കേരളത്തിലെ ആരോഗ്യമേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമനുസരിച്ച് 1979 ആഗസ്ത് 9ന് ഡോ. കെ എന്‍ പൈ ചെയര്‍മാനായ കമ്മിറ്റി കേരളത്തിലെ പൊതുജനാരോഗ്യ മേഖലയെക്കുറിച്ച് പഠിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേരളത്തിലെ ആരോഗ്യമേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോഴൊക്കെ ഡോ. കെ എന്‍ പൈ കമ്മിറ്റി റിപ്പോര്‍ട്ട് എന്ന പേരില്‍ ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ അടങ്ങുന്ന ഈ കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടിനെക്കുറിച്ച് മൂന്ന് പതിറ്റാണ്ടോളമായി നിരന്തരം ചര്‍ച്ചയും നടക്കുകയാണ്. 215 പേജുള്ള വിശദമായ റിപ്പോര്‍ട്ടാണ് ഈ കമ്മിറ്റി സമര്‍പ്പിച്ചത്.
അന്ന് കമ്മിറ്റി ഇങ്ങനെ പറഞ്ഞു-
“അസി. സര്‍ജന്‍, സിവില്‍ സര്‍ജന്‍ എന്നീ പേരുകളില്‍ ഡോക്ടര്‍മാരെ നിശ്ചയിക്കുന്നത് കാലഹരണപ്പെട്ട രീതിയാണ്. പകരം ഭരണതലത്തില്‍ അസി. മെഡിക്കല്‍ ഓഫീസര്‍, ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയ രീതിയിലാവണം. അതോടൊപ്പം സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ നിയമനം പ്രത്യേകം നടത്തണം. ഇപ്പോള്‍ ഒരു മാനദണ്ഡവുമില്ലാതെയാണ് ഓരോ സ്പെഷ്യലിസ്റ്റുകളെയും വിവിധ ആശുപത്രികളില്‍ നിയമിക്കുന്നത്. ഇത് മാറ്റണം. ഓരോ ആശുപത്രികളിലും നിശ്ചിത സ്പെഷ്യാലിറ്റികളുള്ള ഡോക്ടര്‍മാരെ നിയമിക്കണം.”
മൂന്ന് പതിറ്റാണ്ടോളം പിന്നിട്ടിട്ടും സ്പെഷ്യാലിറ്റി കാഡര്‍ നടപ്പാക്കണമെന്ന ആവശ്യം യാഥാര്‍ഥ്യമാക്കാനാവാത്ത അവസ്ഥയായിരുന്നു. 1985ലും 1995ലും 2005ലുമെല്ലാം അതത് കാലത്തെ ഭരണാധികാരികള്‍ ഇതിന് വേണ്ടി ശ്രമിച്ചെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. മുന്‍കാല ഭരണാധികാരികള്‍ തുടക്കം കുറിച്ച ഈ ദൌത്യം ലക്ഷ്യപ്രാപ്തിയിലെത്തിക്കാന്‍ കഴിഞ്ഞു എന്നതില്‍ ചാരിതാര്‍ഥ്യമുണ്ട്. ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ ഇത് നടപ്പാക്കിയതുകൊണ്ട് എന്താണ് സാധാരണ ജനങ്ങള്‍ക്ക് പ്രയോജനം എന്ന് പലരും തിരിച്ചറിഞ്ഞിട്ടില്ല.
ആതുരശുശ്രൂഷാ രംഗത്ത് വിദഗ്ധ ചികിത്സ ശാസ്ത്രീയമായ മാനദണ്ഡങ്ങളോടെ താഴെത്തട്ടിലുള്ള ആശുപത്രികള്‍വരെ എത്തിക്കുകയെന്നതാണ് സ്പെഷ്യാലിറ്റി കാഡര്‍ സംവിധാനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 100 കിടക്കകള്‍ക്ക് മുകളിലുള്ള മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തുകയാണ്. ഡോ. കെ എന്‍ പൈ കമ്മിറ്റി ചൂണ്ടിക്കാണിച്ചപോലെ സിവില്‍ സര്‍ജന്‍, അസി. സര്‍ജന്‍ എന്നീ കാലഹരണപ്പെട്ട തസ്തികകള്‍ സ്പെഷ്യാലിറ്റി ഈ ആശുപത്രികളില്‍നിന്ന് മാറ്റുകയാണ്. പകരം ജൂനിയര്‍ കണ്‍സള്‍ട്ടന്റ്, കണ്‍സള്‍ട്ടന്റ്, സീനിയര്‍ കണ്‍സള്‍ട്ടന്റ്, ചീഫ് കണ്‍സള്‍ട്ടന്റ് എന്നീ തസ്തികകളില്‍ 17 സ്പെഷ്യാലിറ്റിയിലായി ഡോക്ടര്‍മാരെ നിയമിച്ചു. ഒരു ആശുപത്രിയില്‍ അഞ്ച് സിവില്‍ സര്‍ജന്‍ തസ്തികയാണുള്ളതെങ്കില്‍ അഞ്ചും ഗൈനക്കോളജിസ്റ്റ് ആയാലും അതല്ലെങ്കില്‍ അഞ്ചും അനസ്തറ്റിസ്റ്റോ മറ്റേതെങ്കിലും വിഭാഗത്തില്‍പെട്ട ഡോക്ടര്‍മാരോആയാലും പ്രശ്നമില്ലെന്ന സ്ഥിതിക്കാണ് മാറ്റം വരുത്തിയത്.
ഗൈനക്കോളജിസ്റ്റ് കുഷ്ഠരോഗാശുപത്രിയിലും അസ്ഥിരോഗ വിദഗ്ധന്‍ പ്രസവാശുപത്രിയിലും സര്‍ജറിയില്‍ ഉന്നത ബിരുദം നേടിയവരും അനസ്തറ്റിസ്റ്റു ഓപ്പറേഷന്‍ തിയറ്റര്‍ ഇല്ലാത്ത ആശുപത്രികളിലും ജോലി ചെയുന്ന അവസ്ഥ ഇനി ഉണ്ടാവില്ല.
ഗൈനക്കോളജിസ്റ്റ് ഉണ്ടെങ്കിലും ലേബര്‍ റൂം ഇല്ല, ലേബര്‍ റൂം ഉണ്ടെങ്കിലും ഗൈനക് ഇല്ല...........തുടങ്ങിയ സ്ഥിതിക്കു കൂടി മാറ്റം വരുത്തി. ഇനി ഒരു ആശുപത്രിയില്‍നിന്ന് ഗൈനക്കോളജിസ്റ്റ് സ്ഥലം മാറിപ്പോകുമ്പോള്‍ പകരം അസ്ഥിരോഗ വിദഗ്ധനെയോ അനസ്തറ്റിസ്റ്റിനെയോ പോസ്റ്റ് ചെയ്യില്ല. ഏത് വിഭാഗത്തില്‍പെട്ട ഡോക്ടര്‍ ആണോ സ്ഥലം മാറുന്നത് അതേ വിഭാഗത്തില്‍പെട്ട ഡോക്ടര്‍ക്കു മാത്രമേ പോസ്റ്റിങ് നല്‍കൂ.
സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരിലാണ് രോഗികള്‍ക്ക് വിശ്വാസമെങ്കില്‍ പ്രാദേശികമായിത്തന്നെ അത് ലഭ്യമാക്കുക സര്‍ക്കാരിന്റെ കടമയാണ്. ഇവിടെയാണ് സ്പെഷ്യാലിറ്റി കാഡറിന്റെ പ്രസക്തി വര്‍ധിക്കുന്നത്. തിരക്കേറിയ ആശുപത്രികളില്‍ രോഗികളെ പരിശോധിക്കുന്നതോടൊപ്പം ഭരണകാര്യങ്ങളും നോക്കേണ്ടിവരുന്ന ഡോക്ടര്‍മാര്‍ക്ക് ആശുപത്രികളുടെ വികസന കാര്യങ്ങളിലോ ദൈനംദിന ഭരണത്തിലോ ഇടപെടാന്‍ കഴിഞ്ഞിരുന്നില്ല. ഇത് ആശുപത്രികളുടെ ഭൌതിക സാഹചര്യങ്ങളെ പാടെ മോശമാക്കുന്ന സ്ഥിതിയുണ്ടാക്കി. അഡ്മിനിസ്ട്രേറ്റീവ് കാഡറിലൂടെ ഇതിനും ശാശ്വത പരിഹാരമാവുകയാണ്. താലൂക്ക് നിലവാരത്തില്‍ ഉയര്‍ത്തപ്പെട്ട ആശുപത്രികളില്‍ ഉള്‍പ്പെടെ 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തുന്നതിനും റോഡപകടങ്ങളിലും മറ്റ് അത്യാഹിതങ്ങളിലും പെടുന്നവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പുവരുത്തുന്നതിനും കാഷ്വാലിറ്റി സംവിധാനവും ഏര്‍പ്പെടുത്തി. ഇതിനായി ഓരോ ആശുപത്രിയിലും നാല് വീതം ഡോക്ടര്‍മാരെ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍മാരായും നിയമിച്ചു.
സംസ്ഥാനത്തെ നൂറോളം സര്‍ക്കാര്‍ ആശുപത്രികള്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗവുമുള്ള ആശുപത്രികളായി ഉയരുകയാണ്. കേരളത്തിലെ ഏത് സ്വകാര്യ സ്പെഷ്യാലിറ്റി ആശുപത്രികളില്‍നിന്നും ലഭിക്കുന്നതിനേക്കാള്‍ മെച്ചപ്പെട്ട ചികിത്സ ഇവിടങ്ങളില്‍ ലഭിക്കും. സൂപ്പര്‍സ്പെഷ്യാലിറ്റി ചികിത്സയ്ക്ക് അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജും സുസജ്ജമാണ്. ഇതോടെ ലോകത്തിനാകെ മാതൃകയായിരുന്ന കേരള മാതൃകയുടെ പുനര്‍ജനിക്കാണ് നാം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.
ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയും പതിറ്റാണ്ടുകളായി ഉന്നയിക്കുന്ന പ്രധാന ആവശ്യമാണിത്. സര്‍ക്കാരുമായി നടത്തുന്ന ഓരോ ചര്‍ച്ചയിലെയും സംഘടനയുടെ ആദ്യത്തെ ആവശ്യം സ്പെഷ്യാലിറ്റി കാഡര്‍ നടപ്പാക്കണമെന്നതായിരുന്നു. സ്പെഷ്യാലിറ്റി കാഡര്‍ നടപ്പാക്കുന്നതിന്റെ മുന്നോടിയായി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഓരോ ഘട്ടത്തിലും സംഘടനയുമായി നേരിട്ടും ഉദ്യോഗസ്ഥതലത്തിലും ചര്‍ച്ച നടത്തിയിരുന്നു.
ഡോക്ടര്‍മാരുടെ സ്ഥലംമാറ്റത്തിന്റെ ഭാഗമായി ചുരുക്കം ചില ആശുപത്രികളില്‍ ചില പ്രയാസങ്ങള്‍ ഉണ്ടായിരുന്നു. എല്ലാ പൊതുസ്ഥലം മാറ്റങ്ങളിലും സ്വാഭാവികമായി ഉണ്ടാവാറുള്ള പ്രയാസം മാത്രമാണിത്. എന്നാല്‍, ഇത് താരതമ്യേന വളരെ കുറവായിരുന്നു. ചൊവ്വാഴ്ചയോടെ ഈ പ്രയാസങ്ങളും പരിഹരിച്ചുകഴിഞ്ഞു. ഇതിനിടയില്‍ ആശുപത്രി പ്രവര്‍ത്തനങ്ങള്‍ ആകെ താറുമാറായി എന്ന് പറഞ്ഞ് ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഖേദകരമാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തെ പകര്‍ച്ചപ്പനിയുടെ കണക്ക് പരിശോധിച്ചാല്‍ ഈ വര്‍ഷമാണ് ഇതുവരെ ഏറ്റവും കുറഞ്ഞ പനി എന്ന് കാണാന്‍ കഴിയും. എന്നാല്‍,ചില മാധ്യമങ്ങള്‍ ഇതിനെ പെരുപ്പിച്ചു കാട്ടുന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍ അതിനെയും വക്രീകരിക്കാനാണ് ശ്രമം നടന്നത്.
2006ല്‍ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ 50 ശതമാനത്തോളം ഡോക്ടര്‍മാരുടെ കുറവ് അനുഭവപ്പെട്ടിരുന്നു. ഈ ക്ഷാമം നികത്താന്‍ സര്‍ക്കാര്‍ ഒട്ടേറെ നടപടി സ്വീകരിച്ചു. ഇതിലൊന്നാണ് ഗവ. മെഡിക്കല്‍ കോളേജുകളില്‍നിന്നും എംബിബിഎസ് പൂര്‍ത്തിയാക്കുന്ന ഡോക്ടര്‍മാര്‍ക്ക് നിര്‍ബന്ധിത ഗ്രാമീണ സേവനം ഏര്‍പ്പെടുത്തിയത്. വലിയ പ്രതിഷേധവും തടസ്സങ്ങളുമൊക്കെയുണ്ടായെങ്കിലും കഴിഞ്ഞ മൂന്ന് വര്‍ഷമായി അവരുടെ നിസ്തുലമായ സേവനം ലഭ്യമാക്കിക്കൊണ്ടിരിക്കുകയാണ്. പിജി, സൂപ്പര്‍ സ്പെഷ്യാലിറ്റി കോഴ്സ് കഴിഞ്ഞവര്‍ക്കും ഒരു വര്‍ഷത്തെ നിര്‍ബന്ധ സേവനം ഏര്‍പ്പെടുത്തി.
രജിസ്റ്ററില്‍ പേരുണ്ടെങ്കിലും അനധികൃതമായി അവധിയിലായിരുന്ന ഡോക്ടര്‍മാര്‍ക്ക് നോട്ടീസ് നല്‍കി. തിരിച്ചുവരാന്‍ താല്‍പ്പര്യം കാണിക്കാത്തവരെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പിരിച്ചുവിട്ടു. ഇങ്ങനെ വന്ന ഒഴിവുകളിലെല്ലാമായി പിഎസ്സി മുഖേന രണ്ടായിരത്തോളംപേരെ നിയമിച്ചു. ഇതിലൂടെ ആരോഗ്യവകുപ്പില്‍ എന്‍ട്രി കാഡറിലുള്ള ഡോക്ടര്‍മാരുടെ ഒഴിവുകള്‍ പൂര്‍ണമായും നികത്തിക്കഴിഞ്ഞിരിക്കുകയാണ്.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങുകയും ഒരു വര്‍ഷത്തിലേറെ നീണ്ടു നില്‍ക്കുകയുംചെയ്ത ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പിലെത്തിച്ചു. എന്‍ട്രി കാഡറില്‍ ഒരു ഡോക്ടര്‍ക്ക് 12,500 രൂപ മാത്രം ലഭിച്ചിരുന്നത് 23,000 രൂപയായി ഉയര്‍ത്തി. പിജി പ്രവേശനത്തിന് നഷ്ടപ്പെട്ടുപോയ ക്വോട്ട പുനഃസ്ഥാപിച്ചു. ഹൌസ് സര്‍ജന്മാരുടെ അലവന്‍സ് ഉയര്‍ത്തി. പിജിക്ക് പഠിക്കുന്ന ഡോക്ടര്‍മാരുടെ സ്റ്റൈപെന്‍ഡ് 10,000 രൂപയില്‍നിന്ന് 18,500 രൂപയായി ഉയര്‍ത്തി. സൂപ്പര്‍സ്പെഷ്യാലിറ്റി പഠിക്കുന്നവരുടെ സ്റ്റൈപെന്‍ഡ് 21,000 രൂപയാക്കി. ഇന്ത്യയില്‍ ആദ്യമായി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ റെസിഡന്‍സി സമ്പ്രദായം ഏര്‍പ്പെടുത്തി. ഇതിനായി 241 തസ്തിക സൃഷ്ടിച്ചു. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ പ്രൈവറ്റ് പ്രാക്ടീസ് നിരോധിച്ചു. ഇതിനായി ഡോക്ടര്‍മാരുടെ ശമ്പളം ഇരട്ടിയിലേറെ വര്‍ധിപ്പിച്ചു. നാല് വര്‍ഷംമുമ്പ് മുറിവ് വച്ചുകെട്ടാന്‍ പഞ്ഞിപോലുമില്ലെന്ന പരാതികളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് ഉയര്‍ന്നത്. ഇന്ന് മരുന്ന് യഥേഷ്ടം ലഭ്യമാണ്. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ രൂപീകരിച്ച് സുതാര്യവും അഴിമതിരഹിതവും കാര്യക്ഷമവുമായ നടപടിക്രമങ്ങളിലൂടെയാണ് ഇത് സാധ്യമാക്കിയത്.
അടിസ്ഥാന സൌകര്യങ്ങളുടെ കാര്യത്തിലും വന്‍ കുതിച്ചുചാട്ടമാണുണ്ടായിട്ടുള്ളത്. കേന്ദ്രാവിഷ്കൃത പദ്ധതിയായ എന്‍ആര്‍എച്ച്എം ഫണ്ടും സുനാമി പുനരധിവാസ ഫണ്ടും ഇതിന് ഫലപ്രദമായി വിനിയോഗിച്ചു. മെഡിക്കല്‍ കോളേജുകളില്‍ 600 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഈ കാലയളവില്‍ നടന്നത്. വെന്റിലേറ്ററുകള്‍ പോലുമില്ലെന്ന നിലയില്‍നിന്ന് അഞ്ച് മെഡിക്കല്‍ കോളേജും അത്യാധുനിക എംആര്‍ഐ സ്കാന്‍ യൂണിറ്റ് വരെയുള്ള സ്ഥാപനങ്ങളായി ഉയര്‍ത്തി. മെഡിക്കല്‍ കോളേജുകളെ റഫറല്‍ യൂണിറ്റുകളാക്കി മാറ്റി. ഹെല്‍ത്ത് യൂണിവേഴ്സിറ്റി സ്ഥാപിച്ചു.
ഈ രീതിയില്‍ കഴിഞ്ഞ നാല് വര്‍ഷമായി ആരോഗ്യ-ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ വരുത്തിയ ജനക്ഷേമകരമായ ഒട്ടേറെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് മൂന്ന് വര്‍ഷത്തിലേറെ നീണ്ട പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ സ്പെഷ്യാലിറ്റി കാഡര്‍ നടപ്പാക്കാനായത്.
*
പി കെ ശ്രീമതി കടപ്പാട്: ദേശാഭിമാനി
Monday, June 14, 2010
സ്പെഷ്യാലിറ്റി കാഡര്‍ ആരോഗ്യമേഖലയുടെ സമഗ്ര പുരോഗതിക്ക്
Subscribe to:
Post Comments (Atom)
1 comment:
മൂന്ന് പതിറ്റാണ്ടോളം പിന്നിട്ടിട്ടും സ്പെഷ്യാലിറ്റി കാഡര്‍ നടപ്പാക്കണമെന്ന ആവശ്യം യാഥാര്‍ഥ്യമാക്കാനാവാത്ത അവസ്ഥയായിരുന്നു. 1985ലും 1995ലും 2005ലുമെല്ലാം അതത് കാലത്തെ ഭരണാധികാരികള്‍ ഇതിന് വേണ്ടി ശ്രമിച്ചെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. മുന്‍കാല ഭരണാധികാരികള്‍ തുടക്കം കുറിച്ച ഈ ദൌത്യം ലക്ഷ്യപ്രാപ്തിയിലെത്തിക്കാന്‍ കഴിഞ്ഞു എന്നതില്‍ ചാരിതാര്‍ഥ്യമുണ്ട്. ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ ഇത് നടപ്പാക്കിയതുകൊണ്ട് എന്താണ് സാധാരണ ജനങ്ങള്‍ക്ക് പ്രയോജനം എന്ന് പലരും തിരിച്ചറിഞ്ഞിട്ടില്ല.
ആതുരശുശ്രൂഷാ രംഗത്ത് വിദഗ്ധ ചികിത്സ ശാസ്ത്രീയമായ മാനദണ്ഡങ്ങളോടെ താഴെത്തട്ടിലുള്ള ആശുപത്രികള്‍വരെ എത്തിക്കുകയെന്നതാണ് സ്പെഷ്യാലിറ്റി കാഡര്‍ സംവിധാനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 100 കിടക്കകള്‍ക്ക് മുകളിലുള്ള മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തുകയാണ്. ഡോ. കെ എന്‍ പൈ കമ്മിറ്റി ചൂണ്ടിക്കാണിച്ചപോലെ സിവില്‍ സര്‍ജന്‍, അസി. സര്‍ജന്‍ എന്നീ കാലഹരണപ്പെട്ട തസ്തികകള്‍ സ്പെഷ്യാലിറ്റി ഈ ആശുപത്രികളില്‍നിന്ന് മാറ്റുകയാണ്. പകരം ജൂനിയര്‍ കണ്‍സള്‍ട്ടന്റ്, കണ്‍സള്‍ട്ടന്റ്, സീനിയര്‍ കണ്‍സള്‍ട്ടന്റ്, ചീഫ് കണ്‍സള്‍ട്ടന്റ് എന്നീ തസ്തികകളില്‍ 17 സ്പെഷ്യാലിറ്റിയിലായി ഡോക്ടര്‍മാരെ നിയമിച്ചു. ഒരു ആശുപത്രിയില്‍ അഞ്ച് സിവില്‍ സര്‍ജന്‍ തസ്തികയാണുള്ളതെങ്കില്‍ അഞ്ചും ഗൈനക്കോളജിസ്റ്റ് ആയാലും അതല്ലെങ്കില്‍ അഞ്ചും അനസ്തറ്റിസ്റ്റോ മറ്റേതെങ്കിലും വിഭാഗത്തില്‍പെട്ട ഡോക്ടര്‍മാരോആയാലും പ്രശ്നമില്ലെന്ന സ്ഥിതിക്കാണ് മാറ്റം വരുത്തിയത്.
Post a Comment