'സ്നേഹമുള്ളവരുടെ' വീട്ടിലേക്ക് കയറിച്ചെന്നവര്‍ക്കിപ്പോള്‍ മുറ്റത്താണ് കഞ്ഞി. അതും കുഴികുത്തി ഇലയില്‍ ഒഴിച്ചേ കൊടുക്കുള്ളൂ. വേണമെങ്കില്‍ കുടിക്കാം-വേണ്ടെങ്കില്‍ ഇറങ്ങിപ്പോകാം. കോഴിക്കോട് സീറ്റുകിട്ടാത്തതിന്റെ പേരില്‍ കൂടെക്കഴിഞ്ഞവരെയാകെ തള്ളിപ്പറഞ്ഞ് തെറിവിളിച്ച് ഇറങ്ങിപ്പോയ വീരന് ഇന്നും വലിയ നഷ്ടമില്ല-മകന് കല്‍പ്പറ്റ സീറ്റുകിട്ടിയല്ലോ. ഞാനും എന്റെ മോനും പിന്നെ അധികാരവും. അത്രയേ ഉള്ളൂ പുള്ളിയുടെ പുസ്തകത്തില്‍. മാതൃഭൂമിയുടെ എംഡിസ്ഥാനവും ക്രൈമിന്റെ യഥാര്‍ഥ പത്രാധിപസ്ഥാനവും കൈയിലുണ്ട്. ക്രൈം കുമാരന് ചെല്ലുംചെലവും വക്കീല്‍ഫീസും കൊടുക്കണം. സിപിഐ എമ്മിനെ ടോര്‍പിഡോ ചെയ്യണം. കുറെ പാവങ്ങളെ കൂടെക്കൊണ്ടുപോയി. ഇപ്പോള്‍ കൃഷ്ണന്‍കുട്ടിക്കു മനസ്സിലായി. പ്രേംനാഥിനും കെ പി മോഹനനും മനസ്സിലായെങ്കിലും പുറത്തുപറയാന്‍ ഭയമാണ്. സോഷ്യലിസം തലയില്‍വച്ചു കഷ്ടപ്പെട്ട പാവങ്ങളുടെ ഉദകക്രിയ നടത്തുകയാണ് നേതാവ്. ഉപജാപം, അധികാരം, ധിക്കാരം-ഇതുമൂന്നും പണംകൊണ്ട് കൊഴുപ്പിക്കാമെന്നും ജില്ലാ പ്രസിഡന്റുമാര്‍പോലും പേരുവിളിച്ച് സംബോധന ചെയ്യപ്പെടാന്‍ യോഗ്യരല്ലെന്നും ധരിച്ചുവശായ മാടമ്പിത്തത്തിന് അര്‍ഹിക്കുന്നതുതന്നെ കിട്ടിയിരിക്കുന്നു. സ്വാര്‍ഥമോഹത്താല്‍ സ്വന്തം പാര്‍ടിയെ കൊന്ന നേതാവിന് അവഗണനയും അടുക്കളപ്പുറവാസവും കൂലി. ഇനി പാര്‍ടിയെന്തിന്? കോണ്‍ഗ്രസില്‍ ചേര്‍ന്നാലും പിഴച്ചുപോകാം. ഒറ്റയ്ക്കുവേണ്ട. മകന്‍ ഒന്നൊന്നര അണിയാണല്ലോ. അബ്ദുള്ളക്കുട്ടിയും കെ എസ് മനോജും സിന്ധു ജോയിയും ജീവിക്കുന്ന നാട്ടില്‍ ഒരു വീരന് ഇടമില്ലാതെ വരില്ല.
വിശ്വാസത്തിന്റെയും ദൈവഭയത്തിന്റെയും പരിഗണനയുടെയും 'തെളിനീരില്‍' നീരാടാന്‍ പോയ കെ എസ് മനോജ് ജോലി രാജിവച്ച് മത്സരിക്കാന്‍ ഒരുങ്ങി. സീറ്റു കിട്ടിയതുമില്ല, ജോലി നഷ്ടവുമായി. സിന്ധു ജോയി മുട്ടയേറുകൊണ്ട് ഛര്‍ദിച്ചത് മിച്ചം. ഗ്രനേഡില്‍ തളരാത്തത് കോഴിമുട്ടയ്ക്കുമുന്നില്‍ വീഴുമ്പോഴാണ് ജനാധിപത്യം പൂത്തുലയുന്നത്. അബ്ദുള്ളക്കുട്ടിയുടെ ഗതി അറിയണമെങ്കില്‍ മെയ് പതിമൂന്നുവരെ കാത്തിരിക്കണം. അഥവാ പുഴയിലെ വെള്ളം വറ്റി യുഡിഎഫ് അക്കരെ ചെന്നാലത്തെ സ്ഥിതി എന്താവും?
എം വി രാഘവന്റെ മെഴുകുപ്രതിമയുണ്ടാക്കി നാടുചുറ്റിച്ചാണ് നെന്മാറയില്‍ വോട്ടുതേടിയത്. ഗൌരിയമ്മ ചുറുചുറുക്കു കാട്ടുന്നുണ്ട്-പ്രായം തൊണ്ണൂറു കഴിഞ്ഞിട്ടും. കുഞ്ഞാലിക്കുട്ടി, കെ എം മാണി, ഉമ്മന്‍ചാണ്ടി എന്നിവര്‍ നയിക്കുന്ന ഒരു മന്ത്രിസഭ വരാനാണ് കേരളീയര്‍ വോട്ടുചെയ്തതെന്ന് മനോരമ പറഞ്ഞുപതിപ്പിക്കുന്നുണ്ട്. വോട്ട് പെട്ടിയിലായിട്ടും എന്തിന് ഈ പണി എന്ന് ചോദിക്കാം. അല്‍പ്പനാളത്തേക്കെങ്കിലും ഉദ്യോഗസ്ഥരെ ഭയപ്പെടുത്തിനിര്‍ത്തിയാല്‍ കിട്ടുന്ന ലാഭം എത്രയാണെന്ന് 'അകത്തെ പല്ലുകൊണ്ടും ചിരിക്കുന്ന' മനോരമയ്ക്ക് ആരും പറഞ്ഞുകൊടുക്കേണ്ടതില്ലല്ലോ.
*****
അണ്ണ ഹസാരെയുടെ പോരാട്ടത്തെ പിന്തുണയ്ക്കൂ എന്നാവശ്യപ്പെട്ട് ഒരു ചാനല്‍പ്പെകൊടി ശതമന്യുവിന് സന്ദേശമയച്ചു. പിന്നെന്ത്, പിന്തുണ ഹസാരയ്ക്കുതന്നെ എന്ന് മറുതപാല്‍ പോയി. പിന്നാലെ വിളിവന്നു. വോട്ട് ചെയ്തോ എന്ന് ചോദ്യം. ചെയ്തു എന്ന ഉത്തരത്തിനുപിന്നാലെ ആര്‍ക്ക് എന്ന രണ്ടാം ചോദ്യക്കടലാസ്. അതിനും ഉത്തരംകിട്ടിയപ്പോള്‍, 'ഓാാാാ.......സിപിഎം ആണല്ലേ' എന്നും ചോദിച്ചു ക്ടാവ്. അതേ കക്ഷിയെ പിറ്റേന്ന് ചാനലില്‍ കണ്ടു. "ബംഗാളിലെയും കേരളത്തിലെയും ഫലം സിപിഎമ്മിനെ സംബന്ധിച്ച് നിര്‍ണായകമാകും. പാര്‍ടി പ്രത്യയശാസ്ത്ര പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്'' എന്ന് മൈക്ക് പിടിച്ച് പറയുകയാണ് പെണ്‍കിടാവ്. ശതമന്യു സിപിഎം ആണെന്നറിയാന്‍ ബുദ്ധിയില്ലാത്ത ചാനല്‍കൊടി പ്രത്യയശാസ്ത്ര പ്രതിസന്ധിയെക്കുറിച്ച് ഉപന്യസിക്കുന്നതു കണ്ടപ്പോള്‍ വല്ലാത്ത സ്നേഹമാണ് തോന്നിയത്. വിവേചനബുദ്ധിയില്ലാത്തവര്‍ക്കും ഇവിടെ ജീവിക്കണമല്ലോ. അവര്‍ സ്നേഹവും സഹതാപവും അര്‍ഹിക്കുന്നുണ്ടല്ലോ.
അണ്ണ ഹസാരെ രക്ഷകനാണെന്നു കരുതിയവരും അങ്ങനെ സ്നേഹം അര്‍ഹിക്കുന്നുണ്ട്. അവരുടെ മനസ്സില്‍ കളങ്കമില്ല. അഴിമതി കളിയാട്ടമാടുന്ന നാട്ടില്‍ ഒരു രക്ഷകന്‍ ജനിക്കുകയാണെന്ന് കരുതുന്നതില്‍ തെറ്റുമില്ല, കുറ്റവുമില്ല-ഉള്ളത് അല്‍പ്പം വിവേകത്തിന്റെ കുറവുമാത്രമാണ്. കലികാലം തീര്‍ക്കാന്‍ അവതാരത്തെ കാത്തിരിക്കുന്നവര്‍ക്ക് അണ്ണ ഹസാരെയുടെ വരവ് കണ്ണിനുത്സവം തന്നെ. ഹസാരെയെ പെട്ടെന്ന് ആരും വിമര്‍ശിക്കുകയുമില്ല. രണ്ടുണ്ട് കാരണം. ഒന്നാമത്തേത്, പുള്ളിക്കാരന്‍ ഗാന്ധിത്തൊപ്പിയും പാളത്താറുമിട്ട് പറയുന്ന കാര്യങ്ങള്‍ നൂറുശതമാനം ശരിയാണ് എന്നതുതന്നെ. രണ്ടാമത്തേത്, ആരെങ്കിലും എതിരായി ഉരിയാടിയാല്‍ അപ്പോള്‍ പുറത്ത് പുള്ളി വീഴും-അഴിമതിക്കാരുടെ വക്കീലെന്ന്. ഏതായാലും ശതമന്യുവിന്റെ വക്കാലത്ത് അഴിമതിക്കാര്‍ക്കല്ല. ഹസാരെ കീ ജയ് വിളിച്ച് തേരാപാരാ നടക്കുന്നവര്‍ക്കുമല്ല. അഴിമതി തടയാന്‍ വീറുറ്റ ലോക്പാല്‍ നിയമം വേണം. അത് എഴുതി ശരിയാക്കാന്‍ സമിതി വേണം. രണ്ടിലും ശതമന്യുവിന്റെ വോട്ട് ഹസാരെയ്ക്ക്. ആ സമിതിയില്‍ ഒരച്ഛനും മകനും വരുന്നത് ഭൂഷണമെന്ന് ഹസാരെ. ശാന്തിഭൂഷണ്‍ ഉപാധ്യക്ഷ മഹോദയ്. മകന്‍ പ്രശാന്ത്ഭൂഷണ്‍ വിശുദ്ധ മെമ്പര്‍.
സംഗതി ഏതാണ്ടൊക്കെ ശരിയായി വന്നതാണ്. അപ്പോഴതാ കോണ്‍ഗ്രസ് അജ്ഞാത വേഷത്തില്‍ വരുന്നു-അഴിമതിക്കെതിരെ പൊരുതുന്ന ശാന്തിഭൂഷണ്‍ അഴിമതിക്കാരനാണെന്ന്. തെളിവായി ഒരു ടേപ്പും. ജഡ്ജിയെ സ്വാധീനിക്കാന്‍ ശാന്തിഭൂഷണ്‍ ഇടപെട്ട് കൈക്കൂലി നല്‍കിയതായി ആരോപിക്കുന്ന സിഡിയാണ് വന്നത്. ഇത് വെളിപ്പെടുത്തലുകളുടെയും രഹസ്യ സിഡികളുടെയും കാലമാണല്ലോ. സംയുക്തസമിതി യോഗത്തിനുമുന്നോടിയായി മാധ്യമസ്ഥാപനങ്ങളില്‍ അജ്ഞാതരാണ് സിഡി എത്തിച്ചത്. ഇതിനെ തപാല്‍ ജേര്‍ണലിസം എന്ന് വിളിക്കും. ആവശ്യമുള്ള വാര്‍ത്തകള്‍ കവറിലാക്കി ഓഫീസുകളിലെത്തിക്കുന്നതെന്തോ അതാണ് തപാല്‍ ജേര്‍ണലിസം. ലോകോത്തര മാന്യന്മാരും സമാജ്വാദി പാര്‍ടി നേതാക്കളുമായ മുലായംസിങ് യാദവ്, അമര്‍സിങ് എന്നിവരുമായി ചേര്‍ന്ന് ഒരു ജഡ്ജിയെ വിലയ്ക്കെടുക്കുന്ന കാര്യം ശാന്തിഭൂഷണ്‍ ചര്‍ച്ചചെയ്യുന്നതായാണ് സിഡിയില്‍. ജഡ്ജിക്ക് നാലുകോടി നല്‍കാന്‍ ശാന്തിഭൂഷണ്‍ പറയുന്നു. ഇതേ ശാന്തിഭൂഷണാണ് സുപ്രീം കോടതിയില്‍ അഴിമതിക്കാരുടെ ആറാട്ടാണെന്നും അങ്ങനെ പറഞ്ഞതിന് മാപ്പുപറയുന്നതിനുപകരം ജയിലില്‍ പോകാന്‍ തയ്യാറാണെന്നും അല്‍പ്പനാള്‍ മുമ്പ് വിളിച്ചുപറഞ്ഞത്.
ഈ സിഡി വ്യാജമാണെന്ന് പ്രശാന്ത്ഭൂഷണും ഒറിജനല്‍തന്നെയെന്ന് മറ്റുപലരുംപറയുന്നു. ഇനി ഭൂഷപിതാവും ഭൂഷപുത്രനുമാണ് തെളിയിക്കേണ്ടത്. ആരോപണം ആര്‍ക്കെതിരെയാണോ അവര്‍ നിരപരാധത്വം തെളിയിക്കണമെന്നാണല്ലോ പുതിയ അഴിമതിവിരുദ്ധ പോരാട്ട ന്യായം. എന്തോ സ്റ്റാമ്പ് ഡ്യൂട്ടി തട്ടിപ്പെന്നോ അറുപത്തിയഞ്ചു ലക്ഷത്തിന്റെ കാറുവാങ്ങിയെന്നോ വേറെയുമുണ്ട് വക്കീലന്‍മാര്‍ക്കെതിരെ ആരോപണങ്ങള്‍. ഇനി ചില വക്കീലന്‍മാരാണ് ഏറ്റവും വലിയ അഴിമതിക്കാര്‍ എന്നുണ്ടോ? കറുത്ത ഗൌണിനുള്ളിലെ വിശുദ്ധി ജഡ്ജിക്കും വക്കീലിനും ഒരുപോലെ വേണ്ടേ? അതും ചര്‍ച്ചചെയ്യട്ടെ നമ്മുടെ നീതിപതികള്‍.
*****
നാലുതൂണും ഇങ്ങനെ ആയാല്‍ എന്തുചെയ്യുമെന്നാണ് നാം ജനങ്ങള്‍ ചിന്തിക്കേണ്ടത്. ജഡ്ജിമാര്‍ കൈക്കൂലിവാങ്ങുന്നു എന്ന് റൌഫും പറഞ്ഞു, ശാന്തിഭൂഷണും പറഞ്ഞു, സുധാകരനും പറഞ്ഞു. കേസുകള്‍ പണംകൊടുത്ത് തീര്‍പ്പാക്കാനാകുമ്പോള്‍ ജുഡീഷ്യറി എന്ന തൂണിന്റെ ഗതി അധോഗതിതന്നെ. എക്സിക്യൂട്ടിവ് എന്ന തൂണാണെങ്കില്‍ 2ജി സ്പെക്ട്രം വലുപ്പത്തിലുള്ള അഴിമതിയിലാണ് സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത്. നിയമനിര്‍മാണസഭയില്‍ തെരഞ്ഞെടുക്കപ്പെടാന്‍ വോട്ടര്‍മാര്‍ക്ക് പണം, ജയിച്ചുകയറിയാല്‍ കാലുമാറാന്‍ പണം. തെരഞ്ഞെടുപ്പുതന്നെ അഴിമതിയാണ്. ഇനി നാലാംതൂണിന്റെ കാര്യമോ? നിങ്ങള്‍ക്ക് അനുകൂലമായോ നിങ്ങളുടെ ശത്രുവിന് പ്രതികൂലമായോ വാര്‍ത്ത എഴുതിക്കൊടുക്കപ്പെടും- പണം റൊക്കം കിട്ടിയാല്‍ മതി. അഴിമതിവിരുദ്ധ പോരാട്ടനായകന്‍ ശാന്തിഭൂഷണ്‍ തന്നെ ജുഡീഷ്യറിയെ വിലപറഞ്ഞു വില്‍ക്കാന്‍ നടക്കുന്ന നാണക്കേടാണെന്നുവരുമ്പോള്‍ ആരെയാണ് വിശ്വസിക്കേണ്ടത്. ജനാധിപത്യം അതിന്റെ ഏറ്റവും മോശമായ വഴിയിലൂടെ കടന്നുപോകുന്നു. അതിന് സല്യൂട്ടടിക്കാന്‍ ശതമന്യു ഇല്ല.
*****
ശതമന്യു , കടപ്പാട് : ദേശാഭിമാനി
Monday, April 18, 2011
Subscribe to:
Post Comments (Atom)
1 comment:
'സ്നേഹമുള്ളവരുടെ' വീട്ടിലേക്ക് കയറിച്ചെന്നവര്‍ക്കിപ്പോള്‍ മുറ്റത്താണ് കഞ്ഞി. അതും കുഴികുത്തി ഇലയില്‍ ഒഴിച്ചേ കൊടുക്കുള്ളൂ. വേണമെങ്കില്‍ കുടിക്കാം-വേണ്ടെങ്കില്‍ ഇറങ്ങിപ്പോകാം. കോഴിക്കോട് സീറ്റുകിട്ടാത്തതിന്റെ പേരില്‍ കൂടെക്കഴിഞ്ഞവരെയാകെ തള്ളിപ്പറഞ്ഞ് തെറിവിളിച്ച് ഇറങ്ങിപ്പോയ വീരന് ഇന്നും വലിയ നഷ്ടമില്ല-മകന് കല്‍പ്പറ്റ സീറ്റുകിട്ടിയല്ലോ. ഞാനും എന്റെ മോനും പിന്നെ അധികാരവും. അത്രയേ ഉള്ളൂ പുള്ളിയുടെ പുസ്തകത്തില്‍.
Post a Comment