Showing posts with label രൂപയുടെ മൂല്യം. Show all posts
Showing posts with label രൂപയുടെ മൂല്യം. Show all posts

Friday, September 13, 2013

മൂല്യത്തകര്‍ച്ച എന്തുകൊണ്ട്?

വല്ലാത്തൊരു പതനത്തിലാണ് രാജ്യം എത്തിനില്‍ക്കുന്നത്. ആശങ്കയുടെയും അവിശ്വാസത്തിന്റെയും അന്തരീക്ഷമാണ് എങ്ങും. നാളെ എന്തും സംഭവിക്കുമെന്ന് പ്രവചിക്കാനാവാത്ത അവസ്ഥ. ദേശീയ വരുമാന വളര്‍ച്ച ഏറ്റവും താഴ്ന്ന നിരക്കിലെത്തി. നിക്ഷേപനിരക്ക്ഇടിഞ്ഞു. കാര്‍ഷിക-വ്യവസായ ഉല്‍പാദനം മന്ദീഭവിച്ചു. തൊഴിലില്ലായ്മ വര്‍ധിച്ചു. വിലക്കയറ്റം സര്‍വകാല റെക്കോര്‍ഡിലെത്തി. രൂപയുടെ വിനിമയമൂല്യം അനുദിനമെന്നോണം ഇടിയുന്നു. ഓഹരിവില സൂചിക തകരുന്നു. എണ്ണയുടെ ഇറക്കുമതിച്ചെലവ് വര്‍ധിക്കുന്നു.

ഇരുളടഞ്ഞ ചിത്രമാണ് ഇന്ത്യ കാഴ്ചവെക്കുന്നത്. വിദേശ മൂലധനനിക്ഷേപം സര്‍വരോഗ സംഹാരിയായി കണ്ട സര്‍ക്കാരിന് മിണ്ടാട്ടമില്ല. എന്തു ചെയ്യണമെന്നറിയാതെ സര്‍ക്കാര്‍ പകച്ചുനില്‍ക്കുന്നു. ഓഹരികമ്പോളത്തിലേക്ക് ഒഴുകിയെത്തിയ ധനമൂലധനം അതേ ഊക്കോടെ തിരിച്ചൊഴുകുന്നതിന് മൂകസാക്ഷിയാകാനേ സര്‍ക്കാരിനാകുന്നുള്ളു. റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍ സ്ഥിതിഗതിയില്‍ ഒരു മാറ്റവും വരുത്തുന്നില്ല. ചിദംബരത്തിന്റെയും രഘുറാം രാജന്റെയും കൗഷിക് ബസുവിന്റെയും ആശ്വാസവചനങ്ങള്‍ പാഴ്വാക്കുകളാകുന്നു. ക്ഷമയോടെ കാത്തിരിക്കാന്‍ ധനമന്ത്രി ചിദംബരം ആഹ്വാനം ചെയ്ത ജൂണ്‍ 22ന് രൂപയുടെ മൂല്യം 2.9 ശതമാനം ഇടിഞ്ഞു. ഓഹരിവില സൂചിക 590 പോയിന്റ് താഴ്ന്നു. സാമ്പത്തികസ്ഥിതി അനുദിനം വഷളാവുകയാണ്. ഡോളറുമായുള്ള രൂപയുടെ വിനിമയമൂല്യം തുടര്‍ച്ചയായി ഇടിയുകയാണ്. ജനുവരി ഒന്നിന് 55.75 രൂപയായിരുന്നു രൂപയുടെ മൂല്യം. ആഗസ്ത് 28ന് അത് 68.80 രൂപയായി കുറഞ്ഞു. 23.4 ശതമാനം ഇടിവാണിത്. രൂപയുടെ വിനിമയമൂല്യം പ്രതിദിനം കുറയുന്നു എന്നതുമാത്രമല്ല പ്രശ്നം. കൂടിയ നിരക്കില്‍ കുറയുന്നു എന്നതാണ് ഇപ്പോഴത്തെ സവിശേഷത. പ്രശ്നം വിശകലനം ചെയ്യുന്ന ചിലര്‍ രൂപയുടെ മൂല്യത്തകര്‍ച്ചയെ വെറുമൊരു ധനപ്രശ്നമായി, അല്ലെങ്കില്‍ പണത്തിന്റെ പ്രശ്നമായി കാണാനാണ് ശ്രമിക്കുന്നത്. ഈ സമീപനം അങ്ങേയറ്റം പരിഹാസ്യമാണ്.

ഡോളറിനു ആവശ്യം കൂടിയതുകൊണ്ട് രൂപയുടെ മൂല്യം കുറഞ്ഞു എന്നാണ് വാദം. ഒട്ടൊക്കെ മാധ്യമങ്ങളും ഈ സമീപനമാണ് അവലംബിക്കുന്നത്. പ്രശ്നത്തിന്റെ കാര്യകാരണങ്ങള്‍ സംബന്ധിച്ച അജ്ഞതയാവാം അതിനു കാരണം. അല്ലെങ്കില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ അകപ്പെട്ടിരിക്കുന്ന അപകടകരമായ അവസ്ഥയുടെ പ്രതിഫലനമാണ് രൂപയുടെ മൂല്യത്തകര്‍ച്ചയെന്ന വാസ്തവം അംഗീകരിക്കാനുള്ള വൈമനസ്യമാകാം. അതുമല്ലെങ്കില്‍ സാമ്രാജ്യത്വവുമായി ഇന്ത്യയെ അഭേദ്യമാംവിധം കൂട്ടിയിണക്കിയതാണ് പ്രശ്നത്തിന്റെ അടിസ്ഥാനമെന്ന യാഥാര്‍ഥ്യം ബോധ്യപ്പെടാത്തതുകൊണ്ടാവാം. രൂപയുടെ മൂല്യത്തകര്‍ച്ച രോഗമല്ല; രോഗലക്ഷണമാണ്. ഫലപ്രദമായ ചികിത്സയുടെ അഭാവത്തില്‍ സാമ്പത്തികശരീരമാകെ രോഗാതുരമാകുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. സാമ്പത്തിക പ്രശ്നമെന്ന നിലയ്ക്ക് പ്രശ്നത്തെ അതിന്റെ സമഗ്രതയില്‍ വിശകലനം ചെയ്യാനാകണം. അല്ലെങ്കില്‍ കുരുടന്മാര്‍ ആനയെ വര്‍ണിച്ചതുപോലെയാകും. സമ്പദ്ഘടനാ ബാഹ്യമായ കാരണങ്ങളാലാണ് രൂപയുടെ വിനിമയമൂല്യം ഇടിയുന്നതെന്ന വാദം പ്രധാനമന്ത്രിയും ധനമന്ത്രിയും ഉള്‍പ്പെടെ ഉയര്‍ത്തുന്നുണ്ടെങ്കിലും ആന്തരികമായ, സാമ്പത്തിക നയവുമായി ബന്ധപ്പെട്ട കാരണങ്ങളാലാണ് മൂല്യത്തകര്‍ച്ച സംഭവിക്കുന്നതെന്ന യാഥാര്‍ഥ്യത്തിന് ഇന്ന് പൊതുവെ അംഗീകാരം കൈവന്നിട്ടുണ്ട്. ആയതുകൊണ്ടുതന്നെ ഇന്ത്യ പിന്തുടരുന്ന സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ പാപ്പരത്തം പൊതുമണ്ഡലത്തിലെ പ്രധാന ചര്‍ച്ചാവിഷയമായി മാറിക്ക ഴിഞ്ഞു.

ദാരിദ്ര്യം പങ്കിടലല്ലല്ലോ വികസനം. അഭിവൃദ്ധിയുടെ പങ്കിടലാണ് വികസനം. എല്ലാവര്‍ക്കും സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ പങ്കാളിത്തമുണ്ടാകുമ്പോഴേ സാമ്പത്തികവികസനം അര്‍ത്ഥപൂര്‍ണമാകൂ. പക്ഷേ അതിന് ഉല്‍പാദനം വര്‍ധിക്കണം, നിക്ഷേപം വളരണം, സമ്പാദ്യം ഉയരണം, തൊഴിലവസരങ്ങള്‍ വര്‍ധിക്കണം,വരുമാനം ഉയരണം, ഉപഭോഗം വര്‍ധിക്കണം. ഈ അടിസ്ഥാന ഘടകങ്ങളെല്ലാം ഉള്‍ക്കൊള്ളുന്നതാണ് രാജ്യത്തിന്റെ ഉല്‍പാദനമേഖല. ഉല്‍പാദനമേഖല വികസിക്കണം. ഇതല്ല ഇന്ത്യയില്‍ സംഭവിക്കുന്നത്. ഉല്‍പാദനമേഖല സ്തംഭനാവസ്ഥയില്‍ തുടരുമ്പോഴും ധനമേഖല വളരുകയായിരുന്നു. ഉല്‍പാദന മേഖലയുമായി ബന്ധമില്ലാതെ, ഉല്‍പാദന മേഖക്കു മുകളില്‍ പ്രതിഷ്ഠിക്കപ്പെട്ടതുപോലെയാണ്, ധനമേഖല വികസിച്ചത്. ധനമേഖലയുടെ ഭാഗമാണ് ബാങ്കുകള്‍, നിക്ഷേപകസ്ഥാപനങ്ങള്‍, ഇന്‍ഷൂറന്‍സ് കമ്പനികള്‍, ഓഹരിവിപണികള്‍, ഹെഡ്ജ് ഫണ്ടുകള്‍, പെന്‍ഷന്‍ ഫണ്ടുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ തുടങ്ങി വിവിധതരം ധന സ്ഥാപനങ്ങളും അവ കൈകാര്യം ചെയ്യുന്ന ഓഹരികളും കടപ്പത്രങ്ങളും ഡെറിവേറ്റിവുകളും മറ്റും മറ്റും.

സാധാരണഗതിയില്‍ ഉല്‍പാദനം വളരുന്നതോടെയാണ് ബാങ്കുകളും ഇതര വാ യ്പാ സ്ഥാപനങ്ങളും വളരുന്നത്. മൂലധന സമാഹരണത്തില്‍ ഓഹരികളും കടപ്പത്രങ്ങളും വ്യാപകമാകുന്നതോടെയാണ് ഓഹരി വിപണി വികസിക്കുന്നത്. വീടുകള്‍ക്ക് ആവശ്യം വര്‍ധിക്കുമ്പോഴാണ് ഭവനവായ്പാ സ്ഥാപനങ്ങള്‍ ജന്മം കൊള്ളുന്നത്. ജനങ്ങളുടെ മിച്ച സമ്പാദ്യം ലാഭകരമായ നിക്ഷേപത്തിലേക്കു വഴിതിരിച്ചുവിടുന്നതിനാണ് മ്യൂച്വല്‍ ഫണ്ടുകള്‍ ഉണ്ടാകുന്നത്. ഉത്പാദനമേഖലയുടെ വികാസത്തിനൊപ്പം ധനമേഖല വളരും. അതാണ് ആരോഗ്യകരമായ രീതി. കടകവിരുദ്ധമായ സ്ഥിതിയാണ് ഇന്ത്യയില്‍. ഓഹരി വിപണി സജീവമാണ്. ഓഹരികളുടെയും കടപ്പത്രങ്ങളുടെയും ഡെറിവേറ്റിവുകളുടെയും ഊഹക്കച്ചവടം സമൃദ്ധമായി നടക്കുന്നു. ഉത്പാദനവുമായി അവയ്ക്ക് ബന്ധമില്ല. വ്യാപാരം സജീവമാണ്. പക്ഷേ, മുഖ്യം സാധനങ്ങളുടെയും കറന്‍സികളുടെയും അവധിവ്യാപാരമാണ്. അത് ഊഹക്കച്ചവടത്തിന്റെ മറ്റൊരു രംഗമാണ്. ധാരാളം ബാങ്കുകളും വായ്പാസ്ഥാപനങ്ങളുമുണ്ട്. പക്ഷേ, കാര്‍ഷിക-വ്യവസായിക വായ്പകളിലല്ല അവയുടെ ഇടപെടല്‍. മറിച്ച് റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിലും ഓഹരി നിക്ഷേപങ്ങളിലുമാണ്. ധനമേഖല, അനുപാത രഹിതമായി, ഉല്‍പാദനമേഖലയില്‍നിന്നും സ്വതന്ത്രമായി വളരാന്‍ തുടങ്ങിയത് നവഉദാരവല്‍ക്കരണം നടപ്പാക്കാന്‍ തുടങ്ങിയതുമുതലാണ്.

ഓഹരി വിപണിയിലേക്ക് വലിയ തോതില്‍ വിദേശ സ്ഥാപന നിക്ഷേപം ഒഴുകിയെത്തി. ഓഹരിവില സൂചിക ഉയര്‍ന്നു. അപ്പോഴും ഉല്‍പാദനമേഖലയിലെ അടിസ്ഥാനഘടകങ്ങള്‍ സ്തംഭനാവസ്ഥയില്‍ തുടര്‍ന്നു. ചില വര്‍ഷങ്ങളില്‍ ചില ഘടകങ്ങളിലുണ്ടായ വളര്‍ച്ച, വിദേശ മൂലധന നിക്ഷേപത്തിന്റെ സദ്ഫലമാണെന്നു വീമ്പിളക്കാന്‍ അധികാരികള്‍ മടിച്ചതുമില്ല. ദേശീയ വരുമാന വര്‍ധനയില്‍ ചില വര്‍ഷങ്ങളില്‍ കൈവരിച്ച നേട്ടം ചൂണ്ടിക്കാട്ടി ഇന്ത്യ ചൈനക്കൊപ്പമെത്തി എന്നു പ്രചരിപ്പിക്കാനും മടിച്ചില്ല. ദേശീയ വരുമാന വളര്‍ച്ചയാണ് സാമ്പത്തിക വികസനത്തിന്റെ അളവുകോല്‍ എന്നു ശഠിച്ചു. നീതിയുക്തമായ വിതരണവും ദാരിദ്ര്യനിര്‍മാര്‍ജനവും അജണ്ടയ്ക്കു പുറത്തായതില്‍ അധികാരികള്‍ ലജ്ജിച്ചതുമില്ല. ഇപ്പോഴിതാ ദേശീയവരുമാനം ഏറ്റവും താഴ്ന്ന നിലയിലെത്തി. ഊഹക്കച്ചവടത്തിലൂന്നിയ, സ്വതന്ത്രമായ ധനമേഖലക്ക് നീര്‍ക്കുമിളയുടെ ആയുസ്സേ ഉള്ളു എന്ന യാഥാര്‍ഥ്യം തിരിച്ചറിയപ്പെടാതെ പോയി. ധനമേഖലയും അതിന്റെ ചാലകശക്തിയായ ഊഹക്കച്ചവടവും ചരിത്രത്തിലെ ഏറ്റവും ഭീതിജനകമായ വെല്ലുവിളി നേരിടുകയാണ്.

ഒരു സാമ്പത്തിക സുനാമി തന്നെയാണ് ഇന്ത്യയില്‍ സംഭവിക്കുന്നത്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാന ഘടകങ്ങള്‍ ശക്തമാണെന്ന സ്ഥിരം പല്ലവി ഉരുവിടുവാന്‍ ഇന്നാരും ധൈര്യപ്പെടുന്നില്ല. കുറയുന്ന നിക്ഷേപവും ഇടിയുന്ന വളര്‍ച്ചാനിരക്കും രൂക്ഷമാകുന്ന തൊഴിലില്ലായ്മയും വിലക്ക യറ്റവും വ്യാപാരകമ്മിയും ധനകമ്മിയും ഓഹരി വിലത്തകര്‍ച്ചയും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ വര്‍ഷങ്ങള്‍ പിന്നോട്ടു നടക്കുന്നതിന്റെ സാക്ഷിപത്രങ്ങളാണ്. മുതലാളിത്തത്തിന്റെയും ഉയര്‍ന്ന ഘട്ടമായ സാമ്രാജ്യത്വത്തിന്റെയും സ്വഭാവവും പ്രവര്‍ത്തനരീതികളും അറിയുക ഇന്ത്യയുടെ സമകാലിക പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ ആവശ്യമാണ്. ആഗോള മൂലധനവുമായി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ അഭേദ്യമാം വിധം വിളക്കിച്ചേര്‍ത്തിരിക്കുകയാണെന്നും ആഗോള രംഗത്തുണ്ടാകുന്ന ഏതു ചലനവും ഇന്ത്യയിലും പ്രതിഫലനമുണ്ടാക്കുമെന്നും തിരിച്ചറിയേണ്ടതുണ്ട്. ലാഭമാണ് മുതലാളിത്തത്തിന്റെ പ്രചോദനം. ഉല്‍പാദനവും വില്‍പനയുമാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍. പ്രകൃതി വിഭവങ്ങളുടെമേല്‍ അധ്വാനശേഷി പ്രയോഗിച്ച് മനുഷ്യര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ നിര്‍മിക്കുകയാണ് ഉല്‍പാദന പ്രവര്‍ത്തനം.

 തൊഴിലാളികള്‍ സൃഷ്ടിക്കുന്ന ആകെ മൂല്യത്തില്‍ ചെറിയൊരു ഭാഗം കൂലിയായി നല്‍കി ശേഷിക്കുന്ന മിച്ചം കൈക്കലാക്കി മുതലാളിത്തം മൂലധനം വളര്‍ത്തി വികസിക്കുന്നു. മുതലാളിത്ത വികാസത്തിന്റെ ഏറ്റവും ഉയര്‍ന്ന ഘട്ടമാണ് സാമ്രാ ജ്യത്വം. സാമ്രാജ്യത്വമായി മാറിയതോടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുതിയ രൂപഭാവങ്ങള്‍ ആര്‍ജിച്ചു. ഉല്‍പാദന പ്രവര്‍ത്തനത്തേക്കാള്‍ പെട്ടെന്ന് ലാഭം കിട്ടുന്ന ഊഹക്കച്ചവടത്തിലായി താല്‍പര്യം. അന്യരാജ്യങ്ങളിലെയും സ്വ ന്തം രാജ്യത്തെയും തൊഴിലാളികളെ ചൂഷണം ചെയ്തു നേടിയ പണം ഓഹരികമ്പോളത്തിലെ ധനമൂലധനമായി നിക്ഷേപിക്കുന്ന രീതി ശക്തിപ്പെട്ടു. ഈ ശൈലി വികസിച്ചതോടെ ധനമേഖല വളര്‍ന്നു. ബാങ്കുകളും മറ്റു ധനഇടപാടു സ്ഥാപനങ്ങളും ധനഉപകരണങ്ങളും വര്‍ധിച്ചു. ഓഹരികമ്പോളം വികസിച്ചു. അവധി വ്യാപാരം വളര്‍ന്നു. ഓഹരികളുടെയും കടപ്പത്രങ്ങളുടെയും അടിസ്ഥാനത്തില്‍ പുതിയ ഓഹരികളും കടപ്പത്രങ്ങളും നിര്‍മിച്ചുള്ള ഡെറിവേറ്റീവ് വ്യാപാരം വികസിച്ചു. ഉല്‍പാദനത്തോടു ബന്ധപ്പെടാതെ ധനമേഖല മാനം മുട്ടെ വളര്‍ന്ന കാഴ്ചയാണ് അമേരിക്കയില്‍. ധനമേഖലയുടെ അതിരുവിട്ട വളര്‍ച്ച സാമ്പത്തിക പുരോഗതിയുടെ ചിഹ്നമായി വാഴ്ത്തപ്പെട്ടു.

ഒരു നീര്‍ക്കുമിളയായിരുന്നു വാഴ്ത്തപ്പെട്ട സാമ്പത്തികവളര്‍ച്ച എന്നു തിരിച്ചറിയാന്‍ അധികസമയം വേണ്ടി വന്നില്ല. നീര്‍ക്കുമിള പൊട്ടി. അമേരിക്ക സാമ്പത്തിക പ്രതിസന്ധിയുടെ ആഴങ്ങളില്‍ പതിച്ചു. പ്രതിസന്ധിയുടെ യാത്രാവഴികള്‍ മനസ്സിലാക്കുക എളുപ്പമാണ്. 1990-കളില്‍ അമേരിക്കയില്‍ വീടുകളുടെ നിര്‍മാണവും കൈമാറ്റവും നല്ല പുരോഗതി കൈവരിക്കാനിടയായി. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥതയും ക്രയവിക്രയവും മുന്നേറി. വീടുകള്‍ക്ക് ആവശ്യം വര്‍ധിച്ചതോടെ ബാങ്കുകള്‍ ധാരാളമായി വായ്പ നല്‍കാന്‍ തുടങ്ങി. അതനുസരിച്ച് വീടുകള്‍ക്ക് ആവശ്യവും വര്‍ധിച്ചു. വീടുകളുടെ വിലകളും ഉയര്‍ന്നു. ഉയര്‍ന്ന വിലയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വായ്പ ലഭിക്കുമെന്ന സ്ഥിതിയുണ്ടായി. വീടുകളുടെ പണയ ത്തില്‍ ബാങ്കുകള്‍ കയ്യയച്ചു വായ്പ നല്‍കി. ബാങ്കുകള്‍ വായ്പ യില്‍ കാര്യം ഒതുക്കിയില്ല. ലാഭമുണ്ടാക്കാനുള്ള വ്യഗ്രതയില്‍, വായ്പയുടെ അടിസ്ഥാനത്തില്‍ ഓഹരികള്‍ സൃഷ്ടിച്ചു. ഓഹരി കമ്പോളത്തില്‍ കമ്മീഷന്‍ അടിസ്ഥാനതില്‍ വിറ്റഴിച്ചു.

ഓഹരികള്‍ വാങ്ങിയ സ്ഥാപനങ്ങളാകട്ടെ, പ്രസ്തുത ഓഹരികളുടെ അടിസ്ഥാനത്തില്‍ പുതിയ ഓഹരികളുണ്ടാക്കി വിറ്റു. വായ്പകളുടെയും ഓഹരികളുടെയും അവയുടെ ഡെറിവേറ്റിവുകളുടെയും ഒരു കൂമ്പാരം തന്നെ ഉണ്ടായി. ഓഹരികമ്പോളം തിമിര്‍ത്താടി. ഓഹരി വില സൂചിക ഉയര്‍ന്നു. നിക്ഷേപക സ്ഥാപനങ്ങളും കോര്‍പറേറ്റ് മേധാവികളും കനത്ത ലാഭം നേടി. വാള്‍സ്ട്രീറ്റ് അമേരിക്കയുടെ മാത്രമല്ല ലോകത്തിന്റെയാകെ ധനകേന്ദ്രമായി മാറി. ലാഭം തരുന്ന ഓഹരികളേ വാങ്ങപ്പെടുകയുള്ളൂ. അവയേ വില്‍ക്കപ്പെടുകയുള്ളൂ. ഓഹരി പുറപ്പെടുവിച്ച സ്ഥാപനത്തിന്റെ സാമ്പത്തിക സുസ്ഥിരത പ്രധാന ഘടകമാണ്. എന്നാല്‍ അമേരിക്കയിലെ ഓഹരി കമ്പോളം വളര്‍ന്നതോടെ, സ്ഥാപനത്തിന്റെ സുസ്ഥിരതയും ലാഭസാധ്യതയും വിഗണിക്കപ്പെട്ടു. ഏതു ഓഹരിയും വിറ്റഴിക്കാമെന്ന സ്ഥിതി സംജാതമായി. ചെറുതും ദുര്‍ബലങ്ങളുമായ സ്ഥാപനങ്ങള്‍ ഓഹരികളും കടപ്പത്രങ്ങളും ഡെറിവേറ്റിവുകളും പുറപ്പെടുവിക്കാന്‍ തുടങ്ങി. സ്വാഭാവികമായും ഈ പ്രക്രിയ അധികനാള്‍ തുടരുക സാധ്യമായിരുന്നില്ല. സ്ഥാപനങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടാന്‍ തുടങ്ങിയപാടെ ഓഹരികള്‍ക്ക് ഡിമാന്റ് ചുരുങ്ങി.

എത്രയും പെട്ടെന്ന് കൈവശമുള്ള ഓഹരികള്‍ വിറ്റഴിക്കാന്‍ ഓഹരി ഉടമകള്‍ ധൃതി കൂട്ടി. ഒരു ധനകാര്യ സ്ഥാപനത്തിന്റെ ഓഹരി മറ്റൊരു സ്ഥാപനം വാങ്ങുക സാധാരണമാണ്. ആ സ്ഥാപനത്തിന്റെ ഓഹരികളോ കടപ്പത്രങ്ങളോ ഇനിയും മറ്റൊരു സ്ഥാപനം വാങ്ങും. ജര്‍മ്മന്‍ ഗവണ്‍മെന്റിന്റെ കടപ്പത്രം ബ്രിട്ടീഷ് ഗവണ്‍മെന്റ് വാങ്ങും. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റേത് ഫ്രഞ്ച് ഗവണ്‍മെന്റും. അതുപോലെ വിവിധ രാജ്യങ്ങളിലെ ധനകാര്യ സ്ഥാപനങ്ങളും പരസ്പരം ഓഹരികളും കടപ്പത്രങ്ങളും വാങ്ങിയിരിക്കും. അങ്ങനെ അങ്ങേയറ്റം കെട്ടുപിണഞ്ഞതും ദുരൂഹവുമായ ബന്ധമാണ് ധനമേഖലയിലുള്ളത്. എവിടെയെങ്കിലും ഇഴ പൊട്ടിയാല്‍ ആഗോളമായിത്തന്നെ ബാധിക്കും. പ്രതിസന്ധി ആഗോളമാകും. അമേരിക്കയില്‍ ഓഹരികമ്പോളം തകര്‍ന്നതോടെ, ബാങ്കുകളും തകര്‍ന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പലതും നിലംപൊത്തി. തകര്‍ച്ചക്ക് ആക്കം കൂട്ടിയ പ്രധാന ഘടകമായിരുന്നു വീടുകളുടെ ആവശ്യത്തിലുണ്ടായ ഇടിവ്. ആവശ്യം കുറഞ്ഞപ്പോള്‍ വീടുകളുടെ വിലയും കുറഞ്ഞു. വീടുകളുടെ പണയത്തില്‍ വായ്പ നല്‍കിയ ഭവനവായ്പാ സ്ഥാപനങ്ങള്‍ മുതലും പലിശയും വസൂലാക്കാന്‍ വീടുകള്‍ ഏറ്റെടുത്തു വില്‍ക്കാന്‍ തുടങ്ങി. പക്ഷേ, വായ്പത്തുക പോലും വസൂലാക്കാന്‍ കഴിഞ്ഞതുമില്ല. അത്രമേല്‍ വിലകള്‍ ഇടിഞ്ഞിരുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് തിരികൊളുത്തിയ ഭവനവായ്പാ പ്രതിസന്ധിയുടെ ഏകദേശ രൂപമാണിത്. സമാനമായ പ്രതിസന്ധിയാണ് ഇന്ത്യയിലും അരങ്ങേറുന്നത്. സാമ്രാജ്യത്വത്തെ അനുകരിച്ച് ഇന്ത്യ ധനമേഖലയുടെ കുതിപ്പില്‍ ഊന്നി എന്നു പറയുന്നത്് ദുര്‍ബലമായ പരാമര്‍ശമായിരിക്കും.

സാമ്രാജ്യത്വത്തിന്റെ താല്‍പര്യതിനു കീഴടങ്ങി ഇന്ത്യ മൂലധന വിപണി വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ക്ക് തുറന്നിട്ടു എന്നുപറയുന്നതാവും ശരി. ധനമൂലധനത്തിന്റെ അഥവാ, ഓഹരി മൂലധനത്തിന്റെ, സ്വതന്ത്രമായ പ്രവേശനത്തിനും തിരിച്ചൊഴുക്കിനും ഇന്ത്യ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടു. ആ പ്രക്രിയ ശക്തമായി തുടരുകയാണെന്നുമാത്രമല്ല മൂലധന നിയന്ത്രണം ഉണ്ടാവുകയില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കുകയും ചെയ്യുന്നു. 2013 ജൂണ്‍ വരെ 139.5 ശതകോടി ഡോളറിന്റെ വിദേശ ിഓഹരി നിക്ഷേപവും 31.7 ശതകോടി ഡോളറിന്റെ കടപ്പത്ര നിക്ഷേപവും നടത്തപ്പെട്ടു. അതില്‍ 60 ശതമാനം 2008നു ശേഷമാണ് എത്തിയത്. 2008-09 ലാണല്ലൊ ആഗോള സാമ്പത്തിക മാന്ദ്യം രൂക്ഷഭാവങ്ങള്‍ കൈവരിക്കുന്നത്. അമേരിക്ക ലാഭകരമായ നിക്ഷേപവിപണിയല്ലെന്ന തിരിച്ചറിവ് വന്‍തോതില്‍ ഇന്ത്യയിലേക്ക് ധനമൂലധനമൊഴുക്കുന്നതിന് പ്രേരണയായി. ലാഭകരമായ വിപണിയിലേക്ക് ഒഴുകുകയും നഷ്ടസാധ്യത കാണുന്ന മാത്രയില്‍ തിരിച്ചൊഴുകുകയുമാണ് ധനമൂലധനത്തിന്റെ സ്വഭാവം. പ്രതിസന്ധി ഒഴിവായ മുതലാളിത്തമില്ല. ഒരു പ്രതിസന്ധിയില്‍ നിന്ന് മറ്റൊന്നിലേക്കാണ് യാത്ര. പക്ഷേ, ഓരോ പ്രതിസന്ധിയില്‍ നിന്നും രക്ഷപ്പെടാനുള്ള കഴിവ് മുതലാളിത്തത്തിനുണ്ട്. 1930 കളിലെ മഹാമാന്ദ്യകാലത്തെന്നപോലെ "ന്യൂഡീല്‍" പ്രോഗ്രാം നടപ്പാക്കിയാകാം, അല്ലെങ്കില്‍ 2008-"09 കാലത്തെന്നപോലെ ഉത്തേജകപാക്കേജ് നടപ്പാക്കിയാകാം. നികുതി വെട്ടിക്കുറച്ചും പലിശനിരക്ക് താഴ്ത്തിയും കടപ്പത്രങ്ങള്‍ തിരിച്ചുവാങ്ങിയും നടപ്പാക്കിവരുന്ന ഉത്തേജക പാക്കേജ് മെല്ലെയെങ്കിലും ഫലം നല്‍കാന്‍ തുടങ്ങിയതിന്റെ സൂചനകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു.

വമ്പിച്ച ഉണര്‍വല്ല ദൃശ്യമാകുന്നത്. മറിച്ച് ചില സൂചനകള്‍ മാത്രം. ആ ഉണര്‍വ്വ് ശക്തപ്പെടുമോ എന്നത് ഇനിയും തെളിയിക്കപ്പെടേണ്ടതാണ്. ശക്തിപ്പെട്ടാലും അമേരിക്ക മറ്റൊരു പ്രതിസന്ധിയിലേക്കു കൂപ്പുകുത്തും. അതാണ് ചരിത്രാനുഭവം; മുതലാളിത്ത വികാസത്തെക്കുറിച്ചുള്ള ചരിത്രപരമായ വിശകലനം നല്‍കുന്ന പാഠം. ഫെഡറല്‍ റിസര്‍വ് സിസ്റ്റത്തിന്റെ ചെയര്‍മാന്‍ ബെന്‍ ബെര്‍ണാങ്കെ, ഉത്തേജക പാക്കേജുകള്‍ ഉപേക്ഷിച്ചേക്കുമെന്ന സൂചന നല്‍കിയത് ജൂണ്‍ ഒമ്പതിനാണ്. പ്രതീക്ഷിച്ച ഫലം അതു നല്‍കി. അമേരിക്കന്‍ നിക്ഷേപകരുടെയും ഊഹക്കച്ചവടക്കാരുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും ആത്മവിശ്വാസമുയര്‍ന്നു. അമേരിക്ക ലാഭകരമായ നിക്ഷേപവിപണിയാണെന്ന പ്രതീക്ഷ വളര്‍ന്നു. ഇന്ത്യയിലെ ഉള്‍പ്പെടെയുള്ള നിക്ഷേപങ്ങളുടെ തിരിച്ചൊഴുക്ക് ആരംഭിച്ചു. തിരിച്ചൊഴുക്ക് തുടരുകയാണ്. അത് ഡോളറിനുള്ള ആവശ്യമുയര്‍ത്തി. ഡോളറിന്റെ മൂല്യം ഉയര്‍ന്നു. രൂപയുടേത് കുറഞ്ഞു. 2013 ജൂണ്‍ - ജൂലൈ - ആഗസ്ത് മാസങ്ങളിലായി 8.7 ശതകോടി ഡോളറിന്റെ കടപ്പത്ര നിക്ഷേപങ്ങളും 3 ശതകോടി ഡോളറിന്റെ ഓഹരി നിക്ഷേപവും പിന്‍വലിക്കപ്പെട്ടു. നിക്ഷേപ പിന്‍മാറ്റം ഓഹരിവില സൂചിക ഇടിച്ചു. ഓഹരി നിക്ഷേപകര്‍ നേരിടുന്ന നഷ്ടം ഒരു വശം മാത്രമാണ്. പുതിയ ഓഹരികള്‍ പുറപ്പെടുവിച്ച് മൂലധന സമാഹരണം നടത്താനുള്ള സാധ്യത മങ്ങുന്നു എന്നതാണ് മറ്റൊരു പ്രധാന പ്രത്യാഘാതം. നിക്ഷേപം ഇടിയുകയാണ് അതിന്റെ തുടര്‍ച്ച.

മൂല്യത്തകര്‍ച്ച നേരിടുന്ന രൂപ യേക്കാള്‍ ഉറപ്പുള്ള സമ്പാദ്യമാണ് സ്വര്‍ണം. ഇറക്കുമതിക്കാരും വ്യാപാരികളും ഉപഭോക്താക്കളും സ്വര്‍ണത്തിന്റെ ആവശ്യക്കാരായി മാറുന്ന കാഴ്ചയാണ് നാം കാണുന്നത്. സ്വര്‍ണത്തിന്റെ ഇറക്കുമതിചുങ്കം പത്തുശതമാനമായി ഉയര്‍ത്തിയത് പക്ഷേ സ്വര്‍ണത്തിന്റെ ഡിമാന്റും വിലയും കാര്യമായി കുറച്ചിട്ടില്ല. ഉറപ്പുള്ള സമ്പാദ്യം മാത്രമല്ല സ്വര്‍ണം. സ്വര്‍ണം വന്‍തോതില്‍ അവധിവ്യാപാരത്തിനു ഉപയോഗിക്കുന്നുണ്ട്. അതും സ്വര്‍ണവില ഉയര്‍ത്തുന്നു. രൂപയുടെ മൂല്യം ഇടിക്കുന്നതില്‍ അവധിവ്യാപാരം പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇരുമ്പ്, ഉരുക്ക്, ചെമ്പ്, അലുമിനിയം, സ്വര്‍ണം, ക്രൂഡ് ഓയില്‍, പാം ഓയില്‍, നിരവധി കാര്‍ഷികോല്‍പന്നങ്ങള്‍ തുടങ്ങിയവയില്‍ അവധിവ്യാപാരമുണ്ട്. ഡോളര്‍, രൂപ, യൂറോ, യെന്‍, മാര്‍ക്ക് തുടങ്ങിയ പ്രമുഖ കറന്‍സികളിലും അവധിവ്യാപാരമുണ്ട്. ഡോളറിന്റെ അവധി വ്യാപാരം ഡോളറിന്റെ മൂല്യമുയര്‍ത്തുന്നു; രൂപയുടേത് താഴ്ത്തുന്നു. ഇന്ത്യയുടെ വിദേശ കടബാധ്യത വളരെ വലുതാണ്. 2013 മാര്‍ച്ച് അവസാനത്തെ കണ ക്കനുസരിച്ച് 39,000 കോടി ഡോളര്‍, അതില്‍ 12,090 കോടി ഡോളര്‍, അഥവാ, 31 ശതമാനം ഇന്ത്യയിലെ കോര്‍പറേറ്റ് സ്ഥാപന ങ്ങള്‍ വരുത്തിയ കടമാണ്.

നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും ഉപഭോഗം വര്‍ധിപ്പിക്കുന്നതിനുമായി അമേരിക്കന്‍ ബാങ്കുകള്‍ വായ്പയുടെ പലിശനിരക്ക് ഏതാണ്ട് പൂജ്യത്തോളം താഴ്ത്തിയിരിക്കുകയാണ്. ഇന്ത്യ യില്‍ അതല്ല സ്ഥിതി. ഇവിടെ പലിശനിരക്ക് കൂടുതലാണ്. പലിശനിരക്ക് കുറച്ചാല്‍ പണ ത്തിന്റെ ലഭ്യത കൂടുകയും വിലക്കയറ്റം മൂര്‍ച്ഛിക്കുകയും ചെയ്യുമെന്നുള്ളതിനാല്‍ റിസര്‍വ്വ് ബാങ്ക് പലിശനിരക്ക് ഉയര്‍ത്തിനിര്‍ത്തുന്നു. റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ ഡി സുബ്ബറാവുവും ധനകാര്യമന്ത്രി പി ചിദംബരവും പരസ്പ രം കോര്‍ക്കുന്നത് പലിശനിരക്കിന്റെ കാര്യത്തിലാണ്. പലിശനിരക്ക് കുറച്ച് വന്‍കിടക്കാരുടെ കൈകളില്‍ കൂടുതല്‍ പണമെത്തിച്ച് നിക്ഷേപം വര്‍ധിപ്പിക്കണ മെന്നാണ് ചിദംബരത്തിന്റെ സമീപനം. തത്ഫലമായുണ്ടാകുന്ന വിലക്കയറ്റം ചിദംബരത്തെ അലോസരപ്പെടുത്തുന്നില്ല.

വളര്‍ച്ചയും വിലക്കയറ്റവും ഒരേ ദിശയിലാണ് നീങ്ങുക. റിസര്‍വ് ബാങ്ക് വഴങ്ങുന്നില്ലെങ്കില്‍, ഗവണ്‍മെന്റ് അതിന്റെ വഴി നോക്കുമെന്നു ചിദംബരം ഭീഷണി മുഴക്കിയതു അടുത്ത കാലത്താണ്. മുഖത്തടിച്ചതുപോലെ സുബ്ബറാവു മറുപടി നല്‍കുകയും ചെയ്തു. ഏതായാലും കുറഞ്ഞ പലിശക്ക് ഡോളര്‍ വായ്പയെടുക്കാനുള്ള അവസരം കോര്‍പറേറ്റ് മേഖല പാഴാക്കിയില്ല. അവര്‍ വാങ്ങിയ കടം ഡോളറില്‍ തിരിച്ചടയ്ക്കണം. ഡോളറിനുള്ള ഡിമാന്റ് ഉയര്‍ത്തുന്ന ഒരു ഘടകമാണിത്. വിദേശ കടത്തില്‍ 9670 കോടി ഡോളര്‍, അഥവാ 25 ശതമാനം ഒരു വര്‍ഷത്തിനകം മുതലും പലിശയും കൊടുത്തുതീര്‍ക്കേണ്ട ഹ്രസ്വകാല വായ്പകളാണ്. റിസര്‍വ്വ് ബാങ്കിന്റെ കൈവശമുള്ള 25,843 കോടി ഡോളറിന്റെ വിദേശ കറന്‍സി ശേഖരത്തിന്റെ 38 ശതമാനമാണ് ഹ്രസ്വകാല വായ്പകള്‍. അത്രയും തിരിച്ചടച്ചു കഴിഞ്ഞാല്‍ വിദേശ കറന്‍സിശേഖരം ശുഷ്ക മാവും.

വിപണിയില്‍ ഇടപെട്ട് രൂപയുടെ തകര്‍ച്ച നിയന്ത്രിക്കാനുള്ള കഴിവ് ചുരുങ്ങുകയും ചെയ്യും. പ്രതിവര്‍ഷം 9000 കോടി ഡോളറിന്റെ വ്യാപാരകമ്മിയാണ് രാജ്യം നേരിടുന്നത്. ഇറക്കുമതി ചെലവിനേക്കാള്‍ കയറ്റുമതി വരുമാനം കുറഞ്ഞിരിക്കുമ്പോള്‍ കടം വാങ്ങിയാണ് കമ്മി നികത്തുക. ഇറക്കുമതി ഉയരുന്തോറും വ്യാപാരകമ്മി കൂടും. വ്യാപാരകമ്മി ചുരുങ്ങണമെങ്കില്‍ കയറ്റുമതി വര്‍ധിക്കണം. എന്നാല്‍ ഇന്ത്യയുടെ കയറ്റുമതി വര്‍ധിക്കുന്നില്ല. അമേരിക്കയിലേക്കും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്കുമാണ് ഇന്ത്യ പ്രധാനമായും കയറ്റുമതി നടത്തുന്നത്. ആ രാജ്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയുടെ നടുക്കയത്തിലാണ്.

നിക്ഷേപവും തൊഴിലവസരങ്ങളും ഉല്‍പാദനവും വളര്‍ത്തി പ്രതിസന്ധിയില്‍നിന്ന് കരകയറാനുള്ള ശ്രമത്തിലാണവ. മറ്റു രാജ്യങ്ങളില്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കാനാണ് അവ വ്യഗ്രതപ്പെടുന്നത്. അതിന്റെ ഭാഗമാണ് ചില്ലറവ്യാപാരരംഗത്ത് വിദേശ മൂലധന നിക്ഷേപത്തിനായി സമ്മര്‍ദം ചെലുത്തി ഇന്ത്യാ ഗവണ്‍മെന്റിന്റെ അംഗീകാരം നേടിയെടുത്തത്. അത് പക്ഷേ ഒരു ഉദാഹരണം മാത്രം. സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന രാജ്യങ്ങളിലേക്ക് കയറ്റുമതി വര്‍ധിപ്പിക്കുക പ്രയാസകരമാണ്. അതുകൊണ്ട് ഇന്ത്യയുടെ കയറ്റുമതി മന്ദീഭവിക്കുന്നു. ഇറക്കുമതിയാകട്ടെ ക്രമാതീതമായി വര്‍ധിക്കുകയും. ഇറക്കുമതി നിയന്ത്രണങ്ങള്‍ ഉദാരമാക്കിയതാണ് കാരണം. നവഉദാരവല്‍ക്കരണത്തിന്റെ ഭാഗമായി ഇറക്കുമതിചുങ്കം വെട്ടിക്കുറച്ചു. അളവുപരമായ നിയന്ത്രണങ്ങള്‍ ഒഴിവാക്കി. വ്യാപാരകരാറുകള്‍ ഉണ്ടാക്കി. ഇവയുടെയെല്ലാം ഫലമായി രാജ്യത്തേക്കുള്ള ഇറക്കുമതി വര്‍ധിച്ചു. വ്യാപാരകമ്മി നികത്താന്‍ വിദേശവായ്പകള്‍ വാങ്ങുകയും ചെയ്യുന്നു. ഡോളറായോ മറ്റു കറന്‍സികളായോ തിരിച്ചടയ്ക്കാനുള്ള ബാധ്യതയും കൂടുന്നു.

വ്യാപാരകമ്മിയും ധനകമ്മിയും രൂപയുടെ മൂല്യത്തകര്‍ച്ചയും തമ്മില്‍ നേരിട്ടു ബന്ധമുണ്ട്. വ്യാപാരകമ്മി വര്‍ധിക്കുമ്പോള്‍ കമ്മി നികത്താന്‍ കൂടുതല്‍ ഡോളര്‍ വേണ്ടിവരും. അഥവാ, രൂപ നല്‍കി ഡോളര്‍ സമാഹരിക്കണം. അല്ലെങ്കില്‍ കയറ്റുമതി വര്‍ധിപ്പിക്കണം. രൂപയുടെ മൂല്യം കുറയുമ്പോള്‍ കൂടുതല്‍ രൂപ കൊടുത്ത് ഡോളര്‍ വാങ്ങേണ്ടി വരും. അതിന് ആഭ്യന്തര വായ്പയിലൂടെ കൂടുതല്‍ രൂപ സര്‍ക്കാര്‍ സമാഹരിക്കണം. വായ്പാവര്‍ധന ധനകമ്മി ഉയര്‍ത്തും. സാമ്രാജ്യത്വ രാജ്യങ്ങളും അവയുടെ ചട്ടുകങ്ങളായ റേറ്റിങ് ഏജന്‍സികളും ആശങ്കയോടെ കാണുന്ന രണ്ട് പ്രശ്നങ്ങളാണ് വ്യാപാരകമ്മിയും ധനകമ്മിയും. രണ്ടും ഉയരുമ്പോള്‍ ഇന്ത്യയുടെ റേറ്റിങ് താഴ്ത്തുകയും ഇന്ത്യ നിക്ഷേപ സാധ്യതയുള്ള രാജ്യങ്ങളുടെ പിന്നണിയിലേക്ക് തഴയപ്പെടുകയും ചെയ്യും. സാമ്പത്തിക വിദഗ്ധന്‍ കൂടിയായ പ്രധാനമന്ത്രി ഏറെ നാളത്തെ മൗനത്തിനുശേഷമാണ്.

കടുത്ത നിര്‍ബന്ധത്തിനു വഴങ്ങി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയത്. മല എലിയെ പ്രസവിച്ചതുപോലെയായി അത്. മൂന്നു നിര്‍ദേശങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ടു വെച്ചത്. എണ്ണയുടെ ഉപയോഗം കുറയ്ക്കണം. സ്വര്‍ണത്തിന്റെ ഉപയോഗം പരിമിതപ്പെടുത്തണം. കയറ്റുമതി വര്‍ധിപ്പിക്കണം. ഇന്ത്യന്‍ പ്രസിഡണ്ടിന്റെയും പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിമാരുടെയും മറ്റു മന്ത്രിമാരുടെയും അകമ്പടി വാഹനങ്ങളുടെ എണ്ണം മൂന്നിലൊന്നായി കുറച്ച് മാതൃക കാട്ടുകയാണ് ആദ്യം വേണ്ടത്. എണ്ണയുടെ ഉപയോഗം അങ്ങനെ കുറയ്ക്കാം. സ്വര്‍ണത്തിന്റെ അവധി വ്യാപാരം നിരോധിച്ചാല്‍ സ്വര്‍ണത്തിന്റെ ആവശ്യവും വിലയും കുറയും. കയറ്റുമതി വര്‍ധിക്കാന്‍ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് അയവുവരാന്‍ കാത്തിരിക്കുകയേ നിവര്‍ത്തിയുള്ളൂ. ഏതായാലും അനുഭവങ്ങളില്‍നിന്ന് മന്‍മോഹന്‍സിങ് പാഠം പഠിച്ചില്ലെന്നു വ്യക്തം. ധനമൂലധനത്തിന്റെ പ്രവേശവും തിരിച്ചൊഴുക്കുമാണ് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് മുഖ്യകാരണമെന്നി രിക്കെ മൂലധനത്തിന്മേല്‍ ഒരുവിധ നിയന്ത്രണവും ചെലുത്തുകയില്ലെന്നു ശഠിക്കുമ്പോള്‍ മറ്റെന്താണ് മനസ്സിലാക്കേണ്ടത്?

*
പ്രൊഫ. കെ എന്‍ ഗംഗാധരന്‍ ദേശാഭിമാനി വാരിക 15 സെപ്തംബര്‍ 2013

രൂപയുടെ മൂല്യത്തകര്‍ച്ചയും ഇന്ത്യന്‍ സമ്പദ്ഘടനയും

1991 ജൂലൈ ഒന്നാമത്തെ ആഴ്ച അമേരിക്കന്‍ ഡോളറിനെ അപേക്ഷിച്ച് ഇന്ത്യന്‍ രൂപയുടെ വിനിമയനിരക്ക് സര്‍ക്കാര്‍ രണ്ട് തവണ വെട്ടിക്കുറച്ചു. 1991 മെയ് ഒന്നിന് 20.85 രൂപയായിരുന്നു ഡോളറിനെങ്കില്‍, ജൂലൈ ഒന്നിന് 23.04 രൂപയും ജൂലൈ 3ന് 25.92 രൂപയുമായി. അതുമായി ബന്ധപ്പെട്ട് 1991 ജൂലൈ അവസാനം "ദേശാഭിമാനി" പത്രത്തില്‍, ഈ ലേഖകന്‍ എഴുതിയ ലേഖനം ഉപസംഹരിച്ചത് ഇങ്ങനെയായിരുന്നു. ""ബഹുഭൂരിഭാഗം വരുന്ന സാധാരണ ജനങ്ങളെ അവഗണിക്കുന്നതും ഒരു ന്യൂനപക്ഷത്തെ സംരക്ഷിക്കുന്നതുമായ ഇന്ത്യന്‍ ഭരണകൂടത്തിന്റെ സാമ്പത്തിക വികസന നയങ്ങളുടെ അനിവാര്യമായ തകര്‍ച്ചയാണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതോടൊപ്പം ഇന്ത്യയടക്കമുള്ള മൂന്നാംലോക രാജ്യങ്ങളിലെ സമ്പത്ത് ഊറ്റിയെടുക്കാനും വിപണന സാധ്യതകള്‍ ചൂഷണം ചെയ്യാനും സാമ്രാജ്യത്വ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്ന നിരന്തരമായ ശ്രമത്തിന്റെ വിജയവുമാണ് ഈ നീക്കങ്ങള്‍. നിര്‍ഭാഗ്യവശാല്‍ ഇന്ത്യ ഒരു കെണിയില്‍ പെട്ടിരിക്കയാണ്. നമ്മുടെ ജനാധിപത്യവും സ്വാശ്രയത്വവും കൂടുതല്‍ കൂടുതല്‍ അടിമപ്പെട്ടു വരികയാണ്. വമ്പിച്ചൊരു ജനകീയ മുന്നേറ്റത്തിലൂടെ മാത്രമേ, ഈ അവസ്ഥക്ക് മാറ്റം വരുത്താനും ഇന്ത്യയെ രക്ഷിക്കാനും കഴിയൂ"".

22 വര്‍ഷത്തിനുശേഷം തിരിഞ്ഞുനോക്കുമ്പോഴത്തെ അവസ്ഥയെന്താണ്? ഇന്ത്യ സാമ്പത്തികമായി ഏറെ വളര്‍ന്നിരിക്കുന്നു. ആധുനിക സാങ്കേതിക വിദ്യകള്‍ അരങ്ങ് തകര്‍ക്കുന്നു. എല്ലാ കാര്യവും ഓഹരി വിപണിയെ അടിസ്ഥാനമാക്കി നിര്‍ണയിക്കുന്നു. എല്ലാ നേട്ടങ്ങളും സ്വകാര്യ കോര്‍പറേറ്റുകളും വിദേശ കമ്പനികളും വീതിച്ചെടുക്കുന്നു. വിപണന സാധ്യതകള്‍ ചൂഷണം ചെയ്യാനായി ഇക്കൂട്ടര്‍ നടത്തിയ ശ്രമങ്ങളെല്ലാം വന്‍വിജയത്തിലാണ്. 1991 നവലിബറല്‍ പരിഷ്കാരങ്ങളുടെ തുടക്കമായിരുന്നു. പുതിയൊരു സര്‍ക്കാരിന്റെ അരങ്ങേറ്റവുമായിരുന്നു. 1991ല്‍ ഒരുഭാഗത്ത് ഇറക്കുമതി ഉദാരവല്‍ക്കരിക്കാനുള്ള നിയമങ്ങള്‍ ഉണ്ടാക്കി. മറുഭാഗത്ത്, ഇറക്കുമതിയെ നിയന്ത്രിക്കാന്‍ രൂപയുടെ അവമൂലനം (Devaluation) നടത്തി. ഇത്തരം വിരുദ്ധ നിലപാടുകള്‍ കുറേക്കാലം തുടര്‍ന്നു. പിന്നീടത് രൂപയുടെ മൂല്യത്തകര്‍ച്ച (Depreciation)) ക്കുതന്നെ ഇടയാക്കി. (സര്‍ക്കാരും കേന്ദ്രബാങ്കും തീരുമാനിച്ച് രൂപയുടെ മൂല്യം ബോധപൂര്‍വം കുറയ്ക്കുന്നതാണ് അവമൂലനം (Devaluation) എന്നാല്‍, കമ്പോളശക്തികളുടെ സ്വാധീനത്തിനനുസരിച്ച് ഡോളര്‍ വില കൂടുമ്പോഴാണ് രൂപയുടെ മൂല്യത്തകര്‍ച്ച ഉണ്ടാകുന്നത്). ഇതിന്റെയെല്ലാം ഫലമായി, ഇപ്പോള്‍ ഇറക്കുമതിയും രൂപയുടെ മൂല്യത്തകര്‍ച്ചയും രണ്ടും നിയന്ത്രിക്കാന്‍ കഴിയാതായിരിക്കുന്നു. 1991 ജനുവരിയില്‍ ഒരു ഡോളറിന് 17.50 രൂപ എന്നത് ഇതെഴുതുമ്പോള്‍ (ആഗസ്ത് 28ന്) 68.80 രൂപയെന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് എത്തിയിരിക്കുകയാണ്. കറന്റ് എക്കൗണ്ട് കമ്മിയാകട്ടെ, എണ്ണായിരത്തിലധികം കോടി ഡോളറായിരിക്കുന്നു.

രൂപയുടെ മൂല്യത്തകര്‍ച്ച എന്നാല്‍ എന്ത്? ക്രയവിക്രയം ചെയ്യുന്ന എല്ലാ വസ്തുക്കളുടെയും മൂല്യം കണക്കാക്കുന്നത് പണത്തിലാണ്. പ ണത്തില്‍ കണക്കാക്കുന്ന മൂല്യമാണ് വില. പണത്തില്‍ മൂല്യം കണക്കാക്കുന്ന വ്യവസ്ഥയാണ് പണവ്യവസ്ഥ (Monetary System). ഇന്ത്യയിലെ പണം രൂപയാണ്. അമേരിക്കയില്‍ ഡോളറും ഇംഗ്ലണ്ടില്‍ പൗണ്ടും റഷ്യയില്‍ റൂബിളും ആണ്. വസ്തുക്കളുടെ മൂല്യം കണക്കാക്കുന്നത് പണത്തിലാണെങ്കില്‍ പണത്തിന്റെ മൂല്യം കാണക്കാക്കുന്നത് എന്തിലാണ്. പണത്തിന്റെ മൂല്യത്തെയാണ് വിനിമയനിരക്ക് (Exchange Rate) എന്നുപറയുന്നത്. ഇത് രണ്ട് തരത്തിലുണ്ട് - ആഭ്യന്തരവും വിദേശീയവും (Internal and External rate of exchange). ആഭ്യന്തര വിനിമയനിരക്ക് രാജ്യത്തെ പൊതുവിലനിലവാരത്തെ അടിസ്ഥാനമാക്കിയാണ് നിര്‍ണയിക്കുന്നത്. വിദേശ വിനിമയനിരക്ക് മറ്റ് രാജ്യങ്ങളില്‍ കറന്‍സിയുമായി ബന്ധപ്പെടുത്തിയാണ്. ഇരുരാജ്യങ്ങള്‍ക്കും സ്വീകാര്യമായ സ്വര്‍ണം പോലുള്ള വസ്തുക്കളുടെ അളവിനനുസരിച്ചായിരുന്നു ഇത്. ഇത്തരം നിരക്കുകള്‍ നിര്‍ണയിക്കുന്നതില്‍ നേരത്തെ സര്‍ക്കാരിന് നിയന്ത്രണമുണ്ടായിരുന്നു. സര്‍ക്കാരും കേന്ദ്രബാങ്കും ചേര്‍ന്നാണ് കാര്യങ്ങള്‍ തീരുമാനിച്ചത്. കമ്പോളമുണ്ടെങ്കിലും സര്‍ക്കാരിന് അതിലും നിയന്ത്രണമുണ്ടായിരുന്നു. ഇന്ന് കാര്യങ്ങള്‍ മാറിയിരിക്കുന്നു. എല്ലാം തീരുമാനിക്കുന്നത് കമ്പോളമാണ്. 1991 മുതല്‍ നടപ്പാക്കിവരുന്ന നവലിബറല്‍ പരിഷ്കാരങ്ങളുടെ സ്വാഭാവിക പരിണതിയാണ് ഈ മാറ്റം. നവലിബറല്‍ പരിഷ്കാരങ്ങളുടെ ഭാഗമായി മുതലാളിത്ത രാജ്യങ്ങള്‍ ആവശ്യപ്പെടുന്ന സൗകര്യങ്ങള്‍ അതേപടി ചെയ്തുകൊടുക്കുകയായിരുന്നു ഇന്ത്യ.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി, മാറിമാറിവന്ന സര്‍ക്കാരുകളുടെ മുഖ്യ അജണ്ടയും അതായിരുന്നു. ആഗോളവല്‍ക്കരണം, ഉദാരവല്‍ക്കരണം, സ്വകാര്യവല്‍ക്കരണം എന്നിങ്ങനെയൊക്കെയാണ് ഈ പ്രവര്‍ത്തനങ്ങള്‍ അറിയപ്പെട്ടത്.

അല്‍പ്പം ചരിത്രം

1980 കളില്‍ ശക്തിപ്പെട്ടുവന്ന നവലിബറല്‍ പരിഷ്കാരങ്ങള്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ പുതിയൊരു രാഷ്ട്രീയതലം കൈവരിക്കുകയായിരുന്നു. ലോകബാങ്ക്, നാണയനിധി ((IMF))എന്നിവയെക്കൂടി ഉപയോഗപ്പെടുത്തി സാമ്രാജ്യത്വ രാജ്യങ്ങള്‍ അവയുടെ താല്‍പര്യങ്ങള്‍ വളരെവേഗം നടപ്പാക്കുകയാണ് ചെയ്തത്. ഏതാണ്ട് ഇതേകാലത്ത് തന്നെ അമേരിക്കയില്‍ ഡോട്കോം ബൂം (Dot Com Boom), ഹൗസിങ്ങ് ബൂം (Housing Boom) തുടങ്ങിയ പേരില്‍ അറിയപ്പെടുന്ന സാമ്പത്തിക മുന്നേറ്റങ്ങളും അരങ്ങേറി. അവിടെ കുമിഞ്ഞുകൂടിയ പണം ചെലവാക്കാനായി ലോകരാജ്യങ്ങളിലെ സാമ്പത്തിക ധനകാര്യ നിയന്ത്രണങ്ങള്‍ ഒഴിവാക്കിക്കാനുള്ള ശ്രമങ്ങളുണ്ടായി. അതാണ് ധനകാര്യ ഉദാരവല്‍ക്കരണമായി (Fiscal Liberalisation) നമ്മുടെ നാട്ടില്‍ നടപ്പാക്കിയത്.

ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ പലതരം മാറ്റങ്ങള്‍ വരുത്തി. ഇറക്കുമതി ചുങ്കം വെട്ടിക്കുറച്ചു. ഓഹരികമ്പോളത്തിലും മൂലധന കമ്പോളത്തിലുമെല്ലാം വിദേശികള്‍ക്ക് വേണ്ട മാറ്റങ്ങള്‍ വരുത്തി. ഇന്ത്യന്‍ കമ്പനികള്‍ക്ക് വിദേശത്തുനിന്ന് വാങ്ങാവുന്ന ഹ്രസ്വകാല വാണിജ്യ വായ്പകളുടെ പരിധി ഉയര്‍ത്തി, നിയന്ത്രണങ്ങള്‍ നീക്കി. തുടര്‍ന്ന്, വന്‍കിടക്കാരൊക്കെ വിദേശപ്പണം വാങ്ങിത്തുടങ്ങി. ഇക്കാലത്ത് ഇന്ത്യയില്‍ വിദേശപ്പണശേഖരത്തിലും സാമ്പത്തിക വളര്‍ച്ചയിലും ഓഹരി സൂചികകളിലുമെല്ലാം വര്‍ധനവുണ്ടായി. ഇതില്‍ പലരും ഊറ്റം കൊണ്ടു. ഇതൊക്കെ നവലിബറല്‍ പരിഷ്കാരങ്ങളുടെ വിജയമാണെന്ന് പ്രചരിപ്പിച്ചു. അവശേഷിക്കുന്ന രംഗങ്ങളിലേക്കും പുത്തന്‍ നയങ്ങള്‍ എത്തിക്കാനുള്ള തിടുക്കമായി. എല്ലാം താല്‍ക്കാലികമാണെന്നും അടിത്തറ ഇല്ലാത്തതാണെന്നും ഡോളര്‍ എപ്പോള്‍ വേണമെങ്കിലും തിരിച്ചുപോകുമെന്നും പറഞ്ഞതൊക്കെ അധികാരികള്‍ അവഗണിച്ചു. 1991 കളുടെ തുടക്കത്തില്‍ സമ്പത്തുല്‍പ്പാദനരംഗത്ത് തുടക്കം കുറിച്ച പരിഷ്കാരങ്ങള്‍ ആ ദശകത്തിന്റെ അവസാനത്തോടെ ധനകാര്യ രംഗത്തേക്കും പിന്നീട് സാമൂഹ്യസുരക്ഷാ (പെന്‍ഷന്‍, റേഷന്‍, സബ്സിഡി എന്നിങ്ങനെ) രംഗത്തേക്കും ചേക്കേറി. ഈ നടപടികളെല്ലാം സാധാരണ ജനങ്ങളുടെ ജീവിതത്തിന് വിനയായിത്തീര്‍ന്നു. വിലക്കയറ്റമായിരുന്നു പ്രധാന പ്രശ്നം. എന്നാല്‍, 2008ല്‍ ശക്തിപ്പെട്ട ലോകസാമ്പത്തിക പ്രതിസന്ധിയോടെ, അമേരിക്കയടക്കം എല്ലാ മുതലാളിത്ത രാജ്യങ്ങളിലും പ്രശ്നങ്ങള്‍ കൂടിവന്നു. ഇന്ത്യയില്‍ ഇത് വിവിധ രീതിയില്‍ ജനജീവിതത്തെ സ്വാധീനിച്ചു. അതിന്റെ ഭാഗമായുണ്ടായതും ഇപ്പോള്‍ രൂക്ഷമായതുമായ പ്രതിസന്ധിയാണ് രൂപയുടെ മൂല്യത്തകര്‍ച്ച.

ഇതിനര്‍ഥം രൂപയുടെ മൂല്യത്തകര്‍ച്ച പെട്ടെന്നുണ്ടായതാണെന്നല്ല. അത് കൂടിവരികയും ഈയിടെയായി രൂക്ഷമാവുകയുമായിരുന്നു. ഇതിന് ദേശീയവും വൈദേശികവുമായ കാരണങ്ങളുണ്ടെങ്കിലും അടിസ്ഥാനം അമേരിക്കയുമായി കൂടിച്ചേര്‍ന്നുകൊണ്ടുള്ള ഇന്ത്യയുടെ നിലപാടുകളാണ്. ആദ്യം നമുക്ക് തദ്ദേശീയ പശ്ചാത്തലം പരിശോധിക്കാം. ദേശീയ സ്ഥിതി "ഒരു ഡോളറിന് വേണ്ടി എന്തും ആവാം" (Anything for a Dollar) എന്ന നയമാണ് നവലിബറല്‍ പരിഷ്കാരങ്ങളുടെ ഭാഗമായി ഇന്ത്യയില്‍ തുടര്‍ന്നുവന്നത്. ഇതിനായി രൂപ അവമൂലനം (Devaluation) ചെയ്തു. വിദേശപ്പണം ഊഹക്കച്ചവടമായും, വാണിജ്യവായ്പകളായും മൂലധനമായുമെല്ലാം കടന്ന് വരുന്നതിനുവേണ്ട സൗകര്യങ്ങള്‍ ചെയ്തു. വന്ന വിദേശപ്പണത്തില്‍ നല്ലൊരു ഭാഗം (ഏതാണ്ട് 48%) ഊഹക്കച്ചവടരംഗത്തെ വിദേശസ്ഥാപന നിക്ഷേപ (Foreign Institutional Investment)) ങ്ങളായിരുന്നു. കയറ്റുമതിയാകട്ടെ, വലിയ തോതില്‍ വര്‍ധിച്ചില്ല. വര്‍ധിച്ച കയറ്റുമതി തന്നെ പലതും ഇറക്കുമതി ബന്ധിതമായിരുന്നു. കയറ്റുമതിയില്‍ മറ്റൊരു ഭാഗം അസംസ്കൃത പദാര്‍ഥങ്ങള്‍ ആയിരുന്നു. ഇതിന്റെയെല്ലാം ഫലമായി വ്യാവസായിക ഉല്‍പ്പാദനം ഗണ്യമായിക്കുറഞ്ഞു. ആര്‍ക്കും എന്തും ഇറക്കുമതി ചെയ്യാമെന്നായതോടെ, ഇറക്കുമതി പിന്നെയും വര്‍ധിച്ചു. പണക്കാര്‍ അവരുടെ ആഡംബര ജീവിതത്തിന് വേണ്ടതെല്ലാം ഇറക്കുമതി ചെയ്തു. അളവുപരമായ നിയന്ത്രണങ്ങള്‍ (Quantitative Restrictions) ഒഴിവാക്കി.

ഇറക്കുമതി ചുങ്കം വെട്ടിക്കുറച്ചു. ഇതും തദ്ദേശീയ വ്യവസായങ്ങള്‍ക്ക് വിനയായി. പൊതുമേഖലയെ പാടെ അവഗണിച്ചു. 1991ല്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ ആരംഭിക്കുമ്പോള്‍ അന്നത്തെ വിദേശകടത്തില്‍ 58% വും ഔദ്യോഗികവും ദീര്‍ഘകാലത്തേക്കുള്ളതുമായിരുന്നു. എന്നാല്‍ 2013ല്‍ ഇത്തരം വായ്പകള്‍ 21% ആയി ചുരുങ്ങി. അതേസമയം സ്വകാര്യ കമ്പനികളുടെ വിദേശ വാണിജ്യവായ്പ ഇക്കാലയളവില്‍ 12% ല്‍നിന്ന് 31% ആയി ഉയര്‍ന്നു. അതായത് സര്‍ക്കാരിന്റെ വായ്പ കൂടിയതല്ല, മറിച്ച് സ്വകാര്യമേഖലയെയും സ്വകാര്യകമ്പോളത്തേയും വഴിവിട്ട് സഹായിച്ചതായിരുന്നു പ്രധാന പ്രശ്നം. ഇന്ത്യയിലെ പ്രധാനപ്പെട്ട 10 കോര്‍പറേറ്റ് ഗ്രൂപ്പുകളുടെ വിദേശകടം 2006-07ല്‍ 99,300 കോടി രൂപ ആയിരുന്നത് 2012- 13ല്‍ 6,31,025 കോടി രൂപ (ഏതാണ്ട് 10,000 കോടി ഡോളര്‍) യായിരിക്കുന്നു. ആറ് വര്‍ഷത്തിനിടയില്‍ 10 ഗ്രൂപ്പുകളുടെ കടബാധ്യത മാത്രം ആറിരട്ടിയായി. ഇങ്ങനെ എത്രയോ ഗ്രൂപ്പുകള്‍ വേറെയുമുണ്ട്. (ഹരീഷ് ദാമോദരന്‍, ബിസിനസ് ലൈന്‍, ആഗസ്ത് 21, 2013). നേരത്തെ സ്വകാര്യകമ്പനികള്‍ക്ക് 50 കോടി ഡോളറിന്റെ വിദേശ വായ്പയായിരുന്നു ""തടസ്സങ്ങളില്ലാതെ"" അനുമതി കിട്ടിയിരുന്നതെങ്കില്‍ പിന്നീടത് 75 കോടിയാക്കി ഉയര്‍ത്തി. ""പൊതുമേഖല മോശം, സ്വകാര്യമേഖല മെച്ചം"" എന്നതായിരുന്നു നിലപാട്. 1991 മുതല്‍ക്കെ രൂപയുടെ മൂല്യം കുറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. സ്വന്തം നാണയത്തിന്റെ മൂല്യത്തകര്‍ച്ച സ്വന്തം സമ്പദ്ഘടനയുടെ കൂടി തകര്‍ച്ചയുടെ ലക്ഷണമാണെന്ന് തിരിച്ചറിയാതെ, എല്ലാം ശുഭം എന്ന് ഉരുവിടുകയാണ് ഭരണാധികാരികള്‍ ചെയ്തത്. നവലിബറല്‍ കാലം ചരക്ക് കച്ചവടത്തിന്റെ കാലം മാത്രമായിരുന്നില്ല. ധനമൂലധനത്തിന്റെ ഒഴുക്കിന്റെ ഭാഗമായി കറന്‍സികള്‍ തന്നെ കച്ചവട ചരക്കാവുകയായിരുന്നു. ഡോളറിന് മുന്‍കൂര്‍ വില തീരുമാനിക്കുന്ന അവധിവ്യാപാരം വരെ നിലനിന്നു. ഇന്ത്യയിലേക്ക് വന്ന വിദേശപ്പണത്തിന്റെ നല്ലൊരു ഭാഗം ഹ്രസ്വകാലത്തേക്കുള്ള വാണിജ്യ വായ്പകളായിരുന്നുവെന്ന് പറഞ്ഞല്ലോ. പല ഇന്ത്യന്‍ വ്യവസായികളും കയറ്റുമതി വകയില്‍ വരാനുള്ള വിദേശപ്പണത്തെ വിദേശത്തുതന്നെ സൂക്ഷിക്കാനും രൂപയുടെ മൂല്യം കുറയുന്നതിനനുസരിച്ച് ഇവിടേക്ക് കെണ്ടുവരാനുമാണ് ശ്രമിച്ചത്. ഇതില്‍തന്നെ വലിയൊരു ഭാഗം വന്നത് കുപ്രസിദ്ധമായ "മൗറീഷ്യസ് റൂട്ട്" വഴിയാണ്. അര്‍ഹതപ്പെട്ട നികുതിപോലും ഇന്ത്യക്ക് കിട്ടിയില്ല. അപ്പോഴേക്കും നിലവിലുണ്ടായിരുന്ന സ്ഥിതി വിനിമയനിരക്ക് അതായത്, നിശ്ചിതകാലത്തേക്ക് സര്‍ക്കാര്‍/റിസര്‍വ് ബാങ്ക് നിര്‍ണയിക്കുന്ന സ്ഥായിയായ വിനിമയനിരക്ക് ഇല്ലാതാവുകയും കമ്പോളത്തില്‍ ചോദന-പ്രദാനങ്ങള്‍ക്കനുസൃതമായി മാറിക്കൊണ്ടിരിക്കുന്ന പ്ലവഗ വിനിമയ നിരക്കി (Floating Exchange  Rate) ലേക്ക് മാറുകയുമുണ്ടായി.

മറ്റ് ചരക്കുകളെപ്പോലെ വിദേശ കറന്‍സിക്ക് പ്രത്യേകിച്ചും ഡോളര്‍ കമ്പോളമാറ്റങ്ങള്‍ക്കനുസരിച്ച് വില നിര്‍ണയിക്കുന്ന മറ്റൊരു ചരക്കായി മാറി. ഡോളറിന്റെ മൂല്യം കൂടുക എന്നാല്‍, അതിന് നേരത്തെ നല്‍കിയതിനേക്കാള്‍ കൂടുതല്‍ രൂപ നല്‍കി വാങ്ങണം എന്നാണര്‍ഥം. അതായത്, ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം കുറയുക. ഇത് തുടരുന്നത് നല്ലതല്ലെന്ന് റിസര്‍വ് ബാങ്കിന് അറിയാവുന്നതുകൊണ്ടാണ് രൂപയുടെ മൂല്യം തകരാതിരിക്കാന്‍ ശ്രമിക്കുന്നത്. അതിനായി റിസര്‍വ് ബാങ്കിന്റെ കൈവശമുള്ള ഡോളറില്‍ ഒരു ഭാഗം മറ്റ് ബാങ്കുകള്‍ മുഖേന വിപണിയിലേക്ക് ഇറക്കും. പ്രദാനം (ലഭ്യത) കൂടുമ്പോള്‍ ഡോളറിന്റെ വില കുറയും. രൂപ കൂടുതല്‍ തളരാതെ പിടിച്ചുനില്‍ക്കും. കാര്യങ്ങളിപ്പോള്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലല്ലാതായിരിക്കുന്നു. അവരുടെ പണപരമായ നിയന്ത്രണത്തെ മറികടക്കുന്നത്ര ശക്തമായ സമ്മര്‍ദമാണ് ധനമേഖലയില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതിന്റെ കാരണം പ്രധാനമായും വൈദേശികമാണ്. വിദേശ സമ്മര്‍ദങ്ങള്‍ ഇക്കൂട്ടത്തില്‍ പ്രധാനം ആഗോള സാമ്പത്തിക പ്രതിസന്ധി തന്നെയാണ്. 2008 ഓടെ വീരവാദങ്ങള്‍ പലതും ഒറ്റയടിക്ക് തകര്‍ന്നു. കമ്പോളബന്ധിതവും ഊഹക്കച്ചവട പ്രധാനവുമായ രംഗങ്ങളിലെല്ലാം വലിയ തിരിച്ചടിയുണ്ടായി. ഇന്ത്യയുടെ പ്രധാന കയറ്റുമതി രാജ്യങ്ങളായ അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ എന്നിവ പ്രതിസന്ധിയില്‍ അകപ്പെട്ടതോടെ നമ്മുടെ കയറ്റുമതി പിന്നെയും കുറഞ്ഞു. കയറ്റുമതി വരുമാനത്തില്‍ വലിയ ഇടിവ് തന്നെ ഉണ്ടായി. എന്നാല്‍, വിദേശപ്പണത്തിന്റെ വരവ് വേറൊരു രീതിയില്‍ തുടര്‍ന്നു. സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ അമേരിക്ക നടത്തിയ ഉത്തേജക പാക്കേജിന്റെ ഭാഗമായിരുന്നു അത്. അമേരിക്കയിലെ സാമ്പത്തിക രംഗം ശക്തിപ്പെടുത്താനായി അവിടുത്തെ കേന്ദ്രബാങ്ക് (Federal Reserve System) ചില ഉത്തേജകപദ്ധതികള്‍ പ്രഖ്യാപിച്ചു. ഡോളര്‍ വന്‍തോതില്‍ അച്ചടിച്ച് പ്രചരിപ്പിച്ചു. പലിശനിരക്ക് ഗണ്യമായി കുറച്ചു. (ഇതിനെ ഡോളറൈസേഷന്‍ എന്നുപറയുന്നു).

തുറന്ന സമ്പദ്വ്യവസ്ഥയായ അമേരിക്കയില്‍ നിന്ന് ഡോളര്‍ ഒഴുക്കിയത് എല്ലാ രാജ്യങ്ങളിലേക്കുമായിരുന്നു. അമേരിക്കയിലേതിനേക്കാള്‍ കൂടുതല്‍ വരുമാനം (പലിശ, ലാഭം എന്നിങ്ങനെ) എവിടെനിന്നെങ്കിലും കിട്ടാന്‍ വകയുണ്ടോ അവിടേക്കെല്ലാം ഡോളര്‍ ഒഴുകി. അങ്ങനെ ഡോളര്‍ ഒഴുകിയെത്തിയ പ്രധാന രാജ്യങ്ങളില്‍ ഒന്നായിരുന്നു ഇന്ത്യ. നവലിബറല്‍ പരിഷ്കാരങ്ങള്‍ തുടരുന്നതിനാല്‍, ഡോളര്‍ സ്വീകരിക്കാന്‍ ഇന്ത്യ തയാറായിരുന്നു. എന്നാല്‍, അത് മാത്രമായിരുന്നില്ല കാരണം. സാമ്പത്തിക പ്രതിസന്ധി ഇന്ത്യയിലെ പൊതുമേഖലാ രംഗത്തെ കാര്യമായി ബാധിച്ചിരുന്നില്ല. ഇവിടുത്തെ ധനകാര്യ രംഗത്തിന്റെ നല്ലൊരുഭാഗം നിയന്ത്രിച്ചിരുന്നത് സര്‍ക്കാര്‍ തന്നെ ആയിരുന്നു. ബാങ്ക്, ഇന്‍ഷൂറന്‍സ് എന്നിവ തകര്‍ന്നില്ല. (ഇതിന്റെ പ്രധാന കാരണം, തൊഴിലാളികളുടെയും ജീവനക്കാരുടെയും സംഘടിതമായ ചെറുത്തുനില്‍പ്പുകളായിരുന്നു).

ഇന്ത്യയില്‍ പലിശനിരക്ക് കാര്യമായി കുറച്ചിരുന്നില്ല. ഇവിടുത്തെ വിലക്കയറ്റം പലിശനിരക്ക് കുറക്കാന്‍ അനുവദിച്ചിരുന്നില്ല. വില വര്‍ധിപ്പിക്കുന്ന രീതിയില്‍ രൂപയുടെ പ്രചാരണം വര്‍ധിപ്പിക്കാനും റിസര്‍വ് ബാങ്കും സര്‍ക്കാരും തയാറായിരുന്നില്ല. ഇന്ത്യയില്‍ പലിശനിരക്ക് ഉയര്‍ന്നുതന്നെ നിന്നു. അമേരിക്കയില്‍ പലിശ ഇല്ലാതെ ലഭിക്കുന്ന ഡോളര്‍ ഉപയോഗിച്ച് ഇന്ത്യയില്‍ ഉയര്‍ന്ന വരുമാനം കിട്ടുന്ന ഓഹരികളും കടപ്പത്രങ്ങളും അമേരിക്കന്‍ ഊഹക്കച്ചവടക്കാര്‍ വാങ്ങിക്കൂട്ടി.

അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോഴും ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് അമേരിക്കന്‍ ഡോളറിന്റെ വരവ് കൂടുകയായിരുന്നു. ഇത് ഡോളറിന്റെ ഒരു അംഗീകാരമായി കണക്കാക്കി. പ്രതിസന്ധി കാലത്തും ഡോളറിന്റെ ഔന്നത്യം നിലനിര്‍ത്താന്‍ അമേരിക്കക്ക് കഴിഞ്ഞു. അമേരിക്ക അതിന്റെ സാമ്പത്തിക പ്രതിസന്ധി ഇന്ത്യയില്‍ വിറ്റ് കാശാക്കുക മാത്രമല്ല, അതുവഴി ഇന്ത്യയിലേക്ക് ചില പ്രതിസന്ധികളേയും കയറ്റി വിട്ടു എന്നതാണ് ഇപ്പോള്‍ കാണുന്ന ചിത്രം വ്യക്തമാക്കുന്നത്. ഡോളര്‍ കൂടുതലും ഊഹക്കച്ചവട രംഗത്തായതിനാല്‍ ലോകത്തെവിടെയുള്ള വിപണിമാറ്റങ്ങളോടും ഉടന്‍ പ്രതികരിക്കുന്ന സ്ഥിതി ഉണ്ടായി. ഇതിനിടയില്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് അമേരിക്കയുടെ കേന്ദ്രബാങ്ക് ഡയറക്ടര്‍ ഒരു പ്രസ്താവന നടത്തി. 2008ലെ സാമ്പത്തിക പ്രതിസന്ധികാലത്ത് തുടങ്ങിവെച്ച "ലളിതവല്‍കൃത പണനയം" (Easy Money Policy) തുടരേണ്ടതില്ലെന്നും അമേരിക്ക പ്രതിസന്ധിയില്‍ നിന്ന് കരകയറിയതായും അമേരിക്കന്‍ കേന്ദ്രബാങ്കിന്റെ ഡയറക്ടര്‍ ബെന്‍ ബര്‍ണാങ്കെ പ്രസ്താവിച്ചു. (ഇതിന്റെ വസ്തുത പിന്നീട് ചോദ്യം ചെയ്തിരുന്നു). ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഹ്രസ്വകാല വാണിജ്യനിക്ഷേപങ്ങള്‍ വളരെ പെട്ടെന്ന് പിന്‍വലിക്കാന്‍ അമേരിക്കന്‍ ഊഹക്കച്ചവടക്കാര്‍ തയാറായി. ഓഹരികളും കടപ്പത്രങ്ങളും തുരുതുരാ വിറ്റുതുടങ്ങി. 2013 ജൂണില്‍ മാത്രം ഇന്ത്യയില്‍നിന്ന് 753 കോടി ഡോളര്‍ ഈ രീതിയില്‍ തിരിച്ചൊഴുകിയതായി കണക്കാക്കുന്നു. ഒന്നുരണ്ട് ഇടപാടുകള്‍ ഇവിടെ നടക്കണം. ഇന്ത്യയില്‍ കടപ്പത്രങ്ങളും ഓഹരികളും വിറ്റഴിക്കണം. വിറ്റഴിക്കുമ്പോള്‍ കൈയില്‍ കിട്ടുന്നത് രൂപയായിരിക്കും. അമേരിക്കയില്‍ വേണ്ടത് രൂപയല്ല; ഡോളറാണ്. ഇന്ത്യയില്‍ കിട്ടുന്ന രൂപയെ ഇവിടെതന്നെ ഡോളറാക്കണം. ഇങ്ങനെ ഒരുപാട് പേര്‍ക്ക് ഡോളര്‍ വേണം. അതിന് മാത്രം ഡോളര്‍ വിപണിയില്‍ ലഭ്യമല്ല. അപ്പോള്‍ എത്ര രൂപ നല്‍കിയും ഡോളര്‍ വാങ്ങാന്‍ ഊഹക്കച്ചവടക്കാര്‍ തയാറായി. അങ്ങനെ വന്നപ്പോള്‍ രൂപയൊരു വിലയില്ലാത്ത കറന്‍സിയായി. ഇതാണ് രൂപയുടെ ഇപ്പോഴത്തെ വന്‍ തകര്‍ച്ചയുടെ പശ്ചാത്തലം.

ഈ അവസ്ഥയെ നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക് വളരെ പണിപ്പെട്ടു. പക്ഷേ, കാര്യങ്ങള്‍ പലതും ബാങ്കിന്റെ പരിധിയില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. നില്‍ക്കക്കള്ളിയില്ലാതെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഇക്കാര്യം തുറന്നുപറഞ്ഞിരിക്കയാണ്. ഡോളര്‍ വില കൂടട്ടെ, അതുകൊണ്ട് കയറ്റുമതി വര്‍ധിക്കും. വിദേശ മലയാളികളുടെ മണിയോര്‍ഡര്‍ തുക വര്‍ധിക്കും എന്നൊക്കെ പറയുന്നവരുണ്ട്. കാര്യങ്ങളൊക്കെ ശുഭമായി അവസാനിക്കും, ഇത് ഇന്ത്യയുടെ മാത്രം പ്രശ്നമല്ല എന്നും ഇക്കൂട്ടര്‍ പറയുന്നു.

തന്നത്താനെ ശുഭപര്യവസാനിയാണെങ്കില്‍ എന്തിനാണ് രൂപയെ രക്ഷിക്കാന്‍ പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിക്കുന്നത്! എന്തുകൊണ്ട് ഡോളറിനെ സ്വതന്ത്രമായി വിടുന്നില്ല? കാര്യങ്ങള്‍ തങ്ങളുടെ നിയന്ത്രണത്തിലല്ലെന്നും പ്രശ്നബന്ധിതമാണെന്നും അധികാരികള്‍ക്കറിയാം. രത്തന്‍ ടാറ്റയെപ്പോലുള്ള തദ്ദേശീയ വ്യവസായികള്‍ റിസര്‍വ് ബാങ്കിന്റെ ഗവര്‍ണര്‍ സുബ്ബറാവു തുടങ്ങിയ ഉന്നതര്‍ മാറിച്ചിന്തിച്ച് പ്രതികരിച്ച് തുടങ്ങിയിരിക്കുന്നു. വിദേശ ധനമൂലധനശക്തികളുടെ വഴിവിട്ട സ്വാധീനം തന്നെയാണ് ഇതില്‍ നിന്നെല്ലാം തെളിഞ്ഞുവരുന്നത്. മറ്റ് കാര്യങ്ങളിലേക്ക് കടക്കുന്നതിന് മുന്‍പ് വിദേശ മലയാളികള്‍ക്ക് കൂടുതല്‍ പണം കിട്ടുന്നതെങ്ങനെയെന്ന് നോക്കാം. ഇന്ന് ഡോളര്‍വില നിര്‍ണയിക്കുന്നത് പണക്കമ്പോളത്തിലാണ്. അവിടുത്തെ ചോദന-പ്രദാനങ്ങളെ അടിസ്ഥാനമാക്കിയാണ്. നമ്മുടെ രൂപ അന്താരാഷ്ട്ര വിനിമയത്തില്‍ ഡോളറുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. ഗള്‍ഫിലേതടക്കം ഒട്ടുമിക്ക കറന്‍സികളും ഡോളറുമായി ബന്ധപ്പെടുത്തിയാണ് വിനിമയനിരക്ക് നിര്‍ണയിക്കുന്നത്. ഡോളറുമായി ബന്ധപ്പെടുത്തി ഇന്ത്യന്‍ രൂപയുടെ മൂല്യം കുറഞ്ഞാല്‍ ഡോളറുമായി ബന്ധപ്പെട്ട മറ്റെല്ലാ കറന്‍സികളെയും അത് സ്വാധീനിക്കും. അവയുമായി ബന്ധപ്പെട്ട് രൂപയുടെ മൂല്യം കുറയും. അതുകൊണ്ടാണ് ഗള്‍ഫ് കറന്‍സികളായ യുഎഇ ദിര്‍ഹം, കുവൈറ്റ് ദിനാര്‍, ഖത്തര്‍ റിയാല്‍ തുടങ്ങിയ കറന്‍സികള്‍ക്കെല്ലാം കൂടുതല്‍ രൂപ ലഭിക്കുന്നത്. അതേസമയം ഡോളറുമായി ബന്ധപ്പെട്ട ഗള്‍ഫ് കറന്‍സികളുടെ മൂല്യത്തില്‍ വ്യത്യാസം വന്നിട്ടില്ല. ഒരു ഡോളറിന് കിട്ടാവുന്ന രൂപയുടെ അളവ് കൂടുന്നതാണ് കാരണം.

ഡോളറും രൂപയും തമ്മിലുള്ള വിലയുടെ ആനുപാതികമായി ഗള്‍ഫ് കറന്‍സികളുടെ മൂല്യം കണക്കാക്കിയാണ് ഇങ്ങനെ നടക്കുന്നത്. ഇവിടെയൊരു ആനുപാതിക വര്‍ധനവാണ് നടക്കുന്നത്. ഗള്‍ഫിലുള്ളവര്‍ക്ക് ഗള്‍ഫ് കറന്‍സിയുടെ മൂല്യം വര്‍ധിച്ചതായി അനുഭവപ്പെടും. എന്നാല്‍, അമേരിക്കന്‍ മലയാളിക്ക് രൂപയുടെ മൂല്യത്തകര്‍ച്ച തന്നെ നേരിട്ട് അനുഭവപ്പെടും. നേരത്തെ 60-70 ദിര്‍ഹം ഗള്‍ഫിലെ ബാങ്കില്‍ നല്‍കിയാലാണ് 1000 രൂപ കേരളത്തില്‍ കിട്ടിയിരുന്നതെങ്കില്‍ 1000 രൂപ കിട്ടാന്‍ ഇപ്പോള്‍ 40-50 ദിര്‍ഹം നല്‍കിയാല്‍ മതിയാകും. പക്ഷേ, രൂപയുടെ മൂല്യത്തകര്‍ച്ച ഇന്ത്യന്‍ സമ്പദ്ഘടനയെ മൊത്തത്തില്‍ ഞെരുക്കുമ്പോള്‍ അല്‍പ്പം വിദേശപ്പണം കൂടുതല്‍ ലഭിക്കുമെന്നതുകൊണ്ട് കേരളം മാത്രം ഈ ഞെരുക്കത്തില്‍നിന്ന് രക്ഷപ്പെടുകയില്ലല്ലോ. മൂല്യത്തകര്‍ച്ചയുടെ പ്രത്യാഘാതങ്ങള്‍ രൂപയുടെ മൂല്യത്തകര്‍ച്ച ഒട്ടേറെ പ്രശ്നങ്ങള്‍ക്കിടയാക്കും. സാധനസാമഗ്രികളുടെ പ്രത്യേകിച്ചും ഇറക്കുമതി ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റമാണ് ഇതില്‍ പ്രധാനം. ഇവിടെ ഉണ്ടാക്കുന്ന വസ്തുക്കളില്‍ തന്നെ, ഇറക്കുമതി ഘടകങ്ങള്‍ ഉണ്ടെങ്കില്‍ അത്ത രം വസ്തുക്കളുടെ ഉല്‍പ്പാദനച്ചെലവ് വര്‍ധിക്കും. അതും വിലവര്‍ധനവിന് ഇടയാക്കും.
 
ഇറക്കുമതി മൂല്യം കൂട്ടുകയും കയറ്റുമതി വര്‍ധിക്കാതിരിക്കുകയും ചെയ്താല്‍ കറന്റ് എക്കൗണ്ട് കമ്മി Current Account Deficit - CAD) കൂടും. ഇത് 1991ല്‍ മൊത്തം ദേശീയ വരുമാനത്തിന്റെ ഒരു ശതമാനത്തില്‍ താഴെയായിരുന്നെങ്കില്‍ 2013ല്‍ 34.8 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. 2013 ജൂണില്‍ മാത്രം കയറ്റുമതി മൂല്യം 2378 കോടി ഡോളറും ഇറക്കുമതി മൂല്യം 3603 കോടി ഡോളറും ആയിരുന്നു. അതായത്, 1225 കോടി ഡോളറിന്റെ കമ്മി. വര്‍ധിച്ചുവരുന്ന (8000 കോടി ഡോളറിലധികം) ഈ കമ്മി നികത്തണമെങ്കില്‍ കയറ്റുമതി വന്‍തോതില്‍ വര്‍ധിക്കണം. അതിനുള്ള സാധ്യത ഇപ്പോള്‍ വളരെ കുറവാണ്. ഐടി മേഖല മാത്രമാണ് അല്‍പ്പം ആശ്വാസം. കയറ്റുമതി കൂടിയില്ലെങ്കില്‍ വിദേശ വായ്പയെ ആശ്രയിക്കേണ്ടി വരും. ധനമൂലധനത്തിന്റെ ഇന്നത്തെ കാലം കറന്‍സികളുടെ കച്ചവടക്കാലം കൂടിയാണ്. 28,000 കോടി ഡോളറിന്റെ കരുതല്‍ ധനമുണ്ടെന്നും അതിനാല്‍ ഏഴ് മാസത്തേക്ക് പ്രശ്നമില്ലെന്നുമൊക്കെ പറയുന്നത് ഇന്നത്തെ വിലക്കയറ്റ നിരക്കിന്റേയും F11ചാഞ്ചാട്ടങ്ങളുടെയും വലുപ്പം അറിയാതെയാണ്.
 
ഇന്ന് ഇന്ത്യയില്‍ വ്യവസായമേഖല നിശ്ചലമാണ്. ഉല്‍പ്പാദനവും വരുമാനവും തൊഴിലും കുറയുന്നു. അതോടെ രൂപയുടെ മൂല്യത്തകര്‍ച്ച ഒരു സാമ്പത്തിക മാന്ദ്യത്തിലേക്ക് ഇന്ത്യയെ എത്തിക്കുകയാണ്. മാന്ദ്യമാണെങ്കിലും പക്ഷേ, വില കുറയാന്‍ പോകുന്നില്ല. ഈ സ്ഥിതി തൊഴിലും വരുമാനവും നിലയ്ക്കുന്ന സാധാരണ ജനങ്ങളുടെ ജീവിതച്ചെലവ് അസഹ്യമാക്കാനിടയാക്കും. ജനജീവിതം കൂടുതല്‍ ദുസ്സഹമാകും. അമേരിക്കക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോള്‍ ഇന്ത്യയെപ്പോലുള്ള മൂന്നാംലോക രാജ്യങ്ങളെ കരുവാക്കിയതുപോലെതന്നെ, പ്രതിസന്ധി പരിഹാരത്തിന്റെ പേരിലും ഇവിടെതന്നെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കയാണ്. ഇത് കാണിക്കുന്നത് അമേരിക്കന്‍ സമ്പദ്ഘടനയുമായി ഇന്ത്യ അത്രമാത്രം ഒട്ടിപ്പോയിരിക്കുന്നു എന്ന വസ്തുതയാണ്.

മെച്ചപ്പെട്ട സാമ്പത്തിക വളര്‍ച്ചയോടൊപ്പം ചരക്കുല്‍പ്പാദനത്തില്‍ നിരന്തര മുന്നേറ്റം ഉണ്ടാക്കാനും കയറ്റുമതി വര്‍ധിപ്പിക്കാനും കഴിയുന്ന രാജ്യങ്ങള്‍ക്ക് വിനിമയനിരക്കിലെ മാറ്റം സ്വയമേവ നിയന്ത്രിക്കാന്‍ കഴിയും. അവിടെ പക്ഷേ, വിപണിയില്‍ സര്‍ക്കാരിന് നിയന്ത്രണമുണ്ടാകണം. അതേസമയം രാജ്യത്തെ ഉല്‍പ്പാദനവ്യവസ്ഥ തദ്ദേശീയ നയപരിപാടികളെക്കാള്‍ കൂടുതല്‍ വിദേശ വിപണിയുമായാണ് കൂട്ടുചേര്‍ന്നു നില്‍ക്കുന്നതെന്നുണ്ടെങ്കില്‍ നാണയത്തിന്റെ മൂല്യത്തകര്‍ച്ച വലിയ പ്രതിസന്ധിക്കിടയാക്കും. ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്നതതാണ്. തങ്ങള്‍ക്കുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാന്‍ മുതലാളിത്തത്തിന്റെ കേന്ദ്രപ്രദേശമായ അമേരിക്ക എങ്ങനെയാണ് ഇന്ത്യയെപ്പോലുള്ള പ്രാന്തപ്രദേശങ്ങളെ ഉപയോഗിക്കുന്നതെന്നതിനുള്ള നല്ല ഉദാഹരണം കൂടിയാണ് ഇന്നത്തെ പ്രതിസന്ധികള്‍. അതുകൊണ്ടുതന്നെ ഇന്നത്തെ പ്രശ്നങ്ങളെ ലോകമുതലാളിത്ത വ്യവസ്ഥ മൊത്തം നേരിടുന്ന പ്രതിസന്ധിയുടെ ഭാഗം തന്നെയാണെന്നും തിരിച്ചറിയേണ്ടിയിരിക്കുന്നു.

പ്രതിവിധിയെന്ത്?

ആഭ്യന്തര ഉല്‍പ്പാദനം, തൊഴില്‍, വരുമാനം എന്നിവ വര്‍ധിപ്പിച്ച് സമ്പദ്ഘടനയെ ശക്തിപ്പെടുത്തുകയല്ലാതെ പ്രശ്നപരിഹാരത്തിന് മറ്റ് മാര്‍ഗങ്ങള്‍ പരിമിതമാണ്. ഇതിനാകട്ടെ, പൊതുസംവിധാനങ്ങള്‍, പൊതു ഇടങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയില്‍ സര്‍ക്കാര്‍ നടത്തുന്ന നിക്ഷേപ-വികസന പ്രവര്‍ത്തനങ്ങളാണ് വേണ്ടത്. ഇതിന് മുന്‍കൈ എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. ഇതുവഴി പൊതുമേഖലയെ ശക്തിപ്പെടുത്തുന്നതിനും കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും ബോധപൂര്‍വം ശ്രമിക്കണം. ധനമൂലധനത്തിന് യഥേഷ്ടം കയറി ഇറങ്ങാന്‍ അനുവദിക്കുന്ന ഇന്നത്തെ സര്‍ക്കാര്‍ നയം തിരുത്തണം. രാജ്യത്തിനകത്ത് നിന്ന് സ്വരൂപിക്കാവുന്ന പണം ധനികരോട് വിട്ടുവീഴ്ചയില്ലാതെ പിരിച്ചെടുക്കണം.

ജനോപകാരപ്രദമായ രീതിയില്‍ ചെലവാക്കണം. കാര്‍ഷികവികസനം, വ്യാവസായിക വളര്‍ച്ച, പശ്ചാത്തല വികസനം, പൊതുജനാരോഗ്യം, പൊതുവിദ്യാഭ്യാസം എന്നിവക്കാകണം മുന്‍ഗണന. ജനങ്ങള്‍ക്ക് ഭക്ഷണം, പാര്‍പ്പിടം, തൊഴില്‍, സാമൂഹ്യസുരക്ഷ എന്നിവ ഉറപ്പാക്കാന്‍ കഴിയണം. ആരോഗ്യകരമായ വിദേശ സാമ്പത്തിക ബന്ധം തുടരണം. പക്ഷേ, അത് തദ്ദേശീയ സാമ്പത്തിക ധനകാര്യ താല്‍പ്പര്യങ്ങള്‍ക്ക് പൂരകമാകണം. ഇന്നത്തേതുപോലെ, അമേരിക്കന്‍ ഡോളറിന് കീഴടങ്ങുന്ന സ്ഥിതി മാറണം. ഇറക്കുമതി നിയന്ത്രണമാണ് മറ്റൊരു പ്രതിനിധി. ഇന്ത്യയില്‍ സുലഭമാണെങ്കിലും കോടതി ഇടപെടല്‍മൂലം ഇരുമ്പയിര്, കല്‍ക്കരി എന്നിവയും നാം ഇപ്പോള്‍ ഇറക്കുമതി ചെയ്യുകയാണ്. ഇതിന് കാരണം അഴിമതിയാണ്. അത് പക്ഷേ, സര്‍ക്കാരിന്റെ കോര്‍പറേറ്റ് പ്രീണനത്താല്‍ സംഭവിച്ചതാണ്; എങ്കിലും പരിഹരിക്കാവുന്നതാണ്. ഭക്ഷ്യഎണ്ണ ഇറക്കുമതി, എണ്ണക്കുരു കൃഷി വികസിപ്പിച്ച് കുറയ്ക്കാവുന്നതാണ്.

സ്വര്‍ണ ഇറക്കുമതിയും ഗണ്യമായി നിയന്ത്രിക്കേണ്ടതുണ്ട്. മാത്രമല്ല, രാജ്യത്ത് പലയിടത്തായി കെട്ടിക്കിടക്കുന്ന സ്വര്‍ണം രാജ്യപുരോഗതിക്കായി ഉപയോഗിക്കാന്‍ വിശ്വാസയോഗ്യവും ആകര്‍ഷണീയവുമായ പരിപാടികള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. ഏറ്റവും പ്രധാനം എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ടതാണ്. തദ്ദേശീയ ക്രൂഡ് ഉല്‍പ്പാദനവും സംസ്കരണവും പൊതുമേഖലയില്‍ ശക്തിപ്പെടുത്തണം. ഈ രംഗത്തെ സ്വകാര്യ കമ്പനികളെ നിയന്ത്രിക്കണം. എണ്ണ ഉപയോഗം കുറയ്ക്കാന്‍ ശ്രമിക്കണം. ഇതിനായി പൊതുഗതാഗത സംവിധാനം കുറ്റമറ്റതും ആകര്‍ഷണീയവുമാക്കണം. മുതലാളിത്ത രാജ്യങ്ങള്‍പോലും എണ്ണയുടെ ഇറക്കുമതി നിയന്ത്രിക്കാന്‍ ഇത്തരം നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്. വൈദ്യുതിരംഗത്ത് സൗരോര്‍ജം വികസിപ്പിക്കുന്നതിനായി തദ്ദേശീയ സാങ്കേതികവിദ്യ ഗവേഷണം ഊര്‍ജിതപ്പെടുത്തണം. ആണവനിലയങ്ങള്‍ ഇറക്കുമതി ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കണം.

ഇതിനെല്ലാം കഴിയണമെങ്കില്‍ ധനിക ന്യൂനപക്ഷത്തിനും അവരുടെ ലാഭ താല്‍പ്പര്യങ്ങള്‍ക്കും മാത്രം പരിഗണന നല്‍കുന്ന ഇന്നത്തെ നവലിബറല്‍ പരിഷ്കാരങ്ങളില്‍ നിന്ന് പിന്മാറണം. ഡോളറിനെ പൂജിക്കുന്നതില്‍നിന്ന് പിന്തിരിയണം. എന്നാല്‍, ഇപ്പോഴും സര്‍ക്കാര്‍ ചെയ്യുന്നതെന്താണ്? സമ്പദ്ഘടനയെ രക്ഷിക്കാന്‍ ധനമന്ത്രി ഈയിടെ പ്രഖ്യാപിച്ച പത്തിന പരിപാടികളില്‍പ്പോലും വിദേശാശ്രിതത്വം മുറ്റിനില്‍ക്കുകയാണ്. പ്രതിസന്ധി പരിഹരിക്കാനായി "കുറച്ചുമാത്രം നിയന്ത്രണമുള്ളതും തുറന്നതുമായ സമ്പദ്വ്യവസ്ഥയാണ് നമുക്കാവശ്യം" എന്ന് ധനമന്ത്രി നമ്മെ ഓര്‍മപ്പെടുത്തുകയാണ്. പരിസ്ഥിതി കൊള്ളക്കെതിരെ കോടതി ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ മറികടക്കാനാണ് ധനമന്ത്രിയുടെ മറ്റൊരു ശ്രമം. ഇതൊക്കെ കൂടുതല്‍ പ്രത്യാഘാതങ്ങള്‍ക്കിടയാക്കും.

രാഷ്ട്രീയാഭിപ്രായം മാറ്റിവച്ച് എല്ലാവരും സഹകരിക്കണം എന്നാവശ്യപ്പെടുന്ന ധനമന്ത്രി നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്ക് കൃത്യമായൊരു രാഷ്ട്രീയം ഉണ്ടെന്ന കാര്യം മറന്നുപോകുന്നു. ഇന്നത്തെ പ്രതിസന്ധിക്കുള്ള കാരണങ്ങള്‍ വിദേശമോ, സ്വദേശമോ എന്തായാലും അവ നവലിബറല്‍ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ടതാണ്. എന്നാല്‍, പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടത് സാധാരണ ജനങ്ങള്‍ക്കാണ്. പ്രതിസന്ധിയുടെ ആഘാതം ജനങ്ങളിലേക്ക് മാറ്റിവയ്ക്കാനാണ് സര്‍ക്കാര്‍ ഇപ്പോഴും ശ്രമിക്കുന്നത്.

വിവിധ രംഗങ്ങളില്‍ ഉടന്‍ ഉണ്ടാകാവുന്ന വിലക്കയറ്റത്തെപ്പറ്റി ഒന്നും പറയുന്നില്ല. ടെലികോം, ബാങ്ക്, ഇന്‍ഷുറന്‍സ്, ചില്ലറ വില്‍പ്പന രംഗങ്ങളിലെ വിദേശ നിക്ഷേപ വര്‍ധനക്കുള്ള നിര്‍ദേശങ്ങള്‍ അതാണ് കാണിക്കുന്നത്. സര്‍ക്കാരിന് തന്നെ നിയന്ത്രിക്കാന്‍ കഴിയുന്ന കാര്യത്തില്‍ വിപണിയുടെ ദാക്ഷിണ്യത്തിന് വിട്ടുകൊടുക്കുകയാണ്. ഇതൊക്കെ നടക്കുമ്പോഴും മന്ത്രി പറയുന്നത് രൂപയുടെ മൂല്യത്തകര്‍ച്ച ആഗോള പ്രതിഭാസത്തിന്റെ ഭാഗമാണെന്നാണ്. മുതലാളിത്ത സമ്പദ്ഘടനയിലെ താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ വഴി എല്ലാം പരിഹരിക്കപ്പെടും എന്ന കണക്ക് കൂട്ടലിലാണ് ഇപ്പോഴും ഭരണാധികാരികളുള്ളത്. അനുഭവത്തില്‍നിന്ന് പാഠം പഠിക്കാത്ത ഇക്കൂട്ടര്‍, തെറ്റുകള്‍ സ്വയം തിരുത്തുക, തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുക തുടങ്ങിയ സാമാന്യ മര്യാദ പോലും കാണിക്കുന്നില്ല. അതിന്റെ അര്‍ഥം ഇന്ത്യന്‍ ഭരണകൂടം ഇപ്പോഴും ഡോളറിനെ പൂജിച്ച് സമ്പന്നരായ ന്യൂനപക്ഷത്തെ സേവിച്ചു കൊണ്ടിരിക്കയാണെന്നു തന്നെയാണ്. ഈ നില തുടര്‍ന്നാല്‍ രൂപയുടെ മൂല്യത്തകര്‍ച്ച ഇനിയും തുടരുമെന്നത് മാത്രമല്ല; മറ്റൊട്ടേറെ പ്രതിസന്ധികള്‍ക്കും ഇടയാക്കിയേക്കും.

*
ടി പി കുഞ്ഞിക്കണ്ണന്‍ ദേശാഭിമാനി വാരിക 15 സെപ്തംബര്‍ 2013

Tuesday, September 10, 2013

തകരുന്ന രൂപയും തിരിഞ്ഞുകുത്തുന്ന ഉദാരവല്‍ക്കരണവും

എത്ര രൂപ കൊടുത്താന്‍ ഒരു ഡോളര്‍ കിട്ടും? ഒരു ഡോളര്‍ തന്നാല്‍ എത്ര രൂപ കൊടുക്കാന്‍ തയ്യാറാകും? രൂപയും ഡോളറും തമ്മിലുള്ള ഈ കൈമാറ്റത്തിനെയാണ് വിനിമയ നിരക്ക് എന്നുപറയുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് രൂപയുടെ വിനിമയനിരക്ക് ഒരു ഡോളറിന് 50 രൂപയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് 68 രൂപയായി. രൂപയുടെ വിനിമയ നിരക്ക് അഥവാ കൈമാറ്റ തോത് ഇടിഞ്ഞു. കൈമാറ്റം ചെയ്യുമ്പോള്‍ എന്ത് പകരം ലഭിക്കുമെന്നുള്ളതാണ് ഏതൊരു വസ്തുവിന്റെയും വിനിമയ മൂല്യം. അതുകൊണ്ട് മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ രൂപയുടെ മൂല്യം ഇടിഞ്ഞു. രൂപയുടെ മൂല്യം തുടര്‍ച്ചയായി കുറഞ്ഞുകൊണ്ടിരിക്കുന്നത് രാജ്യത്ത് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുകയാണ്. രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും രൂപയുടെ മൂല്യത്തില്‍ ദിവസംതോറും ഉണ്ടാകുന്ന ഏറ്റക്കുറച്ചിലിലാണ്.

ബാലപാഠങ്ങളില്‍നിന്ന് ആരംഭിക്കാം

ഓരോ രാജ്യത്തും നാണയങ്ങള്‍ വ്യത്യസ്തമാണ്. എല്ലാ രാജ്യങ്ങളിലും ഒരേ നാണയമായിരുന്നെങ്കില്‍ വിനിമയ നിരക്കിന്റെ പ്രശ്നമേ ഉദിക്കുകയില്ലല്ലോ. ലോക നാണയ വ്യവസ്ഥയിലെ മുഖ്യ നാണയം ഡോളറാണ്. അതുകൊണ്ടാണ് രൂപയും ഡോളറുമായുള്ള വിനിമയനിരക്ക് എടുത്ത് ഉദാഹരിക്കുന്നത്. ഇതുപോലെ ലോകത്തിലെ മറ്റ് ഏത് നാണയമായും രൂപക്ക് വിനിമയ നിരക്കുണ്ട്. അവയുടെ നീക്കങ്ങള്‍ പലപ്പോഴും ഒരേപോലെ ആകണമെന്നില്ല. ചിലപ്പോള്‍ വിപരീത ദിശയിലുമാകാം. സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ നമ്മള്‍ ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്കിനെക്കുറിച്ച് മാത്രം പ്രതിപാദിക്കുന്നു. വിവിധ രാജ്യങ്ങളിലെ നാണയങ്ങള്‍ വ്യത്യസ്തമാണെങ്കിലും അവയുടെ മൂല്യത്തെ പണ്ട് എല്ലാവരും സ്വര്‍ണത്തെ അടിസ്ഥാനമാക്കിയാണ് നിശ്ചയിച്ചിരുന്നത്. ഉദാഹരണത്തിന് 1971 വരെ ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില 35 ഡോളര്‍ ആയിരുന്നു. ആര് 35 ഡോളര്‍ കൊണ്ട് കൊടുത്താലും ഒരു ഔണ്‍സ് സ്വര്‍ണം നല്‍കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരായിരുന്നു. ഇതുപോലെ എല്ലാ രാജ്യങ്ങളും സ്വര്‍ണവും നാണയവും തമ്മിലുള്ള വിനിമയനിരക്ക് നിശ്ചയിക്കുകയാണെങ്കില്‍ നാണയങ്ങളുടെ വിനിമയ നിരക്ക് കണക്കുകൂട്ടല്‍ എളുപ്പമാകും.

രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞപ്പോള്‍ അമേരിക്ക മാത്രമാണ് സ്വര്‍ണവുമായുള്ള ബന്ധം തുടരാന്‍ തീരുമാനിച്ചത്. എല്ലാ രാജ്യങ്ങളും ഡോളറുമായുള്ള അവരുടെ വിനിമയ നിരക്ക് പ്രഖ്യാപിച്ചു. അമേരിക്കയാകട്ടെ ഡോളറുമായുള്ള അവരുടെ വിനിമയ നിരക്ക് മാറ്റമില്ലാതെ നിര്‍ത്താമെന്ന് സമ്മതിച്ചു. അതിനെന്തുവേണം. ആര് 35 ഡോളര്‍ കൊണ്ടുവന്നാലും ഒരു ഔണ്‍സ് സ്വര്‍ണം നല്‍കാന്‍ അമേരിക്ക തയ്യാറാകണം. ഈ തീര്‍പ്പുകളൊക്കെ പൊളിച്ചത് റിച്ചാര്‍ഡ് നിക്സണ്‍ ആണ്. നിക്സണ് വേറെ നിവൃത്തിയുണ്ടായിരുന്നില്ല. വിയറ്റ്നാം യുദ്ധം നടത്താന്‍ ഇഷ്ടംപോലെ അമേരിക്കന്‍ ഡോളര്‍ കമ്മട്ടത്തിലിടിച്ച് ലോകം മുഴുവന്‍ വാരിവിതറി. ഡോളര്‍ സ്വര്‍ണത്തിന് സമമെന്ന് കരുതി മാലോകരെല്ലാം ഡോളര്‍ വാങ്ങിക്കൂട്ടി. പിന്നീട് ചിലര്‍ ഈ ഡോളര്‍ സ്വര്‍ണമാക്കി മാറ്റാന്‍ അമേരിക്കന്‍ സര്‍ക്കാരിന്റെയടുത്തുചെന്നപ്പോഴാണ് പുകില്‍ ആരംഭിച്ചത്. ചോദിക്കുന്ന എല്ലാവര്‍ക്കും ഡോളറിന് പകരം സ്വര്‍ണം കൊടുത്താല്‍ അമേരിക്ക പാപ്പരാകുമെന്ന് മനസ്സിലാക്കിയ നിക്സണ്‍ പഴയ ഉറപ്പുകളില്‍നിന്നും പിന്മാറി. മേലില്‍ ഡോളറുമായി വന്നാല്‍ പുതിയ ഡോളര്‍ നോട്ടുകളേ തരാന്‍ പറ്റൂ എന്നായി നിലപാട്. അതോടെ ലോക നാണയ വ്യവസ്ഥ തകിടം മറിഞ്ഞു. ഒന്നിനും ഒരു തിട്ടവുമില്ലാതായി. നാണയങ്ങള്‍ തമ്മിലുള്ള വിനിമയ നിരക്കിലുള്ള സ്ഥിരത നഷ്ടപ്പെട്ടു.

നാണയങ്ങളുടെ മൂല്യം അളക്കുന്നതെങ്ങനെ?

നാണയങ്ങള്‍ തമ്മിലുള്ള കൈമാറ്റത്തോത് എങ്ങനെയാണ് നിശ്ചയിക്കപ്പെടുക എന്ന ചോദ്യം സങ്കീര്‍ണമായി തീര്‍ന്നു. ഇതിനുള്ള മാര്‍ഗം ഇതാണ്: നൂറ് രൂപയ്ക്ക് നമ്മുടെ നാട്ടില്‍ എന്തെല്ലാം സാധനങ്ങള്‍ വാങ്ങാന്‍ കിട്ടുമെന്ന് നോക്കുക. ഇതേ സാധനങ്ങള്‍ അമേരിക്കയില്‍ വാങ്ങാന്‍ രണ്ട് ഡോളര്‍ വേണമെന്നിരിക്കട്ടെ. അപ്പോള്‍ 100 രൂപാ സമം രണ്ട് ഡോളര്‍ എന്നു വരുന്നു. അഥവാ രൂപയുടെ മൂല്യം ഒരു ഡോളര്‍ സമം 50 രൂപയാണ്.

ഇനിയുള്ള കണക്ക് കൂട്ടല്‍ മുഴുവന്‍ കുറച്ചു കൂടി ലളിതമാക്കാന്‍ ഒരു അനുമാനം സ്വീകരിക്കാം. നാണയത്തിന്റെ മൂല്യം അളക്കുന്നതിന് നിശ്ചിത തുകക്ക് എന്തെല്ലാം ചരക്കുകള്‍ കിട്ടുമെന്ന് കണക്കാക്കണമെന്നാണല്ലോ പറഞ്ഞത്. കണക്ക് കൂട്ടുവാനുള്ള എളുപ്പത്തിന് അമേരിക്കയും ഇന്ത്യയും ഒറ്റ ചരക്കേ ഉണ്ടാക്കുന്നുള്ളൂ എന്ന് കരുതുക. പഞ്ചസാര മാത്രം. ഒരു കിലോ പഞ്ചസാരക്ക് ഇന്ത്യയില്‍ അമ്പത് രൂപ. അമേരിക്കയില്‍ ഒരു ഡോളര്‍. എങ്കില്‍ ഒരു ഡോളര്‍ സമം 50 രൂപയായിരിക്കും. അഥവാ 1:50. ഇനി ഇന്ത്യയില്‍ വിലക്കയറ്റം ഉണ്ടായി പഞ്ചസാരയുടെ വില 100 രൂപയായി. നേരത്തെ 50 രൂപയ്ക്ക് വാങ്ങിയിരുന്ന പഞ്ചസാര വാങ്ങാന്‍ ഇന്ത്യയില്‍ 100 രൂപ കൊടുക്കണം. രൂപയുടെ വിനിമയനിരക്ക് ഒരു ഡോളറിന് 100 രൂപയായി കുറയും. രൂപയുടെ മൂല്യം ഇടിയും. വിലക്കയറ്റം ഉണ്ടായില്ലെങ്കിലും ഉല്‍പ്പാദനക്ഷമതയില്‍ മാറ്റം വന്നാലും രൂപയുടെ മൂല്യം ഇടിയാം.

അമേരിക്കയില്‍ പുതിയൊരു അത്യന്താധുനിക പഞ്ചസാര ഉണ്ടാക്കാനുള്ള യന്ത്രം കണ്ടുപിടിച്ചെന്നിരിക്കട്ടെ. തല്‍ഫലമായി പഞ്ചസാരയുടെ ഉല്‍പ്പാദന ചെലവ് നേരത്തെ ഒരു ഡോളര്‍ ആയിരുന്നത് അര ഡോളര്‍ ആയി കുറഞ്ഞു. അപ്പോള്‍ അര ഡോളര്‍ സമം 50 രൂപ അഥവാ രൂപയുടെ മൂല്യം ഒരു ഡോളറിന് 100 രൂപയായി കുറയുന്നു. മറിച്ചാണ് കാര്യങ്ങള്‍ സംഭവിക്കുന്നതെങ്കില്‍ രൂപയുടെ മൂല്യം ഉയരുകയും ചെയ്യും. മേല്‍പ്പറഞ്ഞ സന്തുലനാവസ്ഥ കണക്കിലെടുക്കാതെ ഏതെങ്കിലും കാരണവശാല്‍ ആരെങ്കിലും രൂപ യുടെ മൂല്യം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്തെന്നിരിക്കട്ടെ. എന്ത് സംഭവിക്കുമെന്ന് നോക്കാം. യഥാര്‍ഥത്തില്‍ രൂപയുടെ മൂല്യം ഒരു ഡോളറിന് 50 രൂപയാണ്. പക്ഷേ വിലക്കയറ്റമോ ഉല്‍പ്പാദനക്ഷമതയിലോ മാറ്റമൊന്നുമില്ലാതെ രൂപയുടെ മൂല്യം ഡോളറിന് 100 രൂപയായെന്നിരിക്കട്ടെ. നേരത്തെ ഒരു ഡോളറുമായി ഇന്ത്യയില്‍ വന്നാല്‍ അമേരിക്കക്കാരന് 50 രൂപയുടെ പഞ്ചസാര വാങ്ങാമായിരുന്നിടത്ത് 100 രൂപയുടെ പഞ്ചസാര ഇപ്പോള്‍ വാങ്ങാം. ഇതിന്റെ ഫലമായി ഇന്ത്യയില്‍നിന്നുള്ള പഞ്ചസാര കയറ്റുമതി കൂടും. പഞ്ചസാരയുടെ വില ഡോളറായി അമേരിക്ക തരുന്നതുകൊണ്ട് നമ്മുടെ കൈയിലുള്ള ഡോളര്‍ ശേഖരം കൂടും. ഡോളര്‍ സുലഭമാകുമ്പോള്‍ മറ്റേതു ചരക്കിനെയും പോലെ അതിന്റെ മൂല്യവും ഇടിയും. ഡോളറിന്റെ മൂല്യം ഇടിയുമ്പോള്‍ രൂപയുടെ മൂല്യം കൂടും. ഇതിങ്ങനെ കുറേനാള്‍ തുടരുമ്പോള്‍ രൂപയുടെ മൂല്യം വീണ്ടും ഒരു ഡോളര്‍ സമം 50 രൂപ എന്ന സന്തുലനാവസ്ഥയില്‍ എത്തിച്ചേരും.

അതേസമയം രൂപയുടെ മൂല്യം കൃത്രിമമായി ഉയര്‍ത്തിവയ്ക്കുകയാണെങ്കില്‍ നമ്മുടെ കയറ്റുമതി കുറയും, ഇറക്കുമതി കൂടും. ഡോളര്‍ ദുര്‍ലഭമായി തീരും. ഇതിന്റെ ഫലമായി ഡോളറിന്റെ മൂല്യം ഉയരും. രൂപയുടെ മൂല്യം താഴും.

ഇതാണ് ധനമന്ത്രി ചിദംബരം വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുന്ന സിദ്ധാന്തം. രൂപയുടെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കുകയാണെങ്കിലും രൂപയുടെ യഥാര്‍ഥ മൂല്യം ഇന്നുള്ള നിരക്കിനേക്കാള്‍ ഉയര്‍ന്നതാണ്.വിപണിയുടെ മുന്‍വിധിയോ തെറ്റിദ്ധാരണയോ പരിഭ്രാന്തിയോ കൊണ്ടാണ് രൂപയുടെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് നമ്മള്‍ ഭയപ്പെടേണ്ട. കുറച്ചുനേരം കൂടി ക്ഷമാപൂര്‍വം കാത്തിരിക്കുക. രൂപയുടെ മൂല്യം തനിയെ ഉയര്‍ന്ന് സന്തുലന നിലയില്‍ എത്തിച്ചേരും.

രൂപയുടെ ഊഹക്കച്ചവടം

ചിദംബരം ഇങ്ങനെ പറയാന്‍ തുടങ്ങിയിട്ട് കുറച്ചുനാളായി. പക്ഷേ രൂപയുടെ മൂല്യത്തിന്റെ ഗതി താഴേക്ക് തന്നെയാണ്. എവിടെയാണ് വിശകലനം പാളിയത്? ചിദംബരം നല്‍കിയ സാമ്പത്തികശാസ്ത്ര വിശദീകരണത്തില്‍ കമ്പോളത്തില്‍ കയറ്റുമതിക്കാരും ഇറക്കുമതിക്കാരും പിന്നെ പ്രവാസികളും ഫാക്ടറിയിലും മറ്റും മുതല്‍മുടക്കാന്‍ വരുന്ന വിദേശ നിക്ഷേപകരും മാത്രമേ ഉള്ളൂ. ഇവര്‍ മാത്രമുള്ളപ്പോള്‍ രൂപയുടെ മൂല്യത്തിലുണ്ടാവുന്ന അസന്തുലനാവസ്ഥ സ്വയം പരിഹരിക്കാനുള്ള ശക്തമായ എതിര്‍ പ്രവണതകള്‍ സ്വാഭാവികമായി തന്നെ ഉണ്ടായിക്കൊള്ളും. പക്ഷേ ഇപ്പോഴത്തെ നില അങ്ങനെയല്ല. കയറ്റുമതിക്കാരും ഇറക്കുമതിക്കാരും പോലെ തന്നെ പ്രമാണികളാണ് നാണയ രംഗത്തെ ഊഹക്കച്ചവടക്കാര്‍. രൂപയുടെ മൂല്യം ഇടിയും എന്നുകണ്ട് ഊഹക്കച്ചവടക്കാര്‍ കൈയിലുള്ള രൂപയെല്ലാം ഡോളറാക്കി മാറ്റും. എന്നിട്ട് രൂപയുടെ മൂല്യമിടിയുമ്പോള്‍ ഡോളറെല്ലാം മറിച്ചുവിറ്റ് ലാഭമുണ്ടാക്കും. ഊഹക്കച്ചവട ക്കാര്‍ ഡോളര്‍ വാങ്ങുന്നു എന്നതുതന്നെ ഡോളറിന്റെ മൂല്യം ഉയരുന്നതിനും രൂപയുടെ മൂല്യം ഇടിയുന്നതിനും ഇടയാക്കും. രൂപയുടെ മൂല്യം ഉയരാനുള്ള പ്രവണതയെങ്കില്‍ തിരിച്ചായിരിക്കും ഊഹക്കച്ചവടക്കാരുടെ പ്രവൃത്തികള്‍.

മേല്‍പ്പറഞ്ഞവര്‍ പണക്കമ്പോളത്തിലെ ചെറുകിട വ്യാപാരികളോ ബ്രോക്കര്‍മാരോ മാത്രമാണ്. വമ്പന്മാര്‍ വേറെയുണ്ട്. അവര്‍ വലിയ തോതില്‍ അന്തര്‍ദേശീയമായി വിദേശനാണയങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യും. ഇപ്പോഴാവട്ടെ നാണയങ്ങള്‍ കൊണ്ടുള്ള സാട്ടാ കച്ചവടവും ആരംഭിച്ചിട്ടുണ്ട്. ഭാവിയില്‍ നിശ്ചിത നിരക്കില്‍ നാണയങ്ങള്‍ നല്‍കാമെന്ന് കരാറുണ്ടാക്കുന്നു. ഇങ്ങനെയുള്ള കരാറുകളുടെ അടിസ്ഥാനത്തില്‍ വാങ്ങിയവര്‍ വീണ്ടും മറ്റുള്ളവരോട് മുന്‍കൂര്‍ കരാര്‍ ഉണ്ടാക്കുന്നു. കരാറുകള്‍ മറിച്ചുവില്‍ക്കുന്നു. ഇപ്പോള്‍ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത് ശുദ്ധ വാതുവെപ്പിലും ചൂതാട്ടത്തിലുമാണ്. ഇതുവരെ പറഞ്ഞ ഇടപാടുകളില്‍ യഥാര്‍ഥ നാണയങ്ങള്‍ ഇടപാടുകാര്‍ തമ്മില്‍ ആത്യന്തികമായെങ്കിലും കൈമാറണം. എന്നാല്‍ "ഡെറവേറ്റീവ്" കച്ചവടം എന്ന പേരില്‍ അറിയപ്പെടുന്ന അത്യാധുനിക ചൂതാട്ടത്തിന് ഇതുപോലും വേണ്ട. നാണയങ്ങളുടെ വിനിമയനിരക്ക് നിശ്ചിത നിലവാരത്തിലേക്ക് ഉയരുമോ താഴുമോ എന്നതുസംബന്ധിച്ച് ശതകോടികളുടെ വാതുവെപ്പാണ് ഇവിടെ നടക്കുന്നത്. ഇവരുടെ ഇടപാടുകളാണ് പലപ്പോഴും വിനിമയ നിരക്കിനെ നിശ്ചയിക്കുന്നത്. 2002ല്‍ മൊത്തം "ഡെറവേറ്റീവ്" വ്യാപാരം 106 ലക്ഷം കോടി ഡോളര്‍ ആയിരുന്നു. 2008ല്‍ അത് 680 ലക്ഷം കോടി ഡോളറായി വളര്‍ന്നു. ലോക ഉല്‍പാദനം 65 ലക്ഷം കോടി ഡോളറും ലോക വ്യാപാരം 65 ലക്ഷം കോടി ഡോളറും ആയിരുന്നെന്ന് ഓര്‍ക്കണം. അതുകൊണ്ട് സ്വാഭാവികമായ സന്തുലനാവസ്ഥയില്‍ എത്തിച്ചേരും മുമ്പ് സമൂലമായ തകര്‍ച്ചയെ നേരിടേണ്ടിവന്നേക്കാം.

ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന രൂപയുടെ മൂല്യത്തകര്‍ച്ചയുടെ ഒരു പ്രധാനകാരണം ഊഹക്കച്ചവടക്കാരാണെന്ന് റിസര്‍വ് ബാങ്കിന് അഭിപ്രായമുണ്ട്. രൂപയുടെ വിനിമയ നിരക്കിനുമേല്‍ വാതുവയ്ക്കുന്നതിന് ഇന്ത്യയിലെ തന്നെ ചില ബാങ്കുകളും കോര്‍പറേറ്റുകളും വരെ ഉണ്ടത്രെ. ഇതിന് തടയിടുന്നതിനുവേണ്ടി കൂടിയാണ് ബാങ്കുകളുടെ വശമുള്ള പണലഭ്യത കുറയ്ക്കുന്നതിന് ചില നടപടികള്‍ റിസര്‍വ് ബാങ്ക് സ്വീകരിച്ചത്.

ഡോളറിന്റെ ഡിമാന്റും സപ്ലൈയും

എന്നാല്‍ രൂപയുടെ മൂല്യത്തിനുണ്ടായിരിക്കുന്ന ഇടിവിന് കാരണം ഊഹക്കച്ചവടക്കാരും അന്തര്‍ദേശീയ സംഭവവികാസങ്ങളും മാത്രമാണെന്ന ന്യായവാദത്തോട് ഒട്ടും യോജിക്കാനാവില്ല. രൂപയുടെ മൂല്യം ആത്യന്തികമായി നിര്‍ണയിക്കപ്പെടുക തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ രൂപയുടെയും വിദേശനാണയത്തിന്റെയും താരതമ്യേന വാങ്ങല്‍ കഴിവിന്റെ അടിസ്ഥാനത്തിലായിരിക്കും. എന്നാല്‍ അതതു സമയത്ത് കമ്പോളത്തില്‍ രൂപയുടെ മൂല്യം നിര്‍ണയിക്കപ്പെടുക വിദേശനാണയത്തിന്റെ ഡിമാന്റും സപ്ലൈയും അനുസരിച്ചായിരിക്കും.

സപ്ലൈ അപേക്ഷിച്ച് വിദേശനാണ്യത്തിന് ഡിമാന്റ് കൂടുകയാണെങ്കില്‍ രൂപയുടെ മൂല്യമിടിയും. മറിച്ചാണെങ്കില്‍ തിരിച്ചും സംഭവിക്കും. ഇതില്‍നിന്ന് മുതലെടുക്കാനാണല്ലോ ഊഹക്കച്ചവടക്കാര്‍ ശ്രമിക്കുന്നത്. വിദേശനാണയത്തിന്റെ ഡിമാന്റും സപ്ലൈയും ചരക്കുകളുടെയും സേവനത്തിന്റെയും വിദേശ വ്യാപാരത്തെ ആശ്രയിച്ചിരിക്കും (പ്രവാസി സേവനങ്ങള്‍ക്ക് അടക്കം). കയറ്റുമതി ചെയ്യുമ്പോള്‍ നമുക്ക് വിദേശനാണയം ലഭിക്കും. ഇറക്കുമതി ചെയ്യുമ്പോള്‍ വിദേശ നാണയം ചെലവാകുന്നു. കയറ്റുമതിയേക്കാള്‍ ഉയര്‍ന്നതാണ് ഇറക്കുമതി എങ്കില്‍ അതായത് വിദേശവ്യാപാരം കമ്മിയാണെങ്കില്‍ ഇറക്കുമതിക്കാര്‍ക്ക് നല്‍കാനുള്ള വിദേശനാണയം കൈയില്‍ ഇല്ലാതെവരും. രണ്ട് രീതിയില്‍ ഈ കമ്മി നികത്താം.

1) ഇങ്ങനെയുള്ള സ്ഥിതിവിശേഷത്തെ നേരിടുന്നതിന് വേണ്ടി എല്ലാ രാജ്യങ്ങളും ഒരു വിദേശനാണയ ശേഖരം സൂക്ഷിക്കാറുണ്ട്. അതില്‍നിന്ന് വിദേശനാണയം എടുത്ത് ആവശ്യക്കാര്‍ക്ക് ലഭ്യമാക്കിയാല്‍ രൂപയുടെ മൂല്യം ഇടിയുന്നത് തടയാം.

2) വിദേശത്തുനിന്ന് വായ്പ എടുക്കുകയോ അല്ലെങ്കില്‍ നമ്മുടെ രാജ്യത്തേക്ക് ആകര്‍ഷിക്കുവാനോ കഴിഞ്ഞാല്‍ നമുക്ക് വിദേശനാണയം ലഭിക്കും. അത് ഇറക്കുമതിക്കാര്‍ക്ക് നല്‍കി രൂപയുടെ മൂല്യം സംരക്ഷിക്കാം. കഴിഞ്ഞ കുറേക്കാലങ്ങളായി നമ്മള്‍ രണ്ടാമത് പറഞ്ഞ മാര്‍ഗം അവലംബിച്ചുകൊണ്ടിരിക്കുകയായിരുന്നു.

വിദേശവ്യാപാര കമ്മി

ഇതിനൊരു പശ്ചാത്തലമുണ്ട്. നിയോലിബറല്‍ പരിഷ്ക്കാരങ്ങളുടെ ഭാഗമായി ഇറക്കുമതി നിയന്ത്രണങ്ങള്‍ എല്ലാം നീക്കം ചെയ്യപ്പെട്ടു. തന്മൂലം ഇറക്കുമതി ചെലവ് കുത്തനെ ഉയര്‍ന്നു. ഇന്ത്യയില്‍ പുതുതായി വികസിച്ച വ്യവസായങ്ങള്‍ എല്ലാം തന്നെ വലിയ തോതില്‍ ഇറക്കുമതിയെ ആശ്രയിച്ചുകൊണ്ടുള്ളതാണ്. മാത്രമല്ല സ്വര്‍ണമടക്കമുള്ള ആഡംബര വസ്തുക്കളും വലിയ തോതില്‍ ഇറക്കുമതി ചെയ്യപ്പെട്ടു. ഇങ്ങനെ ഇറക്കുമതിച്ചെലവ് ഉയര്‍ന്നപ്പോള്‍ കയറ്റുമതി വരുമാനം അതേ തോതില്‍ വര്‍ധിച്ചില്ല. പ്രവാസികളുടെ വരുമാനം ഗണ്യമായി ലഭിച്ചുകൊണ്ടിരുന്നെങ്കിലും വ്യാപാര കമ്മി നാള്‍ക്കുനാള്‍ വര്‍ധിച്ചുവന്നു. ആഗോളമാന്ദ്യം തുടങ്ങിയതോടെ കയറ്റുമതി മന്ദീഭവിച്ചത് പ്രശ്നത്തെ കൂടുതല്‍ രൂക്ഷമാക്കി. ഇപ്രകാരം വ്യാപാര കമ്മി കൂടി. നടപ്പുവര്‍ഷം കമ്മി നികത്താന്‍ അധികമായി 8000 കോടി ഡോളറെങ്കിലും വിദേശനാണയം ലഭിച്ചേ പറ്റൂ എന്ന നിലയിലാണിപ്പോള്‍. രാജ്യത്തെ മൊത്തം വ്യാപാരകമ്മി (സേവന വ്യാപാരമടക്കം) ദേശീയവരുമാനത്തിന്റെ 5 ശതമാനത്തോളം വരും. ഇത് രണ്ടര ശതമാനത്തിനപ്പുറം ഉയരുന്നത് അപകടകരമാണെന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്.

രാജ്യം വിദേശവിനിമയ രംഗത്ത് വലിയ അപകടത്തെ അഭിമുഖീകരിക്കുകയാണ്. എന്നാല്‍ 2012 അവസാനം വരെ ഇത് ജനങ്ങളില്‍നിന്ന് മറച്ചുവയ്ക്കുന്നതില്‍ ഭരണാധികാരികള്‍ വിജയിച്ചു. കാരണം ഇന്ത്യയിലേക്ക് വിദേശനിക്ഷേപം വിപുലമായ തോതില്‍ ആകര്‍ഷിക്കുന്നതിന് അവര്‍ക്ക് കഴിഞ്ഞു. ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപത്തിന്റെ ഒഴുക്ക് വലിയ സാമ്പത്തികനേട്ടമായി അവര്‍ പെരുമ്പറമുഴക്കി. വിദേശ നിക്ഷേപത്തിലൂടെ വന്ന വിദേശ നാണയം ഉപയോഗിച്ച് വ്യാപാരക്കമ്മി നികത്തി കഴിഞ്ഞിട്ടും മിച്ചംവന്ന വിദേശനാണയം ഉപയോഗിച്ച് വിദേശനാണയ കരുതല്‍ ശേഖരം പെരുപ്പിച്ചു. കഴിഞ്ഞ വര്‍ഷം അവസാനിക്കുമ്പോള്‍ ഇന്ത്യയുടെ വിദേശനാണയ ശേഖരം 30,000 കോടി ഡോളര്‍ ആയിരുന്നു. ഇതൊരു സര്‍വകാല റിക്കാര്‍ഡാണ്.

ഭീമന്‍ വിദേശനാണയ ശേഖരത്തിന് പിന്നില്‍

പക്ഷേ ഈ ഭീമന്‍ വിദേശനാണയ ശേഖരത്തിന്റെ പിന്നില്‍ പതിയിരിക്കുന്ന അപകടങ്ങളെ ഭരണാധികാരികള്‍ കണ്ടില്ലെന്ന് നടിച്ചു. ഒന്നാമത്തേത് ഇന്ത്യയിലേക്ക് വന്ന വിദേശനിക്ഷേപത്തില്‍ നല്ല പങ്കും ഷെയര്‍ മാര്‍ക്കറ്റിലും മറ്റും ഊഹക്കച്ചവടത്തിനായി വന്ന ഹ്രസ്വകാലനിക്ഷേപങ്ങളായിരുന്നു. ഫാക്ടറിയിലും മറ്റും വരുന്ന വിദേശനിക്ഷേപം പൂര്‍ണമായി എതിര്‍ക്കേണ്ടതില്ല. വിദേശനാണയ രംഗത്ത് അവര്‍ അപകടകാരികളുമല്ല. ഇന്ത്യയില്‍നിന്ന് അവരുടെ ഡോളര്‍ നിക്ഷേപം പിന്‍വലിക്കണമെങ്കില്‍ ഫാക്ടറിയും മറ്റും ആദ്യം വില്‍ക്കണം. അതിന് കാലം പിടിക്കും. അതേസമയം ഹ്രസ്വകാല വായ്പകളാകട്ടെ എപ്പോള്‍ വേണമെങ്കിലും നാടുവിട്ടുപോകാം. നമ്മുടെ കടത്തിലെ 44 ശതമാനം ഇന്ന് ഹ്രസ്വകാല വായ്പകളാണ്. അവ എപ്പോള്‍ പിന്‍വാങ്ങുന്നുവോ അന്ന് നമ്മള്‍ തകരും.

രണ്ടാമതായി ഇന്ത്യയിലേക്ക് വന്ന ഡോളര്‍ നിക്ഷേപങ്ങളില്‍ നല്ലൊരു പങ്ക് അമേരിക്കയിലെ സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് രക്ഷപ്പെടുന്നതിനുവേണ്ടി വന്ന നിക്ഷേപങ്ങളാണ്. അമേരിക്കന്‍ സമ്പദ്ഘടനയെ ഉത്തേജിപ്പിക്കുന്നതിനുവേണ്ടി അമേരിക്കന്‍ സര്‍ക്കാര്‍ ധനകാര്യ സ്ഥാപനങ്ങളുടെയും മറ്റും ബോണ്ടുകള്‍ വലിയതോതില്‍ വാങ്ങിക്കൂട്ടി. പ്രതിമാസം ഏതാണ്ട് 8000 കോടി ഡോളര്‍ വീതം. ഇത്ര ഭീമമായ തുകയ്ക്കുള്ള ഡോളര്‍ അമേരിക്കന്‍ സമ്പദ്ഘടനയിലേക്ക് പുതുതായി വന്നു. പക്ഷേ അമേരിക്കയിലെ പലിശനിരക്ക് ഏതാണ്ട് പൂജ്യത്തിനടുത്തായതിനാല്‍ അങ്ങനെ ഈ പണത്തില്‍ നല്ലൊരു പങ്ക് ഇന്ത്യപോലുള്ള രാജ്യങ്ങളിലേക്ക് ഒഴുകി. ഇങ്ങനെ ഡോളര്‍ സുലഭമായതോടെ രണ്ടുവര്‍ഷം മുമ്പ് രൂപയുടെ മൂല്യം ഉയരുകപോലും ചെയ്തു. വിദേശനാണയം സുലഭമായതോടെ ഇറക്കുമതിയുടെ പേരിലുള്ള എല്ലാ നിയന്ത്രണങ്ങളും എടുത്തുകളഞ്ഞു.

സ്വന്തമായി വിദേശനാണയം നേടിയില്ലെങ്കില്‍ എന്ത്? അത് ഇഷ്ടംപോലെ കടമായി കിട്ടുമല്ലോ. പക്ഷേ ഭരണാധികാരികള്‍ ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഒരു കാര്യമുണ്ടായിരുന്നു. അമേരിക്കയിലെ സാമ്പത്തിക നില മെച്ചപ്പെട്ടുതുടങ്ങുമ്പോള്‍ അവിടത്തെ സര്‍ക്കാര്‍ ബോണ്ടുവാങ്ങല്‍ നയം തിരുത്തും. ഇങ്ങോട്ടുള്ള ഡോളറിന്റെ ഒഴുക്ക് കുറയും. മാത്രമല്ല, അവിടെ പലിശ നിരക്ക് ഉയര്‍ന്നാല്‍ ഇങ്ങോട്ടുവന്ന ഡോളര്‍ തിരിച്ച് ഒഴുകിത്തുടങ്ങും.

ഇപ്പോള്‍ ഇതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കയിലെ സാമ്പത്തിക ഉത്തേജന നയം മാറ്റുമെന്ന പ്രഖ്യാപനം വന്നു കഴിഞ്ഞു. കേള്‍ക്കേണ്ട താമസം ഇന്ത്യയില്‍നിന്നും മറ്റു മൂന്നാംലോക സമ്പദ്ഘടനകളില്‍നിന്ന് നിക്ഷേപകര്‍ ഡോളര്‍ പിന്‍വലിച്ചുതുടങ്ങി.

അമേരിക്കയുടെ നയം തിരുത്തിക്കഴിഞ്ഞിട്ടില്ല. തിരുത്തുമെന്ന് പറയുമ്പോഴേ സ്ഥിതി ഇതാണെങ്കില്‍ തിരുത്തിയാലുള്ള അവസ്ഥ എന്തായിരിക്കും?

ഇന്ത്യ മാത്രമല്ല ചൈന, റഷ്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എല്ലാവരും സമ്മര്‍ദത്തിലാണ്. പക്ഷേ ഇന്ത്യയുടെ നിലയാണ് ഏറ്റവും പരിതാപകരം. കാരണം മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് ഭീതിജനകമായ വ്യാപാര കമ്മിയുള്ള രാജ്യം ഇന്ത്യയാണ്. വലിയ വ്യാപാരക്കമ്മിയുള്ള രാജ്യത്തേക്ക് ഡോളറിന്റെ ഒഴുക്ക് നിലച്ചാല്‍ അവിടത്തെ നാണയത്തിന്റെ മൂല്യം കുത്തനെ കുറയുമെന്ന് തീര്‍ച്ചയാണ്. ഈ പശ്ചാത്തലത്തിലാണ് രൂപയുടെ മൂല്യത്തില്‍ ഇന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന വിലയിടിവിനെ മനസ്സിലാക്കേണ്ടത്.

എത്രവരെ ഇടിയാം ?

രൂപയുടെ മൂല്യം എത്രവരെ ഇടിയാം? 75 വരെ എന്നുള്ളത് ഇന്ന് പല പ്രമുഖ ധനകാര്യ ഏജന്‍സികളും പ്രവചിച്ചുകഴിഞ്ഞു. പക്ഷേ അവിടെയെങ്ങും കാര്യങ്ങള്‍ നില്‍ക്കണമെന്നില്ല. അമേരിക്കന്‍ സാമ്പത്തിക നയത്തിലുള്ള തിരുത്തല്‍ ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുകയുള്ളൂ. പൂര്‍വസ്ഥിതിയിലേക്ക് അമേരിക്കന്‍ നയം എത്തിച്ചേരുന്നതിന് ഒരു വര്‍ഷമെങ്കിലുമെടുക്കും. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഈ കാലമത്രയും രൂപയുടെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കും. ഇത് അറിയാവുന്നതുകൊണ്ടാണ് രൂപയുടെ മൂല്യത്തെ പിടിച്ചുകെട്ടാനൊന്നും റിസര്‍വ് ബാങ്ക് ഇറങ്ങിപ്പുറപ്പെടാത്തത്. ഇതുസംബന്ധിച്ച റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സുബ്ബറാവുവിന്റെ പ്രസ്താവന പ്രസിദ്ധമാണ്. "രൂപയെ ഏതെങ്കിലും നിരക്കില്‍ നിലനിര്‍ത്തുക എന്നത് ഞങ്ങളുടെ ലക്ഷ്യമല്ല. രൂപ, അതിന്റെ നിലവാരം കണ്ടുപിടിച്ചോളും." അതുകൊണ്ട് റിസര്‍വ് ബാങ്ക് ശ്രമിക്കുന്നത് രൂപയുടെ മൂല്യഇടിവ് തടയാനല്ല മറിച്ച് താഴേക്കുള്ള പോക്ക് സാവധാനത്തിലാക്കുവാന്‍ മാത്രമാണ്. ഏതെങ്കിലും നിശ്ചിത നിരക്കില്‍ രൂപയെ കുരുക്കിയിടാന്‍ ഇന്നുള്ള കരുതല്‍ശേഖരം കൊണ്ടൊന്നും കഴിയില്ല.

പ്രതിസന്ധി പരിഹരിക്കാന്‍ പല പാക്കേജുകള്‍ ചിദംബരം പ്രഖ്യാപിച്ചിട്ടുണ്ട്. അവയുടെയെല്ലാം ലക്ഷ്യം മുഖ്യമായും വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുകയാണ്. എല്ലാ മേഖലകളിലെയും വിദേശ നിക്ഷേപ പരിധി ഉയര്‍ത്തുക. ചില്ലറ വ്യാപാര മേഖലയിലെയും മറ്റും ആലോസരപ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുക. കല്‍ക്കരി പ്രകൃതി വാതക ഖനനം കമ്പോള വിലക്ക് തുറന്നുകൊടുക്കുക. കള്ളപ്പണ വേട്ടക്കെതിരായ നടപടികള്‍ പിന്‍വലിക്കുക തുടങ്ങിയവയൊക്കെ ഇത്തരം പാക്കേജുകളില്‍പ്പെടും. ഇതുകൊണ്ടൊന്നും വിദേശ നിക്ഷേപകര്‍ പ്രസാദിച്ച മട്ടില്ല. ഇന്ത്യാ സര്‍ക്കാരിന് വിശ്വാസ്യത നാട്ടില്‍ മാത്രമല്ല വിദേശത്തും ഇല്ല.

പിന്നെ മറ്റൊരു സെറ്റ് നടപടികള്‍ സ്വര്‍ണത്തിന്റെയും ആഡംബര ഉല്‍പ്പന്നങ്ങളുടെയുംമേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തലാണ്. വിദേശത്ത് പണം കൊണ്ടുപോകുന്നതിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവയൊക്കെ നേരത്തെ ആകാമായിരുന്നു. വിദേശ നിക്ഷേപകരെ കണ്ട് മതിമറന്ന് എല്ലാം തുറന്നുകൊടുക്കുന്ന സമീപനത്തില്‍ കൂടുതല്‍ വിവേകപൂര്‍ണമായ നിലപാട് പണ്ടേ സ്വീകരിക്കാമായിരുന്നു.ഇപ്പോള്‍ എടുക്കുന്ന ഈ നിലപാടുകള്‍ വിപണിയില്‍ സംശയങ്ങളാണ് സൃഷ്ടിക്കുന്നത്. ഇന്ത്യാസര്‍ക്കാര്‍ പരിഷ്ക്കാരങ്ങളില്‍നിന്നും പിന്‍വാങ്ങുമോ? ഈ സംശയം മൂലം എടുത്ത നടപടികള്‍ ഒരു പരിധിവരെ വിപരീത ഫലമാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇപ്രകാരം രൂക്ഷമായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങളെന്തൊക്കെയാണ്?

മൂല്യമിടിവിന്റെ പ്രത്യാഘാതങ്ങള്‍

ഒന്ന്. വിലക്കയറ്റം ഉറപ്പാണ്. രൂപയുടെ വിനിമയ നിരക്ക് നൂറിലേക്ക് താണാല്‍ ഡീസലിന്റെയും പെട്രോളിന്റെയും വില ഇരട്ടിയാകും. ഇതൊന്നുമാത്രം മതി വിലക്കയറ്റത്തെ ഇന്നുള്ളതിന്റെ ഇരട്ടി നിലവാരത്തിലേക്ക് ഉയര്‍ത്താന്‍. വിലക്കയറ്റം കയറ്റുമതി വര്‍ധനയ്ക്ക് തടസ്സമാണ്. വിലക്കയറ്റം മൂലം രൂപയുടെ മൂല്യം കൂടുതല്‍ ഇടിയും. അങ്ങനെ വിലക്കയറ്റവും മൂല്യത്തകര്‍ച്ചയും തമ്മില്‍ ഒരു ഓട്ടമത്സരം തന്നെ രൂപപ്പെട്ടേക്കാം. രണ്ട്. രാജ്യത്തെ സാമ്പത്തിക മാന്ദ്യവും രൂക്ഷമാകും. കഴിഞ്ഞവര്‍ഷത്തെ ഉല്‍പ്പാദന വളര്‍ച്ച അഞ്ച് ശതമാനമാണ്. ഇന്നത്തെ രീതിയാണ് പോകുന്നതെങ്കില്‍ അത് 4 ശതമാനത്തിലേക്ക് എങ്കിലും താഴും. ഈ നിഗമനത്തിലെത്തിച്ചേര്‍ന്നതിന് പല കാരണങ്ങളുണ്ട്. വിലക്കയറ്റം ജനങ്ങളുടെ വാങ്ങല്‍ കഴിവ് കുറയ്ക്കും.

ബജറ്റ് കമ്മി നിയന്ത്രിക്കാന്‍ ഇപ്പോള്‍തന്നെ പെടാപ്പാടുപെടുന്ന സര്‍ക്കാരിന് മാന്ദ്യമകറ്റാന്‍ 2008ലെ പോലെ ഉത്തേജക പാക്കേജുകളൊന്നും പ്രഖ്യാപിക്കാന്‍ കഴിയില്ല. ഇതേസമയം കോര്‍പറേറ്റുകളും നിക്ഷേപം വെട്ടിക്കുറയ്ക്കാനാണ് സാധ്യത. കാരണം അവര്‍ വലിയതോതില്‍ വിദേശത്തുനിന്ന് വായ്പ എടുത്തിട്ടുണ്ട്. 1991ല്‍ ഇന്ത്യയിലെ വിദേശബാധ്യതയുടെ 12 ശതമാനം മാത്രമായിരുന്നു കോര്‍പറേറ്റുകളുടേതെങ്കില്‍ ഇന്ന് 31 ശതമാനം അവരുടേതാണ്. രൂപയുടെ മൂല്യമിടിയുമ്പോള്‍ അവരുടെ കടഭാരവും ഉയരും. തന്മൂലം വിദേശവായ്പയുടെ തിരിച്ചടവിനും പലിശയ്ക്കും പണമില്ലാതെ അവര്‍ വിഷമിക്കും. 2012-13ല്‍ ഏറ്റവും വലിയ 14 കോര്‍പറേറ്റുകളെ എടുത്ത് പരിശോധിച്ചപ്പോള്‍ അവരില്‍ ഭൂരിപക്ഷത്തിന്റെയും നികുതി തേയ്മാന ചെലവ് പലിശ എന്നിവ കിഴിക്കുന്നതിന് മുമ്പുള്ള ലാഭം വിദേശ കടത്തിന്റെ പലിശയ്ക്കു തികയില്ല എന്നാണ് കണ്ടത്. ഈയൊരു സാഹചര്യത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതിനല്ല കടഭാരത്തില്‍നിന്നും രക്ഷനേടുന്നതിനായിരിക്കും കോര്‍പറേറ്റുകള്‍ ശ്രമിക്കുന്നത്. അതുകൊണ്ട് സംശയം വേണ്ട സാമ്പത്തിക മാന്ദ്യം കൂടുതല്‍ രൂക്ഷമാകാന്‍ പോവുകയാണ്.

ബദല്‍ നയങ്ങള്‍

സാമ്പത്തിക മാന്ദ്യത്തിന്റെയും വിലക്കയറ്റത്തിന്റെയും കത്രികപ്പൂട്ടിലാവും ഇന്ത്യയിലെ ജനങ്ങള്‍. തൊഴിലില്ലായ്മയും വിലക്കയറ്റവും ജനങ്ങളുടെ ചെലവില്‍ പ്രതിസന്ധിയെ പരിഹരിക്കാനുള്ള പരിശ്രമമാണ്. ഇതിനെതിരായ ജനകീയ ചെറുത്തുനില്പ്പും പോരാട്ടങ്ങളും അനിവാര്യമാണ്. ബദല്‍ ഇല്ല എന്നുള്ള വാദമാണ് ഭരണാധികാരികള്‍ ഉയര്‍ത്തുന്നത്. ഇന്നിപ്പോള്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വച്ച് ബിജെപി കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിക്കുന്നുണ്ടെങ്കിലും അവരുടെയും അടിസ്ഥാന നിലപാടുകള്‍ ഒന്നുതന്നെയാണ്. ഇരുവര്‍ക്കുമെതിരെ ഒരു ജനകീയ സ്വാശ്രയ ബദല്‍ പരിപാടി ഉയര്‍ത്തേണ്ടതുണ്ട്. ഇറക്കുമതിയുടെ മേലും മൂലധനമൊഴുക്കിന്മേലും നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരും.

വിലക്കയറ്റത്തെ തടയാന്‍ പൊതു വിതരണത്തെ ശക്തിപ്പെടുത്തണം. മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ 2008ല്‍ എന്നതുപോലെ സമ്പദ്ഘടനയില്‍ ശക്തമായി ഇടപെട്ടേ തീരൂ. ഇത്തരമൊരു പരിപാടിക്കുപിന്നില്‍ ജനങ്ങളെ അണിനിരത്താന്‍ അവരുടെ അടിസ്ഥാന ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ ഉറപ്പുവരുത്തണം. എല്ലാവര്‍ക്കും ഭക്ഷണം, വസ്ത്രം, കിടപ്പാടം, ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം, ശുചിത്വ സൗകര്യങ്ങള്‍ എന്നിവ അപ്രായോഗികമാണ്. ഇതിനൊക്കെ പശ്ചാത്തലമായി വേണ്ടുന്നൊരു കാര്യമുണ്ട് ദേശാഭിമാനം. വിദേശമൂലധനത്തെ ആശ്രയിക്കലല്ലാതെ മറ്റ് മാര്‍ഗമില്ല എന്ന നിലപാട് തള്ളിക്കളഞ്ഞ് സ്വന്തം കാലില്‍ നില്ക്കാന്‍ തയ്യാറുള്ള ജനതയെ സൃഷ്ടിക്കണം. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ പാരമ്പര്യങ്ങള്‍ വീണ്ടെടുക്കണം.

*
ഡോ. ടി എം തോമസ് ഐസക് ദേശാഭിമാനി വാരിക 15 സെപ്തംബര്‍ 2013

Saturday, August 31, 2013

വാലുനിവര്‍ക്കാത്ത മന്‍മോഹനിസം

സമ്പദ്വ്യവസ്ഥ തകര്‍ന്നടിയുമ്പോള്‍ മൗനംപാലിച്ച പ്രധാനമന്ത്രി പ്രതിപക്ഷത്തിന്റെ ശക്തമായ നിലപാടിനെത്തുടര്‍ന്ന് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയിരിക്കുന്നു. വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് എന്തെങ്കിലും ആശ്വാസം അദ്ദേഹത്തിന്റെ വാക്കുകളില്‍ ആരെങ്കിലും പ്രതീക്ഷിച്ചിരുന്നുവെങ്കില്‍ അവര്‍ക്ക് തെറ്റി. രൂപയെ പതനത്തില്‍നിന്ന് രക്ഷിക്കാന്‍ മൂലധന ഒഴുക്കിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന പ്രശ്നമേയില്ലെന്ന് പ്രധാനമന്ത്രി അസന്നിഗ്ധമായി പറഞ്ഞു. പരിഷ്കരണ നടപടികളില്‍നിന്ന് പിന്നോട്ടില്ല. ചില "ഹ്രസ്വകാല ഷോക്കുകള്‍" നേരിടാന്‍ രാജ്യം തയ്യാറെടുക്കണം. സബ്സിഡി പടിപടിയായി ഇല്ലാതാക്കും. അതായത് ജനം മുണ്ടുമുറുക്കി ഉടുക്കണം. മന്‍മോഹനോമിക്സിന്റെ വാലുനിവര്‍ത്താന്‍ ആരു വിചാരിച്ചാലും കഴിയില്ല എന്നുതന്നെ. 1991ല്‍ മന്‍മോഹന്‍സിങ് ഉദാരവല്‍ക്കരണം തുടങ്ങിവയ്ക്കുമ്പോള്‍ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. "91ലെ അവസ്ഥയിലേക്ക് സമ്പദ്രംഗം വീണ്ടും കൂപ്പുകുത്തിയപ്പോള്‍ അത് അടുത്തഘട്ടം ജനവിരുദ്ധനടപടികള്‍ക്കുള്ള വേദിയായി കാണുകയാണ് മന്‍മോഹന്‍സിങ്.

"91 ലും നാണയക്കമ്പോളത്തിലെ പ്രതിസന്ധിയായാണ് സാമ്പത്തിക തകര്‍ച്ച പ്രത്യക്ഷപ്പെട്ടത്. അന്ന് വിദേശനാണയശേഖരം മൂന്നാഴ്ചത്തെ ഇറക്കുമതിക്കുള്ളത്രയും മാത്രമായി ഇടിഞ്ഞപ്പോള്‍ സ്വര്‍ണശേഖരം പണയംവച്ച് ഐഎംഎഫില്‍നിന്ന് കടമെടുക്കേണ്ടിവന്നു. സോവിയറ്റ്യൂണിയന്റെ തകര്‍ച്ചയ്ക്കുശേഷം ക്ഷേമരാഷ്ട്ര സമ്പദ്വ്യവസ്ഥയില്‍നിന്ന് മുതലാളിത്തം പൂര്‍ണമായും പിന്മാറിയതോടെയാണ് നാണയക്കമ്പോളം സജീവമായത്. നാണയം എന്ന വിനിമയമാധ്യമംതന്നെ ചരക്കായി മാറുന്ന പ്രവണത അതിനുംമുമ്പേ തുടങ്ങിയിരുന്നു. എന്നാല്‍, നാണയംമാത്രംവച്ചുള്ള കമ്പോളം മറ്റെല്ലാ കമ്പോളങ്ങളെയും കീഴടക്കുന്നത് തൊണ്ണൂറുകളുടെ തുടക്കത്തിലാണ്.

റീഗണോമിക്സ്, താച്ചറിസം തുടങ്ങിയവയില്‍നിന്ന് ഇന്ത്യയില്‍ മന്‍മോഹനോമിക്സ് രൂപാന്തരപ്പെടുന്നതും അപ്പോള്‍തന്നെ. അതിനുമുമ്പ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ആനയോടായിരുന്നു ഉപമ. എന്നാല്‍ ആന പോരാ, കടുവ വേണം (ടൈഗര്‍ ഇക്കോണമി) എന്ന് ഉദാരവല്‍ക്കരണക്കാര്‍ പറഞ്ഞുകൊണ്ടേയിരുന്നു. മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ തെക്കുകിഴക്കേഷ്യന്‍ രാജ്യങ്ങള്‍ ടൈഗര്‍ ഇക്കോണമിയിലേക്ക് പാഞ്ഞടുത്തു. ബലൂണ്‍ വീര്‍ക്കുംപോലെ അവിടങ്ങളിലെ സമ്പദ്രംഗം ഉയര്‍ന്നുപൊങ്ങി പൊട്ടിത്തകര്‍ന്നു. മെക്സിക്കോ തുടങ്ങിയ തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലും ചില ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇതേ അവസ്ഥയുണ്ടായി. അവിടത്തെ നാണയങ്ങള്‍ക്ക് കടലാസുവില മാത്രമായ കാലമുണ്ടായി. ഉല്‍പ്പാദനമേഖലയിലല്ലാതെ വെറും നാണയക്കമ്പോളത്തില്‍ അമേരിക്കന്‍ ഡോളര്‍ കുന്നുകൂടിയ പശ്ചാത്തലം 96-98 കാലത്തെ "കടുവ പുല്ലുതിന്ന" ഗതികേടിനുണ്ടായിരുന്നു. ഇതേക്കുറിച്ച് അമേരിക്കന്‍ നാണയ ചൂതാട്ടക്കാരനായ ജോര്‍ജ് സോറോസ് പിന്നീട് കുമ്പസരിച്ചു. നാണയക്കമ്പോളത്തില്‍ താന്‍ മനഃപൂര്‍വം നടത്തിയ ചൂതാട്ടവും കള്ളക്കളികളും ഈ തകര്‍ച്ചയ്ക്കുപിന്നിലുണ്ടായിരുന്നുവെന്നായിരുന്നു സോറോസിന്റെ കുമ്പസാരം. അന്ന് ഇന്ത്യന്‍ രൂപയ്ക്ക് ഈ അവസ്ഥ നേരിട്ടിരുന്നില്ല. ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ പ്രതിരോധശേഷിയായിരുന്നു അതിന് കാരണം. "മന്‍മോഹനോമിക്സ്" ആരംഭിച്ച് രണ്ടേകാല്‍ പതിറ്റാണ്ടില്‍ എത്തിനില്‍ക്കുന്നു. ഇപ്പോള്‍, രൂപ രക്ഷക്കായി നിലവിളിക്കുമ്പോള്‍ അന്നത്തെ ധനമന്ത്രി, ഇന്നത്തെ പ്രധാനമന്ത്രി നിസ്സഹായാവസ്ഥയിലാണ്. എന്താണ് ഈ നിസ്സഹായാവസ്ഥയ്ക്ക് കാരണം?

കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളില്‍ ഇന്ത്യയില്‍ വിദേശനാണയശേഖരം കുന്നുകൂടുകയായിരുന്നു. എന്നാല്‍, ഇതില്‍ ഏറിയപങ്കും ഊഹക്കച്ചവടത്തിലായിരുന്നു; ഓഹരി വിപണിയിലായിരുന്നു; നാണയക്കമ്പോളത്തിലായിരുന്നു. ഉല്‍പ്പാദനക്ഷമമല്ലാത്ത ഈ കുന്നുകൂടല്‍ ആപല്‍ക്കരമാണെന്ന് ഇടതുപക്ഷം നിരന്തരം പറഞ്ഞുകൊണ്ടേയിരുന്നു. എന്നാല്‍, അത് ചെവിക്കൊള്ളാന്‍ ആഗോള ഭീമന്മാരായി വളരുകയായിരുന്ന ഇന്ത്യന്‍ കോര്‍പറേറ്റുകളും അവരുടെ സര്‍ക്കാരും തയ്യാറായില്ല. ധനമൂലധനം കൊടുങ്കാറ്റായി ആഞ്ഞടിക്കുകയായിരുന്നു. മന്‍മോഹന്‍സിങ്ങും ചിദംബരവും റിസര്‍വ് ബാങ്കും പറഞ്ഞാല്‍ പറയുന്നേടത്ത് നില്‍ക്കാന്‍ അതിന് ആവുമായിരുന്നില്ല. സര്‍വ മേഖലയിലും ശതകോടികളുടെ അഴിമതി കാട്ടി അത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ രോമകൂപങ്ങളില്‍ കുത്തിയിറങ്ങി. ഭരണാധികാരികള്‍ ഇതിന്റെ ഗുണഭോക്താക്കളും ദല്ലാളന്മാരുമായി. സ്പെക്ട്രം, കല്‍ക്കരി തുടങ്ങി സ്വതന്ത്ര ഇന്ത്യ ഒരിക്കലും ദര്‍ശിച്ചിട്ടില്ലാത്ത ഹിമാലയന്‍ അഴിമതികള്‍ക്ക് കഞ്ഞിവയ്ക്കുന്നവനായി മന്‍മോഹന്‍സിങ് മാറി. അതേസമയം സാമ്പത്തിക വളര്‍ച്ച പടിപടിയായി കുറഞ്ഞുവന്നു. കഴിഞ്ഞവര്‍ഷത്തെ 5.4 എന്ന വളര്‍ച്ചാനിരക്കില്‍നിന്ന് ഇപ്പോള്‍ 4.4ല്‍ എത്തിനില്‍ക്കുകയാണ്. കാര്‍ഷിക, വ്യാവസായിക, സേവന മേഖലകളില്‍ ഒരുപോലെ തളര്‍ച്ച. രൂപ ചക്രശ്വാസം വലിക്കുമ്പോള്‍ സാമ്പത്തിക വിദഗ്ധരുടെയെല്ലാം വിശകലനങ്ങളില്‍ രണ്ട് ധാരകളുണ്ട്. സമ്പദ്വ്യവസ്ഥ കൂടുതല്‍ തുറന്നുകൊടുത്താലേ രക്ഷയുള്ളൂ എന്നതാണ് ഒരു ധാര. പുര കത്തുമ്പോള്‍ ബീഡി കത്തിക്കുന്ന ഈ വാദം സാമ്രാജ്യത്വത്തിന്റെ ഭാഗമായ ആഗോളഭീമന്മാരായ ചില ഇന്ത്യന്‍ ബിസിനസ് ഹൗസുകളുടേതുകൂടിയാണ്. അവര്‍ക്ക് നിലനില്‍ക്കാന്‍ ഇന്ത്യ എന്ന ഒരു രാജ്യംതന്നെ ആവശ്യമില്ല. ആഗോളഗ്രാമത്തിലെ കങ്കാണിമാരായെന്ന ഭാവമാണവര്‍ക്ക്. മന്‍മോഹന്‍സിങ് ഇവരോടൊപ്പമാണെന്ന് അദ്ദേഹത്തിന്റെ പാര്‍ലമെന്റ് പ്രസ്താവന വ്യക്തമാക്കുന്നു. എന്നാല്‍, രത്തന്‍ ടാറ്റയെപ്പോലുള്ള വിവേകികളായ ഭരണവര്‍ഗനേതാക്കള്‍ പുത്തന്‍ കൂറ്റുകാരെ ശപിക്കുന്നുണ്ട്. സ്വാര്‍ഥതമാത്രം കൈമുതലുള്ള ചില ബിസിനസ് ഹൗസുകളും അവര്‍ക്ക് വിടുപണി ചെയ്യുന്ന ഭരണനേതൃത്വവുമാണ് ഈ നിസ്സഹായാവസ്ഥയ്ക്ക് കാരണമെന്ന് രത്തന്‍ടാറ്റ കഴിഞ്ഞദിവസം തുറന്നുപറഞ്ഞത് മന്‍മോഹന്‍ സിങ്ങിനെയും ചിദംബരത്തെയും മറ്റും ഉദ്ദേശിച്ചുതന്നെയാവാം. സ്ഥാനമൊഴിയുന്ന റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി സുബ്ബറാവു ധനമന്ത്രി ചിദംബരത്തെ കടുത്തഭാഷയില്‍ അപഹസിച്ചതും കൂട്ടിവായിക്കുമ്പോള്‍ ഭരണവര്‍ഗത്തിലെ ഭിന്നത വ്യക്തമാണ്.

സാമ്പത്തിക വിശകലനങ്ങളിലെ രണ്ടാമത്തെ ധാര ഏറെക്കുറെ ഇടതുപക്ഷത്തിന്റെ മുന്നറിയിപ്പുകള്‍ പങ്കുവയ്ക്കുന്നുണ്ട്. അതില്‍ സുപ്രധാനമായ ഒരു വിശകലനമുണ്ട്. "96ല്‍ കടുവകളെ പുല്ലുതീറ്റിച്ചത് ജോര്‍ജ് സോറോസിനെപ്പോലുള്ള നാണയക്കമ്പോളത്തിലെ ദല്ലാള്‍മാരായിരുന്നെങ്കില്‍ ഇന്ന് ഈ കള്ളക്കളി നടത്തിപ്പില്‍ അമേരിക്കന്‍ ഐക്യനാടുകളുടെ (യുഎസ്) ധനമേലാളിയായ "ഫെഡറല്‍ റിസര്‍വ്" തന്നെയാണെന്നതാണ് ആ വെളിപ്പെടുത്തല്‍. 2007ല്‍ അമേരിക്ക മാന്ദ്യത്തിലേക്ക് നീങ്ങിയപ്പോള്‍ അവരുടെ ബാലന്‍സ് ഷീറ്റില്‍ 89000 കോടി ഡോളര്‍മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു. ഇത് ഒളിച്ചുവയ്ക്കാന്‍ അവര്‍ ഇക്കാലയളവില്‍ മൂന്നു ലക്ഷം കോടി ഡോളര്‍ ചുമ്മാ അടിച്ചിറക്കി. ഈ വെറും കടലാസാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള ഓഹരിവിപണികളില്‍ വന്നടിഞ്ഞത്. മാന്ദ്യം പതുക്കെ നീങ്ങിയപ്പോള്‍ അവര്‍ നാണയക്കമ്പോളങ്ങളില്‍നിന്ന് ഈ കടലാസ് ഒറ്റയടിക്ക് പിന്‍വലിക്കുകയാണുപോലും. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഈ ചതിയില്‍നിന്ന് രക്ഷവേണമെങ്കില്‍ തൊഴിലാളിവര്‍ഗം ഉണര്‍ന്നെണീറ്റേ തീരൂ.

*
ദേശാഭിമാനി മുഖപ്രസംഗം

അബോധാവസ്ഥയില്‍ രൂപ

Picture Courtesy: Sify
വായനശാലാ മുറ്റത്തെ പതിവുചര്‍ച്ച. ""അല്ല, സാറേ ഈ രൂപക്കെന്താ പറ്റിയേ? മൂക്കുകുത്തി, തകര്‍ന്നടിഞ്ഞു, നിലംപൊത്തി, തിരിച്ചുവന്നു എന്നൊക്കെ കാണുന്നുണ്ടല്ലോ..."" മറുപടി: ""...രൂപ വീണ് വീണ് അബോധാവസ്ഥയിലാണെന്നു പറയാം. ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. മഹാവ്യാധിയാണ്. പടര്‍ന്നുപിടിക്കുന്ന വൈറസ് പുറത്തുനിന്നെത്തിയതാണ്. ലേപനം പുരട്ടിയിട്ടോ ഒറ്റമരുന്ന് നല്‍കിയിട്ടോ കാര്യമില്ല. രോഗം വരുത്തിവച്ചത് ചികിത്സകര്‍തന്നെയാണ്. ഇടയ്ക്കിടെ രോഗം മൂര്‍ച്ഛിക്കും. തല്‍ക്കാലം അടങ്ങിയാലും വീണ്ടുംവരും. ചികിത്സയില്‍ മാറ്റം വേണം, മരുന്ന് മാറണം, ചികിത്സിക്കുന്നവര്‍തന്നെ മാറണം."" കേള്‍വിക്കാര്‍ തലകുലുക്കി സമ്മതിച്ചു. രൂപ തകരുകയാണ്; അതിനു കാരണം ഭരിക്കുന്നവരുടെ നയങ്ങളാണ് എന്ന് എല്ലാവര്‍ക്കും അറിയാം.

രൂപയുടെ വിലയിടിഞ്ഞതെങ്ങനെ, എന്തുകൊണ്ട്, ആരാണ് അതിനുപിന്നില്‍, എന്നുമുതല്‍ തുടങ്ങി, പണക്കമ്പോളത്തില്‍ നടക്കുന്നതെന്ത്, വിലയിടിഞ്ഞാല്‍ എന്തു പ്രത്യാഘാതം, പരിഹാരമൊന്നുമില്ലേ- ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം വേണ്ടതുണ്ട്.

1991ല്‍ രൂപയുടെ വില ഇടിച്ചുകൊണ്ടാണ് സാമ്പത്തിക പരിഷ്കാരത്തിന് തുടക്കം. 1993 മുതല്‍ രൂപയുടെ വിനിമയനിരക്ക് നിശ്ചയിക്കുന്ന ജോലി കമ്പോളത്തിന് വിട്ടുകൊടുത്തു. "93 ല്‍ രൂപയുടെ വിനിമയമൂല്യം 31 രൂപ 37 പൈസ. അതായത് ഒരു ഡോളറിന്റെ അന്നത്തെ വില 31.37 രൂപ. ഇപ്പോള്‍ ഡോളറൊന്നിന് 68 രൂപ കടന്നു. 91നുശേഷം ഏതാണ്ട് 200 ശതമാനത്തിലേറെ തകര്‍ച്ച. ഈ രണ്ടുപതിറ്റാണ്ടിനിടെ തകര്‍ച്ച എത്രയോ വട്ടം ആവര്‍ത്തിച്ചു. ഈ ആഗസ്ത് 27ന് ഒറ്റദിനംമാത്രം 194 പൈസയുടെ പിന്നോട്ടടി. ആഗസ്ത് 28ന് ആകട്ടെ വീണ്ടും 246 പൈസകൂടി ഇടിഞ്ഞ് 68.80ല്‍ എത്തി; ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച. ഡോളറുമായുള്ള വിനിമയത്തില്‍ ഇത്രയേറെ തകര്‍ന്നത് ഇന്ത്യന്‍ കറന്‍സിമാത്രം. രണ്ടുവര്‍ഷം മുമ്പ് ഡോളര്‍ വില 44 രൂപയായിരുന്നു. നടപ്പു ധനവര്‍ഷത്തില്‍ ഇതുവരെ 18 ശതമാനം തകര്‍ച്ച. ഇതേസമയം ഓഹരിവിപണിയിലും തകര്‍ച്ച. ആഗസ്തില്‍ മൂന്നു ദിവസംകൊണ്ടുമാത്രം മുംബൈ ഓഹരി സൂചിക സെന്‍സെക്സ് 1400 പോയിന്റ് പിന്നോട്ടടിച്ചു.

1991 മുതല്‍ വിദേശമൂലധനത്തിനായി ഇന്ത്യയുടെ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടതോടെയാണ് രൂപയുടെ ഈ രീതിയിലുള്ള വിലയിടിവ് തുടങ്ങുന്നത്. "91 മുതല്‍ ഇന്ത്യന്‍ ആസ്തികളില്‍ വിദേശ ഉടമസ്ഥാവകാശം കൈവരുന്നു. ഇന്ത്യന്‍ നയങ്ങളില്‍ വിദേശസ്വാധീനവും ശക്തമായി. ഡോളറിന്റെ വരവും പോക്കും ശക്തമാകുന്നതും ഇക്കാലയളവോടെയാണ്. സാമ്രാജ്യത്വ ഘട്ടത്തിലെ മുതലാളിത്തമാകട്ടെ നില്‍ക്കക്കള്ളിയില്ലാതെ പ്രതിസന്ധിയെ നേരിടുന്നു. എങ്ങനെയും കരപറ്റാനുള്ള നീക്കങ്ങള്‍ വീണ്ടും പ്രതിസന്ധിയിലേക്ക് നയിക്കുന്നു. ലോകമുതലാളിത്തത്തിന്റെ ആസ്ഥാനമായ അമേരിക്കയില്‍ തകര്‍ച്ച പലവട്ടം കണ്ടുകഴിഞ്ഞു. ലാഭക്കൊതി മൂത്ത ധനമൂലധനം ആര്‍ത്തിപിടിച്ച് പരക്കംപായുന്നു.

അവര്‍ക്ക് പിടിച്ചുനില്‍ക്കാനും ലാഭംകൊയ്യാനും ഇന്ത്യയടക്കമുള്ള സമ്പദ്വ്യവസ്ഥകളില്‍ കടന്നുകയറണം. ഇവരുടെ കടന്നുവരവിന് വഴിയൊരുക്കണമെങ്കില്‍ ഇന്ത്യയില്‍ അടിക്കടി തകര്‍ച്ചയും പ്രതിസന്ധിയും അനിവാര്യമാണ്. പ്രതിസന്ധികള്‍ സൃഷ്ടിക്കപ്പെടണം. അതാണ് ഇപ്പോള്‍ സംഭവിക്കുന്നത്. ഐഎംഎഫ്, ലോകബാങ്ക് എന്നിവ നടത്തിവരുന്ന സമ്മര്‍ദവും ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികള്‍ തുടര്‍ച്ചയായി നടത്തുന്ന സമ്പദ്വ്യവസ്ഥയുടെ ആരോഗ്യപ്രവചനവും ഇതോടൊപ്പം വായിക്കണം. അടിക്കടി തകര്‍ച്ചകള്‍ ഉണ്ടാകുന്നു, അഥവാ സൃഷ്ടിക്കപ്പെടുന്നു, പരിഹാരം വിദേശനിക്ഷേപത്തിന്റെ (ഡോളറിന്റെ) വരവുമാത്രമെന്ന് ഭരണാധികാരികള്‍തന്നെ പ്രഖ്യാപിക്കുന്നു. രൂപയുടെ തകര്‍ച്ചയെ ഇതില്‍നിന്ന് വേര്‍പെടുത്തി കാണാനാവില്ല. 2012 ഏപ്രില്‍. ഓര്‍ക്കുന്നില്ലേ ആ കോലാഹലങ്ങള്‍. മന്‍മോഹന്‍സിങ്ങിനെ പഴിച്ചും വിമര്‍ശിച്ചും നാണംകെടുത്തിയുമെല്ലാം അരങ്ങേറിയ കോലാഹലങ്ങള്‍. ആദ്യവെടി പൊട്ടിച്ച് രംഗത്തിറങ്ങിയത് പാശ്ചാത്യ "വൈദ്യക്കൂട്ടങ്ങള്‍". സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍, ഫിച്ച്, മൂഡീസ്.. റേറ്റിങ് ഏജന്‍സികള്‍ എന്നൊക്കെ പറയും. (2008-ല്‍ വാള്‍സ്ട്രീറ്റ് തകര്‍ച്ചയ്ക്ക് തുടക്കമിട്ട് ലീമാന്‍ ബ്രദേഴ്സും ഇന്‍ഷുറന്‍സ് ഭീമനായ എഐജിയും എട്ടുനിലയില്‍ പൊട്ടിത്തകരുന്നതിന് തൊട്ടുമുമ്പ് അവയുടെ സാമ്പത്തികനില ഭദ്രമെന്ന് "മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്" നല്‍കിയത് ഈ വൈദ്യന്മാരായിരുന്നു)

സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ 2012 ഏപ്രിലില്‍ പറഞ്ഞു: ഇന്ത്യയുടെ സാമ്പത്തിക ആരോഗ്യം മോശം. വിദേശ നിക്ഷേപത്തിന് അനുകൂലമായ സാഹചര്യമില്ല. അതുകൊണ്ട് ഗ്രേഡിങ് ഞങ്ങള്‍ താഴ്ത്തുന്നു. പരിഹാരം: ശക്തമായ സാമ്പത്തിക പരിഷ്കാരം. തൊട്ടുപിന്നാലെ ഫിച്ചും ഇന്ത്യയുടെ ഗ്രേഡിങ് താഴ്ത്തി. തുടര്‍ന്ന് മൂഡീസിന്റെ ഊഴം. റേറ്റിങ് ഏജന്‍സികള്‍ക്കു പിന്നാലെ കോര്‍പറേറ്റ് മാധ്യമങ്ങളെത്തി. ആദ്യം അമേരിക്കന്‍ വാരിക "ടൈമി"ന്റെ വക. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ മുഖചിത്രവുമായി ഇറങ്ങിയ 2012 ജൂലൈ 16ന്റെ ഏഷ്യന്‍ പതിപ്പില്‍ അവരെഴുതി: ""ലക്ഷ്യം നേടാന്‍ കഴിവില്ലാത്തവന്‍"". തൊട്ടുപിന്നാലെ ലണ്ടനിലെ "ഇന്‍ഡിപെന്‍ഡന്റ്" ഇങ്ങനെയെഴുതി: ""ഇന്ത്യയുടെ വിശ്വസ്തനോ അതോ സോണിയയുടെ കാവല്‍നായയോ"". അടുത്തത് ഫിനാന്‍ഷ്യല്‍ ടൈംസിന്റെ ഊഴമായിരുന്നു. "നിര്‍ജീവമായ സര്‍ക്കാര്‍" എന്ന് അവര്‍ മന്‍മോഹന്‍സിങ് സര്‍ക്കാരിനെ കുറ്റപ്പെടുത്തി. ഏറ്റവുമൊടുവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ നേരിട്ട് രംഗത്തെത്തി.

പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യയിലെ "നിക്ഷേപ കാലാവസ്ഥ" മോശമാകുന്നതില്‍ ഉല്‍ക്കണ്ഠ പ്രകടിപ്പിച്ച ഒബാമ പരിഹാരവും നിര്‍ദേശിച്ചു. വാള്‍മാര്‍ട്ട് അടക്കമുള്ള ആഗോള ഭീമന്മാര്‍ക്ക് ഇന്ത്യയിലേക്ക് നേരിട്ട് വരാന്‍ വാതില്‍ തുറക്കണം. ഇതിനെയൊന്നും എതിര്‍ക്കാന്‍ ചെറുവിരല്‍പോലും അനക്കാതിരുന്ന പ്രധാനമന്ത്രി അവരുടെ നിര്‍ദേശങ്ങള്‍ ശരിവയ്ക്കുകയാണുണ്ടായത്. സെപ്തംബര്‍ 13: ഡീസലിന് ലിറ്ററിന് അഞ്ചുരൂപ കൂട്ടി. പാചക വാതക സബ്സിഡി വെട്ടിക്കുറച്ചു. സബ്സിഡി സിലിണ്ടര്‍ ഒരു കുടുംബത്തിന് പ്രതിവര്‍ഷം ആറെണ്ണം മാത്രം. സെപ്തംബര്‍ 14: ചില്ലറവ്യാപാര മേഖലയില്‍ ബഹുബ്രാന്‍ഡില്‍ 51 ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി. ഏകബ്രാന്‍ഡില്‍ 100 ശതമാനവും. വ്യോമയാന മേഖലയില്‍ 49 ശതമാനം വിദേശ നിക്ഷേപം. തുടര്‍ന്ന് ഒക്ടോബറില്‍ ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ഫണ്ട് മേഖലകളില്‍ വിദേശനിക്ഷേപ പരിധി 26 ല്‍നിന്ന് 49 ശതമാനമായി വര്‍ധിപ്പിച്ചു. ആദ്യം സൂചിപ്പിച്ച കോലാഹലങ്ങളുടെ അര്‍ഥമെന്തെന്ന് വെളിപ്പെട്ട ദിവസങ്ങളായിരുന്നു ഇത്.

ഇപ്പോള്‍ രൂപയുടെ തകര്‍ച്ചയ്ക്കു മുമ്പും ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികള്‍ രംഗത്തിറങ്ങി. പിന്നെ കയറ്റുമതി- ഇറക്കുമതി വ്യാപാരത്തിലെ തന്നാണ്ടു കമ്മി (കറന്റ് അക്കൗണ്ട് കമ്മി) വര്‍ധിക്കുന്നതിനെ മുന്‍നിര്‍ത്തി വ്യാപകമായ പ്രചാരണം. പരിഹരിക്കാന്‍ ഡോളര്‍ എങ്ങനെയും കിട്ടിയേ പറ്റൂവെന്ന് റിസര്‍വ് ബാങ്കും സര്‍ക്കാരും ആവര്‍ത്തിക്കുന്നു. തൊട്ടുപിന്നാലെ, അമേരിക്കയില്‍ സമ്പദ്വ്യവസ്ഥ കരകയറുന്നു, അതുകൊണ്ട് അവിടെ കടപ്പത്രം വാങ്ങി കുറഞ്ഞ നിരക്കില്‍ ഡോളര്‍ നല്‍കിവരുന്ന പരിപാടി നിര്‍ത്താന്‍ പോകുന്നതായി പ്രചാരണം. ഉടനെ ഇന്ത്യന്‍ വിപണികളില്‍നിന്ന് ഡോളറുകള്‍ പിന്‍വലിക്കപ്പെടുന്നു. താമസിയാതെ വിദേശനാണയ വിനിമയ വിപണിയില്‍ ഡോളര്‍ കുറയുന്നു. ഇതോടെ ഡോളറിന് ആവശ്യക്കാര്‍ കൂടുന്നു, അഥവാ ഡിമാന്‍ഡ് വര്‍ധിക്കുന്നു. പിന്നെ തിടുക്കത്തില്‍ രൂപയുടെ വില ഇടിഞ്ഞുതുടങ്ങുന്നു. ഡോളറിന്റെ വില കൂടുന്നു. അപ്പോള്‍, ഡോളര്‍ പിന്‍വലിച്ചുകൊണ്ടുപോകുമ്പോഴാണ് രൂപയുടെ തകര്‍ച്ച തുടങ്ങുന്നതെന്ന് വ്യക്തമാകുന്നു. തിടുക്കത്തിലുള്ള ഈ വരവും പോക്കും യാദൃച്ഛികമായി സംഭവിക്കുന്നതല്ല. അതിനുപിന്നില്‍ പലപല കളികളുണ്ട്. രൂപയുടെ തകര്‍ച്ച എന്തുകൊണ്ടെന്ന് അന്വേഷിക്കുമ്പോള്‍ നമ്മള്‍ ആദ്യം അറിയേണ്ടത് ഈ ചൂതുകളിയെക്കുറിച്ചാണ്.

പണക്കമ്പോളത്തിലെ ചൂതാട്ടം

ഡോളര്‍നിക്ഷേപങ്ങള്‍ കൂട്ടത്തോടെ പിന്‍വലിച്ചുകൊണ്ടുപോകുന്നതും പിന്നാലെ രൂപയുടെയും ഓഹരിയുടെയും വില മൂക്കുകുത്തുന്നതും ഇന്ത്യ പലവട്ടം കണ്ടുകഴിഞ്ഞു. ഒറ്റരാത്രികൊണ്ട് പിന്‍വലിക്കാവുന്ന ഡോളര്‍നിക്ഷേപങ്ങള്‍ ഒഴുകിയെത്തുന്നതും ഒഴുകിപ്പോകുന്നതും ഊഹക്കച്ചവടത്തിന്റെ ഭാഗമായാണ്. രൂപയുടെ തകര്‍ച്ച തുടര്‍ക്കഥയായതോടെ റിസര്‍വ് ബാങ്കുതന്നെ ഇത് സ്ഥിരീകരിച്ചു. ബാങ്കുകള്‍ കറന്‍സി കച്ചവടത്തില്‍ നേരിട്ടിടപെടരുതെന്ന് ജൂലൈ 16ന് റിസര്‍വ് ബാങ്ക് താക്കീതിന്റെ സ്വരത്തില്‍ പറയുകയുണ്ടായി. പക്ഷേ, ഫലം കണ്ടില്ല. രക്ഷയില്ലാതെ നാളെ റിസര്‍വ് ബാങ്കുതന്നെ കറന്‍സി- ഓഹരി വില്‍പ്പനയ്ക്കും ഊഹക്കച്ചവടത്തിനും നേരിട്ട് രംഗത്തിറങ്ങുമോ എന്നു കണ്ടറിയാം. ലാഭാര്‍ത്തിയുമായി ധനമൂലധനം പരിഭ്രാന്തമായി ഓടിനടക്കുന്ന സാഹചര്യമുണ്ടാകുമെന്ന് കാള്‍ മാര്‍ക്സ് വര്‍ഷങ്ങള്‍ക്കുമുന്നേ പറഞ്ഞുവച്ചതും ഇവിടെ ഓര്‍ക്കാം.

കമ്പോളത്തില്‍ ധനമൂലധനം നടത്തുന്ന ഒട്ടേറെ കള്ളക്കളികളും ബോധപൂര്‍വമായ നീക്കങ്ങളും സാമ്പത്തികവിദഗ്ധരും വിപണിവിദഗ്ധരും പ്രമുഖ മാധ്യമപ്രവര്‍ത്തകരും വെളിച്ചത്ത് കൊണ്ടുവന്നിട്ടുണ്ട്. അമേരിക്കയില്‍ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടുവെന്നും അതിനാല്‍ കടപ്പത്രങ്ങള്‍ വാങ്ങി ബാങ്കുകള്‍ക്ക് ഡോളര്‍ നല്‍കുന്ന "അളവുപരമായ ഇളവ്" (ക്വാണ്ടിറ്റേറ്റീവ് ഈസിങ്) പിന്‍വലിക്കാന്‍ പോകുന്നുവെന്ന പ്രചാരണവുമെല്ലാം കമ്പോളത്തെ മുന്‍നിര്‍ത്തി അരങ്ങേറുന്ന കളികളുടെ ഭാഗമാണ്. അമേരിക്കയില്‍ അത്തരത്തില്‍ യഥാര്‍ഥ സാമ്പത്തികസ്ഥിതിയില്‍ ഒരുമാറ്റവും ഉണ്ടായിട്ടില്ലെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ ബജറ്റ് ഡയറക്ടറായിരുന്ന ഡേവിഡ് സ്റ്റോക്ക്മാന്‍ തെളിവുകള്‍ സഹിതം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കടപ്പത്രം വാങ്ങി ഡോളര്‍ നല്‍കുന്ന പദ്ധതി പിന്‍വലിക്കുമെന്ന് പറയുന്നതല്ലാതെ ഇതുവരെ പിന്‍വലിച്ചിട്ടില്ല എന്നതാണ് സത്യം. നേരത്തെ ആഗോള വിപണികളില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില കുറയ്ക്കാന്‍ നടന്ന ഒട്ടേറെ കൃത്രിമ മാര്‍ഗങ്ങള്‍ വിപണി വിദഗ്ധര്‍ തന്നെ പിന്നീട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കപ്പുറം പൗണ്ടിന്റെ വില ഇടിക്കാന്‍ ജോര്‍ജ് സോറോസിന്റെ നേതൃത്വത്തില്‍ നടന്ന കളികളും പിന്നീട് വെളിപ്പെട്ടിരുന്നു.

രൂപയുടെ തകര്‍ച്ചയെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ ഈ ഊഹക്കച്ചവടത്തെക്കുറിച്ചും സമ്മര്‍ദതന്ത്രങ്ങളെക്കുറിച്ചും വിശദമായി പഠിക്കേണ്ടതുണ്ട്. ഈ ചൂതുകളിക്ക് വിവിധ രൂപഭാവങ്ങളുണ്ട്. അത് നയിക്കുന്നവരെയൊന്നും ചിലപ്പോള്‍ നേരിട്ട് കാണാനാകില്ല. അതില്‍ അമേരിക്കയടക്കമുള്ള മുതലാളിത്ത രാജ്യങ്ങളിലെ സര്‍ക്കാരുകളുണ്ട്; അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വുണ്ട്; കോര്‍പറേറ്റ് മേലാളന്മാരുണ്ട്. ഹെഡ്ജ്ഫണ്ടുകള്‍, ഡെറിവേറ്റീവുകള്‍, ഫ്യൂച്ചര്‍ വ്യാപാരം അഥവാ അവധിക്കച്ചവടം, ഓപ്ഷന്‍... അങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ അറിഞ്ഞാല്‍മാത്രമേ ഓഹരി- പണക്കമ്പോളങ്ങളിലെ ചൂതാട്ടം ബോധ്യപ്പെടൂ. ഇതിനര്‍ഥം ഊഹക്കച്ചവടം മാത്രമാണ് രൂപയുടെ തകര്‍ച്ചയ്ക്ക് കാരണമെന്നല്ല. ഇറക്കുമതിവര്‍ധന, കയറ്റുമതി- ഇറക്കുമതി ഇടപാടിലെ തന്നാണ്ടുകണക്കിലെ കമ്മി (കറന്റ് അക്കൗണ്ട് കമ്മി) വര്‍ധന, വിദേശത്തുനിന്ന് കടമെടുപ്പ്, വിദേശനാണയശേഖരത്തിലെ താല്‍ക്കാലിക നിക്ഷേപം (ഹോട്ട് മണി), എണ്ണക്കമ്പനികള്‍ കമ്പോളത്തില്‍നിന്ന് നേരിട്ട് ഡോളര്‍ വാങ്ങുന്നത് എന്നിവയെല്ലാം രൂപയുടെ തകര്‍ച്ചയ്ക്ക് വഴിവയ്ക്കുന്ന കാരണങ്ങളാണ്.

രൂപയുടെ തകര്‍ച്ചയെന്നാല്‍ എന്തെന്ന് പരിശോധിക്കാം. കഴിഞ്ഞമാസം നാലു രൂപ കൊടുത്ത് 100 ഗ്രാം പഞ്ചസാര വാങ്ങി. ഈ മാസം 100 ഗ്രാം പഞ്ചസാര കിട്ടാന്‍ ആറു രൂപ കൊടുക്കണം. അപ്പോള്‍ പഞ്ചസാരയ്ക്ക് രണ്ടു രൂപ വില വര്‍ധിച്ചു, അഥവാ രൂപയുടെ വിലയിടിഞ്ഞു. ഡോളര്‍- രൂപ വിനിമയത്തില്‍ രൂപയുടെ വിലയിടിഞ്ഞു എന്നു പറയുമ്പോഴും സംഭവിക്കുന്നത് ഇതുതന്നെ. 1993ല്‍ 31 രൂപയായിരുന്ന ഡോളര്‍വില ഇപ്പോള്‍ 68 രൂപ കടന്നിരിക്കുന്നു. പഞ്ചസാരയുടെ വില വര്‍ധിച്ചത് പഞ്ചസാര കിട്ടാനില്ലാത്തതുകൊണ്ടാകാം. അതുപോലെ ഡോളര്‍ കിട്ടാനില്ലാതെ വരുമ്പോള്‍ ഡോളറിന്റെ വിലയും ഉയരുന്നു. ഡോളര്‍വരവ് കൂടിയാല്‍ രൂപയുടെ വില ഉയരുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ പലപല വഴിയുണ്ട്; സമ്മര്‍ദതന്ത്രങ്ങളുണ്ട്. അതാണ് വിപണികളില്‍ കണ്ടുവരുന്നത്. ആഗോളവല്‍ക്കരണകാലത്ത് കറന്‍സിയും കച്ചവടവസ്തുവാണ്. ആ കച്ചവടത്തില്‍ വില കൂടുമെന്നോ കുറയുമെന്നോ ഉള്ള നിഗമനങ്ങളെ അടിസ്ഥാനമാക്കി നടത്തുന്ന പന്തയംവയ്പുകളാണ് ഊഹക്കച്ചവടം അഥവാ ചൂതാട്ടം. ഇന്നിപ്പോള്‍ ബാങ്കുകളില്‍നിന്നെടുക്കുന്ന വായ്പകളില്‍ നല്ലൊരു ഭാഗവും ഉല്‍പ്പാദനമേഖലകളിലേക്കല്ല; ഓഹരി- പണക്കമ്പോളങ്ങളിലെ ചൂതുകളിയിലേക്കാണ് ഒഴുകുന്നത്.

ആഗോള ധനമേഖലകളില്‍ ഊഹക്കച്ചവടം പതിന്മടങ്ങ് വര്‍ധിച്ചതായി കണക്കുകള്‍ തെളിയിക്കുന്നു. അങ്ങേയറ്റം അപകടകരമായ കളികള്‍ കളിക്കുന്ന ഹെഡ്ജ് ഫണ്ടുകളുടെ എണ്ണപ്പെരുക്കവും വിദേശനാണയവിനിമയ വിപണികളിലെ ഇടപാടുകളുടെ വര്‍ധനയും ഇതിന്റെ സൂചനയാണ്. ഹെഡ്ജ് ഫണ്ട് ഡോട്ട്കോമിന്റെ കണക്കുപ്രകാരം രണ്ടായിരത്തില്‍തന്നെ 8923 ഹെഡ്ജ് ഫണ്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിസമ്പന്നരുടെ പണംകൊണ്ട് കളിക്കുന്ന ഹെഡ്ജ് ഫണ്ടുകള്‍ക്ക് ധനക്കമ്പോളത്തില്‍ ഇപ്പോള്‍ വലിയ "റോളു"ണ്ട്. സ്വന്തം ആസ്തികള്‍ സംരക്ഷിക്കലല്ലാതെ കമ്പോളത്തിലെ പ്രവര്‍ത്തനരീതിയൊന്നും ഇവര്‍ക്ക് പ്രശ്നമല്ല. ഉല്‍പ്പാദനത്തില്‍നിന്ന് പൂര്‍ണമായും പിന്മാറിയ മുതലാളിത്തം നേരിടുന്ന കടുത്ത പ്രതിസന്ധിയാണ് ഊഹക്കച്ചവടത്തിന്റെ വര്‍ധനയിലൂടെ വെളിപ്പെടുന്നതെന്ന് സോഷ്യലിസം ടുഡേയുടെ പത്രാധിപര്‍ ലിന്‍ വാല്‍ഷ് പറയുന്നു. വിദേശനാണയവിനിമയ വിപണികളുടെയും ഡെറിവേറ്റീവ് വ്യാപാരത്തിന്റെയും പങ്ക് വന്‍തോതില്‍ വര്‍ധിച്ചതായി ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ് 2004 സെപ്തംബറില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍തന്നെ പറയുന്നുണ്ട്. ഈ വിപണികളിലെ പ്രതിദിന വിറ്റുവരവ് അന്നുതന്നെ ലക്ഷം കോടി ഡോളറിലേറെയായിരുന്നു. കറന്‍സിയുടേതായാലും ഓഹരിയുടേതായാലും ഭാവിയിലെ വില മുന്‍കൂട്ടി നിശ്ചയിച്ച് തയ്യാറാക്കുന്ന വിവിധതരത്തിലുള്ള ധനകാര്യകരാറുകളായ ഡെറിവേറ്റുകള്‍ വഴിയാണ് ഊഹക്കച്ചവടം അരങ്ങുതകര്‍ക്കുന്നത്. ഊഹക്കച്ചവടത്തിനുപുറമേ മറ്റു ചില ഘടകങ്ങളും രൂപയുടെ തകര്‍ച്ചയ്ക്ക് ആക്കംകൂട്ടുന്നതായി സൂചിപ്പിച്ചുവല്ലോ. ഇറക്കുമതിവര്‍ധനയും തന്നാണ്ടുകമ്മിയും അതില്‍ പ്രധാനമാണ്. ഇറക്കുമതി ഉദാരവല്‍ക്കരണമാണ് ഇറക്കുമതിയും അതുവഴി തന്നാണ്ടുകമ്മിയും കൂടാന്‍ കാരണം. ഡോളര്‍വില വര്‍ധിക്കുമ്പോള്‍ ഇറക്കുമതി വര്‍ധിക്കുന്നത് ഇറക്കുമതിച്ചെലവ് കൂട്ടാനിടയാക്കും. ഡോളര്‍ അടിസ്ഥാനത്തിലാണ് ഇറക്കുമതി. കൂടുതല്‍ ഡോളര്‍ വേണ്ടിവരുമ്പോള്‍ ഡോളറിന്റെ വില വീണ്ടും കൂടും. രൂപയുടെ വില പിന്നെയും ഇടിയും. പെട്രോളും ഡീസലും സ്വര്‍ണവുമാണ് നമ്മള്‍ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്നത്. സ്വര്‍ണ ഇറക്കുമതി നിയന്ത്രിക്കാനെന്ന പേരില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളൊന്നും ഇതുവരെ ഫലംകണ്ടില്ല. ജൂണില്‍ 31 ടണ്ണായിരുന്ന സ്വര്‍ണ ഇറക്കുമതി ജൂലൈയില്‍ 47.65 ടണ്ണായി വര്‍ധിച്ചു. നമ്മുടെ കറന്റ് അക്കൗണ്ട് കമ്മി 9000 കോടി ഡോളറിന്റേതാണ്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിന്റെ 5.7 ശതമാനത്തോളം വരും ഇത്. കറന്റ് അക്കൗണ്ട് കമ്മി 2.5 ശതമാനത്തില്‍ കൂടുന്നത് ആപത്താണ്. ഇറക്കുമതി നിയന്ത്രിച്ച് കയറ്റുമതി വര്‍ധിപ്പിക്കലാണ് കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കാന്‍ ശരിയായ പോംവഴി. അതിനുപകരം എങ്ങനെയും ഡോളറെത്തിച്ച് പ്രശ്നം പരിഹരിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.

വിദേശത്തുനിന്ന് കടമെടുപ്പ് പ്രോത്സാഹിപ്പിക്കുന്നതാണ് ഡോളര്‍വില ഉയരാന്‍ മറ്റൊരു കാരണം. ഈ വായ്പകള്‍ തിരിച്ചടയ്ക്കാന്‍ ഡോളര്‍ വേണം. അപ്പോള്‍ ഇത്തരക്കാര്‍ ഡോളറിനായി തിരക്കുകൂട്ടും. മറ്റൊന്ന് എണ്ണക്കമ്പനികള്‍ കമ്പോളത്തില്‍നിന്ന് ഡോളര്‍ വാങ്ങുന്ന പ്രശ്നമാണ്. പൊതുവില്‍ ഇതെല്ലാം ഡോളറിന്റെ ആവശ്യം വര്‍ധിപ്പിക്കുന്ന സാഹചര്യം. വിദേശനാണയശേഖരത്തിന്റെ പൊള്ളത്തരമാണ് വേറൊരു കാര്യം. താല്‍ക്കാലിക നിക്ഷേപമായെത്തുന്ന വിദേശസ്ഥാപന നിക്ഷേപമാണ് (എഫ്ഐഐ- ഫോറിന്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഇന്‍വെസ്റ്റ്മെന്റ്) ഇതില്‍ നല്ലൊരു പങ്കും. ഹോട്ട് മണി എന്നറിയുന്ന ഈ നിക്ഷേപം എപ്പോള്‍ വേണമെങ്കിലും പിന്‍വലിച്ചുകൊണ്ടുപോകാവുന്നവയാണ്. 1994ല്‍ മെക്സിക്കോയിലും 1997ല്‍ തെക്കുകിഴക്കേഷ്യയിലും സമ്പദ്വ്യവസ്ഥകളെ തകര്‍ത്തെറിഞ്ഞത് ഈയിനത്തിലെത്തിയ ഊഹക്കച്ചവട മൂലധനമായിരുന്നു. രൂപയുടെ തകര്‍ച്ചയുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്.

പ്രശ്നം നയത്തിന്റേതുതന്നെ

കഴിഞ്ഞദിവസത്തെ വന്‍വീഴ്ചകളില്‍ നിന്ന് ചെറിയ ഒരു വീണ്ടെടുപ്പ് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ദൃശ്യമായെങ്കിലും വെള്ളിയാഴ്ച തുടക്കത്തില്‍ ഇടിവ് തന്നെയായിരുന്നു. പിന്നീട് അല്‍പം മെച്ചപ്പെട്ടു. രണ്ടു പതിറ്റാണ്ടിലേറെയായി ആവര്‍ത്തിക്കുന്ന പ്രവണതയാണിത്. ഉയര്‍ച്ച, തകര്‍ച്ച, ചാഞ്ചാട്ടം. വിലയിടിച്ചില്‍ തടയാന്‍ റിസര്‍വ് ബാങ്ക് ചില നടപടി സ്വീകരിച്ചുവെന്നതു ശരിതന്നെ. ബാങ്കുകളിലെ പണം അപ്പാടെ ഊഹക്കച്ചവടത്തിന് ഒഴുകുന്നുവെന്ന് മനസ്സിലാക്കിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സുബ്ബറാവു കമ്പോളത്തിലെ പണലഭ്യത കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ചില നടപടി പ്രഖ്യാപിച്ചു. പക്ഷേ, മന്‍മോഹനും ചിദംബരവുമെല്ലാം ഇതിനെതിരാണ്. ഇങ്ങനെ രൂപയുടെ വിലയിടിയുമ്പോള്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെന്ത്്, ഇതിനൊരു പരിഹാരമില്ലേ എന്നീ വിഷയങ്ങളും ചര്‍ച്ചചെയ്യേണ്ടതുണ്ട്.

Courtesy: indiatoday
ആദ്യം പ്രത്യാഘാതത്തെക്കുറിച്ച്: വ്യാപകവും രൂക്ഷവുമായ വിലക്കയറ്റമാണ് രൂപയുടെ തകര്‍ച്ച ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലുണ്ടാക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഇറക്കുമതിചെയ്യുന്ന എല്ലാറ്റിന്റെയും വില വര്‍ധിക്കും. പെട്രോളിന്റെയും ഡീസലിന്റെയും ഭക്ഷ്യഎണ്ണകളുടെയുമെല്ലാം വില കൂടുന്നതുവഴി രാജ്യത്തിപ്പോള്‍ത്തന്നെ രൂക്ഷമായ വിലക്കയറ്റം വീണ്ടും തീവ്രമാകും. ഇറക്കുമതി വര്‍ധിക്കുകയും ഇറക്കുമതിച്ചെലവ് ഏറുകയും ചെയ്യുന്ന സാഹചര്യത്തില്‍ കയറ്റുമതി- ഇറക്കുമതി വ്യാപാരത്തില്‍ തന്നാണ്ടു കണക്കിലെ കമ്മി (കറന്റ് അക്കൗണ്ട് കമ്മി) പെരുകും. ഇത് കുറയ്ക്കാന്‍ താല്‍ക്കാലിക വിദേശനിക്ഷേപത്തെ ആശ്രയിക്കുന്നത് പ്രശ്നം വീണ്ടും വഷളാക്കും.

വിദേശനാണയ ശേഖരം ശുഷ്കമാകാനും വിദേശ കടമെടുപ്പ് വര്‍ധിക്കാനും രൂപയുടെ തകര്‍ച്ച ഇടയാക്കും. കാര്‍, ടി വി, വാഷിങ്മെഷീന്‍ മറ്റ് ഗൃഹോപകരണങ്ങള്‍ എന്നിവയുടെയെല്ലാം വില വര്‍ധിക്കും. വിലകൂട്ടി ലാഭം വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ക്ക് ഇതൊരു അവസരവുമാകും. ഡോളര്‍ വില ഉയരുന്നതും രൂപയുടെ വില ഇടിയുന്നതും കയറ്റുമതിക്കാര്‍ക്കും പ്രവാസി ഇന്ത്യക്കാര്‍ക്കും ഒരുപക്ഷേ, ഗുണംചെയ്തേക്കാം. അവരുടെ ഡോളര്‍ വരുമാനം രൂപയിലേക്കു മാറ്റുമ്പോള്‍ അവര്‍ക്ക് കൂടുതല്‍ രൂപ കിട്ടും. എന്നാല്‍, ഡോളര്‍ കടം മേടിച്ച് നാട്ടിലേക്ക് അയക്കുന്ന പ്രവാസി കുടുങ്ങുകയുംചെയ്യും. മേടിച്ച കടം തിരിച്ചുകൊടുക്കാന്‍ ഡോളര്‍ വാങ്ങണമെങ്കില്‍ കൂടുതല്‍ രൂപ വേണ്ടി വരും. പരിഹാരം: രൂപയുടെ തകര്‍ച്ചയ്ക്കും തുടര്‍ന്നുള്ള പ്രത്യാഘാതങ്ങള്‍ക്കും വിരാമം വേണമെങ്കില്‍ നയപരമായ തിരുത്തല്‍ വേണമെന്ന് നമ്മള്‍ ആദ്യമേ കണ്ടു.

ചൂതാട്ടത്തെ മുന്‍നിര്‍ത്തി വരുന്ന ധനമൂലധനത്തെയും ഊഹക്കച്ചവടത്തെയും കര്‍ശനമായി നിയന്ത്രിക്കാന്‍ കഴിയണം. കറന്റ് അക്കൗണ്ട് കമ്മി പെരുകല്‍ തടയാന്‍ കഴിയണമെങ്കില്‍ ഇറക്കുമതി കുറയ്ക്കണം. യഥാര്‍ഥ വ്യാപാരത്തിന് ഊന്നല്‍ നല്‍കണം. കമ്മി കുറയ്ക്കാന്‍ വിദേശ സ്ഥാപന നിക്ഷേപത്തെ (ഫോറിന്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഇന്‍വെസ്റ്റ്മെന്റ്) ആശ്രയിക്കരുത്. എണ്ണക്കമ്പനികള്‍ക്ക് ഡോളര്‍ നല്‍കാന്‍ റിസര്‍വ് ബാങ്ക് ഒരു ജാലകം തുറക്കലാണ് മറ്റൊരു പോംവഴിയായി വിദഗ്ധര്‍ നിര്‍ദേശിച്ചത്. ആഗസ്ത് 29ന് റിസര്‍വ് ബാങ്ക് അത് നടപ്പാക്കി. എണ്ണക്കമ്പനികള്‍ ഇപ്പോള്‍ കമ്പോളത്തില്‍നിന്ന് നേരിട്ട് ഡോളര്‍ വാങ്ങുകയാണ്. ഇത് അവസാനിപ്പിക്കണം. കയറ്റുമതിക്കാര്‍ക്ക് ലഭിക്കുന്ന ഡോളര്‍ രൂപയാക്കി മാറ്റുന്നതിലെ താമസം ഒഴിവാക്കണം. ഡോളര്‍ വില വീണ്ടും വര്‍ധിക്കുന്നതിനും രൂപ തകരുന്നതിനും അവര്‍ കാത്തിരിക്കാനിടയുണ്ട്. കൂടുതല്‍ തകരുമ്പോള്‍ മാറ്റിയാല്‍ അവര്‍ക്ക് കൂടുതല്‍ രൂപ കിട്ടും. അതുപോലെ ഇറക്കുമതിക്ക് വേണ്ടിവരുന്ന ഡോളര്‍ ഉടന്‍ നല്‍കുന്ന രീതിക്ക് മാറ്റം വരുത്താം. അതിന് പ്രത്യേക ചട്ടങ്ങള്‍ രൂപപ്പെടുത്തേണ്ടി വരും. ബാങ്കുകള്‍ ഊഹക്കച്ചവടത്തില്‍ ഇടപെടുന്നത് കര്‍ശനമായി തടയണം. ഇത്രയുമായാല്‍ ഡോളറിന്റെ ലഭ്യത ഉറപ്പാക്കാന്‍ കഴിയുമെന്നും അതുവഴി രൂപയുടെ തകര്‍ച്ച തടയാനാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഡോളര്‍ വില കൂടുമ്പോള്‍ കയറ്റുമതിവരുമാനം വര്‍ധിക്കുകയും അതുവഴി കറന്റ് അക്കൗണ്ട് കമ്മി കുറയുകയും ചെയ്യേണ്ടതാണ്. പക്ഷേ, കയറ്റുമതിയേക്കാള്‍ കൂടുതല്‍ ഇറക്കുമതിയാണെന്നതിനാല്‍ അത് സംഭവിക്കുന്നില്ല. ഈ തകര്‍ച്ചയ്ക്കും പ്രതിസന്ധിക്കും പിന്നില്‍ രാഷ്ട്രീയനാടകം കൂടിയുണ്ടെന്നറിയുക. ഇത് മന്‍മോഹന്‍സിങ്ങും ചിദംബരവും മോണ്ടേക്സിങ് അലുവാലിയയുമെല്ലാം അറിഞ്ഞുനടക്കുന്ന ഒത്തുകളിയാണ്.

ഇന്ത്യയില്‍ തുടര്‍ച്ചയായി പ്രതിസന്ധിയും തകര്‍ച്ചയുമുണ്ടാക്കലും തുടര്‍ന്ന് വിദേശമൂലധനം പരിഹാരമായി നിര്‍ദേശിക്കുന്നതും ഈ ഒത്തുകളിയുടെ ഭാഗമാണ്. അതുകൊണ്ടുതന്നെ പ്രശ്നം നമ്മുടെ രാഷ്ട്രീയനേതൃത്വം പിന്തുടരുന്ന നയത്തിന്റേതാണ്. നവ ഉദാരവല്‍ക്കരണനയങ്ങള്‍ തുടരുന്ന ഓരോ നിമിഷവും രാജ്യത്തിന്റെ സാമ്പത്തികത്തകര്‍ച്ച നെല്ലിപ്പടിയോടടുക്കുന്നു എന്നതാണ് സത്യം. ആ നയം തിരുത്താന്‍ തയ്യാറാകുക എന്നതാണ് ഏക പോംവഴി. അതിന് കോണ്‍ഗ്രസോ ബിജെപിയോ നേതൃത്വം നല്‍കുന്ന ഒരു സര്‍ക്കാര്‍ തായ്യാറാകില്ല എന്നു വ്യക്തം. അവിടെയാണ് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നയങ്ങളില്‍നിന്ന് വ്യത്യസ്തമായ ബദല്‍നയത്തിന്റെ പ്രസക്തി.

*
എന്‍ മധു ദേശാഭിമാനി

Thursday, August 29, 2013

വിഡ്ഢിത്തങ്ങളുടെ ഫലം

ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം 68 രൂപയെന്ന ഒരതിരു കൂടി ലംഘിച്ചതോടെ ഇതെങ്ങനെ, എവിടെ ചെന്നുനില്‍ക്കുമെന്ന് ഊഹിക്കാന്‍പോലുമാകുന്നില്ല. ഇതിന്റെ പ്രത്യാഘാതം ഭീതിജനകമാണ്. ഈ അവസ്ഥ സൃഷ്ടിക്കുന്ന സാധ്യതകളില്‍ ചിലത് ഇതാണ്:

1. വിദേശനിക്ഷേപകരും ആഭ്യന്തര ധനികവിഭാഗവും രൂപയില്‍നിന്ന് പിന്മാറുമ്പോഴുള്ള മൂലധനത്തിന്റെ പറന്നുപോക്ക്.

2. ഡോളര്‍ ബാധ്യത കൈകാര്യംചെയ്യുന്നതില്‍ കോര്‍പറേറ്റുകള്‍ക്കുള്ള ബുദ്ധിമുട്ടുമൂലമുള്ള പാപ്പരീകരണം.

3. ഇറക്കുമതിക്ക് ചെലവേറുന്നതുമൂലമുണ്ടാകുന്ന വര്‍ധിച്ച പണപ്പെരുപ്പം.

4. ധനപരവും ഒപ്പം യഥാര്‍ഥവുമായ സാമ്പത്തികത്തകര്‍ച്ച.

ഏറെക്കാലമായി തലയ്ക്കുമുകളില്‍ തൂങ്ങിനില്‍ക്കുന്ന പ്രതിസന്ധിയാണിത്. പല തരത്തില്‍ അതിന്റെ സൂചനകള്‍ തലനീട്ടിയിരുന്നു. കയറ്റുമതിയിലൂടെയും വിദേശത്തുനിന്നുള്ള പണം അയക്കലിലൂടെയും നേടുന്ന രാജ്യത്തിന്റെ വിദേശനാണ്യശേഖരത്തേക്കാള്‍ കൂടുതലാണ് ഇന്ത്യയിലെ സമ്പന്നര്‍ ചെലവിടുന്ന വിദേശനാണ്യം. ചാഞ്ചാട്ടമുള്ളതാണെങ്കിലും 2009-10 സാമ്പത്തികവര്‍ഷത്തിന്റെ തുടക്കംമുതലുള്ള വ്യാപാരക്കമ്മിയും ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനവും തമ്മിലുള്ള അനുപാതം പല മേഖലയിലും അസ്വാഭാവികമായി ഉയര്‍ന്ന് 1991ലെ തിരിച്ചടവു ശിഷ്ട പ്രതിസന്ധിയുടെ സമയത്തേതിന് തുല്യമായ നിലയിലെത്തി. നിരന്തരമായ വ്യാപാരക്കമ്മിയാണ് പരമ്പരാഗതമായി ഇന്ത്യന്‍ കറന്‍സിയെ ദുര്‍ബലമാക്കുന്ന അടിസ്ഥാനഘടകം. വളര്‍ന്നുവരുന്ന മറ്റു വിപണികളെന്നപോലെ ഇന്ത്യയും വിദേശ പേമെന്റ് മേഖലയിലെ പ്രതികൂല പ്രവണതകളെ അവഗണിക്കാനുള്ള ഒരു കാരണം മൂലധനപ്രവാഹമാണ്. കഴിഞ്ഞ ദശകത്തില്‍ മൂലധനപ്രവാഹം വ്യാപാരക്കമ്മിയെക്കാള്‍ വളരെ കൂടുതലായിരുന്നു. ഇത് സമീപകാലത്ത് തീവ്രമാകാന്‍ കാരണം സര്‍ക്കാരിന്റെ തുറന്ന വാതില്‍നയമായിരുന്നു. നേരത്തെ ഇന്ത്യന്‍ സമ്പദ്ഘടനയുടെ ശക്തിയുടെ സൂചകമായിരുന്ന ഈ മൂലധനപ്രവാഹംതന്നെയാണ് ഇപ്പോള്‍ രൂപയുടെ ബലക്ഷയത്തില്‍ അന്തര്‍ലീനമായിരിക്കുന്നത്. വിദേശനിക്ഷേപകരെയും കടംനല്‍കുന്നവരെയും പ്രീതിപ്പെടുത്താനുള്ള സര്‍ക്കാരിന്റെ നിരാശാഭരിതമായ ശ്രമം വിജയിക്കുന്നുമില്ല. ഇത് ആദ്യം രൂപയുടെ പതുക്കെയുള്ള തകര്‍ച്ചയിലേക്ക് നയിച്ചു. പിന്നീട് ഊഹക്കച്ചവടക്കാര്‍ വന്നു. അവധിവ്യാപാരത്തിലെയും സാമ്പത്തികോല്‍പ്പന്നവിപണിയിലെയും മാറ്റങ്ങള്‍ രൂപ ഊഹക്കച്ചവടക്കാരുടെ ആക്രമണത്തിന് ഇരയാകുകയാണെന്നാണ് വ്യക്തമാകുന്നത്. അതുകൊണ്ടുതന്നെ വിദേശനിക്ഷേപകരുടെ കനിവുകൊണ്ടു നേടുന്ന വിദേശനാണ്യശേഖരം കൊണ്ട് സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. സ്വന്തം വിഡ്ഢിത്തങ്ങളുടെ ഫലമായി സര്‍ക്കാര്‍ ചലനമറ്റുകിടക്കുകയാണ്.

*
സി പി ചന്ദ്രശേഖര്‍

വിദേശ നിക്ഷേപങ്ങളെ അമിതമായി ആശ്രയിച്ചതിന്റെ ദുരന്തം

വിദേശത്തുനിന്നുള്ള നിക്ഷേപങ്ങളെ അമിതമായി ആശ്രയിച്ചതിന്റെ ദുരന്തമാണ് രാജ്യം ഇന്ന് നേരിടുന്നത്. ഡോളറിന്റെ ആവശ്യം കൂടിയാല്‍ രൂപയുടെ മൂല്യം ഇടിയും. ഡോളറിനുള്ള ആവശ്യം കുറഞ്ഞാല്‍ രൂപയുടെ വില കൂടും. ഇറക്കുമതിക്ക് ഡോളര്‍ ആവശ്യമാണ്. ഇതുവഴി ഡോളറിന്റെ ചെലവ് കൂടും. രാജ്യത്തേക്ക് ഡോളര്‍ വരുന്നത് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിലൂടെയും വിദേശ സ്ഥാപനനിക്ഷേപകര്‍ നടത്തുന്ന നിക്ഷേപത്തിലൂടെയും കയറ്റുമതിയിലൂടെയുമാണ്. ഇന്ത്യയിലെ ആഭ്യന്തര സാമ്പത്തികാവസ്ഥയും ലോകത്തിലെ മറ്റ് സ്ഥലങ്ങളിലെ സ്ഥിതിഗതികളും പരിശോധിച്ചാണ് വിദേശ സ്ഥാപന നിക്ഷേപകര്‍ ഇന്ത്യയിലെ ഓഹരിവിപണിയിലും കടപ്പത്രങ്ങളിലും നിക്ഷേപിച്ചിട്ടുള്ള നിക്ഷേപം പിന്‍വലിക്കുക. ഇപ്പോള്‍ അമേരിക്കയില്‍ നിക്ഷേപിക്കുന്നത് കൂടുതല്‍ ലാഭകരമെന്ന് കരുതുന്നതിനാല്‍ വിദേശ സ്ഥാപന നിക്ഷേപകര്‍ വന്‍തോതില്‍ ഇന്ത്യയില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കുന്നു. നേരിട്ടുള്ള വിദേശനിക്ഷേപവും വന്‍തോതില്‍ കുറയുകയാണ്. ഇതും രാജ്യത്തേക്കുള്ള ഡോളര്‍ വരവ് കുറയ്ക്കുന്നു. ഡോളറും രൂപയുമായുള്ള സന്തുലനത്തെ തകര്‍ത്ത് വ്യാപാരകമ്മി വര്‍ധിപ്പിക്കുകയാണ്. 2012-13 സാമ്പത്തികവര്‍ഷം 3.6 ശതമാനമായിരുന്നു വ്യാപാരകമ്മി. വിദേശനിക്ഷേപത്തെ ആശ്രയിച്ച് വ്യാപാരകമ്മി കുറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനായി നിക്ഷേപാനുകൂല അന്തരീക്ഷം സൃഷ്ടിക്കാന്‍ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റുകയും വ്യവസ്ഥകള്‍ ലഘൂകരിക്കുകയും ചെയ്യുന്നു.

എത്ര സൗകര്യങ്ങളുണ്ടായാലും തങ്ങളുടെ നിക്ഷേപത്തിന് ലാഭം കുറയുന്ന സ്ഥലങ്ങളില്‍നിന്ന് വിദേശ നിക്ഷേപകര്‍ നിക്ഷേപം പിന്‍വലിക്കും. ആഗോള സമ്പദ്വ്യവസ്ഥയിലെ കയറ്റിറക്കങ്ങള്‍ക്കനുസരിച്ച് വിദേശ സ്ഥാപനനിക്ഷേപകര്‍ നിക്ഷേപം പിന്‍വലിക്കും. ഇത് രാജ്യത്തിന്റെ വിദേശനാണയ ശേഖരത്തില്‍ കുറവുണ്ടാക്കും. മൊത്തം സാമ്പത്തികവളര്‍ച്ച, ഓഹരിവിപണി, കയറ്റുമതി, ഇറക്കുമതി, വിദേശനാണയശേഖരം എന്നിവ പരസ്പരം ബന്ധപ്പെട്ടതാണ്. രാജ്യം മെച്ചപ്പെട്ട സാമ്പത്തികവളര്‍ച്ച കൈവരിക്കുമ്പോള്‍ ഓഹരിവിപണിയില്‍ അത് പ്രതിഫലിക്കും. ഓഹരിവിപണിയിലെ നിലവാരം ഉയരുമ്പോള്‍ വിദേശ സ്ഥാപനനിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരിവിപണിയില്‍ വന്‍തോതില്‍ നിക്ഷേപിക്കും. കയറ്റുമതി വര്‍ധിക്കുകയും വിദേശനിക്ഷേപം ധാരാളമായി വരികയും ചെയ്യുമ്പോള്‍ വിദേശനാണയ ശേഖരം മെച്ചപ്പെട്ട നിലയിലായിരിക്കും. സമ്പദ്വ്യവസ്ഥ തളര്‍ച്ചയിലാകുമ്പോള്‍ ഓഹരി വിപണിയിലും പ്രതിഫലിക്കും. വ്യാപാരകമ്മി വന്‍തോതില്‍ വര്‍ധിക്കുകയും വിദേശനാണയശേഖരം വന്‍തോതില്‍ കുറയുകയും ചെയ്യുമ്പോള്‍ അനിവാര്യമായ ഇറക്കുമതിപോലും പ്രതിസന്ധിയിലാകും. എണ്ണ ഇറക്കുമതി ഇന്ത്യയില്‍ ഒഴിവാക്കാന്‍ കഴിയാത്തതാണ്. ഇതിന് വിദേശനാണയം കണ്ടെത്തേണ്ടിവരും. എത്ര രൂപ കൊടുത്തായാലും ഡോളര്‍ നേടേണ്ട അവസ്ഥയാണ് ഇതുമൂലം ഉണ്ടാകുന്നത്.

ഭാരം മുഴുവന്‍ ജനങ്ങള്‍ക്ക്

രൂപയുടെ മൂല്യം ഇടിയുന്നതിന്റെ ഭാരം അന്തിമമായി വഹിക്കേണ്ടത് സാധാരണക്കാര്‍. രാജ്യത്തിനുണ്ടാകുന്ന അധിക സാമ്പത്തികഭാരത്തിന്റെ പങ്ക് ജനങ്ങളാകെ വഹിക്കേണ്ടിവരും. ഇറക്കുമതി ചെലവ് കൂടും. ഇത് നാണയപ്പെരുപ്പവും ജീവിതച്ചെലവും വര്‍ധിപ്പിക്കും. നിശ്ചിത വരുമാനക്കാരുടെയും പാവപ്പെട്ടവരുടെയും ജീവിതം ഇരുളിലാകും. വിദേശരാജ്യങ്ങളില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും വിനോദസഞ്ചാരത്തിന് പോകുന്നവര്‍ക്കും വേണ്ടിവരുന്ന അധികച്ചെലവും മറ്റൊരു ഭാരമാണ്. കേന്ദ്രസര്‍ക്കാര്‍ വിദേശ രാജ്യങ്ങളില്‍നിന്നും അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്നും എടുക്കുന്ന കടത്തിന്റെ തിരിച്ചടവ് ചെലവേറിയതാകും. കോര്‍പറേറ്റുകള്‍ വരെ വിദേശത്തുനിന്ന് കടമെടുക്കുന്നു. ഈ കടങ്ങള്‍ ഡോളറിലാണ്. തിരിച്ചടവും അങ്ങനെതന്നെ. അതിനാല്‍ തിരിച്ചടവ് കുടുതല്‍ ഭാരമുള്ളതാകും.

ക്രൂഡോയില്‍ ഇറക്കുമതിയാണ് ജനങ്ങള്‍ക്ക് ഏറ്റവും ഭാരമുണ്ടാക്കുന്ന മറ്റൊരു കാര്യം. ഒരു ബാരല്‍ ക്രൂഡോയിലിന് അന്താരാഷ്ട്ര വിപണിയില്‍ 106 ഡോളറായിരുന്നു ജൂലൈയില്‍. ആഗസ്ത് അവസാനമായപ്പോള്‍ ഇത് 112 ഡോളറായി വര്‍ധിച്ചു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ആഭ്യന്തര വില്‍പ്പന വില ഉയര്‍ത്താന്‍ ഇത് കാരണമാകും. യാത്രാക്കൂലി, ചരക്കുകൂലി, അവശ്യവസ്തുക്കളുടെ വില എന്നിവയില്‍ വര്‍ധനയാണ് ഇതിന്റെ ഫലം. ഐടി, ഔഷധനിര്‍മാണം, രത്ന-ആഭരണ വ്യവസായം എന്നീമേഖലകളില്‍ താല്‍ക്കാലികമായി നേട്ടമുണ്ടാകാം. പക്ഷേ, ആഗോളമായ സ്ഥിതിഗതികളെ ആശ്രയിച്ച് ഈ മേഖലയിലെ കയറ്റുമതി ചാഞ്ചാട്ടത്തിന് വിധേയമാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ രൂപയുടെ തകര്‍ച്ച ഈ മേഖലകള്‍ക്കും ദോഷം ചെയ്യും. വ്യവസായ മേഖലയിലുണ്ടാകുന്ന തളര്‍ച്ച നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുത്തും. രൂപയുടെ മൂല്യം താഴുന്നതിന് ആനുപാതികമായി തൊഴിലാളികളുടെ വേതനത്തില്‍ വര്‍ധനയുണ്ടാകില്ല. തൊഴിലും വരുമാനവും നഷ്ടപ്പെടുന്ന കോടിക്കണക്കിനാളുകള്‍ ജീവിതത്തെ എങ്ങനെ നേരിടണമെന്നറിയാതെ കുഴങ്ങുകയാണ്.

*
ദേശാഭിമാനി