെയും നവോത്ഥാനത്തിന്റെയും ഏകശിലാത്മകവും അധീശത്വപരവുമായ വ്യവഹാരങ്ങള്‍ ബഹുമുഖമായ വിചാരമാതൃകകളാല്‍ പുനര്‍വായനയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു ചരിത്രസന്ദര്‍ഭമാണിത്. ആധുനികതയുമായി ബന്ധപ്പെട്ട് നടക്കുന്ന സംവാദങ്ങളില്‍ പ്രാമാണിക സ്ഥാനം വഹിക്കുന്നത് ഒരുപക്ഷേ നവോത്ഥാനം തന്നെയാവും. "ഇന്ത്യന്‍ നവോത്ഥാന"മെന്ന പേരിലറിയപ്പെടുന്ന മത നവീകരണപ്രസ്ഥാനങ്ങള്‍ സാംസ്കാരിക ദേശീയതയുടെയും പുനരുത്ഥാനത്തിന്റെയും ഊര്‍ജകേന്ദ്രമായതെങ്ങനെയെന്നതുമുതല്‍ കീഴാള സംസ്കാരങ്ങളെയും മറ്റും ചവിട്ടിമെതിച്ച് അരികുവല്‍ക്കരിക്കുന്നതും സവര്‍ണ സംസ്കാരത്തിലേക്ക് ഉദ്ഗ്രഥിക്കുന്നതുമെങ്ങനെ എന്ന് സിദ്ധാന്തവല്‍ക്കരിക്കുന്ന പഠനങ്ങള്‍ വരെ ഇന്ന് സജീവമാണ്.

തദ്ദേശീയ പാരമ്പര്യങ്ങള്‍ "പഴഞ്ചനാ"യതുകൊണ്ടുമാത്രം ഉപേക്ഷിച്ച ആധുനിക ഇന്ത്യന്‍ ബുദ്ധിജീവികളെ അധിനിവേശാനന്തര സൈദ്ധാന്തികര്‍ വിമര്‍ശിച്ചിട്ടുണ്ട്. അക്കാലത്തെ ചൈനയിലെ ബുദ്ധിജീവികള്‍ അധിനിവേശത്തിനെതിരെ പ്രതിരോധമുയര്‍ത്തിയപ്പോള്‍ നമ്മുടെ ബൗദ്ധികകേന്ദ്രങ്ങള്‍ അധിനിവേശത്തെ ആശ്ലേഷിക്കുകയായിരുന്നുവെന്നും നിരീക്ഷിക്കപ്പെടുന്നു (പാര്‍ത്ഥാ ചാറ്റര്‍ജി). ഇത്തരം വിമര്‍ശനങ്ങള്‍ നവോത്ഥാനം സാധ്യമാക്കിയ ഒരു പുതുലോകത്തിന്റെ വര്‍ണവിസ്മയങ്ങള്‍ക്കിടയിലെ തമോഗര്‍ത്തങ്ങളിലേക്ക് വെളിച്ചം വീശുന്നതിന് സഹായകമാകുമെന്നതില്‍ തര്‍ക്കമില്ല. കേരളത്തിലെ നവോത്ഥാനവും ഗൗരവമായ പുനരന്വേഷണങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. സാമ്പ്രദായികമായ ഭൂതകാല സ്തുതികള്‍ക്കു പകരം വര്‍ത്തമാനകാലത്തെ സമരോത്സുകമാക്കുന്നതിനുതകുന്ന വിമര്‍ശനാത്മക അപഗ്രഥനങ്ങളാണ് കാലം ആവശ്യപ്പെടുന്നത്. ഈയൊരു തിരിച്ചറിവിന്റെ കനല്‍നിലങ്ങളിലാണ് കെ ഇ എന്‍ രചിച്ച "കേരളീയ നവോത്ഥാനം ചരിത്രവും വര്‍ത്തമാനവും" എന്ന കൃതി പിറവികൊള്ളുന്നത്.

മൂന്നു ദശകത്തിലേറെക്കാലമായി ഗ്രന്ഥകാരന്‍ നടത്തിവരുന്ന സാംസ്കാരിക ഇടപെടലുകളുടെയും സാമൂഹ്യ വിമര്‍ശനത്തിന്റെയും തുടര്‍ച്ചയായി വേണം പുതിയ സംരംഭത്തെ കാണാന്‍. സുക്ഷ്മമായ നിരീക്ഷണ പാടവവും പ്രത്യയശാസ്ത്ര ദൃഢതയും വിശകലന രീതിയും പുസ്തകത്തെ വ്യതിരിക്തമാക്കുന്നു. ഒറ്റയിരിപ്പില്‍ത്തന്നെ വായിച്ചുതീര്‍ക്കാവുന്ന അപൂര്‍വം ഗദ്യസാഹിത്യകൃതികളിലൊന്നാണ് ഈ ഗ്രന്ഥം. കേരള നവോത്ഥാനത്തെ സംബന്ധിച്ച സാമാന്യബോധപരമായ ധാരണകളെ വെല്ലുവിളിക്കുകയെന്നത് ശ്രമകരമായ ദൗത്യമാണ്. നവോത്ഥാനമെന്ന വലിയ പേടകത്തിനകത്തെ ചെറുശബ്ദങ്ങളെയും അനക്കങ്ങളെയുമെല്ലാം രേഖപ്പെടുത്തുകയെന്നത് കാലത്തിന്റെ ആവശ്യമാണ്. നവോത്ഥാനത്തിന്റെ ആശയപ്രചാരകരായി വര്‍ത്തിച്ച സവര്‍ണ-അവര്‍ണ ധാരകള്‍ പൊതുവില്‍ മാറ്റങ്ങളാഗ്രഹിച്ചവയായിരുന്നു. എന്നാല്‍ ഈ രണ്ടു ധാരകളെയും ഒരേ ഏകകംകൊണ്ടളക്കുന്നത് തീര്‍ച്ചയായും ചരിത്രവിരുദ്ധമായിരിക്കും.

നാടുവാഴിത്തത്തിന്റെ ജീര്‍ണതകള്‍ മാറ്റുകയെന്നതായിരുന്നു നവോത്ഥാനത്തിലൂടെ സവര്‍ണര്‍ ലക്ഷ്യമിട്ടത്. യോഗക്ഷേമ സഭയുടെ കാര്യപരിപാടികളില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം, സ്ത്രീസ്വാതന്ത്ര്യം, വ്യവസായം തുടങ്ങിയവയ്ക്കായിരുന്നു പ്രാധാന്യം. പുതിയ സാമ്പത്തിക ക്രമത്തിലേക്കുള്ള പ്രവേശം സാധ്യമാക്കുന്നതിനായി സവര്‍ണര്‍ക്ക് നാടുവാഴിത്തത്തിന്റെ ചങ്ങലകള്‍ പൊട്ടിക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍ കീഴാളരെ സംബന്ധിച്ചിടത്തോളം നവോത്ഥാനം പ്രാഥമികമായും നിലനില്‍പ്പിന്റെ പ്രശ്നമായിരുന്നു. പ്രാഥമിക അസ്തിത്വമായിരുന്നു അവരുടെ പ്രശ്നം. മുതലാളിത്തം തുറന്നുവെച്ച പുതിയ ആകാശങ്ങള്‍ പിടിച്ചടക്കുന്നതിനായി അധികാരവും വിഭവങ്ങളും സാധ്യതകളും ഉപയോഗപ്പെടുത്തുകയായിരുന്നു സവര്‍ണരുടെ ലക്ഷ്യം. എന്നാല്‍ തങ്ങളില്‍നിന്നും അന്യമാക്കപ്പെട്ട അറിവധികാരങ്ങള്‍ തിരിച്ചുപിടിക്കുകയായിരുന്നു അവര്‍ണ നവോത്ഥാനത്തിന്റെ ലക്ഷ്യം. കൊളോണിയല്‍ ആധുനികത അധഃസ്ഥിതര്‍ക്ക് മറ്റൊരര്‍ഥത്തില്‍ "സംന്യാസം"ലഭിക്കുന്നതിന് സഹായമായി. എന്നാല്‍ കീഴാള നവോത്ഥാനവും മേലാള നവോത്ഥാനവും പങ്കിടുന്ന ഒരു പൊതു സ്വഭാവഗുണം, അവ രണ്ടും നാടുവാഴിത്തത്തിനെതിരാണ് എന്നതാണ്. ഈ രണ്ടു ധാരകളുടെയും വൈരുധ്യാത്മകമായ വ്യാകരണം വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ അധികമൊന്നും ഉണ്ടായിട്ടില്ല. സവര്‍ണ നവോത്ഥാനത്തിന്റെ മാതൃകയിലേക്ക് അവര്‍ണ നവോത്ഥാനത്തെ വെട്ടിച്ചുരുക്കുകയാണുണ്ടായത് എന്ന കാഴ്ചപ്പാടാണ് ഒരുപക്ഷേ ഈ പുസ്തകത്തിന്റെ കാതല്‍. നവോത്ഥാനത്തെ വര്‍ഗപരമായി വിശകലനം ചെയ്യുന്നതില്‍ കെ ഇ എന്‍ നടത്തുന്ന ശ്രമങ്ങള്‍ ശ്രദ്ധേയമാണ്.

അധ്വാനത്തെ കേന്ദ്രമാക്കി വളര്‍ന്നുവന്ന അധഃസ്ഥിത നവോത്ഥാനമാണ് കൂടുതലായും പരിഗണിക്കപ്പെട്ടിരിക്കുന്നത്. ഇന്നത്തെപ്പോലുള്ള സിദ്ധാന്തങ്ങളൊന്നും രൂപപ്പെട്ടിട്ടില്ലാത്തതുകൊണ്ടും സിദ്ധാന്തത്തിന്റെ ലോകത്തേക്ക് അധഃസ്ഥിതര്‍ക്ക് കടന്നുവരാന്‍ ചരിത്രപരമായ കാരണങ്ങള്‍ കൊണ്ടുതന്നെ കഴിയാതെ പോയതുകൊണ്ടും കീഴാളനവോത്ഥാനത്തെ ഒരു സമ്പൂര്‍ണ സൈദ്ധാന്തികപദ്ധതിയായി ആവിഷ്ക്കരിക്കാന്‍ അതിന്റെ നേതാക്കള്‍ക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് അവരുടെ സിദ്ധാന്തം പ്രയോഗത്തിലൂടെയാണ് പ്രവര്‍ത്തിച്ചത് എന്ന് ഗ്രന്ഥകാരന്‍ നിരീക്ഷിക്കുന്നു. നവോത്ഥാനം പ്രത്യക്ഷവല്‍ക്കരിക്കപ്പെട്ട കൊളോണിയല്‍ സാഹചര്യവും വിശകലനവിധേയമാക്കപ്പെടുന്നു. ബ്രിട്ടീഷുകാര്‍ നടപ്പിലാക്കിയ അടിമത്തനിരോധനവും തോട്ടവിളകളുടെ വ്യാപനവുമെല്ലാം നവോത്ഥാനത്തെ സാധ്യമാക്കുകയായിരുന്നു. പരിമിതമായ രീതിയിലാണെങ്കിലും കൊളോണിയല്‍ ശക്തികള്‍ക്ക് നാടുവാഴിത്ത ബന്ധങ്ങളുമായി ഏറ്റുമുട്ടലുകളുണ്ടായിട്ടുമുണ്ട്.

തലക്കെട്ടു സൂചിപ്പിക്കുന്നതുപോലെ ഒന്നാം ഭാഗത്ത് ചര്‍ച്ചചെയ്യപ്പെടുന്നത് നവോത്ഥാനത്തിന്റെ ചരിത്രപരമായ വായനയാണെങ്കില്‍ രണ്ടാം ഭാഗം നവോത്ഥാനത്തിന്റെ വര്‍ത്തമാനമാണ് അനാവരണം ചെയ്യപ്പെടുന്നത്. ദേശം, സംസ്കാരം, മതനിരപേക്ഷത, വിശ്വാസം, അന്ധവിശ്വാസം, ഉദാരീകരണം, ലൈംഗികവ്യവസായം, പ്രണയം, സൗന്ദര്യം, വിവാഹം തുടങ്ങി സമകാലിക സമൂഹത്തിന്റെ പ്രവണതകളും ആശങ്കകളും നടപ്പുകളുമെല്ലാം നവോത്ഥാനത്തിന്റെ തുടര്‍ച്ച എന്ന രീതിയിലാണ് അപഗ്രഥനവിധേയമാക്കുന്നത്. അറുപതുകള്‍ക്കുശേഷം നവോത്ഥാന പൈതൃകത്തോട് ഉദാസീനത കാട്ടുന്ന ഒരു സമൂഹത്തിന്റെ സ്വയം നിര്‍മിതമായ തടവറകളിലേക്ക് ഒരു കണ്ണാടി തിരിച്ചുപിടിക്കുകയാണ് ഗ്രന്ഥകാരന്‍ ചെയ്യുന്നത്. സമരോത്സുകമായ ഒരു ജനാധിപത്യ മതനിരപേക്ഷ സമൂഹരൂപീകരണം ലക്ഷ്യം വച്ചുനടത്തുന്ന സാംസ്കാരിക പ്രതിരോധം സാമാന്യബോധത്തിന് അസ്വസ്ഥജനകമെങ്കിലും ആവേശഭരിതമാണ്.

*
ഡോ. എം പി മുജീബുറഹ്മാന്‍ ദേശാഭിമാനി വാരിക

Sunday, February 24, 2013

ഭൂമിയിലെ നികൃഷ്ടര്‍


മുന്‍പെങ്ങോ വായിച്ച്, വിശദമായ പുനര്‍വായനയ്ക്കായി മാറ്റിവച്ച ഫ്രാന്‍സ് ഫാനണ്‍ രചിച്ച "ദ റെച്ചഡ് ഓഫ് ദി എര്‍ത്ത്" (ഭൂമിയിലെ നികൃഷ്ടര്‍) എന്ന പ്രശസ്തകൃതി ഈയിടെ വീണ്ടും വായിക്കാനിടയായി. നവകൊളോണിയലിസം ഭാഷകളുടെമേല്‍ അധിനിവേശം നടത്തുന്നു എന്ന ആശയം ഉള്‍ക്കൊള്ളാനുള്ള ശ്രമത്തിന്റെ ഭാഗമായി, കൊളോണിയലിസം എന്തെന്നറിയാനായി ഫാനന്റെ പുസ്തകം വീണ്ടും എടുത്തതാണ്. ഴാങ്പോള്‍ സാര്‍ത്രിന്റെ അവതാരികയോടുകൂടി 1961ല്‍ പ്രസിദ്ധീകരിച്ച ഈ കൃതി വ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ട ഒരു ക്ലാസിക്കാണ്. കോളനിവാഴ്ചയുടെ ഏറ്റവും തീക്ഷ്ണവും നിശിതവുമായ വിലയിരുത്തലാണ് ഈ കൃതി. അള്‍ജീരിയന്‍ വിമോചനസമരത്തിന്റെ പശ്ചാത്തലത്തില്‍, മൂന്നാം ലോകത്തിന്റെ ഹൃദയത്തില്‍നിന്നുകൊണ്ടാണ്, മനഃശാസ്ത്രത്തില്‍ വൈദഗ്ധ്യംനേടിയ ഡോക്ടറായ ഫാനണ്‍ കൊളോണിയലിസത്തെ അപഗ്രഥിക്കുന്നത്. അള്‍ജീരിയന്‍ റിബലുകളെ ചികിത്സിക്കാന്‍ നിയുക്തനായ ഡോക്ടര്‍ അവരുടെ മാനസികവ്യാപാരങ്ങളിലൂടെ അവരുടെ വക്താവും കൊളോണിയലിസത്തിന്റെ കരുത്തനായ വിമര്‍ശകനുമായി മാറുകയായിരുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാംപകുതി കോളനിവാഴ്ചയുടെ അവരോഹണകാലമായിരുന്നു. ദീര്‍ഘകാലത്തെ കോളനിഭരണം ഏല്‍പ്പിച്ച സാമൂഹികവും മാനസികവും സാംസ്കാരികവുമായ ആഘാതങ്ങളില്‍നിന്നുള്ള മോചനം, ഒത്തുതീര്‍പ്പുകളുടെ അടിസ്ഥാനത്തില്‍ സംജാതമായ രാഷ്ട്രീയസ്വാതന്ത്ര്യത്തേക്കാള്‍ സങ്കീര്‍ണമായിരുന്നു. ഏഷ്യന്‍ ദേശീയപ്രസ്ഥാനങ്ങളേക്കാള്‍ ഒട്ടു വൈകി ആവിര്‍ഭവിക്കുകയും ശക്തിപ്രാപിക്കുകയും ചെയ്ത ആഫ്രിക്കന്‍ ദേശീയതയെ കൂടുതല്‍ ഭീകരതയോടെയാണ് യൂറോപ്യന്‍ കൊളോണിയല്‍ ശക്തികള്‍ നേരിട്ടത്. അള്‍ജീരിയയുടെയും കോംഗോയുടെയും കെനിയയുടെയും സ്വാതന്ത്ര്യമോഹങ്ങളെ അടിച്ചമര്‍ത്താന്‍ കൊളോണിയലിസം അവലംബിച്ച അമാനുഷികതയെ അതിന്റെ കാപട്യത്തിലും ക്രൂരതയിലും അറിയാന്‍ ഫാനണ്‍ ഈ കൃതിയിലൂടെ ശ്രമിക്കുന്നു. കൊളോണിയലിസം കേവലമൊരു രാഷ്ട്രീയാധിനിവേശമായിരുന്നില്ല. അതൊരു അപമാനവീകരണ പ്രക്രിയയും കൂടിയായിരുന്നു. അതിനായി, യൂറോപ്യന്‍ ശക്തികള്‍ കോളനികളിലെ ജനങ്ങളുടെ നേര്‍ക്ക് ആയുധത്തെക്കാളും വലിയ മൂര്‍ച്ചയും ഭവിഷ്യത്തുമുള്ള ആയുധങ്ങള്‍ പ്രയോഗിച്ചു. കോളനികളിലെ സംസ്കാരത്തെ തുച്ഛീകരിച്ചു. അവരുടെ പാരമ്പര്യങ്ങളെ അവഹേളിച്ചു. വിലപ്പെട്ട പലതും നശിപ്പിച്ചു. നാട്ടുകാരുടെ ഭാഷകളെ കീഴാള ഭാഷകളാക്കി. അവരുടെ സാംസ്കാരിക ചിഹ്നങ്ങളെ വികലമാക്കി. വിശ്വാസങ്ങളെ വിലകെടുത്തി. കൊളോണിയല്‍ മനഃശാസ്ത്രത്തെ ഫാനണ്‍ "വിവസ്ത്രമാക്കി നമ്മുടെ മുന്നില്‍ നിര്‍ത്തുന്നു"വെന്നാണ് സാര്‍ത്ര് തന്റെ പ്രസിദ്ധമായ അവതാരികയില്‍ നിരീക്ഷിക്കുന്നത്.

കൊള്ളയടിക്കാന്‍ വന്നവര്‍ കോളനികളിലെ ജനങ്ങളെ അപരിഷ്കൃതരെന്നും ചിലരെ തസ്കരഗോത്രങ്ങളെന്നും മുദ്രകുത്തി. ഏറ്റവും ഹീനവും നഗ്നവുമായ ചൂഷണവും കൊള്ളയും നടത്തിക്കൊണ്ട് മാനവികതയെക്കുറിച്ചും മനുഷ്യാവകാശത്തെക്കുറിച്ചും ഗിരിപ്രഭാഷണം നടത്തുകയെന്നത് കൊളോണിയലിസത്തിന്റെ കൂടപ്പിറപ്പായ കാപട്യം. നാട്ടുകാരില്‍ അപമാനവും ഭയവും ഉളവാക്കി, അവരുടെ മനഃസ്വാസ്ഥ്യം കെടുത്തി, വ്യക്തിത്വത്തെ നശിപ്പിച്ച് അടിമത്തമനോഭാവം നിര്‍മിച്ച് നിലനിര്‍ത്തുകയെന്നതായിരുന്നു കൊളോണിയലിസത്തിന്റെ അടിസ്ഥാന സമീപനം. ഈ സാഹചര്യത്തില്‍ ഹിംസ എങ്ങനെ മനുഷ്യന്റെ അന്തഃപ്രേരണയായി രൂപപ്പെടുന്നുവെന്ന് പുസ്തകത്തിന്റെ ആദ്യാധ്യായത്തില്‍ ഫാനണ്‍ വിശ്വസനീയമാംവിധം ഉപന്യസിക്കുന്നുണ്ട്. ആ ഹിംസാത്മകതയിലൂടെ, നഷ്ടപ്പെടുത്താന്‍ ശ്രമിച്ച പൗരുഷവും വീര്യവും കണ്ടെത്തി ചവുട്ടിനില്‍ക്കുന്ന സ്വന്തം മണ്ണ് അവന്‍ തിരിച്ചറിയാന്‍ ശ്രമിക്കുകയാണ്. പാശ്ചാത്യലോകത്തിന്റെ പരിഷ്കൃതിയും സാമ്പത്തികവളര്‍ച്ചയും മൂന്നാംലോകരാജ്യങ്ങളെന്ന് പിന്നീട് അറിയപ്പെട്ട പഴയ കോളനികളില്‍നിന്നുളവായതാണെന്ന് ഫാനണ്‍ അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം ഓര്‍മപ്പെടുത്തുന്നു. യൂറോപ്പ് പ്രഘോഷിക്കുന്ന മാനവികത, കൊള്ള മൂടിവയ്ക്കാനുളള ഉപായംമാത്രം. പാതകങ്ങളെ പൊതിയാനുള്ള വസ്ത്രം. "യൂറോപ്യന് മനുഷ്യനാകാന്‍ കഴിഞ്ഞത് കോളനികളില്‍ അടിമകളെയും ഭീകരസത്വങ്ങളെയും സൃഷ്ടിച്ചുകൊണ്ടായിരുന്നു"വെന്ന് സാര്‍ത്ര് അവതാരികയില്‍ പറയുന്നു. ഈ സമീപനം കോളനികളിലെ മനുഷ്യര്‍ക്കിടയില്‍ വരുത്തിവച്ച മാനസികവിഭ്രാന്തികളെയും ആതുരതകളെയും പ്രൊഫഷണല്‍ നിപുണതയോടെ ഫാനണ്‍ അക്കമിട്ട് അപഗ്രഥിക്കുന്നുണ്ട്. ഏറ്റക്കുറച്ചിലോടുകൂടി ഇന്ത്യയിലും നമ്മള്‍ അനുഭവിച്ചതാണ് ഈ മാനസികവും സാമൂഹികവുമായ വിഘടനതന്ത്രങ്ങള്‍. ആഫ്രിക്കയില്‍ ഈ ക്രൂരത കൂടുതല്‍ തീക്ഷ്ണമായി അനുഭവപ്പെടുകയും അത് ജനതയുടെ സ്വത്വബോധത്തെത്തന്നെ വികലമാക്കുകയും ചെയ്തു.

"നീഗ്രോ" എന്ന ഒറ്റപ്പദംകൊണ്ട് ആഫ്രിക്കയിലെ വ്യത്യസ്ത സ്വത്വബോധമുള്ള ഗോത്രങ്ങളെ അപമാനവീകരിക്കുകയായിരുന്നു കൊളോണിയലിസത്തിന്റെ തന്ത്രം. യൂറോപ്പിനെ അനുകരിക്കാതിരിക്കലാണ് മൂന്നാം ലോകരാജ്യങ്ങളുടെ മോചനപാതയെന്ന് ഫാനണ്‍ നിര്‍ദേശിക്കുന്നു. യൂറോപ്പിനെ അനുകരിച്ച അമേരിക്കയുടെ ജീര്‍ണതയുടെ ചരിത്രം ഗ്രന്ഥകാരന്‍ അനുസ്മരിക്കുന്നു. യൂറോപ്പിന്റെയും അമേരിക്കയുടെയും ആന്തരികജീര്‍ണതയ്ക്ക് വഴിതെളിച്ചത് അവരുടെ ആത്മരതിയെന്ന മനോരോഗമാണെന്ന് ഫാനണ്‍ കണ്ടെത്തുന്നു. യൂറോപ്പിനെപ്പോലെ ആകാതിരിക്കുകയെന്നതാണ് വെല്ലുവിളി. ജനതയുടെ സ്വത്വബോധത്തെ കണ്ടെത്താനും തിരിച്ചറിയാനുമുള്ള അവസരമാണ് ഭാവി നല്‍കുന്നത്. ആധുനിക ഡിജിറ്റല്‍ - സൈബര്‍ സാങ്കേതികവിദ്യയും ആഗോളീകരണവും വ്യാപകമാകുന്ന ലോകത്ത് ബൗദ്ധികമായ മറ്റൊരു കോളനിവല്‍ക്കരണം ഇന്ന് ദൃശ്യമാണ്. അരനൂറ്റാണ്ടിനുമുമ്പ് ഫാനണ്‍ നിര്‍വചിച്ച ഭീകരമായ കൊളോണിയല്‍ മനഃശാസ്ത്രം ഇപ്പോഴും പ്രസക്തമാണെന്ന് ഈ കൃതി നമ്മെ ഓര്‍മപ്പെടുത്തുകയും അസ്വസ്ഥപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു.

*
കെ ജയകുമാര്‍

ചിന്തിക്കാന്‍ ഒരു തുടക്കം

 എണ്ണിയാലൊടുങ്ങാത്ത പേജുകളില്‍ പടര്‍ന്നുകിടക്കുന്ന ബൃഹദ് നോവലുപോലെ തോന്നിപ്പിക്കുമെങ്കിലും ജീവിതം ഒരുപിടി ചെറുകഥകളുടെ സമാഹാരമാണെന്ന് പറഞ്ഞതാരാണെന്നറിയില്ല. എന്തായാലും നന്ദിതയുടെയും കൂട്ടുകാരികളുടെയും ജീവിതം അങ്ങനെയാണ്. അസ്ത്രംപോലെ മനസ്സില്‍ തറഞ്ഞുകയറി രക്തമൊഴുക്കുന്ന അനുഭവങ്ങളാണ് ഓരോ പ്രഭാതവും അവര്‍ക്കായി കരുതിവയ്ക്കുന്നത്. അതിനുപക്ഷേ, തുടര്‍ച്ചകളില്ല; ആവര്‍ത്തനങ്ങള്‍മാത്രം. ബാലന്‍ വേങ്ങരയുടെ "എസ്കിമോകള്‍ ഇരപിടിക്കുന്ന വിധം" എന്ന നോവലിലാണ് വ്യവസ്ഥിതിയുടെ വന്യമായ ആര്‍ത്തികള്‍ക്ക് ഇരയാകുന്ന നിസ്സഹായരുടെ പ്രതിനിധികളായി നന്ദിതയും കൂട്ടുകാരികളും കടന്നുവരുന്നത്. ഒന്നരദശാബ്ദംമുമ്പ് ബാലന്റെ ചെറുകഥാസമാഹാരമായ പെന്‍ഗ്വിനുകള്‍ പറന്നുയരുന്നു മള്‍ബെറി പ്രസിദ്ധീകരിക്കുമ്പോള്‍ത്തന്നെ സാഹിത്യലോകം ഈ യുവകഥാകൃത്തിനെ തിരിച്ചറിഞ്ഞുകഴിഞ്ഞിരുന്നു. പക്ഷേ, പിന്നീട് ബാലന്‍ ജീവിതപ്രാരാബ്ധങ്ങളുടെ ആഴങ്ങളിലേക്ക് മുങ്ങാംകുഴിയിട്ടുപോയി. 15 വര്‍ഷത്തിനിപ്പുറം സാമൂഹ്യപ്രതിബദ്ധനായ എഴുത്തുകാരന്‍ തിരിച്ചുവരികയാണ്, ശക്തമായിത്തന്നെ. പ്രസാധനത്തിന്റെ തൊട്ടടുത്ത മാസത്തില്‍ രണ്ടാംപതിപ്പ് വേണ്ടിവരുംവിധം വായനക്കാര്‍ നോവല്‍ ഏറ്റെടുത്തു. രണ്ടായിരത്തി പന്ത്രണ്ടിലെ മികച്ച കൃതികളിലൊന്നായി നിരൂപകര്‍ തെരഞ്ഞെടുക്കുകയും ചെയ്തു.

ചിത്രകാരിയായ വിദ്യാര്‍ഥിനിയാണ് നന്ദിത. നോവലിലെ മറ്റുള്ളവരെല്ലാം അവളോട് ബന്ധപ്പെട്ടവരാണ്. സമൂഹം വരച്ചിട്ട കളങ്ങളിലൂടെയല്ല നന്ദിതയുടെ മനസ്സ് സഞ്ചരിക്കുന്നത്. വിപ്ലവകാരിയായ അച്ഛനും നര്‍ത്തകിയായ അമ്മയും ജീവിച്ചിരിക്കുമ്പോഴും അനാഥയെപ്പോലെ വളരേണ്ടിവന്നതാകാം അതിന് കാരണം. അതല്ലെങ്കില്‍ തനിക്ക് ചുറ്റുമുള്ളവര്‍ക്ക് നേരിടേണ്ടിവരുന്ന ദുരന്തങ്ങളുടെ സാക്ഷിയാകേണ്ടിവരുന്നതിനാലുമാകാം. താന്‍കൂടി പിന്തുണച്ച് പ്രണയത്തിലേക്ക് പടികടത്തിവിട്ട ചാരുത ചതിക്കപ്പെട്ട് തീവണ്ടിപ്പാളത്തില്‍ ഒരു സിന്ദൂരപ്പൊട്ടായി തീര്‍ന്നതുപോലെ നന്ദിത ആത്മഹത്യയെ അഭയമായി തിരിച്ചറിയുന്നു. പാഞ്ഞുവരുന്ന ഒരു തീവണ്ടിയെ ഗാഢാലിംഗനം ചെയ്യാന്‍ അവള്‍ കൊതിക്കുന്നു. പക്ഷേ, അവള്‍ ഒരിക്കലും ആത്മഹത്യചെയ്യുന്നില്ല. നന്ദിതയാണ് നോവലിന്റെ കേന്ദ്രസ്ഥാനത്തെങ്കിലും അവളുടെ കൂട്ടുകാരികളുടെ ജീവിതങ്ങളാണ് വായനക്കാരനില്‍ കൂടുതല്‍ വേദന പടര്‍ത്തുന്നത്. മിതമായ വാക്കുകളില്‍ അവരോരോരുത്തരും മിഴിവോടെ അവതരിപ്പിക്കപ്പെടുന്നത് വിസ്മയകരമാണ്. ഓരോ കഥയും പറഞ്ഞ് എഴുത്തുകാരന്‍ പിന്‍വാങ്ങുന്നിടത്ത് വായനക്കാരന് തുടങ്ങാനുള്ള സാധ്യതകള്‍ സൃഷ്ടിക്കപ്പെടുന്നു. അപൂര്‍വമായ ഈ രചനാകൗശലമാണ് ബാലന്റെ പ്രത്യേകത. നോവലിസ്റ്റ് ജീവനുള്ള മനുഷ്യരെയാണ് സൃഷ്ടിക്കേണ്ടത്. കഥാപാത്രങ്ങളെയല്ല. കഥാപാത്രങ്ങള്‍ വെറും കാരിക്കേച്ചറുകള്‍മാത്രമാണെന്ന ഏണസ്റ്റ് ഹെമിങ്വേയുടെ വീക്ഷണം ഈ നോവലിസ്റ്റ് അറിഞ്ഞോ അറിയാതെയോ ഉള്‍ക്കൊണ്ടിരിക്കുന്നു.

ജീവരക്തം തുളുമ്പുന്ന മനുഷ്യരാണ് എസ്കിമോകള്‍ ഇരപിടിക്കുന്ന വിധത്തില്‍ നിറയെ. സ്ത്രീയുടെ അവസ്ഥ വിവരിക്കാന്‍ ഭാഷ പരിമിതമാകുന്ന ജീവിതസന്ദര്‍ഭങ്ങള്‍ നോവലിനെ മൗലികമാക്കുന്നു. ഭരണക്കാരുടെ കെട്ടുകാഴ്ച തട്ടിപ്പുകള്‍മുതല്‍ ആള്‍ദൈവങ്ങളുടെ അന്തപ്പുരങ്ങള്‍വരെ തുറന്നുകാട്ടാനുള്ള ധൈര്യവും ബാലന്‍ വേങ്ങര പ്രദര്‍ശിപ്പിക്കുന്നു. ഏകാന്തമായ തീവണ്ടിയാത്രകളില്‍ വിരസതയകറ്റാന്‍ അലസവായനയ്ക്കുള്ള ഒന്നല്ല എക്സിമോകള്‍ ഇരപിടിക്കുന്ന വിധം. വായനാനന്തരം നമ്മുടെ ചിന്തയില്‍ വരേണ്ട ഒട്ടനവധി സാമൂഹ്യപ്രശ്നങ്ങളാണ് നോവലിലുള്ളത്. കമ്യുവിനെപ്പോലുള്ളവര്‍ ദര്‍ശനങ്ങളെ ഇമേജുകളിലേക്ക് സന്നിവേശിപ്പിക്കുന്നതാണ് നോവല്‍ എന്നു കണ്ടു. എന്നാല്‍, ബാലനെപ്പോലുള്ളവര്‍ പിന്‍പറ്റുന്നത് പ്രശ്നങ്ങളെ ഇമേജുകളിലൂടെ ശ്രദ്ധയില്‍ കൊണ്ടുവരുന്ന സാമൂഹ്യബോധമുള്ള മുന്‍ഗാമികളെയാണ്.

*
അബുരാജ്

തെംസ് നദീതീരത്തെ വിപ്ലവവീര്യം

 ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിലെ ഇംഗ്ലണ്ട്. സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യം എന്ന സങ്കല്പം ഒരു വിദൂര ഓര്‍മ മാത്രമായി മാറിയെങ്കിലും പഴയ പ്രതാപത്തെ മുറുകെ പിടിക്കാന്‍ ശ്രമിക്കുന്ന, കൊളോണിയല്‍ ആധിപത്യ മനോഭാവം വിട്ടുമാറാത്ത ഒരു ജനത. പ്രവാസികളുടെ ഏറിവരുന്ന സാന്നിധ്യവും അതുണര്‍ത്തിയ വര്‍ഗവിദ്വേഷവും ബ്രിട്ടന്റെ സാംസ്കാരിക ഭൂപടത്തെയും ആ രാജ്യത്തിന്റെ സാമൂഹികസാമ്പത്തിക ഘടനയെയും സാരമായി ബാധിച്ച കാലഘട്ടത്തില്‍ അവിടെ കൊഴിഞ്ഞു വീണ ഒരു ചെറുപ്പകാലത്തിന്റെ ഓര്‍മക്കുറിപ്പുകളാണ് ഫറൂഖ് ധോണ്ടിയുടെ ലണ്ടന്‍ കമ്പനി എന്ന കൃതി.

ഇല്ല നിങ്ങള്‍ക്ക് വാടകയ്ക്ക് തരാന്‍ ഇവിടെ മുറിയില്ല എന്ന് കേട്ടു മടുത്ത് സുഹൃത്ത് നടാഷയോടൊപ്പം തെരുവുകള്‍ തോറും അലഞ്ഞ ഒരു കാലം. ഇന്ത്യക്കാര്‍ മാത്രം വസിക്കുന്ന ചേരികളില്‍ കുടിയേറിപ്പാര്‍ക്കേണ്ടിവന്ന കാലം. തീക്ഷ്ണമായ വികാരങ്ങള്‍ മനസ്സിനെ തൊട്ടുണര്‍ത്തിയ കാലം. കൊളോണിയല്‍ ചിന്താഗതിയില്‍നിന്നും ഭാഷയെയും വ്യക്തിത്വത്തെയും മോചിപ്പിക്കാന്‍ ശ്രമിച്ച കാലം. ആക്ടിവിസത്തിന്റെ കാലം. പ്രണയവും എഴുത്തും പൂത്തുലഞ്ഞ കാലം. ഈ കാലങ്ങളൊക്കെ ശരാശരി മലയാളി വായനക്കാര്‍ക്ക് മനസ്സിലാവുന്ന കാലങ്ങളാണ്. കാരണം പ്രവാസാനുഭവം ഏറ്റവും കൂടുതല്‍ നെഞ്ചിലേറ്റിയ ഒരു ജനതയാണ് നമ്മുടേത്.

ഇന്ത്യന്‍ പാഴ്സി വംശജനായ ധോണ്ടി ഇന്ന് അറിയപ്പെടുന്ന ബ്രിട്ടീഷ് നാടകകൃത്തും എഴുത്തുകാരനും ഇടതുപക്ഷ ചിന്തകനും ആക്ടിവിസ്റ്റും ഒക്കെയാണ്. പൂനയില്‍നിന്നും അറുപതുകളില്‍ ഇംഗ്ലണ്ടില്‍ യുണിവേഴ്സിറ്റി പഠനത്തിനെത്തിയ ഇദ്ദേഹം ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെയും പൗരാവകാശ പോരാട്ടങ്ങളുടെയും ഭാഗമായി. ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷനിലും സോഷ്യലിസ്റ്റ് വിപ്ലവപ്രസ്ഥാനമായ ബ്രിട്ടീഷ് ബ്ലാക്ക് പാന്തെറിലും അംഗമായി. വര്‍ഗവിവേചനത്തിനെതിരെയുള്ള പോരാട്ടവും ലൈംഗിക വിപ്ലവവും തെരുവുയുദ്ധങ്ങളിലേക്ക് എത്തിയപ്പോള്‍ ധോണ്ടിയും അതിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്നു. പ്രക്ഷുബ്ധമായ ഈ ചരിത്രകാലഘട്ടത്തിലെ യാഥാസ്ഥിതിക സാമൂഹിക സാംസ്കാരിക മൂല്യങ്ങളോടും വര്‍ഗവിദ്വേഷത്തോടും പൊരുതിനിന്ന ഒരു യുവതലമുറയുടെ കഥകൂടിയാണ് ധോണ്ടി പറയുന്നത്. ആത്മകഥാപരമായ അനുസ്മരണങ്ങളിലൂടെ ചങ്കുറപ്പും ആത്മാഭിമാനവുമുള്ള ചെറുപ്പക്കാര്‍ ഒരു രാഷ്ട്രത്തിന്റെ പൊതുമണ്ഡലം എങ്ങിനെ പൊളിച്ചെഴുതുകയും പുത്തന്‍ രീതിയില്‍ വിഭാവനം ചെയ്യുകയും ചെയ്തു എന്ന് അടയാളപ്പെടുത്തുന്നു ധോണ്ടി.

സമകാലീന കവികളും എഴുത്തുകാരും സംഭവങ്ങളും ഒക്കെ മിന്നിമറയുന്ന ഓര്‍മക്കുറിപ്പില്‍ ഒരു നാടകകൃത്തിന്റെ സാമര്‍ഥ്യം തെളിയിക്കും വിധം മികവുറ്റ സംഭാഷണങ്ങളും ഒഴുക്കുള്ള ഭാഷയും ചെറുഭ്രാന്തുകള്‍ ഉള്ള രസകരമായ കഥാപാത്രങ്ങളും ഉണ്ട്. രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുന്ന ഒരു പ്രവാസി നേരിടേണ്ടിവരുന്ന തിക്താനുഭവങ്ങള്‍ വളരെ തന്മയത്വത്തോടെ വരച്ചുകാട്ടുന്നു ധോണ്ടി. മംഗല്‍ പാണ്ഡേ പോലെയുള്ള സിനിമകളുടെ തിരക്കഥകള്‍ രചിച്ചിട്ടുള്ള ധോണ്ടിക്ക് ഈ ചരിത്ര സന്ധിയിലെ മുഹൂര്‍ത്തങ്ങള്‍ വളരെ സിനിമാറ്റിക് ആയി തന്നെ കാഴ്ച്ചവയ്ക്കാനും പറ്റുന്നുണ്ട്. എന്നിരുന്നാലും ഇതേറെയും ഒരു വിപ്ലവകാരിയുടെ കഥയാണ്. പൂനെ കമ്പനി എന്ന പുസ്തകത്തില്‍ ധോണ്ടി പൂനെയിലെ യാഥാസ്ഥിതിക മധ്യവര്‍ഗ പാഴ്സി കുടുംബങ്ങളിലും പൊതുവേ ഇന്ത്യന്‍ സമൂഹത്തിലും പിടിപെട്ട ജീര്‍ണതയും ഇവിടെ കാലങ്ങളായി നിലനില്‍ക്കുന്ന ആചാരങ്ങളും അനുഷ്ടടാനങ്ങളും പുതിയ തലമുറയില്‍ ഉണ്ടാക്കുന്ന ശ്വാസം മുട്ടലും മടുപ്പും സൂചിപ്പിച്ചു. എന്നാല്‍, പടിഞ്ഞാറെന്ന പറുദീസ ഒരു കുമിളയാണെന്ന് ചൂണ്ടിക്കാണിക്കുന്നു ലണ്ടന്‍ കമ്പനി. ഹാച്ചെറ്റ് ആണ് പ്രസാധകര്‍.

*
ഡോ. മീന ടി പിള്ള

*
ദേശാഭിമാനി വാരാന്തപ്പതിപ്പ് 24 ഫെബ്രുവരി 2013

Monday, January 21, 2013

ലോകം ഒരു ഫെമിനിസ്റ്റിന്റെ കണ്ണിലൂടെ

ആരാണീ ഫെമിനിസ്റ്റുകള്‍, എന്താണീ ഫെമിനിസം എന്ന ചോദ്യങ്ങള്‍ ഇപ്പോഴും നിരന്തരം നമ്മുടെ സമൂഹത്തെ അലട്ടിക്കൊണ്ടിരിക്കുന്നു. എന്നാല്‍, ഈ ലോകത്ത് അധികാരശ്രേണികളിലൂടെ സാമൂഹികവ്യവസ്ഥകള്‍ നിലനിര്‍ത്തുന്നതില്‍ ലിംഗം ഒരു പ്രധാന പങ്കുവഹിക്കുന്നു എന്ന് തിരിച്ചറിയുന്ന ഓരോ വ്യക്തിക്കും, അവര്‍ സ്ത്രീയോ പുരുഷനോ ആവട്ടെ, ഒരു ഫെമിനിസ്റ്റ് കാഴ്ചപ്പാടുണ്ട്. ഒരു ഫെമിനിസ്റ്റ് ആവുകയെന്നാല്‍ അവകാശധ്വംസനങ്ങള്‍ നിരന്തരം ഏറ്റുവാങ്ങേണ്ടിവരുന്ന പ്രാന്തവല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെ ജീവിതവുമായി താദാത്മ്യം പ്രാപിക്കാന്‍ ശ്രമിക്കുക, ആ അവസ്ഥകളില്‍ ജീവിക്കുന്നതായി സങ്കല്‍പ്പിക്കാന്‍ കഴിയുക എന്നതാണ്.

ഫെമിനിസം സ്ത്രീയും പുരുഷനും എന്ന വ്യക്തികളെപ്പറ്റിയല്ല, ഓരോ സ്ഥലവും കാലവും എങ്ങനെ ചില സാമൂഹിക- സാംസ്കാരിക പ്രക്രിയകളിലൂടെ അവരെ സ്ത്രൈണതയുള്ള സ്ത്രീയായോ പൗരുഷം തുളുമ്പുന്ന പുരുഷനായോ നിര്‍മിക്കാനും ചിട്ടപ്പെടുത്താനും ശ്രമിക്കുന്നു എന്ന തിരിച്ചറിവുകൂടിയാണ്. ജാതിയും വര്‍ണവും വര്‍ഗവും മനുഷ്യരില്‍ കീഴാളനും മേലാളനും ഉണ്ടാക്കുന്നത് ചെറുക്കുന്നതുപോലെതന്നെ സ്ത്രീയെയും പുരുഷനെയും വ്യത്യസ്ത പദവികളില്‍ പ്രതിഷ്ഠിക്കുന്ന സാമൂഹിക സംവിധാനങ്ങളെയും അട്ടിമറിക്കണം എന്ന ബോധമാണ് ഫെമിനിസം. അതുകൊണ്ടുതന്നെ ലോകത്തെ ഫെമിനിസ്റ്റ് കാഴ്ചപ്പാടില്‍ കാണുക എന്നാല്‍ ലളിതവും സുന്ദരവും എന്ന് തോന്നുന്ന വ്യവസ്ഥിതികളിലെ മൂടിവയ്ക്കപ്പെട്ട അധികാര ഘടനകളെ അനാവരണംചെയ്യുക എന്നതാണ് (മൈക്രോസോഫ്ട് വേഡില്‍ റിവീല്‍ ഫോര്‍മാറ്റിങ് എന്ന കീ അമര്‍ത്തുന്നതുപോലെ) എന്ന് എഴുതുന്നു ജവാഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം പ്രൊഫസര്‍ നിവേദിത മേനോന്‍, അവരുടെ ഏറ്റവും പുതിയ പുസ്തകമായ ടലലശിഴ ഘശസല മ എലാശിശെേ ല്‍. കുടുംബം, ശരീരം, തൃഷ്ണ, ലൈംഗിക അക്രമം, ഫെമിനിസ്റ്റുകളും സ്ത്രീകളും, ഇരയോ കര്‍തൃത്വം ഉള്ളവളോ എന്നീ ആറു അധ്യായങ്ങളിലൂടെ ലോകമെമ്പാടുമുള്ള ഫെമിനിസ്റ്റ് രാഷ്ട്രീയ ചിന്താധാരകള്‍ കോര്‍ത്തിണക്കി ഇന്ത്യയുടെ ചരിത്ര സാംസ്കാരിക പശ്ചാത്തലത്തില്‍ അവയെ സന്നിവേശിപ്പിച്ച് അവയില്‍നിന്ന് ഒരു പുത്തന്‍ ഊര്‍ജം ആവാഹിക്കുന്നു നിവേദിതമേനോന്‍. ലൈംഗികതയുടെയും രതിയുടെയും രാഷ്ട്രീയംമുതല്‍ ലിംഗാധിഷ്ഠിത തൊഴില്‍വിഭജനം, പ്രണയവും ലൈംഗികതയും, സ്ത്രീയും പൗരത്വവും, അശ്ലീലരചനകളും സ്ത്രീശരീരത്തിന്റെ കമ്പോളവല്‍ക്കരണവും, കോടതികളും ലിംഗനീതിയും, ബലാത്സംഗം എന്ന രാഷ്ട്രീയ ആയുധം, തട്ടവും മിനി സ്കേര്‍ട്ടും ഇവയൊക്കെ പ്രതിപാദിക്കപ്പെടുന്നു ഈ അധ്യായങ്ങളില്‍. കഠിനമായ പദപ്രയോഗങ്ങള്‍ കഴിവതും ഒഴിവാക്കുന്ന ലളിതമായ ശൈലിയും ഒരു സമഗ്ര ഗ്രന്ഥസൂചിയും നോട്ടുകളും ഇന്‍ടെക്സും ലൈംഗികതയെപ്പറ്റിയുള്ള സമകാലിക ചര്‍ച്ചകളും വിവാദങ്ങളും പരാമര്‍ശിക്കുന്ന രീതിയും ഒക്കെ സാധാരണക്കാരുടെ വായനയ്ക്ക് കൂടുതല്‍ അര്‍ഥങ്ങള്‍ പകരും എന്നുതോന്നുന്നു.

ആരാണീ പുസ്തകം വായിക്കേണ്ടതെന്നും, ആര്‍ക്കാണിത് പ്രയോജനപ്പെട്ടേക്കാവുന്നതെന്നും പൂര്‍ണബോധത്തോടെ അക്കാദമിക നാട്യങ്ങളെ തിരസ്കരിച്ചുകൊണ്ടുള്ള ഈ എഴുത്ത് ഒരുപക്ഷേ ഫെമിനിസം എന്ന രാഷ്ട്രീയ ആശയത്തെ കൂടുതല്‍ അര്‍ഥവത്താക്കുന്നു. ലോകത്തെ സമസ്ത പുരുഷന്മാരോടും അടങ്ങാത്ത പകയും വിദ്വേഷവുമായി അഴിഞ്ഞാടി നടക്കാന്‍ താല്‍പ്പര്യമുള്ള സ്ത്രീകളുടെ ഒരു കൂട്ടായ്മയോ മറ്റോ ആണ് ഫെമിനിസം എന്ന മട്ടില്‍ സിനിമപോലെയുള്ള നമ്മുടെ ജനപ്രിയമാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന ബാലിശവും നിരുത്തരവാദിത്തപരവുമായ ആശയങ്ങള്‍ കണ്ടും കൊണ്ടും മടുത്ത നമുക്ക് ഈ പുസ്തകം പ്രതീക്ഷയ്ക്ക് വക നല്‍കുന്നു. ലൈംഗികതയെപ്പറ്റി രാഷ്ട്രീയവും താത്വികവുമായ പഠനങ്ങള്‍ എത്രതന്നെ വന്നാലും അതിനോടുള്ള സമീപനത്തില്‍ വലിയ മാറ്റങ്ങള്‍ ഒന്നും വരുത്താന്‍ വിസമ്മതിക്കുന്ന യാഥാസ്ഥിതിക സമൂഹങ്ങളില്‍ ധാരാളം വായിക്കുകയും ചര്‍ച്ചചെയ്യുകയും ചെയ്യേണ്ട പുസ്തകമാണിത്. സുബാന്‍ ആണ് പ്രസാധകര്‍.
(ഡോ. മീന ടി പിള്ള)

ഒറ്റയ്ക്ക് ജീവിതം കൊത്തിയെടുത്ത പെണ്ണ്


ഡബ്ബിങ് കലാകാരി ഭാഗ്യലക്ഷ്മിയുടെ "സ്വരഭേദങ്ങള്‍" എന്ന ആത്മകഥ വായിച്ചുതീരുമ്പോള്‍ ധീരമായി ജീവിച്ച ഇസഡോറ ഡങ്കന്‍ (1878-1927) എന്ന കലാകാരിയുടെ "എന്റെ ജീവിതം" എന്ന ആത്മകഥ ഓര്‍മയിലേക്ക് വന്നുംപോയും കൊണ്ടിരിക്കും. 19-ാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളും രൂപപ്പെടുത്തിയ ജീവിതവീക്ഷണങ്ങളാണ് ഇസഡോറ ഡങ്കന്‍ എന്ന അമേരിക്കന്‍ നര്‍ത്തകിയുടേത്. ഔപചാരികമായിപ്പോലും മലയാളം പഠിച്ചിട്ടില്ലാത്ത, കലാപരമായ പശ്ചാത്തലങ്ങളൊന്നുമില്ലാത്ത ഒരു കേരളീയസ്ത്രീ, സിനിമ പോലൊരു പളപളപ്പന്‍ മേഖലയില്‍ ഒറ്റയ്ക്കു പിടിച്ചുനിന്നതിനെക്കുറിച്ചും പ്രണയത്തെക്കുറിച്ചും പ്രണയഭംഗത്തെക്കുറിച്ചും സ്വരഭേദങ്ങളിലൂടെ പറഞ്ഞുവയ്ക്കുമ്പോള്‍ ഓര്‍ക്കണം, ഇത് കേരളമാണ്, നിലപാടുകളിലെ സങ്കുചിതത്വം കൊണ്ട് ഒന്നുകൂടി കുഞ്ഞായിപ്പോകുന്ന കുഞ്ഞുകേരളം. "ആരെയും വേദനിപ്പിക്കാന്‍ നമുക്ക് അവകാശമില്ല, സ്വയം വേദനിക്കാനല്ലാതെ. ഞാന്‍ ഏറ്റവും സ്നേഹിക്കുന്ന വ്യക്തിയെയും വെറുക്കുന്ന വ്യക്തിയെയും വേദനിപ്പിക്കാതിരിക്കട്ടെ" എന്നാണ് ആമുഖക്കുറിപ്പില്‍ ആത്മകഥാകാരി പറയുന്നത്.

ഈ ആത്മകഥ വായിക്കുമ്പോള്‍ സിനിമയില്‍ ഭാഗ്യലക്ഷ്മി ശബ്ദം നല്‍കിയ നാടകീയമുഹൂര്‍ത്തങ്ങള്‍ അപ്രസക്തമായി തോന്നും. കാരണം ഭാഗ്യലക്ഷ്മിയുടെ ജീവിതവും അനുഭവങ്ങളും അവരുടെ ശബ്ദത്തിലൂടെ ജീവന്‍ ലഭിച്ച കഥാപാത്രങ്ങളുടേതിനേക്കാള്‍ തീവ്രമാണ്. അരുന്ധതി റോയിയുടെ "ദ ഗോഡ് ഓഫ് സ്മോള്‍ തിങ്സ്" മലയാളത്തിലേക്ക് മൊഴിമാറ്റിയ എനിക്ക് ആ നോവലിലെ അമ്മുവിന്റെ ജീവിതവുമായും ഭാഗ്യലക്ഷ്മിയുടെ ജീവിതാനുഭവങ്ങള്‍ക്ക് സാമ്യം തോന്നുന്നു. രണ്ടു മക്കളുമായി ജീവിക്കുമ്പോഴും പ്രണയത്തിനായി പിടയുന്ന ആത്മാവാണ് അമ്മുവിന്റേത്. കുഞ്ഞുപ്രായത്തില്‍ അമ്മയെ നഷ്ടപ്പെട്ടത് വിവരിക്കുന്നുണ്ട് സ്വരഭേദങ്ങളില്‍. അമ്മയ്ക്ക് കഞ്ഞിയുമായി ആശുപത്രിയില്‍ എത്തുന്ന ബാലിക അമ്മയുടെ ചുറ്റും കൂടിനില്‍ക്കുന്ന ഡോക്ടര്‍മാരെയാണ് കാണുന്നത്. ആ കുട്ടിയോട് എന്തുപറയുമെന്നറിയാതെ ചുറ്റും ഡോക്ടര്‍മാരും. ആരോ കൈയില്‍വച്ചു കൊടുത്ത നൂറുരൂപ നോട്ടുമായി അമ്മയോടൊപ്പം ആംബുലന്‍സില്‍ വീട്ടിലേക്ക്. വിവരമറിയിക്കാനായി വലിയമ്മയുടെ വീട്ടിലേക്ക് ഓടിപ്പോകുമ്പോഴും ചുരുട്ടിപ്പിടിച്ച ആ നൂറുരൂപ നോട്ട് അവളുടെ കൈയിലുണ്ട്. ആരോരുമില്ലാതായ ആ കുട്ടിയാണ് വളര്‍ന്ന് ഡബ്ബിങ് എന്ന കലയ്ക്ക് മലയാളസിനിമയില്‍ ശക്തമായ ഒരു സ്ഥാനം പോരാടി നേടിക്കൊടുത്തത്. ഏറ്റവും വലിയ തിരക്കഥാകൃത്ത് ദൈവമാണെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞത് സത്യമാണെന്ന് കാണിച്ചുതരുന്നു ഈ പുസ്തകം.

ജീവിതവും സാഹിത്യവും തമ്മിലുള്ള അകലം ഒട്ടും അനുഭവപ്പെടാത്ത ഈ ആത്മകഥ വായിക്കുമ്പോള്‍ നമുക്ക് പൊള്ളും. കലാകാരന്റെ ജീവിതവും വിശുദ്ധന്റെ ജീവിതവും തമ്മില്‍ വ്യത്യാസമുണ്ടെന്നാണ് ഇസഡോറ ഡങ്കന്‍ പറയുന്നത്: "പ്രണയം ഒരു വിശ്വാസം മാത്രമാണ്. ഒരാളുടെ പ്രണയത്തെ മറ്റൊരാളുടേതുമായി താരതമ്യപ്പെടുത്തുന്നത് ബിഥോവന്റെ സംഗീതത്തെ പുചിനിയുടേതുമായി താരതമ്യപ്പെടുത്തുന്നതുപോലെയാണ്. ഓരോ പ്രണയവും നാദമുണര്‍ത്തുന്ന സംഗീതോപകരണമാണ്. ഒരാളുടെ പ്രണയം മാത്രമറിഞ്ഞ സ്ത്രീ ഒരു സംഗീതോപകരണത്തെ മാത്രമറിയുന്ന ആസ്വാദകയാണ്. പ്രണയം മതിഭ്രമാണ്". സ്വരഭേദങ്ങളില്‍ ഭാഗ്യലക്ഷ്മി അവരുടെ ഈഗോയെക്കുറിച്ചും ദേഷ്യത്തെക്കുറിച്ചും തുറന്നുപറയുന്നു. അബ്നോര്‍മാലിറ്റി ഇല്ലാത്തവര്‍ക്ക് കലാകാരന്മാരോ എഴുത്തുകാരോ ആകാനാകില്ലെന്ന സത്യം ഈ ആത്മകഥയില്‍ നമുക്ക് വായിച്ചെടുക്കാം. ആത്മകഥയെഴുത്ത്, ഭാഗ്യലക്ഷ്മിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. താന്‍ സുന്ദരിയാണെന്ന തിരിച്ചറിവിലേക്ക് പ്രണയമെത്തിച്ചു എന്നു പറയുന്നുണ്ട് ഭാഗ്യലക്ഷ്മി. ഔപചാരികമായി മലയാളം പഠിച്ചിട്ടില്ലാത്ത ഒരുവള്‍ക്ക് മധുരമനോഹരമലയാളഅക്ഷരങ്ങള്‍ പാകിയ ഒരു ഒറ്റയടിപ്പാത കൊത്തിക്കൊടുത്തതും ആ പ്രണയം തന്നെയാണ് എന്ന തിരിച്ചറിവാണ് പുസ്തകം വായിച്ചുതീരുമ്പോള്‍ എനിക്ക് കിട്ടുന്നത്. എന്റെ രണ്ട് പഴയ കഥകളുടെ തലക്കെട്ടുകള്‍ ഓര്‍മ വരുന്നു-ഓരോരോ തിരിവുകള്‍, നിനച്ചിരിക്കാതെ ഓരോന്ന്! പ്രണയത്തില്‍നിന്ന് തലയെടുപ്പും അക്ഷരങ്ങളും ലോകത്തിന്റെതന്നെ സ്നേഹാദരങ്ങളും-ദൈവം ഭാഗ്യലക്ഷ്മിയെ പ്രണയിക്കുന്നതിന്റെ തെളിവ്! ആരോരുമില്ലാത്ത അവസ്ഥയില്‍ കൈപിടിച്ചവരെയും കൂട്ടായവരെയുമെല്ലാം ആത്മകഥയില്‍ സ്മരിക്കുന്നുണ്ട്. മുന്‍ഭര്‍ത്താവിന്റെ അച്ഛനെയും മണിച്ചേച്ചി എന്ന കൂട്ടുകാരിയെയും കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ ഇതു പ്രകടം. കുന്നിന്‍മുകളിലെത്തിക്കഴിയുമ്പോള്‍, കടന്നുപോന്നവഴികളെക്കുറിച്ചുള്ള ഓര്‍മകളെ അതിദൂരത്തേക്ക് പറത്തിവിടുന്നവര്‍ക്ക് ഇത് പാഠമായിരുന്നെങ്കില്‍ നന്നായേനെ. ഇസഡോറ ഡങ്കനില്‍നിന്ന് ഭാഗ്യലക്ഷ്മിയിലെത്തുമ്പോള്‍, ഒരു സ്ത്രീ വിവാഹമോചിതയായി ഒറ്റയ്ക്ക് കഴിയുകയെന്നത് അതീവ സാഹസികമായ ഒരേടാണ് കേരളത്തില്‍ ഇപ്പോഴും എന്നും പ്രണയത്തിന്റെ ഋതുഭേദങ്ങളെക്കുറിച്ച് തുറന്നുപറയാനുള്ള ധൈര്യം ഒരു സ്ത്രീക്കുണ്ടാകുന്നത് ഇവിടെ ഒരു ചെറിയ കാര്യമല്ല എന്നും തീര്‍ച്ചയാകും. ഒറ്റയ്ക്ക് ഒരു ജീവിതം കൊത്തിയെടുക്കാനാഗ്രഹിക്കുന്ന ഏതു പെണ്ണും വായിക്കേണ്ട പുസ്തകമാണിതെന്ന് ഞാന്‍ പറയും.
(പ്രിയ എ എസ്)

"പര്‍വതാഗ്രത്തിലെ ഏകാന്തഗോപുരങ്ങള്‍"

ഭാവിയുടെ മുമ്പില്‍ തുറന്നുപിടിച്ചിരിക്കുന്ന കാലത്തിന്റെ പ്രതിഭയാണ് കെ പി അപ്പന്‍. വരാനിരിക്കുന്ന കാലത്തിനും മലയാള ഭാവനയ്ക്കും സംവേദനപരിണാമങ്ങളുടെ വെടിമുഴക്കം കേള്‍ക്കാന്‍ ഭാഷയിലും ചിന്തയിലും നിറയൊഴിച്ചുവച്ചിട്ടാണ് അപ്പന്‍ പോയത്. സൗന്ദര്യശിക്ഷണത്തിന്റെ തീവ്രവാദസന്ദര്‍ഭങ്ങളെ കലാസൃഷ്ടികളിലേക്ക് കടത്തിവിട്ട് തീക്ഷ്ണാനുഭവങ്ങള്‍ സംക്രമിപ്പിക്കുന്ന രീതിയാണ് അപ്പന്റേത്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ സാഹിത്യവിമര്‍ശനം ദാര്‍ശനികമാനവികതയായി മാറുന്നത്. ഇവിടെ പരാമര്‍ശവിധേയമാകുന്ന "ഫിക്ഷന്റെ അവതാരലീലകള്‍" എന്ന ഗ്രന്ഥത്തില്‍, പര്‍വതാഗ്രത്തിലെ ഏകാന്തഗോപുരങ്ങളെപ്പോലെ നിലകൊള്ളുന്ന ലോകവിശ്രുതമായ നോവലുകളെക്കുറിച്ചാണ് അപ്പന്‍ ചര്‍ച്ചചെയ്യുന്നത്.

ഉയര്‍ന്ന ചിന്തയുടെ സ്ഫോടനങ്ങളും ഉദാത്ത സൗന്ദര്യത്തിന്റെ സരസ്വതിനദിയും ഒരുമിച്ചുചേരുന്ന ഭാഷയിലൂടെയാണ് അദ്ദേഹം വിഖ്യാത നോവലുകളിലൂടെ സഞ്ചരിക്കുന്നത്. കെ പി അപ്പന്‍ അന്തരിച്ചിട്ട് നാലുവര്‍ഷം തികയുമ്പോഴും അദ്ദേഹത്തിന്റെ രചനകള്‍ വായനക്കാരെ വിസ്മയിപ്പിക്കുന്ന സിംഫണിയാവുകയാണ്. ലോകസാഹിത്യത്തിലെ 100 നോവലുകളെ മലയാളികള്‍ക്ക് പചിയപ്പെടുത്തിക്കൊണ്ടുള്ള 100 പഠനങ്ങള്‍ തയ്യാറാക്കണമെന്നത് കെ പി അപ്പന്റെ സ്വപ്നമായിരുന്നു. എന്നാല്‍, സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ 25 പഠനങ്ങളേ അദ്ദേഹത്തിന് പൂര്‍ത്തിയാക്കാനായുള്ളൂ. ആ പഠനങ്ങളാണ് "ഫിക്ഷന്റെ അവതാരലീലകള്‍" എന്ന ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. ""മരണശേഷവും അഥവാ ഞാന്‍ സ്വര്‍ഗത്തില്‍ അകപ്പെട്ടാല്‍ അവിടെ വിമര്‍ശനമില്ലെങ്കില്‍ അത് എനിക്ക് സ്വര്‍ഗമായിരിക്കില്ല. വിമര്‍ശനം രാപ്പകലാകമാനം എന്നെ വലയംചെയ്യുന്നു. ഞാന്‍ യഥാര്‍ഥത്തില്‍ റോള്‍ചെയ്യുന്നത് വിമര്‍ശനം എഴുതുമ്പോഴാണ്. തീക്ഷ്ണമായ പ്രണയം നെഞ്ചില്‍ പിടിക്കുന്നതുപോലെയാണ് വിമര്‍ശനം എന്നെ ഗ്രസിക്കുന്നത്. വിമര്‍ശനം എനിക്ക് വലിയ നീതിയാണ്. വിമര്‍ശനം എഴുതുമ്പോള്‍ ഭരണകൂടം എനിക്കെതിരാകാം. അപ്പോഴും ഞാന്‍ വിമര്‍ശനത്തോടൊപ്പം നില്‍ക്കും. വേണ്ടപ്പെട്ടവര്‍ എനിക്കെതിരാകാം. അപ്പോഴും ഞാന്‍ വിമര്‍ശനത്തോടൊപ്പം നില്‍ക്കും. ചിലപ്പോള്‍ എന്റെ വിമര്‍ശനംതന്നെ എനിക്ക് എതിരാകാം. അപ്പോഴും ഞാന്‍ വിമര്‍ശനത്തോടൊപ്പം നില്‍ക്കും. അത്തരം ഘട്ടങ്ങളില്‍ ആശയങ്ങളുടെ ഭാരത്തെ വേദനാനിര്‍ഭരമായ പ്രചോദനമായി ഞാന്‍ സ്വീകരിക്കുന്നു."" ഗ്രന്ഥത്തിലെ ആദ്യ അധ്യായമായ "എന്റെ പേനയും പഠനമുറിയും" എന്ന ലേഖനത്തിലെ തുടക്കത്തിലെ വരികളാണ് ഇവിടെ ഉദ്ധരിച്ചത്. കെ പി അപ്പന്റെ വിമര്‍ശനജീവിതത്തിന്റെ മാനിഫെസ്റ്റോയാണിതെന്ന് പറയുന്നതില്‍ അതിശയോക്തിയില്ല. ദസ്തയോവ്സ്കിയുടെ "കാരമസോവ് സഹോദരന്മാര്‍", "ഭൂതാവിഷ്ടര്‍" എന്നീ കൃതികളെ അവതരിപ്പിക്കുമ്പോള്‍ കെ പി അപ്പനിലെ വിമര്‍ശപ്രതിഭയുടെ ശക്തിസൗന്ദര്യങ്ങള്‍ സടകുടഞ്ഞെണീക്കുന്നതുകാണാം. മഹാനായ ഈ റഷ്യന്‍ നോവലിസ്റ്റിന്റെ കൃതികള്‍ അപ്പന്റെ ജീവിതരക്തത്തില്‍ അലിഞ്ഞുചേര്‍ന്ന വികാര-വിചാരങ്ങളുടെ ലഹരിയാണ്. വികാരപരമായി വേട്ടയാടുകയും ബൗദ്ധികമായി ശല്യപ്പെടുത്തുകയുംചെയ്യുന്ന "കാരമസോവ് സഹോദരന്മാര്‍" ദാര്‍ശനികധര്‍മസങ്കടങ്ങളുടെ സംഗീതമാണെന്ന് അപ്പന്‍ പറയുന്നു. ടോള്‍സ്റ്റോയിയുടെ യുദ്ധവും സമാധാനവും എന്ന കൃതി ക്ലാസിക്കുകള്‍ എങ്ങനെയാണ് വായിക്കേണ്ടതെന്ന് പഠിപ്പിച്ച നോവലാണെന്നും അദ്ദേഹം പറയുന്നു. പുസ്തകത്തിന്റെ അവസാന അധ്യായവും ശ്രദ്ധേയമാണ്. "അക്രമത്തിന്റെ രാഷ്ട്രീയ റിയലിസം" എന്ന ലേഖനത്തില്‍ മലയാളിയുടെ ഇന്നത്തെയും നാളത്തെയും അവസ്ഥ അവതരിപ്പിക്കുന്നു.

"മലയാളി ബൗദ്ധികമനഃസാക്ഷി നഷ്ടപ്പെട്ട കാലയളവിലാണ് ജീവിക്കുന്നത്. സുരക്ഷിതത്വം നഷ്ടപ്പെട്ട ഒരു സമൂഹം രൂപംകൊള്ളുന്നതുപോലെ തോന്നുന്നു. പുതിയൊരു സമൂഹത്തെ നിര്‍മിക്കാനുള്ള സ്വാതന്ത്ര്യം മലയാളിക്ക് ഇല്ലാത്തതുപോലെ. ഇതിലെല്ലാംപെട്ട് മനുഷ്യന്റെ സമചിത്തത രോഗാവസ്ഥയിലാകുന്നു." മനുഷ്യസമൂഹത്തെക്കുറിച്ച് അവസാനകാലങ്ങളില്‍ അപ്പന് ആശങ്കയും അസ്വസ്ഥതയും ഉള്ളതായി നമുക്കിതിലൂടെ വായിച്ചെടുക്കാം. വായനയെ ഗൗരവപൂര്‍വം സമീപിക്കുന്നവര്‍ക്ക് ഇതൊരു വിസ്മയകരമായ ഗ്രന്ഥമാണ്. സാഹിത്യവിദ്യാര്‍ഥികള്‍ക്കും പുതുതലമുറയ്ക്കും ദീര്‍ഘകാലം വായിച്ചുപഠിക്കാനുള്ള വേദപുസ്തകമാണിത്. കെ പി അപ്പന്റെ മരണശേഷം നാലുവര്‍ഷം പിന്നിട്ടപ്പോഴാണ് പഠനങ്ങള്‍ സമാഹരിക്കാനായത്.
(ചാത്തന്നൂര്‍ മോഹനന്‍)


*
ദേശാഭിമാനി വാരാന്തപ്പതിപ്പ് 20 ജനുവരി 2013

Tuesday, January 15, 2013

മനസ്സിന്റെ കുടമാറ്റങ്ങള്‍

ഒന്നാം ലോക മഹായുദ്ധത്തിനുശേഷം 1915നും 1926നും ഇടയില്‍ യൂറോപ്പില്‍ എങ്ങും പടര്‍ന്ന ഒരു മാരകമായ പകര്‍ച്ചവ്യാധിയായിരുന്നു എന്‍സെഫലൈറ്റിസ് ലെതാര്‍ജികാ. രോഗബാധിതരില്‍ മൂന്നില്‍ ഒന്നു പേര്‍ മരണത്തിനു കീഴടങ്ങിയപ്പോള്‍ ബാക്കിയുള്ളവര്‍ മൃതതുല്യരായി ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ട് പാര്‍ക്കിന്‍സന്‍സ് രോഗലക്ഷണങ്ങളുമായി സുഷുപ്തിയിലാണ്ടു. ഒന്നാം ലോകമഹായുദ്ധത്തിനിടയില്‍ യൗവനത്തിലെത്തിയ ഫാക്ടറി തൊഴിലാളിയായ നായിക ഓഡ്രി, സോഷ്യലിസ്റ്റ് സിദ്ധാന്തത്തിന്റെയും സ്വതന്ത്രരതിയുടെയും വക്താവായി തിളങ്ങിനില്‍ക്കുമ്പോഴാണ് രോഗാതുരയായി മാറുന്നത്.

1922ല്‍ ഒരു മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവര്‍ അങ്ങനെ സമയത്തിനതീതമായി അഥവാ കാലം കളങ്കപ്പെടുത്താത്ത മനസ്സുമായി നിശബ്ദം ഉറങ്ങുന്നു. 1971ല്‍ സാക് ബസ്നര്‍ എന്ന ചെറുപ്പക്കാരന്‍ ഡോക്ടറുടെ മരുന്നില്‍ ഇവര്‍ അര നൂറ്റാണ്ടിന്റെ ഉറക്കം വെടിഞ്ഞ് എഴുന്നേല്‍ക്കുന്നു. എന്നാല്‍, 2010 ല്‍ ഈ ഡോക്ടറുടെ ഓര്‍മകളില്‍ തെളിയുന്ന ഓഡ്രിയുടെ ഗതകാലസ്മരണകളുടെ തടവറയില്‍നിന്നുമുള്ള നാടകീയമായ ഉയര്‍ത്തെഴുന്നേല്‍പ്പിലാണ് കഥ തുടങ്ങുന്നത്. അങ്ങനെ പലരുടെ മനസ്സുകളിലൂടെമാത്രമുള്ള ഒരു നൂറ്റാണ്ടിന്റെ സഞ്ചാരപഥമാണ് ബ്രിട്ടീഷ് എഴുത്തുകാരനായ വില്‍ സെല്‍ഫിന്റെ അംബ്രെല എ നോവല്‍. ആധുനികതയുടെ ബൈബിള്‍ എന്ന് ഉദ്ഘോഷിക്കുന്ന ജെയിംസ് ജോയിസിന്റെ യുലീസിസ് എന്ന നോവലിനെ ഭാഷയിലും ശൈലിയിലും ആദ്യാവസാനംവരെ ഓര്‍മിപ്പിക്കുന്നു അംബ്രെല. നോവല്‍ തുടങ്ങുന്നതു തന്നെ എളുപ്പത്തില്‍ മറന്നുപോയേക്കാവുന്ന കുടപോലെയാണ് ഒരു സഹോദരന്‍ എന്ന യുലീസിസില്‍ നിന്ന് കടമെടുത്ത ഒരു വരിയിലാണ്. അടുക്കും ചിട്ടയും ഇല്ലാത്ത ആഖ്യാനവും ബോധധാരാസങ്കേതവും മനുഷ്യമനസ്സിന്റെ അതിസങ്കീര്‍ണമായ പാതകളില്‍ക്കൂടിയുള്ള യാത്രകളും ഈ നോവലിനെ എളുപ്പവായനയ്ക്ക് വഴങ്ങാന്‍ കൂട്ടാക്കാത്ത ഒന്നാക്കി മാറ്റുന്നു.

മനുഷ്യന്റെ മാനസികാരോഗ്യത്തിനു വേണ്ടി എന്ന് കരുതി ശാരീരിക ക്രൂരതകളില്‍നിന്ന് മരുന്നുകളുടെ പീഡനത്തിലേക്ക് വഴുതിവീണ ആധുനിക നാഗരികതയുടെ രക്തസാക്ഷിയായി മാറുന്നു ഓഡ്രി. ആധുനികതയെ കൊണ്ടാടുമ്പോള്‍പോലും ഓരോ പുതിയ ശാസ്ത്ര സാങ്കേതിക ആവിഷ്കാരങ്ങളും മനുഷ്യന്റെ മനസ്സിനും ശരീരത്തിനും പുതിയ തടവറകള്‍ സൃഷ്ടിക്കുന്നു എന്ന് നമ്മള്‍ തിരിച്ചറിയുന്നു. ആധുനിക യുദ്ധങ്ങളിലെ ആയുധങ്ങളുടെ രതിവല്‍ക്കരണവും നോവലില്‍ പ്രമേയമാവുന്നു. മേഘങ്ങള്‍ അലുക്കിട്ട മുത്തുക്കുടപോലെയാണ് പകലെങ്കില്‍ രാത്രി നക്ഷത്രത്തുളകള്‍ വീണ കാലന്‍കുടയാണ് എന്ന് വായിക്കുമ്പോള്‍ കവിതാത്മകമായ ഒരു ചിന്ത എന്ന് തോന്നിയേക്കാം. എന്നാല്‍, ഒരു കഥാപാത്രത്തിന്റെ മനസ്സിലെ യുദ്ധത്തിന്റെ ഓര്‍മകളാണിത്. ലണ്ടന്‍ എന്ന മഹാനഗരത്തില്‍ കാലപ്രവാഹവും യുദ്ധവും പുത്തന്‍ മുതലാളിത്ത വ്യവസ്ഥകളും കോറിയിട്ട മാറ്റങ്ങള്‍ ഒന്നും അറിയാതെ സ്വന്തം മനസ്സിന്റെ കരിങ്കല്‍ത്തുറുങ്കുകളില്‍ അടയ്ക്കപ്പെട്ട്, അവയുടെ അടഞ്ഞ വാതിലുകളുടെ താക്കോല്‍ നഷ്ടമായ ഒരു സ്ത്രീയുടെ കഥയാണിത്.

ഭാഷയിലും, പ്രമേയത്തിലും, ശൈലിയിലും സെല്‍ഫ് അനുകരിക്കുന്നത് 1920 കളില്‍ മുതല്‍ ഇംഗ്ലീഷ് നോവല്‍ ചരിത്രത്തില്‍ നിലനിന്നിരുന്ന ആധുനികതയാണ്. അല്‍പ്പം പഴഞ്ചന്‍ എന്ന് തോന്നാവുന്ന ഒരു ശൈലിയാണിതെങ്കിലും രസകരമായ പല മുഹൂര്‍ത്തങ്ങളും കഥാപാത്രങ്ങളും താളാത്മകമായ ഒരു ഗദ്യവും നമുക്കീ പുസ്തകത്തില്‍ കാണാം. രൂപകങ്ങളും ഭാവുകത്വവുംകൊണ്ട് ഊടും പാവും നെയ്യുന്ന രീതിയും ആധുനിക സംസ്കാരത്തെ വിമര്‍ശനാത്മകമായി ആക്ഷേപഹാസ്യത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ആഖ്യാനവും ഈ നോവലിന്റെ സവിശേഷതകളാണ്. 2012 ലെ ബുക്കര്‍ സമ്മാനത്തിനായി അവസാനംവരെ ഇഞ്ചോടിഞ്ച് പോരാടിയ ഈ നോവലിന്റെ പ്രസാധകര്‍ ബ്ലൂംസ്ബെറിയാണ്.

ഡോ. മീന ടി പിള്ള

ലോപയ്ക്ക്...

2001 ല്‍ പ്രശസ്ത കവയിത്രി വിജയലക്ഷ്മി "ലോപയ്ക്ക്" എന്ന പേരില്‍ ഒരു കവിത എഴുതി. ലോപയുടെ കവിതകള്‍ പ്രസിദ്ധീകരിച്ചുതുടങ്ങിയ കാലമായിരുന്നു അത്. പ്രമുഖ ആനുകാലികത്തില്‍ വന്ന ഈ കവിത ഒരു തുടക്കക്കാരിക്ക് അപൂര്‍വമായൊരു പുരസ്കാരമായിരുന്നു. "ജീവിച്ചിരിക്കുന്നുവെന്ന് എന്നെത്തന്നെ ഓര്‍മിപ്പിക്കാനാണ് ഞാന്‍ എഴുതിക്കൊണ്ടിരിക്കുന്നത്". ആദ്യകവിതാസമാഹാരമായ "പരസ്പര"ത്തിലൂടെ കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവഎഴുത്തുകാര്‍ക്കുള്ള പുരസ്കാരത്തിന് അര്‍ഹയായ ആര്‍ ലോപയുടെ വാക്കുകള്‍ക്ക് കടലിരമ്പങ്ങളുടെ തീക്ഷ്ണതയും ഒറ്റമരത്തണലുകളുടെ കുളിര്‍മയുമുണ്ട്. "ഇരന്നുവാങ്ങിയ കവചകുണ്ഡല പ്പെരുമയാണിന്നിന്‍ കവിതയെന്ന്" ലോപ വായനക്കാരനെ ഓര്‍മിപ്പിക്കുന്നു.

പലരും പറയാറുണ്ട് ഞാന്‍ പഴയ മട്ടില്‍ കവിതയെഴുതുന്ന ഒരാളാണെന്ന്. വൃത്തവും താളവും നോക്കി ഒരു സ്കൂളിന്റെ പിന്തുടര്‍ച്ചാവകാശിയായി മാറുന്നുവെന്നും. പക്ഷേ, എനിക്കതില്‍ നിരാശയില്ല. വായിക്കാനിഷ്ടം വൃത്തബന്ധിതമായ കവിതകളാണ്. മനസ്സ് ശാന്തിയുടെ തീരങ്ങളിലേക്ക് ചേര്‍ന്നൊഴുകുന്നതും അത്തരം കവിതകള്‍ വായിക്കുമ്പോഴാണ്. ആധുനികതയെ കൈയെത്തിപ്പിടിക്കാന്‍ എനിക്കെന്റെ കാലുകളെ മുറിച്ചുമാറ്റാനാവില്ല" കഴിഞ്ഞ തലമുറയിലെ ശ്രദ്ധേയനായ കാഥികന്‍ ആര്‍ കെ കൊട്ടാരം ലോപയുടെ മുത്തച്ഛനാണ്. "മുത്തച്ഛന്‍ കഥാപ്രസംഗവേദിയില്‍ ആലപിച്ചുപോന്ന ഈണങ്ങളും ഈരടികളുമാണ് കവിതയിലേക്ക് എന്നെ നടന്നെത്തിച്ചത്." "ആദ്യമൊക്കെ എഴുതുന്നത് കവിതകളാണെന്ന് എനിക്കുതന്നെ തിരിച്ചറിയാനായിരുന്നില്ല. പിന്നീട് ഒരു ആനുകാലികം യുവഎഴുത്തുകാര്‍ക്കായി നടത്തിയ കവിതാമത്സരത്തില്‍ "മനസ്" എന്ന കവിതയ്ക്ക് ഒന്നാംസ്ഥാനം ലഭിക്കുകയും വിഷുപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തതോടെയാണ് എഴുത്തിന്റെ കൈവഴികളിലേക്കുള്ള പുതിയ സഞ്ചാരം ആരംഭിച്ചത്." പിന്നീടങ്ങോട്ട് എഴുതുകയും എഴുതാതിരിക്കുകയും ചെയ്യുന്നതിന്റെ ഇടവേളകളില്‍ ലോപയിലെ കവി ഉണര്‍ന്നും ഉറങ്ങാതെയുമിരുന്നു. സത്യവും സൗന്ദര്യവും ഏകതാളത്തില്‍ ത്രസിക്കുമ്പോള്‍ നല്ല രചനകള്‍ പിറവിയെടുക്കുന്നു. അതാണ് ലോപയുടെ പ്രണയപര്‍വമെന്ന കവിതയില്‍ കണ്ടെത്താനാകുന്നതും.

"ഇനിയെന്റെ വിറപൂണ്ട വിരലില്‍
പിടിച്ചു നീ ജന്മാന്തരങ്ങള്‍
തന്‍ വഴികള്‍ താണ്ടീടുക"

(പ്രണയപര്‍വം) "എന്തിനോടെങ്കിലുമൊക്കെയോ പ്രണയം തോന്നുന്നത് സ്വാഭാവികം. പ്രണയം വറ്റിപ്പോകുമ്പോള്‍ അയാള്‍ മരിച്ചു എന്നര്‍ഥം. അതാണ് "പ്രണയപര്‍വം". "എഴുതാതിരിക്കാന്‍ എനിക്കാവില്ല, കവിതയല്ലെങ്കില്‍ മറ്റെന്തെങ്കിലുമൊക്കെയും. പണ്ട് ഡയറി എഴുതിയപോലെ. അല്ലെങ്കില്‍ സ്റ്റെഫി ഗ്രാഫിന്റെ ചിത്രങ്ങള്‍ ഡയറിത്താളില്‍ ഒട്ടിച്ചുവയ്ക്കുന്ന, പി ടി ഉഷയുടെ ആത്മകഥയായ ശരവേഗത്തിന്റെ സുവര്‍ണപഥങ്ങള്‍ ഫയല്‍ചെയ്ത് സൂക്ഷിച്ച... മനോഹരമായ ആ കുട്ടിക്കാലത്തെ രസികന്‍ ഭ്രാന്തുകളില്‍ ഏതെങ്കിലും തുടരുമായിരിക്കാം." ഉദ്യോഗസ്ഥ... കുടുംബിനി... എഴുത്തുകാരി... ഇതിന്റെ സമതുലനമാണ് "ഉദ്യോഗസ്ഥ" എന്ന കവിതയില്‍ ദൃശ്യമാകുന്നത്. "നിന്നുകൊണ്ട് കഴിച്ചെന്നു വരുത്തുന്ന കല ശീലിച്ചെടുക്കുന്നോള്‍..." "അത് ഞാന്‍ എന്നെക്കുറിച്ചെഴുതിയതാണ്. ജോലി, കുടുംബം. ഈ തിരക്കുകള്‍ക്കിടയില്‍ ഞാന്‍ കോംപ്രമൈസ് ചെയ്യേണ്ടി വരുന്നത് എന്റെ എഴുത്തിനോടാണ്. മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള എല്ലാ കാര്യങ്ങളും ചെയ്ത് തീര്‍ത്ത് എഴുതാന്‍ ഇരിക്കുമ്പോഴേക്കും രാത്രി ഏറെ വൈകും. 24 മണിക്കൂര്‍ പോരെന്ന കണ്ടെത്തലില്‍ അപ്പോഴേക്കും ആ ദിവസവും കഴിയുന്നു. ഇത് എല്ലാ എഴുത്തുകാരികളുടെയും പ്രശ്നമാണ്. ഇവിടെയാണ് പുരുഷന്‍ തികച്ചും വ്യത്യസ്തനാകുന്നത്. ജീവിതത്തിലായാലും സമൂഹത്തിലായാലും സ്നേഹത്തിന്റെ ആവരണം നല്‍കി സ്ത്രീകള്‍ എല്ലാത്തിനോടും സമരസപ്പെടാന്‍ ശ്രമിക്കുന്നു. അപ്പോഴും തന്റെ ചിട്ടവട്ടങ്ങളില്‍നിന്ന് വേറിട്ട് സഞ്ചരിക്കാന്‍ പുരുഷന്‍ തയ്യാറാകുന്നില്ല. എഴുത്തുകാരി സ്വന്തം മുറി കണ്ടെത്തേണ്ടതും ഈ ചിന്തകളില്‍നിന്നാണ്."

ഹരിപ്പാട് സ്വദേശിയായ ലോപ ഹരിപ്പാട് ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയാണ്. ഭര്‍ത്താവ് മനോജ്, മകന്‍: ഹരിശങ്കര്‍. കുഞ്ചുപിള്ള അവാര്‍ഡ്, വി ടി കുമാരന്‍മാസ്റ്റര്‍ പുരസ്കാരം, തുടങ്ങിയവയും ലോപയ്ക്ക് ലഭിച്ചിട്ടുണ്ട്.

ജിഷ

കെ ജി ജോര്‍ജ്: ഒരു ഫ്ളാഷ് ബാക്ക്

"ഫ് ളാഷ് ബാക്ക്... എന്റെയും സിനിമയുടെയും" എന്ന കെ ജി ജോര്‍ജിന്റെ ഓര്‍മപ്പുസ്തകത്തിന് ഒരുപാട് അപൂര്‍വതകളുണ്ട്. അഭ്രപാളികളില്‍ കോറിയിട്ട വര്‍ണചിത്രങ്ങളുടെ പിന്നാമ്പുറക്കാഴ്ചകള്‍ മലയാളസിനിമയുടെ ചരിത്രംകൂടിയാണ്. മലയാളസിനിമയുടെ വികാസത്തോടൊപ്പം നടന്ന കെ ജി ജോര്‍ജ് പോയ കാലം ഓര്‍ത്തെടുക്കുന്നത് മലയാളിക്ക് മറ്റൊരു സ്വപ്നാടനമാകും. കൗതുകവും അത്ഭുതവും വിവര്‍ത്തനംചെയ്യുന്ന അവധൂതസഞ്ചാരം. എഴുപതിലാരംഭിച്ച നവപ്രവണതയുടെ പിന്നരങ്ങുകളിലേക്ക് വെളിച്ചം വീശുന്നുണ്ട് ഈ പുസ്തകം.

1976 ലെ ആദ്യസിനിമയായ സ്വപ്നാടനം മുതല്‍ ഇലവങ്കോട് ദേശം വരെയുള്ള സിനിമകളുടെ പിറവിക്കുപിന്നിലെ അനുഭവങ്ങള്‍. താരങ്ങളും അണിയറപ്രവര്‍ത്തകരുമായുള്ള ബന്ധം. സിനിമ തനിക്ക് സമ്മാനിച്ച ജീവിതം ഒക്കെ ജോര്‍ജ് ഈ പുസ്തകത്തില്‍ വിലയിരുത്തുന്നു. നാലോ അഞ്ചോ വയസ്സുള്ളപ്പോള്‍ കണ്ട ആദ്യസിനിമ മുതല്‍ സിനിമയെന്ന കലാരൂപത്തിന്റെ ഭ്രമാത്മക സൗന്ദര്യത്തില്‍ ആകൃഷ്ടനായതും ചലച്ചിത്രങ്ങളില്‍ നടത്തിയ പുതുപരീക്ഷണങ്ങളുമെല്ലാം ജോര്‍ജ് ഓര്‍മിച്ചെടുക്കുന്നു. മമ്മൂട്ടിയെപ്പോലുള്ള മഹാനടന്മാരുടെ പിറവിക്കും വളര്‍ച്ചയ്ക്കും പിന്നില്‍ ജോര്‍ജെന്ന സംവിധായകന്റെ കരസ്പര്‍ശമുണ്ട്. സിനിമാപ്രവര്‍ത്തകരുമായുള്ള വ്യക്തിബന്ധത്തെക്കുറിച്ചും പറയുന്നുണ്ട്. സാധാരണക്കാരനായ തിരുവല്ലക്കാരന്‍ മലയാളസിനിമയുടെ ചരിത്രം തിരുത്തിയെഴുതിയ സംവിധായകനായത് വരികള്‍ക്കിടയില്‍ നിന്ന് നമുക്ക് വായിച്ചെടുക്കാം. ഗുരുവായ രാമു കാര്യാട്ടിന്റെ നെല്ല് എന്ന ചിത്രത്തിലൂടെയാണ് ജോര്‍ജ് ആദ്യചുവട് വയ്ക്കുന്നത്. സ്വപ്നാടനം കലാപരമായ മികവു നിലനിര്‍ത്തിയെന്നു മാത്രമല്ല സാമ്പത്തികവിജയവും നേടി. ദാമ്പത്യമായിരുന്നു പ്രമേയം. എന്നാല്‍, വയലന്‍സിന് പ്രാധാന്യം കൊടുത്തുവെന്ന വിമര്‍ശം ജോര്‍ജിനു കേള്‍ക്കേണ്ടിവന്നു. അതിനുള്ള വിശദീകരണവും പുസ്തകത്തില്‍ അദ്ദേഹം നല്‍കുന്നു. സ്വപ്നത്തിനും ജാഗ്രത്തിനുമിടയിലുള്ള നിതാന്തസഞ്ചാരമായിരുന്നു ആ സിനിമ.

പ്രമേയത്തിലും ആവിഷ്കാരത്തിലുമുള്ള പുതുമകള്‍ പിന്നീട് പല ചിത്രങ്ങള്‍ക്കും പ്രേരണയായി. രാപ്പാടികളുടെ ഗാഥ, യവനിക, പഞ്ചവടിപ്പാലം, ഇരകള്‍, ഇലവങ്കോടുദേശം തുടങ്ങി തന്റെ ചിത്രങ്ങളിലൂടെയുള്ള ഒരു യാത്രയാണ് അദ്ദേഹത്തിന് ഈ പുസ്തകം. സ്വപ്നാടനം എന്ന ആദ്യചിത്രത്തിന്റെ സ്വീകാര്യത തന്നെ അല്‍പ്പം അഹങ്കാരിയാക്കിയെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അദ്ദേഹം നേരിട്ടുപറയാതെ പറയുന്നു. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമകള്‍ പ്രത്യേകിച്ച് ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്കും മറ്റും പിറവിയെടുത്ത സാഹചര്യവും വ്യക്തമാക്കുന്നു. അസുഖബാധിതനായി വിശ്രമിക്കുന്ന സമയത്താണ് പുസ്തകം എഴുതിയ ദേശാഭിമാനി കൊച്ചി യൂണിറ്റിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ എം എസ് അശോകന്‍ കെ ജി ജോര്‍ജിനെ സമീപിക്കുന്നത്. മലയാള സിനിമയെ പുതുഭാവുകത്വത്തിലേക്ക് നയിച്ച ചലച്ചിത്രകാരന്റെ ഓര്‍മകള്‍ ആസ്വാദ്യമാംവിധം വായനക്കാര്‍ക്ക് പകരാന്‍ അശോകന് കഴിഞ്ഞു.

ജിജോ ജോര്‍ജ്

"ആശാന്റെ സീതാകാവ്യം" സ്ത്രീപക്ഷ വിമര്‍ശത്തിന്റെ ആദ്യപാഠം

മലയാള സാഹിത്യവിമര്‍ശന ശാഖയില്‍ സത്രീപക്ഷവിമര്‍ശനം അതിശക്തമായി അവതരിപ്പിച്ചു എന്നതാണ് സുകുമാര്‍ അഴീക്കോടിന്റെ ആശാന്റെ സീതാകാവ്യം എന്ന വിമര്‍ശനഗ്രന്ഥത്തിന്റെ പ്രസക്തി. ഇപ്പോള്‍ ഈ പുസ്തകം വീണ്ടും വായിക്കുന്നതില്‍ രണ്ടര്‍ഥത്തില്‍ സാംഗത്യമുണ്ട്. ഒന്ന് അഴീക്കോടിന്റെ ധൈഷണിക ജീവിതത്തിന്റെ അഭാവം സാംസ്കാരിക ലോകത്തിന് നഷ്ടമാണെന്ന് അദ്ദേഹത്തിന്റെ വിയോഗത്തിന് ഒരുവര്‍ഷം പിന്നിടുമ്പോള്‍ നാം കൂടുതല്‍ മനസ്സിലാക്കുന്ന സന്ദര്‍ഭം. രണ്ട്, ഡല്‍ഹിയിലും രാജ്യത്തിന്റെ പലയിടങ്ങളിലും സ്ത്രീകള്‍ക്കെതിരെ ആണധികാരത്തിന്റെ പ്രയോഗങ്ങള്‍ വര്‍ധിച്ചുവരുന്ന സവിശേഷസാഹചര്യം. എം എയ്ക്ക് പഠിക്കുമ്പോള്‍ മനസ്സിരുത്തി വായിച്ചുപഠിച്ച ഈ പുസ്തകം ഇപ്പോള്‍ വീണ്ടും വായിക്കുമ്പോള്‍ ഈ കാലയളവില്‍ വിമര്‍ശന സാഹിത്യത്തിലുണ്ടായ മാറ്റങ്ങള്‍കൂടി ഒരു വായനക്കാരനെന്ന നിലയില്‍ അനുഭവവേദ്യമാവുന്നുണ്ട്.

മലയാളത്തില്‍ സ്ത്രീപക്ഷ നിരൂപണത്തിന്റെ തുടക്കമിട്ട അഴീക്കോടിന്റെ ഈ വിമര്‍ശന ഗ്രന്ഥത്തിന് മുമ്പ് സ്ത്രീപക്ഷ ചിന്താധാരയുടെ സാന്നിധ്യം ഇത്രയും ശക്തമായി ഒരു വിമര്‍ശന ഗ്രന്ഥത്തിലും കണ്ടിട്ടില്ല. കുട്ടിക്കൃഷ്ണ മാരാരുടെ രചനകളില്‍ അങ്ങിങ്ങ് അത് തല പൊക്കുന്നതൊഴിച്ചാല്‍. 1919ലാണ് കുമാരനാശാന്‍ ചിന്താവിഷ്ടയായ സീത എഴുതുന്നത്. ഈ ഖണ്ഡകാവ്യത്തെ അധികരിച്ചുള്ള ആശാന്റെ സീതാകാവ്യം അഴീക്കോട് പൂര്‍ത്തിയാക്കുന്നത് 1954ല്‍. ഒമ്പതുവര്‍ഷം കൊണ്ടാണ് അഴീക്കോട് ഈ പുസ്തകം പൂര്‍ത്തിയാക്കിയത്. ലോകസാഹിത്യ-സാംസ്കാരിക മണ്ഡലങ്ങളില്‍ ഫെമിനിസ്റ്റ് കാഴ്ച്ചപ്പാടുകള്‍ക്ക് പ്രാമുഖ്യം ലഭിച്ചു വരുന്ന കാലമായിരുന്നു 1950കളുടെ മധ്യവര്‍ഷങ്ങളെങ്കിലും മലയാള സാഹിത്യത്തില്‍ ഈ ധാര അതുവരെ സാന്നിധ്യമറിയിച്ചിരുന്നില്ല.

സിമോണ്‍ ദ ബുവ്വെയുടെയും മറ്റും ഫെമിനിസ്റ്റ് ചിന്താപദ്ധതികള്‍ ഇവിടെ സജീവമായി തുടങ്ങിയിട്ടേയുള്ളൂ അക്കാലത്ത്. ഫെമിനിസത്തെ സൈദ്ധാന്തികവല്‍ക്കരിക്കുന്ന പഠനങ്ങളൊന്നും അക്കാലത്ത് ഇറങ്ങിയിരുന്നുമില്ല. ഈ പുസ്തകമെഴുതുമ്പോള്‍ അഴീക്കോടിന് പ്രായം ഇരുപത്തെട്ടു വയസ്സുമാത്രം. ആ ചെറുപ്രായത്തില്‍ തന്നെ കുട്ടിക്കൃഷ്ണ മാരാര്‍ക്കൊപ്പം നില്‍ക്കുന്ന യുക്തിവിചാരകൗശലമാണ് അഴീക്കോട് പ്രയോഗിച്ചത്. ആശാന്റെ സ്ത്രീപക്ഷ വീക്ഷണത്തെ വിമര്‍ശനബോധം കൊണ്ടും യുക്തിഭദ്രമായ ചിന്താപദ്ധതികള്‍കൊണ്ടും ഉറപ്പിച്ചുനിര്‍ത്തുകയാണ് ഈ പുസ്തകത്തിലൂടെ അഴീക്കോട് ചെയ്യുന്നത്. ഒരു കൃതി വിലയിരുത്തുമ്പോള്‍ വായനക്കാരന്‍ സ്ത്രീപക്ഷത്ത് എങ്ങനെ ഉറച്ചുനില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞുതരുന്നു. ആശാന്‍ ചിന്താവിഷ്ടയായ സീത തുടങ്ങുന്നത് സീതയുടെ ഇരിപ്പ് വര്‍ണിച്ചുകൊണ്ടാണ്. പാര്‍വതിയുടെ ഇരിപ്പുമായാണ് ഇവിടെ താരതമ്യം. പാര്‍വതി മഞ്ഞുമലയിലാണ് ഇരിക്കുന്നതെങ്കില്‍ ഫ്യൂജിയാമ പോലുള്ള ഒരു സജീവാഗ്നി പര്‍വതത്തിനുമുകളിലാണ് സീത.

കാട്ടിലെറിയപ്പെട്ട സീത ഉയര്‍ത്തുന്ന തീപ്പൊരി ചിതറുന്ന ചോദ്യങ്ങള്‍ മനഃസാക്ഷിയെ നടുക്കുന്നവയാണ്. ആ ചോദ്യങ്ങള്‍ ഇപ്പോഴും പ്രസക്തമാണ്. ജ്യോതിര്‍ഗോളത്തെ ദൂരദര്‍ശിനി ഉപയോഗിച്ച് കാണുകയാണ് വാത്മീകി ചെയ്യുന്നതെങ്കില്‍ സീതാകാവ്യത്തില്‍ ആശാന്‍, അണുതലത്തിലുള്ള സൂക്ഷ്മതയെ സൂക്ഷ്മദര്‍ശിനി കൊണ്ട് കാണുകയാണെന്ന് വാത്മീകി രാമായണത്തെയും ആശാന്റെ സീതാകാവ്യത്തെയും അഴീക്കോട് താരതമ്യപ്പെടുത്തുന്നുണ്ട്. ശ്രീരാമസന്നിധിയില്‍ തിരിച്ചെത്തുമ്പോള്‍ വിചാരണ ചെയ്യപ്പെടുന്ന സീത തന്റെ പാതിവ്രത്യം തെളിയിക്കുന്നതോടൊപ്പം ശ്രീരാമന്റെ ആണധികാരത്തെയും ക്രൂരതകളെയും അനീതികളെയും ചോദ്യം ചെയ്യുന്നുമുണ്ട്. ശ്രീരാമന്റെ മുന്നില്‍ വച്ചുതന്നെ സീത അന്തര്‍ധാനം ചെയ്യുന്നത് പ്രതീകാത്മകമായ ആത്മഹത്യയായാണ് അഴീക്കോട് വായിച്ചെടുക്കുന്നത്. ആശാന്റെ ചിന്തകളെ തന്റേതായ രീതിയില്‍ ആഖ്യാനം ചെയ്യുകയാണ് അഴീക്കോട് ഈ പുസ്തകത്തില്‍.

അംബികാസുതന്‍ മാങ്ങാട്

*
ദേശാഭിമാനി വാരാന്തപ്പതിപ്പ്

Sunday, January 6, 2013

ഗോലെം ഭ്രമാത്മകതയുടെ സൗന്ദര്യം


വിചിത്രവും കൗതുകകരവുമായ വ്യക്തിത്വമുള്ള എഴുത്തുകാരന്റെ അതിവിചിത്രമായ പ്രമേയമുള്ള ഒരു നോവല്‍. "ദ ഗോലെം" എന്ന നോവലിനെ അങ്ങനെ വിശേഷിപ്പിക്കാനാണെനിക്കിഷ്ടം. വിയന്നയില്‍ ജനിക്കുകയും പ്രേഗില്‍ ജീവിക്കുകയും ചെയ്ത ഗുസ്താവ് മെയ്റിങ്കിന്റെ ആദ്യത്തേതും അതിപ്രശസ്തവുമായ ഈ നോവല്‍ അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ് ആയാണ് വിശേഷിപ്പിക്കപ്പെടുന്നത്.

ജര്‍മന്‍ എഴുത്തുകാരനും ചിന്തകനുമായ കാഫ്കയുടെ സുഹൃത്തായതുകൊണ്ടുതന്നെയാകാം കാഫ്കയുടെ അസ്തിത്വവാദ ദര്‍ശനങ്ങള്‍ പലപ്പോഴും മെയ്റിങ്കിന്റെ ഈ നോവലില്‍ കടന്നുവരുന്നുണ്ട്. കാഫ്കയുടെ കാസില്‍ എന്ന നോവലിലേതുപോലെ ഒരു ദുര്‍ഗം ഈ നോവലിലുമുണ്ട്. ഒരു നോവലിലെ കഥാപാത്രത്തിന്റെ ജീവിതത്തിനു സമാനമാണ് മെയ്റിങ്കിന്റെയും ജീവിതം. റുട്ടന്‍ബര്‍ഗിലെ മന്ത്രിയായ ബാരോണ്‍കാള്‍ വാന്‍ ബ്യൂളര്‍ക്ക് നടിയായ മരിയാ മേയറിലുണ്ടായ ജാരസന്താനമാണ്് മെയ്റിങ്ക്. യുവാവായിരിക്കെ ഒരിക്കല്‍ ആത്മഹത്യക്ക് മുതിര്‍ന്നു. 1868ല്‍ വിയന്നയില്‍ ജനിച്ച മെയ്റിങ്കിന്റെ വിദ്യാഭ്യാസം പ്രാഗിലും മ്യൂണിച്ചിലും ഹാംബര്‍ഗിലും. ഡയറക്ടറായി പ്രവര്‍ത്തിച്ച ബാങ്കിന്റെ അക്കൗണ്ടുകളില്‍ ഭൗതികാതീത ശക്തിയുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. തുടര്‍ന്ന് ഇടപാടിലെ കുഴപ്പങ്ങളെത്തുടര്‍ന്ന് രണ്ടരമാസം ജയില്‍ ജീവിതം. ഇതിനിടെ പക്ഷാഘാതം ശരീരത്തെ തളര്‍ത്തി. പിന്നീട് കഠിനമായ യോഗയിലൂടെ പക്ഷാഘാതത്തെ അതിജീവിച്ചു. യഹൂദ ഗൂഢശാസ്ത്രം, യോഗ, ആല്‍ക്കെമി, ബുദ്ധദര്‍ശനം, ഭാരതീയ ദര്‍ശനം എന്നിവയെല്ലാം അദ്ദേഹത്തിന്റെ ഇഷ്ടവിഷയങ്ങള്‍. ഹാഷിഷ് എന്ന മയക്കുമരുന്നും പ്രിയപ്പെട്ടത്.

തിയോസഫിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയ അദ്ദേഹം ആനിബസന്റുമായി നിരന്തരം കത്തിടപാടുകള്‍ നടത്തിയിരുന്നു. ഇതൊക്കെയാണ് നോവലിസ്റ്റിന്റെ ജീവിതത്തിലെ കയറ്റിറക്കങ്ങളെങ്കില്‍ നോവലിലെ പ്രധാനകഥാപാത്രമായ അത്താസിയൂസ് പെര്‍നാത് എന്ന രത്നവ്യാപാരിയുടെ ജീവിതവും അയാള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും ഇതിലും സങ്കീര്‍ണമാണ്. കലാഹൃദയമുള്ള ഈ സമ്പന്നന്‍ പക്ഷേ ജീവിക്കുന്നത് പ്രാഗിലെ ഒരു ചേരിയില്‍. 30 വര്‍ഷംമുമ്പ് പെര്‍നാത്തിന്റെ വ്യക്തിത്വം സ്വാംശീകരിക്കുന്ന അജ്ഞാതനായ ഒരു ആഖ്യാതാവിന്റെ മായിക സ്വപ്നാനുഭവങ്ങളിലൂടെയാണ് നോവല്‍ കടന്നുപോകുന്നത്.

പെര്‍നാത്തിന്റെ തൊപ്പി അബദ്ധത്തില്‍ മാറിയിടുന്നതോടെയാണ് ആഖ്യാതാവിന് സ്വപ്നാനുഭവങ്ങളുണ്ടാകുന്നത്. പെര്‍നാത്തിന്റെ ചിന്തകളിലൂടെയും സാഹസികതകളിലൂടെയും മാത്രമല്ല, അയാളുടെ സുഹൃത്തുക്കളുടെയും അയല്‍വാസികളുടെയും ജീവിതത്തിലൂടെയും നോവല്‍ കടന്നുപോകുന്നു. ഗോലെം എന്ന മിത്ത് ജൂതഫോക്ലോറിന്റെ കൗതുകങ്ങളിലേക്കും ഭ്രമാത്മകതയിലേക്കും നമ്മെ നയിക്കും. യിദ്ദിഷ് സാഹിത്യത്തിലെയും നാടോടിക്കഥകളിലെയും പ്രമേയങ്ങളില്‍ ഗോലെം പലപ്പോഴായി കടന്നുവരുന്നുണ്ട്.

കളിമണ്ണുകൊണ്ട് നിര്‍മിക്കുന്ന മനുഷ്യരൂപമുള്ള ഭൂതമാണ് ഗോലെം. അതിന്റെ പുരികത്തില്‍ സത്യം എന്നര്‍ഥം വരുന്ന  എന്ന് എഴുതി ജീവന്‍നല്‍കി തനിക്കാവശ്യമുള്ളത് ചെയ്യിക്കും. ആവശ്യം കഴിയുമ്പോള്‍ ആദ്യാക്ഷരം മായ്ച്ചുകളയും. അപ്പോള്‍ ബാക്കിയാവുന്നത് മൃത്യു എന്നര്‍ഥം വരുന്ന ാലവേ എന്ന വാക്ക്. ഇത്തരം പുരാവൃത്തങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വായനയ്ക്ക് ഈ നോവല്‍ കാരണമാകും. ഡോ. എസ് എസ് ശ്രീകുമാര്‍ വിവര്‍ത്തനം ചെയ്ത് "ദ ഗോലെം" മലയാളത്തില്‍ പ്രസിദ്ധീകരിച്ചത് ഡിസി ബുക്സ് ആണ്.
(എം മുകുന്ദന്‍)

ചരിത്രത്തിന്റെ ദയാരഹിതമായ ആവര്‍ത്തനങ്ങള്‍

മുണ്ഡനം ചെയ്യപ്പെടുന്ന ജീവിതത്തെയും ആധിയാല്‍ പായുന്ന മനസ്സുകളെയും അശാന്തമായ അന്വേഷണങ്ങളെയും ചേര്‍ത്തുനിര്‍ത്തുന്ന കഥകളുടെ സങ്കലനമാണ് ആര്‍ ഉണ്ണിമാധവന്റെ "പറയി". സമൂഹത്തിനു വന്നുപെട്ട രോഗാതുരതയെ തന്റെ ലാവണ്യഭരിതമായ ഭാഷകൊണ്ട് വിസ്മയജനകമായ ഭാഷാപ്രകാശനമായി അതിദ്രുതം ഭാവുകരിലേക്ക് സംവേദനംചെയ്യാന്‍ കഥാകൃത്തിനായിട്ടുണ്ട്. ഒമ്പത് കഥകളാണ് ഈ കഥാസമാഹാരത്തിലുള്ളത്. അമ്മയാകുക എന്നത് കുറ്റവും ശിക്ഷയുമാകുന്നതും പഞ്ചമിമുതല്‍ റെയ്സഖാലിദ്വരെ ചരിത്രത്തിന്റെ ദയാരഹിതമായ ആവര്‍ത്തനമാകുന്നതും പറയിയെ വേറിട്ട കഥയാക്കുന്നു.

തന്റെ ഉദരത്തില്‍ ജനിച്ച കുട്ടികളെ പാമ്പ് പടം പൊഴിച്ചുകളയുന്നതുപോലെ പരിത്യജിച്ചുകൊണ്ട് ജീവിതത്തോട് അവള്‍ ക്രൂരമായി പകരംവീട്ടുമ്പോള്‍ ഒരു സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ കൈപ്പാര്‍ന്ന മധുരം അനുവാചകരിലേക്ക് ഊര്‍ന്നിറങ്ങുന്നു. വസുധമേനോന്‍ വി എസ് ശ്രീകാന്ത് എന്ന കഥയിലൂടെ കഥാകൃത്ത് തുറന്നുകാട്ടുന്നത് ലൈംഗികതയുടെ അനഭിലഷണീയമായ വര്‍ത്തമാനകാല പുഴുക്കുത്തുകളെയാണ്. സ്നേഹരാഹിത്യത്തിന്റെയും വാര്‍ധക്യ നിരാസത്തിന്റെയും കെട്ടകാലത്തില്‍ മരണമെന്നത് ഉത്സവസമമായ കവിതയായി പരകായപ്രവേശനം ചെയ്യുന്നു മാര്‍സിലേനോ സെറീനിയും ആല്‍ബിനോ പെണ്‍കുട്ടിയും എന്ന കഥയില്‍. തീക്ഷ്ണവും രോഗഗ്രസ്തവും ഉദ്ഭ്രാന്തവുമായ പരിതോവസ്ഥകളാല്‍ ഈ കഥയിലെ മര്‍മം അനുവാചക മനസ്സിനെ ചുട്ടുപൊള്ളിക്കുന്നു. മൃതശരീരം മറിച്ചുവില്‍ക്കാന്‍ ശ്രമിക്കുന്ന പുതിയ നിഗൂഢ വ്യാപാരതന്ത്രത്തിന്റെ പ്രതിനിധിയായ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനെ ചൂണ്ടിക്കാട്ടുന്ന "എമര്‍ജന്‍സി എക്സിറ്റ്" എന്ന കഥ ഭവത്കാലത്തിന്റെ കറുത്ത ഭാഷ്യമായിത്തീരുന്നു.

വിദ്യാര്‍ഥിയുടെ പൊതിച്ചോറ് കട്ടുതിന്നുന്ന അധ്യാപകന്റെ കഥ പറഞ്ഞ കാരൂരിന്റെയും ചെറുകാടിന്റെയും ചിത്രത്തെ സാക്ഷിനിര്‍ത്തി ജീവിതമവസാനിപ്പിച്ച അധ്യാപക ദമ്പതിമാരുടെ ദുരന്തകഥയിലൂടെ ആത്മഹത്യയില്‍ അഭയം കണ്ടെത്തുന്ന കേരളീയ പ്രതിനിധാനങ്ങളെ ക്രാന്തദര്‍ശിത്തത്തോടെ കാട്ടിത്തരുന്നതാണ് "അത്താഴപ്പട്ടിണിക്കാര്‍". ഈ കഥാസമാഹാരത്തിലെ കഥകളെല്ലാം ആസ്വാദ്യകരവും ചിന്തോദ്ദീപകവും ഉദ്ബോധനപരവുമാണ്. വൈദ്യശാസ്ത്രത്തിന്റെ കാപട്യം നിറഞ്ഞ കച്ചവടതന്ത്രം പരിചിതമാക്കുന്ന മുറിവെണ്ണ, മംഗലാപുരം ചെന്നൈ മെയിലില്‍ ചന്ദ്രേട്ടനോടൊപ്പം യാത്ര പോയ അശോകന്റെ ദുരൂഹമായ തിരോധനവും തുടര്‍ന്നുള്ള ഭ്രമാത്മകചിത്രങ്ങളും നിറഞ്ഞ "ഒത്തുതീര്‍പ്പുകള്‍", ജീവിതമില്ലാത്ത കഥയെ തേടുന്ന "ഡെത്ത് ഓഫ് ദ ഓതറും" ഉണ്ണി മാധവന്‍ എന്ന കഥാകൃത്തിന്റെ സ്ഥാനം മലയാള ചെറുകഥാ ലോകത്ത് ഉറപ്പിക്കുന്നതാണ്.
(കൃഷ്ണന്‍ നടുവലത്ത്)

ഗുഹയുടെ അതൃപ്തികളും ആകുലതകളും

ചിലപ്പോള്‍ കടുത്തഭാഷയില്‍ സംസാരിക്കുമെങ്കിലും താന്‍ ഒരു മിതവാദിയാണെന്ന അവകാശവാദത്തോടെ തുടങ്ങുന്നു രാമചന്ദ്ര ഗുഹയുടെ  Patriots and Partisans (ദേശാഭിമാനികളും കക്ഷിരാഷ്ട്രീയക്കാരും). ആത്മധൈര്യത്തിലും രാഷ്ട്രീയബോധത്തിലും അണ്ണ ഹസ്സാരെയും മഹാത്മാഗാന്ധിയും തമ്മിലുള്ള അന്തരം ക്രിക്കറ്റ് പരിജ്ഞാനത്തില്‍ താനും സച്ചിന്‍ ടെണ്ടുല്‍ക്കറും തമ്മിലുള്ള അകലത്തോളംതന്നെയാണെന്നു പറഞ്ഞുകൊണ്ട് സമകാലീന ഇന്ത്യയുടെ രാഷ്ട്രീയ- സാമൂഹിക യാഥാര്‍ഥ്യങ്ങളെ വിശകലനംചെയ്യാന്‍ ശ്രമിക്കുന്നു പതിനഞ്ചു പ്രബന്ധങ്ങളിലൂടെ ഗുഹ.

ലോകരാജ്യങ്ങളില്‍ ഏറ്റവും അധികം താല്‍പ്പര്യം ജനിപ്പിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. എങ്കിലും മനുഷ്യന്റെ ക്ഷമ ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ക്കും പ്രകോപനങ്ങള്‍ക്കും വിധേയമാക്കപ്പെടുന്നത് ഇവിടെയാണ്. ഹിന്ദുത്വ അജന്‍ഡകളെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് ഇന്ത്യയില്‍ ഇന്ന് ബിജെപിയും ആര്‍എസ്എസും ബജ്രംഗ്ദളും വിശ്വഹിന്ദുപരിഷത്തും മുമ്പോട്ടു വയ്ക്കുന്നത് ഈ ഒറ്റ അജന്‍ഡയുടെ പല സ്വരങ്ങളാണെന്നു ചൂണ്ടികാണിക്കുന്നു ഗുഹ. എന്നാല്‍, എല്ലാ മതങ്ങളിലും ഈ യാഥാസ്ഥിതികത്വം പടര്‍ന്നുപിടിച്ചിട്ടുണ്ട് എന്നും നമ്മള്‍ വിസ്മരിച്ചുകൂടാ. കോണ്‍ഗ്രസിലെ സ്തുതിപാഠകരുടെ ഹ്രസ്വചരിത്രം എന്ന അധ്യായത്തില്‍ 1969 വരെ കോണ്‍ഗ്രസ് ഏറെക്കുറെ ഒരു ജനാധിപത്യപാര്‍ടി ആയിരുന്നെന്നും, ഗോപാലകൃഷ്ണ ഗോഖലെ, ബാലഗംഗാധര തിലകന്‍, ഗാന്ധിജി, സുഭാഷ്ചന്ദ്രബോസ് തുടങ്ങിയ മഹാന്മാരായ സ്വാതന്ത്ര്യസമരനേതാക്കള്‍ക്ക് അനുയായികളും ആരാധകരും ഉണ്ടായിരുന്നെങ്കിലും സ്തുതിപാഠകവൃന്ദത്തെ അവര്‍ പ്രോത്സാഹിപ്പിച്ചിരുന്നില്ലെന്നും ഗുഹ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയിലെ ഇടതുരാഷ്ട്രീയ പ്രസ്ഥാനത്തെ അല്‍പ്പം ഒരു ഇടതു ചായ്വോടെതന്നെ വിശകലനംചെയ്യുമ്പോഴും വളരെ ഉപരിപ്ലവമായ ഒരു വിലയിരുത്തലാണ് കേരളത്തെയും ബംഗാളിനെയുംപറ്റി ഗുഹ നടത്തുന്നത്. ഉദാഹരണത്തിന് കേരളത്തിലെ സാമൂഹികനേട്ടങ്ങളില്‍ കമ്യൂണിസ്റ്റുകാരുടെ പങ്ക് അദ്ദേഹം അംഗീകരിക്കുന്നു, എന്നാല്‍ അത് ആഴത്തിലും അര്‍ഹിക്കുന്ന തരത്തിലും വിലയിരുത്തിയിട്ടില്ല. ചരിത്രപരമായ വിശകലനത്തിന് മുതിരാതെ വസ്തുതാപരമല്ലാത്ത നിഗമനങ്ങളിലേക്കും ഗുഹ എത്തുന്നു. പത്രപ്രവര്‍ത്തനത്തിനും അക്കാദമിക രചനയ്ക്കും ഇടയിലെവിടെയോ ആണ് രാമചന്ദ്ര ഗുഹ എന്ന സാമൂഹിക ചരിത്രകാരന്റെ എഴുത്തിന്റെ സ്ഥാനം. ഒരുപക്ഷേ ഒരു നെഹ്റൂവിയന്‍ ലിബറല്‍ ചിന്തകന് സമകാലീന ഇന്ത്യന്‍ രാഷ്ട്രീയത്തിലുള്ള അതൃപ്തികളും ആകുലതകളുമായി നമ്മള്‍ക്ക് ഈ പുസ്തകത്തെ വായിക്കാം. പെന്‍ഗ്വിന്‍ ആണ് പ്രസാധകര്‍.
(ഡോ. മീന ടി പിള്ള)

*
ദേശാഭിമാനി വാരാന്തപ്പതിപ്പ് 06 ജനുവരി 2013 

Sunday, November 18, 2012

സജീവമായി തുടരുന്ന ദൈവാസ്തിത്വ സംവാദം

ദൈവാസ്തിത്വവുമായി ബന്ധപ്പെട്ട ചിന്തകള്‍ എല്ലാകാലത്തും മനുഷ്യരാശിയെ അലട്ടിക്കൊണ്ടിരുന്ന സമസ്യകളാണ്. സര്‍വചരാചരങ്ങളെയും സൃഷ്ടിക്കുകയും രക്ഷാശിക്ഷകള്‍ നല്‍കി സംരക്ഷിക്കുകയും ചെയ്യുന്ന സര്‍വശക്തമായ പ്രതിഭാസമായാണ് ദൈവത്തെ മതസംഹിതകളില്‍ കാണാന്‍ കഴിയുക. ദൈവമെന്ന സങ്കല്‍പനത്തെ യുക്തിവാദികള്‍ പൂര്‍ണമായും നിരാകരിക്കുന്നു. ലോകം സ്വയം ഭൂവാണെന്നും യുക്തിയുക്തം ദൈവാസ്തിത്വം തെളിയിക്കാനാവില്ലെന്നുമാണ് യുക്തിവാദികള്‍ സമര്‍ഥിക്കുന്നത്. ഉന്നത ജീവിതമൂല്യങ്ങളുടെ സമാഹാരം എന്ന നിലയില്‍ ദൈവത്തെകാണുന്നതടക്കം മത-യുക്തിവാദ സമീപനങ്ങളില്‍ നിന്നും വ്യത്യസ്തമായ നിരവധി ദൈവ കാഴ്ചപ്പാടുകള്‍ വേറെയുമുണ്ട്.

ചാള്‍സ് ഡാര്‍വിന്‍ (1809-1882) തന്റെ പരിണാമസിദ്ധാന്തം ആവിഷ്കരിച്ചതോടെയാണ് തെളിയിക്കപ്പെടാവുന്ന ശാസ്ത്രസത്യങ്ങളുടെ അടിസ്ഥാനത്തില്‍ ദൈവാസ്തിത്വം ചോദ്യം ചെയ്യപ്പെട്ടുതുടങ്ങിയത്. ഭൂമിയിലെ ജീവജാലങ്ങളെയെല്ലാം പ്രത്യേകം പ്രത്യേകം പരസ്പരം മാറ്റാന്‍ കഴിയാത്ത വംശങ്ങളിലായി ദൈവം സൃഷ്ടിച്ചുവെന്നാണ് ബൈബിളില്‍ പറയുന്നത്. എന്നാല്‍ സൂക്ഷ്മജീവികളില്‍നിന്നും പ്രകൃതി നിര്‍ധാരണത്തിലൂടെ (Natural Selection) മനുഷ്യരും മറ്റ് ജീവജാലങ്ങളും പ്രകൃത്യാതീത ശക്തിയുടെ ഇടപെടലൊന്നുമില്ലാതെ പരിണമിച്ചുണ്ടായതാണെന്നാണ് ഡാര്‍വിന്‍ സിദ്ധാന്തിച്ചത്. ക്രിസ്തീയസഭയെ പ്രകോപിപ്പിക്കുമെന്നും വിശ്വാസിയായ തന്റെ ഭാര്യയെ വേദനിപ്പിക്കുമെന്നും കരുതി ഡാര്‍വിന്‍ തന്റെ സിദ്ധാന്തം പ്രസിദ്ധീകരിക്കാന്‍ മടിച്ചിരുന്നു. പിന്നീട് ആല്‍ഫ്രഡ് റസല്‍ വാലസ് (1823-1913) സമാന ആശയങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പോയപ്പോഴാണ് സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി ഡാര്‍വിന്‍ 'ഒറിജിന്‍ ഓഫ് സ്പീഷിസ്' (1859) പ്രസിദ്ധീകരിച്ചത്. പ്രപഞ്ച സ്രഷ്ടാവ് എന്ന പദവിയില്‍നിന്നും ദൈവത്തെ പരിണാമ സിദ്ധാന്തം നിഷ്കാസനം ചെയ്തു എന്ന് കരുതപ്പെട്ടു.

പരിണാമസിദ്ധാന്തത്തിന്റെ മറ്റൊരു ഉപജ്ഞാതാവായി കരുതപ്പെടുന്ന ആല്‍ഫ്രഡ് റസല്‍ വാലസ് ദൈവാസ്തിത്വത്തില്‍ വിശ്വസിച്ചിരുന്നു. പരിണാമത്തിലൂടെ രൂപം കൊണ്ട മനുഷ്യനു ആത്മാവ് നല്‍കിയത് ദൈവമാണെന്നും അജൈവവസ്തുക്കളില്‍നിന്നും ജൈവവസ്തുക്കള്‍ രൂപപ്പെട്ടത് ദൈവത്തിന്റെ ഇടപെടലിലൂടെയാണെന്നും വാലസ് അഭിപ്രായപ്പെട്ടിരുന്നു. ദൈവാസ്തിത്വ സംവാദം സമീപകാലത്ത് പാശ്ചാത്യനാടുകളില്‍ പ്രത്യേകിച്ചും അമേരിക്കന്‍ സര്‍വകലാശാല കാമ്പസുകളില്‍ സജീവമായി അതിതീവ്രതയോടെ നടന്നുവരുന്നു. ഈശ്വര വിശ്വാസത്തെയും മതവിശ്വാസത്തെയും ആത്മീയതയെയും ന്യായീകരിച്ചുകൊണ്ടും തള്ളികളഞ്ഞുകൊണ്ടുള്ള നൂറുകണക്കിനു പുസ്തകങ്ങളാണ് പ്രസിദ്ധീകരിക്കപ്പെട്ടുവരുന്നത്.

അമേരിക്കയിലെ നാഷനല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് 1990ലാരംഭിച്ച ഹ്യൂമന്‍ ജീനോം പ്രോജക്ടിന്റെ ഡയറക്ടറായിരുന്ന പ്രസിദ്ധ ജൈവശാസ്ത്രജ്ഞന്‍ ഫ്രാന്‍സിസ് കോളിന്‍സ് രചിച്ച ദൈവത്തിന്റെ ഭാഷയും (The Language of God: A Scientist Presents Evidence for Belief: Free Press: New York: 2006) ഓക്സ്ഫോര്‍ഡ് സര്‍വകലാശാല പ്രൊഫസറും ലോകപ്രശസ്ത ശാസ്ത്രപ്രചാരകനുമായ റിച്ചാര്‍ഡ്സ് ഡാക്കിന്‍സിന്റെ ദൈവമിഥ്യ (The God Delusion Houghton Mifflin Company: New York: 2006) എന്നീ ഗ്രന്ഥങ്ങളാണ് ഇവയില്‍ പ്രധാനപ്പെട്ടവ.

മറ്റ് മതവിശ്വാസികളില്‍നിന്നും വ്യത്യസ്തമായ രീതിയിലാണ് ഫ്രാന്‍സിസ് കോളിന്‍സ് ദൈവാസ്തിത്വത്തെയും മതചിന്തകളെയും ന്യായീകരിക്കുന്നത്. ഡാര്‍വിനിസത്തിനെതിരായും ഈശ്വരവിശ്വാസത്തെ ന്യായീകരിക്കാനുമായി മുന്നോട്ടുവയ്ക്കാറുള്ള സൃഷ്ടിശാസ്ത്രം, (Creation Science) അഭികല്‍പനാ വാദം Argument from Design) തുടങ്ങിയ സിദ്ധാന്തങ്ങളൊന്നും കോളിന്‍സ് അംഗീകരിക്കുന്നില്ല. ശാസ്ത്രവും മതവും തമ്മില്‍ വൈരുധ്യങ്ങളൊന്നുമില്ലെന്നതാണ് കോളിന്‍സിന്റെ അടിസ്ഥാനസമീപനം. ലോകം നിലനില്‍ക്കുന്നത് പരിണാമ സിദ്ധാന്തമടക്കമുള്ള വസ്തുനിഷ്ഠനിയമങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയാണ്. എന്നാല്‍ ഈ നിയമങ്ങള്‍ ദൈവസൃഷ്ടിയാണ്. ചില അപൂര്‍വ സാഹചര്യങ്ങളില്‍ ദൈവം മനുഷ്യനന്മ ലക്ഷ്യമാക്കി ഈ നിയമങ്ങള്‍ മാറ്റിമറിക്കും. അല്‍ഭുതകൃത്യങ്ങള്‍ സംഭവിക്കുന്നതിങ്ങനെയാണ്. ലാബറട്ടറിയിലും പള്ളിയിലും ഒരുപോലെ ദൈവത്തെ ആരാധിക്കാമെന്നും ബൈബിളിലേയും ജനിതകശാസ്ത്രത്തിലേയും ദൈവം ഒന്നുതന്നെയെന്നും കോളിന്‍സ് വാദിക്കുന്നു.

ദൈവാസ്തിത്വത്തിനനുകൂലമായി കോളിന്‍സടക്കമുള്ള മതവിശ്വാസികളും ആത്മീയചിന്തകരും മുന്നോട്ടുവയ്ക്കുന്ന വാദമുഖങ്ങളെ ശക്തമായ ഭാഷയില്‍ നിരാകരിക്കുന്ന കൃതിയാണ് റിച്ചാര്‍ഡ് ഡാക്കിന്‍സിന്റെ ദൈവമിഥ്യ (The God Delusion: Richard Dawkins: Houghton Mifflin Company). കുരിശുയുദ്ധകാലം മുതല്‍ മതവിശ്വാസത്തിന്റെ പേരില്‍ നടന്നുവരുന്ന മനുഷ്യക്കുരുതികളെ ഡാക്കിന്‍സ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നു. ഏകാധിപതിയും ക്രൂരനുമായ പഴയനിയമത്തിലെ ദൈവം മുതല്‍ കോളിന്‍സും മറ്റും അവതരിപ്പിക്കുന്ന മൂല്യധിഷ്ഠിത ദൈവം വരെയുള്ള വ്യത്യസ്ത ഈശ്വരസങ്കല്‍പനങ്ങളുടെ അശാസ്ത്രീയവും പൊള്ളത്തരങ്ങളും ഡാക്കിന്‍സ് തുറന്നുകാട്ടുന്നുണ്ട്. മനുഷ്യരില്‍ നിലനില്‍ക്കുന്ന മൂല്യബോധം ദൈവത്തിന്റെ സംഭാവനയല്ലെന്നും ജീവപരിണാമ പ്രക്രിയയിലൂടെ സാമൂഹ്യജീവിയായ മനുഷ്യന്‍ സ്വയം ആര്‍ജിച്ച ഗുണസമുച്ചയമാണെന്നും ഡാക്കിന്‍സ് വ്യക്തമാക്കുന്നുണ്ട്. ദൈവമത വിശ്വാസങ്ങള്‍ക്ക് ശാസ്ത്രീയമായോ തത്വചിന്താപരമായോ ന്യായീകരണമില്ലെന്നു മാത്രമല്ല ചരിത്രപരമായും സമീപകാല ലോകസാഹചര്യം കണക്കിലെടുക്കുമ്പോഴും അത് മനുഷ്യരാശിയുടെ വിനാശത്തിനു കാരണമാവുമെന്നും ഡാക്കിന്‍സ് വിശദീകരിക്കുന്നു. ഡാക്കിന്‍സിന്റെ പുസ്തകത്തെ അടിസ്ഥാനമാക്കി സി. രവിചന്ദ്രന്‍ 'നാസ്തികനായ ദൈവം' (ഡി.സി. ബുക്സ് 2010) എന്ന പേരില്‍ ശ്രദ്ധേയമായ ഒരു കൃതി രചിച്ചിട്ടുണ്ട്.

ക്രിട്ടിക്ക് ഓഫ് ഇന്റലിജന്റ് ഡിസൈന്‍ എന്ന പുസ്തകത്തില്‍ (Critique of Intelligent Design: Materialism versus Creationism From Antiquity to the Present: John Bellamy Foster, Brett Clark, Richard York: Aakar: Delhi: 2010) ദൈവാസ്തിത്വത്തെ ന്യായീകരിക്കാന്‍ പൊതുവില്‍ പലരും മുന്നോട്ടുവക്കാറുള്ള അഭികല്‍പനാ വാദത്തെ (Argument from Design) പ്രസിദ്ധ ശാസ്ത്രചിന്തകന്‍ ജോണ്‍ ബെല്ലാമി ഫോസ്റര്‍, ബ്രെറ്റ് ക്ളര്‍ക്ക്, റിച്ചാര്‍ഡ് യോര്‍ക്ക് എന്നിവര്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുന്നു. എപ്പിക്യൂറസ്, ഡാര്‍വിന്‍, കാറല്‍മാര്‍ക്സ്, ഫ്രോയിഡ് എന്നിവരുടെ ചിന്തകളുടെ അടിസ്ഥാനത്തില്‍ ദൈവാസ്തിത്വം ആത്മീയത തുടങ്ങിയ പരികല്‍പനകള്‍ പുസ്തകത്തില്‍ ശാസ്ത്രീയ സമീപനത്തോടെ വിശകലനം ചെയ്യപ്പെടുന്നു. മന്തിലി റവ്യൂപ്രസ് 2008ല്‍ പ്രസിദ്ധീകരിച്ച പുസ്തകമാണ് ഇന്ത്യന്‍ പ്രസാധകരായ ആക്കാര്‍ പുനപ്രസിദ്ധീകരിച്ചിട്ടുള്ളത്.

പ്രസിദ്ധയുക്തിചിന്തകനും ന്യൂറോ സയന്റിസ്റും ദി എന്‍ഡ് ഓഫ് ഫെയിത്ത് The End of Faith: Religion, Terror and the Future of Reason: Sam Haris: WW Morton: London: 2004) എന്ന പ്രസിദ്ധ ഗ്രന്ഥത്തിന്റെ രചയിതാവുമായ സാം ഹാരിസ് ദി മോറല്‍ ലാന്‍ഡ്സ്കേപ്പ് (The Moral Landscape: How Science can determine human values: Sam Harris: Bantam Press: London: 2010)  എന്ന തന്റെ ഗ്രന്ഥത്തിലൂടെ ധാര്‍മികതയുടേയും മൂല്യബോധങ്ങളുടേയും ഉറവിടം മസ്തിഷ്കത്തിന്റെ സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങളെ നിര്‍ധാരണം ചെയ്തുകൊണ്ട് ഹാരിസ് തെറ്റും ശരിയും നന്മയും തിന്മയും ധാര്‍മിക പരിസരത്തില്‍ ജീവിക്കുന്ന മനുഷ്യസമൂഹത്തിന്റെ അവിഭാജ്യഘടകമാണെന്ന് വാദിക്കുന്നു. ക്രിസ്ത്യന്‍ മുസ്ളീം ഗണിതശാസ്ത്രം ഇല്ലാത്തതുപോലെ ക്രിസ്ത്യന്‍ മുസ്ളീം ധാര്‍മികതയുമില്ലെന്ന് ഹാരിസ് അഭിപ്രായപ്പെടുന്നു.

മാര്‍ക്സിസത്തിന്റെ പ്രസക്തിയെക്കുറിച്ച് സമീപകാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടുവരുന്ന എന്തുകൊണ്ടാണ് മാര്‍ക്സ് ശരിയായിരിക്കുന്നത് Why Marx Was Right: Yale University Press: London: 2011)എന്ന പുസ്തകമെഴുതി പ്രസിദ്ധനായ ഇംഗ്ളണ്ടിലെ ലങ്കാസ്റര്‍ സര്‍വകലാശാലയില്‍ ഇംഗ്ളീഷ് സാഹിത്യ പ്രൊഫസര്‍ ടെറീ ഈഗിള്‍ടണ്‍ ദൈവവിവാദത്തില്‍ പങ്കെടുത്തുകൊണ്ട് അത്യന്തം ചിന്തോദ്ദീപകമായ ഒരു കൃതി (Reason, Faith and Revolution: Reflections on the God Debate Yale University Press: London: 2009) രചിച്ചിട്ടുണ്ട്. നവനിരീശ്വരത്വത്തേയും ആദ്യകാല വിപ്ളവചിന്തകള്‍ ഉപേക്ഷിച്ച് പ്രതിലോമ ചിന്തകളിലേക്കും പ്രവര്‍ത്തിയിലേക്കും വഴിമാറി സഞ്ചരിക്കുന്ന ക്രിസ്തുമതത്തേയും ഒരുപോലെ വിമര്‍ശനവിധേയനാക്കുന്ന ഈഗിള്‍ടണ്‍ മതവിശ്വാസത്തിനുപകരമായി മറ്റ് മതേതരവാദികള്‍ മുന്നോട്ടുവക്കുന്ന ഉദാരമാനവികതയുടെ (Liberal Humanism) സ്ഥാനത്ത് ആര്‍ദ്രമാനവികതയെന്ന ആശയമാണ്(Tragic Humanism)മുന്നോട്ടുവക്കുന്നത്.

ദൈവാസ്തിത്വമല്ല ചര്‍ച്ച ചെയ്യുന്നതെങ്കിലും ദൈവത്തിന്റെ പേരില്‍ പ്രൊട്ടസ്റന്റ്, ജൂത, മുസ്ളീം മൌലികവാദികള്‍ നടത്തുന്ന തീവ്രവാദപ്രവര്‍ത്തനങ്ങളെ ചരിത്രപരമായി വിശകലനം ചെയ്യാനും മൌലികവാദ പ്രവണതകളുടെ സാമൂഹ്യവും ആത്മീയവും ഭൌതികവുമായ കാരണങ്ങളന്വേഷിക്കുവാനുമാണ് പ്രസിദ്ധ ആത്മീയ ചിന്തകയായ കാരണ്‍ ആം സ്ട്രോങ് ദി ബാറ്റില്‍ ഫോര്‍ ഗോഡ് (The Battle for God: A history of fundamentalism: Karen Armstrong: Random House: New York: 2000) എന്ന പുസ്തകത്തിലൂടെ ശ്രമിക്കുന്നത്.

ഈശ്വരവിശ്വാസം, ആത്മീയത, യുക്തിചിന്ത, ശാസ്ത്രീയവീക്ഷണം തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ചു തുടര്‍ന്നും പ്രസിദ്ധീകരിച്ചുവരുന്ന പുസ്തകങ്ങളുടെ ബാഹുല്യം കണക്കിലെടുക്കുമ്പോള്‍ ദൈവാസ്തിത്വ സംവാദം ഇനിയും ഏറെനാള്‍ തുടരുമെന്നു കരുതേണ്ടിയിരിക്കുന്നു.

****** 
ഡോ. ബി. ഇക്ബാല്‍,കടപ്പാട് :ഗ്രന്ഥാലോകം

Friday, October 12, 2012

വര്‍ഗീയരാഷ്ട്രീയ ചരിത്രത്തിന്റെ സ്കാന്‍ റിപ്പോര്‍ട്ട്

ബാബറി മസ്ജിദ് ധ്വംസനം ഇന്ത്യന്‍രാഷ്ട്രീയത്തിന്റെ ഗതി തിരിച്ചുവിടുകമാത്രമല്ല ചെയ്തത്; ജനതയുടെ മനസ്സിലും ചിന്തയിലും പ്രതിലോമകരമായ ചലനങ്ങളാണത് സൃഷ്ടിച്ചത്. ഇന്ത്യന്‍ മധ്യവര്‍ഗമനസ്സില്‍ പതിറ്റാണ്ടുകളായി തണുത്തുകിടന്ന വര്‍ഗീയ ചിന്തകളുടെ മരുന്നറയ്ക്ക് തിരികൊളുത്തുകയായിരുന്നു ബാബറി മസ്ജിദ് തകര്‍ത്തതിലൂടെ ഇന്ത്യന്‍ ഫാസിസം ചെയ്തത്. ചില സംസ്ഥാനങ്ങളില്‍ മാത്രമൊതുങ്ങിയ വര്‍ഗീയകലാപങ്ങള്‍ രാജ്യമൊട്ടുക്കു പരന്നു. ഇന്ത്യയുടെ മതേതരഗാത്രത്തിന് ഈ സംഭവമേല്‍പ്പിച്ച മുറിവുകള്‍ ചെറുതല്ല. രാഷ്ട്രീയത്തെമാത്രമല്ല, നൂറ്റാണ്ടുകളായി ഇന്ത്യയില്‍ രൂപപ്പെട്ട ബഹുസ്വരതയ്ക്കും അതില്‍ നിന്നുയിര്‍ക്കൊണ്ട സമന്വിതസംസ്കാരത്തിനുമാണ് ആ സംഭവം മുറിവേല്‍പ്പിച്ചത്. മനസ്സുകളില്‍ ഹിംസയുടെ ബീജം വിതച്ച് മൃത്യു വിളയിക്കുകയായിരുന്നു ബാബറി മസ്ജിദ് ധ്വംസനമടക്കമുള്ള സംഭവങ്ങളിലൂടെ ഇന്ത്യന്‍ വര്‍ഗീയത ചെയ്തത്.

1990കളുടെ ആരംഭത്തില്‍ ഇന്ത്യന്‍ ഫാസിസത്തിന് പ്രായപൂര്‍ത്തിയായെന്ന് തെളിയിച്ച ബാബറി മസ്ജിദ് തകര്‍ക്കലിനും തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ക്കും എതിരെ പ്രബലവും പ്രസക്തവുമായ പ്രതിരോധങ്ങളാണ് അക്കാദമിക് രംഗത്തുനിന്നുണ്ടായത്. ഇന്ത്യയുടെ ബഹുത്വത്തെ തകര്‍ക്കുന്ന ഏകാത്മക മാനവീയത എന്ന സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തിനെതിരെ റൊമീല ഥാപ്പറും ആര്‍ എസ് ശര്‍മയും ഇര്‍ഫാന്‍ ഹബീബും കെ എന്‍ പണിക്കരും തുടങ്ങിവച്ച അക്കാദമിക് മുന്നേറ്റങ്ങള്‍ ഏറ്റെടുക്കാന്‍ നിരവധി പേര്‍ രാജ്യമെമ്പാടുമുണ്ടായി. പല ചരിത്രകാരന്മാരും അക്കാദമിക് പണ്ഡിതരും തരംപോലെ ഫാസിസത്തിന്റെ ബാന്‍ഡ്വാഗണുപിന്നില്‍ അണിചേര്‍ന്നപ്പോഴായിരുന്നു മതനിരപേക്ഷതയുടെ കൊടിപ്പടം ഉയര്‍ത്തിപ്പിടിക്കല്‍ സാഹസികമാണെന്നറിഞ്ഞിട്ടും ഇന്ത്യയിലെ മാര്‍ക്സിസ്റ്റ് ചരിത്രകാരന്മാര്‍ ഈ നിലപാട് സ്വീകരിച്ചത്. ഇവര്‍ തുടങ്ങിവച്ച പഠനങ്ങള്‍ക്ക് സാര്‍ഥകമായ തുടര്‍ച്ച നല്‍കിയവരില്‍ പ്രമുഖനാണ് രാം പുനിയാനി. ചരിത്രത്തില്‍ അക്കാദമിക് പ്രാഗത്ഭ്യം അവകാശപ്പെടാനില്ലാത്ത അദ്ദേഹം മുംബൈ ഐഐടിയിലെ ജോലി 2004ല്‍ രാജിവച്ചാണ് വര്‍ഗീയതക്കെതിരെയുള്ള മതനിരപേക്ഷ-ജനാധിപത്യവാദികളുടെ പോരാട്ടത്തില്‍ പങ്കാളിയാവുന്നത്. പുനിയാനിയുടെ വര്‍ഗീയ രാഷ്ട്രീയം എന്ന പുസ്തകത്തിന്റെ മലയാളം പതിപ്പ് അതുകൊണ്ടുതന്നെ കേരളത്തിലെ രാഷ്ട്രീയ-സാംസ്കാരിക ഭൂമികയില്‍ ഗഹനമായ ചര്‍ച്ചയ്ക്ക് വിധേയമാകേണ്ടതുണ്ട്. ഡി ഡി കൊസാംബിയും എച്ച് ഡി സംഘാലിയയും റൊമില ഥാപ്പറും ഇ എം എസും തുറന്നിട്ട ചിന്തകളെ പ്രഗാഢമാക്കുകയാണ് ഈ കൃതിയിലൂടെ പുനിയാനി ചെയ്യുന്നത്. ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയതകള്‍ എന്ന സാമ്പ്രദായിക വേര്‍തിരിവുകള്‍ക്കുപരിയായി വര്‍ഗീയത ഇന്ത്യന്‍ സാഹചര്യത്തില്‍ എങ്ങനെ അപകടകരമായ മാനം കൈവരിച്ചുവെന്നതിനെ തികച്ചും ലളിതമായി പ്രതിപാദിക്കുന്നു ഈ പുസ്തകം.

ലിംഗപരവും സാമൂഹ്യവുമായ അടിച്ചമര്‍ത്തലുകള്‍, നിരക്ഷരത, ദാരിദ്ര്യം, പിന്നോക്കവിഭാഗങ്ങളും പ്രാന്തവല്‍ക്കരിക്കപ്പെട്ടവരും നൂറ്റാണ്ടുകളായി അനുഭവിക്കുന്ന ചൂഷണം, അന്ധവിശ്വാസങ്ങള്‍ എന്നിവയ്ക്കുമേലാണ് ഇന്ത്യന്‍ വര്‍ഗീയത അതിന്റെ സ്ഥാനമുറപ്പിച്ചതെന്ന് ഗ്രന്ഥകാരന്‍ പറയുന്നു. വര്‍ഗീയതയുടെ തീവ്രത ഒരിക്കലും ജനസംഖ്യാപരമായ സംജ്ഞകളില്‍ ഒതുങ്ങിനില്‍ക്കുന്നില്ല. മുഗള്‍ കാലഘട്ടങ്ങളിലൂടെയും ഭക്തി-സൂഫി പ്രസ്ഥാനങ്ങളിലൂടെയും ഇന്ത്യയില്‍ വളര്‍ന്നുവന്ന ഐക്യം തകര്‍ക്കുന്നതില്‍ കൊളോണിയല്‍ ഭരണാധികാരികളും കൊളോണിയല്‍ ചരിത്രകാരന്മാരും നടത്തിയ ഇടപെടലുകളിലേക്കും ഈ കൃതി വെളിച്ചം വീശുന്നു.

(എന്‍ എസ് സജിത്)

മറവു ചെയ്യപ്പെടാത്ത ഉടലുകള്‍

പതിനാറാം നൂറ്റാണ്ടില്‍ പാശ്ചാത്യ ക്രിസ്തുമതത്തിനുള്ളില്‍ രൂപംകൊണ്ട മതനവീകരണ പ്രസ്ഥാനം (റിഫോര്‍മേഷന്‍) റോമന്‍ കത്തോലിക്കാസഭയെ ഒരു പിളര്‍പ്പില്‍ കൊണ്ടെത്തിച്ചു. കത്തോലിക്കാസഭയ്ക്കുള്ളിലെ പഴകിയ ആചാരങ്ങളോടും, അധികാരശ്രേണികളോടും, പോപ്പിന്റെ സര്‍വാധിപത്യത്തോടും ഉള്ള എതിര്‍പ്പായിരുന്നു ലോകമെമ്പാടും ഈ കാലഘട്ടത്തില്‍ പ്രൊട്ടെസ്റ്റന്റ് ആശയങ്ങള്‍ രൂപംകൊള്ളാന്‍ കാരണം. മാര്‍ട്ടിന്‍ ലൂഥറിനെപ്പോലുള്ളവര്‍ റോമിനെ വെല്ലുവിളിച്ചുകൊണ്ട് ലാറ്റിന് പകരം ജര്‍മന്‍ നാട്ടുഭാഷകളിലേക്ക് നടത്തിയ ബൈബിള്‍ പരിഭാഷകള്‍ ഈ മത പുനര്‍നിര്‍മാണ പരിശ്രമത്തിന്റെ ഒരു ഉദാഹരണംമാത്രം. എന്നാല്‍, ഇംഗ്ലണ്ടില്‍ തികച്ചും വ്യക്തിപരമായ ചില താല്‍പ്പര്യങ്ങള്‍ ഈ യുഗസംഭവത്തിന്റെ പ്രേരകശക്തിയായതായി ചരിത്രം രേഖപ്പെടുത്തുന്നു.

ഇംഗ്ലണ്ട് ഭരിച്ചിരുന്ന ട്യൂഡര്‍ പരമ്പരയിലെ ഹെന്‍റി എട്ടാമന്‍ എന്ന പ്രഗത്ഭനായ രാജാവിന് ആന്‍ ബോളിന്‍ എന്ന യുവതിയെ വിവാഹം കഴിക്കാനുള്ള അതിമോഹമാണ് ഇംഗ്ലീഷ് മത പരിഷ്കരണത്തിന്റെ പ്രധാന കാരണമായി പറയപ്പെടുന്നത്. ആദ്യ ഭാര്യയായ കാതറിനില്‍നിന്ന് വിവാഹമോചനം നല്‍കാന്‍ വിസമ്മതിച്ച റോമന്‍ കത്തോലിക്കാസഭയെ ഹെന്‍റി എട്ടാമന്‍ തിരസ്കരിക്കുകയും അങ്ങനെ ആംഗ്ലിക്കന്‍ സഭയ്ക്ക് രൂപം നല്‍കുകയുംചെയ്തു. ഇതിന്റെ ചുക്കാന്‍ പിടിച്ചതോ കൂര്‍മ ബുദ്ധിയുള്ള, ഭരണകാര്യങ്ങളില്‍ അതിനിപുണനായ പ്രധാനമന്ത്രി തോമസ് ക്രോംവെല്‍. എന്നാല്‍, പുതിയ റാണിയും പ്രധാനമന്ത്രിയും തമ്മില്‍ ഇടഞ്ഞപ്പോള്‍ ബ്രിട്ടീഷ് ചരിത്രംതന്നെ മാറിമറിഞ്ഞു. ഇതാണ് ഹിലാരി മാന്റെലിന്റെ "ബ്രിങ് അപ്പ് ദി ബോഡീസ്" എന്ന ചരിത്രപരമായ നോവലിന്റെ പ്രമേയം. ചരിത്രനോവലുകള്‍ക്ക് പ്രിയമേറുന്ന ഈ കാലത്ത് ഇംഗ്ലീഷ് ജനതയ്ക്ക് എത്ര പറഞ്ഞാലും മതിവരാത്ത, ഇംഗ്ലണ്ടിന്റെ സുവര്‍ണ കാലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ട്യൂഡര്‍ കാലഘട്ടം ഹിലാരി മാന്റെലിന്റെ തൂലികയില്‍ക്കൂടി വീണ്ടും പീലി വിടര്‍ത്തുന്നു, ഒരു എഴുത്തുകാരിയുടെയോ ചരിത്രകാരിയുടെയോ പാടവത്തേക്കാളേറെ ഒരു ചിത്രകാരിയുടെ മനോഹരമായ ചായക്കൂട്ടുകളിലൂടെ. മണ്‍മറഞ്ഞ കഥാപാത്രങ്ങള്‍ക്ക് മജ്ജയും മാംസവും വയ്ക്കുമ്പോള്‍ അവ ചരിത്രത്തിന്റെ ഇരുണ്ട ഇടനാഴികള്‍ വിട്ട് പഴയകാലത്തിന്റെ പുതിയ കഥകള്‍ പറഞ്ഞുതുടങ്ങുന്നു.

ആണ്‍കുഞ്ഞുങ്ങളെ പ്രസവിക്കാന്‍ പറ്റാതെ, ഇനിയും വരാനിരിക്കുന്ന ഭാര്യമാര്‍ക്കായി വധശിക്ഷയ്ക്ക് കീഴ്പ്പെടേണ്ടി വരുന്ന ആന്‍ ബോളിനും ഒട്ടും അകലെയല്ലാത്ത പതനത്തിനു മുമ്പ് ജ്വലിച്ചുനില്‍ക്കുന്ന തോമസ് ക്രോംവെല്ലും ചരിത്രത്തിന്റെ കുമ്പസാരക്കൂട്ടില്‍ തെളിവോടെ, മിഴിവോടെ, നിറഞ്ഞു നില്‍ക്കുന്നു. സ്ത്രീകഥാപാത്രങ്ങളെ കൂടുതല്‍ സൂക്ഷ്മതയോടെ വരച്ചുകാട്ടുന്ന പതിവുരീതി ഈ നോവലിലും കഥാകൃത്ത് പിന്തുടരുന്നതായി കാണാം. ട്യൂഡര്‍ കാലഘട്ടത്തെ പ്രമേയമാക്കുന്ന മാന്റെലിന്റെ നോവല്‍ത്രയത്തില്‍ രണ്ടാമതായി എത്തുന്ന നോവലാണ് ബ്രിങ് അപ്പ് ദി ബോഡീസ്. 2009ല്‍ പ്രശസ്തമായ മാന്‍ ബുക്കര്‍ അവാര്‍ഡ് നേടിയ വുള്‍ഫ് ഹാള്‍ ആണ് പരമ്പരയിലെ ആദ്യത്തെ നോവല്‍. 2012 ലെ ബുക്കര്‍ െ്രപെസിന് ബ്രിങ് അപ്പ് ദി ബോഡീസ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട സാഹചര്യത്തില്‍ അവാര്‍ഡ് നേടിയാല്‍ രണ്ടു തവണ ബുക്കര്‍ജേതാവാകുന്ന ആദ്യ ബ്രിട്ടീഷ് നോവലിസ്റ്റ് ആകും ഹിലാരി മാന്റെല്‍. ഫോര്‍ത്ത് എസ്റ്റേറ്റ് ആണ് നോവലിന്റെ പ്രസാധകര്‍.

(ഡോ. മീന ടി പിള്ള)

ജീവിതത്തിന്റെ ദശാവതാരം

ഞാന്‍ ഇപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്നത് ഒരു പഴയ പുസ്തകമാണ്. കന്നഡ എഴുത്തുകാരനായ ശ്രീകൃഷ്ണ ആലനഹള്ളിയുടെ "ഭുജംഗയ്യന്റെ ദശാവതാരങ്ങള്‍" എന്ന പുസ്തകത്തിന്റെ മലയാളവിവര്‍ത്തനം രണ്ടുതരത്തിലുള്ള ഉന്മേഷമാണ് എനിക്ക് ഇപ്പോള്‍ പകരുന്നത്. എന്റെ വായനയുടെ ആരംഭവുമായി ബന്ധപ്പെട്ടു കിടക്കുന്ന പുസ്തകമാണ് ഇത്. എണ്‍പതുകളുടെ മധ്യത്തില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചപ്പോള്‍ അതിനു വേണ്ട ചിത്രങ്ങള്‍ വരച്ചത് കേരളം ഈ നൂറ്റാണ്ടില്‍ കണ്ട ഏറ്റവും മികച്ച രേഖാചിത്രകാരനായ എ എസ് നായരാണ്. അന്ന് കേരളത്തില്‍ ജനിച്ചുവളര്‍ന്ന, കേരളത്തിനു പുറത്ത് സഞ്ചരിക്കാത്ത ഒരു വിദ്യാര്‍ഥിയെന്ന നിലയില്‍ ഈ കന്നഡ നോവലും അതിന്റെ ഗ്രാമീണ-കാര്‍ഷിക സംസ്കൃതിയും എന്നെ വല്ലാതെ ആകര്‍ഷിച്ചു. വാസ്തവത്തില്‍ അത് സ്കൂളുകളില്‍ നിന്ന് മറുനാടുകളിലേക്ക് ഒരു പഠനയാത്ര നടത്തുന്നതു പോലെയുള്ള അനുഭവമായിരുന്നു.

"ഭുജംഗയ്യന്റെ ദശാവതാരങ്ങള്‍" പാവപ്പെട്ടവരും നിഷ്കളങ്കരും സ്വഭാവത്തില്‍ വൈചിത്ര്യം പുലര്‍ത്തുന്നവരുമായ മനുഷ്യരുടെ കഥയാണ് പറയുന്നത്. ഇതിലെ പ്രധാന കഥാപാത്രം ഭുജംഗയ്യന്‍ ഒരു അമാനുഷസൃഷ്ടിയായി എനിക്കന്ന് തോന്നിയിട്ടുണ്ട്. മനുഷ്യബന്ധങ്ങളിലെ നാടകീയ വഴിത്തിരിവുകളെ കുറിച്ചും സങ്കീര്‍ണ മാനസിക സംഘട്ടനങ്ങളെ കുറിച്ചുമാണ് ഈ നോവല്‍ പ്രതിപാദിക്കുന്നത്. ഭുജംഗയ്യനും നാരായണനും സുശീലയും പാര്‍വതിയും വിക്ടറും അടങ്ങിയ കഥാപാത്രങ്ങളെല്ലാവരും തന്നെ ലോകസമൂഹത്തില്‍ എന്നും പ്രസക്തിയുള്ളവരാണ്. ഇന്ന് "ഭുജംഗയ്യന്റെ ദശാവതാരങ്ങള്‍" വീണ്ടും വായിക്കുമ്പോള്‍ അതില്‍ നിന്ന് ഞാന്‍ പഠിക്കാന്‍ ശ്രമിക്കുന്നത് ഭിന്നരൂപികളായ കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ എഴുത്തുകാരന്‍ കാണിക്കുന്ന മിടുക്കാണ്. മലയാളത്തില്‍ തന്നെ പല പതിപ്പ് വന്നിട്ടുള്ള ഈ നോവലിന് ഇന്നും വായനക്കാര്‍ ഉണ്ടെന്നതില്‍ സംശയമില്ല. ഈ പുസ്തകത്തിനു മുമ്പ് ഞാന്‍ വായിച്ചത്, ഏലീലീസിന്റെ "ദി നൈറ്റ്" എന്ന നോവലിന്റെ മലയാള പരിഭാഷയാണ്. അജയ് പി മങ്ങാട്ടാണ് പരിഭാഷ നിര്‍വഹിച്ചത്. ചിന്തയാണ് ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലെ നരകതുല്യമായ ജീവിതാവസ്ഥകള്‍ പ്രതിപാദിക്കുന്ന അനേകം കൃതികള്‍ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും അവയില്‍ നിന്നെല്ലാം വ്യത്യസ്തമായ വായനാനുഭവം പകര്‍ന്ന കൃതിയാണ് ഇത്. പലപ്പോഴും ഒരു പുസ്തകം ഞാന്‍ മുഴുവനായി വായിക്കാറില്ല. പകുതി വായിച്ച പുസ്തകം പിന്നീട് കുറേക്കാലം കഴിഞ്ഞ് മുഴുമിക്കാറുണ്ട്. മുഴുവന്‍ വായിച്ച പുസ്തകങ്ങള്‍ കുറേക്കാലം കഴിഞ്ഞ് വീണ്ടും വായിക്കുന്ന പതിവുമുണ്ട്. പഴയ പുസ്തകങ്ങള്‍ വീണ്ടും വായിക്കുന്നതിനു പിന്നില്‍ ഒരു കാരണമുണ്ട്. നമ്മുടെ പാരമ്പര്യങ്ങളില്‍ നിന്നും മനുഷ്യരുടെ മുന്‍കാല ജീവിതാനുഭവങ്ങളില്‍ നിന്നും മാത്രമേ പുതിയ സാഹിത്യപ്രമേയങ്ങള്‍ കണ്ടെടുക്കാന്‍ കഴിയുകയുള്ളൂ എന്നത് കൊണ്ടാണത്.

രാജന്‍ കാക്കനാടന്റെ "ഹിമവാന്റെ മുകള്‍തട്ടില്‍" എന്ന പുസ്തകവും ഈ അടുത്തകാലത്ത് വീണ്ടും വായിച്ചു. ഹിമാലയ യാത്രയെ സംബന്ധിച്ച് ഒരുപാട് പുസ്തകം നമ്മുടെ ഭാഷയില്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും ഈ പുസ്തകത്തിന്റെ തിളക്കം ഇന്നും നഷ്ടമായിട്ടില്ല.കഴിഞ്ഞ രണ്ടു ദശക കാലത്തിനുള്ളില്‍ മലയാളിയെ കടന്നുകയറി കീഴ്പ്പെടുത്തിയ മാധ്യമം ടിവിയാണ്. എന്നാല്‍, കഴിഞ്ഞ ഏതാനും വര്‍ഷമായി മലയാളിസമൂഹം ടിവി വച്ച മുറിയില്‍ നിന്നു പുറത്തുചാടി തുടങ്ങി. സീരിയലുകളും റിയാലിറ്റി ഷോകളും കണ്ട് മനസ്സ് മടുത്ത മലയാളികള്‍ കുറേ ഇന്റര്‍നെറ്റിലേക്ക് ചേക്കേറിയിട്ടുണ്ടെങ്കിലും ബാക്കി ഒരുവിഭാഗം പുസ്തകങ്ങളിലേക്കും മറ്റൊരു വിഭാഗം സിനിമാ തിയറ്ററുകളിലേക്കും മടങ്ങിയിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഇത് പ്രതീക്ഷ നല്‍കുന്ന മാറ്റമാണെന്നാണ് എന്റെ വിലയിരുത്തല്‍.
*സുസ്മേഷ് ചന്ദ്രോത്ത്)

*
ദേശാഭിമാനി വാരാന്തപ്പതിപ്പ് 07 ഒക്ടോബര്‍ 2012