പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് രണ്ടു വര്‍ഷം പിന്നിട്ടിരിക്കുന്നു. കേരളം 16 എംപിമാരെയാണ് യുപിഎക്ക് നല്‍കിയത്. ഈ വിജയമാണ് ജനപിന്തുണയുടെ പ്രധാന അളവുകോലായി യുഡിഎഫ് നേതൃത്വം എപ്പോഴും എടുത്തുകാണിക്കുന്നത്. എന്നാല്‍, പാര്‍ലമെന്റിലേക്ക് കോൺഗ്രസ് സ്ഥാനാര്‍ഥികളെ വിജയിപ്പിച്ചവര്‍ ഇപ്പോഴത്തെ അനുഭവത്തില്‍ എവിടെയായിരിക്കും നില്ക്കുക? ബിജെപി വരാതിരിക്കുന്നതിനായിരുന്നു നല്ലൊരു ശതമാനം പേരും അന്ന് കോൺഗ്രസിന് വോട്ടു നല്‍കിയത്. ബിജെപി ഇതര പ്രതിപക്ഷം വിശ്വാസ്യതയുള്ള സംവിധാനമായിരുന്നുമില്ല. എന്നാല്‍, രണ്ടു വര്‍ഷത്തിനുള്ളില്‍ അങ്ങേയറ്റം വിശ്വാസ്യത നഷ്ടപ്പെട്ട ഒരു സംവിധാനമായി രണ്ടാം യുപിഎ സര്‍ക്കാര്‍ മാറി.
രണ്ടു വര്‍ഷത്തിനുള്ളില്‍ അഴിമതി ആരോപണങ്ങളില്‍പ്പെട്ട് രണ്ടു മന്ത്രിമാര്‍ രാജിവച്ചു. ആദ്യം അഴിമതിക്കേസില്‍ പിടിക്കപ്പെട്ടത് തിരുവനന്തപുരത്തുനിന്നു തെരഞ്ഞെടുക്കപ്പെട്ട് സഹമന്ത്രിയായ ശശി തരൂരാണ്. തന്റെ മന്ത്രിസ്ഥാനം ഉപയോഗിച്ച് കൊച്ചി ഐപിഎല്‍ ടീമിനുവേണ്ടി അവിഹിതമായി ഇടപെടുകയും പ്രതിശ്രുത വധുവിന്റെ പേരില്‍ വിയര്‍പ്പ് ഓഹരി സമ്പാദിക്കുകയും ചെയ്തുവെന്നതായിരുന്നു തരൂരിനെതിരെ ഉയര്‍ന്ന ആരോപണം. മന്ത്രിസ്ഥാനം രാജിവയ്ക്കാതെ തരമില്ലാത്തവിധം അഴിമതി തുറന്നുകാട്ടപ്പെട്ടു. വിവാദമായ കോമൺവെല്‍ത്ത് ഗെയിംസിലും കൺസള്‍ട്ടന്റ് പദവി വഹിച്ച് കോടികള്‍ തട്ടിയെടുത്ത ആരോപണവും തരൂരിനെതിരെ ഉയര്‍ന്നിട്ടുണ്ട്.
അഴിമതികളുടെ മാതാവെന്ന് അറിയപ്പെട്ട രണ്ടാം തലമുറ സ്പെക്ട്രം അനുവദിച്ച നടപടിയിലൂടെ 1.76 ലക്ഷം കോടി രൂപയാണ് രാജ്യത്തെ ഖജനാവിന് നഷ്ടമായതെന്ന് സിഎജി കണ്ടെത്തി. ടെലികോംമന്ത്രി എ രാജയ്ക്ക് രാജിവയ്ക്കേണ്ടിവന്നു. സുപ്രീംകോടതി മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി രാജയെ അറസ്റ് ചെയ്തു. എന്നാല്‍, രാജയുടെ അറസ്റുകൊണ്ട് കാര്യങ്ങള്‍ അവസാനിച്ചില്ല. സ്പെക്ട്രം ഇടപാടില്‍ എല്ലാം പ്രധാനമന്ത്രിയുടെ അറിവോടെയാണ് നടന്നതെന്ന രാജയുടെ വെളിപ്പെടുത്തല്‍ യുപിഎയുടെ വിശ്വാസ്യതയ്ക്ക് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചത്. ഇതു സംബന്ധിച്ച് പ്രധാനമന്ത്രിയും രാജയും തമ്മില്‍ നടത്തിയ കത്തിടപാടുകള്‍ ശക്തമായ തെളിവുകളാണ്.
സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാതെ പാര്‍ലമെന്റ് സമ്മേളനം ചേരാന്‍ പറ്റാത്ത സാഹചര്യം സര്‍ക്കാര്‍ സൃഷ്ടിച്ചു. ബജറ്റ് പാസാക്കേണ്ടത് ഭരണഘടനാപരമായ ഉത്തരവാദിത്തമായതിനാല്‍ ഗത്യന്തരമില്ലാതെ ജെപിസി അന്വേഷണം പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതമായി. എന്നിട്ടും തെറ്റായ വഴികളിലൂടെ നേടിയ സ്പെക്ട്രം ലൈസന്‍സ് റദ്ദാക്കാന്‍ കേന്ദ്രം തയ്യാറായില്ല. സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ കൂട്ടത്തിലാണ് നീര റാഡിയ ടേപ്പ് പുറത്തുവന്നത്. ജനാധിപത്യ സംവിധാനത്തെ എങ്ങനെയാണ് കോൺഗ്രസ് കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ക്കായി കീഴ്പ്പെടുത്തുന്നുവെന്നതിന്റെ പ്രകടമായ തെളിവായിരുന്നു റാഡിയ ടേപ്പ്. കോൺഗ്രസ് നയിക്കുന്ന മന്ത്രിസഭയില്‍ ആരൊക്കെയാണ് ഉണ്ടാകേണ്ടതെന്നും അവരുടെ വകുപ്പുകള്‍ എന്തൊക്കെയായിരിക്കണമെന്നും വന്‍കിട കോര്‍പ്പറേറ്റ് കമ്പനികള്‍ നിശ്ചയിക്കുന്ന അപമാനകരമായ കാഴ്ചയാണ് അതു പുറത്തുകൊണ്ടു വന്നത്.
കോമൺവെല്‍ത്ത് ഗെയിസും ആദര്‍ശ് ഫ്ളാറ്റ് വിവാദവും കോൺഗ്രസിന്റെ നില കൂടുതല്‍ പരിതാപകരമാക്കി. രാജ്യത്തിന് അഭിമാനമാകേണ്ട കോമൺവെല്‍ത്ത് ഗെയിംസിനെ അഴിമതിയുടെ അഴിഞ്ഞാട്ടവേദിയാക്കി. കല്‍മാഡിയെ കോൺഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ടി നേതൃത്വസ്ഥാനത്തുനിന്ന് ഒഴിവാക്കി മുഖം രക്ഷിക്കാന്‍ ശ്രമിച്ചു. എന്നാല്‍, അദ്ദേഹത്തെ ഒളിമ്പിക് കമ്മിറ്റി ഭാരവാഹി സ്ഥാനത്തുനിന്നു മാറ്റുന്നതിനുപോലും തയ്യാറായില്ല. ഫണ്ടിന്റെ ഭൂരിഭാഗവും കൈകാര്യംചെയ്ത ഡല്‍ഹി സംസ്ഥാനസര്‍ക്കാരിനെയും കേന്ദ്ര നഗരവികസനമന്ത്രാലയത്തെയും രക്ഷപ്പെടുത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്.
ആദര്‍ശ് ഫളാറ്റ് വിവാദത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാനെ മാറ്റി ജനങ്ങളുടെ കണ്ണില്‍പൊടിയിടാനാണ് കോൺഗ്രസ് ശ്രമിച്ചത്. ഇക്കാര്യത്തില്‍ പ്രധാന പങ്ക് വഹിച്ച രണ്ടു മുന്‍ മുഖ്യമന്ത്രിമാരായ വിലാസ് റാവു ദേശ്മുഖിനെയും സുശീല്‍ കുമാര്‍ ഷിന്‍ഡെയെയും കേന്ദ്രമന്ത്രിസഭയില്‍ തുടരാന്‍ അനുവദിച്ചതിലൂടെ കോൺഗ്രസിന്റെ അവസരവാദ സമീപനം ഒരിക്കല്‍കൂടി വ്യക്തമായി.
പ്രധാനമന്ത്രി നേരിട്ട് പ്രതിയായ രണ്ടു സന്ദര്‍ഭമാണ് കേന്ദ്രവിജിലന്‍സ് കമീഷണര്‍ നിയമനവും എസ് ബാന്‍ഡ് ലൈസന്‍സ് നല്‍കിയതിലൂടെ രാജ്യത്തിനു രണ്ടുലക്ഷം കോടി രൂപ നഷ്ടപ്പെടുത്തുന്നതിലേക്ക് നയിക്കുമായിരുന്ന കരാര്‍ നല്കിയ നടപടിയും. പാമൊലിന്‍ കേസില്‍ പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്ന പി ജെ തോമസിനെ സിവിസിയായി നിയമിച്ച നടപടി സുപ്രീംകോടതി റദ്ദാക്കിയതോടെ പ്രധാനമന്ത്രിയുടെ അവശേഷിച്ച വിശ്വാസ്യതയും നഷ്ടമായി. താന്‍ നേരിട്ട് കൈകാര്യംചെയ്യുന്ന ഐഎസ്ആര്‍ഒ സ്വകാര്യ കുത്തക കമ്പനിക്ക് എസ് ബാന്‍ഡ് നല്കാന് തീരുമാനിച്ചതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് കൈയൊഴിയാന്‍ പറ്റാതായതോടെ ഒടുവില്‍ കരാര്‍ റദ്ദാക്കുന്നതിന് പ്രധാനമന്ത്രി നിര്‍ബന്ധിതനായി. രണ്ടു വര്‍ഷത്തിനുള്ളില്‍ ഇത്രയുമധികം അഴിമതി ആരോപണങ്ങള്‍ക്ക് പ്രധാനമന്ത്രിയും സഹമന്ത്രിമാരും വിധേയരായ സന്ദര്‍ഭം രാജ്യത്തിന്റെ ചരിത്രത്തിലുണ്ടാകില്ല.
സ്വിസ് ബാങ്കുകളിലുള്ള ഇന്ത്യന്‍ കള്ളപ്പണത്തിന്റെ കണക്കുകള്‍ പലതും മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നതും ഇക്കാലയളവിലാണ്. 70 ലക്ഷം കോടി രൂപയിലധികം പണം വന്‍കിട അക്കൌണ്ടുകളില്‍ മാത്രമായി ഉണ്ടെന്നാണ് പറയുന്നത്. ഈ പണത്തിന്റെ ഉറവിടം വെളിപ്പെടുത്താതെ കള്ളപ്പണക്കാരെ സംരക്ഷിക്കുന്ന കേന്ദ്രത്തിന്റെ നടപടി സുപ്രീംകോടതിയുടെ വിമര്‍ശത്തിനുവരെ വിധേയമായി.
അമേരിക്ക എങ്ങനെയാണ് കോൺഗ്രസ് ഭരണത്തില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്ന കാര്യം വിക്കിലീക്സ് വെളിപ്പെടുത്തലുകള്‍ പുറത്തുകൊണ്ടുവന്നു. പെട്രോളിയംവകുപ്പില്‍നിന്ന് മണിശങ്കര്‍അയ്യരെ മാറ്റിയതും മുരളി ദേവ്റയെ നിയമിച്ചതും അമേരിക്കയുടെ താല്‍പ്പര്യത്തിന് അനുസരിച്ചാണെന്നാണ് കേബിളുകള്‍ പുറത്തുകൊണ്ടുവന്നത്. ഈ മന്ത്രിസഭയില്‍ ആനന്ദ്ശര്‍മയും കപില്‍ സിബലും ഉള്‍പ്പെടുന്ന നിരവധിപേര്‍ തങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നവരാണെന്നാണ് അമേരിക്കന്‍ എംബസി നല്കിയ സന്ദേശങ്ങള്‍ വ്യക്തമാക്കുന്നത്. ജനങ്ങള്‍ തെരഞ്ഞെടുത്ത ഇക്കൂട്ടര്‍ ആരുടെ താല്‍പ്പര്യങ്ങള്‍ക്കായിരിക്കും മുന്‍ഗണന കൊടുക്കുക എന്ന കാര്യത്തില്‍ പിന്നെ വല്ല സംശയവും വേണോ? ഇറാന് പ്രശ്നത്തിലും ആണവകരാര്‍ പ്രശ്നത്തിലും അമേരിക്ക എങ്ങനെയാണ് ഇന്ത്യയെ നിയന്ത്രിച്ചിരുന്നതെന്ന് ഈ രേഖകള്‍ പുറത്തുകൊണ്ടുവന്നു. രാജ്യത്തിന്റെ പരമാധികാരത്തിന് ഒരു വിലയും കല്‍പ്പിക്കാത്ത സര്‍ക്കാരിനുവേണ്ടിയാണോ ജനം വോട്ടുചെയ്തത്?പണം നല്‍കിയാണ് ഒന്നാം യുപിഎ സര്‍ക്കാര്‍ ഭൂരിപക്ഷം സംഘടിപ്പിച്ചതെന്ന വിവരവും വിക്കിലീക്സ് പുറത്തുകൊണ്ടുവന്ന കാര്യങ്ങളിലുണ്ട്.
രാജ്യത്തിന്റെ താല്‍പ്പര്യംപോലും ബലികഴിച്ച് ഒപ്പിട്ട കരാറിനുശേഷം ഒരു പുതിയ ആണവനിലയവും ആരംഭിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല. ജപ്പാനിലെ ആണവവികിരണത്തിനുശേഷം ഒരു രാജ്യവും ആണവനിലയം ആരംഭിക്കാന്‍ തയ്യാറാകുമെന്ന് തോന്നാത്ത സാഹചര്യത്തില്‍ പരമാധികാരം പണയപ്പെടുത്തിയതിനും ജനാധിപത്യം ദുര്‍ബലപ്പെടുത്തിയതിനും എന്തു സമാധാനമാണ് ഇപ്പോള്‍ കോൺഗ്രസ് പറയുക?
കഴിഞ്ഞ തെരഞ്ഞെടുപ്പു സമയത്ത് ജനങ്ങള്‍ നല്കിയ ഒരു വാഗ്ദാനവും നടപ്പാക്കാന്‍ ക്രേന്ദസര്‍ക്കാര്‍ തയ്യാറായില്ല. 35 കിലോ അരിയോ ഗോതമ്പോ കിലോയ്ക്ക് മൂന്നുരൂപ നിരക്കില്‍ നല്‍കുന്നതിനായി പുതിയ നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിട്ട് വര്‍ഷം രണ്ടായി. ഒരു നടപടിയും ഇതുവരെ സ്വീകരിച്ചില്ല. മറുവശത്ത് പെട്രോളിന്റെ വില യഥേഷ്ടം നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് നല്കി. പാചകവാതകത്തിന്റെ സബ്സിഡി ബിപിഎല്ലുകാര്‍ക്കുമാത്രം മതിയെന്ന പുതിയ പ്രഖ്യാപനം കേരളത്തിലെ എല്ലാ കുടംബങ്ങള്‍ക്കും അധികഭാരം അടിച്ചേല്‍പ്പിക്കുന്നതാണ്. ഭക്ഷ്യധാന്യങ്ങളുടെയും രാസവളത്തിന്റെയും സബ്സിഡി പുതിയ രൂപത്തില്‍ നടപ്പാക്കാനുള്ള നീക്കവും കേരളത്തിലെ വിഖ്യാതമായ പൊതുവിതരണസമ്പ്രദായത്തെ തകര്‍ക്കുന്നതാണ്. രൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ഒരു നടപടിയും സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനായില്ല. ഇക്കാര്യത്തില്‍ സുപ്രീംകോടതിയുടെ അതിരൂക്ഷ വിമര്‍ശത്തിന് പല തവണ ഇരയായി.
ബാങ്കിങ് മേഖലയും ഇന്‍ഷുറന്‍സ് രംഗവും ഉള്‍പ്പെടെ എല്ലാ മേഖലയും വിദേശകുത്തകകള്‍ക്ക് തുറന്നിട്ടുകൊടുക്കുന്നതിനുള്ള നിയമനിര്‍മാണപ്രക്രിയയിലാണ് രണ്ടാം യുപിഎ സര്‍ക്കാര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോൺഗ്രസിന് വോട്ട് ചെയ്തത് ഇതിനായിരുന്നോ എന്ന സംശയം ഉയരുക സ്വാഭാവികം. ചുരുങ്ങിയ കാലംകൊണ്ട് ഇത്രയധികം ജനവിരുദ്ധമായ മറ്റൊരു സര്‍ക്കാര്‍ രാജ്യത്തിന്റെ ചരിത്രത്തില്‍ ഉണ്ടാകില്ല. ലോക്സഭാതെരഞ്ഞെടുപ്പില്‍ കോൺഗ്രസിന് വോട്ട് ചെയ്തുപോയത് അബദ്ധമായല്ലോ എന്നു ചിന്തിക്കുന്ന ജനങ്ങളാണ് ഇന്ന് കേരളത്തിലുള്ളത്.
*****
പി രാജീവ്
Subscribe to:
Post Comments (Atom)
1 comment:
പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് രണ്ടു വര്‍ഷം പിന്നിട്ടിരിക്കുന്നു. കേരളം 16 എംപിമാരെയാണ് യുപിഎക്ക് നല്‍കിയത്. ഈ വിജയമാണ് ജനപിന്തുണയുടെ പ്രധാന അളവുകോലായി യുഡിഎഫ് നേതൃത്വം എപ്പോഴും എടുത്തുകാണിക്കുന്നത്. എന്നാല്‍, പാര്‍ലമെന്റിലേക്ക് കോൺഗ്രസ് സ്ഥാനാര്‍ഥികളെ വിജയിപ്പിച്ചവര്‍ ഇപ്പോഴത്തെ അനുഭവത്തില്‍ എവിടെയായിരിക്കും നില്ക്കുക? ബിജെപി വരാതിരിക്കുന്നതിനായിരുന്നു നല്ലൊരു ശതമാനം പേരും അന്ന് കോൺഗ്രസിന് വോട്ടു നല്‍കിയത്. ബിജെപി ഇതര പ്രതിപക്ഷം വിശ്വാസ്യതയുള്ള സംവിധാനമായിരുന്നുമില്ല. എന്നാല്‍, രണ്ടു വര്‍ഷത്തിനുള്ളില്‍ അങ്ങേയറ്റം വിശ്വാസ്യത നഷ്ടപ്പെട്ട ഒരു സംവിധാനമായി രണ്ടാം യുപിഎ സര്‍ക്കാര്‍ മാറി.
.......
ബാങ്കിങ് മേഖലയും ഇന്‍ഷുറന്‍സ് രംഗവും ഉള്‍പ്പെടെ എല്ലാ മേഖലയും വിദേശകുത്തകകള്‍ക്ക് തുറന്നിട്ടുകൊടുക്കുന്നതിനുള്ള നിയമനിര്‍മാണപ്രക്രിയയിലാണ് രണ്ടാം യുപിഎ സര്‍ക്കാര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോൺഗ്രസിന് വോട്ട് ചെയ്തത് ഇതിനായിരുന്നോ എന്ന സംശയം ഉയരുക സ്വാഭാവികം. ചുരുങ്ങിയ കാലംകൊണ്ട് ഇത്രയധികം ജനവിരുദ്ധമായ മറ്റൊരു സര്‍ക്കാര്‍ രാജ്യത്തിന്റെ ചരിത്രത്തില്‍ ഉണ്ടാകില്ല. ലോക്സഭാതെരഞ്ഞെടുപ്പില്‍ കോൺഗ്രസിന് വോട്ട് ചെയ്തുപോയത് അബദ്ധമായല്ലോ എന്നു ചിന്തിക്കുന്ന ജനങ്ങളാണ് ഇന്ന് കേരളത്തിലുള്ളത്.
Post a Comment