Showing posts with label സാഹിത്യം. Show all posts
Showing posts with label സാഹിത്യം. Show all posts

Saturday, April 19, 2014

അത്ഭുതപ്പിറവിയായി ഒരു നോവല്‍

മലയാളിയെ ഇത്രമേല്‍ സ്വാധീനിച്ച വിദേശ എഴുത്തുകാരന്‍ മാര്‍ക്വേസിനെപ്പോലെ മറ്റൊരാളുണ്ടാകുമോ... സംശയമാണ്. മറവിരോഗം ബാധിച്ച മാര്‍ക്വേസിനായി പ്രാര്‍ഥനാനിരതരായി നമ്മള്‍ മലയാളികളും. മലയാളിക്ക് ആ ലാറ്റിനമേരിക്കന്‍ എഴുത്തുകാരനോടുള്ള ആരാധന, ആഭിമുഖ്യം എല്ലാം പ്രകടമായിരുന്നു ആ പ്രാര്‍ഥനകളില്‍. എഴുത്തിലൂടെ ലോകം കീഴടക്കിയ പ്രതിഭയായിരുന്നു ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്വേസ്. സമകാലിക എഴുത്തുകാരില്‍നിന്ന് ഏറെ വ്യത്യസ്തനായ മഹാപ്രതിഭാശാലി.

1970 ലാണ് മാര്‍ക്വേസിന്റെ രചന പരിചയപ്പെടാന്‍ സാധിക്കുന്നത്. ആദ്യ അമേരിക്കന്‍ യാത്രയിലായിരുന്നു അത്. യാത്രയില്‍ കൂടെയുണ്ടായിരുന്ന ആന്‍തണി ബാണി എന്ന ചെറുപ്പക്കാരനാണ് എന്നോട് മാര്‍ക്വേസിനെപ്പറ്റി പറയുന്നത്. സ്പാനിഷ് ഭാഷയില്‍ സ്വാധീനമുള്ള ആന്‍തണി "ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍" സ്പാനിഷ് ഭാഷയിലാണ് വായിച്ചത്. ഇംഗ്ലീഷ് പരിഭാഷ ഇറങ്ങിയ സമയമായിരുന്നു അത്. എനിക്കൊരു കോപ്പി സമ്മാനമായി തന്ന് ആന്‍തണി ഇങ്ങനെ പറഞ്ഞു ""ഇതാ, നാം വളരെക്കാലമായി കാത്തിരുന്ന മഹത്തായ കൃതി"".

നാട്ടിലെത്തി ഞാനാ പുസ്തകം വായിച്ചു. സാവകാശത്തിലായിരുന്നു വായന. പക്ഷേ, അതൊരു അനുഭവമായിരുന്നു. വേറിട്ടതും വ്യത്യസ്തവുമായ സാഹിത്യാനുഭൂതി പകര്‍ന്ന വായന. സാഹിത്യപ്രേമിയായ ആന്‍തണി പറഞ്ഞതില്‍ തെല്ലും അതിശയോക്തിയില്ലെന്ന് എനിക്ക് ബോധ്യമായി. കുറച്ചുവര്‍ഷം മുമ്പ്, 2008ലാണെന്ന് തോന്നുന്നു "മെമ്മറീസ് ഓഫ് മൈ മെലന്‍കളി ഹോഴ്സ്" എന്ന ചെറുനോവല്‍ എന്റെ പുസ്തകശേഖരത്തിലെത്തി. അല്‍പ്പം ആശങ്കയോടെയാണ് ഞാനാ നോവല്‍ തുറന്നത്. വായന തുടങ്ങുമ്പോഴും എന്തോ ഒരു പരിഭ്രമമുണ്ടായിരുന്നു. "70 തൊട്ട് എന്നെ അത്ഭുതപ്പെടുത്തിയ, വിസ്മയിപ്പിച്ച മാസ്മരവിദ്യ, കൈയടക്കം, രചനാസവിശേഷത എല്ലാം ഒട്ടും കുറവ് വരുത്താതെ നിലനിര്‍ത്തുന്നു എന്ന് കണ്ട് ഞാന്‍ ആ മഹാനായ എഴത്തുകാരനെ മനസ്സാ നമിച്ചു.

ഭാവനയുടെ വിപ്ലവമെന്ന് വിശേഷിപ്പിക്കപ്പെട്ടതായിരുന്നു സാമുവല്‍ റിച്ചാര്‍ഡ്സന്റെ പമേലയുടെ പ്രസിദ്ധീകരണം. നോവലിന്റെ തുടക്കമായിരുന്നു റിച്ചാര്‍ഡ്സണ്‍ പമേലയിലൂടെ ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് റൂസോയുടെ ജൂലിയ വന്നപ്പോള്‍ നോവല്‍ മഹാസംഭവമായി. എന്നാല്‍, ഒരു നോവല്‍ അത്ഭുതപ്പിറവിയായിത്തീരുന്നത് ഏകാന്തതയുടെ നൂറുവര്‍ഷങ്ങളുടെ ഇംഗ്ലീഷ് വിവര്‍ത്തനം 1970ല്‍ പുറത്തുവന്നപ്പോഴാണ്. അന്നുമുതല്‍ ലോകമാകെ ആഹ്ലാദകരമായ നടുക്കത്തോടെയും ഞെട്ടലോടെയും മാര്‍ക്വേസിനെ ആരാധിക്കാനും തുടങ്ങി. കാര്‍ലോസ് ഫുവേന്തസും മാറിയോ വര്‍ഗാസ് ലോസയും ഇതേകാലത്ത് ലാറ്റിനമേരിക്കയില്‍നിന്ന് പ്രസിദ്ധരായ മഹാന്മാരായ സ്പാനിഷ് എഴുത്തുകാരാണ്. ഇക്കൂട്ടത്തില്‍ ലാറ്റിനമേരിക്കയിലെ സ്പാനിഷ് എഴുത്തുകാരിലേക്ക് പ്രതീക്ഷാഭരിതരായി കടന്നുചെല്ലാന്‍ നമ്മെ പ്രേരിപ്പിച്ചത് മാര്‍ക്വേസിന്റെ രചനകളാണ്.

കെട്ടുകഥകളല്ല, ലാറ്റിനമേരിക്കന്‍ യാഥാര്‍ഥ്യങ്ങളാണ് തന്റെ സൃഷ്ടികളെന്ന് മാര്‍ക്വേസ് പറഞ്ഞിട്ടുണ്ട്. ഭീകരരായ ഏകാധിപതികളെ കൃതികളില്‍ മാര്‍ക്വേസ് അവതരിപ്പിച്ചു. ഈ സ്വേച്ഛാധിപതികള്‍ ചരിത്രത്തില്‍ യഥാര്‍ഥത്തിലുള്ളവരായിരുന്നു. ബുദ്ധിയും ധിഷണയുമൊന്നും പ്രസക്തമല്ലാത്തതും ആവശ്യമില്ലാത്തതുമായ വിനോദങ്ങള്‍ ചുറ്റിലും പെരുകുകയാണിന്ന്. പുതിയ സങ്കേതങ്ങള്‍ കണ്ടെത്തി എഴുത്തുകാര്‍ ഈ കാലത്തെ സാഹസികമായി അതിജീവിക്കുന്നു. ഭാവനയുടെ സമൃദ്ധിയാലവര്‍ വായനക്കാരന്റെ ഹൃദയം കീഴടക്കുന്നു. കഥ പറയുന്ന കല എന്നും നിലനില്‍ക്കുന്നുവെന്ന് അവര്‍ പ്രതിഭയാല്‍ തെളിയിക്കുന്നു. ഇങ്ങനെ കഥയെ, നോവലിനെ കലയാക്കി മാറ്റിയ കലാകാരനായിരുന്നു മാര്‍ക്വേസ്. ഏതുകാര്യം, എന്ത് വിഷയം മാര്‍ക്വേസ് എഴുതിയാലും മതിവരാത്ത മനംകവരുന്ന വായനാനുഭവമായി അത് മാറുന്നു. പത്രറിപ്പോര്‍ട്ടര്‍, ചലച്ചിത്രകാരന്‍, കവി, കഥാകൃത്ത്, നോവലിസ്റ്റ് എന്നിങ്ങനെ പ്രവര്‍ത്തിച്ച, കൈവച്ച മണ്ഡലങ്ങളിലെല്ലാം വിജയത്തിന്റെ അടയാളമുദ്ര പതിപ്പിച്ച പ്രതിഭാശാലിയായ ഗാബോ അതിനാല്‍തന്നെ ഈ മലയാളക്കരയ്ക്കും മലയാളിക്കും എന്നും പ്രിയങ്കരനാകുന്നു.

*
എം ടി വാസുദേവന്‍നായര്‍

സര്‍ഗാത്മകതയുടെ വിസ്മയം

ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ അനുഭവിക്കേണ്ടിവരുംവിധം ലോകസാഹിത്യം ദരിദ്രമാവുകയാണ് വിശ്വസാഹിത്യകാരനായ ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്വേസിന്റെ വിയോഗത്തിലൂടെ. പല നൂറ്റാണ്ടുകള്‍ക്ക് ഒന്ന് എന്ന അനുപാതത്തില്‍മാത്രം ഉണ്ടാകുന്ന സര്‍ഗാത്മകതയുടെ മഹാവിസ്മയമാണ് ഈ ദുഃഖവെള്ളിയാഴ്ച പുലര്‍ച്ചെ അസ്തമിച്ചത്. സെര്‍വാന്റിസിന്റെ "ഡോണ്‍ ക്വിക്സോട്ട്" ഉണ്ടായത് പതിനേഴാം നൂറ്റാണ്ടിലാണ്. ആ കൃതി സ്പാനിഷ് ഭാഷയില്‍നിന്നുള്ള വിശ്വസാഹിത്യകൃതിയായി മാറി. അതിനുശേഷം രണ്ടു നൂറ്റാണ്ട് ലോകം കാത്തിരിക്കേണ്ടിവന്നു സെര്‍വാന്റിസിനു സമശീര്‍ഷനായി സ്പാനിഷ് ഭാഷയില്‍നിന്ന് ഒരു മാര്‍ക്വേസും "ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍" എന്ന ഇതിഹാസമാനമുള്ള വിശ്വസാഹിത്യകൃതിയും ഉയര്‍ന്നുവരാന്‍. ഇരുപതാം നൂറ്റാണ്ടില്‍ ലാറ്റിനമേരിക്ക ലോകത്തിന് നല്‍കിയത് രണ്ടു മഹാപ്രതിഭകളെയാണ്; കവിതയില്‍ പാബ്ലോ നെരൂദയെ; നോവലില്‍ മാര്‍ക്വേസിനെ. മാര്‍ക്വേസിനു സമനായി ഒരു സാഹിത്യകാരന്‍ വിശ്വസാഹിത്യരംഗത്തേക്ക് ഉയര്‍ന്നുവരാന്‍ കാലം ഇനി എത്ര കാത്തിരിക്കണം? ഈ ചോദ്യത്തിന്റെ പശ്ചാത്തലത്തിലാണ് മാര്‍ക്വേസിന്റെയും അദ്ദേഹത്തിന്റെ കൃതികളുടെയും അവ ഉണര്‍ത്തിവിട്ട ഭാവുകത്വമാറ്റത്തിന്റെയും പ്രസക്തി മനസിലാവുക.

സെര്‍വാന്റിസിന്റെ ദീപ്തമായ ഘട്ടത്തിനുശേഷം അന്ധകാരനിബിഡമായ ഒരു നീണ്ട കാലയളവ്. അതിന് അറുതി കുറിച്ചാണ് മാര്‍ക്വേസ് എത്തിയത്. അദ്ദേഹത്തിന്റെ വിയോഗത്തോടെ വീണ്ടും ശൂന്യതയുടെ ഒരു കാലമാരംഭിക്കുന്നു. കാരണം മാര്‍ക്വേസിനു സമനായി ജീവിച്ചിരിക്കെ ഇതിഹാസമായ മറ്റൊരു സാഹിത്യവ്യക്തിത്വം ഇല്ല. "മാജിക്കല്‍ റിയലിസം" എന്ന സങ്കേതത്തിന്റെ പര്യായമായി മാറിക്കഴിഞ്ഞിട്ടുണ്ട് മാര്‍ക്വേസ്. എന്നാല്‍, പലരും കരുതുംപോലെ, മാജിക്കല്‍ റിയലിസം ആരംഭിക്കുന്നത് മാര്‍ക്വേസില്‍ നിന്നല്ല. ജോര്‍ജ് ലൂയി ബോര്‍ഹസും അലേജോ കാര്‍പെന്റിയറും ഒക്കെ മാര്‍ക്വേസിനു മുമ്പേതന്നെ ആ രംഗത്ത് വ്യാപരിച്ചിട്ടുണ്ട്. എന്നാല്‍, അത് മാര്‍ക്വേസിന്റെ മഹത്വം കുറയ്ക്കുന്നില്ല. മാജിക്കല്‍ റിയലിസത്തെ മാര്‍ക്വേസിന്റെയത്ര അനുഭൂതിജനകവും അനുഭവവേദ്യവുമാക്കാന്‍ മറ്റൊരാള്‍ക്കും കഴിഞ്ഞിട്ടില്ല. ഭാഷയുടെ അതിര്‍വരമ്പുകളെ അതിലംഘിച്ച് ലോക സാഹിത്യവേദിയുടെ മുഖ്യ ശ്രദ്ധാകേന്ദ്രമാക്കി അതിനെ ഉയര്‍ത്താനും മറ്റൊരാള്‍ക്കും കഴിഞ്ഞിട്ടില്ല. ജീവിതയാഥാര്‍ഥ്യങ്ങളുടെയോ സാമൂഹിക യാഥാര്‍ഥ്യങ്ങളുടെയോ നിരാകരണമായിരുന്നില്ല മാജിക്കല്‍ റിയലിസത്തിലൂടെ മാര്‍ക്വേസ് നിര്‍വഹിച്ചത്. കറുപ്പും വെളുപ്പുമായ ജീവിത സാമൂഹിക യാഥാര്‍ഥ്യങ്ങളെ കൂടുതല്‍ തീവ്രതരമായി മനസ്സുകളിലേക്ക് സംക്രമിപ്പിക്കാനുള്ള ഉപാധിയായിരുന്നു അദ്ദേഹത്തിന് അത്.

ലാറ്റിനമേരിക്കന്‍ ജീവിതത്തിന്റെ പൊള്ളിക്കുന്ന സത്യങ്ങളെയും അവിടത്തെ ജനമനസ്സിന്റെ സ്വപ്നസന്നിഭമായ ഫാന്റസികളെയും പുരാവൃത്ത ധാരകളിലെ ഗോത്രസ്മൃതികളെയും ഒക്കെ കൂട്ടിക്കലര്‍ത്തി സൈക്കഡലിക് അനുഭൂതിയുടെ അതുവരെ അറിയാത്ത വിഭ്രാമകതകൊണ്ട് സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ചുണര്‍ത്തുകയായിരുന്നു മാര്‍ക്വേസ് തന്റെ മാജിക്കല്‍ റിയലിസത്തിലൂടെ. ആ രീതി ലോകത്തെങ്ങുമുള്ള അനുവാചക സമൂഹത്തിന് പുതിയ ഒരു അനുഭവമായി. മാര്‍ക്വേസ് ഭാഷയെയും ഭാവുകത്വത്തെയും നവീകരിച്ചതിന്റെ പ്രധാന വഴി അതുതന്നെയാണ്. കരീബിയന്‍ തീരങ്ങളില്‍നിന്ന് ലോക ചക്രവാളങ്ങളിലേക്ക് ആഞ്ഞുവീശിയ ഭാവുകത്വമാറ്റത്തിന്റെ പ്രചണ്ഡമെങ്കിലും സര്‍ഗാത്മകംതന്നെയായ ഒരു കൊടുങ്കാറ്റായി അതു മാറി. അങ്ങനെ സ്വന്തം ഭാഷയെയും സാഹിത്യത്തെയും മാത്രമല്ല, ലോകസാഹിത്യത്തെയും അനുവാചകബോധത്തെയും കൂടി മാര്‍ക്വേസ് നവീകരിച്ചു. ആ പ്രക്രിയയിലാണ് ഓരോ മലയാളിയുടെയും മനസില്‍ മാര്‍ക്വേസ് സ്ഥാനമുറപ്പിച്ചത്. മലയാളിക്ക് വൈക്കം മുഹമ്മദ് ബഷീറും തകഴിയും എന്നപോലെ തന്നെയാണ് മാര്‍ക്വേസും. വണ്‍ ഹണ്‍ഡ്രഡ് ഇയേഴ്സ് ഓഫ് സോളിറ്റ്യൂഡ്, ഓട്ടം ഓഫ് ദ പേട്രിയാര്‍ക്, ലൗ ഇന്‍ ദ ടൈം ഓഫ് കോളറ, ദ ജനറല്‍ ഇന്‍ ഹിസ് ലാബറിന്‍ത് തുടങ്ങിയ വിശിഷ്ട കൃതികളിലൊക്കെ മാര്‍ക്വേസ് സമൂഹത്തെത്തന്നെ നിര്‍ധാരണംചെയ്തു. ആ പ്രക്രിയയില്‍ അദ്ദേഹം രൂപപരമായി മാത്രമല്ല, ഭാവപരമായി കൂടി പുതിയ കാലത്തിന്റെ സാഹിത്യാവബോധത്തെ പുതുക്കിപ്പണിതു. "ഏകാന്തതയുടെ നൂറു വര്‍ഷങ്ങളി"ലൂടെയാണ് ഓരോ ലാറ്റിനമേരിക്കക്കാരനും സ്വന്തം സ്വത്വത്തെ തിരിച്ചറിഞ്ഞത്. ആ തിരിച്ചറിവാകട്ടെ അധിനിവേശത്തിനെതിരായ പോരാട്ടത്തിനുള്ള ഊര്‍ജമാണ് പകര്‍ന്നുകൊടുത്തത്.

"ദ ജനറല്‍ ഇന്‍ ഹിസ് ലാബറിന്‍ത്" ആകട്ടെ, വിമോചനപ്പോരാളിയായ സൈമണ്‍ ബൊളിവറുടെ ജീവിതമാണ് പകര്‍ത്തിവച്ചത്. "ക്രോണിക്കിള്‍ ഓഫ് എ ഡെത്ത് ഫോര്‍റ്റോള്‍ഡ്" എന്ന കൃതിയാകട്ടെ, ചിലിയിലെ സാമ്രാജ്യത്വ- പട്ടാള അട്ടിമറിയുടെ പശ്ചാത്തലത്തിലുണ്ടായതാണ്. "നോ വണ്‍ റൈറ്റ്സ് ടു ദ കേണല്‍" എന്ന കൃതി വെനസ്വേലയിലെ ഏകാധിപത്യവാഴ്ച തകര്‍ത്തതിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിലുള്ളതാണ്. മാര്‍ക്വേസ് കമ്യൂണിസ്റ്റ് പാര്‍ടി അംഗമായിരുന്നില്ല. എന്നാല്‍, പാര്‍ടി അംഗത്തിന്റെ പ്രതിബദ്ധതയോടെ എന്നും പ്രവര്‍ത്തിച്ചു. അമ്പതുകളില്‍ നിരോധിക്കപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ടിക്ക് പരസ്യമായി സംഭാവനകള്‍ പ്രഖ്യാപിച്ചു. അമേരിക്ക തുടര്‍ച്ചയായി വിസ നിഷേധിച്ചുകൊണ്ടിരുന്നപ്പോഴും പ്രീതിപ്പെടുത്താന്‍ നില്‍ക്കാതെ പത്രപംക്തികളില്‍ അതിശക്തമായ സാമ്രാജ്യത്വ വിമര്‍ശനം നടത്തി. ഫിദെല്‍ കാസ്ട്രോ മുതല്‍ ഹ്യൂഗോ ഷാവേസ് വരെയുള്ളവരുമായി ഗാഢമായ സൗഹൃദം പുലര്‍ത്തി. ചിലിയിലെ അധികാരത്തില്‍നിന്നു ജനറല്‍ പിനോച്ചെ പുറത്താകുംവരെ സാഹിത്യം എഴുതുകില്ല എന്നു പ്രഖ്യാപിച്ച് പ്രതിഷേധമൗനം തുടര്‍ന്നു. നൊബേല്‍ സമ്മാന സ്വീകരണ പ്രസംഗത്തില്‍ തെക്കനമേരിക്കന്‍ മേഖലയിലെ സാമ്രാജ്യത്വ കുതന്ത്രങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചു. നൊബേല്‍ സമ്മാനത്തുക സാമ്രാജ്യത്വവിരുദ്ധ പത്രം നടത്താന്‍ ചെലവാക്കുമെന്നു പ്രഖ്യാപിച്ചു. പത്രപ്രവര്‍ത്തനത്തിലൂടെ കടന്നുവന്ന മാര്‍ക്വേസ് സ്വന്തമായി പത്രം നടത്തി; പത്രപ്രവര്‍ത്തന ഫൗണ്ടേഷന്‍ സ്ഥാപിച്ചു, പത്രപംക്തികള്‍ നിരന്തരം കൈകാര്യംചെയ്തു. പത്രപ്രവര്‍ത്തനത്തിലൂടെ കൈവന്ന സാമൂഹ്യ യാഥാര്‍ഥ്യ ബോധമില്ലായിരുന്നെങ്കില്‍ താന്‍ ശ്രദ്ധിക്കപ്പെടുന്ന എഴുത്തുകാരനാവുമായിരുന്നില്ല എന്ന് ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഹ്യൂഗോ ഷാവേസുമായി അവസാനകാലത്ത് നടത്തിയ അഭിമുഖം ലോകശ്രദ്ധയാകര്‍ഷിച്ചു. രാഷ്ട്രീയ വിഷയങ്ങള്‍ പച്ചയായി എഴുതുന്ന രീതി മാര്‍ക്വേസ് നോവലുകളില്‍ അവലംബിച്ചില്ല. രാഷ്ട്രീയത്തെ പശ്ചാത്തലത്തില്‍ നിര്‍ത്തി വ്യക്തിഗത മനോവ്യാപാരങ്ങളിലൂടെ നീങ്ങുന്ന രീതിയാണ് അദ്ദേഹം അനുവര്‍ത്തിച്ചത്. ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ ആറു തലമുറകളിലൂടെ ഒരു കുടുംബത്തിന്റെ കഥ പറയുന്നു. നഗരത്തിന്റെയും കൊളംബിയയുടെയും ചരിത്രം പറയുമ്പോള്‍ത്തന്നെ അത് ഏതു ലാറ്റിനമേരിക്കക്കാരനും സ്വന്തം കുടുംബകഥ കേള്‍ക്കുന്ന അനുഭവം പകര്‍ന്നു നല്‍കുകയുംചെയ്യുന്നു. സര്‍റിയല്‍ ബിംബങ്ങളുടെയും ഫാന്റസിയുടെയും ഭ്രമജനകമായ ചിത്രങ്ങള്‍ അത് നിവര്‍ത്തിത്തരുന്നു. അത് ഉളവാക്കിയ വിസ്മയത്തിന്റെ ദൃഷ്ടാന്തമാണ് ഇവയുടെ കോടിക്കണക്കിന് കോപ്പികള്‍ വിറ്റഴിയുന്നു എന്നത്. സാഹിത്യകാരന് രാഷ്ട്രീയമുണ്ടായാല്‍ ഹൃദയച്ചുരുക്കം വന്നുപോകുമെന്ന വാദത്തിനുള്ള സര്‍ഗാത്മകമായ മറുപടിയാണ് മാര്‍ക്വേസ്. ജനജീവിതത്തോട് ചേര്‍ന്നു നിന്നുകൊണ്ടുതന്നെ സാഹിത്യത്തെ പുതുചക്രവാളങ്ങളിലേക്കുയര്‍ത്തുകയും ആ ഉല്‍കൃഷ്ടതലങ്ങളിലേക്ക് അനുവാചകസമൂഹത്തെ എത്തിക്കുകയും ചെയ്ത സര്‍ഗാത്മകതയുടെ ഈ മഹാവിസ്മയത്തിന് "ദേശാഭിമാനി"യുടെ ആദരാഞ്ജലികള്‍!
*
deshabhimani editorial

Monday, March 17, 2014

ചരിത്രമെഴൂതിയും തിരുത്തിയും

ഭാഷയുടെ അതിര്‍വരമ്പുകള്‍ കടന്നാണ് ബെന്യാമിന്റെ ആടുജീവിതത്തിന്റെ സഞ്ചാരം. ഇംഗ്ലീഷിനും വിവിധ ഇന്ത്യന്‍ ഭാഷകള്‍ക്കും പുറമേ അറബിയിലും പരിഭാഷ പുറത്തുവന്നു കഴിഞ്ഞു. തായ്, നേപ്പാളി തുടങ്ങിയ ഭാഷകളിലേക്കും ഉടന്‍ എത്തും. പുസ്തക പ്രസാധനത്തില്‍ പുതിയ ചരിത്രമെഴുതിയും തിരുത്തിയും ആടുജീവിതം യാത്ര തുടങ്ങിയിട്ടേയുള്ളൂ

ആദ്യമാരും അതത്ര ശ്രദ്ധിച്ചില്ല.പക്ഷേ ചാരംമൂടിയ കനലുകള്‍ക്കുമീതെ കാറ്റ് മെല്ലെയൊന്നു വീശിയതേയുള്ളൂ. ശാഖോപശാഖകളായി പടരുന്ന അഗ്നിയായിത്തീര്‍ന്നു "ആടുജീവിതം". ഹൃദയങ്ങളില്‍നിന്ന് ഹൃദയങ്ങളിലേക്ക് ചൂടുപകര്‍ന്ന്, മനസ്സുകളെ പൊള്ളിച്ച്, നിസ്സഹായതയുടെ നെടുവീര്‍പ്പുകള്‍ക്കുമീതെ മനുഷ്യവിജയത്തിന്റെ മഹാഗാഥയായി അത് മാറിയപ്പോള്‍ പിന്നെയാര്‍ക്കും ആ വാക്കുകള്‍ ശ്രദ്ധിക്കാതിരിക്കാനായില്ല. ആടുജീവിതം അങ്ങനെ ചരിത്രത്തിലേക്ക് യാത്ര തുടങ്ങി.
 
ഭാഷയുടെ അതിര്‍വരമ്പുകള്‍ കടന്നാണ് ആടുജീവിതത്തിന്റെ സഞ്ചാരം. കൂട്ടായ്മയുടെ കരുത്തുകൊണ്ട് ഉയരങ്ങളില്‍നിന്ന് ഉയരങ്ങളിലേക്ക് മനുഷ്യന്‍ ബാബേല്‍ഗോപുരം പടുത്തുയര്‍ത്തിയപ്പോള്‍ കോപിഷ്ഠനായ ദൈവം മനുഷ്യര്‍ക്കിടയില്‍ പലതരം ഭാഷകള്‍ സൃഷ്ടിച്ച് അവന്റെ ഐക്യം കലക്കിക്കളഞ്ഞതായി പഴയനിയമം പറയുന്നു. ബാബേല്‍ഗോപുരമെന്ന സ്വപ്നം തകര്‍ന്നുപോയെങ്കിലും ദൈവത്തിന്റെ ഇച്ഛയെ അതിജീവിക്കാന്‍ മനുഷ്യന്‍ ഒരു വഴി കണ്ടെത്തി- പരിഭാഷ. മരുഭൂമിയില്‍ ആടുകള്‍ക്കൊപ്പം അടിമയാക്കപ്പെട്ട, വര്‍ഷങ്ങളോളം മുഖത്തോടുമുഖം ഒരു മനുഷ്യജീവിയെപ്പോലും കാണാനാകാതെ ഭാഷ നഷ്ടപ്പെട്ട, നജീബ് മുഹമ്മദിന്റെ കഥ ഈ വഴിയിലൂടെ വിവിധ ദേശങ്ങളിലേക്കെത്തുന്നു. ഒപ്പം ബെന്യാമിന്‍ എന്ന എഴുത്തുകാരനും.

ഇംഗ്ലീഷില്‍ "ഗോട്ട് ഡെയ്സ്" എന്ന തലക്കെട്ടോടെ ആടുജീവിതത്തെ ലോകമെങ്ങുമെത്തിച്ചത് മറ്റാരുമല്ല, പ്രശസ്തമായ പെന്‍ഗ്വിന്‍തന്നെ. ജാമിയ മില്ലിയയിലും സൗദിഅറേബ്യയിലെ യൂണിവേഴ്സിറ്റി ഓഫ് ഹെയ്ലിലും ഇപ്പോള്‍ കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലും അധ്യാപകനായ ജോസഫ് കോയിപ്പള്ളിയാണ് ഇംഗ്ലീഷിലേക്കുള്ള മൊഴിമാറ്റം നിര്‍വഹിച്ചത്. 2010ല്‍തന്നെ തമിഴില്‍ പുസ്തകം വന്നിരുന്നു. എസ് രാമന്റെ പരിഭാഷ. പ്രസാധകര്‍ ഉയിര്‍മൈ പതിപ്പകം. രണ്ടുവര്‍ഷം കഴിഞ്ഞാണ് കന്നടയില്‍ ഡോ. അശോക്കുമാറിന്റെ പരിഭാഷ ഹേമന്ത സാഹിത്യ പ്രസിദ്ധീകരിച്ചത്. ഏതാനും ദിവസം മുമ്പ് റിയാദ് ബുക്ക്ഫെസ്റ്റിവല്‍ വേദിയില്‍ അറബി പതിപ്പ് പ്രകാശനംചെയ്തു. "അയ്യാമല്‍ മായിസ്" എന്നാണ് അറബി തലക്കെട്ട്, ആടുദിനങ്ങള്‍ എന്നര്‍ഥം. പ്രശസ്ത പ്രസാധകരായ കുവൈത്തിലെ മഖാബത്ത് അഫീഖ്, അറബ് സമൂഹത്തിലെ ഇന്നും വിട്ടുമാറാത്ത അടിമസമ്പ്രദായത്തോടുള്ള അപരിഷ്കൃത അഭിനിവേശം തുറന്നുകാട്ടുന്ന ഒരു നോവല്‍ അറബ് വായനക്കാരിലെത്തിക്കാനുള്ള ധൈര്യംകാട്ടി. സുഹയ്ല്‍ അബ്ദുല്‍ ഹക്കിമിന്റേതാണ് പരിഭാഷ. ഹിന്ദിയില്‍ പുസ്തകം തയ്യാറായിക്കഴിഞ്ഞു. തായ്, നേപ്പാളി തുടങ്ങിയ ഭാഷകളിലേക്കും ഉടന്‍ എത്തും. അങ്ങനെ ആടുജീവിതം അനേകദേശങ്ങളില്‍ മുറിവേല്‍ക്കുന്നവനോട് അനുതപിക്കുന്ന മനുഷ്യഹൃദയങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. പുസ്തക പ്രസാധനത്തില്‍ പുതിയ ചരിത്രമെഴുതിയും തിരുത്തിയും ആടുജീവിതം യാത്ര തുടങ്ങിയിട്ടേയുള്ളൂ.

ചലച്ചിത്രസംവിധായകന്‍ ബ്ലസിയുടെ മനസ്സിലും ആടുജീവിതമുണ്ട്. അത് തിരക്കഥാരൂപത്തിലാക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം.

ആദ്യമാരും അതത്ര വിശ്വസിച്ചില്ല. പന്തളം കുളനട ഞെട്ടൂര്‍ മണ്ണില്‍ പുത്തന്‍വീട്ടില്‍ ബെന്നി ഡാനിയേല്‍ എഴുത്തുകാരനായത്രെ! "അവന് അത്തരം സൂക്കേടൊന്നുമുണ്ടായിരുന്നില്ലല്ലോ". അവര്‍ അത്ര അടക്കത്തിലല്ലാതെ പരസ്പരം പറഞ്ഞതിശയിച്ചു. മെയ്മാസത്തിലെ പൊരിവെയിലത്തും കുളനടയിലെ ഒഴിഞ്ഞ പറമ്പുകളിലും സ്കൂള്‍ മൈതാനത്തും ക്രിക്കറ്റ് കളിച്ചു നടന്ന ബെന്നിയോ? മഞ്ഞുപെയ്യുന്ന ഡിസംബര്‍ രാവുകളില്‍ ഓര്‍ത്തഡോക്സ് പള്ളിയിലെ കരോള്‍ സംഘത്തിനൊപ്പം സൈഡ്ഡ്രം കൊട്ടിപ്പാടി നടന്ന ബെന്നിയോ? യൗവനത്തിന്റെ തുടക്കത്തില്‍ യാദൃച്ഛികമായി കൈയില്‍വന്ന വിസയുമായി ബഹ്റൈനിലേക്ക് വിമാനം കയറിയ മര്യാദക്കാരനായ ബെന്നിയോ? ബഹ്റൈനില്‍ പോയ ബെന്നി അവിടെച്ചെന്ന് കഥാകൃത്തായതും ബെന്യാമിന്‍ എന്ന നാമം സ്വീകരിച്ചതും അവര്‍ അറിഞ്ഞിരുന്നില്ല. പഴയനിയമത്തിന്റെ താളുകളില്‍ രണ്ടിടത്തുമാത്രം പേരുപറഞ്ഞുപോകുന്ന, ദാവീദ് രാജാവിന്റെയും മകന്‍ ശലോമോന്റെയും വെപ്പാട്ടിപ്പുരയില്‍ ജീവിതം ഹോമിക്കപ്പെട്ട, "അബീശഗിന്‍" എന്ന പെണ്‍കുട്ടിയെ മരുഭൂമിയുടെ പൊടിക്കാറ്റിലിരുന്ന് അവന്‍ ഓര്‍മിച്ചെടുത്തതും തന്റെ പ്രഥമ നോവലിലൂടെ അവളെ പ്രണയത്തിന്റെ അമരസ്മൃതിയാക്കിയതും അവരോടാരും പറഞ്ഞതുമില്ല. പക്ഷേ, രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ കുളനടക്കാരറിഞ്ഞു, അവരെയും അവന്‍ കഥയാക്കിക്കഴിഞ്ഞെന്ന്. "അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍!". മലങ്കരസഭയിലെ അക്കപ്പോരിന്റെ കഥയായിരുന്നു അത്. ചെങ്ങന്നൂര്‍ താലൂക്കില്‍ കുളനട പഞ്ചായത്തില്‍ ഞെട്ടൂര്‍ വാര്‍ഡില്‍ മാന്തളിര്‍മുറിയില്‍ പല കുടുംബങ്ങളിലെ പല വല്യപ്പച്ചന്മാരും അമ്മച്ചിമാരും അക്കപ്പോരില്‍ പങ്കാളികളായി. കാതോലിക്കാപക്ഷത്തെയും പാത്രിയാര്‍ക്കീസ് പക്ഷത്തെയും വ്യവഹാരങ്ങളില്‍ അവര്‍ കക്ഷിചേര്‍ന്നു. ചരുവില്‍ കീവര്‍ച്ചനും മനയ്ക്കമണ്ണിലച്ചനും ആഞ്ഞിലിത്താനത്തച്ചനും പുല്ലംപ്ലാവിച്ചനുംപോലുള്ള വൈദികര്‍ മാത്രമല്ല, മാന്തളിര്‍ മത്തായിയും കുഞ്ഞൂഞ്ഞും ഇല്ലക്കേതില്‍ കുട്ടിച്ചായന്‍ മകന്‍ ദാനിയേലും പ്ലാന്തോപ്പില്‍ കുര്യനും എലിവേലില്‍ തമ്പിയുമൊക്കെ കഥാപാത്രങ്ങളായി. ഇവരില്‍ മത്തായിയും കുഞ്ഞുകുഞ്ഞും ബെന്യാമിന്റെ വല്യപ്പച്ചന്മാര്‍തന്നെയായിരുന്നു. ഇത്രയുമായപ്പോള്‍ കുളനടയൊന്നിളകി. ""എടാ ബെന്നീ..."" നോവലില്‍ പരാമര്‍ശിക്കപ്പെട്ടവര്‍ ജീവിച്ചിരുന്നവരോ ജീവിച്ചിരിക്കുന്നവരോ ആയിരുന്നു. ആദ്യംതന്നെ ബെന്യാമിന്റെ ഒരഭ്യര്‍ഥനയുണ്ട് - നോവലാനന്തരം ആരും അക്കപ്പോരിന് വരരുതേ എന്ന്. കുളനടക്കാര്‍ അത് ചെവിക്കൊണ്ടു. മാന്തളിര്‍ ഇടവക ബെന്നിയോട് പൊരുത്തക്കേട് കാട്ടിയില്ല.

കോളേജ് മാഗസിനില്‍പോലും ഒന്നും കുത്തിക്കുറിക്കാത്ത ബെന്നി എങ്ങനെ ബെന്യാമിനായി? ഗള്‍ഫിലെത്തിയ ബെന്നിക്ക് അവിടെ കൂട്ടുകാരായി അധികമാരെയും ലഭിച്ചില്ല. അതിന് ഏറെക്കാലമെടുത്തു. ജോലികഴിഞ്ഞുള്ള ഇടവേളകളില്‍ അയാള്‍ പുസ്തകങ്ങളിലേക്ക് ചേക്കേറി. റൊമയ്ന്‍ റൊളാങ്, കസന്‍ദ്സാക്കിസ്, കാഫ്ക, ടോള്‍സ്റ്റോയി, വിക്ടര്‍ ഹ്യൂഗോ.... വര്‍ഷം നൂറ്റിയമ്പതുപുസ്തകങ്ങള്‍ വരെ. വായിച്ചുതുടങ്ങിയപ്പോഴാണ് ഇങ്ങനെ ചില കഥകള്‍ എനിക്കുമറിയാമല്ലോ എന്നുതോന്നിയത്. അങ്ങനെ എഴുതി. ആദ്യം ചെറുകഥകള്‍. അവ ചേര്‍ത്ത് ഒരു സമാഹാരം "യൂത്തനേസിയ". അബുദാബി മലയാളിസമാജം പ്രവാസി എഴുത്തുകാര്‍ക്കായി ഏര്‍പ്പെടുത്തിയ പ്രഥമപുരസ്കാരത്തിന് യൂത്തനേസിയ അര്‍ഹമായതോടെ ആത്മവിശ്വാസമേറി. പിന്നെ ബെന്യാമിന്‍ നോവലിലേക്ക് തിരിഞ്ഞു.

പക്ഷേ, അപ്പോഴും ആരും അറിയുന്നുണ്ടായിരുന്നില്ല. അണിയറയില്‍ ഒരു വാഗ്വിസ്മയം രൂപപ്പെടുന്ന കാര്യം. അക്കപ്പോര്് വാരികയില്‍ ഖണ്ഡശ്ശയായി വന്നുകൊണ്ടിരിക്കുമ്പോള്‍ ബെന്യാമിന്‍ ആടുജീവിതം എഴുതിക്കൊണ്ടിരിക്കുകയായിരുന്നു.

ആടുജീവിതത്തിന്റെ 2008ല്‍ പ്രസിദ്ധീകരിച്ച ആദ്യപതിപ്പ് സാധാരണയില്‍ കവിഞ്ഞ വേഗത്തില്‍ ചെലവായി. നിരൂപണങ്ങളോ പുസ്തകം പരിചയപ്പെടുത്തലോ ഉണ്ടായില്ല. രണ്ടുവര്‍ഷം കഴിഞ്ഞാണ് ഇതൊക്കെ വരുന്നത്. അതോടെ സ്വാഭാവികമായും കൂടുതല്‍ വായനക്കാര്‍ ശ്രദ്ധിച്ചു. കുട്ടികള്‍ക്കുള്ള വായനമത്സരത്തില്‍ ആടുജീവിതം ഉള്‍പ്പെട്ടു. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ നജീബിന്റെ കഥ വായിക്കാനുള്ള താല്‍പ്പര്യമുണ്ടാകാന്‍ ഇതുകാരണമായി. പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള വായനയ്ക്ക് ആടുജീവിതത്തിലെ ഒരു ഭാഗം ഉള്‍പ്പെടുത്തിയത് മറ്റൊരു കാരണമാണ്. വിദ്യാര്‍ഥികള്‍ക്കൊപ്പം അധ്യാപകരും രക്ഷാകര്‍ത്താക്കള്‍പോലും പുസ്തകത്തെ അറിഞ്ഞു. വായിച്ചവര്‍ മറ്റുള്ളവരോടുപറഞ്ഞു - "വായിക്കൂ ഈ കഥ" എന്ന്. അങ്ങനെ കാതോടുകാതോരം പ്രചരിപ്പിക്കപ്പെട്ടുപോകവെ കേരള സാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ചു. അക്കാദമി അവാര്‍ഡുകിട്ടാന്‍ ഇതിനെന്തര്‍ഹത എന്നറിയാനും കുറെയാളുകള്‍ വായിച്ചു. അങ്ങനെ പതിപ്പുകള്‍ ഇറങ്ങിക്കൊണ്ടേയിരുന്നു. ഇതിനിടെ വിമര്‍ശങ്ങളുമുണ്ടായി, അതിഭാവുകത്വമല്ലേ എന്ന മട്ടില്‍. സത്യം ഭാവനയേക്കാള്‍ വിചിത്രമാണല്ലോ. ഇപ്പോഴെല്ലാവരും വിശ്വസിക്കുന്നു. നജീബ് മുഹമ്മദിന്റെ അടിമജീവിതം സത്യമാണ്. ആടുജീവിതം ഫിക്ഷനേക്കാള്‍ വലിയ ഫാക്ടാണ്.

പ്രവാസി മലയാളികള്‍ക്കുമുണ്ടായി വിമര്‍ശങ്ങള്‍. ഇത് തങ്ങളുടെ ജീവിതത്തെയെങ്ങാനും ബാധിക്കുമോ, തദ്ദേശഭരണകൂടങ്ങള്‍ പിണങ്ങുമോ എന്നൊക്കെയായിരുന്നു അവരുടെ ആധികള്‍. സൗദിഅറേബ്യയിലെ ദിനപത്രങ്ങളില്‍ ഇന്നും നജീബിനെപ്പോലുള്ളവരുടെ കഥകള്‍ വന്നുകൊണ്ടിരിക്കുന്നു. ഗള്‍ഫില്‍ ആദ്യം വന്നിറങ്ങുമ്പോള്‍ വിമാനത്താവളത്തില്‍നിന്നുതന്നെ തട്ടിക്കൊണ്ടുപോകപ്പെട്ടവരുടെ കഥകള്‍. പിന്നീട് മരുഭൂമിയുടെ ഉള്ളില്‍ ആടുമാടുകളെയോ ഒട്ടകങ്ങളെയോ വളര്‍ത്തുന്ന മസറയില്‍ ഏകാന്തജീവിതം. കൂലിയായി ഒരു നേരത്തെ ഭക്ഷണം. തലചായ്ക്കാന്‍ കൂരയില്ല. കിടക്കയില്ല. ദാഹജലംതന്നെ കഷ്ടി. പാസ്പോര്‍ട്ടും മറ്റുരേഖകളും അറബിയുടെ കൈയില്‍. രക്ഷപ്പെടാനാകില്ല.

ഖത്തറില്‍മാത്രം നൂറ്റിനാല്‍പ്പതോളം ഇന്ത്യക്കാരെ ഇങ്ങനെ നഷ്ടപ്പെട്ടതായി ബെന്യാമിന്‍ പറയുന്നു. അവരെ ഖത്തറിലന്വേഷിച്ചാല്‍ കിട്ടില്ല. അതിര്‍ത്തി കടത്തി സൗദിയിലേക്ക് കൊണ്ടുപോയതാണ്. ഇനി കണ്ടെത്തുക അസാധ്യം. അല്ലെങ്കില്‍ നജീബിനെപ്പോലെ അത്ഭുതത്തിന്റെ ആനുകൂല്യം ലഭിക്കണം. ഗള്‍ഫിലെ സാമൂഹ്യപ്രവര്‍ത്തകരാണ് ഒരാശ്വാസം. അവരെല്ലാം ഇടതുപക്ഷ പ്രവര്‍ത്തകരാണെന്ന് ബഹ്റൈന്‍ മലയാളിസമാജം സെക്രട്ടറിയായി സാമൂഹ്യരംഗത്തും സജീവമായിരുന്ന ബെന്യാമിന്‍ പറഞ്ഞു. പല കലാസാംസ്കാരിക സംഘടനകളുടെ പേരിലുള്ളതെല്ലാം ഇടതുപക്ഷക്കാരായ ആളുകളാണ്. അവര്‍ക്കേ മറ്റുള്ളവന്റെ ദുഃഖത്തില്‍ അനുതാപമുള്ളൂ. കഷ്ടപ്പെടാനുള്ള മനസ്സും. ഒരുപാട് പരിമിതിക്കകത്തുനിന്നും അവര്‍ നന്നായി പരിശ്രമിക്കുന്നുണ്ട്".

ബെന്യാമിന്‍ തുടരുകയാണ്. ഗള്‍ഫിലെ ജോലി ഉപേക്ഷിച്ചുവന്നിരിക്കുന്നു ഈ എഴുത്തുകാരന്‍. യാത്രകള്‍ ചെയ്യലാണുദ്ദേശ്യം. ചെറുപ്പത്തിലേ നാടും വീടും വിട്ടുപോയതാണ്. കേരളംതന്നെ നന്നായി കണ്ടിട്ടില്ല. ബേക്കല്‍കോട്ട കണ്ടത് രണ്ടാഴ്ച മുമ്പ്. വയനാട് ജില്ലയെപ്പറ്റി വായിച്ചിട്ടേയുള്ളൂ. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും യാത്രചെയ്യണം. നാഗാലാന്‍ഡിലും മിസോറമിലും ത്രിപുരയിലും... "മഞ്ഞവെയില്‍ മരണങ്ങള്‍" ആണ് പുതിയ നോവല്‍. യുവാക്കള്‍ഇതിനെ ആവേശത്തോടെ ഏറ്റെടുത്തു. വായനയില്‍നിന്നകന്നുപൊയ്ക്കൊണ്ടിരുന്ന തലമുറയെ അക്ഷരങ്ങളിലേക്കടുപ്പിക്കാന്‍ ബെന്യാമിന് സാധിച്ചു. ആടുജീവിതവും മഞ്ഞവെയില്‍ മരണങ്ങളും പ്രസക്തമാകുന്നതവിടെയാണ്.

അറബ്ലോകത്തെ രാഷ്ട്രീയമാണ് ഇപ്പോള്‍ ബെന്യാമിന്റെ മനസ്സില്‍. പലരും ധരിക്കുംപോലെ മധ്യകിഴക്കന്‍ ദേശങ്ങളിലെ പടുകൂറ്റന്‍ പ്രകടനങ്ങള്‍ ജനാധിപത്യത്തിലേക്കുള്ള ലോങ് മാര്‍ച്ചുകളാണോ? പാടിപ്പുകഴ്ത്തുന്ന അറബ് വസന്തത്തിന് മറുപുറമില്ലേ? നിലവിലുള്ള ദുഷിച്ച വ്യവസ്ഥിതിക്കെതിരായ കലാപം കൂടുതല്‍ യാഥാസ്ഥിതികമായ ജനാധിപത്യവിരുദ്ധത കൂടിയ മറ്റൊരു വ്യവസ്ഥയ്ക്കായുള്ളതാണെന്ന വിമര്‍ശം ചര്‍ച്ചചെയ്യുന്ന രാഷ്ട്രീയനോവലിന്റെ പണിപ്പുരയിലാണ് ബെന്യാമിന്‍. മലയാളികളായ കഥാപാത്രങ്ങള്‍ കടന്നുവരുന്നുണ്ടെങ്കിലും അറബ് ജനതയുടെ കഥയാണിത്, പൂര്‍ണമായും. പ്രവാസികളായ എഴുത്തുകാര്‍ എന്തുകൊണ്ട് ദൂരെയിരുന്നുകൊണ്ട് കേരളത്തെ നോക്കി നൊമ്പരപ്പെടുന്നു; നിങ്ങള്‍ ചുറ്റുംകാണുന്ന മരുഭൂമിയിലുമില്ലേ കാഴ്ചകള്‍ - എന്ന ചോദ്യത്തിനുള്ള ബെന്യാമിന്റെ രണ്ടാമത്തെ ഉത്തരമായിരിക്കും പുതിയ നോവല്‍.

*
ബി അബുരാജ്

Sunday, November 17, 2013

നാസികളാല്‍ വേട്ടയാടപ്പെട്ട ഒരു ജനതയുടെ കഥ

ലോകമനസ്സാക്ഷിയെ പിടിച്ചുലച്ച മൃഗീയതയാണ് നാസിഭരണകാലത്ത് അരങ്ങേറിയത്. വംശീയ ശുദ്ധതയുടെയും ആര്യന്‍ മഹിമയുടെയും സന്ദേശമുയര്‍ത്തിയ ഹിറ്റ്ലര്‍ ജൂതരെയും കമ്യൂണിസ്റ്റുകാരെയും കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലും ഗ്യാസ് ചേംബറുകളിലുമടച്ച് ക്രൂരമായി വധിച്ചത് ലോകചരിത്രത്തിലെതന്നെ ഇരുണ്ട അധ്യായമാണ്. നാസികളുടെ ക്രൂരത വിവരിക്കുന്ന നിരവധി ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ആന്‍ഫ്രാങ്കിന്റെ ഡയറിയാണ് അതില്‍ ഏറെ വായിക്കപ്പെട്ടത്. ഫ്രാങ്ക്ഫര്‍ട്ടില്‍ ജനിച്ച് ഹിറ്റ്ലറുടെ ജയത്തോടെ ആസ്റ്റര്‍ഡാമിലേക്ക് കുടിയേറി അവിടെവച്ച് ജര്‍മന്‍സേനയുടെ പിടിയലകപ്പെടുകയും ബെര്‍ഗന്‍ ബെല്‍സാന്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ അന്ത്യശ്വാസം വലിക്കുകയും ചെയ്ത അനലിസ് ആന്‍ മേരി ഫ്രാങ്ക് എന്ന ജൂതപ്പെണ്‍കുട്ടിയുടെ തിക്താനുഭവങ്ങളാണ് ഈ ഡയറിയിലുള്ളത്.

1952ല്‍ ഇംഗ്ലീഷ് ഭാഷയില്‍ പുറത്തിറങ്ങിയ ഈ പുസ്തകം മലയാളമടക്കം ലോകത്തിലെ ഏതാണ്ടെല്ലാ ഭാഷകളിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് പ്രിമോ ലെവിയുടെയും ജയിംസ് ഇ യങ്ങിന്റെയും ഉള്‍പ്പെടെ നാസിക്രൂരത വെളിവാക്കുന്ന നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. അക്കൂട്ടത്തില്‍ വന്‍ സ്വീകാര്യത ലഭിച്ചതാണ് വാലെന്റിന്‍ സെന്‍ഗറുടെ "നമ്പര്‍ 12 കൈസര്‍ഹോഫ് തെരുവ്" എന്ന ഓര്‍മ പുസ്തകം. നാസികള്‍ നടത്തിയ ജൂതവേട്ടയുടെ ആഴം വ്യക്തമാക്കുന്ന അനുഭവസാക്ഷ്യമാണ് വാലെന്റിന്‍ സെന്‍ഗറുടെ കൃതി. ജൂതനായി പിറന്നതുകൊണ്ട് ഒരോനിമിഷവും ഭയത്തിന്റെ നിഴലില്‍ ജീവിക്കേണ്ടി വന്ന സെന്‍ഗറുടെ കഥ അക്കാലത്ത് ജര്‍മനിയില്‍ ജീവിച്ച ഒരോ ജൂതന്റെയും ചരിത്രമാണ്. ഹിറ്റ്ലര്‍ ജൂതരെ മാത്രമല്ല കമ്യൂണിസ്റ്റുകാരെയും വേട്ടയായടിയിരുന്നു. ജൂതനും അതേസമയം കമ്യൂണിസ്റ്റുമായാലുള്ള സ്ഥിതിയോ? അതി ഭീകരം എന്നേ പറയാനുള്ളൂ. ജൂതനും കമ്യൂണിസ്റ്റുമായിരുന്നു സെന്‍ഗര്‍. റഷ്യക്കാരായ മോഷെ റബിസാനോവിച്ചിന്റെയും ഓള്‍ഗസുദാനോവിച്ചിന്റെയും മകനായാണ് സെന്‍ഗറുടെ ജനനം. ലെനിനുമായിപ്പോലും സൗഹൃദമുണ്ടായിരുന്ന കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകനായിരുന്നു മോഷെ. സാര്‍ ചക്രവര്‍ത്തിയുടെ പീഡനം സഹിക്കവയ്യാതെയാണ് ഈ കുടുംബം ബെര്‍ലിനിലേക്ക് കുടിയേറിയത്. തുടര്‍ന്ന് ഫ്രാങ്ക്ഫര്‍ട്ടിലെ 12 കൈസര്‍ഹോഫ് തെരുവിലായിരുന്നു അവരുടെ ജീവിതം. കുട്ടികളുടെ ഗ്യാങ്ങില്‍നിന്ന് ജൂതനായതുകൊണ്ട് ഒഴിവാക്കപ്പെട്ടതായിരുന്നു സെന്‍ഗര്‍ക്കുണ്ടായിരുന്ന വംശീയവിദ്വേഷത്തിന്റെ ആദ്യ അനുഭവം.

1933 ജനുവരി 30ന് ഹിറ്റ്ലര്‍ അധികാരമേറിയതോടെ ജൂതപ്പക വര്‍ധിച്ചു. "കത്തിയില്‍നിന്ന് ജൂതരക്തം തെറിച്ചുവീഴുന്ന ദിനം മഹത്തായ ദിനം" എന്നതായിരുന്നു ഹിറ്റ്ലറുടെ മുദ്രാവാക്യം. "ഹെയ്ല്‍ ഹിറ്റ്ലര്‍" യുഗമായിരുന്നു അത്. സെന്‍ഗറുടെ അമ്മയാകട്ടെ തന്റെ കുട്ടികള്‍ ജൂതരാണെന്ന കാര്യം കഴിവതും മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയുംചെയ്തു. പലപ്പോഴും അത് വിജയിച്ചില്ലെന്നുമാത്രം. "ഹാവൂ രക്ഷപ്പെട്ടു"വെന്ന നെടുവീര്‍പ്പാണ് ഓരോഘട്ടത്തിലും ഉയര്‍ന്നത്. സ്കൂളില്‍ പഠിക്കവെ വംശവൃക്ഷത്തെക്കുറിച്ച് പ്രബന്ധമെഴുതാന്‍ ജീവശാസ്ത്ര അധ്യാപകന്‍ പറഞ്ഞപ്പോള്‍ സെന്‍ഗര്‍ അനുഭവിച്ച മാനസികവിഷമം, വയറുവേദനകൊണ്ട് പുളയുമ്പോഴും താന്‍ ജൂതനാണെന്ന് തിരിച്ചറിയുമെന്നതിനാല്‍ ഹിറ്റ്ലറുടെ കൊടുങ്കാറ്റ്പടയില്‍ പെട്ട ഡോക്ടറെ കാണാനുണ്ടായ വിഷമം, ജൂതരുടെ വൃത്തികെട്ട ഗന്ധത്തെക്കുറിച്ച് പരിതപിച്ച കാമുകി ലിസിന്റെ ക്രൂരമായ വാക്കുകള്‍, ഗെസ്റ്റപ്പോ അറസ്റ്റ് ചെയ്ത അച്ഛന്റെ പീഡനകാലം, അവസാനം അമ്മയെ ഫ്രാങ്ക്ഫര്‍ട്ടില്‍ സംസ്കരിക്കാനുണ്ടായ വിഷമങ്ങള്‍... സെന്‍ഗറുടെ ആത്മകഥ വേട്ടയാടപ്പെട്ട ഒരു ജനതയുടെ നഖചിത്രമാണ്. ഡി സി ബുക്സാണ് ഈ പുസ്തകം മലയാളത്തില്‍ പ്രസിദ്ധീകരിച്ചത്. ആത്മാവ് ചോര്‍ന്നുപോകാതെ വിവര്‍ത്തനംചെയ്ത ലളിത രാജകൃഷ്ണന്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.

*
വി ബി പരമേശ്വരന്‍

പ്രണയത്തിന്റെ മഹാഖ്യാനം

ഉത്തരാധുനികതയുടെകാലത്ത് മഹാഖ്യാനങ്ങളിലെ വാദത്തെ തിരുത്തുന്നവയാണ് ഓര്‍ഹന്‍ പാമുക്കിന്റെ നോവലുകള്‍. നൊബേല്‍സമ്മാനാര്‍ഹനായതോടെ അദ്ദേഹത്തിന്റെ രചനകള്‍ ലോകത്തിലെ വിവിധ ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു. തുര്‍ക്കിയുടെ അതിരുകള്‍ക്കപ്പുറത്തേക്ക് ഇസ്താംബുളിന്റെ ആഖ്യായികാകാരനെ എത്തിക്കുന്നതില്‍ ഈ വിവര്‍ത്തനങ്ങള്‍ വലിയ പങ്കുവഹിക്കുകയുണ്ടായി. ഇസ്താംബുളാണ് പാമുക്കിന്റെ സ്ഥിരം പശ്ചാത്തലമെങ്കിലും മനുഷ്യജീവിതമാണ് നോവലിന്റെ പ്രമേയമെന്നതുകൊണ്ട് ലോക ത്തെവിടെയും അവ സ്വീകാര്യമാകും. പ്രണയവും പ്രണയനഷ്ടവും ചതിയും അക്രമവും ആന്തരികവ്യഥകളും നിഗൂഢമായ ആനന്ദങ്ങളും ബന്ധങ്ങളും അനാഥത്വവും എല്ലാം കൂടിക്കുഴഞ്ഞ മനുഷ്യജീവിതം ഭൂമിയിലെവിടെയും ഒന്നുതന്നെ.

ഭാഷയും ഭൂമിശാസ്ത്രവും നമുക്ക് അപരിചിതമായേക്കാം; പക്ഷേ, ജീവിതം അങ്ങനെയാവില്ല. പാമുക്കിന്റെ നിഷ്കളങ്കതയുടെ ചിത്രശാല പ്രഥമവായനയില്‍ത്തന്നെ എന്റെ മനസ്സില്‍ ശക്തമായ തിരയിളക്കങ്ങള്‍ സൃഷ്ടിക്കാനുണ്ടായ കാരണവും മറ്റൊന്നായിരിക്കില്ല. ദുരന്തപ്രണയത്തിന്റെ മഹാഖ്യാനമാണ് നിഷ്കളങ്കതയുടെ ചിത്രശാല. ധനികനായ കെമാല്‍ബായിയുടെയും അയാളുമായി പ്രണയം പങ്കുവച്ച ഫ്യൂസന്റയും കഥയാണിത്. തന്റെ നിലയ്ക്കും വിലയ്ക്കുമൊത്ത സിബലുമായി വിവാഹനിശ്ചയം ചെയ്യാന്‍ തയ്യാറെടുക്കുമ്പോഴാണ് കഥാനായകന്‍ നിര്‍ധനയായ ഫ്യൂസനെ കണ്ടുമുട്ടുന്നത്. പ്രഥമദര്‍ശനത്തില്‍ത്തന്നെ അയാള്‍ അവളില്‍ അനുരക്തനാകുന്നു. പരസ്പരം തിരിച്ചറിഞ്ഞതോടെ അവരിരുവരും പ്രണയത്തിന്റെ വന്‍കരകളിലേക്ക് യാത്രകള്‍ചെയ്തു. സിബലുമായുള്ള വിവാഹനിശ്ചയത്തോടെ കെമാല്‍ബായിയുടെ ദൃഷ്ടിപഥത്തില്‍നിന്ന് ഫ്യൂസന്‍ അകന്നുപോയി. കെമാല്‍ അവളെ തേടിക്കൊണ്ടേയിരുന്നു. അയാളുടെ വിവാഹം നടന്നില്ല. അത് സാധ്യമായിരുന്നില്ല. കാരണം, അയാള്‍ ഫ്യൂസനുമായി അഗാധമായ അനുരാഗത്തിലായിരുന്നല്ലോ. ഒടുവില്‍ കെമാല്‍ ഫ്യൂസനെ കണ്ടെത്തുമ്പോഴേക്കും അവള്‍ വിവാഹിതയായിക്കഴിഞ്ഞിരുന്നു. പിന്നീട് അവളുടെ കുടുംബത്തില്‍ അയാള്‍ ഒരു നിത്യസന്ദര്‍ശകനായി. ആ കുടുംബത്തിലെ എല്ലാവര്‍ക്കും കെമാല്‍ പ്രിയപ്പെട്ടവനായി. കെമാലിനാകട്ടെ ഫ്യൂസനുമായി ബന്ധപ്പെട്ട ഓരോ വസ്തുവും വിലപ്പെട്ടതായിരുന്നു. അതെല്ലാം അയാള്‍ സൂക്ഷിച്ചുവയ്ക്കുകയും ചെയ്തു. പ്രണയിനിയുടെ കേവല സാമീപ്യത്തിനായി കെമാല്‍ തുടര്‍ച്ചയായി എട്ടുവര്‍ഷം ഒരു ദിവസവും തെറ്റാതെ അവളുടെ വീട്ടിലെത്തി.

ദസ്തയോവസ്കി തന്റെ വിഖ്യാതരചനകളിലൊന്നായ നിന്ദിതരും പീഡിതരിലും വിവരിക്കുന്നതുപോലെ പ്രണയത്തിനുവേണ്ടി കെമാലും അപമാനിതനാകാന്‍ തയ്യാറായിരുന്നു. ഒടുവില്‍ ഫ്യൂസന്‍ ഭര്‍ത്താവുമായി വേര്‍പെട്ടിട്ടും കെമാലിന് അവളുമായി ഒരുമിക്കാന്‍ സാധിക്കുന്നില്ല. ഫ്യൂസന്റെ ഓര്‍മയ്ക്കായി അവളുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ഒരു മ്യൂസിയം തുറക്കുകയാണയാള്‍ - ഠവല ാൗലൌാ ീള കിിീരലിരല. പ്രണയത്തിനായി എവിടെ എത്രവരെ താഴുകയും ഉയരുകയും ചെയ്യാമെന്നതിന്റെ ദൂരവും കാലവും കാണിച്ചുതരികയാണ് പാമുക്ക്. ദാര്‍ശനിക ഭാരങ്ങളൊന്നും ഇതിലില്ല. വലിയ പ്രപഞ്ച അപഗ്രഥനങ്ങളുമില്ല. എന്നാല്‍, പ്രമേയം വികസിക്കുന്ന ഇസ്താംബുള്‍ നഗരത്തിന്റെ വിശദമായ വിവരണമുണ്ട്. യൂറോ കേന്ദ്രീകൃത ഫിക്ഷന്റെ ഇതരപ്രദേശങ്ങളിലേക്കുള്ള ഇറങ്ങിവരല്‍കൂടിയാണ് പാമുക്കിനെപ്പോലുള്ളവരുടെ രചനകളില്‍ സാധ്യമാകുന്നത്. മുഖ്യധാര ദുര്‍ബലമാവുകയും ഉപധാരകള്‍ ശക്തമാകുകയും ചെയ്യുന്നതിന്റെ തെളിവാണിത്.

*
എസ് ജോസഫ് ദേശാഭിമാനി വാരാന്തപ്പതിപ്പ് 17 നവംബര്‍ 2013

Wednesday, October 16, 2013

ജീവിക്കുന്നവരില്‍നിന്ന് പൂര്‍വികരിലേക്കുള്ള യാത്രികന്‍

എല്ലാ ആഫ്രിക്കക്കാരും ചൈനക്കാരും ഒറ്റനോട്ടത്തില്‍ ഒരുപോലെയാണെന്ന് പലയാത്രകളിലും തോന്നിയിട്ടുണ്ട്. ചൈനയിലെ ഷെന്‍ഷന്‍ വന്‍ നഗരത്തില്‍നിന്ന് വളരെ അകലെയല്ലാത്ത ചോക്കലേറ്റ് സ്ട്രീറ്റിലെ സഞ്ചാരം രണ്ടു വിശ്വാസത്തിനും തെളിവുനല്‍കി. ചൈനക്കാര്‍ പതുങ്ങിയ ചലനത്തിന്റെ കൂട്ടുകാരാണെങ്കില്‍ ആഫ്രിക്കക്കാര്‍ ചടുലതാളത്തിന്റെ കൈപിടിച്ചായിരിക്കുമെന്നുമാത്രം. അതിനാല്‍ അവരെ തിരിച്ചറിയാന്‍ പിന്നെയും ശ്രദ്ധവേണം. അനുഭവങ്ങളുടെ തീപ്പൊള്ളലേറ്റ് പായുന്ന ആ ജനതയ്ക്കുമേല്‍ വാരിയെറിയപ്പെട്ട ശകാരങ്ങള്‍ക്ക് മുള്ളുകളേക്കാള്‍ മുനയുണ്ടായിരുന്നു. പലരും ആഫ്രിക്കക്കാരാണെന്നറിയുന്നത് സ്വന്തം രാജ്യത്തിന് പുറത്തേക്ക് ഒഴുകിയടിയുമ്പോഴാണ്. കുടുംബത്തിന്റെയും അച്ഛന്റെയും പേരുകളില്‍ അറിയപ്പെട്ടിരുന്നവര്‍ക്ക് നിറം തിരിച്ചറിയലിന്റെ സാംസ്കാരിക ചിഹ്നമാവുകയാണ്.

2006 ഒക്ടോബര്‍ നാലു മുതല്‍ എട്ടുവരെ നടന്ന ഫ്രാങ്ക്ഫര്‍ട് അന്താരാഷ്ട്ര പുസ്തകോത്സവം. 111 രാജ്യങ്ങളില്‍നിന്നായി 7000 പ്രസാധകര്‍. അതിഥി പദവിയുള്ളതിനാല്‍ ഇന്ത്യയില്‍നിന്നുള്ള എഴുത്തുകാര്‍ക്കും ചിന്തകര്‍ക്കും പ്രത്യേക പരിഗണന. മഹാശ്വേത ദേവി മുതല്‍ സ്വാമി അഗ്നിവേശ് തൊട്ടു ശശി തരൂര്‍ വരെ അതിഥികള്‍. ആഫ്രിക്കയില്‍നിന്നുള്ള സാംസ്കാരിക - സാഹിത്യ ഉണര്‍വുകള്‍ തേടി എത്രയോ അന്വേഷകര്‍. കോഫി അവൂനോര്‍ അത്രയേറെ പരിചിതനായിരുന്നില്ലെങ്കിലും ശശി തരൂരാണ് അദ്ദേഹത്തിലേക്ക് എന്റെ ശ്രദ്ധ കൊണ്ടുപോയത്. മാധ്യമങ്ങളുടെ വെളിച്ചംകൊണ്ട് പൊതിഞ്ഞ അപൂര്‍വവും വിലപിടിപ്പുമുള്ള സമ്മാനത്തിന്റെ ശ്രേണിയിലായിരുന്നു തരൂര്‍. ഐക്യരാഷ്ട്ര സഭാ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരാര്‍ഥി എന്ന നിലയില്‍ പത്രങ്ങളും ചാനലുകളും ബന്ദിയാക്കിയിരിക്കുന്നു. ജര്‍മന്‍ ടെലിവിഷന്‍ "ബിഎന്‍എ"യുമായി സംസാരിച്ചുനില്‍ക്കവെയാണ് ഞാന്‍ അവിടെയത്തിയത്. മുഖവും കൈയും ഒപ്പമനക്കി കാത്തുനില്‍ക്കാന്‍ പറഞ്ഞു. അഭിമുഖം കഴിഞ്ഞയുടന്‍ അദ്ദേഹം ഇംഗ്ലീഷും മലയാളവും കലര്‍ത്തിയുള്ള സംസാരം തുടങ്ങി. ഇരട്ട മക്കളിലൊരാളായ കനിഷ്ക് ഒപ്പം. ഏതോ വിദേശ സര്‍വകലാശാലയിലെ സാധാരണ വിദ്യാര്‍ഥിയെന്നേ കരുതിയുള്ളൂ. സര്‍ഗാത്മക എഴുത്തിലും പത്രപ്രവര്‍ത്തനത്തിലും നിറഞ്ഞ താല്‍പര്യം കാണിക്കുന്നുണ്ടായിരുന്നു കനിഷ്ക്. ലണ്ടനില്‍നിന്നുള്ള "ഓപ്പണ്‍ ഡെമോക്രസി" മാഗസിന്റെ എഡിറ്ററായിരിക്കുന്നു അവന്‍ എന്നത് എന്നെ അത്ഭുതപ്പെടുത്തിയതേയില്ല. ഇരട്ട സഹോദരന്‍ ഇഷാനാകട്ടെ "ടൈം മാഗസിന്റെ ഹോങ്കോങ്ങ് പ്രതിനിധിയാണ്. ശശി തരൂരിന്റെ ഷോ ബിസിനസ്" നോവലിന് ജര്‍മന്‍ പരിഭാഷയൊരുങ്ങിയത് ഫ്രാങ്ക്ഫര്‍ട് പുസ്തകോത്സവത്തിലായിരുന്നു. ഫ്രഞ്ച്, സ്പാനിഷ്, പോളിഷ് ഭാഷകളിലേക്കും അതെത്തി. "ബോളിവുഡ്" എന്ന ചലച്ചിത്രം പിറന്നതും ഷോ ബിസിനസിന്റെ മടിയില്‍.

കോഫി അവൂനോര്‍ ശശിതരൂരിനെ പിടിച്ചുലച്ച ആഫ്രിക്കന്‍ സാഹിത്യകാരിലൊരാളായിരുന്നു. അദ്ദേഹത്തിന്റെ രചനകള്‍ ഇംഗ്ലീഷിലെത്തിയതാവാം ആ ആഭിമുഖ്യത്തിന് അടിത്തറയായത്. ഘാനയുടെ ചരിത്രത്തിലേക്കും സാംസ്കാരിക പ്രത്യേകതകളിലേക്കും ഭാഷാ പ്രയോഗങ്ങളിലേക്കും തരൂര്‍ പര്യവേഷകനെപ്പോലെയാണ് നടന്നുപോയതും. കെനിയന്‍ തലസ്ഥാനമായ നെയ്റോബിയിലെ മാളില്‍ സൊമാലിയന്‍ ഭീകരര്‍ നടത്തിയ സ്ഫോടനത്തില്‍ മരിച്ചുവീണ നിരപരാധികളുടെ പട്ടികയില്‍ കോഫി അവൂനോറുമുണ്ടോ എന്ന എന്റെ ആരായലിന് കനത്ത മൗനമായിരുന്നു തരൂരില്‍നിന്ന്. അധികം നീളാത്ത ആ സംഭ്രമം മറികടന്ന് അദ്ദേഹം സംയമനത്തിന്റെ സമതലങ്ങളിലേക്കിറങ്ങി. ശവഘോഷയാത്രയില്‍നിന്ന് വായനയുടെ ഓര്‍മയിലേക്ക് അവൂനോറിനെ കൊണ്ടുപോയി. എഴുതാനും ഒളിക്കാനും ഒപ്പമാവില്ലെന്ന് പറഞ്ഞ, സ്വപ്നങ്ങളില്‍ എന്തെങ്കിലും മണത്തിട്ടുണ്ടോ എന്ന് ചോദിച്ച ലോകത്തെയും സംഗീതത്തെയും അതീവ സുക്ഷ്മമായി കോര്‍ത്തിണക്കിയ കവിയും കഥാകൃത്തും നാടകകാരനും, നയതന്ത്രജ്ഞനും ആക്ടിവിസ്റ്റുമായ പ്രതിഭ. പ്രപഞ്ചം സംഗീതം വിളക്കിച്ചേര്‍ത്താണ് രൂപപ്പെട്ടത്. എന്നാല്‍ മനുഷ്യര്‍ ആ സംഗീതം ആസ്വദിക്കുന്നത് എന്നേക്കുമായി അവസാനിപ്പിക്കുമ്പോഴുള്ള ദുരന്തമാണ് ഇന്നത്തെ ലോകമെന്ന് കണ്ട അവൂനോര്‍ അത് ഏവര്‍ക്കും വാസയോഗ്യമല്ലാതായിരിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തിരുന്നു. മരണത്തിലൂടെ സ്വന്തം വരികള്‍ തെളിയിച്ചിരിക്കയാണ് അദ്ദേഹം.

1936 ആഗസ്ത് 19ന് കൊല്ലപ്പെട്ട ലോകപ്രശസ്ത കവി ഫെഡറികോ ഗാര്‍ഷ്യ ലോര്‍കയുടെ നിലാവു പരന്ന ജീവിതത്തിന്റെ പരിഭാഷ. സ്പാനിഷ് ആഭ്യന്തര യുദ്ധത്തിന്റെ കയറ്റിറക്കങ്ങള്‍ക്കിടയിലായിരുന്നു കൂട്ടക്കൊലപോലെ ചോരചീറ്റിയ വധം. വ്യത്യസ്ത സന്ദര്‍ഭങ്ങളിലാണെന്നുമാത്രം. മരിക്കാന്‍ ഒരു കാരണം ആവശ്യമില്ല, എന്നാല്‍ കൊല്ലപ്പെടാന്‍ അത് നിര്‍ബന്ധമാണെന്ന് തെളിയിക്കുകയായിരുന്നു ഇരുവരും. സോങ് ഓഫ് സോറോ, കത്തീഡ്രല്‍ തുടങ്ങിയ കവിതകള്‍ക്കൊപ്പം ദി ഹൗസ് ബൈ ദിസ് സീ അനുഭവക്കുറിപ്പും വാങ്ങിയാണ് ഞാന്‍ ഫ്രാങ്ക്ഫര്‍ടിനോട് വിടപറഞ്ഞത്. ഭക്ഷണം ഒരു നേരത്തേക്കാക്കിയും ലക്ഷ്വറി യാത്രകള്‍ ചുരുക്കിയും ദരിദ്രന്റെ പുക ശീലിച്ചുമായിരുന്നു പണം മിച്ചം പിടിച്ചത്.

ആര്‍ക്കും നല്ലതല്ല ഈ ലോകം എന്ന് പ്രവചിച്ച അവൂനോറിന്റെ കത്തീഡ്രല്‍ ഇടവകയിലെ പള്ളിയെക്കുറിച്ചാണെന്ന് പ്രത്യക്ഷത്തില്‍ തോന്നാമെങ്കിലും അതിന്റെ സന്ദേശം എത്രയോ വ്യാപ്തിയുള്ളതായിരുന്നു. വൃത്തികെട്ട കുഴിക്കടുത്ത് തലയുയര്‍ത്തിനിന്ന മരം. കുട്ടിച്ചോളത്തിന്മേല്‍ സുഗന്ധദ്രവ്യങ്ങള്‍ തൂകിക്കൊണ്ടിരുന്നു. അതിന്റെ ശിഖരങ്ങള്‍ സ്വര്‍ഗത്തിന് കുറുകെ നീണ്ടു. ഗോത്ര ജനതയുടെ അവസാന തീയാല്‍ അത് തിളങ്ങി. അവര്‍ സര്‍വേക്കാരെയും കല്‍പ്പണിക്കാരെയും അയച്ചു. മരത്തിന്റെ സ്ഥാനത്ത് ദുര്‍വിധിയുടെ ബോധമറ്റ കൂറ്റന്‍ കത്തീഡ്രല്‍ പണിതു. എന്ന വരികള്‍ ധീരതയുടെയും മതവിമര്‍ശനത്തിന്റെയും പരിസ്ഥിതി പ്രണയത്തിന്റെയും കോലാഹല രഹിതമായ സംഭാവനയാണ്. ശശി തരൂരിന്റെ ഷോ ബിസിനസില്‍ ബോളിവുഡിനെ പ്രകാശമാനമാക്കുന്ന വര്‍ണരാജികളും സാധാരണ മനുഷ്യരെ വിധേയരാക്കുന്ന പ്രതിബിംബക്കെണികളും മൂലധന പിന്തുണയേകുന്ന മാഫിയാ വ്യവസ്ഥയും കടന്നുവരുന്നുണ്ട്. വെള്ളിത്തിരയും മതവും ജനങ്ങള്‍ക്ക് മായക്കാഴ്ചകള്‍ ഒരുക്കുന്നതെങ്ങനെയെന്നും എടുത്തുകാട്ടുന്നു. എന്നാല്‍ ഇന്ത്യന്‍ എഴുത്തുകാരുടെ / രാഷ്ട്രീയക്കാരുടെ കുപ്രസിദ്ധമായ ഭയമനഃശാസ്ത്രം ഇത്തരം നിലപാടുകളെ പതുക്കെ ദുര്‍ബലമാക്കാറുണ്ട്. ശശി തരൂര്‍ ആള്‍ദൈവങ്ങളുടെ പ്രഭാവലയത്തിന്റെ ഓരം പറ്റുമ്പോള്‍ അവൂനോറിനോടുള്ള തികഞ്ഞ അനാദരവാണ് തെളിയുന്നത്.

വേഗം പോകണമെങ്കില്‍ തനിച്ചാവണം, ദൂരം താണ്ടണമെങ്കില്‍ കൂട്ടായ്മയാവട്ടെ എന്ന പഴമൊഴി പുതുമയുടെ ഊര്‍ജം പ്രസരിപ്പിക്കുന്നതാണ്. വീട്ടിലെ പ്രായം ചെന്നയാള്‍ യാത്രചെയ്താല്‍ ചെറുപ്പക്കാരുടെ അനുഭവം പെട്ടെന്ന് വളരുമെന്നും ആഫ്രിക്കക്കാര്‍ പറയാറുണ്ട്. ജീവിതത്തെ പൊളിക്കുന്ന സാമൂഹ്യ ഉള്ളടക്കം ഗര്‍ഭം ധരിച്ച, നട്ടെല്ലു നിവര്‍ത്തി ചോദ്യങ്ങള്‍ ഉതിര്‍ക്കുന്ന എത്രയോ പഴഞ്ചൊല്ലുകളും വാക്ധാരകളും കറുത്ത സാഹിത്യത്തിലുണ്ട്. അവൂനോര്‍ ഘാനയുടെ പ്രാദേശിക ഭാഷയും സംസ്കാരവും ദേശീയബോധവും അസ്തിത്വവും ചായങ്ങള്‍ തേക്കാതെ ലോകത്തിനുമുന്നിലെത്തിച്ചു.

ഗോള്‍ഡ് കോസ്റ്റ് എന്ന് ഇപ്പോഴും അറിയപ്പെടുന്ന ഘാനയിലായിരുന്നു അവൂനോറിന്റെ ജനനം - 1935 മാര്‍ച്ച് 13ന്. ഘാന സര്‍വകലാശാലയില്‍നിന്ന് ആഫ്രിക്കന്‍ സാഹിത്യത്തില്‍ ബിരുദം നേടി അവിടെ അധ്യാപകനായി. ഇക്കാലയളവിലാണ് ആദ്യ കവിതാസമാഹാരം പുറത്തിറങ്ങിയത്. റീഡിങ് ഡിസ്കവറി. ആഫ്രിക്കന്‍ വാമൊഴി പാട്ടുകളുടെ പുനരാവിഷ്കാരമായിരുന്നു അത്. ഘാന ഫിലിം കോര്‍പറേഷന്റെ മേല്‍നോട്ടചുമതല ലഭിച്ച അവൂനോര്‍ അവിടെ നാടകപ്പുരയും സ്ഥാപിച്ചു. ലണ്ടന്‍ സര്‍വകലാശാലകളിലെ അധ്യാപനവും സര്‍ഗാത്മക ജീവിതം വിപുലമാക്കി. ദിസ് എര്‍ത്ത് മൈ ബ്ലഡ് തുടങ്ങിയ കവിതകള്‍ പിറക്കുകയുമുണ്ടായി. 1975-ല്‍ ഘാനയിലേക്ക് തിരിച്ചുപോയ അദ്ദേഹം കേപ്പ്കോസ്റ്റ് സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം മേധാവിയായി സ്ഥാനമേറ്റു. ചുരുങ്ങിയ മാസത്തിനുള്ളില്‍ കള്ളക്കേസ് ചുമത്തി ജയിലിലിട്ടു. സൈനിക ഗവണ്‍മെന്റിനെ അട്ടിമറിക്കാന്‍ ശ്രമിച്ചയാള്‍ക്ക് താമസ സൗകര്യമൊരുക്കിയെന്ന കുറ്റാരോപണം. 1975 ഡിസംബര്‍ 31നായിരുന്നു അറസ്റ്റ്. വിചാരണ കൂടാതെ മാസങ്ങള്‍ തടവറയിലിട്ടു. മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെ നിരന്തര പ്രചാരണങ്ങളെ തുടര്‍ന്നാണ് പുറംലോകത്ത് ഇറങ്ങാനായത്. എഴുവര്‍ഷത്തെ അമേരിക്കന്‍ വാസം സ്വയം വരിച്ച പ്രവാസമായിരുന്നെങ്കില്‍ സ്വന്തം മണ്ണിലെ കാരാഗൃഹത്തില്‍ കഴിഞ്ഞത് യഥാര്‍ഥ ചങ്ങലക്കെട്ടിലായിരുന്നുവെന്നാണ് അവൂനോര്‍ എഴുതിയത്. സംശയങ്ങളില്‍നിന്നുള്ള വിടുതിയുടെ അനിവാര്യമായ വഴിയായിരുന്നത്രെ അക്കാലത്തെ രചനകള്‍. "ബിഫോര്‍ ദി ജേര്‍ണി" തുടങ്ങിയവ പ്രധാനവും. കൂട്ടിലടച്ച പക്ഷി, താഴിട്ട വാതില്‍, തെരുവില്‍ ചിതറിയ ചോര - എന്നിങ്ങനെയുള്ള രൂപകങ്ങള്‍. ചില കവിതകള്‍ പാബ്ലോ നെരൂദക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്. ശ്മശാനത്തിന്റെ നാറ്റത്തില്‍നിന്ന് വിടുതല്‍ നേടാനാണത്രെ കവിതകളിലേക്ക് ചാരിനിന്നതും അഭയം തേടിയതും. കൂട്ടിലിട്ടതും നാടുകടത്തപ്പെട്ടതുമായ പക്ഷികളുടെ മനോ വ്യത്യാസങ്ങള്‍ ചേര്‍ത്തെഴുതുന്നത് ഇത്തരം അഭയമുനമ്പുകളില്‍നിന്നാണ്.

തടവുജീവിതത്തിന്റെ ഏകാന്തതയില്‍നിന്ന് പരിചിതമായ ആത്മീയ ഉണര്‍വുകളെ പുനര്‍ നിര്‍വചിക്കുന്നുണ്ട് അവൂനോര്‍. ഇരുട്ടിന്‍ കഫംവീണ മുറിയില്‍ മരിച്ചുവീഴാന്‍ ഇടയാക്കുന്ന അവസ്ഥയെ മുന്നില്‍ കാണുകയുമുണ്ടായി. എന്നിട്ടും ലക്ഷ്യത്തില്‍നിന്ന് പിന്തിരിഞ്ഞില്ല. ഹോ ചിമിനായിരുന്നു പ്രേരണയും ആവേശവും. ഇത്തരം തിരകളുടെ വീശീയടിക്കലുകള്‍കൊണ്ട് നിബിഡമാണ് "ദി ഹൗസ് ബൈ ദി സീ" ആഫ്രിക്കന്‍ വേരുകളും പാരമ്പര്യങ്ങളും മാറ്റത്തിന്റെ തുടിപ്പുകളും ഐക്യവും സൗഹാര്‍ദവുമെല്ലാം വീണ്ടും അടിവരയിട്ടുപോയി അത്. സഹജമായ പരിമിതികളും കുറവുകളും സ്വീകരിച്ചുകൊണ്ടുതന്നെ മനുഷ്യനെ അളവറ്റ് സ്നേഹിക്കാന്‍ പഠിപ്പിക്കുകയാണ്. വോള്‍ സോയിങ്ക "ദി മാന്‍ ഡൈഡില്‍" വിവരിച്ചപോലെ അവൂനോര്‍ ജയിലറെ ഇഷ്ടപ്പെടുന്നുണ്ട്. സോയിങ്കയുടെ മുന്നറിയിപ്പിന്റെ കരുതലില്ലാതെയായിരുന്നു അതെന്നതും പ്രധാനം. വൈയക്തികമായ ക്ഷോഭങ്ങളില്‍ പിടിച്ചു തൂങ്ങാതിരുന്ന അദ്ദേഹം ഭൂതകാലം മുന്‍നിര്‍ത്തി ശബ്ദാഡംബരപൂര്‍ണമായ വൃഥാ പ്രഭാഷണത്തിനും തയ്യാറായിരുന്നില്ല. എന്നാല്‍ സമകാലീനതയില്‍ തീര്‍ഥാടനംപോലെ ഉറക്കമൊഴിയുന്നുമുണ്ട്. തോക്കുകള്‍ ചിതറിത്തെറിപ്പിച്ച് കുട്ടികളെപ്പോലും ജഡങ്ങളാക്കുന്ന കൗര്യം കണ്ടു. അതിന്റെ ഭയാനകവും ക്രമരഹിതവുമായ ഒച്ച കേള്‍ക്കുകയുമുണ്ടായി. ആഫ്രിക്കയെ ചതച്ചരച്ച പാദകവചങ്ങള്‍ക്കുള്ളിലെ കാലുകളുടെ നിറമെന്തായാലും സ്വേഛാധികാരികള്‍ക്ക് ഒരേ പ്രകൃതമായിരുന്നുവെന്നും തിരിച്ചറിഞ്ഞു. എല്ലാ അധിനിവേശങ്ങളില്‍നിന്നുമുള്ള മോചനവും ചൂഷണങ്ങളില്‍നിന്നുള്ള രക്ഷയും പ്രധാനമായിക്കണ്ടു. പുതിയ പ്രസ്ഥാനം - വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും മൗനമായി ചുവടുവയ്ക്കുകയായിരുന്നു. "ദി ബ്രസ്റ്റ് ഓഫ് എര്‍ത്ത്: എ സര്‍വേ ഓഫ് ഹിസ്റ്ററി, കള്‍ച്ചര്‍ ആന്‍ഡ് ലിറ്ററേച്ചര്‍ ഓഫ് ആഫ്രിക്ക സൗത്ത് ഓഫ് ദി സഹാറ" ഏകാന്തത, ദുഃഖഭാരം, മരണത്തിന്റെ മുറിവ്, പരമ്പരാഗത ലോകവീക്ഷണം എന്നിങ്ങനെ തുടങ്ങി അടുത്ത യാത്രയുടെ ഘട്ടം തിരയുകയാണ്. ഒടുവില്‍ ചില സന്ദേശങ്ങള്‍. അല്ലെങ്കില്‍ ഒരു സന്ദേശമെങ്കിലും. മരിച്ച മനുഷ്യന്‍ ജീവിച്ചിരിക്കുന്നവരില്‍നിന്ന് പൂര്‍വികരിലേക്കുള്ള യാത്രികനാണ് അവൂനോറിന്. "ദിസ് എര്‍ത്ത്, മൈ ബ്രദര്‍" നോവലില്‍ ആഫ്രിക്കന്‍ സ്വത്വവും വേരില്ലായ്മയും ഗദ്യകവിതയില്‍ വരച്ചിടുകയായിരുന്നു.

ദുരിതമയവും ദുരന്തപൂര്‍ണവുമായ അനുഭവക്കടലുകള്‍ താണ്ടിയ അദ്ദേഹം ലാളിത്യത്തിന്റെ നിറകുടമായിരുന്നു. ധൈഷണിക പ്രതിബദ്ധതയ്ക്കും സാമൂഹ്യ ബോധ്യങ്ങള്‍ക്കും ആ വിനയം തടസ്സമായിരുന്നില്ല. എഴുത്തുകാരന്‍ മാതൃകയോ ആത്മീയ നേതൃത്വമോ, ഗുരുനാഥനോ ആണെന്ന് കരുതി വിശ്രമിക്കുന്നവരെ സ്തുതിക്കുയുമുണ്ടായില്ല അവൂനോര്‍. ഭാഷയുടെയും ചരിത്രവസ്തുക്കളുടെയും പാരമ്പര്യാവകാശിയായ എഴുത്തുകാരന്‍ അനുഷ്ഠാനപരതയിലൂടെയും ഉപയോഗത്തിലൂടെയും അവയ്ക്കൊരു സ്വയംപര്യാപ്തതലം സ്വപ്നം കാണുകയായിരുന്നു. വ്യക്തി പ്രതിഭയും പൊതുപൈതൃകവും ഒന്നിച്ചുനില്‍ക്കുന്ന ഘട്ടങ്ങളാണ് പ്രധാനം. അതിനാല്‍ എഴുത്തുകാരന്റെ കൂറ് തന്നോടെന്നതിനേക്കാള്‍ വിപുലമാകണം.

കലയുടെയും രാഷ്ട്രീയത്തിന്റെയും മേഖലകളില്‍ പുസ്തകത്താളുകളില്‍ ഒതുങ്ങിയ "മാന്യ" പരിവേഷമായിരുന്നില്ല അവൂനോറിന്. കവിതചൊല്ലിയും കഥകള്‍ വായിച്ചും അഭിനയിച്ചും ചിരിതൂകിയും ഫലിതങ്ങള്‍ നിറച്ചും നിരന്തരം ചലനാത്മകമായിരുന്നു ആ ജീവിതം. വോള്‍ സോയിങ്കയെ തടവിലിട്ടപ്പോള്‍ തെരുവുകളില്‍ രോഷാഗ്നി പടര്‍ത്തിയ നാടകാവതരണത്തിനും മുന്നിട്ടിറങ്ങി. സോയങ്കയുടെ "ദി ലയേണ്‍ ആന്‍ഡ് ദി ജുവല്‍" ആക്രയിലെ ഡ്രാമാ സ്റ്റുഡിയോവില്‍ അവതരിപ്പിച്ചായിരുന്നു പ്രതിഷേധം. പ്രക്ഷോഭങ്ങളുടെ വിത്തുമുളപ്പിക്കുന്ന പരമ്പരാഗത നാടന്‍പാട്ടുകള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യാനും സമയം കണ്ടെത്തി. ഘാനയുടെ ആദ്യ പ്രസിഡന്റ് ക്വാമേ എന്‍ക്രുമയുടെ പാന്‍ ആഫ്രിക്കന്‍ പ്രസ്ഥാനത്തിലും പ്രചാരണങ്ങളിലും അവൂനോര്‍ അറുപതുകളില്‍തന്നെ നിറഞ്ഞുനിന്നു. ബ്രസീലിലും ക്യൂബയിലും സ്ഥാനപതിയായി പ്രവര്‍ത്തിച്ച അദ്ദേഹം ഐക്യരാഷ്ട്രസഭയിലുമെത്തി. അക്കാലത്ത് വര്‍ണവിവേചനത്തിനെതിരായ കമ്മിറ്റിയുടെ അധ്യക്ഷനുമായി.

2006 ഒക്ടോബറില്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ പരിചയപ്പെട്ട കോഫി അവൂനോര്‍ 2012 നവംബറില്‍ ഷാര്‍ജ പുസ്തകോത്സവം കഴിഞ്ഞപ്പോഴേക്കും എന്റെ ഇഷ്ടപ്പെട്ട ആഫ്രിക്കന്‍ എഴുത്തുകാരനായിമാറി. വിവര്‍ത്തകനും ഗ്രന്ഥകര്‍ത്താവുമായ സുഡാന്‍കാരന്‍ തിഗാനി ഹസബ് എല്‍ റസൂല്‍ എല്‍ നൂറുമൊത്തുള്ള മണിക്കൂറുകള്‍ അക്ഷരാര്‍ഥത്തില്‍ കറുത്ത സാഹിത്യത്തിലേക്കുള്ള കിളിവാതിലുകളായി. ഷാര്‍ജ ഭരണാധികാരിയുടെ ചില കൃതികള്‍ പരിഭാഷപ്പെടുത്തിയത് ഞാന്‍ കണ്ടു. മാന്യൂട്ട്ബോളിനെയും നെല്‍സണ്‍ മണ്ടേലയെയും മഹാത്മാഗാന്ധിയെയും ആരാധിക്കുന്ന അദ്ദേഹം അവൂനോറിന്റെ "ദി ബ്രസ്റ്റ് ഓഫ് ദി എര്‍ത്ത്" കൈയൊപ്പിട്ട് നല്‍കിയാണ് യാത്രയാക്കിയത്. സ്വന്തം ശേഖരത്തില്‍നിന്നുള്ള അമൂല്യഗ്രന്ഥം കൂടിക്കാഴ്ചയുടെ സ്മാരകമായി സൂക്ഷിക്കാന്‍. ഓസ്കാര്‍ വൈല്‍ഡിന്റെ ദി ഇംപോര്‍ട്ടന്‍സ് ഓഫ് ബീയിങ് ഏണസ്റ്റ് എന്ന കൃതിയാണ് എല്‍നൂറിന്റെ കാഴ്ചപ്പാടുകള്‍ കീഴ്മേല്‍ മറിച്ചത്. ഗൗരവമനുഷ്യര്‍ക്കുള്ള നിസാര ഹാസ്യം എന്ന വൈല്‍ഡിന്റെ ഉപശീര്‍ഷകം നല്‍കിയ പുനര്‍വിചിന്തനം അപാരമായിരുന്നത്രെ. വിക്ടോറിയന്‍ പാരമ്പര്യങ്ങളും മതപ്രബോധനങ്ങളും മുറിവേറ്റു വീഴുന്ന ആ വിമര്‍ശനം ആന്തരവല്‍ക്കരിച്ചു എല്‍നൂര്‍.

*
അനില്‍കുമാര്‍ എ വി ദേശാഭിമാനി വാരിക 20-10-2013

Friday, October 11, 2013

ഒച്ചവെക്കാത്ത ഒരു എഴുത്തുകാരി

ക്യാനഡിയന്‍ കഥാകാരിയായ ആലിസ് മണ്‍റോയെത്തേടിയാണ് ഇത്തവണ സാഹിത്യ നൊബേല്‍സമ്മാനം എത്തിയിരിക്കുന്നതെന്ന വാര്‍ത്ത വലിയ സന്തോഷത്തോടെയാണ് ഞാന്‍ കേട്ടത്. അവരുടെ പല കഥകളും ഞാന്‍ വായിച്ചിട്ടുണ്ട്. ചിലത് കോമണ്‍വെല്‍ത്ത് ലിറ്ററേച്ചര്‍ ക്ലാസുകളില്‍ പഠിപ്പിച്ചിട്ടുമുണ്ട്. എണ്‍പത്തിരണ്ടിലെത്തി നില്‍ക്കുന്ന ആലീസ് മണ്‍റോയുടെ സ്ഥാനം ക്യാനഡിയന്‍ എഴുത്തില്‍ മാര്‍ഗററ്റ് അറ്റൂഡിനു തൊട്ടു താഴെയാണ്.

1970കളിലും എണ്‍പതുകളിലും എഴുത്തിന്റെ ലോകത്ത് അവര്‍ നിറഞ്ഞുനിന്നിരുന്നു. ക്യാനഡയിലെ അന്റോണിയോ പ്രവിശ്യയില്‍ ഒരു ചെറിയ പട്ടണത്തിലാണ് ആലിസ് മണ്‍റോ ജനിച്ചത്. അമേരിക്കന്‍ സൗത്തിന്റെ പെണ്ണെഴുത്തുകാര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന സാഹിത്യകാരികളുടെ സ്വാധീനം അവരുടെ ആദ്യകാല കഥകളില്‍ ഏറെ പ്രകടമായിരുന്നു. പിന്നീട് ആലീസ് ആ സ്വാധീനത്തില്‍നിന്ന് ഏറെക്കുറെ സ്വതന്ത്രയായി. ലിങ്ക്ഡ് ഷോട്ട് സ്റ്റോറി എന്ന സാഹിത്യരൂപമാണ് ഈ എഴുത്തികാരിക്കു പഥ്യമായത്. ഒരു പെണ്‍കാഴ്ചപ്പാട്- ഉദ്ബുദ്ധമായ ഒരു സ്ത്രീപരിപ്രേക്ഷ്യം- ഈ വശ്യവാക്കായ കഥാകാരി കൊണ്ടുനടന്നിരുന്നു. അംഗീകാരവും തിരസ്കാരവും വഞ്ചനയും ആലീസ് മണ്‍റോയുടെ ആഖ്യാനങ്ങളില്‍ ഇഴചേരുന്നു. സ്നേഹിതനായ പുരുഷന്‍, കാമുകനായ പുരുഷന്‍, ഭര്‍ത്താവായ പുരുഷന്‍: ഇങ്ങനെ ആണിന്റെ പല അവതാരങ്ങളെയും അവര്‍ അപഗ്രഥിക്കുകയുണ്ടായി. ദൈനംദിന യാഥാര്‍ഥ്യങ്ങള്‍ക്കപ്പുറത്ത് പാതി മറഞ്ഞുനില്‍ക്കുന്ന ഒരപരിചിതലോകത്തെ പരിചയപ്പെടുത്താന്‍ ആലീസ് മണ്‍റോ പ്രത്യേകം ശ്രദ്ധിച്ചു. 1968ല്‍ ഇറങ്ങിയ "ഡാന്‍സ് ഓഫ് ദ ഹാപ്പി ഷേഡ്സ്" എന്നതാണ് അവരുടെ കന്നികൃതി. രണ്ടാമത്തെ സമാഹാരം 1971-ലാണ് ഇറങ്ങിയത്. "ലിവ്സ് ഓഫ് ഗേള്‍സ് ആന്‍ഡ് വുമണ്‍", ഡല്‍ജോര്‍ദാന്‍ എന്ന കഥാപാത്രത്തിന്റെ വളര്‍ച്ചയും വികാസവുമാണ് ഈ ക്രോണിക്കിള്‍ കഥകളിലൂടെ എഴുത്തുകാരി വരച്ചുകാട്ടുന്നത്. ഒരു സ്ത്രീയെന്ന നിലയിലും കഥാകാരിയെന്ന നിലയിലും തന്റെ സ്ത്രീകഥാപാത്രത്തെ ആലീസ് മണ്‍റോ വിചാരണ ചെയ്യുന്നുണ്ട്. ബുദ്ധിയുടെ വികാസവും ലൈംഗികതയുടെ വളര്‍ച്ചയും വസ്തുനിഷ്ഠമായി വിശ്ലേഷിക്കാനാണ് എഴുത്തുകാരി ശ്രമിച്ചത്. കൗമാരത്തിന്റെ അപകടകരമായ കൗതൂഹലങ്ങളെ അവര്‍ അടയാളപ്പെടുത്തുന്നു.

"സംതിങ് ഐ ലൗവ് ബീന്‍ മീനിങ് ടു ടെല്‍ യു" എന്ന ബന്ധിതകഥകളാണ് പിന്നീട് പുറത്തുവന്നത്, 1974ല്‍. പുരുഷശക്തിയെന്നതിനെയും സ്ത്രീശക്തി എന്നതിനെയും വിചാരണ ചെയ്യാനും വിലയിരുത്താനുമാണ് ഈ കഥകളില്‍ ആലീസ് ഉദ്യമിക്കുന്നത്. നാലഞ്ചു കൊല്ലത്തിനുശേഷം ആലീസ് മണ്‍റോ ഒരു എപ്പിസോഡ് നോവല്‍ എഴുതുകയുണ്ടായി. Who do you think you are? റോസ് എന്ന പെണ്‍കുട്ടിയുടെയും അവളുടെ രണ്ടാനമ്മ ഫ്ളോയുടെയും ബന്ധിത ജീവിതങ്ങളുടെ കഥയാണ് ആലിസ് മണ്‍റോ പറയുന്നത്. കഥ എന്ന ആഖ്യാനകലയുടെ തുഞ്ചത്തുതന്നെയായിരുന്നു ആലിസ് മണ്‍റോയുടെ സ്ഥാനം. പക്ഷെ അവര്‍ നൊബേലിന് ഗൗരവമായി പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷ അവരുടെ ആരാധകര്‍ക്കും വായനക്കാര്‍ക്കും ഉണ്ടായിരുന്നില്ല. വിശേഷിച്ചൊരു രാഷ്ട്രീയവുമില്ലാത്ത ഈ എണ്‍പത്തിരണ്ടുകാരിയെ നൊബേല്‍ കമ്മിറ്റി ഗൗനിക്കുമെന്നു കരുതുന്നില്ലെന്ന് ഒരു നിരൂപകന്‍ തുറന്നു പറയുകതന്നെ ചെയ്തു. എട്ട് മില്യന്‍ സ്വീഡിഷ് ക്രോണര്‍, അതായത് 7,70,000 സ്റ്റെര്‍ലിങ് പൗണ്ട് ആണ് പ്രശസ്തിപത്രത്തിനും തങ്കപ്പതക്കത്തിനുമൊപ്പം ഈ മുത്തശ്ശിക്കു ലഭിക്കുക. 1901ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നിലവില്‍ വന്നതിനുശേഷം പതിമൂന്നു വനിതകള്‍ക്ക് മാത്രമെ ഈ മഹാപുരസ്കാരം ലഭിച്ചിട്ടുള്ളു.

സ്വന്തം ഗ്രാമമായ തെക്കന്‍ ഒന്റാറിയൊ ആണ് ആലിസ് മണ്‍റോവിന്റെ മിക്ക കഥകളുടെയും പശ്ചാത്തലം. അവര്‍ നന്നേ ചെറുപ്പത്തിലേ എഴുതിത്തുടങ്ങി. ചെറുകഥയല്ലാതെ മറ്റൊരു ആവിഷ്കാര മാധ്യമത്തെക്കുറിച്ചും അവര്‍ ആലോചിച്ചതേയില്ല. കഥയുടെ ക്രാഫ്റ്റില്‍ ഏറെ ശ്രദ്ധിക്കുന്ന എഴുത്തുകാരിയാണ് ആലിസ് മണ്‍റോ. നിരൂപകന്മാര്‍ അവരെ ഉപമിക്കുന്നത് ആന്റണ്‍ ചെക്കോവിനോടാണ്. സ്വീഡിസ് അക്കാദമി വാഴ്ത്തുന്നത് അവരുടെ കഥാകഥന പാടവത്തെയാണ്. "finely tuned story telling, which is characterised by clarity and psycho logical realism"(ചിന്തേരിട്ട കഥാഖ്യാനം: അതിനെ സവിശേഷമാക്കുന്ന തെളിമയും മനശാസ്ത്രപരമായ റിയലിസവും). ഇതിനു മുമ്പ് ആലിസ് മണ്‍ട്രോ, പ്രശസ്തമായ മാന്‍ബുക്കര്‍ സമ്മാനത്തിന് അര്‍ഹത നേടിയിട്ടുണ്ട്. ഈ എഴുത്തുകാരി ഒരു ബൈപാസ് സര്‍ജറി കഴിഞ്ഞയാളാണ്. 2009 ല്‍ തനിക്ക് അര്‍ബുദബാധയുണ്ടെന്ന് അവര്‍ തന്നെ വെളിപ്പെടുത്തുകയുണ്ടായി. മണ്‍ട്രോവിന്റെ പല കഥകളും അഭ്രപാളികളിലെത്തിയിട്ടുണ്ട്.

2012 ലാണ് അവര്‍ ഏറ്റവും പുതിയ പുസ്തകം പ്രസിദ്ധീകരിച്ചത്: Dear Life". ഇത് തന്റെ അവസാനത്തെ രചനയാവുമെന്നും അവര്‍ പറയുകയുണ്ടായി. പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാന്‍ വൈമുഖ്യമുള്ള എഴുത്തുകാരിയാണ് ഈ നൊബേല്‍ ജേതാവ്. ആഘോഷങ്ങളും സ്വീകരണങ്ങളും അവര്‍ ഒഴിവാക്കുന്നു. വീട്ടില്‍ ഒതുങ്ങിക്കഴിയാനാണത്രെ അവര്‍ക്ക് താല്‍പര്യം. ചെറുകഥയെ കണ്ടില്ലെന്നു നടിക്കുന്ന പതിവ് നൊബേലിനുണ്ട്. ആലിസ് മണ്‍റോയെ അവഗണിക്കാനാവില്ലെന്നു സ്വീഡിഷ് അക്കാദമിക്കു തോന്നിയത് ചെറുകഥയുടെ നല്ലകാലം. ഡിസംബര്‍ പത്തിന് സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ഹോമില്‍വച്ച് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍വച്ചാണ് ആലിസ് മണ്‍റോക്ക് പണക്കിഴിയും പ്രശസ്തിപത്രവും സമ്മാനിക്കുക. ഡിസംബര്‍ പത്ത്, നൊബേല്‍ പ്രൈസുകള്‍ ഏര്‍പ്പെടുത്തിയ ആള്‍ഫ്രഡ് നൊബേലിന്റെ ചരമവാര്‍ഷികമത്രെ.

Alice Ann Laidlaw എന്നായിരുന്നു എഴുത്തുകാരിയുടെ വിവാഹപൂര്‍വ നാമം. ആലിസിനേക്കാള്‍ ഏറെ പേരെടുത്ത മാര്‍ഗരറ്റ് അറ്റ്വുഡ് പലതവണ നൊബേല്‍ പുരസ്കാരത്തിന് പരിഗണിക്കപ്പെട്ടതായി കേട്ടിരുന്നു. എന്നാല്‍ നറുക്കു വീണത് നിശ്ശബ്ദയായിക്കഴിയാന്‍ ഇഷ്ടപ്പെടുന്ന ആലീസിനാണ്.

*
വി.സുകുമാരന്‍ ദേശാഭിമാനി 11-10-2013

Wednesday, May 8, 2013

എഴുതപ്പെട്ടത്

തൃശൂരിലെ അഡ്വ. എം വിനോദ് നാടകപ്രവര്‍ത്തകനും സംവിധായകനുമാണ്. പ്രസിദ്ധനായ എന്ന് ഞാന്‍ എഴുതുന്നില്ല. നാടക സംവിധായകന്റെ സ്ഥാനം എല്ലായ്പ്പോഴും പിന്‍കര്‍ട്ടനും പിറകിലാണെന്ന് ആത്മാര്‍ഥമായി വിശ്വസിക്കുന്ന ആളായതുകൊണ്ട് വിനോദ് എത്രകണ്ട് അറിയപ്പെടുന്നു എന്നു നിശ്ചയമില്ല. എന്തായാലും രണ്ടു പതിറ്റാണ്ടായി അദ്ദേഹം നാടകരംഗത്തുണ്ട്. രണ്ടോ മൂന്നോ മാസങ്ങള്‍ക്കു മുമ്പ് വിനോദ് എന്നെ ഫോണില്‍ വിളിച്ചു പറഞ്ഞു. എന്റെ ചില കഥകള്‍ നാടകമായി അവതരിപ്പിക്കുവാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു. സ്വാഭാവികമായും എനിക്കു വളരെ സന്തോഷമുണ്ടായി. നാടകം എന്റെ ഏറ്റവും പ്രിയപ്പെട്ട കലാരൂപമാണ്. ഇതുവരെയും ഒരു നാടകം എഴുതാത്തതില്‍ കുറ്റബോധമുണ്ട്. കുട്ടിക്കാലത്തെക്കുറിച്ചുള്ള എന്റെ ഓര്‍മകളില്‍ പലതും ഞങ്ങളുടെ നാട്ടിന്‍പുറത്തെ അമച്വര്‍ നാടകാവതരണവുമായി ബന്ധപ്പെട്ടുള്ളതാണ്.

ആള്‍ത്താമസമില്ലാത്ത വീടുകളിലായിരിക്കും അന്ന് മുതിര്‍ന്നവരുടെ നാടക പരിശീലനം. റിഹേഴ്സലിന്റെ അവസാന നാളുകളിലാണ് സംഗീതവിദ്വാന്മാര്‍ എത്തുക. ഹാര്‍മോണിയത്തിന്റെ നേര്‍ത്ത പശ്ചാത്തലത്തില്‍ തബലയില്‍ മുഴങ്ങിക്കേട്ട ശബ്ദമാണ് ജീവിതം കുറച്ചൊക്കെ മധുരതരമാണെന്ന് എന്നെ ധരിപ്പിച്ചത്. എന്റെ മൂന്നു കഥകളാണ് നാടകമാക്കാന്‍ വേണ്ടി വിനോദ് തെരഞ്ഞെടുത്തത്. രണ്ടു പുസ്തകങ്ങള്‍, മലമുകളിലെ വെളിച്ചം, പ്ലാശ്ശേരിയിലെ കടവ്. വര്‍ഷങ്ങള്‍ക്കു മുമ്പ്, ചരിത്രത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ പല കാലത്തായി ഞാന്‍ എഴുതിയവയാണ് അവ. കഥയുടെ നാടകാവിഷ്കാരം എന്നാല്‍ കഥ അതേപടി ഒന്നും ചോരാതെയും ഒന്നും ചേര്‍ക്കാതെയും അവതരിപ്പിക്കുക എന്നല്ലല്ലോ. ശരിക്കു പറഞ്ഞാല്‍ അതൊരു വായനയാണ്. നാടക സംവിധായകന്റെ ക്രിയാത്മകമായ വായന. എഴുത്തുകാരന്‍ എഴുതിയതാവണം വായനക്കാരന്‍ വായിച്ചെടുക്കേണ്ടതെന്ന് ഒരു നിര്‍ബന്ധവുമില്ല. തന്റെ "അധികാരം" എന്ന നോവലില്‍ അശ്ലീലമുണ്ടെന്ന് പണ്ട് കെഎസ്യുക്കാര്‍ ആരോപണം ഉന്നയിച്ചപ്പോള്‍ വി കെ എന്‍ പ്രതികരിച്ചത് ഓര്‍മയുണ്ട്: "അതുവ്വോ? എഴുതുമ്പോള്‍ ഉണ്ടായിരുന്നില്ല."

വിനോദ് തെരഞ്ഞെടുത്ത കഥകളുടെ പൊതുസ്വഭാവം ഞാന്‍ ശ്രദ്ധിച്ചു. മൂന്നും രാഷ്ട്രീയ വിമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്. സമകാലിക സാമൂഹ്യജീവിതത്തില്‍ ആഴ്ന്നുകിടക്കുന്ന രാഷ്ട്രീയത്തെ സ്പര്‍ശിക്കാത്ത കഥകള്‍ ഞാന്‍ ഏറെയൊന്നും എഴുതിയിട്ടില്ല. പ്രതിസന്ധികള്‍ മറികടക്കാനുള്ള സാമാന്യ മനുഷ്യന്റെ പരിശ്രമങ്ങളില്‍ പങ്കു വഹിച്ചിട്ടുള്ള സ്ഥലങ്ങളും കാലങ്ങളും പ്രസ്ഥാനങ്ങളും, അറിയപ്പെടുന്നവരും അല്ലാത്തവരുമായ വ്യക്തികളും കഥാരചനയില്‍ എനിക്കു സഹായകമാകാറുണ്ട്. ഈ കഥകളാകട്ടെ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കു ശേഷം പ്രതിരോധ പ്രസ്ഥാനങ്ങള്‍ പൊതുവെ നേരിട്ട ആത്മപ്രതിസന്ധികളെ നിരീക്ഷിക്കുന്ന രീതിയില്‍ എഴുതപ്പെട്ടവയാണ്. ആത്മവിമര്‍ശനങ്ങള്‍ എന്നു പറയാം. സാമ്രാജ്യത്വം അതിന്റെ ഇരകളുടെ ആത്മാവില്‍ സൈനികത്താവളങ്ങള്‍ ഉണ്ടാക്കുന്ന ഇക്കാലത്ത് ആത്മപരിശോധനയാണ് പുരോഗമന സാഹിത്യത്തിന്റെ മുഖമുദ്ര എന്ന് എനിക്കു തോന്നുന്നു. വിനോദ് എങ്ങനെയാണ് ഈ കഥകള്‍ വായിച്ചെടുക്കുന്നത് എന്നറിയാന്‍ കൗതുകം തോന്നി. തൃശൂരിലെ സംഗീത നാടക അക്കാദമിയിലുള്ള നാട്യഗൃഹത്തിലാണ് നാടകങ്ങള്‍ അരങ്ങേറിയത്. മൂന്നു നാടകങ്ങളും രണ്ടു ദിവസങ്ങളിലായി ആവര്‍ത്തിച്ച് അവതരിപ്പിച്ചു. നാട്യഗൃഹത്തിന്റെ പരിമിതമായ സൗകര്യത്തില്‍ തിങ്ങിനിറഞ്ഞ സദസ്സ് നിന്നും നിലത്തിരുന്നുമൊക്കെയാണ് നാടകം കണ്ടത്. ആദ്യ ദിവസത്തെ സദസ്സില്‍ ഞാനും സ്ഥലംപിടിച്ചു.

രണ്ടു പുസ്തകങ്ങള്‍, മലമുകളിലെ വെളിച്ചം എന്നീ കഥകളുടെ അവതരണത്തെക്കുറിച്ച് ഞാന്‍ ഇപ്പോള്‍ ഒന്നും എഴുതുന്നില്ല. (നാടകാവതരണത്തെ പരിശോധിക്കാനും വിലയിരുത്താനും വേണ്ടിയല്ല ഈ കുറിപ്പ്.) പക്ഷേ മൂന്നാമത്തെ നാടകത്തെ- "പ്ലാശ്ശേരിയിലെ കടവി"നെക്കുറിച്ച് എഴുതാതെ വയ്യ. അത്യന്തം ആര്‍ജവമുള്ളതായിരുന്നു അവതരണം എന്നതുമാത്രമല്ല, അതുയര്‍ത്തിയ ചില ചോദ്യങ്ങള്‍ പതിനെട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് അതെഴുതിയ എഴുത്തുകാരനെ പരിഭ്രമിപ്പിച്ചു എന്നു പറഞ്ഞാല്‍ മതിയല്ലോ. പിടിവിട്ടുപോയ വാക്ക് പിന്നീട് തിരിച്ചെത്തുന്നത് ഏതു രൂപത്തിലാണെന്നു പറയാന്‍ വയ്യ. എഴുതിക്കഴിഞ്ഞ കഥകളെ തികഞ്ഞ നിസ്സംഗതയോടെയാണ് ഞാന്‍ തിരിഞ്ഞുനോക്കുക പതിവ്. എഴുതുന്നതോടെ എഴുത്തുകാരനെ ആ ബാധ വിട്ടുപോകുന്നു. പിന്നെ അത് വായനക്കാരന്റെ പ്രശ്നമാണ്. പക്ഷേ, ഇവിടെ സംഗതി വ്യത്യസ്തമായി. പ്ലാശ്ശേരിയിലെ കടവും ഒരു രാഷ്ടീയകഥയാണ്. "വിപ്ലവം നമ്പീശന്‍" എന്നാണ് തന്റെ ആവിഷ്കാരത്തിന് വിനോദ് പേരു നല്‍കിയിരിക്കുന്നത്. പ്രസിദ്ധനായ ഒരു രാഷ്ട്രീയനേതാവ് തിരുവനന്തപുരത്തുനിന്ന് തന്റെ വീട്ടിലേക്കുള്ള യാത്രയില്‍ പൊടുന്നനെ എന്തോ ഓര്‍ത്ത് ഒരു പുലര്‍ച്ചയ്ക്ക് ചെറിയൊരു റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങുന്നു. അദ്ദേഹത്തിന് തന്റെ പഴയ സഹപ്രവര്‍ത്തകനായ പ്ലാശ്ശേരി നാരായണന്‍ നമ്പീശനെ ഒന്നു കാണണം. എത്ര കാലമായി കണ്ടിട്ട്? പ്ലാശ്ശേരി എന്ന ഗ്രാമത്തിന് ഒരു മാറ്റവുമില്ല. അവിടത്തെ പുഴയ്ക്കും മാറ്റമില്ല. പണ്ട് ഒരു നീണ്ട ജയില്‍വാസം കഴിഞ്ഞ് നമ്പീശനോടൊപ്പം ഇവിടെ വന്നത് അദ്ദേഹം ഓര്‍ക്കുന്നു. ലോക്കപ്പില്‍വച്ച് കിട്ടിയ കൊടിയ മര്‍ദനങ്ങളെ ഒരുവക ആത്മലഹരിയോടെയാണ് അന്നു നമ്പീശന്‍ സ്വീകരിച്ചത്. അദ്ദേഹം പറയുന്നുണ്ട്: "അവര് ഇടിക്കുമ്പോ എനിക്കതൊരു സുഖാഡോ. കണ്ണടച്ചങ്ങട് കെടന്ന് കൊടുത്താല് ഒരു തരം ലഹരി."

നമ്പീശന്‍ പിന്നെ രാഷ്ട്രീയ പ്രവര്‍ത്തനം പാടെ നിര്‍ത്തി. എല്ലാം നഷ്ടപ്പെട്ട് തികച്ചും ദരിദ്രമായ സാഹചര്യത്തില്‍ ജീവിക്കുകയാണ്. ഒരുകാലത്ത് പൊലീസ് മര്‍ദനത്തെ ലഹരിപോലെ ആസ്വദിച്ച അദ്ദേഹം ഇപ്പോള്‍ മദ്യലഹരിയുടെ പിടിയിലാണ്. പുലര്‍ച്ചയ്ക്കു തുടങ്ങുന്ന മദ്യപാനം ഏതാണ്ടൊരു ഉന്മാദാവസ്ഥയില്‍ അദ്ദേഹത്തെ എത്തിച്ചിരിക്കുന്നു. ലോകത്തോട് മുഴുവന്‍ പുച്ഛം. വൈരാഗ്യം. വെറുപ്പ്. തന്റെ പഴയ സഹപ്രവര്‍ത്തകന്‍, ഇന്നത്തെ സമുന്നതനായ നേതാവിനെ അടുത്തുകണ്ടപ്പോള്‍ വിരല്‍ ചൂണ്ടി നമ്പീശന്‍ ചോദിക്കുന്നു: "ഒരു പെണ്‍കുട്ടിക്ക് എത്ര വയസ്സായാലാണ് അവളെ ബലാത്സംഗം ചെയ്യാറാവുക? ഇന്നാള് പേപ്പറില് വായിച്ചു. പത്തു വയസ്സായ ഒരു കുട്ടീനെ ബലാത്സംഗം ചെയ്തൂന്ന്. കഴിഞ്ഞ ദിവസം വേറൊരു സ്ഥലത്ത് ആറു വയസ്സായപ്പൊള്‍ ചെയ്തൂന്ന് കേട്ടു. അങ്ങനെ പല പല വയസ്സാവുമ്പോള്‍ അതിനൊരു കൃത്യതല്യാണ്ടായില്ലേ? എത്ര വയസ്സാ കണിശ്ശം? തീരുമാനണ്ടോ?" നാട്യഗൃഹത്തില്‍ എഴുന്നേറ്റുനിന്ന് ഒരു പുരുഷന്‍ എന്ന നിലയില്‍, ഒരു മുതിര്‍ന്ന മനുഷ്യന്‍ എന്ന നിലയില്‍ ലോകത്തോട് മാപ്പു ചോദിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അന്ന് ഇതെഴുതുമ്പോള്‍ ഈ വാക്കുകള്‍ക്ക് ഇത്രയൊന്നും ഗൗരവമുണ്ടെന്ന് തീര്‍ച്ചായായും ഞാന്‍ ചിന്തിച്ചിട്ടില്ല. വിനോദിന്റെ സംവിധാനമാണോ, ജയചന്ദ്രന്‍ എന്ന നടന്റെ അസാമാന്യ പ്രതിഭയാണോ വാക്കുകളെ ഇത്രമാത്രം സ്ഫോടനാത്മകമാക്കിയത്? അതൊക്കെ സഹായിച്ചിട്ടുണ്ടാകാം. ഞാന്‍ ഓര്‍മിച്ചു. ഇതിനകം എത്രയോ പരിവര്‍ത്തനങ്ങള്‍ നടന്നു. എത്രയോ പ്രഭാഷണങ്ങള്‍. എത്രയെത്ര തത്വവിചാര സംവാദങ്ങള്‍ക്ക് ലോകം സാക്ഷിയായി. മാനവികതയെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും എത്ര ടണ്‍ കടലാസുകളില്‍ എഴുതപ്പെട്ടു കഴിഞ്ഞു. എന്നിട്ടും നമ്മുടെ പെണ്‍കുഞ്ഞുങ്ങളുടെ ജീവിതം-

*
അശോകന്‍ ചരുവില്‍ ദേശാഭിമാനി

Sunday, April 21, 2013

നെരൂദ വസന്തത്തിന്റെ മറ്റൊരു പേര്

'വസന്തം ചെറിമരങ്ങളെ പുഷ്പിണികളാക്കുംപോലെ, ഞാന്‍ നിന്നെയും'... കാവ്യസാമ്രാജ്യത്തിലെ രാജകുമാരനായ വിശ്വപ്രസിദ്ധ ചിലിയന്‍ കവിയുടെ ഈയൊരു വരി മുഴുമിപ്പിക്കുന്നതിനു മുമ്പുതന്നെ വായനക്കാരുടെ നെഞ്ചില്‍ ചെറിപുഷ്പദലങ്ങള്‍ അടര്‍ന്നുവീഴുന്ന അനുഭവമുണ്ടാവും.

''ഈ രാത്രിയാവുമെനിക്ക്
ഏറ്റവും ദുഃഖഭരിതമാം
വരികള്‍ എഴുതുവാന്‍,
രാത്രി ചിതറിത്തെറിച്ചുപോയ്.....
ഇപ്പോഴെന്‍കൂടെയില്ലോമലാള്‍......''

എന്നൊക്കെ നെരൂദയെഴുതുമ്പോള്‍, കേവലം കല്‍പ്പനാസൗന്ദര്യമാവിഷ്‌കരിക്കുകയല്ല, ഈ വിശ്വമഹാകവി. സൗന്ദര്യത്തിന്റെ സ്‌ഫോടനമാണ് നെരൂദയുടെ കവിതകള്‍. അവ പാടിപ്പതിഞ്ഞ കാല്‍പ്പനികതയുടെ ലാസ്യനൃത്തമല്ല. പ്രത്യുത, പ്രകൃതിയുടെ അനന്തവൈവിധ്യത്തിന്റെ പൊട്ടിച്ചിതറലാണ്. ഇരുപതാം ശതാബ്ദത്തെ തന്റെ മാന്ത്രിക വിരലുകളാല്‍, നെരൂദ, കവിതയുടെ മഞ്ഞപ്പട്ടുടുപ്പിച്ചു. നിറയെ അനന്തവര്‍ണമാര്‍ന്ന നക്ഷത്രജാലം, പതിച്ച കവിതയുടെ പട്ടുടുപ്പ്. ആ കാവ്യവര്‍ണങ്ങളുടെ മായികതയില്‍, സഹൃദയലോകം ഹര്‍ഷപുളകിതരായി നിന്നു. യാതൊരു സൂചനകളുമില്ലാതെ കടന്നുവരുന്ന പെരുമഴപോലെ, നെരൂദയുടെ കിരീടം ചൂടിയ വാക്കുകള്‍, വസന്തമായി പെയ്യുന്നു. ഓരോ വരികള്‍ക്കുള്ളിലും മറ്റൊരു വരി. ഓരോ വാക്കിനുള്ളിലും മറ്റൊരു വാക്ക്. അതിനുള്ളില്‍ വീണ്ടും വാക്കുകള്‍ അതിനപ്പുറത്തുള്ള വാക്കുകളുടെ നിഗൂഢ സൗന്ദര്യത്തിലേക്ക് ജാലകം തുറക്കുന്നു. അര്‍ഥത്തിന്റെയും ഭാവദീപ്തിയുടെയും ഇന്ദ്രജാലങ്ങള്‍ തീര്‍ത്ത പാബ്ലോനെരൂദ, പ്രകൃതിയെ ഒരു ഉന്മാദിനിയെപ്പോലെ സ്‌നേഹിച്ചു, പ്രണയിച്ചു. സ്‌നേഹിക്കുകയും പ്രണയിക്കുകയും മാത്രമല്ല, അതൊരു ഉപാസനയായിരുന്നു. ഭൂമിയുടെ അഗാധഗര്‍ത്തങ്ങളും സമുദ്രത്തിലെ താഴ്‌വാരങ്ങളും തുടങ്ങി നെരൂദയുടെ കവിതകളില്‍ ആവിഷ്‌കരിക്കപ്പെടാത്ത പ്രകൃതിഭാഗമില്ല. പ്രകൃതിയുടെ ബഹുസ്വരഭാവങ്ങളിലൂടെ തന്റെ നാടിന്റെ ചുവന്ന സിരകളെ ത്രസിപ്പിച്ച നെരൂദ ഭൂമിയിലെ സര്‍വചരാചരങ്ങളിലും മഴയായി പെയ്തലിഞ്ഞു. സര്‍വഭൂഖണ്ഡങ്ങളെയും നെരൂദയുടെ കവിതകള്‍ വിളക്കിച്ചേര്‍ത്തു. ഭാഷയുടെ വൈവിധ്യത്തിനു മുകളിലൂടെ സമഭാവനയുടെ തൂക്കുപാലം പണിത
നെരൂദ ലോകത്തിലെ സര്‍വമനുഷ്യരോടും സാഹോദര്യം പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ രചനകള്‍ ഭൂമിയിലെ പീഡിതന്റെ ശബ്ദമായി മാറി. മര്‍ദകന്റെ സിംഹാസനങ്ങളോടു പടവെട്ടി രക്തസാക്ഷിത്വം വരിച്ച, മഹാനായ ഈ മനുഷ്യസ്‌നേഹിയോളം വായിക്കപ്പെട്ട മറ്റൊരു കവിയെ ആധുനികലോകം കണ്ടിട്ടില്ല. 'പ്രണയം എന്റെ  ഇന്ദ്രിയങ്ങളെ പിടിച്ചുലയ്ക്കുന്നു, കാറ്റ് ഓക്കുവൃക്ഷങ്ങളെയെന്നു' പാടിയ പ്രസിദ്ധ യവനകവി സാഫോയെക്കുറിച്ച്, പ്ലേറ്റോ പറഞ്ഞത്, അവര്‍ കലയുടെ പത്താം അധിദേവത ആണെന്നാണ്. പ്ലേറ്റോ, നെരൂദയുടെ കവിതകള്‍ വായിച്ചിരുന്നെങ്കില്‍ കലയുടെ അപ്‌സരകന്യകയെ കീഴടക്കിയ ഗന്ധര്‍വനെന്നു പ്രകീര്‍ത്തിക്കുമായിരുന്നു അദ്ദേഹത്തെ.

''വന്നുവീഴുന്നിതാത്മാവില്‍ കവിതകള്‍
മഞ്ഞുതുള്ളികള്‍ പുല്‍മെത്തയിലെന്നപോല്‍''

എന്നെഴുതിയ നെരൂദ, തന്റെ കുട്ടിക്കാലത്തെക്കുറിച്ചു പറയുന്ന ഒരു വരിമാത്രം ശ്രദ്ധിക്കൂ;

'As a child and as an adult I have devoted more ttaention to rivers and birds than to libraries and writers'
(പുസ്തശേഖരത്തെക്കാളും എഴുത്തുകാരേക്കാളും എന്റെ മനസ് തേടിപ്പോയത് നദികളെയും പക്ഷികളെയുമാണ്)

God of small things എന്ന നോവലിലൂടെ വിശ്വപ്രസിദ്ധയായ അരുന്ധതീറോയ്, തന്റെ പ്രായത്തിലുള്ള മറ്റുകുട്ടികളെല്ലാം സ്‌കൂളില്‍ പോവുമ്പോള്‍, അമ്മയുടെ അനുഗ്രഹാശ്ശിസ്സുകളോടെ മീനച്ചിലാറിന്റെ തീരത്തും മറ്റും തുള്ളിച്ചാടി നടക്കുകയായിരുന്നു.

അങ്ങനെ പ്രകൃതിയുടെ അപാരതയില്‍ രമിക്കുകയും പ്രകൃതിനല്‍കിയ ഹര്‍ഷാനുഭൂതി മനുഷ്യരാശിയോടുള്ള അഗാധസ്‌നേഹവും പ്രതിബദ്ധതയുമാക്കിയ പ്രതിഭയായിരുന്നു നെരൂദ. 1904 ജൂലായ് 12ന് ആണ് നെരൂദ ജനിച്ചത്. റിക്കാര്‍ഡോ ഇലിസര്‍ നെഫ്താലി റെയെസ് എന്നായിരുന്നു യഥാര്‍ഥ പേര്. ചിലിയിലെ സാന്റിയാഗോവിനടുത്തുള്ള പാറല്‍ നഗരത്തിലാണദ്ദേഹം ജനിച്ചത്. ജോസ് ഡെല്‍ കാര്‍മന്‍ റെയെസ് മൊറാലസ് എന്നായിരുന്നു പിതാവിന്റെ പേര്. റോസ ബസോള്‍ട്ടോ എന്നായിരുന്നു നെരൂദയുടെ അമ്മയുടെ പേര്. നെരൂദ, കൈക്കുഞ്ഞായിരിക്കുമ്പോള്‍തന്നെ അമ്മ മരിച്ചു. റോസയുടെ മരണശേഷം നെരൂദയുടെ പിതാവ് ട്രിനിഡാഡ് കാന്‍ഡിയ എന്ന സ്ത്രീയെ വിവാഹം കഴിച്ചു. ആ സ്ത്രീയില്‍ നെരൂദയുടെ പിതാവിന് റൊഡോള്‍ഫോ എന്നു പേരായ ആണ്‍കുട്ടിയുണ്ടായിരുന്നു. കുട്ടിക്കാലത്തുതന്നെ എഴുത്തിനോട് ഭ്രാന്തമായ അഭിനിവേശമുണ്ടായിരുന്ന നെരൂദയെ അച്ഛന്‍ പ്രോത്സാഹിപ്പിച്ചില്ലെന്നുമാത്രമല്ല കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തു. പതിമൂന്നാമത്തെ വയസില്‍ നെരൂദ തന്റെ കന്നിക്കവിത പ്രസിദ്ധീകരിക്കുകയുണ്ടായി. 1920-ല്‍ നെരൂദയെന്ന തൂലികാനാമം സ്വീകരിക്കുമ്പോഴേക്കും ആ കൗമാരമനസ്സ് കവിതയുടെ വര്‍ണപ്രപഞ്ചത്തില്‍ ലയിച്ചു ചേര്‍ന്നിരുന്നു.

സ്പാനിഷ് റിപ്പബ്ലിക്കായ ഒരു തെക്കന്‍ അമേരിക്കന്‍ രാഷ്ട്രമാണ് ചിലി. ആന്‍ഡിസ് പര്‍വതനിരകള്‍ക്കും പസഫിക് സമുദ്രത്തിനും മധ്യേ നീണ്ടുകിടക്കുന്ന രാജ്യമാണത്. വടക്ക് പെറു എന്ന രാജ്യവും വടക്കുകിഴക്ക് ബൊളീവിയയും കിഴക്ക് അര്‍ജന്റീനയുമാണ്. എന്തുകൊണ്ടും പ്രകൃതിരമണീയമാണ് ചിലി. തെക്കുഭാഗം മുഴുവന്‍ മഞ്ഞണിഞ്ഞ ആല്‍പൈന്‍ ശൈലങ്ങള്‍ ചിലിയുടെ മാറ്റുകൂട്ടുന്നു. അതുപോലെതന്നെ തടാകങ്ങള്‍കൊണ്ടനുഗൃഹീതമായ ഒരു രാജ്യമാണിത്. 16-ാം നൂറ്റാണ്ടില്‍ സ്പാനിഷുകാര്‍ കുടിയേറിപ്പാര്‍ക്കുന്നതിനു മുമ്പ്, ഇന്‍കകളും തദ്ദേശീയരായ അറോക്കാനിയന്മാരുമായിരുന്നു ചിലിയുടെ രാഷ്ട്രീയ സാരഥ്യം നിലനിര്‍ത്തിയിരുന്നത്. 1818-ലാണ് ചിലിയന്‍ ജനത സ്പാനിഷ് മേധാവിത്വത്തില്‍നിന്നും സ്വതന്ത്രമായത്. ലാറ്റിനമേരിക്കയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു സാല്‍വഡോര്‍ അലന്‍ഡെ. 1970-ല്‍ അദ്ദേഹം ചിലിയുടെ പ്രസിഡണ്ടായി. എന്നാല്‍ സി ഐ എ യുടെ സഹായത്തോടെ 1973-ല്‍ അമേരിക്ക, ചിലിയിലെ സോഷ്യസിസ്റ്റ് ഭരണത്തെ അട്ടിമറിക്കുകയും അലന്‍ഡെയെ വെടിവെച്ചുകൊല്ലുകയും ചെയ്തു. അതിനെത്തുടര്‍ന്ന്, 17 വര്‍ഷക്കാലം ചിലിയില്‍ അഗസ്റ്റോ പിനോചെയുടെ നേതൃത്വത്തിലുള്ള സൈനിക ഭീകരഭരണമായിരുന്നു. ചിലിയില്‍ സംഭവബഹുലമായ രാഷ്ട്രീയജീവിതവുമായി ഇഴചേര്‍ന്നതായിരുന്നു നെരൂദയെന്ന വിശ്വപ്രതിഭയുടെ ജീവിതം. ജീവിതാന്ത്യം വരെ കമ്യൂണിസ്റ്റാദര്‍ശങ്ങളില്‍ അടിയുറച്ചുവിശ്വസിച്ച വിപ്ലവകവിയായിരുന്നു അദ്ദേഹം.

സ്പാനിഷ് ഭാഷയില്‍ രചിക്കപ്പെട്ട നെരൂദാ കവിതകളെ ഇന്ന് സഹൃദയലോകം നെഞ്ചിലേറ്റി ലാളിക്കുന്നു. അതിന്റെ കാരണം, അനുപമമായ ആ വരികളിലെ സാന്ദ്രസംഗീതവും ആഴമേറിയ ജീവിതദര്‍ശനവും സൗന്ദര്യവുമാണ്. മനുഷ്യസ്‌നേഹം ഇതള്‍വിരിയുന്ന രചനകളാണ് നെരൂദയുടേത്. മനുഷ്യന്‍മാത്രമല്ല പ്രകൃതിയിലെ എല്ലാം നെരൂദയുടെ സഹോദരങ്ങളാണ്. കടലും നദികളും തടാകങ്ങളും ഉപ്പുപാറകളും വനാന്തരങ്ങളും മലകളും ചെടികളും പക്ഷികളും മൃഗങ്ങളുമെല്ലാം നെരൂദക്കവിതകളില്‍ കടന്നുവരുമ്പോള്‍, അവയ്‌ക്കെല്ലാം ഒരു മാനുഷിക മുഖമുണ്ടാവും. യൗവനകാലത്ത് നെരൂദക്ക് പ്രചോദനവും പ്രോത്സാഹനവും നല്‍കിയത്, നോബല്‍സമ്മാന ജേതാവായ ചിലിയന്‍ കവി ഗബ്രീലമിസ്ട്രല്‍ ആയിരുന്നു. പില്‍ക്കാലത്ത് നെരൂദയും നോബല്‍സമ്മാനത്തിനര്‍ഹനായി.

അദ്ധ്യാപകനാവുകയെന്നതായിരുന്നു കൗമാരകാലത്തെ നെരൂദയുടെ അഭിലാഷം. അതിനുവേണ്ടി അദ്ദേഹം, സാന്റിയാഗോയില്‍ ഫ്രഞ്ചുഭാഷ പഠിപ്പിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ അതിനുമുമ്പുതന്നെ കവിത നെരൂദയുടെ ഹൃദയത്തെ കീഴടക്കികഴിഞ്ഞിരുന്നു. 1923-ല്‍ ആദ്യകവിതാസമാഹാരമായ  crepusculario (Book of Twilight) പ്രസിദ്ധീകരിക്കപ്പെട്ടു. അടുത്തവര്‍ഷംതന്നെ Twenty Love Poems and a Desperate Songs എന്ന കവിതാസമാഹാരവും പുറത്തുവന്നതോടെ നെരൂദയെ സാഹിത്യലോകം ശ്രദ്ധിക്കാന്‍ തുടങ്ങി. അന്നുവരെ കവിതയില്‍ ദൃശ്യമാവാത്ത സൗന്ദര്യത്തിന്റെ പൂര്‍ണിമയായിരുന്നു നെരൂദയുടെ കവിതകള്‍ സഹൃദയലോകത്തിന് സമ്മാനിച്ചത്.

ഉന്മാദിയായ നിത്യസഞ്ചാരി

യാത്രകളോട് ഭ്രാന്തമായ  അഭിനിവേശമായിരുന്നു നെരൂദയ്ക്ക്. അവീന്‍ പുഷ്പങ്ങളും സൈപ്രസ് മരങ്ങളും നിറഞ്ഞ ചിലിയന്‍ കാടുകളിലും മഞ്ഞുപാളികളില്‍ മുങ്ങിയ തടാകതീരങ്ങളിലും കടലോരങ്ങളിലും നദീമുഖങ്ങളിലുമെല്ലാം നഷ്ടപ്പെട്ടുപോയ അമൂല്യമായ എന്തോ ഒന്നിനെ തേടുംപോലെ നെരൂദ അലഞ്ഞുതിരിഞ്ഞു. പ്രകൃതി അദ്ദേഹത്തിന് ഒരുതരം ഭ്രാന്തായിരുന്നു. പ്രകൃതിയുടെ സൗന്ദര്യവും അപാരതയും അദ്ദേഹത്തെ മത്തുപിടിപ്പിച്ചു. കടലിന്റെ അപാരത അദ്ദേഹത്തെ ധ്യാനനിരതനാക്കി. ശിശിരകാലരാത്രികളിലെ മഴയുടെ താളം നെരൂദ, തന്റെ കവിതകളിലേക്കാവാഹിച്ചു. 'Art of raining; എന്നാണ്, അദ്ദേഹം അതിനെ വിശേഷിപ്പിക്കുന്നത്. മഴപെയ്യുക എന്ന പ്രകൃതിയുടെ കല, നെരൂദയുടെ ഹൃദയത്തെ മഥിച്ചു.

കൊച്ചുനാളില്‍ തന്റെ വീട്ടുമുറ്റത്ത് 'ചെളിയുടെ സമുദ്രം' തന്നെ സൃഷ്ടിച്ച മഴയുടെ ഉത്സവത്തെക്കുറിച്ച്, നെരൂദ, തന്റെ ആത്മകഥയില്‍ പറയുന്നുണ്ട്. മഴയും മഞ്ഞും തീര്‍ക്കുന്ന മദിരോത്സവങ്ങള്‍ കുട്ടിക്കാലത്തുതന്നെ നെരൂദയെ പ്രകൃതിയുടെ കളിക്കൂട്ടുകാരനാക്കി. സ്‌കൂളിലേക്ക് പോകുന്നത് തിമിര്‍ത്തുപെയ്യുന്ന മഴ നനഞ്ഞുകൊണ്ടാണ്. വിറളിപിടിച്ച കാള കൊമ്പുകോര്‍ക്കുംപോലെ മഴ ഉഗ്രരൂപിയാകുമ്പോള്‍, നെരൂദയുടെയും കൂട്ടുകാരുടെയും കുടകള്‍ പറന്നുപോകും. ദാരിദ്ര്യം കാര്‍ന്നുതിന്നുന്ന പട്ടിണിപ്പാവങ്ങളുടെ കൂരകളില്‍ മഴക്കാലം ദുസ്സഹമായിരിക്കും. നെരൂദയുടെ ബാല്യവും ദാരിദ്ര്യം നിറഞ്ഞതായിരുന്നു. വീട്ടിലെ കഷ്ടപ്പാടുകളും പ്രയാസങ്ങളുമെല്ലാം നെരൂദയുടെ മനസിനെ പ്രയാസപ്പെടുത്തുമ്പോള്‍ അദ്ദേഹം പ്രകൃതിയിലേക്ക് തിരിയും. കോപവും കുസൃതിയും സാമ്യമകന്ന സൗമ്യഭാവവും നെരൂദയെ ഉന്മാദിയാക്കും. മുന്തിരിത്തോപ്പുകള്‍ നിറഞ്ഞ മധ്യചിലിയന്‍ പ്രദേശമാണ് നെരൂദയുടെ നാട്. വീഞ്ഞ് സുലഭമായിരുന്നു അവിടെ. ഓര്‍മയുറയ്ക്കുന്നതിനുമുമ്പേ ക്ഷയരോഗം ബാധിച്ച് അമ്മ മരിച്ചു. നെരൂദയുടെ ബാല്യകാലം ഏകാന്തതനിറഞ്ഞതായിരുന്നു. ശിശിരകാലസന്ധ്യകളില്‍ നനുത്തുവിറങ്ങലിച്ചുനില്‍ക്കുന്ന വൃക്ഷശാഖികളില്‍ തള്ളപ്പക്ഷികള്‍ കുഞ്ഞിപ്പക്ഷികളുടെ വായില്‍ ഇരവെച്ചുകൊടുക്കുകയും വിറങ്ങലിച്ച കുഞ്ഞുതൂവലുകള്‍ മാടിയൊതുക്കുകയും ചെയ്യുന്നതുകാണുമ്പോള്‍, നെരൂദയുടെ മനസ്സ് വിതുമ്പും.

അമ്മയെക്കുറിച്ച് ഓര്‍ക്കാന്‍ നെരൂദയ്ക്ക് ഓര്‍മ്മകളില്ല. അമ്മയെക്കുറിച്ചുള്ള ഓര്‍മകള്‍ക്കുവേണ്ടി, നെരൂദ ദാഹിച്ചു. ജീവിച്ചിരിപ്പില്ലാത്ത അമ്മയുടെ ഇല്ലാത്ത ഓര്‍മകള്‍ ചികഞ്ഞെടുക്കാന്‍ അയാള്‍ ഭ്രാന്തമായി ആഗ്രഹിച്ചു. അദമ്യമായ അഭിലാഷങ്ങളെ നിഷ്‌കരുണം ചിറകറുക്കുന്ന വിധിയുടെ ക്രൂര വിനോദത്തോട് പൊരുതാന്‍, അയാള്‍ തന്റെ തീക്ഷ്ണമായ കല്‍പ്പനാവൈഭവം ആയുധമാക്കി. ഭൂമിയിലെ നിന്ദിതരോടും പീഡിതരോടും ആഴമാര്‍ന്ന സഹാനുഭൂതിയും സ്‌നേഹവും പുലര്‍ത്തിയ ആ കവിഹൃദയം സര്‍വജീവജാലത്തെയും ജീവനില്ലാത്തവയെയും സ്‌നേഹിച്ചു.

പൂത്തുലഞ്ഞുനില്‍ക്കുന്ന കാട്ടിലെ ആപ്പിള്‍വൃക്ഷത്തെ ഗാഢമായി ആലിംഗനം ചെയ്യാനും, അണ്ണാറക്കണ്ണന്മാര്‍ക്ക് മുത്തംനല്‍കാനും തടാകതീരത്തെകളിമണ്ണില്‍ കുളിച്ച് തലകുത്തിമറിയാനുമുള്ള നെരൂദയുടെ മനസിന്റെ വിസ്തൃതി അന്യാദൃശമായിരുന്നു. പക്ഷികളെയും വണ്ടുകളെയും ശലഭങ്ങളെയും സ്‌നേഹിച്ച, അവയോടൊത്ത് കളിച്ച, നെരൂദയുടെ അമ്മ കവിതകളെഴുതിയിരുന്നത്രെ. പക്ഷേ, ചന്തമുള്ള അമ്മയുടെ ഛായാചിത്രമല്ലാതെ, അവരുടെ കവിതകളൊന്നും നെരൂദ കണ്ടിരുന്നില്ല. അവര്‍ സ്‌നേഹമയിയായിരുന്നു എന്നുമാത്രം നെരൂദയ്ക്കറിയാം. തനിക്ക് ലഭിക്കാതെപോയ ആ സ്‌നേഹം പ്രകൃതിയുടെ ഉറവകളില്‍നിന്നും  നുകരാന്‍വേണ്ടിയുള്ളതായിരുന്നു, അദ്ദേഹത്തിന്റെ യാത്രകള്‍. അവ വെറുംയാത്രകളായിരുന്നില്ല. ഒരു നാടിന്റെ സിരകളിലൂടെ അജ്ഞാതരായ മനുഷ്യരുടെ, ഭാഷയേതെന്നറിയാത്ത അനേകം കോടി ജനതയുടെ ഹൃദയസ്പന്ദനങ്ങള്‍ തേടിയുള്ള അന്വേഷണമായിരുന്നു. അറിയപ്പെടാത്ത മനുഷ്യരുമായുള്ള സാഹോദര്യം സ്ഥാപിക്കാന്‍ വെമ്പിയ മനുഷ്യസ്‌നേഹിയായ, വിപ്ലവകാരിയായിരുന്നു നെരൂദ. പ്രകൃതി അദ്ദേഹത്തിന് മനുഷ്യനില്‍നിന്നും വേറിട്ട ലാവണ്യക്കാഴ്ചകളായിരുന്നില്ല. മനുഷ്യന്റെ ഭാഗമായ, മാനുഷികവല്‍ക്കരിക്കപ്പെട്ട ജീവഭാവമായിരുന്നു നെരൂദയ്ക്ക് പ്രകൃതി. പ്രണയത്തെ ഇത്രതീക്ഷ്ണമായി ആവിഷ്‌കരിച്ച കവി വേറെയില്ല. പ്രകൃതി അദ്ദേഹത്തിന് അമ്മയും ആത്മസഖിയും കാമിനിയും എല്ലാമായിരുന്നു. Unclothed You are എന്ന കവിതയിലെ വരികള്‍ നോക്കുക:

''നഗ്ന നീ തിരശ്ശീലയില്ലാത്തൊരുടല്‍പോലെ
നഗ്ന നീ പ്രപഞ്ചത്തിന്നേക വാസ്തവംപോലെ
നഗ്ന നീ നിലാവിന്റെയീറനാം
പൊളിപോലെ
നഗ്ന നീ അലിയുന്ന മനശ്ചാഞ്ചല്യംപോലെ
നഗ്ന നീ പറുദീസാമരത്തില്‍ പഴംപോലെ
നഗ്ന നീ മൃദുലമാം
മോഹസ്‌നിഗ്ധതപോലെ
നഗ്ന നീ വേനല്‍പ്പാടം
നീട്ടുന്ന കതിര്‍പോലെ
നഗ്ന നീ മണ്ണില്‍നിന്നു
പൊന്തിയ പൊരുള്‍പോലെ
നഗ്ന നീ ക്യൂബന്‍രാജാവില്‍
നീലിച്ച നിറമുള്ളോള്‍
നഗ്ന നീ വെളിച്ചത്തെ
മറയ്ക്കാന്‍ കഴിയാത്തോള്‍
നഗ്ന നീ ചെമ്മുന്തിരി വള്ളിപോല്‍ മുടിയുള്ളോള്‍
നഗ്ന നീ മുടിപ്പിന്നായ് താരങ്ങള്‍ ചൂടുന്നോള്‍.
നഗ്ന നീ ചെമപ്പാര്‍ന്നൊരുദയം കടഞ്ഞപോലെ
നഗ്ന നീ നിന്‍ വിഗ്രഹം തിളങ്ങും പുല്‍മൈതാനം.''
 (പരി: എന്‍ പി ചന്ദ്രശേഖരന്‍)

വിഷാദമാവിഷ്‌കരിക്കുമ്പോള്‍ പോലും അനുവാചകഹൃദയത്തില്‍ അനിര്‍വചനീയമായ ഹര്‍ഷാനുഭൂതി കോരിയിടാന്‍ കഴിയുന്ന കവിതകളാണ് നെരൂദയുടേത്. ഏറെ പ്രസിദ്ധമായ ഈ രാത്രിയാവുമെനിക്കേറ്റവും........എന്ന കവിതനോക്കുക;

''ഈ രാത്രിയേകുന്നു തോരാത്ത ശോകം
തീരാത്ത നോവിന്റെയേകാന്തഗീതം
'ഈ രാത്രി കമ്പിതഗാത്രി' -ഞാന്‍ പാടി
''താരങ്ങള്‍, നീലിച്ചദുഃഖങ്ങള്‍ സാക്ഷി''
ഏകാകിയാം തെന്നല്‍ ഏകതാരനീട്ടി:
ഏതോവിഷാദാര്‍ദ്രഗീതം മുഴങ്ങി.
പ്രേമിച്ചു നിന്നെ ഞാനെപ്പോഴോ: എന്നെ-
പ്രേമിച്ചു നീയും തിരിച്ചന്ധമായി
ഈ രാത്രിപോലുള്ള രാത്രികള്‍ നീളേ
തീരാത്തയുമ്മകള്‍ പങ്കിട്ടു നമ്മള്‍.
പ്രേമിച്ചു നീയെന്നെ എപ്പോഴോ ഞാനും
പ്രേമിച്ചു നിന്നെതിരിച്ചന്ധമായി.
പ്രേമാര്‍ദ്ര നീലമാം നിന്മിഴിക്കീഴില്‍
പ്രേമാര്‍ഥിയാകാത്തൊരാണ്‍ ജന്മമുണ്ടോ?
(പരി: എന്‍ പി ചന്ദ്രശേഖരന്‍)

പ്രണയിക്കാത്ത മനുഷ്യന്‍ പൂക്കാത്ത മരമാണെന്നു പറഞ്ഞ നെരൂദയ്ക്ക് വിപ്ലവമെന്നാല്‍ മനുഷ്യവംശത്തോടുള്ള അഗാധമായ പ്രണയമാണ്.

''വസന്തം ചെറിമരങ്ങളെ പുഷ്പിണിയാക്കും പോലെ
ഞാന്‍ നിന്നെയും പ്രണയിച്ചു പുഷ്പിണിയാക്കും'

എന്ന് എഴുതുന്ന നെരൂദയെപ്പോലെ ബിംബങ്ങളെ അയത്‌നസുന്ദരമായി കവിതയില്‍ ലയിപ്പിച്ച ആധുനിക കവികള്‍ വിരളമാണ്.

ആദ്യകവിതയും ഹംസങ്ങളും

ജന്മദേശത്തെ ബുദി തടാകത്തിലെ കവിഭാവനയെ പുഷ്‌കലമാക്കിയത് സ്വര്‍ഗത്തിലെ അരയന്നങ്ങള്‍തന്നെയായിരുന്നു. പൗരാണിക കഥകളിലെ അരയന്നങ്ങളുടെ കാന്തിയുണ്ടായിരുന്നു അവയ്ക്ക്. നീണ്ട ചിറകുകള്‍ വിടര്‍ത്തി തടാകത്തിലെ നീലപ്പരപ്പുകളിലൂടെ നീന്തിത്തുടിക്കുന്ന കഴുത്തില്‍ ശ്യാമവര്‍ണമുള്ള, അരുണനിറമാര്‍ന്ന കണ്ണുകളും ഓറഞ്ച് നിറത്തിലുള്ള കൊക്കുകളുമുള്ള അരയന്നങ്ങള്‍ ലോകത്തില്‍ മറ്റൊരിടത്തും കവി കണ്ടിരുന്നില്ല. പ്യൂര്‍ട്ടോസാവെഡ്രെ എന്ന സമൂദ്രതീരത്തെ തടാകത്തിലാണ് നെരൂദ തന്റെ യൗവനകാലത്ത് ഈ 'ഹംസങ്ങ'ളെ കണ്ടുമുട്ടിയത്. വേട്ടക്കാരാല്‍ മുറിവേറ്റ ഒരു അരയന്നത്തെ നെരൂദയുടെ കൈയില്‍ കിട്ടി. അതിനെ പരിചരിച്ച്, നെരൂദ, ആ ചിറകുവിടര്‍ത്തിയ സൂന്ദരിയെ ചങ്ങാതിയാക്കി. കൈകളില്‍ ആ സുന്ദരിപ്പക്ഷിയെയുംകൊണ്ട് നദിക്കരകളിലൂടെ നടന്നു. ഏകദേശം കവിയോളം ഉയരമുണ്ടായിരുന്നു ആ പക്ഷിക്ക്. ദിവസങ്ങള്‍ അങ്ങനെ തന്റെ നെഞ്ചില്‍ ചൂടേറ്റുകളിച്ചും കുളിച്ചും തിമിര്‍ത്ത ആ മോഹപ്പക്ഷി തന്റെ മാറില്‍ കിടന്നു, ലോകത്തോട് യാത്രപറഞ്ഞ അനുഭവം, കവി, വികാരഭരിതമായി അയവിറക്കുന്നുണ്ട്, തന്റെ ആത്മകഥയില്‍. അതിന്റെ വിഷാദാത്മകതയാണ് തന്റെ ആദ്യകവിതയുടെ പ്രചോദനമെന്ന് അദ്ദേഹം പറയുന്നുണ്ട്.

ഗ്രീഷ്മമായാലും ശിശിരമായാലും ഹേമന്തമായാലും ഭൂമിയുടെ മാറിലൂടെ നടന്നു സായൂജ്യമടയുമായിരുന്നു, നെരൂദ. ചിലന്തികളെയും വണ്ടുകളെയും കൈകളിലേന്തി ചിത്രശലഭങ്ങളെ സ്വപ്നംകണ്ട്, അരയന്നങ്ങള്‍ക്കുവേണ്ടി ദാഹിച്ച്, മഴവില്ലുകളെ കാമിച്ച് സാന്ദ്രനിശ്ശബ്ദമായ ആകാശനീലിമ നല്‍കിയ അനുഭൂതിയില്‍ നിദ്രകൊണ്ട നെരൂദയോളം, പ്രകൃതിയില്‍ ആടിത്തിമിര്‍ത്ത കവി വേറെയില്ല. ബാര്‍ലിവയലുകളിലൂടെയും ഓറഞ്ചുപാടങ്ങളിലൂടെയും ആപ്പിള്‍തോട്ടങ്ങളിലൂടെയും അലഞ്ഞും സമുദ്രതീരത്തെ പഞ്ചാരമണല്‍ത്തരികളില്‍ തലചായ്ച്ചും അറ്റമില്ലാത്ത ലോകത്തെ കിനാവുകണ്ട കവിയായിരുന്നു, നെരൂദ. പുലരിതുടുത്തുവരും മുമ്പേ, എഴുന്നേറ്റ് പച്ചക്കരിമ്പടം പുതച്ച പ്ലം വിളയുന്ന കാട്ടില്‍ പോവുമായിരുന്നു, നെരൂദ. പോവുമ്പോള്‍ കൈയില്‍ ഒരുനുള്ളു ഉപ്പുണ്ടാവും. ഉയര്‍ന്ന പ്ലം മരത്തില്‍ കയറി പ്ലം പഴം പറിച്ച് ഉപ്പുചേര്‍ത്തുകഴിക്കും.

സാഗരങ്ങളെ പ്രണയിച്ച മൈനാകം

ശപിക്കപ്പെട്ട മൈനാകപ്പക്ഷി ചിറകുവിടര്‍ത്തി പറന്നുയരുന്ന പുരാവൃത്തം ഇന്ത്യന്‍ സംസ്‌കാരത്തിന്റേതാണ്. പര്‍വതമായും പക്ഷിയായും പരികല്‍പ്പനചെയ്യപ്പെട്ട മൈനാകവും സമുദ്രവും തമ്മിലുള്ള ആത്മബന്ധമായിരുന്നു, നെരൂദ, സമുദ്രവുമായി നിലനിര്‍ത്തിയത്. സാഗരനീലിമ നെരൂദയെ വികാരവിവശനാക്കി. സാഗരഗര്‍ജനം നെരൂദയെ അലസതയില്‍നിന്നുണര്‍ത്തി. അനന്തതയുടെ ആ ചിറകടിനാദം കവിഭാവനയ്ക്ക് വിവിധവര്‍ണങ്ങള്‍ നല്‍കിയനുഗ്രഹിച്ചു. സമൂഹത്തില്‍ മനുഷ്യന്‍ തീര്‍ത്ത മതിലുകളെ പൊളിച്ച് വിശ്വസാഹോദര്യത്തിന്റെ ഭാസുരഗീതങ്ങള്‍ രചിക്കാന്‍ സമുദ്രത്തിന്റെ അപാരത കവിക്ക് പ്രചോദനംനല്‍കി.

ഏകാന്തതയുടെ അപാരതയും പ്രശാന്തതയുടെ ആര്‍ദ്രസാന്നിധ്യവും പ്രക്ഷുബ്ധതയുടെ ഘനശ്യാമതാളവും വിഷാദാത്മകതയുടെ ശില്‍പ്പസൗന്ദര്യവും ലയിച്ചുചേരുന്ന പ്രകൃതിയുടെ അന്യൂന ചൈതന്യമായിട്ടാണ് നെരൂദ സമുദ്രത്തെ വരച്ചുവെക്കുന്നത്. സ്‌നേഹമസൃണമായ ആത്മസഖിയുടെ സ്പര്‍ശമാണ് കവിക്ക് കടല്‍. അവള്‍ അമ്മയെപ്പോലെ സ്‌നേഹം ചുരത്തുന്നവളാണ്. അകൃത്രിമമായ ആ അപാരതയില്‍ കോപത്തിന്റെ തിരയലറുമ്പോഴും വാത്സല്യത്തിന്റെ സൗമ്യസംഗീതമായി ലയിക്കുമ്പോഴും കവിക്കത് പ്രകൃതിയുടെ ദ്വന്ദ്വഭാവങ്ങളായിട്ടേ കാണാന്‍ കഴിയൂ. നെരൂദ, പ്രകൃതിയെ നോക്കിക്കാണുകയല്ല; ആഴ്ന്നിറങ്ങുകയാണ്. കവി ഏകാകിയായി മുറിക്കകത്തു കഴിയുമ്പോള്‍, സമുദ്രം അതിന്റെ പതനുരയും കണ്ണുകളാല്‍ തന്നെ ഉറ്റുനോക്കുകയും വിളിച്ചുണര്‍ത്തുകയും ചെയ്തതിനെക്കുറിച്ച് കവി പറയുന്നുണ്ട്.

ഒരിക്കല്‍ ഇന്ത്യസന്ദര്‍ശിച്ച നെരൂദയെ ഇവിടുത്തെ പ്രകൃതിയുടെ അചുംബിത സൗന്ദര്യം ആഴത്തില്‍ സ്പര്‍ശിക്കുകയുണ്ടായി. ബോംബെ നഗരത്തിലെ പാതയോരത്ത് തളര്‍ന്നുറങ്ങുന്ന അശരണരായ മനുഷ്യരുടെ ദൈന്യത കവിയെ വേദനിപ്പിച്ചു. കൊളോണിയല്‍ ഭരണം ഇന്ത്യക്കു സമ്മാനിച്ച ദുരിതത്തെക്കുറിച്ചദ്ദേഹം എഴുതിയിട്ടുണ്ട്. സിങ്കപ്പൂരിലെ കാഴ്ചബംഗ്ലാവുകളും ഇന്ത്യയിലെ കാളിക്ഷേത്രവും സുമാത്രയിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനുമെല്ലാം ആ കാവ്യഭാവനയ്ക്ക് മിഴിവേകി. കാഴ്ചബംഗ്ലാവുകളിലെ കൂട്ടിലടയ്ക്കപ്പെട്ട പക്ഷികളുടെ ചിറകടികള്‍ ആ സ്വാതന്ത്ര്യദാഹിയെ വേദനിപ്പിച്ചു. നിസ്സഹായരായ മൃഗങ്ങളുടെ വനരോദനം, ആ കവിഹൃദയത്തെ വേട്ടയാടി.

ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ മഹാത്മാഗാന്ധി, നെഹ്‌റു, നേതാജി തുടങ്ങിയവരുമായി കൂടിക്കാഴ്ചനടത്തുകയുണ്ടായി. ഗാന്ധിജിയെക്കുറിച്ചദ്ദേഹം പറയുന്നത് 'സമര്‍ഥനായ കുറുക്കന്റെ ഭാവമുള്ള ആള്‍' എന്നാണ്. ബുദ്ധന്റെ ധ്യാനനിമഗ്നമായ പ്രതിമ അദ്ദേഹത്തെ പിടിച്ചു നിര്‍ത്തി.

രക്തവിവാഹം എന്ന നാടകത്തിന്റെ കര്‍ത്താവായ വിശ്വവിഖ്യാത ലാറ്റിനമേരിക്കന്‍ കവി, ലോര്‍ക്ക നെരൂദയുടെ സമകാലികനായിരുന്നു. നെരൂദയെപ്പോലെതന്നെ പ്രകൃതി സ്‌നേഹിയും വിപ്ലവകാരിയുമായിരുന്നു ലോര്‍ക്കയും. 1933-ലാണ് നെരൂദ, ലോര്‍ക്കയെ ആദ്യമായി കാണുന്നത്. സ്ഥലം ബ്യൂണസ് അയേഴ്‌സ് രക്തവിവാഹമെന്ന തന്റെ നാടകം സംവിധാനം ചെയ്യാന്‍ വേണ്ടിയാണ് ലോര്‍ക്ക നഗരത്തിലെത്തിയത്. അവിടെവെച്ച് അവര്‍ സുഹൃത്തുക്കളായി. ഗബ്രിയേല്‍ ഗാര്‍സിയ മര്‍ക്വേസ്, ഫിദല്‍ കാസ്‌ട്രോ തുടങ്ങിയ മഹാരഥന്മാരുമായുള്ള നെരൂദയുടെ ആത്മബന്ധം പ്രസിദ്ധമാണ്. 1973-ല്‍ പാവനമായ ആ കവിഹൃദയം നിലയ്ക്കുംവരെ, അത് രമണീയമായ പ്രപഞ്ചത്തിനും മാനവരാശിക്കും വേണ്ടി തുടിച്ചു.

*
പി പി സത്യന്‍ ജനയുഗം

Thursday, April 18, 2013

പുതുകഥയുടെ ഫ്രീസിങ്

കഥയുടെ കലയില്‍ ഒരു വഴിമാറിനടപ്പ് സാധ്യമാക്കിയ കഥാകൃത്താണ് സന്തോഷ് ഏച്ചിക്കാനം. കഥയുടെ കലാസൃഷ്ടിയില്‍ ദാര്‍ശനികമായ സൂചനകള്‍ നിരവധിയുണ്ട്. കഥാകൃത്തും ബാഹ്യലോകവുമായുള്ള ഭിന്നിപ്പുകളെയും ചേര്‍ന്നിരിപ്പുകളെയും എല്ലാ കഥകളിലും ചര്‍ച്ചയ്ക്ക് വിഷയമാകുന്നുണ്ട്. ചെറ്റയായ സാമൂഹിക ജീവിതങ്ങളുടെയും സമ്പന്നമായ ഓര്‍മകളുടെയും ഖണ്ഡങ്ങളാണ് സന്തോഷിന് കഥയെഴുത്ത്. വികാരങ്ങളുടെ അമിതഭോഗങ്ങളോ പ്രണയധ്യാനങ്ങളോ ഈ കഥാകൃത്തിന്റെ വിഷയങ്ങളല്ല. മറിച്ച് സമൂഹത്തിന്റെ വിശുദ്ധരോഗങ്ങളാണ് കഥയെഴുത്തിനുള്ള വഴി തുറക്കുന്നത്. ""കഥാപാത്രങ്ങളും പങ്കെടുത്തവരും"", ""ഒരു ചിത്രകഥയിലെ നായാട്ടുകാര്‍"", ""കൊമാല"", ""ഒറ്റവാതില്‍"", ""കഥകള്‍ സന്തോഷ് ഏച്ചിക്കാനം"" എന്നീ കഥാസമാഹാരങ്ങള്‍ മാത്രംമതി ഈ കഥാകൃത്തിനെ അടയാളപ്പെടുത്താന്‍. എഴുത്തിന്റെ അതിഭീമമായ ക്രിയാതലങ്ങള്‍ വെളിപ്പെടുത്തുന്നതാണ് ഈ അഭിമുഖവും.

? പുതുകഥാസാഹിത്യത്തെ എങ്ങനെ വിലയിരുത്തുന്നു 

മലയാളകഥയില്‍ കേരളീയജീവിതത്തെ അടുത്തറിയുകയും ആഴത്തില്‍ നിരീക്ഷിക്കുകയും അനുഭവിപ്പിക്കുകയും ചെയ്യുന്ന ധാരാളം കഥകളുണ്ടാവുന്നുണ്ട്. ഇന്ന് കവിതയെക്കാളും കൂടുതല്‍ വായിക്കപ്പെടുന്നത് കഥയാണ്. അതിന്റെ ഏറ്റവും ചെറിയ സ്പന്ദനങ്ങള്‍വരെ വായനക്കാരെ പിടിച്ചെടുക്കുന്നുണ്ട്. ഇലക്ട്രോണിക് മീഡിയയില്‍ കവിത ശക്തമെന്നു തോന്നുമ്പോഴും വളരെ ചെറിയ ഒരായുസ്സിനുശേഷം വാല്‍നക്ഷത്രങ്ങളെപ്പോലെ പൊലിഞ്ഞുപോകുന്നതാണ് ഇ-രചനകള്‍. വളരെക്കുറച്ച് കഥകളേ ഉണ്ടാവുന്നുള്ളു. വളരെ കുറച്ചുപേരെ കഥകളെഴുതുന്നുള്ളു. ക്വാണ്ടിറ്റി കുറഞ്ഞെങ്കിലും പക്ഷേ ക്വാളിറ്റി കൂടുതലാണ്.

?"സദാചാരം" ഇന്നൊരു വിശുദ്ധ ജ്ഞാനമല്ല. സദാചാര ക്രിയകള്‍ക്കുവേണ്ടി പ്രായോഗിക ജീവിതത്തില്‍ ഇടപെടുകയും എഴുത്തിലേക്കുവരുമ്പോള്‍ സദാചാരം എന്ന തത്വത്തിന് വിപരീതമായി എഴുത്തിനെ ഉപയോഗിക്കുകയും ചെയ്യുന്ന നമ്മുടെ കഥാകാരികളുടെ നിലപാടുകളെക്കുറിച്ച് എന്തുതോന്നുന്നു


പുതുകഥയുടെ കലയ്ക്ക് വ്യത്യസ്തമായൊരു സൗന്ദര്യശാസ്ത്ര വ്യവസ്ഥയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. മാധവിക്കുട്ടി ശരീരസംബന്ധിയായ കഥകളെഴുതിയിട്ടുണ്ട്. അവ പ്രതിഷേധത്തിന്റെ ശബ്ദങ്ങളായിരുന്നു. മലയാളത്തിലെ മികച്ച കഥകളില്‍ ഒന്നാണ് സിതാരയുടെ "അഗ്നി". ഒരു പെണ്ണിന്റെ ശരീരത്തിന്റെ ആവിഷ്കാരത്തോടൊപ്പം ആത്മാവിന്റെ ആവിഷ്കാരംകൂടി നടപ്പില്‍വരുത്തുന്ന കഥയാണിത്. അപ്പോള്‍ ശരീരത്തിന്റെ ആവിഷ്കാരം എന്നത് ആത്മാവിന്റെ ആവിഷ്കാരം കൂടിയായി മാറുന്നു. അഗ്നി എന്ന കഥയുടെ പ്രമേയം ശ്രദ്ധിക്കുക - പെണ്‍കുട്ടിയെ മൂന്നുനാലുപേര്‍ സ്ഥിരമായി ബലാത്സംഗം ചെയ്യുന്നു. പിറ്റേ ദിവസം പെണ്‍കുട്ടി ഒരുവനെ വിളിച്ചുപറയുന്നു. നീയാണ് ഗംഭീരമായിട്ട് ചെയ്തുതന്നത്. അതിലൂടെ അവന്‍ രതിക്കപ്പുറമുള്ള ഒരു സ്നേഹത്തിലേക്ക് വളരുന്നു. സെക്സിന് അപ്പുറം പ്രണയമാണ്. ഇതൊരു ലൈംഗികകഥയല്ല. ഇവിടെ സദാചാരത്തിനുവേണ്ടി പ്രത്യക്ഷമായി വാദിക്കുന്നില്ല. പിന്നെ മാധവിക്കുട്ടിയുടെ കാലഘട്ടമല്ലിത്. മാധവിക്കുട്ടി ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ വിളനിലം ഉണ്ടാക്കി. ലളിതാംബിക അന്തര്‍ജനം സ്ത്രീയുടെ മനസ്സിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചെഴുതി. മാധവിക്കുട്ടി ശാരീരികമായ സ്വാതന്ത്ര്യത്തെക്കുറിച്ചെഴുതി. സാറാ ജോസഫിനെപ്പോലെയുള്ളവര്‍ അത് തുടര്‍ന്നുകൊണ്ടിരിക്കുന്നു.

?സന്തോഷിന്റെ കഥാക്ഷരങ്ങള്‍ക്ക് മനുഷ്യരൂപം ഉള്ളതായി പലരും നിരീക്ഷിച്ചിട്ടുണ്ട്. ഇത് കഥയുടെ ഒരു പുതിയ ഡിസൈനായി നിര്‍വചിക്കാനാവുമോ


ഞാന്‍ കുറച്ചു കഥകളേ എഴുതിയിട്ടുള്ളു. ഓരോന്നും വ്യത്യസ്തമായിരിക്കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. സ്പെഷ്യല്‍ ഇഷ്യൂസില്‍ എഴുതാന്‍ വേണ്ടിയൊന്നും ഞാനെഴുതാറില്ല. ഒരു വര്‍ഷം മൂന്നോ നാലോ കഥകളേ എഴുതാറുള്ളു. സമൂഹത്തെ അടയാളപ്പെടുത്താനാണ് ഞാന്‍ എഴുതുന്നത്. ജീവിക്കുന്ന കാലത്തിന്റെ സംഭവങ്ങളെയും പ്രശ്നങ്ങളെയും കൃത്യമായി ആവിഷ്കരിക്കാന്‍ പറ്റുമെങ്കില്‍ മാത്രമേ ഞാന്‍ എഴുതാറുള്ളു. ജീവിക്കുന്ന കാലത്തെ അടയാളപ്പെടുത്തല്‍ എളുപ്പപ്പണിയല്ല, വളരെ വലിയ നിരീക്ഷണബുദ്ധിയുടെ ഔട്ട്പ്രൊഡക്ടാണത്. അതാണ് കഥാക്ഷരങ്ങള്‍ക്ക് മനുഷ്യരൂപം നല്‍കുന്നത്.

?താങ്കളുടെ കഥയുടെ രാഷ്ട്രീയം വ്യക്തമാക്കാമോ

ഞാന്‍ പ്രണയകഥകള്‍ അധികം എഴുതിയിട്ടില്ല. എന്റെ എല്ലാ കഥകള്‍ക്കുപിന്നിലും കൃത്യം പൊളിറ്റിക്സ് ഉണ്ട്. അതുകൊണ്ടുതന്നെ ഒട്ടുമിക്ക കഥകള്‍ക്കും ഒരു പുതിയ ക്രാഫ്റ്റും ഇമേജസും പുതിയ രീതികളും നടപ്പില്‍ വരുത്താറുണ്ട്. ഭയങ്കരമായ എന്റര്‍ടെയ്ന്‍മെന്റിന്റെ ലോകത്താണ് നാം. ഒരുപാട് എന്റര്‍ടെയ്ന്‍മെന്റില്‍ ഒന്നാണ് കഥ. അത്തരത്തില്‍ കൂടുതല്‍ ഊര്‍ജം ഇന്‍വെസ്റ്റ് ചെയ്യേണ്ടുന്ന സാഹിത്യരൂപമാണ് കഥ. എല്ലാവര്‍ക്കും രസകരമായ രീതിയില്‍ എഴുതുക. ഒരു വിശ്വമാനവിക പൊളിറ്റിക്സ് ഉണ്ടായിരിക്കുക. ഇതൊക്കെ ഒരു കഥാകൃത്തിന്റെ അജന്‍ഡയും ലക്ഷ്യവുമാണ്. എന്റെ "ഉഭയജീവിതം" എന്ന കഥപോലും കൃത്യമായ പൊളിറ്റിക്സിന്റെയും പരിസ്ഥിതിയുടെയും ഫിലോസഫിയുടെയുമൊക്കെ സമ്മിശ്ര ഉല്‍പ്പന്നമാണ്.

?നിലനില്‍ക്കുന്ന സാഹിത്യലോകത്തെയും (എഴുത്തിനെയും വായനയെയും) ഒക്കെ വായനക്കാര്‍ സംശയദൃഷ്ടിയോടെ വിലയിരുത്തുകയും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഇങ്ങനെയുള്ള പ്രതിസന്ധികളെ എങ്ങനെ വിലയിരുത്തുന്നു

ചേതന്‍ ഭഗതിന്റെ രചനകള്‍ ഒറ്റ വായനയ്ക്കുള്ള സംഭവങ്ങള്‍ മാത്രമാണ്. അവ മധുരതരമായ ഒരു ഇക്കിളി മാത്രമാണ്. ഉന്നതമായ മധ്യവര്‍ഗത്തെയോ കീഴാള വര്‍ഗത്തെയോ ആവിഷ്കരിക്കുകയോ സ്വാധീനിക്കുകയോ ചെയ്തിട്ടില്ല. ഐടി മേഖലയെ മാത്രം ലക്ഷ്യംവയ്ക്കുന്ന സിനിമകളുണ്ടാകുന്നു. ചേതന്‍ ഭഗതിനെ വായിച്ചില്ലെങ്കില്‍ മോശമാണെന്ന രീതിയില്‍ എല്ലാവരും വായിക്കുന്നു. ഇന്ത്യയുടെ ജീവിതത്തെ ഒരു തരിപോലും അതില്‍ ആവിഷ്കരിച്ചിട്ടില്ല. അതില്‍ നമ്മുടെ സാഹിത്യവും നമ്മുടെ രാഷ്ട്രീയവുമൊന്നുമില്ല. ഞാന്‍ ഉള്‍പ്പെടുന്ന എഴുത്തുകാര്‍ കാശിനുവേണ്ടി എഴുതാറില്ല. എം മുകുന്ദന്‍ തന്റെ ചിക്കാഗോ യാത്രയെക്കുറിച്ചെഴുതിയപ്പോള്‍ അതില്‍ ഒരു അനുഭവം രേഖപ്പെടുത്തുന്നുണ്ട്. ചെറുപ്പക്കാരനായ ഒരു എഴുത്തുകാരന് വിദേശത്തുള്ള മാര്‍ക്കറ്റിനെക്കുറിച്ചുള്ളതാണത് - ഒരു കോണ്‍ഫറന്‍സില്‍ ഒരു യുവ എഴുത്തുകാരനെ കാണാനെത്തുന്നത് ആയിരം പേരാണ്. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടാണ് കാണാന്‍വരുന്നത്. പതിനഞ്ചുലക്ഷം രൂപയാണ് ഈ ചെറുപ്പക്കാരന് ഒറ്റ സിറ്റിങ്ങിലെ വരുമാനം. ജനങ്ങള്‍ ഇന്ന് വാക്കുകളെയും ശരീരത്തെയും കച്ചവടവല്‍ക്കരിക്കുന്നു. ഇവിടെ എഴുത്തുകാരന്‍ വായനക്കാരന്റെയുള്ളില്‍ ഇന്‍ജെക്ട് ചെയ്യുന്നത് ഇന്റര്‍ ആക്ടിവിറ്റിയാണ് ഇന്റര്‍ പാസിവിറ്റിയല്ല. പുസ്തകലോകം ഒരു വന്‍വിപണിയാണ്. പൗലോ കൊയ്ലോ ഇപ്പോള്‍ എഴുതാറില്ല. ആകെ നന്നായി എഴുതിയത് ആല്‍ക്കെമിസ്റ്റ് മാത്രമാണ്. അയാള്‍ എഴുതുന്നത് വിഡ്ഢിത്തങ്ങളും മണ്ടത്തരങ്ങളുമാണ്. ഇവിടുത്തെ വനിതാ-ഗൃഹലക്ഷ്മി എഴുത്തുകളുടെ സ്റ്റാന്‍ഡേര്‍ഡ് പോലുമില്ല പൗലോ കൊയ്ലോയ്ക്ക്. ഇന്ന് മലയാളിയുടെ ഹിസ്റ്റീരിയയാണ് പൗലോ കൊയ്ലോ. ഈ എഴുത്തുകാരന്റെ സ്വഭാവത്തെ മാര്‍ക്കറ്റ് ചെയ്യുകയാണ് നമ്മുടെ പൊതുലക്ഷ്യം. ഈ എഴുത്തുകൊണ്ട് പത്തുപൈസ വരുമാനമുണ്ടാക്കുകയാണ് നമ്മളില്‍ പലരുടെയും ആഗ്രഹംപോലും. ഇത്തരം പ്രതിസന്ധികളെ എഴുത്തിലൂടെ മറികടക്കാനാണ് ഞാനുള്‍പ്പെടുന്ന പുതുതലമുറ ശ്രമിക്കുന്നത്.

?ഒന്നിലധികം ചേരുവകളുടെ ഉല്‍പ്പന്നമാണ് സിനിമ. ഇന്ന് പക്ഷേ കഥയെഴുത്തില്‍നിന്ന് സിനിമയിലേക്കും സിനിമയില്‍നിന്ന് കഥയിലേക്കുമുള്ള സഞ്ചാരങ്ങള്‍ അതിസാധാരണമായ രീതിയായി പുരോഗമിക്കുന്നു. സന്തോഷ്് എന്ന കഥാകാരനും അത്തരത്തില്‍ ഇടപെടുന്നുണ്ട്. സിനിമാസാഹിത്യവും കഥാസാഹിത്യവും തമ്മില്‍ ഏറ്റുമുട്ടുന്നത് എവിടെയാണ്

കഥാസാഹിത്യത്തിന് ഒരു ത്രിമാനതലമാണുള്ളത്. എഴുത്തുകാരന്‍, അയാളുടെ പേന, അയാളുടെ ആത്മാവ്. ഈ മൂന്നു തലങ്ങളുടെ സംഗമവേദിയില്‍ വച്ച് സംഭവിക്കുന്ന പരിണാമമാണ് കഥാസാഹിത്യം. സിനിമ ഒരു കൂട്ടായ്മയുടെ സൃഷ്ടിയാണ്. വ്യക്തിയുടെ സൃഷ്ടിയല്ല. കഥയില്‍ ഞാനാണ് കിങ്. ഒരു സംവിധായകന്‍ ഒരു റഫറിയെപ്പോലെയാണ്. ഒരു സര്‍ഗാത്മകമായ സംവിധാനം നടന്റെ കഴിവ്, സംവിധാനത്തിന്റെ മികവ്, സ്ക്രിപ്റ്റിന്റെ പൂര്‍ണത, അഭിനയത്തിന്റെ തികവ്, സംഗീതത്തിന്റെ അകമ്പടി ഒക്കെ ചേരുമ്പോള്‍ സംഭവിക്കുന്ന ഒന്നാണ്. എല്ലാ സാങ്കേതികരൂപങ്ങളും കൂടിച്ചേരുമ്പോഴാണ് സിനിമ പൂര്‍ണമാകുന്നത്. അവിടെ സാമ്പത്തിക സ്രോതസ്സ് ഉണ്ടാകുന്നു. സിനിമയില്‍ പല അഭിരുചികള്‍ ഉണ്ടാകുന്നു. പ്രൊഡ്യൂസറിന്റെ അഭിരുചികള്‍ക്ക് ചിലപ്പോള്‍ മേല്‍ക്കോയ്മ ഏറുന്നു. ചില നേരങ്ങളില്‍ പത്രക്കാരന്റെ സ്വാതന്ത്ര്യത്തേക്കാള്‍ പത്രമുതലാളിയുടെ സ്വാതന്ത്ര്യത്തിന് മേല്‍ക്കോയ്മ കിട്ടുന്നതുപോലെ തന്നെയാണ് സിനിമയിലും. റൈറ്റര്‍ ഓരോ സംവിധായകന്റെയും ഇഷ്ടമനുസരിച്ച് മാറേണ്ടിവരുന്നു. സിനിമയ്ക്ക് ഒരുപാട് അസ്വാതന്ത്ര്യമുണ്ട്. അപ്പോള്‍തന്നെ ഇതിനുള്ളില്‍നിന്നുകൊണ്ട് പറയാനുള്ളത് പറയാന്‍ സാധിക്കും. സിനിമയ്ക്ക് വളരെ ചെറിയ കാര്യങ്ങള്‍പോലും വളരെ ശക്തമായി ജനങ്ങളിലെത്തിക്കാന്‍ സാധിക്കും. സിനിമ ഒരിക്കലും സത്യമല്ല. എഴുത്തുതന്നെയാണ് ഏറ്റവും ശക്തവും സത്യവും.

? ഇന്നത്തെ എഴുത്തുകാരന് വായനശീലം ഇല്ലായെന്നാണ് പറയപ്പെടുന്നത്. വായിക്കാതെ എഴുതുന്നത് അപകടം പിടിച്ച പണിയല്ലേ.

പണ്ട് ലൈബ്രറിയില്‍നിന്നാണ് പുസ്തകം ബോറോ  ചെയ്തിരുന്നത്. അന്ന് പുസ്തകത്തിന്റെ അവയിലബിലിറ്റി അങ്ങനെയായിരുന്നു. ഇന്നത്തെ സാമ്പത്തികമുന്നേറ്റം അനുസരിച്ച് ഹോം ലൈബ്രറികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇന്റര്‍നെറ്റിലൂടെയുള്ള വായന ശക്തിപ്പെട്ടിട്ടുണ്ട്. വായന കുറഞ്ഞുപോയിട്ടില്ല. പുസ്തകം ഇഷ്ടംപോലെ വിറ്റുപോകുന്നുണ്ട്. ഇതൊക്കെ പറയുമ്പോള്‍തന്നെ പുതിയ തലമുറ ബുദ്ധിയുടെ കാര്യത്തിലും വായനയുടെ കാര്യത്തിലും പിന്നോട്ടുപോയിട്ടുണ്ട് എന്ന വസ്തുത വിസ്മരിക്കുന്നില്ല. എന്റെ മുന്‍തലമുറയിലെ എഴുത്തുകാരായ സേതുവും മുകുന്ദനും എന്‍ പ്രഭാകരനെയുമൊക്കെപ്പോലെ പുതിയ തലമുറ ആഴത്തില്‍ വായിക്കുന്നില്ല. അവര്‍ക്ക് അനേകം പുസ്തകങ്ങളില്‍നിന്ന് ലഭിച്ചത് ഇന്ന് ഒരു ദൃശ്യത്തില്‍നിന്നും കിട്ടാം. എഴുത്തുകാരന്‍ ഒറേഷ്യസ്  റീഡര്‍ ആകണമെന്നില്ല. ഇതൊരു വര്‍ഗാത്മക പ്രവര്‍ത്തനമാണ്. എപ്പോഴും നോവലുകളും കഥകളും കവിതകളും വായിക്കണമെന്നില്ല. ജാതിയെയും മതത്തെയും ചരിത്രത്തെയും ഒക്കെക്കുറിച്ചുള്ള വായനകളും മറുസൈഡില്‍ പ്രബലപ്പെടുന്നുണ്ട്. ഇന്നത്തെ വായനയ്ക്ക് തെരഞ്ഞെടുപ്പിന്റെ വ്യത്യസ്തതയുണ്ട്. എന്നിരുന്നാലും മുന്‍തലമുറ വായിച്ചത്ര പുതിയ തലമുറ വായിക്കുന്നില്ല.

? ലോകസാഹിത്യത്തെ ഇറക്കുമതിചെയ്യുന്ന ഒരു വമ്പന്‍ മാര്‍ക്കറ്റാണ് ഇന്ന് കേരളം എന്നൊരു പരാമര്‍ശമുണ്ട്. ലോകസാഹിത്യത്തിന്റെ ഇത്തരം ഇറക്കുമതി മലയാളസാഹിത്യത്തെ തമസ്കരിക്കലല്ലേ.

യോസയെക്കുറിച്ചും പൗലോ കൊയ്ലോയെക്കുറിച്ചുമുള്ള എഴുത്തുകളും പഠനങ്ങളുമാണ് മലയാളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഉറൂബിനെ വായിക്കാത്തവരുണ്ട്. ലോകസാഹിത്യത്തിലെ ചവര്‍സാധനങ്ങളുടെ ട്രാന്‍സ്ലേഷന്‍ വന്നിട്ടുണ്ട്. ലോകസാഹിത്യത്തെക്കുറിച്ചോ മലയാളസാഹിത്യത്തെക്കുറിച്ചോ വിവരമില്ലാത്തവരാണ് നമ്മുടെ ട്രാന്‍സ്ലേറ്റേഴ്സ്. ബന്യാമിന്റെ "ആടുജീവിതം" നല്ല രചനയാണ്. സാറാ ജോസഫിന്റെ കൃതികള്‍ അത്തരത്തില്‍ ഇവിടെ ട്രീറ്റ് ചെയ്യപ്പെടുന്നില്ല. മലയാളിയുടെ ഏങ്കോണിച്ച സ്വഭാവങ്ങള്‍ വിദേശസാഹിത്യത്തെ ഗംഭീരമായി വിറ്റഴിക്കാന്‍ പ്രചോദനമാവുകയും നമ്മുടെ നല്ല രചനകളെ തമസ്കരിക്കുകയും ചെയ്യുന്നുണ്ട്. ഏത് ചവറും എടുത്തുവായിക്കുന്ന മലയാളി ഇവിടുത്തെ പ്രാദേശിക കാഴ്ചകളും രാഷ്ട്രീയ ഉന്നതിയുമുള്ള എന്‍ പ്രഭാകരന്റെ ""തീയ്യൂര്‍ രേഖകള്‍"" വായിച്ചിട്ടുണ്ടാവില്ല. മുകുന്ദന്റെ കാലഘട്ടത്തിലും യൂറോപ്യന്‍ സാഹിത്യത്തിലേക്ക് നമ്മുടെ കണ്ണുകള്‍ തിരിച്ചുവച്ചിരിക്കുകയായിരുന്നു. കാഫ്ക, കമ്യു, യോനസ്കെ അങ്ങനെ എത്രയോ പേരില്‍... അന്ന് ഇംഗ്ലീഷില്‍ തിരിച്ചുവച്ചു. ഇന്ന് മലയാളത്തില്‍ തിരിച്ചുവയ്ക്കുന്നു.

? വിവിധ ഇന്ത്യന്‍ ഭാഷകളിലേക്ക് നമ്മുടെ മലയാള കഥകള്‍ (നോവല്‍/കവിത) വിവര്‍ത്തനം ചെയ്യപ്പെടുന്നുണ്ട്. ഇതു പണ്ടത്തെക്കാള്‍ സജീവവുമാണ്. ഇത്തരം പ്ലെയ്സ്മെന്റുകള്‍  മലയാളകഥ അര്‍ഹിക്കുന്നുണ്ടോ.

കമ്യൂണിക്കേഷന്റെ  വിപ്ലവകരമായ മാറ്റമാണിത്. ഇതൊരു ഗുണപരമായ കാര്യമാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പിലൊക്കെ വരുന്ന കഥകള്‍ ഉടനെതന്നെ ഹിന്ദിയിലും തമിഴിലും ഒക്കെ വരുന്നുണ്ട്. മീന കന്ദസ്വാമിയുടെ പുസ്തകങ്ങള്‍ മലയാളത്തില്‍ വരുന്നുണ്ട്. മലയാള കഥയുടെ തമിഴ്/മറാഠി പതിപ്പുകള്‍ വരുന്നുണ്ട്. സ്ഥലകാലങ്ങളുടെ മൂര്‍ത്തമായ സാഹചര്യങ്ങളില്‍ എല്ലാം മാറിക്കൊണ്ടിരിക്കുന്നതുപോലെതന്നെയാണ് കഥയുടെ പ്രാദേശിക പരിസരങ്ങളും അന്യഭാഷ (ഇന്ത്യയിലെ) കളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നത്.

? ഏറ്റവും നന്നായി താങ്കളുടെ കഥകളെ വിലയിരുത്തിയത് പി കെ രാജശേഖരനാണല്ലോ. താങ്കളുടെ കഥകളുടെ പ്രചാരണത്തിന് ഒരു നിരൂപകന്‍ ആവശ്യമുള്ളതായി തോന്നിയിട്ടുണ്ടോ.

കുറച്ചുപേരെ നിരൂപണരംഗത്ത് നിലനില്‍ക്കുന്നുള്ളു. നല്ല രീതിയില്‍ നിരൂപണം ചെയ്യുന്നവര്‍ ഇന്നില്ല. കെ പി അപ്പനെപ്പോലെയുള്ള നിരൂപകര്‍ ആധുനികകാലത്തെ എഴുത്തുകാരെക്കുറിച്ച് ആഴമായി പഠിച്ചിട്ടുണ്ട്. ഇന്ന് പുതിയകാലത്തെ എഴുത്തുകാരെ പഠിക്കാന്‍ നിരൂപകരില്ല. സത്യസന്ധതയില്ലാത്ത നിരൂപണമാണ് ഇന്നുള്ളത്. അതുകൊണ്ടുതന്നെ വായനക്കാരന്‍ നിരൂപകനെ തള്ളിക്കളഞ്ഞു. നിരൂപകര്‍ക്ക് രണ്ട് പ്രശ്നങ്ങളാണുള്ളത്. ഒന്ന്: എഴുത്തുകാരനും വായനക്കാരനുമിടയില്‍ ഉള്ള വന്‍മതില്‍ ദുരീകരിക്കുന്നതിനുപകരം അടിച്ചേല്‍പ്പിക്കലായി. രണ്ട്: എഴുത്തുകാരനും വായനക്കാരനും ഇടയിലുള്ള ഈ മതിലിനെ പൊളിച്ചുകളയണം. മാത്രമല്ല പൊളിറ്റിക്കല്‍ ഗ്രഡ്ജ് മാറ്റാനും ചോദ്യം ചെയ്യാനുമൊക്കെയാണ് ഇന്ന് വിമര്‍ശനസാഹിത്യത്തെ ഉപയോഗിക്കുന്നത്. ഇന്‍ഹിബിഷനുകളില്ലാതെ കൈകോര്‍ത്തു നടക്കുന്ന പഴയ സംസ്കാരം ഉണ്ടാവുകയാണ് പ്രധാനം. പിന്നെ പി കെ രാജശേഖരന്‍ എന്റെ കഥകളെ സത്യസന്ധമായി വിലയിരുത്തിയതില്‍ സന്തോഷം തോന്നുന്നു.

? ""കഥകള്‍/സന്തോഷ് ഏച്ചിക്കാനം"" എന്ന പുസ്തകത്തെക്കുറിച്ചുള്ള വായനക്കാരുടെ വിലയിരുത്തലുകള്‍ ലഭിച്ചുതുടങ്ങിയോ.

ഇത് എന്റെ എഴുത്തിലെ ഗുണപരമായ ഒരു സംഭവമാണ്. ഓരോ കാലത്തും ഓരോ രീതിയാണ്. എന്റെ കഥകള്‍ വായനക്കാരന് ഒരുമിച്ചു കിട്ടുമ്പോള്‍ അതൊരു ഉപകാരമാണ്. വിറ്റുപോകുമ്പോള്‍ എഴുത്തുകാരനും അതിന്റെ സാമ്പത്തികനേട്ടം ഉണ്ടാകുന്നു. അതുപോലെ ഇതൊരു പ്രചോദനമാണ്. ജീവിക്കുന്ന കാലഘട്ടത്തെ സത്യസന്ധമായി ആവിഷ്കരിക്കാനുള്ള ആര്‍ജവം ഉണ്ടാവുക എന്ന പ്രാര്‍ഥന കൂടിയുണ്ട്. വായനക്കാരുടെ വിലയിരുത്തലുകള്‍ എന്നതിനേക്കാള്‍ ജീവിക്കുന്ന കാലഘട്ടത്തെ മറികടക്കുന്ന കഥകളാണ് ഇവയെന്ന് എനിക്കുതന്നെ തോന്നിയിട്ടുണ്ട്. തുര്‍ഗുനോവിന്റെ നോവല്‍ വായിച്ചാല്‍ അതിലെ കഥാപാത്രങ്ങള്‍ ഇന്നത്തെ കഥാപാത്രങ്ങള്‍ തന്നെയാണ് എന്ന് തോന്നും. ഒരു മനുഷ്യലോകത്തിന്റെ കഥകള്‍ പറഞ്ഞാല്‍ അത് എല്ലാക്കാലത്തിന്റെയും കഥയായിരിക്കും. ആ രീതിയില്‍ എന്റെ കഥകളും സ്വീകരിക്കപ്പെട്ടിട്ടുണ്ടെന്ന് തോന്നുന്നു.

*
സന്തോഷ് ഏച്ചിക്കാനം/സുനില്‍ സി ഇ ദേശാഭിമാനി വാരിക

Tuesday, April 9, 2013

റൂത്തിന് പകരമില്ല

റൂത്തിനെപ്പോലെ ഇനി ആരുമില്ല. ഇന്ത്യയെ അനുഭവത്തിന്റെ തീച്ചൂളയായി കണ്ട റൂത്ത് പ്രാവര്‍ ജബ്വാല എന്ന എഴുത്തുകാരിയുടെ 85-ാം വയസ്സിലെ മരണം ലോകത്തിലെ ഒരു അപൂര്‍വതയുടെകൂടി അന്ത്യമായി. സാഹിത്യത്തിലെ ഏറ്റവും അഭിജാത പുരസ്കാരങ്ങളില്‍പ്പെട്ട ബുക്കറും സിനിമയുടെ അവസാനത്തെ അംഗീകാരമെന്നു കരുതപ്പെടുന്ന ഓസ്കറും നേടിയ ഏക വ്യക്തി.

ജര്‍മനിയിലെ ജൂതകുടുംബത്തില്‍ ജനിച്ച റൂത്ത്, 12 വയസ്സില്‍ നാസി ജര്‍മനിയോട് വിടപറഞ്ഞ് ബ്രിട്ടനിലേക്ക് കുടിയേറി. ഇന്ത്യക്കാരനായ പാഴ്സി ആര്‍കിടെക്ട് സൈറസ് എച്ച് ജബ്വാലയെ വിവാഹം കഴിച്ചതോടെയാണ് ഇന്ത്യയിലെത്തുന്നത്. സന്തോഷ സന്താപങ്ങള്‍ ഇടകലര്‍ന്ന ഇന്ത്യന്‍ജീവിതം 24 വര്‍ഷം നീണ്ടു. റൂത്തിന്റെ മിക്ക രചനകളിലും ഇന്ത്യ പശ്ചാത്തലമായി. ഇന്ത്യന്‍ ജീവിതം പശ്ചാത്തലമായി വരുന്ന "ഹീറ്റ് ആന്‍ഡ് ഡസ്റ്റ്" എന്ന നോവലിന് 1975ല്‍ ബുക്കര്‍ പുരസ്കാരം ലഭിച്ചു.

രാജ്യാന്തരവിപണി ലക്ഷ്യംവച്ച് ഇന്ത്യ പശ്ചാത്തലമാക്കി ഇംഗ്ലീഷ് സിനിമ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യക്കാരനായ ഇസ്മയില്‍ മര്‍ച്ചന്റ് അമേരിക്കന്‍ സംവിധായകന്‍ ജെയിംസ് ഐവറിയുമായി ചേര്‍ന്ന് ഒരുക്കിയ "മര്‍ച്ചന്റ് ഐവറി" എന്ന സിനിമാക്കമ്പനി റൂത്തിന്റെ ജീവിതത്തില്‍ പുതിയ വഴിത്തിരിവായി. ഇംഗ്ലീഷ് സാഹിത്യത്തില്‍ പേരെടുത്തെങ്കിലും റൂത്ത് പൊതുവെ അന്തര്‍മുഖയായിരുന്നു. ആദ്യ സിനിമയ്ക്കുവേണ്ടി റൂത്തിനെ കാണാന്‍ മര്‍ച്ചന്റും ഐവറിയും ഡല്‍ഹിയിലെ വീട്ടിലെത്തിയപ്പോള്‍ അവരെ ഒഴിവാക്കാനായി റൂത്ത് വീട്ടുവേലക്കാരിയുടെ വേഷം കെട്ടിനിന്ന കഥ പ്രശസ്തമാണ്. "ദ ഹൗസോള്‍ഡര്‍" എന്ന ആദ്യ ചിത്രംതന്നെ ഹോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ടു. ശശികപൂറും ലീലനായിഡുമാണ് പ്രധാന വേഷത്തില്‍ എത്തിയത്. ഇ എം ഫോസ്റ്ററിന്റെ നോവലുകളെ അവലംബിച്ച് റൂത്ത് ഒരുക്കിയ "എ റൂം വിത്ത് വ്യൂ", "ഹോവാര്‍ഡ് എന്‍ഡ്" എന്നീ ചിത്രങ്ങള്‍ക്ക് മികച്ച അവലംബിത തിരക്കഥയ്ക്കുള്ള ഓസ്കറുകള്‍ ലഭിച്ചു. മര്‍ച്ചന്റ് ഐവറി കമ്പനിയുമായി 20 ചിത്രങ്ങളില്‍ സഹകരിച്ചു. എഴുപതുകളുടെ പകുതിയോടെ മകള്‍ക്ക് ഒപ്പം അമേരിക്കയിലേക്ക് ചേക്കേറി. ന്യൂയോര്‍ക്കില്‍ ബുധനാഴ്ചയായിരുന്നു അന്ത്യം.

"ഇരുപതാം നൂറ്റാണ്ടിലെ ജയിന്‍ ഓസ്റ്റിന്‍" എന്ന് ചില നിരൂപകര്‍ അവരെ വിലയിരുത്തുന്നു. നോവലുകളും ചെറുകഥാ സമാഹാരങ്ങളും ഉള്‍പ്പെടുന്ന 19 പുസ്തകങ്ങളിലായി റൂത്ത് പങ്കുവയ്ക്കുന്ന ജീവിത വീക്ഷണവും സാമൂഹിക കാഴ്ചപ്പാടുമാണ് ഈ വിശേഷണത്തിനു കാരണം.

*
ഗിരീഷ് ബാലകൃഷ്ണന്‍ ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

Sunday, March 24, 2013

ധര്‍മ്മപുരാണം നടപ്പിലാകുന്നു

മലയാളിയെ മനുഷ്യനാക്കിയ വലിയ കാലഘട്ടമായിരുന്നു ഇരുപതാം നൂറ്റാണ്ട്. അനവധി സംഘര്‍ഷങ്ങളും ചേരിപ്പോരുകളും അതിനെത്തുടര്‍ന്നുണ്ടായ പൊരുത്തപ്പെടലുകളും ജനസമൂഹത്തിനിടയില്‍ രൂപപ്പെട്ട കാലം. അതിന്റെ സന്തതിയായിട്ടാണ് ഒ വി വിജയന്‍ രൂപമെടുക്കുന്നത്. സൂക്ഷ്മമായ അപഗ്രഥനങ്ങളില്‍നിന്ന് അദ്ദേഹംതന്നെ തന്റെ പിറവിയെയും അത് സംഭവിക്കുന്ന കാലത്തെയും തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണ് ഒ വി വിജയന്‍ അധ്യാപകനാകുന്നതില്‍ പരാജയപ്പെടുകയും പില്‍ക്കാലത്ത് നല്ല അധ്യാപകരെ വാര്‍ത്തെടുക്കുന്ന ചരിത്രകാരനും സാഹിത്യകാരനും കാര്‍ട്ടൂണിസ്റ്റുമായി രൂപാന്തരപ്പെടുകയുംചെയ്തത്. കാലലീലയില്‍ "രൂപാന്തരപ്പെട്ടു" എന്നുതന്നെയാണ് അദ്ദേഹത്തെപ്പറ്റി പറയേണ്ടതെന്ന് തോന്നുന്നു.

ഒരു പ്രവാചകനായിരുന്നു അദ്ദേഹം എന്നു പറയാറുണ്ട്. ചരിത്രബോധമുള്ള ഒരു സാമൂഹികജീവിയായിരുന്നു അദ്ദേഹം എന്നാണ് അതിന്റെ വ്യാഖ്യാനം. മനുഷ്യനെന്ന നിലയിലും വസ്തുതകളെ അപഗ്രഥിക്കാന്‍ കഴിയുന്ന വ്യക്തിയെന്ന നിലയിലുമുള്ള ഉത്തരവാദിത്തമാണ് അദ്ദേഹത്തെക്കൊണ്ട് എഴുതിപ്പിച്ചതും വരപ്പിച്ചതും പറയിപ്പിച്ചതും ചിന്തിപ്പിച്ചതും. ആ ചിന്തയില്‍ അദ്ദേഹം മനസിലാക്കിയിരിക്കണം, പില്‍ക്കാലം തനിക്കു സംഭവിക്കാനിരിക്കുന്നതും. അദ്ദേഹം മുന്നേ കാണാത്തതൊന്നും ഇപ്പോഴും സംഭവിക്കുന്നുമില്ലല്ലോ. ബ്രിട്ടീഷ് സര്‍ക്കാര്‍ "മാപ്പിള ലഹള"യെ അമര്‍ത്താന്‍ രൂപീകരിച്ച മലബാര്‍ സ്പെഷ്യല്‍ പൊലീസില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന അച്ഛനില്‍നിന്ന് വിജയന്‍ ചരിത്രത്തെ ഗ്രഹിച്ചുതുടങ്ങിയെന്നുവേണം അനുമാനിക്കാന്‍. കുട്ടിക്കാലത്ത് അരീക്കോട്ടെ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ ചുമരുകളില്‍ വരയ്ക്കുന്നത് കണ്ടിട്ട് വര കൊണ്ട് ഇവന്‍ ജീവിതം പുലര്‍ത്തുമെന്ന് മുത്തശ്ശി അഭിലഷിച്ചിരുന്നതായും ഒരിടത്ത് അദ്ദേഹം എഴുതിയിരുന്നു.

വര തെരഞ്ഞെടുത്തതിനൊപ്പം ഉന്നതമായ ചരിത്രബോധവും അദ്ദേഹം തെരഞ്ഞെടുത്തു. വെറും വരയ്ക്ക് ചരിത്രത്തിന്റെ കനപ്പെട്ട അറിവ് ആവശ്യമില്ല. എന്നാല്‍, കാര്‍ട്ടൂണ്‍ രചനയ്ക്ക് വിശേഷിച്ചും രാഷ്ട്രീയ കാര്‍ട്ടൂണ്‍ രചനയ്ക്ക് ചരിത്രപാഠം അത്യാവശ്യമാണുതാനും. അതില്‍ നിന്നാണ് ഒ വി വിജയന്റെ ജീവിതവും സാഹിത്യവും സന്ദേഹങ്ങളും ചോദ്യോത്തരങ്ങളും രൂപപ്പെടുന്നത്. മലപ്പുറത്തെ ജീവിതാരംഭത്തില്‍ അദ്ദേഹം പഠിക്കുന്ന പ്രധാനചരിത്രപാഠം കേരളീയ മുസ്ലിം ജീവിതത്തെ സംബന്ധിച്ച യാഥാര്‍ഥ്യങ്ങളും അവയ്ക്കിടയില്‍ കിടന്നു വേദനിക്കുന്ന സ്വപ്നങ്ങളുമായിരുന്നിരിക്കണം. ഇന്നത്തെ മുസ്ലിം സമുദായം ഒരുപാട് മാറിപ്പോയി. അതിന് വിദ്യാഭ്യാസത്തിന്റെയും സമ്പത്തിന്റെയും പിന്‍ബലം വന്നു. അന്നത്തെ മലബാര്‍ പല വിധത്തിലും പുകഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. തിരുവിതാംകൂറിലെയോ കൊച്ചിയിലെയോ അത്രതന്നെ ജാതിസ്പര്‍ധ മലബാറിനെ ആവേശിച്ചിരുന്നില്ലെങ്കിലും ഏറനാടന്‍ മണ്ണില്‍ കനത്ത മാപ്പിളബോധം കത്തിനിന്നിരുന്നു. അതില്‍ മതാതീതമായ ആത്മീയതലവും ഉള്‍ച്ചേര്‍ന്നിരുന്നു. വിജയന്‍ ആദ്യമായി സ്വീകരിക്കുന്നത് ആ ആത്മീയതലമാണ്. കോട്ടയ്ക്കലിലും അരീക്കോട്ടും മറ്റ് ഏറനാടന്‍ ഭാഗങ്ങളിലും ബ്രിട്ടീഷ് പൊലീസിലെ വലിയ ഉദ്യേഗസ്ഥന്റെ മകനെന്ന നിലയിലും അനാരോഗ്യമുള്ള കുട്ടി എന്ന നിലയിലും വിജയന്‍ അനുഭവിച്ച ആനുകൂല്യങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും അന്നത്തെ ദേശീയ-പ്രാദേശിക രാഷ്ട്രീയത്തിന്റെയും പ്രാദേശിക ജാതിബോധത്തിന്റെയും ഇവിടെ വന്നു വേരുറപ്പിച്ച ഇസ്ലാം മതത്തിന്റെയും പിന്തുണ കിട്ടിയിട്ടുണ്ട്.

പില്‍ക്കാല വിജയന്‍ വെറുതെ ഊതിപ്പെരുപ്പിക്കപ്പെട്ടതല്ലെന്ന് സമര്‍ഥിക്കാനാണ് ഞാനിത്രയും പറഞ്ഞത്. അതായത് "ഖസാക്കിന്റെ ഇതിഹാസം" പിറക്കുന്നത് പാലക്കാട്ട് വച്ചല്ല. അത് വിജയനില്‍ കുഞ്ഞിലേ കയറിക്കൂടിയതാണ്. ആ കഥാപാത്രങ്ങള്‍ വിജയനൊപ്പം വളര്‍ന്ന് ഉന്നതി പ്രാപിച്ചവരാണ്. അതായത് ഏകാധ്യാപക വിദ്യാലയവും തസറാക്ക് എന്ന ഗ്രാമഭാഗവുമൊക്കെ പില്‍ക്കാലത്തെ പാലക്കാടന്‍ അനുഭവത്തില്‍ ദൃഢപ്പെട്ടിരിക്കാം. എന്നാല്‍, ഖസാക്കിലെ രവിയും രവിയുടെ ചെറിയമ്മയും മൈമൂനയും നൈസാമലിയും വിജയനിലുണര്‍ന്നു കിടന്നിരുന്നത് ഏറനാടന്‍ വാസക്കാലത്തുതന്നെയാവാനാണിട. ഇസ്ലാമിക ദര്‍ശനങ്ങള്‍ക്കും സൂഫിസത്തിനും മലപ്പുറത്തിനും വിജയന്റെ ജീവിതത്തില്‍, പില്‍ക്കാല ഡല്‍ഹിജീവിതത്തില്‍പ്പോലും വലിയ സ്ഥാനമുണ്ടായിരുന്നു എന്നുസാരം. ഒന്നുകൂടി വ്യക്തമാക്കിയാല്‍ ഏതെങ്കിലും മതത്തിന്റെ ചളുക്കില്‍ വീണുകിടക്കുന്ന ചെളിവെള്ളത്തുള്ളിയായിരുന്നില്ല വിജയന്‍. വിജയനിലെയത്രയും വ്യാപിച്ചു കിടക്കുന്ന മത മാനവിക സൗഹാര്‍ദബോധം മറ്റേതെങ്കിലും ആധുനികകാല എഴുത്തുകാരനിലില്ലെന്നു തീര്‍ത്തുപറയാം. ആ വിജയനെ കുത്താനെടുക്കുന്ന സൂചിക്ക് മുനയൊടിച്ച് കീഴടങ്ങാനാണ് വിധിയെന്ന് എതിരാളികളോ അദ്ദേഹത്തിലെ മതേതരത്വത്തെ ഭയപ്പെടുന്നവരോ ചിന്തിക്കുന്നില്ല എന്നത് കഷ്ടമാണ്. ഇതാണ് ഇന്നത്തെ ദുരവസ്ഥ.

കുറച്ചുപേര്‍, കേരളത്തിലെ മതങ്ങളെയോ മതസംഘടനകളെയോ ഉപജീവിച്ചുകഴിയുന്ന കുറച്ചുപേര്‍ സാംസ്കാരിക ജീവിതത്തിലെ മതേതരത്വത്തെയും നവോത്ഥാനമൂല്യങ്ങളെയും ഇന്ന് ഭയപ്പെടുന്നു. പ്രതിമകളെ ഭയപ്പെട്ട നാരായണഗുരുവിനെ പ്രതിമയാക്കാന്‍ നിര്‍ഭയത്വം കാണിക്കുന്നവര്‍ ഉത്തമജാതിയെ പ്രതിനിധീകരിക്കുന്നവരായി ഇന്ന് മാറുകയാണ്. ചേകന്നൂര്‍ മൗലവി ഒരു തെറ്റായിരുന്നെന്ന് ചിലരെങ്കിലും വരുത്തിത്തീര്‍ക്കുകയാണ്. അതേപോലെ പൊതുജനമധ്യത്തില്‍നിന്ന് മതേതരത്വത്തെ പിന്തുടര്‍ന്ന വ്യക്തികളെ അകറ്റിനിര്‍ത്താന്‍ കുറച്ചുപേരെങ്കിലും ശ്രമിക്കുന്നതാണ് ഇന്നത്തെ ശരിയായ ദുരവസ്ഥ. കോട്ടയ്ക്കല്‍ രാജാസ് സ്കൂളില്‍ വിജയന്‍ വിദ്യാര്‍ഥിയായിരുന്നില്ലെങ്കിലും ഈ സ്കൂളില്‍ അദ്ദേഹത്തിന്റെ പ്രതിമയും മ്യൂസിയവും സ്ഥാപിക്കാന്‍ ധാരാളം കാരണങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നത് മുന്നേ പറഞ്ഞതില്‍നിന്ന് വ്യക്തമാണ്.

എതിര്‍ക്കുന്ന ലീഗുകാരോ മറ്റ് തല്‍പ്പരകക്ഷികളോ അത് കാണാതിരിക്കുന്നതില്‍ അര്‍ഥമൊന്നുമില്ല. മലപ്പുറത്തെ കുന്നിന്‍പുറങ്ങളില്‍നിന്നും മലകളില്‍നിന്നുമാണ് വിജയന്‍, ഖസാക്കിലെ പല കഥാപാത്രങ്ങളെയും കൂട്ടിക്കൊണ്ടുപോയിട്ടുള്ളത്. വായനക്കാരന്റെ ചരിത്രബോധമുള്ള വായനയില്‍ കഥാപാത്രങ്ങളുടെ ഡിഎന്‍എ പരിശോധിക്കപ്പെടുന്നുണ്ട്. അതില്‍ മുസ്ലിം വിരോധമല്ല മറിച്ച് അഗാധമായ സ്നേഹവും ആദരവുമാണ് കലര്‍ന്നുകിടക്കുന്നത്. രാജാവിന്റെ പള്ളിയും പരിസരങ്ങളും സൃഷ്ടിക്കാന്‍ പാലക്കാട്ടെ റാവുത്തന്മാരേക്കാളും അവരുടെ പള്ളികളേക്കാളും ദൃശ്യപരമായും അനുഭവപരമായും അദ്ദേഹത്തെ സഹായിക്കുന്നത് മലപ്പുറത്തെ പള്ളികളിലെ മൊല്ലാക്കമാരുടെ അക്കാലത്തെ ദീനതകള്‍തന്നെയാവും. ആ ദീനതകള്‍ കാലലീലയായി വിജയന്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. അത് ആ കാലത്തിന്റെ അവശതകളും വിവശതകളുമാണ്.

പാലക്കാടന്‍ സ്ഥലരാശിയിലേക്ക് വിജയന്‍ വരച്ചുവച്ച രൂപങ്ങളുടെ ആദിമാതൃക മലപ്പുറത്തെ മാപ്പിളവീടുകളില്‍നിന്ന് കിട്ടിയതാണെന്ന് ഡിഎന്‍എ പരിശോധനയില്‍ ബോധ്യപ്പെട്ടിട്ടുള്ള വായനക്കാരന് ഉറച്ചുപറയാന്‍ കഴിയും. വിജയസ്മൃതിയുടെ അടയാളമായി പൂര്‍ണകായപ്രതിമ വേണ്ടത് മലപ്പുറത്തിന്റെ പെരുമയായി വിശേഷിപ്പിക്കാവുന്ന കോട്ടയ്ക്കലില്‍തന്നെയാണ്. ഒ വി വിജയനിലെ ദാര്‍ശനികത തിടം വയ്ക്കുന്ന കാലം മലപ്പുറത്തിന്റേതാണെങ്കില്‍ അതില്‍ ഒറ്റുകൊടുക്കാന്‍ സാധിക്കാത്ത വിധത്തില്‍ ചരിത്രത്തിന്റെ കരുത്തും കരുതലും കലര്‍ന്നുകിടപ്പുണ്ട്. അതേപോലെ അദ്ദേഹം പില്‍ക്കാലത്ത് എത്തിച്ചേര്‍ന്ന മതാതീതമായ മൗനത്തിന്റെ ആത്മീയപ്രതലങ്ങളും അന്നേ അദ്ദേഹത്തില്‍ കുടിപാര്‍പ്പ് തുടങ്ങിയിട്ടുണ്ട്. അതിനുകാരണം കുട്ടിക്കാലത്തേ ആവേശിച്ച ശാരീരികദുര്‍ബലതകളാവാം. എന്തായാലും വിജയന്‍ പടര്‍ന്നുകിടക്കുന്നത് പാലക്കാട്ടും ഡല്‍ഹിയിലും മാത്രമല്ല മലപ്പുറത്തും കൂടിയാണ്. അത് ഇന്നത്തെ മുസ്ലിംലീഗ് സുഹൃത്തുക്കള്‍ സമ്മതിച്ചുതന്നാലും ഇല്ലെങ്കിലും വസ്തുത അതുതന്നെയാണ്.

വിജയന്റെ ബന്ധുക്കളും സഖന്മാരും മുസ്ലിങ്ങള്‍തന്നെയാണ്. മുസ്ലിങ്ങള്‍ മാത്രമല്ല, മറ്റ് മതസ്ഥരുമാണ്. ഈ ചിന്തയെ ഉന്മേഷപ്പെടുത്തുന്ന അനുകൂലഘടകങ്ങള്‍ വിജയന്‍കൃതികളുടെ അലസവായനയില്‍പ്പോലും കണ്ടെത്താന്‍ കഴിയും. എന്നിട്ടും കണ്ണടച്ചിരുട്ടാക്കി പ്രതിമ തകര്‍ക്കുന്നുണ്ടെങ്കില്‍ ആനയെ കാണാന്‍ വിസമ്മതിക്കുന്ന അന്ധന്മാര്‍തന്നെയാണ് അതിനുപിന്നില്‍. പ്രതിമ പുനസ്ഥാപിച്ചതുകൊണ്ട് ഉണ്ടായ പ്രശ്നങ്ങള്‍ തീരാന്‍ പോകുന്നില്ല. കേരളീയ സമൂഹത്തില്‍ ആവര്‍ത്തിക്കാന്‍ പോകുന്ന സാംസ്കാരികഫാസിസത്തിന്റെ ആരംഭമാണ് ഇതെന്ന് മനസിലാക്കുക. ചെറുത്തുനില്‍പ്പ് ജനാധിപത്യ മതേതരശക്തികളുടെ ഭാഗത്തുനിന്ന് ഒന്നിച്ച് ഉണ്ടാവേണ്ടതാണ്. പ്രതിമ തകര്‍ക്കുന്നവര്‍ കണ്ടിരിക്കില്ല യഥാര്‍ഥ വിജയനെ. അവര്‍ കണ്ടത് ഹൈന്ദവബിംബങ്ങള്‍ ആവോളം ശേഖരിച്ച വിജയനെയാവും. എന്നാല്‍, ഹൈന്ദവനും മുമ്പുണ്ടായിരുന്ന ബൗദ്ധപാരമ്പര്യവും ജൈനപാരമ്പര്യവും പിന്നീട് ദേശീയമായ അര്‍ഥതലങ്ങളില്‍ സിഖ്പാരമ്പര്യവും(അദ്ദേഹത്തിന്റെ ഭാഷയില്‍ ശിഖന്മാര്‍) ജാട്ടുകളും വംഗനാടിന്റെ ഉണര്‍ച്ചകളും വൈദേശികപാരമ്പര്യവും അദ്ദേഹം ധാരാളമായി എടുത്തണിഞ്ഞിട്ടുണ്ട്.

വാസ്തവത്തില്‍ ലീഗുകാര്‍ക്കോ ഹൈന്ദവവര്‍ഗീയവാദികള്‍ക്കോ മുസ്ലിം വര്‍ഗീയവാദികള്‍ക്കോ മനസിലാക്കാന്‍ കഴിയുന്നതല്ല വിജയനില്‍ നിറഞ്ഞുകിടക്കുന്ന മതബോധം. കാരണമുണ്ട്, മലപ്പുറത്തെ ഹൈന്ദവകുടുംബാചാരങ്ങളും മാപ്പിളശീലുകളും ശീലങ്ങളും കലര്‍ന്നുകിടക്കുന്ന സംസര്‍ഗങ്ങളും ജീവിതപ്പാതിയായി സ്വീകരിച്ച ക്രൈസ്തവതയും ദക്ഷിണേന്ത്യയുടെയും പില്‍ക്കാലത്ത് ഉത്തരേന്ത്യയുടെയും അതുവഴി ഭാരതത്തിന്റെ ഒട്ടാകെയും സത്തകളും ചരിത്രത്തിന്റെ ഫലിതസാന്നിധ്യമായി അദ്ദേഹം അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഒരു ആശ്രമത്തിന്റെ മതില്‍ക്കെട്ടിനകത്ത് പ്രതിമയായി ഒ വി വിജയന്‍ ഇനിയും മാറാത്തതും മാറുകയില്ലാത്തതും. അതുകൊണ്ടാണ് അധ്യാപകനാവാതെ പോയെങ്കിലും അധ്യാപകരെ വാര്‍ത്തെടുക്കുന്ന അധ്യാപകനായി ഉരുവപ്പെട്ട അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കപ്പെടാന്‍ സ്കൂള്‍മുറ്റം നിമിത്തമായിത്തീരുന്നതും.

വിജയന്റെ പ്രതിമ വരേണ്ടത് റോഡരികിലോ ആശ്രമങ്ങളിലോ സാഹിത്യവേദികളിലോ അല്ല, വിദ്യാലയങ്ങളിലാണ്. കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും ഒ വി വിജയന്റെ പ്രതിമകള്‍ സ്ഥാപിക്കപ്പെടേണ്ടതാണ്. എന്നും വിദ്യാര്‍ഥിയായിരുന്നു അദ്ദേഹം എന്നതുമാത്രമല്ല അതിനുകാരണമായി ഞാന്‍ ചൂണ്ടിക്കാട്ടുന്നത്. മയിലും തുമ്പിയും ഓന്തുകളും കൃഷിസാമഗ്രികളും പിന്നോക്ക ബുദ്ധിക്കാരനും പുരോഗമനവാദിയും വിദ്യാസമ്പന്നനും സമ്മേളിക്കുന്ന ഒരു വിദ്യാലയം കേരളത്തിന്റെ മാതൃത്വമായി നിലനിന്നിരുന്നു എന്ന ആശയം സാഹിത്യത്തില്‍ പങ്കുവച്ച പ്രാധാന്യംകൂടി അതിനുണ്ട് എന്ന അര്‍ഥത്തിലുമാണ്. ജീവിച്ചിരുന്നപ്പോള്‍ ബുദ്ധിജീവികളെന്നു നടിക്കുന്നവര്‍ അദ്ദേഹത്തെ അസ്വസ്ഥരാക്കിക്കൊണ്ടിരുന്നു. യഥാര്‍ഥമായ മതബോധം കൊണ്ടുനടക്കുന്നവര്‍ എന്നു നടിക്കുന്നവരും അദ്ദേഹത്തെ ദുരാരോപണങ്ങളില്‍ തളച്ചിടാന്‍ നോക്കിയിരുന്നു. വിശ്വാസികളെന്ന് വിളിച്ചുപറയുന്നവര്‍ അദ്ദേഹത്തിന്റെ വിശ്വാസത്തെ ചോദ്യം ചെയ്യാനും അളക്കാനും മുതിര്‍ന്നു. അകറ്റിനിര്‍ത്തല്‍ എന്നും അനുഭവിച്ചിട്ടുള്ള വ്യക്തിയും എഴുത്തുകാരനുമാണ് ഒ വി വിജയന്‍ . മരിച്ചപ്പോഴും ശവസംസ്കാരത്തിനും പിന്നീട് ചിതാഭസ്മനിമജ്ജനത്തിലും തര്‍ക്കങ്ങള്‍ അദ്ദേഹത്തെ അസ്വസ്ഥനാക്കാന്‍ കൂടെ നടന്നു.

അശ്ലീലമായ പതനങ്ങളിലേക്കാണ് അദ്ദേഹത്തിന്റെ ശവശരീരത്തിനുപോലും സഞ്ചരിക്കേണ്ടിവന്നത്. ഇപ്പോള്‍ പ്രതിമയുടെ രൂപം നശിപ്പിക്കുന്നതിലൂടെ കേരളത്തിലും സാംസ്കാരികഫാസിസം നടപ്പാക്കാനാവുമെന്ന് ഒരുകൂട്ടമാളുകള്‍ താക്കീത് ചെയ്യുന്നു. എന്റെ ബംഗാള്‍ സന്ദര്‍ശനത്തില്‍ കോരിത്തരിപ്പോടെ കണ്ട കാര്യങ്ങള്‍ അവര്‍ അവരുടെ ഭാഷയ്ക്കും സ്വത്വത്തിനും ആരാധ്യരായ വ്യക്തികള്‍ക്കും കൊടുക്കുന്ന പരിഗണനയാണ്. കൊല്‍ക്കത്തയില്‍ എവിടെയും രബീന്ദ്രനാഥടാഗോറിനെ നമുക്ക് കാണാം. എവിടെയും രബീന്ദ്രസംഗീതം നമുക്ക് കേള്‍ക്കാം.സത്യജിത് റായിയുടെ സാന്നിധ്യമറിയാം. മെട്രോ റെയില്‍വേ സ്റ്റേഷനുകള്‍ക്ക് എഴുത്തുകാരുടെ പേരുകള്‍ നല്‍കിയിരിക്കുന്നത് ആദരവോടെ നമുക്ക് കാണാം. തമിഴ്നാട്ടിലും ഇതേപോലെ വൈകാരികമായ അഭിനിവേശം അവിടത്തെ ജനത ഭാഷയോടും സംസ്കാരത്തോടും പുലര്‍ത്തിവരുന്നുണ്ട്. കേരളത്തില്‍മാത്രം സാംസ്കാരികമായി അനുദിനം നാം പിന്നോട്ടുപോകുന്നത് മലയാളികള്‍ക്ക് വ്യസനസമേതരായി നോക്കിനില്‍ക്കേണ്ടിവരികയാണ്.

കേരളത്തില്‍ ആള്‍ദൈവങ്ങളാണ് പെരുകുന്നത്. അക്ഷരം പറഞ്ഞുകൊടുത്തവരോ സാമൂഹിക പരിഷ്കര്‍ത്താക്കളോ ഛായാപടങ്ങളായും പ്രതിമകളായും നിര്‍മിക്കപ്പെടുകയോ ഓര്‍മിക്കപ്പെടുകയോ ചെയ്യുന്നില്ല. ഹിന്ദു-ഇസ്ലാം-ക്രിസ്ത്യന്‍ മതങ്ങളിലും ജാതികളിലും ഉഗ്രമായ വിധത്തില്‍ അന്ധവിശ്വാസവും തീവ്രമതബോധവും കടന്നുവരുന്നു. കേരളം പിന്നിലേക്ക് നിരങ്ങുന്നു. മലയാളിയെ മനുഷ്യനാക്കിയ നൂറ്റാണ്ടിനുശേഷം മലയാളിയെ വിവേകം നശിച്ചവനാക്കുന്ന സ്ഥിതിവിശേഷത്തിലേക്ക് ഈ നൂറ്റാണ്ടില്‍ നാം നടന്നുകൊണ്ടിരിക്കുന്നു. ഒരര്‍ഥത്തില്‍ "ധര്‍മ്മപുരാണം" നടപ്പിലായിക്കൊണ്ടിരിക്കുന്നു.

*
സുസ്മേഷ് ചന്ത്രോത്ത് ദേശാഭിമാനി വാരാന്തപ്പതിപ്പ് 24 മാര്‍ച്ച് 2013

പാത്തുമ്മയുടെ ആടും ബഷീറും

പുസ്തകങ്ങളെ ആര്‍ത്തിയോടെ തേടിപ്പിടിക്കുന്ന ഒരു വായനക്കാരനല്ല ഞാന്‍. അതുകൊണ്ടുതന്നെ വായനയുടെ ആഴങ്ങളിലേക്ക് അധികം ഇറങ്ങിച്ചെന്നിട്ടുമില്ല. എന്നാല്‍, എങ്ങനെയോ ഞാനും ചില പുസ്തകങ്ങള്‍ എഴുതിപ്പോയിട്ടുണ്ട്. എഴുതുക എന്നത് എന്നെ സംബന്ധിച്ച് പാടുന്നതുപോലെയാണ്. നന്നായി പാടുന്ന ഒരുപാട് പേരുണ്ടെന്ന് നമുക്കറിയാം. മുഹമ്മദ് റഫിയും യേശുദാസുമുണ്ട്. പക്ഷേ, ഞാന്‍ എന്റെ രീതിയില്‍ പാടും. അത് എങ്ങനെ എന്ന് ചിന്തിക്കാറില്ല. എന്തിന് എന്ന് ഉല്‍ക്കണ്ഠപ്പെടാറില്ല. എന്റെ വാസനയെ തൃപ്തിപ്പെടുത്താന്‍ മാത്രമാണത്. എന്നെ ആരും എഴുതാന്‍ പ്രേരിപ്പിച്ചിട്ടില്ല. ഏതെങ്കിലും ഒരു ഗ്രന്ഥം വായിച്ചിട്ട് എഴുത്തിനോട് ആവേശം തോന്നിയതുമല്ല. പറഞ്ഞാല്‍ "വളുവളാന്ന്" പോകുന്ന കാര്യങ്ങള്‍ ഒതുക്കി പറയേണ്ടുന്ന ആവശ്യം വന്നപ്പോള്‍ പേന കൈയിലെടുത്തതാണ്. അപ്പോഴാണ് ഓരോ കാര്യവും കൃത്യമായി എങ്ങനെ പറയണമെന്ന ഉറപ്പുവന്നത്.

ഉദാഹരണത്തിന് കമല എന്ന ഒരു സ്ത്രീയെപ്പറ്റി എഴുതണമെന്നു കരുതുക. അവരെ കുമാരി കമലയെന്നോ ശ്രീമതി കമലയെന്നോ ദേവി കമലയെന്നോ എന്താണ് വിളിക്കേണ്ടതെന്ന സംശയം മനസ്സിലുയരും. ഇവിടെ ഒരു കൃത്യത ആവശ്യമായി വരും. എന്റെ മനസ്സിനെ ഗൗരവബുദ്ധി പഠിപ്പിച്ചത് എന്റെ പേനയാണ്. അങ്ങനെ എഴുത്തിന്റെ വഴിയില്‍ യാത്ര തുടങ്ങി. പത്രപ്രവര്‍ത്തകനായി. പത്രങ്ങളില്‍ കോളങ്ങളെഴുതി. എന്റെ എഴുത്തിനെ ഇഷ്ടപ്പെടുന്നവരുണ്ടെന്നു മനസ്സിലായത് സന്തോഷം പകര്‍ന്നു. സിനിമ ചെയ്തില്ലെങ്കിലും എഴുത്ത് മുടക്കരുതെന്ന് അഭിപ്രായപ്പെട്ടവരുണ്ട്. ഈ യാത്രയ്ക്കിടയിലാണ് ഞാന്‍ മറ്റെഴുത്തുകാരെ തെരഞ്ഞു തുടങ്ങിയത്. അങ്ങനെയിരിക്കെ മറ്റു ചിലരുടെ സംഭാഷണങ്ങളില്‍നിന്ന് ഏതാനും പ്രയോഗങ്ങള്‍ മനസ്സില്‍ വന്നു തറച്ചു. "എട്ടുകാലി മമ്മൂഞ്ഞി"ന്റെ സ്വഭാവം കാണിക്കരുത്. "ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്" എന്ന മട്ടിലാണല്ലോ വര്‍ത്തമാനം തുടങ്ങിയ സംഭാഷണശകലങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. ഏറെ വൈകാതെ ഈ പ്രയോഗങ്ങളുടെ പകര്‍പ്പവകാശം കൈയിലുള്ള എഴുത്തുകാരനെക്കുറിച്ചും ഞാന്‍ മനസ്സിലാക്കി. വൈക്കം മുഹമ്മദ് ബഷീറിനെ വായിക്കാന്‍ ബോധപൂര്‍വം ഒരു തീരുമാനമെടുക്കുകയായിരുന്നു അപ്പോള്‍. വായന പരീക്ഷണത്തിനായി തെരഞ്ഞെടുത്തത് "പാത്തുമ്മയുടെ ആട്" തന്നെ. തിരുവനന്തപുരത്തിനടുത്ത് മലയിന്‍കീഴിലുള്ള എന്റെ തോട്ടത്തില്‍ പോയിരുന്നായിരുന്നു വായന.

സമയം രാവിലെ ഏകദേശം പത്തുമണിയായിട്ടുണ്ടാകും. പുസ്തകം വായിച്ചു തുടങ്ങി അല്‍പ്പം കഴിഞ്ഞപ്പോള്‍ ചുറ്റുപാടുകളെല്ലാം അപ്രത്യക്ഷമായി. ഇരുന്ന ചാരുകസേരപോലും ഇല്ല. തോട്ടത്തില്‍ കുലച്ചുനിന്ന വാഴകളും വലിയ മരങ്ങളും ഞാന്‍ കാണുന്നില്ല. തൊഴുത്തിലെ പശുക്കളുടെ ശബ്ദം കേള്‍ക്കുന്നില്ല. പൂര്‍ണമായും "പാത്തുമ്മയുടെ ആടില്‍" ലയിച്ചുപോയി. അത്യപൂര്‍വമായ ഒരു വായനാനുഭവം. വയറു കുലുങ്ങി കുലുങ്ങി ഞാന്‍ ചിരിച്ചു. അപ്പോഴാണ് മാസ്മരിക ശൈലി എനിക്ക് ബോധ്യമായത്. ബഷീറിനെ നേരില്‍ കാണുക എന്നുള്ളതായിരുന്നു പിന്നത്തെ മോഹം. "ബേപ്പൂര്‍ സുല്‍ത്താന്‍" എന്നാണദ്ദേഹം അറിയപ്പെടുന്നതെന്നൊക്കെ അറിയാം. പ്രേംനസീറിനോടൊപ്പം നില്‍ക്കുന്ന ഫോട്ടോ കണ്ടിട്ടുണ്ട്. "സിനിമയിലെ സുല്‍ത്താന്‍ ബേപ്പൂര്‍ സുല്‍ത്താനൊപ്പം" എന്ന അടിക്കുറിപ്പ് ഓര്‍മയില്‍നിന്ന് മാഞ്ഞിട്ടില്ല. പോവുകതന്നെ, നിശ്ചയിച്ചു. നേരത്തെ വിളിച്ച് സന്ദര്‍ശനാനുമതി ചോദിച്ചില്ല. അദ്ദേഹത്തിന്റെ മനസ്സിന്റെ വാതില്‍ എനിക്കായി തുറന്നിട്ടിരിക്കുന്നു എന്നു തോന്നി. അങ്ങനെ ബേപ്പൂരില്‍ പോയി ബഷീറിനെ കാണാന്‍ നിശ്ചയിച്ച ദിവസമാണ് ആ വാര്‍ത്ത വന്നത്- വൈക്കം മുഹമ്മദ് ബഷീര്‍ അന്തരിച്ചു. എന്റെ പുസ്തകഷെല്‍ഫില്‍ ബഷീറിന്റെ സമ്പൂര്‍ണ കൃതികളുണ്ട്. ഇടയ്ക്ക് വായിക്കാന്‍. ബഷീറുമായുള്ള ഏര്‍പ്പാട് പൂര്‍ണമാകാത്തതിനാല്‍ മറ്റുള്ള എഴുത്തുകാരുമായി മനസ്സുകൊണ്ട് ഒത്തിരിക്കാന്‍ പറ്റിയിട്ടില്ല. കന്യകയെപ്പോലെയാണ് എന്നിലെ വായനക്കാരന്‍. പക്ഷേ, മറ്റെഴുത്തുകാര്‍ മോശക്കാരാണെന്ന് ഇതിനര്‍ഥമില്ല. ബഷീറുമായി നടക്കാതെപോയ സംഗമത്തിന്റെ ഓര്‍മയ്ക്കായി ഞാനെന്റെ രണ്ടാമത്തെ പുസ്തകത്തിന് "കാണാത്ത സുല്‍ത്താന് സ്നേഹപൂര്‍വം" എന്ന് സാഭിമാനം പേരിടുകയുംചെയ്തു. അതില്‍ ഞാന്‍ ഇങ്ങനെ എഴുതി: ""ഒരു കാര്യത്തില്‍മാത്രം ബഷീര്‍ നിങ്ങളോടെനിക്കസൂയയുണ്ട്. എന്നെങ്കിലും എഴുതണമെന്നു കരുതി ഞാന്‍ ജീവിതത്തില്‍ പലപ്പോഴായി സമാഹരിച്ചു വച്ചിരുന്ന പലതും നിങ്ങള്‍ "എമ്പണ്ടേ" എഴുതിക്കളഞ്ഞല്ലോ"" എന്ന്.

ആ പുസ്തകം പ്രകാശനംചെയ്ത എം ടി വാസുദേവന്‍നായര്‍ പ്രൊഫ. ഒ എന്‍ വി കുറുപ്പിന് ആദ്യപ്രതി സമ്മാനിച്ചുകൊണ്ട് പറഞ്ഞത് ഇപ്പോഴും എനിക്കോര്‍മയുണ്ട്. ""അക്ഷരമറിയാവുന്ന ആര്‍ക്കും എഴുത്തുകാരനാകാന്‍ പറ്റും. എന്നാല്‍, എഴുതാന്‍ മൗലികമായ ആശയങ്ങളും അവതരണത്തില്‍ മാസ്മരികമായ ഒരു ശൈലിയും ഉണ്ടായാല്‍മാത്രമേ ഞാനൊരാളെ നല്ല എഴുത്തുകാരനായി അംഗീകരിക്കൂ. ബാലചന്ദ്രമേനോനെ ഞാന്‍ അക്കൂട്ടത്തില്‍പ്പെടുത്തുന്നത് ഇക്കാരണംകൊണ്ടാണ്. ഞാനദ്ദേഹത്തെ ഇംഗ്ലീഷ് സാഹിത്യത്തിലെ ചാള്‍സ് ലാംബിയുമായാണ് താരതമ്യംചെയ്യുന്നത്."" ബഷീറിന്റെ പേരിലിറങ്ങിയ ഈ പുസ്തകം എനിക്ക് നല്‍കിയ വലിയ ബഹുമതിയായി എം ടിയുടെ വാക്കുകളെ ഞാന്‍ കാണുന്നു.

*
ബാലചന്ദ്രമേനോന്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ് 24 മാര്‍ച്ച് 2013