Showing posts with label കിം ജോങ് ഇല്‍. Show all posts
Showing posts with label കിം ജോങ് ഇല്‍. Show all posts

Monday, January 2, 2012

ഉത്തരകൊറിയ: അതിജീവനത്തിന്റെ മൂലാക്ഷരങ്ങള്‍

ഉത്തരകൊറിയയെപ്പറ്റി പുറംലോകത്തിന് അധികമൊന്നും അറിയില്ല; ആ രാജ്യത്തെ ജനങ്ങളെക്കുറിച്ചു മാത്രമല്ല, ഭരണാധികാരികളെക്കുറിച്ചു കൂടി. ഉദാഹരണമായി കഴിഞ്ഞ 17-ാം തീയതി മരണമടഞ്ഞ അവരുടെ മഹാനായ നേതാവ് കിങ് ജോങ് ഇല്‍ ജനിച്ചതെവിടെയാണെന്നത് തീര്‍ത്തും അജ്ഞാതമായ ഒരു കാര്യമാണ്. ഉത്തരകൊറിയയിലെന്നും സൈബീരിയയിലെന്നും ഒരുപോലെ അവകാശവാദങ്ങളുണ്ട്. പുതിയ നേതാവായ കിങ് ജോങ് ഉന്നിന്റെ പ്രായത്തെക്കുറിച്ചും ഇതേപോലെ ഊഹാപോഹങ്ങളുണ്ട്. 27 ആണോ 28 ആണോ എന്ന് ആര്‍ക്കും തിട്ടംപോര. ഇങ്ങനെ ഉത്തരകൊറിയ സമകാലിക ലോകത്തെ അജ്ഞാതവും അവഗണിക്കാനാവാത്തതുമായ ഒരു തുരുത്തായിത്തീരുവാന്‍ കാരണം കഴിഞ്ഞ അരനൂറ്റാണ്ടുകാലമായി അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന ജൂച്ചെ എന്ന രാഷ്ട്രീയദര്‍ശനം മൂലമാണ്. സ്വാശ്രയത്വമാണ് ഇതിന്റെ ആധാരശില.

കുടുംബവാഴ്ച അന്യമായ സോഷ്യലിസ്റ്റ് സംവിധാനത്തിനുള്ളില്‍ ഉത്തരകൊറിയയുടെ മഹാനായ നേതാവായ കിങ് ഉല്‍ സങ്ങിന്റെ പിന്‍മുറക്കാര്‍ തുടര്‍ച്ചയായി അധികാരത്തിലേറുന്നതും ജൂച്ചെയുടെ സവിശേഷത മുഖേനയാണ്. ജൂച്ചെ എന്ന കൊറിയന്‍ വാക്കിന്റെ അര്‍ഥം മുഖ്യധാരാ എന്നാണ്. ഇതനുസരിച്ച് ഓരോ കൊറിയക്കാരനും രാജ്യത്തിന്റെ വളര്‍ച്ചയിലും വികസനത്തിലും തുല്യമായ നേതൃത്വമാണ് വഹിക്കാനുള്ളത്. അതായത് ഓരോ കൊറിയക്കാരനും രാജ്യത്തിന്റേയും തന്റെ തന്നെയും യജമാനനായ വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നു. രാഷ്ട്രത്തലവന്‍ അങ്ങനെ ഇവരുടെ ഒരു പ്രതിനിധി മാത്രമായാണ് അവതരിപ്പിക്കപ്പെടുന്നത്.

സാര്‍വദേശീയതയേക്കാള്‍ ദേശീയതയ്ക്കാണ് ജൂച്ചെയില്‍ പ്രാധാന്യം നല്‍കുന്നത്. അതായത് കൊറിയ സ്വന്തം സംസ്‌കാരത്തില്‍ നിന്നും സ്വന്തം വിഭവങ്ങളില്‍ നിന്നും അതിന്റെ ആധുനികരൂപത്തെ പടുത്തുയര്‍ത്തണമെന്ന നിര്‍ബന്ധബുദ്ധിയാണ് കിംഗ് ഉല്‍ സങ്ങിനേയും ആദ്യകാല സഖാക്കളേയും ഇത്തരം ഒരു രാഷ്ട്രീയദര്‍ശനം പടുത്തുര്‍ത്തുവാന്‍ പ്രേരിപ്പിച്ചത്. ഒപ്പം പില്‍ക്കാലത്ത് സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളായ ചൈനയും സോവിയറ്റ് യൂണിയനും തമ്മിലുണ്ടായ പ്രത്യയശാസ്ത്ര-രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ നിഷ്പക്ഷമായി നിലകൊള്ളേണ്ടതും ഉത്തരകൊറിയയ്ക്കാവശ്യമായിരുന്നു. കാരണം 1905 തൊട്ട് 1945 വരെ നീണ്ടുനിന്ന ജപ്പാന്‍ അധിനിവേശവും തുടര്‍ന്നുണ്ടായ കൊറിയന്‍ വിഭജനവും 1950കളിലെ കൊറിയന്‍ യുദ്ധവും എല്ലാം ചൈനയ്ക്കും സോവിയറ്റ് യൂണിയനും ഇടയില്‍ അടുത്ത് സ്ഥിതിചെയ്യുന്ന ഉത്തരകൊറിയയെ ഈ ശക്തരായ ആള്‍ക്കാരുമായി നല്ല ബന്ധം ഉണ്ടാക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയിരുന്നു. എന്നാല്‍ കിങ് ഉല്‍ സങ്ങിന്റെ മരണത്തെത്തുടര്‍ന്ന് അധികാരത്തിലെത്തിയ കിങ് ജോങ് ഇല്‍ മറ്റൊരു പ്രധാന പരിഷ്‌കാരവും കൊണ്ടുവന്നു. ഇതനുസരിച്ച് രാജ്യത്തിന്റെ പ്രധാന വിപ്ലവ സംഘടനയെന്ന സ്ഥാനം തൊഴിലാളി വര്‍ഗത്തില്‍ നിന്നുമെടുത്തു മാറ്റി സൈന്യത്തിന് നല്‍കി. കാരണം അമേരിക്കയുടെ ശക്തമായ ഉപരോധങ്ങളും സാങ്കേതികമായി ഇപ്പോഴും തുടരുന്ന കൊറിയന്‍യുദ്ധവും സൃഷ്ടിച്ച സമ്മര്‍ദ്ദവുമാണ്. ഒപ്പം വ്യാവസായികമായി പിന്നോക്കം നില്‍ക്കുന്ന ഉത്തരകൊറിയയില്‍ തൊഴിലാളിവര്‍ഗം ന്യൂനപക്ഷമാണ്. കര്‍ഷകരും അവര്‍ക്ക് വന്‍ പ്രാതിനിധ്യമുള്ള സൈന്യവുമാണ് ഭൂരിപക്ഷം.

പല മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് കാഴ്ചപ്പാടുകളും ഇങ്ങനെ ഉത്തരകൊറിയന്‍ ഭരണാധികാരികള്‍ പലപ്പോഴായി മാറ്റിനിര്‍ത്തുകയും അങ്ങനെ വിശാലമായ അര്‍ഥത്തില്‍ മാത്രം മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് ആശയങ്ങളില്‍ നിലനില്‍ക്കുകയും ചെയ്യുന്ന ഒരു സവിശേഷ ഭരണസംവിധാനം കൊറിയയില്‍ ആവിഷ്‌കരിക്കുകയുമാണ് ചെയ്തത്.
ഇന്ന് പൊതുവെ ജനാധിപത്യം എന്ന പേരില്‍ ആഘോഷിക്കപ്പെടുന്ന ബൂര്‍ഷ്വാ ജനാധിപത്യത്തിന്റെ പൊയ്മുഖങ്ങള്‍ അതിന്റെ പറുദീസയായ അമേരിക്കയിലും ലണ്ടനിലുമൊക്കെയുണ്ടായിക്കൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങള്‍ വലിച്ചുകീറിയതു നാം കണ്ടു. കേവലം ഒരു ശതമാനം പൗരന്മാര്‍ക്കു വേണ്ടി മാത്രം നിലകൊള്ളുന്ന അവരിലും ഒരു ശതമാനം മാത്രമുള്ളവരാല്‍ നയിക്കപ്പെടുന്ന സ്വേച്ഛാധിപത്യങ്ങളാണ് പാശ്ചാത്യരാജ്യങ്ങളില്‍ ജനാധിപത്യത്തിന്റെ മുഖംമൂടിക്കു പിന്നില്‍. മാര്‍ക്‌സ് പറയുന്നതുപോലെ മുതലാളിമാര്‍ക്ക് സ്വന്തം ആവശ്യങ്ങള്‍ നടത്തിയെടുക്കാനുള്ള വെറും ഏജന്‍സിയായി ആധുനിക ജനാധിപത്യ സ്ഥാപനങ്ങള്‍ നിലകൊള്ളുന്നതെന്ന് നാം ഇങ്ങനെ മനസ്സിലാക്കുമ്പോള്‍ കുടുംബവാഴ്ചയുടെ പേരില്‍ ഉത്തരകൊറിയയെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല. കാരണം ഇങ്ങനെ കുറ്റപ്പെടുത്തുന്നവര്‍ ഉദ്‌ഘോഷിക്കുന്ന ആധുനിക ജനാധിപത്യം ജനവിരുദ്ധതയുടെ ഏറ്റവും ക്രൂരമായ മുഖമാണെന്നതാണ് വാള്‍സ്ട്രീറ്റ് നല്‍കുന്ന അനുഭവപാഠം.

രണ്ട് കാരണങ്ങള്‍ കൊണ്ടാണ് വടക്കന്‍ കൊറിയയില്‍ കിങ് ഉല്‍ സങിന്റെ കുടുംബാംഗങ്ങള്‍ മാത്രം രാഷ്ട്രത്തലവന്മാരാകുന്നത്. ഒന്നാമതായി കിങ് ഉല്‍ സങ് എന്ന മഹാനായ നേതാവിന്റെ പ്രതിഛായ. വടക്കന്‍ കൊറിയ എന്ന രാജ്യത്തെ ജനങ്ങളെ പരസ്പരം ചേര്‍ത്തുനിര്‍ത്തുന്ന വികാരമാണത്. രണ്ടാമതായി കിങ് ഉല്‍ സങ്ങിന്റെ കീഴില്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി പടുത്തുയര്‍ത്തിയ ശക്തമായ ഭരണസംവിധാനം. ഭരണാധികാരി മാറിയാലും ഭരണം നടത്തുന്നത് ആധുനിക ഉത്തരകൊറിയയെ പടുത്തുയര്‍ത്തിയ സ്വാതന്ത്ര്യസമരസേനാനികളായ കരുത്തുറ്റ ഒരു നേതൃനിരയാണ്. അവരേയും ജനങ്ങളേയും തമ്മില്‍ കൂട്ടിയോജിപ്പിക്കുന്ന പശയായാണ് കിങ് ഉല്‍ സങിന്റെ തായ്‌വഴിയില്‍പ്പെട്ട രാഷ്ട്രത്തലവന്‍ വര്‍ത്തിക്കുന്നത്. ഇങ്ങനെ ഒരു വ്യക്തിയിലല്ലാതെ ഒരു സംവിധാനത്തില്‍ അധികാരം കേന്ദ്രീകരിച്ചതുകൊണ്ടാണ് അമേരിക്കയും ഐക്യരാഷ്ട്രസഭയും നിരന്തരം ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ഉത്തരകൊറിയ ലോകത്തെ നാലാമത്തെ ഏറ്റവും ശക്തമായ സൈനികശക്തിയായി മാറിയത്. ഓരോ ഭരണാധികാരി മരിക്കുമ്പോഴും സുഗമമായ അധികാരക്കൈമാറ്റം സാധ്യമാകുന്നതും മറ്റൊന്നു കൊണ്ടല്ല.

ഇതിനെല്ലാം പുറമെ ഒരു രാജ്യത്തെ വിലയിരുത്തേണ്ടത് അവിടുത്തെ ജനങ്ങളുടെ ജീവിതനിലവാരം അനുസരിച്ചാവണം. ലോകത്തെ നന്നാക്കുവാന്‍ നടക്കുന്ന പാശ്ചാത്യരാജ്യങ്ങളിലെ ജനങ്ങളുടെ വര്‍ധിച്ച അസംതൃപ്തി ഇന്ന് അങ്ങാടിപ്പാട്ടാണ്. പക്ഷേ, പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ നിരന്തരം പട്ടിണിയും പരിവട്ടവും ആരോപിക്കുമ്പോഴും കൊറിയന്‍ജനത ഒറ്റക്കെട്ടായി തങ്ങളുടെ രാഷ്ട്രീയനേതൃത്വത്തിന് പിറകില്‍ അണിനിരക്കുന്നതാണ് നാം കണ്ടത്. കാരണം 'അറബ് വസന്തം' ചൈനയില്‍പ്പോലും അനുരണനങ്ങള്‍ സൃഷ്ടിച്ചെങ്കിലും കൊറിയയില്‍ ഒരു പ്രശ്‌നവുമുണ്ടാക്കിയില്ല. ഇതു സൂചിപ്പിക്കുന്നത് ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങള്‍ അവിടുത്തെ ഭരണകൂടം തൃപ്തിപ്പെടുത്തുന്നുണ്ട് എന്നതാണ്. പിന്നെ അവിടുത്തെ ഉയര്‍ന്ന വിദ്യാഭ്യാസനിലവാരം പാശ്ചാത്യര്‍ വരെ അംഗീകരിച്ചതുമാണ്.

*
മുഹമ്മദ് ഫക്രുദ്ദീന്‍ അലി ജനയുഗം 02 ജനുവരി 2012

Tuesday, December 20, 2011

കൊറിയയുടെ പ്രിയ നേതാവ്

അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെയാണ് കിം ജോങ് ഇല്‍ അചഞ്ചലനായി നിലകൊണ്ടത്. കൊറിയന്‍ വര്‍ക്കേഴ്സ് പാര്‍ടിയുടെ ജനറല്‍സെക്രട്ടറിയും കൊറിയന്‍ ജനാധിപത്യ ജനകീയ റിപ്പബ്ലിക്കിന്റെ ദേശീയ സുരക്ഷാ കമീഷന്‍ ചെയര്‍മാനും കൊറിയന്‍ ജനകീയ വിമോചനമുന്നണിയുടെ പരമോന്നത നേതാവുമായിരിക്കെയാണ് അദ്ദേഹത്തിന്റെ വിയോഗം. 1994ല്‍ പിതാവ് കിം ഇല്‍ സുങ്ങിന്റെ മരണത്തെ തുടര്‍ന്നാണ് കിം ജോങ് ഇല്‍ നേതൃത്വം ഏറ്റെടുത്തത്. കിം ഇല്‍ സുങ്ങിന്റെ നേതൃത്വത്തിലാണ് കൊറിയന്‍ ജനത ജാപ്പനീസ് സാമ്രാജ്യത്വത്തെ പൊരുതിത്തോല്‍പ്പിച്ചത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിനും സഖ്യശക്തികള്‍ക്കും കൊറിയന്‍ ചെറുത്തുനില്‍പ്പിനു മുന്നില്‍ വെടിനിര്‍ത്തേണ്ടി വന്നു. പക്ഷേ, ഇന്നും കൊറിയ വിഭജിക്കപ്പെട്ടു തന്നെ തുടരുന്നു. ഏകീകരണത്തിന് തടസ്സമായി 30,000 അമേരിക്കന്‍ പട്ടാളക്കാര്‍ തെക്കന്‍ കൊറിയയില്‍ നിലകൊള്ളുന്നു. സ്വയംപര്യാപ്തതയുടെയും രാഷ്ട്ര പുനരേകീകരണത്തിന്റെയും തത്വങ്ങളാണ് കിം ഇല്‍ സുങ് ഉയര്‍ത്തിപ്പിടിച്ചത്.

1994ല്‍ അധികാരമേറ്റതു മുതല്‍ കിം ജോങ് ഇല്‍ തുടരുന്നതും അതേ നയങ്ങളാണ്. അതോടൊപ്പം രാഷ്ട്രത്തിന്റെ സുരക്ഷയ്ക്ക് അദ്ദേഹം അതീവ പ്രാധാന്യം നല്‍കി. അതൊരു അനിവാര്യതയായിരുന്നു. കൊറിയന്‍ ജനതയ്ക്ക് തങ്ങളെ ആര് നയിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം കവര്‍ന്നെടുക്കപ്പെടുന്നതിനെതിരെയുള്ള പോരാട്ടമാണത്. അമേരിക്കന്‍ സാമ്രാജ്യത്വവും സഖ്യശക്തികളും ഉയര്‍ത്തുന്ന നിരന്തരമായ ആക്രമണങ്ങളെ ചെറുക്കാന്‍ കൊറിയയുടെ സൈന്യം സുശക്തമാകേണ്ടിയിരുന്നു. ചെറുത്തുനില്‍പ്പിന്റെ ഈ സമീപനമാണ് കഴിഞ്ഞ 65 വര്‍ഷമായി വടക്കന്‍ കൊറിയക്ക് സുസ്ഥിര ഭരണം സമ്മാനിച്ചത്. കിം ജോങ് ഇല്‍ പ്രതിഭാധനനാണ്. ചലച്ചിത്രം ഉള്‍പ്പെടെ വ്യത്യസ്ത മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം തന്റെ പിതാവിനെപ്പോലെ തന്നെ ജനങ്ങള്‍ക്ക് പ്രിയങ്കരനായി. അഴിമതിയില്‍ മുങ്ങിയതും പട്ടാളത്തിന്റെ ചവിട്ടടിയില്‍ ഞെരിഞ്ഞതുമായ നിരവധി പരാജിത സര്‍ക്കാരുകളാണ് ഈ ഘട്ടത്തില്‍ തെക്കന്‍ കൊറിയയിലുണ്ടായത്. അതുകൊണ്ടാണ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ് ബുഷ് തെക്കന്‍ കൊറിയ സന്ദര്‍ശിച്ചപ്പോള്‍ നാവടക്കാനും വടക്കന്‍ കൊറിയക്കെതിരെ പിറുപിറുക്കാതിരിക്കാനുംഉപദേശിച്ചത്. ഇപ്പോഴും ഐക്യത്തിനുവേണ്ടിയുള്ള വികാരം തെക്കന്‍ കൊറിയയില്‍ ശക്തമാണ്. ലീ മ്യുങ് ബാക്ക് നയിക്കുന്ന വലതുപക്ഷ സര്‍ക്കാരാണ് തെക്കന്‍ കൊറിയയില്‍ . ഈയിടെ നടന്ന സോള്‍ നഗരത്തിലെ മേയര്‍ തെരഞ്ഞെടുപ്പില്‍ ആ സര്‍ക്കാരിനെ എതിര്‍ക്കുകയും കൊറിയന്‍ ഏകീകരണത്തെ തുണയ്ക്കുകയും ചെയ്ത പ്രതിപക്ഷ സ്ഥാനാര്‍ഥിയാണ് വിജയിച്ചത്.

കൊറിയന്‍ വര്‍ക്കേഴ്സ് പാര്‍ടി നയിക്കുന്ന സര്‍ക്കാര്‍ പ്രകടമായിത്തന്നെ ശക്തമായ ജനപിന്തുണയുള്ളതാണ്. കിം ഇല്‍ സുങ്ങും കിം ജോങ് ഇല്ലും നേതൃത്വം നല്‍കിയ ഗവണ്‍മെന്റുകള്‍ രാജ്യത്തിന്റെ സ്ഥിരതയ്ക്കും വികസനത്തിനുമായി ആകുന്നതെല്ലാം ചെയ്തു. കിം ജോങ് ഇല്‍ തൊഴിലാളികളും കര്‍ഷകരും സാധാരണ ജനങ്ങളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി. അദ്ദേഹം സ്ഥിരമായി ഫാക്ടറികളും കൂട്ടുകൃഷിയിടങ്ങളും സൈനിക ബാരക്കുകളും സന്ദര്‍ശിച്ചു. ജനങ്ങളെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ സമ്മര്‍ദങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും എതിരായ സമരത്തില്‍ ഊര്‍ജസ്വലരായി നിലനിര്‍ത്താന്‍ ആവേശം പകര്‍ന്നുനല്‍കി. വിവിധതലത്തിലുള്ള ആക്രമണങ്ങളാണ് സാമ്രാജ്യത്വത്തില്‍ നിന്നുണ്ടാകുന്നത്. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ദക്ഷിണ കൊറിയയുടെ കപ്പല്‍ അപകടത്തില്‍പ്പെട്ട് 46 നാവികര്‍ മരിച്ച സംഭവത്തെ വടക്കന്‍ കൊറിയയുടെ ടോര്‍പിഡോ ആക്രമണമായി പ്രചരിപ്പിച്ചു. എന്നാല്‍ , അന്വേഷണത്തില്‍ കപ്പല്‍ തകര്‍ന്നത് പാറക്കെട്ടില്‍ ഇടിച്ചാണെന്നു വ്യക്തമായി. കിം ജോങ് ഇല്‍ മരിച്ചത് ജനങ്ങള്‍ക്കിടയിലൂടെയുള്ള യാത്രയിലാണ്. ഈ മരണംതന്നെ അദ്ദേഹത്തിന്റെ ജനകീയത വര്‍ധിപ്പിക്കുന്നു. ഒപ്പം രാഷ്ട്രത്തിന്റെയും പാര്‍ടിയുടെയും ഐക്യത്തിനു കൂടുതല്‍ കരുത്തുപകരുന്നു- തീവ്രമായ ദുഃഖത്തിനിടയിലും. ഈ മേഖലയില്‍ വീണ്ടുമൊരു സാമ്രാജ്യ ഇടപെടല്‍ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തലാണ് ഇന്നത്തെ ലോകത്തിന്റെ കര്‍ത്തവ്യം.

ഏഷ്യന്‍ -ആഫ്രിക്കന്‍ രാജ്യങ്ങളിലെ അമേരിക്കന്‍ ഇടപെടലുകള്‍ ഇപ്പോള്‍ത്തന്നെ രക്തകലുഷിതമാണ്. പുതിയൊരു യുദ്ധമുഖം തുറന്നുകൂടാ. തീര്‍ച്ചയായും അത്തരമൊരു ഉറപ്പുവരുത്തല്‍ അനായാസമല്ല. പതിനേഴ് വര്‍ഷമാണ് കിം ജോങ് ഇല്‍ കൊറിയയെ നയിച്ചത്. അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ നിരവധിയാണ്. കൊറിയന്‍ ജനകീയസേന കരുത്തുറ്റതാണ്. കൊറിയ ആണവശക്തിയായി മാറിയിരിക്കുന്നു. സ്വയം വാര്‍ത്താവിനിമയ ഉപഗ്രഹം സാക്ഷാല്‍ക്കരിച്ചിരിക്കുന്നു. കൃഷിയോഗ്യമല്ലാതിരുന്ന ഭൂമിയിലേക്ക് ജലസേചനം നടത്തി ഹരിതാഭമാക്കിയിരിക്കുന്നു. ആ പ്രതിരോധത്തിന്റെ കരുത്തിനും ഇച്ഛാശക്തിക്കും മുന്നില്‍ അമേരിക്കയ്ക്ക് നേര്‍ക്കുനേര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകേണ്ടി വന്നിരിക്കുന്നു. കിം ജോങ് ഇല്ലിന്റെ ഈ വിജയങ്ങള്‍ക്കു പുറമെ തെക്കന്‍ കൊറിയയിലെ അമേരിക്കന്‍ സേനാസാന്നിധ്യത്തിനെതിരായ വികാരം ശക്തമാണ്. സോള്‍ മേയര്‍ തെരഞ്ഞെടുപ്പിലെ പ്രതിപക്ഷവിജയം മറ്റൊരു സൂചനയാണ്. മൗണ്ട് പെക്ക്ഡുവില്‍ കൊറിയന്‍ വിപ്ലവത്തിന്റെ ഹൃദയംതൊട്ടാണ് കിം ജോങ് ഇല്‍ ജനിച്ചത്. ആ വിപ്ലവത്തെ എന്നെന്നും കാത്തുസൂക്ഷിക്കുമെന്ന പ്രഖ്യാപനവുമായാണ് അദ്ദേഹത്തിന്റെ അന്ത്യം. വടക്കന്‍ കൊറിയയിലെ ജനങ്ങള്‍ ദുഃഖാര്‍ത്തരാണ്. ഈ ഘട്ടത്തില്‍ സ്വാശ്രയത്വവും രാഷ്ട്രപരമാധികാരവും ആക്രമണകാരികളെ ചെറുത്ത് സ്വയംരക്ഷിക്കാനുള്ള അവകാശവും വിലമതിക്കുന്ന ലോകജനതയുടെ ഐക്യദാര്‍ഢ്യം ആ ജനത അര്‍ഹിക്കുന്നു. സിപിഐ എമ്മിനെ സംബന്ധിച്ചിടത്തോളം അത് സവിശേഷമായ കടമതന്നെയാണ്. സോഷ്യലിസ്റ്റ് ചേരിയിലെ മിക്ക പാര്‍ടികളും അംഗീകരിക്കാതിരുന്നപ്പോള്‍ കൊറിയന്‍ വര്‍ക്കേഴ്സ് പാര്‍ടിയാണ് സിപിഐ എമ്മിനെ അംഗീകരിച്ചത്. അന്നുമുതല്‍ കൊറിയന്‍ പാര്‍ടിയുമായി സിപിഐ എം സുദൃഢമായ ബന്ധം പുലര്‍ത്തുന്നു. ബാഹ്യ ഇടപെടലുകളില്ലാതെ സ്വന്തം രാഷ്ട്രത്തിന്റെ വികസനവഴി രൂപീകരിക്കാന്‍ കൊറിയക്ക് അവകാശമുണ്ട്.

*
സുനീത് ചോപ്ര ദേശാഭിമാനി 20 ഡിസംബര്‍ 2011