Monday, April 25, 2011

കോടതികള്‍ പോലീസിന്റെ കേട്ടെഴുത്തുകാരാകുമ്പോള്‍

ഡോ. ബിനായക് സെന്നിന് ലഭിച്ച ജാമ്യം, അന്യഥാ ഭരണകൂടതാത്പര്യങ്ങളുടെ തടവില്‍ കഴിയുന്ന ഇന്ത്യന്‍ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയ്ക്ക് ലഭിച്ച ജാമ്യമാണ്. ത്വരിതവിചാരണയില്‍ വിമുക്തമാക്കപ്പെടേണ്ടതായ ദോഷങ്ങള്‍ കീഴ്ക്കോടതികളെ ബാധിച്ചിരിക്കുന്നുവെന്ന മുന്നറിയിപ്പാണ് സുപ്രീം കോടതിയുടെ ഉത്തരവിലുള്ളത്.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രാജ്യദ്രോഹക്കുറ്റത്തിന് ഛത്തിസ്ഗഢ് കോടതിയില്‍ വിചാരണ ചെയ്യപ്പെടുകയും ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകനാണ് ബിനായക് സെന്‍. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനാല്‍ നാല് മാസത്തോളം റായ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടന്നതിനു ശേഷമാണ് സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സെന്‍ ഇപ്പോള്‍ മോചിതനായത്.

സെഷന്‍സ് കോടതിയുടെയും ഹൈക്കോടതിയുടെയും നിലപാടുകള്‍ അന്താരാഷ്ട്രതലത്തില്‍ വിമര്‍ശിക്കപ്പെട്ടു. മാവോയിസ്റ്റുകളോടുള്ള അനുഭാവമല്ല ആ വിമര്‍ശത്തിലുണ്ടായത്. പകരം, രാജ്യദ്രോഹമെന്ന പഴഞ്ചന്‍ കുറ്റം ആരോപിച്ച് ആദരണീയനായ മനുഷ്യാവകാശ പ്രവര്‍ത്തകനെ തുറുങ്കിലടയ്ക്കാമോ എന്ന ചോദ്യമാണ് പൊതുസമൂഹം ഉന്നയിച്ചത്. ഭരണകൂടത്തോട് കലഹിക്കുന്നതിനുള്ള അവകാശം ഐക്യരാഷ്ട്രസഭ അംഗീകരിച്ചിട്ടുള്ള മനുഷ്യാവകാശങ്ങളില്‍ ഉള്‍പ്പെടുന്നു. പക്ഷേ ഭരണകൂടത്തിെന്‍റ ദൃഷ്ടിയില്‍ അത്തരം കലഹം രാജ്യദ്രോഹമാണ്. രാജ്യം തന്നെ അസ്ഥിരമാണെന്നിരിക്കേ രാജ്യദ്രോഹമെന്നത് ചരിത്രത്തില്‍നിന്ന് നിഷ്കാസനം ചെയ്യേണ്ടതായ കുറ്റമാണ്. യേശുക്രിസ്തു മുതല്‍ രാമകൃഷ്ണ പിള്ള വരെ ശിക്ഷിക്കപ്പെട്ട രാജ്യദ്രോഹികള്‍ ചരിത്രത്തെ സ്വന്തമാക്കിയപ്പോള്‍ അവരെ ശിക്ഷിച്ച രാജ്യങ്ങള്‍ ഭൂപടത്തില്‍നിന്ന് അപ്രത്യക്ഷമാവുകയാണുണ്ടായത്.

നൂറു വര്‍ഷം മുമ്പ് രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ലോകമാന്യ തിലകനെ നാടു കടത്തിയത്. നടപടികളെ വിമര്‍ശിച്ച ഗാന്ധിജി കോടതിയലക്ഷ്യക്കുറ്റത്തിന് വിചാരണ ചെയ്യപ്പെട്ടു. കൊളോണിയല്‍ ഭരണകൂടം ഫലപ്രദമായി ഉപയോഗിച്ചുകൊണ്ടിരുന്ന നിയമങ്ങള്‍ ജനാധിപത്യസംവിധാനത്തിലും തുടരുന്നത് അപലപനീയമാണ്. ഇക്കാര്യത്തിലെ അസ്വീകാര്യതയാണ് കുറ്റാന്വേഷകരെയും കുറ്റവിചാരകരെയും സുപ്രീം കോടതി അര്‍ത്ഥശങ്കയില്ലാതെ അനുസ്മരിപ്പിച്ചത്.

കരുണാകരെന്‍റ ദുര്‍ഭരണം അറബിക്കടലില്‍ എന്ന് മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിനു നടപടി സ്വീകരിച്ച കേരള പൊലീസിനെ വിമര്‍ശിച്ചുകൊണ്ട് ജസ്റ്റീസ് ചന്ദ്രശേഖര മേനോന്‍ എഴുതിയ വിധിന്യായം യഥായോഗ്യം ശ്രദ്ധിക്കപ്പെട്ടിരുന്നുവെങ്കില്‍, അവശ്യം വേണ്ടതായ പരിഷ്കാരം നേരത്തെ ഉണ്ടാകുമായിരുന്നു. ബിനായക് സെന്നിന് ജാമ്യം അനുവദിച്ച ഉത്തരവില്‍ സുപ്രീം കോടതി ഇക്കാര്യം വിശദമായി പ്രതിപാദിച്ചിട്ടില്ല. പക്ഷേ ഹ്രസ്വമായ പരാമര്‍ശം ദീര്‍ഘമായ നടപടികള്‍ക്കു തുടക്കമിട്ടു. രാജ്യദ്രോഹക്കുറ്റം പുനര്‍വിചിന്തനത്തിനു വിധേയമാക്കാന്‍ ലോ കമ്മീഷനോട് ആവശ്യപ്പെടുമെന്ന് നിയമമന്ത്രി വീരപ്പ മൊയ്ലി പറഞ്ഞതുതന്നെ നല്ല തുടക്കമായി.

മനുഷ്യാവകാശങ്ങളോടുള്ള ബിജെപിയുടെ പ്രതിബദ്ധത കേവലമായ വാചാടോപം മാത്രമാണെന്ന് ബിനായക് സെന്‍ സംഭവം തെളിയിക്കുന്നു. ഛത്തിസ്ഗഢിലെ രമണ്‍ സിങ്ങും കര്‍ണാടകയിലെ യദിയൂരപ്പയും ബിജെപിയുടെ ഭീകരമുഖത്തിന്റെ പ്രതീകങ്ങളാണ്. ഛത്തിസ്ഗഢില്‍ ബിനായക് സെന്നും കര്‍ണാടകയില്‍ അബ്ദുന്നാസര്‍ മദനിയും പ്രാകൃതമായ നിയമങ്ങളുടെ ഇരകളാണ്. പ്രശസ്തര്‍ ശ്രദ്ധിക്കപ്പെടുന്നു; അപ്രശസ്തരായ ആയിരങ്ങള്‍ തടവറയിലെ ഇരുട്ടില്‍ കഴിയുന്നു. എഡ്ഗര്‍ സ്നോയുടെ"റെഡ് സ്റ്റാര്‍ ഓവര്‍ ചൈന"" എന്ന പുസ്തകം വായിച്ചുകൊണ്ടിരുന്ന യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത പൊലീസ് അടിയന്തരാവസ്ഥയില്‍ മാത്രം കാണപ്പെട്ട ഫലിതമല്ല.

സവിശേഷമായ ബുദ്ധി പ്രയോഗിക്കാത്ത വിഭാഗമാണ് പൊലീസ്. മേലധികാരിയുടെ മുന്നിലെ സല്യൂട്ട് പോലെ യാന്ത്രികമാണ് അവരുടെ പ്രവൃത്തികള്‍. ജവാഹര്‍ലാല്‍ നെഹ്റുവിന്റെ പുസ്തകം കൈവശം വച്ചതിന് മദ്രാസ് പ്രസിഡന്‍സിയില്‍ ഒരാള്‍ അറസ്റ്റ് ചെയ്യപ്പെട്ട സംഭവമുണ്ട്. ജില്ലാ മജിസ്ട്രേറ്റ് അതു ശരിവയ്ക്കുകയും ചെയ്തു. അന്ന് നെഹ്റു പ്രധാനമന്ത്രിയായിരുന്നു; മദ്രാസ് പ്രസിഡന്‍സിയില്‍ കോണ്‍ഗ്രസ് അധികാരത്തിലായിരുന്നു. അസംബന്ധം ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഗവണ്‍മെന്റിന് ഇടപെടേണ്ടിവന്നു. ബിജെപി മുഖ്യമന്ത്രിമാരില്‍നിന്ന് ഇത്തരം ഇടപെടലുകള്‍ പ്രതീക്ഷിക്കാനാവില്ല. പ്രജ്ഞാ സിങ്ങിനെയും സ്വാമി അസീമാനന്ദയെയും ലഫ്ടനന്റ് കേണല്‍ പുരോഹിതിനെയും സംരക്ഷിക്കുന്ന ബിജെപി, ദേശസുരക്ഷയുടെ പേരില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെ ഹിംസിക്കുന്നു. ഛത്തിസ്ഗഢില്‍നിന്നു കേള്‍ക്കുന്ന കഥകള്‍ സംഭ്രമം ജനിപ്പിക്കുന്നവയാണ്. ആദിവാസികള്‍ നിര്‍ദ്ദയം വേട്ടയാടപ്പെടുന്നു. ദന്തേവാഡയില്‍ നിന്നുള്ള കഥകള്‍ വിയറ്റ്നാമിലെ മൈലായിയെ അനുസ്മരിപ്പിക്കുന്നു.

ജനാധിപത്യതത്വങ്ങള്‍ക്കനുസൃതമായി സമഗ്രമായ നിയമപരിഷ്കരണം അടിയന്തരമായ ആവശ്യമാണ്. ഇക്കാര്യത്തിലേക്കാണ് ബിനായക് സെന്‍ കേസ് വിരല്‍ ചൂണ്ടുന്നത്. കൊളോണിയല്‍ പാരമ്പര്യത്തിലുള്ള കരിനിയമങ്ങള്‍ റദ്ദാക്കപ്പെടുകയോ നവീകരിക്കപ്പെടുകയോ വേണം. പക്ഷേ നിര്‍ഭാഗ്യവശാല്‍ പുതുതായി നിയമനിര്‍മാണം നടക്കുമ്പോഴും കാണപ്പെടുന്ന പ്രവണത കൊളോണിയല്‍ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ്. തെറ്റായ നിയമങ്ങള്‍ തെറ്റായ നടപടികള്‍ക്കു കാരണമാകും. പൊലീസിന്റെ കാര്യം നില്‍ക്കട്ടെ. അവര്‍ പഠിച്ചതേ ചെയ്യൂ. നീതിയേക്കാള്‍ സൗകര്യമാണ് അവര്‍ക്കു പ്രധാനം. പക്ഷേ നമ്മുടെ ജുഡീഷ്യറിയും അതേ ട്രാക്കില്‍ സഞ്ചരിക്കുന്നുവെന്നത് ഉത്കണ്ഠയുളവാക്കുന്ന കാര്യമാണ്.

ലോകം മുഴുവന്‍ അംഗീകരിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബിനായക് സെന്‍ എന്ന കാര്യം എന്തുകൊണ്ട് ഛത്തിസ്ഗഢിലെ സെഷന്‍സ് കോടതിയും ഹൈക്കോടതിയും കണക്കിലെടുത്തില്ല? അദ്ദേഹത്തിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ വിചാരണ അര്‍ഹിക്കാത്തവയാണെന്ന തിരിച്ചറിവ് എന്തുകൊണ്ട് ആ കോടതികള്‍ക്കുണ്ടായില്ല? മാവോയിസ്റ്റുകളുടെ ഭീകരത ഒരു പക്ഷേ കോടതികളെ സ്വാധീനിച്ചിട്ടുണ്ടാകാം. എന്നാല്‍ അത്തരം സ്വാധീനങ്ങള്‍ക്ക് കീഴ്പെടാതെ നിഷ്പക്ഷമായി നീതി നിര്‍വഹിക്കുകയെന്നതാണ് കോടതികളുടെ ചുമതല. ഭീകരര്‍ക്കിടയിലും മനുഷ്യത്വത്തിെന്‍റ സന്ദേശം പ്രചരിപ്പിക്കുന്നവരെ ശ്ളാഘിക്കുകയാണു വേണ്ടത്. അഴിമതിക്കൊപ്പം ബുദ്ധിയില്ലായ്മയും ജുഡീഷ്യറിയുടെ പ്രവര്‍ത്തനത്തെ വികലമാക്കുന്നുണ്ട്.

ഡോ. ബിനായക് സെന്നിനെതിരെയുള്ള പ്രോസിക്യൂഷന്‍ വാദത്തിന്റെ അസ്തിവാരം ഇളക്കുന്ന ചോദ്യങ്ങളാണ് സുപ്രീം കോടതി ചോദിച്ചത്. ഒന്ന്, മാവോയിസ്റ്റ് പുസ്തകങ്ങളോ ലഘുലേഖകളോ കൈവശം വച്ചാല്‍ ഒരാള്‍ മാവോയിസ്റ്റാകുന്നില്ല. രണ്ട്, ജയിലില്‍ കിടക്കുന്ന മാവോയിസ്റ്റ് നേതാവ് നാരായണ്‍ സന്ന്യാലിനെ ബിനായക് സെന്‍ സന്ദര്‍ശിച്ചത് ജയിലര്‍മാരുടെ സാന്നിധ്യത്തിലാകയാല്‍ നിയമവിരുദ്ധമായ കൈമാറ്റങ്ങള്‍ നടന്നിരിക്കാനിടയില്ല. ജസ്റ്റീസുമാരായ എച്ച് എസ് ബേദിയും സി കെ പ്രസാദും ശരിയായ സമീപനമാണ് ബിലാസ്പൂര്‍ ഹൈക്കോടതിക്ക് കാണിച്ചുകൊടുത്തിരിക്കുന്നത്. ബിനായക് സെന്നിന്റെ അപ്പീലില്‍ വിധി പറയുമ്പോള്‍ ഇതിന്റെ അടിസ്ഥാനത്തിലുള്ള നിലപാട് ഹൈക്കോടതി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം.

ബിനായക് സെന്‍ കേസില്‍ സുപ്രീം കോടതി നടത്തിയ പരാമര്‍ശങ്ങള്‍ അബ്ദുന്നാസര്‍ മദനിയുടെ കേസിലും ബാധകമാണ്. മദനിക്കെതിരെ കര്‍ണാടക പൊലീസ് ഉന്നയിക്കുന്ന ആക്ഷേപങ്ങള്‍ ഒരു ന്യായാധിപെന്‍റ ശരിയായ ചോദ്യങ്ങള്‍ക്കു മുന്നില്‍ നിര്‍വീര്യമാകും. മദനിയുടെ ജാമ്യഹര്‍ജി വാദം കേള്‍ക്കവേ ജസ്റ്റീസ് മാര്‍ക്കണ്ഠേയ കാട്ജു ചോദിച്ച ചോദ്യങ്ങള്‍ക്ക് ഏപ്രില്‍ 29ന് കര്‍ണാടക സര്‍ക്കാര്‍ എന്തു മറുപടി നല്‍കുമെന്ന് നമുക്ക് ശ്രദ്ധിക്കാം. പൊലീസിന്റെ ദയയ്ക്കും നീതിബോധത്തിനും വിധേയമായി അനുഭവിക്കാനുള്ളതല്ല പൗരസ്വാതന്ത്ര്യം. പൊലീസിന്റെ കേട്ടെഴുത്തുകാരായ മജിസ്ട്രേട്ടുമാരെ ആരാണ് ഇക്കാര്യം പഠിപ്പിക്കുക?

*****

ഡോ. സെബാസ്റ്റ്യന്‍ പോള്‍, കടപ്പാട് :ചിന്ത വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...