ഇന്ത്യന്‍ രാഷ്ട്രീയം കഠിനമായ പരീക്ഷണങ്ങള്‍ക്ക് വിധേയമാകുന്ന കാലം. അഴിമതിയും ആഡംബരവും നമ്മുടെ രാഷ്ട്രീയ ജീവിതത്തെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്നു. ഈ സന്ദര്‍ഭത്തിലാണ് നാം മറ്റൊരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്.
കേരളത്തില്‍ രണ്ട് രാഷ്ട്രീയ സംസ്ക്കാരങ്ങള്‍ തമ്മില്‍ ബലപരീക്ഷണം നടക്കുന്നു. ഒരു വശത്ത് 'ഹെലികോപ്റ്റര്‍ രാഷ്ട്രീയ' ത്തിന്റെ മുഖം മലിനമായ ഒരു രാഷ്ട്രീയ ദിശാസൂചിയുടെ പ്രതീകമായി തെളിഞ്ഞുവരുന്നു. കോടികളുടെ അഴിമതി ആരോപണങ്ങള്‍കൊണ്ട് ഇക്കൂട്ടര്‍ ജനങ്ങളുടെ രാഷ്ട്രീയ സങ്കല്പത്തില് പ്രതിലോമകരമായ സങ്കല്പങ്ങള് നിറയ്ക്കുന്നു. അതേസമയം രാഷ്ട്രീയ സദാചാരത്തിന്റെയും അഴിമതി രഹിതമായ സംശുദ്ധ ജീവിതത്തിന്റെയും മാതൃകയായി ഇടതുപക്ഷം ജനങ്ങളെ അഭിമുഖീകരിക്കുന്നു. മറ്റൊരു കൂട്ടര് വര്‍ഗീയതയുടെയും മ്ലേച്ഛരാഷ്ട്രീയത്തിന്റെയും സംസ്ക്കാരത്തിനുവേണ്ടി നിലകൊള്ളുന്നു.
ഇവിടെ നമുക്ക് നിഷ്പക്ഷതയുടെ മുഖംമൂടിയണിയാന്‍ കഴിയാതെ വരുന്നു. കൃത്യമായ രാഷ്ട്രീയ നിലപാടുകളിലൂടെ വേണം നാം ഈ സന്ദര്‍ഭത്തെ നേരിടേണ്ടത്. സാമൂഹ്യ വീക്ഷണവും രാഷ്ട്രീയ ബോധവുമുള്ള മലയാളികള്‍ ഇടതുപക്ഷ രാഷ്ട്രീയ സദാചാരത്തിനൊപ്പം സഞ്ചരിക്കാന്‍ ആഗ്രഹിക്കുമെന്നു തീര്‍ച്ചയാണ്.
അഞ്ചുവര്‍ഷത്തെ ഇടതുപക്ഷഭരണം നല്കുന്ന ചില തിരിച്ചറിവുകള്‍ നാം കാണാതിരുന്നുകൂടാ. വലതുപക്ഷ താല്പര്യങ്ങളെ പ്രീണിപ്പിക്കുന്ന സര്‍വ്വേ റിപ്പോര്‍ട്ടുകളിലെ വിശാദന്മാര്പോലും സമ്മതിക്കുന്ന ഒരു കാര്യമുണ്ട്. അത് അഞ്ചുവര്‍ഷത്തെ ഇടതുപക്ഷ ഭരണത്തിനെതിരായ വികാരം ജനങ്ങളിലില്ല എന്ന യാഥാര്‍ഥ്യമാണ്. മറിച്ച് മറ്റ് പല പല കാരണങ്ങളാണ് സര്‍വ്വേ നടത്തിപ്പുകാര്‍ പറയുന്നത്. എന്നാല്‍ ഇവിടെ നാം തിരിച്ചറിയേണ്ട ചില യാഥാര്‍ഥ്യങ്ങള്‍ ബാക്കിയാകുന്നു.
എന്തുകൊണ്ടാണ് ഇടതുപക്ഷത്തിന് ഇന്ത്യന്‍ രാഷ്ട്രീയത്തെ ദീര്‍ഘവീക്ഷണത്തോടെ കാണാന്‍ കഴിയുന്നത്? വരാന്‍ പോകുന്ന കാലത്തിന്റെ അപായങ്ങളെ എന്തുകൊണ്ടാണ് ഉച്ചത്തില്‍ അവര്‍ വിളിച്ചുപറയുന്നത്? കേരളത്തിന്റെ പൊതു മുതല്‍ സ്വകാര്യ ധനമാക്കി മാറ്റുന്നവര്‍ക്കെതിരെ കൃത്യമായ നിലപാടു സ്വീകരിക്കാന്‍ എന്തുകൊണ്ട് ഇടതുപക്ഷത്തിന് കഴിയുന്നു?
ഉത്തരം ലളിതമാണ്. സാധാരണ ജനങ്ങളുടെ നിത്യജീവിതത്തെ മാലിന്യംകൊണ്ടു നിറയ്ക്കാന്‍ വെമ്പുന്ന ഒരു രാഷ്ട്രീയ സംസ്കൃതിക്കെതിരെയാണ് എന്നും ഇടതുപക്ഷം നിലപാടെടുത്തിട്ടുള്ളത്. അതുകൊണ്ടുതന്നെ മലയാളിയുടെ മനസ്സ് ഇടതുപക്ഷത്തിനൊപ്പം യാത്ര തുടരാന്‍ ആഗ്രഹിക്കുന്നു. അവര്‍ പുതിയൊരു രാഷ്ട്രീയ വിശുദ്ധിക്കൊപ്പം മുന്നോട്ടുപോകാന്‍ കൊതിക്കുന്നു. അതിന്റെ പ്രതിഫലനമാകും നാം വരാന്‍പോകുന്ന തെരഞ്ഞെടുപ്പില്‍ കാണാന്‍ പോകുന്നത്.
ഡോ. കെ കെ എന്‍ കുറുപ്പ്(ചരിത്രകാരന്)
കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ പുരോഗതിയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഇടതുപക്ഷമായി പ്രവര്‍ത്തിച്ച കര്‍ഷക പ്രസ്ഥാനവും അതുപോലെ തൊഴിലാളി പ്രസ്ഥാനവും എല്ലാം തന്നെ ശക്തമായ പുരോഗമനത്തിന്റെ ആശയങ്ങള്‍ പ്രകടിപ്പിക്കുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. മുപ്പതുകളിലുള്ള സജീവമായ രാഷ്ട്രീയ പ്രസ്ഥാനം കേരളത്തിന്റെ സമൂല പരിവര്‍ത്തനത്തിന് പശ്ചാത്തലമൊരുക്കി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദണ്ഡേക്കര്‍ കമ്മിറ്റിയുടെ ഭൂപരിഷ്ക്കരണ നിയമം പോലും പ്ലാനിംഗ് കമ്മീഷനിലൂടെ പുറത്തുവന്നപ്പോള്‍ അതിന് ഘടനാപരമായ നേതൃത്വവും നടപ്പിലാക്കുവാനുള്ള പ്രതിബദ്ധതയും ഏറ്റെടുത്തത് ഇടതുപക്ഷമായിരുന്നു. അതുകൊണ്ടുതന്നെ ഇടതുപക്ഷം അധികാരത്തില്‍ വരേണ്ടത് ചരിത്രപരമായ അനിവാര്യതയാണ്.
ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഫ്യൂഡലിസത്തിന്റെ ഭൂഖണ്ഡങ്ങള്‍ അവസാനിപ്പിക്കുകയും 37 ലക്ഷം തുണ്ടു കൃഷിക്കാരായ കുടിയായ്മക്കാര്ക്ക് ഭൂമിയുടെ സ്ഥിരാവകാശം അനുവദിച്ചുകൊണ്ട് അവരുടെ അന്തസ്സുയര്ത്തിപ്പിടിക്കുകയും ചെയ്ത നേതൃത്വം രാഷ്ട്രീയമായ ഇടതുപക്ഷത്തിന്റെ സംഭാവനയായിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള അക്കാദമിക ചരിത്രപഠനങ്ങള്‍ കേരളത്തില്‍ സജീവമായി നടന്നിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. പ്രത്യയശാസ്ത്ര പരമായ ഇടതുപക്ഷത്തിന്റെ ആദര്‍ശം പാവങ്ങളുടെയും നിര്‍ദ്ധനരുടെയും സാമൂഹിക പുരോഗതിയെ അടിസ്ഥാനപ്പെടുത്തിയാണെന്ന് ദാര്‍ശനികര്‍ വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ സമ്പന്ന വിഭാഗത്തിന് ഇടതുപക്ഷത്തോട് പ്രതിപത്തി കുറവാണ്. പക്ഷേ ചരിത്ര ഗതിയാകട്ടെ സ്വാമിവിവേകാനന്ദന് സൂചിപ്പിച്ചതുപോലെ സോഷ്യലിസ്റ്റ് രാജ്യം എന്ന സങ്കല്പവുമായി ബന്ധപ്പെട്ടിരിക്കുന്നു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ പള്ളികളും പട്ടാളക്കാരും ബഹുജനങ്ങളും പ്രസ്ഥാനങ്ങളും കൂടെ നില്‍ക്കുകയും ക്രിസ്തു രാജ്യം പാവങ്ങളുടെ ഉന്നമനത്തിന്റെ രാജ്യമാണെന്നു പ്രസ്താവിക്കുകയും ചെയ്യുമ്പോള്‍ കേരളം പോലുള്ള പ്രദേശങ്ങളില്‍ ബഹുജന പ്രസ്ഥാനങ്ങളില്‍ നിന്നും അകന്നുപോകുന്നത് ദുഃഖകരമാണ്.
ദാരിദ്ര്യം ഇടതുപക്ഷ പ്രസ്ഥാനത്തെ വളര്‍ത്തുന്നുവെന്ന് അമേരിക്കന്‍ ദാര്‍ശനികര്‍ സിദ്ധാന്തിക്കുമ്പോള്‍ അത് ബഹുജന പ്രസ്ഥാനത്തിന്റെ പ്രതിബദ്ധതയായാണ് ഇന്ത്യാചരിത്രം പഠിപ്പിക്കുന്നത്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളും പുരോഗതി നഷ്ടപ്പെട്ട് കൊളോണിയല്‍ പാരമ്പര്യത്തില്‍ ഇന്നും ജീവിക്കുന്നു. അവിടെ മാറ്റങ്ങളുടെ കൊടുങ്കാറ്റുയര്‍ത്താന്‍ ആശയപരമായ ഇടതുപക്ഷ പ്രസ്ഥാനം വളര്‍ന്നു വരേണ്ടിയിരിക്കുന്നു. കേരളത്തിന്റെ സര്വ്വതോന്മുഖമായ മാറ്റങ്ങള്‍ ഇടതുപക്ഷ ചിന്തകളും പ്രവര്‍ത്തനങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ചരിത്രത്തിന്റെ നീതി തന്നെ ഇടതുപക്ഷത്തിന്റെ വിജയമാണ്.
റെഡ് സല്യൂട്ട്(പി കെ മേദിനി)
പ്രായത്തെ വിളിച്ചറിയിക്കുന്ന വെള്ളിവരകള്‍ തലയിലൂടെ പടരുന്നുണ്ടെങ്കിലും യുവത്വത്തിന്റെ വീര്യത്തില്‍ തന്നെയാണ് വിപ്ലവ ഗായികയായ മേദിനി ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തണമെന്ന ആഗ്രഹത്തില്‍ ഗാനം ആലപിച്ച് കേരളത്തിന്റെ നഗരഗ്രാമാന്തരങ്ങളില്‍ ഇപ്പോള്‍ സഞ്ചരിക്കുന്നത്. പാട്ട് കേള്ക്കാനെത്തുന്നവരോട് ഈ ഗായികയ്ക്ക് പറയാനുള്ളത് ഒന്നു മാത്രം. ''മറക്കരുത്, നമ്മുടെ പ്രസ്ഥാനത്തെ''. ചോരചീന്തിയ വഴിയിലൂടെ നടന്നുപോയ രക്തസാക്ഷികളെ ഓര്‍മ്മിക്കാനും അവരുടെ സ്വപ്നം സാക്ഷാതികരിക്കാനും ഇടതുപക്ഷത്തെ വീണ്ടും അധികാരത്തില്‍ കൊണ്ടുവരണമെന്നാണ് മേദിനി പാട്ടിലൂടെ അറിയിക്കുന്നത്.
റെഡ്സല്യൂട്ട്... റെഡ്സല്യൂട്ട്... റെഡ്സല്യൂട്ട്... രക്തസാക്ഷിഗ്രാമങ്ങളെ... പുന്നപ്രവയലാര്‍ ഗ്രാമങ്ങളെ... ഈ ഗാനങ്ങള്‍ കേള്‍ക്കാത്ത കാതുകളോ വയലേലകളോ ഇല്ല കേരളത്തില്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാലഘട്ടങ്ങളില്‍ ഇത് വേദിയില്‍ അവതരിപ്പിച്ച അതേ ചുണയില്‍ തന്നെയാണ് മേദിനി ഇപ്പോഴും ഗാനം ആലപിക്കുന്നത്. കോട്ടയത്ത് കഴിഞ്ഞ ദിവസങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഗാനാലാപനവും ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ വരേണ്ടതിന്റെ ആവശ്യകതയും വിലയിരുത്തുകയായിരുന്നു മേദിനി.
പ്രായം 90ലെത്തിയെങ്കിലും വയലാറിന്റെയും പുന്നപ്രയുടെയും മണ്ണില്‍ നിന്നും ഉയര്‍ന്നുവന്ന വിപ്ലവ പ്രസ്ഥാനത്തിന്റെ പാട്ടുകളുമായി യുവത്വത്തിന് സമരവീര്യം പകര്‍ന്ന് ഗാനമാലപിക്കുകയാണ് മേദിനി. പുന്നപ്രവയലാര്‍ രക്തസാക്ഷി ദിനാചരണത്തിലെ പ്രധാന ചടങ്ങുകള്‍ തുടങ്ങുന്നത് മേദിനിയുടെ വിപ്ലവഗാനത്തോടെയാണ്. എല്ലാ തെരഞ്ഞെടുപ്പുകളും മേദിനിക്ക് വിശ്രമമില്ലാത്ത കാലങ്ങളാണ്. ഇക്കുറി വര്‍ഷങ്ങളായി ആലപിക്കുന്ന ഗാനങ്ങള്‍ക്കൊപ്പം അതാതിടങ്ങളില്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങളും പ്രചാരണപരിപാടികളില്‍ ആലപിക്കുന്നുണ്ട്. കോട്ടയത്ത് പ്രചാരണപരിപാടിക്ക് എത്തിയപ്പോള്‍ നൂറുകണക്കിന് ആള്‍ക്കാരാണ് ഓരോ സ്ഥലങ്ങളിലും പാട്ടുകേള്‍ക്കാന്‍ എത്തിയത്. ആരോഗ്യമുള്ളിടത്തോളം വിപ്ലവഗാനങ്ങള്‍ പാടുമെന്നു പറയുന്ന മേദിനിക്ക് മനസ്സിലിപ്പോഴും കമ്മ്യൂണിസ്റ്റ് സ്വപ്നങ്ങളാണുള്ളത്.
എന്‍ കെ കമലാസനന്
കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിനെക്കുറിച്ച് പറയുമ്പോള്‍ എല്ലാ മേഖലയിലും നൂറ് ശതമാനം വിജയിച്ചതിന്റെ കഥയാണ് കമലാസന് പറയാനുള്ളത്. കാര്‍ഷികമേഖലയില്‍ നൂതന പരിഷ്കാരങ്ങള്‍ വരുത്തുന്നതിനൊപ്പം ക്ഷേമപദ്ധതികള്‍ ആവിഷ്കരിച്ചു.27 മാസമായി മുടങ്ങിക്കിടന്ന കര്‍ഷക തൊഴിലാളി പെന്ഷന് ഇടതു സര്‍ക്കാര്‍ നല്കി. കാര്‍ഷികമേഖലയില്‍ തരിശായി കിടന്ന നിരവധി പാടശേഖരങ്ങളില്‍ കൃഷിയിറക്കാന്‍ കഴിഞ്ഞു ഇതൊക്കെ ഇടതു സര്‍ക്കാരിന്റെ വലിയ നേട്ടങ്ങള്‍ തന്നെയാണ്. വി എസ് അച്ച്യുതാനന്ദന് കമ്യൂണിസ്റ്റുകാരനായ നല്ല മുഖ്യമന്ത്രിയാണ്. അതുപോലെ തന്നെ അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന മറ്റ് വകുപ്പുകളിലെ മന്ത്രിമാരും കാര്യക്ഷമമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. കഴിഞ്ഞ ഭരണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനിടെ അദ്ദേഹം വി എസ് അച്ച്യുതാനന്ദനൊപ്പം പ്രവര്‍ത്തിച്ചതും ഓര്‍മ്മിച്ചു. കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് വി എസിനും മറ്റു സഖാക്കള്‍ക്കുമൊപ്പം പ്രവര്‍ത്തിച്ചത് അദ്ദേഹം ഓര്‍ക്കുന്നു.
രണ്ടു രൂപയ്ക്ക് അരി എല്ലാ കുടുംബങ്ങള്‍ക്കും നല്‍കാനുള്ള സര്‍ക്കാരിന്റെ തീരുമാനം പാവപ്പെട്ടവര്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണ്. പട്ടിണിപ്പാവങ്ങളുടെ കൂരയില്‍ ഇനിയും തീയെരിയുന്നതും നാലുനേരം അവര്‍ കഞ്ഞി കുടിക്കുന്നതും കാണാന്‍ കഴിയും. എന്നാല്‍ ഇതിനെ എതിര്‍ക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. പാവപ്പെട്ടവരോട് പ്രത്യേകമായ ഒരു പരിഗണനയും നല്‍കാതെയാണ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം. ഈ കാര്യങ്ങളൊക്കെ വിലയിരുത്തി ജനങ്ങള്‍ ഇത്തവണയും ഇടതുപക്ഷത്തെ തന്നെ അധികാരത്തില്‍ കൊണ്ടുവരും.ഇടതുപക്ഷം സ്മാര്‍ട്ട് സിറ്റിപോലുള്ള പദ്ധതികള്‍ കൊണ്ടുവന്നു. പൂട്ടിക്കിടന്ന പല വ്യവസായ സ്ഥാപനങ്ങളും തുറന്നു. പൊതുമേഖലസ്ഥാപനങ്ങളെ ലാഭത്തിലാക്കി. പുതിയ വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിച്ചു. ഇത്തരത്തില്‍ ഗുണകരമായ ഒട്ടനവധി പ്രവര്‍ത്തനങ്ങളാണ് ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കിയത്. യു ഡി എഫ് ഭരിച്ചുകൊണ്ടിരുന്നപ്പോള്‍ ഈ മേഖലയെല്ലാം തകര്‍ച്ചയുടെ വക്കിലായിരുന്നു. ഇടതുപക്ഷ ഭരണ നേട്ടങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാകണമെങ്കില്‍ ഇടതുപക്ഷം വിജയിക്കുകതന്നെ വേണം. അതുകൊണ്ട് ജനങ്ങള്‍ ഇത്തവണയും ഇടതുപക്ഷത്തെ അധികാരത്തിലേറ്റുമെന്നാണ് കമലാസനന് പറയുന്നത്.
കാര്‍ഷിക വ്യവസായിക മേഖലയിലേത് പോലെതന്നെ സാംസ്കാരിക വിദ്യാഭ്യാസ രംഗത്തും വലിയ മാറ്റങ്ങള്‍ക്കാണ് ഇടതുപക്ഷ സര്‍ക്കാര്‍ തുടക്കം കുറിച്ചത്. സാംസ്കാരിക രംഗത്ത് പുതിയ സംരംഭങ്ങള്‍ തുടങ്ങിയതിനൊപ്പം പുതിയ തലമുറയിലെ എഴുത്തുകാര്‍ക്കായി ഒരുപാട് സഹായങ്ങളും ചെയ്തുകൊടുത്തു. വിദ്യാഭ്യാസ കച്ചവടത്തിന് ഇറങ്ങിയവരെ നിലക്ക് നിര്‍ത്താന്‍ കുറച്ചെങ്കിലും കഴിഞ്ഞുവെന്നതാണ് ഇടതുപക്ഷത്തിന്റെ വലിയ നേട്ടം. ആദ്യമൊക്കെ ഇവര്‍ എതിര്‍പ്പുമായി രംഗത്ത് വന്നെങ്കിലും ഇപ്പോള്‍ ഇവയെല്ലാം കുറഞ്ഞ അവസ്ഥയാണുള്ളത്.
ഇടതുപക്ഷത്തിന്റെ ഭരണനേട്ടത്തെക്കുറിച്ച് പറയുന്നതിനിടെ പഴയ കാലത്തിലേക്കും അദ്ദേഹം യാത്ര ചെയ്തു. കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ച കാലഘട്ടത്തില്‍ കര്‍ഷക തൊഴിലാളികള്‍ക്ക് ദുരിതത്തിന്റെ സമയമായിരുന്നു. എന്നാല്‍ കമ്യൂണിസ്റ്റുകള്‍ മാറിമാറി അധികാരത്തിലെത്തിയതോടെ ഇവരുടെ ദുരിതം മാറിത്തുടങ്ങി. നാരായണഗുരുവും അയ്യന്‍കാളിയും കേരളത്തിലെ സാമൂഹിക മാറ്റത്തിനു നേതൃത്വം നല്കിയതിനുശേഷം ഈ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തിയത് കമ്യൂണിസ്റ്റുകാരാണെന്നാണ് കമലാസനന് പറയുന്നത്. അതുകൊണ്ടു തന്നെ ഇടതുപക്ഷം അധികാരത്തിലെത്തേണ്ടത് കേരളത്തില്‍ അധ്വാനിക്കുന്ന ജനതയുടെ ആഗ്രഹമാണ്.
കേരളത്തിലെ വലിയൊരു വിഭാഗം ജനതയുടെ രക്ഷകനായ പാര്‍ട്ടിയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം. അച്ചടക്കമുള്ള പാര്‍ട്ടിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി, സൗമ്യതയോടെ കാര്യങ്ങളെ കാണുന്നവര്‍, സ്വഭാവശുദ്ധിയുള്ളവര്‍ എന്നിവരുടെ പാര്‍ട്ടിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. ഇത്തരം മൂല്യങ്ങള്‍ സൂക്ഷിക്കുന്നുവെന്നതാണ് ഇടതുപക്ഷത്തിന്റെ പ്രത്യേകത. അതുകൊണ്ട് തന്നെ ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ വരേണ്ടതാണ്.
ഡോ രാഘവന് പയ്യനാട്
മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തില്‍ ഇന്ത്യയെ വലതുപക്ഷ രീതിയിലേയ്ക്ക് അഥവാ അമേരിക്കന്‍ മുതലാളിത്ത ശൈലിയിലേയ്ക്ക് അടുപ്പിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ വലതുപക്ഷത്തിന്റെ രീതിയും ഇതില്‍ നിന്നും വ്യത്യസ്തമല്ല. സ്വാഭാവികമായും ഇതിനെതിരായി നിലകൊള്ളുന്നത് ഇടതുപക്ഷം മാത്രമാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം ഇടതുപക്ഷ ഭരണത്തിന്റെ തുടര്‍ച്ച എന്നത് ഒരു നീതിയാണ്. സാംസ്ക്കാരിക രംഗത്തും നമുക്ക് ഇടതുപക്ഷ വലതുപക്ഷ വ്യതിയാനങ്ങള്‍ കാണാന്‍ കഴിയും. അവിടെയാണ് ബി ജെ പിയുടെ പ്രശ്നം ഉയര്‍ന്നു വരുന്നത്. ബി ജെ പി സാംസ്ക്കാരികമായി വലതുപക്ഷത്തു നില്‍ക്കുന്നവരാണ്. ഇടതുപക്ഷം സാംസ്ക്കാരിക പുരോഗതിയിലേയ്ക്ക് നയിക്കുന്ന പക്ഷമാണ്. കേരളത്തിന്റെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റേതായാലും ലീഗിന്റെതായാലും ഒരു രാഷ്ട്രീയം എന്ന നിലയില്‍ പരിഗണിക്കാന്‍ കഴിയില്ല. കാരണം ഇടതുപക്ഷത്തിന്റെ സംശുദ്ധ രാഷ്ട്രീയത്തിനെതിരെ നില്ക്കാന് മാത്രമുള്ള അടിത്തറ കേരളത്തിലെ വലതുപക്ഷത്തിനില്ല. അതുകൊണ്ടുതന്നെ സംശുദ്ധരാഷ്ട്രീയം വിജയിക്കണം. ഇടതുപക്ഷത്തിന്റെ വിജയം കേരളത്തിന്റെ അനിവാര്യതയാണ്.
ശൂലപാണി(പഴയകാല കമ്മ്യൂണിസ്റ്റ് പ്രവര്ത്തകന്)
വൈക്കം കൊടൂപ്പാടം നോര്‍ത്തില്‍ താമസിക്കുന്ന ശൂലപാണിക്ക് കാഴ്ച ഇത്തിരി മങ്ങിയെങ്കിലും 83ലും ചുവപ്പുകണ്ടാല്‍ ഒരു ഇങ്ക്വിലാബ് സിന്ദാബാദ് വിളിക്കണമെന്നാണ് ആഗ്രഹം. പടിഞ്ഞാറ് ചക്രവാളം ചുവക്കുമ്പോള്‍ പാടത്തുനിന്ന് വീട്ടിലേക്ക് പോവുന്ന ശൂലപാണിയുടെ മനസ്സില്‍ ലോകം മുഴുവന്‍ ചുവപ്പണിയുന്നതിന്റെ സ്വപ്നങ്ങളായിരുന്നു. പണ്ട്, എന്നുപറഞ്ഞാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്നാട്ടിലേക്ക് വന്ന കാലത്ത് ഓന് കമ്മ്യൂണിസ്റ്റാണെന്ന് പറഞ്ഞാല്‍ എവിടെനിന്നും അക്രമം ഉണ്ടാകുന്ന കാലമായിരുന്നു. അന്ന് ഞങ്ങളെല്ലാവകരും ചേര്‍ന്ന് ഒരുമിച്ച് മുദ്രാവാക്യം വിളിച്ചാല്‍ പിന്നെയാരും അരികിലെത്തില്ല. അക്കാലം പോയി . എന്നാല്‍ ഇന്നും അതുപോലെയല്ലെങ്കിലും സമരത്തിനും അവകാശത്തിനുമുള്ള സാദ്ധ്യത കുറഞ്ഞിട്ടില്ലെന്നാണ് ശൂലപാണിയുടെ പക്ഷം. ഇപ്പോള്‍ ഇടതുപക്ഷം അധികാരത്തില്‍ വരണമെന്ന് പറയുമ്പോള്‍ ശൂലപാണിക്ക് വലിയ വിശദീകരണങ്ങളൊന്നും നല്കാനില്ല. എങ്കിലും അദ്ദേഹത്തിന് പറയാനുള്ളത് ഇത്രമാത്രം. എല്ലാ മനുഷ്യര്‍ക്കും ക്ഷേമം നടപ്പാക്കണമെങ്കില്‍ കമ്മ്യൂണിസ്റ്റുകള്‍ തന്നെ അധികാരത്തില്‍ വരണം. അതുകൊണ്ട് എല്ലാവരും വീണ്ടും ഇടതുപക്ഷത്തിനെ അധികാരത്തിലേറ്റണമെന്നാണ് ശൂലപാണിയുടെ ഉപദേശം.
വി ടി മുരളി(ഗായകന്)
ഇടതുപക്ഷം ജനങ്ങളുടെ പക്ഷമാണ്. ഇടതുപക്ഷം പരാജയപ്പെടുകയെന്നാല്‍ ജനങ്ങള്‍ തോല്ക്കുന്നതിനു തുല്യമാണ്. എപ്പോഴും നാം പറയുന്ന ഒന്നാണ് സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ എന്നത്. പൊതുഖജനാവില്‍ നിന്നും കോടികള്‍ കൊള്ളയടിക്കുന്ന വലതുപക്ഷത്തിന് സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ ഒരിക്കലും വിഷയമാകുന്നില്ല. അഴിമതിയുടെ കള്ളക്കണക്കുകള്‍ മാത്രമാണ് അവിടെ മുഖ്യ അജണ്ട. അതുകൊണ്ടുതന്നെ വലതുപക്ഷം നെറികേടിന്റെയും കെടുകാര്യസ്ഥതയുടെയും പക്ഷമാണ്.
സമൂഹത്തിലെ അടിസ്ഥാനവര്‍ഗത്തിന്റെ പ്രശ്നങ്ങള്‍ ഗൗരവത്തിലെടുക്കുകയും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് എത്തിക്കുകയും ചെയ്യേണ്ടത് ഉത്തരവാദപ്പെട്ട സര്‍ക്കാരിന്റെ കടമയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണരീതികളും നേട്ടങ്ങളും പരിശോധിച്ചാല്‍ ഇതെല്ലാം പരിധിയിലധികം നിറവേറ്റപ്പെട്ടതായികാണാം.
ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജനമനസിലേയ്ക്കു കൊണ്ടുവന്ന ഒരു പ്രതീകമുണ്ട്. ബാലകൃഷ്ണപിള്ളയുടെയും കുഞ്ഞാലിക്കുട്ടിയുടെയും രൂപമാണതിന്. ഒരിക്കലും ജനാധിപത്യത്തിന് നിരക്കുന്ന കാഴ്ചകളല്ല ഇത് ഇവിടെയെല്ലാം ആര് വേണം ഭരിക്കാന്‍ എന്ന ചോദ്യത്തിനു തന്നെ പ്രസക്തിയില്ലാതായി മാറുകയാണ്. കാരണം തെരഞ്ഞെടുപ്പില്‍ ജയിക്കുവാന്‍ അര്‍ഹതയുള്ള ഒരു പക്ഷം മാത്രമാണ് കേരളത്തിലുള്ളത്. അത് ഇടതുപക്ഷമാണ്.
*****
കടപ്പാട് : വാരാന്തം , ജനയുഗം
Subscribe to:
Post Comments (Atom)
1 comment:
കേരളത്തില്‍ രണ്ട് രാഷ്ട്രീയ സംസ്ക്കാരങ്ങള്‍ തമ്മില്‍ ബലപരീക്ഷണം നടക്കുന്നു. ഒരു വശത്ത് 'ഹെലികോപ്റ്റര്‍ രാഷ്ട്രീയ' ത്തിന്റെ മുഖം മലിനമായ ഒരു രാഷ്ട്രീയ ദിശാസൂചിയുടെ പ്രതീകമായി തെളിഞ്ഞുവരുന്നു. കോടികളുടെ അഴിമതി ആരോപണങ്ങള്‍കൊണ്ട് ഇക്കൂട്ടര്‍ ജനങ്ങളുടെ രാഷ്ട്രീയ സങ്കല്പത്തില് പ്രതിലോമകരമായ സങ്കല്പങ്ങള് നിറയ്ക്കുന്നു. അതേസമയം രാഷ്ട്രീയ സദാചാരത്തിന്റെയും അഴിമതി രഹിതമായ സംശുദ്ധ ജീവിതത്തിന്റെയും മാതൃകയായി ഇടതുപക്ഷം ജനങ്ങളെ അഭിമുഖീകരിക്കുന്നു. മറ്റൊരു കൂട്ടര് വര്‍ഗീയതയുടെയും മ്ലേച്ഛരാഷ്ട്രീയത്തിന്റെയും സംസ്ക്കാരത്തിനുവേണ്ടി നിലകൊള്ളുന്നു.
ഇവിടെ നമുക്ക് നിഷ്പക്ഷതയുടെ മുഖംമൂടിയണിയാന്‍ കഴിയാതെ വരുന്നു. കൃത്യമായ രാഷ്ട്രീയ നിലപാടുകളിലൂടെ വേണം നാം ഈ സന്ദര്‍ഭത്തെ നേരിടേണ്ടത്.
Post a Comment