Saturday, April 21, 2012

ഇരുപതാം കോണ്‍ഗ്രസില്‍ നടന്നതെന്ത്?

ആറുമാസം നീണ്ടുനിന്ന ജനാധിപത്യപ്രക്രിയയുടെ പരിസമാപ്തിയായിരുന്നു ഏപ്രില്‍ നാലുമുതല്‍ ഒന്‍പതുവരെ കോഴിക്കോട്ട് നടന്ന സിപിഐ എമ്മിന്റെ ഇരുപതാം കോണ്‍ഗ്രസ്. പാര്‍ടി കോണ്‍ഗ്രസിനു മുമ്പായി ഒരു ലക്ഷത്തോളം ബ്രാഞ്ചുകളുടെയും ആറായിരത്തോളം ലോക്കല്‍ കമ്മിറ്റികളുടെയും ആയിരത്തോളം ഏരിയാ കമ്മിറ്റികളുടെയും നാനൂറോളം ജില്ലാ കമ്മിറ്റികളുടെയും ഇരുപത്താറ് സംസ്ഥാന കമ്മിറ്റികളുടെയും സമ്മേളനം നടക്കുകയുണ്ടായി. ഓരോ സമ്മേളനങ്ങളിലും നയപരവും സംഘടനാപരവുമായ കാര്യങ്ങളില്‍ ചര്‍ച്ച നടന്നിരുന്നു. അതത് നിലവാരത്തിലുള്ള കമ്മിറ്റികളെ സംഘടിപ്പിക്കുകയും തൊട്ടുപരി സമ്മേളനങ്ങളിലേക്കുള്ള പ്രതിനിധികളെ നിശ്ചയിക്കുകയുംചെയ്തു. സംസ്ഥാന സമ്മേളനങ്ങള്‍ തെരഞ്ഞെടുത്ത 727 പ്രതിനിധികളും 74 നിരീക്ഷകരും പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുത്തു. ആറു ദിവസം നീണ്ട പാര്‍ടി കോണ്‍ഗ്രസ്, വിഷയങ്ങളുടെ അവതരണത്തിനും ചര്‍ച്ചകള്‍ക്കും മറുപടികള്‍ക്കുമായി നാല്‍പ്പത്തഞ്ചര മണിക്കൂര്‍ ചെലവഴിച്ചു. രാഷ്ട്രീയ പ്രമേയത്തിന്റെ ചര്‍ച്ചയില്‍ വിവിധ സംസ്ഥാനങ്ങളെയും പാര്‍ടി കേന്ദ്രത്തിന്റെ കീഴിലുള്ള യൂണിറ്റുകളെയും പ്രതിനിധാനംചെയ്ത് 47 പ്രതിനിധികളും പ്രത്യയശാസ്ത്ര പ്രശ്നങ്ങളെപ്പറ്റിയുള്ള പ്രമേയത്തിന്റെ ചര്‍ച്ചയില്‍ 42 പ്രതിനിധികളും സംഘടനാരേഖ സംബന്ധിച്ച ചര്‍ച്ചയില്‍ 40 പ്രതിനിധികളും പങ്കെടുത്തു. ചര്‍ച്ചകള്‍ക്കും മറുപടികള്‍ക്കും ശേഷം രാഷ്ട്രീയ പ്രമേയം, രാഷ്ട്രീയ അവലോകന രേഖ, പ്രത്യയശാസ്ത്ര പ്രമേയം, സംഘടനാ രേഖ എന്നിവയും പാര്‍ടി ഭരണഘടനയ്ക്കുള്ള ഭേദഗതികളും പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ചു. കേന്ദ്ര കമ്മിറ്റിയിലേക്ക് 87 അംഗങ്ങളെയും കേന്ദ്ര കണ്‍ട്രോള്‍ കമിഷനിലേക്ക് അഞ്ച് അംഗങ്ങളെയും തെരഞ്ഞെടുത്തു. ഇവയ്ക്കെല്ലാം പുറമെ സാര്‍വദേശീയവും ദേശീയവുമായ ചില പ്രശ്നങ്ങളെപ്പറ്റി പാര്‍ടിയുടെ നിലപാട് വ്യക്തമാക്കുന്ന 21 പ്രമേയവും പാര്‍ടി കോണ്‍ഗ്രസില്‍ അംഗീകരിക്കുകയുണ്ടായി.

രാഷ്ട്രീയ പ്രമേയത്തെപ്പറ്റിയും പ്രത്യയശാസ്ത്ര പ്രമേയത്തെപ്പറ്റിയും ഭരണഘടനാ ഭേദഗതിയെപ്പറ്റിയും പാര്‍ടി കോണ്‍ഗ്രസിനു മുമ്പായി പാര്‍ടിയുടെ ഘടകങ്ങളില്‍ ചര്‍ച്ച നടന്നിരുന്നു. ഇതിനുവേണ്ടി പാര്‍ടി കോണ്‍ഗ്രസിനു രണ്ടുമാസം മുമ്പുതന്നെ രാഷ്ട്രീയ പ്രമേയവും പ്രത്യയശാസ്ത്ര പ്രമേയവും കേന്ദ്രകമ്മിറ്റി തയ്യാറാക്കി എല്ലാ ഘടകങ്ങള്‍ക്കും അയച്ചുകൊടുത്തിരുന്നു. വിവിധ ഘടകങ്ങളില്‍നിന്നും പാര്‍ടി അംഗങ്ങളില്‍നിന്നും രാഷ്ട്രീയ പ്രമേയത്തിന് 3713 ഭേദഗതിയും 487 നിര്‍ദേശങ്ങളും പ്രത്യയശാസ്ത്ര രേഖയ്ക്ക് 984 ഭേദഗതിയും 86 നിര്‍ദേശങ്ങളും ലഭിച്ചു. രാഷ്ട്രീയ പ്രമേയത്തിനു ലഭിച്ച ഭേദഗതികളില്‍ 86 എണ്ണം കേന്ദ്രകമ്മിറ്റി അംഗീകരിച്ചു. ഇതിനു പുറമെ വ്യാകരണം, വാചക ഘടന എന്നിവ സംബന്ധിച്ച 77 സാങ്കേതിക ഭേദഗതികളും അംഗീകരിക്കുകയുണ്ടായി. പ്രത്യയശാസ്ത്ര രേഖയ്ക്ക് ലഭിച്ച ഭേദഗതികളില്‍ 38 എണ്ണം കേന്ദ്ര കമ്മിറ്റി സ്വീകരിച്ചു. രാഷ്ട്രീയ പ്രമേയത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും അടിസ്ഥാന ധാരണകളെ ശക്തിപ്പെടുത്തുന്നതിനുള്ള ഭേദഗതികള്‍ മാത്രമാണ് കേന്ദ്രകമ്മിറ്റി അംഗീകരിച്ചത്. ലഭിച്ച എല്ലാ ഭേദഗതികളെപ്പറ്റിയും കേന്ദ്രകമ്മിറ്റിയുടെ അഭിപ്രായങ്ങള്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി കോണ്‍ഗ്രസില്‍ സമര്‍പ്പിച്ചിരുന്നു. പാര്‍ടി കോണ്‍ഗ്രസില്‍ രാഷ്ട്രീയ പ്രമേയത്തിന് പ്രതിനിധികള്‍ 354 ഭേദഗതിയും 25 നിര്‍ദേശവും പ്രത്യയശാസ്ത്ര പ്രമേയത്തിനു 234 ഭേദഗതിയും 29 നിര്‍ദേശങ്ങളും നല്‍കുകയുണ്ടായി. രാഷ്ട്രീയ പ്രമേയത്തിന്റെയും പ്രത്യയശാസ്ത്ര രേഖയുടെയും പൊതുനിഗമനങ്ങളെ സാധൂകരിക്കുന്ന ഭേദഗതികള്‍മാത്രമാണ് പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ചത്. മറ്റു ഭേദഗതികള്‍ തള്ളിക്കളഞ്ഞു. പ്രതിനിധികള്‍ക്കു മാത്രമാണ് വോട്ടവകാശമുള്ളത്. രാഷ്ട്രീയ പ്രമേയം വോട്ടിനിട്ടപ്പോള്‍ 727 പ്രതിനിധികളില്‍ ഒരാള്‍ എതിര്‍പ്പ് രേഖപ്പെടുത്തുകയും രണ്ടുപേര്‍ നിഷ്പക്ഷത പുലര്‍ത്തുകയുംചെയ്തു. പ്രത്യയശാസ്ത്ര രേഖയെ ഒരാള്‍ എതിര്‍ത്തു. മൂന്നുപേര്‍ നിഷ്പക്ഷത പുലര്‍ത്തി. സംഘടനാ രേഖ പാര്‍ടി കോണ്‍ഗ്രസ് ഏകകണ്ഠമായി അംഗീകരിച്ചു.

ഭരണഘടനാ ഭേദഗതിയിലെ ജനറല്‍ സെക്രട്ടറിയെ പരാമര്‍ശിക്കുന്ന വകുപ്പിനെ നാലു പ്രതിനിധികള്‍ എതിര്‍ക്കുകയും രണ്ടുപേര്‍ നിഷ്പക്ഷത രേഖപ്പെടുത്തുകയുംചെയ്തു. സംസ്ഥാന സെക്രട്ടറി മുതല്‍ ലോക്കല്‍ സെക്രട്ടറിവരെയുള്ളവരെ പരാമര്‍ശിക്കുന്ന വകുപ്പിനെ രണ്ടുപേര്‍ എതിര്‍ക്കുകയും ഒരാള്‍ നിഷ്പക്ഷത പാലിക്കുകയുംചെയ്തു. കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ പാനലിനെ ഒരു പ്രതിനിധിമാത്രമാണ് എതിര്‍ത്തത്. ജനറല്‍ സെക്രട്ടറിയെയും പിബി അംഗങ്ങളെയും കേന്ദ്രകമ്മിറ്റി ഏകകണ്ഠമായി തെരഞ്ഞെടുത്തു. ഇത്രയും കാര്യം ഇവിടെ വിശദമായി പരാമര്‍ശിച്ചത് നയപരമായ കാര്യങ്ങളെയും സംഘടനാ കാര്യങ്ങളെയുംപറ്റി പാര്‍ടി തീരുമാനങ്ങള്‍ എടുക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കാനാണ്. സ്വതന്ത്രമായ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് എല്ലാ നയപരമായ വിഷയങ്ങളും സംഘടനാ കാര്യങ്ങളും പാര്‍ടി നിശ്ചയിക്കുന്നത്. മറ്റു രാഷ്ട്രീയ കക്ഷികളുടെ സമ്പ്രദായമല്ല സിപിഐ എമ്മിനുള്ളത്. മറ്റു പല രാഷ്ട്രീയ പാര്‍ടികളുടെയും കാര്യത്തില്‍ തീരുമാനമെടുക്കുന്നത് ഒരുപക്ഷേ, ഒരു നേതാവോ ഒരുപറ്റം നേതാക്കന്മാരോ ആണ്. എന്നാല്‍, സിപിഐ എം ഉള്‍പ്പാര്‍ടി ജനാധിപത്യത്തെ എപ്പോഴും പ്രോത്സാഹിപ്പിക്കുന്നു. പാര്‍ടിക്കുള്ളില്‍ നടക്കുന്ന ആശയ സംഘട്ടനങ്ങളെയും സംവാദങ്ങളെയും പാര്‍ടി ഒരിക്കലും ഭയപ്പെടുന്നില്ല. പാര്‍ടി അതിനെ സ്വാഗതം ചെയ്യുന്നു. സിപിഐ എം അംഗങ്ങള്‍ സ്വന്തം നിലപാടുള്ളവരും അത് പ്രകടിപ്പിക്കുന്നതിന് ധൈര്യമുള്ളവരുമാണ്. സ്വതന്ത്രമായ ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് ഒരു വിഷയത്തിന്റെ എല്ലാ വിശദാംശങ്ങളിലേക്കും കടക്കാനാവുക. വ്യത്യസ്ത നിലപാടുകളിലെ ശരിതെറ്റുകളെ വിലയിരുത്തി ശരിയായ നിഗമനത്തില്‍ എത്താന്‍ സഹായിക്കുന്നത്, പാര്‍ടിക്കുള്ളില്‍ നടക്കുന്ന സ്വതന്ത്രമായ ചര്‍ച്ചകളാണ്. അതുകൊണ്ടാണ് രാഷ്ട്രീയ പ്രമേയത്തെയും പ്രത്യയശാസ്ത്ര പ്രമേയത്തെയും സംഘടനാ വിഷയങ്ങളെയുംപറ്റി പാര്‍ടിക്കുള്ളില്‍ സ്വതന്ത്രമായ ചര്‍ച്ച ബോധപൂര്‍വം സംഘടിപ്പിക്കുന്നത്, എല്ലാ അംഗങ്ങളെയും എല്ലാ ഘടകങ്ങളെയും ഉള്‍പ്പെടുത്തി വിപുലമായ ചര്‍ച്ച നടത്തുന്നത്.

പാര്‍ടിക്കുള്ളിലെ ജനാധിപത്യത്തിന് മറ്റൊരുവശം കൂടിയുണ്ട്. പാര്‍ടിക്കുള്ളില്‍ സ്വതന്ത്രമായ ഉള്‍പ്പാര്‍ടി ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ചര്‍ച്ചകള്‍ പൂര്‍ത്തിയായി പാര്‍ടി കൂട്ടായ തീരുമാനത്തിലെത്തിക്കഴിഞ്ഞാല്‍ ആ തീരുമാനങ്ങള്‍ അനുസരിക്കാനും അര്‍പ്പണബോധത്തോടെ അവ നടപ്പാക്കാനും പാര്‍ടി അംഗങ്ങളാകെ തയ്യാറാകണമെന്നുള്ളതാണ് അത്. പാര്‍ടിയുടെ കൂട്ടായ തീരുമാനം നടപ്പാക്കാതെ സ്വന്തം അഭിപ്രായമനുസരിച്ചു മാത്രമേ താന്‍ പ്രവര്‍ത്തിക്കുകയുള്ളൂവെന്ന് ഒരു പാര്‍ടി അംഗത്തിനും നിലപാടെടുക്കാന്‍ അനുവാദമില്ല. അത്തരം നിലപാടുകള്‍ പാര്‍ടിയെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. പാര്‍ടി ഘടകത്തിനു വെളിയില്‍ തന്റെ അഭിപ്രായം പ്രകടിപ്പിക്കാനോ പാര്‍ടി ഘടകങ്ങള്‍ക്കുപുറത്ത് വ്യത്യസ്ത ഘടകങ്ങളില്‍ ഉള്‍പ്പെടുന്ന സമാനചിന്താഗതിക്കാര്‍ തമ്മില്‍ കീഴ്മേല്‍ ബന്ധം സ്ഥാപിച്ച് പ്രവര്‍ത്തിക്കാനോ ആര്‍ക്കും സ്വതന്ത്ര്യവും അനുവാദവുമില്ല. ഇത്തരം ശ്രമങ്ങള്‍ പാര്‍ടിയെ കടന്നാക്രമിക്കാനുള്ള അവസരം നല്‍കുകയും ചെയ്യും. പാര്‍ടി കോണ്‍ഗ്രസില്‍ എന്തു നടന്നുവെന്നതു സംബന്ധിച്ച് പലപ്പോഴും നിറംപിടിപ്പിച്ച നുണക്കഥകള്‍ പ്രചരിപ്പിക്കാനാണ് ഒരുപറ്റം മാധ്യമങ്ങള്‍ ശ്രമിച്ചത്. യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത അത്തരം കള്ളക്കഥകളുടെ ലക്ഷ്യം പാര്‍ടിക്കുള്ളില്‍ നടന്ന കാര്യങ്ങള്‍ ജനങ്ങളില്‍നിന്ന് മറച്ചുപിടിക്കാനും പാര്‍ടിയെപ്പറ്റി തെറ്റിദ്ധാരണ പരത്താനുമാണ്. പാര്‍ടി കോണ്‍ഗ്രസില്‍ നടന്ന ചര്‍ച്ചകളും നയപരമായ കാര്യങ്ങളെപ്പറ്റിയും സംഘടനാപരമായ കാര്യങ്ങളെപ്പറ്റിയും എടുത്ത തീരുമാനങ്ങളും, പാര്‍ടിക്കുള്ളില്‍ വളരുന്ന ശക്തിയായ ഉള്‍പ്പാര്‍ടി ജനാധിപത്യത്തെയും കൂട്ടായ്മയെയും ഐക്യത്തെയും പ്രതിഫലിപ്പിച്ചു.

II

ഇടതുപക്ഷ ജനാധിപത്യബദല്‍

ഇരുപതാം പാര്‍ടി കോണ്‍ഗ്രസ് സിപിഐ എമ്മിന്റെ പുതിയ രാഷ്ട്രീയ അടവുനയത്തിന് രൂപം നല്‍കി. 19-ാം കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ അടവുനയത്തില്‍നിന്ന് ഇപ്പോള്‍ അംഗീകരിച്ച രാഷ്ട്രീയ അടവുനയം വ്യത്യസ്തമാണ്. കഴിഞ്ഞകാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ അതതു കാലത്തെ സമൂര്‍ത്ത രാഷ്ട്രീയസാഹചര്യങ്ങളെ വിലയിരുത്തിയാണ് പാര്‍ടി രാഷ്ട്രീയ അടവുകള്‍ ആവിഷ്കരിക്കുന്നത്. കോണ്‍ഗ്രസിനും ബിജെപിക്കും അവയുടെ സഖ്യങ്ങള്‍ക്കും എതിരെ മൂന്നാംബദല്‍ വളര്‍ത്തിക്കൊണ്ടുവരണമെന്ന രാഷ്ട്രീയ അടവ് പത്തൊമ്പതാം കോണ്‍ഗ്രസ് മുന്നോട്ടുവച്ചു. ഇത് സാധ്യമാക്കാന്‍ പ്രാദേശിക രാഷ്ട്രീയ കക്ഷികളുമായി പാര്‍ടി സംയുക്ത പ്രവര്‍ത്തനങ്ങളും പ്രക്ഷോഭസമരങ്ങളും വളര്‍ത്തിക്കൊണ്ടുവരണമെന്നും പത്തൊമ്പതാം കോണ്‍ഗ്രസ് നിര്‍ദേശിക്കുകയുണ്ടായി.

കോണ്‍ഗ്രസിനും ബിജെപിക്കും അവര്‍ രൂപംനല്‍കിയ സഖ്യങ്ങള്‍ക്കുമെതിരെ മൂന്നാംബദല്‍ വളര്‍ത്തിക്കൊണ്ടുവരണമെന്ന രാഷ്ട്രീയ അടവ് പതിനാറും പതിനേഴും പതിനെട്ടും പാര്‍ടി കോണ്‍ഗ്രസുകളും നിശ്ചയിച്ചിരുന്നു. കഴിഞ്ഞകാല അനുഭവങ്ങളെ അടിസ്ഥാനമാക്കി ചില വ്യക്തമായ പൊതുപരിപാടികള്‍ അടിസ്ഥാനമാക്കിയായിരിക്കണം മൂന്നാം ബദലെന്ന് പതിനേഴാം കോണ്‍ഗ്രസ് വ്യക്തമാക്കി. താല്‍ക്കാലിക തെരഞ്ഞെടുപ്പ് സഖ്യങ്ങളില്‍നിന്നു വ്യത്യസ്തമായി വ്യക്തമായ ചില പൊതുപ്രശ്നങ്ങളെ ആസ്പദമാക്കി നടത്തുന്ന പ്രക്ഷോഭസമരങ്ങളിലൂടെയാണ് കോണ്‍ഗ്രസിതര മതനിരപേക്ഷ രാഷ്ട്രീയകക്ഷികളെ ഒരുമിച്ച് അണിനിരത്താന്‍ കഴിയുകയെന്നും പതിനേഴാം കോണ്‍ഗ്രസ് ചൂണ്ടിക്കാണിച്ചിരുന്നു. ബിജെപിയോടും കോണ്‍ഗ്രസിനോടും അണിനിരന്നിട്ടുള്ള മതനിരപേക്ഷ രാഷ്ട്രീയകക്ഷികളുടെ നിലപാടുകളില്‍ മാറ്റംവരുമ്പോഴാണ് മൂന്നാംമുന്നണി യാഥാര്‍ഥ്യമാകുന്നതെന്നും പത്തൊമ്പതാം കോണ്‍ഗ്രസ് വ്യക്തമാക്കി. മതനിരപേക്ഷ പ്രാദേശിക കക്ഷികള്‍ പൊതുവില്‍ നവ ഉദാരവല്‍ക്കരണ സാമ്പത്തികനയം തുടരുന്നവരാണ്. ഇത്തരം കക്ഷികളുടെ നിലപാടുകളില്‍ മാറ്റംവരുത്താതെ മൂന്നാംബദല്‍ വളര്‍ത്തിക്കൊണ്ടുവരാനാകില്ലെന്നും പത്തൊമ്പതാം കോണ്‍ഗ്രസ് കണ്ടു. വലിയ ബഹുജനപ്രസ്ഥാനങ്ങളും സമരങ്ങളും വളര്‍ത്തിക്കൊണ്ടുവന്ന് ഇത്തരം കക്ഷികളുടെ പിന്നില്‍ അണിനിരന്നിട്ടുള്ള ബഹുജനങ്ങളെ സ്വാധീനിക്കുകയും അവരുടെ സമ്മര്‍ദംവഴി ഈ കക്ഷികളുടെ നിലപാടുകളില്‍ മാറ്റംവരുത്താന്‍ ശ്രമിക്കണമെന്നും നിര്‍ദേശിച്ചു. മൂന്നാംബദല്‍ രൂപപ്പെടുന്നത് അങ്ങനെയാണെന്നും പത്തൊമ്പതാം പാര്‍ടി കോണ്‍ഗ്രസ് വ്യക്തമാക്കി.

മൂന്നാം മുന്നണി അഥവാ മൂന്നാംബദല്‍ വളര്‍ത്തിക്കൊണ്ടുവരാന്‍, കഴിഞ്ഞ ഒരു ദശകക്കാലം പാര്‍ടി നടത്തിയ പ്രവര്‍ത്തനാനുഭവങ്ങളെ ഇരുപതാം കോണ്‍ഗ്രസ് വിലയിരുത്തി. പ്രാദേശിക രാഷ്ട്രീയ കക്ഷികളുടെ സ്വഭാവത്തില്‍വന്ന മാറ്റങ്ങള്‍ പതിനാറാം പാര്‍ടികോണ്‍ഗ്രസുമുതല്‍ പാര്‍ടി വിലയിരുത്തിവരികയായിരുന്നു. പ്രാദേശിക രാഷ്ട്രീയകക്ഷികള്‍ പ്രാദേശിക ബൂര്‍ഷ്വാസിയെയും ഗ്രാമങ്ങളിലെ സമ്പന്നവിഭാഗത്തെയുമാണ് പ്രതിനിധാനംചെയ്യുന്നത്. ഈ വിഭാഗങ്ങള്‍ക്ക് നവ ഉദാരവല്‍ക്കരണനയങ്ങളില്‍നിന്ന് പ്രയോജനം ലഭിക്കുന്നതിനാല്‍ അവയെ പ്രാദേശിക രാഷ്ട്രീയ കക്ഷികള്‍ എതിര്‍ക്കുന്നില്ല. പ്രതിപക്ഷമായിരിക്കുമ്പോള്‍ നവ ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങളെ ജനകീയപിന്തുണ നേടാന്‍ വേണ്ടി എതിര്‍ക്കാന്‍ തയ്യാറാകുമെങ്കിലും ഭരണകക്ഷിയായാല്‍ ഈനയങ്ങള്‍ നടപ്പാക്കാന്‍ അവര്‍ ഉത്സാഹം പ്രകടിപ്പിക്കും. കൂട്ടുകക്ഷി ഭരണ സാധ്യതകള്‍ കേന്ദ്രത്തില്‍കൂടി ഉണ്ടായതോടെ കേന്ദ്ര- സംസ്ഥാന ഭരണം ലഭിക്കാനുള്ള സാധ്യതകള്‍ തേടി കോണ്‍ഗ്രസിനോടോ ബിജെപിയോടോ കൂട്ടുചേരാന്‍ ഈ പ്രാദേശിക കക്ഷികള്‍ തെല്ലും മടികാണിക്കാത്ത അനുഭവമാണുള്ളത്. സിപിഐ എമ്മിനോടോ ഇടതുപക്ഷ രാഷ്ട്രീയ കക്ഷികളോടോ ഒപ്പം അണിനിരന്ന് പ്രക്ഷോഭസമരങ്ങള്‍ നടത്താന്‍ ഈ കക്ഷികള്‍ തയ്യാറാകുന്നില്ല. അതുകൊണ്ടുതന്നെ കൂട്ടായ പ്രക്ഷോഭസമരങ്ങളിലൂടെ ഇത്തരം കക്ഷികളുടെ പിന്നില്‍ അണിനിരന്നിട്ടുള്ള പൊതുജനങ്ങളെ സ്വാധീനിക്കാനും അതുവഴി ഇത്തരം കക്ഷികളുടെ നിലപാടുകളില്‍ മാറ്റം വരുത്താനുമുള്ള സാധ്യതയും വിരളമാണ്. പലപ്പോഴും പ്രാദേശിക രാഷ്ട്രീയകക്ഷികള്‍ സംസ്ഥാനഭരണങ്ങളില്‍ വരികയും നവ ഉദാരവല്‍ക്കരണനയങ്ങള്‍ നടപ്പാക്കുന്നതും, യോജിച്ച സമരത്തിനുള്ള സാധ്യതയെ ഇല്ലാതാക്കുന്നു.

പതിനാറാം പാര്‍ടി കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയതുപോലെ സ്ഥിരമായ മൂന്നാംബദല്‍ വളര്‍ത്തിക്കൊണ്ടുവരണമെങ്കില്‍ സിപിഐ എമ്മും ഇടതുപാര്‍ടികളും അഖിലേന്ത്യാടിസ്ഥാനത്തില്‍ കൂടുതല്‍ കരുത്താര്‍ജിക്കണം. ഇടതുപക്ഷങ്ങള്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ കരുത്താര്‍ജിച്ചിട്ടില്ലാത്ത ഇന്നത്തെ സാഹചര്യത്തില്‍ പ്രാദേശിക രാഷ്ട്രീയ കക്ഷികളെ മൂന്നാംബദലില്‍ സ്ഥിരമായി അണിനിരത്തുക പ്രയാസമാണ്. ബൂര്‍ഷ്വ-ഭൂപ്രഭു രാഷ്ട്രീയ കക്ഷികളുടെ നയങ്ങള്‍ക്ക് ബദലായി പത്താംകോണ്‍ഗ്രസുമുതല്‍ പാര്‍ടി ഇടതുപക്ഷ ജനാധിപത്യ ബദല്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിവന്നു. ഇടതുപക്ഷ ജനാധിപത്യ ബദല്‍ എന്നത് ഒരു തെരഞ്ഞെടുപ്പ് സഖ്യമല്ല.

ഇന്ത്യയില്‍ നടപ്പാക്കുന്ന മുതലാളിത്ത വികസനരീതിക്കും നവ ഉദാരവല്‍ക്കരണനയങ്ങള്‍ക്കും അമേരിക്കന്‍ വിധേയ വിദേശനയത്തിനും എതിരെ ബദല്‍നയങ്ങളെ അടിസ്ഥാനമാക്കി ഇടതുജനാധിപത്യ ശക്തികളെയാകെ അണിനിരത്തുന്ന വര്‍ഗങ്ങളുടെയും ജനവിഭാഗങ്ങളുടെയും മുന്നണിയാണ്. പ്രക്ഷോഭങ്ങളിലൂടെയും സമരങ്ങളിലൂടെയുമാണ് ഇടതുപക്ഷ ജനാധിപത്യ ബദല്‍ വളര്‍ന്നുവരുന്നത്. ബൂര്‍ഷ്വ-ഭൂപ്രഭു വര്‍ഗാധിപത്യത്തിനും നയസമീപനങ്ങള്‍ക്കുമെതിരെ നടത്തുന്ന നിരന്തരമായ പ്രക്ഷോഭസമരങ്ങളാണ് ഇടതുപക്ഷ ജനാധിപത്യ ശക്തികളെ ഒരുമിപ്പിച്ച് അണിനിരത്തുന്നത്.

കോണ്‍ഗ്രസിനും ബിജെപിക്കും എതിരായി ഇരുപതാം കോണ്‍ഗ്രസ് ഇടതുപക്ഷ ജനാധിപത്യ ബദലിന്റെ മുദ്രാവാക്യം മുന്നോട്ടു വയ്ക്കുന്നു. ബൂര്‍ഷ്വ-ഭൂപ്രഭു ഭരണത്തിനു ബദലാകാന്‍ ഇടതുപക്ഷ ജനാധിപത്യ വേദിക്കുമാത്രമേ കഴിയൂ. പ്രക്ഷോഭങ്ങളിലൂടെയും സമരങ്ങളിലൂടെയും ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ രാഷ്ട്രീയ സഖ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിലൂടെയുമാണ് ഈ ബദല്‍ കെട്ടിപ്പടുക്കുക. നവ ഉദാരവല്‍ക്കരണനയങ്ങളെ ചെറുക്കുന്നതിന് വിശാലാടിസ്ഥാനത്തിലുള്ള സമരങ്ങള്‍ സംഘടിപ്പിക്കുകയും ശക്തിപ്പെടുത്തുകയും വേണം. ഭൂമിയും ഭൂമി ഏറ്റെടുക്കലും, ഭക്ഷണം, തൊഴിലും തൊഴില്‍ സ്ഥിരപ്പെടുത്തലും, ജീവനോപാധികള്‍ സംരക്ഷിക്കല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതിന് കൂടുതല്‍ ബഹുജന പ്രസ്ഥാനങ്ങള്‍ ആവശ്യമാണ്. സംയുക്ത പ്രക്ഷോഭങ്ങള്‍ക്ക് മുന്‍കൈ എടുത്ത് പാര്‍ടിയുടെ സ്വാധീനമേഖലയ്ക്കു പുറത്തുനില്‍ക്കുന്നവരെ പാര്‍ടിയുടെ ഒപ്പം കൊണ്ടുവരാന്‍ കഴിയണം.

രണ്ടു വലിയ ബൂര്‍ഷ്വാപാര്‍ടികളായ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വത്തിലുള്ള ഇരുമുന്നണി സമ്പ്രദായത്തോട് ഭരണവര്‍ഗങ്ങളെപ്പോഴും ആനുകൂല്യം കാണിക്കുന്നു. രണ്ടില്‍ ഏതു മുന്നണി അധികാരത്തില്‍വന്നാലും വന്‍കിട ബൂര്‍ഷ്വാ വിഭാഗങ്ങളുടെ വര്‍ഗതാല്‍പ്പര്യങ്ങള്‍ പരിരക്ഷിക്കപ്പെടുമെന്നവര്‍ക്കറിയാം. അത്തരം രണ്ടു സഖ്യങ്ങള്‍ ദൃഢമായി തീരുന്നതിനെ തടയാനുള്ള ശ്രമവും പാര്‍ടി തുടരേണ്ടതുണ്ട്. കോണ്‍ഗ്രസിനോടോ ബിജെപിയോടോ കൂട്ടുചേരാത്ത പ്രാദേശിക മതനിരപേക്ഷ കക്ഷികളുമായി പാര്‍ടി ബന്ധം നിലനിര്‍ത്തുകയും വളര്‍ത്തിയെടുക്കുകയും ചെയ്യും. ജനങ്ങളുടെ പ്രശ്നങ്ങള്‍, ദേശീയ പരമാധികാരം സംരക്ഷിക്കല്‍, കേന്ദ്ര- സംസ്ഥാന ബന്ധങ്ങള്‍, മതനിരപേക്ഷത തുടങ്ങിയ വിഷയങ്ങളില്‍ സംയുക്ത സമരങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള സാധ്യതകളെ പാര്‍ടി പ്രയോജനപ്പെടുത്തും. ഇടതുപക്ഷ ജനാധിപത്യശക്തികളുടെ സഖ്യം കെട്ടിപ്പടുക്കുന്നതിന് ഇത്തരം സംയുക്തവേദികളുടെ ആവിര്‍ഭാവം സഹായിക്കും. പാര്‍ലമെന്റിനകത്തും പുറത്തും സംയുക്ത പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള എല്ലാ അവസരങ്ങളും പാര്‍ടി പ്രയോജനപ്പെടുത്തും. ഇതോടൊപ്പം ചില കക്ഷികളുമായി ആവശ്യമെങ്കില്‍ തെരഞ്ഞെടുപ്പ് ധാരണകള്‍ ഉണ്ടാക്കുന്നതിനും പാര്‍ടി മുന്‍കൈ എടുക്കും. ഇത്തരം ധാരണകളെ മൂന്നാം മുന്നണിയായോ മൂന്നാം ബദലായോ ഇരുപതാം കോണ്‍ഗ്രസ് കണക്കാക്കുന്നില്ല. കോണ്‍ഗ്രസ് സഖ്യത്തിനും ബിജെപി സഖ്യത്തിനും എതിരായ യഥാര്‍ഥ ബദല്‍ ഇടതുപക്ഷ ജനാധിപത്യ ബദല്‍ മാത്രമാണെന്ന് ഇരുപതാം കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.

നവ ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങളെയും അമേരിക്കന്‍ വിധേയ വിദേശനയത്തെയും എതിര്‍ക്കാനും പാവപ്പെട്ട ജനങ്ങളുടെ താല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കാനും ഇടതുപക്ഷ ജനാധിപത്യ ബദലിനു മാത്രമേ കഴിയൂ. കോണ്‍ഗ്രസിതര മതനിരപേക്ഷ രാഷ്ട്രീയ കക്ഷികള്‍ നവ ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങളെയും അമേരിക്കന്‍ വിധേയ വിദേശനയത്തെയും എതിര്‍ക്കാന്‍ ഇന്ന് മുന്നോട്ടു വരുന്നില്ല. പാര്‍ടിയുടെ സ്വാധീനവും അടിത്തറയും വിപുലമാക്കേണ്ടത് പരമ പ്രധാനമാണെന്നു ഇരുപതാം കോണ്‍ഗ്രസ് കാണുന്നു. പാര്‍ടിയുടെ സ്വതന്ത്രമായ പങ്ക് ശക്തിപ്പെടുത്തുന്നതിനും വിപുലപ്പെടുത്തുന്നതിനും വേണ്ട പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് പാര്‍ടി കോണ്‍ഗ്രസ് മുന്‍ഗണന നല്‍കി. രാഷ്ട്രീയവും സാമ്പത്തികവുമായ പ്രശ്നങ്ങളെ ആസ്പദമാക്കി പാര്‍ടിയുടെ സ്വതന്ത്രമായ പ്രവര്‍ത്തനങ്ങള്‍ പരമാവധി ശക്തിപ്പെടുത്താന്‍ ഇരുപതാം കോണ്‍ഗ്രസ് ആഹ്വാനംചെയ്തു. തൊഴിലാളിവര്‍ഗ വീക്ഷണത്തെ അടിസ്ഥാനമാക്കി പാര്‍ടിയുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ പ്രവര്‍ത്തനങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരണമെന്നും നിര്‍ദേശിച്ചു. എല്ലാ പ്രധാനപ്പെട്ട വിഷയങ്ങളിലും പാര്‍ടിയുടെ തനതായ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകണം. ബൂര്‍ഷ്വാ രാഷ്ട്രീയ കക്ഷികളില്‍നിന്നും അവരുടെ രാഷ്ട്രീയത്തില്‍നിന്നും സിപിഐ എമ്മിനെ എപ്പോഴും വേര്‍തിരിച്ചുകാട്ടാനാകണം. ബൂര്‍ഷ്വാ രാഷ്ട്രീയ കക്ഷികളുടെ രാഷ്ട്രീയത്തെയും പ്രത്യയശാസ്ത്രത്തെയും എല്ലായ്പ്പോഴും ചെറുക്കണം. പാര്‍ടി അതിന്റെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ നിലപാടുകളെ നിരന്തരം ഉയര്‍ത്തിപ്പിടിക്കുകയും തൊഴിലാളിവര്‍ഗ നിലപാടില്‍നിന്നുകൊണ്ട് പോരാടുകയും വേണം. അടിസ്ഥാന വര്‍ഗങ്ങള്‍ക്കിടയിലെ പാര്‍ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും തീരുമാനിച്ചു. വര്‍ഗസമരങ്ങളും ബഹുജന സമരങ്ങളും വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ കര്‍ഷക ജനസാമാന്യത്തിനിടയിലും ഗ്രാമീണ ദരിദ്രര്‍ക്കിടയിലുമുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാക്കണമെന്നും പാര്‍ടി കോണ്‍ഗ്രസ് തീരുമാനിച്ചു.

നിര്‍മാണ വ്യവസായങ്ങളിലെയും തന്ത്രപരമായ വ്യവസായങ്ങളിലെയും സംഘടിത മേഖലയിലെയും തൊഴിലാളികള്‍ക്കിടയിലും പാര്‍ടിയുടെ സ്വാധീനം വളര്‍ത്താന്‍ പ്രത്യേക ശ്രദ്ധ ഉണ്ടാകും. അസംഘടിത മേഖലയിലെ തൊഴിലാളികളെ പ്രസ്ഥാനത്തിലേക്ക് കൊണ്ടുവരുന്നതിനും അവര്‍ക്കിടയില്‍ രാഷ്ട്രീയപ്രവര്‍ത്തനം സംഘടിപ്പിക്കുന്നതിനും പാര്‍ടി പ്രാധാന്യം നല്‍കും. പൊതുജനാധിപത്യ പരിപാടിയുടെ ഭാഗമായി ദളിതരുടെയും ന്യൂനപക്ഷങ്ങളുടെയും ഗോത്രവര്‍ഗക്കാരുടെയും സ്ത്രീകളുടെയും പ്രത്യേകപ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ പാര്‍ടി പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നും ഇരുപതാം കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. പാര്‍ടിയുടെ വര്‍ഗപരമായ രാഷ്ട്രീയത്തിനും പ്രത്യയശാസ്ത്രപരമായ നിലപാടുകള്‍ക്കും പ്രാധാന്യം നല്‍കി മുമ്പോട്ടു നീങ്ങണമെന്നുള്ളതാണ് ഇരുപതാം കോണ്‍ഗ്രസ് തീരുമാനങ്ങളുടെ അന്തഃസത്ത. വളര്‍ച്ച നേടുന്നതിനും ബഹുജനസ്വാധീനം വര്‍ധിപ്പിക്കുന്നതിനും പാര്‍ടിക്ക് മറ്റ് കുറുക്കുവഴികളൊന്നുമില്ല.

III

ചില പ്രത്യയശാസ്ത്ര പ്രശ്നങ്ങള്‍

ഇരുപതാം പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച മറ്റൊരു പ്രധാന രേഖ ചില പ്രത്യയശാസ്ത്ര പ്രശ്നങ്ങളെപ്പറ്റി എന്ന പ്രമേയമാണ്. ഇന്നത്തെ ലോക സംഭവവികാസങ്ങളുടെ അന്തഃസത്ത എന്തെന്ന് വിലയിരുത്താനാണ് പ്രത്യയശാസ്ത്ര പ്രമേയം ശ്രമിക്കുന്നത്. സാമ്രാജ്യത്വ ആഗോളവല്‍ക്കരണം മാനവരാശിയുടെമേല്‍ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തോതില്‍ ദുരിതങ്ങള്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നു. സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിനെതിരെ ലോകത്താകെ പല സ്വഭാവത്തിലുള്ള ചെറുത്തുനില്‍പ്പ് സമരങ്ങള്‍ വളര്‍ന്നുവരുന്നുണ്ട്. ലാറ്റിനമേരിക്കയില്‍ ഇത്തരം സമരങ്ങള്‍ പുരോഗമന സ്വഭാവമുള്ള സര്‍ക്കാരുകളെ അധികാരത്തില്‍ കൊണ്ടുവന്നു. വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരം, ജനങ്ങളുടെ ഉപജീവനത്തിനു വേണ്ടി നടക്കുന്ന സമരങ്ങള്‍ എന്നിവയെല്ലാം സാമ്രാജ്യത്വ നവ-ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ക്കെതിരെ വളര്‍ന്നുവരുന്ന സമരങ്ങളാണ്. ഈ സമരങ്ങളെ മൂലധനവാഴ്ചയ്ക്കെതിരായ സമരമായി ഉയര്‍ത്തിക്കൊണ്ടുവരണമെങ്കില്‍ പല വെല്ലുവിളികളെയും മറികടക്കേണ്ടതുണ്ട്. തൊഴിലാളിവര്‍ഗ നേതൃത്വത്തില്‍ വര്‍ഗസമരം തീക്ഷ്ണമാകുന്നതിനെ ആശ്രയിച്ചാണ് ഈ സമരങ്ങളുടെ വിജയം സ്ഥിതിചെയ്യുന്നത്. തൊഴിലാളിവര്‍ഗ നേതൃത്വത്തില്‍ എല്ലാ ചൂഷിതവര്‍ഗങ്ങളുടെയും ഐക്യം ശക്തിപ്പെടുത്തുകയും വേണം. വിപ്ലവസമരത്തിന്റെ ആത്മനിഷ്ഠ ഘടകം ശക്തിയും കെട്ടുറപ്പും കൈവരിക്കുമ്പോഴാണ് വിജയം നേടാനാകുക.

സംഭവവികാസങ്ങള്‍ അതിവേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോക പരിതഃസ്ഥിതിയില്‍ മാനവമോചനത്തിനുള്ള വര്‍ഗസമരങ്ങളെ ശക്തിപ്പെടുത്തുന്നതിന് മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് അടിസ്ഥാനത്തില്‍ പ്രത്യയശാസ്ത്ര വിഷയങ്ങളെ പ്രമേയം അപഗ്രഥിക്കുന്നു. നവ ഉദാരവല്‍ക്കരണത്തിന്റെയും ആഗോളവല്‍ക്കരണത്തിന്റെയും പ്രത്യേകതകള്‍, അതിന്റെ നിലനില്‍പ്പില്ലായ്മ, പ്രതിസന്ധികള്‍ എന്നിവയെപ്പറ്റിയും പരിവര്‍ത്തനം എങ്ങനെ സാധ്യമാക്കാമെന്നതിനെ കുറിച്ചും പ്രത്യയശാസ്ത്ര പ്രമേയം പരിശോധിക്കുന്നു. സോഷ്യലിസ്റ്റ് രാജ്യങ്ങളിലെയും ചില വികസ്വര രാജ്യങ്ങളിലെയും സംഭവവികാസങ്ങളെ വിശകലനം ചെയ്ത് പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നു. ഇന്ത്യയുടെ പരിതഃസ്ഥിതികളില്‍ സോഷ്യലിസം എങ്ങനെ കെട്ടിപ്പടുക്കാമെന്നതിന്റെ രൂപരേഖ വരച്ചുകാട്ടുന്നു. ഇതോടൊപ്പം മുഖ്യ മാര്‍ക്സിസ്റ്റ് വിരുദ്ധ പിന്തിരിപ്പന്‍ പ്രത്യയശാസ്ത്ര വെല്ലുവിളികള്‍ ഏതെല്ലാമാണെന്നും വിപ്ലവപ്രസ്ഥാനം ശ്രദ്ധിക്കേണ്ട ഇന്ത്യയിലെ ചില സമൂര്‍ത്ത വിഷയങ്ങളെപ്പറ്റിയും പരിശോധിക്കുന്നു. പ്രത്യയശാസ്ത്രരേഖയില്‍ പരാമര്‍ശിച്ച വിഷയമെല്ലാം ഒരു ലേഖനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനാകില്ല. പ്രധാനപ്പെട്ട വിഷയങ്ങളില്‍ ചിലതിനെ മാത്രം ചുരുക്കത്തില്‍ സൂചിപ്പിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.

ആഗോളവല്‍ക്കരണമെന്നത് മുതലാളിത്തത്തിന്റെ സാമ്രാജ്യത്വ ഘട്ടത്തിലെ ഒരു പ്രത്യേക ദശയാണ്. നിലവിലുള്ള പലവിധ സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തി മൂലധനത്തിന്റെ വന്‍തോതിലുള്ള സഞ്ചയവും കേന്ദ്രീകരണവും നടക്കുന്നു. വര്‍ധിച്ച ധനമൂലധനം അന്തര്‍ദേശീയ ധനമൂലധനത്തിന്റെ സ്വഭാവം ആര്‍ജിക്കുന്നു. പരമാവധി ലാഭം കൈവരിക്കലാണ് മൂലധനത്തിന്റെ സഹജസ്വഭാവം. ലാഭം നേടാന്‍ രാജ്യാതിര്‍ത്തികള്‍ ഭേദിച്ച് ലോകമാകെ ഒഴുകിനടക്കാന്‍ അന്തര്‍ദേശീയ ധനമൂലധനം അതിന്റെ ഒഴുക്കിനെതിരെയുള്ള എല്ലാ പ്രതിബന്ധങ്ങളെയും തകര്‍ക്കുന്നു. ഇങ്ങനെ അന്തര്‍ദേശീയ ധനമൂലധനത്തിന്റെ ഒഴുക്കിന് സഹായകമായി ലോകത്തെ പുനര്‍ക്രമീകരിക്കുന്നതിനെയാണ് നവ ഉദാരവല്‍ക്കരണമെന്ന് വിശേഷിപ്പിക്കുന്നത്.

ചരക്കുകള്‍ക്കും മൂലധനത്തിനും രാജ്യാതിര്‍ത്തികള്‍ മുറിച്ചുകടക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുകയാണ് പുനര്‍ക്രമീകരണത്തില്‍ മുഖ്യമായും സംഭവിക്കുന്നത്. അന്തര്‍ദേശീയ ധനമൂലധനത്തിന് അളവറ്റ പണലഭ്യതയുണ്ടാക്കാന്‍, മൊത്തം ചോദനിലവാരം താഴ്ത്തുന്നതിന് ഇടയാക്കുന്ന ധനപരമായ അച്ചടക്കം അടിച്ചേല്‍പ്പിച്ച് സര്‍ക്കാര്‍ ചെലവുകള്‍ കുറയ്ക്കുന്നു. വികസ്വരരാജ്യങ്ങളിലെ കര്‍ഷകജനതയ്ക്കെതിരായി വ്യാപാരവ്യവസ്ഥകളില്‍ മാറ്റംവരുത്തുന്നതും പൊതുമേഖലയും പൊതുസേവനങ്ങളും സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുക്കുന്നതും മൂലധന സഞ്ചയത്തിനുള്ള മറ്റു മാര്‍ഗങ്ങളാണ്. മൂലധനസഞ്ചയത്തിന്റെ ചരിത്രത്തിലുടനീളം ഉല്‍പ്പാദനപ്രക്രിയയുടെ വികാസത്തിലൂടെ നടക്കുന്ന മൂലധന വിപുലീകരണവും (കൈവശപ്പെടുത്തലും) ബലപ്രയോഗത്തിലൂടെ നടക്കുന്ന തനി കൊള്ളയടിക്കലും (ബലപ്രയോഗത്തോടെയുള്ള പിടിച്ചെടുക്കല്‍) സംഭവിക്കുന്നു. മൂലധനത്തിന്റെ ആദിമസഞ്ചയമെന്ന നിലയിലാണ് മാര്‍ക്സ് ബലപ്രയോഗത്തിലൂടെയുള്ള പിടിച്ചെടുക്കലിനെ നിര്‍വചിച്ചത്. മൂലധനസഞ്ചയത്തിന്റെ രണ്ടു പ്രക്രിയയും ഒരുപോലെ സമാന്തരമായി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ കൈവശപ്പെടുത്തലിലൂടെയുള്ള മൂലധനസഞ്ചയമെന്ന മുതലാളിത്തത്തിന്റെ സ്വാഭാവിക പ്രക്രിയയില്‍ നിന്ന് വ്യത്യസ്തമായി ബലംപ്രയോഗിച്ചുള്ള പിടിച്ചെടുക്കലിലൂടെയുള്ള മൂലധനസഞ്ചയം സമകാലീന സാമ്രാജ്യത്വത്തിന്റെ അതിപ്രധാന സവിശേഷതയായി മാറിയിരിക്കുന്നുവെന്ന് പ്രത്യയശാസ്ത്രരേഖ വിലയിരുത്തുന്നു.

നവ ഉദാരവല്‍ക്കരണം നിലനില്‍പ്പില്ലാത്തതാണെന്ന് രേഖ ചൂണ്ടിക്കാട്ടുന്നു. മുതലാളിത്തത്തിന് ഒരിക്കലും ചൂഷണരഹിതമോ പ്രതിസന്ധിരഹിതമോ ആയ വ്യവസ്ഥയാകാനാകില്ല. ഉല്‍പ്പാദനത്തിന്റെ സാമൂഹ്യസ്വഭാവവും കൈവശപ്പെടുത്തലിന്റെ വ്യക്തിഗതസ്വഭാവവും തമ്മിലുള്ള മുതലാളിത്ത വ്യവസ്ഥയിലെ അടിസ്ഥാന വൈരുധ്യത്തില്‍ നിന്നാണ് ഈ സവിശേഷതകള്‍ ഉദിക്കുന്നത്. മുതലാളിത്തത്തിന് മാനുഷികമുഖം കൊടുക്കാനാകുമെന്ന സോഷ്യല്‍ ഡെമോക്രസിയുടെ നിലപാടുകള്‍ക്കും ഒരടിസ്ഥാനവുമില്ല.

ആഗോളവല്‍ക്കരണകാലത്ത് രണ്ട് മുഖ്യപ്രവണത പ്രകടമാണ്. ഓരോ രാജ്യത്തിനകത്തും ധനികരും ദരിദ്രരും തമ്മിലും, വികസിതരാജ്യങ്ങളും വികസ്വരരാജ്യങ്ങളും തമ്മിലുമുള്ള സാമ്പത്തിക അസമത്വം വര്‍ധിക്കുന്നതാണ് ഒന്ന്. രണ്ടാമത്തേത്, തൊഴിലില്ലാത്ത വളര്‍ച്ച എന്ന പ്രതിഭാസമാണ്. ഈ രണ്ടു പ്രത്യേകതയും കാരണം ലോക ജനസംഖ്യയിലെ മഹാഭൂരിപക്ഷത്തിന്റെയും വാങ്ങല്‍ കഴിവ് ഇടിഞ്ഞുകൊണ്ടിരിക്കുന്നു. ഉല്‍പ്പാദിപ്പിക്കപ്പെട്ടവ വില്‍ക്കപ്പെടാതിരിക്കുമ്പോള്‍ മിച്ചമൂല്യം ലാഭമാക്കി മാറ്റാനാകാതെ വരുന്നു. മുതലാളിത്തം പ്രതിസന്ധിയിലേക്ക് തലകുത്തിവീഴുന്നു. ഇന്നത്തെ ആഗോളവല്‍ക്കരണ കാലത്ത് ഇത്തരം പ്രതിസന്ധികള്‍ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കും. മുതലാളിത്തത്തെ ബാധിച്ച പ്രതിസന്ധി എത്രതന്നെ മൂര്‍ഛിച്ചതാണെങ്കിലും മുതലാളിത്തം ഒരിക്കലും താനേ തകരുകയില്ല. ശക്തിയായ രാഷ്ട്രീയബദലിന്റെ അഭാവം കാരണം മുതലാളിത്തം പ്രതിസന്ധിയില്‍ നിന്നു രക്ഷപ്പെടാം. എന്നാല്‍, അത് സംഭവിക്കുന്നത് ചൂഷണം കൂടുതല്‍ വര്‍ധിപ്പിച്ചും ആദിമ മൂലധനസഞ്ചയം വികസിപ്പിക്കുന്ന പ്രക്രിയയിലൂടെയുമായിരിക്കും. യഥാര്‍ഥത്തില്‍ മുതലാളിത്തത്തെ തന്നെ കടപുഴക്കി എറിയുകയാണ് വേണ്ടത്. തൊഴിലാളിവര്‍ഗനേതൃത്വത്തില്‍ മറ്റു സാമൂഹ്യശക്തികളെക്കൂടി അണിനിരത്തി സാമൂഹ്യമാറ്റം കൈവരിക്കാനുള്ള ഭൗതികശക്തിയെ വളര്‍ത്തിയെടുക്കണം. വര്‍ഗസമരം തീക്ഷ്ണമാക്കുന്നതിലൂടെ മാത്രമേ ഇത് നേടാനാകൂ. മൂര്‍ത്തമായ പരിതഃസ്ഥിതി വിപ്ലവമുന്നേറ്റത്തിന് എത്രതന്നെ അനുകൂലമാണെങ്കിലും ഈ ആത്മനിഷ്ഠ ഘടകം ശക്തിപ്പെടുത്താതെ മൂലധനവാഴ്ച അവസാനിപ്പിക്കാനാകില്ല. ഓരോ രാജ്യത്തെയും ആത്മനിഷ്ഠ ഘടകം ശക്തിപ്പെടുത്തുന്നതിന് മൂര്‍ത്ത സാഹചര്യങ്ങളെ വിലയിരുത്തി നിരവധി ഇടക്കാല മുദ്രാവാക്യങ്ങളും നടപടികളും അടവുകളും കൈക്കൊള്ളേണ്ടിവരും.

IV

സോഷ്യലിസത്തിനായുള്ള പോരാട്ടം

അന്താരാഷ്ട്ര വര്‍ഗശക്തി ബന്ധങ്ങളില്‍ സാമ്രാജ്യത്വത്തിന് അനുകൂലമായി മാറ്റമുണ്ടായതിനെത്തുടര്‍ന്ന് ലോക അധീശത്വം കൂടുതല്‍ ഉറപ്പിക്കാന്‍ അമേരിക്ക വിവിധ ശ്രമങ്ങള്‍ നടത്തുന്നു. സോഷ്യലിസ്റ്റ് രാജ്യങ്ങളെ ഇല്ലാതാക്കാനും ചേരിചേരാ പ്രസ്ഥാനത്തിന് അടിസ്ഥാനമായ മൂന്നാം ലോക ദേശീയതയെ തോല്‍പ്പിച്ചോ കൂട്ടത്തില്‍ ചേര്‍ത്തോ നിര്‍വീര്യമാക്കാനും ലോകത്തിന്റെമേല്‍ സൈനികവും സാമ്പത്തികവുമായ മേധാവിത്വം സ്ഥാപിക്കാനും അമേരിക്കന്‍ സാമ്രാജ്യത്വം നിരന്തരം പരിശ്രമിച്ചുവരികയാണ്. തങ്ങളുടെ കീഴില്‍ ഏകധ്രുവലോകം അടിച്ചേല്‍പ്പിക്കാനുള്ള സാമ്രാജ്യത്വ ശ്രമങ്ങള്‍ക്ക് പ്രത്യയശാസ്ത്രപരമായ ആക്രമണത്തിന്റെ പിന്‍ബലം നേടാനും ശ്രമം നടക്കുന്നു. ജനാധിപത്യം എന്നത് സ്വതന്ത്ര വിപണിയാണെന്ന് സാമ്രാജ്യത്വം വ്യാഖ്യാനിക്കുന്നു. സ്വതന്ത്ര വിപണികള്‍ അടിച്ചേല്‍പ്പിക്കുന്നതിനെയും നവ ഉദാരവല്‍ക്കരണ പരിഷ്കാരങ്ങളെയും എതിര്‍ക്കുന്ന രാജ്യങ്ങള്‍ക്കെതിരെ രാഷ്ട്രീയമായും സൈനികമായും സാമ്രാജ്യത്വം ഇടപെടുന്നു. മനുഷ്യാവകാശങ്ങള്‍, സാര്‍വത്രിക മൂല്യങ്ങള്‍ എന്നെല്ലാം വിളിക്കപ്പെടുന്നതിനെ ഉയര്‍ത്തിപ്പിടിക്കാനെന്ന പേരില്‍ സ്വതന്ത്ര പരമാധികാര രാജ്യങ്ങളില്‍ സൈനികമായി ഇടപെടുന്നു. വേള്‍ഡ് ട്രേഡ് സെന്ററിനു നേരെ നടന്ന ആക്രമണത്തെത്തുടര്‍ന്ന് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഭീകരതക്കെതിരായ ആഗോളയുദ്ധം ഇറാഖിലും അഫ്ഗാനിസ്ഥാനിലും പ്രകടമായതുപോലെ സൈനിക ഇടപെടലിനുള്ള ന്യായീകരണമായി ഉപയോഗപ്പെടുത്തുന്നു. സാമ്രാജ്യത്വം നടപ്പാക്കുന്ന ഭരണകൂട ഭീകരതയും മതമൗലികവാദികള്‍ കെട്ടഴിച്ചുവിടുന്ന വ്യക്തിഗത ഭീകരതയും പരസ്പരം പോഷിപ്പിക്കുന്നതായി ലോക സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നു.
സാമ്രാജ്യത്വം ഇന്ന് അതിരൂക്ഷമായ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേല അഴിച്ചുവിട്ടിരിക്കുകയാണ്. കമ്യൂണിസത്തെ സമഗ്ര ആധിപത്യത്തിനും ഫാസിസത്തിനും സമാനമായി ചിത്രീകരിക്കുന്നു. സോഷ്യലിസം ഏകാധിപത്യപരമെന്നും മനുഷ്യാവകാശങ്ങള്‍ക്കും സാര്‍വത്രിക മാനുഷിക മൂല്യങ്ങള്‍ക്കും വിരുദ്ധമാണെന്നും നിര്‍വചിക്കപ്പെടുന്നു. സാമ്രാജ്യത്വത്തിന്റെ മേല്‍ക്കോയ്മ ശക്തിപ്പെടുത്താന്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രത്യയശാസ്ത്രപരമായ ആക്രമണങ്ങളെ ദൃഢനിശ്ചയത്തോടെ എതിര്‍ക്കേണ്ടത് മാനവരാശിയുടെ വിപ്ലവകരമായ പുരോഗതിക്ക് ആവശ്യമാണെന്ന് പ്രത്യയശാസ്ത്രരേഖ ചൂണ്ടിക്കാണിക്കുന്നു. സോഷ്യലിസത്തിലേക്കുള്ള പരിവര്‍ത്തനത്തിനു വേണ്ടി നടക്കുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സമരങ്ങള്‍ അനിവാര്യമാണെങ്കിലും നീണ്ടുനില്‍ക്കുന്ന ഒന്നായി പ്രത്യയശാസ്ത്രരേഖ വിലയിരുത്തുന്നു. സാമ്രാജ്യത്വം അത്തരം സാധ്യതകളെ ഇല്ലാതാക്കാന്‍ നിരന്തരം കടന്നാക്രമണങ്ങള്‍ കെട്ടഴിച്ചുവിടുന്നു. അതത് രാജ്യങ്ങളിലെ വര്‍ഗസമരങ്ങള്‍ തീക്ഷ്ണമാക്കി സാമൂഹ്യപരിവര്‍ത്തന പ്രക്രിയ വേഗമാക്കാന്‍ കമ്യൂണിസ്റ്റുകാര്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്.

മനുഷ്യന്‍ മനുഷ്യനെയും രാഷ്ട്രം രാഷ്ട്രത്തെയും ചൂഷണംചെയ്യുന്നതില്‍ നിന്ന് മുക്തമായ ഒരു വ്യവസ്ഥ സ്ഥാപിക്കുന്നതിനുള്ള സമരമായിരിക്കും സോഷ്യലിസത്തിനു വേണ്ടിയുള്ള പോരാട്ടം. ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളെയും സിവില്‍ സ്വാതന്ത്ര്യങ്ങളെയും കൂടുതല്‍ വികസിപ്പിക്കണം. ഉല്‍പ്പാദനക്ഷമതയുടെയും ഉല്‍പ്പാദനശക്തികളുടെ വളര്‍ച്ചയുടെയും കാര്യത്തില്‍ മുതലാളിത്ത വ്യവസ്ഥയേക്കാള്‍ മെച്ചം കൈവരിക്കാന്‍ കഴിയണം. ഓരോരുത്തര്‍ക്കും അവനവന്റെ കഴിവനുസരിച്ചും തൊഴിലിനുസരിച്ചും ലഭിക്കും എന്ന തത്വത്തില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്നതില്‍നിന്ന് ഓരോരുത്തര്‍ക്കും അവനവന്റെ ആവശ്യത്തിനുസരിച്ച് ലഭിക്കുന്ന വ്യവസ്ഥയിലേക്ക് പരിവര്‍ത്തനം നടക്കുന്ന രീതി ഉണ്ടാകണം. ബഹുജന പങ്കാളിത്തം രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മേഖലകളില്‍ വര്‍ധിപ്പിക്കണം. വിവിധ രൂപങ്ങളിലുള്ള സ്വത്തുടമസ്ഥതയുടെ നിലനില്‍പ്പിലൂടെ സോഷ്യലിസ്റ്റ് ഭരണകൂടം സാമ്പത്തികജീവിതക്രമത്തെ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാക്കുന്നത് ഉറപ്പാക്കണം. സാമ്പത്തികശാസ്ത്രം (ലാഭം പരമാവധിയാക്കല്‍) ആണ് രാഷ്ട്രീയത്തെ നിര്‍ണയിക്കുന്നത് എന്ന തത്വത്തിന് പകരം ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സോഷ്യലിസം രാഷ്ട്രീയമാണ് സാമ്പത്തികശാസ്ത്രത്തെ നിര്‍ണയിക്കുന്നത് എന്ന നില കൈവരിക്കണം.

ഇന്നത്തെ കാലഘട്ടത്തിലെ സാമൂഹ്യപരിവര്‍ത്തനത്തിന്റെ ഗതിവേഗവും സ്വഭാവവും നിര്‍ണയിക്കുന്നത് നാല് അടിസ്ഥാന ലോക സാമൂഹ്യ വൈരുധ്യങ്ങളാണെന്ന് പ്രത്യയശാസ്ത്ര രേഖ ചൂണ്ടിക്കാട്ടുന്നു. അവ അധ്വാനവും മൂലധനവും തമ്മിലും, വികസ്വരരാജ്യങ്ങളിലെ ജനങ്ങളും സാമ്രാജ്യത്വവും തമ്മിലും, സാമ്രാജ്യത്വ രാജ്യങ്ങള്‍ തമ്മില്‍ത്തമ്മിലും, സോഷ്യലിസവും സാമ്രാജ്യത്വവും തമ്മിലും ഉള്ളതാണ്.

ഉല്‍പ്പാദനത്തിന്റെ സാമൂഹിക സ്വഭാവവും സ്വായത്തമാക്കലിന്റെ സ്വകാര്യ സ്വഭാവവും തമ്മിലുള്ള മുതലാളിത്തത്തിന്റെ മൗലിക വൈരുധ്യം, ലാഭം പരമാവധി വര്‍ധിപ്പിക്കുന്നതിന് നടത്തുന്ന പരിശ്രമങ്ങളുടെ ഫലമായി ആഗോള പരിതഃസ്ഥിതിക്ക് ഗുരുതരമായ ദോഷം വരുത്തുന്ന നടപടികളിലൂടെ പ്രകടമാവുന്നു. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് നടന്നുവരുന്ന ചര്‍ച്ചകളില്‍ സാമ്രാജ്യത്വവും വികസ്വരരാജ്യങ്ങളും തമ്മിലുള്ള വൈരുധ്യം തീവ്രതരമാവുന്നത് കാണാം. ആഗോള പരിസ്ഥിതി സംരക്ഷിക്കാനുള്ള ബാധ്യത വികസ്വര രാജ്യങ്ങള്‍ക്കുമേല്‍ കെട്ടിവയ്ക്കാനുള്ള സാമ്രാജ്യത്വ പരിശ്രമത്തിനെതിരെ വികസ്വര രാജ്യങ്ങളിലെ ജനങ്ങള്‍ നടത്തുന്ന സമരം ആഗോള മുതലാളിത്തത്തിനെതിരായ സാര്‍വദേശീയ വര്‍ഗസമരത്തിന്റെ ഭാഗമാണ്.

സോഷ്യലിസ്റ്റ് രാജ്യങ്ങളായ ചൈന, വിയറ്റ്നാം, ക്യൂബ, ഉത്തരകൊറിയ എന്നീ രാജ്യങ്ങള്‍ ആഗോളവല്‍ക്കരണം ഉയര്‍ത്തിയ വെല്ലുവിളികളെ നേരിടുന്നതിന് ഒരുകൂട്ടം സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഈ സാമ്പത്തിക പരിഷ്കാരങ്ങള്‍ ഓരോ രാജ്യത്തും വരുത്തുന്ന ക്രിയാത്മകവും പ്രതികൂലവുമായ മാറ്റങ്ങളെ വിലയിരുത്തി അതത് രാജ്യങ്ങളിലെ സോഷ്യലിസ്റ്റ് ദൃഢീകരണത്തിന്റെ ഭാവി അതത് രാജ്യങ്ങള്‍, ഉയര്‍ന്നുവരുന്ന പുതിയ പ്രശ്നങ്ങളെയും വൈരുധ്യങ്ങളെയും എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്ന് പ്രത്യയശാസ്ത്രരേഖ സൂചിപ്പിക്കുന്നു. സാമ്രാജ്യത്വത്തിനും നവ ഉദാരവല്‍ക്കരണ കടന്നാക്രമണങ്ങള്‍ക്കുമെതിരെ ലാറ്റിനമേരിക്കയില്‍ ജനകീയ മുന്നേറ്റത്തിന്റെ ഭാഗമായി ജനാധിപത്യ പുരോഗമന സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നു. സാമ്രാജ്യത്വ മേധാവിത്വത്തിനും ആഗോളവല്‍ക്കരണത്തിനുമെതിരായി ലോകവ്യാപകമായി നടക്കുന്ന സമരങ്ങളെ ലാറ്റിനമേരിക്കയില്‍ നടക്കുന്ന മാറ്റങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് പ്രത്യയശാസ്ത്രരേഖ വിലയിരുത്തുന്നു.

ജനകീയ ജനാധിപത്യ വിപ്ലവം പൂര്‍ത്തീകരിച്ചതിനു ശേഷമേ ഇന്ത്യന്‍ ജനതയ്ക്ക് സോഷ്യലിസത്തിലേക്ക് മുന്നേറാന്‍ കഴിയൂ. ജനകീയ ജനാധിപത്യ വിപ്ലവം വിജയകരമായി പൂര്‍ത്തീകരിക്കുമ്പോള്‍മാത്രമേ സോഷ്യലിസം കെട്ടിപ്പടുക്കുന്നതിനുള്ള വ്യക്തമായ രൂപം വിവരിക്കാന്‍ കഴിയൂ. മുമ്പത്തെ പ്രത്യയശാസ്ത്രരേഖയും കാലോചിതമായി പുതുക്കിയ പാര്‍ടി പരിപാടിയും വിശദീകരിച്ചിട്ടുള്ള ഇന്ത്യന്‍ പരിതഃസ്ഥിതികളില്‍ സോഷ്യലിസം കെട്ടിപ്പടുക്കുന്നതിനെപ്പറ്റിയുള്ള രൂപരേഖ പ്രത്യയശാസ്ത്ര പ്രമേയം കൂടുതല്‍ വികസിപ്പിച്ചു. സോവിയറ്റ് യൂണിയന്റെയോ ചൈനയുടെയോ മാതൃക അതേപോലെ പിന്തുടരുകയല്ല, മറിച്ച് സോഷ്യലിസ്റ്റ് രാജ്യങ്ങളുടെയാകെ അനുഭവങ്ങളും ഇന്നത്തെ ലോക യാഥാര്‍ഥ്യങ്ങളും ഇന്ത്യയുടെ സമൂര്‍ത്ത സാഹചര്യങ്ങളും വിലയിരുത്തി വികസിപ്പിക്കാനാണ് പ്രത്യയശാസ്ത്രരേഖ ശ്രമിച്ചത്.

വര്‍ത്തമാന കാലഘട്ടത്തിലെ മാര്‍ക്സിസ്റ്റ് വിരുദ്ധ പ്രത്യയശാസ്ത്രങ്ങളായ ഉത്തരാധുനികതയും സോഷ്യല്‍ ഡെമോക്രസിയും പ്രചരിപ്പിക്കുന്ന ആശയങ്ങളെ സൈദ്ധാന്തികമായും വര്‍ഗ ഐക്യത്തെ തകര്‍ക്കുന്ന അവയുടെ പ്രകടിത രൂപങ്ങളെ പ്രായോഗികമായും ചെറുക്കാന്‍ തൊഴിലാളിവര്‍ഗ രാഷ്ട്രീയ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും ശക്തിപ്പെടുത്തുകയും വേണം. പാര്‍ലമെന്ററിയും പാര്‍ലമെന്റിതരവുമായ രൂപങ്ങള്‍, തൊഴിലാളി-കര്‍ഷക ഐക്യം, തൊഴിലാളിവര്‍ഗ ഐക്യം, സ്വത്വരാഷ്ട്രീയം, ജാതി അടിസ്ഥാനമാക്കിയുള്ള അണിചേരലുകള്‍, ലിംഗഭേദ പ്രശ്നം, ദേശീയത തുടങ്ങിയ ഇന്ത്യയിലെ ചില സമൂര്‍ത്ത വിഷയങ്ങളെയും പ്രത്യയശാസ്ത്ര രേഖ വിശകലനംചെയ്യുകയും മാര്‍ക്സിസ്റ്റ് സമീപനം വ്യക്തമാക്കുകയുംചെയ്തു. ലോക സോഷ്യലിസത്തിന് തിരിച്ചടികളേല്‍ക്കുകയും സാമ്രാജ്യത്വത്തിന് അനുകൂലമായി വര്‍ഗശക്തികളുടെ ബലാബലത്തില്‍ മാറ്റം വരികയും ചെയ്തിട്ടുണ്ടെങ്കിലും മാര്‍ക്സിസം-ലെനിനിസമെന്ന ക്രിയാത്മക ശാസ്ത്രത്തില്‍ ഉറച്ചുനിന്ന് സമ്പൂര്‍ണമായ മോചനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി ഇന്ത്യന്‍ ജനതയുടെ പോരാട്ടങ്ങള്‍ ശക്തിപ്പെടുത്താന്‍ കഴിയുന്നതാണ്. ശിഥിലീകരണ പ്രസ്ഥാനങ്ങള്‍ നടത്തുന്ന വെല്ലുവിളികളെ നേരിട്ടും മാര്‍ക്സിസം- ലെനിനിസത്തിന്റെ വിപ്ലവകരമായ ഉള്ളടക്കത്തില്‍നിന്നുള്ള എല്ലാ വ്യതിയാനങ്ങള്‍ക്കെതിരെ ജാഗ്രത പാലിച്ചും ആത്മനിഷ്ഠ ഘടകത്തെ അതിവേഗം ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പാര്‍ടിയാകെ മുഴുകണമെന്ന് പ്രത്യയശാസ്ത്രരേഖ ആവശ്യപ്പെടുന്നു.

V

പാര്‍ടിയെ ശക്തിപ്പെടുത്തുക

അഖിലേന്ത്യാടിസ്ഥാനത്തില്‍ പാര്‍ടിയെ അതിവേഗം വ്യാപിപ്പിക്കാനും ശക്തിപ്പെടുത്താനുമുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഉഷാറാക്കാന്‍ ഇരുപതാം കോണ്‍ഗ്രസ് തീരുമാനിച്ചു. പശ്ചിമബംഗാളില്‍ സിപിഐ എമ്മിനെയും മറ്റ് ഇടതുപാര്‍ടികളെയും ഒറ്റതിരിച്ച് കടന്നാക്രമിക്കാന്‍ എല്ലാ ശത്രുക്കളും ഒത്തുചേര്‍ന്നിരിക്കുന്നു. ഇതിനെ ചെറുത്തുതോല്‍പ്പിക്കേണ്ടത് പാര്‍ടിയുടെ അടിയന്തര കടമകളിലൊന്നാണ്. ആഗോളവല്‍ക്കരണവും നവ ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങളും അടിച്ചേല്‍പ്പിക്കുന്ന ദുരിതങ്ങളില്‍നിന്ന് ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതിന് ശക്തിയായ ചെറുത്തുനില്‍പ്പ് സമരങ്ങള്‍ സംഘടിപ്പിക്കേണ്ടതുണ്ട്. അതോടൊപ്പം ഇടതു ജനാധിപത്യ ബദല്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ വളര്‍ത്തി ശക്തിപ്പെടുത്തുകയെന്നത് പാര്‍ടിയുടെ ഇന്നത്തെ മുഖ്യ രാഷ്ട്രീയ സമീപനമാണ്. സിപിഐ എമ്മിന്റെ വ്യാപനം നടക്കുകയും അഖിലേന്ത്യാടിസ്ഥാനത്തില്‍ പാര്‍ടി ശക്തിപ്പെടുകയുംചെയ്യേണ്ടത് അതിപ്രധാനമായ അടിയന്തര ലക്ഷ്യമായി ഇരുപതാം കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.

പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച സംഘടനാരേഖ കഴിഞ്ഞ നാല് കൊല്ലത്തെ പാര്‍ടിയുടെ സംഘടനാരംഗത്തെ പ്രവര്‍ത്തനങ്ങള്‍ അവലോകനംചെയ്തു. പാര്‍ടിക്ക് വ്യാപനം നേടാനും കരുത്താര്‍ജിക്കാനും കഴിയുന്ന അനുകൂല സാഹചര്യങ്ങള്‍ നിലനിന്നിരുന്നതായി 19-ാം കോണ്‍ഗ്രസ് വിലയിരുത്തിയിരുന്നു. അനുകൂല സാഹചര്യങ്ങള്‍ ദീര്‍ഘകാലം നിലനില്‍ക്കുകയില്ലെന്നും പാര്‍ടിയുടെ ശത്രുക്കള്‍ ഒത്തുചേരുന്നതായും മുന്നറിയിപ്പ് നല്‍കി. പാര്‍ടിയുടെ ശക്തികേന്ദ്രങ്ങള്‍ സംരക്ഷിക്കുന്നതിന് പാര്‍ടിയുടെ അതിവേഗത്തിലുള്ള വ്യാപനവും ശക്തിപ്പെടലും വളരെ പ്രധാനമാണെന്ന് 19-ാം കോണ്‍ഗ്രസ് അംഗീകരിച്ച സംഘടനാരേഖ എടുത്തുപറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ പാര്‍ടിയുടെ വ്യാപനവും ശക്തിപ്പെടലും കൈവരിക്കാന്‍ ഉതകുന്ന അടിയന്തര കടമകള്‍ക്കും 19-ാം കോണ്‍ഗ്രസ് രൂപംനല്‍കി.

കഴിഞ്ഞ നാല് കൊല്ലത്തിനിടെ പാര്‍ടി എത്രമാത്രം ശക്തിപ്പെട്ടുവെന്ന കാര്യമാണ് സംഘടനാപ്രമേയം ആദ്യം പരിശോധിച്ചത്. പാര്‍ടി അംഗങ്ങളുടെ എണ്ണം നാല് കൊല്ലത്തിനിടയില്‍ 9,82,155 ല്‍ നിന്ന് 10,44,833 ആയി വര്‍ധിച്ചു. പാര്‍ടി അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്ന ബഹുജന മുന്നണികളുടെ അംഗസംഖ്യ 6,17,93,166ല്‍ നിന്ന് 6,10,39,800 ആയി കുറഞ്ഞു. പശ്ചിമബംഗാളില്‍ പല പ്രദേശങ്ങളിലും സാധാരണഗതിയിലുള്ള രാഷ്ട്രീയപ്രവര്‍ത്തനം അസാധ്യമായതാണ് ബഹുജന മുന്നണികളുടെ അംഗസംഖ്യ കുറയാന്‍ മുഖ്യകാരണം. യുവജന-വനിതാ മുന്നണികളുടെ അംഗസംഖ്യയിലാണ് വലിയ ഇടിവുണ്ടായത്. ഹിന്ദി ഭാഷ സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍, രാജസ്ഥാനില്‍ പാര്‍ടി നടത്തിയ തുടര്‍ച്ചയായ സമരങ്ങളുടെ അടിസ്ഥാനത്തില്‍ ആര്‍ജിച്ച മുന്നേറ്റം തുടരുകയാണ്. ഹിമാചല്‍പ്രദേശിലും ഹരിയാണയിലും പാര്‍ടിരംഗത്തും ബഹുജന മുന്നണികളുടെ രംഗത്തും കുറച്ച് പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞു. ജാര്‍ഖണ്ഡിലും ബിഹാറിലും പാര്‍ടി കൂടുതല്‍ സജീവമായിട്ടുണ്ട്. മുന്‍ഗണനാ സംസ്ഥാനങ്ങളായി തെരഞ്ഞെടുത്ത അസം, ജാര്‍ഖണ്ഡ്, ബിഹാര്‍, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും കുറെ സജീവത കൈവരിക്കാനായി. പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും മുന്‍കാലത്തെ അപേക്ഷിച്ച് പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞു. സംസ്ഥാന, ജില്ലാ കമ്മിറ്റികളുടെയും ബഹുജന മുന്നണികളുടെയും പ്രവര്‍ത്തനം ഈ സംസ്ഥാനങ്ങളില്‍ സജീവമായി വരുന്നുണ്ട്. ഇവയെല്ലാമാണെങ്കിലും പശ്ചിമബംഗാള്‍, കേരളം, ത്രിപുര, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ പാര്‍ടിയുടെ സ്വാധീനശക്തിയുടെ നിലവാരത്തിലേക്കെത്താന്‍ മറ്റ് സംസ്ഥാനങ്ങളിലെ പാര്‍ടി ഘടകങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നത് പരിഹാരം കാണേണ്ട പോരായ്മയായി അവശേഷിക്കുന്നു. ഇക്കാലത്ത് സ്ത്രീകളുടെ അംഗത്വത്തില്‍ ഗണ്യമായ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞു.

വനിതകളായ പാര്‍ടി അംഗങ്ങളുടെ അംഗസംഖ്യ 12 ശതമാനമായിരുന്നത് 14.05 ശതമാനമായി വര്‍ധിച്ചു. വനിതകളെ പാര്‍ടിയില്‍ ചേര്‍ക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് ഫലമുണ്ടായെന്നാണ് ഈ വളര്‍ച്ച സൂചിപ്പിക്കുന്നത്. വനിതകളെ പാര്‍ടിയില്‍ ചേര്‍ക്കുന്നതിനും ഉപരി കമ്മിറ്റികളിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനുമുള്ള പരിശ്രമം തുടരണമെന്നും 20-ാം കോണ്‍ഗ്രസ് തീരുമാനിച്ചു. ജനങ്ങളുടെ അടിയന്തരപ്രശ്നങ്ങളെയും പ്രാദേശിക പ്രശ്നങ്ങളെയും അടിസ്ഥാനമാക്കി സമരങ്ങള്‍ സംഘടിപ്പിച്ച് പുതിയ ജനവിഭാഗങ്ങളുമായി ബന്ധംസ്ഥാപിക്കണമെന്ന മുന്‍ പാര്‍ടി കോണ്‍ഗ്രസുകളുടെ തീരുമാനം നടപ്പാക്കാന്‍ വിവിധ സംസ്ഥാന ഘടകങ്ങള്‍ പരിശ്രമം തുടര്‍ന്നു. ബഹുജന മുന്നണികളിലെ പാര്‍ടി അംഗങ്ങളുടെ പ്രവര്‍ത്തനം സജീവമാക്കാനും ശ്രമം നടന്നു. രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ്, ഹരിയാണ, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര തുടങ്ങി പാര്‍ടി താരതമ്യേന ദുര്‍ബലമായ സംസ്ഥാനങ്ങളില്‍ പാര്‍ടിയും ബഹുജന മുന്നണികളും സജീവമായി വരുന്നുണ്ട്. പശ്ചിമബംഗാള്‍, കേരളം, ത്രിപുര, ആന്ധ്രപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബഹുജനപ്രശ്നങ്ങള്‍ ഏറ്റെടുത്ത് സമരങ്ങള്‍ സംഘടിപ്പിക്കാന്‍ പാര്‍ടി മുന്‍പന്തിയിലുണ്ട്. അടിയന്തര പ്രശ്നങ്ങളെ ആസ്പദമാക്കി നടത്തുന്ന ബഹുജന സമരങ്ങള്‍ വഴിയാണ് പാര്‍ടിക്ക് പുതിയ ജനവിഭാഗങ്ങളുമായി ബന്ധം സ്ഥാപിക്കാന്‍ കഴിയുക. സമരങ്ങള്‍ സംഘടിപ്പിക്കുന്നതിലും വ്യാപിപ്പിക്കുന്നതിലും വ്യത്യസ്ത സ്വഭാവങ്ങളിലുള്ള ദൗര്‍ബല്യങ്ങളും പോരായ്മകളും ഉണ്ടെന്ന് സംഘടനാരേഖ വിലയിരുത്തുകയും തിരുത്തുന്നതിന് ആവശ്യമായ വ്യക്തമായ നിര്‍ദേശങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്തു.

സാമ്പത്തിക പ്രശ്നങ്ങള്‍ക്കൊപ്പം സാമൂഹ്യപ്രശ്നങ്ങളും ഉയര്‍ത്തിക്കൊണ്ടുവരണമെന്ന് 19-ാം കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. ആന്ധ്രപ്രദേശ്, തമിഴ്നാട്, ഹരിയാണ, കര്‍ണാടക, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ സാമൂഹ്യപ്രശ്നങ്ങള്‍ ഏറ്റെടുത്ത് ചില സമരങ്ങള്‍ ഇക്കാലത്ത് സംഘടിപ്പിച്ചിരുന്നു. എവിടെയൊക്കെ സാമൂഹ്യപ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറായോ അവിടെയൊക്കെ പുതിയ ജനവിഭാഗങ്ങളുടെ ഇടയിലേക്ക് പാര്‍ടിയുടെ സ്വാധീനശക്തി വളര്‍ത്താന്‍ കഴിഞ്ഞു. സാമ്പത്തിക പ്രശ്നങ്ങളോടൊപ്പം സാമൂഹ്യമായ അടിച്ചമര്‍ത്തലിന്റെ പ്രശ്നങ്ങളും ഏറ്റെടുക്കണമെന്ന് 20-ാം കോണ്‍ഗ്രസ് നിര്‍ദേശിച്ചു.

പാര്‍ടി അംഗങ്ങളുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായ നിലവാരമുയര്‍ത്താന്‍ നടത്തിയ പരിശ്രമങ്ങളെ 20-ാം കോണ്‍ഗ്രസ് അവലോകനംചെയ്തു. മുന്‍കാലത്തെ അപേക്ഷിച്ച് ഇക്കാലത്ത് പാര്‍ടി വിദ്യാഭ്യാസത്തിന് കുടുതല്‍ ശ്രദ്ധ നല്‍കിയിരുന്നു. അടുത്ത കാലത്ത് ആദ്യമായി കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്കുവേണ്ടി ക്ലാസ് സംഘടിപ്പിച്ചത് വലിയ വിജയമായിരുന്നു. പതിനെട്ടോളം സംസ്ഥാനങ്ങളില്‍ വിവിധ നിലവാരങ്ങളില്‍ പാര്‍ടി സ്കൂളുകള്‍ സംഘടിപ്പിച്ചു. ഇവയെല്ലാമാണെങ്കിലും പാര്‍ടി അംഗങ്ങളില്‍ പകുതിയിലേറെപ്പേര്‍ കഴിഞ്ഞ പത്ത് കൊല്ലത്തിനകം പാര്‍ടി അംഗങ്ങളായവരാണെന്ന സ്ഥിതി പാര്‍ടി വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എടുത്തുകാട്ടുന്നു. പുതുതായി പാര്‍ടിയിലേക്ക് കടന്നുവരുന്നവര്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന വികലമായ രാഷ്ട്രീയ പ്രത്യയശാസ്ത്ര സംഘടനാ ധാരണകളുമായാണ് കടന്നുവരുന്നത്. ഇവര്‍ക്ക് നല്‍കുന്ന രാഷ്ട്രീയ, പ്രത്യയശാസ്ത്ര, സംഘടനാ വിദ്യാഭ്യാസം അപര്യാപ്തമാണെന്നാണ് പാര്‍ടിയില്‍ പ്രകടമാകുന്ന ഒട്ടേറെ വ്യതിയാനങ്ങള്‍ സൂചിപ്പിക്കുന്നത്. സാമ്പത്തിക-രാഷ്ട്രീയ-പ്രത്യയശാസ്ത്ര സമരങ്ങള്‍ നടത്താന്‍ പാര്‍ടി അംഗങ്ങളുടെ കഴിവ് വികസിപ്പിക്കേണ്ടതുണ്ട്.

കമ്യൂണിസ്റ്റ് പാര്‍ടിയുടെ സംഘടനാ സംവിധാനവും സമ്പ്രദായങ്ങളും മറ്റ് രാഷ്ട്രീയകക്ഷികളില്‍നിന്ന് തികച്ചും വ്യത്യസ്തമാണ്. നിലവിലുള്ള സമൂഹത്തെ വിപ്ലവകരമായി പരിവര്‍ത്തനംചെയ്ത് കൂടുതല്‍ പുരോഗമനപരമായ പുതിയ സമൂഹത്തെ കെട്ടിപ്പടുക്കുകയാണ് പാര്‍ടിയുടെ ലക്ഷ്യം. ഒരു സാധാരണ സംഘടനയ്ക്ക് സങ്കീര്‍ണമായ ഈ കടമകള്‍ നിര്‍വഹിക്കാന്‍ ആകില്ല. നിലവിലുള്ള സാമൂഹ്യവ്യവസ്ഥയ്ക്കെതിരെ സാമ്പത്തിക-രാഷ്ട്രീയ-പ്രത്യയശാസ്ത്ര മേഖലകളില്‍ വര്‍ഗസമരം തീക്ഷ്ണമാക്കിയും വ്യാപിപ്പിച്ചും ചൂഷകവര്‍ഗങ്ങളെ ഒറ്റപ്പെടുത്തി ചൂഷിത ജനവിഭാഗങ്ങളെ ഒരുമിപ്പിച്ച് അണിനിരത്തി നടത്തുന്ന മുന്നേറ്റങ്ങളിലൂടെയാണ് സാമൂഹ്യവിപ്ലവം വിജയകരമായി നിര്‍വഹിക്കപ്പെടുന്നത്. സ്വയംവരിച്ച അച്ചടക്കത്തോട് കൂടിയ ഉരുക്കുപോലെ ഉറച്ച ഒരു പാര്‍ടിക്ക് മാത്രമേ അതിശക്തരായ ശത്രുവര്‍ഗങ്ങളുടെ കുത്തിത്തിരിപ്പുകളെയും ഉപജാപങ്ങളെയും കടന്നാക്രമണങ്ങളെയും ചെറുത്തും തോല്‍പ്പിച്ചും മുന്നേറാനാവൂ.

കമ്യൂണിസ്റ്റ് പാര്‍ടിക്ക് സംഘടനാപരമായ കെട്ടുറപ്പ് സര്‍വപ്രധാനമാണ്. സര്‍വശക്തിയും സമാഹരിച്ചുനില്‍ക്കുന്ന ശത്രുവര്‍ഗങ്ങളെ പരാജയപ്പെടുത്താന്‍ തൊഴിലാളിവര്‍ഗത്തിന്റെ മുന്നണിപ്പടയാണ് കമ്യൂണിസ്റ്റ് പാര്‍ടി. സംഘടനാ പ്രത്യേകതകള്‍ പാര്‍ടി അംഗങ്ങളെയാകെ പഠിപ്പിച്ച്, പരിശീലിപ്പിച്ച് ഉറപ്പിക്കുന്നില്ലെങ്കില്‍ കമ്യൂണിസ്റ്റ് പാര്‍ടി അതിന്റെ വിപ്ലവകരമായ കാഴ്ചപ്പാടും കെട്ടുറപ്പും നഷ്ടപ്പെട്ട് മറ്റേതെങ്കിലും ബൂര്‍ഷ്വ-പെറ്റി ബൂര്‍ഷ്വാ പാര്‍ടികളുടെ നിലവാരത്തിലേക്ക് അധഃപതിക്കും. കമ്യൂണിസ്റ്റ് പാര്‍ടിയുടെ വിപ്ലവകരമായ കാഴ്ചപ്പാടും കെട്ടുറപ്പും നിലനിര്‍ത്താന്‍ നിരന്തരമായ ജാഗ്രത പുലര്‍ത്തുകയും ഉറച്ച നിലപാട് സ്വീകരിക്കുകയും വേണം. ഏതാണ്ട് ഒരു ലക്ഷത്തോളം പാര്‍ടി ബ്രാഞ്ചുകളില്‍ കുറെയെണ്ണം സജീവമായി പ്രവര്‍ത്തിക്കാത്തവയാണ്. പാര്‍ടിയുടെ സംഘടനാസ്ഥിതിയുടെ നിലവാരമനുസരിച്ച് ഓരോ പ്രദേശത്തും പ്രവര്‍ത്തനക്ഷമമല്ലാത്ത ബ്രാഞ്ചുകളുടെ എണ്ണം ഏറിയും കുറഞ്ഞുമിരിക്കും. ബ്രാഞ്ച് സെക്രട്ടറിമാരുടെ രാഷ്ട്രീയ-സംഘടനാ നിലവാരത്തിലെ ദൗര്‍ബല്യങ്ങളും ലോക്കല്‍ കമ്മിറ്റികള്‍, ഏരിയാ കമ്മിറ്റികള്‍, ജില്ലാ കമ്മിറ്റികള്‍ എന്നിവകളുടെ പോരായ്മകളുമാണ് ബ്രാഞ്ചുകളുടെ നിര്‍ജീവാവസ്ഥയ്ക്ക് കാരണം. പടിപടിയായി ബ്രാഞ്ചുകളെ സജീവമാക്കാനുള്ള പദ്ധതി ജില്ലാ കമ്മിറ്റികള്‍ തയ്യാറാക്കി നടപ്പാക്കണം. ബ്രാഞ്ചുകള്‍ സജീവമാകുന്നതോടെ പാര്‍ടി അംഗങ്ങളും ബഹുജന മുന്നണികളും സജീവമാകും. പാര്‍ടിക്ക് വളര്‍ച്ച നേടാനും ശക്തിപ്പെടാനും കഴിയും.

ദുര്‍ബല സംസ്ഥാനങ്ങളിലെ ജില്ലാ കമ്മിറ്റികളെ സജീവമാക്കാനുള്ള പദ്ധതികളും ഓരോ സംസ്ഥാന കമ്മിറ്റിയും തയ്യാറാക്കണമെന്ന് പാര്‍ടി കോണ്‍ഗ്രസ് നിശ്ചയിച്ചു. സംസ്ഥാന കമ്മിറ്റികളുടെ പ്രവര്‍ത്തനം ഇടക്കാലത്ത് കൂടുതല്‍ സജീവമായിട്ടുണ്ട്. രണ്ട് മാസത്തിലൊരിക്കല്‍ യോഗം ചേരുന്ന സമ്പ്രദായം പതിവായി. പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിലും അവലോകനം നടത്തുന്നതിലും പുരോഗതി ദൃശ്യമാണ്. ചില സംസ്ഥാന കമ്മിറ്റികള്‍ അതത് സംസ്ഥാനങ്ങളിലുണ്ടാകുന്ന സംഭവവികാസങ്ങളില്‍ ഫലപ്രദമായി ഇടപെടുന്നതില്‍ പ്രകടിപ്പിക്കുന്ന ദൗര്‍ബല്യം പരിഹരിക്കപ്പെടേണ്ടതാണ്. പൂര്‍ണസമയ പ്രവര്‍ത്തകരെ കണ്ടെത്തുന്നതിലും പ്രവര്‍ത്തനങ്ങളില്‍ നിയോഗിക്കുന്നതിലും അവരുടെ ജീവിതച്ചെലവുകള്‍ക്ക് ആവശ്യമായ വേതനം നല്‍കുന്നതിലും പല സംസ്ഥാനങ്ങളിലും പോരായ്മകള്‍ നിലനില്‍ക്കുന്നുണ്ട്. ഇവയ്ക്കെല്ലാം അടിയന്തര പരിഹാരം കാണണമെന്ന് പാര്‍ടി കോണ്‍ഗ്രസ് നിര്‍ദേശിച്ചു.

VI

കരുത്തോടെ മുന്നോട്ട്

പൊളിറ്റ് ബ്യൂറോയുടെയും കേന്ദ്രകമ്മിറ്റിയുടെയും പ്രവര്‍ത്തനങ്ങളും സിപിഐ എം ഇരുപതാം പാര്‍ടി കോണ്‍ഗ്രസ് വിലയിരുത്തി. പാര്‍ടി കേന്ദ്രത്തിന് പ്രധാനപ്പെട്ട ഒട്ടേറെ കടമകള്‍ നിര്‍വഹിക്കേണ്ടതായുണ്ട്. രാജ്യത്തിന്റെ എല്ലാ പ്രധാനപ്പെട്ട സാമ്പത്തിക രാഷ്ട്രീയ സംഭവവികാസങ്ങളും ശ്രദ്ധാപൂര്‍വം പഠിച്ച് തൊഴിലാളിവര്‍ഗ രാഷ്ട്രീയ താല്‍പ്പര്യമനുസരിച്ച് ഇടപെടുക, അഖിലേന്ത്യാ തലത്തില്‍ പ്രക്ഷോഭങ്ങള്‍ക്ക് രൂപംനല്‍കുക, സംസ്ഥാനങ്ങളിലുണ്ടാകുന്ന രാഷ്ട്രീയ സംഭവവികാസങ്ങളില്‍ ഇടപെടാന്‍ സംസ്ഥാന കമ്മിറ്റികളെ സഹായിക്കുക, സംഘടനാ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക, പാര്‍ടി പത്രങ്ങള്‍ക്ക് ആശയപരമായ നേതൃത്വം നല്‍കുക, പ്രത്യയശാസ്ത്ര സമരങ്ങള്‍ സംഘടിപ്പിക്കുക, മറ്റ് രാഷ്ട്രീയകക്ഷികളുമായും വിദേശങ്ങളിലെ കമ്യൂണിസ്റ്റ്-വര്‍ക്കേഴ്സ് പാര്‍ടികളുമായും ബന്ധം പുലര്‍ത്തുക, പാര്‍ടി എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കിയതിന്റെ അനുഭവങ്ങള്‍ അവലോകനംചെയ്യുക, വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ടി അംഗങ്ങള്‍ക്ക് ഉപദേശവും നേതൃത്വവും നല്‍കുക തുടങ്ങിയവ ഇവയില്‍ ചിലതു മാത്രമാണ്. കഴിവും അനുഭവസമ്പത്തുമുള്ള സഖാക്കളെ ഉള്‍പ്പെടുത്തി പാര്‍ടി കേന്ദ്രത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും പാര്‍ടി കോണ്‍ഗ്രസ് നിശ്ചയിച്ചു.

ജനാധിപത്യ കേന്ദ്രീകരണമെന്ന പാര്‍ടിയുടെ സംഘടനാ സമ്പ്രദായത്തെ ശക്തിപ്പെടുത്തണമെന്ന് സ്ഥിതിഗതികളെ വിലയിരുത്തി 19-ാം കോണ്‍ഗ്രസ് ആവശ്യപ്പെടുകയുണ്ടായി. ഇക്കാര്യത്തില്‍ കുറെ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞു. എന്നിരുന്നാലും തെറ്റുകളും പോരായ്മകളും പല നിലവാരത്തിലും നിലനില്‍ക്കുന്നു. പാര്‍ടി രഹസ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നതായി പാര്‍ടി കോണ്‍ഗ്രസ് നിരീക്ഷിച്ചു. ഇതിന്റെ ഫലമായി മാധ്യമങ്ങള്‍ പലപ്പോഴും പ്രചരിപ്പിക്കുന്ന നിറംപിടിപ്പിച്ച നുണക്കഥകള്‍ ശരിയെന്ന് വിശ്വസിക്കാനുള്ള പശ്ചാത്തലം ഒരുങ്ങുന്നു. പാര്‍ടി ഘടകങ്ങള്‍ക്കു പുറത്ത് അഭിപ്രായം പ്രകടിപ്പിക്കാനും ചില പാര്‍ടി അംഗങ്ങള്‍ തയ്യാറാകുന്നു. പാര്‍ടിയുടെ കൂട്ടായ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് പാര്‍ടി കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. 2009ല്‍ കേന്ദ്രകമ്മിറ്റി അംഗീകരിച്ച തെറ്റുതിരുത്തല്‍ രേഖ നടപ്പാക്കിയത് സംബന്ധിച്ചുള്ള അനുഭവങ്ങളും പാര്‍ടി കോണ്‍ഗ്രസ് അവലോകനംചെയ്തു. പാര്‍ടി അംഗങ്ങളുടെ രാഷ്ട്രീയ-പ്രത്യയശാസ്ത്ര-സംഘടനാ നിലവാരത്തിലെ ഇടിവ് സമൂഹത്തില്‍ നിലനില്‍ക്കുന്ന ഒട്ടേറെ തെറ്റുകളും വൈകൃതങ്ങളും പാര്‍ടിക്കുള്ളിലേക്ക് കടന്നുവരുന്നതിന് ഇടവരുത്തുന്നു. വര്‍ധിച്ചുവരുന്ന പല തെറ്റുകളുടെയും അടിസ്ഥാനം ഇതാണ്. ഉദ്യോഗസ്ഥ മേധാവിത്വപരമായ പെരുമാറ്റം, വിമര്‍ശങ്ങളോട് അസഹിഷ്ണുത, അഹന്ത, അവിഹിതമായ ധനം സമ്പാദിക്കാനുള്ള ശ്രമം, അഴിമതി, വര്‍ധിച്ച മദ്യപാനാസക്തി, സ്ത്രീകളോടുള്ള അപമര്യാദയായ പെരുമാറ്റം, പാര്‍ലമെന്ററി സ്ഥാനങ്ങളോടുള്ള അമിതമായ താല്‍പ്പര്യം തുടങ്ങിയവ അപൂര്‍വം ചില പാര്‍ടി അംഗങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നു. കമ്യൂണിസ്റ്റ് പാര്‍ടിയിലെ മഹാഭൂരിപക്ഷം അംഗങ്ങളും ഉത്തമമായ കമ്യൂണിസ്റ്റ് സദാചാരവും ജീവിതചര്യയും സ്വീകരിച്ചവരാണ്. കമ്യൂണിസ്റ്റ് പാര്‍ടി ഒരു ദൗര്‍ബല്യവും മൂടിവയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല. തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നത് ദൃഢനിശ്ചയത്തോടെ തിരുത്തുന്നതിനാണ്. തെറ്റുകള്‍ക്കെതിരെ പടപൊരുതാന്‍ പാര്‍ടി ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ കൂട്ടായും വ്യക്തികളെന്ന നിലയില്‍ ഓരോ പാര്‍ടി അംഗവും ശ്രമിക്കേണ്ടതാണ്. മറ്റ് രാഷ്ട്രീയകക്ഷികളില്‍ നിന്ന് കമ്യൂണിസ്റ്റ് പാര്‍ടിയെ വേര്‍തിരിച്ചുകാട്ടുന്ന ഒരു സവിശേഷത പാര്‍ടി അംഗങ്ങളുടെ ഉയര്‍ന്ന സാംസ്കാരികനിലയും അതനുസരിച്ചുള്ള ജീവിതരീതിയുമാണ്.

തെറ്റുതിരുത്തല്‍ പ്രക്രിയ തുടര്‍ച്ചയായി നടത്തേണ്ട ഒന്നാണ്. കഴിഞ്ഞകാല പ്രവര്‍ത്തനാനുഭവങ്ങളെ വിലയിരുത്തി പാര്‍ടിയുടെ പുതിയ കടമകള്‍ ഇരുപതാം കോണ്‍ഗ്രസ് നിശ്ചയിച്ചു. ദുര്‍ബല സംസ്ഥാനങ്ങളില്‍ പാര്‍ടിയെ അതിവേഗം വളര്‍ത്തി ശക്തിപ്പെടുത്തുകയെന്നത് ഒന്നാമത്തെ കടമയായി പാര്‍ടി കോണ്‍ഗ്രസ് കണ്ടു. ഇതിനുപകരിക്കുന്ന വ്യക്തമായ കര്‍മപരിപാടി തയ്യാറാക്കി സമയബന്ധിതമായി നടപ്പാക്കാന്‍ ശ്രമിക്കണമെന്ന് പാര്‍ടി കോണ്‍ഗ്രസ് പുതിയ കേന്ദ്രകമ്മിറ്റിയോട് നിര്‍ദേശിച്ചു. നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി അവലോകനംചെയ്യണമെന്നും തീരുമാനിച്ചിട്ടുണ്ട്. നവ ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങളുടെയും മുതലാളിത്ത വളര്‍ച്ചയുടെയും ഫലമായി ജനജീവിതം ദുരിതമയമായിരിക്കുന്നു. ജനങ്ങള്‍ നിലവിലുള്ള വ്യവസ്ഥിതിയുടെ ചൂഷണത്തിലും അടിച്ചമര്‍ത്തലിലും അസ്വസ്ഥരാണ്. ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങളെ ആസ്പദമാക്കി പ്രാദേശികമായും അഖിലേന്ത്യാടിസ്ഥാനത്തിലും സമരങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ പാര്‍ടിയും പാര്‍ടി അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്ന ബഹുജന മുന്നണികളും മുന്നോട്ടുവരണം. പാര്‍ടിയും ബഹുജന മുന്നണികളും ബഹുജനപ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ എപ്പോഴും സജീവമാകണം. സാമ്പത്തികപ്രശ്നങ്ങളോടൊപ്പം സാമൂഹ്യപ്രശ്നങ്ങളും ഏറ്റെടുക്കേണ്ടതുണ്ട്. പാര്‍ടി അംഗങ്ങളുടെ റിക്രൂട്ട്മെന്റ്, അവര്‍ക്ക് രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായ വിദ്യാഭ്യാസം നല്‍കുക, ബ്രാഞ്ചുകളുടെയും കമ്മിറ്റികളുടെയും പ്രവര്‍ത്തനം ശക്തിപ്പെടുത്തുക തുടങ്ങി പാര്‍ടി കെട്ടിപ്പടുക്കുന്നതിലുള്ള ദൗര്‍ബല്യങ്ങള്‍ ഓരോന്നും മൂര്‍ത്തമായി പരിശോധിച്ച് ഓരോ നിലവാരത്തിലും ആവശ്യമായ തിരുത്തല്‍ വരുത്തണം. ജനാധിപത്യ കേന്ദ്രീകരണം ശക്തിപ്പെടുത്തി പാര്‍ടിക്കുള്ളിലെ യോജിപ്പ് വളര്‍ത്താനും തെറ്റുകള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടി കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും പാര്‍ടിയാകെ ദൃഢനിശ്ചയത്തോടെ മുന്നോട്ടുവരണമെന്ന് പാര്‍ടി കോണ്‍ഗ്രസ് ആഹ്വാനംചെയ്തു.

വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്ക് ഒട്ടേറെ പൂര്‍ണസമയ പ്രവര്‍ത്തകരെ പാര്‍ടിക്ക് ആവശ്യമുണ്ട്. ആവശ്യം വേണ്ട പൂര്‍ണസമയ പ്രവര്‍ത്തകരെ കണ്ടെത്തി പാര്‍ടിയുടെയും ബഹുജന സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കണം. അടിസ്ഥാന വര്‍ഗങ്ങള്‍, പട്ടികവര്‍ഗക്കാര്‍, പട്ടികജാതിക്കാര്‍, മത ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍ എന്നീ വിഭാഗങ്ങളില്‍നിന്ന് പൂര്‍ണസമയ പ്രവര്‍ത്തകരെ കണ്ടെത്തുന്നതിന് പാര്‍ടി പ്രത്യേകം ശ്രദ്ധിക്കണം. ജീവിക്കാന്‍ അവശ്യം വേണ്ട വേതനം നല്‍കാനും പാര്‍ടി ക്രമീകരണങ്ങള്‍ ഉണ്ടാക്കണം. വരുമാനമുള്ളവര്‍ക്കോ വ്യക്തിപരമായ വരുമാനം സമാഹരിക്കാന്‍ കഴിയുന്നവര്‍ക്കോ മാത്രമേ പാര്‍ടിയുടെ കാഡര്‍മാരാകാന്‍ കഴിയൂ എന്ന അവസ്ഥ കമ്യൂണിസ്റ്റ് പാര്‍ടിക്ക് ഒരിക്കലും അഭികാമ്യമല്ല. പാര്‍ടി നേതൃത്വത്തിന്റെ ശരിയായ വര്‍ഗപരമായ ഉള്ളടക്കത്തെ അത് ദുര്‍ബലമാക്കും.

പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച കടമകള്‍ നിര്‍വഹിക്കുമെന്ന് ഉറപ്പുവരുത്തേണ്ടത് പാര്‍ടികേന്ദ്രത്തിന്റെ ചുമതലയാണ്. പാര്‍ടി കേന്ദ്രം ശക്തിപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും പാര്‍ടി കോണ്‍ഗ്രസ് നിര്‍ദേശിച്ചു. പാര്‍ടിയുടെ ഭരണഘടനയില്‍ പാര്‍ടി കോണ്‍ഗ്രസ് ചില പ്രധാനപ്പെട്ട ഭേദഗതികള്‍ വരുത്തി. പാര്‍ടി ജനറല്‍ സെക്രട്ടറിയുടെ കാലാവധി മൂന്നു തവണയില്‍ അധികമാകരുതെന്ന് നിജപ്പെടുത്തി. പ്രത്യേക സാഹചര്യങ്ങളില്‍ കേന്ദ്ര കമ്മിറ്റിയിലെ നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ മൂന്നു തവണ ജനറല്‍ സെക്രട്ടറിസ്ഥാനം പൂര്‍ത്തിയായ ഒരാളെ നാലാമത്തെ തവണത്തേക്കു കൂടി തെരഞ്ഞെടുക്കാവുന്നതാണെന്നും വ്യവസ്ഥചെയ്തു. സംസ്ഥാന-ജില്ല-ഏരിയ-ലോക്കല്‍ കമ്മിറ്റികളുടെ സെക്രട്ടറിസ്ഥാനം മൂന്ന് തവണകളിലധികം വഹിക്കാന്‍ കഴിയില്ലെന്നും തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറിയുടെ കാര്യത്തില്‍ സംസ്ഥാന കമ്മിറ്റിയിലെ നാലില്‍ മൂന്നുഭാഗം അംഗങ്ങളുടെ പിന്തുണയും കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരവുമുണ്ടെങ്കില്‍ ഒരു തവണകൂടി കാലാവധി നീട്ടിക്കൊടുക്കാവുന്നതാണ്. മറ്റ് കമ്മിറ്റികളുടെ സെക്രട്ടറിമാരുടെ കാര്യത്തില്‍ ബന്ധപ്പെട്ട കമ്മിറ്റികളിലെ അംഗങ്ങളില്‍ നാലില്‍ മൂന്നു ഭാഗം അംഗങ്ങളുടെ പിന്തുണയും സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരവുമുണ്ടെങ്കില്‍ നാലാമത്തെ തവണകൂടി തെരഞ്ഞെടുക്കാവുന്നതാണ്. ഇത്തരമൊരു ഭേദഗതി പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ചത് ചില സുപ്രധാനമായ കാരണങ്ങളാലാണ്. ചില കമ്മിറ്റികളുടെ കാര്യത്തിലെങ്കിലും സെക്രട്ടറിമാര്‍ ജീവിതകാലം അവസാനിക്കുന്നതുവരെ സെക്രട്ടറിമാരായി തുടരുന്ന സ്ഥിതിയുണ്ട്. മരണമോ രോഗം കാരണം പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരുമ്പോഴോ മാത്രമാണ് അവര്‍ സ്ഥാനമൊഴിയുന്നത്.

പാര്‍ടിനേതൃത്വത്തില്‍ സ്ഥാനമാറ്റം വരുന്നത് പുതിയ നേതൃത്വത്തെ പരിശീലിപ്പിച്ച് വളര്‍ത്തിക്കൊണ്ടുവരാന്‍ അവസരം നല്‍കും. സെക്രട്ടറിമാര്‍ സ്ഥിരമായി തുടരുന്ന അവസ്ഥ പലപ്പോഴും അവര്‍ എല്ലാറ്റിന്റെയും എല്ലാമായി മാറുന്ന പ്രവണത ശക്തിപ്പെടാനും അവസരം നല്‍കാം. ഇടയ്ക്കിടെയുള്ള സ്ഥാനമാറ്റം കൂട്ടായ നേതൃത്വം ശക്തിപ്പെടുന്നതിന് സഹായകമാകും. പാര്‍ടി കോണ്‍ഗ്രസ് വരുത്തിയ പുതിയ ഭരണഘടനാ ഭേദഗതി അടുത്ത പാര്‍ടി സമ്മേളനങ്ങളും പാര്‍ടി കോണ്‍ഗ്രസും മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും പാര്‍ടി കോണ്‍ഗ്രസ് നിശ്ചയിച്ചു. പാര്‍ടിയുടെ ചരിത്രത്തിലെ സുപ്രധാനമായ കോണ്‍ഗ്രസാണ് കോഴിക്കോട്ട് ചേര്‍ന്നത്. പാര്‍ടിയുടെ ചരിത്രത്തില്‍ എക്കാലവും ഇരുപതാം കോണ്‍ഗ്രസ് ഓര്‍മിക്കപ്പെടും. പാര്‍ടിക്കുള്ളില്‍ രാഷ്ട്രീയ-പ്രത്യയശാസ്ത്ര-സംഘടനാ കാര്യങ്ങളിലുണ്ടായ വര്‍ധിച്ച യോജിപ്പും ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ നേരിട്ട്് പാര്‍ടി അതിവേഗം മുന്നേറുമെന്ന ആത്മവിശ്വാസവും ദൃഢനിശ്ചയവും പാര്‍ടി കോണ്‍ഗ്രസിലുടനീളം പ്രകടമായിരുന്നു.

*
എസ് രാമചന്ദ്രന്‍പിള്ള

കടപ്പാട്: ദേശാഭിമാനി ദിനപത്രം 13-19 ഏപ്രില്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസില്‍ നടന്നതെന്ത് എന്ന വിഷയത്തില്‍ ശ്രീ. എസ്.രാമചന്ദ്രന്‍പിള്ള രചിച്ച ലേഖനം പൂര്‍ണ്ണരൂപത്തില്‍ ചര്‍ച്ചകള്‍ക്കും പഠനത്തിനുമായി പ്രസിദ്ധപ്പെടുത്തുന്നു.