ഓരോ മുദ്രാവാക്യവും ഒരു ഓര്‍മപ്പെടുത്തലാണ്. പോയകാലത്തിന്റെയും വര്‍ത്തമാനത്തിന്റെയും മുദ്രകള്‍, ഭാവിയെ എങ്ങനെ മുദ്രിതമാക്കണമെന്നതിന്റെ ഉത്തരങ്ങള്‍. ജനാധിപത്യത്തിന്റെ തുടര്‍ച്ചയിലേക്കോ ഇടര്‍ച്ചയിലേക്കോ വഴിതുറക്കുന്ന തെരഞ്ഞെടുപ്പുവേളകള്‍ മലയാളികളെ കോരിത്തരിപ്പിക്കുന്ന മുദ്രാവാക്യങ്ങളുടെയും കാലമാണ്. പ്രവര്‍ത്തകരെ ആവേശക്കൊടുമുടിയിലേറ്റുകയും നാടിന് നേര്‍ക്കാഴ്ച നല്‍കുകയും ചെയ്ത മുദ്രാവാക്യങ്ങളും ഗീതങ്ങളും കാലത്തിന്റെ കയ്യൊപ്പായി കേരളീയരുടെ മനസിലുണ്ട്. സംഗീതവും സാഹിത്യവും ഇഴചേര്‍ന്ന, ചിരിയുടെ തിളക്കവും ചിന്തയുടെ വെളിച്ചവുമുള്ള മുദ്രാവാക്യങ്ങളും മുദ്രാഗീതങ്ങളും ഭാഷക്ക് ജനകീയമുഖം നല്‍കി. നവംനവങ്ങളും അര്‍ഥസമ്പുഷ്ടവുമായ പദാവലികൊണ്ട് മലയാളത്തെ സമ്പന്നമാക്കിയ ഇടതുപക്ഷത്തിന്റെ സാംസ്കാരിക സംഭാവനകൂടിയാണ് അവ. ചെറുശേരിയെ മനസില്‍ കുടിയിരുത്തി രൂപം കൊടുത്ത തെരഞ്ഞെടുപ്പു പാന ഒരു പ്രചാരണ കാലം മുഴുവന്‍ കേരളത്തെ ത്രസിപ്പിക്കുകയുണ്ടായി. |
"വോട്ടിനായുള്ള ചീട്ടു കിട്ടീടുമ്പോള്‍
ഓര്‍ക്കണം നിങ്ങള്‍ നാടിനെ വീടിനെ""
എന്ന ഈരടി ഏതു മനസിലാണ് കുടിയേറാത്തത്. പീഡിതന്റെ രോഷവും ദുഖിതന്റെ കണ്ണീരും മുദ്രാവാക്യത്തിന്റെ മുഖമുദ്രയാകാറുണ്ട്. ഭരിക്കുന്നവരും രാഷ്ട്രീയ പ്രസ്ഥാനങ്ങളും പൊതുജനസമക്ഷം വിളംബരം ചെയ്യുന്ന നയസമീപനങ്ങള്‍, അനുവര്‍ത്തിച്ചുവന്ന നിലപാട്, പ്രശ്നങ്ങളിലും വിഷയങ്ങളിലുമുള്ള യോജിപ്പും വിയോജിപ്പും, പ്രാദേശികവും ദേശീയവുമായ കാഴ്ചപ്പാട് ഇവയെല്ലാം തെരഞ്ഞെടുപ്പില്‍ മുദ്രാവാക്യമാകാറുണ്ട്. അടയാളമോ പ്രമാണമോ ആയി സ്വീകരിച്ച വാക്യം എന്ന് നിഘണ്ടുകാരന്‍ അര്‍ഥം കല്‍പിച്ചിട്ടുള്ള മുദ്രാവാക്യങ്ങള്‍ സാമൂഹ്യജീവിതത്തിന്റെ ഉണര്‍ത്തുപാട്ടുകളാണ്. ആകാശത്ത് മുഷ്ടി ചുരുട്ടി വിളിച്ചു പറയുന്ന വെറും വാക്യങ്ങളല്ല, മറിച്ച് ആവേശിക്കാനും അതിജിവിക്കാനുമുള്ള തന്ത്രങ്ങള്‍ അലിഞ്ഞുചേര്‍ന്ന ശക്തമായ മാധ്യമമാണത്. ഏറ്റുവിളിക്കുംതോറും അതിന് കരുത്ത് കൂടും. താളബോധവും പ്രാസഭംഗിയുമുള്ള, സരസവും ലളിതവുമായ, ജനമനസുകളില്‍ തറഞ്ഞുകയറാന്‍പോന്ന മൂര്‍ച്ചയുള്ള, ജീവിതമെന്ന അന്തസുള്ള പദത്തില്‍നിന്ന് ഉയിര്‍ക്കൊണ്ട മുദ്രാവാക്യങ്ങള്‍ക്കും ഗീതങ്ങള്‍ക്കും കേരളത്തെ മാറ്റിതീര്‍ത്തതില്‍ വലിയ പങ്കുണ്ട്. പൊതുബോധത്തെ ആ വിധം ഉത്തേജിപ്പിച്ച എത്രയോ മുദ്രാവാക്യങ്ങളും ഗീതങ്ങളും മലയാളിയുടെ പൈതൃകമായുണ്ട്.
ബ്രിട്ടീഷ്ഭരണം മുര്‍ദാബാദ്
സാമ്രാജ്യത്വം തകരട്ടെ
ജന്മിത്വം തകരട്ടെ
കര്‍ഷകസമരം സിന്താബാദ്
തുടങ്ങിയ മുദ്രാവാക്യങ്ങള്‍ കര്‍ഷകരെ ജന്മിത്തത്തിനും ബ്രിട്ടീഷ് ഭരണത്തിനുമെതിരെ സംഘടിപ്പിക്കുന്നതിനും രാഷ്ട്രീയവല്‍ക്കരിക്കുന്നതിനും വലിയ പങ്ക് വഹിച്ചു. കടുത്ത അരിക്ഷാമം നേരിട്ട കാലത്ത് കേരളീയനെഴുതിയ
ഉരിയരിപോലും കിട്ടാനില്ല
പൊന്നു കൊടുത്താലും
ഉദയാസ്തമനം പീടികമുന്നില്‍
നിന്ന് നരച്ചാലും
എന്ന വരികള്‍ മലബാറിലാകെ അലയടിച്ചിരുന്നു. ആധുനിക കേരള സൃഷടിക്കായി ജാതി-ജന്മി-നാടുവാഴി വ്യവസ്ഥിതിക്കെതിരെ സമരങ്ങള്‍ നയിച്ചവര്‍ ഐക്യ കേരളത്തിന്റെ ഭരണകര്‍ത്താക്കളായപ്പോള്‍ ജനകീയ കേരളത്തിെന്‍റ അഭിമാനമായി അവര്‍ മാറി.
"നിവര്‍ന്നുനില്‍ക്കാന്‍ ഭൂമിക്ക്,
തലചായ്ക്കാനൊരു കൂരയ്ക്ക്,
പൊരുതാന്‍ നമുക്ക് ഉയിരു പകര്‍ന്ന
കൊടിയാണീ കൊടി താഴില്ല""
എന്ന മുദ്രാവാക്യം ഈ അഭിമാനത്തിന്റെ പ്രഖ്യാപനം തന്നെയാണ്. സ്വാതന്ത്ര്യാനന്തരം അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കര്‍ഷക-കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കെതിരെ സര്‍ സി പിയെ വെല്ലുന്ന മര്‍ദനമുറകള്‍ പരീക്ഷിച്ചിരുന്നു. അവയോടുള്ള പരിഹാസത്തിന്റെ മേമ്പൊടി ചാലിച്ച പ്രതികരണമാണ്
"സി പി പോയി കോണ്‍ഗ്രസ് വന്നു,
കോളറ വന്നു വസൂരി വന്നു,
കൊള്ളലാഭക്കൂട്ടരാണ്,
കൊള്ളിവയ്പിന്‍ അഗ്രഗണ്യര്‍"" എന്നത്.
1957വരെയുള്ള കേരളത്തിലെ ഭരണപരീക്ഷണത്തിന് അധികാര വടംവലിയും അഴിമതിയും അവകാശ സമരങ്ങളെ അടിച്ചമര്‍ത്തലുമായിരുന്നു മുഖമുദ്ര. മന്ത്രിസഭകള്‍ മാറി വന്നു. ഏകാധിപത്യവും അഴിമതിയും ഉയര്‍ത്തി പട്ടം താണുപിള്ളയുടെയും സി കേശവന്റെയും മന്ത്രിസഭകള്‍ അട്ടിമറിക്കപ്പെട്ടു. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം നുകംവച്ച കാളയായിരുന്നു.
"കോണ്‍ഗ്രസ് കാള കൊഴുപ്പുള്ള കാള,
ബ്രിട്ടീഷമേരിക്ക പോറ്റുന്ന കാള,
വീട്ടിന്റെ വാതില്‍പൊളിക്കുന്ന കാള,
ചട്ടി ചവിട്ടിയുടക്കുന്ന കാള,
നെഹ്റു പറഞ്ഞാലും കേള്‍ക്കാത്ത കാള,
നെഹ്റുവിനെ തന്നെയും കുത്തുന്ന കാള""
എന്ന മുദ്രാവാക്യത്തില്‍ ഓരോ നേതാവും പരസ്പരവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസിന്റെ ചിത്രമാണ് തെളിയുന്നത്. സി കണ്ണനും കെ പി ഗോപാലനും കണ്ണൂര്‍ 1, 2 മണ്ഡലങ്ങളില്‍ മത്സരിച്ച കാലത്ത് ഇരുവര്‍ക്കുമെതിരെ എതിരാളികള്‍ നിരന്തരമായി ആക്ഷേപം ഉയര്‍ത്തിയിരുന്നു. തങ്ങളുടെ നായകരെ വിജയിപ്പിക്കാന്‍ കരളുറപ്പോടെ രംഗത്തിറങ്ങിയ തൊഴിലാളികര്‍ വിളിച്ച മുദ്രാവാക്യമാണ്
കണ്ണൂര്‍ ഒന്നില്‍ കണ്ണനടിക്കും
കണ്ണൂര്‍ രണ്ടില്‍ കെപിയടിക്കും
ഒന്നും രണ്ടും കൂട്ടിയടിക്കും ഐക്യകേരളം ഞങ്ങള്‍ ഭരിക്കും എന്നത്.
കാസര്‍ഗോഡ് പാര്‍ലമെന്റ് മണ്ഡലത്തില്‍ എകെജിക്കെതിരെ മത്സരിച്ചവരെല്ലാം തോല്‍വിയുടെ രസമറിഞ്ഞു. 57ല്‍ ടി വി ചാത്തുക്കുട്ടിയും, 62ല്‍ കാരന്തും 67ല്‍ കാഞ്ഞങ്ങാട്ടുള്ള ഷേണായിയുമാണ് മത്സരിച്ചിരുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ കേട്ട നാടന്‍ശീലുള്ള മുദ്രാവാക്യം ഇങ്ങിനെയാണ്.
അമ്പത്തേഴില്‍ ചാത്തൂട്ടി വന്നു
ചാത്തൂട്ടിക്കും ഞങ്ങള്‍ "ചാത്തൂട്ടി""
അറുപത്തിരണ്ടില്‍ കാരന്തു വന്നു
കാരന്തിനേം ഞങ്ങള്‍ കെട്ടുകെട്ടിച്ചു
അറുപത്തേഴില്‍ ഷേണായി വന്നു
ഷേണായിക്കും ഷീണായി...
1956 നവംബര്‍ ഒന്നിന്റ ഐക്യകേരളാഘോഷം വര്‍ണാഭമായിരുന്നു. ആധുനികകേരളമെന്ന പ്രതീക്ഷയാണ് ആവേശം വിതറുന്ന ഈ മുദ്രാവാക്യത്തിലുള്ളത്.
"ചേരുവിന്‍ യുവാക്കളെ,
ചേരുവിന്‍ സഖാക്കളെ,
ചോരയെങ്കില്‍ ചോരയാലീ,
കേരളം വരയ്ക്കുവാന്‍"".
നാടിനെ അഴിമതിയിലേക്കും ജനാധിപത്യ സംവിധാനത്തെ അധികാര വടംവലിയിലേക്കും തിരിച്ചുവിട്ട പരീക്ഷണങ്ങള്‍ക്ക് കേരളത്തില്‍ അറുതി വരുന്നത് 1957ലെ തെരഞ്ഞെടുപ്പോടെയാണ്. കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികള്‍ ജനഹിത ഭരണത്തെ അട്ടിമറിക്കാന്‍ "വിമോചന സമര""ത്തിന് രൂപം നല്‍കി. മുദ്രാവാക്യങ്ങളുടെയും ഗീതങ്ങളുടെയും സൗന്തര്യവും സാഹിത്യവും സഭ്യതയുമെല്ലാം അവര്‍ക്ക് അന്യമായിരുന്നു.
"മണ്ടാ, മുണ്ടാ മുണ്ടശ്ശേരി""യും "വിക്കാ, ഞൊണ്ടി, ചാത്താ"" വിളിയുമെല്ലാം കേരളത്തിന്റെ രാഷ്ട്രീയഭാഷയെത്തന്നെ ജീര്‍ണതയിയിലേക്കാണ് നയിച്ചത്.
"സീതി ഹാജി പറഞ്ഞിട്ടാണോ,
പള്ളിക്കൂടം തീവയ്പ്,
ഇന്ദിര വന്നു പറഞ്ഞോ ഇന്നലെ
പള്ളിക്കൂടം തീവയ്ക്കാന്‍"".
"രണ്ടും രണ്ടരയും തന്നിട്ടല്ല,
ഞങ്ങടെ സ്വന്തം മനസ്സാണ്,
ഇനിയും കേരളം ഉണ്ടെങ്കില്‍,
ഈ നിയമങ്ങള്‍ നടപ്പാകും,
പന്തംകൊണ്ടും കുന്തംകൊണ്ടും
തകരുകയില്ലീ കേരള സര്‍ക്കാര്‍"".
അതേസമയം പ്രതീക്ഷാനിര്‍ഭരമായ ജനതയുടെ ഉറച്ച പ്രഖ്യാപനത്തിലാണ് ഈ മുദ്രാവാക്യം അവസാനിക്കുന്നത്.
59 ജൂലൈ 31ന് ഇ എം എസ് സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള ഉത്തരവ് വന്നു. ബാലറ്റിലൂടെ അധികാരത്തിലേറിയ ആദ്യ കമ്യൂണിസ്റ്റ് പാര്‍ടി മന്ത്രിസഭ ചരിത്രമായി. പുറത്തിറങ്ങിയ ഇ എം എസിനെ ജനങ്ങള്‍ നെഞ്ചിലേറ്റിയത്
"ഇനിയും കേരളം ഉണ്ടെങ്കില്‍,
ഇ എം എസ് ഭരിച്ചീടും,
വികസനം ഒന്നായി നടപ്പാക്കും,
കേരള ജനത ആഹ്ലാദിക്കും"" എന്നാണ്.
തുടര്‍ന്നുള്ള തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് വിരുദ്ധര്‍ ഒന്നിച്ചുനിന്നു.
"മുക്കൂട്ടില്ല മുന്നണിയില്ല,
ഒറ്റയ്ക്കാണേ സര്‍ക്കാരേ,
കൂട്ടിക്കെട്ടിയ മുന്നണി കണ്ടീ,
കൂറ്റന്‍ ചെങ്കൊടി താഴില്ല"".
എന്ന ഉറച്ച മുദ്രാവാക്യമാണ് അന്ന് കമ്യൂണിസ്റ്റുപാര്‍ടി പ്രവര്‍ത്തകരെ ആവേശഭരിതരാക്കിയത്. ഇ എം എസ് സര്‍ക്കാരിനെ അട്ടിമറിച്ച അച്ചുതണ്ടിനും പിന്നീട് സുസ്ഥിരഭരണം ഉണ്ടാക്കാനായില്ല.
"പത്താണ്ടിവിടെ പടയണി തുള്ളി,
ചുറ്റുവിളക്ക് തകര്‍ത്തവരെ,
പുത്തന്‍തലമുറ ഇന്നു കൊളുത്തിയ
കൈത്തിരി ഊതാന്‍ പോരേണ്ട"". എന്നായിരുന്ന അതിന്റെ മറുപടി.
അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം മുഴങ്ങി.
"ഇന്ത്യയാണ് ഇന്ദിര,
ഇന്ദിരയാണ് ഇന്ത്യ""
എന്ന പ്രചാരണങ്ങള്‍ക്കെതിരെ കോണ്‍ഗ്രസില്‍നിന്ന് തെറ്റിപ്പിരിഞ്ഞ പരിവര്‍ത്തനവാദികള്‍ എതിര്‍പ്രചാരണം നടത്തി
"ഇന്ത്യയെന്നാല്‍ ഇന്ദിരയല്ല,
ഇന്ദിരയെന്നാല്‍ ഇന്ത്യയുമല്ല,
ഇന്ദിരക്ക് തീറുകൊടുത്ത
ഭൂമിയല്ല ഭാരതം,
ഇന്ദിര കൊട്ടും താളംകേട്ട്
തുള്ളാനല്ല കോണ്‍ഗ്രസ്"".
തെരഞ്ഞെടുപ്പ് ഇന്ദിരാഗാന്ധിയും സഞ്ജയ്ഗാന്ധിയും പരാജയപ്പെട്ടു.അവര്‍ മത്സരിച്ച ചിഹ്നം പശുവും കിടാവുമായിരുന്നു. "പശുവും പോയി കിടാവും പോയി, ഗുണവും പോയി നിറവും പോയി"". ആ തെരഞ്ഞെടുപ്പ് ഫലത്തെ ജനങ്ങള്‍ ലളിതമായി വിലയിരുത്തി. രാഷ്ട്രീയ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട പോരാട്ടങ്ങളില്‍ കാലത്തെ അതിജീവിച്ച മുദ്രാവാക്യങ്ങളുണ്ട്. സര്‍ സി പി ഭരണത്തിനെതിരെ "അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍"" എന്നുവിളിച്ച് പുന്നപ്രയിലും വയലാറിലും സമരഭടന്മാര്‍ ജീവത്യാഗം ചെയ്തത്. പതിറ്റാണ്ടുകള്‍ക്ക് ശേഷവും അടിച്ചമര്‍ത്തലിനും അധിനിവേശത്തിനെതിരെ പ്രതിഷേധത്തിന്റെ കനലുകള്‍ നീറുകയാണ്. "അടിയന്തരാവസ്ഥ അറബിക്കടലില്‍, ആസിയന്‍ കരാര്‍ അറബിക്കടലില്‍"" എന്നിവ ഉദാഹരണം മാത്രം.
"രാജ്യത്തിന്റെ കരള്‍ പറിച്ച്
കടലിനക്കരെ എറിഞ്ഞവരെ,
ഇല്ല ചരിത്രം മാപ്പുതരില്ല,
മന്‍മോഹനും സോണിയയും,
മുഖര്‍ജി, ആന്റണിയും
സാമ്രാജ്യത്വ കാവല്‍ക്കാര്‍"".
നാടിനുവേണ്ടി പൊരുതിമരിച്ച രണധീരരുടെ സ്മരണകളിരമ്പുന്ന മുഹൂര്‍ത്തങ്ങളും തെരഞ്ഞെടുപ്പില്‍ വിഷയമാകാറുണ്ട്. പുന്നപ്ര, വയലാര്‍, കയ്യൂര്‍, കരിവെള്ളൂര്‍ തുടങ്ങിയ സമരങ്ങളും പ്രവര്‍ത്തകരെ ആവേശഭരിതമാക്കുന്നു.
"കറുത്ത വന്‍കര കടന്നു കത്തും,
തീപ്പന്തം നീ മണ്ടേല.
"പോരാട്ടങ്ങള്‍ നിലയ്ക്കുന്നില്ല,
കാലത്തിന്റെ ചരിത്രത്തിന്റെ വാള്‍മുനയൊട്ടു മടങ്ങുന്നില്ല"". എന്ന് ആവേശം സാര്‍വദേശീയമാനവും കൈക്കൊള്ളാറുണ്ട്.
*
കെ ടി രാജീവ്, പയ്യന്നൂര്‍ കുഞ്ഞിരാമന്‍ കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ് 03 ഏപ്രില്‍ 2011
Subscribe to:
Post Comments (Atom)
1 comment:
ഓരോ മുദ്രാവാക്യവും ഒരു ഓര്‍മപ്പെടുത്തലാണ്. പോയകാലത്തിന്റെയും വര്‍ത്തമാനത്തിന്റെയും മുദ്രകള്‍, ഭാവിയെ എങ്ങനെ മുദ്രിതമാക്കണമെന്നതിന്റെ ഉത്തരങ്ങള്‍. ജനാധിപത്യത്തിന്റെ തുടര്‍ച്ചയിലേക്കോ ഇടര്‍ച്ചയിലേക്കോ വഴിതുറക്കുന്ന തെരഞ്ഞെടുപ്പുവേളകള്‍ മലയാളികളെ കോരിത്തരിപ്പിക്കുന്ന മുദ്രാവാക്യങ്ങളുടെയും കാലമാണ്. പ്രവര്‍ത്തകരെ ആവേശക്കൊടുമുടിയിലേറ്റുകയും നാടിന് നേര്‍ക്കാഴ്ച നല്‍കുകയും ചെയ്ത മുദ്രാവാക്യങ്ങളും ഗീതങ്ങളും കാലത്തിന്റെ കയ്യൊപ്പായി കേരളീയരുടെ മനസിലുണ്ട്. സംഗീതവും സാഹിത്യവും ഇഴചേര്‍ന്ന, ചിരിയുടെ തിളക്കവും ചിന്തയുടെ വെളിച്ചവുമുള്ള മുദ്രാവാക്യങ്ങളും മുദ്രാഗീതങ്ങളും ഭാഷക്ക് ജനകീയമുഖം നല്‍കി. നവംനവങ്ങളും അര്‍ഥസമ്പുഷ്ടവുമായ പദാവലികൊണ്ട് മലയാളത്തെ സമ്പന്നമാക്കിയ ഇടതുപക്ഷത്തിന്റെ സാംസ്കാരിക സംഭാവനകൂടിയാണ് അവ.
Post a Comment