Tuesday, April 12, 2011

ഉന്നത വിദ്യാഭ്യാസം : യുഡിഎഫ് കാലത്തും എല്‍ഡിഎഫ് കാലത്തും

ആഗോളവല്‍ക്കരണ സ്വകാര്യവല്‍ക്കരണ ഉദാരവല്‍ക്കരണ തിട്ടൂരങ്ങള്‍ അച്ചട്ടും നടപ്പിലാക്കാന്‍ ഒരുമ്പെട്ടിറങ്ങുകയായിരുന്നു 2001-06ലെ ആന്റണി - ഉമ്മന്‍ചാണ്ടി സര്‍ക്കാരുകള്‍. അരനൂറ്റാണ്ടുകൊണ്ട് കേരളം സമാര്‍ജിച്ച സാമൂഹിക നേട്ടങ്ങളാകെ തച്ചുടയ്ക്കാന്‍ രണ്ടും കല്‍പിച്ചുള്ള എടുത്തു ചാട്ടമായിരുന്നു അന്നവര്‍ നടത്തിയത്. കര്‍ഷകരെ കടക്കെണിയിലേക്കും കൂട്ട ആത്മഹത്യയിലേക്കും തള്ളിവിട്ട കാര്‍ഷികനയം, ജനജീവിതത്തെ ദുരിതപൂര്‍ണ്ണമാക്കിയ എഡിബി പരിഷ്കാരങ്ങള്‍, വ്യവസായനിക്ഷേപം ആകര്‍ഷിക്കാന്‍ സംഘടിപ്പിച്ച 'ആഗോള നിക്ഷേപ സംഗമ'ത്തിന്റെ വന്‍പരാജയം, വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരം ഒരുക്കിയ ആഭ്യന്തരനയം, തൊഴിലവസരങ്ങള്‍ വെട്ടിക്കുറച്ച് തൊഴില്‍രഹിതരെ വഞ്ചിക്കുകയും തൊഴില്‍ശാലകള്‍ പൂട്ടി തൊഴിലാളികളെ വഴിയാധാരമാക്കുകയും ചെയ്ത തൊഴില്‍നയം തുടങ്ങിയ ജനവിരുദ്ധ നയങ്ങളും വികസനരംഗത്തെ മുരടിപ്പും അഴിമതിയും സ്വജനപക്ഷപാതവുമെല്ലാമായിരുന്നു ആ സര്‍ക്കാരിന്റെ മുഖമുദ്ര.

യുഡിഎഫ് ഭരണത്തില്‍ പൊതുവിദ്യാഭ്യാസരംഗവും ഉന്നതവിദ്യാഭ്യാസരംഗവും വലിയ അരക്ഷിതാവസ്ഥയിലായിരുന്നു. വിദ്യാഭ്യാസത്തെ വ്യവസായമായിട്ടും കമ്പോളമായിട്ടുമാണ് കണക്കാക്കിയിരുന്നത്. ഒരു ഭാഗത്ത് സര്‍ക്കാര്‍ സ്കൂളുകള്‍ അടച്ചുപൂട്ടുകയും മറുഭാഗത്ത് അണ്‍എയ്ഡഡ് സ്കൂളുകള്‍ അനുവദിക്കുകയും ചെയ്തു. അണ്‍എയ്ഡഡ് സ്കൂളുകളെ എയ്ഡഡ് സ്കൂളുകളാക്കുകയും എയ്ഡഡ് സ്കൂളുകളില്‍ അണ്‍എയ്ഡഡ് ഹയര്‍ സെക്കണ്ടറി കോഴ്സുകള്‍ ആരംഭിക്കുകയും ചെയ്തു. ഇത്തരത്തില്‍ അത്യന്തം വികലമായ പൊതുവിദ്യാഭ്യാസ നയമാണ് ആന്റണി സര്‍ക്കാര്‍ നടപ്പിലാക്കിയത്. ഉന്നതവിദ്യാഭ്യാസമേഖലയിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. എയ്ഡഡ് കോളേജുകളില്‍ അണ്‍എയ്ഡഡ് കോഴ്സുകള്‍ യഥേഷ്ടം തുടങ്ങാനുള്ള അനുവാദം, സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ നിയന്ത്രണമില്ലാത്ത സ്വാതന്ത്ര്യം, പൊതുമുതലിന്റെ സ്വകാര്യവല്‍ക്കരണം തുടങ്ങിയവയായിരുന്നു തലതിരിഞ്ഞ പരിഷ്കാരങ്ങള്‍.

2001 മെയ് മാസത്തില്‍ അധികാരത്തില്‍ വന്ന ആന്റണി സര്‍ക്കാര്‍ തൊട്ടടുത്ത മാസം തന്നെ ഒരു ധവളപത്രം പുറപ്പെടുവിച്ചു. (2011ലെ യുഡിഎഫ് പ്രകടനപത്രികയിലും ധവളപത്രമിറക്കുമെന്ന് പറയുന്നുണ്ട്) അതില്‍ വിഭവദാരിദ്ര്യത്തിന്റെ പെരുപ്പിച്ച കണക്കുകള്‍ അവതരിപ്പിച്ചുകൊണ്ടാണ് കേരളത്തിലെ സമസ്ത മേഖലകളേയും പ്രതിസന്ധിയിലാക്കുന്ന കര്‍മ്മ പരിപാടികള്‍ക്ക് തുടക്കംകുറിച്ചത്. ഉന്നതവിദ്യാഭ്യാസരംഗത്തെ മുതല്‍മുടക്കിനെ ഒരു ബാധ്യതയായാണ് ധവളപത്രം കണ്ടത്. അതിനാല്‍ ഈ രംഗത്തെ സര്‍ക്കാര്‍സഹായം പടിപടിയായി കുറയ്ക്കാന്‍ നിശ്ചയിച്ചു. അതിനായി (1) വിദ്യാര്‍ത്ഥികളുടെ ഫീസ് വര്‍ദ്ധിപ്പിക്കുക (2) പുതിയ സര്‍ക്കാര്‍/എയ്ഡഡ് കോളേജുകള്‍ അനുവദിക്കാതിരിക്കുക (3) പുതിയ കോഴ്സുകളും ബാച്ചുകളും സ്വാശ്രയ സമ്പ്രദായത്തില്‍ മാത്രം ആരംഭിക്കുക (4) അടിസ്ഥാന സൌകര്യങ്ങളും സാമ്പത്തിക ഭദ്രതയുമുള്ള കോളേജുകള്‍ക്ക് സ്വയംഭരണപദവി നല്‍കുക എന്നീ സമീപനങ്ങള്‍ സ്വീകരിച്ചു. (2011ലെ യുഡിഎഫ് പ്രകടനപത്രികയിലും 'ഉന്നത നിലവാരം പുലര്‍ത്തുന്ന കോളേജുകള്‍ക്ക് ഓട്ടോണമസ് പദവി നല്‍കാനുള്ള നയം നടപ്പാക്കും' എന്ന് പ്രഖ്യാപിക്കുന്നുണ്ട്).

മെച്ചപ്പെട്ട സൌകര്യങ്ങളുള്ള ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകള്‍ക്ക് സ്വയംഭരണം നല്‍കി അവയെ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍നിന്നും ഒഴിവാക്കി മാനേജര്‍ക്ക് തന്നിഷ്ട പ്രകാരം കൊണ്ടു നടക്കാന്‍ അനുമതി നല്‍കിയാല്‍ അവ പൂര്‍ണമായും കച്ചവട സ്ഥാപനമായി മാറുമെന്ന് അറിയാത്തതുകൊണ്ടല്ല ആന്റണി സര്‍ക്കാര്‍ ഇതിനൊരുമ്പെട്ടത്. സമൂഹത്തിന്റെ സമ്പത്തുകൊണ്ട് കെട്ടിപ്പടുത്ത ഇത്തരം കോളേജുകളെ സ്വകാര്യവ്യക്തികള്‍ക്കും ജാതിമത ശക്തികള്‍ക്കും ഇഷ്ടദാനം നല്‍കി സ്വകാര്യസ്വത്താക്കി മാറ്റാനുള്ള നീക്കത്തിലൂടെ യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയത് അവരുടെ പുത്തന്‍നയം തന്നെയാണ്. പാവപ്പെട്ടവര്‍ക്ക് അപ്രാപ്യമായ പുതിയൊരുതരം വരേണ്യവിഭാഗം കോളേജുകള്‍ - സ്വകാര്യ സ്വാശ്രയ സ്വയംഭരണ കോളേജുകള്‍ - രൂപപ്പെടുത്തിയെടുക്കുക എന്നതായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം.

വെള്ളക്കടലാസില്‍ അപേക്ഷിക്കുന്ന ആര്‍ക്കും 25000 രൂപ ഫീസ് അടച്ചാല്‍ സ്വകാര്യ സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകള്‍ തുടങ്ങാന്‍ അനുമതി നല്‍കുമെന്ന ആന്റണിയുടെ അന്നത്തെ നയം വിദ്യാഭ്യാസരംഗത്തെ കച്ചവടവല്‍ക്കരണത്തിന് ആക്കം കൂട്ടാനുള്ള അമിതാവേശമായിരുന്നു. എഞ്ചിനീയറിംഗ്, മെഡിക്കല്‍ കോളേജുകള്‍ക്ക് 5 മുതല്‍ 10 വരെ കോടി രൂപ കോഴയായി കൈപ്പറ്റിയ കഥകള്‍ നാട്ടില്‍ പരസ്യമായ രഹസ്യമായിരുന്നു. വ്യാജമദ്യ വില്‍പനക്കാരനും കാട്ടുകള്ളനും കള്ളക്കച്ചവടക്കാരനും നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരസ്യം മാധ്യമങ്ങളില്‍ നിറയുന്നത് ആദ്യമൊക്കെ ജനം അല്‍ഭുതത്തോടെയാണ് കണ്ടത്.

ട്രെയിനിംഗ് കോളേജുകള്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ 2003 ഏപ്രില്‍ മാസം കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച വിധി സര്‍ക്കാര്‍ നിലപാടിലെ പരിഹാസ്യതയും ഒപ്പം അഴിമതിയും വിളംബരം ചെയ്യുന്നതായിരുന്നു. വെള്ളക്കടലാസ്സിലുള്ള അപേക്ഷ മാത്രം അടിസ്ഥാനപ്പെടുത്തുന്നത് ശരിയല്ലെന്നും കോളേജ് അനുവദിക്കുന്നതിന് വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശ വേണമെന്നുമായിരുന്നു ഉത്തരവ്. വിദഗ്ദ്ധ സമിതി നിര്‍ദ്ദേശിച്ച 75 കോളേജുകള്‍ക്ക് അനുമതി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. എന്നാല്‍ സര്‍ക്കാര്‍ ലിസ്റ്റ് പുറത്തുവന്നപ്പോള്‍ 96 കോളേജുകള്‍! വിദഗ്ദ്ധ സമിതിയുമായി ആലോചിച്ച് 5 എണ്ണം കൂടെ നല്‍കാന്‍ മന്ത്രിസഭായോഗത്തിനുശേഷം ധാരണയായതായി പറഞ്ഞ മുഖ്യമന്ത്രി ആന്റണി ശേഷിക്കുന്ന 16നെ സംബന്ധിച്ച് സ്വതസിദ്ധമായ കപടമൌനം ദീക്ഷിച്ചു.

ഉന്നതനിലവാരം പുലര്‍ത്തിപ്പോരുന്ന തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് ഉള്‍പ്പെടെ 14 എഞ്ചിനീയറിംഗ് കോളേജുകള്‍ക്ക് സ്വയംഭരണം നല്‍കി സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം നടന്നതും യുഡിഎഫ് കാലഘട്ടത്തില്‍ തന്നെയാണ്. ഒരു സൊസൈറ്റിയുടെ ഭരണത്തിന്‍കീഴില്‍ ഇവയെ കൊണ്ടുവന്ന് സ്വയംഭരണം നല്‍കിയാല്‍ മാത്രമേ ലോകബാങ്ക് വച്ചുനീട്ടുന്ന ചില്ലറ സാമ്പത്തികസഹായം കിട്ടുകയുള്ളൂ എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇതിനുള്ള നീക്കം നടത്തിയത്. തുടര്‍ന്നുനടന്ന അതിശക്തമായ സമരങ്ങള്‍ക്കുമുമ്പില്‍ സര്‍ക്കാരിന് തീരുമാനം മാറ്റേണ്ടിവന്നുവെന്നത് ചരിത്രം.

കോളേജുകള്‍ മാത്രമല്ല സര്‍വകലാശാലകളേയും സ്വകാര്യവല്‍ക്കരിക്കാനുള്ള പദ്ധതിയും സര്‍ക്കാരിനുണ്ടായിരുന്നു. 112 സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ എഞ്ചിനീയറിംഗ്/എംസിഎ/മാനേജ്മെന്റ്/ഫൈന്‍ ആര്‍ട്സ് സ്ഥാപനങ്ങളെ അഫിലിയേറ്റ് ചെയ്തുകൊണ്ട് ഒരു സ്വാശ്രയ സാങ്കേതിക സര്‍വകലാശാല 2004-05ല്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന് സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നു. യുഡിഎഫിന്റെ മോഹം അക്കാര്യത്തിലും മലയാളക്കരയില്‍ പൂവണിഞ്ഞില്ല.

യുഡിഎഫിന്റെ കമ്പോളവല്‍ക്കരണ അജണ്ട സര്‍വകലാശാലകളില്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമെന്ന നിലയിലാണ് മഹാത്മാഗാന്ധി സര്‍വകലാശാല, തങ്ങളുടെ അധികാരമേഖലയ്ക്കു പുറത്തുപോലും, ഓഫ് കാമ്പസ് സെന്ററുകള്‍ ഫ്രാഞ്ചൈസി അടിസ്ഥാനത്തില്‍ ആരംഭിച്ചത്. സാമൂഹികനീതിയിലധിഷ്ഠിതമായ ഗുണമേന്മയുള്ള വിദ്യാഭ്യാസമെന്ന സങ്കല്‍പത്തെ മുച്ചൂടും അട്ടിമറിക്കുന്ന സംവിധാനമായാണ് ഇത് ജന്മംകൊണ്ടത്. ഈ ദുഷ്പ്രവണതയ്ക്കെതിരായ സമരം പൂര്‍ണമായും ഫലപ്രാപ്തിയില്‍ എത്തിയില്ല എന്ന വസ്തുത അവശേഷിക്കുന്നുണ്ട്.

സര്‍ക്കാര്‍ - എയ്ഡഡ് കോളേജുകളില്‍ അണ്‍എയ്ഡഡ് കോഴ്സുകള്‍ ആരംഭിക്കാനുള്ള നീക്കവും ഇക്കാലത്താണ് സജീവമായത്. അധ്യാപകരുടെ ശക്തമായ ചെറുത്തുനില്‍പ്പിന്റെ ഫലമായി സര്‍ക്കാര്‍ കോളേജുകളില്‍ അണ്‍എയ്ഡഡ് കോഴ്സുകള്‍ തുടങ്ങാന്‍ കഴിഞ്ഞില്ല. എന്നാല്‍, ലാഭം കൊയ്യാന്‍ അവസരം തുറന്നു കിട്ടിയതില്‍ മദമത്തരായ ചില മാനേജരന്മാര്‍ തങ്ങളുടെ എയ്ഡഡ് കോളേജുകളില്‍ സര്‍ക്കാരിന്റേയും സര്‍വകലാശാലയുടെയും പിന്തുണയോടെ അണ്‍എയ്ഡഡ് കോഴ്സുകള്‍ ആരംഭിക്കുകയും ചെയ്തു. സാമൂഹിക നിയന്ത്രണം നഷ്ടപ്പെടുക മാത്രമല്ല, പൊതു ആസ്തികളുടെ സ്വകാര്യവല്‍ക്കരണവും നടക്കുകയായിരുന്നു. ഇക്കാര്യം സ്പഷ്ടമാക്കുന്നതാണ് രാജഗിരിയില്‍ നടന്നത്. 19.1.2004ന് കേരള സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പ്രകാരം രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസില്‍ നിലവിലുണ്ടായിരുന്ന എംബിഎ കോഴ്സിനെ സ്വാശ്രയ കോഴ്സാക്കി മാറ്റുകയായിരുന്നു. ജസ്റ്റിസ് കെ റ്റി തോമസ് നിശ്ചയിക്കുന്ന (സ്വാശ്രയ കോഴ്സിനുള്ള) ഫീസ് മാനേജര്‍ക്ക് വിദ്യാര്‍ത്ഥികളില്‍നിന്നും ഈടാക്കാമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ അധ്യാപക അനധ്യാപക ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തുടര്‍ന്നും സര്‍ക്കാര്‍ നല്‍കുമെന്നും പ്രസ്തുത ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. മാനേജര്‍ക്ക് ഇരട്ടലാഭം!

കേരള - കാലിക്കറ്റ് സര്‍വകലാശാലാ മേഖലയില്‍ വിദ്യാഭ്യാസ കച്ചവടക്കാര്‍ക്ക് പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗം തുറന്നുകൊടുക്കുന്നതിന് തടസ്സം അവിടങ്ങളിലെ സിണ്ടിക്കേറ്റുകളില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഭൂരിപക്ഷം ഉള്ളതുകൊണ്ടാണെന്ന് മനസ്സിലാക്കിക്കൊണ്ട് അതിനെ മറികടക്കാന്‍ ആന്റണി സര്‍ക്കാര്‍ 2001 സെപ്തംബര്‍ 13ന് ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. ഐടി - ബിടി മേഖലകളില്‍നിന്നും 5 പേരെ നോമിനേറ്റ് ചെയ്തുകൊണ്ട് സിണ്ടിക്കേറ്റില്‍ ഭൂരിപക്ഷം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. ജനാധിപത്യഹത്യ ചെയ്തുകൊണ്ടുള്ള വിദ്യാഭ്യാസ കച്ചവട താല്‍പര്യസംരക്ഷണമാണിവിടെ നടന്നത്. അതോടുകൂടി കേരള -കാലിക്കറ്റ് സര്‍വകലാശാലാ മേഖലയിലും അണ്‍എയ്ഡഡ് സ്ഥാപനങ്ങളും കോഴ്സുകളും വ്യാപകമായി അനുവദിക്കപ്പെട്ടു.

കേരളത്തിലെ സര്‍വകലാശാലകളില്‍ അവശേഷിക്കുന്ന തെരഞ്ഞെടുക്കപ്പെടുന്ന ഭരണസംവിധാനത്തെ പൂര്‍ണമായും ഉന്മൂലനം ചെയ്യുന്നതിനുവേണ്ടിയാണ് ഏകീകൃത സര്‍വകലാശാലാ നിയമം കൊണ്ടുവരാന്‍ ആന്റണി സര്‍ക്കാര്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയത്. കേരളത്തിലെ സര്‍വകലാശാലകള്‍ക്കെല്ലാം പൊതുവായി ബാധകമായ ഏകീകൃത സര്‍വകലാശാലാ നിയമത്തില്‍ സര്‍വകലാശാലകളിലെ തെരഞ്ഞെടുക്കപ്പെട്ട സമിതികളെ മാറ്റി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവയാക്കാനുള്ള വകുപ്പുകള്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. സര്‍വകലാശാലകളുടെ സ്വയംഭരണം ഇല്ലാതാകുന്നതോടൊപ്പം സ്വാശ്രയ സ്ഥാപനമായി മാറാന്‍ തയ്യാറുള്ള എയ്ഡഡ് കോളേജുകള്‍ക്ക് സ്വയംഭരണം നല്‍കാനും ഏകീകൃത സര്‍വകലാശാലാ നിയമം വിഭാവനം ചെയ്തിരുന്നു. ഏകീകൃത സര്‍വകലാശാലാ നിയമം നടപ്പിലാക്കുന്നതിലൂടെ കേരളത്തെ 'വിജ്ഞാനത്തിന്റെ കേന്ദ്രമാക്കി മാറ്റു'മെന്നാണ് ആന്റണി പ്രഖ്യാപിച്ചത്. കച്ചവട കേന്ദ്രമാക്കി മാറ്റാമെന്നായിരിക്കാം സ്വപ്നം കണ്ടത്! (2011ലെ യുഡിഎഫ് പ്രകടനപത്രികയില്‍ ഏകീകൃത നിയമം പറയുന്നില്ലെങ്കിലും കേരള സംസ്ഥാനത്തെ 'വിജ്ഞാന കേന്ദ്രമാക്കി മാറ്റു'മെന്ന് പറയുന്നുണ്ട്).

തങ്ങളുടെ യഥാര്‍ത്ഥ ഉദ്ദേശം മറച്ചുവെച്ചുകൊണ്ട് അന്ന് നാട്ടിലാകെ യുഡിഎഫ് പ്രചരിപ്പിച്ചത്, ഏകീകൃത സര്‍വകലാശാലാ നിയമം കൊണ്ടുവരുന്നത് കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലേയും പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും ഏകീകരിക്കാനാണെന്നാണ് (ഇന്നും 'ഏകീകൃത അക്കാദമിക് കലണ്ടറി'നെക്കുറിച്ച് യുഡിഎഫ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്യുന്നു).

ജനാധിപത്യവിരുദ്ധവും കമ്പോളവല്‍ക്കരണത്തെ സഹായിക്കുന്നതുമായ ഏകീകൃത സര്‍വകലാശാലാ നിയമത്തിനെതിരെ അതിശക്തമായ ജനകീയ പ്രക്ഷോഭമാണ് കേരളത്തില്‍ നടന്നത്. ഇതിനിടയില്‍ നടന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തോറ്റമ്പിയപ്പോള്‍ മുഖ്യമന്ത്രി എ കെ ആന്റണിക്കും വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പിക്കും രാജിവയ്ക്കേണ്ടിവന്നു. പകരം ഉമ്മന്‍ചാണ്ടിയും ഇ ടി മുഹമ്മദ് ബഷീറും വന്നു. ഏകീകൃത സര്‍വകലാശാലാ നിയമം ഉപേക്ഷിക്കപ്പെട്ടുവെങ്കിലും യുഡിഎഫിന്റെ കച്ചവട അജണ്ടയ്ക്കു മാറ്റമൊന്നുമുണ്ടായില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തുടക്കം തന്നെ വിദ്യാഭ്യാസവാണിഭക്കാര്‍ക്ക് ഒത്താശ ചെയ്യുന്ന ഉത്തരവിറക്കിക്കൊണ്ടായിരുന്നു. മെരിറ്റടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിയന്ത്രിത പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നിരക്കില്‍ ഫീസ് ഏര്‍പ്പെടുത്തിയ ആന്റണി സര്‍ക്കാരിന്റെ തീരുമാനം മാറ്റിമറിച്ചുകൊണ്ട് സാമ്പത്തിക മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഫീസ് ഇളവ് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള തീരുമാനമായിരുന്നു അത്.

ഐടി - ബിടി നോമിനേഷനുകളിലൂടെ കൃത്രിമ ഭൂരിപക്ഷം ഉണ്ടാക്കിയെടുത്തുവെങ്കിലും സിണ്ടിക്കേറ്റിലെ തെരഞ്ഞെടുക്കപ്പെട്ടവരുടെ സാന്നിദ്ധ്യം തങ്ങളുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ ക്ഷിപ്രസാദ്ധ്യമാക്കാന്‍ തടസ്സമാകുന്നുവെന്ന് കണ്ട് രണ്ട് സിണ്ടിക്കേറ്റുകളേയും പിരിച്ചുവിട്ടു. തങ്ങളുടെ സ്വന്തക്കാരെ മാത്രം നോമിനേറ്റു ചെയ്തുകൊണ്ട് പുതിയതരം സിണ്ടിക്കേറ്റ് ഉണ്ടാക്കി ഓര്‍ഡിനന്‍സ് കൊണ്ടുവരുകയും ചെയ്തു. അതോടുകൂടി കേരളത്തില്‍ 'എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം സ്വകാര്യ സ്വാശ്രയ കോളേജുകള്‍ കാണാം' എന്ന അവസ്ഥ ആയി. എഞ്ചിനീയറിംഗ്, മെഡിക്കല്‍, ദന്തല്‍, നഴ്സിംഗ്, ഫാര്‍മസി, ആയുര്‍വേദം, ട്രെയിനിംഗ് തുടങ്ങി ഏതാണ്ടെല്ലാമേഖലയിലും സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങള്‍ തുടങ്ങിയെങ്കിലും സാമൂഹികനീതിയും ഗുണമേന്മയും അന്യമായി. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും മാനസിക സംഘര്‍ഷങ്ങളും ആത്മഹത്യകളും തുടര്‍ക്കഥകളായി. സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസ് കെട്ടിടത്തിന്റെ മുകളില്‍നിന്നും ചാടി ആത്മഹത്യ ചെയ്ത രജനി എസ് ആനന്ദ് കേരള സമൂഹത്തിനുമുമ്പില്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തിവിടുകയുണ്ടായി.

സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനെതിരെ സര്‍ക്കാരിന്റെ മര്‍ദ്ദന ഉപകരണങ്ങളാകെ പ്രയോഗിക്കപ്പെട്ടു. പോലീസിനെ ഉപയോഗിച്ച് വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ചവശരാക്കി. വിദ്യാര്‍ത്ഥികളുടെ സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു. തെരഞ്ഞെടുക്കപ്പെടേണ്ട കോളേജ് യൂണിയനുകള്‍ പ്രഹസനമാക്കപ്പെട്ടു. സര്‍വകലാശാലാ യൂണിയനുകള്‍ ഇല്ലാതായി. അദ്ധ്യാപക സംഘടനാ പ്രവര്‍ത്തകരെ അച്ചടക്ക നടപടികള്‍ക്ക് വിധേയരാക്കി. തെരഞ്ഞെടുക്കപ്പെടേണ്ടതായ സെനറ്റ്, സിണ്ടിക്കേറ്റ് എന്നിവ വര്‍ഷങ്ങളായി രൂപീകരിക്കപ്പെടാതായി. അതായത് അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും (പൊതുവെ വിദ്യാഭ്യാസമേഖലയിലാകെ) ജനാധിപത്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു.

സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളിലെ അധ്യാപക നിയമനം നിരോധിക്കുകയും പുതിയ കോഴ്സുകള്‍ അണ്‍എയ്ഡഡിന് മാത്രം നല്‍കുകയും ചെയ്തുകൊണ്ട് സര്‍ക്കാര്‍/എയ്ഡഡ് മേഖലയെ അനാകര്‍ഷകമാക്കി മാറ്റി സ്വാശ്രയക്കാര്‍ക്ക് ഒത്താശ ചെയ്യുന്ന പണിയായിരുന്നു യുഡിഎഫിന്റെ 5 കൊല്ലത്തെ ഭരണത്തിലും ചെയ്തിരുന്നത്.

'വ്യവസായം പോലെ വിദ്യാഭ്യാസവും മൂലധന നിക്ഷേപകന് ലാഭം ലഭ്യമാക്കേണ്ട മേഖല'യാണെന്ന് അക്കാലത്തെ ധനകാര്യമന്ത്രി കെ ശങ്കരനാരായണന്‍ പ്രസ്താവിച്ചിരുന്നു. അത്തരത്തില്‍ തദ്ദേശീയര്‍ക്കു മാത്രമല്ല വിദേശികള്‍ക്കും ഈ മേഖലയില്‍ നിക്ഷേപം നടത്തി ലാഭം നേടാന്‍ അവസരം നല്‍കുകയായിരുന്നു, 2006 ഫെബ്രുവരിയില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ആഗോള വിദ്യാഭ്യാസ സംഗമത്തിലൂടെ സര്‍ക്കാര്‍ ചെയ്തത്. ഭരണം വിടാന്‍ 2 മാസം മാത്രം ബാക്കിനില്‍ക്കേ കോടികള്‍ മുടക്കി സംഘടിപ്പിച്ച സംഗമം കേരള സമൂഹത്തിനോ വിദ്യാഭ്യാസ മേഖലയ്ക്കോ യാതൊരു പ്രയോജനവും നല്‍കിയില്ല എന്നതാണ് അനുഭവം. അതുമായി ബന്ധപ്പെട്ട് നിരവധി അഴിമതി കഥകള്‍ പുറത്തുവരുകയും ചെയ്തു.

അഞ്ചുവര്‍ഷ (2001-06)ത്തെ ഭരണകാലത്ത് യുഡിഎഫ് സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസരംഗത്തെ സാമൂഹ്യനീതിയും ഗുണമേന്മയും ജനാധിപത്യാവകാശങ്ങളും കമ്പോളശക്തികള്‍ക്ക് അടിയറവ് വയ്ക്കാനുള്ള തീവ്രപരിശ്രമത്തിലായിരുന്നു. ഇതിനെതിരെയുള്ള ശക്തമായ വിധിയെഴുത്തായിരുന്നു 2006ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായത്.

പ്രശ്ന സങ്കീര്‍ണവും കലുഷിതവും അലങ്കോലപ്പെടുത്തപ്പെട്ടതുമായ ഉന്നതവിദ്യാഭ്യാസമേഖലയെ ശരിയായ ദിശയില്‍ വികസിപ്പിച്ചെടുക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് 2006 മെയ് മാസത്തില്‍ ഭരണത്തില്‍വന്ന എല്‍ഡിഎഫ് സര്‍ക്കാരിന് ഏറ്റെടുക്കേണ്ടിവന്നത്. എല്ലാ തലങ്ങളിലും ജനാധിപത്യവല്‍ക്കരണത്തിനും സാമൂഹികനീതി നടപ്പാക്കലിനും ഗുണമേന്മ വര്‍ദ്ധനവിനും എല്‍ഡിഎഫ് സര്‍ക്കാര്‍ തുടക്കംമുതല്‍ തന്നെ പ്രത്യേക ശ്രദ്ധ നല്‍കി. അധികാരത്തില്‍ വന്ന് ഒരുമാസത്തിനകം തന്നെ സ്വാശ്രയമേഖലയില്‍ സാമൂഹ്യനിയന്ത്രണം കൊണ്ടുവരാനുള്ള നിയമം ഉണ്ടാക്കിക്കൊണ്ടാണ് ഇക്കാര്യത്തിലുള്ള ഇടതുപക്ഷത്തിന്റെ പ്രതിബദ്ധത വെളിവാക്കപ്പെട്ടത്. കോടതി ഇടപെടലുകളിലൂടെ ചില സുപ്രധാന വകുപ്പുകള്‍ നടപ്പിലാക്കാന്‍ കഴിയാതെ പോയെങ്കിലും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് യാതൊരു നിബന്ധനയും കൂടാതെ അനുവദിക്കപ്പെട്ടവയിലെ ബഹുഭൂരിപക്ഷം കോളേജുകളില്‍പോലും വിദ്യാര്‍ത്ഥി പ്രവേശനത്തിലും ഫീസിന്റെ കാര്യത്തിലും ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞുവെന്നത് വലിയ നേട്ടമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

സംസ്ഥാനതലത്തില്‍ ഉന്നത വിദ്യാഭ്യാസരംഗത്തെ നയരൂപീകരണത്തിനും അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിനും വേണ്ടി എല്‍ഡിഎഫ് സര്‍ക്കാര്‍ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ രൂപീകരിച്ചു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്ത് കാതലായ വികസനത്തിനായി വലിയതോതിലുള്ള ഇടപെടലാണ് കൌണ്‍സില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പൊതുവെ അവഗണിക്കപ്പെട്ടിരുന്ന ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളില്‍ അധ്യയന നിലവാരം ഉയര്‍ത്തുന്നതിനായി നിരവധി പരിഷ്കാരങ്ങള്‍ നടപ്പിലാക്കപ്പെട്ടു. ഇന്ത്യയില്‍ ആദ്യമായി ബിരുദതലത്തില്‍ ചോയ്സ് - ബേസ്ഡ് - കോഴ്സ് - ക്രെഡിറ്റ് - സെമസ്റ്റര്‍ സമ്പ്രദായം കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലും വിജയകരമായി നടപ്പിലാക്കി. ഏതാനും ചില കോളേജുകള്‍ക്ക് പ്രത്യേക പരിഗണന എന്നതില്‍നിന്നും വ്യത്യസ്തമായി എല്ലാ കോളേജുകള്‍ക്കും ഒരേ പരിഗണന എന്ന ഇടതുപക്ഷ സമീപനമാണിവിടെ സ്വീകരിക്കപ്പെട്ടത്. കോളേജുകളില്‍ നിലനിന്ന അധ്യാപക നിയമന നിരോധനം എടുത്തുകളഞ്ഞുകൊണ്ട് അക്കാദമിക് പ്രതിസന്ധിക്ക് പരിഹാരം കണ്ടു. 1700 പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയും 2500ല്‍ അധികം പുതിയ നിയമനങ്ങള്‍ക്ക് അനുമതി നല്‍കുകയും ചെയ്തു. അമ്പതോളം (50) കോളേജുകള്‍ തുടങ്ങുന്നതിന് തുല്യമാണ് ഈ നടപടി. കോത്താരി കമ്മീഷന്‍ മുതല്‍ എല്ലാ വിദ്യാഭ്യാസ കമ്മീഷനുകളും നിര്‍ദ്ദേശിച്ച 'കോളേജ് ക്ളസ്റ്റര്‍' സമ്പ്രദായം ഇന്ത്യയില്‍ ആദ്യമായി നടപ്പിലാക്കിയതും കേരളത്തിലാണ്. അടുത്തടുത്ത കോളേജുകള്‍ തമ്മില്‍ വിഭവങ്ങള്‍ പങ്കുവയ്ക്കുന്നതിലൂടെ മെച്ചപ്പെട്ട വിദ്യാഭ്യാസം കൂടുതല്‍ പേര്‍ക്ക് എത്തിക്കാന്‍ കഴിയുന്നുവെന്നതാണിതിന്റെ മേന്മ. വിഭവ പരിമിതി കാരണം ക്ളേശിക്കുന്ന കേരളത്തിന് അനുയോജ്യമാണ് ക്ളസ്റ്റര്‍ സമ്പ്രദായം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ ക്ളസ്റ്ററുകള്‍ വന്നു കഴിഞ്ഞു. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി രൂപ വീതം ഓരോ ക്ളസ്റ്ററിനും നല്‍കുകയുണ്ടായി.

മെരിറ്റിന്റെയും വരുമാനത്തിന്റെയും അടിസ്ഥാനത്തില്‍ നല്‍കുന്ന വിവിധ സ്കോളര്‍ഷിപ്പുകള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുകയുണ്ടായി. അടിസ്ഥാന ശാസ്ത്ര - സാമൂഹ്യശാസ്ത്ര - ഭാഷാപഠന മേഖലകളിലെ ബിരുദ - ബിരുദാനന്തര തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉന്നതവിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് പ്രധാനമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്. ഓരോ വര്‍ഷവും 1000 പേര്‍ക്ക് നല്‍കുന്ന ഈ സ്കോളര്‍ഷിപ്പ് കിട്ടുന്ന വിദ്യാര്‍ത്ഥി ഒന്നാം വര്‍ഷ ഡിഗ്രിക്ക് 12000 രൂപ വാങ്ങുമ്പോള്‍ അവസാനവര്‍ഷ ബിരുദാനന്തര ബിരുദതലത്തില്‍ 60000 രൂപ വാങ്ങും. എസ്സി/എസ്ടി, ബിപിഎല്‍/ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ എന്നിവര്‍ക്ക് സംവരണം ഉണ്ട്. യോഗ്യതാപരീക്ഷയില്‍ 50% മാര്‍ക്കുള്ള ബിപിഎല്‍ വിഭാഗത്തില്‍പെട്ടവരില്‍ 4000 പേര്‍ക്ക് ബിരുദ - ബിരുദാനന്തര തലങ്ങളില്‍ 10000 രൂപ പ്രതിവര്‍ഷം നല്‍കുന്ന പദ്ധതിയാണ് സുവര്‍ണ ജയന്തി സ്കോളര്‍ഷിപ്പ്. സര്‍ക്കാര്‍/എയ്ഡഡ് കോളേജുകളിലെ ബിരുദ - ബിരുദാനന്തര വിദ്യാര്‍ത്ഥികളായ മുസ്ളീം പെണ്‍കുട്ടികള്‍ക്ക് 5000 രൂപയുടെ സ്കോളര്‍ഷിപ്പും 3000 രൂപയുടെ ഹോസ്റ്റല്‍ ചെലവുകളും നല്‍കുന്നു. ശാസ്ത്രം, സാമൂഹ്യശാസ്ത്രം, മാനവിക വിഷയങ്ങള്‍, ലളിതകലകള്‍ എന്നിവയില്‍ ഹ്രസ്വകാല ഗവേഷണത്തിന് ഒരുമാസം മുതല്‍ 4 മാസം വരെ ദൈര്‍ഘ്യമുള്ള സ്കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തിനകത്ത് 4000 രൂപയും പുറത്ത് 5000 രൂപയും പ്രതിമാസം നല്‍കുന്ന ഈ പദ്ധതി 'ആസ്പെയര്‍' എന്നറിയപ്പെടുന്നു. സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ പഠിക്കുന്ന ശാസ്ത്രപ്രതിഭകളെ കണ്ടെത്തി പ്രോല്‍സാഹിപ്പിക്കുന്നതിനായി പ്രതിമാസം 750 രൂപ നല്‍കുന്നതാണ് ഇന്‍കള്‍ക്കേറ്റ് സ്കോളര്‍ഷിപ്പ്. ഹയര്‍സെക്കണ്ടറി, ബിരുദ - ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹ്യശാസ്ത്ര വിഷയങ്ങളില്‍ ഗവേഷണത്തിനായി നല്‍കുന്ന സ്കോളര്‍ഷിപ്പ് പരിപാടിയാണ് അക്വയര്‍. സാഹിത്യ അഭിരുചി വളര്‍ത്തുന്നതിനും സര്‍ഗാത്മകത പരിപോക്ഷിപ്പിക്കുന്നതിനും കായികശേഷി വളര്‍ത്തുന്നതിനും പ്രത്യേകം പ്രത്യേകം സ്കോളര്‍ഷിപ്പ് പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. സംഗീത കോളേജുകളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടിയുള്ള പദ്ധതിയാണ് 'സാധന'. കേരളത്തില്‍മാത്രം നടപ്പിലാക്കിയിട്ടുള്ള ഒരു പദ്ധതിയാണ് എറുഡൈറ്റ് സ്കോളര്‍ - ഇന്‍ - റസിഡന്‍സ്. ഈ പദ്ധതിയിലൂടെ നോബല്‍ സമ്മാന ജേതാക്കളുമായും ഇന്ത്യയിലും വിദേശത്തുമുള്ള ഇതര പണ്ഡിതന്മാരുമായും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സംവാദത്തിന് അവസരം ലഭിക്കുന്നു. എട്ട് നോബല്‍ സമ്മാനിതരും വളരെയേറെ പ്രമുഖരും ഈ പദ്ധതിയില്‍ പങ്കെടുത്തുകഴിഞ്ഞു. ഇവരുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് വിവിധ വിദേശ സര്‍വകലാശാലകളുമായി അക്കാദമിക സഹകരണത്തിനുള്ള സാധ്യത തുറന്നുകിട്ടിയിട്ടുണ്ട്. പട്ടികജാതി / വര്‍ഗ വിഭാഗങ്ങള്‍ കൂടുതലുള്ള വയനാട്, ഇടുക്കി ജില്ലകളിലും അട്ടപ്പാടിയിലും അപ്ളൈഡ് സയന്‍സ് കോഴ്സുകള്‍, പട്ടികജാതി / വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി പാലക്കാട് ഒരു പോളിടെക്നിക്ക്, വികലാംഗര്‍ക്കായുള്ള നൈപുണി വികസന പദ്ധതി, മാനസികവൈകല്യമുള്ളവരെ ശാക്തീകരിക്കാനുള്ള സാമൂഹ്യവികസന പരിപാടി, വ്യത്യസ്തശേഷിയുള്ളവരുടെ പ്രശ്നങ്ങള്‍ സംബന്ധിച്ചുള്ള ഗവേഷണത്തിനും വൈകല്യപഠന കോഴ്സുകള്‍ നടത്തുന്നതിനും സര്‍വകലാശാലാ പഠനകേന്ദ്രം തുടങ്ങിയവയൊക്കെ പാര്‍ശ്വവല്‍കൃത സമൂഹങ്ങള്‍ക്കായി എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിയതാണ്.

കേന്ദ്ര സര്‍ക്കാരിന്റെ സഹായം നേടിയെടുത്തുകൊണ്ട് സംസ്ഥാനത്ത് കുറെയേറെ മികവിന്റെ കേന്ദ്രങ്ങള്‍ ആരംഭിക്കുകയുണ്ടായി. 2007ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്സ് സയന്‍സ് ആന്റ് ടെക്നോളജിയും 2008ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ചും 2009ല്‍ കേന്ദ്ര സര്‍വകലാശാലയും 2011ല്‍ അലിഗഡ് സര്‍വകലാശാലയുടെ കേന്ദ്രവും ആരംഭിച്ചു. സെന്റര്‍ ഫോര്‍ എഞ്ചിനീയറിംഗ് റിസര്‍ച്ച്, സെന്റര്‍ ഫോര്‍ ഡിസബിലിറ്റി സ്റ്റഡീസ്, എഞ്ചിനീയറിംഗ് ഗവേഷണ പാര്‍ക്ക്, രാജാരവിവര്‍മ്മ സെന്റര്‍ ഫോര്‍ വിഷ്വല്‍ ആര്‍ട്സ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കരിയര്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച് എന്നിവയും സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചു. അന്തര്‍ വൈജ്ഞാനിക പഠനവും ഗവേഷണവും മെച്ചപ്പെടുത്തുന്നതിന് സര്‍വകലാശാലകളില്‍ 11 അന്തര്‍ സര്‍വകലാശാലാ കേന്ദ്രങ്ങള്‍, എഞ്ചിനീയറിംഗ് കോളേജ് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷണത്തിന് 'സെന്റര്‍ ഫോര്‍ എഞ്ചിനീയറിംഗ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ്', എഞ്ചിനീയറിംഗ് കോളേജ് അധ്യാപകര്‍ക്കായി അക്കാദമിക് സ്റ്റാഫ് കോളേജ്, പോളിടെക്നിക്ക് വിദ്യാഭ്യാസത്തിനായുള്ള പാഠ്യപദ്ധതി വികസനകേന്ദ്രം എന്നിവയൊക്കെ കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ ഉണ്ടായതാണ്. കോളേജധ്യാപകര്‍ക്ക് വിദഗ്ദ്ധ പരിശീലനത്തിനും ഗവേഷണത്തിനുമുള്ള പദ്ധതികളും ആവിഷ്കരിക്കുകയുണ്ടായി. ഡിപ്ളോമാ വിദ്യാര്‍ത്ഥികള്‍ക്കായുള 17 പോളിടെക്നിക്കുകളില്‍ ഫിനിഷിംഗ് സ്കൂള്‍, സ്പെഷ്യല്‍ സ്കില്‍ ഡെവലപ്മെന്റ് സെന്ററുകള്‍, സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ സയന്‍സ് എക്സ്പ്ളോററ്റേറിയം, ശാസ്ത്രത്തിന്റെ സന്ദേശം സമൂഹത്തിലെത്തിക്കാനുള്ള ആസ്ട്രോവാന്‍ എന്നിവയും ഇക്കാലത്ത് നടപ്പിലാക്കിയവയാണ്. മെഡിക്കല്‍, വെറ്റിനറി, ഫിഷറീസ് സര്‍വകലാശാലകള്‍ എല്‍ഡിഎഫിന്റെ കാലത്തുണ്ടായതാണ്. ആലപ്പുഴയില്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്, പിന്നോക്കമേഖലകളില്‍ 20 അപ്ളെയ്ഡ് സയന്‍സ് കോളേജുകള്‍, 50 കോളേജുകളില്‍ പുതിയ കോഴ്സുകള്‍, എഞ്ചിനീയറിംഗ് കോളേജുകളിലും ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളിലും സ്മാര്‍ട്ട് ക്ളാസുകള്‍ എന്നിവയും കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കുള്ളില്‍ ആരംഭിക്കപ്പെട്ടതാണ്. അക്കാദമിക് ഉള്ളടക്ക വികസനത്തിനായി സര്‍ക്കാര്‍ പുതിയതായി ആവിഷ്കരിച്ചതാണ് 'ദി സ്കോളര്‍', 'ഗുരുസ്മരണ', 'കെ ബേസ്', 'വീഡിയോ കണ്ടന്റ് ഡെവലപ്മെന്റ് പോര്‍ട്ടല്‍' എന്നിവയൊക്കെ.

ഉന്നത വിദ്യാഭ്യാസരംഗത്തെ ഗുണമേന്മാ വര്‍ദ്ധനവിനായി ഇത്രയധികം കര്‍മ്മപരിപാടികള്‍ ആവിഷ്കരിച്ച മറ്റൊരു സര്‍ക്കാരും ഉണ്ടായിട്ടില്ലായെന്ന് വ്യക്തം.

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ജനാധിപത്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയും കോളേജ് യൂണിയനുകളും സര്‍വകലാശാലാ യൂണിയനുകളും പ്രവര്‍ത്തന പന്ഥാവിലേക്കെത്തുകയും ചെയ്തു. കേരള - കാലിക്കറ്റ് സര്‍വകലാശാലകളില്‍ അട്ടിമറിക്കപ്പെട്ട ജനാധിപത്യഭരണം പുനഃസ്ഥാപിക്കപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട സെനറ്റും സിണ്ടിക്കേറ്റും മറ്റ് അക്കാദമിക് സമിതികളും ഉണ്ടായി. കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ രൂപീകരിക്കപ്പെട്ട വിവിധ കമ്മിറ്റികള്‍ വരുംകാല പ്രവര്‍ത്തനത്തിനുള്ള രൂപരേഖകള്‍ തയ്യാറാക്കി സമര്‍പ്പിച്ചുകഴിഞ്ഞു. അത് കേരള സമൂഹം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്.

13-ാം കേരള നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രകടനപത്രികകള്‍ വന്നു കഴിഞ്ഞു. തങ്ങളുടെ കാഴ്ചപ്പാടില്‍ യാതൊരു മാറ്റവും വന്നിട്ടില്ലായെന്ന് യുഡിഎഫിന്റെ പ്രകടന പത്രിക വ്യക്തമാക്കുന്നുണ്ട്. സ്വകാര്യവല്‍ക്കരണത്തിന്റെയും കമ്പോളവല്‍ക്കരണത്തിന്റെയും അജണ്ട തന്നെയാണവരുടേത്. അവിടെ സാമൂഹിക നീതി, ഗുണമേന്മ, ജനാധിപത്യ അവകാശങ്ങള്‍ എന്നിവയൊക്കെ കമ്പോളത്തിന്റെ കാല്‍ക്കീഴില്‍ അടിയറവ് വയ്ക്കുകയാണ്.

എന്നാല്‍ എല്‍ഡിഎഫിന്റെ പ്രകടന പത്രിക കഴിഞ്ഞ 5 വര്‍ഷത്തെ നടപടികളുടെ തുടര്‍ച്ച വാഗ്ദാനം ചെയ്യുന്നു. ഗുണമേന്മയും സാമൂഹ്യനീതിയും ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ സദാജാഗരൂകമായിരിക്കുമെന്ന് പ്രകടന പത്രിക പറയുന്നു. സ്വാശ്രയ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും അനധ്യാപകരുടെയും ജനാധിപത്യാവകാശങ്ങളും സംഘടനാ സ്വാതന്ത്ര്യവും പരിരക്ഷിക്കുമെന്നും ഉറപ്പുനല്‍കുന്നുണ്ട്.

സമഗ്രവും സുസ്ഥിരവുമായ വികസനത്തിന് ഈ രണ്ട് സമീപനങ്ങളില്‍ ഏതാണ് വേണ്ടതെന്ന കാര്യത്തില്‍ രണ്ടഭിപ്രായം ഉണ്ടാകേണ്ട കാര്യമില്ല. എന്നാലും കമ്പോളശക്തികളുടെ ശക്തമായ സ്വാധീനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരള സമൂഹത്തില്‍ ഇക്കാര്യങ്ങളൊക്കെ ചര്‍ച്ചയ്ക്കു വിഷയമാകാതിരിക്കില്ല. ഫലപ്രദമായ ബദലുമായി മുന്നേറുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഭരണത്തിന് തുടര്‍ച്ച ഉണ്ടാകേണ്ടത് സാമ്രാജ്യത്വ ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ അനിവാര്യമായിരിക്കുന്നു.

*****

പ്രൊഫ. എ പ്രതാപചന്ദ്രന്‍ നായര്‍, കടപ്പാട് :ചിന്ത വാരിക

2 comments:

വര്‍ക്കേഴ്സ് ഫോറം said...