Monday, March 26, 2012

മാപ്പര്‍ഹിക്കാത്ത രാജ്യദ്രോഹം

ഉപയോഗിക്കാന്‍ ഗുണമില്ലാത്ത വാഹനം ഇന്ത്യന്‍ പട്ടാളത്തിന് വാങ്ങിയാല്‍ 14 കോടിരൂപ കൈക്കൂലി നല്‍കാമെന്ന് ഒരാള്‍ നേരിട്ടുവന്ന് പറഞ്ഞതായി വെളിപ്പെടുത്തിയിരിക്കുന്നത് രാജ്യത്തിന്റെ കരസേനാ മേധാവിതന്നെയാണ്. സൈന്യത്തെക്കൊണ്ട് നിലവാരമില്ലാത്ത വാഹനവും ആയുധവും വാങ്ങിപ്പിക്കുക എന്നാല്‍, ഇന്ത്യന്‍ പട്ടാളത്തെ ഒറ്റിക്കൊടുക്കുന്നതിനു തുല്യമാണ്. ശത്രുവിനുമുന്നില്‍ പരാജയപ്പെടാനാണ് അതിടയാക്കുക. അത് തികഞ്ഞ രാജ്യദ്രോഹമാണ്. അങ്ങനെയൊരു രാജ്യദ്രോഹക്കുറ്റംചെയ്യാന്‍ കരസേനാമേധാവിയെ പ്രേരിപ്പിച്ച കാര്യം അദ്ദേഹം പ്രതിരോധമന്ത്രിയെയാണ് അറിയിച്ചത്. രാജ്യത്തെ സ്നേഹിക്കുന്ന ആരും ഇങ്ങനെയൊരു വിവരം കേട്ടാല്‍ പ്രതികരിക്കും. ഒരാള്‍ കൈക്കൂലിയുമായി സമീപിച്ചു എന്നുമാത്രമല്ല, മുമ്പ് ഇത്തരം അഴിമതി നടന്നിട്ടുണ്ടെന്നും ഇനിയും നടക്കുമെന്നും കൂടിയാണ് ജനറല്‍ വി കെ സിങ് പറഞ്ഞത്.

കൈക്കൂലി വാങ്ങുന്നതും കൊടുക്കുന്നതും കുറ്റമായ നാട്ടില്‍ 14 കോടിയുമായി പട്ടാളത്തലവന്റെയടുത്തേക്കു ചെന്ന ഇടനിലക്കാരന്‍ മാന്യനായി ഇന്നും നടക്കുന്നു. സഹികെട്ട് കരസേനാമേധാവി പരസ്യപ്പെടുത്താന്‍ തയ്യാറായപ്പോള്‍മാത്രമാണ് കാര്യം ജനം അറിയുന്നത്. ഇത്രയും കൊടിയ ഒരഴിമതിയുടെ വിവരംകേട്ട് മൗനംദീക്ഷിച്ച പ്രതിരോധമന്ത്രിയും ആ കസേരയില്‍ത്തന്നെ തുടരുന്നു. ഇന്ത്യയില്‍ അഴിമതിരാജ് ആണെന്ന് വിമര്‍ശം വന്നപ്പോള്‍ വൈകാരികമായി പ്രതികരിച്ചയാളാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. എന്താണ് അദ്ദേഹത്തിന് ഇക്കാര്യത്തില്‍ പറയാനുള്ളത്? പാര്‍ലമന്റിന്റെ ഇരുസഭകളിലും ചോദ്യോത്തരവേള നിര്‍ത്തിവച്ച് ഈ വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ശക്തമായ പ്രതിഷേധത്തിനുമുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ, പ്രതിരോധമന്ത്രിക്ക് സിബിഐ അന്വേഷണം പ്രഖ്യാപിക്കേണ്ടിവന്നു. യുപിഎ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും കൈക്കൂലി നല്‍കാതെ ഒന്നും നടക്കില്ല എന്നുമാണ് കരസേനാ മേധാവിയുടെ വെളിപ്പെടുത്തല്‍ തെളിയിക്കുന്നതെന്നും പ്രതിപക്ഷം സഭയില്‍ സ്ഥാപിച്ചു.

യുക്തിഭദ്രമായ മറുപടി സര്‍ക്കാരില്‍നിന്നുണ്ടായില്ല. കരസേനാ മേധാവി നേരില്‍ അറിയിച്ചിട്ടും പ്രതികരിക്കാതെ ഇപ്പോള്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിന്റെ യുക്തി പ്രതിരോധമന്ത്രി എ കെ ആന്റണിയാണ് വിശദീകരിക്കേണ്ടത്. നിലവാരം കുറഞ്ഞ 600 വാഹനം വാങ്ങുന്നതിനുള്ള കരാര്‍ പാസാക്കാനാണ് 14 കോടി വാഗ്ദാനം ചെയ്തത്. ഇപ്പോള്‍ കരസേന ഇതേ കമ്പനിയുടെ ഏഴായിരം വാഹനം ഉപയോഗിക്കുന്നുണ്ട്. എല്ലാം ഉയര്‍ന്ന വിലയ്ക്കാണ് വാങ്ങിയത്. അതില്‍ എത്രകോടിയുടെ അഴിമതി നടന്നിട്ടുണ്ടാകും? പഞ്ചസാര കുംഭകോണം എന്ന് കേട്ടയുടന്‍ രാജിക്കത്തുമായി പ്രധാനമന്ത്രിയുടെ അടുത്തെത്തിയ പാരമ്പര്യമുള്ളയാളാണ് എ കെ ആന്റണി. എന്തുകൊണ്ട് ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണേന്ദ്രിയങ്ങള്‍ നിശ്ചേതനമായി? ഹിമാലയന്‍ അഴിമതികള്‍ക്കുമുന്നില്‍ മൗനിയായിരിക്കുന്ന മന്ത്രിയാണ് ഇന്ന് ആന്റണി. അദ്ദേഹത്തിന്റെ ആദര്‍ശപ്പൊയ്മുഖം അഴിമതിക്കൂടാരത്തില്‍ പൂഴ്ത്തിവച്ചിരിക്കുന്നു.

യുപിഎ സര്‍ക്കാരിന്റെ നിലനില്‍പ്പുതന്നെ പ്രതിരോധ ഇടപാടുകളിലെ വന്‍ അഴിമതികളിലാണ്. തെരഞ്ഞെടുപ്പില്‍ ഒഴുക്കാനും ജനാധിപത്യത്തെ വിലയ്ക്കെടുക്കാനും വിദേശ ബാങ്കുകളിലെ രഹസ്യ അക്കൗണ്ടുകള്‍ കൊഴുപ്പിക്കാനും പണം വരുന്നതിന്റെ പ്രധാന വഴി പ്രതിരോധക്കരാറുകളാണ്. ഇസ്രയേലുമായി യുപിഎ സര്‍ക്കാര്‍ ഒപ്പുവച്ച 10,000 കോടി രൂപയുടെ മധ്യദൂര ഭൂതല- ആകാശ മിസൈല്‍ (എംആര്‍എസ്എഎം) ഇടപാടില്‍ 600 കോടി രൂപയുടെ കോഴയുണ്ടെന്ന വാര്‍ത്ത ഈയിടെയാണ് പുറത്തുവന്നത്. കരാര്‍തുകയുടെ ആറു ശതമാനം ഇസ്രയേല്‍ കമ്പനിയായ ഇസ്രയേല്‍ എയ്റോ സ്പെയ്സ് ഇന്‍ഡസ്ട്രീസ് (ഐഎഐ) ബിസിനസ് ചാര്‍ജ് എന്ന പേരില്‍ കോഴയായി നല്‍കി. ഇടനിലക്കാര്‍ക്ക് ഒന്നര ശതമാനം മാത്രമാണ് ലഭിച്ചതെന്നും ബാക്കി പണം കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പുഫണ്ടിലേക്ക് മാറ്റിയെന്നുമാണ് ആരോപണംവന്നത്. ഈ കരാറിലൂടെ 450 കോടി രൂപ പ്രതിരോധമന്ത്രി എ കെ ആന്റണി കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പുഫണ്ടിലേക്ക് മുതല്‍ക്കൂട്ടിയെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചത് ഒരു പ്രമുഖ ഇംഗ്ലീഷ് പത്രമാണ്. ഇന്നുവരെ ആ ആരോപണം വിശ്വസനീയമായി നിഷേധിക്കപ്പെട്ടിട്ടില്ല.

1948ലെ ജീപ്പ് കുംഭകോണംമുതല്‍ എ ബി വാജ്പേയിയുടെ കാലത്തെ ശവപ്പെട്ടി കുംഭകോണമടക്കം സൈനികാവശ്യങ്ങള്‍ക്കുവേണ്ടി എന്തു വാങ്ങുന്നതിലും അഴിമതി എന്ന പതിവ് തുടര്‍ന്നുപോരുകയാണ്. 22 വര്‍ഷംമുമ്പ് രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ നടന്ന ബൊഫോഴ്സ് ഇടപാടില്‍ 64 കോടി രൂപയുടെ അഴിമതിയാണ് പുറത്തുവന്നത്. യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ടെന്‍ഡര്‍ വിളിക്കാതെയാണ് പ്രതിരോധ ഇടപാടുകള്‍ ഉറപ്പിക്കുന്നത്. ഇന്ത്യയുടെ സൈനികബജറ്റ് 3000 കോടി ഡോളര്‍വീതം ഓരോവര്‍ഷവും വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സൈന്യത്തിനുവേണ്ടി മൊട്ടുസൂചിമുതല്‍ മുങ്ങിക്കപ്പല്‍വരെ വാങ്ങുന്നതില്‍ അഴിമതിയുണ്ടെന്നത് പരസ്യമാണിന്ന്. വികസിത മുതലാളിത്ത രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥ തകരാതിരിക്കാനുള്ള പ്രധാന ഉപാധി ആയുധക്കച്ചവടമാണ്. യുദ്ധവ്യവസായം വളര്‍ത്താന്‍ അവര്‍ അസ്വസ്ഥതകളും സംഘര്‍ഷവും അനാവശ്യ ഭീതിയും സൃഷ്ടിക്കുന്നു. ഇന്ത്യക്ക് ചൈന ഭീഷണിയാണെന്ന പ്രചാരണംപോലും അത്തരത്തിലുള്ളതാണെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.

സാധാരണ നിലയില്‍ നടക്കാത്ത ആയുധക്കച്ചവടം ഭരണകക്ഷിയെയും സൈനിക നേതൃത്വത്തെയും കോഴയില്‍ മൂടിയാല്‍ നടക്കുമെന്ന് തിരിച്ചറിയുന്ന വന്‍കിട ഉല്‍പ്പാദകര്‍ ദല്ലാള്‍മാരെ അയക്കുകയാണ്. താങ്കള്‍ വാങ്ങിയില്ലെങ്കില്‍ താങ്കള്‍ക്കുശേഷം വരുന്നവര്‍ വാങ്ങും എന്ന് പട്ടാളത്തലവനോട് പറയാന്‍ ഇടനിലക്കാരന്‍ ചങ്കൂറ്റം കാട്ടണമെങ്കില്‍ അഴിമതിയുടെ വേര് എത്രത്തോളം ആഴ്ന്നിരിക്കുന്നു എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ആ അനുഭവം ജനറല്‍ വി കെ സിങ്ങിനെ അത്ഭുതപ്പെടുത്തിയിട്ടും ആന്റണിയില്‍ ചലനം സൃഷ്ടിച്ചില്ലെങ്കില്‍ അഴിമതിയുടെ രക്ഷാമന്ത്രിയായി അദ്ദേഹം മാറിയിരിക്കുന്നു എന്നേ ഉറപ്പിക്കാനാകൂ. യുപിഎ സര്‍ക്കാരിന്റെ അഴിമതിത്തൊപ്പിയില്‍ വലിയൊരു തൂവല്‍കൂടി പ്രതിരോധവകുപ്പ് അണിയിച്ചുകൊടുത്തിരിക്കുന്നു. അതിര്‍ത്തിയില്‍ മഞ്ഞിനെയും മരണത്തെയും കൂട്ടിരുത്തി നരകിക്കുന്ന നമ്മുടെ സൈനികരെ പണയംവച്ച് പണം വാരിക്കൂട്ടുന്നവര്‍ ദയ അര്‍ഹിക്കുന്നില്ല. അവരെ വിചാരണചെയ്ത് ശിക്ഷിക്കാനുള്ളതാകണം ജനങ്ങളുടെ അപ്രതിരോധ്യമായ മുന്നേറ്റം.

*
ദേശാഭിമാനി മുഖപ്രസംഗം 27 മാര്‍ച്ച് 2012

3 comments:

വര്‍ക്കേഴ്സ് ഫോറം said...

താങ്കള്‍ വാങ്ങിയില്ലെങ്കില്‍ താങ്കള്‍ക്കുശേഷം വരുന്നവര്‍ വാങ്ങും എന്ന് പട്ടാളത്തലവനോട് പറയാന്‍ ഇടനിലക്കാരന്‍ ചങ്കൂറ്റം കാട്ടണമെങ്കില്‍ അഴിമതിയുടെ വേര് എത്രത്തോളം ആഴ്ന്നിരിക്കുന്നു എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ആ അനുഭവം ജനറല്‍ വി കെ സിങ്ങിനെ അത്ഭുതപ്പെടുത്തിയിട്ടും ആന്റണിയില്‍ ചലനം സൃഷ്ടിച്ചില്ലെങ്കില്‍ അഴിമതിയുടെ രക്ഷാമന്ത്രിയായി അദ്ദേഹം മാറിയിരിക്കുന്നു എന്നേ ഉറപ്പിക്കാനാകൂ. യുപിഎ സര്‍ക്കാരിന്റെ അഴിമതിത്തൊപ്പിയില്‍ വലിയൊരു തൂവല്‍കൂടി പ്രതിരോധവകുപ്പ് അണിയിച്ചുകൊടുത്തിരിക്കുന്നു. അതിര്‍ത്തിയില്‍ മഞ്ഞിനെയും മരണത്തെയും കൂട്ടിരുത്തി നരകിക്കുന്ന നമ്മുടെ സൈനികരെ പണയംവച്ച് പണം വാരിക്കൂട്ടുന്നവര്‍ ദയ അര്‍ഹിക്കുന്നില്ല. അവരെ വിചാരണചെയ്ത് ശിക്ഷിക്കാനുള്ളതാകണം ജനങ്ങളുടെ അപ്രതിരോധ്യമായ മുന്നേറ്റം.

മുക്കുവന്‍ said...

was this the first bribe request came to mr Sing? I doubt that...sing is trying to get something out of this. wait for a while.... will open up many cases in near future...

every politician makes money when they are in power. who loots more :)

drjmash said...

Corruption is very much rampant there. It is not just limited to big deals. Officers demand commission even from contractors cutting grass or running small cafeteria and on every purchases small or big.