പശ്ചിമബംഗാളില്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ , പ്രത്യേകിച്ച് സിപിഐ എം പ്രവര്‍ത്തകര്‍ കടുത്ത ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ്്. 2011 മെയ് 13ന് തെരഞ്ഞെടുപ്പുഫലം അറിഞ്ഞതുമുതല്‍ അഭംഗുരം തുടരുന്ന ആക്രമണങ്ങളില്‍ 30 പേര് ഇതിനകം കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. നാല്‍പ്പതിനായിരത്തിലധികം പേര് വീടുവിട്ട് പോകേണ്ടിവന്നു. ഈ ആക്രമണങ്ങളൊക്കെ നടക്കുന്നത് കാണാതിരിക്കുന്ന ഒരു പ്രധാന വിഭാഗമുണ്ട്; വലതുപക്ഷ മാധ്യമങ്ങള്‍ . തൃണമൂല്‍ ആക്രമണത്തില്‍ വംഗഗ്രാമങ്ങള്‍ വിറങ്ങലിച്ചുനില്ക്കുമ്പോഴും, "മനുഷ്യാവകാശ"ത്തിനു വേണ്ടി ഘോരഘോരം ശബ്ദിക്കുന്ന മാധ്യമങ്ങള്‍ മിണ്ടിയിട്ടില്ല. ഇടതുപക്ഷ മാധ്യമങ്ങളിലൂടെമാത്രമാണ് ആക്രമണ വിവരങ്ങള്‍ പുറത്തുവരുന്നത്. ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണി നേതാക്കള്‍ പല തവണ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് നിവേദനം നല്കി. അതൊക്കെ അവഗണിക്കാന്‍ മമതയ്ക്ക് ശക്തിപകര്‍ന്നത് കുത്തകമാധ്യമങ്ങള്‍ കാട്ടുന്ന "ധര്‍മബോധം" ആണ്.
കഴിഞ്ഞ ദിവസം മലയാള മനോരമ സിപിഐ എമ്മിനെ പരിഹസിക്കാനും രാഷ്ട്രീയമായി ആക്രമിക്കാനുമായി എഡിറ്റ് പേജില്‍ പ്രസിദ്ധീകരിച്ച "ബംഗാള്‍ സഖാക്കള്‍ നായകനെ തേടുന്നു" എന്ന ലേഖനത്തിന്റെ സാരം ഇതാണ്- "സിപിഐ എം നേതാക്കള്‍ ആക്രമണം നേരിടുന്ന സഖാക്കളെ കാണുകയോ ആശ്വസിപ്പിക്കുകയോ ചെയ്യുന്നില്ല, നേതാക്കള്‍ ഇങ്ങനെ മാറിനില്‍ക്കുന്നതുകൊണ്ടാണ് പാര്‍ടി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത്". പശ്ചിമബംഗാളിന്റെ ചരിത്രം അറിയാത്തതുകൊണ്ടോ അറിഞ്ഞിട്ടും അജ്ഞത നടിക്കുന്നതുകൊണ്ടോ ആണ് ഇങ്ങനെ അബദ്ധങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്നത്.
1970 മാര്‍ച്ച് 19ന് ജനാധിപത്യമൂല്യങ്ങളെ കശാപ്പുചെയ്ത് ബംഗാളില്‍ രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചതുമുതല്‍ ആരംഭിച്ച അര്‍ധഫാസിസ്റ്റ് ഭീകരവാഴ്ചക്കാലത്ത് ആയിരക്കണക്കിന് സിപിഐ എം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിന്റെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. ഒരു വര്‍ഷം നീണ്ട രാഷ്ട്രപതിഭരണത്തില്‍ മാത്രം 238 സിപിഐ എം പ്രവര്‍ത്തകരെ കൊലപ്പെടുത്തി. സിപിഐ എമ്മിന്റെ ഉന്നതനേതാക്കള്‍ അന്ന് ജീവിച്ചിരുന്നു. നായകരില്ലാത്തതുകൊണ്ടല്ല പ്രവര്‍ത്തകര്‍ അന്ന് ആക്രമിക്കപ്പെട്ടത്. ബംഗാളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവ് കാക്കാബാബു എന്ന മുസഫര്‍ അഹമ്മദ്, സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന പ്രമോദ്ദാസ് ഗുപ്ത, ജ്യോതിബസു തുടങ്ങി സിപിഐ എമ്മിന്റെ മുതിര്‍ന്ന നേതാക്കളൊക്കെ ഈ ഒരു വര്‍ഷം സിപിഐ എമ്മിന്റെ നായകരായി അവിടെയുണ്ടായിരുന്നു. അവര്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന പ്രവര്‍ത്തകരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാനും ആക്രമണത്തിന് വിധേയരായ പ്രവര്‍ത്തകരെ ആശ്വസിപ്പിക്കാനും നാടെങ്ങും സഞ്ചരിച്ചു. എന്നിട്ടും 238 പ്രവര്‍ത്തകര്‍ ഒരു കൊല്ലത്തിനുള്ളില്‍ കൊല്ലപ്പെട്ടു. ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആക്രമണം നടക്കുമ്പോഴും സിപിഐ എം നേതാക്കള്‍ പ്രവര്‍ത്തകരെ ആശ്വസിപ്പിക്കാനും അവര്‍ക്ക് ആവേശം പകരാനും അവര്‍ക്കിടയിലുണ്ട്.
മമത ബാനര്‍ജി ചെയ്യുന്നതുപോലെ മുന്‍കൂട്ടി മാധ്യമപ്പടയെ അറിയിച്ച് അവരെക്കൂടി കൂട്ടിക്കൊണ്ടുപോകുന്നില്ല എന്നു മാത്രം. മാധ്യമങ്ങളോട് പറയേണ്ട കാര്യങ്ങള്‍ വാര്‍ത്താസമ്മേളനം നടത്തി പറയുന്നുണ്ട്. എന്നാല്‍ , ഈ ആക്രമണങ്ങളെ സമൂഹത്തിന്റെയാകെ ശ്രദ്ധയില്‍പ്പെടുത്താനും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ശബ്ദമുയര്‍ത്താനും വലതുപക്ഷമാധ്യമങ്ങള്‍ തയ്യാറാകുന്നില്ല. ലോകത്ത് കമ്യൂണിസ്റ്റുകാര്‍ക്കെതിരെ പല ഘട്ടങ്ങളിലും ആക്രമണം നടന്നിട്ടുണ്ട്. അതിനൊക്കെ കൃത്യമായ രാഷ്ട്രീയലക്ഷ്യങ്ങളുമുണ്ടായിരുന്നു. ഇപ്പോള്‍ പശ്ചിമബംഗാളില്‍ കമ്യൂണിസ്റ്റുകാര്‍ക്കെതിരെ നടക്കുന്ന കിരാതമായ ആക്രമണങ്ങള്‍ ഇന്ത്യന്‍ ഭരണവര്‍ഗത്തിന്റെയും ആഗോള സാമ്രാജ്യത്വ ശക്തികളുടെയും രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമാണ്. സാമ്രാജ്യത്വത്തിനും നവ ലിബറല്‍ നയങ്ങള്‍ക്കുമെതിരെ ഇന്ത്യയില്‍ ഏറ്റവും വലിയ പ്രതിരോധം സംഘടിപ്പിക്കുന്നത് സിപിഐ എം ആയതുകൊണ്ട് അതിനെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് ബംഗാളിലെ പ്രസ്ഥാനത്തെ ആക്രമിക്കുകയാണ്. ഇത് ആദ്യമല്ല, മുമ്പും പല തവണ സംഭവിച്ചിട്ടുണ്ട്. ഇപ്പോള്‍ ബംഗാളില്‍ ഇടതുമുന്നണി അധികാരത്തില്‍നിന്ന് പുറത്തായതോടെ പൊലീസിനെ നിഷ്ക്രിയമായി നിര്‍ത്തി തൃണമൂല്‍ കോണ്‍ഗ്രസും ചിലയിടങ്ങളില്‍ കോണ്‍ഗ്രസും സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം നടത്തുന്നു. ഈ ആക്രമണങ്ങളെ രാഷ്ട്രീയമായി നേരിടുക, അതിനായി പ്രചാരണങ്ങള്‍ സംഘടിപ്പിക്കുക എന്നതാണ് സിപിഐ എമ്മിന്റെ നയം. കഴിഞ്ഞ മൂന്നു മാസത്തിനിടെ നടന്ന ആക്രമണങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി ബിമന്‍ ബസു എല്ലാ ജില്ലയും സന്ദര്‍ശിച്ചിട്ടുണ്ട്. പ്രവര്‍ത്തകരെ കണ്ടിട്ടുണ്ട്. അവരുടെ വിഷമങ്ങള്‍ കേട്ടിട്ടുണ്ട്. ഇതൊന്നും ദിവസവും വാര്‍ത്താക്കുറിപ്പുകളിറക്കി അറിയിക്കേണ്ട ആവശ്യമില്ല.
ബുദ്ധദേവ് ഭട്ടാചാര്യ നീറോ ചക്രവര്‍ത്തിയെപ്പോലെ വീണ വായിക്കുന്നുവെന്നാണ് മനോരമയുടെ കണ്ടുപിടിത്തം. അതേസമയംതന്നെ "ബുദ്ധദേവ് പാര്‍ടി അണികളുമായി സംസാരിച്ചിരുന്ന് സമയം പോക്കുന്നു" എന്നും പറയുന്നു. സമയം പോക്കാനല്ല പാര്‍ടി നേതാക്കള്‍ അനുഭാവികളോട് സംസാരിക്കുന്നത്; കാര്യങ്ങള്‍ മനസിലാക്കാനാണെന്ന് മനോരമയ്ക്കറിയില്ലെങ്കില്‍ അതിന്റെ പഴിയും സിപിഐ എമ്മിനാണോ?
ആക്രമണം നടത്തുന്നവരെയല്ല, ഇരയാകുന്നവരെയാണ് മനോരമ വീണ്ടും ആക്രമിക്കുന്നത്. ആക്രമണങ്ങളെ ന്യായീകരിക്കാനാണ് അവരുടെ ശ്രമം. സിപിഐ എം ഭരണത്തിലിരുന്നപ്പോള്‍ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണത്രേ ഇത്. ബംഗാളിലെ അര്‍ധ ഫാസിസ്റ്റ് ഭീകരവാഴ്ച ആരാണ് നടത്തുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. ഭരണത്തിലിരുന്നപ്പോഴും ഏറ്റവും കൂടുതല്‍ ആക്രമണത്തിനിരയായ പാര്‍ടിയാണ് സിപിഐ എം. 2009 മെയ് മുതല്‍ 2011 മെയ് വരെ 388 ഇടതുമുന്നണി പ്രവര്‍ത്തകരാണ് തൃണമൂല്‍ -മാവോയിസ്റ്റ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 350 പേരും സിപിഐ എം പ്രവര്‍ത്തകരാണ്. ഇതിനെ മനോരമ എന്തു വിളിക്കും? സിപിഐ എം ഭരണത്തിലിരുന്ന് നടത്തിയ അക്രമമെന്നോ?
സിപിഐ എം, ഇടതുമുന്നണി പ്രവര്‍ത്തകര്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പാടില്ല, പാര്‍ടി ഓഫീസുകള്‍ തുറക്കാന്‍ പാടില്ല, ഇടതുമുന്നണി വിജയിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഭരണസമിതിയുടെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ പാടില്ല, തൃണമൂല്‍ പ്രവര്‍ത്തകര്‍ പറയുന്നത് ചെയ്യണം, ഫണ്ട് അവര്‍ പറയുന്നതനുസരിച്ച് ചെലവഴിക്കണം-ഇതൊക്കെയാണ് തൃണമൂലിന്റെ തീട്ടൂരങ്ങള്‍ . കര്‍ഷകര്‍ക്ക് സ്വന്തം ഭൂമിയില്‍ കൃഷി ചെയ്യണമെങ്കില്‍ തൃണമൂല്‍ നേതാക്കള്‍ക്ക് വന്‍ തുക പിഴയടയ്ക്കണം. സംസ്ഥാനത്താകെ 12 കോടി രൂപ ഇങ്ങനെ കര്‍ഷകരില്‍നിന്ന് പിരിച്ചെടുത്തു. സര്‍ക്കാര്‍ജോലി ചെയ്യുന്നവര്‍ ശമ്പളത്തിന്റെ മൂന്നിലൊന്ന് തൃണമൂല്‍ നേതാക്കള്‍ക്ക് നല്‍കണം. തൊഴിലാളികള്‍ക്ക് തങ്ങളുടെ തൊഴിലിടങ്ങളില്‍ പണിയെടുക്കണമെങ്കില്‍ തൃണമൂല്‍ യൂണിയനില്‍ ചേരണം. മൂന്ന് മാസത്തിനുള്ളില്‍ 30 ഇടതുമുന്നണി പ്രവര്‍ത്തകരെ കൊലപ്പെടുത്തി. ഇതില്‍ 28 പേരും സിപിഐ എം പ്രവര്‍ത്തകര്‍ . 3785 പേര്‍ക്ക് പരിക്കേറ്റു. 684 സ്ത്രീകളെ ശാരീരികമായി ആക്രമിച്ചു. 23 പേരെ ബലാല്‍സംഗംചെയ്തു. 2064 വീട് കൊള്ളയടിച്ചു. 14,081 പേരെ വീടുകളില്‍നിന്ന് ആട്ടിയോടിച്ചു. തൃണമൂല്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി ഇടതുമുന്നണി അനുഭാവികളില്‍നിന്ന് ഈടാക്കിയ പിഴ 27.7 കോടി രൂപയാണ്. പാര്‍ടി ഓഫീസുകളും ട്രേഡ് യൂണിയന് ഓഫീസുകളുമടക്കം 758 ഓഫീസുകള്‍ ആക്രമിച്ചു. 26,838 കര്‍ഷകരെ കൃഷിഭൂമിയില്‍നിന്ന് ആട്ടിയിറക്കി ഭൂമി പിടിച്ചെടുത്തു. ഇങ്ങനെ ജീവനും പൗരാവകാശങ്ങളും സ്വാതന്ത്ര്യവും കവര്‍ന്നെടുത്ത് ഭീകരവാഴ്ച നടത്തുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. മനോരമയുടെ രാഷ്ട്രീയ എതിരാളികളാണെങ്കില്‍ അവര്‍ക്ക് ഇങ്ങനെയൊക്കെ സംഭവിച്ചോട്ടെ എന്നാണോ ലേഖനകര്‍ത്താവിന്റെ മനസ്സിലിരുപ്പ്?
സിപിഐ എമ്മിനുള്ളില്‍ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നാണ് ലേഖനകര്‍ത്താവിന്റെ ചുഴിഞ്ഞുനോട്ടം. സിപിഐ എമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം ആഗസ്ത് 21, 22 തീയതികളില്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ചും തെരഞ്ഞെടുപ്പിനു ശേഷം പാര്‍ടി നേരിടുന്ന ആക്രമണങ്ങളെക്കുറിച്ചും സംസ്ഥാന കമ്മിറ്റി ഒന്നിലധികം തവണ ചര്‍ച്ച ചെയ്തിരുന്നതാണ്. എന്നാല്‍ , ജില്ലാതലത്തില്‍ പ്രവര്‍ത്തിക്കുന്നവരെക്കൂടി ഉള്‍പ്പെടുത്തി വിശദമായ ചര്‍ച്ച നടത്തണമെന്ന് തീരുമാനിച്ചാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റി വിളിച്ചത്. വിശദമായ ചര്‍ച്ചയും നടന്നു. ഈ യോഗത്തില്‍ നേതൃത്വത്തിനെതിരെ കലാപം നടന്നുവെന്ന് കൊല്‍ക്കത്തയിലെ കടുത്ത സിപിഐ എം വിരുദ്ധ മാധ്യമങ്ങള്‍പോലും പറഞ്ഞില്ല. എന്നാല്‍ , മനോരമ അങ്ങനെ എഴുതി. പാര്‍ടിയെ ഒറ്റക്കെട്ടായി മുന്നോട്ടു നയിക്കണമെന്നും ആക്രമണങ്ങളെ ശക്തമായ രാഷ്ട്രീയ പ്രചാരണം കൊണ്ടും ജനകീയപ്രശ്നങ്ങളുയര്‍ത്തിയുള്ള പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചും പരാജയപ്പെടുത്തണമെന്നുമുള്ള തീരുമാനം ഒറ്റക്കെട്ടായാണ് എടുത്തത്.
താല്‍ക്കാലികമായി ഉണ്ടാകുന്ന തിരിച്ചടികളില്‍ പതറിപ്പോകുന്ന പ്രസ്ഥാനമല്ല സിപിഐ എം. അങ്ങനെയായിരുന്നുവെങ്കില്‍ എത്രയോ വര്‍ഷം മുമ്പുതന്നെ ഈ പാര്‍ടി ഇല്ലാതാകുമായിരുന്നു. ബംഗാള്‍ തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം. കടുത്ത അടിച്ചമര്‍ത്തലിനെ അതിജീവിച്ചാണല്ലോ 1977ലെ തെരഞ്ഞെടുപ്പിലൂടെ സിപിഐ എമ്മും ഇടതുമുന്നണിയും ബംഗാളില്‍ തിരിച്ചുവന്നത്. ചരിത്രം ഇടയ്ക്കെങ്കിലും മറിച്ചുനോക്കുന്നത് മിനിമം മാര്‍ക്കെങ്കിലും നേടാന്‍ മനോരമയെ സഹായിക്കും.
*
വി ജയിന് ദേശാഭിമാനി 29 ആഗസ്റ്റ് 2011
Monday, August 29, 2011
മിനിമം മാര്‍ക്ക് കിട്ടാനെങ്കിലും മനോരമ ചരിത്രം പഠിക്കുക
Subscribe to:
Post Comments (Atom)
2 comments:
പശ്ചിമബംഗാളില്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ , പ്രത്യേകിച്ച് സിപിഐ എം പ്രവര്‍ത്തകര്‍ കടുത്ത ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ്്. 2011 മെയ് 13ന് തെരഞ്ഞെടുപ്പുഫലം അറിഞ്ഞതുമുതല്‍ അഭംഗുരം തുടരുന്ന ആക്രമണങ്ങളില്‍ 30 പേര് ഇതിനകം കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. നാല്‍പ്പതിനായിരത്തിലധികം പേര് വീടുവിട്ട് പോകേണ്ടിവന്നു. ഈ ആക്രമണങ്ങളൊക്കെ നടക്കുന്നത് കാണാതിരിക്കുന്ന ഒരു പ്രധാന വിഭാഗമുണ്ട്; വലതുപക്ഷ മാധ്യമങ്ങള്‍ . തൃണമൂല്‍ ആക്രമണത്തില്‍ വംഗഗ്രാമങ്ങള്‍ വിറങ്ങലിച്ചുനില്ക്കുമ്പോഴും, "മനുഷ്യാവകാശ"ത്തിനു വേണ്ടി ഘോരഘോരം ശബ്ദിക്കുന്ന മാധ്യമങ്ങള്‍ മിണ്ടിയിട്ടില്ല. ഇടതുപക്ഷ മാധ്യമങ്ങളിലൂടെമാത്രമാണ് ആക്രമണ വിവരങ്ങള്‍ പുറത്തുവരുന്നത്. ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണി നേതാക്കള്‍ പല തവണ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് നിവേദനം നല്കി. അതൊക്കെ അവഗണിക്കാന്‍ മമതയ്ക്ക് ശക്തിപകര്‍ന്നത് കുത്തകമാധ്യമങ്ങള്‍ കാട്ടുന്ന "ധര്‍മബോധം" ആണ്.
Post a Comment