Monday, February 13, 2012

നഴ്‌സുമാരുടെ സമരവും ഭരണഘടനയും

തൊഴിലിന്റെ എല്ലാ വശങ്ങളെയും മാന്യമായി ജിവിക്കാനുള്ള അടിസ്ഥാനപരമായ സാഹചര്യങ്ങളെയും നിയന്ത്രിക്കുന്ന പരമോന്നതമായ പ്രമാണമാണ് ഇന്ത്യന്‍ ഭരണഘടന. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആശുപത്രികളുടെയും നടത്തിപ്പിനും നമ്മുടെ ഭരണഘടന ബാധകമാണ്. ഓരോ പൗരനും ജീവിക്കാനുള്ള അവകാശം മൗലികമാണ് (21-ാം അനുഛേദം). ജീവിതം എന്നാല്‍ ജന്തുക്കളെ പോലെ നിലനില്‍ക്കുകയെന്നതല്ല. മാന്യതയോടെയും അന്തസ്സോടെയും ജനാധിപത്യം ഒരു പൗരന് അനുവദിക്കുന്ന എല്ലാവിധ സ്വാതന്ത്ര്യങ്ങളോട് കൂടിയും ജിവിക്കുന്നതിനുള്ള അവകാശമാണ്. ഇത് നിഷേധിക്കുന്നത് ഭരണഘടനയുടെ ലംഘനമാകും. എല്ലാ തൊഴിലാളികള്‍ക്കും ജീവിക്കാനാവശ്യമായ വേതനം, മാന്യമായ ജീവിതനിലവാരം ഉറപ്പുവരുത്തുന്ന വേതനം എന്നിവയ്ക്കാവശ്യമായ സാമ്പത്തിക ക്രമീകരണങ്ങളോ മറ്റ് ഏര്‍പ്പാടുകളൊ ഗവണ്‍മെന്റുത്തരവുകളിലൂടെയോ മറ്റ് രീതികളിലോ നടപ്പാക്കാനുള്ള ബാധ്യത ഗവണ്‍മെന്റിനുണ്ടെന്ന് രാഷ്ട്രത്തിന്റെ നയത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയുടെ മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളിലെ 43-ാം അനുഛേദം അനുശാസിക്കുന്നു.

ഇത് അമൃതാ ആശുപത്രിക്കും ക്രിസ്ത്യന്‍ പള്ളികളോ, മുസ്ലീം മതസ്ഥാപനങ്ങളോ നടത്തുന്നവയുള്‍പ്പെടെയുള്ള ആരോഗ്യസംരക്ഷണ കേന്ദ്രങ്ങള്‍ക്കും ബാധകമാണ്. ഇവരിലാരും തന്നെ ഭരണഘടനക്ക് അതീതരല്ല. ഇത് പരിപാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടത് ഗവണ്‍മെന്റിന്റെ ബാധ്യതയാണ്. അവയുടെ പ്രവര്‍ത്തനം കോടതി തടയണം. രാഷ്ട്രം എന്ന പരമാധികാര സ്ഥാപനത്തിന്റെ ഉപകരണങ്ങള്‍ മാത്രമാണ് ആശുപത്രികളും കൊളജുകളും. നിയമപരമായ ഈ വ്യവസ്ഥ അനുസരിച്ചുകൊണ്ടായിരിക്കണം മാനേജ്‌മെന്റുകള്‍ പ്രവര്‍ത്തിക്കേണ്ടത്. അല്ലാത്തപക്ഷം അവയെല്ലാം അടച്ചുപൂട്ടണം.

നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, പരിമിതമായ വിഭവങ്ങള്‍ മാത്രമുള്ള കേരള സംസ്ഥാനം ഇത്തരത്തിലുള്ള കുറച്ചു സ്ഥാപനങ്ങള്‍ മാത്രമാണ് നടത്തുന്നത്. ജീവിക്കാനുള്ള അവകാശത്തിനേല്‍ക്കുന്ന മുറിവുകള്‍ ഉണക്കുന്നതിനോ, ആ അവകാശം സംരക്ഷിക്കുന്നതിനോ അവ തീരെ മതിയാകില്ല. അമ്മമാര്‍ രോഗാതുരരും പോഷകാഹാരക്കുറവ് മൂലം കുട്ടികള്‍ കഷ്ടപ്പെടുന്നതും മരുന്നുകള്‍ക്ക് ഭാരിച്ച വില നല്‍കേണ്ടിയും വരുന്ന ദരിദ്രമായ ഒരു സമൂഹമാണ് നമ്മുടേത്. ഡോക്ടര്‍മാര്‍ കുറവാണ്. നമ്മുടെ ആശുപത്രികളുടെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്നത് നഴ്‌സുമാരാണ്.

ഈ സാഹചര്യങ്ങളില്‍ ഒരു ആശുപത്രിയോ വൃദ്ധസദനമോ തൃപ്തികരമായ രീതിയില്‍ നടത്തിക്കൊണ്ടു പോകുന്നതില്‍ പരിശീലനം സിദ്ധിച്ച നഴ്‌സുമാരുടെ പ്രാധാന്യം വര്‍ധിക്കുന്നു. അതുകൊണ്ടാണ് യേശുക്രിസ്തുവിന്റെ യഥാര്‍ഥസത്ത ഉള്‍ക്കൊണ്ടുകൊണ്ട് പള്ളി നഴ്‌സിംഗ് ഹോമുകള്‍ നടത്തുന്നതും നഴ്‌സുമാര്‍ക്ക് മികച്ച പരിശീലനം നല്‍കുന്നതും. കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ നഴ്‌സുമാര്‍ കേരളത്തിനുള്ളിലും ഗള്‍ഫ്, അമേരിക്കയുള്‍പ്പെടെയുള്ള വിദേശരാഷ്ട്രങ്ങളിലും വളരെ പ്രയോജനകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ചെറുപ്രായത്തിലുള്ള ഈ യുവതികള്‍ കടംവാങ്ങിയാണ് അഡ്മിഷന്‍ നേടുന്നതും പരിശീലനം പൂര്‍ത്തിയാക്കുന്നതും. കോഴ്‌സ് പൂര്‍ത്തിയാകുമ്പോള്‍ നാട്ടിലെ ഏതെങ്കിലും ആശുപത്രിയില്‍ തൊഴില്‍ തേടുന്നു. മാന്യമായ വേതനം ലഭിക്കുമെന്ന പ്രതീക്ഷയോടെയാണവര്‍ അത്തരം സ്ഥാപനങ്ങളില്‍ ചേരുന്നത്.

എന്നാല്‍ അവരുടെ നിസ്സഹായതയും സാമ്പത്തികസ്ഥിതിയും മനസ്സിലാക്കി അവര്‍ക്ക് വളരെ കുറഞ്ഞ വേതനം മാത്രമാണ് മാനേജ്‌മെന്റുകള്‍ നല്‍കുന്നത്. കൊച്ചിന്‍ കോര്‍പ്പറേഷന്‍ അവിടുത്തെ തൂപ്പുകാരികള്‍ക്ക് നല്‍കുന്ന വേതനത്തേക്കാള്‍ കുറഞ്ഞ തുകയാണത്. കുറച്ചുകൂടി മാന്യമായ വേതനം ആവശ്യപ്പെടുമ്പോള്‍ യേശുക്രിസ്തുവിന്റെ ആത്മീയസത്ത ഉള്‍ക്കൊള്ളുന്നതായി അവകാശപ്പെടുന്ന മാനേജുമെന്റുകള്‍ തരില്ല എന്ന് പറയുന്നു. മാനവരാശിയുടെ വിമോചനത്തിനായാണ് യേശുക്രിസ്തു കുരിശിലേറിയതും കഷ്ടപ്പാടുകള്‍ സഹിച്ചതും. എന്നാല്‍ ഏറ്റവും വലിയ ആ വിപ്ലവകാരിയുടെ നാമധേയമുള്ള സ്ഥാപനങ്ങള്‍ ഈ ബാധ്യത വിസ്മരിക്കുന്നത് ആരെയും അത്ഭുതപ്പെടുത്തും.

സ്വാഭാവികമായും നിരാശയും പ്രതീക്ഷകള്‍ ഇരുളടഞ്ഞതുമായി മാറിയ നഴ്‌സുമാര്‍ സമരം ചെയ്യുന്നതിനായി തെരുവിലേക്കിറങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. ഒരു പരിഷ്‌കൃത സമൂഹത്തിലെ സാഹചര്യങ്ങള്‍ക്കിണങ്ങുംവിധം, നഴ്‌സുമാരുടെ മിനിമം വേതനം ഉയര്‍ത്തിക്കൊണ്ട് കേരള സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് അനുസരിക്കാന്‍ കൂട്ടാക്കാത്ത അത്രയും വരെ ഈ മാനേജ്‌മെന്റുകള്‍ മനുഷ്യത്വവിരുദ്ധമായിരിക്കുന്നുവെന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. അവരിപ്പോള്‍ കോടതിയിലേക്ക് പോകാനൊരുങ്ങുന്നു. മാനേജ്‌മെന്റുകള്‍ മനുഷ്യത്വപൂര്‍ണമായി പെരുമാറണമെന്നാണ് ഈയവസരത്തില്‍ അഭ്യര്‍ഥിക്കാനുള്ളത്. അവരെ മനുഷ്യത്വമുള്ളവരാക്കി മാറ്റുന്നതിന് തൊഴില്‍വകുപ്പ് നടത്തിയ ശ്രമം നിഷ്ഫലമായിരിക്കുന്നു. കേരളത്തിലെ ആശുപത്രികളില്‍ യാതനകള്‍ അനുഭവിക്കുന്ന നഴ്‌സുമാരോട് സാമ്പത്തികനീതി കാണിക്കുന്നതിന് ബന്ധപ്പെട്ട പുരോഹിതന്മാര്‍ സമ്മര്‍ദ്ദം ചെലുത്തണം. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുകയെന്നാണ് ക്രിസ്തു പറഞ്ഞിട്ടുള്ളത്. നിങ്ങളുടെ സഹോദരിമാരോട് കരുണ കാട്ടുക. മനസാക്ഷിയുടെ ശബ്ദം അവര്‍ കേള്‍ക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. എല്ലാ പൗരന്മാര്‍ക്കും സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി ഉറപ്പാക്കുന്ന നമ്മുടെ ഭരണഘടനയുടെ ആമുഖം എല്ലാ ന്യായാധിപന്മാരും വായിക്കുമെന്നും പ്രതീക്ഷിക്കാം.

എല്ലാറ്റിനുമുപരി, രോഗികളുടെയും നിരാലംബരുടെയും ഭാഗത്തായിരുന്നു ക്രിസ്തു. അതുകൊണ്ട് ഒരു സഭയുടെ പരമാധികാരിയായ കര്‍ദ്ദിനാളിന് ഞാന്‍ എഴുതി. ആരുടെ ഭാഗത്താണ് നില്‍ക്കുന്നത്? സമ്പന്നരുടെയോ, ദരിദ്രരുടെയോ? യേശു നമ്മളെ നിരീക്ഷിക്കുന്നുണ്ട്. മാനവരാശിയുടെയാകെ സുഖം കാംക്ഷിക്കുന്ന ശിവന്‍ നിങ്ങളുടെ ആശുപത്രികളെ സൂക്ഷ്മനിരീക്ഷണം നടത്തുന്നുണ്ട്. മാനേജ്‌മെന്റുകള്‍ ഇനിയും വിസമ്മതം കാട്ടരുത്. സാമൂഹ്യനീതിയുടെ ഭാഗത്താകണം കോടതി.

*
ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ജനയുഗം 12 ഫെബ്രുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...