Sunday, September 2, 2012

ശാസ്ത്രത്തിനുനേരെ കണ്ണടയ്ക്കുന്ന ബിജെപി

മുസ്ലീംലീഗിന്റെ വര്‍ഗീയതയെ മറ്റാരേക്കാളും ശക്തിയായി എതിര്‍ക്കാനും വിമര്‍ശിക്കാനും ബിജെപി മുന്നില്‍ തന്നെയുണ്ട്. വി വി കെ വാലത്തിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ കൊലക്കത്തി അഹിംസ പ്രസംഗിക്കുന്നതുപോലെ. ഹിന്ദുക്കളെ കൂടാതെ നാനാ ജാതി മതസ്ഥരും വ്യത്യസ്തങ്ങളായ അനേകം ഭാഷകളും വിവിധ സാംസ്കാരിക പൈതൃകങ്ങളും ഉള്ള ഇന്ത്യയില്‍ സങ്കുചിത "ഹിന്ദുത്വം" അടിച്ചേല്‍പിക്കുകയാണ് ബിജെപിയുടെ പരിപാടി. അതിന്റെ ഏറ്റവും ഒടുവിലത്തെ പ്രകടമായ ഉദാഹരണമാണ് ബിജെപി ഭരിക്കുന്ന കര്‍ണ്ണാടക സംസ്ഥാനത്തുനിന്ന് ജൂലൈ 21ന് ലഭിച്ച വാര്‍ത്ത.

വാര്‍ത്തയിലേക്ക് കടക്കുംമുമ്പ് അതിന്റെ പശ്ചാത്തലം പറയാം. ഇക്കൊല്ലം കാലവര്‍ഷം ഗണ്യമായി കുറഞ്ഞല്ലോ. അത് ജനങ്ങളില്‍, പ്രത്യേകിച്ച് കര്‍ഷകര്‍ക്കിടയില്‍, ചെറുതല്ലാത്ത ആശങ്കയും ഭീതിയും ഉളവാക്കിയിരിക്കുന്നു. ജൂണ്‍ മാസത്തില്‍ ആരംഭിക്കേണ്ട കൃഷി പലതും മുടങ്ങിയിരിക്കുന്നു. വെള്ളം കിട്ടാത്തതുകൊണ്ട് വരണ്ടു വിണ്ടു പൊട്ടിയ നെല്‍വയലുകള്‍ ടി വി സ്ക്രീനുകളില്‍ തുടര്‍ച്ചയായി പ്രദര്‍ശിപ്പിക്കപ്പെടുമ്പോള്‍ കാര്യം നിസ്സാരവല്‍കരിച്ചുകൊണ്ട് കേന്ദ്രമന്ത്രിമാര്‍ അലസമായി ഉത്തരവാദിത്വബോധമില്ലാതെ പ്രതികരിക്കുന്നു. മഴയുടെ കുറവ് കൃഷിയെ പ്രതികൂലമായി ബാധിക്കാന്‍ പോകുന്നില്ലെന്നും വരള്‍ച്ചയുടെ സാദ്ധ്യതയെ നിഷേധിച്ചുകൊണ്ടും വിദേശരാജ്യങ്ങളിലേക്ക് അരിയും ഗോതമ്പും കയറ്റി അയയ്ക്കുന്നത് നിറുത്തിവയ്ക്കേണ്ടതില്ലെന്നും മറ്റും ആണ് കേന്ദ്രമന്ത്രിമാരുടെ അഭിപ്രായങ്ങള്‍. എന്നാല്‍ കര്‍ണ്ണാടകത്തിലെ ബിജെപി മന്ത്രിസഭ അലസമായിരിക്കുകയല്ല, തങ്ങള്‍ അവസരത്തിനൊത്ത് ഉയര്‍ന്നിരിക്കുന്നു എന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്താനോ കബളിപ്പിക്കാനോ ആയി മഴയുടെ ദൗര്‍ലഭ്യം പരിഹരിക്കാന്‍ ചില കുറുക്കുവഴികളുമായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതായാണ് വാര്‍ത്ത.

എന്താണീ കുറുക്കുവഴികള്‍? സംസ്ഥാനത്തിലെ 37,000 ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടത്തണം. മത - ധര്‍മ്മ സ്ഥാപനങ്ങളുടെ ചുമതലയുള്ള മന്ത്രി കോട ശ്രീനിവാസ് പൂജാരി ബന്ധപ്പെട്ട എല്ലാവര്‍ക്കും സര്‍ക്കുലര്‍ അയച്ചു. ജൂലൈ 27നും ആഗസ്ത് 2നും ആണ് പൂജ നടത്തിയത്. അടുത്തയിടെ മുഖ്യമന്ത്രിയുടെ ചുമതല ഏറ്റെടുത്ത ജഗദീശ് ഷെട്ടര്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ കണ്ട്, സംസ്ഥാനത്തിലെ 123 താലൂക്കുകളിലേക്കും ദുരിതാശ്വാസമായി 2000 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയുടെ മറുപടി എന്തെന്ന് വാര്‍ത്തയില്‍ ഇല്ല. പൂജയ്ക്കുവേണ്ടി ചിലവിടുന്ന പണം ദുരിതാശ്വാസ നടപടികള്‍ക്ക് വിനിയോഗിക്കുകയാണ് വേണ്ടത് എന്ന് ജനതാദള്‍ നേതാവ് എം സി നാനയ്യ ചൂണ്ടിക്കാണിച്ചതായും വാര്‍ത്തയില്‍ കണ്ടു. വയോധികനായ എ ബി വാജ്പേയ് മുതല്‍ ജഗദീശ് ഷെട്ടര്‍ വരെയുള്ള സകലമാന ബിജെപി നേതാക്കളും അവരുടെ ശൈശവദശയില്‍, ദൈവകാരുണ്യത്താല്‍ ആണ് മഴ ഉണ്ടാകുന്നതെന്ന് ധരിച്ചുകാണും.

നമ്മുടെ വിദ്യാഭ്യാസരീതി അനുസരിച്ച് പ്രാഥമിക ക്ലാസുകളില്‍ വച്ചു തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് മഴയുടെ ശാസ്ത്രീയ പശ്ചാത്തലം വിവരിച്ചുകൊടുക്കുകയും കുട്ടികള്‍ അത് ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. സൂര്യതാപം കൊണ്ട് സമുദ്രത്തിലേയും മറ്റും വെള്ളം നീരാവി ആയി ഉയരുന്നു. പിന്നീട് അത് തണുത്ത് മഴയായി ഭൂമിയില്‍ വീഴുന്നുവെന്നും ബിജെപി നേതാക്കള്‍ പഠിക്കാത്തതല്ല. മൂവായിരം - മൂവായിരത്തഞ്ഞൂറു കൊല്ലങ്ങള്‍ക്ക് മുമ്പ് വേദകാലത്ത് ആര്യന്മാര്‍ ധരിച്ചിരുന്നത് ദൈവകാരുണ്യത്താല്‍ ആണ് മഴ ഉണ്ടാകുന്നത് എന്നാണ്. മഴയ്ക്കുവേണ്ടി അവര്‍ യാഗങ്ങള്‍ നടത്തിയിരുന്നു. ഇത് പഴയ കഥ. വൈദികകാല പാരമ്പര്യം "ഹിന്ദുത്വ"ത്തിന്റെ അവിഭാജ്യ ഭാഗമാണെന്നു ധരിച്ചുവശായ സംഘപരിവാറില്‍പ്പെട്ടവര്‍ തന്നെ നമ്മുടെ പാഞ്ഞാള്‍ ഗ്രാമത്തില്‍ അതിരാത്രം അനുഷ്ഠിച്ചിരുന്നത് ഓര്‍ക്കുമല്ലോ. 2011 ജൂണില്‍ ഇക്കൂട്ടര്‍ ""വര്‍ത്തത്ര ട്രസ്റ്റ്"" എന്ന ചാരിറ്റബിള്‍ സംഘടന രജിസ്റ്റര്‍ ചെയ്തു. യാഗം നടത്തിയതിനു സമീപം പാകിയ കടല വിത്ത് 2000 ഇരട്ടി വേഗതയില്‍ മുളച്ചെന്നും, യാഗശാലയ്ക്കു ഒന്നര കിലോമീറ്റര്‍ ദൂരെ വരെ സൂക്ഷ്മജീവികള്‍ അപ്രത്യക്ഷമായിരിക്കുന്നു എന്നും മറ്റും വര്‍ത്തത്ര ട്രസ്റ്റു പ്രവര്‍ത്തകര്‍ പത്രസമ്മേളനത്തില്‍ അവകാശപ്പെട്ടു. ഇതു പ്രാഥമിക പഠന റിപ്പോര്‍ട്ടാണെന്നും മൂന്നുമാസങ്ങള്‍ക്കുശേഷം അന്തിമറിപ്പോര്‍ട്ട് വെളിപ്പെടുത്തുമെന്നും പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. പഠനത്തിന്റെ അന്തിമറിപ്പോര്‍ട്ട് കണ്ടില്ല. ഈ ലേഖകെന്‍റ അശ്രദ്ധയോ അതോ വര്‍ത്തത്ര ട്രസ്റ്റുകാര്‍ ""കാശിക്കു പോയതാ""ണോ എന്ന് അറിയില്ല. ഏതായാലും ആശങ്കയും ഭീതിയും ഉളവാക്കുംവിധം കാലവര്‍ഷത്തിന്റെ ദൗര്‍ലഭ്യം അനുഭവപ്പെട്ട ഈ ദിവസങ്ങളില്‍ അതിരാത്രത്തിന്റെ ആരാധകരെ കാണാത്തതാണ് അതിശയകരം.

ഇന്ത്യാചരിത്രത്തിലെ വേദകാലത്തിനുശേഷം നാളിതുവരെയുള്ള കാലഘട്ടത്തിനിടയില്‍ ഉണ്ടായിട്ടുള്ള സാമൂഹ്യ - രാഷ്ട്രീയ - സാമ്പത്തിക - സാംസ്കാരിക - വൈജ്ഞാനിക വിപ്ലവം വിസ്മരിക്കാന്‍ ആര്‍ക്കും കഴിയില്ല. സൂര്യതാപമേറ്റ് നീരാവിയായി ഉയരുന്ന വാതകരൂപത്തിലുള്ള വെള്ളം തന്നെയാണ് മഴയായി ലഭിക്കുന്നത് എന്ന ശാസ്ത്രീയ തത്വം ദൈവകാരുണ്യ സിദ്ധാന്തത്തെ നിഷേധിക്കുന്നു. ആദിമനുഷ്യന് അജ്ഞാതമായി തോന്നിയ പ്രകൃതിയിലെ പല പ്രതിഭാസങ്ങളുടെയും പിന്നിലുള്ള ശാസ്ത്രീയ തത്വങ്ങള്‍ മനുഷ്യന്‍ അന്വേഷിച്ചറിയുന്നു. ഇന്ന് അജ്ഞേയമായി തോന്നുന്നവയിലേക്കു മനുഷ്യ ഗവേഷണ ബുദ്ധി കടന്നുചെന്ന് നാളെ അതിന്റെ ഉള്ളറരഹസ്യം മനഃപാഠം ആക്കുന്നു. കര്‍ണ്ണാടകത്തിലെ ബിജെപി സര്‍ക്കാര്‍ മഴക്കുറവിന് ഒറ്റമൂലിയായി പൂജയ്ക്കു കുറിപ്പടി കുറിച്ചപ്പോള്‍ ഒരു സംഘം ശാസ്ത്രജ്ഞന്മാര്‍ മഴയുടെ നിഗൂഢത തിരിച്ചറിയാനുള്ള ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതായുള്ള ആവേശകരമായ വാര്‍ത്തയാണ് ജൂലൈ 22ന് ഡല്‍ഹിയില്‍നിന്നും ലഭിച്ചത്. അതിവൃഷ്ടിക്കും അനാവൃഷ്ടിക്കും എല്ലാം അടിസ്ഥാനം കാറ്റിെന്‍റ ഗതി മാത്രമല്ല, മറ്റെന്തെല്ലാമോ നിഗൂഢതകള്‍കൂടിയുണ്ടെന്നുള്ളതു വ്യക്തം. ആ രഹസ്യങ്ങളാണ് ഡല്‍ഹിയിലെ ശാസ്ത്രജ്ഞന്മാര്‍ ആംഗ്ലോ - അമേരിക്കന്‍ ശാസ്ത്രജ്ഞന്മാരുടെ സഹകരണത്തോടെ അന്വേഷിക്കുന്നത്. മൂവായിരത്തഞ്ഞൂറു കൊല്ലങ്ങള്‍ക്കു പിന്നിലേക്കു വലിയ്ക്കുന്ന ബിജെപിയുടെ കൂടെയല്ല സമൂഹം; പുരോഗതിയില്‍നിന്നു പുരോഗതിയിലേക്കു കുതിക്കുന്ന ശാസ്ത്രത്തെയും അതിന്റെ നേട്ടങ്ങളെയും സമൂഹം സഹര്‍ഷം സ്വാഗതം ചെയ്യും.

ജൂലൈ 27െന്‍റ പൂജയ്ക്ക് കര്‍ണ്ണാടക സര്‍ക്കാര്‍ ചിലവിട്ടത് പതിനേഴര കോടി രൂപ. ആഗസ്ത് 2െന്‍റ പൂജയ്ക്ക് - ആചാര ഭാഷയില്‍ "കാല്കഴിച്ചൂട്ടി"ന് - കൂടുതല്‍ തുക ചിലവായിട്ടുണ്ടാകുമെന്നതില്‍ തര്‍ക്കമില്ല. ഈ നടപടിയുടെ അന്ധവിശ്വാസപരമായ വശം അംഗീകരിക്കുന്ന കുറേ ആളുകള്‍ ഉണ്ട്. അവരെ മാത്രം തൃപ്തിപ്പെടുത്താനാണോ ഭരണചക്രം തിരിക്കുന്നത്. 37000 ക്ഷേത്രങ്ങളില്‍ ഹൈന്ദവേതര മതവിശ്വാസികളുടെ ആരാധനാലയങ്ങള്‍ ഉള്‍പ്പെടുന്നില്ലെന്നതു വ്യക്തം. ഭരണീയരായ ജനങ്ങളോട് വിവേചനം കാണിക്കുന്നത് സത്യപ്രതിജ്ഞാലംഘനമാണ്, ഭരണഘടനാ നിഷേധവുമാണ്. കര്‍ണ്ണാടക നിയമസഭയില്‍ ഇത് വലിയ ഒച്ചപ്പാടുണ്ടാക്കി. കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷ കക്ഷികള്‍ എതിര്‍ത്തിട്ടുമുണ്ട്. ഇതിന്റെ നിയമസാധുത കോടതിയില്‍ ചോദ്യം ചെയ്യപ്പെടാതിരിക്കുമോ? 27-ാം തീയതി കര്‍ണ്ണാടകത്തിലാകെ വ്യാപകമായി കനത്ത മഴയുണ്ടായതായും ആ കാരണത്താല്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ നിറുത്തിവയ്ക്കാന്‍ നിര്‍ബന്ധിതമായതായും പത്രവാര്‍ത്തകള്‍ കണ്ടു. ഇതു പൂജയുടെ ഫലമാണെന്ന് ബിജെപി മുതലെടുക്കാന്‍ ശ്രമിച്ചേക്കും. മഴക്കാലത്തുണ്ടാകുന്ന സാധാരണ സംഭവം. പൂജയ്ക്കും കനത്ത മഴയ്ക്കും തമ്മില്‍ കാകതാലീയന്യായേനയുള്ള ബന്ധമേ ഉള്ളൂ. മറ്റൊരു ഉദാഹരണം കൂടി. 2011ലെ പാഞ്ഞാള്‍ അതിരാത്രത്തിന്റെ അല്‍ഭുത സിദ്ധികളെക്കുറിച്ച് ജൂണ്‍ 10ന്, കൊച്ചി സര്‍വകലാശാലാ ഇന്‍റര്‍ നാഷണല്‍ സ്കൂള്‍ ഓഫ് ഫോട്ടോണിക്സ് മുന്‍ ഡയറക്ടര്‍ പ്രൊഫസ്സര്‍ വി പി എന്‍ നമ്പൂതിരി വാചാലനായപ്പോള്‍ അതേ ദിവസത്തെ മലയാള മനോരമയില്‍ മൂന്നുകോളം നീളത്തില്‍ ഡബിള്‍ ശീര്‍ഷകത്തില്‍ കൊടുത്ത വാര്‍ത്ത ഇങ്ങനെ ആയിരുന്നു. ""അരി, ഗോതമ്പ് ഉല്‍പാദനത്തില്‍ സര്‍വ്വകാല നേട്ടം...."" പാഞ്ഞാളില്‍ അതിരാത്രം ആചരിക്കും മുമ്പേ തന്നെ ഉല്‍പാദന വര്‍ദ്ധന ഉണ്ടായത്രെ.

*
പയ്യപ്പിള്ളി ബാലന്‍ ചിന്ത 25 ആഗസ്റ്റ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

എന്താണീ കുറുക്കുവഴികള്‍? സംസ്ഥാനത്തിലെ 37,000 ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടത്തണം. മത - ധര്‍മ്മ സ്ഥാപനങ്ങളുടെ ചുമതലയുള്ള മന്ത്രി കോട ശ്രീനിവാസ് പൂജാരി ബന്ധപ്പെട്ട എല്ലാവര്‍ക്കും സര്‍ക്കുലര്‍ അയച്ചു. ജൂലൈ 27നും ആഗസ്ത് 2നും ആണ് പൂജ നടത്തിയത്. അടുത്തയിടെ മുഖ്യമന്ത്രിയുടെ ചുമതല ഏറ്റെടുത്ത ജഗദീശ് ഷെട്ടര്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ കണ്ട്, സംസ്ഥാനത്തിലെ 123 താലൂക്കുകളിലേക്കും ദുരിതാശ്വാസമായി 2000 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയുടെ മറുപടി എന്തെന്ന് വാര്‍ത്തയില്‍ ഇല്ല. പൂജയ്ക്കുവേണ്ടി ചിലവിടുന്ന പണം ദുരിതാശ്വാസ നടപടികള്‍ക്ക് വിനിയോഗിക്കുകയാണ് വേണ്ടത് എന്ന് ജനതാദള്‍ നേതാവ് എം സി നാനയ്യ ചൂണ്ടിക്കാണിച്ചതായും വാര്‍ത്തയില്‍ കണ്ടു. വയോധികനായ എ ബി വാജ്പേയ് മുതല്‍ ജഗദീശ് ഷെട്ടര്‍ വരെയുള്ള സകലമാന ബിജെപി നേതാക്കളും അവരുടെ ശൈശവദശയില്‍, ദൈവകാരുണ്യത്താല്‍ ആണ് മഴ ഉണ്ടാകുന്നതെന്ന് ധരിച്ചുകാണും.