Showing posts with label മഗ്സാസെ. Show all posts
Showing posts with label മഗ്സാസെ. Show all posts

Tuesday, August 17, 2010

സത്യത്തിന്റെ നാവ്

ഇന്ത്യയിലെ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ സമഗ്രമായി പഠിക്കുകയും എഴുതുകയും ചെയ്‌തവരില്‍ ഏറെ ശ്രദ്ധേയനാണ് പാലഗുമ്മി സായ്‌നാഥ് എന്ന പി സായ്‌നാഥ്. 'പെന്‍ഗ്വിന്‍' വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രസിദ്ധീകരിച്ച ‘Everyone Loves a Good Drought ’എന്ന കൃതി 'നല്ലൊരു വരള്‍ച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു' എന്ന പേരില്‍ കെ എ ഷാജി വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്. വിശപ്പിനെയും ക്ഷാമത്തെയും കുറിച്ച് എഴുതുന്ന ലോകത്തെ വിദഗ്ധരിലൊരാളായി അമര്‍ത്യാസെന്‍ വിലയിരുത്തുന്ന സായ്‌നാഥിന് മഗ്‌സസെ പുരസ്‌ക്കാരവും ആംനെസ്‌റ്റി ഇന്റര്‍നാഷണല്‍ അവാര്‍ഡും ഉള്‍പ്പെടെ ധാരാളം അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തനം, വികസനത്തിന്റെ രാഷ്‌ട്രീയം എന്നീ വിഷയങ്ങളെപ്പറ്റി ഇന്ത്യയില്‍ മാത്രമല്ല, അമേരിക്ക, കനഡ, യൂറോപ്പ് എന്നിവിടങ്ങളിലുമുള്ള വിവിധ സര്‍വകലാശാലകളില്‍ 'വിസിറ്റിങ് ലൿചറര്‍' ആയി പ്രവര്‍ത്തിക്കുന്നു അദ്ദേഹം. വര്‍ഷത്തില്‍ 270ല്‍ കൂടുതല്‍ ദിവസം ഗ്രാമീണപ്രശ്‌നങ്ങള്‍ മുഖ്യധാരാ സമൂഹത്തിന്റെ ശ്രദ്ധയിലേക്കു കൊണ്ടുവരാന്‍ നാട്ടിന്‍പുറങ്ങളില്‍ ചെലവഴിക്കുന്ന അദ്ദേഹം വാക്കും പ്രവൃത്തിയും രണ്ടല്ലാത്ത അപൂര്‍വ പ്രതിഭയാണ്.

മംഗലൂരിലെ ബജ്‌പെ വിമാനത്താവളത്തില്‍ സായ്‌നാഥ് എത്തുമ്പോള്‍ ഉച്ചകഴിഞ്ഞ് 2.10 ആയിരുന്നു. 'ചെക്ക് ഔട്ട്' ചെയ്‌ത് പുറത്തുവന്ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ വാഹനത്തിനടുത്തേയ്‌ക്കു നടക്കുമ്പോള്‍ വഴിയിലെവിടെയെങ്കിലുമുള്ള ഭക്ഷണശാലയില്‍നിന്ന് ലഞ്ച് ആവാമെന്ന ധാരണയിലെത്തിയിരുന്നു. കണ്ണൂരിനെപ്പറ്റിയും കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയെപ്പറ്റിയുമെല്ലാം അറിയാന്‍ താല്‍പ്പര്യമുണ്ട് സായ്‌നാഥിന്. കല്യാശേരിയിലെ രാഷ്‌ട്രീയ സാമൂഹ്യമാറ്റങ്ങളെ യുപിയിലെ ഷെര്‍പുര്‍ എന്ന ഗ്രാമത്തിന്റെ അവസ്ഥയുമായി താരതമ്യപ്പെടുത്തി വ്യക്തമാക്കുന്ന പഠനം സായ്‌നാഥിന്റേതായുണ്ട്. മാധ്യമപ്രവര്‍ത്തകന്റെ സമഗ്രാവബോധവും അക്കാദമിഷ്യന്റെ സൂക്ഷ്‌മമായ തിരിച്ചറിവും ഒത്തുചേരുന്ന മനസ്സാണ് സായ്‌നാഥിന്റെതെന്ന് ചോദ്യങ്ങളില്‍, അഭിപ്രായപ്രകടനത്തില്‍ പുലര്‍ത്തുന്ന നിഷ്‌ക്കര്‍ഷതയില്‍നിന്നു മനസ്സിലാക്കാം. പെന്‍ഗ്വിന്‍ പ്രസിദ്ധീകരിച്ച പുസ്‌തകത്തിന്റെ മലയാള പരിഭാഷയുടെ പ്രകാശനത്തിന് കേരളത്തില്‍ വന്നത് സായ്‌നാഥ് ഓര്‍ത്തു. കല്യാശേരിയില്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ സാമൂഹ്യമാറ്റത്തിനായി തുടങ്ങിയിരുന്ന പ്രവര്‍ത്തനങ്ങളെപ്പറ്റി, പുഴയുടെ തീരത്തുള്ള പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തെപ്പറ്റിയുമെല്ലാം താല്‍പ്പര്യത്തോടെ സംസാരിച്ചു. Hunter gatherer എന്ന അവസ്ഥയിലെ മനുഷ്യന്റെ ആത്മീയ സങ്കല്‍പ്പം, നായയുടെ വെങ്കലരൂപങ്ങള്‍ ക്ഷേത്രത്തില്‍ കണ്ടത്, കെ പി ആര്‍ രയരപ്പന്‍ സ്ഥലം പരിചയപ്പെടുത്തിയത് തുടങ്ങിയ കാര്യങ്ങളെല്ലാം സംഭാഷണ വിഷയമായി.

വഴിയരികില്‍ കണ്ട 'പെഗാസസ് ' എന്ന റസ്‌റ്റോറന്റിലായിരുന്നു ഉച്ചഭക്ഷണം. പച്ചരിയും പരിപ്പും തൈരുമാണ് ഇന്ത്യന്‍ അവസ്ഥയിലെ ഏറ്റവും നല്ല ഭക്ഷണമെന്ന് സായ്‌നാഥ് കരുതുന്നു. മലബാറിലെ മീന്‍കറിയെപ്പറ്റി അദ്ദേഹത്തിന് ഉയര്‍ന്ന അഭിപ്രായമുണ്ട്. ഒരുവിധം 'എലിറ്റ്' ശൈലിയിലുള്ള 'പെഗാസസ് ', താന്‍ പല ദിവസവും വഴിവക്കിലെ 'ഡാബ'യില്‍നിന്ന് ഭക്ഷണം കഴിക്കുന്നതിനെപ്പറ്റി പറയാന്‍ കാരണമായി.

ഭക്ഷണശേഷം വീണ്ടും വാഹനത്തിലേക്ക്. എന്തുകൊണ്ട് സായ്‌നാഥ് ? തന്റെ അച്ഛന്‍ ഷിര്‍ദി സായിബാബയുടെ വിശ്വാസിയായിരുന്നതിനാല്‍ തനിക്ക് ലഭിച്ച പേരാണിതെന്ന രഹസ്യം സംഭാഷണത്തെ വിശ്വാസത്തിന്റെ പ്രശ്‌നങ്ങളിലേക്കു നയിച്ചു. സാധാരണരീതിയില്‍ മതവിശ്വാസിയല്ല താനെന്നു പറഞ്ഞ സായ്‌നാഥ് സ്വയമൊരു യുക്തിവാദിയായി കരുതുന്നു. മുക്കുവന്‍ കടലിനോട്, ആദിവാസി കാടിനോട്, കൃഷിക്കാരന്‍ മണ്ണിനോട് നിലനിര്‍ത്തുന്ന ബന്ധത്തെ ആത്മീയമെന്ന രീതിയില്‍ കാണുന്ന സായ്‌നാഥ് അത്തരമൊരു അവസ്ഥയെക്കുറിച്ച് തികച്ചും നിര്‍മലമായ അവബോധം പുലര്‍ത്തുന്നു എന്നതിന് സ്വന്തം ജീവിതം സാക്ഷി.

രാഷ്‌ട്രപതിയായിരുന്ന വി വി ഗിരിയുടെ കൊച്ചുമകനാണ് സായ്‌നാഥ്. പി എന്നാല്‍ പാലഗുമ്മിയെന്ന ഗ്രാമം. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നിരന്തരം സമരംചെയ്‌ത നാട്ടുകാര്‍. അധിനിവേശശക്തികള്‍ 19-ാം നൂറ്റാണ്ടില്‍ ഇല്ലാതാക്കിയിരുന്നു. അവശേഷിച്ചവര്‍ മറ്റു നാടുകളിലേക്കു ചിതറിപ്പോയി, നാടിന്റെ പേര് ചില വ്യക്തികളിലൂടെ നിലനില്‍ക്കുന്നു. ആന്ധ്രയിലെ പല സ്വാതന്ത്ര്യസമര പോരാളികളെപ്പറ്റിയും ഓര്‍മിപ്പിച്ചു. നിയോ ലിബറല്‍ പരിഷ്‌ക്കാരങ്ങളുടെ വെള്ളപ്പൊക്കത്തില്‍ തകരുന്ന കാര്‍ഷിക സംസ്‌ക്കാരങ്ങളെപ്പറ്റി പറയുന്ന, എഴുതുന്ന സായ്‌നാഥ് എപ്പോഴും പ്രകടിപ്പിക്കുന്നത് പോരാട്ടവീര്യമാണ്. മിക്കവാറും കുട്ടികളെപ്പോലെ നിഷ്‌ക്കളങ്കമായ ഭാവത്തില്‍ കാണപ്പെടുന്ന അദ്ദേഹം വസ്‌തുതകള്‍ അവതരിപ്പിക്കുമ്പോള്‍ പലപ്പോഴും തീക്ഷ്‌ണത ആവാഹിക്കുന്നു.

ഇന്ത്യന്‍സമൂഹത്തെ ചലനാത്മകമല്ലാതാക്കുന്നത് ജാതിവ്യവസ്ഥയുടെ ശക്തമായ സാന്നിധ്യമാണെന്ന് സായ്‌നാഥ് നിരീക്ഷിച്ചു. പുരോഗമനപരമായി ചിന്തിച്ചിരുന്നവര്‍ സാമ്പത്തികമാറ്റം ഉണ്ടാവുമ്പോള്‍ ജാതി ഇല്ലാതാവുമെന്നു കരുതിയിരുന്നു. ജാതിവ്യവസ്ഥ മുതലാളിത്തവ്യവസ്ഥയുടെ ഭാഗമായി മാറി അതിജീവനശേഷി നേടിയിട്ടുണ്ട്. പുരോഗമന കാഴ്‌ചപ്പാടുള്ളവര്‍ അംബേദ്കര്‍ എഴുതിയ കാര്യങ്ങള്‍ കൂടുതല്‍ ഗൌരവത്തിലെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം കരുതുന്നു.

ജാതിക്കെതിരെ പ്രവര്‍ത്തിച്ചു തുടങ്ങിയ പ്രസ്ഥാനങ്ങള്‍ ജാതിമര്‍ദനത്തിനെതിരായ പ്ളാറ്റ്ഫോം എന്ന നിലയില്‍നിന്ന് ജാതിയെത്തന്നെ ശക്തിപ്പെടുത്തുന്നത് കേരളീയാവസ്ഥയുമായി ബന്ധപ്പെടുത്തി നിരീക്ഷിച്ചു സായ്‌നാഥ്. അമരാവതിയില്‍ ജാതിക്കെതിരായി തുടങ്ങിയ 'അജാത് ' എന്ന സംഘടനയിലെ അംഗങ്ങള്‍ മറ്റൊരു ജാതിപോലെയായി മാറുന്ന വൈരുധ്യത്തെപ്പറ്റിയും ശക്തമായ ജാതീയവിവേചനംതന്നെ സാമൂഹ്യമാറ്റങ്ങള്‍ക്കായുള്ള പ്രചോദനമാവാനിടയുള്ളതിനെപ്പറ്റിയും 'ഭ്രാന്താലയ'മെന്ന് വിവേകാനന്ദന്‍ വിശേഷിപ്പിച്ച കേരളം നേടിയ പുരോഗതിയെപ്പറ്റിയുമെല്ലാം യാത്രക്കിടെ സംസാരിച്ചു. എങ്കിലും കേരളത്തിലും സൂക്ഷ്‌മമായ തലത്തില്‍ ജാതീയവിവേചനങ്ങള്‍ തുടരുന്നു എന്നായിരുന്നു നിരീക്ഷണം.

മലബാറിലെ സഹകരണപ്രസ്ഥാനത്തെപ്പറ്റിയും ജാതീയമായ വിവേചനം നിലനിന്നിരുന്ന കാലത്തുതന്നെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുക എന്ന പൊളിച്ചെഴുത്തുവഴി സമൂഹത്തെ മുന്നോട്ടു നയിക്കാന്‍ ശ്രമിച്ചവരുടെ ദേശമാണ് കണ്ണൂര്‍ എന്ന കാര്യവുമെല്ലാം എടുത്തുപറഞ്ഞ് സംഭാഷണം തുടര്‍ന്നു.

സത്യം സ്വതന്ത്രരാക്കും എന്നതാണ് സായ്‌നാഥിന്റെ വിശ്വാസം. വാണിജ്യലാഭത്തിന്റെ തടവറയിലായ മാധ്യമങ്ങളെപ്പറ്റി, ഓരോ 30 മിനിറ്റിലും ഒരു കര്‍ഷകന്‍ ആത്മഹത്യചെയ്യാന്‍ ഇടയാക്കുംവിധം ആഗോളീകരണം നടത്തുന്ന തേരോട്ടങ്ങളെക്കുറിച്ച്, പട്ടിണിയും മരണവും മാധ്യമങ്ങള്‍ക്ക് വാര്‍ത്തയല്ലാതാവുന്നത് മുന്‍നിര്‍ത്തി, തെക്കന്‍ രാജസ്ഥാനില്‍ ഊഴമിട്ട് പട്ടിണികിടന്ന് ദിവസങ്ങള്‍ തള്ളിനീക്കുന്ന, പണിക്കുപോവേണ്ടയാള്‍ മാത്രം ഭക്ഷണം കഴിക്കുന്ന ദൈന്യതസംബന്ധിച്ച്, വിലകുറഞ്ഞ നാനോകാര്‍ മാര്‍ക്കറ്റിലിറക്കുന്ന സമയത്ത് സാമ്പാര്‍പരിപ്പിന്റെ വില 104 രൂപ ആയി വര്‍ധിക്കുന്ന വൈരുധ്യത്തെപ്പറ്റി, രണ്ട് സഹോദരന്മാര്‍ക്കായി പാര്‍ലമെന്റിന്റെ വിലപ്പെട്ട സമയം മാറ്റിവച്ച ഭരണാധികാരികള്‍ കാര്‍ഷികമേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തയ്യാറാവാത്ത അവസ്ഥയില്‍ ഊന്നിയെല്ലാം സായ്‌നാഥ് സംസാരിച്ചു.

കണ്ണൂര്‍ പ്രസ് ക്ളബ്ബില്‍ വിശിഷ്‌ടാതിഥിയായി എത്തിയ സായ്‌നാഥിനോട് സഹപ്രവര്‍ത്തകര്‍ക്ക് ചോദിക്കാനുണ്ടായിരുന്നത് പെയ്‌ഡ് ന്യൂസുമായി ബന്ധപ്പെട്ട് പ്രസ് കൌണ്‍സില്‍ ഓഫ് ഇന്ത്യ നടത്തിയ അന്വേഷണറിപ്പോര്‍ട്ടിന് എന്തു സംഭവിച്ചു എന്നായിരുന്നു. പണം വാങ്ങി വാര്‍ത്തയെഴുതുന്നവരെക്കുറിച്ച് അദ്ദേഹം എഴുതിയതിന്റെ അടിസ്ഥാനത്തിലാണ് പ്രസ് കൌണ്‍സില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അംഗങ്ങളില്‍ ഒരുവിഭാഗം അനുകൂലിച്ചപ്പോള്‍ മറ്റൊരുവിഭാഗം ശക്തമായി എതിര്‍പ്പു പ്രകടിപ്പിക്കുകയും, റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്താതിരിക്കാന്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്‌തു. സ്വകാര്യകമ്പനികളും പത്രസ്ഥാപനങ്ങളും തമ്മിലുണ്ടാക്കുന്ന ഉടമ്പടി, അങ്ങനെ ഉണ്ടാവുന്ന കരാര്‍ വാര്‍ത്തയെഴുത്തിനെക്കുറിച്ച്, തെരഞ്ഞെടുപ്പുകാലത്ത് പണം വാങ്ങി വാര്‍ത്തകള്‍ കൊടുക്കുന്നത്, ദേശീയ വികാരമായ ക്രിക്കറ്റ് ഐപിഎല്‍ എന്ന കാസിനോ സംസ്‌ക്കാരത്തിലേക്ക് വഴുതിവീഴുന്നതിനെ കേന്ദ്രീകരിച്ചെല്ലാം വ്യക്തമാക്കി സായ്‌നാഥ്. പത്രസ്ഥാപനങ്ങള്‍, സ്വകാര്യകമ്പനികളുമായി ഏര്‍പ്പെടുന്ന കരാര്‍പ്രകാരം അവര്‍ക്കുവേണ്ടി വാര്‍ത്തകള്‍ കൊടുക്കുന്നതിന് ഉദാഹരണമായി 240 കമ്പനികളുമായി ബന്ധപ്പെട്ട പത്രസ്ഥാപനത്തെപ്പറ്റി സായ്‌നാഥ് പറഞ്ഞു. ഇതുവഴി കമ്പനികളുടെ ഏഴുമുതല്‍ 10 ശതമാനംവരെ ഓഹരികള്‍ പത്രസ്ഥാപനത്തിനു ലഭിക്കുന്നു.

എണ്‍പത്തിമൂന്നു കോടി ഇന്ത്യക്കാര്‍ പ്രതിദിനം 20 രൂപയോ അതില്‍ കുറവോ മാത്രം വരുമാനമുള്ളവരായിരിക്കെ (ജനസംഖ്യയുടെ 77 ശതമാനം) കോര്‍പറേറ്റ് മേഖലയിലെ വലിയ കമ്പനികള്‍ നികുതിയിനത്തില്‍ കുടിശ്ശിക വരുത്തിയ അഞ്ചുലക്ഷം കോടി രൂപ എഴുതിത്തള്ളിയതിനെപ്പറ്റി മാധ്യമങ്ങള്‍ നിശ്ശബ്‌ദത പാലിക്കുന്നു. 50 ശതമാനത്തിലധികം ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്കുതാഴെയാണ് എന്ന് 2009 ലെ കണക്കുകള്‍ പറയുമ്പോഴും കോര്‍പറേറ്റ് മേഖലയില്‍ മണിക്കൂറില്‍ 57 കോടി രൂപ സര്‍ക്കാര്‍ ചെലവാക്കുന്നുണ്ട്. 30 വര്‍ഷത്തിലൊരിക്കല്‍ മാത്രം കര്‍ഷകരുടെ 70,000 കോടി രൂപ എഴുതിത്തള്ളിയത് വലിയ വാര്‍ത്തയാവുന്നു. അതിനെതിരെ മുഖപ്രസംഗം എഴുതുന്ന മാധ്യമങ്ങളുമുണ്ടെന്നത് ഇന്ത്യന്‍ യാഥാര്‍ഥ്യമാണ്. 30 മിനിറ്റില്‍ ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്നത് ഗുരുതരമായ പ്രതിസന്ധിയാണ്. 10 വര്‍ഷത്തിനിടെ 80 ലക്ഷം കര്‍ഷകര്‍ മറ്റു മാര്‍ഗമില്ലാതെ കൃഷി ഉപേക്ഷിച്ച് പോവേണ്ടിവന്നു. ഇതെല്ലാം മുഖ്യധാരാമാധ്യമങ്ങള്‍ തമസ്‌ക്കരിക്കുന്നതിനെപ്പറ്റി സായ്‌നാഥ് ചൂണ്ടിക്കാണിച്ചു. ഇന്ത്യന്‍ ജനതയുടെ 70 ശതമാനത്തിലധികം വരുന്ന പാവപ്പെട്ട കര്‍ഷകരെയും, കര്‍ഷത്തൊഴിലാളികളെയും പൂര്‍ണമായി ഒഴിച്ചുനിര്‍ത്തുന്ന സമീപനമാണ് മാധ്യമങ്ങളുടെതെന്നു പറയാനുള്ള ആര്‍ജവം. വിദ്യാഭ്യാസരംഗത്തെ അമിതവാണിജ്യവല്‍ക്കരണം കേരളത്തിന് ആപത്താവുമെന്ന നിരീക്ഷണവും ശ്രദ്ധേയമായി. ഏതു വിഷയത്തെപ്പറ്റി സംസാരിക്കുമ്പോഴും സായ്‌നാഥ് സത്യത്തെ സ്‌പര്‍ശിക്കുന്നു. കാണാനും മനസ്സിലാക്കാനും തയ്യാറുള്ള മനുഷ്യര്‍ക്കായി നിലപാടുകള്‍ വ്യക്തമാക്കുന്നു.

*****

റെജി പായിക്കാട്ട്, കടപ്പാട് : ദേശാഭിമാനി വാരാന്തപ്പതിപ്പ്

Saturday, September 1, 2007

സായ്‌നാഥിന് ആദരപൂര്‍വം

'ഹിന്ദു'പത്രത്തിന്റെ ഗ്രാമീണകാര്യ എഡിറ്ററും മുംബൈ ബ്യൂറോ ചീഫുമായ പി.സായ്‌നാഥടക്കം ഏഴുപേര്‍ക്ക് 2007ലെ രമണ്‍ മഗ്‌സാസെ അവാര്‍ഡ് ഇന്നലെ വൈകിട്ട് സമ്മാ‍നിച്ചു. ദരിദ്ര ഗ്രാമീണരുടെ പ്രശ്നങ്ങള്‍ രാജ്യശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ പത്രപ്രവര്‍ത്തകനെന്ന നിലയില്‍ സായ്‌നാഥ് പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്.

2004ല്‍ ഹിന്ദുവില്‍ ചേര്‍ന്ന സായ്‌നാഥ് കാര്‍ഷികപ്രശ്നങ്ങളെക്കുറിച്ച് നിരന്തരം എഴുതിക്കൊണ്ടിരിക്കുന്നു. ഇന്ത്യയുടെ സാമ്പത്തിക വിസ്മയത്തിനു പിന്നിലെ ജീവിതമാണ് സായ്‌നാഥിന്റെ വാര്‍ത്താ സ്രോതസ്സുകള്‍. ഇന്ത്യയുടെ ദേശീയ ബോധത്തില്‍ ഗ്രാമങ്ങളിലെ പാവപ്പെട്ടവരെ പ്രതിഷ്ഠിച്ചത് സായ്‌നാഥിന്റെ അര്‍പ്പണമനോഭാവത്തോടെയുള്ള പത്രപ്രവര്‍ത്തനമാണ്.ദാരിദ്ര്യവും നിരക്ഷരതയും ജാതിപരമായ ഉച്ചനീചത്വവും സാമ്പത്തിക പരിഷ്കാരങ്ങളുമാണ് ഇന്ത്യന്‍ ഗ്രാമീണര്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളെന്ന് സായ്‌നാഥ് വീണ്ടും വീണ്ടും പൊതുജനശ്രദ്ധയില്‍ കൊണ്ടുവരുന്നു.

ശ്രീ. സായ്‌നാഥിനു നല്‍കുന്ന സൈറ്റേഷന്റെ പൂര്‍ണ്ണരൂപം.

കൃത്യമായ നിലപാടുകളുള്ള, ഉത്തമ പത്രപ്രവര്‍ത്തനത്തിന്റെ മാതൃകയായ സായ്‌നാഥിനെ വര്‍ക്കേഴ്സ് ഫോറം എല്ലാ ആദരവോടെയും, സ്നേഹത്തോടെയും അഭിനന്ദിക്കുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ലേഖനത്തിന്റെ മലയാള പരിഭാഷ ഈ അവസരത്തില്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു.

നമ്മുടെ അസംതൃപ്തിയുടെ പതിറ്റാണ്ട്‌

(പി.സായ്‌നാഥ്)

ഗ്രാമീണ ഭാരതം എന്തൊക്കെ കൌതുകങ്ങളാണ് നമുക്കായി ഒരുക്കിയിരിക്കുന്നത്?

ഇക്കഴിഞ്ഞ ആറു ദശകങ്ങള്‍ക്കിടയില്‍, മൂന്നു സംസ്ഥാനങ്ങളിലൊഴികെ അര്‍ത്ഥവത്തായ ഭൂപരിഷ്ക്കരണത്തിനോ പാട്ട വ്യവസ്ഥയുടെ പരിഷ്ക്കരണത്തിനോ നമുക്കു കഴിഞ്ഞിട്ടില്ല. എന്നാല്‍, ആറു മാസത്തിനുള്ളില്‍ ഒരു സ്പെഷ്യല്‍ ഇക്കണോമിക്‌ സോണ്‍ അനുവദിക്കാന്‍ നമുക്കു കഴിയുന്നു. !! സ്വാതന്ത്ര്യത്തിന്റെ ആറു പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ ഘടനാപരമായും മറ്റുമുള്ള അസമത്വങ്ങള്‍ വര്‍ദ്ധിക്കുകയും ഗ്രാമീണ ഭാരതം കൂടുതല്‍ കൂടുതല്‍ കുഴപ്പത്തിലേക്ക് നീങ്ങുകയും ചെയ്യുകയാണ്.

ഒരു പ്രധാന ഇംഗ്ലീഷ്‌ ദിനപ്പത്രത്തിന്റെ ഒന്നാം പേജില്‍ കുറച്ചുനാള്‍ മുമ്പ്‌ വന്ന 'ലീഡ്‌ സ്റ്റോറി ' വളരെ ശ്രദ്ധേയമായിരുന്നു. ഒരു ഫാന്‍സി സെല്‍ഫോണ്‍ നമ്പറിനു വേണ്ടി ചണ്ഡിഗറില്‍ നിന്നുള്ള ഒരു ചെറുപ്പക്കാരന്‍ 15 ലക്ഷം രൂപ കൊടുത്തുവത്രെ. തുടര്‍ന്ന്‌ ഇതര മാധമങ്ങള്‍ ഇതേറ്റെടുത്തു. അയാളുടെ മാതാപിതാക്കള്‍ മകന്‍ കൈവരിച്ച നേട്ടം ആഘോഷിക്കുന്നതിനായി മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുന്നതും നമ്മള്‍ കണ്ടു. ഇന്ത്യ ആര്‍ജ്ജിച്ച പുത്തന്‍ ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നതിന്റെ ദൃഷ്ടാന്തമായി പത്രങ്ങള്‍ (മുന്‍ പേജ്‌ വാര്‍ത്തകളെ എഡിറ്റോറിയലൈസ് ചെയ്തു കൊണ്ട് ) ഇതിനെ വ്യാഖ്യാനിച്ചു. സാമ്പത്തിക പരിഷ്ക്കാരങ്ങളുടെയും ഉദാരവല്‍ക്കരണത്തിന്റെയും കാലഘട്ടത്തില്‍ ദൃശ്യമാകുന്ന അഹന്തയല്ലാതെ മറ്റെന്താണിത്?

എന്തിനെയാണിത് പ്രതിഫലിപ്പിക്കുന്നത് ? പ്രചാരമുള്ള ഒരു ഇന്ത്യന്‍ മാസിക സുഖലോലുപതയുടെ സന്ദേശവാഹകനാകുന്നത്‌ തികച്ചും സ്വാഭാവികമായി കാണുന്ന ഒരു വര്‍ഗ്ഗം ഇന്നു നമ്മുടെ രാജത്ത്‌ നിലവിലുണ്ട് എന്നതാണത്‌. അതിന്റെ പ്രസാധകന്റെ കത്ത്‌ വായനക്കാരോട്‌ പറയുന്നത്‌ നോക്കുക "മുന്‍ രാജസ്ഥാന്‍ ഭരണാധികാരികളുടേതായിരുന്ന 80 വര്‍ഷം പഴക്കമുള്ള കാമെല്‍ബോണ്‍ ബോക്സുകളിലടക്കം ചെയ്ത പരിമിത എണ്ണം “ഡ്രാഗണ്‍ ഗൂര്‍ഖ “സിഗാറുകള്‍ പെട്ടിക്ക് 1,15,000 ഡോളര്‍ എന്ന നിരക്കില്‍ ഇപ്പോള്‍ ലഭ്യമാണ് ‌".

ഒരു ഇന്ത്യന്‍ കര്‍ഷകകുടുംബത്തിന്റെ ഒരു മാസത്തെ ശരാശരി പ്രതിശീര്‍ഷ ചിലവ്‌ ഈ15 ലക്ഷം രൂപയില്‍ നിന്ന്‌' എത്രയോ അകലെയാണ്‌. 1,15,000 ഡോളറില്‍ നിന്ന്‌ അതിലുമേറെ അകലെയാണ്‌. ശരിക്കു പറഞ്ഞാല്‍ 503 രൂപയാണത്. ഇതാകട്ടെ ഗ്രാമീണ ദാരിദ്ര്യരേഖക്ക്‌ ഏറെ മുകളിലുമല്ല. വന്‍ ഭൂപ്രഭുക്കളെയും നാമമാത്ര കൃഷിക്കാരെയുമൊക്കെ ചേര്‍ത്താണ് ദേശീയ ശരാശരി കണക്കാക്കുന്നത്. മാത്രമല്ല,ദേശീയ ശരാശരിയുടെ ഇരട്ടി പ്രതിശീര്‍ഷ വരുമാനമുള്ള കേരളം, പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങള്‍ കൂടി ഈ കണക്കില്‍ ഉള്‍പ്പെടുന്നു‌. കേരളത്തെയും പഞ്ചാബിനെയും ഒഴിവാക്കിയാല്‍ സ്ഥിതി പരിതാപകരമാകും. തീര്‍ച്ചയായും, നഗരങ്ങളിലും കടുത്ത അസമത്വം നിലനില്‍ക്കുന്നുണ്ട് .

പക്ഷെ ഈ വൈരുദ്ധ്യം കൂടുതല്‍ പ്രകടമാകുന്നത് ഗ്രാമങ്ങളില്‍ ആണ്.

മുകളില്‍പ്പറഞ്ഞിരിക്കുന്ന 503 രൂപയില്‍ 60 ശതമാനം ഭക്ഷണത്തിനുവേണ്ടിയാണ്‌ ചിലവഴിക്കുന്നത്‌. 18 ശതമാനം ഇന്ധനത്തിനും വസ്ത്രത്തിനും പാദരക്ഷക്കും വേണ്ടി മാറ്റി വയ്ക്കുന്നു. ശേഷിച്ച തുച്ഛമായ തുകയില്‍ കുടുംബത്തിന്റെ ആരോഗത്തിനുവേണ്ടി ചിലവഴിക്കുന്നത് വിദ്യാഭ്യാസത്തിനു ചിലവഴിക്കുന്നതിന്റെ ഇരട്ടി വരും. അതായത്‌, ഒരു ഗ്രാമീണ കര്‍ഷകകുടുംബം ആരോഗത്തിനുവേണ്ടി മുപ്പത്തിനാലു രൂപയും വിദ്യാഭ്യാസത്തിനു വേണ്ടി പതിനേഴു രൂപയും ശരാശരി ചിലവഴിക്കുന്നു.

ഒരു വിശേഷപ്പെട്ട സെല്‍ഫോണ്‍ നമ്പര്‍ സമ്പാദിക്കുകയെന്നത്‌ ഗ്രാമീണ ഭാരതീയന്റെ മുഖ്യ ഹോബി ആകുന്ന കാര്യം ആസന്നഭാവിയില്‍ സംഭാവ്യമാണെന്നു തോന്നുന്നില്ല. 503 രൂപയുടെ സ്ഥാനത്ത്‌ പ്രതിമാസം 225 രൂപ പോലും ചിലവുചെയ്യാന്‍ കെല്പില്ലാത്ത അസംഖ്യം കുടുംബങ്ങളുണ്ട്‌ എന്നതും നാം മറന്നു കൂടാ. ദാരിദ്ര്യരേഖയേക്കള്‍ താഴെ ശരാശരി പ്രതിമാസവരുമാനമുള്ള സംസ്ഥാനങ്ങളുണ്ട്‌.

ഭൂരഹിതരുടെ കാര്യത്തില്‍ ആ‍വട്ടെ, സ്ഥിതി ഇതിലും ദയനീയമാണ് .

“അസമത്വം“ എന്നത് നമ്മെ സംബന്ധിച്ചിടത്തോളം പുതിയതോ കേട്ട് കേള്‍വി ഇല്ലാത്തതോ ആ‍യ കാര്യമൊന്നുമല്ല. എത്ര ദയാരഹിതമായാണ് “അസമത്വം“ സൃഷ്ടിക്കപ്പെടുന്നത്‌ , എത്ര ക്രൂരമായാണ് അതിന്റെ നിര്‍മ്മിതി എന്നതാണ്‌ കഴിഞ്ഞ 15 വര്‍ഷത്തെ വ്യത്യസ്തമാക്കുന്നത് . ഇന്ന്‍ അത് സമൂഹത്തിന്റെ എല്ലാ തലങ്ങളിലും , മുകള്‍ത്തട്ടില്‍ പോലും വര്‍ദ്ധമാനമായ അളവില്‍ അസമത്വംകാണാം.

അഭിജിത്‌ ബാനര്‍ജിയും തോമസ്‌ പിക്കറ്റിയും "Top Indian Incomes1956-2000" എന്ന പ്രബന്ധത്തില്‍ പറഞ്ഞതു പോലെ "പണക്കാര്‍ അവരുടെ മൊത്തവരുമാനം കാര്യമായി വര്‍ദ്ധിപ്പിച്ചു. എന്നാല്‍, 1980കളില്‍ മുകള്‍ത്തിലുള്ള എല്ലാവരും കൂടി അത്‌ പങ്കിട്ടുവെങ്കില്‍‌, 1990കളില്‍ ഏറ്റവും വമ്പന്‍മാരായ 0.1 ശതമാനം മാത്രമാണ്‌ വന്‍ നേങ്ങളുണ്ടാക്കിയത്‌."

ഉന്നതന്‍മാരായ 0.01 ശതമാനത്തിന്റെ ശരാശരി വരുമാനം 1950-കളില്‍ മൊത്തം ജനങ്ങളുടെ ശരാശരി വരുമാനത്തെക്കാള്‍ 150-200 മടങ്ങ്‌ കൂടുതലായിരുന്നു. 1980കളുടെ തുടക്കത്തില്‍ ഇത്‌ 50 മടങ്ങിലും താഴെയായി. എന്നാല്‍, 1990കളുടെ അന്ത്യത്തില്‍ ഇത്‌ 150-200 ഇരട്ടിയിലേക്ക്‌ തന്നെ മടങ്ങുകയാണുണ്ടായത്‌ ". എല്ലാ തെളിവുകളും സൂചിപ്പിക്കുന്നത്‌ സ്ഥിതി കൂടുതല്‍ വഷളാവുകയാണെന്നാണ്‌.

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ സി.ഇ.ഒമാരുടെ വേതനത്തെ സംബന്ധിച്ച്‌ നടത്തിയ വളരെ മൃദുവായ പരാമര്‍ശത്തോടുള്ള വ്യവസായികളുടെ പ്രതികരണം ഈ വിശേഷാവകാശങ്ങള്‍ എത്ര ആഴത്തില്‍ വേരൂന്നിയിരിക്കുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നു. മിക്കവാറും എല്ലാ പത്രങ്ങളുടെയും മുഖപ്രസംഗങ്ങള്‍ ഡോ. സിങ്ങിനെതിരെ ശക്തമായി ആഞ്ഞടിക്കുകയുണ്ടായി.

അങ്ങനെയിരിക്കെ, സമ്പത്തിന്റെ കേന്ദ്രീകരണത്തെ സംബന്ധിച്ച്‌, അടുത്തകാലത്ത്‌ വന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും ഭേദപ്പെട്ട ലേഖനം, മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ എക്സിക്യുട്ടീവ് ഡയറക്ടറില്‍ നിന്നാണ് ഉണ്ടായത് എന്നത്‌ അസാധാരണവും ശ്രദ്ധേയവുമാണ്‌. (ദി ഇക്കണോമിക്‌ ടൈംസ്‌, 2007 ജൂലൈ 9).

ശ്രീ ചേതന്‍ ആഹ്യ എഴുതുന്നു,

" ആഗോളവല്‍ക്കരണത്തിന്റെയും ഉദിച്ചുയരുന്ന മുതലാളിത്തത്തിന്റെയും ഫലമായി ഏറിവരുന്ന അസമത്വം സൃഷ്ടിക്കുന്ന സമൂഹികസമ്മര്‍ദ്ദം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വര്‍ദ്ധിച്ചുവരുന്നതായി ഞങ്ങള്‍ വിശ്വസിക്കുന്നു ". "വര്‍ദ്ധിച്ചുവരുന്ന അസമത്വത്തില്‍ നിന്നും ഉയര്‍ന്നു വരുന്ന വര്‍ദ്ധമാനമായ സാമൂഹ്യ വെല്ലുവിളികള്‍ " (rising social challenges on account of rise in inequality) ഉല്‍ക്കണ്ഠയുളവാക്കുന്ന പ്രവണതയായി അദ്ദേഹം കാണുന്നു. സമ്പത്തിന്റെ കാര്യത്തില്‍ "അസമത്വത്തിന്റെ അന്തരം കടുത്തതാണ്‌..കഴിഞ്ഞ നാല്‌ വര്‍ഷക്കാലത്ത്‌ സമ്പത്തിന്റെ വളര്‍ച്ച 1 ട്രിലന്‍ ഡോളറില്‍ (മൊത്തം ആഭ്യന്തര ഉല്‌പാദനത്തിന്റെ(GDP)100 ശതമാനത്തേക്കാള്‍ കൂടുതല്‍) അധികമാണെന്നു ഞങ്ങളുടെ വിശകലനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിന്റെ സിംഹഭാഗവും കേന്ദ്രീകരിച്ചിരിക്കുന്നത്‌ സമൂഹത്തിലെ ഒരു ന്യൂനപക്ഷത്തിലാണ്‌" , അദ്ദേഹം പറയുന്നു. നാം സ്വീകരിക്കുന്ന ഇത്തരം നയസമീപനങ്ങള്‍ കൃഷിക്കാരുടെയും പ്രത്യേക സാമ്പത്തിക മേഖലയുടെയും കാര്യത്തിലുണ്ടായ പോലെ, "സാമൂഹികവും രാഷ്ട്രീയപരവുമായ ഒരു പൊട്ടിത്തെറിയിലേക്ക് “ കൊണ്ടെത്തിക്കുമെന്നു എത്രയും ശരിയായി ആഹ്യ വിലയിരുത്തുന്നു.

ഘടനാപരമായ അസമത്വങ്ങള്‍

ഇതെല്ലാം സംഭവിക്കുന്നത്‌ ഗ്രാമീണ ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഘടനാപരമായ അസമത്വങ്ങള്‍ക്കു മുകളിലാണ് എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. 60 വര്‍ഷമായിട്ടും ഇന്നും ഭൂമിയുടെ പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല. വനഭൂമിയുടെയും വെള്ളത്തിന്റെയും അവകാശങ്ങളുടെ കാര്യത്തിലും വെറുക്കപ്പെടേണ്ട ജാതി-ലിംഗ വിവേചനങ്ങളുടെ കാര്യത്തിലും ഇത് തന്നെയാണ് സ്ഥിതി. ഘടനാപരമായതും അല്ലാത്തതുമായ അസമത്വങ്ങള്‍ പരിഹരിക്കാന്‍ നാം ഒരിക്കലും ശ്രമിച്ചില്ല. ഇപ്പോളാവട്ടെ, അവയെ കൂടുതല്‍ വഷളാക്കാന്‍ നമ്മള്‍ കഠിനാദ്ധ്വാനം ചെയ്യുന്നു.

പരിഷ്ക്കരണങ്ങള്‍ തുടങ്ങുന്ന കാലഘട്ടത്തില്‍ പോലും ഗ്രാമീണ ജനസംഖ്യയുടെ ഏറ്റവും താഴേയുള്ള പകുതിക്ക്‌ ഉണ്ടായിരുന്നത് മൊത്തം ഭൂമിയുടെ 3.5 ശതമാനത്തില്‍ താഴെ ഉടമസ്ഥത മാത്രമാണ്‌ . മേല്‍ത്തട്ടിലെ 10 ശതമാനം കുടുംബങ്ങള്‍ 50 ശതമാനത്തിലധികം ഭൂമിയുടെ ഉടമകളായിരുന്നു . അതാകട്ടെ മൊത്തം ഭൂമിയുടെ കാര്യമെടുക്കുമ്പോഴാണ്. ജലസേചനസൌകരമുള്ള ഭൂമിയുടെ കാര്യമെടുത്താല്‍ ചിത്രം കൂടുതല്‍ ഭയാനകമാണ്‌. പ്രത്യുല്‍പാദനക്ഷമതയുള്ള ആസ്തികളും (productive assets) കൂടി കണക്കിലെടുത്താല്‍ സ്ഥിതി അതിലും മോശമാണ്. ഒരു അനുമാനമനുസ്സരിച്ച് ‍, 85 ശതമാനത്തിലധികം ഗ്രാമീണകുടുംബങ്ങള്‍ ഒന്നുകില്‍ ഭൂരഹിതരാണ്‌, അല്ലെങ്കില്‍ നാമമാത്ര കര്‍ഷകരോ, ചെറുകിട കര്‍ഷകരോ (sub marginal or marginal) ആണ്‌.

15 വര്‍ഷത്തിനിടയില്‍ പ്രസ്തുത സ്ഥിതി മെച്ചപ്പെടുത്തുന്ന യാതൊന്നും സംഭവിച്ചിട്ടില്ല. എന്നു മാത്രമല്ല, സംഗതി കൂടുതല്‍ വഷളാക്കാനുതകുന്ന പലതും സംഭവിച്ചിട്ടുണ്ടുതാനും.

ഗ്രാമീണ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള നമ്മുടെ കാര്‍ഷികനയങ്ങളുടെ ദിശ വളരെ സ്പഷ്ടമാണ്. കൃഷി കര്‍ഷകരുടെ കയ്യില്‍നിന്നും എടുത്ത്‌ മാറ്റി വന്‍കിട കോര്‍പറേഷനുകളെ ഏല്പിക്കുക. എല്ലാ നീക്കങ്ങളും എല്ലാ നയങ്ങളും ഈ ആശയത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ മാത്രം ലക്ഷ്യം വച്ചുള്ളതാണ്‌. നമ്മുടെ ചരിത്രത്തിലെ ഏറ്റവും വലിയ പറിച്ചെറിയലുകള്‍ക്ക്‌ നാം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്‌. ഒരു അണക്കെട്ടിന്റെ ക്യാച് മെന്റ് ഏരിയയിലോ ഖനി പ്രദേശത്തോ അല്ല ഇത്‌ സംഭവിക്കുന്നത്‌. കൃഷിസ്ഥലങ്ങളിലാണിത്‌ സംഭവിക്കുന്നത്‌. കൃഷിഭൂമിയില്‍നിന്ന്‌ അതിവേഗം നിഷ്ക്കാസിതരാക്കപ്പെടുന്ന ദശലക്ഷങ്ങളെ എന്തുചെയ്യുമെന്ന്‌ നമുക്കൊരു എത്തും പിടിയുമില്ല. ടാങ്കുകളും ബുള്‍ഡോസറുകളും ഉപയോഗിച്ചല്ല നാമിത് ചെയ്യുന്നത്‌. ചെറുകിട സ്ഥലമുടമകള്‍ക്ക് കാര്‍ഷികവൃത്തി അസാദ്ധ്യമാക്കുക മാത്രമാണ്‌ നാം ചെയ്യുന്നത്‌.

പക്ഷെ ജീവിതമാര്‍ഗ്ഗം നശിപ്പിക്കപ്പെടുന്നവര്‍ക്ക്‌ വേറൊരു വഴിയും ചൂണ്ടിക്കാണിക്കാന്‍ നമുക്കാവുന്നുമില്ല.

ആദ്യ ദശാബ്ദങ്ങള്‍ പ്രതീക്ഷയുടെ ദശാബ്ദങ്ങളായിരുന്നു. മതിപ്പുളവാക്കുന്നതല്ലെങ്കില്‍ക്കൂടി ഗണ്യമായ പുരോഗതിയുണ്ടായിരുന്നു, അന്ന്‌ . സാക്ഷരതയില്‍, ആയുര്‍ദൈര്‍ഘ്യത്തില്‍,അതുപോലുള്ള മാനവശേഷി വികസന സൂചികകളില്‍. "ഇന്ത്യ അവളുടെ ഗ്രാമങ്ങളിലാണ്‌ ജീവിക്കുന്നത് ‌" എന്ന വിചാരമെങ്കിലുമുണ്ടായിരുന്നു. യുദ്ധത്തിന്റെ അവസരത്തിലാണെങ്കില്‍ പോലും, ദേശത്തിന്റെ ഭാവനയെ ഉണര്‍ത്തിയ മുദ്രാവാകമാണ്‌, "ജയ്‌ ജവാന്‍, ജയ്‌ കിസാന്‍" . രാഷ്ട്രത്തിന്റെ ഭാവി ചുമലിലേന്തുന്നവന്‍ എന്നായിരുന്നു കൃഷിക്കാരനെ അല്ലെങ്കില്‍ കൃഷിക്കാരിയെ കണ്ടിരുന്നത്‌. (സാമാന്യമായി കൃഷിക്കാരനെ എന്നേ പറയാറുള്ളൂ , എന്തെന്നാല്‍, ഇന്നും സ്ത്രീക്ക്‌ സ്വത്തവകാശം നിഷേധിക്കപ്പെടുന്നുവെന്നു മാത്രമല്ല സമൂഹം സ്ത്രീകളെ 'കൃഷിക്കാരായി' കാണുന്നുമില്ല). എന്തായാലും അത്തരമൊരു പ്രതിച്ഛായയാണ് നാം കൃഷിക്കാരന് കല്പിച്ചു നല്‍കിയത്.

ഇന്ന് ,സ്വാതന്ത്ര്യത്തിന്റെ അറുപത്‌ വര്‍ഷം പിന്നിടുമ്പോള്‍ ഗ്രാമീണ ഇന്ത്യ ആകെ താറുമാറായിരിക്കുന്നു.

ഹരിതവിപ്ലവത്തിന്‌ തൊട്ടുമുമ്പുണ്ടായിരുന്നത്ര കഠിനമായ കാര്‍ഷിക പ്രതിസന്ധി നടമാടുകയാണ്‌, എങ്ങും. പക്ഷെ, സമ്പന്നരുടേയോ മാധമങ്ങളുടെയോ ശ്രദ്ധ അധികനേരം ഇതില്‍ പതിയുന്നില്ല. കൃഷിയില്‍ നിന്നുള്ള വരുമാനം തകര്‍ന്നു കഴിഞ്ഞു. പട്ടിണി വളരെ വേഗം പടരുന്നു. കാര്‍ഷികമേഖലയിലെ സര്‍ക്കാര്‍ നിക്ഷേപം ചുരുങ്ങി ചുരുങ്ങി നിശ്ശേഷം ഇല്ലാതായിട്ട് നാളുകള്‍ ഏറെയായി. കാര്‍ഷിക രംഗത്തെ തൊഴില്‍ അവസരങ്ങള്‍ ദ്രുതഗതിയില്‍ കുറഞ്ഞു വരുന്നു. കാര്‍ഷികേതര തൊഴിലുകളും മുരടിപ്പിലാണ്‌. (ദേശീയ ഗ്രാമീണ തൊഴിലുറപ്പു നിയമം മാത്രമാണ്‌ അടുത്തകാലത്ത്‌ ഒരു പരിധി വരെയെങ്കിലും ആശ്വാസമെത്തിക്കുന്നത്‌).

ദശലക്ഷങ്ങള്‍ പട്ടണങ്ങളിലേക്കും വന്‍നഗരങ്ങളിലേക്കും നീങ്ങുകയാണ്‌, എന്നാല്‍ അവിടെയും തൊഴിലില്ലെന്നതാണവസ്ഥ. കൃഷിക്കാരനുമല്ല തൊഴിലാളിയുമല്ല എന്ന അവസ്ഥയിലേക്ക്‌ അനേകങ്ങള്‍ മാറുകയാണ്‌. ചില്ലറ പണികള്‍ ചെയ്യുന്നവരോ വീട്ടുജോലിക്കാരോ ആയ ഒരു വലിയ വൃന്ദം. ( ദില്ലിയില്‍ ഇത്തരം ജോലിചെയ്യുന്ന രണ്ട്‌ ലക്ഷത്തോളം പെണ്‍കുട്ടികള്‍ ജാര്‍ഖണ്ഡില്‍ നിന്ന്‌ മാത്രം എത്തിയിട്ടുണ്ടെന്നാണ്‌ ഏകദേശ കണക്ക്‌).

കടക്കെണി ലക്ഷക്കണക്കിന് കൃഷിക്കാരെ പാപ്പരാക്കിയിരിക്കുന്നു.

ചിലവേറിയ നാണ്യവിളകളുടെ കൃഷിയിലേര്‍പ്പെടാന്‍ അവരെ പ്രോത്സാഹിപ്പിച്ചതുകൊണ്ടും അതിലടങ്ങിയ അപകടസാധ്യതയിലേക്ക്‌ അവരെ നിര്‍ബന്ധപൂര്‍വം തള്ളി വിട്ടതുകൊണ്ടുമാണ് ഇങ്ങനെ സംഭവിച്ചത് ‌. 2003-04-ല്‍ കേരളത്തില്‍ ഒരേക്കര്‍ വാനില കൃഷിക്ക്‌ ഒരേക്കര്‍ നെല്‍ക്കൃഷിക്ക്‌ ചിലവാകുന്നതിന്റെ 15-20 ഇരട്ടി ചിലവ്‌ വരുമായിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെ വാനില കൃഷി ചെയ്യാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുകയാണ്‌ ചെയ്തത്‌. വാനിലയുടെ വിലയുമിടിഞ്ഞു, വായ്പയുടെ ലഭ്യതയും ഇല്ലാതായി.

അനേകം കര്‍ഷകര്‍ അവരുടെ ജീവനൊടുക്കുന്നതിലാണ് ഇത് കലാശിച്ചത്.

കൃഷിക്കാരുടെ താല്പര്യങ്ങള്‍ക്ക് തീര്‍ത്തും അനുകൂലമല്ലാത്ത ഡബ്ലിയുടി.ഒ അനുവദിക്കുന്ന സംരക്ഷണനടപടികള്‍ പോലുമെടുക്കുന്നതില്‍ നാം പരാജയപ്പെട്ടു. പരുത്തിപോലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക്‌ നമ്മുടെ കൃഷിക്കാര്‍ക്ക്‌ കിട്ടുന്ന വില വിളവെടുപ്പുകാലം അവസാനിക്കുന്നതോടെ ഇടിയുന്നു. 2001-02-ല്‍ മാത്രം ദശലക്ഷത്തിലധികം ബയില്‍ പരുത്തി ഈ രാജ്യത്തിലേക്ക്‌ കൊണ്ടുവന്നു തള്ളാന്‍ അമേരിക്കന്‍ പരുത്തി കര്‍ഷകര്‍ക്ക് ലഭിച്ച വന്‍ സബ്‌സിഡി സഹായകമായി. ഇതു തടയാന്‍ നമുക്ക് ചുങ്കം വര്‍ദ്ധിപ്പിക്കാമായിരുന്നുവെങ്കിലും നാമതു ചെയ്തില്ല. മറ്റൊരു 30000 H1B വിസകള്‍ക്ക്‌ പകരമായി നാം സന്തോഷപൂര്‍വം നമ്മുടെ പട്ടിണിപ്പാവങ്ങളുടെ താല്പര്യങ്ങള്‍ വിറ്റു എന്നതാണ് യാഥാര്‍ത്ഥ്യം.

1993 നു ശേഷം 1,12,000-ത്തിലധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്തുവെന്നാണ്‌ സര്‍ക്കാര്‍ നമ്മളോട്‌ പറയുന്നത്‌.

യഥാര്‍ഥ കണക്കില്‍ നിന്നും വളരെ കുറവാണെങ്കിലും ഈ സംഖ്യയും അത്ര മോശമല്ല. കടം കയറിയതിനെത്തുടര്‍ന്നുള്ള ആത്മഹത്യകളാണിവയെല്ലാം. കഴിഞ്ഞ ദശാബ്ദത്തില്‍ കാര്‍ഷിക കടം ഏതാണ്ട്‌ ഇരട്ടിച്ചതായി നാഷണല്‍ സാമ്പിള്‍ സര്‍വ്വേ നമ്മോട്‌ പറയുന്നു.

ഇതിനര്‍ത്ഥം ഒരു ചെറുത്തുനില്‍പ്പുമില്ലെന്നല്ല, ഒരു ശബ്ദവുമുയരുന്നില്ലെന്നല്ല.

ഇലക്ഷനുകളായ ഇലക്ഷനുകളിലെല്ലാം ജനങ്ങള്‍ അവരുടെ ഗവണ്‍മെന്റുകളോടും നമ്മളെല്ലാവരോടും പറയുന്നുണ്ട്‌. പ്രതിഷേധത്തിനു മേല്‍ പ്രതിഷേധത്തോടെ. അതുപോലെ, നല്ല കാര്യങ്ങളും സംഭവിക്കുന്നുണ്ട്‌. ദേശീയ ഗ്രാമീണ തൊഴിലുറപ്പു നിയമം പോലെ. എന്നാല്‍, ഈപോക്ക്‌ വലിയൊരളവോളം ആകുലപ്പെടുത്തുന്നതാണ്‌. വന്‍ തകര്‍ച്ചയിലേക്കാണത്‌ നീങ്ങുന്നത്‌, അത്യാഹിതം ഇതിനകം തന്നെ സംഭവിച്ചുകഴിഞ്ഞു.

എന്നിട്ടും നമ്മള്‍, 15 ലക്ഷം രൂപയുടെ സെല്‍ഫോണ്‍ നമ്പറിലാണ്‌ താല്‌പര്യം കാണിക്കുന്നത്‌.

ഒരുപക്ഷേ അതിലൊരു പോയിന്റുണ്ടാകാം. ആ ഫാന്‍സി നമ്പര്‍ വാങ്ങിച്ചിട്ടുള്ളത്‌ കടം കിട്ടിയ കാശുകൊണ്ടാണത്രെ.

അതെ, ഈ അസമത്വത്തില്‍ നാം അര്‍മാദിക്കുന്നത് ആരോടൊക്കെയോ ഇരന്നു വാങ്ങിയ സമയം ഉപയോഗിച്ചാണ്.

(പരിഭാഷ: ശ്രീ. കെ.എസ്. രവീന്ദ്രന്‍‍ )

(കടപ്പാട്: ഹിന്ദു ദിനപ്പത്രം, ആഗസ്റ്റ് 9.2007, ഇന്ത്യാടുഗതര്‍ വെബ് സൈറ്റ്)