Tuesday, October 28, 2008

തീവ്രവാദി

ഓട്ടത്തില്‍ അഡ്‌ജസ്‌റ്റ് ചെയ്യാമെന്ന് കരുതി സ്വല്‍പ്പം ലേറ്റായാണ് അന്ന് സൂര്യന്‍ എഴുന്നേറ്റത്.

കോഴികള്‍ കൂകി നോക്കിയതാണ്. മൈന്‍ഡ് ചെയ്‌തില്ല. ഇന്നലെ ഒരു ലേറ്റ് നൈറ്റ് മൂവി കണ്ട് കിടക്കാന്‍ വൈകി.

ഫലത്തെക്കുറിച്ച് ചിന്തിക്കാതെ കര്‍മങ്ങള്‍ പ്രാഥമികമായി പൂര്‍ത്തീകരിച്ച ശേഷം ഡ്രസ് മാറി ആകാശത്തേക്കിറങ്ങി.

അമ്പമ്പോ കഷ്‌ടം !

ഉദിക്കാതിരുന്നെങ്കില്‍ എന്നു തോന്നിപ്പോയി. കിടുങ്ങിക്കിടക്കുകയാണ് ഗ്രാമം. നാട്ടുകാര്‍ ഒന്നടങ്കം പരിഭ്രാന്തിയിലാണ്. നടുങ്ങി നില്‍ക്കുന്ന നാട്ടുദൃശ്യത്തിന്റെ തിരക്കഥ താഴെ.

' ങ്ഹേ..!'

' ഹെന്ത്..!'

' ഹോംബ്..!'

' ഹോംബോ..!'

' ഹതെ..ഹോംബ്..!'

' ഹെവിടെ..!'

' ഹഹേശ്വരന്‍ പിള്ളയുടെ ഹീട്ടില്‍..!'

ആശ്ചര്യചിഹ്നങ്ങളും അതിഭാവുകത്വവും മാറ്റി വാക്യത്തില്‍ പ്രയോഗിച്ചാല്‍ മഹേശ്വരന്‍പിള്ളയുടെ വീട്ടില്‍ ബോംബ് എന്ന് വായിക്കാം.

കേട്ടവര്‍ കേട്ടവര്‍ ബോംബ് കാണാന്‍ ഓടി. ബോംബും കാണാം താളീം ഒടിക്കാം എന്ന മുദ്രാവാക്യവുമായി ചില ചെറു ജാഥകളുമെത്തി.

മഹേശ്വരന്‍പിള്ളയുടെ വീട്ടില്‍ പൂരം. ആനയില്ലന്നേയുള്ളു. സൂചികള്‍ക്കുപോലും തലചായ്‌ക്കാന്‍ ഇടമില്ല. ഹൃദയം നൊന്ത് അവര്‍ പാടി 'മണ്ണിലിടമില്ലാ..മണ്ണിലിടമില്ലാ..'

കണ്ടവര്‍ കണ്ടവര്‍ ഞെട്ടി.

മഹേശ്വരന്‍പിള്ളയുടെ വീട്ടില്‍ തീവ്രവാദം. മുറ്റത്ത് ഉപേക്ഷിക്കപ്പെട്ട സൈക്കിള്‍. അതില്‍ ഒരു പൊതി. ഏത് സമയവും പൊട്ടും. പത്ത്...ഒമ്പത്... എട്ട്... ടിക്..ടിക്...

ബോംബിനെക്കുറിച്ച് പ്രാഥമിക പഠനം നടത്തിയിട്ടുള്ളത് ബാര്‍ബര്‍ കുഞ്ഞാത്തോലാണ്. വിവിധതരം തലകളിലൂടെ നടത്തിയ പര്യടനമാണ് ആ വിഷയത്തിലേക്ക് കുഞ്ഞാത്തോലിനെ തിരിച്ചത്.

രണ്ടരയടി മാറിനിന്ന് കുഞ്ഞാത്തോല്‍ ഭീകരവാദികളായ സൈക്കിളിനെയും പൊതിയെയും ആപാദചൂഡം നിരീക്ഷിച്ചു. ആ തീക്ഷ്‌ണ നയനങ്ങള്‍ക്കു മുന്നില്‍ ഉഗ്രവസ്‌തുക്കള്‍ ചൂളിപ്പോവുന്നത് വസ്‌ത്രരഹിത നേത്രങ്ങള്‍ക്ക് ഗോചരീ ഭവന്തു.

കുഞ്ഞാത്തോല്‍ പ്രഖ്യാപിച്ചു.

'ഇത് നിസ്സാരമല്ല. മാഡ്രിഡില്‍ പൊട്ടിയ അതേ ബോംബു തന്നെയാണ്. അതിനേക്കാള്‍ കുതിരശക്തിയുണ്ടെന്നാണ് പ്രാഥമികമായി എനിക്ക് നിഗമിക്കുവാന്‍ തോന്നുന്നത്.'

മാഡ്രിഡെന്തെടോ രാമേശ്വരമോ എന്ന് ചോദിക്കണമെന്ന് കൂട്ടത്തില്‍ ഒരു വിമതന് തോന്നിയെങ്കിലും സന്ദര്‍ഭത്തിന്റെ ഗൌരവം കണക്കിലെടുത്ത് ആ തോന്നല്‍ തൊണ്ടക്കുഴിയില്‍ സംസ്‌കരിച്ചു.

ഇന്റര്‍നാഷണല്‍ പൊളിറ്റിക്‌സില്‍ കുഞ്ഞാത്തോലിനോളം പോന്നവര്‍ ആരുണ്ട് ? താടിയില്ലന്നേയുള്ളു. സ്ഥലത്തെത്തിയ പൊലീസ് രംഗനിരീക്ഷണത്തിനെന്ന മട്ടില്‍ പിന്‍വാങ്ങി. മഹേശ്വരന്‍പിള്ളയുടെ ചായക്കടയിലെ സ്ഥിരം പറ്റുകാരെ കേന്ദ്രീകരിച്ചാണ് അവരുടെ അന്വേഷണം നീങ്ങിയത്. അങ്ങനെയുള്ളവര്‍ അധികം ജീവിച്ചിരിക്കാത്തതിനാല്‍ ആ വഴിക്കുള്ള സാധ്യത അടഞ്ഞു.

തന്റെ വാര്‍ത്താപ്രാധാന്യത്തില്‍ അഭിമാനം തോന്നിയെങ്കിലും സമസ്‌ത നാഡികളും തളര്‍ന്ന മട്ടില്‍ അഭിനയിക്കുകയായിരുന്നു മഹേശ്വരന്‍ പിള്ള. മിസിസ് പിള്ള അതിഥിസല്‍ക്കാരത്തില്‍ വ്യാപൃത. 'സംഘര്‍ഷകാലത്തെ പലഹാരങ്ങള്‍' എന്ന ഗ്രന്ഥം പെട്ടെന്ന് മറിച്ചു നോക്കിയാണ് മിസിസ് പിള്ള സടകുടഞ്ഞത്.

തിരക്കിനിടയില്‍ ഒരു കണ്ണി വിട്ടുപോയി. പക്ഷേ ഗ്രന്ഥകാരന് അത് മറക്കാനാവില്ല. ഈ സംഭവം പൂര്‍ണമാവണമെങ്കില്‍ ആ കണ്ണി കണ്ടെത്തിയേ പറ്റൂ.

അതുകൊണ്ട് ആ കണ്ണിയെ ക്ഷണിക്കുന്നു. കണ്ണി ഒരു മറിമാന്‍ കണ്ണിയാണ്. മിസ് നളിനകുമാരി.

മഹേശ്വരന്‍പിള്ളയുടെ മകള്‍.

പിള്ളയുടെ മകള്‍ തന്നെയോ എന്ന് വര്‍ണ്യത്തിലാശങ്കതോന്നുംവിധം സുന്ദരി. പരിപ്പുവടയില്‍നിന്ന് പൂവന്‍പഴമോ ?

എന്നാല്‍ ഈ സുന്ദരി ആജീവനാന്ത വീട്ടുതടങ്കലിലായിരുന്നു. പ്രണയം. കാലഹരണപ്പെട്ട പ്രണയം.

ഇനി നമ്മള്‍ മറ്റൊരു കഥയിലേക്ക് പ്രവേശിക്കുന്നു.

സൂക്ഷിക്കണം, വഴുക്കും.

നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനും സുന്ദരനും സുശീലനും സര്‍വോപരി സൌമ്യനുമായ കള്ളന്‍ ആ ശപിക്കപ്പെട്ട ദിവസം കക്കാന്‍ കയറിയത് മഹേശ്വരന്‍പിള്ളയുടെ ഭവനത്തിങ്കലായിരുന്നു.

ഈശ്വരോ രക്ഷതു.

ജനല്‍ക്കമ്പി നിഷ്പ്രയാസം ഭേദിച്ച് ഗൃഹപ്രവേശം നടത്തി.

കാമദേവന്‍ പണി പറ്റിച്ചു. മുറി മാറിപ്പോയി. അത് മഹേശ്വരന്‍പിള്ളയുടേതല്ല, മിസ് നളിനകുമാരിയുടേത്.

പാവം കള്ളന്‍ ഇതൊന്നുമറിയാതെ ഇരുട്ടിന്റെ ചാക്കിലെ ഇല്ലാത്ത പൂച്ചയെ തേടുന്നു.

പെട്ടെന്ന് കള്ളന്റെ ശ്രവണപുടങ്ങളില്‍ ഒരു മധുര ഗാനത്തിന്റെ പല്ലവി വന്ന് തലോടി.

' കൊച്ചു കള്ളാ.....'

കള്ളന്‍ കരഞ്ഞുപോയി.

തീര്‍ത്തും പ്രൊഫഷണലായ തന്നെ ആരാണ് അണ്ടര്‍ ടൊന്റി ആക്കിയത്?

ദൌത്യം അടിയന്തരമായി നിര്‍ത്തി ജനല്‍വഴി തന്നെ മടങ്ങാന്‍ ശ്രമിച്ച കള്ളന്റെ കരളില്‍ വീണ്ടും അമ്പേറ്റു.

' പോവ്വാണോ..?'

കള്ളന്‍ തരളിത ഹൃദയനായി.

ജനല്‍ക്കമ്പിയില്‍ ഉമ്മവെച്ചു.

ലൌ അറ്റ് ഫസ്റ്റ് ഫൈറ്റ്.

ആ രാത്രി സംഭാഷണത്തിന് സംവരണം ചെയ്‌തു. ഈ പരിപാടിയുടെ അടുത്ത ഭാഗം അടുത്ത ദിവസത്തേക്കു മാറ്റി.

വെള്ള കീറാന്‍ ഇനി ഒരു മിനുട്ട്.

പറഞ്ഞുതീര്‍ന്നില്ല, പക്ഷേ പിരിഞ്ഞേ പറ്റൂ.

വിരഹത്തിന്റെ ജപ്പാന്‍കുഴിയില്‍ കദനം കെട്ടിനിന്നു.

ഡാമിന്റെ രണ്ടു ഷട്ടറും തുറന്ന് ആവശ്യത്തിന് കണ്ണീര്‍ പുറത്തുവിട്ട് കള്ളന്റെ കൈ നെഞ്ചോട് ചേര്‍ത്ത് നളിനകുമാരി ചോദിച്ചു:

' വരില്ലേ...'

ഉരുകിപ്പോയ കള്ളന്‍ ദ്രാവകരൂപത്തില്‍ പറഞ്ഞു:

' ഹെന്റെ നളീ...'

കള്ളന്‍ ചായക്കടയില്‍ വരുന്നത് താന്‍ നേരത്തെ നോട്ടമിട്ടിട്ടുണ്ടായിരുന്നെന്ന് നളിനകുമാരി സംഭാഷണമധ്യേ വെളിപ്പെടുത്തി. ഒരവസരത്തിന് കാത്തിരിക്കുകയായിരുന്നു.

കള്ളന്‍ പ്രണയപരവശനായി പശ്ചാത്തപിച്ചു.

'ഞാന്‍ ചോരനാണ്.'

നളിനകുമാരി അതേ നാണയത്തില്‍ തിരിച്ചടിച്ചു.

' ചോരനാണെങ്കിലും ചേര വംശത്തിലല്ലെ ജനിച്ചത് ?'

' എങ്ങനെ മനസ്സിലായി..?'

' ചേരന്‍ ചെങ്കുട്ടവന്റെ ചേലുണ്ട്.'

ചരിത്രം പഠിക്കാതിരുന്നതില്‍ ആദ്യമായി കള്ളന്‍ നെടുവീര്‍പ്പിട്ടു.

പ്രണയത്തിന്റെ ബാറ്റിങ് നോട്ടൌട്ടായി തുടരവെ മഹേശ്വരന്‍ പിള്ള അമ്പയറായി വന്നു. കൈയോടെ പിടിച്ചു.

മഹേശ്വരന്‍പിള്ള അലറി.

'നിനക്കാരെയും കിട്ടിയില്ല അല്ലെ..? കട്ടും കഴ്വേറിയും നടക്കുന്ന ഒരു...'

വിസ്‌താര ഭയത്താല്‍ ശേഷം വികാരം മഹേശ്വരന്‍പിള്ള ഒറ്റ വാക്കിലൊതുക്കി.

നളിനകുമാരിയുടെ കഴുത്തിന് പിടിച്ച് ഐസക് ന്യൂട്ടനെ വെല്ലുവിളിച്ചു. പിന്നെ മുറിയിലേക്ക് ഒറ്റ ഏറ്.

വീണത് വിദ്യയാക്കി പ്രണയത്തിന്റെ ബലിമൃഗം തിരിച്ചടിച്ചു.

' മരിച്ചാലും അഛാ... മറ്റൊരുത്തന്‍ എനിക്ക് ഭര്‍ത്താവാകില്ല. അതിനുവേണ്ടി അഛന്‍ കരുതിവെച്ച വെള്ളത്തില്‍ വേണമെങ്കില്‍ ചായയുണ്ടാക്കിക്കോ... ആ വെള്ളമെങ്കിലും പാഴാകാതിരിക്കട്ടെ... ഇത് സത്യം... ഇത് സത്യം...'

'ഠേ' എന്ന ശബ്‌ദത്തോടെ മഹേശ്വരന്‍പിള്ള എന്നെന്നേക്കുമായി വാതില്‍ പുറത്തുനിന്ന് പൂട്ടി. മുറി അറ്റാച്ച്ഡ് ആയതിനാല്‍ മഹേശ്വരന്‍പിള്ളക്ക് ആ വിധ ടെന്‍ഷനും ഉണ്ടായില്ല.

എല്ലാം ഭദ്രം.

കാരാഗൃഹത്തില്‍ കണ്‍മണി തേങ്ങി. വിശ്വസ്‌തനായ കാമുകനെപ്പോലെ കള്ളന്‍ കടലിനെ നോക്കിയിരുന്നു.

ഇനി പ്രധാന കഥയിലേക്ക് തിരിച്ചുവരാം.

ബോംബ് സ്‌ക്വാഡ് ഇതിനകം രംഗം കീഴടക്കി. ഉച്ചഭക്ഷണത്തിനുശേഷം ബോംബും സൈക്കിളും നിര്‍വീര്യമാക്കി.

തുടര്‍ന്ന് ചരിത്രപ്രസിദ്ധമായ ബോംബ് പരിശോധന ആരംഭിച്ചു.

അന്തരീക്ഷം കനത്ത നിശ്ശബ്ദതയില്‍ ശബ്‌ദായമാനമായി.

പൊതിയഴിച്ചു.

അഴിച്ചപ്പോള്‍ മറ്റൊരു പൊതി. ആകാംക്ഷ.

അതും അഴിച്ചു.ആകാംക്ഷ നമ്പര്‍ രണ്ട്.

രണ്ടാം പൊതി അഴിച്ചപ്പോള്‍ മൂന്നാം പൊതി. ആകാംക്ഷ മൂന്ന്.

അങ്ങനെ നിരന്തരമായ ആറ് ആകാംക്ഷകള്‍ക്കു ശേഷം അവസാന പൊതി രംഗത്തെത്തി.

അത് തുറന്നു.

അതില്‍ ഒരു കത്ത്.

പെന്‍സില്‍കൊണ്ടാണ് സാഹിത്യരചന.

'....അഛാ.. അഛന്‍ ഈ കത്ത് വായിക്കുമ്പോഴേക്കും കള്ളേട്ടന്‍ എന്റെ കഴുത്തില്‍ താലി കെട്ടിയിരിക്കും. മറ്റൊന്നും തോന്നരുത്...ക്ഷമിക്കണം അഛാ.. ഞങ്ങളെ അനുഗ്രഹിക്കൂ...'

മഹേശ്വരന്‍പിള്ളക്ക് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി ഭ്രാന്ത് വന്നു. എന്നുവെച്ചാല്‍ താല്‍ക്കാലിക അടിസ്ഥാനത്തിലായിരുന്നു എന്നര്‍ഥം.

മഹേശ്വരന്‍പിള്ള വിവിധ ശബ്‌ദങ്ങളുടെ അകമ്പടിയോടെ മുറിക്കടുത്തേക്ക് ഓടി.

വാതില്‍ തുറന്നു കിടക്കുന്നു.

വാതില്‍പാളികള്‍ ചിരിക്കുന്നു.

മഹേശ്വരന്‍ പിള്ളക്ക് സഹിച്ചില്ല. ഒറ്റച്ചവിട്ട്. വാതില്‍ പല കഷണങ്ങള്‍.

ഇറയത്തേക്ക് ചാടിയിറങ്ങിയപ്പോള്‍ മുന്നില്‍......

മിസ് നളിനകുമാരിയും കാമുകനും. ക്ഷേത്രത്തില്‍നിന്നാണ് വരവ്.കഴുത്തില്‍ പൂമാല.

ആദ്യരാത്രിക്ക് വേണ്ടി വിളക്കണഞ്ഞപ്പോള്‍ നളി കള്ളേട്ടന്റെ കവിളില്‍ നുള്ളി ചെവിയില്‍ മൂളി.

' കൊച്ചു കള്ളന് കറന്റ് പൊളിറ്റിക്സ് നന്നായറിയാം..അല്ലേ..'


*****

എം എം പൌലോസ്

9 comments:

വര്‍ക്കേഴ്സ് ഫോറം said...

നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനും സുന്ദരനും സുശീലനും സര്‍വോപരി സൌമ്യനുമായ കള്ളന്‍ ആ ശപിക്കപ്പെട്ട ദിവസം കക്കാന്‍ കയറിയത് മഹേശ്വരന്‍പിള്ളയുടെ ഭവനത്തിങ്കലായിരുന്നു.

ഈശ്വരോ രക്ഷതു.

ജനല്‍ക്കമ്പി നിഷ്പ്രയാസം ഭേദിച്ച് ഗൃഹപ്രവേശം നടത്തി.

കാമദേവന്‍ പണി പറ്റിച്ചു. മുറി മാറിപ്പോയി. അത് മഹേശ്വരന്‍പിള്ളയുടേതല്ല, മിസ് നളിനകുമാരിയുടേത്.

പാവം കള്ളന്‍ ഇതൊന്നുമറിയാതെ ഇരുട്ടിന്റെ ചാക്കിലെ ഇല്ലാത്ത പൂച്ചയെ തേടുന്നു.

പെട്ടെന്ന് കള്ളന്റെ ശ്രവണപുടങ്ങളില്‍ ഒരു മധുര ഗാനത്തിന്റെ പല്ലവി വന്ന് തലോടി.

' കൊച്ചു കള്ളാ.....'

കള്ളന്‍ കരഞ്ഞുപോയി.

തീര്‍ത്തും പ്രൊഫഷണലായ തന്നെ ആരാണ് അണ്ടര്‍ ടൊന്റി ആക്കിയത്?

ദൌത്യം അടിയന്തരമായി നിര്‍ത്തി ജനല്‍വഴി തന്നെ മടങ്ങാന്‍ ശ്രമിച്ച കള്ളന്റെ കരളില്‍ വീണ്ടും അമ്പേറ്റു.

' പോവ്വാണോ..?'

കള്ളന്‍ തരളിത ഹൃദയനായി.

ജനല്‍ക്കമ്പിയില്‍ ഉമ്മവെച്ചു.

ലൌ അറ്റ് ഫസ്റ്റ് ഫൈറ്റ്.

ആ രാത്രി സംഭാഷണത്തിന് സംവരണം ചെയ്‌തു. ഈ പരിപാടിയുടെ അടുത്ത ഭാഗം അടുത്ത ദിവസത്തേക്കു മാറ്റി.

വെള്ള കീറാന്‍ ഇനി ഒരു മിനുട്ട്.

പറഞ്ഞുതീര്‍ന്നില്ല, പക്ഷേ പിരിഞ്ഞേ പറ്റൂ.

വിരഹത്തിന്റെ ജപ്പാന്‍കുഴിയില്‍ കദനം കെട്ടിനിന്നു.

ഡാമിന്റെ രണ്ടു ഷട്ടറും തുറന്ന് ആവശ്യത്തിന് കണ്ണീര്‍ പുറത്തുവിട്ട് കള്ളന്റെ കൈ നെഞ്ചോട് ചേര്‍ത്ത് നളിനകുമാരി ചോദിച്ചു:

' വരില്ലേ...'

ഉരുകിപ്പോയ കള്ളന്‍ ദ്രാവകരൂപത്തില്‍ പറഞ്ഞു:

' ഹെന്റെ നളീ...'

കള്ളന്‍ ചായക്കടയില്‍ വരുന്നത് താന്‍ നേരത്തെ നോട്ടമിട്ടിട്ടുണ്ടായിരുന്നെന്ന് നളിനകുമാരി സംഭാഷണമധ്യേ വെളിപ്പെടുത്തി. ഒരവസരത്തിന് കാത്തിരിക്കുകയായിരുന്നു.

കള്ളന്‍ പ്രണയപരവശനായി പശ്ചാത്തപിച്ചു.

'ഞാന്‍ ചോരനാണ്.'

നളിനകുമാരി അതേ നാണയത്തില്‍ തിരിച്ചടിച്ചു.

' ചോരനാണെങ്കിലും ചേര വംശത്തിലല്ലെ ജനിച്ചത് ?'

' എങ്ങനെ മനസ്സിലായി..?'

' ചേരന്‍ ചെങ്കുട്ടവന്റെ ചേലുണ്ട്.'

ചരിത്രം പഠിക്കാതിരുന്നതില്‍ ആദ്യമായി കള്ളന്‍ നെടുവീര്‍പ്പിട്ടു.

ശ്രീ എം എം പൌലോസിന്റെ നര്‍മ്മഭാവന

ജയരാജന്‍ said...

ഹ ഹ ഹ!!! അതു കലക്കി :)

കുഞ്ഞന്‍ said...

ആദ്യം ഒന്നു സംശയിച്ചു..പോസ്റ്റ് മാറിയൊയെന്ന്..

ശരിക്കും പ്രയോഗങ്ങള്‍ അസ്സലിന്റെ അസ്സല്‍ എന്നുവേണം പറയാന്‍. പൌലോസ് മാഷിന് ഒരു വലിയ സലാം കൂടെ വര്‍ക്കേഴ്സ ഫോറത്തിന് നന്ദിയും.

എം‌പ്ലോയിമെന്റ് വഴി ഭ്രാന്ത്..വൌ എന്നാ പ്രയോഗം..! ഹാസ്യ സാഹിത്യത്തിനൊരു പൊന്‍ തൂവല്‍..

എന്റെ അഭിനന്ദനം പൌലോസ് മാഷിനെ അറിയിക്കണെ..അദ്ദേഹത്തെപ്പറ്റി ഒരു ചെറുവിവരണം കൊടുക്കാമൊ, ക്ഷമിക്കണം എനിക്ക് ആളെ ഒട്ടും അറിയാത്തതിനാലാണ്.

Baiju Elikkattoor said...

"നളിനകുമാരിയുടെ കഴുത്തിന് പിടിച്ച് ഐസക് ന്യൂട്ടനെ വെല്ലുവിളിച്ചു." ഹാ ഹാ ഹാ

കുഞ്ഞന്‍ പറഞ്ഞതു പോലെ ശ്രീ എം. എം. പൌലോസിനെ പറ്റി കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നു.

സന്തോഷ്‌ കോറോത്ത് said...

"മഹേശ്വരന്‍പിള്ളക്ക് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി ഭ്രാന്ത് വന്നു. എന്നുവെച്ചാല്‍ താല്‍ക്കാലിക അടിസ്ഥാനത്തിലായിരുന്നു എന്നര്‍ഥം"

ha ha ha...sarikum chirippichu :)

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ ജയരാജന്‍, ബൈജു, കുഞ്ഞന്‍, കോറോത്ത്
വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി

കുടുകുടെ ചിരിപ്പിച്ചുകൊണ്ട് നമ്മെ ചിന്തിപ്പിക്കുവാന്‍ പ്രേരിപ്പിക്കുന്നതില്‍ തന്റേതായ ഒരു ശൈലി കണ്ടെത്തിയ പ്രതിഭാധനനാണ് ശ്രീ എം എം പൌലോസ്. ദേശാഭിമാനിയുടെ തൃശൂര്‍ യൂണിറ്റില്‍ ചീഫ് സബ് എഡിറ്ററാണ്. ആനുകാലികങ്ങളില്‍ ചെറുകഥകള്‍ എഴുതാറുണ്ട്. പ്രമുഖ സഹകാരിയും കാര്‍ട്ടൂണിസ്റ്റും ആയ കുന്നത്തുനാട് എംഎല്‍എ ശ്രീ എം എം മോനായിയുടെ സഹോദരനാണ്.

Jayasree Lakshmy Kumar said...

ഒരു സീരിയസ് വായന പ്രതീക്ഷിച്ചു വന്ന ഞാൻ ചിരിച്ചു ചിരിച്ച് എടങ്ങേറായി. വർക്കേഴ്സ് ഫോറത്തിൽ നിന്നും ഇങ്ങിനെ ഒരു പോസ്റ്റ്
ഹ ഹ. അസ്സലായി

nandakumar said...

ദി ദൊറ്റ് പോസ്റ്റോടെ ഞാന്‍ നിങ്ങടെ ഫാന്‍..
അലക്കെന്നുപറഞ്ഞാല്‍ ഇങ്ങിനെയുണ്ടോ? നിലവാരത്തില്‍ തികഞ്ഞ ഹാസ്യം. കുറിക്കുകൊള്ളൂന്ന വരികള്‍. ലളിതം ഫലിതം.
ഒരു വി.കെ.എന്‍. വായന ഫീലിപ്പിക്കുന്നു. നൂറില്‍ നൂറ് മാര്‍ക്ക്.. :)

നന്ദന്‍/നന്ദപര്‍വ്വം

രസികന്‍ said...

ഹഹഹ.. ആ ഉല്പ്രേക്ഷ ക്ഷ പിടിച്ചു .

പല പ്രയോഗങ്ങളും നന്നായി ചിരിപ്പിച്ചു.
ആശംസകള്‍
സസ്നേഹം രസികന്‍.