Showing posts with label ബൂലോഗം. Show all posts
Showing posts with label ബൂലോഗം. Show all posts

Tuesday, September 6, 2011

കോഴിക്കാടനില്‍ നിന്ന് ബി അബൂബക്കറിലെത്തുമ്പോള്‍

ഇതൊരാത്മഹത്യാക്കുറിപ്പോ വിരമിക്കല്‍ പ്രസംഗമോ അല്ല. ഞാനടക്കം പ്രതിനിധാനം ചെയ്യുന്ന, അച്ചടി മാധ്യമങ്ങളിലെ സിനിമാ നിരൂപണമെഴുത്തുകാര്‍ക്കു ശേഷം കടന്നുവരുന്നതും പ്രചരിക്കാന്‍ സാധ്യതയുള്ളതുമായ മലയാള സിനിമാ നിരൂപണത്തിന്റെ പ്രവേശനോത്സവത്തിനുള്ള മുഖക്കുറിപ്പായി കരുതിയാല്‍ മതി.

പണ്ടു പണ്ട്, മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പതിറ്റാണ്ടുകളോളം നിലനിന്നിരുന്ന അവസാന പേജിലെ ചിത്രശാല പോലുള്ള പംക്തി നിരൂപണങ്ങള്‍ ഏറെപ്പേരെ ആകര്‍ഷിക്കുകയും; സിനിമ കാണുന്നവര്‍, കാണാത്തവര്‍, സിനിമാ പ്രവര്‍ത്തകര്‍ എന്നിവരില്‍ പലരും നിര്‍ണായകമായി കരുതുകയും ചെയ്തിരുന്നു. കോഴിക്കോടന്‍, സിനിക്ക്, അശ്വതി, നാദിര്‍ഷ എന്നിവരായിരുന്നു അന്നത്തെ പ്രധാന എഴുത്തുകാര്‍. ഇത്തരം സിനിമാ നിരൂപണങ്ങള്‍ ഒരു കാലത്ത്, സിനിമയുടെ കമ്പോള വിജയ പരാജയങ്ങളെ വരെ സ്വാധീനിച്ചിരുന്നതായും വിലയിരുത്തപ്പെട്ടിട്ടുണ്ട്. കഥാവിവരണവും, നൃത്തക്കലവി നന്നായി; നന്നായില്ല തുടങ്ങിയ സാമ്പ്രദായികമായ നിരീക്ഷണങ്ങളും കൊണ്ട് ജടിലമായിരുന്ന ഈ ഒന്നാം തലമുറ നിരൂപണം അതിന്റെ ബാലാരിഷ്ടമായ അവസ്ഥകളില്‍ നിന്ന് ഒരിക്കലും മാറിയതേ ഇല്ല. തങ്ങളുടെ കാലത്തെ സിനിമയെ സന്ദര്‍ഭവത്ക്കരിക്കാന്‍ (contextualise) അന്നത്തെ മലയാള സിനിമാ നിരൂപകര്‍ക്ക് സാധ്യമായില്ല എന്നതായിരുന്നു യാഥാര്‍ത്ഥ്യം.
പിറകെ വന്ന ഗൌരവ നാട്യ നിരൂപണമാകട്ടെ, ലോക സിനിമയും മലയാള സിനിമയും തമ്മിലുള്ള ഒരു ഗുസ്തിയായിട്ടായിരുന്നു നിരൂപണത്തെ സങ്കല്‍പിച്ചത്. ഫിലിം സൊസൈറ്റി പ്രസ്ഥാനം, ഫിലിം സ്കൂളുകളുടെ സ്വാധീനം, സാഹിത്യത്തിലെ ആധുനികത, ഭൂപരിഷ്ക്കരണത്തിന്റെയും പ്രവാസത്തിന്റെയും ശേഷിപ്പായി ഉണ്ടായ മധ്യവര്‍ഗവത്ക്കരണം എന്നീ പശ്ചാത്തലങ്ങളില്‍ മാറിത്തീര്‍ന്ന മലയാള സിനിമയെയും ചരിത്രവത്ക്കരിക്കാന്‍ ഭാഷയുടെ ചമത്ക്കാരഭംഗികളുണ്ടായിരുന്നെങ്കിലും ഈ നിരൂപണങ്ങള്‍ക്ക് സാധിച്ചില്ല. ലോക സിനിമ സഞ്ചരിച്ച ദൂരങ്ങള്‍ അടയാളപ്പെടുത്താനാണ് ആ നിരൂപകര്‍ ശ്രമിച്ചത്. ലോക ഭാഷകളില്‍ പുറത്തു വന്ന നിരൂപണങ്ങളും സൈദ്ധാന്തിക പഠനങ്ങളും പരിഭാഷപ്പെടുത്തിയെങ്കിലും അതിനെ ഉള്‍ക്കൊണ്ടു കൊണ്ട് മലയാള സിനിമയുടെ ചരിത്ര വര്‍ത്തമാനങ്ങളുടെ പശ്ചാത്തലങ്ങളെ നിര്‍ണയിക്കാന്‍ ആ നിരൂപണവും ശ്രമിച്ചില്ല. അതുകൊണ്ടെന്തുണ്ടായി? ആര്‍ട് സിനിമ എന്ന ചലച്ചിത്ര നവീകരണ പ്രസ്ഥാനം ജനങ്ങളെ ഒപ്പം കൂട്ടാതെയാണ് മുന്നോട്ട് (അതോ പിന്നോട്ടോ) പോയിക്കൊണ്ടിരുന്നത് എന്നോര്‍മ്മപ്പെടുത്താന്‍ ആ നിരൂപണത്തിന് സാധ്യമായില്ല.

ഇന്ത്യാ ചരിത്രം, കേരള ചരിത്രം, രാഷ്ട്രീയം, ജനങ്ങള്‍, സാമൂഹിക രൂപീകരണം, കുടുംബം, ജാതി, ലൈംഗികത, വാണിജ്യപരത എന്നിങ്ങനെയുള്ള വിഷയങ്ങള്‍ സിനിമയെയും സിനിമാനിരൂപണത്തെയും ബാധിക്കുമെന്നു പോലും അക്കാലത്ത് ആരും തിരിച്ചറിഞ്ഞിരുന്നില്ല. മാത്രമല്ല, കച്ചവട സിനിമ എന്നു വിളിച്ചാക്ഷേപിക്കപ്പെട്ട മുഖ്യധാരാ സിനിമകള്‍ ഏതെങ്കിലും വിധത്തില്‍ ജനജീവിതത്തെ സ്വാധീനിക്കുകയും വ്യവസ്ഥയോട് പൊരുത്തപ്പെടുത്തിയെടുക്കുകയും ചെയ്യുമെന്ന വിവരവും ആര്‍ക്കുമുണ്ടായിരുന്നില്ല. ഐ ഷണ്‍മുഖദാസ് മുതല്‍ വിജയകൃഷ്ണന്‍ വരെയുള്ളവരുടെ നിരൂപണങ്ങള്‍, മലയാള സിനിമാ നിരൂപണത്തിന്റെ അന്തസ്സും യശസ്സും പ്രസക്തിയും വളരെയധികം ഉയര്‍ത്തിയെങ്കിലും അവയും ഈ പരിമിതികളില്‍ നിന്ന് മുക്തമായിരുന്നില്ല.

ഈ ഘട്ടത്തിലാണ്, തികഞ്ഞ രാഷ്ട്രീയ ജാഗ്രതയോടെ സിനിമയെ സമീപിക്കേണ്ടതുണ്ടെന്ന ഓര്‍മ്മപ്പെടുത്തലുമായി, സാമാന്യസമൂഹത്തിന്റെ സുഖസ്വാസ്ഥ്യങ്ങളെയും നിദ്രകളെയും അലോസരപ്പെടുത്തിക്കൊണ്ട് രവീന്ദ്രന്റെ(ചിന്ത രവി) നിരൂപണങ്ങള്‍ ശ്രദ്ധേയമായിതുടങ്ങിയത്. അതിനു ശേഷം, എ സോമന്‍, ഡോ. സി എസ് വെങ്കിടേശ്വരന്‍, വി കെ ജോസഫ്, ഡോ. വി സി ഹാരിസ്, ഒ കെ ജോണി, ഷിബു മുഹമ്മദ്, തുടങ്ങി എന്‍ പി സജീഷ്, കെ പി ജയകുമാര്‍ വരെയുള്ളവരുടെ നിരയിലാണ് ഈയുള്ളവനും കുറെ നിരൂപണ/വിമര്‍ശന ലേഖനങ്ങള്‍ എഴുതാന്‍ കഴിഞ്ഞത്. ഭാഷാഭേദങ്ങള്‍, ജാതിവ്യവസ്ഥകള്‍, കമ്യൂണിസ്റ്/നക്സലൈറ്റ് സ്വാധീനം, കുടുംബ രൂപീകരണവും ശിഥിലീകരണവും, ആണ്‍നോട്ടം, സ്ത്രീ അവസ്ഥ, കേരളീയ വസ്തു/പ്രകൃതി യാഥാര്‍ത്ഥ്യം, നഗരവത്ക്കരണം, പ്രവാസിത്തം, നവഹൈന്ദവ വത്ക്കരണം, താരപദവികളും താരാധിപത്യങ്ങളും ഫാന്‍സ് അസോസിയേഷനുകളും, മലയാള സാഹിത്യവും സിനിമയും, പാര്‍ശ്വവത്കൃതരുടെ പ്രതിനിധാനങ്ങള്‍ എന്നിങ്ങനെ ആഴത്തിലും പരപ്പിലുമുള്ള നിരവധി മേഖലകള്‍ മലയാള ചലച്ചിത്ര നിരൂപണ-വിമര്‍ശന-പഠന പ്രക്രിയയില്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കപ്പെടേണ്ടതുണ്ട്.

ചരിത്രത്തിന്റെ ഈ പ്രത്യേക സന്ധിയില്‍ നിന്നു കൊണ്ട് തിരിഞ്ഞു നോക്കുമ്പോഴറിയാം, എഴുപതുകളിലെ ആധുനികത അവശേഷിപ്പിച്ചു പോയ ഭാഷാ ശൈലിയിലും ഭാവുകത്വത്തിലുമായിരുന്നു ഞങ്ങളൊക്കെയും എഴുതിയതും എഴുതിക്കൊണ്ടിരിക്കുന്നതും. ഇന്നും കേരളത്തിലെ പ്രമുഖ അച്ചടി മാധ്യമങ്ങളൊക്കെയും അവലംബിക്കുന്നത് ഈ ഭാഷാ ശൈലിയും ഭാവുകത്വവും തന്നെയായതുകൊണ്ട് അതിലൊരു അപാകവും ആരും കണ്ടെത്തിയതുമില്ല. എന്നാല്‍, കടന്നു പോയ നാല്‍പതു വര്‍ഷത്തിനിടയില്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍, വ്യാപകമായ ഇംഗ്ളീഷ് മാധ്യമ വിദ്യാഭ്യാസം, ഗള്‍ഫിനു പുറമെ യൂറോപ്പിലേക്കും അമേരിക്കയിലേക്കുമടക്കമുള്ള മലയാളികളുടെ വന്‍ തോതിലുള്ള വ്യാപനം, സിനിമയിലെ മാറ്റങ്ങളും മാറ്റങ്ങളില്ലായ്മയും എന്നിങ്ങനെ പല ഘടകങ്ങളുടെ സാന്നിദ്ധ്യങ്ങള്‍ക്കും സ്വാധീനങ്ങള്‍ക്കുമിടയില്‍ ചരിത്രയാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കാന്‍ ഈ ആധുനികതാ ഭാഷ്യം/ഭാവുകത്വം മാത്രം മതിയോ എന്ന ചോദ്യം ആരും ഉന്നയിച്ചില്ല. ചോദ്യം ഉന്നയിക്കപ്പെട്ടില്ലെങ്കിലും ഉത്തരവുമായി പുതിയ തലമുറ രംഗത്തു വരിക തന്നെ ചെയ്തിരിക്കുന്നു. ബ്ളോഗുകളിലും ഓര്‍ക്കുട്ട്/ട്വിറ്റര്‍/ഫേസ്ബുക്ക്/ബസ്/ഗൂഗിള്‍ പ്ളസിലുമായും പോര്‍ട്ടലുകളിലും എന്തിന് എസ് എം എസും ബ്ളാക്ക്ബറി മെസേജായും മറ്റും സിനിമാ നിരൂപണം പ്രത്യക്ഷപ്പെടുന്ന കാലമാണിന്നത്തേത്. ഇതില്‍ ഏറ്റവും ആഹ്ളാദഭരിതമായ ഒരു കാര്യമെന്താണെന്നു വെച്ചാല്‍, ആരെയും പേടിക്കാതെ ആരോടും ഒരു വിട്ടുവീഴ്ചയും ചെയ്യാതെ എഴുതാന്‍ ഈ മാധ്യമങ്ങളിലൂടെ കഴിയുമെന്നതാണ്. ആ സ്വാതന്ത്യ്രം അനുഭവിക്കുകയും പ്രക്ഷേപിക്കുകയും ചെയ്യുന്ന ധാരാളം നിരൂപകര്‍ ഇരിപ്പുറപ്പിച്ചു തുടങ്ങിയിരിക്കുന്നു എന്ന വസ്തുത അടയാളപ്പെടുത്തുവാനാണ് ഈ കുറിപ്പിലൂടെ ഉദ്ദേശിക്കുന്നത്.

ഇന്റര്‍നെറ്റിലെ മലയാള സിനിമാ നിരൂപണത്തിന്റെ സമഗ്രവും സമ്പൂര്‍ണവുമായ അവസ്ഥ വിവരിക്കാന്‍ ഇപ്പോള്‍ മുതിരുന്നില്ല. ഈ പുതിയ തലമുറ നിരൂപണത്തിന്റെ സ്വഭാവ സവിശേഷതകള്‍ വെളിപ്പെടുത്തുന്ന ഒരു നിരൂപകന്റെ മാത്രം ശൈലി പരിചയപ്പെടുത്തുകയാണ് ചെയ്യുന്നത്. മലയാള്‍ ഡോട്ട് എ എം എന്ന പോര്‍ട്ടലില്‍ ഇതിനകം മുപ്പതിലധികം ഫിലിം റിവ്യൂസ് പോസ്റ് ചെയ്തു കഴിഞ്ഞ ബി അബൂബക്കര്‍ എന്ന ശ്രദ്ധേയനായ നിരൂപകന്റെ രചനകള്‍ ഈ രംഗത്തുണ്ടാകാന്‍ പോകുന്ന ഊര്‍ജ്ജസ്വലതയുടെ ലക്ഷണമായി കരുതാം. ആധുനികതയുടെ ഭാഷയിലെഴുതുന്നവര്‍ ചിന്തിക്കുക പോലും ചെയ്യാത്ത തരത്തില്‍ വാച്യ ഭാഷയും ലിഖിത ഭാഷയും കൂട്ടിക്കലര്‍ത്തിയാണ് അബൂബക്കര്‍ എഴുതുന്നത്. അദ്ദേഹത്തിന്റെ ചില തലക്കെട്ടുകള്‍ നോക്കുക.

ആദാമിന്റെ മകന്‍ അബു - ജ്ജ് നല്ലൊരു അജ്ജ് ചെയ്യാന്‍ നോക്ക്!; അന്‍വര്‍ - നീരദങ്ങളില്‍ നിന്ന് മലം പെയ്യുമ്പോള്‍; അര്‍ജുനന്‍ സാക്ഷി - ഐ അവ്വക്കര്‍ സെക്കന്റ് ഇറ്റ്!; അവന്‍ ഇവന്‍ - ബീഫ് തിന്നാമോ രാജാവേ?; ക്രിസ്ത്യന്‍ ബ്രദേഴ്സ് - സോറി ഫ്രണ്ട്സ്, ജാതി ചോദിക്കും പറയുകയും ചെയ്യും!; ഡബിള്‍സ് - പ്രേക്ഷകനും മമ്മൂട്ടിക്കും ഇത് ട്രബിള്‍സ്; എന്തിരന്‍ - എന്തിരിനെടേയ് ഈ പടമെന്നു ചോദിക്കരുത്; കുടുംബശ്രീ ഉഗ്രന്‍ - പക്ഷെ 25 കൊല്ലം ലേറ്റായി പോയി; പയ്യന്‍സ്, ഒരാണ്‍പന്നിപ്പടം; അല്പം പ്രാഞ്ചിപ്പോയ ലോക സിനിമ അഥവാ, കൈവെട്ടു കാലത്തെ പുണ്യാളന്മാര്‍; റേസ് - ഇനി മുതല്‍ ഇംഗ്ളീഷ് സിനിമ മോഷ്ടിക്കുന്നവര്‍ ഫെഫ്കയിലറിയിക്കണം!; സീനിയേഴ്സ് - ഇത്തിരി കടലപ്പിണ്ണാക്ക്, ഇത്തിരി എള്ളുമ്പിണ്ണാക്ക്; ദി ട്രെയിന്‍ - ആന മുക്കുന്നതു കണ്ട് ജയരാജു മുക്കിയാല്‍; ഉറുമി - മലയാളിക്ക് ഇതു തന്നെ കിട്ടണം എന്നിങ്ങനെ തീവ്ര നാടന്‍ പ്രയോഗങ്ങള്‍ കൊണ്ടാണ് അബൂബക്കര്‍ തലക്കെട്ടുകള്‍ കെട്ടിയുണ്ടാക്കുന്നത്. ചിലപ്പോള്‍, ഗൌരവത്തില്‍ ആധുനികതാ ഭാഷയിലുള്ള തലക്കെട്ടുകളും ഉണ്ടാകാറുണ്ട്. കോക്ക് ടെയില്‍ - രുചി വ്യതിയാനങ്ങളുടെ മിശ്രിതം; സോള്‍ട്ട് ആന്റ് പെപ്പര്‍ - ഏകപക്ഷീയമായ വഞ്ചനയുടെയും കുറ്റബോധത്തിന്റെയും രാഷ്ട്രീയം; ട്രാഫിക്ക് എന്ന സിനിമ - ഒരു രാഷ്ട്രീയ കുറ്റകൃത്യം എന്നിങ്ങനെയുള്ളവയാണുദാഹരണങ്ങള്‍.

ഇന്റര്‍നെറ്റ് തലമുറക്കാര്‍ ദൈര്‍ഘ്യമുള്ള ലേഖനങ്ങള്‍ വായിക്കില്ല എന്ന പൊതുധാരണക്കു വിപരീതമായി, വേണ്ടത്ര ദൈര്‍ഘ്യമുള്ള പല ലേഖനങ്ങളും ഇക്കൂട്ടത്തില്‍ കാണാന്‍ കഴിയും. നാടന്‍ പ്രയോഗങ്ങളില്‍ എന്തെങ്കിലും കാച്ചി സ്ഥലം വിടുന്ന ബ്ളോഗെഴുത്തുകാരുടെ താഴ്ന്ന നിലവാരമുള്ള പൈങ്കിളികളല്ല അബൂബക്കറിന്റെ എഴുത്ത്. ലോകസിനിമയുടെ വാതിലുകളെല്ലാം ഡിവിഡി വിപ്ളവകാലം തുറന്നിട്ടതോടെയുണ്ടായ ആശയവിസ്ഫോടനവും മള്‍ട്ടിപ്ളെക്സ് സംസ്ക്കാരത്തിലേക്കുള്ള മാറ്റത്തിന് അരങ്ങൊരുങ്ങിക്കൊണ്ട് യുവതയിലുണ്ടായ വിസ്മയകരമായ അഭിരുചി വ്യതിയാനവുമെല്ലാം ചേര്‍ന്ന് ഇവിടെ നിശ്ചയമായും ഒരു പുതുവഴി വെട്ടലിനുള്ള ആയുധങ്ങളെല്ലാം ഒരുങ്ങി എന്നാണ് ചാപ്പാക്കുരിശ് - പുതുവഴി വെട്ടുന്നവരോട് എന്ന ലേഖനത്തില്‍ അബൂബക്കര്‍ നിരീക്ഷിക്കുന്നത്. നാലു തരത്തില്‍ ചാപ്പാക്കുരിശ് വായിച്ചുകൊണ്ടാണ് തന്റെ നിരീക്ഷണങ്ങള്‍ അദ്ദേഹം സമര്‍ത്ഥിക്കുന്നത്.

സിനിമയെ സിനിമയായി മാത്രം കാണുവാനും അങ്ങനെ റിവ്യൂ ചെയ്യാനുമാണ് പല വായനക്കാരും പറയുന്നത്, എന്നാല്‍, കേവലം സിനിമ സിനിമ മാത്രമല്ലല്ലോ. അല്ലെങ്കില്‍ സിനിമ സിനിമ തന്നെ ആണല്ലോ. ഒരു പാഠം എന്ന നിലയിലും സാംസ്കാരിക നിര്‍മിതി, കലാ നിര്‍മിതി എന്നീ നിലകളിലും അതിനെ കാണാതിരിക്കാനാവില്ല. അതുകൊണ്ടുതന്നെയാണ് പണ്ടത്തേതില്‍ നിന്ന് വിഭിന്നമായി ഇന്ന് ജനപ്രിയ സിനിമ ഏറ്റവുമേറെ പഠിക്കപ്പെടുന്നതും ഒരു സാംസ്കാരിക പഠനവസ്തുവായി വിലയിരുത്തപ്പെടുന്നതും. ചരിത്രപരവും സൈദ്ധാന്തികവും രാഷ്ട്രീയവും സാമൂഹികവും ലിംഗപരവുമായ മാനങ്ങളില്‍, നിലപാടുതറകളില്‍, പോസ്റ് മാര്‍ടെം ടേബിളിലുകളില്‍ വെച്ച് സിനിമയെയോ കവിതയെയോ കഥയെയോ പരിശോധിക്കാതിരിക്കാനാവില്ല. പക്ഷെ, ഇതിനെ ഇങ്ങനെയും വായിക്കാമെന്നല്ലാതെ, ഇങ്ങനെ മാത്രമാണ് വായിക്കേണ്ടത് എന്നിവിടെ പറയുന്നില്ല. ഇങ്ങനെയൊരു വായന സാദ്ധ്യമാണെങ്കില്‍ അതും പ്രസക്തവും നിര്‍ണായകവുമാണെന്നു മാത്രം. (കോക്ക് ടെയില്‍ - രുചി വ്യതിയാനങ്ങളുടെ മിശ്രിതം) എന്നിങ്ങനെ വളരെ സുവ്യക്തമായി അദ്ദേഹം തന്റെ നയവും ദിശാബോധവും വ്യക്തമാക്കുന്നുണ്ട്.

വാരികകളിലും മാസികകളിലും നിന്ന് വ്യത്യസ്തമായി പോര്‍ട്ടലുകളിലും ബ്ളോഗുകളിലും എന്തെങ്കിലും പോസ്റിട്ടാല്‍ (പോസ്റിയാല്‍ എന്നാണ് ബ്ളോഗ് ഭാഷ) ഉടന്‍ തന്നെ പ്രതികരണം വരും. ബി അബൂബക്കറിന് എതിരായ കമന്റുകളാണ് അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ക്ക് മിക്കപ്പോഴും ലഭിക്കാറ്. പൊതുജനത്തിന്റെ ഭാവുകത്വത്തില്‍ പരിണാമങ്ങള്‍ കാര്യമായി സംഭവിച്ചിട്ടില്ല എന്നതിന്റെ തെളിവു തന്നെയാണിത്. കണ്ടതും കണ്ടതില്‍ നിന്ന് മനസ്സിലാക്കിയതും മിണ്ടാന്‍ പറ്റൂല, മിണ്ടിപ്പോയാല്‍ തെറി വിളി, തന്തക്കു വിളി, തള്ളക്കു വിളി, തട്ടിക്കളയുമെന്ന ഭീഷണി (അവന്‍ ജനാധിപത്യത്തിന്റെ രൂപത്തിലും വരും). എന്നാണ് ഗതികെട്ട് അബൂബക്കര്‍ ഒരു ഘട്ടത്തില്‍ ഈ കമന്റുകളോട് പ്രതികരിക്കുന്നത്. കാര്യം നിസ്സാരമല്ല, ജീവന്മരണപ്പോരാട്ടമാണെന്ന് വ്യക്തമായില്ലേ! പൃഥ്വിരാജ് എന്ന പുത്തന്‍ താരം നവരസങ്ങള്‍ക്കു പുറമെ, പുഛം എന്ന പത്താമത്തെ രസം കൂടി കണ്ടു പിടിച്ച് അതില്‍ ഹരം കൊള്ളുകയാണെന്നാണ് അബൂബക്കറിന്റെ രൂക്ഷമായ പരിഹാസം.

നിരൂപണമെന്ന പേരില്‍, സിനിമയിലെ സംഭവങ്ങള്‍, സംവിധായകന്‍, കഥാപാത്രങ്ങള്‍, താരങ്ങള്‍ തുടങ്ങിയവരെ/വയെ വര്‍ഗ്ഗീയമായി വേര്‍തിരിച്ച് അവതരിപ്പിച്ച ലേഖകന് സാമാന്യബുദ്ധിയും ബോധവും ഉള്ളവരില്‍ നിന്ന് ശക്തമായ പ്രതിഷേധം നേരിടേണ്ടി വന്നു. നിരൂപണമെന്ന പേരില്‍ ഉള്ള സമൂഹത്തിനു വിനാശകരമായ സന്ദേശം പകരുന്ന, എന്റോ സള്‍ഫാന്‍ തുള്ളികള്‍ തങ്ങളുടെ ബോധമണ്ഡലത്തെ പൊള്ളിക്കുമ്പോള്‍ വായനക്കാര്‍ പ്രതികരിക്കുന്നതാണ്. എന്നാണ് കമന്റിടുന്നവരുടെ ന്യായമായി അതിലൊരാള്‍ തന്നെ വിശദീകരിച്ചിരിക്കുന്നത്. എന്തായാലും, മതനിരപേക്ഷതയിലും പുരോഗമനവിശ്വാസത്തിലും ഊന്നി ഭൂരിപക്ഷ/ന്യൂനപക്ഷ വര്‍ഗീയതകളെ കടന്നാക്രമിക്കുകയും മലയാള സിനിമയിലെ സ്ത്രീ വിരുദ്ധതയും ദളിത് വിരുദ്ധതയും മുസ്ളിം വിരുദ്ധതയും തുറന്നു കാണിക്കുകയും ചെയ്യുന്ന ശൈലിയും നിലപാടുമാണ് ബി അബൂബക്കറിന്റേതെന്നത് എടുത്തു പറയേണ്ട സംഗതിയാണ്. അതിലെ എല്ലാ അഭിപ്രായങ്ങളോടും പരിപൂര്‍ണമായി യോജിക്കുന്നു എന്നല്ല ഇതുകൊണ്ടര്‍ത്ഥമാക്കുന്നത്. പല വിയോജിപ്പുകളുമുണ്ടാകും, അല്ല ഉണ്ട്. പരസ്യക്കാര്‍ പ്രശ്നമുണ്ടാക്കുന്നു എന്നു പറഞ്ഞ് പല മലയാള സിനിമാ നിരൂപണങ്ങളും തടയുകയോ വൈകിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്ത അനുഭവങ്ങള്‍ അച്ചടി മാധ്യമങ്ങള്‍ മാത്രമുണ്ടായിരുന്ന മുന്‍കാലത്ത് സംഭവിച്ചിരുന്നുവെങ്കില്‍, സൈബര്‍ ജനാധിപത്യത്തിന്റെ പുതിയ വിഹായസ്സുകളില്‍ കൂടുതല്‍ തുറന്ന് പറയാന്‍ സധൈര്യം വിമര്‍ശകര്‍ രംഗത്തു വരിക തന്നെ ചെയ്യുമെന്നതുറപ്പാണ്. വെറുതെയാണോ, മുഖ്യധാരാ പത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ മുഴുവന്‍ അശ്ളീലത്തിന്റെ വലക്കണ്ണികളാണെന്നും മറ്റും തുടരെ തുടരെ ഫീച്ചറടിച്ചു വിടുന്നത്. അവരുടെ നിലനില്പ് ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

*
ജി പി രാമചന്ദ്രന്‍

Wednesday, December 15, 2010

പത്രാധിപരെ തേടാത്ത കവിതകള്‍

കുറച്ചുമുമ്പ് ഒരു പുസ്തകം കണ്ടതോര്‍ക്കുന്നു. 'പത്രാധിപര്‍ തിരിച്ചയച്ച കൃതികള്‍.' ബാവ താനൂരിന്റേതായിരുന്നു എന്നാണോര്‍മ. പത്രാധിപര്‍ തിരിച്ചയച്ചിട്ടും ആ കവിതകള്‍ പുസ്തകമാക്കാന്‍ ബാവ തീരുമാനിച്ചു എന്നത് കാണിക്കുന്നത് ബാവയ്ക്ക് തന്റെ കവിതകളിലുള്ള ആത്മവിശ്വാസം തന്നെയാണ്. പുസ്തകത്തിന്റെ പേരില്‍തന്നെ ഇവ പത്രാധിപന്മാരാല്‍ തിരിച്ചയക്കപ്പെട്ടതാണെന്നുകൂടി പ്രഖ്യാപിക്കുന്നതിലൂടെ പത്രാധിപര്‍ എന്ന പൊതു സംജ്ഞകൊണ്ട് മനസ്സിലാക്കുന്ന സമൂഹത്തോട് ഒരു വെല്ലുവിളി ഉയര്‍ത്തുകകൂടി ചെയ്യുന്നു, ബാവ.

ഒരു കവിത എവിടെയോ ആരുടെ മനസ്സിലോ മുളപൊട്ടുന്നു. അത് വാക്കുകളിലായി, വരികളിലായി സാക്ഷാത്കരിക്കപ്പെടുന്നു. ഇതറിയാതെ ഒരു വായനക്കാരന്‍ കാത്തിരിപ്പുണ്ട്. ഇവരുടെ ഇടയില്‍ വലിയൊരു കടലാണുള്ളത്. പരസ്പരാപരിചിതത്വത്തിന്റേതായ ഒരു കടല്‍. ഈ കടലില്‍ ഒരു പാലം തീര്‍ക്കുക എന്നതാണ് ഒരു പത്രാധിപരുടെ ദൌത്യം, ധര്‍മം. ഇത് പലപ്പോഴും സംഭവിക്കുന്നുണ്ടോ എന്ന് സംശയം തോന്നാറുണ്ട്. പ്രത്യേകിച്ചും കുറച്ചുകാലമായി മലയാളത്തിലെ ആനുകാലികങ്ങളില്‍വരുന്ന കവിതകളും ബ്ളോഗുകളില്‍ വരുന്ന കവിതകളും വായിച്ചുകൊണ്ടിരിക്കുമ്പോള്‍ അങ്ങനെ ഒരു ചിന്ത ഉള്ളില്‍ നിറയുന്നു.

ഓരോ വാക്കും വരിയും തൊടുക്കപ്പെടുന്നത് അജ്ഞാതനായൊരു വായനക്കാരനെ /വായനക്കാരിയെ ഉന്നമാക്കിയാണ്. ഇത് കൃത്യമായും ശരിയാകുന്നത് കവിതയുടെ കാര്യത്തിലാണ്. ഒരു കഥയോ നോവലോ ലക്ഷ്യം വെക്കുന്നത് ഒരു വലിയ വായനാ സമൂഹത്തെയാണ്. കവിതയാകട്ടെ ഏതോ ഒരു വായനക്കാരന്റെ ഉള്‍ക്കാതുകളെ ലക്ഷ്യമാക്കിയുള്ള ഒരു സ്വകാര്യം ആയാണ് രൂപംകൊള്ളുന്നത്. ഇപ്പറഞ്ഞതിന് പൂര്‍ണാര്‍ഥം കൈവരുന്നു, ബ്ളോഗ് കവിതകളില്‍.

സ്മിത മീനാക്ഷി 'നീയും ഞാനും' എന്ന കവിതയില്‍ എഴുതുന്നു.

'ഞാന്‍ നിന്നെയും
നീ എന്നെയും വായിക്കുമ്പോള്‍
അക്ഷരത്തെറ്റുകള്‍
പരിഭവിച്ചും പറഞ്ഞും മുന്നേറുമ്പോള്‍
ഇത്, ചിതലരിച്ചു ദ്രവിച്ചൊരു വാക്കെന്ന് ഞാന്‍
ഇവിടിതാ പരമ്പരാഗത ചിന്താവഴിയില്‍നിന്ന്
കടമെടുത്തൊരു വരിയെന്ന് നീ...

വായിക്കുന്ന ഓരോ 'നീയും ഞാനും' അക്ഷരത്തെറ്റുകള്‍ അവരുടേതായി അനുഭവിക്കുന്നു. അതൊരിക്കലും ഞങ്ങളുടേതും നിങ്ങളുടേതുമല്ല. അത് ഓരോരുത്തരുടെയും സ്വകാര്യ അനുഭവമാകുന്നു. അക്ഷരത്തെറ്റുകള്‍ വരുത്താത്തവരായി ഏറെ പേര്‍ ഉണ്ടാവാനിടയില്ലല്ലോ.

സ്മിതയുടെതന്നെ 'വേലി' എന്ന കവിത നോക്കുക:

'വേലി
അതിരിലെ അവകാശ പ്രഖ്യാപനം
മറവിന്റെ ഹരിതക നിര്‍മിതി
പിന്നെ
സ്വാതന്ത്ര്യത്തിന്റെ നിലവിളിയും'

വേലി അത് മണ്ണിലായാലും മനസ്സിലായാലും സ്വാതന്ത്ര്യത്തിന്റെ നിലവിളി തന്നെ. എന്നാല്‍ വേലിയെ നുഴഞ്ഞുകയറ്റവും വേലിചാട്ടവുമായി ചേര്‍ത്തുവെക്കുമ്പോള്‍ അത് വ്യക്തിയുടെ സൂക്ഷ്മജീവിതവുമായി ബന്ധപ്പെടുന്ന ഒന്നായി മാറുന്നു.

സ്മിതയുടെ തന്നെ 'തനിച്ച്' എന്ന കവിതയും നഗരത്തിരക്കില്‍ തനിച്ചായി പോകുന്ന ഒരു വ്യക്തിയുടെ സ്വകാര്യ സങ്കടങ്ങള്‍ തന്നെ.

'തനിച്ചാണ്,
നഗരമധ്യത്തിലെ
തിരക്കിന്റെ തിരകളെടുത്തുപോയ
പഴയ തുരുത്തില്‍തന്നെ...
പിന്നിലളന്ന ദൂരങ്ങളത്രയും
മറവിയില്‍ കളഞ്ഞുപോയി'

കാഴ്ചക്കൊരു കാക്കച്ചിറകിന്റെ ഇരുള്‍പോലുമില്ലാതെ, കണ്ണില്‍ തിമിരമാകുന്ന വെളിച്ചം മാത്രം പകരുന്ന നഗരം. പറയുന്നത് ഒരു വ്യക്തിയുടെ കാര്യമാവുമ്പോഴും അത് ഒരുപാട് വ്യക്തികളുടേതായി മാറുന്നു.

മുംബൈ നഗരത്തിന്റെ നിരവധി കാഴ്ചകള്‍ വളരെ സൂക്ഷ്മതയോടെ, കാവ്യാത്മകമായി സന്നിവേശിപ്പിച്ച വാങ്മയ ചിത്രങ്ങളുമായാണ് സന്തോഷ് പല്ലശ്ശന ബ്ളോഗില്‍ നിലകൊള്ളുന്നത്. പക്ഷേ ഈ ചിത്രങ്ങളിലൂടെ മറ്റേതൊരു നഗരത്തിന്റെയും അതിലെ മനുഷ്യരുടെയും അതിലേറെ അതിലൂടെ മനുഷ്യന്റെ പൊതുവായ അവസ്ഥ തന്നെയാണ് സന്തോഷ് പറയുന്നത്. തന്റെ 'ദ റോഡ് ടു ചര്‍ച്ച്ഗേറ്റ്' എന്ന കവിതയില്‍ നഗരത്തിന്റെ ഒരിക്കലും വറ്റാത്ത ഉടലൊഴുക്കിനെ ശക്തിയായി വരച്ചിടുന്നു, സന്തോഷ് പല്ലശ്ശന.

'കരയല്ലേ കരയല്ലേ നഗരമേയെന്ന്
ശബ്ദമില്ലാതെ ഒഴുകാന്‍ വിടാം
ഈ ഉടല്‍നദിയില്‍
നമ്മുടെ ഉടലിനെ'

മുംബൈ നഗരത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിച്ചവര്‍ക്കറിയാം ഉടല്‍ നദിയുടെ ഒഴുക്കും പരപ്പും. ഉടല്‍നദിയില്‍ സ്വയം ഒഴുകിത്തീരുന്നവനാണ് ഒരു ശരാശരി മുംബൈ വാസി. 'ഉടലൊഴുക്കുണ്ട് ഒരു വേനലിലും വറ്റാത്ത ഈ ജീവപ്പരപ്പിന്' എന്ന് സന്തോഷ് എഴുതുമ്പോള്‍ മുംബൈ നഗരത്തിലെ ആള്‍ത്തിരക്കിനെ ഇതിലും നന്നായി വരച്ചിടാന്‍ ആര്‍ക്കാകും എന്ന് അത്ഭുതം കൂറുന്നു ഞാന്‍.

സന്തോഷിന്റെ 'ഉപ്പ്' എന്ന കവിത പറയുന്നത്, കടലിന്റെ അടിവാരം വിട്ട് അക്വേറിയത്തിന്റെ അടിയില്‍ കുടുങ്ങിയ സ്വര്‍ണമീനിനെപ്പറ്റി.
സ്വര്‍ണമീനിനോട് സന്തോഷ് ചോദിക്കുന്നു.

'മറന്നുവോ നീ
ഉപ്പുകാറ്റിന്റെ വീട്
പവിഴപ്പുറ്റ്
കാക്കപ്പൊന്ന് ചിതറി
നിലാമുല ചുരന്നപോലെന്നും മിനുമിനുങ്ങുന്ന
ആഴി തന്നണിവയര്‍ ചുളിവ്

തന്റെ ഭൂമികയില്‍നിന്ന് പറിച്ചുമാറ്റപ്പെടുന്ന ഓരോരുത്തരും ചോദിക്കുന്ന ചോദ്യംതന്നെ. ഇത്തരം സ്വര്‍ണമീനുകളെ കാണാന്‍ നമ്മള്‍ ചുറ്റും നോക്കുക, സ്വന്തം ഉള്ളിലേക്കും.

സന്തോഷിന്റെ 'തീപിണ്ഡം' എന്ന കവിത പറയുന്നത് ലഹള -അത് വര്‍ഗീയമാവാം വംശീയമാവാം -നടക്കുന്ന തെരുവുകളെക്കുറിച്ചാണ്. ലഹള കഴിഞ്ഞ തെരുവിനെ സന്തോഷ് കണുന്നത് 'ഇപ്പോള്‍ ലോറികേറി ചതഞ്ഞ ഒരു പ്രാവിന്റെ തിരുജഡം പോലെ'യാണ്. മുംബൈയില്‍ താമസിക്കുന്ന സന്തോഷിന്റെ കവിതകളില്‍ നഗരത്തിലെ ബീഭത്സ ദൃശ്യങ്ങള്‍ നിരന്തരമായി പ്രത്യക്ഷപ്പെടുന്നു.

ബ്ളോഗ് പലരുടെയും ജീവിതത്തില്‍ ചെയ്തത് എന്താണെന്ന് വളരെ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട് സെറീന തന്റെ 'ഡിസംബര്‍' എന്ന പിറന്നാള്‍ പോസ്റ്റില്‍. കവയിത്രിയുടെ തന്നെ വാക്കുകള്‍ ഇങ്ങനെ: 'പെട്ടെന്നാരു ദിവസം അവളുടെ വീട്ടിലേക്ക് ആരൊക്കെയോ വന്നു കുറയുന്നു. കവിത, സ്നേഹം, കൂട്ട്, കള്ളം, മുറിവ്, മരുന്ന്, വഴക്ക്, പ്രണയം, സന്തോഷം, കരച്ചില്‍, പിന്നെയും സ്നേഹം, കവിത, കവിത. ഇറച്ചിക്കടയിലേക്ക് തുറക്കുന്ന ജനാലയില്‍ അവളൊരു കര്‍ട്ടന്‍ തുന്നിയിട്ടു. ഡിസംബറേ, എന്റെ വീടകം നിറയെ ഒച്ചയനക്കങ്ങള്‍ തന്നെ പ്രിയപ്പെട്ട മഞ്ഞുമാസമേ നന്ദി. ബ്ളോഗ് തുടങ്ങിയിട്ട് ഒരുവര്‍ഷം.' അതാണ് ബ്ളോഗ് പലര്‍ക്കും. ശബ്ദമില്ലാത്തവരുടെ ശബ്ദം അടച്ചിട്ട വാതിലിനുള്ളില്‍ നിന്നുയരുന്ന ഒരു ചുടുനിശ്വാസം. മൌനം കുടിയിരുന്ന വീടകം നിറയെ ഒച്ചയനക്കങ്ങള്‍.

സെറീന തന്റെ ശക്തമായ കവിതകളിലൂടെ, തീവ്രമായ അവതരണത്തിലൂടെ ബ്ളോഗിലെ നിരന്തര സാന്നിധ്യമാണ്. 'ഉപ്പിലിട്ടത്' എന്ന കവിത നോക്കുക.

'ഉപ്പെന്ന് കേട്ടപ്പോള്‍ ഉള്ളിലൊരു കടലാര്‍ത്തു
ആഴ്ന്നുകിടന്നു
കാന്താരി നീറുന്ന കയ്പ്പുവെള്ളം
കൊതിക്കല്ലുകള്‍ വന്നുകൊണ്ട
ഉടല്‍മിനുപ്പിന്റെ മുറിവായതോറും'

കല്ലേറുകൊണ്ടുവീണ മാങ്ങയില്‍നിന്ന് തുടങ്ങിയ കവിത ഏതെല്ലാം സൂക്ഷ്മതലങ്ങളില്‍ ചെന്നുതൊടുന്നു എന്ന് നോക്കുക. 'കൊതിക്കല്ലുകള്‍','ആള്‍ പിരിഞ്ഞ ഖബറിടം പോലൊരാകാശം' ഇങ്ങനെ ശക്തിയുള്ള ധാരാളം ബിംബകല്‍പ്പനകള്‍. ഒടുവില്‍ കവിത അവസാനിപ്പിക്കുന്നത് 'മരിച്ചുപോയാലും തീരാത്ത പാകപ്പെടലോ ജീവിതം'എന്ന് ആശ്ചര്യപ്പെട്ടുകൊണ്ടാണ്.

സെറീനയുടെ തന്നെ 'അടക്കം' എന്ന കവിത നോക്കുക. മരിച്ചുപോയവള്‍ക്ക് വന്ന കത്താണ് വിഷയം.

'ഹൃദയം നിലച്ചുപോകുംവിധം
അമര്‍ത്തിവെച്ച ഒരുമ്മ ഇതിലുണ്ടാവും
സ്റ്റാമ്പിലെ തലചതഞ്ഞ കറുത്ത മുദ്രയില്‍
ഒരു പൂക്കൂട ചരിഞ്ഞു കിടന്നു.'

മരിച്ചുപോയവളുടെ വിലാസത്തില്‍ ഒരു കത്ത് വന്നാല്‍ അത് കാണുന്നവരുടെയും അതെടുക്കാന്‍ നിയോഗപ്പെട്ടവരുടെയും ഒക്കെ ഉയരുന്ന ഹൃദയമിടിപ്പ് അനുഭവപ്പെടുത്തിത്തരുന്നു, ഈ കവിത. ബ്ളോഗിലെ കവികളില്‍ ഒറ്റയാനാണ് സനല്‍ ശശിധരന്‍ എന്ന സനാതനന്‍. കവിതയെക്കുറിച്ച് പഴയതും പുതിയതുമായ ധാരണകളെ തെല്ലും കൂസാതെ തന്റേതായ വഴിയില്‍ നടപ്പ് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. മൂര്‍ച്ചയുള്ള ആക്ഷേപഹാസ്യമാണ് സനാതനന്റെ ആയുധവും ശക്തിയും. 'കറിക്കത്തിദാമ്പത്യം' എന്ന ഈ കവിത ശ്രദ്ധിക്കുക.

'ഉറക്കത്തില്‍ സ്വപ്നം കണ്ടു
സ്വപ്നത്തിലവനെക്കണ്ടു
കറിക്കത്തി മോഷ്ടിച്ച് അവന്‍ തന്റെ
തലയറുത്തെടുക്കുന്നു.
നിലവിളിച്ചുണരുന്നു ഭാര്യ.
ഭയന്നു വിറച്ച് ഭര്‍ത്താവ്.
ഉറങ്ങാതിരിക്കുന്നിപ്പോള്‍ സസുഖം
കറിക്കത്തി ദാമ്പത്യം.'

ഒരേ കൂരക്ക് കീഴില്‍ താമസിക്കുമ്പോഴും മനസ്സുകൊണ്ടെങ്കിലും തന്റെ ഇണയെ കൊല്ലാന്‍ ആലോചിച്ച ദമ്പതികള്‍ ഏറെയുണ്ടാവും. പരസ്പരം അവിശ്വസിക്കുന്ന, എന്നാല്‍ ഒപ്പം പൊറുക്കേണ്ടിവരുന്ന പങ്കാളികളെ കണക്കിന് കളിയാക്കുന്നു, ഈ കവിത. അതിശയോക്തി ആക്ഷേപഹാസ്യത്തിന്റെ ഭാഗമാണല്ലോ.

സിജി സുരേന്ദ്രന്റെ 'കുടിയിറക്കല്‍' എന്ന കവിത ആ വിഷയത്തിന്റെ നമ്മള്‍ കാണാത്ത വിവക്ഷകളെ അവതരിപ്പിക്കുന്നു.

'ഞാനിതാ പലവട്ടം കുടിയിറക്കപ്പെട്ടിരിക്കുന്നു,
ആദ്യമായി അമ്മയുടെ ഉദത്തില്‍നിന്നും
പിന്നെ അച്ഛന്റെ നെഞ്ചില്‍നിന്നും
ഒടുവില്‍ ആരുടെയൊക്കെയോ മനസ്സില്‍നിന്നും
ഇപ്പോള്‍ എന്റെ ഉള്ളില്‍ നിന്നുതന്നെ'

എല്ലാ കുടിയിറക്കങ്ങളും ദുരിതങ്ങള്‍ മാത്രമാണ് തരുന്നത്. എന്നാല്‍ ഏറ്റവും വേദനാജനകം ആരുടെയെങ്കിലും മനസ്സില്‍നിന്നുള്ള കുടിയിറക്കമല്ലേ?

'എന്നെങ്കിലും ഒരിക്കല്‍ കുറിച്ചിടും
സ്വയം നാടുകടത്തപ്പെട്ടവളുടെ
ദുരിതങ്ങളെക്കുറിച്ച്
വീണ്ടും വീണ്ടും കുടിയിറക്കപ്പെട്ടതിന്റെ
വേദനയെക്കുറിച്ച്'

ബ്ളോഗില്‍ നിന്ന് ഇടക്കിടെ അപ്രത്യക്ഷമാവുകയും വീണ്ടും സജീവമാവുകയും ചെയ്യുന്ന കവയിത്രിയാണ് 'നീലാംബരി' എന്ന പേരില്‍ (നീലാംബരി' എന്ന ബ്ലോഗില്‍ - വര്‍ക്കേഴ്സ് ഫോറം‍) എഴുതുന്ന തേജസ്വിനി. ഒരുവരി എഴുതുമ്പോള്‍ പോലും ഉള്ളിലെ വിങ്ങല്‍ അതില്‍ നിറയ്ക്കുന്നു. കവിത ഉള്ളില്‍ സംഭവിക്കുകയും അത് പുറത്തുവരാന്‍ സ്വയം ഹൃദയം പിളര്‍ത്തി വഴിയൊരുക്കുകയുമാണ് തേജസ്വിനി ചെയ്യുന്നത് എന്ന് തോന്നിപ്പോകും, ആ കവിതകള്‍ വായിച്ചാല്‍. തേജസ്വിനിയുടെ 'രക്തവര്‍ണപ്പൂക്കള്‍‘ എന്ന കവിത.

'ആഴ്ന്നിറങ്ങിയ ആയുധത്തിന്റെ
മൂര്‍ച്ചയുള്ള തണുപ്പില്‍ വിറച്ച മരം
ഭൂമിക്കുമ്മയേകിയുറങ്ങുന്ന നേരം
ദാനമേകും രക്തവര്‍ണപ്പൂക്കള്‍'

ദുരന്തചിത്രങ്ങളുടെ ഘോഷയാത്രയാണ് തേജസ്വിനിയുടെ എല്ലാ കവിതകളിലും. ചതഞ്ഞരഞ്ഞ പൂക്കള്‍, കട്ടപിടിച്ച ചോരയില്‍ മുങ്ങിമരിച്ച പരാഗരേണുക്കള്‍ ഒക്കെയാണ് ഈ കവിതയിലും. എങ്കിലും കവിത അവസാനിക്കുന്നത് പ്രത്യാശയിലാണെന്നത് ആശ്വാസം തരുന്നു.

'മനോവീണയില്‍ സ്മൃതിതന്ത്രികള്‍ മീട്ടി
പാതിരാമഴയില്‍ നീലാംബരി മൂളി
ചുംബിച്ചുണര്‍ത്താന്‍ അവന്‍ വരുന്ന ദിനം
കാഴ്ചവെക്കണം ഒരു നുള്ള് പൂമ്പൊടി.'

ചെറിയ അമൂര്‍ത്തമായ കാവ്യബിംബങ്ങളിലൂടെ വലിയ ജീവിത സത്യങ്ങള്‍ മന്ത്രിക്കുന്ന കവിയാണ് ടി എ ശശി. ശശിയുടെ 'ശവത്തോല്‍' എന്ന കവിത ശ്രദ്ധിക്കുക.

'അദൃശ്യമായ ഒരു ശവത്തെ
പൊതിഞ്ഞ ഒരു തോല്
മാത്രമാകുന്നു ഉടല്‍

നടക്കുകയും ഇരിക്കുകയും
കിടക്കുകയും ചെയ്യുന്ന
ഒരു ശവത്തോല്‍'

അറിഞ്ഞോ അറിയാതെയോ നമ്മള്‍ ഒക്കെ ഉള്ളില്‍ ശവമായി കഴിഞ്ഞവരല്ലേ? അതറിഞ്ഞിട്ടും ഒന്നും ചെയ്യാന്‍ നമ്മള്‍ക്ക് കഴിയുന്നില്ല. മറ്റൊരു കവിതയാണ് 'കളവ് മുതല്‍'

'ഇക്കണ്ട മനുഷ്യരൊക്കെയും
ഒടുങ്ങിത്തീര്‍ന്നിട്ടും
ശ്മശാനങ്ങളുടെ
ശേഷിപ്പുകള്‍ ഇത്രയും
മതിയോ?

മണ്ണ് കീഴ്മേല്‍ മറിച്ചിട്ടാലും
കണ്ടെടുക്കുവാന്‍ കഴിയാതെ
ഒളിപ്പിച്ചു വെച്ച
കളവുമുതല്‍ പോലെ ചില
ശ്മശാനങ്ങള്‍.

'ഒളിപ്പിച്ചുവെച്ച കളവുമുതല്‍പോലുള്ള ശ്മശാനങ്ങള്‍' എന്ന് പറയുമ്പോള്‍ കവിത ഒരുപാട് തലങ്ങളില്‍ വായിച്ചെടുക്കേണ്ടതായിവരുന്നു.'ബുള്ളറ്റ് ഫ്രീ' എന്ന കവിത ഒരര്‍ഥത്തില്‍ ഇരുണ്ട നര്‍മത്തിലൂടെയാണ് ഒരു സത്യം അവതരിപ്പിക്കുന്നത്.

'ചര്‍ക്കയില്‍ ബാക്കിയായ
ഒരു നൂലിഴപോലും
നെഞ്ചില്‍ തൊട്ടുകൂടെന്ന്
ഗാന്ധിജിക്ക്
നിരാഹാരമായിരുന്നു.'

ഗാന്ധിജിക്ക് നിരാഹാരം തന്റെ നിര്‍ബന്ധങ്ങള്‍ പ്രകടിപ്പിക്കാനുള്ള രീതിയായിരുന്നു. 'നെഞ്ച് തുളയുമ്പോള്‍ ഒരു നൂലിഴപോലും തടസ്സമാകരുതെന്ന് ഗാന്ധിജി കരുതിയിരുന്നെന്ന് കവി. കവിത അവസാനിപ്പിക്കുന്ന രീതി നോക്കുക.

'ഗോഡ്സെയെ
അത്രക്കും അറിഞ്ഞിരുന്നു
ഗാന്ധിജി.'

'ഇട്ടിമാളു' ശക്തിയുള്ള പെണ്‍നോട്ടവുമായാണ് 'ആരാണ് ആദ്യം പിറന്നത്' എന്ന കവിതയില്‍ വരുന്നത്. അരക്കെട്ടിന്റെ വിവിധ പരിപ്രേക്ഷ്യങ്ങളിലൂടെ ഒരു പെണ്‍പക്ഷ എഴുത്ത്.

'അരക്കെട്ട് പുകയില കുറഞ്ഞതിനാണ്
സ്ത്രീധനക്കമ്മിയില്‍ അമ്മൂമ്മ
പണ്ട് പീഡിപ്പിക്കപ്പെട്ടത്

അമ്മയുടെ അരക്കെട്ടില്‍
തലേക്കെട്ടിന്റെ ബലത്തില്‍
ആരോ കൈ വെച്ചതാണ്
അവനായി പരിണമിച്ചത്'

സ്ത്രീധനവും തലേക്കെട്ടെന്ന പുരുഷ ചിഹ്നവും 'അരക്കെട്ട് കവിയുന്ന മുടിക്കുമപ്പുറം' എന്ന പ്രയോഗവും എല്ലാം കൂടി കൃത്യമായി തന്റെ പക്ഷപാതിത്വം ഇട്ടിമാളു വെളിപ്പെടുത്തുന്നു. 'കാല്‍ നോക്കികള്‍' എന്ന കവിതയില്‍ ഇട്ടിമാളു കാഴ്ച തിരിച്ചുവെച്ചിരിക്കുന്നത് ചെരുപ്പുകുത്തികള്‍ എന്ന അസ്പൃശ്യരുടെ നേര്‍ക്കാണ്. ചെരുപ്പ് നോക്കുമ്പോഴും ചെരുപ്പുകുത്തികളെ കാണാതിരിക്കുക എന്നതാണ് വിപണി സംസ്കാരം എന്ന് നമ്മോട് നിരന്തരം പറയുന്നുണ്ട്. എന്നാല്‍ കവിത വിപണിയുടെ വിളിയ്ക്കല്ല കാതോര്‍ക്കേണ്ടതെന്ന് ഈ കവിത ഓര്‍മപ്പെടുത്തുന്നു.

'ഊര്‍ന്നുവീഴുന്ന ഉടയാടകള്‍
അവര്‍ കണ്ടില്ലെന്നിരിക്കാം
പക്ഷേ, ഇളകിമാറാവുന്ന ഒരു തുന്നല്‍
അതവര്‍ നിങ്ങളെ വിളിച്ചറിയിക്കും

പരന്ന പാദങ്ങള്‍ പറയാതെ പറയുന്നത്
തള്ളയേക്കാള്‍ വളര്‍ന്ന ചൂണ്ടാണികള്‍
ഒരു പുള്ളിക്കുത്തില്‍ വിധി എഴുതുന്ന്
മറഞ്ഞിരിക്കുന്ന മറുകിന് മറയ്ക്കാനാകാത്തത്
അവരുടെ കണ്ണില്‍ അതും ശാസ്ത്രമാണ്.'

ഒടുവില്‍, 'അരുത് അങ്ങനെ പറയരുത്, വെറും ചെരുപ്പുകുത്തികളെന്ന് അവരെ അപമാനിക്കരുത്' എന്ന് കവിത അവസാനിപ്പിക്കുന്നു.

'ഒരു ചെരുപ്പുകുത്തിയുടെ ജീവിതം' എന്ന പേരില്‍ ഒരു കവിത ദിനേശന്‍ വരിക്കോളി എഴുതിയിട്ടുണ്ട്. ആളുകള്‍ ഹോളി കളിച്ചതിന്റെ ചിഹ്നങ്ങള്‍ ഉടലില്‍ പേറിക്കൊണ്ട് (കീറിപ്പറിഞ്ഞവസ്ത്രങ്ങള്‍, രക്തം പൊടിയുന്ന ദേഹം) ഒരു പെണ്‍കുട്ടി നടന്നുവരുന്നു. ഇതു കാണുന്ന ചെരുപ്പുകുത്തി ആലോചിക്കുകയാണ്.

'അവളിപ്പോള്‍ ഓര്‍ക്കുന്നുണ്ടാവുക
ആളുകളൊക്കെ ഹോളി കളിക്കുന്നവരും
ഹോളി കളിക്കുന്നവരൊക്കെ
ഇത്തരം ആള്‍ക്കൂട്ടമാണെന്നുമാവും.'

'പക്ഷേ ഞാന്‍ ഇങ്ങനെയാണ്
നിറങ്ങള്‍ ചാലിക്കാനറിയാത്ത
വരയ്ക്കാനറിയാത്ത
കൊത്തുപണികളൊന്നുമറിയാത്ത
ഒരു ചെരുപ്പുകുത്തി
തേഞ്ഞ ചെരുപ്പുകളില്‍ നോക്കുകയോ
വള്ളിപൊട്ടുന്നതില്‍
ശ്രദ്ധകേന്ദ്രീകരിക്കുകയോ തന്നെയാണ് !'

വളരെ ലളിതമായി എന്നാല്‍ ശക്തമായി ദിനേശന് പറയാനുള്ളത് പറയുന്നു. ചുറ്റും പല കളികളും നടക്കുമ്പോഴും അതിന് സാക്ഷിയാകേണ്ടിവരുമ്പോഴും ഒന്നിലും ഇടപെടാനാവാതെ നമ്മള്‍ നമ്മളുടെ ജോലി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. വാഹനമോടിച്ചുവന്ന രണ്ട് ചെറുപ്പക്കാര്‍ നടന്നുപോകുന്ന അമ്മയുടെയും മകളുടെയും ദേഹത്ത് മനഃപൂര്‍വം ചെളി തെറിപ്പിച്ചത് നിസ്സഹായനായി കണ്ടുനില്‍ക്കേണ്ടി വന്നപ്പോള്‍ ഉള്ളില്‍ ഒരു ചെരുപ്പിന്റെ വള്ളി പൊട്ടിയെന്നും അത് ഈ കവിതയായി പരിണമിച്ചെന്നും കവി.

ബ്ളോഗ്കവിതകളില്‍ സാധാരണ കാണാത്ത ഒരു വിഷയമാണ് 'കശ്മീരിലെ കല്ലുകള്‍' എന്ന കവിതയില്‍ ചിത്ര പറയുന്നത്. കവിത ഇങ്ങനെ.

'കുളത്തില്‍ കല്ലിട്ട് കളിച്ച രണ്ടു കുട്ടികള്‍
ഇന്ന് മുതിര്‍ന്നിരിക്കുന്നു
നരകയറിയിട്ടും
അവര്‍ കളി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു
കുളത്തിന് മടുത്തുകാണണം
അതിലെ ജീവികള്‍ക്ക്
കല്ലേറ് കൊണ്ടു മുറിവേറ്റിരിക്കണം
പൊറുതിമുട്ടിയവര്‍ തിരികെ എറിയുന്നത്
കുളത്തിന്റെ വയറ്റിലെ കല്ലുകള്‍ തന്നെ
രക്തത്തിന്റെ സുഗന്ധവും
മാംസത്തിന്റെ മാര്‍ദവവുമുള്ള കല്ലുകള്‍'

കശ്മീര്‍ എന്ന കുളവും അവിടെ കല്ലിട്ടു കളിക്കുന്നവരുടെ പരിണാമവും ഒക്കെ തീരെ സംസ്കരിച്ച് ശുദ്ധീകരിക്കാത്ത ഭാഷയില്‍ ഈ കവിത പറയുന്നു. കല്ലുകളുടെ കൂര്‍ത്ത അറ്റങ്ങള്‍കൊണ്ട് അവര്‍ മഞ്ഞണിഞ്ഞ ജലാശയങ്ങളുടെ ചരിത്രം കോറിയിടുന്നു എന്ന് കവയിത്രി പറയുമ്പോള്‍ കശ്മീര്‍ വിഷയത്തിന്റെ തീവ്രതയോടൊപ്പം അതിന് കവിതയുടെ ചാരുതയുമുണ്ട്.

'മറ്റാരായാലും മലയാളികളല്ല അവര്‍, നാളും നേരവും കുറിച്ച് കല്ലെറിയുകയല്ല അവരുടെ ഒരു രീതി' നമ്മുടെ പല സമരങ്ങളും വഴിപാടുകള്‍ എന്ന രീതിയില്‍ ആയിപ്പോകുന്ന ഒരു അവസ്ഥ നിലനില്‍ക്കുന്നു എന്നുള്ളതല്ലേ സത്യം. അതിന് കാരണങ്ങള്‍ എന്തൊക്കെ ആയാലും സമരങ്ങള്‍ക്ക് ആര്‍ജവം നഷ്ടപ്പെടന്നു. 'മണല്‍ക്കിനാവ്' എന്ന പേരില്‍ ബ്ളോഗ് എഴുതുന്ന രഞ്ജിത് ചെമ്മാട് മഴച്ചിത്രങ്ങള്‍കൊണ്ടൊരു കൊളാഷ് തീര്‍ത്തിട്ടുണ്ട്.

'നീ ഞാന്‍ നനയേണ്ടിയിരുന്ന മഴ!
തിരിച്ചുപൊങ്ങാനാകാതെ
മറ്റൊരിറയത്ത് ചതഞ്ഞുപെയ്യുന്ന
കണ്ണീര്‍ മഴ

നീ എന്നിലേക്കൊഴുകേണ്ട പുഴ!
തിരിച്ചൊഴുകാനാകാതെ,
പിന്നിപ്പിടഞ്ഞൊഴുക്കുവഴിയില്‍
ഒരണക്കെട്ടില്‍ വട്ടം തിരിഞ്ഞ്
ആസൂത്രണത്തിന്റെ ശുദ്ധീകരണക്കുഴലിലൂടെ
മറ്റൊരടുക്കളയിറ്റിത്തീരുന്ന
വിയര്‍പ്പുമഴ!'

എത്ര മനോഹരമായാണ് ഒരു പ്രണയഭംഗം രഞ്ജിത് വരച്ചിടുന്നത് എന്ന് നോക്കുക. സുഗമമായ ഒഴുക്കിനെ അണകെട്ടി നിര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന വട്ടംതിരിച്ചിലും ആസൂത്രണത്തിന്റെ ശുദ്ധീകരണക്കുഴലിലൂടെയുള്ള ഇറ്റിത്തീരലും ഒക്കെ.

കവിതയേത്, ജീവിതമേത് എന്ന് തിരിച്ചറിയാനാകാത്തവിധം കുഴഞ്ഞുമറിഞ്ഞതായിരുന്നു, ജോനവന്‍ എന്ന നവീന്‍ ജോര്‍ജിന്റെ ബ്ളോഗ് ജീവിതം. കവിതയും ജീവിതവും അതിനുള്ള ചൂരും ചൂടും ഉള്ള പ്രതികരണവും പ്രതി പ്രതികരണവും മൂര്‍ധന്യത്തില്‍ നില്‍ക്കെ 'ഞാന്‍ ഇനി മിണ്ടില്ല' എന്ന് പറഞ്ഞ് ജോനവന്‍പോയി. ബൂലോകത്തെ ഈ കളികള്‍ കണ്ടുനിന്നവരോ കൈയടിച്ച് പ്രോത്സാസിപ്പിച്ചവരോ കൂകി വിളിച്ചവരോ ആരും ആ യാത്ര പറച്ചിലിന്റെ അര്‍ഥം അറിഞ്ഞില്ല. ദിവസങ്ങള്‍ക്കുള്ളില്‍ ജോനവന്‍ റോഡപകടത്തില്‍ മരിച്ച വാര്‍ത്തയറിഞ്ഞപ്പോള്‍ ബൂലോകം ഞെട്ടിത്തെറിച്ചു. ജോനവന്‍ ഒരുപക്ഷേ തന്റെ യാത്രാമൊഴിയുടെ മറ്റുള്ളവര്‍ കാണാത്ത അര്‍ഥം മുന്‍കൂട്ടി അറിഞ്ഞുകാണുമായിരിക്കും. മുമ്പൊരിക്കല്‍ ഇങ്ങനെ എഴുതിയതായിരുന്നല്ലോ...

കൂട്ടിയിടിക്കാനൊരുമ്പെട്ട
രണ്ട് വേഗതകള്‍ക്കിടയില്‍
മുറിച്ചുകടക്കുന്നതിനിടെ
പെട്ടുപോയൊരു നിശ്ചലത,
ആഞ്ഞുചവിട്ടിയതിന്റെ സ്തോഭങ്ങള്‍
ഞെളിപിരിഞ്ഞെണീറ്റ്
തല്ലാനും ചീത്ത പറയാനുമടുക്കുമ്പോള്‍
പറയാനൊന്നുണ്ട്
"പൊറുക്കണം ഞാനൊരു
കവിയാണ്. സ്വപ്നജീവിയാണ്''

കവിതയില്‍ ഇങ്ങനെ എഴുതിയെങ്കിലും നേര്‍ക്കുനേര്‍ വരുന്ന രണ്ട് വേഗതകളോട് ഒരു കവിയാണ് താനെന്ന് പറയാനുള്ള ഒരു നിമിഷാര്‍ധംപോലും അദ്ദേഹത്തിന് കിട്ടിയില്ല. വാക്കുകളോടും കവിതയോടുമുള്ള സത്യസന്ധത തന്റെ ജീവിതംകൊണ്ടുതന്നെ നിറവേറ്റിക്കൊണ്ട് ജോനവന്‍ പോയി. ഇതൊരു കവിതാനിരൂപണമല്ല. അതിനുള്ള പാണ്ഡിത്യമോ പരിചയമോ എനിക്കില്ല. ഒരു ശരാശരി വായനക്കാരനായ ഞാന്‍ ബ്ളോഗ് കവിതകളിലൂടെ കടന്നുപോകുമ്പോള്‍ തോന്നിയ കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കുകയാണ് ചെയ്യുന്നത്. ഉള്ളില്‍ തറച്ച കവിതകള്‍, അതെഴുതിയ കവികള്‍; കവയിത്രികള്‍ അവരെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുക എന്നത് മാത്രമാണ് ഈ കുറിപ്പിന്റെ ദൌത്യം.

ആരെ വായിക്കുമ്പോഴും എന്ത് വായിക്കുമ്പോഴും ഒരു മുന്‍വിധി അറിയാതെ വന്നുപെടാറുണ്ട്. പത്രാധിപസമൂഹത്തിനും ഇത് ബാധകമായിരിക്കും. കൈയില്‍ വന്നുപെടുന്ന കൃതികളുടെ വെള്ളപ്പൊക്കത്തില്‍ പൊങ്ങിക്കിടക്കുന്നത് ഏത്, കനമുള്ളത് ഏത് എന്ന് തിരിച്ചറിയുക എളുപ്പമല്ല. അതുകൊണ്ട്തന്നെയാകണം മിനിമം ഗ്യാരണ്ടിയുള്ള ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ നിലവാരമില്ലാത്ത സൃഷ്ടികള്‍പോലും പ്രസിദ്ധീകരിക്കപ്പെടുന്നതും പുതിയ എഴുത്തുകാര്‍ അവര്‍ എത്ര മൌലിക പ്രതിഭകളായാലും പരിഗണിക്കപ്പെടാതെ പോവുന്നതും. ഇങ്ങനെ പരിഗണിക്കപ്പെടാതെ പോകുന്ന എഴുത്തുകാര്‍ക്കുള്ള ഒരു ജാലകമാണ് ബ്ളോഗ്. ആരുടെയും സഹായമില്ലാതെ കത്രികയ്ക്ക് അടിപ്പെട്ട് അംഗവൈകല്യം സംഭവിക്കാതെ പറയാനുള്ളത് പറയാന്‍ ഒരു വേദി.

എന്തും എഴുതാം, ആരോടും ചോദിക്കാതെ തന്നെ പോസ്റ്റ് ചെയ്യാം എന്ന കാരണം കൊണ്ടുതന്നെ വളരെ ബാലിശമായ ധാരാളം എഴുത്തുകള്‍ ബ്ളോഗില്‍ കയറി പറ്റുന്നുണ്ട്. പക്ഷേ അതോടൊപ്പം മലയാളത്തിലെ ഇന്നുള്ള നല്ല കവികള്‍ക്കൊപ്പം നില്‍ക്കാന്‍ എന്തുകൊണ്ടും പ്രാപ്തിയുള്ള എഴുത്തുകാരും ഉണ്ട്. ഇതിലെ കവികളും കവയിത്രികളും കഥാകൃത്തുക്കളും ഏറ്റവും പുതിയ തലമുറയുടെ പ്രശ്നങ്ങളെ അവരുടേതായ പുതിയ ഭാഷയില്‍ വരച്ചിടാന്‍ ശ്രമിക്കുന്നുണ്ട്. ഈ പുതിയ ഭാഷയിലേക്ക് മാറാന്‍ നമ്മുടെ അച്ചടി പ്രസിദ്ധീകരണങ്ങള്‍ ഇനിയും തയാറായിട്ടില്ലെന്ന് തോന്നുന്നു. ഈ നല്ല എഴുത്തുകാര്‍ ബ്ളോഗില്‍ തന്നെ ഒതുങ്ങിനില്‍ക്കുന്നതിന് ഇതും ഒരു കാരണമായിരിക്കും.

ബ്ളോഗില്‍ തന്നെയുള്ള എല്ലാ നല്ല എഴുത്തുകാരെയും ഈ കുറിപ്പില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞിട്ടില്ല. ആനുകാലികങ്ങളിലോ പുസ്തകരൂപത്തിലോ പ്രസിദ്ധീകരിക്കപ്പെട്ടു കഴിഞ്ഞ കുഴൂര്‍ വിത്സന്‍, ടി പി വിനോദ് തുടങ്ങിയവരെ ചേര്‍ത്തിട്ടില്ല. നല്ല കവിതകള്‍ എഴുതുന്ന ഉമ്പാച്ചി, നന്ദ, വിശാഖ് ശങ്കര്‍,നസീര്‍ കടിക്കാട്, ലതീഷ് മോഹന്‍, മയൂര, രാമചന്ദ്രന്‍ വെട്ടിക്കാട് അങ്ങനെ നിറയെ പേര് ഇതില്‍ പരാമര്‍ശവിധേയരാകാതെ പോയിട്ടുണ്ട്. ഈ കുറിപ്പിന്റെ നീളം ഇനിയും കൂടാന്‍ വയ്യെന്നത് തന്നെ കാരണം.

ആനുകാലികങ്ങളില്‍ അച്ചടിച്ചുവരുന്ന കവിതകളുടെ നിലവാരത്തകര്‍ച്ചയെക്കുറിച്ച് പലരും സംസാരിച്ച് കേട്ടിട്ടുണ്ട്. അവര്‍ ബൂലോകത്തേക്ക് ഒന്നെത്തിനോക്കിയെങ്കിലെന്ന് ആശിച്ചുകൊണ്ട് ഈ കുറിപ്പ് നിര്‍ത്തുന്നു.

*
വിനോദ്കുമാര്‍ തള്ളശേരി കടപ്പാട്: ദേശാഭിമാനി വാരിക 12 ഡിസംബര്‍ 2010