Showing posts with label മുല്ലപ്പെരിയാര്‍. Show all posts
Showing posts with label മുല്ലപ്പെരിയാര്‍. Show all posts

Wednesday, May 7, 2014

മുല്ലപ്പെരിയാര്‍: ഉല്‍ക്കണ്ഠ ഉളവാക്കുന്ന വിധി

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ദൗര്‍ഭാഗ്യകരമായ വിധിയാണ് സുപ്രീംകോടതിയില്‍നിന്നുണ്ടായത്. കേരളത്തിന് അണക്കെട്ടിന്റെ സുരക്ഷയടക്കമുള്ള കാര്യങ്ങളിലുള്ള ന്യായമായ ഉല്‍ക്കണ്ഠ സുപ്രീംകോടതി കണക്കിലെടുത്തു എന്നു പറയാനാവില്ല. ഈ അവസ്ഥ എങ്ങനെയുണ്ടായി എന്നത് കേരളം ഗൗരവപൂര്‍വം ചര്‍ച്ചചെയ്യേണ്ടതുണ്ട്. സുപ്രീംകോടതിയെ സമഗ്രമായി വസ്തുതകള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുന്നതില്‍ വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കപ്പെടണം. 2006ലെ വിധിയാണ് കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് ആദ്യം തിരിച്ചടിയുണ്ടാക്കിയത്. 2001-2006 ഘട്ടത്തില്‍ അധികാരത്തിലിരുന്ന യുഡിഎഫ് സര്‍ക്കാരിന്റെ അനാസ്ഥയും അലംഭാവവുംമൂലമാണ് അന്ന് പ്രതികൂല വിധിയുണ്ടായത്. ആ സര്‍ക്കാര്‍ പ്രശ്നം ഗൗരവത്തിലെടുക്കുകയോ വാദമുഖങ്ങള്‍ ഫലപ്രദമാംവിധം രൂപപ്പെടുത്തി അവതരിപ്പിക്കുകയോ ചെയ്തില്ല.

എന്നാല്‍, പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കിയ തുടര്‍ന്നുവന്ന ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാര്‍ ഫലപ്രദമായ നടപടികളെടുത്തു. ആ പ്രക്രിയയുടെ തുടര്‍ച്ചയായാണ് ഡാം സേഫ്റ്റി അതോറിറ്റി നിയമം കൊണ്ടുവന്നതും ജലവിതാനം 136 അടിയാക്കി നിജപ്പെടുത്തിയതും. എന്നാല്‍, അതിന്റെ സാധുതയെ തമിഴ്നാട് പിന്നീട് ചോദ്യംചെയ്തു; കോടതിയിലെത്തി. അങ്ങനെയുണ്ടായ കേസിലാണ് ഈ വിധിയുണ്ടായത്. മറ്റൊരു രൂപത്തില്‍ പറഞ്ഞാല്‍ 2006ലെ വിധിക്കുമേല്‍ കെട്ടിപ്പൊക്കിയ മറ്റൊരു വിധിയാണിത്.

ഇടതുപക്ഷജനാധിപത്യമുന്നണിയുടെ ഭരണകാലത്തെ ഇടപെടലിന്റെ ഫലമായാണ് വിദഗ്ധസമിതി നിയോഗിക്കപ്പെട്ടതും മറ്റും. എന്നാല്‍, ആ വിദഗ്ധസമിതി പ്രവര്‍ത്തനം തുടരുന്നതിനിടെ കേരളത്തിലെ ഭരണം മാറി. വീണ്ടും യുഡിഎഫ് ഭരണം വന്നു. യാഥാര്‍ഥ്യങ്ങള്‍ വിദഗ്ധസമിതിയെ ബോധ്യപ്പെടുത്തുന്നതിന് ഒരു നീക്കവും പിന്നീടുണ്ടായില്ല. സമരപ്പന്തലിലെ ആവേശത്തള്ളിച്ചയൊന്നും കേസ് നടത്തിപ്പിലോ വിദഗ്ധസമിതിക്കുമുമ്പില്‍ വാദങ്ങള്‍ നിരത്തുന്ന കാര്യത്തിലോ കണ്ടില്ല എന്നു ചുരുക്കം. അതിന്റെ ദുരന്തഫലംകൂടിയാണ് ഈ വിധി എന്നത് കാണാതിരിക്കാനാവില്ല.

അണക്കെട്ടിന്റെ സുരക്ഷാപ്രശ്നംപോലും സുപ്രീംകോടതിയെ ഫലപ്രദമായി ധരിപ്പിക്കുകയുണ്ടായില്ല. വിദഗ്ധസമിതിയെ ബോധ്യപ്പെടുത്തുന്നതിലെ വീഴ്ച കോടതിയെ ബോധ്യപ്പെടുത്തുന്നതിലും ഉണ്ടായി. അമ്പതുവര്‍ഷത്തേക്ക് എന്നുദ്ദേശിച്ച് നിര്‍മിച്ച അണക്കെട്ടാണിത്. ഇപ്പോള്‍ 120 വര്‍ഷം കഴിഞ്ഞു. ആധുനിക നിര്‍മാണ സാമഗ്രികളോ സംവിധാനങ്ങളോ ഉപയോഗിച്ചല്ല, ശര്‍ക്കരയും സുര്‍ക്കിയും ഒക്കെക്കൊണ്ടുണ്ടാക്കിയ അണക്കെട്ടാണിത്. അതിന്റെ പലയിടത്തും ഘടനാപരമായ തകരാറുകളുണ്ടായി; ചോര്‍ച്ചയുണ്ടായി; തേപ്പ് അടര്‍ന്നുവീഴുന്ന നിലയുണ്ടായി. ഇതുവല്ലതും ഫലപ്രദമായി വിദഗ്ധസമിതിക്കുമുമ്പിലോ കോടതിയിലോ അവതരിപ്പിച്ചോ?

വിദഗ്ധസമിതിക്കു പേരില്‍ വൈദഗ്ധ്യമുണ്ടെങ്കിലും അണക്കെട്ട് നിര്‍മാണ വിദഗ്ധരുള്‍പ്പെട്ട സമിതിയൊന്നുമല്ല അത്. വിഷയത്തില്‍ പ്രാഗത്ഭ്യമുള്ളവരെ കൊണ്ടുവന്ന് പരിശോധിപ്പിച്ച് ഒരു റിപ്പോര്‍ട്ടുണ്ടാക്കിച്ചുകൊടുക്കാന്‍ കഴിഞ്ഞോ? അന്തര്‍സംസ്ഥാന നദിയാണ് പെരിയാര്‍ എന്ന തമിഴ്നാടിന്റെ വാദം അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. സുപ്രീംകോടതി ഈ നിലപാടിലേക്ക് ചെന്നെത്തിയത് ചില കേന്ദ്രങ്ങളില്‍ കേരള സര്‍ക്കാര്‍ തന്നെ അങ്ങനെ കരുതാന്‍ വേണ്ട സൂചനകള്‍ നല്‍കിയതുകൊണ്ടാണ്. പെരിയാര്‍ കേരളത്തിന്റെ നദിയാണെന്നതു സ്ഥാപിക്കാന്‍ കഴിഞ്ഞോ? പുതിയ അണക്കെട്ട് നിര്‍മാണം തമിഴ്നാടിനുമേല്‍ അടിച്ചേല്‍പ്പിക്കാനാവില്ല എന്നാണ് കോടതി പറഞ്ഞത്. അണക്കെട്ടിന്റെ ഗുരുതരാവസ്ഥ മുന്‍നിര്‍ത്തി നേരത്തെതന്നെ തമിഴ്നാടുമായി സംസാരിച്ച് ഒരു സമവായത്തിലെത്തിയിരുന്നെങ്കില്‍ "അടിച്ചേല്‍പ്പിക്കലിന്റെ പ്രശ്നം" വരുമായിരുന്നില്ല. ആ വഴിക്ക് എന്തെങ്കിലും നീക്കം നടത്തിയോ? ഇടയ്ക്കിടെ ഭൂകമ്പമുണ്ടാവുന്ന സോണ്‍ ത്രീ മേഖലയിലാണ് ഡാം നില്‍ക്കുന്നത്. ഇതിന്റെ അപകടാവസ്ഥ ബോധ്യപ്പെടുത്താന്‍ എന്തെങ്കിലും ചെയ്തോ? ഒന്നും ഉണ്ടായില്ല. ഏതായാലും സുപ്രീംകോടതി വിധിയോടെ കേരളത്തിന്റെ മുമ്പിലെ മിക്കവാറും വാതിലുകളെല്ലാം അടഞ്ഞിരിക്കുന്നു. പുനഃപരിശോധനാഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിക്കാം എന്നു വേണമെങ്കില്‍ സാങ്കേതികമായി പറയാം. എന്നാല്‍, ദീര്‍ഘകാലമെടുത്ത് അഞ്ചംഗഭരണഘടനാ ബെഞ്ച് എടുത്ത തീരുമാനം ഒരുറിവ്യൂ ഹര്‍ജികൊണ്ട് അസ്ഥിരപ്പെടുമെന്ന് കരുതാനാവുമോ? പുതിയ അടിസ്ഥാനങ്ങളുമായി ചെന്നാല്‍, വാദത്തിന്റെ ഘട്ടത്തില്‍ നിങ്ങള്‍ക്ക് ഇതൊക്കെ അവതരിപ്പിക്കാമായിരുന്നില്ലേ എന്ന ചോദ്യം കോടതിയില്‍നിന്നുയരില്ലേ? അപ്പോള്‍ എന്തു മറുപടി പറയും? തീര്‍പ്പ് കല്‍പ്പിക്കപ്പെട്ട ഹര്‍ജിയുടെ വാദത്തിനിടെ വരേണ്ട വാദവും രേഖയും ഇനി കൊണ്ടുചെന്നാല്‍ ഫലിക്കുമോ?

ഉല്‍ക്കണ്ഠകള്‍ ഏറെയാണ്. ഇങ്ങനെ നോക്കുമ്പോള്‍ മൂന്നംഗ വിദഗ്ധസമിതിയെ സമീപിക്കാം എന്നതു മാത്രമാണ് ആശ്വാസം. ആ ആശ്വാസത്തിന് അടിസ്ഥാനമുണ്ടോ? കേന്ദ്രജല കമീഷന്‍ അധ്യക്ഷന്‍ ചെയര്‍മാനും കേരള-തമിഴ്നാട് സംസ്ഥാനങ്ങളുടെ ഓരോ അംഗവുമാണ് കമീഷനിലുള്ളത്. കേന്ദ്രജല കമീഷന്‍ ഈ കേസിന്റെ ഒരു ഘട്ടത്തിലും കേരളത്തിന് അനുകൂലമായ ചെറിയ നിലപാടുപോലും എടുത്തിട്ടില്ല. ഒരു അനുഭാവവും കാട്ടിയിട്ടില്ല. ജലകമീഷന്‍ നിലപാട് മാറുമെന്നു കരുതാനാവില്ല. തമിഴ്നാടിന്റെ പ്രതിനിധിയുടെ നിലപാട് വ്യക്തമാണ് താനും. ഇവരിരുവരും ചേര്‍ന്നാല്‍ വിദഗ്ധസമിതിയില്‍ ഭൂരിപക്ഷവുമായി! അപ്പോള്‍ ആ വഴിക്കും ഏറെയൊന്നും പ്രതീക്ഷിക്കാനില്ല. പരാതി പറയാനല്ലാതെ ഒന്നിനും കഴിയാത്ത അവസ്ഥയിലേക്ക് കേരളത്തെ കൊണ്ടെത്തിച്ചിരിക്കുകയാണ് യുഡിഎഫ് ഭരണം.

ജലനിരപ്പ് 142 അടിയായി ഉയരും. പുതിയ അണക്കെട്ട് എന്ന സങ്കല്‍പ്പം നടക്കാതെ വരും. അറ്റകുറ്റപ്പണി നടത്താന്‍പോലും കേരളത്തിനാവില്ല എന്നു വരും. സംസ്ഥാന നിയമം റദ്ദായിക്കഴിഞ്ഞു. നിസ്സഹായമായ നിലയാണിത്. ഏതായാലും റിവ്യൂപെറ്റീഷനൊപ്പം തമിഴ്നാടുമായി ചര്‍ച്ചകൂടെ നടക്കട്ടെ. 142 അടിയിലേക്ക് ജലനിരപ്പുയര്‍ത്താതെ സഹായിക്കാന്‍ അവരോട് അഭ്യര്‍ഥിക്കട്ടെ. 40 ലക്ഷം ജനങ്ങളുടെ ജീവനെ ബാധിക്കുന്ന പ്രശ്നമാണ് നാലടി വെള്ളത്തിന്റേത് എന്നുപറയട്ടെ!

ഈ ഘട്ടത്തില്‍ ആവേശത്തിന്റെ ആളിപ്പടരല്‍ പലയിടത്തും ഉണ്ടാവുന്നതിന്റെ സൂചനകള്‍ കാണുന്നുണ്ട്. തമിഴ്നാട്ടിലുള്ളവര്‍ കേരളത്തിലുള്ളവരുടെയും കേരളത്തിലുള്ളവര്‍ തമിഴ്നാട്ടിലുള്ളവരുടെയും സഹോദരങ്ങളാണ് എന്നതു മറന്നുകൂടാ. തമിഴരാണ് ശത്രുക്കള്‍ എന്ന മനോഭാവം വളര്‍ന്നുകൂടാ. രാജ്യത്തെ ആഭ്യന്തരകലഹത്തിലൂടെ ഛിദ്രമാക്കാന്‍ കാത്തു നില്‍ക്കുന്നവരുടെ കൈയിലെ പന്തങ്ങളായി ആരും മാറിക്കൂടാ. അതുകൂടി ഓര്‍മിപ്പിക്കട്ടെ.
*
ദേശാഭിമാനി മുഖപ്രസംഗം

Tuesday, May 8, 2012

മുല്ലപ്പെരിയാര്‍: സര്‍ക്കാര്‍ വീഴ്ചകളുടെ പരിണതി

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഫലപ്രദമായി ഇടപെടേണ്ട ഘട്ടത്തിലൊക്കെ ഗുരുതരമായ വീഴ്ച വരുത്തിയ യുഡിഎഫ് സര്‍ക്കാര്‍ ആ അനാസ്ഥയുടെ ഫലമായി കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ നിഹനിക്കുന്ന ഉന്നതാധികാരസമിതി റിപ്പോര്‍ട്ട് വന്ന ഘട്ടത്തില്‍ മന്ത്രിസഭയില്‍പോലും അഭിപ്രായസമന്വയമുണ്ടാക്കാനാകാത്ത വൈഷമ്യത്തിലായിരിക്കുന്നു.

മുല്ലപ്പെരിയാര്‍ മുന്‍നിര്‍ത്തി ഓരോ മന്ത്രിയും ഓരോന്നു വിളിച്ചുപറയുന്ന സ്ഥിതി, യുദ്ധകാലാടിസ്ഥാനത്തില്‍ ഒരുമിച്ചു നീങ്ങേണ്ട അവസ്ഥയില്‍ കേരളതാല്‍പ്പര്യങ്ങളെ വീണ്ടും അപകടപ്പെടുത്തുകയേയുള്ളൂ. ജലവിഭവമന്ത്രി പി ജെ ജോസഫും ഗ്രാമവികസനമന്ത്രി കെ സി ജോസഫും ഈ പ്രശ്നത്തില്‍ പരസ്പരം ഏറ്റുമുട്ടുന്ന നിലയായിരിക്കുന്നു. വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് മൂന്നാമതൊരു നിലപാടില്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായമേ ഇല്ലാത്ത മൗനിബാബയായി നില്‍ക്കുന്നു.

കാര്യക്ഷമമായി ഭരണനടപടികള്‍ കൈക്കൊള്ളേണ്ട ഘട്ടത്തിലൊക്കെ അതില്‍ അലംഭാവം കാണിച്ച് രാഷ്ട്രീയ കരുനീക്കങ്ങളിലും ഉപജാപങ്ങളിലും വ്യാപരിക്കുകയായിരുന്നു കഴിഞ്ഞ ഒരുവര്‍ഷമായി യുഡിഎഫ് മന്ത്രിസഭ. അതുകൊണ്ടുകൂടിയാണ് കേരളതാല്‍പ്പര്യങ്ങള്‍ പരിരക്ഷിക്കപ്പെടാത്ത നിലയുണ്ടായത്. വൈകിയ വേളയില്‍ പോലും തെറ്റുതിരുത്തിച്ചെടുക്കാനല്ല, മറിച്ച് പരസ്പരം കലഹിക്കാനാണ് ഇവര്‍ക്ക് താല്‍പ്പര്യം. ഇതിന് കേരളം വന്‍ വില നല്‍കേണ്ട അവസ്ഥയാണുണ്ടാകുന്നത്.

ഉന്നതസമിതിയിലെ രണ്ട് വിദഗ്ധ അംഗങ്ങള്‍ എടുക്കുന്ന നിലപാട് എന്ത് എന്നറിഞ്ഞശേഷവും അതിനെ മറികടക്കാന്‍ വേണ്ട വാദമുഖങ്ങള്‍ ശാസ്ത്രീയമായ തെളിവുകളോടെ അവതരിപ്പിക്കാന്‍ കേരളത്തിന് കഴിയാതിരുന്നത് യുഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്ത് വന്ന വീഴ്ചയാണ്. കേരള സര്‍ക്കാരോ സര്‍ക്കാര്‍ ഭാഗം അഭിഭാഷകനോ ഈ വിധത്തിലുള്ള രേഖകളൊന്നും തനിക്ക് നല്‍കിയിരുന്നില്ല എന്ന് ജസ്റ്റിസ് കെ ടി തോമസ് തന്നെ പറയുന്നു. ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട ഘട്ടത്തില്‍ ഉറങ്ങുകയോ ഉറക്കം നടിക്കുകയോ ചെയ്തതെന്തുകൊണ്ട് എന്ന ചോദ്യത്തിനുത്തരം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. തമിഴ്നാടിന്റെ പല ഭാഗങ്ങളിലായി കേരളത്തിലെ ചില രാഷ്ട്രീയനേതാക്കള്‍ വാങ്ങിക്കൂട്ടിയ അവിഹിത ഭൂമിയെയും ഇതര സ്വത്തുവകകളെയും കുറിച്ചുള്ള വിവരങ്ങള്‍ താമസിയാതെ പുറത്തുവന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഒരു ഘട്ടത്തില്‍ മാധ്യമങ്ങളില്‍ സജീവമായിരുന്നു. അതു കണ്ട് ഭയന്നാണോ യുഡിഎഫ് ഭരണാധികാരികള്‍ ഉറങ്ങുകയോ ഉറക്കം നടിക്കുകയോ ചെയ്തത് എന്ന സംശയത്തിന് അടിസ്ഥാനമുണ്ട്. വിദഗ്ധസമിതി റിപ്പോര്‍ട്ടുകള്‍ ഉന്നതാധികാരസമിതിക്ക് സമയാസമയങ്ങളില്‍ എത്തിച്ചുകൊടുക്കുന്നതിലും വിദഗ്ധരായ അഭിഭാഷകരെ വച്ച് അത് സമിതിക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുന്നതിലും അലംഭാവം കാട്ടിയത് വിശദീകരിക്കപ്പെടേണ്ട കാര്യമാണ്.

അണക്കെട്ട് പ്രദേശത്ത് ഒരുവര്‍ഷത്തിനിടയില്‍ 34 ഭൂചലനങ്ങളുണ്ടായതും ഇടയ്ക്കിടെ ആവര്‍ത്തിക്കുന്ന ഭൂചലനങ്ങള്‍ അണക്കെട്ടിന്റെ സുരക്ഷയെ ബാധിക്കുമെന്നതും വിദഗ്ധസമിതിയെക്കൊണ്ട് റിപ്പോര്‍ട്ടുകളിലൂടെ ഉന്നതാധികാരസമിതിക്ക് മുന്നില്‍ എത്തിക്കാന്‍ കഴിയാതെപോയി. ആ പഴുതുപയോഗിച്ചാണ് ഉന്നതാധികാരസമിതി ഭൂചലനം അണക്കെട്ടിനു പ്രശ്നമല്ല എന്ന് റിപ്പോര്‍ട്ട് എഴുതിയുണ്ടാക്കിയത്.

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിന്റെ പൊതുതാല്‍പര്യത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യുന്നത് ഇതാദ്യമല്ല. സുപ്രീംകോടതി ഇതുസംബന്ധിച്ച കേസ് പരിഗണനയ്ക്കെടുക്കുന്നതറിഞ്ഞിട്ടും വേണ്ട സമയത്ത് ഒരു അഭിഭാഷകനെ നിയോഗിക്കാന്‍പോലും സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. കേസെടുക്കുന്നതിന് രണ്ടുമണിക്കൂര്‍ മുമ്പുമാത്രമാണ് അഭിഭാഷകനെ നിയോഗിച്ചത്. അദ്ദേഹത്തിന് കേസ് പഠിക്കാനോ ഫലപ്രദമായി ജനങ്ങളുടെ ഭീതി കോടതിയെ അറിയിക്കാനോ കഴിയാതെ വന്നത് സ്വാഭാവികം. ഒടുവില്‍ ജലവിഭവമന്ത്രിക്കുതന്നെ അതില്‍ അതൃപ്തി പ്രകടിപ്പിക്കേണ്ടിവന്നു. കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി വാദിക്കാന്‍ നിയുക്തനായ അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്തിയാലും അണക്കെട്ട് സുരക്ഷിതമായി ഇരുന്നുകൊള്ളുമെന്നാണ് കോടതിയെ അറിയിച്ചത്. 116 വര്‍ഷത്തെ പഴക്കമുള്ള അണക്കെട്ടിലെ ജലനിരപ്പ് 120 അടിയായി താഴ്ത്തണമെന്ന കേരളത്തിന്റെ ആവശ്യത്തിനെതിരായി കേരളത്തിന്റെ തന്നെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ വാദിച്ചത് യുഡിഎഫ് സര്‍ക്കാരിന്റെ ഘട്ടത്തിലാണ്. സര്‍ക്കാരിന്റെ നിലപാടിനു വിരുദ്ധമായി അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത് ഏവരെയും അമ്പരപ്പിച്ചിരുന്നു. പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തെ കേരളംതന്നെ പരാജയപ്പെടുത്തുന്നതാണ് അന്ന് കോടതിയില്‍ കണ്ടത്. കേരളത്തിന്റെ അഭിഭാഷകന്റെ ആ വാദം കേരളത്തിന്റെ കേസിനെതിരായി ഉപയോഗിക്കുന്ന നിലയാണ് തുടര്‍ന്നുണ്ടായത്.

മുല്ലപ്പെരിയാര്‍ പ്രശ്നം കോടതിക്ക് പുറത്ത് ഒത്തുതീര്‍ക്കാന്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരെ ഉള്‍പ്പെടുത്തി ചര്‍ച്ച നടത്താന്‍ പ്രധാനമന്ത്രി മുന്‍കൈ എടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. ആ മുന്‍കൈ ഉണ്ടായില്ല എന്നു മാത്രമല്ല, പ്രധാനമന്ത്രി മദിരാശിയില്‍ ചെന്ന് എതിര്‍ നിലപാട് പ്രഖ്യാപിക്കുന്നത് നാം കാണുകയും ചെയ്തു. ഇതെല്ലാം വച്ചുനോക്കുമ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ കള്ളക്കളി നടത്തുന്നുവെന്ന് സംശയിക്കേണ്ടിവരും. ആ കള്ളക്കളിയുടെകൂടി ഫലമാണ് കേരളത്തിന് കനത്ത തിരിച്ചടിയാകുംവിധമുള്ള ഉന്നതാധികാരസമിതിയുടെ റിപ്പോര്‍ട്ട് എളുപ്പമാക്കിയത്. ഇപ്പറയുന്നതിനര്‍ഥം, ഉന്നതാധികാരസമിതി ചെയ്തത് ഉചിതമാണ് എന്നല്ല. യുക്തിരഹിതവും മാനുഷികപരിഗണന ഇല്ലാത്തതുമായ റിപ്പോര്‍ട്ടാണവര്‍ ഉണ്ടാക്കിയത്. അതിന് അവര്‍ക്ക് പഴുതു നല്‍കുന്നതായി കേരള സര്‍ക്കാരിന്റെ വീഴ്ചകള്‍. അണക്കെട്ട് സുരക്ഷിതമാണെന്നും പുതിയ അണക്കെട്ട് എന്ന നിര്‍ദേശം പുനഃപരിശോധിക്കണമെന്നുമുള്ള സമിതി റിപ്പോര്‍ട്ട് കേരളത്തിന് സ്വീകാര്യമല്ല. ജലനിരപ്പ് 152 അടിയാക്കുന്ന കാര്യം പുതിയ വിദഗ്ധസമിതിയെ വച്ചു പരിശോധിപ്പിക്കണമെന്ന സമിതി നിര്‍ദേശം കേരളത്തെ ആശങ്കപ്പെടുത്തുന്നതാണുതാനും. എന്നാല്‍, "തമിഴ്നാടിനു ജലം; കേരളത്തിനു സുരക്ഷ" എന്ന നിലപാട് സംരക്ഷിക്കാന്‍ യുഡിഎഫ് സര്‍ക്കാരിനു കഴിയും എന്നു കരുതാന്‍ ഒരു കാരണവും കാണുന്നില്ല. ജനവികാരം ഇളക്കുന്ന പരസ്യനിലപാടുകളും കേരളതാല്‍പ്പര്യങ്ങള്‍ ബലികൊടുക്കുന്ന പ്രായോഗിക നടപടികളും എന്ന നില തുടരാന്‍ യുഡിഎഫ് സര്‍ക്കാരിനെ അനുവദിച്ചുകൂടാ.

*
ദേശാഭിമാനി മുഖപ്രസംഗം 08 മേയ് 2012

Wednesday, January 4, 2012

മുല്ലപ്പെരിയാര്‍ കരാര്‍ കേരളത്തിനോടുള്ള അനീതി

മുല്ലപ്പെരിയാര്‍ ഡാമിനെ സംബന്ധിച്ച വിവാദങ്ങള്‍ വൈകാരികരംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഡാമിന്റെ ഭാവിയെ സംബന്ധിച്ച് കേരളവും തമിഴ്‌നാടും പരസ്പരം വഴങ്ങാത്ത സമീപനമാണ് സ്വീകരിച്ചുപോരുന്നത്. ആരുടെ വാദമാണ് പ്രസക്തം? അന്തര്‍സംസ്ഥാന നദീജലതര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ വിദഗ്ധനായ രാമസ്വാമി ആര്‍ അയ്യര്‍ തന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുകയാണ് വി വെങ്കടേഷുമായുള്ള അഭിമുഖത്തില്‍. ഫ്രണ്ട്‌ലൈന്‍ മാസിക പ്രസിദ്ധീകരിച്ച അഭിമുഖം വ്യത്യസ്തമായ ഒരു കാഴ്ചപ്പാടാണ് അവതരിപ്പിക്കുന്നത്.

1987 ല്‍ ഇന്ത്യയുടെ ആദ്യത്തെ ദേശീയ ജലനയത്തിനായി മുന്‍കൈയെടുത്ത് കരടു നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച രാമസ്വാമി ആര്‍ അയ്യര്‍ കേന്ദ്ര ജലവിഭവ സെക്രട്ടറിയായിരുന്നു. ജോലിയില്‍നിന്നും വിരമിച്ചശേഷം 1990 മുതല്‍ 1999 വരെ സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച് (സി പി ആര്‍) ല്‍ ഗവേഷണ അധ്യാപകനായിരുന്നു. ഇന്ത്യ നേപ്പാളും ബംഗ്ലാദേശുമായി നദീജലം പങ്കുവെയ്ക്കുന്നതിനെക്കുറിച്ച് സുപ്രധാന നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത് അദ്ദേഹമാണ്. 1993-95 ലെ സര്‍ദാര്‍ സരോവര്‍ നര്‍മ്മദാ പ്രോജക്ട്, 1996-97 ലെ തെഹ്‌രി ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് എന്നീ ഉന്നതതല കമ്മിറ്റികളിലംഗമായിരുന്നു ഇദ്ദേഹം.

ചോദ്യം: കേരളത്തിനെ സംബന്ധിച്ച് നീതിയുക്തമല്ലാത്ത കരാറാണ് 19-ാം നൂറ്റാണ്ടില്‍ പ്രാബല്യത്തില്‍വന്ന മുല്ലപ്പെരിയാര്‍ കരാറെന്ന് താങ്കള്‍ അഭിപ്രായപ്പെടുകയുണ്ടായി. ഇതിനെക്കുറിച്ച് വിശദീകരിക്കാമോ?

വളരെ ശക്തമായ അനീതിയും അതിലൂടെയുണ്ടായ ആവലാതിയുമാണ് കേരളത്തെ സംബന്ധിച്ച് മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍. അന്നത്തെ ആവലാതി ഇന്നും ശക്തമായി കേരളത്തില്‍ നിലനില്‍ക്കുന്നു. ഇതാണ് ഇന്നുകാണുന്ന വിവാദങ്ങള്‍ക്ക് പ്രധാന കാരണം. ഇത് ജലത്തിന്റെയോ സുരക്ഷയുടെയോ പ്രശ്‌നമല്ല പകരം നീതിയുക്തമല്ലാത്ത രീതിയില്‍ കേളത്തിനോട് പെരുമാറിയെന്ന പരാതിയാണത്. ഇതുപോലുള്ള വികാരമാണ് കോസി, ടാങ്ടങ് നദീജലക്കരാറുമായി ബന്ധപ്പെട്ട് നേപ്പാളിന് ഇന്ത്യയോടു തോന്നിയത്.

19-ാം നൂറ്റാണ്ടിലുണ്ടാക്കിയ മുല്ലപ്പെരിയാര്‍ കരാര്‍ ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള സഹവര്‍ത്തിത്വത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണെന്നതില്‍ സംശയമില്ല. കാവേരി നദിയൊഴുകുന്നത് തമിഴ്‌നാട്ടിലും കര്‍ണാടകയിലും കൂടിയാണ്. അതുകൊണ്ടാണ് ഇരുസംസ്ഥാനങ്ങളും തങ്ങളുടെ വാദമുഖങ്ങളില്‍ ഉറച്ചുനില്‍ക്കുന്നത്. എന്നാല്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നമെടുത്താല്‍ പെരിയാറോ മുല്ലയാറോ തമിഴ്‌നാട്ടില്‍കൂടി ഒഴുകുന്നില്ല.

തമിഴ്‌നാടിന് ജലംനല്‍കില്ലെന്ന് കേരളം ഇതുവരെയും പറഞ്ഞിട്ടില്ല. നീതിയുക്തമായ രീതിയില്‍ മുല്ലപ്പെരിയാര്‍ കരാര്‍ നടപ്പിലാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. അതുകൊണ്ടാണ് പുതിയ ഡാം വേണമെന്ന് അവര്‍ ആവശ്യപ്പെടുന്നത്. പുതിയ ഡാം വന്നാലും തമിഴ്‌നാടിന് ജലം നല്‍കുന്നത് തുടരുമെന്ന് കേരളം ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു. ഇപ്പോഴുള്ള ഡാം നിലനിന്നാല്‍ പഴയ കരാറും അതേപടി നിലനില്‍ക്കും. എന്നാല്‍ പുതിയ ഡാം നിലവില്‍വന്നാല്‍ പുതിയ കരാര്‍ പ്രാബല്യത്തില്‍വരും. അതുകൊണ്ടാണ് പുതിയ ഡാമിനുവേണ്ടി കേരളം മുറവിളികൂട്ടുന്നത്. കാരണം പുതിയ കരാര്‍ വ്യക്തമായി ആലോചിച്ചുറപ്പിച്ചതായിരിക്കും.

ചോദ്യം: 19-ാം നൂറ്റാണ്ടിലുണ്ടാക്കിയ ഈ കരാര്‍ പുനരവലോകനം ചെയ്യാനുള്ള അവകാശം കേരളത്തിനുണ്ടായിരുന്നോ?

അനന്തതയിലൂന്നിയ ഒരു കരാറാണിത്. കേരളത്തിന് തന്നിഷ്ടപ്രകാരം ഈ കരാര്‍ റദ്ദാക്കാന്‍ സാധിക്കില്ല. 1970 ല്‍ കേരളമാണ് പാട്ടക്കരാര്‍ പുതുക്കിയത്. നീതിയുക്തമായ പരിഷ്‌കാരമാണ് അന്നു നടത്തിയതെന്നാണ് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ ഈ സുദീര്‍ഘമായ കരാറിനെക്കുറിച്ച് കേരളം ഒന്നുകൂടി പുനരാലോചിക്കേണ്ടതായിരുന്നു.1886 ല്‍ തിരുവിതാംകൂറുമായി ഉണ്ടാക്കിയ കരാര്‍ നീതിയുക്തമായിരുന്നില്ലെങ്കില്‍ എന്തുകൊണ്ട് കേരളം 1970 ല്‍ കരാര്‍ പരിഷ്‌കരിച്ചപ്പോള്‍ പുനരവലോകനം നടത്തിയില്ല. കൂടാതെ പറമ്പിക്കുളം ആലിയാര്‍ കരാറും കേരളത്തെ സംബന്ധിച്ച് ആശാസ്യമല്ല. മദ്രാസ് സംസ്ഥാനത്തിലെ ജലക്ഷാമം നേരിടുന്ന ജില്ലകളെ സഹായിക്കാനാണ് മുല്ലപ്പെരിയാര്‍ കരാറുണ്ടാക്കിയത്. ഈ ജില്ലകളിലെ ജലക്ഷാമം പരിഹരിക്കാന്‍ മറ്റെന്തെങ്കിലും സംവിധാനമുണ്ടായിരുന്നോ? ഒരു സംവിധാനവുമില്ലെന്നാണ് എന്റെ വിലയിരുത്തല്‍. അങ്ങനെയുള്ള സമയത്താണ് പുതിയ സാങ്കേതികവിദ്യ നിലവില്‍വരുന്നതും നദികളുടെ ഒഴുക്കിനെ തിരിച്ചുവിട്ട് ഡാം കെട്ടാമെന്ന ആശയം ഉടലെടുക്കുന്നത്. ഈ രീതിയാണ് കഴിഞ്ഞ 100 വര്‍ഷങ്ങളായി തുടര്‍ന്നുകൊണ്ടിരിക്കുന്നതും.

ഇപ്പോഴത്തെ മറ്റൊരു പ്രധാന വാദം സുരക്ഷയാണ്. ഡാം സുരക്ഷിതമാണെന്ന് തമിഴ്‌നാട് വാദിക്കുന്നു. എന്നാല്‍ ഡാം തകര്‍ന്നാല്‍ അതിനു താഴെ ജീവിക്കുന്ന ജനങ്ങളുടെ ജീവനെക്കുറിച്ചുള്ള ആശങ്കയിലാണ് കേരളം. ആശങ്ക അതിശയോക്തി കലര്‍ന്നതാണെങ്കിലും അത് സത്യമാണ്. ഡാം പൊട്ടിയാല്‍ അതിന്റെ അനന്തരഫലം അനുഭവിക്കുന്നത് തങ്ങളാണ്, അല്ലാതെ തമിഴ്‌നാടല്ല എന്നതാണ് കേരളത്തിന്റെ വാദം.

116 വര്‍ഷം പഴക്കമുള്ള ഡാം സുരക്ഷിതമാണെന്നാണ് ടെക്‌നിക്കല്‍ കമ്മിറ്റി പറയുന്നത്. എല്ലാ ഡാമിനും ഒരു നിശ്ചിത കാലപരിധിയുണ്ട്. ഇതിനിടയില്‍ കുറച്ച് അറ്റകുറ്റപ്പണികള്‍കൂടി നടത്തുകയാണെങ്കില്‍ ഡാമിന്റെ ആയുസ് കുടും അതായത് അഞ്ചോ പത്തോ വര്‍ഷംകൂടുതല്‍. അഞ്ചോ പത്തോ വര്‍ഷം കഴിഞ്ഞാല്‍ എന്തു ചെയ്യും? ഒരിക്കലും മനുഷ്യനിര്‍മിതമായ ഒരു വസ്തു എക്കാലവും നിലനില്‍ക്കില്ല. അതുകൊണ്ട് നാം സ്വയം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ തയ്യാറായില്ലെങ്കില്‍ കാര്യങ്ങള്‍ അവതാളത്തിലാകും. അതിനര്‍ഥം നാളെത്തന്നെ ഡാം പൂട്ടണമെന്നല്ല. നദിയില്‍ യാതൊരു അവകാശമില്ലാതിരുന്നിട്ടുകൂടി തമിഴ്‌നാട് കഴിഞ്ഞ 100 വര്‍ഷമായി പെരിയാറിലെ ജലമുപയോഗിക്കുകയാണ്. ഈ ജലവിതരണം പെട്ടെന്ന് നിര്‍ത്താനാകില്ല. മറിച്ച് കാലക്രമേണ ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളേണ്ടതത്യാവശ്യമാണ്.

ഡാമിന്റെ പരമാവധി ജലനിരപ്പ് 142 അടിയാണ്. എന്നാല്‍ കേരളത്തിന്റെ ആവശ്യപ്രകാരം സുരക്ഷാപ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി 136 അടിയാക്കിയിരിക്കുകയാണ്. എടുക്കുന്ന ജലം അവര്‍ പൂര്‍ണമായു പ്രയോജനപ്പെടുത്തുന്നുണ്ടോ?

ചോദ്യം: കേരളം ജലനിരപ്പ് 120 അടിയായി താഴ്ത്തണമെന്നാവശ്യപ്പെടുന്നുണ്ടല്ലോ?

ഒരുപക്ഷെ അതൊരു വാദം മാത്രമായിരിക്കാം. ചിലപ്പോള്‍ ആ വാദം അംഗീകരിക്കപ്പെട്ടേക്കാം. ഇരുസംസ്ഥാനവും കടുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

ചോദ്യം: ശരിയായ പരിഹാരത്തില്‍നിന്നും മാറ്റമില്ലാത്ത സ്ഥിതി തുടരുമോ?

ഈ പദ്ധതി ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു. കാരണം അത് പരിസ്ഥിതിക്ക് മാരകമായ പ്രത്യാഘാതമാണ് ഏല്‍പ്പിച്ചുകൊണ്ടിരിക്കുന്നത്. ഇത് നിര്‍മിക്കുന്ന ഘട്ടത്തില്‍ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടാകുമെന്ന് ആരും കണക്കാക്കിയിരുന്നില്ല. ഇന്ന് ഇതുപോലുള്ള പദ്ധതികള്‍ അനുവദിച്ചുകൂടാ. ഒരിക്കല്‍കൂടി പരിസ്ഥിതി അനുമതി ഈ പദ്ധതിക്ക് ലഭിക്കില്ല. സൈലന്റ്‌വാലി പദ്ധതിക്ക് അനുമതി നിഷേധിച്ചതുപോലെ ഇതിനും അനുമതി നിഷേധിക്കപ്പെടും. നമുക്കൊരിക്കലും ചരിത്രം മാറ്റിയെഴുതാനാകില്ല. എതായാലും ഡാമിന് 116 വര്‍ഷം പഴക്കമായി. ഇനി ചിന്തിക്കേണ്ടത് അതെങ്ങനെ ഇല്ലാതാക്കാമെന്നാണ്. എന്നാല്‍ ജലമുപയോഗിച്ച് ഉപജീവനം നടത്തുന്നവര്‍ക്ക് പകരം സാമ്പത്തിക സ്രോതസ് കണ്ടെത്താനാകുമെന്ന് അവര്‍ക്ക് മനസ്സിലായാലേ ഡാം ഇല്ലാതാക്കാമെന്നതുപോലും ചിന്തിക്കാനാവൂ. ആധുനികവും സുസ്ഥിരവുമായ വികസന ചിന്തകളാണ് ഈ പ്രശ്‌നത്തില്‍ നടക്കേണ്ടത്.

ചോദ്യം: ജനങ്ങള്‍ പകരം സംവിധാനം കണ്ടെത്തണമെന്നു പറയുമ്പോഴും മുമ്പ് എവിടെയെങ്കിലും അതുപോലുള്ള കീഴ്‌വഴക്കമുണ്ടായിട്ടുണ്ടോ?

അമേരിക്കയില്‍ കാലാവധി കഴിഞ്ഞ ഡാമുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ നമുക്ക് നിര്‍ത്തിവക്കുന്നത് ആലോചിക്കാനേ സാധിക്കില്ല. ഓസ്‌ട്രേലിയയിലെ സ്‌നോയി നദിയില്‍ പ്രകൃതിദത്ത ഒഴുക്ക് പുനസ്ഥാപിക്കാന്‍ കര്‍ഷകര്‍ സമ്മതിച്ചു. നദിയുടെ പ്രകൃതിദത്ത ഒഴുക്ക് നിലവില്‍ വെള്ളം ഉപയോഗിക്കുന്നവര്‍ മുന്‍കൈയെടുത്ത് പുനസ്ഥാപിച്ചത് ബൃഹത്തായ കാര്യമാണ്.

തമിഴ്‌നാട്ടിലെ അഞ്ചു ജില്ലകള്‍ മുല്ലപ്പെരിയാറിനെ ആശ്രയിച്ചാണ് ജീവിക്കുന്നത്. അതിന് നാം തടയിടരുത്. അധികജലമാവശ്യപ്പെടാതെ ഇപ്പോള്‍ നല്‍കുന്ന ജലമുപയോഗിച്ച് ആവശ്യം നിറവേറ്റാന്‍ പറയാന്‍ മാത്രമേ സാധിക്കൂ. നിങ്ങള്‍ ജലം കാര്യക്ഷമമായാണ് ഉപയോഗിക്കുന്നതെങ്കില്‍ 136 അടി ജലനിരപ്പില്‍ നിങ്ങളുടെ ജീവിതത്തെ ബന്ധപ്പെടുത്താനാകില്ല. എന്നാല്‍ 120 അടിയായി ജലനിരപ്പ് താഴ്ത്തുകയാണെങ്കില്‍ അതിന്റെ പ്രത്യാഘാതം ഊഹിക്കാവുന്നതേയുള്ളൂ.

ഡാം സുരക്ഷിതമാണെന്ന് നിങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍ സാഹസത്തിനും മുതിരാതിരിക്കുകയാണ് നല്ലത്. സുരക്ഷയെ സംബന്ധിച്ച് ഉന്നതാധികാരസമിതി എന്താണോ വ്യക്തമാക്കുന്നത്, അതനുസരിക്കയാണ് വേണ്ടത്. ജനങ്ങളെ ഭീതിപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കരുത്. സര്‍ക്കാരുകള്‍ അവസരം മുതലെടുത്ത് സങ്കുചിത രാഷ്ട്രീയം കളിക്കുകയാണ്. ഇത് ജനങ്ങളുടെ മനസ്സില്‍ ഭീതിസൃഷ്ടിക്കുന്നു. മുല്ലപ്പെരിയാറിന്റെ സമീപപ്രദേശങ്ങളിലുണ്ടായ ഭൂചലനം ചെറിയ തോതിലുള്ളതായിരുന്നു. എന്നാല്‍ ചില രാഷ്ട്രീയ പ്രസ്താവനകള്‍ ജനങ്ങളെ ശരിക്കും ഭീതിപ്പെടുത്തി. ഇത്രയൊക്കെയായിട്ടും കേരളം ഒരു കുറവുമില്ലാതെ തമിഴ്‌നാടിന് ജലം നല്‍കുന്നു.

ഡാം സ്ഥിരമായി നിര്‍മിച്ചതല്ല എന്ന സത്യം നാം അംഗീകരിക്കണം. എന്നാല്‍ ഡാം ഇല്ലാതായാല്‍ തമിഴ്‌നാട്ടിലെ അഞ്ചു ജില്ലകളുടെ ജീവിതോപാധിക്ക് പകരം സംവിധാനമേര്‍പ്പെടുത്തണം. മൊത്തം 670 ദശലക്ഷം ടി എം സി ജലത്തില്‍നിന്നും 480 ടി എം സി ജലമാണ് കാവേരി നദിയില്‍നിന്നും തമിഴ്‌നാടുപയോഗിക്കുന്നത്. എന്നാല്‍ ഇതേതോതില്‍ എക്കാലവും ഉപയോഗിക്കാനാകില്ല. ആത്യന്തികമായി കര്‍ണാടക കൂടുതല്‍ ജലം കാവേരി നദിയില്‍നിന്നും കൊണ്ടുപോകുകയാണെങ്കില്‍ തമിഴ്‌നാടിന്റെ ജലലഭ്യത കുറയും. എന്നാല്‍ തങ്ങള്‍ക്ക് കാവേരിയില്‍നിന്നും ഇപ്പോള്‍ ലഭിക്കുന്ന ജലം എന്നും ലഭിക്കുമെന്ന് തമിഴ് കര്‍ഷകര്‍ കരുതുന്നില്ല. ജലലഭ്യത കുറഞ്ഞാലും അവര്‍ അതംഗീകരിക്കാന്‍ തയ്യാറാണ്. എന്നാല്‍ ന്യായമായി തങ്ങള്‍ക്കും ജലം ലഭിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ അവര്‍ക്കാകും. ഇതുപോലെയാണ് വൈഗെ നദീതീരത്തു താമസിക്കുന്ന ജനങ്ങളും. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ അവര്‍ തയ്യാറാണ്.

ചോദ്യം: പുതിയ ഡാം പണിയേണ്ടന്നാണോ താങ്കളുടെ അഭിപ്രായം?

100 വര്‍ഷംമുമ്പ് നാം ബുദ്ധിഹീനമായി പ്രവര്‍ത്തിച്ചു. അത് ചരിത്രമാണ്. വീണ്ടും അതാവര്‍ത്തിക്കരുത്.

ചോദ്യം: ഡാം ഉചിതമല്ലെന്ന് താങ്കള്‍ പറയാന്‍ കാരണം?

ഓരോ നദിയും പ്രകൃതിദത്തവും പാരിസ്ഥിതികവുമാണ്. ജലജീവികള്‍ അതിനെയാശ്രയിച്ചാണ് കഴിയുന്നത്. 1886 ല്‍ ഇതാരും ചിന്തിച്ചിരുന്നില്ല. പരിസ്ഥിതിക്കും വന്യജീവികള്‍ക്കും എന്തൊക്കെ അപകടങ്ങളാണുണ്ടായതെന്ന് ഇന്നു പറയാന്‍ സാധിക്കില്ല. വീണ്ടും ഈ പിഴവ് ആവര്‍ത്തിക്കരുത്. ജലത്തിനെ സ്വതസിദ്ധമായ രീതിയില്‍ ഒഴുകാന്‍ അനുവദിക്കുക. പൈപ്പുകളുപയോഗിച്ച് അതിന്റെ ഗതിയെ വളയ്ക്കാനോ തിരിക്കാനോ ശ്രമിക്കരുത്.

ചോദ്യം: പുതിയ ഡാം നിര്‍മിച്ചാലും തമിഴ്‌നാടിന് നല്‍കുന്ന ജലത്തില്‍ യാതൊരു കുറവും വരില്ലെന്നാണ് കേരളം പറയുന്നത്. ഇതു പ്രായോഗികമാണോ?

പുതിയ ഡാം വേണ്ടെന്നാണ് എന്റെ അഭിപ്രായം. നിലവിലെ ഡാമിന് കുറച്ചുകാലം കൂടി ആയുസുണ്ട്. ഒരു നിശ്ചിത കാലയളവിനുശേഷം ഇതിനെ വേണ്ടെന്നുവയ്ക്കണം. എന്തായാലും സുപ്രിംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ അഭിപ്രായം കണക്കിലെടുത്ത് ഡാമിന്റെ സംരക്ഷണം വേണ്ടപോലെ നടത്തണം. പത്ത് വര്‍ഷത്തേക്കുകൂടി ഇതിനെ നിലനിര്‍ത്താനാകും. എന്നാലും അന്തിമമായ ഒരു തീര്‍പ്പ് ഇതിനുണ്ടാകണം.

മുല്ലപ്പെരിയാറിലെയോ ഭക്രാനംഗലിലെയോ മെട്ടൂരിലെയോ ഘടനകള്‍ സ്ഥിരമായിട്ടുള്ളതല്ല. ഒരു ഡാമിനെ സംബന്ധിച്ച് 100 വര്‍ഷത്തെ ദൈര്‍ഘ്യം പരമാവധിയാണ്. ആ സമയം കഴിയുമ്പോള്‍ അതിനെ ഇല്ലാതാക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ ആലോചിക്കണം.

ചോദ്യം: ഒരു ഡാമും 100 വര്‍ഷത്തിനപ്പുറം ഉപയോഗപ്രദമല്ലയെന്നു പറയുമ്പോഴും എങ്ങനെ ചരിത്രപരമായ ഈ കരാര്‍ (999 വര്‍ഷത്തെ പാട്ടക്കരാര്‍) നിയമപരമായി നിലനില്‍ക്കും?

പാട്ടക്കരാര്‍ യുക്തിഹീനമായ കുത്തകാവകാശമാണ്. രാജവംശങ്ങളും സംസ്‌കാരങ്ങളും 999 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ മാറ്റങ്ങള്‍ക്ക് വിധേയമാകുമെന്ന് മനസ്സിലാക്കേണ്ടിയിരുന്നു.

ചോദ്യം: തമിഴ്‌നാടിന് ജലം നല്‍കാന്‍ കേരളം തയ്യാറാണ്. പക്ഷേ സുരക്ഷയിലാണ് ആശങ്ക?

മുല്ലപ്പെരിയാര്‍, പറമ്പിക്കുളം ആളിയാര്‍ കരാര്‍ എന്നിവയില്‍ കേരളം രോഷാകുലരാണ്. രണ്ടു കരാറുകളും കേരളത്തെ സംബന്ധിച്ച് നീതിരഹിതമാണെന്നാണ് അവര്‍ കരുതുന്നത്. ചൂഷണത്തിന്റെയും അന്യായത്തിന്റെയും വികാരമാണ് കേരളത്തിനുള്ളത്. അല്ലാതെ സുരക്ഷയുടേതല്ല.

ചോദ്യം: ഡാം സുരക്ഷിതമാണെന്ന് കേന്ദ്ര ജലകമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കിയതിന്റെയടിസ്ഥാനത്തില്‍ ജലനിരപ്പ് 142 അടിയിലേക്കുയര്‍ത്താന്‍ തമിഴ്‌നാടിനോട് സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നു.

ജലകമ്മിഷനിലെ എന്‍ജിനീയര്‍മാര്‍ സുരക്ഷയെക്കുറിച്ചുള്ള സാങ്കേതിക വശങ്ങളെക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂ. അതിന്റെയടിസ്ഥാനത്തിലാണവര്‍ ഡാം സുരക്ഷിതമാണെന്നു പറയുന്നത്. അറ്റകുറ്റപ്പണികള്‍ ചെയ്താല്‍ ഡാമിന്റെ ആയുസുകൂട്ടാമെന്നവര്‍ പറഞ്ഞതിന്റെ യുക്തിയുമതാണ്. അറ്റകുറ്റപ്പണികള്‍ ചെയ്താല്‍ ഡാമിനെ നിലനിര്‍ത്താം. എന്നാല്‍ 100 വര്‍ഷം പഴക്കമുള്ള ഒരു ഡാം നിലനിര്‍ത്താന്‍ അറ്റകുറ്റപ്പണി മാത്രം മതിയോ?

ചോദ്യം: മുല്ലപ്പെരിയാര്‍ ഡാം അതേപടി നിലനിര്‍ത്താന്‍ തങ്ങള്‍ മുതല്‍മുടക്കാമെന്നു തമിഴ്‌നാട് പറയുന്നു.

ഇതൊരിക്കലും മുതല്‍മുടക്കിന്റെ പ്രശ്‌നമല്ല. പടിഞ്ഞാറോട്ടൊഴുകുന്ന ഒരു നദിയെ തടയണകെട്ടി തിരിച്ച് കിഴക്കോട്ടൊഴുക്കുന്നു. ഈ രീതിയിലുള്ള സാങ്കേതികവിദ്യയെ നിരുത്സാഹപ്പെടുത്തണം. നാം പ്രകൃതിയോടിണങ്ങിജീവിക്കണം. അല്ലാതെ അവയെ വഴിതിരിച്ചുവിടുകയല്ല ചെയ്യേണ്ടത്. നിങ്ങള്‍ ഈ നിര്‍ദേശം മുഖവിലക്കെടുക്കുന്നില്ലെങ്കില്‍ എനിക്കതില്‍ കൂടുതല്‍ ഒന്നും പറയാനില്ല.

ഡാമില്‍ അശാസ്ത്രീയമായി എന്തു ചെയ്താലും അത് പ്രകൃതിയെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് നാം പ്രകൃതിയോടിണങ്ങി ജീവിക്കണം. അല്ലെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും. ഇന്നത്തെ പ്രധാന ചര്‍ച്ചാവിഷയം ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുമല്ലെ? പ്രകൃതിയെ നിലനിര്‍ത്താതെയും പുനരുജ്ജീവിപ്പിക്കാതെയും നാം പ്രകൃതി നല്‍കിയിരിക്കുന്ന അതിരുലംഘിച്ച് അമിതചൂഷണം നടത്തുന്നു.

മുല്ലപ്പെരിയാറില്‍ പ്രകൃതിയുടെമേലുള്ള അമിതചൂഷണം വേണ്ടുവോളമുണ്ട്. നമുക്കൊരിക്കലും പ്രകൃതിയുടെമേലുള്ള കടന്നുകയറ്റം നിശേഷം ഇല്ലാതാക്കാന്‍ സാധിക്കില്ല. എന്നാല്‍ ആ കടന്നുകയറ്റത്തിന്റെ തോതു കുറയ്ക്കാനാകും. ഇങ്ങനെ നദിയുടെ ഒഴുക്കിനെ തിരിച്ചുവിട്ടുകൊണ്ടുള്ള പദ്ധതികള്‍ ലോകത്ത് വളരെ കുറവാണ്. അതുകൊണ്ടാണ് പാരിസ്ഥിതികമായി മുല്ലപ്പെരിയാര്‍ ധാരാളം പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്ന് പറയുന്നത്.

ചോദ്യം: സുപ്രിംകോടതിയുടെ ഇടപെടല്‍ നീതിപൂര്‍വമാണെന്നു പറയാന്‍ സാധിക്കുമോ?

ഡാം സുരക്ഷ കോടതി കൈകാര്യം ചെയ്യേണ്ട വിഷയമാണോ? ഇത് അവരുടെ വിഷയമല്ലെന്ന് അവര്‍ പറയണം. ഇത് നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ല. 2000 ത്തിലെ നര്‍മദാ നദിയുമായി ബന്ധപ്പെട്ട കേസില്‍ പുരോഗമനപരമായ വിധിയാണ് സുപ്രിംകോടതി പുറപ്പെടുവിച്ചത്. കോടതി ഈ പ്രശ്‌നങ്ങളില്‍ ഇടപെടരുത്. അഭിപ്രായം പറയാമെന്നല്ലാതെ അവര്‍ക്ക് വിധി പുറപ്പെടുവിക്കാന്‍ സാധ്യമല്ല.

ചോദ്യം: തമിഴ്‌നാടിന് ജലനിരപ്പുയര്‍ത്താമെന്ന് 2006 ലെ സുപ്രിംകോടതി വിധിയെ കേരളത്തിന് ചോദ്യം ചെയ്യാനാകുമോ? പ്രത്യേകിച്ചും ഇതിനെ എതിര്‍ത്തുകൊണ്ട് തമിഴ്‌നാടിന്റെ അപ്പീല്‍ കോടതി സ്വീകരിച്ചിരിക്കുന്ന സ്ഥിതിക്ക്?

ഇല്ല അവര്‍ക്കതിന് സാധ്യമല്ല. കോടതിയുടെ ഭാഗത്തുനിന്നും എന്തെങ്കിലും വീഴ്ചകളുണ്ടായാല്‍പോലും ഉന്നതാധികാരസമിതിക്ക് ഈ പ്രശ്‌നത്തില്‍ ഒരു പങ്കും വഹിക്കാനില്ലെന്നാണോ താങ്കളുടെ അഭിപ്രായം?

ഡാം സുരക്ഷിതമല്ലെന്ന് കേരളം പറയുകയാണെങ്കില്‍, ഡാം സുരക്ഷിതമാണെന്ന് സുപ്രിംകോടതിക്ക് പറയാനാകില്ല. ഈ പ്രശ്‌നം പരിഹരിക്കാനാണ് ഉന്നതാധികാരസമിതിയെ നിയോഗിച്ചിരിക്കുന്നത്. യഥാര്‍ഥത്തില്‍ സുപ്രിംകോടതി ഒരു ഭരണഘടനാസ്ഥാപനമാണ്. ഉന്നതാധികാരസമിതി ഡാം സുരക്ഷിതമാണെന്നു പറയുകയും, കേരളം നിയമിച്ച വിദഗ്ധ സമിതി ഡാം സുരക്ഷിതമല്ലെന്നു പറയുകയും ചെയ്താല്‍ യഥാര്‍ഥത്തില്‍ ഏതാണ് ശരിയെന്ന് സുപ്രിംകോടതിക്ക് പറയാനാകുമോ.

തെഹ്‌രി ഡാമില്‍ ഭൂകമ്പ സാധ്യതയുണ്ടെന്ന് ആശങ്ക പടര്‍ന്നപ്പോള്‍ എന്ത് സംഭവിച്ചെന്ന് നിങ്ങള്‍ക്കറിയാവുന്നതാണ്. നാലു വിദഗ്ധ സമിതികളെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. നാലു കമ്മിറ്റികളും വ്യത്യസ്ത റിപ്പോര്‍ട്ടുകളാണ് നല്‍കിയത്. സുപ്രിംകോടതിക്ക് ഏതെങ്കിലുമൊന്നിനോട് മാത്രം യോജിക്കാനാകുമോ?

മുന്‍കരുതല്‍ നടപടിയെന്നനിലയില്‍ കേരളവും തമിഴ്‌നാടും ചേര്‍ന്ന് ഒരു സംയുക്ത കമ്മിറ്റിക്ക് രൂപം നല്‍കി. പരസ്പര ധാരണയോടുകൂടി ഒരു കരാര്‍ തയ്യാറാക്കണം. സൗഹൃതപൂര്‍വ്വം ഒത്തുതീര്‍ക്കേണ്ട ഒന്നാണത്. അല്ലാതെ കോടതികള്‍ കയറിറങ്ങേണ്ട ഒന്നല്ല.

*
കടപ്പാട്: ജനയുഗം ദിനപത്രം 04 ജനുവരി 2012

Sunday, December 25, 2011

മാത്യു നീ ഞങ്ങള്‍ക്ക് ആരെല്ലാമായിരുന്നു

മുല്ലപ്പെരിയാര്‍പ്രശ്നത്തിന്റെ രക്തസാക്ഷിയാണ് കെ ജെ മാത്യു എന്ന് തോന്നിയിട്ടുണ്ട്. അബോധത്തിലേക്ക് പോകുംമുമ്പ് ആ മനസ്സ് അസ്വസ്ഥമായിരുന്നു. രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള പോരാട്ടമായി; ജനതകള്‍ തമ്മിലുള്ള ബദ്ധവൈരമായി മുല്ലപ്പെരിയാര്‍ മാറുന്നു എന്ന ആശങ്കയാണ് മാത്യു അവസാനമായി പങ്കുവച്ചത്.

"സഖാവേ, കാര്യങ്ങള്‍ കൈവിട്ടുപോവുകയാണ്. പലരും മുതലെടുക്കാന്‍ ശ്രമിക്കുന്നു. രണ്ട് സംസ്ഥാനങ്ങളിലും ക്രിമിനലുകള്‍ രംഗത്തുവന്നിട്ടുണ്ട്. നാം എങ്ങനെയാണ് വാര്‍ത്ത കൈകാര്യംചെയ്യേണ്ടത്?" ആശുപത്രിയിലാകുന്നതിന് മണിക്കൂറുകള്‍ മുമ്പ് മാത്യു ഫോണില്‍ ആരാഞ്ഞു. ഒപ്പം താന്‍ എഴുതിയ ഒരു വാര്‍ത്തയുടെ കാര്യവും പറഞ്ഞു.

ഇടുക്കി ഡാമില്‍നിന്ന് വെള്ളം പതിവില്‍ കുടുതല്‍ ഒഴുക്കി വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയാണ്; അത് സംസ്ഥാനത്തെ ഇരുട്ടിലേക്ക് നയിക്കും എന്നാണാ വാര്‍ത്ത. കുറെ നാളായി മാത്യു മുല്ലപ്പെരിയാര്‍പ്രശ്നത്തെക്കുറിച്ച് മാത്രം പറയുന്നു. അസുഖത്തെക്കുറിച്ച് ആരായുമ്പോഴും മുല്ലപ്പെരിയാറിനെക്കുറിച്ച് മറുപടി. മരണത്തിന്റെ പൊട്ടാറായ ഒരണക്കെട്ട് ശരീരത്തില്‍ ഒളിപ്പിച്ചുവച്ചുകൊണ്ടാണ് മാത്യു വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചത്. മാത്യു ആശുപത്രിയിലായെന്ന് കേട്ടപ്പോള്‍ , അത് വേദന കടുത്തതുമൂലമുള്ള പതിവാണെന്നേ കരുതിയുള്ളൂ. പക്ഷേ, കോട്ടയത്തുനിന്ന് ന്യൂസ് എഡിറ്റര്‍ കെ സി രാജഗോപാലന്‍ വിളിച്ചറിയിച്ചു: "സ്ഥിതി അല്‍പ്പം ഗുരുതരമാണ്. രക്ഷപ്പെടാന്‍ സാധ്യത വിരളമാണ്" എന്ന്. മാത്യുവിന്റെ ഫോണിലേക്ക് വിളിച്ചപ്പോള്‍ , സഹോദരന്‍ തോമസ് അറ്റന്‍ഡ്ചെയ്തു. ഗൗരവാവസ്ഥ അദ്ദേഹം വിശദീകരിച്ചു. കുടുംബം മാത്യുവിനുവേണ്ടി പ്രാര്‍ഥിക്കുകയാണ്. ദൈവവിശ്വാസമില്ലാത്തതിന്റെ വിഷമം അപ്പോഴാണനുഭവിച്ചത്. ആരോടാണ് പ്രാര്‍ഥിക്കേണ്ടത്? ഏതു പ്രാര്‍ഥനയാണ് അന്നയ്ക്കും മരിയക്കും മിലാനിയക്കും പ്രിയപ്പെട്ട ചാച്ചനെ തിരിച്ചുകൊടുക്കുക? യാഥാര്‍ഥ്യം വല്ലാതെ കഠിനമാണ്. അത് ലളിതമാക്കാന്‍ പ്രാര്‍ഥനയുടെ മരുന്നിന് കെല്‍പ്പില്ല.

മാത്യു ആശുപത്രിയിലേക്ക് നടന്നാണ് പോയത്. ഇപ്പോള്‍ പറയുന്നു ആ നടത്തം മരണത്തിലേക്കായിരുന്നുവെന്ന്. പാന്‍ക്രിയാസ് പണിമുടക്കിയിയിരിക്കുന്നു. ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനം ഒന്നൊന്നായി നിലയ്ക്കുന്നു. രക്തസമ്മര്‍ദം കുറയുന്നു. ശസ്ത്രക്രിയക്ക് പാകമല്ല ആ ശരീരം. ജീവന്‍ നില്‍ക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്താലാണ്-കൊച്ചിയിലെ ആശുപത്രിയില്‍നിന്ന് തുടരെത്തുടരെ വിവരം വന്നുകൊണ്ടിരുന്നു. ഒടുവില്‍ അറിഞ്ഞു, രണ്ടും കല്‍പ്പിച്ച് ശസ്ത്രക്രിയ നടത്തുകയാണെന്ന്. ആശ്വാസത്തിന്റെ ഒരു ചെറുകാറ്റായിരുന്നു ആ വാര്‍ത്ത. ആ കാറ്റ് വന്നപോലെ പോയി. കൊച്ചിയില്‍ വേഗം എത്തി മാത്യുവിനെ കാണാനുള്ള യാത്ര പാതിവഴിയില്‍ മുടങ്ങി. പ്രഭാവര്‍മയുടെ ഫോണ്‍കോള്‍ - മാത്യു ഇനി ഇല്ല. എന്തിനാണ് നിങ്ങള്‍ കാരുണ്യവാനായ ദൈവമേ എന്ന് വിളിക്കുന്നത്? എവിടെയാണ് ആ ദൈവം? ദൈവം ദയയുള്ളവനായിരുന്നുവെങ്കില്‍ പറക്കമുറ്റാത്ത ഈ മൂന്നു കുഞ്ഞുങ്ങളില്‍നിന്ന് മാത്യുവിനെ പറിച്ചെടുക്കുമായിരുന്നുവോ?

എല്ലാ വേര്‍പാടുകളും വിഷമം പെയ്യിക്കും. ചിലതില്‍ സങ്കടം പേമാരിപോലെ പെയ്യും. കാറ്റും മിന്നലുമുണ്ടാകും. മാത്യു മനസ്സില്‍ തിമിര്‍ത്തുപെയ്തു. ഇടുക്കിയുടെ സര്‍വവിജ്ഞാന കോശമായിരുന്ന മാത്യു; എന്തുപറഞ്ഞാലും, "സഖാവേ നമുക്ക് ശരിയാക്കാം" എന്ന് പ്രതിവചിക്കുന്ന മാത്യു; കൊച്ചുകൊച്ചു പരിഭവങ്ങള്‍പോലും മറയില്ലാതെ പങ്കുവയ്ക്കുന്ന മാത്യു-അങ്ങനെ എത്രയെത്ര മാനമാണ് ആ ചിത്രത്തിന്.

മാത്യു എന്ന ആതിഥേയനു യോജിച്ച ഭാര്യയാണ് മിനി. മാത്യുവിനെ തേടി വരുന്നവരെയെല്ലാം സ്നേഹംകൊണ്ടും ഭക്ഷണംകൊണ്ടും വീര്‍പ്പുമുട്ടിക്കുന്ന ആതിഥേയ. മക്കളെയും മിനിയെയും മണ്ണിനെയും ചെടികളെയും വീടിനെയും നാട്ടുകാരെയും അളവില്ലാതെ മാത്യു സ്നേഹിച്ചു. എവിടെനിന്നാണ് സ്നേഹത്തിന്റെ ഇത്രയും വലിയ സംഭരണി നിറയ്ക്കുന്നത്? കഴിഞ്ഞ മാസം തിരുവനന്തപുരത്ത് വന്നിരുന്നു. അക്രഡിറ്റേഷന്‍ പുതുക്കാന്‍ . നേരെ വീട്ടിലേക്കാണ് കടന്നുവന്നത്. കട്ടപ്പനയില്‍ ചെല്ലുമ്പോള്‍ എനിക്കുള്ളതുപോലെ തിരുവനന്തപുരത്തെത്തുമ്പോള്‍ മാത്യുവിനുമുണ്ട്-ഒരു കുടുംബാംഗമായി കടന്നുവരാനുള്ള സ്വാതന്ത്ര്യം. ഇടുക്കിയും അതിെന്‍റ പച്ചപ്പും-പുറത്തുള്ളവര്‍ കാണാത്ത പലതും അവിടെയുണ്ടെന്ന് മാത്യു എന്നും പറയും. കരിങ്കല്ലുകൊണ്ടാണ് മാത്യൂവിന്റെ വീട് പണിതത്. കടന്നുചെല്ലുന്ന ആരും കൊതിയോടെ നോക്കുന്ന വീട്. എല്ലാം ചെയ്തത് കുറഞ്ഞ ചെലവിലാണ്. ആശയം മാത്യുവിന്റെ സ്വന്തം. ദേശാഭിമാനിയില്‍നിന്ന് റിട്ടയര്‍ചെയ്താലും വീടുപണി ഉപദേഷ്ടാവായി ജീവിക്കും എന്നാണ് മാത്യു ഒരിക്കല്‍ പറഞ്ഞത്.

നരിയന്‍പാറ കവലയില്‍നിന്ന് മാത്യുവിന്റെ തൊടിയിലേക്ക് കടന്നുചെല്ലുമ്പോള്‍ , ഇതാണോ ഏദന്‍തോട്ടമെന്ന് സംശയിക്കാം. തോരണമെന്നപോലെ പയറും പാവലും മറ്റു പച്ചക്കറികളും അതിഥിയെ സ്വാഗതംചെയ്യും. വീട്ടുമുറ്റത്തും ടെറസിലും വളപ്പിലും പൂത്തും കായ്ച്ചും സസ്യജാലം. മുറ്റത്ത് നെല്ല് കൃഷിചെയ്യുമെന്ന് മാത്യു പറഞ്ഞിരുന്നു. ആരാണീ മാത്യു? കര്‍ഷകനോ ആര്‍ക്കിടെക്റ്റോ? മാധ്യമ പ്രവര്‍ത്തകനോ? രാഷ്ട്രീയക്കാരനോ? തിരിച്ചറിയാന്‍ പ്രയാസം. ഇവ എല്ലാമായിരുന്നു. ചില്ലുകൂട്ടില്‍ കിടത്തിയ മാത്യുവിനെ നോക്കി വിങ്ങിപ്പൊട്ടിയവരില്‍ അന്നാട്ടുകാര്‍ മാത്രമായിരുന്നില്ല. മാധ്യമപ്രവര്‍ത്തകരും ബന്ധുക്കളും മാത്രമായിരുന്നില്ല. പൊട്ടിക്കരയുന്നവരെയും അനങ്ങാതെ കിടക്കുന്ന ചാച്ചനെയും മാറിമാറി നോക്കുകയായിരുന്നു മിലാനിയ-ഇളയ മകള്‍ . അവസാന നോക്കുകണ്ട് തിരിഞ്ഞു നടക്കുമ്പോള്‍ മാത്യു ചോദിക്കുന്നതുപോലെ-ഇനി എന്നാ സഖാവെ ഇങ്ങോട്ടിറങ്ങുക?

*
പി എം മനോജ് ദേശാഭിമാനി വാരാന്തപ്പതിപ്പ് 25 ഡിസംബര്‍ 2011

Monday, December 12, 2011

തമിഴ്‌നാട് നിലപാട് വസ്തുതകള്‍ക്ക് വിരുദ്ധം

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിന്റെ നിലപാട് വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. അതു വെളിപ്പെടുന്നതാണ് ഈ വിഷയത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ ഏറ്റവും പുതിയ പ്രസ്താവന.

തമിഴ്‌നാട്ടിലെ സാധാരണക്കാരായ ജനങ്ങളെ കേരളം ഉന്നയിക്കുന്ന ആവശ്യം അടിസ്ഥാനരഹിതമാണെന്നു ബോധ്യപ്പെടുത്താന്‍വേണ്ടി രാഷ്ട്രീയപ്രേരിതമായി നടത്തുന്ന പ്രസ്താവന അതീവഗൗരവമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിനെതിരെ അക്രമാസക്തമായി നില്ക്കുന്ന ഒരു വിഭാഗം തമിഴ്ജനതയുടെ വികാരപ്രകടനങ്ങളുടെ ആക്കം വര്‍ദ്ധിപ്പിക്കുന്നതാണ് ഈ നീക്കം. ഫെഡറല്‍ വ്യവസ്ഥയില്‍ ഭരണാധികാരികള്‍ പാലിക്കേണ്ട പക്വതയുള്ള ഒരു രീതിയാണോ ഇതെന്ന് പരിശോധിക്കണം. സത്യസന്ധമായും വസ്തുതാപരമായും ജനങ്ങളെ വിവരം ധരിപ്പിക്കുവാന്‍ ബാധ്യതയുള്ളവരാണ് ഭരണഘടനാപദവി വഹിക്കുന്ന മുഖ്യമന്ത്രി. തമിഴ്‌നാടിന്റെ താല്പര്യം സംരക്ഷിക്കുക എന്ന ലക്ഷ്യം മനസ്സിലാക്കാം. എന്നാല്‍ ഭാരതത്തിന്റെ ഭരണഘടനയുടെ അന്തസത്ത ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുന്ന ഭരണാധികാരികള്‍ക്ക് രാജ്യത്തിന്റെ അഖണ്ഡതയും സാഹോദര്യവും നിലനിര്‍ത്തുവാനും ഉത്തരവാദിത്വമുണ്ട്. ആ ഉത്തരവാദിത്വം ഉള്‍കൊണ്ടു കൊണ്ടുള്ള വസ്തുതാപരമായ ഒരു സമീപനം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിന് സ്വീകരിക്കാന്‍ കഴിയുന്നില്ല എന്നതാണ് ഈ പ്രസ്താവനയിലൂടെ മനസ്സിലാകുന്നത് . മുല്ലപ്പെരിയാര്‍ കരാറിന്റെ നിയമസാധ്യത കേരളം സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തിട്ടുള്ള വിഷയമാണ്. 999 വര്‍ഷം ഒരു ഡാം നിലനില്‍ക്കും എന്ന് തമിഴ്‌നാടിനു പോലും പറയാന്‍ കഴിയാത്ത സാഹചര്യത്തില്‍ അത്തരം ഒരു കരാറിന്റെ സാധ്യത ഉന്നതമായ നീതിപിഠം തന്നെ പരിശോധിക്കട്ടെ.
മുല്ലപ്പെരിയാര്‍ ഡാമിനു സമാനമായി തമിഴ്‌നാടു മുഖ്യമന്ത്രി പറയുന്ന അമേരിക്ക അരിഡോണയിലെ റൂസ് വെല്‍റ്റ് ഡാം, ഫ്രാന്‍സിലെജോക്‌സ് ഡാം യു കെ യിലെഅപ്പര്‍ ഗ്ലെണ്ട് ഡോള്‍ ഡാംഎന്നിവമുല്ലപ്പെരിയാറുമായി ഒരു കാരണവശാലും താരതമ്യം ചെയ്യുവാന്‍ കഴിയുന്നതല്ല. മുല്ലപ്പെരിയാര്‍ പോലെയുള്ള ഒരു ഡാം ലോകത്ത് എവിടെയുമില്ല. മേല്‍പറഞ്ഞ ഡാമുകള്‍ എല്ലാം പണിതിരിക്കുന്നത് പാക്കലും സുര്‍ക്കി മോര്‍ട്ടാറും കൊണ്ടാണ്. എന്നാല്‍ മുല്ലപ്പെരിയാര്‍ ഡാം ഇരുവശവും പാറകളും മോര്‍ട്ടാറും മധ്യഭാഗം സുര്‍ക്കിലൈം കോണ്‍ക്രീറ്റുമാണ്. ഇത്തരത്തില്‍ സുര്‍ക്കിയും ചുണ്ണാമ്പും കൊണ്ടുള്ള കോണ്‍ക്രീറ്റ് 62% ഉള്ള ഒരു ഡാം ലോകത്ത് എവിടെയുമില്ല. തമിഴ്‌നാടിന്റെ സാക്ഷി ബഹുമാനപ്പെട്ട സുപ്രീം കോടതിയില്‍ സമ്മതിച്ച പ്രകാരം പ്രതിവര്‍ഷം 30.4 ടണ്‍ ചുണ്ണാമ്പ് (ഘശാല) ആണ് ഡാമില്‍ നിന്ന് ഒലിച്ചു പോവുന്നത്. അങ്ങനെയാണെങ്കില്‍ 116 വര്‍ഷം കൊണ്ട് 3526 ടണ്‍ ഹശാല ഇതിനകം മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നും ഒലിച്ചു പോയതിലൂടെയുള്ള പൊള്ള ഡാമിന് ഉണ്ടായിട്ടുണ്ട്. ഇതില്‍ 542 ടണ്‍ പലഘട്ടങ്ങളിലായി ഗ്രൗട്ടിംഗ് നടത്തിയിട്ടുണ്ട്. എന്നാലും തമിഴ്‌നാടു സമ്മതിച്ച പ്രകാരം 3000 ടണ്‍ ചുണ്ണാമ്പ് ഒലിച്ചുപോയി പൊള്ളയായി നില്‍ക്കുന്ന ഒരു ഡാം എങ്ങനെയാണ് സുരക്ഷിതമെന്ന് പറയുന്നത്.

തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ തന്നെ വ്യക്തമാക്കിയിട്ടുള്ള വസ്തുത മുല്ലപ്പെരിയാര്‍ ഡാമിനും മറ്റൊരു ഡാമിനും ചെയ്യാത്തവണ്ണമുള്ള ബലപ്പെടുത്തല്‍ നടപടി സ്വീകരിച്ചു എന്നാണ്. മുല്ലപ്പെരിയാര്‍ ഡാമിന് ബലക്ഷയമില്ലായിരുന്നുവെങ്കില്‍ എന്തിനാണ് ഇത്രയേറെ ബലപ്പെടുത്തല്‍ പണികള്‍ ചെയ്തത്. തമിഴ്‌നാട് സ്വമേധയം ചെയ്തപണിയല്ല ഇതൊന്നും 1930 മുതല്‍ മുല്ലപ്പരിയാര്‍ ഡാമില്‍ലീക്ക് കണ്ടെത്തി അന്ന് ചെയ്ത ബലപ്പെടുത്തല്‍ നടപടികള്‍ ലക്ഷ്യം കണ്ടില്ല. 1964 ലും 1970, 1979 ലും കേന്ദ്ര ജലകമ്മിഷനും തമിഴ്‌നാടും കേരളവും സംയുക്തമായി പരിശോധന നടത്തി ഡാമിന് ബലക്ഷയമുണ്ടെന്നും ജലനിരപ്പ് കുറയ്ക്കാനും ബലപ്പെടുത്തല്‍ നടപടി സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കി. 1930, 1964, 1970 കളില്‍ നടത്തിയ ബലപ്പെടുത്തല്‍ പണികള്‍ പരാജയമായിരുന്നു എന്നതിന്റെ തെളിവാണ് 1979 ലെ പരിശോധനയില്‍ തെളിഞ്ഞത്.

1979 ലെ കേരള - തമിഴ്‌നാട് ജലകമ്മിഷന്‍ ,സംയുക്ത പരിശോധന ഈ വിഷയത്തിലെ നാഴികക്കല്ലാണ്. അന്നത്തെ പരിശോധനയില്‍ രണ്ട് തീരുമാനങ്ങളാണ് സംയുക്തമായി കൈക്കൊണ്ടത്. ഇടക്കാല നടപടിയായി ഡാം ബലപ്പെടുത്തലും ദീര്‍ഘകാല നടപടിയായി പുതിയ ഡാമും. മുല്ലപ്പെരിയാര്‍ ഡാം ബലമുള്ളതാണെങ്കില്‍ 1979 ല്‍ തമിഴ്‌നാടും കേന്ദ്ര ജലകമ്മിഷനും മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയണം എന്ന് എന്തിനു തീരുമാനിച്ചു. നിലവിലുള്ള ഡാമിന് 1300 അടി താഴെ ഡാം പണിയാനുള്ള സ്ഥലംവരെ സംയുക്തമായി തന്നെ കണ്ടെത്തിയതെന്തിന്. മുല്ലപ്പെരിയാര്‍ ഡാമും സുരക്ഷിതമല്ലെന്നും പകരം പുതിയ ഡാം വേണമെന്ന് 1979 ല്‍ തമിഴ്‌നാടും കേന്ദ്ര കമ്മിഷനും ആ സത്യം മറച്ചുപിടിക്കുന്നതിന്റെ പിന്നിലുള്ള രാഷ്ട്രീയമാണ് ഈ വിഷയത്തിലെ ഗൗരവതരമായ പ്രശ്‌നം.

കേരളത്തിന്റെ വീഴ്ചകളില്‍ പിടിച്ചു കയറുക എന്ന തമിഴ്‌നാടിന്റെ തന്ത്രപരമായ നീക്കത്തിലൂടെ 27/2/2006 ലെ സുപ്രീം കോടതി വിധി ഉണ്ടായി എന്നത് ശരി തന്നെ.
ഒരു അന്തര്‍സംസ്ഥാന നദിയല്ല മുല്ലപ്പെരിയാര്‍. ഭരണഘടനയുടെ സംസ്ഥാന ലിസ്റ്റില്‍പ്പെട്ട വിഷയമാണ് ജലം. സംസ്ഥാനത്തിന്റെ നിയമനിര്‍മ്മാണ അധികാരപരിധിയില്‍ വരുന്ന ഈ വിഷയത്തില്‍ മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ നദികളെയും ഡാമുകളെയും സംബന്ധിച്ച് നിയമനിര്‍മ്മണം നടത്താനുള്ള പരമാധികാരം കേരള നിയമസഭയ്ക്കാണ്. ഭരണഘടന കല്പിച്ചു നല്‍കിയിട്ടുള്ള അധികാരാവകാശങ്ങള്‍ വിനിയോഗിച്ചാണ് കേരളം 2006 ലെ കേരള ജലസേചനവും (ജലസംരക്ഷണവും) ഭേദഗതി നയം പാസ്സാക്കിയത്. ആ നിയമത്തിന്റെ സാധ്യത തമിഴ്‌നാട് ചോദ്യം ചെയ്തിട്ടുണ്ടെങ്കിലും ഇതിന്റെ അടിസ്ഥാനവ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ഡാം സേഫ്റ്റി അതോറിറ്റിയുടെ രൂപീകരണം ഉള്‍പ്പെടെയുള്ള 2003 ലെ കേരള ജലസേചനവും (ജലസംരക്ഷണവും) നിയമം യാതൊരു തര്‍ക്കത്തിനും വിധേയമാകാതെ നിലനില്‍ക്കുന്നു എന്നതും ശ്രദ്ധേയമാണ്.

തമിഴ്‌നാട് മുഖ്യമന്ത്രി പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത് കേസിന്റെ വിചാരണസമയത്ത് കോടതി ഉന്നയിച്ച ചോദ്യങ്ങളാണ്. ആ ചോദ്യങ്ങളോടൊപ്പം ചൂണ്ടിക്കാണിച്ചിട്ടുള്ള ഒരു പ്രധാനപ്പെട്ട കാര്യം ഈ കോടതിക്ക് ജനങ്ങളുടെ സുരക്ഷയെ സംബന്ധിച്ചും തുല്യമായ ആശങ്ക ഉണ്ടെന്നാണ്. കോടതി നടപടി നടക്കുമ്പോള്‍ ഇരുകക്ഷികള്‍ക്കും അനുകൂലമായും പ്രതികൂലമായും കോടതി ഒട്ടേറെ ചോദ്യങ്ങള്‍ ഉന്നയിക്കും. വിഷയത്തിന്റെ വസ്തുതയും സത്യവും കോടതിക്കു ബോധ്യപ്പെടുന്നതിനു വേണ്ടിയുള്ള നീതിപൂര്‍വ്വമായ ശ്രമമാണിത്. അതിനു ശേഷം കോടതി രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഉത്തരവ് പാസ്സാക്കും.

കേസിന്റെ വിചാരണവേളയില്‍ കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ മാത്രം എടുത്തു പറഞ്ഞ് അതിനു ശേഷം ആ വിഷയത്തില്‍ കോടതി ഒടുവില്‍ പുറപ്പെടുവിച്ച ഉത്തരവിനെ സൗകര്യപൂര്‍വ്വം മറന്നു കൊണ്ട് തെറ്റിദ്ധാരണാ ജനകമായി വിഷയം അവതരിപ്പിക്കുന്നത് ശരിയല്ല. ബഹുമാനപ്പെട്ട തമിഴ്‌നാട് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ള ചോദ്യങ്ങള്‍ക്കുള്ള കേരളത്തിന്റെ മറുപടിയും കേരളം ഹാജരാക്കിയ 90 രേഖകളും കണക്കിലെടുത്ത് ഇരുസംസ്ഥാനങ്ങളും ഇപ്പോഴത്തെ നില തുടരുക എന്നായിരുന്നു ഉത്തരവ്. അതായത് ജലനിരപ്പ് 136 - അടിയില്‍ നിന്നും 142 അടിയായി വര്‍ദ്ധിപ്പിക്കാന്‍ തമിഴ്‌നാട് 2006 ഫെബ്രുവരിയില്‍ ഉത്തരവു നല്‍കിയ അതേ കോടതി ജലനിരപ്പ് 136 അടിയായി നിലനിര്‍ത്താന്‍ പറഞ്ഞു. ജനങ്ങളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നലകിയ ബഹുമാനപ്പെട്ട കോടതി 2006 ലെ കോടതിവിധിക്ക് ആധാരമായി സ്വീകരിച്ച കേന്ദ്ര ജലകമ്മിഷന്റെ റിപ്പോര്‍ട്ട് തെറ്റാണന്നുള്ള കേരളത്തിന്റെ വാദം മുഖവിലയ്‌ക്കെടുത്തു എന്നല്ലേ മനസ്സിലാക്കാന്‍ കഴിയൂ.

ബഹുമാനപ്പെട്ട സുപ്രീം കോടതി തന്നെ ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി മരവിപ്പിച്ചിരിക്കുന്ന വിധി ന്യായത്തിന്റെ മറവില്‍ കേന്ദ്ര ജലകമ്മിഷന്റെ വസ്തുതാവിരുദ്ധമായ റിപ്പോര്‍ട്ടിനെ സാക്ഷിനിര്‍ത്തി മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്ന് വാദിക്കുന്നത് അതിശയോക്തിപരമാണ്. സമുദ്രനിരപ്പില്‍നിന്നും 881 മീറ്റര്‍ പൊക്കത്തിലുള്ള മുല്ലപ്പെരിയാര്‍ ഡാമില്‍ 136 അടി പൊക്കത്തില്‍ നില്ക്കുന്ന വെള്ളം 180 മീറ്റര്‍ താഴെയുള്ള ഇടുക്കിയിലേയ്ക്ക് ഒഴുകുമ്പോള്‍ ഒലിച്ചുപോകുന്ന ലക്ഷക്കണക്കിനു വരുന്ന മനുഷ്യന്മാരുടെ ജീവന് ഒരു വിലയും കല്പിക്കാതെയുള്ള തമിഴ്‌നാടു മുഖ്യമന്ത്രിയുടെ നിലപാട് മനുഷ്യത്വരഹിതമാണ്.

തമിഴ്‌നാട് ഇപ്പോഴും കൂട്ടുവിടിക്കുന്നത് കേന്ദ്ര ഏജന്‍സികളെയാണ്. കേന്ദ്ര ജലകമ്മിഷന്റെ റിപ്പോര്‍ട്ടിന്റെ സാധുതയെ കേരളം സുപ്രീം കേടതിയില്‍ തന്നെ ചോദ്യം ചെയ്തിട്ടുള്ളതും മുല്ലപ്പെരിയാര്‍ വിഷയത്തിലെ പഠനങ്ങള്‍ കേന്ദ്ര ഏജന്‍സികളെ ഒഴിവാക്കി സ്വതന്ത്ര ഏജന്‍സികളെ കൊണ്ട് നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളതുമാണ്.

തമിഴ്‌നാടിന്റെ രാഷ്ട്രീയസ്വാധീനം കേന്ദ്ര ഏജന്‍സികളുടെ പഠനങ്ങളില്‍ നിഴലിക്കുന്നത് കൊണ്ടാണ് അന്തര്‍ദേശീയ നിലവാരമുള്ള പ്രഗല്‍ഭരുടെ നേതൃത്വത്തില്‍ അത്തരം സ്വതന്ത്രസ്ഥാപനങ്ങളെ കൊണ്ട് പഠനം നടത്തണമെന്ന് കേരളം ആവശ്യം ഉന്നയിച്ചിരിക്കുന്നത്. സ്വതന്ത്ര ഏജന്‍സികളായ ഐ ഐ റ്റി ഡല്‍ഹിയും ഐ ഐ റ്റി റൂര്‍ക്കിയും ഒക്കെ നടത്തിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത് ജലകമ്മിഷന്റെ റിപ്പോര്‍ട്ടിലെ പിഴവുകളാണ്. സ്വാഭാവികമായും ഉണ്ടാവുന്ന പിഴവുകളല്ല. കരുതിക്കൂട്ടി തയ്യാറാക്കുന്ന മനപൂര്‍വ്വമായ പിഴവുകള്‍. അവയെല്ലാം തമിഴ്‌നാടിനു അനുകൂലവും.

എംപവേര്‍ഡ് കമ്മിറ്റിയുടെ മുമ്പാകെയും സ്വതന്ത്ര ഏജന്‍സികളുടെ പഠന റിപ്പോര്‍ട്ടുകളുടെ പ്രാധാന്യം കേരളം ആവര്‍ത്തിച്ചിട്ടുണ്ട്. ഇണജഞട,ഇടങഞട തുടങ്ങി സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടുകളെ സംബന്ധിച്ച് ഇതിനകം തന്നെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. എന്നതും ശ്രദ്ധേയമാണ്.

കേരളത്തിന് സുരക്ഷയും തമിഴ്‌നാടിന് വെള്ളവും . രണ്ടും സാധ്യമാകണമെങ്കില്‍ ഏക പരിഹാരം പുതിയ ഡാം ആണ്. 1979 ല്‍ തമിഴ്‌നാടും കേന്ദ്ര ജലകമ്മിഷനും അംഗീകരിച്ച ആ സത്യത്തെ മറച്ചു വച്ച് കേരളത്തിലെ ജനങ്ങളെ കുരുതി കൊടുക്കുകയും തമിഴ്‌നാട്ടിലെ കൃഷിഭൂമി തരിശ്ശിടുകയും ചെയ്യണമൊ. രണ്ടും രാജ്യത്തിന്റെ പൊതുതാല്പര്യത്തിനും അഖണ്ഡതക്കും സാഹോദര്യത്തിനും നല്ലതല്ല. സങ്കുചിത രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി സത്യത്തെയും വസ്തുതകളെയും വളച്ചൊടിക്കാതെ പ്രശ്‌നപരിഹാരത്തിനായി വിശാലമനസ്ഥിതി ഉണ്ടാവണം.

ജയലളിതയുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ അതേ തലത്തില്‍ മറുപടി നല്‍കണം.

*
എന്‍.കെ. പ്രേമചന്ദ്രന്‍ (ലേഖകന്‍ മുന്‍ ജലവിഭവ വകുപ്പ് മന്ത്രിയാണ്)

Friday, December 9, 2011

കല്‍പ്പാന്ത കാലത്തോളം നില്‍ക്കുമോ ഡാം

മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സോഹന്‍ റോയ് ആറുവര്‍ഷം സമുദ്രങ്ങള്‍ താണ്ടി പ്രകൃതിയുടെ ശാന്ത-രൗദ്ര താളം കണ്ടു. 1975ല്‍ ചൈനയിലെ ബാന്‍ക്വിയോ അണക്കെട്ട് തകര്‍ന്ന് രണ്ടര ലക്ഷം പേര്‍ ദാരുണമായി കൊല്ലപ്പെട്ടത് ഈ സമുദ്രസഞ്ചാരിയെ ആധുനിക നദീജല സംസ്കാരത്തിന്റെ ആപത്ശങ്കകളില്‍ എത്തിച്ചു. ജന്മദേശത്തെ മുല്ലപ്പെരിയാര്‍ അണക്കെട്ട് "പൊട്ടും പൊട്ടില്ല" എന്ന തര്‍ക്കം തുടരവെ ഭൂമിയിലെ അന്‍പതിനായിരത്തിലേറെ വന്‍കിട അണക്കെട്ടുകളുടെ സുരക്ഷ അദ്ദേഹം പഠന വിധേയമാക്കി. ഇതില്‍ നാല്‍പ്പതിനായിരത്തോളം അണകള്‍ 2020 ഓടെ ആയുര്‍ദൈര്‍ഘ്യം അവസാനിക്കുന്നതാണെന്നു മനസിലാക്കി. ഇതിലൊന്നാണ് മുല്ലപ്പെരിയാറിലേത്.

കോളനിക്കാലത്തെ നിര്‍മാണങ്ങള്‍ പുതുക്കാനോ പകരം പണിയാനോ പുതിയ സഹസ്രാബ്ദത്തിലും, പുത്തന്‍ സാങ്കേതികവിദ്യയുടെ ധാരാളിത്തത്തിലും ആധുനിക ഭരണകൂടങ്ങള്‍ തയാറാവുന്നില്ലെന്നത് മാനവരാശിയുടെ മുന്നോട്ടുപോക്ക് എങ്ങോട്ട് എന്ന് ഓര്‍മപ്പെടുത്തുന്നു. ആഗോള താപനം പ്രകൃതിയുടെ ചാക്രികതയെ താളം തെറ്റിക്കുമ്പോള്‍ മുല്ലപ്പെരിയാറുകള്‍ അഭിനവ നദീതട സംസ്കാരങ്ങളെ കടലിലേക്കൊഴുക്കുമോ? മനുഷ്യവികാരങ്ങളുടെ നവരസങ്ങളെപ്പോലെ മനുഷ്യനിര്‍മിത അണകളും അനാദികാലത്തോളം നിലനില്‍ക്കുമെന്ന മൂഢവിശ്വാസത്തിനുനേരെ ചലച്ചിത്രത്തിലൂടെ കലാപം സൃഷ്ടിക്കുകയാണ് മലയാളിയുടെ സര്‍ഗസംഭാവനയായി മാറാനിടയുള്ള സോഹന്‍ റോയ്. അദ്ദേഹം ദേശാഭിമാനി വാരികക്ക് അനുവദിച്ച അഭിമുഖത്തില്‍ നിന്ന്.

മുല്ലപ്പെരിയാറിനെ അധികരിച്ച് ആദ്യം ഡോക്യുമെന്ററി, പിന്നീട് നോവല്‍ , ഇപ്പോള്‍ സിനിമ. കേരളത്തിലെ 30 ലക്ഷത്തോളം ജനങ്ങള്‍ അഭിമുഖീകരിക്കുന്ന വന്‍ ഭീഷണിക്കു പരിഹാരം കാണാന്‍ ഒരു കലാകാരന്റെ ധര്‍മയുദ്ധമായി ഈ ഉദ്യമങ്ങളെ കാണാമോ?

ഡോക്യുമെന്ററി മുല്ലപ്പെരിയാര്‍ ഉയര്‍ത്തുന്ന ഭീഷണിയെ കുറിച്ചു തന്നെയാണ്. എന്നാല്‍ നോവലിനെയും സിനിമയെയും മുല്ലപ്പെരിയാറുമായി മാത്രം കൂട്ടിക്കെട്ടേണ്ടതില്ല. നാലു വര്‍ഷത്തെ അധ്വാനഫലമാണ് "ഡാം 999". അത് വിവാദങ്ങളിലേക്ക് വലിച്ചിടുന്നതില്‍ ദുഖമുണ്ട്. പഴക്കം ചെന്ന അണക്കെട്ടുകള്‍ ഉയര്‍ത്തുന്ന ഭീഷണി ചിത്രത്തില്‍ വിഷയമായി വരുന്നുണ്ടെങ്കിലും "ഡാം 999" പൂര്‍ണമായും അണക്കെട്ട് തകര്‍ച്ചയുടെ കാഴ്ചകളല്ല. പ്രണയത്തിന്റെ വിവിധ ഭാവതലങ്ങളിലൂടെ കടന്നുപോകുന്ന ചിത്രത്തിന്റെ അവസാനഘട്ടത്തില്‍ ഒരു ദുരന്തമായി അണക്കെട്ട് കടന്നെത്തുകയാണ്. അവസാന അരമണിക്കൂര്‍ മാത്രമാണ് അണക്കെട്ട് തകര്‍ച്ചയുടെ വന്യമായ ദൃശ്യങ്ങള്‍ അഭ്രപാളികളിലേക്ക് എത്തുന്നത്. കഥയുടെ ഒഴുക്കുമായി പൂര്‍ണമായും ചേര്‍ന്നുപോകുന്ന വിധത്തിലാണത്.

മുല്ലപ്പെരിയാര്‍ ഏറെ നാളായി എന്റെ മനസിനെ അലട്ടുന്ന വിഷയമാണ്. കൊച്ചിയില്‍ താമസമുറപ്പിച്ച ഒരു വ്യക്തിയെന്ന നിലയില്‍ അത് സ്വഭാവികവുമാണ്. ഡോ്യകുമെന്ററി ഒരുക്കുന്നതിന് മുല്ലപ്പെരിയാര്‍ അണക്കെട്ടിനെക്കുറിച്ചും പഴക്കം ചെന്ന അണക്കെട്ടുകളെക്കുറിച്ചും നടത്തിയ പഠനങ്ങള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പകര്‍ന്നുനല്‍കിയത്. ചൈനയില്‍ റൂ നദിക്കു കുറുകെ നിര്‍മ്മിച്ച ബാന്‍ക്വിയോ അണക്കെട്ട് തകര്‍ന്നതാണ് ലോകം അറിയുന്ന ഡാം ദുരന്തം. രണ്ടുലക്ഷത്തോളം ആളുകള്‍ മരിച്ച ദുരന്തം വര്‍ഷങ്ങള്‍ക്കു ശേഷമാണ് പുറംലോകം അറിഞ്ഞത്. ഒരു കോടിയിലേറെ പേര്‍ ഭവനരഹിതരായി. ചൈനയിലെ ദുരന്തത്തേക്കാള്‍ വലിയ നാശനഷ്ടങ്ങളാകും മുല്ലപ്പെരിയാറില്‍ അപകടമുണ്ടായാല്‍ സംഭവിക്കുക. ബാന്‍ക്വിയോ അണക്കെട്ടിന്റെ അതേ സംഭരണശേഷി തന്നെയാണ് മുല്ലപ്പെരിയാറിനും. എന്നാല്‍ ബാന്‍ക്വിയോയേക്കാള്‍ ഏഴിരട്ടി ഉയരത്തിലാണ് മുല്ലപ്പെരിയാര്‍ സ്ഥിതി ചെയ്യുന്നത്. പെരിയാറില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന് താഴെയായി ഒട്ടനവധി ഡാമുകള്‍ വേറെയുമുണ്ട്. അതുകൊണ്ടു തന്നെ മുല്ലപ്പെരിയാറിന് അപകടം സംഭവിച്ചാല്‍ ചൈനയിലെ ദുരന്തത്തേക്കാള്‍ പല മടങ്ങായിരിക്കും.

ലോകത്ത് നൂറിലേറെ വര്‍ഷം പഴക്കമുള്ള നാലായിരത്തോളം അണക്കെട്ടുകളുണ്ട്. ഇന്ത്യയില്‍ മാത്രം 64 അണക്കെട്ടുകളുണ്ട്. കാലാവധി കഴിഞ്ഞവയാണ് ഈ ഡാമുകളെല്ലാം തന്നെ. ഏതു നിമിഷവും പൊട്ടാവുന്ന ജലബോംബുകള്‍ എന്ന വിശേഷണമാണ് ഇവയ്ക്ക് ചേരുക. അണക്കെട്ടുകള്‍ ഉയര്‍ത്തുന്ന അപകടം ജനങ്ങളെ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യം എനിക്കുണ്ട്. ആ അര്‍ത്ഥത്തില്‍ ഇതൊരു ധര്‍മ സമരമായി കാണാം. തമിഴ്നാട്ടില്‍ പ്രദര്‍ശനം തടഞ്ഞിരിക്കയാണ്. രാജ്യവ്യാപക നിരോധനം അവര്‍ ആവശ്യപ്പെടുകയും ചെയ്യുന്നു.

ഏറെ വൈകാരികമായ വിഷയമെന്ന നിലയില്‍ രണ്ടു സംസ്ഥാനങ്ങളെ തമ്മിലടിപ്പിക്കുന്ന ഒരു കലാസൃഷ്ടിയായി ഡാം 999 മാറിയോ?

ഡാം തകര്‍ച്ച ചിത്രീകരിച്ചുവെന്നല്ലാതെ ഡാം 999 ന് മുല്ലപ്പെരിയാറുമായി ബന്ധമില്ലെന്ന് തുടക്കത്തിലേ പറഞ്ഞു. ഇത് കാഴ്ചപ്പാടിന്റെ പ്രശ്നമാണ്. ഒരു തമിഴനോ ഒരു മലയാളിയോ ചിത്രം കണ്ടാല്‍ അവരുടെ മനസ്സിലേക്ക് ഓടിയെത്തുക മുല്ലപ്പെരിയാറാകും. ഈ ചിത്രം കേരളത്തിലും തമിഴ്നാട്ടിലും മാത്രമല്ല പ്രദര്‍ശനത്തിനെത്തുക.

ആഗോള ക്യാന്‍വാസില്‍ തീര്‍ത്ത ചിത്രമാണിത്. ലോകമെങ്ങും ചിത്രം പ്രദര്‍ശനത്തിനെത്തുന്നുണ്ട്. ഇന്ത്യയില്‍ തന്നെ അഞ്ച് ഭാഷകളിലായി എല്ലാ സംസ്ഥാനങ്ങളിലും ചിത്രം എത്തുന്നു. മറുനാട്ടുകാര്‍ ചിത്രം കാണുമ്പോള്‍ അവരുടെ മേഖലയിലുള്ള ഏതെങ്കിലും അണക്കെട്ടിന്റെ ദൃശ്യങ്ങളാവും മനസിലേക്കു വരിക. ചിത്രത്തില്‍ എവിടെയും മുല്ലപ്പെരിയാര്‍ എന്ന പരാമര്‍ശമില്ല. മുല്ലപ്പെരിയാറില്‍ ചിത്രീകരണം നടത്തിയിട്ടുണ്ടെന്നു മാത്രം. സിനിമയുടെ പ്രമേയത്തിന് ഏറ്റവും അനുയോജ്യമായ ദൃശ്യസാധ്യത എന്ന നിലയിലാണ് മുല്ലപ്പെരിയാറിന്റെ ചിത്രീകരണം. അണക്കെട്ടുകള്‍ ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് മാത്രമാണ് ഞാന്‍ പറയുന്നത്. അത് മുല്ലപ്പെരിയാര്‍ മാത്രമല്ല. ലോകത്തിലെ പഴക്കംചെന്ന ഏത് ഡാമുമാകാം. ഏതായാലും ഒരു ഡാമിനും ശാശ്വതമായി നില്‍ക്കാനാവില്ല. പ്രത്യേകിച്ച് ആധുനിക നിര്‍മ്മാണ വിദ്യകളോ ഭൂകമ്പപ്രതിരോധ സംവിധാനമോ ഒന്നും നിലവിലില്ലാത്ത കാലഘട്ടത്തില്‍ നിര്‍മ്മിച്ച അണക്കെട്ടുകള്‍ . ഒരു പ്രതിവിധി കണ്ടെത്തിയേ മതിയാകൂ. ഇന്നല്ലെങ്കില്‍ നാളെ. എന്തായാലും എന്റെ ചിത്രം ഒരു ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയതില്‍ സന്തോഷമുണ്ട്.

ചിത്രം കാണുകപോലും ചെയ്യാതെയാണ് തമിഴ്നാടിന്റെ നിരോധനം. അവരുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ സ്വഭാവികമായും മനസിലാക്കാം. എന്നാല്‍ ഒരു കലാകാരന്‍ എന്ന നിലയില്‍ എന്റെ കലാസൃഷ്ടി എല്ലാവരിലും എത്തിപ്പെടണമെന്ന താല്‍പ്പര്യമുണ്ട്. അതല്ലെങ്കില്‍ വ്യാജ സിഡി നിര്‍മ്മാതാക്കള്‍ക്കു മാത്രമാണ് നേട്ടം. സിനിമയെന്ന കലയ്ക്ക് ഒരു പ്രയോജനവും ഉണ്ടാവില്ല. അതുകൊണ്ടാണ് നിരോധനത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഒരിക്കലും തമിഴ്നാട്ടിലെയും കേരളത്തിലെയും ജനങ്ങളെ തമ്മിലടിപ്പിക്കണമെന്ന ലക്ഷ്യം എനിക്കില്ല. എന്റെ മനസില്‍ നീറിനിന്ന ഒരു പ്രമേയം സിനിമാരൂപത്തില്‍ അവതരിപ്പിച്ചുവെന്ന് മാത്രം. ദൃശ്യസാധ്യതകള്‍ ഏറെയുള്ള പ്രമേയമെന്ന നിലയില്‍ സൃഷ്ടിയോട് നൂറുശതമാനം നീതി പുലര്‍ത്തിയെന്നാണ് വിശ്വാസം.

വിവാദം ചിത്രത്തിന് ഗുണമായിട്ടില്ലേ? കുറഞ്ഞ പക്ഷം കേരളത്തിലെങ്കിലും?

വിവാദത്തെ രണ്ടുതലത്തില്‍ കാണാം. ചിത്രത്തിന് തുടക്കത്തില്‍ ഒരു സ്വീകാര്യത കിട്ടാന്‍ വിവാദം സഹായകമായിട്ടുണ്ട്. നിഷേധിക്കുന്നില്ല. എന്നാല്‍ ഈ സ്വീകാര്യത മറ്റൊര്‍ഥത്തില്‍ ദോഷം ചെയ്യുന്നുമുണ്ട്. വിവാദം മാത്രം മനസില്‍ക്കണ്ട് ചിത്രം കാണാന്‍ കയറുന്നവര്‍ ആദ്യാവസാനം ഒരു അണക്കെട്ടിന്റെ പൊളിഞ്ഞുവീഴലും ഉദ്വേഗഭരിതമായ ദൃശ്യാനുഭവങ്ങളുമൊക്കെ മനസില്‍ പ്രതീക്ഷിച്ചാണ് എത്തുന്നത്. അവര്‍ക്കു മുന്നില്‍ ഇതള്‍ വിരിയുന്നതാകട്ടെ പ്രണയത്തിന്റെ ഭാവതലങ്ങളും. ഇത് സിനിമയുടെ പ്രചാരത്തെ ബാധിക്കും. ചിത്രം ആസ്വാദക മനസുകളിലേക്ക് പതുക്കെ പടര്‍ന്നുകയറണമെന്ന താല്‍പ്പര്യമായിരുന്നു എനിക്ക്. എന്നാല്‍ സംഭവിച്ചത് മറിച്ചാണ്. എന്തായാലും യഥാര്‍ഥ സിനിമാസ്വാദകള്‍ ചിത്രത്തെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന് തീര്‍ച്ചയുണ്ട്. ഒരു ആഗോള ക്യാന്‍വാസ് മറ്റൊരു നവാഗത സംവിധായകനും ധൈര്യപ്പെടാത്ത കാര്യമാണ്.

ആദ്യ ചിത്രം വന്‍ ബജറ്റില്‍ ഒരുക്കിയത് യഥാര്‍ത്ഥത്തില്‍ സാഹസമല്ലെ?

തീര്‍ച്ചയായും സാഹസം തന്നെയാണ്. ആദ്യ ചിത്രത്തിന് ഈയൊരു തുടക്കം നേരത്തെ മനസില്‍ കുറിച്ചതാണ്. പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടുതന്നെ ചിത്രം സ്വീകരിക്കപ്പെടുമെന്ന പ്രതീക്ഷയുണ്ട്. വാര്‍ണര്‍ ബ്രദേഴ്സ് വിതരണദൗത്യം ഏറ്റെടുത്തതും റിലീസിനു മുമ്പുതന്നെ ഓസ്കാര്‍ നോമിനേഷന്‍ ലഭിച്ചതുമൊക്കെ നേട്ടമാണ്. വിദേശരാജ്യങ്ങള്‍ ചിത്രം എങ്ങനെ സ്വീകരിക്കും എന്നതാണ് ഇനി കാണേണ്ടത്. ഇപ്പോള്‍ ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും മാത്രമാണ് പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. ഒരു പ്രൊഫഷണല്‍ ചലച്ചിത്ര പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ചിത്രത്തിന്റെ വാണിജ്യ വിജയം സുപ്രധാനമാണ്.

അമ്പതുകോടി മുടക്കിയ ചിത്രമെന്ന നിലയില്‍ പ്രത്യേകിച്ചും. വലിയ ക്യാന്‍വാസില്‍ വലിയ ബജറ്റില്‍ മികച്ച താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും അണിനിരത്തി ആദ്യ ചിത്രം ഒരുക്കുകയെന്ന വെല്ലുവിളി കൊച്ചിയില്‍ നിന്നുള്ള യുവചലച്ചിത്ര പ്രവര്‍ത്തകന് അനായാസമായിരുന്നോ?

ഒരിക്കലും അനായാസമെന്നു പറയാനാവില്ല. ഏതാണ്ട് നാലുവര്‍ഷത്തെ പ്രയത്നഫലമാണിത്. ഫുള്‍സ്ക്രിപ്റ്റ് തയ്യാറാക്കാന്‍ തന്നെ രണ്ടുവര്‍ഷമെടുത്തു. അണക്കെട്ടിന്റെ സാങ്കേതികതകളും മറ്റും മനസിലാക്കുന്നതിന് ഏറെ ഗവേഷണം വേണ്ടിവന്നു. ഒരു എഞ്ചിനിയര്‍ എന്ന നിലയിലുള്ള അനുഭവസമ്പത്ത് ഗുണംചെയ്തു. ആയുര്‍വേദം, ജ്യോതിശാസ്ത്രം, കപ്പലോട്ടം, വേദഗണിതം തുടങ്ങി ഒട്ടനവധി വിഷയങ്ങളെ ചിത്രം സ്പര്‍ശിക്കുന്നുണ്ട്. അതുകൊണ്ട് ആ മേഖലകളിലൊക്കെ ഗവേഷണം വേണ്ടിവന്നു. മറൈന്‍ എഞ്ചിനിയറെന്ന ജോലിയും സിനിമാ പ്രവര്‍ത്തനവും ഒരേ സമയം മുന്നോട്ടുപോകേണ്ടി വന്നു. ഇതൊന്നും എളുപ്പമായിരുന്നില്ല. മികച്ച താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയുമൊക്കെ അണിനിരത്തുകയെന്നതും എന്റെ സിനിമാസങ്കല്‍പ്പത്തില്‍ സുപ്രധാനമായിരുന്നു. ദേശീയ-അന്തര്‍ദേശീയ തലത്തില്‍ അംഗീകാരം നേടിയ പ്രതിഭകള്‍ മാത്രമാണ് ചിത്രത്തില്‍ പങ്കാളികളായിട്ടുള്ളത്. പൂര്‍ണത ഉറപ്പാക്കാന്‍ ഏറ്റവും മികച്ചവര്‍ തന്നെ വേണം. ചിത്രം ത്രി-ഡിയില്‍ വേണമെന്നതും നേരത്തെ തന്നെ ഉറപ്പിച്ചിരുന്നതാണ്. ദൃശ്യസാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ ത്രി-ഡി സാങ്കേതികതയ്ക്കു കഴിയും.

"ഡാം 999" എന്ന പേര് എന്തുകൊണ്ട്? 999 വര്‍ഷത്തെ മുല്ലപ്പെരിയാര്‍ കരാറാണ് അര്‍ത്ഥമാക്കുന്നതെന്ന് തമിഴ്നാടിന്റെ വിമര്‍ശമുണ്ട്?

999 എന്നത് ഒരിക്കലും അത്രയും നാള്‍ നീളുന്ന കരാറിനെ അര്‍ത്ഥമാക്കിയല്ല. 9 എന്ന അക്കത്തിന് ചിത്രത്തില്‍ ഏറെ പ്രാധാന്യമുണ്ട്. പഴയ അണക്കെട്ടിനു മുന്നില്‍ പുതിയ അണക്കെട്ട് തീര്‍ക്കുമ്പോള്‍ അത് ഉദ്ഘാടനം ചെയ്യപ്പെടുന്ന ദിനമായി സിനിമയില്‍ കാണിക്കുന്നത് 2009 സെപ്തംബര്‍ 9 എന്ന തീയതിയാണ്. ഇവിടെ മൂന്ന് ഒമ്പത് ഒന്നിച്ചുവരുന്നു. അതേ പോലെ ചിത്രത്തെ പ്രേക്ഷകന് ഒമ്പത് ആംഗിളിലൂടെ സമീപിക്കാം.

നവരസങ്ങളുടെ അടിസ്ഥാനത്തില്‍ ഒമ്പത് കഥാപാത്രങ്ങള്‍ , ആയുര്‍വേദത്തിലെ ഒമ്പത് ചികിത്സാ രീതികള്‍ , ഒമ്പത് പാട്ടുകള്‍ , ഒമ്പത് ലൊക്കേഷനുകള്‍ തുടങ്ങി ഒമ്പത് എന്ന അക്കത്തിന് ഏറെ പ്രാധാന്യം ചിത്രത്തിലുണ്ട്. പ്രണയത്തിന്റെ പോലും ഒമ്പത് വ്യത്യസ്ത ഭാവങ്ങളെ ചിത്രം പകര്‍ത്തുന്നു. അതുകൊണ്ട് കേരളവും തമിഴ്നാടുമായുള്ള കരാറിനെയാണ് 999 അര്‍ത്ഥമാക്കുന്നതെന്ന വിമര്‍ശനത്തില്‍ യാതൊരു അടിസ്ഥാനവുമില്ല.

അണക്കെട്ടുകളെക്കുറിച്ച് ആഴത്തില്‍ പഠിച്ച വ്യക്തിയെന്ന നിലയില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മനസില്‍ കാണുന്ന പ്രായോഗിക പരിഹാരം എന്താണ്?

പുതിയ അണക്കെട്ട് നിര്‍മ്മിക്കുക തന്നെയാണ് പരിഹാരം. അത് മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ മാത്രമല്ല, പഴക്കം ചെന്ന എല്ലാ അണക്കെട്ടുകളുടെ കാര്യത്തിലും പുനര്‍നിര്‍മ്മാണം അനിവാര്യമാണ്. അണക്കെട്ടുകളോട് യോജിപ്പില്ലാത്ത വ്യക്തിയാണ് താന്‍ . എന്നാല്‍ ഇതിനോടകം നിര്‍മ്മിച്ചുകഴിഞ്ഞ അണക്കെട്ടുകള്‍ പൊളിച്ചുകളയുക സാധ്യമല്ല. വലിയതോതില്‍ ഊര്‍ജ്ജോല്‍പ്പാദനവും ജലസേചനവും ഈ അണക്കെട്ടുകളെ ആശ്രയിച്ചാണ്. അതുകൊണ്ട് പഴയ അണക്കെട്ടുകള്‍ക്കു മുന്നില്‍ പുതിയ അണകെട്ടിയ ശേഷം പഴയത് പൊളിക്കണം.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിതീരാന്‍ കുറഞ്ഞത് അഞ്ചുവര്‍ഷമെങ്കിലുമെടക്കും. അപ്പോഴേക്കും നിലവിലുള്ള അണക്കെട്ട് 120 വര്‍ഷം പിന്നിടും. അമ്പതുവര്‍ഷം മാത്രം ആയുസ്സുപറഞ്ഞ അണക്കെട്ടാണിത്. അതുകൊണ്ട് പുതിയ അണക്കെട്ടിന്റെ നിര്‍മ്മാണത്തിന് കാത്തുനില്‍ക്കാതെ സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങണം. നല്ലൊരു ഭൂചലനമോ അതിവര്‍ഷമോ അണക്കെട്ടിനെ ദുര്‍ബലപ്പെടുത്തും. ഇനിയും അഞ്ചുവര്‍ഷം എന്നത് വലിയ കാലയളവാണ്. ദുരന്തം മുന്‍കൂട്ടി കണ്ടുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. ജനങ്ങളെ ഒഴിപ്പിക്കുന്നതടക്കം വിപുലമായ പദ്ധതികള്‍ ആവിഷ്ക്കരിക്കണം. പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന് നിര്‍ദേശിക്കുമ്പോള്‍ തന്നെ "ഡാം 999" ല്‍ അവസാനം പൊട്ടുന്നത് പുതുതായി നിര്‍മ്മിച്ച അണക്കെട്ടാണ്.

ചുരുക്കത്തില്‍ പുതിയ അണക്കെട്ടും സുരക്ഷിതമല്ലെന്ന സന്ദേശമല്ലെ സിനിമ നല്‍കുന്നത്?

ചിത്രത്തില്‍ പുതിയ അണക്കെട്ടിന്റെ തകര്‍ച്ചയ്ക്ക് വ്യക്തമായ കാരണങ്ങള്‍ പറയുന്നുണ്ട്. നിര്‍മ്മാണത്തിലെ അഴിമതിയും ക്രമക്കേടുമാണ് തകര്‍ച്ചയ്ക്കു വഴിയൊരുക്കിയത്. നിര്‍മ്മാണത്തില്‍ സുതാര്യത പുലര്‍ത്തിയില്ലെങ്കില്‍ സംഭവിച്ചേക്കാവുന്ന ദുരന്തമാണ് ചിത്രത്തില്‍ കാട്ടുന്നത്. യഥാര്‍ത്ഥ അണക്കെട്ട് നിര്‍മ്മിക്കുമ്പോഴും ഈ സുതാര്യത പുലര്‍ത്തണം. അഴിമതി ഉണ്ടാകരുത്. അതല്ലെങ്കില്‍ അപകടം സംഭവിക്കും. ലോകത്തിലെ വന്‍കിട അണക്കെട്ടുകളില്‍ 85 ശതമാനവും 2020 ആകുമ്പോഴേക്കും കാലാവധി കഴിയും. ഏതാണ്ട് നാല്‍പ്പതിനായിരം അണക്കെട്ടുകളുടെ കാലാവധിയാണ് കഴിയുക. ഈ അണക്കെട്ടുകളെല്ലാം സമയാനുസൃതമായി പുതുക്കി നിര്‍മ്മിച്ചില്ലെങ്കില്‍ വലിയ ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കും.

മാനവരാശിയ്ക്കാകെ ഭീഷണിയായി നാല്‍പ്പതിനായിരം ജലബോംബുകളായി ഇവ നിലനില്‍ക്കും. ലോകരാജ്യങ്ങള്‍ ആഴത്തില്‍ സമീപിക്കേണ്ട പാരിസ്ഥിതിക പ്രശ്നമായി അണക്കെട്ടുകള്‍ മാറുകയാണ്. ഇടുങ്ങിയ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ കുടഞ്ഞുകളഞ്ഞ് മനുഷ്യരുടെ നന്മയ്ക്കായി ചിന്തിക്കുന്ന നേതാക്കളാണ് വേണ്ടത്. അങ്ങനെയെങ്കില്‍ മുല്ലപ്പെരിയാര്‍ ഒരു ഭീഷണിയായി മാറില്ല.

മറൈന്‍ എഞ്ചിനിയര്‍ എങ്ങനെയാണ് സിനിമാ സംവിധായകനായത്?

സിനിമ ഒരു അഭിനിവേശമായി കുട്ടിക്കാലം മുതല്‍ മനസിലുണ്ട്. ചലച്ചിത്ര പ്രവര്‍ത്തകനാകണമെന്ന ആഗ്രഹം തീവ്രമായിരുന്നെങ്കിലും മറൈന്‍ എഞ്ചിനിയറിങ്ങാണ് പഠിച്ചത്. എങ്കിലും സിനിമ വിട്ടിരുന്നില്ല. വിഷ്ണുലോകം എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറാകാന്‍ അവസരം ലഭിച്ചെങ്കിലും പോകാനായില്ല. കമല്‍ സാറിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ദുബായിലേക്കു പോയി. മര്‍ച്ചന്റ് നേവിയില്‍ ഉദ്യോഗസ്ഥനായി. ദീര്‍ഘനാള്‍ കടല്‍യാത്രകള്‍ . പിന്നീട് ദുബായ് കേന്ദ്രീകരിച്ച് സ്വന്തമായി ബിസിനസ് സംരംഭം. മറൈന്‍ബിസ് ടിവിയെന്ന പേരില്‍ ചാനല്‍ ആരംഭിച്ചു. നാഷണല്‍ ജ്യോഗ്രഫിക്കും മറ്റും സമാനമായി നാവികര്‍ക്കു വേണ്ടിയുള്ളതായിരുന്നു ചാനല്‍ .

വീണ്ടും സിനിമാ താല്‍പ്പര്യങ്ങള്‍ മുളപൊട്ടിയതോടെ ഹോളിവുഡ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഫിലിം പ്രൊഡക്ഷന്‍ ആന്‍ഡ് ഡയറക്ഷന്‍ കോഴ്സ് ചെയ്തു. തുടര്‍ന്നാണ് സ്വന്തമായി സിനിമയെന്ന ലക്ഷ്യത്തിലേക്കു തിരിഞ്ഞത്. മുല്ലപ്പെരിയാറിനെ കുറിച്ചുള്ള ഡോക്യുമെന്ററി അതിന്റെ ആദ്യ ചുവടായിരുന്നു. ഇരുപതോളം ദേശീയ- അന്തര്‍ദേശീയ പുരസ്ക്കാരങ്ങള്‍ ഡോക്യുമെന്ററിക്ക് ലഭിച്ചു. പിന്നീട് എന്റെ മനസിലുള്ള സിനിമ നോവല്‍ രൂപത്തിലെഴുതി. ഇപ്പോള്‍ സിനിമയിലില്ലാത്ത ഒരു പാട് കാര്യങ്ങള്‍ നോവലിലുണ്ട്. സിനിമയുടെ ഓരോ രംഗവും മനസില്‍ ഉറപ്പിച്ച ശേഷമാണ് ചിത്രീകരണത്തിലേക്കു കടന്നത്. ഏറെ പ്രയത്നത്തിനു ശേഷം ഒരു സമ്പൂര്‍ണ ചിത്രമായി "ഡാം 999" പ്രേക്ഷകരുടെ മുന്നിലെത്തുമ്പോള്‍ വല്ലാത്ത ആത്മസംതൃപ്തിയാണ് അനുഭവപ്പെടുന്നത്.

എന്തൊക്കെയാണ് ഭാവി പദ്ധതികള്‍ ?

സിനിമയില്‍ സജീവമായുണ്ടാകുമോ? സിനിമയില്‍ സജീവമാകാന്‍ തന്നെയാണ് തീരുമാനം. സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരെ അധികരിച്ചാകും പുതിയ ചിത്രം. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. "ഡാം 999" ന് സമാനമായി ആഗോള ക്യാന്‍വാസില്‍ തന്നെയാകും ഈ ചിത്രവും. ആരും കടല്‍ക്കൊള്ളക്കാരായി ജനിക്കുന്നില്ല. സാഹചര്യങ്ങള്‍ അവരെ മാറ്റിത്തീര്‍ക്കുകയാണ്. സൊമാലിയയിലെ കാപ്പിരികള്‍ കടല്‍ക്കൊള്ളയിലേക്ക് തിരിയാന്‍ കൃത്യമായ കാരണങ്ങളുണ്ട്. അതിന് ആഗോള മാനങ്ങളുണ്ട്. കടല്‍ക്കൊള്ളക്കാര്‍ക്ക് മോചനദ്രവ്യമായി ഓരോ വര്‍ഷവും വന്‍തുകയാണ് കപ്പല്‍ കമ്പനികള്‍ നല്‍കേണ്ടി വരുന്നത്. ഇന്‍ഷൂറന്‍സ് കമ്പനികളാണ് പണം നല്‍കുന്നതെങ്കിലും ഇത് യഥാര്‍ത്ഥത്തില്‍ പൊതുപണമാണ്. കടല്‍ക്കൊള്ള വ്യാപകമാവുമ്പോള്‍ പ്രീമിയം തുകയില്‍ അതിനനുസരിച്ചുള്ള വര്‍ധനവ് ഇന്‍ഷൂറന്‍സ് കമ്പനികള്‍ വരുത്തും. കടലിന്റെ പശ്ചാത്തലത്തില്‍ പ്രേക്ഷകരെ പിടിച്ചിരുത്തുന്നതാകും പുതിയ ചിത്രവും.

ആത്മവിശ്വാസം നിഴലിച്ച ചിരിയോടെ ഡല്‍ഹി കേരളഹൗസില്‍ വെച്ച് സോഹന്‍ കൈ തന്നു പിരിയുമ്പോള്‍ പൊളിഞ്ഞു തുടങ്ങുന്ന അണക്കെട്ടുകളും നാല്‍പ്പതിനായിരം ജലബോംബുകളുമാണ് മനസില്‍ നിറഞ്ഞത്. ഒപ്പം മുല്ലപ്പെരിയാറിനു താഴോട്ട് അറബിക്കടല്‍ വരെ ഭീതിയുടെ നിഴലില്‍ കഴിയുന്ന ലക്ഷക്കണക്കിന് മലയാളികളുടെ നിസ്സഹായതയും.

*
സോഹന്‍ റോയ്/എം പ്രശാന്ത് ദേശാഭിമാനി വാരിക 10 ഡിസംബര്‍ 2011

Thursday, December 8, 2011

മുല്ലപ്പെരിയാര്‍ - പൊട്ടുന്ന ഡാമും പൊട്ടാത്ത ഭീതികളും

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സ്ഫോടനാത്മകമായ സ്ഥിതിഗതികളാണ് കേരള സംസ്ഥാനത്ത് സംജാതമായിരിക്കുന്നത്. സമചിത്തതയോടെ കാര്യങ്ങള്‍ പരിശോധിക്കണമെന്നും തീരുമാനത്തിലെത്തണമെന്നും പറയുന്നതു പോലും പാപമെന്ന നിലക്കും, നിങ്ങള്‍ മുപ്പത്തിയഞ്ചു ലക്ഷം ജനങ്ങളുടെ ജീവന്റെ ഭീഷണി കാണാത്ത ക്രൂരനാണെന്നും മറ്റുമുള്ള പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കുറച്ചു കാലം പുറകോട്ടു പോവുക. സ്വാതന്ത്ര്യലബ്ധിക്കു ശേഷം, ഇന്ത്യന്‍ റിപ്പബ്ളിക്കില്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കാന്‍ തീരുമാനിക്കുന്നു. സ്വാതന്ത്യ്രം അര്‍ത്ഥപൂര്‍ണമാവുന്നത്, മാതൃത്വം പോലെ പ്രധാനമായ മാതൃഭാഷയില്‍ സ്വയം ആവിഷ്ക്കരിക്കാനും പഠിക്കാനും പഠിപ്പിക്കാനും ഭരിക്കാനും ഭരിക്കപ്പെടാനും കഴിയുമ്പോള്‍ മാത്രമാണ് എന്ന ഉദാരവും അതീവം ജനാധിപത്യപരവും ആധുനികവുമായ വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു അടിയന്തിര നടപടി ഇന്ത്യന്‍ ഭരണകൂടം സ്വീകരിച്ചത്. ഭാഷാ സംസ്ഥാനങ്ങളിലൂടെയേ വൈവിധ്യങ്ങള്‍ കൊണ്ട് സമ്പന്നമായ ഇന്ത്യയുടെ സ്വാതന്ത്യ്രം പൂര്‍ണമാവൂ എന്ന അഭിപ്രായം മഹാത്മാ ഗാന്ധിക്കുമുണ്ടായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ഏറ്റവും അര്‍ത്ഥപൂര്‍ണവും സുപ്രധാനവുമായ ജനാധിപത്യവത്ക്കരണം തന്നെ ഭാഷാ സംസ്ഥാന രൂപീകരണമാണെന്ന് ആലോചിച്ചാല്‍ ബോധ്യപ്പെടും. ഭാഷാ സംസ്ഥാന രൂപീകരണത്തിനായി, കമ്മീഷന്‍ രൂപീകരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ആദ്യം ചെയ്തത്. ഈ കമ്മീഷന്‍ രാജ്യവ്യാപകമായി വിവിധ സിറ്റിംഗുകള്‍ നടത്തുകയും രാഷ്ട്രീയ നേതാക്കള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, ഭാഷാ ശാസ്ത്രജ്ഞന്മാര്‍, ഭൂമിശാസ്ത്രജ്ഞന്മാര്‍, ചരിത്രകാരന്മാര്‍, കലാകാരന്മാര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, പത്രക്കാര്‍, സര്‍ക്കാരുദ്യോഗസ്ഥന്മാര്‍ തുടങ്ങിയവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും അതു പ്രകാരമുള്ള നിഗമനങ്ങളിലെത്തുകയും ചെയ്യുകയാണുണ്ടായത്.

അന്ന്, കേരളത്തിലെ അവിഭക്ത കമ്യൂണിസ്റ് പാര്‍ടിയുടെ സെക്രട്ടറിയായിരുന്ന സഖാവ് എം എന്‍ ഗോവിന്ദന്‍ നായരാണ് പാര്‍ടിയെ പ്രതിനിധീകരിച്ച്, ഭാഷാ സംസ്ഥാന കമ്മീഷനു മുമ്പില്‍ ഹാജരായത്. അദ്ദേഹമടക്കമുള്ളവര്‍ സമര്‍പ്പിച്ച വിലപ്പെട്ട ഒരു ധാരണ കമ്മീഷന്‍ അംഗീകരിക്കുകയും അതുപ്രകാരം, കേരളത്തിന്റെയും തമിഴ് നാടിന്റെയും അതിര്‍ത്തികള്‍ ക്രമീകരിക്കുകയും ചെയ്തു. അതിപ്രകാരമായിരുന്നു. തമിഴ് ഭാഷ സംസാരിക്കുന്നവരേക്കാള്‍ മലയാളഭാഷ സംസാരിക്കുന്നവര്‍ കൂടുതലുള്ള നാഗര്‍കോവില്‍ പ്രദേശം തമിഴ് നാടിന് വിട്ടുകൊടുത്തുകൊണ്ട്; മലയാളഭാഷ സംസാരിക്കുന്നവരേക്കാള്‍ തമിഴ് ഭാഷ സംസാരിക്കുന്നവര്‍ കൂടുതലുള്ളവര്‍ അധിവസിക്കുന്ന ദേവികുളം, മൂന്നാര്‍ പ്രദേശം കേരളത്തിലുള്‍പ്പെടുത്തുക എന്നതായിരുന്നു ആ നിര്‍ദേശം. രണ്ടു കാര്യങ്ങളാണ് എം എനെ ഈ ആവശ്യം ഉന്നയിക്കുന്നതിന് പ്രേരിപ്പിച്ചിട്ടുണ്ടാവുക എന്നാണ് ചരിത്രനിരീക്ഷകനായ ഭാസുരേന്ദ്രബാബു പറയുന്നത്. ഒന്ന്, ഉന്നതമായ വിപ്ളവബോധമുണ്ടായിരുന്ന എം എന്, തിരുവിതാംകൂര്‍ രാജവംശത്തിന്റെ ഓര്‍മ്മക്കുറിപ്പുകളും ലക്ഷ്യങ്ങളും താറുമാറാക്കുക എന്ന ഉദ്ദേശത്തോടെ വഞ്ചിനാടിന്റെ തലസ്ഥാന നഗരി പോലുമായിരുന്ന തക്കലയും പത്മനാഭപുരവും കേരളത്തിനു പുറത്താക്കാനായിരുന്നു താല്‍പര്യം. (പുത്തരിക്കണ്ടത്തു നിന്ന് രാജസന്നിധിയിലേക്ക് അര്‍ദ്ധനഗ്നരായി, നെല്ലിന്‍ കറ്റയും തലയില്‍ ചുമന്ന് നടന്നു പോയ അഭിനവ അടിമകളുടെ മുന്‍ഗാമിയായിരുന്നില്ല എം എന്‍ എന്നു ചുരുക്കം). രണ്ട്, നാഗര്‍കോവിലില്‍ അരിയാണ് കൃഷിയെങ്കില്‍, ദേവികുളത്ത് തോട്ടം മേഖലയാണ്. കൂടുതല്‍ സാമ്പത്തിക പ്രാധാന്യമുള്ള മേഖല കേരളത്തിലുണ്ടാകേണ്ടത് സംസ്ഥാനത്തിന്റെ സാമ്പത്തിക സുരക്ഷക്ക് അത്യാവശ്യമാണെന്ന ഘടകവും അദ്ദേഹം കണക്കിലെടുത്തിട്ടുണ്ടായിരിക്കണം.

പറഞ്ഞുവരുന്നത്, കേരളത്തിലായി പോയി അല്ലെങ്കില്‍ തമിഴ്നാടിലായിപ്പോയി എന്നത് പരസ്പരം കടിച്ചുകീറാനുള്ള ലൈസന്‍സുകളായി രണ്ടു സംസ്ഥാനക്കാരും അവിടത്തെ നേതാക്കളും കരുതേണ്ടതില്ല എന്നു തന്നെയാണ്. 'കേരളം മലയാളികളുടെ മാതൃഭൂമി' എന്ന മഹത്തായ മുദ്രാവാക്യം, കേരളം - മലയാളികള്‍ക്ക് തമിഴരുടെയോ മറ്റുള്ള ഏതെങ്കിലും ഭാഷക്കാരുടേയോ തലയില്‍ കുതിര കയറാനുള്ള ലൈസന്‍സായി സങ്കോചിപ്പിക്കുന്ന അധമത്വത്തിലേക്ക് നീങ്ങുകയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. തമിഴനെ കണ്ടാല്‍ പച്ചക്ക് തീ കൊളുത്തണം എന്ന മട്ടില്‍ മലയാളിയും മലയാളത്താന്റെ ശവമടക്ക് നടത്തണം എന്ന രീതിയില്‍ തമിഴനും കരുതുന്ന തരത്തിലേക്ക് ദേശീയത, പ്രാദേശികവാദം, ഭാഷാഭിമാനം(അഹങ്കാരം), എന്നിവ വളരുന്ന പരിതസ്ഥിതി സംജാതമായിക്കൂടാ. ഇങ്ങിനെ സംജാതമായിക്കഴിഞ്ഞു എന്നു നിരീക്ഷിക്കാനൊന്നുമല്ല ഈ കുറിപ്പെഴുതുന്നത്. പക്ഷെ, പല മുന്നനുഭവങ്ങളും നമുക്കുള്ളതു കൊണ്ട് അപ്രകാരവും പേടിക്കുന്നു എന്നു മാത്രം. ശിവസേനയുടെയും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെയും തലത്തിലേക്ക് മലയാളികളും തമിഴ്നാട്ടുകാരും എത്തിപ്പെടാതിരിക്കട്ടെ.

ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന ദൃശ്യമാധ്യമ പ്രവര്‍ത്തകനായ പി ബി അനൂപ് എഴുതിയ അരുത് നാം ശത്രുക്കളല്ല (നാലാമിടം ഡോട്ട് കോം) എന്ന ലേഖനത്തില്‍, കേരളത്തില്‍ വളര്‍ന്നു വരുന്ന തമിഴ് വിരുദ്ധ തരംഗത്തെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. വയനാട്ടിലെ കര്‍ഷക ആത്മഹത്യകളും, ചെറുകിട കച്ചവടത്തിലെ വിദേശ നിക്ഷേപവും മാറ്റിവെച്ച് മലയാളികളെ സടകുടഞ്ഞെഴുന്നേല്‍പ്പിക്കുകയും ഭരണ-പ്രതിപക്ഷ ഭേദമെന്യേ ഒന്നിപ്പിക്കുകയും ചെയ്ത മുല്ലപ്പെരിയാര്‍ ജലബോംബാക്കി മാറ്റുന്നതില്‍, പത്ര-ദൃശ്യ മാധ്യമങ്ങള്‍ക്കെന്നതു പോലെ, സൈബര്‍ ലോകത്തിനും കൂടിയ പങ്കുണ്ട്. ഫേസ്ബുക്കില്‍ വന്ന ചില കമന്റുകള്‍ അനൂപ് ഉദ്ധരിക്കുന്നത് ഇവിടെയും എടുത്തെഴുതട്ടെ.

1. ശബരിമലയില്‍ വരുന്ന പാണ്ടി അയ്യപ്പഭക്തന്മാര്‍ക്ക് ഡാം 999 സിനിമയുടെ ഡി വി ഡി കൊടുക്കുക,

2. കേരളത്തില്‍ തമിഴ് സിനിമകള്‍ നിരോധിക്കുക,

3. തമിഴനുണ്ടാക്കുന്ന പച്ചക്കറി വായിലേക്ക് കൊണ്ടുപോവാതിരിക്കുക, അവരുടെ വിപണി തകര്‍ക്കുക.

ഇത്തരം അസംബന്ധജടിലമായ അഹങ്കാര ജല്‍പനങ്ങള്‍, ലോകവിവരവും വിശാലമനസ്കതയും പുരോഗമന ബോധവും സഹിഷ്ണുതയും ജനാധിപത്യ-രാഷ്ട്രീയ പ്രബുദ്ധതയും വേണ്ടുവോളവും വേണ്ടതിലധികവും ഉണ്ടെന്നഭിമാനിക്കുന്ന മലയാളിയുടെ/കേരളീയന്റെ മനസ്സില്‍ നിന്നും ഭാഷയില്‍ നിന്നുമാണ് ഉരുത്തിരിഞ്ഞുവന്നത് എന്നതില്‍ നമുക്ക് ലജ്ജിക്കാം. സത്യത്തില്‍, ഈ ലജ്ജ നമ്മെ കുറച്ചു കൂടി പുറകോട്ട് തിരിയാന്‍ പ്രേരിപ്പിക്കേണ്ടതുമാണ്. മുല്ലപ്പെരിയാര്‍ പ്രശ്നം, സമചിത്തതയോടെ കൈകാര്യം ചെയ്യാന്‍ കേരള-തമിഴ്നാട് ഭരണാധികാരികളെയും ഉദ്യോഗസ്ഥരെയും കോടതികളെയും മറ്റും പ്രേരിപ്പിക്കുന്നതില്‍ നിന്ന് തടഞ്ഞതിന്, ഇത്തരത്തിലുള്ള സങ്കുചിത പ്രാദേശിക വാദങ്ങള്‍ കാരണമായിട്ടുണ്ടോ എന്നും ചിന്തിക്കേണ്ടതാണ്. മുല്ലപ്പെരിയാര്‍ പൊട്ടാന്‍ പോകുന്നു - മുപ്പത്തഞ്ചു ലക്ഷം മലയാളികള്‍ അപകടത്തില്‍ എന്ന തരത്തില്‍ വാര്‍ത്തകള്‍ ചമക്കുകയും പ്രസ്താവനകള്‍ക്ക് തീക്കൊടുക്കുകയും ചെയ്തവരല്ലേ, ഇത് തെന്നിന്ത്യയെ ആകെയും ഇന്ത്യയെ മൊത്തത്തില്‍ തന്നെയും ബാധിക്കാന്‍ പോകുന്ന ഗുരുതര പ്രശ്നമാണെന്ന തിരിച്ചറിവിലേക്ക് എല്ലാവരെയും എത്തിക്കാതിരുന്നവര്‍ എന്നും സംശയമുണ്ട്.

എതിരഭിപ്രായങ്ങളെയും വ്യത്യസ്താഭിപ്രായങ്ങളെയും അസഹിഷ്ണുതയോടെ കാണുന്ന തരത്തില്‍, സമൂഹഭീതിയിലേക്ക് (ഫിയര്‍ സൈക്കോസിസ്, മാസ് ഹിസ്റീരിയ) കേരളജനത എത്തിക്കഴിഞ്ഞിരിക്കുകയാണ്. പാമോയിലടക്കം നൂറുകണക്കിന് പ്രശ്നങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കേരള ഭരണക്കാര്‍ക്ക് ഇതു മൂലം നിഷ്പ്രയാസം സാധ്യമായി. മുല്ലപ്പെരിയാറിനടുത്ത് ജനിച്ചു വളരുകയും ഇപ്പോഴും നിരവധി ബന്ധുക്കളും സുഹൃത്തുക്കളും അവിടെ ജീവിക്കുകയും ചെയ്യുന്ന ടി സി രാജേഷ് എന്ന മാധ്യമപ്രവര്‍ത്തകന്‍ എഴുതുന്നതു പോലെ(അതും നാലാമിടത്തില്‍ തന്നെ) മുല്ലപ്പെരിയാര്‍ ഒരു ജലബോംബാണെങ്കില്‍, അതിനു ചുറ്റുമുള്ള ഇരുപതിലധികം വലിയ അണകളും പലയിരട്ടി ചെറു അണകളും സമാനമായ ബോംബുകള്‍ തന്നെ. ഇടുക്കി മൊത്തം ബോംബുകളുടെ കൂമ്പാരമാണെന്ന് പറയാതിരിക്കാനാവില്ല. ഇടുക്കിയില്‍, ഭൂചലനങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം തന്നെ, ഇത്രയധികം അണക്കെട്ടുകള്‍ കെട്ടിപ്പൊക്കിയും താഴ്ത്തിയും വെള്ളം സംഭരിച്ചതാണെന്ന കണ്ടെത്തലും ശ്രദ്ധേയമാണ്. അതായത്; അണക്കെട്ടുകള്‍ നിറയെ കെട്ടിയുണ്ടാക്കി അതുമൂലമുണ്ടാകുന്ന ഭൂചലനങ്ങള്‍ കാരണം, അതേ അണക്കെട്ടുകള്‍ പൊട്ടാന്‍ പോവുന്നു എന്ന് പേടിപ്പെടുത്തുക എന്ന നാടകമാണ് കേരളത്തിലരങ്ങേറുന്നത് എന്നു ചുരുക്കം. ഭൂകമ്പ ഭ്രംശ മേഖലയില്‍ മറ്റൊരു ഡാം കെട്ടണം എന്ന പരിഹാരം അസംബന്ധമാകുന്നതും ഇതേ പശ്ചാത്തലത്തില്‍ തന്നെയാണ്. പേടി കൊണ്ട് ചിന്താശൂന്യരായി തീര്‍ന്നാല്‍ അത് പരിഹാരമാവില്ല എന്നതുറപ്പല്ലേ!

അണക്കെട്ടുകള്‍ക്കും ആണവനിലയങ്ങള്‍ക്കും തദ്ദേശീയ ജനതയെ കുടിയൊഴിക്കുന്ന പടുകൂറ്റന്‍ പദ്ധതികള്‍ക്കുമെതിരെ സംസാരിക്കുന്നവരെ, വികസനവിരോധികള്‍ എന്നും വഴി മുടക്കികള്‍ എന്നും വിളിച്ചാക്ഷേപിച്ചവര്‍ തന്നെയാണ് ഇപ്പോള്‍, ജനങ്ങളുടെ ജീവന്‍ ഭീഷണിയില്‍ എന്ന സമൂഹഭീതിയില്‍ അഭിരമിക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടുമെന്നോ പൊട്ടില്ലെന്നോ ഉള്ള, നിരവധി വിശദാംശങ്ങളുടെ അകമ്പടിയോടെ എഴുതി നിറച്ചിരിക്കുന്ന ലേഖനങ്ങളും പത്രവാര്‍ത്തകളും പരിശോധിച്ച് മാര്‍ക്കിടാന്‍ ഇവിടെ മുതിരുന്നില്ല. ഡാം പൊട്ടുമെന്ന് പേടിക്കുന്ന സാമാന്യ മനുഷ്യരുടെ കൂട്ടത്തില്‍ തന്നെയാണ് ഞാനും. എന്തു വന്നാലും, നിസ്സംഗതയോടെയും അഴിമതിക്ക് സ്കോപ്പുണ്ടോ എന്ന വിധത്തിലും മാത്രം പെരുമാറുന്ന സര്‍ക്കാര്‍-നിയമ-നീതിന്യായ വിഭാഗങ്ങളുടെ മനുഷ്യ/പ്രകൃതിവിരുദ്ധ മനോഭാവവും കാണാതിരിക്കുന്നില്ല. എന്നാല്‍, വികസനപരിപ്രക്ഷ്യവും മാനവകുലത്തിന്റെയും ലോകത്തിന്റെ തന്നെ നിലനില്‍പും എന്ന വിശാലമായ ചര്‍ച്ചാമണ്ഡലത്തിലേക്ക് ഈ ഘട്ടത്തിലും നാം കടക്കുന്നില്ല എങ്കില്‍, എത്ര ലക്ഷം ആളുകള്‍ മരിച്ചാല്‍ പോലും പാഠം പഠിക്കാത്ത വിഡ്ഢികളായി ജീവിച്ചിരിക്കുമ്പോഴും മരിച്ചവരായി നാം പരിണമിക്കുകയേ ഉള്ളൂ.

*
ജി പി രാമചന്ദ്രന്‍

Wednesday, December 7, 2011

കേരള-തമിഴ്‌നാട് ജനതകള്‍ തമ്മില്‍ ശത്രുത കുത്തിപ്പൊക്കരുത്

മുല്ലപ്പെരിയാര്‍ കേരളത്തിന്റെ മനസ്സില്‍ തീരാത്ത അസ്വസ്ഥതയായി തുടരുകയാണ്. 116 വര്‍ഷം പ്രായമെത്തിയ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചുപോയാല്‍ ഉണ്ടാകാവുന്ന ദുരന്തങ്ങളെക്കുറിച്ച് സങ്കല്‍പിക്കാന്‍പോലും നമുക്കാവില്ല. അടിക്കടി ഭൂചലനമുണ്ടാകുന്ന ഒരു മേഖലയിലാണ് ഡാമിന്റെ നില്‍പ് എന്നുള്ളത് ജനങ്ങളുടെ ഭയപ്പാട് വര്‍ധിപ്പിക്കുന്നു. അതിന്റെ ദുര്‍ബലാവസ്ഥയെക്കുറിച്ച് വിദഗ്ധ പഠനസംഘങ്ങള്‍ പറഞ്ഞതത്രയും 35 ലക്ഷത്തില്‍പ്പരം ജനങ്ങളുടെ രാപകലുകളില്‍ നീറിപ്പടരുമ്പോള്‍ ഒരു സംസ്ഥാനം മുഴുവന്‍ ഭീതിയുടെ മുള്‍മുനയിലാവുന്നു.

സംഘര്‍ഷങ്ങള്‍ കത്തിപ്പടരാന്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ സാധ്യത കൂടുതലാണ്. എങ്കിലും സംഘര്‍ഷങ്ങള്‍ ആളിപ്പടരാതിരിക്കാന്‍ ജാഗ്രതപാലിക്കലാണ് വിവേകമുള്ളവരെല്ലാം ഇപ്പോള്‍ ചെയ്യേണ്ടത്. ആ ജാഗ്രതയില്‍ വീഴ്ചവരുത്തിയാല്‍ ആര്‍ക്കും നിയന്ത്രിക്കാനാവാത്തവിധം സംഘര്‍ഷങ്ങള്‍ കത്തിപ്പടരുകയാകും ഫലം. ആ സ്ഥിതിവിശേഷം കേരളത്തിനും തമിഴ്‌നാട്ടിനും ഉണ്ടാക്കുന്ന കഷ്ടനഷ്ടള്‍ ആര്‍ക്കും പ്രവചിക്കാന്‍ കഴിയാത്തത്ര വലുതായിരിക്കും.

കേരളത്തിന്റെ പ്രശ്‌നം ദശലക്ഷക്കണക്കിനു ജനങ്ങളുടെ സുരക്ഷയാണ്. തമിഴ്‌നാടിന്റെ ആവശ്യം കിട്ടിക്കൊണ്ടിരിക്കുന്ന വെള്ളം മുടക്കമില്ലാതെകിട്ടുക എന്നതും. അതു പൂര്‍ണമായും ഉള്‍ക്കൊണ്ടുകൊണ്ടാണ് 'കേരളത്തിന് സുരക്ഷ: തമിഴ്‌നാടിനു വെള്ളം' എന്ന മുദ്രാവാക്യം തന്നെ ഉണ്ടായത്.

കേരള സംസ്ഥാന ഗവണ്‍മെന്റം ഇവിടത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരേ സ്വരത്തിലാണ്. ആ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നത്. അത് അക്ഷരാര്‍ഥത്തില്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളുടേയും വികാരമാണ്.

കരാര്‍ പ്രകാരം തമിഴ്‌നാട്ടിന് കിട്ടിക്കൊണ്ടിരിക്കുന്ന വെള്ളം ഒരുതുള്ളി പോലും കുറയാതെ തമിഴ്‌നാടിനു തുടര്‍ന്നും കിട്ടണമെന്നുതന്നെയാണ് കേരളം പറയുന്നത്. നദീജല തര്‍ക്കങ്ങളില്‍ കേട്ടുകേള്‍വി ഇല്ലാത്തതാണിത്. അതുകൊണ്ടാണ് പുതിയ ഡാം എന്ന കേരളത്തിന്റെ ന്യായമായ ആവശ്യത്തോട് യാതൊരുവിധ സംശയങ്ങളുമുണ്ടാകേണ്ടതില്ലെന്ന് കേരളം തമിഴ്‌നാടിനോട് പറയുന്നത്. അത് തമിഴ്‌നാട് ഗവണ്‍മെന്റിനും ജനങ്ങള്‍ക്കും മനസിലാക്കാനും മാനിക്കാനും കഴിയുന്ന നിലപാടാണ്.

പരസ്പരം ആദരവും സൗഹൃദവും പുലര്‍ത്തിക്കൊണ്ടുതന്നെ മുല്ലപ്പെരിയാര്‍ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ കഴിയും. അതിനുള്ള രാഷ്ട്രീയ പക്വതയും സാമൂഹിക പ്രതിബദ്ധതയും ദേശീയ ഐക്യബോധവും കേരള-തമിഴ്‌നാട് ജനതകള്‍ക്കുണ്ട്. എന്നാല്‍ അതനു നിരക്കാത്ത സങ്കുചിതവാസനകള്‍ക്ക് അടിപ്പെട്ട ഏതാനും പേര്‍ ഇരു ഭാഗത്തുമുണ്ടാകാം. അവര്‍ പ്രത്യാഘാതങ്ങളെക്കുറിച്ച് ആലോചിക്കാതെ പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കുന്ന വിവേകശൂന്യരാണ്. അവരാണ് അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചത്. സമരരൂപങ്ങള്‍ക്കും മുദ്രാവാക്യങ്ങള്‍ക്കും രൂപംകൊടുക്കുന്നവര്‍ ഇരുജനതകളും തമ്മിലുള്ള ആയിരമായിരം വര്‍ഷങ്ങള്‍ പഴക്കമുള്ള സാഹോദര്യ ബന്ധങ്ങള്‍ മറന്നുപോകരുത്. അതിര്‍ത്തികള്‍ കടന്നുപോയി ജീവിക്കുന്ന തമിഴ്-മലയാളി സഹോദരങ്ങളെ ആവര്‍ ഒരു നിമിഷംപോലും മറന്നുപോകരുത്. ആ സഹോദരങ്ങളുടെ താല്‍പര്യങ്ങള്‍ ഇത്തരുണത്തില്‍ നിര്‍ണായകമാണ്.

തമിഴ്‌നാട്ടിലെയും കേരളത്തിലെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ജനയുഗം ബന്ധപ്പെടുകയുണ്ടായി. അനിഷ്ടസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ മുന്‍കരുതലും എടുത്തുകഴിഞ്ഞതായി ഇരു സംസ്ഥാനങ്ങളിലെയും അധികൃതര്‍ ഒരുപോലെ പറഞ്ഞു. അതു സ്വാഗതാര്‍ഹമാണ്. രണ്ടു സംസ്ഥാന ഗവണ്‍മെന്റുകളും ഇക്കാര്യത്തില്‍ ബോധപൂര്‍വമായ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയുടെ ഐക്യത്തിന്റെ കാവല്‍ക്കാരെപ്പോലെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതിപ്പോഴാണ്. രണ്ട് മുഖ്യമന്ത്രിമാരേയും ഒരുമിച്ചിരുത്തി മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കാന്‍ അവര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ആരുടെയെങ്കിലും വിവരക്കേടോ പിടിപ്പുകേടോകൊണ്ട് തലമുറകളായി ഒന്നുപോലെ കഴിയുന്ന കേരളത്തിലെയും തമിഴ്‌നാട്ടിലേയും സഹോദര ജനതകള്‍ തമ്മില്‍ അകന്നുപോവരുത്. അവരുടെ സ്‌നേഹബന്ധങ്ങള്‍ ഇരുസംസ്ഥാനങ്ങള്‍ക്കും കണ്ണിലെ കൃഷ്ണമണിപോലെ പ്രിയങ്കരമാണ്. അതുമറന്നുകൊണ്ടുള്ള പ്രവൃത്തികള്‍ ഒരുഭാഗത്തുനിന്നും ഉണ്ടാകരുത്.

*
ജനയുഗം മുഖപ്രസംഗം 07 ഡിസംബര്‍ 2011

Saturday, December 3, 2011

അഡ്വക്കേറ്റ് ജനറലിനെ നീക്കം ചെയ്യണം

സംസ്ഥാനത്തിന്റെ അഡ്വക്കേറ്റ് ജനറല്‍ കെ പി ദണ്ഡപാണി മുല്ലപ്പെരിയാര്‍ സംബന്ധിച്ച് കേരളാ ഹൈക്കോടതിയില്‍ സ്വീകരിച്ച നിലപാട് ഡാമിന്റെ സുരക്ഷയില്‍ അതീവ ഉല്‍ക്കണ്ഠ പുലര്‍ത്തുന്ന കേരള ജനതയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. മുല്ലപ്പെരിയാറിലെ ജലത്തെ ഉള്‍ക്കൊള്ളാന്‍ ഇടുക്കി, കുളമാവ്, ചെറുതോണി ഡാം സമുച്ചയത്തിനു ശേഷിയുണ്ടെന്നും ചെറുതോണിയിലെ ഷട്ടറുകള്‍ തുറന്നാല്‍ ജലം അറബിക്കടലില്‍ എത്തിക്കൊള്ളുമെന്നും ഏ ജി കോടതിയെ അറിയിച്ചു. ഭീതിപരത്തുന്നത് മാധ്യമങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതു സര്‍ക്കാരിന്റെ നിലപാടല്ലെന്ന് ഡല്‍ഹിയില്‍ മാധ്യമങ്ങളോടു പറഞ്ഞെങ്കിലും ആ വാദം മുഖവിലക്കെടുക്കാന്‍ സാമാന്യ ജനം തയ്യാറാവില്ല. കാരണം, കോടതിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ ചുമതലപ്പെട്ട സര്‍ക്കാരിന്റെ വിശ്വസ്തനും ഉന്നതനുമായ അഭിഭാഷകനാണല്ലോ അഡ്വക്കേറ്റ് ജനറല്‍.

തമിഴ്‌നാടിനുവേണ്ടി മുല്ലപ്പെരിയാര്‍ കേസില്‍ കേരളാ ഹൈക്കോടതിയില്‍ വാദിക്കാന്‍ വക്കാലത്തെടുത്ത അഭിഭാഷകനായാണ് ദണ്ഡപാണി ജനങ്ങളുടെയും മാധ്യമങ്ങളുടെയും മുന്നില്‍ അറിയപ്പെടുന്നത്. തന്റെ പത്‌നി സുമതി ദണ്ഡപാണി തമിഴ്‌നാടിനുവേണ്ടി വാദിക്കാന്‍ കോടതിയില്‍ ഹാജരായില്ലെങ്കിലും 1996 ല്‍ ആ സംസ്ഥാനത്തിന്റെ വക്കാലത്തേറ്റിരുന്നതായി ദണ്ഡപാണി തന്നെ സമ്മതിക്കുന്നു. കേരളത്തിലെ ചില ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിഴ്‌നാടിനുവേണ്ടി പാരിതോഷികങ്ങള്‍ കൈപ്പറ്റിയതായി വാര്‍ത്തകള്‍ വരുന്ന പശ്ചാത്തലത്തില്‍ വേണം വിഷയം പരിശോധനാവിധേയമാക്കേണ്ടത്. അത്തരത്തിലൊരാളെ കേരളത്തിനുവേണ്ടി കേസ്‌വാദിക്കാന്‍ നിയോഗിച്ച യു ഡി എഫ് സര്‍ക്കാരിന്റെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും വിശ്വാസ്യതയും ഉദ്ദേശശുദ്ധിയുമാണ് ചോദ്യം ചെയ്യപ്പെടുന്നത്.

കേരളത്തിലെ നാലു ജില്ലകളിലെ ലക്ഷക്കണക്കിനു ജനങ്ങളെ ഉല്‍ക്കണ്ഠയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്ന പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും നിലപാടുകളിലെ അയഞ്ഞ സമീപനം കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചിരിക്കെയാണ്. അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായ പ്രകടനം സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ പ്രതിഷേധാര്‍ഹമായ അഭിപ്രായ പ്രകടനത്തിന് പിന്നാലെവന്നത് യാദൃശ്ചികവും നിരുപദ്രവകരവുമായി കാണാന്‍ ആര്‍ക്കും കഴിയില്ല. മുല്ലപ്പെരിയാര്‍ ഡാം കേരളം പ്രചരിപ്പിക്കുന്ന തരത്തില്‍ ദുര്‍ബലമല്ലെന്ന വാദഗതി ശക്തമായി ഉയര്‍ത്തി തമിഴ്‌നാട് ഗവണ്‍മെന്റും മുഖ്യമന്ത്രി ജയലളിതയും തമിഴ്‌നാട്ടിലെ പല രാഷ്ട്രീയ പാര്‍ട്ടികളും ശക്തമായ പ്രത്യാക്രമണം തുടര്‍ന്നുവരുന്ന പശ്ചാത്തലത്തില്‍ ഈ നിലപാട് കേരളത്തിന്റെ വാദഗതികളെ ദുര്‍ബലപ്പെടുത്തും. സുപ്രിം കോടതിയില്‍ നടന്നുവരുന്ന കേസിലും കേന്ദ്ര ഗവണ്‍മെന്റിന്റെ മാധ്യസ്ഥ ശ്രമങ്ങളിലും കേരളത്തിനേല്‍ക്കുന്ന പ്രഹരമാണിത്.

കേരളത്തിന്റെ പൊതുവികാരത്തിനും സംസ്ഥാനത്തിന്റെ ഉത്തമ താല്‍പര്യങ്ങള്‍ക്കും ഗവണ്‍മെന്റ് നാളിതുവരെ പരസ്യമായി അവലംബിച്ചുപോന്ന നിലപാടുകള്‍ക്കും വിരുദ്ധമായി അഡ്വക്കേറ്റ് ജനറല്‍ നടത്തിയ അഭിപ്രായ പ്രകടനം അക്ഷന്തവ്യവും അപലപനീയവുമാണ്. ജനതാല്‍പര്യത്തെ അപ്പാടെ നിരാകരിച്ച അഡ്വക്കേറ്റ് ജനറല്‍ ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല. ഗവണ്‍മെന്റും മുഖ്യമന്ത്രിയും അഡ്വക്കേറ്റ് ജനറലിനെ തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്യണം. അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നു കരുതാനാവില്ല. അത്തരം അഭിപ്രായ പ്രകടനം ബന്ധപ്പെട്ട ഗവണ്‍മെന്റിന്റെ ബ്രീഫിംങ്ങിന്റെ അടിസ്ഥാനത്തിലാവണം. ആരാണ് ഗവണ്‍മെന്റിനുവേണ്ടി ഇത്തരത്തില്‍ ബ്രീഫിംങ്ങ് നല്‍കിയത്? അക്കാര്യം അന്വേഷണ വിധേയമാവണം. വസ്തുതകള്‍ പുറത്തുകൊണ്ടുവരണം. ഉത്തരവാദികള്‍ ശിക്ഷിക്കപ്പെടണം.

*
ജനയുഗം മുഖപ്രസംഗം 03 ഡിസംബര്‍ 2011

മുല്ലപ്പെരിയാര്‍: നമ്മുടെ പ്രധാനമന്ത്രി ഇഹലോകത്തിലോ?

ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍സിംഗ് എവിടെയാണെന്ന് രാജ്യത്തിലെ ജനങ്ങള്‍ പൊതുവിലും കേരളീയ സമൂഹം പ്രത്യേകിച്ചും ചോദിച്ചുപോകുന്ന സന്ദര്‍ഭമാണിത്. 30 ലക്ഷത്തിനും 40 ലക്ഷത്തിനും ഇടയിലുള്ള മനുഷ്യരുടെ ജീവഹാനിക്കും നാലു ജില്ലകളുടെ ഒഴുകിപ്പോകലിനും ഇടയാക്കാവുന്ന ഒരു മഹാദുരന്തം പ്രധാനമന്ത്രിയുടെയും കേന്ദ്രഭരണകൂടത്തിന്റെയും ശ്രദ്ധയില്‍കൊണ്ടുവരുന്നതിനായി ത്യാഗഭരിതവും തീക്ഷ്ണവുമായ പ്രക്ഷോഭങ്ങള്‍ കേരളത്തില്‍ ആരംഭിച്ചിട്ട് ദിനങ്ങള്‍ പലതായി. എം എല്‍ എ മാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ജനകീയ നേതാക്കളും നിരാഹാര സമരമുള്‍പ്പെടെയുള്ള പ്രക്ഷോഭ വഴികള്‍ തേടിയിട്ടും ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രങ്ങളില്‍ പ്രമുഖസ്ഥാനത്തു നിലകൊള്ളുന്ന ഇന്ത്യയുടെ പ്രധാനമന്ത്രി മൗനത്തിന്റെ വാല്‍മീകത്തില്‍ കഴിഞ്ഞുകൂടുന്നത് ലോകത്തിന്റെ മുന്നില്‍ തന്നെ ഇന്ത്യയെ അപമാനിതവും അവഹേളിതവുമായ നിലയില്‍ എത്തിക്കുമെന്ന കാര്യത്തില്‍ ജനാധിപത്യ വിശ്വാസികള്‍ക്കാര്‍ക്കും സംശയമുണ്ടാവുകയില്ല. ആ വിശ്വാസത്തിന്റെയും തിരിച്ചറിവിന്റെയും കാര്യത്തില്‍ കക്ഷിരാഷ്ട്രീയ പരിഗണനകളും പ്രാദേശിക ഭേദങ്ങളും ഉണ്ടാവാനും തരമില്ല.

മുല്ലപ്പെരിയാര്‍ അണക്കെട്ട് അപകടസന്ധിയിലാണെന്നത് ആരുടെയെങ്കിലും ഊഹാപോഹമോ ഉപജാപമോ അല്ലെന്ന് വ്യക്തമായിക്കഴിഞ്ഞു. ഐ ഐ ടി പോലുള്ള ഉന്നതസ്ഥാപനങ്ങളിലെ ശാസ്ത്രപ്രതിഭകള്‍ തന്നെ ആ ദുരന്തസത്യം വ്യക്തമാക്കിക്കഴിഞ്ഞു. അതിനുപിന്നാലെ പ്രകൃതി തന്നെ ആ യാഥാര്‍ഥ്യത്തെ പലഘട്ടങ്ങളിലായി ഓര്‍മിപ്പിക്കുകയും ചെയ്തു, ഭൂചലനങ്ങളിലൂടെ. കനത്തമഴയും ഒരുവേള അതിവര്‍ഷവും മൂലവും ജലനിരപ്പ് ഉയര്‍ന്നാല്‍ സങ്കല്‍പിക്കാനാവാത്ത ദുരന്തങ്ങള്‍ക്കാണ് കേരളവും കേരളം ഇന്ത്യയുടെ ഭാഗമായതുകൊണ്ടു തന്നെ രാജ്യവും സാക്ഷിയാവേണ്ടിവരുന്നതെന്ന് വ്യക്തമായിക്കഴിഞ്ഞിട്ടും നിഷ്‌ക്രിയത്വത്തിന്റെയും നിര്‍ജീവത്വത്തിന്റെയും ലോകത്തിലാണ് കേന്ദ്രഭരണാധികാരികള്‍ കഴിഞ്ഞുകൂടുന്നതെന്ന് ആരെയും ആശ്ചര്യപ്പെടുത്തും.

പൊതുസമൂഹത്തിന്റെ മുഖ്യധാരാപ്രതിനിധികളും ഇ എസ് ബിജിമോള്‍ അടക്കമുള്ള എം എല്‍ എ മാരും നിരാഹാരം ആരംഭിച്ചിട്ട് ആറു ദിനമായിട്ടും 'ഞാനൊന്നുമറിഞ്ഞില്ലേ' എന്ന മട്ടില്‍ കഴിഞ്ഞുകൂടുന്ന ഇന്ത്യയുടെ പ്രധാനമന്ത്രി ഒരു തരത്തില്‍ അപമാനവും മറ്റൊരു തരത്തില്‍ അതിശയവുമാണ്. റോഷി അഗസ്റ്റിനും എസ് രാജേന്ദ്രനും ഉള്‍പ്പെടെയുള്ള നിയമസഭാ സാമാജികര്‍ കൂടി അനിശ്ചിതകാല നിരാഹാരത്തിന്റെ വഴിതേടേണ്ടിവന്നത് മറ്റൊന്നും കൊണ്ടല്ല.

സ്വന്തം രാഷ്ട്രത്തിലെ പരശ്ശതം മനുഷ്യരുടെ ജീവന്‍ മുള്‍മുനയില്‍ നില്‍ക്കുകയാണെന്ന് ബോധ്യപ്പെട്ടിട്ടും ഒരു പ്രതികരണത്തിനുപോലും സന്നദ്ധമാകാത്ത കേന്ദ്രഭരണാധികാരികള്‍ പ്രധാന മന്ത്രി ഉള്‍പ്പെടെ - ജനപക്ഷത്തല്ലെന്നും രാജ്യതാല്‍പര്യം മുന്‍നിര്‍ത്തുന്നവരുമല്ലെന്ന് തീര്‍ച്ചയാണ്. ഭരണത്തിന്റെ നിലനില്‍പ്പാണ് പരമപ്രധാനം എന്ന് കരുതി 40 ലക്ഷത്തോളം ജനങ്ങളുടെ ജീവന് തൃണവില കല്‍പ്പിക്കുന്നവരാണ് ഇക്കൂട്ടര്‍ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല.

ബിജിമോള്‍ എം എല്‍ എ യും റോഷി അഗസ്ത്യന്‍ എം എല്‍ എ യും കെ പി റോയിയും ഉള്‍പ്പെടെയുള്ളവര്‍ നിരാഹാരം അനുഷ്ഠിക്കുന്ന ഇടുക്കി ജില്ലയിലെ ചപ്പാത്തിലോ എസ് രാജേന്ദ്രന്‍ എം എല്‍ എ നിരാഹാരസമരം ആരംഭിച്ച വണ്ടിപ്പെരിയാറിലോ, കേരളത്തിലെ വിവിധങ്ങളായ പ്രദേശങ്ങളിലോ മാത്രമല്ല ഈ ഗൗരവമായ പ്രശ്‌നം മുന്‍നിര്‍ത്തി ജനകീയ പ്രതിഷേധം അരങ്ങേറുന്നത്. പ്രധാനമന്ത്രിയുടെ ആസ്ഥാനമായ ഡല്‍ഹിയിലും പ്രക്ഷോഭം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.

കേരളത്തില്‍ എന്നതുപോലെ കക്ഷിരാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ പാര്‍ലമെന്റംഗങ്ങള്‍ ഒറ്റക്കെട്ടായാണ് പാര്‍ലമെന്റിനു പുറത്തും അകത്തും വിഷയത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാണിക്കുന്നത്. കേരളത്തിന്റെ ജലവിഭവ മന്ത്രിയും റവന്യൂ മന്ത്രിയും ഡല്‍ഹിയില്‍ ചെന്ന് പ്രധാനമന്ത്രിയും ജലവിഭമന്ത്രിയും കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരും ഉള്‍പ്പെടെയുള്ളവരെ കണ്ടെങ്കിലും പതിവുവാചകങ്ങള്‍ക്കപ്പുറം നടപടികളുണ്ടായില്ലെന്നത് ആശ്ചര്യകരം തന്നെയാണ്.

ഒരുനാടും ജനതയും ഐകകണ്‌ഠ്യേന ഉന്നയിക്കുന്ന ആവശ്യത്തെ അവഗണിക്കുന്നുവെന്നത് മാത്രമല്ല ശാസ്ത്രീയ പഠനങ്ങളെയും അവ വിരല്‍ചൂണ്ടുന്ന കടുത്ത യാഥാര്‍ഥ്യങ്ങളെയും കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നതിന്റെ പിന്നിലെ യഥാര്‍ഥവികാരം എന്തെന്ന് ചിന്തിക്കുന്നവര്‍ എത്തിച്ചേരുന്ന നിഗമനങ്ങള്‍ തീര്‍ത്തും ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയ്ക്കും അതില്‍ അടിസ്ഥാനമായ ഭരണസംവിധാനത്തിനും അപമാനകരമാണ്.

വസ്തുതകളെ അവഗണിച്ചുകൊണ്ട്, അതിവൈകാരികത ഉയര്‍ത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്ന ഡി എം കെയുടെ പിന്തുണയോടെ മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രി കസേരയില്‍ ഇരിക്കുന്നത് എന്നതാണ് കേന്ദ്രഭരണാധികാരികളെ അലട്ടുന്ന പ്രധാനപ്രശ്‌നം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ യാഥാര്‍ഥ്യബോധത്തോടെയുള്ള നിലപാടും വസ്തുതകളുടെ അടിസ്ഥാനത്തിലുള്ള നടപടിയും സ്വീകരിച്ചാല്‍ ഡി എം കെ പിന്തുണ പിന്‍വലിക്കുമോയെന്നും സര്‍ക്കാര്‍ നിലം പൊത്തുമോയെന്നും മന്‍മോഹന്‍സിംഗും കൂട്ടരും ആശങ്കപ്പെടുന്നുണ്ടോയെന്ന് നീണ്ടുപോകുന്ന മൗനവും നിഷ്‌ക്രിയത്വവും സംശയമുണര്‍ത്തുന്നുണ്ട് എന്നതാണ് വാസ്തവം.

മറ്റൊന്ന്, കരുണാനിധിയുടെ ഡി എം കെ യും ജയലളിതയുടെ എ ഐ ഡി എം കെയും വൈകോ ഗോപാലസ്വാമിയുടെ എം ഡി എം കെയും അതിവൈകാരികത ഉണര്‍ത്തി തമിഴ്‌നാട്ടില്‍ സൃഷ്ടിക്കാവുന്ന കലുഷിതാവസ്ഥയെക്കുറിച്ചുള്ള ഭയപ്പാടാവാം.

വിവേകപൂര്‍വം സമരം ചെയ്യുന്നവര്‍ മൗഢ്യരും അവഗണിക്കപ്പെടേണ്ടവരുമാണെന്ന ധാരണ രാജ്യത്താകെ പടര്‍ത്തുവാന്‍ മാത്രമേ ഇത്തരം സമീപനങ്ങള്‍ സഹായിക്കുകയുള്ളു. തമിഴ്‌നാടിന് ലഭ്യമായിക്കൊണ്ടിരിക്കുന്ന ജലം അതേഅളവില്‍ തന്നെ ലഭ്യമാക്കിക്കൊണ്ടുതന്നെ, ഭ്രംശമേഖലയില്‍ നിലകൊള്ളുന്ന, വിള്ളല്‍ വീണ അണക്കെട്ടിനുപകരം പുതിയ അണക്കെട്ടു പണിയണമെന്നകേരളത്തിന്റെ ന്യായമായ ആവശ്യത്തെ നിരാകരിക്കുവാന്‍ വികാരപ്രകടനത്തിലൂടെ രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുന്ന തമിഴ്‌നാട്ടിലെ രാഷ്ട്രീയ കക്ഷികള്‍ക്കാവുകയില്ലെന്ന പരമപ്രധാന യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളുകയാണ് കേന്ദ്രഭരണാധികാരികള്‍ ചെയ്യേണ്ടത്. കേരള ഹൈക്കോടതി നടത്തിയ വിമര്‍ശനങ്ങള്‍, ചൂണ്ടിക്കാണിക്കലുകള്‍ ഭരണാധികാരികളുടെയെല്ലാം കണ്ണുതുറപ്പിക്കേണ്ടതാണ്.

നാല്‍പ്പതു ലക്ഷത്തോളം ജനങ്ങളുടെ ജീവനേക്കാളും അഞ്ചു ജില്ലകളേക്കാളും പ്രധാനം തങ്ങളുടെ ഭരണമാണെന്നു കരുതുന്നത് മനുഷ്യത്വമില്ലാത്തവരുടെ മാത്രം ദുഷ്ടചിന്തയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി ഇവിടെ തന്നെയുണ്ടോ എന്ന് ജനങ്ങള്‍ സംശയിക്കുന്നതും ഇത്തരമൊരു സാഹചര്യത്തിലാണ്. എം എല്‍ എ മാരുടെ നിരാഹാര സമരം പോലും അറിഞ്ഞഭാവം നടിക്കാത്ത ഒരാളെക്കുറിച്ച് മറ്റെന്താണ് ജനങ്ങള്‍ ചിന്തിക്കേണ്ടത്?

പിന്‍കുറിപ്പ്:

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ ഗൗരവാവസ്ഥ ദേശീയ മനുഷ്യാവകാശ കമ്മിഷന് ബോധ്യപ്പെട്ടെങ്കിലും സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ഒരിക്കല്‍ക്കൂടി താന്‍ മനുഷ്യാവകാശത്തിന്റെ പക്ഷത്തല്ലെന്ന് തെളിയിക്കുന്ന പ്രസ്താവന ദൃശ്യമാധ്യമത്തിലൂടെ പുഞ്ചിരിയുടെ പിന്‍ബലത്തോടെ നല്‍കുകയുണ്ടായി. മുല്ലപ്പെരിയാര്‍ ഡാം പൊട്ടിത്തകരുന്നതിലും വലിയ ഭീകരത നേതാക്കളും മാധ്യമങ്ങളും കൂടി സൃഷ്ടിച്ചുകഴിഞ്ഞുവെന്ന് ആനന്ദപാരവശ്യത്തോടെ പ്രഖ്യാപിച്ച അദ്ദേഹം മനുഷ്യാവകാശത്തിന്റെ പുതിയ അര്‍ഥതലങ്ങള്‍ സമ്മാനിക്കുകയായിരുന്നു.

ഹാ! കഷ്ടം! എന്നല്ലാതെ മറ്റെന്തു പറയാന്‍!

*
വി പി ഉണ്ണികൃഷ്ണന്‍ ജനയുഗം 03 ഡിസംബര്‍ 2011

Thursday, December 1, 2011

പുതിയ അണക്കെട്ട് മാത്രം പോംവഴി

ഒരേ സാംസ്കാരികപൈതൃകമുള്ള, ഒരേ ഭാഷാപൈതൃകമുള്ള പഴയ തമിഴകത്തിന്റെ രണ്ട് പ്രവിശ്യകളാണ് ഇന്നത്തെ തമിഴ്നാടും കേരളവും. അങ്ങനെ എല്ലാ അര്‍ഥത്തിലും സഹോദരങ്ങളായ ജനതയാണ് തമിഴരും മലയാളികളും. തമിഴ്നാട്ടിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് കുടിക്കാനും ഉപജീവനോപാധിയായ കൃഷിക്കും കഴിയാവുന്നത്ര വെളളം കൊണ്ടുപോകാന്‍ അനുവദിക്കേണ്ടത് കേരളീയരുടെ കര്‍ത്തവ്യമാണ്. കേരളീയസഹോദരങ്ങളുടെ ജീവനുനേരെ ഉയര്‍ന്ന ഭീഷണിയില്‍ തമിഴ് മക്കള്‍ക്ക് ആശങ്കയുണ്ടാകേണ്ടതും സ്വാഭാവികമാണ്. തങ്ങള്‍ക്ക് വെള്ളം എത്തിക്കുന്നതിനുണ്ടാക്കിയ അണക്കെട്ടാണ് സഹോദരങ്ങളുടെ ജീവന് ഭീഷണിയുയര്‍ത്തി നില്‍ക്കുന്നതെന്നുവരുമ്പോള്‍ ജീവരക്ഷോപായങ്ങള്‍ക്ക് മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കേണ്ട ഉത്തരവാദിത്തം ഗുണഭോക്താക്കള്‍ക്കല്ലേ. അത്തരം ആശങ്കയും ഹൃദയവിശാലതയുമില്ലാത്ത ജനങ്ങളാണ് തമിഴ് മക്കള്‍ എന്ന് ഒരിക്കലും കരുതാനാകില്ല. എഐഎഡിഎംകെയും ഡിഎംകെയും തമ്മിലുള്ള കുടിപ്പകയുടെയോ സങ്കുചിത രാഷ്ട്രീയതാല്‍പ്പര്യങ്ങളുടെയോ പേരില്‍ നിഷേധാത്മക നിലപാട് തുടരുകയാണെങ്കില്‍ , ചരിത്രം ഒരിക്കലും മാപ്പ് നല്‍കില്ല.

പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിന് സര്‍വാത്മനാ പിന്തുണ നല്‍കി, അതിനായി യുക്തിസഹമായ പുതിയ കരാര്‍ ഉണ്ടാക്കുന്നതിനും അണക്കെട്ട് നിര്‍മാണത്തിന് മുന്‍കൈ എടുക്കുന്നതിനും പ്രാഥമികമായിത്തന്നെ തങ്ങള്‍ക്കാണ് ബാധ്യത എന്ന് തമിഴ്നാട് തിരിച്ചറിയണം. തമിഴ്നാട്ടിലെ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഈ ചുമതല ഓര്‍മിപ്പിച്ച് നിര്‍ബന്ധം ചെലുത്തേണ്ട ഉത്തരവാദിത്തം മുല്ലപ്പെരിയാര്‍ ജലത്തിന്റെ ഗുണഭോക്തൃജനത സ്വാഭാവികമായും ഏറ്റെടുക്കേണ്ടതാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയവും ദശലക്ഷക്കണക്കിന് ജനങ്ങളുടെ ആശങ്കയും മേഖലയിലെ വര്‍ധിച്ച ഭൂകമ്പസാധ്യതയും കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും സുപ്രീംകോടതിയുടെ അടിയന്തരപരിഗണനയില്‍ പ്രശ്നം കൊണ്ടുവരാനും അതിലെല്ലാമുപരി പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനുളള പ്രാഥമിക നടപടികള്‍ സ്വീകരിക്കാനും എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞുവെന്നത് സ്മരണീയമാണ്. ഉമ്മന്‍ചാണ്ടി മുമ്പ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 2006 ഫെബ്രുവരി 27ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് കേരളതാല്‍പ്പര്യങ്ങള്‍ പൂര്‍ണമായി നിരാകരിച്ച് വിധി പുറപ്പെടുവിച്ചിരുന്നു. അണക്കെട്ട് സുരക്ഷിതമാണെന്നുമാത്രമല്ല, ജലനിരപ്പ് 136ല്‍ നിന്ന് 142 അടിയായി ഉയര്‍ത്താമെന്നും ഭാവിയില്‍ ബേബിഡാം കുറെക്കൂടി ശക്തിപ്പെടുത്തിയാല്‍ ജലനിരപ്പ് 152 അടി വരെയായി ഉയര്‍ത്തുന്നതില്‍ പ്രശ്നമൊന്നുമില്ലെന്ന ആപല്‍ക്കരമായ വിധിയാണന്ന് സുപ്രീംകോടതിയില്‍ നിന്നുണ്ടായത്. സുപ്രീംകോടതിയില്‍ കേരളത്തിന്റെ വാദമുഖങ്ങള്‍ ശരിയായി അവതരിപ്പിക്കുന്നതില്‍ വന്ന വീഴ്ചയും അതിന് മുമ്പത്തെ നടപടികളില്‍ കാണിച്ച നിസ്സംഗതയുമെല്ലാമാണ് അത്തരമൊരു വിധിയിലേക്ക് നയിച്ചത്. ആ വിധിയാണ് തമിഴ്നാട്ടിലെ ഭരണപക്ഷവും പ്രതിപക്ഷവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് ഇന്നും ഉദ്ധരിക്കുന്നത്. എന്നാല്‍ , എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ ഏറ്റവും മുന്തിയ പരിഗണന നല്‍കി ഈ പ്രശ്നത്തില്‍ ഇടപെട്ടു. മുല്ലപ്പെരിയാര്‍ പ്രശ്നപരിഹാരത്തിന് ത്രിമുഖ നടപടികളാണ് കൈക്കൊണ്ടത്. നദീജലപ്രശ്നം കൈകാര്യംചെയ്യാന്‍ ഒരു അഡൈ്വസറുടെ നേതൃത്വത്തില്‍ സെക്രട്ടറിയറ്റില്‍ പ്രത്യേക സംവിധാനമുണ്ടാക്കി. ദില്ലി കേരള ഹൗസില്‍ മുല്ലപ്പെരിയാര്‍ പ്രശ്നം കൈകാര്യംചെയ്യുന്നതിന് സംവിധാനമുണ്ടാക്കി. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് കോടതിയിലുണ്ടായ വീഴ്ച ആവര്‍ത്തിക്കാതിരിക്കാന്‍ ജലവിഭവമന്ത്രി ദില്ലിയില്‍ ക്യാമ്പ്ചെയ്ത് കേസ് നടത്തി. തലമുതിര്‍ന്ന അഭിഭാഷകരെ വക്കാലത്തെടുപ്പിക്കാനുംമറ്റുമായി മുഖ്യമന്ത്രി തന്നെ ദില്ലിയിലെത്തി ചര്‍ച്ച നടത്തുകയും ക്യാമ്പ് ചെയ്യുകയും ചെയ്തു.

നമ്മുടെ വാദമുഖങ്ങള്‍ ശക്തമായി അവതരിപ്പിക്കാന്‍ കഴിഞ്ഞതിന്റെ ഫലമായി സുപ്രീംകോടതി വീണ്ടുവിചാരത്തിന് തയ്യാറായി. അണക്കെട്ടിന്റെ ബലസ്ഥിതി വീണ്ടും പരിശോധിക്കാനും പുതിയ അണക്കെട്ടിന്റെ സാധ്യത പരിശോധിക്കാനും തയ്യാറായെന്നുമാത്രമല്ല, മൂന്നംഗ ഭരണഘടനാബെഞ്ച് രൂപീകരിച്ച് കേസ് സമഗ്രമായി പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഇരുസംസ്ഥാനത്തിന്റെയും പ്രതിനിധി ഉള്‍പ്പെട്ട അഞ്ചംഗ വിദഗ്ധസമിതിക്ക് രൂപംനല്‍കാനും സുപ്രീംകോടതി തയ്യാറായി. നിയമപരമായി ഈ നടപടികള്‍ക്കൊപ്പം തന്നെ കേന്ദ്രത്തില്‍ ശക്തമായ സമ്മര്‍ദം ചെലുത്താന്‍ കഴിഞ്ഞതിന്റെ ഭാഗമായി ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2006 നവംബര്‍ 29ന് ഇരു സംസ്ഥാന മുഖ്യമന്ത്രിമാരുടെയും ചര്‍ച്ച ദില്ലിയില്‍ നടത്താന്‍ പ്രധാനമന്ത്രി മുന്‍കൈയെടുത്തു. കരുണാനിധിയുമായി കേന്ദ്ര ജലവിഭവമന്ത്രി സെയ്ഫുദ്ദീന്‍ സോസിന്റെ സാന്നിധ്യത്തില്‍ നടന്ന ആ ചര്‍ച്ചയില്‍ പുതിയ അണക്കെട്ടിന്റെ അനിവാര്യത ഞാന്‍ വ്യക്തമാക്കി. അതിന് ആഴ്ചകള്‍ക്കുമുമ്പ് ചെന്നൈയില്‍ കരുണാനിധിയെ ചെന്നുകണ്ട് അണക്കെട്ടിന്റെ ദുര്‍ബലാവസ്ഥ ശ്രദ്ധയില്‍പ്പെടുത്തുകയും ജലനിരപ്പ് കൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുകയുമുണ്ടായി. ഈ നിര്‍ദേശത്തെ തമിഴ്നാട് ശക്തിയായി എതിര്‍ത്തു. കോടതി വഴിയുള്ള ഇടപെടല്‍ , കേന്ദ്രത്തില്‍ നടത്തിയ സമ്മര്‍ദം എന്നിവയ്ക്ക് പുറമെ സ്വന്തം നിലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ബദല്‍ നടപടി ആരംഭിച്ചു. ഡാമിന്റെ സുരക്ഷാസ്ഥിതി പരിശോധിക്കാന്‍ വിദഗ്ധസംഘത്തെ നിയോഗിച്ചു. 136 അടിയില്‍ കൂടുതല്‍ ജലനിരപ്പുയര്‍ത്തരുതെന്ന് വിദഗ്ധസമിതി നിര്‍ദേശിച്ചു. പുതിയ അണക്കെട്ടുണ്ടാക്കാന്‍ 2007 ആഗസത് 14ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. 2007 നവംബര്‍ 19ന് പുതിയ അണക്കെട്ടിനായി സര്‍വേ ആരംഭിച്ചു.

പുതിയ അണക്കെട്ടിന്റെ സ്ഥലം കണ്ടെത്തുകയും ഏഴ് കിലോമീറ്റര്‍ സര്‍വേ പൂര്‍ത്തിയാക്കുകയും ചെയ്തു. ശേഷിച്ച മൂന്നു കിലോമീറ്റര്‍ കടുവാസങ്കേതത്തില്‍ പെടുന്നതിനാല്‍ സര്‍വേക്ക് കേന്ദ്രാനുമതി ആവശ്യമാണ്. കഴിഞ്ഞ അഞ്ചുവര്‍ഷം എല്‍ഡിഎഫ് സര്‍ക്കാര്‍ കാണിച്ച ജാഗ്രതയും കഠിനാധ്വാനവും പുതിയ സര്‍ക്കാര്‍ വന്ന ശേഷം ഇല്ലാതെപോയി. അണക്കെട്ടിന്റെ ബലക്ഷയം രൂക്ഷമായതായി വിദഗ്ധസംഘം ജൂണ്‍ 13ന് തന്നെ റിപ്പോര്‍ട്ട് നല്‍കിയിട്ടും സര്‍ക്കാര്‍ അനങ്ങിയില്ല. 27 ഭൂചലനങ്ങള്‍ മേഖലയില്‍ ഉണ്ടാകുകയും ജനം ഭയവിഹ്വലരാകുകയും ചെയ്ത ശേഷമാണ് സര്‍വകക്ഷിയോഗം വിളിച്ചത്. തങ്ങളുടെ നേതാക്കളാണ് ദില്ലിയില്‍ ഭരിക്കുന്നതെന്ന അനുകൂലാവസ്ഥ ഉപയോഗപ്പെടുത്തി മുഖ്യമന്ത്രി നേരിട്ട് സമ്മര്‍ദം ചെലുത്താന്‍ തയ്യാറായില്ല. ദശലക്ഷക്കണക്കിന് ജനങ്ങളുടെ ആശങ്ക അവഗണിച്ച് ചലച്ചിത്ര അവാര്‍ഡ് നിശയ്ക്കും സ്പീഡ് പ്രോഗ്രാമെന്ന മാമാങ്കത്തിനും പോകാനാണ് മുഖ്യമന്ത്രി തയ്യാറായത്. 126 വര്‍ഷം മുമ്പത്തെ കരാര്‍ അതേപോലെ തുടരാമെന്ന് എഴുതിക്കൊടുത്താല്‍ മധ്യസ്ഥത്തിനു ശ്രമിക്കാമെന്നാണ് കേന്ദ്ര ജലവിഭവമന്ത്രിയുടെ ഔദാര്യം! സംസ്ഥാനത്തുള്ള ആറ് കേന്ദ്രമന്ത്രിമാര്‍ കാത്തുകെട്ടിനിന്ന് പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ ഇടപെടാമെന്ന് അദ്ദേഹം മൂളിയെന്നോ പറഞ്ഞെന്നോ ആംഗ്യംകാട്ടിയെന്നോ ആണ് കേള്‍ക്കുന്നത്. അദ്ദേഹം ഇതേവരെ ഇക്കാര്യത്തില്‍ പരസ്യമായി ഒരക്ഷരം പറയാന്‍ തയ്യാറായിട്ടില്ല.

മുപ്പത്തഞ്ച് ലക്ഷം ജനങ്ങളുടെ ജീവനോ ഒരു സംസ്ഥാനത്തിന്റെ നിലനില്‍പ്പോ അല്ല, കേന്ദ്രഭരണം നിര്‍ബാധം തുടരലാണ് യുപിഎക്കും കോണ്‍ഗ്രസിനും പ്രധാനം. പഴയ കരാര്‍ അതേപടി തുടരാമെന്ന് എഴുതിക്കൊടുത്താല്‍ മധ്യസ്ഥശ്രമം തുടങ്ങാമെന്ന് പറഞ്ഞതിന്റെ അര്‍ഥമെന്താണ്- ബ്രിട്ടീഷ് സാമ്രാജ്യത്വകാലത്ത് കാണിച്ച കാപട്യം അതേപടി തുടരാമെന്നോ? ഇന്ന് നിലവിലില്ലാത്ത രണ്ട് ഏജന്‍സികള്‍ തമ്മില്‍ 1886ല്‍ ഉണ്ടാക്കിയ കരാര്‍ സ്വതന്ത്ര ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങള്‍ പുതുക്കണമെന്ന് പറയുന്നതിന്റെ കാപട്യം ജനങ്ങള്‍ തിരിച്ചറിയും. മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിക്കുന്നതിന് രാജഭരണകാലത്ത് ഉണ്ടാക്കിയ പാട്ടക്കരാറില്‍ത്തന്നെ വളഞ്ഞവഴി പ്രകടമാണ്. തമിഴ്നാട്ടിലേക്ക് വെള്ളം തിരിച്ചുവിടാന്‍ പെരിയാറില്‍ അണകെട്ടുന്നതിന് നിര്‍ദേശമുയര്‍ന്നപ്പോള്‍ 1882 ഒക്ടോബറില്‍ ദിവാന്‍ പേഷ്കാറുടെ നേതൃത്വത്തില്‍ കമ്മിറ്റിയുണ്ടാക്കുകയും പഠനം നടത്തുകയും ചെയ്തു. 1882 മാര്‍ച്ച് 20ന് ആ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത് ഡാം നിര്‍മിക്കുന്നത് തിരുവിതാംകൂറിന്റെ രക്ഷയ്ക്ക് ഭീഷണിയാണെന്നാണ്. എന്നാല്‍ , വിശാഖം തിരുനാള്‍ അന്തരിച്ചശേഷം ഭരണം അല്‍പ്പം ദുര്‍ബലമായെന്നുതോന്നിയ ഘട്ടത്തില്‍ മദിരാശി ഭരണകൂടം കരാര്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. 999 വര്‍ഷത്തേക്ക് മുല്ലപ്പെരിയാറിലെ വെള്ളം അണകെട്ടി കൊണ്ടുപോകുന്നതിനുളള കരാര്‍ . പ്രതിഫലം നാമമാത്രം. അണകെട്ടുന്നതിന് എണ്ണായിരം ഏക്കര്‍ സ്ഥലമാണ് വിട്ടുകൊടുത്തത്. ആ കാലത്തെ മറ്റെല്ലാ പാട്ടക്കരാറുകളും കേവലം 99 വര്‍ഷത്തേക്കായിരുന്നു എന്നോര്‍ക്കണം. അണകെട്ടാന്‍ നേതൃത്വം നല്‍കിയ ചീഫ് എന്‍ജിനിയര്‍ പെന്നി ക്വീക്ക് അവകാശപ്പെട്ടത് അണയുടെ ആയുസ്സ് അമ്പതുകൊല്ലം എന്നാണത്രേ. ലോകത്തിലെ ഏറ്റവും പഴക്കംചെന്ന അണക്കെട്ടുകളിലൊന്നാണ് മുല്ലപ്പെരിയാര്‍ . അണകെട്ടിയിട്ട് 116 വര്‍ഷമായി. പഴക്കത്തിന് പുറമെ ഭൂകമ്പഭീഷണിയും ഭൂമിശാസ്ത്രപരമായ മറ്റ് സാഹചര്യങ്ങളും കൂടിയാണ് മുല്ലപ്പെരിയാറിന്റെ സ്ഥിതി ഗുരുതരമാക്കുന്നത്. അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ മുപ്പത്തഞ്ച് ലക്ഷത്തോളം ജനങ്ങളുടെ ജീവിതമാണ് അപകടത്തിലാകുക. ഇടുക്കി ജലവൈദ്യുതപദ്ധതിയുമായി ബന്ധപ്പെട്ട 24 ചതുരശ്രമൈല്‍ വരുന്ന ജലാശയങ്ങള്‍ , ഇടുക്കിയിലെ മൂന്ന് അണക്കെട്ടുകള്‍ എന്നിവയാകെ അപകടപ്പെട്ടേക്കാം. അതായത് മുല്ലപ്പെരിയാറിന് അപകടമുണ്ടായാല്‍ കേരളത്തിന്റെ തകര്‍ച്ചയാണ് സംഭവിക്കുക.

തമിഴ്നാട്ടിലെ ലക്ഷക്കണക്കിന് കൃഷിക്കാരുടെ ആശ്രയമാണ് മുല്ലപ്പെരിയാര്‍ ജലം. പ്രതിവര്‍ഷം നൂറൂകോടി ക്യൂബിക് അടിയോളം വെള്ളമാണ് അവര്‍ക്ക് കിട്ടുന്നത്. അത് തുടരേണ്ടതുതന്നെയാണ്. എന്നാല്‍ , അതിനുവേണ്ടി കേരളത്തിന്റെ ജീവിതം ആശങ്കയിലാക്കുന്ന സ്ഥിതി വന്നാലോ. 999 വര്‍ഷം വെള്ളം കൊടുക്കാനാണ് കരാര്‍ . അന്നുണ്ടാക്കിയ അണക്കെട്ട് 999 വര്‍ഷം തുടരാനല്ല. ഇപ്പോള്‍ പഴയ സ്ഥിതി മാറി. അണക്കെട്ടിന്റെ സ്ഥിതി അതീവഗുരുതരമായി. ചോര്‍ച്ച വര്‍ധിച്ചു. മേഖലയില്‍ ഭൂകമ്പങ്ങള്‍ ആവര്‍ത്തിക്കുന്നു. ജലനിരപ്പ് അടിക്കടി ഉയരുന്നു. പതനം ആസന്നമാണെന്ന ഭീതിയില്‍ ജനം ഭയവിഹ്വലരായി കഴിയുന്നു. ഈ സാഹചര്യത്തില്‍ പുതിയ അണക്കെട്ട് നിര്‍മാണം അടിയന്തരമായി തുടങ്ങണം. ചോര്‍ച്ച രൂക്ഷമായപ്പോള്‍ 1979ല്‍ കേന്ദ്ര ജല കമീഷന്‍ വിദഗ്ധസംഘം അണക്കെട്ട് പരിശോധിച്ച് ബലക്ഷയം സ്ഥിരീകരിക്കുകയും പുതിയ അണക്കെട്ടാണ് കരണീയമെന്ന് വ്യക്തമാക്കുകയും അത് കേരളവും തമിഴ്നാടും അംഗീകരിക്കുകയും ചെയ്തതാണ്. പുതിയ അണക്കെട്ടിന്റെ സ്ഥലനിര്‍ണയത്തില്‍പോലും തമിഴ്നാട് അധികൃതര്‍ ഭാഗഭാക്കായെങ്കിലും പിന്നീട് അജ്ഞാതകാരണങ്ങളാല്‍ എതിര്‍ നിലപാടെടുത്തു. 1979ല്‍ ജലകമീഷന്‍ ശുപാര്‍ശ ചെയ്തതും 2007ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ച് നടപടികളാരംഭിക്കുകയും ചെയ്ത പുതിയ അണക്കെട്ടിന്റെ നിര്‍മാണം ഇനി വൈകിക്കൂടാ. അണക്കെട്ട് പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കാന്‍ സമയമില്ല. അതുകൊണ്ട് ജലനിരപ്പ് 136ല്‍നിന്ന് 120 അടിയായി കുറയ്ക്കുകയാണ് അടിയന്തരാവശ്യം. ഈ ആവശ്യങ്ങളുയര്‍ത്തി ശക്തമായ ബഹുജനസമ്മര്‍ദം ഉയര്‍ന്നുവരണം. അതിന്റെ ഭാഗമായാണ് ഡിസംബര്‍ എട്ടിന് എല്‍ഡിഎഫ് നേതൃത്വത്തില്‍ മുല്ലപ്പെരിയാര്‍ മുതല്‍ എറണാകുളം വരെ മനുഷ്യമതില്‍ ഉയര്‍ത്തുന്നത്.

*
വി എസ് അച്യുതാനന്ദന്‍

Monday, November 28, 2011

മുല്ലപ്പെരിയാര്‍: കേന്ദ്ര ഇടപെടല്‍ അനിവാര്യം

വീണ്ടും കേരളത്തിന്റെ ഉറക്കംകെടുത്തുകയാണ് 125 വര്‍ഷം പിന്നിട്ട 1886 ലെ പെരിയാര്‍ പാട്ടക്കരാറും 115 വര്‍ഷം പിന്നിടുന്ന മുല്ലപ്പെരിയാര്‍ ഡാമും. സാധാരണ എല്ലാ വര്‍ഷവും തെക്കു കിഴക്കന്‍ കാലവര്‍ഷം ഉണ്ടാകുമ്പോഴുള്ള അതിപ്രളയം മൂലം റിസര്‍വോയറിലെ ജലനിരപ്പ് ഉയരുമ്പോഴാണ് ജനങ്ങള്‍ക്ക് ഉറക്കമില്ലാ രാത്രികള്‍ ഉണ്ടാകുന്നതെങ്കില്‍ ഇപ്രാവശ്യം തുടര്‍ ഭൂചലനങ്ങളാണ് കേരളത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. ഒന്‍പത് മാസത്തിനുള്ളില്‍ 20 ഭൂചലനങ്ങള്‍ അതും റിക്ടര്‍ സ്‌കെയിലില്‍ 3.4 ഉം 3.8 ഉം തീവ്രതയുള്ളവ.

ഭൂചലനങ്ങളുടെ ഭയാശങ്കകള്‍ക്കിടയിലാണ് ഡാമിന്റെ ഗുരുതരമായ ബലക്ഷയത്തെ സംബന്ധിച്ച റിട്ടയേര്‍ഡ് ചീഫ് എന്‍ജിനീയര്‍ ശശിധരന്റെ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. സുപ്രിംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ പഠനത്തിന്റെ ഭാഗമായി ഡാമിന്റെ ഘടനാപരമായ സുരക്ഷിതത്വത്തെ സംബന്ധിച്ച് പരിശോധിക്കാന്‍ നിയോഗിച്ച ന്യൂഡല്‍ഹിയിലെ സി എസ് എം ആര്‍ എസ് (സെന്‍ട്രല്‍ സോയില്‍ ആന്‍ഡ് മറ്റീരിയല്‍ റിസര്‍ച്ച് സ്റ്റേഷന്‍) നടത്തിയ ഡാമിന്റെ സ്‌കാനിംഗ് പരിശോധനയില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത ശശിധരന്റെ വ്യക്തിഗത റിപ്പോര്‍ട്ട് കേരളത്തിന്റെ ആശങ്ക പതിന്മടങ്ങ് വര്‍ധിപ്പിക്കുന്നതാണ്. റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കിള്‍ ഉപയോഗിച്ച് വെള്ളത്തിനടിയില്‍ ഡാമിന്റെ അന്തര്‍ ഭാഗങ്ങള്‍ പരിശോധിച്ചപ്പോള്‍ ഡാമിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഉദ്ദേശം 1200 അടി നീളത്തില്‍ അഞ്ച് അടി വീതിയില്‍ കനത്ത വിള്ളലുകളും പൊട്ടലും കണ്ടെത്തിയെന്നും ആ മേഖലയിലെ പാറകള്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്നതായും ഫോട്ടോഗ്രാഫിയിലൂടെ കണ്ടുവെന്നാണ് ശശിധരന്‍ സാക്ഷ്യപ്പെടുത്തുന്നത്. തന്റെ നഗ്നനേത്രങ്ങള്‍ കൊണ്ട് കണ്ട ഈ സംഭവം സി എസ് എം ആര്‍ എസിന്റെ റിപ്പോര്‍ട്ടില്‍ ഉണ്ടാകുമോ എന്ന ആശങ്കയും അദ്ദേഹം റിപ്പോര്‍ട്ടില്‍ പങ്കുവയ്ക്കുന്നു. രണ്ടായിരമാണ്ടില്‍ സുപ്രിംകോടതി നിയോഗിച്ച വിദഗ്ധ സമിതി ബേബി ഡാമിന്റെ കാര്യത്തില്‍ കണ്ട കാര്യങ്ങള്‍ അന്തിമ റിപ്പോര്‍ട്ടില്‍ ഉണ്ടായില്ല എന്ന അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് സി എസ് എം ആര്‍ എസ് റിപ്പോര്‍ട്ടിനെ സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ത്തുന്നത്.

ലക്ഷക്കണക്കിന് ജനങ്ങളുടെ ആശങ്കയും ഉല്‍ക്കണ്ഠയും ദൂരീകരിക്കാന്‍ കൂടുതല്‍ ജാഗ്രതയോടും സൂക്ഷ്മതയോടും പ്രവര്‍ത്തിക്കേണ്ട കാലമാണിത്. രണ്ട് സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കുന്ന വൈകാരിക പ്രശ്‌നം എന്ന നിലയില്‍ സമചിത്തതയും രാഷ്ട്രീയ പക്വതയും കൈവിടാനും പാടില്ല. പ്രശ്‌നത്തിന് ഒരു ശാശ്വത പരിഹാരം ഉണ്ടാക്കാനുള്ള അവസരം തെളിഞ്ഞുവന്നിട്ടുള്ള സാഹചര്യത്തില്‍ കേരളത്തിന്റെ താല്‍പര്യങ്ങള്‍ പരിരക്ഷിക്കാന്‍ അതീവ ജാഗ്രതയും സൂക്ഷ്മതയും പുലര്‍ത്തേണ്ടത് അത്യാന്താപേക്ഷിതമാണ്. ഇക്കാര്യത്തില്‍ ഉണ്ടാകുന്ന നേരിയ പിഴവുകള്‍പോലും ഗുരുതരമായ സാമൂഹ്യ പ്രത്യാഘാതങ്ങള്‍ക്ക് വഴി തെളിക്കുമെന്ന് അനുഭവം നമ്മെ പഠിപ്പിക്കുന്നു. കേരളം ഏര്‍പ്പെട്ടിട്ടുള്ള അന്തര്‍ സംസ്ഥാന നദീജല കരാറുകളെല്ലാം സംസ്ഥാനത്തിന് നഷ്ടത്തിന്റെ കണക്കുകള്‍ മാത്രമാണ് നല്‍കിയിട്ടുള്ളത്. അതുകൊണ്ട് മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഓരോ വാക്കും പ്രവര്‍ത്തിയും അര്‍ഹിക്കുന്ന ഗൗരവത്തോടും സൂക്ഷ്മതയോടുമാണ് ഉണ്ടാകേണ്ടത്.

രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്ക പ്രശ്‌നം എന്ന നിലയില്‍ കേന്ദ്ര ഗവണ്‍മെന്റിന് ഇടപെടാനും വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കാനുമുള്ള അധികാരം ഭരണഘടന, യൂണിയന്‍ ഗവണ്‍മെന്റിന് നല്‍കുന്നുണ്ട്. അതു വിനിയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. പ്രശ്‌നത്തില്‍ മധ്യസ്ഥം വഹിക്കാന്‍ സന്നദ്ധമാണെന്ന കേന്ദ്ര ജലവിഭവ മന്ത്രിയുടെ ഉറപ്പ് സ്വാഗതാര്‍ഹമാണ്. പക്ഷെ അതിന് അദ്ദേഹം മുന്നോട്ട്‌വയ്ക്കുന്ന വ്യവസ്ഥ ഒരിക്കലും സ്വീകാര്യമല്ല. 1886 ലെ പാട്ടക്കരാര്‍ അനുസരിച്ച് തമിഴ്‌നാടിന് ലഭ്യമായിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും 125 വര്‍ഷങ്ങള്‍ക്കുശേഷം അതേപോലെ നിലനിര്‍ത്തി കൊണ്ട് പുതിയ ഡാം എന്ന കേരളത്തിന്റെ നിര്‍ദേശം സാധ്യമാക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് മധ്യസ്ഥത വഹിക്കാമെന്ന നിലപാട് ഏകപക്ഷീയവും നീതിരഹിതവുമാണ്. അത് നിഷ്പക്ഷ നിലപാടല്ല. യുക്തിസഹമായ നിര്‍ദേശവുമല്ല. എന്നാല്‍ തമിഴ്‌നാടിന് മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നും ദശാബ്ദങ്ങളായി ലഭിച്ചുകൊണ്ടിരിക്കുന്ന വെള്ളത്തില്‍ ഒരു കുറവും വരുത്താതെ പുതിയ ഡാമില്‍ നിന്നും വെള്ളം നല്‍കാന്‍ കേരളം തയ്യാറാണ്. കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലയളവില്‍ കേന്ദ്ര ജലവിഭവ മന്ത്രി സെയ്ഫുദ്ദീന്‍ സോസിന്റെ സാന്നിധ്യത്തില്‍ ഡല്‍ഹിയില്‍ കേരള-തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍ നടത്തിയ മധ്യസ്ഥ ചര്‍ച്ചയിലും കേരള-തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രിമാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലും ഈ ഉറപ്പ് നല്‍കിയതാണ്. സുപ്രിംകോടതിയുടെ അഞ്ച് അംഗ ഭരണഘടനാ ബഞ്ചിന്റെയും മൂന്ന് അംഗ ഡിവിഷന്‍ ബഞ്ചിന്റെയും മുന്നിലും ഈ ഉറപ്പ് നല്‍കിയിട്ടുള്ളതാണ്. ഈ ഘട്ടത്തില്‍ സുപ്രിം കോടതി നിര്‍ദേശിച്ചതനുസരിച്ച് ഇക്കാര്യം എഴുതി നല്‍കിയിട്ടുള്ളതുമാണ്. കേരളം മുന്നോട്ടുവച്ചിട്ടുള്ള വളരെ ഉദാരവും നീതിയുക്തവുമായ ഈ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ വേണം പുതിയ ഡാമിനെ സംബന്ധിച്ച തര്‍ക്ക പ്രശ്‌നത്തില്‍ കേന്ദ്രം മധ്യസ്ഥത വഹിക്കേണ്ടത്. പുതിയ ഡാം എന്ന പ്രശ്‌നം തത്വത്തില്‍ അംഗീകരിച്ചാല്‍ അനുബന്ധമായ വ്യവസ്ഥകള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെയോ, മധ്യസ്ഥ ചര്‍ച്ചയിലൂടെയോ നിഷ്പ്രയാസം പരിഹരിക്കാന്‍ കഴിയും. ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്ത് നാം സ്വീകരിക്കുന്ന ഉദാരമായ ഈ സമീപനം മറ്റേത് സംസ്ഥാനം സ്വീകരിക്കും. ഇത് കേരളത്തിന്റെ ദൗര്‍ബല്യമല്ല. മറിച്ച് ഉയര്‍ന്ന പക്വതയും വിവേകവും ദേശീയബോധവുമാണ്. ഇതിനെ മാനിക്കാന്‍ തമിഴ്‌നാട് തയ്യാറാകണം.

കേരളത്തില്‍ ഉത്ഭവിച്ച് കേരളത്തിലൂടെ ഒഴുകുന്ന നദിയെ കേരളത്തിന്റെ ഭൂപ്രദേശത്ത് 155 അടി ഉയരത്തില്‍ 1200 അടി നീളത്തില്‍ അണകെട്ടി വെള്ളം സംഭരിച്ച് നാമമാത്രമായ പാട്ടതുകയ്ക്ക് തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകള്‍ക്ക് വെള്ളം നല്‍കുന്ന സംസ്ഥാനത്തിന്റെ വിശാലമായ ഉദാര സമീപനത്തെ ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും തമിഴ്‌നാടിന് കഴിയാത്തതെന്തുകൊണ്ട്? ഇവിടെയാണ് ഫെഡറല്‍ ഗവണ്‍മെന്റിന്റെ ഇടപെടല്‍ അനിവാര്യമാകുന്നത്. സുപ്രിംകോടതി പോലും പലഘട്ടങ്ങളിലും ഈ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരമാണ് പ്രായോഗികമെന്ന് വാക്കാല്‍ നിരീക്ഷിച്ചിട്ടുണ്ട്. 2006 ഫെബ്രുവരി 27ന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട സുപ്രിംകോടതിയുടെ മൂന്ന് അംഗ ഡിവിഷന്‍ ബഞ്ച് മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്നും ജലനിരപ്പ് 136 ല്‍ നിന്നും 142 അടിവരെ ഉയര്‍ത്താമെന്നും ബേബി ഡാം ശക്തിപ്പെടുത്തിയാല്‍ 152 വരെ ഉയര്‍ത്താമെന്നും അന്തിമ വിധി പ്രഖ്യാപിച്ചിട്ടുള്ളതാണ്. എന്നാല്‍ തുടര്‍ന്ന് നാം കൂട്ടായി നടത്തിയ കഠിനമായ അധ്വാനത്തിന്റെയും ഗൃഹപാഠത്തിന്റെയും ഫലമായി ഡാം സുരക്ഷിതമാണെന്ന് പ്രഖ്യാപിച്ച അതേ കോടതി തന്നെ ഡാമിന്റെ സുരക്ഷയെ സംബന്ധിച്ച് വീണ്ടും പരിശോധിക്കാനും പുതിയ ഡാമിന്റെ സാധ്യതകളെ സംബന്ധിച്ച് പഠിക്കാനും തയ്യാറായി എന്നത് ഈ പ്രശ്‌നത്തില്‍ കേരളം കൈവരിച്ച ഉജ്ജ്വലമായ നേട്ടമാണ്. അതിപ്രളയമുണ്ടായാല്‍ ഡാമിന്റെ സുരക്ഷ, ഭൂചലനമുണ്ടായാല്‍ ഡാമിന്റെ അവസ്ഥ, ജലനിരപ്പ് ഉയര്‍ത്തിയാല്‍ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ എന്നിവയെ സംബന്ധിച്ച് അന്തര്‍ദേശീയ നിലവാരത്തിലുള്ള വിദഗ്ധരേയും ഗവേഷണ സ്ഥാപനങ്ങളെയും കൊണ്ട് പഠനം നടത്തുകയും ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരുന്ന നിരവധി രേഖകളും തെളിവുകളും ചികഞ്ഞെടുത്ത് പുറത്തുകൊണ്ടുവന്ന് ബഹുമാനപ്പെട്ട സുപ്രിംകോടതിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും മുന്നില്‍ സംശയാതീതമായി അവതരിപ്പിക്കാനും കഴിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മേല്‍പറഞ്ഞ നേട്ടം കേരളത്തിന് കൈവരിക്കാന്‍ കഴിഞ്ഞത്.

ഡാമിന്റെ സുരക്ഷ മാത്രമല്ല 1886 ലെ പെരിയാര്‍ പാട്ടക്കരാര്‍ ഉയര്‍ത്തുന്ന നിരവധി ഭരണഘടനാ പ്രശ്‌നങ്ങള്‍ ഉന്നയിക്കാനും അവ കോടതി മുമ്പാകെ ഹരീഷ് സാല്‍വേയെ പോലെയുള്ള മുതിര്‍ന്ന അഭിഭാഷകരുടെ വിസ്മയിപ്പിക്കുന്ന തരത്തിലുള്ള വാദമുഖങ്ങളിലൂടെ അവതരിപ്പിക്കാനും കഴിഞ്ഞപ്പോള്‍ കേരളത്തിന്റെ ആവശ്യം ഒരു പരിധിവരെ അംഗീകരിക്കാന്‍ സുപ്രിംകോടതി നിര്‍ബന്ധിതമായി. ആ പശ്ചാത്തലത്തിലാണ് ഭരണഘടനാ ബഞ്ച് രൂപീകൃതമായതും തുടര്‍ന്ന് എല്ലാ പ്രശ്‌നങ്ങളും സമഗ്രമായി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റിട്ടയേര്‍ഡ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ചെയര്‍മാനായി ജസ്റ്റിസ് കെ ടി തോമസ് അംഗവുമായുള്ള അഞ്ചംഗ ഉന്നതാധികാര സമിതി രൂപീകൃതമായതും.

ഇനി വളരെ അവധാനതയോടും തികഞ്ഞ പക്വതയോടും ഓരോ ചുവടും വയ്ക്കാന്‍ കേരളം സന്നദ്ധമാകണം. പുതിയ ഡാം എന്ന വിഷയം പൊതുസമൂഹം ഏറെക്കുറെ അംഗീകരിച്ചിരിക്കുന്നു. ഇനി കേരളം തയ്യാറെടുക്കേണ്ടത് പുതിയ ഡാം നിര്‍മിക്കുമ്പോഴുള്ള വ്യവസ്ഥകളെ സംബന്ധിച്ചാണ്. ഇവിടെയാണ് കേന്ദ്ര ഗവണ്‍മെന്റിലെ ചിലരുടെ പ്രതികരണങ്ങള്‍ കേരളത്തിന്റെ പ്രതീക്ഷയ്ക്ക്‌മേല്‍ കരിനിഴല്‍ വീഴ്ത്തുന്നത്. തമിഴ്‌നാടിന്റെ താല്‍പര്യങ്ങള്‍ പൂര്‍ണമായും പരിരക്ഷിച്ചു കൊള്ളാമെന്ന് മുന്‍കൂറായി എഴുതി ഉറപ്പ് നല്‍കിയാല്‍ ചര്‍ച്ചയാകാം എന്ന നിര്‍ദേശത്തിന് പിന്നിലെ അപകടകെണി കേരളം മനസിലാക്കണം. 125 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രിട്ടീഷ് ഇന്ത്യാ ഗവണ്‍മെന്റിന്റെ അധികാര ശക്തിക്ക് മുന്നില്‍ തിരുവിതാംകൂര്‍ ഭരണകൂടം പെരിയാര്‍ പാട്ടക്കരാറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു. 1970 ല്‍ അനുബന്ധ കരാറില്‍ ഐക്യകേരളം ഒപ്പുവച്ചതിന് സംസ്ഥാനം ഇപ്പോള്‍ കനത്ത വിലയാണ് നല്‍കേണ്ടിവരുന്നത്. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിലും ഇതര അന്തര്‍സംസ്ഥാന നദീജല പ്രശ്‌നത്തിലും കേരളത്തിനുണ്ടായ കയ്‌പേറിയ അനുഭവങ്ങള്‍ പാഠമാകണം. ഇതിന്റെ അര്‍ഥം വൈകാരികമായി പ്രശ്‌നത്തെ സമീപിക്കണമെന്നല്ല. തികഞ്ഞ അവധാനതയോടും പക്വതയോടും വിവേകത്തോടും പ്രശ്‌നത്തെ സമീപിച്ച് കേരളത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ നമുക്ക് കഴിയണം.

*
എന്‍ കെ പ്രേമചന്ദ്രന്‍ (ലേഖകന്‍ മുന്‍ ജലവിഭവ വകുപ്പ് മന്ത്രിയാണ്)

Sunday, November 27, 2011

മുല്ലപ്പെരിയാര്‍: ഓരോ മണിക്കൂറും നിര്‍ണായകമാണ്

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ കേരളത്തിന്റെ മുഴുവന്‍ സൂരക്ഷയുടെ പ്രശ്‌നമായി മാറിയിരിക്കുന്നു. കഴിഞ്ഞ നാലുമാസങ്ങള്‍ക്കുള്ളില്‍ അണക്കെട്ടിന്റെ സമീപ പ്രദേശങ്ങളില്‍ നിരവധി തവണ ഭൂചലനമുണ്ടായി. ഇന്നലെ പുലര്‍ച്ചയിലും അതാവര്‍ത്തിച്ചു. റിക്ടര്‍ സ്‌കെയിലില്‍ അപകടകരമായ വരയോളം ഉണ്ടായില്ലെങ്കിലും ഓരോ ഭൂചലനത്തിന്റെയും മുമ്പില്‍ ജനങ്ങള്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ്. കേരളം അതിന്റെ നിലപാട് പലതവണ വ്യക്തമാക്കിയതാണ്. ഒരു പുതിയ അണക്കെട്ടാണ് ശാശ്വതപരിഹാരം. അതിന്റെ നിര്‍മാണത്തിനുവേണ്ട നിയമ-സാങ്കേതിക അനുമതികള്‍ വാങ്ങി പണിപൂര്‍ത്തിയാക്കാന്‍ എത്രയും അടിയന്തരമായി നടപടികള്‍ നീങ്ങണം. ഇക്കാര്യത്തില്‍ കേന്ദ്രഗവണ്‍മെന്റിനു സുവ്യക്തമായ കാഴ്ചപ്പാടും നിലപാടും വേണം.

അതിവൈകാരികത ആളിക്കത്തിച്ച് കേരള-തമിഴ് ജനതയെ തമ്മിലടിപ്പിക്കാന്‍ തമിഴകത്തെ ചില തല്‍പര കക്ഷികള്‍ ശ്രമിക്കുന്നുണ്ട്. ഇതുപോലെ സങ്കീര്‍ണമായ ഒരു വിഷയം കൈകാര്യം ചെയ്യുമ്പോള്‍ കാണിക്കേണ്ട പക്വത ഉള്ളവരല്ല അവര്‍. അത്തരക്കാര്‍ക്കു സംഭവഗതികളുടെമേല്‍ നിയന്ത്രണം നേടാനായാല്‍ പ്രവചിക്കാന്‍ കഴിയാത്തത്ര സംഘര്‍ഷങ്ങള്‍ക്ക് അതുകളമൊരുക്കും. തലമുറതലമുറകളായി സഹോദരരെപ്പോലെ കഴിയുന്ന കേരളത്തിലെയും തമിഴ്‌നാട്ടിലെയും ജനതകള്‍ക്കിടയില്‍ ശത്രുതവളര്‍ന്നാല്‍ അത് ഇരുസംസ്ഥാനങ്ങളുടെയും വളര്‍ച്ചയെ പിറകോട്ടടിക്കും. അത് ദേശീയോദ്ഗ്രഥനത്തിന്റെ മഹത്തായ സങ്കല്‍പങ്ങള്‍ക്കെല്ലാം എതിരായ ദിശയിലേയ്ക്കു കാര്യങ്ങളെ നയിക്കും. ഇത്തരം സന്ദര്‍ഭങ്ങളിലാണ് ഒരു ഫെഡറല്‍ രാഷ്ട്രീയ വ്യവസ്ഥയില്‍ കേന്ദ്രസര്‍ക്കാര്‍ അതിന്റെ പക്വത തെളിയിക്കേണ്ടത്. നിര്‍ഭാഗ്യവശാല്‍ ഇതുവരെ ആ പക്വത തെളിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. അതുകൊണ്ടു കൂടിയാണ് പ്രശ്‌നങ്ങള്‍ അനുദിനം കൂടുതല്‍ സങ്കീര്‍ണമാവുന്നത്. ഇത് ഉറങ്ങേണ്ട സമയമല്ല; ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണ്. പ്രധാനമന്ത്രി ഡോ മന്‍മോഹന്‍സിംഗ് ഈ വലിയ രാജ്യത്തിന്റെ ഭരണസാരഥിയാണ് താനെന്ന് ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കേണ്ടത് ഇപ്പോഴാണ്.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാര്‍ പല സ്വരത്തില്‍ സംസാരിക്കുന്നത് കഴിഞ്ഞ ദിവസം നാടിനുകാണേണ്ടിവന്നു. കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പ്രധാനമന്ത്രിയുടേതില്‍ നിന്നു വ്യത്യസ്തമായ സ്വരത്തില്‍ സംസാരിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പുകേടാണു പ്രകടമായതെന്ന് അവര്‍ അറിയാതെ പോകരുത്.
കേരള-തമിഴ്‌നാട് മുഖ്യമന്ത്രിമാരെ ഒന്നിച്ചു വിളിച്ചുകൂട്ടി പ്രശ്‌നപരിഹാരത്തിന്റെ വഴികള്‍ ആരായാനുള്ള ചുമതല പ്രധാനമന്ത്രിക്കുണ്ട്. പ്രശ്‌നങ്ങളുടെ ഗൗരവാവസ്ഥ തനിക്കു ബോധ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞത് സത്യമാണെങ്കില്‍ ആ ഗൗരവസ്ഥിതി തമിഴ്‌നാടിനെ ബോധ്യപ്പെടുത്താന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിക്കു കഴിയണം. കരാര്‍ അനുസരിച്ചുള്ള വെള്ളം ലഭിക്കുമോ എന്ന ആശങ്കയാണ് തമിഴ്‌നാടിനുള്ളതെങ്കില്‍ അതു സ്വാഭാവികമാണ്. കരാര്‍ പ്രകാരമുള്ള വെള്ളം ഒരുതുള്ളിപോലും കുറയാതെ തമിഴ്‌നാടിനു നല്‍കാന്‍ കേരളം എപ്പോഴും തയ്യാറായിരുന്നു. നാളെയും അത് അങ്ങനെയായിരിക്കുമെന്നതാണ് കേരളത്തിന്റെ ഉറച്ച നിലപാട്. അതിന്റെ അടിസ്ഥാനത്തിലാണ് പ്രശ്‌നപരിഹാരത്തിനുള്ള വഴികള്‍ ആരായേണ്ടത്.

ഇതിനോടകം നടന്ന ശാസ്ത്രീയ പഠനങ്ങളെല്ലാം വിരല്‍ചൂണ്ടിയത് മുല്ലപ്പെരിയാര്‍ ഡാമിന്റെ ദുര്‍ബല സ്ഥിതിയിലേയ്ക്കാണ്. റിക്ടര്‍ സ്‌കെയിലില്‍ 6 രേഖപ്പെടുത്തുന്ന ഒരു ഭൂചലനമുണ്ടായാല്‍ അതു താങ്ങാന്‍ കാലം ചെന്ന ഈ ദുര്‍ബല അണക്കെട്ടിനു കെല്‍പുണ്ടാവില്ല. അങ്ങനെയൊരു സാഹചര്യം ഉണ്ടായാല്‍ 30 ലക്ഷത്തില്‍പരം ജനങ്ങള്‍ അറബിക്കടലിലേയ്ക്ക് ഒഴുകിപ്പോകുമെന്ന ഭീതിയാണു പടരുന്നത്. ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മനുഷ്യ ദുരന്തങ്ങളില്‍ ഒന്നായിരിക്കും അത്. അന്തരീക്ഷത്തിനു ഭാവപകര്‍ച്ച ഉണ്ടായാല്‍ ഭൂചലനത്തെപറ്റി സൂചന ഉണ്ടായാല്‍ കേരളം ഞെട്ടിവിറയ്ക്കുന്നത് ഇക്കാരണത്താലാണ്. അതു മനസ്സിലാക്കാത്തവരാണ് തമിഴ്‌നാട്ടിലെ ജനനേതാക്കളെന്നു വിശ്വസിക്കാനാവില്ല. അവരോട് ഇക്കാര്യങ്ങള്‍ വേണ്ടതുപോലെ പറഞ്ഞുമനസ്സിലാക്കാന്‍ കഴിവുള്ളവരാണ് ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വം എന്നു തെളിയിക്കേണ്ടത് ഇപ്പോഴാണ്. ഈ ഓരോ മണിക്കൂറും നിര്‍ണായകമാണെന്നു തിരിച്ചറിഞ്ഞുകൊണ്ട് പ്രധാനമന്ത്രിയും സഹപ്രവര്‍ത്തകരും ഉണര്‍ന്നു പ്രവര്‍ത്തിക്കുമെന്നു കേരളത്തിലെ മുഴുവന്‍ ജനങ്ങളും പ്രതീക്ഷിക്കുന്നു.

*
ജനയുഗം മുഖപ്രസംഗം 27 നവംബര്‍ 2011

Friday, November 25, 2011

സുരക്ഷവേണം മുല്ലപ്പെരിയാറിനും ജനങ്ങള്‍ക്കും

മുല്ലപ്പെരിയാര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ലക്ഷക്കണക്കിനു മനുഷ്യരെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്ന മുല്ലപ്പെരിയാറിന്റെ നിലവിലെ സ്ഥിതിയാണ് ആശങ്കപ്പെടുത്തുന്നത്. ഒന്നര നൂറ്റാണ്ടുപിന്നിട്ട അണക്കെട്ടിന്റെ ബലക്ഷയമാണിപ്പോള്‍ ചര്‍ച്ച. ഇടുക്കിയിലെ തുടര്‍ഭൂചലനവും അണക്കെട്ടിന്റെ ബലക്ഷയവും കേരളത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു. ഡാം തകര്‍ന്നാല്‍ മധ്യകേരളത്തിലെ നാലു ജില്ലകള്‍ ഇല്ലാതാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ജനങ്ങളില്‍ ഭീതി പടര്‍ത്താന്‍ ഇതു ധാരാളം മതി. അണക്കെട്ടില്‍ പലയിടത്തും വലിയ വിള്ളലുകള്‍ രൂപപ്പെട്ട സാഹചര്യത്തില്‍ അടിയന്തരമായി അണക്കെട്ട് പുതുക്കിപ്പണിയാത്ത പക്ഷം വന്‍ ദുരന്തമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അടുത്തിടെ ഇടുക്കി ജില്ലയിലെ പലയിടങ്ങളിലുമുണ്ടാകുന്ന ഭൂചലനങ്ങള്‍ കുടുതല്‍ ആശങ്കയുളവാക്കുന്നു. രണ്ടു സംസ്ഥാനങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന അണക്കെട്ടിന്റെ തകര്‍ച്ചയെക്കുറിച്ച് പഠിക്കാന്‍ സുപ്രീം കോടതി നിയമിച്ച ജസ്റ്റിസ് ആനന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി പല തവണ മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചു. ഇതുവരെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിട്ടില്ല.

നിര്‍മാണ വേളയില്‍ 50 വര്‍ഷത്തെ ആയുസ് കല്‍പിച്ച അണക്കെട്ട് ഒന്നേകാല്‍ നൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്. 1886 ഒക്ടോബര്‍ 29നാണ് അണക്കെട്ട് നിര്‍മിക്കാന്‍ തിരുവിതാംകൂറിനു വേണ്ടി ദിവാന്‍ രാമയ്യങ്കാറും ബ്രിട്ടീഷ് പ്രസിഡന്‍സിക്കായി മദിരാശി സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ ചൈല്‍ഡ് ഹാനിങ്ടണും പാട്ടക്കരാര്‍ ഒപ്പിട്ടത്. തിരുവിതാംകൂര്‍ ദിവാന്‍ മാധവറാവുവിന് മദ്രാസ് പ്രസിഡന്‍സി 1862 സെപ്തംബറിലാണ് ആദ്യ കത്തെഴുതിയത്. പദ്ധതിയുടെ ലാഭം തുല്യമായി പങ്കിടണമെന്നും 1863 ജനുവരി 14ന് ദിവാന്‍ മറുപടി നല്‍കി. എഞ്ചിനീയര്‍ ബാര്‍ട്ടണ്‍ പ്രോജക്ട് നല്‍കി. 1882 മാര്‍ച്ച് 20ന് ദിവാന്‍ പേഷ്കാരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ഡാം നിര്‍മാണം തിരുവിതാംകൂറിന് ഭീഷണിയാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. കരാറിന് വിശാഖം തിരുനാള്‍ രാമവര്‍മ ആദ്യം തായറായില്ല. ഭീഷണിയിലൂടെയാണ് തിരുവിതാംകൂറിനെ ഒപ്പിടുവിച്ചത്. 99 വര്‍ഷമാണ് കരാര്‍ കാലാവധിയെങ്കിലും പാട്ടക്കരാര്‍ 999 വര്‍ഷമാണ്. വീണ്ടും 999 വര്‍ഷത്തേക്ക് പുതുക്കണം. 155 അടി ഉയരമുള്ള അണക്കെട്ടിന് പദ്ധതിയുണ്ടാക്കി. താഴെ 115.57 അടിയും മുകളില്‍ 12 അടി വീതിയിലും ചുണ്ണാമ്പ്, സുര്‍ക്കി, കല്ല് എന്നിവ കൊണ്ട് നിര്‍മിക്കാന്‍ പദ്ധതി തയാറാക്കി. 42.26 ലക്ഷം രൂപയായിരുന്നു നിര്‍മാണ ചെലവ്. നിര്‍മാണ കാലത്ത് ലോകത്തിലെ ഉയരം കൂടിയ അണക്കെട്ടുകളില്‍ ഒന്നായിരുന്നു ഇത്.

ഈ വര്‍ഷം ജൂലൈ മുതല്‍ തുടര്‍ച്ചയായി ഇവിടെ ഭൂചലനങ്ങളുണ്ടാവുകയാണ്. നെടുങ്കണ്ടം, തോപ്രാംകുടി, കുളമാവ്,മേലുകാവ്,കണ്ണമ്പടി,പാറത്തോട്,ഇളുപ്പൂണി,വാഗമണ്‍ ,കോട്ടമല,എന്നിവിടമാണ് പ്രഭവകേന്ദ്രങ്ങള്‍ . ഇടുക്കി ആര്‍ച്ച് അണക്കെട്ടിനു പുറമെ ചെറുതോണി,കുളമാവ് അണക്കെട്ടുകള്‍ ഉള്‍പ്പെടുന്ന ഇടുക്കി ജലസംഭരണി 60 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്നു. അണക്കെട്ടിെന്‍റ ഭാഗത്ത് 540 അടി ഉയരത്തില്‍ വെള്ളം നിറഞ്ഞു നില്‍ക്കുന്നു. മുല്ലപ്പെരിയാര്‍ , കുണ്ടള, മാട്ടുപ്പെട്ടി,പള്ളിവാസല്‍ ,ചെങ്കുളം,പൊന്‍മുടി,കല്ലാര്‍കുട്ടി,ആനയിറങ്കല്‍ ,ലോവര്‍പെരിയാര്‍ ,കല്ലാര്‍ ,ഇരട്ടയാര്‍ ,മലങ്കര എന്നിവയാണ് ജില്ലയിലെ പ്രധാന അണക്കെട്ടുകള്‍ . ഒരു ചെറിയ സമുദ്രത്തില്‍ ഉണ്ടാകാവുന്നത്ര വെള്ളമാണ് ഈ അണക്കെട്ടുകളില്‍ കെട്ടി നിര്‍ത്തിയിരിക്കുന്നത്.എല്ലാ അണക്കെട്ടിലുമായി ഏകദേശം 100 ചതുരശ്രകിലോമീറ്ററോളം ഭൂഭാഗം വെള്ളം നിറഞ്ഞ് നില്‍ക്കുന്നു. സമുദ്ര നിരപ്പില്‍ നിന്ന് 2000 അടിയിലധികം ഉയരത്തിലാണ് ഈ ഭീമന്‍ ജലസംഭരണികളെല്ലാം സ്ഥിതി ചെയ്യുന്നത്.

10 വര്‍ഷത്തിനുള്ളില്‍ ഈ അണക്കെട്ടുകളുടെ 50 കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ റിച്ചര്‍സ്കെയിലില്‍ 5 വരെ തീവ്രതയുള്ള ചലനങ്ങള്‍ ഉണ്ടായി. അണക്കെട്ടുകളുടെ ആധിക്യമാണ് ഭൂകമ്പം കൂടാന്‍ കാരണമെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. 1342ല്‍ നേര്യമംഗലം പ്രഭവ കേന്ദ്രമായും 1875 ല്‍ പാലക്കാടു കേന്ദ്രമായും 2 വന്‍ ഭൂകമ്പങ്ങള്‍ ഉണ്ടായതായി രേഖകളിലുണ്ടെങ്കിലും കേരളം ഭൂകമ്പ സാധ്യതയില്ലാത്ത പ്രദേശമാണെന്നായിരുന്നു പൊതുവെ വിലയിരുത്തിയിരുന്നത്. കേരളം സോണ്‍ മൂന്നിലാണെന്നും റിച്ചര്‍ സ്കെയിലില്‍ 6.5 വരെയുള്ള ചലനങ്ങള്‍ ഉണ്ടാകാമെന്നും സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. ഇനിയും തീവ്രത കൂടിയാല്‍ ഡാമിന്റെ കാര്യം അപകടമാവുമെന്നുറപ്പാണ്. ഡാം സുരക്ഷിതമാണെന്നും പുതിയ അണക്കെട്ട് ആവശ്യമില്ലെന്നും കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി ജയലളിത പറഞ്ഞു. രണ്ടു സംസ്ഥാനങ്ങള്‍ക്കുമിടയിലെ ആശയക്കുഴപ്പങ്ങളും അഭിപ്രായവ്യത്യാസങ്ങളും രമ്യമായി പരിഹരിക്കുകയാണ് വേണ്ടത്. ഇതിന് കക്ഷി, ദേശ, ഭേദമില്ലാത്ത കൂട്ടായ്മ വേണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാര്യക്ഷമമായി ഇടപെടണം.

അണക്കെട്ട് നിലവില്‍ സുരക്ഷിതമാണെന്ന് കാണിക്കാന്‍ തമിഴ്നാട് ചോര്‍ച്ചയടയ്ക്കല്‍ നടത്തുന്നുണ്ട്. പ്ലാസ്റ്ററിങ് ഇളകിയതും ഇരുമ്പുകമ്പികള്‍ തുരുമ്പിച്ചുവളഞ്ഞ് പുറത്തേക്കു തള്ളിയത് കേരളം ചിത്രങ്ങള്‍ സഹിതം കേന്ദ്ര സര്‍ക്കാരിനെയും സുപ്രീം കോടതിയെയും ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. ചോര്‍ച്ചമൂലം ബേബി ഡാമിന്റെ പിന്‍ഭിത്തിയില്‍ മരങ്ങള്‍ വളര്‍ന്നുനിന്നത് നേരത്തെ ഇവിടം സന്ദര്‍ശിച്ച സംസ്ഥാന സര്‍ക്കാരിന്റെ മുല്ലപ്പെരിയാര്‍ സെല്‍ കണ്ടെത്തിയിരുന്നു. സംസ്ഥാനത്തിന്റെ നിലപാടുകള്‍ അന്നത്തെ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ ഉന്നതാധികാര സമിതിയെയുംബോധ്യപ്പെടുത്തി. ഇതുവരെ വെള്ളത്തിനടിയിലുള്ള അണക്കെട്ടിന്റെ ഭാഗം പൂര്‍ണ്ണമായി പരിശോധിക്കാനും കഴിഞ്ഞില്ല. വെള്ളത്തിനടിയിലുള്ള അണക്കെട്ടിന്റെ ഭാഗം പരിശോധിക്കുന്നതിന് "അണ്ടര്‍ വാട്ടര്‍ ഫോട്ടോഗ്രഫി" ഉപയോഗിക്കാനാകുമെന്ന് മുല്ലപ്പെരിയാര്‍ സെല്‍ സമിതി കണ്ടെത്തിയിരുന്നു. ഇത് ഇടുക്കി അണക്കെട്ടില്‍ ചെയ്തിട്ടുണ്ട്. ചോര്‍ച്ച അറിയുന്നതിന് ആധുനിക സങ്കേതമായ "ഐസോടോപ്പ് പഠനവും" ഉപയോഗിക്കാം. ഇത് തമിഴ്നാട് ആളിയാര്‍ ഡാമില്‍ ചെയ്തിട്ടുണ്ട്.

കേരളത്തിന്റെ നിര്‍ദേശമായ പുതിയ അണക്കെട്ടിനോട് തമിഴ്നാട് യോജിക്കുന്നേയില്ല. ചെലവു മുഴുവന്‍ വഹിച്ച് പുതിയ അണക്കെട്ടുണ്ടാക്കാമെന്ന് കേരളസര്‍ക്കാര്‍ സമിതിയെ അറിയിച്ചിട്ടുണ്ട്. തമിഴ്നാടിന് ആവശ്യമുള്ളത്ര ജലം കൊടുക്കാന്‍ തയ്യാറുമാണ്. "കേരള പെരിയാര്‍ ഡാം" എന്ന പേരില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുമ്പോള്‍ വിദഗ്ധ സംഘം രണ്ട് നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചു. എര്‍ത്ത് ഡാമിനോട് ചേര്‍ന്നുള്ള ബേബി ഡാം അണക്കെട്ടിന്റെ 104 അടി ഉയരത്തില്‍ നിന്നാണ് അടിത്തറ പണിതിട്ടുള്ളത്. ഇവിടെ നിന്നും പത്ത് അടി കൂടി താഴ്ത്തി 94 അടി വരെ കുഴിച്ചുമാറ്റുക, അതല്ലെങ്കില്‍ നിലവിലുള്ള അണക്കെട്ടിന്റെ മറ്റൊരു വശത്തുള്ള സ്പില്‍വേ 30 അടി വീതിയിലും 40 അടി ആഴത്തിലും കുഴിയെടുത്ത് വെള്ളം കടത്തിവിടുക എന്നീ നിര്‍ദേശങ്ങളാണ് സംഘം മുന്നോട്ടുവയ്ക്കുന്നത്. പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള സര്‍വെ നടപടി പൂര്‍ത്തിയായി.കേരളവും തമിഴ്നാടും 1979 ല്‍ സംയുക്ത സര്‍വെ നടത്തി കണ്ടെത്തിയ സ്ഥലംതന്നെയാണ് പുതിയ സര്‍വെയിലും കണ്ടെത്തിയത്. പുതിയ അണക്കെട്ട് നിര്‍മിക്കുമ്പോള്‍ പഴയ അണക്കെട്ട് പൊളിച്ച് നീക്കും. അണക്കെട്ട് ഭൂകമ്പ സാധ്യതയുള്ള മേഖലയിലായതിനാല്‍ ഭൂചലനത്തില്‍ ദുര്‍ബലമായ പഴയ അണക്കെട്ട് തകര്‍ന്നാല്‍ പുതിയ അണക്കെട്ടിനെ എങ്ങിനെ ബാധിക്കും എന്ന് വിദഗ്ധരുടെ ഉപദേശം തേടണം.

ഇനിയൊരു ആശങ്കക്ക് വഴിയില്ലാത്ത വിധം പിഴവില്ലാത്തൊരു പരിഹാര മാര്‍ഗമാണ് നമുക്കാവശ്യം. പഴിചാരിയും കുറ്റപ്പെടുത്തിയുമല്ല; കൂടിയാലോചനകളിലൂടെ ഉരുത്തിരിയുന്ന സമഗ്രമായ ശാസ്ത്രീയമായ പരിഹാരം. സമചിത്തതയോടെ, വിവേകത്തോടെ ഇതിനെ സമീപിക്കുകയും വേണം.

*
ദേശാഭിമാനി