Friday, April 8, 2011

ബിനാമി ഇടപാട് യു ഡി എഫിന്റെ മറ്റൊരു മുഖം

ഐക്യജനാധിപത്യമുന്നണിയുടെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തിലുള്ള സര്‍ക്കാരുകളുടെ മുഖ്യ അജണ്ട അവിഹിത സമ്പാദ്യശേഖരണവും അഴിമതി നടത്തലുമാണെന്ന് വിവിധങ്ങളായ അനുഭവങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. 13-ാം കേരള നിയമസഭയിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന്റെ മുഖ്യ ചര്‍ച്ചാവിഷയങ്ങളില്‍ ഒന്നു തന്നെ ഐക്യജനാധിപത്യമുന്നണി സര്‍ക്കാരുകള്‍ നടത്തിയ അഴിമതിയുടേയും അതിന്റെ പശ്ചാത്തലത്തില്‍ ജയിലിലായവരുടേയും കോടതി വിചാരണ നേരിടുന്നവരുടേയും തടവറയില്‍ ആകാന്‍ പോകുന്നവരുടേയും പശ്ചാത്തലവും പ്രവൃത്തികളുമാണ്.

അത്തരമൊരു സന്ദര്‍ഭത്തിലാണ് ഐക്യമുന്നണിയുടെ പ്രമുഖ നേതാവും മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പി കെ കുഞ്ഞാലിക്കുട്ടി ബിനാമി പേരില്‍ കോടികള്‍ സമ്പാദിച്ചുവെന്ന പരാതി ഉയര്‍ന്നുവന്നിരിക്കുന്നതും അതിനെത്തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം ആരംഭിച്ചിരിക്കുന്നതും.

യു ഡി എഫ് സര്‍ക്കാരില്‍ വ്യവസായ മന്ത്രിയായിരിക്കവേ മകന്‍ ആഷിഖിന്റെ പേരില്‍ 450 കോടി മുതല്‍ മുടക്കി ഖത്തറില്‍ സ്റ്റീല്‍ ഫാക്ടറി സ്ഥാപിച്ചതുള്‍പ്പെടെയുള്ള പരാതികള്‍ പരിഗണിച്ചാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. വ്യവസായ മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിയും ആരോപണങ്ങള്‍ക്ക് വിധേയനായി അദ്ദേഹം സ്ഥാനമൊഴിഞ്ഞപ്പോള്‍ വ്യവസായമന്ത്രിയായ ഇബ്രാഹിം കുട്ടിയും കേരളത്തിലെ പൊതു മേഖലാ വ്യവസായ സ്ഥാപനങ്ങളെ സ്വദേശത്തും വിദേശത്തും പ്രവര്‍ത്തിക്കുന്ന കുത്തക മുതലാളിമാര്‍ക്കായി തീറെഴുതുവാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തലുകള്‍ തെളിയിക്കുന്നത്. യു ഡി എഫ് ഭരണകാലത്ത് കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങളെല്ലാം നഷ്ടത്തിന്റെ ശാപക്കടലില്‍പെട്ടുപോകുകയും അതുകൊണ്ടുതന്നെ അതെല്ലാം അടച്ചുപൂട്ടേണ്ടതാണെന്ന വാദം യു ഡി എഫ് ഉന്നയിക്കുകയും ചെയ്തിരുന്നു. ചൗധരി കമ്മിഷനെ നിയോഗിച്ച് അത്തരമൊരു റിപ്പോര്‍ട്ട് എഴുതിവാങ്ങുകയും ചെയ്തു.

ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്ന വസ്തുതകള്‍ തെളിയിക്കുന്നത് തങ്ങളുടെ ബിനാമികള്‍ക്കും പ്രിയങ്കരരായ കുത്തകകള്‍ക്കും വേണ്ടി കേരളത്തിലെ പൊതുമേഖലാവ്യവസായങ്ങളെ കൈയൊഴിയാനുള്ള നീക്കമായിരുന്നു അതെന്നാണ് ''മന്ത്രിയായിരിക്കേ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉപയോഗപ്പെടുത്തി വന്‍ അഴിമതി നടത്തുകയും തന്റെ ബിനാമി സ്ഥാപനങ്ങളില്‍ അതുവഴി ഭീമമായ മുതല്‍ മുടക്ക് നടത്തുകയും സ്വന്തം നിലയില്‍ ലാഭം കൊയ്യുകയും ചെയ്തു'' എന്ന ആക്ഷേപം പൊതു സമൂഹത്തിനുമുന്നില്‍ അവതരിപ്പിച്ചത് നാഷണല്‍ യൂത്ത് ലീഗ് മുന്‍ സംസ്ഥാന പ്രസിഡന്റ് എന്‍ കെ അബ്ദുള്‍ അസീസ് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയതിലൂടെയാണ്.

കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ആഷിഖ് ''സീഷോര്‍ ഹോട്ട് റോളിംഗ്'' എന്ന പേരില്‍ ഖത്തറില്‍ ആരംഭിച്ച ഇരുമ്പുരുക്ക് വ്യവസായശാല ഈ കുംഭകോണത്തിന്റെ സൃഷ്ടിയാണെന്ന ആക്ഷേപം ശക്തമായി ഉയര്‍ന്നുവന്നിട്ടുണ്ട്. പി കെ കുഞ്ഞാലിക്കുട്ടിയുടേയും ബന്ധുക്കളുടേയും ബിനാമികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിരവധി ഹോട്ടലുകളും റിസോര്‍ട്ടുകളും ബാറുകളും അപ്പാര്‍ട്ടുമെന്റുകളും വാങ്ങിക്കൂട്ടുന്നതായും സൂര്യ ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്നറിയപ്പെടുന്നത് കുഞ്ഞാലിക്കുട്ടിയുടെ ബിനാമി സംരംഭമാണെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

കുഞ്ഞാലിക്കുട്ടിയെക്കുറിച്ച് മാത്രമല്ല ഇ ടി മുഹമ്മദ് ബഷീര്‍, ചെര്‍ക്കുളം അബ്ദുള്ള തുടങ്ങി നിരവധി മുസ്ലീം ലീഗ് നേതാക്കളും സംശയത്തിന്റെ മുള്‍മുനയിലാണ്. അബ്ദുള്‍ അസീസിന്റെ പരാതി വിജിലന്‍സ് അന്വേഷണത്തിന് വിധേയമാകുന്നതിലൂടെ യഥാര്‍ഥ സത്യം പുറത്തു വരുമെന്ന് കേരളീയര്‍ പ്രതീക്ഷിക്കുന്നു.

അഴിമതിയില്‍ മുങ്ങിക്കുളിച്ച യു ഡി എഫിന്റെ മറ്റൊരു മുഖമാണ് ഖത്തറിലെ ബിനാമി ഇടപാടിലൂടെ പുറത്തുവരുന്നത്. അഴിമതി നടത്തിയതിന്റെ പേരില്‍ ജയിലിലടയ്ക്കപ്പെട്ടവരും കോടതി വ്യവഹാരത്തില്‍പ്പെട്ടുപോയവരും നയിക്കുന്ന യു ഡി എഫ് അഴിമതി കുംഭകോണങ്ങളില്‍ നിന്നും ജനദ്രോഹ നടപടികളില്‍ നിന്നും വിമുക്തമല്ല എന്ന് ആവര്‍ത്തിച്ച് തെളിയിക്കുന്നതാണ് ഖത്തര്‍ സ്റ്റീല്‍ ഫാക്ടറിയിലെ ബിനാമി ഇടപാട്. ഇത്തരം അഴിമതിക്കാരേയും ജനവഞ്ചകരേയും ജനാധിപത്യാവകാശം വിനിയോഗിക്കാന്‍ ലഭ്യമാകുന്ന വേളയില്‍ രാഷ്ട്രീയ പ്രബുദ്ധതയുള്ള കേരള ജനത കടുത്ത ശിക്ഷയ്ക്ക് വിധേയമാക്കുകയും ചെയ്യുക തന്നെ ചെയ്യും.


*****


ജനയുഗം മുഖപ്രസംഗം 070411

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഐക്യജനാധിപത്യമുന്നണിയുടെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തിലുള്ള സര്‍ക്കാരുകളുടെ മുഖ്യ അജണ്ട അവിഹിത സമ്പാദ്യശേഖരണവും അഴിമതി നടത്തലുമാണെന്ന് വിവിധങ്ങളായ അനുഭവങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. 13-ാം കേരള നിയമസഭയിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന്റെ മുഖ്യ ചര്‍ച്ചാവിഷയങ്ങളില്‍ ഒന്നു തന്നെ ഐക്യജനാധിപത്യമുന്നണി സര്‍ക്കാരുകള്‍ നടത്തിയ അഴിമതിയുടേയും അതിന്റെ പശ്ചാത്തലത്തില്‍ ജയിലിലായവരുടേയും കോടതി വിചാരണ നേരിടുന്നവരുടേയും തടവറയില്‍ ആകാന്‍ പോകുന്നവരുടേയും പശ്ചാത്തലവും പ്രവൃത്തികളുമാണ്.