സാധാരണ ജനതയുടെ ജീവിതത്തിനുമേല്‍ ജന്മിനാടുവാഴിത്തം നടത്തിയ തേര്‍വാഴ്ചകള്‍ നിശബ്ദം സഹിച്ചുവന്ന ഒരു ജനത എങ്ങനെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ഇതിഹാസം രചിച്ചു എന്നത് വടക്കെ മലബാറിന്റെ സാമൂഹിക ജീവിതത്തില്‍ ചോരയും കണ്ണീരും കൊണ്ടെഴുതിയ ഒരു കാലഘട്ടത്തിന്റെ കൂടി ചരിത്രമാണ് കയ്യൂരിന്റേത്. നീതിയും നിയമവും ജന്മിപ്രമാണിമാര്‍ നടപ്പിലാക്കിയിരുന്ന അക്കാലത്ത് അവര്‍പോലും ആദരിച്ച ഏമാന്‍ചിഹ്നമായ ഒരു പൊലീസുകാരന്റെ പരാക്രമങ്ങളെ നിശ്ചയദാര്‍ഢ്യത്തോടെ അതിലേറെ അഭിമാനത്തോടെ നേരിടാന്‍ കയ്യൂര്‍ ജനതയ്ക്ക് കഴിഞ്ഞുവെന്നതാണ് ചരിത്രസാക്ഷ്യം. കയ്യൂര്‍ സമരത്തിന് പശ്ചാത്തലമൊരുക്കിയ ചരിത്രസംഭവങ്ങള്‍ അതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ജനദ്രോഹിയായ സുബ്രായന്‍ എന്ന പൊലീസുകാരന്‍ മരിക്കാനിടയായത് ഒരു യാദൃച്ഛിക സംഭവം മാത്രമായിരുന്നു. കയ്യൂര്‍ സംഭവവുമായി ബന്ധപ്പെട്ട കേസില്‍ മംഗലാപുരം സെഷന്‍സ് കോടതി പുറപ്പെടുവിച്ച വിധിപ്രഖ്യാപനത്തില്‍പോലും വരികള്‍ക്കിടയില്‍ അവരറിയാതെ കയ്യൂരിന്റെ ജനതയുടെ വികാരം തീക്ഷ്ണതയോടെ വെളിപ്പെട്ടുവരുന്നു.
യുദ്ധവിരുദ്ധ പ്രവര്‍ത്തനങ്ങളിലും കമ്യൂണിസ്റ്റ് പ്രവര്‍ത്തനങ്ങളിലും മുഴുകിയിട്ടുള്ള കിസാന്‍ സംഘടനകളുടെ സംഘങ്ങള്‍ കാസര്‍കോട് താലൂക്കിലെ കയ്യൂരും കിണാവൂരും നീലേശ്വരത്തും(പാലായി) ക്ലായിക്കോട്ടും(മുഴക്കോത്തും) മറ്റു സ്ഥലങ്ങളിലും ഒത്തുചേര്‍ന്നിരുന്നു. -അവയ്‌ക്കോരോന്നിനും ഖാദിയൂണിഫോം അണിഞ്ഞതും ലാത്തിവഹിക്കുന്നതുമായ വളണ്ടിയര്‍മാരുണ്ട്. കര്‍ഷകപതാകയുമായി കയ്യൂരിലെ ഈ സഖാക്കളും അംഗങ്ങളും ജാഥയായി മാര്‍ച്ചുചെയ്യുകയും വിവിധ സ്ഥലങ്ങളില്‍ പൊതുയോഗം നടത്തുകയും പതിവാണ്.
ഗവണ്‍മെന്റിന്റെ യുദ്ധകാലത്തെ ഭീകരഭരണത്തിനെതിരെ 1941 മാര്‍ച്ച് 12ന് കയ്യൂരില്‍ ജാഥ നടന്നു. റവന്യു ഇന്‍സ്‌പെകടര്‍ ഇതുകണ്ടു. അയാള്‍ നല്‍കിയ റിപ്പോര്‍ട്ടിനെതുടര്‍ന്നു ഡിഫന്‍സ് ഓഫ് ഇന്ത്യ നിയമപ്രകാരം നേതാക്കള്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചു. വി ടി കുഞ്ഞമ്പു, കെ പി വെള്ളുങ്ങ, ടി വി കുഞ്ഞിരാമന്‍, ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍, കോയിതാറ്റില്‍ ചിരുകണ്ഠന്‍, ടി അമ്പാടികുഞ്ഞി, കോയിതാറ്റില്‍ വളപ്പില്‍ രാമന്‍ എന്നിവര്‍ക്കെതിരെയായിരുന്നു വാറണ്ട്. വാറണ്ടിനെക്കുറിച്ച് പട്ടേലറെ അറിയിക്കാന്‍ വന്ന പൊലീസുകാരന്‍ അക്രമിക്കപ്പെട്ടു. നേതാക്കളെ അറസ്റ്റുചെയ്യാനെത്തിയ പൊലീസ് ഇന്‍സ്‌പെക്ടറും സംഘവും മഠത്തില്‍ അപ്പുവിന്റെ കടയില്‍ കിടന്നുറങ്ങുകയായിരുന്ന സംഘം പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചു. പലര്‍ക്കും ഗുരുതരമായി പരിക്കേറ്റു. ആരെയും അറസ്റ്റുചെയാന്‍ കഴിഞ്ഞില്ല. പിന്നീട് ടി വി കുഞ്ഞമ്പുവും ടി വി കുഞ്ഞിരാമനും അറസ്റ്റുചെയ്യപ്പെട്ടു. പൊലീസ് മര്‍ദ്ദനങ്ങള്‍ക്കും അറസ്റ്റിനുമെതിരെ പ്രതിഷേധവുമായി നടത്തിയ പ്രകടനം മാര്‍ച്ച് 28ന് രക്തപതാകയുമേന്തി പൂക്കണ്ടത്തെത്തി. തുടര്‍ന്ന് പൊതുയോഗം നടത്തി. അവിടെനിന്നും ഇരുന്നൂറോളംപേര്‍ ചെറിയാക്കരയിലേക്ക് ജാഥയായി നീങ്ങി. ഇതില്‍ ഒട്ടേറെ വളണ്ടിയര്‍മാരുണ്ടായിരുന്നു. നേരത്തെസഖാക്കളെ മര്‍ദ്ദിച്ച സുബ്രായനെന്ന പൊലീസ് കോണ്‍സ്റ്റബിള്‍ എതിരെ വരികയായിരുന്നു. ജാഥാംഗങ്ങളില്‍ ചിലര്‍ ചേര്‍ന്ന് ജാഥയില്‍ചേരാനും കൊടിപിടിക്കാനും ഇയാളെ നിര്‍ബന്ധിപ്പിച്ചു. ആദ്യം വഴങ്ങിയ അയാള്‍ പിന്നീട് ഓടി രക്ഷപ്പെടാന്‍ നോക്കി. വടികൊണ്ട് ജാഥാംഗങ്ങളെ അടിച്ചു. ഓടുന്നതിനിടയില്‍ എതിര്‍ഭാഗത്തുനിന്നും വരുന്നതു കണ്ട പൊലീസുകാരന്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പുഴയില്‍ ചാടി. കനത്ത കാക്കി വസ്ത്രങ്ങളും ബൂട്‌സും മറ്റും ധരിച്ച അയാള്‍ ഉടന്‍ മുങ്ങിമരിക്കുകയായിരുന്നു. ഇതേ തുടര്‍ന്നു കയ്യൂരിലും പരിസരങ്ങളിലും പൊലീസ് നടത്തിയ അതിക്രമങ്ങള്‍ക്കും ഭീകരതയ്ക്കും കണക്കില്ലായിരുന്നു. അതിലൊന്നാണ് 1943 മാര്‍ച്ച് 29ന് നടന്ന ആ സംഭവം.
നാലുചെറുപ്പക്കാരെ നിഷ്‌ക്കരുണം തൂക്കിക്കൊന്ന ആ സംഭവവും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കോളനിവാഴ്ചയെ തകര്‍ത്തെറിഞ്ഞ ഇന്ത്യന്‍ ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തെ ലോകചരിത്രത്തിലെ അനശ്വരമായ അധ്യായമാക്കാന്‍ ഉതകുന്നതായി. അപ്പുവും ചിരുകണ്ടനും കുഞ്ഞമ്പുനായരും അബൂബക്കറും. അവര്‍ നാലുപേരും ഇന്‍ക്വിലാബ് വിളിച്ച് സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനുമെതിരെയുള്ള സമരത്തില്‍ അണിചേര്‍ന്ന് രക്തസാക്ഷികളായി. ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ പ്രായമാകാത്തതിന്റെ പേരില്‍ തുക്കൂമരത്തില്‍നിന്നും മോചിതനായി. ചൂരിക്കാടന്‍ രണ്ടു വര്‍ഷംമുമ്പാണ് നമ്മെ വിട്ടുപിരിഞ്ഞത്.
കമ്മ്യൂണിസ്റ്റുകാരായിരുന്നുവെന്നതുകൊണ്ടുമാത്രം അവരുടെ ജീവത്യാഗത്തെ, എല്ലാ ദുഷ്‌ചെയ്തികള്‍ക്കിടയിലും സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ പൈതൃകകുത്തക അവകാശപ്പെടുന്ന കോണ്‍ഗ്രസ് നാളിതുവരെ അവഗണിച്ചു. എന്നാല്‍ ഒരു നിയോഗംപോലെ അതിനു കാര്‍മികത്വം വഹിച്ചത് സഖാവ് ഇന്ദ്രജിത് ഗുപ്ത ആഭ്യന്തരമന്ത്രിയായിരിക്കെയാണ്. കയ്യൂര്‍ ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങളെ ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ ഭാഗമായി അംഗീകരിക്കുന്ന പ്രഖ്യാപനത്തില്‍ ഒപ്പുചാര്‍ത്തി ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണകൂടം നാലു ചെറുപ്പക്കാരെ കഴുമരമേറ്റി വധിച്ച കയ്യൂര്‍ സമരത്തെ ഔദ്യോഗികമായി സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി അംഗീകരിക്കാന്‍ സ്വതന്ത്ര ഇന്ത്യയില്‍ അരനൂറ്റാണ്ട് വേണ്ടിവന്നു.
1996 നവംബര്‍ 8-10 തീയതി കേരള മുഖ്യമന്ത്രി ഇ കെ നായനാര്‍ കേന്ദ്രആഭ്യന്തരമന്ത്രി ഇന്ദ്രജിത് ഗുപ്തയ്ക്കു നല്‍കിയ നിവേദനം പരിഗണിച്ച മന്ത്രിസഭായോഗമാണ് കയ്യൂര്‍, പുന്നപ്രവയലാര്‍, കരിവെള്ളൂര്‍, മൊറാഴ, കാവുമ്പായി മലബാര്‍ സ്‌പെഷ്യല്‍ പൊലീസ് കലാപം എന്നീ പ്രക്ഷോഭങ്ങളെ ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി അംഗീകരിച്ചത്.
ഇന്ത്യന്‍ കര്‍ഷകരുടെ നാല് ഉത്തമപുത്രന്മാര്‍ കഥാവശേഷരായി. കയ്യൂര്‍ സഖാക്കളുടെ രക്ഷയ്ക്കുവേണ്ടി ഓരോ ഭാരതീയനും ദേശാഭിമാനിയും കഴിവതു പരിശ്രമിച്ചു. ഏഴുകടലുകള്‍ അപ്പുറത്ത് ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തൊഴിലാളിവര്‍ഗവും നമ്മുടെ സഖാക്കളുടെ മോചനത്തിനുവേണ്ടി പൊരുതി, പക്ഷെ ഫലമുണ്ടായില്ല. മണ്ണിന്റെ മക്കളായ അവര്‍ മനുഷ്യരാശിക്കുവേണ്ടി കഴുമരത്തെ വരിച്ചു. പി സി ജോഷിയുടെ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ജയിലിനുള്ളില്‍ ചെന്നു അവരെ കണ്ട് ദീര്‍ഘമായി സംസാരിച്ചതിനുശേഷം ജനറല്‍സെക്രട്ടറി ജോഷി ഇങ്ങനെ പറഞ്ഞു. ''പാര്‍ട്ടി അതിന്റെ അംഗങ്ങളില്‍ ആരെയുംകാള്‍ നിങ്ങള്‍ നാലുപേരിലാണ് അഭിമാനം കൊള്ളുന്നത്. ഞങ്ങള്‍ വെറും നൂറുകള്‍ ആയിരുന്നപ്പോഴാണ് നിങ്ങള്‍ ഞങ്ങളോടൊപ്പം ചേര്‍ന്നത്. ഇന്ന് നമ്മള്‍ ഒന്‍പതിനായിരം പാര്‍ട്ടി അംഗങ്ങളും എണ്ണായിരം സ്ഥാനാര്‍ഥി അംഗങ്ങളുമാണ്. നിങ്ങള്‍ അമൂല്യമായി മുറുകെ പിടിച്ച പതാക ഞങ്ങള്‍ ഉയര്‍ത്തിപിടിക്കുമെന്നും പോരാട്ടം തുടരുമെന്നും'' പ്രതിജ്ഞയെടുത്തായിരുന്നു മടങ്ങിയത്. മറുപടിയെന്നോണം, ഇനിയും ജന്മമുണ്ടെങ്കില്‍ നമ്മുടെ ലക്ഷ്യത്തിനുവേണ്ടി വീണ്ടുംവീണ്ടും മരിക്കുവാന്‍ തയ്യാറാണെന്നായിരുന്നു സഖാക്കളുടെ അവസാനവാക്ക്.
നിരഞ്ജനയുടെ ചിരസ്മരണയില്‍ ഒരിടത്ത് ഇങ്ങനെ വിവരിക്കുന്നു.
'....മഴയെ പ്രതീക്ഷിച്ച് ഉണങ്ങിത്തപിച്ചിരുന്ന നിലം തണുത്തുമരവിച്ചു. കാറ്റ് ചലിക്കാന്‍ വിസമ്മതിച്ചതിനാല്‍ മരങ്ങളും ചെടികളും നിശ്ചലമായി. പ്രകൃതി മൂകമായി. കുടിലുകളില്‍ ദീപമെരിഞ്ഞില്ല. പിരിഞ്ഞുപോയ നാലുപേരെ ചൊല്ലി കുടിലുകള്‍ ഇടനെഞ്ഞു പൊട്ടിക്കരഞ്ഞു. ...അപ്പുക്കുട്ടിയെ എടുത്ത് ജാനകി മുറ്റത്തിരിക്കയാണ്. കുട്ടി നിറുത്താതെ കരഞ്ഞുകൊണ്ടിരിക്കുന്നു. അവനെ സമാധാനിപ്പിക്കാനാവാതെ തോറ്റ ജാനകി ആകാശത്തിലേക്കു നോക്കി. അവിടെ കോടാനുകോടി നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങുന്നു. പടിഞ്ഞാറ് ഭാഗത്ത് ഒരിടത്ത് അനുസ്യൂതം പ്രഭാപൂരംചൊരിഞ്ഞുനിന്ന നാലുനക്ഷത്രം അവളുടെ ദൃഷ്ടിയില്‍പ്പെട്ടു. ജാനകി അതില്‍ ആദ്യത്തെ നക്ഷത്രത്തിനുനേരെ ചൂണ്ടി കുഞ്ഞിനോടു പറഞ്ഞു. അപ്പുക്കുട്ടി, നീ അങ്ങ് നോക്ക്യേ? ദാ അച്ഛന്‍ അവിടെയുണ്ട്. നീ കരഞ്ഞുകൂട. കരഞ്ഞാല്‍ അച്ഛന് സങ്കടാകും. അങ്ങനെ കയ്യൂരിന് ഓരോ രാത്രികളും വളരെ ദീര്‍ഘിച്ചതായിരുന്നു'.
’അതാകേള്‍പ്പൂ ദൂരദൂരമുയര്‍ന്നുയര്‍ന്നലച്ചെത്തും
നിതാന്തഗംഭീരം തൂക്കുമരത്തിന്‍വിളി;
ചെവിക്കൊള്‍വിന്‍ നാട്ടുകാരെ വീവിക്തതയിലും ത്യാഗ-
പവിത്രപുളകം ചേര്‍ക്കും സുധീരനാദം;
ഉണക്കുപുല്ലിനുമുയിര്‍കൊടുക്കുമവര്‍ണനീയ-
ഗുണം വെറും സ്വാതന്ത്ര്യദാഹത്തിനാഹ്വാനം;
കണ്ണൂര്‍ സെന്‍ട്രല്‍ജയില്‍ ഭീമപ്രാകാരങ്ങള്‍ ഭേദിച്ചെത്തു
മുന്നതദ്ദേശപ്രേമത്തിന്‍ വിജയഘോഷം
വീരോത്തംസങ്ങളാം നാലു കയ്യൂര്‍ സഖാക്കളേറിയ
മരണവേദിതന്‍ പുണ്യസന്ദേശം കേള്‍പ്പൂ.....
ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരെയുള്ള പോരാട്ടങ്ങളില്‍ തൂലിക പടവാളാക്കിയ അനശ്വര കവി ടി എസ് തിരുമുമ്പിന്റെ ഈ വരികള്‍ മര്‍ദ്ദനങ്ങള്‍ക്കും ഭീഷണികള്‍ക്കും കൊലമരത്തിനുപോലും കീഴ്‌പ്പെടുത്താനാകാത്ത കയ്യൂരിന്റെ ഇഛാശക്തിയെ, സംഘബോധത്തെ മാന്ത്രിക ശക്തിയോടെ വരച്ചുകാട്ടുന്നു.
കയ്യൂര്‍ സഖാക്കളെ കാണാന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയ സി പി ഐ ജനറല്‍ സെക്രട്ടറി പി സി ജോഷിയും സുന്ദരയ്യ, കൃഷ്ണപ്പിള്ള, കേരളീയന്‍ തുടങ്ങിയ സഖാക്കളും കയ്യൂര്‍ സഖാക്കളെ കണ്ട് സമയമായപ്പോള്‍ സെല്ലില്‍ നിന്ന് പുറത്തേക്കിറങ്ങാന്‍ തുടങ്ങി. അപ്പു ജോഷിയുടെ കയ്യില്‍ പിടിച്ച് പതുക്കെ മന്ത്രിച്ചു. സഖാവേ....മറ്റുവാക്കൊന്നും പുറത്തു വന്നില്ല. ജോഷി വരാന്തക്ക് പുറത്തേക്ക് നോക്കി. അവിടെ ഒരു പൂച്ചെടിത്തടമുണ്ടായിരുന്നു. അറിയാതെ ജോഷി പറഞ്ഞുപോയി. ഈ പൂക്കള്‍ നശ്വരങ്ങളാണ്. എന്നാല്‍ ഒരിക്കലും നശിക്കാത്ത മനുഷ്യരാശിയുടെ പൂക്കളാണ് നിങ്ങള്‍.
കൊല്ലങ്ങള്‍ ഏഴുപതിറ്റാണ്ടോളമായെങ്കിലും എല്ലാവരുടേയും മനസ്സില്‍ കയ്യൂര്‍ ചിരസ്മരണയായി നിറഞ്ഞുനില്‍ക്കുന്നു. നോവലുകളും കഥകളും കവിതകളുമായി. കയ്യൂരിനെക്കുറിച്ച് പറയാന്‍ സാംസ്‌കാരിക കേരളത്തിന് ഇനിമേറെയുണ്ട്. കാരണം അവയിപ്പോഴും വാടാതെ സൗരഭ്യം പരത്തുന്ന പൂക്കളായി നമുക്കിടയില്‍ത്തന്നെയുണ്ടല്ലോ.
*
എന്‍ കെ ജനയുഗം
Subscribe to:
Post Comments (Atom)
1 comment:
സാധാരണ ജനതയുടെ ജീവിതത്തിനുമേല്‍ ജന്മിനാടുവാഴിത്തം നടത്തിയ തേര്‍വാഴ്ചകള്‍ നിശബ്ദം സഹിച്ചുവന്ന ഒരു ജനത എങ്ങനെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ഇതിഹാസം രചിച്ചു എന്നത് വടക്കെ മലബാറിന്റെ സാമൂഹിക ജീവിതത്തില്‍ ചോരയും കണ്ണീരും കൊണ്ടെഴുതിയ ഒരു കാലഘട്ടത്തിന്റെ കൂടി ചരിത്രമാണ് കയ്യൂരിന്റേത്. നീതിയും നിയമവും ജന്മിപ്രമാണിമാര്‍ നടപ്പിലാക്കിയിരുന്ന അക്കാലത്ത് അവര്‍പോലും ആദരിച്ച ഏമാന്‍ചിഹ്നമായ ഒരു പൊലീസുകാരന്റെ പരാക്രമങ്ങളെ നിശ്ചയദാര്‍ഢ്യത്തോടെ അതിലേറെ അഭിമാനത്തോടെ നേരിടാന്‍ കയ്യൂര്‍ ജനതയ്ക്ക് കഴിഞ്ഞുവെന്നതാണ് ചരിത്രസാക്ഷ്യം. കയ്യൂര്‍ സമരത്തിന് പശ്ചാത്തലമൊരുക്കിയ ചരിത്രസംഭവങ്ങള്‍ അതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ജനദ്രോഹിയായ സുബ്രായന്‍ എന്ന പൊലീസുകാരന്‍ മരിക്കാനിടയായത് ഒരു യാദൃച്ഛിക സംഭവം മാത്രമായിരുന്നു. കയ്യൂര്‍ സംഭവവുമായി ബന്ധപ്പെട്ട കേസില്‍ മംഗലാപുരം സെഷന്‍സ് കോടതി പുറപ്പെടുവിച്ച വിധിപ്രഖ്യാപനത്തില്‍പോലും വരികള്‍ക്കിടയില്‍ അവരറിയാതെ കയ്യൂരിന്റെ ജനതയുടെ വികാരം തീക്ഷ്ണതയോടെ വെളിപ്പെട്ടുവരുന്നു.
Post a Comment