Showing posts with label ഇടതു സര്‍ക്കാര്‍. Show all posts
Showing posts with label ഇടതു സര്‍ക്കാര്‍. Show all posts

Saturday, August 4, 2012

ജനപക്ഷ നിലപാടുമായി പ്രതിപക്ഷം

സമ്പൂര്‍ണ ബജറ്റ് പാസാക്കലും നിയമനിര്‍മാണവുമായിരുന്നു കഴിഞ്ഞ നിയമസഭാ സമ്മേളനത്തിന്റെ മുഖ്യഅജന്‍ഡ. സമകാലീന കേരളത്തിലെ എല്ലാ പ്രശ്നങ്ങളും സഭയില്‍ ഉയര്‍ന്നുവന്നു. ഈ പ്രശ്നങ്ങളോടുള്ള സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കപ്പെടുകയും ഒന്നരവര്‍ഷം പൂര്‍ത്തിയാക്കിയ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയുംചെയ്തു. കേരളത്തിന്റെ സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ പ്രശ്നങ്ങളാകെ ജനവികാരത്തിന്റെ നേര്‍ചാലിലൂടെ സഭയിലെത്തേണ്ടതുണ്ട്. ചോദ്യോത്തരംമുതല്‍ നിയമനിര്‍മാണംവരെയുള്ള എല്ലാ ചര്‍ച്ചകളിലും ഈ ജനവികാരം പ്രതിഫലിക്കണം. ഇതിനാണ് പ്രതിപക്ഷം ശ്രമിച്ചത്. ജനങ്ങളുടെ കഷ്ടപ്പാടും ദുരിതവും 29 ദിവസവും സഭയില്‍ ഉയര്‍ത്താന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞു.

കേവലം ധനാഭ്യര്‍ഥനകള്‍ പാസാക്കുകയും രാഷ്ട്രീയ ഉദ്ദേശ്യത്തോടെ നിയമമാക്കേണ്ട ബില്ലുകള്‍ പാസാക്കുകയും മാത്രമായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ധനാഭ്യര്‍ഥനകളായിരുന്നില്ല സഭയില്‍ വന്നത്; ജനദ്രോഹനയങ്ങള്‍ക്കു വേണ്ടിയുള്ളതായിരുന്നു. നിയമനിര്‍മാണങ്ങളില്‍ പലതും ജനവിരുദ്ധവും ജനാധിപത്യാവകാശങ്ങളുടെ ലംഘനവുമാണ്. മുഖ്യമന്ത്രിയുടെ വണ്‍മാന്‍ഷോയും ഭരണമുന്നണിയുടെ കൂട്ടുത്തരവാദിത്തമില്ലായ്മയും തെളിയിക്കുന്നതായിരുന്നു 13-ാം നിയമസഭയുടെ അഞ്ചാം സമ്മേളനം. ഞാനാണ് കേരളം ഭരിക്കുന്നതെന്ന് ഒരു മുഖ്യമന്ത്രി ഒറ്റയ്ക്ക് തെളിയിക്കുന്നതാണ് സഭയിലുടനീളം കണ്ടത്. മന്ത്രിമാരെല്ലാം കഴിവുകെട്ടവരാണെന്ന് മുഖ്യന്റെ ശിഷ്യര്‍ പുറത്തു പ്രസംഗിച്ചു നടക്കുമ്പോള്‍ സഭയ്ക്കുള്ളില്‍ അത് തെളിയിക്കുകയായിരുന്നു മുഖ്യമന്ത്രി.

മാലിന്യപ്രശ്നങ്ങളുടെയും അതുയര്‍ത്തുന്ന പാരിസ്ഥിതിക- ആരോഗ്യപ്രശ്നങ്ങളുടെയും പടര്‍ന്നുപിടിച്ച പകര്‍ച്ചവ്യാധികളുടെയും ഭീതിജനകമായ അന്തരീക്ഷത്തിലാണ് സമ്മേളനം ആരംഭിച്ചത്. ഇതുതന്നെയായിരുന്നു ആദ്യദിവസം സഭയില്‍ പ്രതിപക്ഷം ഉയര്‍ത്തിയ വിഷയവും. മാലിന്യപ്രശ്നം പരിഹരിക്കാന്‍ ഗൗരവതരമായ നടപടികള്‍ സ്വീകരിക്കുന്നതിനു പകരം ഉത്തരവാദിത്തം തദ്ദേശസ്ഥാപനങ്ങളുടെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെയാണ് സഭയില്‍ കണ്ടത്. ആരോഗ്യരംഗത്തെ സര്‍ക്കാരിന്റെ അലംഭാവത്തിന്റെ മകുടോദാഹരണമായിരുന്നു പനിബാധിച്ച് ആളുകള്‍ മരിച്ചുവീഴുന്ന സംഭവങ്ങള്‍. കേരളത്തിന്റെ ഈ ദുരവസ്ഥ സഭയില്‍ ഗൗരവതരമായി അവതരിപ്പിക്കാനും ചില നടപടികളെങ്കിലും സര്‍ക്കാരിനെക്കൊണ്ടു ചെയ്യിക്കാനും പ്രതിപക്ഷത്തിനു കഴിഞ്ഞു. മലപ്പുറം അരീക്കോട് കുനിയില്‍ രണ്ടു സഹോദരങ്ങളെ മുസ്ലിംലീഗ് ഏറനാട് എംഎല്‍എയുടെ നിര്‍ദേശപ്രകാരം കൊലപ്പെടുത്തുകയും പൊലീസ് എംഎല്‍എയെ ആറാം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. പക്ഷേ, എംഎല്‍എയെ അറസ്റ്റു ചെയ്യാനോ ചോദ്യംചെയ്യാനോ തയ്യാറാകാതെ നിയമസഭയില്‍ ഇരുത്തി സംരക്ഷിക്കുന്നതിനെതിരെ രണ്ടാംദിനം പ്രതിപക്ഷം ആഞ്ഞടിച്ചു. ഇതു സംബന്ധിച്ച അടിയന്തര പ്രമേയം അവതരിപ്പിച്ച കോടിയേരി ബാലകൃഷ്ണന്‍ കൊലക്കേസ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സ്പീക്കര്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടു.

ടി പി ചന്ദ്രശേഖരന്‍ വധത്തിന്റെ പേരില്‍ യുഡിഎഫ് നേതാക്കളും ആഭ്യന്തരമന്ത്രിയും പ്രതികളെ നിശ്ചയിച്ച് ഗൂഢാലോചനക്കഥകള്‍ ഉണ്ടാക്കി സിപിഐ എം പ്രവര്‍ത്തകരെ കള്ളക്കേസില്‍പ്പെടുത്തി ജയിലിലടയ്ക്കാന്‍ മത്സരിക്കുമ്പോഴാണ്, ലീഗ് നേതാവിന്റെ കൊലവിളിയും കൊലപാതകത്തിന്റെ പങ്കാളിത്തവും പകല്‍പോലെ വെളിപ്പെട്ടിട്ടും പ്രതിയെ പിടികൂടാത്ത പൊലീസ് നടപടി. എംഎല്‍എയെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയും തിരുവഞ്ചൂരും പെടാപാട് പെട്ടെങ്കിലും ഭരണമുന്നണിയില്‍ കോണ്‍ഗ്രസും മറ്റു ഘടകകക്ഷികളും നിശബ്ദരായിരുന്നത് ശ്രദ്ധേയമായി. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ കള്ളക്കളിക്കെതിരെ പ്രതിപക്ഷം ഉയര്‍ത്തിയ പ്രതിഷേധത്തില്‍ മൂന്നു ദിവസം സഭ സ്തംഭിച്ചു. അവസാനം ഗവര്‍ണര്‍ ഇടപെട്ടതിനെത്തുടര്‍ന്നാണ് പ്രതിപക്ഷം പിന്മാറിയത്. 21 അടിയന്തര പ്രമേയമാണ് പ്രതിപക്ഷം സഭയില്‍ കൊണ്ടുവന്നത്. ഏറ്റവും വലിയ അഴിമതിയുടെ വിവരം അവസാനദിവസം സഭയില്‍ വന്നു. വെറ്ററിനറി സര്‍വകലാശാലയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലിന് നല്‍കിയ കരാര്‍ റദ്ദാക്കിയതിലെ അഴിമതിയായിരുന്നു അത്. അടിയന്തരപ്രമേയങ്ങളില്‍ ഒന്നുപോലും ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. നഗരത്തില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിനെക്കുറിച്ച് അയിഷാപോറ്റി നോട്ടീസ് നല്‍കിയ അടിയന്തരപ്രമേയത്തിന് അവതരണാനുമതിപോലും നിഷേധിച്ചു. ധനാഭ്യര്‍ഥനകളിന്മേലുള്ള ചര്‍ച്ചകളില്‍ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ തുറന്നുകാട്ടാനും വികസനത്തിന്റെ പേരില്‍ നടക്കുന്നത് വാചകമടികള്‍ മാത്രമാണെന്നു സ്ഥാപിക്കാനും പ്രതിപക്ഷത്തിന് കഴിഞ്ഞു. കണ്ണൂര്‍ വിമാനത്താവളം പദ്ധതി, വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് പദ്ധതി എന്നിവ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം, കേരളത്തിന് ലഭിച്ച പല കേന്ദ്രപദ്ധതികളും നടപ്പാക്കാത്തതും വെട്ടിക്കുറച്ചതും സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കവും പ്രതിപക്ഷം തുറന്നുകാട്ടി. പൊതുമേഖലാ സ്ഥാപനങ്ങള്‍ വീണ്ടും നഷ്ടത്തിലായതും, എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ച പൊതുവിതരണശൃംഖല തകര്‍ത്തതും അതിലൂടെ ജനങ്ങള്‍ അനുഭവിക്കുന്ന വിലക്കയറ്റത്തിന്റെ തീക്ഷ്ണതയും ചര്‍ച്ചകളില്‍ പ്രതിപക്ഷം ഉയര്‍ത്തി. വിമര്‍ശങ്ങളെ സഹിഷ്ണുതയോടെ കേള്‍ക്കാനോ ഉള്‍ക്കൊള്ളാനോ ഭരണപക്ഷം തയ്യാറായില്ല. അഞ്ചാംമന്ത്രിയുടെ നിയമനത്തിലൂടെ കേരളീയസമൂഹത്തില്‍ സര്‍ക്കാര്‍ സൃഷ്ടിച്ച വര്‍ഗീയ ധ്രുവീകരണം നാടിന്റെ മതേതര മുഖത്തില്‍ വീണ കറുത്ത പാടാണെന്നു ചര്‍ച്ചകളില്‍ പ്രതിപക്ഷം ഓര്‍മിപ്പിച്ചു. വിദ്യാഭ്യാസമേഖലയിലെ കച്ചവടം, സിബിഎസ്ഇ സ്കൂളുകള്‍ വാരിക്കോരി നല്‍കിയത്, പ്രൊഫഷണല്‍ സീറ്റുകള്‍ സ്വകാര്യമാനേജ്മെന്റുകള്‍ക്ക് തീറെഴുതിയത്. വകുപ്പിലെ ലീഗ്വല്‍ക്കരണം തുടങ്ങിയ ജനവിരുദ്ധനയങ്ങളാകെ തുറന്നുകാട്ടി.

മലപ്പുറം ജില്ലയിലെ 34 സ്കൂളിന് എയ്ഡഡ് പദവി നല്‍കാന്‍ സര്‍ക്കാര്‍ രഹസ്യമായി തീരുമാനിക്കുകയും മാനേജര്‍മാര്‍ അതിന്റെ പേരില്‍ അധ്യാപക നിയമനത്തിന് വന്‍ പിരിവ് തുടങ്ങിയെന്നും വിദ്യാഭ്യാസവകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് ഡോ. കെ ടി ജലീല്‍ ചൂണ്ടിക്കാട്ടി. മറുപടി പ്രസംഗത്തില്‍ വകുപ്പിന്റെ ഭരണനേട്ടങ്ങളുടെ കൂട്ടത്തില്‍ ഇതും വിദ്യാഭ്യാസമന്ത്രി വായിച്ചു. എന്നാല്‍, മന്ത്രിസഭാ തീരുമാനം സര്‍ക്കാര്‍ സ്കൂളുകളാക്കി മാറ്റാനാണെന്ന് ജൂണ്‍ 13ലെ മന്ത്രിസഭായോഗ മിനിറ്റ്സ് ഉയര്‍ത്തിക്കാട്ടി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതോടെ മന്ത്രി വെട്ടിലായി. ഉത്തരവിറങ്ങിയിട്ടില്ലെന്ന പിടിവള്ളി മാത്രമായിരുന്നു മന്ത്രിയുടെ ഏക ആശ്വാസം. സര്‍ക്കാര്‍ അങ്ങനെ തീരുമാനിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞതോടെ മന്ത്രിയും മുഖ്യമന്ത്രിയും രണ്ടു തട്ടിലായി. ആരു പറയുന്നതാണ് ശരി എന്ന പ്രതിപക്ഷത്തിന്റെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ഉത്തരം ലഭിച്ചില്ല.

കേരള വികസനത്തെയും പൊതുപ്രാധാന്യമുള്ള സാമൂഹ്യവിഷയങ്ങളെയും കുറിച്ചുള്ള 28 ശ്രദ്ധക്ഷണിക്കല്‍ സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. ഇതിലൂടെ പലപ്രശ്നങ്ങളിലും നടപടി സ്വീകരിക്കാനോ നടപടി സ്വീകരിക്കാമെന്ന ഉറപ്പു നേടാനോ പ്രതിപക്ഷത്തിനു കഴിഞ്ഞു. നാല് ധനകാര്യ ബില്‍ ഉള്‍പ്പടെ 13 ബില്‍ സഭ പാസാക്കി. സര്‍വകലാശാലകളുടെയും സഹകരണസ്ഥാപനങ്ങളുടെയും ജനാധിപത്യസ്വഭാവം തകര്‍ത്ത് അവയെ രാഷ്ട്രീയവല്‍ക്കരണത്തിന്റെ വേദിയാക്കാനുള്ളതായിരുന്നു ബില്ലുകള്‍. കൊട്ടിഘോഷിച്ചുകൊണ്ടുവന്ന സേവനാവകാശ ബില്ലിന്മേല്‍ പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ സ്വീകരിക്കാനോ നിയമം കുറ്റമറ്റരീതിയില്‍ നടപ്പാക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചര്‍ച്ചചെയ്യാനോ സര്‍ക്കാര്‍ തയ്യാറായില്ല. പ്രതിപക്ഷം സഭയില്‍ ഉന്നയിച്ച പ്രധാനപ്പെട്ട രണ്ടു ആവശ്യങ്ങളിന്മേല്‍ ചട്ടം 300 അനുസരിച്ചുള്ള പ്രസ്താവന നടത്താന്‍ ബന്ധപ്പെട്ട മന്ത്രിമാര്‍ തയ്യാറായത് പ്രതിപക്ഷത്തിന്റെ വിജയമായിരുന്നു. ഭക്ഷ്യവിഷബാധ നേരിടുന്നതില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ സംബന്ധിച്ച് ആരോഗ്യമന്ത്രിയും എന്‍ജിനിയറിങ് കോളേജുകളുടെ നിലവാരത്തകര്‍ച്ചയെ സംബന്ധിച്ച് വിദ്യാഭ്യാസമന്ത്രിയും റിപ്പോര്‍ട്ട് സമര്‍പ്പിച്ച് മറുപടി പറഞ്ഞു. ചട്ടം 58 പ്രകാരം, സദാചാര പൊലീസിന്റെ വിളയാട്ടത്തെക്കുറിച്ച് ഈ ലേഖകന്‍ അവതരിപ്പിച്ച പ്രമേയവും സഭ ചര്‍ച്ചചെയ്തു. സഭയുടെ അന്തസ്സിന് നിരക്കാത്ത സംഭവങ്ങളും ഭരണപക്ഷത്തു നിന്ന് ഉണ്ടായി. പ്രതിപക്ഷ നേതാവ് വാക്ക്ഔട്ട് നടത്തുമ്പോള്‍ ഭരണപക്ഷം കൂക്കിവിളിച്ചത് ശക്തമായ പ്രതിഷേധത്തിനും സഭാബഹിഷ്കരണത്തിനും ഇടയാക്കി. ജനങ്ങളുടെ പ്രശ്നങ്ങള്‍ ശക്തമായി സഭയില്‍ ഉന്നയിച്ച ഈ ലേഖകനെ ശല്യക്കാരനെന്ന് സ്പീക്കര്‍ വിളിച്ചെങ്കിലും അംഗങ്ങളുടെ പ്രതിഷേധത്തിനു മുന്നില്‍ സ്പീക്കര്‍ ഖേദം പ്രകടിപ്പിച്ച് അത് രേഖകളില്‍നിന്ന് നീക്കി.

ഒരു മന്ത്രിയും ചീഫ്വിപ്പും തമ്മില്‍ ഏറ്റുമുട്ടുന്നതിനും സഭ സാക്ഷിയായി. അഴിമതിയുടെ നാറ്റക്കഥകള്‍ സഭയില്‍ ഉയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി കുമ്പിട്ടിരുന്നതും കണ്ടു. നക്ഷത്ര ചിഹ്നമിട്ട 840ഉം നക്ഷത്രചിഹ്നമിടാത്ത 8419ഉം ചോദ്യം സഭയുടെ മുന്നിലെത്തിയെങ്കിലും 25 ശതമാനത്തോളം ചോദ്യങ്ങള്‍ക്ക് ഇപ്പോഴും ഉത്തരം ലഭിച്ചിട്ടില്ല. ലഭിച്ച ഉത്തരങ്ങള്‍ ഏറെയും ശേഖരിച്ചുവരുന്നു, പരിശോധിച്ചുവരുന്നു തുടങ്ങിയ മറുപടികളായിരുന്നു. ചില മറുപടികള്‍ തെറ്റിദ്ധരിപ്പിക്കുന്നതും അവാസ്തവങ്ങളും ആയിരുന്നു. ഒരേ ചോദ്യത്തിന് പല അംഗങ്ങള്‍ക്കും വ്യത്യസ്ത മറുപടി ലഭിച്ച സാഹചര്യങ്ങളും ഉണ്ട്. യഥാര്‍ഥ വസ്തുതകള്‍ സഭയില്‍നിന്ന് മറച്ചുവയ്ക്കാനും ചോദ്യോത്തരത്തെ ചില മന്ത്രിമാര്‍ ദുരുപയോഗംചെയ്തു.

എംഎല്‍എമാരുടെ ഫോണ്‍കോളുകള്‍ ചോര്‍ത്താന്‍ അനുമതി നല്‍കിയിട്ടുണ്ടോ എന്ന ചോദ്യത്തിനുപോലും യഥാര്‍ഥ ഉത്തരം നല്‍കാതെ പുകമറ സൃഷ്ടിക്കുന്ന മറുപടിയാണ് ബന്ധപ്പെട്ട മന്ത്രി നല്‍കിയത്. ഇതു സംബന്ധിച്ച് എളമരം കരീം സ്പീക്കര്‍ക്ക് പരാതി നല്‍കുകയും കോടിയേരി ബാലകൃഷ്ണന്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കുകയും ചെയ്തു. നിയമസഭാ സമിതിയെക്കൊണ്ട് ഫോണ്‍ചോര്‍ത്തല്‍ അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സ്പീക്കര്‍ക്ക് കത്തു നല്‍കി.

*
എ കെ ബാലന്‍ 04 ആഗസ്റ്റ് 2012

Wednesday, December 7, 2011

രണ്ടരലക്ഷം കര്‍ഷക ആത്മഹത്യ

വ്യാജവും വികാരപരവുമാണ് ടെലിവിഷന്‍ വാര്‍ത്തകള്‍. രണ്ടു മാസത്തിനിടയില്‍ ഏകദേശം 90 കര്‍ഷകരാണ് ആത്മഹത്യചെയ്തതെന്ന് അവര്‍ പറയുന്നു. എന്നാല്‍ നാഷണല്‍ ക്രൈം റിക്കോര്‍ഡ് ബ്യൂറോയുടെ അഭിപ്രായപ്രകാരം ഓരോ മാസവും ഇന്ത്യയില്‍ ശരാശരി 210 കര്‍ഷകരാണ് ആത്മഹത്യ ചെയ്യുന്നത്. ഇങ്ങനെ ആത്മാര്‍ഥതയില്ലാത്ത സര്‍ക്കാരുദ്യോഗസ്ഥന്‍ പുറപ്പെടുവിക്കുന്ന കപടവാദങ്ങള്‍ അതേപോലെ അംഗീകരിച്ച് കൊട്ടിഘോഷിക്കുകയാണ് നമ്മുടെ ടെലിവിഷന്‍ ചാനലുകള്‍. ഇവരുടെ അഭിപ്രായത്തില്‍ കഴിഞ്ഞ 15 വര്‍ഷത്തേക്കാള്‍ കുറവാണ് ഈ വര്‍ഷം കര്‍ഷകാത്മഹത്യയെന്നാണ്.

മഹാരാഷ്ട്ര കഴിഞ്ഞാല്‍ കര്‍ഷക ആത്മഹത്യാനിരക്ക് ഏറ്റവും കൂടുതല്‍ ആന്ധ്രാപ്രദേശിലാണെന്ന് ക്രൈം റിക്കോര്‍ഡ് ബ്യൂറോയുടെ അവസാന എട്ടുവര്‍ഷ കണക്കുകള്‍ കാണിക്കുന്നു. അതേസമയം 2003 മുതല്‍ 2010 വരെ ഇന്ത്യയിലെ പ്രധാനപ്പെട്ട അഞ്ച് സംസ്ഥാനങ്ങളില്‍ ഓരോ വര്‍ഷവും കര്‍ഷകാത്മഹത്യ കുറഞ്ഞുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ മൂന്നില്‍ രണ്ടു കര്‍ഷക ആത്മഹത്യയും നടക്കുന്നത് കര്‍ണാടകയിലാണ്. 1995നും 2002നുമിടയില്‍ കര്‍ണാടകയില്‍ ശരാശരി 2259 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. എന്നാല്‍ അടുത്ത എട്ടുവര്‍ഷത്തിനിടയില്‍ (2003-2010) അത് 2123 ആയി കുറഞ്ഞു. ഒരു വര്‍ഷം ശരാശരി 136 ശതമാനത്തിന്റെ കുറവ്. എന്നാല്‍ ഈ കുറവിനെ അത്രകണ്ടങ്ങ് വിശ്വസിക്കാന്‍ സാധിക്കില്ല. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ അതായത് 2009-2010 കാലയളവില്‍ എണ്ണം വീണ്ടും കൂടുകയാണുണ്ടായത്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ കര്‍ഷക ആത്മഹത്യ ഏറ്റവും കൂടുതല്‍ നാശംവിതച്ച സംസ്ഥാനമായി കര്‍ണാടക തുടരുന്നു. 1995 മുതല്‍ 35,053 കര്‍ഷകരാണ് അവിടെ ആത്മഹത്യ ചെയ്തത്. എന്‍ സി ആര്‍ ബിയുടെ കണക്കുകളെ 1995 മുതല്‍ 2002 വരെയും 2003 മുതല്‍ 2010 വരെയുള്ള കാലയളവിനെ എട്ട് വര്‍ഷം വീതമുള്ള രണ്ടു ഭാഗങ്ങളായി വിഭജിച്ചു പരിശോധിക്കുമ്പോള്‍ ഓരോ സംസ്ഥാനത്തിന്റെയും പ്രകടനം വ്യക്തമായി വിലയിരുത്താനാകും.
സംസ്ഥാനങ്ങളിലെ വാര്‍ഷിക ശരാശരി ആത്മഹത്യ പരിശോധിക്കുമ്പോള്‍ ആദ്യത്തെ എട്ടുവര്‍ഷത്തേക്കാള്‍ (1995-02) ഏറ്റവും കുറഞ്ഞത് 100 ആത്മഹത്യകളെങ്കിലും കുറവാണ് രണ്ടാമത്തെ എട്ടുവര്‍ഷക്കാലയളവില്‍ (2003-10). ഇതില്‍ എടുത്തുപറയേണ്ടത് തമിഴ്‌നാട് (-126) ന്റെയും ഉത്തര്‍പ്രദേശ് (-109) ന്റെയും അനുഭവമാണ്. കേരളത്തില്‍ ശരാശരി കര്‍ഷക ആത്മഹത്യ (-221) ആയി കുറഞ്ഞിട്ടുണ്ട്. ആത്മഹത്യാനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനമായി മാറിയത് പശ്ചിമബംഗാളാണ്. 1995 മുതല്‍ 2002വരെയുള്ള കാലയളവിലെ ശരാശരിയെക്കാള്‍ 436 കര്‍ഷകാത്മഹത്യകള്‍ 2003-10 കാലയളവില്‍ അവിടെ കുറഞ്ഞിട്ടുണ്ട്.

കര്‍ണാടകയെ ഒഴിച്ചുനിര്‍ത്തിയാല്‍ ഇന്ത്യയിലെ അഞ്ചു വലിയ സംസ്ഥാനങ്ങളില്‍ 2003-10 കാലയളവില്‍ കര്‍ഷക ആത്മഹത്യാനിരക്ക് ഗണ്യമായുയര്‍ന്നിട്ടുണ്ട്. ആന്ധ്രാപ്രദേശില്‍ വാര്‍ഷിക കര്‍ഷക ആത്മഹത്യാനിരക്ക് 1995-02 കാലയളവില്‍ 711 കൂടിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ അത് 1294 ആണ്. മധ്യപ്രദേശും ഛത്തീസ്ഗഡും 16 വര്‍ഷത്തെ കണക്കുകളില്‍ ആറാം സ്ഥാനത്താണ്. ഇപ്പോള്‍ ഈ രണ്ടു സംസ്ഥാനങ്ങളെയും കണക്കുകളുടെ അടിസ്ഥാനത്തില്‍ ഒന്നായാണ് കണക്കാക്കിയിരിക്കുന്നത്. ഈ സംസ്ഥാനങ്ങള്‍ രണ്ടാം ഘട്ടത്തില്‍ (2003-10) ല്‍ 525 ന്റെ ശരാശരി വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ചെറു സംസ്ഥാനങ്ങളില്‍ രണ്ടു ഘട്ടങ്ങളും തമ്മില്‍ താരതമ്യപ്പെടുത്തുമ്പോള്‍ ആദ്യപാദത്തില്‍ (1995-02) കര്‍ഷകാത്മഹത്യ കുറവാണെന്ന് മനസിലാക്കാം. ഈ കാലയളവില്‍ ഇവിടെ ഒരു കര്‍ഷകന്‍ മാത്രമേ ആത്മഹത്യ ചെയ്തിട്ടുള്ളൂ. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ (2003-10) കാലയളവില്‍ ഇത് ഗണ്യമായി വര്‍ധിച്ചു. എല്ലാ സംസ്ഥാനങ്ങളിലും ഈ കാലയളവില്‍ കര്‍ഷക ആത്മഹത്യയുണ്ടായി. എന്നാല്‍ ത്രിപുരയില്‍ വാര്‍ഷിക ശരാശരി 90 ല്‍ നിന്നും 78 ആയി കുറഞ്ഞു.

കേരളത്തിലെ കര്‍ഷക ആത്മഹത്യ (-221) ആയി കുറഞ്ഞത് ശ്രദ്ധേയമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ആഗോളവല്‍കൃത സാമ്പത്തിക സംവിധാനമാണ് കേരളത്തിലുള്ളത്. വേണ്ടത്ര ഉറപ്പില്ലാത്തതും ദുര്‍ബലവുമായ നാണ്യവിളാടിസ്ഥാനത്തിലുള്ള കാര്‍ഷിക വ്യവസ്ഥയാണിവിടെ. ക്ഷണനേരംകൊണ്ട് മാറിക്കൊണ്ടിരിക്കുന്ന നാണ്യവിളകളുടെ വിലയും ആഗോളതലത്തിലുള്ള വന്‍ കമ്പനികളുടെ ഇടപെടലും കാരണം ഇന്ത്യയിലെ മറ്റേതു സംസ്ഥാനങ്ങളേക്കാള്‍ വിലവര്‍ധന കേരളത്തിലാണ്. കഴിഞ്ഞ ദശകത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ കേരള കര്‍ഷകന് ഒരു കിലോ വാനിലയ്ക്ക് നാലായിരം രൂപാവരെ ലഭിച്ചിരുന്നു. എന്നാല്‍ പെട്ടെന്നത് എണ്‍പത് രൂപയായി കുറയുകയും ഇപ്പോഴും അതേപടി നില്‍ക്കുകയും ചെയ്യുന്നു. വിലയിടിയുന്നതോടെ നഷ്ടമുണ്ടാകുന്ന കര്‍ഷകര്‍ കടം വാങ്ങിയ പണം തിരിച്ചടയ്ക്കാനാകാതെ ആത്മഹത്യയിലേക്കു നീങ്ങുന്നു.

കാപ്പി, കുരുമുളക് തുടങ്ങിയ എല്ലാവിധ നാണ്യവിളകളേയും വിലയിടിവു ബാധിച്ചു. നാലു പ്രധാനപ്പെട്ട ആഗോള സ്ഥാപനങ്ങളാണ് കാപ്പിയുടെ വില നിയന്ത്രിച്ചിരുന്നത്. ഈ കമ്പനികള്‍ അവരുടെ ലാഭം കൂട്ടാന്‍ ഉല്‍പാദകര്‍ക്കു നല്‍കിയിരുന്ന സംഭരണവില കുറച്ചു. യൂറോപ്പില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട സമയത്താണ് ഈ പ്രക്രിയ നടന്നത്. വിദേശ രാജ്യങ്ങളില്‍ ഭക്ഷ്യോല്‍പാദനം നടത്തുന്ന കൃഷിക്കാരെക്കാള്‍ ആത്മഹത്യ കൂടുതലാണ് നാണ്യവിള കര്‍ഷകരുടെ ആത്മഹത്യ. ഉയര്‍ന്ന ഉല്‍പാദന ചെലവാണ് നാണ്യവിള കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി.

കേരളത്തില്‍ കര്‍ഷക ആത്മഹത്യ വാര്‍ഷിക ശരാശരി 221 ആയി കുറഞ്ഞത് ശ്രദ്ധേയമാണ്. കഴിഞ്ഞ 16 വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 2008 മുതല്‍ 2010 വരെ കേരളം മികച്ച നേട്ടമാണ് കൈവരിച്ചത്. 2005 ല്‍ കേരളത്തില്‍ രൂപംകൊടുത്ത കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ കാര്‍ഷിക മേഖലയെ സഹായിക്കുന്നതില്‍ വളരെ വലിയ പങ്കുവഹിച്ചു. ഭീഷണി നേരിടുന്ന വിളകള്‍ക്ക് പലവിധത്തിലുള്ള പാക്കേജുകള്‍ കമ്മിഷന്‍ പ്രഖ്യാപിച്ചു. 2005 നും 2010നുമിടയില്‍ കേരളത്തില്‍ നെല്ലിന്റെ താങ്ങുവില 700 രൂപയില്‍ നിന്നും 1400 രൂപയായുയര്‍ന്നു. കേന്ദ്ര സര്‍ക്കാരുമായുള്ള സ്വതന്ത്ര വ്യാപാരക്കരാര്‍ ഒപ്പിട്ടതോടുകൂടി സ്ഥിതി വഷളായി. ഇതിന്റെ പരിണിതഫലമാണ് വയനാട്ടില്‍ വര്‍ധിച്ചുവരുന്ന കര്‍ഷക ആത്മഹത്യകള്‍.

മഹാരാഷ്ട്രയുമായി താരതമ്യം ചെയ്യുമ്പോള്‍ പശ്ചിമബംഗാളിലെ കര്‍ഷകാത്മഹത്യ (-436) ആയി കുറഞ്ഞത് അഭിനന്ദനീയമാണ്. മഹാരാഷ്ട്രയില്‍ 112 മില്യനാണ് ജനസംഖ്യയെങ്കില്‍ ബംഗാളിലത് 91 മില്യന്‍ മാത്രമാണ് ബംഗാളില്‍ ഗ്രാമങ്ങളും കൃഷിക്കാരും മറ്റേതു സംസ്ഥാനങ്ങളേയുമപേക്ഷിച്ച് വളരെ കൂടുതലുമാണ്. 2008-10 കാലയളവില്‍ മഹാരാഷ്ട്രയില്‍ 3802 കര്‍ഷകര്‍ ആത്മഹത്യ ചെയ്തപ്പോള്‍ ബംഗാളിലത് വെറും 990 ആയിരുന്നു. ബംഗാളില്‍ കര്‍ഷകാത്മഹത്യ കുറയാനുള്ള പ്രധാനകാരണം ബംഗാള്‍ സര്‍ക്കാര്‍ അവിടെ കര്‍ഷകര്‍ക്കും നാണ്യവിളകള്‍ക്കും നല്‍കുന്ന പ്രത്യേക പരിഗണനമൂലമാണ്. ഭക്ഷ്യോല്‍പാദനത്തിലും ബംഗാള്‍ മഹാരാഷ്ട്രയേക്കാളും വളരെ മുന്നിലാണ്. ഇന്ത്യയില്‍ ഏറ്റവുമധികം അരി ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ബംഗാള്‍. ധാന്യങ്ങളും പയറുവര്‍ഗങ്ങളും കൃഷി ചെയ്യുന്ന ഭൂമി 3.7 മില്യണ്‍ ഏക്കറായി കുറഞ്ഞുവെന്ന് ഈ വര്‍ഷമാദ്യം നടന്ന ഖാരിഫ് വിളകളെ സംബന്ധിച്ച യോഗത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി പറയുകയുണ്ടായി. (ബിസിനസ് ലെയ്ന്‍ മെയ് 28, 2011)

പഞ്ചായത്തുകള്‍ വഴിയാണ് ധാന്യങ്ങള്‍ ബംഗാള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നത്. അതോടൊപ്പം തന്നെ അരിയുടേയും പച്ചക്കറിയുടേയും ഉല്‍പാദനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
രണ്ടാമത്തെ എട്ടുവര്‍ഷക്കാലയളവില്‍ (2003-10) 28 സംസ്ഥാനങ്ങളില്‍ 15 ന്റെയും അവസ്ഥ ദയനീയമാണ്. കഴിഞ്ഞ 16 വര്‍ഷം അതായത് 1995-2010 വരെ രണ്ടു ദശലക്ഷം കര്‍ഷകര്‍ ഇന്ത്യയില്‍ ആത്മഹത്യ ചെയ്തു.

*
പി സായിനാഥ് ജനയുഗം 07 ഡിസംബര്‍ 2011

Friday, September 2, 2011

കേരളത്തിലെ വിദ്യാഭ്യാസവും ഇടതുപക്ഷവും

കേരളത്തിന്റെ സമഗ്രമായ വികസനത്തെപ്പറ്റി അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിക്കുതന്നെ വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ പ്രസിഡന്റായിരുന്ന പി ടി ഭാസ്കരപ്പണിക്കരുടെ ഭരണകാലത്ത് മലബാര്‍ മേഖലയില്‍ , വിശേഷിച്ചും പിന്നോക്ക പ്രദേശങ്ങളില്‍ പുതിയ വിദ്യാലയങ്ങളും ആശുപത്രികളും സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തു. ഇന്നത്തെ മലപ്പുറം ജില്ല അക്കാലത്ത് കോഴിക്കോട് ജില്ലയുടെ ഭാഗമായിരുന്നു. സ്കൂള്‍ വിദ്യാഭ്യാസം ജനകീയമാക്കുന്നതിനുള്ള നടപടികളും അധ്യാപകനായിരുന്ന ഭാസ്കരപ്പണിക്കര്‍ സ്വീകരിച്ചു. വൈസ് പ്രസിഡന്റ് മൂസാന്‍കുട്ടി മാസ്റ്ററും അധ്യാപകനായിരുന്നു. സ്കൂളുകളില്‍ അധ്യാപക-രക്ഷാകര്‍തൃസമിതി രൂപീകരിക്കണമെന്നത് നിര്‍ബന്ധമാക്കി. സ്കൂള്‍ വാര്‍ഷികാഘോഷം ഡിസ്ട്രിക്ട് ബോര്‍ഡ് സ്കൂളെന്നോ എയിഡഡ് സ്കൂളെന്നോ ഭേദമില്ലാതെ എല്ലാ സ്കൂളിലും നല്ല നിലയില്‍ നടത്തണമെന്നും നിര്‍ദേശിച്ചു.

വാര്‍ഷികാഘോഷത്തില്‍ വിദ്യാര്‍ഥി-വിദ്യാര്‍ഥിനികളുടെ പാഠ്യേതര വിഷയങ്ങളിലുള്ള കഴിവ് പ്രകടിപ്പിക്കാന്‍ അവസരം സൃഷ്ടിച്ചു. വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്താനുള്ള നടപടികളും സ്വീകരിച്ചു. മലബാറില്‍ നിരവധി ഏകാധ്യാപക വിദ്യാലയങ്ങള്‍ ആരംഭിച്ചതും അക്കാലത്താണ്. കിഴിശ്ശേരിക്കടുത്ത കുഴിമണ്ണയിലെ ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപകനായിരുന്നു ലേഖകന്‍ . 1957 ഏപ്രില്‍ 5ന് ഇ എം എസ്സിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് അധികാരമേറ്റെടുത്തതോടെ വിദ്യാഭ്യാസമേഖലയില്‍ ഒട്ടേറെ പുരോഗമന നടപടികള്‍ക്ക് തുടക്കം കുറിച്ചു. അന്നത്തെ വിദ്യാഭ്യാസമന്ത്രി പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്വകാര്യകോളേജിലെ അധ്യാപകനും അധ്യാപകസംഘടനയുടെ നേതാവുമായിരുന്നു. എയിഡഡ് സ്കൂളുകളിലെ അധ്യാപകരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് വിദ്യാഭ്യാസ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കിയത്. വിദ്യാഭ്യാസ ബില്ലിലെ 11-ാം വകുപ്പ് വിവാദമായി. അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നതും സ്കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനും മറ്റ് അത്യാവശ്യച്ചെലവുകള്‍ക്കും പണം നല്‍കുന്നതും സര്‍ക്കാര്‍ ഖജനാവില്‍നിന്നായിരുന്നു. എന്നാല്‍ അധ്യാപകരെ നിയമിക്കുന്നതിനും പിരിച്ചുവിടുന്നതിനും മറ്റുമുള്ള അധികാരം മാനേജര്‍മാര്‍ക്കായിരുന്നു. ഇത് മറ്റെവിടേയും കാണാനില്ലാത്ത വിചിത്രമായ സമ്പ്രദായമായിരുന്നു.

അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നവരാണ് നിയമിക്കേണ്ടത് എന്ന പ്രാഥമിക തത്വം കേരളത്തില്‍ ലംഘിക്കപ്പെട്ടു. അസാധാരണമായ ഈ തലതിരിഞ്ഞ വ്യവസ്ഥക്ക് ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരാനും അതോടൊപ്പം എയിഡഡ് സ്കൂള്‍ അധ്യാപകര്‍ക്ക് തൊഴില്‍ സംരക്ഷണം നല്‍കാനുമാണ് വിദ്യാഭ്യാസ ബില്‍ കൊണ്ടുവന്നത്. ബില്ലിലെ പതിനൊന്നാം വകുപ്പനുസരിച്ച് ഓരോ വര്‍ഷവും സര്‍ക്കാര്‍ സ്കൂളുകളിലും സ്വകാര്യസ്കൂളുകളിലും പുതുതായി ഉണ്ടാകുന്ന അധ്യാപക തസ്തികകള്‍ എത്രയെന്ന് കണക്കാക്കി ഒഴിവ് നികത്തുന്നതിനാവശ്യമായ പൂര്‍ണ യോഗ്യതയുള്ള അധ്യാപകരുടെ ഒരു പട്ടിക ഓരോ വര്‍ഷവും സ്കൂള്‍ വര്‍ഷാരംഭത്തിന് മുമ്പ് പബ്ലിക് സര്‍വീസ് കമീഷന്‍ പ്രസിദ്ധീകരിക്കും. ഈ ലിസ്റ്റില്‍നിന്നു മാത്രമേ സര്‍ക്കാര്‍ സ്കൂളുകളിലും സ്വകാര്യ വിദ്യാലയങ്ങളിലും അധ്യാപകരെ നിയമിക്കാന്‍ പാടുള്ളൂ. സ്വകാര്യസ്കൂളില്‍ പുതിയ വര്‍ഷം 5 അധ്യാപക തസ്തികയാണ് പുതുതായി സൃഷ്ടിക്കപ്പെട്ടതെങ്കില്‍ അതിന്റെ മൂന്നിരട്ടിയായ 15 അധ്യാപകരുടെ പട്ടിക മാനേജര്‍ക്കയച്ചുകൊടുക്കും. അതില്‍നിന്ന് മാനേജര്‍ക്ക് ഇഷ്ടമുള്ള അഞ്ച് അധ്യാപകരെ നിയമിക്കാം. മാനേജര്‍ക്കിഷ്ടമുള്ള ഒരാളും പട്ടികയിലില്ലെന്ന് കണ്ടാല്‍ രണ്ടാമത് ലിസ്റ്റ് പിഎസ്സി മാനേജര്‍ക്കയച്ചു കൊടുക്കും. അതിലും മാനേജര്‍ക്ക് സ്വീകാര്യനായ ആള്‍ ഇല്ലെങ്കില്‍ മൂന്നാമതൊരു ലിസ്റ്റയച്ചുകൊടുക്കും. മൂന്നാമത്തെ ലിസ്റ്റില്‍നിന്നെങ്കിലും അധ്യാപകരെ നിയമിക്കണമെന്നത് നിര്‍ബന്ധമാണ്. സംവരണതത്വങ്ങള്‍ പാലിച്ചുകൊണ്ടാണ് പട്ടിക പ്രസിദ്ധീകരിക്കുക. യോഗ്യതയുള്ള 15 അധ്യാപകരില്‍നിന്ന് അഞ്ചുപേരെ മാനേജര്‍ക്ക് നിയമിക്കാം. സ്വകാര്യ സ്കൂളില്‍ നിയമനം ലഭിക്കാത്ത അധ്യാപകര്‍ക്ക് സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രവേശനം ലഭിക്കും. സ്വകാര്യ മാനേജര്‍മാരുടെ നിയമനാവകാശത്തില്‍ സര്‍ക്കാര്‍ കൈവച്ചതുമില്ല. 12-ാം വകുപ്പ് പ്രകാരം സര്‍ക്കാര്‍ സ്കൂളുകളിലെയും എയിഡഡ് സ്കൂളുകളിലെയും അധ്യാപകരുടെ സേവന-വേതന വ്യവസ്ഥകള്‍ ഏകീകരിക്കുകയും ചെയ്തു. ബില്ലിനെതിരെ മാനേജര്‍മാര്‍ കോടതിയില്‍ പോയി. ന്യൂനപക്ഷ മതവിഭാഗങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നു എന്നാരോപിച്ചു കൊണ്ടാണ് ഒരുവിഭാഗം സ്വകാര്യ മാനേജര്‍മാര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ വിദ്യാഭ്യാസബില്ലിലെ 11ഉം 12ഉം വകുപ്പുകള്‍ ഭരണഘടനക്കെതിരല്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണം നടത്താനുള്ള അവകാശം ദുര്‍ഭരണം നടത്താനുള്ള അവകാശമല്ലെന്നുംസുപ്രീംകോടതി സംശയരഹിതമായി വ്യക്തമാക്കി (The right to administration is not a rigtht to maladministration) കോടതിയില്‍ രക്ഷയില്ലെന്നു വന്നപ്പോഴാണ് കേരളത്തിലെ ജാതിമത ശക്തികള്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ വിമോചനസമരം എന്നു വിശേഷിപ്പിക്കുന്ന സമരാഭാസം ആരംഭിച്ചത്.
വിദ്യാഭ്യാസ ബില്ലിനുപുറമേ മറ്റൊട്ടേറെ പരിഷ്കാരങ്ങളും വിദ്യാഭ്യാസരംഗത്ത് നടപ്പാക്കി. തിരുവിതാംകൂര്‍ കൊച്ചിയിലെയും മലബാറിലെയും അധ്യാപകരുടെ ശമ്പളം ഏകീകരിച്ചു. പ്രൈമറി അധ്യാപകര്‍ക്ക് 40-120, ഹൈസ്കൂള്‍ അധ്യാപകര്‍ക്ക് 80-165 എന്നീ ശമ്പളനിരക്കുകള്‍ അനുവദിച്ചു. ഒന്നുമുതല്‍ 10 വരെയുളള ക്ലാസുകള്‍ക്ക് ഒരേ നിയമം എന്ന നിലയുണ്ടായി. സ്കൂള്‍ വിദ്യാഭ്യാസം 11 വര്‍ഷം എന്നത് 10 വര്‍ഷം എന്നാക്കി മാറ്റി. പ്രവൃത്തി ദിവസം 200 ആയി ഏകീകരിച്ചു. കേരളത്തിലെ കുത്തഴിഞ്ഞ സ്കൂള്‍ വിദ്യാഭ്യാസം തുന്നിക്കെട്ടി അടുക്കും ചിട്ടയും ഏര്‍പ്പെടുത്തിയെന്നാണ് മുണ്ടശ്ശേരി മാസ്റ്റര്‍ പറഞ്ഞത്. 57ലെ ഇ എം എസ് സര്‍ക്കാരിനെ പിരിച്ചുവിട്ടതോടെ വിദ്യാഭ്യാസ ബില്ലിലെ പതിനൊന്നാം വകുപ്പും ഇല്ലാതായി. എങ്കിലും വിദ്യാഭ്യാസബില്‍ അപ്പാടെ ഇല്ലാതായില്ല. അതിലെ പല വകുപ്പുകളും നിലനിന്നതിന്റെ ഫലമായി കേരളത്തിലെ വിദ്യാഭ്യാസമേഖലയില്‍ ശ്രദ്ധേയമായ മാറ്റം ദൃശ്യമായി. 1957ലെ സര്‍ക്കാരാണ് മലബാര്‍ പ്രദേശത്ത് കൂടുതല്‍ ഹൈസ്കൂളുകളും പ്രാഥമിക വിദ്യാലയങ്ങളും കോളേജുകളും ആരംഭിച്ചത്. വിദ്യാഭ്യാസമേഖലയില്‍ മലബാറിന്റെ പിന്നോക്കാവസ്ഥ അവസാനിപ്പിക്കാനുള്ള കാര്യക്ഷമമായ നടപടികളാണ് അക്കാലത്ത് സ്വീകരിച്ചത്.

കേരള സംസ്ഥാനം നിലവില്‍ വരുന്നതിന് നാലുമാസം മുമ്പ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ കേരള സംസ്ഥാനസമ്മേളനം തൃശൂരില്‍ നടക്കുകയുണ്ടായി. പുതുതായി ജനിക്കാന്‍ പോകുന്ന കേരള സംസ്ഥാനത്തിന് പുതിയ രൂപം നല്‍കാനുള്ള മാര്‍ഗങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്തു. അന്ന് തയാറാക്കിയ മിനിമം പരിപാടി 1957ല്‍ അധികാരത്തില്‍വന്ന ഇ എം എസ് സര്‍ക്കാരിന് ദിശാബോധം നല്‍കാന്‍ സഹായിച്ചു. വികസന പരിപാടികള്‍ എന്ന പ്രമേയത്തില്‍ 94 പരിപാടികളാണ് എഴുതിച്ചേര്‍ത്തത്. രേഖയില്‍ വിദ്യാഭ്യാസം എന്ന ഭാഗത്ത് 55 മുതല്‍ 64 വരെയുള്ള 10 കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയത്. 55- കേരളത്തിലെ ഓരോ ജില്ലയിലും ഓരോ പോളിടെക്നിക്ക് സ്ഥാപിക്കുകയും സാങ്കേതിക വിദ്യാലയങ്ങള്‍ വികസിപ്പിക്കാന്‍ സ്വകാര്യ ഏജന്‍സികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. 56- തിരുവിതാംകൂര്‍ സര്‍വകലാശാലയെ കേരള സര്‍വകലാശാലയായി രൂപപ്പെടുത്തുക. 57- സര്‍വകലാശാലാ വിദ്യാഭ്യാസമുള്‍പ്പെടെ അധ്യയനഭാഷ മലയാളമാക്കാന്‍ ഒരു ക്രമീകൃത പദ്ധതിയനുസരിച്ച് നടപടികളെടുക്കുക. 58- സ്വകാര്യ കോളേജുകളുടെ നടത്തിപ്പില്‍ സര്‍വകലാശാല കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തുക. 59- എല്ലാ കുട്ടികള്‍ക്കും 14 വയസുവരെ സൗജന്യവും നിര്‍ബന്ധവുമായ വിദ്യാഭ്യാസം കൊടുക്കുന്നതിന് നടപടികളെടുക്കുക. 60- ഗ്രാമങ്ങളില്‍ സാക്ഷരത്വം നടപ്പാക്കാന്‍ വയോജന വിദ്യാഭ്യാസകേന്ദ്രങ്ങളും മറ്റും തുടങ്ങുന്നതിന് പ്രോത്സാഹനം നല്‍കുക. 61- അടിസ്ഥാന വിദ്യാഭ്യാസമുള്‍പ്പെടെ ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ രാജ്യത്തിന്റെ വ്യവസായവല്‍ക്കരണ ലക്ഷ്യത്തിനനുയോജ്യമായ രീതിയില്‍ ശാസ്ത്രീയവും സാങ്കേതികവുമായ അടിസ്ഥാനത്തില്‍ പുനഃസംഘടിപ്പിക്കാന്‍ വേണ്ട നടപടികളെടുക്കുക. 62- വിദ്യാര്‍ഥി-അധ്യാപക സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കുകയും വിദ്യാഭ്യാസ പുനഃസംവിധാനത്തില്‍ ഈ സംഘടനകള്‍ക്ക് പങ്ക് അനുവദിക്കുകയും ചെയ്യുക. 63- വിദ്യാഭ്യാസച്ചെലവ് ചുരുക്കാന്‍ വേണ്ടി ഫീസിന്റെ തുകയും പാഠപുസ്തകങ്ങളുടെ വിലയും കുറയ്ക്കുക. 64- എല്ലാ വിഭാഗങ്ങളിലുംപെട്ട അധ്യാപകര്‍ക്ക് ന്യായമായ ശമ്പളവും മറ്റ് ജോലി സൗകര്യങ്ങളും കിട്ടാന്‍ നടപടികളെടുക്കുക. 85-ല്‍ സംയോജന പ്രശ്നങ്ങളാണ് പ്രതിപാദിച്ചത്. മലബാറിലെയും തിരുകൊച്ചിയിലെയും സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകര്‍ മുതലായ മറ്റു വിഭാഗക്കാരുടെയും സര്‍വീസും ശമ്പളനിരക്കും മറ്റു ജോലി സൗകര്യങ്ങളും സംയോജിപ്പിക്കുവാന്‍ അടിയന്തര നടപടികള്‍ എടുക്കുകയും അങ്ങനെ ചെയ്യുമ്പോള്‍ ഇന്ന് നിലവിലുള്ള ആനുകൂല്യങ്ങളൊന്നും ആര്‍ക്കും കുറയാനിട വരാതിരിക്കുകയും ചെയ്യുക. 86- ഗവണ്‍മെന്റ് ജീവനക്കാരുടെ ശമ്പളനിരക്കില്‍ ന്യായമായ വര്‍ധന അനുവദിക്കുക.

ഈ രേഖയില്‍ പ്രതിപാദിച്ച കാര്യങ്ങള്‍ നടപ്പില്‍ വരുത്താനും ഇതിന്റെ ചുവട് പിടിച്ചുകൊണ്ട് ബഹുദൂരം മുമ്പോട്ടു പോകാനുമാണ് 57 മുതല്‍ കേരളത്തില്‍ ആറുതവണ അധികാരത്തില്‍ വന്ന ഇടതുപക്ഷം ശ്രമിച്ചത്. ഇടതുപക്ഷത്തിന് നാലുതവണ ഭരണത്തിന്റെ കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇതിലും വളരെയേറെ നല്ല കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ കഴിയുമായിരുന്നു. 57ല്‍ അധികാരത്തിലിരുന്ന ഇ എം എസ് സര്‍ക്കാര്‍ സ്കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്ന പരിപാടി നടപ്പാക്കി. പ്രൈമറി, ഹൈസ്കൂള്‍ തലങ്ങളില്‍ ഫീസിളവനുവദിച്ചു. അങ്ങനെ വിദ്യാഭ്യാസം സൗജന്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. 1967ല്‍ അധികാരത്തില്‍ വന്ന രണ്ടാം ഇ എം എസ് സര്‍ക്കാരാണ് കേരളത്തിലെ രണ്ടാമത്തെ സര്‍വകലാശാലയായ കലിക്കറ്റ് യൂണിവേഴ്സിറ്റി ആരംഭിച്ചത്. യൂണിവേഴ്സിറ്റി ബില്‍ പാസാക്കി നിയമമാക്കുകയും ചെയ്തു. സര്‍വകലാശാലാ ഭരണത്തിന്റെ ജനാധിപത്യസ്വഭാവം സംരക്ഷിക്കാനുതകുന്നതായിരുന്നു ഈ നടപടി. നിയമമനുസരിച്ച് സര്‍വകലാശാല ഭരണസമിതിയായ സെനറ്റിലും സിന്‍ഡിക്കറ്റിലും വിദ്യാര്‍ഥി പ്രതിനിധികള്‍ക്ക് പങ്കാളിത്തം അനുവദിച്ചു. ചരിത്രത്തിലെ ഒരു പ്രധാന കാല്‍വയ്പ്പായിരുന്നു ഇതെന്ന് പറയാന്‍ മടിക്കേണ്ടതില്ല.

2006 മുതല്‍ 2011 മെയ് വരെ കേരളം ഭരിച്ച എല്‍ഡിഎഫ് ഭരണകാലത്തും വിദ്യാഭ്യാസ മേഖലയില്‍ ഒട്ടേറെ പരിഷ്കാര നടപടികള്‍ സ്വീകരിച്ചു. പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്സുകളും ക്ലാസുകളും ആരംഭിക്കുന്നതോടൊപ്പം വിദ്യാഭ്യാസരംഗത്തെ പ്രധാനപ്പെട്ട പ്രശ്നം നിലവാരത്തകര്‍ച്ചയാണെന്ന് തിരിച്ചറിഞ്ഞു. പ്രാഥമികതലം മുതല്‍ സര്‍വകലാശാലാതലം വരെ വിദ്യാഭ്യാസത്തിന്റെ നിലവാരം ഗണ്യമായി ഉയര്‍ത്തിയാലല്ലാതെ കേരളത്തിന് ഇതര സംസ്ഥാനങ്ങളോടൊപ്പം മുന്നേറാനാവില്ലെന്ന് മനസ്സിലാക്കിയാണ് നിലവാരം ഉയര്‍ത്തുന്നതിന് നടപടികള്‍ സ്വീകരിച്ചത്. സിലബസിലും പാഠപുസ്തകങ്ങളിലും പഠനരീതിയിലും കാലാനുസൃതമായ മാറ്റം വരുത്തി. സ്കൂള്‍ തലത്തിലും കോളേജ് തലത്തിലും ക്ലസ്റ്റര്‍ സമ്പ്രദായം നടപ്പാക്കിയത് ഇതിന്റെ ഭാഗമായാണ്. അധ്യാപക രക്ഷാകര്‍തൃസമിതികള്‍ സജീവമാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിദ്യാഭ്യാസ പുരോഗതിയില്‍ ശ്രദ്ധ ചെലുത്തി പശ്ചാത്തല സൗകര്യം വര്‍ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചു. നിരവധി വിദ്യാലയങ്ങളില്‍ പ്ലസ്ടു അനുവദിച്ചു. ശമ്പളപരിഷ്കരണം നടപ്പിലാക്കി. കുറച്ചുകാലമായി കാണുന്ന ഒരു പ്രവണത സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വ്യാപ്തിയാണ്.

ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ കൂണുപോലെ മുളച്ചുപൊങ്ങുന്നു. അതോടെ സൗജന്യമായി വിദ്യാഭ്യാസം ലഭിക്കാനുള്ള സ്ഥാപനങ്ങള്‍ പരിമിതപ്പെടുന്നു. പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗം സ്വാശ്രയ സ്ഥാപനങ്ങള്‍ കൈയടക്കുന്ന നിലയും വന്നുപെട്ടിരിക്കുന്നു. സേവന മനോഭാവത്തോടെ സ്വകാര്യവ്യക്തികളോ സംഘടനകളോ സ്ഥാപനങ്ങളോ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ വിദ്യാഭ്യാസം വാണിജ്യവല്‍ക്കരിക്കുന്ന പ്രക്രിയയാണ് അതിവേഗം വളര്‍ന്നുവരുന്നത്. ഇടതുപക്ഷ ഭരണത്തിലുണ്ടായ പുരോഗതിയും നേട്ടങ്ങളും അട്ടിമറിക്കാനാണ് 2001 മുതല്‍ 2006 വരെ കേരളം ഭരിച്ച യുഡിഎഫ് ഭരണം മുതിര്‍ന്നത്. ഇപ്പോഴത്തെ യുഡിഎഫ് ഭരണം ഒരു പടികൂടി കടന്ന് സര്‍വകലാശാലകള്‍ ഏകാധിപത്യപരമായ രീതിയില്‍ പിടിച്ചടക്കാനാണ് ഊര്‍ജിതശ്രമം തുടങ്ങിയിരിക്കുന്നത്. സ്വാശ്രയ മാനേജ്മെന്റിനെ കയറൂരി വിട്ടിരിക്കുന്നു. നിര്‍ത്തലാക്കിയ പരീക്ഷകള്‍ തിരിച്ചുകൊണ്ടു വന്നിരിക്കുന്നു. എസ്എസ്എല്‍സി പരീക്ഷയുടെ വിജയം നൂറു ശതമാനത്തിനടുത്ത് എത്തിക്കാന്‍ സാധിച്ചത് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും തദ്ദേശ ഭരണസ്ഥാപനങ്ങളുടെയും സര്‍ക്കാരിന്റെയും കൂട്ടായ ശ്രമത്തിലൂടെയാണ്. യുഡിഎഫിന്റെ തെറ്റായ കരുനീക്കങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കുകയാണ് ഇപ്പോള്‍ വേണ്ടത്. വിദ്യാഭ്യാസരംഗം കലുഷിതമാക്കാനും നേട്ടങ്ങള്‍ തട്ടിമറിക്കാനും അനുവദിച്ചുകൂട. വിദ്യാഭ്യാസപ്രേമികള്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നേ മതിയാവൂ.

*
വി വി ദക്ഷിണാമൂര്‍ത്തി ദേശാഭിമാനി വാരിക 03 സെപ്തംബര്‍ 2011

Wednesday, April 13, 2011

കേരളം മുന്നോട്ടുതന്നെ

വികസനകാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തെ പിന്നോട്ടടിച്ചു എന്നാണ് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെയും മന്‍മോഹന്‍സിങ്ങിന്റെയും ആക്ഷേപം. എ കെ ആന്റണിയാകട്ടെ കേരളത്തിന്റെ വികസനവേഗത്തെ കാളവണ്ടിയോട് ഉപമിക്കാനും തയ്യാറായി. എപ്രകാരമാണ് ഇവര്‍ വികസനത്തെ അളക്കുന്നത് എന്ന് അറിയില്ല. ബോധ്യപ്പെടാവുന്ന തെളിവുകളൊന്നും മൂന്നുപേരും നിരത്തുന്നില്ല. അതുകൊണ്ട് തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ ഒരു പരിശോധന ആവശ്യമാണ്.
വികസനത്തിന്റെ മാനദണ്ഡമായി സ്വീകരിക്കപ്പെട്ടിട്ടുള്ളത് ദേശീയ വരുമാനവളര്‍ച്ചയും സംസ്ഥാന ആഭ്യന്തരവരുമാനവളര്‍ച്ചയുമാണ്. ജനസാമാന്യത്തിന്റെ ജീവിതനിലവാരത്തിലുണ്ടാകുന്ന ഗുണപരമായ മാറ്റത്തെയാണ് വികസനം പ്രതിനിധാനംചെയ്യുന്നത്. അതായത്, ജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതസൌകര്യം, തൊഴിലും മാന്യമായ വേതനവും- ഇവയെല്ലാം ലഭ്യമാക്കുകയാണ് വികസനത്തിന്റെ അടിസ്ഥാനലക്ഷ്യം. ഇന്ത്യയുടെയും കേരളത്തിന്റെയും വളര്‍ച്ചനിരക്കുകള്‍ താരതമ്യപ്പെടുത്താന്‍ തയ്യാറായിരുന്നെങ്കില്‍ സോണിയ ഗാന്ധിക്കും പ്രധാനമന്ത്രിക്കും അവാസ്തവപ്രസ്താവന ഒഴിവാക്കാന്‍ കഴിയുമായിരുന്നു. 2009-10ല്‍ ദേശീയ വരുമാനവര്‍ധന 7.4 ശതമാനമായിരുന്നു. സംസ്ഥാന ആഭ്യന്തരവരുമാനത്തിലുണ്ടായത് 9.73 ശതമാനം വളര്‍ച്ച. മുന്‍വര്‍ഷത്തെ (2008-09) സ്ഥിതിയും അങ്ങനെതന്നെ. ദേശീയ വരുമാനവളര്‍ച്ച 6.8 ശതമാനം. സംസ്ഥാന ആഭ്യന്തരവരുമാനവളര്‍ച്ചയാകട്ടെ 7.22 ശതമാനവും. ദേശീയ വരുമാനവളര്‍ച്ചനിരക്കിനേക്കാള്‍ ഉയര്‍ന്നതോതിലാണ് സംസ്ഥാനവരുമാനത്തിന്റെ വളര്‍ച്ച. പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് വളര്‍ച്ച പിന്നോട്ടടിച്ചു എന്ന് ആക്ഷേപിക്കുന്നത്? പിന്നോട്ടടിച്ചത് ഇന്ത്യയുടെ ദേശീയവരുമാന വളര്‍ച്ചനിരക്കാണെന്നു പട്ടിക വ്യക്തമാക്കുന്നു.

മറ്റൊരു വ്യക്തമായ സൂചനയും മേല്‍ പട്ടിക നല്‍കുന്നുണ്ട്. അതായത്, കേരളം സാമ്പത്തികവളര്‍ച്ചയുടെ പാതയില്‍ പ്രവേശിച്ചിരിക്കുന്നു. 2008-09ലെ 7.22 ശതമാനം വളര്‍ച്ചയില്‍നിന്ന് 2009-10ലെ 9.73 ശതമാനത്തിലേക്ക് സംസ്ഥാനം മുന്നേറിയിരിക്കുന്നു. (കണക്കുകള്‍ക്ക് അവലംബം: ഇക്കണോമിക് സര്‍വേ 2010-11- ഇന്ത്യാ ഗവണ്‍മെന്റ്, ഇക്കണോമിക് റിവ്യു 2010- കേരള ഗവണ്‍മെന്റ്). രസകരമായ മറ്റൊരു വസ്തുതകൂടി പരാമര്‍ശമര്‍ഹിക്കുന്നു. എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്തെ വളര്‍ച്ചനിരക്ക് സംബന്ധിച്ചാണത്. 2001-02ല്‍ കേരളം കൈവരിച്ചത് 5.17 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ്. 2002-03ല്‍ 7.30 ശതമാനവും വളര്‍ച്ച കൈവരിച്ചു. കാളവണ്ടിപ്രയോഗം സാധൂകരിക്കപ്പെടുന്നത് ഇവിടെയാണ്. യുഡിഎഫിന്റെ ഭരണത്തിലെ ശരാശരി വളര്‍ച്ചനിരക്ക് 7.57 ശതമാനമായിരുന്നു. അതേസമയം, എല്‍ഡിഎഫിന്റെ നാലുവര്‍ഷത്തെ ഭരണത്തിലെ വാര്‍ഷിക വളര്‍ച്ചനിരക്ക് 9.55 ശതമാനമാണ്. (കേരള ഇക്കണോമിക് റിവ്യു 2009, 2010 കാണുക).

കേരളം കൈവരിച്ച ഉയര്‍ന്ന വളര്‍ച്ചനിരക്ക് നിലനിര്‍ത്തപ്പെടുമോ, ഇനിയും ഉയര്‍ന്ന നിരക്ക് കൈവരിക്കുമോ, എന്നെല്ലാമുള്ള ചോദ്യങ്ങള്‍ പ്രസക്തങ്ങളാണ്. അതിന് കഴിയും എന്നുതന്നെ കരുതാം. അതിന് രണ്ടു കാരണമുണ്ട്. ഒന്ന്, സംസ്ഥാനത്തിന്റെ നികുതി- നികുതിയിതര വരുമാനത്തിലുണ്ടായിരിക്കൊണ്ടിരിക്കുന്ന വര്‍ധനയും സാമ്പത്തിക കെട്ടുറപ്പുമാണ്. 2005-06ലെ റവന്യൂവരുമാനം 10,716.41 കോടി രൂപയായിരുന്നു. 2010-11ലെ പുതുക്കിയ കണക്കനുസരിച്ച് സമാഹരിച്ച റവന്യൂവരുമാനം 24,158.08 കോടി രൂപയാണ്. 2011-12ലെ ബജറ്റ് വിഭാവനംചെയ്യുന്നത് 29,172.42 കോടി രൂപയുടെ റവന്യൂവരുമാനമാണ്. രണ്ട്, റവന്യൂ-ധനകമ്മിയിലുണ്ടാകുന്ന കുറവ് ഉയര്‍ന്നതോതിലുള്ള മൂലധനനിക്ഷേപം നടത്താന്‍ സംസ്ഥാനത്തെ പ്രാപ്തമാക്കുന്നു. റവന്യൂചെലവ് നിലവിലുള്ളവ നിലനിര്‍ത്താനാണ്. മൂലധനനിക്ഷേപമാണ് ഭാവിവളര്‍ച്ചയുടെ താക്കോല്‍. 2005-06ലെ മൊത്തം മൂലധനനിക്ഷേപം 816.95 കോടി രൂപയുടേതായിരുന്നു. 2010-11ലെ മൂലധനനിക്ഷേപം 3193.69 കോടി രൂപയുടേതാണ്. വര്‍ധന 291 ശതമാനം.

വിവിധ രംഗങ്ങളില്‍ 2005-06ല്‍ ചെലവഴിച്ച ആകെ തുകയും 2011-12 ബജറ്റ് വിഭാവനംചെയ്യുന്ന തുകയും തമ്മിലെ താരതമ്യം പ്രധാനമാണ്. 2005-06നെ അപേക്ഷിച്ച് 2011-12ല്‍ വിദ്യാഭ്യാസരംഗത്തെ മൊത്തം മുതല്‍മുടക്ക് വര്‍ധന 204 ശതമാനവും ആരോഗ്യരംഗത്ത് 177 ശതമാനവുമാണ്. കൃഷി, മൃഗസംരക്ഷണം, സഹകരണം എന്നീ രംഗങ്ങളിലെ മുതല്‍മുടക്ക് വര്‍ധന 210 ശതമാനവും റോഡുകളും പാലങ്ങളും നിര്‍മാണത്തിന് 108 ശതമാനം വര്‍ധനയുമാണ് പ്രതീഷിക്കുന്നത്.
കേന്ദ്രം കേരളത്തിന് വാരിക്കോരി സഹായം നല്‍കുകയാണെന്ന വാദത്തില്‍ കഴമ്പില്ല. രണ്ട് ഉദാഹരണം ചൂണ്ടിക്കാണിക്കാം. സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖലാ നിക്ഷേപം നിരന്തരമായി ചുരുങ്ങുകയാണ്. പട്ടികയിലെ കണക്ക് സ്വയം സംസാരിക്കുന്നവയാണ്. കേന്ദ്ര പൊതുമേഖലാ നിക്ഷേപം വര്‍ധിക്കുകയല്ല. ക്രമാനുഗതമായി ഇടിയുകയാണ്. ഇതാണ് കേന്ദ്രസഹായത്തിന്റെ ഒരു ഉദാഹരണം. കേന്ദ്രത്തില്‍നിന്ന് സംസ്ഥാനത്തിനുള്ള നികുതിവിഹിതവും നിരന്തരമായി കുറയുകയാണ്. സംസ്ഥാനത്തിന്റെ വികസനാവശ്യം വര്‍ധിക്കുകയും കേന്ദ്രത്തിന്റെ നികുതിവരുമാനം പെരുകുകയും ചെയ്യുമ്പോഴാണ് ഈ സ്ഥിതി എന്നോര്‍ക്കണം. സംസ്ഥാനങ്ങള്‍ക്ക് നീക്കിവച്ച നികുതിവിഹിതത്തില്‍ 10-ാം ധനകമീഷന്‍ അവാര്‍ഡുപ്രകാരം കേരളത്തിന് ലഭിച്ചത് 3.88 ശതമാനമായിരുന്നു. ഏറ്റവും ഒടുവിലത്തെ 13-ാം ധനകമീഷന്‍ അവാര്‍ഡുപ്രകാരം കിട്ടുന്നത് 2.34 ശതമാനംമാത്രം.
സംസ്ഥാനങ്ങള്‍ക്കകത്തുനിന്നു പിരിക്കുന്ന ആദായനികുതിയും എക്സൈസ് തീരുവയുമാണ് കേന്ദ്രത്തിന്റെ നികുതിസ്രോതസ്സുകള്‍. നികുതിവരുമാനത്തിന്റെ അവകാശികള്‍ ശരിക്കും സംസ്ഥാനങ്ങള്‍തന്നെയാണ്. 50 ശതമാനം നികുതിവരുമാനം സംസ്ഥാനങ്ങളുമായി പങ്കിടണമെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം. 13-ാം ധനകമീഷന്‍ നല്‍കുന്നത് 32 ശതമാനം. ശേഷിക്കുന്നത് കേന്ദ്രം കൈയടക്കുന്നു; വിവേചനാധികാരമുപയോഗിച്ച് കേന്ദ്രത്തോടൊട്ടിനില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പങ്കിട്ടുനല്‍കുന്നു. ഫെഡറല്‍ സംവിധാനത്തിന്റെ അന്തഃസത്തയ്ക്ക് നിരക്കുന്നതല്ല ഈ സമീപനം. പക്ഷേ, അങ്ങനെ ഒട്ടിനിന്നാലേ എന്തെങ്കിലും തരൂ എന്നാണ് യജമാനഭാവത്തില്‍ മന്‍മോഹന്‍ സിങ് പറയുന്നത്.

*
പ്രൊഫ. കെ എന്‍ ഗംഗാധരന്‍ ദേശാഭിമാനി 13 ഏപ്രില്‍ 2011

Friday, April 8, 2011

പാവം സോണിയാ

യുഡിഎഫ് ഇനിയും തരംതാഴുമോ?

ലോകം കണ്ട ഏറ്റവും വലിയ അഴിമതികളുടെ അധ്യക്ഷസ്ഥാനത്തിരിക്കുന്ന സോണിയ ഗാന്ധി കേരളത്തില്‍ വന്ന് ഇവിടത്തെ ഭരണം അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണെന്ന് ആരോപിക്കുന്നത് മിതമായ ഭാഷയില്‍ അസംബന്ധമാണ്. സോണിയ ചോദ്യശരങ്ങളുതിര്‍ത്ത് തേരോട്ടം നടത്തി എന്നാണ് ഒരു കോൺ‌ഗ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്തുകണ്ടത്. സുനാമി പാക്കേജ്, കുട്ടനാട് പാക്കേജ് എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുശേഷം അവര്‍ ഉന്നയിച്ചത് ഇവിടെ മാഫിയാ ഭരണമല്ലേ, അഴിമതിയല്ലേ, എല്‍ഡിഎഫ് കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് എതിരുനിന്നില്ലേ എന്നൊക്കെയാണ്.

ഒരു തെരഞ്ഞെടുപ്പു പ്രചാരണവേദിയില്‍ എന്തെങ്കിലും പറഞ്ഞല്ലേ തീരൂ എന്ന ഗതികേടായി സോണിയയുടെ പ്രകടനത്തെ മനസിലാക്കുന്നവരുണ്ട്. യുപിഎയുടെ പരമോന്നത നേതാവ് അവാസ്തവങ്ങള്‍ പറയാനിടയില്ല എന്ന് കരുതിപ്പോകുന്ന ശുദ്ധമനസ്കരുമുണ്ടാകും. അത്തരം ആളുകളെ ലക്ഷ്യംവച്ച് കെപിസിസി നേതൃത്വം സ്വന്തം നേതാവിനെക്കൊണ്ട് പരമാബദ്ധം എഴുന്നള്ളിപ്പിക്കുകയായിരുന്നു എന്നാണ് മനസിലാക്കേണ്ടത്.

കേന്ദ്രം നല്‍കിയ സുനാമി ഫണ്ട് കേരളം വേണ്ടവിധം ഉപയോഗിച്ചില്ല എന്നാണ് സോണിയ ഉന്നയിച്ച ഒരു പ്രധാന ആക്ഷേപം. മറ്റു സംസ്ഥാനങ്ങള്‍ സുനാമി പുനരധിവാസപദ്ധതികളുടെ പൂര്‍ത്തീകരണത്തിന് സമയം നീട്ടിച്ചോദിച്ചപ്പോള്‍ നിശ്ചിതസമയത്തിനകം പദ്ധതി നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. സുനാമി പുനരധിവാസത്തിന് 2371.02 കോടി രൂപയുടെ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍ കേന്ദ്രം 1441.75 കോടി രൂപയുടെ പദ്ധതികള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയത്. പലവട്ടം ആവശ്യപ്പെട്ടിട്ടും തുക വര്‍ധിപ്പിക്കാന്‍ തയ്യാറായില്ല. ഒമ്പതു ജില്ലകളില്‍ തീരദേശത്തെ 20 ലക്ഷത്തോളം ജനങ്ങള്‍ക്ക് നേരിട്ട് പ്രയോജനംചെയ്ത സുനാമി പുനരധിവാസപദ്ധതികളെക്കുറിച്ച് സോണിയയെക്കൊണ്ട് ആക്ഷേപമുന്നയിപ്പിച്ചവര്‍ സ്വന്തം നേതാവിനെ ജനമധ്യത്തില്‍ അവഹേളിക്കുകയായിരുന്നു.

കുട്ടനാട് പാക്കേജിന്റെ കാര്യത്തിലും സോണിയ പറഞ്ഞത് പരമാബദ്ധമാണ്. 3544 കോടി രൂപയുടെ പദ്ധതികള്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചു; 1840 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നല്‍കി. തുടര്‍ന്ന് 546 പദ്ധതിരേഖ കേന്ദ്രത്തിനു സംസ്ഥാനം സമര്‍പ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചത് 1019 കോടി രൂപയുടെ പദ്ധതികളാണ്. കേന്ദ്രം ആകെ കൈമാറിയത് 72.50 കോടി രൂപ. പദ്ധതി നടത്തിപ്പിന് പ്രത്യേക അതോറിറ്റി രൂപീകരിച്ച് കേരളം പ്രവര്‍ത്തിക്കുമ്പോള്‍ കേന്ദ്രം മുട്ടാപ്പോക്ക് നയം സ്വീകരിക്കുന്നു. അതുപോരാഞ്ഞാണ് സോണിയ ഗാന്ധിയുടെ ചോദ്യങ്ങള്‍. കോൺ‌ഗ്രസ് ജനങ്ങളെ എത്ര തരംതാണ രീതിയിലാണ് തെറ്റിദ്ധരിപ്പിക്കുന്നത് എന്നതിന് ഇതില്‍കൂടുതല്‍ തെളിവു വേണ്ടതില്ല.

ഇന്ത്യാ രാജ്യത്തില്‍ അഴിമതിരാജ് കൊണ്ടുവന്നത് സോണിയയുടെ കാര്‍മികത്വത്തിലാണ്. അണ്ണാ ഹസാരെ എന്ന ഗാന്ധിയന്‍ അഴിമതിക്കെതിരെ നിരാഹാരമിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നതിനുപകരം കേരളത്തില്‍വന്ന് ചോദ്യങ്ങളുന്നയിക്കുന്നത് കടന്നകൈതന്നെ. 2ജി സ്പെക്ട്രം മുതല്‍ ഐപിഎല്‍ ഫണ്ടിങ് വരെ നീളുന്ന അനേകലക്ഷം കോടികളുടെ അഴിമതി, രാജ്യത്തെ കൊള്ളയടിച്ച് കൊണ്ടുപോയി വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ച കള്ളപ്പണക്കാര്‍ക്കുള്ള സംരക്ഷണം, അമേരിക്കയ്ക്കുമുന്നില്‍ മുട്ടിലിഴയുന്ന വിധേയത്വം, ബഹുരാഷ്ട്രകോര്‍പറേറ്റുകള്‍ക്ക് അവിഹിതമായ സൌജന്യങ്ങള്‍-ഇങ്ങനെ അഴിമതിയുടെയും മാഫിയവല്‍ക്കരണത്തിന്റെയും ഉത്സവ നടത്തിപ്പുകാര്‍ കേരളത്തില്‍ വന്ന് കുറ്റം പറയുമ്പോള്‍ ജനങ്ങളില്‍ ഉയരുന്ന വികാരം പരിഹാസവും പുച്ഛവുമാണ്.

അഴിമതിയെ ചെറുത്തുനിര്‍ത്തി എല്ലാത്തരം മാഫിയകള്‍ക്കുമെതിരെ എടുത്ത ഉശിരന്‍ നിലപാടുകളാണ് കേരളത്തിലെ ഇടതുപക്ഷത്തിന്റെ അഭിമാനം. ഇന്നിവിടെ അഴിമതിക്കറ പുരണ്ട് നില്‍ക്കുന്നത് കോൺ‌ഗ്രസിന്റെയും കൂട്ടുകക്ഷികളുടെയും നേതൃത്വമാണ്. ജയിലില്‍ കിടക്കുന്നത് യുഡിഎഫിന്റെ സ്ഥാപകനാണ്. ആരോപണങ്ങളുടെയും കേസുകളുടെയും നടുവില്‍ കൈകാലിട്ടടിക്കുന്നത് പി കെ കുഞ്ഞാലിക്കുട്ടിയെയും ഉമ്മന്‍ചാണ്ടിയെയും പോലുള്ള യുഡിഎഫ് നേതാക്കളാണ്. ഇതെല്ലാം അനുഭവിക്കുന്ന കേരളീയര്‍ക്കുമുന്നില്‍ നേര്‍വിപരീതമായ കാര്യങ്ങള്‍ സോണിയയെക്കൊണ്ട് പറയിച്ചത് ചുരുങ്ങിയപക്ഷം സ്വന്തം നേതാവിനോടുള്ള അനാദരവെങ്കിലുമാണെന്ന് യുഡിഎഫ് നേതൃത്വം തിരിച്ചറിയണം.

കേന്ദ്രവും സംസ്ഥാനവും ഒരേ പാര്‍ടി ഭരിച്ചാലേ വികസനമുണ്ടാകൂ എന്നാണ് എ കെ ആന്റണി മുതല്‍ കോണ്‍ഗ്രസ് നേതൃത്വമാകെ പറയുന്നത്. സോണിയയും ആ വാദത്തിനാണ് അടിവരയിട്ടത്. അഞ്ചുകൊല്ലംമുമ്പ് ഭരണം പൂര്‍ത്തിയാക്കി ഇറങ്ങിപ്പോയ യുഡിഎഫിന്റെ കൊള്ളരുതായ്മകളുടെ കെടുതി ഇനിയും അനുഭവിച്ചുതീര്‍ത്തിട്ടില്ല കേരളജനത. അരിവിഹിതവും മണ്ണെണ്ണ വിഹിതവും വെട്ടിക്കുറച്ചതും വിഴിഞ്ഞം പദ്ധതിക്ക് ഉടക്കുവച്ചതും കൊച്ചി മെട്രോ റെയില്‍പദ്ധതി നടപ്പാക്കാതിരിക്കുന്നതും റെയില്‍വേ സോണ്‍ എന്ന ആവശ്യം അവഗണിക്കുന്നതുമെല്ലാം കേരളത്തെ കഠിനമായി വിഷമിപ്പിക്കുന്ന കേന്ദ്രസമീപനങ്ങളാണ്. ഇത്തരം പ്രതികാരമനോഭാവത്തോടെയുള്ള രീതി സ്വീകരിക്കുന്നത് കേരളത്തില്‍ കോണ്‍ഗ്രസ് ഭരണത്തിലില്ലാത്തതുകൊണ്ടാണോ? എങ്കില്‍ കേന്ദ്രഭരണംവച്ച് കേരളത്തിലെ ജനങ്ങളെ ബ്ളാക്ക്മെയില്‍ ചെയ്യുകയാണോ കോണ്‍ഗ്രസ്? അതിന് നേതൃത്വം നല്‍കുകയാണോ സോണിയ?

വോട്ടെടുപ്പ് അടുക്കുമ്പോള്‍ യുഡിഎഫ് അകപ്പെടുന്ന അഗാധമായ പ്രതിസന്ധിയുടെയും വെപ്രാളത്തിന്റെയും സൂചനകളാണ് നേതൃത്വത്തില്‍നിന്നുണ്ടാകുന്ന ഇത്തരം പ്രകടനങ്ങള്‍. കേരളത്തിലെ മൂന്നു പ്രധാന കേന്ദ്രങ്ങളില്‍ പറന്നെത്തി കോൺ‌ഗ്രസ് അധ്യക്ഷ പ്രസംഗിച്ചത് യുഡിഎഫിന്റെ അണികളില്‍ നേരിയ ചലനം സൃഷ്ടിക്കാന്‍പോലും പര്യാപ്തമായില്ല എന്നത് ആ മുന്നണിയെ ജനങ്ങള്‍ കൈയൊഴിഞ്ഞതിന് തെളിവാണ്. എന്തുകൊണ്ട് സദസ്സുകള്‍ ശുഷ്കമായി എന്ന പരിശോധനയിലെങ്കിലും ജനവിരുദ്ധ നയങ്ങള്‍ തിരുത്തപ്പെടേണ്ടതാണെന്ന ബോധ്യം യുപിഎ നേതൃത്വത്തിനുണ്ടാകട്ടെ എന്നാശിക്കാം.


*****


കടപ്പാട് : ദേശാഭിമാനി മുഖപ്രസംഗം 08042011

Sunday, April 3, 2011

ആന്റണി കേരളത്തെ ഇങ്ങനെ വീര്‍പ്പുമുട്ടിക്കരുത്

കേന്ദ്രസര്‍ക്കാര്‍ കേരളത്തെ സ്നേഹിച്ച് വീര്‍പ്പുമുട്ടിക്കുകയാണെന്നാണ് പ്രതിരോധമന്ത്രി എ കെ ആന്റണി തെരഞ്ഞെടുപ്പു യോഗങ്ങളില്‍ കേരളമെമ്പാടും പറഞ്ഞുനടക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ പട്ടിണികിടന്ന് മരിക്കാത്തത് മന്‍മോഹന്‍സിങ്ങിന്റെയും സോണിയഗാന്ധിയുടെയും ഔദാര്യമാണുപോലും! മഹാരാഷ്ട്രയിലെ വിദര്‍ഭയിലും കോണ്‍ഗ്രസുതന്നെ ഭരിക്കുന്ന ആന്ധ്രപ്രദേശിലുമടക്കം ആയിരക്കണക്കിനു കൃഷിക്കാര്‍ ഇപ്പോഴും ആത്മഹത്യചെയ്തുകൊണ്ടിരിക്കുന്നത് മന്‍മോഹന്‍സിങ്ങിനും സോണിയഗാന്ധിക്കും ആ സംസ്ഥാനങ്ങളിലെ ജനങ്ങളോടുള്ള പകയും വിദ്വേഷവുംകൊണ്ടായിരിക്കും എന്നാണല്ലോ ആന്റണിയുശട പ്രസ്താവനയില്‍നിന്ന് അനുമാനിക്കേണ്ടിവരിക.

2001-04ല്‍ ആന്റണി അധികാരത്തിലിരുന്നപ്പോഴാണല്ലോ കടക്കെണിയും വിലത്തകര്‍ച്ചയുംകൊണ്ടുള്ള കര്‍ഷക ആത്മഹത്യ കേരളത്തില്‍ ആരംഭിച്ചത്. അന്ന് ഈ കാര്യം കേരള നിയമസഭയില്‍ ഞങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ മുഖ്യമന്ത്രി ആന്റണിയും കൃഷിമന്ത്രി കെ ആര്‍ ഗൌരിയമ്മയും കേരളത്തില്‍ കര്‍ഷക ആത്മഹത്യ എന്നൊരു സംഭവമേ ഇല്ലെന്നാണ് പറഞ്ഞത്. പാര്‍ലമെന്റില്‍ കേരളത്തില്‍നിന്നുള്ള എംപിമാര്‍ കര്‍ഷക ആത്മഹത്യാപ്രശ്നം ഉന്നയിക്കുകയും കേന്ദ്രസഹായം തേടുകയും ചെയ്തപ്പോള്‍ കേരളത്തില്‍ കര്‍ഷക ആത്മഹത്യ ഇല്ലെന്നാണ് സംസ്ഥാനസര്‍ക്കാരിന്റെ റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കിയത്. തങ്ങളുടെ പരാജയം മറച്ചുവയ്ക്കാനും സ്വയം ന്യായീകരിക്കാനും ശ്രമിക്കുകവഴി കേന്ദ്രസര്‍ക്കാരില്‍നിന്ന് ന്യായമായി കര്‍ഷകര്‍ക്കു ലഭിക്കേണ്ടിയിരുന്ന ആനുകൂല്യങ്ങള്‍പോലും ഇല്ലാതാക്കുകയാണ് ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ചെയ്തത്. കര്‍ഷകര്‍ ആത്മഹത്യചെയ്തുകൊണ്ടിരിക്കെ അങ്ങനെയൊരു സംഭവമേയില്ലെന്നു പറഞ്ഞ ആന്റണിയാണ് ഇപ്പോള്‍ ആത്മഹത്യ നിലച്ചത് സോണിയയുടെ ഔദാര്യംകൊണ്ടാണെന്ന് പൊങ്ങച്ചം പറയുന്നത്.

ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആദ്യം ചെയ്തത് കര്‍ഷക ആത്മഹത്യ ഇല്ലാതാക്കുന്നതിന് നടപടി സ്വീകരിക്കുകയാണ്. ഈ പ്രശ്നം കേന്ദ്രത്തിനു മുന്നില്‍ ശക്തമായി അവതരിപ്പിച്ചത് ഈ സര്‍ക്കാരാണ്. അന്ന് ഇടതുപക്ഷത്തിന്റെ പിന്തുണകൊണ്ടുമാത്രം അധികാരത്തില്‍ തുടരുന്ന ഒരു സര്‍ക്കാരായിരുന്നു കേന്ദ്രത്തില്‍. കര്‍ഷക ആത്മഹത്യാപ്രശ്നം പരിഹരിക്കുന്നതിന് സത്വര നടപടി സ്വീകരിക്കണമെന്നും കാര്‍ഷികമേഖലയിലെ തൊഴിലില്ലായ്മയും പട്ടിണിയും അവസാനിപ്പിക്കുന്നതിന് തൊഴിലുറപ്പു പദ്ധതി നടപ്പാക്കണമെന്നും പൊതുമിനിമം പരിപാടിയില്‍ ഉപാധി നിര്‍ബന്ധമായി ചേര്‍പ്പിച്ചത് ഇടതുപക്ഷമാണ്. കേരളത്തിലെ മൂന്നു ജില്ലയിലടക്കം രാജ്യത്തെ 16 ജില്ലയില്‍ വിദര്‍ഭ മോഡല്‍ പാക്കേജ് പ്രഖ്യാപിച്ചത് കേരളസര്‍ക്കാരിന്റെയും തുടര്‍ന്ന് ഇടതുപക്ഷത്തിന്റെയും ശക്തമായ ഇടപെടലിനെത്തുടര്‍ന്നാണ്. തൊഴിലുറപ്പു പദ്ധതിയാകട്ടെ, സംസ്ഥാനത്ത് രണ്ടു ജില്ലയില്‍ മാത്രമാണ് ആദ്യം അനുവദിച്ചത്. പിന്നെയും സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയതിനെത്തുടര്‍ന്നാണ് മറ്റു ജില്ലകളിലേക്കുകൂടി വ്യാപിപ്പിക്കാന്‍ തയ്യാറായത്. ഈ രണ്ടു പദ്ധതിയും നടപ്പാക്കിയ കേരളത്തിനു പുറത്തുള്ള മറ്റു പ്രദേശങ്ങളിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാന്‍ ആന്റണി തയ്യാറാകണം. വിദര്‍ഭയില്‍മാത്രം ആയിരക്കണക്കിനു കൃഷിക്കാരാണ് ഓരോ വര്‍ഷവും ഇപ്പോഴും ആത്മഹത്യചെയ്തുകൊണ്ടിരിക്കുന്നത്.

കേന്ദ്രത്തില്‍നിന്നുള്ള പദ്ധതികള്‍ക്കുവേണ്ടി കാത്തുനില്‍ക്കുകയായിരുന്നില്ല കേരളം. സ്വന്തം നിലയ്ക്ക്, ആത്മഹത്യചെയ്ത കൃഷിക്കാരുടെ കടങ്ങള്‍ എഴുതിത്തള്ളുകയും അവരുടെ കുടുംബത്തിന് അരലക്ഷം രൂപവീതം സാമ്പത്തികസഹായം നല്‍കുകയും കാര്‍ഷിക കടങ്ങള്‍ക്ക് പൂര്‍ണമായും മൊറട്ടോറിയം ഏര്‍പ്പെടുത്തുകയും അതിന്റെ കാലാവധി തീരുംമുമ്പ് കാര്‍ഷിക കടാശ്വാസനിയമം നടപ്പാക്കുകയും കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ നടപ്പാക്കുകയുംചെയ്തുകൊണ്ട് കാര്‍ഷികമേഖലയെ കടക്കെണിയില്‍നിന്ന് പൂര്‍ണമായി മോചിപ്പിക്കാന്‍ കഴിഞ്ഞു. അതോടൊപ്പം സമഗ്രമായ ഉല്‍പ്പാദന വര്‍ധനാ പദ്ധതി നടപ്പാക്കി കാര്‍ഷികരംഗത്ത് ഒരു പുതിയ വസന്തം സൃഷ്ടിക്കുകയും ചെയ്തു. യുഡിഎഫ് ഭരിക്കുന്ന ഘട്ടത്തില്‍ നെല്ലിന്റെ സംഭരണവില ഏഴു രൂപയായിരുന്നത് 50 പൈസയെങ്കിലും വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് എന്റെ നേതൃത്വത്തില്‍ നിയമസഭയില്‍ നിരാഹാര സത്യഗ്രഹം നടത്തിയകാര്യം ആന്റണി ഓര്‍ക്കുന്നുണ്ടാകണം. ഇന്ന് നെല്ലിന്റെ സംഭരണവില 14 രൂപയാണെന്ന് ആന്റണി മനസ്സിലാക്കണം.

ആന്റണി ഭരിച്ചുകൊണ്ടിരുന്ന കാലത്ത് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ രോഗഗ്രസ്തമെന്ന പേരില്‍ എങ്ങനെ അടച്ചുപൂട്ടാം എന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റിയാബ് എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തുകയായിരുന്നു. ഉമ്മന്‍ചാണ്ടിയും ഇതേ നടപടി തുടര്‍ന്നുപോന്നു. എന്നാല്‍, ഈ സര്‍ക്കാരിന്റെ അഞ്ചു വര്‍ഷക്കാലം പിന്നിടുമ്പോള്‍ തങ്ങള്‍ അടച്ചുപൂട്ടാനും വിറ്റുതുലയ്ക്കാനും വച്ചിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം ലാഭത്തിലാണെന്നു മാത്രമല്ല പത്തു പുതിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഈ സര്‍ക്കാര്‍ ആരംഭിക്കുകയും ചെയ്തു. ഉത്തരം മുട്ടിക്കുന്ന ഈ യാഥാര്‍ഥ്യം കണ്ട് പകച്ച അദ്ദേഹം ഇതും കേന്ദ്രസര്‍ക്കാരിന്റെ ഔദാര്യമാണെന്ന് ലജ്ജയില്ലാതെ പറയുകയുകയാണ്.
വാസ്തവത്തില്‍ കേരളത്തിന്റെ പല വന്‍കിട പദ്ധതികളെയും അട്ടിമറിക്കാനാണ് കേന്ദ്രം ശ്രമിച്ചത്. തങ്ങളുടെ കാലത്ത് പ്രത്യേക സാമ്പത്തികമേഖല എന്ന് തത്വത്തില്‍ അംഗീകരിച്ചിരുന്ന സ്മാര്‍ട്ട്സിറ്റി പദ്ധതിക്ക് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പ്രത്യേക സാമ്പത്തികമേഖലാ പദവി ലഭിക്കാതെയാക്കാന്‍ ന്യായീകണങ്ങള്‍ കണ്ടുപടിക്കുകയായിരുന്നു കേന്ദ്രം.

ഇതുപോലെതന്നെയാണ് വിഴിഞ്ഞംപദ്ധതിയുടെ കാര്യവും. സൂം എന്ന കമ്പനി ചൈനയില്‍ പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു പ്രതിരോധമന്ത്രി കണ്ട ആദ്യ തൊടുന്യായം. പദ്ധതി വൈകിച്ചതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ആന്റണിക്ക് ഒഴിഞ്ഞുമാറാനാകില്ല. എങ്കിലും അത് സഹിച്ച് വീണ്ടും ആദ്യംമുതല്‍ നടപടികളാരംഭിച്ച് പദ്ധതി യാഥാര്‍ഥ്യമാകുന്ന ഘട്ടമായപ്പോള്‍ തൂത്തുക്കുടി, കൊളച്ചല്‍ തുറമുഖങ്ങളുമായുള്ള സാമീപ്യം എന്ന കാരണം പറഞ്ഞ് പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. പദ്ധതിക്കാവശ്യമായ മുഴുവന്‍ സ്ഥലവും ഏറ്റെടുക്കുകയും റെയില്‍റോഡ് കണക്ടിവിറ്റി ഉള്‍പ്പെടെ അടിസ്ഥാനസൌകര്യ വികസനത്തിനായി 450 കോടി രൂപ സംസ്ഥാനസര്‍ക്കാര്‍ അനുവദിക്കുകയും പ്രവൃത്തി തുടങ്ങുകയും ചെയ്തിരിക്കുന്നു. പദ്ധതിക്ക് പണം കണ്ടെത്തുന്നതിന് എസ്ബിടിയുടെ നേതൃത്വത്തില്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കുകയും ചെയ്തു. ഈ ഘട്ടത്തില്‍ പദ്ധതിക്ക് തുരങ്കംവയ്ക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ കേരളത്തെ സ്നേഹിച്ച് വീര്‍പ്പുമുട്ടിക്കുകയാണെന്നാണ് ആന്റണി പറയുന്നത്.

ആന്റണിയുടെ സ്ഥിരം മണ്ഡലത്തിലാണല്ലോ ചേര്‍ത്തല ഓട്ടോകാസ്റ്. ഓട്ടോകാസ്റുമായി ചേര്‍ന്ന് വാഗണ്‍ നിര്‍മാണശാല ആരംഭിക്കാന്‍ ഇടതുപക്ഷ പിന്തുണയോടെ കേന്ദ്രം ഭരിച്ച ഒന്നാം യുപിഎ സര്‍ക്കാരിന്റെ റെയില്‍മന്ത്രി ലാലു പ്രസാദ് യാദവ് കേരളവുമായി ധാരണപത്രം ഒപ്പുവച്ചതായിരുന്നു. അന്ന് റെയില്‍ബജറ്റില്‍ അതിന് പണവും നീക്കിവച്ചു. എന്നാല്‍, ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതോടെ യുപിഎ സര്‍ക്കാര്‍ ആ പദ്ധതിയും അട്ടിമറിച്ചു. ആന്റണിക്ക് എന്താണ് ഇതേക്കുറിച്ച് പറയാനുള്ളതെന്ന് അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്.

പാലക്കാട് ഡിവിഷന്‍ വിഭജിച്ച് സേലം ഡിവിഷന്‍ രൂപീകരിക്കുന്ന ഘട്ടത്തില്‍ സംസ്ഥാനത്തിന്റെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്ന് പാലക്കാട് കോച്ച് ഫാക്ടറി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. 5000 കോടി രൂപ ചെലവില്‍ ബൃഹത്തായ ഒരു ഫാക്ടറിയാണ് വിഭാവനംചെയ്തത്. അതിനാവശ്യമായ മുഴുവന്‍ സ്ഥലവും സൌജന്യമായി സംസ്ഥാനസര്‍ക്കാര്‍ ലഭ്യമാക്കി. എന്നാല്‍,ഇത്തവണത്തെ റെയില്‍ബജറ്റിലും ആ പദ്ധതി തുടങ്ങുന്നതിനെക്കുറിച്ച് മൌനംപാലിച്ചിരിക്കുകയാണ്.

കൊച്ചി മെട്രോ പദ്ധതിക്കുവേണ്ടി കഴിഞ്ഞ അഞ്ചുവര്‍ഷമായി നിരന്തരശ്രമം നടത്തിവരികയാണ് സംസ്ഥാനസര്‍ക്കാര്‍. ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമം ആരംഭിച്ചുകഴിഞ്ഞു. ആ പദ്ധതി കേന്ദ്ര- സംസ്ഥാന സംയുക്ത സംരംഭമായി നടപ്പാക്കുന്നതിന് ആസൂത്രണകമീഷനും കേന്ദ്ര ധനമന്ത്രാലയവും ഇപ്പോഴും തടസ്സം നില്‍ക്കുകയാണ്. ഹൈക്കമാന്‍ഡിന്റെ പ്രധാന വക്താവും കേന്ദ്രമന്ത്രിയുമാണല്ലോ ആന്റണി. ഇക്കാര്യത്തിലും ആന്റണിയുടെ വിശദീകരണം കേരളത്തിലെ ജനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.

പതിനൊന്നാം പഞ്ചവത്സരപദ്ധതിയില്‍ എട്ട് ഐഐടി ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുകയുണ്ടായി. കേരളപ്പിറവിയുടെ സുവര്‍ണജൂബിലി ഉദ്ഘാടനംചെയ്തുകൊണ്ട് കേരളത്തിലും ഐഐടി അനുവദിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. അടിസ്ഥാന വിദ്യാഭ്യാസരംഗത്ത് ഉന്നത നിലവാരം പുലര്‍ത്തുന്ന കേരളത്തില്‍ ഉന്നത സാങ്കേതിക വിദ്യാഭ്യാസത്തിന് ആവശ്യമായ ഐഐടി ആരുടെയും ഔദാര്യമായി കിട്ടേണ്ടതല്ല. കേരളത്തിന്റെ അവകാശമാണ്. അതും അട്ടിമറിക്കപ്പെട്ട സാഹചര്യം ആന്റണി വിശദീകരിക്കണം.


*****



വി എസ് അച്ചുതാനന്ദൻ

Wednesday, March 16, 2011

നിറവോടെ തെളിമയോടെ

അഴിമതിയുടെയും പിടിപ്പുകേടിന്റെയും കൂത്തരങ്ങായിരുന്നു യുഡിഎഫ് ഭരണകാലത്ത് വിദ്യാഭ്യാസവകുപ്പ്. സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് അമിത ഫീസിന് ഒത്താശ, ബി എഡ് കേളേജുകള്‍ അനുവദിച്ചതില്‍ കോടികളുടെ അഴിമതി, എന്‍ട്രന്‍സ് പരീക്ഷയില്‍ തിരിമറി, ഒരു തത്വദീക്ഷയുമില്ലാതെ 114 സ്‌കൂളുകള്‍ക്കും 165 ടീച്ചേഴ്‌സ് ട്രെയിനിങ് കോളേജുകള്‍ക്ക് അംഗീകാരം നല്‍കിയത്, എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചേര്‍ച്ച ഇങ്ങനെ വിവാദങ്ങളും അഴിമതിയും നിറഞ്ഞ കാലം. വകുപ്പ് അഴിമതിയുടെ കൂത്തരങ്ങാക്കിയപ്പോള്‍ നാലകത്തു സൂപ്പിയെ മാറ്റി ഇ ടി മുഹമ്മദ് ബഷീര്‍ വന്നു. എന്നിട്ടും കാര്യങ്ങള്‍ പഴേപടി തുടര്‍ന്നു. കേരളത്തിന്റെ അഭിമാനമായിരുന്ന പൊതുവിദ്യാലയങ്ങളും വിദ്യാഭ്യാസനിലവാരവും തകര്‍ന്നു. പൊതുവിദ്യാലയങ്ങളെ, പ്രത്യേകിച്ച് സര്‍ക്കാര്‍ വിദ്യാലയങ്ങളെ രക്ഷിതാക്കളും വിദ്യാര്‍ഥികളും കൈയൊഴിഞ്ഞു. ഈ പരിതാപകരമായ അവസ്ഥയില്‍നിന്നാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയെ കരകയറ്റിയത്. അടിസ്ഥാന സൌകര്യങ്ങളുടെയും വിദ്യാഭ്യാസനിലവാരത്തിന്റെയും കാര്യത്തില്‍ കേരളത്തിലെ സര്‍ക്കാര്‍, എയ്‌ഡഡ് വിദ്യാലയങ്ങള്‍ ഇന്ന് രാജ്യത്തിനു മാതൃകയാണ്.

വിദ്യാഭ്യാസവകുപ്പും തദ്ദേശസ്ഥാപനങ്ങളും പൊതുജനങ്ങളും യോജിച്ചു പ്രവര്‍ത്തിച്ചാല്‍ വിദ്യാഭ്യാസ മേഖലയില്‍ അസാധ്യമായ ഒന്നുമില്ലെന്ന് കേരളം തെളിയിച്ചു. ഈ മികവുകള്‍ക്കുള്ള അംഗീകാരമാണ് 'സര്‍വശിക്ഷാ അഭിയാന്‍' മികച്ചരീതിയില്‍ നടപ്പാക്കുന്ന സംസ്ഥാനത്തിനുള്ള ദേശീയ അവാര്‍ഡും ഹയര്‍ സെക്കന്‍ഡറി മേഖലയ്‌ക്ക് നാഷണല്‍ ഇ-ഗവേണന്‍സ് അവാര്‍ഡും. വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുക, സാമൂഹ്യനീതി ഉറപ്പാക്കുക, വാണിജ്യവല്‍ക്കരണം തടയുക എന്നീ ലക്ഷ്യങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. വാണിജ്യതാല്‍പ്പര്യക്കാരുടെ കേന്ദ്രമായിരുന്ന വിദ്യാഭ്യാസരംഗത്തെ ശുദ്ധീകരിക്കാനുള്ള ശ്രമങ്ങള്‍ പരിമിതികള്‍ക്കിടയിലും ലക്ഷ്യത്തോടടുത്തു.


പ്രതിവര്‍ഷം ഇരുനൂറുദിവസവും ആയിരം മണിക്കൂറും പഠനം ഉറപ്പു വരുത്തി. ക്ളസ്‌റ്റര്‍ പരിശീലനവും മധ്യവേനലവധിക്കാലത്തെ പ്രത്യേക പരിശീലനവും വഴി അധ്യാപകരെ പുതിയ പഠനരീതിക്കനുസരിച്ച് സജ്ജരാക്കി. എസ്എസ്എല്‍സി പരീക്ഷാഫലത്തില്‍ പിന്നോക്കമായ 107 സ്‌കൂളുകള്‍ക്കായി കര്‍മപദ്ധതി തയ്യാറാക്കിയതും 75 ശതമാനത്തില്‍ കുറവ് വിജയശതമാനമുള്ള സ്‌കൂളുകള്‍ക്ക് പ്രത്യേക അക്കാദമിക് സഹായം നല്‍കിയതും ഫലം കണ്ടു. ടേം പരീക്ഷകളുടെ എണ്ണം രണ്ടാക്കി മാസംതോറും കുട്ടികളുടെ നിലവാരം വിലയിരുത്തുന്ന പുതിയ രീതി ആവിഷ്‌ക്കരിച്ചതിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.

എല്ലാ പഞ്ചായത്തുകളിലും ഹൈസ്‌കൂള്‍, മലബാര്‍ മേഖലയില്‍ പുതിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍, ഇംഗ്ളീഷ് ഭാഷാപഠനം ഒന്നാം ക്ളാസുമുതല്‍, വിവര സാങ്കേതിക വിദ്യാപഠനം അഞ്ചാം ക്ളാസുമുതല്‍, സ്‌കൂളുകളില്‍ ബ്രോഡ്‌ബാന്‍ഡ് ഇന്റര്‍നെറ്റ് സൌകര്യം, മുന്‍സര്‍ക്കാരിന്റെ കാലത്തെ നിയമനനിരോധനം പൂര്‍ണമായും പിന്‍വലിക്കല്‍, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരുടെ നിയമനം തുടങ്ങിയ നടപടികളെല്ലാം വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനുള്ള ചവിട്ടുപടികളായിരുന്നു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പശ്ചാത്തല സൌകര്യവികസനത്തില്‍കുതിച്ചുചാട്ടമാണ് ഈ കാലയളവില്‍ ഉണ്ടായത്. ജനകീയ ചര്‍ച്ചകളിലൂടെ രൂപപ്പെടുത്തിയ കേരള പാഠ്യപദ്ധതി ചട്ടക്കൂട്, പാഠപുസ്‌തകങ്ങളുടെ ഗണനിലവാരം ഉറപ്പുവരുത്താനുള്ള പാഠപുസ്‌തക കമീഷനും മാതൃക നടപടികളായി.

ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് ഏകജാലക സംവിധാനം, ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ അനുഭവപ്പെടുന്നവര്‍ക്ക് പ്ളസ് വണ്‍ പ്രവേശനം ഉറപ്പാക്കല്‍, സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ വ്യാപനം, ഉച്ചഭക്ഷണപരിപാടി പോഷക സമൃദ്ധമാക്കല്‍, തുടര്‍ വിദ്യാഭ്യാസത്തിനുള്ള ലീപ് കേരള മിഷന്‍, വകുപ്പിന് കീഴിലെ എല്ലാ സ്ഥാപനങ്ങളിലുള്ള 'പൌരാവകാശരേഖ'കള്‍ തുടങ്ങിയവ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ഏറ്റെടുത്ത് ദൂരവ്യാപകമായ അനുരണനങ്ങള്‍ ഉണ്ടാക്കിയ അന്യമായ പ്രവര്‍ത്തനങ്ങളാണ്. കുട്ടികളില്‍ പരിസ്ഥിതി അവബോധം വളര്‍ത്താനുതകുന്ന 'എന്റെ മരം' പദ്ധതി ഏറെ പ്രശംസിക്കപ്പെട്ടു. സ്‌കൂള്‍ യൂണിഫോം കഴിയുന്നത്ര ഖാദി, കൈത്തറി ആക്കാനുള്ള നിര്‍ദേശം പരമ്പരാഗത വ്യവസായത്തിനുള്ള കൈത്താങ്ങ് മാത്രമായിരുന്നില്ല, കുട്ടികളില്‍ സാമൂഹ്യബോധം വളര്‍ത്താനുള്ള ശ്രമംകൂടിയായിരുന്നു.

സാമൂഹ്യനീതിയുടെ ഏകജാലകം

ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് ഏകജാലക സമ്പ്രദായം ഏര്‍പ്പെടുത്തിയപ്പോള്‍ പ്രതിപക്ഷം ഉയര്‍ത്തിയ വിമര്‍ശത്തിന് കൈയും കണക്കുമില്ല. മാനേജ്‌മെന്റുകളുടെ അധികാരത്തില്‍ സര്‍ക്കാര്‍ കൈകടത്തുകയാണെന്നു കാണിച്ച് ഏകജാലകത്തിനെതിരെ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വിദ്യാഭ്യാസത്തിന്റെ സാമൂഹ്യനീതിയും പ്രവേശനത്തിന്റെ സുതാര്യതയും ഉയര്‍ത്തിപ്പിടിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ ഹൈക്കോടതി പ്രശംസിച്ചു.

ഏകജാലകത്തെ പുകഴ്ത്താത്ത ഒരു രക്ഷിതാവുപോലും ഇന്ന് കേരളത്തിലില്ല. പ്രവേശനം സുതാര്യമാക്കി അഴിമതിക്കും ക്രമക്കേടുകള്‍ക്കും പഴുതില്ലാതാക്കി. സംവരണം കൃത്യമായി പാലിക്കുന്നെന്ന് ഉറപ്പാക്കുന്നതിലൂടെ വിദ്യാഭ്യാസരംഗത്തെ സാമൂഹ്യനീതി ഉറപ്പാക്കാനും ഏകജാലകം സഹായകമായി. 2006ല്‍ തിരുവനന്തപുരത്ത് ആരംഭിച്ച ഏകജാലകം 2007ലാണ് കേരളമാകെ നടപ്പാക്കിയത്.

ഏകജാലകസംവിധാനത്തെ കേന്ദ്രസര്‍ക്കാരും അംഗീകരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ വിവരസാങ്കേതിക വകുപ്പും ഭരണനവീകരണ വകുപ്പും ചേര്‍ന്ന് ഇ ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ ഏകജാലകത്തെ തേടിയെത്തി, ഒന്നല്ല, രണ്ടുതവണ. രാജ്യത്തെ ഐടി പ്രൊഫഷണലുകളുടെ സംഘടനയായ കംപ്യൂട്ടര്‍ സൊസൈറ്റി ഓഫ് ഇന്ത്യ (സിഎസ്ഐ)യും പുണെ ആസ്ഥാനമായ കണ്‍സള്‍ട്ടിങ് കമ്പനി നിഹിലന്റും ഏര്‍പ്പെടുത്തിയ ഇ ഗവേണന്‍സ് അവാര്‍ഡിനും ഏകജാലകം അര്‍ഹമായി.

വിജയരഥമേറി രാജാസ്

പത്തുവര്‍ഷംമുമ്പ് ഇവിടെ പഠിച്ചവരില്‍ വിജയസ്‌മിതത്തോടെ പടിയിറങ്ങിയത് 28 ശതമാനം. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ കഥ മാറി. ഇപ്പോള്‍ 96 ശതമാനത്തിന്റെ അവിശ്വസനീയമായ കുതിപ്പിലാണ് കോട്ടയ്‌ക്കല്‍ ഗവ. രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. സേ പരീക്ഷയുടെ ഫലംകൂടി ചേര്‍ത്താല്‍ നൂറുമേനിയുടെ തിളക്കം. കൂട്ടായ്‌മയിലൂടെ വളരുന്ന പൊതുവിദ്യാഭ്യാസത്തിന്റെ കുതിപ്പിന്റെ സാക്ഷ്യപത്രമാണിത്. വിജയപാതയില്‍ഇവര്‍ക്ക് കൂട്ടായത് ചിട്ടയായ ആസൂത്രണവും സര്‍ക്കാരിന്റെ ഇടപെടലുമാണ്.

മാറ്റം വേണമെന്ന് രാജാസിന് തോന്നിയത് അഞ്ചുവര്‍ഷംമുമ്പാണ്. രക്ഷിതാക്കളെ ബോധവല്‍ക്കരിക്കുകയായിരുന്നു ആദ്യം. പിടിഎ പ്രതിനിധികളും അധ്യാപകരും നിരന്തരം കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ച് പഠിക്കാനുള്ള ഗൃഹാന്തരീക്ഷം ഉറപ്പുവരുത്തി. വീട്ടില്‍ ശ്രദ്ധ കിട്ടിത്തുടങ്ങിയതോടെ രാജാസിന്റെ കഥ മാറാന്‍ തുടങ്ങി. വിജയശതമാനം കുത്തനെ ഉയര്‍ന്നു. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സ്‌കൂളില്‍ രാത്രികാല ക്ളാസ്. വിദ്യാര്‍ഥികളുടെ വീട് കേന്ദ്രീകരിച്ചും ക്ളാസ് നല്‍കി.

പാഠ്യേതരപ്രവര്‍ത്തനങ്ങളിലും സ്‌കൂള്‍ സജീവമായി. സര്‍ക്കാര്‍ അനുവദിച്ച മുപ്പതോളം കംപ്യൂട്ടര്‍, പത്ത് ലാപ്‌ടോപ്, ഏഴ് നോട്ട്ബുക്ക് ലാപ്‌ടോപ്, വിദ്യാര്‍ഥികള്‍തന്നെ അധ്യാപകരാകുന്ന പിയര്‍ ടീച്ചിങ്, ഏഴുമണിവരെ ലഭ്യമാകുന്ന അധ്യാപക സഹായം, പഠനയാത്രകള്‍, മത്സരങ്ങള്‍, ക്ളബ് പ്രവര്‍ത്തനങ്ങള്‍, പ്രദര്‍ശനങ്ങള്‍. പട്ടിക തീരുന്നില്ല. മൂവായിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ അടിയന്തരസഹായത്തിന് സ്ഥിരം നേഴ്‌സും കൌണ്‍സലറുമുണ്ട്.

കുട്ടികള്‍ പൊതുസമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലുകയും സമൂഹം വിദ്യാര്‍ഥികള്‍ക്കായി മതില്‍ക്കെട്ട് കടന്നുവരികയും ചെയ്യുന്നു. കൃഷി, മത്സ്യക്കൃഷി, നീന്തല്‍പരിശീലനം, കുളംനിര്‍മാണം തുടങ്ങി നിരവധി പരിപാടി ഇങ്ങനെയൊരു പാരസ്‌പര്യത്തില്‍ കോട്ടയ്‌ക്കലില്‍ നടന്നു. കുട്ടികള്‍ ഗ്രാമങ്ങളിലെത്തി അന്ധവിശ്വാസങ്ങള്‍ക്കെതിരെ ക്ളാസ് നല്‍കി. സ്വന്തമായി ലൈബ്രറി കെട്ടിടമുള്ള സ്‌കൂള്‍ വായനയുടെ ലോകം രക്ഷിതാക്കള്‍ക്കുകൂടി തുറന്നിട്ടു, 'അമ്മ ലൈബ്രറി'കള്‍വഴി.

ഒ വി വിജയനെയും പി കെ വാര്യരെയും യു എ ബീരാനെയും വളര്‍ത്തിയ സ്‌കൂള്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തെ പാഠ്യ-പാഠ്യേതര നിലവാരം കണക്കിലെടുത്തപ്പോള്‍ ഹരിതവിദ്യാലയം റിയാലിറ്റി ഷോയില്‍ രണ്ടാംസ്ഥാനത്തിന് അര്‍ഹത നേടി.

(ഡെസ്‌നി സുല്‍ഹ്)

മലയാളം മരിക്കാതിരിക്കാന്‍

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം മലയാളഭാഷ സംരക്ഷിക്കാനും വ്യാപിപ്പിക്കാനും ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങളുണ്ടായി. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കേരളത്തിലെ സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കാനുള്ള തീരുമാനം. മാതൃഭാഷ പഠിക്കാതെതന്നെ പത്താംക്ളാസ് പാസാകാമെന്ന നിലയായിരുന്നു.'മലയാളമറിയാത്ത മലയാളികളാ'യി ഒരു ജനത മാറുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ആര്‍ വി ജി കമീഷന്‍ ശുപാര്‍ശ സ്വീകരിച്ച് മാതൃഭാഷാ പഠനം നിര്‍ബന്ധമാക്കിയത്.

ഹയര്‍സെക്കന്‍ഡറി-വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ മലയാളം പഠിക്കാനുള്ള അവസരമുണ്ടാക്കുകയും ചെയ്യും. മലയാളഭാഷയുടെ ഭാവിയെക്കുറിച്ച് ഉല്‍ക്കണ്ഠയുള്ളവര്‍ക്ക് തീര്‍ച്ചയായും ആശ്വാസകരമാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ ഈ തീരുമാനം. മലയാളത്തിന് ക്ളാസിക് ഭാഷാപദവി കിട്ടാനുള്ള ശ്രമം തുടരുകയാണ്.

സാങ്കേതികത്തികവിന് ഐടി@സ്‌കൂള്‍

ആധുനിക സാങ്കേതികവിദ്യ വിദ്യാഭ്യാസരംഗത്ത് ഫലപ്രദമായി ഉപയോഗപ്പെടുത്താനും ഗ്രാമീണ വിദ്യാലയങ്ങളിലടക്കം ഇതിന്റെ ഗുണഫലം എത്തിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ വരും തലമുറയുടെ വിദ്യാഭ്യാസ വളര്‍ച്ചയ്‌ക്ക് കുതിപ്പ് പകരുന്ന നടപടിയാണ്.

സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്കുപോലും ഇന്റര്‍നെറ്റിന്റെ നൂതനമേഖലകള്‍ എത്തിപ്പിടിക്കാന്‍ ഉതകുന്നതാണ് പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐടി @ സ്‌കൂള്‍. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഐടിമേഖലയിലെ വിവിധ തലങ്ങളില്‍ പരിശീലനം നല്‍കി. സ്‌കൂളുകള്‍ക്കും അധ്യാപകര്‍ക്കും ലാപ്‌ടോപ്പുകള്‍ നല്‍കി. ഐടി അനുബന്ധ സൌകര്യങ്ങളും പശ്ചാത്തലവും വര്‍ധിപ്പിക്കുന്നതിനായി ഐസിടി പദ്ധതിയും നടപ്പില്‍ വരുത്തി. തെരഞ്ഞെടുത്ത ക്ളാസ്‌മുറികള്‍ 'സ്‌മാര്‍ട്ട് ക്ളാസ്‌മുറി'കളാക്കി ഉയര്‍ത്തി.

സമ്പൂര്‍ണ വിദ്യാഭ്യാസചാനലായ വിക്‌ടേഴ്‌സിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി. പാഠ്യവിഷയങ്ങള്‍ക്കൊപ്പം വിജ്ഞാനപ്രദമായ നിരവധി പരിപാടികളും വിക്‌ടേഴ്‌സ് സംപ്രേഷണം ചെയ്യുന്നു. വ്യവസായ സ്ഥാപനങ്ങളെയും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ബന്ധിപ്പിച്ച് ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനായി തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജ് ക്യാമ്പസില്‍ റിസര്‍ച്ച് പാര്‍ക്ക് തുടങ്ങാന്‍ നടപടിയായി.

കാഴ്‌ചശേഷിയില്ലാത്ത വിദ്യാര്‍ഥികള്‍ക്കുള്ള ഓഡിയോ സിഡി,പ്ളസ് ടു വിദ്യാര്‍ഥികള്‍ക്ക് പഠനവിഷയവുമായി ബന്ധപ്പെട്ട സിഡികള്‍, എട്ടാംക്ളാസ് വിദ്യാര്‍ഥികള്‍ക്ക് ഇ- ലേണിങ് സിഡികള്‍ എന്നിവ എസ്ഐടി നല്‍കുന്നു. എസ്ഐടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 2008-09ല്‍ എംഎച്ച്ആര്‍ഡിയുടെ പ്രത്യേകപുരസ്‌കാരവും 2009 ല്‍ അഞ്ച് ദേശീയപുരസ്‌കാരവും ലഭിച്ചു.

പിന്നോക്കപ്രദേശങ്ങളിലെ പഠന സൌകര്യം മെച്ചപ്പെടുത്തുന്നതിനായി പത്തോളം അപ്ളൈഡ് സയന്‍സ് കോളേജുകള്‍ അനുവദിച്ചു. ഇന്‍ഫോസിസിന്റെ സഹകരണത്തോടെ ശാസ്‌ത്ര സാങ്കേതിക മ്യൂസിയത്തില്‍ ഫിനിഷിങ് സ്‌കൂള്‍ തുടങ്ങി. രണ്ടാമത്തെ കേന്ദ്രം എറണാകുളത്ത് സ്ഥാപിക്കാനുള്ള നടപടികളും പൂര്‍ത്തിയായി. എന്‍ജിനിയറിങ് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയുംസഹകരണത്തോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനായി തിരുവനന്തപുരം എല്‍ബിഎസില്‍ കണ്‍സ്‌ട്രക്ഷന്‍ വിഭാഗം തുടങ്ങാനും ധാരണയായി. സംസ്ഥാന തുടര്‍ വിദ്യാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പൊന്നാനിയില്‍ കരിയര്‍ സ്‌റ്റഡീസ് ആന്‍ഡ് ഇന്‍സ്‌റ്റിറ്റ്യൂട്ട് ആരംഭിക്കാനും നടപടി സ്വീകരിച്ചു. കുണ്ടറയില്‍ ഫാഷന്‍ ടെക്‌നോളജി ഇന്‍സ്‌റ്റിറ്റ്യൂട്ട് തുടങ്ങാന്‍ ദേശീയ ഫാഷന്‍ ടെക്‌നോളജി ഇന്‍സ്‌റ്റിറ്റ്യൂട്ടുമായി ധാരണാപത്രം ഒപ്പുവച്ചു.

വളര്‍ച്ചയുടെ പുതുനാമ്പുകള്‍

ചുറ്റമ്പലത്തിലെ വേണ്ടാത്ത തിക്കും തിരക്കും കാരണം ശ്രീകോവിലിലെ ദേവബിംബം കാണാതെ പോകുന്നതുപോലെയാണ് ഇന്ന് വിദ്യാഭ്യാസരംഗത്തെ നേട്ടങ്ങള്‍ പലതും ശ്രദ്ധിക്കപ്പെടാതെ പോകുന്നത്. വിദ്യാഭ്യാസത്തില്‍ വരേണ്ട മാറ്റം എന്നത് മാനേജ്‌മെന്റിന്റെ പ്രവര്‍ത്തനരീതി മാറ്റാനുള്ള ശ്രമങ്ങള്‍ മാത്രമല്ല.

അധ്യാപകര്‍ക്ക് പരിശീലനം, പാഠ്യപദ്ധതിയുടെ ഉള്ളടക്കം, പാവപ്പെട്ട വിദ്യാര്‍ഥികളുടെ ആരോഗ്യസംരക്ഷണത്തിനുള്ള നടപടി, ശാസ്‌ത്രീയവും ഭാഷാപരവും മാനസികവുമായ എല്ലാ വിഷയങ്ങളിലും കുട്ടികള്‍ക്ക് അഭിനിവേശം വളര്‍ത്തി അനുരൂപമായ ഉന്നതവിദ്യാഭ്യാസം നേടാന്‍ സജ്ജരാക്കുക, കൂടുതല്‍ പഠിക്കാനുള്ള സൌകര്യം നല്‍കുക തുടങ്ങിയ പല നൂതനപദ്ധതിക്കും തുടക്കമിട്ടുകഴിഞ്ഞു. അധ്യാപകരുടെ വൈദഗ്ധ്യം വളര്‍ത്തുന്നതിന് പരിശീലനം ഒരു തുടര്‍പരിപാടി ആക്കിക്കഴിഞ്ഞു. ഉച്ചഭക്ഷണവും എട്ടാംക്ളാസ് വിദ്യാര്‍ഥികള്‍ക്ക് ആഴ്‌ചയില്‍ രണ്ടുദിവസം പാലും മുട്ടയും നല്‍കുക, കലാലയങ്ങളില്‍ കുട്ടികളെ ഡോക്‌ടറും എന്‍ജിനിയറും ആക്കുന്ന രക്ഷിതാക്കളുടെ സങ്കുചിതചിന്തകളില്‍നിന്നും അവരെ രക്ഷപ്പെടുത്തുക, പിന്നോക്കം നില്‍ക്കുന്ന വിദ്യാലയങ്ങളെ കണ്ടെത്തി പിന്നോക്കനിലയുടെ മൂലകാരണം കണ്ടുപിടിച്ച് പരിഹാരമാര്‍ഗം കാണുക മുതലായ വിപ്ളവപരമെന്നു വിശേഷിപ്പിക്കാവുന്ന ഒരുപാട് പരിവര്‍ത്തനങ്ങളുടെ കവാടങ്ങള്‍ മന്ത്രി ബേബി തുറന്നിട്ടിരിക്കുകയാണ്.

സാഹിത്യ അക്കാദമി തുടങ്ങിയ എല്ലാ സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കും ഇനി ഒരിക്കലും ഫണ്ട് പോരെന്നു പറഞ്ഞ് പ്രവര്‍ത്തനം കുറയുന്നതിനുള്ള സാഹചര്യവും ഉണ്ടാകില്ല. ഒറ്റയുദാഹരണം സാഹിത്യ അക്കാദമിതന്നെ. വാര്‍ഷിക സഹായധനം ഒന്നരക്കോടി രൂപയാണ്. ഭാവനയും പ്രായോഗികമായ ശേഷിയും ഉള്ള ഒരു പ്രവര്‍ത്തകസമിതിക്ക് പുതിയൊരു പൂക്കാലം സൃഷ്ടിക്കാന്‍ ഇതുമതി. മറ്റ് അക്കാദമികളും കലാമണ്ഡലം മുതലായ വിദ്യാകേന്ദ്രങ്ങളും സാഹിത്യകാരന്മാരുടെ സ്‌മാരകങ്ങളും ഈ പുതിയ സുലഭതയുടെ മേന്മ പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിപ്പിക്കുമ്പോള്‍ വലിയൊരു സാംസ്‌കാരികമുന്നേറ്റം അനുഭവപ്പെടാതിരിക്കില്ല എന്ന് ഞാന്‍ കരുതുന്നു.

(സുകുമാര്‍ അഴീക്കോട്)

ഇത് കലാകാരന്മാരെ പട്ടിണിക്കിടാത്ത സര്‍ക്കാര്‍

'കലാകാരന്മാരെ പട്ടിണിക്കിടാത്ത സര്‍ക്കാരാണ് എല്‍ഡിഎഫിന്റേത്. അര്‍പ്പണബോധത്തോടെ അരങ്ങിലും അണിയറയിലുമായി ജീവിതം സമര്‍പ്പിച്ചവര്‍ക്ക് പെന്‍ഷനും ക്ഷേമനിധിയും ഏര്‍പ്പെടുത്തിയത് ഏറെ ആശ്വാസമാണ്'. 37 വര്‍ഷമായി നാടകരംഗത്ത് സജീവമായ തിരൂര്‍ ജേക്കബ്ബിന്റെ വാക്കുകള്‍. 'കഴിഞ്ഞ രണ്ടുവര്‍ഷമായി 550 രൂപ പെന്‍ഷന്‍ ലഭിക്കുന്നു. പാരമ്പര്യമായി കലാരംഗത്ത് എത്തിയ നിരവധിപേര്‍ നമ്മുടെ സമൂഹത്തിലുണ്ട്, അവര്‍ക്ക് ഇതല്ലാതെ മറ്റൊന്നുമില്ല സഹായം' -അദ്ദേഹം പറഞ്ഞു. കൊച്ചിന്‍ കലാനിലയത്തിലും നാടകവേദിയിലും പ്രവര്‍ത്തിച്ച ജേക്കബ് നാടകാഭിനയം, രചന, സംവിധാനം എന്നിങ്ങനെ എല്ലാ മേഖലയിലും തിളങ്ങി. തൃശൂര്‍ തിരൂര്‍ മുരിങ്ങത്തേരി വീട്ടില്‍ ഭാര്യ എല്‍സിക്കും ഇളയകുട്ടിക്കുമൊപ്പമാണ് താമസം.

"1992 മുതല്‍ അപേക്ഷ എഴുതാന്‍ തുടങ്ങി. ഫലമുണ്ടായില്ല. ഒടുവില്‍ ഈ സര്‍ക്കാര്‍ വന്നശേഷമാണ് പെന്‍ഷന്‍ കിടിയത്. മൂന്നുവര്‍ഷമായി പെന്‍ഷന്‍ മുടങ്ങാതെ ലഭിക്കുന്നു. ഒരുവര്‍ഷം മുമ്പ് ചികിത്സാ സഹായമായി 10,000 രൂപ കിട്ടി'- അയ്യപ്പന്‍പാട്ട് കലാകാരന്‍ ആതങ്കാവില്‍ പി നാരായണന്‍നായര്‍ പറഞ്ഞു. 79 വയസ്സുകാരനായ ഇദ്ദേഹം അറുപതുവര്‍ഷത്തോളമായി കലാരംഗത്തുണ്ട്. ഇവരെപ്പോലെ അഞ്ഞൂറിലധികം പേര്‍ക്കാണ് സംസ്ഥാനത്ത് കലാകാര പെന്‍ഷന്‍ ലഭിക്കുന്നത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ സാംസ്‌കാരികമേഖലയില്‍ വന്‍ പുരോഗതിയാണുണ്ടാക്കിയതെന്ന് കലാകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. രാജ്യത്ത് ആദ്യമായി ഏര്‍പ്പെടുത്തിയ സാംസ്‌കാരിക ക്ഷേമനിധിയാണ് ഇതില്‍ പ്രധാനം.

സംഗീതനാടക അക്കാദമി, സാഹിത്യ അക്കാദമി, ലളിതകലാ അക്കാദമി, ഫോൿലോര്‍ അക്കാദമി തുടങ്ങി എല്ലാ സാംസ്‌കാരിക സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ക്കും വിപുലീകരണത്തിനും വന്‍തോതില്‍ തുകയും ഈ സര്‍ക്കാര്‍ അനുവദിച്ചു.

പുത്തനുണര്‍വുമായി കലയും സംസ്‌കാരവും

ആഗോളവല്‍ക്കരണത്തിന്റെ കടന്നാക്രമണങ്ങളില്‍നിന്ന് കേരളത്തിന്റെ തനതു സംസ്‌കാരവും പൈതൃകവും സംരക്ഷിച്ചു നിര്‍ത്തുകയെന്ന ഭാരിച്ച ഉത്തരവാദിത്തം ഫലപ്രദമായി നിര്‍വഹിക്കാന്‍ കഴിഞ്ഞുവെന്നത് സാംസ്‌കാരികവകുപ്പിന്റെ അഭിമാനാര്‍ഹമായ നേട്ടമാണ്. കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനും സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ബദ്ധശ്രദ്ധതന്നെ നല്‍കി. മലയാള ഭാഷയെയും സംസ്‌കാരത്തെയും കലയെയും ഔന്നത്യത്തിലേക്ക് ഉയര്‍ത്താന്‍ എം എ ബേബിയുടെ നേതൃത്വത്തില്‍ സാംസ്‌കാരികവകുപ്പ് നടത്തിയ പ്രവര്‍ത്തനം എണ്ണമറ്റതാണ്.

കലാസംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി തുടങ്ങാന്‍ തീരുമാനിച്ചതും പെന്‍ഷന്‍ വര്‍ധിപ്പിച്ചതും ഇടതുപക്ഷ സര്‍ക്കാരിന്റെ കലാകാരന്മാരോടുള്ള പ്രതിബദ്ധതയ്‌ക്ക് തെളിവാകുന്നു. സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതിവിഹിതം നാലിരട്ടിയായാണ് വര്‍ധിപ്പിച്ചത്.

സ്‌ത്രീകള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കി സാംസ്‌കാരിക സ്ഥാപനങ്ങളെല്ലാം പുനഃസംഘടിപ്പിച്ചു. കേരള കലാമണ്ഡലത്തെ കല്‍പ്പിത സര്‍വകലാശാലയായി ഉയര്‍ത്തി. സാഹിത്യ അക്കാദമിക്കായി സുവര്‍ണജൂബിലി സ്‌മാരക കെട്ടിടം സ്ഥാപിച്ചു.

സംഗീത നാടക അക്കാദമിയിലും വിപുലമായ വികസന, നവീകരണ പ്രവര്‍ത്തമാണ് നടന്നത്. കെ ടി മുഹമ്മദ് തിയറ്റര്‍ നവീകരിച്ചു. ദേശാന്തരതലത്തില്‍ നാടകോത്സവം നടത്തി. അന്തരിച്ച പ്രമുഖ അഭിനേതാവും അക്കാദമിയുടെ മുന്‍ ചെയര്‍മാനുമായിരുന്ന മുരളിയുടെ അക്ഷീണ പ്രയത്നമാണ് അന്തര്‍ദേശീയ നാടകോത്സവം വര്‍ഷംതോറും വിജയകരമായി നടത്താന്‍ അക്കാദമിയെ പ്രാപ്‌തമാക്കിയത്. ലളിതകലാ അക്കാദമി എറണാകുളത്ത് ആധുനിക ലൈബ്രറിയും ഗവേഷണകേന്ദ്രവും തുടങ്ങി. ഫോക് ലോര്‍ അക്കാദമി ഓഫീസിന്റെ കെട്ടിടനിര്‍മാണം പുരോഗമിക്കുകയാണ്.

ഫോക് ലോര്‍ അക്കാദമിയുടെ മുന്‍ ചെയര്‍മാനായിരുന്ന പി കെ കാളന്റെ പേരില്‍ സമഗ്രസംഭാവനയ്‌ക്ക് 50,000 രൂപയുടെ പുരസ്‌കാരം ഏര്‍പ്പെടുത്തി. ഫോക് ലോര്‍ കലാഗ്രാമം, തുളു അക്കാദമി തുടങ്ങിയവയും ഈ സര്‍ക്കാരിന്റെ നിസ്‌തുല നേട്ടങ്ങളില്‍പ്പെടുന്നു.

യുഡിഎഫ് ഭരണകാലത്ത് കേരള ഭാഷാ ഇന്‍സ്‌റ്റിറ്റ്യൂട്ട് നോക്കുകുത്തിയായിരുന്നു. ഇടതുപക്ഷം അധികാരത്തില്‍ വന്നതോടെ ഇന്‍സ്‌റ്റിറ്റ്യൂട്ടിനെ പുനരുദ്ധരിക്കാനുള്ള പദ്ധതി തുടങ്ങി. ചരിത്രത്തില്‍ ഏറ്റവുമധികം പുസ്‌തകങ്ങള്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെയാണ് ഇന്‍സ്‌റ്റിറ്റ്യൂട്ട് പുറത്തിറക്കിയത്. മലയാള ഭാഷാ ചരിത്ര നിഘണ്ടു, ജ്യോതിശാസ്‌ത്ര നിഘണ്ടു എന്നിവ വിദ്യാര്‍ഥികള്‍ക്കും ഗവേഷണകുതുകികള്‍ക്കും ഏറെ പ്രയോജനപ്പെടുന്നതാണ്. ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ സാംസ്‌കാരിക സമുച്ചയത്തിന്റെ പണി ആരംഭിച്ചു. തോന്നയ്‌ക്കല്‍ കുമാരനാശാന്‍ സ്‌മാരകം, തകഴി സ്‌മാരകം, ഗുരു ഗോപിനാഥ നൃത്ത മ്യൂസിയം തുടങ്ങിയവ ആരംഭിക്കാനുള്ള നടപടികളും പുരോഗമിക്കുന്നു.

സാംസ്‌കാരിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനായി ഭാവനാപൂര്‍ണമായ പദ്ധതികളാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. ചലച്ചിത്രനഗരി, ശാസ്‌ത്രനഗരി എന്നിവ സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഓരോ വര്‍ഷവും മികവും പങ്കാളിത്തവുംകൊണ്ട് ശ്രദ്ധേയമാകുന്ന കേരള അന്താരാഷ്‌ട്ര ചലച്ചിത്രമേളയ്‌ക്ക് സ്ഥിരംവേദി നിര്‍മിക്കാന്‍ തീരുമാനിച്ചു. ആധുനിക സംവിധാനങ്ങളോടെയുള്ള തിയറ്റുകളാണ് സ്ഥാപിക്കുക.


*****

കടപ്പാട്: ദേശാഭിമാനി ദിനപത്രം 15 മാര്‍ച്ച് 2011

Saturday, March 12, 2011

സമൃദ്ധിയുടെ പച്ചപ്പിലേക്ക്

കേന്ദ്രസര്‍ക്കാരിന്റെ ഇറക്കുമതിനയവും യുഡിഎഫ് സര്‍ക്കാരിന്റെ പിടിപ്പുകേടും സൃഷ്ടിച്ച വിലത്തകര്‍ച്ചയും കടക്കെണിയും കര്‍ഷക ആത്മഹത്യയും അഭിമുഖീകരിച്ചാണ് ഇടതുപക്ഷ സര്‍ക്കാര്‍ 2006ല്‍ അധികാരത്തിലെത്തുന്നത്. ആശയറ്റ കര്‍ഷക കുടുംബങ്ങളുടെ തീ പുകയാത്ത അടുപ്പുകള്‍ സര്‍ക്കാരിന്റെ മുന്നില്‍ ചോദ്യചിഹ്നമായി. ഈ അവസ്ഥയില്‍നിന്നാണ് കര്‍ഷക ആത്മഹത്യയില്ലാത്ത, കാര്‍ഷിക ഉല്‍പ്പാദനം പതിന്മടങ്ങ് വര്‍ധിപ്പിച്ച, ഉല്‍പ്പന്നങ്ങള്‍ക്ക് നല്ല വില ലഭിക്കുന്ന സംസ്ഥാനമായി കേരളത്തെ അഞ്ചുവര്‍ഷംകൊണ്ട് മാറ്റിയെടുത്തത്. കാര്‍ഷിക മേഖലയുടെ പ്രധാന ശക്തി കര്‍ഷകരാണെന്ന് തിരിച്ചറിഞ്ഞുള്ള വികസനനയമാണ് സംസ്ഥാനത്തെ കരകയറ്റിയത്.

രാജ്യത്ത് ആദ്യമായി കാര്‍ഷിക കടാശ്വാസ നിയമം പാസാക്കി കേരളം സ്വീകരിച്ച നടപടികളാണ് കര്‍ഷക ആത്മഹത്യ ഇല്ലാതാക്കിയത്. ആത്മഹത്യചെയ്ത കൃഷിക്കാരുടെ കടം എഴുതിത്തള്ളിയതിലൂടെ തൊള്ളായിരത്തോളം കുടുംബങ്ങള്‍ക്കാണ് ആശ്വാസം പകര്‍ന്നത്. 25,000 രൂപ വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളിയതിലൂടെ 42,213 പേര്‍ക്ക് പ്രയോജനം ലഭിച്ചു. ആത്മഹത്യചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ സമാശ്വാസം നല്‍കിയും മറ്റ് ക്ഷേമപ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചുമാണ് ഇവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.

ഈ കാലയളവില്‍ കാര്‍ഷിക മേഖലയ്ക്കായി പ്രത്യേക കേന്ദ്രസഹായം നേടിയെടുക്കാന്‍ സര്‍ക്കാര്‍ നിരന്തരം ശ്രമിച്ചതിന്റെ ഫലമായി വയനാട്, പാലക്കാട്, കാസര്‍കോട്, ഇടുക്കി, ആലപ്പുഴ ജില്ലകള്‍ക്കായി പ്രത്യേക പാക്കേജുകള്‍ അനുവദിച്ചു. നെല്ലിന് രാജ്യത്ത് ഏറ്റവും വലിയ സംഭരണവില നല്‍കിയും കേരളം മാതൃകയായി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ 7 രൂപയായിരുന്ന സംഭരണവില ഇന്ന് 14 രൂപയാണ്.

കര്‍ഷകര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തിയ നടപടി രാജ്യത്തിനുതന്നെ മാതൃകയായി. 25,000ല്‍ അധികം പേര്‍ക്കാണ്് പെന്‍ഷന്‍ ലഭിക്കുന്നത്. നെല്‍കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ, ഇന്‍ഷുറന്‍സ് പരിരക്ഷ, ഇതിനു പുറമെ കര്‍ഷകര്‍ക്കും ആശ്വാസവും പ്രതീക്ഷയും നല്‍കുന്ന നിരവധി പദ്ധതികളും നടപ്പാക്കി. പ്രീമിയം 250ല്‍ നിന്ന് 100 രൂപയാക്കിയാണ് ഇന്‍ഷുറന്‍സ് പരിരക്ഷ നടപ്പാക്കിയത്. കേരശ്രീ സമഗ്ര നാളികേര വികസന പദ്ധതി, കുട്ടനാടിന്റെ നെല്ലുല്‍പ്പാദനത്തിന് നടപ്പാക്കിയ 2.5 കോടിയുടെ പദ്ധതി, യന്ത്രവല്‍ക്കരണത്തിനുള്ള 1.5 കോടിയുടെ പദ്ധതി എന്നിവയും ഏറെ പ്രശംസ നേടി. വേനല്‍മഴയില്‍ കൃഷിനാശം സംഭവിച്ചവര്‍ക്ക് ഹെക്ടറിന് 1000 രൂപ വീതമാണ് ധനസഹായം നല്‍കിയത്. മൊത്തം 25 കോടിയുടെ ദുരിതാശ്വാസം അനുവദിച്ചു.

പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതികള്‍ വന്‍ വിജയമായി. ജൈവ പച്ചക്കറി കൃഷി, തരിശുഭൂമിയിലെ പച്ചക്കറികൃഷി, തേനുല്‍പ്പാദനം തുടങ്ങിയ അനുബന്ധ മേഖലകളും ഇതില്‍പ്പെടുന്നു. തലസ്ഥാനത്ത് കര്‍ഷകര്‍ക്ക് താമസ സൌകര്യം ഒരുക്കാന്‍ ഉദ്ദേശിച്ചുള്ള കര്‍ഷകഭവനം സ്ഥാപിച്ചു. കൊച്ചി വിമാനത്താവളത്തില്‍ 5800 ലക്ഷം രൂപ ചെലവ് വരുന്ന പെരിഷബിള്‍ കാര്‍ഗോ കോംപ്ളക്സ് നിര്‍മാണത്തിലാണ്. ഇത് പൂര്‍ത്തിയായാല്‍ പുഷ്പ ഫല സസ്യങ്ങളുടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിപണിയും കയറ്റുമതികേന്ദ്രവും സജ്ജമാകും.

കര്‍ഷകരില്‍നിന്ന് പരമാവധി ഉല്‍പ്പന്നങ്ങള്‍ വാങ്ങി ന്യായവിലയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഹോര്‍ട്ടികോര്‍പ് വന്‍ വിജയമായി. ഹോര്‍ട്ടികോര്‍പിലൂടെയുള്ള പച്ചക്കറി സംഭരണത്തിലും വിതരണത്തിലും 110 ശതമാനം വര്‍ധനയാണ് ഉണ്ടായത്. വിലക്കയറ്റവേളകളില്‍ കോര്‍പറേഷന്റെ ഇടപെടല്‍ ലക്ഷങ്ങള്‍ക്കാണ് ആശ്വാസം പകര്‍ന്നത്.

നൂറുമേനിയുടെ പൊന്‍കതിര്‍

കാര്‍ഷികസമൃദ്ധിയിലേക്കുള്ള മടങ്ങിപ്പോക്കിന്റെ ദൃശ്യങ്ങളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളം കണ്ടത്. നെല്‍കൃഷി ജനകീയ ഉത്സവമായി മാറുന്ന കാഴ്ച. നഷ്ടം കാരണം നെല്‍കൃഷി ഉപേക്ഷിച്ച ആയിരക്കണക്കിന് കര്‍ഷകരാണ് വീണ്ടും കൃഷിയിലേക്ക് മടങ്ങിയത്. അതിനുപിന്നില്‍ സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രതിഫലനമുണ്ടായിരുന്നു. നെല്‍കൃഷിക്കും കര്‍ഷകര്‍ക്കുംവേണ്ടി നടപ്പാക്കിയ പുതിയ പദ്ധതികളിലൂടെ നെല്‍വയലുകള്‍ നൂറുമേനിയുടെ കതിരണിഞ്ഞു. തരിശുകിടന്ന 60,000 ഏക്കര്‍ സ്ഥലത്താണ്് കൂട്ടായ്മയുടെ കരുത്തില്‍ നെല്‍കൃഷി യാഥാര്‍ഥ്യമായത്. ആയിരത്തിലധികം ഹെക്ടര്‍ കരഭൂമിയലും നെല്ലുവിളഞ്ഞു.

2008-09 വര്‍ഷം 13,000 ഹെക്ടര്‍ ഭൂമിയിലാണ് പുതുതായി നെല്‍ക്കൃഷി ആരംഭിച്ചത്. 2007-08ല്‍ 2,28,938 ഹെക്ടറിലായിരുന്നു കേരളത്തില്‍ നെല്‍ക്കൃഷിയുണ്ടായിരുന്നത്. അടുത്ത വര്‍ഷം അത് 2,72,688 ഹെക്ടറായി വര്‍ധിച്ചു. നെല്ലുല്‍പ്പാദനം 5,28,488 ടണ്‍ ആയിരുന്നത് 10,34,746.64 ടണ്ണായി വര്‍ധിച്ചു. നെല്‍ക്കൃഷി വിസ്തൃതിയിലുണ്ടായ വര്‍ധന 43,750 ഹെക്ടറും ഉല്‍പ്പാദനത്തിലുണ്ടായ വര്‍ധന 5,06,258.64 ടണ്ണുമാണ്. 2008-09ല്‍ നെല്‍ക്കൃഷിക്കു മാത്രമായി 93.01 കോടി രൂപയാണ് പഞ്ചായത്തുകള്‍ ചെലവിട്ടത്. 2009-10ല്‍ 189.80 കോടിയും ചെലവഴിച്ചു. തൃശൂര്‍ ജില്ലയിലെ കോള്‍നിലങ്ങളില്‍ നെല്ലുല്‍പ്പാദനത്തിനായി 173.64 ലക്ഷം രൂപയാണ് അനുവദിച്ചത്.

വിദ്യാലയങ്ങള്‍ക്കടുത്തുള്ള നെല്‍വയലുകളില്‍ കൃഷിചെയ്യാന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹനം നല്‍കി. നൂറോളം സ്കൂളുകളിലാണ് നെല്‍കൃഷി ആരംഭിച്ചത്. കണ്ണൂര്‍ ജില്ലയില്‍ രണ്ടര പതിറ്റാണ്ടായി തരിശുകിടന്ന ഉപ്പുപാടങ്ങളും ആലപ്പുഴയിലെ കരിനിലങ്ങളും 15 വര്‍ഷമായി കൃഷിയിറക്കാതിരുന്ന പുതുപ്പറമ്പ, കാട്ടാമ്പള്ളി പാടശേഖരം, ഓണാട്ടുകരയിലെ തഴക്കരപ്പുഞ്ച, ചാവക്കാട് മത്തിക്കായല്‍ തുടങ്ങിയവ ഇന്ന് ഹരിതാഭമാണ്. നെല്ല് സംസ്കരണത്തിന് ആലത്തൂര്‍, തകഴി, വൈക്കം എന്നിവിടങ്ങളില്‍ ആധുനിക റൈസ്മില്‍ പ്രവര്‍ത്തനം തുടങ്ങി. തരിശു ഭൂമി കൃഷിയോഗ്യമാക്കുന്നതിന് ദേശീയ തൊഴിലുറപ്പ് പദ്ധതി, കൃഷി ഉത്സവമാക്കിയ സുവര്‍ണ കേരളം പദ്ധതി, എല്ലാവരും പാടത്തേക്ക് പദ്ധതി എന്നിവയും ഈ കാലയളവില്‍ നടപ്പായി.

കാര്‍ഷികയജ്ഞങ്ങള്‍ക്ക് തുടര്‍ച്ച വേണം

കാര്‍ഷികമേഖലയില്‍ ഏറ്റവും വലിയ ശക്തികേന്ദ്രം കര്‍ഷക സമൂഹമാണെന്ന ഉള്‍കാഴ്ചയോടെയുള്ള വികസനപദ്ധതികള്‍ക്ക് ഇന്ത്യയില്‍ ആദ്യമായി തുടക്കംകുറിച്ചതാണ് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ ഏറ്റവും വലിയ നേട്ടമെന്ന് കൃഷി ശാസ്ത്രജ്ഞനും മുന്‍ കാര്‍ഷികോല്‍പ്പാദനകമീഷണറുമായ ആര്‍ ഹേലി വിലയിരുത്തുന്നു. ഇന്ത്യ ഏറ്റവും കൂടുതല്‍ വേദനിച്ച കര്‍ഷക ആത്മഹത്യ കേരളത്തില്‍ പൂര്‍ണമായി ഇല്ലാതാക്കാനായത് ഇതിന്റെ ഫലമായാണ്. സ്വാതന്ത്യ്രംലഭിച്ച് അറുപതുവര്‍ഷമായെങ്കിലും ആദ്യമായാണ് കര്‍ഷകര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന പദ്ധതി യാഥാര്‍ഥ്യമായത്. ഇതിന്റെ മുഴുവന്‍ ക്രെഡിറ്റും കേരളത്തിനുള്ളതാണ്. പദ്ധതി ഇതിനകം 25,000 കൃഷിക്കാര്‍ക്ക് ഗുണം ചെയ്തു.

ചെറുകിട കര്‍ഷകരുടെ ശാക്തീകരണമെന്ന ഇന്ത്യയിലെ സാമ്പത്തിക ശാസ്ത്രജ്ഞരുടേയും കൃഷി ശാസ്ത്രജ്ഞരുടേയും ആവശ്യത്തിന് പ്രായോഗിക രൂപം നല്‍കുന്ന നടപടിയാണ്.
കര്‍ഷകര്‍ക്കുള്ള ഇന്‍ഷുറന്‍സും കേരളം യാഥാര്‍ഥ്യമാക്കി. മാത്രമല്ല ചെറുകിട കര്‍ഷകര്‍ നല്‍കേണ്ട പ്രീമിയം സര്‍ക്കാരില്‍നിന്നാണ് ലഭ്യമാക്കുന്നത്. ഇതും ഇന്ത്യന്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ ഒരുസ്വപ്നസാക്ഷാത്കാരമായി വിശേഷിപ്പിക്കപ്പെടാം. അഞ്ചുവര്‍ഷത്തിനുള്ളില്‍ നെല്ലിന്റെ താങ്ങ്വില ഏഴില്‍നിന്ന് 14 രൂപയാക്കി വര്‍ധിപ്പിക്കുകവഴി കൃഷിക്കാര്‍ക്ക് രണ്ടുരീതിയിലാണ് ഗുണം ലഭിച്ചത്. കൂടുതല്‍ വില ലഭിക്കുന്നു എന്ന് മാത്രമല്ല നെല്ല് നല്‍കി രണ്ടാഴ്ചയ്ക്കകം സിവില്‍ സപ്ളൈസ് ഡിപ്പാര്‍ട്മെന്റില്‍നിന്ന് നേരിട്ട് പണം നല്‍കുന്നതുവഴി ഈ രംഗത്ത് അഴിഞ്ഞാടിയിരുന്ന അഴിമതി പൂര്‍ണമായും ഒഴിവാക്കാനും കഴിഞ്ഞു.

25 വര്‍ഷമായി തരിശുകിടന്ന ഭൂമിയിലേക്ക് വീണ്ടും നെല്‍കൃഷി നടപ്പാക്കാനായത് കൃഷി ശാസ്ത്രജ്ഞരെപ്പോലും അത്ഭുതപ്പെടുത്തിയ ജനകീയ മുന്നേറ്റമായിരുന്നു. പലിശ രഹിത വായ്പ, യന്ത്രവല്‍ക്കരണം തുടങ്ങിയവയെല്ലാം പഞ്ചായത്തുകള്‍ വഴി കൃഷിക്കാര്‍ക്ക് ലഭ്യമാക്കിയപ്പോള്‍ 60,000 ഏക്കര്‍ സ്ഥലത്താണ് വീണ്ടും നെല്‍കൃഷി യാഥാര്‍ഥ്യമായത്. ഒരുപക്ഷേ അഞ്ചുലക്ഷം ഹെക്ടര്‍ സ്ഥലത്ത് സ്ഥിരമായി നെല്‍കൃഷി നടത്തണമെന്ന ലക്ഷ്യത്തിലേക്കു കടന്നുചെല്ലാന്‍ വമ്പിച്ച ആത്മവിശ്വാസം കൃഷിക്കാര്‍ക്ക് മാത്രമല്ല ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥ സംവിധാനത്തിനും ഇതുനല്‍കിയിരിക്കുന്നു.

കുട്ടനാട്, ഇടുക്കി പാക്കേജുകള്‍, പച്ചക്കറി കൃഷിക്കും ക്ഷീര വികസനത്തിനുമുള്ള പദ്ധതികള്‍ ഇവയെല്ലാം കേരളത്തിലെ കര്‍ഷകര്‍ക്കും കൃഷിയോട് ബന്ധപ്പെട്ട വിവിധ ഏജന്‍സികളില്‍ പണിയെടുക്കുന്നവര്‍ക്കും ഏറെ ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. പക്ഷേ, ഈ യജ്ഞങ്ങള്‍ക്ക് തുടര്‍ച്ച വേണം. അതു കൃഷിക്കാരുടെ ആവശ്യമാണ്. ജനങ്ങളോട് അവര്‍ ആവശ്യപ്പെടുന്നതും അതുതന്നെ. അല്ലെങ്കില്‍ കാര്‍ഷികരംഗം ഒരുപക്ഷേ വീണ്ടും തളര്‍ന്നുവീഴും.

കടക്കെണിയുടെ ആശങ്കയില്ലാതെ...

വായ്പയെടുത്ത് കൃഷിചെയ്യുന്നതില്‍ ബിജുവിന് ആശങ്കയൊന്നുമില്ല. പലിശ സര്‍ക്കാര്‍ വഹിക്കും. ഉല്‍പ്പാദിപ്പിക്കുന്ന നെല്ല് കിലോയ്ക്ക് 14 രൂപ നല്‍കി സര്‍ക്കാര്‍ വാങ്ങുകയും ചെയ്യും. അതുകൊണ്ട് വായ്പ തിരിച്ചടയ്ക്കാനാകുമെന്നു മാത്രമല്ല മാന്യമായി ജീവിക്കാനും കഴിയുമെന്ന് ഉറപ്പുണ്ട്. 'എല്‍ഡിഎഫ് സര്‍ക്കാര്‍ പലിശരഹിത വായ്പ തന്നതുകൊണ്ട് കൃഷിചെയ്യാന്‍ ഉത്സാഹവും താല്‍പ്പര്യവും ഉണ്ടായി'- ആയിരക്കണക്കിനു കര്‍ഷകരുടെ ആത്മവിശ്വാസമാണ് ബിജുവിന്റെ ഈ വാക്കുകള്‍.

കഴിഞ്ഞ കാലങ്ങളില്‍ കാര്‍ഷികവായ്പ എടുത്ത് പലിശയും കൂട്ടുപലിശയുമായി കടക്കെണിയില്‍പ്പെട്ട് ആത്മഹത്യയില്‍ അഭയം തേടേണ്ടി വന്ന നൂറുകണക്കിനു കര്‍ഷകരുടെ ചിത്രം മറക്കാറായിട്ടില്ല.

യുവകര്‍ഷകനായ തത്തമംഗലം നാവുക്കോട്കളത്തില്‍ ബിജുവിനെപ്പോലെ ധാരാളം പേര്‍ക്ക് കൃഷിചെയ്യാന്‍ പ്രചോദനവും പ്രോത്സാഹനവുമായത് എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ രംഗത്ത് നടത്തിയ ഇടപെടലാണ്.

രണ്ടേക്കറിലെ നെല്‍ക്കൃഷിയാണ് ബിജുവിന്റെ ജീവിതമാര്‍ഗം. ഏക്കറിന് 12,500 രൂപയാണ് പലിശരഹിതവായ്പ. ബിജു 25,000 രൂപയാണ് വായ്പ എടുത്തത്. എല്‍ഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ ഒരു കിലോ നെല്ലിന് ഏഴു രൂപയായിരുന്നു താങ്ങുവില. അഞ്ചുവര്‍ഷംകൊണ്ട് ഇത് 14 രൂപയാക്കി. നെല്ല് സംഭരിക്കുമെന്ന ഉറപ്പുമുണ്ട്. അതുകൊണ്ടുതന്നെ ബാങ്ക് വായ്പയെക്കുറിച്ച് വേവലാതിയില്ല.

*
ദേശാഭിമാനി 12 മാര്‍ച്ച് 2011

Saturday, February 19, 2011

ഊന്നല്‍ ജനക്ഷേമത്തിന് തന്നെ

വാഗ്ദാനങ്ങളേറെയും നിറവേറ്റിയ സംതൃപ്തിയാണ് എനിക്കുള്ളത്. സമാനതകളില്ലാത്ത നേട്ടങ്ങളാണ് സാമൂഹ്യക്ഷേമരംഗത്ത് ഈ സര്‍ക്കാര്‍ കൈവരിച്ചത് എന്ന് വിമര്‍ശകര്‍ പോലും സമ്മതിക്കുന്നു. സാമ്പത്തികരംഗത്ത് കഴിഞ്ഞ അഞ്ചുവര്‍ഷത്തിലുണ്ടായ വളര്‍ച്ച മറ്റൊരുകാലത്തുമുണ്ടായിട്ടില്ല എന്നാണ് എന്റെ വാദം. തൊണ്ണൂറുകളുടെ അവസാനം ആരംഭിച്ച കാര്‍ഷിക തകര്‍ച്ചയുടെ ചൊരുക്കും ആഗോളമാന്ദ്യത്തിന്റെ സമ്മര്‍ദ്ദവുമുണ്ടായിട്ടും കേരളം കഴിഞ്ഞ അഞ്ചുവര്‍ഷം ഏതാണ്ട് 9 ശതമാനം വേഗത്തില്‍ വളര്‍ന്നു. രണ്ടോ മൂന്നോ വര്‍ഷത്തിനുളളില്‍ ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സംസ്ഥാനമായി കേരളം മാറും.

എല്ലാം ഭദ്രമാണെന്നു വാദിക്കുന്നില്ല. ദൌര്‍ബല്യങ്ങളേറെയുണ്ട്. വര്‍ദ്ധിച്ചുവരുന്ന അസമത്വവും കീഴ്ത്തട്ടിലുളളവരുടെ പാപ്പരീകരണവും പരിഹരിക്കണം. ആസിയാന്‍ കരാര്‍, ഈ നൂറ്റാണ്ടിലെ ആദ്യവര്‍ഷങ്ങളിലേതു പോലുളള വിലത്തകര്‍ച്ചയുടെ ഭീഷണി ഉയര്‍ത്തുന്നു. വിദ്യാഭ്യാസ, ആരോഗ്യാദി മേഖലകളിലെ രണ്ടാം തലമുറ പ്രശ്നങ്ങള്‍ക്ക് ഉത്തരം കാണണം. നാം പരിസ്ഥിതി സൌഹൃദമാകേണ്ടതുണ്ട്. സ്ത്രീപുരുഷ തുല്യതയില്ലാതെ സാമൂഹ്യനീതിയില്ല എന്നു തിരിച്ചറിയണം. യുവതലമുറയുടെ പ്രതീക്ഷകള്‍ക്കനുസൃതമായ തൊഴിലവസരങ്ങള്‍ വേണ്ടത്ര വേഗത്തില്‍ ഉണ്ടാകുന്നില്ല. ഡോ. അബ്ദുല്‍ കലാം മുന്‍പ് നിയമസഭയില്‍ ചൂണ്ടിക്കാണിച്ച, നമുക്കനുയോജ്യവും കൂടുതല്‍ മത്സരശേഷിയുളളതുമായ, പുതിയ വളര്‍ച്ചാമേഖലകള്‍ ഇനിയും ശക്തിപ്പെടണം. മേല്‍പറഞ്ഞ ദൌര്‍ബല്യങ്ങള്‍ തിരുത്തുന്നതിനുളള പരിശ്രമങ്ങളായിരുന്നു ഈ സര്‍ക്കാരിന്റെ അഞ്ചു ബജറ്റുകളും.

യാഥാസ്ഥിതിക ധനനയങ്ങള്‍ക്കു പകരം സംസ്ഥാനത്തിന്റെ ക്ഷേമ വികസന ആവശ്യങ്ങള്‍ അടിസ്ഥാനമാക്കിയുളള സമീപനമാണു സ്വീകരിച്ചത്. ഇതിന്റെ ഫലമായി 2001-06 കാലയളവില്‍ സര്‍ക്കാര്‍ ചെലവ് 53 ശതമാനം മാത്രം വര്‍ദ്ധിച്ചപ്പോള്‍, ഈ സര്‍ക്കാരിന്റെ കാലത്ത് 100 ശതമാനത്തിലേറെ വര്‍ദ്ധിച്ചു. അതായത്, 2005-06ലെ 19,528 കോടി രൂപയില്‍ നിന്ന്് 2010-11 ല്‍ 39,790 കോടി രൂപയായി സര്‍ക്കാര്‍ ചെലവ് ഉയര്‍ന്നു. മൂലധനച്ചെലവിന്റെ കാര്യത്തിലും ഇക്കാലത്തു ഗുണപരമായ മാറ്റമുണ്ടായി. സര്‍ക്കാരിന്റെ മൊത്തം ചെലവില്‍ 5.65 ശതമാനമായിരുന്ന മൂലധനച്ചെലവ് 12.51 ശതമാനമായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുളള വിഹിതം 6.6 ശതമാനത്തില്‍ നിന്ന് 8 ശതമാനമായി. പദ്ധതിച്ചെലവ് 22.0 ശതമാനത്തില്‍ നിന്ന് 25.3 ശതമാനമായി. വികസനച്ചെലവ് 53 ശതമാനത്തില്‍ നിന്ന് 55 ശതമാനമായി ഉയര്‍ന്നു.

സര്‍ക്കാരിന്റെ ചെലവ് ഇരട്ടിയായപ്പോഴും കമ്മി താഴ്ത്തി നിര്‍ത്തുന്നതില്‍ വിജയിച്ചു. 2001-06 കാലയളവില്‍ റവന്യൂ വരുമാനത്തിന്റെ 28.5 ശതമാനമായിരുന്ന റവന്യൂ കമ്മി 2006-11ല്‍ 15.5 ശതമാനമായി താണു. ധനക്കമ്മിയും ഗണ്യമായി താഴ്ന്നു.

അഭിമാനത്തോടെ പറയട്ടെ, കഴിഞ്ഞ മൂന്നുവര്‍ഷങ്ങളില്‍ ഒരു ദിവസം പോലും ട്രഷറി ഓവര്‍ഡ്രാഫ്റ്റിലായില്ല. നടപ്പുവര്‍ഷത്തില്‍ ഇതുവരെ ഒരു ദിവസം പോലും റിസര്‍വ് ബാങ്കില്‍ നിന്നു കൈവായ്പ വാങ്ങേണ്ടി വന്നിട്ടില്ല. ഏതാണ്ടെല്ലാ വെയ്സ് ആന്‍ഡ് മീന്‍സ് നിയന്ത്രണങ്ങളും വേണ്ടെന്നു വെച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടയില്‍ കേരളത്തില്‍ ഇങ്ങനെയൊരു അനുഭവമുണ്ടായിട്ടില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഭൂരിപക്ഷം ദിവസങ്ങളിലും ട്രഷറി ഓവര്‍ ഡ്രാഫ്റ്റിലായിരുന്നു എന്നോര്‍ക്കണം.

സര്‍ക്കാരിന്റെ ധനസ്ഥിതി മെച്ചപ്പെട്ടതിന്റെ അടിസ്ഥാനകാരണം സംസ്ഥാനത്തിന്റെ സ്വന്തം വരുമാനത്തിലുണ്ടായ വര്‍ദ്ധനയാണ്. സംസ്ഥാന നികുതി വരുമാനം 2005-06ല്‍ 7000 കോടി രൂപയായിരുന്നത് 2010-11ല്‍ ഏതാണ്ട് 16,000 കോടി രൂപയായി ഉയരും. അതേസമയം കേന്ദ്രസര്‍ക്കാരിന്റെ സഹായം സംസ്ഥാന സര്‍ക്കാരിന്റെ മൊത്തം റവന്യൂ വരുമാനത്തിന്റെ 29.94 ശതമാനത്തില്‍ നിന്ന് 25.6 ശതമാനമായി ഇക്കാലയളവില്‍ താഴ്ന്നു.

മിച്ച ബജറ്റ് അവതരിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ പ്രഥമ ബജറ്റ് പ്രസംഗത്തില്‍ ഞാന്‍ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷയ്ക്കു വിരുദ്ധമായി പതിമൂന്നാം ധനകാര്യകമ്മിഷന്‍ കേരളത്തിനുളള കേന്ദ്ര നികുതിവിഹിതം വീണ്ടും കുറയ്ക്കുകയാണ് ഉണ്ടായത്. കേന്ദ്രം പ്രഖ്യാപിച്ച ചരക്കുസേവന നികുതി സമ്പ്രദായവും നടപ്പായില്ല. ആഗോളമാന്ദ്യം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക നിലയെ പ്രതികൂലമായി ബാധിച്ചു. കേന്ദ്രവും ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളും കമ്മിയിലായി. ഈ പശ്ചാത്തലത്തില്‍ ക്ഷേമച്ചെലവുകള്‍ വെട്ടിച്ചുരുക്കുകയും ശമ്പളപരിഷ്കരണം വേണ്ടെന്നുവെയ്ക്കുകയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുളള ഗ്രാന്റു കുറയ്ക്കുകയും ചെയ്താലല്ലാതെ മിച്ചബജറ്റിലേക്ക് നീങ്ങാനാവില്ല. ഈ ജനവിരുദ്ധനയം സ്വീകരിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. ശമ്പളപരിഷ്കരണത്തിനു വേണ്ട അധികച്ചെലവുണ്ടായിട്ടും 2011-12ല്‍ റവന്യൂകമ്മി 1.97 ശതമാനം മാത്രമാണ്. 2010-11ലെ ബജറ്റിലെ 1.48 ശതമാനത്തില്‍ നിന്നുളള ഈ ചെറിയ വര്‍ദ്ധന പോലും താല്‍ക്കാലികമാണ്. ചരക്കുസേവന നികുതി പ്രാബല്യത്തില്‍ വരുമ്പോള്‍ കേരളത്തിലെ നികുതി വരുമാനം ഇനിയും ഗണ്യമായി ഉയരും. നികുതിയേതര വരുമാനവും വര്‍ദ്ധിക്കുന്നതിനുളള സാധ്യതകളും തെളിഞ്ഞിട്ടുണ്ട്. ഇതോടെ റവന്യൂകമ്മി കുറയും.

വന്‍തോതില്‍ വായ്പയെടുത്തതു കൊണ്ടാണ് കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടത് എന്ന ആരോപണം ഞാന്‍ തളളിക്കളയുന്നു. 2005-06ല്‍ 45,929 കോടി ആയിരുന്ന കടം ഈ വര്‍ഷം അവസാനിക്കുമ്പോള്‍ 78,327 കോടി രൂപയായി ഉയരും. പക്ഷേ, കടത്തിന്റെ മൊത്തം തുക നോക്കിയല്ല കടഭാരം നിര്‍ണയിക്കുന്നത്. വലിയ സമ്പദ്ഘടനയ്ക്ക് കൂടുതല്‍ കടഭാരം താങ്ങാനാവും. കടഭാരം അളക്കേണ്ടത് സംസ്ഥാന ആഭ്യന്തര വരുമാനവുമായി താരതമ്യപ്പെടുത്തി വേണം. 2000-01ല്‍ 32.9 ശതമാനമായിരുന്ന കടഭാരം 2005-06ല്‍ 33.6 ശതമാനമായി ഉയര്‍ന്നു. എന്നാലിന്നോ, 2010-11ല്‍ ഇത് 29.52 ശതമാനമായി താണു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ കേരളത്തിന്റെ കടം 70 ശതമാനം ഉയര്‍ന്നു. അതിനു മുമ്പുളള അഞ്ചുവര്‍ഷത്തിലോ, 92 ശതമാനമാണ് വര്‍ദ്ധന. ഈ സര്‍ക്കാരിന്റെ കാലത്ത് കടം പെരുകുന്നതിന്റെ വേഗത കുറയുകയാണ് ചെയ്തത്.

കടത്തിന്റെ വലിപ്പമല്ല, സംസ്ഥാനത്തിന്റെ വായ്പാ പരിധി ചുരുക്കാനുളള കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങളാണ് എന്നെ ആശങ്കപ്പെടുത്തുന്നത്. വായ്പാസമ്മര്‍ദ്ദം നേരിടുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലാണ് ഇപ്പോള്‍ കേരളം. നിലവിലെ നിര്‍വചനം പൊളിച്ചെഴുതിയാണ് കേന്ദ്രം ഇതു ചെയ്തത്. സംസ്ഥാന ആഭ്യന്തരവരുമാനത്തിന്റെ 35 ശതമാനം കടമുളള സംസ്ഥാനങ്ങളെയാണ് വായ്പാസമ്മര്‍ദ്ദം നേരിടുന്ന സംസ്ഥാനങ്ങളായി നേരത്തെ കണക്കാക്കിയിരുന്നത്. ഇതിനു പുറമെ മറ്റു ചില മാനദണ്ഡങ്ങള്‍ കൂടി പരിഗണിച്ചിരുന്നു. പുതുക്കിയ മാനദണ്ഡ പ്രകാരം ആഭ്യന്തര വരുമാനത്തിന്റെ 27 ശതമാനത്തിനു മുകളില്‍ കടബാധ്യതയുളള സംസ്ഥാനങ്ങള്‍ വായ്പാ സമ്മര്‍ദ്ദത്തിലാണു പോലും. മറ്റു മാനദണ്ഡങ്ങളും ഇതുപോലെ താഴ്ത്തി നിശ്ചയിച്ചിട്ടുണ്ട്. കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡങ്ങളും മാറ്റി. ഈ കസര്‍ത്തുകള്‍ക്കൊന്നിനും സാമ്പത്തികശാസ്ത്ര സിദ്ധാന്തങ്ങളുടെ യാതൊരു പിന്‍ബലവുമില്ല.

കേരളം കടക്കെണിയിലല്ല. കടക്കെണിയിലേയ്ക്ക് സര്‍ക്കാര്‍ നീങ്ങുകയാണോ എന്നു വിലയിരുത്താന്‍ പ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞനായ ഹരോഡ് ഡോമര്‍ രൂപം നല്‍കിയ സൂത്രവാക്യത്തെയാണ് സാമ്പത്തിക വിദഗ്ധര്‍ അടിസ്ഥാനമാക്കുന്നത്. അതു പ്രകാരം കടത്തിന്റെ ശരാശരി പലിശ നിരക്കിനെക്കാള്‍ ഉയര്‍ന്നതാണ് സംസ്ഥാന വരുമാനത്തിന്റെ വളര്‍ച്ചാനിരക്കെങ്കില്‍ കടം അപകടനിലയിലല്ല. കേരളത്തില്‍ സര്‍ക്കാര്‍ കടത്തിന്റെ ശരാശരി പലിശ നിരക്ക് 7.8 - 8.2 ശതമാനം വരെയാണ്. എന്നാല്‍ സംസ്ഥാന വരുമാനം 14 - 15 ശതമാനം വരെ വേഗതയിലാണ് വളരുന്നത്. ചുരുക്കത്തില്‍ കടക്കെണിയിലാണെന്നുളള പരിഭ്രാന്തി പടര്‍ത്തി യാഥാസ്ഥിതിക ധനനയം അടിച്ചേല്‍പ്പിക്കാനുളള പരിശ്രമമാണ് നടക്കുന്നത്.

വായ്പയെടുക്കാന്‍ തടസ്സം നില്‍ക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാട് സംസ്ഥാനവികസനത്തിനു കൂച്ചുവിലങ്ങായി മാറുകയാണ്. 2011-12ല്‍ സംസ്ഥാന വരുമാനത്തിന്റെ 3.5 ശതമാനം വായ്പയെടുക്കുന്നതിന് അനുവദിച്ചിട്ടുണ്ടെങ്കിലും അടുത്ത വര്‍ഷം മുതല്‍ വായ്പാപരിധി മൂന്നു ശതമാനമാകും. ഇതിനു പുറമെ സംസ്ഥാന ആഭ്യന്തരവരുമാനത്തിന്റെ 25 ശതമാനമായി കടം ചുരുക്കണമെന്നും നിര്‍ദ്ദേശവുമുണ്ട്. റവന്യൂ കമ്മി ഇല്ലാതാക്കാനുളള ഒരു സമയബന്ധിത പരിപാടി സംസ്ഥാനം അംഗീകരിച്ചാല്‍ പിന്നെ മൂലധനച്ചെലവിനു വായ്പയെടുക്കാന്‍ എന്തിനു തടസ്സം നില്‍ക്കണം?

മാത്രമല്ല, ഫലത്തില്‍ അനുവദനീയമായ പരിധിവരെ പോലും വായ്പയെടുക്കാന്‍ സംസ്ഥാനത്തിനു കഴിയുന്നില്ല. ഇതിനു പ്രതിബന്ധങ്ങള്‍ സൃഷ്ടിയ്ക്കുന്ന സമ്പ്രദായങ്ങളാണ് കേന്ദ്രസര്‍ക്കര്‍ ആവിഷ്കരിച്ചിട്ടുളളത്. അതുകൊണ്ടാണ് 2009-10ല്‍ കേരളത്തിന്റെ ധനക്കമ്മി 3.42 ശതമാനമായി പരിമിതപ്പെട്ടത്. ആഗോളമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ധനക്കമ്മി 4 ശതമാനം വരെ ഉയര്‍ത്താന്‍ അനുവാദമുണ്ടായിരുന്നു എന്നോര്‍ക്കണം. 2010-11ലാകട്ടെ 3.5 ശതമാനം ധനക്കമ്മി അനുവദിച്ചിരുന്നുവെങ്കിലും പുതുക്കിയ കണക്കുപ്രകാരം അത് 2.89 ശതമാനം മാത്രമാണ്. കേരളത്തിലെ ട്രഷറി സേവിംഗ്സ് ബാങ്ക് ഉപയോഗപ്പെടുത്തി വന്‍തോതില്‍ വായ്പയെടുക്കുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഈ വസ്തുതകള്‍ തെളിയിക്കുന്നു. സംസ്ഥാന ട്രഷറി സേവിംഗ്സ് ബാങ്കു തന്നെ നിര്‍ത്തലാക്കണം എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ഇപ്പോഴത്തെ ആവശ്യം. ഇതംഗീകരിച്ചാല്‍ സംസ്ഥാനത്തിന്റെ പരിമിതമായ ധനകാര്യ സ്വാതന്ത്ര്യവും കവര്‍ന്നെടുക്കപ്പെടും. തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചപ്പോള്‍ കേരളത്തിന് ഒസ്യത്തായി കിട്ടിയ ട്രഷറി സേവിംഗ്സ് ബാങ്കിനുമേല്‍ കൈവെയ്ക്കാനുളള ഏതു നീക്കത്തെയും ഒറ്റക്കെട്ടായി കേരളത്തിലെ ജനങ്ങള്‍ ചെറുക്കും. കക്ഷിരാഷ്ട്രീയത്തിന് അതീതമായ സമന്വയം ഇക്കാര്യത്തില്‍ സംസ്ഥാനത്തുണ്ടാവണം.

ഒരു വേദന ഞാന്‍ തുറന്നു പറയട്ടെ. കേരള ലോട്ടറിയെ സംരക്ഷിക്കാനും അന്യരാജ്യ-അന്യ സംസ്ഥാന ലോട്ടറി മാഫിയയുടെ ചൂഷണത്തില്‍ നിന്നു ജനങ്ങളെ രക്ഷിക്കാനുമാണ് ഈ സര്‍ക്കാര്‍ പൂര്‍ണ പ്രതിബദ്ധതയോടെ ശ്രമിച്ചത്. എന്നാല്‍ ലോട്ടറി മാഫിയയെ നിയന്ത്രിക്കാന്‍ പൂര്‍ണ അധികാരവും ചുമതലയുമുളള കേന്ദ്രസര്‍ക്കാര്‍ അതിനു തയ്യാറായില്ല. കേരള സര്‍ക്കാര്‍ 2004 മുതല്‍ റിപ്പോര്‍ട്ടുകളും നിവേദനങ്ങളും കത്തുകളും അയച്ചിട്ടും ഇപ്പോള്‍ മാത്രമാണ് ബന്ധപ്പെട്ട സര്‍ക്കാരുകളെ അവ അറിയിക്കുന്നതിനെങ്കിലും കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമായത്. ഇതുകണ്ടു കയ്യും കെട്ടി നോക്കിനില്‍ക്കാതെ ലോട്ടറി മാഫിയയെ തടയാന്‍ വിവിധ മാര്‍ഗങ്ങളിലൂടെ ശ്രമിക്കുകയായിരുന്നു ഈ സര്‍ക്കാര്‍. പക്ഷേ ഇക്കാര്യത്തിലുണ്ടായ വിപുലമായ അസത്യപ്രചാരണം ജനങ്ങള്‍ മനസ്സിലാക്കുമെന്നെനിക്കുറപ്പുണ്ട്. ലോട്ടറി മാഫിയയെ നിയന്ത്രിക്കാനുളള നമ്മുടെ പരിശ്രമങ്ങള്‍ ഫലപ്രാപ്തിയിലെത്തണമെങ്കില്‍ നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കുകയോ നിലവിലുളള നിയമത്തില്‍ സംസ്ഥാനത്തിന് അധികാരം നല്‍കി ഭേദഗതി വരുത്തുകയോ ചെയ്യണം. ഇക്കാര്യത്തില്‍ യോജിച്ച നിലപാടു സ്വീകരിക്കാന്‍ എല്ലാവര്‍ക്കും കഴിയേണ്ടതുണ്ട്.

വരവും ചെലവും യാന്ത്രികമായി കണക്കൊപ്പിച്ചു പോകുന്ന യാഥാസ്ഥിതിക ധനനയത്തിനു പകരം വികസനോന്മുഖ ധനനയമാണു ഞങ്ങള്‍ സ്വീകരിച്ചത്. വികസനച്ചെലവുകള്‍ ചുരുക്കാനല്ല, മറിച്ച് വരുമാനം വര്‍ദ്ധിപ്പിച്ചു കമ്മി കുറയ്ക്കാനാണ് അടിസ്ഥാനപരമായി വികസനോന്മുഖ ധനനയം ശ്രമിക്കുക. സാമൂഹ്യക്ഷേമരംഗത്തെ ചെലവുകള്‍ പുനരുല്‍പാദനപരമല്ല എന്ന കാഴ്ചപ്പാട് ഞങ്ങള്‍ അംഗീകരിക്കുന്നില്ല. വിദ്യാഭ്യാസം,ആരോഗ്യം തുടങ്ങിയ സാമൂഹ്യ പശ്ചാത്തല സൌകര്യങ്ങള്‍ ഭൌതിക പശ്ചാത്തല സൌകര്യങ്ങള്‍ പോലെ വികസനത്തിന് സുപ്രധാനമാണ്. റവന്യൂ കമ്മി കുറച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നതോടൊപ്പം ഭൌതിക പശ്ചാത്തലസൌകര്യങ്ങള്‍ ഒരുക്കുന്നതിന് പ്രത്യക്ഷമായോ പരോക്ഷമായോ പരമാവധി വായ്പ സമാഹരിക്കുന്നതിന് വികസനോന്മുഖ ധനനയം പരിശ്രമിക്കും. മേല്‍പറഞ്ഞതു പോലൊരു വികസനോന്മുഖ ധനകാര്യനയം നടപ്പാക്കാന്‍ കഴിഞ്ഞതിന്റെ ഫലമായിട്ടാണ് ഭരണത്തിലേറി അഞ്ചുവര്‍ഷം പിന്നിടുമ്പോള്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനം നിറവേറ്റാനായത്. സാമ്പത്തിക അടിത്തറ സുസ്ഥിരമാക്കി എന്നു മാത്രമല്ല, മുന്നോട്ടു കുതിക്കാനുളള ഒരു മാര്‍ഗവും ചൂണ്ടിക്കാണിക്കാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞിരിക്കുന്നു.

തന്റെ മഹദ്കൃതിയായ ദിനാന്തത്തില്‍ ഒഎന്‍വി കാണുന്ന സ്വപ്നം ഞാനുമിവിടെ പങ്കുവെയ്ക്കുന്നു.

എന്നു,മകിഞ്ചനര്‍
കണ്ടകിനാവുകള്‍
ഉണ്മയായ് മാറ്റാ-
നൊരുദിനം വന്നിടും
ചെങ്കനലാളുന്ന
നിസ്വലക്ഷങ്ങള്‍ തന്‍
നെഞ്ചിലെച്ചൂള
യതിന്നു ചൂടേകിടും

ദിക്കുകള്‍ മങ്ങും
ദിനാന്തത്തിലെയൊറ്റ
നക്ഷത്രമായെന്റെ
സ്വപ്നംജ്വലിക്കുന്നു...

കഴിഞ്ഞ അഞ്ചു കൊല്ലത്തെ ഈ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ചരിത്രപ്രധാനങ്ങളാണ്. ദരിദ്രന്‍ കണ്ട സ്വപ്നങ്ങള്‍ ഉണ്മയായി മാറ്റാന്‍ നടത്തിയ ശ്രമങ്ങളാണത്. നിസ്വലക്ഷങ്ങളുടെ നെഞ്ചിലെ ചൂളയാണവയ്ക്കു ചൂടേകിയത്. ദിനാന്തത്തില്‍ ഉദിച്ചുയരുന്ന ഒറ്റ നക്ഷത്രത്തിന്റെ പ്രതീക്ഷ ജനങ്ങള്‍ക്കു നല്‍കാനായി എന്ന ആത്മവിശ്വാസമാണ് എനിക്കുള്ളത്.

*
ഡോ. ടി എം തോമസ് ഐസക് കടപ്പാട്: ചിന്ത വാരിക 18 ഫെബ്രുവരി 2011

Thursday, February 10, 2011

ആധുനിക കേരളത്തിനു ഒരു ആധുനിക ബജറ്റ്

ഒരു സര്‍ക്കാരിന്റെ ബജറ്റ് എന്ന് പറയുന്നത് ആ സര്‍ക്കാരിന്റെ പൊതു നയത്തെ മാത്രമല്ല പ്രതിനിധാനം ചെയ്യുന്നത്. അതാതു കാലത്തെ സാമ്പത്തിക അവസ്ഥയോടുള്ള സര്‍ക്കാരിന്റെ സക്രിയമായിട്ടുള്ള പ്രതികരണവുമാണ് ഓരോ ബജറ്റും. അതിലുമുപരി, ഡോ. തോമസ്‌ ഐസക്ക് അവതരിപ്പിച്ച "ബജറ്റ് 2010-11" 2006 ല്‍ അധികാരത്തില്‍ വന്ന എല്‍ ഡി എഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് കൂടിയായിരുന്നു. അങ്ങിനെ മൊത്തത്തില്‍, തന്റെ ആദ്യ ബജറ്റ് മുതല്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള നടപടികള്‍ എത്ര മാത്രം പുരോഗമിച്ചു എന്ന പരിശോധനയും, ഒപ്പം നിലവിലുള്ള സാമ്പത്തിക അവസ്ഥയുടെ വീക്ഷണകോണില്‍ നിന്നും ഭാവിയിലേക്കുള്ള പ്രയാണത്തെ ഈ സര്‍ക്കാര്‍ എങ്ങിനെ നോക്കി കാണുന്നു എന്ന പ്രസ്താവനയും ബജറ്റില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. അത്തരത്തില്‍ പരിശോധിച്ചാല്‍, 2010-11 വര്‍ഷത്തേക്കുള്ള ഡോ. തോമസ്‌ ഐസക്കിന്റെ ബജറ്റ് രാഷ്ട്രീയപരമായും ആക്കാദമികപരമായും അങ്ങേയറ്റം ശ്രദ്ധയര്‍ഹിക്കുന്ന ഒന്നാണ്.

എല്‍ ഡി എഫ് സര്‍ക്കാരിന്റെ പൊതു നയവും ബജറ്റും

2006 ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് അങ്ങേയറ്റം കുഴഞ്ഞു മറിഞ്ഞ രാഷ്ട്രീയ-സാമ്പത്തിക ചുറ്റുപാടുകളില്‍ ആയിരുന്നു. ചുരുക്കത്തില്‍, ഐക്യകേരളപിറവിക്കു ശേഷം സംസ്ഥാനത്തിന്റെ പുരോഗമന വികസന പ്രക്രിയക്കെതിരെ നടന്ന ഏറ്റവും ക്രൂരമായ ആക്രമണത്തില്‍ മുറിവേറ്റ കേരളത്തെ വീണ്ടും വികസനത്തിന്റെയും ക്ഷേമത്തിന്റെയും സാമൂഹ്യ നീതിയുടെയും പാതയിലേക്ക് തിരിച്ചെത്തിക്കുക എന്ന ദൌത്യമാണ് അന്ന് സര്‍ക്കാരിന് ഏറ്റെടുക്കേണ്ടി വന്നത്. 1990 കല്‍ മുതല്‍ ആരംഭിച്ച സാമ്രാജ്വത്ത ആഗോളവല്‍ക്കരണം കേരളത്തിന്റെ ചരിത്രപരമായ സാമൂഹ്യ-വികസന നേട്ടങ്ങളെ പുറകോട്ടടിക്കും എന്ന ആശങ്ക പരക്കെ നിലനിന്നിരുന്ന ഒരു ഘട്ടമായിരുന്നു അത്. കേന്ദ്ര സര്‍ക്കാരിന്റെ നവ-ലിബറല്‍ നയങ്ങള്‍ കേരളത്തിന്റെ കാര്‍ഷിക-പരമ്പരാഗത മേഖലകളെ വലിയ പ്രതിസന്ധിയിലാഴ്ത്തിയിരുന്നു. കേരളത്തില്‍ ആഗോളവല്‍ക്കരണ-നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കാന്‍ തുനിഞ്ഞ യു ഡി എഫ് സര്‍ക്കാരിനെതിരെ ജനരോഷം അലയടിച്ചു നിന്നിരുന്നു. ഒരു ഫെഡറല്‍ ചട്ടക്കൂടില്‍ നിന്ന് കൊണ്ടു തന്നെ, അതിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ടു തന്നെ, ആഗോളവല്‍ക്കരണം ഉയര്‍ത്തിയ വെല്ലുവിളിയെ എങ്ങിനെ നേരിടാം എന്ന ചര്‍ച്ച ഇടതുപക്ഷം ശക്തമായി ഉയര്‍ത്തിയതു ഈ സമയത്തായിരുന്നു. "കഴിഞ്ഞകാല നേട്ടങ്ങള്‍ നിലനിര്‍ത്തുക, ഒപ്പം ഭാവിയിലേക്കുള്ള പുതിയ പാത തെളിക്കുക", എന്നീ രണ്ടു പൊതു വികസന ലക്ഷ്യങ്ങള്‍ മുന്നോട്ടു വെച്ചാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലേക്ക് പ്രവേശിച്ചത്. അതിനു വലിയ പൊതുജന സമ്മതിയും ഉണ്ടായിരുന്നുവെന്നതിന് തിരെഞ്ഞെടുപ്പ് വിജയത്തിന്റെ തോത് തന്നെ തെളിവ്.

ഇത്തരത്തിലുള്ള ഒരു പുതിയ സാമ്പത്തിക നയം രൂപപ്പെടുത്തുന്നതില്‍ സര്‍ക്കാരിന്റെ ബജറ്റിനു വലിയ പ്രാധാന്യമുണ്ട്. ബജറ്റുകള്‍ വഴിയാണ് സര്‍ക്കാരിന്റെ സാമ്പത്തിക ഇടപെടലുകളുടെ ആഴം, പരപ്പ് എന്നിവ വ്യക്തമാകുന്നത്. 2006 ല്‍ അവതരിപ്പിച്ച തന്റെ ആദ്യത്തെ ബജറ്റില്‍ തന്നെ ഡോ. തോമസ്‌ ഐസക്ക് തന്റെ ബജറ്റ് സമീപനം കൃത്യമായി നിര്‍വചിച്ചിരുന്നു. ഈ സമീപനത്തിന്റെ കാതല്‍ ഇതായിരുന്നു: നവലിബറല്‍ ബജറ്റ് സമീപനം അനുസരിച്ചു, ചിലവുകള്‍ വെട്ടിക്കുറച്ചു, ബജറ്റ് കമ്മികള്‍ കുറയ്ക്കുക എന്നത് ഈ സര്‍ക്കാരിന്റെ സമീപനമല്ല. കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പാസ്സാക്കപ്പെട്ട എഫ് ആര്‍ ബി എം നിയമമനുസരിച്ച്, ബജറ്റ് കമ്മികള്‍ക്ക് മേല്‍ യാന്ത്രികമായ നിയന്ത്രണമാണ് ഉള്ളത്. അതായത്, സര്‍ക്കാരിന്റെ മൊത്തം വരുമാനത്തിന്റെ (എസ് ഡി പി) മൂന്നു ശതമാനം മാത്രമേ ധന കമ്മി ആകാവൂ. റവന്യൂ കമ്മിയാകട്ടെ, ഉണ്ടാവാനേ പാടില്ല. ഉണ്ടായാല്‍, ചിലവുകള്‍ വെട്ടികുറച്ചു അത് പൂജ്യത്തിലേക്ക് എത്തിക്കണം. ഇത് സാമൂഹ്യ മേഖലകളിലെ ബാധ്യതകള്‍ നിറവേറ്റുന്നതിനും മൂലധന നിക്ഷേപത്തിനും ഒക്കെ തന്നെ വലിയ തടസ്സമുണ്ടാക്കുന്ന സമീപനമാണ്. ഇതിനര്‍ത്ഥം, ബജറ്റ് കമ്മികള്‍ നല്ലതാണ് എന്നല്ല. മറിച്ചു, സര്‍ക്കാരിന്റെ വരുമാനം വര്‍ദ്ധിപ്പിച്ചു കൊണ്ടു, ചിലവുകള്‍ വെട്ടിക്കുറക്കാതെ, കമ്മികളെ നേരിടാന്‍ കഴിയണം. ഇതാണ് സുസ്ഥിരമായ ധനകാര്യ-മാനേജുമെന്റു. ഈ നയമായിരിക്കും ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിക്കുക.

ഈ പുതിയ സമീപനത്തിന്റെ വന്‍ വിജയമാണ് അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ അവസാന ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി ആഘോഷിച്ചത്. 2007-08 ല്‍, സര്‍ക്കാരിന്റെ റവന്യൂ വരുമാനം 21107 കോടി രൂപയായിരുന്നു. ഇത് വര്‍ദ്ധിച്ചു, 2010-11 ല്‍ 32127 കോടി രൂപയാക്കി വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചു. 2011-12 ല്‍, 38547 കോടി രൂപയായി റവന്യൂ വരുമാനം ഇനിയും വര്‍ദ്ധിക്കും എന്നാണു പുതിയ ബജറ്റിലെ പ്രതീക്ഷ. ഇത് മൂലമുണ്ടായ ഏറ്റവും വലിയ ഗുണം റവന്യൂ-മൂലധന ചിലവുകള്‍ ഗണ്യമായി കൂട്ടാന്‍ കഴിഞ്ഞു എന്നതാണ്. അങ്ങിനെ, 2007-08 ല്‍ 24892 കോടി രൂപയായിരുന്ന റവന്യൂ ചെലവ് 2010-11 ല്‍, 35863 കോടി രൂപയാക്കി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു: അതായത് ഏകദേശം 10000 കോടി രൂപയുടെ അധിക ചെലവ് വഹിക്കാന്‍ കഴിഞ്ഞു. മൂലധന ചിലവുകളാകട്ടെ, ചരിത്രത്തിലിത് വരെ സംഭവിക്കാത്ത വിധത്തില്‍, 1475 കോടി രൂപയില്‍ നിന്ന് കൂട്ടി 3992 കോടി രൂപയാക്കി വര്‍ദ്ധിപ്പിക്കാനും സാധിച്ചു. 2011-12 ല്‍, മൂലധന ചെലവ് ഇനിയും കൂടി 4712 കോടിയായി വര്‍ദ്ധിക്കും എന്ന് ബജറ്റ് കണക്കു കൂട്ടുന്നു. ബജറ്റില്‍ നിന്ന് തന്നെ കൂടുതല്‍ കണക്കുകള്‍ നിരത്താം:

"യാഥാസ്ഥിതിക ധനനയങ്ങള്‍ക്കു പകരം സംസ്ഥാനത്തിന്റെ ക്ഷേമ വികസന ആവശ്യങ്ങള്‍ അടിസ്ഥാനമാക്കിയുളള സമീപനമാണു സ്വീകരിച്ചത്. ഇതിന്റെ ഫലമായി 2001------/06 കാലയളവില്‍ സര്‍ക്കാര്‍ ചെലവ് 53 ശതമാനം മാത്രം വര്‍ദ്ധിച്ചപ്പോള്‍, ഈ സര്‍ക്കാരിന്റെ കാലത്ത് 100 ശതമാനത്തിലേറെ വര്‍ദ്ധിച്ചു. അതായത്, 2005/-06 ലെ 19,528 കോടി രൂപയില്‍ നിന്ന് 2010-/11 ല്‍ 39,790 കോടി രൂപയായി സര്‍ക്കാര്‍ ചെലവ് ഉയര്‍ന്നു. മൂലധനച്ചെലവിന്റെ കാര്യത്തിലും ഇക്കാലത്തു ഗുണപരമായ മാറ്റമുണ്ടായി. സര്‍ക്കാരിന്റെ മൊത്തം ചെലവില്‍ 5.65 ശതമാനമായിരുന്ന മൂലധനച്ചെലവ് 12.51 ശതമാനമായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുളള വിഹിതം 6.6 ശതമാനത്തില്‍ നിന്ന് 8 ശതമാനമായി. പദ്ധതിച്ചെലവ് 22.0 ശതമാനത്തില്‍ നിന്ന് 25.3 ശതമാനമായി. വികസനച്ചെലവ് 53 ശതമാനത്തില്‍ നിന്ന് 55 ശതമാനമായി ഉയര്‍ന്നു.'

കമ്മികള്‍ നിയന്ത്രണത്തില്‍

എന്നിട്ടും, റവന്യൂ-ധന കമ്മികള്‍ കൂടാതെ നോക്കി എന്നതിലാണ് ധനമന്ത്രിയുടെ ധനകാര്യ-മാനേജുമെന്റു വൈദഗ്ധ്യം കാണാന്‍ കഴിയുക (പട്ടിക ഒന്ന് കാണുക). 2007-08 ല്‍, കേരളത്തിന്റെ റവന്യൂ കമ്മി മൊത്തം വരുമാനത്തിന്റെ 2.28 ശതമാനം ആയിരുന്നു. അതേ വര്‍ഷം, ധന കമ്മി മൊത്തം വരുമാനത്തിന്റെ 3.68 ശതമാനം ആയിരുന്നു. 2010-11 ല്‍ ആകട്ടെ റവന്യൂ കമ്മി മൊത്തം വരുമാനത്തിന്റെ 1.41 ശതമാനവും ധന കമ്മി മൊത്തം വരുമാനത്തിന്റെ 2.89 ശതമാനവും ആക്കി കുറക്കാന്‍ സാധിച്ചു. വലിയ തോതില്‍ ഉണ്ടായ ചിലവിന്റെ വര്‍ധനവ്‌ കമ്മികളെ കൂട്ടാതെ നോക്കി എന്ന് സാരം. അത് കൊണ്ടു തന്നെ, സംസ്ഥാനം കൂടുതല്‍ കടത്തിലായി എന്ന ആരോപണം തീര്‍ത്തും പൊള്ളയാണ്‌ എന്ന് തെളിയുന്നു.
(ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം)
കടം കൂടിയിട്ടില്ല എന്നതിന് ഇനിയും തെളിവുകള്‍ നിരത്താന്‍ സാധിക്കും. ഒന്ന്, ഒരു സംസ്ഥാനത്തിന്റെ കടത്തിന്റെ സുസ്ഥിരത അളക്കുന്നത് കടത്തിന്റെ വളര്‍ച്ച മൊത്തം വരുമാനത്തിന്റെ വളര്‍ച്ചയേക്കാള്‍ കൂടുതലാണോ എന്ന് നോക്കിയാണ്. മൊത്തം വരുമാനം കടത്തെക്കാള്‍ വേഗതയില്‍ വളര്‍ന്നാല്‍, ഈ വരുമാനത്തില്‍ നിന്നും കിട്ടുന്ന നികുതികളില്‍ നിന്നും മറ്റും കടത്തിന്റെ കടം കൊടുത്ത് തീര്‍ക്കാന്‍ ഉള്ള അന്തരീക്ഷം സൃഷ്ട്ടിക്കപ്പെടുന്നു എന്നതാണ് കാരണം. പട്ടിക ഒന്നില്‍ കാണുന്നത് പോലെ, 2006-07 മുതലുള്ള എല്ലാ വര്‍ഷങ്ങളിലും കേരളത്തിന്റെ കടത്തിന്റെ വളര്‍ച്ച മൊത്തം വരുമാനത്തിന്റെ വളര്‍ച്ചയേക്കാള്‍ കുറവായിരുന്നു എന്ന് കാണാം. വരുമാനത്തിന്റെ ശതമാനമായി നോക്കിയാല്‍, 2005-06 ല്‍, കടം മൊത്ത വരുമാനത്തിന്റെ 33.56 ശതമാനം ആയിരുന്നത്, 2010-11 ല്‍ 29.62 ശതമാനമായി ചുരുങ്ങി.

രണ്ടു, കടത്തിന്റെ നിലവാരം (quality) എങ്ങനെയുണ്ട് എന്നും നോക്കാന്‍ കഴിയും. റവന്യൂ കമ്മിയെക്കാള്‍ നല്ലത് ധന കമ്മിയാണ് എന്ന് പറയേണ്ടതില്ലല്ലോ; ധന കമ്മി കൂടുതലും നിക്ഷേപിക്കപ്പെടുന്നത് മൂലധന ചിലവുകളിലാണ് എന്നതാണ് കാരണം. മൂലധന ചിലവുകളില്‍ നിന്നും കൂടുതല്‍ വരുമാനം പ്രതീക്ഷിക്കാന്‍ കഴിയും. എന്നാല്‍ റവന്യൂ കമ്മിയില്‍ നിന്നും ഇത്തരത്തില്‍ വരുമാനം പ്രതീക്ഷിക്കാന്‍ കഴിയില്ല. അപ്പോള്‍, റവന്യൂ കമ്മിയും ധന കമ്മിയും തമ്മിലുള്ള അന്തരം കുറഞ്ഞോ കൂടിയോ എന്ന് നോക്കാം. കുറഞ്ഞാല്‍ നല്ലത്; കടം കൂടുതല്‍ വാങ്ങിയാലും അത് മൂലധന ചിലവുകളിലേക്ക് ആണ് പോകുന്നത്. 2005-06 ല്‍, റവന്യൂ-ധന കമ്മികളുടെ അനുപാതം 74.82 ആയിരുന്നു. ഇത് കുറഞ്ഞു, 2009-10 ല്‍ 63.81 ആയി ചുരുങ്ങി. അതായത്, കടത്തിന്റെ ഗുണ നിലവാരം വര്‍ദ്ധിച്ചു എന്നര്‍ത്ഥം.

മൂന്ന്, സാമ്പത്തിക ശാസ്ത്രഞ്ജര്‍ കടത്തിന്റെ സുസ്ഥിരത അളക്കാന്‍ ഉപയോഗിക്കുന്നത് "ഡോമാര്‍ ഗാപ്പ്" എന്ന് വിളിക്കുന്ന ഒരു അനുപാതത്തെയാണ്. അതായത്, മൊത്തം വരുമാനത്തിന്റെ വളര്‍ച്ചാ നിരക്കും വിപണിയിലെ ശരാശരി പലിശ നിരക്കും തമ്മിലുള്ള അനുപാതം എത്രയാണ്? ഈ അനുപാതം കൂടിയാല്‍, കടത്തിന്റെ സുസ്ഥിരത കൂടുന്നു എന്നര്‍ത്ഥം; അതായത്, കടം വേഗത്തില്‍ കൊടുത്ത് തീര്‍ക്കാന്‍ പറ്റുന്ന സ്ഥിതിയുണ്ടാവുന്നു. കേരളത്തില്‍, ഡോമാര്‍ ഗാപ്പ് 2006-07 ല്‍ 3.63 ആയിരുന്നത് 2010-11 ആയപ്പോള്‍ 15.2 ആയി വര്‍ദ്ധിച്ചു.

മേല്‍പ്പറഞ്ഞ മൂന്ന് കണക്കുകളും കേരളത്തിന്റെ കടം പെരുകുന്നു എന്ന ആരോപണത്തിന്റെ വായടപ്പിക്കാന്‍ കഴിയുന്നവയാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഈ പ്രക്രിയയുടെ ഏറ്റവും വലിയ ഗുണം ഇത് വഴി സംസ്ഥാനത്തിന്റെ മൂലധന ചിലവുകളെ വലിയ തോതില്‍ വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചു എന്നതു തന്നെയാണ്. മൂലധന ചെലവ് ഇത്രയേറെ കൂട്ടാന്‍ സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ സാധിച്ചിട്ടില്ല എന്ന് പറഞ്ഞുവല്ലോ. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ ഏകദേശം 3608 കോടി രൂപയുടെ പുതിയ മൂലധന നിക്ഷേപം ഉണ്ടാകും. ഇത് കേരളത്തിലെ അടിസ്ഥാന-പശ്ച്ചാത്തല സൌകര്യങ്ങളുടെ കാര്യത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ട്ടിക്കും എന്നതില്‍ സംശയമില്ല. പ്രത്യേകിച്ചും, റോഡു മേഖലയിലാണ് പുതിയ നിക്ഷേപങ്ങള്‍ ധനമന്ത്രി കണക്കു കൂട്ടുന്നത്‌. ഇന്നത്തെ റോഡു നിര്‍മാണ രീതി മാറി, കൂടുതല്‍ ഭാരം താങ്ങാന്‍ കഴിയുന്ന ബിറ്റുമിന്‍-മക്കാദം/ബിറ്റുമിന്‍-കൊണ്ക്രീട്ടു ഡിസൈനര്‍ റോഡുകളിലേക്ക് മാറ്റുന്നതിന് ഏകദേശം 40000 കോടി രൂപയാണ് ഒരു വിദഗ്ധ കമ്മിറ്റി നിശ്ച്ച്ചയിച്ചിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ നേരിട്ടല്ലാതെ സര്‍ക്കാര്‍ നിയന്ത്രണത്തിലുളള സ്വതന്ത്രമായ ബോര്‍ഡുകളോ കമ്പനികളോ വഴി വായ്പയെടുത്ത് റോഡു പുനരുദ്ധാരണം നടത്തണം എന്നാണു തീരുമാനിച്ചിട്ടുള്ളത്. ഈ ചുമതല റോഡ് ഫണ്ട് ബോര്‍ഡിനും റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനുമായിരിക്കും. അല്‍ബറാക് എന്ന പലിശരഹിത ധനകാര്യ സ്ഥാപനം പ്രവര്‍ത്തനക്ഷമമാകുന്നതോടെ സമഗ്ര റോഡു വികസന പദ്ധതിയ്ക്കുളള വിഭവങ്ങള്‍ കണ്ടെത്തുന്നത് കൂടുതല്‍ എളുപ്പമാകും എന്ന് ബജറ്റ് വിലയിരുത്തുന്നു. ഇതിലേക്കുള്ള 1000 കോടി രൂപയുടെ വകയിരുത്തല്‍ ഈ ബജറ്റ് നടത്തി കഴിഞ്ഞിരിക്കുന്നു.

സാമൂഹ്യ മേഖലകളില്‍ വലിയ ഇടപെടല്‍

ബജറ്റിന്റെ മറ്റൊരു പ്രധാന വശം മൂലധന ചിലവുകള്‍ വര്‍ദ്ധിപ്പിക്കുമ്പോള്‍ തന്നെ, സാമൂഹ്യ മേഖലയിലും വലിയ മുതല്‍മുടക്ക് നടത്താന്‍ കഴിഞ്ഞു എന്നതാണ്. കഴിഞ്ഞ കാല നേട്ടങ്ങള്‍ നിലനിര്‍ത്തുക, ഒപ്പം എല്ലാവര്‍ക്കും ഭക്ഷണം, വീട്, ആരോഗ്യ-സുരക്ഷ, കുടിവെള്ളം, ശുചിത്വം, വെളിച്ചം എന്നിവ ഉറപ്പാക്കുന്ന ഒരു സമ്പൂര്‍ണ സാമൂഹ്യ സുരക്ഷാ പദ്ധതിയാണ് ഈ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജനനം മുതല്‍ മരണം വരെ സാധാരണക്കാരെ സംരക്ഷിക്കുന്ന ഒരു ക്ഷേമ സമൂഹമായി കേരളത്തെ മാറ്റേണ്ടതുണ്ട്. ഈ ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ ഓരോ പടിയും ചവിട്ടി കയറിയാണ് ഡോ. ഐസക്ക് തന്റെ കഴിഞ്ഞ ഓരോ ബജറ്റ് പ്രസംഗവും അവസാനിപ്പിച്ചിട്ടുള്ളത്. ഇക്കുറിയും വിഭിന്നമായില്ല.

* കേരളത്തിലെ ഏകദേശം 40 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് 2 രൂപയ്ക്കു അരി നല്‍കാനുള്ള പദ്ധതി ഈ ബജറ്റോടെ പൂര്‍ണമാവുന്നു. കഴിഞ്ഞ ഓരോ ബജറ്റിലും ധനമന്ത്രി ഈ കുടുംബങ്ങളുടെ എണ്ണം ക്രമമായി വര്‍ദ്ധിപ്പിച്ചു വരികയായിരുന്നു. ഇന്ന്, കേരളത്തിലെ എല്ലാ ദളിത് കുടുംബങ്ങള്‍, ആദിവാസി കുടുംബങ്ങള്‍, മത്സ്യ തൊഴിലാളി കുടുംബങ്ങള്‍, കര്‍ഷക തൊഴിലാളി കുടുംബങ്ങള്‍, പരമ്പരാഗത തൊഴിലാളി കുടുംബങ്ങള്‍, അങ്ങിനെ മൊത്തത്തില്‍ എല്ലാ അസംഘടിത തൊഴിലാളി കുടുംബങ്ങളെയും മുഴുവനായി ചേര്‍ത്താണ് സര്‍ക്കാര്‍ ഈ പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി കേരളം വഹിക്കുന്ന ഭക്ഷ്യ സബ്സിഡി 34 കോടി രൂപയില്‍ നിന്നും ഉയര്‍ന്നു 235 കോടി രൂപയായി വളര്‍ന്നു. അതേ സമയത്ത്‌ തന്നെ, കേന്ദ്രം നടപ്പില്‍ വരുത്തേണ്ട ഭക്ഷ്യ-സുരക്ഷാ ബില്ല് ഇഴഞ്ഞു പോലും മുമ്പോട്ടു നീങ്ങുന്നില്ല എന്നത് എടുത്തു പറയേണ്ടതാണ്.

* അവശ്യവസ്തുക്കള്‍ റേഷന്‍ കടകള്‍ വഴിയും ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിനുളള പരിപാടി നടപ്പാക്കും. തിരഞ്ഞെടുക്കപ്പെട്ട മൂവായിരം റേഷന്‍ കടകളെ സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്റെ ഫ്രാഞ്ചൈസി കടകളായി പ്രഖ്യാപിക്കും.

* മൊത്തത്തില്‍, കേരളത്തിലെ ക്ഷേമപെന്‍ഷനുകള്‍ക്കും മറ്റുമായി കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് പ്രതിവര്‍ഷം 134 കോടി രൂപ ചെലവഴിച്ചപ്പോള്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് അത് പ്രതിവര്‍ഷം 389 കോടി രൂപയായി ഉയര്‍ന്നു.

* ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ക്ഷേമപെന്‍ഷന്‍ തുക മാസം നൂറു രൂപയായിരുന്നു. കഴിഞ്ഞ ബജറ്റുകളിലൂടെ ഇത് മാസം 300 രൂപയായി. എന്നാല്‍ ഈ ബജറ്റില്‍ ധനമന്ത്രി ഇതിനെ മാസം 400 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. കേരളത്തിന്റെ സാമൂഹ്യ സുരക്ഷാ മേഖലയിലെ ഒരു വലിയ ചുവടുവെപ്പായി ഇത് വിലയിരുത്തപ്പെടും എന്നതില്‍ സംശയമില്ല.

* 30,000 രൂപയ്ക്കുളള കേന്ദ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് മുഴുവന്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്കും സൌജന്യമായി നല്‍കും എന്നതാണ് മറ്റൊരു പ്രഖ്യാപനം. മുഴുവന്‍ ബി പി എല്‍ കുടുംബങ്ങള്‍ എന്നാല്‍ 42 ലക്ഷം കുടുംബങ്ങളും ഇതിലടങ്ങും. ഇന്‍ഷ്വറന്‍സ് എടുത്തിട്ടുളളവര്‍ക്ക് കാന്‍സര്‍, ഹൃദ്രോഗം, വൃക്ക ചികിത്സ തുടങ്ങിയ മാറാരോഗങ്ങള്‍ക്ക് 70,000 രൂപ വരെ സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സയ്ക്ക് ലഭ്യമാക്കും.

* കേരളത്തില്‍ ജനിക്കുന്ന ഓരോ കുഞ്ഞിന്റെ പേരിലും 10,000 രൂപയുടെ സ്ഥിരനിക്ഷേപം എന്‍ഡോവ്മെന്റായി സര്‍ക്കാര്‍ നല്‍കുന്നതാണ്. ഇതില്‍ നിന്നുള്ള വരുമാനം പ്ലസ് ടൂ പൂര്‍ത്തിയാവുമ്പോള്‍, ബാങ്കുകളുടെ വായ്പ്പാ പദ്ധതിയുമായി ബന്ധപ്പെടുത്താം.

* ആശാ പ്രവര്‍ത്തകര്‍ക്കും അങ്ങനവാടി പ്രവര്‍ത്തകര്‍ക്കും വലിയ വരുമാന വര്‍ധനവ്‌ ഈ ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ടു. അഖിലെന്ദ്യാ തലത്തില്‍ ഇവര്‍ക്ക് മിനിമം കൂലി പോലും നല്‍കാത്ത ഒരു ചൂഷണ നയമാണ് കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്നത്. അംഗനവാടി ടീച്ചര്‍മാര്‍ക്ക് മാസം 1500 രൂപയും ഹെല്‍പ്പര്‍മാര്‍ക്ക് മാസം 750 രൂപയുമാണ് കേന്ദ്രം അനുവദിച്ചിട്ടുളളത്. ഇതിനു ഒപ്പം, 1000 രൂപ കൂടി സംസ്ഥാന സര്‍ക്കാര്‍ പ്രതിമാസം ഇവര്‍ക്ക് നല്‍കും. അത് പോലെ, ആശാ പ്രവര്‍ത്തകര്‍ക്ക് പ്രതിമാസം 300 രൂപഓണറെറിയം കൂടി അനുവദിച്ചിട്ടുണ്ട്. സാമൂഹ്യ സുരക്ഷാ മേഖലയില്‍ അക്ഷീണ പരിശ്രാന്തം ചെയ്യുന്ന ഇവര്‍ക്ക് ഇത് വലിയ തോതിലുള്ള ആഹ്ലാദം പകരും എന്നതില്‍ സംശയമില്ല.

* 2001-/06 കാലയളവില്‍ പൂര്‍ത്തീകരിച്ച പദ്ധതികളിലായി 25 ലക്ഷം പേര്‍ക്കാണ് കുടിവെളളം ലഭ്യമാക്കിയത്. എന്നാല്‍ 2006/-11 കാലത്ത് പൂര്‍ത്തീകരിക്കുന്ന 327 കുടിവെളള പദ്ധതികളില്‍ നിന്നായി 59 ലക്ഷം പേര്‍ക്ക് കുടിവെളളം ലഭ്യമാകും. പുതിയ കുടിവെളള പദ്ധതികള്‍ക്കും പഴയ പദ്ധതികളുടെ നവീകരണത്തിനുമായി 2761 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്.

* രണ്ടു പുതിയ ക്ഷേമനിധികള്‍ ആരംഭിക്കാന്‍ ബജറ്റില്‍ തീരുമാനമായി. ഒന്ന് തൊഴില്‍മേഖലയിലെ ഏറ്റവും അസംഘടിത വിഭാഗമാണ് വീട്ടുജോലിക്കാര്‍ക്ക്; മറ്റൊന്ന്, അസംഘടിത മേഖലയായ അണ്‍ എയിഡഡ് സ്ക്കൂളുകള്‍, കോളജുകള്‍, ട്യൂട്ടോറിയലുകള്‍ എന്നിവയില്‍ പണിയെടുക്കുന്നവര്‍ക്ക്.

* കേരളത്തിലെ സാമൂഹ്യ പുരോഗതിയില്‍ ചരിത്രപരമായി തന്നെ പൂര്‍ണമായും ഭാഗഭാക്കാകാത്ത ഒരു വിഭാഗമാണ്‌ മത്സ്യ തൊഴിലാളികള്‍. ഇവര്‍ക്കായി കഴിഞ്ഞ അഞ്ചു ബജറ്റുകള്‍ വഴി നടത്തിയ പ്രവര്‍ത്തനങ്ങള്‍ മന്ത്രി ഇങ്ങിനെ വിശദീകരിച്ചു:

"2001-/06 കാലയളവില്‍ 527 കോടി രൂപ ചെലവഴിച്ച സ്ഥാനത്ത് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തിനിടയില്‍ സുനാമി പുനരുദ്ധാരണ പദ്ധതിയടക്കം 3092 കോടി രൂപ മത്സ്യമേഖലയില്‍ ചെലവഴിച്ചിട്ടുണ്ട്.....ഒന്നേകാല്‍ ലക്ഷം കുടുംബങ്ങളുടെ 380 കോടിയുടെ കടം എഴുതിത്തളളി. സ്വാശ്രയ കോളജ് ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു. എല്ലാ ആനുകൂല്യങ്ങളും ഇരട്ടിയിലേറെ ഉയര്‍ത്തി. മത്സ്യത്തൊഴിലാളികളെ കേന്ദ്രസര്‍ക്കാര്‍ എപിഎല്‍, ബിപിഎല്‍ എന്നിങ്ങനെ തരംതിരിക്കുമ്പോള്‍ മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും രണ്ടു രൂപയ്ക്ക് അരിയും ആരോഗ്യ ഇന്‍ഷ്വറന്‍സും പഞ്ഞ മാസ സമാശ്വാസ പദ്ധതിയും സംസ്ഥാനം നടപ്പാക്കി."

* തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ട് 2010/11 ല്‍ 2049 കോടി രൂപയായിരുന്നത് 2750 കോടി രൂപയായി ഈ ബജറ്റ് ഉയര്‍ത്തിയിരിക്കുന്നു.

* തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതമടക്കം 2001-/06 ല്‍ പട്ടികജാതി ഘടക പദ്ധതിയുടെ അടങ്കല്‍ പ്രതിവര്‍ഷം 395 കോടി രൂപയായിരുന്നത് 2006-/11 ല്‍ 840 കോടി രൂപയായി. പട്ടികവര്‍ഗ ഉപപദ്ധതിയുടെ അടങ്കല്‍ 2001-/06 ല്‍ പ്രതിവര്‍ഷം 103 കോടി രൂപ ആയിരുന്നത് 2006-/11 ല്‍ 178 കോടി രൂപയായി ഉയര്‍ന്നു. വരും വര്‍ഷത്തിലേക്ക് കൂടുതല്‍ തുക മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. 2001/-06 കാലത്ത് പട്ടികജാതി ഘടകപദ്ധതി അടങ്കലിന്റെ 64.42 ശതമാനം ചെലവഴിച്ച സ്ഥാനത്ത് കഴിഞ്ഞ നാലുവര്‍ഷം 91.36 ശതമാനം ചെലവഴിച്ചു. പട്ടികവര്‍ഗ ഉപപദ്ധതിയില്‍ ഇത് 64.73 ശതമാനമായിരുന്നത് കഴിഞ്ഞ നാലുവര്‍ഷക്കാലത്ത് 92.83 ശതമാനമായി ഉയര്‍ന്നു.

വളര്‍ച്ചക്കൊത്ത ബജറ്റ്

നേരത്തെ സൂചിപ്പിച്ചത് പോലെ, അതാതു കാലത്തെ സാമ്പത്തിക അവസ്ഥയോടുള്ള സര്‍ക്കാരിന്റെ പ്രതികരണമാണ് ഓരോ ബജറ്റും. മുന്‍പ് പല മന്ത്രിമാരും അവതരിപ്പിച്ച ബജറ്റുകള്‍ നേരിട്ട സാമ്പത്തിക അന്തരീക്ഷമല്ല ഇന്ന്.

2004-05 മുതലിങ്ങോട്ടുള്ള കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ ചിത്രം തീര്‍ത്തും അഭിവൃദ്ധിയുടെത് തന്നെയാണ്. പ്രതിവര്‍ഷം, ചരിത്രത്തിലില്ലാത്ത വിധത്തില്‍, 10% എന്ന നിരക്കിലാണ് മൊത്തം സമ്പദ്ഘടന വളര്‍ന്നത്‌. അതായത്, ദേശീയ വളര്‍ച്ചാ നിരക്കിന്റെ മുകളില്‍. അന്തര്‍ദേശീയ വിപണിയില്‍ നാണ്യ വിളകളുടെ വിലകള്‍ പൊതുവേ ഉയര്‍ന്നിരിക്കുകയാണ്. 2004-05 മുതല്‍, കാര്‍ഷിക ഉത്പാദനം വീണ്ടും ഉയര്‍ന്നു തുടങ്ങി. നാളികേരം, റബ്ബര്‍ തുടങ്ങിയ വിലകളില്‍ വലിയ തോതിലുള്ള ഉത്പാദന വളര്‍ച്ചയാണ് ഈ ഘട്ടത്തില്‍ അനുഭവപ്പെട്ടത്. കാപ്പി, കുരുമുളക് എന്നിവയുടെ ഉത്പാദനവും ഉയര്‍ന്നു.

വ്യവസായ മേഖലയിലും വലിയ വളര്‍ച്ചയാണ് കാണാന്‍ കഴിയുക. പ്രത്യേകിച്ചും, എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് പൊതുമേഖല വ്യവസായങ്ങളുടെ വളര്‍ച്ചയില്‍ ഉണ്ടായ വളര്‍ച്ച, മൊത്തം വ്യവസായ വളര്‍ച്ചാ നിരക്കില്‍ വളരെ വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്. അതായത്, പുതിയ വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ സ്ഥാപിക്കപ്പെട്ടത് കൊണ്ടല്ല, മറിച്ചു നിലവിലുള്ളവയുടെ ഉത്പാദന ശേഷി കൂടുതല്‍ വിനിയോഗിക്കപ്പെട്ടത്‌ കൊണ്ടാണ് ഈ വളര്‍ച്ച്ചയുണ്ടായിട്ടുള്ളത്. ചെറുകിട വ്യവസായ മേഖലയിലും ശ്രദ്ധേയമായ വളര്‍ച്ച ഉണ്ടായിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍, അസംഘടിത മേഖലയിലെ വളര്‍ച്ച സംഘടിത മേഖലയിലെക്കാള്‍ ഉയര്‍ന്നതാണ്.

അഭൂതപൂര്‍വമായ വളര്‍ച്ച ഉണ്ടായിട്ടുള്ളത് സേവന മേഖലയിലാണ്. പ്രതിവര്‍ഷം 12.6% എന്ന നിരക്കിലാണ് സേവന മേഖല 2004-05 നു ശേഷം വളര്‍ന്നിട്ടുള്ളത്. ഇത് തന്നെയാണ് പൊതുവില്‍ ഈ ഘട്ടത്തിലെ സാമ്പത്തിക വളര്‍ച്ചയുടെ ആണിക്കല്ലും. 2004-05 നു ശേഷം നിര്‍മ്മാണ മേഖല വളര്‍ന്നത്‌ പ്രതിവര്‍ഷം 14.8% എന്ന നിരക്കിലാണ്. ഗതാഗതവും വാര്‍ത്താവിനിമയവും 14% വേഗതയില്‍ ഉയര്‍ന്നു. വ്യാപാരം, ബാങ്കിങ്ങ്, റിയല്‍ എസ്റെറ്റു എന്നിവ 12% നിരക്കിലാണ് വളര്‍ന്നത്‌.

ഈയൊരു സാഹചര്യത്തില്‍ വളര്‍ച്ചാ മേഖലകളെ കൂടുതല്‍ ശക്തിപ്പെടുത്തുവാനും വളര്‍ച്ച മുരടിച്ചു നില്‍ക്കുന്ന മേഖലകളില്‍ കൂടുതല്‍ നിക്ഷേപം നടത്തിയും മുന്നേറാനുള്ള ശ്രമങ്ങള്‍ ബജറ്റില്‍ വ്യക്തമായി കാണാം. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കിലോക്ക് 7 രൂപയായിരുന്ന നെല്ല് സംഭരണ വില, ഈ ബജറ്റോട് കൂടി 14 രൂപയായി വര്‍ദ്ധിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച 8 പുതിയ പൊതു മേഖലാ സ്ഥാപനങ്ങള്‍ ഉടനെ ഉത്ഘാടനം ചെയ്യപ്പെടും എന്ന് ഈ ബജറ്റ് ഉറപ്പിക്കുന്നു. നിലവിലുളള പൊതുമേഖലാ സ്ഥാപനങ്ങളുടെ 260 കോടി രൂപയുടെ 9 വിപുലീകരണ പ്രോജക്ടുകളില്‍ ആറെണ്ണവും ഈ വര്‍ഷം തന്നെ പൂര്‍ത്തീകരിക്കും. അനവധി അവശ-കമ്പനികളെ ദേശസാല്‍ക്കരിക്കാനുള്ള പ്രഖ്യാപനവും ബജറ്റിലുണ്ട്.

മൊത്തത്തില്‍

ചുരുക്കത്തില്‍ പറഞ്ഞാല്‍, കേരളത്തിനു ഇന്നെത്തി നില്‍ക്കുന്ന ഉയര്‍ന്ന വളര്‍ച്ചയുടെ പാതയില്‍ ഇടറാതെ, പതര്‍ച്ചയില്ലാതെ മുന്നേറാനുള്ള സാമൂഹ്യ-സാമ്പത്തിക സാഹചര്യമാണ് ബജറ്റ് ഒരുക്കിയിട്ടുള്ളത്. ഡോ. ഐസക്ക്‌ തന്നെ തന്റെ ബജറ്റ് നയത്തിനെ ഇങ്ങിനെ ചുരുക്കി വിവരിക്കുന്നു:

"സര്‍, വരവും ചെലവും യാന്ത്രികമായി കണക്കൊപ്പിച്ചു പോകുന്ന യാഥാസ്ഥിതിക ധനനയത്തിനു പകരം വികസനോന്മുഖ ധനനയമാണു ഞങ്ങള്‍ സ്വീകരിച്ചത്. വികസനച്ചെലവുകള്‍ ചുരുക്കാനല്ല, മറിച്ച് വരുമാനം വര്‍ദ്ധിപ്പിച്ചു കമ്മി കുറയ്ക്കാനാണ് അടിസ്ഥാനപരമായി വികസനോന്മുഖ ധനനയം ശ്രമിക്കുക. സാമൂഹ്യക്ഷേമരംഗത്തെ ചെലവുകള്‍ പുനരുല്‍പാദനപരമല്ല എന്ന കാഴ്ചപ്പാട് ഞങ്ങള്‍ അംഗീകരിക്കുന്നില്ല. വിദ്യാഭ്യാസം ആരോഗ്യം തുടങ്ങിയ സാമൂഹ്യ പശ്ചാത്തല സൌകര്യങ്ങള്‍ ഭൌതിക പശ്ചാത്തല സൌകര്യങ്ങള്‍ പോലെ വികസനത്തിന് സുപ്രധാനമാണ്. റവന്യൂ കമ്മി കുറച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നതോടൊപ്പം ഭൌതിക പശ്ചാത്തലസൌകര്യങ്ങള്‍ ഒരുക്കുന്നതിന് പ്രത്യക്ഷമായോ പരോക്ഷമായോ പരമാവധി വായ്പ സമാഹരിക്കുന്നതിന് വികസനോന്മുഖ ധനനയം പരിശ്രമിക്കും. മേല്‍പറഞ്ഞതു പോലൊരു വികസനോന്മുഖ ധനകാര്യനയം നടപ്പാക്കാന്‍ കഴിഞ്ഞതിന്റെ ഫലമായിട്ടാണ് ഭരണത്തിലേറി അഞ്ചുവര്‍ഷം പിന്നിടുമ്പോള്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനം നിറവേറ്റിയ ചാരിതാര്‍ത്ഥ്യത്തോടെ ഈ പ്രസംഗം അവസാനിപ്പിക്കാന്‍ എനിക്കു കഴിയുന്നത്. സര്‍, സാമ്പത്തിക അടിത്തറ സുസ്ഥിരമാക്കി എന്നു മാത്രമല്ല, മുന്നോട്ടു കുതിക്കാനുളള ഒരു മാര്‍ഗവും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഞാന്‍ വാക്കുകള്‍ ഉപസംഹരിക്കുന്നത്."

കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ, ഒരു ദിവസം പോലും ട്രഷറി അടച്ചിടാതെ തുറന്നു വച്ച, മികച്ച ഒരു റെക്കോര്‍ഡ്‌ സൃഷ്ടിച്ചാണ് ധനമന്ത്രി തന്റെ ഈ മന്ത്രിസഭയിലെ അവസാന ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത്. കേരളം കഴിഞ്ഞ അഞ്ചു വര്‍ഷം കണ്ട സാമൂഹിക-സാമ്പത്തിക രംഗങ്ങളിലെ വളര്‍ച്ചയുടെ പാതയില്‍ അദ്ദേഹത്തിന്റെ ബജറ്റുകള്‍ക്ക് വലിയ പങ്കുണ്ടായിരുന്നു. ഇത് ജനങ്ങള്‍ കാണുന്നുണ്ട്. ഈ വളര്‍ച്ചയുടെ ഗുണങ്ങള്‍ അവര്‍ അനുഭവിക്കുന്നുണ്ട്. അത് തന്നെയാണ് ഈ സര്‍ക്കാരിനു അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷവും തലയുയര്‍ത്തി നിന്ന് ജനങ്ങളെ അഭിസംബോധന ചെയ്യാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി നല്‍കുന്നത്.

*
ആര്‍ രാംകുമാര്‍

ശ്രീ. ആര്‍. രാം‌കുമാറിന്റെ പോസ്റ്റ് ഇവിടെ