Thursday, April 26, 2012

കാര്‍ഷിക ശാസ്ത്രജ്ഞനോ നാടുവാഴി മാടമ്പിയോ?

2011ല്‍ യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ കലിക്കറ്റ് സര്‍വകലാശാലയുടെ വൈസ് ചാന്‍സലറാകാന്‍ കുറേ അല്‍പ്പവിഭവന്മാര്‍ അരയുംതലയും മുറുക്കി രംഗത്തുണ്ടായിരുന്നു. സന്ദര്‍ഭാനുസരണം മതേതരവേഷവും തീവ്രവര്‍ഗീയവേഷവും കെട്ടിയാടുന്ന, സത്തയില്‍ അടിമുടി വര്‍ഗീയമായ മുസ്ലിംലീഗിന്റെ ചില പ്രവര്‍ത്തകരും അധ്യാപകവൃത്തി ചെയ്യുന്ന അതിന്റെ ചില അനുഭാവികളുമൊക്കെ ഉണ്ടായിരുന്നു അക്കൂട്ടത്തില്‍. കോളേജിന്റെ പടിവാതില്‍ പോലും കയറിയിട്ടില്ലാത്ത സ്കൂള്‍ അധ്യാപകനെയാണ് ലീഗിലെ "ചാണക്യനും" അദ്ദേഹത്തിന്റെ വിനീതവിധേയവൃന്ദവും സര്‍വകലാശാലയുടെ തലവനാക്കാന്‍ ആദ്യം തീരുമാനിച്ചത്. ആ തീരുമാനം വ്യാപകമായ വിമര്‍ശങ്ങള്‍ക്കു വഴിവച്ചപ്പോള്‍ സ്കൂള്‍മാസ്റ്ററെ ഗത്യന്തരമില്ലാതെ ലീഗിന് അഗണ്യകോടിയില്‍ തള്ളേണ്ടിവന്നു. പിന്നെയാണ് "പുകള്‍പെറ്റ" കാര്‍ഷികശാസ്ത്രജ്ഞനായ, കേരളീയര്‍ മാത്രം ഇന്നേവരെ കേട്ടിട്ടില്ലാത്ത, സാക്ഷാല്‍ ആക്രിക്കച്ചവടപാരമ്പര്യം സിരകളില്‍ ആവാഹിച്ച വൈസ്ചാന്‍സലര്‍ കലിക്കറ്റ് സര്‍വകലാശാലയുടെ ആസ്ഥാനമായ തേഞ്ഞിപ്പലത്തേക്ക് ആനയിക്കപ്പെടുന്നത്.

ഇവിടെ ഒരുകാര്യം പ്രത്യേകം ഓര്‍മിക്കേണ്ടതുണ്ട്. ഇങ്ങനെ കുറേ അല്‍പ്പവിഭവന്മാര്‍ തമ്മില്‍ മത്സരം ഉണ്ടായപ്പോഴാണ് ഡോ. ഹസ്നൈന്‍ എന്ന ഉത്തര്‍പ്രദേശില്‍നിന്നുള്ള ഹിമശാസ്ത്രജ്ഞനെ ഇ അഹമ്മദിന്റെ നിര്‍ദേശപ്രകാരം കലിക്കറ്റ് സര്‍വകലാശാലയുടെ വിസിയായി നിയമിച്ചത്. ഹസ്നൈനെ ലീഗിലെ ഒരുവിഭാഗം കൊണ്ടുവന്നതായിരുന്നെങ്കിലും അദ്ദേഹം ഇന്ത്യക്കകത്തും പുറത്തും അറിയപ്പെടുന്ന പണ്ഡിതനും സര്‍വോപരി ജനാധിപത്യത്തിന്റെ സംവാദസ്ഥലികളെ കുറിച്ച് ബോധവാനുമായിരുന്നു. അതുകൊണ്ടുതന്നെ പ്രകടനങ്ങള്‍ക്കോ വിമര്‍ശങ്ങള്‍ക്കോ സംവാദങ്ങള്‍ക്കോ നേരെ അദ്ദേഹം അസഹിഷ്ണുത പ്രകടിപ്പിച്ചിരുന്നില്ല. വിദ്യാര്‍ഥികള്‍ എന്തെങ്കിലും ആവശ്യമുന്നയിച്ച് പ്രതിഷേധസമരം നടത്തിയാല്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രശ്നപരിഹാരം നടത്തുകയായിരുന്നു അദ്ദേഹത്തിന്റെ രീതി. മാത്രമല്ല, അധ്യാപകരോടും ജീവനക്കാരോടുമൊക്കെ മാന്യതയോടെയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം.

എന്നാല്‍, ഇന്ന് സസ്യജാലങ്ങളുടെ കൃഷിയേക്കാളുപരി മൂലധനക്കൃഷിയില്‍ വ്യാപൃതനായ പുതിയ വൈസ് ചാന്‍സലര്‍ കലിക്കറ്റ് സര്‍വകലാശാലയെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിന് സമാനമായി മാറ്റിയിരിക്കുന്നു. എന്തായിരിക്കണം ഒരു സര്‍വകലാശാലയെന്നോ, സര്‍വകലാശാലാ ക്യാമ്പസ് എങ്ങനെയായിരിക്കണമെന്നോ ഉള്ള പ്രാഥമിക ധാരണപോലും ഈ കൃഷിക്കച്ചവടക്കാരനില്ല. മുസ്ലിംലീഗിന്റെ അശ്വമുഖത്തുനിന്ന് കേള്‍ക്കുന്ന ആജ്ഞകള്‍ അപ്പടി നടപ്പാക്കുന്ന യന്ത്രമനുഷ്യന്‍ എന്നതില്‍ കവിഞ്ഞ് കാമ്പില്ലാത്ത ധാര്‍ഷ്ട്യത്തിന്റെ പരകോടിയായ ഈ നാടുവാഴി മാടമ്പി എന്താണ് ചെയ്തിട്ടുള്ളത്? തന്നെ വധിക്കാന്‍ സാധ്യതയുണ്ടെന്നും അതുകൊണ്ട് സര്‍വകലാശാലാ ക്യാമ്പസില്‍ പ്രകടനങ്ങളും സമരങ്ങളും നിരോധിക്കണമെന്നും ബഹുമാനപ്പെട്ട കോടതിയെ തെറ്റിദ്ധരിപ്പിച്ച് വിധി സമ്പാദിക്കുകയായിരുന്നു ഈ സൃഗാലബുദ്ധിയുള്ള കാര്‍ഷികവിദഗ്ധന്‍ ആദ്യം ചെയ്തത്. കേരളത്തില്‍ ഏറ്റവും ജനാധിപത്യപരമായ ക്യാമ്പസ് എന്ന് സര്‍വരും അംഗീകരിച്ച ക്യാമ്പസാണ് കലിക്കറ്റ് സര്‍വകലാശാലയിലേത്. ക്യാമ്പസിലെ ഈ വിമര്‍ശസ്വാതന്ത്ര്യത്തെ ഗളഹസ്തം ചെയ്തതിന്റെ ലക്ഷ്യം എന്തായിരുന്നെന്ന് ഇപ്പോള്‍ മാലോകര്‍ അറിഞ്ഞുതുടങ്ങിയിരിക്കുന്നു.

നേഴ്സറി സ്കൂള്‍പോലും നടത്തി പരിചയമില്ലാത്ത, പാണക്കാട് തങ്ങള്‍ അധ്യക്ഷനായ ഗ്രെയ്സ് എജ്യൂക്കേഷന്‍ ട്രസ്റ്റിന് പത്തേക്കറും ഒരു ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുപോലും ഇന്നേവരെ സംഘടിപ്പിച്ചിട്ടില്ലാത്ത കടലാസ് സംഘടനയ്ക്ക് മൂന്നേക്കറും ടിവിയില്‍ മാത്രം ഒളിമ്പിക്സ് കണ്ടുപരിചയമുള്ള മറ്റൊരു കടലാസ് സംഘടനയ്ക്ക് 25 ഏക്കറും പതിച്ചുനല്‍കാനായിരുന്നു വിസിയുടെ കാര്‍മികത്വത്തില്‍ സിന്‍ഡിക്കറ്റിന്റെ തീരുമാനം. അതവിടെ നില്‍ക്കട്ടെ, അധ്യാപകനിയമനത്തിന് വിസിയും മുസ്ലിംലീഗെന്ന കക്ഷിക്കപ്പുറം ലോകമില്ലെന്ന് ധരിച്ചുവശായ ടി വി ഇബ്രാഹിം എന്ന ഉത്തരാധുനികനിരക്ഷരകുക്ഷിയായ സിന്‍ഡിക്കറ്റ് അംഗവും നടത്തിയ ഇടപെടലുകള്‍ കഴിഞ്ഞദിവസം ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ് പത്രം പുറത്തുകൊണ്ടുവന്നു. പി കെ കുഞ്ഞാലിക്കുട്ടിയുടെ വിനീതവിധേയനായ ഒരു വ്യക്തിയുടെ മകനെ സര്‍വകലാശാലയിലെ ഇംഗ്ലീഷ് വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമിക്കാന്‍ ഇപ്പോഴത്തെ വിസി അബ്ദുല്‍സലാം കളിച്ച കളികള്‍ ആരെയും സ്തബ്ധരാക്കാന്‍ പോന്നവയാണ്. വിഷയവിദഗ്ധര്‍ അഭിമുഖത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നല്‍കിയ ഒരു ഉദ്യോഗാര്‍ഥിയോട് വിസിയുടെ ചോദ്യം ഇങ്ങനെയായിരുന്നു: നീ കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാലയില്‍ അസോസിയറ്റ് പ്രൊഫസറാണല്ലോ, ഇവിടെ എന്തിനാണ് അസിസ്റ്റന്റ് പ്രൊഫസറായി ചേരുന്നത്? ഇതിനര്‍ഥം നീ അബ്നോര്‍മല്‍ ആണെന്നാണ്. അപ്പോള്‍ ഉദ്യോഗാര്‍ഥി പറഞ്ഞു: ഞാന്‍ പഠിച്ചത് കലിക്കറ്റ് സര്‍വകലാശാലയിലാണ്. ഞാന്‍ ഗവേഷണം ചെയ്തതും ഇവിടെയാണ്. തന്നെയുമല്ല, എന്റെ കുടുംബം താമസിക്കുന്നതും ഇവിടെയാണ്. അതുകൊണ്ട് ഇവിടെ വരുന്നത് എന്റെ വ്യക്തിപരമായ കാര്യമാണ്. അപ്പോള്‍ വിസി വീണ്ടും: നിന്റെ സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ പറഞ്ഞത് നീയൊരു പ്രശ്നക്കാരനാണെന്നാണ്. ഞങ്ങള്‍ക്ക് പ്രശ്നക്കാരെ വേണ്ട. ഈവിധം ലീഗിലെ ചാണക്യനിര്‍ദേശങ്ങള്‍ അപ്പടി നടപ്പാക്കുകയും മെരിറ്റില്‍ മുന്‍പന്തിയിലുള്ളവരെ ഭീഷണിപ്പെടുത്തി തഴയുകയും ചെയ്യുന്ന വിസി ഒരു പ്രത്യേക കക്ഷിയുടെ ക്വട്ടേഷന്‍ കാര്‍ഷികശാസ്ത്രജ്ഞനാണോ എന്ന് ആരും സംശയിക്കുന്ന വിധമാണ് കലിക്കറ്റ് സര്‍വകലാശാലയിലെ കാര്യങ്ങള്‍. ക്യാമ്പസ് സൗന്ദര്യവല്‍ക്കരണമെന്ന പേരുപറഞ്ഞ്, പതിറ്റാണ്ടുകളായി വളര്‍ന്ന് സ്വാഭാവിക പരിസ്ഥിതി വ്യവസ്ഥയായി മാറിയ ക്യാമ്പസിലെ അടിക്കാടുകളെ വെട്ടിയും കത്തിച്ചുമായിരുന്നു ഈ ഉത്തരാധുനിക കൃഷിവിദഗ്ധന്റെ അരങ്ങേറ്റം. പൊതുവെ ജലക്ഷാമം അനുഭവപ്പെടുന്ന തേഞ്ഞിപ്പലം പ്രദേശത്തെ ജനങ്ങളെ ആടുജീവിതം നയിക്കാന്‍ പ്രേരിപ്പിക്കുംവിധം ക്യാമ്പസില്‍ പത്ത് കുഴല്‍ക്കിണര്‍ നിര്‍മിക്കാനും ഈ അഭിനവതുഗ്ലക്ക് തീരുമാനിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ഇതിനെതിരെ പ്രതിഷേധിച്ച ശാസ്ത്രസാഹിത്യപരിഷത്തിന്റെ പ്രവര്‍ത്തകരോട് നിങ്ങളെന്നെ കൃഷിയെയും പരിസ്ഥിതിയെയും കുറിച്ച് പഠിപ്പിക്കേണ്ടെന്നു പറഞ്ഞ് ആക്രോശിക്കുകയായിരുന്നു വിസി ചെയ്തത്. ഈ വൈസ് ചാന്‍സലര്‍ ഇത്രയും ധാര്‍ഷ്ട്യം സംഭരിച്ചിരിക്കുന്നത് എവിടെ നിന്നാണ്?

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ഉച്ചിയില്‍ രാഷ്ട്രത്തിന്റെ കൊടി മാറ്റി മുസ്ലിംലീഗിന്റെ കൊടിയുയര്‍ത്തിയ ഭ്രാന്തരായ അണികളില്‍ നിന്നോ അതോ 20 എംഎല്‍എമാരുടെ ബലത്തില്‍ കേരളരാഷ്ട്രീയത്തില്‍ പെരുങ്കളിയാട്ടം നടത്തുന്ന കുഞ്ഞാലിക്കുട്ടിയില്‍ നിന്നോ? രണ്ടായാലും വിസിക്കസേരയില്‍ അഹങ്കാരത്തോടെ അമര്‍ന്നിരിക്കുന്ന ഈ നാടുവാഴി ഈ അധികാരകാണ്ഡം സ്ഥായിയല്ലെന്ന് ഓര്‍ക്കുക. 2010ല്‍ "നാക്കി"ന്റെ അക്രെഡിറ്റേഷന്‍ അനുസരിച്ച് കേരളത്തില്‍ ഏറ്റവുമധികം മാര്‍ക്ക് നേടിയ സര്‍വകലാശാലയാണ് കലിക്കറ്റ്. സര്‍വകലാശാലയ്ക്ക് നാക്ക് നല്‍കിയ സ്കോര്‍ 2.94 ആയിരുന്നു. എ ഗ്രേഡ് കിട്ടാന്‍ മൂന്നാണ് വേണ്ടത്. ചെറിയ വ്യത്യാസത്തിനാണ് എ ഗ്രേഡ് നഷ്ടപ്പെട്ടത്. ഇത്തരത്തിലുള്ള സര്‍വകലാശാലയെ മുച്ചൂടും നശിപ്പിക്കാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമാണ് ഈ പുതിയ കാര്‍ഷികാവതാരമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആ ചതുരുപായത്തിന് ചരടുവലിക്കാന്‍ നിയുക്തനായ ഒരു അക്കാദമിക് ചാവേര്‍ ആണോ ഈ പുതിയ വിസി എന്ന് ചിലര്‍ സംശയിച്ചാല്‍ കുറ്റം പറയാനാവില്ല.

*
എ എം ഷിനാസ് ദേശാഭിമാനി 26 ഏപ്രില്‍ 2012

2 comments:

Najeemudeen K.P said...

We should think about it... its a must..

വര്‍ക്കേഴ്സ് ഫോറം said...

2011ല്‍ യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ കലിക്കറ്റ് സര്‍വകലാശാലയുടെ വൈസ് ചാന്‍സലറാകാന്‍ കുറേ അല്‍പ്പവിഭവന്മാര്‍ അരയുംതലയും മുറുക്കി രംഗത്തുണ്ടായിരുന്നു. സന്ദര്‍ഭാനുസരണം മതേതരവേഷവും തീവ്രവര്‍ഗീയവേഷവും കെട്ടിയാടുന്ന, സത്തയില്‍ അടിമുടി വര്‍ഗീയമായ മുസ്ലിംലീഗിന്റെ ചില പ്രവര്‍ത്തകരും അധ്യാപകവൃത്തി ചെയ്യുന്ന അതിന്റെ ചില അനുഭാവികളുമൊക്കെ ഉണ്ടായിരുന്നു അക്കൂട്ടത്തില്‍. കോളേജിന്റെ പടിവാതില്‍ പോലും കയറിയിട്ടില്ലാത്ത സ്കൂള്‍ അധ്യാപകനെയാണ് ലീഗിലെ "ചാണക്യനും" അദ്ദേഹത്തിന്റെ വിനീതവിധേയവൃന്ദവും സര്‍വകലാശാലയുടെ തലവനാക്കാന്‍ ആദ്യം തീരുമാനിച്ചത്. ആ തീരുമാനം വ്യാപകമായ വിമര്‍ശങ്ങള്‍ക്കു വഴിവച്ചപ്പോള്‍ സ്കൂള്‍മാസ്റ്ററെ ഗത്യന്തരമില്ലാതെ ലീഗിന് അഗണ്യകോടിയില്‍ തള്ളേണ്ടിവന്നു. പിന്നെയാണ് "പുകള്‍പെറ്റ" കാര്‍ഷികശാസ്ത്രജ്ഞനായ, കേരളീയര്‍ മാത്രം ഇന്നേവരെ കേട്ടിട്ടില്ലാത്ത, സാക്ഷാല്‍ ആക്രിക്കച്ചവടപാരമ്പര്യം സിരകളില്‍ ആവാഹിച്ച വൈസ്ചാന്‍സലര്‍ കലിക്കറ്റ് സര്‍വകലാശാലയുടെ ആസ്ഥാനമായ തേഞ്ഞിപ്പലത്തേക്ക് ആനയിക്കപ്പെടുന്നത്.