Showing posts with label സാര്‍വദേശീയം. Show all posts
Showing posts with label സാര്‍വദേശീയം. Show all posts

Sunday, November 11, 2012

അമേരിക്കയുടെ അജണ്ട വ്യക്തമാണ്

 അമേരിക്കയുടെ നേര്‍ക്കു നടന്ന, 3000 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന്റെ പതിനൊന്നാം വാര്‍ഷികദിനമായിരുന്നു സെപ്തംബര്‍ 11ന്. ഇറാക്കില്‍ നടന്ന, 58 പേര്‍ കൊല്ലപ്പെടുകയും 250ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത, 25 ആക്രമണപരമ്പരകളെ തുടര്‍ന്നാണ് അമേരിക്കയില്‍ ഈ ആക്രമണം ഉണ്ടായത്. "നമ്മുടെ അധിനിവേശത്തിനുമുമ്പ് ഇറാക്കില്‍ അല്‍ഖ്വയ്ദ ഉണ്ടായിരുന്നില്ല" എന്ന് പ്രസ്താവിച്ചത് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ തന്നെയാണെന്നത് വിരോധാഭാസമായി തോന്നാം. റാന്‍ഡിന്റെ കണക്കനുസരിച്ച് 2002 - 2003ലെ ഇറാക്ക് യുദ്ധത്തിനുമുമ്പത്തെ വര്‍ഷത്തില്‍ ഇറാക്കില്‍ 13 ഭീകരാക്രമണങ്ങളും അതുമായി ബന്ധപ്പെട്ട 14 മരണങ്ങളും മാത്രമാണ് സംഭവിച്ചിട്ടുള്ളത്. എന്നാല്‍ അമേരിക്കന്‍ അധിനിവേശത്തിനുശേഷമുള്ള വര്‍ഷത്തില്‍ (2003 മാര്‍ച്ച് തൊട്ട് 2004 മാര്‍ച്ച്വരെ) ഇറാക്കില്‍ 225 ഭീകരാക്രമണങ്ങള്‍ നടന്നു;അതുമായി ബന്ധപ്പെട്ട് 1074 പേര്‍ കൊല്ലപ്പെട്ടു.


സെപ്തംബര്‍ 11നെ തുടര്‍ന്ന് ഭീകരവാദത്തിനെതിരായ ആഗോള യുദ്ധം അമേരിക്ക കെട്ടഴിച്ചുവിട്ടു. നിരവധി കിരാത നിയമങ്ങളോടൊപ്പം, ഭീകര പ്രവര്‍ത്തനങ്ങളെ സംബന്ധിക്കുന്ന വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്ന ദേശീയ ഭീകരതാവിരുദ്ധ കേന്ദ്രവും (നാഷണല്‍ കൗണ്ടര്‍ ടെററിസം സെന്റര്‍) അവര്‍ സ്ഥാപിച്ചു. "ഭീകരവാദം ഉയര്‍ത്തുന്ന നിരന്തരഭീഷണി"യെ സംബന്ധിച്ച് 2011 ലെ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഒരൊറ്റ അമേരിക്കന്‍ പൗരനും, നിരോധിക്കപ്പെട്ട ഒരു സംഘടനയുടെയും ആക്രമണത്തില്‍പെട്ട്, 2011 വര്‍ഷത്തില്‍ കൊല്ലപ്പെടുകയുണ്ടായിട്ടില്ല എന്ന വസ്തുത നിലനില്‍ക്കെയാണ് ഈ മുന്നറിയിപ്പ് വരുന്നത്. അമേരിക്കയ്ക്ക് പുറത്തുള്ള രാജ്യങ്ങളില്‍, പ്രത്യേകിച്ചും എണ്ണ സമ്പന്നമായ പശ്ചിമേഷ്യയില്‍, സൈനികമായി ഇടപെടുന്നതിനുള്ള ന്യായീകരണമെന്ന നിലയിലാണ്, ഭീകരാക്രമണമെന്ന ഭീഷണിയെ ഉപയോഗപ്പെടുത്തുന്നത് എന്ന് വ്യക്തമാണ്. ജീവിക്കാന്‍ കൂടുതല്‍ ഉതകുന്ന ഒരു പ്രദേശമായി ലോകത്തെ മാറ്റുന്നതിനുപകരം, ഭീകരതയ്ക്കെതിരായ അമേരിക്കന്‍ യുദ്ധം ഭീകരാക്രമണങ്ങള്‍ കുത്തനെ വര്‍ദ്ധിക്കുന്നതിനാണ് ഇടയാക്കിയിരിക്കുന്നത്.

അമേരിക്ക സ്പോണ്‍സര്‍ ചെയ്ത സ്റ്റേറ്റ് ഭീകരതയും വിവിധ മതമൗലിക വിഭാഗങ്ങളുടെ ഭീകരാക്രമണങ്ങളും നിരപരാധികളുടെ ചെലവില്‍ പരസ്പരം തിന്നുകൊഴുക്കുന്നുവെന്നാണ് ഇത് വീണ്ടും വീണ്ടും തെളിയിക്കുന്നത്. നാഷണല്‍ കൗണ്ടര്‍ ടെററിസം സെന്ററിന്റെ (എന്‍സിടിസി) കണക്കനുസരിച്ച് 2000നും 2006നും ഇടയില്‍ ഭീകരാക്രമണങ്ങളുടെ എണ്ണം 1151ല്‍നിന്ന് 6660 ആയിട്ടാണ് വര്‍ധിച്ചത്. വിരോധാഭാസമെന്നുപറയട്ടെ ഇറാക്കില്‍നിന്ന് സേനയെ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച ഒബാമ, 2008നും 2011നും ഇടയില്‍ അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ പട്ടാളക്കാരുടെ സംഖ്യ മൂന്നിരട്ടിയാക്കി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്. എന്‍സിടിസിയുടെ കണക്കനുസരിച്ച്, ഈ മൂന്നുവര്‍ഷക്കാലത്തിനുള്ളില്‍ ഭീകരാക്രമണങ്ങളുടെ എണ്ണത്തില്‍ 130 ശതമാനം വര്‍ദ്ധനയുണ്ടായി. അഫ്ഗാനിസ്ഥാനില്‍ അമേരിക്ക അധിനിവേശം നടത്തിയതിനു മുമ്പത്തെ വര്‍ഷത്തില്‍, അവിടെ മൂന്ന് ഭീകരാക്രമണങ്ങളേ ഉണ്ടായുള്ളുവെന്നും അവയില്‍പ്പെട്ട് 8 പേരേ മരിച്ചിട്ടുള്ളുവെന്നും റാന്‍ഡിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ 2008 -ഓടുകൂടി അവിടെ 450 ഭീകരാക്രമണങ്ങള്‍ നടന്നു; 1228 പേര്‍ കൊല്ലപ്പെട്ടു.

അഫ്ഗാനിസ്ഥാനില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന നാറ്റോ യുദ്ധം പാകിസ്ഥാനിലും അതിന്റെ ആഘാതം ഉണ്ടാക്കുന്നുണ്ട്. അവിടെ ആയിരക്കണക്കിന് പേര്‍ ഭീകരാക്രമണങ്ങള്‍ക്ക് ഇരകളായിത്തീരുന്നു. എല്ലാത്തരത്തിലുള്ള ഭീകരാക്രമണങ്ങളെയും കലവറയില്ലാതെ എതിര്‍ത്തുകൊണ്ട് അതിര്‍ത്തിക്കപ്പുറത്തുള്ള നമ്മുടെ സഹോദരങ്ങളുടെ കൊടിയ ദുഃഖത്തില്‍ നമുക്ക് പങ്കുചേരാം. പാക്കിസ്ഥാനില്‍ ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട മരണങ്ങളുടെ സംഖ്യയില്‍ ഈ കാലയളവില്‍ 650 ശതമാനം വര്‍ദ്ധനയുണ്ടായി എന്നാണ് റാന്‍ഡിന്റെ കണക്ക്. അതേപോലെതന്നെ, 2000നും 2006നും ഇടയില്‍, പശ്ചിമേഷ്യയിലും ദക്ഷിണേഷ്യയിലും ആകെയുണ്ടായ ഭീകരാക്രമണങ്ങളുടെ സംഖ്യ 404ല്‍നിന്ന് 5738 ആയി ഉയര്‍ന്നു. 2011ലെ ബ്രാസ് ക്രെസന്റ് സമ്മാനജേതാവായ ഡാനിയോസ്, ഭീകര പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ആഗോള കണക്കുകള്‍ വിശകലനംചെയ്തുകൊണ്ട് ഇങ്ങനെ പ്രസ്താവിക്കുന്നു. "ഭീകരതയ്ക്കെതിരായി അമേരിക്കയുടെ നേതൃത്വത്തിലുള്ള യുദ്ധവും ആഗോളതലത്തില്‍ ഭീകര പ്രവര്‍ത്തനങ്ങളുടെ വളര്‍ച്ചയും തമ്മിലുള്ള പരസ്പരബന്ധം നിഷേധിക്കുക വിഷമമാണ്. ഭീകരപ്രവര്‍ത്തനങ്ങളുടെ കുത്തനെയുള്ള വളര്‍ച്ചയെ-അമേരിക്കയുടെ ആക്രമണത്തിന്റെ ഒരു പ്രത്യക്ഷ ഫലമാണത്-വീണ്ടും അത്തരം നടപടികള്‍ കൈക്കൊള്ളുന്നതിനുള്ള ന്യായീകരണമായി ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്."

2010ല്‍ ടൈംസ് സ്ക്വയറില്‍ ബോംബ് സ്ഫോടനം നടത്തിയെന്ന് ആരോപിക്കപ്പെട്ട ഫൈസല്‍ ഷഹ്സാദ്, വിചാരണയ്ക്കിടയില്‍ ഇക്കാര്യം ഇങ്ങനെ സമ്മതിക്കുകയുണ്ടായി. "അമേരിക്ക മുസ്ലീം രാജ്യങ്ങള്‍ക്കുനേരെ നടത്തുന്ന ആക്രമണവും മുസ്ലീങ്ങളെ കൊല്ലുന്നതും അവസാനിപ്പിക്കുന്ന സമയംവരെ, ഞങ്ങള്‍ ആക്രമണം തുടര്‍ന്നുകൊണ്ടിരിക്കും. ആ കുറ്റം ചെയ്തിട്ടുണ്ട് എന്ന് ഞാന്‍ ഏറ്റു പറയുന്നു." എന്‍സിടിസിയുടെ കണക്കനുസരിച്ച് ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് നടന്ന ആകെ മരണങ്ങളില്‍ മൂന്നില്‍ രണ്ടുഭാഗവും ഇറാക്ക്, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളിലാണ് ഉണ്ടായിട്ടുള്ളത്. സാമ്പത്തിക മാന്ദ്യംകൊണ്ട് വിഷമം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുമെന്ന് തന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഒബാമ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, അമേരിക്കയുടെ സൈനിക ചെലവുകളില്‍ കുറവൊന്നും ഉണ്ടാകുന്നില്ല. സ്റ്റോക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2012ലെ ഇയര്‍ബുക്കിലെ കണക്കനുസരിച്ച്, 2011 വര്‍ഷത്തിലെ അമേരിക്കന്‍ സൈനികച്ചെലവ് 71,100 കോടി ഡോളറായിരുന്നു. പ്രതിരോധത്തിനുവേണ്ടി ലോക രാജ്യങ്ങള്‍ ആകെ ചെലവാക്കിയ തുകയുടെ 41 ശതമാനം!

നോബല്‍ സമ്മാന ജേതാവായ ജോസഫ് സ്റ്റിഗ്ളിറ്റ്സിന്റെ കണക്കനുസരിച്ച്, ഇറാക്കിലും അഫ്ഗാനിസ്ഥാനിലും നടത്തിയ യുദ്ധങ്ങള്‍ക്ക് ആകെ ചെലവ് വന്നത് 6 ലക്ഷം കോടിയില്‍പരം ഡോളറാണ്. 132 രാജ്യങ്ങളിലായി ഇന്ന് അമേരിക്കയുടെ 702 സൈനികത്താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 10,000ത്തോളം ആണവായുധങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കി, സജീവമാക്കി വെച്ചിരിക്കുന്ന രാഷ്ട്രമാണ് അമേരിക്ക. അതില്‍ത്തന്നെ 2000 എണ്ണം ഞൊടിയിടകൊണ്ട് തൊടുത്തുവിടാന്‍ പാകത്തില്‍ സജ്ജീകരിക്കപ്പെട്ടവയാണ്. ആഗോള മേധാവിത്വം സ്ഥാപിക്കുന്നതിന് ലക്ഷ്യംവെച്ചുള്ള പുതിയ "അമേരിക്കന്‍ ശതാബ്ദ" പദ്ധതിയുടെ സുപ്രധാന ഭാഗമായി നോര്‍ത്ത് അത്ലാന്തിക് ട്രീറ്റി ഓര്‍ഗനൈസേഷന്റെ (നാറ്റോ) വിപുലീകരണം മാറിക്കഴിഞ്ഞിരിക്കുന്നു. ആദ്യം കയറിയടിക്കുക എന്ന യുദ്ധതന്ത്രം സ്വീകരിച്ചുകൊണ്ട് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് ഇങ്ങനെ പ്രഖ്യാപിച്ചു.

"വിദേശത്തുള്ള ശത്രുക്കള്‍ ഞങ്ങളുടെ രാജ്യത്തിലേക്ക് കടന്നുവരുന്നതിന് കാത്തുനില്‍ക്കുന്നതിനു പകരം, ഞങ്ങള്‍ അങ്ങോട്ടുചെന്ന് അവരോട് യുദ്ധംചെയ്യുന്നു. ഞങ്ങള്‍ ലോകത്തെ രൂപപ്പെടുത്താന്‍ ആഗ്രഹിക്കുന്നു; ലോകം ഞങ്ങളെ രൂപപ്പെടുത്താനല്ല." "ലോകത്തെ രൂപപ്പെടുത്തുക" എന്നതിനര്‍ത്ഥം, ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക വിഭവങ്ങളുടെ മേലുള്ള നിയന്ത്രണം സ്വന്തമാക്കുന്നതിനായി സൈനികമായ ഇടപെടലുകള്‍ നടത്തുക എന്നാണ്. പശ്ചിമേഷ്യയിലെ അമേരിക്കന്‍ ഇടപെടലിന്റെ മര്‍മ്മമതാണ്. കാസ്പിയന്‍ കടല്‍ത്തീരത്ത് വമ്പിച്ച എണ്ണശേഖരവും വാതകശേഖരവും ഉണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. അമേരിക്കയുടെ ഇന്ധന ആവശ്യം 30 വര്‍ഷക്കാലത്തേക്ക് നിര്‍വഹിക്കുന്നതിന് ആവശ്യമായ എണ്ണശേഖരം. 4 ലക്ഷം കോടി ഡോളര്‍ വിലമതിക്കുന്ന എണ്ണശേഖരം. കോക്കസസില്‍നിന്നും മധ്യേഷ്യയില്‍നിന്നും ഉണ്ടാക്കിയിട്ടുള്ള പൈപ്പ് ലൈനുകള്‍ സംരക്ഷിക്കപ്പെടണം. അറബിക്കടലിലൂടെ ലോകമെങ്ങും എണ്ണയെത്തിക്കുന്നതിന് അത് ആവശ്യമാണ്. ശതകോടിക്കണക്കിന് ഡോളര്‍ അതുവഴി ലാഭമുണ്ടാക്കാം. "മധ്യേഷ്യയില്‍നിന്ന് അറബിക്കടലിലേക്ക് എണ്ണയും പ്രകൃതിവാതകവും കൊണ്ടുപോകുന്ന മാര്‍ഗ്ഗത്തില്‍ ഒരു ഇടത്താവളമായി വര്‍ത്തിക്കാന്‍ അഫ്ഗാനിസ്ഥാനു കഴിയും എന്നതാണ്, അതിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ് പരിഗണിക്കുമ്പോള്‍, ഇന്ധനത്തിന്റെ വീക്ഷണത്തില്‍നിന്ന് നോക്കുമ്പോള്‍ അഫ്ഗാനിസ്ഥാനുള്ള പ്രാധാന്യം" എന്ന് അമേരിക്ക അംഗീകരിക്കുന്നു. അറബ് ലോകത്തില്‍ നാറ്റോ സഖ്യകക്ഷികളോടൊപ്പം അമേരിക്ക വഹിക്കുന്ന വര്‍ധിച്ച ഇടപെടലിനുള്ള വിശദീകരണം ഇതില്‍നിന്ന് ലഭിക്കുന്നുണ്ട്.

 ലിബിയയില്‍ ഒരു ഭരണമാറ്റമുണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരിക്കുന്നു. അറബ് വസന്തത്തിനുശേഷം ഈ മേഖലയിലെ നിരവധി രാജ്യങ്ങളില്‍ ഉയര്‍ന്നുവന്നിട്ടുള്ള പുതിയ ഭരണങ്ങളെ സ്വാധീനിക്കുന്നതിനും നിയന്ത്രിക്കുന്നതിനും അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഈ മേഖലയേയും അതുവഴി അവിടത്തെ സമ്പന്നമായ വിഭവങ്ങളെയും നിയന്ത്രിക്കുന്നതിനുവേണ്ടിയുള്ള വലിയ തന്ത്രത്തിന്റെ ഭാഗംതന്നെയാണ് ഇന്നിപ്പോള്‍ സിറിയയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ പതനത്തിനുശേഷം, "സികേഷ്-പിക്കോ" കരാറിലൂടെ ഉണ്ടാക്കപ്പെട്ട സ്വാധീനമേഖലകള്‍, പുനര്‍വിഭജിക്കുന്നതിനുള്ള നീക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആഗോള മേധാവിത്വം സ്ഥാപിക്കുന്നതിന് അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്ന ഈ ശ്രമങ്ങളെയെല്ലാം ന്യായീകരിക്കുന്നതിനുവേണ്ടിയാണ് "ഭീകരതയ്ക്കെതിരായ യുദ്ധം" എന്ന മുദ്രാവാക്യത്തെ ഉപയോഗപ്പെടുത്തുന്നത് എന്നതാണ് വിരോധാഭാസം. അതിനായി നിരപരാധികളായ പൗരന്മാര്‍ക്ക് തങ്ങളുടെ ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവരുന്നു.


****

സീതാറാം യെച്ചൂരി

Tuesday, November 6, 2012

പണക്കൊഴുപ്പിന്റെ ജനാധിപത്യം

സാന്‍ഡി ചുഴലിക്കാറ്റിനെത്തുടര്‍ന്ന്, അമേരിക്കയുടെ കിഴക്കന്‍ തീരത്ത് ദശലക്ഷക്കണക്കിനുപേര്‍ ഇരുട്ടില്‍ കഴിയുമ്പോഴാണ് രാജ്യം ചൊവ്വാഴ്ച (നവംബര്‍ ആറ്) പോളിങ് ബൂത്തിലേക്ക് നീങ്ങുന്നത്. സാമ്പത്തികപ്രതിസന്ധിയും രാഷ്ട്രീയമായ ആശയക്കുഴപ്പങ്ങളും രാജ്യത്തെ ഉലയ്ക്കുമ്പോഴാണ് അമേരിക്കയില്‍ 57-ാം പ്രസിഡന്റ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. പ്രസിഡന്റ് ബറാക് ഒബാമയും റിപ്പബ്ലിക്കന്‍ എതിരാളി മിറ്റ് റോംനിയും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. സാമ്പത്തികപ്രതിസന്ധി നേരിടാനും കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാനും ഒബാമ സ്വീകരിച്ച നടപടികളാണ് പ്രചാരണത്തില്‍ കൂടുതലായും ചര്‍ച്ച ചെയ്യപ്പെട്ടത്. ഒബാമ തന്റെ അഭിമാനപദ്ധതിയായി പ്രചരിപ്പിച്ച ആരോഗ്യരക്ഷാ പദ്ധതിയെ റോംനിയും കൂട്ടരും പുച്ഛിച്ചു. ഉള്ളവന്റെ ചെലവില്‍ ഇല്ലാത്തവന് കഴിയാനുള്ള സാഹചര്യം സൃഷ്ടിക്കാനാണ് ഒബാമ ശ്രമിക്കുന്നതെന്ന ആരോപണം ഉയര്‍ന്നു. അതിസമ്പന്നര്‍ക്ക് നികുതി ചുമത്താനുള്ള ഒബാമയുടെ നടപടികളെയും റിപ്പബ്ലിക്കന്മാര്‍ ചോദ്യംചെയ്തു.

പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ശതകോടി ഡോളറുകള്‍ വേണമെന്നിരിക്കെ ഒബാമയെ സാധാരണക്കാരുടെ പ്രതിനിധിയായി മുദ്രകുത്താന്‍ റിപ്പബ്ലിക്കന്മാര്‍ ശ്രമിച്ചത് ഫലം കണ്ടു. തെരഞ്ഞെടുപ്പ് ഫണ്ടിന്റെ മുഖ്യദാതാക്കളായ കോര്‍പറേറ്റുകള്‍ സ്വാഭാവികമായും റിപ്പബ്ലിക്കന്‍പക്ഷത്തെ കാര്യമായി സഹായിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒബാമയെ സഹായിച്ചവര്‍പോലും ഇക്കുറി കളംമാറി. സാമ്പത്തികനയത്തെച്ചൊല്ലി നടന്ന ആദ്യസംവാദത്തില്‍ ഒബാമ പതറുകയും ചെയ്തു. എന്നാല്‍, വിദേശനയം വിഷയമാക്കിയ രണ്ടാം സംവാദത്തോടെ ഒബാമ നില മെച്ചപ്പെടുത്താന്‍ തുടങ്ങി. കാരണം, അഫ്ഗാനിസ്ഥാനിലും ഇറാഖിലുമായി 6000 അമേരിക്കന്‍ സൈനികരുടെ ജീവനാണ് നഷ്ടപ്പെട്ടത്. 24 മണിക്കൂറില്‍ ഒന്ന് എന്ന തോതില്‍ രണ്ടിടത്തും അമേരിക്കന്‍ സൈനികരുടെ ആത്മഹത്യാശ്രമങ്ങളും നടക്കുന്നു. സ്വകാര്യകരാറുകാരുടെ കീഴില്‍ ഇറാഖിലും അഫ്ഗാനിസ്ഥാനിലും ജോലി നോക്കുന്ന അമേരിക്കന്‍ സൈനികരുടെ മരണങ്ങള്‍ ഈ കണക്കില്‍പെടുന്നില്ല. അതുകൊണ്ടുതന്നെ വീണ്ടുമൊരു അധിനിവേശയുദ്ധം സാധാരണ അമേരിക്കക്കാര്‍ക്ക് ചിന്തിക്കാനാകില്ല. അതേസമയം, മാന്ദ്യം നേരിടുന്ന അമേരിക്കന്‍ സൈനികവ്യവസായ ശൃംഖലയ്ക്ക് യുദ്ധം അനിവാര്യവുമാണ്.

യുദ്ധത്തിനുവേണ്ടി വാദിക്കാന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ആയുധനിര്‍മാണ കമ്പനികള്‍ 2001നുശേഷം സംഭാവനയായി നല്‍കിയത് 53 ലക്ഷം ഡോളറാണ്. ഇറാനുമേല്‍ അമേരിക്ക കണ്ണുവച്ചിരിക്കുന്നത് ഈ സാഹചര്യത്തിലാണ്. എന്നാല്‍, ഇറാഖ്, അഫ്ഗാന്‍ യുദ്ധങ്ങള്‍ക്കായി ഇതുവരെ ചെലവിട്ടത് നാല് ലക്ഷം കോടിയോളം ഡോളറാണ്. അമേരിക്കയുടെ മൊത്തം ദേശീയ കടം 16 ലക്ഷം കോടി ഡോളറും. സൈനികച്ചെലവ് നിയന്ത്രിക്കുമെന്നതാണ് ഒബാമയുടെ പ്രഖ്യാപിതനയം. അത് ഉയര്‍ത്തുമെന്ന് റോംനിയും പറയുന്നു. അതിനാല്‍ത്തന്നെ വിദേശനയം ചര്‍ച്ചചെയ്യപ്പെടുമ്പോള്‍ റിപ്പബ്ലിക്കന്മാര്‍ പരുങ്ങുന്നത് സ്വാഭാവികം. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പണക്കൊഴുപ്പിന്റെ മേളയാണെന്ന ആരോപണത്തില്‍ പുതുമയില്ല. രാജ്യത്തെ 51 സംസ്ഥാനങ്ങളില്‍ ഡെമോക്രാറ്റുകള്‍ക്കും റിപ്പബ്ലിക്കന്മാര്‍ക്കും പരമ്പരാഗത ശക്തികേന്ദ്രങ്ങളുണ്ട്. ഉറച്ച വോട്ടര്‍മാരെ മറുപക്ഷത്തിന് അങ്ങനെയൊന്നും സ്വാധീനിക്കാനാകില്ല. ആടിക്കളിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇരുപാര്‍ടികളും പണമൊഴുക്കിയത്. അമേരിക്കയെ വിറപ്പിച്ച് സാന്‍ഡി വീശിയടിച്ചത് ഈ സന്ദര്‍ഭത്തിലാണ്. ചുഴലിക്കാറ്റ് സൃഷ്ടിച്ച ദുരന്തം ഇരുകൂട്ടരും പ്രചാരണത്തിനുള്ള അവസരമാക്കി. സമ്പന്നരെ രക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍ പ്രചരിപ്പിച്ചുവന്ന റോംനി റാലികളില്‍ ദുരിതാശ്വാസപാക്കറ്റുകള്‍ വിതരണം ചെയ്തു. വന്‍ദുരന്തം ബാധിച്ച സ്ഥലങ്ങളിലെ പ്രചാരണപരിപാടികള്‍ റദ്ദാക്കി. പ്രകൃതിദുരന്തങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കുന്ന പ്രവണതയെ അപലപിക്കുകയും അതേസമയം എതിര്‍പക്ഷം ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതായി പരോക്ഷമായി സൂചിപ്പിക്കുകയുംചെയ്തു.

സാന്‍ഡിയുടെ വരവിനുമുമ്പ് പരിസ്ഥിതിവിഷയങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നില്ല. സാന്‍ഡി ഏറ്റവുമധികം നാശം വിതച്ച ന്യൂയോര്‍ക്കിലെ മേയര്‍ മൈക്കള്‍ ബ്ലൂംബര്‍ഗ് ആദ്യമായി ഈ വിഷയം എടുത്തിട്ടു. സാന്‍ഡി ആഗോളകാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമാണെങ്കിലും അല്ലെങ്കിലും കാലാവസ്ഥാപ്രശ്നങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്ന് ബ്ലൂംബര്‍ഗ് പറഞ്ഞു. ഇത്തരം പ്രശ്നങ്ങള്‍ നേരിടാന്‍ ഏറ്റവും കഴിവുള്ള സ്ഥാനാര്‍ഥി ഒബാമയാണെന്നും ബ്ലൂംബര്‍ഗ് പറഞ്ഞുവച്ചു. ഇതോടെ ഒബാമയുടെ പ്രസംഗങ്ങളില്‍ കാലാവസ്ഥയും കടന്നുവന്നു. അമേരിക്കന്‍ കുട്ടികളുടെ ഭാവിക്കായി കാലാവസ്ഥ സംരക്ഷിക്കണമെന്നും ഇതിനായി സര്‍ക്കാര്‍ ഫണ്ട് ചെലവിടണമെന്നും ഒബാമ അഭിപ്രായപ്പെട്ടു. ഒബാമയുടെയും കൂട്ടരുടെയും ഈ നീക്കം റോംനിക്ക് തിരിച്ചടിയായെന്ന് ന്യൂജേഴ്സി ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റിയുടെ വാക്കുകള്‍ വെളിപ്പെടുത്തുന്നു. ദുരന്തം നേരിടാന്‍ പ്രസിഡന്റ് സന്ദര്‍ഭത്തിനൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിച്ചതായി റിപ്പബ്ലിക്കന്‍ പാര്‍ടിക്കാരനായ ക്രിസ്റ്റി വാഴ്ത്തി.

പ്രസിഡന്റില്‍നിന്നുള്ള കൂടുതല്‍ ദുരിതാശ്വാസഫണ്ട് വീണ്ടും ഗവര്‍ണര്‍സ്ഥാനത്തേക്ക് മത്സരിക്കാന്‍ താല്‍പ്പര്യപ്പെടുന്ന ക്രിസ്റ്റിക്ക് ആവശ്യമാണ്. അതുകൊണ്ടാണ് റോംനിയെ തല്‍ക്കാലം കൈവിട്ട് ഒബാമയെ പുകഴ്ത്താന്‍ ക്രിസ്റ്റി തയ്യാറായത്. ഇത്തരം നാടകങ്ങള്‍ക്ക് ശേഷമാണ് അമേരിക്ക ബൂത്തിലേക്ക് നീങ്ങുന്നത്. അമേരിക്കയുടെ തെരഞ്ഞെടുപ്പ് ചരിത്രവും ഒബാമയ്്ക്ക് പ്രതീക്ഷ നല്‍കുന്നു. 112 വര്‍ഷത്തെ ചരിത്രത്തില്‍ ഇതുവരെ നാല് പ്രസിഡന്റുമാര്‍ മാത്രമാണ് രണ്ടാമൂഴം തേടിയപ്പോള്‍ പരാജയപ്പെട്ടത്. 1932നുശേഷം രണ്ടുപേര്‍ മാത്രവും. 1980ല്‍ ജിമ്മി കാര്‍ട്ടറും 1992ല്‍ ജോര്‍ജ് എച്ച് ഡബ്ല്യു ബുഷും. അതേസമയം, സംസ്ഥാനങ്ങളില്‍നിന്നുള്ള ഇലക്ടറല്‍ കോളേജുകളുടെ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന സംവിധാനം നിലനില്‍ക്കുന്ന അമേരിക്കയില്‍ ജനകീയവോട്ടുകള്‍ അപ്രസക്തമാകുന്ന നിലയും ഉണ്ടായേക്കാം.


*****

സാജന്‍ എവുജിന്‍, ദേശാഭിമാനി

Monday, January 3, 2011

സാമ്പത്തിക മാന്ദ്യവും സ്‌ത്രീ തൊഴിലാളികളും

ലോകത്ത് സ്‌ത്രീകളുടെ ജീവിത അവസ്ഥയില്‍ സമീപകാലത്ത് ഏറ്റവും അധികം ആഘാതമുണ്ടാക്കിയ ദുരന്തമാണ് ആഗോളസാമ്പത്തിക പ്രതിസന്ധിയെന്ന് സംശയരഹിതമായി പറയാം. ദരിദ്രരാജ്യങ്ങളില്‍ മാത്രമല്ല, താരതമ്യേന മെച്ചപ്പെട്ട സാമ്പത്തികസ്ഥിതിയും ജീവിതഗുണനിലവാരവും അവകാശപ്പെട്ടിരുന്ന പല യൂറോപ്യന്‍ രാജ്യങ്ങളിലും സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് തൊഴില്‍രംഗത്തും സാമൂഹ്യക്ഷേമരംഗത്തും ഉണ്ടായ മാറ്റങ്ങള്‍ പുരുഷന്മാരേക്കാള്‍ സ്‌ത്രീകളുടെ ജീവിതത്തിലാണ് പ്രതിസന്ധികള്‍ സൃഷ്‌ടിച്ചിരിക്കുന്നത്.

തൊഴിലില്ലായ്‌മയും കൂലിവെട്ടിക്കുറയ്‌ക്കലും ദാരിദ്ര്യത്തിന്റെ തോത് വര്‍ദ്ധിപ്പിച്ചിരിക്കുന്നു. പല രാജ്യങ്ങളും ക്ഷേമപദ്ധതികള്‍ വെട്ടിച്ചുരുക്കിയത് കുടുംബങ്ങളെയാണ് ബാധിച്ചിരിക്കുന്നത്. കുട്ടികളെ തനിച്ചു വളര്‍ത്തേണ്ടി വരുന്ന രക്ഷിതാക്കളില്‍ മൂന്നിലൊന്നും പരമദരിദ്രരാണ്. ഇവരിലാകട്ടെ 80-90 ശതമാനം സ്‌ത്രീകളാണ്. സാമ്പത്തികപ്രതിസന്ധി സ്‌ത്രീജീവിതത്തില്‍ സൃഷ്‌ടിച്ചിരിക്കുന്ന ദുരന്തങ്ങള്‍ സങ്കീര്‍ണമാണെന്ന് യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളില്‍ നിന്നുള്ള വാര്‍ത്തകളും അടിവരയിടുന്നു.

സാമ്പത്തികപ്രതിസന്ധിയുടെയും ഉത്പാദനമാന്ദ്യത്തിന്റെയും ആഘാതം ഏറ്റവുമൊടുവില്‍ ഒരു പൊട്ടിത്തെറിയുടെ വക്കിലെത്തിനില്‍ക്കുകയാണ് സ്‌പെയിനില്‍. നിലവിലുള്ള തൊഴിലാളികളെ പിരിച്ചുവിട്ടും തൊഴില്‍ സമയം കൂട്ടിയും കൂലിയും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചും സാമ്പത്തികപ്രതിസന്ധിയെ അതിജീവിക്കാനുള്ള സ്വകാര്യമേഖലയുടെയും സര്‍ക്കാരിന്റെയും പരിശ്രമങ്ങള്‍ക്കെതിരെ തൊഴിലാളി പ്രക്ഷോഭമാണ് സ്‌പെയിനില്‍ നടക്കുന്നത്.

സാധാരണഗതിയില്‍ മുതലാളിത്ത വ്യവസ്ഥതിയില്‍ നാം കാണുന്നത് തൊഴില്‍ കമ്പോളം വികസിക്കുമ്പോള്‍ സ്‌ത്രീകള്‍ കൂടുതലായി തൊഴിലിലേക്ക് കടന്നു വരികയും മാന്ദ്യകാലത്ത് വീടുകളിലേക്ക് (വീട് കേന്ദ്രമാക്കിയുള്ള കുടില്‍ വ്യവസായത്തില്‍ പോലും പലപ്പോഴും കൂലിയില്ലാതെ സ്‌ത്രീകള്‍ പണിയെടുക്കുന്നു) അഥവാ കൂലിയില്ലാപ്പണികളിലേക്ക് സ്‌ത്രീകള്‍ തിരിച്ചുപോകുന്നതുമാണ്. സ്‌പെയിനില്‍ പരമ്പരാഗതമായി കണ്ടുവന്നിരുന്നതും ഈ പ്രവണതയാണ്. എന്നാല്‍ ആഗോളവത്കരണകാലത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ ഈ പ്രവണതയ്‌ക്ക് മാറ്റം വന്നിരിക്കുന്നു. സ്‌ത്രീകളേക്കാള്‍ അധികം ഇപ്പോള്‍ സ്‌പെയിനില്‍ തൊഴില്‍ നഷ്‌ടപ്പെട്ടിരിക്കുന്നത് പുരുഷന്മാര്‍ക്കാണ്. കാരണം സാമ്പത്തികപ്രതിസന്ധി ഏറ്റവുമധികം ബാധിച്ച ഉത്പാദന നിര്‍മ്മാണ പ്രവര്‍ത്തനമേഖലയിലാണ് പുരുഷത്തൊഴിലാളികള്‍ കേന്ദ്രീകരിച്ചിരുന്നത്. സ്‌ത്രീകളാകട്ടെ ആരോഗ്യം, സാമൂഹ്യക്ഷേമം, വിദ്യാഭ്യാസം, മറ്റ് സേവനങ്ങള്‍ തുടങ്ങിയ താരതമ്യേ പുതിയ പ്രതിസന്ധി കുറച്ചു മാത്രം ബാധിച്ച മേഖലകളിലും. ഇതിന്റെ ഫലമായി സ്‌പെയിനില്‍ ഇപ്പോള്‍ സ്‌ത്രീകള്‍ക്കിടയിലെ തൊഴിലില്ലായ്‌മ നിരക്ക് (23%) പുരുഷന്മാരേക്കാള്‍ (27%) കുറവാണ്. എന്നാല്‍ തൊഴില്‍ പങ്കാളിത്തത്തിന്റെ കാര്യത്തില്‍ ഇപ്പോഴും പുരുഷന്മാരാണ് (55.6%) സ്‌ത്രീകളേക്കാള്‍ മുന്നില്‍ (41.7%).

സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തും സ്‌പെയിനില്‍ (മറ്റ് പല രാജ്യങ്ങളിലും) സ്‌ത്രീകളുടെ തൊഴിലവസരങ്ങള്‍ കുറയുകയല്ല കൂടുകയാണ് ചെയ്തത് എന്നത് നേട്ടമായി ചിലര്‍ അവകാശപ്പെടുന്നുണ്ട്. വാസ്‌തവത്തില്‍ സേവനമേഖലയിലെ സ്‌ത്രീതൊഴിലാളികളുടെ കേന്ദ്രീകരണം എന്ന (Feminisation of labour force) ആഗോളവത്കരണ സാമ്പത്തികക്രമത്തിലെ പ്രതിഭാസം സാമ്പത്തികപ്രതിസന്ധിയുടെ കാലത്ത് പല രാജ്യങ്ങളിലും നാടകീയമായി വര്‍ദ്ധിച്ചു എന്നത് ചൂഷണത്തിന്റെ സങ്കീര്‍ണതയെയാണ് വെളിപ്പെടുത്തുന്നത്. ഉത്പാദന-നിര്‍മ്മാണമേഖലകളില്‍ പുരുഷന്മാര്‍ക്ക് തൊഴില്‍ നഷ്‌ടപ്പെട്ടപ്പോള്‍ കുടുംബം പുലര്‍ത്താന്‍ എത്ര കുറഞ്ഞ കൂലിക്കും പണിയെടുക്കാന്‍ തയ്യാറാകുന്ന സ്‌ത്രീകളെയാണ് പ്രതിസന്ധിയുടെ കാലത്ത് മുതലാളിത്തത്തിന് ആവശ്യം. അനാരോഗ്യകരവും വിവേചനപരവുമായ തൊഴിലുകളിലേക്ക് സ്‌ത്രീകള്‍ കേന്ദ്രീകരിക്കാന്‍ നിര്‍ബന്ധിതരാകുന്നത് ശാക്തീകരണമായല്ല തികഞ്ഞ ചൂഷണമായാണ് കാണേണ്ടത്. കുടുംബത്തിന്റെ ചുമതല കൂടുതലായി സ്‌ത്രീകള്‍ ഏറ്റെടുക്കേണ്ടി വരുന്നു. സ്‌പെയിനില്‍ സംഭവിക്കുന്നതും ഇതേ പ്രതിഭാസമാണ്. ഇത് സ്‌പെയിനിലെ തൊഴില്‍മേഖലയില്‍ നിലനിന്നിരുന്ന ലിംഗവിവേചനത്തെ വര്‍ദ്ധിപ്പിച്ചിരിക്കുന്നു.

ഏകാധിപതിയായിരുന്ന ജനറല്‍ ഫ്രാങ്കോയുടെ ഭരണത്തിനു ശേഷം 1975 മുതല്‍ സ്‌ത്രീകള്‍ക്കനുകൂലമായ നിയമനിര്‍മ്മാണമാവശ്യപ്പെട്ടുകൊണ്ട് സ്‌ത്രീസംഘടനകള്‍ നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്നാണ് സ്‌പെയിനിന്റെ ഭരണഘടനയില്‍ ലിംഗതുല്യത എഴുതിച്ചേര്‍ത്തത്. അതിനുശേഷവും വര്‍ഷങ്ങള്‍ നീണ്ടു നിന്ന സമരങ്ങളെത്തുടര്‍ന്ന് 2007 ലാണ് തൊഴിലെടുക്കുന്ന സ്‌ത്രീകള്‍ക്ക് തുല്യവേതനമടക്കമുള്ള അവകാശങ്ങളും സവിശേഷ പരിഗണനകളും (ഉദാ. പ്രസവാവധി) ഉറപ്പാക്കുന്ന നിയമം നടപ്പാക്കുന്നത്. എന്നാല്‍ ഇതൊന്നും തന്നെ തൊഴിലുടമകളുടെ അനിവാര്യചുമതലകളായി അനുശാസിച്ചിട്ടില്ലാത്തതുകൊണ്ട് നിയമത്തില്‍ വാഗ്ദാനം ചെയ്യുന്ന ലിംഗതുല്യത സ്‌ത്രീത്തൊഴിലാളികള്‍ക്ക് നിഷേധിക്കപ്പെട്ട സാഹചര്യമാണ് നിലവിലുണ്ടായിരുന്നത്. സാമ്പത്തിക മാന്ദ്യമാകട്ടെ സ്‌ത്രീത്തൊഴിലാളികള്‍ക്ക് തുല്യ അവകാശങ്ങളും ആനുകൂല്യങ്ങളും ഉറപ്പാകുന്ന എല്ലാ നിയമങ്ങളെയും കാറ്റില്‍ പറത്താനുള്ള മറയായിട്ടാണ് സ്‌പെയിനില്‍ തൊഴിലുടമകള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്.

സ്‌പ്പെയിനുൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ തുല്യ ജോലിക്കു തുല്യവേതനമെന്നത് അംഗീകരിക്കുകയും 1975 ല്‍ കൂലിയിലെ ലിംഗവിവേചനം തടയാന്‍ നിയമം കൊണ്ടുവരികയും ചെയ്തതാണ്. എന്നാല്‍ 35 വര്‍ഷങ്ങള്‍ക്കുശേഷവും യൂറോപ്പില്‍ സ്‌ത്രീത്തൊഴിലാളികള്‍ക്ക് പുരുഷന്മാര്‍ക്ക് കിട്ടുന്ന കൂലിയുടെ ശരാശരി 80 ശതമാനം മാത്രമേ കിട്ടുന്നുള്ളൂ.
സ്‌ത്രീശാക്തീകരണത്തിലൂടെ അവര്‍ സ്വയം ആര്‍ജ്ജിക്കേണ്ട അതിജീവനശേഷിയെക്കുറിച്ച് വാചാലമാകുന്നവര്‍ ഇത്തരം പ്രതിസന്ധികളില്‍ സര്‍ക്കാര്‍ ചെയ്യേണ്ട ഉത്തരവാദിത്തങ്ങളെക്കുറിച്ച് നിശ്ശബ്ദത പാലിക്കുകയാണ്. സ്വകാര്യമേഖലയുടെ ദയാദാക്ഷിണ്യത്തിലേക്ക് സ്‌ത്രീകളടക്കമുള്ള തൊഴിലാളികളെ വലിച്ചെറിയുന്നത് സര്‍ക്കാരിന്റെ നിരുത്തരവാദിത്തമാണെന്ന് സ്‌പെയിനില്‍ പ്രതിഷേധക്കാര്‍ വിളിച്ചുപറയുന്നു. സാമ്പത്തിക പ്രതിസന്ധി താത്കാലിക പ്രതിഭാസം മാത്രമാണെന്നും ആഗോളസാമ്പത്തികമാന്ദ്യം പരിഹരിക്കപ്പെട്ടുകഴിഞ്ഞുവെന്നും അങ്ങനെ മുതലാളിത്തം അജയ്യമാണെന്നും വരുത്തിത്തീര്‍ക്കാന്‍ വലിയ പ്രചരണം നടക്കുന്നുണ്ട്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി ഓരോ രാജ്യത്തിന്റെയും കുടുംബത്തിന്റെയും സ്‌ത്രീജീവിതത്തിന്റെയും താളം തെറ്റിക്കുന്ന പ്രഹരമാണ് എന്ന് സ്‌പെയിനിന്റെ അനുഭവം ആവര്‍ത്തിക്കുന്നു.


****


ടി എൻ സീമ, കടപ്പാട് : സ്‌ത്രീശബ്‌ദം

Thursday, November 4, 2010

ഒബാമ എത്തുമ്പോള്‍

അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ഇന്ത്യ സന്ദര്‍ശിക്കുന്നതു സംബന്ധിച്ച് പ്രതീക്ഷകളും ആശങ്കകളും പല കോണുകളില്‍നിന്നും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. പുതിയ ചരിത്രം സൃഷ്‌ടിച്ചുകൊണ്ടാണ് 2009 ജനുവരി ഒന്നിന് ബറാക് ഹുസൈന്‍ ഒബാമ അമേരിക്കയുടെ ആദ്യ ആഫ്രോ അമേരിക്കന്‍ പ്രസിഡന്റാകുന്നത്. ജനാധിപത്യത്തിന്റെ മഹിമയെക്കുറിച്ച് എല്ലാ രാജ്യങ്ങള്‍ക്കും ആയുധം ഉപയോഗിച്ചുവരെ ക്ളാസ് എടുക്കുന്ന രാജ്യമാണെങ്കിലും സ്വന്തം രാജ്യത്ത് ഒരു കറുത്തവംശജന് പ്രസിഡന്റ് പദവിയില്‍ എത്തുന്നതിന് 44-ാമത്തെ തവണവരെ കാക്കേണ്ടിവന്നു. ഒരു വനിതയ്‌ക്ക് ഇതുവരെയും അമേരിക്കയുടെ പ്രസിഡന്റാകാന്‍ കഴിഞ്ഞിട്ടില്ല.

ഒബാമ അമേരിക്കയുടെ നായകത്വത്തിലേക്ക് വന്നതോടെ പുതിയ പ്രതീക്ഷകളുടെ വാതില്‍ തുറന്നിരുന്നു. പുതിയ അമേരിക്കയെ സംബന്ധിച്ചുള്ള സങ്കല്‍പ്പങ്ങളാണ് പിതാവില്‍നിന്നുള്ള സ്വപ്‌നങ്ങള്‍ എന്ന തന്റെ പുസ്‌തകത്തില്‍ 1995ല്‍ തന്നെ ഒബാമ അവതരിപ്പിച്ചത്. ഒഴുകിയെത്തുന്ന വാക്കുകളുടെ മനോഹരമായ വിന്യാസത്താല്‍ സമ്പന്നമായ പ്രസംഗത്തിലൂടെ ലോകജനതയുടെ ഹൃദയത്തില്‍ ഇടം നേടാന്‍ ഒബാമയ്‌ക്ക് കഴിഞ്ഞിരുന്നു. കഠിനമായ ബാല്യവും കറുത്തവനോടുള്ള വിവേചനത്തിന്റെ കയ്‌പേറിയ നേരനുഭവങ്ങളും നാലുവര്‍ഷത്തോളം നീണ്ട ഇന്തോനേഷ്യയിലെ കുട്ടിക്കാലത്ത് കണ്ട കാഴ്‌ചകളും എല്ലാം ഒബാമയെ രൂപപ്പെടുത്തുന്നതില്‍ പ്രധാനപങ്ക് വഹിച്ചു.

അമേരിക്കയുടെ പിന്തുണയോടെ നടത്തിയ ഇന്തോനേഷ്യയിലെ കമ്യൂണിസ്‌റ്റ് കൂട്ടക്കൊലയുടെ അനുഭവങ്ങള്‍ ഒബാമ അദ്ദേഹത്തിന്റെ പുസ്‌തകത്തില്‍ വിവരിക്കുന്നുണ്ട്. അഞ്ചുലക്ഷത്തോളം കമ്യൂണിസ്‌റ്റുകാരെയാണ് അവിടെ കൊന്നൊടുക്കിയതെന്നും എന്നാല്‍, ലോകത്തിലെ ഏറ്റവും ശക്തമായ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയ്‌ക്ക് ആ കണക്ക് പോലും ശരിക്കും എടുക്കാന്‍ കഴിഞ്ഞില്ലെന്നും പരിഹാസത്തോടെ ഒബാമ എഴുതുന്നു. ഇതെല്ലാം അവതരിപ്പിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഒബാമ കമ്യൂണിസ്‌റ്റാണെന്നും അതുകൊണ്ട് ഭീകരവാദിയാണെന്നുംവരെ ഫോക്‌സ് ന്യൂസിനെപ്പോലുള്ള മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ പിതാവ് സോഷ്യലിസത്തിന്റെ പ്രശ്‌നങ്ങളെ സംബന്ധിച്ച് ലഘുലേഖ എഴുതിയിട്ടുണ്ടെന്നും അച്ഛനും അമ്മയും ആദ്യമായി കണ്ടുമുട്ടിയത് റഷ്യന്‍ ഭാഷാ പഠനത്തിനിടയിലാണെന്നുംവരെ പ്രചാരവേല നീണ്ടു. ഇതെല്ലാം ഒബാമതന്നെ നിഷേധിച്ചെങ്കിലും അദ്ദേഹം പ്രസിഡന്റായതോടെ മാറ്റത്തിന്റെ കാറ്റ് വീശുമെന്ന് പലരും വ്യമോഹിച്ചിരുന്നു. തീര്‍ച്ചയായും മാറാന്‍ അമേരിക്കയ്‌ക്ക് കഴിയുമെന്ന വാക്കുകള്‍ ഒബാമ എല്ലായ്‌പ്പോഴും ആവര്‍ത്തിച്ചു. എന്നാല്‍, ഒബാമയില്‍നിന്ന് അധികമൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് അമേരിക്കയെക്കുറിച്ച് അറിയുന്നവര്‍ അന്നേ ശരിയായി പറഞ്ഞിരുന്നു.

പ്രസിഡന്റായി ചുമതലയേറ്റശേഷം നടത്തിയ പ്രസംഗങ്ങളിലും പത്രസമ്മേളനങ്ങളിലും ആവേശം നിറഞ്ഞ വാക്കുകളോടെ മാറ്റത്തെക്കുറിച്ച് ആവര്‍ത്തിച്ചുവെങ്കിലും പ്രയോഗത്തില്‍ ഒന്നും സംഭവിച്ചില്ല. ലോകത്തെതന്നെ പിടിച്ചുകുലുക്കിയ അമേരിക്കയിലെ സാമ്പത്തികമാന്ദ്യവും ഇറാഖ് അധിനിവേശത്തിനെതിരെ ഉയര്‍ന്ന ജനവികാരവുമാണ് ഒബാമയെ അധികാരത്തിലേക്ക് എത്തിച്ച പ്രധാന കാരണങ്ങള്‍. സ്വഭാവികമായും ഈ രണ്ടു പ്രശ്‌നങ്ങളിലും പരിഹാരത്തിന്റെ വേറിട്ട വഴി അദ്ദേഹം അന്വേഷിക്കുമെന്നാണ് പൊതുവെ കരുതിയത്. ചുമതലയെടുത്ത് ഒരു മാസത്തിനകം നടത്തിയ പ്രഖ്യാപനത്തില്‍ 18 മാസത്തിനുള്ളില്‍ ഇറാഖിലെ അമേരിക്കയുടെ ദൌത്യം അവസാനിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കഴിഞ്ഞ ആഗസ്‌തില്‍ പേരിന് ദൌത്യം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപനം നടത്തിയെങ്കിലും മറ്റു പല ദൌത്യങ്ങളുടെയും പേരില്‍ സൈന്യം ഇറാഖില്‍ തുടരുകയാണ്.

ഇപ്പോഴാണെങ്കില്‍ വിക്കിലീക്ക്‌സ് ഞെട്ടിപ്പിക്കുന്ന നിരവധി രേഖകള്‍ പുറത്തുവിട്ടിരിക്കുന്നു. പെന്റഗണില്‍നിന്ന് അവര്‍ ചോര്‍ത്തിയെടുത്ത രേഖകളില്‍ ഇറാഖില്‍ അമേരിക്ക നടത്തിയ കൂട്ടക്കൊലകളുടെയും പ്രാകൃതമായ മനുഷ്യാവകാശലംഘനങ്ങളുടെയും ആധികാരികമായ ഉള്ളടക്കമാണ് ഉള്ളത്. ഇതു സംബന്ധിച്ച് ഉടന്‍ അന്വേഷണം നടത്തണമെന്ന് ഐക്യരാഷ്‌ട്ര സഭ ആവശ്യപ്പെട്ടിട്ടുണ്ട്. മനുഷ്യാവകാശങ്ങളെ സംബന്ധിച്ചും ഇറാഖിലെ അമേരിക്കയുടെ അധിനിവേശത്തെക്കുറിച്ചും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉല്‍ക്കണ്ഠ പ്രകടിപ്പിച്ചിരുന്ന ഒബാമ ഇക്കാര്യത്തില്‍ ഇതുവരെയും ഒരു നിലപാട് പ്രഖ്യാപിച്ചിട്ടില്ല.നവംബര്‍ എട്ടിന് വൈകിട്ട് ഇന്ത്യന്‍’പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുമ്പോള്‍ ഒബാമ ഇക്കാര്യത്തില്‍ ഒരു നിലപാട് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടാന്‍ നമുക്ക് അവകാശമുണ്ട്. ഇറാഖ് അധിനിവേശത്തില്‍ വിയോജിപ്പ് പ്രമേയം ഐകകണ്ഠ്യേന അംഗീകരിച്ച പാര്‍ലമെന്റിനെയാണ് അദ്ദേഹം അഭിമുഖീകരിക്കുന്നത്.

ക്ളിന്റനില്‍നിന്നും ബുഷില്‍നിന്നും വ്യത്യസ്‌തമായി കാലാവധിയുടെ ആദ്യവട്ടത്തില്‍തന്നെ ഇന്ത്യ സന്ദര്‍ശിക്കുന്നത് രാജ്യത്തോടുള്ള പ്രത്യേക താല്‍പ്പര്യത്തിന്റെ പ്രതിഫലനമാണെന്ന് പലരും പറയുന്നുണ്ട്. എന്നാല്‍, അത് ഇപ്പോള്‍ ഒബാമ സ്വീകരിച്ചിട്ടുള്ള വിദേശനയത്തിന്റെ ഭാഗമായ താല്‍പ്പര്യമാണ്. ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ വിവിധ ഘട്ടങ്ങളുടെ പൂര്‍ത്തീകരണമാണ് ഇപ്പോള്‍ നടത്തുന്നത്. അതിനായുള്ള മുന്നൊരുക്കങ്ങള്‍ക്ക് രണ്ടാം യുപിഎ സര്‍ക്കാരും ശക്തമായി ശ്രമിക്കുന്നുണ്ട്. ആണവബാധ്യതാനിയമം പാസാക്കിയെടുത്തത് അതിന്റെ ഭാഗമാണ്. അമേരിക്ക ആഗ്രഹിച്ചതുപോലെ പൂര്‍ണമായും കഴിഞ്ഞില്ലെങ്കിലും ഒരു കടമ്പകൂടി കടന്നിരിക്കുന്നു. ഇനി അമേരിക്കന്‍ കുത്തകകള്‍ക്ക് കോടിക്കണക്കിന് ഡോളറിന്റെ റിയാക്‌ടര്‍ ഓര്‍ഡറുകള്‍ ലഭിക്കും. അതിനുള്ള ചര്‍ച്ചകള്‍ രണ്ടുവട്ടം പൂര്‍ത്തികരിച്ചുകഴിഞ്ഞു. എന്നാല്‍, 123 കരാറിന്റെ സന്ദര്‍ഭത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റിന് ഉറപ്പുനല്‍കിയ ഇരട്ട സാങ്കേതികവിദ്യയുടെ കൈമാറ്റത്തില്‍ അമേരിക്ക ഇതുവരെയും അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ഇപ്പോഴത്തെ സന്ദര്‍ശനസമയം പുതിയ കീഴടങ്ങലുകള്‍ക്ക് വേദിയാകുമോയെന്ന ഉല്‍ക്കണ്ഠയാണ് രാജ്യസ്നേഹികള്‍ക്കുള്ളത്.

അഫ്‌ഗാനിസ്ഥാനും പാകിസ്ഥാനും കേന്ദ്രീകരിച്ചുള്ളതാണ് ഒബാമ നയം. പുതുതായി മുപ്പതിനായിരത്തിലധികം സൈനികരെയാണ് അവിടെ വിന്യസിച്ചിട്ടുള്ളത്. ഇപ്പോള്‍ ഒന്നരലക്ഷത്തിലധികം നാറ്റോ സൈനികരാണ് അവിടെയുള്ളത്. ഇത്രയും കാലത്തെ കടന്നാക്രമണത്തിനുശേഷവും താലിബാനെ അടിച്ചമര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. ബിന്‍ലാദന്റെ താവളത്തെ സംബന്ധിച്ച് ഒരു ധാരണയും തങ്ങള്‍ക്കില്ലെന്ന് കഴിഞ്ഞ ദിവസം അമേരിക്ക തുറന്നു സമ്മതിക്കുകയുണ്ടായി. ഈ മേഖലയിലാകെ വ്യാപിച്ചിരിക്കുന്ന അമേരിക്കന്‍ സാന്നിധ്യത്തിന് അനുസരിച്ച് ഇന്ത്യയെക്കൂടി മാറ്റിയെടുക്കാനാണ് അമേരിക്ക ആഗ്രഹിക്കുന്നത്. ഭീകരതക്കെതിരായ യുദ്ധത്തിലെ വിശ്വസ്‌ത പങ്കാളിയെന്നാണ് കഴിഞ്ഞ ദിവസം ഒബാമ ഇന്ത്യയെ വിശേഷിപ്പിച്ചത്. അമേരിക്കയുടെ താല്‍പ്പര്യത്തിന് അനുസരിച്ച് മൂന്നാംതവണയാണ് ഐഎഇഎയില്‍ ഇറാനെതിരെ ഇന്ത്യ വോട്ടു ചെയ്‌തത്. ഇറാനെതിരെ ഉപരോധത്തിന്റെ പുതിയ ഘട്ടത്തിന് തുടക്കം കുറിച്ച ഒബാമ പ്രസംഗത്തില്‍ കാണിച്ച ആവേശത്തിന് കടകവിരുദ്ധമായാണ് പ്രവര്‍ത്തിച്ചത്. ഇതിനെ അപലപിക്കുന്നതിനും നമ്മുടെ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇന്ത്യയുടെ ഈ സമീപനം ബഹുധ്രുവ നയത്തിന് എതിരാണ്.

അമേരിക്കന്‍ കുത്തകകള്‍ക്കു വേണ്ടി വിവിധ മേഖലകള്‍ തുറന്നിടുന്നതിനുള്ള വ്യഗ്രതയിലാണ് രണ്ടാം യുപിഎ സര്‍ക്കാര്‍. ഇടതുപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ് മൂലം നടക്കാതിരുന്ന, ചില്ലറ വ്യാപാരമേഖലയില്‍ വിദേശ മൂലധനം അനുവദിക്കുന്നതിന് മന്ത്രിസഭ പച്ചക്കൊടി കാണിച്ചുകഴിഞ്ഞു. ഉന്നത വിദ്യാഭ്യാസമേഖലയില്‍ വിദേശ മൂലധനം അനുവദിക്കുന്ന നിയമം ഒബാമ സന്ദര്‍ശനത്തിനു തൊട്ടുപിന്നാലെ പാസാക്കിയെടുക്കുന്നതിനാണ് ശ്രമിക്കുന്നത്. അമേരിക്ക-ഇന്ത്യ സിഇഒ ഫോറത്തിന്റെ ശുപാര്‍ശകള്‍ക്കനുസരിച്ചുള്ള നിയമനിര്‍മാണങ്ങള്‍ക്കാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന്റെ താല്‍പ്പര്യങ്ങളേക്കാളും ഇവരുടെ താല്‍പ്പര്യത്തിനാണ് രണ്ടു രാജ്യത്തെ സര്‍ക്കാരുകളും മുന്‍ഗണന നല്‍കുന്നത്. ഒബാമയുടെ ആദ്യ പരിപാടിതന്നെ വാണിജ്യ തലസ്ഥാനത്ത് നടക്കുന്ന മുതലാളിമാരുടെ സമ്മേളനമാണ്. കച്ചവടക്കണ്ണാണ് പ്രധാനമായും ഒബാമയ്‌ക്കുള്ളത്. രണ്ടു രാജ്യങ്ങളും തമ്മിലുള്ള 5000 കോടി ഡോളറിന്റെ വാണിജ്യം ശക്തിപ്പെടുത്താനാണ് പ്രധാനമായും അവര്‍ ലക്ഷ്യമാക്കുന്നതെന്ന് അമേരിക്കന്‍ വിദേശവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

പഴയ കാലത്തില്‍നിന്ന് വ്യത്യസ്‌തമായി ഇന്ത്യന്‍ കുത്തകകള്‍ക്ക് അമേരിക്കയോട് കൂടുതല്‍ താല്‍പ്പര്യമുണ്ട്. ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെയും പൊതുമേഖലയുടെ പിന്തുണയോടെയും വളര്‍ന്ന ഇന്ത്യന്‍ കുത്തക ഇന്ന് ബഹുരാഷ്‌ട്രരൂപത്തിലേക്ക് വളര്‍ന്നിരിക്കുന്നു. അമേരിക്കന്‍ മൂലധനത്തിന്റെ ഇന്ത്യന്‍ നിക്ഷേപ വളര്‍ച്ചയേക്കാളും വേഗത്തിലാണ് ഇന്ത്യന്‍ മൂലധനത്തിന്റെ അമേരിക്കന്‍ നിക്ഷേപ വളര്‍ച്ച. ആയിരം കോടി ഡോളറിന്റെ ഇന്ത്യന്‍ നിക്ഷേപമാണ് ഇപ്പോള്‍ അമേരിക്കയിലുള്ളത്. അതുകൊണ്ടു ഇത് ശക്തിപ്പെടുത്തേണ്ട ആവശ്യം ഇന്ത്യന്‍ കുത്തകകള്‍ക്കുണ്ട്.

ഇരുരാജ്യങ്ങളും ചേര്‍ന്ന് രൂപീകരിച്ച കാര്‍ഷിക മേഖലയിലെ വിജ്ഞാന മുന്‍കൈ അനുസരിച്ചുള്ള നടപടികളുടെ പൂര്‍ത്തീകരണവും ഈ സന്ദര്‍ശന സമയത്ത് ഉദ്ദേശിക്കുന്നുണ്ട്. അമേരിക്കയെ പ്രതിനിധാനംചെയ്‌ത് മോസാന്റോയാണ് ഈ സംവിധാനത്തിലുള്ളത്. കാര്‍ഷികമേഖലയുടെ കോര്‍പറേറ്റ്വല്‍ക്കരണം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ക്കാണ് ഇനി ഊന്നല്‍ എന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ത്തന്നെ അഗാധമായ പ്രതിസന്ധിയിലായ കാര്‍ഷികരംഗത്ത് അതിഗുരുതരമായ പ്രത്യഘാതമായിരിക്കും ഈ തീരുമാനം വഴിയുണ്ടാവുക.

ഇന്ത്യന്‍ സന്ദര്‍ശനസമയത്ത് രണ്ടു പ്രധാനപ്രശ്‌നങ്ങള്‍ക്ക് ഒബാമ മറുപടി പറയണം. അതില്‍ പ്രധാനം ഭോപാല്‍ കൂട്ടക്കൊലയിലെ പ്രധാനപ്രതി വാറന്‍ ആന്‍ഡേഴ്‌സനെ വിചാരണയ്‌ക്കായി വിട്ടുനല്‍കേണ്ട പ്രശ്‌നമാണ്. മെക്‌സിക്കന്‍ കടലിടുക്കിലുണ്ടായ എണ്ണചോര്‍ച്ചയുടെ കാര്യത്തില്‍ ബ്രിട്ടീഷ് പെട്രോളിയം കമ്പനിക്കെതിരെ ശക്തമായ നിലപാട് ഒരു പരിധിവരെ സ്വീകരിച്ച ഒബാമയ്‌ക്ക് ഇന്ത്യന്‍ ജനതയോട് ഇക്കാര്യത്തില്‍ സമാധാനം പറയാന്‍ ബാധ്യതയുണ്ട്. രണ്ടാമതായി ഡേവിഡ് ഹെഡ്‌ലിയെ വിട്ടുനല്‍കേണ്ട വിഷയമാണ്. മുംബൈ ഭികരാക്രമണക്കേസിലെ പ്രധാന സൂത്രധാരനായ ഹെഡ്‌ലി നേരത്തെ ഇരട്ട ഏജന്റായിരുന്നു. സിഐഎയുടെയും അല്‍ഖായ്‌ദയുടെയും ഏജന്റായി ഒരേ സമയം പ്രവര്‍ത്തിച്ച ഹെഡ്‌ലിയെ വിട്ടുനല്‍കാന്‍ മടിക്കുന്നതിലൂടെ ഏന്തോ മറച്ചുവയ്‌ക്കാന്‍ ആഗ്രഹിക്കുന്നെന്ന് വ്യക്തം. അമേരിക്കയ്‌ക്ക് ലഭിച്ച വിവരങ്ങള്‍ നല്‍കാന്‍ മടികാണിക്കുന്നെന്നും നല്‍കിയ വിവരങ്ങള്‍തന്നെ അവ്യക്തമാണെന്നും ആഭ്യന്തരമന്ത്രി ചിദംബരംതന്നെ പ്രഖ്യാപിച്ച സ്ഥിതിക്ക് ഈ പ്രശ്‌നം ഒബാമയുടെ മുമ്പില്‍ ഉയര്‍ത്തേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്.

മറ്റൊരു പ്രധാനപ്രശ്‌നം ഐടിമേഖലയുമായി ബന്ധപ്പെട്ടതാണ്. രാജ്യങ്ങളുടെ അതിരുകളെ അപ്രസക്തമാക്കുന്ന മൂലധന ഒഴുക്കിനെക്കുറിച്ചും ആഗോളവല്‍ക്കരണത്തെക്കുറിച്ചും പ്രസംഗിക്കുന്ന അമേരിക്ക തങ്ങള്‍ക്ക് കോട്ടമുണ്ടാക്കുന്ന മേഖലകളിൽ അതിനെല്ലാമെതിരാണ്. ഐ‌ടിയിലെ പുറം തൊഴിലിനെതിരെ ശക്തമായ നിലപാടാണ് ഒബാമ സ്വീകരിച്ചിട്ടുള്ളത്. പല സന്ദർഭങ്ങളിലും ബംഗളൂരിനെ പേരെടുത്തു പറയുകയും ചെയ്‌തു. സമീപ കാലത്ത് ഏർപ്പെടുത്തിയ പുതിയ വിസ് ചട്ടങ്ങൾ വഴി ഇന്ത്യൻ ഐ ടി കമ്പനികൾക്ക് 20 കോടി ഡോളറാണ് പ്രതിവർഷം അധികമായി നൽകേണ്ടി വരുന്നത്. അമേരിക്ക ആവശ്യപ്പെടുന്ന മേഖലകളെല്ലാം തുറന്നിട്ടുകൊടുക്കുന്നവർക്ക് ഇത്തരം പ്രശ്‌നങ്ങൾ ഉയർത്താൻ ബാധ്യതയുണ്ട്.

ഒബാമ പ്രതിനിധാനം ചെയ്യുന്നത് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ അധിനിവേശ നയങ്ങൾ തന്നെയാണ്. വാക്കുകളല്ല, പ്രവൃത്തിയാണ് വ്യക്തിയെ അളക്കുന്നതിന്റെ അളവുകോൽ. അതുകൊണ്ട് സന്ദർശന സമയത്തിലെ പ്രതിഷേധം ഈ നയങ്ങൾ തുറന്നുകാണിക്കുന്നതിന് സഹായകരമാണ്. അതോടൊപ്പം, കൂടുതൽ കൂടുതൽ അമേരിക്കൻ വിധേയത്വം പ്രകടിപ്പിക്കുന്ന രണ്ടാം യുപി‌എ സർക്കാരിനെതിരായ പ്രതിഷേധം കൂടിയായി ഇതു മാറും.


*****

പി രാജീവ്, ദേശാഭിമാനി 04112010

Tuesday, October 26, 2010

വോട്ടുവണ്ടിക്കാര്‍ കാണാതെ പോകുന്നത്

നൂറ് കുഞ്ഞാടുകളില്‍ ഒരെണ്ണത്തെ കാണാതായപ്പോള്‍ തൊണ്ണൂറ്റിഒന്‍പതിനെയും വിട്ട് കാണാതായ കുഞ്ഞാടിനെ അന്വേഷിച്ചുപോയ ഇടയന്റെ മാതൃക ആര്‍ക്കും അനുകരിക്കാം. പ്രത്യേകിച്ച് മാധ്യമങ്ങള്‍ക്ക്. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം പണികള്‍ക്ക് മൂല്യമേറും. കേരളത്തില്‍ 'ജനാധിപത്യചേരിയെ' ശക്തമാക്കാന്‍ 'വോട്ടുവണ്ടി ഓടിക്കുന്ന' മാധ്യമമുത്തശ്ശി തദ്ദേശതെരഞ്ഞെടുപ്പ് കാലത്ത് കെട്ടിയ ഇടയവേഷം പക്ഷേ, അരോചകമായി; പ്രായാധിക്യം നിമിത്തമാകാം.

ഭൂമിയില്‍ ബഹുഭൂരിപക്ഷം ജനങ്ങളും മുതലാളിത്ത സ്വര്‍ഗത്തില്‍ കഴിയുമ്പോള്‍ ചൈനയിലെയും ക്യൂബയിലെയും ജനങ്ങള്‍ കമ്യൂണിസ്‌റ്റ് ഭരണത്തില്‍ നരകയാതന അനുഭവിക്കുകയാണെന്ന് മുത്തശ്ശി കരുതുന്നു. ഇവരെ മോചിപ്പിക്കാനുള്ള കടമ ജനാധിപത്യത്തിന്റെ കാവല്‍ഭടന്മാരായ മാധ്യമശ്രേഷ്‌ഠര്‍ക്കുണ്ട്. കേരളത്തില്‍ തെരഞ്ഞെടുപ്പ് സമയങ്ങളില്‍ ഈ ഉത്തരവാദിത്തത്തിന്റെ പ്രസക്തി വര്‍ധിക്കുന്നു. ലോകത്ത് മൊത്തം 203 രാജ്യങ്ങളുണ്ട്. ഇവയില്‍ 193 എണ്ണത്തെ പരമാധികാര രാജ്യങ്ങളായി യുഎന്‍ അംഗീകരിച്ചിരിക്കുന്നു. എന്നാല്‍, മറ്റെല്ലാവരെയും വിട്ട് ചൈന, ക്യൂബ, ഉത്തരകൊറിയ എന്നിങ്ങനെ മൂന്നോ നാലോ രാജ്യങ്ങളുടെ പിന്നാലെയാണ് നമ്മുടെ ഇടയമുത്തശ്ശി. വഴിതെറ്റിയ ഈ കുഞ്ഞാടുകളെ 'നേര്‍പാതയില്‍' നയിക്കണം. ആവേശം മൂത്ത് ക്യൂബയില്‍ ബഹുകക്ഷിവ്യവസ്ഥയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍വരെ ആഹ്വാനം ചെയ്‌തുകളഞ്ഞു.

പക്ഷേ, കുഴപ്പം അതല്ല. ലോകത്ത് മറ്റ് രാജ്യങ്ങളുമുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളാകെ സാമ്പത്തിക-രാഷ്‌ട്രീയ കുഴപ്പത്തിലാണ്. ബ്രിട്ടനിലെ പുതിയ കൂട്ടുകക്ഷി സര്‍ക്കാര്‍ പ്രഖ്യാപിച്ച ചെലവുചുരുക്കലിന്റെ ഫലമായി പൊതു-സ്വകാര്യമേഖലകളിലായി 10 ലക്ഷം തൊഴിലവസരം നഷ്‌ടമാകും. ബിബിസിയിലെയും ബ്രിട്ടീഷ് എയര്‍വെയ്‌സിലെയും ജീവനക്കാര്‍പോലും പണിമുടക്കിന് ഒരുങ്ങുകയാണ്. അംഗരാജ്യങ്ങളെ സാമ്പത്തികപ്രതിസന്ധിയില്‍നിന്ന് കരകയറ്റാന്‍ യൂറോപ്യന്‍ യൂണിയന്‍ കമീഷന്‍ നടത്തുന്ന ചികിത്സയൊന്നും ഫലിക്കുന്നില്ല. മനുഷ്യന്റെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍പോലും നിഷേധിക്കുന്ന മുതലാളിത്ത സംവിധാനത്തിനെതിരെ യൂറോപ്പില്‍ ഉടനീളം പോരാട്ടം വളര്‍ന്നുവരികയാണ്.

അമേരിക്കയിലെ തൊഴിലാളികളുടെ സ്ഥിതി ഇതിലും ദയനീയമാണ്. ഏതു നിമിഷവും നഷ്‌ടപ്പെടാവുന്ന ഒന്നാണ് തൊഴിലെന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഇതിന്റെ പരിഭ്രാന്തിയിലാണ് അമേരിക്കന്‍ തൊഴിലാളികള്‍. ഒബാമയുടെ വാക്കുകളിലും ഈ സംഭ്രമം പ്രകടമാണ്. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ ലോകത്ത് അമേരിക്കയുടെ മേധാവിത്വം നഷ്‌ടപ്പെടുമെന്ന് ഒബാമയ്‌ക്ക് തുറന്നുസമ്മതിക്കേണ്ടി വന്നു. എങ്ങനെ വ്യാകുലപ്പെടാതിരിക്കും? രാജ്യത്ത് നല്ല പ്രായത്തിലുള്ള പത്തില്‍ ഒരാള്‍ തൊഴില്‍രഹിതനാണ്. ഭാവി തലമുറയെന്ന് പറയുന്ന കുട്ടികള്‍ക്ക് പഠിക്കാന്‍ താല്‍പ്പര്യവുമില്ല. തൊട്ടടുത്ത ചെറുരാജ്യമായ ക്യൂബയിലെ പിള്ളേര്‍ പഠിച്ച് മിടുക്കന്‍ ഡോക്‌ടര്‍മാരാകുന്നു. നമ്മുടെ കുട്ടികള്‍ പൊണ്ണത്തടിയന്മാരും. രണ്ടാംകിട ഭക്ഷണവും കഴിച്ച്, മെയ്യനങ്ങാതെ കഴിയുകയാണ് അമേരിക്കന്‍ കുട്ടികള്‍. രാജ്യത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പോഷകാഹാരം ലഭ്യമാക്കാന്‍ പ്രചാരണപരിപാടി നയിക്കേണ്ട ഗതികേടിലാണ് അമേരിക്കന്‍പ്രസിഡന്റിന്റെ പത്നി. സ്‌കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ഗ്രാന്റ് നല്‍കണമെന്ന് മിഷേല്‍ ഒബാമ ആവശ്യപ്പെട്ടിരിക്കുന്നു. കേരളത്തിലെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പരിപാടിയെ പരിഹസിക്കുന്ന വീരന്മാര്‍ ഇതൊന്നും അറിയുന്നില്ല.

രണ്ടായിരത്തിഎട്ടില്‍ ആഗോളസമ്പദ്ഘടനയെ ബാധിച്ച മാന്ദ്യത്തില്‍നിന്ന് ലോകം കരകയറുകയാണെന്ന് ചിലര്‍ വീമ്പടിക്കുന്നുണ്ട്. എന്നാല്‍, ഒൿടോബര്‍ രണ്ടാംവാരത്തില്‍ ചേര്‍ന്ന ലോകബാങ്ക്-ഐഎംഎഫ് വാര്‍ഷികസമ്മേളനത്തില്‍ ഈ ആത്മവിശ്വാസം പ്രകടമായില്ല. വികസിതരാജ്യങ്ങളില്‍ തൊഴിലില്ലായ്‌മ ദുസ്സഹമായ തോതിലാണ്. മാന്ദ്യം മറികടക്കാന്‍ എന്തുചെയ്യണമെന്ന കാര്യത്തില്‍ ഇതുവരെ അഭിപ്രായഐക്യത്തില്‍ എത്തിയിട്ടില്ല. അമേരിക്കയില്‍തന്നെ ഡെമോക്രാറ്റുകളും റിപ്പബ്ളിക്കന്മാരും തമ്മില്‍ ഇക്കാര്യത്തില്‍ പോരാണ്. അതിസമ്പന്നരുടെ പേരില്‍ നികുതി ചുമത്താന്‍ ഒബാമസര്‍ക്കാരിനെ റിപ്പബ്ളിക്കന്മാര്‍ സമ്മതിക്കുന്നില്ല. നവംബര്‍ ആദ്യവാരം നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്മാര്‍ നേട്ടമുണ്ടാക്കിയാല്‍ ഒബാമയുടെ സാമ്പത്തികഉത്തേജനപദ്ധതി കൂടുതല്‍ അവതാളത്തിലാകും.
ജനങ്ങള്‍ക്കിടയില്‍ ഒബാമസര്‍ക്കാരിന്റെ പ്രതിച്ഛായ ഏറ്റവും മോശമായ നിലയിലാണ്. എന്നാല്‍, സര്‍ക്കാര്‍ എല്ലാ മേഖലയിലും പണം ചെലവഴിക്കണമെന്ന് അമേരിക്കയിലെ ജനങ്ങള്‍ പൊതുവെ ആഗ്രഹിക്കുന്നു. ഇതിനായി ശ്രമിക്കുന്ന ഒബാമയെ വലതുപക്ഷ മാധ്യമങ്ങളും റിപ്പബ്ളിക്കന്മാരും ചേര്‍ന്ന് 'സര്‍ക്കാര്‍ഭീകരന്‍' എന്ന് ആക്ഷേപിക്കുകയും ചെയ്യുന്നു. വോട്ടര്‍മാര്‍ ഈ പ്രചാരണത്തില്‍ കുടുങ്ങിയാല്‍ സെനറ്റില്‍ റിപ്പബ്ളിക്കന്മാര്‍ മേല്‍ക്കൈ നേടും. ഒബാമയ്‌ക്ക് ശേഷിക്കുന്ന ഭരണകാലം കയ്‌പ് നിറഞ്ഞതാകും. ഇങ്ങനെ കടുത്ത വൈരുധ്യത്തിലാണ് അമേരിക്കന്‍ രാഷ്‌ട്രീയം.

ബ്രിട്ടനിലെ യാഥാസ്ഥിതിക സര്‍ക്കാര്‍ രാജ്യത്തെ കലാകാരന്മാരുടെപോലും വയറ്റത്തടിച്ചിരിക്കുകയാണ്. ബ്രിട്ടീഷ് ആര്‍ട്സ് കൌൺസിലിനുള്ള 1.9 കോടി പൌണ്ടിന്റെ ഫണ്ട് റദ്ദാക്കിയതോടെ 880 കലാസംഘങ്ങളുടെ ഭാവി അവതാളത്തിലായി. അടിത്തട്ടില്‍ പ്രവര്‍ത്തിച്ചുവന്ന ഇത്തരം കലാസംഘങ്ങള്‍ സര്‍ക്കാര്‍ ഗ്രാന്റിനെ ആശ്രയിച്ചാണ് നിലനിന്നിരുന്നത്. ചെലവുചുരുക്കാനായി കാമറോൺ സര്‍ക്കാര്‍ സാംസ്‌കാരിക ബാധ്യതകള്‍ ഉപേക്ഷിക്കുകയാണ്. ബ്രിട്ടന്റെ പാരമ്പര്യങ്ങളില്‍നിന്നുള്ള പ്രകടമായ വ്യതിയാനമാണിത്. ജനങ്ങളില്‍ സാംസ്‌കാരിക ബോധവും കലാഭിരുചിയും വളര്‍ത്താന്‍ നാടുതോറും സൌജന്യപ്രദര്‍ശനം നടത്തിവരുന്ന സംഘങ്ങളെയാണ് സര്‍ക്കാര്‍ കൈവിടുന്നത്.

ആരോഗ്യമേഖലയില്‍നിന്ന് കാമറോൺസര്‍ക്കാര്‍ പിന്‍വാങ്ങുകയാണ്. നിരവധി ആശുപത്രി വാര്‍ഡുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചതിനാല്‍ ദേശീയ ആരോഗ്യ സര്‍വീസില്‍ 15,000ല്‍പരം നേഴ്‌സുമാരുടെ ജോലി പോകും. പ്രധാന ആശുപത്രികളില്‍ പ്രസവവാര്‍ഡുകളും അത്യാഹിത വിഭാഗങ്ങളും പോലും നിര്‍ത്തലാക്കുകയാണ്. പകരം ആരോഗ്യമേഖലയില്‍ സ്വകാര്യവല്‍ക്കരണവും കമ്പോളവല്‍ക്കരണവും പ്രോത്സാഹിപ്പിക്കുകയാണ്. യൂറോപ്പിലെ ഏറ്റവും മികച്ച ആരോഗ്യപരിപാലന സംവിധാനം ബ്രിട്ടനിലായിരുന്നു. ഇത് തകര്‍ത്തെറിയുകയാണ് പുതിയ സര്‍ക്കാര്‍. ഇതൊന്നും ആരെയും അറിയിക്കാന്‍ മുത്തശ്ശി ആഗ്രഹിക്കുന്നില്ല. വര്‍ണിക്കാന്‍ ക്യൂബയും ചൈനയുമുണ്ടല്ലോ! ലക്ഷണമൊത്ത കഥകള്‍ ഇനിയും വിരിയും. വായിച്ച് കോള്‍മയിര്‍ കൊള്ളാന്‍ ജനാധിപത്യപ്രേമികളുടെ നീണ്ട നിരയുണ്ട്. ക്യൂബയിലേക്ക്' വോട്ടുവണ്ടി' വിടുന്നത് എപ്പോഴാണെന്ന് മാത്രമേ ഇനി അറിയാനുള്ളു.


****


സാജന്‍ എവുജിന്‍, കടപ്പാട് : ദേശാഭിമാനി 26-10-2010