Showing posts with label അധികാര വികേന്ദ്രീകരണം. Show all posts
Showing posts with label അധികാര വികേന്ദ്രീകരണം. Show all posts

Friday, February 8, 2013

താളംതെറ്റുന്ന തദ്ദേശഭരണം

അധികാരവികേന്ദ്രീകരണം രാജ്യത്ത് നിലവില്‍ വന്നത് 73, 74 ഭരണഘടനാ ഭേദഗതികളിലൂടെയാണ്. പക്ഷേ, യാഥാര്‍ഥ നൈതികതയില്‍ വികേന്ദ്രീകരണം നടപ്പാക്കിയത് കേരളത്തില്‍മാത്രമാണ്. കേരളത്തിന്റെ അധികാരവികേന്ദ്രീകരണ പരിപാടികളില്‍ ചില നൂതന ആശയങ്ങള്‍കൂടി ഉള്‍ക്കൊള്ളിച്ചു. അതിലേറ്റവും പ്രധാനം ആസൂത്രണവികേന്ദ്രീകരണവും സമ്പത്തിന്റെ വികേന്ദ്രീകരണവുമാണ്. ഈ രണ്ട് ആശയങ്ങളും ശാസ്ത്രീയവും ചരിത്രപരവുമാണ്. ലോകത്താദ്യമായാണ് ഇവ പരീക്ഷിക്കപ്പെട്ടത് എന്നത് ശ്രദ്ധേയമാണ്.

ആസൂത്രണ വികേന്ദ്രീകരണമാണ് ജനകീയാസൂത്രണത്തിന്റെ പ്രധാന ആശയം. ഭരണകൂടത്തിന്റെ ജനാധിപത്യവല്‍ക്കരണമാണ് അധികാരവികേന്ദ്രീകരണം. അതുകൊണ്ട് അധികാരവികേന്ദ്രീകരണത്തിലൂടെ കൂടുതല്‍ ജനാധിപത്യവല്‍ക്കൃതമായ ഭരണകൂടം സൃഷ്ടിക്കപ്പെടണം. ജനങ്ങള്‍ക്ക് ഭരണകൂടപ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കാളിയാകാന്‍ കഴിയും എന്നതിനാല്‍ ജനാധിപത്യവല്‍ക്കരണം കൂടുതല്‍ ശക്തമാകും. ജനകീയ, പങ്കാളിത്ത ആസൂത്രണപ്രക്രിയ കൂടുതല്‍ പുഷ്കലമാക്കിയാണ് ജനകീയാസൂത്രണപദ്ധതി മുന്നോട്ടുപോകേണ്ടതെന്ന് മേല്‍വിവരങ്ങള്‍ സൂചിപ്പിക്കുന്നു. പക്ഷേ, ആസൂത്രണ വികേന്ദ്രീകരണത്തിന്റെ അര്‍ഥതലങ്ങളെയെല്ലാം തകര്‍ത്താണ് യുഡിഎഫ് സര്‍ക്കാര്‍ ജനകീയാസൂത്രണത്തെ അട്ടിമറിക്കുന്നത്. വികേന്ദ്രീകൃത ആസൂത്രണമെന്നാല്‍ കേന്ദ്രീകൃതമായി നടത്തുന്ന ആസൂത്രണരീതി അതേപടി ഗ്രാമതലത്തിലും നടത്തുക എന്നതല്ല. ഈ തെറ്റാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിലൂടെ അടിസ്ഥാനപരമായി വികേന്ദ്രീകരണ സിദ്ധാന്തങ്ങളെ നശിപ്പിക്കുകയാണ്. കേന്ദ്രീകൃത ആസൂത്രണത്തില്‍ പദ്ധതിയുടെ പേരുമാത്രം പറയുകയും പണം നീക്കിവയ്ക്കുകയും പിന്നീട് ഔദ്യോഗികമായി പദ്ധതി രൂപീകരിച്ച് അനുമതി കൊടുക്കുകയും കോണ്‍ട്രാക്ടര്‍വഴി നടപ്പാക്കുകയും ചെയ്യുന്നതാണ് രീതി. ഇതുകൊണ്ടാണ് കേന്ദ്രീകരണപദ്ധതികള്‍ ജനവിരുദ്ധവും പ്രകൃതിവിരുദ്ധവുമായത്. അഴിമതിയും ധൂര്‍ത്തും നിറഞ്ഞതും പരിസ്ഥിതിവിരുദ്ധവുമായ പദ്ധതികളായി ഭൂരിപക്ഷം സര്‍ക്കാര്‍പദ്ധതികളും മാറിയതിന്റെ കാരണവും ഇതിലൂടെ വ്യക്തമാകുന്നു.

മേല്‍പ്പറഞ്ഞ പ്രശ്നങ്ങളെ മറികടക്കുന്നതിനും പദ്ധതിനിര്‍വഹണം മെച്ചപ്പെടുത്തുന്നതിനുമാണ് ഗ്രാമസഭയും വികസനസെമിനാറും സാങ്കേതികസമിതിയും ജനകീയ നിര്‍വഹണസമിതികളും ചേര്‍ത്ത് ജനാധിപത്യപരമായി പദ്ധതിരൂപീകരണം താഴെ തട്ടില്‍ നടപ്പാക്കിയത്. രണ്ടു രീതികളും തമ്മിലുള്ള വ്യത്യാസം വളരെ വലുതാണ്. അതുകൊണ്ട് വികേന്ദ്രീകൃതാസൂത്രണത്തിന്റെ നൈതികത നിലനിര്‍ത്തിയാലേ അധികാരവികേന്ദ്രീകരണം ശക്തമാകൂ. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ താഴെ തട്ടിലുളള ആസൂത്രണത്തെ കേന്ദ്രീകൃതാസൂത്രണരീതിയിലാക്കിയാല്‍ അധികാരവികേന്ദ്രീകരണം തകരും. ഇതാണ് യുഡിഎഫ് ഇപ്പോള്‍ ചെയ്യുന്നത്. ഇന്ത്യയിലെ ഏക സ്റ്റാറ്റ്യൂട്ടറി ബോഡിയാണ് ജില്ലാ ആസൂത്രണസമിതി. ഈ സ്ഥാപനത്തെ ഏറ്റവും ശക്തമാക്കുകയാണ് വേണ്ടത്. വികേന്ദ്രീകൃതാസൂത്രണരംഗത്തെ ഈ ജനകീയ പ്ലാനിങ് സംവിധാനത്തെ ബോധപൂര്‍വം നശിപ്പിച്ച് ഔദ്യോഗിക സംവിധാനമായി മാറ്റി. ഈ മാറ്റം ജനകീയതയുടെ എല്ലാ അംശങ്ങളെയും ഇല്ലാതാക്കും. സാങ്കേതികസമിതികള്‍ ജനകീയതയുടെ ഉദാഹരണങ്ങളാണ്. സമൂഹത്തിന്റെ വൈദഗ്ധ്യത്തെ പൂര്‍ണമായും ഉപയോഗിക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. അതിന് കുറവുകളുണ്ടാകാം. ആ കുറവ് നികത്തുന്നതിനുപകരം സംവിധാനംതന്നെ നശിപ്പിക്കുകയാണ്.

അഞ്ചുവര്‍ഷത്തെ പദ്ധതി രൂപീകരിക്കണമെന്ന് നിര്‍ദേശം നല്‍കിയാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്. പക്ഷേ, അതിനാവശ്യമായ വൈദഗ്ധ്യം നല്‍കിയില്ല. ജനകീയ വൈദഗ്ധ്യം ഇല്ലാതാക്കുകയുംചെയ്തു. ഫലം, പഞ്ചായത്തുതല വികേന്ദ്രീകൃതപദ്ധതി എന്ന ആശയം തകര്‍ന്നു. ഏകവര്‍ഷപദ്ധതി പൂര്‍ണമായതും ഇല്ല. ഫെബ്രുവരിയായിട്ടും പദ്ധതികള്‍ ആരംഭിച്ചില്ല. ഓരോ മേഖലയുടെയും കാലാവസ്ഥാനുസൃതമായ കാലഘട്ടം നഷ്ടപ്പെട്ടു. ഉല്‍പ്പാദനമേഖലയ്ക്ക് അനിവാര്യമായുണ്ടാകേണ്ട തുടര്‍ച്ച ഇല്ലാതായി. ഇതിലൂടെയുണ്ടാകുന്ന പാരിസ്ഥിതികാഘാതങ്ങള്‍ക്ക് ആര് മറുപടി പറയും? ഒന്നിനുമുകളില്‍ ഒന്നുവച്ച് ഉയര്‍ത്തിക്കൊണ്ടുവന്ന ഒരു ജനകീയപ്രസ്ഥാനത്തിന്റെ തകര്‍ച്ച ജനകീയ ചര്‍ച്ചാവിഷയമാകണം. ജനകീയ ആസൂത്രണത്തിന്റെ തുടര്‍ച്ച എന്നത് ജനാധിപത്യവല്‍ക്കരണത്തിന്റെയും സൂക്ഷ്മാസൂത്രണത്തിന്റെയും തുടര്‍ച്ചയാണ്. അവിടെയാണ് പദ്ധതികളുടെയും പരിപാടികളുടെയും വിഭവങ്ങളുടെയും ഉദ്ഗ്രഥനംവേണ്ടത്. ഗ്രാമ-ബ്ലോക്ക്-ജില്ലാതല പദ്ധതികള്‍ പരസ്പരം ഉദ്ഗ്രഥിക്കാന്‍ ജില്ലാ ആസൂത്രണസമിതിക്ക് ജനകീയനേതൃത്വം ഉണ്ടാകണം. സ്ഥലപരവും വിഭവപരവുമായ ആസൂത്രണത്തിന്റെ ദിശയിലാണ് അധികാരവികേന്ദ്രീകരണം പോകേണ്ടത്. എങ്കില്‍ മാത്രമേ കേന്ദ്രീകൃതാസൂത്രണം സൃഷ്ടിച്ച പാരിസ്ഥിതികപ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയൂ. കൂടുതല്‍ പ്രാദേശിക വിഭവസ്രോതസ്സുകളെ കണ്ടെത്തുകയും പദ്ധതിയിലേക്ക് ഉദ്ഗ്രഥിക്കുകയും വേണം. സഹകരണസ്ഥാപനങ്ങളുടെ സമൃദ്ധമായ സമ്പത്ത് ഈ ദിശയില്‍ ഉപയോഗിക്കാന്‍ നയപരിപാടികള്‍ തയ്യാറാക്കണം. ഉല്‍പ്പാദന- വിതരണ- പാരിസ്ഥിതികരംഗത്തെ പ്രശ്നങ്ങള്‍ കുറച്ചുകൊണ്ടുവരാനുള്ള മാര്‍ഗം ഇതൊന്നുമാത്രമാണ്. മേല്‍പ്പറഞ്ഞ വികസനതന്ത്രം ഒരു ബദല്‍സമീപനമാണ്. സര്‍ക്കാര്‍ പിന്‍വാങ്ങുക എന്ന നവലിബറല്‍ നയത്തിന്റെ കമ്പോള താല്‍പ്പര്യങ്ങളെ ചെറുക്കുക എന്നതാണ് ബദല്‍നയം. ജനകീയതയെ നശിപ്പിച്ച്, കേന്ദ്രാസൂത്രണരീതി നടപ്പാക്കി പ്രാദേശിക സര്‍ക്കാരുകളുടെ സാമ്പത്തികനയവും നവലിബറല്‍ നയത്തിനുസരിച്ചാക്കുക എന്നതാണ് വലതുപക്ഷ നയം. നാണയനിധിയുടെയും ലോകബാങ്കിന്റെയും കാഴ്ചപ്പാടില്‍ പ്രാദേശിക ഭരണസ്ഥാപനങ്ങള്‍ സര്‍ക്കാരുകളല്ല. അതുകൊണ്ട് നവലിബറല്‍ നയങ്ങളെ ചെറുക്കാന്‍ ഉപയോഗിക്കാവുന്ന ഏറ്റവും നല്ല ഉപകരണമാണ് പ്രാദേശികഭരണകൂടങ്ങള്‍. അവയുടെ ജനകീയത നഷ്ടപ്പെടുത്തുന്നത് നവലിബറല്‍ അജന്‍ഡയാണെന്ന് തിരിച്ചറിയണം. ആ നയം സമഗ്രമായി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അധികാരവികേന്ദ്രീകരണത്തിന്റെ നട്ടെല്ല് തകര്‍ക്കുന്നത്. ജനകീയ ബാങ്കിങ് ശൃംഖലയായ സഹകരണമേഖലയെ തകര്‍ക്കുന്നതും ഇതേ ലക്ഷ്യത്തിലാണ്. വിഭവങ്ങളുടെ ഉദ്ഗ്രഥനം സര്‍ക്കാരുകളുടെ കാര്യക്ഷമതയും ഇടപെടല്‍ശേഷിയും വര്‍ധിപ്പിക്കും എന്നത് നവലിബറല്‍നയത്തിന് ഭീഷണിയാണെന്ന് തിരിച്ചറിയണം. അതുതന്നെയാണ് വലതുപക്ഷത്തിന്റെ ഭയവും.

*
പ്രൊഫ. സി രവീന്ദ്രനാഥ് ദേശാഭിമാനി 08 ഫെബ്രുവരി 2013

Sunday, January 6, 2013

വികേന്ദ്രീകൃത ആസൂത്രണം സ്തംഭനത്തില്‍

ലോകത്തിന്റെ മുന്നില്‍ കേരളത്തിന്റെ അഭിമാനവും മറ്റുപലരുടെയും അസൂയയുമായിരുന്നു നമ്മുടെ വികേന്ദ്രീകൃത ആസൂത്രണം. വര്‍ഷംതോറും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സുതാര്യവും ജനകീയവും ശാസ്ത്രീയവുമായ രീതിയില്‍ പ്രാദേശികപദ്ധതികള്‍ തയ്യാറാക്കി വന്നത് സമാനതകളില്ലാത്ത അനുഭവമായിരുന്നു. കഴിഞ്ഞ പതിനഞ്ചുവര്‍ഷം തുടര്‍ച്ചയായി നടന്ന പ്രക്രിയയാണിത്. 2012-13ല്‍ ഇത് അട്ടിമറിക്കപ്പെട്ടിരിക്കുന്നു.

ഡിസംബര്‍ അവസാനിക്കുമ്പോള്‍ അവസ്ഥ ഇതാണ്: ഇതുവരെ അംഗീകാരം ലഭിച്ചത് വെറും 35 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്കു മാത്രം. പലരും പദ്ധതിരേഖ പോയിട്ട് പ്രോജക്ടുകള്‍ പോലും പൂര്‍ണമായി ഇനിയും അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടില്ല. 1.47 ലക്ഷം പ്രോജക്ടുകള്‍ അംഗീകരിച്ചു, ഇനി ഏതാണ്ട് 40,000 പ്രോജക്ടുകള്‍ മാത്രമേ ബാക്കിയുളളൂ എന്നാണ് സര്‍ക്കാര്‍ കണക്ക്. പക്ഷേ, അംഗീകരിച്ച പ്രോജക്ടുകളില്‍ മഹാഭൂരിപക്ഷവും ഗ്രാമപഞ്ചായത്തുകളുടേതാണ്. ബാക്കിയുളള തട്ടുകളിലെ സമര്‍പ്പിച്ച പ്രോജക്ടുകളുടെയും അംഗീകാരം ഇനിയും ലഭിക്കാനുളളവയുടെയും കണക്കുകളിതാ. ജില്ലാ പഞ്ചായത്തിന്റെ അംഗീകരിച്ച പ്രോജക്ടുകള്‍ 2058, അംഗീകരിക്കാനുളള പ്രോജക്ടുകള്‍ 6046. കോര്‍പ്പറേഷന്റെ അംഗീകരിച്ച പ്രോജക്ടുകള്‍ 2286, അംഗീകരിക്കാനുളള പ്രോജക്ടുകള്‍ 2185. ബ്ലോക്ക് പഞ്ചായത്ത് അംഗീകരിച്ച പ്രോജക്ടുകള്‍ 7960, അംഗീകരിക്കാനുളള പ്രോജക്ടുകള്‍ 4990. നമ്മുടെ മേല്‍ത്തട്ട് സ്ഥാപനങ്ങളിലെ ഭൂരിപക്ഷം പ്രോജക്ടുകള്‍ക്കും അംഗീകാരം ലഭിച്ചിട്ടില്ല. ഗ്രാമപഞ്ചായത്തുകളിലെ പ്രോജക്ടുകളുടെ അംഗീകാരം വെറും പ്രഹസനമാണ്. സെക്രട്ടറിയാണ് നിര്‍വഹണ ഉദ്യോഗസ്ഥന്‍. അപ്പോള്‍ അംഗീകാരം നല്‍കേണ്ടത്, അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥനായ ജില്ലാ പഞ്ചായത്ത് ഓഫീസര്‍ ആണ്. ജില്ലാ പഞ്ചായത്ത് ഓഫീസറുടെ ഓഫീസിലെ ഒരു ജീവനക്കാരന്‍ പ്രോജക്ടുകള്‍ വരുന്ന മുറയ്ക്ക് ഓണ്‍ലൈനായി അംഗീകാരം കൊടുത്തുകൊണ്ടിരിക്കുന്നുവെന്നാണ് കേള്‍വി.

പദ്ധതി രൂപീകരണ നിര്‍വ്വഹണത്തിലെ സ്തംഭനാവസ്ഥയെക്കുറിച്ച് ഞാനവതരിപ്പിച്ച ഒരു അടിയന്തിര പ്രമേയത്തോടുകൂടിയാണ് കഴിഞ്ഞ നിയമസഭാ സമ്മേളനം ആരംഭിച്ചത്. ഇപ്പോള്‍ കഴിഞ്ഞ ഈ നിയമസഭാ സമ്മേളനം അവസാനിച്ചത് ഇതു സംബന്ധിച്ച മറ്റൊരു അടിയന്തര പ്രമേയത്തോടെയാണ്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ എന്തെല്ലാം ആശങ്കകളാണോ സഭയില്‍ ഉന്നയിച്ചത്, അതെല്ലാം പൂര്‍ണ്ണമായി ശരിവയ്ക്കുന്ന അനുഭവങ്ങളാണ് 5 മാസക്കാലത്തിനിടയില്‍ ഉണ്ടായത്. അന്നത്തെ അടിയന്തരപ്രമേയത്തിന് ഗ്രാമവികസന വകുപ്പുമന്ത്രിയുടെ മറുപടി ഇതായിരുന്നു: ""മുന്‍കാലങ്ങളില്‍ ഒരു ഉത്തരവ് ഇറക്കിയാല്‍ അടുത്ത ആഴ്ച വേറൊരു ഉത്തരവിറങ്ങും. പിന്നത്തെ ആഴ്ച മറ്റൊരു ഉത്തരവിറങ്ങും. ഇതുസംബന്ധിച്ച് ഇവിടെ ആക്ഷേപം ഉണ്ടായതാണ്. ഇത്തവണ യാതൊരു ആക്ഷേപത്തിനും ഇടയില്ലാതെ എല്ലാ റിപ്പോര്‍ട്ടും സമാഹരിച്ചുകൊണ്ട് കൃത്യമായ ഉത്തരവ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത്തവണ സെപ്തംബര്‍ മാസത്തില്‍ പദ്ധതി ആരംഭിക്കും. കാരണം അടുത്ത വര്‍ഷത്തെ പദ്ധതി ജനുവരി 9നുമുമ്പായി അംഗീകരിക്കും"". ഇപ്പോള്‍ ഡിസംബര്‍മാസം അവസാനിക്കാന്‍ പോകുമ്പോള്‍ ഉളള നില ഞാന്‍ നേരത്തെ വിശദീകരിച്ചു. കേവലം അടങ്കലിന്റെ 5 ശതമാനം പണമാണ് ഇതുവരെ ചെലവഴിച്ചത്. പൂരക പോഷകാഹാരം തുടങ്ങിയ കാര്യങ്ങള്‍ക്ക് അംഗണവാടികള്‍ക്ക് കൈമാറിയ പണമാണിത്. ഇതാണ് അവസ്ഥ. ഒരു ഉത്തരവും ഇനി മാറ്റുകയില്ലെന്ന് മന്ത്രി അന്ന് പറഞ്ഞു. പക്ഷേ, ഇറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശക തത്വങ്ങളില്‍ ഇനി മാറ്റാന്‍ എന്താണുള്ളത് എന്ന ചോദ്യത്തിനു മുന്നില്‍ ഇത്തവണ മന്ത്രി നിശ്ശബ്ദനായി. പദ്ധതിരൂപീകരണ ഉത്തരവിന്റെ പകുതിയും നടപടിക്രമങ്ങള്‍ സംബന്ധിച്ചുളളതാണ്. രണ്ടു മാസക്കാലം കൊണ്ട് ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയില്ല എന്ന് അന്നേ ചൂണ്ടിക്കാണിച്ചതാണ്. ഇന്ന് പഞ്ചവത്സര പദ്ധതിയെക്കുറിച്ച് ആരുമൊന്നും ഉരിയാടുന്നില്ല. രണ്ടാം വര്‍ഷത്തെ പദ്ധതിയുടെ പ്രോജക്ടുകള്‍ പിന്നീടു സമര്‍പ്പിച്ചാല്‍ മതിയെന്ന് ഉത്തരവായിട്ടുണ്ട്. നടപ്പുവര്‍ഷത്തെ പദ്ധതി പ്രോജക്ടുകളുടെ സമര്‍പ്പണവും അംഗീകാരവും സംബന്ധിച്ച കണക്കാണ് തുടക്കത്തില്‍ നല്‍കിയത്. നടപടിക്രമങ്ങള്‍ പാലിച്ചതിേന്‍റയും ഗ്രാമസഭ കൂടിയതിന്റെയും സെമിനാര്‍ നടത്തിയതിേന്‍റയും കര്‍മ്മസമിതി കൂടിയതിന്റേയും രേഖകള്‍ ഡിപിസി പരിശോധിക്കേണ്ടതില്ലെന്ന് ഉത്തരവ് കൊടുത്തിരിക്കുകയാണ്. അതിനര്‍ത്ഥം ആരും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കിലും പ്രശ്നമില്ല എന്നാണ്. പ്രോജക്ടുകള്‍ ഉണ്ടായല്‍ മതി. പദ്ധതിരേഖ പോലും ജില്ലാ ആസൂത്രണ സമിതി അംഗീകരിക്കേണ്ടതില്ല. അറിവിലേയ്ക്കായി പിന്നീട് സമര്‍പ്പിച്ചാല്‍ മതി. പദ്ധതിരേഖ വേണ്ടെങ്കില്‍ പിന്നെന്ത് ആസൂത്രണം?

സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശപ്രകാരം പദ്ധതിരേഖ തയ്യാറാക്കാന്‍ കഴിയില്ല എന്ന് അന്നേ പറഞ്ഞതാണ്. കാരണം മറ്റൊന്നുമില്ല. പാര്‍പ്പിടത്തിന് പണം മാറ്റിവെച്ചാല്‍ പിന്നെ മറ്റുകാര്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ പണമുണ്ടാവില്ല എന്നുളളതാണ് ഭൂരിപക്ഷം പഞ്ചായത്തുകളുടെയും സ്ഥിതി. 400 കോടി രൂപ കൂടിയുണ്ടെങ്കിലേ ഏറ്റെടുത്ത ഇ എം എസ് പാര്‍പ്പിട പദ്ധതി തീരൂ. ഭരണത്തില്‍വന്ന സമയത്ത് ബാങ്കുകളില്‍ നിന്ന് തുടര്‍ന്നും വായ്പയെടുക്കാന്‍ അനുവാദം നല്‍കിയിരുന്നെങ്കില്‍ ഈ പദ്ധതി ഇതിനകം പൂര്‍ത്തിയായിരുന്നേനെ. രണ്ടു മഴക്കാലം കഴിഞ്ഞപ്പോള്‍ ആ വീടുകളെല്ലാം പൊട്ടിപ്പൊളിഞ്ഞും കിടന്നിട്ട് ഇപ്പോള്‍ 400 കോടി രൂപ ഹഡ്കോയില്‍ നിന്ന് ലോണ്‍ വാങ്ങിയശേഷം അതുകൊടുത്ത് പൂര്‍ത്തീകരിക്കുമെന്നാണ് പറയുന്നത്. കഴിഞ്ഞ വര്‍ഷമെടുത്ത മറ്റ് പാര്‍പ്പിട പദ്ധതികള്‍ക്ക് 200 കോടി രൂപ അധികം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. നല്ല കാര്യം. ഈ വര്‍ഷത്തെ 55,000 വീടിന്റെ 820 കോടി രൂപ എവിടെനിന്നാണ് ലഭിക്കുക? ഇതിന് ഉത്തരമില്ല. നിയമസഭയില്‍ ഇപ്പോള്‍ അവതരിപ്പിച്ച സപ്ലിമെന്ററി ഡിമാന്‍ഡ്സില്‍ പാര്‍പ്പിടത്തിനായി ഒരു രൂപ പോലും അധികമായി വകയിരുത്തിയിട്ടില്ല. അതിനര്‍ത്ഥം ഒന്നുകില്‍ ഇത് നല്‍കാന്‍ ഉദ്ദേശിക്കുന്നില്ല. ഈ വര്‍ഷത്തെ കേന്ദ്രത്തില്‍നിന്നുള്ള പാര്‍പ്പിടപദ്ധതി ഉപേക്ഷിക്കാമെന്നു കരുതിയിട്ടുണ്ടാകും. അതല്ലെങ്കില്‍ ഈ വര്‍ഷം ഒരു പണവും ചെലവാകാന്‍ പോകുന്നില്ലായെന്നായിരിക്കും ഭരണക്കാരുടെ ധാരണ. അതുകൊണ്ട് പ്രശ്നങ്ങള്‍ തീരുമോ? അടുത്ത വര്‍ഷമാകുമ്പോള്‍ ഈ വര്‍ഷത്തെ ബാധ്യത കൂടിവരികയില്ലേ? പദ്ധതി രേഖ എങ്ങനെയാണ് കൂട്ടിക്കെട്ടേണ്ടത് എന്നതിനെക്കുറിച്ച് ആര്‍ക്കുമറിയില്ല. ആയതിനാല്‍ പദ്ധതിതന്നെ നോക്കേണ്ടായെന്നുള്ള നിലയില്‍ എത്തിയിരിക്കുകയാണ്. പദ്ധതി രേഖയെന്നുവെച്ചാല്‍ ചടങ്ങല്ല. മൊത്തം പദ്ധതി അടങ്കലിന്റെ തോതിലുളള പ്രോജക്ടുകളാണോ തയ്യാറാക്കിയിട്ടുളളത്? ഇതിനകം സമര്‍പ്പിക്കപ്പെട്ട പ്രോജക്ടുകളുടെ ആകെ അടങ്കല്‍ തുക ഏകദേശം പതിനായിരം കോടി രൂപയാണ്. സാധാരണഗതിയില്‍ മുന്‍കാലങ്ങളില്‍ പദ്ധതി അടങ്കല്‍ സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റിന്റെ ഇരട്ടിയോളം വര്‍ദ്ധിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ പദ്ധതികളുടെ അടങ്കല്‍ തുകയില്‍ മൂന്നിരട്ടിവര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. അലോക്കേഷന്‍ അനുസരിച്ചാണോ ഇത്തരം പദ്ധതിയുണ്ടാക്കിയിട്ടുള്ളത് എന്ന കാര്യത്തെപ്പറ്റി ആരെങ്കിലും പരിശോധിക്കുന്നുണ്ടോ; വനിതാ ഘടകപദ്ധതിയില്‍ പത്ത് ശതമാനമുണ്ടോയെന്ന് നോക്കിയിട്ടുണ്ടോ? പദ്ധതിരേഖ നോക്കാതെ എങ്ങനെയാണ് പ്രോജക്ടുകള്‍ അംഗീകരിക്കുന്നത്? പദ്ധതിരേഖ ഡിപിസിയുടെ അറിവിലേക്ക് സമര്‍പ്പിച്ചാല്‍ മാത്രം മതി, അംഗീകരിക്കേണ്ടതില്ലെന്ന് പറഞ്ഞാല്‍ പിന്നെ എന്ത് ആസൂത്രണമാണ് ഇവിടെ നടക്കുക?

പദ്ധതിരേഖയുടെ പരിശോധന ഇല്ലാത്തതുകൊണ്ട് വലിയ തോതില്‍ എസ്സിപി/ടിഎസ്പി ഫണ്ട് തിരിമറി ചെയ്യപ്പെടാന്‍ പോവുകയാണ്. പഞ്ചായത്തുകളില്‍ എസ്സിപി/ടിഎസ്പി ഫണ്ടിന്റെ പ്രോജക്ട് പരിശോധിക്കാന്‍ പട്ടികജാതി-പട്ടികവര്‍ഗ ഡിപ്പാര്‍ട്ടുമെന്റ് ഉദ്യോഗസ്ഥനില്ലാത്തതുകൊണ്ട് ഡിഡിപിയുടെ അംഗീകാരത്തോടുകൂടി സെക്രട്ടറി അത് നടപ്പിലാക്കുകയാണ് കീഴ്വഴക്കം. നേരത്തെ ഇറക്കിയ ഉത്തരവുപ്രകാരം ഈ പ്രോജക്ടുകള്‍ എസ്സിപി/ടിഎസ്പി പദ്ധതിയില്‍പ്പെടുത്താന്‍ അനുയോജ്യമാണോയെന്നും അതുപ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്നും പട്ടികജാതി-പട്ടികവര്‍ഗ വകുപ്പുദ്യോഗസ്ഥന്‍ സര്‍ട്ടിഫൈ ചെയ്യണമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെ വേണ്ടെന്ന് വച്ചിരിക്കുകയാണ്. വീട് പണിയുന്നതിനായി എസ്സിപി/ടിഎസ്പി ഫണ്ട് നിര്‍മ്മിതി കേന്ദ്രയെ ഏല്‍പിക്കുകയാണെങ്കില്‍ അവരുടെ സമ്മതപത്രം വേണമെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ അതും വേണ്ടെന്ന് വച്ചിരിക്കുകയാണ്. അപ്പോള്‍, എസ്സിപി/ടിഎസ്പി ഫണ്ടുപയോഗിച്ചുള്ള പ്രോജക്ടുകള്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നടപ്പിലാക്കുമെന്ന് ഈ പരിശോധനയില്‍ എങ്ങനെയാണ് ഉറപ്പുവരുത്തുന്നത്? പ്രോജക്ട് പരിശോധന തന്നെ പ്രഹസനമാണ്. കമ്പ്യൂട്ടര്‍ വഴി നല്‍കുന്ന പ്രോജക്ട് രേഖയില്‍ പരിശോധനയ്ക്കുളള വിവരങ്ങള്‍ അപര്യാപ്തമാണ്. പ്രോജക്ടിന്റെ പേര്, അത് ഏത് സെക്ടറിലാണെന്നുള്ള കോഡ്, ഏതൊക്കെ സ്രോതസ്സുകളില്‍നിന്നാണ് അതിന് പണം വരുന്നതെന്നുള്ള വിവരം, ഗുണഭോക്താക്കളുടെ എണ്ണം എന്നിവയോടെ ഫിസിക്കല്‍ ടാര്‍ജറ്റ് തീര്‍ന്നു. ഇതില്‍ കൂടുതല്‍ എന്താണ് ഒരു മേലുദ്യോഗസ്ഥന് പരിശോധിക്കാനുള്ളത്? ഇതിന്റെ ആക്ടിവിറ്റി എന്താണ്, ഫിനാന്‍ഷ്യല്‍ അനാലിസിസ് എന്താണ് തുടങ്ങിയ യാതൊരു കാര്യവും പരിശോധനയുടെ വിഷയമാകുന്നില്ല. കഴിഞ്ഞ പത്തുവര്‍ഷമായി കേരളത്തില്‍ ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ഓണ്‍ലൈന്‍ പദ്ധതി രൂപീകരണപ്രവര്‍ത്തനം ഈ വര്‍ഷം പരിപൂര്‍ണ്ണതയില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ മൂന്നുവര്‍ഷമായി പദ്ധതി രേഖയുണ്ടാക്കിയതിനുശേഷം ഡേറ്റാ അപ്ലോഡ് ചെയ്തിരുന്നുവെങ്കില്‍ അതിപ്പോള്‍ നേരത്തെയാക്കുകയാണ്. ഇനി പദ്ധതി നിര്‍വ്വഹണത്തിന്റെ കാര്യമെടുക്കാം. പദ്ധതിയുടെ പകുതി അടങ്കല്‍ പൊതു മരാമത്തു പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ് ചെലവഴിക്കുന്നത്. ആ പ്രോജക്ടുകള്‍ക്ക് ഇപ്പോള്‍ അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കിലും നടപ്പാക്കുന്നതിനു മുമ്പ് സാങ്കേതിക അനുമതി വാങ്ങണം. ആരാണ് അതിനുള്ള സാങ്കേതിക അനുമതി കൊടുക്കുന്നത്? ആ പഞ്ചായത്തിലെ ഉദ്യോഗസ്ഥനല്ല, മേലുദ്യോഗസ്ഥനാണ് അനുമതി കൊടുക്കേണ്ടത്. സാങ്കേതിക അനുമതി പഞ്ചായത്തുകള്‍ക്ക് ഒരു ബാലികേറാമലയാകാന്‍ പോവുകയാണ്. ഇവിടെ കോണ്‍ട്രാക്ടര്‍ രാജാവാകാന്‍പോകുകയാണ്. അഞ്ചുലക്ഷം രൂപയുടെ പരിധിക്കുള്ളിലുള്ള വര്‍ക്കുകള്‍ക്ക് ടെണ്ടര്‍ വിളിക്കേണ്ടതില്ലെന്ന് പറഞ്ഞതോടുകൂടി ഓരോ കോണ്‍ട്രാക്ടര്‍മാരും പ്രോജക്ടുമായി ഉദ്യോഗസ്ഥരെ സമീപിച്ച് കമ്മീഷന്‍ കൊടുക്കുന്ന ഏര്‍പ്പാടിലേക്ക് ഈ ആസൂത്രണം ചെന്നെത്താന്‍ പോവുകയാണ്. ഈ പശ്ചാത്തലത്തില്‍ നാല് നിര്‍ദ്ദേശങ്ങളാണ് മുന്നോട്ടു വെയ്ക്കാനുളളത്. ഒന്നാമതായി, പ്രോജക്ടുകളുടെ അംഗീകാരം പോലെ നിര്‍വ്വഹണ പ്രക്രിയയും കുളമാക്കരുത്. ഇത്രയുമൊക്കെയായ സ്ഥിതിക്ക് പദ്ധതികളുടെ കാലാവധി നീട്ടിക്കൊടുത്ത് സമയമെടുത്ത് ചിട്ടയായ മോണിറ്ററിംഗ് സംവിധാനത്തോടുകൂടി കാര്യങ്ങള്‍ നടത്തണം. രണ്ടാമതായി, കട്ട് ഓഫ് ഡേറ്റ് വേണ്ട. ഏതായാലും പ്രോജക്ട് മാത്രമല്ലേ അംഗീകരിക്കുന്നുള്ളൂ; പദ്ധതി രേഖയുടെ അംഗീകാരം ആവശ്യമില്ലാത്ത സ്ഥിതിക്ക് സമയമെടുത്ത് പ്രോജക്ട് അപ്ലോഡ് ചെയ്യട്ടെ. ഏതായാലും നേരത്തെ നിശ്ചയിച്ച അവസാന സമര്‍പ്പണത്തീയതിയായ ഡിസംബര്‍ അഞ്ചും അംഗീകാരം വാങ്ങാനുളള ഡിസംബര്‍ 10 ഉം ജലരേഖയായിട്ടുണ്ട്.

മൂന്നാമതായി, ഇപ്പോള്‍ പദ്ധതിരേഖ പരിശോധിക്കാതെയാണ് പ്രോജക്ടുകള്‍ക്ക് അംഗീകാരം കൊടുത്തിരിക്കുന്നത്. എന്നാല്‍, ഇനിയെങ്കിലും അടങ്കല്‍ അനുസരിച്ചുളള പ്രോജക്ടുകളാണോ, മേഖലാ നിബന്ധനകള്‍ പാലിച്ചിട്ടുണ്ടോ, എസ്സിപിക്ക് പണം വച്ചിട്ടുണ്ടോ എന്നൊക്കെ ഡിപിസിയെക്കൊണ്ട് പരിശോധിപ്പിക്കണം. എസ്സിപി/ടിഎസ്പിക്കുള്ള പരിഹാരത്തുക വേണ്ടെന്ന് പറഞ്ഞെങ്കിലും പദ്ധതിരേഖ തയ്യാറാക്കി പ്രോജക്ടുണ്ടാക്കി കഴിഞ്ഞതിനുശേഷമാണ് കഴിഞ്ഞവര്‍ഷത്തെ പരിഹാരത്തുക വയ്ക്കണമെന്ന് പറഞ്ഞുകൊണ്ട് ഉത്തരവിറങ്ങുന്നത്. എവിടെനിന്നെടുത്താണ് ആ തുക വയ്ക്കുന്നത്? പ്രോജക്ട് അപ്ലോഡ് ചെയ്തുകഴിഞ്ഞുവെങ്കില്‍ എസ്സിപി/ടിഎസ്പി പ്രോജക്ടുകള്‍ക്കുള്ള പരിഹാരത്തുക എവിടെനിന്നാണ് എടുത്തുവയ്ക്കുക? അതുകൊണ്ട് ഈ നിര്‍വ്വഹണഘട്ടത്തിലെങ്കിലും പദ്ധതിരേഖ പരിശോധിപ്പിച്ച് അംഗീകരിക്കുക. നാലാമതായി, അടുത്ത വര്‍ഷത്തെ പ്രോജക്ടുകളൊക്കെ ഫെബ്രുവരി മാസത്തിനുമുമ്പ് അപ്ലോഡ് ചെയ്യണമെന്ന് പറയുന്നതിനുപകരം ജൂണ്‍മാസംവരെ നീട്ടിക്കൊടുക്കുക.

പ്രതിപക്ഷങ്ങളെ വിശ്വാസത്തിലെടുത്ത് ചര്‍ച്ചയിലൂടെ ഒരു പൊതു അഭിപ്രായസമന്വയത്തിലെത്താനും ഇനിയെങ്കിലും ഈ സര്‍ക്കാര്‍ വൈകരുത്. പഞ്ചായത്തീരാജ് രാജീവ്ഗാന്ധിയുടെ വലിയ സ്വപ്നമാണെന്നൊക്കെ പറയുമ്പോഴും ഇന്ത്യയില്‍ ഇപ്പോള്‍ എന്താണ് നടന്നുകൊണ്ടിരിക്കുന്നത്? കര്‍ണ്ണാടകത്തിന്റെ കഥ ബിജെപി തീര്‍ത്തു. ബംഗാളില്‍ ശ്രീമതി മമത ബാനര്‍ജി ബിഡിഒ രാജ് കൊണ്ടുവന്നിരിക്കുകയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന ആന്ധ്രയില്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്തിയില്ല, അവിടെ പഞ്ചായത്തില്ല. ഇന്ത്യാരാജ്യം മുഴുവന്‍ ആ നിലയിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. കേരളവും ത്രിപുരയുമാണ് ഇനി ബാക്കിയുളളത്. ഇന്നത്തെ നിലയിലാണ് പോകുന്നതെങ്കില്‍ കേരളത്തിന്റെയും നില അധോഗതിയായിരിക്കും.

*
ഡോ. ടി എം തോമസ് ഐസക് ചിന്ത വാരിക 04 ജനുവരി 2013

Saturday, July 14, 2012

അധികാരവികേന്ദ്രീകരണത്തിന് മരണമണി

യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിനെത്തുടര്‍ന്ന് തദ്ദേശസ്ഥാപനങ്ങളുടെ കാര്യത്തില്‍ ഒട്ടേറെ പ്രഖ്യാപനം ഉണ്ടായി. പഞ്ചവത്സരപദ്ധതിയെന്ന നിലയിലാണ് വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണംചെയ്യാനും നടപ്പാക്കാനും പോകുന്നത് എന്ന് എത്രയോ മാസമായി പറഞ്ഞു. എന്നാല്‍, ഈ പദ്ധതി നിര്‍ദേശങ്ങള്‍ സമയബന്ധിതമായി ഉത്തരവിറക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കഴിഞ്ഞില്ല. സാമ്പത്തികവര്‍ഷം ആരംഭിച്ച് രണ്ടരമാസം പിന്നിട്ടാണ് (2012 ജൂണ്‍ 15) 12-ാം പഞ്ചവത്സരപദ്ധതി സംബന്ധിച്ച മാര്‍ഗനിര്‍ദേശം പുറത്തിറങ്ങിയത്. ഈ നിര്‍ദേശമനുസരിച്ച് തദ്ദേശസ്ഥാപനങ്ങളിലെ ഭരണസമിതിക്ക് ഈ വര്‍ഷത്തെ പദ്ധതിരേഖ തയ്യാറാക്കാന്‍ ചുരുങ്ങിയത് മൂന്നുമാസം വേണം. തുടര്‍ന്ന് പ്രോജക്ടുകള്‍ തയ്യാറാക്കി അംഗീകാരം നേടിയെടുക്കുമ്പോഴേക്ക് മാസങ്ങള്‍ പിന്നിടും. പദ്ധതി നിര്‍വഹണത്തിന് സാമ്പത്തികവര്‍ഷം അവസാനിക്കുന്നതിനുമുമ്പ് രണ്ടോ മൂന്നോ മാസം കിട്ടിയാലായി.

അധികാര വികേന്ദ്രീകരണവും ജനകീയാസൂത്രണവും തങ്ങള്‍ക്ക് പഥ്യമല്ലെന്ന യുഡിഎഫ് സര്‍ക്കാരുകളുടെ പാരമ്പര്യത്തെ അനുസ്മരിപ്പിച്ചാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരും പ്രവര്‍ത്തിക്കുന്നത്. 1962 മുതല്‍ 1979 വരെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്താതിരുന്നത്, 1984ല്‍ പഞ്ചായത്ത് ഭരണസമിതികള്‍ പിരിച്ചുവിട്ട് 1987 വരെ ഉദ്യോഗസ്ഥഭരണം ഏര്‍പ്പെടുത്തിയത്, 1991ല്‍ ജില്ലാ കൗണ്‍സിലുകളെ പിരിച്ചുവിട്ടത്, 2001ല്‍ ജനകീയാസൂത്രണത്തെ അട്ടിമറിച്ച് കേരള വികസനപദ്ധതി കൊണ്ടുവന്നത്. ഇതൊന്നും കേരളീയര്‍ മറക്കില്ല. 2006ല്‍ അധികാരത്തില്‍വന്ന വി എസിന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളവികസനപദ്ധതി അവസാനിപ്പിച്ച് വീണ്ടും ജനകീയാസൂത്രണപദ്ധതി നടപ്പാക്കി. കക്ഷി രാഷ്ട്രീയ പരിഗണനകള്‍ക്കതീതമായി ജനം ഏറ്റുവാങ്ങിയ ഈ പദ്ധതിക്കും അധികാര വികേന്ദ്രീകരണത്തിനും തുരങ്കംവയ്ക്കാനാണ് യുഡിഎഫ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവന്നത്.

അധികാര വികേന്ദ്രീകരണ നടപടികള്‍ തകര്‍ക്കാനാണ് യുഡിഎഫ് അധികാരത്തില്‍ വന്നയുടനെ ഗ്രാമവികസനം, പഞ്ചായത്ത് ഭരണം, നഗരഭരണം എന്നിങ്ങനെ തദ്ദേശവകുപ്പിനെ വിഭജിച്ച് മൂന്നു മന്ത്രിമാരുടെ ചുമതലയിലേക്ക് മാറ്റിയത്. നഗരഭരണത്തിന്റെ കാര്യത്തിലാകട്ടെ, കേരളീയസമൂഹത്തെ അപകീര്‍ത്തിപ്പെടുത്തിയ അഞ്ചാംമന്ത്രി വിവാദത്തിന് തിരികൊളുത്തി വീണ്ടും മന്ത്രിമാറ്റമുണ്ടായി. ഇതൊന്നും തദ്ദേശസ്ഥാപനങ്ങള്‍ക്കോ കേരളീയ ജനതയ്ക്കോ ഗുണംചെയ്യുന്നതാണെന്ന് യുഡിഎഫിലെ ബുദ്ധിരാക്ഷസന്മാര്‍പോലും സമ്മതിക്കുമെന്നു തോന്നുന്നില്ല. പുറത്തിറങ്ങിയ മാര്‍ഗനിര്‍ദേശങ്ങളില്‍ കേരളീയ സമൂഹം നേരിടുന്ന വികസനപ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരവും നിര്‍ദേശിക്കുന്നില്ല.

ജനകീയാസൂത്രണപദ്ധതിയുടെ കാലത്ത് ഉല്‍പ്പാദനമേഖല, സേവനമേഖല, പശ്ചാത്തലമേഖല, ചേരിപ്രദേശങ്ങളുടെ വികസനം, വനിതാ വികസനം, വൃദ്ധര്‍-ശിശുക്കള്‍-ഭിന്ന ശേഷിയുള്ളവര്‍, പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ എന്നിവരുടെയെല്ലാം വികസനപദ്ധതികളുടെ പങ്ക് ശതമാനക്കണക്കില്‍ കൃത്യമായി നിര്‍വചിച്ചിരുന്നു. ഒന്നര പതിറ്റാണ്ടത്തെ അനുഭവം നോക്കിയാല്‍ സമതുലിതവും സമഗ്രവുമായ കുതിച്ചുചാട്ടം ജനകീയാസൂത്രണ മാനദണ്ഡങ്ങള്‍ പാലിച്ച് കേരളത്തിന് നേടിയെടുക്കാന്‍ കഴിഞ്ഞുവെന്നത് പരക്കെ സമ്മതിക്കുന്ന കാര്യമാണ്. ഈ തത്വങ്ങളുടെ ലംഘനമാണ് പുതിയ മാര്‍ഗനിര്‍ദേശം മുന്നോട്ടുവയ്ക്കുന്നത്. പശ്ചാത്തല മേഖലയ്ക്ക് ജില്ലാ പഞ്ചായത്തുകള്‍ 50 ശതമാനവും നഗരസഭകള്‍ 55 ശതമാനവും മറ്റ് പഞ്ചായത്തുകള്‍ 45 ശതമാനവും ചെലവഴിക്കണമെന്ന് നിര്‍ദേശിച്ചിരിക്കുന്നു.

വൃദ്ധര്‍ക്കും കുട്ടികള്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കും അഞ്ചുശതമാനവും നീക്കിവച്ചു. ആഗോളവല്‍ക്കരണ കാലഘട്ടത്തിലെ ജനങ്ങളുടെ സുഖഭോഗ താല്‍പ്പര്യങ്ങള്‍ക്ക് എത്രമാത്രം നീതിപുലര്‍ത്തുന്നതാണ് ഈ മാര്‍ഗനിര്‍ദേശമെന്ന് വിശകലനംചെയ്യുന്ന ഏതൊരാള്‍ക്കും മനസ്സിലാകും. അവശേഷിക്കുന്ന 30, 40 ശതമാനം കൊണ്ടുവേണം തദ്ദേശപരിധിയിലെ ഉല്‍പ്പാദനപരവും സേവനപരവുമായ മറ്റ് വികസന പദ്ധതികള്‍ക്ക് പണം കണ്ടെത്താന്‍. ഇതില്‍ത്തന്നെ അങ്കണവാടികളിലൂടെ പോഷകാഹാരം നല്‍കുക, എസ്എസ്എ വിഹിതം മാറ്റിവയ്ക്കുക എന്നിവയെല്ലാം അനിവാര്യ ചെലവുകളാണ്. ഒട്ടുമിക്ക തദ്ദേശസ്ഥാപനങ്ങള്‍ക്കും പദ്ധതി പണത്തിന്റെ ആറോ ഏഴോ ശതമാനം ഇതിനായി മാറ്റിവയ്ക്കേണ്ടതുണ്ട്.

കൈയടി നേടാനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ചില തീരുമാനങ്ങളും തദ്ദേശസ്ഥാപനങ്ങളുടെ വികസനപദ്ധതികളെ വന്‍തോതില്‍ ബാധിക്കുകയാണ്. ഇ എം എസ് ഭവനപദ്ധതിക്ക് 75,000 രൂപയില്‍നിന്ന് രണ്ടുലക്ഷം രൂപയായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതും കേന്ദ്രാവിഷ്കൃത പദ്ധതിയായ ഐഎച്ച്എസ്ഡിപി പദ്ധതിയിലൂടെയുള്ള ഭവനിര്‍മാണ ആനുകൂല്യം 1,30,000ല്‍ നിന്ന് രണ്ടുലക്ഷമായി വര്‍ധിപ്പിച്ചതും തദ്ദേശസ്ഥാപനങ്ങളെ കടുത്ത ധന പ്രതിസന്ധിയിലേക്കാണ് എത്തിച്ചത്. സര്‍ക്കാര്‍ പ്രഖ്യാപനം കേട്ട ജനങ്ങള്‍ യുഡിഎഫിനുവേണ്ടി കൈയടിച്ചെങ്കിലും ഈ അധിക പണം തദ്ദേശസ്ഥാപനങ്ങള്‍ കണ്ടെത്തിക്കൊള്ളണമെന്ന് ഉത്തരവിറക്കിയത് ആരും വേണ്ടത്ര ശ്രദ്ധിക്കാനിടയില്ല. മട്ടന്നൂര്‍ നഗരസഭയുടെമാത്രം അനുഭവം പരിശോധിക്കാം. ഇ എം എസ് പാര്‍പ്പിടപദ്ധതിയില്‍ മട്ടന്നൂര്‍ നഗരസഭ 306 പേര്‍ക്കാണ് പുതിയ വീടിനുള്ള ആനുകൂല്യം നല്‍കിയത്. ഇതില്‍ പകുതിയോളം പേര്‍ നിര്‍മാണം പൂര്‍ത്തിയാക്കി 75,000 രൂപ വീതം കൈപ്പറ്റി. എന്നാല്‍, പകുതി പേരുടെ പാര്‍പ്പിട നിര്‍മാണം നടക്കുകയാണ്. അഞ്ചാം ഗഡുവും നാലാം ഗഡുവും വങ്ങാനുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. ഇതിനുമാത്രമായി 60,00,000 രൂപ നഗരസഭ കണ്ടത്തേണ്ടതുണ്ട്.

ഐഎച്ച്എസ്ഡിപി പദ്ധതിക്കാകട്ടെ ഉപയോക്താക്കളുടെ എണ്ണം 280 ആണ്. ഇവര്‍ക്ക് കുടിശ്ശിക കൊടുക്കാന്‍ ഒരുകോടി 20 ലക്ഷം രൂപയെങ്കിലും വേണ്ടിവരും. രണ്ടിനങ്ങളിലുംകൂടി ഒരുകോടി 80 ലക്ഷം രൂപ ഈ വര്‍ഷത്തെ വികസനഫണ്ടില്‍നിന്ന് നഗരസഭ കണ്ടെത്തിയേ മതിയാകൂ. നഗരസഭയുടെ ഈ വര്‍ഷത്തെ വികസനഫണ്ട് ഏതാണ്ട് അഞ്ചുകോടി രൂപയാണ്. മുകളില്‍ പറഞ്ഞ കുടിശ്ശികപണം കൊടുത്തുതീര്‍ത്താല്‍ മറ്റ് പദ്ധതികളെല്ലാം അവതാളത്തിലാകും. ഇത് കേരളത്തിലെ എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും ബാധകമാണ്. ഇതിന് പരിഹാരമുണ്ടാകണമെങ്കില്‍ പാര്‍പ്പിട പദ്ധതികള്‍ക്കായി വര്‍ധിപ്പിച്ച തുക തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കിയേ മതിയാകൂ. പുതിയ മാര്‍ഗനിര്‍ദേശത്തിലൂടെ, ജനപ്രതിനിധികള്‍ക്കും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങള്‍ക്കുമെതിരെ സര്‍ക്കാരിനുള്ള അസഹിഷ്ണുത ഒന്നുകൂടി പുറത്തുവന്നു. ഉദ്യോഗസ്ഥമേധാവിത്വമാണ് സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നത്. പ്രോജക്ടുകള്‍ തയ്യാറാക്കുന്ന ഉദ്യോഗസ്ഥന്‍ അതിന്റെ പരിശോധനയും പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. മാര്‍ഗരേഖയിലെ "പ്രോജക്ട് പരിശോധനയും സാങ്കേതികാനുമതി നല്‍കലും" എന്ന ഭാഗം, ഏത് വിധത്തിലാണ് ജനകീയാധികാരം ഇല്ലാതാക്കുന്നത് എന്നും ഉദ്യോഗസ്ഥ മേധാവിത്വം പുനഃസ്ഥാപിക്കുന്നതെങ്ങനെ എന്നും വ്യക്തമാക്കുന്നു.

ജില്ലാ ആസൂത്രണ സമിതികള്‍ വളരെ കാര്യക്ഷമമായി ത്രിതല പഞ്ചായത്തുകളുടെയും നഗരസഭകളുടെയും പ്രോജക്ടുകള്‍ പരിശോധിച്ച് അനുമതി നല്‍കിവരികയായിരുന്നു. ഡിപിസിയുടെ ഭാഗമായിരുന്ന സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടുന്ന ജില്ലാ പ്ലാനിങ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്ന പ്രോജക്ടുകളാണ് ഡിപിസിക്കു മുന്നില്‍ എത്തിച്ചേരുന്നത്. ഡിപിസി ആകട്ടെ ഉന്നതമായ ജനാധിപത്യ സ്ഥാപനമാണ്. ത്രിതല പഞ്ചായത്തുകളും നഗരസഭകളും വോട്ടുചെയ്ത് തെരഞ്ഞെടുക്കുന്ന പ്രതിനിധികളാണ് അതിലെ അംഗങ്ങള്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും കലക്ടര്‍ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്ന ഉന്നത ജനാധിപത്യ സംവിധാനമാണത്.

ജനാധിപത്യത്തിന് കാല്‍ക്കാശിന്റെ വില കല്‍പ്പിക്കാത്ത ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഡിപിസിയെ നോക്കുകുത്തിയാക്കുന്നത് എന്തിനാണെന്നറിയാന്‍ പാഴൂര്‍പടിവരെ പോകേണ്ടതില്ല. തവിട് തിന്നവന്റെ തകൃതിപോലെയാണ് മാര്‍ഗരേഖയില്‍ ഉടനീളം വികസനപദ്ധതികളെക്കുറിച്ചുള്ള വായ്ത്താരികള്‍ കമ്പോട് കമ്പ് എഴുതിച്ചേര്‍ത്തിരിക്കുന്നത്. കാര്‍ഷികമേഖലയില്‍ സംയോജിത നീര്‍ത്തടപരിപാലനം നിര്‍ബന്ധമാണെന്നും ഭക്ഷ്യവിളകളുടെ വിള വിസ്തൃതിയും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിച്ച് ഉല്‍പ്പാദന വര്‍ധന സാധ്യമാക്കണമെന്നും പരമ്പരാഗത ജലസ്രോതസ്സുകള്‍ നിലനിര്‍ത്തണമെന്നും മാര്‍ഗരേഖ ഉദ്ഘോഷിക്കുന്നു. മൃഗ-പക്ഷി സമ്പത്ത് വര്‍ധിപ്പിച്ച് പാല്‍, മുട്ട, മാസം എന്നിവയുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള ആഹ്വാനം മറ്റൊരു ഭാഗത്ത്. സ്വയംതൊഴില്‍സംരംഭങ്ങളെക്കുറിച്ചും വിദ്യാഭ്യാസ, ആരോഗ്യമേഖലയിലെ നിരവധി പദ്ധതികളെക്കുറിച്ചും മാര്‍ഗരേഖ വാചാലമാകുന്നുണ്ട്. ഇതിന് പണം കണ്ടെത്താനുള്ള സൂത്രവിദ്യകൂടി മഞ്ഞളാംകുഴി അലിയുടെയും മുനീറിന്റെയും പച്ചപുതച്ച ബുദ്ധി രാക്ഷസന്മാര്‍ പറഞ്ഞുതരേണ്ടതായിരുന്നു. കുടിവെള്ളപദ്ധതികള്‍ നടപ്പാക്കണമെങ്കില്‍ 10 ശതമാനം ഗുണഭോക്തൃവിഹിതം തദ്ദേശസ്ഥാപനത്തിലടച്ച് രസീത് വാങ്ങണമെന്ന വ്യവസ്ഥ ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കാനുള്ള നിര്‍ദേശം മാത്രമാണ്.

മഹാനായ രാജ്യതന്ത്രജ്ഞന്റെ നാമം ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചേക്കുമോ എന്ന് ഭയന്ന് ഇ എം എസ് പാര്‍പ്പിടപദ്ധതി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തര ഉത്തരവ് നല്‍കി. പുതിയ ഭവനപദ്ധതിയെക്കുറിച്ച് മാര്‍ഗരേഖയില്‍ നിര്‍ദേശിക്കുന്നത് ഒരു ആത്മാര്‍ഥതയും ഇല്ലാതെയാണെന്നു പറയേണ്ടിവരും. പഞ്ചവത്സരപദ്ധതി മാര്‍ഗരേഖ കേരളം കണ്ട തികഞ്ഞ അബദ്ധപഞ്ചാംഗമാണെന്ന് നിസ്സംശയം പറയാം. തനത് ഫണ്ട് ഉപയോഗിക്കാന്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫീസറുടെ സാക്ഷ്യപത്രം വേണമെന്നും ആശുപത്രിയില്‍ മരുന്നിന് പ്രോജക്ട് വയ്ക്കാന്‍ ഡിഎംഒയുടെ നോണ്‍ അവൈലബിലിറ്റി സര്‍ട്ടിഫിക്കറ്റ് വേണമെന്നും പറയുന്നത് പദ്ധതിനിര്‍വഹണത്തെ സങ്കീര്‍ണമാക്കാനാണ്.

പ്രത്യേക ഘടകപദ്ധതി പ്രകാരമുള്ള പണം ഉപയോഗിച്ച് പട്ടികജാതി കോളനിക്കകത്ത് റോഡ് നിര്‍മിക്കാനേ പറ്റൂ എന്നും കോളനിക്ക് പുറത്തേക്ക് റോഡ് പാടില്ലെന്നും നിര്‍ദേശിക്കുന്നത് എത്തരം പാണ്ഡ്യത്യമാണെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. കേരളത്തിലെ പൗരസമൂഹത്തിന്റെ ഇഴകീറിയ വിശകലനത്തിനും പരിശോധനയ്ക്കും ഈ മാര്‍ഗരേഖ വിധേയമാക്കണം. ഇതിലെ വികസന നിഷേധപരമായ നിലപാടുകള്‍ കക്ഷിപരിഗണനകള്‍ക്കതീതമായി എതിര്‍ക്കപ്പെടണം. വിമര്‍ശത്തെ സമചിത്തതയോടെ കണ്ട് തെറ്റുകളും പോരായ്മകളും തിരുത്തി മാര്‍ഗരേഖയുടെ സമഗ്രമായ പരിഷ്കരണത്തിന് ഔദ്ധത്യ രാഷ്ട്രീയം ഉപേക്ഷിച്ച് ഭരണനേതൃത്വം സന്നദ്ധമാകണം.

*
കെ ഭാസ്കരന്‍ ദേശാഭിമാനി 14 ജൂലൈ 2012

Wednesday, June 6, 2012

അധികാര വികേന്ദ്രീകരണം അട്ടിമറിക്കുന്നു

അധികാര വികേന്ദ്രീകരണവും പഞ്ചായത്ത്രാജ് സംവിധാനവും സ്വാതന്ത്ര്യസമരകാലത്തുതന്നെ ചര്‍ച്ചചെയ്തിരുന്നതും മഹാത്മാഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇതിനായി ശക്തമായി വാദിച്ചിരുന്നതുമാണ്. സ്വാതന്ത്ര്യാനന്തരം വിവിധ സംസ്ഥാനങ്ങളില്‍ ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു. ബംഗാള്‍, കേരളം, കര്‍ണാടകം, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ ഏറെ മുന്നേറുകയുംചെയ്തു. 73, 74 ഭരണഘടനാ ഭേദഗതിയോടെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഒട്ടേറെ അധികാരങ്ങള്‍ കൈവന്നു. തുടര്‍ന്ന് മധ്യപ്രദേശ്, ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളും അധികാരവികേന്ദ്രീകരണരംഗത്ത് ചില നടപടികള്‍ക്ക് മുതിരുകയുണ്ടായി. ഭരണഘടനാ ഭേദഗതിയുടെ അന്തഃസത്ത പൂര്‍ണമായും ഉള്‍ക്കൊണ്ട് നടപടി സ്വീകരിച്ച ഏകസംസ്ഥാനം കേരളമാണ്. ജനകീയാസൂത്രണ പദ്ധതിയിലൂടെ അധികാരവും സമ്പത്തും മാത്രമല്ല, പ്രാദേശികാസൂത്രണവും പകര്‍ന്നുനല്‍കുകവഴി കേരളത്തിലെ തദ്ദേശസ്ഥാപനങ്ങള്‍ പ്രാദേശിക സര്‍ക്കാരുകള്‍ എന്ന നിലയിലേയ്ക്കുള്ള വളര്‍ച്ച പടിപടിയായി കൈവരിച്ചു.

കേരളത്തില്‍ അധികാരത്തില്‍വന്ന ഇടതുപക്ഷ സര്‍ക്കാരുകളുടെ ഇച്ഛാശക്തിയാണ് ഈ വളര്‍ച്ചയ്ക്ക് കാരണമായത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാകട്ടെ ഇക്കാര്യത്തില്‍ ഒരുപടികൂടിക്കടന്ന് തദ്ദേശ സ്ഥാപനങ്ങളെ ശക്തമാക്കുന്ന നടപടികള്‍ സ്വീകരിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരവും സമ്പത്തും ലഭിച്ചിരുന്നുവെങ്കിലും അവ വിനിയോഗിക്കുന്നതിനുള്ള ഉദ്യോഗസ്ഥ സംവിധാനം പര്യാപ്തമായിരുന്നില്ല. അതിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ അധിക തസ്തിക സൃഷ്ടിക്കുകയും, ഫലപ്രദമല്ലാതിരുന്ന ഉദ്യോഗസ്ഥ പുനര്‍വിന്യാസം മതിയാക്കി സ്വതന്ത്രമായ ഉദ്യോഗസ്ഥ സംവിധാനമൊരുക്കുകയുംചെയ്തു. മതിയായ സാങ്കേതിക വിഭാഗം ജീവനക്കാരെയും ലഭ്യമാക്കി. തുടര്‍ന്ന് തദ്ദേശസ്ഥാപനങ്ങളെയാകെ ഉള്‍ക്കൊള്ളിച്ച് പൊതുസര്‍വീസും രൂപീകരിച്ചു. അധികാര വികേന്ദ്രീകരണരംഗത്ത് കേരളം മുന്നേറിയ ഘട്ടത്തില്‍ കര്‍ണാടകം, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ പുരോഗതി കൈവരിച്ചില്ലെന്നു മാത്രമല്ല പിറകോട്ട് പോകുന്ന അനുഭവമാണ് കാണാന്‍ കഴിയുക. ഇതില്‍നിന്ന് ഒരു കാര്യം വ്യക്തമാണ്. ഭരണഘടനാ പിന്‍ബലമല്ല ഭരണാധികാരികളുടെ ഇച്ഛാശക്തിയാണ് അധികാര വികേന്ദ്രീകരണത്തിന് വേണ്ടത്. കേരളത്തില്‍ യുഡിഎഫ് അധികാരമേറ്റതുതന്നെ അധികാര വികേന്ദ്രീകരണ പ്രസ്ഥാനത്തിന്റെ കടയ്ക്കല്‍കത്തിവച്ചുകൊണ്ടാണ്. വകുപ്പിനെ മൂന്നായി വിഭജിച്ച് മൂന്നുമന്ത്രിമാരുടെ കീഴിലാക്കി. തദ്ദേശസ്ഥാപനങ്ങളെയും അനുബന്ധ സ്ഥാപനങ്ങളെയും ഏജന്‍സികളെയും തകര്‍ക്കുന്ന സമീപനം സ്വീകരിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ അധികാരവും സമ്പത്തും കവര്‍ന്നെടുത്തു. വിവിധ അതോറിറ്റികള്‍ രൂപീകരിച്ച് തദ്ദേശസ്ഥാപനങ്ങളുടെ അധികാരത്തിന്മേല്‍ കടന്നുകയറ്റത്തിനു ശ്രമിക്കുന്നു. തദ്ദേശ പൊതുസര്‍വീസ് അട്ടിമറിച്ചു. എന്‍ജിനിയറിങ് പൊതുസര്‍വീസിനെയും ഇല്ലാതാക്കാനുള്ള ശ്രമമാരംഭിച്ചു. പദ്ധതി പ്രവര്‍ത്തനം സര്‍ക്കാര്‍തന്നെ തടസ്സപ്പെടുത്തി. ഏറ്റുവുമൊടുവില്‍ മാര്‍ച്ച് അവസാനം പദ്ധതി പണം വിവിധ സര്‍ക്കാര്‍-സ്വകാര്യ ഏജന്‍സികള്‍ക്ക് സംഭാവനയായി നല്‍കാന്‍ ഉത്തരവിറക്കി. പാവപ്പെട്ട ജനങ്ങളുടെ ക്ഷേമത്തിനും പ്രാദേശിക വികസനത്തിനും ചെലവിടേണ്ട പദ്ധതി പണം സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും ചോര്‍ത്തിക്കൊടുക്കുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഉല്‍പ്പാദന- സേവന മേഖലകളെ പാടെ അവഗണിക്കുകയും, പശ്ചാത്തല മേഖലയ്ക്ക് അമിതപ്രാധാന്യം നല്‍കുന്നതിനുമാണ് സര്‍ക്കാര്‍ നീക്കം. 50 ശതമാനം ഫണ്ട് ഒരു മാനദണ്ഡവുമില്ലാതെ ഭരണസമിതികള്‍ക്ക് ഇഷ്ടംപോലെ ചെലവഴിക്കുന്നതിന് അനുമതി നല്‍കുന്നു. വാര്‍ഷിക പദ്ധതിയില്ലാതാകുന്നു. ഏറ്റെടുക്കുന്ന പദ്ധതികള്‍ രണ്ടു വര്‍ഷംകൊണ്ട് പൂര്‍ത്തീകരിച്ചാല്‍ മതി. സാങ്കേതിക സമിതികള്‍ ആവശ്യമില്ല. പദ്ധതി അംഗീകാരം പൂര്‍ണമായി ഉദ്യോഗസ്ഥ മേധാവികള്‍ക്ക് നല്‍കുന്നു. ഫലത്തില്‍ പദ്ധതി പ്രവര്‍ത്തനത്തിലെ ജനകീയ ഇടപെടലുകള്‍ അവസാനിപ്പിച്ച് ഉദ്യോഗസ്ഥ കേന്ദ്രീകൃതമാക്കുന്നു. തദ്ദേശസ്ഥാപനങ്ങള്‍ ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം മാലിന്യസംസ്കരണമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ സ്വീകരിച്ച വിവിധ പരിപാടികളിലൂടെ മാലിന്യപ്രശ്നത്തിന് ഒരുപരിധിവരെ പരിഹാരം കാണുന്നതിനും കേന്ദ്രത്തില്‍നിന്ന് നിരവധി പുരസ്കാരങ്ങള്‍ നേടിയെടുക്കാനും കഴിഞ്ഞു. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച വികലനയങ്ങളും സങ്കുചിത രാഷ്ട്രീയലക്ഷ്യവും പ്രശ്നം രൂക്ഷമാക്കി. പുതുതായി ഒരു മാലിന്യ സംസ്കരണ പ്ലാന്റും ആരംഭിക്കാന്‍ കഴിയുന്നില്ലെന്നുമാത്രമല്ല, നിലവിലുള്ളവ അടച്ചുപൂട്ടുന്ന സ്ഥിതിയിലെത്തി. പണിയെടുത്താല്‍ കൂലി ലഭിക്കാത്ത ജീവനക്കാരായി നഗരസഭാ ജീവനക്കാര്‍ മാറിയിരിക്കുന്നു. നഗരസഭകള്‍ പലതും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അതുകാരണം ജീവനക്കാരുടെയും തൊഴിലാളികളുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നിഷേധിക്കുന്നു.

പെന്‍ഷന്‍ ആനൂകൂല്യം ലഭിക്കുന്നില്ലെന്നുമാത്രമല്ല പ്രതിമാസ പെന്‍ഷന്‍പോലും മുടങ്ങുന്നു. ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് വ്യക്തമായ മാനദണ്ഡം നിലവിലുള്ള വകുപ്പാണ് തദ്ദേശവകുപ്പ്. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സ്ഥലംമാറ്റ കരട് പ്രസിദ്ധീകരിച്ച് ആക്ഷേപങ്ങള്‍ സ്വീകരിച്ച് കുറ്റമറ്റ രീതിയില്‍ സുതാര്യമായാണ് അവ നടന്നുവന്നത്. എന്നാല്‍, യുഡിഎഫ് അധികാരമേറ്റതോടെ മാനദണ്ഡം ലംഘിച്ച് സ്ഥലംമാറ്റം ആരംഭിച്ചു. ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റി ദ്രോഹിച്ചു. വന്‍ അഴിമതിയാണ് നടമാടുന്നത്. ഓരോ തസ്തികയ്ക്കും റേറ്റ് നിശ്ചയിച്ച് പണപ്പിരിവ് നടത്തുകയാണ്. സംഘടനാ നേതാക്കളെ തെരഞ്ഞുപിടിച്ച് സ്ഥലംമാറ്റുന്നു. മേയര്‍മാര്‍ക്ക് തങ്ങളുടെ പിഎമാര്‍ ആരാകണമെന്ന് നിശ്ചയിക്കാന്‍പോലും അവകാശമില്ലാത്ത അവസ്ഥ. ജീവനക്കാരോട് കടുത്ത നീതിനിഷേധമാണ് യുഡിഎഫ് സര്‍ക്കാരിന്റേത്. ശമ്പള പരിഷ്കരണ ഉത്തരവ് പൂര്‍ണമായും നടപ്പാക്കിയില്ല. അപാകതകള്‍ പരിഹരിച്ചില്ലെന്നു മാത്രമല്ല, സര്‍ക്കാര്‍ സര്‍വീസിലെ ശമ്പള സ്കെയില്‍പോലും നഗരസഭകളിലെ ജീവനക്കാര്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു. പ്രോവിഡന്റ് ഫണ്ട് ക്രഡിറ്റ് കാര്‍ഡ് വിതരണംചെയ്യുന്നില്ല. ജീവനക്കാരുടെ മിതവും ന്യായവുമായ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിന് നിരവധി തവണ നിവേദനം നല്‍കി. അനവധി പ്രക്ഷോഭങ്ങള്‍ നടത്തി. ഫെബ്രുവരി 9ന് ജീവനക്കാര്‍ യോജിച്ച് പണിമുടക്കും നടത്തി. എന്നാല്‍, ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുന്നതിനോ സംഘടനകളുമായി ചര്‍ച്ചയ്ക്കോ ഉള്ള ജനാധിപത്യ മര്യാദപോലും പൂലര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഈ സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നവലിബറല്‍ നയങ്ങള്‍ക്കെതിരായ പോരാട്ടങ്ങളോടൊപ്പം ജനപക്ഷ ജനസൗഹൃദ നഗരസഭകള്‍ കെട്ടിപ്പടുക്കാനും അധികാര വികേന്ദ്രീകരണ പ്രസ്ഥാനത്തെ സംരക്ഷിക്കാനും വേണ്ട തീരുമാനങ്ങള്‍ക്ക് ആലപ്പുഴയില്‍ നടക്കുന്ന കെഎംസിഎസ്യു 45-ാം സംസ്ഥാന സമ്മേളനം രൂപം നല്‍കും.

*
കെ ജയദേവന്‍ (കെഎംസിഎസ്യു ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

ദേശാഭിമാനി 07 ജൂണ്‍ 2012

Monday, June 13, 2011

പങ്കുവയ്പുരാഷ്ട്രീയവും തദ്ദേശഭരണ വിഭജനവും

അധികാരവികേന്ദ്രീകരണം അനിവാര്യമാക്കുന്ന ഭരണസംവിധാനത്തെക്കുറിച്ച് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ കാഴ്ചപ്പാട് വ്യക്തമാണ്; തദ്ദേശഭരണവകുപ്പിന് ഒരു മന്ത്രി, ഒരു പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഒരു പൊതു കേഡര്‍ ഉദ്യോഗസ്ഥര്‍ . ഉദ്യോഗസ്ഥരാകട്ടെ അതത് തട്ടിലെ തെരഞ്ഞെടുത്ത ജനപ്രതിനിധികള്‍ക്കുകീഴില്‍ . ഈ സ്ഥാനത്താണ് യുഡിഎഫ് മൂന്നു മന്ത്രിമാരെ പ്രതിഷ്ഠിച്ചിരിക്കുന്നത്. നഗരസഭകള്‍ക്ക്, പഞ്ചായത്തുകള്‍ക്ക്, ഗ്രാമവികസനവകുപ്പിന് പ്രത്യേകം മന്ത്രിമാര്‍ ; മൂന്ന് ഉദ്യോഗസ്ഥ കേഡറുകള്‍ ; തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് സമാന്തരമായി ഗ്രാമവികസനവകുപ്പ്. പ്രത്യക്ഷത്തില്‍തന്നെ വിപരീതധ്രുവങ്ങളിലാണ് ഈ സമീപനങ്ങള്‍ . ഇടതുമുന്നണി സര്‍ക്കാര്‍ കൊണ്ടുവന്ന അധികാരവികേന്ദ്രീകരണ ഭരണപരിഷ്കാരങ്ങള്‍ ഗളച്ഛേദം ചെയ്യപ്പെടുമെന്ന് ഉറപ്പ്. കേന്ദ്രാവിഷ്കൃതപദ്ധതികള്‍ കേരളത്തില്‍ ഫലപ്രദമായി നടപ്പാക്കുന്നില്ല; ഗ്രാമവികസനവകുപ്പ് പ്രത്യേകമായി സംഘടിപ്പിക്കുകയാണ് ഇതിന് പരിഹാരം.

1957ലെ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കാലത്തും കേരളത്തില്‍ പഞ്ചായത്തുകളും നഗരസഭകളും രണ്ടു മന്ത്രിമാരുടെ കീഴിലായിരുന്നിട്ടുണ്ട്, കഴിഞ്ഞ അഞ്ചുവര്‍ഷമൊഴികെ എക്കാലത്തും ഗ്രാമവികസനവകുപ്പിന് പ്രത്യേകം മന്ത്രിയുണ്ടായിരുന്നു, ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാനത്തും നഗരഭരണത്തിനും ഗ്രാമഭരണത്തിനും പ്രത്യേകം മന്ത്രിമാരുണ്ട്, മൂന്നു മന്ത്രിമാരുടെ ചുമതലയുടെ ഏകോപനത്തിന് മുഖ്യമന്ത്രി അധ്യക്ഷനായുള്ള ക്യാബിനറ്റ് ഉപസമിതിയുണ്ട്, മൂന്നു മന്ത്രിമാര്‍ക്കുംകൂടി ഒരു പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നിയമിച്ചിട്ടുണ്ട് തുടങ്ങിയവയാണ് വകുപ്പ് വെട്ടിമുറിച്ചതിന് യുഡിഎഫുകാര്‍ പറയുന്ന ന്യായങ്ങള്‍ . കേരളമാണ് ഇന്ത്യക്ക് മാതൃക അധികാരവികേന്ദ്രീകരണ ഭരണപരിഷ്കാരങ്ങള്‍ക്ക് കേരളത്തിന് ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളെ മാതൃകയാക്കാനാകില്ല. 73, 74 ഭരണഘടനാ ഭേദഗതികള്‍ പാസായിട്ടും ഭൂരിപക്ഷം സംസ്ഥാനത്തും പ്രായോഗികമായി അധികാരവും സമ്പത്തും താഴെത്തലത്തിലേക്ക് കൈമാറിയിട്ടില്ല. ഈ ചുമതല നിറവേറ്റിയത് കേരളമാണ്. ജനകീയാസൂത്രണത്തിന്റെ ഭാഗമായി അന്യാദൃശമായ തോതില്‍ പണവും അധികാരവും നമ്മുടെ സംസ്ഥാനത്ത് താഴെത്തട്ടിലേക്ക് കൈമാറ്റംചെയ്തു. ഇക്കാര്യത്തില്‍ കേരളം ഇന്ത്യക്കാണ് മാതൃക; തിരിച്ചല്ല. അധികാരവികേന്ദ്രീകരണം ശക്തിപ്പെടുത്തുന്നതിന് കേന്ദ്രത്തിലും സംസ്ഥാനത്തും ഒരു പൊതുവകുപ്പ് കൂടിയേ തീരൂവെന്ന് കേന്ദ്ര പഞ്ചായത്തുമന്ത്രിയായിരുന്ന മണിശങ്കര്‍ അയ്യരും അഭിപ്രായപ്പെടുന്നു. രാജീവ്ഗാന്ധിക്കും ഇതേഅഭിപ്രായമായിരുന്നുവെന്ന് അയ്യര്‍ ചൂണ്ടിക്കാണിക്കുന്നു.

കേന്ദ്രത്തില്‍ ഈ സമീപനം നടപ്പാക്കാന്‍ കഴിഞ്ഞില്ല. കേരളം അത് ചെയ്തു. ഇത് രാജ്യത്തിന്റെ ഇതരസംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു പൊതുവകുപ്പ് മൂന്നായി വിഭജിക്കുന്നത് പിന്തിരിപ്പന്‍നടപടിയാണ്. ഒരുപക്ഷേ, രാഷ്ട്രീയമായിട്ടുള്ള അനിവാര്യതകളുണ്ടാകാം. പക്ഷേ, ഐഡിയലായ സാഹചര്യത്തില്‍ ഒരു വകുപ്പേ പാടുള്ളൂ. ഒറ്റവകുപ്പിലേക്ക് സര്‍ക്കാര്‍ തിരിച്ചുപോകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. (ഇന്ത്യന്‍ എക്സ്പ്രസ്, 28 മെയ്, 2011). കേരളത്തിന്റെ അനുഭവം 1957ല്‍ രണ്ട് വകുപ്പിനും രണ്ടു മന്ത്രിമാരായിരുന്നുവെന്ന യുഡിഎഫിന്റെ ന്യായം ബൂമറാങ്ങാണ്. അന്ന് നഗരത്തിനും ഗ്രാമത്തിനും പ്രത്യേകം മന്ത്രിമാര്‍ ഉണ്ടായിരുന്നെങ്കിലും നിയമസഭയില്‍ അവതരിപ്പിച്ച തദ്ദേശഭരണനിയമത്തില്‍ നഗര, ഗ്രാമങ്ങളെ സംയോജിപ്പിക്കുന്ന ജില്ലാ കൗണ്‍സിലാണ് വിഭാവനം ചെയ്തിരുന്നത്. നഗരങ്ങള്‍ക്ക് നഗരസഭകളും ഗ്രാമങ്ങള്‍ക്ക് ജില്ലാപഞ്ചായത്തും എന്നീ അറകളായി ജില്ലയെ പകുത്തിരുന്നില്ല. കലക്ടര്‍ അടക്കമുള്ള ജില്ലാതല ഉദ്യോഗസ്ഥര്‍ ജില്ലാ കൗണ്‍സിലിനുകീഴിലായിരുന്നു. ഈ നിയമം പാസായിരുന്നെങ്കില്‍ പഞ്ചായത്തുകളെയും നഗരസഭകളെയും ഒറ്റവകുപ്പാക്കുന്നത് അനിവാര്യമാകുമായിരുന്നു. 1957ലെ സര്‍ക്കാരിനൊപ്പം ഈ നിയമത്തെയും കോണ്‍ഗ്രസ് അട്ടിമറിച്ചു. അധികാരവികേന്ദ്രീകരണത്തെക്കുറിച്ച് 1957ലെ ഇ എം എസ് സര്‍ക്കാരിന്റെ കാഴ്ചപ്പാടാണ് ഇപ്പോള്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസും പകര്‍ത്തുന്നത്.

ജില്ലാപഞ്ചായത്തിനുപകരം ജില്ലാ കൗണ്‍സിലാണ് അഭികാമ്യമെന്ന് വീരപ്പ മൊയ്ലി അധ്യക്ഷനായുള്ള കേന്ദ്ര ഭരണപരിഷ്കാര കമീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനുവേണ്ട ഭരണഘടനാ ഭേദഗതിയുടെ കരട് സംസ്ഥാനങ്ങള്‍ക്ക് അയച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ദേശീയനയത്തിനുപോലും വിരുദ്ധമായാണ് യുഡിഎഫ് കേരളത്തില്‍ വകുപ്പ് വെട്ടിമുറിച്ചത്. ടി കെ രാമകൃഷ്ണന്‍ ഗ്രാമവികസനവകുപ്പിന്റെയും പാലോളി മുഹമ്മദുകുട്ടി തദ്ദേശസ്വയംഭരണവകുപ്പിന്റെയും ചുമതലവഹിച്ചിരുന്ന കാലത്ത് ബ്ലോക്കുതല ഉദ്യോഗസ്ഥവൃന്ദം ബ്ലോക്ക് പഞ്ചായത്തുമായി സംയോജിക്കാന്‍ വിസമ്മതിച്ചു. കേന്ദ്രാവിഷ്കൃതപദ്ധതികള്‍ പ്രാദേശികപദ്ധതികളുമായി സംയോജിപ്പിക്കുന്നതിന് വൈഷമ്യമുണ്ടായി. ജില്ലാപഞ്ചായത്തിന് സമാന്തരമായി ഡിആര്‍ഡിഎ പ്രവര്‍ത്തിച്ചു.

ഈ പശ്ചാത്തലത്തിലാണ് 2000ല്‍ ഗ്രാമവികസനവകുപ്പ് തദ്ദേശവകുപ്പില്‍ ലയിപ്പിക്കുന്നതിന്റെ ആദ്യപടിയായി ഡിആര്‍ഡിഎ നിര്‍ത്തലാക്കിയത്. തുടര്‍ന്ന് അധികാരത്തില്‍വന്ന യുഡിഎഫ് ഇത് അട്ടിമറിച്ചു. ഡിആര്‍ഡിഎ പുനരുജ്ജീവിപ്പിച്ചു. 2006ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഡിആര്‍ഡിഎ പരിപൂര്‍ണമായി നിര്‍ത്തലാക്കി; ഉദ്യോഗസ്ഥരെ ജില്ലാപഞ്ചായത്തിലേക്ക് പുനര്‍വിന്യസിച്ചു. ബ്ലോക്കുതല ഉദ്യോഗസ്ഥര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമായി. പൊതു ഉദ്യോഗസ്ഥ കേഡറിനുള്ള നടപടിയും ആരംഭിച്ചു. ഗ്രാമവികസനവകുപ്പിനെ വേര്‍പെടുത്തുമ്പോള്‍ ഇവയെല്ലാം അട്ടിമറിക്കപ്പെടും. കേന്ദ്രാവിഷ്കൃതപദ്ധതികള്‍ : സംയോജനത്തിനുമുമ്പും പിമ്പും കേന്ദ്രാവിഷ്കൃതപദ്ധതി നടത്തിപ്പിന്റെ കാര്യക്ഷമതയില്ലായ്മയ്ക്ക് ഉദാഹരണമാണ് പിഎംജിഎസ്വൈ പദ്ധതി. മറ്റ് സംസ്ഥാനങ്ങളേക്കാള്‍ കുറവ് പണമേ കേരളം ഈ പദ്ധതിയില്‍ ഉപയോഗപ്പെടുത്തുന്നുള്ളൂ എന്നത് ശരിയാണ്. പദ്ധതിനിബന്ധനകള്‍ കേരളത്തിന് അനുയോജ്യമല്ലെന്നതാണ് കാരണം. 2001-06 കാലത്തെ യുഡിഎഫ് ഭരണത്തേക്കാള്‍ ഏറെ മെച്ചപ്പെട്ടതായിരുന്നു റോഡുവികസന കാര്യത്തില്‍ എല്‍ഡിഎഫിന്റെ ഭരണകാലം. യുഡിഎഫ് ഭരണകാലത്ത് 375 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 194 റോഡാണ് പണി തീര്‍ത്തത്. 2006-11ലെ എല്‍ഡിഎഫിന്റെ ഭരണകാലത്ത് (ഡിസംബര്‍ 31 വരെ) 692 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന 376 റോഡ് തീര്‍ത്തു. യുഡിഎഫ് കാലത്ത് 78 കോടി ചെലവാക്കിയപ്പോള്‍ എല്‍ഡിഎഫ് കാലത്ത് ചെലവ് 361 കോടിയായി. യുഡിഎഫിന്റെ കാലത്ത് 195 കോടി രൂപയുടെ റോഡിന് അംഗീകാരം വാങ്ങിയപ്പോള്‍ എല്‍ഡിഎഫിന്റെ ഭരണകാലത്ത് 750 കോടി രൂപയുടേതായി. ഗ്രാമവികസനവകുപ്പ് സ്വതന്ത്രമായിരുന്ന യുഡിഎഫ് ഭരണകാലത്തേക്കാള്‍ എന്തുകൊണ്ടും മെച്ചപ്പെട്ട ഭരണം കാഴ്ചവയ്ക്കാന്‍ എല്‍ഡിഎഫിന്റെ കാലത്ത് സംയോജിതവകുപ്പിന് കഴിഞ്ഞിരുന്നുവെന്നാണ് ഈ കണക്കുകള്‍ കാണിക്കുന്നത്. എസ്ജിഎസ്വൈ, ഹരിയാലി പദ്ധതികളുടെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. സംസ്ഥാനവിഹിതമടക്കം 117 കോടി രൂപയാണ് യുഡിഎഫ് ഭരണകാലത്ത് ഇവയ്ക്ക് ലഭിച്ചത്. എല്‍ഡിഎഫ് ഭരണത്തിലാകട്ടെ (ആദ്യത്തെ നാലുവര്‍ഷം) 215 കോടി രൂപയും. ഇതുതന്നെയാണ് സമ്പൂര്‍ണ ശുചിത്വ മിഷന്റെയും അനുഭവം. ഐഎവൈ വീടുകള്‍ക്ക് യുഡിഎഫ് ഭരണകാലത്ത് 306 കോടി രൂപ ലഭിച്ചതില്‍ 298 കോടി രൂപ ചെലവഴിച്ചു. എല്‍ഡിഎഫിന്റെ ആദ്യ നാലുവര്‍ഷത്തിനിടെ 599 കോടി രൂപ ലഭിച്ചതില്‍ 576 കോടി രൂപ ചെലവഴിച്ചു. ഐഎവൈ പദ്ധതിയുടെ 63 മുതല്‍ 88 ശതമാനംവരെ പണം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളാണ് മുടക്കുന്നതെന്ന് ഓര്‍ക്കണം. ഏകോപനം എങ്ങനെ? മൂന്ന് മന്ത്രിമാരെ ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രി അധ്യക്ഷനായ ഉപസമിതി ഉണ്ടാക്കിയിട്ടുണ്ട്. മൂന്ന് വകുപ്പിനുംകൂടി ഒരു പ്രിന്‍സിപ്പല്‍ സെക്രട്ടറിയും. ഈ സംവിധാനം അപ്രായോഗികമാണെന്ന് ആര്‍ക്കും മനസ്സിലാകും. മൂന്നും ഒറ്റവകുപ്പായിരിക്കുന്ന കാലത്തുപോലും ഏകോപനം പ്രശ്നമായിരുന്നു. അപ്പോള്‍മൂന്നാക്കുമ്പോഴോ? പ്രശ്നങ്ങള്‍ മൂന്നുമടങ്ങാകും. തദ്ദേശഭരണവകുപ്പിലെ വിവിധ ഏജന്‍സികള്‍ തമ്മില്‍മാത്രമല്ല, മറ്റ് വകുപ്പുകളുമായിട്ടുള്ള ഏകോപനവും പ്രധാനമാണ്. കാരണം മറ്റ് വികസനവകുപ്പുകളുടെ കീഴ്ത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ തദ്ദേശഭരണവകുപ്പിന്റെയും ബന്ധപ്പെട്ട വകുപ്പിന്റെയും ദ്വിമുഖ നിയന്ത്രണത്തിന് വിധേയമാണ്. ഇതിന് ആഴ്ചതോറും യോഗം ചേരുന്ന, തദ്ദേശഭരണമന്ത്രി അധ്യക്ഷനായുള്ള കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രവര്‍ത്തിച്ചിരുന്നു. ഇനി ഈ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ നല്ലപങ്കും മുഖ്യമന്ത്രി അധ്യക്ഷനായുള്ള ഏകോപനസമിതിയിലേക്ക് കൊണ്ടുപോകേണ്ടിവരും. തീരുമാനമെടുക്കുന്നത് ദുഷ്കരമാകും. തദ്ദേശഭരണവകുപ്പിന് ഒരു പൊതു ഉദ്യോഗസ്ഥ കേഡര്‍ സൃഷ്ടിക്കുന്നതിനുള്ള ശ്രമം എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിയിരുന്നു.

എന്‍ജിനിയര്‍മാരുടെ കാര്യത്തില്‍ പൊതുകേഡര്‍ നിലവില്‍വന്നുകഴിഞ്ഞു. മിനിസ്റ്റീരിയല്‍ എക്സിക്യൂട്ടീവ് ലെവലില്‍ പൊതുകേഡറിനുള്ള സ്പെഷ്യല്‍ റൂളുകള്‍ തയ്യാറാക്കിവരികയാണ്. ഇവയുടെ ഗതിയെന്തായിരിക്കും? മുനിസിപ്പാലിറ്റികളിലെ ഉദ്യോഗസ്ഥരെ പഞ്ചായത്തിലേക്ക് മാറ്റാന്‍ നഗരവകുപ്പുമന്ത്രിക്ക് സമ്മതമാകുമോ? പൊതു എന്‍ജിനിയറിങ് കേഡര്‍ വേണ്ടെന്നുവയ്ക്കുമോ? പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും പൊതുവായുള്ള സ്ഥാപനങ്ങള്‍ ശക്തിപ്പെട്ടുവരികയായിരുന്നു. ഇതില്‍ പ്രധാനപ്പെട്ട കുടുംബശ്രീയുടെ നടത്തിപ്പിന് വകുപ്പുവിഭജനം പ്രയാസം സൃഷ്ടിക്കും. ഓംബുഡ്സ്മാന്‍ , അപ്പലേറ്റ് അതോറിറ്റി, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ തുടങ്ങിയവയുടെ നിലയും പരുങ്ങലിലാകും. യഥാര്‍ഥ ഉന്നം എന്ത്? തദ്ദേശഭരണവകുപ്പ് വിഭജനത്തിന് പറയുന്ന ന്യായങ്ങള്‍ക്ക് അടിസ്ഥാനമില്ല.

യുഡിഎഫ് സര്‍ക്കാര്‍ സാമുദായിക സമ്മര്‍ദശക്തികളുടെ ഒത്തുതീര്‍പ്പുസര്‍ക്കാരാണെന്ന് കോണ്‍ഗ്രസിന്റെ ദേശീയനേതാക്കള്‍പോലും പരസ്യമായി അംഗീകരിക്കുന്നു. പങ്കുവയ്പുരാഷ്ട്രീയത്തിന്റെ യുക്തിയുടെ അടിസ്ഥാനത്തിലേ മന്ത്രിമാരുടെ തെരഞ്ഞെടുപ്പും വകുപ്പുകളുടെ വിഭജനവും വിശദീകരിക്കാന്‍ കഴിയൂ. അഴിമതിയും മണക്കുന്നു. നഗരസഭകളും പഞ്ചായത്തുകളും കൈകാര്യംചെയ്യുന്നത് ലീഗിന്റെ രണ്ടു മന്ത്രിമാരാണ്. ഒരു മന്ത്രിക്കുതന്നെ കൈകാര്യം ചെയ്യുന്നതിന് എന്താണ് വിഷമമെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. മുനീറിന് ചുമക്കാനാകാത്ത ഭാരമാണെങ്കില്‍ എന്തിന് നഗരഭരണം എടുത്തുമാറ്റണം? സാമൂഹ്യക്ഷേമം മാറ്റിയാല്‍ പോരേ. അതല്ലേ കൂടുതല്‍ യുക്തിസഹമായ വിഭജനം? യുക്തിരഹിതമായ തീരുമാനത്തിന് ഒരു കാരണമേ കണ്ടെത്താനാകൂ. നഗരസഭകളിലെ ബില്‍ഡിങ് പ്ലാന്‍ എക്സംപ്ഷന്‍ കറവപ്പശുവാണ്. അഴിമതിയുടെ സാധ്യതകളാണ് ഗൂഢലക്ഷ്യമെന്ന് സംശയിച്ചാല്‍ എങ്ങനെ തെറ്റുപറയാന്‍ കഴിയും? ഗ്രാമവികസനവകുപ്പ് കോണ്‍ഗ്രസിനാണ്. ഗ്രാമവികസനവകുപ്പുവഴിയുള്ള കേന്ദ്രാവിഷ്കൃതപദ്ധതികളുടെ നിയന്ത്രണം കൈക്കലാക്കുകയാണ് ലക്ഷ്യം. ഗ്രാമവികസനവകുപ്പിന്റെ സ്കീമുകള്‍ സന്നദ്ധസംഘടനകള്‍വഴി നല്‍കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റേത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ദാരിദ്ര്യനിര്‍മാര്‍ജനത്തിനായുള്ള ദേശീയ തൊഴിലുറപ്പുപദ്ധതിപോലെ എന്‍ആര്‍എല്‍എമ്മിന്റെ നേതൃത്വത്തിലുള്ള വിപുലമായ സ്വയംതൊഴില്‍ പരിപാടി. ഇതോടെ എസ്ജിഎസ്വൈ നിര്‍ത്തലാക്കും.
അയല്‍ക്കൂട്ടങ്ങള്‍വഴിയാണ് പുതിയ സ്കീം നടപ്പാക്കുന്നത്. കേരളത്തിലെ കുടുംബശ്രീയുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ സ്കീം ആവിഷ്കരിച്ചിട്ടുള്ളത്. പഞ്ചായത്തുകളും കുടുംബശ്രീകളുംവഴി പുതിയ സ്കീം നടപ്പാക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ , സന്നദ്ധസംഘടനകളെയും അവയുടെ നിയന്ത്രണത്തിലുള്ള സ്വയംസഹായസംഘങ്ങളെയുമാണ് മറ്റ് സംസ്ഥാനങ്ങള്‍ ആശ്രയിക്കുന്നത്. ജനശ്രീപോലുള്ള ബദല്‍സംഘങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവും ഗ്രാമവികസനവകുപ്പിനെ വെട്ടിമുറിച്ചതിന് പിന്നിലുണ്ട്. ജനകീയാസൂത്രണപ്രസ്ഥാനത്തോടെ അധികാരവികേന്ദ്രീകരണം അനുക്രമമായ പുരോഗതിയാണ് കൈവരിച്ചത്. ജനകീയാസൂത്രണം രൂപംനല്‍കിയ സംവിധാനങ്ങളെ, 1991ല്‍ ജില്ലാ കൗണ്‍സിലിനെ ഗളഹസ്തം ചെയ്തതുപോലെ 2001ലെ ആന്റണിസര്‍ക്കാരിന് പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല. പുരോഗതിയുടെ വേഗം ഗണ്യമായി കുറയുകയും ദുര്‍ബലപ്പെടുകയും ചെയ്തു. പക്ഷേ, ഇന്ന് ഉണ്ടായിരിക്കുന്നത് തിരിച്ചുപോക്കാണ്. അതാണ് അപകടകരമായ സാഹചര്യം. അധികാരവികേന്ദ്രീകരണത്തോട് പ്രതിബദ്ധതയുള്ള എല്ലാ ആളുകളും യുഡിഎഫിന്റെ ഈ ദുഷ്ടനീക്കങ്ങളെ ചെറുക്കാന്‍ ഒന്നിക്കണം.

*
ഡോ. ടി എം തോമസ് ഐസക്

Sunday, June 5, 2011

തദ്ദേശസ്വയംഭരണവകുപ്പുവിഭജനം അധികാര വികേന്ദ്രീകരണത്തിന് തിരിച്ചടി

തദ്ദേശസ്വയംഭരണവകുപ്പിനെ മൂന്ന് തുണ്ടുകളാക്കിമാറ്റാനുള്ള യു ഡി എഫ് തീരുമാനത്തില്‍ പുനഃപരിശോധനയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കിക്കഴിഞ്ഞു. മുന്നണി രാഷ്ട്രീയത്തില്‍, വകുപ്പു വിഭജനത്തില്‍ സ്വാഭാവികമായി ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ നമുക്ക് മനസിലാക്കാം. എന്നാല്‍ അത് ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ഏറെ ബന്ധമുള്ളതും നടപടിക്രമങ്ങളിലും നിയമ-ചട്ടങ്ങളുടെ വ്യാഖ്യാനത്തില്‍ ബാലാരിഷ്ടതകള്‍ ഇനിയും വിട്ടുമാറാത്തതും ഗ്രാമീണ-നഗരവികസനത്തില്‍ നിര്‍ണായയക പങ്ക് വഹിക്കുന്നതുമായ തദ്ദേശസ്വയംഭരണവകുപ്പിനെ കഷണങ്ങളാക്കി മുറിച്ചുമാത്രമേ പരിഹരിക്കാന്‍ കഴിയൂവെന്നത് ഗുണകരമല്ല.

അധികാരവികേന്ദ്രീകരണ പ്രക്രിയകളെ കുറച്ചാളുകള്‍ എന്നും അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കോണ്‍ട്രാക്ടര്‍മാരുടെയും ഉദ്യോഗസ്ഥന്‍മാരുടെയും രൂപത്തിലാണ് ഇത് പ്രകടമായിരുന്നതെങ്കിലും ഇതിന്റെ പിറകിലും അധികാരരാഷ്ട്രീയം കയ്യാളിയിരുന്ന ഒരു ചെറിയ വിഭാഗം വ്യക്തികളുണ്ടായിരുന്നു. അവര്‍ക്ക് നാട്ടില്‍ നടപ്പിലാക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ ഒരു പ്രധാന മേച്ചില്‍പുറമായിരുന്നു. ഏത് നിര്‍മാണപ്രവര്‍ത്തനമാണ് ഒരു സ്ഥലത്ത് നടപ്പിലാക്കേണ്ടതെന്ന് തീരുമാനിക്കുന്നതുപോലും അത്തരത്തിലുള്ള ചില ആളുകളായിരുന്നു. പഞ്ചായത്ത്-നഗരസഭകള്‍ നടപ്പിലാക്കുന്ന പല കരാര്‍ ജോലികളും കോണ്‍ട്രാക്ടര്‍മാര്‍ക്കുവേണ്ടിയായിരുന്നു. അതിനെല്ലാം ഒരു മാറ്റം വന്നത് കേരളത്തില്‍ ഫലപ്രദമായി നടപ്പിലാക്കിയ അധികാരവികേന്ദ്രീകരണ പ്രക്രിയയിലൂടെയായിരുന്നു. കേരളത്തില്‍ പുതിയ പഞ്ചായത്ത് മുനിസിപ്പല്‍ നിയമം നടപ്പിലാക്കുമ്പോള്‍ നമ്മള്‍ മാതൃകയായി കണ്ടിരുന്ന കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട് ഇവയെല്ലാം അധികാരവികേന്ദ്രീകരണത്തില്‍നിന്നും വളരെയധികം പിന്നോട്ടുപോയി. മറ്റ് പല സംസ്ഥാനങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. 73, 74 ഭരണഘടനാ ഭേദഗതികളുടെ അന്തസത്തയെ അവരെല്ലാം കാറ്റില്‍പറത്തി കേരളം ആ ഭരണഘടനാഭേദഗതികളെ കേവലം ആലിംഗനം ചെയ്യുകമാത്രമല്ല, അവയുടെ ബലത്തില്‍ ഇന്ത്യയിലെ ഏറ്റവും മെച്ചപ്പെട്ട ത്രിതല പഞ്ചായത്ത് സംവിധാനത്തിന്റെ ഉത്തമമാതൃകയായി മാറുകയും ചെയ്തു.

ജില്ലാ ആസൂത്രണസമിതിയും വകുപ്പുവിഭജനവും

തദ്ദേശസ്വയംഭരണവകുപ്പിനെ മൂന്നായി വിഭജിച്ചതിന്റെ ഏറ്റവും വലിയ പ്രത്യാഘാതം നേരിടാന്‍ സാധ്യതയുള്ളത് ജില്ലാ ആസൂത്രണസമിതിയുടെ പ്രവര്‍ത്തനമായിരിക്കും ഭരണഘടനയുടെ 243ദഉ പ്രകാരവും കേരള മുനിസിപ്പാലിറ്റി ആക്ടിന്റെ 53-ാം വകുപ്പുപ്രകാരവും നിലവില്‍വന്ന ജില്ലാ ആസൂത്രണസമിതി ആ ജില്ലയിലെ ത്രിതല പഞ്ചായത്തുകളും നഗരസഭകളും തയ്യാറാക്കുന്ന പദ്ധതികള്‍ സംയോജിപ്പിക്കുന്നതിനും ജില്ലയ്ക്ക് മുഴുവനായി ഒരു കരട് വികസനപദ്ധതി തയ്യാറാക്കുന്നതിനുംവേണ്ടിയുള്ളതാണ്. സ്റ്റേറ്റ് പ്ലാന്‍ തയ്യാറാക്കുമ്പോള്‍ ജില്ലാ ആസൂത്രണസമിതി സര്‍ക്കാരിന് അയച്ചുകൊടുക്കുന്ന ജില്ലാ വികസനപദ്ധതി കൂടി പരിഗണിക്കപ്പെടേണ്ടതുമാണ്.

ജില്ലാ ആസൂത്രണസമിതിയാണ് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും വിവിധ പ്രോജക്ടുകള്‍ അംഗീകരിക്കേണ്ടതും അനുവാദം കൊടുക്കേണ്ടതും. ബൃഹത്തായതും ബലവത്തായതുമായ ഒരു സാങ്കേതികസംവിധാനമാണ് ഇന്ന് കേരളത്തിലുള്ളത്. എങ്കിലും പദ്ധതികളുടെ സംയോജനത്തിന്റെ കാര്യത്തിലും ഫലപ്രദമായ മോണിറ്ററിംഗിന്റെ അഭാവവും ഡി പി സിയെ ദുര്‍ബലപ്പെടുത്തുന്നു.

അതുകൊണ്ടുതന്നെ ഡി പി സികള്‍ കുറച്ചുകൂടി ശക്തമാക്കണമെന്നാണ് ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായം. ജില്ലാതലത്തിലുള്ള പ്ലാനിംഗ് വകുപ്പും ടൗണ്‍ പ്ലാനിംഗ് വകുപ്പും ജില്ലാ ഗ്രാമവികസന ഏജന്‍സിയും മറ്റ് പല വകുപ്പുകളുടെയും ജില്ലാതല ഉദ്യോഗസ്ഥവൃന്ദത്തെയും പടിപടിയായി ഈ ചാനലിലേയ്ക്ക് കൊണ്ടുവന്നേ ഇത് ഫലപ്രദമാക്കാന്‍ കഴിയൂ. ഡി പി സി രൂപീകരണത്തിന്റെ ആദ്യനാളുകളില്‍ നിന്നും പതിനഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ നാം എത്രയോ മുന്നേറി. ഇനിയും കൂടുതല്‍ മുന്നോട്ടുപോയെങ്കില്‍ മാത്രമേ കൂടുതല്‍ മെച്ചപ്പെട്ട ഒരു സംവിധാനത്തില്‍ എത്താന്‍ കഴിയൂ. മുനിസിപ്പാലിറ്റി നിയമം അനുസരിച്ച് രപീകരിച്ചിട്ടുള്ള ഡി പി സി ത്രിതലപഞ്ചായത്തുകള്‍ക്കുവേണ്ടി ഏത് മന്ത്രി മുന്‍കൈയെടുത്ത് ശക്തമാക്കും. നിലവിലുള്ള രീതിയെങ്കിലും തകരാതെ ആരെങ്കിലും ശ്രദ്ധിക്കുമോ?

ഗ്രാമവികസനവകുപ്പ്

ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസിന്റെ പേര് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് എന്ന് മാറ്റിയെഴുതാന്‍ തീരുമാനിച്ചപ്പോള്‍ കേരളത്തിലുണ്ടായ കോലാഹലം ചെറുതല്ല. ബി ഡി ഒയെ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെന്നു നാമകരണം ചെയ്തത് കുറച്ചെങ്കിലും ആളുകള്‍ക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു. ഗ്രാമീണവികസനത്തില്‍ ഏറ്റവും ശ്രദ്ധേയമായ പങ്കുവഹിച്ച ബി ഡി ഒമാരെയും ഗ്രാമവികസനവകുപ്പിനെയും വെറുമൊരു ഇടത്തട്ടു പഞ്ചായത്താക്കി തരംതാഴ്ത്തുന്നു എന്നവര്‍ വിലപിച്ചു. പക്ഷേ, കേരളം അത് കേട്ടില്ലെന്ന് നടിച്ച് ത്രിതലസംവിധാനത്തില്‍കൂടി മുന്നോട്ടുപോയി. ഡി ആര്‍ ഡി എ (ജില്ലാ ഗ്രാമവികസന ഏജന്‍സി) എന്ന സംവിധാനത്തെ ജില്ലാ പഞ്ചായത്തില്‍ സംയോജിപ്പിക്കാന്‍ ആദ്യം (1994 ല്‍) നാം ശ്രമിച്ചു, വിജയിച്ചില്ല.

സമഗ്രമായ ഭേദഗതികള്‍ പഞ്ചായത്ത്-മുനിസിപ്പല്‍ നിയമത്തില്‍ കൊണ്ടുവന്ന 1999 ലും ഇത് നടന്നില്ല. പിന്നെയും കുറച്ചുനാള്‍കൂടി കഴിഞ്ഞിട്ടാണ് ആ സംയോജനം നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ജില്ലാ പഞ്ചായത്തിന്റെ ഭാഗമാക്കാനെങ്കിലും കഴിഞ്ഞത്. ഈ ഗ്രാമവികസനവകുപ്പിനെ പൂര്‍ണമായും തദ്ദേശസ്വയംഭരണവകുപ്പില്‍ സംയോജിപ്പിക്കുകയാണ് യഥാര്‍ഥത്തില്‍ വേണ്ടത്. കേന്ദ്രപദ്ധതികളുടെ പേര് പറഞ്ഞുകൊണ്ട് ഇത് ഒഴിവാക്കാനാണ് ഒരു വിഭാഗം ആളുകള്‍ ശ്രമിക്കുന്നത്. കേരളത്തിന്റെ പഞ്ചായത്ത്-മുനിസിപ്പല്‍ നിയമങ്ങള്‍ വളരെ ശക്തവും ബൃഹത്തുമാണ്. ഉദ്യോഗസ്ഥ പുനര്‍വിന്യാസത്തില്‍കൂടി അധികാരവികേന്ദ്രീകരണം പൂര്‍ണതയിലെത്തുമ്പോള്‍ ഗ്രാമവികസനവകുപ്പ് എന്നൊരു പ്രത്യേക വകുപ്പിന്റെതന്നെ ആവശ്യമേ ഇവിടില്ല. ഈ പ്രക്രിയ പൂര്‍ത്തിയാകുന്നതുവരെ കുറച്ചുനാള്‍കൂടി ഒരു സ്‌കെലിറ്റന്‍ മാത്രം മതിയാകും. വകുപ്പുവിഭജനത്തില്‍ ഈ അസ്ഥിരൂപം മജ്ജയും മാംസവും വച്ച് ശക്തിപ്രാപിച്ചാല്‍ അധികാരവികേന്ദ്രീകരണ പ്രക്രിയയെത്തന്നെ അപകടപ്പെടുത്തും.

ഉദ്യോഗസ്ഥ പുനര്‍വിന്യാസം

അധികാരവികേന്ദ്രീകരണത്തിന്റെ ഏറ്റവും ശ്രദ്ധേയമായ മുദ്രാവാക്യം അധികാരം താഴോട്ടുപോകുമ്പോള്‍ അത് കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥരും താഴോട്ടുപോകും. (വര്‍ക്കര്‍ ഗോസ് എലോംഗ് വിത്ത് ദി വര്‍ക്ക്) എന്നതായിരുന്നു. വികേന്ദ്രീകരണത്തിനുവേണ്ടി ശക്തമായി വാദിച്ചവര്‍പോലും ചില സംഘടനകളുടെ തടവിലായിട്ട് ഈ മുദ്രാവാക്യത്തെ എതിര്‍ത്തു. അവര്‍ ഏതെങ്കിലും തൊടുന്യായം കണ്ടുപിടിച്ച് നിലവിലുള്ള ലാവണത്തില്‍ത്തന്നെ തമ്പടിച്ചു. ഏറെ പണിപ്പെട്ടാണ് മുന്‍ സംസ്ഥാന ഗവണ്‍മെന്റുകള്‍ കുറച്ച് എന്‍ജിനീയര്‍മാരെയും അനുബന്ധ സ്റ്റാഫിനെയും പുനര്‍വിന്യസിച്ചത്. അധികാരത്തിലിരിക്കുന്നവരെ പ്രീതിപ്പെടുത്തി കേരളത്തില്‍ ഉദ്യോഗസ്ഥ പുനര്‍വിന്യാസം ഏറെക്കുറെ അട്ടിമറിക്കപ്പെട്ടു. എങ്കിലും കഴിഞ്ഞ സര്‍ക്കാര്‍ നിശ്ചയദാര്‍ഢ്യത്തിന്റെ വഴികളില്‍ക്കൂടി സഞ്ചരിച്ച് ഏതാനും ചില ഡിപ്പാര്‍ട്ടുമെന്റുകളിലെങ്കിലും അത് നടപ്പിലാക്കാന്‍ ശ്രമിച്ചു. കുറച്ചു ഫലം കണ്ടു. തന്നെയുമല്ല ത്രിതല പഞ്ചായത്തുകളിലെ എന്‍ജിനീയര്‍മാര്‍ക്ക് മേല്‍നോട്ടത്തിന്റെ ചുമതലയും നിശ്ചയിക്കപ്പെട്ടു. പുനര്‍വിന്യസിക്കപ്പെട്ടവര്‍ക്ക് പ്രമോഷന്റെയും മറ്റ് ആനുകൂല്യങ്ങളുടെയും ആശങ്കയും അകറ്റാന്‍ സര്‍ക്കാരിന് കഴിഞ്ഞു. വകുപ്പ് മൂന്ന് കഷണങ്ങളാക്കുന്നതോടുകൂടി തുടര്‍ന്നുള്ള ഉദ്യോഗസ്ഥ പുനര്‍വിന്യാസം ഒരു കടങ്കഥയാകും. അധികാരം താഴെത്തട്ടിലേക്ക് കൈമാറുന്നതിന്റെ ഫലമായി നിലവിലുള്ള ഡിപ്പാര്‍ട്ടുമെന്റുകള്‍ ഉടച്ചുവാര്‍ക്കണമെന്ന അധികാരവികേന്ദ്രീകരണ കമ്മിറ്റിയുടെ ശുപാര്‍ശയും നടപ്പിലാക്കാന്‍ സാധ്യതയില്ല. ബ്യൂറോക്രസി ഇത്രയും ശക്തമായിട്ടുള്ള ഒരു സംസ്ഥാനം ഇന്ത്യയില്‍ വേറെ ഉണ്ടെന്നും തോന്നുന്നില്ല.

ദാരിദ്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളും ഗുണഭോക്താക്കളുടെ തിരഞ്ഞെടുപ്പും

തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴില്‍ പഞ്ചായത്ത് നഗരസഭകളുടെ പൂര്‍ണമായ പങ്കാളിത്തത്തോടുകൂടി ഗ്രാമവികസന വകുപ്പ് കേരളത്തില്‍ ധാരാളം ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികള്‍ നടപ്പിലാക്കിവരുന്നു. ബി പി എല്‍ കുടുംബങ്ങളെ കണ്ടറിഞ്ഞ് നടപ്പിലാക്കിയ ഈ പദ്ധതികള്‍ കേരളത്തില്‍ ഫലപ്രദമായി നടപ്പിലാക്കിവരുന്നതാണ്. ദരിദ്രകുടുംബങ്ങളിലെ തൊഴിലാളികള്‍ കാര്‍ഷികവൃത്തി കുറഞ്ഞതിന്റെ ഫലമായി നിര്‍മാണ മേഖലയിലേക്ക് കുടിയേറിയിരിക്കുകയാണ് ഇപ്പോള്‍. ഭവനരഹിതരായ ദരിദ്ര ഗ്രാമീണര്‍ ഈ കേരളത്തില്‍ ഇപ്പോഴും ധാരാളമുണ്ട്. സാനിട്ടേഷന്‍ സൗകര്യങ്ങളില്ലാത്ത പട്ടികജാതി-വര്‍ഗ കോളനികളും തീരപ്രദേശങ്ങളും ഈ കേരളത്തില്‍ എത്രയോ ഉണ്ട്. ഗ്രാമവികസന വകുപ്പിന്റെ സ്വര്‍ണജയന്തി ഗ്രാമസ്വരസ്ഗാര്‍ യോജന (എസ് ജി എസ് വൈ) ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, ഇന്ദിര ആവാസ് യോജന തുടങ്ങിയ കേന്ദ്രാവിഷ്‌കൃത പദ്ധതികളും കേന്ദ്രത്തിന്റെ കുടുംബശ്രീ പദ്ധതികളും അയല്‍ക്കൂട്ടങ്ങളുടെ മൈക്രോ ഫൈനാന്‍സ് പാട്ടകൃഷി പദ്ധതികളില്‍കൂടി കേരളത്തിന്റെ ഗ്രാമീണ മുഖച്ഛായ പാടെ മാറ്റിയിരിക്കുകയാണ്. വിവിധ പദ്ധതികള്‍ക്ക് അര്‍ഹതപ്പെട്ട വ്യക്തികളെ കണ്ടെത്തുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. ഗ്രാമവികസന വകുപ്പ് തനതായി ഒരു ഗുണഭോക്തൃ തിരഞ്ഞെടുപ്പും നടത്താറില്ല. അതില്‍ ഇടപെടാറുമില്ല. കുടുംബശ്രീയെ തകര്‍ക്കാന്‍ സമാന്തരമായി ജനശ്രീമിഷന്‍ സംഘടിപ്പിച്ചവരുടെ കൈയിലാണിപ്പോള്‍ ഗ്രാമവികസന വകുപ്പ്. ഒരു കുടക്കീഴില്‍ സ്വസ്ഥതയോടെ വികസനമികവുകാണിച്ച വിവിധ വകുപ്പുകള്‍ കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ പേരില്‍ തമ്മില്‍ത്തല്ലുന്നത് നാം കാണേണ്ടിവരും. ജവഹര്‍ലാല്‍ നെഹ്‌റു നാഷണല്‍ അര്‍ബന്‍ റിന്യൂവല്‍ മിഷന്‍ (ജെ എല്‍ എല്‍ യു ആര്‍ എം) കോടികളാണ് ഓരോ സംസ്ഥാനത്തെയും നഗരപ്രദേശങ്ങള്‍ക്കുവേണ്ടി നല്‍കുന്നത് എന്നതും ഈ വിഭജനത്തിന്റെ താല്‍പര്യത്തിന്റെ പ്രത്യേകതയാണ്.

കേരളത്തില്‍ വളര്‍ന്നുവരുന്ന നഗരവല്‍ക്കരണം

പട്ടണമെന്നാല്‍ അംബരചുംബികളായ കെട്ടിടമുള്ള സ്ഥലം എന്നൊരു ധാരണ നമുക്കുണ്ട്. കേരളത്തില്‍ ഈ അടുത്തകാലത്തായി ഫ്‌ളാറ്റുകളും വില്ലകളും അപ്പാര്‍ട്ടുമെന്റുകളും മാളുകളും അനുദിനം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള വരുമാനം കോണ്‍ക്രീറ്റ് സൗധങ്ങളില്‍ നിക്ഷേപിക്കുന്നത് കൂടിവരുന്നു. കേരള കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ നഗരത്തിലും ഗ്രാമത്തിലും ഒരുപോലെ സര്‍ക്കാര്‍ നടപ്പിലാക്കിയത് നല്ല ഉദ്ദേശ്യത്തോടെയായിരുന്നു. പുതുതായി ഒരു കടമുറിയെങ്കിലും പണിയുമ്പോള്‍ പഞ്ചായത്തധികൃതര്‍ ഇത് അറിയണം. പക്ഷേ, നടപടിക്രമത്തിന്റെ കുരുക്കുകള്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കി. നഗരത്തിലെന്നപോലെ തൊട്ടടുത്തുള്ള പഞ്ചായത്തുകളിലും കൂറ്റന്‍ കെട്ടിടങ്ങള്‍ ഇവിടെ ഉയരുകയാണ്. ഇതിന്റെയെല്ലാം അനുവാദം വാങ്ങിക്കുന്നതും നമ്പരിടീക്കുന്നതും നികുതി തീരുമാനിപ്പിക്കുന്നതും ഇന്ന് വേണ്ടത്ര സുതാര്യമല്ല. കെട്ടിടനിര്‍മാണ ചട്ടങ്ങളില്‍ എക്‌സംപ്ഷന്‍ കൊടുക്കാന്‍ മുമ്പ് കേരളത്തില്‍ നഗരാസൂത്രണ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിക്ക് കഴിയുമായിരുന്നു. പാലോളി മുഹമ്മദ്കുട്ടി എന്ന നിശബ്ദനെങ്കിലും നിശ്ചയദാര്‍ഢ്യമുള്ള തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി ആ കറവപ്പശുവിനെ നിയമസഹായത്താല്‍ എടുത്തുകളഞ്ഞു. ഇപ്പോള്‍ പഞ്ചായത്തിനെ വിട്ട് മുനിസിപ്പാലിറ്റി മാത്രം പ്രത്യേക വകുപ്പാക്കി കൈവശപ്പെടുത്തിയവരുടെ ലക്ഷ്യം കൂറ്റന്‍ ഫ്‌ളാറ്റുകളും വില്ലകളും തന്നെയല്ലേ. പഴയ അധികാരം പുനസ്ഥാപിക്കുവാന്‍ ഇവര്‍ ശ്രമിക്കുമോ എന്ന് കണ്ടറിയണം. സാമ്പത്തിക വികസനത്തിനും സാമൂഹിക നീതിക്കും വേണ്ടിയുള്ള വികസന പദ്ധതികള്‍ തയ്യാറാക്കാന്‍ ബാധ്യതപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലക്ഷ്യബോധത്തോടെ എത്രയോ ദൂരം ഇനിയും സഞ്ചരിക്കേണ്ടിയിരിക്കുന്നു. ത്രിതല പഞ്ചായത്തുകളും നഗരസഭകളും ഗ്രാമവികസന വകുപ്പും ഒന്നിച്ച് കൈകോര്‍ത്ത് പിടിച്ച് ഒരു കുടക്കീഴില്‍ അണിനിരക്കേണ്ടത് കേരളത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദേശിക്കുന്ന മന്ത്രിസഭ ഉപസമിതി തര്‍ക്കങ്ങള്‍ തീര്‍ക്കുവാനുള്ള മധ്യസ്ഥന്‍മാരുടെ പ്ലാറ്റ്‌ഫോം മാത്രമേ ആകു. അധികാരവികേന്ദ്രീകരണത്തില്‍കൂടി സമഗ്ര വികസനം വീണ്ടും അട്ടിമറിക്കപ്പെടും.

*
കെ പ്രകാശ് ബാബു ജനയുഗം 040611

Friday, January 28, 2011

അധികാര വികേന്ദ്രീകരണവും പ്രതിസന്ധിയും

ജനകീയപ്രശ്നങ്ങളും വികസനവും ചുവപ്പുനാടയില്‍ കുരുങ്ങുന്നതുമായി ബന്ധപ്പെട്ട് പല വിമര്‍ശങ്ങളും നല്ല കുറെ നിര്‍ദേശങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. 73, 74 ‘ഭരണഘടനാ ഭേദഗതികളെത്തുടര്‍ന്ന് തദ്ദേശഭരണ സ്ഥാപനങ്ങളെ അധികാരവല്‍ക്കരിക്കാന്‍ ലഭിച്ച അവസരം പൂര്‍ണമായും ഉപയോഗിച്ചത് 1996ല്‍ അധികാരമേറ്റ എല്‍ഡിഎഫ് സര്‍ക്കാരാണ്. 1997ല്‍ ആരംഭിച്ച ജനകീയാസൂത്രണംവഴി ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും കൂടുതല്‍ അധികാരങ്ങള്‍ നല്‍കാനും അവ നിര്‍വഹിക്കാനാവശ്യമായ ഫണ്ടും ജീവനക്കാരെയും നല്‍കാനും കഴിഞ്ഞു. താഴെത്തട്ടില്‍നിന്നുള്ള ആസൂത്രണമെന്ന ആശയം പ്രാവര്‍ത്തികമാക്കുക വഴി സ്വന്തം പ്രദേശത്തിന്റെ വികസന ആവശ്യങ്ങള്‍ മനസിലാക്കി അവ പരിഹരിക്കാന്‍ വേണ്ട പദ്ധതികള്‍ തയ്യാറാക്കാനും അവയുടെ നിര്‍വഹണം വിലയിരുത്താനും പ്രാദേശിക ജനസമൂഹം പ്രാപ്തി നേടി.

ഇന്ത്യയിലെ അപൂര്‍വം സംസ്ഥാനങ്ങളില്‍മാത്രമാണ് അധികാര വികേന്ദ്രീകരണം ഫലപ്രദമായി നടപ്പാക്കുകയും പഞ്ചായത്തുകളെ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുള്ളത്. ഇക്കാര്യത്തില്‍ കാര്യമായ ഇടപെടല്‍ നടത്താന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞിട്ടുമില്ല. കേന്ദ്രസര്‍ക്കാരില്‍ കേന്ദ്രീകൃതമായിട്ടുള്ള അധികാരങ്ങള്‍ താഴെത്തട്ടിലേക്ക് വികേന്ദ്രീകരിച്ചുനല്‍കാൻ തയ്യാറാകുന്നില്ലെന്നു മാത്രമല്ല സംസ്ഥാന സര്‍ക്കാരുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും അധികാരങ്ങള്‍ പലതരത്തില്‍ കവര്‍ന്നെടുക്കുന്ന സമീപനവും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്.ദാരിദ്ര്യലഘൂകരണത്തിനുള്ള പദ്ധതികള്‍ ഉള്‍പ്പെടെയുള്ള കേന്ദ്രാവിഷ്കൃത പദ്ധതികള്‍ തദ്ദേശഭരണ സ്ഥാപനങ്ങളെ ഒഴിവാക്കി സര്‍ക്കാരിതര സംഘടനകള്‍ വഴി നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. പഞ്ചായത്തുകളുടെ പ്രവര്‍ത്തനമേഖലകളില്‍ രൂപപ്പെട്ടുവരുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ എണ്ണവും വ്യാപ്തിയും കൂടി വരുകയാണ്. ഇത് വികേന്ദ്രീകരണത്തിന്റെ അന്തഃസത്തയ്ക്കും ഫെഡറലിസത്തിനും തന്നെ എതിരാണ്.

തദ്ദേശഭരണ സ്ഥാപനങ്ങളെ കാര്യശേഷിയുള്ള പ്രാദേശിക സര്‍ക്കാരുകളാക്കുന്നതിന് ഇനിയും ധാരാളം നടപടികളും ഭരണപരമായ പരിഷ്കാരങ്ങളും ആവശ്യമാണ്. നേട്ടങ്ങള്‍ സ്ഥായീകരിക്കേണ്ടതുമുണ്ട്. ഇതിന് നിരവധി പ്രതിബന്ധങ്ങളെ അതിജീവിക്കേണ്ടതുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കൈമാറിയ വിഷയങ്ങളില്‍ വകുപ്പുകള്‍ സമാന്തര സ്കീമുകള്‍ നടപ്പാക്കുന്നതാണ് ഇതില്‍ പ്രധാനം. കൈമാറിക്കിട്ടിയ സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും വകുപ്പുതല സ്കീമുകള്‍ നടപ്പാക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ രൂപപ്പെടുത്തുന്നതിലും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനും ഇവര്‍ താല്‍പ്പര്യം കാണിക്കുന്നില്ല. കര്‍മസമിതി യോഗങ്ങളിലും സാങ്കേതിക ഉപദേശക സമിതികളിലും ഇവരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ പഞ്ചായത്തുകള്‍ക്കും ജില്ലാ ആസൂത്രണ സമിതികള്‍ക്കും കഴിയുന്നില്ല. ഉദ്യോഗസ്ഥരുടെ നിയന്ത്രണം വകുപ്പുതലത്തില്‍തന്നെയാണ് എന്നതാണിതിനു കാരണം. ഇതവസാനിപ്പിച്ച് ഇവരുടെ നിയന്ത്രണം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കാവുന്ന അവസ്ഥയുണ്ടായാല്‍ മാത്രമേ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഭരണ നിര്‍വഹണം സുഗമമാകുകയുള്ളൂ. ജീവനക്കാരുടെ പുനര്‍വിന്യാസം പൂര്‍ത്തിയാക്കാത്തതും വകുപ്പുതല ഇടപെടലുകളുടെ ഭാഗമാണ്.

ജോലിയും ജോലിക്കാരനും ഒന്നിച്ചുപോവുക എന്ന തത്വത്തെ അടിസ്ഥാനമാക്കിയാണ് സെന്‍ കമ്മിറ്റി ശുപാര്‍ശപ്രകാരം വിവിധ വകുപ്പുകളില്‍ അധികമെന്നു കണ്ട ജീവനക്കാരെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് പുനര്‍വിന്യസിക്കാന്‍ ശുപാര്‍ശചെയ്തത്. എന്നാല്‍, ജീവനക്കാരെ വിട്ടുനല്‍കാന്‍ വകുപ്പുകളും വകുപ്പു വിട്ടുപോകാന്‍ ജീവനക്കാരും മടിക്കുകയാണ്. പഞ്ചായത്തുകളുടെ എന്‍ജിനിയറിങ് വിഭാഗമാണ് ഇതിന്റെ ദൂഷ്യം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്. സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ കോടതി ഉത്തരവു നേടി ഉദ്യോഗസ്ഥര്‍ പഞ്ചായത്തുകളിലേക്ക് പോകാതിരിക്കുകയാണ്. ദൌര്‍ഭാഗ്യവശാല്‍ ഉദ്യോഗസ്ഥര്‍ക്കനുകൂലമായ നിലപാടാണ് വകുപ്പുകളുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. വര്‍ധിച്ച ചുമതലകള്‍ നിര്‍വഹിക്കാനാവശ്യമായ ഉദ്യോഗസ്ഥരെ, പ്രത്യേകിച്ചും സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരെ നല്‍കാതെ, തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കഴിയില്ല.

കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിന് ഫണ്ടും പ്രശ്നമാണ്. സര്‍ക്കാര്‍ ഗ്രാന്റ് കൊണ്ടുമാത്രം എല്ലാ കാര്യവും നടക്കില്ല. അനിവാര്യ ചുമതലകള്‍ നിര്‍വഹിക്കാനാവശ്യമായ തനതു വരുമാനം പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും ഉണ്ടാകേണ്ടതുണ്ട്. കിട്ടാവുന്ന നികുതി മുഴുവന്‍ പിരിച്ചെടുക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അലംഭാവമുണ്ട്. കാലാനുസൃതമായി നികുതി പരിഷ്കരിക്കാത്തതും തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തികനില മോശമാകുന്നതിനു കാരണമാണ്.

ഉദ്യോഗസ്ഥരുടെ കാര്യക്ഷമതക്കുറവ്, അഴിമതി, ഉത്തരവാദിത്തമില്ലായ്മ എന്നിവ തദ്ദേശഭരണ സ്ഥാപനങ്ങളോട് ജനങ്ങള്‍ക്ക് മതിപ്പു കുറയാന്‍ കാരണമായിട്ടുണ്ട്. ഏതു പുതിയ പരിഷ്കാരവും അഴിമതിക്കുള്ള അവസരമാക്കാന്‍ വിരുതുള്ള ഉദ്യോഗസ്ഥര്‍ എല്ലായിടത്തുമുണ്ട്. ഇവരെ നിയന്ത്രിക്കാന്‍ ‘ഭരണസമിതികള്‍ക്ക് കഴിയാതെ വരുന്നു. ഇത് സര്‍ക്കാരിനും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും അവമതി ഉണ്ടാക്കാനിടയാക്കുന്നു. ഓഫീസില്‍ ഇല്ലാതിരിക്കുക, ഏല്‍പ്പിച്ച ജോലികള്‍ ചെയ്യാതിരിക്കുക, സാധാരണക്കാരുടെ അടിയന്തര ആവശ്യങ്ങളെ അവഗണിക്കുക എന്നിങ്ങനെ ജനദ്രോഹകരമായി പ്രവര്‍ത്തിക്കുന്ന ജീവനക്കാരും കുറവല്ല. അവര്‍ക്കെതിരെ നടപടിയെടുത്ത് സമയബന്ധിതമായി കാര്യങ്ങള്‍ നടക്കുന്നു എന്നുറപ്പു വരുത്താനുള്ള ആജ്ഞാശക്തി ഭരണസമിതികള്‍ പ്രകടിപ്പിക്കുന്നുമില്ല. ഭരണം കുത്തഴിഞ്ഞുകിടക്കുന്നു എന്ന പ്രതീതിയുണ്ടാകാന്‍ ഇതിടയാകുന്നു. കര്‍ശനമായ അച്ചടക്ക നടപടികള്‍ വഴിയല്ലാതെ ഇതു പരിഹരിക്കാന്‍ കഴിയുകയില്ല.

ജീവനക്കാര്‍ക്ക് നിയമങ്ങളിലും ചട്ടങ്ങളിലും വേണ്ടത്ര അറിവില്ലാത്ത പ്രശ്നവുമുണ്ടെന്ന് കണ്ടിട്ടുണ്ട്. ചിട്ടയായ പരിശീലനം വഴി മാത്രമേ ഇതു പരിഹരിക്കാന്‍ കഴിയുകയുള്ളൂ. പരിശീലന പരിപാടികള്‍ നടത്തുന്നുമുണ്ട്. പക്ഷേ, പരിശീലനത്തിന് ഉദ്യോഗസ്ഥരില്‍ ചിലരെങ്കിലും തയ്യാറാകുന്നില്ല. ഭരണനിര്‍വഹണം മെച്ചപ്പെടുത്തുന്നതിനുവേണ്ടി നടപ്പാക്കുന്ന കംപ്യൂട്ടര്‍വല്‍ക്കരണം വളരെയേറെ മുന്നോട്ടു പോയിട്ടുണ്ട്. പക്ഷേ, ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള സഹകരണം ആഗ്രഹിച്ച രീതിയില്‍ ഉണ്ടാകാത്തതുകൊണ്ട് ഇത് പൂര്‍ണമായും ഫലപ്രദമായിട്ടില്ല.

പതിവ് ഓഫീസ് പ്രവര്‍ത്തനത്തില്‍നിന്ന് ഭിന്നമാണ് പഞ്ചായത്തുകളിലെയും നഗരസഭകളിലെയും പ്രവര്‍ത്തനങ്ങള്‍. സ്വയം തീരുമാനങ്ങളെടുക്കാനും നടപ്പാക്കാനും അധികാരമുള്ളവയാണ് തദ്ദേശഭരണ സ്ഥാപനങ്ങള്‍. ഈ അധികാരം പ്രയോഗിക്കുന്നത് നിഷ്പക്ഷമായും സുതാര്യമായും ആകേണ്ടതുമുണ്ട്. സ്വന്തം വാര്‍ഡിലെ കാര്യങ്ങളില്‍മാത്രം ശ്രദ്ധിക്കുന്നവരാണ് നല്ലൊരു പങ്ക് ജനപ്രതിനിധികള്‍. ഭരണാധികാരികള്‍ എന്ന രീതിയില്‍ ഉയര്‍ന്നു പ്രവര്‍ത്തിക്കാനും പഞ്ചായത്തിനെയോ നഗരസഭയെയോ മൊത്തത്തില്‍ കണ്ട് ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍ ആവിഷ്കരിക്കാനും ജനപ്രതിനിധികള്‍ക്ക് കഴിയണം. പഞ്ചായത്ത്/നഗരസഭാ പ്രദേശത്തെ സാധാരണ ജനങ്ങള്‍ക്ക് എല്ലാ സേവനങ്ങളും ഗുണമേന്മയോടെയും സമയബന്ധിതമായും ലഭ്യമാകുന്നു എന്ന് ഇവര്‍ ഉറപ്പു വരുത്തണം. ഫ്രണ്ട് ഓഫീസുകള്‍ തദ്ദേശ‘ഭരണ സ്ഥാപനങ്ങള്‍ ജനസൌഹൃദമായതിന്റെ സൂചനയാകണം.


*****


പാലോളി മുഹമ്മദ് കുട്ടി (തദ്ദേശ സ്വയംഭരണ മന്ത്രി)