ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തില്‍ തിരുമേനിയോട് ആദരവ് ഉള്ളവനാണ് ഞാന്‍. കാഴ്ചപ്പാടുകളിലും നിലപാടുകളിലും വിയോജിപ്പുള്ളപ്പോള്‍ കലവറ കൂടാതെ അത് തുറന്ന് പറയുന്നതില്‍ അദ്ദേഹം പ്രകടിപ്പിക്കുന്ന ആര്‍ജവമാണ് ഈ ആദരവിന് അടിസ്ഥാനം. സ്തോഭപ്രകടനങ്ങള്‍ ഒന്നുമില്ലാതെ തനിക്ക് പറയാനുള്ളതെല്ലാം അദ്ദേഹം പറയാറുണ്ട്. പലപ്പോഴും ഇടതുപക്ഷത്തെക്കുറിച്ച് പൗവ്വത്തില്‍ തിരുമേനി ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ ഏതോ ചില മുന്‍വിധികള്‍ മൂലം ഉണ്ടാകുന്നതല്ലേ എന്ന് തോന്നിയിട്ടുണ്ട്. സഭയുടെയും വിശ്വാസികളുടെയും മുമ്പിലുള്ള മൗലിക ധര്‍മം ഇടതുപക്ഷ വിരോധമാണെന്ന് അദ്ദേഹം ചിന്തിക്കുന്നുണ്ടോ? പുതിയ ജീവിത യാഥാര്‍ഥ്യങ്ങള്‍ വിശ്വാസികളും ഇടതുപക്ഷക്കാരുമടങ്ങുന്ന സമൂഹത്തിനു മുമ്പില്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച് അദ്ദേഹത്തെപ്പോലെ പരിണതപ്രജ്ഞനായ ഒരാള്‍ കുറേക്കൂടി സംയമനത്തോടെ വിലയിരുത്തണമെന്നാണ് എന്നെപ്പോലെയുള്ളവര്‍ ആഗ്രഹിക്കുന്നത്. പരസ്പര ബഹുമാനം പുലര്‍ത്തിക്കൊണ്ടുള്ള അത്തരം അന്വേഷണവും കണ്ടെത്തലും നീതിനിഷ്ഠമായ സമൂഹസൃഷ്ടിക്ക് തീര്‍ച്ചയായും സഹായകമാകും.
ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ നേതാക്കളായ സി.കെ. ചന്ദ്രപ്പനും കോടിയേരി ബാലകൃഷ്ണനും ബിഷപ്പുമാരെ സന്ദര്‍ശിച്ചതിനെക്കുറിച്ചുള്ള പൗവ്വത്തില്‍ തിരുമേനിയുടെ പ്രതികരണം പത്രങ്ങളില്‍ വായിച്ചു. അരുതാത്തതെന്തോ സംഭവിച്ചുവെന്ന മട്ടിലാണ് അദ്ദേഹം ആ കൂടിക്കാഴ്ചകളെ സമീപിച്ചത്. രാഷ്ട്രീയ തന്ത്രമായാണ് അദ്ദേഹം ഇത്തരം ചര്‍ച്ചകളെ വിലയിരുത്തുന്നത്. കേരളീയ സമൂഹത്തിലെ അനിഷേധ്യ യാഥാര്‍ഥ്യങ്ങളായ വിശ്വാസികള്‍ക്കും ഇടതുപക്ഷക്കാര്‍ക്കും ഇടയില്‍ ''രാഷ്ട്രീയ തന്ത്രത്തിന്റെ അകമ്പടിയില്ലാത്ത ഒരാശയവിനിമയം പോലും സാധ്യമല്ലെന്ന്'' പൗവ്വത്തില്‍ തിരുമേനി വാദിക്കുന്നത് കഷ്ടംതന്നെയാണ്. മനുഷ്യജീവിതങ്ങളെ ഇഹലോകത്തില്‍ ബാധിക്കുന്ന ജീവിതസങ്കടങ്ങള്‍ നിരവധിയാണ്. അവയുടെ കാരണങ്ങളും പരിഹാരങ്ങളും തേടുന്നതില്‍ വിവിധ വിശ്വാസഗതികളില്പ്പെട്ടവര്ക്ക് വ്യത്യസ്തങ്ങളായ സമീപനങ്ങള്‍ ഉണ്ടാകും. ആ വ്യത്യാസങ്ങള്‍ ഉള്ളപ്പോഴും അവര്‍ തമ്മില്‍ കൂടിക്കാണുന്നതില്‍ എന്താണ് തെറ്റ്?
'ഡയലോഗ്' അഥവാ ആശയസംവാദം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്ന് ഇന്ന് ലോകം വിശ്വസിക്കുന്നു. അതിനായി എല്ലാ കവാടങ്ങളും തുറന്നുവെക്കണമെന്ന്, മാനവരാശിയുടെ ഭാവിയെപ്പറ്റിയുള്ള ഉത്കണ്ഠകള്‍ എല്ലാവരോടും ആവശ്യപ്പെടുന്നു. എന്നിട്ടും അതേപ്പറ്റിയെല്ലാം തികഞ്ഞബോധ്യമുള്ള പൗവ്വത്തില്‍ തിരുമേനി അന്വേഷിക്കുവാനും കണ്ടെത്തുവാനുമുള്ള സംവാദത്തിന്റെ വാതിലുകളെല്ലാം കൊട്ടിയടയ്ക്കാന്‍ നിര്‍ബന്ധം പിടിക്കുന്നതെന്തിനാണ്? ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തില്‍ പുതിയ കാലത്തിന്റെയും ലോകത്തിന്റെയും സ്പന്ദനങ്ങള്‍ അറിയാത്ത ഒരാളല്ല. അദ്ദേഹം 'ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എഡ്യുക്കേഷ'ന്റെ ചെയര്‍മാനാണ്. അതുകൊണ്ടുതന്നെ എനിക്കുറപ്പാണ്, വിശ്വാസതലങ്ങളില്‍ ലോകത്ത് സംഭവിക്കുന്ന ചലനങ്ങള്‍ അദ്ദേഹം തീര്‍ച്ചയായും ശ്രദ്ധിക്കുന്നുണ്ടാവും. ബെനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ 'സത്യത്തിന് സ്നേഹം' (Cartias in Veritate) എന്ന ചാക്രികലേഖനം അദ്ദേഹം തലനാരിഴ കീറി പഠിച്ചിട്ടുണ്ടാകുമല്ലോ. എല്ലാ ഇടയലേഖനങ്ങളേക്കാളും വലിയ ആ ഇടയലേഖനം അറിയാനുള്ള ആകാംക്ഷയോടുകൂടി വായിച്ച ഒരു ഇടതുപക്ഷ രാഷ്ട്രീയപ്രവര്‍ത്തകനാണ് ഞാന്‍. മാര്‍പാപ്പയുടെ ചാക്രികലേഖനത്തില്‍ 'മനുഷ്യകുടുംബത്തിന്റെ സഹകരണം' എന്ന തലക്കെട്ടുള്ള 5-ാം അധ്യായം ശ്രദ്ധേയമാണെന്നു തോന്നുന്നു.
''ഇന്ന് മാനവരാശി മുന്‍കാലങ്ങളേക്കാള്‍ പരസ്പരം ഇടപഴകുന്നതായി കാണുന്നു. പരസ്പരം പുലര്‍ത്തുന്ന ഈ അടുപ്പത്തിന്റെ ആര്‍ജിത അനുഭവത്തെ യഥാര്‍ഥ സാമൂഹിക കൂട്ടായ്മയായി മാറ്റിയെടുക്കേണ്ടിയിരിക്കുന്നു.'' ഈ നിലപാടിനോട് ആര്‍ക്കാണ് വിയോജിക്കാനാവുക? പരസ്പരം ഇടപഴകാനും അറിയാനും അതിലൂടെ സാധ്യമായത്ര കൂട്ടായ്മകള്‍ വളര്‍ത്തിയെടുക്കാനുമുള്ള സഭയുടെ ഉദാത്ത ഗംഭീരമായ ആഹ്വാനമായാണ് എന്നെപ്പോലുള്ളവര്‍ ആ നിലപാടിനെ കാണുന്നത്. അതിനര്‍ഥം ഈ കൂട്ടായ്മയില്‍ കൈകോര്‍ക്കുന്നവര്‍ അവരുടെ ദാര്‍ശനിക നിലപാടുകളിലെല്ലാം മായം ചേര്‍ക്കണമെന്നല്ല. അവരെല്ലാം 'തന്ത്രപരമായ' ഏതെങ്കിലും കൗശലങ്ങളുടെ കാര്യസ്ഥന്മാരാകണമെന്നുമല്ല. ഇത്തരം കൂടിക്കാഴ്ചകളും ആശയസംവാദങ്ങളും നടക്കേണ്ടത് മനുഷ്യരാശിയെ അഭിമുഖീകരിക്കുന്ന സാമൂഹികവും സാമ്പത്തികവും ധാര്‍മികവുമായ പ്രതിസന്ധികളുടെ പശ്ചാത്തലത്തിലാണ്.
ഈ പ്രതിസന്ധികളെപ്പറ്റി തിരുസഭയുടെ വലിയ ഇടയനായ ബെനഡിക്ട് 16-ാമന്‍ തന്റെ ചാക്രികലേഖനത്തില്‍ ആശയസ്ഫുടതയോടെ ചര്‍ച്ചചെയ്യുന്നുണ്ട്. ''ആനുകാലിക പ്രതിസന്ധി നമ്മുടെ യാത്രാപഥങ്ങളെ പുനഃക്രമീകരിക്കാന്‍ നിര്‍ബന്ധിക്കുന്നു. പുതിയ ചട്ടങ്ങള്‍ ഉണ്ടാക്കുവാനും പ്രതിബദ്ധതയുടെ പുതിയ രൂപങ്ങള്‍ കണ്ടെത്തുവാനും നേരായ അനുഭവങ്ങളെ ശക്തിപ്പെടുത്തുവാനും നിഷേധാത്മകമായവയെ നിരാകരിക്കുവാനും ഈ പ്രതിസന്ധി നമ്മോട് ആവശ്യപ്പെടുന്നു'' (Caritas in Veritate-page 33) അഭിവന്ദ്യനായ മാര്‍പാപ്പയുടെ ഇത്തരം വീക്ഷണങ്ങള്‍ മേല്‍പ്പറഞ്ഞ ചാക്രികലേഖനത്തില്‍ വേണ്ടുവോളം ഉണ്ട്. അതുകൊണ്ട് ക്രിസ്തീയവിശ്വാസികള്‍ക്ക് എന്നപോലെതന്നെ ഇടതുപക്ഷക്കാര്‍ക്കും അത് പ്രയോജനം ചെയ്യും.
'സത്യത്തിന് സ്നേഹം' പ്രതിപാദിക്കുന്ന പ്രതിസന്ധികളൊന്നും യാദൃച്ഛികമായി പൊട്ടിവീണതല്ല. ആഗോളീകരണ കാലഘട്ടത്തിന്റെ സാമ്പത്തിക-രാഷ്ട്രീയ നയങ്ങളുമായി അത് കെട്ടുപിണഞ്ഞുകിടക്കുന്നു. യഥാര്‍ഥത്തില്‍ ആ നയങ്ങളുടെ സന്തതിയാണ് ഇന്നത്തെ പ്രതിസന്ധികള്‍. 'മാനവിക വികസനം നമ്മുടെ കാലഘട്ടത്തില്‍' എന്ന അധ്യായത്തില്‍ ബെനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ഈ വിഷയങ്ങളിലുള്ള സഭയുടെ കാഴ്ചപ്പാടാണ് വിശദമാക്കുന്നത്.
വിശ്വാസങ്ങളുടെ പേരില്‍ സഭ കമ്യൂണിസ്റ്റുകാരെ എന്നും വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍, മുതലാളിത്തത്തിന്റെ കണ്ണില്‍ ചോരയില്ലാത്ത വികസനതന്ത്രങ്ങളെപ്പറ്റി ഇത്രയും നിശിതമായും ആശയവ്യക്തതയോടെയും സഭയുടെ വലിയ ഇടയന് വിമര്‍ശിക്കുന്നത് അത്ര സാധാരണമല്ല. വിശ്വാസികള്‍ അടക്കമുള്ള സമൂഹത്തിലെ മനുഷ്യര്‍ നേരിടുന്ന ജീവിതപ്രയാസങ്ങളും ധര്മസങ്കടങ്ങളുംതന്നെയാണ് ക്രിസ്തീയസഭയെ ഇങ്ങനെ ചിന്തിപ്പിക്കുന്നത്. ബെനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ഇങ്ങനെ പറയുന്നു-''ലാഭം മാത്രമാണ് ഏകലക്ഷ്യമെന്നു വന്നാല്‍, പൊതുനന്മയെ വിസ്മരിച്ചുകൊണ്ട് തെറ്റായ വഴിയിലൂടെ അത് നേടുകയാണ് ആത്യന്തികതാത്പര്യമെന്നുവന്നാല്, അത് സമ്പത്തിന്റെ നാശത്തിലേക്കും ദാരിദ്ര്യത്തിന്റെ സൃഷ്ടിയിലേക്കും സമൂഹത്തെ നയിക്കും''. ലാഭം ദൈവം കണക്കെ വാഴ്ത്തപ്പെടുകയും ആ ദൈവം വാഴുന്ന ദേവാലയങ്ങളായി കമ്പോളങ്ങള്‍ മാറുകയും ചെയ്യുന്ന ഇന്നത്തെ ലോകസാഹചര്യങ്ങളില്‍ മാര്‍പാപ്പയുടെ വാക്കുകളെ നാം എങ്ങനെയാണ് മനസ്സിലാക്കേണ്ടത്? ആ മനസ്സിലാക്കലുമായി ബന്ധപ്പെട്ട അന്വേഷണങ്ങളില്‍നിന്ന് എങ്ങനെയാണ് അര്‍ഥപൂര്‍ണമായ രാഷ്ട്രീയസംവാദങ്ങളെ മാറ്റിനിര്‍ത്താന്‍ കഴിയുക? അധ്വാനിക്കുന്നവരോടും ഭാരം ചുമക്കുന്നവരോടും തന്റെ പക്ഷപാതിത്വം ചങ്കുറപ്പോടെ വിളിച്ചുപറഞ്ഞ ക്രിസ്തുവിന്റെ വഴികളില്‍ പാവങ്ങള്‍ക്കുവേണ്ടിയുള്ള സഹകരണപ്രതീക്ഷകള്ക്ക് എന്നും സ്ഥാനമുണ്ടാകേണ്ടതല്ലേ?
ഏതെങ്കിലും പ്രത്യേക പ്രശ്നത്തില്‍ ഇടതുപക്ഷവും ക്രിസ്തീയസഭയും തമ്മില്‍ അഭിപ്രായഭേദങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍, അവയുടെപേരില്‍ സഭയും ഇടതുപക്ഷവും തമ്മില്‍ നിതാന്തശത്രുത ഉണ്ടെന്നവാദം ഇന്നത്തെ ലോകയാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കുന്നതല്ല.
എഴുപതുകളിലും എണ്‍പതുകളിലും ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വേരുറച്ച 'വിമോചന ദൈവശാസ്ത്രം' (Liberation Theology) ഉണ്ടാക്കിയ ചലനങ്ങള്‍ ചരിത്രത്തില്‍നിന്ന് മാഞ്ഞുപോകുകയില്ല. സാമ്രാജ്യത്വവിരുദ്ധ വിമോചനപ്പോരാളികള്‍ക്കൊപ്പം വൈദികരും കന്യാസ്ത്രീകളും കൈകോര്‍ത്തതിന്റെ അനുഭവങ്ങള്‍ അന്ന് ലോകം കണ്ടതാണ്. നിക്കരാഗ്വയിലെ 'സാന്റിനിസ്റ്റ വിപ്ലവ ഗവണ്മെന്റി'ല്‍ മന്ത്രിസ്ഥാനം വഹിച്ചിരുന്ന ഏണസ്റ്റോ കര്‍ദിനാളിനെ നേരില്‍ കണ്ടതിന്റെ ആവേശത്തുടിപ്പുകള്‍ എന്റെ മനസ്സില്‍നിന്ന് ഇന്നും മാഞ്ഞുപോയിട്ടില്ല. 'വിമോചന ദൈവശാസ്ത്രം' ഒരു ചരിത്രകാലഘട്ടത്തിന്റെ സൃഷ്ടിയാണ്. അന്നത്തെ രൂപത്തിലും ഭാവത്തിലും അത് ഇന്നില്ല. എന്നാല്‍ നിന്ദിതരോടും പീഡിതരോടുമുള്ള ക്രൈസ്തവ വിശ്വാസത്തിന്റെ പക്ഷപാതിത്വങ്ങള്‍ മുമ്പ് ഏത് കാലത്തേക്കാളും ഇന്ന് പ്രസക്തമാണ്. ചാക്രികലേഖനത്തില്‍ ഒരു ഭാഗത്ത് ഇങ്ങനെ വായിക്കാം-''എല്ലാവരേയും, പ്രത്യേകിച്ച് ലോകത്തിന്റെ സാമൂഹിക-സാമ്പത്തിക ആസ്തികള്‍ വികസിപ്പിക്കാന്‍ പാടുപെടുന്ന ഗവണ്മെന്റുകളെ ഒരു കാര്യം ഓര്മപ്പെടുത്താന് ഞാന്‍ ആഗ്രഹിക്കുന്നു. വിലമതിക്കപ്പെടേണ്ടതും സംരക്ഷിക്കപ്പെടേണ്ടതുമായ പ്രാഥമിക മൂലധനം മനുഷ്യനാണ്. അവന്റെയോ അവളുടെയോ ഉദ്ബുദ്ധതയോടുകൂടിയ മനുഷ്യ വ്യക്തിത്വമാണ് സംരക്ഷിക്കപ്പെടേണ്ടത്. സാമ്പത്തിക സാമൂഹിക ജീവിതത്തിന്റെ ഉറവിടവും ലക്ഷ്യവും കേന്ദ്രവും മനുഷ്യന് തന്നെ.'' ഈ കാഴ്ചപ്പാട് ഇടതുപക്ഷവും വിശ്വാസികളും തമ്മില്‍ വളര്‍ന്നുവരേണ്ട ആശയസംവാദത്തിന്റെ അടിത്തറയാകാന്‍ പോന്നതാണെന്ന് ഞാന്‍ പറഞ്ഞാല്‍ എന്നോട് പൗവ്വത്തില്‍ തിരുമേനി വിയോജിക്കുകയില്ലെന്ന് വിശ്വസിക്കുന്നു.
ക്രിസ്തീയ ഭൂരിപക്ഷമുള്ള ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലാകെ നടക്കുന്ന രാഷ്ട്രീയ ചലനങ്ങള്‍ നമുക്ക് വായിക്കാം. ബ്രസീല്‍ ഉദാഹരണമാണ്. അവിടെ ജനസംഖ്യയില്‍ മഹാഭൂരിപക്ഷവും ക്രിസ്തുമത വിശ്വാസികളാണ്. ബ്രസീലിലെ തിരഞ്ഞെടുപ്പില്‍ അമേരിക്കന്‍ കുത്തിത്തിരിപ്പുകളെ തൃണവദ്ഗണിച്ചുകൊണ്ട് ജനങ്ങള്‍ ഇടതുപക്ഷത്തെ വോട്ടുചെയ്ത് വിജയിപ്പിച്ചു. ഇന്നത്തെ ലോകത്തിലെ ഇത്തരം അനുഭവങ്ങളില്‍ നിന്ന് കേരളത്തിലെ വിശ്വാസികള്‍ക്കും ഇടതുപക്ഷത്തിനും വിലപ്പെട്ട പാഠങ്ങള്‍ പഠിക്കാനുണ്ട്. ഇടതുപക്ഷനേതാക്കള്‍ സഭാമേലധ്യക്ഷന്മാരുമായി കൂടിക്കാണുമ്പോഴെല്ലാം ഈ പഠനപ്രക്രിയയാണ് വാസ്തവത്തില്‍ സംഭവിക്കുന്നത്. അസഹിഷ്ണുതയും മുന്‍വിധിയും കൂടാതെ നമുക്കതിനെ മനസ്സിലാക്കാന്‍ ശ്രമിക്കാം.
*****
ബിനോയ് വിശ്വം. കടപ്പാട് : മാതൃഭൂമി
Friday, April 15, 2011
ഇടതുപക്ഷ നേതാക്കള്‍ ബിഷപ്പുമാരെ കാണുമ്പോള്‍...
Subscribe to:
Post Comments (Atom)
3 comments:
ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തില്‍ തിരുമേനിയോട് ആദരവ് ഉള്ളവനാണ് ഞാന്‍. കാഴ്ചപ്പാടുകളിലും നിലപാടുകളിലും വിയോജിപ്പുള്ളപ്പോള്‍ കലവറ കൂടാതെ അത് തുറന്ന് പറയുന്നതില്‍ അദ്ദേഹം പ്രകടിപ്പിക്കുന്ന ആര്‍ജവമാണ് ഈ ആദരവിന് അടിസ്ഥാനം. സ്തോഭപ്രകടനങ്ങള്‍ ഒന്നുമില്ലാതെ തനിക്ക് പറയാനുള്ളതെല്ലാം അദ്ദേഹം പറയാറുണ്ട്. പലപ്പോഴും ഇടതുപക്ഷത്തെക്കുറിച്ച് പൗവ്വത്തില്‍ തിരുമേനി ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ ഏതോ ചില മുന്‍വിധികള്‍ മൂലം ഉണ്ടാകുന്നതല്ലേ എന്ന് തോന്നിയിട്ടുണ്ട്. സഭയുടെയും വിശ്വാസികളുടെയും മുമ്പിലുള്ള മൗലിക ധര്‍മം ഇടതുപക്ഷ വിരോധമാണെന്ന് അദ്ദേഹം ചിന്തിക്കുന്നുണ്ടോ? പുതിയ ജീവിത യാഥാര്‍ഥ്യങ്ങള്‍ വിശ്വാസികളും ഇടതുപക്ഷക്കാരുമടങ്ങുന്ന സമൂഹത്തിനു മുമ്പില്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച് അദ്ദേഹത്തെപ്പോലെ പരിണതപ്രജ്ഞനായ ഒരാള്‍ കുറേക്കൂടി സംയമനത്തോടെ വിലയിരുത്തണമെന്നാണ് എന്നെപ്പോലെയുള്ളവര്‍ ആഗ്രഹിക്കുന്നത്. പരസ്പര ബഹുമാനം പുലര്‍ത്തിക്കൊണ്ടുള്ള അത്തരം അന്വേഷണവും കണ്ടെത്തലും നീതിനിഷ്ഠമായ സമൂഹസൃഷ്ടിക്ക് തീര്‍ച്ചയായും സഹായകമാകും.
കൃസ്ത്യാനികള്‍ ഇടതുപക്ഷത്തിനെതിരാണന്ന് എനിക്ക് തോന്നുന്നില്ല.. പക്ഷേ കൃസ്ത്യന്‍ സ്ഥാപനങ്ങളെ കുട്ടി സഖാക്കള്‍ ഒരു കാരണവുമില്ലാതെ തല്ലിത്തകര്‍ക്കുമ്പോള്‍ ഇവര്‍ ഇടയുന്നതല്ലേ എന്നൊരു ശങ്ക! തല്ലിത്തകര്‍ത്തതും പോരാ.. അതിനെ ന്യായീകരിക്കുകയും ആവുമ്പോള്‍?
സഭക്ക് ഇടതുപക്ഷമായി യോജിക്കാന്‍ പറ്റാത്ത ഒരു വിഷയം വിദ്യാഭാസമാണ്.സഭക് ആണെകില്‍ വിദ്യാഭാസ വിഷയത്തില്‍ ഒരു വിട്ടുവീഴ്ചക്ക് തയ്യാറാകാന്‍ പറ്റുകയുമില്ല. ഇവടെ അഴിമതി നടക്കുമ്പോഴോ, എന്തിനു നൂനക്പക്ഷം ആക്രമിക്കപെടുംബോഴോ ഇടയലേഖനം ഇറങ്ങില്ല.മറിചു എയടെഡ്
മേഖലയില്‍ പിഎസസി നിയമനം വേണമെന്ന് പറയുമ്പോഴോ സ്വാശ്രയ കോളേജില്‍ മെറിറ്റ് സീറ്റ് വേണം എന്നൊക്കെ പറയുമ്പോഴോ മറ്റോ ആണ് ഇടയലെഖനെങ്ങള് ചറപറന്നു ഇറങ്ങുന്നത്.തെരഞ്ഞെടുപ്പു സമയത്ത് ഇടതുപക്ഷ നേതാക്കള്‍ സഭ അദ്ദ്യക്കഷന്മാരെ കാണ്തിരിക്കുന്നതാ ണ് ഇടതുപക്ഷതിന്നു നല്ലത്.
Post a Comment