പശ്ചിമബംഗാളിലെ കര്‍ഷകരുടെയും തൊഴിലാളികളുടെയും ജീവിതത്തിലെ വസന്തകാലമായിരുന്നു ഇടതുമുന്നണി ഭരണകാലഘട്ടം. ഇന്ന് എല്ലാം കീഴ്മേല്‍ മറിഞ്ഞിരിക്കുന്നു. ഉല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചയും വളം ഉള്‍പ്പെടെയുള്ളവയുടെ വിലക്കയറ്റവും കാരണം കര്‍ഷക ആത്മഹത്യകള്‍ പെരുകുന്നു. ജീവിക്കാന്‍ ആവശ്യമായ കൂലി ലഭിക്കാതെ തോട്ടം തൊഴിലാളികളും ആത്മഹത്യചെയ്യുകയാണ്. ഗ്രാമപ്രദേശത്ത് മാത്രമല്ല നഗരപ്രദേശങ്ങളില്‍വരെ ഗത്യന്തരമില്ലാതെ തൊഴിലാളികളും കര്‍ഷകരും ആത്മഹത്യചെയ്യുകയാണ്. ഏറ്റവുമൊടുവില്‍ ഹൗറയിലെ കൊല്‍ക്കത്ത ട്രാംവേയ്സ് കോര്‍പറേഷനിലെ തൊഴിലാളി വിക്രംസിങ് ശമ്പളം കിട്ടാത്തതിനെത്തുടര്‍ന്ന് ആത്മഹത്യചെയ്തു. അഞ്ചുമാസത്തെ ശമ്പളമാണ് വിക്രംസിങ്ങിന് ലഭിക്കാനുണ്ടായിരുന്നത്. ഈ സംഭവം ബംഗാളില്‍ വലിയ ചര്‍ച്ചയായി. കേവലം എട്ട് മാസംകൊണ്ട് എങ്ങനെയാണ് പശ്ചിമബംഗാളിന്റെ മുഖം മാറിപ്പോയത് എന്ന് ചിന്തിക്കുമ്പോള്‍ ഒരു സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ ജനങ്ങളുടെ ജീവിതത്തില്‍ എത്ര പെട്ടെന്നാണ് ദുരിതങ്ങള്‍ വിതയ്ക്കുന്നതെന്ന ഉത്തരം കിട്ടും.
ബംഗാളിനെ പരിവര്‍ത്തനംചെയ്യുമെന്ന് വാഗ്ദാനംചെയ്താണ് തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയത്. എന്നാല്‍ , ആ മാറ്റങ്ങള്‍ തങ്ങളുടെ ജീവിതത്തെ കാര്ന്നുതിന്നുകൊണ്ടിരിക്കുന്നുവെന്ന് ബംഗാളിലെ എല്ലാവിഭാഗം ജനങ്ങളും ഇപ്പോള്‍ മനസിലാക്കാന്‍ തുടങ്ങിയിരിക്കുന്നു. മമതയുടെ മാറ്റങ്ങള്‍ തൊഴിലാളിവര്‍ഗത്തിനുവേണ്ടിയോ സാധാരണ ജനങ്ങള്‍ക്കുവേണ്ടിയോ അല്ല. ഇതുവരെയുള്ള മമതയുടെ നയങ്ങള്‍ അത് വ്യക്തമാക്കുന്നുണ്ട്.
ആദ്യം കാര്‍ഷികമേഖലയിലാണ് മമത സര്‍ക്കാരിന്റെ "മാറ്റക്കൊടുങ്കാറ്റ്" വീശിയത്. നാല് മാസംകൊണ്ട് 26 കര്‍ഷകര്‍ ആത്മഹത്യചെയ്തു. കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്കുള്ള ന്യായവിലയും അതനുസരിച്ചുള്ള സംഭരണ സംവിധാനങ്ങളുമാണ് ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്നത്. 2010 ഒക്ടോബറില്‍ വിളവെടുപ്പുകാലത്ത് കര്‍ഷകര്‍ക്ക് നെല്ലിന് കിട്ടിയിരുന്ന സംഭരണവില ക്വിന്റലിന് 1100 രൂപയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 1050 രൂപയും സംസ്ഥാന സര്‍ക്കാരിന്റെ 50 രൂപ ബോണസും ചേര്‍ത്ത് 1100 രൂപ കര്‍ഷകര്‍ക്ക് ലഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സംഭരണ ഏജന്‍സികള്‍ നന്നായി പ്രവര്‍ത്തിക്കുകയും സംഭരണം നടത്തുകയും ചെയ്തതുകൊണ്ട് സ്വകാര്യമില്ലുകള്‍ സംഭരണവിലയേക്കാള്‍ കൂടുതല്‍ വില നല്കി നെല്ല് വാങ്ങാന്‍ തയ്യാറായി. ക്വിന്റലിന് 1400 രൂപവരെ വിലയാണ് കര്‍ഷകര്‍ക്ക് ലഭിച്ചത്.
2011 ഒക്ടോബറില്‍ സ്ഥിതിഗതികള്‍ മാറിമറിഞ്ഞു. മികച്ച വിളവെടുപ്പുണ്ടായെങ്കിലും സംഭരണം സ്തംഭിച്ചു. ഒക്ടോബര്‍ 13ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സംഭരണവില 1080 രൂപയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 രൂപ കുറവ്. എന്നാല്‍ , സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവിലയ്ക്ക് എവിടെയും സംഭരണം നടന്നില്ല. നവംബറിലും ഡിസംബറിലും ഇതേ സ്ഥിതി തുടര്‍ന്നു. ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്കാണ് ഇത് കനത്ത ആഘാതമേല്‍പ്പിച്ചത്. ഏറെക്കാലം ധാന്യം സൂക്ഷിച്ചുവച്ച് മികച്ച വിലയ്ക്കായി കാത്തിരിക്കാന്‍ കഴിയാത്ത ഇവര്‍ കിട്ടിയ വിലയ്ക്ക് നെല്ല് വിറ്റു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കള്‍ നെല്ല് സംഭരണക്കാരായി. അവര്‍ കര്‍ഷകരെ ഭീഷണിപ്പെടുത്തിയും കുറഞ്ഞ വിലയ്ക്ക് നെല്ല് വാങ്ങി സൂക്ഷിച്ചു. 1050 രൂപയ്ക്ക് പകരം ഈ വര്‍ഷം കര്‍ഷകര്‍ക്ക് കിട്ടിയത് 600 രൂപ മുതല്‍ 700 രൂപവരെ മാത്രം.
ഒക്ടോബര്‍ , നവംബര്‍ മാസങ്ങളില്‍ നെല്ല് കൊയ്തുകഴിഞ്ഞാല്‍ പാടത്ത് പച്ചക്കറിയോ ഉരുളക്കിഴങ്ങോ കൃഷിചെയ്യുകയാണ് ബംഗാള്‍ കര്‍ഷകരുടെ രീതി. നെല്ലിന് കിട്ടുന്ന വിലകൊണ്ട് അടുത്ത കൃഷി നടത്തുകയാണ് പതിവ്. ഇക്കുറി നെല്ലിന് വില കിട്ടാതെ ശീതകാല പച്ചക്കറികൃഷി പലയിടത്തും മുടങ്ങി. ഇനി മാര്‍ച്ച്-ഏപ്രില്‍ മാസത്തിലെ അടുത്ത നെല്‍കൃഷിയെയും പ്രതിസന്ധി ബാധിക്കും.
ബംഗാളിലെ നെല്കൃഷിക്കാര് ഇത്രയും വലിയ വിലത്തകര്‍ച്ച നേരിടുന്നത് 17 വര്‍ഷത്തിനിടെ ആദ്യമായാണ്. ഇടതുമുന്നണി ഭരണകാലത്ത് രാജ്യത്ത് ഏറ്റവും കൂടുതല്‍ നെല്ല് ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനമായി ബംഗാള്‍ മാറിയിരുന്നു. 57 ലക്ഷം ഹെക്ടറില്‍ നെല്‍കൃഷിചെയ്ത് 160 ലക്ഷം ടണ്‍ നെല്ല് ഉല്‍പ്പാദിപ്പിച്ചിരുന്നു. സംസ്ഥാനത്തിന്റെ ആവശ്യം കഴിഞ്ഞ് കയറ്റി അയക്കാനും കഴിഞ്ഞിരുന്നു. അടുത്ത വിളവിറക്കല്‍ കാലത്ത് നെല്‍കൃഷി നടത്താന്‍ തയ്യാറല്ലെന്നാണ് കര്‍ഷകരില്‍ പലരുടെയും നിലപാട്. കൃഷിച്ചെലവിനേക്കാള്‍ കുറഞ്ഞ വില കിട്ടിയാല്‍ എങ്ങനെ കൃഷി നടത്താനാവുമെന്ന ചോദ്യത്തിന് തൃണമൂല്‍ സര്‍ക്കാര്‍ ഉത്തരം നല്‍കേണ്ടിവരും. ബംഗാളിലെ കര്‍ഷകര്‍ നെല്‍കൃഷി വേണ്ടെന്നുവച്ചാല്‍ ഉണ്ടാകാവുന്ന വിപത്ത് വലുതായിരിക്കും. ഒന്പതേകാല് കോടി ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കിയിരുന്ന കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചാല്‍ വന്‍ ക്ഷാമമായിരിക്കും ഫലം. നെല്ലുല്പ്പാദനം കുറഞ്ഞതാണ് 1943ലെ ബംഗാള്‍ക്ഷാമത്തിന് പ്രധാന കാരണമായത്. എന്ത് ത്യാഗം സഹിച്ചും നെല്‍കൃഷി തുടരണമെന്നാവശ്യപ്പെട്ട് കിസാന്‍സഭ ശക്തമായ പ്രചാരണം നടത്തുന്നുണ്ട്. എന്നാല്‍ , സംസ്ഥാന സര്‍ക്കാര്‍ കൃഷി പ്രോത്സാഹിപ്പിക്കാന്‍ ഒന്നും ചെയ്യുന്നില്ല. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ കര്‍ഷകരോടുള്ള മമതയുടെ സമീപനം ഇതിനകം വ്യക്തമായിക്കഴിഞ്ഞു. വലിയ "കര്‍ഷകസ്നേഹം" കാട്ടിയാണ് മമത അധികാരത്തിലെത്തിയത്. എന്നാല്‍ , കര്‍ഷകരോടുള്ള മമതയുടെ സമീപനമെന്തെന്ന് എട്ട് മാസംകൊണ്ട് പകല്‍പോലെ വ്യക്തമായി.
തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും അവരുടെ ക്ഷേമത്തിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും ഇടതുമുന്നണി സര്‍ക്കാര്‍ വലിയ മുന്‍ഗണനയാണ് നല്‍കിയത്. കഴിഞ്ഞ ദിവസം പശ്ചിമബംഗാള്‍ തൊഴില്‍മന്ത്രി പൂര്‍ണേന്ദുബസു നടത്തിയ പ്രസ്താവന മമത സര്‍ക്കാര്‍ എങ്ങോട്ടാണ് നീങ്ങുന്നതെന്നതിന്റെ സൂചനയാണ്. സംസ്ഥാനത്തെ തൊഴില്‍നിയമങ്ങള്‍ മാറ്റണമെന്നും തൊഴിലാളികള്‍ സമരംചെയ്യാന്‍ പാടില്ലെന്നുമാണ് മന്ത്രി പറഞ്ഞത്. ഇടതുമുന്നണി സര്‍ക്കാരാണ് തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്താനും അവരുടെ സുരക്ഷിതത്വത്തിനുമുള്ള നിയമങ്ങള്‍ കൊണ്ടുവന്നത്. തൊഴില്‍ തര്‍ക്കങ്ങളില്‍ പൊലീസ് ഇടപെടില്ലെന്ന നയം കൊണ്ടുവന്നതും ഇടതുമുന്നണി സര്‍ക്കാരാണ്. അവയൊക്കെ മാറ്റുമെന്നാണ് ഇപ്പോള്‍ തൊഴില്‍മന്ത്രി സൂചിപ്പിക്കുന്നത്.
തൊഴില്‍നിയമങ്ങള്‍ മാറ്റുന്നതിന് ഉത്സാഹം കാട്ടുന്ന മമത സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് ലഭിച്ചുവന്ന ആനുകൂല്യങ്ങള്‍ നിലനിര്‍ത്തുന്നതില്‍ കടുത്ത വിപ്രതിപത്തിയാണ് കാട്ടുന്നത്. ആഗോളവല്‍ക്കരണം ഉയര്‍ത്തിയ വെല്ലുവിളിയില്‍ പൂട്ടിപ്പോയ വ്യവസായങ്ങളിലെ തൊഴിലാളികള്‍ക്ക് ഇടതുമുന്നണി സര്‍ക്കാര്‍ പ്രതിമാസം 1500 രൂപ ആശ്വാസസഹായം നല്‍കിയിരുന്നു. മമത സര്‍ക്കാര്‍ കഴിഞ്ഞ ആറ് മാസമായി ഇത് നല്‍കുന്നില്ല. ജല്‍പായ്ഗുരി ജില്ലയിലെ ധെക്ലപാഡ തേയിലത്തോട്ടത്തിലെ തൊഴിലാളികള്‍ക്കും ഈ ധനസഹായം കഴിഞ്ഞ ആറു മാസമായി ലഭിച്ചില്ല. ഇതിന്റെ ഫലമായി ഒരു മാസത്തിനുള്ളില്‍ ഒമ്പത് തൊഴിലാളികള്‍ പട്ടിണിമൂലം മരിച്ചു.
കാര്‍ഷികമേഖലയിലെ സമൃദ്ധിയും സന്തോഷവും തൊഴിലാളികളുടെ സുരക്ഷിതത്വവും ഇടതുമുന്നണി ഭരണകാലത്ത് പശ്ചിമബംഗാളിന്റെ പ്രധാന നേട്ടങ്ങളായിരുന്നു. സുപ്രധാനമായ രണ്ട് മേഖലകളില്‍ ഈ നേട്ടങ്ങള്‍ ഇല്ലാതാകുന്നതോടെ സംസ്ഥാനത്തിന്റെ മുഖംതന്നെ മാറുകയാണ്. ആത്മഹത്യയും പട്ടിണിമരണങ്ങളും തുടരുന്നു. എവിടേക്കാണ് ബംഗാള്‍ പോകുന്നതെന്ന ആശങ്ക ജനങ്ങള്‍ക്കുണ്ട്. ഇതാണ് പരിവര്‍ത്തനമെങ്കില്‍ ഇത് തങ്ങള്‍ക്ക് വേണ്ടെന്ന് കര്‍ഷകരും തൊഴിലാളികളും സാധാരണജനങ്ങളും ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. ഒരു കാര്യം ഉറപ്പാണ്. ബംഗാളിന്റെ നേട്ടങ്ങള്‍ നിലനിര്‍ത്താനും കൂടുതല്‍ നേട്ടങ്ങളിലേക്ക് മുന്നേറാനും മമതയുടെ നയങ്ങള്‍കൊണ്ട് കഴിയില്ല.
ഉദാരവല്ക്കരണവും ആഗോളവല്ക്കരണവും മുന്നോട്ടുവയ്ക്കുന്ന ജനവിരുദ്ധ-തൊഴിലാളിവിരുദ്ധ നയങ്ങളെ ചെറുത്താണ് ഇടതുമുന്നണി സര്‍ക്കാര്‍ ബംഗാളിനെ നയിച്ചത്. തൊഴിലാളികളും കര്‍ഷകരും സംരക്ഷിക്കപ്പെട്ടത് അതുകൊണ്ടാണ്. ഇപ്പോള്‍ മന്‍മോഹന്‍സിങ്ങിന്റെ സാമ്പത്തികനയങ്ങളെ പൂര്‍ണമായും പിന്തുടരുകയാണ് മമത. ഇത് വിവിധ ജനവിഭാഗങ്ങളെ പട്ടിണിയിലേക്കും ദുരിതങ്ങളിലേക്കും നയിക്കും. വരുംകാലത്ത് പശ്ചിമബംഗാളില്‍ ഇടതുപക്ഷത്തിന്റെ പ്രസക്തി ഈ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ച് പോരാട്ടങ്ങള്‍ നടത്തുന്നതിലായിരിക്കും.
*
വി ജയിന് ദേശാഭിമാനി 01 ഫെബ്രുവരി 2012
Subscribe to:
Post Comments (Atom)
1 comment:
പശ്ചിമബംഗാളിലെ കര്‍ഷകരുടെയും തൊഴിലാളികളുടെയും ജീവിതത്തിലെ വസന്തകാലമായിരുന്നു ഇടതുമുന്നണി ഭരണകാലഘട്ടം. ഇന്ന് എല്ലാം കീഴ്മേല്‍ മറിഞ്ഞിരിക്കുന്നു. ഉല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചയും വളം ഉള്‍പ്പെടെയുള്ളവയുടെ വിലക്കയറ്റവും കാരണം കര്‍ഷക ആത്മഹത്യകള്‍ പെരുകുന്നു. ജീവിക്കാന്‍ ആവശ്യമായ കൂലി ലഭിക്കാതെ തോട്ടം തൊഴിലാളികളും ആത്മഹത്യചെയ്യുകയാണ്. ഗ്രാമപ്രദേശത്ത് മാത്രമല്ല നഗരപ്രദേശങ്ങളില്‍വരെ ഗത്യന്തരമില്ലാതെ തൊഴിലാളികളും കര്‍ഷകരും ആത്മഹത്യചെയ്യുകയാണ്. ഏറ്റവുമൊടുവില്‍ ഹൗറയിലെ കൊല്‍ക്കത്ത ട്രാംവേയ്സ് കോര്‍പറേഷനിലെ തൊഴിലാളി വിക്രംസിങ് ശമ്പളം കിട്ടാത്തതിനെത്തുടര്‍ന്ന് ആത്മഹത്യചെയ്തു. അഞ്ചുമാസത്തെ ശമ്പളമാണ് വിക്രംസിങ്ങിന് ലഭിക്കാനുണ്ടായിരുന്നത്. ഈ സംഭവം ബംഗാളില്‍ വലിയ ചര്‍ച്ചയായി. കേവലം എട്ട് മാസംകൊണ്ട് എങ്ങനെയാണ് പശ്ചിമബംഗാളിന്റെ മുഖം മാറിപ്പോയത് എന്ന് ചിന്തിക്കുമ്പോള്‍ ഒരു സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ ജനങ്ങളുടെ ജീവിതത്തില്‍ എത്ര പെട്ടെന്നാണ് ദുരിതങ്ങള്‍ വിതയ്ക്കുന്നതെന്ന ഉത്തരം കിട്ടും.
Post a Comment