Showing posts with label ഇസ്രയേല്‍. Show all posts
Showing posts with label ഇസ്രയേല്‍. Show all posts

Tuesday, May 7, 2013

അപകടകരമായ അധിനിവേശം

സിറിയയില്‍ ബാഷര്‍ അല്‍ അസദ് നേതൃത്വം നല്‍കുന്ന മതനിരപേക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അമേരിക്കന്‍ ഒത്താശയോടെ വിമതശക്തികള്‍ നടത്തുന്ന ആക്രമണോത്സുകമായ ഇടപെടലില്‍ ഇസ്രയേലും പ്രത്യക്ഷമായിത്തന്നെ ചേര്‍ന്നിരിക്കുന്നു. ഇസ്ലാമിക റിപ്പബ്ലിക് സ്ഥാപിക്കുക എന്ന ഉദ്ദേശ്യത്തോടെ അട്ടിമറിസമരത്തിനിറങ്ങിയവരെ, ഇതുവരെ നേരിട്ട തുടര്‍പരാജയങ്ങളില്‍നിന്ന് കരകയറ്റാനുള്ളതുകൂടിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സിറിയക്കുനേരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍. ഭീകരസംഘങ്ങളുമായി ചേര്‍ന്നാണ് ഇസ്രയേല്‍ പ്രവര്‍ത്തിക്കുന്നതെന്ന് സിറിയ വ്യക്തമാക്കിയിട്ടുണ്ട്. അല്‍ ഖായ്ദയുടെ ഉപസംഘടനകളും ഇസ്രയേലും അമേരിക്കയും യോജിച്ച് സിറിയക്കുനേരെ തിരിഞ്ഞിരിക്കയാണ്. നാറ്റോയുടെ പരിപൂര്‍ണ പിന്തുണയും എണ്ണപ്പണത്തിന്റെ കുത്തൊഴുക്കുംകൊണ്ട് സിറിയയിലെ അസദ് ഭരണത്തിന് അന്ത്യം കാണാനാകില്ലെന്ന തിരിച്ചറിവില്‍നിന്നാണ് ഇസ്രയേലിന്റെ ആയുധങ്ങള്‍ തീതുപ്പിത്തുടങ്ങിയത്. ലിബിയയും ടുണീഷ്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന് ആളുകളെ റിക്രൂട്ടുചെയ്തും പണവും ആയുധങ്ങളും വന്‍തോതില്‍ എത്തിച്ചും തുര്‍ക്കിയില്‍ മിസൈല്‍ വിന്യാസമൊരുക്കിയും നടത്തുന്ന രക്തരൂഷിതമായ അട്ടിമറിപ്രവര്‍ത്തനങ്ങള്‍കൊണ്ട് അസദ് ഭരണത്തെ പുറത്താക്കാന്‍ കഴിഞ്ഞില്ലെന്നത് അമേരിക്കയ്ക്ക് നാണക്കേടുണ്ടാക്കുന്നു.

ഇത്തരം ഘട്ടങ്ങളിലാണ് അമേരിക്കയുടെ യഥാര്‍ഥ ഭാവം പുറത്തുവരുന്നത്. സെപ്തംബര്‍ 11ന്റെ പേരില്‍ ലോകത്താകെ ഇസ്ലാംവേട്ടയ്ക്ക് നേതൃത്വം നല്‍കുന്നവര്‍തന്നെ സങ്കുചിത രാഷ്ട്രീയലക്ഷ്യങ്ങള്‍ നേടാന്‍ ഇസ്ലാമിക തീവ്രവാദികള്‍ക്ക് കൈയയച്ച് സഹായം നല്‍കുകയാണ്. ഇസ്ലാമിക എമിറേറ്റ് സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് പരസ്യമായി പ്രഖ്യാപിച്ചവരാണ് അസദ് വിരുദ്ധ കലാപം നയിക്കുന്നതെന്നത് രഹസ്യമല്ല. പലസ്തീനില്‍ പാവപ്പെട്ട ഇസ്ലാം സഹോദരന്മാരുടെ ചോരയില്‍ കൈമുക്കി അലറുന്ന ഇസ്രയേല്‍തന്നെ സിറിയയിലെ ഇസ്ലാമിക തീവ്രവാദികള്‍ക്കുവേണ്ടി കൂട്ടക്കൊല നടത്തുന്നു. ""സിറിയയിലെ പല കേന്ദ്രങ്ങളും പിടിച്ചെടുക്കാന്‍ ഭീകരര്‍ നടത്തിയ ശ്രമം പരാജയപ്പെട്ട സാഹചര്യത്തില്‍ അവര്‍ക്ക് പ്രചോദനം നല്‍കാനാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. സിറിയന്‍ ജനതയ്ക്കുനേരെ നടക്കുന്ന ഭീകരാക്രമണങ്ങളെല്ലാം നടപ്പാക്കുന്നത് ഇസ്രയേലാണ്."" എന്ന് സിറിയ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലെബനണിലെ ഹിസ്ബുള്ളയ്ക്ക് ആയുധം എത്തിക്കുന്നത് തടയാനാണ് ഇടപെടുന്നതെന്നാണ് മൂന്നുദിവസത്തിനിടെ രണ്ടുവട്ടം വ്യോമാക്രമണം നടത്തിയതിനെ ഇസ്രയേല്‍ ന്യായീകരിക്കുന്നത്. അതിന് സാധൂകരണം നല്‍കാനുള്ള തെളിവുകളൊന്നുംതന്നെ അവര്‍ക്ക് മുന്നോട്ടുവയ്ക്കാനായിട്ടില്ല. വ്യാഴാഴ്ച രാത്രി രഹസ്യമായി മന്ത്രിസഭായോഗം ചേര്‍ന്ന് തീരുമാനിച്ചു; ഉടനെ ആക്രമണം ആരംഭിച്ചു. ന്യായീകരണവുമായി ഞൊടിയിടയില്‍ അമേരിക്ക രംഗത്തെത്തുകയും ചെയ്തു. സിറിയയില്‍ അട്ടിമറിസമരം നയിക്കുന്ന ഭീകരര്‍ക്കെതിരെ അസദ് സര്‍ക്കാര്‍ രാസായുധം ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ആരോപിച്ചതുമായി ഇതിനെ കൂട്ടിവായിക്കണം. ലോകത്തെ മറ്റൊരു രക്തച്ചൊരിച്ചിലിലേക്ക് നയിക്കുകയാണ് അമേരിക്ക- ഇസ്രയേല്‍ സഖ്യം. സിറിയ നിരായുധ രാജ്യമല്ല. അവരുടെ കൈയിലും ആയിരക്കണക്കിന് മിസൈലുകളുണ്ട്- അവ തൊടുത്തുവിട്ടാല്‍ ഇസ്രയേലില്‍ ചെന്ന് നാശംവിതയ്ക്കുകയും ചെയ്യും. അത്തരമൊരു ഏറ്റുമുട്ടലിനാണ് ഏകപക്ഷീയമായ ആക്രമണത്തിലൂടെ ഇസ്രയേല്‍ തുടക്കമിട്ടിരിക്കുന്നത്.

അമേരിക്കന്‍- നാറ്റോ പിന്തുണയോടെ സിറിയ എന്ന സ്വതന്ത്ര രാഷ്ട്രത്തെ അസ്ഥിരപ്പെടുത്താനും തകര്‍ക്കാനുമുള്ള ഇസ്രയേലി അധിനിവേശം ലോകത്താകെ പ്രതിഷേധം സൃഷ്ടിച്ചിട്ടുണ്ട്. തുര്‍ക്കിയില്‍ നാറ്റോ മിസൈലുകള്‍ സ്ഥാപിച്ചതിനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച റഷ്യ, ആ നിലപാടില്‍തന്നെയാണ്. ഇറാനാകട്ടെ, സിറിയക്കെതിരായ ഏത് സൈനികനീക്കവും പൊറുക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇതെല്ലാമായിട്ടും ഐക്യരാഷ്ട്രസഭ നിശബ്ദമായി ഈ കടന്നുകയറ്റം കണ്ടുനില്‍ക്കുന്നത് അത്യന്തം ഖേദകരമാണ്. ആ സമീപനം അമേരിക്കയെയും ഇസ്രയേലിനെയും സഹായിക്കുന്നതുമാത്രമല്ല, കൂട്ടക്കൊലയ്ക്ക് പ്രോത്സാഹനം നല്‍കുന്നതുമാണ്. അടിയന്തരമായി യുഎന്‍ ഇടപെടല്‍ ഇക്കാര്യത്തിലുണ്ടാകണം; അത് ലോകത്താകെയുള്ള സമാധാനപ്രേമികളുടെ ആവശ്യമാണ്. അതോടൊപ്പം ഇന്ത്യയും ക്രിയാത്മകമായി പ്രശ്നത്തില്‍ ഇടപെടണം. ഇസ്രയേലി അധിനിവേശത്തിനെതിരെ ശക്തമായ പ്രതികരണം ഇന്ത്യാ ഗവണ്‍മെന്റില്‍നിന്ന് ഉണ്ടായാല്‍മാത്രമേ ലോകത്തിനുമുന്നില്‍ രാജ്യത്തിന്റെ യശസ്സ് ഉയര്‍ന്നുനില്‍ക്കൂ. അതല്ലെങ്കില്‍, അമേരിക്കന്‍ പാവ എന്ന ദുഷ്പേരില്‍ ഒരു തൂവല്‍കൂടി തുന്നിച്ചേര്‍ക്കപ്പെടുകയേ ഉള്ളൂ.

*
ദേശാ‍ഭിമാനി മുഖപ്രസംഗം 07 മേയ് 2013

Monday, February 20, 2012

ഭീകരനാടകത്തിന്റെ അണിയറക്കാര്‍

അപസര്‍പ്പകകഥകളെ വെല്ലുന്ന വിധമാണ് പലപ്പോഴും അന്താരാഷ്ട്രരംഗത്ത് കാര്യങ്ങള്‍ നടക്കാറ്. കഴിഞ്ഞ തിങ്കളാഴ്ച ന്യൂഡല്‍ഹിയിലെ ഇസ്രായേല്‍ നയതന്ത്ര ഉദ്യോഗസ്ഥയ്ക്കു നേരെയുണ്ടായ ഭീകരാക്രമണം ഈ യാഥാര്‍ഥ്യത്തിന് ഒന്നുകൂടി അടിവരയിടുന്നു.

ഇസ്രായേലിന്റെ കണ്ണില്‍ സംഭവം ഒരു ഇറാനിയന്‍ ഗൂഢാലോചനയാണ്. ഇറാനിയന്‍ പിന്തുണയുള്ള ഹിസ്ബുള്ള എന്ന തീവ്രവാദ സംഘടനയാണ് ആക്രമണപദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയത്. ജോര്‍ജിയയിലെ തബ്‌ലിസിയിലെ ഇസ്രായേല്‍ നയതന്ത്രകാര്യാലയത്തിന്റെ കാറില്‍ നിന്നും ബോംബു കണ്ടെടുത്തതും, തായ്‌ലാണ്ടില്‍ ഇറാന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ളയാള്‍ ബോംബാക്രമണം നടത്തുവാന്‍ ശ്രമിക്കുമ്പോള്‍ പരിക്കേറ്റ് ആശുപത്രിയിലായതുമെല്ലാം തങ്ങളുടെ വാദത്തിന് ഉപോല്‍ബലകമായ തെളിവായി ഇസ്രായേല്‍ ഉയര്‍ത്തിക്കാണിക്കുന്നു.

പക്ഷേ ഇവിടെ സ്വാഭാവികമായും ഉയര്‍ന്നുവന്ന സംശയം മറ്റൊന്നാണ്. അതായത് ഇസ്രായേലിന്റെ പ്രേരണയില്‍ അമേരിക്കയും, സഖ്യകക്ഷികളും ഏര്‍പ്പെടുത്തിയ ഉപരോധങ്ങളില്‍പെട്ട് നട്ടം തിരിയുകയാണ് ഇറാന്‍. ഇതിനിടയില്‍ സ്വല്പം ആശ്വാസം അമേരിക്കന്‍ സമ്മര്‍ദ്ദം കൂട്ടാക്കാതെ ഇറാനുമായി നല്ലബന്ധം നിലനിറുത്തുന്ന ഇന്ത്യയുള്‍പ്പെടെയുള്ള ചുരുക്കം ചില നല്ല സുഹൃത്തുക്കളാണ്. അപ്പോള്‍ തൊടുന്യായങ്ങള്‍ പറഞ്ഞുകൊണ്ട് തങ്ങളുടെ മേല്‍ ഒരു യുദ്ധം അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിക്കുന്ന അമേരിക്കന്‍, ഇസ്രായേല്‍ കൂട്ടുകെട്ടിന്, അത്തരം ഒരു യുദ്ധത്തെ ന്യായീകരിക്കാനാവുന്ന കാരണങ്ങള്‍ ഇറാന്‍ സൃഷ്ടിച്ചുകൊടുക്കുമോ എന്നതായിരുന്നു പ്രധാന സംശയം. പ്രത്യേകിച്ചും ഇന്ത്യപോലെയുള്ള ശക്തനായ ഒരു മിത്രത്തെ പിണക്കിക്കൊണ്ട്. ന്യായമായും ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വം ഇത്തരം സംശയങ്ങള്‍ കാര്യമായെടുത്തു. ഫലം ഈ അക്രമണം നടത്തിയവര്‍ പ്രതീക്ഷിച്ച ആഗ്രഹിച്ച രീതിയിലുള്ള ഒരു പ്രതികരണം നമ്മുടെ ഭാഗത്തുനിന്നുമുണ്ടായില്ല.

ഇത്തരം ഒരു സംശയം ഉയര്‍ന്നുവരാന്‍ മറ്റനേകം കാരണങ്ങളുമുണ്ട്. ഒന്നാമതായി ഇസ്രായേലിന്റേയും അതിന്റെ ചാരസംഘടനയായ മൊസാദിന്റെയും പൂര്‍വ്വകാലചരിത്രം. തങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ കാര്യങ്ങള്‍ നടന്നുകിട്ടുവാന്‍ എന്തു നീചമായ വഴിയും അവര്‍ സ്വീകരിക്കും. അതുകൊണ്ടാണ് ഈ രാജ്യത്തെ പലപ്പോഴും നയതന്ത്രഭാഷയില്‍ ''തെമ്മാടി രാഷ്ട്രം' എന്നു വിളിക്കുന്നത്. ഈ സാഹചര്യത്തില്‍ സ്വന്തം നയതന്ത്രജ്ഞയേ തന്നെ അപകടത്തിലാക്കിക്കൊണ്ട് ഒരു വൃത്തികെട്ട നാടകം ഇസ്രായേല്‍ കളിക്കുമോ എന്ന ചോദ്യം തന്നെ അപ്രസക്തമാകുന്നു.

സംഭവത്തിനു പിന്നില്‍ ഇസ്രായേല്‍തന്നെയാണ് എന്നു സംശയിക്കുവാനുള്ള ഒരു പ്രധാന കാരണം ആക്രമണത്തിനുപയോഗിച്ച ബോംബുകളുടെ സ്വഭാവമാണ്. കാന്തികബോംബുകളാണ് ഉപയോഗിച്ചത്. ഇത്തരം ബോംബുകളുപയോഗപ്പെടുത്തിക്കൊണ്ടാണ് ഇസ്രായേല്‍ ഇറാന്റെ രണ്ട് ആണവശാസ്ത്രജ്ഞരെ അടുത്തിടെ വധിച്ചത്. മാത്രമല്ല ഇത്തരം ഹൈടെക്ക് ആയുധങ്ങളുപയോഗിച്ചുകൊണ്ട് ശത്രുക്കളെ നിര്‍മ്മാര്‍ജ്ജനം ചെയ്ത നൂറുകണക്കിന് കഥകളുണ്ട് മൊസാദിനു പറയാന്‍. ഇതോടൊപ്പം ബോംബു ഘടിപ്പിച്ചു എന്നു കരുതപ്പെടുന്ന മോട്ടോര്‍ സൈക്കിള്‍ അഭ്യാസി കാണിച്ച കണിശതയും വൈദഗ്ധ്യവും കൂടി കണക്കിലെടുക്കണം. ഒരു ക്ലീനിക്കല്‍ മൊസാദ് ടച്ചുള്ള പ്രകടനമായിരുന്നു അത്. അതുമാത്രമല്ല ഒരേസമയം ലോകവ്യാപകമായി ഒരു ഇസ്രായേല്‍ വിരുദ്ധ ഭീകരാക്രമണം ഒരേസമയം ഉണ്ടാക്കുവാനുള്ള വിപുലമായ പദ്ധതിയും, അതില്‍ കൃത്യമായി ഒരു ഇറാനിയന്‍ പൗരന്‍ അക്രമണം നടത്തുന്നതിനിടെ പരിക്കേറ്റ് പിടിയിലാവുന്നതിലും പിന്നില്‍ ഒരു രാഷ്ട്രീയ നാടകത്തിന്റെ സംഘാടനമികവു കാണാം. ഇത് പക്ഷേ പാളിപ്പോയത് ഇറാനിയന്‍ ആക്രമകാരി തായ്‌ലാണ്ടില്‍ താന്‍ കൈവശം വെച്ചിരുന്ന ബോംബുപൊട്ടി അപകടത്തിലായപ്പോള്‍ തന്നെയാണ്. കാരണം ഡല്‍ഹിയില്‍ നടത്തിയതുപോലെ അതീവ വൈദഗ്ധ്യം ആവശ്യമുള്ള ഒരു ഭീകരാക്രമണ പദ്ധതിയുടെ ഭാഗമായി ഇസ്രായേല്‍ പറയുന്നതുപോലെ ഇറാന്‍ നടത്തിയ ഒരാക്രമണമായിരുന്നു അതെങ്കില്‍ ഇത്തരം ഒരബദ്ധം തായ്‌ലാണ്ടിലെ അക്രമണകാരിക്കു പറ്റില്ലായിരുന്നു. കാരണം അത്ര പരിതാപകരമായ 'അമേച്ചറിസമാ'ണ് ആ കൊടിയ തീവ്രവാദി കാണിച്ചത്. ഡല്‍ഹിയിലെ തന്റെ കൂട്ടാളിക്ക് നാണക്കേടുണ്ടാക്കുന്ന ഒന്ന്. ഇതില്‍ നിന്നും ഒരു കാര്യം വ്യക്തമാകുന്നുണ്ട്. തായ്‌ലാണ്ടില്‍ പിടിയിലായ ഇറാനിയന്‍ ഭീകരന്‍ വാടകക്കെടുക്കപ്പെട്ടയാളാവാം. ഇത്തരം ഒരാളുടെ പക്കല്‍ തനിയെ പൊട്ടിത്തെറിക്കുമെന്നുറപ്പുള്ള ഒരായുധം നല്‍കുകയായിരുന്നു എന്നു വേണം കരുതാന്‍. ആവശ്യം ഒരിറാനിയനെ ചിത്രത്തില്‍ കൊണ്ടുവരിക എന്നതാവണം. ഇറാനിലാണെങ്കില്‍ ഇത്തരം ഒരാളെ കണ്ടെത്താന്‍ ബുദ്ധിമുട്ടുമില്ല. കാരണം കുര്‍ദ്ദുകള്‍ തുടങ്ങിയ ഒട്ടനവധി ന്യൂനപക്ഷങ്ങളും, സുന്നികളും ഇറാനിയന്‍ ഭരണകൂടത്തിന്റെ ബദ്ധശത്രുക്കളാണ്. ഇതിലൊന്നുംപെടാത്ത വാടകക്കൊലയാളികളേയും കിട്ടും ഇഷ്ടം പോലെ.

രണ്ടുകാര്യങ്ങള്‍ കൊണ്ടാണ് ഇറാനെതിരെ ഒരന്താരാഷ്ട്ര കൂട്ടായ്മയുണ്ടാക്കുവാനും, ആ രാജ്യത്തെ നയതന്ത്രപരമായി ഒറ്റപ്പെടുത്തുവാനും ഇസ്രായേല്‍ ശ്രമിക്കുന്നത്. ഒന്നാമതായി ലബനോണ്‍, സിറിയ തുടങ്ങിയ രാജ്യങ്ങളെപോലെ ഇസ്രായേലിന് ഒറ്റക്ക് നേരിടാനാവുന്ന ഒരു രാജ്യമല്ല ഇറാന്‍. ഒന്നാമതായി തമ്മിലുള്ള ദൂരം. രണ്ടാമതായി ശക്തമായ തിരിച്ചടി നല്‍കുവാന്‍ ഇറാനാകും എന്ന വിലയിരുത്തല്‍. മറ്റൊരു കാരണം ഇസ്രായേലിന്റെ സഖ്യകക്ഷിയായ അമേരിക്കയുടെ സന്ദിഗ്ധാവസ്ഥയാണ്. ഒന്നാമതായി ഇപ്പോള്‍ ഒരു വന്‍ യുദ്ധം ചെയ്യാനുള്ള സാമ്പത്തികശക്തി അമേരിക്കയ്ക്കില്ല. രണ്ടാമതായി പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പു നടക്കുവാന്‍ പോകുന്ന പശ്ചാത്തലത്തില്‍ ഒരു യുദ്ധത്തിനു പോകുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് പ്രസിഡന്റ് ഒബാമയ്ക്കറിയാം.

ഈ കാരണങ്ങള്‍കൊണ്ടു തന്നെ ഇറാനെതിരെ ഒരു അന്താരാഷ്ട്രസഖ്യം രൂപീകരിക്കുവാന്‍ കുറച്ചുകാലമായി ശ്രമിക്കുകയാണ് ഇസ്രായേല്‍. അമേരിക്കയിലെ സൗദി സ്ഥാനപതിയെ മെക്‌സിക്കന്‍ മയക്കുമരുന്നു റാക്കറ്റിനെ വിലക്കെടുത്ത് വധിക്കുവാന്‍ ഇറാന്‍ പദ്ധതിയിട്ടു എന്ന ഒരു വാര്‍ത്ത ഏതാനും മാസങ്ങള്‍ക്കുമുമ്പ് സി ഐ എ പുറത്തു വിട്ടിരുന്നു. ഒരു ഇറാന്‍കാരനെ അറസ്റ്റുചെയ്തു എന്നതും ഒരു ഇറാനിയന്‍ ബാങ്കുമായി ബന്ധപ്പെട്ട ചില സാമ്പത്തിക ഇടപാടുകള്‍ ചൂണ്ടിക്കാട്ടി എന്നുമല്ലാതെ ഈ സംഭവത്തിലും കൃത്യമായ തെളിവുകളൊന്നും ഇതുവരെ മുന്നോട്ടുവെക്കുവാന്‍ സി ഐ എയ്ക്കായിട്ടില്ല.

ഇസ്രായേലിന് ഇവിടെ പറ്റിയ അബദ്ധം ഇറാനാണ് ആക്രമണത്തിന് പിന്നിലെന്നു പറഞ്ഞതാണ്. ഹമാസോ, അല്‍ക്വയ്ദയോ ആണെന്നു പറഞ്ഞിരുന്നുവെങ്കില്‍ അത് നിലവിലുള്ള സാഹചര്യത്തില്‍ കൂടുതല്‍ വിശ്വസനീയമാകുമായിരുന്നു. ഏതായാലും കാര്യകാരണസഹിതം പ്രശ്‌നം പടിച്ച് യുക്തിപൂര്‍വ്വമായ നിലപാടാണ് ഇന്ത്യന്‍ഭരണകൂടം തിങ്കളാഴ്ച നടന്ന ഭീകരാക്രമണത്തില്‍ കൈക്കൊണ്ടത്.

ഇസ്രായേലിന്റെ വാദം ഡല്‍ഹി വെള്ളം തൊടാതെ വിഴുങ്ങിയില്ല. ഇറാനെ പ്രതിചേര്‍ത്തതുമില്ല. പക്ഷേ ഭരണത്തില്‍ ബി ജെ പി ആയിരുന്നുവെങ്കില്‍ മറ്റൊന്നാകുമായിരുന്നു അവസ്ഥ. കേട്ടപാതി കേള്‍ക്കാത്ത പാതി ഇസ്രായേലിനൊപ്പം കൂടി ഇറാനെതിരെ യുദ്ധപ്രഖ്യാപനം നടത്തുമായിരുന്നു. അങ്ങനെ കൂടുതല്‍ ഭീകരവാദ ആക്രമണങ്ങളിലേക്കും, അനാവശ്യമായ യുദ്ധത്തിലേക്കും അവര്‍ നമ്മെ വലിച്ചിടുമായിരുന്നു. ഒപ്പം ശവപ്പെട്ടി വിറ്റ് സ്വന്തം കീശവീര്‍പ്പിക്കുകയും ചെയ്യുമായിരുന്നു.

*
മുഹമ്മദ് ഫക്രുദ്ദീന്‍ അലി ജനയുഗം 20 ഫെബ്രുവരി 2012

Sunday, February 6, 2011

ഈജിപ്തിലെ കലഹത്തിന് ചരിത്രം സാക്ഷിയാകുന്നു

അമേരിക്കയുടെ രക്ഷാകവചത്തിന് പോലും രക്ഷിക്കാന്‍ കഴിയാത്ത വിധത്തില്‍ ഈജിപ്തിലെ ഭരണാധികാരി ഹോസ്‌നി മുബാറക്കിന്റെ വിധി അപകടത്തിലായിരിക്കുന്നു. പുരാതന നാഗരികതയുടെ കളിത്തൊട്ടില്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈജിപ്ത് ആഭ്യന്തര കലാപത്തിന്റെ നടുവിലാണ്. ഈ സാഹചര്യത്തില്‍ നാല്‍പ്പത് നൂറ്റാണ്ടിന്റെ സാംസ്‌കാരിക പൈതൃകം പേറുന്ന ഈജിപ്ത് അതില്‍ നിന്നും വഴുതി കാടത്തത്തിന്റെ കണ്ണുകളോടെ മന്യഷ്യരാശിയെ തുറിച്ച് നോക്കുന്നു. വിപ്ലവം സൃഷ്ടിക്കുന്ന ഉന്മേഷത്തിന്റെ ഉദാത്ത നിമിഷങ്ങളില്‍ നാഗരികതയുടെ അസാധാരണ മുഖങ്ങള്‍ കാണാന്‍ കഴിയുമെന്ന് നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ വീക്ഷണം ഈ അവസരത്തില്‍ ഈജിപ്തിനെ സംബന്ധിച്ചിടത്തോളം എത്ര സത്യമെന്ന് ഇപ്പോഴുള്ള സംഭവങ്ങള്‍ വ്യക്തമാക്കുന്നു. കോളനിവാഴ്ചയുടെ നുകത്തില്‍ നിന്നും രക്ഷനേടാന്‍ രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന പാദത്തില്‍ മഹാത്മാഗാന്ധിയുടെ പിന്‍തുണയോടെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്തില്‍ ഈജിപ്തിലെ എക്കാലത്തേയും മഹാനായ ഭരണാധികാരിയായ അബ്ദുള്‍ നാസര്‍, ആഫ്രിക്കന്‍ നേതാക്കളായ കോമേ ക്രൂമ, അഹമ്മദ് ഷെയ്ഖ് ടോറെ, സ്വതന്ത്ര ഇന്‍ഡോനേഷ്യന്‍ പ്രസിഡന്റായ സുകാര്‍നോ എന്നിവര്‍ ചേര്‍ന്ന് ചേരിചേരാ പ്രസ്ഥാനം രൂപീകരിച്ചു. അമേരിക്കയുടെ പൂര്‍ണ സഹായത്തോടെ പ്രവര്‍ത്തിച്ചിരുന്ന ഇംഗ്ലീഷ്. ഫ്രഞ്ച്, ബെല്‍ജിയന്‍ കൊളോണിയല്‍ വാഴ്ചയ്‌ക്കെതിരെ ഈജിപ്ത്, അള്‍ജീരിയ, സിറിയ, ലെബനന്‍, പലസ്തീന്‍, പശ്ചിമ സഹാറ, കോംഗോ, അംഗോള, മൊസാംബിക് തുടങ്ങിയ രാഷ്ട്രങ്ങള്‍ വിപ്ലവം തുടങ്ങിയ ഘട്ടമായിരുന്നൂ അത്. ഈ രാജ്യങ്ങളുടെ വിമോചന പോരാട്ടങ്ങള്‍ക്ക് യു എസ് എസ് ആര്‍, ചൈന എന്നീ ലോക ശക്തികളുടെ സഹായവും ലഭിച്ചിരുന്നു. വിപ്ലവത്തിന് ശേഷം ക്യൂബയും ചേരിചേരാ പ്രസ്ഥാനത്തില്‍ ഇടംനേടി.

ഇതിനിടെ സൂയസ് കനാല്‍ ദേശീയവല്‍ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് 1956 ല്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, ഇസ്രായേല്‍ എന്നീ ശക്തികള്‍ ഈജിപ്തിനെ ആക്രമിച്ചു. എന്നാല്‍ സ്ട്രാറ്റജിക് മിസൈലുകള്‍ പ്രയോഗിക്കുമെന്ന റഷ്യയുടെ അഭിപ്രായത്തെ തുടര്‍ന്ന് ഈജിപ്തിനെതിരായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ബ്രിട്ടന്റെ നേതൃത്വത്തിലുള്ള സഖ്യശക്തികള്‍ തയ്യാറായി. 1970 സെപ്റ്റംബര്‍ 28ന് അബ്ദുള്‍ നാസര്‍മരിച്ചു. ഇത് ഈജ്പ്തിന്റെ പിന്നോട്ട് പോക്കിന് കാരണമായി. എന്നാല്‍ അറബ് രാജ്യങ്ങള്‍ക്കതിരെയുള്ള ഗൂഢാലോചനകള്‍ അവസാനിപ്പിക്കാന്‍ അമേരിക്ക ഇനിയും തയ്യാറായിട്ടില്ല. അറബ് രാജ്യങ്ങളിലെ എണ്ണ നിക്ഷേപത്തിന്റെ കുത്തക ലക്ഷ്യമിട്ടാണ് അമേരിക്കയുടെ ഗൂഢാലോചന തുടരുന്നു.

ഇനി ഈജിപ്തിലെ കലാപങ്ങളുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ പരിശോധിക്കാം

ജനുവരി 28: (ഡി പി എ)

സര്‍ക്കാര്‍ പുറപ്പെടുവിച്ച നിരോധാനാജ്ഞ ലംഘിച്ച് ഈജിപ്തിലെ പതിനായരക്കണക്കിന് ജനങ്ങള്‍ പ്രസിഡന്റ് ഹോസ്‌നി മുബാറക്കിനെതിരെയുള്ള പ്രതിഷേധവുമായി തെരുവിലറങ്ങി. പ്രതിഷേധക്കാര്‍ മുബാറക്കിന്റെ നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫീസുകളും പൊലീസ് നിരീക്ഷണ കേന്ദ്രങ്ങളും അഗ്നിക്കിരയാക്കി. ഈജിപ്തിന്റെ തലസ്ഥാനമായ കെയ്‌റോ നഗരത്തില്‍ പ്രതിഷേധക്കാര്‍ പൊലീസിന് നേരേ കല്ലെറിഞ്ഞു. അക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് റബ്ബര്‍ ബുള്ളറ്റും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ഈജിപ്തിലെ സാഹചര്യങ്ങള്‍ മനസിലാക്കി അറിയിക്കാന്‍ നയതന്ത്ര വിദഗ്ധര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രശ്‌നങ്ങള്‍ അവസാനിച്ചാല്‍ ദശലക്ഷക്കണക്കിന് ഡോളറിന്റെ സാമ്പത്തിക സഹായം ഈജിപ്തിന് നല്‍കുമെന്ന് വൈറ്റ് ഹൗസ് വക്താവ് റോബര്‍ട്ട് ഗിബ്‌സ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
റോയിറ്റേഴ്‌സ്

ഈജിപ്റ്റില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി പ്രസിഡന്റ് ഹോസ്‌നി മുബാറക് അറിയിച്ചു. കെയ്‌റോ ഉള്‍പ്പടെയുള്ള പ്രധാന നഗരങ്ങളില്‍ കവചിത വാഹനങ്ങള്‍ ഉള്‍പ്പടെയുള്ള സായുധ പൊലീസിനെ വിന്യസിച്ചു. ഇതിനിടെ കെയ്‌റോ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രസിഡന്റ് ഹോസ്‌നി മുബാറക്കിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം നിയന്ത്രിക്കാനാണ് കെയ്‌റോയിലും മറ്റ് നഗരങ്ങളിലും സായുധസേനയെ വിന്യസിച്ചത്. ഏറ്റുമുട്ടലുകളില്‍ 410 സമരക്കാര്‍ക്ക് മുറിവേറ്റതായി മെഡിക്കല്‍ വാര്‍ത്തകള്‍ വ്യക്തമാക്കി. ഇതിനിടെ രാജ്യത്തിന്റെ എല്ലാ നഗരങ്ങളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി ഔദ്യോഗിക ടെലിവിഷന്‍ വാര്‍ത്തകള്‍ പറയുന്നു. നിലവിലുള്ള സാഹചര്യത്തില്‍ അമേരിക്ക കടുത്ത ഉത്ക്കണ്ഠ രേഖപ്പെടുത്തി. അമേരിക്കയുടെ കൂട്ടാളിയായ ഹോസ്‌നി മുബാറക്കിനെതിരായുള്ള പ്രതിഷേധം അമേരിക്കയ്ക്ക് സഹിക്കാന്‍ കഴിയില്ല. പലഘട്ടങ്ങളിലും സൈനിക സഹായം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അമേരിക്ക മുബാറക്കിന് നല്‍കിയിട്ടുണ്ട്.

ഈയിടെ ജോര്‍ദ്ദാന്‍ പ്രധാനമന്ത്രി സമീര്‍ റിഫായിയുടെ രാജി ആവശ്യപ്പെട്ട് വെള്ളിയാഴ്ച്ച നിസ്‌കാരത്തിന് ശേഷം തെരുവുകളില്‍ പ്രതിഷേധ പ്രകടനം നടത്തി. രാജ്യത്ത് രാഷ്ടീയവും സാമ്പത്തികവുമായ പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെട്ടാണ് പ്രതിഷേധ പ്രകടനം നടത്തുന്നത്. ഇപ്പോഴുണ്ടായ ആഗോള ആത്മഹത്യ എന്ന പ്രതിഭാസം സൃഷ്ടിച്ച സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സ്വിറ്റ്‌സ്ര്‍ലണ്ടില്‍ അറബ് നേതാക്കള്‍ യോഗം ചേര്‍ന്നു. ഇപ്പോഴുള്ള വളര്‍ച്ചാ മാതൃകയുടെ വൈകല്യങ്ങള്‍ പരിഹരിക്കണമെന്ന് ദേവൂസ് ഇക്കണോമിക് ഫോറത്തില്‍ പങ്കെടുത്ത അറബ് രാജ്യങ്ങളുടെ നേതാക്കള്‍ ആവശ്യപ്പെട്ടു. ഇപ്പോഴുള്ള സാമ്പത്തിക വളര്‍ച്ചാ മാതൃക പരിസ്ഥിതിക്ക് ദോഷം വരുത്തുന്നതാണ്. അതുകൊണ്ടുതന്നെ ഇപ്പോഴുള്ള മാതൃക ഭൂമിയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുമെന്നും നേതാക്കള്‍ വ്യക്തമാക്കി. ഇപ്പോഴുള്ള വികസനങ്ങള്‍ ആഗോള ആത്മഹത്യയാണെന്നും ഇത് പരിഹരിക്കുന്നതിന് വിപ്ലവാത്മകമായ ചിന്തയും പ്രവൃത്തിയും ആവശ്യമാണെന്നും ഐക്യ രാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അഭിപ്രായപ്പെടുകയും ചെയ്തു. പ്രകൃതി വിഭവ സ്രോതസുകള്‍ ഇല്ലാതാകുന്ന സ്ഥിതിയാണ് സംജാതമായിട്ടുള്ളത്. ഈ സന്ദര്‍ഭത്തില്‍ ആഗോള സുസ്ഥിര വികസനം എങ്ങനെയാകണം എന്നകാര്യം പുനര്‍ നിര്‍വചിക്കണമെന്നും വേള്‍ഡ് ഇക്കണോമിക് ഫോറത്തെ അഭിംസബോധന ചെയ്യുന്നതിനിടെ ബാന്‍കി മൂണ്‍ വ്യക്തമാക്കി.

ജനുവരി29 ( അസോസിയേറ്റഡ് പ്രസ്)

അസാധ്യമായ കാര്യങ്ങള്‍ക്കാണ് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ശ്രമിക്കുന്നത്. ഹോസ്‌നി മുബാറക്ക് എന്ന സ്വേച്ഛാധിപത്യ നേതാവിനെതിരെ ഈജ്പ്തില്‍ ഉയരുന്ന ജനരോഷം അതിന്റെ പാരമ്യത്തിലാണ്. മൂബാറക്കിനും അദ്ദേഹത്തിന്റെ ചെയ്തികള്‍ക്കും എല്ലാ വിധ സഹായങ്ങളും അമേരിക്കയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ 30 വര്‍ഷമായി ഹോസ്‌നി മുബാറക്കിന്റെ ഭരണത്തില്‍ മനംമടുത്ത ഈജിപ്തിലെ ജനങ്ങളെ സ്വാധീനിക്കാന്‍ ഇന്നലത്തെ ഒബാമയുടെ നാല് മിനിട്ട് നീണ്ട പ്രസംഗത്തിന് കഴിഞ്ഞില്ല. മുബാറക്കിന്റെ പ്രസ്താവനകളെ ന്യായീകരിക്കാന്‍ ഒബാമ തുനിഞ്ഞതുമില്ല. ഒബാമയുടെ വാക്കുകള്‍ ശക്തമായിരുന്നെങ്കിലും അത് ഹിലാരി ക്ലിന്റനും വൈറ്റ് ഹൗസ് വക്താവ് റോബര്‍ട്ട് ഗിബ്‌സും എഴുതി തയ്യാറാക്കിയ വാക്കുകളായിരുന്നു. ഒബാമ ഭരണകൂടത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാധീനം ഉപയോഗിച്ച് മുബാറക്കിനെ പുറത്താക്കാനാണ് ശ്രമിക്കേണ്ടതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് അഭിപ്രായപ്പെട്ടു. ഒരോ വര്‍ഷവും ഒരു ബില്യണ്‍ ഡോളറാണ് ഈജിപ്തിന് സൈനിക സഹായമായി അമേരിക്ക നല്‍കുന്നത്. ഈ സ്വാധീനവും മുബാറക്കിനെ പുറത്താക്കാന്‍ ഉപയോഗിക്കണമെന്ന് വാഷിംഗ്ടണ്‍ പോസ്റ്റില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയല്‍ വ്യക്തമാക്കുന്നു.

ആസന്നമായ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തതില്‍ മാത്രമാണ് തനിക്ക് മുബോറക്കിനോട് വിഷമമുള്ളതെന്നും മറ്റെല്ലാകാര്യങ്ങളിലും മുബാറക്കിന് ഒപ്പമാണ് താനെന്നും ഒബാമ തന്റെ സന്ദേശത്തില്‍ വ്യക്തമാക്കുന്നു. ഒബാമയുടെ നിലപാട് യാഥാര്‍ഥ്യത്തിന് നിരക്കുന്നത് അല്ലെന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് വിലയിരുത്തിയത്. ഇത് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജോ ബിഡന്‍ റേഡിയോവിലൂടെ നടത്തിയ അഭിപ്രായപ്രകടനം അടിവരയിടുന്നു. താന്‍ ഒരിക്കലും ഹോസ്‌നി മുബാറക്കിനെ സ്വേച്ഛാധിപതി എന്ന് വിളിക്കില്ല അതുകൊണ്ടുതന്നെ അദ്ദേഹം രാജിവെയ്‌ക്കേണ്ട സാഹചര്യം ഉണ്ടെന്ന് കരുതുന്നില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഒബാമ സര്‍ക്കാര്‍ ഈജിപ്തിലെ മുബാറക്ക് സര്‍ക്കാരിന് നല്‍കുന്ന എല്ലാ സഹായങ്ങളും അവസാനിപ്പിക്കണമെന്നാണ് വിവിധ ലോകരാജ്യങ്ങള്‍, പ്രത്യേകിച്ചും അറബ് സമൂഹം ആവശ്യപ്പെടുന്നത്. ഇതിനിടെ ഈജിപ്തില്‍ ഒന്നും സംഭവിക്കുന്നില്ല എന്ന രീതിയില്‍ മുബാറക്ക് പെരുമാറരുതെന്ന് അമേരിക്കന്‍ സര്‍ക്കാര്‍ മുബാറക്കിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈജ്പ്തിന്റെ കാര്യത്തില്‍ രണ്ട് ദുര്‍ബലമായ നിലപാടുകള്‍ മാത്രമാണ് ഒബാമ ഭരണകൂടത്തിന് സ്വീകരിക്കാന്‍ കഴിയുന്നതെന്ന് ഫോക്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഈജിപ്തിലെ നിലവിലുള്ള ഭരണ സമ്പ്രദായത്തില്‍ ആഭ്യന്തര മാറ്റങ്ങള്‍ വരുത്തുക. കൂടാെത ആശാസ്യമല്ലാത്തത് ഒന്നും സംഭവിച്ചിട്ടില്ല എന്ന രീതിയില്‍ പെരുമാറുക. ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങള്‍ അമേരിക്കന്‍ ഭരണകൂടം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഓരോ വര്‍ഷവും സൈനിക, സിവിലിയന്‍ സഹായങ്ങളായി 1.5 ബില്യണ്‍ ഡോളറാണ് ഈജിപ്തിന് നല്‍കുന്നത്. അമേരിക്കന്‍ വാര്‍ത്താ ഏജന്‍സികള്‍ ഈജിപ്തിലെ സംഭവ വികാസങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യം ഭരണകൂടത്തിന് കടുത്ത തലവേദനായണ് സൃഷ്ടിക്കുന്നത്.

മുബാറക്ക് പുറത്തായാല്‍ അമേരിക്കയ്ക്കും തങ്ങളുടെ സഖ്യകക്ഷിയായ ഇസ്രായേലിനും കെയ്‌റോയില്‍ പുതുതായി അധികാരത്തിലെ മുസ്ലിം ഭരണാധികാരികളെ നേരിടേണ്ടിവരും. കൂടാതെ വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പാശ്ചാത്യ വിരുദ്ധ വികാരം ഉടലെടുക്കുമെന്നും ഫോക്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ 30 വര്‍ഷമായി അമേരിക്ക തീറ്റിപോറ്റുന്നത് കപടമായ ഒരു കുതിരയെയാണെന്ന് അമേരിക്കന്‍ ചാരസംഘടനയായ സി ഐ എ യുടെ മുന്‍ മേധാവി മൈക്കേല്‍ ഷൂഡറിനെ ഉദ്ധരിച്ച് ഫോക്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം ഈജിപ്തിലെ ജനങ്ങള്‍ മറന്നാല്‍ ഒരു സ്വേച്ഛാധിപതിയെ പോറ്റിയതിന്റെ പാപത്തില്‍ നിന്ന് ഒഴിയാമെന്നും ഷൂഡറിനെ ഉദ്ധരിച്ച് ഫോക്‌സ് വാര്‍ത്താ ഏജന്‍സി വ്യക്തമാക്കുന്നു. ഈജിപ്തില്‍ രാഷ്ടീയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിന് മുബാറക്ക് സ്ഥാനമൊഴിയണമെന്നുമാണ് അന്താരാഷ്ട്ര സമൂഹം സമ്മര്‍ദ്ദം ചെലുത്തുന്നത്. കഴിഞ്ഞ അഞ്ച് ദിവസങ്ങളായി ഈജിപ്തില്‍ നടക്കുന്ന പ്രതിഷേധത്തിന്റെ ഫലമായാണ് ഇപ്പോഴുണ്ടായിരിക്കുന്ന സമ്മര്‍ദ്ദം. ഈജിപ്തിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചും ഇപ്പോഴുണ്ടായ അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനും മുബാറക്ക് രാജിവെയ്ക്കാന്‍ തയ്യാറാകാണമെന്നാണ് വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളായ നിക്കൊളാസ് സര്‍ക്കോസി, ഏന്‍ജല മെര്‍ക്കല്‍, ഡേഡിഡ് കാമറൂണ്‍ എന്നിവര്‍ ആവശ്യപ്പെടുന്നത്. ജനങ്ങള്‍ തെരുവിലിറങ്ങി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മുബാറക്ക് തയ്യാറാകണമെന്ന് ഇറാനും ആവശ്യപ്പെട്ടു. ഈജിപ്തില്‍ ഇപ്പോഴുണ്ടായ അക്രമങ്ങള്‍ രാജ്യത്തിന്റെ ഭദ്രതയേയും സുരക്ഷിതത്വത്തേയും പ്രതികൂലമായി ബാധിക്കുമെന്ന് സൗദി ഭരണാധികാരി അബ്ദുള്ള രാജാവും വ്യക്തമാക്കിയിരിക്കുന്നു. അല്ലെങ്കില്‍ അഭിപ്രായ സ്വാതന്ത്ര്യമെന്ന പേരില്‍ വൈദേശിക നുഴഞ്ഞുകയറ്റം ഉണ്ടാകുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇക്കാര്യങ്ങള്‍ മുബാറക്കിനെ സൗദ് രാജാവ് ടെലിഫോണിലൂടെ അറിയിച്ചതായി സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ജനുവരി 31

ഈജിപ്തില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍മൂലം ഇസ്ലാമികരുടെ കയ്യില്‍ അധികാരം അകപ്പെടുമെന്ന് ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതാന്യഹു ഭയപ്പെടുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഈ ആശങ്ക മറ്റ് ചില ലോക രാജ്യങ്ങളുടെ നേതാക്കളുമായി അദ്ദേഹം പങ്കുവച്ചു. സിനായ് ഉപദ്വീപില്‍ സൈന്യത്തെ വിന്യസിക്കാന്‍ ഈജിപ്തിനെ അനുവദിച്ച കാര്യത്തില്‍ അഭിപ്രായം പറയാന്‍ നെതാന്യഹു തയ്യാറായിട്ടില്ല. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ആദ്യമായാണ് ഇസ്രായേല്‍ ഇത്തരത്തില്‍ ഈജിപ്തിന് അനുമതി നല്‍കിയത്. സിനായ് ഉപദ്വീപിന്റെ കാര്യത്തില്‍ 1979 ല്‍ ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ സമാധാന ഉടമ്പടി ലംഘിച്ചിതിന ്‌ശേഷം ആദ്യമായാണിത്. പാശ്ചാത്യ ശക്തികളായ അമേരിക്കയും ജര്‍മ്മനിയും അറബ് രാജ്യങ്ങളുടെ നേതാക്കളുമായി ഉറ്റ ബന്ധം പുലര്‍ത്തുന്നതായുള്ള വിമര്‍ശനം നിലനില്‍ക്കുമ്പോഴും ഈജിപ്തിനെ തള്ളിപ്പറയാന്‍ ഇവര്‍ തയ്യാറല്ല. ഈജിപ്തിനെ ഉപേക്ഷിക്കാന്‍ തയ്യാറല്ല എന്ന ജര്‍മന്‍ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന ഇതിന് ഉദാഹരണമാണ്. കഴിഞ്ഞ സെപ്റ്റംബറിന് ശേഷം ഇസ്രായേല്‍ പലസ്തീന്‍ സമാധാന ചര്‍ച്ചകള്‍ നിലച്ച സ്ഥിതിയാണ്. പലസ്തീന്‍ മേഖലയില്‍ ജൂത കോളനികള്‍ സ്ഥാപിക്കാനുള്ള ഇസ്രായേലിന്റെ നടപടിയാണ് ചര്‍ച്ചകള്‍ നിലയ്ക്കാനുള്ള കാരണം. മുബാറക്കിന്റെ ഭരണത്തെ അനുകൂലിക്കുന്ന നിലപാടാണ് ഇസ്രായേല്‍ സ്വീകരിക്കുന്നത്. മതഭ്രാന്തന്‍മാരുടെ ഭരണത്തേക്കാള്‍ മികച്ചതാണ് ജനാധിപത്യത്തിന്റെ അഭാവമെന്നാണ് ഇസ്രായേല്‍ ആഭ്യന്തര വകുപ്പ് മേധാവി സൈമണ്‍ പെറസ് പറഞ്ഞത്. ഈജിപ്തിലെ ജനങ്ങള്‍ മുബാറക്കിന്റെ ഭരണത്തെ അവസാനിപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇസ്രയേലിന്റെ ഇത്തരത്തിലുള്ള പ്രതികരണം. ഈജിപ്തിന്റെ ഭരണ സ്ഥിരത ഇസ്രായേലിന്റെ നിലനില്‍പ്പിന് ആവശ്യമെന്ന് ചൂണ്ടിക്കാട്ടി വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍ക്ക് ഇസ്രയേല്‍ സര്‍ക്കാര്‍ കത്തെഴുതിയത് ഈ വാദത്തെ ശരിവയ്ക്കുന്നു. മൂബാറക്കിന്റെ ഭരണം തകര്‍ന്നാല്‍ ഈജിപ്തുമായി ഇസ്രായേല്‍ 1978ല്‍ ഒപ്പിട്ട ക്യാമ്പ ഡേവിഡ് കരാറും 1979ല്‍ ഒപ്പിട്ട ഉഭയകക്ഷി കരാറും പാരജയപ്പെടും. ഇസ്രായേലിന്റെ തെക്കന്‍ അതിര്‍ത്തിയിലെ സമാധാനത്തിന്റെ കാവല്‍ക്കാരനായാണ് മുബാറക്കിനെ ഇസ്രായേല്‍ കാണുന്നത്. ഗാസാ മുനമ്പിനെ ഹമാസില്‍ നിന്നും വേര്‍തിരിക്കുന്നതിന് മുബാറക്കിന്റെ നിലപാടുകള്‍ സഹായകരമാണ്. ഈജിപ്തില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങളുടെ ചുവടുപിടിച്ച് ടുണീഷ്യയിലും ജോര്‍ദ്ദാനിലും സമാന ആവശ്യങ്ങള്‍ ഉന്നയിച്ച് ജനങ്ങള്‍ തെരുവിലിറങ്ങുന്നു. ഈജിപ്തിനൊപ്പം ഇസ്രായേലിനെ ന്യായീകരിക്കുന്ന ജോര്‍ദ്ദാന്‍ രാജാവ് അബ്ദുള്ളയക്കും ഇത് കടുത്ത ഭീഷണിയാകുമെന്നും ഇസ്രായേല്‍ ഭയപ്പെടുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒമര്‍ സുലൈമാനെ ഈജിപ്തിന്റെ വൈസ് പ്രസിഡന്റ് ആക്കാനുള്ള മുബാറക്കിന്റെ തീരുമാനത്തെ ഇസ്രായേല്‍ സ്വാഗതം ചെയ്യുന്നത്. ഈജിപ്റ്റില്‍ ഇപ്പോഴുണ്ടായിട്ടുള്ള സംഭവ വികാസങ്ങള്‍ മുബാറക്കിന്റെ തുടര്‍ച്ചയെ അനുവദിക്കില്ല. ഇതിന്റെ ഭാഗമായി കെയ്‌റോ ആസ്ഥാനമാക്കിയുള്ള ഇസ്രായേലിന്റെ പ്രവര്‍ത്തനങ്ങളും അവതാളത്തിലാകും. ഇന്ന് ലോകം മൂന്ന് പ്രശ്‌നങ്ങളാണ് പ്രധാനമായും നേരിടുന്നത്- ആഗോള താപനം, ഭക്ഷ്യസുരക്ഷാ പ്രശ്‌നങ്ങള്‍, രാഷ്ട്രീയ പ്രശ്‌നങ്ങള്‍. ഇതിനെ രൂക്ഷമാക്കുന്ന മറ്റ് അപകടങ്ങളും. യുദ്ധ കെടുതികള്‍ യാഥാര്‍ഥ്യമാണ്. ഇതിനെ നേരിടാനുള്ള ആര്‍ജ്ജവം രാഷ്ട്രീയ നേതാക്കള്‍ പ്രകടിപ്പിക്കുമോ? അറിയില്ല. മനുഷ്യ വര്‍ഗത്തിന്റെ വിധി ഇതുമായി ബന്ധപ്പെട്ട നിലപോടുകളെ ആസ്പദമാക്കിയാണ്.

*
ഫിഡല്‍ കാസ്‌ട്രോ കടപ്പാട്: ജനയുഗം 06 ഫെബ്രുവരി 2011

Saturday, November 27, 2010

ആത്മ മിത്രങ്ങളായ ഇന്ത്യയും ഇസ്രായേലും

കേന്ദ്ര സഹമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഫെബ്രുവരി 19-ാം തീയതി ഇസ്രായേല്‍ സന്ദര്‍ശനവേളയില്‍ ഇന്ത്യ - ഇസ്രായേല്‍ ബന്ധത്തെ വിശേഷിപ്പിച്ചത്, "രണ്ട് ആത്മാക്കള്‍ (two souls) തമ്മിലുള്ള ബന്ധ''മെന്നാണ്. ഇസ്രായേലിന്റെ ആഭ്യന്തര സുരക്ഷാസംവിധാനങ്ങള്‍ അത്യാധുനികമാണെന്നും "നിങ്ങളുടെ അനുഭവങ്ങള്‍ ഞങ്ങള്‍ക്കു പ്രയോജനപ്പെടുമെന്നും'', സിന്ധ്യ പ്രസ്താവിച്ചു. "ശക്തമായ മൌലിക പ്രമാണങ്ങളെ അടിസ്ഥാനമാക്കി നാം സുഹൃദ് രാജ്യങ്ങളും തന്ത്രപര പങ്കാളികളുമാണ്'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "ഭീകരതയുടെ അപകടത്തെ നേരിടാന്‍ നാം പൂര്‍ണമായി സഹകരിക്കണം''.

കേന്ദ്രമന്ത്രിയും ഇസ്രായേല്‍ പ്രസിഡന്റ് ഷിമോണ്‍ പെരസുമായി നടന്ന സംഭാഷണവേളയില്‍ പെരസ് പറഞ്ഞു, "ഇന്ത്യയുടെ സുരക്ഷ ഇസ്രായേലിന് അതിന്റെ സ്വന്തം സുരക്ഷയെപ്പോലെ പ്രാധാന്യം അര്‍ഹിക്കുന്നു''.

ഇസ്രായേലിന്റെ രൂപീകരണത്തെ ഐക്യരാഷ്ട്ര സമിതിയില്‍ എതിര്‍ത്ത ഇന്ത്യ, ഇസ്രായേലുമായി 1948 മുതല്‍ 1992 വരെ നയതന്ത്രബന്ധമില്ലാതിരുന്ന ഇന്ത്യ, എപ്പോഴാണ്, എങ്ങനെയാണ് ഇസ്രായേലിന്റെ ആത്മ സുഹൃത്തും, ഏറ്റവും വലിയ ആയുധ വ്യാപാര പങ്കാളിയുമായത്? ഇതിന് ഉത്തരം അന്വേഷിക്കുമ്പോഴാണ് ഇന്ത്യയുടെ വിദേശനയത്തിലുണ്ടായ മൌലികമായ മാറ്റം നാം മനസ്സിലാക്കുന്നത്. ഇസ്രായേലുമായി പ്രതിരോധ, സൈനിക, ഇന്റലിജന്‍സ്, സുരക്ഷാതലങ്ങളില്‍ ശക്തമായ ബന്ധങ്ങള്‍ ഉണ്ടാക്കിയത് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ഗവണ്‍മെന്റാണ്. ഇതുണ്ടായത് അമേരിക്കയുമായുള്ള ബന്ധത്തിന്റെ ചട്ടക്കൂടിലായിരുന്നു. എന്‍ഡിഎ സര്‍ക്കാരാണല്ലോ ഇന്ത്യയെ അമേരിക്കയുടെ വിനീത വിധേയനാക്കിയത്.

വിദേശനയത്തില്‍ എന്‍ഡിഎ സര്‍ക്കാരിന്റെ നയം തുടര്‍ന്ന യുപിഎ സര്‍ക്കാര്‍ ഇന്ത്യയെ അമേരിക്കയുടെ മുമ്പില്‍ കൂടുതല്‍ വിനീത വിധേയനാക്കുകയായിരുന്നു.

2003ല്‍ അമേരിക്ക ഇറാഖില്‍ ആക്രമണം നടത്തി രണ്ടുമാസം കഴിയുന്നതിനുമുമ്പ് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍ഡിഎ സര്‍ക്കാര്‍) ബ്രജേഷ് മിശ്ര ഇന്ത്യ - യുഎസ് - ഇസ്രായേല്‍ സഖ്യത്തിന് ആഹ്വാനം ചെയ്തു. അമേരിക്കന്‍ ജൂത കമ്മിറ്റി (American Jewish Committee) യുടെ വാര്‍ഷിക വിരുന്നില്‍ ചെയ്ത പ്രസംഗത്തിലായിരുന്നു മിശ്രയുടെ ആഹ്വാനം. സെപ്തംബര്‍ പതിനൊന്നിനെ തുടര്‍ന്നുണ്ടായ ഭീകരവാദവിരുദ്ധ യുദ്ധത്തിന്റെ അനുകൂല കാലാവസ്ഥ, ഇന്ത്യയും ഇസ്രായേലുമായുള്ള സുരക്ഷാബന്ധത്തെ, ഇന്ത്യ - അമേരിക്ക തന്ത്രപരപങ്കാളിത്തത്തിന്റെ ചട്ടക്കൂടില്‍ തന്നെ ഒരു തന്ത്രപര സഖ്യമായി വളര്‍ത്തിയെടുക്കുകയായിരുന്നു.

1998ല്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ്, ഇന്ത്യ - ഇസ്രായേല്‍ ബന്ധങ്ങളില്‍ സമൂല പരിവര്‍ത്തനം ഉണ്ടായത്. സംഘപരിവാറിനോടൊപ്പം, ബിജെപിയും അതിനുമുമ്പ് ജനസംഘവും, കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അറബി രാഷ്ട്രങ്ങള്‍ക്ക് അനുകൂലമായ വിദേശനയം സ്വീകരിച്ചിരുന്നതിനെ വിമര്‍ശിച്ചിരുന്നു. 2000ല്‍ ആഭ്യന്തരമന്ത്രി എല്‍ കെ അദ്വാനിയും, വിദേശകാര്യമന്ത്രി ജസ്വന്ത് സിംഗും ഇസ്രായേല്‍ സന്ദര്‍ശിച്ചു. അവരുടെ പ്രസ്താവനകള്‍ പ്രത്യയശാസ്ത്രപരമായി അവര്‍ ഇസ്രായേലിനെ പിന്താങ്ങുന്നതായി വ്യക്തമാക്കി.

"2001 സെപ്തംബര്‍ 11ലെ ആക്രമണങ്ങള്‍ക്കുശേഷം, ഭീകരവാദവിരുദ്ധ യുദ്ധത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വാഷിംഗ്ടണുള്ള സഖ്യകക്ഷികള്‍ ഇസ്രായേലും ഇന്ത്യയും ടര്‍ക്കിയും മാത്രമാണ്''എന്ന്, വോള്‍സ്ട്രീറ്റ് ജേര്‍ണല്‍ (Wall Street Journal) പ്രാധാന്യം നല്‍കി പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ പറഞ്ഞിരുന്നു. ടര്‍ക്കി ജനാധിപത്യത്തിലേക്ക് നീങ്ങിയത്, അമേരിക്കയുടെ നയവിദഗ്ധര്‍ക്ക് കടുത്ത നിരാശയുണ്ടാക്കിയപ്പോള്‍, ഇസ്രായേലും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഖ്യത്തെ കൂടുതല്‍ ശക്തമാക്കാന്‍ ശ്രമിച്ചത്, ഇറാഖിനെ ആക്രമിക്കണമെന്ന് ബുഷ് ഭരണകൂടത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയ അതേ ശക്തികള്‍ തന്നെയായിരുന്നു.

ഇസ്രായേല്‍ - ഇന്ത്യ സഖ്യത്തെ ഇസ്രായേലി പരിപ്രേക്ഷ്യത്തില്‍ എങ്ങനെ കാണണമെന്ന് വെളിവാക്കുന്നതായിരുന്നു, 2003 ഫെബ്രുവരി 28-ാം തീയതി 'ജറുശലേം പോസ്റ്റ്' ദിനപത്രത്തില്‍ പ്രൊഫ. മാര്‍ട്ടിന്‍ ഷെര്‍മാന്‍ എഴുതിയ ലേഖനം. "ഇന്ത്യയും ഇസ്രായേലും സുശക്തമായ ഒരു തന്ത്രപരസഖ്യം വാര്‍ത്തെടുക്കുന്നു''വെന്നായിരുന്നു ലേഖനത്തിന്റെ തലക്കെട്ട്. "സമുദ്രാധിഷ്ഠിത പ്രതിരോധ കഴിവ് വികസിപ്പിക്കാന്‍ ഇസ്രായേല്‍ ആഗ്രഹിക്കുന്നതിനാല്‍ ഇന്ത്യയുമായുള്ള സഖ്യം പ്രാധാന്യമര്‍ഹിക്കുന്നു. ഇസ്രായേലിന്റെ ഭൂപ്രദേശത്തിന്റെ പരിമിതി കണക്കിലെടുക്കുന്ന സുരക്ഷാനേതൃത്വം സമുദ്രാധിഷ്ഠിത പ്രതിരോധത്തിന്റെ നിര്‍ണായക പ്രാധാന്യത്തെപ്പറ്റി വര്‍ദ്ധമാനമായ ബോദ്ധ്യമുള്ളവരാണ്. ഈ പ്രദേശത്തുള്ള മറ്റു രാജ്യങ്ങള്‍ ആധുനിക ആയുധങ്ങള്‍ സ്വായത്തമാക്കുന്നതോടെ, കരയിലെ സൈനികസംവിധാനത്തിന്റെ ബലഹീനത വര്‍ദ്ധിക്കുന്നു. അതുകൊണ്ട് ഇസ്രായേലിന്റെ പ്രതിരോധവീക്ഷണത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന് അതീവ പ്രാധാന്യം കല്‍പിക്കപ്പെടുന്നു. സമുദ്രത്തിലുള്ള പ്രതിരോധ സൌകര്യങ്ങള്‍ക്ക് ഇന്ത്യയുടെ നാവികസേനയുമായുള്ള സഹകരണം നിര്‍ണ്ണായകമാണ്'', ഷെര്‍മാന്‍ എഴുതി.

2004ല്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അത് ഇസ്രായേലുമായുള്ള പ്രതിരോധ, ഇന്റലിജന്‍സ് ബന്ധങ്ങള്‍ തുടരുകയും, ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് വ്യക്തമായിരുന്നു. പലസ്തീനെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെ പിന്തുണയെപ്പറ്റിയുള്ള പ്രസ്താവനകള്‍ കൂടുതല്‍ ഉച്ചത്തിലും, കൂടുതല്‍ തവണയും യുപിഎ ഗവണ്‍മെന്റ് ആവര്‍ത്തിക്കുന്നതായി തോന്നി. യാസര്‍ അറഫാത്ത് ജീവിച്ചിരിക്കുന്നിടത്തോളം കാലം അദ്ദേഹത്തിനു പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസിനു ബാദ്ധ്യതയുണ്ടെന്ന വീക്ഷണഗതിയുമായി ബന്ധപ്പെട്ടായിരുന്നു പലസ്തീനുള്ള പിന്തുണയുടെ പ്രകടനം. പക്ഷേ, ഇന്ത്യയുടെ ഇസ്രായേല്‍ ബന്ധം പലസ്തീന്‍ താല്‍പര്യങ്ങള്‍ക്കു ഹാനികരണമാണെന്ന് അംഗീകരിക്കാന്‍ യുപിഎ ഗവണ്‍മെന്റും തയ്യാറായില്ല.

യുപിഎ ഗവണ്‍മെന്റിന്റെ ആദ്യ ദിനങ്ങളില്‍ തന്നെ, പ്രതിരോധ മന്ത്രി പ്രണബ് മുഖര്‍ജി, ഇസ്രായേലുമായുള്ള വര്‍ദ്ധമാനമായ പ്രതിരോധബന്ധങ്ങളെ കൂടുതല്‍ ശക്തമാക്കുമെന്ന് വ്യക്തമാക്കി. "നമുക്ക് വിഭിന്ന അഭിപ്രായങ്ങളുണ്ടാകാം. പക്ഷേ നമ്മുടെ രാജ്യത്തിന്റെ സുരക്ഷയുടെ കാര്യത്തില്‍ നമുക്ക് ഏകാഭിപ്രായമാണ്''. ബിജെപിയുടെ പ്രത്യയശാസ്ത്രമൂശയില്‍ വാര്‍ത്തെടുത്ത ഇന്ത്യ - ഇസ്രായേല്‍ ബന്ധത്തിലെ പ്രതിമാനങ്ങളെല്ലാം പുതിയ ഭരണാധികാരികള്‍ക്കു സ്വീകാര്യമായിരുന്നു.

ഇന്ത്യ - ഇസ്രായേല്‍ ബന്ധ കാര്യങ്ങളില്‍ വിദഗ്ദ്ധനായ പി ആര്‍ കുമാരസ്വാമി എഴുതി: (Asia Time Online, March 11, 2005) "ഏതാനും ആഴ്ചകളിലെ ആകാംക്ഷയ്ക്കും, അനിശ്ചിതത്തിനുംശേഷം, ഇന്ത്യ - ഇസ്രായേല്‍ ബന്ധം വീണ്ടും നേര്‍പാതയിലാണെന്നു തോന്നുന്നു. അടുത്തയിട വര്‍ദ്ധമാനമായ സമ്പര്‍ക്കങ്ങള്‍, മുമ്പ് അധികാരത്തിലിരുന്ന വലതുപക്ഷ ഗവണ്‍മെന്റിന്റെ ഇസ്രായേല്‍ പക്ഷ നയങ്ങളെ അന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നെങ്കിലും, ഇസ്രായേലുമായുള്ള പുതിയ ബന്ധം തുടരുന്നതിന്റെ ആവശ്യകത ഇന്ന് കോണ്‍ഗ്രസ് കക്ഷി അംഗീകരിക്കുന്നുവെന്ന് തെളിയിക്കുന്നു. ഇന്ത്യയുടെ മദ്ധ്യപൂര്‍വേഷ്യന്‍ നയത്തിലുള്ള സ്ഥാനത്തെപ്പറ്റി ന്യൂഡല്‍ഹിയില്‍ എന്തെങ്കിലും സംശയങ്ങള്‍ അവശേഷിച്ചിരുന്നെങ്കില്‍, പലസ്തീന്‍ നേതാവ് യാസര്‍ അറഫാത്തിന്റെ നവംബര്‍ മാസത്തെ മരണം അവയെയെല്ലാം ദൂരീകരിച്ചതായി തോന്നുന്നു. ദീര്‍ഘകാലമായി അറഫാത്തുമായി (പലസ്തീന്‍ പ്രശ്നത്തില്‍) താദാത്മ്യം പ്രാപിച്ചിരുന്നെങ്കില്‍, അദ്ദേഹത്തിന്റെ മരണം ഇന്ത്യയെ, പ്രത്യേകിച്ചും കോണ്‍ഗ്രസ് കക്ഷിയെ, പരമ്പരാഗത ബന്ധങ്ങള്‍ തുടരാതെ വിശാലമായ മദ്ധ്യപൂര്‍വദേശത്തെ നോക്കി കാണാന്‍ സഹായിച്ചു''. ഇന്ത്യയുടെ ഇസ്രായേല്‍ ബന്ധത്തെ പിന്താങ്ങുന്ന ഒരു നിരീക്ഷണമാണിത്.

അറഫാത്തിന്റെ മരണം കഴിഞ്ഞ് ഇസ്രായേലുമായുള്ള ബന്ധങ്ങളില്‍ പുതിയ ഒരു മുന്നേറ്റമുണ്ടാക്കാന്‍ യുപിഎ ഗവണ്‍മെന്റ് ശ്രമിച്ചുവെന്നത് അനിഷേധ്യമാണ്. സ്വരത്തിലും, പദപ്രയോഗങ്ങളിലും വ്യത്യാസങ്ങള്‍ കണ്ടുവെങ്കിലും, യഥാര്‍ത്ഥത്തില്‍ പലസ്തീന്‍ പ്രശ്നത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ നിന്നിടത്തുനിന്ന് യുപിഎ സര്‍ക്കാര്‍ ഒട്ടും മുന്നോട്ടുപോയില്ല. പലസ്തീന്‍ ജനതയ്ക്കുള്ള പിന്തുണ വര്‍ദ്ധിപ്പിച്ചുവെന്നതിന് തെളിവൊന്നുമില്ല. പലസ്തീന്‍ പ്രശ്നത്തെപ്പറ്റി പുതിയ അവതരണശൈലി ഉപയോഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നതെന്ന് പറയേണ്ടിയിരിക്കുന്നു. ആയുധവ്യാപാരത്തിലൂടെ ഇന്ത്യ ശക്തമായി പിന്തുണയ്ക്കുന്ന ഇസ്രായേലിന്റെ യുദ്ധസമ്പദ്ക്രമം പലസ്തീന്‍ ജനതയുടെ താല്‍പര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന വസ്തുത അംഗീകരിക്കാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറല്ല.

"ഇസ്രായേലാണ് ഇന്ത്യക്ക് ഏറ്റവും അധികം ആയുധങ്ങള്‍ നല്‍കുന്ന രാജ്യം'' - 2009 ഫെബ്രുവരി 15-ാം തീയതിയിലെ 'ജറുശലേം പോസ്റ്റ്' പ്രാധാന്യം നല്‍കി പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ തലക്കെട്ടാണിത്. അതുവരെ ഈ പദവി റഷ്യക്കായിരുന്നു. റഷ്യയില്‍ നിന്നായിരുന്നു ഇന്ത്യ ഏറ്റവും അധികം ആയുധങ്ങള്‍ വാങ്ങിയിരുന്നത്. "ഇന്ത്യയും ഇസ്രായേലും തമ്മില്‍ ഏറ്റവും അടുത്ത സഹകരണമാണുള്ള''തെന്നും, "ഇസ്രായേലിന്റെ ആയുധ സംവിധാനങ്ങളെയും, ഭീകരതക്കെതിരെയുള്ള യുദ്ധത്തില്‍ ഞങ്ങള്‍ക്കുള്ള അനുഭവങ്ങളെയും ഇന്ത്യക്കാര്‍ ബഹുമാനിക്കുന്നു''വെന്നും ഒരു ഉന്നത പ്രതിരോധ ഉദ്യോഗസ്ഥന്‍ പ്രസ്താവിച്ചതായി "പോസ്റ്റ്'' റിപ്പോര്‍ട്ടു ചെയ്തു.

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധങ്ങളെപ്പറ്റി പറയുമ്പോള്‍, അടിവരയിടേണ്ടത് പ്രതിരോധബന്ധങ്ങള്‍ക്കാണ്. ആയുധ ഇറക്കുമതി, ആയുധ വ്യവസായ സഹകരണം, സൈനിക സാങ്കേതികവിദ്യ, ഇന്റലിജന്‍സ് എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

ആയുധ വ്യവസായമാണ് ഇസ്രായേലിന്റെ ഏറ്റവും വലിയ വ്യവസായം. ആയുധവ്യാപാരമാണ് ഇസ്രായേലിന്റെ സമ്പദ്ക്രമത്തിന്റെ നട്ടെല്ല്. കയറ്റുമതിയില്‍ മൂന്നിലൊന്നോളം വരും ആയുധ കയറ്റുമതി.

ഇസ്രായേലിനെ ഒരു വലിയ സൈനികശക്തിയായി നിലനിര്‍ത്തുന്നതിലും ആ രാജ്യത്തിന്റെ സൈനിക സമ്പദ്ക്രമത്തെ നിലനിര്‍ത്തുന്നതിലും, വളര്‍ത്തുന്നതിലും, അമേരിക്കയും ബ്രിട്ടനും കഴിഞ്ഞാല്‍ അടുത്ത സ്ഥാനം ഇന്ത്യക്കാണെന്ന് പാശ്ചാത്യ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. അമേരിക്കയില്‍നിന്ന് ഇസ്രായേലിന് ലഭിക്കുന്ന വാര്‍ഷിക സൈനിക സഹായം 350 കോടി ഡോളറാണ്; ഏകദേശം 17500 കോടി രൂപ. ഇന്ത്യ ഇസ്രായേലില്‍ നിന്നു വാങ്ങുന്ന ആയുധങ്ങളുടെ വിലയുടെ വാര്‍ഷിക ശരാശരി 150 കോടി ഡോളറാണ്; 7500 കോടി രൂപ.

ഇസ്രായേലിന്റെ ആയുധ ഉല്‍പാദനത്തിന്റെ മൂന്നിലൊന്നു മാത്രമേ ഇസ്രായേലി സൈന്യത്തിന് ആവശ്യമുള്ളൂ. ബാക്കിയുള്ള മൂന്നില്‍ രണ്ടില്‍ ഗണ്യമായ ഭാഗം ഇപ്പോള്‍ കയറ്റുമതി ചെയ്യുന്നത് ഇന്ത്യയിലേക്കാണ്. ഇസ്രായേലിന്റെ ആയുധ വ്യവസായം ആയുധ കയറ്റുമതിയെ ആശ്രയിച്ചിരിക്കുന്നു. ഇസ്രായേലിന്റെ ആയുധ വ്യവസായത്തിന്റെ നിലനില്‍പും വളര്‍ച്ചയും ഉറപ്പാക്കുന്നത് ഇന്ത്യയാണ്. അതുകൊണ്ടാണ് പലസ്തീന്‍കാര്‍ക്കെതിരെ ഉപയോഗിക്കുന്ന ആയുധങ്ങള്‍ക്ക് ഇന്ത്യ സബ്സിഡി നല്‍കുന്നുവെന്ന് പറയുന്നത് ശരിയാവുന്നത്. കാര്‍ഗില്‍ യുദ്ധകാലം മുതല്‍ കഴിഞ്ഞ വര്‍ഷം വരെ ഇന്ത്യ 800 കോടി ഡോളറിന്റെ ആയുധങ്ങള്‍ ഇറക്കുമതി ചെയ്തു. (45000 കോടി രൂപ). ഇസ്രായേലിന്റെ സൈനിക സമ്പദ്ക്രമം വളര്‍ത്തുന്നതില്‍ ഇന്ത്യയുടെ പങ്ക് ഇതു വെളിവാക്കുന്നു.

ഇസ്രായേലിന്റെ പ്രതിരോധ കയറ്റുമതിയുടെ ചുമതലയുള്ള 'സബിറ്റി'ന്റെ മേധാവി യഹൂദ് ഷാഹി ഒരു ഇന്ത്യന്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യയുമായുള്ള പ്രതിരോധ ബന്ധങ്ങള്‍ക്ക് ഇസ്രായേല്‍ എത്രമാത്രം പ്രാധാന്യം നല്‍കുന്നുവെന്ന് ചൂണ്ടിക്കാണിക്കുകയുണ്ടായി. ആയുധവ്യാപാരം, ഗവേഷണ വികസന പദ്ധതികള്‍, മിസൈല്‍ സംവിധാനങ്ങള്‍, സംയുക്ത സംരംഭങ്ങള്‍ എന്നിവയെല്ലാം എടുത്തു പറഞ്ഞ ഷാഹി, ഇന്ത്യയുമായി ഇസ്രായേലിന് സവിശേഷമായ ഒരു പ്രതിരോധ ബന്ധമാണുള്ളതെന്ന് വ്യക്തമാക്കി. അടുത്തയിടെ സംയുക്ത ആയുധ ഉല്‍പ്പാദനത്തിലേക്ക് അത് തിരിഞ്ഞിരിക്കുകയാണ്. ഒട്ടനവധി പദ്ധതികള്‍ ഉണ്ട്.

ഇസ്രായേലുമായി ഇന്ത്യയ്ക്കുള്ള പ്രതിരോധ ഇടപാടുകളൊന്നും സുതാര്യമല്ല. പലതും രഹസ്യകരാറുകളുടെ അടിസ്ഥാനത്തിലാണ്. മിക്കപ്പോഴും ഇസ്രായേലി മാധ്യമങ്ങളില്‍ നിന്നാണ് ഇതേപ്പറ്റിയൊക്കെയുള്ള വിവരങ്ങള്‍ ലഭിക്കുന്നത്.

2009 ഏപ്രിലില്‍ ഉണ്ടാക്കിയ മിസൈല്‍ കരാര്‍ ഇതിന് ഉദാഹരണമാണ്. ഇന്ത്യാ ഗവണ്‍മെന്റും ഇസ്രായേലിലെ ആയുധ കമ്പനിയായ "ഇസ്രായേലി ഏറോസ്പേസ്'' (ഐഎഐ) യാണ് കരാറുണ്ടാക്കിയത്. 7500 കോടി രൂപയുടെ ഇടപാടാണ് ഇത്. ഇവിടെ എടുത്തുപറയേണ്ട കാര്യം ഐഎഐ എന്ന കമ്പനി ഇസ്രായേലിലും ഇന്ത്യയിലും അഴിമതി അന്വേഷണത്തിന് വിധേയമാണെന്നുള്ളതാണ്. ഈ ഇടപാടില്‍ ഇന്ത്യ ഒപ്പിട്ടത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പി (2009)നു രണ്ടു ദിവസം മുമ്പായിരുന്നു. ഇത് രഹസ്യമായി സൂക്ഷിക്കാനാണ് ഇന്ത്യാ ഗവണ്‍മെന്റ് ശ്രമിച്ചത്. ഇസ്രായേലില്‍ തന്നെ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഐഎഐ തന്നെ വിവരങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു.

ഐഎഐ അന്വേഷണ വിധേയമായിരിക്കുന്നിടത്തോളം കാലം, ആ കമ്പനിയുമായി കരാറുകളുണ്ടാക്കരുതെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശത്തെ അവഗണിച്ചായിരുന്നു ഈ ഇടപാട്. തെരഞ്ഞെടുപ്പുകാലത്ത് ഇതേപറ്റിയുണ്ടായ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ പ്രതിരോധ മന്ത്രി എ കെ ആന്റണിക്ക് കഴിഞ്ഞില്ല. ഈ കരാറിന്റെ ഫലമായി രണ്ട് ഇടനിലക്കാര്‍ക്ക് 9% കമ്മീഷന്‍ ലഭിച്ചുവെന്നും, അവരുടെ പേരുകള്‍ സുധീര്‍ ചൌധരി, സുരേഷ് നന്ദ എന്നാണെന്നും ഇസ്രയേലി പത്രമായ 'ഹാരട്സ്' വെളിപ്പെടുത്തി. ഗവണ്‍മെന്റ് നേരിട്ടു നടത്തുന്ന ഇടപാടുകളില്‍ കമ്മീഷന്‍ പാടില്ല എന്ന നിബന്ധനയും ഇവിടെ ലംഘിക്കപ്പെട്ടു.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സഹകരണത്തിന് പുതിയ ഒരു മേഖലയുണ്ട്: ബഹിരാകാശം. 2008 ജൂണ്‍ മൂന്നാം വാരത്തില്‍ ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) ഇസ്രായേലിന്റെ ഒരു ചാര ഉപഗ്രഹം വിക്ഷേപിച്ചു. ഇന്ത്യയുടെ ആധുനിക ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വാണിജ്യപരമായ ഒരു കരാറാണെന്നായിരുന്നു ഐഎസ്ആര്‍ഒയുടെ വിശദീകരണം. ഇസ്രായേലി മാധ്യമങ്ങളാണ് ഇതിന്റെ തന്ത്രപരപ്രാധാന്യം എടുത്തുകാട്ടിയത്. അങ്ങനെ ഇന്ത്യ വിക്ഷേപിച്ച ഇസ്രായേലിന്റെ ടെക്സാര്‍ ഉപഗ്രഹം ഇന്ത്യ - ഇസ്രായേല്‍ ബന്ധത്തില്‍ ഒരു പുതിയ ഘട്ടത്തിന്റെ ആരംഭം കുറിച്ചു. 'ഇന്റലിജന്‍സ്' ശേഖരിക്കുന്നതില്‍ ഇസ്രായേലിന്റെ കഴിവു വളരെ വര്‍ദ്ധിപ്പിച്ചു; പ്രത്യേകിച്ചും ഇറാനെപ്പറ്റിയുള്ള ടെക്സാറിന്റെ തന്ത്രപര, പ്രതിരോധ പ്രാധാന്യത്തെപ്പറ്റി ഇന്ത്യാ ഗവണ്‍മെന്റ് മൌനം പാലിച്ചു.

2009 ഏപ്രില്‍ 20-ാം തീയതി ഐഎസ്ആര്‍ഒ വേറൊരു ഇസ്രായേലി നിര്‍മ്മിത ഉപഗ്രഹം വിക്ഷേപിച്ചു. ഈ ഉപഗ്രഹം ഇന്ത്യക്കുവേണ്ടിയായിരുന്നു. അതായത് ഇന്ത്യ ഇസ്രായേലില്‍നിന്ന് ഒരു ഉപഗ്രഹം വാങ്ങുകയായിരുന്നു. ഈ ഉപഗ്രഹത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യത്തെപ്പറ്റി ഐഎസ്ആര്‍ഒ ഒന്നും പറഞ്ഞില്ല. ഇസ്രായേലി മാധ്യമങ്ങളാണ് അത് റഡാര്‍ പ്രതിബിംബങ്ങളെടുക്കാന്‍ കഴിവുള്ള ചാരഉപഗ്രഹമാണെന്ന് വെളിപ്പെടുത്തിയത്. 2008 നവംബറില്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണമായിരുന്നു ഇന്ത്യയുടെ ഈ പുതിയ സുരക്ഷാ സംവിധാനത്തിന്റെ പശ്ചാത്തലം.

ഇസ്രായേലുമായുള്ള ഇന്ത്യയുടെ പ്രതിരോധ സഹകരണംപോലെയോ; അതിനേക്കാള്‍ രൂക്ഷമായ വിധത്തിലോ വിമര്‍ശിക്കേണ്ടതാണ് പ്രതിഭീകരതയുടെ പേരിലുള്ള സഹകരണം. കാരണം ഇത് അടിസ്ഥാനപരമായ ചില പ്രശ്നങ്ങള്‍ ഉന്നയിക്കുന്നു.

ഈ ലേഖനത്തിന്റെ ആദ്യഭാഗത്ത് കേന്ദ്രമന്ത്രി സിന്ധ്യ ടെല്‍ അവീവില്‍ ചെയ്ത പ്രസ്താവനയെ പരാമര്‍ശിച്ചിരുന്നല്ലോ. ഇസ്രായേലിന്റെ ആഭ്യന്തര സുരക്ഷാ സംവിധാനങ്ങളെ പ്രശംസിച്ച മന്ത്രി, "ഭീകരതയുടെ അപകടത്തെ നേരിടാന്‍ നാം, ഇന്ത്യാ - ഇസ്രായേല്‍ പൂര്‍ണമായി സഹകരിക്കണമെന്ന്'' പറഞ്ഞു. എന്‍ഡിഎ ഗവണ്‍മെന്റില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ബ്രജേഷ് മിശ്ര ഇന്ത്യാ - ഇസ്രായേല്‍ - യുഎസ് സഖ്യത്തിന് ആഹ്വാനം നല്‍കിയത് ഈ മൂന്നു രാജ്യങ്ങളും ഭീകരതയെന്ന പൊതുശത്രുവിനെ നേരിടുന്നുവെന്ന് പറഞ്ഞാണ്. പലസ്തീന്‍കാരുടെ ചെറുത്തുനില്‍പിനെയാണ് ഭീകരവാദം എന്ന് ഇസ്രായേല്‍ വിശേഷിപ്പിക്കുന്നത്. ഇതിനെതിരെ എന്തു നടപടിയും സ്വീകരിക്കാനുള്ള ലൈസന്‍സായി 'ഭീകരതാവിരുദ്ധയുദ്ധ''ത്തെ ഇസ്രായേല്‍ ഉപയോഗിച്ചു. ഇതിനുള്ള സംവിധാനത്തെയാണോ ഇന്ത്യ പ്രശംസിക്കുന്നത്? ഇസ്രായേലിന്റെ ഈ 'അനുഭവ'മാണോ ഇന്ത്യ പാഠമാക്കുന്നത്?

ഇസ്രായേലിന്റെ ഭീകരവാദ വ്യാഖ്യാനത്തെ എന്‍ഡിഎ ഗവണ്‍മെന്റ് അംഗീകരിച്ചത് യുപിഎ ഗവണ്‍മെന്റുകളും തുടരുകയാണ്. അന്നത്തെ ഇസ്രായേലി വിദേശകാര്യ മന്ത്രി ഷിമോണ്‍ പെരസിന്റെ 2002 ജനുവരിയിലെ ന്യൂഡല്‍ഹി സന്ദര്‍ശനം ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരബന്ധം ഉറപ്പാക്കാനുള്ള അവസരമായിത്തീര്‍ന്നു. പെരസിന്റെ സംഘത്തിലുണ്ടായിരുന്ന ഒരു ഉന്നത ഇസ്രായേലി ഉദ്യോഗസ്ഥന്‍ പറഞ്ഞു: 'ഭീകരവാദത്തിനെതിരെയുള്ള യുദ്ധത്തില്‍ നാം ഒരേ പാളയത്തിലാണ്. അതനുസരിച്ച് നമ്മുടെ ബന്ധം വളര്‍ത്തിയെടുക്കണം'.

പെരസിന്റെ സന്ദര്‍ശന സമയത്ത് ഇന്ത്യയുടെ വിദേശകാര്യ വക്താവ് പ്രസ്താവിച്ചു: 'അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനത്തില്‍നിന്ന് വളരെ നാളായി ക്ളേശം അനുഭവിക്കുന്ന, ഭീകരവാദത്തെ നേരിടുന്നതിലുള്ള ഇസ്രായേലിന്റെ അനുഭവത്തില്‍നിന്ന് പഠിക്കുന്നത്, ഇന്ത്യ കൂടുതല്‍ കൂടുതല്‍ പ്രയോജനകരമായി കാണുന്നു'. പലസ്തീന്‍ വിമോചനസമരത്തെ അതിര്‍ത്തി കടന്നുള്ള ഭീകരവാദമായി കരുതിയ നമ്മുടെ വിദേശകാര്യമന്ത്രാലയത്തിന്റെ വാസ്തവവിരുദ്ധവും അധാര്‍മികവുമായ നിലപാട് പ്രകാശിപ്പിക്കുകയായിരുന്നു വക്താവ്.

ഇന്ത്യയും ഇസ്രായേലുമായുള്ള ബന്ധത്തെപ്പറ്റി പലസ്തീന്‍കാര്‍ക്ക് എതിര്‍പ്പൊന്നുമില്ലെന്ന് ഇന്ത്യാ ഗവണ്‍മെന്റ് ആവര്‍ത്തിച്ച് അവകാശപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ പലസ്തീന്‍ ജനതയുടെ വീക്ഷണം പരിശോധിക്കേണ്ടതുണ്ട്. 2003 മാര്‍ച്ചില്‍ ന്യൂഡല്‍ഹിയില്‍ എത്തിയ പലസ്തീന്‍ വിദേശകാര്യ മന്ത്രി നബില്‍ ഷാത്ത് 'ദി ഹിന്ദു' വിനു നല്‍കിയ അഭിമുഖത്തില്‍ (മാര്‍ച്ച് 24) പലസ്തീന്റെ നിലപാട് വ്യക്തമാക്കി. ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളെ ന്യൂഡല്‍ഹിക്കും, ടെല്‍ അവീവിനും, വാഷിംഗ്ടണുമിടയ്ക്കും ഏകോപിപ്പിക്കുവാനുള്ള ഇന്ത്യയുടെ ശ്രമങ്ങളുമായി ഷാത്ത് വിയോജിപ്പ് പ്രകടിപ്പിച്ചു. "നിങ്ങളുടെ ചില മന്ത്രിമാരുടെ നിലപാട്അതാണെന്ന് എനിക്ക് അറിയാം.... പലസ്തീന്‍ ചെറുത്തുനില്‍പ്പ് മുഴുവന്‍ ഭീകരവാദമാണെന്ന് തോന്നിപ്പിക്കാനാണ് ഇസ്രായേലിന്റെ ശ്രമം. ആ നിലപാടുമായി യോജിക്കുന്നത് നിങ്ങളെ പലസ്തീന്‍ വിരുദ്ധ നിലപാടിലെത്തിക്കുന്നു;'' ഷാത്ത് പ്രസ്താവിച്ചു, ഷാത്തിന്റെ സന്ദര്‍ശനം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ന്യൂഡല്‍ഹിയില്‍ എത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിന് ചുവന്ന പരവതാനി വിരിച്ച ഇന്ത്യാ ഗവണ്‍മെന്റ് "അറഫാത്താണ് ഞങ്ങളുടെ ബിന്‍ലാദന്‍''എന്ന പ്രഖ്യാപനത്തെ പരോക്ഷമായെങ്കിലും അംഗീകരിക്കുകയായിരുന്നു.

യുപിഎ ഗവണ്‍മെന്റ് ഭീകരവാദത്തെപ്പറ്റിയുള്ള ഇസ്രായേല്‍ വ്യാഖ്യാനത്തിലും എന്‍ഡിഎ സര്‍ക്കാരിനെ പിന്തുടര്‍ന്നു. പലസ്തീന്റെ പുതിയ പ്രസിഡന്റ് മഹമൂദ് അബ്ബാസ് 2005 മേയ് മാസത്തില്‍ ന്യൂഡല്‍ഹി സന്ദര്‍ശിച്ചപ്പോള്‍ പശ്ചിമേഷ്യന്‍ നയത്തില്‍ ഒരു പുതിയ തുടക്കത്തിന് ആഗ്രഹമോ, ആലോചനയോ ഇല്ലെന്ന് ഒരിക്കല്‍ കൂടി വ്യക്തമായി. പുതിയ പലസ്തീന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തിനുവേണ്ട പ്രാധാന്യം നല്‍കാതിരുന്നതും, അതില്‍ കാര്യമായ താല്‍പര്യമൊന്നും ഗവണ്‍മെന്റ് പ്രകടിപ്പിക്കാതിരുന്നതും "പലസ്തീന്‍ ജനതയുടെ അവകാശത്തിലുള്ള താല്‍പര്യക്കുറവുകൊണ്ടാണെങ്കില്‍ അത് അക്ഷന്ത്യവുമാണ്, "ദി ഹിന്ദു'' മുഖപ്രസംഗത്തിലെഴുതി. അക്രമം അവസാനിപ്പിക്കണമെന്ന ആഹ്വാനം തികച്ചും അപര്യാപ്തമാണെന്ന് ദിനപത്രം ചൂണ്ടിക്കാണിച്ചു. പലസ്തീന്‍കാരുടെ ചെറുത്തുനില്‍പിനെ ഇസ്രായേലിന്റെ സൈനിക നടപടികളുമായി തുലനം ചെയ്യുന്നുവെന്ന ധാരണയാണ് ഗവണ്‍മെന്റിന്റെ പ്രസ്താവന നല്‍കിയത്. പ്രസ്താവനയില്‍ പ്രശ്നത്തിന്റെ പ്രാഥമിക കാരണമായ "ഇസ്രായേലി അധിനിവേശത്തിന്റെ അപലപനം ഉള്‍പ്പെടുത്തേണ്ടിയിരുന്നു; 'ദി ഹിന്ദു' ചൂണ്ടിക്കാണിച്ചു.

ഭീകരവാദത്തെപ്പറ്റിയുള്ള ഇസ്രായേലിന്റെ വ്യാഖ്യാനം ഇന്ത്യാ ഗവണ്‍മെന്റ് അംഗീകരിക്കുന്നതും, ഇസ്രായേലിന്റെ യുദ്ധ സമ്പദ്ക്രമത്തെ പലസ്തീന്‍ താല്‍പര്യങ്ങളെ ദോഷകരമായി ബാധിക്കുന്ന വിധത്തില്‍ ഇന്ത്യ പിന്താങ്ങുന്നതും ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണ്.

*
ഡോ. നൈനാന്‍ കോശി കടപ്പാട്: ചിന്ത വാരിക 26-11-2010