നമ്മുടെ രാജ്യത്തെ അത്യുന്നത നീതിപീഠമായ സുപ്രീംകോടതിയുടെ ശകാരവര്‍ഷം കാതുകളില്‍ തുടര്‍ച്ചയായി വന്നുപതിച്ചിട്ടും ഒരു കൂസലുമില്ലാതെ, പ്രതികരണശേഷി നഷ്ടപ്പെട്ട് മരവിച്ച അവസ്ഥയിലെന്നപോലെ തുടരുകയാണ് കോണ്‍ഗ്രസ് നയിക്കുന്ന രണ്ടാം യുപിഎ സര്‍ക്കാര്‍. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പട്ടിണിമരണം നടമാടുമ്പോള്‍ ധാന്യം സൂക്ഷിക്കുന്ന കലവറകള്‍ നിറഞ്ഞുകവിയുകയാണെന്ന അവസ്ഥ സുപ്രീംകോടതി ഡിവിഷന്‍ബെഞ്ച് ചൂണ്ടിക്കാണിച്ചു.
പൊതുവിതരണ സംവിധാനവുമായി ബന്ധപ്പെട്ട ഒരു ഹര്‍ജിയുടെ വിചാരണവേളയില്‍ ജസ്റ്റിസ് ദല്‍വീര്‍ ഭണ്ഡാരി, ജസ്റ്റിസ് ദീപക്വര്‍മ എന്നിവരടങ്ങിയ ബെഞ്ച് നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന പട്ടിണിമരണങ്ങളില്‍ അതിയായ ഉല്‍ക്കണ്ഠ പ്രകടിപ്പിക്കുകയുണ്ടായി. കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിരാ ജയ്സിങ്ങിനോടുള്ള ജസ്റ്റിസ് ഭണ്ഡാരിയുടെ ചോദ്യം വളരെ പ്രസക്തമാണ്. "നമ്മുടെ സമ്പദ്ഘടന ശക്തമാണെന്ന് പറയുന്നു. ഈ വര്‍ഷം വമ്പന്‍ വിളവെടുപ്പാണ്. കലവറകള്‍ നിറഞ്ഞുകവിഞ്ഞിരിക്കുന്നു. ഒരു സംശയവുമില്ല. എന്നാല്‍, ഗോഡൗണുകള്‍ നിറഞ്ഞിരിക്കുമ്പോള്‍ ജനങ്ങള്‍ പട്ടിണികിടക്കേണ്ടിവന്നാല്‍ അതുകൊണ്ടെന്ത് പ്രയോജനമാണുള്ളത്? ഇവിടെ രണ്ടുതരം ഇന്ത്യയാണുള്ളത്. സമ്പന്നരുടെ സമൃദ്ധിയുടെ ഇന്ത്യയും പട്ടിണിക്കാരുടെ ഇന്ത്യയും. ഇത് തുടരാന്‍ അനുവദിച്ചുകൂടാ."
രണ്ടുതരം ഇന്ത്യ തുടരാന്‍ അനുവദിച്ചുകൂടാ എന്ന സുപ്രീംകോടതിയുടെ നിരീക്ഷണം അര്‍ഹിക്കുന്ന ഗൗരവത്തോടെ പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറില്ലെന്നതാണ് സത്യം. പോഷകാഹാരക്കുറവുള്ളവരുടെ ശതമാനം കുറഞ്ഞുവരികയാണെന്നുള്ള സ്ഥിതിവിവരക്കണക്കുകള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ സോളിസിറ്റര്‍ ജനറല്‍ ശ്രമിച്ചപ്പോള്‍ അതില്‍ തൃപ്തനാകാതെ ജഡ്ജി പട്ടിണി തുടച്ചുമാറ്റുകയാണ് വേണ്ടതെന്ന് തിരിച്ചടിച്ചു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 36 ശതമാനം പേര്‍ക്ക് ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നുണ്ടെന്ന വാദവും കോടതി അംഗീകരിച്ചില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരുടെ കണക്ക് ശരിയല്ലെന്നാണ് പറയുന്നത്. പട്ടണങ്ങളില്‍ ദിവസേന 20 രൂപയില്‍ കുറവും ഗ്രാമങ്ങളില്‍ 11 രൂപയില്‍ കുറവും വരുമാനമുള്ളവരെയാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരായി കണക്കാക്കുന്നത്. ഇത് ശരിയല്ലെന്നും വിശദവിവരം ഒരാഴ്ചയ്ക്കകം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. മഹാരാഷ്ട്ര, ഒറീസ, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പട്ടിണി രൂക്ഷമാണ്. അവിടെ ജീവിക്കുന്നവരും ഇന്ത്യന്‍ പൗരന്മാരാണ്. അവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട്. 150 ജില്ലകളില്‍ ഭക്ഷ്യധാന്യം വിതരണംചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു.
സ്വാതന്ത്ര്യം ലഭിച്ച് 64 വര്‍ഷം പിന്നിട്ടിട്ടും ഇതാണ് അവസ്ഥയെങ്കില്‍ സാമ്പത്തികവളര്‍ച്ചയില്‍ ഇന്ത്യ മുമ്പിലാണെന്ന് പറയുന്നതിനെന്തര്‍ഥം. രാജ്യത്തിനകത്തെ പരിതാപകരമായ ഈ അവസ്ഥ കോണ്‍ഗ്രസ് ഭരണാധികാരികളെ അലട്ടുന്നില്ലെന്നത് അത്ഭുതകരമാണ്. ഗോഡൗണുകളില്‍ നശിച്ചുകൊണ്ടിരിക്കുന്ന ഭക്ഷ്യധാന്യം പട്ടിണികിടക്കുന്നവര്‍ക്ക് സൗജന്യമായി നല്‍കണമെന്ന് ഇതിനുമുമ്പും സുപ്രീംകോടതി പറഞ്ഞതാണ്. അതൊന്നും ചെവിക്കൊള്ളാന്‍ കേന്ദ്രഭരണാധികാരികള്‍ തയ്യാറായിട്ടില്ല.
പട്ടിണിമരണമാണ് ബുധനാഴ്ച സുപ്രീംകോടതിയുടെ പരാമര്‍ശവിഷയമായതെങ്കില്‍ വ്യാഴാഴ്ച കള്ളപ്പണത്തെപ്പറ്റിയാണ് കോടതി നിരീക്ഷിച്ചത്. കേന്ദ്രസര്‍ക്കാര്‍ ഉറങ്ങുകയാണോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി, എസ് എസ് നിജ്ജാര്‍ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച്, മുന്‍ കേന്ദ്രമന്ത്രി രാംജത് മലാനി സമര്‍പ്പിച്ച ഒരു ഹര്‍ജി പരിഗണിക്കുന്ന വേളയിലാണ് കേന്ദ്രസര്‍ക്കാരിന്റെ നിസ്സംഗതയിലും കഴിവുകേടിലും അമര്‍ഷം പ്രകടിപ്പിച്ചത്. വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ച കള്ളപ്പണത്തെപ്പറ്റിയുള്ള അന്വേഷണം വെറും പ്രഹസനമാണെന്ന് വന്നിരിക്കുന്നു.
പുണെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരന്‍ ഹസ്സന്‍ അലിഖാനില്‍മാത്രം കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ കള്ളപ്പണത്തെപ്പറ്റി അന്വേഷണം നടക്കുന്നത്. സ്വിസ് ബാങ്കില്‍ ഉള്‍പ്പെടെ വന്‍തോതില്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്നത് രഹസ്യമായ കാര്യമല്ല. 50 ലക്ഷം കോടിയെന്നും 75 ലക്ഷം കോടിയെന്നുമൊക്കെ പറയുന്നുണ്ട്. തുകയുടെ വ്യക്തമായ കണക്ക് ഇതേവരെ പുറത്തുവന്നിട്ടില്ല. കള്ളപ്പണം നിക്ഷേപിച്ചവരുടെ പേരുവിവരം വെളിപ്പെടുത്താന്‍ തയ്യാറായിട്ടുമില്ല. കള്ളപ്പണത്തിന്റെ ഉറവിടമാണ് പ്രധാനം. ഇതാകട്ടെ വെറും നികുതിവെട്ടിപ്പിന്റെമാത്രം പ്രശ്നമല്ല. ആയുധകള്ളക്കടത്തിലൂടെ സമ്പാദിച്ച പണമാണോ? മയക്കുമരുന്ന് വില്‍പ്പനയിലൂടെ ആര്‍ജിച്ച പണമാണോ? ഭീകരപ്രവര്‍ത്തനത്തിലൂടെ സമ്പാദിച്ചതാണോ? എന്തായാലും നേരായ മാര്‍ഗത്തിലൂടെ സമ്പാദിച്ച പണമല്ല വിദേശബാങ്കുകളില്‍ നിക്ഷേപിച്ചതെന്ന് വ്യക്തമാണ്. കടുത്ത രാജ്യദ്രോഹ കുറ്റംചെയ്ത് സമ്പാദിച്ച പണമാണിതെന്ന സൂചനയാണ് കോടതി നല്‍കുന്നത്.
ഹസ്സന്‍ അലിഖാനെ ചോദ്യംചെയ്യാന്‍ സിബിഐ തയ്യാറാകാതിരുന്നത് കോടതിയുടെ നിശിതമായ വിമര്‍ശത്തിന് വഴിവച്ചതാണ്. സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദേശവും ഇടപെടലും ഉണ്ടായശേഷമാണ് അലിഖാനെ അറസ്റ്റുചെയ്ത് ജയിലിലടച്ചത്. അലിഖാന്‍ 72,000 കോടി രൂപ നികുതി കുടിശ്ശിക അടയ്ക്കാന്‍ ബാക്കിയുണ്ടെന്നാണ് വിവരം. അലിഖാന് പുറമെ മറ്റാരെയും ഇതുവരെ പിടികൂടിയിട്ടില്ല. കുറ്റകരമായ ഈ അനാസ്ഥയില്‍ കടുത്ത അമര്‍ഷം പ്രകടിപ്പിച്ചുകൊണ്ടാണ് സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യത്തോടായി ജസ്റ്റിസ് റെഡ്ഡി ഇതേവരെ ഉറങ്ങുകയായിരുന്നോ എന്ന് ചോദിച്ചത്. എല്ലാ വകുപ്പും ചേര്‍ന്ന് സമഗ്രമായ അന്വേഷണം വേണമെന്നാണ് കോടതി നിര്‍ദേശിച്ചത്. വകുപ്പുതലവന്മാര്‍ ഇതേവരെ ഉറങ്ങുകയായിരുന്നോ എന്ന ചോദ്യത്തിന് തൃപ്തികരമായ ഉത്തരം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഹൈക്കോടതിയിലെ റിട്ടയേര്‍ഡ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ കള്ളപ്പണത്തെപ്പറ്റി അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
കള്ളപ്പണം കണ്ടെത്തലും പട്ടിണി തുടച്ചുമാറ്റലും പരസ്പരം ബന്ധപ്പെട്ടതാണ്. കള്ളപ്പണം പിടിച്ചെടുത്താല്‍ 121 കോടി ജനങ്ങള്‍ക്കും സൗജന്യമായി ഭക്ഷ്യധാന്യം നല്‍കാന്‍ കഴിയും. പട്ടിണി മാറ്റാന്‍ കഴിയും. കള്ളപ്പണത്തിന്റെ പങ്കുപറ്റുന്ന ഭരണാധികാരികളും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും രാഷ്ട്രീയ നേതൃത്വവും ചേര്‍ന്ന അവിഹിതമായ കൂട്ടുകെട്ടാണ് ഇതിനൊക്കെ സംരക്ഷണം നല്‍കുന്നത്. സുപ്രീംകോടതിയുടെ ഇടപെടല്‍ ജനശ്രദ്ധ ഈ വഴിക്ക് തിരിച്ചുവിടാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കാം. അതിനായുള്ള അതിശക്തമായ ബഹുജനസമ്മര്‍ദമാണ് ഇന്ന് ആവശ്യം.
*****
ദേശാഭിമാനി മുഖപ്രസംഗം 23-04-2011
Subscribe to:
Post Comments (Atom)
1 comment:
കള്ളപ്പണം കണ്ടെത്തലും പട്ടിണി തുടച്ചുമാറ്റലും പരസ്പരം ബന്ധപ്പെട്ടതാണ്. കള്ളപ്പണം പിടിച്ചെടുത്താല്‍ 121 കോടി ജനങ്ങള്‍ക്കും സൗജന്യമായി ഭക്ഷ്യധാന്യം നല്‍കാന്‍ കഴിയും. പട്ടിണി മാറ്റാന്‍ കഴിയും. കള്ളപ്പണത്തിന്റെ പങ്കുപറ്റുന്ന ഭരണാധികാരികളും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും രാഷ്ട്രീയ നേതൃത്വവും ചേര്‍ന്ന അവിഹിതമായ കൂട്ടുകെട്ടാണ് ഇതിനൊക്കെ സംരക്ഷണം നല്‍കുന്നത്. സുപ്രീംകോടതിയുടെ ഇടപെടല്‍ ജനശ്രദ്ധ ഈ വഴിക്ക് തിരിച്ചുവിടാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കാം. അതിനായുള്ള അതിശക്തമായ ബഹുജനസമ്മര്‍ദമാണ് ഇന്ന് ആവശ്യം.
Post a Comment