Showing posts with label ആണവ കരാര്‍. Show all posts
Showing posts with label ആണവ കരാര്‍. Show all posts

Sunday, January 12, 2014

മന്‍മോഹന്‍സിങ്ങിന്റെ "ഏറ്റവും നല്ല നിമിഷം"

"തീര്‍ച്ചയായും, എനിക്ക് ഏറ്റവും നല്ല നിമിഷം അമേരിക്കയുമായി ഒരു ആണവകരാറില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞതാണ്"- ഡിസംബര്‍ മൂന്നിന് മാധ്യമ സമ്മേളനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രസ്താവിച്ചു. മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് മാധ്യമങ്ങളെ അഭിമുഖീകരിക്കാനുള്ള ധൈര്യം നമ്മുടെ പ്രധാനമന്ത്രി കാട്ടിയത്. ഭരണരംഗത്തുണ്ടായ പരാജയങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള വൈമുഖ്യമായിരുന്നു ഈ വിടവാങ്ങല്‍ മാധ്യമസമ്മേളനത്തിന്റെ സവിശേഷത.

യുപിഎ ഭരണകാലത്തെ ഏറ്റവും വലിയ നേട്ടവും തന്റെ "ഏറ്റവും നല്ല നിമിഷ"വുമായി മന്‍മോഹന്‍സിങ് അവകാശപ്പെട്ടത് അമേരിക്കയുമായുള്ള ആണവകരാറാണ്. സ്വതന്ത്രവിദേശനയം ബലികഴിച്ച് അമേരിക്കയുടെ സാമ്രാജ്യത്വകൂടാരത്തില്‍ ഇന്ത്യയെ എത്തിച്ച നിമിഷമായാണ് ഈ നിമിഷത്തെ ചരിത്രം രേഖപ്പെടുത്താന്‍ പോകുന്നത്. 2007ല്‍ ഇന്ത്യയും അമേരിക്കയും ഒപ്പുവച്ച 123 ആണവകരാറിനെ, അതിന് അടിസ്ഥാനമായ ഒരു കരാറിനെയും ബന്ധപ്പെട്ട അമേരിക്കന്‍ നിയമത്തെയുംപറ്റി ഒന്നും പറയാതെയാണ് ഇന്ത്യാഗവണ്‍മെന്റ് ആദ്യംമുതല്‍തന്നെ അവതരിപ്പിക്കുക. ആണവ സഹകരണത്തിനായുള്ള ഒരു സാങ്കേതികരേഖ മാത്രമാണിതെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു.

2005 ജൂലൈ 18ന് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷിന്റെയും ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെയും സംയുക്തപ്രസ്താവനയാണ് യുഎസ് ഇന്ത്യ ആണവകരാറിന്റെ ആദ്യരൂപം നല്‍കിയത്. ആ പ്രസ്താവനയില്‍ പ്രാധാന്യം നല്‍കിയ "യുഎസ് ഇന്ത്യ പ്രതിരോധ സഹകരണത്തിനുള്ള ചട്ടക്കൂട് കരാറാ"ണ് ആണവ ഇടപാടിന്റെ ആധാരം. ബുഷ്-മന്‍മോഹന്‍സിങ് സംയുക്തപ്രസ്താവനയ്ക്ക് ഇരുപതുദിവസംമുമ്പാണ് പ്രതിരോധസഹകരണ കരാറുണ്ടാക്കിയത്. ഇന്ത്യയുമായുള്ള തന്ത്രപരബന്ധത്തില്‍ അമേരിക്കയെ സംബന്ധിച്ചിടത്തോളം പ്രധാനം പ്രതിരോധ, സൈനിക സഹകരണമാണെന്ന് 2001 സെപ്തംബര്‍ മുതല്‍തന്നെ അമേരിക്ക വ്യക്തമാക്കിയിരുന്നു. അമേരിക്കയെ സംബന്ധിച്ചിടത്തോളം ആണവ ഇടപാട് പ്രതിരോധബന്ധത്തിന്റെ ഭാഗമായിരുന്നു. ആണവകരാര്‍ പ്രധാനമായും ആണവോര്‍ജത്തെപ്പറ്റിയായിരുന്നില്ല; ആയിരുന്നുവെന്നത് ഇന്ത്യാഗവണ്‍മെന്റ് നല്‍കിയ വ്യാഖ്യാനമായിരുന്നു. അമേരിക്കന്‍ വ്യവസ്ഥകളില്‍, അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്കായി ഇന്ത്യയുമായി പ്രതിരോധകരാറുണ്ടാക്കിയശേഷംമാത്രമാണ് അമേരിക്ക ആണവ ഇടപാടിന് തയ്യാറായത്. ഇത് ജനങ്ങളില്‍നിന്ന് മറച്ചുപിടിക്കാനാണ് ഇന്ത്യാഗവണ്‍മെന്റ് എന്നും ശ്രമിച്ചിട്ടുള്ളത്. അമേരിക്കയെ സംബന്ധിച്ചിടത്തോളം ആണവകരാര്‍, ഇന്ത്യയുമായുള്ള ആണവസഹകരണത്തെ സംബന്ധിച്ചുള്ള ഹൈഡ് നിയമത്തിന് വിധേയമാണ്. ഇന്ത്യാഗവണ്‍മെന്റ് അന്നും ഇന്നും ഈ വസ്തുത നിഷേധിക്കുകയാണ്. ആണവോര്‍ജകാര്യത്തിലുള്ള സഹകരണത്തിന്റെ വ്യവസ്ഥകള്‍ ഹൈഡ് നിയമത്തിലുണ്ട്. അമേരിക്കയുടെ രണ്ട് പ്രധാന ഉദ്ദേശ്യങ്ങള്‍ ഹൈഡ് നിയമത്തില്‍തന്നെ വ്യക്തമായി ഉയര്‍ന്നുനില്‍ക്കുന്നു. ഇന്ത്യയുടെ വിദേശനയത്തെ അമേരിക്കയുടേതിന് അനുസൃതമാക്കുകയെന്നതാണ് പ്രധാന ഉദ്ദേശ്യം. അമേരിക്കയ്ക്ക് കൂടുതല്‍ രാഷ്ട്രീയവും തന്ത്രപരവും സൈനികവുമായ പിന്തുണ നല്‍കാന്‍ ഈ കരാര്‍ ഇന്ത്യയെ പ്രേരിപ്പിക്കും. ഇറാനെപ്പറ്റി ഹൈഡ് നിയമത്തില്‍ പ്രത്യേക പരാമര്‍ശമുണ്ട്. ഇറാനെ (ആണവപരിപാടിയില്‍നിന്ന്) പിന്തിരിപ്പിക്കാനും ഒറ്റപ്പെടുത്താനും ആവശ്യമെങ്കില്‍ ഉപരോധം ഏര്‍പ്പെടുത്താനും ഒതുക്കുവാനും ഇന്ത്യയുടെ പൂര്‍ണവും സജീവവുമായ സഹകരണം അമേരിക്ക പ്രതീക്ഷിക്കുന്നതായി ഹൈഡ് നിയമം വ്യക്തമാക്കുന്നുണ്ട്.

എന്താണ് ആണവകരാറില്‍ അമേരിക്കയുടെ താല്‍പ്പര്യം, എന്തിനാണിതുണ്ടാക്കുന്നതെന്ന് വിശദീകരിച്ചത് അമേരിക്കന്‍ പക്ഷത്തുനിന്ന് കരാറിന്റെ മുഖ്യശില്‍പ്പി നിക്കോളാസ് ബേണ്‍സ് ആയിരുന്നു. അദ്ദേഹം വാഷിങ്ടണ്‍ പോസ്റ്റില്‍ 2007 ഏപ്രില്‍ 29ന് എഴുതിയ ലേഖനത്തിലായിരുന്നു ഇത്. ""നമ്മുടെ പ്രഥമ മുന്‍ഗണന ഇന്ത്യയിലെയും അമേരിക്കയിലെയും സ്വകാര്യമേഖലയിലെ ബിസിനസില്‍, വന്‍തോതില്‍ ഉണ്ടായിട്ടുള്ള വളര്‍ച്ചയ്ക്ക്, ഗവണ്‍മെന്റിന്റെ പിന്തുണ നല്‍കുകയാണ്. രണ്ടാമത്, നമുക്ക് ഒരു തന്ത്രപര സൈനികപങ്കാളിത്തം സൃഷ്ടിക്കാന്‍ വളരെ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. ഇന്ത്യയുടെ ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കാനും രണ്ടുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധബന്ധത്തിന് പൂരകമായും ആയുധവ്യാപാരത്തിന്റെ ഒരു പരമ്പര നാം പൂര്‍ത്തിയാക്കേണ്ടിയിരിക്കുന്നു"". കരാറിന്റെ യഥാര്‍ഥ സ്വഭാവം പ്രധാനമന്ത്രി പാര്‍ലമെന്റില്‍നിന്ന് മറച്ചുവച്ചു. കരാര്‍ ഉണ്ടാക്കിയശേഷവും ഇന്ത്യയുടെ ഉന്നത ഉദ്യോഗസ്ഥര്‍ ഇത് തുടര്‍ന്നു. 2007 ജൂലൈ 27ന്, കരാറിന്റെ ചില വിശദാംശങ്ങള്‍ - പൂര്‍ണരൂപമല്ല - വാഷിങ്ടണിലും ന്യൂഡല്‍ഹിയിലും കൂടിയാലോചനകള്‍ക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ പങ്കുവച്ചു. ന്യൂഡല്‍ഹിയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണനും മറ്റ് ഉദ്യോഗസ്ഥരും പറഞ്ഞത് കരാര്‍ ആണവോര്‍ജത്തെപ്പറ്റി മാത്രമായിരുന്നെന്നും കൂടിയാലോചനകളില്‍ ഒരിക്കലും ആയുധവ്യാപാരത്തെപ്പറ്റി പരാമര്‍ശമുണ്ടായിട്ടില്ലെന്നുമായിരുന്നു. ഈ പ്രസ്താവന തെറ്റിദ്ധാരണാജനകം മാത്രമായിരുന്നില്ല; വാസ്തവവിരുദ്ധവുമായിരുന്നു. അതേദിവസംതന്നെ വാഷിങ്ടണില്‍ നിക്കോളാസ് ബേണ്‍സ് നല്‍കിയ പ്രസ്താവന ഇത് തെളിയിച്ചു. കരാറിനുശേഷമുള്ള അടുത്തപടി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതല്‍ ആഴത്തിലുള്ളതാക്കുകയാണെന്ന് നിക്കോളാസ് ബേണ്‍സ് എഴുതിത്തയ്യാറാക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യ അമേരിക്കയുമായി കൂടുതല്‍ അടുത്ത സൈനികബന്ധത്തിലേക്ക് പ്രവേശിക്കുകയാണ്- ബേണ്‍സ് വിശദീകരിച്ചു. ഇന്ത്യയുടെ ഊര്‍ജസുരക്ഷയ്ക്ക് ഇറാന്‍-പാകിസ്ഥാന്‍-ഇന്ത്യ വാതകപൈപ്പ് ലൈനിനുള്ള പ്രാധാന്യം ഇന്ത്യയുടെ ഭരണാധികാരികള്‍ അംഗീകരിച്ച്, ആ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ച അവസരത്തിലായിരുന്നു ഇന്ത്യയുടെ ഊര്‍ജാവശ്യങ്ങള്‍ക്ക് അമേരിക്കന്‍ ആണവപദ്ധതിയുമായി വാഷിങ്ടണ്‍ മുന്നോട്ടുവന്നത്. ആ പദ്ധതി ഉപേക്ഷിക്കുകയെന്നുള്ളത് ആണവകരാറിന്റെ വ്യവസ്ഥകളിലൊന്നായിത്തീര്‍ന്നു. 2005 മാര്‍ച്ചില്‍ ഇന്ത്യയിലെത്തിയ അമേരിക്കയുടെ വിദേശസെക്രട്ടറി കോണ്ടലിസാ റൈസ്, ഊര്‍ജത്തിന്റെ കാര്യത്തില്‍ അമേരിക്കയുടെ സഹകരണം വാഗ്ദാനം ചെയ്തതോടൊപ്പം, ഇറാനുമായുള്ള പദ്ധതി തുടരരുതെന്ന് നിര്‍ദേശിക്കുകയുംചെയ്തു. 2005 ജൂലൈയില്‍ വാഷിങ്ടണിലേക്ക് പോകുന്നതിനുമുമ്പ് പൈപ്പ് ലൈനിനെപ്പറ്റി പ്രധാനമന്ത്രി പറഞ്ഞത്, അതിനെപ്പറ്റിയുള്ള തീരുമാനം, ഇന്ത്യ, ഇറാന്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളുടേതുമാത്രമായിരിക്കുമെന്നായിരുന്നു. ബാഹ്യകക്ഷികള്‍ക്ക് അതില്‍ ഒരു പങ്കുമില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, പ്രസിഡന്റ് ബുഷുമായി ആണവ കരാറിനെപ്പറ്റിയുള്ള സംഭാഷണങ്ങള്‍ക്കുശേഷം പൈപ്പ് ലൈന്‍ പദ്ധതി പ്രായോഗികമാണോയെന്ന് സംശയമുണ്ടെന്നും, ഇതിനുള്ള ഒത്തിരി അപകടസാധ്യതകളെപ്പറ്റി തനിക്ക് ബോധ്യമുണ്ടെന്നുമായിരുന്നു മന്‍മോഹന്‍സിങ്ങിന്റെ പ്രസ്താവന.

അമേരിക്കയുടെ സമ്മര്‍ദംമൂലം പ്രധാനമന്ത്രി അഭിപ്രായം മാറ്റിയെന്ന് വ്യക്തമായിരുന്നു. ആണവകരാറിനുള്ള ഒരു വ്യവസ്ഥയായി, ഇറാന്റെ കാര്യത്തില്‍ അമേരിക്കയോടു ചേര്‍ന്നുനില്‍ക്കാനായിരുന്നു സമ്മര്‍ദം. ആണവകരാര്‍ ഉണ്ടാക്കിയതോടെ ഇന്ത്യയുടെ പ്രതിരോധ വിപണി- ലോകത്തിലെ ഏറ്റവും വലുത്- അമേരിക്കയുടെ ആയുധ വ്യവസായികള്‍ക്ക് തുറന്നുകൊടുക്കുകയായിരുന്നു. ഇപ്പോള്‍ ബോയിങ് മുതല്‍ ലോക്ഹീഡ് മാര്‍ട്ടിന്‍വരെയുള്ള വന്‍ ആയുധക്കമ്പനികള്‍ക്ക് ഇന്ത്യയില്‍ കാര്യാലയങ്ങളുണ്ട്. ഇവയുടെ ശക്തമായ ലോബി ഇന്ത്യയുടെ ആയുധ ഇടപാടുകളെ സ്വാധീനിക്കുന്നുണ്ട്.

ഇതിനകം അമേരിക്കയില്‍നിന്ന് 10 ബില്യണ്‍ ഡോളറിനുള്ള ആയുധങ്ങള്‍ ഇറക്കുമതി ചെയ്തു. അടുത്ത മൂന്നുവര്‍ഷങ്ങളില്‍ ഇത് 50 ബില്യണ്‍ ഡോളറായി വര്‍ധിക്കുമെന്നാണ് കണക്ക്. അമേരിക്കയുമായുള്ള പ്രതിരോധ സഹകരണം ഇന്ത്യയുടെ പ്രതിരോധതന്ത്രത്തെ അമേരിക്കയുടേതിന് അനുസൃതമാക്കുകയാണ്. തുടര്‍ച്ചയായുള്ള യുഎസ്-ഇന്ത്യ സൈനികാഭ്യാസങ്ങളുടെ ലക്ഷ്യമാണിത്. ആണവകരാറിനെ വിലയിരുത്തേണ്ടത്, സൈനിക സഹകരണത്തോടും സാമ്പത്തികരംഗത്ത് അമേരിക്കന്‍ മൂലധനം സ്വാധീനം ചെലുത്തുന്നതോടുമൊപ്പമാണ്. അപകടത്തിലായിരിക്കുന്നത് ഇന്ത്യയുടെ വിദേശനയം മാത്രമല്ല, പരമാധികാരംതന്നെയാണ്. ഇതുണ്ടാക്കിയ നിമിഷമാണ്, മന്‍മോഹന്‍സിങ്ങിന്റെ "ഏറ്റവും നല്ല നിമിഷം".

*
നൈനാന്‍ കോശി ദേശാഭിമാനി

Sunday, September 22, 2013

അണിയറനീക്കം ആപല്‍ക്കരം

വിദേശ ആണവ റിയാക്ടര്‍ ഉടമകളെ ആണവബാധ്യതാ നിയമത്തിന്റെ പരിധിയില്‍നിന്ന് രക്ഷപ്പെടുത്താനുള്ള മന്‍മോഹന്‍ സര്‍ക്കാരിന്റെ അണിയറനീക്കം ആപത്ത് ക്ഷണിച്ചുവരുത്തുന്നതാണ്. ഇന്ത്യയില്‍ സ്ഥാപിക്കുന്ന ആണവ റിയാക്ടറുകള്‍ക്ക് യന്ത്രത്തകരാര്‍മൂലമോ മറ്റെന്തെങ്കിലും കാരണത്താലോ അപകടം സംഭവിച്ചാല്‍ അതുമൂലമുണ്ടാകുന്ന ബാധ്യത റിയാക്ടര്‍ ഉടമകള്‍ ഏറ്റെടുക്കണമെന്ന നിബന്ധന ഉള്‍പ്പെടുന്ന ആണവബാധ്യതാനിയമം പാര്‍ലമെന്റ് പാസാക്കുന്നതിനുമുമ്പ് ഒട്ടേറെ വാദവിവാദങ്ങള്‍ ഉണ്ടായിട്ടുള്ളതാണ്. ബാധ്യതയില്‍നിന്ന് വിദേശകമ്പനികളെ ഒഴിവാക്കണമെന്ന ആവശ്യം അമേരിക്കന്‍ ഐക്യനാടുകളുടേതാണ്. ഇന്ത്യന്‍ ജനതയുടെ കടുത്ത സമ്മര്‍ദംമൂലമാണ് ആണവബാധ്യതാനിയമം പാസാക്കാനിടയായത്. നിയമത്തില്‍ വേണ്ടത്ര വെള്ളംചേര്‍ത്താണ് പാസാക്കിയത്.

നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യതയില്‍നിന്ന് വിദേശകമ്പനികളെ ഒഴിവാക്കാന്‍ അമേരിക്ക പരമാവധി ശ്രമം നടത്തിയതാണ്. വന്‍കിടക്കാരുടെ റിയാക്ടറുകള്‍ ഇന്ത്യയില്‍ വിറ്റ് അമിതലാഭം കൊയ്തെടുക്കുന്ന കമ്പനികള്‍ക്ക് യന്ത്രത്തകരാര്‍മൂലം സംഭവിക്കുന്ന എല്ലാ നഷ്ടവും ബാധ്യതയും ഏറ്റെടുക്കാനുള്ള ധാര്‍മികവും നിയമപരവുമായ ബാധ്യതയുണ്ട്. അമേരിക്കയുമായുള്ള ആണവ സഹകരണകരാര്‍ ഒപ്പുവെയ്ക്കുന്നതിനെ ഇടതുപക്ഷം ഒറ്റക്കെട്ടായി എതിര്‍ത്തതാണ്. അതിനു മതിയായ കാരണവുമുണ്ടായിരുന്നു. എന്നാല്‍, എല്ലാ എതിര്‍പ്പുകളെയും തൃണവല്‍ഗണിച്ച് കരാറുമായി മുന്നോട്ടുപോകാനാണ് മന്‍മോഹന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അമേരിക്കയുടെ റിയാക്ടറുകള്‍ ഇന്ത്യയുടെ തലയില്‍ കെട്ടിവയ്ക്കുന്നതിനാണ് അവര്‍ക്ക് താല്‍പ്പര്യം. പരമാവധി ലാഭം മാത്രമാണ് മുതലാളിത്തത്തിന്റെ ലക്ഷ്യം. ലാഭമാര്‍ജിക്കാന്‍ കഴുത്തറുപ്പന്‍ മത്സരം അതിന്റെ കൂടപ്പിറപ്പുമാണ്. ആണവബാധ്യതയില്‍നിന്ന് വിദേശകമ്പനികളെ രക്ഷിക്കാനുള്ള അണിയറനീക്കം തിരിച്ചറിഞ്ഞ പ്രതിപക്ഷം ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പു ഫലത്തെ പ്രതികൂലമായി ബാധിക്കുമെന്ന ഭീതിമൂലം ഈ നീക്കത്തില്‍നിന്ന് താല്‍ക്കാലികമായി പിന്‍വാങ്ങിയെന്നുവേണം കരുതാന്‍. പാര്‍ലമെന്റ് പാസാക്കിയ ആണവബാധ്യതാ ബില്‍ മുറുകെപ്പിടിക്കുമെന്ന് വിദേശമന്ത്രി വിശദീകരണം നല്‍കിയിരിക്കുന്നു. എന്നാല്‍, അത് അതേപടി വിശ്വസിക്കാന്‍ പ്രയാസമാണ്. അറ്റോര്‍ണി ജനറല്‍ വഹന്‍വതിയുടെ നിയമോപദേശം തേടിയത് വെറും തമാശയല്ലല്ലോ. പുതിയ സാഹചര്യത്തില്‍ താല്‍ക്കാലികമായി സര്‍ക്കാര്‍ പിന്‍വാങ്ങിയെങ്കിലും അനുകൂലമായ അവസരം ലഭിക്കുമ്പോള്‍ ഈ നീക്കം തുടരുമെന്നുവേണം കാണാന്‍.

ഇന്ത്യക്കാവശ്യമായ എണ്ണയും പ്രകൃതിവാതകവും എവിടെനിന്ന് വാങ്ങണമെന്ന് തീരുമാനിക്കാന്‍ ഇന്ത്യക്ക് സ്വാതന്ത്ര്യമുണ്ട്. അതിന് മൂന്നാമതൊരു രാജ്യത്തിന്റെ അനുമതി ആവശ്യമില്ല. എന്നാല്‍, ഇറാനില്‍നിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്നതിന് അമേരിക്ക വിലക്ക് കല്‍പ്പിച്ചത് വിചിത്രമായ നടപടിയാണ്. അതുപോലെതന്നെ യന്ത്രത്തകരാര്‍മൂലം റിയാക്ടറുകള്‍ കേടുവന്ന് അപകടമുണ്ടായാല്‍ ഇന്ത്യക്കാരന്റെ താല്‍പ്പര്യം രക്ഷിക്കേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ ചുമതലയാണ്. വിദേശകമ്പനികളുടെ താല്‍പ്പര്യത്തിനല്ല മുന്‍ഗണന നല്‍കേണ്ടത്. സ്വാതന്ത്ര്യം, പരമാധികാരം എന്നീ പദങ്ങള്‍ക്ക് പുതിയ അര്‍ഥകല്‍പ്പനകള്‍തന്നെ വേണ്ടിവരുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സ്വാതന്ത്ര്യവും പരമാധികാരവും ഇന്ത്യക്കാരന്റെ താല്‍പ്പര്യം സംരക്ഷിക്കാനാണ് ഉപയോഗിക്കേണ്ടത്. സാമ്രാജ്യത്വശക്തികളുടെ താല്‍പ്പര്യം സംരക്ഷിക്കാനോ അവരുടെ പ്രീതി സമ്പാദിക്കാനോ ആയിക്കൂടാ.

*
ദേശാഭിമാനി മുഖപ്രസംഗം

Tuesday, January 8, 2013

ആണവകരാറിന്റെ മറുപുറം

അമേരിക്കയുമായുള്ള ആണവകരാര്‍ ഒപ്പിട്ട് നാലുവര്‍ഷം പൂര്‍ത്തിയായെങ്കിലും ഒരു യൂണിറ്റ് വൈദ്യുതി പോലും ഈ മേഖലയില്‍ നിന്ന് അധികമായി ഉല്‍പ്പാദിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ആണവനവോത്ഥാനത്തിന് സമയമായെന്നും 2020 ആകുമ്പോഴേക്കും 20,000 മെഗാവാട്ട് വൈദ്യുതിയെങ്കിലും ആണവമേഖലയില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുമെന്നും പറഞ്ഞ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ആ വാഗ്ദാനങ്ങള്‍ മറന്നുവോ? ഇടതുപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പുണ്ടായിട്ടും "നിര്‍മിച്ചെടുത്ത ഭൂരിപക്ഷം" ഉപയോഗിച്ച് അമേരിക്കയുമായുള്ള ആണവകരാറുമായി ഒന്നാം യുപിഎ സര്‍ക്കാര്‍ മുന്നോട്ട് പോയി. 2009ല്‍ ഇടതുപക്ഷത്തിന്റെ പിന്തുണയില്ലാതെതന്നെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. എന്നിട്ടും കരാറിന്റെ ഭാഗമായി ആണവോര്‍ജം ഉല്‍പ്പാദിപ്പിക്കാന്‍ മാത്രം കഴിഞ്ഞില്ല. ആരാണ് അതിന് കാരണക്കാര്‍? ജെയ്താപുരിലും ഗുജറാത്തിലും മറ്റും ഉയരുന്ന ജനകീയപ്രതിഷേധത്തേക്കാള്‍ അമേരിക്കയുടെ ബിസിനസ് താല്‍പ്പര്യങ്ങളും ലാഭക്കൊതിയുമാണ് കരാറിന്റെ ഭാഗമായുള്ള ആണവോര്‍ജ ഉല്‍പ്പാദനം ഇനിയും നടക്കാത്തതിനു പിന്നിലെന്നുകാണാം.

ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ ആണവബാധ്യതാ നിയമമാണ് അമേരിക്കന്‍ കമ്പനികളായ ജനറല്‍ ഇലക്ട്രിക്കല്‍സിന്റെയും വെസ്റ്റിങ് ഹൗസിന്റെയും ഫ്രഞ്ച് കമ്പനിയായ അറീവയുടെയും മറ്റും മുമ്പില്‍ ഇന്ത്യയുമായി ആണവബിസിനസ് നടത്താന്‍ തടസ്സമായി നില്‍ക്കുന്നത്. 2010 ആഗസ്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് അംഗീകരിച്ച സിവില്‍ബാധ്യതാ ആണവ അപകട ബില്ലാണ് ഈ കമ്പനികളുടെ ലാഭക്കൊതിക്ക് ഒരു പരിധിവരെ കടിഞ്ഞാണിടുന്നത്. ബഹുരാഷ്ട്ര ആണവക്കമ്പനികളുടെ ഉറക്കംകെടുത്തുന്ന ചില വകുപ്പുകള്‍ ഇടതുപക്ഷത്തിന്റെ സമ്മര്‍ദഫലമായി ഈ ബില്ലിന്റെ ഭാഗമായിട്ടുണ്ട്. അതിലൊന്നാണ് ആണവ അപകടമുണ്ടാകുന്ന പക്ഷം റിയാക്ടര്‍ ദാതാക്കളായ കമ്പനികളില്‍നിന്ന് ആണവനിലയനടത്തിപ്പുകാര്‍ക്ക് (ഇന്ത്യയെ സംബന്ധിച്ച് എന്‍പിസിഐഎല്‍) നഷ്ടപരിഹാരം ഈടാക്കാന്‍ അധികാരമുണ്ടായിരിക്കുമെന്ന വകുപ്പ്. അതായത് ആന്ധ്രയിലും ഗുജറാത്തിലും അമേരിക്ക സ്ഥാപിക്കാനിരിക്കുന്ന ഇഎസ്ബിഡബ്ല്യു, എ 1000 റിയാക്ടറുകള്‍ അപകടത്തില്‍ പെട്ടാല്‍ ആണവനിലയനടത്തിപ്പുകാരായ എന്‍പിസിഐഎല്ലിന് അമേരിക്കന്‍ സ്വകാര്യകമ്പനികളില്‍നിന്ന് കോടതിവഴി നഷ്ടപരിഹാരം ഈടാക്കാന്‍ കഴിയും.

വിദേശ ആണവകമ്പനികള്‍ ഈ നിയമത്തെ "മരണവാറന്റാ"യാണ് വിശേഷിപ്പിച്ചത്. ഫുക്കുഷിമയിലേതുപോലുള്ള ദുരന്തമുണ്ടായാല്‍ റിയാക്ടര്‍ വില്‍പ്പന വഴിയുണ്ടാക്കുന്ന ലാഭം മുഴുവന്‍ ഇല്ലാതാകുമെന്ന ഭയമാണ് ഈ നിയമത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ അമേരിക്കന്‍-ഫ്രഞ്ച്-റഷ്യന്‍ കമ്പനികളെ പ്രേരിപ്പിച്ചത്. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ രീതിയനുസരിച്ച് ആണവദാതാക്കളെ ബാധ്യതാനിയമത്തിന്റെ പരിധിയില്‍ പെടുത്തിയിട്ടില്ലെന്ന ന്യായവും ഈ കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു. വെസ്റ്റിങ്ഹൗസിന്റെയും ജനറല്‍ ഇലക്ട്രിക്കല്‍സിന്റെയും ഉടമകള്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെയടക്കം കണ്ട് ഇന്ത്യന്‍ ആണവബാധ്യതാനിയമത്തില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരിക്ലിന്റണും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും മന്‍മോഹന്‍സിങ്ങിനെ കണ്ട് ഇതേ ആവശ്യം ഉയര്‍ത്തി. ഇന്ത്യയുമായി ആണവബിസിനസില്‍ ഏര്‍പ്പെടാന്‍ അമേരിക്ക അവരുടെ നിയമത്തില്‍ മാറ്റം വരുത്തിയതുപോലെ ഇന്ത്യയും പാര്‍ലമെന്റ് പാസാക്കിയ നിയമത്തില്‍ മാറ്റം വരുത്തണമെന്നാണ് ഈ ബഹുരാഷ്ട്ര കമ്പനികളുടെ ആവശ്യം. എന്നാല്‍, ഫുക്കുഷിമ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നിയമത്തില്‍ മാറ്റം വരുത്തുക യുപിഎ സര്‍ക്കാരിനെ സംബന്ധിച്ച് പ്രയാസകരമാണ്.

എങ്കിലും സായിപ്പിന്റെ ആഗ്രഹം സഫലമാക്കാന്‍ മന്‍മോഹന്‍സിങ് കഴിഞ്ഞവര്‍ഷം വളഞ്ഞവഴി തന്നെ സ്വീകരിച്ചു. പാര്‍ലമെന്റ് ഒരു നിയമം പാസാക്കിയാല്‍ ആറ് മാസത്തിനകം ചട്ടങ്ങള്‍ക്ക് രൂപം നല്‍കണമെന്നാണ് രീതി. ആണവബാധ്യതാബില്ലില്‍ സര്‍ക്കാര്‍ ഈ ചട്ടം പാലിച്ചില്ല. 13 മാസത്തിന് ശേഷമാണ് ചട്ടങ്ങള്‍ വിജ്ഞാപനമായി ഇറക്കിയത്. നിയമത്തിന്റെ സത്ത തന്നെ ചോര്‍ത്തിക്കളയുംവിധമായിരുന്നു ചട്ടങ്ങളുടെ രൂപീകരണം. ആണവബാധ്യതാബില്ലില്‍ ആണവനടത്തിപ്പുകാര്‍ക്കുള്ള നഷ്ടപരിഹാരത്തിന് മാത്രമാണ് 1500 കോടിയെന്ന പരിധി നിശ്ചയിച്ചത്. ആണവദാതാക്കള്‍ നല്‍കേണ്ട നഷ്ടപരിഹാരത്തിന് പരിധി നിശ്്ചയിച്ചിരുന്നില്ല. എന്നാല്‍, 2011 നവംബറില്‍ പ്രസിദ്ധീകരിച്ച ചട്ടത്തിലെ 24(1) വകുപ്പനുസരിച്ച് ആണവദാതാക്കള്‍ നല്‍കേണ്ട ബാധ്യതയും 1500 കോടിയായി നിജപ്പെടുത്തി. 24(2) വകുപ്പനുസരിച്ച് ലൈസന്‍സ് ലഭിച്ച് (അതല്ലെങ്കില്‍ ഉല്‍പ്പന്ന ബാധ്യതാകാലം) അഞ്ച് വര്‍ഷത്തിനകം ആണവനടത്തിപ്പുകാര്‍ നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കണം. അതായത് രണ്ട് വകുപ്പും പരമാവധി സുരക്ഷ ഉറപ്പാക്കുക എന്ന ബില്ലിന്റെ ലക്ഷ്യത്തിന് എതിരാണെന്നര്‍ഥം. അതുകൊണ്ടുതന്നെ ഈ രണ്ട് വകുപ്പുകളും ഭേദഗതി ചെയ്യണമെന്ന് സിപിഐ എം നേതാവ് പി കരുണാകരന്‍ അധ്യക്ഷനായ ലോക്സഭയുടെ സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ കമ്മിറ്റി സര്‍ക്കാരിനോട് എകകണ്ഠമായി ആവശ്യപ്പെട്ടു. ആഗസ്ത് 29ന് ഈ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍വച്ചെങ്കിലും ഇതുവരെയും ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

എന്നാല്‍, ബഹുരാഷ്ട്ര ആണവകമ്പനികളെ നഷ്ടപരിഹാരം നല്‍കുന്നതില്‍നിന്ന് ഒഴിവാക്കാനുള്ള തിരക്കിട്ട ചര്‍ച്ചകളാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്. ഭാവിയില്‍ അപകടമുണ്ടായാല്‍ റിയാക്ടര്‍ കമ്പനികള്‍ നല്‍കേണ്ടിവരുന്ന നഷ്ടപരിഹാരത്തുക നല്‍കാനായി ഈ കമ്പനികളില്‍നിന്ന് വാങ്ങുന്ന റിയാക്ടറുകള്‍ക്ക് വിലകൂട്ടി നല്‍കുന്ന കാര്യമാണ് ഇന്ത്യ ചര്‍ച്ചചെയ്യുന്നതെന്ന് ഒരു ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. റിയാക്ടറിന് പണം കൂട്ടി നല്‍കുമെന്നുപറഞ്ഞാല്‍ ജനങ്ങളുടെ നികുതിപ്പണംകൊണ്ട് വിദേശകമ്പനികള്‍ നഷ്ടപരിഹാരം നല്‍കുമെന്ന് സാരം. അതായത് ഒരു റിയാക്ടറിന് കണക്കാക്കുന്ന വില ചുരുങ്ങിയത് 500 കോടി ഡോളറെന്നാണ് (27500 കോടി രൂപ) നിശ്ചയിച്ചിട്ടുള്ളത്. നഷ്ടപരിഹാരപ്പണം കമ്പനിക്ക് മുന്‍കൂട്ടി ഇന്ത്യ നല്‍കുന്നതിന്റെ ഭാഗമായി അരക്കോടി ഡോളര്‍ കൂടി നല്‍കാനാണ് ഇന്ത്യ സമ്മതിച്ചതെന്നറിയുന്നു. അതായത് റിയാക്ടറിന് 275 കോടി രൂപ വര്‍ധിപ്പിച്ച് നല്‍കുമെന്ന് സാരം. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഈ നീക്കം കണ്ടിട്ടാകണം ജെയ്താപുരില്‍ സ്ഥാപിക്കുന്ന ആറ് റിയാക്ടര്‍ നല്‍കുന്ന അറീവ കമ്പനിക്കായി റിയാക്ടര്‍ നിര്‍മിച്ചുവരുന്ന ഇഡിഎഫ് കമ്പിനി 1650 മെഗാവാട്ട് റിയാക്ടറിന്റെ വില ഇരട്ടിയിലധികമായി വര്‍ധിപ്പിച്ചത്. 330 കോടി ഡോളറിന് നല്‍കാമെന്ന് പറഞ്ഞ റിയാക്ടറിന്റെ വില ഇപ്പോള്‍ 850 കോടി ഡോളറായി വര്‍ധിപ്പിച്ചു. അമേരിക്കന്‍ കമ്പനികളുടേത് 1000 മെഗാവാട്ട് റിയാക്ടറാണെങ്കില്‍ 1650 മെഗാവാട്ട് റിയാക്ടറാണ് തങ്ങള്‍ നല്‍കുന്നതെന്നും അതിനാല്‍ വില വര്‍ധിപ്പിക്കുന്നതില്‍ തെറ്റില്ലെന്നുമാണ് ഫ്രഞ്ച് ഊര്‍ജരാക്ഷസനായ ഇഡിഎഫ് പറയുന്നത്. അതായത് റിയാക്ടറിന് വില കൂട്ടി നല്‍കുമ്പോള്‍ അതില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിക്കും വില വര്‍ധിക്കുമെന്നര്‍ഥം. യൂണിറ്റിന് എട്ട് രൂപ മുതല്‍ 12 രൂപ വരെയെന്ന വില 20 രൂപയെങ്കിലുമായി വര്‍ധിക്കും. മറ്റൊരു എന്‍റോണ്‍ ദുരന്തം ഇവിടെ ആവര്‍ത്തിക്കും. അമേരിക്കയുമായുള്ള ആണവകരാറിന്റെ മറുപുറമാണിത്. എന്നിട്ടും മന്‍മോഹന്‍സിങ് സര്‍ക്കാര്‍ അമേരിക്കന്‍വിധേയത്വം അലങ്കാരമാക്കുകയാണ്.

*
വി ബി പരമേശ്വരന്‍ ദേശാഭിമാനി 08 ജനുവരി 2013

Sunday, September 30, 2012

ആണവോര്‍ജം സമാധാനത്തിനും പുരോഗതിക്കും

എല്ലാ കിരണങ്ങളുടെയും പ്രഭവം ആസ്ട്രോണമിക്കലും കോസ്മോളജിക്കലുമാണ്. എല്ലാത്തിന്റെയും പ്രഭാവലയവും അതുതന്നെ. പ്രപഞ്ചം സ്ഥലത്തിലപാരവും കാലത്തില്‍ നിത്യവുമാണ്. പ്രപഞ്ചം ചലനാത്മകമാണ്. എല്ലാം പരസ്പരം ബന്ധപ്പെട്ട് ചലിക്കുന്നു. സൂര്യകിരണങ്ങള്‍ സൗരയൂഥ ഗ്രഹോപഗ്രഹങ്ങളിലെല്ലാം പതിക്കുന്നു. നേര്‍ പ്രതിഫലനങ്ങളായും ഗ്രഹോപഗ്രഹങ്ങള്‍ക്കുള്ളിലൂടെ അപഭ്രംശിച്ച് ചരിഞ്ഞും അനന്തക്ഷീരപഥങ്ങളില്‍നിന്നുള്ള പ്രഭാകിരണങ്ങള്‍ ലഭ്യം. ഭീമനക്ഷത്രങ്ങള്‍മുതല്‍ എളിയ ഗ്രഹങ്ങള്‍വരെയുള്ളതില്‍നിന്നെല്ലാം റേഡിയേഷനുണ്ട്. ഇതും ഭൂമിയിലെ റേഡിയോ ആക്ടീവതയുള്ള (അതിപ്രസരണമുള്ള) വികിരണങ്ങളും കൂടിച്ചേര്‍ന്ന് പ്രകൃതിയൊരുക്കുന്ന വികിരണവലയമാണ് മനുഷ്യവാസ പശ്ചാത്തലം. ബാക്ക്ഗ്രൗണ്ട് റേഡിയേഷന്‍ ഇതില്‍നിന്ന് ഉത്ഭൂതം.

ഭൂമിയിലെ സര്‍വചരാചരങ്ങളുടെയും പാലനം ആകാശം, വായു, സൂര്യന്‍, ജലം, മണ്ണ് എന്നീ പഞ്ചഭൂതങ്ങളില്‍നിന്ന് ഉത്ഭൂതമാകുന്ന വിവിധ രൂപങ്ങളിലുള്ള ഊര്‍ജം സ്വീകരിച്ചാണ്. സസ്യജന്തുജീവജാലങ്ങള്‍ എല്ലാം പഞ്ചഭൂതാത്മകമാണ്. റേഡിയേഷന്‍ തീരെയില്ലെങ്കില്‍ സങ്കല്‍പ്പിക്കാനാകാത്ത നാശമായിരിക്കും ഫലം. എന്നാല്‍, റേഡിയേഷന്റെ ആരോഗ്യപരിണാമസീമ ഉല്ലംഘിച്ചാല്‍ അതും നാശകരംതന്നെ. അയണൈസിങ് റേഡിയേഷന്‍ സ്വഭാവമുള്ള (റേഡിയോ ആക്ടീവതയുള്ള) പരമാണുക്കള്‍ യുറേനിയത്തിനു മാത്രമല്ല വേറെ പല രാസമൂലകങ്ങള്‍ക്കുമുണ്ട്. കാര്‍ബണ്‍, പൊട്ടാസ്യം തുടങ്ങി ഉദാഹരണങ്ങള്‍ ഏറെയുണ്ട്. റേഡിയേഷന്റെ തോത് നിര്‍ണയിക്കുന്നതിന് അംഗീകൃത ഇന്റര്‍നാഷണല്‍ സിസ്റ്റമുണ്ട് (ടi). പരിസരങ്ങളിലെ വികിരണത്തിന്റെ ആഗിരണസാധ്യത പലപ്പോഴും പലരിലും ഉളവാക്കുന്നത് സ്റ്റൊക്കാസ്റ്റിക് ഇഫക്ടാണ്. ചാന്‍സ് ഇഫക്ടാണ്. വികിരണം ഓരോരുത്തരിലും സൃഷ്ടിക്കുന്ന ആഘാതം വസ്തുനിഷ്ഠ ഘടകത്തോടൊപ്പം ആത്മനിഷ്ഠ ഘടകത്തെക്കൂടി ആശ്രയിച്ചിരിക്കും. ആഘാതസംബന്ധിയായി അനാവശ്യ ഭയം ഒരുവന്റെ മനസ്സിലുണ്ടായാല്‍ അത് സൃഷ്ടിക്കുന്ന പ്രത്യാഘാതം കൂടുതല്‍ വലുതായിരിക്കും. ജനമനസ്സുകളില്‍ ഇപ്രകാരം ഭയാശങ്കയും പരിഭ്രാന്തിയും എത്തിക്കുന്ന കുബുദ്ധികള്‍ മാപ്പര്‍ഹിക്കാത്ത പാതകമാണ് ചെയ്യുന്നത്.

ഭയാശങ്കള്‍ക്ക് വിധേയരായവരെ അതില്‍നിന്ന് രക്ഷിക്കാനുള്ള, ബോധ്യപ്പെടുത്തല്‍ നടത്താനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. ഇന്തോ- യുഎസ് ആണവകരാറിനെ എതിര്‍ക്കുന്നവര്‍ കൂടംകുളം ആണവനിലയത്തെ അനുകൂലിക്കുന്നതില്‍ യുക്തിയില്ലെന്ന വാദം ചിലര്‍ ഉന്നയിച്ചുകണ്ടു. യാഥാര്‍ഥ്യം നേരെമറിച്ചാണ്. അമേരിക്കയുമായുള്ള ആണവകരാറിനെ എതിര്‍ത്തവര്‍ അതില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെങ്കില്‍ കൂടംകുളം പദ്ധതിയുമായി മുന്നോട്ടുപോകണമെന്ന് ഇന്ത്യാ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുകയാണ് വേണ്ടത്. ഇന്ത്യ ആണവ നിര്‍വ്യാപനകരാറില്‍ (എന്‍പിടി) ഒപ്പിട്ട രാജ്യമല്ല. എന്‍പിടിയില്‍ ഒപ്പിടാത്ത രാജ്യങ്ങളുമായി ആണവ സാമഗ്രികളുടെ വ്യാപാരം നടത്തരുതെന്നാണ് അതിന്റെ നിബന്ധന. അതില്‍ സ്വയം അയവുവരുത്താന്‍ മാത്രമല്ല മറ്റ് ന്യൂക്ലിയര്‍ സപ്ലൈ ഗ്രൂപ്പ് (എന്‍എസ്ജി) രാജ്യങ്ങളെക്കൊണ്ടുകൂടി അയവുവരുത്തിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ് ഇന്തോ- യുഎസ് ആണവകരാര്‍ മുഖാന്തരം അമേരിക്കചെയ്തത്. ഒരു വന്‍ശക്തിയായി അംഗീകരിച്ച് ഇന്ത്യയുമായി ബന്ധം ശക്തിപ്പെടുത്താനുള്ള അമേരിക്കയുടെ സന്നദ്ധതയ്ക്ക് തെളിവായി ഇതിനെ ഇന്ത്യന്‍ ഭരണാധികാരികള്‍ ചൂണ്ടിക്കാട്ടി. യഥാര്‍ഥത്തില്‍ ഊര്‍ജശേഷിയിലും സാങ്കേതികവിദ്യയിലും മുന്‍നിര പദവി നേടുന്നതില്‍നിന്ന് ഇന്ത്യയെ തടയുക എന്നതായിരുന്നു ആണവകരാറിനു പിന്നിലെ അമേരിക്കയുടെ ഗൂഢോദ്ദേശ്യം.

1973ലെ ആണവ വിസ്ഫോടന പരീക്ഷണത്തെത്തുടര്‍ന്ന് വിലക്കിയ യുറേനിയം ലഭ്യതയും ആണവ സാങ്കേതികവിദ്യയും വിലക്കെല്ലാം നീക്കി യാഥാര്‍ഥ്യമാക്കാന്‍ പുതിയ പ്രലോഭന വാഗ്ദാനങ്ങളുമായി അമേരിക്ക സിവില്‍ ന്യൂക്ലിയര്‍ കരാറിലൂടെ ഒരുമ്പെടുന്നതിന്റെ പിന്നിലെ സാമ്രാജ്യത്വതാല്‍പ്പര്യം മനസ്സിലാക്കാന്‍ ആഗോള വര്‍ഗസമരത്തിന്റെ മൗലികപ്രമാണങ്ങള്‍ വിസ്മരിക്കാത്തവര്‍ക്കേ കഴിയൂ. വികസ്വരരാജ്യമായ ഇന്ത്യ സ്വാശ്രയത്വത്തില്‍ ഊന്നി സ്വയംപര്യാപ്തതയിലേക്ക് എത്തുന്നത് സാമ്രാജ്യത്വതാല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമാണെന്ന് അവര്‍ ഭയപ്പെട്ടിരുന്നു.

അമേരിക്കന്‍ സഹായത്തോടെ നിര്‍മിച്ച താരാപ്പുര്‍ ആണവനിലയത്തിനുള്‍പ്പെടെയുള്ള ഇന്ധനക്കരാറില്‍നിന്ന് അവര്‍ പുറകോട്ടുപോയി. മറ്റ് സഖ്യരാജ്യങ്ങളെക്കൊണ്ടുകൂടി അമേരിക്ക മുന്‍കൈയെടുത്ത് ഉപരോധം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് സ്വന്തം നിലയ്ക്ക് ആണവ സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതമായി. അത് ഉര്‍വശീശാപം ഉപകാരം എന്ന നിലയ്ക്ക് ഭവിച്ചു. അങ്ങനെ ഇന്ത്യതന്നെ വികസിപ്പിച്ചതാണ് ഇന്ന് മുഖ്യമായി ഉപയോഗിക്കുന്ന പ്രഷറൈസ്ഡ് ഹെവിവാട്ടര്‍ റിയാക്ടര്‍ (പിഎച്ച്ഡബ്ല്യുആര്‍) സാങ്കേതികവിദ്യയും അതിന്റെ യന്ത്രങ്ങളും. തുടര്‍ന്ന് ഇന്ത്യ നടത്തിയ ഗവേഷണ പരീക്ഷണങ്ങളുടെ ഫലമാണ് തോറിയം ഇന്ധനമായി ഉപയോഗിക്കാന്‍ കഴിയുന്ന ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറുകള്‍. മറ്റ് രാജ്യങ്ങള്‍ക്കൊന്നും കഴിഞ്ഞിട്ടില്ലാത്ത കാര്യമാണിത്. പരീക്ഷണാര്‍ഥം 15 മെഗാവാട്ടിന്റെ ഫാസ്റ്റ് ബ്രീഡര്‍ ടെസ്റ്റ് റിയാക്ടര്‍ (എഫ്ബിടിആര്‍) നമ്മള്‍ കല്‍പ്പാക്കത്തെ പരീക്ഷണശാലയില്‍ വിജയകരമായി പ്രവര്‍ത്തിപ്പിച്ചു. 500 മെഗാവാട്ടിന്റെ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍ (എഫ്ബിടിആര്‍) ഇപ്പോള്‍ കല്‍പ്പാക്കത്തുതന്നെ നിര്‍മാണം പുരോഗമിച്ചുവരികയാണ്. അത് വിജയകരമായി പൂര്‍ത്തീകരിച്ചാല്‍ ഇന്ത്യയില്‍, പ്രത്യേകിച്ച് കേരള, തമിഴ്നാട് തീരങ്ങളില്‍ സുലഭമായി (400 വര്‍ഷത്തെ നിക്ഷേപം ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്) ലഭിക്കുന്ന ലോഹമണലില്‍നിന്ന് തോറിയം ലഭ്യമാക്കിയാല്‍ ഇന്ത്യ ഊര്‍ജകാര്യത്തില്‍ ലോകോത്തര പദവി നേടിയെടുക്കാന്‍ ഇടയാകുമെന്നത് പലരുടെയും വിശേഷിച്ച് സാമ്രാജ്യത്വശക്തികളുടെ ഉറക്കംകെടുത്തിയേക്കാം.

പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറുകളുടെ സാങ്കേതികവിദ്യയില്‍ ഇന്ത്യ മറ്റ് രാജ്യങ്ങളേക്കാള്‍ വളരെ മുന്നിലാണ്. അണുപ്രസരണ സ്വഭാവമുള്ള മാലിന്യങ്ങളെ ഇന്ധനമായിത്തന്നെ പുനരുപയോഗം ചെയ്യുന്നതിന്റെ സാങ്കേതികവിദ്യ പരിപൂര്‍ണതയിലെത്തിക്കാന്‍ ചുരുക്കം വര്‍ഷങ്ങളിലെ ഗവേഷണ പ്രക്രിയകള്‍ പൂര്‍ത്തിയാക്കിയാല്‍ മതിയെന്ന് ബന്ധപ്പെട്ട ഇന്ത്യന്‍ ആണവശാസ്ത്രജ്ഞര്‍ പ്രതീക്ഷിച്ചിരുന്നു. എണ്ണ ഉല്‍പ്പാദകരാജ്യങ്ങള്‍ക്ക് തുറന്നുകിട്ടിയതുപോലുള്ള അഭിവൃദ്ധിയുടെ അവസരമായിരിക്കും അതിലൂടെ ഇന്ത്യക്ക് ലഭിക്കുന്നത്.

1980നു മുമ്പുവരെ നമ്മുടെ ക്രൂഡ് ഓയില്‍ ആവശ്യത്തിന്റെ 70 ശതമാനത്തിലധികം ആഭ്യന്തരമായി ഉല്‍പ്പാദിപ്പിച്ചിരുന്നു. രാജീവ്ഗാന്ധി ഭരണകാലത്ത് ബഹുരാഷ്ട്ര എണ്ണക്കമ്പനികള്‍ ആ പാതയില്‍നിന്ന് ഇന്ത്യയെ പിന്തിരിപ്പിച്ചതിന്റെ ദുരന്തഫലങ്ങളാണ് നാം ഇപ്പോള്‍ അനുഭവിക്കുന്നത്. ഇന്ത്യയിലെമ്പാടുമുള്ള ജനങ്ങളുടെ ജീവിതം തീക്ഷ്ണാനുഭവങ്ങളില്‍പ്പെട്ട് പിടയുന്നത് കാണാമല്ലോ. അമേരിക്കയുടെ ഈ ഗൂഢലക്ഷ്യം മനസ്സിലാക്കിയാണ് രാജ്യസ്നേഹികള്‍ ആണവകരാറിനെ എതിര്‍ത്തത്. അത് ആണവോര്‍ജം വേണ്ടെന്നുള്ളതുകൊണ്ടായിരുന്നില്ല; അമേരിക്കന്‍ നേതൃത്വത്തില്‍ ലോകമേധാവിത്വം നേടാനുള്ള സാമ്രാജ്യത്വനീക്കങ്ങളെ ഫലപ്രദമായി ചെറുക്കുന്നതിനാണ്. സ്വന്തം ശേഷിയില്‍ സുലഭമായി ആണവോര്‍ജം ഉല്‍പ്പാദിപ്പിക്കാനുള്ള ആത്മവിശ്വാസം ഉള്ളതുകൊണ്ടും അമേരിക്കയുടെ ആശ്രിതരാജ്യമായി ഇന്ത്യ മാറരുതെന്നുള്ള നിര്‍ബന്ധംകൊണ്ടുമായിരുന്നു.

ഇപ്പോള്‍ കൂടംകുളം വിരുദ്ധസമരക്കാര്‍ ആവശ്യപ്പെടുന്നതുപോലെ ഇന്ത്യ ആണവോര്‍ജം വേണ്ടെന്നുവച്ചാല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത്? കൂടംകുളം ഉള്‍പ്പെടെയുള്ള മുഴുവന്‍ ആണവപരിപാടികളും നിര്‍ത്തിവക്കേണ്ടിവരും. നമ്മുടെ തനതായ ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍ പദ്ധതിയും ഉപേക്ഷിക്കേണ്ടിവരും. ഇതുതന്നെയാണ് ആണവകരാര്‍വഴി നേടിയെടുക്കാന്‍ അമേരിക്ക ആഗ്രഹിച്ചത്. ഊര്‍ജരംഗത്ത് ഒരു മുന്‍നിര രാജ്യമായി ഉയരാനുള്ള ഇന്ത്യയുടെ സാധ്യതയെ തകര്‍ക്കണമെന്ന അമേരിക്കന്‍ സാമ്രാജ്യത്വതാല്‍പ്പര്യം പ്രാവര്‍ത്തികമാക്കാനാണ് അറിഞ്ഞോ അറിയാതെയോ ആണവോര്‍ജവിരുദ്ധ പ്രക്ഷോഭകരും ശ്രമിക്കുന്നത്. ഈ പ്രക്ഷോഭങ്ങള്‍ നയിക്കുന്നവര്‍ക്ക് അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങളില്‍നിന്ന് സഹായം ലഭിക്കുന്നു എന്നുള്ള വാര്‍ത്തകള്‍ ഈ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും പ്രസക്തമാണ്.

എല്ലാത്തരം വൈദ്യുതോല്‍പ്പാദനത്തെയും എതിര്‍ത്താല്‍ നമ്മുടെ വൈദ്യുതി ആവശ്യം എങ്ങനെ നിറവേറ്റപ്പെടുമെന്ന ചോദ്യത്തിന് ഇവരെല്ലാം ഒരേ ഉത്തരമാണ് പറയുന്നതെന്നത് ശ്രദ്ധാര്‍ഹമാണ്. സൗരോര്‍ജവും കാറ്റില്‍നിന്നുള്ള വൈദ്യുതിയുമാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്ന ബദല്‍. ലോകത്ത് ഒരു രാജ്യവും ഈ ഊര്‍ജസ്രോതസ്സുകള്‍ വന്‍തോതില്‍ ഉപയോഗിക്കുന്നില്ല. അതുകൊണ്ടാണ് അവയെ പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകള്‍ എന്ന് വിളിക്കുന്നത്. ഇന്നത്തെ സാങ്കേതികവിദ്യാ നിലവാരത്തില്‍ വന്‍തോതില്‍ ചെലവുകുറച്ച് തുടര്‍ച്ചയായി ഈ സ്രോതസ്സുകളില്‍നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാകില്ല. എങ്കിലും ഇവയും കഴിയുന്നത്ര ഉപയോഗപ്പെടുത്തണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതിന് സബ്സിഡി നല്‍കേണ്ടിവരുന്നതും നഷ്ടമല്ല. കാരണം ഇവ ഉപയോഗപ്പെടുത്തിയെങ്കില്‍ മാത്രമേ പടിപടിയായി അവയുടെ സാങ്കേതികവിദ്യ മെച്ചപ്പെടുത്തി ഭാവിയില്‍ ലാഭകരമായ ഉല്‍പ്പാദനത്തിലേക്ക് എത്തിക്കാനാവൂ.

ഈ ലേഖനം ആണവോര്‍ജത്തിനുവേണ്ടിയുള്ള വക്കാലത്തല്ല. കാരണം ആണവോര്‍ജത്തെമാത്രം ആശ്രയിച്ച് ഇന്ത്യയുടെ ഇന്നത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാനാവില്ല. ഇന്ത്യയില്‍ ഇന്ന് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 65 ശതമാനവും കല്‍ക്കരി, പ്രകൃതിവാതകം തുടങ്ങിയവ ഉപയോഗിച്ചുള്ള താപനിലയങ്ങളില്‍നിന്നാണ്. 20 ശതമാനത്തോളം ജലവൈദ്യുത പദ്ധതികളില്‍നിന്നുമാണ്. മൂന്നു ശതമാനംമാത്രമാണ് ആണവനിലയങ്ങളില്‍നിന്നുള്ളത്. അത് 2030 ആകുമ്പോഴേക്കും ഏഴ് ശതമാനമായി (20000 മെഗാവാട്ട്) ഉയര്‍ത്താനാണ് ഇന്ത്യ ലക്ഷ്യംവയ്ക്കുന്നത്. അതുകൊണ്ട് ആഗോളതാപനത്തിന്റെ പേരില്‍ താപനിലയത്തിന്മേലുള്ള ആശ്രിതത്വം ഉടനെ കുറയ്ക്കണമെന്ന് ആരെങ്കിലും നിര്‍ദേശിച്ചാല്‍ അതിനെ അനുകൂലിക്കാനാകില്ല.

വരുന്ന ഒന്നിലധികം ദശാബ്ദക്കാലത്തേക്കെങ്കിലും താപവൈദ്യുതോല്‍പ്പാദനത്തിനുതന്നെ ഇന്ത്യക്ക് ഊന്നല്‍ നല്‍കേണ്ടിവരും. ജലവൈദ്യുതപദ്ധതിക്ക് രണ്ടാം പരിഗണന നല്‍കണം. കാരണം, അതിന്റെ സാധ്യതയുടെ 70 ശതമാനമെങ്കിലും നാമിപ്പോഴും ഉപയോഗപ്പെടുത്താതെ നഷ്ടപ്പെടുത്തുകയാണ്. കേരളംപോലെ കല്‍ക്കരി, എണ്ണ നിക്ഷേപങ്ങള്‍ ഇല്ലാത്തതും നദികള്‍ നിരവധി ഉള്ളതുമായ സംസ്ഥാനങ്ങളില്‍ ജലവൈദ്യുതിക്ക് ഒന്നാമത്തെ പരിഗണന നല്‍കേണ്ടിവരും. ഇതോടൊപ്പം ആണവവൈദ്യുതി ഉല്‍പ്പാദനവും മെച്ചപ്പെടുത്തണം. അതായത്, ജലവൈദ്യുതിക്കും താപവൈദ്യുതിക്കും വേണ്ടത്ര മുന്‍ഗണന നല്‍കിയും ആണവവൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിച്ചുമാണ് ഇന്ത്യയുടെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയുന്നത്. പവനോര്‍ജത്തിന് (Wind Energy) ഇന്ത്യയില്‍ ഏഴ് ശതമാനം സ്ഥാപിതശേഷി ഉണ്ടെങ്കിലും അതില്‍നിന്ന് പൊതു ഗ്രിഡിലേക്ക് ലഭിക്കുന്നത് 1.6 ശതമാനം മാത്രമാണ്. സൗരോര്‍ജം പല സ്ഥാപനങ്ങളും വീടുകളും ഉല്‍പ്പാദിപ്പിച്ച് ഉപയോഗിക്കുന്നുണ്ടെങ്കിലും പൊതു ഗ്രിഡിലേക്ക് നല്‍കപ്പെടുന്നില്ല. ഈ പരിമിതികള്‍ മറികടക്കാനും പാരമ്പര്യേതര ഊര്‍ജസ്രോതസുകള്‍ വികസിപ്പിക്കാനും തുടര്‍ പരിശ്രമങ്ങള്‍ വേണം.

ആണവവൈദ്യുതിയെ എതിര്‍ക്കുന്നവര്‍ മുന്നോട്ടുവയ്ക്കുന്ന പല വാദങ്ങളും തികച്ചും പരിഹാസ്യമാണ്. അവരുടെ ഏതാനും വിമര്‍ശനങ്ങളും അതു സംബന്ധിച്ച യാഥാര്‍ഥ്യങ്ങളും താഴെ കൊടുക്കുന്നു.

വിമര്‍ശം: ലോകത്തുള്ള 205 രാജ്യങ്ങളില്‍ 31 രാജ്യം മാത്രമാണ് ആണവവൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്.

യാഥാര്‍ഥ്യം: ബാക്കിയുള്ള രാജ്യങ്ങള്‍ക്ക് അതിനുള്ള സാങ്കേതിക- സാമ്പത്തിക ശേഷിയില്ല. വികസിതരാജ്യങ്ങളാണ് പ്രധാനമായും ആണവവൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്.

വിമര്‍ശം: ലോക യുറേനിയം നിക്ഷേപത്തിലെ 23 ശതമാനവും ഉള്ള ഓസ്ട്രേലിയയില്‍ ആണവനിലയങ്ങള്‍ ഇല്ല.

യാഥാര്‍ഥ്യം: അവര്‍ക്ക് വിലകുറച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന കല്‍ക്കരി, പ്രകൃതിവാതക നിക്ഷേപങ്ങള്‍ സുലഭമായുണ്ട്. കല്‍ക്കരി വന്‍തോതില്‍ കയറ്റുമതിചെയ്യുന്ന രാജ്യമാണ് ഓസ്ട്രേലിയ.

വിമര്‍ശം: ലോക വൈദ്യുതി ആവശ്യത്തിന്റെ ഏഴ് ശതമാനം മാത്രമാണ് ആണവോര്‍ജംവഴി ഉല്‍പ്പാദിപ്പിക്കുന്നത്.

യാഥാര്‍ഥ്യം: വികസിതരാജ്യങ്ങള്‍ എടുത്താല്‍ 25-30 ശതമാനം ആണവവൈദ്യുതിയാണ്. ഫ്രാന്‍സില്‍ 80 ശതമാനം വൈദ്യുതിയും ആണവനിലയങ്ങളില്‍നിന്നാണ്. ആണവവൈദ്യുതി ഉല്‍പ്പാദിപ്പിക്കാത്ത രാജ്യങ്ങളെ ചേര്‍ത്ത് ശരാശരി എടുക്കുന്നതില്‍ അര്‍ഥമില്ല.

വിമര്‍ശം: ഏറ്റവും ചെലവുകുറഞ്ഞ വൈദ്യുതി ഉല്‍പ്പാദനമാര്‍ഗമാണ് ആണവനിലയങ്ങളെന്ന വാദം ശരിയല്ല.

യാഥാര്‍ഥ്യം: അങ്ങനെ ഒരു വാദം ഇല്ല. എന്നാല്‍, ഇന്നത്തെ നിലയ്ക്ക് സൗരവൈദ്യുതിയേക്കാളും കാറ്റില്‍നിന്നുള്ള വൈദ്യുതിയേക്കാളും ചെലവു കുറഞ്ഞതാണ് ആണവവൈദ്യുതി. ചെലവ് കൂടിയതുകൊണ്ട് ആണവവൈദ്യുതിയോ സൗരവൈദ്യുതിയോ കാറ്റില്‍നിന്നുമുള്ള വൈദ്യുതിയോ വേണ്ടെന്നുവച്ചാല്‍ അവയുടെ സാങ്കേതികവിദ്യ മെച്ചപ്പെടുത്താന്‍ കഴിയില്ല.

വിമര്‍ശം :ആണവനിലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളിലെല്ലാം രക്താര്‍ബുദം, തൈറോയ്ഡ്, ക്യാന്‍സര്‍ തുടങ്ങിയ മാരകരോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നതായി പഠനറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു എന്നാണ് പ്രചരിക്കുന്ന മറ്റൊരു വിമര്‍ശം.
ആരുടേതാണെന്ന് വ്യക്തമാക്കാതെയുള്ള "പഠനറിപ്പോര്‍ട്ടു"കളുടെ പേരില്‍ ഇത്തരം അബദ്ധധാരണകള്‍ വന്‍തോതില്‍ പ്രചരിപ്പിക്കുന്നുണ്ട്. പാരീസ് നഗരത്തിനുള്ളില്‍ത്തന്നെ ആണവനിലയം പ്രവര്‍ത്തിക്കുന്നുണ്ട്. ബ്രിട്ടീഷ് പരിസ്ഥിതി പ്രവര്‍ത്തകനായ ജോര്‍ജ് മോണ്‍ ബയോട് 2011 മാര്‍ച്ച് 21ന്റെ ഗാര്‍ഡിയന്‍ പത്രത്തില്‍ എഴുതി: "ഫുക്കുഷിമ ദുരന്തത്തിനുശേഷം ഞാന്‍ ആണവനിഷ്പക്ഷനല്ലാതായി. ഞാനിപ്പോള്‍ ആണവ സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്നു". ഇത്രയും പഴക്കമുള്ളതും വേണ്ടത്ര സുരക്ഷാ സൗകര്യങ്ങള്‍ ഇല്ലാത്തതുമായ പ്ലാന്റ് തകര്‍ന്നിട്ടും ഒരാള്‍ക്കും മാരകമായ റേഡിയേഷന്‍ ഏറ്റില്ല എന്നതാണ് അതിനു കാരണമായി അദ്ദേഹം പറഞ്ഞത്.

റാന്‍ടല്‍ മണ്‍റോ ഇന്റര്‍നെറ്റില്‍ പ്രസിദ്ധപ്പെടുത്തിയ താരതമ്യപഠനം  പറയുന്നത് ന്യൂക്ലിയര്‍പ്ലാന്റിന് 50 മൈല്‍ ദൂരത്തിനുള്ളില്‍ ജീവിച്ചാല്‍ ഏല്‍ക്കുന്ന വാര്‍ഷിക റേഡിയേഷന്‍ ഒരു ചിങ്ങന്‍പഴം തിന്നുമ്പോഴുള്ളതു  മാത്രമാണെന്നാണ്. ഫുക്കുഷിമ ദുരന്തത്തിനുശേഷം ടോക്യോ നിവാസികള്‍ക്ക് ഏല്‍ക്കേണ്ടിവന്നത് ശരീരത്തിലെ സ്വാഭാവികമായുള്ള വികിരണശേഷിയുള്ള പൊട്ടാസിയത്തില്‍നിന്ന് ഒരുവര്‍ഷം ലഭിക്കുന്ന റേഡിയേഷന്റെ പത്തിലൊന്ന് (ഏതാണ്ട് 40 സീവേര്‍ട്സ്) മാത്രമാണ്. ത്രീമൈല്‍ ഐലന്റ് അപകടത്തെത്തുടര്‍ന്നുണ്ടായ പരമാവധി വികിരണം സാധാരണ ചുറ്റുപാടുകളില്‍ ലഭിക്കുന്ന റേഡിയേഷന്റെ (അതിന്റെ 85 ശതമാനം പ്രകൃതി സ്രോതസ്സുകളില്‍നിന്നും ബാക്കി മെഡിക്കല്‍ സ്കാനുകളില്‍നിന്നും) നാലിലൊന്നുമാത്രമാണ്. ഈ കണക്കുകള്‍ നല്‍കുന്നത് അപകടം ഉണ്ടായാലുള്ള ഗൗരവം കുറയ്ക്കാനല്ലെന്നും ഒരു കാഴ്ചപ്പാട് നല്‍കാന്‍ മാത്രമാണെന്നും മോണ്‍ ബയോട് എഴുതുന്നു.

ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടനുസരിച്ച് മാരകരോഗങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നത് ക്യാന്‍സര്‍, ഹൃദ്രോഗം, ഡയബറ്റിക്സ് എന്നിവയാണ്. വിമര്‍ശകര്‍ പറയുമ്പോലെ ആണവനിലയങ്ങള്‍ അപൂര്‍വമായിരിക്കെ ഈ രോഗങ്ങള്‍ ഉണ്ടാകുന്നത് ആണവനിലയങ്ങള്‍ കാരണമല്ലെന്നുള്ളത് വ്യക്തമാണല്ലോ. സിടി സ്കാന്‍, എംആര്‍ഐ സ്കാന്‍, അള്‍ട്രാ സൗണ്ട് സ്കാന്‍, എക്സ്-റേ ഇവയെല്ലാം കൂടുതലായെടുക്കുന്നത് ശരീരം ഏറ്റുവാങ്ങുന്ന റേഡിയേഷന്റെ അളവ് വര്‍ധിക്കാനിടയാക്കും. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഐസോടോപ്പുകളുടെ ആധിക്യവും അനുവദനീയമായതിലധികം വികിരണത്തിന് ഇടയാക്കും. ഇതെല്ലാംമൂലമാണ് ക്യാന്‍സര്‍ ഒന്നാമത്തെ മാരകരോഗമായി മാറിയത്. സ്വാഭാവികമായും നഗരങ്ങളിലുള്ളവരാണ് ഇതിന് കൂടുതല്‍ ഇരകളാകുന്നത്.

വിമര്‍ശം: 140 ഡിഗ്രി ചൂടിലാണ് ആണവനിലയത്തില്‍നിന്ന് ആണവ മാലിന്യമുള്ള ജലം കടലിലേക്ക് ഒഴുക്കുന്നത്. സമീപപ്രദേശത്തുള്ള കടലിന്റെ താപനില ഏതാണ്ട് 13 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിക്കും.

യാഥാര്‍ഥ്യം: വെള്ളത്തിന് 140 ഡിഗ്രി ചൂട് എന്നുപറയുന്നത് അസംബന്ധം. ആണവ റിയാക്ടറിന്റെ കേന്ദ്രത്തെ തണുപ്പിക്കുന്ന വെള്ളത്തില്‍ മാത്രമേ ആണവമാലിന്യം കലരൂ. അത് പുറത്തേക്ക് വിടുന്നില്ല. കടലില്‍നിന്നുള്ള വെള്ളം റിയാക്ടറിന്റെ പുറമെ തണുപ്പിക്കാനാണ് ഉപയോഗിക്കുന്നത്. അതില്‍ ആണവമാലിന്യം കലരില്ല. ആ വെള്ളത്തിനാകട്ടെ, കടലിലേക്കൊഴുകിയെത്തുമ്പോള്‍ അന്തരീക്ഷത്തിലുള്ളതിനേക്കാള്‍ അധികം ചൂട് ഉണ്ടാകില്ല. കടലിനടിയില്‍ അഗ്നിപര്‍വത സ്ഫോടനങ്ങള്‍ ഉണ്ടാകാറുണ്ട്. ഉഷ്ണജല പ്രവാഹങ്ങളുണ്ട്. ഇതെല്ലാം വിസ്മരിച്ചാണ് ഇത്തരം ഭീതികള്‍ പ്രചരിപ്പിക്കുന്നത്.

വിമര്‍ശം: 1000 മെഗാവാട്ട് ശേഷിയുള്ള ഒരു ആണവനിലയം ഒരു വര്‍ഷം കുറഞ്ഞത് 30 ടണ്‍ ആണവമാലിന്യം പുറന്തള്ളും. ക്യാന്‍സറും ജനിതക വൈകല്യങ്ങളും സൃഷ്ടിക്കുന്ന ഇതിനെയാണ് കടലിലേക്ക് തള്ളുന്നത്.

യാഥാര്‍ഥ്യം: ആണവമാലിന്യം വലിയ സിമന്റ് അറകളില്‍ നിരവധി മീറ്റര്‍ ആഴമുള്ള കുഴിയിലാണ് നിക്ഷേപിക്കുന്നതെന്നും അത് ചെലവേറിയ ഏര്‍പ്പാടാണെന്നും ആണവനിലയത്തിന്റെ ചെലവ് കണക്കുകൂട്ടുമ്പോള്‍ അതുകൂടി കൂട്ടണമെന്നും ഇവര്‍തന്നെ എഴുതുന്നു. കടലില്‍ തള്ളുന്നു എന്നതിന് അടിസ്ഥാനമില്ലെന്ന് വിമര്‍ശകര്‍ക്കുതന്നെ അറിയാം.

വിമര്‍ശം: ആണവവികിരണം തണുപ്പിക്കാന്‍ ഉപയോഗിച്ച 12,000 ടണ്‍ വെള്ളം ഫുക്കുഷിമ നിലയത്തിന്റെ ബേസ്മെന്റില്‍ കെട്ടിക്കിടക്കുകയാണ്. ഇതില്‍ ആറ് ശതമാനം പ്ലൂട്ടോണിയം അടങ്ങിയ മോക്സ് എന്ന ആണവവസ്തുവാണ്. ഹിരോഷിമയില്‍ പതിച്ച അണുബോംബിനേക്കാള്‍ പതിന്മടങ്ങ് അപകടകാരിയാണ് ഈ കെട്ടിക്കിടക്കുന്ന ജലം.
യാഥാര്‍ഥ്യം: ഫുക്കുഷിമയില്‍ സുനാമിയും ഭൂകമ്പവും (റിച്ചര്‍ സ്കെയിലില്‍ 10.5) മൂലം സപ്ലൈ നിലയ്ക്കുകയും തന്മൂലം തണുപ്പിക്കല്‍ സംവിധാനം തകരാറിലാവുകയും ചെയ്തതാണ് ചൂടുകൂടി റിയാക്ടര്‍ കേന്ദ്രം കത്തിനശിക്കാന്‍ ഇടയായത്. എന്നാല്‍, വൈദ്യുതിയില്ലാതെ സ്വാഭാവികമായ വായുപ്രവാഹം വഴി തണുപ്പിക്കല്‍ ഉറപ്പാക്കുന്ന സംവിധാനമാണ് കൂടംകുളത്തെ റിയാക്ടറിനുള്ളത്.

വിമര്‍ശം: 2012 മെയ് 12ന് ജപ്പാന്‍ തങ്ങളുടെ 54 ആണവനിലയവും ജര്‍മനി 17 നിലയവും അടച്ചുപൂട്ടി.


യാഥാര്‍ഥ്യം: ഫുക്കുഷിമ ദുരന്തത്തെത്തുടര്‍ന്ന് ജപ്പാന്‍ ആണവനിലയങ്ങള്‍ അടച്ചുപൂട്ടിയെങ്കിലും എട്ടെണ്ണം പ്രവര്‍ത്തനം പുനരാരംഭിച്ചു. ഫുക്കുഷിമ അടക്കമുള്ള ബാക്കി നിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള തയ്യാറെടുപ്പാണ് ജപ്പാന്‍ നടത്തുന്നത്.ജര്‍മനി 2030ല്‍ അടച്ചുപൂട്ടും എന്നാണ് പറഞ്ഞത്. അതുവരെ പ്രവര്‍ത്തിക്കും എന്നുകൂടിയാണ് അതിനര്‍ഥം.

വിമര്‍ശം: ഇന്ത്യാ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന വള്‍നറബിലിറ്റി അറ്റ്ലസ് പ്രകാരം മേഖല-3ല്‍ പെടുന്ന ഭൂകമ്പ സാധ്യതയുള്ള പ്രദേശമാണ് കൂടംകുളം. കൂടംകുളം എന്ന പ്രദേശം ഒരു കാരണവശാലും ആണവനിലയത്തിന് പറ്റിയതേയല്ല.

യാഥാര്‍ഥ്യം: മേഖല രണ്ടിലാണ് കൂടംകുളം സ്ഥിതിചെയ്യുന്നത്. അത് ഭൂകമ്പസാധ്യത കുറവുള്ള പ്രദേശമാണ്. കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ അവിടെ വലിയ ഭൂചലനങ്ങള്‍ അനുഭവപ്പെട്ടിട്ടില്ല.

വിമര്‍ശം: കൂടംകുളത്ത് ഉപയോഗിക്കുന്ന വിവിഇആര്‍ 1000 എന്ന മോഡല്‍ നിലയത്തിന് പല സാങ്കേതിക തകരാറുകളും ഉള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. ആണവ സാങ്കേതികവിദ്യയില്‍ ഫ്രാന്‍സും അമേരിക്കയുമാണ് റഷ്യയേക്കാള്‍ മുന്നിട്ടുനില്‍ക്കുന്നത്. നിലയത്തിന്റെ പ്രധാന ഭാഗത്ത് വെല്‍ഡിങ്ങുകള്‍ പാടില്ല എന്നാണ് കരാര്‍ വ്യവസ്ഥ. എന്നാല്‍, വെല്‍ഡിങ്ങുകള്‍ ഉള്ള റിയാക്ടറുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കാന്‍ പോകുന്നത്.

യാഥാര്‍ഥ്യം: കൂടംകുളത്ത് പ്രവര്‍ത്തിക്കാന്‍ പോകുന്ന യന്ത്രം സുരക്ഷാ ക്രമീകരണങ്ങള്‍ ഫുക്കുഷിമയുടെ അനുഭവ പശ്ചാത്തലത്തില്‍ മെച്ചപ്പെടുത്തിയ ഒന്നാണ്. ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സിയുടെപോലും പരിശോധനയ്ക്ക് വിധേയമാകുന്ന നിലയത്തില്‍ വെല്‍ഡിങ് പാടില്ലെന്ന വ്യവസ്ഥപോലും പാലിക്കുന്നില്ലെന്ന വാദത്തെ ബാലിശമെന്നു വിളിച്ചാല്‍പോരാ. പട്ടിയുടെ തുടലറ്റുപോവുകയും അത് നദി കുടിച്ചുവറ്റിക്കുകയും ചെയ്താല്‍ കടി പറ്റിയതുതന്നെ എന്നാലോചിച്ച് പുതിയ കുട അടിച്ചൊടിച്ച് പട്ടിയെ അടിക്കാന്‍ കുടക്കാലുമായി നിന്ന പഴയ കഥയിലെ പട്ടരുടെ വാദമാണത്.

വിമര്‍ശം: ഇന്ത്യന്‍ ആണവോര്‍ജ ഏജന്‍സി സുരക്ഷാകാര്യങ്ങളില്‍ ഇപ്പോഴുള്ള അനാസ്ഥ തുടര്‍ന്നാല്‍ ചെര്‍ണോബിളും ഫുക്കുഷിമയും ഇവിടെ ആവര്‍ത്തിക്കുമെന്ന് സിഎജി അതിന്റെ ഓഡിറ്റില്‍ മുന്നറിയിപ്പ് നല്‍കി.

യാഥാര്‍ഥ്യം: സിവില്‍ ആണവനിലയങ്ങള്‍ക്ക് ഇന്ത്യന്‍ ആണവോര്‍ജ ഏജന്‍സിയുടെ മാനദണ്ഡങ്ങള്‍ക്കുമേല്‍ അന്താരാഷ്ട്ര ആറ്റമിക് എനര്‍ജി ഏജന്‍സിയുടെകൂടി മേല്‍നോട്ടം ഉണ്ട്. സിഎജി കണക്കുകള്‍ ഓഡിറ്റുചെയ്യുന്നത് ഉദ്യോഗസ്ഥന്‍മാത്രം ആണെന്നുള്ളതുപോലും വിമര്‍ശം ഉന്നയിക്കുമ്പോള്‍ വിസ്മരിക്കുന്നു.

ആണവവികിരണ ഭീഷണിയെപ്പറ്റി പര്‍വതീകരിച്ച് പ്രചരിപ്പിക്കുന്നവര്‍ പ്രപഞ്ചത്തില്‍ ആകെ വികിരണം ഉണ്ടെന്നും വികിരണമാണ് എല്ലാ ജീവികളുടെയും ജീവന് ആധാരമെന്നുമുള്ള കാര്യം വിസ്മരിക്കുന്നു. അത് പ്രത്യേക പരിധി കടക്കുകയും തുടര്‍ച്ചയായി ഏല്‍ക്കുകയും ചെയ്യുമ്പോഴാണ് ആപല്‍ക്കരമാകുന്നത്.

വികസിത സാമ്രാജ്യത്വ രാജ്യങ്ങളില്‍നിന്ന് സാമ്പത്തിക രാഷ്ട്രീയ ബലാബലം വികസ്വരരാജ്യങ്ങളിലേക്ക് മാറുന്നു എന്നത് ഇന്നത്തെ ലോകരാഷ്ട്രീയത്തിലെ ശ്രദ്ധാര്‍ഹമായ ഒരു പ്രതിഭാസമാണ്. അത് സാമ്പത്തികനയങ്ങളോ രാഷ്ട്രീയനിലപാടുകളോ യുദ്ധമോ വികസ്വരരാജ്യങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള അവരുടെ ശേഷിയെ ദുര്‍ബലമാക്കുന്നു. അന്തര്‍ദേശീയ രംഗത്തെ വര്‍ഗസമരത്തില്‍ ലോക മുതലാളിത്തത്തെ ദുര്‍ബലമാക്കുന്ന ഘടകങ്ങളാണിവ. അത് സാധ്യമാക്കുന്നതില്‍ ചൈനയും ഇന്ത്യയും ഉള്‍പ്പെടെയുള്ള വികസ്വരരാജ്യങ്ങളുടെ സാമ്പത്തികവളര്‍ച്ച പ്രധാന ഘടകമാണ്. സാമ്പത്തികവളര്‍ച്ചയിലാകട്ടെ ഊര്‍ജലഭ്യതയ്ക്ക് പ്രധാന പങ്കാണുള്ളത്. ലോകമെങ്ങും ഊര്‍ജോല്‍പ്പാദനമേഖലകളില്‍ തങ്ങളുടെ സ്വാധീനവും സാന്നിധ്യവും ഉണ്ടാക്കാന്‍ സാമ്രാജ്യത്വം ശ്രമിക്കുന്നത് അതുകൊണ്ടാണ്. ഇന്ത്യ ഉള്‍പ്പെടെ ഒരു വികസ്വരരാജ്യവും ഊര്‍ജസുരക്ഷിതത്വവും സ്വയംപര്യാപ്തതയും കൈവരിക്കരുത് എന്നുള്ളത് സാമ്രാജ്യത്വ താല്‍പ്പര്യമാണ്. വര്‍ഗസമരത്തിന്റെ ഈ തലമൊന്നും മനസ്സിലാക്കാതെയോ മനസ്സിലായിട്ടും മനസ്സിലായില്ലെന്നു ഭാവിച്ചോ ആണ് ചിലരൊക്കെ സാമ്രാജ്യത്വവിരുദ്ധമെന്നു തോന്നിപ്പിക്കുന്ന ചില ജല്‍പ്പനങ്ങള്‍ നടത്തി സാമ്രാജ്യത്വസേവ ചെയ്യുന്നത്.

സാമ്രാജ്യത്വം ആണവായുധത്തെ ലോക മേധാവിത്വത്തിനും യുദ്ധവിജയത്തിനും വേണ്ടി ഉപയോഗിക്കുമ്പോള്‍ ആണവോര്‍ജം സമാധാനത്തിനും പുരോഗതിക്കും എന്ന മുദ്രാവാക്യമാണ് തൊഴിലാളിവര്‍ഗം ഉയര്‍ത്തുന്നത്. ഇതിനര്‍ഥം പരിസ്ഥിതി സംരക്ഷിക്കേണ്ട എന്നോ ആണവകാര്യത്തില്‍ സുരക്ഷാകാര്യങ്ങള്‍ അവഗണിക്കാമെന്നോ അല്ല. പരിസ്ഥിതി സംരക്ഷണത്തെയും സുരക്ഷയെയും ലാഭത്തിനുവേണ്ടി അവഗണിക്കുന്നത് മുതലാളിത്തമാണ്. പരിസ്ഥിതിയും സുരക്ഷയും പരമാവധി ഉറപ്പാക്കി വികസനം എന്നതാണ് തൊഴിലാളിവര്‍ഗം ഉന്നയിക്കുന്ന ആവശ്യം. പരിസ്ഥിതി സംരക്ഷിക്കാത്ത വികസനമോ വികസനത്തെ അവഗണിച്ചുള്ള പരിസ്ഥിതി സംരക്ഷണമോ രണ്ടും അശാസ്ത്രീയമാണ്. സംവാദങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഇത് മനസ്സില്‍ നഷ്ടപ്പെടാതെ സൂക്ഷിക്കണം.


*****
വി ബി ചെറിയാന്‍, ദേശാഭിമാനി

Friday, September 14, 2012

ഇറക്കുമതി ചെയ്ത ആണവ നിലയങ്ങള്‍ വേണ്ട, സുരക്ഷാകാര്യത്തില്‍ സന്ധിയില്ല

വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത റിയാക്ടറുകള്‍ സ്ഥാപിച്ചുള്ള വന്‍ ആണവനിലയങ്ങള്‍ക്കെതിരെ രാജ്യമെങ്ങും ശക്തമായ പ്രതിഷേധം ഉയരുകയാണ്. 2020 ആകുമ്പോഴേക്കും 40,000 മെഗാവാട്ട് ആണവവൈദ്യുതി ഉല്‍പ്പാദിപ്പിക്കുമെന്നാണ് യുപിഎ സര്‍ക്കാരിന്റെ പ്രഖ്യാപനം. ഇതിനായി വന്‍തോതില്‍ വിദേശറിയാക്ടറുകള്‍ ഇറക്കുമതിചെയ്യേണ്ടിവരും. അമേരിക്കയുമായുള്ള ആണവകരാറിന് നീതീകരണമായാണ് ഈ നടപടി. 10,000 മെഗാവാട്ടിനുള്ള റിയാക്ടറുകള്‍ അമേരിക്കയില്‍നിന്ന് വാങ്ങാമെന്ന് കരാര്‍ വേളയില്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ തന്നെ രേഖാമൂലം വാഗ്ദാനം ചെയ്തിരുന്നു. ആണവ ഇടപാട് തരപ്പെടുത്താനുള്ള മധുരമിടലായിരുന്നു അത്.

മഹാരാഷ്ട്രയിലെ ജെയ്താപുര്‍, ഗുജറാത്തിലെ ഭാവനഗറിലുള്ള ഛായമിധി വിര്‍ധി, ആന്ധ്രപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ കൊവാഡ, തമിഴ്നാട്ടിലെ കൂടംകുളം എന്നിവിടങ്ങളില്‍ ആണവ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന ഒന്നിലധികം റിയാക്ടറുകള്‍ ഉപയോഗിച്ചുള്ള ഈ ആണവനിലയങ്ങള്‍ ഒരേസ്ഥലത്തുതന്നെ നിര്‍മിക്കുന്നത് സാങ്കേതിക- സാമ്പത്തിക- സുരക്ഷാപരിഗണന വച്ച് എതിര്‍ക്കപ്പെടേണ്ടതാണ്. ആണവകരാറിനുശേഷം ആദ്യ കരാര്‍ ഒപ്പുവച്ചത് ഫ്രഞ്ച് കമ്പനിയായ "അറീവ"യുമായാണ്. ജെയ്താപുരില്‍ 1650 മെഗാവാട്ട് ശേഷിയുള്ള രണ്ട് റിയാക്ടറുകള്‍ സ്ഥാപിക്കാനുള്ളതാണ് ഈ കരാര്‍. പിന്നീട് ആറ് റിയാക്ടറുകളുടെ നിലയമാക്കുകയാണ് ലക്ഷ്യം. ഈ യൂറോപ്യന്‍ റിയാക്ടര്‍ (ഇപിആര്‍) മറ്റ് ഇറക്കുമതി റിയാക്ടറുകളേക്കാള്‍ വിലകൂടിയതാണ്. ലോകത്തിലൊരിടത്തും, ഫ്രാന്‍സില്‍ പോലും ഈ റിയാക്ടര്‍ കമീഷന്‍ ചെയ്തിട്ടില്ല. സര്‍ക്കാരാകട്ടെ റിയാക്ടറിന്റെ യഥാര്‍ഥ വില വെളിപ്പെടുത്തിയിട്ടുമില്ല. ഫിന്‍ലാന്‍ഡിലെ ഇപിആര്‍ റിയാക്ടറുടെ വില കണക്കാക്കിയാല്‍ ആറ് ഫ്രഞ്ച് റിയാക്ടര്‍ സ്ഥാപിക്കുന്നതിന് ഏകദേശം രണ്ട് ലക്ഷം കോടി രൂപയെങ്കിലും ചെലവാക്കേണ്ടിവരും. എവിടെയും പരീക്ഷിക്കപ്പെടാത്ത ഈ സാങ്കേതികവിദ്യ ഉയര്‍ന്ന വില നല്‍കി വാങ്ങുന്ന പക്ഷം വൈദ്യുതിവിലയും വര്‍ധിക്കും. ഒരു മെഗാവാട്ട് വൈദ്യുതിക്ക് 20 കോടി രൂപയെങ്കിലും നല്‍കേണ്ടിവരും. അതായത് അവിടെ നിര്‍മിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് ഏഴ്- എട്ട് രൂപ വില വരും. ഇന്ത്യന്‍ നിര്‍മിത സമ്മര്‍ദിത ഘനജല റിയാക്ടര്‍ വഴി ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിക്ക് മെഗാവാട്ടിന് എട്ടോ ഒമ്പതോ കോടി രൂപ മാത്രം മതിയാകും.

ഇറക്കുമതി അനാവശ്യം ഗുജറാത്തിലും ആന്ധ്രപ്രദേശിലും അമേരിക്കന്‍ റിയാക്ടര്‍ ഉപയോഗിച്ചുള്ള വന്‍ ആണവപാര്‍ക്കുകളില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിക്കും വലിയവില നല്‍കേണ്ടിവരും. ആണവ റിയാക്ടറുകള്‍ വന്‍തോതില്‍ ഇറക്കുമതിചെയ്യുക എന്ന ആശയം ലാഭകരമല്ലെന്നു മാത്രമല്ല ഊര്‍ജസുരക്ഷ സംബന്ധിച്ച തെറ്റായ ആസൂത്രണവുമാണ്. വൈദ്യുതി ഉല്‍പ്പാദനത്തിനായി ആണവറിയാക്ടറുകള്‍ ഇറക്കുമതി ചെയ്യുന്നതിനെ സിപിഐ എം പൂര്‍ണമായും എതിര്‍ക്കുന്നു. അത് ചെലവേറിയതാണ്; നിലനില്‍പ്പില്ലാത്തതാണ്. ഇന്ത്യയില്‍ത്തന്നെ തദ്ദേശീയമായി സമ്മര്‍ദിത ഘനജല റിയാക്ടര്‍ നിര്‍മിക്കുമ്പോള്‍ ഫ്രാന്‍സില്‍നിന്ന് ഇപിആറും ലഘുജല റിയാക്ടറുകളും വാങ്ങുന്നത് തീര്‍ത്തും അനാവശ്യമാണ്. വന്‍കിട ആണവപാര്‍ക്കുകള്‍ നിര്‍മിക്കാന്‍ തെരഞ്ഞെടുത്ത സ്ഥലങ്ങളിലെല്ലാംതന്നെ ജനങ്ങളെ ഭൂമിയില്‍നിന്നും ജീവിതമാര്‍ഗങ്ങളില്‍നിന്നുതന്നെയും ഒഴിപ്പിക്കുന്നതുള്‍പ്പെടെ ഗുരുതരമായ പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ജപ്പാനിലെ ഫുക്കുഷിമ ആണവദുരന്തത്തെ തുടര്‍ന്ന് ആണവനിലയങ്ങളുടെ സുരക്ഷയും പ്രധാന പ്രശ്നമായി. ഫുക്കുഷിമയിലേതുപോലെ ഒരു പ്രദേശത്ത് ആറ് റിയാക്ടറുകള്‍ സ്ഥാപിക്കുന്നത് ഭീതിദവും ഗുരുതരമായ അപകടം ക്ഷണിച്ചുവരുത്തുന്നതുമാണ്.

കൂടംകുളം ഒന്നിലധികം ഇറക്കുമതി റിയാക്ടറുകള്‍ ഉള്ള നിര്‍ദിഷ്ട ആണവപാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനെ സിപിഐ എം എതിര്‍ക്കുന്നു. ഈ ഘട്ടത്തില്‍ കൂടംകുളം ആണവനിലയത്തെക്കുറിച്ച് പാര്‍ടിയുടെ സമീപനമെന്താണെന്ന ചോദ്യം ഉയരുകയാണ്. റഷ്യയില്‍നിന്ന് വാങ്ങി കമീഷന്‍ ചെയ്ത രണ്ട് ആണവ റിയാക്ടറുകള്‍ അടച്ചുപൂട്ടണമെന്ന ആവശ്യത്തെ പാര്‍ടി എന്തുകൊണ്ട് പിന്തുണയ്ക്കുന്നില്ല എന്ന ചോദ്യവും ഉയരുകയുണ്ടായി. കൂടംകുളത്ത് സ്ഥാപിച്ച ഈ രണ്ട് റിയാക്ടറുകള്‍ വ്യത്യസ്തമായ വിഭാഗത്തില്‍ പെട്ടതാണ്. ഇന്ത്യ-അമേരിക്ക ആണവകരാറിന് എത്രയോ മുമ്പ് റഷ്യയില്‍നിന്ന് വാങ്ങിയതാണ് ഈ റിയാക്ടറുകള്‍. ഇവ സ്ഥാപിക്കാനുള്ള എല്ലാ നിര്‍മാണപ്രവര്‍ത്തനവും 15,000 കോടി രൂപ ചെലവഴിച്ച് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ ഈ രണ്ട് യൂണിറ്റുകള്‍ അടച്ചിടണമെന്ന് പറയുന്നത് പ്രായോഗികമോ രാജ്യതാല്‍പ്പര്യ സംരക്ഷണത്തിന് ഉതകുന്നതോ അല്ല. ജെയ്താപുരിലും മറ്റ് ആണവ പാര്‍ക്കുകളുടെ കാര്യത്തിലും വ്യത്യസ്ത സമീപനമാണ് സ്വീകരിക്കുന്നത് എന്ന് സിപിഐ എമ്മിന്റെ നയത്തിനെതിരെ വിമര്‍ശമുയരുന്നുണ്ട്. സിവിലിയന്‍ ആണവ വൈദ്യതി തന്നെയും, ആണവനിലയങ്ങളും രാജ്യത്ത് വേണ്ട എന്ന പക്ഷക്കാരാണ് ഈ വിമര്‍ശമുയര്‍ത്തുന്നത്. സുരക്ഷയെക്കുറിച്ചുള്ള ഭയം കാരണമാണ് പ്രാദേശികജനത പ്രധാനമായും ആണവനിലയത്തിനെതിരെ പ്രക്ഷോഭരംഗത്തേക്ക് വന്നത്. പ്രത്യേകിച്ചും ഫുക്കുഷിമ ദുരന്തത്തിനുശേഷം. പ്രദേശത്തെ ആണവനിലയത്തെക്കുറിച്ച് ജനങ്ങള്‍ക്ക് കാര്യമായ ഭയംതന്നെയുണ്ട്. അവരുടെ ഈ ഉല്‍ക്കണ്ഠകള്‍ ഗൗരവത്തിലെടുക്കണം. കഴിഞ്ഞവര്‍ഷം പ്രക്ഷോഭം തുടങ്ങിയ വേളയില്‍, എല്ലാ സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്താതെയും ജനങ്ങളുടെ ആശങ്കകള്‍ പൂര്‍ണമായും ദൂരീകരിക്കാതെയും ആണവനിലയം കമീഷന്‍ ചെയ്യരുതെന്നാണ് സിപിഐ എം പറഞ്ഞത്. സ്വതന്ത്രമായ സുരക്ഷാപരിശോധന വേണമെന്നും സിപിഐ എം ആവശ്യപ്പെട്ടു. എന്നാല്‍, സര്‍ക്കാരോ ആണവോര്‍ജ വിഭാഗമോ ഇതിന് തയ്യാറായിട്ടില്ല. ആണവോര്‍ജ നിയന്ത്രണബോര്‍ഡ് ശുപാര്‍ശ ചെയ്ത എല്ലാ സുരക്ഷാസംവിധാനങ്ങളും ഏര്‍പ്പെടുത്തിയോ എന്ന കാര്യവും ഇനിയും വ്യക്തമാക്കിയിട്ടില്ല. സുരക്ഷാ അവലോകന റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുമില്ല. സുരക്ഷാ ഓഡിറ്റ് നിര്‍ബന്ധം വിശ്വസനീയമായ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതുവരെയും സുരക്ഷാ ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തിറക്കുന്നതുവരെയും ജനങ്ങളുടെ ഉല്‍ക്കണ്ഠകള്‍ പരിഹരിക്കാന്‍ കഴിയില്ലെന്നാണ് സിപിഐ എമ്മിന്റെ അഭിപ്രായം. ഇത് ചെയ്യുന്നതിന് പകരം, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആണവനിലയം കമീഷന്‍ ചെയ്യുന്നതിനെതിരെ സമരം ചെയ്യുന്ന ജനങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന നയമാണ് സ്വീകരിക്കുന്നത്. പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുന്നതിനെയും രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കുന്നതിനെയും സിപിഐ എം അപലപിക്കുന്നു. കൂടംകുളത്തെ രണ്ട് റിയാക്ടറുകള്‍ അടച്ചുപൂട്ടണമെന്ന് സിപിഐ എം ആവശ്യപ്പെടുന്നില്ലെങ്കിലും കൂടുതല്‍ യൂണിറ്റുകള്‍ ഇവിടെ സ്ഥാപിക്കുന്നതിനെ സിപിഐ എം എതിര്‍ക്കുന്നു. നാല് റിയാക്ടറുകള്‍ കൂടി ഇവിടെ സ്ഥാപിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ആണവ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനോടുള്ള എതിര്‍പ്പ് കൂടംകുളത്തും ബാധകമാണെന്നര്‍ഥം.

ആണവ അപകടങ്ങള്‍ ഉണ്ടായാല്‍ ദുരന്തബാധിതര്‍ക്ക് ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കുക എന്നതും പ്രധാന വിഷയമാണ്. ബാധ്യതയില്‍നിന്ന് വിദേശ ആണവദാതാക്കളെ ഒഴിവാക്കാനുള്ള യുപിഎ സര്‍ക്കാരിന്റെ ശ്രമത്തെ തള്ളിക്കളഞ്ഞുകൊണ്ടാണ് പാര്‍ലമെന്റ് സിവില്‍ ആണവബാധ്യതാ നിയമം അംഗീകരിച്ചത്. ഈ നിയമത്തിന്‍ കീഴില്‍ ചട്ടങ്ങള്‍ക്ക് രൂപം നല്‍കേണ്ടിയിരിക്കുന്നു. നിയമത്തിലെ പരിമിതമായ ബാധ്യത നിശ്ചയിക്കുന്ന വകുപ്പില്‍ പോലും വെള്ളം ചേര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. റിയാക്ടര്‍ നല്‍കുന്ന വിദേശദാതാക്കള്‍ ആണവബാധ്യതാ നിയമം അവര്‍ക്ക് ബാധകമാക്കരുതെന്നാണ് ആവശ്യപ്പെടുന്നത്. വിദേശ റിയാക്ടര്‍ ഇറക്കുമതി ചെയ്യരുതെന്ന് പറയുന്നതിന് ഒരുകാരണമിതാണ്. വിദേശ കമ്പനികളുമായി കരാര്‍ ഒപ്പിടുമ്പോള്‍ അവര്‍ നല്‍കേണ്ട നഷ്ടപരിഹാരം പരമാവധി കുറയ്ക്കാന്‍ ശ്രമമുണ്ടാകും. കൂടംകുളത്ത് തന്നെ കൂടുതല്‍ റിയാക്ടറുകള്‍ ഇറക്കുമതിചെയ്യുന്ന പക്ഷം റഷ്യന്‍ കമ്പനി ബാധ്യത ഏറ്റെടുക്കാന്‍ നിര്‍ബന്ധിക്കുന്ന നിയമത്തിലെ വകുപ്പ് അംഗീകരിക്കാന്‍ തയ്യാറാകില്ല. അതുകൊണ്ടാണ് കൂടംകുളത്ത് കൂടുതല്‍ റഷ്യന്‍ റിയാക്ടറുകള്‍ വേണ്ടെന്ന് പറയുന്നത്. സിപിഐ എമ്മിന്റെ എതിര്‍പ്പ് പേരിന് മാത്രം ആണവ ഊര്‍ജത്തെ എതിര്‍ക്കുക സിപിഐ എമ്മിന്റെ നയമല്ല. എന്നാല്‍, സുരക്ഷ ഉറപ്പാക്കണം; ആണവോര്‍ജത്തിന്റെ സാങ്കേതിക-സാമ്പത്തികവശം അനുകൂലവുമായിരിക്കണം. ഇന്ത്യ തദ്ദേശീയമായ ആണവ സാങ്കേതികവിദ്യ വികസിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ആണവ റിയാക്ടറുകള്‍ ഇറക്കുമതി ചെയ്യേണ്ടതില്ല. ആണവോര്‍ജം സംബന്ധിച്ച അന്താരാഷ്ട്ര അനുഭവത്തിന്റെ, പ്രത്യേകിച്ചും ഫുക്കുഷിമ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ആണവനിലയങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് പ്രധാനമാണ്. നിലവിലുള്ള ആണവനിലയങ്ങളുടെ സുരക്ഷാവിലയരുത്തലും അനിവാര്യമാണ്. നിലവിലുള്ള ആണവനിലയങ്ങളുടെ സുരക്ഷാനിലവാരത്തെകുറിച്ച് യഥാര്‍ഥത്തില്‍ ഉല്‍ക്കണ്ഠയുണ്ട്. 1960 ല്‍ അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്കല്‍ കമ്പനിയില്‍നിന്ന് ഇറക്കുമതി ചെയ്ത് സ്ഥാപിച്ച താരാപുര്‍ ആണവനിലയത്തെക്കുറിച്ച് ഗൗരവമായ ഉല്‍ക്കണ്ഠ തന്നെ ഉയര്‍ന്നിട്ടുണ്ട്. ഫുക്കുഷിമയിലെ ജനറല്‍ ഇലക്ട്രിക്കല്‍ റിയാക്ടറിനേക്കാള്‍ പഴക്കമുള്ളതാണിത്. നിലവിലുള്ള ആണവനിലയങ്ങളെക്കുറിച്ച് സ്വതന്ത്രമായ സുരക്ഷാ ഓഡിറ്റിങ് ആവശ്യമാണ്. ഫുക്കുഷിമ ദുരന്തത്തിന് ശേഷം സുരക്ഷാ ഓഡിറ്റ് നടത്താന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഉത്തരവിട്ടിരുന്നു. പക്ഷേ, ഇത് ചെയ്തത് സ്വതന്ത്രസമിതിയല്ല; മറിച്ച് ആണവോര്‍ജ നിയന്ത്രണ ബോര്‍ഡാണ്.

സ്വതന്ത്രവും സ്വയംഭരണാധികാരവുമുള്ള ആണവസുരക്ഷാ നിയന്ത്രണ ഏജന്‍സിക്ക് രൂപം നല്‍കണം. സര്‍ക്കാര്‍ ഇത് സംബന്ധിച്ച് പാര്‍ലമെന്റില്‍ കൊണ്ടുവന്ന ബില്‍ ഈ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതല്ല. നിലവിലുള്ള ആണവനിലയങ്ങളിലെ സുരക്ഷാനടപടികളെക്കുറിച്ച് സമഗ്രമായ പരിശോധന നടത്തുന്നതുവരെ പുതിയ ആണവനിലയങ്ങളൊന്നും സ്ഥാപിക്കരുത്. കൂടുതല്‍ കടുത്ത പരിസ്ഥിതി മാനദണ്ഡവും സുരക്ഷാനടപടികളും വേണം. ആണവ ഊര്‍ജത്തിന് ഊന്നല്‍ നല്‍കുന്ന സര്‍ക്കാരിന്റെ ഊര്‍ജപദ്ധതിയെ ഞങ്ങള്‍ക്ക് അംഗീകരിക്കാനാകില്ല.

ഇന്ത്യയുടെ വര്‍ധിക്കുന്ന ഊര്‍ജാവശ്യങ്ങള്‍ക്കായി സുഭിക്ഷമായി ലഭിക്കുന്ന കല്‍ക്കരിശേഖരം വര്‍ധിച്ച തോതില്‍ ഉപയോഗിക്കുകയും പ്രകൃതിവാതകത്തെ കൂടുതലായി ആശ്രയിക്കുകയും സൗരോര്‍ജം പോലുള്ള പുതിയ സ്രോതസ്സുകള്‍ കണ്ടെത്തുകയും വേണം. ആണവ നവോത്ഥാനത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ മതിഭ്രമവും ഇറക്കുമതി ചെയ്ത റിയാക്ടറുകള്‍ നിറച്ചുള്ള ആണവപാര്‍ക്കുകള്‍ അടിച്ചേല്‍പ്പിക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതിയും ശക്തമായി എതിര്‍ക്കപ്പെടണം. ഇറക്കുമതി ചെയ്യുന്ന ആണവനിലയങ്ങള്‍ക്കെതിരെ രൂപപ്പെടുന്ന വ്യത്യസ്ത പ്രസ്ഥാനങ്ങളെ ദേശീയപ്രസ്ഥാനമായി വളര്‍ത്തിയെടുക്കണം.

*
പ്രകാശ് കാരാട്ട് ദേശാഭിമാനി 14 സെപ്തംബര്‍ 2012

Wednesday, June 29, 2011

എന്‍ എസ് ജി ചട്ടങ്ങളിലെ മാറ്റം

ആണവ വിതരണ ഗ്രൂപ്പിന്റെ (എന്‍ എസ് ജി) വാര്‍ഷിക സമ്മേളനം അംഗീകരിച്ച പുതിയ ചട്ടങ്ങള്‍ പ്രകാരം, നേരത്തെ ഇന്ത്യയ്ക്ക് അനുവദിച്ച ഇളവുകള്‍ റദ്ദാവുകയാണ്. ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ (എന്‍ പി ടി) ഒപ്പുവയ്ക്കാത്ത രാജ്യങ്ങള്‍ക്ക് ആണവ സാങ്കേതിക വിദ്യയും ഇന്ധനവും കൈമാറരുതെന്നാണ് പുതിയ ചട്ടങ്ങള്‍ കര്‍ശനമായി നിര്‍ദേശിക്കുന്നത്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നെങ്കിലും 2008ല്‍ ഇന്ത്യയ്ക്കു മാത്രമായി ഇളവുകള്‍ അനുവദിക്കുകയായിരുന്നു എന്‍ എസ് ജി. ഇന്ത്യ അമേരിക്കയുമായും ഫ്രാന്‍സുമായും റഷ്യയുമായുമെല്ലാം ഏര്‍പ്പെട്ട ആണവ കരാറുകളുടെ അടിസ്ഥാനം ഈ ഇളവാണ്. എന്‍ എസ് ജി ഇളവുകള്‍ ഇല്ലാതായതോടെ ഈ കരാറെല്ലാം ഫലത്തില്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഈ സാഹചര്യത്തെ എങ്ങനെയാണ് നേരിടുകയെന്ന് ഇന്ത്യയോ ഇന്ത്യയുമായി ആണവ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന മറ്റു രാജ്യങ്ങളോ വിശദീകരണങ്ങളൊന്നും നല്‍കിയിട്ടില്ല.

ഇപ്പറയുന്ന ആണവ കരാറുകളൊന്നും ഇന്ത്യയുടെ ഊര്‍ജ സുരക്ഷയെ ഏതെങ്കിലും വിധത്തില്‍ ഉറപ്പാക്കുന്നവയല്ല. രാജ്യത്തിന്റെ ഊര്‍ജ സുരക്ഷയ്ക്ക് ആണവോര്‍ജം അനിവാര്യമാണെന്ന വാദം തന്നെ അസംബന്ധവുമാണ്. ഫുകുഷിമ ആണവ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ ലോകരാജ്യങ്ങള്‍ ഊര്‍ജത്തിനായി ആണവ പദ്ധതികളെ ആശ്രയിക്കാനുള്ള തീരുമാനങ്ങള്‍ പുനപ്പരിശോധിച്ചുകൊണ്ടിരിക്കുകയുമാണ്. അതുകൊണ്ടൊക്കെത്തന്നെ ഇന്ത്യയുടെ ആണവ കരാറുകള്‍ക്കുണ്ടാവുന്ന അനിശ്ചിതാവസ്ഥയില്‍ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ല. എന്നാല്‍ ഈ ആണവ കരാറുകളുടെ പേരില്‍ കേന്ദ്രത്തിലെ ഭരണാധികാരികള്‍ നടത്തിയ ചില പ്രഖ്യാപനങ്ങളും ഇവ നടപ്പാക്കുന്നതിനുവേണ്ടിയെടുത്ത നടപടികളും പരിശോധിക്കപ്പെടുക തന്നെ വേണം.

2008ല്‍ ഇന്ത്യയ്ക്ക് എന്‍ എസ് ജി ഇളവുകള്‍ കിട്ടിയതോടെ രാജ്യത്തിന്റെ ആണവ ഒറ്റപ്പെടല്‍ അവസാനിച്ചെന്നാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പ്രഖ്യാപിച്ചത്. എന്‍ പി ടിയില്‍ ഒപ്പിടാതെ തന്നെ രാജ്യം വലിയ നേട്ടമുണ്ടാക്കിയെന്ന വിധത്തിലായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ പ്രചാരണം. ഇതിനു വഴിയൊരുക്കിയത് അമേരിക്കയുമായുള്ള ആണവ കരാറാണെന്നും കേന്ദ്ര ഭരണാധികാരികള്‍ ഘോഷിച്ചു. എന്നാല്‍ എന്‍ എസ് ജി ഇളവുകള്‍ ലഭിച്ചുകഴിഞ്ഞിട്ടും എന്‍ പി ടിയില്‍ ഒപ്പിടാന്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ പലവഴിക്കും ഇന്ത്യയ്ക്കു മേല്‍ സമ്മര്‍ദം ചെലുത്തുന്നതാണ് പിന്നീട് കണ്ടത്. ഇപ്പോള്‍ എന്‍ എസ് ജി ഇളവുകള്‍ ഇല്ലാതാവുന്നതോടെ ഈ സമ്മര്‍ദം കൂടുതല്‍ ശക്തമാവാനാണിട. ആണവ കരാറിനു പിന്നിലുള്ളത് വമ്പന്‍ വാണിജ്യ താല്‍പ്പര്യങ്ങളാണെന്നതുകൊണ്ടുതന്നെ ഏതു വിധത്തിലും കരാര്‍ മുന്നോട്ടുകൊണ്ടുപോവാനായിരിക്കും അമേരിക്ക ശ്രമിക്കുക.

ആണവ ബാധ്യതാ ബില്‍ പാസാക്കുക, ആണവ സംവിധാനങ്ങളെ സിവിലിയന്‍-സൈനികമെന്നു വേര്‍തിരിക്കുക, നിലയങ്ങളില്‍ രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയുടെ പരിശോധന അനുവദിക്കുക തുടങ്ങി ആണവ കരാര്‍ നടപ്പാക്കുന്നതിനു വേണ്ടി ഒട്ടേറെ നടപടികള്‍ ഇന്ത്യ കൈക്കൊണ്ടിരുന്നു. എന്‍ പി ടിയില്‍ ഒപ്പിടാതെ ആണവ സഹകരണം സാധ്യമാവാത്ത പക്ഷം ഇതെല്ലാം വൃഥാവ്യായാമങ്ങളായിരിക്കുകയാണ്. പൂര്‍ണ ആണവ സഹകരണമാണ് ഇന്ത്യയുമായുള്ളത് എന്നായിരുന്നു അമേരിക്ക പറഞ്ഞുകൊണ്ടിരുന്നത്. പുതിയ പശ്ചാത്തലത്തില്‍ എങ്ങനെയാണ് ഈ സഹകരണം മുന്നോട്ടുകൊണ്ടുപോവുകയെന്ന് യു പി എ സര്‍ക്കാര്‍ വിശദീകരിക്കേണ്ടതുണ്ട്.

*

മുഖപ്രസംഗം ജനയുഗം 29 ജൂണ്‍ 2011

Tuesday, May 31, 2011

ജര്‍മനി തുറന്നുതരുന്ന വഴി

ശുദ്ധവും സുരക്ഷിതവുമെന്ന് അതിന്റെ പ്രണേതാക്കള്‍ തന്നെ വാഴ്ത്തിയ ആണവോര്‍ജത്തിന്റെ കെടുതികള്‍ ലോകം ഏറ്റവുമധികം അനുഭവിച്ചുകൊണ്ടിരിക്കുന്ന ദിനങ്ങളാണിത്. സമീപകാല ലോക ചരിത്രത്തിലെ ഏറ്റവും വലിയ സുനാമിയെത്തുടര്‍ന്നുണ്ടായ ഫുകുഷിമ ആണവ ദുരന്തം സമാനതകളില്ലാത്ത ദുരന്തത്തിലേയ്ക്കാണ് ജപ്പാനെ കൊണ്ടെത്തിച്ചിരിക്കുന്നത്. ജപ്പാനിലെ ആണവ ദുരന്തത്തിന്റെ വ്യാപ്തിയെന്തെന്ന് ഇനിയും കണക്കാക്കാനായിട്ടില്ല. എങ്കിലും അതിന്റെ ഭയാനകമായ 'ആഴ'ത്തെക്കുറിച്ച് ലോകത്തിന് അസന്നിഗ്ധമായ ബോധ്യം വന്നിട്ടുണ്ട്. അതുകൊണ്ടാണ് വൈദ്യുതിക്കു വേണ്ടി ആണവ പദ്ധതികളെ ആശ്രയിക്കുന്നതിനെക്കുറിച്ച് പല രാജ്യങ്ങളും പുനരാലോചന നടത്തുന്നത്.

ഫുകുഷിമ ആണവ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജപ്പാന്‍ അടക്കം പല രാജ്യങ്ങളും ആണവ പദ്ധതികള്‍ക്കു മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെ പിന്‍പറ്റി ജര്‍മനി ഇന്നലെ കൈക്കൊണ്ട തീരുമാനം ചരിത്രത്തില്‍ ഇടം നേടാന്‍ പോന്നതാണ്. 2022 ഓടെ ആണവ നിലയങ്ങള്‍ പൂര്‍ണമായും അടച്ചിടാനും രാജ്യത്തെ ഊര്‍ജമേഖല ആണവവിമുക്തമാക്കാനുമാണ് ജര്‍മന്‍ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. ഊര്‍ജസുരക്ഷയെന്നാല്‍ മുക്കിനു മുക്കിന് ആണവ നിലയങ്ങള്‍ സ്ഥാപിക്കുകയാണന്ന മിഥ്യാധാരണയില്‍ കഴിയുന്ന ഇന്ത്യന്‍ ഭരണകൂടത്തിന്റെ കണ്ണു തുറപ്പിക്കേണ്ടതാണ്, ജര്‍മനി തുറന്നുതരുന്ന ഈ വഴി.

യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയാണ് ജര്‍മനിയുടേത്. ലോകത്തെ വ്യവസായവല്‍ക്കൃത രാഷ്ട്രങ്ങളില്‍ മുന്‍നിരയിലാണ് അതിന്റെ സ്ഥാനം. നിലവില്‍ പ്രവര്‍ത്തന സജ്ജമായ പതിനേഴു റിയാക്ടറുകളാണ് ജര്‍മനിയിലുള്ളത്. വൈദ്യുതോല്‍പ്പാദനത്തില്‍ ഗണനീയ വിഹിതം ഈ റിയാക്ടറുകളില്‍നിന്നു ലഭ്യമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സ്വാഭാവികമായും ഇവ അടച്ചുപൂട്ടുന്നത് രാജ്യത്തെ വ്യവസായ മേഖലയെ ബാധിക്കുക തന്നെ ചെയ്യും. എന്നിട്ടും ഇത്തരമൊരു തീരുമാനവുമായി മുന്നോട്ടുപോവാനാണ് ആ രാജ്യത്തെ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. ഭാവിക്ക് കുറെക്കൂടി സുരക്ഷിതമായ ഊര്‍ജരൂപം വേണമെന്നാണ് തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് ജര്‍മന്‍ ചാന്‍സലര്‍ ഏയ്ഞ്ചല മെര്‍ക്കല്‍ പറഞ്ഞത്. ആണവ നിലയങ്ങളുയര്‍ത്തുന്ന സുരക്ഷാ ഭീഷണിയെക്കുറിച്ചുള്ള, പ്രത്യേകിച്ചും ഫുകുഷിമ ദുരന്തത്തിനു ശേഷം, നിസ്സംശയമായ ബോധ്യമാണ് ജര്‍മന്‍ ഭരണകൂടത്തെ ഈ തീരുമാനത്തിലെത്തിച്ചത്.

ത്രീമെന്‍ ഐലന്റിലും ചെര്‍ണോബില്ലിലും അടക്കം വന്‍ ആണവ അപകടങ്ങള്‍ ലോകം കണ്ടതാണ്. ചെറിയ ചെറിയ അപകടങ്ങള്‍ ലോകത്ത് പലയിടത്തും നടന്നുകൊണ്ടിരിക്കുന്നു, ആണവ വ്യവസായത്തിന്റെ സ്വതവേയുള്ള രഹസ്യസ്വഭാവം കൊണ്ട് അവയുടെ വ്യാപ്തിയെന്തെന്ന് പുറംലോകം അറിയുന്നില്ല. ഫുകുഷിമ ദുരന്തത്തിന്റെ ഭീകരമുഖം മൂടിവയ്ക്കാന്‍ പോലും ലോകത്തെ ആണവ വ്യവസായത്തെ നിയന്ത്രിക്കുന്ന ലോബികളുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായിട്ടുണ്ട്.

വ്യവസായവല്‍ക്കരണത്തെ തുടര്‍ന്ന് വൈദ്യുതിയുടെ ആവശ്യം പലമടങ്ങ് വര്‍ധിച്ച പശ്ചാത്തലത്തിലാണ്, ഊര്‍ജത്തിന്റെ അക്ഷയഖനി എന്ന നിലയില്‍ ആണവ നിലയങ്ങള്‍ വ്യാപകമായി അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍ ആണവലോബി എന്നും അവകാശപ്പെടുന്ന പോലെ ശുദ്ധവും സുരക്ഷിതവുമല്ല ആണവോര്‍ജമെന്ന് ഇന്നേതാണ്ട് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ വൈദ്യുതിയുടെ ആവശ്യം ദിനംപ്രതി ഏറിവന്നിട്ടും കൂടുതല്‍ ആണവ നിലയങ്ങള്‍ സ്ഥാപിക്കുന്നതിലല്ല, മറിച്ച് റിയാക്ടറുകളുടെയും ആണവ ഇന്ധനത്തിന്റെയും കച്ചവടത്തിലാണ്, ആണവോര്‍ജത്തിന്റെ വലിയ പ്രയോക്താക്കളിലൊന്നായ അമേരിക്ക ശ്രദ്ധ കേന്ദ്രീകരിച്ചത്. 1970നു ശേഷം ഒരു അണുനിലയം പോലും അവിടെ സ്ഥാപിക്കപ്പെട്ടില്ല. അതേസമയം ഊര്‍ജസുരക്ഷയില്‍ ആണവ നിലയങ്ങള്‍ക്കുള്ള പങ്കു പ്രചരിപ്പിക്കുക എന്ന കച്ചവടതന്ത്രം ഫലപ്രദമായി ആവിഷ്‌കരിക്കാനും ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങളെ അതില്‍ കുടുക്കാനും അവര്‍ക്കു കഴിയുകയും ചെയ്തു.

ഇന്ത്യയില്‍ ഇന്ന് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ മൂന്നു ശതമാനം മാത്രമാണ് ആണവ നിലയങ്ങളില്‍നിന്നുള്ളത്. 2020 ഓടെ ഇത് 14 ശതമാനമാക്കുകയാണ് യു പി എ സര്‍ക്കാരിന്റെ പ്രഖ്യാപിതലക്ഷ്യം. അമേരിക്കയുമായുള്ള ആണവ കരാറും മറ്റു ഈ ന്യായത്തിന്റെ പുറത്താണ്. ആണവ നിലയങ്ങളുണ്ടാക്കുന്ന സാമ്പത്തിക ആഘാതവും അവയോടുള്ള ജനകീയ പ്രതിരോധവും കണക്കിലെടുക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോയിക്കൊണ്ടിക്കുന്നത്. മഹാരാഷ്ട്രയിലും ഗുജറാത്തിലും തമിഴ്‌നാട്ടിലുമെല്ലാം നിര്‍ദിഷ്ട ആണവ നിലയങ്ങളോടുള്ള എതിര്‍പ്പ് ശക്തമാണ്.

നേരത്തെ ചെര്‍ണോബില്‍ ദുരന്തത്തിന്റെ അലകള്‍ ജര്‍മനിയിലെത്തിയപ്പോള്‍ സമാനമായ സാഹചര്യമായിരുന്നു ജര്‍മനിയിലേത്. ആണവ നിലയങ്ങള്‍ക്കെതിരെ അവിടെ ജനങ്ങള്‍ വന്‍ പ്രക്ഷോഭങ്ങള്‍ നടത്തി. അന്ന് ജനങ്ങളുടെ വികാരങ്ങളെ അവഗണിച്ചും ആണവ പദ്ധതികളുമായി മുന്നോട്ടുപോവാന്‍ ആ രാജ്യത്തെ ഭരണകൂടമെടുത്ത തീരുമാനമാണ് പിന്‍മുറക്കാര്‍ തിരുത്തുന്നത്. ആണവ നിലയങ്ങള്‍ ഡീകമ്മിഷന്‍ ചെയ്യുന്നതിലൂടെയുണ്ടാവുന്ന ഭാരിച്ച ചെലവ് ഏറ്റെടുത്താണ് അവര്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തിരിക്കുന്നത്. നിര്‍മാണ ദശയിലുള്ള നമ്മുടെ ആണവ പദ്ധതികളില്‍നിന്നു പിന്മാറുക ഇന്ത്യന്‍ ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം താരതമ്യേന യുക്തിസഹവും അനായാസവുമായിരിക്കും. അതിനുള്ള ഇച്ഛാശക്തി മാത്രമാണ് ഇനിയുണ്ടാവേണ്ടത്.


*****


കടപ്പാട്: ജനയുഗം

Friday, April 22, 2011

ജയ്താപൂരും ജനകീയ പ്രതിഷേധവും

ആണവനിലയങ്ങള്‍ കടുത്ത ആശങ്കപരത്തുന്ന കാലമാണിത്. അവ സൃഷ്ടിക്കുന്ന കനത്ത പ്രത്യാഘാതങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങിയപ്പോള്‍ ആണവനിലയങ്ങള്‍ക്കുവേണ്ടി വാദിക്കുകയും നടപ്പില്‍വരുത്തുകയും ചെയ്തിരുന്ന പല രാഷ്ട്രങ്ങളും അതില്‍നിന്ന് പിന്തിരിയുവാന്‍ തുടങ്ങി. അമേരിക്ക പുതിയ ആണവനിലയങ്ങള്‍ ആരംഭിച്ചിട്ട് എത്രയോ കാലമായി. ജപ്പാനില്‍ ഈയിടെയുണ്ടായ ഭൂകമ്പവും സുനാമിയും ആണവനിലയങ്ങളുടെ സുരക്ഷിതത്വത്തെയും ബാധിച്ചു. കടുത്ത അണുവികിരണത്തിന്റെ ഭീഷണിയിലാണ് ജപ്പാന്‍. ആണവനിലയങ്ങള്‍ പലതും അടച്ചുപൂട്ടുവാനും കരുതല്‍ നടപടികള്‍ സ്വീകരിക്കുവാനും പുതിയ പദ്ധതികള്‍ മരവിപ്പിക്കാനും ജപ്പാന്‍ നിര്‍ബന്ധിതമായിരിക്കുന്നു.

എന്നാല്‍ ഇത്തരം വസ്തുതകള്‍ പരിഗണിക്കുവാനോ പഠനം നടത്തുവാനോ ഇന്ത്യന്‍ ഭരണാധികാരികള്‍ സന്നദ്ധമല്ല. വന്‍കിട ആണവനിലയങ്ങളുടെ നിര്‍മാണത്തിനായാണ് കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നത്. മഹാരാഷ്ട്രയിലെ ജയ്താപൂരില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ആണവനിലയത്തിനെതിരായി തദ്ദേശവാസികളായ ജനങ്ങള്‍ വന്‍ പ്രക്ഷോഭത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ജനങ്ങളുടെ ജീവന് പ്രത്യാഘാതം സൃഷ്ടിക്കുന്നതായിരിക്കും ആണവനിലയം എന്ന ആശങ്കയാണ് ജനങ്ങളെ പ്രക്ഷോഭത്തിനിറങ്ങാന്‍ പ്രേരിപ്പിച്ചത്.

എന്നാല്‍ ജനങ്ങളുടെ വികാരത്തെ മാനിക്കുവാന്‍ കേന്ദ്രസര്‍ക്കാരോ മഹാരാഷ്ട്രാ സര്‍ക്കാരോ സന്നദ്ധമല്ല. ജനകീയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുവാനാണ് അവര്‍ ശ്രമിക്കുന്നത്. പ്രക്ഷോഭകാരികള്‍ക്കുനേരെ ഇക്കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും പൊലീസ് അതിക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. ഏതു പ്രക്ഷോഭത്തെയും അവഗണിക്കുമെന്നും പദ്ധതിയുമായി മുന്നോട്ടുപോകുക തന്നെ ചെയ്യുമെന്നാണ് അധികാരികള്‍ പറയുന്നത്.

9,900 മെഗാവാട്ടിന്റെ ആറു റിയാക്ടറുകള്‍ അടങ്ങുന്ന ആണവനിലയമാണ് ജയ്താപൂരില്‍ സ്ഥാപിക്കുവാന്‍ ലക്ഷ്യമിടുന്നത്. ലക്ഷ്യം സാക്ഷാത്ക്കരിക്കപ്പെട്ടാല്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ആണവ വൈദ്യുതി നിലയങ്ങളിലൊന്നായിരിക്കും ജയ്താപൂരില്‍ സ്ഥാപിക്കപ്പെടുക.

ജപ്പാനില്‍ ഉണ്ടായ അത്യധികം ഗുരുതരമായ ആണവ പ്രത്യാഘാതത്തില്‍ നിന്ന് ഇനിയും അവര്‍ മോചിതരായിട്ടില്ല. ദീര്‍ഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടോടുകൂടി പ്രതിസന്ധികളെ അതിജീവിക്കുവാനുള്ള മുന്‍കൂര്‍ സജ്ജീകരണങ്ങളോടെ ജപ്പാനില്‍ ആരംഭിച്ച ആണവനിലയങ്ങളാണ് ഇന്ന് അവരെ ആശങ്കയുടെയും ഭയത്തിന്റെയും നടുക്കടലില്‍ എത്തിച്ചിരിക്കുന്നത്. ചെര്‍ണോബിലിലുണ്ടായ ആണവദുരന്തത്തിന് സമാനമോ അതിലും ഭീതിജനകമോ ആയിരിക്കും ജപ്പാനിലെ ആണവ വികിരണമെന്ന് അവര്‍ ഭയപ്പെടുന്നു.

അത്തരമൊരു അനുഭവം മുന്നില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യ ഗൗരവമേറിയ ചര്‍ച്ചകള്‍ക്കും പുനപ്പരിശോധനകള്‍ക്കും തയ്യാറാകേണ്ടതാണ്. പഠനങ്ങളിലൂടെ വസ്തുതകള്‍ മനസ്സിലാക്കുകയും തീരുമാനം കൈക്കൊള്ളുകയുമാണ് ചെയ്യേണ്ടത്. ഇത്തരം കാര്യങ്ങളില്‍ എടുത്തുചാട്ടവും മുന്‍ധാരണയും ഗുണം ചെയ്യുകയില്ല.

അമേരിക്കയുടെ സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്ക് വഴങ്ങിയും അവരുടെ പ്രീതിക്കുവേണ്ടിയും ആണവകരാര്‍ നടപ്പില്‍വരുത്തിയ യു പി എ സര്‍ക്കാരിന് അമേരിക്കയില്‍ നിന്ന് ആണവ റിയാക്ടറുകള്‍ വാങ്ങാന്‍ നിര്‍ബന്ധിതമാവേണ്ടിവരുന്നുവെന്നതാണ് യാഥാര്‍ഥ്യം. ആണവപദ്ധതികളോട് ഇപ്പോള്‍ വിമുഖത പ്രകടിപ്പിക്കുന്ന അമേരിക്കയ്ക്ക് ഇന്ത്യയെപ്പോലെ ദാസ്യഭാവം പ്രകടിപ്പിച്ചുനില്‍ക്കുന്ന രാഷ്ട്രങ്ങളെക്കൊണ്ട് റിയാക്ടര്‍ വാങ്ങിപ്പിച്ച് വ്യാപാരനേട്ടം കൊയ്യുകയാണ് ലക്ഷ്യം. അവരുടെ കെണിയില്‍ അറിഞ്ഞുകൊണ്ടുതന്നെ ചെന്നുചാടിയ കേന്ദ്രസര്‍ക്കാര്‍നയത്തിന്റെ ഫലമാണ് ഇപ്പോള്‍ ഇന്ത്യ അനുഭവിക്കുന്നത്.

ജയ്താപൂരിലെ ജനങ്ങളുടെ സ്വാഭാവികമായ പ്രതിഷേധത്തെ പരിഗണനയ്‌ക്കെടുക്കുവാനും ആണവ വൈദ്യുതനിലയങ്ങള്‍ സൃഷ്ടിക്കാവുന്ന പാരിസ്ഥിതിക-ജീവല്‍ സംബന്ധമായ പ്രശ്‌നങ്ങളെ സമഗ്രപഠനത്തിന് വിധേയമാക്കുന്നതിനും സര്‍ക്കാര്‍ തയ്യാറാവുകയാണ് ഇത്തരുണത്തില്‍ ചെയ്യേണ്ടത്. ശാസ്ത്രീയമായ പഠനത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളാനാണ് ഒരു ജനാധിപത്യ സര്‍ക്കാര്‍ സന്നദ്ധമാകേണ്ടത്. കൂറ്റന്‍ ആണവനിലയങ്ങളേക്കാള്‍ പ്രധാനം മനുഷ്യന്റെ ജീവനും സമൂഹത്തിന്റെ സുരക്ഷിതത്വവുമാണ്.


*****


ജനയുഗം മുഖപ്രസംഗം : 2011-04-21

Friday, April 15, 2011

പണം കൊടുത്ത് പേപ്പട്ടിയെ വാങ്ങുന്നവര്‍

ജപ്പാനെ തലമുറകളോളം ആണവ ദുരന്തത്തിലാഴ്ത്താന്‍ കെല്‍പ്പുള്ളതാണ് ഫുക്കുഷിമ ആണവ റിയാക്ടറിലെ ആണവ ഇന്ധനച്ചോര്‍ച്ചയും വികിരണവും. വായുവിലും മണ്ണിലും വെള്ളത്തിലും വികിരണത്തിന്റെ തോത് അപകടകരമാംവിധം വര്‍ധിച്ചിരിക്കയാണ്. എന്നിട്ടും ഫുക്കുഷിമ മാതൃകയിലുള്ള റിയാക്ടര്‍ മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ ജയ്താപുരില്‍ സ്ഥാപിക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്.

വൈദ്യുതി ഉല്‍പ്പാദനത്തിന് ആണവശക്തി ഉപയോഗിക്കാനുള്ള പദ്ധതി പുനഃപരിശോധിക്കണമെന്ന് ലോകമെങ്ങും മുറവിളി ഉയരുന്ന കാലമാണിത്. ഇടതുപക്ഷം പ്രത്യേകിച്ച് സിപിഐ എം ഇന്ത്യന്‍ ആണവമേഖലയെക്കുറിച്ച് ചില ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. നിലവിലുള്ള 20 ആണവ നിലയങ്ങളുടെയും സുരക്ഷ കര്‍ശനമായ സുരക്ഷാ ഓഡിറ്റിങ്ങിന് വിധേയമാക്കുക, അവയുടെ ആവശ്യകത പുനഃപരിശോധിക്കുക, റിയാക്ടര്‍ വാങ്ങാനുള്ള ഇന്ത്യാ-അമേരിക്ക കരാറുകള്‍ റദ്ദാക്കുക, പുതിയ നിലയങ്ങളുടെ നിര്‍മാണം നിര്‍ത്തിവയ്ക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. എന്നാല്‍, അവ ചെവിക്കൊള്ളാന്‍ വിവേകം കാണിക്കാതെ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ജെയ്താപുര്‍ ആണവപദ്ധതിയുമായി മുന്നോട്ടുപോവുകയാണ്.

ഒരു ലക്ഷം കോടി രൂപ ചെലവിട്ട് രത്നഗിരിയിലെ അഞ്ച് കടലോരഗ്രാമങ്ങള്‍ക്കു നടുവില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന ആണവ നിലയത്തില്‍നിന്ന് 10,000 മെഗാവാട്ട് വൈദ്യുതി ലഭിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ലോകത്ത് വൈദ്യുതോല്‍പ്പാദനമേഖലയില്‍ ഏറ്റവും ചെലവേറിയതും ഏറ്റവും അപകടസാധ്യതയുള്ളതുമാണ് ആണവ വൈദ്യുതപദ്ധതി. 1979ലെ ത്രീ മൈല്‍ ഐലന്‍ഡിലെ ആണവ അപകടത്തെത്തുടര്‍ന്ന്, അപകട ഭീഷണി കണക്കിലെടുത്ത് അമേരിക്കയില്‍ ഒരൊറ്റ ആണവനിലയവും പുതുതായി നിര്‍മിച്ചിട്ടില്ല. ആണവാപകടം കയറ്റി അയക്കുന്ന അമേരിക്കപോലും സ്വന്തം രാജ്യത്ത് ആ പദ്ധതി ഉപേക്ഷിച്ചതില്‍നിന്ന് പാഠം പഠിക്കാതെയാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ആണവറിയാക്ടര്‍ എന്ന ഫ്രാങ്കെൻസ്റ്റൈനെ വിലയ്ക്കുവാങ്ങുന്നത്.

ഏറ്റവും ചെലവുകുറഞ്ഞതും അപകടസാധ്യതയില്ലാത്തതുമായ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് ഒരിക്കല്‍ നല്‍കിയ പാരിസ്ഥിതിക അനുമതി റദ്ദാക്കിയ കേന്ദ്ര പാരിസ്ഥിതികവകുപ്പും മന്ത്രി ജയറാം രമേഷും മിന്നല്‍വേഗത്തിലാണ് ജെയ്താപുര്‍ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നല്‍കിയത്. സ്ഥലം ഏറ്റെടുക്കുന്നതിന് നടപടി ആരംഭിച്ചുകഴിഞ്ഞു. ദുരന്തം വിതച്ച ജപ്പാനിലെ ഫുക്കുഷിമ റിയാക്ടറിന്റെ മാതൃകയിലുള്ള ലൈറ്റ്വാട്ടര്‍ റിയാക്ടര്‍തന്നെയാണ് ജെയ്താപുരിലും സ്ഥാപിക്കുന്നത്. ഫുക്കുഷിമയിലേത് അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക് കമ്പനിയുണ്ടാക്കിയതാണ്. ജെയ്താപുരില്‍ നിര്‍മിക്കുന്നത് ഫ്രഞ്ച് കമ്പനിയായ അരേവയും. 1650 മെഗാവാട്ടുവീതം ഉല്‍പ്പാദിപ്പിക്കാന്‍ കെല്‍പ്പുള്ള ആറ് യൂണിറ്റടങ്ങിയതാണത്രേ ഈ നിലയം.

സാധാരണ ലൈറ്റ് വാട്ടര്‍ റിയാക്ടറുകളില്‍ 3.5 ശതമാനം സമ്പുഷ്ടമാക്കപ്പെട്ട യുറേനിയമാണ് ഉപയോഗിക്കുന്നതെങ്കില്‍, ജെയ്താപുരില്‍ അഞ്ച് ശതമാനം സമ്പുഷ്ടമാക്കപ്പെട്ട യുറേനിയമാണ് ഉപയോഗിക്കുക. അതിന് സാധാരണ ലൈറ്റ് വാട്ടര്‍ റിയാക്ടറുകളേക്കാള്‍ കൂടുതല്‍ ഉയര്‍ന്ന ജ്വലനനിരക്കുമുണ്ട്. എന്നാല്‍, അതിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് സമുന്നത ആണവ ശാസ്ത്രജ്ഞനും ആണവോര്‍ജ റെഗുലേറ്ററി ബോര്‍ഡിന്റെ മുന്‍ ചെയര്‍മാനുമായ ഡോ. ഗോപാലകൃഷ്ണന്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഉയര്‍ന്ന ജ്വലനനിരക്കുള്ള ആണവ ഇന്ധനത്തിന്റെ ഉപയോഗിച്ചുകഴിഞ്ഞ അവശിഷ്ടങ്ങളുടെ റേഡിയോളജിക്കല്‍-ഫിസിക്കല്‍ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ ആയിരിക്കാമെന്നതിനെക്കുറിച്ച് അരേവ കമ്പനിക്കും നാഷണല്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യക്കും വേണ്ടത്ര വിവരമൊന്നുമില്ലെന്ന് അദ്ദേഹം സമര്‍ഥിക്കുന്നു.

ആണവ ഇന്ധനത്തിന്റെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സൂക്ഷിപ്പും തണുപ്പിക്കലും കൊണ്ടുപോകലും പുനഃസംസ്കരണവും സംബന്ധിച്ച സുരക്ഷാ പ്രശ്നങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നത്. (ഉപയോഗിച്ച് ബാക്കിയായ ഇന്ധനറോഡുകള്‍ മാരകങ്ങളാണ്. അവയും നൂറ്റാണ്ടുകളോളം ആണവ വികിരണം പുറത്തുവിട്ടുകൊണ്ടിരിക്കും. തീരെ ജനവാസമില്ലാത്ത വിദൂര പ്രദേശത്ത്, ഭൂകമ്പവും മറ്റും ഉണ്ടാകുകയില്ല എന്ന് ഉറപ്പുള്ള സ്ഥലത്ത്, അഗാധമായ കുഴി കുഴിച്ച് ഭദ്രമായ കോണ്‍ക്രീറ്റ് പേടകങ്ങള്‍ക്കുള്ളിലാണത്രേ അത് സൂക്ഷിക്കേണ്ടത്. വെറുതെ വലിച്ചെറിയാനോ കടലില്‍ താഴ്ത്താനോ പാടില്ല. അത് ഭീകരമായ അണുപ്രസരണ വ്യാപനത്തിന് ഇടയാക്കും.) ഇതിനുപുറമെ തങ്ങളുടെ സാങ്കേതികവിദ്യ പൂര്‍ണമായും സുരക്ഷിതമാണ് എന്ന് അരേവ കമ്പനി അവകാശപ്പെടുന്നുണ്ടെങ്കിലും അതിന് തെളിവൊന്നുമില്ല. കാരണം ഇങ്ങനെയുള്ള മറ്റൊരു ആണവനിലയം അവര്‍ ലോകത്ത് മറ്റൊരിടത്തും ഇതിനുമുമ്പ് കമീഷന്‍ ചെയ്തിട്ടില്ല. മറ്റൊരിടത്തും സ്ഥാപിച്ച്, പ്രവര്‍ത്തിപ്പിച്ച്, പരിശോധിച്ച് ഫലം അറിഞ്ഞിട്ടില്ലാത്ത ഒരു പുതിയ ഇനം റിയാക്ടര്‍ സുരക്ഷിതമാണെന്ന് അതിന്റെ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നതിന് എന്താണര്‍ഥം? സ്ഥാപിച്ചുകഴിഞ്ഞാല്‍ അവര്‍ പറയുന്നതിനനുസരിച്ച് നാം അത് പ്രവര്‍ത്തിപ്പിച്ചുകൊള്ളണം. ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്കും നാഷണല്‍ പവര്‍ കോര്‍പറേഷനും വെറും "ഓപ്പറേറ്ററു""ടെ പദവിയേയുള്ളൂ. എന്നാല്‍, എന്തെങ്കിലും അപകടം സംഭവിച്ചാല്‍ നഷ്ടപരിഹാരത്തിന്റെ ഉത്തരവാദിത്തം മുഴുവന്‍ ഓപ്പറേറ്ററായ ഇന്ത്യക്കാണുതാനും.

ഏറ്റവും സങ്കീര്‍ണവും ദുരൂഹവും അപകടസാധ്യതയുള്ളതുമായ സാങ്കേതികവിദ്യയാണ് ആണവ റിയാക്ടറിന്റേത്. അവയില്‍ത്തന്നെ പുതിയതും കൂടുതല്‍ സങ്കീര്‍ണവുമായ സാങ്കേതികവിദ്യകളിലേക്ക്, ഒരു മുന്നൊരുക്കവുമില്ലാതെയാണ് ഇന്ത്യ പ്രവേശിക്കുന്നത്. റിയാക്ടറിന്റെ നിര്‍മാതാക്കളാകട്ടെ, ഇന്ത്യന്‍ ശാസ്ത്രജ്ഞരെ, വെറും "ഓപ്പറേറ്റര്‍""മാരായിട്ടേ കാണുന്നുമുള്ളൂ. ഓണ്‍ചെയ്യാന്‍ പറഞ്ഞാല്‍ ഓണ്‍ചെയ്യാനും ഓഫ് ചെയ്യാന്‍ പറഞ്ഞാല്‍ ഓഫ് ചെയ്യാനും നില്‍ക്കുന്ന വേലക്കാര്‍. റിയാക്ടറിന്റെ സങ്കീര്‍ണ സാങ്കേതികവിദ്യകളൊന്നും കമ്പനി, അവരെ പഠിപ്പിക്കില്ല. എല്ലാം അത്യന്തം നിഗൂഢം. ഫ്രഞ്ച് കമ്പനിയായ അരേവയുടേതായാലും അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്കലിന്റേതായാലും വെസ്റ്റിങ് ഹൗസിന്റേതായാലും സ്ഥിതി ഇതുതന്നെ. എന്നിട്ടും ഒരിക്കലും തെളിയിക്കപ്പെട്ടിട്ടില്ലാത്ത "സുരക്ഷിതത്വ""വും സങ്കീര്‍ണതയും നിഗൂഢതയും അടങ്ങുന്ന ഈ റിയാക്ടറുകള്‍ക്കുവേണ്ടി മന്‍മോഹന്‍സിങ് പരക്കംപായുന്നു. ഭോപാലിലെ ദുരന്തത്തില്‍നിന്നും ഫുക്കുഷിമയിലെ ദുരന്തത്തില്‍നിന്നും പാഠംപഠിക്കാത്ത മന്‍മോഹന്‍സിങ്ങും സോണിയഗാന്ധിയും കോണ്‍ഗ്രസ് പാര്‍ടിയും ഇന്ത്യയെ സര്‍വനാശത്തിലേക്ക് നയിക്കുന്നതിനെക്കുറിച്ച് ശക്തമായ പ്രതിഷേധം ഉയരേണ്ടിയിരിക്കുന്നു.

അതെന്തായാലും ജെയ്താപുര്‍ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഗ്രാമീണര്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. ആണവോര്‍ജ റഗുലേറ്ററി ബോര്‍ഡിന്റെ പരിശോധനപോലും നടന്നിട്ടില്ലെന്ന് കേന്ദ്രമന്ത്രി ജയറാം രമേഷ്തന്നെ സമ്മതിക്കുന്നുണ്ടെങ്കിലും പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കലും നിര്‍ബന്ധമായ കുടിയിറക്കലും ആരംഭിച്ചിരിക്കുന്നു. ഭൂരിഭാഗം ഗ്രാമീണരില്‍നിന്നും നഷ്ടപരിഹാരം നല്‍കി ഭൂമി ഏറ്റെടുത്തുകഴിഞ്ഞെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും മൊത്തമുള്ള 2000 ഉടമകളില്‍ 112 പേര്‍ മാത്രമേ നഷ്ടപരിഹാരം വാങ്ങി ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറായിട്ടുള്ളൂ. അവരുടെ കൈവശമുണ്ടായിരുന്നത് മൊത്തം ഭൂമിയുടെ രണ്ടുശതമാനംമാത്രം. അവരാകട്ടെ, ഈ ഗ്രാമങ്ങളില്‍നിന്ന് മറ്റിടങ്ങളിലേക്ക് ഏറെ മുമ്പേ താമസം മാറിയവര്‍. ഭൂമി നഷ്ടപ്പെടുന്നതില്‍ അവര്‍ക്ക് നഷ്ടമൊന്നുമില്ല. ബാക്കിയുള്ള മഹാഭൂരിപക്ഷംപേരും സമരരംഗത്താണ്. കൃഷിപ്പണി ചെയ്തും മാമ്പഴം വിളയിച്ചും മീന്‍പിടിച്ചും ഉപജീവനം നടത്തുന്ന ഗ്രാമീണരുടെ അന്നംമുട്ടിക്കുന്ന പദ്ധതിയാണ് ഇതെന്നവര്‍ പറയുന്നു.

പദ്ധതി പൂര്‍ത്തിയായാല്‍ റിയാക്ടറുകള്‍ തണുപ്പിക്കുന്നതിന് ദിനംപ്രതി ആറു ലക്ഷം ലിറ്റര്‍ വെള്ളം വേണ്ടിവരും. അതത്രയും പമ്പ് ചെയ്ത് എടുക്കുന്നത്, അവരുടെ ഉപജീവന ജലാശയമായ അഴിമുഖത്തുനിന്നാണ്. റിയാക്ടറില്‍നിന്ന് തിരിച്ചുവരുന്ന വെള്ളമാകട്ടെ, ചൂടുപിടിച്ചതും ആണവ വികിരണം ബാധിച്ചതുമായിരിക്കും. അവരുടെ മത്സ്യബന്ധനവും കൃഷിയും ജലസേചനവും കുടിവെള്ളവും എല്ലാം അതോടെ താറുമാറാകും. പ്രക്ഷോഭകരെ അനുനയിപ്പിക്കാന്‍ 2011 ഫെബ്രുവരി 26ന് മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന്‍ ജെയ്താപുരിലെത്തി. അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ ഗ്രാമീണരെ പൊലീസ് നിര്‍ബന്ധപൂര്‍വം ആട്ടിത്തെളിച്ചുകൊണ്ടുപോയി. ഏകദേശം 5000 പേരെ പൊലീസ് മുഖ്യമന്ത്രിയുടെ മുന്നില്‍ നിര്‍ത്തി. എന്നാല്‍, അവരെല്ലാം പ്രതിഷേധസൂചകമായി കറുത്ത ബാഡ്ജ് ധരിച്ചാണ് വന്നത്. അവരില്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു.

ജെയ്താപുര്‍ പ്രദേശത്തിന്റെ അവസ്ഥ ദയനീയമാണ്. കോളേജോ ആശുപത്രിയോ വ്യവസായ സ്ഥാപനമോ റെയില്‍വേ ലൈനോ, നല്ല റോഡോ ഇല്ല. മുഖ്യമന്ത്രി വന്നുപോയതിനുശേഷം പ്രക്ഷാഭകര്‍ക്കുനേരെയുള്ള പൊലീസ് അക്രമം കൂടുതല്‍ രൂക്ഷമായി. അഞ്ചാളില്‍ കൂടുതല്‍പേര്‍ കൂട്ടംകൂടി നില്‍ക്കാന്‍ പാടില്ല, പ്രതിഷേധ പ്രകടനങ്ങള്‍ പാടില്ല, പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ഗ്രാമത്തിലേക്ക് പ്രവേശനമില്ല എന്നൊക്കെയാണ് കാര്‍ക്കശ്യം. സിപിഐ എമ്മിന്റെ രണ്ട് എംപിമാര്‍ സ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍പ്പോലും കര്‍ശനനിയന്ത്രണമാണ് പൊലീസ് ഏര്‍പ്പെടുത്തിയത്. എംപിമാരെ പൊലീസ് പിന്തുടര്‍ന്നു. ജനങ്ങളില്‍നിന്ന് വിവരം ശേഖരിക്കുന്നത് തടയാന്‍ ശ്രമിച്ചു. വിരമിച്ച സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാര്‍ക്കും പ്രവേശനം നിഷേധിച്ചു.

മുഖ്യമന്ത്രി മടങ്ങിയശേഷം പ്രതിഷേധപ്രകടനക്കാരില്‍ പ്രധാനികളെ കള്ളക്കേസുകളില്‍ കുടുക്കി. 307-ാം വകുപ്പ് ചാര്‍ത്തി വധശ്രമക്കേസില്‍ കുടുക്കപ്പെട്ടവര്‍ നിരവധി. എന്നാല്‍, ആരെ വധിക്കാന്‍ ശ്രമിച്ചെന്ന ചോദ്യത്തിന് ഉത്തരമില്ല. പൊലീസ് പീഡനത്തില്‍ രണ്ടുപേര്‍ ഇതിനകം രക്തസാക്ഷികളായി. നിരവധിപേര്‍ ഇപ്പോഴും ജയിലിലാണ്. മിത്ഗാവ്, മദ്ബന്‍ തുടങ്ങിയ അഞ്ചു ഗ്രാമങ്ങളിലെയും പഞ്ചായത്ത് പ്രസിഡന്റുമാരും പഞ്ചായത്ത് അംഗങ്ങളും പ്രതിഷേധസൂചകമായി സ്ഥാനം രാജിവച്ചു. 2010 ഡിസംബറില്‍ ഒരു ദിവസം ഈ മേഖലയിലെ 70 പ്രൈമറി സ്കൂളും സെക്കന്‍ഡറി സ്കൂളുകളും പ്രതിഷേധസൂചകമായി അടച്ചിട്ടു. 2011ലെ റിപ്പബ്ലിക് ദിനാഘോഷവും ബഹിഷ്കരിച്ചു.

ഗ്രാമീണര്‍ ഉന്നയിക്കുന്ന മൂന്ന് പ്രധാന ആവശ്യം ഇവയാണ്. ജെയ്താപുര്‍ ആണവപദ്ധതി ഉപേക്ഷിക്കുക, ബലംപ്രയോഗിച്ച് ഏറ്റെടുത്ത ഭൂമി തിരിച്ചുനല്‍കുക; പ്രതിഷേധപ്രകടനം നടത്തിയവര്‍ക്കെതിരെയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക, നിരോധന ഉത്തരവ് പിന്‍വലിച്ച് സമാധാനാന്തരീക്ഷം നിലനിര്‍ത്തുക.

ആണവനിലയം വന്നാല്‍ ഭൂമി നഷ്ടപ്പെടുകയും മറ്റുവിധത്തില്‍ വിഷമം അനുഭവിക്കേണ്ടിവരികയും ചെയ്യുന്ന ഗ്രാമീണരുടെ എതിര്‍പ്പിനെ വകവയ്ക്കാതെ, പദ്ധതിയുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഫ്രഞ്ച് പ്രസിഡന്റ് സര്‍ക്കോസി ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍, ആണവനിലയത്തിനാവശ്യമായ സ്ഥലമേറ്റെടുത്തു എന്നാണത്രേ ഇന്ത്യാ ഗവണ്‍മെന്റ് അദ്ദേഹത്തെ അറിയിച്ചത്. ഫ്രാന്‍സിലും ഫിന്‍ലന്‍ഡിലും ഇത്തരം ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അരേവാ കമ്പനി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കുഴപ്പത്തിലകപ്പെട്ടു കിടക്കുമ്പോള്‍ മന്‍മോഹന്‍സിങ്, രത്നഗിരിയില്‍ കാട്ടുന്ന ധൃതി ആര്‍ക്കുവേണ്ടിയാണ്? ലോകത്താകെയുള്ള 443 ആണവനിലയവും ജപ്പാനിലുള്ള 54 ആണവനിലയവും ഇന്ത്യയിലെ 20 ആണവനിലയവും സുരക്ഷാ ഓഡിറ്റിങ്ങിനും പുനഃപരിശോധനയ്ക്കും വിധേയമാക്കണമെന്നും ആണവപദ്ധതികള്‍തന്നെ ഉപേക്ഷിക്കണമെന്നുമുള്ള മുറവിളി ലോകത്താകെ ഉയര്‍ന്നുവരുമ്പോള്‍, മന്‍മോഹന്‍സിങ് ഇത്ര വലിയ ദുരന്തത്തെ രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നത് എന്തിനാണ്?


*****


പി വി അഖിലേഷ്, കടപ്പാട് :ദേശാഭിമാനി

Monday, April 4, 2011

ജപ്പാന്‍ ആണവ ദുരന്തം: ഇന്തോ - അമേരിക്കന്‍ ആണവക്കരാര്‍ പുനഃപരിശോധിക്കണം

ജപ്പാനിലുണ്ടായ ആണവ ദുരന്തമാണ് ഇപ്പോള്‍ ലോകമെങ്ങും ചര്‍ച്ചചെയ്യുന്നത്. ഇതിനുമുമ്പ് ഉണ്ടായ ഏറ്റവും വലിയ ആണവ ദുരന്തം സോവിയറ്റ് യൂണിയനിലെ ചെര്‍ണോബില്‍ എന്ന സ്ഥലത്തുണ്ടായ അപകടമായിരുന്നു. ഓപ്പറേറ്റര്‍മാരുടെ അശ്രദ്ധയും മറ്റുചില പിഴവുകളുമാണ് ചെര്‍ണോബില്‍ ആണവ നിലയത്തിലെ സ്ഫോടനത്തിന് കാരണമായതെന്ന് അന്ന് വിശദീകരിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ജപ്പാനിലുണ്ടായിരിക്കുന്നത് അത്തരത്തിലുള്ള ഒന്നല്ല. ഇതൊരു പ്രകൃതി ദുരന്തത്തിന്റെ ഫലമാണ്. സാങ്കേതികമായി എല്ലാം ഭദ്രമായിരുന്നാലും ആണവ നിലയങ്ങള്‍ ഒട്ടും സുരക്ഷിതമല്ല എന്നാണ് ഇത് കാണിക്കുന്നത്.

മാര്‍ച്ച് 11ന് ആയിരുന്നു ജപ്പാനില്‍ ഭൂകമ്പങ്ങളുടെ പരമ്പര തുടങ്ങിയത്. പസഫിക് സമുദ്രത്തിന്റെ അടിത്തട്ടിലുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് സുനാമി രൂപപ്പെടുകയും രാജ്യത്തിന്റെ 2100 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തീരപ്രദേശമാകെ നശിക്കുകയും ചെയ്തു. പതിനായിരത്തിലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അതിലേറെ ആളുകളെ കാണാതായി. മിയാഗി പ്രവിശ്യയിലെ ഒനുഹാമ ആണവ നിലയത്തിന് തീപിടിച്ചു. അതടക്കം അഞ്ച് ആണവ നിലയങ്ങള്‍ അടച്ചുപൂട്ടിക്കൊണ്ടാണ് ജപ്പാന്‍ സുരക്ഷാ നടപടികള്‍ തുടങ്ങിയത്. ആദ്യത്തെ ദുരന്തംകൊണ്ട് ഭൂകമ്പം അവസാനിച്ചില്ല. രാജ്യത്തിന്റെ പല ഭാഗത്തും തുടര്‍ ചലനങ്ങള്‍ അനുഭവപ്പെട്ടു. മാര്‍ച്ച് പന്ത്രണ്ടാം തീയതി ശനിയാഴ്ച ഫുക്കുഷിമയിലെ ദായ്ച്ചി ആണവ നിലയത്തില്‍ സ്ഫോടനമുണ്ടായി. നാല്-അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായി. ദായ്ച്ചിയിലെ അഞ്ച് ആണവ റിയാക്ടറുകളില്‍ പൊട്ടിത്തെറിയുണ്ടായി. റിയാക്ടറുകളിലെ ശീതീകരണികള്‍ തകരാറിലായത് കൂടുതല്‍ പൊട്ടിത്തെറികള്‍ക്ക് കാരണമായി. ഇവ കടല്‍വെള്ളം ഉപയോഗിച്ച് തണുപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പാഴായതിനെത്തുടര്‍ന്ന് രാജ്യമെങ്ങും കടുത്ത ഉത്കണ്ഠ പടര്‍ന്നു.

ദായ്ച്ചിയുടെ അമ്പത് കിലോമീറ്റര്‍ ചുറ്റളവില്‍ അണുപ്രസരണം വ്യാപിക്കുമെന്നായിരുന്നു പ്രാഥമിക നിരീക്ഷണം. മുപ്പത് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ ജനലുകളും വാതിലുകളും അടച്ച് വീട്ടിനുള്ളില്‍തന്നെ കഴിയണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. പക്ഷേ അപകടത്തിന്റെ പരിധി അവിടെ അവസാനിച്ചില്ല. ഫുക്കുഷിമയില്‍നിന്ന് 270 കിലോമീറ്റര്‍ അകലെയുള്ള ടോക്യോവില്‍ അണുപ്രസരണത്തിന്റെ ലക്ഷണങ്ങള്‍ കാണപ്പെട്ടു. ജപ്പാനില്‍ ഉണ്ടായിരുന്ന വിദേശീയര്‍ രാജ്യം വിട്ടുപോകാന്‍ നിര്‍ബന്ധിതരായി. സ്വദേശികളും ആയിരക്കണക്കിന് പേര്‍ പലായനം ചെയ്തു. ദുരന്തത്തെത്തുടര്‍ന്നുള്ള ഏതാനും ദിവസം കാറ്റ് പസഫിക്ക് സമുദ്രത്തിന്റെ ഭാഗത്തേയ്ക്കായിരുന്നു. അതുകൊണ്ട് പ്രത്യക്ഷത്തില്‍ അപകടം കണ്ടുതുടങ്ങിയില്ല. എന്നാല്‍ കടല്‍ ജലത്തില്‍ തീര്‍ച്ചയായും ആണവ വികിരണം അനുഭവപ്പെട്ടിട്ടുണ്ട്. അതിന്റെ ആഘാതങ്ങള്‍ വരാനിരിക്കുന്നതേയുള്ളു. പച്ചക്കറികളിലും അണുപ്രസരണം കണ്ടുതുടങ്ങി. ആണവ ദുരന്തത്തിന്റെ പല പ്രത്യാഘാതങ്ങളും ദീര്‍ഘകാലാടിസ്ഥാനത്തില്‍ അനുഭവപ്പെടുന്നവയാണ്. അതായത് രാജ്യം ദുരന്തത്തിന് കാതോര്‍ത്തിരിക്കുന്നു എന്നര്‍ത്ഥം.

ചെര്‍ണോബില്‍ ദുരന്തകാലത്ത് അതിന്റെ ആഘാതം കുറച്ചത് സോവിയറ്റ് യൂണിയന്റെ സാങ്കേതിക മികവും സുരക്ഷാ നടപടികള്‍ നടപ്പാക്കുന്നതിലെ സോവിയറ്റു ഭരണകൂടത്തിന്റെ കാര്യക്ഷമതയും ചേര്‍ന്നാണ്. ഒരുപക്ഷേ അതിനേക്കാള്‍ സാങ്കേതിക മികവ് ഇപ്പോള്‍ ജപ്പാന്റെ പക്കല്‍ ഉണ്ടായിരിക്കാം. പക്ഷേ ഭൂകമ്പം സൃഷ്ടിച്ച മറ്റ് ദുരിതങ്ങള്‍ക്കിടയില്‍ ഇവയെല്ലാം അപ്രസക്തമാകുന്നു. ദായ്ച്ചി ആണവ നിലയത്തില്‍ മൊത്തം ആറ് റിയാക്ടറുകളാണ് ഉള്ളത്. മാര്‍ച്ച് ഇരുപത് ആയപ്പോള്‍ ഇതില്‍ മൂന്നെണ്ണത്തിലും സ്ഫോടനം ഉണ്ടായിക്കഴിഞ്ഞിരുന്നു. നാലാമത്തേതിലേക്ക് തീ പടര്‍ന്നിരുന്നു. അവസാനത്തെ രണ്ടെണ്ണത്തിലെ താപനില അപകടകരമായ തോതിലേക്ക് ഉയര്‍ന്നിരുന്നു. അനുവദനീയമായതിന്റെ ആയിരം ഇരട്ടി അണുപ്രസരണമാണ് ചുറ്റുപാടുമുണ്ടായത്.

നിലയത്തിലെ യുറേനിയം ദണ്ഡുകള്‍ ഉരുകിയാല്‍ അത് ഭീകരമായ ആണവ ദുരന്തത്തിന് കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അതുപോലെതന്നെ സീഷിയംപോലെയുള്ള മൂലകങ്ങള്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുന്നതിനും ഈ സ്ഫോടനങ്ങള്‍ കാരണമാകുമെന്ന് കരുതുന്നു. മാരകമായതോതില്‍ രോഗബാധയ്ക്ക് ഇത് വഴിവെച്ചേക്കാം.

ഈ പശ്ചാത്തലത്തിലാണ് ഇന്തോ അമേരിക്കന്‍ ആണവ കരാര്‍ പുന:പരിശോധിക്കണം എന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്. ഇന്ത്യയിലെ താരാപ്പൂര്‍ ആണവനിലയത്തിന് ദായ്ച്ചിയേക്കാള്‍ പ്രായമുണ്ട്. പ്രായം കൂടുന്തോറും ആണവ നിലയങ്ങളുടെ അപകട സാദ്ധ്യതകള്‍ കൂടുമെന്നത് ഒരു സത്യമാണ്. താരാപ്പൂര്‍ മാത്രമല്ല രാജസ്ഥാനിലേയും ആണവ നിലയങ്ങള്‍ പഴക്കംചെന്നവയാണ്. ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടും ഇത്തരം വൃദ്ധ ആണവനിലയങ്ങള്‍ വ്യാപകമായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇന്ന് ലോകത്ത്, വിശേഷിച്ചും അമേരിക്കയില്‍, എത്രയോമുമ്പ് അടച്ചുപൂട്ടേണ്ടിയിരുന്ന പല നിലയങ്ങള്‍ക്കും അവയുടെ ഉടമസ്ഥരായ സ്വകാര്യ കമ്പനികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പ്രവര്‍ത്തനാനുമതി ലഭിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ മഹാരാഷ്ട്രയിലെ ജെയ്താപ്പൂരില്‍ പുതിയൊരു ആണവനിലയത്തിന് പ്രവര്‍ത്തനാനുമതി ലഭിച്ചിട്ടുണ്ട്. ഇതാകട്ടെ ഇതേവരെ യാതൊരു പ്രവര്‍ത്തനാനുഭവവും കിട്ടിയിട്ടില്ലാത്ത നാലാം തലമുറയില്‍പെട്ട റിയാക്ടറുകളാണ്. ഫ്രാന്‍സ്-അമേരിക്കന്‍ കൂട്ടു സ്ഥാപനമായ ആരേവയാണ് ഇത് നിര്‍മ്മിക്കുന്നത്. ഇതിന്റെ സുരക്ഷയെക്കുറിച്ച് അതിന്റെ ഡിസൈനിംഗ് ഘട്ടത്തില്‍തന്നെ സംശയങ്ങള്‍ ഉയര്‍ത്തപ്പെട്ടിട്ടുണ്ട്. 1600 മെഗാവാട്ട് ശേഷിയുള്ള ഒരു നിലയത്തിന് 33000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. എന്നാല്‍ കല്‍ക്കരി ഉപയോഗിച്ച് പ്രവര്‍ത്തിക്കാവുന്ന ഇത്തരത്തിലൊരു നിലയത്തിന് 8000 മുതല്‍ 9000 വരെ കോടി രൂപ മതിയാകുമെന്ന് വിദഗ്ധര്‍ കണക്കാക്കുന്നു.

ഈ പശ്ചാത്തലത്തിലാണ് ഇന്തോ അമേരിക്കന്‍ ആണവ കരാര്‍ പുന:പരിശോധിക്കണം എന്ന ആവശ്യം സംഗതമാകുന്നത്. അര നൂറ്റാണ്ടിലധികം പഴക്കമുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതും സുരക്ഷാ ഭീഷണിയുടെ സംശയത്തിന്റെ മുനയില്‍ നില്‍ക്കുന്നതുമായ റിയാക്ടറുകളാണ് കരാറിന്റെ ഭാഗമായി ഇന്ത്യയിലേക്ക് വരാന്‍പോകുന്നതെന്ന് കരാര്‍ ഒപ്പിടുന്ന വേളയില്‍തന്നെ ഇന്ത്യയില്‍ ആരോപണം ഉയര്‍ന്നിരുന്നു.

1978നുശേഷം അമേരിക്കയില്‍ ഒരൊറ്റ പുതിയ ആണവ നിലയത്തിനുപോലും ഓര്‍ഡര്‍ നല്‍കുകയുണ്ടായില്ല എന്നതാണ് ചൂണ്ടിക്കാണിക്കപ്പെട്ട ഒരു വസ്തുത. ഭീമമായ ചെലവ്, കാര്യക്ഷമമായ സുരക്ഷാ സംവിധാനത്തിന്റെ ആവശ്യകത, പാരിസ്ഥിതിക പ്രശ്നങ്ങള്‍ എന്നിവയായിരുന്നു ഈ സ്ഥിതിവിശേഷത്തിന് കാരണം. ജനറല്‍ ഇലക്ട്രിക്കല്‍സ്, വെസ്റ്റിംഗ് ഹൌസ് തുടങ്ങിയ വന്‍കിട സ്ഥാപനങ്ങളാണ് ഇതുമൂലം തിരിച്ചടി നേരിട്ടത്. ആണവ നിലയങ്ങള്‍ അവയുടെ പ്രവര്‍ത്തന കാലാവധി കഴിയുമ്പോള്‍ അടച്ചുപൂട്ടണമെങ്കില്‍ അവ നിര്‍മ്മിക്കുന്നതിനേക്കാള്‍ കൂടുതല്‍ ചെലവ് വരും. ഇതെല്ലാം കണക്കിലെടുത്താണ് പല ലോകരാജ്യങ്ങളും ആണവ ഊര്‍ജ്ജത്തില്‍നിന്ന് പിന്മാറിയത്. ആ സമയത്താണ് ഇപ്പറഞ്ഞ ആണവ നിലയങ്ങള്‍ വിലയ്ക്കുവാങ്ങാന്‍ ഇന്ത്യ അമേരിക്കയുമായി കരാറുണ്ടാക്കിയത്.

ആണവ കരാറിനെതിരെ രാജ്യത്തുണ്ടായ ചെറുത്തുനില്‍പുകളെ ദുര്‍ബലപ്പെടുത്താനും കരാര്‍ ഒപ്പിടാന്‍ തയ്യാറായ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ അധികാരത്തില്‍ നിലനിറുത്താനും സാമ്രാജ്യത്വം നേരിട്ട് ഇടപെട്ടു എന്ന് വാര്‍ത്തകള്‍ വരുന്ന കാലത്താണ് ജപ്പാനിലെ ആണവ ദുരന്തം എന്നത് തികച്ചും യാദൃച്ഛികമാവാം. പക്ഷേ ഈ യാദൃച്ഛികതയില്‍നിന്ന് ഇന്ത്യന്‍ ജനതയ്ക്ക് വലിയ പാഠങ്ങള്‍ പഠിക്കാനുണ്ട്.

ഇന്ത്യന്‍ ആണവ നിലയങ്ങള്‍ സുരക്ഷിതങ്ങളാണ് എന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രസ്താവിക്കുന്നുണ്ട്. എന്നാല്‍ സാമാന്യബോധമുള്ള ആര്‍ക്കും ഇത് വിശ്വസിക്കാനാവുന്നില്ല. ഇന്ത്യയില്‍ ഭൂമികുലുക്കം ഉണ്ടാവില്ല എന്ന് തീര്‍ച്ചപ്പെടുത്താനാവില്ലല്ലോ? ഭൂമികുലുക്കം ഉണ്ടായാലും അത് റിയാക്ടറിനെ ബാധിക്കില്ല, ബാധിച്ചാലും അത് നിയന്ത്രിക്കാനാകും, അപകടം ഉണ്ടാവില്ല, ഉണ്ടായാലും അത് ജനങ്ങളെ ബാധിക്കില്ല.... ഇങ്ങനെ പോകുന്നു വാദങ്ങള്‍.

ഊര്‍ജ്ജ സുരക്ഷയുടെ കാഴ്ചപാടില്‍നിന്ന് നോക്കിയാലും ജനജീവിത സുരക്ഷയുടെ കാഴ്ചപ്പാടില്‍നിന്ന് നോക്കിയാലും ആണവ കരാര്‍ പ്രകാരമുള്ള പുതിയ നിലയങ്ങള്‍ വരുന്നത് വിവേകരഹിതമായ നടപടികളുടെ ഫലമായിരിക്കും. ഇക്കാര്യത്തില്‍ നമുക്ക് ധൈര്യമായി ചൈനയെ മാതൃകയാക്കാം. പുതിയ ആണവ നിലയങ്ങള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ചൈന തീരുമാനിച്ചതായാണ് മാര്‍ച്ച് 17ന്റെ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പുനര്‍നിര്‍ണ്ണയിച്ചതിനുശേഷം മാത്രം ആണവ നിലയങ്ങള്‍ സ്ഥാപിക്കാനുള്ള നിര്‍ദ്ദേശങ്ങളില്‍ തീരുമാനമെടുത്താല്‍ മതിയെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചതായാണ് ചൈനയില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

എന്തായാലും ഇക്കാര്യങ്ങളെല്ലാം പരിഗണിക്കുമ്പോള്‍ ഇന്തോ-അമേരിക്കന്‍ ആണവ കരാര്‍ നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കുന്നതുതന്നെയാകും ഉചിതം.


*****


ജോജി കൂട്ടുമ്മേല്‍, കടപ്പാട് :ചിന്ത വാരിക

Thursday, March 17, 2011

ആണവ നവോത്ഥാനത്തിന്റെ ആദ്യകിരണങ്ങള്‍

പ്രകൃതിദുരന്തങ്ങളുടെ പാരിസ്ഥിതിക കാരണങ്ങള്‍ ഉടനടി ചര്‍ച്ച ചെയ്യാന്‍ മടികാട്ടാത്ത നമ്മള്‍ അവയുടെ രാഷ്‌ട്രീയ മാനങ്ങള്‍ തല്‍സമയം പരിശോധിക്കാന്‍ എന്തുകൊണ്ടോ അറയ്‌ക്കുന്നു. അത്തരമൊരു പരിശോധന അമാന്യവും മനുഷ്യത്വരഹിതവുമായി പൊതുസമൂഹം തെറ്റിദ്ധരിക്കുമോ എന്നാണ് നമ്മുടെ അകാരണമായ ആശങ്ക. ഇങ്ങനെ നമ്മള്‍ അറിഞ്ഞുകൊണ്ട് ഒഴിഞ്ഞുകൊടുക്കുന്ന ഇടത്താണ് എല്ലാ മനുഷ്യദുരിതങ്ങളും പ്രകൃതി നിശ്ചയമോ ദൈവകോപമോ ആണെന്ന അന്ധവിശ്വാസം അനായാസം കടന്നുകയറി പുരപണിയുന്നതും അതിന്റെ പുറമ്പോക്കില്‍ മരണത്തിന്റെ മൊത്തക്കച്ചവടക്കാര്‍ യഥേഷ്‌ടം ലാഭംകൊയ്യുന്നതും.

ജപ്പാനെപ്പോലെ കണ്ണഞ്ചിപ്പിക്കുന്ന സാങ്കേതിക സാമ്പത്തിക വളര്‍ച്ച കൈവരിച്ച ഒരു രാജ്യം ഞൊടിയിടയില്‍ ഭീമന്‍ ഭൂമികുലുക്കത്തിന്റെയും സുനാമിയുടെയും അണുപ്രസരണത്തിന്റെയും ആക്രമണത്തില്‍ ആടിയുലയുമ്പോള്‍ രക്ഷപ്പെട്ടെന്ന് സ്വയം ആശ്വസിക്കുന്ന സാധാരണക്കാര്‍ ഏതു വിധിചിന്തയ്‌ക്കും വഴങ്ങുന്നതില്‍ അത്ഭുതമില്ല. അത്രകണ്ട് ശിഥിലമാണ് ഒരേ സമയം നിഷ്‌ഠൂരവും നിര്‍ജീവവുമായ ആധുനിക ആഗോള ധനമൂലധന വ്യവസ്ഥയ്‌ക്കകത്ത് അവരുടെ ദൈനംദിന ജീവിതവും സാമൂഹ്യ ബന്ധങ്ങളും.“നിര്‍ഭാഗ്യവശാല്‍ ദൈവം സാമ്പത്തിക ശാസ്‌ത്രത്തില്‍ ഇടപെടുന്നില്ല. നിങ്ങളുടെ ദുരിതങ്ങള്‍ക്ക് തീര്‍ച്ചയായും അറുതിയുണ്ട്. കാരണം അവ തീര്‍ത്തും അനാവശ്യമാണ്. ലോകത്തിലെ ദുരിതമനുഭവിക്കുന്ന എല്ലാവരെയും ഇത്ര ആത്മവിശ്വാസത്തോടെ ആശ്വസിപ്പിക്കാന്‍ നമുക്കിടയില്‍ ഒരു ബെട്രോള്‍ ബ്രഹ്ത് ഇല്ലെന്ന യാഥാര്‍ഥ്യം നാം മറ്റൊരു മനുഷ്യ മഹാദുരന്തത്തിന്റെ നടുക്ക് ഒരു ഞെട്ടലോടെ തിരിച്ചറിയുന്നു.

ജപ്പാനിലെ വടക്കുകിഴക്കന്‍ തീരങ്ങളില്‍ അസാധാരണമായ പ്രകൃതി പ്രതിഭാസങ്ങള്‍ എണ്ണമറ്റ മരണവും കണക്കറ്റ നാശവും വിതച്ചുകൊണ്ടിരിക്കുമ്പോള്‍ ഇങ്ങ് ഇന്ത്യയുടെ തലസ്ഥാനത്ത് ഡല്‍ഹിയില്‍ ജനറല്‍ ഇലക്‌ട്രിക് എന്ന അമേരിക്കന്‍ ആസ്ഥാനമായുള്ള ബഹുരാഷ്‌ട്ര കമ്പനിയുടെ ആഗോള മേധാവികളുടെ വാര്‍ഷിക സമ്മേളനം നടക്കുകയായിരുന്നു. ഫ്രാന്‍സിലെയും റഷ്യയിലെയും പൊതുമേഖലയ്‌ക്കു പുറത്ത് ആണവ റിയാക്‌ടറുകള്‍ നിര്‍മിക്കുന്ന രണ്ടോ മൂന്നോ സ്വകാര്യ കുത്തകകളിലൊന്നാണ് ഇപ്പോള്‍ ജിഇ, ഹിറ്റാച്ചി സംയുക്ത സംരംഭമായ ജിഇ-ഹിറ്റാച്ചി എനര്‍ജി ലിമിറ്റഡ് എന്ന വന്‍ കമ്പനി. ജിഇയുടെ കോര്‍പറേറ്റ് ചരിത്രത്തില്‍ ആദ്യമായി അമേരിക്കയ്‌ക്കു പുറത്ത് അവരുടെ വാര്‍ഷിക ആഗോള ഉന്നതതലം നടക്കുമ്പോഴാണ് ജപ്പാനിലെ ജനത ഹിരോഷിമയെയും നാഗസാക്കിയെയും ഓര്‍മിപ്പിക്കുന്ന മറ്റൊരു ആണവ ദുരന്തത്തിന് ഇരയാവുന്നത്. ഇത് തികച്ചും യാദൃച്ഛികമായിരുന്നു.

ഇതിലും യാദൃച്ഛികമായിരുന്നു ഡല്‍ഹിയില്‍ ജിഇ സമ്മേളനം നടക്കുമ്പോള്‍ ജപ്പാനിലെ ഫുക്കുഷിമയില്‍ പൊട്ടിത്തെറിച്ച ദായ് ഇച്ചി ആണവകേന്ദ്രത്തിലെ 40 വര്‍ഷം പഴക്കമുള്ള മാര്‍ക്ക് 1 മോഡല്‍ ഒന്നാം നമ്പര്‍ ആണവ റിയാക്‌ടറിന്റെ നിര്‍മാതാക്കള്‍ ഇതേ ജിഇ തന്നെയായിരുന്നു എന്ന വസ്‌തുത. യാദൃച്ഛികതയുടെ സൌജന്യം അവകാശപ്പെടാനാവാത്ത ഒരൊറ്റക്കാര്യം ജിഇ ഉച്ചകോടിയുടെ യഥാര്‍ഥലക്ഷ്യമായിരുന്നു. അവരുടെകൂടി പരിശ്രമത്തിന്റെ ഫലമായി ജോര്‍ജ് ബുഷും മന്‍മോഹന്‍സിങ്ങും 2008ല്‍ ഒപ്പിട്ട ഇന്തോ-അമേരിക്കന്‍ ആണവ കരാര്‍ തുറന്നുകൊടുത്ത ഇന്ത്യയിലെ ആണവ കമ്പോളത്തില്‍ വൈകിയെങ്കിലും തങ്ങളുടെ റിയാക്‌ടറുകള്‍ വില്‍ക്കുക എന്ന ലക്ഷ്യം.

ആണവോര്‍ജത്തിന്റെ ആഗോള നവോത്ഥാനം എന്ന് ആണവ പ്രേമികള്‍ ആഘോഷിക്കുന്ന 21-ാം നൂറ്റാണ്ടില്‍ ഇന്തോ-യുഎസ് കരാര്‍ പ്രകാരം ജിഇ ഹിറ്റാച്ചിക്കും വെസ്‌റ്റിങ്ഹൌസ് തോഷിബയ്‌ക്കും ഇന്ത്യയില്‍ മാത്രം തുറന്നുകിട്ടുന്നത് 170 ലക്ഷം കോടി അമേരിക്കന്‍ ഡോളറിന്റെ കമ്പോളമാണ്. ഈ ഇന്ത്യന്‍ കമ്പോളം കൈക്കലാക്കുന്നതിന് ആണവ കരാര്‍ ഒപ്പിട്ടതിനുശേഷവും അവശേഷിക്കുന്ന തടസ്സങ്ങള്‍ നീക്കുന്നതിനാണ് ജിഇ മേധാവികള്‍ തങ്ങളുടെ സമ്മേളനത്തിന് നമ്മുടെ രാജധാനി തെരഞ്ഞെടുത്തത്.

സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലെ ദേശാഭിമാന ശക്തികളുടെ കടുത്ത എതിര്‍പ്പിനെ അധാര്‍മികമായ രാഷ്‌ട്രീയ ബാന്ധവങ്ങളിലൂടെ മറികടന്നുകൊണ്ടാണ് ഒന്നാം മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ ആണവകരാറില്‍ ഒപ്പിട്ടത്. കരാര്‍ നടപ്പാക്കുന്നതിനാവശ്യമായ ആണവ അപകടങ്ങളെ സംബന്ധിച്ച് ബാധ്യത ബില്ലിലെ വ്യവസ്ഥകള്‍ വെള്ളംചേര്‍ത്ത് ബഹുരാഷ്‌ട്ര ആണവ കരാര്‍ നിര്‍മാതാക്കളെ സഹായിക്കാനുള്ള രണ്ടാം മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ ശ്രമങ്ങളെയും ഒരളവോളം ചെറുക്കാന്‍ കഴിഞ്ഞ ആഗസ്‌തില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ ആണവ അപകട ബാധ്യതാ ബില്ലിലൂടെ ഇന്ത്യന്‍ ഇടതുപക്ഷത്തിനുകഴിഞ്ഞു.

തിരിച്ച് വിലപേശിയില്ലെങ്കില്‍ ഇന്ത്യന്‍ ജനങ്ങളുടെ ജീവന് ഈച്ചയുടെ വിലപോലും ബഹുരാഷ്‌ട്ര ഭീമന്മാര്‍ കല്‍പ്പിക്കുകയില്ലെന്നതിന് യൂണിയന്‍ കാര്‍ബൈഡിന്റെ ഉദാഹരണം നമുക്ക് മുന്‍പിലുണ്ട്. ഇതിനെ വീണ്ടും സാക്ഷ്യപ്പെടുത്തുന്നതായിരുന്നു ജിഇ അധ്യക്ഷനും സിഇഒയുമായ ജെഫ്രി ഇമ്ളെറ്റ് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനം. “നമ്മള്‍ ദുരന്തത്തിന്റ ആദ്യ ദിവസങ്ങളിലല്ലേ. വിവരങ്ങള്‍ ശേഖരിച്ചുവരുന്നതേയുള്ളൂ.” ഇങ്ങനെപോയി തങ്ങള്‍ നിര്‍മിച്ച് ജപ്പാനിലെ സ്വകാര്യ കമ്പനിക്ക് നടത്തുവാന്‍ വിറ്റ ദായ് ഇച്ചി ഒന്നാം നമ്പര്‍ റിയാക്‌ടറിന്റെ സുരക്ഷയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ വിടാതെയുള്ള ചോദ്യങ്ങള്‍ക്കുള്ള ജിഇ അധ്യക്ഷന്റെ മറുപടി. നിവൃത്തിയില്ലാതെ വന്നപ്പോള്‍ കമ്പനി ജപ്പാന് അടിയന്തര ആദ്യഘട്ട സഹായമായി 5 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ (22.5 കോടി രൂപ) കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട് എന്ന് സ്വല്‍പ്പം ജാള്യത്തോടെ ജെഫ്രി ഇമ്ളെറ്റ് വെളിപ്പെടുത്തി.

ഇന്ത്യയിലെ തങ്ങളുടെ പുത്തന്‍ മുതല്‍മുടക്കിന്റെ ഭാഗമായി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന 225 കോടി രൂപയുടെ എന്‍ജിനിയറിങ് ഉല്‍പ്പന്ന യൂണിറ്റില്‍ 3000 ഇന്ത്യക്കാര്‍ക്കും 2000 അമേരിക്കക്കാര്‍ക്കും ജോലി ലഭിക്കുമെന്ന പ്രഖ്യാപനം ലോക മാധ്യമശ്രദ്ധ ജപ്പാനില്‍നിന്ന് ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ഒരു ദുര്‍ബല ശ്രമമായിരുന്നു. ഇന്ത്യയിലെ ആണവോര്‍ജ മേഖലയിലെ മുതല്‍മുടക്കു പരിപാടികളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുമുമ്പില്‍ പരുങ്ങിയ അദ്ദേഹത്തിന് ഒടുവില്‍ തന്റെയും തന്റെ കമ്പനിയുടെയും അടിയന്തര ഇന്ത്യന്‍ ദൌത്യത്തെക്കുറിച്ച് വാ തുറക്കേണ്ടിവന്നു. പ്രശ്‌നം ബാധ്യത തന്നെ. ആണവാപകടങ്ങള്‍ സംഭവിച്ചാല്‍ റിയാക്‌ടര്‍ നിര്‍മാതാക്കളും യുറേനിയം തുടങ്ങിയ ആണവ വസ്‌തു വില്‍പ്പനക്കാരും വഹിക്കേണ്ട ബാധ്യത. തങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ആണവ റിയാക്‌ടറുകളില്‍ നിര്‍മാണ സംബന്ധമായ തകരാറുമൂലം എന്തെങ്കിലും അപകടം സംഭവിച്ചാല്‍ അതിന്റെ ഇരകള്‍ക്ക് നഷ്‌ടപരിഹാരം നല്‍കാന്‍ തങ്ങള്‍ ബാധ്യസ്ഥരല്ല എന്ന വിചിത്രമായ ‘ആഗോള മാനദണ്ഡം’ പാലിക്കാതെ ഇന്ത്യക്ക് ആണവ റിയാക്‌ടറുകള്‍ വില്‍ക്കാന്‍ വിഷമമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷത്തിന്റെ സമ്മര്‍ദംകൊണ്ട് ബാധ്യത വ്യവസ്ഥാ ബില്ലില്‍ അവസാന നിമിഷം എഴുതിച്ചേര്‍ത്ത കര്‍ശന വ്യവസ്ഥകളില്‍ എങ്ങനെയും വെള്ളം ചേര്‍ക്കുക എന്നതായിരുന്നു തങ്ങളെ ഇവിടെക്കൊണ്ട് എത്തിച്ച ലക്ഷ്യമെന്ന് അദ്ദേഹം പറയാതെ പറഞ്ഞു. ആഗോള ആണവ നവോത്ഥാനത്തിന്റെ ആദ്യകിരണങ്ങള്‍ ഫുക്കുഷിമയുടെ ആണവ പ്രസരണ ധൂളിയില്‍ അസ്‌തമിക്കുമെന്ന് ആശ്വസിക്കുക വയ്യ. ആണവ മരണത്തിന്റെ മൊത്തവ്യാപാരികളുടെ വംശാവലി അവസാനിക്കുംവരെ, യാങ് പോള്‍ സാര്‍ത്ര് സൂചിപ്പിച്ചതുപോലെ മനുഷ്യന്റെ ചരിത്രം ഉറുമ്പുകളുടെ ചരിത്രമല്ലെന്ന് കമ്പോള ശക്തികള്‍ മനസിലാക്കുംവരെ അനിശ്ചിതമായ ഒരു ലോകത്ത് സ്വയം സംഘടിച്ചുകൊണ്ടല്ലാതെ സ്വരക്ഷ ഉറപ്പാക്കാനാവില്ല എന്ന മുന്നറിയിപ്പാണ് ജപ്പാനിലെ മഹാദുരന്തം മനുഷ്യരാശിക്ക് നല്‍കുന്നത്.


*****


എൻ. മാധവൻ‌കുട്ടി, കടപ്പാട് : ദേശാഭിമാനി

Tuesday, March 15, 2011

ത്രീമൈല്‍ ഐലണ്ട്, ചെര്‍ണോബില്‍, ഫുകുഷിമ...

ഏറ്റവും ദുഃഖകരവും ഉത്കണ്ഠാജനകവുമായ വാര്‍ത്തകളാണ് ജപ്പാനില്‍ നിന്നു വന്നുകൊണ്ടിരിക്കുന്നത്. സമീപകാല ചരിത്രത്തിലെ ഏറ്റവും ശക്തിയേറിയ ഭൂകമ്പം, വിനാശകാരിയായ മറ്റൊരു സുനാമി, ഇതിനൊക്കെ പുറമേ ചെര്‍ണോബിലിനെ കവച്ചുവച്ചേയ്‌ക്കാനിടയുള്ള ഒരു ആണവ ദുരന്തത്തിന്റെ കരിനിഴലും. ജീവിത സൗഭാഗ്യങ്ങള്‍ പ്രകൃതി കനിഞ്ഞുനല്‍കിയ ഭൂവിഭാഗങ്ങളിലുള്ളവര്‍ പ്രായേണ മടിയന്‍മാരും, നിരന്തരം പ്രകൃതിയുടെ വെല്ലുവിളികളെ നേരിട്ടു ജീവിക്കുന്നവര്‍ കഠിനാധ്വാനികളുമായി വളര്‍ന്നു പരിണമിക്കുന്നു എന്നു ചിലര്‍ പറയാറുണ്ട്. മിതശീതോഷ്‌ണ കാലാവസ്ഥയും കൃത്യമായ രണ്ടു മഴക്കാലങ്ങളും അനുഭവിക്കുന്ന കാര്യമായ പ്രകൃതിദുരന്തങ്ങളും യുദ്ധങ്ങളും സംഘര്‍ഷാവസ്ഥയുമൊന്നുമില്ലാതെ സുഖജീവിതം ശീലിച്ചുപോയ നമുക്കുവേണ്ടിയുള്ള ഒരു മുന്‍കൂര്‍ ജാമ്യമാകാം അത്.

പക്ഷേ അതിന്റെ മറുപുറം ജപ്പാന്‍കാരെ സംബന്ധിച്ചിടത്തോളം തികച്ചും അര്‍ഥവത്താണ്. അച്ചടക്കവും കൃത്യനിഷ്‌ഠയും ചുമതലാബോധവും സാമൂഹിക പ്രതിബദ്ധതയും അവരുടെ രക്തത്തിലോടുന്നു. അതോടൊപ്പം തീവ്രവാദത്തിന്റെ തലത്തിലേക്കുയരുന്ന ദേശസ്‌നേഹവും വംശാഭിമാനവുമാണ് അവരെ രണ്ടാം ലോകമഹായുദ്ധത്തിലേയ്‌ക്കു നയിച്ചത്. പക്ഷേ ലോകയുദ്ധത്തിനുശേഷം തങ്ങളുടെ സ്വഭാവസവിശേഷതകളെ സാമ്പത്തിക-സാങ്കേതിക വികസനത്തിനു വേണ്ടിയാണവര്‍ തിരിച്ചുവിട്ടത്. പാശ്ചാത്യരാജ്യങ്ങളെ അവരുടെ കളിയില്‍ തന്നെ തോല്‍പ്പിച്ചുകൊണ്ടാണവര്‍ ലോകയുദ്ധത്തിലെ പരാജയത്തിനു പകരം വീട്ടിയത്. അതിന്റെ ഭാഗം തന്നെയായിരുന്നു അവരുടെ ആണവ പരിപാടിയും.

അണുബോംബിന്റെ ദുരന്തം ഏറ്റുവാങ്ങിയ ഒരേയൊരു രാജ്യമായ ജപ്പാന്‍ ഊര്‍ജവികസനത്തിനായി ആണവനിലയങ്ങള്‍ തിഞ്ഞെടുത്തത് ഒട്ടൊരു നാടകീയമായ തീരുമാനം ആയിരുന്നു. അണുബോംബിന്റെ ദുരന്തം പോലും തങ്ങളെ തളര്‍ത്തില്ലാ എന്നും ആണവ വൈദ്യുതിരംഗത്തും തങ്ങള്‍ പാശ്ചാത്യശക്തികളെ കവച്ചുവയ്‌ക്കും എന്നുമായിരുന്നു അതിലെ സന്ദേശം. ആ ആവേശത്തിന്റെ സമ്മോഹത്തില്‍ അവര്‍ക്ക് സ്‌മൃതിവിഭ്രമം സംഭവിച്ചുവോ? ഫുകുഷിമ നല്‍കുന്ന അപകടസൂചന അതാണ്.

ഭൂകമ്പവും സുനാമിയും തീര്‍ച്ചയായും ഓര്‍ക്കാപ്പുറത്ത് പ്രകൃതി നല്‍കുന്ന തിരിച്ചടികളാണ്. പക്ഷേ ജപ്പാനെ സംബന്ധിച്ചിടത്തോളം രണ്ടും ഒട്ടും അപ്രതീക്ഷിതങ്ങളല്ല. ചെറുതും വലുതുമായി നൂറു കണക്കിനു ഭൂകമ്പങ്ങളാണ് ഓരോ വര്‍ഷവും ജപ്പാനെ പിടിച്ചുകുലുക്കുന്നത്. അവയില്‍ ചിലവയെങ്കിലും സുനാമികള്‍ക്കും കാരണമാകാറുണ്ട്. അതുകൊണ്ടു തന്നെ ആ രാജ്യത്തെ ആവാസവ്യവസ്ഥയും കെട്ടിടനിര്‍മാണരീതികളും ജീവിതശൈലിയും ജനങ്ങളുടെ ബോധതലം തന്നെയും അതിനനുരൂപമായിട്ടാണ് വളര്‍ന്നുപരിണമിച്ചിട്ടുള്ളത്. ആധുനിക നിര്‍മിതികളെല്ലാം തന്നെ അംബരചുംബികളുള്‍പ്പെടെ ഏതൊരു ഭൂകമ്പത്തെയും ചെറുക്കാന്‍ ശേഷിയുള്ളവയാണ്. എന്നിട്ടും റിക്ടര്‍ സ്‌കെയിലില്‍ 9.0 എന്ന തോതിലെത്തിയ അസാധാരണമായ ഈ ഭൂകമ്പം അഭൂതപൂര്‍വമായ നാശനഷ്ടങ്ങള്‍ വരുത്തി. മറ്റേതെങ്കിലും രാജ്യത്തായിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്ന ജീവനാശത്തിന്റെ എത്രയോ ചെറിയൊരംശം മാത്രമാണിത് എന്നത് ജപ്പാന്‍കാരുടെ മുന്‍കരുതലുകള്‍ക്കുള്ള പ്രതിഫലമാണ്. അത്രയേ സമാധാനിക്കാനാവൂ.

പക്ഷേ ജപ്പാന്‍കാരുടെ കണക്കൂകൂട്ടലുകളെ ആകെ തെറ്റിച്ചത് അവരുടെ ആണവനിലയത്തിലെ ആഘാതമാണ്. ഭൂകമ്പം ഉണ്ടായപ്പോഴുടന്‍ തന്നെ മുന്‍കരുതലെന്ന നിലയില്‍ ആണവ നിലയങ്ങള്‍ ആട്ടോമാറ്റിക് ആയി ഷട്ട് ഡൗണ്‍ ചെയ്യപ്പെട്ടു. അതായത് ആണവ റിയാക്‌ടറുകളിലെ ശൃംഖലപ്രക്രിയകള്‍ മുറിഞ്ഞു. സാധാരണ ഒരു വൈദ്യുതി നിലയത്തെ സംബന്ധിച്ചിടത്തോളം അതോടെ അപകടസാധ്യത ഇല്ലാതാകുന്നു. ജലവൈദ്യുത നിലയത്തിലേയ്‌ക്കുള്ള നീരൊഴുക്കു നിര്‍ത്തുന്നതുപോലെ; കല്‍ക്കരി/എണ്ണ/വാതക താപനിലയത്തിലെ ഇന്ധന സപ്ലൈ നിലയ്‌ക്കുന്നതുപോലെ.

പക്ഷേ ആണവനിലയത്തിന്റെ ഒരു പ്രത്യേകത മഴ നിന്നാലും മരം പെയ്യുമെന്നതുപോലെ ശൃംഖലാപ്രക്രിയ മുറിച്ച് ആണവ റിയാക്‌ടര്‍ പ്രവര്‍ത്തനരഹിതമാക്കിയാലും അതിന്റെ കാമ്പില്‍ നിന്ന് ആണവവികിരണവും തജ്ജന്യമായ താപവും പിന്നെയും വമ്പിച്ചതോതില്‍ വമിച്ചുകൊണ്ടിരിക്കും എന്നതാണ്. നേരത്തെ കുമിഞ്ഞുകൂടി കഴിഞ്ഞിരിക്കുന്ന വിഖണ്ഡന ശകലങ്ങളില്‍ നിന്ന് വമിച്ചുകൊണ്ടിരിക്കുന്ന വികിരണങ്ങളാണവ. ആ താപം ആവാഹിച്ച് പുറത്തേയ്‌ക്കൊഴുക്കാനുള്ള ശീതീകരണ സംവിധാനം തുടര്‍ന്നും പ്രവര്‍ത്തിച്ചുകൊണ്ടേയിരുന്നില്ലെങ്കില്‍ ആ ചൂട് കുമിഞ്ഞുകൂടി കാമ്പ് ഉരുകുന്ന അവസ്ഥ വരെയെത്താം. ആണവ വിദഗ്ധര്‍ ഏറ്റവും ഭയപ്പെടുന്ന ഈ അവസ്ഥയാണ് കാമ്പ് ഉരുകല്‍ അഥവാ ''മെല്‍റ്റ് ഡൗണ്‍''. ഇതിനാണ് പരമാവധി സംഭവിക്കാവുന്ന അപകടം (maximum credible accident) എന്നു പറയുന്നത്.

ഇത്രത്തോളം ആയാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല. എന്തെന്നാല്‍ കാമ്പ് ഉരുകി തീക്കട്ടയായ ഈ സാധനത്തില്‍ ചൂട് വരുന്നത് ഉള്ളില്‍ നിന്നാണ്. അതു തണുപ്പിക്കാന്‍ ഒരു വഴിയുമില്ല. ഈ കനല്‍കട്ടയെ താങ്ങുന്നതിനെയെല്ലാം അത് ഉരുക്കിക്കളയും. റിയാക്‌ടറിന്റെ അടിത്തട്ടും ഫൗണ്ടേഷനും അത് സ്റ്റീലായാലും കോണ്‍ക്രീറ്റായാലും ഇത് ഉരുക്കും. അതിനും കീഴോട്ടു താഴും. മണ്ണിലെത്തിയാല്‍ അതിനെയും ഉരുക്കും. അങ്ങനെയങ്ങനെ താഴോട്ട്, താഴോട്ട്... അതിനെയാണ് കുറെ നാള്‍ മുമ്പ് ഇറങ്ങിയ ഒരു ഹോളിവുഡ് സിനിമ ''ചൈന സിന്‍ഡ്രോം'' എന്നു വിളിച്ചത്. അമേരിക്കയില്‍ ഉണ്ടായ ഒരു ആണവ റിയാക്‌ടര്‍ അപകടത്തിലെ ഉരുകിയ കാമ്പ് ഭൂഗര്‍ഭത്തിലൂടെ താഴ്ന്ന് താഴ്ന്ന് ഭൂമിയുടെ മറുഭാഗത്ത് ചൈനയിലെത്താം എന്നതായിരുന്നു അതിശയോക്തിപരമായ ആ സൂചന. (അതിന്റെ മറുപുറം, ചൈനയിലോ ജപ്പാനിലോ ഉണ്ടാകുന്ന ആണവാപകടത്തിലെ ഉരുകിത്താഴുന്ന കാമ്പ് അമേരിക്കയില്‍ പൊങ്ങാം എന്നുമാവാം!)

ജപ്പാന്റെ കിഴക്കേതീരത്ത് ടോക്യോ നഗരത്തില്‍ നിന്നു 240 കിലോമീറ്റര്‍ വടക്ക് സ്ഥിതി ചെയ്യുന്ന ഫുകുഷിമയില്‍ ടോക്യോ ഇലക്‌ട്രിക് കമ്പനി പ്രവര്‍ത്തിപ്പിക്കുന്ന ആറ് ആണവ റിയാക്‌ടറുകള്‍ അടങ്ങിയ ആണവ നിലയമാണുള്ളത്. ഭൂകമ്പത്തിന്റെ ഫലമായി അതിന്റെ ശീതീകരണ സംവിധാനങ്ങളെല്ലാം തകര്‍ന്നു. തത്ഫലമായി ഓട്ടോമാറ്റിക് ഷട്ട്ഡൗണ്‍ ആയ റിയാക്‌ടറുകളിലെപോലും താപനില ക്രമാതീതമായി ഉയര്‍ന്നു. ഇന്ധന ദണ്ഡുകളുടെ താപനില ഉയരുമ്പോള്‍ അവയെ പൊതിയുന്ന സിര്‍ക്കോണിയം അലോയിയും വെളളവും തമ്മില്‍ പ്രതിപ്രവര്‍ത്തിച്ച് ഹൈഡ്രജന്‍ ഉണ്ടാകും. ഹൈഡ്രജനും നീരാവിയും ചേര്‍ന്ന് ഉന്നത മര്‍ദ്ദം സൃഷ്‌ടിക്കുന്ന ഈ അവസ്ഥ സ്‌ഫോടനാത്മകമാണ്.

ഫുകുഷിമയിലെ ഒന്നാം യൂണിറ്റ് ആദ്യംതന്നെ സ്‌ഫോടനത്തില്‍ തകര്‍ന്നു. കാമ്പിനകത്ത് ഭാഗികമായ ഉരുകല്‍ ഉണ്ടായിട്ടുണ്ട് എന്നാണ് സംശയിക്കപ്പെടുന്നത്. മൂന്നാം യൂണിറ്റിലും സമാനമായ സ്ഥിതിവിശേഷം ഉണ്ടായി. മൂന്നാം ദിവസം ആ യൂണിറ്റിലും സ്‌ഫോടനം ഉണ്ടായി. ബാഹ്യമായ ശീതീകരണത്തിനുളള ശ്രമങ്ങള്‍ വിജയിക്കുന്നില്ല എന്നാണ് ഇതു കാണിക്കുന്നത്. രണ്ടു റിയാക്‌ടറുകളിലും ഭാഗികമായ 'കാമ്പ് ഉരുക്കം' ഉണ്ടായിട്ടുണ്ടാകാം. അതിന്റെ ഗൗരവം ഇനിയും അറിയില്ല. കാമ്പുകള്‍ പൊട്ടിത്തെറിച്ചിട്ടില്ല എന്നാണ് അധികൃതര്‍ പറയുന്നത്. എങ്കിലും വികിരണ ചോര്‍ച്ച ഉണ്ടായി എന്നത് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. സ്ഥിതിഗതികള്‍ ഇനിയും നിയന്ത്രണാധീനമായി കഴിഞ്ഞിട്ടില്ലാത്തതിനാല്‍ ഇത് എത്രത്തോളം പോകാം എന്നു പറയാനായിട്ടില്ല.

ജപ്പാന്റെ സവിശേഷമായ ഭൂമിശാസ്‌ത്രവും ഭൂകമ്പ സാധ്യതയും സുനാമിയും എല്ലാം കാരണങ്ങളാണെങ്കിലും ആണവ നിലയങ്ങളുടെ അന്തര്‍ഹിതമായ അപകട സാധ്യതയാണ് ഈ ദുരന്തവും നമ്മെ ഓര്‍മിപ്പിക്കുന്നത്. അമേരിക്കയിലെ ത്രീമൈല്‍ ഐലണ്ടിലാണ് ആദ്യത്തെ വന്‍കിട അപകടം ഉണ്ടായത്. 1979 ല്‍ അവിടെ കാമ്പുരുകല്‍ പൊട്ടിത്തെറി ആരുടേയോ ഭാഗ്യം കൊണ്ടു മാത്രമാണ് ഒഴിവായത്. കേമത്തം കൊണ്ടല്ല എന്നാണ് അതേപ്പറ്റി അന്വേഷിച്ച കോണ്‍ഗ്രഷണല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടത്. രണ്ടാമത്തെ വന്‍കിട അപകടം സോവിയറ്റു യൂണിയനിലെ ചെര്‍ണോബിലില്‍, കൃത്യം 25 വര്‍ഷങ്ങള്‍ക്കു മുമ്പ്. അന്ന് അവിടെ നിന്നും ഒഴിപ്പിക്കപ്പെട്ട ഒരു ലക്ഷത്തിലധികം അഭയാര്‍ഥികള്‍ക്ക് ഇപ്പോഴും തിരിച്ചുപോകാന്‍ കഴിഞ്ഞിട്ടില്ല. ലക്ഷക്കണക്കിനു ഹെക്ടര്‍ കൃഷി ഭൂമി ഇന്നും ചാവുഭൂമിയായി കിടക്കുകയാണ്.

ത്രീമൈല്‍ ഐലണ്ടിലെയും ചെര്‍ണോബിലിലെയും ഫുകുഷിമയിലെയും അപകടങ്ങള്‍ വ്യത്യസ്‌തമായിരുന്നു. കാരണങ്ങള്‍ പലവിധം, അതങ്ങനെയാണ്. ആണവ റിയാക്‌ടറുകള്‍ക്ക് ആന്തരികമായ അപകടാവസ്ഥ ഉണ്ടെങ്കില്‍ അതിനു തീകൊടുക്കുന്ന തീപ്പൊരി പലതാകാം. മാനുഷിക വീഴ്‌ച, യന്ത്രത്തകരാറ്, അട്ടിമറി, ഭീകരപ്രവര്‍ത്തനം, യുദ്ധക്കെടുതി, പ്രകൃതി ദുരന്തം അങ്ങനെ പല കാരണങ്ങള്‍ മൂലവും ആകാം. ഇത് ഏത് യന്ത്രവ്യൂഹത്തെ സംബന്ധിച്ചും ശരിയാണ്. റോഡപകടം, തീവണ്ടി അപകടം, വിമാന അപകടം... പക്ഷേ ആണവ ദുരന്തത്തിന്റെ തനതു ഭീകരത അതിന്റെ ആഘാതം താങ്ങാനാവാത്തവിധം കനത്തതാണെന്നതത്രേ. സോവിയറ്റു യൂണിയനെപ്പോലെ മഹത്തായ ഒരു രാഷ്ട്രത്തെപ്പോലും അതു മുട്ടുകുത്തിച്ചു. ജപ്പാനിലുണ്ടാകാന്‍ പോകുന്ന ആഘാതം കാണാന്‍ പോകുന്നതേയുള്ളൂ. രണ്ടു ലക്ഷത്തിലധികം പേരെ ഇതിനകം തന്നെ അപകട മേഖലയില്‍ നിന്നുമാറ്റിപാര്‍പ്പിച്ചു കഴിഞ്ഞു.

ഇതില്‍ നിന്ന് ഇന്ത്യ പഠിക്കേണ്ട പാഠം എന്താണ്? അപകടം മറ്റു രാജ്യങ്ങളില്‍ ഉണ്ടായേക്കാം, പക്ഷേ ഇന്ത്യയില്‍ ഉണ്ടാവില്ല; എന്ന നിലപാട് ശാസ്‌ത്രീയമാണോ? അപകടം ഉണ്ടായാല്‍ കമ്പനിയും റിയാക്‌ടര്‍ വിറ്റവരും ഇന്‍ഷ്വറന്‍സുകാരും നല്‍കേണ്ട നഷ്‌ടപരിഹാരം പരിമിതപ്പെടുത്തിക്കൊണ്ട് ഇന്ത്യാ സര്‍ക്കാര്‍ നിയമം പാസാക്കിയതിന്റെ ഗുട്ടന്‍സ് ഇവിടെയാണ്. അപകടം ഉണ്ടാവില്ല എന്നൊന്നും ഉറപ്പു പറയാനാവില്ല. പക്ഷേ അപകടം ഉണ്ടായാലും നമുക്ക് റിയാക്‌ടര്‍ വില്‍ക്കുന്ന വിദേശ കമ്പനിക്കും അത് ഇന്‍ഷ്വര്‍ ചെയ്യുന്ന കമ്പനിക്കും നഷ്‌ടം വരരുത്! നമ്മുടെ സര്‍ക്കാരിന്റെ കൂറ് ജനങ്ങളോടാണോ വിദേശ യജമാനന്‍മാരോടാണോ എന്നതിന്റെ സൂചനയാണീ നിയമം എന്ന് അന്നേതന്നേ പലരും ചൂണ്ടിക്കാണിച്ചിരുന്നു. ഇന്ന് അത് ഒരു സാങ്കല്‍പിക പ്രശ്‌നം എന്നതില്‍ നിന്ന് നമ്മെ തുറിച്ചുനോക്കുന്ന യാഥാര്‍ഥ്യം ആയിക്കൊണ്ടിരിക്കയാണ്.

ആണവ റിയാക്‌ടറുകളുടെ അപകട സാധ്യത മാത്രമല്ല പ്രശ്‌നം; അവയുടെ ആയുസെത്തുമ്പോള്‍ സംസ്‌കരിക്കാനോ അതില്‍ നിന്നുണ്ടാകുന്ന വികിരണ മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാനോ ഉള്ള തൃപ്‌തികരമായ ഒരു പോംവഴിയും ഇന്നും കണ്ടെത്തിയിട്ടില്ല. അതെല്ലാം ഭാവി തലമുറകള്‍ക്കു വിടുകയാണു നാം. ഊര്‍ജമെല്ലാം നമുക്കും അതിന്റെ തലവേദനയെല്ലാം നമ്മുടെ കുട്ടികള്‍ക്കും!

മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ ദേശീയ ഊര്‍ജ സുരക്ഷയുടെ പ്രതീകമായിട്ടാണ് ആണവകരാറിനെയും തുടര്‍ന്ന് വന്‍തോതിലുളള ആണവ റിയാക്‌ടര്‍ ഇറക്കുമതിയെയും അവതരിപ്പിച്ചിട്ടുള്ളത്. ഇത് സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമായും തലതിരിഞ്ഞ തീരുമാനമാണ് എന്നു പറഞ്ഞപ്പോള്‍ ബോധ്യമാകാതിരുന്ന ജനങ്ങളുടെ കണ്ണു തുറപ്പിക്കാന്‍ ഈ പുതിയ ദുരന്തം നല്‍കുന്ന മുന്നറിയിപ്പെങ്കിലും സഹായകമായെങ്കില്‍!


*****



ആര്‍ വി ജി മേനോന്‍, കടപ്പാട് : ജനയുഗം

Wednesday, January 26, 2011

മുട്ടിലിഴയുന്ന റിപ്പബ്ളിക്

ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ നവംബര്‍ എട്ടിന് പാര്‍ലമെന്റിനെ അഭിസംബോധനചെയ്ത് സംസാരിക്കവെയാണ് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം നല്‍കുന്നതിനെ ആദ്യമായി പിന്തുണച്ചത്. വന്‍ പ്രാധാന്യത്തോടെയാണ് ഇത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതേരീതിയിലുള്ള വാഗ്ദാനം 2005ല്‍ ജപ്പാനും അമേരിക്ക നല്‍കിയിരുന്നു. പക്ഷേ ജപ്പാന്റെ വഞ്ചി ഇപ്പോഴും തിരുനക്കര തന്നെയാണ്. യുഎന്‍ സ്ഥിരാംഗത്വത്തിന് പിന്തുണ നല്‍കിയപ്പോള്‍ തന്നെ ഒരു മുന്നറിയിപ്പും ഒബാമ നല്‍കിയിരുന്നു. "വര്‍ധിച്ച ശക്തിക്കൊപ്പം വര്‍ധിച്ച ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും ഇന്ത്യ തയ്യാറാകണം.'' അതായത് അമേരിക്കന്‍ വിദേശനയത്തെ കണ്ണുമടച്ച് പിന്തുണയ്ക്കണമെന്ന് സാരം. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഒബാമയുടെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് ജിം ജോസ് ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ത്തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. 'ഇന്ത്യ എത്രമാത്രം ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാന്‍ തയ്യാറാകുമെന്ന ഞങ്ങളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും യുഎന്‍ സ്ഥിരാംഗത്വം' എന്ന് പച്ചയായിത്തന്നെ പറയാന്‍ ജിം ജോസ് തയ്യാറായി.

ഏതായാലും മന്‍മോഹന്‍സിങ് സര്‍ക്കാര്‍ അമേരിക്കയോട് ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാന്‍ തയ്യാറായി എന്ന് ഡിസംബറിലെ പ്രവര്‍ത്തനംമാത്രം പരിശോധിച്ചാല്‍ മനസിലാകും. മൂന്ന് ഉദാഹരണങ്ങള്‍മാത്രം ഇവിടെ വിശദീകരിക്കാം.

1) ഒബാമ സന്ദര്‍ശനത്തിന് ഒരു മാസത്തിന് ശേഷം ഡിസംബര്‍ 11ന് തുര്‍ക്ക്മെനിസ്ഥാന്‍ തലസ്ഥാനമായ അഷ്‌ഗാബാദില്‍ വച്ച് അമേരിക്ക മുന്നോട്ടുവച്ച സങ്കീര്‍ണമായ തുര്‍ക്ക്മെനിസ്ഥാന്‍-അഫ്‌ഗാനിസ്ഥാന്‍-പാകിസ്ഥാന്‍-ഇന്ത്യ(ടാപി) വാതകക്കുഴല്‍ പദ്ധതിയില്‍ ഇന്ത്യ ഒപ്പുവച്ചു. തെക്കുകിഴക്കന്‍ തുര്‍ക്ക്മെനിസ്ഥാനിലെ ദൌലത്താബാദില്‍നിന്ന് സംഘര്‍ഷഭരിതമായ അഫ്‌ഗാനിസ്ഥാനിലൂടെ, പാകിസ്ഥാനിലൂടെ പഞ്ചാബിലെ ഫസില്‍ക്കയില്‍ എത്തുന്ന വാതകക്കുഴല്‍ പദ്ധതിയിലാണ് ഇന്ത്യ ഒപ്പുവച്ചത്. മൊത്തം 760 കോടി ഡോളറിന്റേതാണ് അമേരിക്കന്‍ എണ്ണക്കമ്പനി യുനോകോള്‍ നടപ്പാക്കുന്ന പദ്ധതി. ഇറാന്‍-പാകിസ്ഥാന്‍-ഇന്ത്യ വാതകക്കുഴല്‍ പദ്ധതി അമേരിക്കന്‍ സമ്മര്‍ദത്തെ തുടര്‍ന്ന് ഉപേക്ഷിച്ചാണ് ടാപി വാതകക്കുഴല്‍ പദ്ധതിയില്‍ ഇന്ത്യ ഒപ്പിട്ടത്. താലിബാന്‍ ശക്തമായ ഹെല്‍മന്ദ്, കാണ്ഡഹാര്‍, മുള്‍ട്ടാന്‍ പ്രവിശ്യകളിലൂടെയാണ് വാതകക്കുഴല്‍ പദ്ധതി കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ ഇതിന്റെ സുരക്ഷിതത്വം വന്‍ വെല്ലുവിളിയാണ്.

ഈ വാതകക്കുഴല്‍ പദ്ധതിയെ ആധുനിക സില്‍ക്ക് പാതയായും സമാധാനത്തിന്റെ വാതകക്കുഴല്‍ പദ്ധതിയുമായാണ് മുന്‍ പെട്രോളിയം മന്ത്രി മുരളി ദേവ്റ വിശേഷിപ്പിച്ചത്. ഇത് അമേരിക്കന്‍ ഭാഷയാണ്. അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇത് സില്‍ക്ക് പാതയാണ്. കാസ്‌പിയന്‍ തീരത്തെയും മധ്യേഷ്യയിലെയും പ്രകൃതിവിഭവങ്ങള്‍ ഉപയോഗിക്കാന്‍ അമേരിക്കയ്ക്ക് ഇതുവഴി കഴിയും. മാത്രമല്ല ഈ മേഖലയില്‍ സ്വാധീനം ഉറപ്പിക്കുകയെന്ന അമേരിക്കയുടെ 'മഹത്തായ മധ്യേഷ്യന്‍' നയതന്ത്രത്തിന്റെ ഭാഗം കൂടിയാണ് ഈ വാതകക്കുഴല്‍ പദ്ധതി. അഫ്‌ഗാനിസ്ഥാനില്‍നിന്ന് അമേരിക്ക പിന്മാറുന്ന 2014ല്‍ തന്നെയാണ് നിര്‍ദിഷ്‌ട വാതകക്കുഴല്‍ പദ്ധതിയും പ്രാവര്‍ത്തികമാക്കുകയെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. അഫ്‌ഗാനിസ്ഥാനില്‍ വാതകക്കുഴല്‍ പദ്ധതിയുടെ സുരക്ഷ നാറ്റോയ്‌ക്കും അമേരിക്കയ്‌ക്കും തന്നെ നല്‍കണമെന്നാണ് കാബൂള്‍ സര്‍ക്കാരിന്റെ താല്‍പ്പര്യം. അതായത് അഫ്‌ഗാനിസ്ഥാനില്‍ നിന്ന് നാറ്റോ സൈന്യം പിന്മാറിയാലും അമേരിക്കയുടെ സൈനിക സാന്നിധ്യം ടാപി പദ്ധതി വഴി തുടരും.

റഷ്യ, ഇറാന്‍, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഈ മേഖലയിലുള്ള സ്വാധീനത്തെ തടയുകയെന്നതാണ് ടാപി പദ്ധതികൊണ്ട് അമേരിക്ക ഉദ്ദേശിക്കുന്നത്. അതിനെ പിന്തുണയ്ക്കാനാണ് ഇറാന്‍ വാതകക്കുഴല്‍ പദ്ധതി ഉപേക്ഷിച്ച് ഇന്ത്യ ടാപി പദ്ധതിയുടെ ഭാഗമായത്. ഈ വാതകക്കുഴല്‍ പദ്ധതി പാകിസ്ഥാനിലെ ഗ്വാഡര്‍ തുറമുഖം വഴിയാണ് വരുന്നതെന്ന കാര്യവും പ്രത്യേകം പ്രസ്താവ്യമാണ്. ഈ തുറമുഖ നിര്‍മാണത്തിലേര്‍പ്പെട്ട ചൈനീസ് കമ്പനി നേരത്തെ വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ടെന്‍ഡര്‍ എടുത്തതിനാല്‍ അത് സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അതിനാല്‍ റീടെന്‍ഡര്‍ വേണമെന്നും നിര്‍ബന്ധിച്ചത് കേന്ദ്രസര്‍ക്കാരായിരുന്നു. എന്നാല്‍, അതേ കേന്ദ്രസര്‍ക്കാരാണ് ഇപ്പോള്‍ ചൈനീസ് കമ്പനി നിര്‍മിച്ച തുറമുഖം വഴി വരുന്ന ടാപി പദ്ധതിക്ക് അംഗീകാരം നല്‍കിയത്.

2) ഇറാനില്‍നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്നതിന് പണം നല്‍കാനാവില്ലെന്ന് ഡിസംബര്‍ 22ന് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു. ഇറാനുമായുള്ള എണ്ണ വ്യാപാരത്തിന് ഏഷ്യന്‍ ക്ളിയറന്‍സ് യൂണിയന്‍(എസിയു) വഴിയാണ് പണം നല്‍കാറുള്ളത്. ഒമ്പത് രാഷ്‌ട്രങ്ങളിലെ കേന്ദ്രബാങ്കുകള്‍ ചേര്‍ന്നാണ് ഈ സംവിധാനം രൂപീകരിച്ചത്. ഡോളറിന് പകരം യൂറോ ഉപയോഗിച്ചാണ് വിനിമയം. ഡോളറിനെ അവഗണിക്കുന്ന ഈ രീതിക്ക് തുടക്കം മുതല്‍ അമേരിക്കന്‍ ട്രഷറിവിഭാഗം എതിരായിരുന്നു. ഇന്ത്യ എണ്ണ വാങ്ങുന്നതിലൂടെ ഇറാന്‍ സര്‍ക്കാരിന് പണം ലഭിക്കുന്നത് അമേരിക്കയെ ചൊടിപ്പിക്കുന്നുണ്ട്. ആണവവിഷയത്തില്‍ യുഎന്‍ ഉപരോധം ഏര്‍പ്പെടുത്തി ഇറാനെ സാമ്പത്തികമായി ഞെരുക്കുക എന്ന അമേരിക്കന്‍ തന്ത്രത്തിനേറ്റ തിരിച്ചടിയാണ് ഇന്ത്യയുടെ എണ്ണവ്യാപാരം. എണ്ണ വ്യാപാരത്തിന് യുഎന്‍ ഉപരോധം ബാധകമല്ലെങ്കിലും വര്‍ഷത്തില്‍ 1200 കോടി ഡോളറിന്റെ എണ്ണ വാങ്ങി ഇന്ത്യ ഇറാനിലെ സര്‍ക്കാരിനെ സാമ്പത്തികമായി സഹായിക്കുന്നത് അമേരിക്കയ്ക്ക് സഹിക്കുന്നില്ല. ജപ്പാനും ദക്ഷിണ കൊറിയയും ഇറാനില്‍നിന്ന് എണ്ണ വാങ്ങുന്നുണ്ടെങ്കിലും അവര്‍ സാധനങ്ങളായാണ് തിരിച്ചു നല്‍കുന്നത്. എന്നാല്‍, ഇന്ത്യ പണമാണ് നല്‍കുന്നത്. ഇത് തടയണമെന്ന് അമേരിക്ക ദീര്‍ഘകാലമായി ആവശ്യപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ റിസര്‍വ് ബാങ്കിന്റെ തീരുമാനം അമേരിക്കയെ ഏറെ സന്തോഷിപ്പിച്ചു. അടുത്ത പടി ഇറാനുമായുള്ള എണ്ണവ്യാപാരം പൂര്‍ണമായും നിര്‍ത്തിവയ്ക്കലായിരിക്കും. അമേരിക്കന്‍ താല്‍പ്പര്യം സംരക്ഷിക്കാന്‍ ഇന്ത്യന്‍ താല്‍പ്പര്യങ്ങളെ പൂര്‍ണമായും അവഗണിക്കുകയാണ്. അന്താരാഷ്‌ട്ര ആണവോര്‍ജ ഏജന്‍സി(ഐഎഇഎ)യില്‍ മൂന്ന് തവണ ഇറാനെതിരെ വോട്ട് ചെയ്ത ഇന്ത്യ ഇപ്പോള്‍ അവരുമായി ദശാബ്ദങ്ങള്‍ മുമ്പ് ആരംഭിച്ച എണ്ണവ്യാപാരവും നിര്‍ത്തുകയാണ്.

3) ലോകം പുതുവത്സരത്തിലേക്ക് പിച്ചവയ്ക്കവെ, മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ അമേരിക്കയ്ക്ക് മുന്നില്‍ മുട്ടിലിഴയുമെന്ന് ആവര്‍ത്തിച്ചുകൊണ്ട് ഇന്ത്യയുടെ ആണവഗവേഷണ റിയാക്ടറായ സൈറസ് അടച്ചിട്ടു. 1974 ല്‍ 'ബുദ്ധന്‍ ചിരിക്കുന്നു' എന്ന് പറഞ്ഞുകൊണ്ട് ഇന്ത്യ ആദ്യത്തെ പരീക്ഷണം നടത്തിയപ്പോള്‍ അതിനാവശ്യമായ പ്ളൂട്ടോണിയം നല്‍കിയത് ട്രോംബെയിലെ ബാര്‍ക് ആസ്ഥാനത്തുള്ള ഈ 40 മെഗാവാട്ട് റിയാക്ടറായിരുന്നു. ഇന്ത്യന്‍ അണുവായുധ പദ്ധതിയുടെ അടിത്തറയായി പ്രമുഖ ആണവശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത് കനഡയില്‍നിന്ന് വാങ്ങിയ സൈറസിനെയാണ്. കോടികള്‍ ചെലവഴിച്ച് പരിഷ്കരിച്ച് 2005 മുതല്‍ വീണ്ടും ഉപയോഗിക്കാന്‍ തുടങ്ങിയ ഈ റിയാക്ടര്‍ അടുത്ത ഇരുപത് വര്‍ഷത്തേക്കു കൂടി പ്രവര്‍ത്തിക്കുമെന്നിരിക്കെയാണ് അമേരിക്കന്‍ സമ്മര്‍ദത്താല്‍ അടച്ചിട്ടിരിക്കുന്നത്.

1956ല്‍ റിയാക്ടര്‍ വാങ്ങുമ്പോള്‍ ഇത് ആണവായുധ നിര്‍മാണത്തിന് ഉപയോഗിക്കില്ലെന്ന നിബന്ധനയുണ്ടായിരുന്നില്ല. പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവും കനഡ പ്രധാനമന്ത്രി മെക്കന്‍സി കിങ്ങും ഒപ്പിട്ട രണ്ട് പേജ് കരാറില്‍ റിയാക്ടര്‍ സമാധാന ആവശ്യത്തിനുമാത്രമേ ഉപയോഗിക്കൂ എന്ന് മാത്രമാണ് രേഖപ്പെടുത്തിയത്. എന്നിട്ടും ഗവേഷണാര്‍ഥം ആദ്യ അണുപരീക്ഷണം നടത്തിയപ്പോള്‍ അമേരിക്ക രൂക്ഷമായി പ്രതികരിക്കുകയും ഇന്ത്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുകയുംചെയ്തു. അന്നുമുതല്‍ ഈ റിയാക്ടറിന്റെ പ്രവര്‍ത്തനം തടയുക എന്നത് അമേരിക്കയുടെ ലക്ഷ്യമായിരുന്നു. ഇതുകൊണ്ടാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ് ബുഷും തമ്മില്‍ ആണവക്കരാറിനെക്കുറിച്ച് ധാരണയിലെത്തിയപ്പോള്‍ സൈറസ് അടച്ചിടണമെന്ന നിബന്ധന വച്ചത്. 2006 മാര്‍ച്ച് 10ന് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം ആദ്യമായി വെളിപ്പെടുത്തിയത്. അങ്ങനെ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കും ഇനിയും ഗവേഷണപഠനത്തിന് ഇപയോഗിക്കാമായിരുന്ന സൈറസ് റിയാക്ടര്‍ എന്നെന്നേക്കുമായി അടച്ചിട്ട് അമേരിക്കന്‍ദാസ്യം മന്‍മോഹന്‍ സര്‍ക്കാര്‍ ഊട്ടിയുറപ്പിച്ചു. യുഎന്‍ രക്ഷാസമിതി അംഗത്വം ലഭിക്കാന്‍ ഹൈഡ് ആക്ടില്‍ പറയുന്നതുപോലെ ഇന്ത്യന്‍ വിദേശ നയം അമേരിക്കന്‍ വിദേശനയം പോലെയാകണം. അമേരിക്കയോടുള്ള അടിമത്തം തിലകക്കുറിയായി കൊണ്ടുനടക്കുന്ന രാഷ്‌ട്രീയമാണിത്.


****


വി ബി പരമേശ്വരന്‍, കടപ്പാട് : ദേശാഭിമാനി

Sunday, November 7, 2010

അണുശക്തി ഉടമ്പടിയും ഒബാമയുടെ സന്ദര്‍ശനവും

അന്തക ഭേദഗതി” (Killer Amendment) യുഎസ് കോൺഗ്രസില്‍ അവതരിപ്പിച്ച പ്രസിദ്ധനായ (!) പ്രസിഡന്റ് ഒബാമയുടെ സന്ദര്‍ശനം വലിയ ആകാംക്ഷയോടെയാണ് വലതുപക്ഷപാര്‍ടികളും അവരുമായി പൊതുവില്‍ യോജിക്കുന്ന പത്രമാധ്യമങ്ങളും കാണുന്നത്. ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ കാതലായ മാറ്റങ്ങള്‍ ഒബാമ സന്ദര്‍ശനത്തോട് അനുബന്ധമായി ഉണ്ടാകുമെന്ന് ഇവര്‍ പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ചും ഇന്ത്യയെ ഒരു മഹാരാജ്യമായി വളരാന്‍ അമേരിക്കയുടെ കടാക്ഷം ആവശ്യമെന്നു വിശ്വസിക്കുന്നവരില്‍ ഭൂരിഭാഗവും.

ഈ ലക്ഷ്യം മുമ്പില്‍ക്കണ്ട് ഇന്ത്യയെ അമേരിക്കയുടെ ഒരു തന്ത്രപരമായ പങ്കാളി ആക്കാന്‍തന്നെ അവര്‍ക്ക് ഒരു വൈക്ളബ്യവും ഇല്ലെന്നര്‍ഥം. അതായത്, സ്വാതന്ത്ര്യലബ്‌ധിക്കുശേഷം തുടര്‍ന്നുപോന്ന ചേരിചേരാനയം ഉപേക്ഷിച്ച് അമേരിക്കയുടെ നേതൃത്വത്തില്‍ പുതിയ ഒരു യുഗമാണ് അവര്‍ വിഭാവനംചെയ്യുന്നത്. ഈ കാര്യത്തില്‍ തന്നെയാണ് അമേരിക്കയുടെ താല്‍പ്പര്യവും. ഈ തന്ത്രത്തിന്റെ ഭാഗമായേ മുന്‍പറഞ്ഞ ഉടമ്പടിയെയും നമുക്ക് കാണാന്‍ കഴിയൂ. ഊര്‍ജസുരക്ഷ എന്ന മിഥ്യാ സങ്കല്‍പ്പത്തിലൂടെ ഇന്ത്യയെ ഒരു വിധേയ രാജ്യമാക്കുക എന്ന അമേരിക്കയുടെ ലക്ഷ്യം മുന്‍ ഉടമ്പടിയെ സംബന്ധിച്ച അവരുടെ കോൺഗ്രസില്‍ നടന്ന ചര്‍ച്ചയില്‍ ഉടനീളം കാണാമെന്നര്‍ഥം.

ഇന്ത്യയുടെ ചരിത്രത്തില്‍ ഇപ്രകാരം ഒരു രാഷ്‌ട്രീയവികാസം ഉണ്ടായിട്ടുള്ളത് ഇവിടത്തെ ദേശാഭിമാനികള്‍ മറക്കരുത്. എൺപതുകളില്‍ തുടങ്ങി തൊണ്ണൂറുകളില്‍ ശക്തി പ്രാപിച്ച ഈ മാറ്റം 1998 പൊക്രാന്‍ അണുപരീക്ഷണത്തിനു ശേഷമാണ് വളരെയധികം ഊര്‍ജിതപ്പെടുന്നത്. അന്നുമുതലാണ് അടുത്തഘട്ട തന്ത്രപരമായ പങ്കാളിത്തത്തിനുള്ള താല്‍പ്പര്യം (NSSP) എന്ന പേരില്‍ ആദ്യമായി അന്നത്തെ ഇന്ത്യ ഗവമെന്റ് ഇന്ത്യ-അമേരിക്ക ചര്‍ച്ചകള്‍ തുടങ്ങിയത്. ഇതിന്റെ വിശദാംശങ്ങള്‍ പിന്നീട് പ്രസിദ്ധീകരിച്ച തന്റെ പ്രസിദ്ധമായ ഗ്രന്ഥത്തില്‍ അന്നത്തെ ഉയര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ സ്‌ട്രോബ് താല്‍ബോട്ട് വിവരിക്കുന്നുണ്ട്. ചുരുക്കത്തില്‍ അന്നുമുതലാണ് എന്തുചെയ്‌തും ഇന്ത്യയെ തങ്ങളുടെ വഴിയില്‍ കൊണ്ടുവരാനുള്ള തന്ത്രങ്ങള്‍ അമേരിക്ക ആവിഷ്‌കരിക്കുന്നതും.ഇതിന്റെ കാതലത്രേ ഇന്ത്യയെക്കൊണ്ട് നിരായുധീകരണ ഉടമ്പടിയിലേക്ക് പടിപടിയായി നയിച്ചതും.

പുതിയതായി അധികാരത്തില്‍ വന്ന യുപി‌എ സര്‍ക്കാരും അമേരിക്കയുമായി 2005 ജൂലൈ 18നുണ്ടാക്കിയ ഉടമ്പടി അപ്രകാരമുള്ള ഒരു നയരേഖയാണ് എന്ന് ഇതിനകം എല്ലാവര്‍ക്കും സുവിദിതമാണല്ലോ. ഈ ഉടമ്പടിയില്‍ രണ്ടുകാര്യമാണ് ഏറ്റവും പ്രധാനമായവ: (എ) ഇന്ത്യയുടെ ഊര്‍ജസുരക്ഷയ്‌ക്കു വേണ്ടി അണുശക്തി അനിവാര്യമാണ്, അതിനു വേണ്ട എല്ലാ സഹായവും ഇരുരാജ്യങ്ങളിലും നടപ്പിലുള്ള അതത് നിയമങ്ങള്‍ അനുസരിച്ചു അമേരിക്ക ചെയ്യും. (ബി) ഇന്ത്യ- അമേരിക്ക പ്രതിരോധ സഹകരണത്തിനുള്ള പുതിയ രൂപരേഖയുടെ ഭാഗമായി പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കുക. ഇവയില്‍നിന്ന് അണുശക്തിയെ സംബന്ധിച്ചുമാത്രമേ ഇവിടെ തുടരുന്നുള്ളൂ. അതിന്റെ തുടര്‍ച്ചയാണല്ലോ അമേരിക്കന്‍ സര്‍ക്കാര്‍ പാസാക്കിയ ഹൈഡ് ആക്‌ടും അതിനുശേഷം വന്ന 123 എഗ്രിമെന്റും, അടുത്തകാലത്ത് തുടങ്ങിയ ഇന്ത്യ-അമേരിക്കന്‍ ഊര്‍ജസംഭാഷണങ്ങളും അതിന്റെ ഭാഗമായി ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ ആണവബാധ്യത ബില്ലും. ഇവയുടെയെല്ലാം വിവരണങ്ങളിലേക്ക് പോകാന്‍ ഇവിടെ തുനിയുന്നില്ല; അതിനുപകരം, ഈ ഉടമ്പടി നിയമ വ്യവസ്ഥകളുടെ ആകെ മിച്ചം ഇന്ന് എവിടെ നില്‍ക്കുന്നു എന്ന് സംക്ഷിപ്‌തമായി വിവരിക്കാനേ ഇവിടെ ഉദ്ദേശിക്കുന്നുള്ളൂ. ഇവ ഇപ്രകാരം സംഗ്രഹിക്കാം.
(എ) വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും പുതുതായി ഒരൊറ്റ പദ്ധതിക്കും കരാര്‍പോലും ആയിട്ടില്ല. അതിനര്‍ഥം 2020ല്‍ പോലും പുതുതായി ഒരു പദ്ധതിയും വരുമെന്ന് പ്രതീക്ഷിക്കാനാവില്ല എന്നാണ്. 200 ടൺ യുറേനിയം ഇന്ത്യയില്‍ സംപുഷ്‌ടീകരിച്ച് എടുക്കാന്‍ റഷ്യയില്‍നിന്നു ലഭിച്ചു എന്ന വസ്‌തുത ഇവിടെ മറക്കുന്നില്ല; മുന്‍പും ഈ വിധത്തില്‍ റഷ്യ സഹായിച്ചിട്ടുണ്ട്.

(ബി) അടുത്ത കാലത്ത് (ആഗസ്‌ത് 14, 2008) മുന്‍ അണുശക്തി മേധാവിയും പ്രശസ്‌ത റിയാക്‌ടര്‍ എന്‍ജിനിയറുമായ അനില്‍ കകോദ്കര്‍ ഇന്ത്യന്‍ അറ്റോമിക് ഇന്‍ഡസ്ട്രിയല്‍ ഫോറത്തിന്റെ വേദിയില്‍ “-Managing New Nuclear Power Paradigm”- എന്ന പ്രഭാഷണത്തില്‍ ഇന്ത്യക്ക് നേരിടേണ്ട പ്രശ്‌നങ്ങളും പരിഹാര മാര്‍ഗങ്ങളും സവിസ്‌തരം പ്രതിപാദിക്കുന്നുണ്ട്. ഇവയില്‍ ഏറ്റവും പ്രധാനമായ കാര്യം മറ്റു രാജ്യങ്ങളില്‍നിന്നു ഇറക്കുമതിചെയ്‌ത റിയാക്‌ടറുകള്‍ ഉപയോഗിച്ച് ഇന്ത്യയില്‍ സാങ്കല്‍പ്പികമായിത്തന്നെ താങ്ങാനാവുന്ന വിലയില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ സാധ്യമല്ല എന്നാണ്. To quote him, “one condition everybody has to fulfill (be it Russia, France or US)…That it should produce eletcrictiy at a rate which is competitive or comparable with the other alternative eletcrictiy producing options at that location…and I have made it clear and I think most of the people recognize that if that has to happen they have to ensure a much larger part of the supply chain to be met from within India. If they make their equipments abroad and bring it here, I think there is no way we can produce eletcrictiy at the rate which is competitive with other supply options. Without such domestic supply chain, they cannot set up nuclear power plants with Nuclear Power Corporation. റഷ്യയും ഫ്രാന്‍സും മുന്‍പറഞ്ഞ വ്യവസ്ഥകള്‍ അംഗീകരിച്ചിട്ടുണ്ടെന്നാണ് ഇതുവരെ നമുക്ക് മനസിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. അമേരിക്കയാണെങ്കില്‍ ഇതിനു നേരെ വിപരീതവും; കാരണം അവര്‍ക്ക് അവിടെത്തന്നെ ഉണ്ടാക്കിയാലേ അവിടത്തെ തൊഴില്‍സാധ്യതയ്‌ക്ക് മെച്ചം കിട്ടൂ എന്നാണ് അവരുടെ ന്യായം! ഈ പ്രധാന കാര്യത്തില്‍ ഒബാമയ്‌ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ, ഇല്ല തന്നെ. കാരണം അമേരിക്കന്‍ നിയമമനുസരിച്ച് ഇതെല്ലം തീരുമാനിക്കാനുള്ള അധികാരം അതത് കമ്പനികള്‍ക്കാണ്. പ്രസിഡന്റിന് ഇതില്‍ ഒന്നും ചെയ്യാന്‍ സാധ്യമല്ല.

(സി) നമ്മുടെ പാര്‍ലമെന്റ് അടുത്തകാലത്ത് പാസാക്കിയെടുത്ത ആണവബാധ്യത നിയമമനുസരിച്ച് സര്‍ക്കാര്‍ ഉടമയിലുള്ള ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ മാത്രമേ ഈ രംഗത്തുണ്ടാകുകയുള്ളൂ. ഇങ്ങനെയുള്ള ഒരു നിബന്ധന ഉണ്ടാക്കാന്‍ സാധിച്ചതുതന്നെ പ്രതിപക്ഷത്തിന്റെ ഉറച്ച കാഴ്‌ചപ്പാടിനനുസരിച്ചാണ്. ഈ വ്യവസ്ഥയ്‌ക്ക് മാറ്റം വരുത്താന്‍ അനുവദിച്ചുകൂടാ.

(ഡി) പാശ്ചാത്യരാജ്യങ്ങളിലെ ആയിരവും അതിനു മീതെയുമുള്ള (മെഗാവാട്ട്) റിയാക്‌ടറുകളുടെ ഏറ്റവും പ്രധാനമായ കാലണ്ട്റിയ എന്ന ഭാഗം ഉണ്ടാക്കുന്നത് ജപ്പാനിലുള്ള ഒരു കമ്പനി മാത്രമാണ്. അവരുടെ ഓര്‍ഡര്‍ ബുക്ക് ഇപ്പോള്‍ത്തന്നെ കഴിവില്‍ക്കവിഞ്ഞു കിടക്കുകയാണ്. വരുംവര്‍ഷങ്ങളില്‍ ഇന്ത്യ പുതിയ വര്‍ക്ക് ഓര്‍ഡര്‍ കൊടുത്താല്‍ത്തന്നെ അവയുടെ പ്രായോഗികതയുടെ കാര്യത്തില്‍ ആര്‍ക്കാണ് ബോധ്യം വരിക? കൂടാതെ ജപ്പാനാകട്ടെ എന്‍പിടിയുടെ കാര്യത്തില്‍ ഒരു മാറ്റവും ചെയ്യാന്‍ ഇതുവരെ തയ്യാറുമല്ല, അവര്‍ അത് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ മറച്ചുവച്ചിട്ടുമില്ല. ചുരുക്കത്തില്‍ പാശ്ചാത്യരാജ്യങ്ങളില്‍നിന്നു (ഫ്രാന്‍സ് മാത്രം!) റിയാക്‌ടറുകള്‍ ലഭിക്കുക എന്നതുമാത്രമല്ല, അവയെ ദേശസാല്‍ക്കരിക്കില്ലെന്ന’ പ്രക്രിയ തീര്‍ത്തും അപ്രായോഗികമാണെന്നു ആര്‍ക്കാണ് ഊഹിക്കാന്‍ കഴിയാത്തത്?

(ഇ) അതേസമയംതന്നെ, ഇന്ത്യയില്‍ നമ്മള്‍ സ്വദേശവ്യവസായങ്ങളുമായി സഹകരിച്ച് 540 മെഗാവാട്ട് റിയാക്‌ടറുകള്‍ താരാപൂരില്‍ സ്ഥാപിച്ചിട്ടുണ്ട്. അവ നന്നായി പ്രവര്‍ത്തിക്കുന്നുമുണ്ട്. നമുക്ക് ഇവ പോരേ? പോരാ എന്ന് എന്താണ് ഇത്ര നിര്‍ബന്ധം? ചുരുക്കിപറഞ്ഞാല്‍ നമ്മുടെ ഇന്നത്തെ അണുശക്തി കേന്ദ്രങ്ങള്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുക, കൂടംകുളത്ത് റഷ്യയുടെ സഹായത്തോടെ കൂടുതല്‍ റിയാക്‌ടറുകള്‍ സ്ഥാപിച്ച് രാജ്യത്തിന്റെ ഉല്‍പ്പാദനക്ഷമത കൂട്ടുക, ഇവയുടെ ആവശ്യത്തിനായുള്ള ഇന്ധനം നമ്മുടെ സഹോദര രാഷ്‌ട്രങ്ങളില്‍നിന്നു കിട്ടാന്‍ വേണ്ട നടപടികള്‍ എടുക്കുക, ഇവയല്ലേ നാം ചെയ്യേണ്ടത്? ഈ കാര്യങ്ങളിലൊന്നിലും ഒബാമയ്‌ക്കോ അമേരിക്കയ്‌ക്കോ ഒന്നും ചെയ്യാനില്ല; അവര്‍ക്ക് (കുറച്ച് കമ്പനികളൊഴികെ) താല്‍പ്പര്യവും കാണാന്‍ വഴിയില്ല.

“സുസ്ഥിര വൈദ്യുതി” എന്ന് പേരുപറഞ്ഞ് ഇന്ത്യയെ അവരുടെ ഒരു വിധേയരാജ്യമാക്കാനാണ് ജൂലൈ 18 എഗ്രിമെന്റും അതിന്റെ ഭാഗമായി ഹൈഡ് ആക്‌ടില്‍ അധിഷ്‌ഠിതമായ 123 കരാറുകൊണ്ടും അമേരിക്ക ശ്രമിക്കുന്നത്. ഇന്ത്യയിലെ ഇടതുപക്ഷജനാധിപത്യ ശക്തികള്‍ ഇപ്രകാരമുള്ള എല്ലാ നീക്കങ്ങളെയും നഖശിഖാന്തം എതിര്‍ക്കുകതന്നെ വേണം. പ്രസിഡന്റ് ഒബാമയുടെ സന്ദര്‍ശനത്തിന്റെ വേളയില്‍ നമുക്ക് ഈ പ്രതിജ്ഞ പുതുക്കാം.


*****

ഡോ. എ ഡി ദാമോദരന്‍, കടപ്പാട് : ദേശാഭിമാനി