Showing posts with label യുക്തിവാദം. Show all posts
Showing posts with label യുക്തിവാദം. Show all posts

Thursday, September 26, 2013

രണ്ടു വിടവാങ്ങലുകള്‍

അംഗങ്ങളും മുന്‍അംഗങ്ങളും മരിച്ചാല്‍ പ്രത്യേകമായ അനുശോചനപ്രമേയം അവതരിപ്പിക്കുന്ന പതിവ് പാര്‍ലമെന്റിനുണ്ട്. രാജ്യം ആദരിക്കുന്ന വ്യക്തികളുടെ വിയോഗത്തിലും പ്രകൃതി ദുരന്തങ്ങളും വന്‍ അപകടങ്ങളുണ്ടാകുമ്പോഴും സഭ ആദരാഞ്ജലി അര്‍പ്പിക്കും. അത്തരം ഗണത്തിലൊന്നും പെടാത്ത ഒരു വ്യക്തിയുടെ വിയോഗത്തില്‍ കുറച്ചുദിവസം മുമ്പ് രാജ്യസഭ അനുശോചന പ്രമേയം അവതരിപ്പിച്ചു. അംഗങ്ങള്‍ ശക്തമായി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സാധാരണക്രമം മാറ്റാന്‍ ചെയര്‍മാന്‍ തീരുമാനിക്കുകയായിരുന്നു. മഹാരാഷ്ട്രയില്‍ വെടിയേറ്റു കൊല്ലപ്പെട്ട സാമൂഹ്യപ്രവര്‍ത്തകന്‍ നരേന്ദ്ര ധബോല്‍ക്കറെയാണ് സഭ അനുസ്മരിച്ചത്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെയുള്ള പോരാട്ടത്തിനാണ് നരേന്ദ്ര ധബോല്‍ക്കര്‍ ജീവിതം സമര്‍പ്പിച്ചത്. തനിക്കുനേരെ ആരൊക്കെയോ വെടിയുണ്ടകള്‍ കരുതിവച്ചിട്ടുണ്ടെന്ന കാര്യത്തില്‍ അദ്ദേഹത്തിന് ഒട്ടും സംശയമുണ്ടായിരുന്നില്ല. എന്നാല്‍, അത്തരം ഭീഷണികളെ അദ്ദേഹം ചിരിച്ചുതള്ളി. തന്റെ ജീവന്‍ നഷ്ടപ്പെടുന്നതുകൊണ്ട് എന്തെങ്കിലും ഗുണം സമൂഹത്തിന് ഉണ്ടാകുമെങ്കില്‍ അത് നന്നായിരിക്കുമെന്ന് പല അഭിമുഖങ്ങളിലും ധബോല്‍ക്കര്‍ എടുത്തുപറഞ്ഞു. ഒടുവില്‍ അതുതന്നെ സംഭവിക്കുകയും ചെയ്തു.

ധബോല്‍ക്കറുടെ തൊഴില്‍ ഡോക്ടറുടേതായിരുന്നു. രോഗികളെ ചികിത്സിക്കുന്നതിനിടയിലാണ് സമൂഹത്തിന്റെ രോഗത്തെയാണ് ചികിത്സിച്ച് മാറ്റേണ്ടതെന്ന തിരിച്ചറിവിലേക്ക് എത്തിയത്. തന്റെ രോഗികളില്‍ പലര്‍ക്കും ചികിത്സയേക്കാള്‍ വിശ്വാസം അനാചാരങ്ങളിലും ആഭിചാരക്രിയകളിലുമാണെന്ന് ധബോല്‍ക്കര്‍ മനസ്സിലാക്കി. അത് തിരുത്തുന്നതിന് ഒറ്റപ്പെട്ട ശ്രമങ്ങള്‍കൊണ്ട് മാത്രം കഴിയില്ലെന്ന് മനസിലാക്കിയ അദ്ദേഹം പ്രത്യേകം സംഘടന രൂപീകരിച്ചു. അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതി. ഈ സംഘടന മഹാരാഷ്ട്രയില്‍ വലിയ ചലനങ്ങളുണ്ടാക്കി. ലോകത്ത് ആദ്യമായി അന്ധവിശ്വാസ ങ്ങള്‍ക്കെതിരായ നിയമനിര്‍മാണം നടത്തുന്നതിനായി വലിയ സമ്മര്‍ദമാണ് ധബോല്‍ക്കറും സഹപ്രവര്‍ത്തകരും നടത്തിയത്. ബില്ലിന്റെ കരട് തയ്യാറാക്കി അവതരിപ്പിക്കുന്നതിന് സര്‍ക്കാര്‍ നിര്‍ബന്ധിതമായി. എന്നാല്‍, ശിവസേനയും ബിജെപിയും ശക്തമായ എതിര്‍പ്പാണ് ഉയര്‍ത്തിയത്.

പുറത്ത് സന്താര്‍ പ്രഭാതും ഹിന്ദുജനജാഗ്രതാ സമിതിയും ധബോല്‍ക്കറുടെ ജീവന് ഭീഷണി ഉയര്‍ത്തി. ഇതിനെ തുടര്‍ന്ന് ബില്‍ പാസാക്കുന്ന നടപടിയില്‍നിന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍ തല്‍ക്കാലത്തേക്ക് പിന്‍വാങ്ങി. ഇപ്പോള്‍, ധബോല്‍ക്കറുടെ വധത്തോടെ ചിത്രം മാറിയിരിക്കുകയാണ്. ജീവിച്ചിരുന്ന ധബോല്‍ക്കറേക്കാളും ശക്തനായി കൊല്ലപ്പെട്ട ധബോല്‍ക്കര്‍. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും ഈ നിയമം ഓര്‍ഡിനന്‍സായി ഇറക്കണമെന്ന സമ്മര്‍ദം ശക്തമായി. കൊല്ലപ്പെ ട്ടവന്റെ ത്യാഗത്തില്‍നിന്നും ഉയര്‍ന്നുവന്ന കൊടുങ്കാറ്റിനുമുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനു കഴിഞ്ഞില്ല. അമാനുഷ പ്രവര്‍ത്തനങ്ങള്‍ അവകാശപ്പെട്ട് ജനങ്ങളെ വഞ്ചിക്കുന്നവര്‍ക്കെതിരെ കനത്ത ശിക്ഷ ഉറപ്പാക്കുന്ന ഓര്‍ഡിനന്‍സ് പുറത്തിറക്കാന്‍ സര്‍ക്കാരിനു തീരുമാനിക്കേണ്ടിവന്നു. മലയാളിയായ യുക്തിവാദി എ ടി കോവൂരിന്റെ പല വഴികളും ധബോല്‍ക്കറും പിന്തുടര്‍ന്നു. ആള്‍ദൈവങ്ങളുടെ അത്ഭുതചെയ്തികളെ വെല്ലുവിളിക്കുകയായിരുന്നു അതില്‍ പ്രധാനം. ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്തുള്ള വെല്ലുവിളികള്‍ സ്വീകരിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല. സാധാരണ യുക്തിവാദ ത്തില്‍നിന്നും വ്യത്യസ്തമായി മതവിശ്വാസത്തിനും ദൈവവിശ്വാസത്തിനും ധബോല്‍ക്കര്‍ എതിരുനിന്നില്ല. ആള്‍ദൈവങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെയായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം.

ആഗോളവല്‍ക്കരണകാലം അസ്വസ്ഥതകള്‍ ശക്തിപ്പെടുത്തുന്ന വസ്തുനിഷ്ഠ സാഹചര്യത്തെയാണ് രൂപപ്പെടുത്തുന്നത്. ഇന്‍സ്റ്റന്റ് പരിഹാര മാര്‍ഗങ്ങളാണ് ആളുകളും തേടുന്നത്. അങ്ങനെയാണ് വിശ്വാസം ഏറ്റവും വലിയ ദുരുപയോഗത്തിന് ഇരയാകുന്നത്. ഏറ്റവുമധികം വാണിജ്യവല്‍ക്കരിക്കപ്പെട്ടയൊന്നായി അത് മാറി. ഈ പ്രവണതയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായി വന്ന പല ആള്‍ദൈവങ്ങളും തുറന്നു കാട്ടപ്പെട്ടെങ്കിലും സ്ഥിതി വലിയ മാറ്റമില്ലാതെ തുടരുന്നു. ലൈംഗിക അപവാദത്തില്‍പ്പെട്ട ആള്‍ദൈവത്തെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട ഡല്‍ഹിയിലെ ജന്ദര്‍മന്ദിറില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് സ്ത്രീകള്‍ ഉള്‍പ്പെട്ട വന്‍ ജനാവലി അന്ധഭക്തിയുടെ ആഴം പുറത്തുകൊണ്ടുവരുന്നതാണ്.

ശരിയായ വിദ്യാഭ്യാസം ഇത്തരം ചിന്തകളില്‍നിന്നും വിമുക്തമാകുന്നതിന് സഹായിക്കേണ്ടതാണ്. എന്നാല്‍, നമ്മുടെ വിദ്യാഭ്യാസസമ്പ്രദായം അതിനു സഹായിക്കുന്നതല്ല. നല്ല സ്കൂളുകള്‍ എല്ലായിടത്തും സ്ഥാപിച്ചാല്‍ പിന്നെ ജയിലുകള്‍ ആവശ്യമില്ലെന്ന് ഫിദല്‍ കാസ്ട്രോ ഒരിക്കല്‍ സൂചിപ്പിക്കുകയുണ്ടായി. അത്തരം ചിന്തകള്‍ വച്ചുപുലര്‍ത്തുകയും അതിനായി ജീവിതം സമര്‍പ്പിക്കുകയുംചെയ്ത വ്യക്തിത്വത്തിനുടമയാണ് കഴിഞ്ഞ ദിവസം അന്തരിച്ച വിനോദ് റെയ്ന. ഡല്‍ഹി സര്‍വകലാശാലയില്‍നിന്നും ഫിസിക്സിലാണ് റെയ്ന ഡോക്ടറേറ്റ് നേടിയത്. പിന്നീട് ബദല്‍ വിദ്യാഭ്യാസപ്രവര്‍ത്തന ങ്ങളില്‍ കേന്ദ്രീകരിച്ചു. എല്ലാ സര്‍ക്കാര്‍ സ്കൂളുകളും കേന്ദ്രീയ വിദ്യാലയങ്ങളെപ്പോലെ സൗകര്യങ്ങള്‍ ഉള്ളതായിരിക്കണമെന്നതായിരുന്നു റെയ്നയുടെ അഭിപ്രായം. എന്നാല്‍, യാഥാര്‍ഥ്യം ഇതില്‍നിന്നും വളരെ അകലെയാണ്.

വിദ്യാഭ്യാസാവകാശനിയമവും ഈ അവസ്ഥക്ക് വലിയ മാറ്റമുണ്ടാക്കിയില്ല. വിദ്യാഭ്യാസ അവകാശനിയമ ത്തിന്റെ പ്രധാനശില്‍പ്പികളില്‍ ഒരാളായാണ് വിനോദ് റെയ്ന അറിയപ്പെടുന്നത്. ഇടതുപക്ഷം പിന്തുണച്ച ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഈ നിയമം ചര്‍ച്ചക്ക് വരുന്നത്. അതിന്റെ കരട് തയ്യാറാക്കുന്നതിലും മറ്റും നിസ്തുലമായ പങ്കാണ് റെയ്ന നിര്‍വഹിച്ചത്. എന്നാല്‍, നിയമത്തിന്റെ പ്രയോഗത്തില്‍ അദ്ദേഹം തൃപ്തനായിരുന്നില്ല. ആവശ്യത്തിന് ഫണ്ട് അനുവദിക്കുന്നതിലും പശ്ചാത്ത ലസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ലെന്ന പരാതി പലഘട്ടങ്ങളിലും റെയ്ന ഉയര്‍ത്തിയിരുന്നു.

ബദല്‍ വിദ്യാഭ്യാസപദ്ധതി സ്വയം നടപ്പിലാക്കി മാതൃക സൃഷ്ടിക്കുന്നതിന് കഴിഞ്ഞ വ്യക്തിത്വം കൂടിയായിരുന്നു റെയ്നയുടേത്. അദ്ദേഹം സ്ഥാപിച്ച ഏകലവ്യ സ്കൂളുകള്‍ പുതിയ മാതൃകയാണ് സംഭാവന ചെയ്തത്. കേരളത്തില്‍ പലപ്പോഴും റെയ്നയുടെ സാന്നിധ്യമുണ്ടായിരുന്നു. വിദ്യാഭ്യാസരംഗത്ത് കേരളം നേടിയ പുരോഗതിയെ റെയ്ന ആവേശപൂര്‍വം പിന്തുടര്‍ന്നു. ഇനിയുമേറെ സംഭാവനകള്‍ ചെയ്യാന്‍ കഴിയുമായിരുന്ന പ്രായത്തിലാണ് റെയ്നയും വിടവാങ്ങിയത്. രണ്ടുപേരുടെ വഴികളും വ്യത്യസ്തമായിരുന്നു, അവസാനവും. എങ്കിലും കോര്‍ത്തിണക്കുന്ന ഒരു ചരട് എവിടെയോ ഉണ്ടായിരുന്നു. അതുകൊണ്ട് ഓര്‍മപ്പെടുത്തല്‍ ഒന്നിച്ചാകട്ടെയെന്ന് കരുതിയെന്നു മാത്രം.

*
പി രാജീവ് ദേശാഭിമാനി വാരിക

ശാസ്ത്രചിന്തയുടെ ചോരവീഴുന്ന മണ്ണ്

മൂഢവും അന്ധവുമായ വിശ്വാസത്തിനെതിരായ സാമൂഹികസമരത്തിനേറ്റ കനത്ത ആഘാതമാണ് നരേന്ദ്ര ധബോല്‍ക്കറുടെ ക്രൂരമായ കൊല. സ്വാതന്ത്ര്യ പ്രസ്ഥാനത്തോടൊപ്പം വളര്‍ന്നുവന്ന നവോത്ഥാന പ്രസ്ഥാനത്തിന്റെ മിക്കശാഖകളിലും പുനരുത്ഥാന ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്നിരുന്നുവെങ്കിലും തികച്ചും യുക്തിബദ്ധമായ ചില പ്രവണതകളും അവയിലുണ്ടായിരുന്നു. സ്വാതന്ത്ര്യാനന്തരം ഈ യുക്തിനിഷ്ഠ ഘടകങ്ങള്‍ക്ക് ചെറിയൊരു മുന്‍കൈപോലുമുണ്ടായിരുന്നു. ശാസ്ത്രസാങ്കേതികവിദ്യയോടും ശാസ്ത്രവീക്ഷണത്തോടും മമത പുലര്‍ത്തുന്ന അന്തരീക്ഷം രാജ്യത്തെമ്പാടുമുണ്ടായി. ഒരു റൊമാന്റിക്കിന്റെ മട്ടില്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിനും കുടുംബത്തിനും ശാസ്ത്രസമീപനത്തോട് ഒരുതരം ആരാധനയുണ്ടായിരുന്നു. അടിയന്തരാവസ്ഥാപ്രഖ്യാപനവും അതിനെതുടര്‍ന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയും ഇന്ദിരാ ഗാന്ധിയെ മതചിഹ്നങ്ങളുടെ അകമ്പടിയില്‍ ചിത്രീകരിക്കുന്ന ചിലചിത്രങ്ങള്‍ കാണാനിടയുണ്ടായിട്ടുണ്ട്. പിന്നീട് അധികാരത്തില്‍വന്ന രാജീവ്ഗാന്ധി പൂര്‍ണമായുമൊരു മതബദ്ധ രാഷ്ട്രീയക്കാരനായിരുന്നുവെന്ന ചിത്രമാണ് നമുക്ക് ലഭിക്കുന്നത്. ഗ്രാമസ്വരാജിനെ സംബന്ധിച്ച ചിത്രങ്ങളില്‍ കുറിതൊട്ടല്ലാതെ രാജീവ് ഗാന്ധിയുടെ ചിത്രം ലഭ്യമല്ല തന്നെ.

നരേന്ദ്ര ധബോല്‍ക്കര്‍

കഴിഞ്ഞ കുറേ ദശകങ്ങളിലായി മഹാരാഷ്ട്രയിലും മറ്റും തികഞ്ഞ ലക്ഷ്യബോധത്തോടെ അന്ധവിശ്വാസത്തിനെതിരായ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. അന്ധവിശ്വാസത്തെ ഉന്മൂലനം ചെയ്യുന്നതിനുള്ള കമ്മിറ്റി (അന്ധശ്രദ്ധാ നിര്‍മൂലന്‍സമിതി) അത്തരമൊരു സംഘടനയാണ്. ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുള്ള വലിയൊരു പ്രസ്ഥാനമായിരുന്നു അത്. ഡോ. നരേന്ദ്രധബോല്‍ക്കറായിരുന്നു അതിന്റെ നേതാവ്. 1945 നവംബറില്‍ മഹാരാഷ്ട്രയിലാണ് ഭൂജാതനായത്. അച്യുത് പിതാവും താരാബായി മാതാവും. പത്തുകുഞ്ഞുങ്ങളില്‍ ഇളയവനായിരുന്നു നരേന്ദ്ര ധബോല്‍ക്കര്‍. അവരില്‍ മൂത്തയാള്‍ പ്രസിദ്ധ ഗാന്ധിയനും സോഷ്യലിസ്റ്റുമായ ദേവദത്ത ധബോല്‍ക്കറാണ്. സതാറയിലെ ന്യൂഇംഗ്ലീഷ് സ്ക്കൂളില്‍ സ്കൂള്‍വിദ്യാഭ്യാസവും സാംഗ്ലിയിലെ വെല്ലിങ്ടണ്‍ കോളേജില്‍ കലാലയവിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയ നരേന്ദ്ര, മിറാജ് മെഡിക്കല്‍ കോളേജില്‍നിന്ന് എംബി ബിഎസ് ജയിച്ചു. ഷൈലയാണ് പത്നി. ഹമീദ് ധബോല്‍ക്കര്‍, മുക്ത ധബോല്‍ക്കര്‍ എന്നിവര്‍ മക്കളാണ്.

ഒരു ഗ്രാമം, ഒരു കിണര്‍

പന്ത്രണ്ടുവര്‍ഷത്തെ ഡോക്ടര്‍ പ്രാക്ടീസിനിടയില്‍ അദ്ദേഹം സാമൂഹിക പ്രസ്ഥാനങ്ങളില്‍ സജീവമായി. ബാബാ ആധവിന്റെ "ഒരു ഗ്രാമം, ഒരു കിണര്‍" പ്രക്ഷോഭത്തില്‍ അദ്ദേഹം ആകൃഷ്ടനായി. അതില്‍ സജീവമായി പങ്കെടുത്തു. പൊതുകിണറില്‍നിന്ന് കുടിവെള്ളമെടുക്കുന്നത് നിഷേധിക്കപ്പെട്ട ദളിതര്‍ക്കായി ഗ്രാമത്തിക ഒരു കിണറെന്ന മഹത്തായ പ്രസ്ഥാനമായിരുന്നു ഇത്. ഇത് ദളിതരടക്കമുള്ള പിന്നോക്കജനതയെ ആകര്‍ഷിച്ചു. ആയിരക്കണക്കില്‍ കര്‍മചാരികള്‍ മഹാരാഷ്ട്രയിലുടനീളം യാത്രചെയ്ത് ഈ പ്രസ്ഥാനത്തെ വലിയ വിജയമാക്കി. എന്നാല്‍ ഇതിനെതിരെ ആക്രമണങ്ങളുണ്ടായി. സായുധരായ സവര്‍ണഗുണ്ടകള്‍ ഈ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരെ ആക്രമിക്കാന്‍ തുടങ്ങി. ആധുനിക മഹാരാഷ്ട്രയിലെ സാമൂഹികപ്രസ്ഥാനങ്ങളുടെ ചരിത്രത്തിലൊരു വഴിത്തിരിവായിത്തീര്‍ന്നു, "ഒരു ഗ്രാമം ഒരു കിണര്‍" പ്രസ്ഥാനം.

1927ല്‍ റായ്ഗഡ് ജില്ലയിലെ മഹദ് പ്രദേശത്ത് ബാബാസാഹേബ് അംബേദ്കര്‍ തുടങ്ങിവച്ച പ്രസ്ഥാനത്തിന്റെ തുടര്‍ച്ചയായിരുന്നു "ഒരു ഗ്രാമം, ഒരു കിണര്‍". ചവ്ദാര്‍ തടാകത്തില്‍നിന്ന് വെള്ളമെടുക്കാന്‍ ദളിതര്‍ക്കുകൂടി അവകാശം ലഭിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടമായിരുന്നു അംബേദ്കറുടേത്. 1972-ല്‍ ഒരു കിണര്‍ പ്രസ്ഥാനമാരംഭിച്ചപ്പോള്‍തന്നെ സതാറയില്‍നിന്ന് ഡോ. ധബോല്‍ക്കര്‍ അതില്‍ ചേര്‍ന്നു. സതാറയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം വലിയ വിജയമായിരുന്നു.

ആള്‍ദൈവങ്ങള്‍ക്കെതിരെ

ഒരു കിണര്‍ പ്രസ്ഥാനത്തില്‍നിന്ന് കുറേക്കൂടി വിശാലമായ കര്‍മമണ്ഡലം ഡോ. ധബോല്‍ക്കര്‍ സ്വീകരിച്ചു. അന്ധവിശ്വാസങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ മണ്ഡലമായിരുന്നു അത്. അദ്ദേഹം അഖിലഭാരതീയ അന്ധശ്രദ്ധാ നിര്‍മൂലന്‍ സമിതിയുടെ പ്രവര്‍ത്തകനായി. 1989-ല്‍ മഹാരാഷ്ട്രാ അന്ധശ്രദ്ധാനിര്‍മൂലന്‍ സമിതി രൂപീകരിച്ചു. ആള്‍ദൈവങ്ങള്‍ക്കും രോഗശുശ്രൂഷയ്ക്കായി മന്ത്ര-തന്ത്രങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കുമെതിരായാണ് അദ്ദേഹം പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തത്. ആള്‍ദൈവങ്ങള്‍ സമൂഹത്തെ കാര്‍ന്നുതിന്നുന്ന പരിധിയിലേക്കു വളര്‍ന്നുവന്ന സാഹചര്യത്തിലാണ് ഈ പോരാട്ടത്തിന് ധബോല്‍ക്കര്‍ നേതൃത്വം നല്‍കിയത്. അത്ഭുതവിദ്യകള്‍ കാണിച്ച് ആളുകളെ സ്തബ്ധരാക്കി അനുയായികളെ കൂട്ടുന്ന ഹൈന്ദവ ആള്‍ദൈവങ്ങളായിരുന്നു ധബോല്‍ക്കറുടെ മുഖ്യവിമര്‍ശനകേന്ദ്രം. ആള്‍ദൈവങ്ങളെയും അന്ധവിശ്വാസങ്ങളെയും ദുരാചാരങ്ങളെയും എതിര്‍ക്കുന്നതിന്നായി അദ്ദേഹം പരിവര്‍ത്തന്‍ എന്ന കര്‍മസേനയുണ്ടാക്കി. സമുദായത്തിലെ പാര്‍ശ്വവത്കൃതവിഭാഗങ്ങളെ സുരക്ഷാ ബോധത്തോടെ, മാന്യതയും ശ്രേയസ്സുമുള്ള ഒരു ജീവിതത്തിന് പ്രാപ്തരാക്കുകയെന്നതായിരുന്നു ഈ കര്‍മസേനയുടെ ലക്ഷ്യം.

സാധനയെന്ന മറാത്തിവാരികയുടെ പത്രാധിപരായി ധബോല്‍ക്കര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ റാഷനലിസ്റ്റ് ഫെഡറേഷനിലും പ്രവര്‍ത്തിച്ചു. പിന്നീട് പ്രവര്‍ത്തനമണ്ഡലം വികസിപ്പിച്ചു. ദളിതരുടെ തുല്യതയ്ക്കുവേണ്ടിയും ജാതിവ്യവസ്ഥയ്ക്കെതിരെയും അക്ഷീണമായി പ്രവര്‍ത്തിച്ചു. ദളിതര്‍ക്കെതിരായ സവര്‍ണഹിന്ദുക്കളുടെ കടന്നാക്രമണങ്ങള്‍ക്കെതിരെ ധബോല്‍ക്കര്‍ ആഞ്ഞടിച്ചു. അന്ധവിശ്വാസങ്ങളെ പറ്റി അദ്ദേഹം നിരന്തരം എഴുതി. അവയുടെ ഉന്മൂലനം സാമൂഹികപരിഷ്കാരത്തിനും പുതുസമൂഹസൃഷ്ടിക്കും അനിവാര്യമാണെന്നദ്ദേഹം പേര്‍ത്തും പേര്‍ത്തും ഓര്‍മപ്പെടുത്തി. ഏതാണ്ട് മൂവായിരം യോഗങ്ങളില്‍ പ്രസംഗിച്ചു. മതാഘോഷങ്ങളുടെ പേരില്‍ ജലദുര്‍വിനിയോഗം നടത്തുന്നതിനെ വിമര്‍ശിച്ചു. ഹോളി ആഘോഷങ്ങള്‍ക്കും മറ്റുമായി അളവറ്റജലം ദുര്‍വ്യയം ചെയ്യപ്പെടുകയാണെന്നും വലിയ വിഭാഗം ജനങ്ങള്‍ കുടിവെള്ളം ലഭിക്കാതെ ദുരിതമനുഭവിക്കുമ്പോഴാണിത് ചെയ്യുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. 2013 മാര്‍ച്ചില്‍ മഹാരാഷ്ട്രയില്‍ കടുത്ത വരള്‍ച്ച നേരിടുമ്പോള്‍ നാഗ്പൂരിലെ ഹോളിയാഘോഷത്തിനായി ജലദുര്‍വ്യയം നടത്തിയതിന്റെപേരില്‍ അദ്ദേഹം പ്രതിഷേധിച്ചു.

മതാധിഷ്ഠിതപാര്‍ടികളുടെ എതിര്‍പ്പ്

അന്ധവിശ്വാസത്തിനെതിരായ നിയമങ്ങള്‍ മഹാരാഷ്ട്ര അസംബ്ലിയില്‍ പാസാക്കിയെടുക്കാന്‍ ധബോല്‍ക്കര്‍ യത്നിച്ചു. ആഭിചാരക്രിയക്കെതിരായ നിയമം അദ്ദേഹത്തിന്റെ സംഘടന നിര്‍ദേശിച്ചുവെങ്കിലും ബിജെപി, ശിവസേന തുടങ്ങിയ ഹിന്ദുവര്‍ഗീയ പാര്‍ടികളുടെയും ചില ദേശീയപാര്‍ടികളുടെയും എതിര്‍പ്പുകാരണം പാസാക്കിയെടുക്കാന്‍ കഴിഞ്ഞില്ല. ഹിന്ദുസംസ്കാരത്തിനെതിരാവും നിയമമെന്നാണ് വിമര്‍ശകര്‍ ആരോപിച്ചത്. ജനവിരുദ്ധമായ ആഭിചാരക്രിയ (ബ്ലാക്ക് മാജിക്) വഴി ജനങ്ങളെ അന്ധവിശ്വാസത്തില്‍ തളച്ചിടുന്നത് ഹിന്ദുസംസ്കാരമാണോ എന്നായിരുന്നു ധബോല്‍ക്കറുടെ ചോദ്യം. ബില്ലിലൊരിടത്തും ദൈവത്തിനോ ദൈവവിശ്വാസത്തിനോ എതിരായി ഒരുവാക്കു പോലുമില്ലെന്നും മനസ്സാക്ഷിയനുസരിച്ച് ഇഷ്ടമുള്ള മതവിശ്വാസം വച്ചുപുലര്‍ത്താന്‍ ഇന്ത്യന്‍ ഭരണഘടന എല്ലാ പൗരന്മാര്‍ക്കും അവകാശം നല്‍കുന്നുണ്ടെന്നും ആ വ്യവസ്ഥ അലംഘനീയമാണെന്നും അതിനാല്‍തന്നെ ബില്ലിനെതിരായ വിമര്‍ശനം അസ്ഥാനത്താണെന്നും ഒരുഫ്രഞ്ച്പത്രത്തിനനുവദിച്ച അഭിമുഖത്തില്‍ ധബോല്‍ക്കര്‍ പ്രസ്താവിച്ചു. ഏഴാഴ്ചകളോളം ഈ ബില്‍ സഭയുടെ മേശപ്പുറത്തുണ്ടായിരുന്നു. എന്നാല്‍ അത് ചര്‍ച്ചയ്ക്കെടുക്കാന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ തയ്യാറായില്ല. ഇതും ധബോല്‍ക്കര്‍ ചോദ്യം ചെയ്തു.

അന്ധവിശ്വാസത്തിന്റെ വക്താക്കള്‍ക്കും പ്രയോക്താക്കള്‍ക്കും ഒരുകാര്യം വ്യക്തമായി അറിയാം. അവര്‍ പ്രചരിപ്പിക്കുന്നത് കേവലമായ കാപട്യമാണ്. ഈ കാപട്യമാണ് ധബോല്‍ക്കര്‍ തുറന്നുകാട്ടിയത്. സത്യത്തില്‍ ധബോല്‍ക്കര്‍ മതത്തിനോ വിശ്വാസത്തിനോ എതിരായി ഒന്നും ചെയ്തിരുന്നില്ല. ബാബമാരും ആള്‍ദൈവങ്ങളും അനുയായികളും അനുഷ്ഠിച്ചിരുന്ന അന്ധവിശ്വാസങ്ങളെയും അന്ധവിചാരങ്ങളെയുമാണ് അദ്ദേഹം എതിര്‍ത്തുവന്നത്. പ്രകൃത്യതീതശക്തികളെ പ്രീണിപ്പിക്കുന്നതിന്നായി നടത്തുന്ന അനുഷ്ഠാനങ്ങളെയും ആചാരങ്ങളെയും എതിര്‍ത്തു. ഭസ്മവും മന്ത്രച്ചരടും ഉറുക്കും വഴി മന്ത്രവാദം നടത്തി പ്രേതങ്ങളെയും ദുരാത്മാക്കളെയും അകറ്റുമെന്ന പ്രചാരണത്തിനെതിരെയും അദ്ദേഹം ജനങ്ങളെ ഉദ്ബുദ്ധരാക്കി. ഈ എതിര്‍പ്പുകളെ സജീവമായി നിര്‍ത്തുകയും ക്രമേണ അന്ധവിശ്വാസങ്ങളെ ഉന്മൂലനം ചെയ്യുകയുമാണ് പരിണാമത്തിന്റെ രീതി. ഇത് ചെയ്തുകൊണ്ടാണ് പരിഷ്കൃത സമൂഹങ്ങള്‍ പുരോഗതിയിലേക്കുള്ള പടവുകള്‍ കയറിയത്. പ്രകൃത്യതീത ശക്തികളില്‍ നിയന്ത്രണമുണ്ടെന്ന ആള്‍ദൈവങ്ങളുടെ അവകാശവാദത്തെ അദ്ദേഹം അപലപിച്ചു. മന്ത്രവാദവും പൂജകളും വഴി ജനങ്ങളില്‍ ഭീതിവിതയ്ക്കുകയാണവര്‍ ചെയ്യുന്നത്. അന്ധവിശ്വാസവും ശാസ്ത്രചിന്തയും തമ്മില്‍ ഹിന്ദുധര്‍മം മുതലാക്കി രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവര്‍ മാത്രമല്ല ധബോല്‍ക്കറെയും സംഘത്തെയും എതിര്‍ത്തത്. മറ്റു യാഥാസ്ഥിതികരും ഈ പുരോഗമനപ്രസ്ഥാനത്തിനെതിരായിരുന്നു. വിശ്വാസം വളരെ സങ്കീര്‍ണമായൊരു പ്രതിഭാസമാണ്. "ചില മതപ്രസ്ഥാനങ്ങള്‍തന്നെ ചില ജനവിഭാഗങ്ങള്‍ക്ക് ധൈര്യവും തന്റേടവും പ്രദാനംചെയ്തിട്ടുണ്ടെന്ന കാര്യം വിസ്മരിച്ചുകൂടാ. അത്രയധികം അസമത്വങ്ങളും അവകാശനിഷേധങ്ങളുമുള്ള സമൂഹമാണ് ഇന്ത്യന്‍ സമൂഹം. എന്നാല്‍ മനുഷ്യരുടെ ഈ ദൗര്‍ബല്യം മുതലെടുത്ത് പലരും അവരെ അന്ധമായ വിശ്വാസത്തിലേക്കും അനുഷ്ഠാനങ്ങളിലേക്കും കര്‍മങ്ങളിലേക്കും വലിച്ചിഴച്ചുകൊണ്ടുപോവുന്നുണ്ട്" എന്ന് രാംപുനിയാനി അഭിപ്രായപ്പെടുന്നു.

വിശ്വാസവും യുക്തിയും തമ്മിലുള്ള പോരാട്ടമാണിവിടെ നടക്കുന്നത്. ഇതാവട്ടെ ചരിത്രത്തിലെ വളരെ പഴയ പോരാട്ടമാണ്. വിശ്വാസം അവകാശപ്പെടുന്നത് അവസാനസത്യം ഓരോ വിശ്വാസത്തിനുചുറ്റും നിലകൊള്ളുന്നുവെന്നാണ്. ഇപ്രകാരം വിശ്വാസത്തിന്റെ വക്താക്കളായവര്‍ രൂപംനല്‍കുന്ന ആചാരാനുഷ്ഠാനങ്ങളുടെ സമര്‍ഥരായ നിര്‍വാഹകര്‍ ദിവ്യാത്മാക്കളായി അവരോധിക്കപ്പെടുകയോ സ്വയം അവരോധിക്കുകയോ ചെയ്യുന്നു. എന്നാല്‍ യുക്തി ചെയ്യുന്നത് നിലവിലെ വിശ്വാസങ്ങളെ ചോദ്യം ചെയ്യുകയാണ്. എത്തിച്ചേര്‍ന്ന അറിവ് അവസാനത്തേതല്ലെന്നും എപ്പോഴും പുതിയ അറിവുകളിലേക്ക് മനുഷ്യരാശി കടന്നുചെല്ലുകയാണെന്നും ശരിയായ യുക്തി ബോധ്യപ്പെടുത്തുന്നു. അറിവിന് അവസാനമില്ല, പ്രകൃതിക്കും. ഈ മഹാപ്രപഞ്ചം അനുനിമിഷം മനുഷ്യന് മുന്നില്‍ അനാവൃതമായിക്കൊണ്ടിരിക്കുന്നു. ഓരോ നിമിഷവും പ്രപഞ്ചത്തെ നാം പുതുതായി അറിയുകയും ഈ അറിവോടെ ഇനിയുമേറെ അറിയാനുണ്ടെന്ന ബോധം ഉണ്ടാവുകയും ചെയ്യുന്നു. ഈ പക്ഷത്താണ് ധബോല്‍ക്കര്‍ നിലയുറപ്പിച്ചത്. അതുകൊണ്ടാണ് ഏറെ പരിമിതിയുണ്ടെങ്കിലും സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ ഭാഗത്ത് ധബോല്‍ക്കര്‍ നിലയുറപ്പിച്ചത്.

യാഥാസ്ഥിതികരുടെ എതിര്‍പ്പ് 

യുക്തിവിചാരത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുകമാത്രമല്ല, ചിത്രവധം ചെയ്യപ്പെടുകകൂടി ചെയ്ത അനേകം പേരുടെ കഥ ചരിത്രത്തിലുണ്ട്. ലോകായതത്തിന്റെ ആവിഷ്കര്‍ത്താക്കളായ ചാര്‍വാകന്മാര്‍ വേദങ്ങളിലെ പ്രകൃത്യതീതപ്രാമാണ്യം ചോദ്യം ചെയ്തു. എന്താണ് പകരം സംഭവിച്ചത്? അവരുടെ ഭൗതികചിന്ത ഏതാണ്ട് പൂര്‍ണമായിത്തന്നെ അഗ്നിക്കിരയായി. ലോകായതത്തെ പറ്റി നമുക്ക് ലഭിക്കുന്ന അറിവ് അവയെപ്പറ്റിയുള്ള വിമര്‍ശങ്ങളില്‍ നിന്നുള്ളതാണ്. യൂറോപ്പില്‍ കോപ്പര്‍നിക്കസ്, ഗലീലിയോ, ബ്രൂണോ എന്നിവരുടെ ദുര്‍ഗതി ചരിത്രത്തിലുണ്ട്. രോഗങ്ങള്‍ ദൈവകോപമല്ലെന്നും അവയ്ക്ക് ഭൗതികകാരണങ്ങളുണ്ടെന്നും പറഞ്ഞതിനാണ് സെര്‍വിറ്റസിനെ കാല്‍വിനിസ്റ്റ് ഭരണകൂടം ചുട്ടുകൊന്നത്. ബ്രൂണോവിന്റെ വധവും ക്രൂരമായിരുന്നു. കൃത്രിമ നരകം ഭൂമിയില്‍ സൃഷ്ടിച്ചുകൊണ്ടാണ് മതഭരണകൂടങ്ങള്‍ ഈ പ്രതിഭകളെ കൊന്നൊടുക്കിയത്.

ഇന്ത്യന്‍ ഭരണഘടനയുടെ ചതുസ്തംഭങ്ങള്‍

ഇന്ത്യന്‍ ഭരണഘടന സെക്യുലറിസത്തെപ്പറ്റി പറയുന്നുണ്ട്. അത് നമ്മുടെ മഹത്തായ റിപ്പബ്ലിക്കിന്റെ നാലു മഹാസ്തംഭങ്ങളിലൊന്നാണ്, പരമാധികാരം, സോഷ്യലിസം, ജനാധിപത്യം എന്നിവയാണ് ഇതരസ്തംഭങ്ങള്‍. ശാസ്ത്രസാങ്കേതികബോധം വിപുലപ്പെടുത്തണമെന്ന് ഭരണഘടന ആവശ്യപ്പെടുന്നുണ്ട്. പക്ഷേ ഇത്തരത്തിലുള്ള എല്ലാ പ്രക്രിയകളും അപൂര്‍ണമായി തുടരുകയാണ്.

മതനിരപേക്ഷവത്കരണം അപൂര്‍ണമാണ്, ഭൂപരിഷ്കരണം അപൂര്‍ണമാണ്, പൗരോഹിത്യവാഴ്ച ഇന്നും തുടരുകയാണ്. കൂനിന്മേല്‍കുരുവെന്ന പോലെ മതനാമത്തിലുള്ള രാഷ്ട്രീയപ്പേക്കൂത്തുകള്‍ ദൈനംദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. വിശ്വാസം വില്‍പനയായിത്തീരുകയും വര്‍ഗീയത രാഷ്ട്രീയത്തിന്റെ ഏറ്റവും ശക്തമായ വാളായിത്തീരുകയും ചെയ്യുന്നു. ഇതിനിടയില്‍ എവിടെ ശാസ്ത്രബോധം? എവിടെ യുക്തിബോധം?

ഇന്ത്യയില്‍ ഏതാണ്ട് ആധിപത്യസ്വഭാവമുള്ള നെഹ്റുകുടുംബത്തിന് വിശ്വാസകാര്യത്തിലുണ്ടായ പശ്ചാത്ഗമനത്തെ പ്പറ്റി ഈ കുറിപ്പിന്റെ ആദ്യഭാഗത്ത് സൂചിപ്പിച്ചിട്ടുണ്ട്. ഇവിടെ ഭാവിയല്ല, ഭൂതകാലമാണ് പ്രധാനമായിക്കരുതുന്നത്. ഭൂതകാലത്തിന്റെ പുനരാവിഷ്കാരമാണ് വിവിധമതവിഭാഗങ്ങള്‍ ആവശ്യപ്പെടുന്നത്. ആധുനിക സാങ്കേതികസൗകര്യങ്ങളെല്ലാം ഉപയോഗിച്ചുകൊണ്ട് തന്നെ, നൂതനമായ ശാസ്ത്രബോധത്തെ നിരാകരിക്കുകയാണ് രാഷ്ട്രീയയാഥാസ്ഥിതികത്വം ചെയ്യുന്നത്. അനിശ്ചിതത്വവും അവകാശനിഷേധവും ഇന്ത്യന്‍ സമൂഹത്തിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു.

ധബോല്‍ക്കറിന്റെ രക്തസാക്ഷിത്വം 

ഡോ. ധബോല്‍ക്കറിന്റെ കര്‍മകുശലതയിലും പ്രവര്‍ത്തനരീതികളിലും അസ്വസ്ഥരായ ചിലരുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ജീവന് നിരന്തരഭീഷണിയുണ്ടായിരുന്നു.

ഗാന്ധിജിയുടെ അതേ വിധിക്ക് തയ്യാറായിക്കൊള്ളുക എന്ന മുന്നറിയിപ്പാണ് ഒരു ഭീഷണിക്കത്തിലുണ്ടായിരുന്നത്. അദ്ദേഹത്തെ കൊലചെയ്യുന്നതിനു തൊട്ടുമുമ്പ് കിട്ടിയ ഭീഷണി സന്ദേശമായിരുന്നു ഇത്. അന്ധവിശ്വാസത്തിനെതിരെ പോരാടുന്ന എല്ലാവര്‍ക്കുമുള്ള താക്കീത് എന്നപോലെയായിരുന്നു ആ സന്ദേശം. ഹിന്ദുത്വപ്രചാരകന്മാരില്‍ നിന്നാണ് അദ്ദേഹം നിരന്തരഭീഷണിക്കുവിധേയനായത്. സ്വാഭാവികമായും ഹിന്ദുത്വപ്രചാരകര്‍ ധബോല്‍ക്കറുടെ വധത്തെ ന്യായീകരിച്ചു: അര്‍ഹിക്കുന്ന ശിക്ഷയാണ് ധബോല്‍ക്കറിനു ലഭിച്ചതെന്ന് അവര്‍ പ്രചരിപ്പിച്ചു. സനാതന്‍ പ്രഭാത് പോലുള്ള ഹിന്ദുത്വപത്രങ്ങളാണ് ഈ പ്രചാരണത്തില്‍ മുന്‍പന്തിയില്‍ നിന്നത്. 2013 ആഗസ്ത് 20ന് പ്രഭാതയാത്രയ്ക്കിടയിലാണ് അജ്ഞാതരായ രണ്ടുപേര്‍ മോട്ടോര്‍സൈക്കിളില്‍ എത്തി ധബോല്‍ക്കറെ വെടിവച്ചുകൊന്നത്. പൂനയിലെ ഓങ്കാരേശ്വരക്ഷേത്രത്തിനടുത്തുവച്ചാണ് സംഭവം നടന്നത്. ധബോല്‍ക്കറിന്റെ കൊലയാളികളെ കണ്ടെത്തുന്നവര്‍ക്ക് പത്തുലക്ഷം രൂപ സമ്മാനമായി നല്‍കുമെന്ന് മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ധബോല്‍ക്കറിന്റെ രക്തസാക്ഷിത്വം വെറുതെയായിട്ടില്ല. ആഗസ്ത് 21ന്, ധബോല്‍ക്കര്‍ കൊലചെയ്യപ്പെട്ടതിന്റെ പിറ്റേദിവസം അന്ധവിശ്വാസത്തിനും ആഭിചാരത്തിനുമെതിരായ ബില്ല് ഓര്‍ഡിനന്‍സായി മഹാരാഷ്ട്ര ഗവണ്‍മെന്റ് അംഗീകരിച്ചിട്ടുണ്ട്.

ധബോല്‍ക്കറുടെ പ്രവര്‍ത്തനം പുരോഗമന രാഷ്ട്രീയത്തിന്റെ അവശ്യഭാഗമാവേണ്ടതല്ലേയെന്ന ചോദ്യം ഉയരുന്നുണ്ട്. പ്രവാചകന്റെ വിശുദ്ധമുടിയുടെ പേരില്‍ നാല്‍പ്പതുകോടി ചെലവിട്ട് ദേവാലയം സ്ഥാപിക്കുന്ന അന്ധവിശ്വാസത്തിനെതിരെ കേരളത്തിലുയര്‍ന്ന ഒരേയൊരു ശബ്ദം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റേതായിരുന്നു. ഒരു മുടിനാര് കേവലമൊരു ബോഡിവേസ്റ്റല്ലേയെന്ന് അദ്ദേഹം ധീരമായി ചോദിക്കുകയുണ്ടായി. ഈ ആര്‍ജവം, ഈ ധീരത നമ്മുടെ രാഷ്ട്രീയനേതാക്കള്‍ പ്രകടിപ്പിക്കേണ്ടതല്ലേ?

വിശ്വചരിത്ര വിഹായസ്സില്‍ ഒരുപക്ഷേ സോക്രട്ടീസില്‍നിന്നാണ് ചിന്താസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള രക്തസാക്ഷിത്വമാരംഭിക്കുന്നത്. യേശുക്രിസ്തു ഈ രക്തസാക്ഷികളില്‍ പ്രമുഖനാണ്. രക്തസാക്ഷിയുടെ ചോരയിലാണ് പള്ളി പണിതിരിക്കുന്നത് എന്ന് ക്രൈസ്തവചരിത്രം പറയുന്നുണ്ട്. ശാസ്ത്രത്തിനു വേണ്ടി ജീവന്‍ നല്‍കിയ റോജര്‍ ബേക്കണും സെര്‍വിറ്റസും മതപണ്ഡിതന്മാരും മതപൗരോഹിത്യത്തിന്റെ പടവുകള്‍ കയറിയവരുമായിരുന്നു. അല്‍ബേര്‍ കാമു അഭിപ്രായപ്പെടുന്നതുപോലെ, "മരിക്കാന്‍ പ്രേരിപ്പിക്കുന്ന അനേകം കാരണങ്ങളുണ്ട്, എന്നാല്‍ കൊല്ലാന്‍ പ്രേരിപ്പിക്കുന്ന ഒരു കാരണവുമില്ല". "മാനവരാശിയുടെ നശീകരണം ഒഴിവാക്കുന്നതിന്നായി മരണമാശ്ലേഷിച്ചവരുടെ അനേകം ഉദാഹരണങ്ങളുണ്ട് ചരിത്രത്തില്‍" എന്ന് ബര്‍ണാഡ് ഷായും അഭിപ്രായപ്പെടുന്നുണ്ട്. മനുഷ്യവംശത്തിനുവേണ്ടിയാണ് ഈ രക്തസാക്ഷിത്വങ്ങള്‍. നമ്മുടെ മണ്ണില്‍ വീണ്ടും ശാസ്ത്രചിന്തയുടെ ചോര വീണിരിക്കുന്നു. ഈ ചോരപുരണ്ട മണ്ണിലാണ് പ്രപിതാമഹന്മാര്‍ നവജീവിതനിര്‍മാണത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനത്തിന്റെ അടിത്തറ പാകിയത്. ആ അടിത്തറ ചിന്താസ്വാതന്ത്ര്യത്തിന്റെ രക്തസാക്ഷ്യം വഴി കൂടുതല്‍ ഉറച്ചിരിക്കുന്നു. ഈ അടിത്തറയില്‍ ശാസ്ത്രത്തിനും ചിന്താസ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടം തുടരാം.

*
സി പി അബൂബക്കര്‍ ദേശാഭിമാനി വാരിക 29 സെപ്തംബര്‍ 2013

Friday, February 17, 2012

ജോര്‍ദാനോ ബ്രൂണോ- യുക്തിചിന്തയുടെ രക്തസാക്ഷി

മഹാനായ തത്വജ്ഞാനിയും, യുക്തിചിന്തകനുമായിരുന്ന ജോര്‍ദാനോ ബ്രൂണോ(Giordano Bruno)വിനെ മതഭ്രാന്തന്‍മാര്‍ ചുട്ടുകൊന്നത് 1600 ഫെബ്രുവരി 17നാണ്. ഓരോ ഫെബ്രുവരി കഴിയുന്തോറും , മതവര്‍ഗ്ഗീയ ഫാസിസ്റുകള്‍ സമൂഹത്തില്‍ വിഷവിത്തുകള്‍ ചിതറിക്കൊണ്ട് അസ്വസ്ഥതകള്‍ പരത്തുകയാണ്. ബ്രൂണോവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പുതിയ ഒരു സമൂഹ സൃഷ്ടിക്കുവേണ്ടി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരും. മനുഷ്യനെ മനുഷ്യനായി കാണുന്ന ഒരു നവസമൂഹത്തിനു വേണ്ടി ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ ധീരരായ വിപ്ളവകാരികളുടെ പ്രവര്‍ത്തനങ്ങള്‍ തീര്‍ച്ചയായും നമുക്ക് വഴികാട്ടിയാണ്.

1548-ല്‍ ഇറ്റലിയിലെ നോളയില്‍ ബ്രൂണോ ജനിച്ചു. വിദ്യാര്‍ത്ഥി ജീവിതകാലത്ത് ബ്രൂണോ കണ്ടത് സത്യം വിളിച്ചുപറയുന്നവരെ തീയ്യിലിട്ട് ചുട്ടുകൊല്ലുന്ന നിയമമായിരുന്നു. തന്റെ പതിനൊന്നാമത്തെ വയസ്സില്‍ അദ്ദേഹം ഉപരിപഠനത്തിനായി അയല്‍ദേശമായ നേപ്പിള്‍സിലേക്ക് പോയി. അക്കാലത്ത് ഫ്രാന്‍സില്‍ രൂപം കൊണ്ട് ഇറ്റലിയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ച ഒരു സംഘടനയാണ് വാള്‍സെല്‍സ്. അവര്‍ മതവിശ്വാസികളായിരുന്നുവെങ്കിലും അന്ധവിശ്വാസങ്ങളെ രൂക്ഷമായി എതിര്‍ത്തു. മരിച്ചവര്‍ക്കുവേണ്ടി നടത്തുന്ന പ്രാര്‍ത്ഥനകളെ അവര്‍ എതിര്‍ത്തു. കത്തോലിക്കാസഭയുമായി സഹകരിക്കാത്തതിന്റെ പേരില്‍ ഈ ഗ്രൂപ്പിലെ 8 പേരെ ഒറ്റദിവസം അറുത്തുകൊന്നു. 1561 - ല്‍ ബ്രൂണോവിന്റെ 13-ാം വയസ്സിലായിരുന്നു അതിക്രൂരമായ ഈ കൊലപാതകം മതഭ്രാന്തന്‍മാര്‍ നടത്തിയത്.

യുവാവായ ബ്രൂണോ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. കുട്ടികളെ പഠിപ്പിക്കാന്‍ അദ്ദേഹം അതീവ താല്‍പര്യം പ്രകടിപ്പിച്ചു. പാരീസിലായിരുന്നപ്പോള്‍ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു. മതത്തിനെതിരെ ശബ്ദിക്കുകയും, ആശയപ്രചരണം നടത്തുകയും ചെയ്യുന്നവര്‍ സ്വാഭാവികമായും, സഭയുടെ ശത്രുക്കളായി മാറുകയാണ്. ഇല്ലാത്ത ആരോപണങ്ങളുന്നയിച്ച് ബ്രൂണോവിനെ മതാധികാരികള്‍ കോടതിയില്‍ ഹാജരാക്കി. താന്‍ സത്യത്തിനുവേണ്ടി നിലകൊള്ളുന്നുവെന്നും, മതത്തിന് കീഴടങ്ങാന്‍ തയ്യാറല്ലെന്നും ബ്രൂണോ അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ തെളിയിക്കുകയായിരുന്നു. മതകോടതി ആ മഹാനായ വിപ്ളവകാരിയെ 1600 ഫിബ്രവരി 17 ന് ചുട്ടുകൊല്ലുകയായിരുന്നു.

ബ്രൂണോ ഉയര്‍ത്തിപ്പിടിച്ച സത്യസന്ധതയും, മനുഷ്യസ്നേഹവും വര്‍ത്തമാനകാലഘട്ടത്തില്‍ വളരെ പ്രസക്തമാണ്. സമൂഹത്തില്‍ വര്‍ഗ്ഗീയ ഫാസിസ്റുകളും, മതഭ്രാന്തന്‍മാരും ദേശീയതലത്തിലും, സാര്‍വ്വദേശീയ രംഗത്തും ഹിംസയുടെ വിത്തുകള്‍ പാകികൊണ്ട് സ്വൈര്യജീവിതം തകര്‍ക്കുകയും, അസ്വസ്ഥതകള്‍ പടര്‍ത്തുകയുമാണ്. ദേശീയ രാഷ്ട്രീയത്തിലും പ്രാദേശിക രംഗത്തും സ്വാധീനം ചെലുത്തി വര്‍ഗ്ഗീയ ലഹളകള്‍ സ്പോണ്‍സര്‍ ചെയ്യുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്. ഭരണകൂടങ്ങള്‍ വര്‍ഗ്ഗീയ ഫാസിസ്റ് ശക്തികള്‍ക്ക് കീഴടങ്ങുകയാണ്. ആഗോള ഫിനാന്‍സ് മൂലധനവും, ആള്‍ദൈവങ്ങളും വര്‍ഗ്ഗീയ ഫാസിസവുമടങ്ങുന്ന കൂട്ടുകെട്ടിനെ തകര്‍ക്കാന്‍ മുഴുവന്‍ മനുഷ്യരും ഒന്നിക്കേണ്ടതുണ്ട്. മനുഷ്യനെ മനുഷ്യനായി കാണുന്ന ഒരു പുതുയൂഗപ്പിറവിക്കുവേണ്ടി ഉണര്‍ന്നു പ്രവര്‍ത്തിക്കുക. ആ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ ബ്രൂണോവിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുക.

*
കെ.ജി. സുധാകരന്‍ കരിവള്ളൂര്‍

Sunday, June 5, 2011

ആത്മീയത, പരിവേഷം, പിത്തലാട്ടം..

പ്രിയപ്പെട്ടവരെ ,

അതിവിശിഷ്‌ടമായ ഈ സദസ്സിനെ അഭിസംബോധന ചെയ്യാനായി ഞാനിവിടെ നിൽക്കുന്നത് ഒട്ടും അസൂയാർഹമായ സ്ഥിതിയിലല്ലെന്ന് നിങ്ങൾക്കേവർക്കും അറിയാമല്ലോ. മിന്നുന്ന സെഞ്ചുറി പൂർത്തിയാക്കിയ സച്ചിൻ ടെൻഡുൽക്കർക്ക് ശേഷം ബാറ്റ് ചെയ്യാനായി പവലിയനിൽ നിന്ന് പുറപ്പെടുന്ന കളിക്കാരന്റെ അവസ്ഥ പോലെയാണ് ആദരണീയവും ആകര്‍ഷകവുമായ ഒരുവ്യക്തിത്വത്തിനുടമയായ ശ്രീ ശ്രീ രവിശങ്കറെപ്പോലൊരാൾ സംസാരിച്ചു തീർന്ന ഉടനെ സംസാരിക്കാൻ വിധിക്കപ്പെട്ട എന്റെ അവസ്ഥയും. എന്തു ചെയ്യാം, ഏതോ ദുര്‍ബല നിമിഷത്തിൽ ഞാനിത് സ്വയം ഏറ്റെടുക്കുകയായിരുന്നു. .

തുടക്കത്തിൽ തന്നെ ചില കാര്യങ്ങൾ വ്യക്തമാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ജാവേദ് അഖ്‌തർ എന്ന എന്റെ പേരു കേട്ട് നിങ്ങളാരും തെറ്റിദ്ധരിക്കപ്പെടരുത്. ഞാനൊരു നിരീശ്വര വാദിയാണെന്നതും യാതൊരു വിശ്വാസങ്ങളും ഞാൻ വച്ചുപുലർത്തുന്നില്ല എന്നതും ഒരു രഹസ്യമല്ല. ഒട്ടേറെത്തവണ ഇക്കാര്യം ഞാൻ , എഴുത്തിലൂടേയും ടി വി യിലൂടെയും ഒക്കെ പരസ്യമായി പറഞ്ഞിട്ടുള്ളതാണ്. അതിനാൽ തന്നെ ഒരു തരത്തിലുള്ള ആത്മീയതയിലും (സ്പിരിച്ച്വാലിറ്റി) എനിക്ക് വിശ്വാസമില്ല .

മറ്റൊരു കാര്യം. ഇവിടെ ഇരിക്കുന്ന എന്റെ മാന്യസുഹൃത്തിനെ വിമർശിക്കാനോ, വിശകലനം ചെയ്യാനോ അഥവാ ആക്രമിക്കാനോ അല്ല ഞാനിവിടെ നിൽക്കുന്നത്. ഞങ്ങൾ തമ്മിൽ വളരെ ഹൃദ്യമായ ബന്ധമാണുള്ളത്. അദ്ദേഹം എപ്പോഴും വളരെ മാന്യമായി പെരുമാറുന്ന ഒരാ‍ളായാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്.

ഞാനിവിടെ സംസാരിക്കുന്നത് ഒരു ആശയത്തെക്കുറിച്ചാണ്, സമീപനത്തെക്കുറിച്ചാണ്, മനോഭാവത്തെക്കുറിച്ചാണ്. ഒരു വ്യക്തിയെക്കുറിച്ചല്ല.

രാജീവ് ഈ സെഷൻ തുടങ്ങിവച്ചപ്പോൾ, ഒരു നിമിഷത്തേക്കെങ്കിലും എനിക്ക് തോന്നിയത്, ഞാൻ തെറ്റായ സ്ഥലത്ത് വന്നുപെട്ടു എന്നായിരുന്നു. കാരണം, നാമിപ്പോൾ ചർച്ച ചെയ്യുന്നത് കൃഷ്‌ണന്റെയോ ഗൌതമന്റെയോ കബീറിന്റെയോ വിവേകാനന്ദാന്റെയോ ദർശനത്തെക്കുറിച്ചാണെങ്കിൽ എനിക്കൊന്നും പറയാനില്ല . എനിക്കെന്റെ കസേരയിലേക്ക് മടങ്ങാം. ഞാനിവിടെ വന്നിരിക്കുന്നത് , ഓരോ ഇന്ത്യക്കാരനും വളരെയേറെ അഭിമാനിക്കുന്ന നമ്മുടെ മഹത്തായ ഭൂതകാലത്തെക്കുറിച്ച് സംസാരിക്കുവാനല്ല. മറിച്ച് അതിന്റെ സന്ദിഗ്‌ദമായ വര്‍ത്തമാനത്തെക്കുറിച്ച് ചർച്ച ചെയ്യുവാനാണ്.

ഇന്ത്യ റ്റുഡെ എന്നെ ക്ഷണിച്ചതും ഞാനിവിടെ വന്നതും “ആത്മീയത ഇന്ന് ”എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുവാനാണ്. ആത്മീയത എന്ന വാക്കിനെക്കുറിച്ച് നമുക്ക് വ്യക്തതയുണ്ടാവേണ്ടതുണ്ട്, അതിനെക്കുറിച്ച് യാതൊരു സന്ദേഹങ്ങളും പാടില്ല. ഒരേ പേരുള്ള രണ്ടു പേരെ നമുക്ക് കണ്ടെത്താൻ കഴിയും, എന്നാൽ അവർ തികച്ചും വ്യത്യസ്തരാകാൻ ഇടയുണ്ട്. രാമചരിതമാനസം എഴുതിയത് തുളസീദാസാണ്. എന്നാൽ ടെലിവിഷൻ രാമായാണം നിർമ്മിച്ചത് രാമാനന്ദസാഗറാണ്. രണ്ടിലും രാമായണം എന്ന പേര് പൊതുവായി വരുന്നുണ്ടെങ്കിലും തുളസീദാസിനെയും രാമാനന്ദസാഗറിനെയും കൂട്ടിക്കെട്ടുന്നത് യുക്തിസഹമാണെന്നെനിക്ക് തോന്നുന്നില്ല. രാമചരിതമാനസം രചിച്ചപ്പോൾ തുളസീദാസിന് സാമൂഹ്യമായ ബഹിഷ്‌ക്കരണം നേരിടേണ്ടി വന്നത് ഞാനോർക്കുന്നു. “അവധി” പോലെയൊരു ഭാഷയിൽ ഒരു വിശുദ്ധ പുസ്തകം രചിക്കാനദ്ദേഹത്തിന് എങ്ങനെയാണ് കഴിഞ്ഞിരിക്കുക? മൌലികവാദികളെല്ലാം, അതേത് നിറത്തിലെയോ മതത്തിലെയോ സമുദായത്തിലെയോ ആകട്ടെ, ഒരേപോലെയാണെന്ന് ഞാൻ പലപ്പോഴും ഒട്ടൊക്കെ അതിശയത്തോടെ ഓർക്കാറുണ്ട്. 1798 ൽ, ഇതേ നഗരത്തിൽ വച്ചു തന്നെ, ഷാ അബ്‌ദുൾ ക്വാദിർ എന്നൊരു മാന്യദേഹം, ആദ്യമായി ഖുറാൻ ഉറുദുവിലേക്ക് പരിഭാഷപ്പെടുത്തിയപ്പോൾ അക്കാലത്തെ ഉലെമകൾ അയാൾക്കെതിരെ ഫത്വ പുറപ്പെടുവിച്ചുകൊണ്ടു ചോദിച്ചു - വിശുദ്ധ പുസ്തകത്തെ ഇത്തരം അപരിഷ്‌കൃതമായ ഭാഷയിലേക്ക് പരിഭാഷപ്പെടുത്താൻ നിങ്ങൾക്കെങ്ങനെയാണ് കഴിഞ്ഞത് ?

രാമചരിതമാനസം രചിച്ചതിനെത്തുടർന്ന് സാമൂഹ്യമായി ബഹിഷ്‌കൃതനായപ്പോൾ തുളസി എഴുതിയ നാലുവരി (http://en.wikipedia.org/wiki/Chaupai_%28poetry%29) എനിക്കോര്‍മ്മയുണ്ട്.

“Dhut kaho abdhut kaho rajput kaho ki julawa kohu

Kohu ki beti se beta na biahab, kohu ki jaat bigaar na chahu

Mang ke khaibo, mehjid ma raihbo, lebe ka ek na debe ka dohu”

धूत कहो अवधूत कहो रजपूत कहो जोलहा कहो कोऊ.
काहू की बेटी से बेटा न ब्याहब काहू की जात बिगारब न सोऊ.
मांग के खइहौं मसीत में सोइहौं, लेबै को एक न देबै को दोऊ.

(http://iyatta.blogspot.com/2009/03/23.html)

ടെലിവിഷൻ സീരിയൽ ഉണ്ടാക്കിയപ്പോൾ രാമാനന്ദ സാഗർ ധാരാളം പണം സമ്പാദിച്ചു. ഞാൻ അദ്ദേഹത്തെ കൊച്ചാക്കുകയല്ല. പക്ഷെ, തുളസീദാസുമായി തുലനം ചെയ്യുമ്പോൾ തീര്‍ച്ചയായും അദ്ദേഹം വളരെ താഴെ തന്നെയാണ്.

ഞാൻ മറ്റൊരു ഉദാഹരണം നൽകാം. ഒരു പക്ഷെ അതു കൂടുതൽ പ്രത്യക്ഷവും ഉചിതവും ആയിരിക്കും. ഗൌതമൻ കൊട്ടാരത്തിൽ നിന്നിറങ്ങി സത്യം കണ്ടെത്താനായി അവിടെയും ഇവിടെയും അലഞ്ഞുനടന്നു. എന്നാൽ ഇന്ന് ആധുനികയുഗത്തിലെ ഗുരുക്കളാവട്ടെ (modern age gurus) അവിടന്നും ഇവിടന്നും പ്രത്യക്ഷപ്പെട്ട് കൊട്ടാരങ്ങളിൽ പാർപ്പുറപ്പിക്കുന്നു. അവർ നേരെ വിപരീത ദിശയിലാണ് സഞ്ചരിക്കുന്നത്. നമുക്കിവരേക്കുറിച്ച് അതേ ശ്വാസത്തിൽ സംസാരിക്കാനാവില്ല. അതിനാൽ തന്നെ , ഓരോ ഇന്ത്യക്കാരനും പ്രിയപ്പെട്ടതും ബഹുമാന്യവുമായ പേരുകളുടെ മറവിൽ നാം ഒളിച്ചിരിക്കേണ്ടതില്ല എന്നു തോന്നുന്നു.

ഒരു നിരീശ്വരവാദിയാണ്, ഏതൊരു സാഹചര്യത്തേയും യുക്തിപൂർവം അഭിമുഖീകരിക്കാൻ ശ്രമിക്കുന്ന ആളാണ് എന്നതൊക്കെ പരിഗണിച്ചാവും എന്നെ ഇവിടെ സംസാരിക്കുവാനായി ക്ഷണിച്ചത് എന്നാണ് എനിക്ക് തോന്നിയത്. പക്ഷെ, ആധുനികയുഗത്തിലെ മറ്റു ഗുരുക്കൾക്കുള്ള ഒരു സവിശേഷഗുണം എനിക്കും ഉണ്ടെന്നുള്ള കാര്യം പെട്ടെന്നാണ് എന്റെ ശ്രദ്ധയിൽ വന്നത്. ഞാൻ ചലചിത്രരംഗത്താണ് പണിയെടുക്കുന്നത്. ഞങ്ങൾക്ക് പൊതുവായി ചില കാര്യങ്ങളുണ്ട്. ഞങ്ങൾ രണ്ടു കൂട്ടരും സ്വപ്നങ്ങൾ വിൽക്കുന്നവരാണ് , ഞങ്ങൾ രണ്ടു കൂട്ടരും മിഥ്യാബോധം (ഇല്യൂഷൻസ്) സൃഷ്‌ടിക്കുന്നവരണ്, രണ്ടു കൂട്ടരും വിഗ്രഹങ്ങളെ ( ഐക്കണുകളെ) നിർമ്മിക്കുന്നവരാണ്. എന്നാൽ ഒരു വ്യത്യാസമുണ്ട് ഞങ്ങൾ തമ്മിൽ, മൂന്നു മണിക്കൂറിനു ശേഷം ഞങ്ങളൊരു ബോർഡ് പ്രദർശിപ്പിക്കാറുണ്ട് -ശുഭം. നിങ്ങൾക്ക് യാഥാർത്ഥ്യത്തിലേക്ക് മടങ്ങാം. എന്നാലവരത് ചെയ്യുന്നില്ല.

അതുകൊണ്ട് , പ്രിയപ്പെട്ടവരേ, ഞാനീ കാര്യം ഒന്നു വ്യക്തമാക്കിക്കൊള്ളട്ടെ. ഞാനിവിടെ വന്നിരിക്കുന്നത്, ഇന്ന് ലോകത്ത് വലിയ സൂപ്പർ മാർക്കറ്റ് തന്നെയുള്ള ഈ ആത്മീയതയെക്കുറിച്ച് സംസാരിക്കുവാനാണ്. ആയുധം, മയക്കുമരുന്ന്, ആത്മീയത- ഇതു മൂന്നുമാണ് ഇന്ന് ലോകത്തിലെ വൻബിസിനസ്സുകൾ. ആയുധ- മയക്കുമരുന്നു വ്യാപാരങ്ങളിൽ നിങ്ങള്‍ക്കെന്തെങ്കിലുമൊക്കെ ചെയ്യേണ്ടതുണ്ട്, എന്തെങ്കിലുമൊക്കെ കൊടുക്കേണ്ടതുണ്ട്. ആത്മീയതാ ബിസിനസ്സിൽ നിങ്ങളൊന്നും കൊടുക്കേണ്ടതില്ല, അതാണതിന്റെ വ്യത്യാസം.

ആത്മീയതയുടെ ഈ സൂപ്പർമാർക്കറ്റിൽ, നിങ്ങൾക്ക് തല്‍ക്ഷണ നിർവാണമോ (instant Nirvana) , മെയിലിലൂടെയുള്ള മോക്ഷമോ, ആത്മസാക്ഷാത്‌കാരത്തിനുള്ള ക്രാഷ് കോഴ്‌സോ, ലഘുവായ നാലു പാഠങ്ങളിലൂടെ പ്രപഞ്ചാവബോധമോ (cosmic consciousness) ഒക്കെ ലഭിക്കുന്നതാണ്. ഈ സൂപ്പർ മാർക്കറ്റിന് ലോക വ്യാപകമായി ശൃംഖലകളുണ്ട്. അവിടെ നിന്നാണ് അശാന്തരായ കുലീനർ (restless elite) ആത്മീയ ഫാസ്റ്റ് ഫുഡുകൾ വാങ്ങിക്കഴിക്കുന്നത്. ഞാൻ സംസാരിക്കുന്നത് ഇത്തരം ആത്മീയതയെക്കുറിച്ചാണ്.

പ്ലേറ്റോ തന്റെ “ഡയലോഗി”ൽ നൽകുന്ന സാരോപദേശങ്ങളിൽ ഒന്ന് ഇപ്രകാരമാണ്- ഏതു ചർച്ചയും തുടങ്ങും മുമ്പ് വാക്കുകളുടെ അർത്ഥത്തെക്കുറിച്ച് ഒരു തീരുമാനത്തിലെത്തുക. നമുക്കിവിടെ ആത്മീയത എന്ന വാക്കിന്റെ അർത്ഥമെന്താണെന്ന് തീരുമാനിക്കാൻ ശ്രമിക്കാം. മതം, ജാതി, വിശ്വാസം , വംശം എന്നിവയെയെല്ലാം അതിലഘിക്കുന്ന മാനവസ്നേഹമാണോ ആത്മീയത?അങ്ങനെയാണെങ്കിൽ എനിക്ക് യാതൊരു പ്രശ്നവുമില്ല. അതിനെ ഞാൻ മാനവീയത എന്നു വിളിക്കും എന്നു മാത്രം. അത് സസ്യങ്ങൾ, മരങ്ങൾ, മലകൾ, സാഗരങ്ങൾ, നദികൾ, മൃഗങ്ങൾ എന്നിവയോടുള്ള, അതായത് മനുഷ്യേതര ലോകത്തോടുള്ള(non-human world) സ്നേഹമാണോ? അങ്ങനെയാണെങ്കിലും എനിക്ക് യാതൊരു പ്രശ്നവുമില്ല തന്നെ. ഞാൻ അതിനെ പാരിസ്ഥിതിക അവബോധം (environmental consciousness) എന്നു വിളിക്കുമെന്നു മാത്രം. ആത്മീയത എന്നു പറഞ്ഞാൽ വിവാഹം, രക്ഷാകർതൃത്വം, സുകുമാര കലകൾ, ജുഡീഷ്യറി, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയ സാമൂഹ്യ സ്ഥാപനങ്ങളോടുള്ള ഹൃദയംഗമായ ആദരവാണോ? ഇവിടെയും എനിക്ക് യാതൊരു പ്രശ്നവുമില്ല , എങ്ങനെയാണതിനോട് വിയോജിക്കാനാവുക? ഞാനതിനെ വിളിക്കുന്നത് പൌര ധർമ്മമെന്നാണ് . നിങ്ങളുടേതായ ഒരു ലോകത്തിലേക്ക് പോയി നിങ്ങളുടെ ജീവിതത്തിന്റെ അർത്ഥമെന്താണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുന്നതിനെയാണോ ആത്മീയത എന്നു പറയുന്നത് ? ആർക്കാണതിനെ എതിർക്കാനാവുക? ഞാനതിനെ വിളിക്കുന്നത് ആത്മ പരിശോധന, സ്വയം മൂല്യനിർണ്ണയം ചെയ്യുക എന്നൊക്കെയാണ്. ആത്മീയത എന്നാൽ യോഗ ആണോ? പതഞ്ജലി മഹർഷി നമുക്ക് യോഗയെക്കുറിച്ചുള്ള വിശദാംശങ്ങൾ....യമം , യതം, ആസനം, പ്രാണായാമം...ഒക്കെ നല്‍കിയിട്ടുണ്ട്. ഏത് പേരിലോ ആകട്ടെ, പ്രാണായാമം ചെയ്താൽ, വളരെ നല്ലത്. ഞാനതിനെ ആരോഗ്യരക്ഷ, കായിക ക്ഷമത എന്നൊക്കെ വിളിക്കുന്നു.

വാക്കുകളുടെ അർത്ഥത്തിന്റെ മാത്രം പ്രശ്‌നമാണോ ഇത് ? ഇതൊക്കെയാണ് ആത്മീയതയെങ്കിൽ പിന്നെ എന്തിനെക്കുറിച്ചാണീ ചർച്ച? ഞാൻ ഉപയോഗിച്ച വാക്കുളെല്ലാം വളരെ ഏറെ ആദരവർഹിക്കുന്നവയാണെന്നു മാത്രമല്ല, പൂർണ്ണമായും സ്വീകാര്യമായവ കൂടിയാണ്. അവ ഒരു വിധത്തിലും അമൂർത്തമോ അനിർവ്വചനീയമോ അല്ല.എങ്കിൽ പിന്നെ ആത്മീയത എന്ന വാക്ക് എന്തിനാണ് മുറുകെപ്പിടിടിക്കുന്നത്. ? മുകളിൽ പറഞ്ഞിട്ടുള്ള വാക്കുകളിലില്ലാത്ത എന്താണ് ആത്മീയതയിൽ ഉള്ളത് ? അങ്ങനെ എന്തെങ്കിലും ഉണ്ടോ? അങ്ങനെയുണ്ടെങ്കിൽ എന്താണത് ?

ഈ വാക്കിനോട് എനിക്കെന്താണ് പ്രശ്‌നം എന്ന് ആർക്കുവേണമെങ്കിലും ഇപ്പോൾ എന്നോട് തിരിച്ചു ചോദിക്കാം. ഞാനത് മാറ്റണമെന്നും, ഉപേക്ഷിക്കണമെന്നും കാലഹരണപ്പെടുത്തണെമെന്നും ഒക്കെ ഞാൻ ആവശ്യപ്പെടുന്നുണ്ട്. എന്തുകൊണ്ടാണെന്നോ? പറയാം. മുകളിൽ പറഞ്ഞതൊക്കെയാണ് ആത്മീയതയെങ്കിൽ ചർച്ചയുടെ ആവശ്യമില്ല. എന്നാൽ എന്നെ അസ്വസ്ഥനാക്കുന്ന മറ്റൊരു കാര്യമുണ്ട്. നിഘണ്ടുവില്‍ ആത്മീയത(spirituality)എന്ന വാക്കിന്റെ അർത്ഥം അന്വേഷിക്കുമ്പോൾ അതിന്റെ മൂലം(root) കിടക്കുന്നത് ആത്മാവ് (“spirit”) എന്ന വാക്കിലാണ്. മനുഷ്യന് ഭൂമി ഉരുണ്ടതോ പരന്നതോ എന്നതറിയാതിരുന്ന കാലത്തു തന്നെ അവൻ ഒരു കാര്യം തീർച്ചപ്പെടുത്തിയിരുന്നു- മനുഷ്യനെന്നത് രണ്ടു കാര്യങ്ങൾ കൂടിച്ചേരുന്നതാണെന്ന്, ശരീരവും ആത്മാവും. ശരീരം എന്നത് താൽക്കാലികമാണ്, അതു മരിക്കുന്നു. എന്നാൽ ആത്മാവ് അങ്ങനെയല്ല, ഞാനതിനെ നോൺ- ബയോഡീഗ്രേഡബിൾ എന്നു വിളിച്ചോട്ടെ. നിങ്ങളുടെ ശരീരത്തിൽ കരളുണ്ട്, ഹൃദയമുണ്ട്, ചെറുകുടലുണ്ട് പിന്നെ തലച്ചോറുണ്ട്..അങ്ങനെ പലതുമുണ്ട്. എന്നാൽ തലച്ചോറ് എന്ന് പറയുന്നത് നിങ്ങളുടെ ശരീരത്തിന്റെ ഭാഗമായതിനാലും, മനസ്സ് (mind) എന്നത് തലച്ചോറിനകത്ത് സ്ഥിതി ചെയ്യുന്നതിനാലും, അത് നിലവാരം കുറഞ്ഞതാണ് (inferior ) കാരണം തലച്ചോറും ശരീരത്തോടൊപ്പം മരിക്കും. എന്നാൽ ഒട്ടും വിഷമിക്കേണ്ട കാര്യമില്ല, നിങ്ങൾ മരിക്കുന്നില്ല, കാരണം നിങ്ങൾ ആത്മാവാണ്, ആത്മാവിന് പരമമായ ബോധം (supreme consciousness) ഉള്ളതിനാൽ അത് ശേഷിക്കും. നിങ്ങൾ മനസ്സിനു ചെവി കൊടുക്കുന്നതാണ് നിങ്ങളുടെ കുഴപ്പങ്ങൾക്കൊക്കെ കാരണം. അതിനാൽ മനസ്സിനു ചെവി കൊടുക്കുന്നതവസാനിപ്പിക്കൂ. ആത്മാവിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ- പ്രാപഞ്ചിക യാഥാർത്ഥ്യങ്ങൾ(cosmic truth) അറിയുന്നപരമമായ ബോധത്തിലേക്ക് (supreme consciousness) ശ്രദ്ധ കേന്ദ്രീകരിക്കൂ. ശരി. പൂനയിൽ ഒരു ആശ്രമമുണ്ട് , ഞാനവിടെ പോകുമായിരുന്നു. അവിടുത്തെ പ്രഭാഷണങ്ങൾ എനിക്കിഷ്‌ടമായിരുന്നു. ആശ്രമത്തിലെ ലെൿചർ ഹാളിനു മുന്നിൽ ഒരു പ്ലക്കാർഡ് പ്രദർശിപ്പിച്ചിരുന്നു. നിങ്ങളുടെ ഷൂസുകളും മനസ്സും ഇവിടെ ഉപേക്ഷിക്കുക. മറ്റ് ചില ഗുരുക്കന്മാരുണ്ട്. അവർക്ക് നിങ്ങൾ പാദരക്ഷകളുമായി അകത്തുകടക്കുന്നതിൽ വലിയ എതിർപ്പില്ല. എന്നാൽ മനസ്സിന്റെ കാര്യത്തിൽ , യാതൊരു വിട്ടുവീഴ്‌ചയുമില്ല. ക്ഷമിക്കുക.

ഇനി, നിങ്ങളുടെ മനസ്സ് ഉപേക്ഷിച്ചാൽ പിന്നെ നിങ്ങളെന്തു ചെയ്യും? ബോധത്തിന്റെ അടുത്ത സ്റ്റേഷനിലെത്തുവാൻ (next station of consciousness)നിങ്ങൾക്കൊരു ഗുരുവിനെ ആവശ്യമുണ്ട്. അത് ആത്മാവിലെവിടെയോ മറഞ്ഞിരിക്കുയാണ്. അദ്ദേഹം പരമമായ ബോധം (supreme consciousness) കൈവരിച്ചിട്ടുണ്ട്, അദ്ദേഹത്തിന് ആത്യന്തിക യാഥാര്‍ത്ഥ്യമെന്തെന്നറിയാം. എന്നാൽ അയാൾക്കത് നിങ്ങളോട് പറയാനാവുമോ? ഇല്ല സർ, അയാൾക്കത് നിങ്ങളോട് പറയാനാവില്ല. എന്നാൽ, നിങ്ങൾക്കത് സ്വയം കണ്ടെത്താനാവുമോ? ഇല്ല സർ, നിങ്ങൾക്കതിനൊരു ഗുരു വേണം.നിങ്ങൾക്കയാളെ ആവശ്യമുണ്ട്, പക്ഷെ നിങ്ങൾക്ക് ആത്യന്തിക യാഥാർത്ഥ്യം അറിയാനാവുമെന്ന് അയാൾക്ക് ഗ്യാരണ്ടി നൽകാനാവില്ല. അല്ല..ആത്യന്തിക യാഥാർത്ഥ്യം എന്നാൽ എന്താണ് ? എന്താണ് പ്രാപഞ്ചിക യാഥാർഥ്യം? അത് പ്രപഞ്ചവുമായി ബന്ധപ്പെട്ട എന്തെങ്കിലുമാണോ? എനിക്കത് എന്താണെന്നറിയാൻ കഴിഞ്ഞിട്ടില്ല. സൌരയൂഥത്തിൽ നാം പുറത്തു കടക്കുന്ന ആദ്യ നിമിഷത്തിൽ തന്നെ വരുന്ന ആദ്യത്തെ നക്ഷമാണ് ആൽഫാ സെഞ്ചുറി (Alpha.Centueri). ഇതു നാലു പ്രകാശവർഷം അകലെയാണ്. ഞാൻ എങ്ങനെയാണതുമായി ബന്ധപ്പെടുന്നത് !! ഞാനെന്തു ചെയ്യും !!

ചക്രവർത്തി ഇപ്പോൾ ജ്ഞാനികൾക്ക് മാത്രം കാണാൻ കഴിയുന്ന വിശിഷ്ടമായ ആടയാഭരണങ്ങൾ അണിഞ്ഞിരിക്കുകയാണ്. ഓരോ ദിവസം കഴിയുന്തോറും സാമ്രാജ്യം കൂടുതൽ കൂടുതൽ വലുതാവുകയാണ്. അതോടൊപ്പം, ചക്രവർത്തിയുടെ ആടയാഭരണങ്ങളെ സ്തുതിക്കാൻ കൂടുതൽ കൂടുതൽ ആളുകൾ മുന്നോട്ട് വരുകയാണ്.

ആത്മീയത എന്നത് മതവിശ്വാസികളുടെ പ്രതിരോധത്തിനായുള്ള രണ്ടാം നിരയാണെന്നാണ് (second line of defence) വാസ്തവത്തിൽ ഞാൻ വിചാരിച്ചിരുന്നത്. തങ്ങളുടെ പരമ്പരാഗത മതവിശ്വാസം അസുഖകരമായ സാഹചര്യങ്ങൾ സൃഷ്ടിക്കുമ്പോൾ, അല്ലെങ്കിൽ അതിനു വലിയ മാർക്കറ്റില്ലാതാവുമ്പോൾ, മതവിശ്വാസികൾ സാധാരണയായി ഒളിച്ചിരിക്കുന്നത് കോസ്മോസിന്റെയും സൂപ്പർ കോൺഷ്യസ്‌നെസ്സിന്റെയും ഒക്കെ ഈ പുകമറയ്ക്കിടയിലാണ് . എന്നാൽ ഇത് സമ്പൂർണമായ സത്യമല്ല. പരമ്പരാഗത മതത്തിന്റേയും ആത്മീയതയുടേയും ഇടപാടുകാർ (clientele) വ്യത്യസ്തരാണെന്നതു തന്നെ ഇതിനു കാരണം. ഒരു ലോക ഭൂപടമെടുത്തു വച്ച്, ഇന്ത്യക്കകത്തോ പുറത്തോ, ഏഷ്യയിലോ ലാറ്റിൻ അമേരിക്കയിലോ യൂറോപ്പിലോ, ഉള്ള തീവ്രമതാത്മകതയുള്ള പ്രദേശങ്ങൾ (places which are extremely religious) അടയാളപ്പെടുത്തുക. എവിടെയൊക്കെ മതത്തിന്റെ ആധിക്യം ഉണ്ടോ അവിടവിടെ മനുഷ്യാവകാശങ്ങളുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. അവിടെയൊക്കെ അടിച്ചമർത്തലുകളുണ്ട്. ദരിദ്രരായ ജനങ്ങളെ മയക്കുന്ന കറുപ്പാണ് , അടിച്ചമർത്തപ്പെടുന്നവരുടെ നിശ്വാസമാണ് മതം എന്നൊക്കെ നമ്മുടെ മാക്സിസ്റ്റ് സുഹൃത്തുക്കൾ പറയാറുണ്ടായിരുന്നു. ഞാനാ ചർച്ചയിലേക്ക് കടക്കുന്നില്ല. പക്ഷെ, ഒരു കാര്യം പറയുന്നു, ഇന്നിപ്പോൾ ആത്മീയത എന്നത് ധനികര്‍ക്കുവേണ്ടിയുള്ള മയക്കുമരുന്നു (tranquilizer of the rich) തന്നെയാണ്.

ആത്മീയതാ ബിസിനസ്സിലെ ഇടപാടുകാരൊക്കെ (clientele) ധനികരും ഉന്നതവർഗ്ഗത്തിൽ‌പ്പെട്ടവരും ഒക്കെയാണെന്ന് നിങ്ങൾക്ക് കാണാൻ കഴിയും. അതിനാൽ തന്നെ ഗുരുവിന് ശക്തിയും , ആദരവും, ഉയർന്ന പദവിയും , സമ്പത്തും (അതത്ര പ്രധാനമല്ല) ഒക്കെ ലഭ്യമാവുന്നു. ശിഷ്യന് എന്താവും ലഭിക്കുക? ഞനവരെ സൂക്ഷ്‌മമായി നിരീക്ഷിച്ചപ്പോൾ ഈ ശിഷ്യഗണങ്ങൾ വിവിധ തരത്തിലും ഗണത്തിലും പെട്ടതാണെന്ന് കാണാൻ കഴിഞ്ഞു. അതിനൊരു ഏകശിലാരൂപമില്ല തന്നെ. അതെ, ഈ അനുയായികൾ വ്യത്യസ്ത തരക്കാരാണ്. അതിലൊരാൾ ധനികനാണ്, ജീവിതത്തിൽ വിജയിച്ച ആളാണ്, ധാരാളം ധനം സമ്പാദിച്ചിട്ടുണ്ട്, ആസ്തികൾ കുന്നുകൂടുന്നു. ഇന്ന് അയാൾക്ക് എല്ലാം ഉള്ളതിനാൽ അയാൾക്ക് വേണ്ടത് കുറ്റവിമുക്തി (Absolution) കൂടിയാണ്. അതുകൊണ്ട് ഗുരു അയാളോട് പറയുന്നു- “നീ ചെയ്യുന്നതെന്തോ അത് “നിഷ്‌കാമ കർമ്മ”മാണ്. നീ നിനക്ക് നൽകപെട്ടിട്ടുളള റോൾ അഭിനയിക്കുക മാത്രമാണ്. ഇതെല്ലാം “മായ”യാണ്. നീ എല്ലാ ദിവസവും ഉണ്ടാക്കുന്ന പണമോ ഒരോ ദിവസവും കുന്നുകൂട്ടുന്ന സമ്പത്തോ ഇതൊന്നിലും നീ വൈകാരികമായി ഉൾപ്പെട്ടിട്ടില്ല. നീ നിന്റെ റോൾ ഭംഗിയായി കൈകാര്യം ചെയ്യുന്നു, അത്ര മാത്രം. നീ എന്റെ അടുത്ത് വന്നത് ശാശ്വത സത്യം അന്വേഷിച്ചാണ്. നിന്റെ കൈകൾ ഒരു പക്ഷെ മലിനമായിരിക്കാം പക്ഷെ നിന്റെ ആത്മാവ് ശുദ്ധമാണ്. ” ഈ മനുഷ്യന് അവനെക്കുറിച്ചുതന്നെ മതിപ്പും വിശ്വാസവും തോന്നാൻ തുടങ്ങുന്നു. ഏഴു ദിവസം അവൻ ലോകത്തെ ചൂഷണം ചെയ്യുന്നു, ഏഴാം ദിവസത്തിനവസാനം അവൻ ഗുരുവിന്റെ പാദാരവിന്ദത്തിലണയുമ്പോൾ അവനു തോന്നുന്നു- ഞാനൊരു സംവേദനശീലനായ (sensitive) വ്യക്തിയാണ്.

ഇനിയും മറ്റൊരു കൂട്ടരുണ്ട്. അവരും വരുന്നത് ധനിക വർഗ്ഗത്തിൽ നിന്നാണ്. പക്ഷെ ഇയാൾ ആദ്യത്തെ ആളെപ്പോലെ വിജയിയല്ല. വിജയിക്കുന്നതും പരാജയപ്പെടുന്നതുമെല്ലാം ആപേക്ഷികമാണെന്നത് നിങ്ങൾക്കറിയാമല്ലോ? തെരുവോരത്ത് കറക്കിക്കുത്ത് കളിക്കുന്ന ഒരു റിക്ഷാക്കരനെ സംബന്ധിച്ചിടത്തോളം നൂറു രൂപ ലഭിച്ചാൽ അത് വലിയ വിജയമാണ്. എന്നാൽ ഒരു കോർപ്പറേറ്റ് മുതലാളി 300 മില്യൺ ഡോളർ സമ്പാദിക്കുമ്പോഴും ബില്യൺ ഡോളർ ആസ്തിയുള്ള സ്വസഹോദരനുമായി തുലനം ചെയ്ത് സ്വയം ഒരു പരാജയമായി വിലയിരുത്തുകയാണ്. പരാജയപ്പെട്ട ഈ ധനികൻ എന്താവും ചെയ്യുക? അയാൾക്കും ഇപ്രകാരം പറയുന്ന ഒരു ഗുരുവിന്റെ ആവശ്യമുണ്ട്- “ആരാണ് പറഞ്ഞത് നീ പരാജയപ്പെട്ടുവെന്ന് ? നിനക്ക് മറ്റൊരു ലോകമുണ്ട്, നിനക്ക് മറ്റൊരു ദർശനമുണ്ട്, നിന്റെ സഹോദരനില്ലാത്ത വേറിട്ടൊരു ചേതന (sensibility)നിനക്കുണ്ട്. അവൻ ഒരു വിജയമാണെന്നാണ് അവന്റെ വിചാരം. ശരിയാണോ? അല്ല. നിനക്കറിയാമോ, ലോകം വളരെ ക്രൂരമാണ്. ലോകം വളരെ സത്യസന്ധമായി നിന്നോട് പറയുന്നു, അങ്ങനെ അല്ല സർ, നിനക്ക് പത്തിൽ മൂന്നാണ് കിട്ടിയത്. മറ്റേയാൾക്ക് കിട്ടിയത് പത്തിൽ ഏഴാണ്. ശരിയല്ലേ? ”അവർ നിങ്ങളോട് ഇടപെടുന്നത് ഇപ്രകാരം ആയിരിക്കും. അവിടെ അവന് സഹതാപം ലഭിക്കുന്നു.അവിടെ അയാൾ കളിക്കുന്നത് മറ്റൊരു കളിയാണ്.

മറ്റൊരു കൂട്ടരുണ്ട് . ഈ കൂട്ടരെക്കുറിച്ച് ഞാൻ സംസാരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള വെറുപ്പോ പുച്ഛമോ വച്ചു കൊണ്ടോ ഏതെങ്കിലും വലിയ ഭാവത്തോടു കൂടിയോ ഒന്നുമല്ല, മറിച്ച് നിറഞ്ഞ അനുകമ്പയോടു കൂടിയാണ്. ഈ ആധുനിക യുഗത്തിലെ ആത്മീയ ഗുരുക്കന്മാരുടെ ഇടപാടുകാരിൽ ഒരു വലിയ വിഭാഗക്കാരവരാണ്, ധനികരുടെ അസന്തുഷ്‌ടരായ ഭാര്യമാർ.

വിവാഹമെന്ന അൾത്താരയിൽ സ്വന്തം വ്യക്തിത്വവും ആകാംഷകളും സ്വപ്നങ്ങളുമെല്ലാം സമർപ്പിച്ചിട്ടും തന്നെക്കുറിച്ച് തീർത്തും ശ്രദ്ധയില്ലാത്ത ഒരു ഭർത്താവിനെ ലഭിച്ച ഒരുവളെയാണ് നാം ഇവിടെ കാണുന്നത്. ഒന്നു രണ്ടു കുട്ടികളെ അവൾക്ക് നൽകി എന്നതാണ് അയാളാകെ ചെയ്തത്. അയാളെപ്പോഴും അയാളുടെ ജോലിയിലോ മറ്റു സ്ത്രീകളിലോ വ്യാപൃതനാണ്. ഈ സ്ത്രീക്ക് താങ്ങായി ഒരു ചുമൽ വേണ്ടതുണ്ട്. തന്റെ അസ്തിത്വം ഒരു പരാജയമാണെന്ന് അവൾക്ക് തന്നെ സ്വയം ബോദ്ധ്യമുണ്ട്. ഭാവിയെക്കുറിച്ച് അവൾക്ക് വലിയ പ്രതീക്ഷകളില്ല. അവളുടേത് എല്ലാ സുഖ സൌകര്യങ്ങൾ ഉള്ളതെങ്കിലും ശൂന്യമായ ലക്ഷ്യരഹിതമായ ഒരു ജീവിതമാണ്. ഇത് വളരെ ദു:ഖകരമാണ്, എന്നാൽ യഥാർത്ഥവും.

വേറെ ചില മനുഷ്യരുണ്ട്. അപ്രതീക്ഷിത ദുരന്തങ്ങൾ ഏറ്റുവാങ്ങുന്നവർ. ചിലർക്ക് കുട്ടിയെ നഷ്‌ടപ്പെടുന്നു. ഭാര്യ മരിക്കുന്നു. അല്ലെങ്കിൽ ഭർത്താവ് മരിക്കുന്നു. സമ്പത്ത് നഷ്ടപ്പെട്ടവരോ ബിസിനസ്സ് തകർന്നവരോ ആകാം ചിലർ. ചുരുക്കത്തിൽ കനത്ത ആഘാതമേൽ‌പ്പിക്കുന്ന എന്തെങ്കിലും ഒക്കെ സംഭവിക്കുന്നു. സ്വാഭാവികമായും അവർ ചോദിക്കും- എന്തേ എനിക്കിങ്ങനെയൊക്കെ സംഭവിക്കുന്നു? ആരോടാണിവർക്കിത് ചോദിക്കാനാവുക? അവർ ഗുരുവിന്റെ അടുത്ത് ചെല്ലുന്നു. ഗുരു അവരോട് ഒഅറയുന്നു- ഇത് കർമ്മമാണ്. നിങ്ങളെന്നെ പിന്തുടരുകയാണെങ്കിൽ വേദനകളില്ലാത്ത, അനശ്വരമായ മറ്റൊരു ലോകം ഞാൻ കാണിച്ചു തരാം. അവിടെ പരമാനന്ദം മാത്രമേ ഉള്ളൂ. അസന്തുഷ്ടരായ ഈ ആത്മാക്കളോട് അയാൾ പറയും- എന്നെ പിന്തുടരൂ.ഞാൻ നിങ്ങളെ സ്വർഗത്തിലേക്ക്, വേദനകളില്ലാത്ത ലോകത്തിലേക്ക് കൊണ്ടു പോകാം. പ്രിയപ്പെട്ടവരേ, നിങ്ങളെ നിരാശപ്പെടുത്തേണ്ടി വരുന്നതിൽ എനിക്ക് ഖേദമുണ്ട്, അങ്ങനെ ഒരു സ്വർഗം ഇല്ല എന്ന് എനിക്ക് പറയാതിരിക്കാനാവില്ല. ജീവിതമെന്നതിൽ ഒരു പിടി വേദനകളും , തിരിച്ചടികളും, പരാജയ സാദ്ധ്യതകളും ഒക്കെ ഉണ്ടാവും. കാര്യമങ്ങനെയൊക്കെ ആണെങ്കിലും ഗുരുവിന്റെ വാക്കുളിൽ അവർ സന്തുഷ്‌ടരാവുന്നു.

അവർക്കതുകൊണ്ടെന്തെങ്കിലും ആശ്വാസം കിട്ടുന്നുണ്ടെങ്കിൽ നിങ്ങൾക്കെന്താണു ഹേ പ്രശ്നം എന്ന് ആരെങ്കിലും ചോദിച്ചേക്കാം. ഇപ്പോൾ ഞാൻ പണ്ടു വായിച്ച ഒരു കഥ ഓർക്കുകയാണ്. ഇതൊരു സന്യാസി പറഞ്ഞ വളരെ പഴയ ഒരു കഥയാണ്. ഒരു ദിവസം ഒരു നായയ്ക്ക് ഒരു ഉണങ്ങിയ എല്ലിൻ കഷണം ലഭിക്കുന്നു. എല്ലെങ്ങനെയെങ്കിലും അകത്താക്കാനുള്ള ശ്രമത്തിനിടയിൽ നായ അറിയാതെ തന്റെ തന്നെ നാക്കിൽ കടിക്കുന്നു.നാക്കിൽ നിന്ന് രക്തം വരുന്നുണ്ട്. എന്നാൽ എല്ലിൻ കഷണത്തിൽ നിന്നും പോഷകമൂല്യങ്ങൾ ലഭിക്കുന്നുവെന്നാണ് നായ കരുതുന്നത്.

എനിക്ക് വളരെ സങ്കടമുണ്ട്. മുതിർന്നവരായ ഇവർ ഇപ്രകാരം പെരുമാറണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല, കാരണം ഞാനവരെ ബഹുമാനിക്കുന്നു. മദ്യവും മയക്കുമരുന്നുമൊക്കെ മനസ്സമാധാനവും ശാന്തിയും നൽകുമെന്ന് കരുതപ്പെടുന്നുണ്ടല്ലോ? ഇപ്രകാരമുള്ള സമാധാവും ശാന്തതയും ഒക്കെ അഭികാമ്യമാണോ? നിങ്ങളെ യാഥാർത്ഥ്യത്തിൽ നിന്നും അകറ്റി നിറുത്തുന്ന ഏതു ശാന്തതയും മിഥ്യയാണ്- വെറും മരീചിക. ഒരു ട്രൈസൈക്കിൾ തരുന്നതിൽ കൂടുതൽ സുരക്ഷിതത്വം ഒന്നും ഇത് നൽകുന്നില്ല. നിങ്ങൾ ഒരു ട്രൈസൈക്കിൾ ആണ് ഓടിക്കുന്നതെങ്കിൽ നിങ്ങൾക്ക് വീഴാനാവില്ലല്ലോ? എന്നാൽ മുതിർന്നവർ ട്രൈസൈക്കിൾ ഓടിക്കാറില്ല. അവർ ഓടിക്കുന്നത് ബൈ സൈക്കിൾ ആണ് . അവർക്ക് വീഴാനും കഴിയും. അത് ജീവിതത്തിന്റെ ഭാഗമാണ്.

ഒരു കൂട്ടർ കൂടി ശേഷിക്കുന്നുണ്ട്. ഗോൾഫ് ക്ലബിലെ എല്ലാ അംഗങ്ങളും ഗോൾഫ് കളിയിൽ തൽ‌പ്പരരായിരിക്കണം എന്നില്ലല്ലോ? അതു പോലുള്ളവരാണിവർ. ആശ്രമത്തിൽ കാണപ്പെടുന്നവരെല്ലാം ആത്മീയതയുടെ വക്താക്കളാണ് എന്നു കരുതേണ്ടതില്ല. എനിക്കൊരു ഫിലിം നിർമ്മാതാവ് സുഹൃത്ത് ഉണ്ട്, അയാളെപ്പോഴും പറയാറുണ്ട് ഞാൻ അയാളുടെ ഗുരുവിന്റെ ആശ്രമം ഒരിക്കലെങ്കിലും സന്ദർശിക്കണം എന്ന്. ഡെൽഹിയിൽ നിന്നും രണ്ടു മണിക്കൂർ യാത്ര ചെയ്താൽ ആശ്രമത്തിൽ എത്താമെന്നും ഡെൽഹിയിലെ മുഴുവൻ വി ഐ പി കളെയും നിങ്ങൾക്കവിടെ വച്ച് പരിചയപ്പെടാമെന്നും അയാൾ പറഞ്ഞുകൊണ്ടിരിക്കുന്നു. തന്റെ ഗുരുജിയും ഒരുനാൾ മറ്റൊരു ചന്ദ്രസ്വാമിയാകുമെന്ന് അയാൾക്കുറപ്പുണ്ട്. അതെ ഇന്നാ ആശ്രമം വിവിധ തരം നെറ്റ്വർക്കിംഗുകളുടെ ഒരു സമ്പർക്ക ബിന്ദുവാണ്.

ആദ്ധ്യാത്മികവും മതപരവുമായ കാര്യങ്ങളിൽ വ്യാപൃതരാണെങ്കിലും നല്ലവരായ ചില ആളുകളുണ്ട്, എനിക്കവരോട് വളരെ ബഹുമാനമുണ്ട്. അതിനെനിക്കൊരു വിശദീകരണമുണ്ട് . ഞാൻ കരുതുന്നത് ഏതൊരു വികാരത്തിനും അനുഭവത്തിനുമെന്ന പോലെ നിങ്ങൾക്കും ഒരു പരിധിയുണ്ട് . I believe that like every emotion or feeling, you have a limitation.

എനിക്ക് അനുവദിച്ചിട്ടുള്ള സമയം ആയെന്നു തോന്നുന്നു. സർ , ഒരഞ്ചാറു മിനിട്ടു കൂടി തരാമോ?

രാജീവ് മെഹ്‌റോത്ര : തുടരുക

നിങ്ങൾക്ക് ഒരു പ്രത്യേക ബിന്ദു വരെ കാണാനാകും. അതിനപ്പുറം കാണാനാകില്ല. നിങ്ങൾക്ക് ഒരു പ്രത്യേക ബിന്ദു വരെ കേൾക്കാനാകും. അതിനപ്പുറമുള്ള ശബ്‌ദങ്ങൾ നിങ്ങൾക്ക് രെജിസ്റ്റർ ചെയ്യാനാവില്ല. ഒരു പ്രത്യേക ബിന്ദു വരെ നിങ്ങൾക്കു വിലപിക്കാനാവും, അതിനുശേഷം നിങ്ങൾ അതിനു പുറത്തുകടക്കും. ഒരു പ്രത്യേക ബിന്ദു വരെ നിങ്ങൾക്കു സന്തോഷമുണ്ടാകും , അതിനൊരു പരിധിയുണ്ട്. അതു പോലെ ഒരു പ്രത്യേക ബിന്ദുവരെ നിങ്ങൾക്ക് കുലീനമായി പെരുമാറാനുള്ള ക്ഷമതയുണ്ടാവും, അതിനു ശേഷമതു തുടരാനാവില്ല. ഒരു ശരാശരി മനുഷ്യന് നന്മചെയ്യാനുള്ള ഈ ക്ഷമത 10 യൂണിറ്റ് ആണ് എന്ന് സങ്കല്പിക്കുകയാണെങ്കിൽ, ദിവസവും അഞ്ചു നേരം നിസ്ക്കരിക്കുവാനായി പള്ളിയിൽ പോകുന്ന ഒരാൾ 10 ൽ അഞ്ച് യൂണിറ്റ് അവിടെ ഉപയോഗിക്കുകയാണ്. അത് പോലെ തന്നെ അമ്പലത്തിൽ പോകുന്നവരും ഗുരുവിന്റെ പാദങ്ങളിൽ സ്വയം സമർപ്പിക്കുന്നവരുമൊക്കെ മനുഷ്യന് നന്മചെയ്യാനുള്ള തങ്ങളുടെ ക്ഷമത അവിടെ തീർത്തും ഉല്പാദനക്ഷമമല്ലാത്ത രീതിയിൽ ചെലവഴിക്കുകയാണ്. ഞാൻ പ്രാർത്ഥിക്കുവാൻ പോകാറില്ല. ഞാൻ പ്രാർത്ഥിക്കാറില്ല. ഏതെങ്കിലും ഗുരുവിന്റെ അടുത്തോ അമ്പലത്തിലോ പള്ളിയിലോ പോകുന്നില്ല എങ്കിൽ മനുഷ്യന് നന്മചെയ്യാനുള്ള എന്റെ കഴിവുപയോഗിച്ച് എനിക്കെന്തു ചെയ്യാനാകും? ഞാൻ ആരേയെങ്കിലും സഹായിക്കേണ്ടതുണ്ട്, ആർക്കെങ്കിലും ഭക്ഷണം നൽകേണ്ടതുണ്ട്, ആർക്കെങ്കിലും പാർപ്പിടം നൽകേണ്ടതുണ്ട്. ആരാധനയ്ക്കായും പ്രാർത്ഥനയ്ക്കായും ആദ്ധ്യാതിക - മത ഗുരുക്കളെ ആദരിക്കാനും മറ്റും തങ്ങളുടെ ക്വോട്ട ചെലവഴിച്ച ശേഷവും അവരിൽ നന്മചെയ്യാനുള്ള ശേഷി അവശേഷിക്കുന്നുവെങ്കിൽ , അവർക്കെന്റെ പ്രണാമം.

മതവിശ്വാസികളെക്കുറിച്ചുള്ള താങ്കളുടെ സങ്കല്പം ഇത്തരത്തിലാണെങ്കിൽ എന്തിനാണ് താങ്കൾ കൃഷ്‌ണനോടും കബീറിനോടും ഗൌതമനോടുമൊക്കെ ആദരവ് പ്രകടിപ്പിക്കുന്നതെന്ന സംശയം ന്യായമായും ആർക്കും ചോദിക്കാവുന്നതേയുള്ളൂ. എന്തുകൊണ്ടാണ് ഞാനവരെ ബഹുമാനിക്കുന്നതെന്ന് പറയാം . മാനവിക സംസ്ക്കാരത്തിന് മഹത്തായ സംഭാവന നൽകിയവരാണവർ. അവർ ചരിത്രത്തിന്റെ വിവിധ ദശാസന്ധികളിൽ, വിവിധ സാഹചര്യങ്ങളിൽ ജനിച്ചവരായിരുന്നു. പക്ഷെ അവരിലെല്ലാം പൊതുവായ ഒരു കാര്യമുണ്ട്. അവരെല്ലാം അനീതിക്കെതിരായിരുന്നു. അവർ അടിച്ചമത്തപ്പെട്ടവർക്ക് വേണ്ടി പൊരുതി.

എന്നെ അത്ഭുതപ്പെടുത്തുന്നതും എന്റെ ഭീതികളെ ശരി വെക്കുന്നതും ആയ കാര്യം, ഇന്ന് സനാതനസത്യത്തെ അറിയുന്ന പ്രബുദ്ധരായ ജനങ്ങൾ ആരും തന്നെ അധികാരശക്തികൾക്കെതിരെ നിലയുറപ്പിക്കുന്നില്ല എന്നതാണ്. ഭരണ- വരേണ്യ വർഗങ്ങൾക്കെതിരെ ആരും തന്നെ ശബ്ദിച്ചു കാണുന്നില്ല. ഇവിടെ ദാനധർമങ്ങൾ ഉണ്ട്, എന്നാൽ ഭരണകൂടവും അധികാരശക്തികളും അംഗീകരിക്കുന്നവ മാത്രം. എന്നാൽ, ദളിതന്മാരെ അവർക്ക് പ്രവേശനം നിഷിദ്ധമായ അമ്പലങ്ങളിൽ കൊണ്ട് പോയിട്ടുള്ളത് ഏതു ഗുരു ആണ് എന്നാണ് എനിക്കറിയേണ്ടത്. കരാറുകാർക്കും കോണ്ട്രാക്റ്റർമാർക്കും എതിരെ ആദിവാസികളുടെ അവകാശങ്ങൾക്കു വേണ്ടി നില കൊണ്ടിട്ടുള്ളത് ഏതു ഗുരു ആണ് എന്നാണ് എനിക്കറിയേണ്ടത്. ഗുജറാത്തിലെ ഇരകൾക്കു വേണ്ടി സംസാരിക്കുകയും അവരുടെ പുനരധിവാസ ക്യാമ്പുകളിൽ പോകുകയും ചെയ്തത് ഏതു ഗുരു ആണ് എന്നാണ് എനിക്കറിയേണ്ടത്. അവരും മനുഷ്യജീവികൾ ആണ്.

സർ... സമ്പന്നരെ എങ്ങനെ ശ്വസിക്കണം എന്ന് പഠിപ്പിച്ചത് കൊണ്ടായില്ല. ധനികന്റെ വിനോദം ആണത്. അത് കാപട്യക്കാരുടെ നാട്യമാണ്. അത് ഒരു mischievous deception (കുസൃതി കലർന്ന വഞ്ചന) ആണ്. താങ്കൾക്കറിയാമല്ലോ, mischievous deception എന്നത് ഓക്സ്ഫോർഡ് ഡിക്ഷ്ണറിയിൽ ഒരു വാക്കിന് പര്യായമായാണ് കൊടുത്തിരിക്കുന്നത്- ആ വാക്കാണ്... HOAX (തട്ടിപ്പ്).

നന്ദി.

*
ജാവേദ് അഖ്‌തർ

INDIA TODAY CONCLAVE, DAY 2, Saturday, February 26, 2005, session: spirituality, halo or hoaxല്‍ ജാവേദ് അഖ്‌തർ നടത്തിയ പ്രഭാഷണത്തിന്റെ സ്വതന്ത്ര വിവര്‍ത്തനം.

തലക്കെട്ട് വിവര്‍ത്തകന്റേത്.

Saturday, May 21, 2011

മകരവിളക്ക് അണഞ്ഞു മനുഷ്യതന്ത്രം തെളിഞ്ഞു

ഒടുവില്‍, മകരവിളക്ക് പൊന്നമ്പലമേട്ടില്‍ സ്വയം പ്രകാശിക്കുന്നതല്ലെന്നും മനുഷ്യന്‍ കത്തിക്കുന്നതാണെന്നും ബഹുകോടതി മുമ്പാകെ ദേവസ്വം ബോര്‍ഡ് സമ്മതിച്ചിരിക്കുന്നു. സത്യം സമ്മതിക്കാന്‍ കൊലയ്ക്കു കൊടുത്തത് നൂറ്റിനാലു മനുഷ്യജീവന്‍. അവരുടെ അനാഥമായ കുടുംബാംഗങ്ങള്‍ പ്രബുദ്ധകേരളം നടത്തിയ സമാനതകളില്ലാത്ത തട്ടിപ്പിനെക്കുറിച്ചറിഞ്ഞെങ്കില്‍ ഞെട്ടിയിട്ടുണ്ടാകും.

യുക്തിവാദികള്‍ നല്‍കിയ കേസിനെ തുടര്‍ന്നാണ് കോടതി മകരവിളക്കിനെക്കുറിച്ചന്വേഷിച്ചത്. മകരവിളക്ക് നിരോധിക്കണമെന്ന അവരുടെ വാദം കോടതി തള്ളിയെങ്കിലും ദൗത്യം വിജയിച്ചുവെന്നുവേണം കരുതാന്‍. സ്വയം പ്രഭയെന്ന വ്യാജപ്രചാരണം അവസാനിച്ചല്ലൊ.

ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റൊമ്പതിലെ തീര്‍ത്ഥാടന കാലത്ത് ശബരിമല സന്നിധാനത്ത് കലികാല വരദനും കല്യാണം കഴിക്കാത്തവനുമായ അയ്യപ്പന്റെ മൂക്കിനുതാഴെ അമ്പത്തിമൂന്നുപേരാണ് മരിച്ചുവീണത്. അന്നും യുക്തിവാദികള്‍ കോടതിയിലെത്തിയെങ്കിലും മകരജ്യോതി വിശ്വാസത്തിന്റെ കാര്യമാണെന്നും അതിലിടപെടാന്‍ കോടതിക്കധികാരമില്ലെന്നും പറഞ്ഞ് കേരളഹൈക്കോടതി അവരുടെ ഹര്‍ജി തള്ളുകയായിരുന്നു.

സത്യം തുറന്നുസമ്മതിച്ചതില്‍ സാംസ്‌ക്കാരിക കേരളം ആഹ്ലാദിക്കുമ്പോഴും തുടര്‍ന്നുവരാന്‍ പോകുന്ന വിനകള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. പൊന്നമ്പലമേട് പുനരുദ്ധരിക്കണമെന്നും ആരാധനയ്ക്കു സൗകര്യമുണ്ടാക്കണമെന്നും ഇത്രയും കാലം സത്യം മൂടിവച്ചവര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇപ്പോള്‍ത്തന്നെ ക്ഷേത്രഭാരത്താല്‍ ഞെരിപിരികൊള്ളുന്ന കേരളത്തില്‍ വമ്പിച്ച പാരിസ്ഥിതികാഘാതം സൃഷ്ടിച്ചുകൊണ്ട് മറ്റൊരു അന്ധവിശ്വാസകേന്ദ്രം കൂടി ഉണ്ടാക്കണമെന്നര്‍ത്ഥം.

ശബരിക്ഷേത്രത്തിനു തീപിടിച്ചപ്പോഴാണ്, ഒരു അമ്പലം കത്തിനശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിച്ചെന്ന് ഖദറിട്ടു നടന്ന ഭരണാധികാരി സി കേശവന്‍ പറഞ്ഞത്. അവിടെയാണ് പുതിയ അന്ധവിശ്വാസ കേന്ദ്രമെന്ന ആശയം ഉണ്ടായിരിക്കുന്നത്. ചരിത്രത്തില്‍ ഖദര്‍ യുക്തിയുടെ ചിഹ്നം കൂടി ആണ്. സി കേശവനും പനമ്പിള്ളി ഗോവിന്ദമേനോനും എം എ ജോണും ധരിച്ച ഖദറുടുപ്പുകള്‍ ചരിത്രത്തിന്റെ മൂലയില്‍ കീറിക്കിടപ്പുണ്ട്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അടിയന്തരമായി ചെയ്യേണ്ട ഒരു ഉത്തരവാദിത്വമുണ്ട്. അത് മകരജ്യോതി ഒരു തട്ടിപ്പായിരുന്നു എന്ന് അയല്‍ സംസ്ഥാനക്കാരോട് തുറന്നുപറയുക എന്നതാണ്. മറുനാടന്‍ അയ്യപ്പക്ഷേത്രങ്ങളിലൂടെ ഈ സത്യബോധനം നടത്താന്‍ എളുപ്പമാണ്. മറുനാടന്‍ മലയാളികള്‍ മാത്രമേ, മറുനാട്ടിലെ അയ്യപ്പക്ഷേത്രങ്ങളില്‍ ആരാധനയ്ക്ക് എത്താറുള്ളു എങ്കിലും മറ്റു ഭാഷകളില്‍ ഈ വാസ്തവ പ്രചാരണം നടത്താവുന്നതേയുള്ളു. മറുനാട്ടിലെ ക്ഷേത്രങ്ങളില്‍ ദേവസ്വം ബോര്‍ഡിന് അധികാരമില്ലെന്നാണെങ്കില്‍ തമിഴ്, കന്നട, മറാഠി, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് പത്രങ്ങളില്‍ പരസ്യം നല്‍കി സത്യത്തോടുള്ളകൂറ് വെളിപ്പെടുത്താവുന്നതാണ്.

പൊന്നമ്പലമേട് ആര്‍ക്കും ചെല്ലാന്‍ കഴിയാത്ത ഒരു വിശുദ്ധപ്രദേശമെന്നാണ് പ്രചരിപ്പിച്ചിരുന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ പെരുമ്പടവം ശ്രീധരന്‍ പൊന്നമ്പലമേട്ടില്‍ പോയ അനുഭവം രേഖപ്പെടുത്തിയിട്ടുണ്ട്. പൊന്നമ്പലമേട് യാത്രയെക്കുറിച്ച് ഒരു കാരണവരോടു പറഞ്ഞപ്പോള്‍ അവിടെ മനുഷ്യന് ചെന്നെത്താന്‍ സാധിക്കില്ലെന്നാണദ്ദേഹം പറഞ്ഞതത്രെ. പൊന്നമ്പലമേട്ടില്‍ പിന്നെ ആരാണ് ചെല്ലുന്നത്. ധര്‍മ്മശാസ്താവും അദ്ദേഹത്തിന്റെ സ്‌കൂട്ടറുകളായ പുലികളും പുലക്കു തിന്നാന്‍ പുല്ലും മാത്രമേ ഉള്ളോ...?

അന്ധവിശ്വാസങ്ങള്‍ മാറുകയാണ്. പൊന്നമ്പലമേട്ടില്‍ ആദിവാസികളായ മലയരയര്‍ ഉണ്ടായിരുന്നത്രെ. ഇപ്പോള്‍ വിളക്കുകത്തിക്കുന്നത് പരിഷ്‌കൃത മനുഷ്യരാണത്രെ.

ഹിന്ദുമതം പോലെ തന്നെ എല്ലാ മതങ്ങളുടെയും പോഷകാഹാരം അന്ധവിശ്വാസങ്ങളാണ്. മറ്റൊരുകഥാകാരനായ അക്ബര്‍ കക്കട്ടില്‍ ഒരനുഭവം അവതരിപ്പിച്ചുകേട്ടിട്ടുണ്ട്. മനുഷ്യര്‍ ചന്ദ്രനിലിറങ്ങിയവാര്‍ത്ത അക്ബര്‍ ഉപ്പയോടു പറയുന്നു. അതു വിശ്വസിക്കാന്‍ വരട്ടെ, ഇപ്പോള്‍ മുസലിയാര്‍ വരും അദ്ദേഹത്തോടു ചോദിക്കാമെന്നാണ് മറുപടി ലഭിച്ചത്. മുസലിയാര്‍ വന്നു. ഈ വാര്‍ത്തയറിഞ്ഞ് അദ്ദേഹം കുറെനേരം ചിന്താധീനനായി ഇരുന്നു. എന്നിട്ടു പറഞ്ഞത്, ചന്ദ്രനിലാകാന്‍ സാധ്യതയില്ലെന്നും ചന്ദ്രന്റെ സമീപത്ത് മറ്റൊരു സ്ഥലമുണ്ടെന്നും അവിടെ ആയിരിക്കാമെന്നും ആണത്രെ.

മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയിട്ടില്ലെന്ന് തെളിയിക്കാനായി ആളും അര്‍ഥവും ചെലവാക്കുന്നു ചിലര്‍. പരിണാമവാദം തെറ്റാണെന്നു തെളിയിക്കാനും ഇത്തരം വൃഥാവ്യായാമങ്ങളുണ്ട്. ഇക്കാര്യങ്ങളിലുള്ള മതസൗഹാര്‍ദ്ദം അത്ഭുതപ്പെടുത്തുന്നതാണ്.

മകരവിളക്ക് തെളിയിക്കുകയും അതു കണ്ടാല്‍ പുണ്യം കിട്ടുമെന്ന് പ്രചരിപ്പിക്കുകയും ചെയ്താല്‍ ശബരിമലയിലും സമീപപ്രദേശങ്ങളിലും വലിയ മനുഷ്യക്കുരുതികള്‍ ഇനിയുമുണ്ടാകും. മകരവിളക്ക് വേണ്ടെന്നുവച്ചാല്‍, ഒരു വലിയ സാമ്പത്തിക സ്രോതസ്സ് ഇല്ലാതാകും. ധനത്തിന്റെ നയാഗ്ര വെള്ളച്ചാട്ടം നിലക്കുന്നതുപോലെയാണത്. ഇവിടെ നമ്മള്‍ അഭയം പ്രാപിക്കേണ്ടത് ധാര്‍മ്മികതയെയാണ്. കള്ളം പറഞ്ഞുള്ള കാശുവേണോ? മകരവിളക്ക് കത്തിച്ചു കാണിക്കുന്നതാണെന്ന് പറഞ്ഞാല്‍ത്തന്നെ പുണ്യം കിട്ടുമെന്നുള്ളതിന് ഉറപ്പൊന്നും ഇല്ലല്ലൊ. ഉറപ്പില്ലാ പുണ്യത്തെ കമ്പോളവല്‍ക്കരിക്കുന്നത് ശരിയാണോ?

മനുഷ്യനാണ് തീരുമാനിക്കേണ്ടത്. ഉചിതമായ ഒരു തീരുമാനമെടുക്കുന്നതില്‍ ഒരു കൈസഹായവും ശബരിമല ധര്‍മ്മശാസ്താവില്‍ നിന്ന് ലഭിക്കുകയില്ല.


*****


വര്‍ത്തമാനം/കുരീപ്പുഴ ശ്രീകുമാര്‍,കടപ്പാട്: ജനയുഗം

Friday, September 3, 2010

യുക്തിവാദവും കമ്യൂണിസവും - ഇ എം എസിന്റെ ദൃഷ്‌ടിയിൽ

ഒരു മാർക്‌സിസ്‌റ്റ് ദാര്‍ശനികന്‍ എന്ന നിലയില്‍ ഇ എം എസ്സിന്റെ സവിശേഷമായ ശ്രദ്ധ പതിഞ്ഞിരുന്ന ഒരു മേഖലയാണ് മതം - മതനിരപേക്ഷത - യുക്തിവാദം. സാമ്പത്തികാടിത്തറയുമായി ബന്ധപ്പെട്ട ഉപരിഘടനയുടെ ഒരു ഘടകമെന്നനിലയില്‍ മതത്തിനും തദനുബന്ധമായ വിഷയങ്ങള്‍ക്കും മാർക്‌സിസ്‌റ്റ് ദര്‍ശനത്തില്‍ പ്രത്യേക പരിഗണനകൊടുക്കുവാന്‍ മാർക്‌സ് മുതലുള്ള ആചാര്യന്മാര്‍ തയ്യാറായിട്ടുണ്ട്. ലോകനാഗരികതയുടെ ചരിത്രമെടുത്തു പരിശോധിക്കുകയാണെങ്കില്‍ മതങ്ങള്‍ക്കും ആചാരാനുഷ്‌ഠാനങ്ങള്‍ക്കും മനുഷ്യസംസ്‌ക്കാരത്തെ രൂപപ്പെടുത്തുന്നതില്‍ ഒട്ടും അപ്രധാനമല്ലാത്ത സ്ഥാനം നേടാന്‍ കഴിഞ്ഞിരുന്നു എന്നുകാണാം. മാർക്‌സിസ്‌റ്റ് ആചാര്യന്മാരുടെ ശ്രദ്ധ മതകാര്യങ്ങളിലേക്ക് തിരിയാന്‍ ഇത് കാരണമായിട്ടുണ്ട്.

ഇന്ത്യന്‍ സമൂഹത്തിന്റെ കഥയും മറ്റൊന്നല്ല വെളിപ്പെടുത്തുന്നത്. ഇന്ത്യന്‍ മനസ്സിനെ പരുവപ്പെടുത്തുന്നതില്‍ ഉപരിഘടനയിലെ മറ്റേതൊരു ഘടകത്തേക്കാളും പ്രഥമഗണനീയമായ സ്ഥാനം മതങ്ങള്‍ക്കും മതസിദ്ധാന്തങ്ങള്‍ക്കും തന്നെയത്രെ. വിഭിന്ന കാലഘട്ടങ്ങളില്‍ ഇന്ത്യയില്‍ ഉടലെടുത്തിട്ടുള്ള നവീകരണ-നവോത്ഥാന-ദേശീയ പ്രസ്ഥാനങ്ങളെല്ലാംതന്നെ, ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മതവുമായി അവയ്‌ക്കുള്ള ബാന്ധവത്തെ ഉറക്കെ പ്രഖ്യാപിച്ചിട്ടുണ്ട്. മതത്തെയും തദനുബന്ധസിദ്ധാന്തങ്ങളെയും ഭാരതീയ വിചാരശീലത്തിന്റെ മുഖ്യധാരയില്‍നിന്നും എടുത്തുമാറ്റുക അസാധ്യമാണ്. സാഹിത്യം, ശാസ്‌ത്രം, വിദ്യാഭ്യാസം, ദര്‍ശനം, സംസ്‌ക്കാരം, ചിത്രകല. ശില്‍പകല, പെയ്ന്റിങ്, രംഗകല, സംഗീതം എന്നുവേണ്ട, ഇന്ത്യന്‍ ജനതയുടെ വികാര-വിചാരങ്ങളും ദൈനംദിന ജീവിതചര്യകള്‍വരെയും പലതലത്തിലും മതങ്ങളോട് ബാധ്യതപ്പെട്ടിരിക്കുന്നു.

വിശ്വമാനവികചരിത്രത്തിൽ‍, ഒരുപക്ഷേ, ഇത് പ്രത്യേകം പരിശോധിക്കേണ്ടതും പരിഗണിക്കേണ്ടതുമായ വസ്‌തുതയാണെന്നുതോന്നുന്നു. ഇന്ത്യയുടെ ചരിത്രവും സംസ്‌ക്കാരവും സാഹിത്യവും ശാസ്‌ത്ര-സാങ്കേതികരംഗവും വര്‍ഗബന്ധങ്ങള്‍പോലും രൂപപ്പെട്ടതും പ്രകടിതമായതും മറ്റൊരു തരത്തിലല്ല. സ്വാഭാവികമായും ഇന്ത്യയില്‍ മതങ്ങളുടെ ഉത്ഭവം, വളര്‍ച്ച, തകര്‍ച്ച എന്നിവയെപ്പറ്റിയെല്ലാം ഒരു മാർക്‌സിസ്‌റ്റ് ദാര്‍ശനികന്‍ എന്ന നിലയില്‍ വിശകലനം ചെയ്യേണ്ട ബാധ്യത ഇ എം എസ്സിനുണ്ട്. അത്തരം രചനകളുടെയും ധൈഷണിക സംവാദങ്ങളുടെയും ഭാഗമെന്ന നിലയില്‍ മതപുരോഹിതന്മാരുമായും യുക്തിവാദികളുമായും അവരുടെ പ്രസ്ഥാനങ്ങളുമായും ഇ എം എസ് പലപ്പോഴും ഏറ്റുമുട്ടുകയും ചെയ്‌തിട്ടുണ്ട്. അവയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടേണ്ട സംവാദമാണ് യുക്തിവാദികളുമായി ഇ എം എസ് ആവര്‍ത്തിച്ച് നടത്തിയിട്ടുള്ളത്.

യുക്തിവാദപ്രസ്ഥാനത്തിന്റെ നായകരുടെ രൂക്ഷമായ വിമര്‍ശനത്തിനും വ്യക്തിപരമായ അവഹേളനത്തിനും ഇ എം എസ്സിനോളം പാത്രീഭൂതനായ മറ്റൊരു ദേശീയ നേതാവ് ഇന്ത്യയിലുണ്ടായിട്ടില്ല. വാളെടുത്തവരെല്ലാം വെളിച്ചപ്പാടന്മാരെന്നു പറഞ്ഞതുപോലെ യുക്തിവാദി എന്ന ലേബലുള്ള സകലരും ഇ എം എസ്സിനും അദ്ദേഹം നയിച്ച പ്രസ്ഥാനത്തിനും എതിരെ എപ്പോഴും കൊടുവാളുമായി അവതരിച്ചിട്ടുണ്ട്. വ്യക്തിഹത്യയുടെ പാരമ്യത്തോളം എത്തിയിട്ടും അത്തരം വിമര്‍ശനങ്ങളെ സമചിത്തതയോടെ, ഉരുളയ്‌ക്കുപ്പേരി എന്ന മട്ടില്‍ മാർക്‌സിസത്തിന്റെ ദാര്‍ശനികാടിത്തറയില്‍ നിന്നുകൊണ്ട് ഇ എം എസ് നേരിടുകയുണ്ടായി. യുക്തിവാദവും കമ്യൂണിസ്‌റ്റുകാരും, ബൂര്‍ഷ്വാ യുക്തിവാദത്തില്‍നിന്ന് വൈരുദ്ധ്യാത്മക ഭൌതികവാദത്തിലേയ്‌ക്ക്, ആത്മാവ് ദൈവം മതം, ജാതിയും വര്‍ഗ്ഗസമരവും താത്വികവും ചരിത്രപരവുമായ ഒരന്വേഷണം, ജാതിമതം, രാഷ്‌ട്രീയം, ജാതിയും സമുദായവും രാഷ്‌ട്രീയവും യുഗങ്ങളിലൂടെ, ജാതീയതയും വര്‍ഗ്ഗീയതയും ഒരു മാർക്‌സിസ്‌റ്റ് അന്വേഷണം എന്നു തുടങ്ങി നിരവധി കൃതികള്‍ ഈ പ്രശ്‌നത്തിലുള്ള ഇ എം എസ്സിന്റെ ഇടപെടലുകളുടെ ഉത്തമ നിദര്‍ശനമായി നമുക്കുകാണാന്‍ കഴിയും.

യുക്തിവാദത്തെയും മാർക്‌സിസത്തെയും സംബന്ധിച്ച്, അവതമ്മില്‍ ഉള്ളതും ഉണ്ടായിക്കൊണ്ടിരിക്കേണ്ടതുമായ ബന്ധത്തെ സംബന്ധിച്ച് ഒട്ടേറെ സംശയങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അത്തരം പ്രശ്‌നങ്ങളെ അടിസ്ഥാനമാക്കി ഇ എം എസ്സ് കാലാകാലങ്ങളില്‍ ചിന്താവാരികയിലെ ചോദ്യോത്തരപംക്‌തിയിലൂടെ നല്‍കിയിട്ടുള്ള വര്‍ഷങ്ങള്‍ നീണ്ടുനിന്ന, മരണംവരെ തുടര്‍ന്നുപോന്ന വിശകലനങ്ങളും ഇവിടെ പരാമര്‍ശമര്‍ഹിക്കുന്നു.
'യുക്തിവാദവും കമ്യൂണിസ്‌റ്റുകാരും' എന്ന കൃതിയില്‍ ഇ എം എസ്സ് എഴുതുന്നു: "ചില പ്രത്യേകചോദ്യങ്ങള്‍ക്ക് മാർക്‌സിസവും യുക്തിവാദവും ഒരേ ഉത്തരമായിരിക്കാം നല്‍കുക. ലക്ഷ്യങ്ങളിലും അവിടവിടെ സാദൃശ്യം കാണാം. അവയിലല്ല തര്‍ക്കം. മാർക്‌സിയന്‍ ജ്ഞാന സിദ്ധാന്തത്തിനും യുക്തിവാദികളുടെ ജ്ഞാന സിദ്ധാന്തത്തിനും തമ്മില്‍ ഗണ്യമായ അന്തരമുണ്ട്. സാമ്പത്തികാപഗ്രഥനത്തിന്റെ കാര്യത്തില്‍ ഈ അന്തരം കൂടുതല്‍ വലുതാണ്, ഒട്ടൊക്കെ പരസ്പര വിരുദ്ധവുമാണ്. എന്നാല്‍ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന്റെ മേഖലയില്‍ വരുമ്പോഴാണ് ഇത് മൂര്‍ച്ഛിക്കുന്നത്. മാർക്‌സിസത്തോടും മാർക്‌സിസ്‌റ്റ് പാര്‍ട്ടിയോടും തികച്ചും ശത്രുതാപരമായ ഒരു നിലപാടാണ് കേരളയുക്തിവാദിസംഘത്തിനടക്കമുള്ളത്.''
രൂക്ഷമായ അഭിപ്രായ വ്യത്യാസത്തിന് തിരികൊളുത്തിയിട്ടുള്ള ഇ എം എസ്സിന്റെ മേല്‍ ഉദ്ധരിച്ച വാക്യങ്ങള്‍ തെളിവുകള്‍ നിരത്തിക്കൊണ്ട് ഇ എം എസ്സ് അതേ പുസ്‌തകത്തില്‍ വിശകലനം ചെയ്യുന്നുണ്ട്.

ഇ എം എസ്സിന്റെ നിരീക്ഷണങ്ങൾ‍: "17-18 നൂറ്റാണ്ടുകളില്‍ രൂപംകൊണ്ട് വളര്‍ച്ച പ്രാപിച്ച ബൂര്‍ഷ്വാ യുക്തിവാദം, മാർക്‌സിസത്തിന്റെ ആവിര്‍ഭാവത്തോടുകൂടി യഥാര്‍ത്ഥത്തില്‍ കാലഹരണപ്പെട്ടു കഴിഞ്ഞിരുന്നു. യുക്തിവാദത്തില്‍ പുരോഗമന പരമായി, വിപ്ളവകരമായി എന്തെല്ലാം ഉണ്ടായിരുന്നുവോ അതെല്ലാം മാർക്‌സിസം ഉള്‍ക്കൊണ്ടിട്ടുണ്ട്. പിന്തിരിപ്പനായി, ആശയവാദപരമായി, അതിലുണ്ടായിരുന്നതിനെയെല്ലാം തള്ളിക്കളഞ്ഞിട്ടുണ്ട്. ഈ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ മാർക്‌സിസം ഇവിടെ വളര്‍ന്ന് ശക്തി പ്രാപിക്കുന്നതിനുമുമ്പെ യുക്തിവാദത്തിന് പുരോഗമനപരമായ ഒരു പങ്ക് വഹിക്കാനുണ്ടായിരുന്നു. അതാണ് സഹോദരന്‍ അയ്യപ്പനും, രാമവര്‍മ്മതമ്പുരാനും, എം എസി ജോസഫും, കുറ്റിപ്പുഴയും ഒക്കെ ചെയ്‌തത്. എന്നാല്‍ നാല്പതുകളോടുകൂടി ഈ നില മാറി. ഇവിടെയും ശക്തമായ ഒരു കമ്യൂണിസ്‌റ്റ് പ്രസ്ഥാനം വളര്‍ന്നുവന്നു. യുക്തിവാദത്തിന്റെ പുരോഗമനാത്മകമായ എല്ലാ അംശങ്ങളെയും അതുള്‍ക്കൊണ്ടു. യുക്തിവാദത്തിന്റെ പിന്നീടുള്ള സ്വതന്ത്രമായ വളര്‍ച്ച, ഫലത്തിൽ‍, ബൂര്‍ഷ്വാ യുക്തിവാദത്തിലെ ആശയവാദപരവും പിന്തിരിപ്പനും ആയ വശങ്ങള്‍ക്ക് കൂടുതല്‍ വളംവച്ചുകൊടുക്കുന്ന തരത്തിലുള്ളതായിരുന്നു'' എന്ന നിഗമനം അര്‍ത്ഥശങ്കയ്‌ക്കിടമില്ലാതെ സാധൂകരിക്കുന്നു.

മുതലാളിത്തത്തിന്റെ വളര്‍ച്ചയുടെ കാലഘട്ടത്തില്‍ പ്രത്യക്ഷപ്പെട്ട വര്‍ഗ്ഗ സംഘട്ടനത്തിന്റെ ആശയപരമായ രണ്ട് രൂപങ്ങളാണ് യുക്തിവാദവും മാർക്‌സിസവും. മുതലാളിത്തം വളര്‍ന്നത് അതിന്റെ വളര്‍ച്ചയ്‌ക്ക് തടസ്സമായിനില്‍ക്കുന്ന എല്ലാ സാമൂഹ്യ-സാംസ്‌ക്കാരിക ശക്തികളേയും വേരോടെ പിഴുതെറിഞ്ഞുകൊണ്ടായിരുന്നു. ഫ്യൂഡല്‍ സാമൂഹ്യവ്യവസ്ഥയ്‌ക്ക് പകരംവെയ്‌ക്കപ്പെട്ട മുതലാളിത്തത്തിന് ഫ്യൂഡലിസത്തിന്റെതായ എല്ലാം ആശയങ്ങളെയും സമൂലം തിരസ്‌ക്കരിക്കേണ്ടി വന്നു. ഈ പോരാട്ടത്തില്‍ ബൂര്‍ഷ്വാസി കരുപ്പിടിപ്പിച്ച മൂര്‍ച്ചയേറിയ ആയുധമാണ് 'പൊരുതുന്ന ഭൌതികവാദം' എന്ന് ലെനിന്‍ പില്‍ക്കാലത്ത് വിശേഷിപ്പിച്ച യുക്തിവാദം. റെനിദ്ക്കാര്‍ത്തെ (1590-1650) ബെനഡിക്‌റ്റ് സ്‌പിനോസ (1632-1677) ലൈബ്‌നിത്‌സ് (1636-1716) തുടങ്ങിയ ഈ പ്രസ്ഥാനത്തിന്റെ പ്രവക്താക്കളും പ്രയോക്താക്കളുമായ സാംസ്‌ക്കാരിക നായകര്‍ മതം, വിശ്വാസങ്ങൾ‍, ആചാരാനുഷ്‌ഠാനങ്ങള്‍ എന്നിവയെയെല്ലാം വെല്ലുവിളിച്ച് തികച്ചും യുക്തിയുക്തമായി ചിന്തിക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും ജീവിക്കാനും ജനങ്ങളെ ആഹ്വാനം ചെയ്‌തു. പ്രപഞ്ചം ജ്ഞേയമാണെന്നും യുക്തിയുടെ മാര്‍ഗ്ഗത്തിലൂടെ ഈ അറിവിനെ സാക്ഷാത്ക്കരിക്കാമെന്നും യുക്തിവാദം പ്രഖ്യാപിക്കുന്നു. എന്നാല്‍ യുക്തിവാദത്തില്‍ അതിന്റേതായ ദൌര്‍ബല്യങ്ങളും ഉള്‍ക്കൊള്ളുന്നു. ഇ എം എസ്സ് രേഖപ്പെടുത്തുന്നു.

"പ്രഥമ വീക്ഷണത്തില്‍ നിരീശ്വരവാദപരവും ഭൌതികവാദപരവും ആണെങ്കിലും യുക്തിവാദികളുടെ ജ്ഞാനസിദ്ധാന്തം തികച്ചും ആശയവാദപരമാണ്. അവരുടെ ദൃഷ്‌ടിയില്‍ ലോകവിജ്ഞാനം മുഴുവന്‍ യുക്തിയേന്തിയ മനുഷ്യന്‍ തന്റെ ബുദ്ധി ശക്തികൊണ്ട് കുഴിച്ചെടുത്തതാണ്. അതായത്, എല്ലാ അറിവും തനിക്ക് ചുറ്റുമുള്ള പ്രപഞ്ചത്തില്‍ അനാദികാലം മുതല്‍ക്കേ നിലനില്‍ക്കുന്നുണ്ട്. അവ കണ്ടുപിടിക്കുകയേ വേണ്ടു. മനുഷ്യന്‍ ചുറ്റുമുള്ള പ്രപഞ്ചവുമായി ഇടപെടുകയും അതിനെ മാറ്റിത്തീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിന്റെ ഫലമായാണ് അറിവുണ്ടാകുന്നത് എന്ന് അവര്‍ അംഗീകരിക്കുന്നില്ല. അത്തരം അറിവ് അവരുടെ ദൃഷ്‌ടിയില്‍ അപൂര്‍ണ്ണമാണ്.''

യൂറോപ്പിലെ ജനാധിപത്യവാദികള്‍ പൊതുവിലും തൊഴിലാളിവര്‍ഗ്ഗവിപ്ളവകാരികള്‍ പ്രത്യേകിച്ചും നടത്തിയ പോരാട്ടങ്ങളും അവര്‍ക്കിടയിലെ ബുദ്ധിജീവികള്‍ നടത്തിയ ആശയസമരങ്ങളും ചേര്‍ന്നാണ് മാർക്‌സിസം രൂപംകൊണ്ടത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യദശയില്‍ യൌവനത്തിലേക്ക് കാലൂന്നുവാന്‍ ആരംഭിച്ചമുതലാളിത്തത്തെ ഒരു ശാസ്‌ത്രീയഗവേഷകന്റെ സത്യസന്ധതയോടും ലോകഗതിയാകെ മാറ്റിമറിക്കാന്‍ ശ്രമിക്കുന്ന ഒരു വിപ്ളവകാരിയുടെ ദൃഢനിശ്ചയത്തോടുംകൂടി വിശകലനം ചെയ്യുകയും, അതിവേഗം വാര്‍ദ്ധക്യത്തിലേക്ക് നീങ്ങി അന്ത്യശ്വാസം വലിക്കാന്‍ പോകുന്ന ഒരു ജീവിയാണ് മുതലാളിത്തമെന്ന് തികച്ചും യുക്തിസഹമായി തെളിയിക്കുകയും ചെയ്‌തുകൊണ്ടാണ് മാർക്‌സിസത്തിന്റെ ദാര്‍ശനികരായ മാർക്‌സും എംഗല്‍സും മുതലാളിത്തത്തിന്റെ ശവക്കുഴിതോണ്ടുന്ന അടിച്ചമര്‍ത്തപ്പെട്ട തൊഴിലാളിവര്‍ഗ്ഗത്തിന്റെ പ്രവര്‍ത്തനത്തിനുള്ള വഴികാട്ടിയായി ഈ ദര്‍ശനത്തിന് രൂപം കൊടുത്തത്. അവര്‍ രൂപം കൊടുത്ത ദര്‍ശനം 'വൈരുദ്ധ്യാത്മകവും ചരിത്രപരവുമായ ഭൌതികവാദം' അഥവാ 'മാർക്‌സിസം' എന്ന് പ്രസിദ്ധമായി.

"മറ്റെല്ലാ ഭൌതിക വാദികളെയും പോലെ മാർക്‌സും എംഗല്‍സും ബാഹ്യപ്രപഞ്ചം യാഥാര്‍ത്ഥ്യമാണെന്ന ധാരണയില്‍ അടിയുറച്ചുനിന്നു. മാത്രമല്ല, ഭാവനയും വികാരങ്ങളും വിചാരങ്ങളുമെല്ലാം ഭൌതികപ്രപഞ്ചത്തിന്റെ വളര്‍ച്ചയില്‍നിന്ന് രൂപം കൊണ്ടുവന്നവയാണെന്നുകൂടി അവര്‍ വ്യക്തമാക്കി. ഭാവനയില്‍ നിന്നും വികാരവിചാരങ്ങളില്‍നിന്നും ഭൌതിക പദാര്‍ത്ഥങ്ങള്‍ രൂപം കൊള്ളുകയല്ല, നേരെമറിച്ച്, ഭൌതികപദാര്‍ത്ഥങ്ങളില്‍നിന്ന് ഭാവനയും വിചാരവികാരങ്ങളും ജന്മമെടുക്കുകയാണ് എന്ന് അവര്‍ ചൂണ്ടിക്കാണിച്ചു. അജ്ഞാതമായിക്കിടക്കുന്ന പരിധികളില്‍പോലും വിജ്ഞാനത്തിന് കടന്നുചെല്ലാനും ആധിപത്യം നേടാനും കഴിയുമെന്നു മാത്രമല്ല, ഇന്ന് അജ്ഞാതമായിക്കിടക്കുന്ന അവിടങ്ങളില്‍പോലും ഭൌതികപദാര്‍ത്ഥങ്ങളാണ് പ്രാഥമികമായി നിലനിന്ന് പ്രവര്‍ത്തിക്കുന്നതെന്നുംകൂടി ഉറപ്പിച്ചു പറഞ്ഞു.''

ഭൌതിക പദാര്‍ത്ഥങ്ങളുടെ ഒരു സംഘടിത രൂപമാണ് മനുഷ്യദേഹം. ഭൌതിക പദാര്‍ത്ഥങ്ങളുടെ സംഘടിത രൂപങ്ങളില്‍നിന്ന് വിവിധ രൂപങ്ങളിലുള്ള ഭൌതികേതരയാഥാര്‍ത്ഥ്യങ്ങള്‍ രൂപം കൊള്ളുന്നതെങ്ങനെ? ആദ്യകാലഭൌതികവാദത്തിന് ഇതിന്നുത്തരം നല്‍കാനായില്ല. അതിന്റെ അത്തരം ദൌര്‍ബല്യങ്ങളെ കുടഞ്ഞുകളഞ്ഞ് ഭൌതികവാദത്തെ യുക്തിഭദ്രമായി വികസിപ്പിച്ചെടുത്തത് മാർക്‌സും എംഗല്‍സുമായിരുന്നു. മനുഷ്യന്റെ സാമൂഹ്യവളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ ആശയവാദത്തിന്റെ രൂപപ്പെടലിലേയ്‌ക്ക് നയിച്ച സാഹചര്യങ്ങളെ 'വാനരനില്‍നിന്നും നരനിലേയ്‌ക്കുള്ള പരിവര്‍ത്തനത്തില്‍ അദ്ധ്വാനത്തിന്റെ പങ്ക് ' എന്ന പ്രബന്ധത്തില്‍ എംഗല്‍സ് ഇപ്രകാരം വിശദീകരിക്കുന്നു.

"കൈകളുടെയും സംസാരിക്കുന്നതിനുള്ള അവയവങ്ങളുടെയും തലച്ചോറിന്റെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായി വ്യക്തികളില്‍ മാത്രമല്ല, സമൂഹത്തില്‍ ഒട്ടാകെത്തന്നെ, മനുഷ്യന്‍ കൂടുതല്‍ കൂടുതല്‍ ഉയര്‍ന്ന ലക്ഷ്യങ്ങളില്‍ ഉന്നംവെച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള കഴിവ് സ്വായത്തമാക്കി. ഓരോ തലമുറകഴിയുന്തോറും അദ്ധ്വാനം കൂടുതല്‍ വ്യത്യസ്‌തവും കൂടുതല്‍ സമ്പൂര്‍ണ്ണവും വൈവിധ്യമുള്ളതും ആയിത്തീര്‍ന്നു. നായാട്ടിനും, കന്നുകാലിവളര്‍ത്തലിനും പുറമെ കൃഷി ആരംഭിച്ചു. തുടര്‍ന്ന് നൂല്‍നൂല്‍പ്പും നെയ്ത്തും ലോഹപ്പണിയും പാത്രനിര്‍മ്മാണവും കപ്പലോട്ടവും ഒക്കെ ആവിര്‍ഭവിച്ചു. വാണിജ്യം, വ്യവസായം എന്നിവയോടൊപ്പം അവസാനം കലയും ശാസ്‌ത്രവും രൂപംകൊണ്ടു. ഗോത്രങ്ങള്‍ വികസിച്ചു. ദേശങ്ങളും രാജ്യങ്ങളും ഉണ്ടായി. നിയമങ്ങളും രാഷ്‌ട്രതന്ത്രവും രൂപമെടുത്തു. അവയോടൊപ്പം തന്നെ മാനുഷികമായ കാര്യങ്ങള്‍ മനുഷ്യമനസ്സില്‍ പതിയുമ്പോഴുണ്ടാകുന്ന അവിശ്വസനീയമായ പ്രതിബിംബവും-മതം-രൂപംകൊണ്ടു. മനുഷ്യമനസ്സിന്റെ തന്നെ ഉല്പന്നങ്ങളാണെങ്കിലും മനുഷ്യസമൂഹങ്ങളെ മുഴുവന്‍ അടക്കിവാഴുന്നതായി തോന്നിക്കുന്ന ഈ സൃഷ്‌ടികളുടെ ആവിര്‍ഭാവത്തോടെ അദ്ധ്വാനിക്കുന്ന കയ്യില്‍ എളിയ പ്രവര്‍ത്തനങ്ങള്‍ അവഗണിക്കപ്പെട്ടു, പ്രത്യേകിച്ചും സമൂഹത്തിന്റെ വികാസത്തിലെ ഏറ്റവും ആദ്യത്തെ ഘട്ടങ്ങളില്‍ തന്നെ (ഉദാഹരണത്തിന് പ്രാകൃതകുടുംബങ്ങളിൽ‍) അദ്ധ്വാനം ആസൂത്രണം ചെയ്‌തിരുന്ന മനസ്സിന് ആസൂത്രണം ചെയ്‌തുകഴിഞ്ഞ അദ്ധ്വാനം സ്വന്തം കൈ ഉപയോഗിക്കാതെ മറ്റു കൈകളെക്കൊണ്ട് നിര്‍വ്വഹിപ്പിക്കാന്‍ കഴിയുമെന്നുവന്നതോടെ സംസ്‌ക്കാരത്തിന്റെ ദ്രുതഗതിയിലുള്ള മുന്നേറ്റത്തിനുള്ള എല്ലാ അംഗീകാരവും ബോധത്തിനും തലച്ചോറിന്റെ വികാസപ്രവര്‍ത്തനങ്ങള്‍ക്കും നല്‍കപ്പെട്ടു. മനുഷ്യര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളെ സ്വന്തം ആവശ്യങ്ങളുടെ വെളിച്ചത്തില്‍ എന്നതിനുപകരം സ്വന്തം ചിന്തയുടെ വെളിച്ചത്തില്‍ വിശദീകരിക്കുന്ന സ്വഭാവം കൈവരിച്ചു. (ബോധമനസ്സില്‍ ആവശ്യങ്ങള്‍ പ്രതിഫലിപ്പിക്കപ്പെടാറുണ്ട് എന്നത് ശരിതന്നെ) അങ്ങനെ പ്രത്യേകിച്ചും ആദിമകാലഘട്ടത്തിന്റെ അവസാനത്തോടെ മനുഷ്യമനസ്സുകളെ മുഴുവന്‍ കീഴ്‌പെടുത്തിയ ആശയവാദപരമായ ഒരു വീക്ഷണഗതി ഉയര്‍ന്നുവന്നു. അതില്‍നിന്ന് മനുഷ്യന്‍ ഇനിയും പൂര്‍ണ്ണമായും മോചനം നേടിയിട്ടില്ല. തന്‍മൂലം ഭൌതികവാദത്തില്‍ ഏറ്റവുമധികം വിശ്വസിക്കുന്ന ഡാര്‍വിന്റെ പിന്‍തുടര്‍ച്ചക്കാരായ ജൈവശാസ്‌ത്രജ്ഞന്മാര്‍ക്കുപോലും മനുഷ്യന്റെ ഉദ്ഭവത്തെപ്പറ്റി വ്യക്തമായ ഒരുധാരണ രൂപീകരിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. അതിന്റെ സ്വാധീനം നിമിത്തം ഈ പരിണാമത്തില്‍ അദ്ധ്വാനം വഹിച്ചിട്ടുള്ള പങ്ക് മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല എന്നതാണ് ഇതിന് കാരണം''.

മനസ്സ്, ബുദ്ധി, വികാര-വിചാരങ്ങൾ‍, കലാ-ശാസ്‌ത്രാദി ചിന്തകള്‍ എന്നിങ്ങനെ ഭൌതികപദാര്‍ത്ഥത്തെ ആശ്രയിച്ച് രൂപപ്പെടുന്ന ആശയമണ്ഡലത്തെ മനുഷ്യന്റെ അദ്ധ്വാനപ്രക്രിയയുമായി ബന്ധിച്ച് വ്യാഖ്യാനിക്കുവാന്‍ മാർക്‌സിനും എംഗല്‍സിനും കഴിഞ്ഞു. ഇപ്രകാരം ആദിമദശയിലെ ഭൌതികവാദത്തിനുള്ള ദൌര്‍ബല്യങ്ങള്‍ പരിഹരിച്ച് ഭൌതികപ്രപഞ്ചവും അതില്‍നിന്നും ജന്മമെടുക്കുന്ന ഭൌതികേതര പ്രപഞ്ചവും തമ്മിലുള്ള പരസ്‌പരബന്ധം തികച്ചും ശാസ്‌ത്രീയമായ രീതിയില്‍ വിശദീകരിച്ചതാണ് മാർക്‌സിസ്‌റ്റ് ദര്‍ശനം നല്‍കിയ മഹത്തായ സംഭാവന.

താത്വികമായ തലത്തില്‍ മാത്രമല്ല, പ്രായോഗികതലത്തിലും യുക്തിവാദവും മാർക്‌സിസവും വ്യത്യസ്‌തത പുലര്‍ത്തുന്നവയാണ്. ആദിമമനുഷ്യന്റെ ഭാവനയില്‍ അക്കാലത്തെ സാമൂഹ്യസാഹചര്യങ്ങള്‍ക്കനുസരിച്ച് രൂപപ്പെട്ട മതങ്ങളോടുമാത്രമല്ല, ഇതിഹാസകഥകളോടും ഐതിഹ്യങ്ങളോടും അവയിലൂടെ പുറത്തുവന്ന കഥാപാത്രങ്ങളോടും എന്തുനിലപാടെടുക്കണം എന്നതിലും മാർക്‌സിസത്തിനും യുക്തിവാദത്തിനും ഉള്ള വ്യത്യസ്‌ത നിലപാടുകള്‍ ഇത് വ്യക്തമാക്കുന്നു. പ്രകൃതിപ്രതിഭാസങ്ങളുമായി സദാ പടവെട്ടിക്കൊണ്ടിരുന്ന മനുഷ്യന്‍ ആ പോരാട്ടത്തില്‍ തനിക്കുള്ള ശക്തിയെക്കുറിച്ച് ആത്മവിശ്വാസത്തോടെ ഭാവനയില്‍ മെനഞ്ഞെടുത്ത വീരനായകരാണ് കൃഷ്‌ണനും ക്രിസ്‌തുവുമടക്കമുള്ള മതഗ്രന്ഥങ്ങളിലെനായികാനായകന്മാർ‍. തലമുറ തലമുറകള്‍ കൈമാറി മനുഷ്യന് പകര്‍ന്നു കിട്ടിയിട്ടുള്ള ഇത്തരം കഥാപാത്രങ്ങളില്‍ ആരെല്ലാം ജീവിച്ചിരുന്നു ആരുടെയെല്ലാം കഥകളില്‍ സത്യത്തിന്റെ എത്ര അംശമുണ്ട് എന്ന് തിട്ടപ്പെടുത്തുക അസാധ്യമാണ്. അത് സാധ്യമായാല്‍തന്നെയും മുഖ്യധാരയിലുള്ള പ്രശ്‌നം അതല്ല. ക്രിസ്‌തുവും കൃഷ്‌ണനുമടക്കമുള്ള അത്തരം കഥാപാത്രങ്ങള്‍ ജീവിച്ചിരുന്നാലും ഇല്ലെങ്കിലും, അവരെ സംബന്ധിച്ചുള്ള വീരകഥകള്‍ തലമുറ തലമുറകളായി ജനങ്ങള്‍ക്കിടയില്‍ സജീവമാണ് എന്നതാണ് പ്രധാനം.

അത്തരം കഥകളെ അടിസ്ഥാനമാക്കിയ സാമൂഹ്യബോധം ജനകോടികളില്‍ വ്യാപകമായി വ്യാപിച്ചിട്ടുണ്ടെന്നതും, വ്യാപകമായി നിലനില്‍ക്കുന്ന ഈ സാമൂഹ്യബോധം തന്നെ ഒരു ഭൌതിക ശക്തിയായി നിലനില്‍ക്കുന്നു എന്നതുമാണ് പരമപ്രധാനം. ഈ ഭൌതികശക്തി വര്‍ഗ്ഗവിഭജിതസമൂഹത്തില്‍ വര്‍ഗ്ഗസമരത്തെ തീക്‌ഷ്‌ണമാക്കാനാണോ തളര്‍ത്താനാണോ ഉപകരിച്ചിട്ടുള്ളത് എന്നതാണ് മാർക്‌സിസ്‌റ്റ് ദാര്‍ശനികരെ സംബന്ധിച്ചിടത്തോളം വിശകലനവിഷയമായിട്ടുള്ളത്. ആ വിശകലനത്തിലൂടെ അത്തരം കഥകള്‍ക്ക് ഒരു കീഴാളപക്ഷ വായന സാധ്യമാകുമോ എന്നും അവര്‍ പരിശോധിക്കുന്നു. വര്‍ഗ്ഗസമരത്തെ വീറുറ്റതാക്കാനും ചൂഷണവ്യവസ്ഥയ്‌ക്ക് അറുതിവരുത്താനും സഹായിക്കുന്ന നിരവധി ഘടകങ്ങള്‍ കണ്ടെത്താന്‍ അത്തരം കീഴാളപക്ഷ വായനകൊണ്ട് കഴിയുന്നു. അതുകൊണ്ടുതന്നെ, പ്രപഞ്ചത്തെ മാറ്റിത്തീര്‍ക്കാനുള്ള കരുക്കള്‍ പാരമ്പര്യത്തിന്റെ ചെപ്പേടുകളില്‍ കണ്ടെത്തുകയും അവയെ ഇന്ധനമായി സ്വീകരിക്കുകയും മുന്നോട്ടുകുതിക്കുകയുമാണ് പ്രായോഗികരംഗത്ത് മാർക്‌സിസ്‌റ്റ് പ്രവര്‍ത്തകര്‍ നടപ്പിലാക്കുന്ന കര്‍മ്മപരിപാടി.

മാനവസംസ്‌ക്കാരത്തിന്റെ വളര്‍ച്ചയുടെ ഒരു ഘട്ടമെത്തിയപ്പോള്‍ മനുഷ്യന്റെ സാമൂഹ്യജീവിതത്തില്‍ ഉള്ളവനും ഇല്ലാത്തവനും അല്ലെങ്കില്‍ ചൂഷകരും ചൂഷിതരും എന്ന അടിസ്ഥാനപരമായ ഒരു വിഭജനം പ്രത്യക്ഷപ്പെട്ടു. ഈ രണ്ടുചേരികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ സാമൂഹ്യജീവിതത്തില്‍ യാഥാര്‍ത്ഥ്യമായി. സാമൂഹ്യജീവിതത്തിന്റെ മറ്റുതുറകളിലെന്നപോലെ കലാ-സാഹിത്യ-ശാസ്‌ത്രമേഖലകളിലും അതിന്റെ പ്രതിഫലനമുണ്ടായി. ഭൌതിക സ്വത്തെന്നപോലെ സാംസ്‌ക്കാരിക സ്വത്തും ഉള്ളവരുടെ കുത്തകയായും ഇല്ലാത്തവര്‍ക്കെതിരെ ഉപയോഗിക്കപ്പെടുന്ന ആയുധമായും മാറി. മതം, മതാചാരങ്ങൾ‍, അന്ധവിശ്വാസങ്ങള്‍ എന്നിങ്ങനെയുള്ള അശാസ്‌ത്രീയ ചിന്താഗതികളാകെ പാവപ്പെട്ടവരെ മയക്കിക്കിടത്താനുള്ള കരുവാക്കി മാറ്റാന്‍ സ്വകാര്യസ്വത്തുടമകള്‍ ബോധപൂര്‍വ്വം ശ്രമിക്കുകയും അതിലവര്‍ ഒരു വലിയ അളവ് വിജയിക്കുകയും ചെയ്‌തു.

ഈ സാംസ്‌ക്കാരികായുധത്തെ പിടിച്ചുവാങ്ങുക എന്നതാണ് മുഖ്യം. അത് നിറവേറ്റപ്പെടണമെങ്കില്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും മറ്റു മതമൂലതത്വാധിഷ്‌ഠിതമായ നിലപാടുകള്‍ക്കും എതിരെയുള്ള സമരം വിജയിക്കണം. അത് വിജയിക്കണമെങ്കില്‍ ഉള്ളവര്‍ക്കെതിരെ, ചൂഷകര്‍ക്കെതിരെ ഇല്ലാത്തവർ‍, ചൂഷിതര്‍ നടത്തുന്ന സമരം വിജയിക്കണം. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, ഇ എം എസ് ചൂണ്ടിക്കാണിച്ചതുപോലെ, ആധുനിക തൊഴിലാളി വര്‍ഗ്ഗം നിറവേറ്റാനുള്ള ചുമതല പൂര്‍ത്തിയാകണമെങ്കില്‍ വര്‍ഗ്ഗസമരത്തിലെ തൊഴിലാളിവര്‍ഗ്ഗ പക്ഷപാതം, ദാര്‍ശനികരംഗത്തിലെ ഭൌതിക വാദചിന്താഗതി എന്നീ രണ്ടുഘടകങ്ങളെ ഏകോപിപ്പിക്കണമെന്നര്‍ത്ഥം.
അങ്ങനെ വരുമ്പോൾ‍, വര്‍ഗ്ഗസമരത്തിലെ തൊഴിലാളിവര്‍ഗ്ഗ പക്ഷപാതം ഓരോ പുരോഗമന വാദിയുടേയും നിലപാടുതറയുടെ നികഷമായിമാറുന്നു. യുക്തിവാദത്തിന്റെയും യുക്തിവാദികളുടെയും മാറ്റ് കപടമാണെന്ന തിരിച്ചറിവ് ഈ ചാണക്കല്ലില്‍ ഉരയ്‌ക്കുന്നതിലൂടെ വ്യക്തമാകുന്നു. കാരണം, ഇ എം എസ്സ് വ്യക്തമാക്കുന്നു:-

“ഭൂരിപക്ഷം ജനങ്ങള്‍ ഒരു ന്യൂനപക്ഷം മാത്രം വരുന്ന ഭരണവര്‍ഗ്ഗങ്ങളുടെ ചൂഷണത്തിനിരയാകുക, ഈ രണ്ടുവിഭാഗങ്ങളും നിരന്തരം ഏറ്റുമുട്ടുക - ഇതാണല്ലോ വര്‍ഗ്ഗസമരത്തിന്റെ കാതലായഭാഗം. ഈ വര്‍ഗ്ഗ സമരത്തില്‍ പങ്കെടുക്കുന്ന രണ്ടു ചേരികളിലും മതവിശ്വാസികളുണ്ട്, നാസ്‌തികരുമുണ്ട്. ഈ രണ്ട് വിഭാഗങ്ങളിലും പെട്ട നാസ്‌തികര്‍ ചേര്‍ന്ന് രണ്ടിലും പെട്ട മതവിശ്വാസികള്‍ക്കെതിരായി പോരാടുമോ, അതോ മതവിശ്വാസി-നാസ്‌തിക വ്യത്യാസമില്ലാതെ ചൂഷണത്തിനിരയാകുന്നവര്‍ മുഴുവന്‍ ചൂഷകര്‍ക്കെതിരായി യോജിച്ച് പോരാടണമോ-ഇതിനുത്തരം നല്‍കുന്നതിലാണ് ബൂര്‍ഷ്വായുക്തിവാദികളും മാർക്‌സിസ്‌റ്റുകാരും തമ്മിലുള്ള വ്യത്യാസം. ചൂഷക-ചൂഷിത വ്യത്യാസമില്ലാതെ നാസ്‌തികരെയെല്ലാം യോജിപ്പിക്കാനുള്ള സമീപനത്തിൽ‍-വര്‍ഗ്ഗസഹകരണത്തിൽ‍-ചെന്നെത്തുന്നതാണ് ബൂര്‍ഷ്വായുക്തിവാദത്തിന്റെ സമീപനം, മാർക്‌സിസത്തിന്റേതാകട്ടെ, തൊഴിലാളിവര്‍ഗ്ഗത്തിന്റെ നേതൃത്വത്തില്‍ അദ്ധ്വാനിക്കുന്ന ബഹുജനങ്ങളുടെ സമരരൂപമായ ഐക്യത്തില്‍ ചെന്നെത്തുന്നു....”

“യുക്തിവാദവും മാർക്‌സിസവും തമ്മിലുള്ള അന്തരം കിടക്കുന്നത് ഇവിടെയാണ്. യുക്തിവാദികളുടെ ദൃഷ്‌ടിയില്‍ മതം യുക്തിരഹിതമാണ്. അതിനെതിരായ സമരമല്ലാതെ മറ്റൊന്നും ചെയ്യാനില്ല. മാർക്‌സിസത്തിനാകട്ടെ അദ്ധ്വാനിക്കുന്ന ബഹുജനങ്ങളുടെ സംഘടിതസമരമാണ് പരമപ്രധാനം. ഈ സമരവുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് അവര്‍ ദാര്‍ശനികരംഗത്ത് ആശയവാദത്തിനെതിരായ സമരത്തെ ബന്ധിപ്പിക്കുന്നത്. "അതായത് , ഇ എം എസ്സിനെ തന്നെ ഉദ്ധരിക്കട്ടെ, "മതത്തിനും അന്ധവിശ്വാസങ്ങള്‍ക്കും ആചാരാനുഷ്‌ഠാനങ്ങള്‍ക്കുമെതിരായ സമരത്തെ സാമ്പത്തിക-രാഷ്‌ട്രീയ രംഗങ്ങളില്‍ നടത്തുന്ന വര്‍ഗ്ഗസമരത്തിന് കീഴ്പ്പെടുത്തുക, വിശ്വാസികളും അവിശ്വാസികളുമായ ബഹുജനങ്ങളെയാകെ പൊതുശത്രുക്കളായ ചൂഷകര്‍ക്കെതിരായി യോജിപ്പിക്കുക-ഇതാണ് മാർക്‌സിസ്‌റ്റ് വീക്ഷണം. ഇതിനുപകരം വര്‍ഗ്ഗസമരത്തെ മതവിരുദ്ധ ആശയസമരത്തിന് കീഴ്‌പെടുത്താനുള്ള പ്രവണത ബൂര്‍ഷ്വായുക്തിവാദികളില്‍ കാണാം. ”

" വര്‍ഗ്ഗസമരത്തിന് കീഴ്‌പെടുത്തിക്കൊണ്ടുതന്നെ മതവിരുദ്ധആശയസമരം സംഘടിപ്പിക്കാന്‍ മാർക്‌സിസ്‌റ്റുകാര്‍ക്ക് ബാധ്യതയുണ്ടെന്നത് നേരാണ്, അത് നിറവേറ്റുന്ന കാര്യത്തില്‍ ഒട്ടേറെ പോരായ്‌മകളുണ്ടാവാം. അവ പരിഹരിക്കുകയും വേണം. പക്ഷേ, അവ പരിഹരിക്കുന്നതിന്റെ പേരില്‍ മതവിരുദ്ധ ആശയസമരത്തിന് സാമ്പത്തിക രാഷ്‌ട്രീയരംഗങ്ങളിലെ വര്‍ഗ്ഗസമരത്തെ കീഴ്പ്പെടുത്താന്‍ മാർക്‌സിസ്‌റ്റുകാര്‍ അനുവദിക്കരുത്. വിശ്വാസികളും അവിശ്വാസികളും എന്ന വ്യത്യാസം കൂടാതെ ബഹുജനങ്ങളെ ആകെ പ്രക്ഷോഭസമരങ്ങളില്‍ പങ്കെടുപ്പിക്കുക, അതോടൊപ്പം വൈരുദ്ധ്യാത്മകവും ചരിത്രപരവുമായ ഭൌതികവാദം വ്യക്തമായി പ്രചരിപ്പിച്ച് ജനങ്ങളുടെ വൈജ്ഞാനികനിലവാരം ഉയര്‍ത്തുക-ഇതു രണ്ടും ചെയ്യുന്നത് മാർക്‌സിസ്‌റ്റ്-ലെനിനിസ്‌റ്റുകാരുടെ കടമയാണ്.''

മാർക്‌സിസത്തിന് മതത്തോടും യുക്തിവാദത്തോടുമുള്ള സമീപനത്തിന്റെ രീതിശാസ്‌ത്രവും മറ്റൊന്നല്ലെന്ന് ലെനിന്‍ ഇങ്ങനെ വിശദീകരിക്കുന്നു.

"നാം മതത്തെ എതിര്‍ക്കണം എന്നത് എല്ലാത്തരം ഭൌതികവാദത്തിന്റെയും 'ഹരിശ്രീ'യാണ്-അതുകൊണ്ടു മാർക്‌സിസത്തിന്റെയും. പക്ഷേ, 'ഹരിശ്രീ'യോടുകൂടി അവസാനിക്കുന്ന ഭൌതികവാദമല്ല മാർക്‌സിസം. കുറേക്കൂടി മുന്നോട്ടുപോയി അതു പറയുന്നു. മതത്തെ എതിര്‍ക്കേണ്ടത് എങ്ങനെയെന്ന് നാം മനസ്സിലാക്കണം. അതിനാകട്ടെ, മതവിശ്വാസത്തിന്റെ ഉദ്ഭവസ്ഥാനമേതെന്ന് ഭൌതികവാദപരമായി ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കണം. അമൂര്‍ത്തമായ ആശയപ്രചാരണത്തിലൂടെ മതത്തെ എതിര്‍ക്കാന്‍ കഴിയുകയില്ല. മതത്തോടുള്ള എതിര്‍പ്പ് ഈ പ്രചാരണത്തില്‍ ഒതുക്കാനും പറ്റില്ല. അതിനെവര്‍ഗ്ഗപരമായ മൂര്‍ത്തപ്രവര്‍ത്തനവുമായി ബന്ധിപ്പിക്കണം. എങ്കില്‍ മാത്രമെ, മതത്തിന്റെ സാമൂഹ്യമായ വേര് അറുക്കാന്‍ കഴിയുകയുള്ളൂ. എന്തുകൊണ്ടാണ് മതത്തിന് പട്ടണപ്രദേശങ്ങളിലെ തൊഴിലാളികളുടെ പിന്നണിവിഭാഗങ്ങളും അര്‍ദ്ധതൊഴിലാളിവിഭാഗങ്ങളും കര്‍ഷകജനസാമാന്യവുമടക്കം വലിയൊരു ജനവിഭാഗത്തില്‍ സ്വാധീനമുണ്ടായിട്ടുള്ളത്? ഇതിനൊരു ബൂര്‍ഷ്വാ പുരോഗമനക്കാരന്റെ, ഇടതുപക്ഷക്കാരന്റെ, ബൂര്‍ഷ്വാ ഭൌതികവാദികളുടെ മറുപടി ജനങ്ങളുടെ അജ്ഞത നിമിത്തം എന്നാണ്. അതുകൊണ്ടവര്‍ ഈ മുദ്രാവാക്യം വിളിക്കുന്നു-മതംനശിക്കട്ടെ, നിരീശ്വരത്വം നീണാള്‍വാഴട്ടെ, നിരീശ്വരത്വം പ്രചരിപ്പിക്കലാണ് നമ്മുടെ പ്രധാനകടമ."

മാർക്‌സിസ്‌റ്റുകാര്‍ പറയുന്നു: ഇതു ശരിയല്ല, ഇതൊരു വെറുംതൊലിപ്പുറമേയുള്ള കാഴ്‌ചയാണ്. ഹ്രസ്വദൃഷ്‌ടികളായ ബൂര്‍ഷ്വാ പരിവര്‍ത്തനവാദികളുടെ കാഴ്‌ചപ്പാടാണ്. ഇതുകൊണ്ട് മതത്തിന്റെ അടിത്തറയെന്തെന്ന് ആഴത്തിലിറങ്ങി പരിശോധിച്ച് വിവരിക്കാന്‍ കഴിയില്ല. മതത്തിന്റെ അടിത്തറയെ ഭൌതികവാദപരമായിട്ടല്ല, ആശയവാദപരമായിട്ടാണ് അത് പരിശോധിച്ചുവിവരിക്കുന്നത്. ആധുനികമുതലാളിത്ത രാജ്യങ്ങളില്‍ മതത്തിന്റെ വേര് കിടക്കുന്നത് സാമൂഹ്യരംഗത്താണ്. അദ്ധ്വാനിക്കുന്ന ബഹുജനങ്ങള്‍ സാമൂഹ്യമായി അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നുവെന്നുള്ള വസ്‌തുതയിലാണ് മതത്തിന്റെ അടിവേരുകിടക്കുന്നത്. മുതലാളിത്തത്തിന്റെ അന്ധമായ ശക്തികളുടെ മുന്നിൽ‍, ഓരോ ദിവസവും ഓരോ മണിക്കൂറും അദ്ധ്വാനിക്കുന്ന സാധാരണക്കാരുടെ മേല്‍ മുതലാളിത്തം അടിച്ചേല്‍പ്പിക്കുന്ന മൃഗീയപീഡനങ്ങളുടെ മുന്നില്‍ യുദ്ധവും ഭൂകമ്പവും മറ്റുംപോലെ അസാധാരണമായ പ്രകൃതികോപമുണ്ടാകുമ്പോള്‍ അനുഭവിക്കേണ്ടിവരുന്നതിനേക്കാള്‍ ആയിരം മടങ്ങ് ഭയാനകമായ കഷ്‌ടതകളുടെ മുന്നില്‍ നിസ്സഹായരായ അദ്ധ്വാനിക്കുന്ന ജനലക്ഷങ്ങളുടെ പ്രയാസകരമായ ജീവിതമാണ് മതത്തെ സൃഷ്‌ടിക്കുകയും വളര്‍ത്തുകയും ചെയ്യുന്നത്. ജനങ്ങളുടെ വൈജ്ഞാനിക നിലവാരം ഉയര്‍ത്താനുള്ള പരിശ്രമത്തിലൂടെ മാത്രം അവരുടെമേല്‍ മതത്തിനുള്ള സ്ഥാനം ഇല്ലാതാക്കാന്‍ കഴിയുകയില്ല. മുതലാളിത്തത്തിന്റെ കീഴില്‍ കഠിനാദ്ധ്വാനംചെയ്‌ത് മുതലാളിത്തത്തിന്റെ അന്ധവും മാരകവുമായ ശക്തികള്‍ക്കധീനരായിക്കിടക്കുന്ന ജനങ്ങള്‍ക്ക് സ്വയം മതത്തിന്റെ അടിസ്ഥാനവേരുകള്‍ പറിച്ചുകളയാൻ, മുതലാളിത്ത വാഴ്‌ചയെ എല്ലാ രൂപത്തിലും എതിര്‍ക്കാൻ‍, സംയുക്തവും സംഘടിതവും ആസൂത്രിതവും ബോധപൂര്‍വ്വവുമായി നീങ്ങാന്‍ കഴിയുമ്പോള്‍ മാത്രമേ മതത്തിന്റെ വേര് അറ്റുപോവുകയുള്ളൂ.''

നാം ജീവിക്കുന്ന ചുറ്റുപാടുകളില്‍ ദൈനംദിനം ഉയര്‍ന്നുവരുന്ന സാമ്പത്തിക-രാഷ്‌ട്രീയ-സാമൂഹ്യപ്രശ്‌നങ്ങളെ ആസ്‌പദമാക്കി പ്രായോഗിക സമരങ്ങള്‍ സംഘടിപ്പിച്ച് അതിൽ‍-ജാതി-മത-ലിംഗഭേദമില്ലാതെ വിശ്വാസി-അവിശ്വാസി ഭേദമില്ലാതെ ബഹുജനങ്ങളെ അണിനിരത്തി, വര്‍ഗ്ഗപരമായി ഏകോപിപ്പിച്ച് സാമൂഹ്യമാറ്റ പ്രക്രിയയെ ത്വരിതപ്പെടുത്തുന്ന ഉത്തോലകങ്ങളായി മാർക്‌സിസ്‌റ്റ് പോരാളികള്‍ മാറണം. മാർക്‌സിസത്തിന്റെ ജീവന്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെ വിപ്ളവപ്രസ്ഥാനമാണ്. സമൂഹത്തിന്റെ വളര്‍ച്ചയ്‌ക്ക് മതമടക്കം എല്ലാത്തരം സാമൂഹ്യബോധത്തേയും മാർക്‌സിസം ഉപയോഗിക്കുന്നു. മതത്തിനെതിരായ മൌലികവിമര്‍ശനം തുടരുമ്പോള്‍തന്നെ, മതവിശ്വാസങ്ങളുടെ കൂട്ടത്തില്‍ സാമൂഹ്യപുരോഗതിയെ സഹായിക്കുന്ന എന്തെല്ലാം ഘടകങ്ങളുണ്ടോ അതിനെയെല്ലാം ഉപയോഗിക്കുവാന്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെ വിപ്ളവപ്രസ്ഥാനത്തിന് ബാധ്യതയുണ്ട്. തൊഴിലാളിവര്‍ഗ്ഗവിപ്ളവ പ്രസ്ഥാനത്തില്‍ ഈശ്വരവിശ്വാസികളുടെ അംഗത്വം ഒരു ചര്‍ച്ചാവിഷയമായി അരങ്ങിലെത്തുന്നത് ഇവിടെയാണ്.

ലോകത്തില്‍ ഒരു കമ്യൂണിസ്‌റ്റ് പ്രസ്ഥാനവും തങ്ങളുടെ ഭരണഘടനയില്‍ മതവിശ്വാസമില്ലാതാവുക, നിരീശ്വരവാദിയായിരിക്കുക എന്നത് ഒരു വ്യവസ്ഥയായി എഴുതിവെച്ചിട്ടില്ല. ഇന്ത്യയിലും സ്ഥിതിവ്യത്യസ്‌തമല്ല. യുക്തിവാദികളുടെ രൂക്ഷമായ ഭിന്നാഭിപ്രായത്തിനും വിമര്‍ശനങ്ങള്‍ക്കും ഇതും ശരവ്യമായിട്ടുണ്ട്.
ഒരു ദര്‍ശനമെന്ന നിലയ്‌ക്ക് മാർക്‌സിസം ഭൌതികവാദപരമാണ്. ആ നിലയ്‌ക്ക് മാർക്‌സിസത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക് ദാര്‍ശനികനിലവാരത്തില്‍ മതവിശ്വാസവുമായി പൊരുത്തപ്പെട്ടുപോകാന്‍ കഴിയുകയില്ല. എന്നാല്‍ മാർക്‌സിസത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു തൊഴിലാളിവര്‍ഗ്ഗ ബഹുജനപ്രസ്ഥാനത്തിനും അതിന്റെ ഒരു പരിപാടിയായി, അംഗത്വവ്യവസ്ഥയായി നിരീശ്വരവാദിയായിരിക്കുക, മതവിശ്വാസി അല്ലാതിരിക്കുക എന്ന വ്യവസ്ഥ എഴുതിവെക്കാന്‍ കഴിയുകയില്ല. കാരണം. "മാർക്‌സിസത്തെ ആസ്‌പദമാക്കി പ്രവര്‍ത്തിക്കുന്ന ഏതൊരു പാര്‍ട്ടിയുടെയും പ്രായോഗിക പ്രവര്‍ത്തനം തൊഴിലാളിവര്‍ഗ്ഗ നേതൃത്വത്തില്‍ അദ്ധ്വാനിക്കുന്ന ബഹുജനങ്ങളെയും മറ്റെല്ലാജനാധിപത്യവാദികളെയും ചൂഷകവര്‍ഗ്ഗഭരണകൂടത്തിനെതിരായി സംഘടിപ്പിക്കുകയെന്നതാണ്. ഇങ്ങനെ സംഘടിപ്പിക്കപ്പെടേണ്ട തൊഴിലാളികൾ‍, മറ്റദ്ധ്വാനിക്കുന്ന ബഹുജനങ്ങൾ, എല്ലാ വിഭാഗങ്ങളിലുംപെട്ട ജനാധിപത്യവാദികള്‍ എന്നിവരിലാകട്ടെ, അവിശ്വാസികളെന്നപോലെ വിശ്വാസികളും ധാരാളമുണ്ടാകും.''
അതുകൊണ്ടുതന്നെ, മതവിശ്വാസിയാണെന്ന ഏക കാരണത്താല്‍ ഒരാളുടെ അംഗത്വാപേക്ഷതള്ളിക്കളയാന്‍ വിപ്ളവപ്രസ്ഥാനത്തിനാവില്ല.

എന്നാല്‍ സാമ്പത്തികവും രാഷ്‌ട്രീയവും മറ്റുമായ സമരവേദികളിലൂടെയും മറ്റും പുരോഗമനപ്രസ്ഥാനങ്ങളിലേക്കും ആകര്‍ഷിക്കപ്പെടുന്നവര്‍ പടിപടിയായി ഒരു തികഞ്ഞ വിപ്ളവകാരിയുടെ പദവിയിലേയ്‌ക്ക് ഉയരേണ്ടതുണ്ട്. അതിനുകഴിയാത്തവര്‍ നിര്‍ണ്ണായകഘട്ടങ്ങളില്‍ പതറുകയും പാളിച്ചകള്‍ക്ക് വിധേയരാവുകയും ചെയ്യും. ഇന്ത്യയിലെ മാത്രമല്ല, ലോകത്തെങ്ങുമുള്ള പുരോഗമന പ്രസ്ഥാനങ്ങളുടെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ ഇക്കാര്യം വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും. ഒരു കമ്യൂണിസ്‌റ്റാവുക ഏറ്റവും അഭിലക്ഷണീയമാണെങ്കിലും ക്ഷിപ്രസാധ്യമല്ല, എന്നാല്‍ ഒരു കമ്യൂണിസ്‌റ്റ് അല്ലാതാവുക തികച്ചും അനഭിലഷണീയവും ക്ഷിപ്രസാധ്യവുമാണ്. ഇതില്‍നിന്നും തെളിയുന്നത് ഒരു വിപ്ളവകാരി സ്വന്തം പ്രത്യയശാസ്‌ത്രത്തോട് തികഞ്ഞ വിധേയത്വം പുലര്‍ത്തണം എന്നതാണ്. വൈരുദ്ധ്യാത്മകവും ചരിത്രപരവുമായ ഭൌതികവാദത്തില്‍ അടിയുറച്ചുനില്‍ക്കുന്നവര്‍ക്കുമാത്രമേ എല്ലാ ദൌര്‍ബ്ബല്യങ്ങളേയും പ്രലോഭനങ്ങളേയും മറ്റുതരത്തിലുള്ള സങ്കുചിതചിന്തകളേയും അതിജീവിക്കാന്‍ കഴിയൂ. ഈ പ്രത്യയശാസ്‌ത്രപ്രതിബദ്ധതയ്‌ക്കു ഊനം തട്ടുമ്പോഴാണ് മുതലാളിത്ത സമൂഹത്തിലെ ജീര്‍ണ്ണതകള്‍ പുരോഗമനപ്രസ്ഥാനങ്ങളിലേയ്‌ക്ക് നുഴഞ്ഞുകയറുന്നത്. ലെനിന്‍ ഇക്കാര്യം അര്‍ത്ഥശങ്കക്കിടമില്ലാത്തവിധം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

“സോഷ്യലിസ്‌റ്റ് തൊഴിലാളിവര്‍ഗ്ഗത്തിന്റെ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം മതം ഒരു സ്വകാര്യവിഷയമല്ല. തൊഴിലാളിവര്‍ഗ്ഗത്തിന്റെ മോചനത്തിനുവേണ്ടി പൊരുതുന്ന വര്‍ഗ്ഗബോധമുള്ള മുന്നണിപോരാളികളുടെ സംഘടനയാണ് നമ്മുടെ പാര്‍ട്ടി. മതവിശ്വാസങ്ങളുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന വര്‍ഗ്ഗബോധമില്ലായ്‌മയോടും അജ്ഞതയോടും വിജ്ഞാനവിരോധത്തോടും അതുപോലൊരു സംഘടനയ്‌ക്ക് ഉദാസീനതകൈക്കൊള്ളാന്‍ നിവൃത്തിയില്ല; ഉദാസീനതകൈക്കൊള്ളുകയുമരുത്. നമ്മെ സംബന്ധിച്ചിടത്തോളം ആശയസമരം ഒരുസ്വകാര്യവിഷയമല്ല, മുഴുവന്‍ പാര്‍ട്ടിയുടേയും കാര്യമാണ്, മുഴുവന്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റേയും കാര്യമാണ്. ”

"അങ്ങനെയാണെങ്കില്‍ നാം നാസ്‌തികരാണെന്ന് എന്തുകൊണ്ട് നമ്മുടെ പരിപാടിയില്‍ പ്രഖ്യാപിക്കുന്നില്ല. ക്രിസ്‌ത്യാനികളും മറ്റുദൈവവിശ്വാസികളും നമ്മുടെ പരിപാടിയില്‍ചേരുന്നത് നാം എന്തുകൊണ്ട് വിലക്കുന്നില്ല? മതത്തിന്റെ പ്രശ്‌നം പ്രതിപാദിക്കുന്നതില്‍ ബൂര്‍ഷ്വാജനാധിപത്യവാദികളും സോഷ്യല്‍ ഡമോക്രാറ്റുകളും തമ്മിലുള്ള അതിപ്രധാനമായ വ്യത്യാസമെന്താണെന്ന് വിശദമാക്കാന്‍ ഈ ചോദ്യത്തിനുള്ള മറുപടി ഉപകരിക്കുന്നതാണ്.
"ശാസ്‌ത്രീയമെന്ന് മാത്രമല്ല, ഭൌതികവാദപരംകൂടിയായ ലോകവീക്ഷണത്തില്‍ പൂര്‍ണ്ണമായും അധിഷ്‌ഠിതമാണ് നമ്മുടെ പരിപാടി. അതുകൊണ്ടു മതപരമായ മൂടല്‍മഞ്ഞിന്റെ ചരിത്രപരവും സാമ്പത്തികവുമായ യഥാര്‍ത്ഥവേരുകളെക്കുറിച്ചുള്ള ഒരു വിശദീകരണം നമ്മുടെ പരിപാടിയെക്കുറിച്ചുള്ള വിശദീകരണത്തില്‍ അവശ്യമായും ഉള്‍പ്പെട്ടിരിക്കുന്നു. നാസ്‌തികത്വത്തിന്റെ പ്രചാരണവും നമ്മുടെ പ്രചാരവേലയില്‍ അവശ്യമായും ഉള്‍പ്പെട്ടിരിക്കുന്നു. ഉചിതമായ ശാസ്‌ത്രീയ സാഹിത്യത്തിന്റെ പ്രസാധനം ഇനിമേല്‍ നമ്മുടെ പാര്‍ട്ടിയുടെ പ്രവര്‍ത്തനരംഗങ്ങളിലൊന്നായിത്തീരണം....”

“എന്നാല്‍ അമൂര്‍ത്തവും ആശയവാദപരവുമായമട്ടിൽ‍, വര്‍ഗ്ഗസമരവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു ബൌദ്ധിക പ്രശ്‌നമെന്ന നിലയ്‌ക്ക്, മതത്തിന്റെ പ്രശ്‌നത്തെ അവതരിപ്പിക്കുകയെന്ന അബദ്ധത്തില്‍ ഒരു കാരണവശാലും നാം ചെന്നു ചാടരുത്. ബൂര്‍ഷ്വാസിക്കിടയിലെ തീവ്രവാദി-ജനാധിപത്യവാദികള്‍ ധാരാളമായി ചെയ്യുന്ന ഒരു പണിയാണിത്. തൊഴിലാളി ബഹുജനങ്ങളെ അന്തമില്ലാതെ മര്‍ദ്ദിക്കുന്നതിനെയും മുരടിപ്പിക്കുന്നതിനെയും അടിസ്ഥാനമാക്കിയ ഒരു സമുദായത്തില്‍ കേവലം പ്രചാരണമാര്‍ഗ്ഗങ്ങളിലൂടെ മതപരമായ മുന്‍വിധികള്‍ നീക്കാന്‍ കഴിയുമെന്ന് കരുതുന്നത് അസംബന്ധമാണ്. മനുഷ്യരാശിക്ക് ചുമക്കേണ്ടിവരുന്ന മതത്തിന്റെ നുകം സമുദായത്തിനുള്ളിലെ സാമ്പത്തികനുകത്തിന്റെ സന്തതിയും പ്രതിഫലനവും മാത്രമാണെന്നകാര്യം വിസ്‌മരിക്കുന്നത് ബൂര്‍ഷ്വാസങ്കുചിത മന:സ്ഥിതിയാണ്. മുതലാളിത്തത്തിന്റെ കറുത്തശക്തികള്‍ക്കെതിരായ സ്വന്തം സമരത്തിലൂടെ തൊഴിലാളിവര്‍ഗ്ഗം പ്രബുദ്ധരാകുന്നില്ലെങ്കിൽ‍, എത്രലഘുലേഖ ഇറക്കിയാലും എത്ര പ്രചാരണം നടത്തിയാലും അവര്‍ പ്രബുദ്ധരാകാന്‍ പോകുന്നില്ല. ഭൂമിയില്‍ പറുദീസ തീര്‍ക്കാന്‍ വേണ്ടി മര്‍ദ്ദിതവര്‍ഗ്ഗം നടത്തുന്ന യഥാര്‍ത്ഥത്തില്‍ വിപ്ളവകരമായ ഈ സമരത്തിലെ ഐക്യത്തെ, സ്വര്‍ഗ്ഗത്തിലെ പറുദീസയെക്കുറിച്ചുള്ള തൊഴിലാളിവര്‍ഗ്ഗത്തിന്റെ അഭിപ്രായഐക്യത്തേക്കാള്‍ കൂടുതല്‍ പ്രധാനമായി നാം കാണുന്നു.”

" അതുകൊണ്ടാണ് നാം നമ്മുടെ പരിപാടിയില്‍ നമ്മുടെ നാസ്‌തികത്വത്തെപ്പറ്റി എടുത്തു പറയാത്തതും പറയരുതാത്തതും. ഇതുകൊണ്ടാണ് നാം പഴയ മുന്‍വിധികളുടെ ചില അവശിഷ്‌ടങ്ങള്‍ ഇപ്പോഴും മനസ്സില്‍ വെച്ചു പുലര്‍ത്തുന്ന തൊഴിലാളികളെ നമ്മുടെ പാര്‍ട്ടിയുമായിബന്ധപ്പെടുന്നതില്‍ നിന്നും വിലക്കാത്തതും വിലക്കരുതാത്തതും. ശാസ്‌ത്രീയമായ ലോകവീക്ഷണം നാം എപ്പോഴും പ്രചരിപ്പിക്കും. വിവിധ ക്രിസ്‌ത്യാനികള്‍ പ്രകടിപ്പിക്കുന്ന സ്ഥിരതയില്ലായ്‌മയെ നാം ചെറുക്കേണ്ടത് അത്യാവശ്യമാണ്. എന്നുവെച്ച് മതപ്രശ്‌നത്തെ മുന്‍പന്തിയിലേയ്‌ക്ക് കൊണ്ടുവരണമെന്ന് ഒട്ടും അര്‍ത്ഥമില്ല. അവിടെയല്ല അതിന്റെ സ്ഥാനം. യഥാര്‍ത്ഥത്തില്‍ വിപ്ളവകരമായിട്ടുള്ള സാമ്പത്തിക-രാഷ്‌ട്രീയ സമരത്തിന്റെ ശക്തികള്‍ മൂന്നാംകിട അഭിപ്രായങ്ങളുടെയും അര്‍ത്ഥമില്ലാത്ത ജല്പനങ്ങളുടെയും പേരില്‍ ഭിന്നിച്ചുപോകാന്‍ നാം അനുവദിക്കണമെന്നും അര്‍ത്ഥമില്ല. ഈ അഭിപ്രായങ്ങളുടെയും ജല്പനങ്ങളുടെയും രാഷ്‌ട്രീയപ്രാധാന്യം അതിവേഗം നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ''

തൊഴിലാളിവര്‍ഗ്ഗത്തിന്റെ നേതൃത്വത്തില്‍ ബൂര്‍ഷ്വാഭരണകൂടത്തിന്റെ ചൂഷണങ്ങള്‍ക്കും മര്‍ദ്ദനങ്ങള്‍ക്കുമെതിരെ ഉയിര്‍ക്കൊള്ളുന്ന വര്‍ഗ്ഗസമരൈക്യത്തിന്റെ കൊടിക്കൂറയില്‍ വിള്ളലുണ്ടാക്കുക എന്ന ബോധപൂര്‍വ്വമായ ദൌത്യമാണ് മത-ജാതി സംബന്ധിയായ പ്രശ്‌നമാണ് പരമപ്രധാനം എന്ന പ്രചാരണത്തിന്റെ പിറകില്‍ വര്‍ത്തിക്കുന്നത്. ഇ എം എസ്സ് ചൂണ്ടിക്കാണിച്ചതുപോലെ; മാർക്‌സിസത്തിന്റെ വളര്‍ച്ചയില്‍ അരിശംപൂണ്ട ബൂര്‍ഷ്വാ-ഭൂപ്രഭുവര്‍ഗ്ഗങ്ങള്‍ അതിനെതിരായി ഒട്ടേറെ സേനാവിഭാഗങ്ങളെ അണിനിരത്തിയിട്ടുണ്ട്. അവിയിലൊരു വിഭാഗം നിര്‍ലജ്ജമായ വലതുപക്ഷ സമീപനത്തോടെയാണ് തങ്ങളുടെ ജോലിചെയ്യുന്നതെങ്കില്‍ 'ഇടതുപക്ഷ' വേഷമണിഞ്ഞുകൊണ്ട് അതേപണിചെയ്യുന്ന മറ്റുവിഭാഗങ്ങളുണ്ട്. അവയുടെ രാഷ്‌ട്രീയ രൂപമാണ് നക്‌സലിസമെങ്കിൽ‍, ആശയരംഗത്തും അതിന് തനതായ രൂപങ്ങളുണ്ട്. സാഹിത്യചര്‍ച്ചയില്‍ 'ആധുനിക'ത എന്ന പേരിലും ദാര്‍ശനിക ചര്‍ച്ചയില്‍ യുക്തിവാദത്തിന്റെ രൂപത്തിലും അത് പ്രത്യക്ഷപ്പെടുന്നു. 'വര്‍ഗ്ഗശത്രുക്കളെ വകവരുത്തുക' എന്ന രാഷ്‌ട്രീയ രൂപം, സമകാലീന രാഷ്‌ട്രീയവുമായി ഒരു വിധത്തിലും ബന്ധപ്പെടാത്ത വൈയക്തിക വിപ്ളവവായാടിത്തത്തിന്റേതായ 'ആധുനികസാഹിത്യം', ഒരു കാരണവശാലും ഒരിടത്തും മതവുമായി സന്ധിചെയ്യാതിരിക്കലാണ് ദാര്‍ശനിക രംഗത്തെ വിപ്ളവവീക്ഷണമെന്ന യുക്തിവാദം-ഇതെല്ലാം ചെയ്യുന്നത് ഒരേ ജോലിതന്നെ.''

മതത്തെയും യുക്തിവാദത്തെയും മുന്‍നിര്‍ത്തിയുള്ള ഇ എം എസ്സിന്റെ മാർക്‌സിയന്‍ വിശകലനത്തില്‍ നിന്നും ഉരുത്തിരിയുന്ന ആശയങ്ങളെ ഇപ്രകാരം സംഗ്രഹിക്കാം.

1. ആശയവാദത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള മതവിശ്വാസത്തോട് മൌലികമായി പൊരുത്തപ്പെടാന്‍ മാർക്‌സിസം-ലെനിനിസത്തിനു സാധ്യമല്ല.

2. എന്നാല്‍ മാർക്‌സിസ്‌റ്റിതര യുക്തിവാദികള്‍ ചെയ്യുന്നതുപോലെ വര്‍ഗ്ഗസമരത്തില്‍ നിന്നും വേര്‍പെടുത്തിക്കൊണ്ട് അമൂര്‍ത്തമായിട്ടല്ല നാം മതത്തിനെതിരെ പോരാടേണ്ടത്.

3. മാർക്‌സിസ്‌റ്റ് പ്രവര്‍ത്തകരും മതവിശ്വാസികളും തമ്മില്‍ പ്രായോഗികമായി യോജിക്കേണ്ടതിന്റെ പ്രാധാന്യം ഏറെയാണ്. മതവിശ്വാസികളും അല്ലാത്തവരുമായ ബഹുജനങ്ങള്‍ ചേര്‍ന്ന് നടത്തുന്ന പ്രക്ഷോഭസമരങ്ങളിലൂടെ മാത്രമേ 'ഇഹലോകത്തില്‍ സ്വര്‍ഗ്ഗം' സൃഷ്‌ടിക്കാനുള്ള പ്രവര്‍ത്തനം നടത്താന്‍ കഴിയൂ. 'പാരത്രികലോകത്തില്‍ സ്വര്‍ഗ്ഗം സൃഷ്‌ടിക്കുന്നതു സംബന്ധിച്ച അന്ധവിശ്വാസങ്ങള്‍ നീക്കുവാനും ഈ പ്രവര്‍ത്തനം അത്യന്താപേക്ഷിതമാണ്.

4. പ്രായോഗികജീവിതത്തില്‍ മതസ്ഥാപനങ്ങളോടും അവയുടെ മേധാവികളോടും മാർക്‌സിസ്‌റ്റുകള്‍ അംഗീകരിക്കുന്ന സമീപനത്തെ നിയന്ത്രിക്കുന്നത് വിപ്ളവപ്രസ്ഥാനത്തോട് ഓരോ മതവിഭാഗവും ഓരോ സമയത്ത് അംഗീകരിക്കുന്ന സമീപനമാണ്. മതമേധാവികളെപോലും പ്രതിവിപ്ളവത്തിന്റെ ചേരിയിലാക്കാതെ കഴിക്കാൻ‍-അവരെ വിപ്ളവത്തിന്റെ ചേരിയില്‍ നിര്‍ത്താന്‍തന്നെ-കഴിയുന്നത്ര ശ്രമിക്കുക; നിവൃത്തിയില്ലാതെവന്നാല്‍ എതിര്‍ക്കുക-ഇതാണ് അവരോടുള്ള സമീപനം.

5. എന്നാൽ‍, മതവിശ്വാസികളായ ബഹുജനങ്ങളുടെ കാര്യത്തില്‍ മാർക്‌സിസ്‌റ്റുകാര്‍ സവിശേഷമായ ശ്രദ്ധചെലുത്തുകതന്നെ വേണം. അദ്ധ്വാനിക്കുന്ന ബഹുജനങ്ങളില്‍ ബഹുഭൂരിപക്ഷവും മതവിശ്വാസികളാണെന്നതാണ് പരമാര്‍ത്ഥം. അവരുടെ വികാരവിചാരങ്ങളെ മാനിച്ചുകൊണ്ടല്ലാതെ അദ്ധ്വാനിക്കുന്ന ബഹുജനങ്ങളെ ഏകോപിപ്പിക്കാനും അവരുടെ മേല്‍ തൊഴിലാളി വര്‍ഗ്ഗനേതൃത്വം സ്ഥാപിക്കാനും കഴിയുകയില്ല.' അതേ അവസരത്തിൽ‍, ആധുനിക സയന്‍സിന്റെ തത്വങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചും അന്ധവിശ്വാസങ്ങള്‍ക്കെതിരായി നിരന്തരം പോരാടിയും മാർക്‌സിസ്‌റ്റ്-ലെനിനിസ്‌റ്റ് ചിന്താഗതികള്‍ ഉള്‍ക്കൊള്ളുന്ന മുന്നണി വിഭാഗങ്ങളെ സംഘടിപ്പിച്ചും ബഹുജനങ്ങളുടെ സാംസ്‌ക്കാരിക പിന്നോക്കാവസ്ഥ ഇല്ലാതാക്കാന്‍ മാർക്‌സിസ്‌റ്റ്-ലെനിനിസ്‌റ്റുകാര്‍ സംഘടിതമായി പ്രവര്‍ത്തിക്കുക തന്നെവേണം.

6. വര്‍ഗ്ഗ-ബഹുജന പ്രസ്ഥാനങ്ങളില്‍ നിന്നും വിപ്ളവപാര്‍ട്ടിയിലേക്ക് വരുന്നവരും എന്നാല്‍ മതപരമായ മുന്‍വിധികളുടെ അവശിഷ്‌ടങ്ങള്‍ ഇപ്പോഴും വെച്ചുപുലര്‍ത്തുന്നവരുമായ പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളെ, വര്‍ഗ്ഗസമരത്തിന്റെ അനുഭവപാഠങ്ങളിലൂടെയും വൈരുദ്ധ്യാത്മകഭൌതികവാദമെന്ന മാർക്‌സിസ്‌റ്റ് ലെനിനിസ്‌റ്റ് ദര്‍ശനത്തില്‍ ശിക്ഷണം നല്‍കുന്നതിലൂടെയും ആ മുന്‍വിധികളെ കീഴ്‌പെടുത്താന്‍ സഹായിക്കണം.

*****

ഡോ. ധര്‍മ്മരാജ് അടാട്ട് , കടപ്പാട് : യുവധാര

Thursday, April 29, 2010

യുക്തിവാദത്തിലെ അന്ധവിശ്വാസങ്ങള്‍

യുക്തിവാദവും കേവല ഭൌതികവാദവും തമ്മിലെ വേര്‍തിരിവ് ഒരു പുതിയ സംവാദവിഷയമല്ല. പതിറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതും വിധിതീര്‍പ്പിലെത്തിച്ചേര്‍ന്നതും ആണ് അത്. പാര്‍ടി വിട്ടുപോകുന്നതിന്റെ ന്യായീകരണമായി കെ എസ് മനോജും മറ്റും ഉന്നയിച്ച ആരോപണത്തിന്റെയും മാധ്യമാഘോഷങ്ങളുടെയും പശ്ചാത്തലത്തില്‍ വീണ്ടുമൊരു സംവാദസാധ്യത അന്വേഷിക്കുകയാണ് യുക്തിവാദി നേതാവ് യു കഥാനാഥന്‍, സമകാലിക മലയാളത്തിലെ 'മതവിമര്‍ശനത്തിലെ വിമുഖത' (ലക്കം 36, ഫെബ്രു. 5) എന്ന ലേഖനത്തിലൂടെ.

നിലവിലുള്ള സാമൂഹ്യ വ്യവസ്ഥയുടെ-സാമ്പത്തികവും സാമൂഹ്യവും ആശയപരവുമായ സമസ്‌ത മേഖലകളുടെയും- സമഗ്രവും സമ്പൂര്‍ണവുമായ അഴിച്ചുപണിയാണ് മാര്‍ക്സിയന്‍ ദര്‍ശനത്തിന്റെ കര്‍മപദ്ധതി. യുക്തിവാദത്തിന്റേതാകട്ടെ ദൈവാസ്‌തിത്വവുമായി ബന്ധപ്പെട്ട കേവലവും താരതമ്യേന ലളിതവുമായ ഒരാശയപ്രശ്‌നവും. മാര്‍ക്സിസ്റ്റ് മതവിമര്‍ശനത്തെ 'കറുപ്പു' സിദ്ധാന്തത്തിലേക്ക് വെട്ടിച്ചുരുക്കുന്നതുവഴി അതിന്റെ സമഗ്രതയെ ചോര്‍ത്തിക്കളയുന്നതില്‍ കെ എസ് മനോജുമാരോട് കൈകോര്‍ക്കുകയാണ് വിശ്വാസങ്ങളുടെയും വിശ്വാസികളുടെയും സ്വയം പ്രഖ്യാപിത ശത്രുക്കളായ കലാനാഥന്മാര്‍ എന്നതാണ് രസകരമായ കാര്യം.

ദര്‍ശന ചരിത്രത്തിലെ - മാനവ ചരിത്രത്തിലെയും - രണ്ടു ഘട്ടങ്ങളെയാണ് യുക്തിവാദവും വൈരുധ്യാത്മക ഭൌതികവാദവും പ്രതിനിധാനം ചെയ്യുന്നത്. 17-18 നൂറ്റാണ്ടുകളിലെ ശാസ്‌ത്ര സാങ്കേതിക മുന്നേറ്റത്തിന്റെയും വ്യാവസായിക വിപ്ളവത്തിന്റെയും ഉല്പന്നമാണ് യുക്തിവാദം. ഫ്യൂഡല്‍ വ്യവസ്ഥയുടെ തകര്‍ച്ചയിലേക്കും മുതലാളിത്തത്തിന്റെ ആവിര്‍ഭാവത്തിലേക്കും നയിച്ച വ്യാവസായിക വിപ്ളവം നവോത്ഥാനത്തിന്റെ സര്‍ഗശക്തികളെ കെട്ടഴിച്ചുവിട്ടു. ദൈവദത്തമായ രാജാധികാരം ചോദ്യം ചെയ്യപ്പെട്ടു. ഫ്രഞ്ച് വിപ്ളവം (1789) ഉള്‍പ്പെടെയുള്ള ബൂര്‍ഷ്വാ ജനാധിപത്യ വിപ്ളവങ്ങള്‍ രാജവാഴ്‌ച അവസാനിപ്പിക്കുകയും, ആധുനിക (ബൂര്‍ഷ്വാ) ജനാധിപത്യം സംസ്ഥാപിക്കുകയും ചെയ്‌തു. പൌരോഹിത്യം ഭരണരംഗത്തുനിന്ന് നിര്‍ബന്ധമായും മാറിനിര്‍ത്തപ്പെട്ടു. 'ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും' എന്ന അടിസ്ഥാനത്തില്‍ മതനിരപേക്ഷത ആധുനിക ജനാധിപത്യത്തിന്റെ അടിക്കല്ലായി.

പൊതുരംഗത്തുനിന്ന് മതത്തെ മാറ്റിനിര്‍ത്തുക എന്ന നിലപാടിനര്‍ഥം, സ്വകാര്യമായി മതവിശ്വാസം പുലര്‍ത്താനോ, അവിശ്വാസിയായിരിക്കാനോ ഉള്ള സ്വാതന്ത്ര്യം വ്യക്തിക്കു വിട്ടുകൊടുക്കുന്നു എന്നതുകൂടിയാണ്. എന്നാല്‍ വിശ്വാസം ശാസ്‌ത്രവിരുദ്ധമാണ്, ശാസ്‌ത്ര-സാങ്കേതിക മുന്നേറ്റങ്ങള്‍ക്കുമേല്‍ പടുത്തുയര്‍ത്തപ്പെട്ട ആധുനിക സമൂഹത്തില്‍ വ്യക്തിജീവിതത്തില്‍പ്പോലും വിശ്വാസത്തെ അനുവദിക്കാനാകില്ല എന്ന ഒരു ചിന്താഗതിയും രൂപമെടുത്തു. ഇതാണ് യുക്തിവാദം.

ദര്‍ശനത്തിന്റെ രണ്ടു കൈവഴികള്‍- ഭൌതികവാദവും ആശയവാദവും- മനുഷ്യചിന്തയുടെ ആരംഭം മുതല്‍തന്നെ നിലനിന്നുപോന്നിട്ടുണ്ട്. പ്രപഞ്ച രഹസ്യങ്ങളുടെ ഉള്ളറകളിലേക്ക് മനുഷ്യന്‍ കടന്നുചെന്ന ഘട്ടങ്ങളോരോന്നിലും അറിവിന്റെ വികാസത്തിനനുസരിച്ച്, ഭൌതികവാദം അധികമധികം ശക്തിപ്പെട്ടുകൊണ്ടിരുന്നു. ആശയവാദമാകട്ടെ പുതിയ അറിവുകള്‍ക്കനുസരിച്ച് സ്വയം നവീകരിച്ച് നിലനിൽ‌ക്കാന്‍ ശ്രമിച്ചുപോരുകയും ചെയ്‌തു. ആധുനിക യന്ത്രോപകരണങ്ങളുടെ വികാസം വ്യാവസായിക വിപ്ളവത്തോളം വളര്‍ന്നപ്പോള്‍ വികസിച്ചുവന്ന ഭൌതികവാദം യാന്ത്രിക ഭൌതികവാദം എന്നറിയപ്പെട്ടു. പ്രപഞ്ചത്തെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും സ്വിച്ചിട്ടാല്‍ പ്രവര്‍ത്തിക്കുന്ന യന്ത്രത്തിനു തുല്യമായാണ് അത് വ്യാഖ്യാനിച്ചത്.

യാന്ത്രിക ഭൌതികവാദത്തിന്റെ നിലപാടുതറയിലാണ് യുക്തിവാദം നിലയുറപ്പിച്ചത്. പ്രകൃതി പ്രതിഭാസങ്ങളെ മനസ്സിലാക്കാന്‍ ശാസ്‌ത്രത്തിന്റെ രീതികളെ പ്രയോജനപ്പെടുത്തിയ മുതലാളിത്ത ഭൌതികവാദം പക്ഷേ മനുഷ്യസമൂഹത്തിന്റെ വികാസപഠനത്തില്‍ ആ രീതി പ്രയോഗിക്കാന്‍ വിസമ്മതിച്ചു. ചരിത്രം, സാമ്പത്തിക ശാസ്‌ത്രം തുടങ്ങിയ മാനവിക വിഷയങ്ങള്‍ ശാസ്‌ത്രത്തിന് പുറത്തുനിന്നു. ഭൌതികപ്രപഞ്ചവും ആശയപ്രപഞ്ചവും തമ്മിലുള്ള ബന്ധത്തെ വ്യാഖ്യാനിക്കാനോ, ശാസ്‌ത്രമുന്നേറ്റങ്ങള്‍ക്ക് നടുവിലും വിശ്വാസം നിലനിൽ‌ക്കുന്നതെന്തുകൊണ്ട് എന്ന് വിശദീകരിക്കാനോ ഈ തത്വസംഹിതക്കായില്ല.

മനുഷ്യസമൂഹം ഉള്‍പ്പെടെയുള്ള മാറിക്കൊണ്ടിരിക്കുന്ന പ്രപഞ്ചത്തെ അതിന്റെ സമഗ്രതയിലും പരസ്‌പരബന്ധത്തിലും കാണാതെ ഒറ്റപ്പെടുത്തി വിശകലനം ചെയ്യുന്ന ഈ ചിന്താപദ്ധതിയെ മാര്‍ക്സ് കേവലഭൌതികവാദം എന്നു വിളിച്ചു. ശാസ്‌ത്രനിഗമനങ്ങളെ സ്വായത്തമാക്കി സ്വയം നവീകരിക്കാനുള്ള ആശയവാദത്തിന്റെ ശ്രമത്തിന്റെ ഭാഗമായാണ് വൈരുധ്യവാദം ആവിഷ്‌ക്കരിക്കപ്പെട്ടത്. പ്രപഞ്ചത്തിന്റെ അടിസ്ഥാന സ്വഭാവമാണ് വൈരുധ്യാത്മകത എന്ന് വിവിധ ശാസ്‌ത്രശാഖകള്‍ സ്ഥാപിച്ചുകഴിഞ്ഞിരുന്നു. എന്നാല്‍ ഭൌതികപ്രപഞ്ചത്തിനും, ആശയലോകത്തിനും ഒരേപോലെ ബാധകമായ ഈ തത്വത്തെ ആശയമണ്ഡലത്തില്‍ മാത്രമായി ഒതുക്കിനിര്‍ത്താനാണ് ഹെഗലിയന്‍ വൈരുധ്യവാദം ഉത്സാഹം കൊണ്ടത്.

"ഇതുവരെയുള്ള ദാര്‍ശനികര്‍ പ്രപഞ്ചത്തെ വ്യാഖ്യാനിക്കുകയായിരുന്നു. നമുക്കാവശ്യം അതിനെ മാറ്റിത്തീര്‍ക്കുകയാണ് '' എന്ന ലക്ഷ്യപ്രഖ്യാപനവുമായാണ് മാര്‍ക്സിസം ദാര്‍ശനിക ലോകത്തേക്ക് കടന്നത്. 'എല്ലാം മാറ്റത്തിന് വിധേയമാണ് എന്ന നിയമമൊഴികെ മറ്റെല്ലാം മാറിക്കൊണ്ടിരിക്കുന്നു' എന്ന പ്രപഞ്ചസത്യം ഹെഗലിയന്‍ ആശയവാദത്തില്‍നിന്നാണ് മാര്‍ക്സ് കണ്ടെത്തിയത്. ആശയരംഗത്തെ മാറ്റങ്ങളിലായിരുന്നില്ല ഭൌതികജീവിതത്തിലെ പരിവര്‍ത്തനത്തിലായിരുന്നു മാര്‍ക്സിന്റെ താല്പര്യം. മുതലാളിത്ത ഭൌതികവാദത്തിന്റെ പരിമിതികളെ മറികടക്കാനും, അതിനെ വിപ്ളവത്തിന്റെ ദര്‍ശനമായി രൂപാന്തരപ്പെടുത്താനും വൈരുധ്യവാദം സഹായകമായി. വൈരുധ്യാത്മക ഭൌതികവാദം എന്ന ശാസ്‌ത്രീയദര്‍ശനം - മാര്‍ക്സിയന്‍ ദര്‍ശനം - പിറവികൊണ്ടത് ഇങ്ങനെയാണ്. ഫ്രഞ്ച് വിപ്ളവം പ്രതിനിധാനം ചെയ്‌ത ബൂര്‍ഷ്വാ ജനാധിപത്യഘട്ടത്തിന്റെ തത്വശാസ്‌ത്രമായാണ് യുക്തിവാദം രൂപപ്പെട്ടതെങ്കില്‍ പാരീസ് കമ്യൂണിനാല്‍ (1871) പ്രതിനിധീകരിക്കപ്പെട്ട തൊഴിലാളിവര്‍ഗ വിപ്ളവത്തിന്റെ തത്വശാസ്‌ത്രമായാണ് മാര്‍ക്സിസം പിറവികൊണ്ടത്.

വൈരുധ്യാത്മക ഭൌതികവാദം പ്രപഞ്ചത്തിന്റെ 'അടിസ്ഥാന നിയമ' വ്യവസ്ഥകളെ ഇങ്ങനെ സംഗ്രഹിച്ചു. എല്ലാ വസ്‌തു പ്രതിഭാസങ്ങളും ആശയങ്ങളും പരസ്പരബന്ധിതമാണ്. എല്ലാം എപ്പോഴും ചലിച്ചുകൊണ്ടും മാറിക്കൊണ്ടും ഇരിക്കുന്നു. പരസ്പര വിരുദ്ധമായ ഈ ഘടകങ്ങള്‍ ഏതൊന്നിലും ഉള്ളടങ്ങിയിട്ടുണ്ട്. ഇവ തമ്മിലുള്ള ഐക്യവും സമരവുമാണ് നിലനില്പിന്റെയും മാറ്റത്തിന്റെയും അടിസ്ഥാനം. അളവിലുള്ള - സാവധാനത്തിലുള്ള മാറ്റം ഒരു നിശ്ചിതഘട്ടത്തില്‍ എടുത്തുചാട്ടത്തിലേക്കും ഗുണത്തിലുള്ള മാറ്റത്തിലേക്കും വീണ്ടും അളവിലെ മാറ്റത്തിലേക്കും എന്നിങ്ങനെ ഒരുനുസ്യൂത പ്രവാഹമായാണ് മാറ്റം സംഭവിക്കുന്നത്. എല്ലാ മാറ്റവും മുന്നോട്ടാണ്. പുരോഗതിയിലേക്കാണ്. ലളിതമായതില്‍നിന്ന് സങ്കീര്‍ണമായതിലേക്കാണ്.

ഏകകോശ ജീവിയില്‍നിന്ന് ബഹുകോശ ജീവികളിലേക്കും ഏറെ സങ്കീര്‍ണതകളുള്ള മനുഷ്യജീവിയിലേക്കും ഉള്ള ജൈവലോക വികാസത്തിന്റെ സൂക്ഷ്‌മ ഘട്ടങ്ങളെ ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം പുറത്തുകൊണ്ടുവന്നു. പ്രാകൃത ജീവിതാവസ്ഥയില്‍നിന്ന് ബഹുമുഖവും സങ്കീര്‍ണവുമായ മുതലാളിത്ത ലോകത്തേക്ക് മനുഷ്യസമൂഹം പരിണമിച്ചെത്തിയതെങ്ങനെയെന്നും തുടര്‍പ്പരിണാമം എങ്ങോട്ട് എന്നും മാര്‍ക്സ് വിശദീകരിച്ചു. പ്രകൃതി നിയമങ്ങളെ മാനവവികാസ ചരിത്രത്തിലേക്ക് സന്നിവേശിപ്പിച്ചപ്പോള്‍ ചരിത്രപരമായ ഭൌതികവാദം രൂപംകൊണ്ടു.

സമൂഹത്തിന്റെ അടിത്തറ സാമ്പത്തികഘടനയാണ് എന്നും രാഷ്‌ട്രീയ, സാംസ്‌ക്കാരിക ആശയ മണ്ഡലങ്ങള്‍ അതിന്റെ മേല്‍പ്പുരയാണ് എന്നും മാര്‍ക്സ് നിരീക്ഷിച്ചു. അടിത്തറയാണ് മേല്‍പ്പുരയെ രൂപപ്പെടുത്തുന്നത്. മേല്‍പ്പുരയിലുണ്ടാകുന്ന മാറ്റങ്ങള്‍ അടിത്തറയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സഹായിക്കും. എന്നാല്‍ അടിത്തറ തകരുന്നതോടെ ഒറ്റയടിക്ക് ആശയമേല്‍പ്പുര മാറ്റപ്പെടുന്നില്ല. എന്തുകൊണ്ടെന്നാല്‍ ഒരിക്കല്‍ രൂപപ്പെട്ടുകഴിഞ്ഞാല്‍ ആശയമേല്‍പ്പുരക്ക് സ്വതന്ത്രമായ ഒരസ്‌തിത്വം നിലവില്‍ വരുന്നുണ്ട്. വൈരുധ്യാത്മകമായ ഈ ബന്ധത്തെ മാര്‍ക്സ് ഇങ്ങനെ വിശദീകരിച്ചു. "ഒരാശയം മനുഷ്യമനസ്സിനെ സ്വാധീനിച്ചുകഴിഞ്ഞാല്‍ അതൊരു ഭൌതികശക്തിയായി മാറും.''

ശാസ്‌ത്ര സാങ്കേതിക വികാസം സാമ്പത്തികാടിത്തറയില്‍ എത്രതന്നെ മാറ്റങ്ങള്‍ വരുത്തിയാലും പഴയ ആശയമണ്ഡലം അപ്പാടെ മാറ്റപ്പെടുന്നില്ല എന്നാണ് ഇപ്പറഞ്ഞതിനര്‍ഥം. സമൂഹം വര്‍ഗവിഭജിതമാകുന്നതോടെയാണ് ഭരണകൂടമെന്നപോലെ മതവും രംഗത്തുവരുന്നത്. ഭരണകൂടം കായികമര്‍ദനത്തിന്റെയും, മതം ആത്മീയമര്‍ദനത്തിന്റെയും ഉപകരണങ്ങളായി ചരിത്രത്തിലുടനീളം നിലനിന്നു. മുതലാളിത്തമാകട്ടെ ശാസ്‌ത്രവികാസത്തെ സ്വന്തം താല്പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുമ്പോഴും, കൊടും ചൂഷണ വ്യവസ്ഥയായിത്തന്നെ തുടരുകയും ആണ്. അതിനാല്‍ രൂക്ഷമായ മുതലാളി-തൊഴിലാളിവര്‍ഗ സമരത്തില്‍ ഭരണകൂടത്തിനെന്നപോലെ മതത്തിനും ഒരിടം അവശേഷിക്കുന്നുണ്ട്.

കേവല ഭൌതികവാദത്തിന്റെ നിരാസവും അതില്‍നിന്നുള്ള വികാസവുമാണ് മാര്‍ക്സിയന്‍ ദര്‍ശനം. അതിനാല്‍ ഇവ തമ്മില്‍ യോജിപ്പിന്റെയും വിയോജിപ്പിന്റെയും തലങ്ങളുണ്ട്. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള സമരമല്ല സാമൂഹ്യമാറ്റത്തിനടിസ്ഥാനം. വര്‍ഗവൈരുധ്യമാണ്. തൊഴിലാളിവര്‍ഗ നേതൃത്വത്തില്‍ അധ്വാനിക്കുന്ന ജനതയെയാകെ അണിനിരത്തലാണ്. സമരരംഗത്തണിനിരക്കുന്ന ജനകോടികളാകെ അവിശ്വാസികളായിരിക്കണമെന്നോ വൈരുധ്യാത്മക ഭൌതികവാദികളായിരിക്കണമെന്നോ നിര്‍ബന്ധിക്കാനാകില്ല. അതേസമയം ജനമുന്നേറ്റങ്ങളുടെ നേതൃത്വം വ്യക്തമായ ലക്ഷ്യബോധവും ശാസ്‌ത്രീയമായ ഉള്‍ക്കാഴ്ചയും ഉള്ളതായിരിക്കുകയും വേണം. അവിടെ അന്ധവിശ്വാസികളെയും, ചാഞ്ചാട്ടക്കാരെയും നിയോഗിക്കാനാകില്ല. എന്തുകൊണ്ടെന്നാല്‍, അത്തരമൊരു സമീപനം പരാജയത്തെ ക്ഷണിച്ചുവരുത്തലായിരിക്കും.

നേതൃത്വം ഏകപക്ഷീയമായും ഏകാധിപത്യപരമായും സ്വന്തം വീക്ഷണം അടിച്ചേല്പിക്കുന്നവരും ആകരുത്. സമീപനം, പെരുമാറ്റം, സംഭാഷണം, പ്രതികരണം എല്ലാം സമരമുന്നണിയിലേക്ക് കൂടുതല്‍ കൂടുതല്‍പ്പേരെ ആകര്‍ഷിക്കുന്നതായിരിക്കണം. ജനങ്ങളുടെ താഴ്ന്ന ബോധത്തിനുനേരെ വെടിയുതിര്‍ക്കലല്ല സഹാനുഭൂതിയോടും സഹിഷ്‌ണുതയോടും ബോധ്യപ്പെടുത്താന്‍ ശ്രമിക്കലാണ് ശരിയായ സമീപനം. അപ്പോള്‍ വിശ്വാസിയായിരിക്കരുത് എന്നപോലെത്തന്നെ പ്രധാനമാണ് കേവല ഭൌതികവാദിയായിരിക്കരുത് എന്നതും.

അപ്പോള്‍ മാര്‍ക്സിയന്‍ ഭൌതികവാദം കേവലം വിശ്വാസത്തോടുള്ള സമീപനത്തെ മാത്രം അടിസ്ഥാനപ്പെടുത്തി നിര്‍വചിക്കപ്പെടേണ്ടതല്ല. പൊതുചടങ്ങുകളില്‍ പ്രാര്‍ഥനാലാപനം നടക്കുമ്പോള്‍ മറ്റുള്ളവര്‍ക്കൊപ്പം എഴുന്നേറ്റു നില്ക്കുന്നതില്‍ ഒരു മാര്‍ക്സിസ്റ്റ് യാതൊരുവിധ ആദര്‍ശഭംഗവും അനുഭവിക്കുന്നില്ല. അതേസമയം, അയാളാണ് മുഖ്യ സംഘാടകനെങ്കില്‍ കാര്യപരിപാടിയില്‍ പ്രാര്‍ഥന ഉള്‍പ്പെടുത്തുകയും ഇല്ല.

മഹാനായ ജ്യോതിബസുവിനെപ്പോലെ മരണാനന്തരം സ്വന്തം ശരീരം മെഡിക്കല്‍ കോളേജിന് വിട്ടുകൊടുക്കാം. മതാചാരങ്ങളില്ലാതെ സംസ്‌ക്കരിക്കണമെന്ന് മുന്‍കൂട്ടി നിര്‍ദേശിക്കുകയുമാകാം. പക്ഷേ പിതാവിന്റെ മരണാനന്തരച്ചടങ്ങ് എങ്ങനെയായിരിക്കണം എന്ന് തീരുമാനിക്കുന്നത് മറ്റു കുടുംബാംഗങ്ങളുടെ ധാരണകളെക്കൂടി മാനിച്ചായിരിക്കണം.

കേരളത്തിലെ സ്‌ത്രീപുരുഷബന്ധം-കുടുംബം, വിവാഹം, വിവാഹമോചനം- അമേരിക്കയിലേതുപോലെയല്ല. അമ്പതുകൊല്ലം മുമ്പ് നിലവിലിരുന്ന ജാതി ജന്മിനാടുവാഴി വ്യവസ്ഥയുടെ നിയമങ്ങള്‍ക്കനുസരിച്ചുമല്ല. അതിനാല്‍ ഇവിടത്തെ സ്‌ത്രീ -പുരുഷബന്ധം സക്കറിയ വാദിച്ചപോലെയും ഉണ്ണിത്താന്‍ നിര്‍വഹിച്ചപോലെയും ആയിരിക്കണമെന്ന് മാര്‍ക്സിസത്തിന് നിര്‍ദേശിക്കാനാവില്ല. സമൂഹ വികാസത്തിന്റെയും സാമൂഹ്യബോധ നിലവാരത്തിന്റെയും അടിസ്ഥാനത്തില്‍ സ്ഥലകാല വ്യത്യാസങ്ങള്‍ക്കനുസരിച്ച് നിശ്ചയിക്കപ്പെടുന്നതാണ് ഇത്തരം കാര്യങ്ങളിലെ വൈരുധ്യാത്മക നിലപാട്.

അറുപത്തേഴില്‍ മുസ്ളിംലീഗുമായുണ്ടാക്കിയ ബന്ധത്തെയും, എഴുപത്തേഴില്‍ അടിയന്തരാവസ്ഥക്കെതിരെ ജനസംഘവുമായുണ്ടാക്കിയ പൊതുവേദിയെയും, അതുപോലുള്ള നിരവധിയായ രാഷ്‌ട്രീയ നിലപാടുകളെയും മനസ്സിലാക്കേണ്ടത് അന്നന്നത്തെ ചരിത്ര സാഹചര്യങ്ങളിലാണ്. മുഖ്യശത്രുവായ മുതലാളിത്തശക്തികളെ താൽ‌ക്കാലികമായെങ്കിലും പരാജയപ്പെടുത്തുന്നതില്‍ അത്തരം നീക്കങ്ങള്‍ വഹിച്ച പങ്കാണ് പ്രധാനം. അതെത്രമാത്രം മതവിമുക്തമായിരുന്നു എന്നതല്ല.

കെ എസ് മനോജ് ആരോപിക്കുന്നതുപോലെയും യു കലാനാഥന്‍ തെറ്റിദ്ധരിക്കുന്നതുപോലെയും സിപിഐ എമ്മിന്റെ തെറ്റുതിരുത്തല്‍ രേഖ ഇതുവരെ പാര്‍ടി പിന്തുടര്‍ന്നുപോന്ന സമീപനങ്ങളെയാകെ തള്ളിപ്പറയുകയോ മാറ്റിപ്പണിയുകയോ ചെയ്യുന്നില്ല. ചിലേടങ്ങളില്‍ ചിലപ്പോഴൊക്കെ സംഭവിച്ചുപോകുന്ന വ്യതിയാനങ്ങളെയും സ്‌ഖലിതങ്ങളെയും നിരുത്സാഹപ്പെടുത്താന്‍ തീരുമാനിക്കുന്നുവെന്നു മാത്രം. അതിനാല്‍ ലെനിന്‍ പറഞ്ഞ പുരോഹിതനു മാത്രമല്ല, മതവിരുദ്ധനായ അസ്സല്‍ യുക്തിവാദിക്കും കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗത്വമാകാം. പാര്‍ടി പരിപാടിയും ഭരണഘടനയും അംഗീകരിച്ച് പ്രവര്‍ത്തിക്കണം എന്നു മാത്രം.


*****

ഇ രാമചന്ദ്രന്‍, കടപ്പാട് : ദേശാഭിമാനി വാരിക