നേത്രാവതി എക്‌സ്പ്രസ്സ് പന്‍വേലില്‍ വന്നു നില്‍ക്കുമ്പോള്‍ കയറാന്‍ അധികം പേരൊന്നുമുണ്ടായിരുന്നില്ല. എന്റെ ക്യൂബിക്കഌല്‍ രണ്ടു പേരേ ഉണ്ടായിരുന്നുള്ളു. എനിക്കെതിരെയിരിക്കുന്ന പെണ്‍കുട്ടി ഭക്ഷണം കഴിയ്ക്കുകയായിരുന്നു. വണ്ടി പന്‍വേല്‍ വിട്ടതോടെ ഞങ്ങള്‍ പരിചയപ്പെട്ടു. തലശ്ശേരിക്കാരി ബെസ്സി, ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണ് ജോലി.
ഒരു വര്‍ഷത്തിനുശേഷം നാട്ടിലേയ്ക്കു പോവുകയാണ് ബെസ്സി. ഇരുപതു ദിവസം ലീവുണ്ട്. കൊല്ലത്തിലൊരിക്കല്‍ പതിവുള്ള യാത്ര. ഇത്തവണ വിശേഷമായി പറയാന്‍ ഒരു വിവാഹാലോചനയുണ്ട്. ബാങ്കുദ്യോഗസ്ഥനാണ്. നാട്ടിലായിരുന്നു. ഇപ്പോള്‍ ജലന്ധറിലാണ്. വിവാഹം ശരിയാവുകയാണെങ്കില്‍ തിരിച്ചുവന്ന് ജോലി രാജിവെയ്ക്കും.
ജലന്ധറിലും ആശുപത്രികള്‍ ഉണ്ടാവുമല്ലോ എന്നു ഞാന്‍ സംശയിച്ചപ്പോള്‍ ബെസ്സി ചിരിച്ചു. ഒരു കാരണവശാലും താന്‍ ഇനി നേഴ്‌സ് ആയി തുടരാന്‍ ഉദ്ദേശിക്കുന്നില്ല. ഈ ജോലി മടുത്തു. ഇപ്പോള്‍ പ്രൈവറ്റായി എം ബി എയ്ക്കു പഠിക്കുന്നുണ്ട്.
ഒമ്പതില്‍ പഠിക്കുമ്പോഴത്തെ കഥയാണ്. വല്യമ്മച്ചി കിടപ്പായപ്പോള്‍ ബെസ്സിയായിരുന്നു ശുശ്രൂഷിക്കാന്‍. ശുശ്രൂഷയിലുള്ള മിടുക്കു കണ്ട് മോള്‍ വലുതാവുമ്പോള്‍ നേഴ്‌സ് ആയിക്കോട്ടെ എന്ന് പലരും ആശീര്‍വദിച്ചു. അതാണ് തലയ്ക്കു പിടിച്ചതെന്നു തോന്നുന്നു. പ്ലസ്സ് ടൂ കഴിഞ്ഞപ്പോള്‍ സംശയിച്ചില്ല. ബാംഗളൂരില്‍ ബി എസ് സി നേഴ്‌സിങ്ങിനു ചേര്‍ന്നു. ദില്ലിയിലായിരുന്നു ആദ്യം ജോലി കിട്ടിയത്. ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ജോലി കിട്ടിയപ്പോള്‍ വലിയ സന്തോഷമായിരുന്നു. പക്ഷേ നേഴ്‌സിങ്ങ് അത്ര ദിവ്യമായ ജോലിയൊന്നുമല്ലെന്ന് തോന്നിത്തുടങ്ങിയതും ഇവിടെ വന്നതിനു ശേഷമാണ്. ഓരോ മുറിയും ഹോട്ടലുകളിലെ സ്യൂട്ട് പോലെയാണ്. സിനിമാതാരങ്ങളോ വാണിജ്യപ്രമുഖരോ അതുമല്ലെങ്കില്‍ വലിയ പണച്ചാക്കുകളോ ആണ് ബ്രീച്ച് കാന്‍ഡിയില്‍ ചികിത്സയ്ക്കു വരിക. അതുകൊണ്ടുതന്നെ വളരെ ശ്രദ്ധിക്കണം അവരെ പരിചരിക്കാന്‍. പ്രത്യേകിച്ചും അപ്രശസ്തരായ പണക്കാര്‍. സിനിമാതാരങ്ങള്‍ പോലും ഇത്ര പ്രശ്‌നങ്ങളുണ്ടാക്കാറില്ല.
ജോലിയില്‍ ഇത്ര വേഗം മടുപ്പു വരാനുള്ള കാരണമെന്താണ്? മറ്റു പലേ ആശുപത്രികളും നോക്കുമ്പോള്‍ ബ്രീച്ച് കാന്‍ഡിയിലെ ശമ്പളം ഭേദമാണ്. ബെസ്സിക്ക് പതിനയ്യായിരം ഉറുപ്പിക ശമ്പളം കിട്ടുന്നുണ്ട്. അച്ഛനമ്മമാര്‍ക്കും തനിക്കും തികച്ചും സൗജന്യമായ ചികിത്സ. കാന്റീനില്‍ വിഭവസമൃദ്ധമായ സൗജന്യഭക്ഷണം.
പക്ഷേ അതുകൊണ്ടൊന്നും കാര്യമില്ല. ജോലിക്കിടയില്‍ ശ്വാസം വിടാന്‍ പോലും നേരമുണ്ടാവില്ല. എപ്പോള്‍ വേണമെങ്കിലും കൈപ്പിഴ പറ്റാം. ഏതു നിമിഷവും പിരിച്ചുവിടപ്പെടാം. നേഴ്‌സുമാരുടെ ജോലി അടിമപ്പണി പോലെയാണ്. എല്ലാ സര്‍ട്ടിഫിക്കറ്റുകളും വാങ്ങിവെയ്ക്കും. രണ്ടുകൊല്ലത്തിനുള്ളില്‍ തിരിച്ചുകിട്ടണമെങ്കില്‍ പതിനായിരം ഉറുപ്പിക കെട്ടിവെയ്ക്കണം. ഏഷ്യന്‍ ഹാര്‍ട്ട് ഹോസ്പിറ്റലില്‍ ഇത് അമ്പതിനായിരം ഉറുപ്പികയാണ്. ആ ഹോസ്പിറ്റലിലെ ബീനാ ബേബി എന്ന മലയാളിപ്പെണ്‍കുട്ടിയുടെ ആത്മഹത്യയാണ് ബോംബെയിലെ നേഴ്‌സുമാരുടെ ഇടയില്‍ ഇത്രയും കാലം പുകഞ്ഞുകൊണ്ടിരുന്ന അസംതൃപ്തി മറ നീക്കി പുറത്തുവരാന്‍ കാരണമായത്.
ബീനാ ബേബിയുടെ മരണത്തിനു ശേഷം അവിടെയുണ്ടായ സമരത്തെത്തുടര്‍ന്ന് മലയാളികളായ നാല്‍പതോളം നേഴ്‌സുമാര്‍ ജോലി വിട്ടു. അവര്‍ക്ക് ആശുപത്രിക്കാര്‍ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് കൊടുത്തില്ല. സെക്യൂരിറ്റിയായി പിടിച്ചുവെച്ച സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചുകിട്ടാന്‍ പോലും സമരം ചെയ്യേണ്ടിവന്നു.
ബീനാ ബേബി ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. ദില്ലിയിലെ രാം മനോഹര്‍ ലോഹ്യാ ആശുപത്രിയിലെ ഒരു മലയാളി നഴ്‌സിന്റെ യൂണിഫോം സൂപ്രണ്ട് കീറിപ്പറിച്ചു. കല്‍ക്കത്തയിലെ എ എം ആര്‍ ഐ ആശുപത്രിയില്‍ രണ്ടു മലയാളി നഴ്‌സുമാര്‍ തീയില്‍പ്പെട്ടു മരിച്ചു. ഒന്നിനു പിന്നാലെ മറ്റൊന്നായി അശുഭവാര്‍ത്തകള്‍. പപ്പയും മമ്മയും ജോലി വിട്ടു പോരാന്‍ നിര്‍ബ്ബന്ധിച്ചു തുടങ്ങി. വിവാഹം ശരിയായില്ലെങ്കിലും ബോംബെയില്‍ തിരിച്ചു ചെന്നാല്‍ ഉടനെ ജോലി രാജി വെയ്ക്കാന്‍ പപ്പ പറഞ്ഞിട്ടുണ്ട്. ''എനിക്ക് ഇരുപത്തേഴു വയസ്സായി,'' ബെസ്സി പറഞ്ഞു. ''പപ്പയ്ക്കും മമ്മയ്ക്കും തിടുക്കമായിരിക്കുന്നു.''
അവള്‍ കുറച്ചുനേരം പുറത്തേയ്ക്കു നോക്കി നിശ്ശബ്ദയായി ഇരുന്നു. നാലു മക്കളില്‍ മൂത്തവളാണ് ബെസ്സി. അനിയന്‍ ജോഫി ബാംഗളൂരില്‍ ബി എസ് സി നേഴ്‌സിങ്ങിനു പഠിക്കുന്നു. അനിയത്തി സോഫി ബോംബെയില്‍ത്തന്നെയുണ്ട്. അയാട്ട പാസ്സായി അന്ധേരിയില്‍ ഒരു ട്രാവല്‍ ഏജന്‍സിയില്‍ ജോലിയെടുക്കുന്നു. ഏറ്റവും ഇളയവള്‍ ഗ്രേസി പത്താം ക്ലാസ്സിലാണ്.
''ഗ്രേസി ഈ പ്രായത്തില്‍ പണ്ടത്തെ എന്നേപ്പോലെയാണ്. അവള്‍ക്ക് നേഴ്‌സിങ്ങ് വളരെ ഇഷ്ടമാണ്. പ്ലസ്സ് ടൂ കഴിഞ്ഞാല്‍ നേഴ്‌സിങ്ങിനു പോവണമെന്നാണ് അവളുടെ ആഗ്രഹം. ആതുരശുശ്രൂഷയാണത്രേ അവളുടെ ജീവിതലക്ഷ്യം. എനിക്കാ വാക്കു കേള്‍ക്കുന്നതേ ഇഷ്ടമല്ല. ഞാന്‍ അവളെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.''
ബെസ്സിയുടെ മുഖത്തെ മടുപ്പ് എനിക്കിപ്പോള്‍ വളരെ വ്യക്തമായി വായിച്ചെടുക്കാനാവുന്നുണ്ട്. ഈ ചെറിയ കാലയളവിനിടയ്ക്ക് ഈ ജോലിയോടു മടുപ്പു തോന്നണമെങ്കില്‍ അവളെത്രമാത്രം അനുഭവിച്ചുകഴിഞ്ഞിട്ടുണ്ടാവണം! പക്ഷേ ഇത് ഒരു ബെസ്സിയുടെ മാത്രം കഥയല്ലല്ലോ.
''ഞങ്ങളുടെ ആശുപത്രിയിലെ ഭൂരിഭാഗം നേഴ്‌സുമാരും ഈ ജോലി മതിയാക്കാനുള്ള ഉദ്ദേശ്യത്തിലാണ്,'' ബെസ്സി തുടര്‍ന്നു. ''നഴ്‌സ്-രോഗി അനുപാതം വളരെ കുറവാണ്. എനിക്ക് ഒരേസമയം പതിന്നാലു രോഗികളെ നോക്കണം. രാവിലെ എട്ടു മണിക്കു കയറിയാല്‍ രാത്രി എട്ടു വരെ ജോലി. ഞാനിങ്ങനെ മെലിഞ്ഞിരിക്കുന്നതു തന്നെ അതുകൊണ്ടാണ്.''
വര്‍ത്തമാനത്തിനിടയ്ക്ക് വണ്ടി സിഗ്നല്‍ കിട്ടാതെ പെരുവഴിയില്‍ നിരങ്ങിനിന്നു. ബെസ്സി വീണ്ടും നിശ്ശബ്ദയായി പുറത്തേയ്ക്കു നോക്കിയിരുന്നു. അതിനിടെ ബെസ്സിയുടെ മൊബൈല്‍ ഒന്നു കരഞ്ഞു. പപ്പാ എന്നു വിളിച്ച് ബെസ്സി സംസാരിച്ചു തുടങ്ങി.
''പപ്പയും മമ്മയും ബെസ്സിയുടെ വരവു കാത്ത് ത്രില്ലടിച്ചിരിക്കുകയാവും അല്ലേ?'' ഫോണ്‍ സംഭാഷണം കഴിഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു.
''നാളെ കണ്ണൂര്‍ ജില്ലയില്‍ പ്രൈവറ്റ് ബസ്സ് പണിമുടക്കമാണത്രേ,'' ബെസ്സി പറഞ്ഞു. ''എന്റെ വീട് പേരാവൂരാണ്. ഓട്ടോറിക്ഷയും കൊണ്ട് പപ്പ സ്റ്റേഷനില്‍ വരാമെന്നു പറഞ്ഞു.''
രാത്രിയായി. അത്താഴം കഴിച്ച് കിടക്കുമ്പോള്‍ വണ്ടി ഒരു മണിക്കൂറോളം വൈകിയാണ് ഓടുന്നതെന്ന് ഞങ്ങള്‍ കണ്ടെത്തി. ഒരു പക്ഷേ രാത്രിയോട്ടത്തില്‍ സമയതാമസം പരിഹരിക്കാനും വഴിയുണ്ട്.
അതു ശരിയായി. വണ്ടി തലശ്ശേരിയിലെത്തിയത് കൃത്യസമയത്തായിരുന്നു. പ്ലാറ്റ് ഫോമില്‍ ബെസ്സിയുടെ പപ്പ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ബെസ്സി എന്നെ പപ്പയ്ക്കു പരിചയപ്പെടുത്തി.
''ഇവള്‍ വല്ലാതെ ബോറടിച്ചുവോ?'' ബെസ്സിയുടെ പപ്പ എന്നോടു ചോദിച്ചു. ''ആരെയെങ്കിലും കയ്യില്‍ കിട്ടിയാല്‍ പണ്ടേ ഇവള്‍ അങ്ങനെയാണ്.''
ഞാന്‍ വെറുതെ ചിരിച്ചു. പപ്പാ, ഞാന്‍ നിശ്ശബ്ദം പറഞ്ഞു. ബെസ്സി നമ്മുടെ മാലാഖമാരില്‍ ഒരാളാണ്. അനേകമനേകം ആതുരര്‍ക്ക് അഭയം കൊടുക്കേണ്ടവള്‍. അവരുടെ വേദന ഒപ്പിയെടുക്കേണ്ടവള്‍. അവര്‍ക്ക് കൈത്താങ്ങായിത്തീരേണ്ടവള്‍. ഇവള്‍ പറയുന്നു ഈ ജോലി ഇവള്‍ക്കു മടുത്തുവെന്ന്. ഇവള്‍ മാത്രമല്ല, ഇവളേപ്പോലെ കുറെയേറെപ്പേരും. നോക്കൂ, ഈ മാലാഖമാര്‍ എല്ലാവരും സ്വന്തം ജോലി ഉപേക്ഷിച്ചു പോയാല്‍ പിന്നെ നമുക്ക് ആരാണഭയം?
വണ്ടി പുറപ്പെടാനായി ചൂളം വിളിച്ചു. പപ്പ എന്റെ കൈപിടിച്ചു. ''ഇനിയും ഇതുപോലെ വണ്ടിയിലൊക്കെ വെച്ചു കാണാം,'' ബെസ്സി പറഞ്ഞു.
ബെസ്സീ, നിനക്കു നല്ലതു വരട്ടെ! വണ്ടിയില്‍ തിരിച്ചു കയറുമ്പോള്‍ ഞാന്‍ നിശ്ശബ്ദമായി പറഞ്ഞു. നിനക്കും നിന്റെ അനുജനും ഈ ജോലിയില്‍ത്തന്നെ സന്തോഷത്തോടെ തുടരാനുള്ള ചുറ്റുപാടുകള്‍ ഉരുത്തിരിയട്ടെ.
നേത്രാവതി എക്‌സ്പ്രസ്സ് നീങ്ങിത്തുടങ്ങിയിരുന്നു.
*
അഷ്ടമൂര്‍ത്തി ജനയുഗം
Saturday, March 17, 2012
Subscribe to:
Post Comments (Atom)
1 comment:
നേത്രാവതി എക്‌സ്പ്രസ്സ് പന്‍വേലില്‍ വന്നു നില്‍ക്കുമ്പോള്‍ കയറാന്‍ അധികം പേരൊന്നുമുണ്ടായിരുന്നില്ല. എന്റെ ക്യൂബിക്കഌല്‍ രണ്ടു പേരേ ഉണ്ടായിരുന്നുള്ളു. എനിക്കെതിരെയിരിക്കുന്ന പെണ്‍കുട്ടി ഭക്ഷണം കഴിയ്ക്കുകയായിരുന്നു. വണ്ടി പന്‍വേല്‍ വിട്ടതോടെ ഞങ്ങള്‍ പരിചയപ്പെട്ടു. തലശ്ശേരിക്കാരി ബെസ്സി, ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണ് ജോലി.
ഒരു വര്‍ഷത്തിനുശേഷം നാട്ടിലേയ്ക്കു പോവുകയാണ് ബെസ്സി. ഇരുപതു ദിവസം ലീവുണ്ട്. കൊല്ലത്തിലൊരിക്കല്‍ പതിവുള്ള യാത്ര. ഇത്തവണ വിശേഷമായി പറയാന്‍ ഒരു വിവാഹാലോചനയുണ്ട്. ബാങ്കുദ്യോഗസ്ഥനാണ്. നാട്ടിലായിരുന്നു. ഇപ്പോള്‍ ജലന്ധറിലാണ്. വിവാഹം ശരിയാവുകയാണെങ്കില്‍ തിരിച്ചുവന്ന് ജോലി രാജിവെയ്ക്കും.
ജലന്ധറിലും ആശുപത്രികള്‍ ഉണ്ടാവുമല്ലോ എന്നു ഞാന്‍ സംശയിച്ചപ്പോള്‍ ബെസ്സി ചിരിച്ചു. ഒരു കാരണവശാലും താന്‍ ഇനി നേഴ്‌സ് ആയി തുടരാന്‍ ഉദ്ദേശിക്കുന്നില്ല. ഈ ജോലി മടുത്തു. ഇപ്പോള്‍ പ്രൈവറ്റായി എം ബി എയ്ക്കു പഠിക്കുന്നുണ്ട്.
Post a Comment