Saturday, September 22, 2012

വിഴിഞ്ഞം തുറമുഖം അട്ടിമറിനീക്കം ശക്തം

സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും സ്തംഭിച്ചിരിക്കുന്നു. വെല്‍സ്പണ്‍ കണ്‍സോര്‍ഷ്യത്തിന്റെ ടെന്‍ഡര്‍ തള്ളിയും മുദ്രാ പോര്‍ട്സിന് സുരക്ഷാ അനുമതി നിഷേധിച്ചും റീ ടെന്‍ഡര്‍ നടപടിയിലേക്ക് വീണ്ടും കാര്യങ്ങള്‍ നീങ്ങുകയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ച കാര്യങ്ങളില്‍നിന്ന് ഒരിഞ്ചുപോലും മുന്നോട്ടുപോകാന്‍ യുഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞില്ല എന്നു മാത്രമല്ല, തുടങ്ങിയതൊക്കെ സ്തംഭനത്തിലാവുകയും ചെയ്തു.

എമര്‍ജ് ചെയ്യാത്ത വിഴിഞ്ഞം

ലോകത്തിലെതന്നെ ഏറ്റവും വലിയ തുറമുഖമായ ഷാങ്ഹായ്ക്ക് ഒപ്പം നില്‍ക്കാന്‍ പറ്റുന്നതാണ് വിഴിഞ്ഞം. തീരത്തുനിന്ന് ഒരു നോട്ടിക്കല്‍ മൈലിനുള്ളില്‍ 20 മീറ്റര്‍ ആഴമുള്ള കടല്‍ എന്നത് വിഴിഞ്ഞത്തെ ഒരു പ്രകൃതിദത്ത തുറമുഖമാക്കുന്നു. അന്താരാഷ്ട്ര കപ്പല്‍ ചാനല്‍ വിഴിഞ്ഞത്തിന്റെ പത്ത് നോട്ടിക്കല്‍ മൈല്‍ അകലെയാണ് എന്നതും മറ്റു തുറമുഖങ്ങള്‍ക്കില്ലാത്ത സവിശേഷതയാണ്. അടുത്ത തലമുറയില്‍പ്പെട്ട കപ്പലുകള്‍ക്കും നങ്കൂരമിടാന്‍ പാകത്തിലുള്ള അനുകൂല ഘടകങ്ങള്‍ ഒത്തുചേര്‍ന്ന വിഴിഞ്ഞം തുറമുഖം സ്വതന്ത്ര ഇന്ത്യയില്‍ ആദ്യം യാഥാര്‍ഥ്യമാകേണ്ടതായിരുന്നു. പ്രത്യക്ഷത്തില്‍ 5000 പേര്‍ക്കും പരോക്ഷമായി ഒരു ലക്ഷം പേര്‍ക്കും തൊഴില്‍ ലഭിക്കുന്നതായിരുന്നു ഈ പദ്ധതി. സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച് നടത്തിയ എമര്‍ജിങ് കേരള നിക്ഷേപക സംഗമത്തില്‍ ഈ സ്വപ്നപദ്ധതിയെ വേണ്ട രീതിയില്‍ നിക്ഷേപകര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാനോ അതിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്യാനോ ശ്രമിച്ചില്ല എന്നത് സര്‍ക്കാരിന് ഈ പദ്ധതിയോടുള്ള താല്‍പ്പര്യം വ്യക്തമാക്കുന്നതാണ്.

വന്‍കിട നിര്‍മാണങ്ങള്‍ക്ക് അനുമതി

പദ്ധതിപ്രദേശത്ത് മറ്റു നിര്‍മാണം പാടില്ല എന്നതായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം. പക്ഷേ, ഇപ്പോള്‍ വന്‍കിട റിസോര്‍ട്ടുകള്‍ക്ക് അനുമതി കൊടുത്തുള്ള പദ്ധതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് യുഡിഎഫ് നേതൃത്വം നല്‍കുന്നത്. ഹോട്ടല്‍ വ്യവസായരംഗത്ത് നിലനില്‍ക്കുന്നവരുടെ അസോസിയേഷന്‍, തുറമുഖപദ്ധതി മത്സ്യബന്ധനത്തെയും ടൂറിസം സാധ്യതകളെയും തകര്‍ക്കും എന്ന ദുഷ്പ്രചാരണം നടത്താന്‍ ധൈര്യപ്പെട്ടു. ഇതുവരെ അവരില്‍നിന്നുയരാത്ത ഈ ഗുരുതരമായ ആരോപണം ഈ രംഗത്തെ സര്‍ക്കാരിന്റെ നിലപാടുകളുമായി ബന്ധപ്പെട്ടതാണ് എന്ന് പറയേണ്ടിയിരിക്കുന്നു. സംസ്ഥാനത്തിന്റെ പൊതുതാല്‍പ്പര്യത്തിനായി പ്രവര്‍ത്തിക്കേണ്ട മന്ത്രി കെ ബാബു പ്രാദേശിക താല്‍പ്പര്യംമാത്രം മനസ്സില്‍വച്ച് പദ്ധതിയോട് കാട്ടുന്ന അവഗണന ഗുരുതരമായ ഭരണഘടനാ ലംഘനമായി കാണേണ്ടതാണ്. 2005ലാണ് വിഴിഞ്ഞംപദ്ധതി ആദ്യമായി ടെന്‍ഡര്‍ ചെയ്യുന്നത്. തികച്ചും അനാകര്‍ഷകമായ ആ ടെന്‍ഡറില്‍ സൂം കണ്‍സോര്‍ഷ്യവുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടു. എന്നാല്‍, പിന്നീട് നടപടി ഒന്നുമുണ്ടായില്ല. 2006ല്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്ത് മുന്നോട്ട് പോയെങ്കിലും, കേന്ദ്രസര്‍ക്കാര്‍ സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് സൂം കണ്‍സോര്‍ഷ്യത്തിന് അനുമതി നിഷേധിച്ചു. ഈ സാഹചര്യത്തില്‍ വീണ്ടും സര്‍വകക്ഷിയോഗം വിളിക്കുകയും റീ ടെന്‍ഡര്‍ ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതിനു മുന്നോടിയായി ഗ്ലോബല്‍ മീറ്റ് സംഘടിപ്പിച്ചു. അതില്‍ നാല്‍പ്പതോളം ഉന്നത കമ്പനികള്‍ പങ്കെടുത്തു. ചരിത്രത്തില്‍ ആദ്യമായി ഒരു കമ്പനി നെഗറ്റീവ് ടെന്‍ഡര്‍ വിളിച്ചു. അതായത്, സര്‍ക്കാര്‍ അങ്ങോട്ട് പണം കൊടുക്കുന്നതിനു പകരം ഇങ്ങോട്ട് പണം ലഭിക്കുന്ന ടെന്‍ഡര്‍. 151 കോടി രൂപ സര്‍ക്കാരിനു തരാന്‍ തയ്യാറായ ലാന്‍കോ കൊണ്ടപ്പള്ളി എന്ന കമ്പനിയുടെ ഈ കരാര്‍ അംഗീകരിച്ച് ധാരണപത്രം ഒപ്പിടുകയും, ഈ കരാറിന് കേന്ദ്രത്തില്‍നിന്ന് സുരക്ഷാ ക്ലിയറന്‍സ് നേടിയെടുക്കാനും എല്‍ഡിഎഫ് സര്‍ക്കാരിന് സാധിച്ചു.

അന്താരാഷ്ട്ര ലോബിയുടെ ഇടപെടലും ഇടനിലക്കാരും

റോഡ്, വെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യവികസനത്തിനായി 450 കോടി രൂപ എല്‍ഡിഎഫ് സര്‍ക്കാര്‍ അനുവദിച്ചു. എന്നാല്‍, ദുബായ് പോര്‍ട്ട് ഉള്‍പ്പെടെയുള്ള അന്തര്‍ദേശീയ ലോബിയുടെ ഇടപെടല്‍മൂലം ടെന്‍ഡര്‍ നടപടികള്‍ക്കെതിരെ വ്യവഹാരവുമായി സൂം കണ്‍സോര്‍ഷ്യം കോടതിയെ സമീപിച്ചു. യുഡിഎഫിനും അവരുടെ കാര്യസ്ഥന്മാര്‍ക്കും ഇതിന് പിന്നിലുള്ള പങ്ക് അന്വേഷിക്കേണ്ടതാണ്. നെഗറ്റീവ് ടെന്‍ഡര്‍ വിളിച്ച കമ്പനിയെ പദ്ധതിയില്‍നിന്ന് ഒഴിവാക്കാന്‍ കോടതിയും വ്യവഹാരവുമായി ഓടി നടന്നവര്‍ക്ക് ഇതിനു പിന്നിലുള്ള താല്‍പ്പര്യം ഇന്നല്ലെങ്കില്‍ നാളെ പുറത്തുവരികതന്നെ ചെയ്യും. പ്രതിവര്‍ഷം 1000 കോടി രൂപ വരുമാനം പ്രതീക്ഷിക്കാവുന്ന ഒരു പദ്ധതിയാണ് രാഷ്ട്രീയമുതലെടുപ്പിന്റെ പേരില്‍ തകര്‍ത്തത്. വ്യവഹാരത്തില്‍ മനംമടുത്ത് ലാന്‍കോ കൊണ്ടപ്പള്ളി ഒടുവില്‍ പദ്ധതിയില്‍നിന്ന് പിന്മാറി.

എസ്ബിടി കണ്‍സോര്‍ഷ്യം

ഈ സാഹചര്യത്തിലാണ് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷനെ (ഐഎഫ്സി) കണ്‍സള്‍ട്ടന്റായി നിയമിക്കുന്നത്. ഐഎഫ്സിയുടെ ശുപാര്‍ശ പ്രകാരമാണ് തുറമുഖം ലാന്‍ഡ് ലോര്‍ഡ് പോര്‍ട്ടായി വികസിപ്പിക്കാന്‍ തീരുമാനിച്ചത്. തീര്‍ത്തും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതും നിര്‍മാണത്തിനാവശ്യമായ തുക സര്‍ക്കാര്‍ കണ്ടെത്തുന്നതും നടത്തിപ്പിനുവേണ്ടിമാത്രം നാമമാത്ര സ്വകാര്യപങ്കാളിത്തം സ്വീകരിക്കുന്നതുമായ ഒരു ജനപക്ഷ നിലപാടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ എടുത്തത്. അതുപോലെ, പദ്ധതി ചെലവിലേക്കാവശ്യമായി ഐഎഫ്സി വിലയിരുത്തിയ തുകയില്‍ 450 കോടി രൂപ ബജറ്റ് വഴിയും, 2500 കോടി രൂപ എസ്ബിടി ലീഡ് പാര്‍ട്ണറായുള്ള ബാങ്ക് കണ്‍സോര്‍ഷ്യം വഴിയും സമാഹരിക്കാന്‍ തീരുമാനിച്ചു. എസ്ബിഐയുടെ നേതൃത്വത്തിലുള്ള എസ്ബിഐ ക്യാപ്പാണ് ഇതിന് നടപടി ആരംഭിച്ചത്. ഇങ്ങനെ ഏറ്റവും സുതാര്യവും സംസ്ഥാന താല്‍പ്പര്യത്തിന് അനുയോജ്യവുമായ നിലപാടിലൂടെയാണ് കഴിഞ്ഞ സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതിയെ സമീപിച്ചത്. എസ്ബിടി നേതൃത്വത്തിലുള്ള ബാങ്ക് കണ്‍സോര്‍ഷ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ അവസാനിച്ചമട്ടാണ്. പരിസ്ഥിതി പഠനം, പശ്ചാത്തല വികസനം, സെക്യൂരിറ്റി ക്ലിയറന്‍സ് എന്നിവയ്ക്കെല്ലാമുള്ള അനുമതി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി വാങ്ങേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ കടമയാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഈ കാര്യങ്ങളില്‍ തടസ്സം നില്‍ക്കാന്‍ യുഡിഎഫ് കാണിച്ച ശുഷ്കാന്തി ഇപ്പോള്‍ പദ്ധതി നടപ്പാക്കാന്‍ കാണിച്ചിരുന്നെങ്കില്‍ വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമായേനെ. അടിസ്ഥാന സൗകര്യ വികസനം അടിസ്ഥാന സൗകര്യവികസനത്തിനായി 120 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടി ആരംഭിച്ചതാണ്. 31 ഏക്കര്‍ ഏറ്റെടുക്കുകയും 71 ഹെക്ടറിന്റെ നടപടി തുടങ്ങുകയും ചെയ്തു. എന്നാല്‍, യുഡിഎഫ് സര്‍ക്കാരിന് ഇതുവരെ 10 ഏക്കര്‍മാത്രമേ ഏറ്റെടുക്കാന്‍ കഴിഞ്ഞിട്ടുള്ളൂ എന്ന് പറയുമ്പോള്‍ സര്‍ക്കാരിന്റെ ഉള്ളിലിരിപ്പ് പിടികിട്ടുമല്ലോ? അതുപോലെ, ശുദ്ധജലവിതരണം, റോഡുവികസനം, പുതിയ റോഡുകള്‍, വൈദ്യുതി, റെയില്‍വേ എന്നിവയ്ക്കെല്ലാം തുക വകയിരുത്തുകയും പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവയ്ക്കുകയും ചെയ്തു എല്‍ഡിഎഫ് സര്‍ക്കാര്‍. പക്ഷേ, നാളിതുവരെയായിട്ടും യുഡിഎഫ് സര്‍ക്കാരിന് ഒരിഞ്ചുപോലും അവിടെനിന്ന് മുന്നോട്ടു പോകാനായിട്ടില്ല എന്നുമാത്രമല്ല, ഇപ്പോള്‍ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് കോടിക്കണക്കിനു രൂപ പ്രതിദിനം പാഴായിക്കൊണ്ടിരിക്കുകയുമാണ്. കബോട്ടാഷ് നിയമഭേദഗതി 2010 ഒക്ടോബറില്‍ ഇന്റര്‍ നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷന്‍ വിഴിഞ്ഞത്തിന് കബോട്ടാഷ് ഇളവ് അനുവദിക്കണമെന്ന് ശുപാര്‍ശ ചെയ്തു. വിഴിഞ്ഞംപദ്ധതിക്ക് മുന്നിലുള്ള പ്രധാന തടസ്സം കബോട്ടാഷ് നിയമംതന്നെയാണ്. വല്ലാര്‍പാടത്തിന്റെ കാര്യത്തില്‍ കബോട്ടാഷ് നിയമം കേന്ദ്രം ഭേദഗതി ചെയ്തെങ്കിലും വിഴിഞ്ഞത്തിന്റെ കാര്യം കേന്ദ്രസര്‍ക്കാരിന് മുന്നിലെത്തിക്കാന്‍ കേരളം ഒരു നടപടിയും ചെയ്തിട്ടില്ല. ഇപിസി ടെന്‍ഡര്‍ കണ്‍സള്‍ട്ടന്‍സി കരാറില്‍ ദുരൂഹത ഇതിലെല്ലാമുപരി, വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് പല കാര്യങ്ങളിലും നിലനില്‍ക്കുന്ന ദുരൂഹത നമ്മെ ആശങ്കപ്പെടുത്തുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇപിസി (എന്‍ജിനിയറിങ് പ്രൊക്യുര്‍മെന്റ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍) ടെന്‍ഡറിനുവേണ്ട രേഖകള്‍ ഉണ്ടാക്കുന്നതിന് കണ്‍സള്‍ട്ടന്റിനെ തീരുമാനിക്കുന്നതിനായി ആഗോള ടെന്‍ഡര്‍ ക്ഷണിച്ചു. മുംബൈ ആസ്ഥാനമായ എഇ കോം എന്ന സ്വകാര്യ കമ്പനിമാത്രമാണ് ഈ ടെന്‍ഡറില്‍ പങ്കെടുത്തത്. ഇവര്‍ക്ക് മുന്‍കാലപരിചയമോ സാങ്കേതികമികവോ ഇല്ലാത്ത കാരണത്താല്‍ റീ ടെന്‍ഡര്‍ചെയ്യാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു. പക്ഷേ, പിന്നീട് അധികാരത്തില്‍ വന്ന യുഡിഎഫ് പുതിയ ടെന്‍ഡര്‍ വിളിക്കാനുള്ള നടപടി നിര്‍ത്തിവച്ച് കാര്യക്ഷമതയില്ലെന്ന് വിദഗ്ധസമിതി കണ്ടെത്തിയ എഇ കോം കമ്പനിക്കുതന്നെ എട്ടുകോടി രൂപയുടെ കരാര്‍ അനുവദിച്ചു. ഇവര്‍ തയ്യാറാക്കി നല്‍കിയ രേഖകളുടെ അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കിയ ടെന്‍ഡര്‍ നടപടികളാണ് വീണ്ടും റീടെന്‍ഡറിലേക്ക് എത്തിച്ചിരിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അയോഗ്യത കല്‍പ്പിച്ച കമ്പനിക്ക് ഒരു മാനദണ്ഡവുമില്ലാതെ കരാര്‍ നല്‍കിയതിനു പിറകില്‍ എന്തൊക്കെയോ നടന്നിട്ടുണ്ടെന്നതാണ് സത്യം. ഇടതുസര്‍ക്കാര്‍ തുടങ്ങിവച്ച പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയമായി കാണാതെ സംസ്ഥാനത്തിന്റെ പൊതുതാല്‍പ്പര്യം പരിഗണിച്ച് മുന്നോട്ടുപോകുന്നതിനുപകരം, വീണ്ടും റീടെന്‍ഡര്‍ വിളിക്കാന്‍ തീരുമാനിച്ചതും മുദ്രാ പോര്‍ട്ടിന് സുരക്ഷാ അനുമതി നിഷേധിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും സംശയാസ്പദവും ദുരൂഹവുമാണെന്ന് പറയാതെ വയ്യ.

ഇനിയെന്ത് ?

യുഡിഎഫ് സര്‍ക്കാര്‍ ഭരിക്കുന്നിടത്തോളം കാലം വിഴിഞ്ഞംപദ്ധതി നടപ്പാകും എന്ന പ്രതീക്ഷ വേണ്ട. എന്നുമാത്രമല്ല, എന്നെന്നേക്കുമായി പദ്ധതിയെ കുഴിച്ചുമൂടാനുള്ള നീക്കമാണ് അണിയറയില്‍ ഒരുങ്ങുന്നത് എന്നുവേണം അനുമാനിക്കാന്‍. കക്ഷിരാഷ്ട്രീയത്തിനതീതമായി വിഴിഞ്ഞംപദ്ധതി നടപ്പാക്കാന്‍ കേരളജനത ഒറ്റക്കെട്ടായി നില്‍ക്കണം. ഭരണകൂടത്തിന്റെ കള്ളക്കളികളെ ചോദ്യംചെയ്യണം. ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം പറയാനുള്ള ബാധ്യത തുറമുഖമന്ത്രി കെ ബാബുവിനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുമാണ്.

*
എം വിജയകുമാര്‍ ദേശാഭിമാനി 22 സെപ്തംബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും സ്തംഭിച്ചിരിക്കുന്നു. വെല്‍സ്പണ്‍ കണ്‍സോര്‍ഷ്യത്തിന്റെ ടെന്‍ഡര്‍ തള്ളിയും മുദ്രാ പോര്‍ട്സിന് സുരക്ഷാ അനുമതി നിഷേധിച്ചും റീ ടെന്‍ഡര്‍ നടപടിയിലേക്ക് വീണ്ടും കാര്യങ്ങള്‍ നീങ്ങുകയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ച കാര്യങ്ങളില്‍നിന്ന് ഒരിഞ്ചുപോലും മുന്നോട്ടുപോകാന്‍ യുഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞില്ല എന്നു മാത്രമല്ല, തുടങ്ങിയതൊക്കെ സ്തംഭനത്തിലാവുകയും ചെയ്തു.