കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണവും പ്രവര്‍ത്തനവും അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോഴാണ് ഈ വരികള്‍ എഴുതുന്നത്. പാര്‍ലമെന്റ് - തദ്ദേശ തെരഞ്ഞെടുപ്പുകളില്‍, തെരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങള്‍ യുഡിഎഫ് നിശ്ചയിച്ച് പ്രചാരണം സംഘടിപ്പിച്ചു. അത് ഏറ്റുപിടിക്കേണ്ട സാഹചര്യം എല്‍ഡിഎഫിനുണ്ടായി. അന്ന് രാജ്യത്തും സംസ്ഥാനത്തും നിലനിന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമായി ഉപയോഗിക്കാന്‍ യുഡിഎഫിനു കഴിഞ്ഞു.
ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. അഖിലേന്ത്യാതലത്തില്‍ അഴിമതിയും വിലക്കയറ്റവുംമൂലമുള്ള പ്രശ്നങ്ങള്‍ രൂക്ഷമാണ്. 2ജി സ്പെക്ട്രം, എസ് ബാന്‍ഡ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് ബഹുനിലക്കെട്ടിടം ഇവ സംബന്ധമായ അഴിമതി ചൂണ്ടിക്കാണിച്ചതും സ്ഥിരീകരിച്ചതും കംപ്ട്രോളര്‍ ആന്റ് ആഡിറ്റര്‍ ജനറല്‍ (സി ആന്റ് എജി), സുപ്രീംകോടതി മുതലായ ഭരണഘടനാ സ്ഥാപനങ്ങളാണ്. മന്ത്രിമാരായ രാഷ്ട്രീയ നേതാക്കള്‍, ഉന്നത ഉദ്യോഗസ്ഥര്‍, വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ എന്നിവര്‍ ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് ലക്ഷക്കണക്കിനു കോടി രൂപയുടെ അഴിമതി നടന്നത് എന്ന് വ്യക്തമായി. കുറ്റവാളികളെ കണ്ടെത്തി വിചാരണ ചെയ്ത് ശിക്ഷിക്കുന്നതിന്റെ ചുമതല ചില കേസുകളില്‍ സുപ്രീംകോടതി സ്വയം ഏറ്റെടുത്തിരിക്കയാണ്.
കോടതിയും ജനങ്ങളും ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം നല്‍കാന്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള കേന്ദ്ര ഭരണ നേതാക്കള്‍ക്ക് കഴിയുന്നില്ല. വന്‍തോതില്‍ അഴിമതി നടന്നെന്ന് അവര്‍ക്ക് സമ്മതിക്കേണ്ടിവന്നിരിക്കുന്നു.
2ജി സ്പെക്ട്രത്തിന്റെയും മറ്റും കാര്യത്തില്‍ അഴിമതിയുടെ തുടക്കത്തില്‍തന്നെ ഇടതുപക്ഷ നേതാക്കളും മറ്റും ബന്ധപ്പെട്ട മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പോക്ക് വഴിതെറ്റിയാണ് എന്ന് ചൂണ്ടിക്കാണിച്ചിരുന്നു. അന്ന് അക്കാര്യം പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. വസ്തുതകളെല്ലാം പുറത്തുവന്ന ഇപ്പോഴും അവരുടെ നീക്കം അഴിമതിക്കാരെ സംരക്ഷിക്കാനാണ്. അതുകൊണ്ടാണ് സുപ്രീംകോടതിക്ക് സിബിഐയുടെ കേസന്വേഷണത്തില്‍ വരെ നേരിട്ട് ഇടപെടേണ്ടിവരുന്നത്.
അതുപോലെ ഭക്ഷ്യവസ്തുക്കളുടെയും മറ്റും വിലകള്‍ ഇപ്പോഴും ഉയര്‍ന്നു നില്‍ക്കുന്നു. മറ്റ് ചരക്കുകളുടെ വിലകളും വര്‍ധിച്ചുവരികയാണ്. വിലക്കയറ്റം അഥവാ പണപ്പെരുപ്പം എന്ന പ്രതിഭാസം രാജ്യത്ത് ആളുകള്‍ പണക്കാരായതിന്റെ ലക്ഷണമാണ്, അതിനാല്‍ കൊള്ളാം എന്ന അഭിപ്രായമാണ് കേന്ദ്ര ആസൂത്രണ കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ മൊണ്ടേഗ്സിങ് ആലുവാലിയ പ്രകടിപ്പിക്കുന്നത്. എന്നാല്‍, റിസര്‍വ് ബാങ്ക് അധികൃതര്‍ പറയുന്നത് പണപ്പെരുപ്പം കുറേ കാലത്തേക്ക് ഉയര്‍ന്ന തോതില്‍ നിലനില്‍ക്കുമെന്നാണ്. അതായത്, വിലക്കയറ്റത്തെ ഏതാനും മാസം കൊണ്ട് നിയന്ത്രണ വിധേയമാക്കാന്‍ കഴിയും എന്ന പ്രധാനമന്ത്രിയുടെയും മറ്റും പ്രവചനം ഫലിക്കില്ല എന്നു ചുരുക്കം.
കേരളത്തിലെ തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തിലെ അഴിമതിക്കും വിലക്കയറ്റത്തിനും എന്തു പ്രസക്തി എന്ന സംശയം പലര്‍ക്കും ഉണ്ടാകാം. ഇവിടെ എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷമായി നടപ്പാക്കിവരുന്ന വികസനം കാളവണ്ടിയുടെ വേഗത്തിലാണ്, കേന്ദ്രത്തിന്റേത് സൂപ്പര്‍ ഫാസ്റ്റിന്റെ വേഗത്തിലും എന്നാണ് എ കെ ആന്റണി കുറ്റപ്പെടുത്തുന്നത്. ഇവിടെ യുഡിഎഫ് ഭരണം വന്നാല്‍ കേരളത്തിനുള്ള കേന്ദ്ര സഹായം ഗണ്യമായി വര്‍ധിപ്പിക്കാം എന്ന വാഗ്ദാനം എ കെ ആന്റണി മാത്രമല്ല കേരളം സന്ദര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും നല്‍കി.
ജനങ്ങള്‍ക്ക് താല്‍പര്യമുള്ളതാണ് ഭക്ഷ്യസബ്സിഡി. ഭക്ഷ്യവിലക്കയറ്റം തടയാന്‍ അതുപകരിക്കും. കഴിഞ്ഞവര്‍ഷം കേന്ദ്രം അതിനായി നീക്കിവെച്ചത് 60,000 കോടി രൂപയായിരുന്നു. ഈ വര്‍ഷം അത് 60,573 കോടി രൂപയാണ്. വിലക്കയറ്റം തടയാനോ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനോ കേന്ദ്ര ഗവണ്‍മെന്റ് കഴിഞ്ഞവര്‍ഷം ഒന്നും ചെയ്തിരുന്നില്ല. അപ്പോള്‍, ഈ വര്‍ഷത്തെ ബജറ്റ് അടങ്കല്‍കൊണ്ട് ഒന്നിനും മതിയാകില്ല. വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം, പരിസരശുചീകരണം ഇവയ്ക്കെല്ലാം കൂടി കഴിഞ്ഞവര്‍ഷത്തെ അടങ്കല്‍ 2.06 ലക്ഷം കോടിയായിരുന്നു. ഈ വര്‍ഷം അത് 1.96 ലക്ഷം കോടിയായി കുറച്ചു. സാധാരണക്കാരുടെ ജീവിതവുമായി ബന്ധപ്പെട്ട ഇനങ്ങളിലെല്ലാം ഇതാണ് സ്ഥിതി.
അതേസമയം വന്‍ സ്വകാര്യകമ്പനികളിന്മേലുള്ള കോര്‍പ്പറേറ്റ് നികുതിയില്‍ 88,263 കോടി രൂപയുടെ ഇളവ്. എക്സൈസ്, കസ്റ്റംസ് ഡ്യൂട്ടികളിലെ ഇളവ് 3.72 ലക്ഷം കോടി രൂപയുടേതാണ്. അതായത്, വന്‍കിടക്കാരുടെ പ്രത്യക്ഷനികുതി ഇനത്തില്‍ മാത്രം 4.6 ലക്ഷം കോടി രൂപയുടെ ഇളവാണ് 2011-12ല്‍ കേന്ദ്രം അനുവദിച്ചത്. അതായത്, എ കെ ആന്റണി പറയുന്ന സൂപ്പര്‍ഫാസ്റ്റ് സ്പീഡ് സാധാരണക്കാരെ ബാധിക്കുന്ന കാര്യങ്ങളിലല്ല. വന്‍കിടപണക്കാര്‍ക്ക് ആനുകൂല്യങ്ങളും ഇളവുകളും നല്‍കുന്നതിലാണ്.
ഇതില്‍നിന്ന് വ്യത്യസ്തമായി പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ഗണ്യമായ സഹായവും സംരക്ഷണവും നല്‍കുന്നതിനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഓരോ വര്‍ഷവും ശ്രമിച്ചുവരുന്നത്. ആ ദിശയിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് അടുത്ത അഞ്ച് വര്‍ഷക്കാലത്ത് നടത്താമെന്ന് എല്‍ഡിഎഫ് ജനങ്ങള്‍ക്ക് പ്രകടനപത്രികയിലൂടെ ഉറപ്പുകൊടുക്കുന്നത്.
എല്‍ഡിഎഫ് നടപ്പാക്കിയതൊന്നും വികസനമല്ല എന്ന് മൊത്തത്തില്‍ വിമര്‍ശിക്കാനല്ലാതെ ക്രിയാത്മക വിമര്‍ശനം നടത്താന്‍ യുഡിഎഫ് തയ്യാറല്ല. 2001-06 കാലത്ത് യുഡിഎഫ് നടപ്പാക്കിയ കാര്യങ്ങളെ കഴിഞ്ഞ അഞ്ചുവര്‍ഷം നടപ്പാക്കിയതുമായി താരതമ്യപ്പെടുത്താനും അവര്‍ മുതിരുന്നില്ല. കാരണം അക്കാര്യങ്ങളില്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ അവര്‍ക്ക് കഴിയില്ല എന്ന ഉത്തമബോധ്യം തന്നെ.
അടുത്തകാലം വരെ യുഡിഎഫ് നേതൃത്വവും അവരെ അനുകൂലിക്കുന്ന മാധ്യമങ്ങളും പറഞ്ഞുവന്നത്, മുഖ്യമന്ത്രി കൊള്ളാം, അദ്ദേഹത്തിന്റെ പാര്‍ടി കൊള്ളില്ല എന്നായിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവന്നതോടെ എ കെ ആന്റണി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവരെല്ലാം മുഖ്യമന്ത്രി വി എസിന്റെ മേല്‍ കുതിര കയറുകയാണ്.
എന്തിന്റെ പേരിലാണ് അത്? വി എസ് പെണ്‍വാണിഭത്തിനും അഴിമതിക്കും മറ്റും എതിരായി സന്ധിയില്ലാ സമരം നടത്തുന്നതുകൊണ്ട്. സംസ്ഥാനത്തെ ജനങ്ങളെയെല്ലാം ജയിലിലടയ്ക്കാന്‍ വി എസ് ശ്രമിക്കുന്നു എന്നാണ് എ കെ ആന്റണിയുടെ ആരോപണം. പാവപ്പെട്ട പെണ്‍കുട്ടികളെ കാമപൂരണത്തിനായി ഉപയോഗിച്ച് വഴിയാധാരമാക്കുന്ന പ്രവണതക്കെതിരെയാണ് വി എസ് ശബ്ദം ഉയര്‍ത്തുന്നതും നടപടിയെടുക്കാന്‍ ശ്രമിക്കുന്നതും. അത് പാടില്ല എന്നാണോ ആന്റണിയുടെ പക്ഷം?
പി കെ കുഞ്ഞാലിക്കുട്ടിയെ 15 വര്‍ഷമായി വിടാതെ പിടികൂടിയിരിക്കുന്നു എന്നാണ് എ കെ ആന്റണി ഉള്‍പ്പെടെ പരാതിപ്പെടുന്നത്. സത്യം എന്താണ്? ഐസ്ക്രീം പാര്‍ലര്‍ സംഭവത്തില്‍ കേസെടുത്തപ്പോള്‍ തെളിവില്ല എന്നു പറഞ്ഞ് അത് തള്ളപ്പെട്ടു. അടുത്തകാലത്താണ് കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ റൌഫും ഡോ. മുനീറിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യാവിഷനും കൂടി ഒരു സത്യം പുറത്തുകൊണ്ടുവന്നത്. തെളിവില്ലാത്തതല്ല. അത് മൂടിവെച്ച് കള്ളത്തെളിവ് ഹാജരാക്കിയാണ് കുഞ്ഞാലിക്കുട്ടിയെ രക്ഷിച്ചത്.
അതിനായി പോലീസടക്കമുള്ള ഉദ്യോഗസ്ഥര്‍, ഹൈക്കോടതി ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ള ന്യായാധിപന്മാര്‍ മുതലായവരെ കൈക്കൂലി കൊടുത്തും മറ്റും സ്വാധീനിച്ച് നീതിനിര്‍വഹണത്തെ കീഴ്മേല്‍ മറിച്ചെന്നാണ് വെളിപ്പെടുത്തല്‍. ഇത് മുമ്പത്തെ ആരോപണമോ കേസോ അല്ല. അതിനേക്കാള്‍ ഗുരുതരമാണ് ഇപ്പോള്‍ സ്ഥിതി.
ഇങ്ങനെയുള്ളവരുടെ കുറ്റം കണ്ടെത്തി കോടതിയില്‍ വിചാരണ ചെയ്യിക്കണം. അതിനെ, ഇരകളെ വേട്ടയാടലായി ആന്റണിയും ഉമ്മന്‍ചാണ്ടിയും മറ്റും ചിത്രീകരിച്ചുകൊണ്ട് ഈ കുറ്റത്തെ അവര്‍ ഭംഗ്യന്തരേണ ന്യായീകരിക്കുകയാണ് അവര്‍. തെറ്റും ശരിയും തരംതിരിക്കുന്നത് സങ്കുചിതമായ രാഷ്ട്രീയ പരിഗണനകള്‍ വെച്ചാണ്. ധാര്‍മികതയേയോ മൂല്യബോധത്തേയോ അടിസ്ഥാനമാക്കിയല്ല. കോണ്‍ഗ്രസ്സിന്റെ ഗൌഹത്തി സമ്മേളനത്തില്‍ അടിയന്തരാവസ്ഥയെ തുറന്നെതിര്‍ത്ത ധാര്‍മിക നിലയില്‍നിന്ന് വേങ്ങരയില്‍പോയി കുഞ്ഞാലിക്കുട്ടിയുടെ സകല ദുഷ്ചെയ്തികളെയും ന്യായീകരിക്കുന്ന നിലയിലേക്കുള്ള ആന്റണിയുടെ പതനം ഭീകരമാണ്.
പൊതുമുതല്‍ വന്‍തോതില്‍ ദുര്‍വിനിയോഗം ചെയ്തതിനാണ് സുപ്രീംകോടതി ആര്‍ ബാലകൃഷ്ണപിള്ളയെ ശിക്ഷിച്ചത്. ആ പ്രശ്നം കോടതിക്കുമുന്നില്‍ ഉന്നയിക്കുക എന്ന ഒരു പൊതുപ്രവര്‍ത്തകന്റെ കടമയാണ് വി എസ് നിര്‍വഹിച്ചത്. അതില്‍ ഒരു പ്രതികാരദാഹവുമില്ല.
ഉമ്മന്‍ചാണ്ടിയെ പാമോലിന്‍ കേസിലും തിരുവനന്തപുരം ടൈറ്റാനിയം ഫാക്ടറിയിലെ മാലിന്യസംസ്കരണ പ്ളാന്റുമായി ബന്ധപ്പെട്ട പ്രശ്നത്തിലും പ്രതിക്കൂട്ടില്‍ കയറ്റാന്‍ ശ്രമിച്ചത് ടി എച്ച് മുസ്തഫയും കെ കെ രാമചന്ദ്രന്‍മാസ്റ്ററുമാണ്. അവര്‍ ഉന്നയിച്ച കാര്യങ്ങള്‍ സംബന്ധിച്ച് സംഗതമായ അന്വേഷണം നടത്താന്‍ നടപടിയെടുക്കാന്‍ മാത്രമാണ് വി എസ് ഗവണ്‍മെന്റ് മുതിര്‍ന്നത്. മേല്‍പ്പറഞ്ഞ പ്രശ്നങ്ങള്‍ ഉന്നയിക്കപ്പെട്ടത് അടുത്തകാലത്തായതുകൊണ്ടാണ് അവ സംബന്ധിച്ച അന്വേഷണവും വൈകിയത്.
അപ്പോള്‍, ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ മുന്നിലുള്ള പ്രശ്നം ഇതാണ് - അവരുടെ ജീവിതത്തെ കേന്ദ്ര സര്‍ക്കാര്‍ വിലക്കയറ്റം, അഴിമതി, സമ്പന്ന പ്രീണനം മുതലായ നടപടികളിലൂടെ ഞെരിച്ചു കൊല്ലാന്‍ ശ്രമിക്കുന്നു. യുഡിഎഫ് ഇതിനെ പിന്താങ്ങുന്നു. എല്‍ഡിഎഫാകട്ടെ, ജനങ്ങള്‍ക്ക് കൂടുതല്‍ ആശ്വാസം പകരാനും സുരക്ഷ നല്‍കാനും വിലക്കയറ്റം, അഴിമതി, അക്രമം ഇവയുടെ ആഘാതത്തില്‍നിന്ന് സംരക്ഷിക്കാനും വ്യാപകമായ നടപടികള്‍ കൈക്കൊള്ളുന്നു. ഈ രണ്ടില്‍ ഏത് തിരഞ്ഞെടുക്കണം എന്ന കാര്യത്തില്‍ രാഷ്ട്രീയ - സാമൂഹ്യ പ്രബുദ്ധതയുള്ള കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ഒരു ആശയക്കുഴപ്പവും ഇല്ല. അവര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ ബഹുഭൂരിപക്ഷത്തോടെ വിജയിപ്പിക്കണം.
*****
സി പി നാരായണന്‍, ചിന്ത വാരിക
Subscribe to:
Post Comments (Atom)
1 comment:
പൊതുമുതല്‍ വന്‍തോതില്‍ ദുര്‍വിനിയോഗം ചെയ്തതിനാണ് സുപ്രീംകോടതി ആര്‍ ബാലകൃഷ്ണപിള്ളയെ ശിക്ഷിച്ചത്. ആ പ്രശ്നം കോടതിക്കുമുന്നില്‍ ഉന്നയിക്കുക എന്ന ഒരു പൊതുപ്രവര്‍ത്തകന്റെ കടമയാണ് വി എസ് നിര്‍വഹിച്ചത്. അതില്‍ ഒരു പ്രതികാരദാഹവുമില്ല.
ഉമ്മന്‍ചാണ്ടിയെ പാമോലിന്‍ കേസിലും തിരുവനന്തപുരം ടൈറ്റാനിയം ഫാക്ടറിയിലെ മാലിന്യസംസ്കരണ പ്ളാന്റുമായി ബന്ധപ്പെട്ട പ്രശ്നത്തിലും പ്രതിക്കൂട്ടില്‍ കയറ്റാന്‍ ശ്രമിച്ചത് ടി എച്ച് മുസ്തഫയും കെ കെ രാമചന്ദ്രന്‍മാസ്റ്ററുമാണ്. അവര്‍ ഉന്നയിച്ച കാര്യങ്ങള്‍ സംബന്ധിച്ച് സംഗതമായ അന്വേഷണം നടത്താന്‍ നടപടിയെടുക്കാന്‍ മാത്രമാണ് വി എസ് ഗവണ്‍മെന്റ് മുതിര്‍ന്നത്. മേല്‍പ്പറഞ്ഞ പ്രശ്നങ്ങള്‍ ഉന്നയിക്കപ്പെട്ടത് അടുത്തകാലത്തായതുകൊണ്ടാണ് അവ സംബന്ധിച്ച അന്വേഷണവും വൈകിയത്.
അപ്പോള്‍, ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ മുന്നിലുള്ള പ്രശ്നം ഇതാണ് - അവരുടെ ജീവിതത്തെ കേന്ദ്ര സര്‍ക്കാര്‍ വിലക്കയറ്റം, അഴിമതി, സമ്പന്ന പ്രീണനം മുതലായ നടപടികളിലൂടെ ഞെരിച്ചു കൊല്ലാന്‍ ശ്രമിക്കുന്നു. യുഡിഎഫ് ഇതിനെ പിന്താങ്ങുന്നു. എല്‍ഡിഎഫാകട്ടെ, ജനങ്ങള്‍ക്ക് കൂടുതല്‍ ആശ്വാസം പകരാനും സുരക്ഷ നല്‍കാനും വിലക്കയറ്റം, അഴിമതി, അക്രമം ഇവയുടെ ആഘാതത്തില്‍നിന്ന് സംരക്ഷിക്കാനും വ്യാപകമായ നടപടികള്‍ കൈക്കൊള്ളുന്നു. ഈ രണ്ടില്‍ ഏത് തിരഞ്ഞെടുക്കണം എന്ന കാര്യത്തില്‍ രാഷ്ട്രീയ - സാമൂഹ്യ പ്രബുദ്ധതയുള്ള കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ഒരു ആശയക്കുഴപ്പവും ഇല്ല. അവര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ ബഹുഭൂരിപക്ഷത്തോടെ വിജയിപ്പിക്കണം.
Post a Comment