എല്ലാ വര്‍ഗീയതയ്ക്കുമെതിരെ സന്ധിയില്ലാത്ത നിലപാടെടുത്തു എന്നതുമാത്രമല്ല, ഒരു മതവിഭാഗത്തെയും അര്‍ഹമായ പരിഗണന നല്‍കുന്നതില്‍നിന്ന് മാറ്റിനിര്‍ത്തിയില്ല എന്നതുകൂടിയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ സവിശേഷത. വര്‍ഗീയത എന്ന വിപത്തിനെതിരായ പോരാട്ടത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ എല്‍ഡിഎഫ് തയ്യാറല്ല. അക്കാര്യത്തില്‍ ഞങ്ങളും യുഡിഎഫും രണ്ടു ധ്രുവങ്ങളിലാണ്.
മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലം വര്‍ഗീയതകളുടെ വിളയാട്ടകാലമായിരുന്നു. അഖിലേന്ത്യാതലത്തിലായാലും കേരളത്തിലായാലും വര്‍ഗീയതയെ മുന്‍നിര്‍ത്തി വോട്ടുനേടുക എന്ന കോണ്‍ഗ്രസ് സമീപനത്തിന്റെ ഫലമായാണ് രാജ്യത്ത് അപകടകരമാംവിധം വര്‍ഗീയശക്തികള്‍ വളര്‍ന്നത്. പഞ്ചാബില്‍ സിഖ് തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ച് ഭിന്ദ്രന്‍വാലയെ പാലൂട്ടി വളര്‍ത്തിയ കോണ്‍ഗ്രസ് ഒടുവില്‍ ആ വിഷപ്പാമ്പില്‍നിന്നുതന്നെ ദംശനമേറ്റ് അപകടത്തില്‍ പെട്ടത് പെട്ടെന്ന് മറക്കാവുന്ന അനുഭവമല്ല. എന്നാല്‍, അത്തരം കഠിനമായ അനുഭവംപോലും മറന്ന് എല്ലാ കാലത്തും വര്‍ഗീയ കാര്‍ഡ് അവര്‍ പുറത്തെടുക്കുന്നു.
കേരളത്തിലെ യുഡിഎഫ് സംവിധാനത്തിന് രാഷ്ട്രീയമായതല്ല, വര്‍ഗീയമായ അടിത്തറയാണുള്ളത്. ഹിന്ദു വര്‍ഗീയ വോട്ടുകള്‍ പണംകൊടുത്തുവാങ്ങാനും അവിശുദ്ധ സഖ്യങ്ങളിലൂടെ കരസ്ഥമാക്കാനും ശ്രമിക്കുമ്പോള്‍തന്നെ ഇസ്ളാമിക-ക്രൈസ്തവ വര്‍ഗീയതകളെ കൂട്ടിപ്പിടിക്കാനും ഒരേസമയം യുഡിഎഫിന് കഴിയുന്നു. വര്‍ഗീയതയ്ക്കും തീവ്രവാദത്തിനും വഴങ്ങി സര്‍ക്കാര്‍ സംവിധാനം ദുരുപയോഗപ്പെടുത്തുക; അതിന് മറയിടാന്‍ ബൂര്‍ഷ്വാ മാധ്യമങ്ങളുടെ സഹായം തേടുക-ഈ രീതിയാണ് യുഡിഎഫ് ഭരിച്ച ഘട്ടങ്ങളിലെല്ലാം പിന്തുടര്‍ന്നത്.
വര്‍ഗീയ കലാപങ്ങള്‍ ഇല്ലാത്ത സംസ്ഥാനം എന്ന പേര് കേരളത്തിന് നഷ്ടപ്പെടുത്തിയത് യുഡിഎഫ് ഭരണകാലത്താണ്. എല്ലാ വര്‍ഗീയതകളെയും രാഷ്ട്രീയലാഭത്തിനു വേണ്ടി പ്രോത്സാഹിപ്പിക്കുക എന്ന സമീപനത്തിന്റെ ഫലമായി മുന്‍ യുഡിഎഫ് ഭരണകാലത്ത് 121 വര്‍ഗീയ സംഘട്ടനങ്ങളാണ് കേരളത്തില്‍ നടന്നത്. ഇതില്‍ 18 പേര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റവര്‍ 250 പേരാണ്. 22 ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടു.
രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഏതു വര്‍ഗീയതയുമായും ബന്ധം സ്ഥാപിക്കുന്നതിനും യുഡിഎഫിന് മടിയില്ല. ബിജെപിയുമായി ചേര്‍ന്ന് പാര്‍ലമെന്റ്-നിയമസഭാ തെരഞ്ഞെടുപ്പുകളെ നേരിട്ട അനുഭവം യുഡിഎഫിനുണ്ട്. വടകര-ബേപ്പൂര്‍ മോഡല്‍ യുഡിഎഫ് കേരളത്തില്‍ നടത്തിയ വര്‍ഗീയ രാഷ്ട്രീയത്തിന്റെ വലിയ പരീക്ഷണമായിരുന്നു. അന്ന്, വിചിത്രമായ സഖ്യത്തിന്റെ തനിനിറം തിരിച്ചറിഞ്ഞ് ജനങ്ങള്‍ അതിനെ തിരസ്കരിച്ചു.
വര്‍ഗീയശക്തികള്‍ക്കെതിരെ പ്രതികരിച്ചാല്‍ വോട്ട് പോകും എന്ന കാഴ്ചപ്പാടാണ് യുഡിഎഫിന്. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച കൈവെട്ടു സംഭവത്തെപ്പോലും അപലപിക്കാന്‍ അവര്‍ക്കു ത്രാണിയില്ലാതെ പോയത് അത്തരമൊരു സമീപനംകൊണ്ടാണ്. വര്‍ഗീയപ്രശ്നങ്ങള്‍ ഉടലെടുക്കുമ്പോഴെല്ലാം ഒഴിഞ്ഞുമാറുകയോ നിസ്സംഗത പുലര്‍ത്തുകയോ ചെയ്തിട്ടേയുള്ളൂ കോണ്‍ഗ്രസ്.
മുസ്ളിം സംഘടനകളുടെ ഏകീകരണത്തിലൂടെ വോട്ടുകള്‍ വെട്ടിപ്പിടിക്കാന്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ളിം ലീഗ് പരസ്യമായ ശ്രമം നടത്തിയിരുന്നു. അധികാരം നേടാന്‍ ആര്‍ക്കുമുന്നിലും നട്ടെല്ലുവളയ്ക്കുകയും കച്ചവട രാഷ്ട്രീയത്തിന്റെ നടത്തിപ്പുകാരായി മാറുകയുംചെയ്ത ലീഗിന്റെ താല്‍പ്പര്യങ്ങള്‍ മനസിലാക്കിയ സംഘടനകള്‍ ആ വഴിയില്‍നിന്ന് ഒഴിഞ്ഞുമാറുകയാണുണ്ടായത്. കേരളാ കോണ്‍ഗ്രസുകളുടെ ലയനം സഭയുടെ ഇടപെടലിന്റെ ഫലമാണെന്ന പി ജെ ജോസഫിന്റെ വെളിപ്പെടുത്തലിലും വര്‍ഗീയതയിലൂടെ വോട്ട് സമാഹരിക്കാനുള്ള യുഡിഎഫ് നയംതന്നെയാണ് തെളിഞ്ഞത്.
ഇങ്ങനെയൊക്കെയായിട്ടും യുഡിഎഫ് ഭരണത്തില്‍ മതവിശ്വാസികള്‍ സുരക്ഷിതരായിരുന്നില്ല. ആലുവ സെന്റ്പീറ്റേഴ്സ് പള്ളിയില്‍ അതിക്രമിച്ചു കടന്ന് വൈദികരെയും കന്യാസ്ത്രീകളെയും വൃദ്ധരെയുമടക്കം നൂറുകണക്കിന് വിശ്വാസികളെ പൊലീസ് തല്ലിച്ചതച്ച അനുഭവം യുഡിഎഫ് ഭരണകാലത്താണുണ്ടായത്. മാറാട്ടെ അനുഭവം കേരളത്തിലെ ജനങ്ങള്‍ എങ്ങനെ മറക്കും?
മതവിശ്വാസികളെ ആക്രമിക്കുകയും വര്‍ഗീയവാദികളെ തലോടുകയുംചെയ്യുന്ന യുഡിഎഫിനെ സംരക്ഷിക്കാനുള്ള ദൌത്യമാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെതിരായ വമ്പന്‍ നുണപ്രചാരണത്തിലൂടെ ഏതാനും മാധ്യമങ്ങളുടെ പങ്കാളിത്തത്തോടെ നിര്‍വഹിക്കപ്പെട്ടത്. അത് ആവര്‍ത്തിക്കാനാണ് പുതിയ വിവാദത്തിന് വഴിമരുന്നിട്ടുകൊണ്ട് യുഡിഎഫ് വീണ്ടും ശ്രമിക്കുന്നത്.
ഏതെങ്കിലുമൊരു വര്‍ഗീയതയെ മറ്റൊരു വര്‍ഗീയതകൊണ്ട് പ്രതിരോധിക്കാനാവില്ല എന്നും വര്‍ഗീയതയ്ക്കെതിരെ മതനിരപേക്ഷ ശക്തികളുടെ കൂട്ടായ്മയാണ് ഉയര്‍ന്നുവരേണ്ടത് എന്നുമുള്ള നിലപാടാണ് എല്‍ഡിഎഫിന്റേത്. വിശ്വാസത്തിന്റെ പേര് പറഞ്ഞ് സ്ഥാപിതതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന വര്‍ഗീയശക്തികളുടെ കൂടാരമാണ് യുഡിഎഫ്. അത്തരക്കാരുടെ കൈകളിലേക്ക് സംസ്ഥാനത്തിന്റെ അധികാരം എത്തിക്കൂടാ. ജാതി-മത ശക്തികള്‍ക്ക് കേരളത്തിന്റെ പൊതുജീവിതം തീറെഴുതിക്കൊടുക്കാനുള്ള യുഡിഎഫ് നയങ്ങള്‍ക്കെതിരായ വിധിയെഴുത്താണ്; വര്‍ഗീയ-തീവ്രവാദ-പിന്തിരിപ്പന്‍ ശക്തികളുടെ കൂട്ടായ്മയായ യുഡിഎഫിനെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്താനുള്ള വിധിയെഴുത്താണ് ഈ തെരഞ്ഞെടുപ്പില്‍ കേരളജനതയില്‍നിന്ന് മതനിരപേക്ഷവിശ്വാസികളാകെ ആഗ്രഹിക്കുന്നത്. ആ ചുവരെഴുത്ത് മനസിലാക്കിയപ്പോഴുണ്ടായ വെപ്രാളമാണ് ജമാ അത്തെ ഇസ്ളാമിയെ ബന്ധപ്പെടുത്തി വിവാദങ്ങളുയര്‍ത്തുന്നവരുടേത്.
കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുണ തേടി ജമാ അത്തെ ഇസ്ളാമി നേതൃത്വത്തെ സമീപിച്ചിട്ടുണ്ട് എന്ന വാര്‍ത്തയില്‍നിന്നുതന്നെ വിവാദസ്രഷ്ടാക്കളുടെ ഉദ്ദേശലക്ഷ്യങ്ങള്‍ മനസിലാക്കാവുന്നതേയുള്ളൂ. അത്തരമൊരു വിവാദത്തിന് ചുറ്റും തെരഞ്ഞെടുപ്പ് ചര്‍ച്ചയെ തളച്ചിടാന്‍ ശ്രമിക്കുന്നവരോട് സഹതപിക്കുകയേ നിര്‍വാഹമുള്ളൂ. യുഡിഎഫിന്റെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന അത്തരക്കാര്‍ തെളിക്കുന്ന വഴിയിലൂടെയല്ല കേരളത്തിന്റെ മനസ്സ് സഞ്ചരിക്കുന്നത് എന്നുമാത്രം ഓര്‍മിപ്പിക്കട്ടെ.
*****
പിണറായി വിജയൻ, കടപ്പാട് : ദേശാഭിമാനി 06042011
Subscribe to:
Post Comments (Atom)
1 comment:
എല്ലാ വര്‍ഗീയതയ്ക്കുമെതിരെ സന്ധിയില്ലാത്ത നിലപാടെടുത്തു എന്നതുമാത്രമല്ല, ഒരു മതവിഭാഗത്തെയും അര്‍ഹമായ പരിഗണന നല്‍കുന്നതില്‍നിന്ന് മാറ്റിനിര്‍ത്തിയില്ല എന്നതുകൂടിയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ സവിശേഷത. വര്‍ഗീയത എന്ന വിപത്തിനെതിരായ പോരാട്ടത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ എല്‍ഡിഎഫ് തയ്യാറല്ല. അക്കാര്യത്തില്‍ ഞങ്ങളും യുഡിഎഫും രണ്ടു ധ്രുവങ്ങളിലാണ്.
Post a Comment