Saturday, September 29, 2012

കമ്മ്യൂണിസം ജീവിതമാക്കിയ ഒരമ്മ

ഓര്‍മ്മകളിലെ പത്മം   

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രമാണ് സഖാവ് കെ ദാമോദരനെങ്കില്‍, ആ വലിയ ചരിത്രത്തിന്റെ മായ്ക്കപ്പെടാനാവാത്ത ഭാഗമാണ് അദ്ദേഹത്തിന്റെ വാമഭാഗമായിരുന്ന ഇന്നലെ വിടപറഞ്ഞ കെ പി പത്മം. കെ ദാമോദരനെന്ന മഹാഭൂമിയിലെ വായുവും വെളിച്ചവും വെള്ളവുമായിരുന്നു പത്മം ദാമോദരന്‍ എന്ന പത്മേടത്തിയുടെ ഊര്‍ജ്ജം. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഘടകം സ്ഥാപിച്ച സഖാവ് ദാമോദരന്റെ വലംകൈ തന്നെയായിരുന്നു പത്മേടത്തി. എഴുത്തിലും വായനയിലും സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനത്തിലും വിപുലീകരണമുണ്ടായത് സഖാവിന്റെ സാന്നിധ്യവും സ്വാധീനവുമാണെന്ന് പത്മേടത്തിയും പറയുമായിരുന്നു.

സൈദ്ധാന്തിക വിഷയങ്ങളില്‍ സഖാവ് കുറിച്ചിടുന്നവ അവസാനമായി പകര്‍ത്തിയെഴുതുന്നത് പത്മേടത്തിയായിരുന്നു. നിരവധി പുസ്തകങ്ങള്‍ക്കൊപ്പം ചൈനീസ് വിപ്ലവം എന്ന ആധികാരിക ഗ്രന്ഥം എഴുതിയ അവര്‍, കമ്യൂണിസ്റ്റ് ചിന്തകരുടെ പട്ടികയിലും സ്ഥാനം പിടിച്ചു. ആഴത്തിലുള്ള വായനയും എഴുത്തുമാണ് പത്മത്തെ ജീവിതസഖിയായി സ്വീകരിക്കാന്‍ തയ്യാറായതെന്ന് ജീവചരിത്രത്തില്‍ കെ ദാമോദരനും രേഖപ്പെടുത്തിയിട്ടുണ്ട്. കമ്യൂണിസ്റ്റുകള്‍ ക്ലേശങ്ങളനുഭവിച്ചിരുന്ന കാലത്താണ് പത്മം കെ ദാമോദരന്റെ പത്‌നിയാവുന്നത്. വിവാഹച്ചിലവിന് പണം കണ്ടെത്താന്‍പോലും കഴിയാതിരുന്ന അവസ്ഥയില്‍ തൃശൂരിലെ ഒരു പുസ്തക പ്രസാധകര്‍ 'പാട്ടബാക്കി'യുടെ റോയല്‍റ്റിയായി നല്‍കിയ 200 രൂപ വലിയ അനുഗ്രഹമായി എന്ന് പിന്നീട് കെ ദാമോദരന്‍ തന്നെ പറയുകയുണ്ടായിട്ടുണ്ട്.

വിവാഹം വേണ്ടെന്ന നിലപാടിലായിരുന്നു അക്കാലങ്ങളില്‍ ദാമോദരനുള്‍പ്പടെയുള്ള കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് നേതാക്കളെല്ലാം. തടവറയിലായിരിക്കുമ്പോള്‍ വായിച്ചുതീര്‍ത്ത പുസ്തകങ്ങളുമായി പുറത്തുവന്ന അദ്ദേഹം, കേട്ടതും കണ്ടതും തന്നോടൊപ്പമുണ്ടായിരുന്ന പ്രവര്‍ത്തകരില്‍ ഒട്ടുമിക്കവരും വിവാഹിതരായെന്നതാണ്. കുടുംബബന്ധം കൂടി അനുഭവിക്കുമ്പോഴാണ് തങ്ങളുടെ പ്രവര്‍ത്തനത്തിന് കുറേക്കൂടി മാനം കൈവരികയുള്ളൂവെന്ന ചിന്തകള്‍ നേതാക്കളിലുണ്ടായെന്നാണ് വിശദീകരണം. കെ ദാമോദരനും ഈ അഭിപ്രായങ്ങളുണ്ടായിരുന്നെങ്കിലും വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ഉറച്ച നിലപാട് ആദ്യമൊന്നും എടുത്തിരുന്നില്ല.

കീഴേടത്ത് തറവാടുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഗുരുവായൂരിലെ നങ്ങാക്കില്‍ കുട്ടികൃഷ്ണമേനോന് കെ ദാമോദരന്റെ വ്യക്തിത്വത്തിലും പാണ്ഡിത്യത്തിലും അങ്ങേയറ്റം ആരാധനയായിരുന്നു. ദാമോദരന്‍ ജയില്‍മോചിതനായ സന്ദര്‍ഭത്തില്‍ കമ്യൂണിസ്റ്റുകാരന്‍ പോലുമല്ലാതിരുന്ന മേനോന്‍ തന്റെ ആഗ്രഹം കീഴേടത്ത് തറവാട്ടില്‍ പ്രകടിപ്പിച്ചു. ദാമോദരനെക്കൊണ്ട് തന്റെ മകള്‍ പത്മത്തെ വിവാഹം കഴിപ്പിക്കണമെന്നതായിരുന്നു അത്. കമ്യൂണിസത്തോടും ദാമോദരനോടുമുള്ള തന്റെ ആദരവാണ്് ഇതെന്നും അദ്ദേഹം പറഞ്ഞിരുന്നത്രെ. കുടുംബ സംഗമങ്ങളുടെ ചില ഘട്ടങ്ങളില്‍ പത്മത്തെ കണ്ടിട്ടുണ്ടെങ്കിലും ദാമോദരന്‍ വിവാഹത്തോടുള്ള തന്റെ നിലപാടില്‍ കുറച്ചുനാള്‍ ഉറച്ചുനിന്നു. കുടുംബ ബന്ധത്തെക്കുറിച്ചുള്ള പാര്‍ട്ടിയുടെ സങ്കല്‍പ്പം ചങ്കുറപ്പുള്ള കെ ദാമോദരന്റെ നിലപാടില്‍ അയവുവരുത്തി.

പത്മത്തിന്റെ എഴുത്തിലും വായനയിലുമുള്ള താല്പര്യങ്ങളെ എടുത്ത് പറഞ്ഞ കെ ദാമോദരന്‍ 1946 ഏപ്രില്‍ മാസത്തില്‍ അവരെ വിവാഹം ചെയ്തു. കമ്യൂണിസ്റ്റല്ലാത്ത കുടുംബത്തില്‍ നിന്ന് വലിയ കമ്യൂണിസ്റ്റുകാരന്റെ പത്‌നിയായി. വിവാഹശേഷം പത്മം, കമ്യൂണിസ്റ്റുകാരുടെ പ്രിയപ്പെട്ട പത്മേടത്തിയായി. പാര്‍ട്ടിയില്‍ സജീവ പ്രവര്‍ത്തനങ്ങളിലും എഴുത്തിലും മുഴുകിയ പത്മേടത്തി, കെ ദാമോദരനെ പത്രപ്രവര്‍ത്തനത്തില്‍ സഹായിക്കുകയും ചെയ്തിരുന്നു. കെ ദാമോദരന്‍ എഴുതിയ ലേഖനങ്ങളും പുസ്തകങ്ങളും പകര്‍ത്തിയെഴുതാനും ടൈപ്പ് ചെയ്യാനും സമയം കണ്ടെത്തി.

നവജീവനില്‍ പ്രൂഫ് റീഡറായി ഏറെക്കാലം പ്രവര്‍ത്തിച്ചു. ഒരു വേളയില്‍ ദേശാഭിമാനിയില്‍ ലൈേബ്രറിയനായി. ന്യൂ ഏജ് ഉള്‍പ്പടെയുള്ള പത്രങ്ങളില്‍ നിന്ന് വാര്‍ത്തകളും ലേഖനങ്ങളും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് നവജീവനില്‍ പ്രസിദ്ധീകരിച്ചു. പത്രപ്രവര്‍ത്തനത്തില്‍ മുഴുകിയ ഈ കാലഘട്ടത്തില്‍ ചില ഇംഗ്ലീഷ്, ചൈനീസ് കൃതികളും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. എം ഇലീന്റെ 'മണ്ണും മനുഷ്യനും', മാക്‌സിം ഗോര്‍ക്കിയുടെ 'ചെല്‍ക്കാശ്', 'വെറും പ്രേമം' എന്നിവയാണ് പത്മം ദാമോദരന്റെ വിവര്‍ത്തന കൃതികളില്‍ ശ്രദ്ധേയമായവ. കെ ദാമോദരന്‍ എഴുതിയ പുസ്തകങ്ങള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിരുന്നതും പത്മേടത്തിയായിരുന്നു.

ചൈനീസ് വിപ്ലവം കഴിഞ്ഞയുടനെയാണ് 'ചൈനീസ് വിപ്ലവ'മെന്ന കൃതിയെഴുതിയത്. 1965ല്‍ രാജ്യസഭ അംഗമായ കെ ദാമോദരനൊപ്പം താമസം ഡല്‍ഹിയിലേക്ക് മാറ്റി. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം രേഖപ്പെടുത്തുകയെന്ന ശ്രമകരമായ ദൗത്യത്തില്‍ കെ ദാമോദരനെ സഹായിക്കലായിരുന്നു ഡല്‍ഹി ജീവിതത്തില്‍ പത്മേടത്തിയുടെ പ്രധാന കടമ. 1976ല്‍ സഖാവ് കെ ദാമോദരന്റെ മരണശേഷമാണ് പത്മേടത്തി കേരളത്തില്‍ മടങ്ങിയെത്തിയത്.

സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ കേരളത്തിലെത്തിയ ഗാന്ധിജിക്ക് കയ്യിലെ സ്വര്‍ണ്ണ വള ഊരിനല്‍കിയ കൗമുദി ടീച്ചര്‍ക്കൊപ്പമായിരുന്നു പത്മേടത്തിയുടെ കണ്ണൂരിലെ താമസം. കൗമുദി ടീച്ചറുടെ സാന്നിധ്യമാകാം അനീതിക്കെതിരെ പൊരുതാനുള്ള വീര്യം അവര്‍ക്ക് പകര്‍ന്ന് നല്‍കിയത്. കണ്ണൂരിലെ ജോലിക്കിടെ ഓഫിസ് മേലധികാരി അവിടത്തെ പ്യൂണിന്റെ മുഖത്തേക്ക് ഫയല്‍ വലിച്ചെറിഞ്ഞ സംഭവം പത്മേടത്തിയുടെ കണ്ണില്‍പ്പെട്ടു. മേലധികാരിയെ ചോദ്യം ചെയ്ത അവര്‍ 'നിങ്ങള്‍ മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ചെയ്തതെന്ന്' തുറന്നടിച്ചു. അനീതി തുടര്‍ന്നാല്‍ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് നല്‍കിയ പത്മേടത്തി, ജോലി വലിച്ചെറിഞ്ഞ് ഓഫിസില്‍ നിന്നിറങ്ങുകയായിരുന്നു. ഒരു വര്‍ഷത്തോളമാണ് പത്മേടത്തി കണ്ണൂരില്‍ ജോലിചെയ്തത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് തന്നെ ആദര്‍ശം പഠിപ്പിച്ചതെന്ന് പത്മേടത്തി എന്നും പറയുമായിരുന്നു. മനുഷ്യരെ സഹായിക്കാനുള്ള മനസ് നേടിതന്നതും പാര്‍ട്ടിയാണ്. കമ്യൂണിസ്റ്റുകാര്‍ക്ക് പാര്‍ട്ടി ഓഫിസുകള്‍ തറവാടാണെന്നും അവിടെ അവര്‍ സുരക്ഷിതരാണെന്നുമുള്ള ഓര്‍മ്മകളാണ് പത്മേടത്തി പങ്കുവക്കാറുണ്ടായിരുന്നത്.
(വത്സന്‍ രാമംകുളത്ത്)

കമ്മ്യൂണിസം ജീവിതമാക്കിയ ഒരമ്മ   

കമ്യുണിസ്റ്റ് ചിന്തകനായ കെ ദാമോദരന്റെ സഹധര്‍മ്മിണി പത്മം ദാമോദരന്‍ അന്തരിച്ചപ്പോള്‍ നഷ്ടമായത് കമ്യൂണിസം ജീവിതമാക്കിയ ഒരമ്മയെയാണ്. എഴുത്തും വായനയും പ്രവര്‍ത്തനവും ജീവിതവും അവര്‍ക്ക് കമ്യൂണിസമായിരുന്നു; മക്കളും കുടുബവും അതിന്റെ ഭാഗവും. 'മക്കളെക്കാള്‍ അമ്മ സ്‌നേഹിച്ചത് അച്ഛന്റെ ചിന്തകളെയായിരുന്നു'വെന്ന് അവസാന നാളുകളില്‍ അമ്മയെ ശുശ്രൂഷിച്ച മകള്‍ ഉഷ പറയുന്നു.  കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരായ ദമ്പതികള്‍ കേരള ചരിത്രത്തില്‍ പലതുണ്ടാം. പക്ഷെ, ഇതു പോലെ കമ്മ്യൂണിസ്റ്റ് ചിന്തകരായ ദമ്പതികള്‍ അപൂര്‍വമാണ്. പ്രിയതമന്റെ കൂടെയുണ്ടായിരുന്ന കാലത്തെക്കാളധികം കാലം അദ്ദേഹത്തിന്റെ വേര്‍പാടിന് ദൈര്‍ഘ്യമുണ്ടായിട്ടും അദ്ദേഹത്തിന്റെ സ്മരണകളിലേക്ക് മടങ്ങിയെത്തുന്ന സന്ദര്‍ഭങ്ങളില്‍ കെ. ദാമോദരന്‍ ആവേശമായി അവരില്‍ നിറയുന്നു.

1946 ല്‍ പത്തൊമ്പതാം വയസിലാണ് ഗുരുവായൂര്‍ കറുവന്നൂര്‍ പുത്തന്‍വീട്ടില്‍ (നങ്ങാത്തില്‍) പത്മത്തെ ദാമോദരന്‍ സഹധര്‍മ്മിണിയാക്കുന്നത്. അന്നു മുതല്‍ സഖാവിനോടൊപ്പം ജീവിച്ചിരുന്ന മുപ്പത് കൊല്ലവും ശേഷമുളള 25 കൊല്ലവും കര്‍മനിരതമായിരുന്നു പത്മത്തിന്റെ ജീവിതം. 1995 മുതല്‍ 2000 വരെ ഗുരുവായൂര്‍ നഗരസഭാ കൗണ്‍സിലര്‍ ആയിരുന്നതാണ് അവസാനത്തെ പൊതുജീവിതം. പിന്നീട് കുടുംബത്തില്‍ രോഗബാധിതരായ സഹോദരങ്ങളെ ശ്രൂശ്രൂഷിക്കാന്‍ മുഴുവന്‍ സമയവും മാറ്റി വെക്കേണ്ടി വന്നപ്പോഴാണ് പൊതു പ്രവര്‍ത്തനത്തിന് സമയമില്ലാതായത്. അഞ്ച് മക്കളുടെ അമ്മയായെങ്കിലും സഖാവിനോടൊപ്പമുളള ജീവിത യാത്രയില്‍ സ്വന്തംമക്കളെ ലാളിക്കാന്‍ പോലും ശ്രദ്ധ തോന്നിയില്ല. കുട്ടികളെ ഒപ്പം നിര്‍ത്തണമെന്ന മാതൃസഹജമായ വാസനപോലും പ്രകടമായിരുന്നില്ലെന്നാണ് മക്കളുടെ അനുഭവം. 'അഞ്ചു പേരില്‍ ഏക പെണ്‍തരിയായിരുന്നിട്ടു പോലും  സാധാരണ പെണ്‍കുട്ടികള്‍ക്ക് കിട്ടുന്ന പരിഗണന പോലും അമ്മ തന്നില്ലെന്ന് ഉഷ പറയുന്നു. 'അഞ്ചു മുതല്‍ എട്ടു വരെ ക്ലാസില്‍ പഠിക്കുന്ന കാലത്ത് തിരുവനന്തപുരത്തും 10,11 ക്ലാസുകളില്‍ ഡല്‍ഹിയിലും പഠിക്കുമ്പോഴാണ് അമ്മയോടും അച്ഛനോടുമൊപ്പം കഴിഞ്ഞിട്ടുള്ളത്.   അച്ഛനമ്മമാരും മക്കളും ഒത്തുകൂടുന്ന സന്തോഷമൊന്നും അന്ന് ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. വീട്ടിലെത്തിയാലും അമ്മ അച്ഛന്റെ എഴുത്തുമുറിയില്‍ സഹായിയായി പോകും. ചര്‍ച്ച മുഴുവനും രാഷ്ട്രീയവും സാമ്പത്തികവും പുസ്തകങ്ങളും. ഞങ്ങളെ അമ്മ പുസ്തകങ്ങളോളം പോലും സ്‌നേഹിക്കുന്നില്ലെന്ന് അന്ന് തോന്നിയിട്ടുണ്ട്'. സമൂഹത്തെ ഇത്രയേറെ സ്‌നേഹിക്കുന്നതു കൊണ്ടാണ് അമ്മക്ക് ഞങ്ങളെ മാത്രമായി ശ്രദ്ധിക്കാന്‍ കഴിയാതിരുന്നത് എന്ന് ചിന്തിക്കാനുള്ള പക്വതയൊന്നുമില്ലാത്തതു കൊണ്ട് അന്ന് സങ്കടമായിരുന്നു വെന്ന് ഉഷ ഓര്‍ക്കുന്നു.

ജീവിതപങ്കാളിയായിരുന്ന കെ ദാമോദരന്‍ പത്മത്തിന്  തീര്‍ത്തും സഖാവ് തന്നെയായിരുന്നു. അദ്ദേഹം നവയുഗം പത്രാധിപരായിരിക്കെ അതിന്റെ കമ്പോസിങ്ങ് മുതല്‍ പ്രൂഫ് റീഡിങ്ങ് വരെ ചെയ്തു.  ദാമോദരന്‍ മരിക്കുമ്പോള്‍ സമ്പാദ്യമായുണ്ടായിരുന്നത് വീടു നിറയെ പുസ്തകങ്ങളായിരുന്നു. അതില്‍ ഭൂരിപക്ഷവും ജെ എന്‍ യുവിനു നല്‍കുകയാണ് പത്മം ചെയ്തത്. കുറച്ചു പുസ്തകങ്ങള്‍ ഗുരുവായൂര്‍ നഗരസഭാ ലൈബ്രറിക്കും കൊടുത്തു. ശേഷിച്ചവ പലരുമായി കൊണ്ടു പോയി. സ്വകാര്യ ജീവിതത്തെപ്പോലും പൊതുസ്വത്തായി കണ്ട സഖാവിന്റെ ജീവിതസഖിക്ക് ഒന്നും കൂട്ടി വെക്കേണ്ടതില്ലല്ലോ.

*
കടപ്പാട്: ജനയുഗം ദിനപത്രം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രമാണ് സഖാവ് കെ ദാമോദരനെങ്കില്‍, ആ വലിയ ചരിത്രത്തിന്റെ മായ്ക്കപ്പെടാനാവാത്ത ഭാഗമാണ് അദ്ദേഹത്തിന്റെ വാമഭാഗമായിരുന്ന ഇന്നലെ വിടപറഞ്ഞ കെ പി പത്മം. കെ ദാമോദരനെന്ന മഹാഭൂമിയിലെ വായുവും വെളിച്ചവും വെള്ളവുമായിരുന്നു പത്മം ദാമോദരന്‍ എന്ന പത്മേടത്തിയുടെ ഊര്‍ജ്ജം. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഘടകം സ്ഥാപിച്ച സഖാവ് ദാമോദരന്റെ വലംകൈ തന്നെയായിരുന്നു പത്മേടത്തി. എഴുത്തിലും വായനയിലും സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനത്തിലും വിപുലീകരണമുണ്ടായത് സഖാവിന്റെ സാന്നിധ്യവും സ്വാധീനവുമാണെന്ന് പത്മേടത്തിയും പറയുമായിരുന്നു.