Sunday, February 26, 2012

അണയാത്ത സൂര്യതേജസ്

ഹോഷിയാര്‍പൂര്‍ കോടതിവളപ്പില്‍ ചീറിപ്പാഞ്ഞുവന്ന വെടിയുണ്ടകളെ അവഗണിച്ച് ബ്രിട്ടന്റെ യൂണിയന്‍ ജാക്ക് താഴെയിറക്കി ത്രിവര്‍ണ പതാക ഉയര്‍ത്തിയതിന് ആദ്യ അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തന്റെ പേര് ലണ്ടന്‍ തോഡ്സിങ് (ലണ്ടനെ തകര്‍ക്കുന്ന സിങ്) എന്നുറക്കെ പറഞ്ഞ് ജഡ്ജിയെ ഞെട്ടിച്ച ചെറുപ്പക്കാരന്‍ . സാമ്രാജ്യത്വവിരുദ്ധ സമരത്തിന്റെ തീച്ചൂളയിലൂടെ വളര്‍ന്ന് ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ നായകരിലൊരാളായി സിപിഐ എമ്മിന്റെ അമരക്കാരനായി വളര്‍ന്ന ഹര്‍കിഷന്‍ സിങ് സുര്‍ജിത്തായിരുന്നു അത്.

ലാഹോറിലെ കുപ്രസിദ്ധമായ ചെങ്കോട്ട ജയിലിലെ ഇരുട്ടുമുറിയില്‍ ഒന്നരക്കൊല്ലം കഴിഞ്ഞപ്പോള്‍ ആ ചെറുപ്പക്കാരന്റെ കാഴ്ച മങ്ങി. തടവുകാരുടെ ആരോഗ്യനിലയെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ വന്ന ഐറിഷ് ഡോക്ടറുടെ നിര്‍ബന്ധത്തിന് വഴങ്ങി അദ്ദേഹത്തെ ഇരുട്ടുമുറിയില്‍നിന്ന് മാറ്റിയില്ലായിരുന്നെങ്കില്‍ അന്ധതബാധിക്കുമായിരുന്നു.

പഞ്ചാബിലെ ജലന്ധര്‍ ജില്ലയിലെ ബുണ്ടാല ഗ്രാമത്തില്‍ 1916ല്‍ ജനിച്ച സുര്‍ജിത് രണ്ടാംലോകയുദ്ധ കാലത്ത് ദീര്‍ഘകാലം ഒളിവില്‍ കഴിഞ്ഞു. തലമുടി മൊട്ടയടിച്ചും ഹാര്‍മോണിയം തൂക്കി പാട്ടുകാരനായും കരിമ്പ് ശര്‍ക്കരയുണ്ടാക്കുന്നയാളായും അഭിനയിച്ച് അറസ്റ്റില്‍ നിന്ന് പലപ്പോഴും രക്ഷപ്പെട്ടു. ചില ഘട്ടങ്ങളില്‍ പിടിക്കപ്പെടുകയും ചെയ്തു. മോസ്കോയിലെ ടോയ്ലേഴ്സ് ഓഫ് ഈസ്റ്റില്‍നിന്ന് പഠനം കഴിഞ്ഞ് വന്ന ബന്ധു ഹര്‍ബന്‍സ് സിങ് ബാസ്സിയില്‍നിന്നാണ് സുര്‍ജിത് കമ്യൂണിസത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. 1934ല്‍ പാര്‍ടി അംഗമായി. പാര്‍ടി ജില്ലാ കേന്ദ്രം അന്ന് ലാഹോറില്‍ . യോഗങ്ങള്‍ക്കും മറ്റുമായി ബുണ്ടാലയില്‍നിന്ന് സൈക്കിളിലാണത്രെ സുര്‍ജിത് പോയിരുന്നത്. പഞ്ചാബ് രാഷ്ട്രീയത്തില്‍ അതികായനായിരുന്ന സുര്‍ജിത്തിനെ അകാലി-കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ ഒരുപോലെ ബഹുമാനിച്ചിരുന്നു. അദ്ദേഹത്തിന്റെ അച്ഛന്‍ ഹര്‍ണാംസിങ് ബാസ്സി അകാലി പാര്‍ടിയുടെ ജില്ലാ സെക്രട്ടറിയായിരുന്നു. പഞ്ചാബിലെ എല്ലാ വിപ്ലവകാരികളുമായും സുര്‍ജിത്തിന് ആത്മബന്ധമുണ്ടായി. ഗദ്ദര്‍ വിപ്ലവകാരികളായ സന്തോക്ക് സിങ്, ബാബ കരം സിംഗ് ചീമ, ബാബാഗ്സിങ് എന്നിവര്‍ അദ്ദേഹത്തിന്റെ വീട്ടിലെ സന്ദര്‍ശകരായിരുന്നു.

സുര്‍ജിത്തിനെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറ്റവുമധികം ശ്രദ്ധേയനാക്കിയത് വര്‍ഗീയതയോടുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൊണ്ടാണ്. പഞ്ചാബില്‍ പല ഘട്ടങ്ങളിലായി നടന്ന ഹിന്ദു-സിഖ് സംഘര്‍ഷങ്ങളും ഇന്ത്യാ വിഭജനം തീര്‍ത്ത മുറിവുമാണ് അദ്ദേഹത്തെ ശക്തനായ വര്‍ഗീയ വിരുദ്ധ ചിന്താഗതിക്കാരനാക്കിയത്. ഹൈന്ദവ വര്‍ഗീയത തലയുയര്‍ത്തുകയും കോണ്‍ഗ്രസിന്റെ ഏകക്ഷി ഭരണത്തിന് അന്ത്യമാവുകയും ചെയ്ത വേളയിലാണ് സുര്‍ജിത് സിപിഐ എമ്മിന്റെ അമരക്കാരനാകുന്നത്. പതിനാലാം പാര്‍ടി കോണ്‍ഗ്രസിലാണ് ഇഎംഎസില്‍നിന്ന് ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തത്. നാലുവട്ടം തുടര്‍ന്നു. ബിജെപിയുടെ വളര്‍ച്ച തടയാന്‍ മതനിരപേക്ഷ ശക്തികളുടെ കൂട്ടായ്മ രൂപപ്പെടുത്താന്‍ സുര്‍ജിത് ഏറെ പരിശ്രമിച്ചു. അതിന്റെ ആദ്യ സ്ഫുലിംഗം 1989ലായിരുന്നു. വി പി സിങ് സര്‍ക്കാരില്‍ ബിജെപിയും കയറിക്കൂടാന്‍ ശ്രമിച്ചിരുന്നു. അപകടം മനസ്സിലാക്കിയ സുര്‍ജിത് അങ്ങനെയൊരു മന്ത്രിസഭയെ പിന്തുണയ്ക്കാനാവില്ലെന്ന് വ്യക്തമാക്കി. ഇതോടെയാണ് ബിജെപിയും പുറത്തുനിന്ന് പിന്തുണക്കാന്‍ നിര്‍ബന്ധിതമായത്.

ഐക്യമുന്നണി-ഐക്യ പുരോഗമനസഖ്യം സര്‍ക്കാരുകള്‍ രൂപീകരിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചത് സുര്‍ജിത്. "ഹിന്ദുത്വ ശക്തികളുടെ കടന്നാക്രമങ്ങള്‍ക്കിടയിലും മതനിരപേക്ഷതയുടെ കൊടി ഉയര്‍ത്തിപ്പിടിച്ചതിന് രാജ്യം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്ന്" സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വിലയലിരുത്തുന്നു. തൊഴിലാളിവര്‍ഗ സാര്‍വദേശീയത ഉയര്‍ത്തിപ്പിടിക്കുന്നതിലും സുര്‍ജിത് പ്രധാന പങ്കുവഹിച്ചു. ലോകത്തെങ്ങുമുള്ള പുരോഗമന ശക്തികളുമായും കമ്യൂണിസ്റ്റ് പാര്‍ടികളുമായി ഇത്രയധികം ബന്ധം പുലര്‍ത്തിയ മറ്റൊരു നേതാവും ഇല്ല. ക്യൂബന്‍ ഐക്യദാര്‍ഢ്യ പ്രസ്ഥാനം വിപുലമാക്കുന്നതില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മിക്കപ്പെടും. സുര്‍ജിത്തിന്റെ അഭാവത്തിലാണ് ഇരുപതാം പാര്‍ടി കോണ്‍ഗ്രസ് കോഴിക്കോട്ട് നടക്കുന്നത്.

*
വി ബി പരമേശ്വരന്‍ ദേശാഭിമാനി 26 ഫെബ്രുവരി 2012

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ഹോഷിയാര്‍പൂര്‍ കോടതിവളപ്പില്‍ ചീറിപ്പാഞ്ഞുവന്ന വെടിയുണ്ടകളെ അവഗണിച്ച് ബ്രിട്ടന്റെ യൂണിയന്‍ ജാക്ക് താഴെയിറക്കി ത്രിവര്‍ണ പതാക ഉയര്‍ത്തിയതിന് ആദ്യ അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തന്റെ പേര് ലണ്ടന്‍ തോഡ്സിങ് (ലണ്ടനെ തകര്‍ക്കുന്ന സിങ്) എന്നുറക്കെ പറഞ്ഞ് ജഡ്ജിയെ ഞെട്ടിച്ച ചെറുപ്പക്കാരന്‍ . സാമ്രാജ്യത്വവിരുദ്ധ സമരത്തിന്റെ തീച്ചൂളയിലൂടെ വളര്‍ന്ന് ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ നായകരിലൊരാളായി സിപിഐ എമ്മിന്റെ അമരക്കാരനായി വളര്‍ന്ന ഹര്‍കിഷന്‍ സിങ് സുര്‍ജിത്തായിരുന്നു അത്.

Sabu Hariharan said...

ഇതൊക്കെ ആദ്യമായാണ്‌ അറിയുന്നത്‌. അറിവ്‌ പങ്കു വെച്ചതിനു നന്ദി.