സിഐഎയും ബൊളീവിയന്‍ കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തിയിരുന്നില്ലെങ്കില്‍ , ഇപ്പോള്‍ ഫിദലിനേക്കാള്‍ രണ്ട് വയസ്സ് ഇളപ്പമായി, 83 വയസ്സുകാരനായ ലോകകമ്യൂണിസ്റ്റ്നേതാവായി ചെ നമ്മുടെ സജീവപ്രചോദനമായി നിറഞ്ഞുനില്ക്കുമായിരുന്നു. എന്നാല്‍ , രക്തസാക്ഷിയായ ചെയുടെ സ്വാധീനവും ഒട്ടും, ഒട്ടും അപ്രധാനമല്ലതന്നെ. ഒരു പക്ഷേ, കൂടുതല്‍ തീക്ഷ്ണമാണ് രക്തസാക്ഷിത്വത്തിലൂടെ-അസാന്നിധ്യത്തിലൂടെയുള്ള സ്മരണയായി ചെയുടെ സ്വാധീനം. അഗ്നിയിലെഴുതിയ അപൂര്‍ണമായ ഒരു കവിതയാണ് ചെഗുവേര. ലാറ്റിനമേരിക്കയിലെ ജനത- ഇതരനാടുകളിലെയും - സ്വന്തം പോരാട്ടങ്ങള്‍കൊണ്ട് അത് പൂര്ണമാക്കാന് ഒട്ടൊക്കെ വിജയകരമായി ശ്രമിക്കുകയാണ്. ചെഗുവേരയെ 1967 ഒക്ടോബര്‍ 9ന് ആണ് ബൊളീവിയയില്വച്ച് വെടിവച്ചുകൊന്നത്. കൂടുതല്‍ കരുത്തോടെ വിപ്ലവശക്തികള്‍ ഉണര്ന്നെണീക്കാനാണോ ആ നിഷ്ഠുരവധം ഇടയാക്കുന്നത് എന്ന് ഘാതകക്കൂട്ടം - അമേരിക്കന്‍ സിഐഎയും അവരുടെ ആജ്ഞാനുവര്‍ത്തികളായ ലാറ്റിനമേരിക്കന്‍ പിന്തിരിപ്പന്മാരും- ഇപ്പോള്‍ തലപുകഞ്ഞ് ആലോചിക്കുന്നുണ്ടാവുമോ എന്നറിയില്ല. നാല്പ്പത്തിനാല് വര്‍ഷങ്ങള്‍ക്കുമുമ്പായിരുന്നു അത്. ചെയുടെ വിരിമാറിലേക്ക് വെടിയുണ്ട പായിക്കുന്നതിനുമുമ്പ് അവസാനമായി എന്തെങ്കിലും സന്ദേശം ആരെയെങ്കിലും അറിയിക്കാനുണ്ടോ എന്ന ചോദ്യത്തിന് നല്കിയ മറുപടി ആ മഹാവിപ്ലവകാരിയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്നു. "എനിക്കറിയാം, നിങ്ങള്‍ എന്നെ വെടിവയ്ക്കാന്‍ പോവുകയാണ്.
ഞാന്‍ ജീവനോടെ പിടിക്കപ്പെടരുതായിരുന്നു. ഫിദലിനോടു പറയൂ; ഈ പരാജയം വിപ്ലവത്തിന്റെ അവസാനമല്ല എന്ന്; വിപ്ലവം വിജയശ്രീലാളിതമാവും മറ്റിടങ്ങളില്‍ . അലൈഡയോടു പറയൂ ഇത് മറക്കാനും, വേറെ വിവാഹം കഴിക്കാനും. സന്തോഷവതിയാകാനും കുട്ടികളെ പഠിപ്പിക്കാനും; സൈനികരോട് ശരിക്ക് ഉന്നംപിടിക്കാനും പറയൂ; നിങ്ങള്‍ ഇതുകൂടി മനസിലാക്കണം - നിങ്ങള്‍ ഒരു മനുഷ്യനെയാണ് കൊല്ലുന്നത്". താന്‍ ഏറ്റെടുത്ത സമരമുന്നണിയിലെ പോരാട്ടത്തില്‍ സംഭവിച്ച പരാജയം ചെ അംഗീകരിക്കുന്നു. എന്നാല്‍ , അത് വിപ്ലവത്തിന്റെ പരാജയമല്ല എന്നും ചുരുങ്ങിയവാക്കുകളില്‍ വ്യക്തമാക്കി. മറ്റിടങ്ങളില്‍ വിപ്ലവം ആത്യന്തികമായി വിജയശ്രീലാളിതമാവുകതന്നെ ചെയ്യും എന്ന ദീര്‍ഘദര്‍ശനം, ഇളകിമറിയുന്ന ലാറ്റിനമേരിക്ക ഇന്ന് ഒരുപരിധിവരെ - ഒരു പരിധിവരെ മാത്രമാണ് - സാക്ഷാല്‍ക്കരിക്കുന്നു. മാത്രമല്ല ചെയുടെയും സഹപോരാളികളുടെയും രക്തംവീണു കുതിര്‍ന്ന ബൊളീവിയയില്‍ ഈവമൊറയിലിസിന്റെ നേതൃത്വത്തില്‍ ജനകീയസമരമുന്നണി ഭരണനേതൃത്വം നേടി ചരിത്രം രചിച്ചു. ചെയുടെ രക്തസാക്ഷിത്വത്തിന്റെ ആറാംവാര്ഷികത്തോടെ ചിലിയില്‍ കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകാരും ചേര്‍ന്ന കൂട്ടുകെട്ട് കൈവരിച്ച തെരഞ്ഞെടുപ്പുവിജയത്തെ അട്ടിമറിക്കുവാന്‍ സിഐഎക്ക് നഗ്നമായി ഇടപെടേണ്ടിവന്നു. തുടര്‍ന്നുവന്ന പിനോഷെ സ്വേച്ഛാധിപത്യ മര്‍ദകവാഴ്ച ഇടതുപക്ഷവിരുദ്ധ ശക്തികളുടെയും ആ കൂട്ടരുടെ സംരക്ഷകരും സഹായികളുമായ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും മനുഷ്യത്വവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ ഹീനമുഖം കൂടുതല്‍ വെളിപ്പെടുത്തി. നിക്കരാഗ്വ, എല്‍സാല്‍വദോര്‍ , ഗ്വാട്ടിമാല തുടങ്ങിയ മധ്യ അമേരിക്കന്‍ രാജ്യങ്ങളിലും ലാറ്റിനമേരിക്കയോടൊപ്പം ഉശിരന്‍ ഗറില്ലാസമരങ്ങള്‍ വളര്‍ന്നുവന്നു.
അതിന്റെ തുടര്‍ച്ചയായും ഭാഗമായും വേറിട്ടും നടന്ന തെരഞ്ഞെടുപ്പ് ബലപരീക്ഷണങ്ങളില്‍ സിഐഎയുടെ സാര്‍വത്രികമായ ഇടപെടലുകളുണ്ടായിട്ടുകൂടി വിശാല ഇടതുപക്ഷ കൂട്ടായ്മകള്‍ കരുത്തുനേടുകയും പലപ്പോഴും വിജയശ്രീലാളിതമാവുകയുംചെയ്തു. പുരോഗമനപരമായ മാറ്റത്തിന്റെ അനിവാര്യതയില്‍ യഥാര്‍ഥ വിപ്ലവകാരികള്‍ക്കുള്ള ശാസ്ത്രീയമായ ശുഭാപ്തിവിശ്വാസമാണ്, തനിക്കുനേരെ ചീറിവരുന്ന വെടിയുണ്ടയുടെ കണ്ണില്‍ നോക്കി ഉറച്ച ശബ്ദത്തില്‍ , പ്രവചനസ്വഭാവത്തില്‍ സംസാരിക്കുവാന്‍ ചെയെ പ്രാപ്തനാക്കിയത. അത് ചരിത്രാനുഭവങ്ങള്‍ വ്യക്തമാക്കുന്നു. കമ്യൂണിസ്റ്റുപാര്ടികള്ക്കും നേതാക്കള്‍ക്കുമെതിരെ സത്യമെന്ന മട്ടില്‍ അപവാദപ്രചാരണങ്ങള്‍ സംഘടിപ്പിക്കുന്ന മാധ്യമ സിന്‍ഡിക്കറ്റിന്റെ പിടിയില്‍നിന്ന് "ചെ"യ്ക്കും ഫിദലിനും രക്ഷപ്പെടാന്‍ കഴിഞ്ഞിട്ടില്ല എന്നത് കൗതുകകരമാണ്. ചെ ക്യൂബ വിട്ടത് ഫിദല്കാസ്ട്രോയുമായി താത്വിക തര്‍ക്കവും സംഘടനാപരമായ വിയോജിപ്പുംമൂലമാണെന്നതാണ് ഇത്തരത്തിലുള്ള ഒരു കെട്ടുകഥ. അതിസൂക്ഷ്മമായ ഗവേഷണപഠനങ്ങള്‍ക്കുശേഷം ചെഗുവേരയുടെ ആധികാരികവും ബൃഹത്തുമായ ജീവചരിത്രം (che Guevara, A Revolutionary Life, 814 പേജ് - ബാന്റം ബുക്സ് - ലണ്ടന്‍) എഴുതിയ ജോണ്‍ ലീ ആന്ഡേഴ്സണ് സംശയരഹിതമായി ഇത്തരം ഭാവനാസൃഷ്ടികളും ദുരുപദിഷ്ടകഥകളും പൊളിച്ചുകാട്ടി. പോരാട്ടത്തിനിടയില്‍ ശരീരത്തില്‍ തുളഞ്ഞുകയറിയ വെടിയുണ്ടകളേറ്റ് രക്തം ഇറ്റുവീഴുന്ന ശരീരവുമായി ലാഹിഗ്വേരയിലെ ഇടിഞ്ഞുപൊളിഞ്ഞ ഒരു ചെറിയ സ്കൂള്‍കെട്ടിടത്തിലെ ചെളിത്തറയില്‍ കൈകാലുകള്‍ കെട്ടിയിടപ്പെട്ട്, ശ്വാസോച്ഛ്വാസം ചെയ്യാന്‍ വിഷമിച്ചുകിടന്ന ആസ്ത്മാരോഗികൂടിയായ ചെയില്‍നിന്ന് ഫിദലിനെതിരെ എന്തെങ്കിലും പ്രതികരണങ്ങള്‍ കിട്ടാന്‍ സിഐഎ പ്രതിനിധിയും അയാളുടെ ബൊളീവിയന്‍ സഹായികളും മറ്റും ശ്രമിച്ചു പരാജയപ്പെട്ട കാര്യം സുവിദിതമാണ്. ബൊളീവിയയിലെ ഗറില്ലായുദ്ധത്തെ സഹായിക്കുന്നതില്‍ ക്യൂബയും ഫിദലും ശ്രദ്ധാപൂര്‍വം നീങ്ങിയില്ല എന്ന തരത്തിലും ഗൂഢമായ ലക്ഷ്യത്തോടെ ചിലര്‍ വാദിക്കുകയുണ്ടായി. അതിന്റെ നിരര്‍ഥകതയും ആന്‍ഡേഴ്സണിന്റെ ഗ്രന്ഥത്തിന്റെ 744-ാം പേജില്‍ സംശയരഹിതമായി തുറന്നുകാട്ടുന്നു. 1967 ജൂണ്‍ 26 മുതല്‍ 30വരെ ക്യൂബ സന്ദര്‍ശിച്ച സോവിയറ്റ് പ്രധാനമന്ത്രി കോസിഗിന് , ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ ഗറില്ലാ പോരാട്ടങ്ങള്‍ക്ക് ക്യൂബ പിന്തുണ നല്‍കുന്നതിനെ വിമര്‍ശിക്കുകയുണ്ടായി. അതിന് ഫിദല്‍ നല്കിയ മറുപടി വ്യക്തമായിരുന്നു. "ഓരോ ലാറ്റിനമേരിക്കക്കാരനും തന്റെ രാജ്യം വിമോചിപ്പിക്കാനുള്ള അവകാശമുണ്ട്. അതിന് ക്യൂബ പിന്തുണ നല്‍കും". വര്‍ഷങ്ങള്‍ക്കുശേഷം, ഇന്ത്യയിലെ ക്യൂബന്‍ ഐക്യദാര്‍ഢ്യസമിതി ശേഖരിച്ച ധാന്യശേഖരം പേറുന്ന "കരീബിയന്‍ പ്രിന്‍സസ്സ്" എന്ന കപ്പല്‍ കല്‍ക്കത്തക്കടുത്തുള്ള ഹാല്‍ദിയ തുറമുഖത്തുനിന്ന് ദീര്‍ഘയാത്രചെയ്ത് ക്യൂബയിലെ ഹവാനാ തുറമുഖത്ത് നങ്കൂരമിട്ടപ്പോള്‍ , അവിടെ സംഘടിപ്പിക്കപ്പെട്ട ചടങ്ങില്‍ സ.സുര്‍ജിത്തിനൊപ്പം പങ്കെടുത്ത സന്ദര്‍ഭത്തിലെ ഒരനുഭവം സൂചിപ്പിക്കുന്നത് പ്രസക്തമാണെന്നുതോന്നുന്നു.
സ. ഫിദലിന്റെ ഓഫീസില്‍ നടന്ന രണ്ടേമുക്കാല്‍ മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കിടയില്‍ അദ്ദേഹം വ്യക്തമാക്കിയ ഒരു സുപ്രധാന കാര്യം സോവിയറ്റ് ഉപദേഷ്ടാക്കള്‍ , ചില കാര്യങ്ങളില്‍ ക്യൂബന്സാഹചര്യം ശരിക്ക് അപഗ്രഥിച്ച് പഠിക്കാതെ നല്കിയ നിര്‍ദേശങ്ങള്‍ തങ്ങള്‍ സ്വാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ വേണ്ടെന്നുവയ്ക്കുകയോ ആവശ്യമായ ചില ഭേദഗതികളോടെമാത്രം നടപ്പാക്കുകയോ ചെയ്തിട്ടുണ്ട് എന്നായിരുന്നു. 1967 ഒക്ടോബര്‍ 15ന് ചെയുടെ രക്തസാക്ഷിത്വത്തിന്റെ 7-ാം ദിവസം ഫിദല്‍ ആ വാര്‍ത്ത ക്യൂബയില്‍ ഔപചാരികമായി സ്ഥിരീകരിക്കുകയും മൂന്നുദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിക്കുകയുംചെയ്തു. ഒക്ടോബര്‍ 18ന് ഹവാനയിലെ വിപ്ലവ ചത്വരത്തില്‍ 10 ലക്ഷത്തില്‍പരം ജനതയെ അഭിസംബോധനചെയ്തുകൊണ്ട് തന്റെ ഉറ്റസഖാവിന്റെ വേര്‍പാടില്‍ ദുഃഖവും അമര്‍ഷവും രേഖപ്പെടുത്തിക്കൊണ്ട് ഫിദല്‍ സംസാരിച്ചു. "വിപ്ലവപോരാട്ടത്തിന്റെ കലാകാരനായിരുന്നു ചെ. അദ്ദേഹത്തിന്റെ മരണത്തില്‍ ആഹ്ലാദഗാനം മുഴക്കുന്നവര്ക്കുതെറ്റി. അദ്ദേഹത്തിന്റെ ഗറില്ലാസമരത്തിന്റെ പരാജയമാണ്, അദ്ദേഹത്തിന്റെ അടവുകളുടെ പരാജയമാണ്, അദ്ദേഹത്തിന്റെ ആശയങ്ങളുടെ പരാജയമാണ് അദ്ദേഹത്തിന്റെ മരണം എന്ന് വിശ്വസിക്കുന്നവര്‍ക്കു തെറ്റി"... ഫിദല്‍ പ്രഖ്യാപിച്ചു. തന്റെ ഹൃദയസ്പര്‍ശിയായ ചരമോപചാരപ്രസംഗം ഫിദല്‍ സമാപിപ്പിച്ചത് ഇപ്രകാരമായിരുന്നു: "നമ്മുടെ കുഞ്ഞുങ്ങള്‍ എങ്ങനെയായിരിക്കണം എന്ന് നമ്മോടു ചോദിച്ചാല്‍ , നമ്മുടെ സര്വവിപ്ലവമനസ്സും ഹൃദയവും ചേര്‍ത്ത് നാം ദൃഢമായി പറയും നമ്മുടെ മക്കള്‍ ചെയെപ്പോലെ ആയിരിക്കണം". 1978 ജൂലൈയില്‍ ഹവാനയില്‍ നടന്ന അന്താരാഷ്ട്ര വിദ്യാര്‍ഥി യുവജന സമ്മേളനത്തില്‍ പങ്കെടുത്ത സന്ദര്‍ഭത്തില്‍ ചെ സ്മരണ ഉണര്‍ത്തുന്ന ഒരു പ്രദര്‍ശനം കണ്ടത് മറക്കാനാവില്ല. ചെയുടെ ധീരസാഹസികമായ ജീവിതം, വിപ്ലവാനന്തര ക്യൂബയില്‍ കരിമ്പിന്‍തോട്ടത്തില്‍ മറ്റു തൊഴിലാളികള്‍ക്കൊപ്പം പാര്‍ടി നേതാക്കള്‍ സന്നദ്ധ ജോലിസംഭാവന നല്കുന്ന പരിപാടിയില്‍ ആസ്ത്മയുടെ ശല്യം വകവയ്ക്കാതുള്ള ചെയുടെ പങ്കാളിത്തം ഒക്കെ പരാമര്‍ശിച്ചശേഷം ബൊളീവിയന്‍ പോരാട്ടവും രക്തസാക്ഷിത്വവുംവരെ വിവരിച്ച യുവവളന്റിയര് , ഫിദലിന്റെ പ്രസംഗത്തിന്റെ അവസാനഭാഗം അവതരിപ്പിച്ചപ്പോള്‍ കണ്ണീര് നിയന്ത്രിക്കാനായില്ല; ആ സഖാവിനും കേട്ടുനിന്ന ഞങ്ങള്‍ പലര്‍ക്കും.
ചെ അതിതീവ്രവാദ സമരശൈലിയുടെ വക്താവാണെന്നും, അതിനാല്‍ നക്സലൈറ്റുകള്‍ , മാവോയിസ്റ്റുകള്‍ തുടങ്ങിയ ജനുസ്സില്പെട്ടവര്ക്കാണ് "ചെ"യെ നേതാവും മാതൃകയുമാക്കാന് സാധിക്കുകയെന്നും ഒരു വാദമുണ്ട്. തീവ്രവാദികള്‍ അങ്ങനെ അവകാശപ്പെടുന്നതുമാത്രമല്ല; ചില "കമ്യൂണിസ്റ്റ്" സഖാക്കള്‍ അങ്ങനെ വകവച്ചുകൊടുക്കാറുമുണ്ട്. ഇത് അത്യന്തം അബദ്ധജടിലമായ ധാരണയാണ്. പാര്‍ലമെന്ററി-പാര്‍ലമെന്ററി ഇതര സമരമുറകളെ വസ്തുനിഷ്ഠസാഹചര്യം വിലയിരുത്തി ഉചിതമായി ആശ്രയിക്കുക; സാധ്യമാണെങ്കില്‍ കൂട്ടിയിണക്കുക എന്ന ശാസ്ത്രീയ കമ്യൂണിസ്റ്റ് ധാരണയാണ് "ചെ" മുറുകെ പിടിച്ചിരുന്നത്; വിശദീകരിച്ചുപോന്നിട്ടുള്ളത്. ഗറില്ലാ സമരമുറയുടെ പൊതുതത്വങ്ങള്‍ എന്ന രചനയില്‍ അദ്ദേഹം വ്യക്തമാക്കി:
Where a Government has come into power through some form of popular vote, fradulent or not, and maintains atleast an appearence of constitutional legality, the guerilla outbreak cannot be promoted, since the possibilities of peaceful struggle have not yet been exhausted".
ചെയുടെയും സഹരക്തസാക്ഷികളുടെയും ഭൗതികാവശിഷ്ടം, ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാനായി ഹവാനയില്‍ വിപ്ലവചത്വരത്തില്‍ പ്രത്യേക ശവമഞ്ചത്തില്‍ വച്ചിരുന്നതിനരികില് , വികാരവിചാരങ്ങള്‍ ഇരമ്പുന്ന മനസ്സുമായി നിന്ന നിമിഷങ്ങള്‍ അവിസ്മരണീയമാണ്. 1997 ജൂലൈ 14നായിരുന്നു അത്. തുടര്‍ന്ന് ഒക്ടോബര്‍ 17ന് സാന്താക്ലാരായില് ഔദ്യോഗിക ബഹുമതികളോടെ ചെയുടെയും ഇതരരക്തസാക്ഷികളുടെയും ഭൗതികാവശിഷ്ടം സംസ്കരിച്ചു. ബൊളീവിയയില്‍ ജനാധിപത്യസര്ക്കാര് നിലവില്‍വന്നതിനെത്തുടര്‍ന്ന് നടന്ന നയതന്ത്രനീക്കങ്ങളെത്തുടര്ന്നാണ് മുമ്പ് അജ്ഞാതസ്ഥലത്ത് രഹസ്യമായി മറവുചെയ്യപ്പെട്ട ചെയുടെയും സഖാക്കളുടെയും ഭൗതികാവശിഷ്ടങ്ങള്‍ വീണ്ടെടുത്ത് ക്യൂബക്ക് കൈമാറിയത്. ചെ യുടെ ജീവിതത്തിലെ ഉറ്റവരായ പല സഖാക്കളെയും കാണാനും സംസാരിക്കാനും സാധിച്ച ഊഷ്മള സ്മരണകളുണ്ട്. "ചെ"യുടെ ജീവിതസഖാവായിരുന്ന അലൈഡയെയും മകള്‍ അലൈഡിറ്റയെയും കാണാനും സൗഹാര്ദപ്പെടാനും കഴിഞ്ഞത് വിപ്ലവപ്രസ്ഥാനം നല്കിയ ഏറ്റവും അമൂല്യമായ ജീവിതാനുഭവമാണ്. "ഏത് അനീതിയും നിന്നെ ക്രോധംകൊണ്ട് വിറകൊള്ളിക്കുമെങ്കില്‍ , നിന്നെ ഞാന്‍ സഖാവേ എന്നുവിളിക്കും" ചെയുടെ ഈ വാക്കുകള്‍ തിരിച്ചറിവുള്ള ഏതൊരാളും ഉരുവിടുന്ന കാലത്തിനായി നമുക്ക് പ്രവര്‍ത്തിക്കാം. സ്വര്‍ഗത്തെ കീഴടക്കാനായി കടന്നാക്രമിച്ച പോരാളികള്‍ എന്ന് പാരീസ് കമ്യൂണാര്‍ഡുകളെ കാള്‍ മാര്‍ക്സ് വിശേഷിപ്പിച്ചു. ചെ ആ വാക്കുകള്‍ വീണ്ടും ഓര്‍മിപ്പിക്കുന്നു. പ്രൊമിത്തിയൂസ് ഒരു മിത്താണെന്ന് കരുതിയവര്‍ക്ക് തെറ്റിയെന്നും ചെ യുടെ ജീവിതവും രക്തസാക്ഷിത്വവും അനാവരണം ചെയ്യപ്പെടുന്ന യുഗത്തിന്റെ ഗതിയിലുള്ള സ്വാധീനവും വെളിപ്പെടുത്തുന്നു.
*
എം എ ബേബി ദേശാഭിമാനി വാരാന്തപ്പതിപ്പ് 09 ഒക്ടോബര്‍ 2011
Saturday, October 8, 2011
സ്വര്‍ഗം കീഴടക്കാന്‍ കുതിച്ച പോരാളി
Subscribe to:
Post Comments (Atom)
3 comments:
"ഏത് അനീതിയും നിന്നെ ക്രോധംകൊണ്ട് വിറകൊള്ളിക്കുമെങ്കില്‍ , നിന്നെ ഞാന്‍ സഖാവേ എന്നുവിളിക്കും" ചെയുടെ ഈ വാക്കുകള്‍ തിരിച്ചറിവുള്ള ഏതൊരാളും ഉരുവിടുന്ന കാലത്തിനായി നമുക്ക് പ്രവര്‍ത്തിക്കാം.
ലോക കമ്മ്യൂണിസ്റ്റ് നേതാവ് എന്നാ പ്രയോഗം തെറ്റാണ്. അദ്ദേഹം ഒരു ഹ്യുമണിസ്റ്റ് ആയിരുന്നു.
അവിടെ മഴ പെയ്യുന്നല്ലോ; ഇവിടെ കുട ഉയര്‍ത്തൂ - എപ്പോഴും ഇപ്പോഴും.
Post a Comment