Showing posts with label ഹിരോഷിമ. Show all posts
Showing posts with label ഹിരോഷിമ. Show all posts

Monday, August 6, 2012

മഹാദുരന്തം ഓര്‍മിപ്പിക്കുന്നത്

ഓരോ യുദ്ധവും തകര്‍ക്കുന്നത് ഇന്നിന്റെ ജീവിതങ്ങള്‍മാത്രമല്ല, നാളെയുടെ പ്രതീക്ഷകളും സ്വപ്നങ്ങളും കൂടിയാണ്. മാനവികതയുടെ ഹൃദയാകാശത്ത് അണുബോംബുകളുടെ അഗ്നിനാളങ്ങള്‍ പറന്നിറങ്ങിയിട്ട് 67 വര്‍ഷം തികയുന്നു. അന്യരാജ്യങ്ങളെ ചൂഷണംചെയ്ത് അവിടത്തെ വിഭവങ്ങളെ വരുതിയില്‍ എത്തിക്കുന്നതിനുള്ള മത്സരബുദ്ധിയായിരുന്നു ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളില്‍ കലാശിച്ചത്. 1945 ആഗസ്ത് ആറിനും ഒന്‍പതിനും മാനവചരിത്രത്തിലെ ഏറ്റവും ക്രൂരവും ഭയാനകവുമായ നരഹത്യ സൃഷ്ടിച്ച് അമേരിക്ക ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും ലോകത്ത് ആദ്യമായി അണുബോംബുകള്‍ വര്‍ഷിച്ചു. ആഗസ്ത് ആറിന് ഹോണ്‍ഷം ദ്വീപിലെ ഹിരോഷിമാ നഗരത്തിന് മുകളില്‍ രാവിലെ 8.15 ന് പറന്നെത്തിയ ഇനോല്‍ ഗേയ് എന്ന വിമാനത്തില്‍നിന്നാണ് ആദ്യത്തെ അണുബോംബ് വീഴുന്നത്. സൂര്യതുല്യം ഉയര്‍ന്നു പൊങ്ങിയ തീക്കുണ്ഡത്തിലും മാരകമായ ആഘാതത്തിലും നഗരം അക്ഷരാര്‍ഥത്തില്‍ നിമിഷനേരംകൊണ്ട് തരിപ്പണമായി. രണ്ടു ദിവസത്തിനുശേഷം ആഗസ്ത് ഒന്‍പതിന് ക്യുഷു ദ്വീപിലെ തുറമുഖനഗരമായ നാഗസാക്കിയിലാണ് ആദ്യത്തേതിനേക്കാള്‍ സംഹാരശേഷിയുള്ള രണ്ടാമത്തെ ബോംബിട്ടത്. ഹിരോഷിമയില്‍ 78,150 പേരും നാഗസാക്കിയില്‍ 73,884 പേരും തല്‍ക്ഷണം കൊല്ലപ്പെട്ടു. അണുപ്രസരണത്തിന്റെ വിപത്തുകളാല്‍ അംഗഭംഗം വന്നവര്‍ക്ക് കണക്കില്ല.

1938 ആഗസ്തില്‍ ജര്‍മനി പോളണ്ടിനെ ആക്രമിച്ച നാള്‍മുതല്‍ രണ്ടാം ലോകമഹായുദ്ധം അവസാനിച്ച 1945 ആഗസ്ത് വരെയുള്ള 2555 ദിവസത്തെ യുദ്ധത്തില്‍ അഞ്ചുകോടി ജനങ്ങള്‍ക്ക് ജീവന്‍ വെടിയേണ്ടിവന്നതായാണ് കണക്ക്. പുതിയ സ്വപ്നങ്ങള്‍ പൂവിരിയുന്നതിന്റെ ആരവങ്ങള്‍ക്ക് കാതോര്‍ക്കുന്ന കുട്ടികളാണ് യുദ്ധങ്ങളില്‍ ദുരിതങ്ങളും യാതനകളും ഏറെ അനുഭവിക്കേണ്ടിവരുന്നത്. ആഹാരവും വസ്ത്രവും വിദ്യാഭ്യാസവും ഉറവ വറ്റാത്ത സ്നേഹവുമാണ് കുട്ടികള്‍ക്ക് ലഭിക്കേണ്ടത്. എന്നാല്‍, അവയെല്ലാം നിഷേധിക്കുകയാണ് യുദ്ധങ്ങള്‍. അറുപത്തേഴു വര്‍ഷം പിന്നിടുന്ന ആധുനിക കാലഘട്ടം യുദ്ധഭീകരതയേക്കാള്‍ ഭയാനകമായ സാഹചര്യം നേരിടുകയാണ്. അത് ഭക്ഷ്യപ്രതിസന്ധിയുടെ കാരണത്താലാണ്. ലോകത്ത് ആഹാരം ലഭിക്കാതെ നാലു സെക്കന്‍ഡില്‍ ഒരു കുട്ടി മരിക്കുന്നു. മിനിറ്റില്‍ 14 കുട്ടികള്‍; അതായത് ദിവസം 21,000 കുഞ്ഞുങ്ങളെയാണ് ലോകത്തിന് നഷ്ടമാകുന്നത്. ഭക്ഷണമില്ലാതെ ദിവസം 7000 കുഞ്ഞുങ്ങള്‍ മരണപ്പെടുന്ന രാജ്യമാണ് നമ്മുടേത്. ഈയിടെ പുറത്തു വന്ന വേള്‍ഡ് ഡിസാസ്റ്റര്‍ റിപ്പോര്‍ട്ട് 2011 പ്രകാരം ഭക്ഷണമില്ലാതെ ദിവസവും ഉറങ്ങാന്‍ വിധിക്കപ്പെട്ടവര്‍ ശതകോടിയാണ്. ഭക്ഷണമില്ലാതെ കുട്ടികളും മുതിര്‍ന്നവരുമടക്കം ദിവസം അരലക്ഷം പേരെയാണ് ലോകത്തിന് നഷ്ടമാകുന്നത്.

പുരാതനകാലം മുതല്‍ മനുഷ്യന്റെ ഭക്ഷണശീലങ്ങള്‍ രൂപപ്പെടുത്തിയത് ഭൂമിശാസ്ത്രപരവും കാലാവസ്ഥപരവുമായ വിവിധ ഘടകങ്ങളാണ്. ഇന്ത്യന്‍ജനതയുടെ മുഖ്യ ആഹാരം ഗോതമ്പും അരിയും പഴവര്‍ഗങ്ങളുമെന്നിരിക്കെ കേരളത്തിലാകെ മരച്ചീനിയും കിഴങ്ങുവര്‍ഗങ്ങളും ധാരാളമായി ഉപയോഗിക്കുന്നു. ജപ്പാന്‍കാര്‍ കൂടുതലും ഭക്ഷിക്കുന്നത് വെള്ളത്തില്‍നിന്ന് ലഭിക്കുന്ന ജൈവ വസ്തുക്കളാണ്. ആഫ്രിക്കയിലെ ജനങ്ങളാകട്ടെ യാം, എലമെന്റ്, റൂട്ട് തുടങ്ങി വിവിധതരം കിഴങ്ങുവര്‍ഗങ്ങളും ചോളവും ഭക്ഷിക്കുന്നു. 1990 കള്‍ക്ക് ശേഷം ആധുനികവല്‍ക്കരണത്തിന്റെ വക്താക്കള്‍ കൃഷിയെ സഹായിക്കുന്നതിന്റെ മറവില്‍, വികസ്വര രാഷ്ട്രങ്ങളില്‍ ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിച്ചുനല്‍കാം എന്ന് പറഞ്ഞ് മൂലധനത്തെയും സാങ്കേതിക വിദ്യയെയും വിദഗ്ധരെയും കച്ചവടംചെയ്തു. അതതു രാജ്യങ്ങളിലെ തനത് വിത്ത് ഉല്‍പ്പാദനത്തെയും കൃഷിയെയും സമൂഹത്തില്‍നിന്ന് വേര്‍പെടുത്തി സ്വകാര്യ കുത്തക മുതലാളിമാരുടെ വരുതിയിലേക്ക് മാറ്റി. ലാഭംമാത്രം ലക്ഷ്യമാക്കിയുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പ്രകൃതിക്കും പരിസ്ഥിതിക്കും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ പരിഗണിക്കുന്നതേയില്ല. വികസ്വര രാഷ്ട്രങ്ങളാണ് ഇത് ഏറിയപങ്കും അനുഭവിക്കുന്നത്.

ഭക്ഷ്യക്രമത്തെ ജൈവവ്യവസ്ഥയില്‍നിന്നും കാലാവസ്ഥയില്‍നിന്നും വേര്‍പെടുത്തി കമ്പോള ശക്തിയുമായി ബന്ധപ്പെടുത്തിയത് വിലക്കയറ്റവും പട്ടിണിയും ക്രമാതീതമായി ഉയര്‍ത്താന്‍ ഇടയാക്കി. വിഭവങ്ങളുടെ അഭാവമല്ല മറിച്ച് വിഭവങ്ങള്‍ പ്രദാനംചെയ്യാന്‍ നേതൃത്വം നല്‍കുന്നവരുടെ കഴിവില്ലായ്മയും തെറ്റായ നയരൂപീകരണങ്ങളുമാണ് രാഷ്ട്രങ്ങളില്‍ ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്താന്‍ സാധിക്കാതെ വരുന്നത്. ഭക്ഷണമില്ലാതെ 7000 കുഞ്ഞുങ്ങള്‍ മരിക്കുന്ന ഇന്ത്യയിലെ ഭക്ഷ്യഗോഡൗണുകളില്‍ കെട്ടിക്കിടന്ന് നശിക്കുന്ന ഭക്ഷ്യധാന്യശേഖരം അഞ്ചുകോടി ടണ്‍ ആണ്. എല്ലാ ജീവിവര്‍ഗങ്ങള്‍ക്കും ഈ മണ്ണില്‍ ജീവിക്കാന്‍ അവകാശമുണ്ടെന്ന് നിരന്തരം നമ്മെ ഓര്‍മപ്പെടുത്താനും തന്റെ രചനകളിലൂടെ മനുഷ്യനെ ഉദ്ബോധിപ്പിക്കാനും ശ്രമിച്ചത് വൈക്കം മുഹമ്മദ് ബഷീറാണ്. എത്ര ദരിദ്രനായ മനുഷ്യനും ആഹാരം ലഭിക്കണമെങ്കില്‍ കൂടിയ വില നല്‍കണമെന്നും അല്ലാത്തപക്ഷം സര്‍ക്കാര്‍ ഗോഡൗണുകളിലുള്ള ഭക്ഷ്യധാന്യങ്ങള്‍ ക്ഷുദ്രജീവികള്‍ സുഭിക്ഷമായി ഭക്ഷിക്കുമെന്ന മനുഷ്യത്വരഹിതവും നിന്ദ്യവുമായ നയമാണ് ഇന്ത്യാ ഗവണ്‍മെന്റ് സ്വീകരിക്കുന്നത്. രാജ്യത്തെ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ പാവങ്ങള്‍ക്ക് വിതരണംചെയ്യണമെന്ന സുപ്രീംകോടതി വിധിയുണ്ടായിട്ടും മന്‍മോഹന്‍സിങ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ല. രാജ്യത്തും ലോകത്തും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ഇനിയും ശ്രമം ആരംഭിച്ചിട്ടില്ലായെങ്കില്‍ ലോക മഹായുദ്ധത്തേക്കാള്‍ ഭയാനകമായ നഷ്ടങ്ങളെ നേരിടേണ്ടി വരുമെന്നതാണ് 2012 ഹിരോഷിമ- നാഗസാക്കി ദിനങ്ങള്‍ യുദ്ധസ്മരണയില്‍ നമ്മെ വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്നത്.

*
ജി എല്‍ അരുണ്‍ഗോപി ദേശാഭിമാനി 06 ആഗസ്റ്റ് 2012

Saturday, August 6, 2011

മഹാദുരന്തത്തിന്റെ ഓര്‍മ

"ഇതാണ് ഞങ്ങളുടെ രോദനം, ഇതാണ് ഞങ്ങളുടെ പ്രാര്‍ഥന-ഈ ലോകത്ത് സമാധാനം സ്ഥാപിക്കുക" ഹിരോഷിമ ആണവായുധ ആക്രമണത്തിന്റെ ഇര സഡോക്കോയെന്ന പന്ത്രണ്ടുകാരിയ്ക്കായി കെട്ടിയുയര്‍ത്തപ്പെട്ട സമാധാന സ്മാരകത്തിലെ വരികളാണിവ. യുദ്ധവിരുദ്ധ മുന്നേങ്ങളുടെ സത്യവാങ്മൂലമായി ഇത് വായിക്കാം. ലോകത്തെ നടുക്കിയ ഹിരോഷിമ അണുബോംബ് സ്ഫോടനം നടന്നിട്ട് ഇന്നേക്ക് 66 വര്‍ഷം തികയുകയാണ്. ഒന്നരലക്ഷത്തിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആണവവികിരണമേറ്റ സഡോക്കോ പത്ത് വര്‍ഷത്തെ ദുരിതത്തിനൊടുവിലാണ് മരണത്തിന് കീഴടങ്ങിയത്. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കാളിയായ അമേരിക്ക ആറ്റംബോംബിന്റെയും ഭീകരതയുടെയും മേധാവിത്വം തങ്ങള്‍ക്ക് മാത്രമാണെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചു; അത് പ്രയോഗിക്കുകയും ചെയ്തു.

ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനില്‍നിന്ന് തുടങ്ങിയ രഹസ്യനീക്കങ്ങള്‍ ഹിരോഷിമയിലെയും നാഗസാക്കിയിലെയും പച്ചജീവനുകളുടെ പകല്‍ക്കുരുതിയോടെ പരസ്യമാക്കപ്പെട്ടു. ആണവപദ്ധതികള്‍ ഇല്ലാതിരുന്ന ജപ്പാന്റെ ആകാശത്തിന് മുകളില്‍ കഴുകന്മാര്‍ വട്ടമിട്ടു. അമേരിക്കയുടെ അണുബോംബ് വര്‍ഷിക്കാനുള്ള നീക്കത്തിനെതിരെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിച്ചെങ്കിലും "ചെകുത്താന്റെ മുന്നില്‍ ഓതിയ വേദവാക്യങ്ങളായി" അവ മാറി. അമേരിക്കന്‍ പ്രസിഡന്റ് ഹാരി എസ് ട്രൂമാന്റെ കൊലച്ചിരിക്കു മുന്നില്‍ നിശബ്ദമാക്കപ്പെട്ടത് നിരപരാധികളുടെ നിലവിളികളാണ്. 1945 ആഗസ്ത് ആറിന് ലോകം കണ്ട ഏറ്റവും വലിയ അണുബോംബ് ആക്രമണം ഹിരോഷിമയെ ചുട്ടു ചാമ്പലാക്കി. ആഗസ്ത് ഒമ്പതിന് നാഗസാക്കിയിലും ബോംബ് വര്‍ഷിച്ചു. 20 ലക്ഷം പേര്‍ മരിച്ച വിയറ്റ്നാം യുദ്ധവും പതിനായിരങ്ങള്‍ കൊല്ലപ്പെടുകയും ലക്ഷങ്ങള്‍ അഭയാര്‍ഥികളാവുകയുംചെയ്ത അഫ്ഗാനിസ്ഥാന്‍ , ഇറാഖ് യുദ്ധങ്ങളും അമേരിക്കന്‍ ഭീകരതയ്ക്കും മനുഷ്യവേട്ടയ്ക്കും അവസാനമില്ലെന്നതിന്റെ സാക്ഷ്യപ്പെടുത്തലാണ്. വികസ്വര രാജ്യങ്ങളുടെ ആയുധവിപണിയെ മുന്നില്‍കണ്ട് യുദ്ധോത്സുകത വളര്‍ത്താനുള്ള അമേരിക്കന്‍നീക്കങ്ങളും തിരിച്ചറിയപ്പെടണം.

രമ്യമായി പരിഹരിക്കപ്പെടേണ്ട അതിര്‍ത്തി തര്‍ക്കങ്ങളില്‍പ്പോലും ചെന്നായയുടെ കൗശലത്തോടെയാണ് അമേരിക്ക ഇടപെടുന്നത്. ആണവായുധത്തിന്റെ അപകടഫലം ലോകം കണ്ടുകഴിഞ്ഞു. അണുവായുധങ്ങള്‍ പരീക്ഷിക്കുന്നതും പ്രചരിപ്പിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും സാമ്രാജ്യത്വമാണ്. വികസനത്തിന്റെ പേരില്‍ വീണ്ടുവിചാരമില്ലാതെ ആണവോര്‍ജ പദ്ധതികള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതും സാമ്രാജ്യത്വ ഗൂഢാലോചനയാണ്. സ്വന്തം രാജ്യത്ത് ചെലവാകാത്ത ആണവനിലയങ്ങള്‍ വികസ്വര രാജ്യങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. സുരക്ഷിതത്വമില്ലാത്ത റിയാക്ടറുകളില്‍ നിന്നുമുണ്ടാകുന്ന ദുരന്തത്തെക്കുറിച്ച് ഇന്ത്യന്‍ ഭരണകൂടവും ആലോചിക്കുന്നില്ല. സുനാമിയെത്തുടര്‍ന്ന് ജപ്പാനിലെ ഫുക്കുഷിമ ആണവ റിയാക്ടറിലെ ഇന്ധനചോര്‍ച്ചയും അണുവികിരണവും ഏറെ ആശങ്കയോടെയാണ് ലോകം കണ്ടത്. സര്‍വ ജൈവവൈവിധ്യങ്ങളെയും ഇല്ലാതാക്കാന്‍ കഴിയുന്ന ആണവനിലയങ്ങള്‍ക്കെതിരെ ലോകജനത അണിനിരക്കുന്ന വേളയിലാണ് മഹാരാഷ്ട്രയിലെ ജെയ്താപുരില്‍ ആണവോര്‍ജ പദ്ധതിക്കെതിരെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ശക്തമായ പ്രക്ഷോഭം ആരംഭിച്ചത്. ഫുക്കുഷിമ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ലോകം പകച്ചുനില്‍ക്കുമ്പോഴാണ് സാമ്രാജ്യത്വ വിധേയത്വത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ജനതയെ വെല്ലുവിളിക്കുന്നത്. സാമ്രാജ്യത്വ വിധേയത്വം അവസാനിപ്പിക്കണമെന്നും വീണ്ടുവിചാരമില്ലാത്ത ആണവപദ്ധതികള്‍ ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ബാലസംഘം കേരളമെമ്പാടും ഹിരോഷിമ-നാഗസാക്കി ദിനം ആചരിക്കുന്നത്. ദിനാചരണത്തിന്റെ ഭാഗമായി നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

*
എം ഹരികൃഷ്ണന്‍ (ബാലസംഘം സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)

Wednesday, August 18, 2010

ഹിരോഷിമയുടെ സന്ദേശം

അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ സമാനതകളില്ലാത്ത പൈശാചികതയുടെ നിത്യസ്‌മാരകങ്ങളാണ് ഹിരോഷിമയും നാഗസാക്കിയും. ചരിത്ര കാലഘട്ടത്തില്‍ മനുഷ്യന്‍ മനുഷ്യനോടു ചെയ്‌ത ഏറ്റവും വലിയ ക്രൂരത. ഞൊടിയിടകൊണ്ട് സമസ്‌ത ജീവജാലങ്ങളേയും തുടച്ചുനീക്കി ഹരിതഭൂമിയെ ഊഷരഭൂമിയാക്കി മാറ്റാന്‍ കെല്‍പുള്ള അണ്വായുധം ജീവന്റെ അതിജീവനത്തെ അപകടകരമാംവിധം അസ്ഥിരപ്പെടുത്തിയിരിക്കുന്നു.

രണ്ടാംലോക മഹായുദ്ധത്തിന്റെ ഒന്നാം പാദത്തില്‍ (1939-41) അച്ചുതണ്ട് ശക്തികള്‍ (ഇറ്റലി - ജര്‍മ്മനി - ജപ്പാൻ‍) വന്‍ മുന്നേറ്റം നടത്തി. യൂറോപ്യന്‍ വന്‍കര ഏറെക്കുറെ പൂര്‍ണ്ണമായി ഹിറ്റ്ലറുടെ നിയന്ത്രണത്തിലായി. ഏഷ്യയില്‍ ജപ്പാന്‍ അതിദ്രുതം മുന്നേറി. ബ്രിട്ടനും ഫ്രാന്‍സും നേതൃത്വം നല്‍കുന്ന സഖ്യശക്തികള്‍ തുടര്‍ച്ചയായി പരാജയം ഏറ്റുവാങ്ങി. ജര്‍മ്മനിയുടെ റഷ്യന്‍ ആക്രമണത്തോടെയാണ് യൂറോപ്പില്‍ യുദ്ധത്തിന്റെ ഗതി മാറുന്നത്. ജോസഫ് സ്റ്റാലിന്റെ നേതൃത്വത്തില്‍ റഷ്യന്‍ ജനത നടത്തിയ ധീരോദാത്തമായ ചെറുത്തുനില്‍പ്പില്‍ മൊത്തം ജനസംഖ്യയുടെ ഇരുപത് ശതമാനം - ഏകദേശം 2 കോടി റഷ്യക്കാര്‍ - കൊല്ലപ്പെട്ടു. കമ്യൂണിസ്‌റ്റ് റഷ്യയുടെ നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ ചരിത്രത്തിലെ ഏറ്റവും ക്രൂരനും ശക്തനുമായ ഏകാധിപതി - അഡോള്‍ഫ് ഹിറ്റ്ലര്‍ - പരാജയത്തിന്റെ പനിനീർ കുടിച്ച് കാമുകി ഇവാ ബ്രൌണിനൊപ്പം ആത്മഹത്യ ചെയ്‌തു.

1940 ജൂണ്‍ 11ന് സഖ്യകക്ഷികള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ഇറ്റലി 1942 അവസാനമാകുമ്പോഴേയ്‌ക്കും പരാജയത്തിന്റെ വഴിയിലായി. ഇറ്റലിയിലെ ഫാസിസ്‌റ്റ് വിരുദ്ധ ശക്തികള്‍ മുസ്സോളിനിയെ പുറത്താക്കി. 1945 ഏപ്രില്‍ 28ന് മുസ്സോളിനിയേയും ഭാര്യയേയും വെടിവെച്ചു കൊന്നതോടെ ഫാസിസത്തിന് ഇറ്റലിയില്‍ അന്ത്യമായി.

ഹിറ്റ്ലറും മുസ്സോളിനിയും വീണെങ്കിലും കിഴക്കന്‍ ഏഷ്യയില്‍ ജനറല്‍ ടോജോയുടെ ജപ്പാന്‍ മുന്നേറ്റം തുടര്‍ന്നു. 1941ല്‍ അമേരിക്കയിലെ പേള്‍ ഹാര്‍ബര്‍ ജപ്പാന്‍ ആക്രമിച്ചതിനെതുടര്‍ന്ന് ബ്രിട്ടനും അമേരിക്കയും ജപ്പാനോട് യുദ്ധം പ്രഖ്യാപിച്ചു. 1817-1825 കാലത്ത് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജെയിംസ് മണ്‍റോ ആവിഷ്‌ക്കരിച്ച 'മണ്‍റോ സിദ്ധാന്ത' പ്രകാരം അമേരിക്കന്‍ വന്‍കരകള്‍ക്ക് പുറത്ത് രാഷ്‌ട്രീയ - സൈനിക ഇടപെടലുകള്‍ അമേരിക്ക നടത്തിയിരുന്നില്ല. ലീഗ് ഓഫ് നേഷന്‍സില്‍ അമേരിക്ക അംഗമാകാതിരുന്നത് ഇതുമൂലമാണ്. സാര്‍വ്വദേശീയ രാഷ്‌ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഈ 'ഒറ്റപ്പെടല്‍ നയം' (Isolation Policy) എന്നന്നേയ്‌ക്കുമായി അവസാനിപ്പിച്ച് അമേരിക്ക രണ്ടാംലോക മഹായുദ്ധത്തില്‍ പ്രവേശിച്ചത് പേള്‍ ഹാര്‍ബര്‍ ആക്രമണത്തെത്തുടര്‍ന്നാണ്.

രണ്ടാംലോക മഹായുദ്ധത്തിന്റെ രണ്ടാംപാദത്തില്‍ (1941-1945) സോവിയറ്റ് ചെമ്പടയുടെ മുന്നേറ്റം സാമ്രാജ്യത്വശക്തികളെ അലോസരപ്പെടുത്തി. സോവിയറ്റ് സ്വാധീനമേഖലകള്‍ വിപുലമാകുന്നത് മുതലാളിത്തശക്തികളുടെ സൈനിക - രാഷ്‌ട്രീയ - സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് വിഘാതമാകുമെന്നതിനാല്‍ സോവിയറ്റ് ഇതര സഖ്യകക്ഷികളുടെ സഖ്യത്തിന് 1940കളില്‍ത്തന്നെ ബ്രിട്ടനും അമേരിക്കയും ശ്രമിച്ചിരുന്നു. 1941 ആഗസ്‌ത് 14ന് അമേരിക്കന്‍ പ്രസിഡന്റ് ഫ്രാങ്ക്ളിന്‍ ഡി റൂസ്‌വെല്‍റ്റും ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലും ന്യൂഫൌണ്ട്ലാന്റിനടുത്ത് അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു യുദ്ധക്കപ്പലില്‍ ഒത്തുചേര്‍ന്ന് നടത്തിയ പ്രഖ്യാപനം ഇതിനുള്ള തുടക്കമായിരുന്നു. 'അറ്റ്ലാന്റിക് ചാര്‍ട്ടർ‍' എന്നറിയപ്പെട്ട എട്ട് തത്വങ്ങള്‍ അടങ്ങിയ ഈ പ്രഖ്യാപനമാണ് ഐക്യരാഷ്‌ട്രസഭയുടെ രൂപീകരണത്തിന് അടിത്തറയിട്ടത്. "എല്ലാ രാജ്യങ്ങള്‍ക്കും ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും അസംസ്‌കൃത വസ്‌തുക്കള്‍ ശേഖരിക്കാനുള്ള അവകാശമുണ്ടായിരിക്കും'' എന്ന ആറാമത്തെ തത്വത്തില്‍ സോഷ്യലിസ്‌റ്റ് സമ്പദ് വ്യവസ്ഥയുടെ നിരാസം അടങ്ങിയിട്ടുണ്ട്. സോവിയറ്റ് സ്വാധീനമേഖലകളില്‍ "മാര്‍ക്കറ്റ് ഇല്ലാത്ത സോഷ്യലിസ്‌റ്റ് സമ്പദ് വ്യവസ്ഥകൾ‍'' ഉണ്ടാകാതിരിക്കണമെന്ന ലക്ഷ്യം ഇതിനുണ്ടായിരുന്നു.

1945 ആയപ്പോഴേയ്‌ക്കും ജപ്പാനടക്കമുള്ള അച്ചുതണ്ട് ശക്തികളുടെ പതനം പൂര്‍ത്തിയായി. ഈ സാഹചര്യത്തിലാണ് പോസ്‌റ്റ് ഡാം അന്ത്യശാസനം ജപ്പാന്‍ തള്ളി എന്ന ന്യായം പറഞ്ഞ് അമേരിക്ക അണ്വായുധം പ്രയോഗിക്കുന്നത്. പരാജയം സുനിശ്ചിതമായ ജപ്പാനുമേല്‍ ആറ്റംബോംബ് പ്രയോഗിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. മാത്രമല്ല സിവിലിയന്‍ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുന്നത് യുദ്ധനീതിക്ക് വിരുദ്ധവുമാണ്. എന്നാല്‍ "മനുഷ്യനും മനുഷ്യനും തമ്മില്‍ നഗ്നമായ ചൂഷണവും ഹൃദയശൂന്യമായ രൊക്കം പണവും'' മാത്രം അവശേഷിപ്പിച്ച മുതലാളിത്ത സാമ്രാജ്യത്വത്തിന് ലോകാധിപത്യം നേടാന്‍ ഹിരോഷിമയും നാഗസാക്കിയും അനിവാര്യമായിരുന്നു.

ശാന്തസമുദ്രത്തിലെ ടിനിയന്‍ ദ്വീപിലെ നോര്‍ത്ത് ഫീല്‍ഡ് എയര്‍ബേസില്‍നിന്ന് കുതിച്ചുയര്‍ന്ന 'എ നോല ഗേ' എന്ന ബി -29 യുദ്ധവിമാനം 1945 ആഗസ്‌ത് 6ന് പുലര്‍ച്ചെ 8.15ന് ഹോന്‍സു ദ്വീപിലെ ഹിരോഷിമ നഗരത്തില്‍ 'ലിറ്റില്‍ ബോയ്' എന്നു പേരിട്ട യുറേനിയം -235 ആറ്റംബോംബ് വര്‍ഷിച്ചു. 9700 പൌണ്ട് (ഏകദേശം 4000 കിലോഗ്രാം) ഭാരമുള്ള ഈ കൊച്ചുരാക്ഷസന്‍ 11 കിലോമീറ്റര്‍ ചുറ്റളവില്‍ അഗ്നിവലയം സൃഷ്‌ടിച്ച് സര്‍വ്വനാശം വിതച്ചു. ബോംബ് വീണ ഗ്രൌണ്ട് സീറോയ്‌ക്ക് 1.6 കിലോമീറ്റര്‍ ചുറ്റളവില്‍ 90 ശതമാനം മനുഷ്യരും 43 സെക്കന്റിനുള്ളില്‍ കത്തിച്ചാമ്പലായി. ഒരു ലക്ഷത്തോളം ആളുകള്‍ തല്‍ക്ഷണം കൊല്ലപ്പെട്ടു. ഒന്നരലക്ഷത്തോളം ആളുകള്‍ തുടര്‍ദിവസങ്ങളില്‍ അണുവികിരണമേറ്റ് മരിച്ചു. ഹിരോഷിമയിലെ മൊത്തം ജനസംഖ്യ 3 ലക്ഷമായിരുന്നു എന്നോര്‍ക്കുക. "അതിഭീകരവും അവിശ്വസനീയവുമായ ഉയരത്തില്‍ തിളച്ചുയരുന്ന കൂണ്‍ മേഘം (Mushroom Cloud) നഗരത്തെ മൂടി'' എന്നാണ് ബി-29ന്റെ പൈലറ്റ് പോള്‍ ടിബറ്റ്സിന്റെ വിവരണം.

ഹിരോഷിമയിലെ കരളലിയിക്കുന്ന കാഴ്‌ചകള്‍ സാമ്രാജ്യത്വത്തിന്റെ ക്രൌര്യം ഒട്ടും കുറച്ചില്ല. 1945 ആഗസ്‌ത് 9ന് രാവിലെ 11.02ന് ബോക്‌‌സ് കാര്‍ എന്ന യുദ്ധവിമാനം "ഫാറ്റ്മാൻ‍'' എന്നു പേരിട്ട 4500 കിലോ ഭാരമുള്ള പ്ളൂട്ടോണിയം ബോംബ് നാഗസാക്കിയുടെ മേല്‍ വര്‍ഷിച്ചു. 75000 പേര്‍ തല്‍ക്ഷണം കരിഞ്ഞ് ചാരമായി. അമേരിക്കന്‍ പ്രസിഡന്റ് ഹാരി എസ് ട്രൂമാന്റെ എക്സിക്യൂട്ടീവ് ഉത്തരവ് പ്രകാരം നടത്തിയ ആറ്റംബോംബ് ആക്രമണങ്ങള്‍ സാമ്രാജ്യത്വ യുദ്ധവെറിയുടെ ഭീകരമായ മുഖം പുറത്തുകാട്ടി.

ശാസ്‌ത്ര സാങ്കേതിക വിദ്യകളെ ചൂഷണത്തിനും സര്‍വ്വനാശത്തിനും വിനിയോഗിച്ച ചരിത്രമാണ് സാമ്രാജ്യത്വശക്തികള്‍ക്കുള്ളത്. അണ്വായുധം നിര്‍മ്മിക്കാനുള്ള അമേരിക്കന്‍ രഹസ്യപദ്ധതി "മാന്‍ഹാട്ടണ്‍ പ്രോജക്‌ട്'' എന്നാണറിയപ്പെടുന്നത്. ബ്രിട്ടനും കാനഡയും ഈ പ്രോജക്‌ടില്‍ പങ്കാളികളാണ്. അമേരിക്കന്‍ ഭൌതികശാസ്‌ത്രജ്ഞനായ റോബര്‍ട്ട് ഓപ്പന്‍ ഹെയ്‌മര്‍ ആയിരുന്നു ശാസ്‌ത്ര ഗവേഷണത്തിന്റെ ഡയറക്‌ടർ‍. 1945 ജൂലൈ 16ന് ആദ്യത്തെ അണുബോംബ് ന്യൂ മെക്‌സിക്കോയിലെ അലമോഗോര്‍ഡോയില്‍ വിജയകരമായി പരീക്ഷിച്ചു.

1941ലെ പേള്‍ ഹാര്‍ബര്‍ ആക്രമണം വരെ അമേരിക്കന്‍ വന്‍കരകളില്‍മാത്രം ചുറ്റിത്തിരിഞ്ഞിരുന്ന അമേരിക്കന്‍ ഐക്യനാടുകളുടെ സാമ്രാജ്യത്വമോഹം യുദ്ധാനന്തരം ആഫ്രോ-ഏഷ്യന്‍ വന്‍കരകളിലേക്കും യൂറോപ്പിലേയ്‌ക്കും വ്യാപിച്ചു. യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ യൂറോപ്യന്‍ ശക്തികളുടെ കൈകളില്‍നിന്ന് പടിഞ്ഞാറന്‍ യൂറോപ്പിന്റെ നിയന്ത്രണവും ലോകമുതലാളിത്തത്തിന്റെ നേതൃത്വവും അമേരിക്ക ഏറ്റെടുത്തു. രണ്ടാംലോകമഹായുദ്ധം ഏറെക്കുറെ അവസാനിക്കുകയും സഖ്യശക്തികളുടെ വിജയം സുനിശ്ചിതമാവുകയും ചെയ്‌ത ഘട്ടത്തില്‍ ലോകത്തിലെ ഏറ്റവും കരുത്തുറ്റ സൈനികശക്തിയാണ് തങ്ങളെന്ന് ലോകത്തെയാകെ ബോധ്യപ്പെടുത്താനാണ് അമേരിക്ക അണ്വായുധം പ്രയോഗിച്ചത്. യുദ്ധാനന്തര ലോകത്തിന്റെ നിയന്ത്രണം കൈപ്പിടിയിലൊതുക്കാനുള്ള മനഃശാസ്‌ത്രയുദ്ധത്തിന്റെ അടിത്തറയായിരുന്നു അണ്വായുധം.

ഹിരോഷിമ - നാഗസാക്കി ആക്രമണങ്ങള്‍ക്ക് സൈനികലക്ഷ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. സോവിയറ്റ് റഷ്യയെ സമ്മര്‍ദ്ദത്തിലാക്കി യുദ്ധാനന്തര ചര്‍ച്ചകളില്‍ മേല്‍ക്കൈ നേടുക, മുതലാളിത്ത ലോകത്തിന്റെ നേതൃത്വം ഏറ്റെടുക്കുക, കമ്യൂണിസത്തിന്റെ വ്യാപനം തടയുക, മൂന്നാംലോക രാജ്യങ്ങളുടെമേല്‍ അധീശത്വം സ്ഥാപിക്കുക തുടങ്ങിയ സൈനീകേതര ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഹിരോഷിമ - നാഗസാക്കി കൂട്ടക്കൊല നടത്തിയത്. ഇതോടൊപ്പം സര്‍വ്വ സംഹാരശേഷിയുള്ള അണ്വായുധം കൈവശമുള്ള ഏകരാഷ്‌ട്രം എന്ന നിലയില്‍ ആഗോള ശാക്തീക ബലാബലം തങ്ങള്‍ക്കനുകൂലമാക്കുക എന്ന ലക്ഷ്യവും അമേരിക്കയ്‌ക്കുണ്ടായിരുന്നു.

1949ല്‍ സോവിയറ്റ് യൂണിയന്‍ ആറ്റംബോംബ് നിര്‍മ്മിച്ചതോടുകൂടി ഏകധ്രുവലോകം സൃഷ്‌ടിക്കാനുള്ള അമേരിക്കന്‍ ശ്രമം വിഫലമാവുകയും ആഗോള രാഷ്‌ട്രീയത്തില്‍ ശാക്‌തിക സംതുലനം സാധ്യമാവുകയും ചെയ്‌തു. സോവിയറ്റ് യൂണിയനെ ശിഥിലീകരിച്ച് അമേരിക്കയുടെ അപ്രമാദിത്വം സ്ഥാപിച്ചെടുക്കാന്‍ യുദ്ധവെറിയനായ ട്രൂമാന്‍ 'കമ്യൂണിസത്തെ ചുറ്റിവളയുക' (Containment of Communism) എന്ന നയം സ്വീകരിച്ച് ശീതയുദ്ധത്തിന് തുടക്കംകുറിച്ചു. ശീതയുദ്ധമെന്ന ഒളിയുദ്ധത്തിലേക്ക് തന്ത്രപരമായി പിന്മാറാന്‍ സാമ്രാജ്യത്വത്തെ പ്രേരിപ്പിച്ച പ്രധാന ഘടകം സോവിയറ്റ് യൂണിയന്‍ ആണവശക്തിയായി മാറിയതാണ്.

രണ്ടാംലോക മഹായുദ്ധകാലത്ത് മുസ്സോളിനി പറഞ്ഞു "രണ്ട് ലോകങ്ങള്‍ (ജനാധിപത്യം -ഏകാധിപത്യം) തമ്മിലുള്ള ഈ സംഘര്‍ഷത്തില്‍ ഒത്തുതീര്‍പ്പുകളില്ല; ഒന്നുകില്‍ നമ്മള്‍ അല്ലെങ്കില്‍ അവർ‍''. ശീതയുദ്ധത്തിന് തുടക്കംകുറിച്ച് ട്രൂമാന്‍ ഇതേ അഭിപ്രായം ചില്ലറ മാറ്റത്തോടെ അവതരിപ്പിച്ചു; "കമ്മ്യൂണിസത്തിനെതിരായ യുദ്ധത്തില്‍ ഒന്നുകില്‍ നമ്മള്‍ അല്ലെങ്കിൽ അവർ‍. നമ്മുടെ കൂടെ നില്‍ക്കാത്തവരെല്ലാം നമ്മുടെ ശത്രുക്കളാണ് ''. 'ഭീകരതയ്ക്കെതിരായ ആഗോള'യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് ജോര്‍ജ് ബുഷ് (ജൂനിയർ‍) പ്രഖ്യാപിച്ചു, "ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഞങ്ങള്‍ക്കൊപ്പം നില്‍ക്കാത്തവരെല്ലാം ശത്രുപക്ഷത്താണ് ''.

ഹിറ്റ്ലറും മുസ്സോളിനിയും ട്രൂമാനും ബുഷും ഒരേ ഭാഷയില്‍ സംസാരിക്കുന്നത് സാമ്രാജ്യത്വ പ്രരൂപങ്ങളുടെ ആന്തര ഐക്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സാമ്രാജ്യത്വ അധിനിവേശങ്ങള്‍ സൃഷ്‌ടിക്കുന്ന ഒടുങ്ങാത്ത ദുരിതങ്ങളും നിലയ്‌ക്കാത്ത കണ്ണീരും സാക്ഷിനിര്‍ത്തി മണ്ണിനും മനുഷ്യനുംവേണ്ടി ബദല്‍ സാധ്യതകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഹിരോഷിമയും നാഗസാക്കിയും നമുക്ക് കരുത്ത് പകരും.

*****

ഡോ. പി ജെ വിന്‍സെന്റ് , കടപ്പാട് : ചിന്ത വാരിക

Friday, August 6, 2010

അന്ന് ഹിരോഷിമ; ഇന്ന് ഫല്ലൂജ

മനുഷ്യ ചരിത്രത്തിലെ ഏറ്റവും വേദനാജനകമായ കൂട്ടക്കരുതിക്ക് ലോകം സാക്ഷിയായിട്ട് 65 വര്‍ഷം പിന്നിടുന്നു. ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വര്‍ഷിച്ച് അമേരിക്ക കൊന്നൊടുക്കിയത് രണ്ട് ലക്ഷത്തിലധികം പേരെയാണ്. ഇന്നും ഈ രണ്ട് നഗരങ്ങളിലെയും ജനങ്ങള്‍ ആ ദുരന്തത്തില്‍നിന്ന് പൂര്‍ണമായും മുക്തി നേടിയിട്ടില്ല.

ഇതുകൊണ്ടൊന്നും അമേരിക്കയുടെ നശീകരണവാസന അവസാനിച്ചില്ല. വിയറ്റ്നാമിലും ഇറാഖിലും അഫ്ഗാനിസ്ഥാനിലും യുദ്ധക്കൊതിയന്‍മാരായ യാങ്കികള്‍ നരവേട്ട തുടര്‍ന്നു, പുതിയ ആയുധങ്ങള്‍ മനുഷ്യരാശിയുടെ നിലനില്‍പ്പിനുതന്നെ ഭീഷണി സൃഷ്ടിച്ചുകൊണ്ട് കുന്നുകൂട്ടി. ഹിരോഷിമയിലെയും നാഗസാക്കിയിലെയും ജനങ്ങളോട് ചെയ്തതിനേക്കാള്‍ വലിയ ക്രൂരതയാണ് ഇറാഖിലെ ഫല്ലൂജ നഗരവാസികളോട് ബുഷ് ഭരണകൂടം കാണിച്ചത്. 2004ല്‍ ബോംബും രാസായുധങ്ങളും ഉപയോഗിച്ച് ഫല്ലൂജയെ നശിപ്പിക്കുകയായിരുന്നു അമേരിക്ക. Cancer, Infant Mortality and Birth Sex - Raito in Fallujah, Iraq 2005 -2009 എന്ന പഠനത്തിലൂടെ തെളിയുന്നത് ഞെട്ടിക്കുന്ന സത്യങ്ങളാണ്. ക്യാന്‍സര്‍, ലൂക്കേമിയ തുടങ്ങിയ രോഗങ്ങളും നവജാത ശിശുമരണനിരക്കുംമാത്രം കണക്കാക്കിയാല്‍ ഒരു നഗരം അനുഭവിക്കുന്ന തീരായാതനയുടെ ചെറിയൊരു ചിത്രം നമുക്ക് ലഭിക്കും.

പടിഞ്ഞാറന്‍ ബഗ്ദാദില്‍നിന്ന് 43 മൈല്‍ അകലെയാണ് ഫല്ലൂജ നഗരം. ബാബിലോണിയന്‍ സംസ്കാരത്തിന്റെ അതിസമ്പന്നമായ പാരമ്പര്യം പേറുന്ന, പള്ളികളുടെ നഗരം എന്ന ഓമനപ്പേരുള്ള ഫല്ലൂജ ഇന്ന് നരകഭൂമിയാണ്. ഓപ്പറേഷന്‍ ഫാന്റം ഫ്യൂറി എന്ന് വിളിച്ച ആക്രമണത്തിലൂടെ ആ നഗരത്തെയും ലക്ഷക്കണക്കിന് ജനങ്ങളെയും യുഎസ് സൈന്യം കൊന്നൊടുക്കി. മാരകരാസവസ്തുവായ വൈറ്റ് ഫോസ്ഫറസ് പോലും ഉപയോഗിച്ചായിരുന്നു ആക്രമണം. അങ്ങനെ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ യുദ്ധക്കുറ്റം ചെയ്തുകൊണ്ട് അമേരിക്ക വീണ്ടും ലോകമനഃസാക്ഷിയെ ഞെട്ടിച്ചിരിക്കുന്നു. ഈ വര്‍ഷം ജനുവരി-ഫെബ്രുവരി മാസങ്ങളിലായി 711 വീട് കേന്ദ്രീകരിച്ച് 4,843 പേരുമായി നടത്തിയ അഭിമുഖത്തിന് ഒടുവിലാണ് ക്രിസ് ബിസോയ്, മലാക് ഹമദാന്‍, എന്റസാര്‍ അരിയാബി എന്നിവര്‍ ചേര്‍ന്ന് നടത്തിയ പഠനത്തിലെ വസ്തുതകള്‍ പുറത്തുവന്നത്.

അഞ്ച് വര്‍ഷത്തിനു മുമ്പ്, അതായത് യുഎസ് ആക്രമണത്തിന് മുമ്പുണ്ടായിരുന്ന ക്യാന്‍സര്‍ രോഗികളുടെ നാല് മടങ്ങാണ് ഇന്ന് ഫല്ലൂജയിലെ ക്യാന്‍സര്‍ നിരക്ക്. ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വര്‍ഷിച്ചതിന് ശേഷം അവിടെയുള്ള ജനങ്ങളെ ബാധിച്ച ക്യാന്‍സറിന്റെ വകഭേദങ്ങളാണ് ഫല്ലൂജയിലും കാണുന്നത്. ഈജിപ്തിലെയും ജോര്‍ദാനിലെയും കുവൈറ്റിലെയും ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ലൂക്കേമിയ 38 മടങ്ങും കുട്ടികളുടെ ക്യാന്‍സര്‍നിരക്ക് 12 മടങ്ങും സ്തനാര്‍ബുദം 10 മടങ്ങും കൂടുതലാണ് ഫല്ലൂജയില്‍. ലിംഫോമ, ട്യൂമര്‍ എന്നിവയുടെ നിരക്കും മറ്റ് രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ പല മടങ്ങ് കൂടുതലാണ്. 100 കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ അതില്‍ 80 കുഞ്ഞുങ്ങളും ജനിച്ച് ഏറെക്കഴിയുംമുമ്പ് മരിക്കുന്നു. ശിശുമരണനിരക്ക് ജോര്‍ദാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ അഞ്ച് മടങ്ങും കുവൈറ്റുമായി ഒത്തുനോക്കുമ്പോള്‍ എട്ട് മടങ്ങുമാണ്.

ലിംഗാനുപാതത്തിലും പ്രകടമായ വ്യത്യാസം ഉണ്ടായിരിക്കുന്നു. ആക്രമണത്തിനു മുമ്പ് 1050 ആണ്‍കുട്ടികള്‍ക്ക് 1000 പെണ്‍കുട്ടികള്‍ എന്നതായിരുന്നു നിരക്ക്. എന്നാല്‍, ഇപ്പോള്‍ ഇത് 1000 പെണ്‍കുട്ടികള്‍, 860 ആണ്‍കുട്ടികള്‍ എന്ന രീതിയില്‍ ആയിരിക്കുന്നു. 1945ന് ശേഷം ഹിരോഷിമയിലും ഇതേ പ്രതിഭാസമാണുണ്ടായത്. ഫല്ലൂജയില്‍ അമേരിക്ക വര്‍ഷിച്ച ബോംബുകളില്‍ അണുബോംബുണ്ടാക്കുന്ന യുറേനിയം ഉപയോഗിച്ചിരുന്നതുകൊണ്ടാണ് ജനിതകവൈകല്യവും ലിംഗാനുപാതത്തില്‍ വലിയ മാറ്റവുമുണ്ടാകുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. 2009 സെപ്തംബറില്‍ ഫല്ലൂജയിലെ ജനറല്‍ ആശുപത്രിയില്‍ 170 കുഞ്ഞുങ്ങള്‍ ജനിച്ചു. ഇവരില്‍ 24 ശതമാനം കുഞ്ഞുങ്ങള്‍ ഏഴുദിവസത്തിനകം മരിച്ചു. അംഗവൈകല്യവും ജനിതകപ്രശ്നങ്ങളുമില്ലാത്ത കുട്ടികള്‍ ജനിക്കുന്നത് അപൂര്‍വമാണെന്നാണ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നത്.

എന്നാല്‍, ഈ പഠനത്തിനും വസ്തുതകള്‍ക്കും പെന്റഗണ്‍ ഒരു വിലയും കല്‍പ്പിക്കുന്നില്ല. അമേരിക്കന്‍ സൈനിക ആക്രമണം കൊണ്ട് ഫല്ലൂജയില്‍ യാതൊരു പാരിസ്ഥിതിക, ആരോഗ്യപ്രശ്നങ്ങളുമുണ്ടായിട്ടില്ലെന്നും ഇത് സംബന്ധിച്ച് വിശ്വസനീയമായ പഠനങ്ങളൊന്നും പുറത്തുവന്നിട്ടില്ലെന്നുമാണ് യുഎസ് പ്രതിരോധസെക്രട്ടറി ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ അവകാശപ്പെട്ടത്. വലിയ രീതിയിലുള്ള പഠനം നടന്നിട്ടില്ലെന്നത് ശരിതന്നെയാണ്. അതിന് അമേരിക്കയും ഇറാഖിലെ പാവഭരണകൂടവും സമ്മതിച്ചിട്ടില്ലെന്നതാണ് വാസ്തവം. Cancer, Infant Mortality and Birth Sex - Raito in Fallujah, Iraq 2005-2009 സര്‍വേ നടത്തുമ്പോഴും തടയാനായി അമേരിക്കന്‍ സൈന്യത്തിന്റെ ഒത്താശയോടെ ഇറാഖി ഭരണകൂടം ശ്രമിച്ചിരുന്നു. സര്‍വേയ്ക്കുള്ള ചോദ്യാവലി വിതരണംചെയ്തപ്പോള്‍ ഭീകരപ്രവര്‍ത്തകരാണ് സര്‍വേക്കു പിന്നിലെന്നും ഇവരുമായി സഹകരിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്നും ഇറാഖി ടെലിവിഷനിലൂടെ ഭീഷണി മുഴക്കി. എങ്കിലും പഠനം മുഴുമിപ്പിക്കാനും അത് ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാനും ക്രിസ് ബിസോയിക്കും സംഘത്തിനും സാധിച്ചു.

2003 ഏപ്രില്‍ 28നാണ് അമേരിക്കന്‍ സാമ്രാജ്യത്വ കഴുകന്‍മാര്‍ ഫല്ലൂജയിലെ ജനങ്ങളുടെമേല്‍ പല്ലും നഖവും ആഴ്ത്താന്‍ തുടങ്ങിയത്. ഒരു സ്കൂളില്‍ അമേരിക്കന്‍ സൈനിക ക്യാമ്പ് നടത്തുന്നതിനെതിരെ പ്രതിഷേധിച്ച ഫല്ലൂജക്കാര്‍ക്കെതിരെ പട്ടാളം നിറയൊഴിച്ചു. അന്ന് 200 പേരാണ് മരിച്ചുവീണത്. അമേരിക്കന്‍ അധിനിവേശത്തിനെതിരെ ഏറ്റവുമധികം ചെറുത്തുനില്‍പ്പുയര്‍ന്നത് ഫല്ലൂജയില്‍ നിന്നായിരുന്നു. അതിനാല്‍ ഫല്ലൂജക്കാരെ നശിപ്പിക്കുക യാങ്കി സൈന്യത്തിന്റെ പ്രധാന ലക്ഷ്യമായിത്തീര്‍ന്നു.

2004 നവംബറില്‍ ആധുനിക യുദ്ധചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയ്ക്ക് ലോകം സാക്ഷ്യം വഹിച്ചു. വൈറ്റ്ഫോസ്ഫറസ് ഉപയോഗിച്ചു നടത്തിയ ആക്രമണത്തില്‍ ആയിരക്കണക്കിന് മനുഷ്യരും കെട്ടിടങ്ങളും കത്തിയമര്‍ന്നു. മാരകമായ രീതിയില്‍ ബോംബാക്രമണം നടത്തി. അമേരിക്ക നിരത്തിയ കണക്കു പ്രകാരം 'ഏറ്റുമുട്ടലി'ല്‍ 1400 പേര്‍ മരിച്ചു! ഇന്നും ഫല്ലൂജയിലെ കൂട്ടക്കൊലയുടെ യഥാര്‍ഥ ചിത്രം ലോകത്തിന് അന്യമാണ്. ആക്രമണത്തിനു മുമ്പ് നഗരത്തിലെ ജനസംഖ്യ 4.25 ലക്ഷത്തിനും 6 ലക്ഷത്തിനും ഇടയ്ക്കായിരുന്നു. ഇപ്പോള്‍ 2.5 ലക്ഷത്തിനും 3 ലക്ഷത്തിനും ഇടയിലാണെന്നാണ് ചില അനൌദ്യോഗിക കണക്കുകള്‍ പറയുന്നത്. ഇതില്‍ നിന്നുതന്നെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവഹാനിയുണ്ടായതായി അനുമാനിക്കാം. ആയിരക്കണക്കിന് ആളുകള്‍ നഗരത്തില്‍നിന്ന് ഒഴിഞ്ഞുപോയിട്ടുമുണ്ട്. നഗരത്തിലെ പാതിയിലധികം കെട്ടിടങ്ങളും പൂര്‍ണമായും തകര്‍ന്നടിഞ്ഞു. ശുദ്ധജലംപോലും ലഭിക്കാതെ നരകിക്കുകയാണ് അവശേഷിക്കുന്ന ജനങ്ങള്‍.

ഫല്ലൂജയിലെ കൂട്ടക്കുരുതിയെക്കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ യുഎസ് സൈനികവക്താവ് കേണല്‍ മൈക് റഗ്നറോട് ചോദിച്ചപ്പോള്‍, 'ആ, എനിക്കൊന്നുമറിയില്ല'' എന്ന് കൈമലര്‍ത്തി. ഒരു ജനതയെ, അവരുടെ സംസ്കാരത്തെ, കുഞ്ഞുങ്ങളെ, ഇനി പിറക്കാന്‍ പോകുന്ന തലമുറയെ മുഴുവന്‍ തീരാദുരിതത്തിലാഴ്ത്തിയിട്ടും ഇത്ര നിസ്സംഗമായി പ്രതികരിക്കാന്‍ അമേരിക്കക്കാരന് മാത്രമേ കഴിയൂ. ഈ അമേരിക്കന്‍ യുദ്ധക്കൊതിക്ക് സമാധാനം കാംക്ഷിക്കുന്ന ലോകസമൂഹം പ്രതികരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന മുന്നറിയിപ്പാണ് ഹിരോഷിമ-നാഗസാക്കി ദിനങ്ങളില്‍ ഫല്ലൂജ നല്‍കുന്നത്.

*
ബിജു പി കടപ്പാട്: ദേശാഭിമാനി