Showing posts with label എം മുകുന്ദന്‍. Show all posts
Showing posts with label എം മുകുന്ദന്‍. Show all posts

Monday, February 20, 2012

വിജയേട്ടന് ഒരു മയ്യഴിച്ചിരി

സ പിണറായി വിജയന്‍ വീണ്ടും സിപിഐ എം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടുവെന്ന് കേട്ടപ്പോള്‍ അതിയായ സന്തോഷംതോന്നി. സ. വി എസ് അച്യുതാനന്ദനാണ് അദ്ദേഹത്തിന്റെ പേര് തല്‍സ്ഥാനത്തേക്ക് നിര്‍ദേശിച്ചതെന്നുകൂടി കേട്ടപ്പോള്‍ ആ സന്തോഷം ഇരട്ടിച്ചു. കേരളീയസമൂഹം ഭാവിയിലേക്ക് സഞ്ചരിക്കുന്നത് കാണുവാന്‍ ആഗ്രഹിക്കുന്ന ആരെയും സന്തോഷിപ്പിക്കുന്നതാണ് ഈ ഇരട്ടവാര്‍ത്ത. ഈ വിശേഷം ഞാനറിയുന്നത് ബഹ്റൈനില്‍വച്ചാണ്. ഒരു സാംസ്കാരികപരിപാടിയില്‍ പങ്കെടുക്കുവാനാണ് ഞാന്‍ അവിടെ പോയത്. ഒരു യുവാവാണ് ഈ വാര്‍ത്ത എന്നെ അറിയിച്ചത്. അയാള്‍ മുഷിഞ്ഞ കോളറുള്ള ഷര്‍ട്ടും മണ്ണും പൊടിയും പുരണ്ട തേഞ്ഞ ചെരിപ്പുകളും ധരിച്ചിരുന്നു. സമ്മേളനവേദിയുടെ പുറത്ത് പാര്‍ക്കുചെയ്ത ലെക്സസുകളുടെയും മെര്‍സഡീസ് ബെന്‍സുകളുടെയും ഇടയിലൂടെ നടന്നുവന്ന് ദാരിദ്ര്യം മണക്കുന്ന ആ ചെറുപ്പക്കാരന്‍ പറഞ്ഞു: വിജയേട്ടന്‍ വീണ്ടും സെക്രട്ടറിയായി. ബെന്‍സ് കാറില്‍ വന്നിറങ്ങിയ ഒരാളായിരുന്നില്ല അത്. അയാള്‍ ലേബര്‍ ക്യാമ്പില്‍ പാര്‍ക്കുന്ന, കെട്ടിട നിര്‍മാണ സൈറ്റില്‍ കൊടുംചൂടില്‍ പണിയെടുക്കുന്ന ഒരു തൊഴിലാളിയാകുവാനാണ് സാധ്യത. അതും എന്നെ സന്തോഷിപ്പിച്ചു. കാരണം ലോകത്തിലെല്ലായിടത്തും എന്നും ദാരിദ്ര്യം മണക്കുന്നവരുടെ പാര്‍ടിയാണല്ലോ കമ്യൂണിസ്റ്റുപാര്‍ടി.

സ. പിണറായി വിജയന്‍ പതുക്കെ മലയാളികളുടെ വിജയേട്ടനായി മാറുകയാണ്. പാര്‍ടിയുടെ അത്യുന്നസ്ഥാനത്തിരിക്കുന്ന ഒരു നേതാവിനെ ഞാന്‍ വിജയേട്ടന്‍ എന്നുവിളിക്കാന്‍ പാടുണ്ടോ? ബഹുമാനമുള്ളവരെ ഞങ്ങള്‍ മയ്യഴിക്കാര്‍ കാരണവര്‍ എന്നാണ് വിളിക്കുക. മയ്യഴിയിലെ പുത്തലമ്പലത്തില്‍ കാരണോര്‍ തിറ എന്ന ഒരു തെയ്യംതന്നെയുണ്ട്. ആരെയെങ്കിലും കാരണവര്‍ എന്നോ അമ്മാവന്‍ എന്നോ വിളിക്കുന്നതിലേറെ ഏട്ടന്‍ എന്നുവിളിച്ചുകേള്‍ക്കുന്നതിലാണ് എന്റെ സന്തോഷം. കാരണം കാരണവരിലും അമ്മാവനിലും പഴമയുണ്ട്. വാര്‍ധക്യമുണ്ട്. ഏട്ടന്‍ സമകാലികനാണ്. നമ്മോടൊപ്പം ജീവിക്കുന്ന ആളാണ്. മുമ്പോട്ടു നോക്കുന്നവനാണ് ഏട്ടന്‍ .

ആദ്യകാലം പിണറായി എനിക്ക് ഒരു ഗ്രാമംമാത്രമായിരുന്നു. ഏകദേശം അരനൂറ്റാണ്ടിനുമുമ്പ്, നാടുവിടുന്നതിനുമുമ്പ് ഒരിക്കല്‍ ഞാന്‍ പിണറായിയിലേക്കു പോയിരുന്നു. ഒരു നാടകം കാണുവാനായിരുന്നു അത്. പിണറായി മയ്യഴിയില്‍നിന്ന് അകലെയല്ല. യൗവനത്തിലേക്ക് ഇനിയും കടന്നുചെന്നിട്ടില്ലാത്ത, കൗമാരം വിട്ടുമാറിയിട്ടില്ലാത്ത ആ പ്രായത്തില്‍ നടത്തിയ വിപ്ലവരണഭൂവിലേക്കുള്ള ആ യാത്രയുടെ ഓര്‍മയ്ക്ക് ഇപ്പോഴും തേയ്മാനം വന്നിട്ടില്ല. പ്രകൃതിരമണീയമാണ് പിണറായിഗ്രാമം. മയ്യഴിപോലെ മൂന്നുവശങ്ങളിലും പുഴയൊഴുകുന്നു. ബസിലും കാളവണ്ടിയിലും കയറിയും കാല്‍നടയായുമാണ് ഞാന്‍ പിണറായിയിലേക്ക് സഞ്ചരിച്ചത്. മമ്പറത്തെ ഒരു വഴിയോര ചായക്കടയില്‍നിന്ന് ചൂടുചായ വാങ്ങി കുടിച്ചതും ഒരു സിസര്‍ വാങ്ങി വലിച്ചതും ഓര്‍ക്കുന്നു. (അന്ന് അച്ഛനും അമ്മയും കാണാതെ ഞാന്‍ രഹസ്യമായി സിഗരറ്റ് വലിച്ചിരുന്നു) ഇന്നത്തെപ്പോലെ ബസുകളില്ലാത്ത ആ കാലത്ത് ഉത്തരകേരളത്തിലെ നാട്ടുമ്പുറങ്ങളില്‍ ഞാന്‍ ചെന്നെത്തിയത് കെപിഎസിയുടെ നാടകങ്ങള്‍ കാണുവാനായിരുന്നു. ഇന്ന് പിണറായി എന്നുകേള്‍ക്കുമ്പോള്‍ പുഴകളും ഓലമേഞ്ഞ പുരകളും വേരുകളില്‍പോലും ചക്കകള്‍ വളര്‍ന്നുനില്‍ക്കുന്ന പ്ലാവുകളും മാവിന്‍ചുവട്ടില്‍ മടിയില്‍ മുറവുമായിരിക്കുന്ന ബീഡിത്തൊഴിലാളികളുമുള്ള ഗ്രാമമല്ല മനസ്സില്‍വരുന്നത്. പിണറായി ഇന്ന് ഒരു ഗ്രാമമല്ല, ഒരു നേതാവാണ്. ഇങ്ങനെ ഒരു വ്യക്തി ഒരു ദേശമായി മാറുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. എഴുത്തുകാര്‍ക്കിടയിലാണ് അത് സാധാരണയായി സംഭവിക്കാറുള്ളത്.

കുട്ടനാട് വെള്ളവും ഹരിതവുമാണ്. ഒരു നാട്ടിലെ മുഴുവന്‍ പട്ടിണിപ്പാവങ്ങളുടെയും വിശപ്പ് മാറ്റാനുള്ള വിളവുകള്‍ അവിടത്തെ നെല്‍പ്പാടങ്ങളിലുണ്ടായിരുന്നു. എന്നിട്ടും കുട്ടനാട് എന്നുകേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ തെളിയുന്നത് ഒരു ഗ്രാമമല്ല, തകഴി എന്ന എഴുത്തുകാരന്റെ മുഖമാണ്. ഒരു എഴുത്തുകാരന്‍ ഇവിടെ ഒരു ദേശമായി മാറുകയാണ്. അതുപോലെ പിണറായി എന്നുകേള്‍ക്കുമ്പോള്‍ ലോകത്തിലെവിടെയുമുള്ളവര്‍ക്ക് അത് ഒരു ഗ്രാമമല്ല, ഒരു നേതാവാണ്. ഇവിടെയും കുട്ടനാട് തകഴിയായതുപോലെ പിണറായിഗ്രാമം വിജയേട്ടനാകുകയാണ്.

അപൂര്‍വമായിട്ടാണെങ്കിലും ഒരു നേതാവ് പ്രബുദ്ധരായ ഒരു ജനതതന്നെയായി മാറുന്നതും നാം കണ്ടിട്ടുണ്ട്. ഇപ്പോള്‍ നാലാംതവണയും സംസ്ഥാനസമ്മേളനത്തില്‍ സ. പിണറായി വിജയന്‍ പാര്‍ടി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സംഭവിച്ചത് അതാണ്. അദ്ദേഹം ഒരു ജനതയുടെ അനിഷേധ്യ നേതാവായിത്തീര്‍ന്നിരിക്കുന്നു. ഞാന്‍ നാടുവിട്ടുപോകുന്നതിനുമുമ്പ്, അറുപതുകളുടെ ആദ്യം പിണറായിഗ്രാമത്തില്‍ ആരാലും അറിയപ്പെടാതെ നടന്നിരുന്ന ആ കൗമാരപ്രായം വിട്ടുമാറിയിട്ടില്ലാത്ത യുവാവ് ഇന്ന് വലിയൊരു പാര്‍ടിയെ നയിക്കുകയാണ്.

ഈ നേതാവിനെ പരിചയപ്പെടുവാന്‍ എനിക്ക് ഒരുപാടുകാലം കാത്തിരിക്കേണ്ടിവന്നു. ഞാന്‍ ചെറുപ്പത്തിലേ നാട്ടില്‍നിന്ന് അകന്നുജീവിച്ചതായിരുന്നു കാരണം. ഒന്നോ രണ്ടോ തവണ ഡല്‍ഹിയില്‍ കേരളാഹൗസിലെ കോണിപ്പടികളില്‍വച്ച് ഞങ്ങള്‍ കണ്ടുമുട്ടിയിട്ടുണ്ട്. അപ്പോള്‍ ഞാന്‍ വിജയേട്ടന് ഒരു മയ്യഴിച്ചിരി നല്‍കിയിരുന്നു. അദ്ദേഹം അതെനിക്ക് മടക്കി തന്നിരുന്നില്ല. എം ടിയെപ്പോലെ ചിരിയുടെ കാര്യത്തില്‍ അദ്ദേഹം വലിയൊരു ലുബ്ധനാണ്. ഒരിക്കലും ചിരിക്കാത്ത മനുഷ്യന്‍ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. അദ്ദേഹത്തെക്കൊണ്ട് ഒന്നുചിരിപ്പിക്കുവാന്‍ എന്തുവഴിയെന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. മാമുക്കോയയെയും ഹരിശ്രീ അശോകനെയും സുരാജ് വെഞ്ഞാറമൂടിനെയും ഒന്നിച്ച് മുമ്പില്‍കൊണ്ടുവന്നുനിര്‍ത്തിയാല്‍ അദ്ദേഹം ചിരിക്കുമോ? പക്ഷേ, നടന്‍ ശ്രീനിവാസന് അതിനു കഴിഞ്ഞു.

കൈരളി ചാനലില്‍ ശ്രീനിവാസനുമായുള്ള അഭിമുഖത്തില്‍ വിജയേട്ടന്‍ ഉള്ളുതുറന്നുചിരിക്കുന്നത് പ്രേക്ഷകര്‍ കണ്ടു. ആ വിദ്യ ശ്രീനിവാസനില്‍നിന്ന് പഠിക്കുവാന്‍ ഞാന്‍ തീരുമാനിച്ചിരുന്നു. പക്ഷേ, അത് ആവശ്യമായി വന്നില്ല. കേരളഹൗസിലെ കോണിപ്പടിയില്‍വച്ച് എനിക്ക് തരുവാന്‍ മറന്ന ചിരി പിന്നീടൊരിക്കല്‍ അദ്ദേഹം എനിക്ക് ഒട്ടും പിശുക്കില്ലാതെ തരികയുണ്ടായി. അത് തിരുവനന്തപുരത്തെ എ കെ ജി സെന്ററിലെ അദ്ദേഹത്തിന്റെ പാര്‍പ്പിടത്തില്‍വച്ചായിരുന്നു.

ഡല്‍ഹി ഉദ്യോഗത്തില്‍നിന്ന് പിരിഞ്ഞു നാട്ടില്‍ താമസമാക്കിയശേഷം ഞാന്‍ ഒരിക്കല്‍ വിജയേട്ടനെ കാണാന്‍പോയി. ഐ വി ദാസന്‍മാഷാണ് ആ കൂടിക്കാഴ്ച ശരിപ്പെടുത്തി തന്നത്. (എന്നും ഞാന്‍ നെഞ്ചില്‍ സൂക്ഷിക്കുന്ന ഒരു സ്മരണയാണ് സ്നേഹനിധിയായ ദാസന്‍മാഷ്) വളരെ സന്ദേഹപ്പെട്ടുകൊണ്ടാണ് ഞാന്‍ വിജയേട്ടന്റെ പാര്‍പ്പിടത്തില്‍ കയറിച്ചെന്നത്. അദ്ദേഹം അഞ്ചുമിനിറ്റില്‍ കൂടുതല്‍ ആര്‍ക്കും സമയം കൊടുക്കില്ലെന്നാണ് ഞാന്‍ കേട്ടത്. അഞ്ചുമിനിറ്റിനുള്ളില്‍ പറയാനുള്ളതെല്ലാം പറയാന്‍ വേണ്ടി ഞാന്‍ തയ്യാറെടുത്തു. പാര്‍ടി സെക്രട്ടറിയുടെ വാതിലിനുമുമ്പില്‍ പലരും കാത്തുനിന്നിരുന്നു. അവരില്‍ ഞാന്‍ ആദരിക്കുന്ന പല നേതാക്കളുമുണ്ടായിരുന്നു. അദ്ദേഹം എന്നെ മുറിയിലേക്ക് സ്വാഗതംചെയ്തു. ചിരിയിലെന്നപോലെ വാക്കിലും ലുബ്ധനാണ് അദ്ദേഹമെന്നാണ് ഞാന്‍ കേട്ടത്. എം ടിയെപ്പോലെതന്നെ മൗനത്തിന്റെ വല്‍മീകത്തില്‍ തപസ്സിരിക്കുന്ന ആള്‍ . ചിരിക്കാത്തവരെക്കുറിച്ച് പരാതി പറയാം. പക്ഷേ, മൗനികളെക്കുറിച്ച് അങ്ങനെ പറയാന്‍ വരട്ടെ.

മൗനം ഒരു സിദ്ധിയാണ്. വാചാലരല്ല, മൗനികളാണ് സാംസ്കാരികമണ്ഡലങ്ങളില്‍ വലിയ സംഭാവന ചെയ്തവര്‍ . ഇനിയങ്ങോട്ട് നമ്മുടെ രാഷ്ട്രീയജീവിതത്തെയും മുമ്പോട്ടുകൊണ്ടുപോകുന്നത് മിതഭാഷികളോ മൗനികളോ ആയിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. രാഷ്ട്രീയത്തിലെ വായാടിത്തത്തിന്റെ കാലം അവസാനിക്കാറായി. "കളങ്കമില്ലാത്ത ബോധമാണ് മൗനം. യാഥാര്‍ഥ്യത്തെക്കുറിച്ചുള്ള നമ്മുടെ തിരിച്ചറിവിന്റെ അടിത്തറ അതാണ്... വാചാലതയുടെ ശബ്ദഘോഷങ്ങള്‍ക്കപ്പുറത്തെ മൗനത്തിന്റെ അനന്തസാധ്യതകളെപ്പറ്റി നല്ല ബോധമുള്ളവരാണ് നേതാക്കള്‍". ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ പ്രശസ്ത പ്രൊഫസര്‍ ദേബാശിഷ് ചാറ്റര്‍ജിയുടേതാണ് ഈ വാക്കുകള്‍ . എന്റേതല്ല. ഞാനാണ് സംസാരിച്ചത്. വിജയേട്ടന്‍ മൗനിയായി കേട്ടിരുന്നു. ഇടയ്ക്കിടെ ഞാന്‍ വാച്ചില്‍നോക്കി. അഞ്ചുമിനിറ്റ് കഴിഞ്ഞിരിക്കുന്നു. ഏത് നിമിഷവും അദ്ദേഹം സമയമായി എന്നുപറഞ്ഞ് എഴുന്നേല്‍ക്കാം. പക്ഷേ, അങ്ങനെ സംഭവിച്ചില്ല. ഞാന്‍ പറയുന്ന കാര്യങ്ങള്‍ക്കെല്ലാം ശ്രദ്ധാപൂര്‍വം നിശബ്ദനായിരുന്ന് അദ്ദേഹം ചെവികൊടുത്തു. പ്രതികരിക്കേണ്ടയിടത്ത് മാത്രം പ്രതികരിച്ചു. മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കുവാനുള്ള അസാധാരണമായ കഴിവ് അദ്ദേഹത്തിനുണ്ട്. മലയാളികള്‍ക്ക് പൊതുവെ ഇല്ലാത്തതാണ് ഇത്. ഒരു മലയാളിയും മറ്റുള്ളവര്‍ പറയുന്നത് മുഴുവന്‍ കേള്‍ക്കില്ല. അതിനുമുമ്പ് ഇടയില്‍ക്കയറി സംസാരിക്കും. ടിവിയിലെ ചര്‍ച്ചകളില്‍ നമ്മള്‍ പതിവായി കാണുന്നതാണ് അത്. സക്രിയമായ സംവാദങ്ങള്‍ നടക്കാതെപോകുന്നത് അതുകൊണ്ടാണ്. പത്തുമിനിറ്റ് കഴിഞ്ഞിരിക്കുന്നു. ഞാന്‍ പോകാന്‍ നിശബ്ദം അനുവാദം ചോദിച്ചു. അപ്പോഴാണ് വിജയേട്ടന്റെ സഹധര്‍മിണി കമല മേശയിന്മേല്‍ ആവി പറക്കുന്ന പുട്ടും കടലക്കറിയും കൊണ്ടുവന്നുവച്ചത്. ഞങ്ങള്‍ സംസാരം അങ്ങോട്ടു പറിച്ചുനട്ടു. ആ അനുജത്തി പുട്ടും കടലയും വിളമ്പിത്തന്നു. പിറകെ ചൂടുചായയും വന്നു... കമല എന്റെ കുടുംബത്തെക്കുറിച്ച് ചോദിച്ചു. ഇനി വരുമ്പോള്‍ ഞാന്‍ ഭാര്യയെ കൊണ്ടുവരണമെന്ന് പറഞ്ഞു. ഞാന്‍ കമലയോട് അവരുടെ മകനെക്കുറിച്ചും മകളെക്കുറിച്ചും അന്വേഷിച്ചു. സിപിഐ എമ്മിന്റെ സെക്രട്ടറി സ. പിണറായി വിജയന്റെ വീട്ടിലാണ് ഞാനിരിക്കുന്നതെന്ന് ഞാന്‍ മറന്നു. എന്റെ ആശങ്കകളും സന്ദേഹങ്ങളും മാറി. സ്വന്തം വീട്ടിലിരുന്നെന്നപോലെ ഞങ്ങള്‍ മൂവരും സംസാരിച്ചു. മാമുക്കോയയുടെയും ഹരിശ്രീ അശോകന്റെയും സുരാജ് വെഞ്ഞാറമൂടിന്റെയും സഹായമില്ലാതെതന്നെ വിജയേട്ടന്‍ മനസ്സുതുറന്ന് ധാരാളം ചിരിച്ചു... അഞ്ചുമിനിറ്റല്ല, ഒരുമണിക്കൂര്‍ ഞാനവിടെ ചെലവഴിച്ചു.

ബഹ്റൈനിലിരുന്ന് അദ്ദേഹത്തെ നാലാമത്തെ തവണയും പാര്‍ടി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടുവെന്ന് കേട്ടപ്പോള്‍ ആ ഒരുമണിക്കൂര്‍ നീണ്ടുനിന്ന സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും കൂടിക്കാഴ്ചയുടെ ചിത്രം കണ്‍മുമ്പില്‍ തെളിഞ്ഞുവന്നു. എഴുത്തുകാര്‍ക്കും നേതാക്കള്‍ക്കും ഇടയിലെ സൗഹൃദം കുറഞ്ഞുവരികയോ ഇല്ലാതാകുകയോ ചെയ്യുന്ന കാലമാണല്ലോ ഇത്.

മലയാളിസമൂഹം വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണ്. വരുംകാലത്തെ തെരഞ്ഞെടുപ്പുകളില്‍ വോട്ടുചെയ്യുവാന്‍ പോകുന്നവരില്‍ ഏറെയും അഭ്യസ്തവിദ്യരും മാറിയലോകത്തിന്റെ സൃഷ്ടികളുമായ യുവാക്കളും യുവതികളുമായിരിക്കും. എന്റെ പ്രായക്കാര്‍ കണ്ട ലോകമല്ല അവരുടെ സ്വപ്നങ്ങളിലുള്ളത്. അവരുടെ പ്രശ്നങ്ങളും പ്രതീക്ഷകളും തിരിച്ചറിയണം. വര്‍ഗീയതയും മതതീവ്രവാദവും വളരുകയാണ്. പുഴകള്‍ വറ്റുകയാണ്. നഗരങ്ങളും നാട്ടിന്‍പുറങ്ങളും മാലിന്യങ്ങളുടെ ദുര്‍ഗന്ധംപേറുന്നു. ആദിവാസികള്‍ ഇപ്പോഴും തലചായ്ക്കാന്‍ ഇടമില്ലാതെ കഴിയുന്നു.

മുല്ലപ്പെരിയാര്‍ ഉറക്കം കെടുത്തുന്ന ഒരു പേടിസ്വപ്നമാണ്. ഇതിനുപുറമെ സാമ്പത്തികവും സാംസ്കാരികവുമായ അധിനിവേശങ്ങളെ ചെറുക്കേണ്ടതുണ്ട്. ഈ വലിയ ദൗത്യങ്ങള്‍ ഏറ്റെടുക്കുവാന്‍ സുഘടിതവും നവീകരിക്കപ്പെട്ടതുമായ ഒരു ഇടതുപക്ഷപ്രസ്ഥാനം അത്യന്താപേക്ഷിതമാണ്. അങ്ങനെയുള്ള ഒരു ഇടതുപക്ഷപ്രസ്ഥാനത്തിന് നേതൃത്വം നല്‍കാന്‍ കാരണവന്മാരുടെ അനുഗ്രഹത്തോടെ പാര്‍ടി സെക്രട്ടറിക്ക് കഴിയട്ടെ. എനിക്ക് മറ്റൊരു ആഗ്രഹംകൂടിയുണ്ട്. സിപിഐഎമ്മിന്റെ സംസ്ഥാനസെക്രട്ടറി സ. പിണറായി വിജയന്‍ ഒരിക്കലെങ്കിലും എന്നെ മുകുന്ദേട്ടന്‍ എന്നുവിളിക്കണം. കാരണം അദ്ദേഹത്തേക്കാള്‍ ഒന്നരവയസ്സ് എനിക്ക് കൂടുതലുണ്ട്.

*
എം മുകുന്ദന്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ് 19 ഫെബ്രുവരി 2012

Saturday, January 7, 2012

ജോസഫ് സ്റ്റാലിനും പുസ്തകവും

ഒരു പഴഞ്ചൊല്ലുണ്ട്. ഒരാളെ അറിയണമെങ്കില്‍ അയാള്‍ വായിക്കുന്ന പുസ്തകത്തെ അറിഞ്ഞാല്‍ മതിയെന്ന്. ഈയിടെ എവിടെയോ വായിച്ചതാണ് ഇത്്. അതിനുശേഷം ആരുടെയെങ്കിലും കൈയില്‍ പുസ്തകം കാണാനിടയായാല്‍ ഞാന്‍ ഉടനെ ഒളിഞ്ഞുനോക്കും. അതെന്താണെന്ന് അറിയണം.വിവാഹാലോചന വന്ന, പ്രായം തികഞ്ഞ മകളുടെ ജാതകം നോക്കുന്ന ജ്യോതിഷിയുടെ മുമ്പില്‍ നില്‍ക്കുന്ന അച്ഛന്റെ ഹൃദയംപോലെ എന്റെ ഹൃദയവും മിടിക്കും. അയാളുടെ സാംസ്കാരികതയെ അളക്കുക മാത്രമല്ല എന്റെ ഉദ്ദേശ്യം. അല്‍പ്പം സ്വാര്‍ഥതകൂടി അതിലുണ്ട്. വളച്ചുകെട്ടില്ലാതെ പറയാം. യഥാര്‍ഥത്തില്‍ അയാള്‍ വായിക്കുന്നത് എന്റെ പുസ്തകമാണോ എന്നാണ് ഞാന്‍ അന്വേഷിക്കുന്നത്. എന്റേതല്ലെന്ന് അറിയുമ്പോള്‍ ഇച്ഛാഭംഗം തോന്നും. എന്റേതായി പത്തമ്പത് പുസ്തകങ്ങളുണ്ടായിട്ടും ആരാെന്‍റ പുസ്തകം വായിക്കുന്ന അയാളോടു ദേഷ്യം തോന്നും. വായനക്കാര്‍ വീട്ടിലിരുന്ന് വായിക്കുന്ന പുസ്തകങ്ങള്‍ എന്താണെന്ന് എഴുത്തുകാര്‍ക്ക് അറിയുവാന്‍ കഴിയുകയില്ല. പൊതുവെ യാത്രകള്‍ക്കിടയിലാണ് എഴുത്തുകാര്‍ക്ക് അവരെ കണ്ടുമുട്ടുവാന്‍ സാധിക്കുന്നത്- പ്രത്യേകിച്ച് തീവണ്ടി യാത്രകള്‍ക്കിടയില്‍ . ഞാനങ്ങനെ പുസ്തകം വായിക്കുന്ന ഒരുപാടു പേരെ വണ്ടികളില്‍ കണ്ടുമുട്ടിയിട്ടുണ്ട്. ആരുടെയെങ്കിലും കൈയില്‍ പുസ്തകം കണ്ടാല്‍ ഞാന്‍ ഉടനെ അതിന്റെ പേര് നോക്കും. അവരുടെ വായനാ സംസ്കാരം എന്തുമായിക്കൊള്ളട്ടെ, അവര്‍ ആരുമായിക്കൊള്ളട്ടെ, പുസ്തകം വായിക്കുന്നുണ്ടല്ലോ; നമുക്കതു മതി- ഞാന്‍ സ്വയം പറയും.

എലിയാസ് കനേറ്റിയും അഡോണോവും തമ്മിലുള്ള ഒരു സംവാദത്തില്‍ നമ്മള്‍ തനിയെയല്ലെന്നും നമുക്കു ചുറ്റും അദൃശ്യരായ നിരവധി പേരുണ്ടെന്നും പറയുന്നതായി കാണുന്നു. കനേറ്റിയുടെ അധികാരവും ആള്‍ക്കൂട്ടവും എന്ന പുസ്തകത്തെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോഴാണ് ഇങ്ങനെ ഒരു നിരീക്ഷണം ഉണ്ടായത്. അദൃശ്യരായ ഈ നിരവധി പേര്‍ ബാക്ടീരിയകളും വൈറസുകളും ജിന്നുകളും പ്രേതങ്ങളും പിശാചുക്കളും ആത്മാവുകളുമൊക്കെയാണ്. ഞാനായിരുന്നുവെങ്കില്‍ അവരുടെ കൂട്ടത്തില്‍ എഴുത്തുകാരെ കൂടി ഉള്‍പ്പെടുത്തുമായിരുന്നു. ബാക്ടീരിയകളും വൈറസുകളും ജിന്നുകളും പ്രേതങ്ങളും പിശാചുക്കളും ആത്മാവുകളും എഴുത്തുകാരും എന്ന്. ഈയിടെ പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ കവറില്‍ ഏകദേശം അതുപോലുള്ള ഒരു വാചകം കണ്ടു. മൂക്കന്‍ അണ്ണാന്‍ , തവളവായന്‍ , തീക്കാക്ക, സക്കറിയ, ചുണയന്‍ കീരി എന്നിങ്ങനെ പോകുന്നു അത്. സാഹിത്യകാരന്മാരും അവരുടെ പേരും എവിടേയും ചേരും എന്നര്‍ഥം. വേണമെങ്കില്‍ വൈറസുകളുടെയും മൂക്കന്‍ അണ്ണാന്മാരുടെയും ഇടയിലാണ് എഴുത്തുകാരുടെ സ്ഥാനം എന്നും വായിച്ചെടുക്കാം. യഥാര്‍ഥത്തില്‍ എഴുത്തുകാര്‍ ചെന്നുനില്‍ക്കേണ്ടത് മൂക്കന്‍ അണ്ണാന്മാരുടെയും ചുണയന്‍ കീരികളുടെയും തവളവായന്മാരുടെയും മറ്റും ഇടയിലല്ല. എഴുത്തുകാര്‍ ചെന്നുനില്‍ക്കേണ്ടത് സമരമുഖങ്ങളിലാണ്. വായനക്കാരുടെ കൈയിലെ പുസ്തകം നോക്കി അവരുടെ സാംസ്കാരിക നിലവാരം തിട്ടപ്പെടുത്തുന്നതുപോലെ എഴുത്തുകാര്‍ ചെന്നു നില്‍ക്കുന്ന ഇടം നോക്കി അവരുടെ ഉള്ളിലെ മാനവികതയെയും നീതിബോധത്തെയും നമുക്ക് അളന്നെടുക്കാന്‍ കഴിയും. അതുകൊണ്ടാണ് മുല്ലപ്പെരിയാര്‍ പ്രതിസന്ധിയില്‍ എഴുത്തുകാര്‍ ചെന്നു നില്‍ക്കുന്നുണ്ടോ എന്ന് ഞാന്‍ അന്വേഷിക്കുന്നത്. സച്ചിദാനന്ദനെയും സാറാ ജോസഫിനെയും മറ്റും അവിടെ കണ്ടുമുട്ടിയപ്പോള്‍ വളരെ സന്തോഷം തോന്നി. എന്നാല്‍ നമ്മുടെ വളരെയധികം എഴുത്തുകാരെ അവിടെ കാണാന്‍ കഴിഞ്ഞില്ല. പൊതു ഇടങ്ങളിലും സാമൂഹിക പ്രശ്ന പരിസരങ്ങളിലും ചെന്നുനില്‍ക്കാന്‍ ഇഷ്ടപ്പെടാത്തവരാണ് നമ്മുടെ ഇപ്പോഴത്തെ എഴുത്തുകാരില്‍ ഏറേയും എന്നാണോ ധരിക്കേണ്ടത്? പക്ഷേ മുല്ലപ്പെരിയാറില്‍ പോകാന്‍ മടിക്കുന്ന എഴുത്തുകാരെ പോലും അമല ഹോസ്പിറ്റലിലെ അഴീക്കോടു മാഷുടെ കിടക്കയ്ക്കരികില്‍ കാണാന്‍ കഴിഞ്ഞു. തന്റെ രോഗം മാറിയില്ലെങ്കിലും മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രോഗം മാറിയാല്‍ മതിയെന്നു പറഞ്ഞ അഴീക്കോടു മാഷുടെ അരികില്‍ പോകാതിരിക്കാന്‍ ഏതു മലയാളിക്കാണ് കഴിയുക?

ഒരു വലിയ മനുഷ്യസ്നേഹി ആറര പതിറ്റാണ്ടുകാലം ഏകാകിയായി അധ്വാനിച്ച് നമ്മള്‍ മലയാളികള്‍ക്കുവേണ്ടി സ്വയം നിര്‍മിച്ചുതന്ന പ്രതിരോധത്തിന്റെ അണക്കെട്ടാണ് അഴീക്കോട് മാഷ്. ആ അണക്കെട്ടിലെ വിള്ളലുകള്‍ ഒരു ജനതയെ എത്രമാത്രം അസ്വസ്ഥരും ആശങ്കാഭരിതരുമാക്കുന്നു എന്ന കാഴ്ചയാണ് അമല ഹോസ്പിറ്റലില്‍ മാഷെ സന്ദര്‍ശിക്കുന്ന ആള്‍ക്കൂട്ടം കാണിച്ചുതരുന്നത്. പുസ്തകത്തെക്കുറിച്ചാണ് നമ്മള്‍ പറഞ്ഞു തുടങ്ങിയത്. അതിലേക്കു തിരികെ പോകാം. ഈയിടെയായി പുസ്തകം എന്നു കേള്‍ക്കുമ്പോള്‍ സ്റ്റാലിന്റെ മുഖമാണ് മനസില്‍ തെളിയുന്നത്. ഈശ്വരാ! സാക്ഷാല്‍ ജോസഫ് സ്റ്റാലിന്റെ മുഖം. എന്തുകൊണ്ട്? 1956ലെ പാര്‍ടി കോണ്‍ഗ്രസില്‍ നിഖിതാ ക്രൂഷ്ചേവ് എടുത്ത നിലപാടുകള്‍ക്ക് ശേഷം സ്റ്റാലിനെ വിമര്‍ശിക്കുക എന്നത് സാര്‍ത്രിനെ പോലുള്ള പാശ്ചാത്യ ബുദ്ധിജീവികള്‍ക്കും എഴുത്തുകാര്‍ക്കും ഇടയില്‍ ഒരു അനിവാര്യതയായിത്തീര്‍ന്നു. നമ്മുടെ ഭാഷയിലും ഈ അടുത്ത കാലംവരെ ഏതു പ്രഭാഷണങ്ങളിലും സംവാദങ്ങളിലും സ്റ്റാലിന്‍ വിമര്‍ശനം ഒഴിവാക്കാന്‍ കഴിയാത്ത ഒരു ചേരുവയായിരുന്നു. ഇപ്പോഴും ചിലര്‍ അങ്ങനെ ചെയ്തുവരുന്നുണ്ട്. മാര്‍ക്സിനെ കഠിനമായി വിമര്‍ശിച്ച ആല്‍ത്തൂസര്‍ ഒരിക്കല്‍ പറഞ്ഞത് താന്‍ മാര്‍ക്സിലേക്കു തിരിച്ചുപോകുന്നുവെന്നാണ്. താന്‍ ഫ്രോയിഡിലേക്കു തിരിച്ചു പോകുകയാണെന്ന് ഴാക്ക് ലക്കാനും പറയുകയുണ്ടായി. അങ്ങനെ ഒരുപക്ഷേ നമ്മളും പറഞ്ഞേക്കാം, നമുക്ക് സ്റ്റാലിനിലേക്കു മടങ്ങിപ്പോകാമെന്ന്. മരണം മാത്രമല്ല, ചരിത്രവും രംഗബോധമില്ലാത്ത കോമാളിയാണ്. പുസ്തകങ്ങളെക്കുറിച്ചു പറയുമ്പോള്‍ എന്തു തന്നെയായാലും പുസ്തക പ്രേമികള്‍ക്ക് സ്റ്റാലിനെ മറക്കാന്‍ കഴിയില്ല.

എന്റെ എളിയ പുസ്തകശേഖരം മുഴുവനും ഡല്‍ഹിയിലാണുള്ളത്. ഡല്‍ഹിയില്‍ ഞങ്ങള്‍ക്കാര്‍ക്കും വീടുകളില്ല. ഉള്ളത് ഫ്ളാറ്റുകളാണ്. അതുകൊണ്ടുതന്നെ സ്ഥലദൗര്‍ലഭ്യം വലിയൊരു പ്രശ്നമാണ്. ഞാനെന്റെ പുസ്തകങ്ങള്‍ സൂക്ഷിക്കുന്നത് പലയിടങ്ങളിലാണ്. ചില്ലലമാരകളിലും ഇരുമ്പു പെട്ടികളിലും കട്ടിലിന്റെ ചുവട്ടിലെ കാര്‍ഡ്ബോര്‍ഡ് ബോക്സിലുമെല്ലാം എന്റെ പുസ്തകങ്ങളുണ്ട്. സ്വാഭാവികമായും അവിടെ ആദ്യം സ്ഥാനം പിടിച്ചത് മലയാള പുസ്തകങ്ങളായിരുന്നു. ബഷീറും ഉറൂബും തകഴിയും ഒ എന്‍ വിയുമെല്ലാം. പിന്നീട് വരുന്നത് റഷ്യന്‍ നോവലുകളുടെയും കഥകളുടെയും ഇംഗ്ലീഷ് വിവര്‍ത്തനങ്ങളാണ്. വൈകാതെ അതുപോലുള്ള പുസ്തകങ്ങള്‍ എന്റെ അലമാരകളില്‍ നിറയുവാന്‍ തുടങ്ങി. പല പുസ്തകങ്ങളിലും മനോഹരമായ രേഖാചിത്രങ്ങളുണ്ട്. ആ പുസ്തകങ്ങള്‍ക്ക് നിസാര വിലയും. അന്ന് ടോള്‍സ്റ്റോയിയുടെ യുദ്ധവും സമാധാനവും പത്തുറുപ്പികയ്ക്കാണ് ഞാന്‍ കൊണാട്ട് പ്ലെയിസില്‍നിന്നു വാങ്ങിയത്. ഈ പുസ്തകങ്ങള്‍ കാണുമ്പോഴൊക്കെ എന്റെ മനസ്സില്‍ സ്റ്റാലിന്‍ തെളിഞ്ഞുവരും.അഡോള്‍ഫ് ഹിറ്റ്ലര്‍ പുസ്തകങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഒരുപക്ഷേ അദ്ദേഹം പുസ്തകങ്ങളെ ഭയപ്പെട്ടിരുന്നു. ഹിറ്റ്ലര്‍ എണ്ണമറ്റ ലൈബ്രറികള്‍ക്കും തീ വച്ചു. എത്രയോ പുസ്തകശാലകളിലെ എത്രയോ വിശിഷ്ട ഗ്രന്ഥങ്ങള്‍ അങ്ങനെ കത്തിനശിച്ചു. ജോസഫ് സ്റ്റാലിന്‍ റഷ്യയിലെ ഐതിഹാസിക മാനങ്ങളുള്ള കൃതികളെയും ആ കൃതികള്‍ക്ക് ജന്മം നല്‍കിയ എഴുത്തുകാരെയും ഉള്ളാലെ സ്നേഹിച്ചിരുന്നിരിക്കണം. അവരുടെ നോവലുകളും കഥകളും ലോകത്തെമ്പാടുമുള്ള ആളുകള്‍ വായിച്ചു കാണുവാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് റഷ്യന്‍ ക്ലാസിക്കുകളുടെ വിവര്‍ത്തനങ്ങള്‍ ലോകഭാഷകളില്‍ ഉണ്ടായതെന്നു പറയപ്പെടുന്നു.

ഡല്‍ഹിയിലെ പീപ്പിള്‍സ് പബ്ലിഷിങ് ഹൗസില്‍ (പിപിഎച്ച്) ചെന്നാണ് ഞാന്‍ അതുപോലുള്ള പുസ്തകങ്ങള്‍ ആര്‍ത്തിയോടെ കൈക്കലാക്കിയത്. കൊണാട്ട് പ്ലെയിസിലായിരുന്നു പിപിഎച്ച്. നാനൂറും അഞ്ഞൂറുമൊക്കെ പേജുകളുള്ള പുസ്തകങ്ങള്‍ക്ക് പത്തോ പതിനഞ്ചോ ഉറുപ്പിക മാത്രമേ വിലയുണ്ടായിരുന്നുള്ളൂ. റഷ്യന്‍ സാംസ്കാരിക കേന്ദ്രത്തില്‍ ജോലി ചെയ്തിരുന്ന രാജന്‍ കാക്കനാടന്‍ അത്തരം പുസ്തകങ്ങള്‍ സൗജന്യമായി എനിക്കു തരുമായിരുന്നു. അങ്ങനെ ക്രമേണ റഷ്യന്‍ സാഹിത്യത്തിന്റെ ഒരു കനപ്പെട്ട ശേഖരം എന്റെ കൈവശം ഉണ്ടായി. ഞാന്‍ ആവര്‍ത്തിച്ചു വായിച്ച റഷ്യന്‍ പുസ്തകങ്ങളാണ് ചെക്കോവിന്റെയും ടര്‍ജനീവിന്റെയും കഥകളും ഷോളക്കോവിന്റെ ഡോണ്‍ ശാന്തമായി ഒഴുകുന്നു എന്ന നോവലും. നല്ല കടലാസില്‍ മനോഹരമായി അച്ചടിച്ച ആ പുസ്തകങ്ങള്‍ കൈയിലെടുക്കുമ്പോള്‍ ഞാന്‍ അറിയാതെ സ്റ്റാലിനെ ഓര്‍ത്തുപോകും; കൃതജ്ഞയോടെ...അമൂല്യങ്ങളായ റഷ്യന്‍ ക്ലാസിക് കൃതികള്‍ ലോകത്തെമ്പാടുമുള്ള പുസ്തകപ്രേമികളുടെ കൈയിലെത്തിച്ചതിന്. ഇന്ന് എവിടെയെങ്കിലും അതുപോലുള്ള ഭരണാധികാരികളുണ്ടോ? അവരുടെ അലമാരകളില്‍ പുസ്തകങ്ങളുണ്ടോ? അല്ലെങ്കില്‍ ഇന്നെന്താണുള്ളത്? കാമവും മദ്യവും ധനാസക്തിയുമല്ലാതെ?

*
എം മുകുന്ദന്‍ ദേശാഭിമാനി വാരിക 08 ജനുവരി 2012

Sunday, April 17, 2011

തെരഞ്ഞെടുപ്പുകാലത്തെ ഏകാന്തത

ചില ചരിത്ര മുഹൂര്‍ത്തങ്ങള്‍ മൗനംനിറഞ്ഞ ഏകാന്തതയുടേതാണ്. നൂറുവര്‍ഷത്തെ ഏകാന്തതയെക്കുറിച്ച് ഗബ്രിയേല്‍ ഗര്‍സിയാ മാര്‍ക്കേസ് എഴുതിയിട്ടുണ്ടല്ലോ. കോളറക്കാലത്തെ പ്രണയത്തെക്കുറിച്ച് അദ്ദേഹം എഴുതിയ നോവല്‍ വായിച്ചപ്പോള്‍ എന്നെപ്പോലുള്ള ചില അനുവാചകരെങ്കിലും ഏകാകിതയാണ് അതിലും അനുഭവിച്ചറിഞ്ഞത്.

ഡല്‍ഹിയിലെ ദീര്‍ഘകാല വാസത്തിനിടയില്‍ നാലു യുദ്ധങ്ങളുടെ കെടുതികള്‍ക്ക് സാക്ഷ്യംവഹിക്കുവാന്‍ ഇടയായി. ആയിരത്തിത്തൊള്ളായിരത്തി അറുപത്തിരണ്ടിലെ ഇന്ത്യാ ചൈനാ യുദ്ധമായിരുന്നു ആദ്യത്തേത്. മൂന്നുകൊല്ലങ്ങള്‍ക്കുശേഷം പാകിസ്ഥാനുമായുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിരണ്ടില്‍ ബംഗ്ലാദേശിന്റെ പിറവിയില്‍ കലാശിച്ച മറ്റൊരു ഭീതിദമായ യുദ്ധംകൂടി പാകിസ്ഥാനുമായി നടന്നു. അവസാനമായി കണ്ടത് കാര്‍ഗില്‍ യുദ്ധവും.

കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യുവരിച്ച മലയാളിയായ യുവമേജര്‍ കിഴക്കന്‍ ഡല്‍ഹിയിലെ മയൂര്‍ വിഹാറില്‍ കലാവിഹാര്‍ അപ്പാര്‍ട്മെന്റിലാണ് താമസിച്ചിരുന്നത്. അക്കാലം ഞാനും അവിടെയായിരുന്നു പാര്‍ത്തിരുന്നത്. ദേശീയ പതാകയില്‍ കെട്ടിപ്പൊതിഞ്ഞ യുവമേജറുടെ മൃതദേഹം എന്റെ ജനലിന്റെ താഴെയായിരുന്നു പൊതുദര്‍ശനത്തിന് വെച്ചത്. എണ്ണമറ്റ ദേശസ്നേഹികള്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ അവിടെ വന്ന് ക്യൂ നിന്നു. അതു നോക്കിനിന്നപ്പോള്‍ അസഹനീയമായ ഏകാന്തതയാണ് ഞാനനുഭവിച്ചത്. ഏകാധിപതികളുടെ നിഷ്ഠുരമായ ഭരണം മാത്രമല്ല യുവസൈനികരുടെ ജീവിതം കവരുന്ന ദേശസ്നേഹവും നമ്മെ ഏകാകികളാക്കി മാറ്റുന്നുവെന്ന് അന്നാണ് ഞാനറിഞ്ഞത്.

നാല്‍പ്പത് വര്‍ഷത്തെ ഡല്‍ഹി ജീവിതത്തെക്കുറിച്ച് എന്നെങ്കിലും ഞാനൊരു നോവലെഴുതുകയാണെങ്കില്‍ അതിന് വളരെ ഉചിതമായ ശീര്‍ഷകം നാലുപതിറ്റാണ്ടുകളുടെ ഏകാന്തത എന്നതായിരിക്കും. പക്ഷേ നിര്‍ഭാഗ്യവശാല്‍ ആ തലക്കെട്ട് എന്റെ നോവലിനുവേണ്ടി ഉപയോഗിക്കാന്‍ കഴിയുകയില്ല. മാര്‍കേസിന്റെ പ്രസാധകന്‍ എന്നെ കോടതി കയറ്റിയെന്ന് വരാം. ഗര്‍സിയാ ഗബ്രിയേല്‍ മാര്‍ക്കേസ് മനുഷ്യരാശിക്ക് നല്‍കിയ ഏറ്റവും വലിയ സംഭാവനയാണ് ഏകാന്തത.

തുടര്‍ന്ന് ഒരിക്കല്‍ക്കൂടി ഡല്‍ഹി ജീവിതത്തില്‍ ഏകാകിതയുടെ വേദന അറിഞ്ഞത്, തെരഞ്ഞെടുപ്പ് കാലത്താണ്. എനിക്ക് വോട്ട് നാട്ടിലല്ല, ഡല്‍ഹിയിലായിരുന്നു. പല തെരഞ്ഞെടുപ്പുകളിലും ഞാനവിടെ വോട്ടുചെയ്തു. വോട്ടു ചെയ്യേണ്ടെന്ന് തീരുമാനിച്ച തെരഞ്ഞെടുപ്പുകളും ഉണ്ടായിരുന്നു. ഡല്‍ഹിയില്‍ നടന്ന ഓരോ തെരഞ്ഞെടുപ്പും വേദനാജനകമായിരുന്നു.

തെരഞ്ഞെടുപ്പുകള്‍ നമുക്ക് കാര്‍ണിവലുകളല്ലേ? അപ്പോള്‍ അതിലെന്ത് വേദന? അതിലെന്ത് ഏകാന്തത? സ്വാഭാവികമായും അങ്ങനെ ചോദിക്കുന്നവരുണ്ടാകാം. ദസറക്കാലത്ത് ആഘോഷത്തോടെ രാവണപ്രഭൃതികളുടെ കോലം കത്തിക്കാനായി ജനലക്ഷങ്ങള്‍ ഒത്തുചേരുന്ന രാം ലീലഗ്രൗണ്ടില്‍ രാഷ്ട്രീയപാര്‍ടികള്‍ തെരഞ്ഞെടുപ്പ് മീറ്റിങ്ങുകള്‍ നടത്തുമ്പോള്‍ ഞാനവിടെ പോകാറില്ലായിരുന്നു. കേരളത്തിലെന്നപോലെ എന്റെ മനസുണര്‍ത്തുവാനോ എന്റെ ചോര തിളപ്പിക്കുവാനോ ഡല്‍ഹിയിലെ പാര്‍ടിക്കാര്‍ക്കും അവരുടെ ആള്‍ക്കൂട്ടങ്ങള്‍ക്കും കഴിയുമായിരുന്നില്ല.

ചുവന്ന കൊടികളില്ലാത്ത തെരഞ്ഞെടുപ്പുകാലം ഡല്‍ഹിയില്‍ ചെന്നപ്പോള്‍ മാത്രമാണ് ഞാന്‍ കണ്ടത്. ജാഥകളുടെ മുമ്പില്‍ കണ്ടത് കാവിവസ്ത്രധാരികളെയും ഖദര്‍വേഷക്കാരെയുമായിരുന്നു. ശൂലങ്ങള്‍ കൈയിലേന്തിയ ജടധാരികള്‍ ഭിക്ഷ ചോദിക്കുന്നതിന്പകരം വോട്ടുചോദിക്കുന്നത് എനിക്കൊരു കൗതുകമായിരുന്നു. ഭിക്ഷപ്പാത്രങ്ങളില്‍ അരിയും നാണയങ്ങളുമല്ലാതെ വോട്ടിടുവാന്‍ മലയാളിയായ ഞാന്‍ ശീലിച്ചിട്ടില്ലായിരുന്നു. എന്നാല്‍ ആ കൗതുകത്തിനുള്ളില്‍ പ്രച്ഛന്നമായി കിടക്കുന്ന മഹാവിപത്തിനെ തിരിച്ചറിയുവാന്‍ ഏറെക്കാലം വേണ്ടിവന്നില്ല. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിലാണ് ധര്‍മസങ്കടം എന്ന പദത്തിന്റെ അര്‍ഥം നിഘണ്ടു നോക്കാതെതന്നെ മനസ്സിലായത്.

മുപ്പത്തിയഞ്ചുവര്‍ഷം മുമ്പ് നടന്ന തെരഞ്ഞെടുപ്പിന്റെ പൊള്ളുന്ന ഓര്‍മകള്‍ ഇപ്പോഴും മനസ്സിലുണ്ട്. എന്റെ നാട്ടുകാര്‍ക്ക് അവരുടെ നാട്ടില്‍ ഒരു കക്കയത്തിന് മാത്രമേ സാക്ഷ്യം വഹിക്കേണ്ടിവന്നിട്ടുള്ളൂ. എന്നാല്‍ ഡല്‍ഹിയിലെ ഓരോ മുക്കിലും മൂലയിലും കക്കയങ്ങള്‍ സംഭവിച്ചുകൊണ്ടിരുന്നു. രാജന്മാരും, വര്‍ഗീസുമാരും അവിടെയുണ്ടായിരുന്നു. ഓര്‍മകളെയും ചരിത്രത്തെയുംതന്നെ ഒരു കര്‍സര്‍ ചലനംകൊണ്ടെന്നപോലെ അനായാസം ഡിലീറ്റ് ചെയ്യുവാന്‍ ശ്രമംനടത്തിയ അടിയന്തരാവസ്ഥക്കാലത്തിന്റെ കാനേഷുമാരിയില്‍ ഉത്തരേന്ത്യന്‍ രാജന്മാരുടെയും വര്‍ഗീസുമാരുടെയും പേരുകള്‍ കാണില്ല. കേരളത്തിലെന്നപോലെ കുറ്റവാളികളെ നീതിപീഠത്തിന്റെ മുമ്പില്‍ കൊണ്ടുവന്നു നിര്‍ത്താനുള്ള ശുഷ്കാന്തിയോ ആര്‍ജവമോ ഡല്‍ഹി നിവാസികള്‍ക്കില്ലായിരുന്നു.

ഇടതുപക്ഷ പുരോഗമന ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയപാര്‍ടികളില്ലാത്ത ഡല്‍ഹിയിലെ എന്റെ നിയോജകമണ്ഡലത്തില്‍ ഓരോ തെരഞ്ഞെടുപ്പുകാലത്തും പൊട്ടിപ്പൊളിഞ്ഞ മുനിസിപ്പല്‍ സ്കൂളിന്റെ മുറ്റത്ത് കൊടും ശൈത്യത്തില്‍ കമ്പിളിക്കുപ്പായമിട്ട് വിറച്ചുകൊണ്ട് വോട്ടുചെയ്യാന്‍ ക്യൂവില്‍ നില്‍ക്കുമ്പോള്‍ ആ വിറയലുകള്‍ ദേഹത്തിലല്ല ആത്മാവിലാണ് ഞാന്‍ അറിഞ്ഞത്. തുടര്‍ന്ന് ആ വിറയലുകള്‍ മരവിപ്പായി പരിണമിക്കുന്നു. ആ അനുഭവം അതിന്റെ ഉച്ചസ്ഥായിയിലെത്തുന്നത് ക്യൂ നീങ്ങിനീങ്ങി ഞാന്‍ അവസാനം ബാലറ്റ് പെട്ടിയുടെ മുമ്പില്‍ എത്തുമ്പോഴാണ്. ഇതുവരെ മറ്റെന്തൊക്കെയോ ആയിരുന്ന ഞാന്‍ ആ നിമിഷം സമ്മതിദായകനായി മാറുകയാണ്.

പക്ഷേ ആര്‍ക്കാണ് ഞാന്‍ സമ്മതിദാനം നല്‍കേണ്ടത്? ഇക്കാലമത്രയും പ്രണയവും സൗന്ദര്യവും തൂവിയ, താമരക്കണ്ണുപോലുള്ള കാവ്യഭാവനയെ പ്രചോദിപ്പിച്ച ഒരു പൂവിന് വര്‍ഗീയതയുടെ കാവി നിറം നല്‍കിയവര്‍ക്കാണോ ഞാന്‍ വോട്ടുചെയ്യേണ്ടത്? ആ താമരയിലാണോ എണ്ണമറ്റ മനുഷ്യര്‍ ജീവത്യാഗം ചെയ്തു നേടിയ ജനാധിപത്യത്തിന്റെ സ്വാതന്ത്ര്യം എനിക്ക് നല്‍കിയ വിലപിടിച്ച അവകാശം ഞാന്‍ വോട്ടാക്കി മാറ്റി അടയാളപ്പെടുത്തേണ്ടത്? പട്ടിണിയും ദാരിദ്ര്യവുംകൊണ്ടു നരകിക്കുന്ന കോടാനുകോടി ജനങ്ങള്‍ക്ക് സാന്ത്വനം പകരേണ്ട കൈ ഏകാധിപത്യത്തിന്റെയും കരാളത്തത്തിന്റെയും ബിംബമാക്കിയവര്‍ക്കോ ഞാന്‍ വോട്ടു ചെയ്യണ്ടത്? തുര്‍ക്കുമാന്‍ ഗെയിറ്റിലെ പാവങ്ങളുടെ ആവാസ സ്ഥലങ്ങള്‍ നശിപ്പിച്ച് അവരെ തെരുവിലിറക്കുകയും പ്രതിഷേധിച്ചപ്പോള്‍ അവരുടെ നേരെ ബുള്‍ഡോസറുകള്‍ തിരിച്ചുവിടുകയും ചെയ്തവര്‍ക്കോ ഞാന്‍ വോട്ടുചെയ്യേണ്ടത്? ബാലറ്റ് പെട്ടിയുടെ മുമ്പില്‍ താമരയുടെയും കൈപ്പത്തിയുടെയും നടുവില്‍ സന്ദേഹിച്ചു നില്‍ക്കുമ്പോള്‍ നൂറുവര്‍ഷങ്ങളുടെയല്ല ആയിരം വര്‍ഷങ്ങളുടെ ഏകാന്തത ഞാനറിയുകയായിരുന്നു.

വോട്ടുചെയ്യാതെ, വിരല്‍ത്തുമ്പില്‍ വോട്ടു ചെയ്തതായി സാക്ഷ്യപ്പെടുത്തുന്ന മഷിയടയാളവുമായി ഞാന്‍ വീട്ടിലേക്ക് തിരിച്ചുപോന്നു. വോട്ടുണ്ട്. പക്ഷേ വോട്ടുചെയ്യുവാന്‍ പാര്‍ടിയില്ല എന്ന ആ അവസ്ഥ നല്‍കുന്നത് ഒരു വ്യര്‍ഥതാബോധമാണ്.

ഇപ്പോള്‍ ഞാന്‍ നാട്ടിലാണ്. ഇവിടെ ആര്‍ക്കും അങ്ങനെയൊരു സന്ത്രാസം വോട്ടുചെയ്യാന്‍ പോകുമ്പോള്‍ അനുഭവിക്കേണ്ടിവരില്ല. ഓരോ സമ്മതിദായകനും സ്വന്തം പാര്‍ടിയും ചിഹ്നവും വ്യക്തമായി അറിയാം. പെനാല്‍റ്റി കിക്ക് നേരിടുന്ന ഗോളിയുടെ ഏകാന്തത ഇവിടെ വോട്ടുചെയ്യാന്‍ പോകുമ്പോള്‍ ആരും അനുഭവിക്കാന്‍ പോകുന്നില്ല. വോട്ട് ഒരു വലിയ ആയുധമാണ്. സൃഷ്ടിക്കുവാനും സംഹരിക്കുവാനും അതിന് കഴിയും. ചരിത്രത്തിന്റെ ഗതി തിരിച്ചുവിടാന്‍ അതിന് കഴിയും. അതുകൊണ്ടുതന്നെ വോട്ടുചെയ്യുക എന്നത് വലിയൊരു ഉത്തരവാദിത്തമാണ്. ബാലറ്റ് ബോക്സിനു മുമ്പില്‍ ക്യൂ അവസാനിക്കുമ്പോള്‍ സമ്മതിദായകന് കൈത്തെറ്റ് പറ്റരുത്. ഒരിക്കല്‍ പറ്റിയാല്‍, അത് തിരുത്തുവാന്‍ അഞ്ചുവര്‍ഷം കാത്തുനില്‍ക്കേണ്ടിവരും. ചിലപ്പോള്‍ വീണ്ടും അതിനൊരു അവസരം കിട്ടിയില്ലെന്ന് വരാം.

ആര്‍ക്കു വോട്ടു ചെയ്യണം എന്ന് മലയാളിസമ്മതിദായകരോട് എഴുത്തുകാരന്‍ പറയേണ്ടതില്ല. അത് എഴുത്തുകാരന്‍ സാക്ഷാത്കരിക്കേണ്ട കര്‍ത്തവ്യങ്ങളുടെ പരിധിയില്‍ വരുന്നില്ല. സാക്ഷരതയില്ലാത്ത ദാരിദ്ര്യവും പട്ടിണിയുമായി കന്നുകാലികളുടേതിനേക്കാള്‍ അധമമായ ജീവിതം നയിക്കാന്‍ വിധിക്കപ്പെട്ട ഉത്തരേന്ത്യയിലെ സമ്മതിദായകരെപ്പോലെ അല്ല നമ്മള്‍ മലയാളികള്‍. ആര്‍ക്ക് വോട്ടുചെയ്യണം എന്ന് തീരുമാനിക്കാനുള്ള വിദ്യാഭ്യാസവും അറിവും പക്വതയും കേരളത്തിലെ സമ്മതിദായകര്‍ക്ക് ഇന്നുണ്ട്. അവര്‍ തങ്ങള്‍ക്ക് കൈത്തെറ്റു പറ്റുകയില്ലെന്ന് വരുന്ന തെരഞ്ഞെടുപ്പില്‍ ലോകത്തിന് കാണിച്ചുകൊടുക്കട്ടെ.

ഈ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുവാന്‍ പോകുന്നവരില്‍ വലിയൊരു ഭാഗം ഇരുപത്തിയഞ്ചു വയസ്സിന് താഴെയുള്ളവരാണ്. ഈ യുവാക്കളും യുവതികളും ഉന്നതവിദ്യാഭ്യാസം കൈവരിച്ച് ഐടിപോലുള്ള സാങ്കേതിക മേഖലകളിലും മറ്റും പ്രവര്‍ത്തിക്കുന്നവരാണ്. അമ്പത് വര്‍ഷം മുമ്പ് ജീവിതത്തെക്കുറിച്ച് നമ്മുടെ കര്‍ഷകരും തൊഴിലാളികളും കണ്ട സ്വപ്നങ്ങളല്ല അവര്‍ കാണുന്നത്. അരനൂറ്റാണ്ടിന് മുമ്പ് നമ്മള്‍ ജീവിച്ച ലോകത്തിലല്ല അവര്‍ ജീവിക്കുന്നത്. പുതിയ ലോകത്തിലെ പ്രജകളാണ് അവര്‍ എന്ന ഒറ്റ കാരണത്താല്‍ അവരെ നമുക്ക് അവഗണിക്കുവാന്‍ കഴിയുകയില്ല. ഈ നവയുവത്വമാണ് വരുംനാളുകളില്‍ ബാലറ്റ് പേപ്പറുകളിലൂടെ നമ്മുടെ നാടിന്റെ ഭാവി നിര്‍ണയിക്കുവാന്‍ പോകുന്നത്.... മാനവികതക്കും നൈതികതക്കും പരിക്കേല്‍പ്പിക്കാതെ നാടിനെ വികസനത്തിലൂടെ മുന്നോട്ടു കൊണ്ടുപോകുന്നവര്‍ക്കാണ് ഇനി സമ്മതിദായകര്‍ വോട്ടുനല്‍കുക. തെരുവ് മുദ്രാവാക്യങ്ങള്‍ അവരെ ആകര്‍ഷിക്കുമെന്ന് തോന്നുന്നില്ല. ആ കാലം കഴിഞ്ഞുപോയി. ഈ നവയാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയുവാന്‍ നാം ഇനിയുംവൈകുകയില്ലെന്ന് കരുതട്ടെ.


*****


എം മുകുന്ദന്‍, കടപ്പാട് :ദേശാഭിമാനി വാരിക

Monday, February 14, 2011

വടിയുടെ പ്രത്യയശാസ്ത്രം

ഒരു കാലത്ത് വടിയ്ക്ക് നമ്മുടെ നിത്യജീവിതത്തില്‍ ഒരുപാട് പ്രാധാന്യമുണ്ടായിരുന്നു.

വടിയില്ലാത്ത വീടുകള്‍ അപൂര്‍വമായിരുന്നു. പല വീടുകളുടെയും ഇറയത്ത് അച്ഛന്‍ ഒരു വടി തിരുകി വച്ചിട്ടുണ്ടാകും. എന്റെ വീടിന്റെ ഇറയത്തുമുണ്ടായിരുന്നു ഒരെണ്ണം. കുറുക്കുട്ടി മരത്തിന്റെ ഇല കളഞ്ഞ കമ്പായിരുന്നു അത്. നല്ല ഉറപ്പുണ്ടാകും അതിന്. വളച്ച് അമ്പുപോലെയാക്കിയാലും ഒടിയുകയില്ല. അയല്‍പക്കത്തെ പുരയിലും ഞാന്‍ ഒരു വടി കണ്ടിരുന്നു.

കുട്ടികളെ തല്ലി നേരെയാക്കുവാനാണ് ഈ വടികള്‍. വൈകുന്നേരം സ്കൂള്‍ വിട്ടുവരുമ്പോള്‍ ഷര്‍ട്ടിലോ ട്രൌസറിലോ മണ്ണ് പുരണ്ടിട്ടുണ്ടെങ്കില്‍ കിട്ടും കാലിനൊരു അടി. റൊട്ടിക്കഷ്ണം വെല്ലക്കാപ്പിയില്‍ മുക്കിത്തിന്ന് ഗ്ളാസില്‍ ബാക്കിയുള്ള കാപ്പി അണ്ണാക്കിലൊഴിച്ച് കളിക്കാന്‍ ഓടിപ്പോകും. ഇരുട്ടു വീഴുന്നതിനു മുമ്പ് വീട്ടില്‍ മടങ്ങിയെത്തിയില്ലെങ്കില്‍, ഇറയത്തെ വടികൊണ്ട് കിട്ടും കണങ്കാലിന് ഒരടി. വീട്ടില്‍നിന്ന് കിട്ടുന്ന പ്രഹരങ്ങള്‍ ഏറെയും കാലുകള്‍ക്കാണ്.

ഏഴോ എട്ടോ വയസ്സുള്ളപ്പോള്‍ ഒരിക്കല്‍ എനിക്ക് ഇരു കാലുകളിലും പൊതിരെ തല്ലുകിട്ടി. സ്കൂളിലെ സഹപാഠിയില്‍നിന്ന് കേട്ടുപഠിച്ച ഒരു വാക്ക് വീട്ടില്‍വച്ച് ഉച്ചത്തില്‍ പറഞ്ഞതിനായിരുന്നു ആ പ്രഹരം. ആ വാക്ക് കുട്ടികള്‍ എന്നല്ല മുതിര്‍ന്നവര്‍പോലും പറയാന്‍ പാടില്ലാത്തതായിരുന്നു. പക്ഷേ അന്ന് അതെനിക്ക് അറിയില്ലായിരുന്നു. അറിവില്ലായ്മക്ക് കിട്ടിയ ചുട്ട അടിയായിരുന്നു അത്. പത്തുപന്ത്രണ്ട് വയസ്സായപ്പോള്‍ മാത്രമേ ആ പദത്തിന്റെ അര്‍ഥം എനിക്ക് മനസ്സിലായുള്ളൂ. പെണ്ണിന്റെ ഒരു ശരീരഭാഗത്തെക്കുറിച്ചായിരുന്നു അത്.

അതിനുശേഷം ഞാന്‍ അര്‍ഥം അറിയാത്ത വാക്കുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തി. സ്നേഹം, കാരുണ്യം തുടങ്ങിയ പദങ്ങള്‍ ഇപ്പോള്‍ ഞാന്‍ തീരെ ഉപയോഗിക്കാറില്ല. കാരണം ആ വാക്കുകളുടെ അര്‍ഥം എനിക്കറിയില്ല.

പരമേശ്വര അയ്യര്‍ എന്ന ഒരു മാഷുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൈയില്‍ എപ്പോഴും വടിയുണ്ടാകും. കൈയില്‍ വടിയില്ലാതെ ഞാന്‍ അദ്ദേഹത്തെ സ്കൂളില്‍ കണ്ടിട്ടില്ല. പരമേശ്വര അയ്യര്‍ മാഷ് മറ്റു മാസ്റ്റര്‍മാരെപ്പോലെ വടി വീട്ടില്‍നിന്ന് കൊണ്ടുവരുന്നുതല്ല. അദ്ദേഹം കുട്ടികളോട് വടി കൊണ്ടുവരാന്‍ പറയും. മാഷ് പറയുന്നതല്ലേ? മാഷെ സന്തോഷിപ്പിക്കാന്‍ വേണ്ടി കുട്ടികള്‍ മത്സരിച്ച് വടികള്‍ കൊണ്ടുവരും. അങ്ങനെ എപ്പോഴും ക്ളാസില്‍ അഞ്ചും ആറും വടികള്‍ കാണാമായിരുന്നു. ഏതെങ്കിലും കുട്ടികളെ തല്ലണമെങ്കില്‍ ചുമരില്‍ ചാരിവച്ച വടികളില്‍നിന്ന് ശ്രദ്ധയോടെ ഒരെണ്ണം തെരഞ്ഞെടുക്കും. പരമേശ്വര അയ്യര്‍ മാഷ് എപ്പോഴും കുട്ടികളെ തല്ലിയത് ഉള്ളം കൈയിലാണ്. ഉള്ളം കൈയില്‍ അടിപ്പാടുകളില്ലാത്ത കുട്ടികള്‍ അന്ന് ഞങ്ങളുടെ ക്ളാസിലുണ്ടായിരുന്നില്ല.

കുട്ടികളെ തല്ലി നേരെയാക്കുക എന്ന രീതിയായിരുന്നു അന്നത്തെ നാടുനടപ്പ്. വീട്ടില്‍ അച്ഛനും അമ്മയും കുട്ടികളെ തല്ലും. സ്കൂളില്‍ അധ്യാപകരും തല്ലും. ഇടയ്ക്കിടെ ചുട്ട അടി കൊടുത്തില്ലെങ്കില്‍ കുട്ടികള്‍ ചീത്തയായിപ്പോകുമെന്ന് രക്ഷിതാക്കളും അധ്യാപകരും ആത്മാര്‍ഥമായി വിശ്വസിച്ചിരുന്നു.

'നിയ്യിങ്ങ് വാ. നിന്റെ ചന്തിക്ക് ഞാന്‍ നല്ല വീക്കു വച്ചുതരാം. കുറേ ദിവസായി നിനക്കെന്റെ കൈകൊണ്ട് വീക്ക് കിട്ടീട്ട്.

അമ്മമാര്‍ മക്കളോട് അങ്ങനെ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.

എന്റെ തലമുറയിലെ കുട്ടികള്‍ ചന്തിയിന്മേലും കൈകാലുകളിലും അച്ഛനമ്മമാരും അധ്യാപകരും ഏല്‍പ്പിച്ച അടിയുടെ പാടുകളുമായാണ് വളര്‍ന്നത്. ചൂരല്‍പ്രയോഗംകൊണ്ട് കുട്ടികളെ നേരെയാക്കിയെടുക്കാം എന്ന വിശ്വാസത്തിന്റെ ഫലമായിരുന്നു അത്.

എന്നിട്ട് ഞങ്ങളുടെ തലമുറ നേരെയായോ?

കുറേ പേര്‍ നക്സലൈറ്റുകളായി പൊലീസിന്റെ ചവിട്ടും കുത്തുംകൊണ്ട് ജയിലില്‍ കിടന്നു നശിച്ചു. ചിലര്‍ ചരസും കഞ്ചാവും വലിച്ചു നശിച്ചു. ചിലര്‍ ആത്മഹത്യചെയ്തു. ചിലര്‍ ഒന്നും ചെയ്യാതെ വെറുതെ നശിക്കുകയും ചെയ്തു.

അച്ഛനമ്മമാരും അധ്യാപകരും മാത്രമല്ല ചൂരല്‍പ്രയോഗം നടത്തിയത്. അക്കാലത്ത് സാഹിത്യവിമര്‍ശകരും കൈയില്‍ വടിയുമായി നടന്നിരുന്നു.എഴുത്തുകാരെ തല്ലി നേരെയാക്കാന്‍ കഴിയുമെന്ന് അവര്‍ ആത്മാര്‍ഥമായി വിശ്വസിച്ചിരുന്നു. അതിനുവേണ്ടി ശ്രമിക്കുകയും ചെയ്തിരുന്നു. വിമര്‍ശകരുടെ തല്ലുകൊള്ളാത്ത ഏത് എഴുത്തുകാരനുണ്ടായിരുന്നു?

കുട്ടിക്കാലത്ത് അച്ഛനമ്മമാരുയുെം അധ്യാപകരുടെയും കൈയിലെ വടിയെ പേടിച്ചതിലേറെ മുതിര്‍ന്ന് എഴുത്തുകാരനായപ്പോള്‍ ഞാന്‍ വിമര്‍ശകരുടെ കൈയിലെ ചൂരലിനെ പേടിച്ചിരുന്നു.

നമ്മുടെ ഇടയില്‍നിന്ന് യാത്രപറഞ്ഞുപോയവരെപ്പറ്റി കുറ്റം പറയരുതല്ലോ. എങ്കിലും ഒരുകാര്യം പറയാതിരിക്കാന്‍ വയ്യ. പ്രൊഫ. എം കൃഷ്ണന്‍ നായര്‍ സാറിനെ ആദ്യമായി തിരുവനന്തപുരത്തുവച്ച് കണ്ടപ്പോള്‍ ഞാന്‍ ഓര്‍ത്തത് കുട്ടിക്കാലത്തെ എന്റെ അധ്യാപകന്‍ പരമേശ്വര അയ്യരെയാണ്. കൃഷ്ണന്‍ നായര്‍ സാര്‍ കൈയില്‍ വടിയുമായി നടന്ന വിമര്‍ശകനായിരുന്നു. പരമേശ്വര അയ്യര്‍ എന്നെ തല്ലിയതിലേറെ കൃഷ്ണന്‍നായര്‍ സാര്‍ എന്നെ തല്ലിയിട്ടുണ്ട്. എം മുകുന്ദന്‍ എന്ന എഴുത്തുകാരന്റെ കൈകാലുകളില്‍ അതിന്റെ പാടുകള്‍ ഇപ്പോഴും കാണാം.

പരമേശ്വര അയ്യരുടെ അടികൊണ്ടു വളര്‍ന്നതു കൊണ്ടായിരിക്കാം എനിക്ക് ഫ്രഞ്ച് എംബസിയില്‍ ഉദ്യോഗം കിട്ടിയതും ഞാന്‍ സുഖസൌകര്യങ്ങളോടെ ജീവിച്ചുപോന്നതും . എനിക്ക് ഷെവലിയര്‍ ഓഫ് ആര്‍ട് ആന്‍ഡ് ലിറ്ററേച്ചര്‍ ബഹുമതി ലഭിച്ചതും. അതുപോലെ എം കൃഷ്ണന്‍നായരുടെ ചൂരല്‍ പ്രയോഗം സഹിച്ച് എഴുതിയതിനാലായിരിക്കാം എനിക്ക് സാഹിത്യ അക്കാദമി അവാര്‍ഡും വയലാര്‍ അവാര്‍ഡും കിട്ടിയതും.

പി കുഞ്ഞിരാമന്‍ നായരും ഉറൂബും ബഷീറുമാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാളി എഴുത്തുകാര്‍. അവരെ ഞാന്‍ ഓര്‍ക്കുന്നത് അവരുടെ കൈയിലെ പേനയുടെ രൂപത്തിലാണ്. പക്ഷേ കൃഷ്ണന്‍നായര്‍ സാറിനെക്കുറിച്ചുള്ള എന്റെ ഓര്‍മകള്‍ക്ക് വടിയുടെ ആകൃതിയാണ്. എഴുത്തുകാരെക്കുറിച്ചുള്ള ഓര്‍മകള്‍ പേനയുടെ മാത്രമല്ല ചൂരലിന്റെ ആകൃതിയിലും പ്രത്യക്ഷപ്പെടും എന്ന് എനിക്കങ്ങനെയാണ് മനസ്സിലായത്.

ഇപ്പോള്‍ കാലം മാറിയിരിക്കുന്നു. അധ്യാപകര്‍ ചൂരലുമായി സ്കൂളില്‍ പോകുന്ന സ്വഭാവം എന്നോ നിര്‍ത്തിയിരിക്കുന്നു. അഥവാ ക്ളാസില്‍ വടിയുണ്ടെങ്കില്‍ അതവര്‍ അവിടെ സൂക്ഷിക്കുന്നത് കാലഹരണപ്പെട്ട ഒരു സമ്പ്രദായം എന്ന നിലയിലാണ്.

സാഹിത്യ വിമര്‍ശകരോ?

സ്കൂള്‍ പഠിത്തം കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് അധ്യാപകരുടെ ചൂരല്‍ പ്രയോഗത്തില്‍നിന്ന് രക്ഷപ്പെടാം. എന്നാല്‍ എഴുത്തുകാര്‍ക്കോ? അവര്‍ എത്ര വളര്‍ന്നു വലുതായാലും അവര്‍ക്ക് വാര്‍ധക്യം വന്നാലും സാഹിത്യ വിമര്‍ശകരുടെ കൈയിലെ വടി അവരെ പിന്തുടര്‍ന്നുകൊണ്ടിരിക്കും. എഴുത്തുകാര്‍ മരിച്ചു മണ്ണടിഞ്ഞാലും അവര്‍ക്ക് വിമര്‍ശകരുടെ തല്ല് കൊള്ളേണ്ടിവരും. അത് എഴുത്തുകാരുടെ നിയോഗമാണ്. അതില്‍നിന്ന് തുഞ്ചത്തെഴുത്തച്ഛനുപോലും രക്ഷപ്പെടാന്‍ കഴിയില്ലെന്ന് അടുത്ത കാലത്ത് ഭാഷാപിതാവിനെതിരെയുണ്ടായ വിമര്‍ശനം സൂചിപ്പിക്കുന്നു.

അധ്യാപകര്‍ വടി ഉപേക്ഷിക്കുകയാണ്. വിമര്‍ശകര്‍ എപ്പോഴാണ് അവരുടെ കൈയിലെ വടി ഉപേക്ഷിക്കുക?

വടികളില്ലാത്ത പള്ളിക്കൂടങ്ങളും സാഹിത്യപ്പുരകളും നമുക്കുണ്ടാകണം. പക്ഷേ അതുകൊണ്ട് നമ്മള്‍ രക്ഷപ്പെടുമോ?

വടികള്‍ ഇല്ലാതെയാകുമ്പോള്‍ വടിവാളുകളും കൈബോംബുകളും ഉണ്ടാകുന്നു. അധ്യാപകര്‍ അവരുടെ വിദ്യാര്‍ഥികള്‍ ബുദ്ധിമാന്മാരും സല്‍സ്വഭാവികളുമായി വളര്‍ന്നു കാണുവാന്‍ വേണ്ടിയാണ് അവരെ തല്ലിയത്. സാഹിത്യകാരന്മാരെ അവരുടെ വഴിപിഴച്ച രഥ്യകളില്‍നിന്ന് നേരെ നടത്തിക്കുവാന്‍ വേണ്ടിയാണ് വിമര്‍ശകര്‍ അവരുടെ നേരെ ചൂരലോങ്ങുന്നത്. എന്നാല്‍ ആരെ നേരെ നടത്തിക്കാന്‍വേണ്ടിയാണ് വാളുകൊണ്ട് കൈ വെട്ടുന്നതും ബോംബെറിഞ്ഞു തല തകര്‍ക്കുന്നതും?

വടി വടിവാളാകുന്ന കാലത്താണ് നാമിപ്പോള്‍ ജീവിക്കുന്നത്.


*****

എം മുകുന്ദന്‍, കടപ്പാട് : ദേശാഭിമാനി വാരിക

Sunday, December 19, 2010

ദൈവം സ്നേഹിക്കുന്ന എഴുത്തുകാരന്‍

കുറച്ചു കാലം മുന്‍പാണ്.

ഒരു രാത്രി പത്രത്തിലെ സുഹൃത്ത് എന്നെ ദല്‍ഹിയിലേയ്‌ക്ക് വിളിച്ച് പറഞ്ഞു:

"കാക്കനാടനെപ്പറ്റി ഉടനെ എന്തെങ്കിലും എഴുതിത്തരണം. ഉടനെ വേണം.''

പെട്ടെന്ന് നിമിഷകവികളെപ്പോലെ എന്തെങ്കിലും എഴുതാന്‍ കഴിയുന്ന ആളല്ല ഞാന്‍. എനിക്ക് മൂഡും സമയവും വേണം. മൂഡില്ലെങ്കില്‍ എത്ര ശ്രമിച്ചാലും ഒന്നും പേനത്തുമ്പില്‍നിന്ന് ഇറ്റിവീഴില്ല. അതുകൊണ്ട് ഞാന്‍ പറഞ്ഞു:

"തീര്‍ച്ചയായും എഴുതാം. പക്ഷേ രണ്ടോ മൂന്നോ ദിവസം തരണം. ഇപ്പോഴെനിക്ക് ഒരു മൂഡുമില്ല.''

"മുകുന്ദന്‍ ഒന്നും അറിഞ്ഞില്ലെന്ന് തോന്നുന്നു. കാക്കനാടന്‍ വളരെ സീരിയസാണ്. ഇന്നു രാത്രിതന്നെ കഴിയും. നാളത്തെ പേപ്പറില്‍ മുകുന്ദന്റെ ഒരു ചെറിയ കുറിപ്പെങ്കിലും വേണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമാണ്; സഹകരിക്കണം.''

ഞാന്‍ എഴുതിയില്ല.

അതിനുശേഷം കാലം കുറേ കഴിഞ്ഞുപോയി. അടുത്ത കാലത്ത് കൊല്ലത്തുനിന്ന് മറ്റൊരു പത്രപ്രവര്‍ത്തക സുഹൃത്ത് വിളിച്ചു. ശബ്‌ദത്തില്‍ തിടുക്കമുണ്ട്. സുഹൃത്ത് പറഞ്ഞു: "കാക്കനാടന്‍ ലെയിക് ഷോറില്‍ ഐ.സി.യുവില്‍ കിടക്കുകയാണ്. ലിവര്‍ പകുതി മുറിച്ചുകളഞ്ഞു. രക്ഷപ്പെടില്ല. ഇന്നു രാത്രി കഴിയും. അതുകൊണ്ട് ഉടനെ ഒരു പീസ് എഴുതിത്തരണം. കാക്കനാടന്റെ ഏറ്റവും അടുത്ത സുഹൃത്താണല്ലോ നിങ്ങള്‍.''

ഞാന്‍ എഴുതിയില്ല.

ഇനിയും പത്രപ്രവര്‍ത്തക സുഹൃത്തുക്കള്‍ കൊല്ലത്തുനിന്നും കോട്ടയത്തുനിന്നും തിരുവനന്തപുരത്തുനിന്നുമൊക്കെ എന്നെ വിളിച്ച് കാക്കനാടന്‍ ആസന്നനിലയിലാണെന്നും ഞാന്‍ ഉടനെ ഒരു അനുസ്‌മരണം എഴുതിക്കൊടുക്കണമെന്നും ആവശ്യപ്പെട്ടേക്കാം. മൂഡുണ്ടെങ്കിലും ഇല്ലെങ്കിലും ഞാന്‍ എഴുതില്ല. എഴുതാന്‍ എനിക്ക് കഴിയില്ല.

അങ്ങനെയിരിക്കെ ഒരു ദിവസം അര്‍ധരാത്രി കണ്ണൂരില്‍നിന്ന് ഒരു പത്രപ്രവര്‍ത്തക സുഹൃത്ത് കാക്കനാടനെ കൊല്ലത്ത് വിളിച്ച് പറയും: "ബേബിച്ചായന്‍ അറിഞ്ഞില്ലേ? മ്മളെ മുകുന്ദന്‍ പരിയാരം മെഡിക്കല്‍ കോളെജില്‍ വെന്റിലേറ്ററില്‍ കിടക്കുകയാണ്. രക്ഷപ്പെടില്ല. ബേബിച്ചായന്‍ ഉടനെ മുകുന്ദനെക്കുറിച്ച് ഒരു അനുസ്‌മരണം എഴുതിത്തരണം. എഴുതാന്‍ വയ്യെങ്കില്‍ ഞങ്ങളുടെ കൊല്ലം ബ്യൂറോവില്‍നിന്നു റിപ്പോര്‍ട്ടറെ ഉടനെ വീട്ടിലോട്ട് അയയ്‌ക്കാം.''

കാക്കനാടന്‍ ഫോണിന്റെ വായിലേയ്‌ക്ക് പറഞ്ഞു:

"പോടാ! ഞാനും അവനും ഇപ്പോഴൊന്നും മരിക്കില്ല. പത്തിരുപത് കൊല്ലം കഴിഞ്ഞിട്ട് വാ. അനുസ്‌മരണം എഴുതിത്തരാം.''

ഇങ്ങനെയൊക്കെയല്ലേ മ്മളെ കാക്കനാടന്‍?

കാക്കനാടനെ മാറ്റാരിലും നമുക്ക് കാണാന്‍ കഴിയില്ല. കാരണം കാക്കനാടന്‍ ഒന്നേയുള്ളൂ. പ്രതിഫലനങ്ങളോ പ്രതിച്‌ഛായകളോ ഇല്ലാത്ത എഴുത്തുകാരനാണ് അത്. കാക്കനാടനെ അറിയണമെങ്കില്‍ കാക്കനാടനില്‍ തന്നെ നമ്മള്‍ നോക്കണം.

കാക്കനാടനെ ഞാന്‍ അറിയുന്നത് അറുപതുകളുടെ തുടക്കത്തില്‍ ദല്‍ഹിയില്‍ ലജ്‌പത് നഗറില്‍ വച്ചാണ്. അന്ന് കാക്കനാടന്‍ കഥകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഞാനും കഥകളെഴുതി പ്രസിദ്ധീകരിക്കുന്നുണ്ടായിരുന്നു. അത് സ്വപ്‌നത്തിലാണെന്നു മാത്രം. ഞാന്‍ ദല്‍ഹി ജീവിതം തുടങ്ങിയിട്ടേയുള്ളൂ.

അന്ന് ദല്‍ഹിയില്‍ ഒരുപാട് എഴുത്തുകാരുണ്ടായിരുന്നു. അവരെ മനസ്സിലാക്കുക എളുപ്പമായിരുന്നില്ല. ഒ. വി. വിജയന്‍ ആര്‍ക്കും പിടികൊടുക്കാതെ വഴുതിപ്പോകുന്ന അതിപ്രതിഭാശാലിയായ എഴുത്തുകാരനായിരുന്നു. വി. കെ. എന്നിനെയും എം. പി. നാരായണ പിള്ളയെയും എനിക്ക് പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്റെ അനുഭവദാരിദ്ര്യമോ അറിവില്ലായ്‌മയോ ആയിരിക്കാം കാരണം. പക്ഷേ കാക്കനാടനെ ആര്‍ക്കും - ഒരു കുഞ്ഞിനുപോലും - എളുപ്പം മനസ്സിലാക്കാന്‍ കഴിയും. കാക്കനാടനില്‍ മനസ്സിലാക്കാന്‍ സങ്കീര്‍ണമായി ഒന്നുമില്ല എന്നതാണ് സത്യം. ആ പരുക്കന്‍ രൂപത്തിനും ശബ്‌ദത്തിനും പിറകിലുള്ളത് നിഷ്‌കളങ്കനായ കുട്ടിയാണ്. കുട്ടികള്‍ക്ക് കലാപങ്ങള്‍ സൃഷ്‌ടിക്കാന്‍ കഴിയുമെന്ന് ഞാനറിഞ്ഞതും കാക്കനാടനില്‍ നിന്നാണ്.

കാപട്യങ്ങള്‍ അറിയാത്ത എഴുത്തുകാരനാണ് കാക്കനാടന്‍. കാക്കനാടന്റെ ഭാഷണങ്ങള്‍ പോലെ തന്നെ എഴുത്തും സുതാര്യമാണ്. ബേബിച്ചായന്റെ രചനകളില്‍ കലാപമുണ്ട്. ഈ വയലന്‍സ് ലോകവുമായി കാക്കനാടനു താദാത്മ്യം പ്രാപിക്കാന്‍ കഴിയാത്തതിന്റെ ഫലമായുണ്ടായതാണ്. തന്നെപ്പോലെ തന്നെ സമൂഹവും ആര്‍ദ്രമനസ്‌കരായിരിക്കണമെന്ന് കാക്കനാടന്‍ ആഗ്രഹിക്കുന്നു. തന്റെ പ്രതീക്ഷയ്‌ക്കു വിപരീതമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യമനസ്സ് ഈ എഴുത്തുകാരനെ പ്രകോപിക്കുന്നു. അദ്ദേഹത്തിലെ വയലന്‍സിന് തിരികൊളുത്തുന്നു. അമ്പ് നെഞ്ചില്‍ തറച്ചുവീണ ഒരു പക്ഷിയുടെ ചിറകുകളിലെ കലാപമായാണ് ഞാന്‍ കാക്കനാടന്റെ സാഹിത്യരചനകളെ തിരിച്ചറിഞ്ഞത്. കാക്കനാടന്റെ സാഹിത്യരചനകളില്‍ കാമമുണ്ട്. പക്ഷേ നിഷ്‌കാമമാണ് കാക്കനാടന്റെ സര്‍ഗാത്മകത. രതി ഒരു ആവിഷ്‌കാരഭാഷയാണ് കാക്കനാടന്. കാമത്തിനു വേണ്ടി കാമത്തെക്കുറിച്ച് കാക്കനാടന്‍ എഴുതിയിട്ടില്ല.

ഒരു ഇടതുപക്ഷ എഴുത്തുകാരന്‍ കൂടിയാണ് കാക്കനാടന്‍. കലഹിക്കുന്ന ഇടതുപക്ഷ എഴുത്തുകാരന്‍. മാനവികതയുടെയും സാമൂഹ്യബോധത്തിന്റെയും അടിയൊഴുക്കുകള്‍ കാക്കാനാടന്റെ രചനകളില്‍ കാണാം. സാമൂഹ്യ-രാഷ്‌ട്രീയ പ്രശ്‌നങ്ങളില്‍ വ്യക്തമായ നിലപാടുകള്‍ കാക്കനാടന്‍ എടുത്തുവരുന്നു. സൌഹൃദങ്ങളോ സ്ഥാനമാനങ്ങളോ അതിന് തടസ്സമാകാറില്ല. ഇടതുപക്ഷ സര്‍ക്കാര്‍ നിലവിലിരിക്കവേയാണ് കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്‌ടാംഗത്വം കാക്കനാടന് ലഭിക്കുന്നത്. അപ്പോഴും ഇടതുപക്ഷ അപചയങ്ങളെ വിമര്‍ശിക്കാന്‍ അദ്ദേഹം മടികാണിച്ചില്ല.

എനിക്ക് എന്നും ഒരു ജ്യേഷ്‌ഠസഹോദരന്റെ സ്‌നേഹവും വാല്‍സല്യവും കാക്കനാടന്‍ നല്‍കിയിട്ടുണ്ട്. പക്ഷേ അത് എന്നോടുള്ള വിയോജിപ്പുകള്‍ പ്രകടിപ്പിക്കുന്നതില്‍നിന്നും എന്നെ വിമര്‍ശിക്കുന്നതില്‍നിന്നും കാക്കനാടനെ പിന്തിരിപ്പിച്ചിട്ടില്ല. ഞാന്‍ ഒരിക്കലും എഴുതാന്‍ പാടില്ലാത്ത ഒരു കഥയായിരുന്നു 'ദിനോസറുകളുടെ കാലം' എന്ന് ബേബിച്ചായന്‍ എന്നോടു പറഞ്ഞതായി ഞാന്‍ ഓര്‍ക്കുന്നു.

അധികാരസ്ഥാനങ്ങളോ പദവികളോ ഈ എഴുത്തുകാരനെ ഒട്ടും മോഹിപ്പിക്കുന്നില്ല. സര്‍ക്കാര്‍ ഉദ്യോഗവും ജര്‍മനിയിലെ ഗവേഷണവുമെല്ലാം ഉപേക്ഷിച്ച മനുഷ്യനാണിത്. എന്നാല്‍ മറ്റുള്ളവരും തന്നെപ്പോലെയാകണമെന്ന് കാക്കനാടന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ സാഹിത്യ അക്കാദമി അധ്യക്ഷസ്ഥാനം സ്വീകരിച്ചപ്പോള്‍ അത് തെറ്റായ തീരുമാനമാണെന്ന് ഡോ. വി. രാജകൃഷ്‌ണനും ഡോ.പി. കെ. രാജശേഖരനും മറ്റു നിരവധി പേരും പറഞ്ഞു. ബേബിച്ചായന്‍ മാത്രം എന്നോടത് പറഞ്ഞില്ല.

സ്വന്തം കാഴ്‌ചപ്പാടുകള്‍ മാത്രമാണ് ശരിയെന്നും തന്റെ കണ്ണുകളിലൂടെ വേണം മറ്റുള്ളവരും ലോകത്തെ വീക്ഷിക്കേണ്ടതെന്നും ശഠിക്കുന്ന എഴുത്തുകാരാണ് നമ്മുടെ ചുറ്റുമുള്ളത്. കാക്കനാടന്‍ അവരില്‍ ഒരാളല്ല. ഭൂമി തനിക്കുവേണ്ടി തിരിയണമെന്ന് ആഗ്രഹിക്കാത്ത എഴുത്തുകാരനാണ് ബേബിച്ചായന്‍. എന്നാല്‍ ഭൂമി അപഥസഞ്ചാരം ചെയ്‌താല്‍ കാക്കനാടന്‍ ഒച്ചവയ്ക്കും. പ്രതിഷേധിക്കും. കലഹിക്കും.

എഴുത്തുകാര്‍ പല തരത്തിലുണ്ട്. ബുദ്ധിയും യുക്തിയും മാത്രമുപയോഗിച്ച് എഴുതുന്നവരുണ്ട്. അതു രണ്ടുമില്ലാതെ എഴുതുന്നവരുമുണ്ട്. കാക്കനാടന്റെ രചനകളില്‍ നിറഞ്ഞുകിടക്കുന്നത് ബുദ്ധിയോ യുക്തിയോ അല്ല. എന്നുവച്ച് ഇതു രണ്ടും ബേബിച്ചായന്റെ കഥകളിലും നോവലുകളിലും ഇല്ലെന്നല്ല പറയുന്നത്.

എന്നാല്‍ ഭാഷാസാഹിത്യത്തിന് കാക്കനാടന്‍ നല്‍കിയ സംഭാവനകള്‍ അദ്ദേഹത്തിന്റെ രചനകളിലെ ഈ തീവ്രമായ സര്‍ഗാത്മകത മാത്രമല്ല. നമ്മുടെ സംവേദനശീലങ്ങളെ കാക്കനാടന്‍ നിരന്തരം നവീകരിച്ചു. നമ്മുടെ കപടസദാചാരബോധത്തിനെതിരെ അക്ഷീണം കലഹിച്ചു. കഥയുടെ മാസ്‌മരികതയിലേയ്‌ക്കു നമ്മെ നയിച്ചു. ശ്രീചക്രവും സൂസഫ് സരായിയിലെ ചരസുവ്യാപരിയും നമ്മുടെ കഥാസങ്കല്‍പങ്ങളെ കീഴ്‌മേല്‍മറിച്ചു. 'ഏഴാം മുദ്ര' എന്ന നോവല്‍ വീര്‍പ്പുമുട്ടലോടെയാണ് ഞാന്‍ വായിച്ചത്. നമ്മുടെ ഭാഷയ്‌ക്ക് ഇത്രമാത്രം സംഹാരശക്തിയുണ്ടെന്ന് ഞാനറിഞ്ഞത് കാക്കനാടന്റെ കഥകളിലൂടെയും നോവലുകളിലൂടെയുമാണ്. 'ഉഷ്‌ണമേഖല'യില്‍ ഒരു പ്രവാചകവചനം പ്രച്‌ഛന്നമായി കിടപ്പുണ്ട്. പൊടിതട്ടി ഈ പുസ്‌തകം പുറത്തെടുത്ത് ഇപ്പോള്‍ നമ്മള്‍ വായിക്കണം. കാരണം അതെഴുതിയ കാലത്തെ പ്രസക്തി ഇപ്പോഴും ആ നോവലിനുണ്ട്.

സ്‌നേഹരഹിതമാണ് ഇന്ന് എഴുത്തുകാരുടെ ലോകം. നിരാര്‍ദ്രരാണ് ഇന്ന് നമ്മള്‍ എഴുത്തുകാര്‍. ഇതുപോലൊരു ലോകത്ത് ലാഭനഷ്‌ടങ്ങളുടെ കണക്കുകൂട്ടാതെ, ആരോടും അസൂയയോ മല്‍സരമോ ഇല്ലാതെ, എല്ലാവരെയും സ്‌നേഹിച്ച് തന്റെ അലങ്കോലപ്പെട്ട ചെറിയ ലോകത്തില്‍ ജീവിക്കുന്ന വലിയ എഴുത്തുകാരനാണ് കാക്കനാടന്‍. മുമ്പെന്നത്തേതിനെക്കാളും നമുക്ക് ഈ എഴുത്തുകാരനെയും അദ്ദേഹത്തിന്റെ കൃതികളെയും ഇന്ന് ആവശ്യമുണ്ട്.

രതിയും കലാപവും അവയുടെ ഏറ്റവും നൈസര്‍ഗികമായ ആവിഷ്‌കാരങ്ങളായാണ് കാക്കനാടന്റെ കൃതികളില്‍ പ്രത്യക്ഷപ്പെടുന്നത്. രതിയെ ഞെക്കിപ്പിഴിഞ്ഞ് എഴുത്തുകാര്‍ വാണിജ്യവല്‍ക്കരിക്കുന്ന ഇക്കാലത്ത് ഈ നൈസര്‍ഗികത നമ്മെ മോഹിപ്പിക്കുന്നു.

പ്രിയ പത്രപ്രവര്‍ത്തക സുഹൃത്തുക്കളെ, എന്നെക്കൊണ്ട് ബേബിച്ചായനെക്കുറിച്ച് അനുസ്‌മരണമെഴുതിക്കാന്‍ വരട്ടെ. അതിനുവേണ്ടി നിങ്ങള്‍ ഉടനെയൊന്നും എന്നെ വൃഥാ വിളിക്കരുത്. ദൈവം സ്‌നേഹിക്കുന്ന ഈ എഴുത്തുകാരന് ഇനിയും ഒരുപാട് എഴുതാവാനുണ്ട്. കാക്കനാടന്‍ തന്റെ തൂലികയുടെ മൂടി തുറന്നാല്‍ ഇപ്പോഴും അതില്‍നിന്നു പ്രവഹിക്കുന്നത് ശുദ്ധരചനകളാണ്. ആ രചനകള്‍ക്കായി കാത്തിരിക്കുന്ന എണ്ണമറ്റ വായനക്കാര്‍ നമ്മുടെ ഇടയില്‍ ഇന്നുമുണ്ട്.


*****

എം. മുകുന്ദന്‍

കടപ്പാട് : ഗ്രന്ഥാലോകം ഒക്‌ടോബര്‍ 2010

അധിക വായനയ്‌ക്ക് :

1.
ദൈവം സ്നേഹിക്കുന്ന എഴുത്തുകാരന്‍ എം മുകുന്ദൻ
2. അക്രമാസക്തമായ രചന കെ.പി. അപ്പന്‍
3. കാക്കനാടന്റെ വരവ് പ്രസന്നരാജന്‍
4. കാക്കനാടന്റെ ആഖ്യാനകല ഡോ:എസ്.എസ്. ശ്രീകുമാര്‍
5. പൂര്‍ണതതേടിയുള്ള പ്രയാണം കാക്കനാടനുമായുള്ള അഭിമുഖം
6. റെനിഗേഡിന്റെ ഗതികേടുകള്‍ ഡോ. സി. ഉണ്ണികൃഷ്‌ണന്‍
7. അക്ഷരങ്ങളിലെ ഏഴാംമുദ്ര വി. ബി. സി. നായര്‍
8. രതിയുടെ ആനന്ദലഹരി ഡോ. ഇ. ബാനര്‍ജി
9. കാക്കനാടന്‍ സാക്ഷ്യപ്പെടുത്തുന്നത്... ഡോ. ആര്‍.എസ്. രാജീവ്
10. ശ്രീചക്രം കാക്കനാടന്‍
11. പത്മവ്യൂഹത്തിലെ അഭിമന്യു ഡോ. എ. അഷ്റഫ്
12. ആധുനികതയിലെ വ്യവസ്ഥാപിത ജീവിതം വിജു നായരങ്ങാടി
13. കൊല്ലം പഠിപ്പിച്ചത് കാക്കനാടന്‍
14.
കാക്കനാടന്‍ - ജീവിതരേഖ