Showing posts with label ചില്ലറ വ്യാപാരം. Show all posts
Showing posts with label ചില്ലറ വ്യാപാരം. Show all posts

Wednesday, October 2, 2013

ആ അമ്പു കൊണ്ടത് ആര്‍ക്കായിരുന്നു?

എഴുപത് വര്‍ഷം മുമ്പ്, അതായത് ഇന്ത്യയില്‍ കോളനി വാഴ്ചയുടെ അവസാനകാലത്ത് യൂറോപ്പിലെയും അമേരിക്കയിലെയും രക്ഷിതാക്കള്‍, കഴിക്കുന്ന പാത്രത്തില്‍ ഭക്ഷണം പാഴാക്കിക്കളയരുതെന്ന് കുട്ടികളെ ഓര്‍മിപ്പിച്ചിരുന്നു. ഭക്ഷണം കഴിക്കാന്‍ നിവൃത്തിയില്ലാതെ അങ്ങു ദൂരെ ഇന്ത്യയില്‍ ഒരുപാടു പേരുണ്ടെന്ന് അവര്‍ കുട്ടികള്‍ക്കു പറഞ്ഞുകൊടുത്തു. ഒരു പട്ടിണിരാജ്യത്തിനു വേണ്ടിയുള്ള പ്രാര്‍ഥനയായിരുന്നു ഈ ജാഗ്രതപ്പെടുത്തല്‍. നൊബേല്‍ സമ്മാന ജേതാവും ധനശാസ്ത്രപണ്ഡിതനുമായ അമര്‍ത്യ സെന്നും ജീന്‍ ഡ്രെസിയും ചേര്‍ന്നു രചിച്ച "ഏന്‍ അണ്‍സേര്‍ട്ടെന്‍ ഗ്ലോറി" എന്ന പുതിയ പുസ്തകത്തിലാണ് ഈ ഓര്‍മപ്പെടുത്തല്‍.

ഇന്ത്യന്‍ സാമ്പത്തികവ്യവസ്ഥയുടെ ചരിത്രവും വികാസവും രേഖപ്പെടുത്തുകയാണ് അമര്‍ത്യ സെന്‍. ദാരിദ്ര്യത്തില്‍ വലഞ്ഞ ഒരു ജനതയോട് പാശ്ചാത്യരാജ്യങ്ങളെല്ലാം സഹതപിച്ചിരുന്നതായിരുന്നു അക്കാലം. ഇന്ന് സാമ്പത്തിക ഭദ്രതയ്ക്കായി അമേരിക്ക തയ്യാറെടുത്തപ്പോള്‍ ഡോളറിന് മൂല്യവര്‍ധന. രൂപയ്ക്ക് മൂല്യത്തകര്‍ച്ച. ധനശാസ്ത്രവിശകലനത്തില്‍ അത് ഇന്ത്യയെ സാമ്പത്തികപ്രതിസന്ധിയിലേക്കു തള്ളിവിട്ടിരിക്കുന്നു. 2013 ആഗസ്ത് 28 നായിരുന്നു സമീപകാല ഇന്ത്യ ഏറ്റവും നിരാശപ്പെട്ട ദിനം. അന്ന് ഇരുപതു വര്‍ഷത്തിനിടയില്‍ രൂപയുടെ മൂല്യം ഏറ്റവും താഴ്ച്ചയിലേക്ക് പതിച്ചു. ഡോളറിനെതിരെ 68.83 ആയി രൂപയുടെ മൂല്യം കുറഞ്ഞു. 1993 മാര്‍ച്ച് ഒന്നിന് 68.85 രൂപയായതാണ് മുമ്പത്തെ വലിയ മൂല്യത്തകര്‍ച്ച. അതിനു ശേഷമുള്ള ഈ തകര്‍ച്ച വളര്‍ച്ചയിലേക്ക് കുതിച്ചെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ട ഇന്ത്യക്ക് വന്‍ തിരിച്ചടിയായി. ഇപ്പോഴും സാമ്പത്തികരംഗം തകര്‍ന്നതിനെക്കുറിച്ചുള്ള ആശങ്കകളും പരിഷ്കാരത്തിനുള്ള ഒരുക്കങ്ങളുമായി ധനശാസ്ത്രവിശാരദന്മാര്‍ കൂട്ടിക്കിഴിക്കലുകള്‍ നടത്തുകയാണ്. ഇതിനിടെ, സിറിയയിലെ ആക്രമണസാധ്യത ഓഹരി വിപണിയെ തകര്‍ത്തതിന്റെ ദുരനുഭവം സെപ്തംബര്‍ മൂന്നിന് പ്രകടമായി. ഓഹരിസൂചിക മൂക്കുകൂത്തിയ ദിവസമായിരുന്നു അന്ന്. ഇരുപതു വര്‍ഷത്തിനിടയില്‍ രൂപ മൂല്യത്തകര്‍ച്ചയുടെ പടുകുഴിയില്‍ വീണ അതേദിവസം, മറ്റൊരു പ്രസ്താവനയും വലിയ വാര്‍ത്തയായി. ഒരു ദിവസത്തെ പ്രാധാന്യത്തിനപ്പുറം ആരും അതിന്റെ പിന്നാമ്പുറങ്ങളിലേക്ക് അന്വേഷിച്ചു ചെന്നില്ല. ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ വിശ്വാസ്യത തകര്‍ന്നുവെന്ന് വര്‍ഷങ്ങളായി ഇന്ത്യന്‍ വ്യവസായരംഗത്ത് അതികായനായി നില്‍ക്കുന്ന രത്തന്‍ ടാറ്റ വിളിച്ചു പറഞ്ഞു. ഇന്ത്യന്‍ സാമ്പത്തികരംഗം വെല്ലുവിളി നേരിടുമ്പോള്‍ ഒരു വ്യവസായിയില്‍ നിന്ന് ഇത്തരം പ്രതികരണം ആരും പ്രതീക്ഷിച്ചിരിക്കില്ല. എന്നാല്‍, കാലങ്ങളായി ഇന്ത്യന്‍ സാമ്പത്തികരംഗം നിരീക്ഷിക്കുകയും ഇടപെടുകയും ചെയ്യുന്ന രത്തന്‍ ടാറ്റയുടേത് കേവലമൊരു വിമര്‍ശനമല്ല. വാസ്തവത്തിലേക്കുള്ള ചൂണ്ടുവിരലാണ്. അദ്ദേഹം പറഞ്ഞ വാക്കുകളില്‍ നിന്നു തന്നെ നമുക്കതു വായിച്ചെടുക്കാം.

""സ്വകാര്യരംഗത്തെ നിക്ഷിപ്ത താല്‍പര്യക്കാരുടെ സ്വാധീനത്തിലാണ് സര്‍ക്കാര്‍. ഇത്തരക്കാര്‍ക്കു വേണ്ടി നയങ്ങള്‍ മാറ്റി, വൈകിച്ചു, ഉപജാപങ്ങള്‍ നടത്തി. ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു. 1991ലെ സാമ്പത്തികപരിഷ്കാരം ധീരമായ ചുവടുവയ്പായിരുന്നു. അതു നടപ്പാക്കിയ അതേ സംഘം തന്നെയാണ് ഇപ്പോള്‍ അധികാരത്തില്‍. എന്നാല്‍, ഇവിടെ താല്‍പര്യങ്ങളുടെ സംഘര്‍ഷം നടക്കുന്നു."" മുന്നില്‍ നിന്നു നയിക്കാനുള്ള നേതൃത്വം നമുക്കു നഷ്ടമായിരിക്കുന്നു "നിക്ഷിപ്ത താല്‍പര്യക്കാരുടെ സ്വാധീനത്തിലാണ് സര്‍ക്കാരെന്ന്" ടാറ്റ തുറന്നു പറയുമ്പോള്‍ ലക്ഷ്യമിട്ടത് റിലയന്‍സിനെയാണെന്ന് കരുതിയാല്‍ തെറ്റാനിടയില്ല. ഇന്ത്യന്‍ ഭരണകൂടത്തില്‍ ഇത്രയധികം സ്വാധീനമുള്ള വ്യവസായി റിലയന്‍സ് ഇന്‍ഡസ്ട്രീസിലെ അംബാനിയാണെന്നത് പകല്‍ പോലെ വാസ്തവം. കേന്ദ്രം ഭരിക്കുന്നത് റിലയന്‍സാണെന്ന രഹസ്യസംഭാഷണം പോലും ഇന്ദ്രപ്രസ്ഥത്തിലുണ്ട്. റിലയന്‍സിന് നിര്‍ണായക ഓഹരിപങ്കാളിത്തമുള്ള സിഎന്‍എന്‍-ഐബിഎന്‍ ചാനല്‍ തന്നെ അഭിപ്രായം പറയാന്‍ ടാറ്റ ഉപയോഗിച്ചതും കൗതുകമായി. രൂപയ്ക്കു തകര്‍ച്ച നേരിട്ടപ്പോള്‍ ഇന്ത്യയിലെ ശതകോടീശ്വരനായ മുകേഷ് അംബാനിക്ക് 24 ശതമാനമാണത്രേ വരുമാനനഷ്ടം. ആഗസ്ത് മൂന്നാം വാരത്തിലെ കണക്കാണിത്. ലോകത്തിലെ ഏറ്റവും വലിയ ഇന്ധനശേഖരത്തിന്റെ ഉടമ കൂടിയാണ് മുകേഷ് അംബാനി.

മെയ് ഒന്നു മുതല്‍ ഇന്ധനത്തില്‍ 560 കോടി ഡോളര്‍ വരുമാന നഷ്ടമുണ്ടായെന്നും വിലയിരുത്തപ്പെടുന്നു. 1750 കോടി ഡോളര്‍ സ്വത്തുള്ള ഇന്ത്യയിലെ ധനവാനാണ് മുകേഷ് അംബാനി. സഹോദരന്‍ അനില്‍ അംബാനിക്ക് 130 കോടി ഡോളറിന്റെ നഷ്ടമുണ്ടായി. ഏറെക്കാലമായി ഇന്ത്യന്‍ വ്യവസായരംഗത്തെ സാന്നിധ്യമായ ബിര്‍ള ഗ്രൂപ്പിന് 11 ശതമാനമേ നഷ്ടമുണ്ടായിട്ടുള്ളൂ. 95 കോടി ഡോളര്‍ നഷ്ടം കുമാരമംഗലം ബിര്‍ളയ്ക്കുണ്ടായി. സാമ്പത്തികരംഗം കൂപ്പുകുത്തുമ്പോഴും ടാറ്റയെപ്പോലെ ശ്രദ്ധേയമായ അഭിപ്രായപ്രകടനം പോലും റിലയന്‍സ് നടത്തിയിട്ടില്ല. കയറ്റുമതിയിലും ഇറക്കുമതിയിലുമൊക്കെ നിര്‍ണായക സ്വാധീനമുള്ള റിലയന്‍സ് ഗ്യാലറിയിലിരുന്ന് കളി കാണുകയാണ്. ഉത്തരവാദിത്തമുള്ള വ്യവസായപ്രമുഖന്റെ പ്രതികരണം മുകേഷ് അംബാനിയില്‍ നിന്നുണ്ടാവാത്തതില്‍ അതിശയിക്കാനുമില്ല. കേന്ദ്രസര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് നല്‍കുന്ന അഞ്ചു ലക്ഷം കോടി രൂപയുടെ നികുതിയിളവില്‍ ഏറ്റവും കൂടുതല്‍ ലാഭവും റിലയന്‍സിനല്ലാതെ മറ്റാര്‍ക്കുമല്ല.

ഏറ്റവുമൊടുവില്‍ വിവാദത്തില്‍പ്പെട്ട ആന്ധ്രയിലെ കൃഷ്ണ-ഗോദാവരി വാതകപ്പാടങ്ങളിലെ അനുഭവം നോക്കാം. ഇവിടെ പ്രകൃതി വാതകം ഉല്‍പ്പാദിപ്പിക്കാന്‍ റിലയന്‍സിനാണ് അനുമതി. അവര്‍ ഉല്‍പ്പാദിപ്പിക്കുന്ന ഒരു എംഎംബിടിയു (ബിടിയു- ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റ് എന്നതി ന്റെ ചുരുക്കപ്പേരാണ്. എംഎം എന്നാല്‍ മില്യണ്‍ അഥവാ ദശലക്ഷം എന്നാണര്‍ഥം. പ്രകൃതിവാതകം എംഎംബിടിയു അളവിലാണ് കണക്കാക്കുക. താപനിലയും മര്‍ദവും കണക്കാക്കി ഒരു എംഎംബിടിയു എന്നാല്‍ 28.263682 മീറ്റര്‍ ക്യുബിക് എന്നര്‍ഥം) പ്രകൃതിവാതകത്തിന് 8.40 ഡോളര്‍ വി ല കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച രംഗരാജന്‍ സമിതി ശുപാര്‍ശ ചെയ്തു. ഇത് കേന്ദ്രസര്‍ക്കാര്‍ അതേപടി അംഗീകരിച്ചിട്ട് രണ്ടു മാസത്തിലേറെയായി. എഐടിയുസി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഗുരുദാസ് ദാസ് ഗുപ്ത ഇക്കാര്യത്തില്‍ പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലിക്കെതിരെ പരസ്യമായി രംഗത്തു വന്നു. അദ്ദേഹം ലോക്സഭയില്‍ ഇക്കാര്യം പലതവണ ഉന്നയിക്കുകയും ചെയ്തു. സിഐടിയു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തപന്‍സെന്‍ ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിലും കൊണ്ടുവന്നു. പക്ഷേ, ഇതുവരെ കേന്ദ്രസര്‍ക്കാര്‍ അനങ്ങിയിട്ടില്ല.

2008 ഡിസംബറില്‍ മന്ത്രിതല സമിതി നിശ്ചയിച്ചത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് യൂണിറ്റിന് 4.2 ഡോളര്‍ നിരക്കില്‍ പ്രകൃതി വാതകം ഉല്‍പ്പാദിപ്പിക്കണമെന്നാണ്. ഇതേ കാലയളവില്‍ എന്‍ടിപിസിയുമായി റിലയന്‍സ് 17 വര്‍ഷത്തേക്ക് അന്താരാഷ്ട്ര കരാറില്‍ ഏര്‍പ്പെട്ടത് യൂണിറ്റിന് 2.34 ഡോളര്‍ നിരക്കില്‍ പ്രകൃതിവാതകം ഉല്‍പ്പാദിപ്പിക്കാമെന്നാണ്. എന്നാല്‍, ഇതെല്ലാം അവഗണിച്ച് രണ്ടു മാസം മുമ്പ് രംഗരാജന്‍ സമിതി മുമ്പത്തേതിനേക്കാള്‍ ഇരട്ടിത്തുക, അതായത് യൂണിറ്റിന് 8.40 ഡോളര്‍ വില കൂട്ടിക്കൊടുക്കാന്‍ ശുപാര്‍ശ ചെയ്തു. ഇതു കേന്ദ്രസര്‍ക്കാര്‍ അതേപടി അംഗീകരിച്ചതിനു പിന്നിലെ താല്‍പര്യം ഊഹിക്കാവുന്നതേയുള്ളൂ. വീരപ്പ മൊയ്ലി വ്യക്തിപരമായി താല്‍പര്യമെടുത്ത്് വിലവര്‍ധന നടപ്പാക്കിയെന്നാണ് ഗുരുദാസ് ദാസ്ഗുപ്തയുടെ ആരോപണം. 2014-15 വര്‍ഷത്തില്‍ എട്ടു ഡോളറും 2015-16 വര്‍ഷത്തില്‍ പത്തു ഡോളറും 2006-17 വര്‍ഷത്തില്‍ 12 ഡോളറും വീതം കൂട്ടാനും കേന്ദ്രം ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും ഗുപ്ത വെളിപ്പെടുത്തി.

ഇങ്ങനെ പോയാല്‍ 13-ാം പഞ്ചവത്സരപദ്ധതിക്കാലത്ത് യൂണിറ്റിന് 14 ഡോളര്‍ നല്‍കി റിലയന്‍സില്‍ നിന്നും പ്രകൃതിവാതകം വാങ്ങേണ്ടി വരും. പ്രകൃതിവാതകം യൂണിറ്റിന് 8.40 ഡോളറാക്കുന്നതോടെ വൈദ്യുതിച്ചെലവില്‍ യൂണിറ്റിന് രണ്ടു രൂപയുടെയും രാസവളം ടണ്ണിന് 6000 രൂപയുടെയും വര്‍ധനവുണ്ടാവും. പ്രകൃതി വാതക വില കൂട്ടുന്നതോടെ പ്രതിവര്‍ഷം 11,000 കോടി രൂപയുടെ അധിക സബ്സിഡി ബാധ്യതയുണ്ടാവുമെന്നാണ് കണക്കുകൂട്ടല്‍. വൈദ്യുതിച്ചെലവ് യൂണിറ്റിന് 6.40 രൂപയായി കൂടും. ഊര്‍ജ നിലയങ്ങള്‍ക്കുള്ള ചെലവ് പ്രതിവര്‍ഷം 33,000 കോടി രൂപയായാണ് വര്‍ധിക്കുക! ഇങ്ങനെ മൊത്തം സബ്സിഡി ഭാരം അഞ്ചു വര്‍ഷക്കാലയളവില്‍ 2,20,000 കോടി രൂപയാവും.

ഇനി റിലയന്‍സിനു ലഭിക്കുന്ന ലാഭം നോക്കാം. പ്രകൃതിവാതകത്തിന് വില കൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറായതോടെ അഞ്ചു വര്‍ഷത്തിനുള്ളില്‍ 81,000 കോടി രൂപയാണ് ഈ വ്യവസായവമ്പന്റെ ലാഭം. റിലയന്‍സിന് 90 ശതമാനവും സര്‍ക്കാരിന് പത്തു ശതമാനവുമെന്നതാണ് ലാഭവിഹിതത്തിന്റെ അനുപാതം. കരാറനുസരിച്ച് ഈ വര്‍ഷം 80 എംഎംഎസ്സിഎംഡി (മില്യണ്‍ സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്റര്‍ പെര്‍ ഡേ) ഉല്‍പ്പാദിപ്പിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍, കൃഷ്ണ-ഗോദാവരി ബേസിനില്‍ 14 ദശലക്ഷം യൂണിറ്റു മാത്രമേ ഉല്‍പ്പാദിപ്പിച്ചിട്ടുള്ളൂ. 2016-17 വര്‍ഷത്തോടെ ഉല്‍പ്പാദനം 40 ദശലക്ഷം യൂണിറ്റായി ശേഷി കൂടുമെന്നായിരുന്നു വാതകവില വര്‍ധിപ്പിച്ചതിനെ ന്യായീകരിച്ച് വീരപ്പ മൊയ്ലിയുടെ പ്രസ്താവന. എന്നാല്‍, മൂന്നു വര്‍ഷമായി വ്യവസ്ഥ ചെയ്യപ്പെട്ട പ്രകൃതിവാതകം ഉല്‍പ്പാദിപ്പിക്കാന്‍ റിലയന്‍സ് തയ്യാറായിട്ടില്ലെന്നത് സര്‍ക്കാര്‍ മറന്ന പോലെ ഭാവിച്ചു. ഉല്‍പ്പാദനത്തില്‍ 2011-12 വര്‍ഷത്തില്‍ 28 ദശലക്ഷം യൂണിറ്റും 2012-13 വര്‍ഷത്തില്‍ 55 ദശലക്ഷം യൂണിറ്റും 2013-14 വര്‍ഷത്തില്‍ 66 ദശലക്ഷം യൂണിറ്റും റിലയന്‍സ് കുറവു വരുത്തി. ഇങ്ങനെ മൊത്തം 1,13,000 കോടി രൂപയാണ് റിലയന്‍സ് വഴി കേന്ദ്രസര്‍ക്കാരിനുണ്ടായ നഷ്ടം. വൈദ്യുതി, രാസവളം ഉല്‍പ്പാദനത്തില്‍ ഈ നഷ്ടം വന്‍ പ്രത്യാഘാതങ്ങളുണ്ടാക്കി. ഈ കുറവു നികത്താന്‍ സര്‍ക്കാരിന് മറ്റു മാര്‍ഗം തേടേണ്ടി വന്നതിന്റെ ചെലവു കൂടി കണക്കാക്കിയാല്‍ പൊതുഖജനാവിന് റിലയന്‍സ് ഉണ്ടാക്കിയ സാമ്പത്തികഭാരത്തിന്റെ ചുരുളഴിയും.

കരാര്‍ അനുസരിച്ചുള്ള ഉല്‍പ്പാദനം നടത്തിയില്ലെങ്കില്‍ കമ്പനിയില്‍ നിന്ന് പിഴ ഈടാക്കാന്‍ വ്യവസ്ഥയുണ്ട്. മുന്‍ പെട്രോളിയം മന്ത്രി ജയ്പാല്‍ റെഡ്ഢി ഈ നടപടിക്കു തയ്യാറെടുത്തിരുന്നു. എന്നാല്‍, അദ്ദേഹത്തെ മാറ്റി വീരപ്പ മൊയ്ലിയെ മന്ത്രിസ്ഥാനമേല്‍പ്പിച്ചു. റിലയന്‍സിനെതിരെയുള്ള നിയമനടപടി നിര്‍ത്തിവച്ചതാണ് മൊയ്ലിയുടെ സംഭാവന! ഇങ്ങനെ കേന്ദ്രം കോര്‍പറേറ്റ് ഭീമനോടുള്ള കൂറ് പരസ്യമായി പ്രഖ്യാപിച്ചു. കൃഷ്ണ-ഗോദാവരി വാതകപ്പാടങ്ങളില്‍ റിലയന്‍സിനുള്ള കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം സുപ്രീംകോടതിയെ സമീപിച്ചു കഴിഞ്ഞു. സന്നദ്ധസംഘടനയായ കോമണ്‍ കോസ്, മുന്‍ കാബിനറ്റ് സെക്രട്ടറി ടി എസ് ആര്‍ സുബ്രമണ്യന്‍, മുന്‍ അഡ്മിറല്‍ എല്‍ രാമദാസ്, മുന്‍സെക്രട്ടറി രാമസ്വാമി ആര്‍ അയ്യര്‍ എന്നിവരാണ് ഹര്‍ജിക്കാര്‍. വ്യക്തമായ ഉദ്ദേശ്യത്തോടെയാണ് റിലയന്‍സ് ഉല്‍പ്പാദനക്കുറവു വരുത്തിയിട്ടുള്ളതെന്നാണ് ഇവരുടെ ആരോപണം. വാതകവില കൂട്ടിയത് സര്‍ക്കാരും റിലയന്‍സും തമ്മിലുള്ള ഗൂഢാലോചനയാണെന്നാണ് മറ്റൊരു ആരോപണം. തൊഴിലാളി യൂണിയന്‍ നേതാക്കള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയുടെ ഉള്ളടക്കം. ഈ ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രത്തിന്റെ മറുപടി ചോദിച്ചു കഴിഞ്ഞു. റിലയന്‍സിനെ സഹായിക്കാന്‍ വാതകവി ല വര്‍ധിപ്പിച്ചത് റദ്ദാക്കണമെന്ന് പ്രധാനമന്ത്രിയോടും പെട്രോളിയം മന്ത്രിയോടും തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും പാര്‍ലമെന്റില്‍ വിഷയം ഉന്നയിക്കപ്പെട്ടിട്ടും ഇതുവരെ സര്‍ക്കാര്‍ പിന്മാറിയിട്ടില്ല.

പ്രതിസന്ധിയുടെ ആഴവും അര്‍ഥവും

കോര്‍പറേറ്റുകള്‍ കൈനിറയെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന വര്‍ത്തമാനകാലത്താണ് ഇന്ത്യയില്‍ രൂപയുടെ മൂല്യത്തകര്‍ച്ചയും സാമ്പത്തികപ്രതിസന്ധിയും ചര്‍ച്ചയാകുന്നത്. കടപ്പത്രങ്ങള്‍ വാങ്ങിക്കൂട്ടിയുള്ള പദ്ധതികള്‍ കുറച്ച് വി പണിയില്‍ ഇടപെടാന്‍ അമേരിക്കന്‍ ഭരണകൂടം തീരുമാനിച്ചതോടെ ഡോളര്‍ കൂടുതല്‍ ആകര്‍ഷിക്കപ്പെട്ടത് ഇന്ത്യയുടെ വിദേശവിനിമയത്തെ ബാധിച്ചു. വിദേശ നിക്ഷേപം നടത്തുന്നതില്‍ നിന്ന് ഇന്ത്യന്‍ കമ്പനികളെ റിസര്‍വ് ബാങ്ക് നിയന്ത്രിച്ചതും ഓഹരിവിപണിയില്‍ ആശങ്കയുണ്ടാക്കി. ഇങ്ങനെ വിദേശത്തും സ്വദേശത്തുമുള്ള സാമ്പത്തിക വൈരുധ്യങ്ങള്‍ ധനസ്ഥിതി വഷളാക്കിയെന്ന് കരുതപ്പെടുന്നു. വിദേശ നിക്ഷേപത്തിന് വാതില്‍ തുറന്നിട്ട ധനനയം നടപ്പാക്കിയ ഒരു രാജ്യത്ത് വിദേശ മൂലധനം കുറയുമ്പോള്‍ സാമ്പത്തികരംഗം ഉലയുന്നതു സ്വാഭാവികമാണ്. എന്നാല്‍, ആഭ്യന്തരരംഗത്ത് ആത്മവിശ്വാസമുണ്ടാക്കാന്‍ എന്തു നടപടിയുണ്ടായി എന്ന ചോദ്യം ഇവിടെ പ്രസക്തമാവുന്നു.

ഇന്ത്യന്‍ സംരംഭകര്‍ തന്നെ സ്വദേശത്ത് നിക്ഷേപം നടത്തുന്നതിനുപകരം വിദേശരാജ്യങ്ങളെ തേടിപ്പോവുന്നതാണ് അവസ്ഥ. ഇന്ത്യക്കു പകരം വിയറ്റ്നാം, എറിത്രിയ തുടങ്ങിയ രാജ്യങ്ങള്‍ പോലും സുരക്ഷിത നിക്ഷേപത്തിനു പറ്റിയ ഇടങ്ങളാണെന്ന് അവര്‍ കരുതുന്നുവത്രേ. വ്യവസായസംഘടനയായ അസോചം നടത്തിയ പഠനമനുസരിച്ച് 2012-13 വര്‍ഷത്തില്‍ ഇന്ത്യന്‍ സംരംഭകരുടെ 2828 പദ്ധതി നിര്‍ദേശങ്ങളുണ്ടായി. ആറു ലക്ഷം കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരുന്നതാണത്രേ ഈ പദ്ധതികള്‍. അതേസമയം, നടപ്പു സാമ്പത്തികവര്‍ഷം ഇത്തരം പദ്ധതിനിര്‍ദേശങ്ങള്‍ 697 ആയി ചുരുങ്ങി. 1.4 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിനുള്ള നിര്‍ദേശങ്ങളെ വന്നിട്ടുള്ളുവത്രേ. ഇങ്ങനെ ആഭ്യന്തര നിക്ഷേപരംഗത്തുണ്ടായ ഇടിവ് കണ്ടില്ലെന്നു നടിക്കാവുന്നതല്ല. സാമ്പത്തികഭദ്രത കുറഞ്ഞതു കൊണ്ടോ കൈയില്‍ പണമില്ലാത്തതിനാലോ ഈ നിക്ഷേപകര്‍ പിന്മാറിയെന്നു പറയാനാവില്ല. കഴിഞ്ഞ സാമ്പത്തികവര്‍ഷം അവസാനിക്കുമ്പോള്‍ ഈ ഗണത്തില്‍പ്പെട്ട 500 കമ്പനികളുടെ ലിക്വിഡ് ഇന്‍വെസ്റ്റ്മെന്റ് 9.3 ലക്ഷം കോടി രൂപയാണെന്നാണ് കണക്കുകള്‍. ഇത്രയും തുകയുണ്ടെങ്കില്‍ ഇന്ത്യയില്‍ 80,000 കിലോമീറ്റര്‍ നാലുവരി ദേശീയപാത നിര്‍മിക്കാനാവും.

ഇന്ത്യന്‍ സംരംഭകര്‍ വിദേശത്ത് നിക്ഷേപിക്കുന്ന തുകയിലും വന്‍വര്‍ധനവുണ്ടായിട്ടുണ്ട്. 2012-13ല്‍ 4400 കോടി ഡോളര്‍ നിക്ഷേപമാണത്രേ വിദേശത്ത് ഇന്ത്യക്കാരുടെ സംഭാവന. ഈ വര്‍ഷം ജൂണില്‍ മാത്രമുള്ള കണക്കില്‍ ഈ നിക്ഷേപം 1700 കോടി ഡോളറിലെത്തി. വിദേശനിക്ഷേപത്തില്‍ ലോകത്ത് 25-ാം സ്ഥാനത്താണത്രേ ഇന്ത്യ. നിക്ഷേപത്തെക്കുറിച്ച് ഇന്ത്യയിലുള്ള പരമ്പരാഗത കാഴ്ചപ്പാടും നിക്ഷേപത്തിനുള്ള റിസ്കും മുഖ്യതടസ്സങ്ങളായി നിലനില്‍ക്കുന്നതാണ് ഇന്ത്യന്‍ സംരംഭകര്‍ വിദേശങ്ങളെ തേടിപ്പോവുന്നതിന്റെ കാരണമെന്നാണ് വിലയിരുത്തല്‍. വിദേശത്തു നിന്നുള്ള മൂലധനത്തിന് വാതിലുകള്‍ മലര്‍ക്കെ തുറന്നിടാന്‍ നയങ്ങള്‍ നിരന്തരം പരിഷ്കരിക്കുന്ന സര്‍ക്കാരാവട്ടെ, വീണ്ടുവിചാരത്തിന് ഇതുവരെ മിനക്കെട്ടിട്ടില്ല.

ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ സോവറീന്‍ വെല്‍ത്ത് ഫണ്ട് സ്വരൂപിക്കണമെന്നാണ് കേന്ദ്രം കൈക്കൊണ്ട ഒരു പരിഹാര നടപടി. പത്തു പൊതുമേഖലാ സ്ഥാപനങ്ങള്‍ ചുരുങ്ങിയത് 15,000 കോടി രൂപ സമാഹരിക്കണമെന്നാണ് നിര്‍ദേശം. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരം ധനസമാഹരണം. ഇതിനായി നികുതിയില്ലാത്ത ബോണ്ടുകള്‍ വിതരണം ചെയ്യും. സ്വദേശത്തും വിദേശത്തും നി ക്ഷേപം അനുവദിക്കുന്നതാണ് ഈ രീതി. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വരൂപിക്കുന്ന ഇത്തരം ഓഹരികളിലൂടെയുള്ള നിക്ഷേപം അടിസ്ഥാന സൗകര്യവികസനപദ്ധതികളില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ മുടക്കാനാവും. നടപ്പുസാമ്പത്തികവര്‍ഷം 48,000 കോടി രൂപ ഇങ്ങനെ സ്വരൂപിക്കാന്‍ ധനമന്ത്രാലയം അനുമതി നല്‍കിക്കഴിഞ്ഞു. ഇന്ത്യന്‍ റെയില്‍വേ, നാഷണല്‍ ഹൗസിങ് ബാങ്ക്, ദേശീയപാത അതോറിറ്റി, എന്‍ടിപിസി, ഊര്‍ജ ധനകാര്യ കോര്‍പറേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളൊക്കെ ഈ രീതിയില്‍ ധനസമാഹരണം നടത്തും. ലോകബാങ്കടക്കമുള്ള അന്താരാഷ്ട്ര ധനകാര്യ ഏജന്‍സി കളില്‍ കൂടുതല്‍ തുക വായ്പയെടുക്കാനും സര്‍ക്കാര്‍ ശ്രമങ്ങള്‍ ഊര്‍ജിതമാക്കി. ഇത്തരം പരിഹാരനടപടികള്‍ ഫലം കാണുമോയെന്ന് വ്യക്തമായിട്ടില്ല.

എന്നാല്‍, ഇന്ത്യന്‍ സാമ്പത്തിക രംഗത്തെക്കു റിച്ച് ആശങ്ക രേഖപ്പെടുത്തുന്നതു തന്നെയാണ് വരുന്ന പഠന റിപ്പോര്‍ട്ടുകളെല്ലാം. കറന്റ് അക്കൗണ്ടില്‍ വന്‍തോതിലുള്ള കുറവ് ഇന്ത്യയും ഇന്തോനേഷ്യയുമടക്കമുള്ള രാജ്യങ്ങളിലെ പ്രതിസന്ധി രൂക്ഷമാക്കുമെന്ന് ആഗോള റേറ്റിങ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ മുന്നറിയിപ്പു നല്‍കുന്നു. 2012-13 വര്‍ഷത്തില്‍ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി 4.8 ശതമാനം അഥവാ 882 കോടി ഡോളറായി സര്‍വകാല റെക്കോര്‍ഡിലെത്തി. നടപ്പുവര്‍ഷം ഇത് 3.7 ശതമാനമായി കുറച്ചു കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമം. ആഭ്യന്തരവിപണിയെ ആശ്രയിച്ചു കഴിയുന്ന രാജ്യമാണ് ഇന്ത്യയെന്നാണ് ഏജന്‍സിയുടെ വിശേഷണം. അതിനാല്‍ വരുംകാലങ്ങളില്‍ സാമ്പത്തികപ്രതിസന്ധി മൂര്‍ച്ഛിക്കുമത്രേ. അമേരിക്കയില്‍ ധനകാര്യ സര്‍വീസ് നടത്തുന്ന ഈ ഏജന്‍സിയുടെ മുന്നറിയിപ്പ് സമ്മര്‍ദശ്രമമാണെന്നും വേണമെങ്കില്‍ വിലയിരുത്താം.

ഇങ്ങനെ ഇന്ത്യന്‍ ധനസ്ഥിതിയെക്കുറിച്ചുള്ള ആശങ്കയും ചര്‍ച്ചയും അനുദിനം തുടരുമ്പോള്‍ പരിഷ്കാരങ്ങളില്‍ നിന്നും പുറകോട്ടു പോവില്ലെന്നാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ പ്രഖ്യാപനം. 1991ല്‍ ധനമന്ത്രിയായിരിക്കേ പുത്തന്‍ സാമ്പത്തികനയം വിഭാവനം ചെയ്ത അദ്ദേഹത്തിന് ഇപ്പോള്‍ പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ അതില്‍ തെല്ലും കുറ്റബോധമില്ലെന്നര്‍ഥം. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ ഇപ്പോഴത്തെ സാമ്പത്തി കപ്രതിസന്ധിക്ക് ഒരു കാരണമാണെന്ന് വിരമിച്ച റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി സുബ്ബറാവു പ്രഖ്യാപിച്ചു കഴിഞ്ഞു. റിസര്‍വ് ബാങ്ക് നടപടികള്‍ പ്രതിസന്ധി വര്‍ധിപ്പിച്ചെന്ന കേന്ദ്രസര്‍ക്കാരിന്റെയും മാധ്യമങ്ങളുടെയും കുറ്റപ്പെടുത്തലിനുള്ള മറുപടി മാത്രമല്ല, നമ്മുടെ നയങ്ങളില്‍ പിഴവുകളുണ്ടെന്നു ചൂണ്ടിക്കാണിക്കുക കൂടിയാണ് സുബ്ബറാവു.
ന്യായവും വസ്തുതയും

ഏറെ നാളത്തെ മൗനത്തിനു ശേഷം സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുകയുണ്ടായി. രൂപയുടെ തകര്‍ച്ച ആശങ്കപ്പെടുത്തുന്നതായി അദ്ദേഹം സമ്മതിച്ചു. പക്ഷേ, സാമ്പത്തിക പരിഷ്കാരനടപടികളില്‍ നിന്നും പിന്മാറുന്ന പ്രശ്നമില്ല. ജനങ്ങള്‍ സ്വര്‍ണം, ഇന്ധനം എന്നിവയുടെ ഉപയോഗം നിയന്ത്രിച്ചാല്‍ പ്രതിസന്ധി മറികടക്കാമെന്നാണ് പ്രധാനമന്ത്രിയുടെ ഉപദേശം. നമ്മുടെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ കൂടുതല്‍ നടപടികള്‍ ആവശ്യമാണത്രേ. സാമ്പത്തികവളര്‍ച്ച ലക്ഷ്യമിട്ടുള്ള ഒട്ടേറെ ബില്ലുകള്‍ പാസ്സാക്കാനുള്ളതിനാല്‍ പ്രതിപക്ഷപാര്‍ടികളുടെ സഹകരണവും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. സര്‍ക്കാര്‍ നയങ്ങളല്ല പ്രതിസന്ധിയിലേക്ക് വലിച്ചിഴച്ചതെന്ന് ഇനിയും കേന്ദ്രത്തിനു ബോധ്യമായിട്ടില്ലെന്നാണ് ഈ വാക്കുകളുടെ അര്‍ഥം.

അമേരിക്കയില്‍ സാമ്പത്തികത്തകര്‍ച്ച ഉണ്ടായാല്‍ ഇന്ത്യന്‍ ധനസ്ഥിതിയെ അതു ബാധിക്കുന്നു. കടപ്പത്രങ്ങള്‍ ചുരുക്കി അമേരിക്ക സ്വന്തം ധനസ്ഥിതി മെച്ചപ്പെടുത്താന്‍ ശ്രമിച്ചതാണ് ഇപ്പോള്‍ ഡോളറിന്റെ മൂല്യമുയരാന്‍ കാരണം. അമേരിക്കന്‍ സാമ്പത്തികരംഗം മെച്ചപ്പെടുമ്പോള്‍ ഇന്ത്യയും വളരേണ്ടതല്ലേയെന്നുള്ള സ്വാഭാവികമായ ചോദ്യം ഉയരുന്നു. പക്ഷേ, അതുണ്ടായില്ല. അമേരിക്കന്‍ ആശ്രിതത്വത്തിന് മാത്രമുള്ളതായിരുന്നു നമ്മുടെ സാമ്പത്തികപരിഷ്കാരമെന്ന് തിരിച്ചറിയാന്‍ ഈ സാമാന്യയുക്തി മാത്രം മതി. രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി (ഇറക്കുമതി യുടെയും കയറ്റുമതി യുടെയും മൊത്തം മൂല്യത്തിലുള്ള അന്തരം) വന്‍തോതില്‍ കുറഞ്ഞത് ഇപ്പോഴത്തെ പ്രതിസന്ധി രൂക്ഷമാക്കി. കഴിഞ്ഞ സാമ്പത്തികവര്‍ഷം 4.8 ശ തമാനം അഥവാ അഞ്ചു ശതമാനത്തോളമായിരുന്നു ഈ കമ്മി. എന്നാല്‍, നടപ്പുവര്‍ഷത്തില്‍ ഇതിനകം 4.4 ശതമാനമായി മൂക്കുകുത്തി. സാമ്പത്തികവിദഗ്ധന്‍ പ്രഭാത് പട്നായിക് ചൂണ്ടിക്കാട്ടിയ പോലെ സ്വകാര്യ ഉപഭോഗച്ചെലവ്, സ്വകാര്യ നിക്ഷേപം, ഉപഭോഗത്തിലും ചെലവിലുമുള്ള സര്‍ക്കാര്‍ ചെലവ്, മൊത്തക്കയറ്റുമതി എന്നിവയാണ് ഏതൊരു സാമ്പത്തികവ്യവസ്ഥയിലും നിര്‍ണായകം. ഇതില്‍ മൊത്തക്കയറ്റുമതിയിലുള്ള നെഗറ്റീവ് വളര്‍ച്ച സാമ്പത്തികവ്യവസ്ഥയിലെ ആവശ്യം വന്‍തോതില്‍ കുറച്ചു. ഇതാണ് ഇപ്പോഴത്തെ സാമ്പത്തികപ്രതിസന്ധിയുടെ കാരണം.

1991-ലെ പ്രതിസന്ധിയുമായി ഇപ്പോഴത്തേതിനെ താരതമ്യം ചെയ്യാനാവില്ലെന്നാണ് പ്രധാനമന്ത്രി അടിവരയിട്ടത്. 1991ല്‍ കറന്റ് അക്കൗണ്ട് കമ്മിയുടെ 60 ശതമാനവും പൊതുകടത്തെ തുടര്‍ന്നായിരുന്നു. തുടര്‍ന്ന്, സര്‍ക്കാര്‍ ചെലവുകള്‍ കുറയ്ക്കണമെന്നും രാജ്യത്തേക്ക് വിദേശ മൂലധനം കൂടുതല്‍ ആകര്‍ഷിക്കണമെന്നും പറഞ്ഞ് അന്നത്തെ ധനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ് പുത്തന്‍ സാമ്പത്തിക പരിഷ്കാരത്തിനു തുടക്കമിട്ടു. പ്രതിസന്ധിക്കുള്ള പ്രശ്നപരിഹാരമായിരുന്നു ഈ പരിഷ്കാരം. ഇപ്പോള്‍ വിദേശ കടത്തിന്റെ 20 ശതമാനമേ സര്‍ക്കാരിന്റെ സംഭാവനയുള്ളൂ. ഇന്ത്യയുടെ മൊത്തം കടത്തിന്റെ 45 ശതമാനം ബഹുരാഷ്ട്ര കുത്തകളുടെയും ഉഭയകക്ഷി ഏജന്‍സികളുടെയും വിനിമയത്തെ തുടര്‍ന്നുള്ളതാണ്. ഇതോടെ, സര്‍ക്കാര്‍ ക്ഷണിച്ചു വരുത്തിയ വിദേശമൂലധനത്തിന്റെയും സ്വകാര്യവല്‍ക്കരണത്തിന്റെയും സംഭാവനയാണ് ഇപ്പോഴത്തെ പ്രതിസന്ധിയെന്നു വ്യക്തമായി. ഈ വര്‍ഷം മാര്‍ച്ച് അവസാനിക്കുമ്പോള്‍ 4.78 ശതമാനമായിരുന്നു ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ച. നടപ്പു സാമ്പത്തികവര്‍ഷം ആദ്യത്തെ മൂ ന്നു മാസം പിന്നിടുമ്പോള്‍ ഇത് 4.7 ശതമാനമായി കുറഞ്ഞു. ദശകത്തിലെ ഏറ്റവും വലിയ കുറവാണിത്. ആഭ്യന്തര-വിദേശ ആവശ്യം നിറവേറ്റാന്‍ കഴിയാത്തതും അടിസ്ഥാന സൗകര്യവികസനത്തിലെ വീഴ്ചയും വ്യവസായ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതില്‍ ഭരണനിര്‍വഹണത്തില്‍ വന്ന കാലതാമസവുമൊക്കെ ഇതിനു കാരണമാണ്.

ചില്ലറ വ്യാപാരരംഗം

വിദേശ നിക്ഷേപത്തിനു തുറന്നിട്ടതടക്കമുള്ള പരിഷ്കാരങ്ങളുണ്ടായിട്ടും സര്‍ക്കാര്‍ അവകാശപ്പെട്ടതു പോലെ വിദേശ നിക്ഷേപം ഇന്ത്യയിലേക്കെത്തിയില്ല. ഇപ്പോഴാവട്ടെ, രൂപയുടെ മൂല്യം തകര്‍ന്ന് സാമ്പത്തികത്തകര്‍ച്ച നേരിടുകയും ചെയ്തു. അപ്പോള്‍ എവിടെയാണ് പാളിച്ച? കാര്‍ഷികരംഗം പോലെ വളര്‍ച്ച താങ്ങി നിര്‍ത്തുന്ന നിര്‍ണായകമേഖലകളില്‍ ആത്മവിശ്വാസമുണ്ടാക്കാന്‍ സര്‍ക്കാരിനായില്ല. വിദര്‍ഭയിലെ കര്‍ഷക ആത്മഹത്യ ഇക്കാര്യം തെളിയിക്കുന്നു. ഈ വര്‍ഷം ഇതുവരെ 608 കര്‍ഷകര്‍ വിദര്‍ഭയില്‍ ജീവനൊടുക്കി. കഴിഞ്ഞ വര്‍ഷം 916 പേര്‍ ആത്മഹത്യ ചെയ്തു. 2011ല്‍ 918 ഉം, 2010ല്‍ 748 ഉം, 2009ല്‍ 916 ഉം കര്‍ഷകര്‍ ജീവനൊടുക്കി. 2001ല്‍ തുടങ്ങിയതാണ് വിദര്‍ഭയിലെ കര്‍ഷക ആത്മഹത്യകള്‍. 2006ല്‍ ഇതു രൂക്ഷമായി. 1448 പേര്‍ ജീ വനൊടുക്കി. ആത്മഹത്യ കൂടിയ 2006ല്‍ പ്രധാനമന്ത്രി വിദര്‍ഭ സന്ദര്‍ശി ക്കുകയും 3750 കോടി രൂപയുടെ പുനരധിവാസപാക്കേജ് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, പാക്കേജുകള്‍ക്ക് കര്‍ഷകന്റെ കണ്ണീരൊപ്പാന്‍ കഴിഞ്ഞില്ലെന്നതിന്റെ തെളിവാണ് ഇന്നും തുടരുന്ന ആത്മഹത്യകള്‍. നമ്മുടെ നട്ടെല്ലായ കാര്‍ഷികമേഖലയെ സര്‍ക്കാര്‍ പാടേ അവഗണിച്ചിരിക്കുന്നു. ചെലവു ചുരുക്കാന്‍ പറയുന്നതിനു പകരം രാജ്യത്തെ കോര്‍പറേറ്റുകള്‍ക്കുള്ള ആനുകൂല്യം വെട്ടിച്ചുരുക്കി പ്രതിസന്ധി പരിഹരിക്കണമെന്ന് പാര്‍ലമെന്റില്‍ ആവശ്യമുയര്‍ന്നു. ഈ വാദം സര്‍ക്കാര്‍ പു ച്ഛിച്ചു തള്ളി.

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ 2100 കോടി രൂപയുടെ വായ്പയാണ് വന്‍കിട കമ്പനികള്‍ കുടിശ്ശിക വരുത്തിയിട്ടുള്ളത്. ഇപ്പോള്‍, ആ ബാധ്യത എഴുതിത്തള്ളണമെന്ന് കോര്‍പറേറ്റുകള്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നു. പ്രതീക്ഷിച്ച വിളവു കിട്ടാത്തതിനാല്‍ വായ്പ തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലാതെ കടം പെരുകിയ കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്ന നാട്ടിലാണ് കോര്‍പറേറ്റുകള്‍ക്ക് ആനുകൂല്യമെന്നോര്‍ക്കണം! രാജ്യം തളര്‍ന്നു കിടക്കുമ്പോള്‍ ഒരു കോര്‍പറേറ്റുകാരനും പ്രായോഗിക പ്രശ്നപരിഹാരം നിര്‍ദേശിച്ചിട്ടില്ല. ഇപ്പോഴും അവര്‍ വളര്‍ച്ചയ്ക്കു വേണ്ടി സര്‍ക്കാരിനെ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുന്നു. ആത്മവിശ്വാസം വീണ്ടെടുക്കാന്‍ പതിവു രീതികളില്‍ നിന്നും മാറി ചിന്തിക്കണമെന്നാണ് അടുത്തിടെ ബ്ലൂംബര്‍ഗ് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ റിലയന്‍സ് ക്യാപിറ്റല്‍ ധനനിക്ഷേപക മേധാവി മധുസൂദന്‍ കേല അഭിപ്രായപ്പെട്ടത്. വളര്‍ച്ചയായിരിക്കണം സര്‍ക്കാരിന്റെ മുന്‍ഗണനയെന്നും അദ്ദേഹം ഉപദേശിച്ചു. കോര്‍പറേറ്റുകള്‍ക്ക് തിന്നു കൊഴുക്കാന്‍ ഇനിയും നയങ്ങളുണ്ടാവണമെന്നാണ് ഈ വാക്കുകളിലെ ധ്വനി.

മന്‍മോഹന്‍ സിങ് കൊണ്ടുവന്ന പരിഷ്കാരം ഓരോ വര്‍ഷവും 500 കോടി ഡോളര്‍ വിദേശമൂലധനം ലഭ്യമാക്കാന്‍ കോര്‍പറേറ്റുകള്‍ ക്ക് സ്വാതന്ത്ര്യം നല്‍കി. അടുത്തിടെ ഇത്തരത്തിലുള്ള മൂലധനം 750 കോടി ഡോളറാക്കി സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ഇതിനെല്ലാം പുറമെ ചില്ലറവില്‍പ്പന, പ്രതിരോധം, പെന്‍ഷന്‍, ഇന്‍ഷുറന്‍സ്, ബാങ്കിങ് തുടങ്ങിയ മേഖലകള്‍ വിദേശമൂലധനത്തിനു തുറന്നിട്ടു. വിദ്യാഭ്യാസ രംഗത്തും വിദേശ മൂലധനമൊഴു ക്കാന്‍ തന്ത്രം മെനയുകയാണ്. ഇവിടെയാണ് രത്തന്‍ ടാറ്റയുടെ വാക്കുകള്‍ കൂട്ടിവായിക്കേണ്ടത്. ഒരു ഇന്ത്യന്‍ കോര്‍പറേറ്റ് മറ്റൊരു കുത്തകയെ പരോക്ഷമായി വിമര്‍ശിക്കുമ്പോള്‍ സ്വാഭാവികമായി കരുതാം.

എന്നാല്‍, ഇവിടെ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് സര്‍ക്കാരാണെന്നതാണ് ആ വിമര്‍ശനത്തിന്റെ പ്രസക്തി. ലോകം ഇന്ന് ആഗോളഗ്രാമമായി ചുരുങ്ങിയിരിക്കുന്നു. അതിനൊത്തു വികാസം പ്രാപിച്ചതാണ് ആധുനിക ലോകത്തെ സാമൂഹ്യ-സാമ്പ ത്തിക-സാംസ്കാരിക ഭൂമിക. ആധുനിക ശാസ്ത്രസാങ്കേതിക മുന്നേറ്റം, സാമൂഹ്യസാമ്പത്തിക വ്യവസ്ഥയെക്കുറിച്ചുള്ള പരമ്പരാഗതസങ്കല്‍പ്പങ്ങളില്‍ നിന്നും വേറിട്ട പുനര്‍ചിന്തനം അനിവാര്യമാക്കുന്നു. അനിയന്ത്രിതസാമ്പത്തിക പരിഷ്കാരങ്ങളല്ല, ആഭ്യന്തരവിപണിയെ ശക്തിപ്പെടുത്തുന്ന നടപടികളാണ് വേണ്ടത്. പു ത്തന്‍ പരിഷ്കാരങ്ങളെ സാമ്പത്തികവളര്‍ച്ചയുടെ ഏകജാലകത്തിലൂടെ നോക്കിക്കാണുന്നവരാണ് കൂടുതല്‍. എന്നാല്‍, യഥാര്‍ഥ വിശകലനത്തില്‍ രാജ്യം കൈവരിച്ച വളര്‍ച്ച തൊഴിലില്ലായ്മയുടെയും അസമത്വത്തിന്റെയും അഴിമതിയുടെയും വളര്‍ച്ചകൂടിയാണ്.

വിദേശ വിപണി തേടിയുള്ള വിവേചനരഹിതമായ പ്രയാണം ഭൂരിപക്ഷ ജനതയെ തൊഴിലില്ലായ്മയിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളിവിടും. വളര്‍ച്ചയും തൊഴില്‍ സൃഷ്ടിക്കലും ഉള്‍ക്കൊള്ളുന്ന പുതിയ വികസനക്രമത്തിന്റെ രസതന്ത്രമാണ് ഇന്നത്തെ ആവശ്യം. ഇറക്കുമതി നിയന്ത്രണം, എന്‍ആര്‍ഐ പ്രോത്സാഹനം, കള്ളപ്പണം കണ്ടുകെട്ടല്‍, ആഭ്യന്തര കമ്പോള വികസനം, ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ വികാസം, മനുഷ്യാധ്വാനത്തിന്റെ സമ്പൂര്‍ണ വിനി യോഗം, അനുയോജ്യമായ സാങ്കേതികവിദ്യയുടെ വികാസം എന്നിവ ഉള്‍ ക്കൊള്ളുന്ന ബദലാണ് അനിവാര്യമായ പ്രയോഗശാസ്ത്രം.

*
പി വി ഷെബി ദേശാഭിമാനി വാരിക 27-09-2013

Thursday, January 24, 2013

യഥാര്‍ഥ "ദേശസ്നേഹികള്‍"

പൊതുമേഖലാ ബാങ്കുകളിലെ ഓഹരി സ്വകാര്യകമ്പനികള്‍ക്ക് വിറ്റതും വിദേശ ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ഇന്ത്യയില്‍ ശാഖകള്‍ തുറക്കാന്‍ അനുവാദം നല്‍കിയതും പൊതുമേഖലാ വ്യവസായസ്ഥാപനങ്ങളിലെ ഓഹരികള്‍ സ്വദേശ-വിദേശമുതലാളിമാര്‍ക്കും കോര്‍പറേറ്റുകള്‍ക്കും വിറ്റതും ദേശരക്ഷയ്ക്കു വേണ്ടിയാണെന്നാണ് പ്രധാനമന്ത്രിയും കോണ്‍ഗ്രസും പറയുന്നത്. ഭാരതസര്‍ക്കാരിന്റെ പൂര്‍ണ ഉടമസ്ഥതയിലുണ്ടായിരുന്നതുകൊണ്ടാണ് ഈ സ്ഥാപനങ്ങള്‍ക്ക് ദേശീയ താല്‍പ്പര്യം സംരക്ഷിക്കാന്‍ കഴിയാതെ പോയത് എന്നും വിദേശമുതലാളിമാര്‍ക്കും കമ്പനികള്‍ക്കുമാണ് അതു കഴിയുകയെന്നും കോണ്‍ഗ്രസ് മനസിലാക്കിയിട്ട് രണ്ടു പതിറ്റാണ്ടായിട്ടേയുള്ളു. എന്നുമാത്രമല്ല, പൊതുജനങ്ങളുടെ നിത്യജീവിതത്തില്‍ ഒഴിവാക്കാനാവാത്ത പെട്രോള്‍, ഡീസല്‍, പാചകവാതകം, മണ്ണെണ്ണ മുതലായവയുടെ വില നിര്‍ണയിക്കാന്‍ സര്‍ക്കാരിന് പ്രാപ്തിയില്ലെന്നും അതുകൊണ്ട് വില നിര്‍ണയിക്കാനുള്ള അധികാരം എണ്ണക്കമ്പനികളെത്തന്നെ ഏല്‍പ്പിക്കുകയാണ് നല്ലതെന്നും കോണ്‍ഗ്രസ് മനസിലാക്കിയത് ഈയടുത്ത കാലത്താണ്. ധനമന്ത്രിയായിരുന്നപ്പോഴാണ് ഇന്നത്തെ പ്രധാനമന്ത്രിക്ക് കാര്യം കൃത്യമായി മനസിലായത്. "ദേശീയതാല്‍പ്പര്യം" സംരക്ഷിക്കാന്‍ അദ്ദേഹമാണ് പ്രാപ്തനെന്ന് കോണ്‍ഗ്രസ് മനസിലാക്കിയതുകൊണ്ടാണ് രണ്ടു തവണ പ്രധാനമന്ത്രിയായി വാഴിച്ചത്. ആ പദവിയിലിരുന്നുകൊണ്ട് അദ്ദേഹം "ദേശതാല്‍പ്പര്യം" സംരക്ഷിച്ചുവരുന്നു.

ഇന്ത്യയിലെ ചില്ലറ വില്‍പ്പനക്കാര്‍ക്ക് ഉപയോക്താക്കളുടെ താല്‍പ്പര്യം പൂര്‍ണമായി സംരക്ഷിക്കാന്‍ കഴിയില്ലായെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് ആ മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാന്‍ നിയമനിര്‍മാണം നടത്തിയത്. മല്ലിയും മുളകും മത്തിയും അയലയും പച്ചക്കറികളും കപ്പയും ചേനയും നേന്ത്രക്കായും വാഴപ്പഴവും റൊട്ടിയും ബിസ്ക്കറ്റുമെല്ലാം ഇന്ത്യയിലുണ്ടാക്കിയതുമാത്രം തിന്ന് മടുത്തുപോയ ഉപയോക്താവിന് മറ്റു രാജ്യങ്ങളിലെ ഉല്‍പ്പന്നങ്ങള്‍ ഭക്ഷിക്കാന്‍ അവസരമുണ്ടാക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് കോണ്‍ഗ്രസ് തിരിച്ചറിയുന്നു. ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, എത്യോപ്യ എന്നീ രാജ്യങ്ങളിലെ വിവിധയിനം കപ്പ, ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളിലെ വിവിധയിനം വാഴപ്പഴം, കൈത്തണ്ടയുടെ കനമുള്ള അറേബ്യന്‍ മത്തി, ഓസ്ട്രേലിയയിലെ ചെമ്മരിയാടിന്റെ ഇറച്ചി, തുര്‍ക്കിയിലെ കോഴിയിറച്ചി എന്നിവയൊക്കെ ഇന്ത്യയിലെ ഗ്രാമവാസിക്ക് എത്തിച്ചുകൊടുക്കാന്‍ ഇവിടത്തെ ചില്ലറ വില്‍പ്പനക്കാരന് കഴിയുമോ?

ഇല്ലായെന്ന് ഉറപ്പുള്ളതുകൊണ്ടാണ് വാള്‍മാര്‍ട്ടിനെ ആ പണിയേല്‍പ്പിച്ചത്. അവര്‍ക്കാകുമ്പോള്‍ ഓരോ രാജ്യത്തിന്റെയും ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മ നന്നായിട്ടറിയാം. അതിനെ ശാസ്ത്രീയമായി അവതരിപ്പിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താനും ആരോഗ്യസംരക്ഷണത്തിന് ഏതു രാജ്യത്തിലെ ഉല്‍പ്പന്നമാണ് കഴിക്കേണ്ടത് എന്ന് നിശ്ചയിക്കാനും കഴിയും. അല്‍പ്പജ്ഞാനികളായി ഇവിടത്തെ ചില്ലറ വില്‍പ്പനക്കാരന് അതു വല്ലതുമറിയാമോ? വാള്‍മാര്‍ട്ട് യുഎസ്എയില്‍ സവാളക്കച്ചവടം നടത്തിയതിന്റെ അനുഭവം അവിടത്തുകാര്‍ക്കറിയാം. ചില്ലറവില്‍പ്പനയിലെ കുത്തക അവിടത്തെ സര്‍ക്കാര്‍ വാള്‍മാര്‍ട്ടിനെയാണ് ഏല്‍പ്പിച്ചത്. ഉല്‍പ്പാദകന്റെയല്ല ഉപയോക്താവിന്റെ താല്‍പ്പര്യം സംരക്ഷിക്കലാണല്ലോ കച്ചവടക്കാരന്റെ ലക്ഷ്യം. പൊതിച്ച നാളികേരത്തിന്റെ വലുപ്പമുള്ള സവാള കനഡയില്‍നിന്നും ബ്രസീലില്‍നിന്നും വാള്‍മാര്‍ട്ട് ഇറക്കുമതിചെയ്ത് ഉപയോക്താവിനു നല്‍കി. ഒരു ചെറിയ കുടുംബത്തിന് ഒരു സവാളയുടെ പകുതി മതി ഒരു ദിവസത്തേക്ക്. അത്രയും വലുപ്പമില്ലാത്ത സവാള ഉല്‍പ്പാദിപ്പിച്ചിരുന്ന യുഎസ്എയിലെ കൃഷിക്കാര്‍ക്ക് അവരുടെ ഉല്‍പ്പന്നം വില്‍ക്കാന്‍ കഴിഞ്ഞില്ല. കാരണം വാള്‍മാര്‍ട്ട് വാങ്ങിയില്ല. മറ്റു കച്ചവടക്കാര്‍ അല്‍പ്പകാലംകൊണ്ട് കമ്പോളത്തില്‍നിന്ന് അപ്രത്യക്ഷരായി. സവാള കര്‍ഷകര്‍ ഉല്‍പ്പന്നം വില്‍ക്കാനാകാത്തതുകൊണ്ട് കൃഷി നിര്‍ത്തി. കൃഷിക്കായി ബാങ്ക് വായ്പയെടുത്തവരുടെ ഭൂമി അന്യാധീനമായി. ഭൂമി കൈവശപ്പെടുത്തിയ ബാങ്കുകള്‍ അതു ലേലംചെയ്തപ്പോള്‍ വാങ്ങാന്‍ ആരും വന്നില്ല. പണം തിരിച്ചു പിടിക്കാന്‍ കഴിയാതെ ബാങ്കും അപകടത്തിലായി. എങ്കിലും ഉപയോക്താവിന് ആഗോളഉല്‍പ്പന്നങ്ങള്‍ നല്‍കി തൃപ്തിപ്പെടുത്താന്‍ വാള്‍മാര്‍ട്ടിന് കഴിഞ്ഞല്ലോ!

വിലയല്‍പ്പം കൂടിയാലെന്ത്?. ദേശരക്ഷയ്ക്കായും ദേശീയതാല്‍പ്പര്യം സംരക്ഷിക്കാനായും പ്രവര്‍ത്തിക്കുന്നവരാണ് ദേശസ്നേഹികള്‍. മന്‍മോഹനും പ്രണബും ചിദംബരവും കമല്‍നാഥുമെല്ലാമാണ് ദേശസ്നേഹികള്‍. വിദേശകുത്തകകളെയും കച്ചവടക്കാരെയും ഇന്ത്യയിലേക്ക് സ്വീകരിച്ചാനയിക്കുന്നവരാണ് ദേശസ്നേഹികള്‍. കേന്ദ്രത്തിലെന്ന പോലെ കേരളത്തിലും "എമര്‍ജിങ്" പരിപാടിയിലൂടെ ഇവിടത്തെ മണ്ണും വിണ്ണും വായുവും വെള്ളവും പ്രകൃതിവിഭവങ്ങളും വെള്ളിത്താലത്തില്‍ തിരുമുല്‍ക്കാഴ്ചയായി വിദേശികള്‍ക്ക് നല്‍കുന്ന ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും കെ എം മാണിയുമാണ് ദേശസ്നേഹികള്‍. ഇതിനെയെല്ലാം എതിര്‍ക്കുന്ന കമ്യൂണിസ്റ്റുകാര്‍ ദേശദ്രോഹികളാണ്! കുഞ്ഞാലിമരയ്ക്കാര്‍ എന്തൊരു മണ്ടനാണ്! സ്വന്തം തല വെറുതെ നഷ്ടപ്പെടുത്തി. ജനിച്ചത് അഞ്ഞൂറുകൊല്ലം മുമ്പായിപ്പോയി. ഇല്ലെങ്കില്‍ കുഞ്ഞാലിക്കുട്ടിയെ കണ്ട് പഠിക്കാമായിരുന്നു. രണ്ടുനൂറ്റാണ്ടുകാലം ഇന്ത്യയെ അടക്കി ഭരിച്ച ബ്രീട്ടിഷുകാര്‍ക്കെതിരെ പടപൊരുതി, കൂട്ടുകാരെ കുരുതി കൊടുത്തും സ്വയം ചത്തും ജീവിതം പാഴാക്കിയ പഴശ്ശിയും വേലുത്തമ്പിയും കട്ടബൊമ്മനും ടിപ്പുസുല്‍ത്താനും ദേശസ്നേഹികളെന്നു പറഞ്ഞവനാര്? പുഞ്ചിരിച്ചും ഇങ്ക്വിലാബ് വിളിച്ചും കഴുമരമേറിയ ഭഗത്സിങ്ങും ചന്ദ്രശേഖര്‍ ആസാദും മരമണ്ടന്മാരല്ലേ? സ്വയം തടവുശിക്ഷയനുഭവിച്ചും മറ്റനേകായിരംപേരെ തടവറയിലേക്ക് ആനയിച്ചും ബ്രീട്ടിഷുകാരെ ആട്ടിയോടിക്കാന്‍ ശ്രമിച്ച ഗാന്ധിജിയും നെഹ്റുവും പട്ടേലും ദേശസ്നേഹികളോ? ബ്രീട്ടിഷുകാരോട് "ക്വിറ്റിന്ത്യ" എന്നുപറഞ്ഞ ഇരുനേതാക്കന്മാര്‍ ദേശദ്രോഹമല്ലേ ചെയ്തത്. മിത്രത്തെ തിരിച്ചറിയാന്‍ കഴിയാത്തവന്‍ ദേശദ്രോഹിയാണ്. ഗാന്ധിജിയും പട്ടേലും നെഹ്റുവും ദേശസ്നേഹികളാണെന്ന് സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ആദ്യ പതിറ്റാണ്ടുകളില്‍ സ്കൂള്‍ ക്ലാസുകളില്‍ പഠിപ്പിച്ചു. അതിലേക്കായി പാഠപുസ്തകങ്ങളുണ്ടായി. അതു പഠിച്ചുവളര്‍ന്ന തലമുറയാണ് ഇന്ത്യയിലിന്ന് ഭൂരിപക്ഷം. അങ്ങനെ ഒരു വലിയ ജനവിഭാഗത്തെ വഴിതെറ്റിച്ചത് പാഠപുസ്തകങ്ങളാണ്. സത്യഗ്രഹം, അഹിംസ, മദ്യവര്‍ജനം, ഹരിജനോദ്ധാരണം എന്നീ ഗാന്ധിമാര്‍ഗപരിപാടികള്‍ അവലംബിക്കുന്നവരെ ഗാന്ധിയന്മാരെന്ന് ചിത്രീകരിച്ചു. അവരെ അനുകരിക്കാന്‍ പുതുതലമുറയോട് ആഹ്വാനംചെയ്തു. ലക്ഷപ്രഭുവിന്റെ മകനായി ആനന്ദഭവനില്‍ ജനിച്ച നെഹ്റു ആദര്‍ശപുരുഷനായി ചിത്രീകരിക്കപ്പെട്ടു. കോട്ടിന്റെ ബട്ടണ്‍തുളയില്‍ റോസാപുഷ്പവും ചൂടി നില്‍ക്കുന്ന നെഹ്റു യുവാക്കളുടെ ഹരമായിരുന്നു. രാഷ്ട്രീയവും സൈനികവും സാമ്പത്തികവും സാംസ്കാരികവുമായി വിദേശാധിപത്യത്തെ എതിര്‍ക്കുന്നതാണ് ദേശസ്നേഹമെന്ന് നെഹ്റുവിനെ ഉപജീവിച്ചുകൊണ്ട് പാഠപുസ്തക രചയിതാക്കള്‍ പുസ്തകമെഴുതി. അത് പഠിച്ച് എത്രയോ തലമുറകള്‍ ദേശാഭിമാനികളായി. രാജ്യത്തെ ആക്രമിക്കുന്നവര്‍ ഇന്നലെവരെ സോദരരായിരുന്ന പാകിസ്ഥാന്‍കാരായാലും ചീനരായാലും ശത്രുവാണെന്ന് പഠിപ്പിച്ചു. സാമ്രാജ്യത്വവിരുദ്ധതയാണ് ദേശസ്നേഹത്തിന്റെ അടിത്തറയെന്ന് സമര്‍ഥിച്ചു. എന്നാലിന്ന് സാമ്രാജ്യത്വവിരുദ്ധത ദേശദ്രോഹമെന്ന് നിര്‍വചിക്കപ്പെടുന്നു.

ആഗോളഗ്രാമം നിലവില്‍ വന്നാല്‍ ദേശസ്നേഹത്തിനെന്തര്‍ഥം? സാര്‍വദേശീയതയല്ലേ ലക്ഷ്യം. പിന്നെന്തിനീ തൊഴിലാളി പാര്‍ടിക്കാര്‍ മന്‍മോഹനെയും കോണ്‍ഗ്രസിനെയും എതിര്‍ക്കണം? സാര്‍വദേശീയ കോര്‍പറേറ്റുകളെ ഇന്ത്യയിലേക്കാനയിക്കുന്നത് ദേശസ്നേഹത്തിന്റെ പ്രത്യക്ഷോദാഹരണമാണെന്ന് പാഠപുസ്തകങ്ങള്‍ രചിക്കാന്‍ പണ്ഡിതന്മാര്‍ തുനിയണം. കാലപ്പഴക്കത്താല്‍ ജീര്‍ണിച്ചുപോയ ഗാന്ധിയെയും നെഹ്റുവിനെയും പുനര്‍വായനയ്ക്ക് വിധേയമാക്കുന്ന പാഠ്യപദ്ധതി ചട്ടക്കൂട് തുന്നിയുണ്ടാക്കണം. മന്‍മോഹന കീര്‍ത്തനങ്ങളും ചിദംബരസ്തുതികളും അതിലുണ്ടാകണം. നവയുഗ യഹോവമാര്‍ അവരാണ്. സാമ്രാജ്യത്വ വിരുദ്ധത എന്ന മഹാപാപം നെഹ്റു ചെയ്തുവെങ്കിലും ഒരു കാര്യത്തിലദ്ദേഹം മാപ്പര്‍ഹിക്കുന്നു. മകളിലൂടെ, മരുമകളിലൂടെ, പ്രപൗത്രനിലൂടെ വംശാധികാര പാരമ്പര്യം നിലനിര്‍ത്താന്‍ നെഹ്റു നിമിത്തമായി. അറബിക്കഥകളിലെ അന്തപ്പുരങ്ങള്‍ക്ക് കാവല്‍നില്‍ക്കുന്ന കാപ്പിരി ഷണ്ഡന്മാരെപ്പോലെ കോണ്‍ഗ്രസുകാര്‍ ഉടവാളേന്തി വംശസംരക്ഷകരായി ജാഗ്രത പുലര്‍ത്തുന്നു.

*
വി കാര്‍ത്തികേയന്‍നായര്‍ ദേശാഭിമാനി 24 ജനുവരി 2013

Monday, January 21, 2013

ഇടതുപക്ഷം അന്നേ പറഞ്ഞത്

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ സാമ്പത്തിക പരിഷ്കരണ നടപടികള്‍ സ്വീകരിക്കുന്നതില്‍, പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ഭാഷ കടമെടുത്ത് പറഞ്ഞാല്‍ "മൃഗീയമായവാസ" തന്നെയാണ് പ്രകടിപ്പിക്കുന്നത്. ഇന്ധനവില കൂട്ടിയും ചില്ലറവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ചും ബാങ്കിങ് സ്വകാര്യവല്‍ക്കരണം ത്വരിതപ്പെടുത്തിയും പണംനേരിട്ടുനല്‍കുക എന്നപേരില്‍ സബ്സിഡികള്‍ വെട്ടിക്കുറച്ചും റെയില്‍വേ യാത്രാനിരക്ക് കൂട്ടിയുമാണ് ഈ മൃഗീയവാസന പ്രകടിപ്പിക്കുന്നത്. സാമ്പത്തികവിദഗ്ധന്‍കൂടിയായ ഡോ. മന്‍മോഹന്‍സിങ്ങാണ് ഈ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. പളനിയപ്പന്‍ ചിദംബരവും ആനന്ദ്ശര്‍മയും കപില്‍സിബലും ശക്തമായ പിന്തുണയും നല്‍കുന്നു. നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെ ധനമന്ത്രിയായി നിയമിതനായ ഈ മുന്‍ ലോകബാങ്ക് ഉദ്യോഗസ്ഥനാണ് ഇന്ത്യയില്‍ സാമ്പത്തിക ഉദാരവല്‍ക്കരണ നയം നടപ്പാക്കിയത്. സാമ്പത്തിക വളര്‍ച്ചയില്‍ കേന്ദ്രീകരിച്ചുള്ള ഈ ഉദാരവല്‍ക്കരണ നയം ഒരിക്കലും ഇവിടത്തെ പട്ടിണിപ്പാവങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കിയിരുന്നില്ല. എങ്കിലും മന്‍മോഹന്‍സിങ് സ്വീകരിക്കുന്ന സാമ്പത്തികനയങ്ങളെ വാനോളം പുകഴ്ത്താനാണ് പലര്‍ക്കും താല്‍പ്പര്യം. എന്നാല്‍, സാമ്പത്തിക ശാസ്ത്രത്തിലെ നൊബേല്‍ ജേതാക്കളായ ജോസഫ് സ്റ്റിഗ്ലിറ്റ്സും അമര്‍ത്യസെന്നും മന്‍മോഹന്‍സിങ് സ്വീകരിച്ച ഉദാരവല്‍ക്കരണ നയങ്ങളെ അതേപടി അംഗീകരിക്കുന്നില്ല. സ്റ്റിഗ്ലിറ്റ്സ് ചില്ലറവില്‍പ്പന മേഖലയിലെ വിദേശ നിക്ഷേപത്തെ ചോദ്യംചെയ്യുമ്പോള്‍ നേരിട്ട് പണം കൈമാറുന്ന പദ്ധതിയെയാണ് ഇന്ത്യക്കാരന്‍കൂടിയായ അമര്‍ത്യസെന്‍ ചോദ്യംചെയ്യുന്നത്.

രണ്ടാംഘട്ട സാമ്പത്തിക ഉദാരവല്‍ക്കണനയത്തിന് തുടക്കമിട്ട് മന്‍മോഹന്‍സിങ് കൊണ്ടുവന്ന നടപടിയാണ് ചില്ലറവില്‍പ്പനമേഖലയില്‍ മള്‍ട്ടിബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളിലെ പ്രത്യക്ഷ വിദേശ നിക്ഷേപം. സ്വന്തം സര്‍ക്കാരിന്റെ ഭാവിയെപ്പോലും അമ്മാനമാടിയാണ് മന്‍മോഹന്‍സിങ് വാള്‍മാര്‍ട്ട് പോലുള്ള അമേരിക്കന്‍ കമ്പനികള്‍ക്കായി ഈ തീരുമാനം കൈക്കൊണ്ടത്. എന്നാല്‍, യുപിഎ സര്‍ക്കാരിന്റെ തീരുമാനം ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നതല്ലെന്നാണ് ലോകബാങ്കിന്റെ മുന്‍ മുഖ്യ ഉപദേശകനും നിലവില്‍ കൊളംബിയ സര്‍വകലാശാലയിലെ പ്രൊഫസറുമായ സ്റ്റിഗ്ലിറ്റ്സിന്റെ അഭിപ്രായം. ഒക്ടോബറിലും ജനുവരിയിലുമായി ഇന്ത്യയില്‍ വന്ന വേളയില്‍, കിട്ടുന്ന എല്ലാ വേദികളിലും അഭിമുഖങ്ങളിലും സ്റ്റിഗ്ലിറ്റ്സ് ഇത് ആവര്‍ത്തിക്കുകയുംചെയ്തു. അദ്ദേഹത്തിന്റെ വാദങ്ങള്‍ ഇങ്ങനെ സമാഹരിക്കാം.

1. ചില്ലറവില്‍പ്പനമേഖലയിലെ വിദേശനിക്ഷേപം കര്‍ഷകരെ സഹായിക്കുമെന്ന വാദം അംഗീകരിക്കാനാവില്ല. ഏക ഉപയോക്താവ് എന്ന ആനുകൂല്യവും (വില്‍പ്പനക്കാരനേക്കാള്‍ ഉപയോക്താവ് സൃഷ്ടിക്കുന്ന കുത്തക) ചൈനയില്‍നിന്ന് ചുരുങ്ങിയ വിലയ്ക്ക് സാധനങ്ങള്‍ എത്തിക്കാനുള്ള കഴിവും ബഹുരാഷ്ട്രകമ്പനികള്‍ക്ക് മാത്രമായിരിക്കും നേട്ടമാകുക. ഒരിക്കലും സാമ്പത്തിക വളര്‍ച്ച നേടാനുള്ള നല്ല അടിസ്ഥാനമായിരിക്കില്ല ഇത്.

2. വിദേശകമ്പനികള്‍ വരുന്നതോടെ വിതരണശൃംഖല മെച്ചപ്പെടുമെന്നത് രസകരമായ വാദമാണ്. ഇത് ശരിയാണെന്നതിന് മറ്റ് രാജ്യങ്ങളില്‍നിന്ന് തെളിവൊന്നും ലഭ്യമല്ല. എന്നാല്‍, ഈ വാദത്തിന് എതിരായ തെളിവുകള്‍ എത്രവേണമെങ്കിലും നിരത്താന്‍ കഴിയുകയുംചെയ്യും.

3. ചില്ലറ വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം അനുവദിച്ചാലുണ്ടാകുന്ന ഏറ്റവും വലിയ പ്രത്യാഘാതം ആഭ്യന്തര ഉല്‍പ്പാദനം വിദേശരാജ്യങ്ങളിലേക്ക് വഴിമാറുമെന്നതാണ്.

4. വിദേശകമ്പനികള്‍ക്ക് ചില്ലറവില്‍പ്പന മേഖലയില്‍ ചെയ്യാന്‍കഴിയുന്ന കാര്യങ്ങളെല്ലാം ഇന്ത്യന്‍ കമ്പനികള്‍ക്കും ചെയ്യാന്‍ കഴിയും. മാത്രമല്ല, ഇന്ത്യയില്‍ മൂലധനത്തിന്റെ കുറവില്ലെന്നു മാത്രമല്ല അവ വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയുമാണ്.

5. വാള്‍മാര്‍ട്ടും മറ്റും വില്‍ക്കുന്ന 30 ശതമാനം സാധനങ്ങള്‍ ഇന്ത്യയില്‍ നിന്ന് വാങ്ങിയതായിരിക്കണം എന്ന ന്യൂഡല്‍ഹിയുടെ നിബന്ധനയും പൂര്‍ണമായ അര്‍ഥത്തില്‍ നടപ്പാക്കപ്പെടില്ല. എളുപ്പത്തില്‍ നശിച്ചുപോകുന്ന പച്ചക്കറികളും പാലും മറ്റുമായിരിക്കും ഈ 30 ശതമാനം നിബന്ധന പാലിക്കാന്‍ വാള്‍മാര്‍ട്ടും മറ്റും വാങ്ങുക. മറ്റ് സാധനങ്ങള്‍ മുഴുവന്‍ ചൈനപോലുള്ള വിലകുറഞ്ഞ് ലഭിക്കുന്ന പ്രദേശങ്ങളില്‍ നിന്നായിരിക്കും കൊണ്ടുവരിക. സ്വാഭാവികമായും ഇന്ത്യന്‍ ചെറുകിട വ്യവസായങ്ങളെയും കാര്‍ഷികമേഖലയെയും മറ്റും ഇത് ദോഷകരമായി ബാധിക്കും.

ദക്ഷിണാഫ്രിക്കയില്‍ വാള്‍മാര്‍ട്ട് പോലുള്ള ചില്ലറവില്‍പ്പന മേഖലയിലെ ഭീമന്മാരോട് അവരുടെ ആഗോള വിതരണശൃംഖലയില്‍ ദക്ഷിണാഫ്രിക്കന്‍ ഉല്‍പ്പന്നങ്ങളെയും പെടുത്തണമെന്ന ആവശ്യം ഉയരുകയുണ്ടായി. കാരണം വാള്‍മാര്‍ട്ട് പോലുള്ള കമ്പനികളുടെ വരവോടെ തൊഴില്‍നഷ്ടമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കിയത്. ഈ വിഷയം ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.
അടുത്തവര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി യുപിഎ സര്‍ക്കാര്‍ നടപ്പാക്കുന്ന പണം കൈമാറ്റപദ്ധതി മാന്ത്രികവടിയല്ലെന്നും അതിന്റെ എല്ലാ വശങ്ങളും തുറന്ന മനസ്സോടെ പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നുമാണ് അമര്‍ത്യസെന്നിന്റെ ഉപദേശം. ആനുകൂല്യങ്ങള്‍ പണമായി നല്‍കുന്ന രീതി മാത്രമല്ല, എത്രമാത്രം ആര്‍ക്ക് എന്തിന് പകരം കൈമാറുന്നുവെന്ന ചോദ്യവും പ്രസക്തമാണെന്ന് അമര്‍ത്യസെന്‍ പറയുന്നു. ഭക്ഷ്യസബ്സിഡി പണമായി കൈമാറുന്നതിനെ അദ്ദേഹം എതിര്‍ക്കുന്നു. കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് ഭക്ഷ്യവസ്തുക്കള്‍തന്നെ നല്‍കുന്നതാണ് നല്ലതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇന്ത്യന്‍ സമൂഹത്തിലെ പക്ഷപാതപരമായ മുന്‍ഗണനാക്രമമനുസരിച്ച് ഭക്ഷ്യവസ്തുക്കളുടെ സബ്സിഡി പണമായി നല്‍കുന്നത് പ്രായപൂര്‍ത്തിയായവര്‍ക്കും ആണ്‍കുട്ടികള്‍ക്കുമാണ് പ്രയോജനപ്പെടുകയെന്നും അദ്ദേഹം പറയുന്നു. അതായത് പെണ്‍കുട്ടികള്‍ക്ക് ഇവിടെയും അവഗണനയായിരിക്കും ഫലമെന്നാണ് അദ്ദേഹം "ദ ഹിന്ദുവി"ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

മന്‍മോഹന്‍സിങ് സര്‍ക്കാര്‍ സാമ്പത്തിക പരിഷ്കാരങ്ങളുടെ പേരില്‍ നടപ്പാക്കുന്ന തീവെട്ടിക്കൊള്ളയെപോലും അംഗീകരിക്കുന്ന പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതിയുടെ അധ്യക്ഷനായ സി രംഗരാജന്‍പോലും അതിസമ്പന്നരുടെ നികുതി 30 ശതമാനമായി വര്‍ധിപ്പിക്കണമെന്ന് "ഇക്കോണമിക് ടൈംസി"ന് നല്‍കിയ അഭിമുഖത്തില്‍ ശുപാര്‍ശചെയ്തു. മാര്‍ഗരറ്റ് താച്ചറുടെയും റൊണാള്‍ഡ് റീഗന്റെയും കാലത്താണ് അതിസമ്പന്നരുടെ നികുതി കുറയ്ക്കുന്ന നയത്തിന് ലോകത്തില്‍ പ്രചാരം ലഭിച്ചത്. എന്നാല്‍, അമേരിക്ക 20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആദ്യമായി അതിസമ്പന്നര്‍ക്ക് നികുതി കൂട്ടാന്‍ ശ്രമിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊളാണ്ടെയും അതിസമ്പന്നര്‍ക്ക് നികുതി കൂട്ടുമെന്ന് പറഞ്ഞു.

എന്നാല്‍, യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അതിസമ്പന്നര്‍ക്ക് ഇളവ് നല്‍കുകയല്ലാതെ നികുതി വര്‍ധിപ്പിക്കാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. കഴിഞ്ഞ ബജറ്റില്‍ 5.28 ലക്ഷം കോടി രൂപയാണ് അതിസമ്പന്നര്‍ക്ക് സര്‍ക്കാര്‍ നികുതി ഇളവ് നല്‍കിയത്. അതിനാലാണ് ജിഡിപി- നികുതി അനുപാതം 2007 ല്‍ 11.9 ശതമാനമായിരുന്നത് 9.7 ശതമാനമായി കുറഞ്ഞത്. ബ്രിട്ടന്‍, ഫ്രാന്‍സ്, ബ്രസീല്‍, ദക്ഷിണ കൊറിയ, മലേഷ്യ, ജര്‍മനി, ഇന്തോനേഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളുടെയും പിറകിലാണ് ഇന്ത്യയെന്നര്‍ഥം. ഇത് മാറ്റണമെന്ന നിര്‍ദേശമാണ് റിസര്‍വ് ബാങ്കിന്റെ മുന്‍ ഗവര്‍ണര്‍കൂടിയായ രംഗരാജന്‍ മുന്നോട്ടുവച്ചത്. ഇടതുപക്ഷം ഏത്രയോ കാലമായി പറയുന്ന നിര്‍ദേശമാണിത്. ധനകമ്മി പരിഹരിക്കാനെന്നപേരില്‍ സബ്സിഡി വെട്ടിക്കുറച്ചും, റെയില്‍വേ യാത്രക്കൂലിയും ഇന്ധനവിലയും വര്‍ധിപ്പിക്കുന്നതിന് പകരം അതിസമ്പന്നരെയും മറ്റും നികുതിവലയിലാക്കണമെന്നതാണ് ആ നിര്‍ദേശം. വൈകിയാണെങ്കിലും രംഗരാജനും അത് ബോധ്യപ്പെട്ടിരിക്കുന്നു. ടോള്‍സ്റ്റോയിയുടെ കഥാപാത്രം ആക്സിനോവ് പറഞ്ഞത് "ദൈവം സത്യം കാണും പക്ഷേ, താമസിക്കും" എന്നാണ്. ഇപ്പോള്‍ ഇവിടെ ഉദാവല്‍ക്കരണ ദൈവങ്ങള്‍ വൈകിയാണെങ്കിലും സത്യം കാണാന്‍ തുടങ്ങിയോ? ആരെന്ത് ആക്ഷേപിച്ചാലും ഇടതുപക്ഷം പറയുന്നത് സത്യമാണെന്ന വസ്തുതയാണ് ഇവിടെ തെളിയുന്നത്.

*
വി ബി പരമേശ്വരന്‍ ദേശാഭിമാനി 21 ജനുവരി 2013

Monday, December 31, 2012

തട്ടുപൊളിപ്പന്‍

മാറണം, മാറിയേ പറ്റൂ. മാറിയതാണ് ചരിത്രം. മാറാത്തത് അവശിഷ്ടം. മാറ്റത്തിനുസരിച്ച് മാറുന്നതാണ് ബുദ്ധി. വെള്ളം വന്നാല്‍ നീന്താന്‍ പഠിക്കണം. കാറ്റു വന്നാല്‍ തൂറ്റാന്‍ പഠിക്കണം. പട്ടി കടിക്കാന്‍ വന്നാല്‍ ഓടാന്‍ പഠിക്കണം. ഇതിനെയാണ് ""സര്‍വൈവല്‍ ഓഫ് ദ ഫിറ്റസ്റ്റ്" അഥവാ "അതിജീവിക്കുന്നവന്‍ അനുയോജ്യന്‍" എന്നുപറയുന്നത്.

സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കണം. ഉദാഹരണം- ഓന്ത്. രണ്ടുരീതിയില്‍ അതിജീവിക്കാം. കീഴ്പ്പെടുത്തിയും കാലുപിടിച്ചും. ആദ്യത്തേത് ആയോധനകല, രണ്ടാമത്തേത് ആയുര്‍വേദകല. എന്നുവച്ചാല്‍ ഉഴിച്ചില്‍, തിരുമ്മല്‍ ഇത്യാദി. അന്നത്തെ കേരളമല്ല ഇന്നത്തെ കേരളം. ഇന്നത്തെ കേരളമല്ല നാളത്തെ കേരളം. മാറണം, മാറിയേ പറ്റൂ. മാറാത്ത ദിനോസറുകള്‍ക്ക് വംശനാശം സംഭവിക്കും. അങ്ങനെ വംശനാശം സംഭവിക്കാന്‍ പോകുന്നു മറ്റൊരു സാധനത്തിനും.

പീട്യ, പീടിക, എന്നെല്ലാം വിളിക്കുന്ന പലചരക്കുകട. അരിപ്പീട്യ, തുണിപ്പീട്യ, റേഷന്‍ പീട്യ അങ്ങനെ എന്തെല്ലാം പീടികകളായിരുന്നു നാടെമ്പാടും. "എങ്ങ്ടാ?" "പീട്യേലേക്കാ" ഒഴുക്കും താളവും നിറഞ്ഞ സംഭാഷണങ്ങള്‍ക്ക് മീതെ കാലം യവനിക താഴ്ത്തുന്നു. മധുരമനോഹരമായ പീടികകള്‍. കുത്തിനിര്‍ത്തിയിരിക്കുന്ന നിരപ്പലകകള്‍. അതിന് നടുവിലൂടെ അരഞ്ഞാണം കെട്ടിയ പോലെ കമ്പി. പതുങ്ങിക്കിടക്കുന്ന ഒരു പാവം. കാല്‍ക്കൂട്ടില്‍ കൈവച്ചുറങ്ങുന്ന നിഷ്ക്കളങ്കത. അഹങ്കാരമില്ല, അലങ്കാരങ്ങളില്ല. ഒരു ബോര്‍ഡുപോലുമില്ല. ഉടമയുടെ പേര് തന്നെയായിരിക്കും പീടികയ്ക്കും. ഉക്രൂന്റെ പീട്യ, ഉതുപ്പാന്റ പീട്യ... ഇങ്ങനെ. സ്ഥലത്തിനുപോലും പേര് ചിലപ്പോള്‍ പീടികയുടേതായിരിക്കും."ബാലന്‍പിള്ള മുക്ക്, തണ്ടാന്‍ കവല, പീട്യേപ്പടി" എന്നിങ്ങനെയുള്ള പേരുകള്‍ സുലഭം.
രാവിലെ കുളിച്ച്, കുറി വരച്ച്, ചെവിട്ടില്‍ രണ്ട് തുളസിയിലയും വച്ച് പീട്യ തുറക്കാന്‍ വരുന്ന പീടികക്കാരന്‍. നിരപ്പലകകള്‍ ഓരോന്നായി മാറ്റുമ്പോള്‍ കെട്ടിക്കിടന്ന വായു പലവ്യഞ്ജനങ്ങളുടെ മണവുമായി പുറത്തേക്കൊരു ചാട്ടം. തെറുത്തുവച്ച ചാക്കില്‍ അരി, പയറ്, പരിപ്പ്, പഞ്ചസാര, ശര്‍ക്കര. എല്ലാം കുടവയറന്‍ ചാക്കുകള്‍. ചായപ്പൊടി, കാപ്പിപ്പൊടി, മഞ്ഞള്‍, നീലം, വെളുത്തുള്ളി എന്നിവ പായ്ക്കറ്റുകളില്‍. കടുക്, ജീരകം, ഉലുവ എന്നിവയ്ക്ക് തട്ടിലാണ് സ്ഥാനം. വെളിച്ചെണ്ണ, എള്ളെണ്ണ എന്നിവ ചെറിയ ബഞ്ചില്‍ ചാക്ക് വിരിച്ച് സ്ഥാപിച്ചിട്ടുണ്ടാവും. അളക്കാന്‍ വിവിധ പാത്രങ്ങള്‍. ചില്ലില്‍ പുകപിടിച്ച അലമാരക്കകത്ത് അലക്കണസോപ്പും, കുളിക്കണസോപ്പും. പണ്ട് അങ്ങനെയാണ്. അലക്കണസോപ്പും, കുളിക്കണസോപ്പും. "ഒരു കുളിക്കണസോപ്പും, ഒരു കഷ്ണം അലക്കണസോപ്പും"- അങ്ങനെയാണ് ആശയവിനിമയം. ഉടനെതന്നെ അലക്കണസോപ്പിനെ പൊതിഞ്ഞ മെഴുക്ക് കടലാസ് മാറ്റി, അതിനെ നഗ്നമാക്കി ബഞ്ചില്‍ മലര്‍ത്തി കിടത്തി അറവുകത്തികൊണ്ട് ഒരു കഷ്ണം മുറിക്കും. കാല്‍ഭാഗം കത്തിയുടെ വായ്ത്തലയില്‍. മുകളില്‍ ചെറിയ തട്ടില്‍ ദൈവത്തിന്റെ ഫോട്ടോ. അതില്‍ ചന്ദനത്തിരി കത്തിച്ചാണ് കച്ചോടത്തിന്റെ തുടക്കം.
മാറണം, മാറിയേ പറ്റൂ. സ്ഥലം റപ്പായിച്ചേട്ടന്റെ പീട്യ. കീറിയ നിക്കറിട്ട് ഉണ്ടക്കണ്ണന്‍ ചെക്കന്‍. ബെര്‍മുഡയുടെ ആദിരൂപം. പമ്മിയാണ് നില്‍പ്. റപ്പായിച്ചേട്ടന്‍ ശ്രദ്ധിച്ചില്ല. അത് കുഴപ്പമാണെന്ന് റപ്പായിച്ചേട്ടനറിയാം. അനുഭവമാണ് ഗുരു. എത്രകൊല്ലമായി കച്ചോടം തുടങ്ങീട്ട്. നിവൃത്തിയില്ല. ആപത്തില്‍ അവസാനം തലവച്ചുകൊടുത്തു. "എന്തൂട്ട്നാഡാ..?" "അരക്കിലോ അരീം നൂറ് പരിപ്പും തരാമ്പറഞ്ഞ്"-യന്ത്രംപോലെ ഉണ്ടക്കണ്ണന്‍ ചെക്കന്‍ പറഞ്ഞു. " ആരാണ്‍ഡാ?"

"അച്ചന്‍" " ഡാ... നിന്റച്ചനോട് പറ്റ് കൊറേണ്ട്. തീര്‍ക്കാമ്പറേടാ... എന്നട്ട് മതീട്ടാ" " അടുത്താഴ്ച കൂലിതീര്‍ക്കുമ്പ തരാന്ന് പറയാമ്പറഞ്ഞ്..." "ഇത് കൊറെ കേട്ടതാണ്‍ഡാ..വേഷം കെട്ടാതെ പോഡ ചെര്‍ക്കാ.." ചെക്കന്‍ പോവുന്നില്ല. വീണ്ടും പത്തുമിനിറ്റ്. റപ്പായി വക ഡയലോഗ് വീണ്ടും. " ഡാ... പുണ്യം കിട്ടാന്‍ല്ല റപ്പായി കച്ചോടം കൊണ്ടിരിക്കണേന്ന് വീട്ടീപ്പോയ് പറയെടാ..പോ.." ചെക്കന്‍ പോവുന്നില്ല. വീണ്ടും നിര്‍ണായകമായ പത്തു മിനിറ്റ്.

പോഡാ... വീട്ടീത്തെരക്കൂല്ലേഡാ.." ചെക്കന്‍ പോവുന്നില്ല. വീണ്ടും പത്തു മിനിറ്റ്. റപ്പായിച്ചേട്ടന് ഒരു കാലി അടിക്കേണ്ട സമയം. " നീ കാലത്ത് വല്ലതും തിന്നാ?" ചെക്കന്‍ രണ്ടു തോളും ചെവി വരെ കൊണ്ടുപോയി താഴേക്കിട്ടു. ഇല്ല. റപ്പായി രണ്ടു ചായ വരുത്തി. അതിലൊന്ന് ഉണ്ടക്കണ്ണന്‍ ചെക്കന്. വീണ്ടും പത്തു മിനിറ്റ്. റപ്പായി കടുപ്പിച്ച് പറഞ്ഞു.

" അരീം പരിപ്പോന്നുമില്ല. പൊക്കോ." ചെക്കന്‍ പോവുന്നില്ല. " ഡാ... അടുത്താഴ്ച തീര്‍ക്കോ" ചെക്കന്‍ തലയാട്ടി. റപ്പായി അരീം പരിപ്പും പൊതിഞ്ഞുകൊടുത്തു. മാറണം, മാറിയേ തീരൂ. അബൂബക്കര്‍ എന്ന അവോക്കറിന്റെ പീട്യ. നിരപ്പലകയില്‍ ചാരി മൗനത്തില്‍നില്‍ക്കുന്ന മൈമുന താത്ത. ഭാവം വിഷാദം. അവോക്കറിന് സംശയം. "..ന്ത്യേ പറ്റീ ങ്ക്ക്?" "വെശ്മം..." "എന്താപ്പാ ത്ര വെശ്മം?" "അവോക്കറെ മോള്‍ഡ നിക്കാഹായി.." " അയ്നാ ത്ര സങ്കടം?" "കാര്യങ്ങളൊക്കെ നടക്കണ്ടെ അവോക്കറെ?.

ഞാനൊരാളല്ലെ ഒള്ള്." "ഒക്കെ പടശ്ശോന്‍ ശരിയാക്കും. ങ്ള് വെശ്മിക്കാണ്ടിരിക്ക്." "അവോക്കറെ ഒരുപകാരം ശെയ്യണം. ത്തിരി അരീം സാമാനോം കടന്തരണം. നിക്കാഹ് കയിയുമ്പത്തരാ.." അത്രക്ക് കരുതീല്ല.

എങ്കിലും പറഞ്ഞു. "അയ്നെന്താ... ങ്ള് കൊണ്ടേയ്ക്കോളീ... നിക്കാഹ് കയിഞ്ഞ അതികം ബൈകര്ത്... മ്മ്ള് ഒരു കണക്കിനാണ് ഇത് ഉന്തിയുരിട്ടി കൊണ്ടോണത്.." മാറുകയാണ്, മാറിയേ പറ്റൂ. പീട്യത്തിണ്ണയില്‍ ഒരു ബഞ്ചു ണ്ടാവും. റിട്ടയര്‍ ചെയ്തവര്‍ക്കുള്ളതാണ്. വൈകുന്നേരമാവുന്നതോടെ വിവിധയിനം പക്ഷികള്‍ അവിടെ ചേക്കയേറും. എല്ലാം തൂവല്‍കൊഴിഞ്ഞത്. മിക്കതിനും ഒരുമാതിരി കുഴമ്പിന്റെ മണമായിരിക്കും. പിന്നെ ചര്‍ച്ച. ചങ്ങമ്പുഴക്കവിത മുതല്‍ ചന്ദ്രനില്‍ കാലുകുത്തിയതു വരെയുണ്ടാവും ആ വിജ്ഞാനശേഖരത്തില്‍. അവസാനം, കാലം മാറിയെന്നും ഇപ്പോള്‍ ഒന്നും ശരിയല്ലെന്നും, പറഞ്ഞിട്ടു കാര്യമില്ലെന്നും, പറയുന്നവര്‍ മണ്ടന്മാരാവുമെന്നും പ്രമേയം അവതരിപ്പിക്കും. ഏകകണ്ഠമായി ഇത് പാസ്സാക്കും. എല്ലാക്കാലത്തും എല്ലാവരും അവതരിപ്പിക്കുന്ന പ്രമേയം.

മാറണം, മാറിയേ പറ്റൂ. നാലുംകൂടിയ കവലകളിലെ അതിപുരാതന പീടികകളുടെ കാലം കഴിയുന്നു. ഒരു ഹാരപ്പന്‍ സംസ്ക്കാരത്തിന്റെ അന്ത്യമണി മുഴങ്ങുന്നു. ഹാരപ്പന്‍ സംസ്ക്കാരത്തിന്റെ മീതെ ഉയര്‍ന്ന സംസ്ക്കാരം അത്രത്തോളം വന്നില്ല. ആയുധത്തിന്റെ അതിജീവനം. മുക്കിലെ പീടികകളുടെ സ്ഥാനത്ത് ഇനി സൂപ്പര്‍മാര്‍ക്കറ്റുകള്‍, വാള്‍മാര്‍ട്ടുകള്‍. മാറണം, മാറിയേ പറ്റൂ. കാല്‍നടക്കും, കാളവണ്ടിക്കും, മീതെ കാലചക്രം ഉരുണ്ടുപോയി. ചട്ടയും മുണ്ടും ഞൊറിഞ്ഞുടുക്കലും പോയി. ഒരാപ്പ് ചായേം ഒരു പുഴുക്കും പോയി. ഒരു സൈക്കിള്‍ തന്നെ വല്ലപ്പോഴും ഉരുണ്ടു പോയിരുന്ന നാട്ടിടവഴികള്‍ക്ക് വലിയ കാറുകളെ താങ്ങാന്‍ വീതിയില്ലാതായി. ചങ്ങാടവും കടത്തുകാരനും പോയി. ഇതിനെയെല്ലാം ചുറ്റിപ്പറ്റിയ ലോകവും പോയി. അതുണ്ടാക്കിയ ഭാഷയും, പ്രയോഗവും, ശൈലിയും പോയി. ആ സംസ്ക്കാരവും മൂല്യവും പോയി. ആ പശുവും ചത്തു, മോരിലെ പുളിയുംപോയി. പക്ഷേ ആ ഉണ്ടക്കണ്ണന്‍ ചെക്കന്റെ വീട്ടില്‍ ഇപ്പോഴും അരി കടം വാങ്ങണം.

മൈമുനത്താത്തക്ക് മകളെ കെട്ടിക്കാന്‍ കാശു വേണം. മാറണം, മാറിയേ പറ്റൂ. എന്നിട്ടും ചില ജീവിതങ്ങള്‍ ഇപ്പോഴും മാറാതെ നില്‍ക്കുന്നു. ഉണ്ടക്കണ്ണന്‍ ചെക്കനും മൈമുനത്താത്തയും ഇനി വാള്‍മാര്‍ട്ടിലെത്തും.

കാലുവച്ചു കൊടുത്താല്‍ കോണി കൊണ്ടുപോവും. ഓപ്പണ്‍സെസേം... ആലിബാബ കണ്ട അത്ഭുതലോകം. അവിടെ വേറെ പെരുമാറ്റരീതികളാണ്, ഭാഷയാണ്, ശൈലിയാണ്, ഭാവമാണ്. ഉല്‍പ്പന്നങ്ങളുടെ പ്രളയം. സിംഗപ്പൂര്‍ മുതല്‍ സ്വിറ്റ്സര്‍ലന്‍ഡു വരെ. ഇവിടെച്ചെന്ന് "നൂറ് പരിപ്പു തര്വോ" എന്ന് ഉണ്ടക്കണ്ണന്‍ ചെക്കന് ചോദിക്കാന്‍ ആവില്ല. പരിപ്പ് എന്നു പറഞ്ഞാല്‍ തന്നെ മനസ്സിലാവണമെന്നില്ല..."...ത്തിരി ബേഗം താ. അരീം അടപ്പത്തിട്ട് പോന്നതാണ്" എന്ന് പറയാനാവില്ല. അവിടെ ഉല്‍പ്പന്നങ്ങള്‍ക്ക് മുന്നില്‍ എല്ലാവരും സമന്മാരാണ്!.

സംശയിച്ചും പരിഭ്രമിച്ചുംനിന്നാല്‍ സഹായിക്കാന്‍ ഫ്ളോര്‍ മാനേജേഴ്സ് വരും. "മേ ഐ ഹെല്‍പ് യു?" മാനേഴ്സ്. അവിടത്തെ ഉടുപ്പും നടപ്പും എടുപ്പും നമ്മളിലെ അപകര്‍ഷബോധത്തെ പുറത്തുകൊണ്ടുവരും. ഉല്‍പ്പന്നങ്ങള്‍ക്കു മുന്നില്‍ അന്യനെപ്പോലെ നില്‍ക്കും. പുതിയ ഭാഷാ-പെരുമാറ്റ രീതികള്‍ പഠിച്ചില്ലെങ്കില്‍ പട്ടിണികിടന്ന് ചാകേണ്ടിവരും.

ഇനി ഉണ്ടക്കണ്ണന്‍ ചെക്കനും മൈമുനത്താത്തയും വാള്‍മാര്‍ട്ടുകളുടെ ഭാഷ പഠിക്കണം. സ്വന്തം ഭാഷയെക്കുറിച്ച് അപകര്‍ഷമുണ്ടാക്കുക എന്നതാണ് സാമ്രാജ്യത്തത്തിന്റെ ആദ്യ പണി എന്ന് ഗ്രാംഷി. ഒരു കുറച്ചില്‍. വില്‍പന വസ്തുക്കളുടെ മുന്നില്‍ മനുഷ്യന്‍ ചെറുതായിപ്പോവുന്നു!. "ചിരിക്കുന്ന മൃഗം, ചിന്തിക്കുന്ന മൃഗം" എന്നിങ്ങനെ മനുഷ്യനെ മാറിമാറി നിര്‍വചിച്ചു. ഇപ്പോള്‍ മനുഷ്യന് പുതിയ നിര്‍വചനം. "വാങ്ങുന്ന മൃഗം" നിങ്ങള്‍ എന്തു വാങ്ങുന്നുവോ അതാണ് നിങ്ങള്‍.

നിങ്ങള്‍ എന്ത് പ്രവര്‍ത്തിക്കുന്നുവോ അതാണ് നിങ്ങള്‍ എന്ന് കരുതിയിരുന്ന കാലമുണ്ടായിരുന്നു. നിങ്ങള്‍ എന്ത് പറയുന്നുവോ അതാണ് നിങ്ങള്‍ എന്നും കരുതിയിരുന്ന കാലമുണ്ടായിരുന്നു. ഇപ്പോള്‍ നിങ്ങള്‍ ആരാണെന്ന് തീരുമാനിക്കുന്നത് നിങ്ങളുടെ കൈയിലിരിക്കുന്ന മൊബൈല്‍ ഫോണാണ്. നിങ്ങളുടെ ഡ്രോയിങ് റൂമിലിരിക്കുന്ന ടി വി സെറ്റാണ്. നിങ്ങളുടെ ഷെഡില്‍ കിടക്കുന്ന കാറാണ്. നിങ്ങള്‍ ധരിക്കുന്ന വസ്ത്രമാണ് ഇപ്പോള്‍ നിങ്ങള്‍. നിങ്ങളിടുന്ന ചെരിപ്പാണ് ഇപ്പോള്‍ നിങ്ങള്‍. നമ്മളിപ്പോള്‍ ബ്രാന്റുകളാണ്. നമ്മളെ നയിക്കുന്നത് ബ്രാന്റ് അമ്പാസിഡര്‍മാരാണ്. മാറണം, മാറിയേ പറ്റൂ. ഉണ്ടക്കണ്ണന്‍ ചെക്കനും, മൈമുനത്താത്തയും മാറിയേ പറ്റൂ.

*
എം എം പൗലോസ് ദേശാഭിമാനി വാരിക

Tuesday, December 25, 2012

എഫ്ഡിഐയുടെ ലക്ഷ്യം പരമാവധി ലാഭം

ഇന്ത്യയിലെ മള്‍ട്ടിബ്രാന്‍റ് ചില്ലറ വ്യാപാരരംഗത്ത് വിദേശ പ്രത്യക്ഷ നിക്ഷേപത്തിന് അംഗീകാരം നിഷേധിക്കുന്ന പ്രമേയത്തെ പരാജയപ്പെടുത്താന്‍ രണ്ടാം യുപിഎ സര്‍ക്കാരിന് കഴിഞ്ഞ നിലയ്ക്ക്, അടുത്ത പുത്തന്‍ തലമുറ പരിഷ്കാരങ്ങള്‍ക്കുള്ള മുറവിളി ഉച്ചസ്ഥായിയിലെത്തിയിരിക്കുകയാണ്. ""ചില്ലറ വ്യാപാരത്തില്‍ എഫ്ഡിഐ തീരുമാനമായ നിലയ്ക്ക്, യുപിഎ സര്‍ക്കാര്‍ മറ്റ് പരിഷ്കാരങ്ങളുമായി മുന്നോട്ടുപോകണം"" എന്നാണ് 2012 ഡിസംബര്‍ 10െന്‍റ ഹിന്ദുസ്ഥാന്‍ ടൈംസ് മുഖപ്രസംഗം ആവശ്യപ്പെടുന്നത്. പാര്‍ലമെന്‍റിെന്‍റ വേദിയില്‍ ന്യൂനപക്ഷത്തെ ഭൂരിപക്ഷമാക്കിത്തീര്‍ക്കുന്ന വിദ്യയില്‍, കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള കൂട്ടുകെട്ടുകള്‍ വമ്പിച്ച വൈദഗ്ദ്ധ്യം നേടിയിരിക്കുന്നു.

1993ലെ ""ജെഎംഎം കൈക്കോഴക്കേസി""ലും 2008ലെ ""വോട്ടിന് പണം"" കേസിലും അത്തരം ""ഭൂരിപക്ഷം നിര്‍മിച്ചെടുക്കുന്""തിനുള്ള വൈദഗ്ദ്ധ്യം തുറന്നു കാട്ടപ്പെട്ടതാണ്. (""സമ്മതിയുടെ നിര്‍മിതിയെ""പ്പറ്റി പറഞ്ഞിട്ടുള്ള നോം ചോംസ്കിയോടും വാള്‍ട്ടര്‍ ലിപ്മാനോടും മറ്റും ക്ഷമാപണത്തോടെ). ഇപ്പോഴത്തെ സംഭവത്തില്‍ ചില്ലറ വ്യാപാരത്തില്‍ എഫ്ഡിഐ കൊണ്ടുവരുന്നതിനെ പരസ്യമായി എതിര്‍ത്ത പാര്‍ടികള്‍ക്കാണ് രണ്ടു സഭകളിലും, അംഗസംഖ്യയനുസരിച്ച് കേവല ഭൂരിപക്ഷം. എന്നിട്ടുമതാ, വോട്ടിങ്ങ് സമയത്ത് സ്ഥിതി കീഴ്മേല്‍ മറിഞ്ഞു! അതിെന്‍റ പിന്നിലുള്ള ദുരൂഹതയെ, കാലം തുറന്നു കാണിക്കുക തന്നെ ചെയ്യും. ഇതു സംഭവിച്ച ഉടനെ മറ്റൊരു വസ്തുത കൂടി പുറത്തുവന്നു -""ഇന്ത്യയില്‍ നിക്ഷേപിക്കുന്നതിനായി വിപണി ലഭിക്കുന്നതിനുള്ള സൗകര്യം വര്‍ദ്ധിപ്പിക്കുന്നതടക്കം ലോബിയിങ് പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി, കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ആഗോള ചെറുകിട കച്ചവട കുത്തക ഭീമനായ വാള്‍മാര്‍ട്ട് ഏതാണ്ട് 125 കോടി രൂപ ചെലവഴിച്ചുവെന്നതാണത്.

ഇന്ത്യയിലെ ചെറുകിട വ്യാപാര വിപണി ഇന്ന് 50,000 കോടി ഡോളറിേന്‍റതാണ് എന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. 2020 ആകുമ്പോഴേക്ക് അത് 1 ലക്ഷം കോടി ഡോളറിേന്‍റതാകും എന്നും കണക്കാക്കപ്പെട്ടിരിക്കുന്നു. ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് ഒരു അന്വേഷണം നടത്തണം എന്ന ആവശ്യത്തെച്ചൊല്ലിയുള്ള വിവാദത്തെത്തുടര്‍ന്ന് രാജ്യസഭയ്ക്ക് തിങ്കളാഴ്ച (10.12.12) ചോദ്യോത്തര വേളയ്ക്ക് അപ്പുറത്തേക്ക് കടക്കാനായില്ല - തൊട്ടുമുമ്പുള്ള ദിവസത്തെ വോട്ടിങ്ങില്‍ ജയിയ്ക്കാനായി കോണ്‍ഗ്രസ്സിനെ സഹായിച്ച ചില പാര്‍ടികളുടെപോലും പിന്തുണ ഈ ആവശ്യത്തിന് ലഭിക്കുകയുണ്ടായി. വാള്‍മാര്‍ട്ടിെന്‍റ പങ്കാളിയായ ഭാരതി എന്‍റര്‍പ്രൈസസിെന്‍റ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ കടകളുടെ ശൃംഖലയില്‍ വാള്‍മാര്‍ട്ട് ""രഹസ്യമായും നിയമവിരുദ്ധമാ""യും 10 കോടി ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട് എന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ റിസര്‍വ് ബാങ്കിനോട് വ്യാപാര മന്ത്രാലയം ആവശ്യപ്പെട്ടതിെന്‍റ തൊട്ടുപിന്നാലെയാണ് ഈ വെളിപ്പെടുത്തല്‍ ഉണ്ടായത്. മാധ്യമങ്ങളിലെ വാര്‍ത്തയനുസരിച്ച്, ഈ നിക്ഷേപം കൊണ്ട് ഈ സംയുക്ത കമ്പനിയുടെ ഓഹരിയില്‍ 49 ശതമാനം വാള്‍മാര്‍ട്ടിെന്‍റ കൈകളിലാകും. വാള്‍മാര്‍ട്ടിെന്‍റ അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങളെക്കുറിച്ച് കര്‍ശനമായ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ്, ഇന്ത്യയില്‍ ഈ അന്വേഷണവും നടക്കുന്നത്. മെക്സിക്കോയില്‍ വാള്‍മാര്‍ട്ടിെന്‍റ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനായി, പ്രാദേശിക ഉദ്യോഗസ്ഥന്മാര്‍ക്ക് കൈക്കൂലി കൊടുക്കുന്നതിനുവേണ്ടി വാള്‍മാര്‍ട്ട് മെക്സിക്കോ എന്ന സ്ഥാപനം കോടിക്കണക്കിന് ഡോളര്‍ ചെലവിടുകയുണ്ടായി എന്ന് എട്ടുകൊല്ലം മുമ്പു തന്നെ, വാള്‍മാര്‍ട്ട് മനസ്സിലാക്കിയിരുന്നതായി, ന്യൂയോര്‍ക്ക് ടൈംസ് ഈയിടെ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. അതുപോലെത്തന്നെ, നിരവധി തൊഴിലാളിവിരുദ്ധ നയങ്ങള്‍ കൈക്കൊണ്ടതിന്, വാള്‍മാര്‍ട്ടിന് പല രാജ്യങ്ങളില്‍നിന്നും വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്. ലോകത്തെങ്ങുമായി വാള്‍മാര്‍ട്ടിന് കീഴില്‍ 222 ലക്ഷം ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. കുറഞ്ഞ കൂലി, മോശപ്പെട്ട തൊഴില്‍ പരിതഃസ്ഥിതി, അപര്യാപ്തമായ ആരോഗ്യപരിരക്ഷ, യൂണിയന്‍വിരുദ്ധമായ നയങ്ങള്‍ തുടങ്ങിയ നിരവധി പ്രശ്നങ്ങളില്‍, വാള്‍മാര്‍ട്ട് എത്രയോ നിയമനടപടികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഖേദകരമെന്നു പറയട്ടെ, ഇന്ത്യന്‍ പാര്‍ലമെന്‍റിന് ഇതൊക്കെ നല്ലപോലെ അറിയുകയും ചെയ്യാം. ഇന്ത്യയിലെ ഇന്‍ഷ്വറന്‍സ് മേഖലയിലെ എഫ്ഡിഐ നിക്ഷേപം ഇന്നത്തെ 26 ശതമാനത്തില്‍നിന്ന് 49 ശതമാനമാക്കി ഉയര്‍ത്തുക, പെന്‍ഷന്‍ ഫണ്ടില്‍ എഫ്ഡിഐ അനുവദിക്കുക തുടങ്ങിയ അടുത്ത തലമുറയില്‍പ്പെട്ട പരിഷ്കരണങ്ങള്‍ ആരംഭിക്കണം എന്ന ആവശ്യത്തിനുള്ള ന്യായീകരണമായി ഉന്നയിയ്ക്കപ്പെടുന്നത്, നമ്മുടെ അടിസ്ഥാന സൗകര്യങ്ങള്‍ കെട്ടിപ്പടുക്കുന്നതിന് വളരെ അത്യാവശ്യമായ പണം ഇങ്ങനെ എഫ്ഡിഐ കൂടുതല്‍ ഒഴുകി വരുന്നതുവഴി ലഭിക്കും എന്നാണ്. ദീര്‍ഘകാലത്തെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ കുടുങ്ങിക്കിടക്കുന്നതിനേക്കാള്‍ സേവന മേഖലകളില്‍നിന്ന് ദ്രുതഗതിയില്‍ ലാഭമുണ്ടാക്കുന്നതിലാണ് എഫ്ഡിഐയ്ക്ക് താല്‍പര്യമെന്നാണ് സാര്‍വത്രികമായ അന്താരാഷ്ട്ര അനുഭവം കാണിക്കുന്നത്. ഉദാഹരണത്തിന് ഇന്ത്യയിലേക്ക് ഒഴുകിവന്നിട്ടുള്ള മൊത്തം എഫ്ഡിഐയില്‍ വെറും 5 ശതമാനം മാത്രമാണ് ഇന്ത്യയിലെ വൈദ്യുതി മേഖലയില്‍ നിക്ഷേപിയ്ക്കപ്പെട്ടിരിക്കുന്നത്. ഇന്‍ഷ്വറന്‍സ് മേഖലയില്‍ 26 ശതമാനം എഫ്ഡിഐ അനുവദിച്ചുവെങ്കിലും കഴിഞ്ഞ 12 വര്‍ഷക്കാലത്തിനിടയില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി ലഭിച്ച എഫ്ഡിഐ ഏതാണ്ട് 6700 കോടി രൂപ മാത്രമാണ്. നേരെമറിച്ച് ഇന്‍ഷ്വറന്‍സ് കമ്പനികളില്‍നിന്ന് ലഭിച്ച മൊത്തം തുകയില്‍ ഏതാണ്ട് 90 ശതമാനവും എല്‍ഐസി നല്‍കുന്നത് അടിസ്ഥാന സൗകര്യവികസനത്തിനാണ്.

2010-11 വര്‍ഷത്തില്‍ ഇന്‍ഷ്വറന്‍സ് മേഖലയിലേക്ക് കടന്നുവന്ന എഫ്ഡിഐ അമേരിക്കയിലെ 4.1 ശതമാനവും ജര്‍മനിയിലെ 3.5 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയില്‍ 4.4 ശതമാനം ആയിരുന്നുവെന്നതില്‍നിന്ന് ഇന്ത്യന്‍ വിപണിയിലേക്ക് ഇറങ്ങിവരുന്നതിനുള്ള അവരുടെ പ്രത്യേക താല്‍പര്യം വ്യക്തമാകുന്നുണ്ട്. ആഗോളതലത്തില്‍ ലൈഫ് ഇന്‍ഷ്വറന്‍സില്‍ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനവും ജനറല്‍ ഇന്‍ഷ്വറന്‍സില്‍ മൂന്നാംസ്ഥാനവുമാണുള്ളത്. ആഗോള മാന്ദ്യത്തിെന്‍റ ഈ കാലഘട്ടത്തില്‍ ഈ വിപണിയെ ചൂഷണം ചെയ്യുന്നതിനാണ് എഫ്ഡിഐ വ്യഗ്രത കാണിക്കുന്നത്. ഇന്ത്യയിലെ വമ്പിച്ച ഇന്‍ഷ്വറന്‍സ് മേഖലയിലേക്ക് എഫ്ഡിഐയ്ക്ക് പ്രവേശനം ലഭിക്കുന്നുവെന്നതിന്നര്‍ഥം, ലാഭം പരമാവധിയായി വര്‍ദ്ധിപ്പിക്കുന്നതിനായി, ഇവിടെ നിന്നു ലഭിക്കുന്ന പണം അവര്‍ക്ക് ലോകത്തില്‍ എവിടെ വേണമെങ്കിലും കൊണ്ടുപോയി പ്രയോജനപ്പെടുത്താം എന്നാണ്;

ഇന്ത്യയിലെ അടിസ്ഥാന വികസന പദ്ധതികളില്‍ നിക്ഷേപിയ്ക്കണമെന്നില്ല. തങ്ങളുടെ ജീവിതകാല സമ്പാദ്യം മുഴുവനും ഇന്‍ഷ്വറന്‍സില്‍ നിക്ഷേപിച്ച കോടിക്കണക്കിന് ഇന്ത്യക്കാരുടെ സാമ്പത്തിക ഭദ്രതയെ (അന്താരാഷ്ട്ര ധനവിപണികളിലെ അസ്ഥിരത കാരണം) ഇത് അട്ടിമറിക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. എഫ്ഡിഐയ്ക്ക് കൂടുതല്‍ അവസരം നല്‍കിക്കൊണ്ട് പെന്‍ഷന്‍ ഫണ്ട് സ്വകാര്യവല്‍ക്കരിക്കുന്നതോടുകൂടി, പെന്‍ഷന്‍ പറ്റിയതിനുശേഷമുള്ള തങ്ങളുടെ ഉപജീവനമാര്‍ഗത്തിനായി പെന്‍ഷന്‍ തുകയെ മാത്രം ആശ്രയിക്കേണ്ടിവരുന്ന കോടിക്കണക്കിന് ഇന്ത്യക്കാര്‍ സാമ്പത്തികമായി തകര്‍ന്നുപോകും. ആഗോള സാമ്പത്തിക പ്രതിസന്ധി കാരണം ചിലിയിലെ പെന്‍ഷന്‍ പറ്റിയ ജീവനക്കാര്‍ക്ക് അവരുടെ പെന്‍ഷന്‍ വരുമാനത്തിെന്‍റ 17 ശതമാനം നഷ്ടമായി എന്ന് ചിലിയന്‍ ഇക്കണോമിക് റിസര്‍ച്ച് സെന്‍റര്‍ (ഇഋചഉഅ) പ്രസ്താവിക്കുന്നു. ""ലാഭം പരമാവധിയാക്കല്‍, നയപരമായ പരിഷ്കാരങ്ങള്‍, രാഷ്ട്രീയം എന്നിവ അന്തിമ വിശകലനത്തില്‍ അന്യോന്യം വേര്‍തിരിഞ്ഞു നില്‍ക്കുന്ന വിഷയങ്ങളായി നിലകൊള്ളുന്നത് അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.

ഇന്ത്യയുടെ പരിഷ്കാരങ്ങളുടെ രണ്ടാംഘട്ടം ഊര്‍ജിതമായി ആരംഭിച്ചിരിക്കുന്നു"" എന്ന നിഗമനത്തിലാണ് ഹിന്ദുസ്ഥാന്‍ ടൈംസിെന്‍റ മുഖപ്രസംഗം എത്തിച്ചേരുന്നത്. സാധാരണക്കാര്‍ക്ക് അനുകൂലമായതും രാജ്യത്തിെന്‍റയും ജനങ്ങളുടെയും ജീവിത ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതുമായ നയങ്ങള്‍ എന്താണെന്ന് തീരുമാനിക്കുന്നത് രാഷ്ട്രീയമാണ് എന്ന അവസ്ഥയ്ക്കുപകരം ഉന്നയിയ്ക്കപ്പെടുന്നത് ലാഭം പരമാവധിയാക്കിത്തീര്‍ക്കുക എന്നതാണ് - സാമൂഹ്യക്ഷേമത്തെ പരമാവധിയാക്കിത്തീര്‍ക്കുക എന്നതിന് പകരമാണിത്. അടിസ്ഥാന വികസന പദ്ധതികളില്‍ സര്‍ക്കാര്‍ ഫണ്ട് നിക്ഷേപിച്ചുകൊണ്ട് സാധാരണക്കാരന് അനുകൂലമായി തൊഴിലവസരങ്ങള്‍ വിപുലമായി വര്‍ദ്ധിപ്പിക്കുന്ന പരിഷ്കാരങ്ങളാണ് ഇന്ത്യയ്ക്ക് ആവശ്യം. തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ, ആഭ്യന്തരചോദനം വര്‍ദ്ധിപ്പിക്കുകയും ജനങ്ങളുടെ ജീവനോപാധികള്‍ മെച്ചപ്പെടുത്തുകയും സ്ഥിരമായ വളര്‍ച്ചാപഥം കാണിക്കുകയും ചെയ്യുന്ന പദ്ധതികളായിരിക്കണം അവ.

ആദ്യഘട്ടത്തില്‍ ഉണ്ടാക്കിയ ദൃഢമായ അടിസ്ഥാനമാണ് അവസാനഘട്ടത്തില്‍ വിജയിക്കുന്നതിന് നമ്മെ സഹായിക്കുന്നത്. എന്നാല്‍ ആദ്യഘട്ടത്തില്‍ ഉണ്ടാക്കിയ ദൃഢമായ അടിസ്ഥാനത്തെ അവസാനഘട്ടത്തില്‍ തകര്‍ത്തതു കാരണം (സന്ധ്യയ്ക്ക് കൊണ്ടുപോയി കുടമുടയ്ക്കുന്നതുപോലെ) ഇന്ത്യയ്ക്ക് പല ക്രിക്കറ്റ് മാച്ചുകളിലും പരാജയം സംഭവിച്ചിട്ടുണ്ട്. നാം പാഠം പഠിയ്ക്കേണ്ടിയിരിക്കുന്നു. അടുത്ത തലമുറയിലെ ഈ പരിഷ്കാരങ്ങള്‍ എഫ്ഡിഐയുടെ ലാഭം പരമാവധിയാക്കുന്നതിനു മാത്രമേ ഉപകരിയ്ക്കുകയുള്ളൂ. രണ്ട് ഇന്ത്യകള്‍ തമ്മിലുള്ള വിടവ് കൂടുതല്‍ വര്‍ദ്ധിപ്പിച്ചുകൊണ്ട്, ഇന്ത്യയിലെ കോര്‍പറേറ്റുകളിലെ ഒരു വിഭാഗത്തിനും അത് പ്രയോജനപ്പെട്ടേയ്ക്കാം.

*
സീതാറാം യെച്ചൂരി ചിന്ത വാരിക

Thursday, December 20, 2012

വാള്‍മാര്‍ട്ടിന് വാതില്‍ തുറന്നിട്ടവര്‍

നാട്ടിന്‍പുറത്തെ പാവപ്പെട്ട ചില്ലറ വ്യാപാരികളുടെ ആശങ്കകളും ദുരിതങ്ങളുമാണ് ഇത്തവണത്തെ പാര്‍ലമെന്റ് സമ്മേളനത്തില്‍ ഏറ്റവുമധികം ചര്‍ച്ചചെയ്തത്. വാള്‍മാര്‍ട്ടിന് വഴിതുറന്നുകൊടുത്ത കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ അതിശക്തമായ വികാരമാണ് ഇരുസഭകളിലും പ്രതിഫലിച്ചത്. പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം രണ്ടുസഭകളിലും പരാജയപ്പെട്ടുവെങ്കിലും അത് കേവലം സാങ്കേതികമായ പരാജയം മാത്രമാണ്. ലോക്സഭയില്‍ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ മാജിക്കല്‍ നമ്പര്‍ കരസ്ഥമാക്കാന്‍ യുപിഎക്ക് കഴിഞ്ഞില്ല. സമാജ്വാദി പാര്‍ടിയും ബിഎസ്പിയും വിട്ടുനിന്നതുകൊണ്ടാണ് സര്‍ക്കാര്‍ രക്ഷപ്പെട്ടത്. രാജ്യസഭയില്‍ ബിഎസ്പി വിട്ടുനിന്നിരുന്നെങ്കില്‍ സര്‍ക്കാര്‍ പരാജയപ്പെടുമായിരുന്നു. എന്നാല്‍, മായാവതി സര്‍ക്കാരിനെ പിന്തുണക്കുന്ന തീരുമാനമെടുത്തു. യഥാര്‍ഥത്തില്‍ വാള്‍മാര്‍ട്ടിനെതന്നെയാണ് അവര്‍ പിന്തുണച്ചത്. ലോക്സഭയില്‍ മുലായം ശരിയായ നിലപാടു സ്വീകരിച്ചിരുന്നുവെങ്കില്‍ ചില്ലറ വ്യാപാരികളുടെ ജീവിതം തകര്‍ക്കുന്ന തീരുമാനം എടുക്കാന്‍ കഴിയുമായിരുന്നില്ല.

പരസ്പരം കടിച്ചുകീറാന്‍ നില്‍ക്കുന്ന രണ്ടു പാര്‍ടികളെ എത്ര സമര്‍ഥമായാണ് ഇവര്‍ കൈകാര്യംചെയ്തതെന്ന കാര്യവും പരിശോധിക്കേണ്ടതുതന്നെ. കമല്‍നാഥ് പാര്‍ലമെന്ററികാര്യ മന്ത്രിയായി ചുമതലയെടുത്തപ്പോള്‍ തന്നെ ഈ സിദ്ധി പ്രയോഗിക്കുമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. നീരാ റാഡിയ ടേപ്പില്‍ പരാമര്‍ശിക്കപ്പെട്ട കമീഷന്‍ മന്ത്രിയാണ് കമല്‍നാഥ്. എങ്ങനെയൊക്കെയാണ് ഭൂരിപക്ഷം സംഘടിപ്പിക്കേണ്ടതെന്ന് സമര്‍ഥമായി അറിയാവുന്ന മന്ത്രി! എന്നാല്‍, വാള്‍മാര്‍ട്ട് അവരുടെ ലോബിയിങ്ങിനെ സംബന്ധിച്ച റിപ്പോര്‍ട്ട് അമേരിക്കന്‍ സെനറ്റില്‍ വച്ചപ്പോഴാണ് ഇതിനു പുറകിലെ കളി പുറത്തുവന്നത്. ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി 125 കോടി രൂപയാണ് വാള്‍മാര്‍ട്ട് ലോബിയിങ്ങിനായി ചെലവഴിച്ചത്. ഈ വാര്‍ത്ത മാധ്യമങ്ങളില്‍വന്നയുടന്‍ രാജ്യസഭയില്‍ ശൂന്യവേളയില്‍ ഉന്നയിക്കാന്‍ അവസരം ലഭിച്ചിരുന്നു. അമേരിക്കയില്‍ ലോബിയിങ് നിയമവിധേയമായ കാര്യമാണ്. ഇന്ത്യയില്‍ അത് അഴിമതിയും കൈക്കൂലിയുമാണ്. വാള്‍മാള്‍ട്ട് അമേരിക്കയിലാണ് പണം ചെലവഴിച്ചതെന്നാണ് ചില കോണ്‍ഗ്രസ് നേതാക്കളുടെ വാദം. ഒരു യുക്തിക്കും നിരക്കുന്നതല്ല അത്.

അമേരിക്കന്‍ കമ്പനിയായ വാള്‍മാര്‍ട്ടിന് ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിനുള്ള ഒരു തടസ്സവും അവിടെ നിയമപരമായി നിലനില്‍ക്കുന്നില്ല. അതുകൊണ്ടുതന്നെ അമേരിക്കന്‍ സെനറ്റ് അംഗങ്ങളെയും കോണ്‍ഗ്രസ് അംഗങ്ങളെയും സ്വാധീനിച്ച് പുതിയ നിയമമുണ്ടാക്കേണ്ട ആവശ്യമില്ല. നിയമപരമായ തടസ്സം നിലനില്‍ക്കുന്നത് ഇന്ത്യയിലാണ്. നമ്മുടെ രാജ്യത്തെ ഫെമ ചട്ടങ്ങള്‍ ചില്ലറ വ്യാപാരമേഖലയില്‍ ബഹുബ്രാന്‍ഡില്‍ വിദേശനിക്ഷേപം അനുവദിക്കുന്നില്ല. അതിനായി ചട്ടങ്ങള്‍ ഭേദഗതി ചെയ്യേണ്ടതുണ്ട്. അപ്പോള്‍ ലോബിയിങ്ങിന്റെ കേന്ദ്രം ഇന്ത്യ തന്നെയാണ്. ഇനി ചിലര്‍ വാദിക്കുന്നതുപോലെ അമേരിക്കയില്‍ തന്നെയാണ് ഇതു നടന്നതെങ്കില്‍ പ്രശ്നം അതിനേക്കാള്‍ ഗൗരവമാണ്. അവിടെ പണം ചെലവഴിച്ച് അമേരിക്കന്‍ സര്‍ക്കാരിനെ സ്വാധീനിക്കുകയും അവരെ ഉപയോഗിച്ച് ഇന്ത്യയില്‍ സമ്മര്‍ദം ചെലുത്തി തീരുമാനമെടുപ്പിച്ചെന്നാണ് കരുതേണ്ടിവരിക. അതിനര്‍ഥം അമേരിക്കന്‍ ഭരണകൂട സമ്മര്‍ദത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ഇന്ത്യയിലെ ഭരണകൂടമെന്നതാണ്. ഇതിനേക്കാള്‍ അപമാനകരമായ മറ്റൊരു സാഹചര്യമുണ്ടോ?

എന്തായാലും പ്രതിപക്ഷ സമ്മര്‍ദത്തെ തുടര്‍ന്ന് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നതിന് സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ലോബിയിങ്ങിനെ സംബന്ധിച്ച അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന പല വിവരങ്ങളും ലഭ്യമായത്. ആണവകരാറിന്റെ സമയത്ത് ഇന്ത്യന്‍ സര്‍ക്കാര്‍ അമേരിക്കയില്‍ ലോബിയിങ്ങ് നടത്തിയെന്നത് അന്നേ പരസ്യമാക്കപ്പെട്ട കാര്യമാണ്. എന്നാല്‍, അതിനായി ഇന്ത്യന്‍ എംബസി ചുമതലപ്പെടുത്തിയത് വാള്‍മാര്‍ട്ടിന്റെ പ്രധാന ലോബിയിങ് ഏജന്റായ പാറ്റന്‍ ബോഗ്സിനെയായിരുന്നു. അവരുടെ വെബ്സൈറ്റില്‍ ഇതു സംബന്ധിച്ച എല്ലാ വിവരങ്ങളും ഉണ്ട്. ഇന്ത്യയിലെ പ്രധാന ഉദ്യോഗസ്ഥന്‍മാരുമായും ഉയര്‍ന്ന ചുമതലകള്‍ വഹിക്കുന്നവരുമായി അടുത്ത ബന്ധമുള്ളവരാണ് ഇവരെന്ന് അവര്‍ തുറന്നു പറയുന്നു. ഇന്ത്യയിലെ ചില്ലറ വ്യാപാരമേഖലയില്‍ വാള്‍മാള്‍ട്ടിന്റെ സാന്നിധ്യം ഉറപ്പുവരുത്തുന്നതിനായി നടത്തുന്ന ഇടപെടലുകളും വ്യക്തമാക്കുന്നുണ്ട്. ഡേവിഡ് ഹാഡ്ലിയെന്ന അമേരിക്കന്‍ ചാരനെ ഇരട്ട ഏജന്റായാണ് കണക്കാക്കുന്നത്. ഒരേ സമയം അമേരിക്കയുടേയും പാകിസ്ഥാന്റെയും ചാരനായിരുന്നു ഹാഡ്ലി. അതുപോലെയാണ് പാറ്റര്‍ ബോഗ്സും. ഒരേ സമയം ഇന്ത്യയുടേയും വാള്‍മാള്‍ട്ടിന്റേയും ഏജന്റായി പ്രവര്‍ത്തിച്ചു. ഒരു വശത്ത് ഇന്ത്യക്ക് അനുകൂലമായ ഹൈഡ് നിയമം പാസാക്കിയെടുക്കുന്നതിനായി അമേരിക്കന്‍ കോണ്‍ഗ്രസിനെയും സെനറ്റിനെയും സ്വാധീനിച്ചു. മറുവശത്ത് അമേരിക്കന്‍ കമ്പനിയായ വാര്‍മാള്‍ട്ടിന് വേണ്ടി ഇന്ത്യയെയും സ്വാധീനിച്ചു.

എത്രമാത്രം അപമാനകരമായാണ് കാര്യങ്ങള്‍ പോകുന്നത്? ഒരു ജനാധിപത്യരാജ്യത്തിന്റെ അധഃപതനമല്ലാതെ മറ്റെന്താണിത്? പാര്‍ലമെന്റില്‍ ഭൂരിപക്ഷം സംഘടിപ്പിച്ചത് എങ്ങനെയാണെന്നും സമ്മതനിര്‍മാണത്തിന്റെ കലയില്‍ കമല്‍നാഥ് വൈദഗ്ധ്യം പ്രകടിപ്പിച്ചതെന്നും വ്യക്തമാക്കുന്ന അനുഭവമാണിത്. ജനാധിപത്യത്തിന്റെ സ്വഭാവവും രീതിയും പതുക്കെ മാറുകയാണ്. സമ്പന്ന ആധിപത്യം ശക്തിപ്പെടുന്ന അപകടം ഭീകരമാണ്. വിവിധ പാര്‍ടികളില്‍ കോര്‍പറേറ്റുകളുടെ ആധിപത്യം ശക്തമാണ്. നിലപാടുകളെ നിര്‍ണയിക്കുന്നത് ഇത്തരം സ്വാധീനങ്ങളാണ്. ഇന്ത്യയില്‍ ലോബിയിങ് നിയമവിരുദ്ധമാണെങ്കിലും അതിന്റെ പ്രയോഗം തന്നെയാണ് റാഡിയ ടേപ്പിലും കേട്ടത്. മന്ത്രിമാരെ നിശ്ചയിക്കുന്നതിലും വകുപ്പുകള്‍ നിര്‍ണയിക്കുന്നതിലും കോര്‍പറേറ്റ് ലോബിയിങ് ശക്തമാണ്. നീര റാഡിയ യഥാര്‍ഥത്തില്‍ ഒരു ലോബിയിങ് ഏജന്റാണ്. പബ്ലിക്ക് റിലേഷന്‍സ് എന്ന് ഓമനപ്പേരിലാണ് അറിയപ്പെടുന്നതെന്ന് മാത്രം. മാധ്യമപ്രവര്‍ത്തകര്‍ വരെ ലോബിയിങ് സംഘത്തിലുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചല്ല ജനാധിപത്യസംവിധാനം പ്രവര്‍ത്തിക്കുന്നതെന്ന് തിരിച്ചറിയുന്നതിന് പാര്‍ലമെന്റിലെ വോട്ടെടുപ്പ് സംഭവം സഹായിച്ചു.

*
പി രാജീവ് ദേശാഭിമാനി

Friday, December 14, 2012

വാള്‍മാര്‍ട്ടിനെ ആനയിക്കുമ്പോള്‍

നൂറ്റിപ്പന്ത്രണ്ട് ദരിദ്രതൊഴിലാളികള്‍ക്കു ചിതയൊരുക്കിയ ബംഗ്ലാദേശിലെ തുണിഫാക്ടറി തീപിടിത്തത്തിന്റെ ജ്വാല നാളെ ഇന്ത്യയിലേക്കു പടരില്ലെന്ന് ആര്‍ക്കു പറയാനാവും? തങ്ങള്‍ക്ക് ആ ദുരന്തത്തില്‍ പങ്കില്ലെന്ന് തിടുക്കത്തില്‍ പറഞ്ഞു തടിതപ്പാന്‍ ശ്രമിക്കുന്ന അതേ ആഗോളഭീകരനാണ് ഇന്ത്യയില്‍ ആധിപത്യമുറപ്പിക്കാന്‍ കയറുപൊട്ടിച്ചു നില്‍ക്കുന്നത്.

തുച്ഛമായ കൂലി നല്‍കി, കൂടുതല്‍ നേരം പണിയെടുക്കാന്‍ വിധിക്കപ്പെട്ട ദരിദ്രരായ 112 ബംഗ്ലാദേശ് തൊഴിലാളികളാണ് ഒരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാത്ത തസ്റീന്‍ ഫാഷന്‍ ലിമിറ്റഡ് എന്ന പണിശാലയിലുണ്ടായ തീപിടിത്തത്തില്‍ കത്തിക്കരിഞ്ഞത്. ബംഗ്ലാദേശിലെ 4500 വസ്ത്രനിര്‍മാണ ഫാക്ടറികളിലെ 36 ലക്ഷം തൊഴിലാളികളുടെ പരമാവധി ദിവസക്കൂലി 42 മുതല്‍ 60 വരെ രൂപയാണെന്നു മാത്രമല്ല, ഏറ്റവും ശോചനീയമായ തൊഴില്‍ പരിസരത്ത് ഒരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് ഇവര്‍ പണിചെയ്യുന്നത്. തസ്റീന്‍ ഫാഷന്‍ ലിമിറ്റഡ് എന്ന കമ്പനി, ഇതേപോലെ 13 മറ്റു സ്ഥാപനങ്ങള്‍ നടത്തുന്ന ടൂബ ഗ്രൂപ്പില്‍പ്പെട്ട വസ്ത്രനിര്‍മാണ കയറ്റുമതിസ്ഥാപനമാണ്. അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് പ്രധാനമായി കയറ്റുമതി നടത്തുന്ന ഇവരുടെ ഇടപാടുകാരില്‍ ഒന്നാം സ്ഥാനത്ത് വാള്‍മാര്‍ട്ട് തന്നെ. അപ്പോള്‍ തീപിടിത്തത്തില്‍ വാള്‍മാര്‍ട്ടിന് എന്തു പങ്ക് എന്ന ചോദ്യം ന്യായം. വാള്‍മാര്‍ട്ടിനാണ് ഏറ്റവും പ്രധാന പങ്ക് എന്നതാണ് വസ്തുത. അല്ലെങ്കില്‍ തസ്റീന്‍ കമ്പനി തങ്ങളുടെ ഇടപാടുകാരല്ലെന്നും ബംഗ്ലാദേശിലെ തങ്ങളുടെ സപ്ലയറെ നീക്കംചെയ്തു എന്നും, അപകടത്തിനു തൊട്ടുപിന്നാലെ വാള്‍മാര്‍ട്ട് ധൃതിപിടിച്ച് പ്രസ്താവന ഇറക്കിയതിന്റെ ഉദ്ദേശ്യം?

വിലക്കുറവുള്ള സ്ഥാപനം എന്ന വ്യാജപ്രചാരണങ്ങളിലൂടെ സ്വയം പേരെടുക്കാന്‍ വൃഥാശ്രമം നടത്തുന്ന വാള്‍മാര്‍ട്ട്, തങ്ങള്‍ക്ക് ചരക്കു നല്‍കുന്നവരെ ഞെക്കിപ്പിഴിഞ്ഞു വിലകുറച്ചു സംഭരണം നടത്തുന്നതില്‍ വിട്ടുവീഴ്ചയില്ലാത്തവരാണ്. കുറഞ്ഞവിലയ്ക്ക് ചരക്ക് നല്‍കാന്‍ നിര്‍ബന്ധിതരാകുന്ന വിതരണക്കാര്‍ അതിലും വളരെ കുറഞ്ഞ വിലയ്ക്ക് ചരക്ക് നിര്‍മിച്ചു നല്‍കാന്‍ തയ്യാറാകുന്ന ഉല്‍പ്പാദകരെ തേടിപ്പിടിക്കുന്നു. ഇടപാടില്‍ ലാഭം കുറയുന്നു എന്നു ബോധ്യപ്പെടുന്ന ഉല്‍പ്പാദകരാകട്ടെ ആദ്യം ചെയ്യുന്നത് തൊഴിലാളികള്‍ക്കുള്ള വേതനം വെട്ടിക്കുറയ്ക്കുക എന്നതാണ്. മാത്രമല്ല, മറ്റ് ആനുകൂല്യങ്ങളും തൊഴില്‍ സ്ഥലത്തെ സുരക്ഷിതത്വവും പേരിനുമാത്രമാക്കി അധികൃതരുടെ കണ്ണുവെട്ടിക്കുന്നു.

ഈ തന്ത്രം ഉപയോഗിച്ചാണ് വാള്‍മാര്‍ട്ടിന്റെ ചുവടുപിടിച്ച്, അവികസിതരാജ്യങ്ങളിലേക്ക് അമേരിക്കന്‍-യൂറോപ്യന്‍ കമ്പനികള്‍ പുറംപണി വ്യാപിപ്പിക്കാന്‍ തുടങ്ങിയത്. ഒരുമണിക്കൂര്‍ ജോലിക്ക് ശരാശരി 10 ഡോളര്‍ (540 രൂപ) അമേരിക്കയില്‍ മിനിമംകൂലി ഉള്ളപ്പോഴാണ് 2010ല്‍ മണിക്കൂറിന് 35 സെന്റ് (18 രൂപ) ആവശ്യപ്പെട്ട് ബംഗ്ലാദേശിലെ വസ്ത്രനിര്‍മാണത്തൊഴിലാളികള്‍ ശബ്ദം ഉയര്‍ത്തിയത്. അതിനെ വാള്‍മാര്‍ട്ട് ശക്തിയായി എതിര്‍ത്തു. തുച്ഛ കൂലിക്കു പണിചെയ്യിപ്പിച്ച് ചരക്ക് സംഭരിക്കാനുള്ള വിദ്യ കൈവശമുള്ളപ്പോള്‍ അവരെന്തിനു കൂടുതല്‍ മുടക്കണം. 25-30 രൂപയ്ക്ക് ബംഗ്ലാദേശിലെ തൊഴിലാളികളെക്കൊണ്ടു പണിചെയ്തു സംഭരിക്കുന്ന ഒരു ടീ-ഷര്‍ട്ട്, സ്വന്തം കപ്പലില്‍ അമേരിക്കയിലെ സ്വന്തം(!) തുറമുഖത്ത് എത്തിച്ച്, അവിടത്തെ സ്വന്തം കടകളില്‍ മേഡ് ഇന്‍ യുഎസ്എ എന്ന് ലേബല്‍ ഒട്ടിച്ച് ഇവര്‍ വില്‍ക്കുന്നതോ, 600-1300 രൂപയ്ക്ക്. വാള്‍മാര്‍ട്ടിന്റെ സ്വന്തം എന്നു പറയാവുന്ന കലിഫോര്‍ണിയയിലെ ലോങ്ബിച്ച് തുറമുഖത്ത്, വാള്‍മാര്‍ട്ടിന്റെ 5000 കപ്പലുകളാണ് ഒരു വര്‍ഷം ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള ചരക്കുമായി വന്നടുക്കുന്നത്.

കത്തിക്കരിഞ്ഞ വസ്ത്രങ്ങള്‍ക്കിടയില്‍ വാള്‍മാര്‍ട്ടിന്റെ കുട്ടിനിക്കര്‍ ബ്രാന്‍ഡായ ഫേഡഡ് ഗ്ലോറിയുടെ കുറെയെണ്ണം കേടില്ലാതെ അവശേഷിച്ചതോടെ, കമ്പനിക്കു കൈകഴുകാനാവില്ലെന്നു തീര്‍ച്ചയായി. അതിനിടെ, ഫാക്ടറിയില്‍ തീപിടിത്തം നേരിടാന്‍ സുരക്ഷാസംവിധാനം വേണമെന്ന് തനിക്കറിയില്ലായിരുന്നു എന്ന് ഉടമ വിചിത്രമായ ഒരു വാദവും ഉയര്‍ത്തി. കമ്പനിയില്‍ അപകട സാധ്യതയുണ്ടെന്ന് വാള്‍മാര്‍ട്ടിനു കഴിഞ്ഞ വര്‍ഷമേ അറിയാമായിരുന്നത്രെ. ഇക്കാര്യം തസ്റീന്‍ കമ്പനിയുടെ വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്തതുമാണ്. എന്നിട്ടും ആരും അനങ്ങിയില്ല.

എക്കാലവും തൊഴിലാളിവിരുദ്ധനിലപാടുകളിലൂടെ ആഗോളകുപ്രസിദ്ധി നേടിയ വാള്‍മാര്‍ട്ടിന്റെ അമേരിക്കയിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ രാത്രി ഷിഫ്റ്റുകാരെ പുറത്തുപോകുന്നതു വിലക്കി പൂട്ടിയിടുക പതിവാണ്. ഇതിനെതിരെ അമേരിക്കയിലുടനീളം പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. അടിയന്തര വൈദ്യസഹായം ആവശ്യമുള്ള ആസ്ത്മാ രോഗികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരോട് ലവലേശം മനുഷ്യത്വം കാണിക്കാത്ത കമ്പനി, എതിര്‍പ്പു പ്രകടിപ്പിക്കുന്ന ജീവനക്കാരെ കൈകാര്യംചെയ്യാന്‍ പ്രത്യേക ഗുണ്ടാസംഘത്തെ നിര്‍ത്തിയിട്ടുണ്ട്. തൊഴിലാളികളുടെ കൂലിയില്‍ കൈയിട്ടുവാരുന്നതിനെതിരെ കഴിഞ്ഞമാസം തെക്കന്‍ കലിഫോര്‍ണിയയിലെ കോടതിയില്‍ ഫയല്‍ചെയ്ത കേസുള്‍പ്പെടെ മലിനീകരണം, പരിസ്ഥിതി നിയമലംഘനം, ജീവനക്കാരെ പീഡിപ്പിക്കല്‍, അമിതജോലിഭഭാരം തുടങ്ങി വിവിധ വകുപ്പുകളിലായി ലോകത്തില്‍ ഏറ്റവും കൂടുതല്‍ കേസുകളില്‍ പെട്ടിരിക്കുന്ന സ്ഥാപനവും വാള്‍മാര്‍ട്ടുതന്നെ.

അമേരിക്കയിലെ തൊഴിലാളി കൂട്ടായ്മകളുമായി വാള്‍മാര്‍ട്ട് ബദ്ധശത്രുതയിലാണ്. കാരണം അവിടെ ഇരുപക്ഷത്തുമുള്ള രാഷ്ട്രീയപാര്‍ടികളും അതതു കാലത്തെ സര്‍ക്കാരുകളിലെ വമ്പന്മാരും, വാള്‍മാര്‍ട്ടിന്റെ പണം പറ്റുന്നവരോ കമ്പനി ബോര്‍ഡില്‍ അംഗങ്ങളായിരുന്നവരോ ആണ്. അതുകൊണ്ടുതന്നെ ഭരണകൂടത്തില്‍ കണക്കറ്റ സ്വാധീനവുമുണ്ട്. ഏറ്റവും വലിയ ഉദാഹരണം ഹിലരി ക്ലിന്റന്‍ തന്നെ. ഭര്‍ത്താവ് ബില്‍ ക്ലിന്റന്‍ പ്രസിഡന്റു പദവിക്കു മത്സരിച്ചപ്പോഴാണ് വാള്‍മാര്‍ട്ട് ഡയറക്ടര്‍സ്ഥാനത്തുനിന്ന് അവര്‍ രാജിവച്ചത്. ആഗോളകുപ്രസിദ്ധി നേടിയ ഈ അമേരിക്കന്‍ കമ്പനിക്കു മുന്‍പിലാണ് ഇന്ത്യന്‍ ഭരണാധികാരികള്‍ അഭിമാനം അടിയറവയ്ക്കുന്നത് എന്നത് ഓര്‍ക്കുക. ബംഗ്ലാദേശില്‍ നടന്നതുപോലുള്ള സംഭവം, ഇന്ത്യയില്‍ ആവര്‍ത്തിക്കാന്‍ ഏറെ സാധ്യതയുണ്ട്. ആണവ കരാറിന്റെ കാര്യത്തിലെന്നപോലെ ഇതിലും വിദേശകുത്തകകള്‍ക്ക് ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ പഴുതു ലഭിക്കും. ഇന്ത്യക്കാരെ പലചരക്കു കച്ചവടം പഠിപ്പിക്കാനും ലക്ഷക്കണക്കിന് ആളുകള്‍ക്കു തൊഴില്‍ നല്‍കാനും ഈ ആഗോളകമ്പനിയുടെ സാന്നിധ്യം ഇന്ത്യയില്‍ അനിവാര്യമാണെന്നു വാദിക്കുന്നവരോട് ഒരു ചോദ്യം. ഏതാണ്ട് 21,60,000 കോടി രൂപയുടെ ഇന്ത്യന്‍ ചില്ലറവിപണി 400 ലക്ഷംപേര്‍ക്ക് തൊഴില്‍ നല്‍കുന്നു. വാള്‍മാര്‍ട്ടിന്റെ വാര്‍ഷിക വിറ്റുവരവ് 22,78,000 കോടിരൂപ വരും. പക്ഷേ, അവരുടെ എല്ലാ കടകളിലുമായുള്ള ജോലിക്കാരുടെ എണ്ണം 21 ലക്ഷംമാത്രമാണ്. ഇത്ര കുറച്ച് ആളുകളെവച്ച് കച്ചവടം നടത്തുന്ന വാള്‍മാര്‍ട്ടാണ്, ഇന്ത്യയില്‍ ലക്ഷക്കണക്കിനു തൊഴിലവസരം സൃഷ്ടിക്കാന്‍ പോകുന്നതെന്ന് അവരുടെ ശമ്പളം പറ്റുന്ന ഇന്ത്യയിലെ രാഷ്ട്രീയ ഏജന്റുമാര്‍ പ്രചരിപ്പിച്ച് സാധാരണക്കാരെ വിഡ്ഢികളാക്കാന്‍ ശ്രമിക്കുന്നത്.

*
വൈക്കം മധു

Wednesday, December 12, 2012

പോരാട്ടം മാത്രം പോംവഴി

ചെറുകിട വ്യാപാരമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്കിടവരുത്തും. സാമൂഹ്യ-സാമ്പത്തിക രംഗത്തുമാത്രമല്ല നാടിന്റെ നിലനില്‍പ്പിനെത്തന്നെ ചോദ്യംചെയ്യുന്നതിലേക്കാണ് കാര്യങ്ങള്‍ വിരല്‍ചൂണ്ടുന്നത്. രാജ്യത്ത് 110 ലക്ഷം ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ ഉണ്ടെന്നാണ് കണക്ക്്. ഉടമകളും തൊഴിലാളികളുമുള്‍പ്പെടെ അഞ്ചുകോടിയോളം പേര്‍ പ്രത്യക്ഷമായി ഈ മേഖലയിലുണ്ട്. അനുബന്ധതൊഴിലാളികള്‍ വേറെ. 20 കോടിയോളം ആളുകള്‍ പ്രത്യക്ഷമായും പരോക്ഷമായും ഈ മേഖലയെ ആശ്രയിച്ചു ജീവിക്കുന്നു.

ഇന്ത്യയുടെ പൊതുവെയും സംസ്ഥാനങ്ങളുടെ പ്രത്യേകിച്ചും സമ്പദ്ഘടന നിലനില്‍ക്കുന്നതുതന്നെ വ്യാപാര-വ്യവസായ മേഖലയിലൂന്നിയാണ്. മറ്റെല്ലാ മേഖലകളിലുമെന്നതുപോലെ ചില്ലറ വ്യാപാരമേഖലയിലും വിദേശ- സ്വദേശ നിക്ഷേപം അനുവദിക്കാന്‍ കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വിദേശനിക്ഷേപം പൂര്‍ണമായി പ്രയോജനപ്പെടുത്തണമെന്നായിരുന്നു സാമ്രാജ്യത്വ ദാസന്മാരായ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെയും അന്നത്തെ വാണിജ്യമന്ത്രി കമല്‍നാഥിന്റെയും അഭിപ്രായം. അന്നും ഇടതുപക്ഷപാര്‍ടികള്‍ ഈ തീരുമാനത്തെ ശക്തിയായി എതിര്‍ത്തു. ഈ എതിര്‍പ്പുകളെ അവഗണിച്ചാണ് 2005ല്‍ ചെറുകിട വ്യാപാരമേഖലയില്‍ സിംഗിള്‍ ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ക്ക് 51 ശതമാനം വിദേശനിക്ഷേപം അനുവദിക്കാന്‍ തീരുമാനിച്ചത്. ചില്ലറവില്‍പ്പന മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപത്തിന് ചില തടസ്സങ്ങള്‍ നീക്കുന്നതിനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് വാള്‍മാര്‍ട്ട് അടക്കമുള്ള കമ്പനി പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചകളില്‍ പ്രധാനമന്ത്രി ഉറപ്പുനല്‍കിയിരുന്നു. ആ ഉറപ്പാണ് ഇപ്പോള്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ നടപ്പാക്കുന്നത്.

ഇന്ത്യന്‍ കമ്പോളത്തെ നിയന്ത്രിക്കാനുള്ള അധികാരവും അവകാശവും കോര്‍പറേറ്റ് മാനേജ്മെന്റില്‍ എത്തിപ്പെടുന്നതോടെ 1947ല്‍ നാം നേടിയ സ്വാതന്ത്ര്യവും പരമാധികാരവുമാണ് നഷ്ടമാവുന്നത്. ശതകോടീശ്വരന്മാരാലും കുത്തകകളാലും നിയന്ത്രിക്കപ്പെടുന്ന കമ്പോളമല്ല സ്വതന്ത്രഭാരതം സ്വപ്നംകണ്ടത്. ഇറക്കുമതി നിയന്ത്രണം പൂര്‍ണമായും ഒഴിവാക്കണമെന്ന വിദേശ കുത്തകകളുടെ ആഗ്രഹമാണ് പൂവണിയുന്നത്. ഏകലോക കമ്പോളമെന്ന മുതലാളിത്ത ചിന്തയ്ക്ക് കൂടുതല്‍ കരുത്തേകുകയും ഉല്‍പ്പന്നങ്ങളും മൂലധനവും വിന്യസിക്കാനുള്ള സാമ്രാജ്യത്വത്തിന്റെ എല്ലാ തടസ്സങ്ങളും നീങ്ങുകയുമാണ്.

ചില്ലറ വില്‍പ്പന മേഖലയിലേക്ക് കടന്നുവരുന്ന വിദേശ കുത്തകകള്‍ രാജ്യത്ത് നിത്യോപയോഗസാധനങ്ങളുടെ വില വന്‍തോതില്‍ വര്‍ധിപ്പിക്കുമെന്ന കാര്യം പകല്‍പോലെ വ്യക്തമാണ്. ഇന്ത്യന്‍ കുത്തകകളുടെ ഈ മേഖലയിലെ കടന്നുകയറ്റം അതിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു. വിലക്കുറവിന്റെ പ്രചാരണത്തിലൂടെ ജനങ്ങളുടെ കണ്ണ് മൂടിക്കെട്ടി അവധി വ്യാപാരത്തിന്റെയും ഊഹക്കച്ചവടത്തിന്റെയും പിന്‍ബലത്തോടെ എല്ലാ സര്‍ക്കാര്‍ നിയന്ത്രണങ്ങളെയും അതിജീവിച്ച് കുത്തക സംഭരണം ജനജീവിതത്തെ ദുസ്സഹമാക്കി. വിലക്കയറ്റം നിയന്ത്രിച്ചിരുന്ന പൊതുവിതരണ-പൊതുസംഭരണ സംവിധാനമാകെ അട്ടിമറിച്ചു. ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രിക്കാനുള്ള അധികാരം കുത്തകകളില്‍ എത്തപ്പെട്ടു. കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ നേരിട്ട് സംഭരിച്ച് അവര്‍ക്കിഷ്ടമുള്ള വിലയ്ക്ക് വില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുന്നു. എഫ്സിഐപോലുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ വേണ്ടായെന്ന നിലപാട് സര്‍ക്കാരിനെക്കൊണ്ട് നടപ്പാക്കാന്‍ ഇവര്‍ക്ക് വളരെവേഗം കഴിയുന്നു. ഇത്തരം പൊതു ഉടമസ്ഥതാ സ്ഥാപനങ്ങളുടെ സ്വാഭാവിക തകര്‍ച്ചയാണ് കുത്തകകള്‍ക്ക് ആവശ്യം. അതിന് അനുരോധമാകുന്ന തീരുമാനങ്ങളാണ് യുപിഎ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതും.

ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലെ 10 ലക്ഷത്തോളം ചെറുതും വലുതുമായ വ്യാപാര-വ്യവസായ സ്ഥാപനങ്ങളെയാണ് ഈ കുത്തകവല്‍ക്കരണത്തിന്റെ ഭവിഷ്യത്ത് ഏറ്റവുമധികം ബാധിക്കുന്നത്. വ്യാപാരവും വ്യവസായവും തൊഴിലായി സ്വീകരിച്ച ലക്ഷക്കണക്കിന് വ്യാപാരികളുടെയും അതിന്റെ എത്രയോ ഇരട്ടി വരുന്ന അനുബന്ധ തൊഴിലാളികളുടെയും ജീവിതമാണ് ഇരുളടയാന്‍ പോകുന്നത്. വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും സ്വകാര്യ ബാങ്കുകളില്‍നിന്നും വലിയ പലിശയ്ക്ക് പണം കടം വാങ്ങിയാണ് ഭൂരിപക്ഷം സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. ഒരു സ്ഥാപനത്തില്‍ ശരാശരി മൂന്ന് തൊഴിലാളികള്‍ എന്ന നിലയില്‍ ലക്ഷങ്ങള്‍ വേറെയും ഈ മേഖലയെ ആശ്രയിച്ചു മാത്രം ജീവിക്കുകയാണ്. ഇവിടെയാണ് ഇടിത്തീപോലെ സര്‍ക്കാര്‍ തീരുമാനം വന്നുപതിക്കുന്നത്. ഈ വിഷയം ഉന്നയിച്ച് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ രണ്ട് ഘട്ടമായി പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിച്ചു. വ്യാപാരസംഘടനകളുടെ നേതൃത്വത്തിലും തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലും സ്ഥാപനങ്ങള്‍ അടച്ചിട്ടുള്ള പ്രതിഷേധങ്ങളും നടന്നു. എന്നാല്‍, ഈ പ്രതിഷേധങ്ങളെയെല്ലാം അവഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം വന്നത്.

ജനാധിപത്യത്തില്‍ ഭൂരിപക്ഷം ജനങ്ങളുടെ താല്‍പ്പര്യമാണ് സംരക്ഷിക്കേണ്ടത്. എന്നാല്‍, ഇന്ത്യയില്‍ ഇന്ന് ന്യൂനപക്ഷത്തിനുവേണ്ടി ഭൂരിപക്ഷം ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ നിരസിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഫെഡറല്‍ സംവിധാനത്തില്‍ നിയമങ്ങള്‍ രാജ്യത്താകെ നടപ്പാക്കണമെന്നിരിക്കെ സംസ്ഥാനങ്ങള്‍ക്ക് ഇഷ്ടമുള്ളത് സ്വീകരിക്കാം എന്ന നിലപാട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒളിച്ചുകളിക്കുകയാണ്. കേരളത്തില്‍ എഫ്ഡിഐ പാടില്ല എന്ന നിലപാട് പ്രഖ്യാപിക്കുന്ന യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റില്‍ ഈ നിയമം നടപ്പാക്കാന്‍ വോട്ടുചെയ്തത് വിരോധാഭാസമാണ്. ചില്ലറ വില്‍പ്പന മേഖലയിലെ വിദേശ- സ്വദേശ കുത്തക പ്രവേശം സൃഷ്ടിക്കാന്‍പോകുന്ന പ്രത്യാഘാതങ്ങള്‍ക്കെതിരെ ജനസമൂഹത്തിന്റെ നിലയ്ക്കാത്ത പ്രതിരോധം ഉയര്‍ന്നുവരേണ്ടതുണ്ട്.

*
ഇ എസ് ബിജു ദേശാഭിമാനി 12 ഡിസംബര്‍ 2012

Wednesday, December 5, 2012

പാര്‍ലമെന്റിനെ ഭയക്കുന്നവര്‍

ഭരിക്കുന്നവര്‍ പാര്‍ലമെന്റിനെ ഭയക്കുന്നതെന്തുകൊണ്ട് എന്ന ചോദ്യം വീണ്ടും ഉയരുന്നു. സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം ഇടതുപക്ഷം മുമ്പ് ഉന്നയിച്ചപ്പോഴും ഭരണപക്ഷം ഒളിച്ചോടി. അന്ന് യുപിഎയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കൂടിയുണ്ടായിരുന്നു. എന്നിട്ടും വോട്ട് ചര്‍ച്ചയ്ക്ക് കോണ്‍ഗ്രസ് സന്നദ്ധമായില്ല. ദിവസങ്ങള്‍ പാര്‍ലമെന്റ് സ്തംഭിച്ചു.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നവംബര്‍ 22നാണ് ആരംഭിച്ചത്. ചില്ലറവ്യാപാരമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ച സര്‍ക്കാര്‍ തീരുമാനം പാര്‍ലമെന്റില്‍ വോട്ടെടുപ്പോടെ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷനേതാക്കള്‍ നോട്ടീസ് നല്‍കി. രാജ്യസഭയില്‍ ചട്ടം 168 അനുസരിച്ചും ലോക്സഭയില്‍ 184 അനുസരിച്ചുമാണ് നോട്ടീസ് നല്‍കിയത്. പാര്‍ലമെന്ററി നടപടിക്രമങ്ങളും കീഴ്വഴക്കവും സംബന്ധിച്ച ശാക്തര്‍ ആന്‍ഡ് കൗളിന്റെ ഗ്രന്ഥത്തില്‍ ഇപ്രകാരം പറയുന്നു- "സ്പീക്കറുടെ അനുമതിയോടെ, പൊതുതാല്‍പ്പര്യമുള്ള വിഷയത്തെ അടിസ്ഥാനമാക്കി ഏതൊരു അംഗത്തിനും ചട്ടം 184 പ്രകാരമുള്ള ഒരു പ്രമേയം ചര്‍ച്ചചെയ്യുന്നതിന് കൊണ്ടുവരാവുന്നതാണ്". സര്‍ക്കാരിന്റെ നയങ്ങളെക്കുറിച്ചോ തീരുമാനത്തെ അടിസ്ഥാനമാക്കിയോ ചര്‍ച്ചയാകാമെന്ന് ചട്ടത്തില്‍ വ്യവസ്ഥയുണ്ട്. ചര്‍ച്ചയ്ക്കുള്ള നോട്ടീസ് നല്‍കുമ്പോള്‍ പൊതുതാല്‍പ്പര്യമുള്ളതാണെന്ന വസ്തുത സ്ഥാപിക്കാന്‍ കൃത്യവും സൂക്ഷ്മവുമായ വിശദീകരണക്കുറിപ്പും ഉണ്ടാകണം.

സിപിഐ എം അംഗങ്ങള്‍ നല്‍കിയ നോട്ടീസാകട്ടെ ചില്ലറവ്യാപാരമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ച് ഫെമ നിയമം ഭേദഗതിചെയ്തുള്ള വിജ്ഞാപനം സംബന്ധിച്ചാണ്. അത് സൂക്ഷ്മവും സ്വയം സംസാരിക്കുന്നതും പൊതുപ്രാധാന്യമുള്ളതുമായ വിഷയംതന്നെയാണ്. ലോക്സഭയില്‍ ബസുദേവ ആചാര്യയും രാജ്യസഭയില്‍ സീതാറാം യെച്ചൂരിയുമാണ് നോട്ടീസ് നല്‍കിയത്. സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യുന്ന കീഴ്വഴക്കമില്ലെന്ന ദുര്‍ബലവും വാസ്തവവിരുദ്ധവുമായ വാദം ഉയര്‍ത്തിയാണ് വാണിജ്യമന്ത്രി ആനന്ദ്ശര്‍മ അതിനോട് പ്രതികരിച്ചത്. 2001 മാര്‍ച്ച് ഒന്നിന് എന്‍ഡിഎ ഭരിക്കുമ്പോള്‍ ഭാരത് അലൂമിനിയം കമ്പനി സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ നടപടിയെക്കുറിച്ച് സിപിഐ എം അംഗം രൂപ്ചന്ദ്പാല്‍ നല്‍കിയ നോട്ടീസിനെത്തുടര്‍ന്ന് പാര്‍ലമെന്റില്‍ വോട്ടെടുപ്പോടുകൂടിയ ചര്‍ച്ച നടന്നു. അന്ന് സിപിഐ എം പ്രമേയത്തെ കോണ്‍ഗ്രസ് അംഗീകരിക്കുകയാണ് ചെയ്തത്. 154നെതിരെ 239 വോട്ടുകള്‍ക്ക്് പ്രമേയം പാസാവുകയുംചെയ്തു. ഒരു ദശകത്തിനിടയില്‍ നടന്ന വസ്തുതപോലും മനസ്സിലാക്കാതെ കേന്ദ്രമന്ത്രി നടത്തിയ പ്രതികരണത്തെക്കുറിച്ചാണ്, "വാണിജ്യകാര്യങ്ങളില്‍ പരിജ്ഞാനമുണ്ടെങ്കിലും ചരിത്രജ്ഞാനമില്ലെന്നു തെളിയിച്ച പ്രതികരണ"മെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി വിശേഷിപ്പിച്ചത്. 2011 ഡിസംബര്‍ ഏഴിന് രാജ്യസഭയില്‍ നല്‍കിയ ഉറപ്പ് ലംഘിച്ചാണ് ഇപ്പോള്‍ വിദേശനിക്ഷേപത്തിന് അനുമതി നല്‍കിയത്. രാഷ്ട്രീയപാര്‍ടികളും സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചന നടത്തി സമവായം ഉണ്ടാക്കിയശേഷംമാത്രമേ ചില്ലറവ്യാപാരമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുകയുള്ളൂ എന്നായിരുന്നു വാണിജ്യമന്ത്രി നല്‍കിയ ഉറപ്പ്. ആ ഉറപ്പ് ലംഘിച്ചതിനാല്‍ സിപിഐ എം അംഗങ്ങള്‍ ഇപ്പോള്‍ മന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

ചില്ലറവ്യാപാരമേഖലയിലെ വിദേശനിക്ഷേപം സര്‍ക്കാരിന്റെ സ്വകാര്യകാര്യമല്ല; 20 കോടിയോളം ഇന്ത്യക്കാരെ ബാധിക്കുന്ന ഒരു പൊതുപ്രശ്നമാണ്. ചില്ലറ വ്യാപാര- ഉല്‍പ്പാദകമേഖലയില്‍ മാത്രമല്ല, രാജ്യത്തെ മുഴുവന്‍ ഉപഭോക്താക്കളെയും ഭാവിയില്‍ പ്രതികൂലമായി ബാധിക്കുന്ന ഒന്നായിത്തീരുകയും ചെയ്യും. അമേരിക്കയുടെയും മറ്റും സമ്മര്‍ദത്തിനു വഴങ്ങിയാണ് ഈ നയം നടപ്പാക്കുന്നത്. ഇന്ത്യയുടെ സുരക്ഷയും ജനങ്ങളുടെ ക്ഷേമവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഏതൊരു രാഷ്ട്രീയ കക്ഷിക്കും ചില്ലറ വ്യാപാരമേഖലയിലെ വിദേശനിക്ഷേപത്തെക്കുറിച്ച് ഉല്‍ക്കണ്ഠയുണ്ടാകും. എന്നാല്‍, തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ അണികളോട് ആഹ്വാനംചെയ്യുന്ന കോണ്‍ഗ്രസിനുമാത്രം അതില്ല. ചില്ലറവ്യാപാരമേഖലയില്‍ വാള്‍മാര്‍ട്ട്, ടെക്സോ, കാരിഫോര്‍ എന്നീ ഭീമന്മാര്‍ കടന്നുവന്നാല്‍ നിരവധിപേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് കോണ്‍ഗ്രസ് വാദിക്കുന്നു. എന്നാല്‍, തൊഴിലില്ലാതായി ലക്ഷങ്ങള്‍ വഴിയാധാരമാകുമെന്ന കാര്യം ബോധപൂര്‍വം വിസ്മരിക്കുന്നു.

പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചപ്പോള്‍ വോട്ടുചര്‍ച്ച നടത്താതെ ഒളിച്ചോടിയ കോണ്‍ഗ്രസ് കുതിരക്കച്ചവടത്തിനാണ് നേതൃത്വം നല്‍കുന്നത്. ലോക്സഭയില്‍ 265 അംഗങ്ങള്‍മാത്രമാണ് യുപിഎയ്ക്കുള്ളത്. തൃണമൂല്‍ കോണ്‍ഗ്രസ് യുപിഎ വിട്ടതോടെ ഭരണമുന്നണി ലോക്സഭയില്‍ ന്യൂനപക്ഷമാണ്. 2009ലെ തെരഞ്ഞെടുപ്പില്‍ ഒന്നിച്ച് മത്സരിച്ച് ജയിച്ചവരെമാത്രം കണക്കാക്കിയാല്‍ കോണ്‍ഗ്രസ് നയിക്കുന്ന മുന്നണിക്ക് ഭരിക്കാന്‍ അവകാശമില്ല. എസ്പി, ബിഎസ്പി എന്നീ കക്ഷികളുടെ അംഗങ്ങള്‍ 2009ല്‍ കോണ്‍ഗ്രസിനെക്കൂടി എതിര്‍ത്താണ് മത്സരിച്ച് വിജയിച്ച് പാര്‍ലമെന്റിലെത്തിയത്. കുതിരക്കച്ചവടത്തിലൂടെയാണ് 22 അംഗങ്ങളുള്ള എസ്പിയുടെയും 21 അംഗങ്ങളുള്ള ബിഎസ്പിയുടെയും പിന്തുണനേടി തല്‍ക്കാലം കോണ്‍ഗ്രസിന് ഭരണത്തില്‍ കടിച്ചുതൂങ്ങാനാകുന്നത്. വീണ്ടുമൊരു കുതിരക്കച്ചവടത്തിനാണ് ഒരാഴ്ച ഡല്‍ഹി സാക്ഷ്യംവഹിച്ചത്. രഹസ്യ ചര്‍ച്ചകളിലൂടെ ചില കക്ഷികളുടെ പിന്തുണ ഉറപ്പാക്കിയശേഷമാണ് വോട്ട് ചര്‍ച്ചയ്ക്ക് കോണ്‍ഗ്രസ് സന്നദ്ധമായത്. ഇടതുപക്ഷം സ്വീകരിച്ച ഉറച്ച ജനപക്ഷ നിലപാട്, അമേരിക്കന്‍ വിധേയത്വമുള്ള വിനീതദാസന്മാര്‍ മാത്രമുള്ള ഒരു സഭയല്ല പാര്‍ലമെന്റ് എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നതാണ്. എസ്പിയും ബിഎസ്പിയും ലോക്സഭയില്‍ കോണ്‍ഗ്രസിനെ പിന്തുണച്ചാല്‍ 300ല്‍ അധികം അംഗങ്ങള്‍ വിദേശനിക്ഷപ തീരുമാനത്തിന് അനുകൂലമാണെന്ന് ആരെങ്കിലും വ്യാഖ്യാനിക്കുന്നെങ്കില്‍ അവര്‍ക്ക് തെറ്റുപറ്റും. കാരണം, ഇപ്പോഴും സമാജ്വാദ്പാര്‍ടി രാജ്യസഭയില്‍ എതിര്‍ത്ത് വോട്ട് ചെയ്യുമെന്നാണ് പറയുന്നത്. വോട്ട് ചര്‍ച്ചയിലൂടെ കേന്ദ്രസര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കപ്പെടില്ലെന്നു മാത്രമല്ല, വീണ്ടും പുതിയ കുരുക്കിലേക്ക് നീങ്ങുകയും ചെയ്യും.

വിദേശനിക്ഷേപ പ്രശ്നത്തില്‍ കേരളനിയമസഭ ഐകകണ്ഠ്യേന ഒരു പ്രമേയം അംഗീകരിച്ചിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ് വിദേശനിക്ഷേപത്തിനെതിരായതിനാലാണ് വോട്ടെടുപ്പില്ലാതെയാണെങ്കിലും പ്രമേയം പാസായത്. വിദേശനിക്ഷേപം സംബന്ധിച്ച് 184-ാം ചട്ടപ്രകാരം പാര്‍ലമെന്റില്‍ ഇടതുപക്ഷ അംഗം പ്രമേയം അവതരിപ്പിക്കുമ്പോള്‍, കേരള നിയമസഭ പാസാക്കിയ പ്രമേയത്തില്‍ ആത്മാര്‍ഥമായി ഉറച്ച് നില്‍ക്കുന്നുണ്ടെങ്കില്‍ യുഡിഎഫ് പ്രതിനിധികളായി കേരളത്തില്‍നിന്ന് ലോക്സഭയിലെത്തിയ 16 അംഗങ്ങളും രാജ്യസഭയിലെ നാല് അംഗങ്ങളും പ്രമേയത്തെ അനുകൂലിക്കുകയാണ് വേണ്ടത്. കേന്ദ്ര വാണിജ്യമന്ത്രി മുമ്പ് ഉമ്മന്‍ചാണ്ടിയുടെ അവസരവാദനിലപാട് തുറന്നുകാട്ടിയിരുന്നു. വിദേശനിക്ഷേപം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരുമായി അനുകൂല നിലപാട് സ്വീകരിച്ച മുഖ്യമന്ത്രിമാരുടെ കൂട്ടത്തിലാണ് ഉമ്മന്‍ചാണ്ടിയെന്ന കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തല്‍ വന്നപ്പോള്‍ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും നിഷേധിക്കുകയാണ് ചെയ്തത്.

ചട്ടപ്രകാരം ചര്‍ച്ച നടക്കുകയും വോട്ടെടുപ്പ് പൂര്‍ത്തിയാവുകയും ചെയ്താല്‍ രാജ്യസഭയിലെ കക്ഷിനില അനുസരിച്ച് കോണ്‍ഗ്രസിന് രക്ഷപ്പെടാനാകില്ല. 244 അംഗങ്ങളാണ് രാജ്യസഭയിലുള്ളത്. അതില്‍ ഭൂരിപക്ഷവും വിദേശനിക്ഷേപത്തിനെതിരായ നിലപാട് സ്വീകരിക്കുന്നവരാണ്. അപ്പോഴാണ് ധാര്‍മികതയുടെ പ്രശ്നം ഉയര്‍ന്നുവരിക. ലോക്സഭയില്‍ കുതിരക്കച്ചവടത്തിലൂടെ വിജയിക്കുകയും രാജ്യസഭയില്‍ പരാജയപ്പെടുകയും ചെയ്താല്‍ കോണ്‍ഗ്രസ് എന്തുചെയ്യും. ധാര്‍മികമായി കോണ്‍ഗ്രസിന് ഭരിക്കാനുള്ള അര്‍ഹത എന്നേ നഷ്ടപ്പെട്ടുകഴിഞ്ഞു.

വിദേശനിക്ഷേപം സംബന്ധിച്ച ചര്‍ച്ച കഴിഞ്ഞാലും വീണ്ടുമൊരു ചര്‍ച്ച പാര്‍ലമെന്റില്‍ അനിവാര്യമാണ്. വിദേശനാണ്യ വിനിമയ മേല്‍നോട്ട നിയമത്തിലെ 47-ാം വകുപ്പ് പ്രകാരമാണ് റിസര്‍വ് ബാങ്ക് നേരിട്ടുള്ള വിദേശനിക്ഷേപ നിയമം ഭേദഗതിചെയ്ത് വിജ്ഞാപനമിറക്കിയത്. പ്രസ്തുത നിയമത്തിലെ 48-ാം വകുപ്പ് പ്രകാരം ഭേദഗതിചെയ്താല്‍ അതിന് പാര്‍ലമെന്റിന്റെ അംഗീകാരം തേടണം. റിസര്‍വ് ബാങ്ക് നിയമം ഭേദഗതിചെയ്തതിനുശേഷം ചേരുന്ന ആദ്യ പാര്‍ലമെന്റ് സമ്മേളനമായതിനാല്‍ വിജ്ഞാപനം സഭയുടെ മേശപ്പുറത്ത് വയ്ക്കേണ്ടിവരും. ചട്ടപ്രകാരം പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചാല്‍ 15 ദിവസത്തിനകം സഭയുടെ അംഗീകാരം തേടേണ്ടതും 30 ദിവസത്തിനകം അംഗീകരിക്കുകയും ചെയ്യേണ്ടതാണ്. ഇത്തരം ചട്ടങ്ങളും നിബന്ധനകളും പാര്‍ലമെന്റിനെയും ജനങ്ങളെയും ഉത്തമതാല്‍പ്പര്യത്തോടെ കാണുന്നവര്‍ക്കുമാത്രമേ ബാധകമാകൂ. പാര്‍ലമെന്ററി വ്യവസ്ഥയെപ്പോലും അട്ടിമറിക്കാന്‍ മടി കാണിക്കാത്ത കോണ്‍ഗ്രസില്‍നിന്ന് ജനാധിപത്യബോധവും സാമൂഹ്യനീതിയും പ്രതീക്ഷിക്കാമോ?

*
എം വി ജയരാജന്‍ ദേശാഭിമാനി

Monday, November 26, 2012

പാര്‍ലമെന്റിനെ മാനിക്കണം

വളര്‍ന്നുവരുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് നടുവിലാണ് പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം ആരംഭിച്ചത്. കൊട്ടിഘോഷിച്ച മന്ത്രിസഭ പുനഃസംഘടനകൊണ്ടൊന്നും പ്രധാന ജനകീയപ്രശ്നങ്ങള്‍ കൈകാര്യംചെയ്യാന്‍ കഴിയുംവിധം രണ്ടാം യുപിഎ സര്‍ക്കാരിന്റെ ആത്മവിശ്വാസം ഉയര്‍ന്നിട്ടില്ല. അടിക്കടി ഉയരുന്ന അഴിമതിയാരോപണങ്ങളും അപവാദങ്ങളും മുഖ്യഭരണകക്ഷിയായ കോണ്‍ഗ്രസിനെ പിടിച്ചുലയ്ക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് മുന്നണി വിട്ടുപോവുകയും, മന്ത്രിസഭ പുനഃസംഘടനയില്‍ പുതിയ പ്രതിനിധികളെ ഉള്‍പ്പെടുത്താന്‍ ഡിഎംകെ വിസമ്മതിക്കുകയും ചെയ്തതോടെ യുപിഎതന്നെ ഭദ്രമല്ലാത്ത അവസ്ഥയിലാണ്. പുറത്തുനിന്ന് പിന്തുണയ്ക്കുന്ന എസ്പിയെയും ബിഎസ്പിയെയും ആശ്രയിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടുനീങ്ങുന്നത്.

മറുവശത്ത്, പാര്‍ടി അധ്യക്ഷന്‍തന്നെ അഴിമതിയാരോപണങ്ങളില്‍ കുടുങ്ങിയതോടെ മുഖ്യപ്രതിപക്ഷകക്ഷിയായ ബിജെപിയുടെ സ്ഥിതിയും പരിതാപകരമാണ്. ഈ പ്രതിസന്ധികളുടെ സാഹചര്യത്തില്‍, ജനങ്ങള്‍ക്ക് ക്ഷേമവും ആശ്വാസവും എത്തിക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാരിനെ പാര്‍ലമെന്റില്‍ ഏതുവിധത്തില്‍ പ്രതികൂട്ടിലാക്കാന്‍ കഴിയുമെന്നത് കാത്തിരുന്നു കാണണം. പാര്‍ലമെന്റിന്റെ അലസിപ്പിരിഞ്ഞ വര്‍ഷകാലസമ്മേളനത്തിനുശേഷമുള്ള കാലയളവ്, ചില്ലറവ്യാപാരമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്ഡിഐ) അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരായ പ്രതിഷേധത്താല്‍ മുഖരിതമായിരുന്നു. ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ചര്‍ച്ച നടത്തി അഭിപ്രായസമന്വയത്തില്‍ എത്തിയശേഷംമാത്രമേ എഫ്ഡിഐ അനുവദിക്കാനുള്ള തീരുമാനം നടപ്പാക്കൂ എന്ന് ബജറ്റ് സമ്മേളനത്തില്‍ അന്നത്തെ ധനമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജി ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, ആ ഉറപ്പ് ലംഘിച്ച് എഫ്ഡിഐ അനുവദിച്ച തീരുമാനം നടപ്പാക്കുകയാണ്. ഇതിനെതിരെ വിവിധ രാഷ്ട്രീയപാര്‍ടികള്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.

ഇടതുപക്ഷ പാര്‍ടികള്‍ക്കൊപ്പം എസ്പി, തെലുങ്കുദേശം, ജനതാദള്‍ എസ്, ബിജു ജനതാദള്‍ പാര്‍ടികള്‍ ആഹ്വാനംചെയ്ത ദേശീയഹര്‍ത്താലിന് രാജ്യമെമ്പാടും ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. ഡല്‍ഹിയില്‍ ഈ പാര്‍ടികളുടെ ദേശീയനേതാക്കള്‍ അറസ്റ്റ്വരിച്ചു. അന്നേദിവസംതന്നെ, സെപ്തംബര്‍ 20ന്, ചെറുകിട വ്യാപാരി സംഘടനകളുടെ ദേശീയ ഫെഡറേഷന്‍ ഭാരത് ബന്ദിന് ആഹ്വാനം നല്‍കി. യുപിഎയിലെ പ്രധാന ഘടകകക്ഷിയായ ഡിഎംകെയും സര്‍ക്കാര്‍ തീരുമാനത്തിന് എതിരാണ്. എഐഎഡിഎംകെയുടെ നിലപാടും വ്യത്യസ്തമല്ല. ഈ കക്ഷികളുടെയെല്ലാം അംഗബലം ചേര്‍ന്നാല്‍ പാര്‍ലമെന്റിന്റെ ഇരുസഭയിലും ഭൂരിപക്ഷമാകും. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം തള്ളണമെന്ന് ആവശ്യപ്പെട്ട് വോട്ടെടുപ്പോടെയുള്ള പ്രമേയചര്‍ച്ചയ്ക്ക് പാര്‍ലമെന്റിന്റെ ഇരുസഭയിലും സിപിഐ എം നേതാക്കള്‍ നോട്ടീസ് നല്‍കിയത്. ഇത്തരമൊരു ചര്‍ച്ചയ്ക്കും പ്രമേയം വോട്ടിനിടുന്നതിനും നിര്‍ബന്ധിക്കുന്നതിലൂടെ, ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കുംവിധം രാജ്യത്തെ ചില്ലറവിപണി വിദേശകുത്തകകള്‍ക്ക് തുറന്നുകൊടുക്കാനുള്ള സര്‍ക്കാര്‍ശ്രമങ്ങള്‍ക്ക് തിരിച്ചടി നല്‍കാനാകും.

സര്‍ക്കാരിനെ താഴെയിറക്കാന്‍ ഇപ്പോള്‍ ആഗ്രഹിക്കാത്ത എസ്പിക്കും ബിഎസ്പിക്കുംപോലും എഫ്ഡിഐ അനുവദിച്ച തീരുമാനത്തിനെതിരെ വോട്ടുചെയ്യേണ്ടിവരും. ഈ അടവുനയം വഴി രണ്ടാം യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടിക്ക് ഫലപ്രദമായി തടയിടാന്‍ കഴിയും. എന്നാല്‍, യുപിഎയില്‍നിന്ന് അകന്നുപോയ തൃണമൂല്‍ കോണ്‍ഗ്രസ് ഈ അടവുനയത്തിനെതിരെ രംഗത്തുവന്നു. സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്ക് മറയിടുംവിധം അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് തൃണമൂല്‍ചെയ്തത്.

അവിശ്വാസം പാസാക്കാനുള്ള അംഗബലം നിലവില്‍ ലഭിക്കില്ല. അവിശ്വാസപ്രമേയം പരാജയപ്പെട്ടാല്‍ സര്‍ക്കാരിന് അത് തങ്ങളുടെ നയസമീപനങ്ങള്‍ക്ക് ലഭിച്ച അംഗീകാരമായി അവകാശപ്പെടാന്‍ കഴിയും. ആറ് മാസത്തേക്ക് അവിശ്വാസപ്രമേയം നേരിടുകയെന്ന ഭീഷണി ഒഴിവാക്കാനും കഴിയും. ഇത്തരത്തില്‍ കോണ്‍ഗ്രസിന്റെ ബി ടീമായി പ്രവര്‍ത്തിക്കുകയാണ് തൃണമൂല്‍. ഏതായാലും പിന്തുണയില്ലാത്തതുമൂലം തൃണമൂലിന്റെ അവിശ്വാസപ്രമേയ നോട്ടീസ് തള്ളി. അതേസമയം, ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ വോട്ടെടുപ്പോടുകൂടിയ ചര്‍ച്ച ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ്. ഭരണനിര്‍വഹണ അവകാശം ഉപയോഗിച്ച് സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ പാര്‍ലമെന്റില്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ചയ്ക്ക് വിധേയമാക്കിയ ചരിത്രമില്ലെന്നാണ് കോണ്‍ഗ്രസ് വാദം. എന്നാല്‍ 2001 മാര്‍ച്ച് ഒന്നിന്, എന്‍ഡിഎ ഭരണകാലത്ത് ഭാരത് അലുമിനിയം കമ്പനി ലിമിറ്റഡ് (ബാല്‍കോ) ഓഹരി വിറ്റഴിക്കാനുള്ള തീരുമാനത്തിനെതിരെ സിപിഐ എം അംഗം രൂപ്ചന്ദ്പാല്‍ കൊണ്ടുവന്ന പ്രമേയം പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യുകയും വോട്ടിനിടുകയുംചെയ്തു. അന്ന് ഈ പ്രമേയത്തെ കോണ്‍ഗ്രസ് പിന്തുണച്ചു. ഈ ചരിത്രസത്യം മറച്ചുവച്ചാണ് പാര്‍ലമെന്ററികാര്യ മന്ത്രി ഇപ്പോള്‍ വിചിത്രവാദം ഉന്നയിക്കുന്നത്.

രാജ്യത്തെ ജനസംഖ്യയുടെ അഞ്ചിലൊന്നിന്റെ ഉപജീവനമാര്‍ഗം ഇല്ലാതാക്കുന്നതാണ് ചില്ലറവ്യാപാരമേഖലയിലെ വിദേശനിക്ഷേപം. ഇക്കാര്യത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയും വോട്ടും നിഷേധിക്കുന്നത് ജനാധിപത്യത്തിനുനേരെയുള്ള കടുത്ത ആക്രമണമാണ്. കൂടാതെ, ചില്ലറവ്യാപാരമേഖലയില്‍ എഫ്ഡിഐ അനുവദിച്ച തീരുമാനത്തിനെതിരെ സുപ്രീംകോടതിയില്‍ പൊതുതാല്‍പ്പര്യഹര്‍ജി ഫയല്‍ചെയ്തിട്ടുണ്ട്. ഈ മേഖലയില്‍ എഫ്ഡിഐ അനുവദിക്കാന്‍ ചട്ടങ്ങള്‍ ഭേദഗതിചെയ്ത് റിസര്‍വ് ബാങ്ക് വിജ്ഞാപനം പുറപ്പെടുവിച്ചത് കോടതി വിഷയത്തില്‍ ഇടപെട്ടശേഷമാണ്. ഒക്ടോബര്‍ 30നാണ് ഇതിന്റെ ഗസറ്റ് വിജ്ഞാപനം വന്നത്.

ഭേദഗതികള്‍ സര്‍ക്കാര്‍ പാര്‍ലമെന്റിനു മുമ്പാകെ സമര്‍പ്പിക്കുകയില്ലെന്ന് ഭയക്കേണ്ട ഒരു കാര്യവുമില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. ശീതകാലസമ്മേളനം തുടങ്ങാനിരിക്കെ, ഇക്കാര്യത്തില്‍ പാര്‍ലമെന്റിന്റെ തീരുമാനം അറിയാന്‍ അപ്പീലിന്മേല്‍ വിധി പറയുന്നത് കോടതി മാറ്റുകയായിരുന്നു. സര്‍ക്കാര്‍ ശരിയായ അര്‍ഥത്തില്‍ ഇക്കാര്യം ഉള്‍ക്കൊണ്ട് പാര്‍ലമെന്റില്‍ ചര്‍ച്ചയും വോട്ടെടുപ്പും അനുവദിക്കണം. ഭരണഘടനപ്രകാരം രാജ്യത്തിന്റെ പരമാധികാരികള്‍ ജനങ്ങളാണ്, ജനപ്രതിനിധികളിലൂടെയാണ് അവര്‍ അധികാരം കൈയാളുന്നത്. ഭരണഘടനയുടെ അന്തഃസത്ത കാത്തുസൂക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

Friday, July 27, 2012

രാജ്യത്തെ രക്ഷിക്കാന്‍ ഉയരുന്ന യോജിപ്പ്

ചില്ലറവില്‍പ്പന മേഖലയില്‍ 51 ശതമാനം വരെയും സിംഗിള്‍ ബ്രാന്റ് ചില്ലറവില്‍പ്പനമേഖലയില്‍ 100 ശതമാനവും വിദേശനിക്ഷേപം അനുവദിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി രാജ്യത്തെ സമസ്ത മേഖലയിലും പ്രതിസന്ധി സൃഷ്ടിക്കും എന്ന യാഥാര്‍ഥ്യം സര്‍ക്കാരിനെ നയിക്കുന്ന കോണ്‍ഗ്രസിനുപോലും നിഷേധിക്കാനാകില്ല. ആത്മഹത്യാപരമാണ് അത്തരം നടപടിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍തന്നെ അഭിപ്രായപ്പെട്ടതുമാണ്. ഇന്ത്യക്കോ ഇന്ത്യക്കാര്‍ക്കോ അല്ല അതിന്റെ പ്രയോജനം ലഭിക്കുക. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഏറ്റവുമൊടുവിലത്തെ പ്രസ്താവനയില്‍ അത് ആവര്‍ത്തിച്ച് വ്യക്തമാകുന്നുണ്ട്. ചില്ലറ വ്യാപാര മേഖലയില്‍ വിദേശനിക്ഷേപത്തിന് ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തിയതില്‍ അമേരിക്കന്‍ വ്യവസായസമൂഹത്തിന് ആശങ്ക ഉണ്ടെന്നാണ് പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ ഒബാമ വ്യക്തമാക്കിയത്. അമേരിക്കന്‍ കമ്പനികള്‍ക്ക് ഇന്ത്യയില്‍ വന്‍തോതില്‍ നിക്ഷേപത്തിന് ആഗ്രഹമുണ്ടെങ്കിലും ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണെന്ന് അമേരിക്കന്‍ വ്യവസായികള്‍ അഭിപ്രായപ്പെട്ടതായി അദ്ദേഹം പരാതിരൂപേണ പറയുന്നു. ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ചില്ലറവ്യാപാരമേഖലയിലെ വിദേശനിക്ഷേപം അത്യാവശ്യമാണെന്നും ആ നിക്ഷേപമാണ് ഇന്ത്യയുടെ സാമ്പത്തികഭാവി തീരുമാനിക്കുകയെന്നും അഭിപ്രായപ്പെട്ടുകൊണ്ട്, താന്‍ ഇന്ത്യയ്ക്ക് നല്ലതുവരാന്‍ ആഗ്രഹിക്കുന്ന സുമനസ്സിനുടമയാണെന്ന പ്രതീതി സൃഷ്ടിക്കാനാണ് അഭിമുഖത്തിലൂടെ അമേരിക്കന്‍ പ്രസിഡന്റ് ശ്രമിച്ചത്. യാഥാര്‍ഥ്യത്തിന്റെ നേര്‍വിപരീതദൃശ്യമാണിത്. യഥാര്‍ഥത്തില്‍ അമേരിക്കന്‍ ചില്ലറവ്യാപാര ഭീമന്മാര്‍ക്കുവേണ്ടിയുള്ള വക്കാലത്താണ് ഒബാമ ഏറ്റെടുത്തത്. അതിലുമുപരി, ഉപദേശമായി പുറത്തുതോന്നുന്ന ആ വാക്കുകള്‍ താക്കീതിന്റെതും സമ്മര്‍ദത്തിന്റേതുമാണ്. നിങ്ങള്‍ ഉടനെ ചില്ലറവ്യാപാരത്തിന്റെ വാതിലുകള്‍ വാള്‍മാര്‍ട്ടടക്കമുള്ള ഭീമന്മാര്‍ക്ക് തുറന്നുകൊടുത്തുകൊള്ളണം എന്ന് യുപിഎ സര്‍ക്കാരിനോടാവശ്യപ്പെടുകയാണ്, ആ നടപടിയുടെ വേഗം കൂട്ടണമെന്ന് ആജ്ഞാപിക്കുകയാണ് ഒബാമ.

ഇന്ത്യന്‍ വാര്‍ത്താ ഏജന്‍സിയെ വിളിച്ചുവരുത്തിയാണ് അമേരിക്കന്‍ പ്രസിഡന്റ് "അഭിമുഖം" നല്‍കിയത് എന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. എല്ലാതലത്തിലും യുപിഎ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കി കാര്യംനേടുക എന്ന തന്ത്രത്തിന്റെ ഭാഗമാണിത്. ഇതിനെ അതിജീവിക്കാനുള്ള ത്രാണി യുപിഎ സര്‍ക്കാരിനില്ല. അതുകൊണ്ടുതന്നെ, അമേരിക്കന്‍ പ്രസിഡന്റിന്റെ ആജ്ഞയ്ക്കൊത്തുള്ള നടപടികളാണ് വരുംനാളുകളില്‍ ഉണ്ടാകാന്‍ പോകുന്നത്. ആ അപകടം തിരിച്ചറിഞ്ഞ് ശക്തമായ പ്രതിരോധം ഉയര്‍ത്തേണ്ടത് രാജ്യത്തിന്റെ രക്ഷയ്ക്കുതന്നെ അത്യന്താപേക്ഷിതമാണ്. വിദേശനിക്ഷേപം അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഇടതുപക്ഷ പാര്‍ടികളും സമാജ്വാദി പാര്‍ടിയും ജനതാദള്‍ എസും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് സംയുക്തമായി അയച്ച കത്ത്, ആ രംഗത്തെ പ്രതിരോധമുന്നേറ്റത്തിന്റെ ശ്രദ്ധേയമായ ചുവടുവയ്പ്പാണ്. സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സമാജ്വാദി പാര്‍ടി അധ്യക്ഷന്‍ മുലായംസിങ് യാദവ്, സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി, ആര്‍എസ്പി സെക്രട്ടറി അബനി റോയ്, ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ദേവബ്രത ബിശ്വാസ്, ജെഡി എസ് ജനറല്‍ സെക്രട്ടറി ഡാനിഷ് അലി എന്നിവര്‍ ഒപ്പുവച്ചാണ് കത്തയച്ചത്. എന്‍ഡിഎ സഖ്യകക്ഷിയായ ജനതാദള്‍ യുണൈറ്റഡും ഇതിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

കൃഷി കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ദാതാവാണ് ചില്ലറ വില്‍പ്പനമേഖലയെന്ന് കത്ത് കേന്ദ്ര സര്‍ക്കാരിനെ ഓര്‍മിപ്പിക്കുന്നു. ബഹുരാഷ്ട്ര കുത്തകകള്‍ ഈ രംഗത്തേക്ക് കടന്നുവരുന്നതോടെ ചെറുകിട കച്ചവടക്കാര്‍ കൂട്ടത്തോടെ കച്ചവടം അവസാനിപ്പിക്കേണ്ടിവരും. വാള്‍മാര്‍ട്ടിന്റെ ഒരു സൂപ്പര്‍ മാര്‍ക്കറ്റ് നിലവില്‍വന്നാല്‍ ഏതാണ്ട് 1300 ചെറുകിടസ്ഥാപനങ്ങള്‍ പൂട്ടേണ്ടിവരും. 3900 പേര്‍ തൊഴില്‍രഹിതരാകും- കത്ത് മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ നീക്കത്തിനെതിരെ യോജിച്ച പ്രക്ഷോഭത്തിന് പ്രതിപക്ഷം തയ്യാറാകണമെന്നാവശ്യപ്പെട്ടാണ് ജെഡിയു നേതാവ് ശരത് യാദവ് രംഗത്തുവന്നത്. ഇന്ത്യയിലെ സാധാരണ ജനങ്ങളെ സംരക്ഷിക്കുന്നതിലുമേറെ അമേരിക്കയുടെയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുടെയും ഇംഗിതം നടപ്പാക്കാനും വാള്‍മാര്‍ട്ട്, ടെസ്കോ, കാരിഫോര്‍ തുടങ്ങിയ ബഹുരാഷ്ട്ര കുത്തകകളെ സഹായിക്കുന്നതിനുമാണ് യുപിഎ സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. ലോകത്തില്‍ ജനസംഖ്യാനുപാതികമായി ഏറ്റവും കൂടുതല്‍ കച്ചവടസ്ഥാപനങ്ങള്‍ ഉള്ള രാജ്യമാണ് ഇന്ത്യ. രാജ്യത്താകെ 1.2 കോടി കച്ചവടസ്ഥാപനങ്ങളിലായി നാലുകോടി പേര്‍ക്ക് തൊഴില്‍ നല്‍കുന്ന മേഖലയാണിത്. 95 ശതമാനവും സ്വയം തൊഴിലായാണ് ഈ സ്ഥാപനങ്ങള്‍ നടത്തുന്നത്. ഇവരുടെ തൊഴില്‍ നഷ്ടപ്പെടുക എന്നതിന് രാജ്യം ദാരിദ്ര്യത്തിന്റെ കൂടുതല്‍ അഗാധമായ ഗര്‍ത്തത്തിലേക്ക് പതിക്കുക എന്നുതന്നെയാണര്‍ഥം. ഏതാണ്ട് 23 ലക്ഷം കോടി രൂപയുടെ വാണിജ്യം നടക്കുന്നതാണ് ഇന്ത്യന്‍ ചില്ലറ വ്യാപാര മേഖല. ആ വലുപ്പംതന്നെയാണ് അമേരിക്കയെ ആകര്‍ഷിക്കുന്നത്. ബഹുരാഷ്ട്ര കുത്തകകളും വിദേശ സര്‍ക്കാരുകളും നിരന്തരം സമ്മര്‍ദം ചെലുത്തിയിട്ടും ഇടതുപക്ഷ പാര്‍ടികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് ഒന്നാം യുപിഎ സര്‍ക്കാര്‍ വിദേശനിക്ഷേപത്തിന് അനുമതി നല്‍കാതിരുന്നത്. രണ്ടാം യുപിഎ സര്‍ക്കാരിന് അത്തരം നിയന്ത്രണങ്ങളില്ല. അതുകൊണ്ടുതന്നെ രാജ്യതാല്‍പ്പര്യം തകര്‍ക്കുന്ന തീരുമാനങ്ങളുമായി നിര്‍ബാധം മുന്നേറുകയാണവര്‍. അക്കൂട്ടത്തിലൊന്നാണ് ചില്ലറ വ്യാപാര മേഖലയുടെ വാതിലുകള്‍ തുറന്നിടല്‍. ജനങ്ങളുടെ ശക്തമായ ചെറുത്തുനില്‍പ്പിലൂടെ മാത്രമേ ഇത്തരം ജനവിരുദ്ധനയങ്ങളെ തിരുത്തിക്കാന്‍ കഴിയൂ. ആ ചെറുത്തുനില്‍പ്പ് വിശാലമായ ഐക്യത്തിന്റെയും ലക്ഷ്യബോധത്തിന്റെയും അടിത്തറയില്‍ ഉയര്‍ന്നുവരേണ്ടതാണ്. ജനങ്ങളെയും രാജ്യത്തെയും ബാധിക്കുന്ന സുപ്രധാന പ്രശ്നത്തില്‍ ഇപ്പോള്‍ രൂപപ്പെട്ട കൂട്ടായ്മയുടെ പ്രാധാന്യം വളരെ വലുതാണെന്നര്‍ഥം.

*
ദേശാഭിമാനി മുഖപ്രസംഗം 26 ജൂലൈ 2012

Wednesday, July 18, 2012

ഒബാമയുടെ സമ്മര്‍ദം

ചില്ലറ വില്‍പ്പനയുള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ത്യ ഉദാരവല്‍ക്കരണം തീവ്രമാക്കണമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഉപദേശിക്കുന്നത്. ഒബാമ ഇന്ത്യയെ ഉപദേശിച്ചു എന്നതിന് ഇന്ത്യക്കുമേലുള്ള സമ്മര്‍ദം രൂക്ഷമാക്കുന്നു എന്നതാണ് അര്‍ഥം. സാമ്പത്തികപരിഷ്കരണങ്ങളുടെ മറ്റൊരധ്യായം തുടങ്ങാന്‍ സമയമായി എന്നുപറയുന്ന ഒബാമ ചില്ലറവ്യാപാരമേഖലയുടെ വാതിലുകള്‍ വിദേശനിക്ഷേപത്തിന് സമ്പൂര്‍ണമായി തുറന്നുകൊടുക്കണമെന്ന് ഊന്നിപ്പറയുന്നു. ഇത് ഇന്ത്യയുടെ സാമ്പത്തികനില മെച്ചപ്പെടുത്തുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇതേ ഒബാമയാണ്, അമേരിക്ക നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് ഇന്ത്യയിലേക്ക് പുറംജോലികള്‍ നല്‍കുന്നതാണെന്നും "ഔട്ട് സോഴ്സിങ്" എന്ന ആ ഏര്‍പ്പാട് അവസാനിപ്പിക്കണമെന്ന് വാദിച്ചതും അതിനുരോധമായ തീരുമാനമെടുത്തതും. അമേരിക്കന്‍ കമ്പനികള്‍ക്കുവേണ്ടി ഇന്ത്യയില്‍ വിവിധ സേവനങ്ങള്‍ക്കായി ഇവിടത്തെ ചെറുപ്പക്കാരെ നിയോഗിച്ചാല്‍ സ്വന്തം രാജ്യത്തിന് അപകടമാണെന്ന് ഒബാമയ്ക്കറിയാം. ഇന്ത്യയിലെ ചെറുകിട വ്യാപാരമേഖലയുടെ വാതിലുകള്‍ മലര്‍ക്കെ തുറന്ന് അമേരിക്കന്‍ വ്യാപാരഭീമന്മാര്‍ പ്രവേശിക്കുകയും ലാഭംകൊയ്ത് കടല്‍കടത്തുകയും ചെയ്താല്‍ ഇന്ത്യക്കാണോ അമേരിക്കയ്ക്കാണോ പ്രയോജനം എന്നചോദ്യത്തിന് ഒബാമ ഉത്തരം പറയുന്നില്ല. പകരം "ഇന്ത്യയില്‍ ചില്ലറ വില്‍പ്പനയുള്‍പ്പെടെയുള്ള പല മേഖലയിലും നിക്ഷേപത്തിന് പറ്റിയ സാഹചര്യമില്ലെന്ന് അമേരിക്കന്‍ നിക്ഷേപകര്‍ പരാതിപ്പെടുന്നുണ്ട്" എന്നതിലാണദ്ദേഹത്തിന്റെ സങ്കടം. അമേരിക്കന്‍ നിക്ഷേപകരുടെ പരാതി തീര്‍ക്കാന്‍ ബാധ്യതപ്പെട്ടവരാണ് ഇന്ത്യയിലെ ഭരണം നയിക്കുന്നത് എന്ന ബോധ്യവും ആ വാക്കുകളിലുണ്ട്.

ഇരുരാജ്യങ്ങളിലും ആവശ്യമായ തൊഴിലവസരം സൃഷ്ടിക്കുന്നതിനും ഇന്ത്യക്ക് വളര്‍ച്ച കൈവരിക്കുന്നതിനും ഉദാരവല്‍ക്കരണം തീവ്രമാക്കണമെന്നും പുതിയ പരിഷ്കരണങ്ങള്‍ നടപ്പാക്കേണ്ട സമയമായെന്ന കാഴ്ചപ്പാടിന് ഇന്ത്യയില്‍ അംഗീകാരം ലഭിക്കുന്നുണ്ടെന്നും ഒബാമ പറഞ്ഞതായി കാണുന്നു. ഇന്ത്യയിലെ ജനങ്ങള്‍ എങ്ങനെ ചിന്തിക്കുന്നു എന്നും എങ്ങനെ ചിന്തിക്കണമെന്നും തീരുമാനിക്കാനുള്ള അധികാരം അമേരിക്ക ഏറ്റെടുത്തിരിക്കുന്നു എന്ന ധാര്‍ഷ്ട്യം അതിലുണ്ട്. അത് മറച്ചുവയ്ക്കാനാകാത്തവിധം തെളിഞ്ഞുനില്‍ക്കുന്നതുകൊണ്ടാണ്, നിക്ഷേപാന്തരീക്ഷം മോശമായി വരികയാണെന്ന ഒബാമയുടെ പ്രസ്താവന ഇന്ത്യക്ക് നിഷേധിക്കേണ്ടിവന്നത്. നിഷേധമേ ഉണ്ടായിട്ടുള്ളൂ, പ്രതിഷേധമുണ്ടായിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.

2007-08ല്‍ ആരംഭിച്ച ആഗോള സാമ്പത്തികക്കുഴപ്പത്തെ കൊടുമുടിയിലേക്ക് പിടിച്ചുകയറ്റിയ വന്‍കിട ബിസിനസുകാരെയും സ്വകാര്യ ധനസ്ഥാപനങ്ങളെയും അമേരിക്ക രക്ഷിച്ചെടുത്തത് അവിടത്തെ നികുതിദായകരുടെ ശതകോടിക്കണക്കിന് ഡോളര്‍ ചെലവുചെയ്താണ്. അങ്ങനെ പണം വന്‍തോതില്‍ ഒഴുക്കിയശേഷമാണ്, ചെലവുചുരുക്കല്‍ നടപടികളും പൊതുചെലവ് വെട്ടിക്കുറയ്ക്കലും നടപ്പാക്കി ജനങ്ങളുടെ അവകാശങ്ങളില്‍ കൈവച്ചത്. പ്രതിസന്ധിയുടെ ഭാരം അധ്വാനിക്കുന്ന ജനങ്ങളുടെമേല്‍ അങ്ങനെ അടിച്ചേല്‍പ്പിക്കപ്പെട്ടു. ചെലവുചുരുക്കല്‍ എന്നാല്‍ തൊഴിലില്ലായ്മയും വീടുകളില്‍നിന്ന് കുടിയൊഴിക്കലും സാമൂഹ്യക്ഷേമ നടപടികളില്ലാതാകലുമാണ്. ഇതേ അവസ്ഥയാണ് ആഗോളവല്‍ക്കരണനയങ്ങളിലൂടെ ഇന്ത്യയിലും സൃഷ്ടിക്കപ്പെടുന്നത്. നവ ലിബറല്‍നയങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുക എന്നതിന്, രാജ്യത്തെ സാധാരണ ജനങ്ങളുടെ അവസ്ഥ കൊടുംദുരിതത്തിലേക്ക് പതിപ്പിക്കുക എന്നാണര്‍ഥം.

പലതരത്തിലാണ് സമ്മര്‍ദങ്ങളുണ്ടാകുന്നത്. നേരത്തെ അന്താരാഷ്ട്ര വായ്പാ ഏജന്‍സികള്‍ ഇന്ത്യയുടെ "റേറ്റിങ്" താഴ്ത്തി. "സ്ഥിരത"യില്‍നിന്ന് നെഗറ്റീവ് തലത്തിലേക്കാണ് "സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍" എന്ന അന്താരാഷ്ട്ര ഏജന്‍സി ഇന്ത്യയെ മാറ്റിയത്. എല്ലാ സമ്മര്‍ദങ്ങളുടെയും ആത്യന്തികമായ ഊന്നല്‍ ചില്ലറവ്യാപാരമേഖല തന്നെയാണ്. വാള്‍മാര്‍ട്ട് പോലെയുള്ള സ്ഥാപനങ്ങളെ പരവതാനി വിരിച്ച് വരവേല്‍ക്കുക, സബ്സിഡികള്‍ കടുത്ത രീതിയില്‍ വെട്ടിക്കുറയ്ക്കുക, ഡീസലിന്റെയും ഇതര പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും വിലനിയന്ത്രണം സമ്പൂര്‍ണമായി ഇല്ലാതാക്കുക, ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശനിക്ഷേപത്തിന്റെ തോത് നിലവിലുള്ള 26ല്‍നിന്ന് 49 ശതമാനമായി ഉയര്‍ത്തുക, പെന്‍ഷന്‍ ഫണ്ടുകളില്‍ വിദേശനിക്ഷേപം അനുവദിക്കുക തുടങ്ങിയവയാണ് അമേരിക്ക ആഗ്രഹിക്കുന്ന പരിഷ്കരണങ്ങള്‍. അതാണ് ഉപദേശരൂപേണ അമേരിക്കന്‍ പ്രസിഡന്റ് ആവര്‍ത്തിച്ച് അവതരിപ്പിക്കുന്നത്.

ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശപ്രത്യക്ഷ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനും ബാങ്കിങ് മേഖലയില്‍ നിയന്ത്രണങ്ങള്‍ കുറയ്ക്കുന്നതിനും പെന്‍ഷന്‍ ഫണ്ടുകള്‍ ഓഹരിവിപണിയില്‍ നിക്ഷേപിക്കുന്നതിനുമുള്ള നിയമനിര്‍മാണങ്ങള്‍ക്ക് മറ്റെല്ലാറ്റിനുമുപരിയായ പ്രാധാന്യമാണ് യുപിഎ സര്‍ക്കാര്‍ നല്‍കുന്നത്. ധനമേഖലയെ കൂടുതല്‍ തുറന്നുകൊടുക്കുന്നതിനായി കൊണ്ടുവന്ന വിവിധ നിയമനിര്‍മാണങ്ങള്‍ ഇടതുപക്ഷം തടഞ്ഞതിനാലാണ്, വാസ്തവത്തില്‍ ആഗോളധനപ്രതിസന്ധിയാല്‍ ഇന്ത്യ പൂര്‍ണമായും തകരാതിരുന്നത്.

2011ലെ പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ ഒന്നിലേറെ ബ്രാന്‍ഡുകളുടെ ചെറുകിട വ്യാപാരത്തില്‍ 51 ശതമാനം വിദേശപ്രത്യക്ഷ നിക്ഷേപം അനുവദിക്കുന്നതിനുള്ള തീരുമാനം യുപിഎ മന്ത്രിസഭ എടുത്തിരുന്നു. ഇത് നാലു കോടിയിലേറെ വരുന്ന ചെറുകിട വ്യാപാരികളുടെ ഉപജീവനത്തെ ബാധിക്കുമെന്നും കര്‍ഷകരെയും ചെറുകിട ഉല്‍പ്പാദകരെയും ഞെരുക്കുമെന്നും കണ്ടാണ് രാഷ്ട്രീയ പാര്‍ടികള്‍, വ്യാപാരികള്‍, ബഹുജനസംഘടനകള്‍ എന്നിവയില്‍നിന്ന് വ്യാപകപ്രതിഷേധം ഉയര്‍ന്നതും തീരുമാനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നു എന്ന് പ്രഖ്യാപിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയതും. എന്നാല്‍, അക്കാര്യത്തില്‍ ഇനിയും കാത്തിരിക്കാന്‍ ഒരുക്കമല്ലെന്ന അമേരിക്കയുടെ മുന്നറിയിപ്പാണ് ഒബാമ നല്‍കിയത് എന്ന് സംശയരഹിതമായി പറയാം.

വന്‍കിടകള്‍ക്ക് കൊടുക്കുന്ന നിയന്ത്രണമില്ലാത്ത നികുതി ഇളവുകളാണ് (5.28 ലക്ഷം കോടി) ഇന്ത്യയുടെ വ്യവസായവളര്‍ച്ച ഏതാനും മാസങ്ങള്‍കൊണ്ട് 8.8ല്‍നിന്ന് -3.1 ശതമാനത്തിലേക്ക് (മാര്‍ച്ച് 2012) താഴ്ത്തിയത്. ഈ തുക പൊതുനിക്ഷേപമാക്കിയിരുന്നെങ്കില്‍ രാജ്യത്തിന്റെ ഇന്നത്തെ ചിത്രം മറ്റൊന്നാകുമായിരുന്നു. ഒബാമയുടെ ഉപദേശമല്ല ജനങ്ങളുടെ ജീവിതയാഥാര്‍ഥ്യങ്ങളാണ് സര്‍ക്കാരിന്റെ തീരുമാനങ്ങളെ നയിക്കേണ്ടത് എന്നര്‍ഥം. യുപിഎ സര്‍ക്കാര്‍ അതിന് തയ്യാറാകാതെ, അമേരിക്കയ്ക്ക് രാജ്യത്തെ പണയംവയ്ക്കുന്നതുകൊണ്ടാണ്, ഇന്ത്യ എന്തൊക്കെ ചെയ്യണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് തീട്ടൂരമിറക്കുന്ന അഹിതകരമായ അവസ്ഥ തുടരുന്നത്.

*
ദേശാഭിമാനി മുഖപ്രസംഗം 18 ജൂലൈ 2012

Wednesday, February 22, 2012

വ്യാപാരികള്‍ സമരം ചെയ്യുമ്പോള്‍

ചില്ലറ വ്യാപാരമേഖലയിലെ വിദേശനിക്ഷേപത്തിനെതിരെ ഇന്ന് പാര്‍ലമെന്റിനുമുമ്പില്‍ കച്ചവടക്കാര്‍ മാര്‍ച്ച് നടത്തുകയാണ്. നാലുകോടിയില്‍പരം കുടുംബങ്ങളുടെ ജീവിതമാര്‍ഗത്തെ വെല്ലുവിളിക്കുന്ന പ്രത്യക്ഷ വിദേശനിക്ഷേപ ഭീഷണി പൂര്‍ണമായും പിന്‍വലിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് വ്യാപാരി വ്യവസായി ഏകോപനസമിതി ഇന്നു കേരളത്തില്‍ കടയടപ്പ് സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നയിക്കുന്ന യു പി എ സര്‍ക്കാര്‍ ചില്ലറ വ്യാപാര രംഗത്തു നടത്തുന്ന കടന്നുകയറ്റങ്ങളോട് ജനസംഖ്യയിലെ ഗണ്യമായ ഒരു ഭാഗത്തിനുള്ള അമര്‍ഷമാണ് ഈ സമരങ്ങളിലൂടെ വെളിവാകുന്നത്. ഫെബ്രുവരി 28 ന് അമ്പതു കോടിയില്‍പരം തൊഴിലാളികള്‍ നടത്തുന്ന ദേശീയ പണിമുടക്കുമായി ഈ വ്യാപാരി സമരത്തിന് നയപരമായി ബന്ധമുണ്ട്. ഈ സമരങ്ങള്‍ രണ്ടും ആഗോളവല്‍ക്കരണം കയറൂരിവിട്ട നവ ഉദാരവല്‍ക്കരണ നയങ്ങളോടാണ് മൗലികമായ വിയോജിപ്പ് രേഖപ്പെടുത്തുന്നത്.

നവ ഉദാരവല്‍ക്കരണ നയങ്ങള്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും വാഗ്ദാനം ചെയ്തത് ജീവിത പുരോഗതിയും സമ്പല്‍സമൃദ്ധിയുമായിരുന്നു. ആ വാഗ്ദാനങ്ങളുടെ ചെപ്പിനുള്ളില്‍ അവര്‍ ഒളിപ്പിച്ചുവച്ചത് നാടനും മറുനാടനുമായ മൂലധന പ്രഭുക്കളുടെ അതിരില്ലാത്ത ആര്‍ത്തികളായിരുന്നുവെന്ന് ഓരോ നടപടികളിലൂടെയും പിന്നീട് തെളിയുകയായിരുന്നു. നവലിബറല്‍ നയങ്ങളുടെ തുടക്കത്തില്‍ അതിന്റെ സ്തുതി പാഠകരായിരുന്നവര്‍ക്കുപോലും സഹിക്കാനാകാത്ത തരത്തിലുള്ള ആഘാതങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

കമ്പോള ശക്തികളുടെ ലാഭക്കൊതിയാണ് നവലിബറലിസത്തിന്റെ ആത്മാവ്. ഈ സത്യം ആദ്യം തിരിച്ചറിഞ്ഞതും വിളിച്ചുപറഞ്ഞതും ഇടതുപക്ഷവും തൊഴിലാളി വര്‍ഗവുമായിരുന്നു. അതിനെതിരായ സമരത്തിന്റെ കൊടി ആദ്യം ഉയര്‍ത്തിയതും ഇടതുപക്ഷമാണ്. ഹര്‍ത്താലുകളും പണിമുടക്കങ്ങളും പാര്‍ലമെന്റ് മാര്‍ച്ചുകളും തൊഴിലാളി സംഘടനകളുടെയും ഇടതുപക്ഷ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ടു. അന്നെല്ലാം അത്തരം സമരങ്ങള്‍ക്കെതിരായി നെറ്റി ചുളിച്ചവരാണ് ഇപ്പോള്‍ സമര രംഗത്തുവന്നിട്ടുള്ള വ്യാപാരി സമൂഹത്തിലെ ഒരു വിഭാഗം. കമ്പോള കേന്ദ്രീകൃത നയങ്ങള്‍ തങ്ങള്‍ക്കും നാടിനും ഇന്നോളമുണ്ടാകാത്ത വളര്‍ച്ച ഉണ്ടാക്കുമെന്ന് അവര്‍ വ്യാമോഹിച്ചു. ജീവിതമാണ് ഏറ്റവും വലിയ അനുഭവമെന്നും അനുഭവമാണ് ഏറ്റവും വലിയ ഗുരുനാഥനെന്നും ഉള്ള ചൊല്ല് എത്രയും ശരിയാണ്. ആ ജീവിതാനുഭവങ്ങള്‍ തന്നെയാണ് ഇന്ന് സമരരംഗത്ത് അണിനിരക്കുന്ന ലക്ഷക്കണക്കിനു ജനങ്ങളുടെ കണ്ണു തുറപ്പിച്ചത്.

ഏകദേശം നാനൂറ് കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവുണ്ടാക്കുന്ന അതിബൃഹത്തായ മേഖലയാണ് ഇന്ത്യയിലെ ചില്ലറ വില്‍പനയുടേത്. അതിന്റെമേല്‍ പിടിമുറുക്കാന്‍ ലോകത്തിലെ വ്യാപാര ഭീമന്മാര്‍ ഏറെക്കാലമായി കൊതികൊള്ളുകയായിരുന്നു. 'ഇടതുപക്ഷം ഉറക്കം കെടുത്താത്ത' രണ്ടാം യു പി എ ഗവണ്‍മെന്റ് വന്നപ്പോള്‍ സാഹചര്യം പാകമായി എന്ന് അവര്‍ക്കും ബോധ്യമായി. അങ്ങനെയാണ് വിവിധോല്‍പ്പന്നമേഖലയില്‍ അന്‍പതു ശതമാനവും ഏകോല്‍പ്പന്നമേഖലയില്‍ നൂറു ശതമാനവും പ്രത്യക്ഷ വിദേശനിക്ഷേപത്തിനുവേണ്ടി ചുവപ്പുപരവതാനി വിരിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റിനെക്കൊണ്ട് അവര്‍ തീരുമാനിപ്പിച്ചത്. ഈ രംഗത്തെ ആഗോളഭീമനായ വാള്‍മാര്‍ട്ട് അടക്കമുള്ളവരെ എത്രയും ആവേശം കൊള്ളിച്ച തീരുമാനമായിരുന്നു അത്. ഒബാമാ ഭരണവൃത്തത്തിലെ രണ്ടാം സ്ഥാനക്കാരിയെന്ന് കരുതപ്പെടുന്ന ഹില്ലാരി ക്ലിന്റന്‍ വാള്‍മാര്‍ട്ടിന്റെ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സിലെ പ്രമുഖ അംഗമാണെന്ന് മനസ്സിലാക്കുമ്പോഴാണ് ഈ പരവതാനി വിരിക്കലിനു പുറകിലുള്ള അമേരിക്കന്‍ ഗവണ്‍മെന്റിന്റെ സ്വാധീനം വ്യക്തമാകുന്നത്.

ഇന്ത്യയുടെ സാമ്പത്തിക ജീവിതത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പ്രത്യക്ഷ വിദേശനിക്ഷേപത്തിനെതിരെ ജനങ്ങള്‍ രംഗത്തുവന്നു. യു പി എയിലെ ഘടകകക്ഷികള്‍ തന്നെ കോണ്‍ഗ്രസിന്റെ രാജ്യദ്രോഹനയങ്ങളെ പരസ്യമായി തള്ളിപ്പറഞ്ഞൂ. തന്ത്രപരമായ ഒരു പിറകോട്ടുപോക്കിന് മന്‍മോഹന്‍സിംഗും കൂട്ടുകാരും നിര്‍ബന്ധിതരായി. തീരുമാനം താല്‍ക്കാലികമായി മരവിപ്പിക്കാനുള്ള തീരൂമാനം അങ്ങനെയാണ് അവര്‍ക്ക് എടുക്കേണ്ടിവന്നത്. അല്‍പം കഴിയുമ്പോള്‍ മരവിപ്പിക്കല്‍ പിന്‍വലിക്കാനും പ്രത്യക്ഷ വിദേശനിക്ഷേപത്തിന് വരവേല്‍പ്പോതാനുമാണ് കേന്ദ്രസര്‍ക്കാര്‍ കാത്തിരിക്കുന്നത്. അതിനെയാണ് ഇന്നത്തെ സമരത്തിലൂടെ ഇന്ത്യയിലെ വ്യാപാരികള്‍ ചോദ്യം ചെയ്യുന്നത്.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പതിവുപോലെ ഇക്കാര്യത്തിലും കപടനാടകം കളിക്കുകയാണെന്ന് ഏവര്‍ക്കുമറിയാം. കേരളത്തില്‍ പ്രത്യക്ഷവിദേശനിക്ഷേപം അനുവദിക്കില്ലെന്ന അവരുടെ ഗംഭീര പ്രഖ്യാപനം ആരെ കബളിപ്പിക്കാനാണ്? ഇന്ത്യാ ഗവണ്‍മെന്റ് അതിനു തുനിഞ്ഞിറങ്ങുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അതിനെ തടയുമെന്നോ? അഥവാ തടഞ്ഞാല്‍ ഹിലാരി ക്ലിന്റന്റെ പിന്തുണയുള്ള വിദേശകുത്തകകള്‍ കോടതിയില്‍ പോകാതെ അതിനു വഴങ്ങുമെന്നോ? അങ്ങനെ വരുമ്പോള്‍ കോടതിയുടെ ചിലവില്‍ വിദേശനിക്ഷേപകരുടെ കാര്യം സാധിച്ചുകൊടുക്കാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൗശലപൂര്‍വം കരുക്കള്‍ നീക്കുന്നത്. അത്തരം കൗശലങ്ങളെയും അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ദേശദ്രോഹ സമീപനത്തെയും വിദേശകുത്തകപ്രീണനത്തെയുമാണ് ചെറുത്തുതോല്‍പ്പിക്കേണ്ടത്. അതിനുവേണ്ടിയുള്ള വിശാലമായ സമരനിര രാജ്യത്തു ശക്തിപ്പെടുകയാണ്. അതില്‍ തങ്ങളുടെ സ്ഥാനം കണ്ടെത്താന്‍ രാജ്യത്തെ വ്യാപാരി സമൂഹത്തെ ഈ അനുഭവങ്ങള്‍ പ്രേരിപ്പിക്കാതിരിക്കില്ല.

*
ജനയുഗം 22 ഫെബ്രുവരി 2012

Monday, December 12, 2011

ഇന്ത്യന്‍ കമ്പോളത്തില്‍ വാള്‍മാര്‍ട്ടിന്റെ പദ്ധതി

ലോകബാങ്ക്, ലോകവ്യാപാരസംഘടന, അതിന്റെ അനുബന്ധസ്ഥാപനങ്ങള്‍ എന്നിവയിലൂടെ അമേരിക്കയുടെ നേതൃത്വത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സാമ്പത്തിക അജണ്ടയ്ക്ക് സമീപവര്‍ഷങ്ങളില്‍ ഇന്ത്യ കൂടുതലായി വഴങ്ങുകയാണ്.

ചിലവേറിയ ജനിതകവിത്തുകളുമായി വന്‍ലാഭം പ്രതീക്ഷിച്ചുകൊണ്ട് കാര്‍ഗില്‍, മൊന്‍സാന്റോ തുടങ്ങിയ കമ്പനികള്‍ കാര്‍ഷികമേഖലയിലേയ്ക്ക് കടന്നുകഴിഞ്ഞു. ജൈവവൈവിധ്യവും തദ്ദേശീയമായ കൃഷിസമ്പ്രദായങ്ങളും തകരുന്നതിനുപുറമെ കൃഷിക്കാര്‍ കടക്കെണിയിലകപ്പെടുകയും വിഷമകരമായ അവസ്ഥയെ നേരിടുകയും ചെയ്യുന്നു.

യൂറോപ്യന്‍ യൂണിയന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് ഇന്ത്യയുടെ ഔഷധനിര്‍മാണ-പണമിടപാട് മേഖലകള്‍ ചലിക്കുന്നത്. 2005 ലെ ഇന്ത്യാ-അമേരിക്കന്‍ ആണവഉടമ്പടിയോടെയാണ് രാഷ്ട്രാന്തര കോര്‍പ്പറേഷനുകളുടെ 'അട്ടിമറിവിപ്ലവ' മുണ്ടായത്. ഭൂമിശാസ്ത്രപരമായും സാമ്പത്തികമായും ഇന്ത്യക്കുള്ള തന്ത്രപ്രാധാന്യത്തെ പിടിച്ചടക്കുന്നതിനുള്ള ഒരു വന്‍ പ്രഹരമായിരുന്നു അത്. അമേരിക്കയുടെ ആണവ ഇന്ധന-സാങ്കേതികവിദ്യ കമ്പനികള്‍ക്ക് ഇന്ത്യയില്‍ അത് കമ്പോളം തുറന്നുകൊടുക്കുകയും ചൈനയെ മെരുക്കുന്നതിനും ഇറാനിലെ അമേരിക്കന്‍ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനും ഇന്ത്യയുടെ പങ്ക് ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ ആണവഉടമ്പടി കാര്‍ഷികമേഖലയിലെ വൈജ്ഞാനിക മുന്‍കൈ സംരംഭത്തിനുള്ള ഒരു കരാര്‍ കൂടിയായിരുന്നുവെന്നത് അധികമാരും അറിഞ്ഞിരുന്നില്ല. ഇന്ത്യയുടെ കാര്‍ഷിക, ചില്ലറവ്യാപാരമേഖലകളിലേയ്ക്ക് അമേരിക്കന്‍ കമ്പനികള്‍ക്ക് കടന്നുവരാനുള്ള സൗകര്യമൊരുക്കകുയായിരുന്നു അതിന്റെ ലക്ഷ്യം. മൊണ്‍സാന്റോ, കാര്‍ഗില്‍, വാള്‍മാര്‍ട്ട് തുടങ്ങിയ കമ്പനി പ്രതിനിധികളുടെ പൂര്‍ണവും പ്രത്യക്ഷവുമായ പങ്കാളിത്തത്തോടെയായിരുന്നു ഇതിനുള്ള കരാര്‍ എഴുതിയുണ്ടാക്കിയത്.

അമേരിക്കന്‍ കാര്‍ഷിക-ബിസിനസ് കമ്പനികളുടെ ചുവടുപിടിച്ച് വാള്‍മാര്‍ട്ടും ഇന്ത്യയിലേയ്ക്ക് കടക്കാന്‍ ഒരുങ്ങുന്നതില്‍ അത്ഭുതപ്പെടാന്‍ ഒന്നും തന്നെയില്ല. ചില്ലറവില്‍പനയുടെ വിവിധോല്‍പ്പന്നമേഖലയില്‍ 51 ശതമാനം വിദേശനിക്ഷേപം അനുവദിച്ചതിനെച്ചൊല്ലി ഇന്ത്യന്‍ പാര്‍ലമെന്റിലുണ്ടായ ബഹളം കാണിക്കുന്നത്, ഇന്ത്യന്‍ കമ്പോളത്തിലേയ്ക്ക് എന്ത് വില നല്‍കിയും കടന്നുകയറാന്‍ വാള്‍മാര്‍ട്ട് നിശ്ചയിച്ചുറച്ചിരിക്കുന്നുവെന്നതാണ്. ഇന്ത്യന്‍ കമ്പോളത്തിലേയ്ക്ക് വിദേശകുത്തകകളെ കടന്നുവരാന്‍ അനുവദിക്കുന്നത് ഉണ്ടാക്കുന്ന ഭവിഷ്യത്തുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നവരെ പഴഞ്ചന്‍മാര്‍ എന്ന് പറഞ്ഞ് ആക്ഷേപിക്കുകയാണ്. എന്നാല്‍ സമ്പദ്ഘടനയുടെ വിവിധമേഖലകളെ വിദേശതാല്‍പര്യങ്ങള്‍ക്ക് അടിയറവെയ്ക്കുന്നതായ നവലിബറല്‍ ആഗോളവല്‍ക്കരണപദ്ധതിയില്‍ അന്ധമായ വിശ്വാസമര്‍പ്പിക്കുന്നവരാണ് യഥാര്‍ഥത്തില്‍ കാലഹരണപ്പെട്ട ചിന്തകളില്‍ ആണ്ടുപോയിട്ടുള്ളത്.

അന്താരാഷ്ട്ര മുതലാളിത്തത്തിന്, ഇന്ത്യ അതിന്റെ സമ്പദ്ഘടനയുടെ കവാടങ്ങള്‍ തുറന്നിട്ടുകൊടുക്കുന്ന അതേസമയത്ത് തന്നെയാണ് രാഷ്ട്രാന്തരകുത്തകകളുടെ അധീശത്വത്തിനും നയങ്ങള്‍ക്കുമെതിരെ പ്രതിഷേധിച്ചുകൊണ്ട് ലക്ഷക്കണക്കിന് ജനങ്ങള്‍ പങ്കെടുക്കുന്ന കയ്യടക്കല്‍ പ്രക്ഷോഭങ്ങള്‍ അമേരിക്കയിലും ലോകത്തുടനീളവും കരുത്താര്‍ജിക്കുന്നത് എന്നതാണ് വിരോധാഭാസം. തൊഴിലില്ലായ്മയും അഴിമതിയും എണ്ണിയാലൊടുങ്ങാത്ത അസമത്വങ്ങളും സൃഷ്ടിക്കുന്നതായ, സ്വതന്ത്രവിപണിയിലധിഷ്ഠിതമായ ആഗോളവല്‍ക്കരണം 'മരണാസന്ന'മായിരിക്കുന്നുവെന്നാണ് പ്രതിഷേധക്കാര്‍ നല്‍കുന്ന സന്ദേശം.

പാശ്ചാത്യലോകത്തെ ഭക്ഷ്യചില്ലറവില്‍പ്പനമേഖല തന്നെ ഒരുദാഹരണമായെടുക്കുക. വന്‍കിട സൂപ്പര്‍മാര്‍ക്കറ്റുകള്‍ കര്‍ഷകര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ലാഭം ഊറ്റിയെടുത്തു. ചില്ലറവില്‍പ്പനമേഖലയിലുണ്ടായിരുന്ന മത്സരം അപ്രത്യക്ഷമായി. 'കേടുപറ്റാത്തത്' 'എല്ലായ്‌പോഴും ലഭ്യമാകുന്നത്' എന്നിങ്ങനെ മുദ്രണംചെയ്ത ഭക്ഷ്യപദാര്‍ഥങ്ങള്‍ വില്‍പ്പനക്കായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു. പാടശേഖരങ്ങളില്‍നിന്നും ഷെല്‍ഫുകളിലേക്കെത്തുന്ന അവ രാസപദാര്‍ഥങ്ങള്‍ കുത്തിനിറച്ചവയാണ്. അവ ചിലപ്പോള്‍ ദരിദ്രരാഷ്ട്രങ്ങളില്‍ ഉല്‍പ്പാദിപ്പിച്ച് സമ്പന്നരാഷ്ട്രങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യുന്ന നാണ്യവിളകളുമാകാം.

ചില ഉപഭോക്താക്കള്‍ക്ക് നേട്ടമുണ്ടായെന്നുവന്നേക്കാം. പക്ഷേ നഷ്ടപ്പെടുന്നവരാണ് ഏറെയും. ഗ്രാമപ്രദേശങ്ങളില്‍കൂടിപോലും വിശാലമായ പാതകള്‍. പാതയോരങ്ങളില്‍ കുത്തകകളുടെ നഗരത്തിനുപുറത്തുള്ള വില്‍പ്പനശാലകള്‍. കാര്‍ബണ്‍ പുറന്തള്ളുന്ന തിരക്കേറിയ ഗതാഗതസംവിധാനം. ഇതിന്റെയെല്ലാം ദോഷം പേറേണ്ടിവരുന്നത് തദ്ദേശീയസമൂഹങ്ങളാണ്. കാര്‍ഷികമേഖലയില്‍ കടന്നുവന്നിട്ടുള്ള കുത്തകകള്‍ വന്‍ലാഭം കൊയ്യുന്നത് തൊഴിലാളികള്‍ക്കുനല്‍കുന്ന കുറഞ്ഞവേതനം, നികുതിദായകന്റെ പണമുപയോഗിച്ച് ലഭിക്കുന്ന സബ്‌സിഡി, രാസപദാര്‍ഥങ്ങളുടെ വ്യാപകമായ പ്രയോഗം എന്നിവയിലൂടെയാണ്. വളരെദൂരെനിന്നുമായിരിക്കും ഭക്ഷ്യപദാര്‍ഥങ്ങള്‍ വില്‍പ്പനശാലകളിലേത്തിക്കുക. കര്‍ഷകരില്‍ നിന്നും കുറഞ്ഞ വിലയ്ക്കായിരിക്കും അവര്‍ സാധനങ്ങള്‍ സംഭരിക്കുക. അങ്ങനെ വില്‍ക്കുകയല്ലാതെ കര്‍ഷകന് മറ്റ് മാര്‍ഗമില്ല. അതേസാധനം വളരെകൂടിയ വിലയ്ക്ക് ഉപഭോക്താവിന് വില്‍ക്കുന്നു.
ഈ സമ്പ്രദായമാണ് സ്വന്തം ഭക്ഷ്യമേഖലയിലേക്ക് 'ഇറക്കുമതി' ചെയ്യാന്‍ ഇന്ത്യ ശ്രമിക്കുന്നത്. വികേന്ദ്രികൃതമായ ചില്ലറവില്‍പ്പനമേഖലയാണ് ഇന്ത്യക്കുള്ളത്. ബഹുഭൂരിപക്ഷം പച്ചക്കറികളും വീട്ടുവാതില്‍ക്കല്‍ത്തന്നെ ലഭിക്കും. ഉപഭോക്താവിന്റെ ആവശ്യം ഫലപ്രദമായി നിറവേറ്റാന്‍ കഴിയുന്ന ഒരു സമ്പ്രദായമാണതെന്ന് നിസംശയം പറയാന്‍ കഴിയും. പരസ്പരം മത്സരിക്കുന്ന അസംഖ്യം ചെറിയ പലചരക്കുകടകളില്‍ നിന്നോ, ചന്തകളില്‍ നിന്നോ, തെരുവോര കച്ചവടക്കാരില്‍ നിന്നോ തദ്ദേശീയമായി ഉല്‍പ്പാദിപ്പിച്ച പുതിയ വസ്തുക്കള്‍ വാങ്ങുന്നതിന് ഉപഭോക്താവിനു കഴിയും.

ചില പ്രശ്‌നങ്ങള്‍ തീര്‍ച്ചയായും ഉണ്ട്. എന്നാല്‍ ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങളാണ് ഇത്തരം ചെറിയ ചില്ലറ വ്യാപാരമേഖലകള്‍ സൃഷ്ടിക്കുന്നത്. അത് പരിസ്ഥിതി സൗഹൃദപരമാണ്. ഉപഭോക്താവിന് താങ്ങാന്‍ കഴിയുന്ന വിലയ്ക്ക് അത് ഭക്ഷ്യവസ്തുക്കള്‍ നല്‍കുന്നു.

കാര്യക്ഷമമല്ലാത്തതും ധാരാളം വസ്തുക്കള്‍ പാഴായിപ്പോകുന്നതുമായ ഒരു വിതരണ സമ്പ്രദായം കാരണം ഭക്ഷ്യവസ്തുക്കള്‍ക്കുണ്ടാകുന്ന വിലക്കയറ്റമാണ്, പാശ്ചാത്യ കുത്തകകളുടെ വില്‍പ്പന ശൃംഖലയില്‍ ഇന്ത്യയുടെ ചില്ലറ വില്‍പ്പന മേഖല സുരക്ഷിതമായിരിക്കും എന്ന മിഥ്യാധാരണ സൃഷ്ടിച്ചത്. അതേസമയം കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി ഇന്ത്യയുടെ കാര്‍ഷിക മേഖലയെ പുനസ്സംഘടിപ്പിക്കുമ്പോഴുണ്ടാകുന്ന വിലക്കയറ്റത്തെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല.

ലോകത്ത് പാഴായിപ്പോകുന്ന ഭക്ഷ്യവസ്തുക്കളുടെ പകുതിയും കുത്തകകളുടെ ചില്ലറവില്‍പ്പന ശൃംഖലയില്‍ നിന്നുമാണെന്ന് ഗ്രന്ഥകാരന്‍മാരായ ജോനാതന്‍ ബ്ലുറും ആന്ദ്രിയസെഗ്രെയും അഭിപ്രായപ്പെടുന്നു. പരിസ്ഥിതിക്ക് തീര്‍ത്തും ഇണങ്ങാത്ത ഒരു സമ്പ്രദായത്തിലൂടെയാണ് പാശ്ചാത്യ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകള്‍ വന്‍ലാഭം കൊയ്യുന്നത്. വില്‍പ്പനശാലയിലെ ഷെല്‍ഫുകളില്‍ ദീര്‍ഘകാലം കേടുകൂടാതെയിരിക്കുന്നതിനായി ഭക്ഷ്യ പദാര്‍ഥങ്ങളില്‍ കൃത്രിമം കാണിക്കുന്നതിന് അവര്‍ കര്‍ഷകരെ നിര്‍ബന്ധിക്കാറുണ്ട്.

ഇന്ത്യയിലെ കാര്‍ഷിക മേഖലയില്‍ കുത്തകകളുടെ വര്‍ധിച്ചുവരുന്ന നിയന്ത്രണം തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്നും നിലവിലുള്ള ചില്ലറ വില്‍പ്പന മേഖലയെ തകര്‍ക്കുമെന്നും ഭയാശങ്കകളുണ്ട്. ജനങ്ങള്‍ എന്തു കഴിക്കണമെന്നും അവ എങ്ങനെ ഉല്‍പ്പാദിപ്പിക്കണമെന്നും തീരുമാനിക്കുന്നത് ഏതാനും വിദേശ കുത്തകകള്‍ ആയിരിക്കും. ഏകപക്ഷീയ നേട്ടമുണ്ടാക്കുന്ന അന്താരാഷ്ട്ര കരാറുകള്‍ കൊളോനിയലിസത്തിന്റെ മറ്റൊരു പേരുമാത്രമാണ്. ഇത്തരം കരാറുകളിലൂടെ ഇന്ത്യ അതിന്റെ പരമാധികാരവും സ്വയം നിര്‍ണയാവകാശവും അടിയറവെയ്ക്കുകയാണെന്ന ആശങ്കയുമുണ്ട്.

*
കൊളിന്‍ റ്റൊഡ്ഹണ്ടര്‍ ജനയുഗം