തിരുവനന്തപുരം പത്മനാഭക്ഷേത്രത്തിലെ സമ്പത്തിനെക്കുറിച്ചുള്ള തര്‍ക്കം രാജകുടുംബം നടത്തിയ ദേവപ്രശ്നത്തിനും സുപ്രീം കോടതിയുടെ ഇടപെടലിനും ശേഷം ഒരു പുതിയ ഘട്ടത്തിലെത്തിയിരിക്കുകയാണ്. ദേവപ്രശ്നം നടത്തിയ രാജകുടുംബത്തിന്റെ നിലപാടിനെ ശക്തമായി വിമര്‍ശിച്ച സുപ്രീംകോടതി വിശ്വാസം കാത്തുസൂക്ഷിച്ചുകൊണ്ടുമാത്രമേ ഭണ്ഡാരത്തെ സംബന്ധിച്ച തുടര്‍നടപടികള്‍ കൈക്കൊള്ളുകയുള്ളൂ എന്ന ഉറപ്പ് നല്‍കിയിട്ടുമുണ്ട്. നിലവറകളിലെ ഭണ്ഡാരത്തിന്റെ കണക്കെടുപ്പിനെ സംബന്ധിച്ച നടപടികള്‍ വിശ്വാസവുമായി ബന്ധിപ്പിക്കുന്നതില്‍ രാജകുടുംബം വിജയിച്ചുവെന്നര്ഥം. ക്ഷേത്രഭണ്ഡാരത്തെ സംബന്ധിച്ച വിവാദങ്ങളില്‍ മറ്റാരെക്കാളുമധികം സമയം രാജകുടുംബത്തിനും ഇപ്പോഴത്തെ തലവനായ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയ്ക്കും അനുവദിച്ചത് ക്ഷേത്രഭണ്ഡാരം സംബന്ധിച്ച രാജകുടുംബത്തിന്റെ അവകാശവാദങ്ങള്‍ക്കു മാറ്റു കൂട്ടുന്നതുമായി. പത്മനാഭക്ഷേത്രത്തെ സംബന്ധിച്ച ഒരു രാജകുടുംബാംഗത്തിന്റെ പുസ്തകം കൂടുതല്‍ കോപ്പികള്‍ വിറ്റഴിയുകയും ചെയ്തു.
ക്ഷേത്രഭണ്ഡാരങ്ങളുടെ വളര്‍ച്ച
ക്ഷേത്രഭണ്ഡാരം ക്ഷേത്രത്തിന്റെ സ്വത്താണെന്നും അതില്‍ വിശ്വാസത്തിന്റെ ഘടകം പ്രധാനമാണെന്നുമുള്ള രാജകുടുംബത്തിന്റെ നിലപാടിന് സംസ്ഥാന ഗവണ്മെന്റിന്റെയും പല ചരിത്രകാരന്മാരുടെയും പിന്തുണ ലഭിച്ചിട്ടുണ്ട്. ബി നിലവറ തുറക്കുമ്പോള്‍ വിശ്വാസസംഹിതകള്‍ ലംഘിക്കപ്പെടുമോ എന്നതു മാത്രമാണ് അവര്‍ക്കുള്ളതും കോടതിയുടെ മുമ്പിലിരിക്കുന്നതുമായ പ്രശ്നം. ബി നിലവറയിലുള്ളത് എന്തായാലും അത് ഭണ്ഡാരത്തിന്റെ ഭാഗമാണ് എന്നതില്‍ സംശയമില്ല. ഒരു ക്ഷേത്രഭണ്ഡാരം എങ്ങനെയാണ് വളര്‍ന്നുവരുന്നത്? വിശ്വാസമാണോ രാഷ്ട്രീയമാണോ ഭണ്ഡാരങ്ങളെ വളര്‍ത്തുന്നത്?
പ്രാചീന ഇന്ത്യയില്‍ ശൈവ-വൈഷ്ണവ ക്ഷേത്രങ്ങളുണ്ടായിരുന്നതായി തെളിവില്ല. ബൗദ്ധരുടെ സ്തൂപങ്ങളും വിഹാരങ്ങളുമാണ് ആദ്യകാലത്തുണ്ടായ ധ്യാന/ആരാധനാ മന്ദിരങ്ങള്‍ . ഗുപ്തകാലത്തിനു ശേഷമാണ് ഇന്ത്യയില്‍ ക്ഷേത്രങ്ങള്‍ വളര്‍ന്നുവന്നത്. സ്തൂപങ്ങള്ക്കും വിഹാരങ്ങള്‍ക്കും സംഭാവന നല്‍കിയത് വ്യാപാരികളും രാജാക്കന്മാരുമായിരുന്നെങ്കില്‍ , മധ്യകാലത്തെ വന്‍ ക്ഷേത്രങ്ങള്‍ പലതും നിര്‍മിച്ചത് രാജാക്കന്മാരായിരുന്നു. കാഞ്ചിയിലെ വന്‍ ക്ഷേത്രങ്ങള്‍ പല്ലവന്മാരും തഞ്ചാവൂരിലെ ക്ഷേത്രം ചോളന്മാരുമാണ് നിര്‍മിച്ചത്. രാജരാജചോളന്റെ പടയോട്ടങ്ങളുടെ ഫലമായി സമാഹരിക്കപ്പെട്ട പണമാണ് തഞ്ചാവൂരിലെ ബൃഹദീശ്വരക്ഷേത്രത്തിന്റെ നിര്‍മാണത്തിനായി ചെലവഴിക്കപ്പെട്ടതും ക്ഷേത്രഭണ്ഡാരത്തിന്റെ ഭാഗമായതും. രാജേന്ദ്രചോളന്റെ ഉത്തരേന്ത്യന്‍ ആക്രമണങ്ങളിലൂടെ ലഭിച്ച സമ്പത്താണ് ഗംഗൈകൊണ്ട ചോളപുരം എന്ന ക്ഷേത്രം നിര്‍മിക്കുന്നതിനായി ചെലവഴിച്ചത്. മധുരയിലെ മീനാക്ഷി ക്ഷേത്രവും ആയിരംകാല്‍ മണ്ഡപവും മധുരനായ്ക്കന്മാരുടെ പടയോട്ടങ്ങളുടെ സൃഷ്ടിയാണ്. രാജാക്കന്മാര് അവരുടെ അധികാരത്തിന്റെയും സമ്പത്തിന്റെയും സൂചകങ്ങളായാണ് ഇത്തരം ക്ഷേത്രങ്ങള്‍ നിര്‍മിച്ചതും അവയ്ക്ക് സംഭാവനകള്‍ നല്കിയതും.
പത്മനാഭക്ഷേത്രം തിരുവിതാംകൂര്‍ രാജാക്കന്മാര് നേരിട്ടു നിര്‍മിച്ചതാണെന്ന് സൂചനയില്ല. വൈഷ്ണവരായ ആഴ്വാര്‍മാര്‍ പുകഴ്ത്തിപ്പാടിയ "ആടകമാടം" പത്മനാഭ ക്ഷേത്രമായിരിക്കാമെന്നാണ് തമിഴ് പണ്ഡിതരുടെ അഭിപ്രായം. 10 - 11 നൂറ്റാണ്ടുകളില്‍ തിരുവനന്തപുരം ഒരു ബ്രാഹ്മണസഭയുടെയും പൊതുവാളിന്റെയും (സമഞ്ജിതന്റെയും) നിയന്ത്രണത്തിലായിരുന്നു. അന്നത്തെ വേണാടു നാടുവാഴികളുടെ സാന്നിധ്യം തിരുവനന്തപുരം പ്രദേശത്ത് കാണുന്നില്ല (തിരുവനന്തപുരം സഭ 8 - 9 നൂറ്റാണ്ടുകളില്‍ ഈ പ്രദേശം നിയന്ത്രിച്ച ആയ് വംശത്തിന്റെ സൃഷ്ടിയാകാം). 12-ാം നൂറ്റാണ്ടിലാണ് തിരുവനന്തപുരവും അതിനു തെക്കോട്ടുമുള്ള ഭാഗങ്ങള്‍ പൂര്‍ണമായി വേണാട് നാടുവാഴികളുടെ കൈവശം വരുന്നത്. പത്മനാഭ ക്ഷേത്രത്തിന്റെ മുഖ്യചുമതലയുണ്ടായിരുന്ന തൃപ്പാപ്പൂര്‍ സ്വരൂപം രൂപംകൊള്ളുന്നതും ഇക്കാലത്താണ്. 1228-9 എഡിയില്‍ (കൊല്ലവര്‍ഷം 404-ാമാണ്ട്) പത്മനാഭക്ഷേത്രത്തിന്റെ ക്ഷേത്രയോഗം രൂപംകൊള്ളുകയും തൃപ്പാപ്പൂര്‍ മൂത്തതിരുവടി ഔപചാരികമായി ക്ഷേത്രഭരണത്തിന്റെ ഭാഗമായി തീരുകയും ചെയ്തു. തിരുവടിയോ അദ്ദേഹത്തിന്റെ പ്രതിനിധിയായ തേയാരിയോ യോഗങ്ങളില്‍ പങ്കെടുത്തുവെന്നല്ലാതെ ക്ഷേത്രത്തിന്റെ ദൈനംദിന നടത്തിപ്പില്‍ രാജകുടുംബത്തിന് പങ്കുണ്ടായിരുന്നില്ല. ക്ഷേത്രഭരണത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്നങ്ങള്‍ വരുമ്പോള്‍ തിരുവടിമാര് നേരിട്ട് ഇടപെട്ടിരുന്നു.
ഭണ്ഡാരത്തിന്റെ ഉപയോഗം
ഭണ്ഡാരത്തില് കാണുന്ന ആഭരണങ്ങളില്‍ പലതും രാജകുടുംബത്തിന്റെ സംഭാവനയായിരുന്നു എന്ന അവകാശവാദം ശരിയാണ്. അവരോടൊപ്പം മറ്റു നാടുവാഴികള്‍ , വ്യാപാരികള്‍ , തീര്‍ഥാടകര്‍ എന്നിവരും ദാനങ്ങള്‍ നടത്തുന്നുണ്ട്. പക്ഷേ, ഈ ദാനങ്ങള്‍ എല്ലാം വെറും കാഴ്ചദ്രവ്യങ്ങളല്ല. അവിടെ ക്ഷേത്രങ്ങളുടെ ഒരു പ്രധാന ധര്‍മം ശ്രദ്ധിക്കേണ്ടതാണ്. ക്ഷേത്രങ്ങള്‍ക്ക് ഭൂമിയോ സ്വര്‍ണമോ മറ്റു പണ്ടങ്ങളോ ദാനം ചെയ്യുമ്പോള്‍ ആ ദാനം ക്ഷേത്രത്തില്‍ എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് അതിനെ സംബന്ധിച്ച രേഖകള്‍ നിഷ്കര്‍ഷിക്കുന്നുണ്ട്. ഭൂമി ദാനം ചെയ്യുമ്പോള്‍ ഭൂമിയില്‍നിന്നുള്ള വരുമാനത്തില്‍നിന്ന് നിര്‍വഹിക്കേണ്ട ചെലവുകള്‍ എന്തെല്ലാമാണെന്നും രേഖയില്‍ ഉണ്ടാകും. ദാനം ചെയ്ത ആളുടെ പേരില്‍ പൂജകള്‍ നടത്തുക, സ്ഥിരമായി വിളക്ക് (തിരുനന്താ വിളക്ക്) കൊളുത്തുക, പിറന്നാള്‍ പൂജയും മറ്റു അടിയന്തരങ്ങളും നടത്തുക, ബ്രാഹ്മണര്‍ക്ക് ഊട്ടു നടത്തുക തുടങ്ങിയവ പ്രധാനമാണ്. ഇവ കൂടാതെ പത്മനാഭക്ഷേത്രത്തില്‍ ആറാട്ട്, ശീവേലി, അല്പശി, പൈങ്കുനി മാസങ്ങളിലെ ഉത്സവങ്ങള്‍ എന്നിവ നാടുവാഴികള്‍ വേറെയും നടത്തിയിരുന്നു. രാജാധികാരത്തിന്റെ നിലനില്പിനും വളര്‍ച്ചയ്ക്കും പ്രധാനമായി ഈ ഉത്സവങ്ങള്‍ കണക്കാക്കപ്പെട്ടിരുന്നു. ഇവയെല്ലാം കൂടാതെ വേണാടു നാടുവാഴികള്‍ മൂപ്പുവാഴുന്ന അവസരത്തില്‍ നടത്തുന്ന തിരുമാടമ്പും (ഉപനയനം) പടിയേറ്റവും (ശ്രീകോവിലിന്റെ മുമ്പില്‍ തൊഴാനുള്ള അവകാശം) പത്മനാഭ ക്ഷേത്രത്തിലാണ് നടന്നിരുന്നത്. ഇവയ്ക്കാവശ്യമായ ചെലവുകള്‍ മുഴുവന്‍ രാജകുടുംബം നല്കിയ ഭൂമിയില്‍നിന്നും ഭണ്ഡാരത്തില് നിന്നുമാണ് നിറവേറ്റിയിരുന്നത്. ഇത്തരം ചെലവുകള്‍ നടത്തുന്നതില്‍ ഭണ്ഡാരം ഒരു ബാങ്കുപോലെയാണ് പ്രവര്‍ത്തിച്ചിരുന്നത്. ക്ഷേത്രയോഗത്തില്‍ അംഗമായിരുന്ന ശ്രീകരണം പള്ളിയാടിക്കാണ് ഭണ്ഡാരത്തിന്റെ ചുമതല. ശ്രീപണ്ടാരകണക്ക് എന്ന കണക്കെഴുത്തുകാരനും ഉണ്ടായിരുന്നു. ഭണ്ഡാരത്തില് സൂക്ഷിച്ച ദ്രവ്യത്തിന് തുല്യമായ പണം ക്ഷേത്രച്ചെലവു നടത്തേണ്ട ആളുകള്‍ക്ക് നല്‍കും. അവര്‍ അതുപയോഗിച്ച് ക്ഷേത്രച്ചെലവിനാധാരമായ നെല്ല്, വ്യഞ്ജനങ്ങള്‍ , എണ്ണ, മറ്റു വസ്തുവകകള്‍ എന്നിവ സമാഹരിച്ച് നല്‍കണം. അത് എവിടെനിന്ന് സമാഹരിക്കണമെന്നുള്ള കൃത്യമായ നിര്‍ദേശങ്ങളും ഉണ്ടാകും. പലപ്പോഴും പണം ഉപയോഗിച്ച് ഒറ്റിയായി ഭൂമി എടുക്കുകയും അതില്‍നിന്നുള്ള വിളവില്‍ നിന്ന് ക്ഷേത്രച്ചെലവുകള്‍ നടത്തുകയുമാണ് ചെയ്യുക. ഒറ്റി പണയത്തിന്റെ രൂപമായതുകൊണ്ട് ആദ്യം നല്കപ്പെട്ട പണം ഈടായി നില്‍ക്കുകയും അതിന്റെ പലിശകൊണ്ട് ക്ഷേത്രച്ചെലവുകള്‍ നടക്കുകയും ചെയ്യും. പണയം ഒരു നിശ്ചിത കാലയളവിലേക്കു മാത്രമായതുകൊണ്ട് പണം തിരിച്ചുവാങ്ങുകയും മറ്റൊരാള്‍ക്ക് ക്ഷേത്രച്ചെലവു നടത്താനുള്ള അവകാശം പണയമായി നല്‍കുകയും ചെയ്യാം. വിശ്വസ്തന്മാര്‍ക്ക് പണയം സ്ഥിരാവകാശമായും മാറാം. ഭണ്ഡാരത്തിലെ പണം ഉപയോഗിച്ച് ക്ഷേത്രയോഗത്തിന് വന്‍തോതില്‍ ഭൂമി പണയമായി ഏറ്റെടുക്കാം.
പത്മനാഭക്ഷേത്രം വക ഭൂസ്വത്തുക്കള്‍ രണ്ടു വിധമായിരുന്നു. ഒന്ന്, ശ്രീപണ്ടാരച്ചെലവിനുവേണ്ടിയുള്ള ഭൂസ്വത്തുക്കള്‍ . അവ ഭൂരിഭാഗവും തിരുവനന്തപുരത്തും അതിനു ചുറ്റുപാടുമുള്ള ദേശങ്ങളിലായിരുന്നു. രണ്ട്, നിത്യച്ചെലവുകള്‍ക്കായി ഉപയോഗിച്ച ഭൂമികള്‍ . അവയില്‍ നല്ലൊരു ഭാഗവും കന്യാകുമാരി ജില്ലയിലും മറ്റു പല പ്രദേശങ്ങളിലുമായിരുന്നു. ഇവ കൂടാതെ പ്രത്യേക പൂജകള്‍ക്കും ചെലവുകള്‍ക്കുമായി അനുവദിച്ച ഭൂമികളെക്കുറിച്ചും രേഖകളുണ്ട്. ഇവ കൂടാതെ പത്മനാഭ ക്ഷേത്രവുമായി ബന്ധപ്പെട്ട മഠങ്ങളുടെ ചെലവിന് വേറെ ഭൂമികളില്‍ നിന്നുള്ള വരുമാനവും നിര്‍ദേശിക്കപ്പെട്ടിരുന്നു. ഇവയെല്ലാം ചേരുമ്പോള്‍ അന്നത്തെ വേണാടു നാടുവാഴികളെക്കാള്‍ ആസ്തിയുള്ള ഭൂവുടമയായി പത്മനാഭക്ഷേത്രം മാറുന്നു. ഈ ആസ്തിയുടെ മൂല്യത്തിന്റെ നല്ലൊരു ഭാഗവും ശ്രീഭണ്ഡാരത്തില്തന്നെ നിക്ഷേപിക്കപ്പെട്ടിരുന്നുവെന്നതുകൊണ്ട് വേണാട് നാടുവാഴികള്‍ക്ക് നേരിടേണ്ടി വന്ന രാഷ്ട്രീയ പ്രശ്നങ്ങള്‍ പൊതുവില്‍ ക്ഷേത്രത്തെ ബാധിച്ചില്ല. എങ്കിലും, 17-ാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ദീര്‍ഘകാലം ക്ഷേത്രം അടച്ചിടേണ്ടി വന്നത് അക്കാലത്ത് വേണാട് നേരിട്ട രാഷ്ട്രീയ പ്രതിസന്ധിയെയും കാണിക്കുന്നു.
പത്മനാഭക്ഷേത്രമെന്ന സങ്കേതം മധ്യകാലഘട്ടത്തെ ക്ഷേത്രങ്ങളും ക്ഷേത്രഭൂമികളും ചേര്‍ന്ന് സങ്കേതമെന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. സങ്കേതം ദൈവിക സ്ഥലമാണ്. അതായത് നാടുവാഴികള്‍ക്കോ ഭൂപ്രഭുക്കള്ക്കോ സങ്കേതത്തില്‍ അവകാശമില്ല. സങ്കേതത്തിന്റെ ഭൂസ്വത്തുക്കളില്‍ ഇടപെടാനോ കരം പിരിക്കാനോ ഉള്ള അവകാശവും നാടുവാഴികള്‍ക്കോ മറ്റു ഭൂപ്രഭുക്കള്ക്കോ ഇല്ല. സങ്കേതമര്യാദകളെ ഒരു വിധത്തിലും നിഷേധിക്കാന്‍ പാടില്ല. ഉദാഹരണത്തിന്, സങ്കേതത്തിനു അവകാശപ്പെട്ട വസ്തുക്കളില്‍ ഒരു വിധത്തിലുള്ള കൈയേറ്റവും പാടില്ല. സങ്കേതത്തിന്റെ സ്വത്തുക്കള്‍ നശിപ്പിക്കാനോ കൊള്ളയടിക്കാനോ മോഷ്ടിക്കാനോ പാടില്ല. മോഷ്ടാവ് ബ്രാഹ്മണനായാല്‍ പോലും ശിക്ഷയനുഭവിക്കേണ്ടി വരും.
നാടുവാഴികള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും യുദ്ധങ്ങളും മൂലം പലതവണ സങ്കേതം "അഴിക്ക"പ്പെട്ടതായി രേഖകളുണ്ട്. സങ്കേതങ്ങളുടെ മേലുള്ള കടന്നുകയറ്റം ക്ഷേത്രച്ചെലവുകളെ സാരമായി ബാധിച്ചതായും തെളിവുകളുണ്ട്. സങ്കേതം അഴിച്ചതുകൊണ്ടുണ്ടായ നാശനഷ്ടങ്ങള്‍ തീര്‍ക്കാന്‍ രാജാവ് ബാധ്യസ്ഥനായിരുന്നു. സങ്കേതം അഴിച്ചതുകൊണ്ട് ക്ഷേത്രത്തിന്റെ ശക്തിയും പ്രതാപവും നശിക്കുമെന്നും അതുകൊണ്ട് സങ്കേതത്തിന്റെ പുനഃസ്ഥാപനം രാജ്യത്തിന്റെയും നാടുവാഴിയുടെയും അധികാരത്തിന്റെ നിലനില്പിനു തന്നെ ആവശ്യമാണെന്നുമായിരുന്നു ധാരണ. അതായത് ശക്തമായ രാജാധികാരത്തിന് സങ്കേതത്തിന്റെ സംരക്ഷണം ഉറപ്പുവരുത്താന്‍ സാധിക്കും. അല്ലാത്തവര്‍ക്ക് അത് സാധിക്കുകയില്ല. മുമ്പ് സൂചിപ്പിച്ച പത്മനാഭക്ഷേത്രം അടച്ചിട്ട കാലഘട്ടം നാടുവാഴിത്തത്തിലെ പ്രതിസന്ധിയുടെ ഘട്ടം കൂടിയായിരുന്നു. തിരുവിതാംകൂര്‍ ചരിത്രത്തില്‍ ഇടം തേടുന്ന ഉമയമ്മറാണിയുടെയും എട്ടുവീട്ടില്‍ പിള്ളമാരുടെയും കഥ ഈ പ്രതിസന്ധിയുടെ സൂചനയാണ്. സങ്കേതം അഴിക്കുന്നതിനും ക്ഷേത്ര പരികര്‍മികളെ ഉപദ്രവിക്കുന്നതിനും രാജകുടുംബത്തിനടക്കം പിഴകള്‍ അടയ്ക്കേണ്ടി വന്നിരുന്നു. ആനയെ നടയ്ക്കിരുത്തല്‍ , സ്വര്‍ണം-വെള്ളികൊണ്ടുള്ള ആഭരണങ്ങളും പാത്രങ്ങളും നല്കല് തുടങ്ങി കുടിയാന്മാരും പരികര്‍മികളും പിഴയായി കെട്ടുന്ന പണം വരെ ഇതിന്റെ ഭാഗമാണ്. സങ്കേതത്തിനുള്ള നാശനഷ്ടങ്ങള്‍ പണമായും സ്വര്‍ണമായും നികത്താന്‍ അന്നത്തെ നാടുവാഴികള്‍ ബാധ്യസ്ഥരായിരുന്നു. എന്നാല്‍ , ഈ പിഴകള്‍ കൃത്യമായി പല നാടുവാഴികളും അടച്ചിരുന്നില്ല. 18-ാം നൂറ്റാണ്ടില്‍ മാര്‍ത്താണ്ഡവര്‍മയുടെ അമ്മാവനായ രാമവര്‍മയാണ് ഏറ്റവും കൂടുതല്‍ കുടിശ്ശിക വരുത്തിയത്. അതടക്കം വമ്പിച്ച ഒരു സംഖ്യ മാര്ത്താണ്ഡവര്മയ്ക്ക് ക്ഷേത്രത്തിലേക്ക് കെട്ടിവെക്കേണ്ടതായി വന്നുവെന്ന് രേഖകള്‍ കാണിക്കുന്നു.
തൃപ്പടിദാനം
ക്ഷേത്രംവക സ്വത്തുക്കളുടെ ഘടനയില്‍ പൂര്‍ണമായ മാറ്റം വന്നത് 18-ാം നൂറ്റാണ്ടില്‍ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ കാലത്താണ്. വേണാട് നാടുവാഴികള്‍ ഒടുക്കേണ്ട പ്രായശ്ചിത്തത്തുക മുഴുവനും അടച്ചു. കരംപിരിവില്‍ കുടിശ്ശിക വരുത്തുകയും ക്ഷേത്രഭൂമികള്‍ കൈയേറി കൈവശപ്പെടുത്തുകയും ചെയ്ത പിള്ളമാരുടെ സ്വത്തുമുഴുവന്‍ കണ്ടുകെട്ടി. കണക്കുമല്ലന്‍ ശങ്കരന്റെ കണ്ടെഴുത്തിലൂടെ രാജ്യത്തെ ഭൂസ്വത്തിന്റെ മുഴുവന്‍ കൃത്യമായ രേഖകള്‍ ഉണ്ടായിവന്നു. ക്ഷേത്രംവക സ്വത്തുക്കള്‍ മുഴുവന്‍ ശ്രീപണ്ടാരവകയായും രാജ്യത്തിന്റെ വിഭവങ്ങള്‍ പണ്ടാരവകയായും രേഖപ്പെടുത്തി തുടര്‍ന്നു നടന്ന പടയോട്ടങ്ങളിലൂടെ രാജ്യത്തിന്റെ വിസ്തൃതി വര്‍ധിപ്പിക്കുകയും അവയെല്ലാം കേന്ദ്രീകൃതമായ ഭരണകൂടത്തിന്റെ നിയന്ത്രണത്തില്‍ വരുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് തൃപ്പടിദാനം എന്ന ചടങ്ങ് മാര്‍ത്താണ്ഡവര്‍മ നടത്തുന്നത്. സാധാരണയായി നാടുവാഴികള്‍ തിരുമാടമ്പും പടിയേറ്റവും അരിയിട്ടുവാഴ്ചയും നടത്തി മൂപ്പു വാഴാറാണ് പതിവ്. ചില നാടുവാഴികള്‍ ശരിയായ പട്ടാഭിഷേകം നടത്തും. ഹിരണ്യഗര്‍ഭവും 16 മഹാദാനവും നടത്തി അഭിഷേകനാമം സ്വീകരിക്കുന്ന ചടങ്ങാണിത്. പത്മനാഭപാദദാസന് എന്ന പദം ഇതിനോടൊപ്പം സ്വീകരിക്കുന്നതാണ്. അത് പാരമ്പര്യമായി രാജാവിനു കിട്ടുന്നതാണ്. "മഹാരാജാധിരാജ പരമഭട്ടാരക" മുതലായ പേരുകള്‍ അഭിഷേക നാമങ്ങളാണ്. വേണാടു നാടുവാഴികളില്‍ ചിലര്‍ അതിനുമുമ്പും പത്മനാഭപാദദാസരായിട്ടുണ്ട്. 14-ാം നൂറ്റാണ്ടിന്റെ ആദ്യം രവിവര്‍മ കുലശേഖരന് ഈ പദവി സ്വീകരിച്ച രാജാവാണ്. കുലശേഖരപ്പെരുമാള്‍ എന്ന പദവിയും ഇതേസമയത്ത് സ്വീകരിക്കും. 17-ാം നൂറ്റാണ്ടില്‍ രവിവര്‍മ എന്ന മറ്റൊരു തിരുവടിയും കുലശേഖരപ്പെരുമാള്‍ സ്ഥാനം കൈക്കൊണ്ടിട്ടുണ്ട്. വേണാടിന്റെ മറ്റൊരു വിഭാഗമായ ദേശിങ്ങനാടു (കൊല്ലം) തിരുവടിമാര് "വെന്റുമണ്‍കൊണ്ട ഭൂതലവീരശങ്കരനാരായണ" എന്ന പദവി സ്വീകരിച്ചിരുന്നു. അതില്‍ "ശങ്കരനാരായണ" നാവായ്ക്കുളം ക്ഷേത്രത്തിലെ മൂര്‍ത്തിയാണ്. അതുപോലുള്ളൊരു പദവിയാണ് പദ്മനാഭപാദദാസനും. പത്മനാഭപാദദാസനാകണമെങ്കില് രാജ്യം പത്മനാഭന്റേതാകണം. അതായത് രാജാവ് രാജ്യത്തെ ക്ഷേത്രത്തിനുമുമ്പില്‍ അടിയറ വെയ്ക്കണം. എന്നിട്ട് ദൈവത്തിന്റെ സേവകനായി രാജ്യം ഭരിക്കുന്നുവെന്ന് പ്രഖ്യാപിക്കണം. അതാണ് തൃപ്പടിദാനത്തിലൂടെ മാര്‍ത്താണ്ഡവര്‍മയും ചെയ്തത്. തിരുവിതാംകൂര്‍ രാജ്യം ഭരിച്ചത് ക്ഷേത്രയോഗമാണെന്നല്ല ഇതിന്റെ അര്‍ഥം. "പാദദാസ"നെന്ന നിലയില്‍ ക്ഷേത്രഭണ്ഡാരമടക്കം പണ്ടാരവകയും ശ്രീപണ്ടാരവകയുമായ എല്ലാ സ്വത്തുക്കളുടെയും നിയന്ത്രണം രാജാവിന്റെ കൈവശം വന്നുവെന്നാണ്. തിരുവിതാംകൂര്‍ രാജ്യം മൂപ്പുമുറ പ്രകാരമുള്ള നാടുവാഴിത്തത്തില്‍നിന്ന് കേന്ദ്രീകൃതമായ രാജവാഴ്ചയിലേക്ക് മാറിയെന്നാണ് ഈ "ദാനം" സൂചിപ്പിച്ചത്.
ഇത്തരം "തൃപ്പടിദാനം" ഇന്ത്യാചരിത്രത്തില്‍ ആദ്യമല്ല. 13-ാം നൂറ്റാണ്ടില്‍ ഒഡീഷയില്‍ വെന്കലിംഗ രാജാവായ അനംഗഭീമന്‍ പുരി ജഗന്നാഥ ക്ഷേത്രത്തിന് തന്റെ രാജ്യം അടിയറ വെയ്ക്കുന്നുണ്ട്. പുരി ജഗന്നാഥന്റെ പ്രതിനിധിയെന്ന നിലയില്‍ ചുറ്റുപാടുമുള്ള എല്ലാ പ്രദേശങ്ങളും കീഴടക്കുന്നുമുണ്ട്. നാടുകള്‍ വെട്ടിപ്പിടിക്കാന്‍ ഭക്തശിരോമണികള്ക്കല്ലാതെ വേറെയാര്‍ക്കാണ് കഴിയുക.
വിശ്വാസത്തിന്റെ പ്രശ്നം
മതാധിപത്യം പൂര്‍ണ രൂപത്തിലുണ്ടായിരുന്നെന്ന് കരുതപ്പെടുന്ന മധ്യകാലത്തുപോലും ഇത്തരം ദാനങ്ങളും വഴിപാടുകളുമെല്ലാം നാടുവാഴികളുടെ രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നു. ഉദാഹരണത്തിന് സങ്കേതമഴിച്ചതിന് പ്രായശ്ചിത്തം ചെയ്യാന്‍ കൂട്ടാക്കാത്ത നടുവാഴികളുടെ പുണ്യത്തിനുവേണ്ടി ഉത്സവങ്ങള്‍ നടത്താന്‍ ക്ഷേത്രയോഗം തയ്യാറാകുന്നില്ല. തുടര്‍ന്ന് മാര്‍ത്താണ്ഡവര്‍മ പ്രായശ്ചിത്തം നടത്തിയതിനുശേഷമാണ് ഉത്സവങ്ങള്‍ നടക്കുന്നത്. മാര്‍ത്താണ്ഡവര്‍മ ബ്രാഹ്മണ പ്രീതി നേടിയെടുക്കുന്നതിനായി തൃപ്പടിദാനത്തോടൊപ്പം ആരംഭിക്കുന്ന മുറജപം തിരുവിതാംകൂറില്‍ ബ്രാഹ്മണാധിപത്യം സ്ഥാപിക്കുന്നതിനുള്ള ഉപാധിയാണ്. ഇവിടെ ക്ഷേത്രത്തിന്റെ പ്രശ്നം അതിന്റെ സമ്പത്തിന്റെ നിലനില്പാണ്. അതിനെ ബലികഴിച്ച് പുണ്യം നേടിക്കൊടുക്കാന്‍ ക്ഷേത്രം തയ്യാറല്ല. രാജാവിന്റെ അധികാരത്തിന്റെ സ്ഥിരീകരണത്തിനുവേണ്ടിയാണ് മുറജപം പോലൊരു ചടങ്ങ് നടക്കുന്നത്. പിന്നീട് മുറജപം തുടരുന്നതും അതിനുവേണ്ടിതന്നെ. ഇവിടെയെല്ലാം വിശ്വാസം രാഷ്ട്രീയവും സാമ്പത്തികവുമായ താല്പര്യങ്ങള്ക്ക് കീഴടങ്ങുന്നതായി കാണാം. നാം സാധാരണയായി പറയുന്ന വിശ്വാസത്തിന്റെ മറ്റൊരു വശത്തെയാണ് മധ്യകാല രേഖകള്‍ ചൂണ്ടിക്കാണിക്കുന്നത്. അവര്‍ക്ക് പ്രധാനം "വിശ്വാസ"മല്ല, ധര്മാധര്മങ്ങളും ഗുണദോഷങ്ങളുമാണ്. സങ്കേതമഴിക്കല് അധര്‍മമാണ്. മുറജപം ധര്‍മമാണ്; ശക്തമായ രാജവാഴ്ച ഗുണമാണ്. അരാജകത്വം ദോഷമാണ്. ഗുണങ്ങളും ധര്‍മവും പുണ്യത്തെ വര്‍ധിപ്പിക്കുന്നു. പുണ്യത്തിന്റെ വര്‍ധന രാജ്യത്തെയും ക്ഷേത്രത്തെയും നിലനിര്‍ത്തുന്നു. അതായത്, ശ്രീഭണ്ഡാരം വര്‍ധിക്കണമെങ്കില്‍ ധര്‍മവും ഗുണവും പുണ്യവും നിലനില്‍ക്കണം. ശ്രീഭണ്ഡാരം മോഷ്ടിക്കപ്പെടുമ്പോള്‍ അത് അധര്‍മത്തിന്റെയും അനാസ്ഥയുടെയും സൂചനയാണ്.
പക്ഷേ, ശ്രീഭണ്ഡാരത്തിന്റെ കണക്കെടുക്കുന്നതും വിശ്വാസവുമായി ഒരു ബന്ധവുമില്ല. ശ്രീഭണ്ഡാരത്തിന്റെ കണക്കെടുപ്പ് എല്ലാകാലത്തും നടന്നിട്ടുണ്ട്. ശാന്തിക്കാരായ നമ്പിമാര്വരെ മോഷ്ടാക്കളായി മാറുന്ന കാലത്ത് (മധ്യകാലത്തും നമ്പിമാര്‍ മോഷ്ടാക്കളായിരുന്നതായി രേഖകളുണ്ട്) കണക്കെടുപ്പില്ലാതെ ശ്രീഭണ്ഡാരത്തിലെ ഉരുപ്പടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനാവില്ല. ശീവേലിക്കുപയോഗിച്ചിരുന്ന പൊന്നുടംപു (പൊന്നില്‍ തീര്‍ത്ത വിഷ്ണുവിഗ്രഹം) വരെ നമ്പിമാര്‍ മോഷ്ടിച്ചിരുന്നു. അവയെ സുരക്ഷിതമായി വെയ്ക്കുന്നത് ഉടമസ്ഥന്റെ ബാധ്യതയാണ്. എങ്കിലും അവയും കണക്കെടുപ്പിന് വിധേയമായിരുന്നു. പ്രത്യേകിച്ച് ശ്രീഭണ്ഡാരത്തിന് ഒരു റിസര്‍വ് ബാങ്കിന്റെ സ്വഭാവമുണ്ടാകുകയും തിരുവനന്തപുരം മുതല്‍ വര്‍ക്കല വരെയുള്ള മുഴുവന്‍ പ്രദേശത്തിന്റെയും ആസ്തികള്‍ ശ്രീപണ്ടാരവകയായി കണക്കാക്കപ്പെടുകയും ചെയ്യുമ്പോള്‍ ആസ്തിയുടെ പരിശോധന ആവശ്യമായിവരുന്നു. ദൈവികതയും ദൈവവിശ്വാസവും ആത്മീയതയുടെ ഭാഗമായിരിക്കാം. എന്നാല്‍ ശ്രീഭണ്ഡാരം തികച്ചും ഭൗതികമായ സമ്പത്താണ്. ഭൗതികനിയമങ്ങള്‍ക്കെല്ലാം അത് വിധേയമാണെന്ന് ഇന്നത്തെ "വിശ്വാസി"കളെക്കാള്‍ നന്നായി മധ്യകാലത്തെ ആളുകള്‍ മനസ്സിലാക്കിയിരുന്നുവെന്നാണ് അതിനുവേണ്ടി പണികഴിപ്പിക്കപ്പെട്ട നിലവറകള്‍ തെളിയിക്കുന്നത്. സര്‍വശക്തനായ ഈശ്വരന് സ്വന്തം സ്വത്തുപോലും സംരക്ഷിക്കാനുള്ള കഴിവില്ലെന്നു കരുതുന്ന വിഡ്ഢികളല്ലായിരുന്നു അവര്‍ . ഭണ്ഡാരം ഒരു പൊതുസമ്പത്താണെന്ന ധാരണ തന്നെയാണ് സുരക്ഷിതമായ സ്ഥാനത്തു നിലനിര്‍ത്താന്‍ അവരെ പ്രേരിപ്പിച്ചത്. അതിന്റെ കണക്കെടുക്കുന്നത് എന്തെങ്കിലും വിധത്തിലുള്ള ദൈവകോപമുണ്ടാക്കിയതായി സൂചനയില്ല. ക്ഷേത്രയോഗത്തിന്റെ നിര്‍ദേശപ്രകാരം പരികര്‍മികളുടെ നേതൃത്വത്തിലുള്ള കണക്കെടുപ്പ് നടന്നുവന്നിരുന്നു. മാര്‍ത്താണ്ഡവര്‍മയുടെ കാലത്ത് ഇത്തരം കണക്കെടുപ്പുകള്‍ ഭരണകൂടം നേരിട്ടുതന്നെ നടത്താന്‍ തുടങ്ങി.
ഇപ്പോള്‍ അരങ്ങേറിയ ദേവപ്രശ്നത്തിന് മൊത്ത ചര്‍ച്ചകള്‍ക്കിടയില്‍ വിദൂഷക സ്ഥാനമാണുള്ളത്. ക്ഷേത്രത്തെക്കുറിച്ചറിയാവുന്ന ആര്‍ക്കും പറയാവുന്ന സാമാന്യബോധത്തിനപ്പുറം ഒന്നും ദേവപ്രശ്നത്തില്നിന്ന് തെളിഞ്ഞില്ല. ജീര്‍ണമായ പ്രദേശങ്ങളില്‍ പാമ്പിനെ കാണുമെന്നത് സാമാന്യ ബോധമാണ്. ക്ഷേത്രപരിസരത്ത് പാമ്പിനെ കണ്ടതുകൊണ്ട് നടയടച്ചിട്ട ചരിത്രം പത്മനാഭക്ഷേത്ത്രിനു തന്നെയുണ്ട്. ക്ഷേത്രത്തിനകത്ത് "അപരര്‍" കയറിയതും നിലവറകള്‍ തുറന്നതും ഭഗവാന് ഇഷ്ടപ്പെട്ടില്ലെന്നു പറയാന്‍ പ്രശ്നത്തിന്റെ ആവശ്യമില്ല. നിലവറകള്‍ ഭഗവാന്റെ സ്വകാര്യസ്വത്താണെന്നു കരുതുന്ന ആര്‍ക്കും ഇതു പറയാന്‍ കഴിയും. കവിടി നിരത്തി ജ്യോത്സ്യം പറയുന്നവര്‍ അവരുടെ കലാവിരുതുകൊണ്ട് ജീവിക്കുന്നവരാണ്. അവരെ ഭരണകൂടത്തിനും നീതിന്യായവ്യവസ്ഥക്കുമുള്ള ബദല്‍രൂപമായി കെട്ടിയെഴുന്നള്ളിക്കുന്നത് ബാലിശമാണെന്നതു മാത്രമല്ല, അപകടകരവുമാണ്. ഇപ്പോള്‍ തന്നെ ജ്യോത്സ്യന്മാരുടെ കലാപ്രകടനം മൂലം നാട്ടിലുള്ള നിരവധി പ്രദേശങ്ങള്‍ ക്ഷേത്രങ്ങളുടെ കൈയിലമര്ന്നിരിക്കുകയാണ്. പൊതുനിരത്തുകള്പോലും കൈയേറി ക്ഷേത്രങ്ങളും "ദേവസ്ഥാനങ്ങളും" സ്ഥാപിക്കുന്നതിന് ഒരു മടിയുമില്ല. നാട്ടിലുള്ള നിരവധി അഷ്ടമംഗല്യ പ്രശ്നങ്ങളും സ്വര്ണപ്രശ്നങ്ങളും ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ക്കു പുറമെയാണ് ദേവപ്രശ്നത്തിലൂടെയുള്ള നീതിന്യായ വ്യവസ്ഥയിലേക്കുള്ള കൈകടത്തല്‍ . ഇത്തരം പ്രശ്നങ്ങള്‍ക്കും അവയുടെ ഫലങ്ങള്‍ക്കും വിശ്വാസവുമായി ഒരു ബന്ധവുമില്ലെന്നും ക്ഷേത്രസമ്പത്തുപോലെയുള്ള ഭൗതികവിഷയങ്ങളില് നിലപാടെടുക്കാന്‍ രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെയും ഭരണഘടനയുടെയും അവകാശം ഒരു പ്രശ്നക്കാരനും ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും ഇനിയെങ്കിലും നാം തിരിച്ചറിയണം.
ക്ഷേത്രങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങളല്ല. ഈ ധാരണ മധ്യകാലത്തെ നാടുവാഴികള്‍ക്കും ജന്മിമാര്‍ക്കും ഉണ്ടായിരുന്നു. അതുകൊണ്ട് സ്വന്തം കുടുംബത്തിന്റെ പരദേവതാക്ഷേത്രങ്ങളും പൊതുക്ഷേത്രങ്ങളും തമ്മിലുള്ള വേര്‍തിരിവ് അവര്‍ പാലിച്ചിരുന്നു. പത്മനാഭക്ഷേത്രം ഒരു ക്ഷേത്രയോഗത്തിന്റെ കീഴില്‍ വന്നതും അതുകൊണ്ടുതന്നെ. ക്ഷേത്രത്തില്‍ പോയിരുന്നത് ഭക്തന്മാരായിരുന്നു. ഭക്തന്മാര്ക്കപ്പുറം "വിശ്വാസി" എന്ന വര്‍ഗം മധ്യകാലത്തുണ്ടായിരുന്നില്ല. "വിശ്വാസി"കളും "വിശ്വാസ"വും ആധുനിക പൊതുമണ്ഡലത്തിന്റെ സൃഷ്ടിയാണ്. "വിശ്വാസി"കള്‍ വൈഷ്ണവരോ ശൈവരോ ശാക്തന്മാരോ ഒന്നുമല്ല, അവര്‍ കേവലം "വിശ്വാസി"കള്‍ മാത്രമാണ്. ക്ഷേത്രങ്ങള്‍ നിയന്ത്രിക്കേണ്ടത് "വിശ്വാസി"കളാണെന്നു വന്നാലും ക്ഷേത്രസ്വത്ത് സ്വകാര്യ സ്വത്താവില്ല. അത് പൊതുസ്വത്തായി തന്നെ നിലനില്ക്കും. പൊതുസ്വത്തിന്റെ വിനിയോഗം പൊതുതീരുമാനങ്ങള്ക്ക് വിധേയമാണ്. പ്രത്യേകിച്ച് ചരിത്രപരമായ പൈതൃകമുള്ള ഒരു സമ്പത്തിനെക്കുറിച്ചുള്ള തീരുമാനം ഇപ്പോള്‍ ക്ഷേത്രം നിയന്ത്രിക്കുന്ന ഏതാനും വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കേണ്ട ഒന്നല്ല. അത് ദേശീയസമ്പത്തായി സൂക്ഷിക്കേണ്ടതാണ്. മാര്‍ത്താണ്ഡവര്‍മയുടെ കാലത്തുവന്ന ശ്രീപണ്ടാരവകയുടെ അര്‍ഥവും ഇതുതന്നെയാണെന്നോര്ക്കണം. ക്ഷേത്രത്തിന്റെ ശ്രീപണ്ടാരവകയും ജന്മം വകയും തമ്മില്‍ വേര്‍തിരിക്കാന്‍ അന്നത്തെ നിയമജ്ഞര്‍ ശ്രദ്ധിച്ചു. 19-ാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ ജോണ്‍ മണ്‍റോ ദേവസ്വങ്ങള്‍ സൃഷ്ടിച്ചപ്പോഴും ശ്രീപണ്ടാരവക നിലനിന്നു. 1865ലെ പണ്ടാരപാട്ടം വിളംബരത്തില്‍ ഇത്തരം ഭൂമികളിലെ കുടിയാന്മാര്ക്കും സ്ഥിരാവകാശം നല്കി. ശ്രീപണ്ടാരവക പൊതുസമ്പത്താണെന്ന ആശയം തുടര്‍ന്നിരുന്നുവെന്നാണ് കാണിക്കുന്നത്. ഏതാനും വിശ്വാസികള്‍ ചേര്‍ന്ന് പൊതുസമ്പത്ത് കൈയേറാന്‍ അനുവദിച്ചുകൂട. ഇനിയും കണ്ടെത്താനിരിക്കുന്ന മറ്റു ക്ഷേത്രഭണ്ഡാരങ്ങളുടെയും പൊതുസ്വഭാവം അംഗീകരിക്കുകയും വേണം.
*
കെ എന്‍ ഗണേശ് ദേശാഭിമാനി വാരിക 02 ഒക്ടോബര്‍ 2011
Saturday, October 1, 2011
Subscribe to:
Post Comments (Atom)
2 comments:
തിരുവനന്തപുരം പത്മനാഭക്ഷേത്രത്തിലെ സമ്പത്തിനെക്കുറിച്ചുള്ള തര്‍ക്കം രാജകുടുംബം നടത്തിയ ദേവപ്രശ്നത്തിനും സുപ്രീം കോടതിയുടെ ഇടപെടലിനും ശേഷം ഒരു പുതിയ ഘട്ടത്തിലെത്തിയിരിക്കുകയാണ്. ദേവപ്രശ്നം നടത്തിയ രാജകുടുംബത്തിന്റെ നിലപാടിനെ ശക്തമായി വിമര്‍ശിച്ച സുപ്രീംകോടതി വിശ്വാസം കാത്തുസൂക്ഷിച്ചുകൊണ്ടുമാത്രമേ ഭണ്ഡാരത്തെ സംബന്ധിച്ച തുടര്‍നടപടികള്‍ കൈക്കൊള്ളുകയുള്ളൂ എന്ന ഉറപ്പ് നല്‍കിയിട്ടുമുണ്ട്. നിലവറകളിലെ ഭണ്ഡാരത്തിന്റെ കണക്കെടുപ്പിനെ സംബന്ധിച്ച നടപടികള്‍ വിശ്വാസവുമായി ബന്ധിപ്പിക്കുന്നതില്‍ രാജകുടുംബം വിജയിച്ചുവെന്നര്ഥം. ക്ഷേത്രഭണ്ഡാരത്തെ സംബന്ധിച്ച വിവാദങ്ങളില്‍ മറ്റാരെക്കാളുമധികം സമയം രാജകുടുംബത്തിനും ഇപ്പോഴത്തെ തലവനായ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയ്ക്കും അനുവദിച്ചത് ക്ഷേത്രഭണ്ഡാരം സംബന്ധിച്ച രാജകുടുംബത്തിന്റെ അവകാശവാദങ്ങള്‍ക്കു മാറ്റു കൂട്ടുന്നതുമായി. പത്മനാഭക്ഷേത്രത്തെ സംബന്ധിച്ച ഒരു രാജകുടുംബാംഗത്തിന്റെ പുസ്തകം കൂടുതല്‍ കോപ്പികള്‍ വിറ്റഴിയുകയും ചെയ്തു.
രാജാക്കന്മാരും രാജകുടുംബവും അവരുടെ രഹസ്യ സ്വത്ത് ക്ഷേത്രത്തില്‍ സൂക്ഷിച്ചു. കാരണം അവിടമായിരുന്നു ഏറ്റവും സുരക്ഷിതം. കട്ടും മോട്ടിച്ചും നേര്വഴിക്കും ഉണ്ടാക്കിയതെല്ലാം അങ്ങനെ ക്ഷേത്രത്തിലെത്തി. പണ്ട് ബ്രിട്ടീഷുകാര്‍ ഏലംകുളം മനക്കലെ സ്വത്തുക്കള്‍ കണ്ടു കെട്ടാന്‍ തുടങ്ങിയപ്പോള്‍ അത് പാര്‍ടിക്ക് സംഭാവന ചെയ്ത പോലെയും കൃഷ്ണയ്യരുടെ സ്വത്തുക്കള്‍ ട്രസ്റ്റ് ആക്കിയപ്പോലെയും എന്നും പറയാം.
സത്യത്തില്‍ ഇതെല്ലാം രാജകുടുംബത്തിന് അവകാശപ്പെട്ട അവിഹിത സ്വത്താണ്.
Post a Comment