Friday, April 1, 2011

കോണ്‍ഗ്രസ് കൊതിക്കുന്നത് ജനാധിപത്യത്തിനു പകരം പണാധിപത്യം

ഇന്ത്യന്‍ ജനാധിപത്യത്തെ പൂര്‍ണമായും കച്ചവടവല്‍ക്കരിക്കുകയും എല്ലാ മൂല്യങ്ങളെയും പണാധിപത്യത്തിന് കീഴ്‌പ്പെടുത്തുകയും ചെയ്യുകയാണ് കോണ്‍ഗ്രസ്-ഐ. കെ പി സി സി-ഐ നിര്‍വാഹകസമിതി അംഗം കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍ കഴിഞ്ഞ ദിവസം പത്രലേഖകര്‍ക്കും അവര്‍ വഴി സമൂഹത്തിനാകെയും മുന്നില്‍ ദീനവിലാപം നടത്തിയത് അതാണ്.

താന്‍ മന്ത്രിയായിരിക്കെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഒരു അഴിമതി ഇടപാടിന് നിര്‍ബന്ധിച്ചുവെന്നും താന്‍ അതിന് വഴങ്ങാത്തതിനെതുടര്‍ന്ന് ഉമ്മന്‍ചാണ്ടി ഭീഷണിപ്പെടുത്തിയെന്നും അത് തന്റെ രാജിയിലേയ്ക്ക് നയിച്ചുവെന്നുമാണ് രാമചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞത്. മാത്രമല്ല, കോണ്‍ഗ്രസില്‍ പേമെന്റ് സീറ്റാണെന്നും തനിക്ക് പണമില്ലാത്തതിനാല്‍ ശ്രമിക്കാന്‍ പറ്റിയില്ലെന്നും സോണിയാ ഗാന്ധിയുടെ ഓഫീസില്‍ ഇതിനായി ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും ഒരു റാക്കറ്റ് പ്രവര്‍ത്തിക്കുന്നുവെന്നും രാമചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു.

കേരളത്തില്‍ ഇത്തവണ മത്സരിക്കുന്ന കോണ്‍ഗ്രസ്-ഐ സ്ഥാനാര്‍ഥികളില്‍ പലരും പേമെന്റ് സീറ്റ് വാങ്ങി വന്നവരാണെന്ന പൊതു ആക്ഷേപത്തെ ഭംഗ്യന്തരേണ ശരിവെയ്ക്കുന്ന പ്രതികരണം കെ പി സി സിയുടെ ഔദ്യോഗിക വക്താവായ എം എം ഹസ്സനില്‍ നിന്നുണ്ടായി. പേമെന്റ് സീറ്റുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന വിരുദ്ധോക്തി സ്വഭാവത്തിലുള്ള പ്രതികരണമാണ് കേന്ദ്രമന്ത്രി വയലാര്‍ രവിയില്‍ നിന്നുണ്ടായത്.

ജനാധിപത്യത്തെ പണാധിപത്യംകൊണ്ട് കീഴ്‌പ്പെടുത്തുന്ന ഒരു പ്രസ്ഥാനമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധപതിച്ചിരിക്കുകയാണ്. കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുവേണ്ടി എ ഐ സി സി ദില്ലിയില്‍ നിന്നും ഹെലികോപ്റ്ററുകള്‍ എത്തിക്കുകയും ഹരിപ്പാട്ടുനിന്നും ഏതാനും കിലോമീറ്റര്‍ മാത്രം അകലെയുള്ള പാലായിലേയ്ക്ക് കെ പി സി സി പ്രസിഡന്റ് ഹെലികോപ്റ്ററില്‍ പോയി പ്രചരണം നടത്തിയതും നമ്മള്‍ കണ്ടതാണ്. ഹെലികോപ്റ്റര്‍ കാത്തുനില്‍ക്കുന്ന സമയം മതിയായിരുന്നു റോഡ് മാര്‍ഗം പാലായിലെത്താന്‍. വി എസ് പറഞ്ഞതുകൊണ്ട് ഹെലികോപ്റ്റര്‍ ഉപേക്ഷിക്കുന്ന പ്രശ്‌നമില്ലെന്നാണ് ചെന്നിത്തല പറഞ്ഞത്. ചെന്നിത്തല ഹെലികോപ്റ്ററില്‍ പ്രചരണം നടത്തുന്നതില്‍ എന്തെങ്കിലും തെറ്റുള്ളതായി താന്‍ കരുതുന്നില്ലെന്ന് ഉമ്മന്‍ചാണ്ടിയും പറഞ്ഞു. ഈ ഹെലികോപ്റ്ററിന് എവിടെനിന്ന് പണം കിട്ടി എന്നു വ്യക്തമാക്കാന്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തയ്യാറാകണം.

മാത്രമല്ല, അവര്‍ മറുപടി പറയേണ്ട മറ്റൊരു കാര്യമുണ്ട്. സംസ്ഥാനത്തെ ഓരോ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കും വേണ്ടി കോടിക്കണക്കിന് രൂപ എ ഐ സി സി ഇവിടേക്കെത്തിക്കുകയാണല്ലോ. അങ്ങനെ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രനുവേണ്ടി കൊണ്ടുവന്ന പണം ദൂതന്‍ അടിച്ചുമാറ്റിയതു സംബന്ധിച്ച പ്രശ്‌നം ഇതേവരെ തീര്‍ന്നിട്ടില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുകളില്‍നിന്ന് പണമൊഴുക്കുന്നത് എവിടെനിന്ന് സംഭരിച്ചിട്ടാണെന്ന് ഓരോ ദിവസവും വെളിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഏതാണ്ട് നൂറു കോടിയോളം രൂപ ഇത്തവണത്തെ തിരഞ്ഞെടുപ്പിനു മാത്രം ഇങ്ങോട്ടൊഴുക്കിയിട്ടുണ്ടെന്ന വാര്‍ത്തയെ കുറിച്ച് ഉമ്മന്‍ചാണ്ടിയുടേയും ചെന്നിത്തലയുടേയും പ്രതികരണമെന്താണ്?
ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നഗ്‌നമായ ശ്രമത്തിന്റെ തെളിവാണിത്.

പാര്‍ലമെന്റിന്റെ കഴിഞ്ഞ ബജറ്റ് സമ്മേളനം ബഹളം കാരണം സ്തംഭിക്കുകയായിരുന്നു. ഒന്നാം യു പി എ ഗവണ്‍മെന്റിന് ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍ വിശ്വാസ വോട്ട് തേടുന്നതിന് കോണ്‍ഗ്രസ്-ഐ അറുപത് കോടി രൂപ ചില എം പിമാര്‍ക്ക് കോഴി നല്‍കിയെന്ന വസ്തുത വിക്കിലീക്‌സ് രേഖകളിലൂടെ പുറത്തുവന്നതാണ് പാര്‍ലമെന്റ് സ്തംഭനത്തിനിടയാക്കിയത്. ഭരണത്തില്‍ കടിച്ചുതൂങ്ങുന്നതിന് ഏതടവും പയറ്റുന്നതില്‍ നരസിംഹറാവുവിനേക്കാള്‍ ഒട്ടും മോശമല്ല മന്‍മോഹന്‍സിംഗ് എന്നാണ് വിക്കിലീക്‌സ് രേഖകള്‍ വെളിപ്പെടുത്തിയത്. നരസിംഹറാവുവും വിശ്വാസവോട്ട് നേടാന്‍ ജെ എം എം, എം പിമാര്‍ക്ക് വിരലിലെണ്ണാവുന്നത്ര കോടികളേ കൊടുത്തുള്ളൂ. കുപ്രസിദ്ധമായ ജെ എം എം കോഴക്കേസ് ഇന്ത്യയെ പിടിച്ചുകുലുക്കിയതാണ്. ഇപ്പോള്‍ മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തില്‍ നടത്തിയ വിശ്വാസ വോട്ട് കോഴ ലോകത്തിനു മുമ്പില്‍ ഇന്ത്യന്‍ ജനാധിപത്യത്തെ പരിഹാസ്യമാക്കിയിരിക്കുന്നു.

ഉമ്മന്‍ചാണ്ടിക്കും മറ്റും ഇതില്‍ ലജ്ജയൊന്നുമുണ്ടാകില്ല. കാരണം ഇറാന്‍ വാതക പൈപ്പ് കരാറിന് മുന്‍കയ്യെടുത്ത മണിശങ്കര്‍ അയ്യരെ പെട്രോളിയം മന്ത്രിസ്ഥാനത്തു നിന്ന് മാറ്റണമെന്ന അമേരിക്കന്‍ ആജ്ഞ ശിരസാവഹിച്ച് മണിശങ്കരയ്യരെ രായ്ക്കുരാമാനം മാറ്റുകയും പകരം മുരളി ദേവറയെ മന്ത്രിയാക്കുകയും ചെയ്തവരാണല്ലോ എ കെ ആന്റണി ഉള്‍പ്പെട്ട കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ടു-ജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് പുറത്തുവന്ന നീരാറാഡിയ ടേപ്പും വെളിപ്പെടുത്തിയത് കേന്ദ്രത്തില്‍ മന്ത്രിമാരാരാകണമെന്ന് തീരുമാനിക്കുന്നത് കോര്‍പ്പറേറ്റുകളും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഏജന്റുമാരുമാണെന്നാണ്.

ഈ സാഹചര്യത്തിലാണ് പേമെന്റ് സീറ്റ്, ഹെലികോപ്റ്റര്‍, പ്രചാരണത്തിന് ഡല്‍ഹിയില്‍ നിന്നുള്ള പണമൊഴുക്ക് തുടങ്ങിയ വസ്തുതകള്‍ ഈ തിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാ വിഷയങ്ങളാകുന്നത്. ഇങ്ങനെ പണമൊഴുക്കാന്‍ കോണ്‍ഗ്രസ്-ഐ ഹൈക്കമാന്റ് പണം സംഘടിപ്പിച്ചത് ഏതു സ്രോതസുകളില്‍ നിന്നാണെന്നും ദിനംപ്രതി വെളിപ്പെട്ടുകൊണ്ടിരിക്കുന്നു. ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപയുടെ 2-ജി സ്‌പെക്ട്രം കുംഭകോണം, എഴുപതിനായിരം കോടിയുടെ കോമണ്‍വെല്‍ത്ത് ഗെയിംസ് കുംഭകോണം, രണ്ട് ലക്ഷം കോടി രൂപയുടെ ഐ എസ് ആര്‍ ഒ എസ്-ബാന്‍ഡ് കരാര്‍ കുംഭകോണം എന്നിവയില്‍ നിന്നെല്ലാമായി സംഭരിച്ച പണത്തിന്റെ ഒരു വിഹിതമാണ് തിരഞ്ഞെടുപ്പിനു വേണ്ടി പുറത്തെടുക്കുന്നത്.

സ്വിസ് ബാങ്കില്‍ ഇന്ത്യാക്കാരുടെ ലക്ഷക്കണക്കിന് കോടി രൂപയുണ്ടെന്നും അതിന്റെ വിവരങ്ങള്‍ കേവലമായ സാങ്കേതികത്വം പറഞ്ഞ് പുറത്തുവിടാതിരിക്കുന്നത് തികച്ചും തെറ്റാണെന്നും സുപ്രിംകോടതി കഴിഞ്ഞദിവസമാണ് അഭിപ്രായപ്പെട്ടത്. സ്വിസ് ബാങ്കില്‍ കള്ളപ്പണമുണ്ട്, വിവരം പുറത്തുവിടാന്‍ പറ്റില്ലെന്നാണ് ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ മറുപടി. ഈ പ്രണബ് മുഖര്‍ജിയാണ് കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിന് ചുക്കാന്‍ പിടിച്ച ഹൈക്കമാന്റ് നിരീക്ഷകന്‍.

ആയിരക്കണക്കിന് കോടി രൂപ കള്ള ലോട്ടറി നടത്തിപ്പിലൂടെ കേരളത്തില്‍ നിന്ന് കടത്തിക്കൊണ്ടിരുന്ന മാഫിയകള്‍ക്കു വേണ്ടി കേരള ഹൈക്കോടതിയില്‍ കേസ് വാദിച്ച് സാന്റിയാഗോ മാര്‍ട്ടിന് അനുകൂലമായ വിധി വാങ്ങിക്കൊടുത്ത ചിദംബരമാണ് ഹൈക്കമാന്റിന്റെ മറ്റൊരു നല്ല പിള്ള. ഈ പണം എങ്ങോട്ടെല്ലാം പോയിട്ടുണ്ടെന്ന് സി ബി ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെടുമ്പോഴും സാങ്കേതികത്വം പറഞ്ഞ് ഒഴിഞ്ഞുമാറുന്നതിന് പിന്നിലെ താല്‍പര്യം വ്യക്തമാണല്ലോ.

ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്ന ഒരു കാര്യം കേരളത്തിലും ജനാധിപത്യത്തെ ഉത്തരേന്ത്യന്‍ മോഡല്‍ മാഫിയാവല്‍ക്കരണത്തിന് കീഴ്‌പ്പെടുത്താന്‍ കോണ്‍ഗ്രസ് ഐ ശ്രമിക്കുകയാണെന്നാണ്. രാഹുല്‍ ഗാന്ധിയുടെ ഇന്റര്‍വ്യൂവും നറുക്കെടുപ്പും അങ്ങനെ കോണ്‍ഗ്രസ്സുകാര്‍ പോലുമല്ലാത്ത അജ്ഞാതര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പൊടുന്നനെ അവതരിക്കലും അവര്‍ക്ക് ചെലവ് കാശ് ഹൈക്കമാന്റ് വക പണച്ചാക്കായി എത്തിക്കലും അതിന്റെ വീതംവയ്ക്കല്‍ തര്‍ക്കവും അറുപത് കിലോമീറ്റര്‍ ദൂരമുള്ള സ്ഥലത്തേയ്ക്ക് ക്യാമറക്കാരെ ഒരുക്കിനിര്‍ത്തി ഹെലികോപ്റ്ററില്‍ പറന്നിറങ്ങി പ്രചാരണവും - എല്ലാം വ്യക്തമാക്കുന്നത് കോണ്‍ഗ്രസ് ഐ അവരുടെ ഉത്തരേന്ത്യന്‍ മോഡല്‍ കേരളത്തിലേക്കും ഇറക്കുമതി ചെയ്യുന്നുവെന്നാണ്.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മന്ത്രിമാരെ തീരുമാനിക്കുന്നതില്‍, മന്ത്രിസഭയെ നിലനിര്‍ത്തുന്നതില്‍, ആ മന്ത്രിമാരെ ഉപയോഗിച്ച് പിരിവ് നടത്തുന്നതില്‍, അത്തരം അഴിമതിപ്പണം തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഉപയോഗിക്കുന്നതില്‍ - എല്ലാം കോണ്‍ഗ്രസ്സിന് നല്ല കൈത്തഴക്കം വന്നിരിക്കുന്നു.

നമ്മുടെ വ്യവസ്ഥിതിയെത്തന്നെ അട്ടിമറിച്ച് പകരം പണാധിപത്യം മേല്‍ക്കൈ നേടിയിരിക്കുന്നു. രാമചന്ദ്രന്‍മാസ്റ്ററുടെ ദീനരോദനം മലയാളികളോടുള്ള ഏറ്റുപറച്ചിലാണ്. ഇതിന് മറുപടി നല്‍കാനുള്ള ജനങ്ങളുടെ അവസരമാണ് ഈ തിരഞ്ഞെടുപ്പ്.


*****


വി എസ് അച്യുതാനന്ദന്‍, കടപ്പാട് : ജനയുഗം

No comments: